Showing posts with label ഹരിമേനോൻ. Show all posts
Showing posts with label ഹരിമേനോൻ. Show all posts

വിനോദയാത്രയുടെ വിവരണം

Image may contain: 1 person, closeup and indoor
ജിസിഡിഎയിൽ നിന്നും കഴിഞ്ഞ ഒക്ടോബറിൽ നടത്തിയ പരുന്തുംപാറയിലേക്കുള്ള വിനോദയാത്രയുടെ വിവരണം മനോരമ പത്രത്തിന് അയച്ചുകൊടുത്തിരുന്നു... പ്രസ്തുത യാത്രാവിവരണം സമ്മാനാർഹമായി ഇന്നത്തെ മനോരമ പത്രത്തിൽ പ്രസിദ്ധീകരിച്ചത് സന്തോഷപൂർവ്വം പങ്കുവയ്ക്കുന്നു..............

..................ഇത്തവണത്തെ ജി.സി.ഡി എ.ഓഫീസിൽ നിന്നുമുള്ള വിനോദയാത്ര പരുന്തുംപാറയിലേക്കായിരുന്നു.... പരുന്തുംപാറ കേരളത്തിന്റെ വിനോദ സഞ്ചാര ഭൂപടത്തിലേക്ക് ചേക്കേറിയിട്ട് കുറച്ചു നാളുകൾ മാത്രമെ ആയിട്ടുള്ളൂ... കഴിഞ്ഞ ഒക്ടോബർ മാസത്തിലെ രണ്ടാം ശനിയാഴ്ചയായിരുന്നു ഞങ്ങളുടെ യാത്ര.. രാവിലെ 8 മണിക്ക് ഓഫീസിൽ നിന്നും ഒരു ബസ് നിറയെ ആളുണ്ടായിരുന്നു... കുടുംബസമേതമാണ് യാത്ര.... കടവന്ത്രയിൽ നിന്നും തലയോലപറമ്പ് - പാല റൂട്ടിലൂടെയുള്ള യാത്ര.... ബസിനുള്ളിൽ ഡാൻസും പാട്ടുമായി നല്ല ഓളം.... ഇടയ്ക്ക് പ്രഭാത ഭക്ഷണത്തിനു മാത്രമായി ഒരിടത്തു നിർത്തി... ഇടുക്കി ജില്ലയിലാണ് പരുന്തുംപാറ.... വിനോദസഞ്ചാര മേഖലകളായ വാഗമണിനും പീരുമേടിനും വളരെ അടുത്ത്..മുണ്ടക്കയം ഒക്കെ കഴിഞ്ഞുള്ള യാത്ര വളരെ രസാവഹമായിരുന്നു.... ഇരുവശവും പ്രക്യതി രമണീയമായ കുന്നുകളും താഴ്വരകളും... എല്ലാം പച്ച പരവതാനി നിറച്ച പോലെ മനോഹരം.. ഇടയ്ക്ക് ചെറിയ ജലധാരകളും കാണാം... നട്ടുച്ചയ്ക്കും കോടമഞ്ഞ് തൊട്ടുതലോടി പോകുന്ന ചെറിയ താഴ്വരകൾ....റോഡ
ിനോടു ചേർന്നു ചെറിയ ഒരു വെള്ളച്ചാട്ടത്തിനടുത്ത് വണ്ടി നിർത്തി... കുറച്ചു ഫോട്ടോകളും സെൽഫിയും എടുത്തു... സ്ഫടികം പോലെ തിളങ്ങുന്ന തണുത്ത ജലം കൊണ്ട് മുഖം കഴുകി യാത്രയുടെ ക്ഷീണം മാറ്റി.... ചെറിയ മരങ്ങളിൽ യാത്രക്കാർ എറിഞ്ഞു നൽകുന്ന ഭക്ഷണത്തെ നോക്കിയിരിക്കുന്ന കുട്ടി കുരങ്ങുകൾ ഒരു കൗതുകമായിരുന്നു.... യാത്ര വീണ്ടും തുടർന്നു.. ഏകദേശം ഒരു മണിയോടു കൂടി പരുന്തുംപാറയിലെത്തി... ബസ്സിൽ നിന്നിറങ്ങി ചുറ്റുപാടും ഒന്നു നോക്കി... ഭൂമിയിലെ സ്വർഗ്ഗമാണോ എന്നു തോന്നിപ്പോയി.... ചുറ്റിനും മനോഹരമായ ചെറിയ കുന്നുകളും താഴ്വരകളും... പച്ച പുതച്ച് മനസ്സിനെ കുളിർപ്പിച്ചു... ഭക്ഷണ സമയമായതിനാൽ അവിടെ ബസ്സ് ഒതുക്കി അതിനുള്ള ഏർപ്പാടുകൾ തുടങ്ങി... ഉച്ചഭക്ഷണം കഴിഞ്ഞ് ചെറിയ ഗ്രൂപ്പുകളായി തിരിഞ്ഞ് കാഴ്ചകൾ ആസ്വദിക്കുവാൻ തുടങ്ങി... ഉച്ചവെയിൽ മാറിയതോടെ കുന്നുകളും താഴ്വരകളും നിറഞ്ഞ പ്രദേശം മുഴുവൻ പച്ചപ്പിൽ നിന്നും സുവർണ്ണനിറമായി.... ആകാശം വ്യക്തമായിരുന്നതിനാൽ അകലെ ശബരിമല കാടുകൾ കാണാമായിരുന്നു.... ശബരിമലയിലെ മകരജ്യോതി ഇവിടെ നിന്നും കാണാമെന്ന് പറയുന്നു... ആ പ്രദേശം മൊത്തത്തിൽ ഒന്നു വീക്ഷിച്ചാൽ ഒരു പരുന്തു പറന്നിറങ്ങുന്നതു പോലെ ആയിരുന്നു... ഒരു പക്ഷേ അതിനാലാകാം പരുന്തുംപാറ എന്ന് അറിയപ്പെടുന്നത്... എടുത്തു പറയാവുന്ന മറ്റൊന്ന് ഇവിടത്തെ 'സൂയിസൈഡ് പോയിന്റാണ് '. ഇവിടെ നിന്നും താഴേക്കു നോക്കിയാൽ കണ്ണെത്താത്ത നിഗൂഢ താഴ്വരയാണ്.. നമുക്കു തല കറങ്ങുന്നതായി അനുഭവപ്പെടും... ടാഗോർ ഹെഡും അവിസ്മരണീയമായ ഒരു കാഴ്ചയാണ്.... ചിലയിടങ്ങളിൽ ചരിഞ്ഞ കുന്നുകൾ ഉണ്ട്.... ശ്രദ്ധയോടെ നടന്നില്ലെങ്കിൽ അപകടം ഉണ്ടാകുവാൻ സാദ്ധ്യതയുണ്ട്.. അവിടവിടെയായി ചെറിയ ചായക്കടകളുണ്ട്... ചെറിയ തണുപ്പിൽ ചൂടുചായ കുടിക്കുവാൻ നല്ല രസമായിരുന്നു... അപ്പോഴേയ്ക്കും സമയം അഞ്ചു മണിയോട് അടുത്ത്... എല്ലാവരും ചേർന്ന് കുറച്ച് ഫോട്ടോ എടുത്തപ്പോഴേക്കും പനിനീർ തളിക്കുന്ന പോലെ മഴത്തുള്ളികൾ വീണു തുടങ്ങിയിരുന്നു.. പുൽ പ്രദേശം മുഴുവൻ കോടമഞ്ഞ് പുതപ്പിച്ച് തുടങ്ങിയിരുന്നു.. കോടമഞ്ഞ് ഒഴുകി പോകുന്നതു കാണുവാൻ ഒരു പ്രത്യേക ഭംഗി തന്നെയുണ്ടായിരു
ന്നു..... അതും ആസ്വദിച്ച് ഞങ്ങൾ മടക്കയാത്ര ആരംഭിച്ചു.... ക്ഷീണം തോന്നിയതേയില്ല... പാട്ടും ഡാൻസുമൊക്കെ വീണ്ടും തുടങ്ങി... തിരിച്ച് മുണ്ടക്കയത്ത് ഒരു ഹോട്ടലിൽ നിന്നും രാത്രി ഭക്ഷണം കഴിച്ച് പതിനൊന്നര മണിയോടെ എറണാകുളത്തെത്തി...... ഇടുക്കി ജില്ലയിലെ പീരുമേടിൽ നിന്നും 6 KM ഉം തേക്കടിയിൽ നിന്നും 25 KM ഉം അകലെയായി സ്ഥിതി ചെയ്യുന്ന പരുന്തുംപാറ ഒരു എകദിന വിനോദയാത്രയ്ക്ക് പറ്റിയ സ്ഥലമാണ്... കോട്ടയം - കുമളി നാഷണൽ ഹൈവേയിൽ നിന്നും 3 KM അകലെയാണ്.. വളർന്നു വരുന്ന ഒരു വിനോദ സഞ്ചാര കേന്ദ്രമായതിനാൽ താമസ സൗകര്യങ്ങളുടെ കുറവുകളുണ്ട്... മനസ്സിൽ എന്നും കുറിച്ചു വയ്ക്കാവുന്ന ഒരു വിനോദയാത്ര തന്നെയായിരുന്നു പരുന്തുംപാറയിലേതെന്ന് നിസ്സംശയം പറയാവുന്നതാണ്....

By: hariMenon

ഫേയ്സ്ബുക്ക്


ഫെയ്സ് ബുക്കിൽ അയാളുടെ സൗഹൃദാഭ്യർത്ഥന വന്നപ്പോൾ വീണയ്ക്ക് തിരസ്കരിക്കാനായില്ല..... സുമുഖനായ,ആേരയും ആകർഷിക്കുന്ന, വെളുത്തു തുടുത്ത, ഉയരമുള്ള, ന്യൂ ജെൻ ആയ ശ്യാം എന്ന ഒരു ഇരുപത്തിനാലുകാരൻ... അവളുടെ സൗന്ദര്യത്തെ അവൻ ആയിരം മടങ്ങ് പെരുപ്പിച്ച് സന്ദേശങ്ങൾ അയച്ചപ്പോൾ അവൾ പാറിപ്പറന്നത് പ്രണയത്തിന്റെ ഏതോ ഒരു മായാലോകത്തേക്കായിരുന്നു... ഊണും ഉറക്കവും ഇല്ലാതെ എപ്പോഴും ഫെയ്സ്ബുക്കിൽ മാത്രം.. പിന്നീട് അവൾ കോളേജിൽ ക്ലാസ്സ് കട്ട് ചെയ്യുന്നതുംപതിവാക്കി...ജോലിക്കാരായ അച്ഛനമ്മമാർ ഇ തൊന്നും അറിഞ്ഞിരുന്നില്ല.... പ്രണയം പിന്നീട് വാട്ട്സ് ആപ്പിലൂടെ കൂടുതൽ ഊഷ്മളമായി... ഒരു പാതിരാവിൽ അവൻ അവളുടെ സ്വകാര്യതകൾ ചിത്രങ്ങളെടുത്ത് അയച്ചുതരുവാൻ ആവശ്യപ്പെട്ടു.. അവൾ മടിച്ചു... എന്നാൽ അവന്റെ വശ്യമായ മേനിയഴക് ചിത്രങ്ങളിലാക്കി അവൾക്കു ആദ്യം നൽകി ഊർജ്ജം പകർന്നു..... ബോളിവുഡ് നായകൻമാരെ അതിശയിപ്പിക്കുന്ന മേനിയഴക് കണ്ടിട്ട് അവൾ കൂടുതലൊന്നും ആലോചിക്കാതെ അവൻ ആവശ്യപ്പെടുന്ന മുറയ്ക്ക് മറയില്ലാതെ ചിത്രങ്ങൾ അയച്ചുകൊടുത്തു കൊണ്ടിരുന്നു... വീഡിയോ ചാറ്റിംഗിന് നിർബന്ധിച്ചെങ്കിലും എന്തോ... അവൾ ഒഴിവു പറഞ്ഞു... നഗരത്തിലെ ഒരു പാർക്കിൽ വൈകുന്നേരം കാണാമെന്ന് ഇരുവരും തീരുമാനിച്ചു..... പാർക്കിലെ കസേരയിലിരുന്ന് അവൾ അവനെ ഫോണിൽ വിളിച്ചു... ദൂരെ ഒരു കാറിൽ നിന്നും വിരൂപനായ ഒരു മദ്ധ്യവയസ്കൻ ഇറങ്ങി വരുന്നുണ്ടായിരുന്നു.... കാറിലിരുന്ന സുഹൃത്തുക്കൾക്ക് അയാൾ എന്തോ നിർദ്ദേശങ്ങൾ നൽകുന്നുണ്ടായിരുന്നു... "ഈശ്വരാ താൻ ചതിക്കപ്പെട്ടിരിക്കുന്നു". ഭയംപുറത്തെടുക്കാതെ പെട്ടെന്ന് തന്നെ അവൾ സൈബർ സെല്ലിലേക്ക് വിളിച്ചു പറഞ്ഞു.. മിനിട്ടുകൾക്ക് ശേഷംഅയാൾ അടുത്തെത്തി...ബഞ്ചിലിരുന്നു...സ്വന്തം അച്ഛന്റെ പ്രായമുള്ള ഒരു മനുഷ്യൻ.. "അപ്പോൾ ചിത്രങ്ങൾ അയച്ചു തന്ന ശ്യാം?". "അതെല്ലാം ഫേയ്ക്കാ... ഇപ്പോൾ നമ്മൾ പ്രണയിതാക്കളല്ലേ.... ഇനി ഞാൻ പറയുന്നത് കേട്ടില്ലെങ്കിൽ നിന്റെ സ്വകാര്യത ലോകം കാണും.. ".കയ്യിലിരുന്ന സ്മാർട്ട് ഫോൺ ഉയർത്തി കാട്ടി പൊട്ടിച്ചിരിച്ചു കൊണ്ട് അയാൾ പറഞ്ഞു.. ഒരു പക്ഷേ....പോലീസ് ആ നിമിഷം തന്നെ അവിടെയെത്തി എല്ലാവരേയും അറസ്റ്റ് ചെയ്തില്ലായിരുന്നെങ്കിൽ അവൾ എത്തിപ്പെടുന്നത് നിലയില്ലാത്ത ചതിക്കുഴികളിലേക്കായേനേ.....~ ~ ~

 ഹരിമേനോൻ ~ ~ ~

~~ അവളെ കാണുമ്പോൾ ~ ~ ~


അന്ന് സ്കൂൾ ഹാളിൽ ഒരു സെമിനാർ നടക്കുകയായിരുന്നു.... വേദിയിലിരിക്കുന്ന പ്ലസ് ടു കുട്ടികളെ നോക്കി അദ്ധ്യാപകൻ ഒരു ചോദ്യം ചോദിച്ചു.. പക്ഷേ വേദി നിശബദമാ യിരുന്നു..പെട്ടെന്നാണ് ഉത്തരവുമായി അവൻ ചാടി എണീറ്റത്...അദ്ധ്യാപകന്റെ അഭിനന്ദനത്തോടൊപ്പം പുറകിലെ ബഞ്ചുകളിൽ നിന്ന് കൂട്ടച്ചിരി മുഴങ്ങി.. "എടാ നിന്റെ പാന്റ്സിന്റെ പുറകുവശം കീറി പോയി. ". ആരോ പറഞ്ഞു... അത് അവനെ വളരെയധികം വേദനിപ്പിച്ചു..പാന്റ്സിന്റെ പുറകുവശം പൊത്തി പിടിച്ച് വീട്ടിലെത്തി.. എങ്ങനെ പുതിയ പാന്റ്സ് തയ്പിക്കാൻ അമ്മയോട് പറയും?അച്ഛന് മരുന്നു വാങ്ങാൻ തന്നെ പണമില്ല.... കുടുക്ക പൊട്ടിച്ച് കിട്ടിയ ചില്ലറ തയ്യൽക്കാരന് നീട്ടി ."ഇതൊന്നു ശരിയാക്കി താ" ...."കുഞ്ഞേ വർഷം രണ്ടായില്ലേ?ഇനി ഇത് ഈട് നിക്കില്ല. ഒപ്പിച്ചു തരാം. എന്നാലും തയ്ച്ച പാട് കാണും." ...തയ്യൽക്കാരൻ കൂലി വാങ്ങിക്കാൻ കൂട്ടാക്കിയില്ല.....പിറ്റേ ദിവസം ക്ലാസ്സിൽ ചെന്നപ്പോൾ 'നിക്കറു കീറി ' എന്ന ഇരട്ടപ്പേർ വിളിച്ച് കൂട്ടുകാർ ആനന്ദിക്കുന്നുണ്ടായിരുന്നു... വിഷമിച്ച് ക്ലാസ്സിന്റെ ഒരു മൂലയിൽ ഇരുന്നപ്പോഴാണ് അവൾ ഒരു തുണി പൊതിയുമായി എത്തിയത്..... "എന്റെ ചേട്ടന്റെ പാൻറ്റ് സാ. ഇതെടുത്തോളൂ" ...രണ്ട് വർഷം മുമ്പ് അവളുടെ ചേട്ടൻ ഒരു അപകടത്തിൽ മരിച്ചിരുന്നു. അവൾ പാവനമായി സൂക്ഷിച്ച ആ പാന്റ്സ് ആണ് തനിക്ക് നീട്ടിയിരിക്കുന്നത്...വേറെ ഒന്നും ആലോചിക്കാതെ അവൻ അത് വാങ്ങി... അന്ന് മുതൽ അവർ തമ്മിൽ ഒരു ആത്മബന്ധം ഉണ്ടായി.. പിന്നീട് വർഷങ്ങൾക്കു ശേഷം അവളെ കാണുന്നത് അവൻ ജോലി ചെയ്യുന്ന പഞ്ചായത്ത് ഓഫീസിൽ വച്ചാണ്...ഒക്കത്ത് ഒരു കൊച്ചു കുട്ടിയും കയ്യിൽ ഒരു വിധവാ പെൻഷനുള്ള അപേക്ഷയുമായി വന്ന അവളെ അവന് പെട്ടെന്ന് മനസ്സിലായില്ല. അത്രയ്ക്ക് മാറിപ്പോയി അവൾ... ഭർത്താവിന്റെ ചികിത്സയ്ക്കായി എല്ലാം നഷ്ടപ്പെട്ട് കടം മാത്രം ബാക്കിയായി. "എനിക്ക് ഈ പെൻഷൻ കിട്ടിയാൽ അത്രേം ഒരു ആശ്വാസമാണ് " അവളുടെ കണ്ണുകൾ തുളുമ്പി... അപേക്ഷ മേശ പുറത്ത് വച്ച് അവൾ നടന്നു നീങ്ങുമ്പോൾ അയാൾ വല്ലാത്ത ഒരു മാനസികാവസ്ഥയിലായിരുന്നു...... ~ ~ ഹരിമേനോൻ ~ ~ ~

ശനി പിടിച്ച ഒരു അവസ്ഥ


ഗതികെട്ട് പോക്കറ്റ് കാലിയായപ്പോഴാണ് എ.ടി.എം ൽ നിന്നും പണമെടുക്കാമെന്നു വിചാരിച്ചത്. അപ്പോഴതാ ഒരു കിലോമീറ്ററോളം നീണ്ട ക്യൂ.... അപ്പോഴാണ് ഇടയ്ക്കു നിൽക്കുന്ന ഒരാൾ പണം വാങ്ങി വേറെയാളെ കേറ്റുന്നത് കണ്ടത്.... അയാൾ രാവിലെ മുതൽ ക്യൂവിലാണ്... പണം വാങ്ങി വരുന്നവരെ അയാളുടെ സ്ഥാനത്ത് നിർത്തും എന്നിട്ട് ക്യൂവിന്റെ അവസാനം പോയി നിൽക്കും....െവെകുന്നേരം അത്യാവശ്യം കാശ് തടയും.... ഏകദേശം ഒരു മണിക്കൂറിനു ശേഷം രൂപ എടുക്കുവാൻ സാധിച്ചു... പക്ഷേ 2000 രൂപയേ എടുക്കുവാൻ സാധിക്കുകയുള്ളൂ, കൂടുതലും കിട്ടില്ല കുറവും കിട്ടില്ല... പിന്നീട് ..കിട്ടിയ രണ്ടായിരത്തിന്റെ നോട്ട് മാറാനായി കടകളായ കടകളെല്ലാം അലഞ്ഞു നടന്നു.... എന്തോ തെറ്റ് ചെയ്ത മാതിരി ചീത്ത വിളികൾ മാത്രം.... ബാങ്കിൽ ചോദിച്ചപ്പോൾ അത് അക്കൗണ്ടിലിട്ട് ചില്ലറയാക്കാൻ ഒരു ഉപദേശവും... അപ്പോഴാണ് പുറകിൽ നിന്ന് ആരോ തോണ്ടുന്നത് അനുഭവപ്പെട്ടത്...മറ്റാരുമല്ല ലോട്ടറി വിൽക്കുന്ന ഒരു ചേച്ചി... നൂറു രൂപയുടെ ലോട്ടറിയെടുത്താൽ ചില്ലറ തരാമെന്നായി.. ബാഗിൽ നിറയെ നുറു രൂപ നോട്ട് കണ്ടപ്പോൾ ടിക്കറ്റ് വേണ്ട ചില്ലറ തരാമോ? എന്ന് ചോദിച്ചു...ഒന്നും പറയാതെ ലോട്ടറി വിൽപ്പനക്കാരിതിരിഞ്ഞു നടന്നു.... പുറകെ ഞാനും. നുറു രൂപയുടെ ലോട്ടറിയും വാങ്ങി ബാക്കി രൂപയ്ക്ക് സാധനങ്ങൾ വാങ്ങാൻ പോയി.... കൈയിൽ രൂപയുണ്ടായിട്ടും ശനി പിടിച്ച ഒരു അവസ്ഥ.... ~ ~ ~ 

ഹരിമേനോൻ ~ ~ ~

മത്സരത്തിനുള്ള കഥ - ചീര വില്പനക്കാരിയുടെ മകൻ


ഒരു വൈകുന്നേരം.... 
നഗരത്തിലെ പ്രധാന കവലയിൽ വച്ചാണ് അവരെ ഞാൻ ആദ്യമായി കണ്ടത്.... ഒരു കുട്ടയിൽ നിറയെ പലതരത്തിലുള്ള ചീര വിൽക്കുന്ന ഒരു ബംഗാളി യുവതിയും അവരുടെ നാലു വയസ്സ് തോന്നിക്കുന്ന മകനേയും.. എന്റെ മനസ്സിൽ ഒരു കൊള്ളിയാൻ മിന്നി... വിവാഹ മോചനത്തിനു ശേഷം അമ്മയുടെ തണലിൽ വളരുന്ന എന്റെ മകന്റെ അതേ പ്രായം.. അതേ രൂപം..... മാസത്തിൽ രണ്ടു ദിവസം മാത്രം എന്റെ സംരക്ഷണയിൽ കഴിയുന്ന മകന്റെ ദയനീയത ഒരു പ്രതിഫലനം പോലെ, മറ്റൊരു ഭാവത്തിൽ ഞാൻ ആ ബംഗാളി കുട്ടിയിൽ കണ്ടു........................ എന്റെ മകന് എല്ലാം ഉണ്ട് ... പക്ഷേ..... അച്ഛന്റെ വാത്സല്യം കിട്ടുന്നത് തുലോം തുച്ഛമാണ്.. എന്നാൽ കളിക്കേണ്ട പ്രായത്തിൽ ...എല്ലാം നിഷേധിക്കപ്പെട്ട്.... നല്ല ഉടുപ്പോ... കളിപ്പാട്ടങ്ങളോ..... ഭക്ഷണമോ.. ഇല്ലാതെ ക്ഷീണിച്ച് അമ്മയുടെ മടിയിൽ ....തിരക്കേറിയ കവലയിൽ... പാതി മയക്കത്തിൽ ഉറങ്ങുന്ന ഈ കുട്ടി എങ്ങനെ എന്റെ കണ്ണു നനയിക്കാതിരിക്കും? . എനിക്ക് കുട്ടികൾ ജീവനാണ്..... അവർക്കിടയിൽ എന്റേതെന്നോ.... നിന്റേതെന്നോ.... വേർതിരിവ് കാണിക്കാറില്ല...... എല്ലാം ദൈവത്തിന്റെ മക്കൾ........ ഒരിക്കൽ ഞാൻ കുറച്ച് ചോക്കലേറ്റ് വാങ്ങി അവന്റെ കയ്യിൽ കൊടുത്തു.. ആദ്യമായി കാണുന്നതു പോലെ.... അത്ഭുതത്തോടെ.... അവൻ ആ ചോക്ലലേറ്റ് നോക്കി ക്കൊണ്ടേയിരുന്നു.... മുഷിഞ്ഞ വസ്ത്രങ്ങൾ മാത്രമേ അവന് ധരിക്കാനുണ്ടായിരുന്നുള്ളൂ..... പകൽ മുഴുവൻ ചീര വിറ്റാൽ എന്തു കിട്ടാനാണ്? ആഡംബര ഷോപ്പുകളിൽ വലിയ വില കൊടുത്ത് സാധനങ്ങൾ വാങ്ങുന്ന പലരും ചീര വാങ്ങുന്നതിന് വില പേശുന്നത് കാണുമ്പോൾ വിഷമം തോന്നും...... ഒരു ദിവസം രാവിലെ ജോലിക്കു പോകുമ്പോൾ അവൻ അമ്മയുടെ മടിയിൽ മൂടിപ്പുതച്ച് ഉറങ്ങുന്നതാണ് കണ്ടത്... വൈകുന്നേരം തിരികെ വരുമ്പോൾ ആ സ്ത്രീയുമായി വഴക്കു കൂടുന്ന ഒരാളെ കണ്ടു.... അവരുടെ ഭർത്താവായിരുന്നു അത്.... മദ്യം വാങ്ങാൻ രൂപ നൽകാത്തതിന്റെ പേരിലായിരുന്നു വഴക്ക്.... അവസാനം അവരുടെ കൈയിൽ നിന്നും പഴ്സ് തട്ടിപ്പറിച്ച് അയാൾ അടുത്ത മദ്യവിൽപ്പനശാലയിലേക്ക് നടന്നു... പനി പിടിച്ചിരിക്കുന്ന കുട്ടിയെ ആശുപത്രിയിൽ കാണിക്കുവാൻ വച്ചിരുന്ന രൂപയാണ് അയാൾ തട്ടിപ്പറിച്ചത്

ഞാൻ അവരെയും കൂട്ടി തൊട്ടടുത്ത ആശുപത്രിയിലെത്തി.... പോഷകാഹാരക്കുറവ് കാരണം കുട്ടിക്ക് പ്രതിരോധശേഷി നഷ്ടപ്പെട്ടിരുന്നു... അവന് വേണ്ട മരുന്നും മറ്റും ഞാൻ വാങ്ങിക്കൊടുത്തു. പിറ്റേ ദിവസം വീട്ടിലിരുന്നിരുന്ന കുറച്ച് വസ്ത്രങ്ങൾ ഞാൻ അവന് നൽകി.... നീണ്ട ഒരവധിക്കു ശേഷം പിന്നീട് ഞാൻ കാണുമ്പോൾ അവൻ കുറച്ച് ആരോഗ്യവനായിരുന്നു.....അന്നു വൈകുന്നേരം ഓഫീസിൽ നിന്ന് തിരിച്ചു വരുമ്പോൾ കവലയിൽ ഒരാൾക്കൂട്ടം കണ്ടു... എന്താണെന്നറിയാൻ ആൾക്കൂട്ടത്തിനിടയിലൂടെ നോക്കിയ എന്റെ ഹൃദയം പൊട്ടി തകർന്നതു പോലെ തോന്നി....ബംഗാളിക്കുട്ടിയുടെ അമ്മ ചോരയിൽ കുളിച്ചു കിടക്കുന്നു.... കൈയിൽ ചോരപുരണ്ട കത്തിയുമായി അവന്റെ അച്ഛൻ പോലീസുകാർക്കൊപ്പം..... എല്ലാം കണ്ട് പകച്ച് നിലവിളിക്കുന്ന കുട്ടി... മദ്യത്തിനു വേണ്ടിയുള്ള അയാളുടെ മുറവിളി അവസാനം ആ സ്ത്രീയുടെ മരണത്തിലാണ് കലാശിച്ചത്.... ആൾക്കൂട്ടത്തിൽ നിൽക്കുന്ന എന്നെ കുട്ടി ദയനീയ ഭാവത്തോടെ നോക്കുന്നുണ്ടായിരുന്നു.... പോലീസ് വാനിൽ കയറ്റി അവനെ കൊണ്ടു പോകുമ്പോൾ അവന്റെ കുഞ്ഞികൈകൾ എന്റെ നേർക്ക് ഉയരുന്നുണ്ടായിരുന്നു.... നിയമത്തിന്റെ കുരുക്കുകൾ എന്നെ വരിഞ്ഞു മുറുക്കാതിരുന്നാൽ .... അവനെ ഏറ്റെടുക്കാം എന്ന പ്രതീക്ഷ മാത്രം ബാക്കി വച്ച് ഞാനും നടന്ന കന്നു......... 

ഹരിമേനോൻ ~ ~ ~ ~
..

ഒരു ബസ് യാത്ര


നല്ല തിരക്കുള്ള ഒരു സമയത്താണ് ഞാൻ ആ ബസിൽ കയറിയത്.....രാവിലെ ആയതിനാൽ ജോലിക്കു പോകുന്നവരും സ്കൂൾ കുട്ടികളും ഒക്കെയായി ധാരാളം യാത്രക്കാർ... എന്റെ അടുത്ത സ്റ്റോപ്പിൽ നിന്നും കൈക്കുഞ്ഞുമായി ഒരു ചേച്ചി കയറി..... ഇരിക്കുന്ന യാത്രക്കാർ അവരെ കണ്ടതായി ഭാവിക്കുന്നില്ല. ....ഇപ്പോൾ ചില ബസുകളിൽ 'അമ്മയും കുഞ്ഞും 'എന്നെഴുതി ഒരു സീറ്റ് മാറ്റി വയ്ക്കാറുണ്ട്...ഇതിൽ അങ്ങിനെയുമില്ല. അവസാനം ഓരോ സീറ്റും അവർമാറി മാറി നോക്കിയപ്പോൾ ഒരു കുട്ടി ഗത്യന്തരമില്ലാതെ മാറി കൊടുത്തു....ബസ് കുറച്ചു ദൂരം കൂടി മുന്നോട്ടു പോയപ്പോൾ അടുത്ത സ്റ്റോപ്പിൽ നിന്നും കയറിയത് അന്ധത ബാധിച്ച ഒരു വ്യദ്ധനും കൂടെ ഏകദേശം പതിനാലു വയസ്സുള്ള ഒരു പയ്യനുമായിരുന്നു. ...വൃദ്ധൻ പിടിച്ചു കയറുന്നതിനു മുമ്പേ ബസ് വിട്ടു..... ഒരു വിധം ഞാൻ പിടിച്ചു കയറ്റി. ...വ്യദ്ധനെ ആരും കണ്ടതായി ഭാവിച്ചില്ല. അന്ധർക്കുള്ള സീറ്റ് നോക്കിയപ്പോൾ ഏറ്റവും പുറകിലെ സീറ്റുകൾ ക്കു മുമ്പായി 'അന്ധൻ ' എന്നെഴുതിയിരിക്കുന്നതു കണ്ടു. പക്ഷേ താഴെ സീറ്റില്ല. ....ഒരു പക്ഷേ അത് ഇളക്കി മാറ്റി കളഞ്ഞതാകാം. ...കണ്ട ക്ടറെ വിളിച്ചു ചോദിച്ചപ്പോൾ വ്യകതമായി മറുപടി പറയാതെ ഒരു കൊച്ചു കുട്ടിയെ സിറ്റിൽ നിന്നും മാറ്റി അവിടെ ഇരുത്തി.... വ്യദ്ധന്റെ കൂടെ ഉള്ള കുട്ടിയോട് ചോദിച്ചപ്പോൾ കണ്ണാശുപത്രിയിലേക്കാണ് പോകുന്നതെന്ന് മനസ്സിലായി..... വ്യദ്ധന്റെ മക്കളെല്ലാം ജോലിക്കു പോയി. അതിനാൽ പകരക്കാരനായി ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയെ യാ ണ്പറഞ്ഞു വിട്ടിരിക്കുന്നത്... യൗവനതു ടിപ്പിൽ നമ്മൾ ആരും അറിയുന്നില്ല.... ഭീതിജനകമായ വാർദ്ധക്യം മുന്നിലുണ്ടെന്ന്.... കുറച്ചു കഴിഞ്ഞപ്പോ ഴാ ണ് ഗർഭിണിയായ ഒരു സ്ത്രീകയറിയത്..... സീറ്റിന്റെ അരികിലിരുന്ന സ്ത്രീ മാറികൊടുക്കാതിരുന്നതിനാൽ, ഉള്ളിലിരുന്ന പ്രായമായ ഒരുസ്ത്രീ മാറികൊടുത്തു..... കൂടെയിരുന്ന സ്ത്രീ ഉള്ളിലോട്ടു നീങ്ങിയിരിക്കാതെ നിറവയറുള്ള സ്ത്രീയെ സീറ്റുകൾക്കിടയിലൂടെ ഉള്ളിലേക്ക് കടത്തി വിടാൻ നോക്കിക്കൊണ്ടേയിരുന്നു..... അവസാനം അവരുടെ മർക്കടമുഷ്ടിക്കു മേൽ യാത്രക്കാർ ഇടപെട്ട് സൈഡിൽ തന്നെ ഇരുത്തേണ്ടി വന്നു..... ഒരു സ്ത്രീക്കു സ്വാഭാവികമായും ഒരു ഗർഭിണിയോട് തോന്നേണ്ട ദയ, കരുണ, സഹാനുഭൂതി എന്നിവ ഇല്ലാതെ വരുന്ന അവസ്ഥ..... എന്റെ സ്റ്റോപ്പ് എത്തിയതിനാൽ ഇറങ്ങേണ്ടി വന്നു. അല്ലെങ്കിൽ ഇനിയും പല കാഴചകളും കണ്ണിലുടക്കിയേനേ..... ~ ~ ~ 

ഹരിമേനോൻ ~ ~ ~

വിദ്യാരംഭം


അദ്ധ്യാപകവൃത്തിയിൽ നിന്നും വിരമിച്ചതിനു ശേഷം ഗോവിന്ദൻ മാഷിന് ഏറ്റവും ഇഷ്ടമുള്ള ഒരു കാര്യമാണ് വിജയദശമി നാളിൽ അടുത്തുള്ള അമ്പലത്തിൽ കുട്ടികളെ എഴുത്തിനിരുത്തുക എന്നത്....മാഷ് ആദ്യാക്ഷരം പകർന്നു നൽകിയ ആരും പി ഴച്ചിട്ടില്ല എന്ന ്ഒരു പരക്കെ വിശ്വാസവും ആ നാട്ടിലുണ്ട്.... 
അനേകം കുട്ടികൾക്ക് അറിവു പകർന്നിട്ടും സ്വന്ത മെന്നു പറയാൻ ഒരു കുഞ്ഞില്ല എന്ന അവസ്ഥ അദ്ദേഹത്തെ തളർത്തുന്നുണ്ട്..... 
ഇത്തവണയും ധാരാളം കുട്ടികൾ...തിരക്കെല്ലാം കഴിഞ്ഞു പോകുവാൻ എഴുന്നേറ്റപ്പോഴാണ് മാഷ് അതു കണ്ടത്..... 
അമ്പലമതിൽക്കു പുറത്ത് എല്ലാം നോക്കി ക്കൊണ്ട് ഒരു കുരുന്ന് നിൽക്കുന്നു. .....
അവന് ഒന്നും മനസ്സിലാകുന്നില്ല...തന്നോളം പ്രായമുള്ള കുരുന്നുകളെ കണ്ട് അവന് സന്തോഷമായി... കുറച്ച് അകലെ അവന്റെ അമ്മ പാഴ് വസ്തുക്കൾ ശേഖരിക്കുന്നുണ്ട്. അവർ ഒരു ബംഗാളി സ്ത്രീയായിരുന്നു. "നിനക്ക് പഠിക്കണ്ടേ?" മാഷ് അവനോട് ചോദിച്ചു.....അവൻ കേട്ട പാടെ ഓടി അമ്മയ്ക്കരികിലെത്തി...
അവന്റെ അമ്മയുടെ കണ്ണുകൾ നിറഞ്ഞു... പൈപ്പിൽ നിന്നും വെള്ളമെടുത്ത് മകനെ കുളിപ്പിച്ചു.....ഭാണ്ഡത്തിൽ കരുതിയിരുന്ന ഒരു ഉടുപ്പ് ഇടീച്ച് മാഷിന്റെ അരികിലെത്തി... ആ ബംഗാളി പയ്യൻ ഹരി ശ്രീ കുറിച്ചു...... അന്നത്തെ ഉച്ചയൂണ് മാഷിന്റെ വീട്ടിൽ നിന്നായിരുന്നു....മലയാളം കുറച്ചറിയാവുന്ന അവർ അവരുടെ ഭർത്താവ് ഇവിടെ വച്ചുതന്നെ ഒരു അപകടത്തിൽ പെട്ട് മരിച്ചെന്നും താൻ വിധവയായെന്നും പറഞ്ഞു...ഇനിയുള്ള ഇവന്റെ വിദ്യാഭ്യാസം തന്റെ കരങ്ങളിൽ ഭദ്രമായിരിക്കുമെന്ന് മാഷ് പറഞ്ഞപ്പോൾ അന്യനാട്ടിൽ തനിക്കു കിട്ടിയ ഒരു ദൈവസ്പർശം അവർ തിരിച്ചറിഞ്ഞു ~~ ~ 

ഹരി മേനോൻ ~ ~ ~

ഭിക്ഷാടനം



നേരം പര പരാ വെളുത്തു തുടങ്ങിയതേയുള്ളൂ. 
അങ്കമാലിക്ക് പോകുവാൻ ബസ് കാത്ത് കലൂർ സ്റ്റാൻഡിൽ നിൽക്കുമ്പോഴാണ് ഞാൻ അവരെ ആദ്യമായി കണ്ടത്. 
ഏകദേശം 70വയസ്സു തോന്നിക്കുന്ന കുലീനത്വം തുളുമ്പുന്ന ഒരമ്മയും 22വയസ്സു തോന്നിക്കുന്ന സുമുഖനായ ഒരു യുവാവുമായിരുന്നു അവർ. മകൻ ആളുകളോട് എന്തോ പതുക്കെ ചോദിക്കുന്നുമുണ്ട്. അല്പസമയത്തിനുള്ളിൽ പയ്യൻ എനിക്കരികിലെത്തി. ചെവിയിൽ മന്ത്രിച്ചു. ' 'ചേട്ടാ അമ്മയ്ക്ക് മരുന്നു വാങ്ങുവാൻ പത്തുരുപതരാമോ''? അവന്റെ ആ ചെറിയ ആവശ്യം എന്നിൽ ഞെട്ടലുണ്ടാക്കി.ഞാൻ രൂപ കൊടുത്തു എങ്കിലുംആഢ്യത്തം തുളുമ്പുന്ന വേച്ചു വേച്ചു വരുന്ന അമ്മയുടെ ദയനീയ ഭാവവും അവന്റെ നിസ്സഹായ അവസ്ഥയും മരുന്ന് മേടിക്കാൻ ഒത്തിരി ബുദ്ധിമുട്ട് അനുഭവിച്ച എന്റെ പഴയ കാലവും ഒക്കെ എന്നിൽ ആ ദിവസം ഒത്തിരി അസ്വസ്ഥതയുണ്ടാക്കി. പിന്നീട് പല വട്ടം ... ഏകദേശം അഞ്ചു വർഷത്തോളമായി ഞാൻ അവരെ വൈറ്റിലയിലും തൃപ്പൂണിത്തുറയിലും കടവന്ത്രയിലും ഒക്കെ വച്ച് ഇതേ അവസ്ഥയിൽ കാണാറുണ്ടായിരുന്നു. എകദേശം 6 വർഷത്തോളമായി എന്റെ കൺമുന്നിൽ ഇവർ വന്നു പെടാറുണ്ട്. അടുത്ത കാലത്ത് ഒരു വൈകുന്നേരംബിവറേജസിൽ നിന്നും കുപ്പി വാങ്ങി അമ്മയേയും കൊണ്ട് ഓട്ടോറിക്ഷയിൽ പോകുന്ന മകനെ കണ്ടു. പയ്യൻ ഒത്തിരി വളർന്നു. കൂടുതൽ സുമുഖനുമായി.രണ്ടു ദിവസങ്ങൾക്കു മുമ്പ് തൃപ്പൂണിത്തുറയിൽ വച്ച് വീണ്ടും പഴയ അതേ ശൈലിയിൽ എന്നോട് രൂപ ചോദിച്ചു. ' "സഹോദരാ ഏകദേശം ആറു വർഷത്തോളമായി നിങ്ങളെ ഞാൻ നിരീക്ഷിച്ചു തുടങ്ങിയിട്ട്. ദൈവം ആരോഗ്യം നൽകിയിട്ടില്ലേ? ഇനിയെങ്കിലും ഈ പണി നിർത്തിയിട്ട് അമ്മയെ സംരക്ഷിച്ചു കൂടെ ?."ഞാൻ ചോദിച്ചു.എനിക്ക് ഇതിൽ പരം സന്തോഷം കിട്ടുന്ന ജോലി വേറെ ഇല്ല. ഉപദേശം കേൾക്കുവാൻ നേരമില്ല'' എന്നു പറഞ്ഞു കൊണ്ട് അടുത്തയാളുടെ അടുത്തേക്ക് അയാൾ നടന്നു. ഞാൻ അമ്മയുടെ നേർക്കു തിരിഞ്ഞു'' മകനെ ഉപദേശിച്ചു കൂടെ? " എന്നു ചോദിച്ചു. ഞാൻ ഇതുമായി ഇടപഴകി കഴിഞ്ഞു മോനേ.... എന്നു പറഞ്ഞു കൊണ്ട് അവരും ആൾക്കൂട്ടത്തിലേക്കു മറഞ്ഞു. ഭിക്ഷാടന മാഫിയകൾ പല രീതിയിൽ പ്രവർത്തിക്കുമ്പോൾ നെല്ലും പതിരും തിരിച്ചറിയാനാകാത്ത ചോദ്യചിഹ്നമായി നാം ഇതുപോലെ നിന്നു പോകും.......

By Hari Menon

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo