നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

1921 - ഒരു നൂറ്റാണ്ട് മുമ്പത്തെ തേങ്ങൽ I കഥ I Riyas Mon Chalil

1921 - ഒരു നൂറ്റാണ്ട് മുമ്പത്തെ തേങ്ങൽ

വെള്ളി നിറമുള്ള  മുടി കളിലൂടെ  തൻറെ ശുഷ്കിച്ച  കരങ്ങൾ കൊണ്ട്  തഴുകി അമ്മായി കഥ പറയാൻ  ഇരുന്നു. അമ്മായി വിരുന്നു വരുന്നത് അന്നും ഇന്നും  ഞങ്ങൾക്ക്  സന്തോഷമുള്ള  കാര്യം ആയിരുന്നു. രാത്രി ഭക്ഷണം കഴിഞ്ഞാൽ   ഞാനും എൻറെ മൂന്നു സഹോദരിമാരും  അമ്മായിക്ക് ചുറ്റുമിരിക്കും.ഒരുപാടു കേട്ടതാണെങ്കിലും വീണ്ടും ആ കഥ അമ്മായിയെക്കൊണ്ട് പറയിപ്പിക്കും. അമ്മായിയുടെ ഉമ്മുമ ആയ ബീത്താത്ത പറഞ്ഞ കഥ ആണത്.  കഥയുടെ അവസാനം അമ്മായി കരയും കൂടെ ഞങ്ങളും.കഥപറച്ചിൽ കഴിഞ്ഞാൽ ഞാൻ എൻറെ മുറിയിൽ പോയി കിടക്കും എൻറെ മുറിയിൽ നിന്നും മൂന്ന് മീറ്റർ അകലെയാണ് അമ്മായി പറഞ്ഞ കഥയിലെ ഖബർ. കഥ മനസ്സിൽ ഓർത്തു ഒറക്കം വരാതെ കിടക്കുമ്പോൾ ജനൽ  പാളികളിലൂടെ പുറത്തേക്കു നോക്കിയാൽ ഇടിമിന്നലിന്റെ വെളിച്ചത്തിൽ എനിക്ക് കാണാം ആ കുഞ്ഞു ഖബറും ഒരു നൂറ്റാണ്ടു മുമ്പത്തെ  തേങ്ങലും .

********

ബീത്താത്ത പറഞ്ഞ കഥ - 
കാലം - 1921 

അന്ന് എനിക്ക് ചാപ്പാനെ അഞ്ചു മാസം പള്ളേല് ആയിരുന്നു. കുഞ്ഞിപ്പൂന് ഒരു പതിനഞ്ചു വയസു കാണും ഓന്റെ താഴെ ഖദീജ ,പാത്തുമ്മ, പോക്കര് പിന്നെ വിരിയകുട്ടിയും. നടുതല കിഴങ്ങും കാവത്തും ആയിരുന്നു ആ കൊല്ലം കൃഷി ഇറക്കിയിരുന്നത്. കുട്ടികളുടെ ബാപ്പ രാവിലെ പാടത്തു പോയാൽ പിന്നെ വൈകുന്നേരമേ മടങ്ങി വരൂ . നല്ല അധ്വാനി ആയിരുന്നു മൂപ്പര് നല്ല തണ്ടും തടിയുംഉള്ള ഉത്ത ഒരാണ്.  വൈകുന്നേരമായാൽ പാത്തുണ്ണി കുറച്ചു അരിയുമായി വരും. ഞങ്ങൾ അരിയും  കുത്തി നാട്ടുവർത്തമാനവും പറഞ്ഞിട്ടിക്കും . ഓള്ടെ അടുത്ത് ഉണ്ടാകും എല്ലാ കിസ്സയും. നാട്ടിലെ കലാപവും തുവൂരും പാണ്ടിക്കാടും പട്ടാളം വന്ന കഥയെല്ലാം അവൾ പറയും. നമ്മുടെ ഈ മുക്കിൽ ഏതു പട്ടാളം വരാനാണെന്നു പറഞ്ഞു ഞങ്ങൾ ചിരിക്കും. 

ഒരു ദിവസം പീടികയിൽ പോയ കുഞ്ഞിപ്പു ഒന്നും വാങ്ങാതെ ഓടി കിതച്ചെത്തി പറഞ്ഞു 'അങ്ങാടിയിൽ കൂടി സായിപ്പും മദാമ്മയും കാറിൽ പോയപ്പോ ആരോ കല്ലെടുത്തെറിഞ്ഞു. ലഹളക്കാരു ഇവിടെ ആണെന്ന് കരുതി പട്ടാളം ഇങ്ങോട്ടു വരുന്നുണ്ടത്രേ അങ്ങാടിയിൽ എല്ലാരും ഓടി ഒളിക്കുക ആണ്". ഓനെ ആരോ കളിപ്പിച്ചതാണെന്നാണ് ഞാൻ കരുതിയത്. കുറച്ചു കഴിഞ്ഞപ്പോ ആളുകൾ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നത് കണ്ടു. പാത്തുമ്മുവും ഓടി വന്നു ഇത് തന്നെ പറഞ്ഞു.എനിക്ക് ആകെ പേടിയായി മൂപ്പരെ വിളിക്കാൻ പുറപ്പെട്ടോഴെകിനും മൂപ്പര് കേറി വന്നു. അപ്പൊഴെകിനും മൊയ്ദു മൊല്ലാക്കയും കുഞ്ഞാലൻ കാക്കയുമടക്കം പത്തു പതിനഞ്ചു ആളുകൾ മുറ്റത്തെത്തി. പട്ടാളം വരുമെന്നും കുറച്ചു ദിവസം ആണുങ്ങളെല്ലാം കരുവാരകുണ്ട് മലയിലേക്കു മാറാനും പെണ്ണുങ്ങളും കുട്ടികളും ഒന്നോ രണ്ടോ ദിവസം നേർച്ചപാറയിലേക്കു മാറ്റാനും അവർ തീരുമാനിച്ചു. കുറച്ചു കഴിഞ്ഞു മൊയ്ദു മൊല്ലാക്ക മൂപ്പരുടെ അടുത്ത് വന്നു പറഞ്ഞു . "പെണ്ണുങ്ങളെ അങ്ങനെ ഒറ്റക്കാക്കി പോകാൻ പറ്റില്ല നീയും കൂടി അവരുടെ കൂടെ നിൽക്കണം." അത് കേട്ടപ്പോൾ എനിക്ക് സന്തോഷമായി .മൂപ്പര് കൂടെ ഉണ്ടെകിൽ പിന്നെ എനിക്ക് ഒരു പട്ടാളത്തിനെയും പേടിയില്ലായിരുന്നു. എല്ലാവരും പോകാൻ ഒരുക്കം കൂട്ടി. കുഞ്ഞിപ്പു എൻ്റെ അടുത്ത് വന്നിട്ട് അവനും അവന്റെ ചങ്ങാതിമാരുടെ കൂടെ മലകേറാൻ പോകുക ആണെന്ന് പറഞ്ഞു. ഞാൻ അവനെ ശാസിച്ചു കൂടെ നിർത്തി.

നീർചാപ്പാറയിലേക്കുള്ള വഴിയിൽ പലയിടത്തും ആണുങ്ങൾ കൈയിൽ കിട്ടിയതും കൊണ്ട് ഓടുന്നത് കണ്ടു. പാറയുടെ ഇടയിൽ ഒരു ഇടുക്കുണ്ട് അത് ആർക്കും അത്ര പെട്ടെന്ന് കാണാൻ  കഴിയില്ലായിരുന്നു . പാറമ്മൽ കാരും തയ്യിൽ കാരും അടക്കം ഞങ്ങൾ നൂറോളം   സ്ത്രീകളും കുട്ടികളും ആ ഇടുക്കിൽ ശ്വാസം അടക്കിയിരുന്നു. ഉച്ച കഴിഞ്ഞപ്പോൾ കുട്ടികൾ വിശന്നു കരയാൻ തുടങ്ങി. അത് കണ്ടു മൂപ്പര് വടിവാള് പോലത്തെ കത്തിയുമെടുത്തു പുറത്തേക്കിറങ്ങി. കുറച്ചു കഴിഞ്ഞു പത്തുപതിനഞ്ചു ഇളനീരുമായി തിരിച്ചു വന്നു. അതിൽ ഒന്ന് വെട്ടി ഒരുകുട്ടിക് കൊടുത്തു. ആ കുട്ടി അത് വായിലേക്ക് വെക്കുന്ന സമയത്തു ഒരു വെടി ശബ്ദം കേട്ടു. എല്ലാവരും ആർത്തു നിലവിളിച്ചു . എൻ്റെ കുട്ടികൾ നാലു പാടും ഓടി . എപ്പോഴും എന്നെ ചേർന്ന് നില്കാറുള്ള വിരിയകുട്ടി എൻ്റെ നെഞ്ചത്ത് പറ്റികിടന്നു. പത്തോളം പട്ടാളക്കാര്  തലപ്പ് വളഞ്ഞ ഒരുതരം വാളും പിടിച് ഞങ്ങളുടെ അടുത്തേക്ക് വന്നു. മൂപ്പര് ആ കത്തിയുമെടുത്തു അവരുടെ നേരെ  നടക്കവേ എന്നെ തിരിഞ്ഞു നോക്കി പറഞ്ഞു " കുട്ടികളെ നോക്കിക്കോ "

അവരോടു ജയിക്കൂലാന്ന് മൂപ്പര്ക് അറിയായിരുന്നു എന്നാലും രണ്ടാളെ വെട്ടി ഞങ്ങൾക്കും വേണ്ടി അവിടെ ജിഹാദായി. പിന്നെയും  തുടരെ തുടരെ വെടിശബ്ദം കേട്ടു തുടർന്ന്  അലമുറകളും അലർച്ചകളും അലയടിച്ചു . ഞാൻ കണ്ണ് തുറന്നില്ല തുറന്നാൽ എൻ്റെ മക്കളുടെ മയ്യത് കാണേണ്ടി വരുമെന്ന് എനിക്ക് അറിയാമായിരുന്നു. കുട്ടികളും സ്ത്രീകളും ആണെന്നും വെടി നിർത്താനുമെല്ലാം ആരൊക്കെയോ വിളിച്ചു പറയുന്നുണ്ടായിരുന്നു . എല്ലാം ഒന്നടങ്ങിയപ്പോൾ ഞാൻ വിരിയകുട്ടിയെയും എടുത്തു പുറത്തു ചാടി. ഒരു പട്ടാളക്കാരന്റെ മുന്പിലേക്കാണ് ഞാൻ വീണത് . ആ നായിന്റെ മോന്റെ മുഖം ഞാൻ മറക്കില്ല. ഓൻ എൻ്റെ വിരിയകുട്ടിനെ വലിച്ചെടുത്തു അവളുടെ പള്ളക്ക് ഒറ്റ വെട്ട്.  താഴെ കിടന്ന് പിടക്കുന്ന എൻ്റെ കുഞ്ഞിനേയും എടുത്തു ഞാൻ ഓടി താഴെ എത്തിയപ്പോൾ സായിപ്പിനെയും വേറെ കുറെ പട്ടാളക്കാരുടെയും മുൻപിൽ എത്തി . വിരിയകുട്ടി എന്റെകൈയിൽ കിടന്ന് വെള്ളം എന്ന് പറഞ്ഞു. സായിപ്പ് വെള്ളപ്പാത്രം നീട്ടി ഞാൻ അത് വാങ്ങി എൻ്റെ കുട്ടിക്ക് അവസാനത്തെ വെള്ളം കൊടുത്തു.

                                            ആ കിടക്കുന്ന മഞ്ചമേലാണ് മൂന്ന് ദിവസം എൻ്റെ കുട്ടിനെ ഞാൻ കിടത്തിയത് . ഒരു സഹായത്തിന് പോലും ഒറ്റ ആണും ആ നാട്ടിൽ ഉണ്ടായിരുന്നില്ല. ഞങ്ങളുടെ കൂടെയുണ്ടായിരുന്ന എന്റെ നാലു മക്കളും ഭർത്താവുമടക്കം   അറുപത് ആളുകൾ ആണ് അന്നേദിവസം മരിച്ചത്. മൂന്നാം ദിവസം ബീപാത്തുവും ഞാനും കൂടി ഒരു കുഴി വെട്ടി എൻ്റെ കുട്ടിനെ അതിൽ കിടത്തി  വീടുപണിക് ഈർന്നു വെച്ച പലക മുകളിൽ വെച്ച് അതിനു മുകളിൽ മണ്ണിട്ട് മൂടി. 
രണ്ടു ദിവസം ബീപാത്തുവിന്റെ വീട്ടിലാണ് ഞാൻ കിടന്നതു. മൂന്നാം നാൾ ഞാൻ അവളോട് പറഞ്ഞു " എൻ്റെ കുട്ടിയുടെ മുഖം എനിക്ക് ഒന്നുകൂടി കാണണം" എൻ്റെ നിർബന്ധം കാരണം അവളും ഞാനും വീണ്ടും ആ ഖബറിന്റെ മുകളിലുള്ള മണ്ണ് മാറ്റി പലക എടുത്തു നോക്കി.അവിടെ എൻ്റെ കുട്ടിപോയിട്ടു അവളെ പുതപ്പിച്ച തുണിപോലുമുണ്ടായിരുന്നില്ല. 

രണ്ടാഴ്ച  കഴിഞ്ഞപ്പോൾ മൂപ്പരുടെ ചങ്ങാതിയായ വലിയ സൈദാലിക്ക ഒരു രാത്രി കേറി വന്നു . ഞാൻ അവരെ കണ്ടതും പൊട്ടിക്കരഞ്ഞു പറഞ്ഞു 'എൻ്റെ എല്ലാം പോയി കാക്കാ...എൻ്റെ അവരും എൻ്റെ കുട്ടികളും എല്ലാം പോയി ...' സൈദാലിക ആശ്വസിപ്പിക്കുന്നതിനിടയിൽ പറഞ്ഞു " കുഞ്ഞിപ്പു മരിച്ചിട്ടില്ല ...നിങ്ങളുടെ കണ്ണ് വെട്ടിച്ചു അവൻ ചങ്ങായിമാരുടെ കൂടെ മലയിൽ പോയിട്ടുണ്ട് . ഞാൻ അവനെ മലയിൽ വെച്ച് കണ്ടു"
എനിക്ക് അവനെ ഇപ്പോ കാണണം എന്ന് പറഞ്ഞു ഞാൻ അലമുറയിട്ടു കരഞ്ഞു. സൈദാലിക്ക പോയി രണ്ടു ദിവസം കഴിഞ്ഞു പെണ്ണുങ്ങൾ എടുക്കുന്ന കറുത്ത തുണിയും ഒരു പെൺകുപ്പായവും തട്ടവും ഇട്ട് ഒരു മഗ്‌രിബി   സമയത്തു എൻ്റെ കുഞ്ഞിപ്പു  കേറി വന്നു. വന്നപാടെ അവൻ എന്നെ കെട്ടിപിടിച്ചു ചോദിച്ചു "എവിടെ എൻ്റെ ഉപ്പയും പെങ്ങമ്മാരും?"

പിന്നീട് ഓൻ എന്നോട് ഒരു കാര്യവും ചോദിച്ചില്ല. ആരോടും മിണ്ടും പറയും ചെയ്യാതെ അങ്ങനെ നടന്നു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ കുറച്ചു വാല്യക്കാര് കുട്ടികൾ വന്നിട്ട് ഓനെ മാറ്റി വിളിച്ചു നിർത്തി പറഞ്ഞു " അന്റെ ബാപ്പാനേം കൂടെപ്പിറപ്പുകളെയും കൊന്നതിനു പകരം ചോദിക്കണ്ടേ ....ഞങ്ങളുടെ ക്കൂടെ പോര് ..." അവൻ തിരിഞ്ഞു എന്നെ നോക്കി പിന്നെ അവരോടു പറഞ്ഞു ' എനിക്ക് ആരുമില്ലാത്ത ഒരു ഉമ്മയുണ്ട് ....ഉമ്മാന്റെ പള്ളയിൽ ഒരു കുട്ടിം ഉണ്ട് . ഓലെ നോക്കുന്നതിനേക്കാൾ വലിയ കൂലി ഒന്നും ആരേം കൊന്നാൽ പടച്ചോൻ തരൂല '

പിന്നേം രണ്ടു മൂന്നു മാസം അങ്ങനെ പോയി. ഒരു ദിവസം പടിഞ്ഞാറയിലെ ചങ്കുണ്ണിനായരുടെ അച്ഛൻ യജമാൻ ആളെ അയച്ചു വിളിപ്പിച്ചു . ഞാൻ കുഞ്ഞിപ്പുവിനെയും  കൂട്ടി  യജമാനെ കാണാൻ പോയി. മൂപ്പരെ  വലിയ കാര്യമായിരുന്നു യജമാന. കണ്ടപാടെ കുഞ്ഞിപ്പൂനെ പിടിച് യജമാൻ കരഞ്ഞു. . പോരാൻ നേരം കുഞ്ഞിപ്പൂന് തൻ്റെ അടക്കത്തോട്ടം ഒരു വർഷത്തെ പാട്ടത്തിനു കൊടുത്തു. എല്ലാ ചിലവും കഴിഞ്ഞു ലാഭം ഉണ്ടായാൽ പതിനെട്ടു രൂപ കൊണ്ടുവരാനും പറഞ്ഞു. ആ വര്ഷം തൊണ്ണൂറു രൂപയോളം അടക്ക വിറ്റു കിട്ടി. അതിമൽ അങ്ങോട്ട് തുടങ്ങി ഓൻ കച്ചവടം ചെയ്താണ് ഈ കണ്ടതെല്ലാം ഉണ്ടാക്കിയത് .

***********

ആരും പറയാത്ത അല്ലെങ്കിൽ ബീവിക് അല്ലാതെ മറ്റാർക്കും അറിയാത്ത ഈ കഥയാണ് അമ്മായി ഞങ്ങൾക്ക് പറഞ്ഞുതരാറുള്ളത്. നൂറു വർഷങ്ങൾക്കിപ്പുറം ഈ കഥ എപ്പോൾ കേൾക്കുമ്പോളും മനസ്സിലൊരു നീറ്റലാണ് . ആ ഖബറിന് മുന്നിൽ നിൽകുമ്പോൾ ഇപ്പോളും കേൾകാം നൂറ്റാണ്ടു മുമ്പത്തെ ഒരു കുഞ്ഞു തേങ്ങൽ.

റിയാസ്മോൻ ചാലിൽ


No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot