ആനന്ദലഭ്ധിക്കിനിയെന്തു വേണം !!


ബി എ എം എസ്‌ നു കൊപ്പയിൽ പഠിക്കുന്ന സമയം...ഹോസ്റ്റൽ ഫുഡ് നെ കുറിച്ച് ഞാൻ പ്രേത്യേക വർണനകളൊന്നും തരണ്ടാലൊ,അതും പോരാഞ്ഞിട്ട് വെജിറ്റേറിയൻ ഫുഡ് മാത്രമേ കിട്ടൂ.....രണ്ടാഴ്ച കൂടുമ്പോൾ പരോൾ പോലെ മൂന്ന് മണികൂർ നേരം ടൗണിൽ പോകാം....ഫസ്റ്റ് ഇയർ പഠിക്കുന്ന സമയം...മെസ്സിലെ പുല്ലും വൈക്കോലും തിന്നു മടുത്തു...അന്നൊരു ഞായറാഴ്ച ..ഞങ്ങൾ (ഞാനും എന്റെ രണ്ടു റൂം മേറ്റ്സ് ഉം ശ്രീജയും ദേവി ചേച്ചിയും (കക്ഷി നഴ്സിംഗ് കഴിഞ്ഞിട്ടു വന്നത് കാരണം അങ്ങനൊരു സ്ഥാനപേര് കിട്ടിയതാ) ടൗണിൽ തെണ്ടി തിരിഞ്ഞു നടക്കുമ്പോഴാണ് ഒരു മുട്ട കച്ചവടക്കാരനെ കണ്ടത്..മുട്ട പണ്ടേ എന്റെ വീക്നെസ് ആണ്..വീട്ടിൽ മുട്ടക്കറി ഉണ്ടാക്കിയാൽ ആദ്യമേ തന്നെ ഗവേഷണം നടത്തി ഏറ്റവും വെല്യ മുട്ട അടിച്ചുമാറ്റി ...വല്ലവരും വേണ്ടാതെ വെയ്ക്കുന്ന മുട്ടയും കുടി അടിച്ചു മാറ്റാറുള്ള എന്റൊരു ഗതികേട് ...
"ഇരിക്കുന്ന ഇരിപ്പു കൊണ്ടോടി ....ശ്രീജയോരു ആത്മഗതം നടത്തി "
"എന്താ പിള്ളേരെ നമുക്ക് മുട്ട വാങ്ങിയാലോ? നമ്മുടെ ആരോഗ്യം നമ്മൾ നോക്കണം ,അല്ലെങ്കിൽ പഠിച്ചു തീരുമ്പോ ഇവരുടെ പുല്ലും വൈക്കോലും തിന്നു നമുക്ക് വല്ല ഡെഫിഷെൻസിയും വരും.......അത് കൊണ്ട് ഞാൻ രണ്ടെണ്ണം വാങ്ങി വാട്ടി കുടിക്കാൻ പോകുവാ...."
ദേവി ചേച്ചി പറയുന്ന വേറൊന്നും കേൾക്കാറില്ലെങ്കിലും തീറ്റ കാര്യത്തിൽ എന്ത് പറഞ്ഞാലും ഞങ്ങളത് കേട്ടിരിക്കും !!
മുട്ട വാങ്ങികൊണ്ടിരിക്കുമ്പോൾ ദോണ്ടേ വരുന്നു അടുത്ത റൂമിലെ മൂന്ന് എണ്ണങ്ങള്.....(അച്ചു ,ജിഷ ,ദിവ്യ )
"നിങ്ങൾ മുട്ട വാങ്ങുവാണോ ഞങ്ങൾക്കും വേണം ...."!!
"മുട്ട തരാം പക്ഷെ പുറത്തറിഞ്ഞാൽ മൂന്നിനേം തട്ടിക്കളയും കൂട്ടത്തിലെ ഗുണ്ടയായി ഞാൻ ഭീഷണി മുഴക്കി "
രണ്ടു റൂമിലേയ്ക്ക് കുടി ഇരുപത്തി നാല് മുട്ട !!
റൂമിലെത്തി ആറെണ്ണങ്ങളും കുടി ആലോചനയിലാണ്
"എങ്ങനെ മുട്ട പുഴുങ്ങും "?
"പുഴുങ്ങണ്ട പിള്ളേരെ വാട്ടിയാൽ മതി "
വേണ്ട വേണ്ട പുഴുങ്ങുന്നതാ ടേസ്റ്റ്. പുഴുങ്ങിയാൽ മതി ....ഞാൻ ഉറപ്പിച്ചു!
"ഐഡിയാ !! ഒറ്റ മിനിറ്റ് ഇപ്പോ വരാം .."
.വെടിച്ചില്ലു പോലെ ശ്രീജ പുറത്തേക്കോടി
അഞ്ചു മിനിറ്റ് കഴിഞ്ഞു കാണും ഷാളിനടിയിൽ എന്തോ ഒളിപ്പിച്ചു പിടിച്ചു അവൾ തിരിച്ചെത്തി...
"എന്താടി അത് "?
വിജയശ്രീലാളിതയായി കയ്യിലിരുന്ന സാധനം പൊക്കി കാണിച്ചു!
"ഹീറ്റിംഗ് കോയിൽ "
(സീനിയർ ഹിന്ദി കാരി കുളിക്കാൻ വെള്ളം ചൂടാക്കുന്ന സാധനം...)
."ഇതിട്ടു വെള്ളം തിളപ്പിക്കും എന്നിട്ടു മുട്ട ഇടും
"ഇത് എവിടെ കണക്ട് ചെയ്യുമെടി പ്ളഗ് പോയിന്റ് ഇല്ലലോടി കഴുതേ"
ദേവി ചേച്ചിയ്ക്ക് കലി കയറുന്നുണ്ട് ....
"നിങ്ങളൊക്കെ ഒന്ന് റൂമിൽ നിന്നിറങ്ങികേ ഞാൻ വിളിക്കുമ്പോ വന്നാൽ മതി .."
അടുത്ത റൂമിലിരുന്ന ഞങ്ങളെ കാത്തു കുറച്ചു കഴിഞ്ഞു അവളുടെ വിളിയെത്തി
റൂമിലെത്തിയ ഞങ്ങൾ കാണുന്ന കാഴ്ച !!
റൂമിലെ ട്യൂബ് ലൈറ്റിന്റെ വയറിൽ എന്തോ ലൊട്ടുലൊടുക് പരിപാടി നടത്തി കോയിൽ കണക്ട് ചെയ്തിട്ടുണ്ട്, കോയിൽ ഒരു സ്റ്റീൽ ചരുവത്തിലെ വെള്ളത്തിൽ ഇട്ടു വെള്ളം തിളപ്പിക്കുകയാണ്....വേവുന്നതും കാത്തു അതിൽ കുറെ മുട്ടകളും .....!!
"എന്റെ മുത്തേ നീയാണെടി ബുദ്ധിമതി "!!ദേവി ചേച്ചി മുന്നേ പറഞ്ഞത് അപ്പാടെ വിഴുങ്ങി
പ്രസവമെടുത്തു നല്ല പരിചയമുള്ള ദേവി ചേച്ചി ഇടയ്ക്കിടെ പോയി മുട്ടയുടെ പരുവമായോ എന്ന് നോക്കുന്നുണ്ട്....അധ്വാനിച്ച ക്ഷീണത്തിൽ ശ്രീജ ഉറക്കമായി...
"ഇതിൽ കുറച്ചു വെള്ളം കുറവാണു"എന്ന് പറഞ്ഞു കയ്യിലിരുന്ന സ്റ്റീൽ ഗ്ളാസ്സിലിരുന്ന വെള്ളം ചരുവത്തിലേയ്ക് പകരുന്നതും ചേച്ചി ഷോക്ക് അടിച്ചു തെറിച്ചു പോയി അടുത്ത ഭിത്തിയിൽ ഇടിച്ചതും ഒരുമിച്ചായിരുന്നു
അവിടുന്നുരുണ്ടു പിടച്ചെഴുനേറ്റു ശ്രീജയ്ക്കൊരു ചവിട്ടും കൊടുത്തു ചേച്ചിയും ഞങ്ങളും മുട്ട വേവുന്നതും കാത്തിരിപ്പായി......അവസാനം ഞങ്ങൾ മുട്ടയൊക്കെ പുഴുങ്ങി തോട് പൊളിക്കാൻ തുടങ്ങുമ്പോൾ കതകിലൊരു മുട്ട് ..."ഓപ്പൺ ദി ഡോർ "..
എന്താണെന്നറിയില്ല അങ്ങനെ ഉള്ള അവസരങ്ങളിൽ സ്വതവേ പേടിത്തൊണ്ടിയായുള്ള എനിക്ക് ധൈര്യം കൂടുതലാണ് ..
ഞാൻ രണ്ടു കല്പിച്ചു വാതിൽ തുറന്നു .
പക്ഷെ ചരുവത്തിലെ മുട്ട ഒളിപ്പിക്കാൻ പെട്ടെന്നു പറ്റിയില്ല
തുറന്നതും മുന്നിൽ വാര്ഡന് ..കക്ഷി ഡോക്ടർ ഒന്നുമല്ല ഏതോ ആർട്സ് കോളേജ് ഹോസ്റ്റലിലെ വാര്ഡന് ആയിരുന്നു
"വൈ ഡിഡ് യൂ ബായ് എഗ്ഗ്‌സ് "?
"ഐ ആം അനീമിക് ...മൈ ബ്ലഡ് റിപ്പോർട്ട് സേയ്സ് ഐ ആം ഹാവിങ് വിറ്റാമിന് ഡി ആൻഡ് കാൽസ്യം ഡെഫിഷെൻസി ...മൈ പരെന്റ്സ് ആർ ടൂ വേറിഡ് ...മൈ ഡോക്ടർ ഇൻ ഹോംടൗൺ അഡ്വൈസ്‌ഡ്‌ മി റ്റു ടേക്ക് ഹാൽഫ്‌ബോയ്ൽഡ് എഗ്ഗ്‌സ് .."ചരുവത്തിലെ പന്ത്രണ്ടു കോഴിമുട്ട നോക്കി ഞാൻ പറഞ്ഞു
പെണ്ണുമ്പിള്ളയ്ക്കൊന്നും മനസിലായില്ലെന്നു മാത്രമല്ല എനിക്ക് എന്തോ വെല്യ രോഗമാണ് എന്ന് കരുതി ദിവസവും രണ്ടു ഗ്ലാസ് പാല് കുടി കുടിക്കണമെന്നു പറഞ്ഞിട്ടു പോയി ...
ഭാഗ്യത്തിന് കോയിൽ ശ്രീജ ഡോർ തുറക്കുന്നതിനു മുൻപ് തന്നെ ഒളിപ്പിച്ചിരുന്നു അത് കൊണ്ട് മുട്ട ഞാൻ ചൂട് വെള്ളത്തിൽ ഇട്ടു വാട്ടി കുടിക്കുകയാണെന്നാ വാര്ഡന് കരുതിയത്...
മുട്ടയൊക്കെ ആസ്വദിച്ച് കഴിച്ചു ....ഒരു ഉറക്കവുമൊക്കെ കഴിഞ്ഞു...ഏതോ ബുക്കും വായിച്ചു ഇരിപ്പായിരുന്നു ഞാൻ ..
ശ്രീജ വന്നു ട്യൂബ് ഓൺ ചെയ്തതും ....."മാറെഡി ....."എന്നാലറിയതും ഒന്നിച്ചായിരുന്നു !!
ഇംഗ്ലീഷ് പടം കണ്ടു ശീലമുണ്ടായിരുന്ന ഞാൻ നിമിഷനേരം കൊണ്ട് ഡൈവ്‌ ചെയ്തു തറയിലെത്തി !! (സംശയിക്കണ്ട അന്ന് വെല്യ വണ്ണമില്ലായിരുന്നേ ) തറയിൽ കിടന്ന ഞാൻ നോക്കുമ്പോൾ എന്റെ തലയ്ക്കു മുകളിലെ ട്യൂബിലൈറ്റിന്റെ അവിടുന്ന് ഒരു പൂക്കുറ്റി പോലെ സ്പാർക് ...കൂടെ നല്ല കരിഞ്ഞ മണവും പുകയും ....ഒച്ച കേട്ട് വാര്ഡന് ഉൾപ്പടെ ഓടി വന്നു ...ഒരു നിമിഷം ശങ്കിച്ചെങ്കിലും ദേവി ചേച്ചി സമചിത്തത വീണ്ടടുത്തു ...
"ഇതെന്താ ഇത്ര മോശമാണോ ഇവിടുത്തെ എലെക്ട്രിക്കൽ കണക്ഷൻ ?മൈന്റൈനെൻസ് എന്ന് പറഞ്ഞു എത്ര രൂപയാ വാങ്ങുന്നത് ??ഈ കുട്ടി ഭാഗ്യത്തിനാണ് രക്ഷപെട്ടത് ....ഞങ്ങൾ പരെന്റ്സ് നെ ഇൻഫോം ചെയ്യാൻ പോകുകയാണ് "
"കാൾ ദി എലെക്ട്രിഷ്യൻ "....വാർഡന്റെ വിളി വന്നെന്നറിഞ്ഞ എലെക്ട്രിഷ്യൻ പാഞ്ഞെത്തി ട്യൂബ് ശെരിയാക്കി ...കൂടെ നാല് സോറി യും "
ഞങ്ങൾ ആറു പേർക്കല്ലാതെ ഇത് നമ്മുടെ റൂമിയുടെ കലാപരിപാടിയുടെ അനന്തര ഫലമാണെന്നും പിടികിട്ടിയില്ല .....വാർഡന്റെ വക വേറെ സോറി !!
മറ്റുള്ളവരുടെ മുന്നിൽ ഞാൻ ഏതോ വെല്യ ദുരന്തത്തിൽ നിന്നും രക്ഷപെട്ട കുട്ടിയായതു കൊണ്ടു ഒടുക്കത്തെ സിംപതി , വെല്യ ഡെഫിഷെൻസി കാരിയായതു കൊണ്ടും കറിയും ചപ്പാത്തിയും പാലുമൊക്കെ വാർഡന്റെ വക വേറെ ..........ആനന്ദലഭ്ധിക്കിനിയെന്തു വേണം !!

By

കുഞ്ഞു മനസ്സുകളിലെ നന്മകൾ


കുഞ്ഞു മനസ്സുകളിലെ നന്മകൾ
**********************************
കഴിഞ്ഞ ദിവസം സ്കൂളിൽ ക്ലാസ് നടക്കുന്നതിന്റെ ഇടയിൽ ഒരു പെൺകുട്ടി ഒരു മുന്നറിയിപ്പും ഇല്ലാതെ ..ഒരു അനുവാദം പോലും ചോദിക്കാതെ ക്ലാസ്സിൽ നിന്നും ഇറങ്ങി ഓടി പുറത്തേക്കു പോയി ....എന്താണ് സംഭവിച്ചതെന്നറിയാൻ ..എന്തിനാണ് ആ കുട്ടി പുറത്തേക്കോടിയതെന്നറിയാൻ ഞാനും ആ കുട്ടിയുടെ പിന്നിൽ പോയി .കുറച്ചു ദൂരം നടന്നപ്പോൾ സ്കൂളിലെ ഒരു മരച്ചുവട്ടിൽ ആ കുട്ടിയിരിക്കുന്നുണ്ട് അടുത്തൊരു പൂച്ചയും നിൽപ്പുണ്ട് ...ആ പൂച്ചയെ സർവ്വശക്തിയുമെടുത്തു ആട്ടിപായിക്കാനുള്ള ശ്രമത്തിലാണ് ആ കുട്ടി ...ആ കുട്ടിയുടെ മുഖത്ത് ഒരു തരം വേദനയും ഭയവും ഒക്കെ വ്യക്തമായി കാണാനുണ്ട്
അപ്പോഴും എനിക്ക് കാര്യമെന്തെന്നു മനസിലായില്ല ...ഞാൻ കുറച്ചു കൂടി അടുത്തേക്ക് നീങ്ങി ആ കുട്ടിയുടെ അടുത്തെത്തി എന്താണ് കാര്യമെന്നന്വേഷിച്ചു ....അപ്പോൾ ആ കുട്ടി നെഞ്ചോട് ചേർത്തുവെച്ച ഒരു കുരുവിക്കൂട് എന്റെ നേർക്ക് നീട്ടി ...അതിനുള്ളിൽ പറക്കമുറ്റാത്ത രണ്ടു കുരുവികുഞ്ഞുങ്ങൾ ഉണ്ടായിരുന്നു ...എങ്ങനെയോ താഴെ വീണ ആ കുരുവിക്കൂട്ടിലെ കുരുവികുഞ്ഞുങ്ങളെ തിന്നാൻ വേണ്ടി വന്ന പൂച്ചയെ കണ്ടു ആ കുരുവികുഞ്ഞുങ്ങളെ രക്ഷിക്കാൻ പരിസരം മറന്നു ഓടി വന്നതായിരുന്നു ആ കുട്ടി .....ഒരു നിമിഷത്തെ മൗനത്തിനു ശേഷം ഞാൻ അവളുടെ അരുകിൽ ചെന്ന് അവളെ എന്നോട് ചേർത്ത് നിർത്തി അവളുടെ തോളിൽ തട്ടി അഭിനന്ദിച്ചു ......അപ്പോഴും ആ കുട്ടിയുടെ നടുക്കം മാറിയിട്ടുണ്ടായിരുന്നില്ല .....
ആ കുരുന്നു മനസ്സിലെ നന്മ എന്നെ അത്രത്തോളം അത്ഭുതപ്പെടുത്തി ....ആ കുരുവിക്കൂടിനെ അതിന്റെ സ്ഥാനത്തേക്ക് തന്നെ മരച്ചില്ലയിൽ തിരികെ വെച്ച് അവളെയും കൂട്ടി ഞാൻ ക്ലാസ്സിലേക്ക് പോകാൻ തിരിഞ്ഞപ്പോൾ ദേ മുന്നിൽ നിൽക്കുന്നു പ്രിൻസിപ്പലും ...മാനേജരും ..ചെയർമാനും ....
അവർ എന്നെയും ആ കുട്ടിയേയും ഇനി പറയാൻ ബാക്കിയൊന്നുമില്ല ....കുറെ കേട്ട് നിന്നപ്പോൾ ഞാൻ ചോദിച്ചു ....ഞങ്ങൾ ചെയ്ത തെറ്റെന്താണെന്നു ...അപ്പോഴവർ പറഞ്ഞു അവരുടെ സ്കൂളിന്റെ ഡിസിപ്ലിൻ ബ്രേക്ക് ആയി ത്രേ...
അതുകേട്ടതോടെ എന്റെ കൺട്രോൾ മുഴുവൻ പോയി ...പിന്നെ ഞാൻ ലെക്ചർ കൊടുത്തതു കുട്ടികൾക്കല്ല ...അവിടെയുള്ള വിവരമില്ലാത്തവർക്കാണ് ...
സത്യത്തിൽ എന്താണ് വിദ്യാഭ്യാസം ...എന്താണ് വിദ്യാലയം എന്നറിയാതെയുള്ള ഒരു തരം കച്ചവടസ്ഥാപനങ്ങളായി മാറുകയാണ് ഇന്നത്തെ വിദ്യാലയങ്ങൾ ....ഒരു വിദ്യാലയത്തെ ആയിരം ദേവാലയങ്ങൾക്കു സമമാണെന്നു പറയും ...
അധ്യാപകർ തത്തമ്മേ പൂച്ച പൂച്ച എന്ന് തത്തമ്മയെ കൊണ്ട് പറയിപ്പിക്കുന്ന പോലെ കുട്ടികളെ വാർത്തെടുക്കുന്ന ഒരു പ്രവണതയാണ് ഇന്നത്തെ അധ്യാപനം ...
മനസ്സ് നിറയെ നന്മയുള്ള ആ പെൺകുട്ടിയെ ഒന്ന് അഭിനന്ദിക്കാൻ പോലും തയ്യാറാവാതെ ...ക്ലാസ്സിൽ നിന്നും ഇറങ്ങിയോടിയതിന്റെ പേരിൽ ആ കുട്ടിയോടും ...ആ കുട്ടിയെ അഭിനന്ദിച്ച എന്നോടും വിശദീകരണം ആവശ്യപ്പെട്ടപ്പോൾ എന്റെ ഓർമ്മകൾ എന്റെ വിദ്യാലയദിനങ്ങളിലേക്കു പോയി ...
ഞാൻ പഠിച്ച വിദ്യാലയത്തിന്റെ ഉയർന്ന മതിലിനു മുകളിൽ എങ്ങനെയോ വന്നു പെട്ട ഒരു മുയല്കുഞ്ഞു ....അതിനു കാലുകൊണ്ട് വയ്യ ...അത് ആ മതിലിൽ നിന്ന് വീഴും എന്ന് കണ്ടപ്പോൾ ക്ലാസ്സിൽ നിന്നും ഒന്നും പറയ്യാതെ ഇറങ്ങിയോടി ഞാൻ അതിനരികിലേക്കു ചെന്നപ്പോഴേക്കും മതിലിനു മുകളിൽ നിന്ന് താഴെ വീണു പിടയുന്ന ആ മുയൽ കുഞ്ഞിനെ എടുക്കാൻ മതിലിന് മുകളിൽ നിന്നും ചാടി ആ മുയൽകുഞ്ഞിനെ ചേർത്തുപിടിച്ചു കരഞ്ഞ എന്നെ കണ്ടു അന്നത്തെ ഹെഡ് മാസ്റ്റർ ചന്ദ്രശേഖരൻ മാസ്റ്റർ എന്നെ ചേർത്തുപിടിച്ചു ആശ്വസിപ്പിച്ചതും ....പിന്നീടൊരു അസ്സംബ്ലിയിൽ എന്നെ സ്റ്റേജിലേക്ക് വിളിച്ചു വരുത്തി അഭിനന്ദിച്ചത് ഓർത്തുപോയി .... കാലമെത്ര കഴിഞ്ഞിട്ടും ജീവിച്ചിരിപ്പുണ്ടോ എന്നറിയില്ലെങ്കിലും അദ്ദേഹം ഇന്നും എന്റെ മാതൃകാഅധ്യാപകനാണ്
നന്മകൾ അഭ്യസിപ്പിക്കേണ്ടതിനു പകരം സ്വാർത്ഥതയും ...കച്ചവടവുമാണ് ഇന്നത്തെ മിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളും പഠിപ്പിക്കുന്നത് ......
N .B(പ്രിയപ്പെട്ട മാതാപിതാക്കളോട് ....."എന്റെ മക്കൾ ഡോക്ടറാണ് എൻജിനീയറാണ്" എന്ന് പറയുന്നതിനേക്കാൾ എത്രയോ അഭിമാനമാണ് "എന്റെ മക്കൾ നന്മയുള്ളവരാണ് എന്ന് പറയുന്നതും ..അത് മറ്റുള്ളവർ പറഞ്ഞു കേൾക്കുന്നതും ......മക്കളെ ഡോക്ടർ ആക്കാനും എൻജിനീയറാക്കാനും അല്ല മാതാപിതാക്കളും നല്ല അധ്യാപകരും മത്സരിക്കേണ്ടത് ...മറിച്ചു അവരെ നന്മയുള്ള വ്യക്തികളാക്കാനാണ് മത്സരിക്കേണ്ടത്)
സൗമ്യ സച്ചിൻ

===പട്ടി മാതാവ് ====


===പട്ടി മാതാവ് ====
---------------------
"ഡീ..ഇവിടെ, ഇങ്ങട്ടു നോക്കെടി, പട്ടീ "
ഞാൻ ഫുൾ കലിപ്പിലായിരുന്നു.. വൈകുന്നേരം പഞ്ചാരേം മണ്ണണ്ണയും വാങ്ങി സൈക്കിൾ വലിച്ചു ചവിട്ടി വീടിന്റെ മുറ്റത്തു എത്തിയപ്പോ ആണ് അവൾ കുരച്ചു പിന്നാലെ വന്നത്. സൈക്കിൾ താഴെ ഇട്ടു വീടിനകത്തേക്ക് ഒറ്റ ചാട്ടം ആയിരുന്നു. വീടിന്റെ ഉള്ളിൽ കയറി കതക് അടച്ചിട്ടാണ് ശ്വാസം വീണത്.
ജനൽ തുറന്നു നോക്കിയപ്പോ അവൾ മുറ്റത്തു നിന്ന് മോങ്ങുന്നു.
"നന്ദി വേണമെടി.. നന്ദി.. എന്റെ ഒറ്റ ഒരാളുടെ ഔദാര്യം കൊണ്ടാണ് നീ ജീവിക്കുന്നത്.. അതെങ്കിലും ഓർക്കണമായിരുന്നെടി.. പട്ടീ.."
എനിക്ക് കലിപ്പ് തീർന്നില്ല.
"എന്റെ സൈക്കിൾ.. എന്റെ പഞ്ചാര.. എന്റെ മണ്ണെണ്ണ.. എടീ ദുഷ്ടേ.. വിടില്ല ഞാൻ" ഞാൻ കയ്യിൽ കിട്ടിയ എന്തോ എടുത്തു അവളെ എറിഞ്ഞു.. അത് പക്ഷെ വരുന്ന വഴി കടയിൽ നിന്നു വാങ്ങിയ തേങ്ങാ ബിസ്കറ് ആയിരുന്നു.. അവൾ അത് ചാടിപിടിച്ചു, തലയാട്ടി കൊണ്ട് അത് കടിച്ചു മുറിച്ചു.
"ഹോ .. ഈശ്വരാ, എറിഞ്ഞാലും മനസിലാവില്ല ഈ പട്ടിക്ക്"
അവൾ മോങ്ങൽ നിർത്തി വാൽ ആട്ടാൻ തുടങ്ങി.. പട്ടി വാൽ ആട്ടിയാൽ സ്നേഹം എന്നല്ലേ. ആ.. ആർക്കറിയാം.. ഒരെണ്ണത്തിനെ വിശ്വസിക്കാൻ പറ്റില്ല. ഒരു റിസ്ക് എടുക്കാൻ വയ്യ. മാത്രമല്ല എനിക്ക് ഒരു പട്ടീടേം സ്നേഹം വേണ്ട. പട്ടിക്ക് അതിന്റെ വഴി എനിക്ക് എന്റെയും.
ഇന്ന് രാവിലെ പല്ലു തേച്ചു പറമ്പിൽ കറങ്ങി നടക്കുമ്പോൾ ആണ് തെക്കേ അതിരിൽ മുളയുടെ ചുവട്ടിൽ ഈ പട്ടി മഹതിയെ കണ്ടത്. എനിക്ക് ഇവറ്റകളെ കണ്ടൂട. എന്ന്ന മാത്രമല്ല, നല്ല പേടിയും ആണ്.
അത്യാവശ്യം സേഫ് ഡിസ്റ്റൻസ് ആയതു കൊണ്ട് ഞാൻ ഒരു മച്ചിങ്ങ എടുത്തു എറിയാൻ ഉന്നം നോക്കി. അപ്പോഴാണ് അത് ശ്രദ്ധിച്ചത്. അവൾ ഒറ്റക്കല്ല!! കൂടെ മൂന്നു കുഞ്ഞുങ്ങളും ഉണ്ട്. പട്ടി മഹതി ആ പരിസരത്തു തന്നെ കുറെ നാളായി ഉണ്ട്. ഇപ്പൊ മൂന്നു കുഞ്ഞുങ്ങളും കൂടെ ആയി. ആദ്യം തോന്നിയത് "അയ്യോ.. ഈ മൂന്നെണ്ണം കൂടി വലുതായാൽ എങ്ങനെ ജീവിക്കും" എന്നാണ്. പക്ഷെ ഉടനെ തന്നെ എന്റെ ഭയവും ദേഷ്യവും ഒരു കൗതുകത്തിലേക്ക് മാറി.
ഞാൻ പതുക്കെ രണ്ടടി മുന്നോട്ടു വച്ചു.
മനോഹരം! ഇച്ചിരിക്കോളം പോന്ന മൂന്നു കുഞ്ഞുങ്ങൾ. നനുത്ത പഞ്ഞി പോലെ. ഒരെണ്ണം തൂ വെള്ളയാണ്, മറ്റു രണ്ടും വെള്ളയും തവിട്ടും കൂടിയ നിറം. ഞാൻ വീണ്ടും രണ്ടടി മുന്നോട്ടു വച്ചു. അമ്മപ്പട്ടി എന്നെ തന്നെ നോക്കി കിടക്കുകയാണ്. ജാഗരൂകയാണ്. ഞാൻ അതിനെ എപ്പോ കണ്ടാലും കയ്യിൽ കിട്ടുന്നത് എടുത്തു എറിയും. ആ ഓർമ്മയിൽ ആവണം,
അവൾ ഒന്ന് മുരണ്ടു..
"വേണ്ടാ.. അടുത്തു വരണ്ട" എന്ന ഒരു മുന്നറിയിപ്പ് പോലെ. ഞാൻ പിന്നെ ഒരു റിസ്ക് എടുത്തില്ല. അവിടെ തന്നെ നിന്നു അവരെ വീക്ഷിച്ചു. അതെ.. അതിമനോഹരം.. മനുഷ്യരെപ്പോലെ തന്നെ..
എന്റെ സാമീപ്യം കൊണ്ടാവണം ആ 'അമ്മ കുഞ്ഞുങ്ങളെ തന്റെ അരികിലേക്ക് സുരക്ഷിതത്തിലേക്കു അടുപ്പിച്ചു നിർത്താൻ വൃഥാ ശ്രമിക്കുന്നുണ്ടായിരുന്നു . കുഞ്ഞുങ്ങളുണ്ടോ കേൾക്കുന്നു. ആ വികൃതികുട്ടികൾ ഒന്നും അറിയാതെ അമ്മയുടെ പുറത്തും ചുറ്റിലും ചാടിയും മറിഞ്ഞും കളിക്കുന്നു. 'അമ്മ മുരണ്ടു കൊണ്ട് വീണ്ടും അവരെ തന്നിലേക്ക് അടുപ്പിക്കുന്നു. ആ സീൻ അങ്ങനെ കുറച്ചു നേരം പോയി. പിന്നെ ഞാൻ അപകടകാരി അല്ലെന്നു തോന്നിയതുകൊണ്ടാവണം അവൾ കുട്ടികൾക്ക് പാല് കുടിക്കാൻ സൗകര്യത്തിന് തിരിഞ്ഞു കിടന്നത്.. കുഞ്ഞുങ്ങൾ അമ്മിഞ്ഞപ്പാൽ മൊത്തികുടിക്കുമ്പോൾ ആ അമ്മയുടെ എന്റെ നേരെ തന്നെ ആയിരുന്നു.. പിന്നെ ഏതോ നിർവൃതിയിലേക്കു അലിഞ്ഞു ചേരുന്നു എന്ന പോലെ അവളുടെ കണ്ണുകൾ കൂമ്പിയടഞ്ഞു.. മണ്ണിലേക്ക് തല ചെയ്യ്തു കിടക്കുന്ന അവളുടെ മുഖത്തു എന്തൊക്കെയോ വർണ്ണിക്കാൻ കഴിയാത്ത ഭാവങ്ങൾ ഉണ്ടായിരുന്നു. ഇടക്ക് പാലുകുടി നിർത്തി മുന്നിൽ വന്ന കുഞ്ഞുങ്ങളെ അവൾ സ്നേഹവാൽസ്യങ്ങളോടെ നക്കി തുടച്ചു. അവർ വീണ്ടും അവളുടെ മേലെ കുത്തിമറിയാൻ തുടങ്ങി. എന്തൊരു മനോഹരമായ കാഴ്ച! എത്ര നേരം ഞാൻ അങ്ങനെ നിന്നു എന്നറിയില്ല. അങ്ങനെ ഒന്ന് ഒരിക്കലും അത്ര ശ്രദ്ധയോടെ അത്ര അടുത്തു നിന്നു ഞാൻ കണ്ടിട്ടില്ലായിരുന്നു. മനസ് വെറുതെ തുടിച്ചു.. നിറഞ്ഞു.
ഉച്ചക്കാണ് നായപിടുത്തക്കാർ വന്നത്. നായകൾക്ക് എന്ന പോലെ അവർക്കും ഉണ്ട് നായിന്റെ മണത്തു പിടിക്കാൻ ഉള്ള കഴിവ് എന്ന് തോന്നുന്നു. കൃത്യമായി അവർ ഞങ്ങളുടെ വീടിന്റെ മുന്നിൽ തന്നെ എത്തി. വീടിന്റെ ഗേറ്റ് തുറന്നപ്പോഴേ അവൾ അപകടം തിരിച്ചറിഞ്ഞിരുന്നു. അവളുടെ കുര കേട്ടാണ് ഞാൻ പുറത്തു വന്നത്. അവൾ കുരക്കുകയാണ്, എല്ലാ രൗദ്രഭാവത്തോടും കൂടി. കുട്ടികളിൽ ഒരാൾ അവളുടെ ഒപ്പം തന്നെ മുന്നോട്ടു വന്നു കുരക്കുന്നു.. മറ്റു രണ്ടും പക്ഷെ ഭയന്നിട്ടുള്ള രോദനം ആയിരുന്നു. വിട്ടുകൊടുക്കാനോ, വിട്ടുപോവാനോ അവൾ തയ്യാറല്ലായിരുന്നു. എല്ലാ വീറോടും കൂടി അവൾ പട്ടിപിടുത്തക്കാരെ തുരത്താൻ ശ്രമിച്ചു. കുരച്ചു കൊണ്ട് മുന്നോട്ടു വന്നു.. പിന്നെ തിരിച്ചു കുഞ്ഞുങ്ങളുടെ അടുത്തേക്ക് പാഞ്ഞു. വീണ്ടും കുരച്ചു മുന്നോട്ടാഞ്ഞു. അന്ത്യം വരെ പോരാടും എന്ന നിശ്ചയത്തോടെ ആയിരുന്നു അവൾ. പക്ഷെ മരണത്തെ മുന്നിൽ കണ്ടെന്ന പോലെ പതുക്കെ അവളുടെ കുര തളർന്നു. ദയനീയ ഭാവത്തോടെ അവൾ ചുറ്റിലും നോക്കി. പിന്നെ മക്കളെയും. വീണ്ടും എങ്ങു നിന്നോ ലഭിച്ച ആർജ്ജവത്തോടെ മുന്നോട്ടു വന്നു പൊരുതി.
മൂന്നു പേരായിരുന്നു അവർ പട്ടിപിടുത്തക്കാർ. ഒരാളുടെ കയ്യിൽ ഒരു ചാക്കും മറ്റു രണ്ടു പേരുടെ കയ്യിൽ ഓരോ കുരുക്കും. ഞാൻ കണ്ടിട്ടുണ്ട് അവർ കുരുക്കെറിഞ്ഞു പട്ടിയെ പിടിക്കുന്നത്. കഴുത്തിൽ കുരുക്ക് മുറുകുമ്പോൾ പട്ടി പിടയുന്നത്. എനിക്ക് കണ്ടു നിൽക്കാൻ കഴിയുമായിരുന്നില്ല ആ കാഴ്ച. ദയനീയം എങ്കിലും പട്ടിശല്യം തീരുമല്ലോ എന്നായിരുന്നു മനസ്സിൽ. രാത്രിയും പകലും ഒക്കെ പുറത്തിറങ്ങാൻ പേടിയാണ് ഇവറ്റകൾ കാരണം. എന്നാലും ഈ കുരുക്കെറിഞ്ഞു പിടിക്കൽ അൽപം ക്രൂരം തന്നെ!
അത് തന്നെ ആണ് ഇവിടെയും സംഭവിക്കാൻ പോവുന്നത്. കൂടെ ആ കുഞ്ഞുങ്ങളെയും അവർ കൊണ്ടുപോവും. അവസാനം കൊല്ലുമായിരിക്കും.
ഞാൻ നോക്കുമ്പോൾ ആ 'അമ്മയുടെ കണ്ണുകൾ എന്റെ മുഖത്താണ്. ദയനീയമായ നോട്ടം. സഹായിക്കൂ എന്നൊരു ഭാവം ആണോ ആ മുഖത്ത്!
"അയ്യോ.. വേണ്ട.. ഇത് ഞങ്ങൾ വളർത്തുന്ന പട്ടി ആണ്"
പെട്ടന്ന് ഒന്നും ഓർക്കാതെ ഞാൻ ഇടയിലേക്ക് ചെന്ന് അവരെ തടഞ്ഞു.
"ഇവറ്റകളോ?"
"അതെ.. ഇവർ ഈ പറമ്പു വിട്ടു പോവില്ല.. ഞങ്ങൾ ഗേറ്റ് ഒക്കെ അടച്ചു ഇടുന്നതാ" ഞാൻ പറഞ്ഞു.
അവർ വഴങ്ങിയില്ല.. അവസാനം ഒരു പട്ടിക്ക് ഇരുപതു രൂപ നിരക്കിൽ എൺപത് രൂപ കൊടുത്ത് അവരെ ഒഴിവാക്കി. അതിനു അമ്മയുടെ വക കുറെ ചീത്തയും കേട്ടു.
എന്നിട്ടാണ് ഈ പട്ടി എന്നോട് ഈ ചതി ചെയ്തത്. എന്റെ പുറകെ കുരച്ചു വരാൻ ആര് പറഞ്ഞു.. പഞ്ചാര പോയി.. മണ്ണെണ്ണ പോയി.. റേഷൻ കടയിൽ പോയി പട്ടി ഓടിച്ചു എന്ന് പറഞ്ഞാൽ വേറെ തരുമോ.. ഇല്ല! 'അമ്മ സഹിക്കുമോ.. ഇല്ല.. ചീത്ത കേൾക്കാൻ തന്നെ വിധി..
അവൾ അപ്പോഴും മുറ്റത്തു നിന്നു വാലാട്ടി മോങ്ങുന്നു.
ഉം.. സ്നേഹം കൊണ്ട് തന്നെ ആണ് എന്ന് തോന്നുന്നു. ഒരു പക്ഷെ നന്ദി പറയാൻ വന്നതാവും.
ഞാൻ ജനലിലൂടെ കൈ നീട്ടി തൊഴുതു..
"എന്റെ പൊന്നു പട്ടീ. സ്നേഹിക്കുന്നതിലും നന്ദി പറയുന്നതിലും എനിക്ക് ഒരു വിരോധോം ഇല്ല.. പക്ഷെ ഒരു പത്തു ഇരുപത് അടി ദൂരെ നിന്നു ആയാൽ കൊള്ളാം. പിന്നെ നിന്റെ കുര, അതും നമുക്ക് ഒഴിവാക്കിക്കൂടെ! ഒരു നയത്തിൽ പോയാൽ എനിക്കും കൊള്ളാം നിനക്കും കൊള്ളാം. അല്ലെങ്കിൽ ഞാൻ ആ പട്ടിപിടുത്തക്കാരെ വിളിക്കും. അവർ നിന്നേം പോക്കും നിന്റെ മക്കളേം പോക്കും. മൈൻഡ് ഇറ്റ്.. "
സംഗതി ഏറ്റു എന്ന് തോന്നുന്നു.. അൽപം സംശയിച്ചു നിന്ന ശേഷം അവൾ തല ആട്ടി അവളുടെ മക്കളുടെ അടുത്തേക്ക് പോയി. ഞാൻ അമ്മയുടെ ചീത്ത കേൾക്കാൻ അടുക്കളയിലേക്കും..
####

ആവാരംപൂ മരം...


ആവാരംപൂ മരം...
☆☆☆☆☆☆☆☆☆
വിരഹവും വേനലും കൊഴിയുന്ന പൂക്കളും
പ്രകൃതിയുടെ നിയമമെന്നറിയുമ്പോളും
കാലങ്ങളായെന്റെ കരളിന്റെ ചില്ലയിൽ
കൂട്ടുവന്നെത്തിയ കുഞ്ഞിക്കിളി
വേനലിൽ ഞാൻ വാടുംനോവുതാങ്ങാതെങ്ങോ
ദൂരേക്ക്മെല്ലെപ്പറന്നുപോയി
നാളെ തളിർക്കുന്നചില്ലസ്വപ്നംകണ്ടു
പൊഴിയുന്നപൂക്കളെ നോക്കി നിന്നു
തേൻകുടിച്ചന്നാളിൽ പാടിപ്പറഞ്ഞോരാ
കാര്യങ്ങളൊക്കെയങ്ങോർത്തിരുന്നു
നിറമുള്ള ഓർമ്മകൾ കനലായ്തിളങ്ങുന്നു
എരിയുന്ന കണ്ണിലും
ചിരിവിരിഞ്ഞു
ചാരത്തുവന്നെങ്കിൽ
ചേർന്നൊന്നുനിന്നെങ്കിൽ
മോഹങ്ങൾ വീണ്ടും
തളിർത്തുവെങ്കിൽ
എന്തിനെൻപുസ്തകത്താളിൽമിനുങ്ങുന്ന
ഏഴഴകുള്ള മയിൽ പീലിയായ് നീ
പൂജക്കെടുക്കാത്ത പൂവെന്നറിഞ്ഞിട്ടും
തഴുകിത്തലോടിയിട്ടോമനിച്ചൂ
ഒരുകുഞ്ഞുകാറ്റിലുംഉതിരാതിരിക്കുവാൻ
ഓടിവന്നെന്നെ പുണർന്നുനിന്നൂ
ഒരുമഴക്കാലത്തുമൊരുപനിക്കാലത്തും
കുളിരിന്റെകൂട്ടിൽ പുതപ്പുപോലെ
നീറുന്നനെഞ്ചകക്കൂടിൻമിടിപ്പു കേട്ട്
എന്നിലെയെന്നിൽനീ ചേർന്നിരുന്നു
ഇന്നുമെൻനെഞ്ചിലെ കുഞ്ഞുറങ്ങീടുവാൻ
ചാരത്തുനീമൂളിപ്പാടിടേണം
വെറുതെ പറന്നുമറയുവാൻനീയൊരു
പക്ഷിയല്ലെന്നിലെ ഊർദ്ധശ്വാസ്സം
വെറുതെ പറന്നുമറയുവാൻ നീയൊരു
പക്ഷിയല്ലെന്നിലെ ഊർദ്ധശ്വാസ്സം
കവിതയൊരായിരം ഇനിയും കുറിച്ചീടാം
അതുനിന്റെ കാതോരം മൂളിത്തരാം
ഇനി വരും ജന്മവുംപൂമരമായിടാം
നീവരുംവഴിയോരം പൂത്തുനിൽക്കാം
നീ വരും വഴിയോരം പൂത്തുനിൽക്കാം
♡♡♡♡♡♡
ലിൻസി.

പാക്കിസ്ഥാനിലേക്കു ഒരു ബസ്


പാക്കിസ്ഥാനിലേക്കു ഒരു ബസ്
--------------------------------------------------
വിമാനത്താവളത്തിൽ നിന്നും ..പുറത്തിറങ്ങിയതും അബ്‌ദു ഒന്ന് മുകളിലോട്ടു നോക്കി ..വെള്ളത്തിന്റെ അടിയിൽ നിന്നും പുറത്തു വന്നപോലെ ..ശ്വാസം ഒന്ന് ആഞ്ഞു വലിച്ചു വിട്ടു ..പതിമൂന്ന് വർഷത്തെ പ്രവാസ ജീവിതം അതും ..ഏഴുവർഷത്തെ ജീവിതത്തോടപ്പം ചേർത്ത് ആറു വർഷത്തെ ജയിൽ ജീവിതവും ..പലപ്പോഴും അബ്‌ദുവിന് തോന്നിയിട്ടുണ്ട് ഇനി ഒരു മടങ്ങി വരവുണ്ടാവില്ല എന്ന്പക്ഷെ അവസാനം പ്രാർത്ഥന ..ദൈവം കേട്ടു.
കൂട്ടികൊണ്ടു പോകാൻ ആരും വന്നിട്ടില്ല ..അല്ലെങ്കിലും ആർക്കും അറിയില്ലല്ലോ ഇന്ന് വരുമെന്ന് ,.അവസാനമായി .നാട്ടിലേക്ക് .വന്നത് പതിനൊന്നു വർഷം മുൻപാണ് ..അതും മോളുടെ ജനനത്തിന് ..ഇപ്പൊ അവൾക്കു പതിനൊന്നു വയസ്സായി കാണും ..ബാപ്പയെ കാണാത്ത പതിനൊന്നു വർഷങ്ങൾ ,.ഓർമ്മകൾ കണ്ണുനീരായി കവിളിലൂടെ ..ഒലിച്ചിറങ്ങാൻ തുടങ്ങി ..
എയർപോർട്ടിൽ നിന്നും അബ്‌ദു വീട്ടിലേക്കു ബസ് കയറി .കയ്യിൽ ലഗേജ് എന്നു പറയാൻ ഉള്ളത് മുഷിഞ്ഞ കുറെ തുണികൾ മാത്രം ..അതുകൊണ്ടു തന്നെ കാർ വിളിക്കാൻ തോന്നിയില്ല ..
വീടിന്റെ മുറ്റത്ത് എത്തിയപ്പോൾ അബ്‌ദു ഒന്ന് നിന്നു ..പുറത്തു ആരെയും കാണുന്നില്ല,.ഉള്ളിലേക്ക് നോക്കി ഉറക്കെ വിളിക്കാൻ ശ്രമിച്ചെങ്കിലും ശബ്ദം പുറത്തുവരുന്നില്ല ..
അപ്പോൾ ഒരു പെൺകുട്ടി പുറത്തേക്കു വന്നു ..അബ്‌ദു അവളെ അടിമുടി ഒന്ന് നോക്കി ..നെഞ്ചിൽ എന്തോ ഒരു പിടയൽ ..എന്റെ മോള് ആകുമോ .
"ആയിഷ കുട്ടിയാണോ .." അബ്‌ദു വിറയലോടെ ചോദിച്ചു ..ആയിഷ എന്നു പേര് അവൾ ജനിച്ചപ്പോൾ ഭാര്യയുടെ അടുത്ത് വെച്ച് വിളിച്ചതാണ് ..അത് തന്നെയാകുമോ മോൾക്ക് പേര് ഇട്ടിട്ടുണ്ടാകുക ..
" ..ആയിഷ കുട്ടിയല്ല .ആയിഷ അബ്‌ദുള്ള .." അവൾ അഭിമാനത്തോടെ പറഞ്ഞു
അബ്‌ദു ..കയ്യിലെ ബാഗ് നിലത്തേക്കിട്ടു ..കൈ വായോടു ചേർത്ത് മുട്ടുകുത്തി നിലത്തിരുന്നു ..അടക്കി വെച്ച സങ്കടം മുഴുവൻ കരച്ചിലായി മാറുകയായിരുന്നു
അത് കണ്ടതും അവൾ "ഉമ്മച്ചി ."..എന്നു വിളിച്ചുകൊണ്ട് അകത്തേക്ക് ഓടി.
അകത്തുനിന്നും ..ആരൊക്കയോ പുറത്തേക്കു ഓടി വന്നു ..അബ്‌ദുവിനെ ആദ്യം കണ്ടത് ..ഭാര്യ ആമിനയാണ് അബ്‌ദുവിനെ കണ്ടതും ..അവൾ നെഞ്ചിൽ കൈ വെച്ച് നിലവിളിച്ചുകൊണ്ട് കൊണ്ട് ..മുറ്റത്തേക്ക് ഓടിയിറങ്ങി.
അബ്‌ദു എഴുനേറ്റു നിന്ന് അവളെ ചേർത്ത് പിടിച്ചു ..രണ്ടു പേർക്കും ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല ..അവൾ അബ്‌ദുവിന്റെ നെഞ്ചിൽ തല ചേർത്തുകൊണ്ട് തേങ്ങി തേങ്ങി കരഞ്ഞുകൊണ്ടേ ഇരുന്നു ..
പിന്നാലെ വന്ന അബ്‌ദുവിന്റെ ഉമ്മക്ക് പെട്ടന്ന് കാര്യം മനസ്സിലായില്ല ..അബ്‌ദു മെല്ലെ അവളെ ചേർത്ത് പിടിച്ചുകൊണ്ടു അകത്തേക്ക് കയറി ..
അപ്പോഴാണ് ഉമ്മക്ക് അബ്‌ദുവിനെ മനസ്സിലായത് .ഉമ്മയെ നെഞ്ചിലേക്ക് അവൻ ചേർത്ത് പിടിച്ചു ..അവിടെ വാക്കുകൾക്ക് ആവശ്യം ഇല്ലായിരുന്നു ..അവിടെ സംസാരിച്ചത് ഹൃദയങ്ങൾ ആണ് ..
അബ്‌ദു ..അകത്തേക്കു നോക്കി ..വാതിലിന്റെ അരികിൽ ഉണ്ട് ആയിഷ കുട്ടി നല്കുന്നു ..അവൻ മെല്ലെ അവളെ അരികിലേക്ക് വിളിച്ചു ..അവൾ നാണത്തോടെ അവന്റെ അരികിലേക്ക് വന്നു ..അബ്‌ദു മുട്ടുകുത്തിയിരുന്നു അവളുടെ കവിളിൽ ഒരു ഉമ്മ കൊടുത്തുകൊണ്ട് ചോദിച്ചു ..
"ആയിഷ കുട്ടിക്ക് മനസ്സിലായോ ആരാണെന്ന് .."അവൾ മെല്ലെ തലയാട്ടി ..
"ആരാണ് "
"ബാപ്പ "
അബ്‌ദു അത് കേട്ടതും ..അവളെ ചേർത്ത് പിടിച്ചു ..ഉറക്കെ കരഞ്ഞു ..പതിനൊന്നു വർഷത്തെ സങ്കടം മുഴുവൻ കരഞ്ഞു തീർക്കാനെന്നപോണം ..
അന്ന് അവിടെ പെരുന്നാൾ ആയിരുന്നു ...കളിയും ചിരിയും കുറെ വർഷങ്ങൾക്കു ശേഷം ആ വീടിനെ ഒരു സ്വർഗ്ഗമാക്കി ..
വൈകുന്നേരം ആയപ്പോൾ ..അബ്‌ദു മെല്ലെ പുറത്തിങ്ങി ..തന്റെ കുട്ടുകാരെ കാണുക അതായിരുന്നു ലക്‌ഷ്യം .പതിനൊന്നു വർഷം കൊണ്ട് നാടാകെ മാറിയിരിക്കുന്നു ..പുതിയ വീടുകൾ അറിയാത്ത ആളുകൾ ..ഒരു പാട് മാറ്റങ്ങൾ ..
നാരായണേട്ടന്റെ ചായകട അതായിരുന്നു ..പണ്ട് എല്ലാവരും ഒത്തുചേരുന്ന സ്ഥലം അവിടെ ഇരുന്നു ലോകകാര്യങ്ങൾ പറഞ്ഞും പരസ്പരം കളിയാക്കിയും ..വൈകുന്നേരങ്ങൾ ..എന്നും മോനോഹരങ്ങൾ ആയിരുന്നു ..അവിടേക്കു ചെന്നപ്പോൾ കടക്കു വലിയ മാറ്റങ്ങൾ ഒന്നും കണ്ടില്ല ..അബ്‌ദു ..മെല്ലെ കടയിലേക്ക് കയറി ..കണ്ടവർ വാ പൊളിച്ചുകൊണ്ടു അബ്‌ദുവിന്റെ അടുത്തേക്ക് ഓടിയെത്തി ...എല്ലാവരോടും വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ടു അബ്‌ദു ബെഞ്ചിലേക്ക് അമർന്നിരുന്നു ..
"അല്ല ..ബാക്കിയുള്ളവർ എവിടെ ..റഷീദും ..അബ്ബാസും എല്ലാം "
മനോജാണ് മറുപടി പറഞ്ഞത് "അവർ ഇപ്പൊ ഇവിടേയ്ക്ക് വരാറില്ല ..പള്ളിയുടെ മുന്നിലെ നാസർക്കായുടെ കട ഇല്ലേ അതിന്റെ മുന്നിൽ ഉണ്ടാവും .."
"അതെന്താ ..ഇങ്ങോട്ടു വരാത്തെ "
എല്ലാവരും തല കുനിച്ചു നിന്നതല്ലാതെ ഒന്നും പറഞ്ഞില്ല ...അവരുടെ തല കുനിക്കലിന് പുറകിൽ എന്തോ ഉള്ളതായി അബ്‌ദുവിന് തോന്നി...പക്ഷെ ഒന്നും ചോദിച്ചില്ല "
അല്പം കഴിഞ്ഞശേഷം ..അബ്‌ദു മെല്ലെ അവിടെ നിന്നും ഇറങ്ങി ..നാടാകെ മാറിയിരിക്കുന്നു .പഴയപോലെ സ്നേഹബന്ധ്ങ്ങൾ ..ഒന്നും കാണാൻ കഴിയുന്നില്ല .
വഴിയിൽ വെച്ചാണ് പഴയ തോമസ് മാഷിനെ കണ്ടെത് ..പേരിൽ മാഷ് ഉണ്ടെങ്കിലും എവിടെയും പഠിപ്പിക്കുക ഒന്നും ചെയ്തിട്ടില്ല ..വിശേങ്ങൾ എല്ലാം പങ്കുവെച്ചു .മടങ്ങുമ്പോഴാണ് മാഷ് പറയുന്നത് ..
"നിനക്ക് വീട്ടിൽ പണി എന്തെങ്കിലും ചെയ്യാൻ ഉണ്ടെങ്കിൽ ബംഗാളികളെ തരാം ട്ടോ എന്റെ കൂടെ കുറച്ചു പേരുണ്ട് ..ഇവിടെത്തെ മലയാളികളുടെ പകുതി പണം കൊടുത്താൽ മതി ..അടിമകളെ പോലെ പണി ചെയ്തോളും "
അബ്‌ദു ..മാഷിനെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു .."ഇ ഗൾഫ് മലയാളികൾ എല്ലാം ഗൾഫിലെ ബംഗാളികളാ മാഷെ "
മാഷിന് പറഞ്ഞത് മനസ്സിലായില്ല എന്നു അബ്‌ദുവിന് തോന്നി ...കൂടുതൽ വിശദികരിക്കാൻ നിൽക്കാതെ അബ്ദു മെല്ലെ നടന്നു ..
വീട്ടിൽ ചെന്ന് കയറിയപ്പോൾ ഉമ്മയാണ് പറഞ്ഞത് ..അതിർത്തി പ്രശ്നത്തെ പറ്റി ..ചോദിക്കാൻ ആളില്ലാത്തത് കൊണ്ടാവും അയൽപക്കത്തുകാരൻ ..സ്ഥലത്തിന്റെ നല്ലൊരു ഭാഗം കയ്യേറിയിരിക്കുന്നു ..അബ്ദു കുറച്ചു സമയം ആലോചിച്ചു ..പിന്നെ അയൽവാസിയുടെ വീട്ടിലേക്കു നടന്നു ..
അവിടെ ചെന്നപ്പോൾ ...അവർക്കു പരിചയം ഭാവം പോലുമില്ല ..തമ്മിൽ സ്നേഹം പങ്കുവെച്ചു കഴിഞ്ഞവർ ശത്രുക്കളായി മാറിയിരിക്കുന്നു ..
"കൃഷ്ണേട്ടൻ ഇല്ലേ ..." അബ്‌ദു ചിരിച്ചുകൊണ്ട് ചോദിച്ചു ..
"ഇല്ല .." വെട്ടി മുറിച്ചപോലെ മറുപടി കിട്ടി ..
"വന്നാൽ ഞാൻ വന്നിരുന്നു എന്നു പറയണം ..എന്റെ സ്ഥലം കുറച്ചു നിങ്ങൾ കയറ്റി കെട്ടിയിട്ടുണ്ട് ..അതിനെ പറ്റി സംസാരിക്കാൻ ആണ് "
"ശരി .." അവർ കതകു ശക്തമായി അടച്ചുകൊണ്ടു അകത്തേക്ക് കയറിപ്പോയി ..അബ്ദു കുറച്ചു നിമിഷം അവിടെ നിന്നു ..നെഞ്ചിൽ എന്തോ ഒരു സങ്കടം പോലെ ..
അബ്‌ദു വീട്ടിലേക്കു നടന്നു ...ജയിലിൽ കിടക്കുബോൾ പലപ്പോഴും സ്വന്തം നാടിനെ ഓർത്തു കരഞ്ഞിട്ടുണ്ട് .അഭിമാനിച്ചിട്ടുണ്ട് ..ഇപ്പൊ സ്വന്തം നാട്ടിൽ ആരും അല്ലാതായി പോകുന്നു ..
വീട്ടിൽ എത്തിയപ്പോൾ ആയിഷക്കുട്ടിക്ക് ഒരേ നിർബന്ധം ഓണം ആഘോഷിക്കണം ..എന്നാൽ അങ്ങനെ ആവട്ടേയെന്നു വിചാരിച്ചു അങ്ങാടിയിലേക്ക് ഇറങ്ങി .പച്ചക്കറിയും പൂവും വാങ്ങി തിരിച്ചു വരുമ്പോഴാണ് കുഞ്ഞിക്കുട്ടി മുസ്ല്യാർ മുന്നിൽ ..സലാം പറഞ്ഞ ശേഷം അബ്‌ദുവിന്റെ കൈ പിടിച്ചുകൊണ്ടു ചോദിച്ചു
" നീ വന്നു എന്നു .സലാം പറഞ്ഞു .. "
സുഖമല്ലേ .."
അബ്‌ദു ഒന്ന് ചിരിച്ചു ..പിന്നെ തലയാട്ടി.
അബ്‌ദുവിന്റെ കയ്യിലെ കവറിൽ നോക്കി മുസ്ല്യാർ ചോദിച്ചു ..
"അല്ല ഓണത്തിന് പൂവിടാനോ .." എന്താ അബ്‌ദു നീ കുട്ടികളെ ഇതൊക്കെയാണോ പഠിപ്പിക്കുന്നെ "
അബ്‌ദു അത്ഭുതത്തോടെ കുഞ്ഞിക്കുട്ടി മുസ്ല്യാരുടെ മുഖത്തേക്ക് നോക്കി ..
"ഇതൊക്കെ നമുക്ക് ഹറാമാണ്,.." മുസ്ല്യാർ കൈ രണ്ടും പുറകിൽ കെട്ടിക്കൊണ്ടു പറഞ്ഞു
അതെന്താ നിങ്ങള് ഇങ്ങനെ പറയുന്നേ ..നമ്മൾ ഒക്കെ ഇതൊക്കെ പണ്ട് ചെയ്തില്ലായിരുന്നോ ..
"അബ്‌ദു നിനക്ക് ഇതൊന്നും അറിയാഞ്ഞിട്ടാണ് ...ഓണം ആഘോഷിക്കുന്നത് നമ്മുടെ മതാചാര പ്രകാരം തെറ്റാണ് .."
"അതെന്താ ..ഓണം ഒരു മതത്തിന്റെ ഉത്സവമാണോ .."
"അതെ ..നിനക്കെന്താ സംശയം .."
"എന്നിട്ടു .പണ്ട് .ഞാനും ഇങ്ങടെ മോൻ ഷുക്കൂറും നിങ്ങടെ മുറ്റത്ത് പൂവിട്ടില്ലായിരുന്നോ,അന്നൊന്നും ആരും എതിര് പറഞ്ഞിട്ടില്ലല്ലോ ..പിന്നെ ഞാനും ഷുക്കൂറും ..ഇവിടെത്തെ അമ്പലത്തിൽ ഉത്സവത്തിന് കമ്മിറ്റി മെമ്പർ അല്ലായിരുന്നോ കുറെ വർഷം ..അന്നും ഇതിനൊന്നും ആരും എതിര് പറഞ്ഞിട്ടില്ല .."
"ഇവിടെ വന്നപ്പോൾ കാണുകയാണ് ..പലതും ..ഒരുമിച്ചു ഒരു സ്ഥലത്തു സൊറ പറഞ്ഞിരുന്നവർ രണ്ടു ഭാഗത്തായി ...ഓണത്തിന് പൂവിടാൻ പാടില്ല ..ഓണത്തിന് ഭക്ഷണം കഴിക്കാൻ പാടില്ല ..നിങ്ങൾക്ക് എല്ലാം എന്താണ് പറ്റിയത് .."
"അബ്‌ദു ...പഴയപോലെ അല്ല കാര്യങ്ങൾ ..നിനക്ക് ഒന്നും അറിയാഞ്ഞിട്ടാണ് ..നമുക്ക് നമ്മുടെ ആളുകളുടെ താല്പര്യം നോക്കണ്ടേ ..മത കാര്യങ്ങൾ സംരക്ഷിക്കേണ്ട ..നമ്മൾ ശ്രദ്ധിച്ചില്ലെങ്കിൽ അവരെല്ലാം നമ്മളെ പാക്കിസ്ഥാനിലേക്കു കയറ്റി വിടും "
"പാക്കിസ്ഥാൻ ആണോ ..നമ്മടെ തറവാട് ..ഇതല്ലേ ..ഇവിടു എങ്ങോട്ടു പോവാൻ ..ഇങ്ങള് വെറുതെ കെടന്നു ആധി കേറ്റണ്ട ..ഇങ്ങള് വീട്ടിലേക്കു വന്നാൽ ഓണ സദ്യ ഉണ്ണാം പായസവും കുടിക്കാം .."
അബ്‌ദു ..മോളുടെ കയ്യും പിടിച്ചു മെല്ലെ നടന്നു ..
വീട്ടിൽ ചെന്ന് ..സദ്യ കഴിക്കാൻ തുങ്ങിയപ്പോഴാണ് ..നാലഞ്ചു പേര് അങ്ങോട്ട് കയറി വന്നത് ..
കാര്യം തിരക്കിയപ്പോൾ ..സ്പെഷ്യൽ ടിം ...അബ്‌ദുവിന് ഗൾഫിൽ ഐ സും ആയി ബന്ധമുണ്ടെന്ന് ആരോ വിളിച്ചു പറഞ്ഞു ..പോലും ..അന്വഷിക്കാൻ വന്നതാണ് ..ഉടനെ അവരുടെ ഓഫീസിൽ എത്തണം ..
വീട്ടിൽ നിന്ന് അവരുടെ കൂടെ ഇറങ്ങിയപ്പോൾ ...കൃഷ്ണേട്ടനും മുസ്ല്യാരും ഉണ്ട് റോഡിന്റെ രണ്ടു ഭാഗത്തായി നിൽക്കുന്നു ..പക്ഷെ അവരുടെ മുഖത്തെ പുഞ്ചിരി ...ഒരേ പോലെയായിരുന്നുവോ .

സ്നേഹപൂർവം Sanju Calicut

ഹേമന്തം കാത്തിരുന്ന പൂമരക്കൊമ്പുകള്‍


ഹേമന്തം കാത്തിരുന്ന പൂമരക്കൊമ്പുകള്‍
********************************************
പ്ലസ് ടൂവിലെ അവസാനത്തെ പരീക്ഷ കഴിഞ്ഞ് സെമിനാരിയിലേക്ക് ബസ്സില്‍ മടങ്ങുമ്പോള്‍ റോബിന്‍ ബസ്സില്‍,ഒരു സൈഡ് സീറ്റ് നോക്കിയാണ് ഇരുന്നത്.അവനൊപ്പം ഉള്ള ബാക്കി പതിനൊന്ന് വൈദിക വിദ്യാര്‍ഥികളും പരീക്ഷയെ കുറിച്ചുള്ള ചര്‍ച്ചയും,തമാശയും ഒക്കെയായി ബസ്സില്‍ സജീവമായപ്പോള്‍ അവന്‍ ,നിശബ്ദനായിരുന്നു.
ബസ് മുന്നോട്ട് നീങ്ങിയപ്പോള്‍ അവന്‍ ഷട്ടര്‍ ഉയര്‍ത്തി.വേനല്‍ മഴ കഴിഞ്ഞിരുന്നു.ഏതോ തോടിന്റെ കരക്ക്‌ നില്‍ക്കുന്ന കടമ്പു പൂത്തിരിക്കുന്നു.തോട്ടങ്ങളില്‍ ഓലപ്പുല്ല് വളര്‍ന്നു പച്ചപ്പ്‌ നാമ്പിട്ട് തുടങ്ങിയിരിക്കുന്നു.റബ്ബര്‍ തോട്ടങ്ങളില്‍ മേഞ്ഞു കൊണ്ടിരിക്കുന്ന പശുക്കളുടെ അരികില്‍ വെളുത്ത കൊക്കുകള്‍,കഴിഞ്ഞ ജന്മത്തെ ഓര്‍മ്മകള്‍ അയവിറക്കുന്നത് പോലെ ,ദൂരേക്ക് നോട്ടം ഉറപ്പിച്ചു അനങ്ങാതെ നില്‍ക്കുന്നു.
പത്താം ക്ലാസ് കഴിഞ്ഞാണ് റോബിന്‍ സെമിനാരിയില്‍ ചേര്‍ന്നത്‌. മാതാപിതാക്കൾ നേരത്തേ മരിച്ചതിനാൽ അവന്റെ അപ്പന്റെ അമ്മയാണ് അവനെ വളർത്തിയത്.അവന്റെ വലിയമ്മച്ചിക്ക് അവന്‍ വൈദികനാകണം എന്നത് വലിയ ആഗ്രഹമായിരുന്നു.അവന്‍ അതിനു എതിര് നിന്നില്ല.അവനു പ്രത്യേകിച്ച് ആഗ്രഹങ്ങള്‍ ഒന്നുമില്ലായിരുന്നു.വലിയമ്മച്ചി അവനെ നിര്‍ബന്ധിച്ച് ദൈവവിളി ക്യാമ്പില്‍ വിട്ടു.ക്യാമ്പ് കഴിഞ്ഞു തിരികെ വന്നപ്പോള്‍ വലിയമ്മച്ചി തീരെ കിടപ്പിലായി കഴിഞ്ഞിരുന്നു.പിറ്റേന്ന് മഴയും വെയിലും ഒരുമിച്ചു തെളിഞ്ഞ വൈകുന്നേരത്ത്,ഉണക്കയിലകള്‍ പൊഴിഞ്ഞു കിടക്കുന്ന റബ്ബര്‍ തോട്ടത്തിലെ ഇടവഴിയിലൂടെ വലിയമ്മച്ചിക്ക് അന്ത്യകുദാശ കൊടുക്കാന്‍ അവന്‍ വികാരിയച്ചനെ കൊണ്ട് വന്നു.റോബിന് സെമിനാരിയില്‍ പഠിക്കാന്‍ യോഗ്യത ലഭിച്ചതായി വികാരിയച്ചന്‍ അവന്റെ വലിയമ്മയോട് പറഞ്ഞു.
അച്ചന്‍ പോയപ്പോള്‍ വലിയമ്മച്ചി അവനെ അടുത്ത് വിളിച്ചു.അവന്‍ മുട്ട്കുത്തി ,ചുളിവു വീണ വലിയമ്മച്ചിയുടെ മുഖത്ത് ഉമ്മ വച്ചു. ജനാലയുടെ മരയഴികള്‍ വഴി കടന്നു വന്ന ,പോക്കുവെയിലിന്റെ ചിറകുകള്‍ വലിയമ്മച്ചിയുടെ സ്വര്‍ണ്ണ കുണുക്കുകളില്‍ പൊതിഞ്ഞു തിളങ്ങുന്നത് അവന്‍ കണ്ടു.വെളുത്ത ഭിത്തിയിലെ ചെറിയ ക്രൂശിത രൂപത്തില്‍ കിടന്നു ക്രിസ്തു വലിയമ്മച്ചിയെയും കൊച്ചു മകനെയും നോക്കി.പിയാത്ത ശില്പത്തിലെ മാതാവിന്റെ കണ്ണുകള്‍ എന്നത് പോലെ അമ്മച്ചിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
"നിനക്ക് എപ്പോഴേലും തീരെ പറ്റത്തില്ലാ എന്ന് തോന്നുകാണെങ്കില്‍ തിരിച്ചു പോരണം."
"എനിക്ക് തോന്നത്തില്ല അമ്മച്ചി."
"പതിനഞ്ചു കൊല്ലം എടുക്കും പട്ടം കിട്ടണേല്‍..."അമ്മച്ചി പറഞ്ഞു.
അതിനു പിറ്റേന്ന് വലിയമ്മച്ചി മരിച്ചു. തനിച്ചായ അവനെ അമ്മയുടെ വീട്ടുകാർ കൂട്ടിക്കൊണ്ട് പോയി.
മൈനര്‍ സെമിനാരിയില്‍ ആദ്യത്തെ രണ്ടു വര്‍ഷം പ്ലസ് ടൂ.അത് കഴിഞ്ഞാല്‍ ഏതെങ്കിലും മേജര്‍ സെമിനാരിയില്‍ തുടര്‍ പഠനം.ഒപ്പം തിയോളജിയില്‍ ഡിഗ്രി.റോബിന്‍ ഇപ്പോള്‍ ആദ്യ വര്‍ഷമാണ്‌.അവരുടെ ബാച്ചില്‍ പന്ത്രണ്ട് കുട്ടികള്‍ ഉണ്ട്.സെമിനാരിയില്‍ ,അധ്യാപകര്‍ വന്നു ക്ലാസുകള്‍ എടുക്കും.പക്ഷെ അവര്‍ക്ക് മാത്രമായി പരീക്ഷ സെന്റര്‍ ഇല്ല.അത് കൊണ്ട് സെമിനാരിയില്‍ നിന്ന് ഇരുപതു കിലോമീറ്റര്‍ അകലെയുള്ള മറ്റൊരു സ്കൂളില്‍ പോയി പരീക്ഷ എഴുതണം.
അവന്റെ ആദ്യത്തെ പരീക്ഷ തുടങ്ങിയ ദിവസമായിരുന്നു.
ക്ലാസില്‍ കയറി ഇരുന്നപ്പോഴാണ് മനസ്സിലായത്‌.അവന്റെ അടുത്തിരിക്കുന്നത് ഒരു പെണ്‍കുട്ടിയാണ്.കൗതുകം നിറഞ്ഞ മിഴികളോടെ ,കാവി ജൂബയും പാന്റും ധരിച്ച അച്ചന്‍കുട്ടിയെ അവള്‍ നോക്കി.റോബിന്‍ മുഖം കുനിച്ചു.
"എത്രയും ദയയുള്ള മാതാവേ "എന്ന ജപം മനസ്സില്‍ ചൊല്ലി അവന്‍ ചോദ്യക്കടലാസ് വാങ്ങി.ഉത്തരം എഴുതാന്‍ തുടങ്ങിയപ്പോഴാണ് മനസ്സിലായത് പേന തെളിയുന്നില്ല.
മടിയോടെ അടുത്തിരുന്ന കുട്ടിയുടെ മുഖത്തേക്ക് അവന്‍ നോക്കി.അവള്‍ ഉത്തരങ്ങള്‍ എഴുതി തുടങ്ങിരിക്കുന്നു.അവന്‍ നോക്കുന്നത് അവള്‍ അറിഞ്ഞു.ചോദ്യഭാവവുമായി അവള്‍ മുഖം ഉയര്‍ത്തി അവനെ നോക്കി.
"ഒരു പേന തരാമോ..."അവന്‍ ചോദിച്ചു.
അവള്‍ ഉടനെ തന്നെ ബോക്സ് തുറന്നു ഒരു പേന അവനു കൊടുത്തു.തുറന്നു വച്ച കാമല്‍ ബോക്സിനുള്ളില്‍ ,കന്യാമാതാവിന്റെ ഒരു ചെറിയ ചിത്രം ഒട്ടിച്ചിരിക്കുന്നു.
അവന്‍ ഉത്തരങ്ങള്‍ എഴുതി തുടങ്ങി.തലച്ചോറിന്റെ ഒരു ഭാഗം ഉത്തരക്കടലാസില്‍ ചെലവഴിച്ചപ്പോള്‍ ആത്മാവിന്റെ ഒരു ഭാഗം ആ പെണ്‍കുട്ടിയെ കുറിച്ചായിരുന്നു.തന്റെ ഹൃദയം തുടിക്കുന്നത് അവന്‍ ആദ്യമായി അറിഞ്ഞു.വിശുദ്ധമായ അവളുടെ കണ്ണുകളില്‍ തിളങ്ങുന്നത് എന്താണ്?
പരീക്ഷ കഴിഞ്ഞു അവന്‍ പേന തിരിച്ചു കൊടുത്തു.അവര്‍ പരിചയപ്പെട്ടു.അവളുടെ പേര് എമിലി എന്നായിരുന്നു.തലമുടി മാടിയൊതുക്കി അവള്‍ സ്കൂള്‍ വരാന്തയിലൂടെ കൂട്ടുകാരികള്‍ക്കൊപ്പം നടന്നു മറയുന്നത് അവന്‍ നോക്കി നിന്നു.
പിന്നെ രണ്ടു ദിവസം കഴിഞ്ഞായിരുന്നു അടുത്ത പരീക്ഷ.
കാരണമില്ലാതെ ഒരു വേദന അവന്റെ ഹൃദയത്തെ മഥിച്ചു.സെമിനാരിയില്‍ പുലര്‍ച്ചെ ഉണര്‍ന്നു ,പ്രാര്‍ഥനാ ഹാളിലേക്ക് നടക്കുമ്പോഴും ,ചാപ്പലില്‍ തനിയെ ഇരുന്നു പ്രാര്‍ത്ഥിക്കുമ്പോഴും ,മഞ്ഞു പോലെ മൃദുലമായ എന്തോ ഒന്ന് ഹൃദയത്തില്‍ നിക്ഷേപിക്കപ്പെട്ടതായി അവനു തോന്നി.
എമിലി.
ഒരുപാട് പ്രാവശ്യം പേന തരാനായി അവള്‍ മുഖം ഉയര്‍ത്തിയപ്പോള്‍ നോക്കിയ നോട്ടം അവന്റെ മനസ്സിലൂടെ കടന്നു പോയി.എന്തൊരു തിളക്കമാണ് അവളുടെ കണ്ണുകള്‍ക്ക്.ഓരോ തവണയും അവന്‍ ആ നോട്ടവും ചിന്തയും അവന്‍ മനസ്സില്‍ നിന്ന് മായിച്ചു കളയാന്‍ ശ്രമിച്ചു.താന്‍ പട്ടത്തിനു പടിക്കുന്നവനാണ്.യോഗ്യമല്ലാത്ത ചിന്തകള്‍ കാവല്‍ മാലാഖേ മനസ്സില്‍ നിന്ന് മായിച്ചു കളയുക.
അന്ന് രാത്രി റോബിന്‍ ഉറങ്ങാന്‍ കിടന്നു.ആരോ വിളിക്കുന്നത്‌ കേട്ട് അവന്‍ കണ്ണ് തുറന്നു.അവന്‍ ജനാല തുറന്നു.പുറത്തു നിലാവില്‍ മുങ്ങിക്കിടക്കുന്ന മരക്കൂട്ടങ്ങള്‍.ജനാലയുടെ അടുത്ത് ,പൂന്തോട്ടത്തില്‍ ,മുല്ലവള്ളികള്‍ പടര്‍ന്നു കയറിയ മരത്തിനു ചുവട്ടില്‍ ഒരു ബാലന്‍ നില്‍ക്കുന്നു.അവന്റെ അതേ പ്രായം.വെളുത്ത വസ്ത്രം.സുന്ദരമായ മുഖം.
അവന്‍ റോബിനെ കയ്യാട്ടി വിളിച്ചു.അവന്‍ വാതില്‍ തുറന്നു ബാലന്റെ അരികിലേക്ക് നടന്നു ചെന്നു.എല്ലായിടത്തും മുല്ലപ്പൂവിന്റെ സൗരഭ്യം പടര്‍ന്നിരിക്കുന്നു.
അവന്‍ റോബിന്റെ മുന്‍പിലേക്ക് പുഞ്ചിരിയോടെ കൈ നീട്ടി.അവന്റെ കയ്യില്‍ രണ്ടു പൂക്കള്‍ ഉണ്ടായിരുന്നു.പേരറിയാത്ത ആകര്‍ഷകമായ രണ്ടു പൂക്കള്‍.
"ഏതെങ്കിലും ഒന്നേ എടുക്കാന്‍ പറ്റൂ.." ബാലന്‍ പറഞ്ഞു.
അവന്‍ അത് തൊട്ട് നോക്കി.ഒന്നിന് ആകര്‍ഷകമായ ഗന്ധമാണ്.മറ്റേതിന് ആകര്‍ഷകമായ നിറവും രൂപവുമാണ്.
"ഉടനെ തീരുമാനിക്കണം.ഇനി അധികം സമയമില്ല."ബാലന്‍ പറഞ്ഞു.
"എതെടുക്കണം..?"
ആശയക്കുഴപ്പത്തില്‍ അവന്‍ ഞെട്ടി ഉണര്‍ന്നു.എല്ലായിടവും നിശബ്ദമാണ്.മനസ്സില്‍ നിന്ന് ആ സ്വപ്നം മായുന്നില്ല.എന്താണ് ആ രണ്ടു പൂക്കള്‍ ?ആരാണ് ആ ബാലന്‍?
സ്വപ്നങ്ങളില്‍ തന്റെ ആത്മാവ് അഭിരമിക്കാതിരിക്കട്ടെ.സമയത്തിന്റെ നീലക്കടല്‍ പോലെ പതിനഞ്ചു വര്‍ഷങ്ങള്‍ ഇനിയും തന്റെ മുന്നില്‍ നീണ്ടു കിടക്കുകയാണ്.
അടുത്ത പരീക്ഷക്ക് പോയപ്പോള്‍ അവന്‍ പേനകള്‍ തെളിയുമെന്ന് ഉറപ്പ് വരുത്തിയിരുന്നു.എമിലിയുടെ മുഖത്ത് നോക്കാതിരിക്കാന്‍ അവന്‍ ശ്രമിച്ചു.പരീക്ഷ കഴിഞ്ഞ്,അവന്‍ വേഗം പുറത്തിറങ്ങി.അപ്പോള്‍ പുറകില്‍ നിന്ന് ഒരു വിളി കേട്ടു.
"റോബിന്‍.."
അവന്‍ തിരിഞ്ഞു നോക്കി.
എമിലി.
അവള്‍ വേഗത്തില്‍ അവന്റെ അരികിലേക്ക് നടന്നു വന്നു.അവളുടെ സില്‍ക്ക് പോലെ മൃദുലമായ മുടിയിഴകള്‍ കാറ്റില്‍ പറന്നു.നാസികത്തുമ്പില്‍ വിയര്‍പ്പ് തുള്ളികള്‍ സ്വര്‍ണ്ണ നിറത്തില്‍ തിളങ്ങി. നിലാവ് കൊണ്ട് എഴുതപ്പെട്ട കവിത പോലെ അവൾ സുന്ദരിയായിരിക്കുന്നു.
"കാരികുന്നത്താ റോബിന്റെ അമ്മവീട് അല്ലെ.ഞങ്ങള്‍ ഇപ്പോള്‍ താമസിക്കുന്നത് റോബിന്റെ അമ്മവീടിന്റെ അടുത്താ.കഴിഞ്ഞ ദിവസം റോബിന്റെ ആന്റിയെ കണ്ടിരുന്നു."
അവര്‍ അല്‍പ്പ നേരം കൂടി സംസാരിച്ചു.അവന്റെ മുഖത്ത് കൂടി വിയര്‍പ്പ് ചാലിട്ടൊഴുകി.കൈകള്‍ കീശയിലെക്ക് താഴ്ത്തി ,ജപമാലയില്‍ അവന്‍ തെരുപ്പിടിച്ചു.അവന്റെ നെഞ്ചു വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു.
പതുപതുത്ത മേഘങ്ങള്‍ക്കിടയിലൂടെ നടക്കുന്നത് പോലെ.അനന്തമായ ഒരു പുല്‍മേട്ടില്‍ ഒറ്റക്ക് നില്‍ക്കുന്നത് പോലെ.
അല്പം കഴിഞ്ഞു അവള്‍ യാത്ര പറഞ്ഞു പിരിഞ്ഞു.അന്ന് തിരികെ സെമിനാരിയിലേക്ക് പോകുമ്പോള്‍ മരിക്കുന്നതിനു മുന്‍പ് അവന്റെ മനസ്സില്‍ വലിയമ്മച്ചിയുടെ തിളങ്ങുന്ന കുണുക്കുകള്‍ ആയിരുന്നു.
"പതിനഞ്ചു വര്‍ഷമാ പട്ടം."തൊട്ട് അടുത്തിരുന്നു വലിയമ്മച്ചി പറയുന്നത് പോലെ.
ഇനിയും മൂന്നു പരീക്ഷകള്‍ കൂടിയുണ്ട്.ഇനി ആ ചിന്ത തന്റെ മനസ്സിലൂടെ കടന്നു പോകില്ല എന്ന് അവന്‍ നിശ്ചയിച്ചു ഉറപ്പിച്ചു.
സെമിനാരിയില്‍ പുലര്‍ച്ചെ ആറു മണിക്ക് ഉണരണം.ആറരക്ക് പ്രഭാത പ്രാര്‍ത്ഥന.പിന്നെ അല്പം കഴിയുമ്പോള്‍ നിശബ്ദ ധ്യാനം.എഴേകാലിനു ദിവ്യ ബലി,പിന്നെ പ്രാതല്‍ .ഒന്‍പതു മണി മുതല്‍ പഠനവും ക്ലാസും തുടങ്ങുകയാണ്.അവന്‍ പതിവിലും ശക്തമായി ഓരോ പ്രവര്‍ത്തിയിലും മനസ്സുറപ്പിച്ചു.
ഒരു മഷിത്തണ്ട് കൊണ്ട് എന്നത് പോലെ മനസ്സിലെ സ്ലേറ്റില്‍ നിന്ന് അവന്‍ എമിലി എന്ന പേര് മായിക്കാന്‍ ശ്രമിക്കുകയാണ്.
ഉച്ച തിരിഞ്ഞു പള്ളിയുടെ കരിങ്കല്‍ ഭിത്തിയില്‍ ചാരി ഇരുന്നു അവന്‍ പഠിക്കാന്‍ പുസ്തകം തുറന്നു.അറിയാതെ അവന്റെ കണ്ണുകള്‍ ആകാശത്തേക്ക് ഉയര്‍ന്നു.പഞ്ഞിത്തുവാലകള്‍ പോലെ പറക്കുന്ന മേഘങ്ങൾക്കിടയില്‍ തെളിയുന്ന നീലച്ച ആകാശം.
അവളുടെ ചുരിദാറിന്റെ നിറം.കടും നീല..എത്ര മറക്കാന്‍ ശ്രമിച്ചുവോ അത്ര ശക്തിയില്‍ അവളുടെ മുഖം മനസ്സില്‍ തെളിയുന്നു.
ചുറ്റും മുല്ലപ്പൂക്കളുടെ സൗരഭ്യം.
അവന്റെ അരികില്‍ പള്ളിനടയില്‍ ആ ബാലന്‍ ഇരിക്കുന്നു.കളിയായി ചിരിച്ചു കൊണ്ട് ആ ബാലന്‍ ചോദിക്കുന്നു.
"ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കണം..ഉടനെ വേണം..."
അവന്‍ ഞെട്ടി കണ്ണ് തുറന്നു.ചുറ്റും ആരുമില്ല.പരീക്ഷണങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ അവന്‍ മനസ്സില്‍ സുകൃത ജപങ്ങള്‍ ആവര്‍ത്തിച്ചു.പക്ഷെ...
അടുത്ത പരീക്ഷക്ക്‌ അവള്‍ വന്നില്ല.
തന്റെ മനസ്സില്‍ സങ്കടമാണോ അതോ ആശ്വാസമാണോ..അവനു മനസ്സിലായില്ല.
അവളെ കാണാതിരിക്കുമ്പോള്‍ മനസ്സില്‍ അവളെ കുറിച്ചുള്ള ഓര്‍മ്മകള്‍ ശക്തമാവുകയാണ്.എന്തായിരിക്കും അവള്‍ വരാത്തത്...?ആരോടെങ്കിലും അന്വേഷിച്ചാല്‍...വേണ്ട...താന്‍ ഒരു സെമിനാരി വിദ്യാര്‍ഥിയാണ്.
പിന്നെയുള്ള പരീക്ഷകൾക്കും എമിലി എത്തിയില്ല.
ഒടുവില്‍ അവസാന പരീക്ഷയും ഇന്ന് കഴിഞ്ഞു.അവള്‍ വന്നില്ല.
ബസ്സില്‍ നിന്നിറങ്ങി അവര്‍ സെമിനാരിയിലെക്ക് നടന്നു.വൈകുന്നേരം സെമിനാരിയുടെ ഡയറക്ടർ അച്ചന്റെ മീറ്റിംഗ് ഉണ്ടായിരുന്നു.
"നിങ്ങളുടെ പ്ലസ് ടൂ പരീക്ഷ ഇന്ന് അവസാനിച്ചു.നാളെ മുതല്‍ നിങ്ങള്‍ക്ക് ഒരാഴ്ച അവധിയാണ്.അതിനു ശേഷം ഒരു ഇന്റര്‍വ്യൂ കൂടി ഉണ്ടാകും.നിങ്ങളില്‍ ആര്‍ക്കെങ്കിലും ഈ സപര്യ തുടരാന്‍ കഴിയില്ല എന്ന് തോന്നുന്നുവെങ്കില്‍ ,ആ കാര്യം ഇന്റര്‍വ്യൂവില്‍ പറയാം.നിങ്ങളുടെ പ്ലസ് ടൂ സര്‍ട്ടിഫിക്കറ്റ് ലഭിക്കും.പൂര്‍ണ്ണ മനസ്സോടെ വേണം വൈദിക പഠനം തുടരാന്‍.സ്വതന്ത്രമായ മനസ്സോടു കൂടി തീരുമാനം എടുക്കുക."
അവന്‍ പിറ്റേന്ന് തന്നെ അമ്മവീട്ടിലേക്ക് യാത്ര തിരിച്ചു. മനസ്സില്‍ ഒരു നിശബ്ദത ഉറഞ്ഞു കൂടിയിരിക്കുന്നു.
എമിലിക്ക് എന്ത് സംഭവിച്ചു എന്ന് അന്വേഷിച്ചാലോ ?അവന്‍ ആ ആഗ്രഹം അടക്കി വച്ചു.കഴിയുന്നില്ല.ഒടുവില്‍ അവധി തീരുന്നതിന്റെ തലേന്ന് രാവിലെ അവിടുത്തെ ഇടവക പള്ളിയില്‍ പോയി കുര്‍ബാനയില്‍ കൂടിയതിനു ശേഷം ഒരു കൂട്ടുകാരനെ കാണാന്‍ ഉണ്ടെന്നു പറഞു അവന്‍ എമിലിയുടെ വീട് തിരഞ്ഞിറങ്ങി.ഒടുവില്‍ പണിപ്പെട്ട് അവളുടെ വീട് കണ്ടു പിടിച്ചു.വീടിന്റെ വാതില്‍ക്കല്‍ എത്തിയപ്പോള്‍ അവന്‍ ഒരു നിമിഷം നിന്നു.താന്‍ എന്തിനാണ് അവളെ അന്വേഷിക്കുന്നത്..ഉള്ളില്‍ ആ ബാലന്റെ സ്വപ്നത്തിലെ സ്വരം...മുല്ലപ്പൂവിന്റെ ഗന്ധം..?തിരിച്ചു പോയാലോ...?
തിരിച്ചു നടക്കാന്‍ ഒരുങ്ങവേ അടുത്ത വീട്ടില്‍ നിന്ന് വൃദ്ധ ഇറങ്ങി വന്നു.
"ആ വീട്ടില്‍ ആരുമില്ല.എല്ലാവരും ആശുപത്രിയിലാ..എമിലിക്ക് അസുഖം കൂടി.."
അവന്‍ പിറ്റേന്നു ആശുപത്രിയില്‍ എത്തി.തലച്ചോറില്‍ രക്തം കട്ട പിടിക്കുന്ന അസുഖമാണ് അവള്‍ക്ക്.ചികിത്സകള്‍ നടക്കുന്നുണ്ടായിരുന്നു.പക്ഷെ ഇപ്പോള്‍ വഷളായി..
അവന്‍ ആശുപത്രി കിടക്കയില്‍ അവളുടെ അരികില്‍ നിന്നു.അനേകം ട്യൂബുകളുടെ ഇടയില്‍,നീല ആശുപത്രി ഉടുപ്പ് ധരിച്ച് ഒരു പ്രാവിനെ പോലെ അവള്‍ മയങ്ങി കിടന്നു.
"അവള്‍ക്ക് പരീക്ഷ എഴുതാന്‍ വലിയ ആഗ്രഹമായിരുന്നു.പക്ഷെ..." അവളുടെ അമ്മയുടെ വിതുമ്പല്‍.
നാളെയാണ് സര്‍ജറി.രക്ഷപെടാന്‍ സാധ്യത വളരെ കുറവാണ്.എങ്കിലും മറ്റൊരു വഴിയുമില്ല.
അവന്‍ പിറ്റേന്ന് സെമിനാരിയില്‍ എത്തി.ഇന്ന് മേജര്‍ സെമിനാരിയില്‍ പ്രവേശനം നേടുന്നതിനു മുന്‍പ് ഉള്ള അഭിമുഖമാണ് അല്പം കഴിഞ്ഞാല്‍.തന്റെ അഭിമുഖം നടക്കുമ്പോള്‍ എമിലിയുടെ സര്‍ജറി നടക്കുകയായിരിക്കും.അവന്റെ മനസ്സ് കലങ്ങി മറിഞ്ഞു.
പള്ളിയുടെ കരിങ്കല്‍ഭിത്തിയുടെ തണുപ്പ് പറ്റി അവന്‍ ആകാശത്തേക്ക് നോക്കിയിരുന്നു.അവളുടെ കടുംനീല നിറം മങ്ങിയോ..?പട്ടുതുവാലകള്‍ പോലെയുള്ള വെള്ളി മേഘങ്ങള്‍ എവിടെ ?ദൂരെ നിന്ന് വരുന്നത് മഴ മേഘങ്ങള്‍ അല്ലെ..?"
"എന്ത് തീരുമാനിച്ചു?" അവന്‍ ശബ്ദം കേട്ട് തിരിഞ്ഞു നോക്കി.പള്ളിയുടെ പടിക്കെട്ടുകളില്‍ ഇരുന്നു ഒരു വെള്ളപ്രാവിനെ ഓമനിച്ചു കൊണ്ട് തൂവെള്ള വസ്ത്രം ധരിച്ച ആ ബാലന്‍ അവനെ നോക്കി പുഞ്ചിരിച്ചു.
"എമിലി ജീവിക്കുമോ ?"അവന്‍ ആ ബാലനോട് ചോദിച്ചു.
മഴയുടെ ആദ്യ തുള്ളി വീണു.
"നീ തീരുമാനിക്കുന്നത്‌ പോലെ.നിനക്ക് മാത്രമേ ഇനി അവളെ രക്ഷിക്കാന്‍ കഴിയു.ത്യാഗത്തിന്റെ കടലിലേക്ക് നീ നടന്നാല്‍ അവള്‍ ജീവിതത്തിന്റെ തീരത്തിലേക്ക് തിരിച്ചു വരും."
റോബിന്റെ മുഖത്ത് ഒരു നിശ്ചയം രൂപപ്പെടുന്നത് ആ ബാലന്‍ കണ്ടു.മഴ തുടങ്ങിയിരുന്നു.അവന്‍ മഴയിലൂടെ ജീവിതം നിർണ്ണയിക്കുന്ന അഭിമുഖത്തിനു വേണ്ടി നടന്നു.
മഴ.
ഒരു മഴ ഒരിക്കല്‍ മാത്രമേ നനയാന്‍ കഴിയൂ.
ആ മഴയിലേക്ക് .അവന്‍ നടന്നു മറയുന്നത് നോക്കി ബാലന്‍ കയ്യില്‍ ഇരുന്ന വെളുത്ത പ്രാവിനെ ആകാശത്തേക്ക് പറത്തി വിട്ടു.
ആരുടെയോ സ്വപ്നത്തിലെ നീലാകാശത്തിലേക്ക്,പട്ടു തുവാലകള്‍ പോലെയുള്ള മേഘങ്ങളിലേക്ക് അത് പറന്നു പോയി.
(അവസാനിച്ചു)

By
Anish Francis

ചില വീട്ട് വിശേഷങ്ങള്‍.


മൊബൈല്‍ ഫോണും കയ്യില്‍ പിടിച്ച് അലമാരയിലും മേശ വലിപ്പിലും എന്തൊ തിരയുന്നതിനിടയില്‍ രമാ ദേവി വിളിച്ചു ചോദിച്ചു,
"രാധേട്ടാ... ഞാനിവിടെ വച്ചിരുന്ന മീറ്റര്‍ കണ്ടോ"?
ഉമ്മറത്തെ പടിക്കെട്ടില്‍ പത്രം വായിച്ചു കൊണ്ടിരുന്ന രാധാകൃഷ്ണനെന്ന രാധേട്ടന്‍, പത്രത്തില്‍ നിന്നും കണ്ണെടുക്കാതെ ഉച്ചത്തില്‍ മറുപടി പറഞ്ഞു
"നീയെന്തിനാ രാവിലെ മീറ്റര്‍ തപ്പുന്നെ? അത് ചുവരിലില്ലയൊ? വെറുതെ അതിലൊന്നും പോയി പിടിക്കണ്ട ഇന്നലത്തെ മഴയില്‍ ചുവരൊക്കെ നനഞ്ഞ് കിടക്കാണു, ഷോക്കടിക്കും". പിന്നെ ആത്മഗതമെന്നോണം 'വെറുതെ മോഹിപ്പിക്കയാണു, രാവിലെ '.
"ഓഹ്, അതല്ല രാധേട്ട! മീറ്റര്‍ , മീറ്റര്‍" രമ അകത്ത് നിന്നും വിളിച്ചു പറഞ്ഞു.
"മെഷര്‍‌മെന്റ് ടേപ്പ് അച്ഛ! അതാണു അമ്മ തിരക്കുന്നത്?" വനിത വായിച്ച് കൊണ്ടിരുന്ന മോളാണു മറുപടി നല്കി യത്.
"അങ്ങനെ പറ! മീറ്റര്‍ മീറ്റര്‍ എന്നു പറഞ്ഞാല്‍..." രാധേട്ടന്‍ മറുപടി പറഞ്ഞു.
"ഹ ..ഹ.. അച്ഛനറിയില്ലെ, അമ്മയ്ക്ക് എല്ലാ ടൂത്ത് പേസ്റ്റും കോള്‍‌ഗേറ്റാണു, എല്ലാ വാഷിങ്ങ് പൗഡറും സര്‍ഫാണു, അളക്കുന്നതെന്തും മീറ്ററാണു".
"ഓഹ്.. എന്നെ തിരുത്താന്‍ എന്തൊരു ഉത്സാഹം, ഇത് നിന്റെ പരീക്ഷ പേപ്പറില്‍ കാണിച്ചിരുന്നെങ്കില്‍ ഇയര്‍ ഔട്ട് ആയി വനിതയും വായിച്ച് വീട്ടിലിരിക്കണ്ടായിരുന്നു".
"നിനക്കെന്തിനാ ഇപ്പോള്‍ മെഷര്‍‌മെന്റ് ടേപ്പ്"? അകത്തേക്ക് കയറീ വന്ന രാധേട്ടന്‍ തിരക്കി
"അത്, ഇന്നലെ രാത്രി സണ്ണി കാവുവിള ഒരു പോസ്റ്റ് ഇട്ടു, അതിന്റെ നീളമൊന്നു അളക്കാനാ”
"നീ എന്തിനാ രാവിലെ പോസ്റ്റിന്റെ നീളമളക്കുന്നെ, സാധാ പോസ്റ്റ് ആറു മീറ്റര്‍, 11KV കൂടി ഉണ്ടെങ്കില്‍ ഒന്പത് മീറ്റര്‍"
"ഈ ബുദ്ധി തക്കസമയത്ത് പ്രവര്‍ത്തിച്ചിരുന്നു എങ്കില്‍ സസ്പെഷനും മേടിച്ച് കട്ടന്‍ ചായയും കുടിച്ച് പത്രോം വായിച്ച് വീട്ടിലിരിക്കേണ്ടി വരില്ലായിരുന്നു. ഇലക്ട്രിക് പോസ്റ്റ് അല്ല മനുഷ്യ, എഫ് ബി യിലെ പോസ്റ്റിന്റെ കാര്യമാണു".
"എഫ് ബി യിലെ പോസ്റ്റിന്റെ നീളമളക്കാനോ? അതെങ്ങനെ?"
"അതൊക്കെയുണ്ട്, ഞങ്ങള്‍ എഫ് ബി ജിവികള്‍ക്കറിയാം"
"എന്നാത്തിനാ രമെ നീ പോസ്റ്റ് അളന്ന് വായിക്കുന്നെ"?
"ഹും... അവന്റെ കഴിഞ്ഞ പോസ്റ്റ് വായിച്ച കഥയൊന്നും പറയണ്ട, അന്നാണു ഞാന്‍ ഒരു ഉച്ചക്ക് ഒരോട്ടയില്‍ ഇവിടെ വന്നിറങ്ങിയത്"
"അന്നു നീ പറഞ്ഞത്, നിന്റെ അമ്മയ്ക്ക് പെട്ടെന്ന് വയ്യാതായി, നീ നിന്റെ വീട്ടില്‍ പോയിട്ട് വന്നു എന്നല്ലെ?"
"അത് പിന്നെ, അന്ന് അങ്ങനെ പറഞ്ഞന്നെയുള്ളു..സത്യം അതല്ല. അന്നും നിങ്ങള്ക്ക് ചായയും തന്നു മുറ്റത്ത് ഉലാത്തി കൊണ്ട് സണ്ണി കാവുവിളയുടെ പോസ്റ്റ് വായിച്ച് തുടങ്ങിയതാണു. വായനയില്‍ മുഴുകി ഗേറ്റും കടന്ന് കല്ലമ്പലം ജംഗ്ഷനിലെത്തി, അവിടെന്ന് പിന്നേയും പോയി... പോസ്റ്റ് വായിച്ചു തീര്‍ന്നപ്പോള്‍ ഞാന്‍ ആറ്റിങ്ങല്‍ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്ഡി്നു മുന്നില്‍ നില്ക്കുന്നു."
"എന്നിട്ട്" രാധേട്ടന്‍ അവിശ്വസനീയതയോടെ ചോദിച്ചു.
'എന്നിട്ടെന്താ ഒരോട്ടോ പിടിച്ച് ഞാനിങ്ങ് പോന്നു"
"നീന്നെയൊക്കെ തല്ലി കൊല്ലേണ്ട കാലം കഴിഞ്ഞു. വേറേ ഒരു ജോലിയുമില്ലെ നിനക്കൊന്നും? എപ്പോഴും ഫെയ്സ് ബുക്കെന്നും പറഞ്ഞ് മൊബൈലില്‍ കുത്തി കൊണ്ടിരിക്കാതെ"
"നിങ്ങള്‍ ഇരുപത്തി നാലു മണിക്കൂറും പത്രവും വായിച്ച് ന്യൂസ് ചാനലും നോക്കി ഇരിക്കുന്നതൊ? അതിനു കുഴപ്പമില്ലെ"
"അത് പോലാണൊ ഫെയ്സ് ബുക്ക്? പത്രത്തിലും ടി വി യിലുമൊക്കെ ലോക വിവരങ്ങളറിയാം, ഓഹ് നിനക്കെന്ത് ലോക വിവരം"
"രാധേട്ടാ, കളിയാക്കണ്ട. ഞങ്ങള്‍ ഫെയ്സ് ബുക്ക് ജീവികളാണു ലോകത്തിലെ എല്ലാ വാര്‍ത്തകളും ആദ്യം അറീയുന്നതും പ്രതികരിക്കുന്നതും. നിങ്ങള്‍ക്ക് വായിക്കാനും കേള്‍ക്കാനുമല്ലെ കഴിയൂ? ഞങ്ങള്‍ക്ക് പ്രതികരിക്കനും പ്രതിഷേധിക്കാനും കഴിയും. സൗമ്യക്കും, ജിഷക്കും എങ്ങനാ നീതി കിട്ടിയതെന്നറിയോ"
"എങ്ങനാ? ഇവിടെ പോലീസും നിയമവും നീതിയുമുള്ളത് കൊണ്ട്"
"ഒലക്കേടെ മൂട്, എന്റെ രാധേട്ടാ! ഞങ്ങള്‍ ഫെയ്സ് ബുക്കില്‍ ഹാഷ് ടാഗിട്ട് പ്രതിഷേധിച്ചത് കൊണ്ടാണു, അല്ലെങ്കില്‍ കാണാമായിരുന്നു.. അധികാര വര്‍ഗ്ഗത്തെ ചൊല്പടിയില്‍ നിര്ത്താന്‍, എന്തു അക്രമങ്ങള്‍ക്കും അഴിമതിക്കുമെതിരെ ഞങ്ങള്‍ ഹാഷ് ടാഗിട്ട് പ്രതിഷേധിക്കും പ്രതികരിക്കും"
"ഹ ഹ.. എന്റെ രമേ... സ്വയം വിഡ്ഡിയാകല്ലെ. നിങ്ങളുടെ ഈ പ്രതിഷേധം ആരെങ്കിലും കാര്യമാക്കാറുണ്ടോ?"
"രാധേട്ടനു ലോക വിവരമില്ലെന്ന് പറ! ലോകത്ത് ഏതെങ്കിലുമൊരു സ്ത്രീ പീഡിപ്പിച്ചാല്‍ സകല ആണുങ്ങളെയും ഞങ്ങള്‍ പീഡനക്കാരായി ചിത്രീകരിച്ച് പോസ്റ്റിടും. മാനസിക വൈകല്യമുള്ള ഏതെങ്കിലുമൊരച്ഛന്‍, സ്വന്തം മകളുടെ ദേഹത്തൊന്നു നോക്കിയാല്‍ മതി, പിന്നെ ലോകത്തുള്ള ഒറ്റ തന്തമാരെയും ഞങ്ങള്‍ വെറുതെ വിടില്ല. അതിനി സ്വന്തം അപ്പനായാല്‍ പോലും"
"നിനക്കൊക്കെ മുഴു ഭ്രാന്താണു"
"രാധേട്ടനു അങ്ങനൊക്കെ തോന്നും, കഴിഞ്ഞയാഴ്ച ഞാനിട്ട ഒരു പോസ്റ്റിനു എഴുന്നൂറ് കമന്റും 1.5K ലൈക്സും കിട്ടി"
"ഒന്നര കിലൊ ലൈക്സോ? അത് നീ തൂക്കി നോക്കിയൊ"?
"ഹോ എന്റെ രാധേട്ടാ, ആയിരത്തി അഞ്ഞൂറ് ലൈക്സ്"
"എന്തായിരുന്നു നീ എഴുതിയ വിഷയം?"
"അത് നമ്മുടെ കൊച്ചു മോളു രണ്ട് ദിവസം ഇവിടെ വന്നു നിന്നിപ്പോള്‍, ഒരു ദിവസം നിങ്ങള്‍ ആവളെ കുളിപ്പിച്ചപ്പോള്‍, അവള്‍ ഇക്കിളികൊണ്ട് ചിരിച്ചില്ലെ? നിങ്ങള്‍ വീണ്ടും വീണ്ടും അവളെ ഇക്കിളി പെടുത്താന്‍ അവളുടെ ദേഹത്ത് വെള്ളം കോരി ഒഴിക്കുകയും സോപ്പിടുകയും ഒക്കെ ചെയ്തു? അത് ഞാന്‍ പോസ്റ്റാക്കി, ആണുങ്ങള്‍ക്ക് സ്ത്രീ ശരീരമെന്നും ഒരു വിനോധോപാധി മാത്രമാണെന്ന്".
"എടി.. അവള്‍ നമ്മൂടെ മോളൂടെ മോളല്ലെ.. അവള്‍ക്ക് നാലു വയസ്സല്ലെയുള്ളു... ഞാനവളുടെ അപ്പുപ്പനല്ലെ? അവളെ കൊഞ്ചിച്ചും കളിപ്പിച്ചും കുളിപ്പിച്ചത് നീ എങ്ങനാ നോക്കി കണ്ടത്"
"അത് ഞാന്‍ നിഷേധിക്കുന്നില്ല രാധേട്ട! പക്ഷെ എന്നിലെ എഴുത്ത് കാരിക്ക്, ഫെയ്സ് ബുക്കിലെ ഉത്തരവാദിത്വപ്പെട്ട പ്രതിഷേധക എന്ന നിലയില്‍ നിങ്ങളേ ഒരു പുരുഷനാനും കുഞ്ഞിനെ ഒരു സ്ത്രീയായും മാത്രമെ കാണാന്‍ കഴിയുള്ളു. അവിടെ പ്രായമൊ ബന്ധമൊ വിഷയമല്ല.
"നിന്നെയൊക്കെ ചങ്ങലക്കിട്ടാല്‍ ആ ചങ്ങലക്ക് ഭ്രാന്ത് പിടിക്കും" രാധേട്ടന്‍ തലക്ക് കൈ കൊടുത്ത് അടുത്ത് കണ്ട കസേരയിലിരുന്നു, പിന്നെ പറഞ്ഞു "നീയൊരു ചായ കൂടി എടുക്ക്"
രമ ചായയുടെ ഓര്‍ഡര്‍ മകള്‍ക്ക് കൈമാറീയിട്ട് രധേട്ടന്റെ അടുത്തുള്ള കസേരയില്‍ ഇരുന്നു കൊണ്ട് തുടര്‍ന്നു ,
"രാധേട്ടനറീയൊ? പി. പി. അനഘയുടെ ലാസ്റ്റ് പോസ്റ്റിനു പത്ത് ലക്ഷത്തിനുമേല്‍ ലൈക്സ് കിട്ടി, അസൂയ തോന്നുന്നു അത് കണ്ടിട്ട്."
"എന്തായിരുന്നു വിഷയം, ആണുങ്ങളെ തെറി വിളീച്ചു കൊണ്ടായിരുന്നോ?"
"മൊത്തത്തില്‍ അങ്ങനെ പറയാന്‍ പറ്റില്ല, എന്നാലും അനു ജി പറയുന്നത്, സ്ത്രീ പുരുഷ ബന്ധം പ്രത്യുല്പാദനത്തിനു വേണ്ടിയുള്ളതാണു, സെക്സ് ഒരു പ്ലഷര്‍ ആയി കാണുമ്പോള്‍ സ്ത്രീ ശരീരത്തെ നിങ്ങള്‍ ആണുങ്ങള്‍ ഒരു ഉപഭോഗ വസ്തുവായി കാണുകയാണു".
രാധേട്ടാനു മിണ്ടാട്ടം മുട്ടി. ഏതോ ചിന്തയിലോട്ട് വീണു. പെട്ടെന്ന് രമ രാധേട്ടനെ ചിന്തയില്‍ നിന്നും വിളിച്ചുണര്‍ത്തി പറഞ്ഞു,
"രാധേട്ടന്‍ ചിന്തിക്കുന്നത് എനിക്ക് മനസ്സിലായി, പേര്‍‌സണലായിട്ട് ഞാനതിനെ സപ്പോര്‍ട്ട് ചെയ്യുന്നില്ല, എന്നാലും അനു ജിയുടെ പോസ്റ്റാകുമ്പൊള്‍ പിന്നെ ഒരു എഫ് ബി ആക്റ്റിവിസ്റ്റ് എന്ന നിലക്ക് ഒഴിഞ്ഞ് മാറാനാകില്ലല്ലൊ........."
"നീയൊക്കെ തോന്നിവാസം എഴുതി വിടുമ്പൊള്‍ അതിനെതിരെ പ്രതികരിക്കാനും നിനക്കൊക്കെ മറുപടി തരാനും അവിടെ ആണുങ്ങളാരും ഇല്ലെ?"
"ഇല്ലാതില്ല, നട്ടെല്ലുള്ള വളരെ കുറച്ച് പേരുണ്ട്, അവര്‍ വന്ന് ഞങ്ങളെപോലെയുള്ളവരെ പറയുന്നത്, ഇതൊന്നും ഞങ്ങളുടെ കുറ്റമല്ല, ഞങ്ങളൂടെ മൂന്ന് തലമുറയെങ്കിലും ചെയ്ത നികൃഷ്ടതയുടെ പരിണിത ഫലമാണു ഞങ്ങള്‍ എന്ന് പോലീസ് ഭാഷയില്‍ വ്യാഖ്യാനിക്കും."
"നിങ്ങളപ്പൊള്‍ ഇവരെയും തന്തക്ക് വിളിക്കുമായിരിക്കും അല്ലെ"
"ഇല്ല, ഞങ്ങള്‍ ഒന്നും പറയില്ല, ഞങ്ങളത്തരക്കാരെ ബ്ലോക്കും. ഞങ്ങളെ സഹായിക്കാന്‍ കുറെ നപുംസകങ്ങളുണ്ട്. അവന്മാര്‍ തമ്മില്‍ കൈകൊടുക്കും. അവരാണു നമ്മുടെ ശക്തിയും സപ്പോര്ട്ടും . ഒറ്റ പ്രശ്നമേയുള്ളു.. ഇവന്മാര്‍ പിന്നെ രാത്രിയില്‍ മെസേജ് ബോക്സില്‍ വന്ന് വിവരമന്വേഷിക്കും."
"നിനക്കും മെസേജ് ബോക്സില്‍ സപ്പോര്ട്ട് ഉണ്ടോ?"
"ഓഹ് പിന്നെ, ഒന്ന് പോ രാധേട്ടാ! ഇനിയിപ്പൊ ഈ വയസ്സാം കാലത്ത്, ഞാന്‍ കമന്റ് ബോക്സില്‍ മാത്രമെയുള്ളു".
"എഴുതുന്നവരുടേതൊക്കെ വായിച്ച് കമന്റിടാനുള്ള സമയവും ക്ഷമയും ഉണ്ടോ നിനക്ക്?"
"എന്റെ രാധേട്ടാ!!!! ഫെയ്സ് ബുക്കില്‍ വായനക്കാരെക്കാള്‍ കൂടുതല്‍ എഴുത്ത്കാരാണു, ഇവരുടേതെല്ലാം വായിക്കാനൊന്നും പറ്റുകേല, ഇന്നത്തെ കാലത്ത്, കൊള്ളാം, മനോഹരം, നന്നായി എഴുതി, വെല്‍ റിട്ടണ്‍ എന്നൊക്കെ പറഞ്ഞാല്‍ ആളുകള്‍ക്കറിയാം ഉടായിപ്പ് കമന്റാണെന്ന്. വായിച്ച് എന്നു തോന്നിപ്പിക്കുന്ന കമന്റ് എഴുതണം"
"വായിക്കാതെ അങ്ങനെ എഴുതാന്‍ കഴിയുമോ"?
"കഴിയും, അതിനു ചില ടെക്നിക് ഉണ്ട്. ഒരു പോസ്റ്റിലും ആദ്യം കയറി കമന്റിടരുത്. ഒരു പത്ത് പതിനഞ്ച കമന്റ് വന്ന ശേഷം ആ കമന്റുകള്‍ വായിക്കണം. അതിലൊരു അഞ്ചു കമന്റ് എഴുതിയ ആളിന്റെ ചങ്ക്കളായിരിക്കും, അതില്‍ നിന്നും വിഷയം മനസ്സിലാകും. പിന്നെ അത് വച്ച് ഒരു രണ്ട് വരി കാച്ചണം, പിന്നെ തമാശ എഴുതുന്നവരുണ്ട്, കദന കഥ എഴുതുന്നവരുണ്ട്, അനുഭമെഴുതുന്നവരുണ്ട്, ഇവരെയൊക്കെ തിരിച്ചറിഞ്ഞ് അതിനനുസരിച്ച് കമന്റ് കൊടുക്കണം, ആദ്യത്തെ ബുദ്ധിമുട്ടെയുള്ളു പിന്നെ ശരിയായി കൊള്ളൂം."
രാധേട്ടന്‍ ഭാര്യയെ ബഹുമാനപൂര്‍‌വ്വം നോക്കിയിരുന്നു. എന്തോ ഒരു അത്ഭുത പ്രതിഭാസത്തെ കാണുന്ന പോലെ. എന്നിട്ട് മെല്ലെ ചോദിച്ചു,
"ഞാനൊരു ചായ വേണമെന്ന് പറഞ്ഞിരുന്നു, അതെന്തായി"?
"അത് ഞാന്‍ മോളോട് പറഞ്ഞിട്ടുണ്ട്, അവളിട്ടു തരും..കുറച്ച് നോട്ടിഫിക്കേഷന്‍ കിടപ്പുണ്ട്, ഞാനിട്ട പോസ്റ്റിന്റെ കമന്റുകളാണു.. അതിനു മറുപടി കൊടുക്കട്ടെ"
"ഠേ,,,,,,," ഒരു ശബ്ദം
രാധേട്ടന്റെ വലത്തെ കരം അതി വേഗതയില്‍ രമാദേവിയുടെ കവിളിലൂടെ ഒന്നുരസി പൂര്‍‌വ്വ സ്ഥാനത്ത് തിരിച്ചെത്തി. കണ്ണു തള്ളി .. വായ തുറന്ന് രമാദേവി ഇടത്തെ കവിളില്‍ അമര്‍ത്തി പിടിച്ചു.
"എടി നിന്നോട് ചായ എടുക്കാന്‍ പറഞ്ഞാല്‍ നീയെടുക്കണം. പോയി കൊണ്ട് വാടി ചായ"
നിമിഷങ്ങള്‍ക്കുള്ളില്‍ രാധേട്ടന്റെ മുന്നില്‍ ചായ ഇട്ട് വച്ചിട്ട്, രമ ബാത് റൂമില്‍ കയറീ കതകടച്ച് മൊബൈല്‍ ഫോണില്‍ ഫെയ്സ് ബുക്ക് തുറന്ന് അടുത്ത സ്റ്റാറ്റസിട്ടു.
'ചായ ഇട്ട് താടി എന്നാജ്ഞാപിക്കുന്ന ഭര്‍ത്താക്കന്മാരുടെ മുഖത്ത് നോക്കി, ആജ്ഞാപിക്കരുത്, അപേക്ഷിക്കു എന്നു പറയാനുള്ള ആര്‍‌ജ്ജവം നമ്മള്‍ സ്ത്രീകള്‍ക്ക് ഉണ്ടാകണം. സ്വയം ഒരു ചായ ഉണ്ടാക്കി കുടിച്ചാല്‍ ആകാശം ഇടിഞ്ഞ് വീഴില്ല. അധികാരവും അഹങ്കാരവും അന്തപുരത്തില്‍ വേണ്ടായെന്ന് ശഠിക്കാനുള്ള കരുത്താണു ഇന്ന് നമ്മള്‍ സ്ത്രീകള്‍ നേടേണ്ടത്.
സ്റ്റാറ്റസ് പോസ്റ്റ് ചെയ്ത്, ബാത് റൂമിലെ കണ്ണാടിയില്‍ നോക്കി. ഇടത്തെ കവിളില്‍ തിണര്‍ത്ത് കിടക്കുന്ന നാലു വിരലുകള്‍. പൊട്ടിക്കരഞ്ഞു പോയി.. ശബ്ദം പുറത്ത് വരാതിരിക്കാന്‍ വായ പൊത്തി പിടിച്ചു.
അശോക് വാമദേവന്‍

പറയാതെ പോയ പ്രണയo


പറയാതെ പോയ പ്രണയo
*****************************
" ശങ്കര മാമയ്ക്ക് തീരെ വയ്യ. ഇത്രടം വരെ വന്ന് ഒന്ന് കണ്ടിട്ടു പോയ്കൂes കുട്ടി നിനക്ക് "?
രാവിലെ അമ്മമ്മയുടെ ഫോണിലൂടെയുള്ള പരിഭവം കലർന്ന സംസാരം കേട്ടപ്പോൾ മുതൽ തുടങ്ങിയതാണ് മനസ്സിന് വല്ലാത്തൊരു അസ്വസ്ഥത. വരാമെന്നോ, ഇല്ലായെന്നോ പറയാനാവാതെ ഫോൺ വയ്ക്കുമ്പോൾ നീറുകയായിരുന്നു മനസ്സ്. എന്നും അമ്മമ്മയെ വിളിക്കുമ്പോൾ താൻ തറവാട്ടിൽ ചെല്ലാത്തതിന്റെ പരിഭവം പറയുമായിരുന്നെങ്കിലും ഇന്നന്തോ ആ സംസാരം കേട്ടപ്പോൾ വല്ലാത്ത സങ്കടമായിരുന്നു. പോരാത്തതിന് ശങ്കരമാമയുടെ വിശേഷംകൂടിയായപ്പോൾ ...
വൈകിട്ട് ഓഫീസ് വിട്ടു വന്ന രാജീവേട്ടനോടും അമ്മുമ്മ വിളിച്ച കാര്യം പറഞ്ഞപ്പോൾ ഏട്ടനും ഇതു തന്നെ പറയാനുണ്ടായിരുന്നുള്ളു.
ശങ്കരമാമയെ ഒന്ന് പോയി കാണായിരുന്നില്ലേ നിനക്ക് ?
അങ്ങനെ ഒരു പാട് ചിന്തകൾക്ക് വിരാമമിട്ടാണ് 15 വർഷങ്ങൾക്ക് ശേഷം ഞാൻ ശങ്കരമാമയെ കാണാൻ പോകാൻ തീരുമാനിച്ചത്.
ഒരിക്കൽ കൂടി ഞാൻ ജനിച്ചു വളർന്ന തറവാട്ടിലേക്ക് പോകുന്നതിന്റെ സന്തോഷമല്ല ഇപ്പോ എന്റെയുള്ളിൽ. അവിടെയുള്ളവർ എന്നെ എങ്ങനെ സ്വീകരിക്കും എന്ന ആധിയാണ് മനസ്സുനിറയെ........ ചെയ്യാത്ത കുറ്റത്തിന് പഴി കേൾക്കേണ്ടി വന്ന ഒരു ജന്മം അതാണ് ഇന്ന് എല്ലാവരുടേയും കണ്ണിൽ ഞാനെന്ന ഗായത്രി.
എല്ലാത്തിനും മുൻകൈയ്യടുത്ത് ബാഗ്ലൂരിൽ നിന്ന് യാത്രയാക്കാൻ രാജിവേട്ടൻ തയ്യാറെടുക്കുമ്പോഴും മനസ്സിൽ ആധിയായിരുന്നു. വരുന്നത് വഴിയിൽ വച്ച് കാണാമെന്ന ദൃഢനിശ്ചയത്തോടു കൂടി തന്നെയാണ് രാത്രി 9.30 ന് മജസ്റ്റിക് ബസ് സ്റ്റോപിൽ നിന്ന് കേരള k.S R T C യുടെ ബസ്സിൽ പുറപ്പെട്ടത്.ഇനി ഒമ്പതര മണിക്കൂർ യാത്ര. രാവിലെ 6.30 ന് മാത്രമേ കാസർഗോഡ് ടൗണിലെത്തൂ. 2 വയസ്സുകാരി ആമിയാണെങ്കിൽ നല്ല ഉറക്കവും. കൈയ്യിലിരിക്കുന്ന മാസിക അലക്ഷ്യമായി വെറുതെ മറിച്ചു നോക്കി. ഒന്നും മനസ്സിൽ പതിയുന്നില്ല ചിന്ത മുഴുവൻ നാടിനെ കുറിച്ചാണ്.
വടക്കാശ്ശേരി തറവാട് അതാണ് പേരുകേട്ട എന്റെ തറവാട്ട് പേര്. മുത്തച്ഛനുo മുത്തശ്ശിയ്ക്കും മക്കൾ ആറുപേരായിരുന്നു. അതിൽ മൂത്ത മകൾ സാവിത്രി കുട്ടിയുടെ മൂത്ത മകളാണ് ഞാനെന്ന ഗായത്രികുട്ടി. എനിക്ക് ഒന്നര വയസ്സുള്ളപ്പോഴാണ് അമ്മ അനിയനെ പ്രസവിച്ചത്.പ്രസവം കഴിഞ്ഞ് അമ്മ അനിയനുമായി അച്ഛൻ വീട്ടിലേക്ക് പോകുമ്പോൾ എന്നെ അമ്മമ്മയെ ഏൽപിച്ചിട്ടണത്രേ പോയത്. അന്നു മുതൽ അമ്മമ്മയും, അച്ഛാച്ഛനും എന്റെ അമ്മയും അച്ഛനുo ,ബാക്കിയുള്ളവർ എന്റെ കൂടെ പിറപ്പുകളുമായിരുന്നു. വല്ലപ്പോഴും പോയി വരുന്ന അതിഥി വീട് മാത്രമായിരുന്നു എനിക്കന്റെ സ്വന്തം വീട്.
അങ്ങനെ എല്ലാവരുടേയും പൊന്നോ മനയായി വളർന്നുകൊണ്ടിരിക്കുമ്പോഴാണ് ഞാൻ ഋതുമതിയാവുന്നത്.വീട്ടിലെല്ലാവരും ഒരു ഉത്സവമായിട്ടായിരുന്നു അതിനെ എതിരേറ്റത്. കിട്ടിയ സമ്മാനപൊതികളിൽ എന്നെ ഏറ്റവും അത്ഭുത പെടുത്തിയത് അനന്തേട്ടന്റെ സമ്മാനപൊതിയായിരുന്നു. ഒരു ജോഡി ഡ്രസ്സും ഒരു ഡിക്ഷണറിയുമായിരുന്നു അതിനകത്ത്.
അനന്തേട്ടൻ...
അമ്മയുടെ വകയിലുള്ള ശങ്കരമാമയുടെ മകൻ. എന്നും കുഞ്ഞമ്മാവനായ അച്ചുമാമനോടൊപ്പo വീട്ടിൽ വരാറുണ്ടായിരുന്ന ഏട്ടൻ. അതു മാത്രമായിരുന്നു എനിക്ക് അനന്തേട്ടൻ.
പിന്നീട് വിശേഷ ദിവസങ്ങൾക്ക് അനന്തേട്ടൻ ഡ്രസ്സ് വാങ്ങി തരിക പതിവായിരുന്നു. എനിക്ക് മാത്രമായിരുന്നില്ല അത്.വീട്ടിലെ സ്ത്രിജനങ്ങൾക്ക് മുഴുവനും ഉണ്ടാവുമായിരുന്നു. എപ്പോഴും വില പിടിപ്പുള്ളത് വാങ്ങിയിരുന്നത് എനിക്കാണെന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നില്ല.
ഡിഗ്രിക്ക് പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് ആദ്യമായി എനിക്ക് കല്യാണാലോചനകൾ വന്നു തുടങ്ങിയത്. ഡിഗ്രി കോഴ്സ് കംപ്ലീറ്റ് ചെയ്യണമെന്ന എന്റെ ആഗ്രഹത്തെ വീട്ടുകാർ എതിർത്തെങ്കിലും ,അനന്തേട്ടനായിരുന്നു എന്റെ കൂടെ നിന്ന് എന്നെ പഠിക്കാൻ പ്രോത്സാഹിപ്പിച്ചത്.
എന്നാലും പെറ്റമ്മയുടെ വാശിയോ, എന്റെ ഭാഗ്യമോ അച്ഛൻ വീടിനടുത്തുള്ള രാജിവേട്ടൻ എന്നെ പെണ്ണുകാണാൻ വന്നത് അപ്രതീക്ഷിതമായിരുന്നു. തന്റെ കുടുംബത്തെ പറ്റി എല്ലാം അറിയാവുന്ന രാജിവേട്ടൻ തുടർന്ന് പഠിപ്പിക്കാം എന്ന നിബന്ധനയോടു കൂടി എന്റെ കഴുത്തിൽ താലികെട്ടാൻ തയ്യാറായി.
അതറിഞ്ഞായിരുന്നു അനന്തേട്ടൻ അന്നാദ്യമായി മദ്യപിച്ച് വന്ന് വീട്ടിൽ വഴക്കുണ്ടാക്കിയത്. ഇത്ര പെട്ടെന്ന് ആ കുട്ടിയെ പിടിച്ച് കൊടുക്കാൻ എന്തായിത്ര ധൃതിയെന്നായിരുന്നു അനന്തേട്ടന്റെ ചോദ്യം. അവസാനം കുഞ്ഞമ്മാമയുമായി വഴക്കിട്ടു ബൈക്കിൽ കയറി അനന്തേട്ടൻ പോയത് മരണത്തിന്റെ വക്കിലേക്കായിരുന്നു എന്ന് ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല.
അനന്തേൻ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ഒരു ബസ്സിൽ ഇടിക്കുകയാരുന്നത്രേ..... എന്തായിരുന്നു നിയന്ത്രണം വിടാൻ കാരണം എല്ലാവരുo അന്വേഷിച്ചു കൊണ്ടിരുന്ന കാരണം. അന്ന് തളർന്നതാണ് ശങ്കരമാമ.
അനന്തേട്ടന്റെ മരണത്തിന്റെ പന്ത്രണ്ടാം നാളിലാണ് ഞാൻ ആ വീട്ടിൽ ചെന്നത്, അനന്തേട്ടന്റെ മുറിയിൽ വെറുതെ കയറിയ എന്റെ കണ്ണിൽ പെട്ട ഡയറിയൊന്ന് മറിച്ച നോക്കിയ എനിക്ക് കണ്ണുകളെ വിശ്വസിക്കാനായില്ല, തന്റെ ഫോട്ടോ .ഡയറി താളുകളിൽ നിന്ന് ഊർന്നു വീഴുന്നു. ആരും കാണാതെ അതെടുത്തു മാറ്റി ,തിരിച്ചുവരുന്ന വഴിയിൽ അമ്മമ്മയോട് ഫോട്ടോയുടെ കാര്യം പറഞ്ഞപ്പോഴും അമ്മമ്മയും അതു തന്നെയാണ് പറഞ്ഞത്, ആരോടും ഇതേ കുറിച്ച് മിണ്ടരുതെന്ന്. സത്യത്തിൽ അനന്തേട്ടന് തന്നോട് പ്രണയമായിരുന്നോ? ഇപ്പോഴും എന്റെ മനസ്സിൽ സമസ്യയായി തുടരുന്ന ചോദ്യം.
താനറിയാതെ തന്നെ പ്രണയിക്കുകയായിരുന്നോ അനന്തേട്ടൻ?
പിന്നിടപ്പോഴോ ഈ കാര്യം നാട്ടുകാരിൽ വാർത്തയായി. താൻ അനന്തേട്ടനെ പ്രണയിച്ച് വഞ്ചിച്ചവളായി മാറി ബന്ധുക്കൾക്കിടയിൽ.തന്നെ മനസ്സിലാക്കാൻ അപ്പോഴും ശങ്കരമാമ മാത്രമേ കൂടെയുണ്ടായിരുന്നുള്ളു.
ഒരു മാസത്തിന് ശേഷംഎല്ലാം തുറന്ന് പറഞ്ഞ് രാജിവേട്ടന്റെ ഭാര്യയായി, ആ നാട്ടിൽ നിന്നിറങ്ങുമ്പോൾ എന്തായിരുന്നു തന്റെ മനസ്സിൽ, കുറ്റവാളിയുടേതോ. അതോ കൊലപാതകിയുടേയോ?
ഓരോന്നാലോചിച്ച് എപ്പോഴാ ഉറക്കത്തിലേക്ക് വഴുതി പോയതെന്ന് ഓർമ്മയില്ല, കണ്ടക്ടർ തട്ടി വിളിച്ചപ്പോഴാണ് ഞെട്ടിയുണർന്നത്. പകച്ചു നോക്കി ചുറ്റും കണ്ണോടിച്ച് ബസ്സിറങ്ങുമ്പോൾ കണ്ടു, പറഞ്ഞുറപ്പിച്ച പോലെ തന്നെ സ്വീകരിക്കാനായി കാറുമായി കാത്തിരിക്കുന്ന കുഞ്ഞമ്മാമ്മയെ. അമാമ്മയുടെ കൈകളിലേക്ക് കുഞ്ഞിനെ കൊടുക്കുമ്പോഴും, ദൈന്യതയാർന്ന ആ നോട്ടം അവഗണിക്കാനേ എനിക്ക് പറ്റിയുള്ളൂ.
ഇനി അരമണിക്കൂർ കാറിൽ യാത്ര .അതു കഴിയണം തറവാട്ടിലെത്താൻ. വഴിയിലൂടെ നീളമുളള നിശബ്ദതയെ ഭേദിച്ചു കൊണ്ട് ആമിമോളുടെ കരച്ചിലാണ് കുറച്ചെങ്കിലും ആശ്വാസമായത്. അവളെ ആശ്വസിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ എപ്പോഴോ തറവാട്ടിലെത്തി.
താൻ ജനിച്ചു വളർന്ന വീട് .ഇത്തിരി പഴക്കം ചെന്നിട്ടുണ്ടെങ്കിലും പഴയത് പോലെ തലയുയർത്തി നിൽക്കുന്നു. എല്ലാവരും കല്യാണം കഴിച്ച് ഭാഗം വെച്ച് പിരിഞ്ഞതിനാൽ ,അച്ഛച്ഛൻ മരിച്ചതിൽ പിന്നെ അമ്മമ്മയോടൊപ്പം കുഞ്ഞമ്മാവനും, ലക്ഷ്മിയമ്മായിയുമാണ് തറവാട്ടിൽ കൂടെയുള്ളത്. കാറിൽ നിന്നിറങ്ങി മുറ്റത്ത് കാൽവെച്ചതും മണൽ തരികൾക്കു പോലും തന്നോട് പരിഭവം ഉള്ളതുപോലെ തോന്നിപ്പിച്ചു.
എന്നാലും എന്റെ കുട്ടി?
മുഴുവനാക്കും മുന്നേ അമ്മമ്മയുടെ നെഞ്ചിലേക്ക് ഊർന്നു വീഴുകയായിരുന്നു താനപ്പോൾ. ഒന്നും മനസ്സിലാവാതെ ആമി മോളും കരച്ചിലിലായിരുന്നു. എല്ലാവരുടേയും സ്നേഹപ്രകടനങ്ങൾ കരച്ചിലിൽ തീർത്തപ്പോഴാണ് അമ്മമ്മ പറഞ്ഞത് .
കുഞ്ഞിനേയും, കുളിപ്പിച്ച് ,മോളും ഒന്ന് കുളിച്ചു വന്നോളൂ. അമ്മ കാപ്പിയെടുത്തു വയ്ക്കാം. എന്നിട്ട് വേണം ശങ്കര മാമയെ കാണാൻ ചെല്ലാൻ.....
ശങ്കര മാമയുടെ വീട്ടിലേക്ക് ഇനി 10 മിനിട്ട് ദൂരമേയുള്ളു. കുഞ്ഞിനെ അമ്മമ്മയെ ഏൽപ്പിച്ച് ലക്ഷ്മിയമ്മായിയോടൊപ്പമായിരുന്നു അങ്ങോട്ട് ചെന്നത്.പാട പാരമ്പിലൂടെ നടന്നപ്പോൾ താൻ ആ പഴയ കുട്ടിയായി മാറിയോന്നൊരു സംശയം. എല്ലാ സസ്യജാലങ്ങളും തന്നോട് പരിഭവമറിയിച്ച് ഉറ്റുനോക്കുന്ന പോലെ. താനും കൂട്ടുകാരും സ്ഥിരമായി കുളിക്കുമായിരുന്ന ചാലിൽ നിന്ന് കൈകുമ്പിളിൽവെള്ളമെടുത്ത് മുഖം കഴുകിയപ്പോൾ വല്ലാത്ത തണുപ്പ്.
വഴിമദ്ധ്യേ ലക്ഷ്മിയമ്മായിയോട് വെറുതെയാണെങ്കിലും ചോദിക്കാതിരുന്നില്ല. എന്തുകൊണ്ടായിരിക്കും അനന്തേട്ടൻ തന്നോടത് തുറന്നു പറഞ്ഞില്ല.?
അതൊക്കെ മറന്നില്ലേ നീയ്, ദേ വീടെത്തിട്ടോ. ലക്ഷ്മിയമ്മായി തന്റെ ചോദ്യ ത്തിന് ഉത്തരം തരാതെ ഒഴിഞ്ഞുമാറുകയായിരുന്നു.
അനന്തേട്ടന്റെ വീട്, പഴയതിൽ നിന്ന് ഇത്തിരി മാറ്റം വരുത്തിയിട്ടുണ്ടെന്നതൊഴിച്ചാൽ ബാക്കിയെല്ലാം പഴയതുപോലെ തന്നെ. വീടിനു ചുറ്റും മതിൽ കെട്ടി ഗേയ്റ്റ് വെച്ചിട്ടുണ്ടെന്ന് മാത്രം. ഗേയ്റ്റുതുറന്നെതും, ആറു വയസ്സുക്കാരി പെൺകുട്ടി തന്റെയടുത്തെത്തി , പരിചിതമല്ലാത്ത മുഖം കണ്ടതിനാലാവണം അമ്മയെ വിളിച്ച് അകത്തേക്കോടി പോയത്.
ആരാ വിരുന്നുകാര്? കുട്ടിയുടെ കൂടെ വന്ന സ്ത്രിയെ മനസ്സിലാക്കാൻ അധിക സമയം വേണ്ടിവന്നില്ല. അനന്തേട്ടന്റ ഇളയ അനിയത്തി.
ഗായത്രിയോ ? സംസാരത്തിൽ പരിഭവമില്ലായെന്നൊരു തെല്ല് ആശ്വാസം.
ശങ്കര മാമ?
ആരാത്?
അകത്ത് നിന്ന് അവ്യക്തമായ സ്വരം. ഞാനാ വടക്കാശ്ശേരിയിലെ ഗായത്രി .
എന്റെ മോള് വന്നോ?
എഴുന്നേൽക്കാൻ ശ്രമിച്ച ശങ്കരമാമയെ പിടിച്ചേഴ്ന്നേൽപ്പിക്കാൻ ശ്രമിക്കുമ്പോഴാണ് ,അകത്ത് നിന്ന് മീനാക്ഷി അമ്മായി കടന്നു വന്നത്.അനന്തേട്ടന്റെ അമ്മ. അനന്തേട്ടൻ മരിച്ചപ്പോൾ തന്നെ ഏറ്റവും അധികം ക്രൂശിച്ച സ്ത്രി.
കുട്ടി മാറിനിന്നോളൂ. ആകെ അഴുക്കായിരിക്കുകയാ.... അമ്മായിയുടെ ശബ്ദത്തിൽ ഇപ്പോഴും നീരസം മാറിയിട്ടില്ലെന്ന തോന്നലായിരിക്കണം തന്നെ കൂടുതൽ സമയം അവിടെ നിൽക്കാൻ മനസ്സ് അനുവദിക്കാതിരുന്നത്.
ശങ്കരമാമയുടെ കാൽതൊട്ട് വന്ദിക്കുമ്പോൾ തന്റെ നെറുകയിൽ തൊട്ട് അനുഗ്രഹിച്ചപ്പോൾ മനസ്സിന് വല്ലാത്തൊരു സംതൃപ്തി തോന്നാതിരുന്നില്ല. യാത്ര പറഞ്ഞിറങ്ങാൻ നേരം അനന്തേട്ടൻ ഉറങ്ങുന്ന അസ്ഥിത്തറയിലേക്ക് കണ്ണോടിക്കാതിരിക്കാൻ പറ്റിയില്ല. അവിടെയതാ സിമെന്റ് പാകിയ അസ്ഥിത്തറ. അവിടെ വിരിഞ്ഞു നിൽക്കുന്ന റോസാ പൂവു നുള്ളി അസ്ഥിത്തറയ്ക്കുമുകളിൽ വെച്ചപ്പോൾ ഒരിളം കാറ്റ് വന്നു തഴുകുന്നതിനോടൊപ്പം മനസ്സിലിരുന്ന് ആരോ മന്ത്രിക്കുന്നതു പോലെ....
"സുഖാണോ ഗായത്രി കുട്ടിക്ക് "?
നേരത്തെ നിശ്ചയിച്ചതു പോലെ പിറ്റേന്ന് തിരിച്ചുപോരാൻ തയ്യാറെടുക്കുമ്പോഴാണ് കുഞ്ഞമ്മാമയുടെ മൊബൈലിലേക്ക്ആരോ വിളിച്ചറിയിച്ചത്.... ശങ്കരമാമ മരിച്ചത്രേ......
എന്റെ ദേവി...
. എന്റെ കുട്ടിയെ കാണാനായിരുന്നോ അപ്പോ ഇതുവരെ?
മോളിന് യാത്ര മുടക്കേണ്ട.... പോയി കണ്ടതല്ലേ?
കാറിലേക്ക് കയറാൻ എടുത്തു വെച്ച കാലുകൾ പിൻവലിക്കുമ്പോൾ, അമ്മമ്മയുടെ വാക്കുകൾ കണ്ണീരിനിടയിലും കേൾക്കാമായിരുന്നു.

by
പത്മിനി നാരായണൻ

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo