നിറം മാറ്റം


പെണ്ണു ഓന്തിനെപ്പോലെ നിറം മാറുമത്രേ ..
ഞാനും കണ്ടിട്ടുണ്ട് അതു..
പലവട്ടം..
കുരുത്തക്കേടൊപ്പിക്കുമ്പോ 'വാപ്പാന്റെ അടുത്തൂന്നു രണ്ടെണ്ണം കിട്ടിയാലേ നീ നന്നാവുള്ളൂ'ന്നു പറയാറുണ്ടാരുന്ന ഉമ്മ വാപ്പയെന്നെ തല്ലാനായി കയ്യോങ്ങുമ്പോ 'നിങ്ങക്കെന്തിന്റെ കേടാ ചെക്കനെ വെറുതെ ഉപദ്രവിക്കുന്നെ'ന്നും ചോദിച്ചു നിറം മാറിയിട്ടുണ്ട്..
ഉണ്ടാക്കുന്നത് വീട്ടിലെല്ലാവർക്കും തികയില്ലാന്നു മനസിലാക്കിയാവണം മിക്ക ദിവസങ്ങളിലും ഉമ്മാക്കു നോമ്പായിരുന്നു..
അപ്പൊഴും കണ്ടിട്ടുണ്ട് ക്ഷീണിച്ച മുഖം പുഞ്ചിരിയായി നിറം മാറുന്നതു..
പെരുന്നാളിനു എല്ലാവർക്കും ഡ്രെസ്സെടുക്കുമ്പോ 'കഴിഞ്ഞ പെരുന്നാളിനു വാങ്ങിച്ചതിപ്പോഴും അതുപൊലെ കിടപ്പുണ്ടെ'ന്നു പറഞ്ഞു ചിരിച്ചുമ്മ വാപ്പയുടെ പ്രാരബ്ധത്തിനു മേൽ സന്തോഷത്തിൻ നിറമേകുന്നത് കണ്ടിട്ടുണ്ട്..
സങ്കടച്ചൂട് കൊണ്ടു കണ്ണു നിറയുമ്പോളും ചിരിച്ചു കാണിച്ചു നിറം മാറാനുള്ള ഉമ്മയുടെ കഴിവിന് ഓസ്കാർ കിട്ടേണ്ടതായിരുന്നുവെന്നു തോന്നീട്ടുണ്ട്..
പിന്നീടു നിറം മാറ്റം കൊണ്ടത്ഭുതപ്പെടുത്തിയത്‌ അനിയത്തിയായിരുന്നു..
ഇക്കായെന്ന് വിളിച്ചു പിറകെ നടന്നവൾ പക്വതയുള്ള കാര്യബോധമുള്ള പെണ്ണായി നിറം മാറിയതു കണ്ണടച്ചു തുറക്കുന്ന വേഗത്തിലായിരുന്നു..
മേലു വേദനയായി ഉമ്മ കിടപ്പിലായപ്പോ വീടിന്റെ ഭരണമേറ്റെടുത്ത അവളുടെ നിറം മാറ്റം തെല്ലൊന്നുമല്ല വിസ്മയിപ്പിച്ചത്..
ഒടുവിൽ ഒരുനാൾ മറ്റൊരു വീട്ടിലേക്കവളുടെ ജീവിതം പറിച്ചു നട്ടപ്പോൾ അവളൊരു വീട്ടമ്മയായി നിറം മാറുന്നതും ഞാൻ കണ്ടു..
പ്രണയിനിയുടെ നിറം മാറ്റം ഓന്തിനെപ്പോലും വെല്ലുന്ന തരത്തിലായിരുന്നു..
പ്രണയത്തിന്റെ തീവ്രതയേറുന്തോറും ആ മുഖത്തു മഴവിൽ വർണ്ണങ്ങൾ വിരിയുന്നതും കണ്ണുകൾ നക്ഷത്രം പോൽ തിളങ്ങുന്നതും നോക്കിയിരുന്നു പോയിട്ടുണ്ട്..
വിരൽത്തുമ്പൊന്നു തൊട്ടപ്പോൾ നാണമവളുടെ മുഖത്തു സന്ധ്യാസൂര്യനെ തോൽപ്പിക്കും വിധം ചെഞ്ചായം പൂശി..
അത്ഭുതപ്പെടുത്തുന്ന
നിറം മാറ്റം..
പെണ്ണിനു മാത്രം
സാധ്യമാവുന്നതും..
വിരഹചൂടേറ്റവളുടെ മുഖം വാടിയപ്പോ നിറകണ്ണുകളോടെ തിരിഞ്ഞു നടന്നതു പെട്ടന്നുണ്ടായ നിറം മാറ്റം ഞാൻ കാണുമെന്നു ഭയന്നാവണം..
ഇനിയുമേറെയുണ്ട് പെണ്ണിന്റെ നിറം മാറ്റത്തെക്കുറിച്ചുള്ള നിറം പിടിപ്പിക്കാത്ത കഥകൾ..
ബാല്യത്തിൽ നിന്നു യൗവ്വനത്തിലേക്കു നടന്നു കയറുമ്പോൾ..
അമ്മയെന്ന മഹാസത്യത്തിലേക്കുള്ള യാത്ര തുടങ്ങുമ്പോൾ..
ജിവിത യാത്രയിലിനിയങ്ങോട്ടു തനിച്ചാണെന്നുളള തിരിച്ചറിവു സമ്മാനിക്കുന്ന ഉൾക്കരുത്ത് മനസ്സിനു വെളിച്ചമേകുമ്പോഴൊക്കെ മാറുന്ന നിറങ്ങളുണ്ട് പെണ്ണിനു..
ഏതു സാഹചര്യവും നേരിടാൻ സ്വയം പ്രാപ്തരാവുന്നതിനു തീർക്കുന്ന രക്ഷാകവചം..
അതു തന്നെയാണവളെ മറ്റുള്ളവരിൽ നിന്നു വിത്യസ്തയാക്കുന്നതും.

തോമാച്ചായന്റെ അമ്മച്ചി


തോമാച്ചായന്റെ അമ്മച്ചിയുടെ ശവശരീരം വഹിച്ചുകൊണ്ടുള്ള ആംബുലൻസ് മേപ്രാൽ തറവാടിന്റെ ഗേറ്റിനു മുമ്പിൽ നിർത്തി...... മുറ്റത്ത് വലിയ വർണ്ണാഭമായ ഷാമിയാന പന്തൽ.... ഒരു വശത്ത് കാറ്ററിംഗുകാർ ,വന്നവർക്ക് പലതരത്തിലുള്ള ശീതള പാനീയങ്ങൾ വിതരണം ചെയ്യുന്നു..... വീഡിയോ ക്കാരുടെ കൂറ്റൻ ഫ്ലക്സ.... അതിൽ തൽസമയ സംപ്രേഷണത്തിന്റെ വെബ് സൈറ്റ് വിലാസം.. അമ്മച്ചി മരിച്ചതൊഴിച്ചാൽ മൊത്തത്തിൽ ഒരു ഉത്സവാന്തരീക്ഷം....
മൊബൈൽ മോർച്ചറിയിലാണ് അമ്മച്ചിയുടെ കിടപ്പ്.. സ്വർണ്ണ നിറമുള്ള കണ്ണാടിയൊക്കെ വച്ച്.....തൊട്ടരികിൽ അടക്കം ചെയ്യാൻ നേരത്തു പയോഗിക്കുന്ന ശവപ്പെട്ടി... ശവപ്പെട്ടിക്കും തോമാച്ചായന്റെ വീടിന്റെ അകത്തളത്തിലെ മരപ്പലക പാകിയ ചുവരിനും തേക്കിന്റെ നിറവും മണവും.. ശവപ്പെട്ടിയുടെ വശങ്ങൾ മുഴുവൻ,ഇറക്കുമതി ചെയ്ത ഓർക്കിഡ് പൂക്കൾ വസന്തം വിരിയിക്കുന്നു...
അമേരിക്കായിലുള്ള കൊച്ചു മക്കൾ വരുന്ന വരെ ,ചൂടത്തും കമ്പിളി പുതച്ചു കിടന്ന അമ്മച്ചിക്ക് മൊബൈൽ മോർച്ചറിയിൽ കിടക്കേണ്ടി വരും...
എന്തായാലും ചടങ്ങിൽ വന്നവർക്ക് ഇതൊക്കെ പുതുമയായിരുന്നു.... പലരും പറയുന്നുണ്ടായിരുന്നു... സഭയിലെ ഒട്ടു മിക്ക മെത്രാൻമാരും അന്ത്യ ശുശ്രൂഷക് വരുമത്രേ....മരിക്കുവാണെങ്കിൽ ഇതുപോലെ മരിക്കണം...
അതേ..... " മരിക്കുവാണെങ്കിൽ ഇതേപോലെ മരിക്കണം." എന്റെ ചിന്തകൾ ഒരു ദിവസം പിറകിലേക്ക് പോയി...
തുലാവർഷ മഴയുടെ തണുപ്പിൽ, പുതച്ച് മുടി ഉറങ്ങുമ്പോൾ ഫോണിന്റെ ബെല്ലു കേട്ടാണ് ഞാൻ ഉണരുന്നത്.. മേപ്രാലിലെ തോമാച്ചായനാണ് വിളിക്കുന്നത്... എന്താ അച്ചായാ?
അതേ .... നീ ഇവിടം വരെയൊന്നു വരണം, അമ്മയൊന്നു വീണു.ആശുപത്രിൽ പോകാനാ..
അച്ചായാ ഞാൻ വേഗം റെഡിയായി വരാം....
ഞങ്ങളുടെ നാട്ടിൽ ഇപ്പോൾ ജീവിച്ചിരിക്കുന്നവരുടെ കൂട്ടത്തിൽ ഏറ്റവും പ്രായം കൂടിയതാണ് തോമാച്ചായന്റെ അമ്മച്ചി. 90 കഴിഞ്ഞിരിക്കുന്നു... എന്നാലും സന്തത സഹചാരിയായ ഊന്നു വടിയിൽ പിടിച്ച് തനിയെ നടക്കും.. ആവുന്ന കാലത്ത് .. അദ്ധ്വാനിച്ചതിന്റെ ആരോഗ്യമാണെന്ന് അമ്മച്ചി എപ്പോളും പറയും...
തോമാച്ചായനും അനിയൻ രാജുവും വീടിന്റെ സിറ്റ് ഒ3ട്ടിൽ അലക്കി തേച്ച വടി പോലുള്ള മുണ്ടും ഉടുപ്പുമൊക്കെ ഇട്ട് ഇരിപ്പുണ്ട്.. എന്നെ കണ്ടപാടെ രണ്ടാളും എഴുന്നേറ്റ് അകത്തേക്കുപോയി... നീ ഇങ്ങു കയറി വാ... അമ്മയെ പിടിക്കാൻ ഒന്നു സഹായിക്കണം.. അകത്തു നിന്നും രാജു ച്ചായൻ പറഞ്ഞു...
ഞാൻ അകത്തേക്ക് ചെന്നു.. അമ്മച്ചിയുടെ നെറ്റിയിലെ മുറിവിലൂടെ പഴയ ഒറ്റമുണ്ടിന്റെ തുണി ചുറ്റിയിരിക്കുന്നു. മുറിവായ ഭാഗത്ത് ചോര പടർന്ന് ഉണങ്ങിയ പാട് കാണാം... കൺപോളയിലും പീലിയിലും രക്തം ഉണങ്ങി പിടിച്ചിരിക്കുന്നു... ദയനീയമായി കരയുകയാണ് അ വൃദ്ധ മാതാവ്... രാത്രിയിലെപ്പോളോ സംഭവിച്ചതാണ്. മുകളിലെ ശീതീകരിച്ച മുറിയിൽ കിടന്നുറങ്ങിയ തന്റെ ആദ്യ കൺമണി അതറിയുവാൻ ഏറെ വൈകി..
ഒരു വിധത്തിൽ അമ്മച്ചിയെ താങ്ങി എടുത്ത് പോർച്ചിൽ കിടക്കുന്ന കാറിന്റെ പിൻസീറ്റിലേക്കിരുത്തി.. ചോരക്കറയും ,വാർദ്ധക്യത്തിന്റെ ബലഹീനതയിൽ അറിയാതെ ഇറ്റു പോകുന്ന ഒന്നോ രണ്ടോ തുള്ളി മൂത്രം തന്റെ BMW കാറിന്റെ സീറ്റിലെ ലതറിൽ പറ്റാതിരിക്കാൻ പഴയ ബെഡ്ഷീറ്റു വിരിക്കാൻ ഇതിനിടയിൽ തോമാച്ചൻ സമയം കണ്ടെത്തിയിരുന്നു...
കാർ അടുത്തുള്ള ആശുപത്രിയെ ലക്ഷ്യമായി പോയി.. അമ്മച്ചിയുടെ വേദന വാഹനത്തിന്റെ വേഗതയും വർദ്ധിപ്പിച്ചു.
ആശുപത്രിയിലെ രജിസ്ടേഷൻ ഫീസ് അടയ്ക്കുന്നതു മുതൽ കാണാമായിരുന്നു.. പൊന്നോമനകളുടെ ബുദ്ധിമുട്ട്... രണ്ടാളും മൽസരിച്ചു പിന്നേക്കു മാറുന്നതായിരുന്നു അവിടുത്തെ കാഴ്ചകൾ.
x ray , Scanning റിപ്പോർട്ടുകൾ വന്നു.. തലക്ക് നല്ല ക്ഷതം സംഭവിച്ചിട്ടുണ്ട്.. തോളെല്ലിനു സർജറി വേണ്ടി വരും.. കാശു ചിലവാകുമോയെന്നുള്ള ഭയം കാരണം ,സർജറി കൊണ്ട് ഫലം ഉണ്ടാകുമോ ഡോക്ടർ? എന്നായി ചോദ്യം....
അമേരിക്കയിലുള്ള മകനുമായും അനിയൻ രാജുവുമായും ഒക്കെ മാറിയും തിരിഞ്ഞും ചർച്ച.. അവരുടെ മുഖഭാവം കണ്ടാലറിയാം ഇത്രയതികം രൂപാ മുടക്കി ഒരു ഓപ്പറേഷൻ അമ്മച്ചിക്ക് നടത്താനുള്ള ബുദ്ധിമുട്ട്..
സമയം വൈകിയപ്പോളേക്കും അമ്മച്ചിയുടെ ആരോഗ്യ നില വഷളായി... മക്കൾക്ക് സന്തോഷമാകാനെന്നവണ്ണം സ്വയം ചോദിച്ചു വാങ്ങിയെന്ന പോലെയാണ് ആ മാതാവ് ഈ ലോകത്തോട് വിട പറഞ്ഞത്....
ആ അമ്മ ജീവിച്ചിരുന്ന സമയത്തേക്കാളും സന്തോഷം, മരിച്ചെന്നറിഞ്ഞപ്പോളാണ് ആ മക്കളുടെ മുഖത്ത് കണ്ടത്.... അവിടെ നിന്നു കൊണ്ട് തോമാച്ചായാൻ ഓർഡർ കൊടുത്തു..
ശവപ്പെട്ടിയിൽ വെക്കാനുള്ള വിലകൂടിയ ഓർക്കിഡ് പൂക്കൾ....

by: 
ശ്യാം മോഹൻ

അടയാളങ്ങള്‍...!!


അറുപതിലെത്തിയിട്ടും
അടയാളങ്ങളിവിടെ ബാക്കിയാണ്..
മനുഷ്യനാവണമെനിക്ക്
നല്ലൊരുമനുഷ്യന്‍..
കൊന്തയും പൂണൂലും തൊപ്പിയും
അടയാളങ്ങളാണ്..
കാവിയും പച്ചയും ചുവപ്പും
അടയാളങ്ങള്‍തന്നെ..
കറുപ്പും വെളുപ്പും വാലുളളപേരുകളും
അടയാളങ്ങള്‍തന്നെ..
മരണവീട്ടിലുമുണ്ടിപ്പോള്‍
ജാതിയോതുന്ന കൊടിയടയാളങ്ങള്‍..
മതിലുകളില്ലായിരുന്നെങ്കില്‍നിന്‍േറയുമെന്‍േറയു-മില്ലാതെയെല്ലാംനമ്മുടേതായേനെ..
അടയാളങ്ങള്‍ക്കിടയില്‍ ഞാന്‍തിരഞ്ഞത്
മനുഷ്യനെയാണ്..
കണ്ടതില്ലെവിടെയുമാ നല്ലചിഹ്നം
നല്ലൊരു മനുഷ്യചിഹ്നം..
അറുപതിലെത്തിയതറിയാതെ
അടയാളങ്ങളിന്നുമിവിടെ ബാക്കി...!!
ആര്‍.ശ്രീരാജ്

പുതുനാമ്പിനായ് -കവിത


അവിടെയതാ ആശുപത്രി വരാന്തയിൽ -
കാത്തിരിക്കുന്നു ചിലർ ഒരു രോദനത്തിനായ്.
അടച്ചിട്ട മുറിയുടെ അരികിലായ് എത്രപേർ.
അകത്തൊരു പെണ്ണിൻ നിലവിളി ഒച്ച .
പുറത്തൊരു ആണിന്റെ അക്ഷമയും.
അമ്മയാകാനൊരു നിലവിളിയും.
അച്ഛനാകാനൊരു അക്ഷമയും.
പെണ്ണിൻ നിലവിളി കൂടുന്ന നേരത്ത്
തമ്മിൽ പലതും പറയുന്നു ചിലർ.
മരുന്നുകൾ വാങ്ങുന്നു കൊടുക്കുന്നു
സമയവും ഓടി സഞ്ചരിക്കുന്നു.
അച്ഛനാകാനും അപ്പുപ്പനാകാനും
വല്യച്ഛൻ, കൊച്ചച്ചൻ, അമ്മുമ്മ പല-
ബന്ധങ്ങളാകാൻ അക്ഷമ കൂടുന്നു.
മനസ്സുകളും ആദി കൂട്ടി പോകുന്നു
ഒടിവിലാത പെണ്ണിൻ നിലവിളി -
അതിശക്തിയോടെ കേട്ടു നിന്നു.
പിൻവിളി പോലെ കുഞ്ഞു നിലവിളി -
കാതോട് കാതോരം വന്നുപോയി.
പുഞ്ചിരി തഞ്ചമായി വന്നണഞ്ഞു.
പുതുനാമ്പിൻ ഒച്ചയും വീണ്ടു മെത്തി
ഇതിനായല്ലോ കാത്തിരിപ്പവർക്
പുതുനാമ്പിനായുള്ള കാത്തിരിപ്പ്.
#####
രതീഷ് സുഭദ്രം

മഴവില്ല്‌ - ( കഥ )


ഇവിടെ മുറ്റത്തെ ഈ മരച്ചുവട്ടിലിരുന്ന്‌ പുറത്തെ കാഴ്‌ചകളിലേക്ക്‌ കണ്ണോടിക്കുമ്പോള്‍ മനസിന്റെ ഭാരം അൽപം കുറയുന്ന പോലെ.കുന്നിന്‍ചെരുവിലെ കൊയ്‌ത്തുകഴിഞ്ഞ പാടത്ത്‌ കുട്ടികള്‍ പന്ത്‌ കളിക്കുന്ന തിരക്കിലാണ്‌.ചിലർ പുഴയില്‍ മുങ്ങാംകുഴിയിട്ട്‌ കളിക്കുന്നു.ഒഴിവുകാലമായത്‌കൊണ്ടാവണം മലയെ ചുറ്റിപ്പിണഞ്ഞ്‌ കടന്നുപോകുന്ന നാടുകാണിചുരത്തിലൂടെ ധാരാളം വാഹനങ്ങള്‍ കടന്നുപോകുന്നുണ്ട്‌. അങ്ങകലെ മാനംമുട്ടെ ഉയർന്നു നിൽക്കുന്ന മലനിരകളെ സാക്ഷിനിർത്തി ഈ മരച്ചുവട്ടിലിരുന്ന് എന്തെല്ലാം സ്വപ്നങ്ങൾ നെയ്ത് കൂട്ടിയിരുന്നു താനും നജീബിക്കയും. കല്യാണം കഴിഞ്ഞ ശേഷം ഉപ്പ നൽകിയ ഈ സ്ഥലത്ത് ഒരു കൊച്ചു വീട് പണിത് ഇങ്ങോട്ട് താമസം മാറുകയായിരുന്നു.ഇക്കക്ക് പണ്ടേയുള്ള സ്വപ്നമായിരുന്നു ഈ കുന്നിൻ മുകളിൽ ഒരു വീടുവെക്കുക എന്നത്.ഇക്ക നാട്ടിലുണ്ടായിരുന്നപ്പോൾ ഒഴിവുള്ള വൈകുന്നേരങ്ങളിൽ പാറക്കൂട്ടങ്ങൾക്കിടയിലെ ഈ മരച്ചുവട്ടിൽ വന്നിരിക്കുമായിരുന്നു. തങ്ങളുടെ കുടുംബത്തിലേക്ക് പുതിയൊരു അതിഥികൂടി വരാൻ പോകുന്നുവെന്നറിഞ്ഞ ദിവസം ഇക്കയുടെ സന്തോഷം ഒന്ന് കാണേണ്ടതായിരുന്നു. ആകാശത്തെ നക്ഷത്രക്കൂട്ടങ്ങളെ നോക്കി തന്റെ മടിയിൽ തല വെച്ച് കിടക്കവെ അന്ന് എന്തെല്ലാം സ്വപ്നങ്ങളാണ് ഇക്ക നെയ്തുകൂട്ടിയത്.
ദിവസങ്ങൾക്ക് ശേഷം ദൂരെയുള്ള ഒരു സുഹൃത്താണ് ജിദ്ദയിലേക്കുള്ള ഒരു ഡ്രൈവർ വിസയെപ്പറ്റി പറഞ്ഞത്. വിസക്ക് പണം വേണ്ടെന്നും ടിക്കറ്റ് വരെ ഫ്രീയാണെന്നു മറിഞ്ഞപ്പോൾ രണ്ടാമതൊന്നാലോചിച്ചില്ല.നാട്ടിൽ സ്ഥിരവരുമാനമില്ലാത്തത് കൊണ്ട് ചുരുങ്ങിയത് രണ്ട് കൊല്ലമെങ്കിലും ഗൾഫിൽ ജോലി ചെയ്ത് വീട് പണിക്കായി പലരിൽ നിന്നായി വാങ്ങിയ കടങ്ങൾ വീട്ടിക്കഴിഞ്ഞാൽ പിന്നെ നാട്ടിൽ എന്തെങ്കിലും ചെയ്ത് മൂന്നോട്ട് പോകാമെന്നായിരുന്നു പ്രതീക്ഷ.
ഒരു മാസത്തിനകം വിസ വന്നു.പിന്നെ ഉറക്കമില്ലാത്ത രാത്രികളായിരുന്നു. തൽക്കാലത്തേക്കെങ്കിലും തന്നെ വേർപിരിഞ്ഞു പോകുന്നതിൽ ഇക്കക്ക് അതിയായ സങ്കടമുണ്ടായിരുന്നു. പോകുന്നതിന്റെ തലേ ദിവസം രാത്രി ഇക്കയെ കെട്ടിപ്പിടിച്ച് ഏറെ നേരം കരഞ്ഞു. തന്നെ സമാധാനിപ്പിക്കാൻ ശ്രമിക്കവെ ഇക്കയുടെ ശബ്ദവും ഇടറുന്നുണ്ടായിരുന്നു.
അന്ന്‌ പുലർച്ചെ അഞ്ചുമണിക്ക്‌ എയർപോർട്ടിലേക്ക്‌ യാത്ര തിരിക്കുമ്പോള്‍ അവസാനമായി ഇക്ക പറഞ്ഞത്‌ ഒരിക്കലൂം മറക്കില്ല.
"നീ കരയരുത്‌...രണ്ട്‌ വർഷമെന്നത് കണ്ണടച്ച്‌ തുറക്കുമ്പോലെ കഴിഞ്ഞുപോകും.അപ്പോഴേക്കും ഞാനിവിടെ നിന്റെയരികിലെത്തും....''
കൂട്ടിപ്പിടിച്ച കൈകള്‍ വേർപിരിച്ചെടുത്ത്‌ തിരിഞ്ഞുനോക്കാതെ കുന്നിറങ്ങുമ്പോള്‍ അതുവരെ കരയാതിരുന്ന ഇക്ക ആരുംകാണാതെ കണ്ണുകള്‍ തുടക്കുന്നത്‌ ആ മങ്ങിയ വെളിച്ചത്തിലും താന്‍ കണ്ടു.
ജിദ്ദയിലിറങ്ങിയാല്‍ സൈനുത്തയുടെ വീട്ടിലേക്ക്‌ വിളിക്കുമെന്ന്‌ പറഞ്ഞിരുന്നത്‌ കൊണ്ട്‌ എട്ടുമണിയായപ്പോള്‍തന്നെ ഇത്തയുടെ വീട്ടിലേക്ക്‌ പോയി. ജിദ്ദയിലേക്കാണെന്നറിഞ്ഞപ്പോൾ എയർപോർട്ടിൽ നിന്നും കൂട്ടിക്കൊണ്ട് പോകാൻ സൈനുത്തയുടെ ഭർത്താവ് വരാമെന്ന് പറഞ്ഞിരുന്നു.അവരുടെ ഭർത്താവും ജിദ്ദയിലാണ്‌.
തങ്ങളുടെ ഈ കുന്നിന്‍െചെരുവില്‍ ഫോണുള്ള ഒരേയൊരു വീടും ഇത്തയുടേതായിരുന്നു..കരഞ്ഞുകലങ്ങിയ കണ്ണുകളുമായി കയറിച്ചെന്ന തന്നെ അവർ പലതും പറഞ്ഞ്‌ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു.
കുറെ നേരത്തെ കാത്തിരിപ്പിന്‌ ശേഷം ഫോണ്‍ ശബ്‌ദിച്ചു.അവരൂടെ ഭർത്താവായിരുന്നു.തമാശകള്‍ പറഞ്ഞ്‌ സംസാരം തുടങ്ങിയ ഇത്തയുടെ ഭാവം മാറുന്നതും അവർ തന്നെത്തന്നെ ശ്രദ്ധിക്കുന്നതൂം കണ്ടു.അവരൂടെ സംസാരത്തിന്ന്‌ താന്‍ തടസമകേണ്ടെന്ന്‌ കരുതി മുറിയില്‍നിന്നും പുറത്തിറങ്ങി.അല്‍പം കഴിഞ്ഞ്‌ പുറത്തേക്ക് വന്ന ഇത്ത മടിച്ചുമടിച്ച്‌ ആ സത്യം പറഞ്ഞു.
ഇക്കയെ ജിദ്ദാ എയർപോർട്ടില്‍വെച്ച്‌ മയക്കുമരുന്ന്‌ കടത്തിയതിന്‌ സൗദിപോലീസ്‌ പിടികൂടിയത്രെ!
ആദ്യം ഒരു ഞെട്ടലായിരുന്നു. കാര്യത്തിന്റെ ഗൗരവത്തെപ്പറ്റി മനസ്സിലായതോടെ ഒന്നും പറയാനാവാതെ തളർന്നുവീഴുകയായിരുന്നു.
രണ്ട്‌ വർഷം കൊണ്ട്‌ കടങ്ങളെല്ലാം വീട്ടി തനിക്കും പിറക്കാനിരിക്കുന്ന കുഞ്ഞിനും കൈനിറയെ സമ്മാനങ്ങളുമായി പറന്നുവരുമെന്ന്‌ പറഞ്ഞ ഇക്ക ഇങ്ങിനെ ചെയ്യില്ലെന്നുറപ്പുണ്ടായിരുന്നു.പിന്നെയെന്താണ്‌ സംഭവിച്ചത്‌?
രണ്ടുമാസങ്ങള്‍ക്ക്‌ ശേഷം ജയിലില്‍നിന്നും ഇക്കയുടെ കത്തുവന്നു.എയർപോർട്ടില്‍ നിന്നും കണ്ടൊരാള്‍ ജിദ്ദാ എയർപോർട്ടില്‍ കാത്തുനില്‍ക്കുന്ന ഒരാള്‍ക്ക്‌ കൊടുക്കാനെന്ന്‌ പറഞ്ഞ്‌ ഒരു പൊതി ഏല്‍പിച്ചിരുന്നെന്നും ജിദ്ദയിലെ പരിശോധനയിലാണ് അത്‌ മയക്കുമരുന്നാണെന്നറിഞ്ഞതെന്നും അതിലൂടെയാണ്. 
നിരപരാധിത്വം തെളിയിക്കുന്നത് വരെ മാത്രം ജയിലിൽ കിടന്നാൽ മതിയെന്നും പിന്നെ ജോലിയിൽ കയറാൻ കഴിയുമെന്നും തനിക്ക്‌ വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമെന്നുമൊക്കെ കത്തിലുണ്ടായിരുന്നു.എല്ലാവരെയും കണ്ണടച്ച്‌ വിശ്വസിക്കുമായിരുന്ന തന്റെ പാവം ഇക്കക്ക്‌ വിധി കാത്തുവെച്ച സമ്മാനം.ആശ്വാസവാക്കുകൾക്ക് കൊതിച്ച തന്നെ പല ബന്ധുക്കളും കുത്തുവാക്കുകൾ കൊണ്ട് നോവിക്കുകയായിരുന്നു. പെട്ടെന്ന് പണക്കാരനാകാൻ മയക്കുമരുന്ന് കടത്തി കുടുംബത്തിന് ചീത്തപ്പേരുണ്ടാക്കിയെന്നായിരുന്നു പലരുടെയും പരാതി.
മയക്കുമരുന്ന്‌ കടത്തിയെന്ന കുറ്റം ചുമത്തി ഇക്കയെ വധശിക്ഷക്ക്‌ വിധിച്ചിരിക്കുന്നുവെന്ന്‌ അറിയിച്ചുകൊണ്ടുള്ള സൗദി ഗവണ്‍മെന്റിന്റെ അറിയിപ്പെത്തിയപ്പോള്‍ ഒന്ന് പൊട്ടിക്കരയാന്‍പോലും ത്രാണിയുണ്ടായിരുന്നില്ല.
എത്രയോ രാത്രികളില്‍ ഭീകരസ്വപ്‌നങ്ങള്‍ മാത്രമായിരുന്നു കൂട്ട്‌.ഇക്ക ഗൾഫിലേക്ക് പോയതിൽ പിന്നെ ഇവിടെ തനിക്ക് കൂട്ടിന് താമസമാക്കിയ ഉപ്പയും ഉമ്മയും രാത്രികളിൽ ഉറക്കമിളച്ച് തനിക്ക് കാവലിരുന്നു.
നാട്ടുകാരെല്ലാം ചേർന്ന്‌ ഇക്കയുടെ നിരപരാധിത്വം ഉന്നതങ്ങളിലറിയിക്കുമ്പോള്‍ പ്രതീക്ഷകള്‍ വാനോളമുണ്ടായിരുന്നു.പക്ഷേ ശരീഅത്ത്‌ കോടതി ഇക്കയുടെ വധശിക്ഷ നടപ്പാക്കിയ വിവരമറിഞ്ഞപ്പോള്‍ ഉപ്പയുടെയും ഉമ്മയുടെയും കണ്ണുവെട്ടിച്ച് എല്ലാം അവസാനിപ്പിക്കാനായി
നാടുകാണിപ്പാറയിലേക്കോടിക്കയറിയതാണ്‌.ഒന്നുമറിയാത്ത ഒരുപിഞ്ചുപൈതലും കൂടെ ഇല്ലാതാകുകയാണല്ലോ എന്നോർത്തപ്പോള്‍ അവിടെയും താൻ തോറ്റുപോയി. ഒടുവിൽ ആ കുഞ്ഞിനെയോർത്ത് ജീവിക്കാൻ തന്നെ തീരുമാനിച്ചു. താൻ കൊതിച്ചിരുന്നത് പോലെ തന്നെ ഒരാൺകുഞ്ഞ്.അവനിപ്പോള്‍ ഒന്നര വയസായി.ഇക്കയുടെ അതേ ഛായയാണവന്‌.
ഒരുവർഷം മാത്രം നീണ്ടുനിന്ന വിവാഹജീവിതത്തില്‍ ഒത്തിരി മധുരമാർന്ന ഓർമകള്‍ സമ്മാനിച്ച്‌ ഇക്ക ഈ കുന്നിറങ്ങിപ്പോയിട്ട്‌ ഇന്നേക്ക്‌ രണ്ട്‌ വർഷം തികയുന്നു.രണ്ടു വർഷമെന്നത്‌ കണ്ണടച്ച്‌ തുറക്കുന്നത്‌ പോലെ കടന്നുപോകുമെന്നും പറഞ്ഞ്‌പോയിട്ട്‌......
"സജ്‌നാ നീയവിടെ എന്തെടുക്കയാ....മോന്‍ കരയണത്‌ കേട്ടില്ലേ...?''
മുറ്റത്ത്‌നിന്ന്‌ ഉപ്പയുടെ ഉച്ചത്തിലുള്ള ചോദ്യം കേട്ടാണ്‌ സജ്‌ന ചിന്തയില്‍ നിന്നുണർന്നത്‌.നിറമിഴികള്‍ കൈത്തലം കൊണ്ട്‌ തുടച്ച്‌ തൊട്ടിലില്‍നിന്നും കുഞ്ഞിനെയുമെടുത്ത്‌ വരാന്തയിലേക്കിറങ്ങി.പുറത്ത് നല്ല തണുപ്പാണ്‌.
കുന്നിന്‍ചെരുവില്‍ മേയാന്‍ വിട്ടിരുന്ന ആടുകളെയും തെളിച്ച്‌ ഉമ്മ കുന്നുകയറിവരുന്നത്‌ കണ്ടു.
നേരം സന്ധ്യയായിത്തുടങ്ങി. താഴ്വരയിലെ കുടിലുകളിൽ അന്തിവിളക്കുകൾ കൺമിഴിച്ചു.കൂടുംതേടി ആകാശത്തിലൂടെ പറന്നകലുന്ന പക്ഷിക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്നും ഇണക്കിളിയെ നഷ്‌ടപ്പെട്ട ഒരു പെണ്‍കിളിയുടെ കരച്ചില്‍ ഉയർന്നുകേള്‍ക്കുന്നുണ്ടായിരുന്നു......
**************
എം.പി.സക്കീർ ഹുസൈൻ

സന്ധ്യ മയങ്ങുമ്പോള്‍

സന്ധ്യ മയങ്ങുമ്പോൾ‍
ഉളളം എരിയും.....
എന്തിനെന്നറിയാതെ ....
ഏതിനെന്നറിയാതെ ....!
ബാല്യകാല സ്മൃതിയില്‍
വേദനകള്‍ തന്‍ നീരാളിപ്പിടുത്തത്തില്‍
ഒരു ജന്മ ദുഃഖത്തിന്‍...
വേദനയും പേറി...
എന്നോ നഷ്ടപ്പെട്ടൊരെന്‍ ബാല്യവും
ബാല്യത്തിന്‍ കളിയും ചിരിയും...
മാതൃസ്നേഹത്തിന്‍ അമൃതും ...
പിതൃസ്നേഹത്തിന്‍ കരുതലും
ഒത്തിരി മോഹിച്ചൊരെന്‍ ബാല്യത്തില്‍
കിട്ടിയതോ ഒരുപിടി ദുഃഖങ്ങളും...!!
സന്ധ്യ മയങ്ങുമ്പോള്‍ അര്‍ക്കനെ നോക്കി
പരിതപിച്ചൊരെന്‍ ബാല്യത്തെ
ഇളം തെന്നല്‍ , തഴുകി തലോടിയപ്പോള്‍
അമ്പലപ്പാട്ടുകള്‍ കൂട്ടിനായെത്തിയൊപ്പം,ദൂതുമായി
അച്ഛമ്മതന്‍ ശകാരത്തില്‍
ഉളളം പിടഞ്ഞപ്പോള്‍....
അറിയാതെയോര്‍ത്തുപോയി
അരികിലെന്‍ അമ്മയുണ്ടായിരുന്നെങ്കില്‍...
അപ്പച്ചിമാര്‍ തന്‍ കളിയാക്കല്‍ കേട്ടപ്പോള്‍
അറിയാതെയോര്‍ത്തുപോയി ...
അരികിലെന്‍ താതന്‍ ഉണ്ടായിരുന്നെങ്കില്‍
ബന്ധുജനങ്ങള്‍ തന്‍ പരിഹാസ ശരമേറ്റപ്പോള്‍
അറിയാതെയോര്‍ത്തുപോയി ....
എന്‍ കൂടപ്പിറപ്പുകള്‍, കൂടെയുണ്ടായിരുന്നെങ്കില്‍
വിശപ്പാറാത്ത വയറും...
വേദന നിറഞ്ഞൊരെന്‍
മനവുമായി മയങ്ങുമ്പോള്‍
നാളെ വരുമെന്നമ്മയെന്നോര്‍ത്തു
ഞാന്‍ സമാധാനിക്കും....!!
സൂര്യ കിരണത്തേക്കാള്‍ മുമ്പേ
വരുന്ന 'നുളളി'ന്‍റെ നോവില്‍
ഇന്നെന്നമ്മ വരുമെന്ന
പ്രതീക്ഷ ലയിപ്പിച്ച്....
ആകാംക്ഷയോടെ, വഴിക്കണ്ണുമായി
കാത്തിരുന്നു ഞാന്‍....!!
സഹപാഠികള്‍ തുണയേകിയ
പകലിന് , വിരാമം കുറിച്ച് കൊണ്ട് ആദിത്യന്‍ വിടവാങ്ങും നേരം
അമ്പലപ്പാട്ടുകള്‍ കൂട്ടിനായെത്തി വീണ്ടും
ഇന്നീ സന്ധ്യകള്‍ കാണുമ്പോള്‍ ....
അമ്പലപ്പാട്ടുകള്‍ കേള്‍ക്കുമ്പോള്‍....
അറിയാതെന്നുളളം തേങ്ങുന്നു....
എന്തിനെന്നറിയാതെ .....!
ഏതിനെന്നറിയാതെ .....!!

By: AAmi Fathma

എന്റെ കേരളം


ഇല്ലം, നങ്ങ്യാരില്ലം, വാര്യം, ക്ഷാരം, തറവാട്, കുടി, തറ.- വീട് എന്നങ്ങട് നിരീച്ചോളീൻ !
പുളിയിലക്കര മുണ്ട്, ഡബിൾ വേഷ്ടി, സാദാ വേഷ്ടി, ഒറ്റമുണ്ട്, അരപ്പട്ട കെട്ടിയ 
പാദം മുട്ടാ വേഷ്ടി, കുറിയാണ്ട്, - ഉടുവസ്ത്രം ന്ന് നിരീക്യാ....
ഗുരുവായൂരപ്പൻ, അയ്യപ്പൻ, കൊടുങ്ങല്ലൂരമ്മ, യേശുക്രിസ്തു, അല്ലാഹു,
മാതാവ്, കാളി, കൂളി, കുട്ടിച്ചാത്തൻ, ആൾദൈവങ്ങൾ, സിദ്ധൻ, ഗുരുക്കൻമാർ, അമ്മ.. ദൈവങ്ങൾ എന്നങ്ങട് നിരക്കൂ....
നവാഹം, സപ്താഹം, കൺവെൻഷൻ, പെരുന്നാള്, ഉറൂസ്, ചന്ദനക്കുടം, പൂരം,വെട്ടിക്കെട്ട് , ആന വിരളൽ, വെട്ട് കുത്ത് .. ഉത്സവങ്ങൾ എന്ന് നിരീക്യാ....
ഡയമണ്ട്, സ്വർണ്ണം, വെള്ളി,കാറ്, പുരയിടം, അച്ഛനുമമ്മയും, ആട, ആഭരണം, .... വിവാഹ മാമാങ്കങ്ങൾ പട്ടിക നീളുന്നു... പുരോഗമിച്ചു എന്നങ്ങട് ധരിക്ക്യാ..
പോസ്റ്റുമ്മേൽ പോസ്റ്റർ, ആചാരവെടി, ദു:ഖാചരണ ഹർത്താൽ, ബാൻഡ് സെറ്റ് , കുഴിക്കടേൽ കാപ്പി, പതിനാറ്, നാല്പപത്തിയൊന്ന്, ഹിമാലയസാനുവിൽ ഭസ്മം വിതറൽ, അടുക്കള മാന്തി കുഴിച്ചിടൽ, മന്ത്രിയുടെ ഞെട്ടൽ, ആഴ്ചപ്പതിപ്പിൽ സചിത്ര ലേഖനം..മരണ മുഖങ്ങളിൽ വൈവിധ്യങ്ങൾ എത്ര... മലയാളി വളർന്നേ.,വളർന്നു.... എന്നങ്ങട് നീരീക്കാം....ല്ലേ?
കടിക്കുന്ന പട്ടി, നടുവൊടിക്കുന്ന റോഡ്, ഇടയ്ക്കൊക്കെ ഹർത്താൽ, ടോളിന്റെ ബൂത്ത്, ബൈക്കിന്റെ പാച്ചിൽ, ഫ്ലക്സിസിന്റെ ബോർഡ്, ഒഴിയുന്ന കുപ്പി, ഏമാന്റെ ഊതിക്കൽ, ഹെൽമറ്റിൻ പിഴകൾ.... സഞ്ചാര സാഹിത്യം... എന്നങ്ങു കരുതീൻ...
ഇടത്, വലത്, നടു പക്ഷം, ഭൂരിപക്ഷ, ന്യൂനപക്ഷ ,ദലിത്, വിശാലഹിന്ദു, വിശാല ക്രിസ്ത്യൻ, വിശാല മുസ്ലീം... പാർട്ടിയേതുമാകട്ടെ സ്വജനപക്ഷപാതം, വെട്ട്, കുത്ത്, കൊല, ഗ്വാഗ്വാ വിളി, ചാനൽ ചർച്ച ഹർത്താൽ, അതിന്റെ പേരിൽ തുടർ ഹർത്താൽ... ജനം ബന്ധിതർ... രാഷ്ട്ര മീമാംസയുടെ കേരള പരിപ്രേക്ഷ്യം എന്ന് അങ്ങട് നിരീക്കിൽ....
കവിവര്യൻ, കവി, ആധുനികൻ, ഉത്തരാധുനികൻ , ആർക്കും ഒരു --രും മനസ്സിലാകാത്ത അത്യുത്തരാധുനികൻ, എഫ് ബി കവി.... സാഹിത്യ കുക്കുട വൈജാത്യങ്ങൾ എന്നങ്ങട് നിരീക്കൂ....
ഷുഗർ, പ്രഷർ, ക്യാൻസർ, തൈറോയിഡ്, കിഡ്ണി , ഹാർട്ട് സർജറി.... രോഗങ്ങൾ... സ്റ്റാറ്റസുകൾ.. !
അമ്മത്തൊട്ടിൽ, വൃദ്ധസദനം !
വാണിഭം, പെൺവാണിഭം, പീഠനം, ചുംബനം, സദാചാരം.... ഇനിവരുന്നത് തണുപ്പുകാലമാ., എരിവും പുളിയുമായി ചുംബനക്കാർ ഇറങ്ങും എന്ന പ്രതീക്ഷയോടെ തല്ക്കാലം വൈവിധ കേരള വിഷയ സമാഹരണം ഉപസംഹരിക്കുന്നു.
എന്നിട്ടും കേരളം കേരളമാണേ...
ഏങ്ങക്ക് ബല്ലാത്ത തന്തോയമാണേ....
കേരളപ്പിറവി ദിനാശംസകൾ....
അജിത്.എൻ.കെ.-ആനാരി 01. 11. 2016

തിരികെ വരൂ....


വിഷാദങ്ങൾ പൂക്കുന്ന
ചില്ലയിലെ
കറുത്ത പക്ഷിയാണിന്നു
ഞാൻ
നോവുണർത്തുംതണുത്ത
മരണത്തിൻ
സ്വപ്നങ്ങളുടെ പ്രിയദർശിനി
എങ്ങുപോയിമാഞ്ഞു നീ
യെന്നിലെ നിറങ്ങൾ കവർന്നു
കറുപ്പുമാത്രംതന്നു പോയതെവിടെ
കോടക്കാറ്റിലെനിക്കു പുതക്കാനീ
യിരുളു,മോർമ്മകളും
ബാക്കിയാക്കി നീമാത്രമെന്തിനു
ദേശാടനക്കിളിപോൽ പറന്നൂ
കണ്ണീർപൂക്കളുതിർന്നു
കുതിർന്നൊരീ
കൊഴിഞ്ഞപൂക്കൾ സാക്ഷി
ഇനി നീവരുവോളമുറങ്ങാതെ
കാത്തിരിക്കും മൂകമെൻ
ചിരിപ്പൂക്കളും മൊഴിപ്പൂക്കളും
പ്രിയദേ...
ലിൻസി അരുൺ.

നീലിയാർ കോട്ടം


"ഈയ് കോട്ടത്തിൽ പോയിട്ടുണ്ടോ?" പെട്ടെന്നായിരുന്നു ചോദ്യം..
"കോട്ടോ, അതെന്താണ്?"...
നാരാണേട്ടന്റെ പീടികയിൽ ചായ കുടിക്കായിരുന്നു ഞങ്ങൾ.. മൂപ്പര് ചില്ല് ഗ്ലാസിൽ മാത്രേ ചായ കുടിക്കൂത്രേ.. ഇപ്പൊക്കെ എല്ലാടത്തും പ്ലാസ്റ്റിക് ഗ്ലാസിലാത്രേ ചായ കിട്ട്വാ.. അതോണ്ട് ഇവിടത്തെ പീടികേന്ന് കിട്ടണ ചായ കുടിക്കുമ്പോഴുള്ള സുഖം ഒന്ന് വേറെ തന്നെയാന്ന് എപ്പോഴും പറയും.. എപ്പോഴുംന്നെച്ചാ ഞങ്ങൾ പരിചയപ്പെട്ടിട്ടു രണ്ടു ദിവസേ ആയിട്ടുള്ളെ.. അതിന്റിടയിൽ ഇതും കൂട്ടി എട്ടാമത്തെ ചായയാ.. അപ്പോഴാണ് ഒരു കോട്ടം..
" ആ വെറും കോട്ടൊന്വല്ല... നീലിയാർ കോട്ടം.." ആ കുഞ്ഞി കണ്ണോൾ ഒക്കെ വിടർത്തി, നുണകുഴീം കാണിച്ച് , എന്നെ നോക്കി ചോദിച്ചു..
" എപ്പോഴാ പോണ്ടേ? ഇന്നെന്നെയായാലോ? വൈകീട്ട്‌ ?"..
" ഇന്നോ? ഇന്നെനിക്ക്‌ സെമിനാർ ഉള്ളതാ നാല് മണിക്ക് "..
" ഓ പിന്നേ.. ഇന്റെ ഒരു സെമിനാറ്.. ഇന്നമ്മൾ പോവാ.. നാലാകുമ്പൊ ഇങ്ങടെത്തണട്ടോ "..
ആ നോക്കാന്നും പറഞ്ഞ് ഗ്ലാസും വെച്ച് ഞാൻ കോളേജിലേക്ക് നടന്നു... ഇനി ഒരു അവറും കൂടി ക്ലാസുണ്ട് ..അത് കഴിഞ്ഞിറങ്ങണം.. അങ്ങനാണേൽ..പക്ഷെ.. കോട്ടമോ.. അയ്യോ എടെയാണാവോ..
തിരിഞ്ഞു നടന്നു.. മൂപ്പരെ കാണാനില്ലാ..
" നാരാണേട്ടാ, ഓരേടെ പോയി?"..
ദേ മോളേനും പറഞ്ഞ് ചൂണ്ടി കാണിച്ചു.. നോക്കുമ്പോണ്ട് ഒരു കൂട്ടം കുഞ്ഞി പിള്ളേരുടെ കൂടെ ഗോട്ടി കളിക്കുന്നു.. അതും റോഡിന്റെ സൈഡിൽ കുത്തിയിരുന്നിട്ട്.. പുറകിലൂടെ ചെന്ന് തലയിൽ ഒരു കൊട്ട് കൊടുത്തിട്ട് ചോദിച്ചു
" ഇതെന്താപ്പത്‌.. ഇങ്ങക്ക് ശെരിക്കും ജോലീം കൂലിയൊന്നും ഇല്ലേ? പിള്ളേരുടെ കൂടെ ഗോട്ടി കളിച്ചിരിക്കലാ?"..
ഗോ റ്റു യുവർ ക്ലാസെസ് എന്ന് പറഞ്ഞെന്നെ അപ്പൊ ഓടിച്ചു വിട്ടു..
" അല്ല, ഈ പറഞ്ഞ സ്ഥലത്തേക്ക് എത്ര ദൂരണ്ട് ?"..
" ഒരു മൂന്ന് കിലോമീറ്റർ ഇണ്ട്.. എന്തേ.. ഈടെ അടുത്താണ്.. നമ്മക്ക് നടന്നു പോകാം"..
" പിന്നേ നടക്കാനോ.. ഞാനെങ്ങുമില്ല.."
" എന്നാ പിന്നെ ഞാനെന്റെ ശകടോം എടുത്തങ്ങു വരാം..എന്തേ?"..
" സൈക്കിൾ ആയിരിക്കൂലോ ഇങ്ങടെ ശകടം"..
ആ നീ കണ്ടോ.. ഇപ്പൊ നീ പോന്നും പറഞ്ഞെന്നെ അയച്ചു. എന്നിട്ട് ഗോട്ടി കളി തുടർന്നു.. ഇതാണ് വൈശാഖൻ.. ആരാണ്, എന്താണ് എന്നൊന്നും എനിക്കും അറിയിലായിരുന്നുട്ടോ..
രണ്ടു ദിവസം കൊണ്ട് അറിയാത്തൊരാളുമായ് എങ്ങനിത്ര അടുത്തെന്നു ചോദിച്ചാൽ, അതിന് എനിക്കും ഉത്തരമില്ല.. അതായിരുന്നു വൈശാഖൻ..
ഒരു കാവി മുണ്ടും, പെയിന്റ് കറ വീണു നരച്ച ഒരു ഷർട്ടും, പാറിപ്പറക്കുന്ന മുടിയിഴകളും ആയാണ് ഞാൻ ആദ്യമായയാളെ കാണുന്നത്.. ഇടവപ്പാതിയിൽ തിമർത്തു പെയ്യുന്ന മഴയിൽ ഒരു കടത്തിണ്ണയിൽ ഇരിക്കുകയായിരുന്നു ഞാൻ.. കുട ഉണ്ടായിട്ടും കാര്യമുണ്ടാരുന്നില്ല.. അത്രയ്ക്ക് കാറ്റായിരുന്നു..
കോളേജിൽ പോകാൻ സമയം വൈകി അറ്റന്റൻസ് പോകുമെന്നുള്ള വിഷമത്തിൽ, നനയുന്നുണ്ടെങ്കിൽ നനയട്ടെന്നു വിചാരിച്ച് കുട നിവർത്തി ഞാൻ നടന്നു.. രണ്ടടി വെച്ചതും, എവിടെനാണെന്നറിയില്ല ആരോ ഒരാൾ എന്റെ കുടയിലേക്കു ഓടി കയറി..
ഒച്ച വെക്കണ്ട ഞാൻ ആ തിരിവ് വരേ ഉള്ളു എന്ന് പറഞ്ഞു.. ദേഷ്യം ആളിക്കത്തി ഞാൻ ആ മുഖത്തേക്ക് തീക്ഷ്ണമായൊന്ന് നോക്കി.. പക്ഷെ ആ മുഖം കണ്ടപ്പോൾ എല്ലാം അലിഞ്ഞില്ലാതായി.. തിളങ്ങുന്ന വെള്ളാരം കണ്ണുകളും, നുണക്കുഴി കാണിച്ചുള്ള കുസൃതി ചിരിയും.. അങ്ങനെ വേറൊന്നും മിണ്ടാതെ ഞങ്ങൾ നടന്നു..
" നല്ല കുടയാണല്ലോ.. ഇത് കണ്ടിട്ടാ ഞാൻ ശ്രദിച്ചേ"..
കറുപ്പിൽ നിറയെ വെള്ള പുള്ളികൾ ഉള്ള കാലൻ കുടയായിരുന്നു എന്റേത്..
ഉം ഞാൻ ഒന്ന് മൂളി..
" കുട്ടി കോളേജിലേക്കാ.. "..
"ഉം" ..
" എനിക്കൊരു ഉപകാരം ചെയ്യുമോ?"
"എന്താ?" ...
" ഈ കുട എനിക്കൊന്നു കടം തരുമോ.. പേടിക്കണ്ട .. പതിനൊന്നു മണിയാകുമ്പോഴേക്കും ഞാൻ തിരിച്ചു കൊണ്ട് തന്നോളാം'...
എന്നെ ഒന്നും പറയാൻ അനുവദിക്കാതെ അയാൾ തുടർന്നുകൊണ്ടേയിരുന്നു..
" അതൊന്നും പറ്റില്ല.. ഞാൻ ക്ലാസിലായിരിക്കും"..
അത് സാരില്ല.. ഞാൻ വാച്ച്മാന്റെ അടുത്ത് കൊടുത്തോളാംന് പറഞ്ഞു കോളേജ് വരാന്ത വരെ എന്നെ കൊണ്ടാക്കി കുടയും കൊണ്ടയാൾ നടന്നു പോയി..
കൃത്യം പതിനൊന്നായപ്പോൾ ഞാൻ പുറത്തിറങ്ങി നോക്കി..
ഇല്ല.. ആരുമില്ല..
വാച്ച്മാന്റെ അടുത്ത് പോയി ചോദിച്ചു..
" ചേട്ടാ ആരേലും ഒരു പുള്ളികുട കൊണ്ട് തന്നിരുന്നോന്ന്"..
ഇല്ല ..അയാൾ തറപ്പിച്ചു പറഞ്ഞു..
എന്റെ കണ്ണ് നിറഞ്ഞു പോയി.. ആറ്റു നോറ്റ് കൊറേ കടയിൽ കയറിയിറങ്ങി വാങ്ങിച്ച പുള്ളികുടയാണ്.. എവിടെയും കണ്ടു പരിചയം പോലും ഇല്ലാത്തോരാൾക്ക് ഞാൻ അത് കൊടുത്തയച്ചു, അത് പോയി, എന്നൊക്കെ ഞാൻ എങ്ങനെ മറ്റുള്ളവരോട് പറയും..
ഠോന്ന് പറഞ്ഞ് പുറകിൽ ഒരു ശബ്ദം.. തിരിഞ്ഞു നോക്കുമ്പോണ്ട് മൂപ്പര് കൂടേം പിടിച്ചു നീക്കണ്..
" പേടിച്ചൂലെ കുട പോയിന് വിചാരിച്ചിട്ട്?"..
" ഉം "..
ന്നാ മ്മക്കോരോ ചായ കുടിച്ചാലോ.. വാന്നും പറഞ്ഞ് പുറത്തേക്കു നടക്കാൻ തുടങ്ങി.. പുറകേ പോവുകയല്ലാതെ എനിക്ക് വേറെ നിവർത്തിയുണ്ടായിരുന്നില്ല.. നേരെ പോയത് നാരാണേട്ടന്റെ പീടികേലിക്കായിരുന്നു..
"പെയിന്റ് പണിക്കാരനാണോ ?".. ഞാൻ അവജ്ഞയോടെ ചോദിച്ചു..
" അല്ല, ഗ്രാഫിക് ഡിസൈനറാ"..
ങേ? ഞാൻ വിശ്വാസം വരാതെ നോക്കി..
അപ്പോൾ ദൂരെ ഒരു മതിൽ ചൂണ്ടി കാണിച്ചിട്ട് ചോദിച്ചു എങ്ങാനുണ്ടെന്ന്..
കാട് പിടിച്ചു കിടക്കുന്നൊരു സ്ഥലത്ത് മതിലിൽ, മനോഹരമായൊരു തെയ്യത്തിന്റെ പടം.. അതിന്റെ പുറകിൽ ഉള്ള മരങ്ങൾ തിരുമുടി പോലെ ഉയർന്നു നിൽക്കുന്നു.. അത്ഭുതം കൂറി ഞാൻ നോക്കികൊണ്ടിരുന്നു..
" ഞാൻ വരച്ചതാ".. കണ്ണിറുക്കി ചൂട് ചായ ഊതി കൊണ്ട് പറഞ്ഞു..
അപ്പൊ തുടങ്ങിയതാ ഈ ചായ കുടി.. കോളേജിലേക്ക് നടക്കുമ്പോൾ ഞാൻ ഓർത്തു .. ആ ചായയും, ഉച്ചക്കലെ ഊണും, മൂന്ന് മണീടെ ചായയും, അഞ്ചു മണീടെ ചായയും, പിന്നേം ഒരു ചായയും ഒക്കെ ഒരുമിച്ചായിരുന്നു.. ഹോസ്റ്റലിലെ പന്ന ഫുഡ് കഴിക്കണ്ട, രാത്രി കഴിച്ചോന്നു പറഞ്ഞു പുട്ടും, ചിക്കനും പാർസൽ വാങ്ങി തന്നിട്ടാണ് എന്നെ വൈകിട്ട് പറഞ്ഞ് വിട്ടത്..
പിറ്റേന്ന് രാവിലെ തന്നെ പുള്ളി ഹാജരായിരുന്നു.. കോളേജിൽ കൊണ്ടാക്കി പതിനൊന്നു മണിക്ക് നാരാണേട്ടന്റെ പീടിയേൽ വരണട്ടോന്ന് ഓർമിപ്പിച്ചു.. ദേ ഇപ്പൊ നീലിയാർ കോട്ടവും.. ഞാൻ പോകാൻ തന്നെ തീരുമാനിച്ചു..
ഹൃദയത്തിൽ ചെറിയൊരു താളപിഴയുമായി ജനിച്ച ഭാഗ്യദോഷിയായിരുന്നു ഞാൻ.. ഒരുപാട് ചികിത്സയും, വഴിപാടും ഒക്കെ നടത്തുന്നുണ്ടെങ്കിലും, മരണം ഏതു നിമിഷം വേണമെങ്കിലും എന്നെ വന്നു വിളിക്കാമെന്ന ചിന്ത എപ്പോഴും എന്റെ ഉള്ളിലുണ്ടായിരുന്നു.. അത് കൊണ്ട് ജീവിതത്തിൽ ഇങ്ങനെ കിട്ടുന്ന അപൂർവമായുള്ള സാഹസികതകൾ ഒന്നും വിട്ടു കളയാൻ ഞാൻ തയ്യാറല്ലായിരുന്നു..
അധികം സുഹൃത്തുക്കളും, ആളും, ആരവങ്ങളും ഒന്നും ഇല്ലാതിരുന്ന എന്റെ ജീവിതത്തിലേക്ക് കടന്നു വന്ന ആളായിരുന്നു വൈശാഖൻ.. വറ്റി വരണ്ട് ഉണങ്ങി കിടന്നിരുന്ന എന്റെ ജീവിതത്തിനു രണ്ട ദിവസം കൊണ്ടയാൾ പുതുജീവൻ തന്നു..
നാലായപ്പോൾ ഞാൻ പീടികേൽ എത്തി.. ഒരു പരിപ്പുവടേം കഴിച്ചിരിക്കുമ്പോഴാണ് മൂപ്പര് ഒരു ബുള്ളറ്റിൽ വരണേ.. വേഗം കേറടി.. ഭാഗ്യിണ്ടേൽ മ്മക്ക് തെയ്യം കെട്ട് കാണാം..
ഞാൻ ഒരു നോട്ടം പാതി കടിച്ചു കൈയിലിരിക്കുന്ന പരിപ്പുവടയെ നോക്കി.. ഹോ അതിന്റെടെലാ ഓളെ ഒരു പരിപ്പുവട.. എന്റെ കൈയിൽ നിന്ന് തട്ടിപ്പറിച്ച് ഒറ്റ വായയ്ക്ക് അത് അകത്താക്കി എന്നിട്ട് പുറകിൽ കേറാൻ പറഞ്ഞു..
കുറച്ചു ദൂരം പോയി വണ്ടി നിർത്തി സ്ഥലമെത്തിനു പറഞ്ഞ് എന്നെയിറക്കി.. ചുറ്റും നോക്കിയിട്ടും എനിക്കൊന്നും കാണാൻ കഴിഞ്ഞില്ല.. വണ്ടി സൈഡിൽ വെച്ചിറങ്ങി പുള്ളി രണ്ടു മരങ്ങൾക്കിടയിലൂടെ നടന്നു.. പുറകെ ഞാനും..
നഗരത്തിനു നടുവിൽ ഒളിഞ്ഞിരിക്കുന്ന പത്തൊമ്പതേക്കർ വിസ്തീർണം ഉള്ളൊരു കാട്.. അതായിരുന്നു നീലിയാർ കോട്ടം. തെയ്യം കെട്ടിയാടുന്നൊരു കാവ്.. ഉള്ളിലേക്ക് നടക്കുന്തോറും കുളിരും, കാറ്റും ഒക്കെ കൂടി പവിത്രവും ശാന്തവുമായൊരു കാവ്.. നിറയെ ചെടികളും, മാനം മുട്ടെ ഉയരമുള്ള മരങ്ങളും ഒക്കെ നിറഞ്ഞു നിൽക്കുന്നു...
"ച്ചെ.. ഇന്ന് തെയ്യം കെട്ട് ഇല്ലാന്ന് തോന്നുന്നു.. നമുക്ക് ഭാഗ്യം ഇല്ലന്ന് .. സാരല്യ ഉള്ളിൽ പോയി തൊഴാം".. പുള്ളി പറഞ്ഞു..
ഞാൻ മൂളി..
ചെടികൾക്കിടയിലൂടെ ചെറിയ ഒരു വഴി മാത്രം.. പക്ഷെ അതും പരിചയമില്ലാത്ത ആൾക്കാർക്ക് കണ്ടു പിടിക്കാൻ ബുധിമുട്ടാണ്..
എന്തോ കണ്ടപ്പോ ദേ അങ്ങോട്ട് നോക്കിയേന്നു പറഞ്ഞ എന്നെ "ഇവിടെ ഇങ്ങോട്ടും കൈ ചൂണ്ടരുത്ട്ടോ" എന്ന് പറഞ്ഞു ശകാരിച്ചു.
എന്നിട്ട് മുകളിൽ നിറഞ്ഞു നിൽക്കുന്ന മരങ്ങളുടെ ചില്ലകൾ കാട്ടി പറഞ്ഞു തന്നു.. " ഇതിനിടയിൽ ഒരു സ്പേസ് കണ്ടോ? അത് തെയ്യം നടന്നു പോകുമ്പോ തിരുമുടി എവിടെയും തട്ടാതെ പോകാൻ പ്രകൃതി ഉണ്ടാക്കിയതാണെന്ന്.. ഉയരമുള്ള തിരുമുടി ഒരു ഇല പോലും സ്പർശിക്കാതെ ഇതിലൂടെ കടന്നു പോകുമെന്ന്..
കുറേക്കൂടി മുന്നിലേക്ക് പോകുമ്പോൾ കുറച്ചു സ്ഥലം കണ്ടു.. അവിടെയാണത്രെ തെയ്യം കെട്ടിയാടുക..അവിടം വരെയേ ചെരുപ്പിടാൻ അനുവാദമുള്ളൂ.. ചെരുപ്പൂരി വെച്ച് പിന്നെയും മുന്നോട്ട് നീങ്ങി...ചെടികൾക്കിടയിൽ കുറച്ചു കൽപ്പടവുകൾ..
"സൂക്ഷിച്ചിറങ്ങണട്ടോ.. വഴുക്കളുണ്ടാക്കും" നു പറഞ്ഞു ആദ്യം ഇറങ്ങി എന്നെ കൈ പിടിച്ച് ശ്രദ്ധയോടെ ഇറക്കി..
ദൂരെ കാണാനുണ്ട് കല്ലുകൊണ്ടുണ്ടാക്കിയ ചെറിയൊരു മതിൽ.. ആ മതിൽകെട്ടിനകത്ത് വലിയ മരവും, പാറക്കല്ല് കൊണ്ടുള്ള പ്രതിഷ്ഠയും, വിളക്കും ഒക്കെ..
പോക്കറ്റിൽ നിന്ന് ചെറിയൊരു കുപ്പി എണ്ണയും, തിരിയും എടുത്ത് വിളക്കിലൊഴിച്ചു പുള്ളി.. എന്നിട്ട് കത്തിക്കാൻ നേരം എന്നോട് പറഞ്ഞു
"ഉവ്വാവു മാറാൻ ദേവിയോട് മനസ്സറിഞ്ഞ് പ്രാർത്ഥിച്ചോട്ടോ.. ഒക്കെ ബേദാവുംന്ന്‌ "..
അത്ഭുദത്തോടെ ഞാൻ ആ മുഖത്തേക്ക്‌ നോക്കി.. ഭംഗിയേറുന്നാ കള്ളച്ചിരി ചിരിച്ച് തരിച്ചു നിന്ന എന്റെ കൈകൾ കൂട്ടി പിടിച്ച്‌ തൊഴിച്ചു .. ഞാൻ മനമുരുകി പ്രാർത്ഥിച്ചു..
അത് കഴിഞ്ഞ് ചുറ്റും പ്രദിക്ഷിണം വെച്ച് പാറക്കല്ല് കൊണ്ടുണ്ടാക്കിയ ഒരു ഇരിപ്പിടത്തിൽ ഞങ്ങളിരുന്നു കുറച്ചു നേരം.. ഇനീം ഉളിൽ പോണോന്നു ചോദിച്ചു.. ഞങ്ങൾ എണീറ്റ് പിന്നേയും പിന്നേയും ഉള്ളിലേക്ക് നടന്നു..
ഇത് വരെ ഞാൻ കേൾക്കാത്ത പക്ഷികളുടെ ശബ്ദവും കാണാത്ത പൂമ്പാറ്റകളും നിറഞ്ഞതായിരുന്നു നീലിയാർ കോട്ടം.. പ്രകൃതിയിൽ അലിഞ്ഞ് നിന്ന എന്നോട് പുള്ളി പറഞ്ഞു..
" ഇവിടെ നിന്ന് നീ ഒച്ച വെച്ചാൽ പോലും പുറത്ത്‌ ഒരാൾ കേൾക്കില്ല" എന്ന്..
ഒരു നിമിഷം തരിച്ചു നിന്ന് പോയി ഞാൻ.. ആരാണെന്നോ എന്താണെന്നോ അറിയാതെ രണ്ടു ദിവസത്തെ പരിചയം മാത്രം ഉള്ള ഒരാളുടെ കൂടെ ഞാൻ കാറ്റിൽ ഒറ്റയ്ക്ക് .. നേരം ഇരുട്ടി തുടങ്ങിയിരുന്നു.. അയാൾ പറഞ്ഞത് ശെരിയാണ്.. ഞാൻ എത്ര അലറി വിളിച്ചാലും, കരഞ്ഞാലും പുറത്തു നിന്നൊരു പൂച്ച കുഞ്ഞു പോലും എന്റെ ശബ്ദം കേൾക്കില്ല..
വിളറി വെളുത്ത എന്റെ മുഖം കണ്ടിട്ടാണെന്നു തോന്നുന്നു.. പുള്ളി പൊട്ടിച്ചിരിച്ചു.. എന്നിട്ട് പറഞ്ഞു " ഈ കാട്ടിൽ നിറച്ചും ഔഷധ സസ്യങ്ങൾ ആണ്.. പക്ഷെ ഇത് തേടി ആരും ഇവിടെ വരാത്തത് എന്ത് കൊണ്ടാണെന്ന് അറിയോ?.. ഇവിടുന്നു ഒരു ചുള്ളികമ്പെടുത്താൽ അന്ന് പനിക്കുംന്നാ പറയാ.. അത്ര ശക്തിയാന്ന്"..
നേരം ഒരുപാട് വൈകി.. ഇരുട്ടുന്നതിനു മുൻപ് നമുക്ക് തിരിച്ചെത്തണ്ടേ.. പോവാം എന്ന് പറഞ്ഞു.. ഒരക്ഷരം മിണ്ടാതെ ഞങ്ങൾ രണ്ടു പേരും തിരിച്ചു നടന്നു.. കോട്ടത്തിനു പുറത്തിറങ്ങി വണ്ടി എടുത്ത് കയറാൻ പോകുമ്പോൾ നിറഞ്ഞു തുളുമ്പിയ കണ്ണുമായി ഞാൻ ചോദിച്ചു..
" എങ്ങനെ?"..
മുഴുമിക്കാൻ സമ്മതിക്കാതെ വിരൽ എന്റെ ചുണ്ടിൽ വെച്ച് പറഞ്ഞു
" എല്ലാം എനിക്കറിയാം.. ഞാൻ ഉണ്ടാകും കൂടെ.. പൊന്നു പോലെ ഞാൻ നോക്കിക്കോളാം.. അസുഖത്തെ നമുക്കൊരുമിച്ചു നേരിടാം.. ദൈവം എന്നും നമ്മുടെ കൂടെ ഉണ്ടാകുമെന്ന്"..
അന്ന് ഞങ്ങൾ തുടങ്ങിയത് ഒരുമിച്ചുള്ള ജീവിതയാത്രയായിരുന്നു.. ഇപ്പോൾ ഞങ്ങൾക്ക് കൂട്ട് അച്ഛന്റെ നുണകുഴികളുള്ള രണ്ടു വയസുകാരി ആത്മികയും, വെള്ളാരം കണ്ണുകളുള്ള ഞങ്ങളുടെ കുഞ്ഞു കണ്ണൻ ആദിദേവും...

By: haritha Unni

കിനാവള്ളികൾ പൂത്തപ്പോൾ


ഓട്ടോയിൽ ഇരിക്കുമ്പോളും അമ്മു അനിയേട്ടന്റെ പറ്റിമാത്രമാണ് ചിന്തിച്ചത്.. പെട്ടെന്ന് തന്നെ ഒഴിവാക്കാനുള്ള കാരണം എത്ര ആലോചിച്ചിട്ടും അവൾക്ക് പിടികിട്ടിയില്ല. അമ്പലത്തിൽ വരണം, തന്നെ കാണണം. കാണാത്തതുകൊണ്ട് ഉറങ്ങാനാവുന്നില്ല.. എന്നൊക്കെയല്ലേ ഫോണിലൂടെ തന്നോട് പറഞ്ഞത്. അതുകൊണ്ടല്ലേ അത്രയും റിസ്ക് എടുത്ത് വൈകുന്നേരം അമ്പലത്തിൽ എത്തിയത്. എന്നിട്ടെന്താ ഉണ്ടായത്. ഒന്ന് സംസാരിക്കാൻ പോലും പറ്റിയോ. താനും അനിയേട്ടനും ജനിച്ചുവളർന്ന നാട്. എത്ര വര്ഷം കഴിഞ്ഞാലും, എവിടെയെല്ലാം പോയാലും നാട് മറക്കാനാവുമോ. അറിയാവുന്ന ആരൊക്കെയുണ്ടാവും ക്ഷേത്രത്തിൽ. അതുകൊണ്ടല്ലേ താനങ്ങനെ ഒഴിഞ്ഞുമാറിപോയത്. ആൾക്കാർക്ക് പറയുവാൻ അധികമൊന്നും വേണ്ടല്ലോ.അനിയേട്ടനെ പിന്നെയും കാണാം. പക്ഷെ ഇപ്പോൾ തങ്ങൾ സംസാരിക്കുന്നത് ആരെങ്കിലും കണ്ടാൽ തനിക്ക് പിന്നീടൊരിക്കലും അദ്ദേഹത്തെ കാണാനാവില്ലല്ലോ. പക്ഷെ അനിയേട്ടന് അതൊന്നും മനസിലാവാഞ്ഞതാ അമ്മുവിനെ സങ്കടത്തിലാക്കിയത്. തിരികെ ഓട്ടോയിൽ വന്നുകേറുമ്പോളും വിഷണ്ണനായി തന്നെ നോക്കിനിൽക്കുന്ന അനിയേട്ടന്റെ മുഖം അമ്മു കണ്ടില്ലെന്നു നടിച്ചു. താമസിച്ചാൽ വീട്ടിൽ എന്തുപറയും എന്ന ചിന്തയായിരുന്നു അവളെ അലട്ടിയത്. ഇപ്പോൾ തന്നെ വളരെ താമസിച്ചു. അവിടുന്ന് തിരിക്കുമ്പോൾ അമ്പലത്തിൽ തൊഴുത്തിട്ടേ വരൂ എന്ന് അമ്മയോട് പറഞ്ഞിരുന്നതുകൊണ്ടാ അമ്മ ഇതുവരെ വിളിക്കാതിരുന്നത്.
'അമ്മേ '..... എന്നു വിളിച്ചുകൊണ്ടാണ് പടി കടന്നു ചെന്നത്. അമ്മ ഉമ്മറപ്പടിയിൽ നോക്കിനിൽപ്പുണ്ടായിരുന്നു.
'തൊഴുത്തുവന്നപ്പോൾ
ദീപാരാധനയ്ക്ക് നട അടച്ചു. അതാ അമ്മേ താമസിച്ചത്'.
ഒരു ക്ഷമാപണമെന്നപോലെ അമ്മയോട് പറഞ്ഞു.
'അത് നന്നായി മോളെ.. വല്ലപ്പോഴുമല്ലേ നീ അമ്പലത്തിൽ പോകാറ്.. '
, സമാധാനമായി.. തന്റെ അമ്മയാണല്ലോ തന്നെ മനസ്സിലാക്കിയിരുന്നത്. താനെന്നും തന്റെ ഇഷ്ടങ്ങൾ അനുസരിച്ചല്ലേ നടന്നിരുന്നത്. അതിനുള്ള അനുഭവങ്ങളും കിട്ടിയതാണല്ലോ. അന്നും അമ്മ മാത്രമായിരുന്നല്ലോ തന്നെ സപ്പോർട്ട് ചെയ്തിരുന്നതെന്ന് അമ്മു ഓർത്തു..
പെട്ടെന്നാണ് അനിയേട്ടനെക്കുറിച്ച് അമ്മു ഓർത്തത്. സങ്കടപ്പെട്ടാ പോയത്. തിരിച്ചു പോയിക്കാണുമോ ?..
വേഗം ബാഗിൽ നിന്നും ഫോണെടുത്തു. വിളിക്കാൻ പറ്റില്ല. അമ്മയുടെ ചോദ്യത്തിന് ഉത്തരം കൊടുക്കാൻ തന്നെക്കൊണ്ടാവില്ലല്ലോ. മെസ്സഞ്ചറിൽ മെസ്സേജ് അയക്കാനേ ഇനി പറ്റു.
വേഗം നെറ്റ് ഓൺ ആക്കി. അതാ അനിയേട്ടന്റെ വോയിസ് മെസ്സേജ്.. സന്തോഷം തോന്നി. അതോടൊപ്പം ആകെ ഒരു വെപ്രാളവും. എന്തായിരിക്കും .. ഹെഡ്‍ഫോൺ വെച്ച് മെസ്സേജ് ഓപ്പൺ ചെയ്തപ്പോൾ തളർന്നുപോയി.
"അമ്മു, ഇത്രദൂരം ഞാൻ കാറോടിച്ചു വന്നത് നിന്നെ കാണാനായിരുന്നു. നിന്റെ അടുത്തിരുന്നു കുറെ നേരം സംസാരിക്കാനായിരുന്നു. ആരും കാണാതെ ആ കവിളിൽ ഉമ്മ വെക്കാനായിരുന്നു. പക്ഷെ നീ ഒഴിവാക്കിപോകയാരുന്നല്ലോ. നിനക്ക് തരുവാനായി ഞാനൊരു സമ്മാനവും കൊണ്ടുവന്നിരുന്നു. എന്റെ അമ്മു, നിനക്കെങ്ങനെ എന്നെ ഒഴിവാക്കി പോകാൻ കഴിഞ്ഞു ".
അവൾക്ക് തലകറങ്ങുന്നതുപോലെ.
ബാക്കി കേൾക്കാൻ അവൾക്കായില്ല. അവൾ കസ്സേരയിൽ ഇരുന്നു..
'മോളെ, കഴിക്കാം.. ചോറെടുത്തു വെച്ചു. '
അമ്മ വീണ്ടും വീണ്ടും വിളിച്ചപ്പോൾ ഉള്ളിലെ സങ്കടം പുറത്തുകാട്ടാതെ ചോറ് കഴിച്ചു എന്നു വരുത്തി എഴുന്നേറ്റു.
ഫോൺ എടുത്തു മെസ്സേജ് കൊടുക്കാൻ ശ്രമിച്ചെങ്കിലും അനിയേട്ടൻ ഫോൺ ഓഫാക്കിയിരുന്നു...
കലുഷമായ മനസോടുകൂടിയാണ് അന്ന് കിടന്നത്. തിരിഞ്ഞും മറിഞ്ഞും കിടന്നു. ഉറക്കം ഏഴയലത്തുപോലും വന്നില്ല. പാതിരാത്രിയിലും ഫോൺ എടുത്തു നോക്കി. പക്ഷെ ഒരു മെസ്സേജും ഇല്ല.
എങ്ങനൊക്കെയോ നേരം വെളുത്തുകിട്ടിയാൽ മതി എന്ന ചിന്തയിൽ ആയിരുന്നു അമ്മു.
രണ്ടു മൂന്ന് ദിവസം യാതൊരു മറുപടിയും അനിയേട്ടന്റെ ഭാഗത്തുനിന്നും ഉണ്ടായില്ല. കുറെ മെസ്സേജുകൾ അങ്ങോട്ടയച്ചിട്ടും ഒരു മൂളലിലൂടെയെങ്കിലും പ്രതികരിച്ചെങ്കിൽ എന്നാഗ്രഹിച്ചുപോയ നിമിഷങ്ങൾ...
ദിവസങ്ങൾ ഇഴഞ്ഞു നീങ്ങിക്കൊണ്ടേയിരുന്നു. അനിയേട്ടന്റെ വിവരങ്ങൾ ഒന്നും തന്നെ അമ്മുവിനെ തേടിയെത്തിയില്ല.. ഇനി ആ മോഹം മറക്കുക മാത്രമേ കരണീയമായുള്ളു. അതോർക്കുമ്പോൾ ഉള്ളിലൊരു ആന്തൽ ഉണ്ടായി. ത നിക്കിനി അതിനു കഴിയുമോ..... അതിനായിരുന്നുവോ വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടുമുട്ടിയത്.
ഇന്നും ഓഫീസ് കഴിഞ്ഞു റൂമിൽ വന്നഉടൻ മെസ്സഞ്ചർ ഓൺ ആക്കിയതും അനിയേട്ടന്റെ ഒരു വോയിസ് കാൾ അമ്മുവിനെ കാത്തുണ്ടായിരുന്നു..
വേഗം ഓണാക്കി... "അമ്മു, ഞാൻ ഇന്നത്തെ ഫ്‌ളൈറ്റിൽ തിരികെ പോവുകയാണ്.. നാമിനി കണ്ടുമുട്ടിയെന്നു വരില്ല. അമ്മുന് നല്ലത് വരാൻ പ്രാർത്ഥിക്കാം..ബൈ അമ്മു "..
കട്ടിലിലേക്ക് വീണുപോയി അവൾ. തല കറങ്ങുന്നപോലെ.ആരെങ്കിലും തന്നെയൊന്നു താങ്ങിയിരുന്നെങ്കിൽ.. ഒരിക്കൽ കൂടി പതനം കൂടുതുറന്നു അവളുടെ അരികിലെത്തിയിരിക്കുന്നു.
രക്ഷപ്പെടാനാവാത്ത കയത്തിലേക്ക്അവളുടെ മനസ്സ് മുങ്ങിത്താഴുകയായിരിന്നു.........
......... ശ്രീ.............

ഫേസ് ബുക്ക് കഥാകാരി


ദിവസത്തിന്റെ മുക്കാൽ ഭാഗവും മുഖപുസ്തകത്തിൽ ചിലവഴിക്കുന്നതാണു നായിക. ഒരുവിധം എല്ലാ പേജുകളിലും കയറിയിറങ്ങി കഥയും കവിതയുമൊക്കെ വായിച്ച അവർക്കൊരോ ലൈക്കൊക്കെ കൊടുത്ത് അങ്ങനെ തീർക്കും ദിവസങ്ങൾ . ബാല്യകാലാനുഭവങ്ങൾ , ജീവിതാനുഭവങ്ങൾ, ആദ്യപ്രണയം, നഷ്ടപ്രണയം, എല്ലാമുണ്ടാകും വായിക്കാൻ .
ആഹാ ചിലതൊക്കെ തന്റെ ജീവിതം പോലെ തന്നെ .
നായികക്കൊരു ആഗ്രഹം, ന്നാ പിന്നെ ഞാനും തുടങ്ങട്ടെ ഇങ്ങനൊരു പേജ് ...ഇങ്ങനൊക്കെ എഴുതിയാ പോരെ കുറെ ലൈക്കും കിട്ടും ..നമ്മക്കും പതുക്കെ അങ്ങ് പ്രശസ്തയാവാം .
ചേട്ടാ എനിക്കൊരു ഡയറി വേണം . എനിക്ക് ഓരോന്നൊക്കെ എഴുതാനുണ്ട് .
പുള്ളിക്കാരി എഴുതിത്തുടങ്ങി മുഖപുസ്തകത്തിലോട്ട് പോസ്റ്റുകയും ചെയ്തു.
തന്റെ സ്കൂളുകളെ കുറിച്ച് , അദ്ധ്യാപകരെ കുറിച്ച്, വീടിനെ കുറിച്ച് , വീട്ടിലെ പട്ടി, പൂച്ച , കോഴി , ഒന്നിനേം വിട്ടില്ല . എല്ലാം എഴുതി.ഹോ ഞാനൊരു ഭയങ്കര സംഭവായികൊണ്ടിരിക്കയാണല്ലോ .
തന്റെ നിരാശ നിറഞ്ഞ ജീവിതത്തെ കുറിച്ചെഴുതിയപ്പോ ഇഷ്ടങ്ങളും അഭിപ്രായങ്ങളും കുന്നുകൂടി
സാന്ദ്വനവുമായി ഒരുപാട് പേരെത്തി . എല്ലാര്ക്കും ഓരോ സങ്കടം സ്മൈലിയും കൊടുത്തു .
നഷ്ടപ്രണയത്തെ കുറിച്ചെഴുതി .കാമുകനെ വാനോളം പുകഴ്ത്തി , സൗന്ദര്യവും സ്വഭാവവും ....പെട്ടെന്നൊരിക്കൽ അപ്രത്യക്ഷമായ കാമുകനെ , പ്രതീക്ഷ കൈവിട്ടപ്പോ വീട്ടുകാര് പറഞ്ഞയാളെ കല്യാണം കഴിച്ചത് എല്ലാമെഴുതി . പോസ്റ്റ് ചെയ്യേണ്ട താമസം അഭിപ്രായങ്ങൾ കുന്നുകൂടി . പ്രണയത്തിന്റെ നിർവ്വചനങ്ങൾ .
വായിച്ച പഴയ കാമുകൻ പോലും ഞെട്ടി ...'ഞാനിതൊക്കെയായിരുന്നോ'
ഒരു കമെന്റും കൊടുത്തു "എന്നിട്ടാണോടീ എന്നെ തേച്ചിട്ട് പോയത് , അയൽപക്കത്തുള്ള ഞാൻ എങ്ങോട്ട് അപ്രത്യക്ഷമായെന്നാ "
രാത്രി ജോലി കഴിഞ്ഞു വന്ന ചേട്ടൻ പറഞ്ഞു, നാളെ വീട്ടീ പൊയ്ക്കോ നിരാശ മാറട്ടെ എന്നു. "ഇതൊക്കെ എന്നോട് നേരിട്ട് പറഞ്ഞ പോരായിരുന്നോ എന്തിനാ നാട്ടുകാരെ അറിയിക്കുന്നെ " എന്നും
എല്ലാം ഒരു സങ്കല്പമായിരുന്നു എന്നു എങ്ങനെ പറയും.

By: 

മത്സരത്തിനുള്ള കഥ - ചീര വില്പനക്കാരിയുടെ മകൻ


ഒരു വൈകുന്നേരം.... 
നഗരത്തിലെ പ്രധാന കവലയിൽ വച്ചാണ് അവരെ ഞാൻ ആദ്യമായി കണ്ടത്.... ഒരു കുട്ടയിൽ നിറയെ പലതരത്തിലുള്ള ചീര വിൽക്കുന്ന ഒരു ബംഗാളി യുവതിയും അവരുടെ നാലു വയസ്സ് തോന്നിക്കുന്ന മകനേയും.. എന്റെ മനസ്സിൽ ഒരു കൊള്ളിയാൻ മിന്നി... വിവാഹ മോചനത്തിനു ശേഷം അമ്മയുടെ തണലിൽ വളരുന്ന എന്റെ മകന്റെ അതേ പ്രായം.. അതേ രൂപം..... മാസത്തിൽ രണ്ടു ദിവസം മാത്രം എന്റെ സംരക്ഷണയിൽ കഴിയുന്ന മകന്റെ ദയനീയത ഒരു പ്രതിഫലനം പോലെ, മറ്റൊരു ഭാവത്തിൽ ഞാൻ ആ ബംഗാളി കുട്ടിയിൽ കണ്ടു........................ എന്റെ മകന് എല്ലാം ഉണ്ട് ... പക്ഷേ..... അച്ഛന്റെ വാത്സല്യം കിട്ടുന്നത് തുലോം തുച്ഛമാണ്.. എന്നാൽ കളിക്കേണ്ട പ്രായത്തിൽ ...എല്ലാം നിഷേധിക്കപ്പെട്ട്.... നല്ല ഉടുപ്പോ... കളിപ്പാട്ടങ്ങളോ..... ഭക്ഷണമോ.. ഇല്ലാതെ ക്ഷീണിച്ച് അമ്മയുടെ മടിയിൽ ....തിരക്കേറിയ കവലയിൽ... പാതി മയക്കത്തിൽ ഉറങ്ങുന്ന ഈ കുട്ടി എങ്ങനെ എന്റെ കണ്ണു നനയിക്കാതിരിക്കും? . എനിക്ക് കുട്ടികൾ ജീവനാണ്..... അവർക്കിടയിൽ എന്റേതെന്നോ.... നിന്റേതെന്നോ.... വേർതിരിവ് കാണിക്കാറില്ല...... എല്ലാം ദൈവത്തിന്റെ മക്കൾ........ ഒരിക്കൽ ഞാൻ കുറച്ച് ചോക്കലേറ്റ് വാങ്ങി അവന്റെ കയ്യിൽ കൊടുത്തു.. ആദ്യമായി കാണുന്നതു പോലെ.... അത്ഭുതത്തോടെ.... അവൻ ആ ചോക്ലലേറ്റ് നോക്കി ക്കൊണ്ടേയിരുന്നു.... മുഷിഞ്ഞ വസ്ത്രങ്ങൾ മാത്രമേ അവന് ധരിക്കാനുണ്ടായിരുന്നുള്ളൂ..... പകൽ മുഴുവൻ ചീര വിറ്റാൽ എന്തു കിട്ടാനാണ്? ആഡംബര ഷോപ്പുകളിൽ വലിയ വില കൊടുത്ത് സാധനങ്ങൾ വാങ്ങുന്ന പലരും ചീര വാങ്ങുന്നതിന് വില പേശുന്നത് കാണുമ്പോൾ വിഷമം തോന്നും...... ഒരു ദിവസം രാവിലെ ജോലിക്കു പോകുമ്പോൾ അവൻ അമ്മയുടെ മടിയിൽ മൂടിപ്പുതച്ച് ഉറങ്ങുന്നതാണ് കണ്ടത്... വൈകുന്നേരം തിരികെ വരുമ്പോൾ ആ സ്ത്രീയുമായി വഴക്കു കൂടുന്ന ഒരാളെ കണ്ടു.... അവരുടെ ഭർത്താവായിരുന്നു അത്.... മദ്യം വാങ്ങാൻ രൂപ നൽകാത്തതിന്റെ പേരിലായിരുന്നു വഴക്ക്.... അവസാനം അവരുടെ കൈയിൽ നിന്നും പഴ്സ് തട്ടിപ്പറിച്ച് അയാൾ അടുത്ത മദ്യവിൽപ്പനശാലയിലേക്ക് നടന്നു... പനി പിടിച്ചിരിക്കുന്ന കുട്ടിയെ ആശുപത്രിയിൽ കാണിക്കുവാൻ വച്ചിരുന്ന രൂപയാണ് അയാൾ തട്ടിപ്പറിച്ചത്

ഞാൻ അവരെയും കൂട്ടി തൊട്ടടുത്ത ആശുപത്രിയിലെത്തി.... പോഷകാഹാരക്കുറവ് കാരണം കുട്ടിക്ക് പ്രതിരോധശേഷി നഷ്ടപ്പെട്ടിരുന്നു... അവന് വേണ്ട മരുന്നും മറ്റും ഞാൻ വാങ്ങിക്കൊടുത്തു. പിറ്റേ ദിവസം വീട്ടിലിരുന്നിരുന്ന കുറച്ച് വസ്ത്രങ്ങൾ ഞാൻ അവന് നൽകി.... നീണ്ട ഒരവധിക്കു ശേഷം പിന്നീട് ഞാൻ കാണുമ്പോൾ അവൻ കുറച്ച് ആരോഗ്യവനായിരുന്നു.....അന്നു വൈകുന്നേരം ഓഫീസിൽ നിന്ന് തിരിച്ചു വരുമ്പോൾ കവലയിൽ ഒരാൾക്കൂട്ടം കണ്ടു... എന്താണെന്നറിയാൻ ആൾക്കൂട്ടത്തിനിടയിലൂടെ നോക്കിയ എന്റെ ഹൃദയം പൊട്ടി തകർന്നതു പോലെ തോന്നി....ബംഗാളിക്കുട്ടിയുടെ അമ്മ ചോരയിൽ കുളിച്ചു കിടക്കുന്നു.... കൈയിൽ ചോരപുരണ്ട കത്തിയുമായി അവന്റെ അച്ഛൻ പോലീസുകാർക്കൊപ്പം..... എല്ലാം കണ്ട് പകച്ച് നിലവിളിക്കുന്ന കുട്ടി... മദ്യത്തിനു വേണ്ടിയുള്ള അയാളുടെ മുറവിളി അവസാനം ആ സ്ത്രീയുടെ മരണത്തിലാണ് കലാശിച്ചത്.... ആൾക്കൂട്ടത്തിൽ നിൽക്കുന്ന എന്നെ കുട്ടി ദയനീയ ഭാവത്തോടെ നോക്കുന്നുണ്ടായിരുന്നു.... പോലീസ് വാനിൽ കയറ്റി അവനെ കൊണ്ടു പോകുമ്പോൾ അവന്റെ കുഞ്ഞികൈകൾ എന്റെ നേർക്ക് ഉയരുന്നുണ്ടായിരുന്നു.... നിയമത്തിന്റെ കുരുക്കുകൾ എന്നെ വരിഞ്ഞു മുറുക്കാതിരുന്നാൽ .... അവനെ ഏറ്റെടുക്കാം എന്ന പ്രതീക്ഷ മാത്രം ബാക്കി വച്ച് ഞാനും നടന്ന കന്നു......... 

ഹരിമേനോൻ ~ ~ ~ ~
..

എറണാകുളം മറൈൻഡ്രൈവിലെ ഒരു സായാഹ്നം


ഫ്ലാറ്റുകളിലെ ഓടകളിൽ നിന്നുള്ള ചീജലം കായലിലേക്ക് ഒഴുക്കുന്നത് കൊണ്ടാകാം പടിഞ്ഞാറൻ കാറ്റ് കായലോളപരപ്പുകളെ തഴുകി മൂക്കിലേക് വലിഞ്ഞു കയറുമ്പോൾ വല്ലാത്തൊരസ്വസ്ഥത തോന്നി.എന്നാലും സൂര്യസ്തമയത്തിലെ അരുണകിരണങ്ങൾ കായലോളങ്ങളിലും അങ്ങിങ്ങായി ചിതറിക്കിടക്കുന്ന ആഫ്രിക്കൻ പായലുകളിലും തട്ടി പ്രതിഫലിക്കുമ്പോൾ ഉള്ള മനോഹാരിത അവർണനീയം തന്നെ.അങ്ങകലെ രണ്ടു കൂറ്റൻ കപ്പലുകൾ വലിയ കയറുകളാൽ തുറമുഖമായി ബന്ധിച്ചിരിക്കുന്നു.കപ്പലുകളിലെ പുകക്കുഴലുകളിൽ നിന്നും ഉയർന്നുപൊങ്ങുന്ന പുക അതിലെ ജീവനക്കാരുടെ രാപ്പകലില്ലാത്ത അധ്വാനത്തിന്റെ പ്രതീകം എന്നോണം അന്തരീക്ഷത്തിൽ നിഴലിച്ചു നിൽക്കുന്നു.കടലിന്റെ മാറിലേക്ക് അണയാൻ വെമ്പൽകൊള്ളുന്ന കായലിന്റെ നിശബ്ദ സൗന്ദര്യം വെറുതെയങ്ങു കണ്ടുനിൽക്കാൻ തന്നെ എന്ത് രസമാണ്.
ചക്രവാളങ്ങളെ വാരിപ്പുണരുന്ന കടലിനു ഒത്തിരി കഥകൾ നമ്മോടു പങ്കുവെക്കാനുള്ളത് പോലെ.കറുത്തമുത്തും മഞ്ഞലോഹവും കൊള്ള യടിക്കാനീവശ്യസൗന്ദര്യ ഭൂമികയിൽ ആർത്തിയോടെ പാഞ്ഞെത്തിയ വിദേശികളുടെ നൊസ്റ്റാൾജിയ മുതൽ ,വാണിജ്യ താല്പര്യത്തിനായി അവളുടെ ( കടലിന്റെ) മാറിലേക്ക് കത്തികുത്തിയിറക്കി ചെളികോരുന്ന ഡ്രഡ്ജിങ് കപ്പലുകളോടുള്ള അമർഷം മുതൽ, ആധുനികസംസ്ക്കാരത്തിന്റെ മേനിനടിക്കലിനായി ചീട്ടുകൊട്ടാരം പോലെ ഉയർത്തിക്കെട്ടിയ ഫ്ളാറ്റുകളും സ്ഥാപനങ്ങളും ഒഴുക്കുന്ന വിഷമാലിന്യം നശിപ്പിക്കുന്ന തന്റെ അരുമയായ മൽസ്യകുഞ്ഞുങ്ങളുടെ സങ്കടം മുതൽ, എന്തിന് അധികം,അന്നത്തെ അന്നത്തിനായി വമ്പൻ തിരകളെ കീറിമുറിച്ചു അഴിമുഖത്തിനപ്പുറം മൽസ്യസമ്പത്തു തേടിപ്പോകുന്ന മുക്കുവകുടുംബങ്ങളുടെ പട്ടിണിയുടെ കദനകഥകൾ വരെ, അങ്ങനെ അങ്ങനെ എന്തൊക്കെ പറയാനുണ്ടവൾക്ക് .അവളുടെ നിശബ്ദമായ കഥ പറച്ചിലിനിടയിൽ ആരോ എന്നെ തട്ടി വിളിച്ചു...
"സർ ..ബോട്ടിങ്.. ഒരുമണിക്കൂർ ബോട്ടിങ്...60 രൂപ.. ഒരു കൗതുകത്തിന് ഞാൻ ചോദിച്ചു..എന്തൊക്കെയാണ് കാണിക്കുക..അയാൾ വാചാലനായി.. സർ.. ഒരു മണിക്കൂർ മ്യൂസിക് ബോട്ട് യാത്ര..കപ്പൽ ചാനലിലൂടെയാണ് യാത്ര.കപ്പലുകളെ അടുത്ത് കാണാം .വളരെ വലിയ കപ്പലുകളാണ് ..ദൂരെ നിന്നും നോക്കുന്നത് പോലെയല്ല അടുത്തു ചെന്നാൽ ...അത് വേറെ ഒരു രൂപമാണ്.പിന്നെ ബോൾഗാട്ടി പാലസിനടുത്ത് പോകും ..വൈപ്പിനും വല്ലാർപ്പാടവും അടുത്ത് കാണാം" ....വർഷത്തിന്റെ മുക്കാൽ ഭാഗത്തോളം കപ്പലിൽ ജോലി ചെയ്തു കപ്പലിനോട് തന്നെ വിരക്തി തോന്നിയ ഒരാളിനോടാണ് താൻ ഇങ്ങനെ വാചലനാകുന്നത് എന്നറിയാതെ അയാൾ പറഞ്ഞു നിർത്തി ..."സർ ടിക്കറ്റ് എടുക്കട്ടേ"...ഞാൻ സ്നേഹത്തോടെ നിരസിച്ചു.എന്നാലും മനസിലൂടെ ഒരു കാര്യം കടന്നുപോയി .തന്റെ വാക്ചാതുര്യം കൊണ്ട് ദിവസം മുഴുവൻ കൊച്ചിയുടെ സൗന്ദര്യത്തെ വാനോളം പുകഴ്ത്തുന്ന ഈ ബോട്ട് ജീവനക്കാർ അവന്റെ തുപ്പൽ വറ്റിച്ചു മുതലാളിയുടെ കീശയിൽ എത്തിക്കുന്ന വലിയ തുകയിൽ നിന്നും ,അവന്റെയും അവന്റെ കുടുംബത്തിന്റെയും വയറ്റിപ്പിഴപ്പിന് വേണ്ടിയാണല്ലൊ എന്നോട് ഇത്രയും നേരം സംസാരിച്ചത് എന്ന് ആലോചിച്ചപ്പോ ആ ബോട്ട് യാത്രക്ക് പോകാത്തതിൽ വല്ലാത്തൊരു കുറ്റബോധം തോന്നി.ആ സങ്കടത്തിന്റെ ഹാങ്ങ് ഓവറിൽ ഇരുന്നത് കൊണ്ടാണോ എന്തോ, പിന്നാലെ വന്ന കപ്പലണ്ടിക്കാരനിൽ നിന്നും കപ്പലണ്ടി വാങ്ങി അയാൾക്ക് നേരെ പത്തു രൂപ നീട്ടിയപ്പോൾ എന്തോ വലിയ കാര്യം ചെയ്ത ചരിതാർഥ്യം തോന്നി എനിക്ക്.
പെട്ടെന്ന് പിന്നിൽ നിന്നും ഒരു വിളി.."
മോനെ കൈ നോക്കട്ടെ...ഭൂതം ഭാവി എല്ലാം പറയും"..ഭൂതം അറിയണ്ട...കഴിഞ്ഞുപോയത് അറിഞ്ഞിട്ട് എന്തുകാര്യം.പിന്നെ ഭാവി..അത് നിങ്ങൾ പറഞ്ഞാൽ പിന്നെ അത് കൊണ്ട് ഒരു ടൈംടേബിൾ ഉണ്ടാക്കി,മരിക്കുവോളം അത് നോക്കി ജീവി്ച്ചാൽ പോരെ..എന്റെ പരിഹാസം ആ സ്ത്രീയെ വേദനിപ്പിച്ചിരിക്കണം എന്ന് അവരുടെ മറുപടിയിൽ നിന്ന് എനിക്ക് മനസിലായി..."മോനെ... വയറ്റിപ്പിഴപ്പിന് വേണ്ടിയാ...കളിയാക്കണ്ട..മോന്റെ പ്രായം ഉള്ള ഒരു മകൻ എനിക്കും ഉണ്ട്.അവൻ എന്റെ വയറു നിറച്ചിരുന്നെങ്കിൽ മോന്റെ ഭാവി പറഞ്ഞു ദക്ഷിണക്ക് വേണ്ടി എനിക്ക് യാചിക്കേണ്ടി വരില്ലായിരുന്നു"....
മോനെ എന്നാവിളിയിൽ ഏതൊരു മാതാവും അവരുടെ മക്കൾക്കിടുന്ന സ്നേഹ-വാത്സല്യ കടിഞ്ഞാണിന്റെ ശക്തി ഉള്ളത് പോലെ എനിക്ക് തോന്നി.ക്ഷമാപണ ഭാവേന ഞാൻ പറഞ്ഞു..എന്റെ കൈ നോക്കിക്കൊള്ളു.. ദക്ഷിണ തരാം..
അവരുടെ മുഖത്ത് സന്തോഷം നിഴലിച്ചു .എന്റെ കൈവെള്ളയിൽ പിടിച്ചു അവർ എന്തൊക്കെയോ പ്രവചനങ്ങൾ നടത്തിയപ്പോ എന്റെ ഉപബോധമനസ് അവരുടെ ജീവിതത്തിന്റെ പിന്നാമ്പുറങ്ങളിലെ കറുത്തകാഴ്ചകൾക്കായി അലയുകയായിരുന്നു.എന്തൊക്കെയോ ഞാൻ മൂളിക്കേട്ടു.എന്നിട്ട് ഞാൻ ചോദിച്ചു..നിങ്ങളുടെ മക്കൾ?
കണ്ഠമിടറിക്കോണ്ട് അവർ തുടർന്നു... രണ്ടു മക്കൾ .എനിക്കിപ്പൊ വയസു 55 കഴിഞ്ഞിരിക്കുന്നു..ജീവിതത്തിലെ താങ്ങും തണലായും നിന്ന ഭർത്താവു 4 വര്ഷം മുൻപ് എന്നെവിട്ടു പോയി.കൂലിവേല ചെയ്ത് കഷ്ടപ്പെട്ട് മക്കളെ വലുതാക്കി.നല്ല വിദ്യാഭ്യാസം നൽകി.6 സെന്റ് സ്ഥലവും അതിൽ ഒരു ചെറിയ വീടും ആണ് അങ്ങേര് ഉണ്ടാക്കിയ സമ്പാദ്യം.. പഠിപ്പിച്ചു മിടുക്കരാക്കിയ രണ്ടു ആണ്മക്കളില്ലേടി നമുക്ക്.അവർ പോന്നു പോലെ വാഴിക്കും നമ്മളെ എന്ന് അങ്ങേര് എപ്പോഴും പറയുമായിരുന്നു.എന്നാൽ അങ്ങേരുടെ കാലശേഷം വന്നുകയറിയ പെണ്ണുങ്ങളുടെ വാക്കുകേട്ടു ചാഞ്ചാടുന്ന നട്ടെല്ലില്ലാത്ത ആണ്മക്കളെയായിരുന്നല്ലോ ഞാൻ പത്തുമാസം ഗർഭം ചുമന്നത് എന്ന് തോന്നിപ്പിക്കുന്ന സംഭവങ്ങൾക്ക് പിന്നീടുള്ള ദിവസങ്ങൾ സാക്ഷിയായി.മക്കൾക്ക് അമ്മയെക്കാൾ ഇഷ്ട്ടം സ്വത്തിനോടുള്ള ഭ്രമം ആയെന്നു മനസിലായപ്പോൾ, പിന്നീട് അവർ കാണിച്ച അവഗണന എന്നെ ഇപ്പോഴത്തെ കാക്കാലത്തിയാക്കി മാറ്റി..
ഏതൊരു വയറിന്റെ വിളിക്ക് ഉത്തരം നൽകാനാണോ ആ അമ്മ യാചിക്കുന്നത് അതിലായിരുന്നില്ലേ അവർ രണ്ടു മക്കളെ പത്തുമാസം ചുമന്നത്.അതെ വയറിൽ മക്കളുടെ ചവിട്ടും തൊഴിയും സഹിച്ചു മരണത്തെക്കാൾ വേദനയുള്ള പ്രസവവേദന സഹിച്ചു അവരെ പാലൂട്ടിയത് ഇങ്ങനെ ഒരു അവഗണനക്കായിരുന്നോ.?ആ വയറിലെ പൊക്കിൾകൊടി ആയിരുന്നില്ലേ ആ മക്കളെ താങ്ങിക്കെട്ടിയിരുന്ന ഏറ്റവും ബലമുള്ള ചരട്.?.അതിനേക്കാൾ വില നീ വന്നു കയറിയ പെണ്ണിന്റെ പാവടച്ചരടിനു നൽകിയതെന്തിനായിരുന്നു?ആ വയറിൽ നിന്നും പുറംതള്ളാത്ത ആർത്തവരക്തം തളം കെട്ടിയതിൽ നിന്നല്ലേ നീ ആദ്യ പ്രാണവായു എടുത്തത്.?എന്നി്ട്ടിപ്പൊ ഒരു ചാൺ വയറിന്റെ ഒരുപിടി ചോറിനായി തളർന്ന കാലും ക്ഷീണിച്ച മനസുമായി എന്നെപ്പോലുള്ളവരുടെ കൈവെള്ളയിലെ രേഖകളുടെ തെളിമ നോക്കേണ്ടിവരുന്നു ആ പാവത്തിന് എന്ന് ചിന്തിച്ചിരിക്കുമ്പോൾ വീണ്ടും ഒരു വിളി...
"മോനെ..മനസും ശരീരവും വല്ലാതെ തളർന്നിരി ക്കുന്നു.മനസിന്റെ ഇഷ്ട്ടത്തിനു അനുസരിച്ചു കാലുകൾക്ക് ചുവടുവാക്കാനാകുന്നില്ല..ഇനിയിതുപോലെ എത്ര നാൾ എന്നറിയില്ല മോനെ"....
ഒത്തിരി കരഞ്ഞു ശീലച്ചതുകൊണ്ടാകാം അവരുടെ കണ്ണുകളിൽ നിന്നും പുറത്തേക്ക് ഒഴുകാതെ തളം കെട്ടി നിന്ന കണ്ണീരിന്റെ ഉപ്പിന് ഞാൻ നോക്കിയിരുന്ന ,എന്നോട് കഥ പറഞ്ഞിരുന്ന കടലിന്റെ ഉപ്പിനെക്കാൾ സാന്ദ്രത കൂടുതൽ ഉള്ളത് പോലെ തോന്നി എനിക്ക്.
ഞാൻ നൽകിയ ദക്ഷിണ മടിക്കുത്തിലേക്ക് തിരുകി എന്നോട് യാത്ര പറഞ്ഞപ്പോൾ എന്റെ കടക്കണ്ണിൽ നിറഞ്ഞ കണ്ണുനീർ മറ്റുള്ളവർ കാണാതെ തുടക്കാൻ ഞാൻ നന്നേ പ്രയാസപ്പെട്ടു.ലോകം വലുതായപ്പോ മനുഷ്യ മനസ്സ് എത്രയോ എത്രയോ ചെറുതായിപ്പോയി എന്ന് തോന്നിയ നിമിഷം..ആ അമ്മയെ പോലുള്ള ഒരുപാട് അമ്മമാർക്ക് ജീവിച്ചിരുന്നപ്പോൾ നൽകാത്ത ഒരുപിടി ചോറ് നാളെ ബലി ചോറായി നൽകിയാൽ മോക്ഷം കിട്ടും എന്ന് കരുതുന്ന ആധുനിക തലമുറക്ക് സമർപ്പിക്കുന്നു ഈ കുറിപ്പ്.....

എനിക്ക് പറയുവാനുള്ളത് ...


എനിക്ക് പറയുവാനുള്ളത് ...
നിളയുടെ കരയിൽ
തണല് പരത്തും
തരുവിനുമുണ്ട് 
തഴച്ച വിഷാദം ...
നിറവിൻ മറവിൽ
നിഴലായ് നീറും ചില്ലകൾ
ചീന്തി എറിഞ്ഞവർ നിങ്ങൾ. .
മണ്ണിൻ മടിയിൽ തടയണ ഏകിയ വേരുകൾ. ..
സ്വാർത്ഥത തീർത്തൊരു മഴുവിൻ ശൗര്യം തീർത്തു തകർത്തുറയുക അല്ലേ നിങ്ങൾ...
മഴമേഘങ്ങൾ മായുകയല്ലേ
മല മേടുകളും ചാരുതയും കളകളം ഇളകും അരുവികളും പുളകം ചാർത്തും കുരുവികളും
അരുണിമയേകും പൂവുകളും ..
ഊഷര മാനവ മാനസമെന്ന പോൽ ഈർഷ്യ ചുരന്നു തുരത്തുകയല്ലേ ...
മരുഭൂവിൽ മദ ഗന്ധമുണർത്തി
മണിമാളികകൾ കെട്ടി ഉയർത്തി ....
കുരുതി കൊടുക്കുകയല്ലേ നിങ്ങൾ ....
കരുതുക ....!
സ്വർഗ്ഗ പൂങ്കാവനമിതു
പൊരുതുക കൊഴിയാതെ അഴകുവഴിഞ്ഞിട്ട് ഇതൾ വിരിയട്ടെ പോയ വസന്തം ...!
ജി.....

കവിതയേ... നിനക്ക് ഞാൻ എന്ത് നല്കും?


എൻ കനവുകൾ കോർത്തൊരു വരികൾ നല്കും
വരികളിൽ നിറയുമൊരു മൊഴികൾ നല്കും
മൊഴികളിൽ തെളിയുമൊരഴക്‌ നല്കും 
അഴകിലും വിലയാർന്നൊരറിവ് നല്കും
അറിവിനെ അക്ഷരങ്ങളാൽ അരുമയാക്കും
അക്ഷരങ്ങളെ ആത്മാവിൻ ഭാഷയാക്കും
ആത്മാവിനു ചിന്തകളാൽ ചന്തമേകും
ചിന്തകളാൽ കവിതയ്ക്കൊരു പുനർജ്ജന്മമേകും
***സൗമ്യ സച്ചിൻ***

ഞങ്ങളും യെന്തിരനും കൂടി


ഒരു ദീപാവലി ആഘോഷിക്കാൻ ഞങ്ങളും യെന്തിരനും കൂടി ചെന്നൈ സിറ്റിക്ക് കുറച്ചു അകലെയുള്ള തിരുമഴിശൈ എന്ന ഗ്രാമത്തിലേക്ക് പോയി. യെന്തിരൻ ... അവനെ അങ്ങനെയാണ് ഞങ്ങൾ വിളിച്ചിരുന്നത്.. രജനികാന്തിന്റെ യെന്തിരൻ വരുന്നതിനു കുറച്ചു നാൾ മുൻപാണ് ഈ യെന്തിരൻ ഞങ്ങളുടെ കയ്യിൽ എത്തിപ്പെട്ടത്.. ഞങ്ങൾ എന്ന് പറഞ്ഞാൽ ഞാനും അപ്പുവും പിന്നെ രാമനും.
രാവിലെ എണീറ്റ് പുസ്തക കെട്ടുമായി ബസ്സിൽ ഇടിച്ചു കയറി ഇന്സ്ടിട്യൂട്ടിൽ പോകാൻ ഉള്ള ബുദ്ധിമുട്ടു കൊണ്ടാണ് ഒരു സ്കൂട്ടറോ ബൈക്കോ വേണം എന്ന് തോന്നിയത്..പക്ഷെ അതിനുമാത്രം ഉള്ള സാമ്പത്തിക സ്ഥിതി ഇല്ല താനും.അപ്പോഴാണ് രാജേഷിന്റെ കയ്യിൽ ഉള്ള ഒരു ബൈക്കിന്റെ കാര്യം അറിഞ്ഞത്.. രാജേഷിന്റെ പഴയ സഹമുറിയാനായിരുന്ന ശബരി പലപ്പോഴായി കടം വാങ്ങിയതെല്ലാം കൂടി ചേർത്ത് ഏകദേശം 2500 രൂപ രാജേഷിനു കൊടുക്കാൻ ഉണ്ടായിരുന്നു.. ഒടുവിൽ ഒരു നാൾ ശബരി മുറി ഒഴിഞ്ഞപ്പോൾ ഈ വണ്ടിയുടെ അവകാശം കൊടുക്കാനുള്ള കാശിനു പകരമായി തീറെഴുതി കൊടുത്തു.. ബൈക്കോടിക്കാൻ അറിയാത്ത രാജേഷ് പട്ടിയുടെ കയ്യിൽ കിട്ടിയ പൊതിക്കാത്ത മുഴുവൻ തേങ്ങാ പോലെ രണ്ടു രണ്ടര വർഷമായി അതു സൂക്ഷിക്കുകയാണ്
ഒടുവിൽ രാജേഷുമായി സംസാരിച്ചപ്പോൾ അവൻ ആ ശകടം 500 രൂപക്ക് തരാം എന്ന് സമ്മതിച്ചു.. പക്ഷെ വണ്ടിക്കു ബുക്കും പേപ്പറും ഒന്നും ഇല്ല.. വണ്ടിയോടിക്കാൻ ലൈസൻസ് ഇല്ലാത്ത എനിക്ക് അതൊരു വലിയ പ്രശ്നമായി തോന്നിയില്ല...
അങ്ങനെ ഞാനും അപ്പുവും രാമനും കൂടി ബൈക്ക് നിർത്തിയിട്ടിരുന്ന ഷെഡിൽ എത്തി... ഞങ്ങൾക്ക് അവിടെ ബൈക്ക് കാണാൻ സാധിച്ചില്ല.. കണ്ടത് ഒരു കെ.ബി 100 ന്റെ അസ്ഥികൂടം.. സീറ്റ് കീറി പറിഞ്ഞിരിക്കുന്നു
പിന്നെ പലയിടത്തും പെയിന്റ് ഇല്ല... എവിടെയൊക്കെയോ തുരുമ്പിച്ചിട്ടുണ്ട് ..പിന്നെ അവിടെന്നും ഇവിടുന്നും ഒക്കെ.. എന്തൊക്കയോ കേബിളും വയറും ഒക്കെ പൊട്ടി തൂങ്ങി കിടപ്പുണ്ട്..ഒറ്റനോട്ടത്തിൽ കണ്ടാൽ അത് ഒരു ബൈക്ക് ആണെന്ന് പറയില്ല... എന്തിനോ വേണ്ടിയുള്ള ഒരു യന്ത്രം ആണെന്നെ പറയുകയുള്ളൂ...
അപ്പു തന്റെ മാസ്റ്റർ പീസ് ആയ മുഖം ചളിപ്പിക്കുന്ന ഭാവം പുറത്തെടുത്തു.. " അല്ല അഞ്ഞൂറ് രൂപയ്ക്കു വല്യ നഷ്ടം ഇല്ല അല്ലെ?"
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു.. പക്ഷെ രാമന്റെ മുഖത്തു സന്തോഷം.. "നമ്മൾ ഒരു ബൈക്ക് വാങ്ങുന്നുണ്ടെങ്കിൽ ഇത് മതി.. നല്ല കണ്ടിഷനിൽ ഒള്ള പുത്തൻ ബൈക്ക് ഏതു ഊളകൾക്കും ഓടിക്കാം .. പക്ഷെ ഇത് പോലെ ഒന്നോടിക്കണമെങ്കിൽ കഴിവ് വേണം.. നമുക്ക് ഇത് തന്നെ ഉറപ്പിക്കാം" രാമൻ പറഞ്ഞു..
"പക്ഷെ ഇത് ഓടുമോ എന്ന് ആദ്യം നോക്കണ്ടേ?"... അപ്പു ചോദിച്ചു...
"ഏയ് .. അതൊന്നും പേടിക്കണ്ട... വണ്ടി നല്ല ഉഗ്രൻ കണ്ടീഷൻ അല്ലെ.. ഒരിത്തിരി വലിവ് കുറവാണെന്നേ ഒള്ളു.. " രാജേഷ് പറഞ്ഞു..
വലിവ് കുറവാണെങ്കിലും നല്ല ചുമ ഉണ്ടെന്നു അത് സ്റ്റാർട്ട് ചെയ്തപ്പോൾ എനിക്ക് മനസിലായി.. നല്ല കഫ കെട്ടുള്ള ഒരു വൃദ്ധൻ ബീഡി വലിച്ചിട്ടു ചുമക്കുന്ന ശബ്ദത്തിൽ അവൻ സ്റ്റാർട്ട് ആയി... എനിക്ക് തോന്നി ഇത് വെറും ബൈക്ക് അല്ല.. ഞങ്ങൾക്ക് യാത്ര ചെയ്യാൻ ഉള്ള ഒരു യന്ത്രം ആണെന്ന്.. അപ്പോൾ തന്നെ അവനു പേരും ഇട്ടു.. യെന്തിരൻ...
അങ്ങനെ ഞാനും അപ്പുവും രാമനും നല്ല സുഖമായി യെന്തിരനെയും കൊണ്ട് പോലീസിന്റെ കണ്ണിൽ പെടാതെ കറങ്ങി നടന്നു.. രാമൻ പറഞ്ഞത് ശരിയായിരുന്നു.. എന്തിരന്റെ ഓടിക്കാൻ പ്രത്യേക കഴിവ് തന്നെ വേണം .. എന്റെ അറിവിൽ ആ കഴിവ് രാമന് മാത്രമേ ഉണ്ടായിരുന്നുള്ളു.. അത് കൊണ്ട് തന്നെ രാമൻ ആണ് അത് ഇപ്പോഴും ഓടിക്കാറ് .. ഞങ്ങൾ പിൻ സീറ്റിൽ ഇരിക്കാറേ ഒള്ളു.. അവനു ആ വണ്ടിയോടു പ്രത്യേക ഒരു സ്നേഹം ഉണ്ടെന്നു എനിക്ക് തോന്നി.....
അങ്ങനെ ഇരിക്കുമ്പോൾ ദേ വരുന്നു ദീപാവലി.. കൂട്ടത്തിൽ എന്റെ തിരുമഴിശൈയിൽ ഉള്ള അമ്മാവന്റെ ഒരു കോളും .. ഇത്തവണ ദീപാവലി അവിടെ അമ്മാവന്റെ വീട്ടിൽ ആഘോഷിക്കാം എന്ന്.. എന്റെയും അനിയൻ അപ്പുവിന്റെയും കൂടെ രാമനും ക്ഷണം കിട്ടി.
ദീപാവലിയുടെ തലേ ദിവസം ആയതിനാൽ ചെന്നൈയിൽ മുഴുവൻ തിരക്കാണ്.. എവിടെയൊക്കയോ ഇത്രയും നാളും ഒളിച്ചിരുന്ന ആളുകൾ ഒക്കെ ഒരുമിച്ചു പുറത്തു ചാടിയത് പോലെ തോന്നി എനിക്ക്.. എല്ലാ ഇടത്തും തിരക്കോടു തിരക്ക് തന്നെ .. ബസ്സിൽ കയറി പോകുന്നതിനെ കുറിച്ച് ചിന്തിക്കാനേ പറ്റില്ല.. ഒടുവിൽ ഞങ്ങൾ ആ തീരുമാനത്തിൽ എത്തി.. 2 ഉം കല്പിച്ചു യെന്തിരനിൽ ട്രിപ്പിൾ അടിച്ചു പോകുക.. ഈ തിരക്കിനിടക്ക് പോലീസ് കൈകാണിക്കും എന്ന് പേടിക്കണ്ട.. അങ്ങിനെ ഞങ്ങൾ യെന്തിരനിൽ കയറി ഒരു ദീർഘ യാത്രക്ക് തിരിച്ചു..
വഴിയിലെ ബ്ലോക്കും തിരക്കും ഞങ്ങൾ വിചാരിച്ചതിലും ഒരുപാടു കൂടുതൽ ആയിരുന്നു.. പക്ഷെ രാമൻ തന്റെ കഴിവ് ഉപയോഗിച്ച് കിട്ടുന്ന ഇടവഴിയിലൂടെയും റോഡിനു സൈഡിലൂടെ പോകുന്ന പറമ്പിലൂടെയും ചെളിയിലൂടെയും പാറപ്പുറത്തൂടെയും എന്നു വേണ്ട സകല വഴിയിലൂടെയും അതി സാഹസികം ആയി ഓടിച്ചു.. പോകുന്ന വഴിക്കൊക്കെയും യെന്തിരന്റെ ചില ഭാഗങ്ങൾ ഒക്കെ കൊഴിഞ്ഞു പോകുന്നുണ്ടോ എന്നെനിക്കു തോന്നി.. അങ്ങനെ ഒരു വിധം ഞങ്ങൾ തിരു മഴിശൈയിൽ എത്തി..
പിറ്റേ ദിവസം സൂര്യ പ്രകാശത്തിൽ നോക്കിയപ്പഴാണ് യെന്തിരന്റെ ഒരു ഇന്റികേറ്ററും ഒരു ഫൂട്ട് റെസ്റ്റും ഒരു കണ്ണാടിയും പിന്നെ എനിക്ക് പേരറിയാത്ത പല പാർട്സും കഴിഞ്ഞ ദിവസത്തെ സാഹസിക യാത്രയിൽ നഷ്ടപെട്ടു എന്ന്.. യെന്തിരന്റെ പരുവം കണ്ട അമ്മാവൻ തിരിച്ചു അതിൽ പോകണ്ട എന്ന് വഴക്കു പറഞ്ഞെങ്കിലും വണ്ടി പോകുന്ന വഴിയിൽ വർക്ക് ഷോപ്പിൽ കൊടിത്തിട്ടു ബസ്സിൽ പൊക്കോളാം എന്നൊക്കെ പറഞ്ഞു ഞങ്ങൾ യെന്തിരനുമായി തന്നെ തിരിച്ചു പോയി..
പോകുന്ന വഴിക്കു യെന്തിരന്റെ ബാക്കി ഭാഗങ്ങളും അടർന്നു പോകുന്നതിനു ഞങ്ങൾ സാക്ഷിയായി,.. ചെന്നൈ ഏകദേശം എത്താറായപ്പോൾ വണ്ടി ഓടിക്കുന്നിടയിൽ രാമൻ ഇടയ്ക്കിടെ താഴേക്ക് കുനിഞ്ഞു കൈ കൊണ്ട് എന്തോ ചെയ്യുന്നത് കണ്ടു.. എന്താണെന്നു ചോദിച്ചപ്പോൾ ആശാൻ പറയുകയാണ്.. ഞാൻ അത് ഗിയർ മാറുന്നതാണ് എന്ന്.. അപ്പോൾ തന്നെ വണ്ടി അവിടെ നിർത്തി ബസ്സ് കയറിയോ വല്ല ഓട്ടോ പിടിച്ചോ പോകാം എന്ന് ഞാനും അപ്പുവും പറഞ്ഞു.. പക്ഷെ രാമൻ കേട്ടില്ല.. കാരണവൻമാർ ചെയ്ത പുണ്യം കൊണ്ട് ഒരു വിധത്തിൽ തിരിച്ചു ഹോസ്റ്റലിൽ എത്തി..
ഒരു വണ്ടി കേടുവരുന്നതും അപകടത്തിൽ നശിച്ചു പോകുന്നതും ഒക്കെ കണ്ടിട്ടും കേട്ടിട്ടും ഉണ്ട്.. പക്ഷെ അന്ന് ആദ്യമായി ഒരു വണ്ടി തീർന്നു പോകുന്നത് ഞാൻ കണ്ടു..
പിറ്റേ ദിവസം ഭാസ്കരേട്ടന്റെ കടയിൽ ചായ കുടിച്ചുകൊണ്ട് നിൽക്കുമ്പോൾ ആ വണ്ടിയുടെ അവസ്ഥ കണ്ടു 2 പോലീസ് കാർ അത് പെറുക്കി കൊണ്ട് പോകുന്നത് ഞങ്ങൾ കണ്ടു.. ഞങ്ങൾ ഒന്നും മിണ്ടാൻ നിന്നില്ല .. മിണ്ടിയാൽ 500 രൂപയുടെ വണ്ടിക്കു 2000 രൂപ പിഴ അടയ്ക്കേണ്ടി വന്നേനേ .. ഇന്നും ചെന്നൈ സാം ബസാർ പോലീസ് സ്റ്റേഷന് മുൻപിൽ അവകാശികൾ ഇല്ലാതെ അവൻ കിടപ്പുണ്ട്.. ഞങ്ങളുടെ യെന്തിരൻ.. രാമൻ ഇപ്പോഴും ചെന്നൈയിൽ പോകുമ്പോൾ പോലീസ് സ്റ്റേഷന് മുന്നിലൂടെ ഒന്ന് പോവും... യെന്തിരന്റെ ഒന്ന് കാണാൻ വേണ്ടി മാത്രം ..
ശ്രീറാം എസ്

വേരുകള്‍ നഷ്ടപ്പെട്ടവര്‍


ഫാത്ത്മ പത്തുവര്‍ഷത്തിലധികമായി എന്റെ അയല്‍ക്കാരിയാണ്. അവര്‍ പൊതുവെ ഉംമെഹ്മൂദ് എന്നപേരിരലാണ് സ്വയം പരിചയപ്പെടുത്തുക. 
അതായത് മെഹ്മൂദിന്റെ അമ്മ. 
കുറച്ചടുപ്പമായതിനു ശേഷമാണ് സ്വന്തം പേരു പറഞ്ഞു തന്നത്. 
ഫാത്മ പാലസ്തീന്‍ സ്വദേശിയാണ്. 
ഈജിപ്തുകാരനായ ഭര്‍ത്താവിനും നാലു കുട്ടികള്‍ക്കുമൊപ്പം ഖത്തറില്‍ താമസമായിട്ട് ഇരുപതു വര്‍ഷമായത്രെ. സമ്പന്നമായ കുടുംബം. ഇംഗ്ളീഷ് വളരെക്കുറച്ചേ വഴങ്ങൂ, അതുകൊണ്ട് എപ്പോഴെങ്കിലുമേ ഞങ്ങള്‍ സംസാരിയ്ക്കൂ, അതും അറബിയും ആംഗ്യവും കലര്‍ത്തി. ചിലപ്പോള്‍ അവരുടെ മകള്‍ ദ്വിഭാഷിയായുണ്ടാവും. ഉയരുന്ന ജീവിതച്ചിലവിനെപ്പറ്റി, വീട്ടുവാടകയെപ്പറ്റി, കാലാവസ്ഥാവ്യതിയാനങ്ങളെപ്പറ്റി ഞങ്ങള്‍ ഉത്കണ്ഠപ്പെടാറുണ്ട്. ഇന്ത്യയെപ്പറ്റി, കേരളമെന്ന നാടിനെപ്പറ്റി ഒരുപാട് ചോദ്യങ്ങളുമുണ്ട്. 
ഇടയ്ക്കെല്ലാം ഭക്ഷണങ്ങള്‍ കൈമാറാറുമുണ്ട്. അങ്ങിനെയൊരിയ്ക്കലാണ് നിറകണ്ണുകളോടെ പറഞ്ഞത്.. 
അവര്‍ക്ക് സ്വദേശത്തേയ്ക്കൊരു മടക്കമില്ല. ആഭ്യന്തരകലാപവേളയില്‍ കുടുംബമൊത്ത് പലായനം ചെയ്യുകയായിരുന്നു. അമ്മയും ഏഴു കൂടപ്പിറപ്പുകളും ഇവിടെത്തന്നെ. എല്ലാവരും സാമാന്യം നല്ലനിലയില്‍, പക്ഷേ സ്വന്തം നാടില്ല. ഫാത്മയുടെ കുട്ടികള്‍ക്ക് അച്ഛന്റെ രാജ്യത്തെ പൗരത്വമുണ്ട്. അവര്‍ അവധിയ്ക്ക് അവിടെ പോയി വരാറുണ്ട്. 
ഫാത്മയ്ക്ക് പക്ഷെ യാത്രാരേഖകളോ അനുമതിപത്രമോ ഇല്ല. അതുകൊണ്ടുതന്നെ, അവര്‍ ഇവിടം വിട്ടുപോകാതെ തുടരുകയാണ്. ബാല്യകാലം ചിലവഴിച്ച തന്റെനാടിനെക്കുറിച്ച് ആവേശപൂര്‍വ്വം പറഞ്ഞതോര്‍ക്കുന്നു. മുഴുവല്‍ മനസ്സിലായില്ലെങ്കിലും അരുവികളും പാറക്കെട്ടുകളും മലനിരകളുമുള്ള ഒരുനാടും, ആട്ടിന്‍പറ്റങ്ങളും പൂന്തോട്ടവുമുള്ള ഒരുവീടും ഞാന്‍ സങ്കല്പത്തില്‍ കണ്ടു. ഇന്നങ്ങിനെയൊരു വീടവിടെയില്ല എന്ന് ഞെട്ടലോടെയറിഞ്ഞു. 
അങ്ങിനെ വേരുകള്‍ നഷ്ടപ്പെട്ട എത്രയോ പേര്‍!! മറ്റൊരു നാട്ടില്‍ വേരുപിടിപ്പിയ്ക്കാന്‍ നിര്‍ബന്ധിയ്ക്കപ്പെട്ടവര്‍. സ്വന്തം നാടിനു പകരം മറ്റൊന്നുമില്ലന്ന് വിശ്വസിയ്ക്കുന്നവര്‍.. 
ദീപാവലിയ്ക്ക് ഉമ്മറവാതിലിനപ്പുറം മണ്‍ചെരാതുകളില്‍ ദീപം തെളിയിയ്ക്കുമ്പോള്‍ പതിവുപോലെ ഫാത്മ വാതില്‍തുറന്നു. ഫെസ്റ്റിവല്‍ ഓഫ് ലൈറ്റ്സ്..ഞാന്‍ വിശദീകരിച്ചു.. ഒരല്പം മധുരവും കൊടുത്തു. യെസ്.. അവര്‍ തലകുലുക്കി. പിന്നെ സുഖാന്വേഷണങ്ങള്‍.. സ്ഥിരം ചോദ്യവും, വെന്‍ ഗോയിംഗ് ഇന്ത്യ? ഞാന്‍ പറഞ്ഞു..ഇന്‍ഷാ അള്ളാഹ് നെക്സ്റ്റ്ഇയര്‍ . 
പിന്നെ മടിച്ചാണെങ്കിലും ചോദിച്ചു.. യൂ ട്രാവെലിംഗ് ദിസ് ഇയര്‍? ഫാത്മ സങ്കടത്തോടെ നിഷേധപൂര്‍വ്വം തലയാട്ടി. എല്ലാംശരിയാവുമെന്ന എന്റെ ഭംഗിവാക്ക് അവര്‍ക്കാശ്വാസമാവുമോ? ഇന്‍ഷാള്ളാ നെക്സ്റ്റിയര്‍ ഗോ.. ഞങ്ങളൊന്നിച്ചു പറഞ്ഞു.. ചെരാതിലെ ദീപനാളങ്ങള്‍ ഒന്നുലഞ്ഞു വീണ്ടും തെളിഞ്ഞുകത്തി. ജന്മനാടിനെക്കുറിച്ചോര്‍ക്കാന്‍ ഫാത്മ ഒരു നിമിത്തമായതും ഇന്നു കേരളപ്പിറവിദിനമായതും കേവലം യാദൃച്ഛികമല്ല, മനഃപൂര്‍വ്വം മാത്രം. നാളികേരത്തിന്റെനാട്ടിന്ല്‍ സ്വന്തമായി ഒരുപിടി മണ്ണും ഒരുകൊച്ചുകൂടും ഉള്ളതെത്ര ആശ്വാസവും അഭിമാനവുമാണ്!! 
ആഴത്തിലോടുന്ന വേരുകള്‍ തന്നെയാണ് പ്രവാസമെന്ന സ്ഥാനപ്പകര്‍ച്ചയെ ഏതുമണ്ണിലും പിടിച്ചു നിര്‍ത്തുന്നത്. .... 

രാധാസുകുമാരന്‍.

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo