അംബാ മിൽസ് - Part 3

പെട്ടെന്ന് തന്നെ ആ വാതിൽ അടഞ്ഞു.വേദന കൊണ്ടുള്ള ഒരു ഞരക്കം കേട്ടു!  ഭയം കൊണ്ട് അവൾക്ക് ഒന്നനങ്ങാൻ പോലും പറ്റിയില്ല!
വീണ്ടും ആ ഞരക്കം കേട്ടു! കൈയിലിരുന്ന  ടോർച്ച് മുറുകെ പിടിച്ച് അവൾ അങ്ങോട്ടേക്ക് ലൈറ്റ്  അടിച്ചു.ആ കാഴ്ച്ച കണ്ടതും അവൾ ഞെട്ടിവിറച്ചു!
തലയിൽ ചാക്ക് കൊണ്ട് മുഖം മറച്ച് കൈകാലുകൾ കെട്ടിയ നിലയിൽ  ഒരു രൂപം തറയിൽ കിടക്കുന്നു! പാന്റും ഷർട്ടും ആണ് വേഷം.പക്ഷെ അത് മുഴുവനും അഴുക്കും പൊടിയുമാണ്.അവൾക്ക് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു.അവൾ പേടിച്ച് വിറച്ച് ടോർച്ചും കൈയിൽ പിടിച്ച് അവിടെ തന്നെ ഇരുന്നു.അയാളുടെ കൈയിലെ കെട്ടഴിച്ച് വിടണമെന്ന്  മനസ്സ് പറയുന്നുണ്ടെങ്കിലും ഭയം കൊണ്ട് അവൾ ആ തീരുമാനം വേണ്ടെന്ന് വെച്ചു.ആരാ എന്താ എന്നറിയാതെ കെട്ടഴിച്ച് വിട്ടാൽ  ചിലപ്പോ അയാൾ തന്നെ ഉപദ്രവിച്ചാലോ എന്നവൾ ഭയപ്പെട്ടു . വേദന കൊണ്ടാണെന്ന് തോന്നുന്നു അയാൾ ഇടയ്ക്കിടെ ഞരങ്ങുന്നുണ്ടായിരുന്നു.ഇടയ്ക്ക് വെള്ളം വെള്ളം എന്ന് പറഞ്ഞെങ്കിലും അവൾ അയാളെ തന്നെ നോക്കി ഇരുന്നതല്ലാതെ അനങ്ങിയില്ല.എങ്ങനെയെങ്കിലും നേരം ഒന്ന് വെളുത്തിരുന്നെങ്കിൽ എന്നവൾ പ്രാർത്ഥിച്ചു.ഇതിനിടയിൽ എന്തോ വെള്ളത്തിലേക്ക് വീഴുന്ന ശബ്ദം കേട്ട് അവൾ വീണ്ടും ഞെട്ടി! ഗ്ലാസ് ടാങ്കിൽ കിടക്കുന്ന ജീവി നീരാടാൻ ഇറങ്ങിയതാണെന്ന് അവൾക്ക് മനസ്സിലായി.അവൾക്ക് ഭ്രാന്ത് പിടിക്കുന്നത്പോലെ തോന്നി.വിശപ്പും ദാഹവും മുറിയിലെ ഇരുട്ടും ഗ്ലാസ് ടാങ്കിലെ സത്വവും മുൻപിൽ ബന്ധനസ്ഥനായിക്കിടക്കുന്ന തന്റെ ശത്രുവോ മിത്രമോ എന്നറിയാത്ത ഒരു മനുഷ്യനും എല്ലാം അവളുടെ  സമനില തെറ്റിച്ചുകൊണ്ടെ ഇരുന്നു.അവൾക്ക് എങ്ങോട്ടെങ്കിലും ഇറങ്ങി ഓടണമെന്ന് തോന്നി..ഭയം കാരണം കരച്ചിൽ അവളുടെ തൊണ്ടയിൽ തന്നെ കുടുങ്ങി.അവൾ ടോർച്ച് പെട്ടെന്ന് ഓഫ് ആക്കി കണ്ണുകളടച്ചിരുന്നു.മനസ്സിൽ അമ്മയുടെ മുഖം തെളിഞ്ഞു..പണ്ട് മുറിയിലെ ലൈറ്റ് ഓഫ് ആക്കി അമ്മയെ കെട്ടിപ്പിടിച്ച് കിടന്നുറങ്ങുമ്പോൾ അമ്മ പറഞ്ഞുതന്നിരുന്ന കഥകൾ ഓർത്തെടുത്തു.അത് കഴിഞ്ഞ് ഹോസ്പിറ്റലിൽ അമ്മയെ അഡ്മിറ്റ് ചെയ്തപ്പോൾ  വീട്ടിലെ ആ മുറിയിൽ ഒറ്റയ്ക്ക് കിടക്കാൻ തനിക്ക് പേടിയായിരുന്നു.പേടിതോന്നുമ്പോൾ  അമ്മ പഠിപ്പിച്ച് തന്ന 'അർജുനൻ  ഫൽഗുനൻ  പാർത്ഥൻ  വിജയനും' എന്ന മന്ത്രം മനസ്സിൽ ഉരുവിട്ട് കൊണ്ട് കിടന്നിരുന്നു.ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയ അമ്മ പിന്നീട് തിരികെ വന്നില്ല! അമ്മ പോയിക്കഴിഞ്ഞും താൻ ആ മന്ത്രം ഉരുവിട്ടുകൊണ്ടായിരുന്നു കിടന്നുറങ്ങിയിരുന്നത്.ടോർച്ച് കൈയിൽ പിടിച്ച് അവൾ ആ മന്ത്രം മനസ്സിൽ ഉരുവിട്ടു.ഇടയ്ക്ക് ടോർച്ച് ഓൺ ചെയ്ത് മുൻപിൽ കിടക്കുന്ന മനുഷ്യൻ കൈകാലുകളിലെ കെട്ടഴിച്ച് തന്റെ അടുത്തേക്ക് വരുന്നില്ല എന്ന് ഉറപ്പുവരുത്തിക്കൊണ്ടിരുന്നു.അതേപോലെ ഗ്ലാസ് ടാങ്കിലെ ജീവിയേയും അവൾ ഇടയ്ക്കിടെ നിരീക്ഷിക്കുന്നുണ്ടായിരുന്നു.
നേരം വെളുത്തപ്പോൾ  മുറിയിലേക്ക് സൂര്യപ്രകാശം ചെറുതായി വന്നുതുടങ്ങി.അവൾ മുൻപിൽ കിടക്കുന്ന മനുഷ്യനെ കുറച്ചുകൂടി വ്യെക്തമായി കണ്ടു.അയാളുടെ അവസ്ഥകണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു! അയാളുടെ വലത്തേ കൈയിൽ ഒരു വലിയ കെട്ട്  ഉണ്ടായിരുന്നു.അത്  മുക്കാലും ചോരയിൽ കുതിർന്നിരുന്നു !
അയാൾ ഇട്ടിരുന്ന വെളുത്ത ഷർട്ടിലും അങ്ങിങ്ങായി ചോരക്കറ ഉണ്ടായിരുന്നു.രാത്രി മുഴുവനും വെള്ളം ചോദിച്ച് അയാളുടെ ഞരക്കം കേൾക്കുന്നുണ്ടായിരുന്നുവെങ്കിലും പേടി കാരണം അവൾ അത് കേട്ടതായി ഭാവിച്ചില്ല..അവൾ അയാളുടെ അടുത്തേക്ക് നീങ്ങിയിരുന്നു.പതുക്കെ അയാളുടെ തലയിലുള്ള ചാക്ക് ഊരിയെടുക്കാൻ ശ്രമിച്ചു .പെട്ടെന്ന് അയാൾ എന്തോ പറഞ്ഞുകൊണ്ട് പിറകോട്ട് ഉരുണ്ടു.അവൾ പേടിച്ച് കൈകൾ പിൻവലിച്ചു!
തന്നെ ആക്രമിക്കാൻ വന്നവരായിരിക്കാം  എന്ന് ഭയന്നാവാം അയാൾ പേടിച്ചത് എന്നവൾക്ക് തോന്നി.അവൾക്ക് ശരിക്കും കഷ്ടം  തോന്നി.
"ഞാൻ..ഞാൻ ഉപദ്രവിക്കാൻ വന്നതല്ല..നിങ്ങളുടെ തലയിലെ ചാക്ക് ഊരി എടുത്തോട്ടെ?"അവൾ പതിയെ ചോദിച്ചു.
അയാൾ കിടന്നുകൊണ്ട് മുഖം ഉയർത്തി. എന്നിട്ട്  മെല്ലെ തലയാട്ടി..*******
"പിള്ളേര് എത്തിയോടി? ഗിരി വിളിച്ചായിരുന്നു അവര് എത്തിയോന്ന് ചോദിച്ച്.."ജോസഫ് ലിസമ്മയെ  ഫോൺ വിളിച്ച് ചോദിച്ചു.
"എത്തി.രണ്ടും നല്ല ഒറക്കമാ..എഴുന്നേറ്റിട്ട് ഗിരി സാറിനെ വിളിച്ചോളാമെന്ന് പറഞ്ഞു."ലിസമ്മ പറഞ്ഞു.
"ആഹ് ഞാൻ അവനെ വിളിച്ച് പറഞ്ഞോളാം.പിന്നെ കൊച്ചുങ്ങൾക്ക് വേണ്ടതൊക്കെ ഉണ്ടാക്കി കൊടുക്കണം കേട്ടോ..എത്ര നാള് കൂടിയാ അവര്  വീട്ടിലെ ഭക്ഷണം കഴിക്കുന്നത്.."ജോസഫ് പറഞ്ഞു.
"അത് പിന്നെ എന്നോട് പ്രത്യേകം പറയണോ  ജോച്ചായാ..പോത്തും മീനും പോർക്കും എല്ലാമുണ്ട്."ലിസമ്മ പറഞ്ഞു.
"അവന്റെ വിവരം വല്ലതുമുണ്ടോ ജോച്ചായാ?പിള്ളേര് പറഞ്ഞു അവന്റെ ഫോൺ സ്വിച്ച് ഓഫ് ആണെന്ന്.."ലിസമ്മ വിഷമത്തോടെ ചോദിച്ചു.
"നീ വിഷമിക്കാതിരിക്കെന്റെ കൊച്ചെ.അവന് പണ്ടുതൊട്ടേ പതിവുള്ളതല്ലേ ആരോടും പറയാതെ ഉള്ള ഈ യാത്ര.കണ്ട  കാട്ടിലും  മേട്ടിലും ഒക്കെ പോയി ആനേടേം പക്ഷീടേം പുലീടേം ഒക്കെ പടം എടുത്തേച്ച് ചെറുക്കൻ ഇങ്ങ് വന്നോളും.നീ സമാധാനമായിരിക്ക്.."ജോസഫ് അവരെ ആശ്വസിപ്പിച്ചു.
"അതെ..പക്ഷെ എന്തോ ഇപ്പ്രാവശ്യം എനിക്ക് വല്ലാത്ത ഒരു ഭീതി..ആരോ എന്റെ മനസ്സിലിരുന്ന് പറയുന്നു..എന്തോ ആപത്ത് വരാൻ പോണെന്ന് .."ലിസമ്മ സങ്കടത്തോടെ പറഞ്ഞു.
"എന്റെ പൊന്നു കൊച്ചെ..നിന്നെ മിന്ന് ചാർത്തിയ അന്ന്  എന്റെ മനസ്സീന്നും ആരാണ്ടോ  ഇത് തന്നെ പറഞ്ഞായിരുന്നു..ഡാ ജോസഫേ  നിനക്ക് നല്ല മുട്ടൻ പണി വരുന്നുണ്ടേ സൂക്ഷിച്ചോളണെ എന്ന്! എന്നിട്ടും ഞാൻ കുലുങ്ങിയോ?" ജോസഫ് കളിയായി പറഞ്ഞതുകേട്ട് ലിസമ്മ മുഖം വീർപ്പിച്ചു. കുറച്ച് നേരം കൂടി സംസാരിച്ചിട്ട് അവർ ഫോൺ വെച്ചു.
നാലുമണിക്ക് ലിസമ്മ കാപ്പിയുമായി അലക്സിന്റെ മുറിയിലേക്ക് പോയി.റോബിനും ശിവയും അലക്സിന്റെ മുറിയിലാണ് കിടക്കുന്നത്.ലിസമ്മ അവരെ വിളിച്ചെഴുന്നെൽപ്പിച്ചു.
"കാപ്പി കുടിക്ക് മക്കളെ.."ലിസമ്മ അവർക്ക് രണ്ടുപേർക്കും കാപ്പി കൊടുത്തു.അവർ കട്ടിലിലും ലിസമ്മ അവിടെ ചെയറിലുമായി  ഇരുന്നു.
"അലക്സിന്റെ വിവരം വല്ലതുമുണ്ടോ മമ്മി?" ശിവ   ചോദിച്ചു.
ലിസമ്മയുടെ മുഖം വാടി .
"ഇല്ല ശിവാ..അത് തന്നെയാ ഞാനും ആലോചിക്കുന്നത്..അവൻ ഇടയ്ക്കിങ്ങനെ പോവാറുള്ളതല്ലെ ..പോയാൽ പിന്നെ തിരിച്ച്  വരുന്നതുവരെ എന്നെയും ജോച്ചായനെയും വിളിക്കത്തില്ലെന്ന് അറിയാമല്ലോ..പക്ഷെ അവൻ എവിടെ പോയാലും  നിങ്ങളെ വിളിക്കാറുള്ളതല്ലേ ..ഇതിപ്പോ നിങ്ങളെയും വിളിച്ചില്ലെന്ന് പറയുമ്പോ..എന്റെ ചെറുക്കനെന്തോ ആപത്ത് പറ്റിയെന്ന് തോന്നുന്നു മക്കളെ.."ലിസമ്മയുടെ കണ്ണുകൾ നിറഞ്ഞു.അവരുടെ സ്വരം ഇടറി.
"അയ്യോ മമ്മി..പറയാൻ വിട്ടു..ഇന്ന് രാവിലെ അവൻ എന്നെ വിളിച്ചായിരുന്നു." റോബിൻ പറഞ്ഞതുകേട്ട് ശിവ അവനെ അന്തം വിട്ട് നോക്കി.
"ആണോ മോനെ.അവൻ എവിടെയാ?എന്നതാ പറഞ്ഞെ?"ലിസമ്മ ആവേശത്തോടെ ചോദിച്ചു.
"അവന്റെ സ്ഥിരം പരുപാടി തന്നെ.ഫോട്ടോഗ്രാഫി.എവിടെയാണെന്നൊന്നും പറഞ്ഞില്ല.ഒന്നാമത് അവൻ നിന്ന സ്ഥലത്ത് ഒട്ടും  റേഞ്ച് ഇല്ലായിരുന്നു മമ്മി.അത്കൊണ്ട് ഒന്നും ശരിക്ക് കേൾക്കാൻ പറ്റിയില്ല.ഞാൻ നിന്നോടും  പറയാൻ മറന്നുപോയി ശിവാ .." റോബിൻ ശിവയോട് പറഞ്ഞു. ശിവ അവനെ തന്നെ സൂക്ഷിച്ച് നോക്കി.ലിസമ്മയുടെ മുഖത്ത് ആശ്വാസം നിറഞ്ഞു.
"എന്റെ മാതാവേ! വിളിച്ചല്ലോ..ഇനി വിളിക്കുമ്പോ എനിക്ക് ഒന്ന് സംസാരിക്കാൻ തരണേ മോനെ..വേറൊന്നും വേണ്ട..അവന്റെ ശബ്ദം ഒന്ന് കേട്ടാ  മതി.."ലിസമ്മയുടെ കണ്ണുകൾ നിറഞ്ഞു.
"അവന്റെ സ്വഭാവമല്ലേ..ഇനി എപ്പഴാ വിളി വരികയെന്ന് പറയാൻ പറ്റില്ല.ഇനി വിളിക്കുമ്പോ ഞാൻ പറയാം  അവനോട് മമ്മിയെ വിളിക്കാൻ.മമ്മി സമാധാനമായിട്ട് ചെല്ല്..." റോബിൻ പറഞ്ഞതുകേട്ട് ലിസമ്മ ആശ്വാസത്തോടെ മുറിയിൽ നിന്നിറങ്ങി.
ശിവ റോബിനെ  തന്നെ സൂക്ഷിച്ച് നോക്കി ഇരിക്കുകയായിരുന്നു.
"സമ്മതിച്ചു.കള്ളം തന്നെയാ പറഞ്ഞത്.." റോബിൻ ശിവയുടെ മുഖത്ത് നോക്കാതെ പറഞ്ഞു.
" എന്തിന്? മമ്മിക്ക് ഉള്ള അതെ ആവലാതി  നമ്മക്കുമില്ലേ ? എവിടെപ്പോയാലും പപ്പേം  മമ്മിയെം വിളിച്ചില്ലെങ്കിലും അവൻ നമ്മളെ വിളിക്കാതിരിക്കുമോ? അതും ഇത്രേം ദിവസം?എന്റെ മനസ്സ് പറയുന്നു അവൻ എന്തോ കുടുക്കിൽ ചെന്ന് പെട്ടിട്ടുണ്ടെന്ന്.. "ശിവ സംശയത്തോടെ പറഞ്ഞു.റോബിൻ  പെട്ടെന്ന് മുറിയുടെ വാതിലിന് നേർക്ക് നോക്കി.
"ഒന്ന് പതുക്കെ പറയ്..മമ്മി കേൾക്കണ്ട..ഒന്നാമത് ഹാർട്ടിന് സുഖമില്ലാത്ത ആളാ..മമ്മിയുടെ വിഷമം കണ്ടിട്ട് പപ്പ തന്നെയാ എന്നോട് പറഞ്ഞത് അവൻ വിളിച്ചെന്ന് മമ്മിയോട് കള്ളം പറയണമെന്ന്.."റോബിൻ പറഞ്ഞത് കേട്ട് ശിവ വിശ്വാസം വരാതെ അവനെ നോക്കി.
"അലക്സിന്റെ കാര്യത്തിൽ പപ്പ എന്താ പറയുന്നത്?" ശിവ ചോദിച്ചു.
"അവന്  ഇങ്ങനെ ഇടയ്ക്കിടെ ഒറ്റയ്ക്ക് ഒരു യാത്ര പതിവുള്ളതാണല്ലോ.അതുകൊണ്ട് പപ്പയ്ക്ക് ടെൻഷൻ ഒന്നുമില്ല.പക്ഷെ നമ്മളെയും അവൻ വിളിച്ചിട്ടില്ല എന്നറിഞ്ഞപ്പോൾ മമ്മിയ്ക്ക് ഭയങ്കര പേടി.ഇനി അത് തന്നെ ഓർത്തിരുന്ന്   അസുഖം ഒന്നും വരുത്തിവെയ്ക്കണ്ടെന്ന് വിചാരിച്ചാ ഇങ്ങനെ ഒരു കള്ളം പറയാൻ പപ്പ എന്നോട് പറഞ്ഞത്.."റോബിൻ പറഞ്ഞു.
"നിനക്കെന്താ തോന്നുന്നത്?"ശിവ റോബിനോട് ചോദിച്ചു.
"നമ്മൾ എന്തായാലും ഇവിടെ  എത്തിയല്ലോ.നമ്മക്ക് കുറച്ച് ദിവസം നോക്കാം.എന്നിട്ടും അവന്റെ കാൾ ഒന്നും ഇല്ലെങ്കിൽ അന്വേഷിക്കാം.തൽക്കാലം മമ്മിക്ക് സംശയത്തിനിട കൊടുക്കണ്ട. മമ്മിയുടെ മുൻപിൽ ഹാപ്പി ആയിട്ട് ഇരിക്കുക.."റോബിൻ പറഞ്ഞതുകേട്ട് ശിവ തലയാട്ടി..

********
ബന്ധനസ്ഥനായി കിടക്കുന്ന ആ മനുഷ്യന്റെ  തലയിലെ ചാക്കുകെട്ട് അവൾ ഊരി  മാറ്റാൻ  തുടങ്ങിയതും ആരോ വാതിൽ    തുറന്നു.അവൾ പെട്ടെന്ന് അങ്ങോട്ടേക്ക് നോക്കി.അത് എബിയായിരുന്നു.
"ആഹ് പുതിയ അതിഥിയെ പരിചയപ്പെട്ടില്ലേ ഇതുവരെ?" എബി  അവളെ നോക്കി ചോദിച്ചു.
"ഇത്..ഇതാരാ?എന്തിനാ ഇയാളെ ഇങ്ങനെ കെട്ടിയിട്ടിരിക്കുന്നത് ?"അവൾ അയാളോട് ചോദിച്ചു.
"ഓവർസ്മാർട്ട് ആവാൻ നോക്കിയതാ.അതിന് ചെറിയ സമ്മാനം കൊടുത്തതാ.."എബി  തറയിൽ കിടക്കുന്ന ആ മനുഷ്യനെ പുച്ഛത്തോടെ നോക്കി.
"എന്തായാലും തനിച്ചിരിക്കുവല്ലേ..ഒരു കൂട്ടാവട്ടെ എന്ന് കരുതിയാ  ഇവനെ ഇങ്ങോട്ട് കൊണ്ടുവന്നത്.."എബി  അവളോട് പറഞ്ഞു.എന്നിട്ട് ബ്രെഡും വെള്ളവും  അകത്തേക്കെറിഞ്ഞ് കൊടുത്തിട്ട് വീണ്ടും ആ വാതിൽ   അടച്ചു.
"ഞാൻ ഇത് ഊരി മാറ്റാൻ പോകുവാണ്.."അവൾ താഴെ കിടന്ന ആ മനുഷ്യനോട് പറഞ്ഞു.എന്നിട്ട് പതിയെ അയാളുടെ തലയിൽ നിന്നും ആ ചാക്കുകെട്ട് ഊരിമാറ്റി.അയാളുടെ മുഖം കണ്ടതും അവൾ സ്തബ്ധയായിനിന്നുപോയി!
"അലക്സ്!" അവളുടെ ചുണ്ടുകൾ മന്ത്രിച്ചു..
തന്റെ മുൻപിൽ നിൽക്കുന്ന ആളെ കണ്ട് അലക്‌സും ഞെട്ടി!
"ദേവി..."അലക്സ് ഉറക്കെ വിളിച്ചു..
അവൾ പെട്ടെന്ന് തന്നെ അവിടെ കിടന്ന ബോട്ടിലിൽ നിന്നും കുറച്ച് വെള്ളമെടുത്ത് അവന്റെ വായിലേക്ക് ഒഴിച്ച് കൊടുത്തു.അലക്സ് അത് ആർത്തിയോടെ കുടിച്ചു.
"ആരാ എന്താ എന്നറിയാത്തത്  കൊണ്ടാ ഞാൻ രാത്രിയിൽ അടുത്തേക്ക് വരാതിരുന്നത്..വെള്ളം ചോദിച്ചപ്പോൾ പേടിച്ചിട്ടാ തരാതിരുന്നത്.."ദേവി ക്ഷമാപണത്തോടെ അലക്സിനെ നോക്കി.
"എന്നെ അവിടെ ഒന്ന് ചാരി ഇരുത്തുമോ?" അലക്സ് ചോദിച്ചു.
ദേവി അവനെ ഒരുവിധം ഭിത്തിയിൽ  ചാരി ഇരുത്തി.
"എന്റെ കെട്ടൊന്ന് അഴിച്ചുതരാമോ ദേവി?"അലക്സ് ചോദിച്ചു.ദേവി അവന്റെ കൈകാലുകളിലെ കെട്ടഴിക്കാൻ ഒരു വിഫല ശ്രമം നടത്തി.
"എനിക്ക് പറ്റുന്നില്ല അലക്സ്..ഇത് മുറിക്കുകയല്ലാതെ  വേറെ നിവർത്തിയില്ല.ഷാർപ് ആയിട്ടുള്ള സാധനങ്ങൾ ഒന്നും ഈ മുറിയിൽ ഇല്ല.."ദേവി വിഷമത്തോടെ പറഞ്ഞു.
"അലക്സ് എങ്ങനെ ഇവിടെ എത്തി?ആരാ അലക്സിനെ ഉപദ്രവിച്ചത്?"ദേവി  ചോദിച്ചു."എന്താ ഇവിടെ  നടക്കുന്നത്?എനിക്ക്..എനിക്കൊന്നും മനസ്സിലാവുന്നില്ല അലക്സ്..എന്താ അവർക്ക് വേണ്ടത്?"ദേവി ഒറ്റശ്വാസത്തിൽ ചോദിച്ചു.
"അവർക്ക് വേണ്ടതെന്താണെന്ന് എനിക്കറിയാം..."അലക്സ് പറഞ്ഞു.
"ആദ്യം ഞാൻ വിചാരിച്ചത് അവർക്ക് ആള് മാറിയതാവും എന്നാണ്..പക്ഷെ ഇപ്പൊ അലക്സിനെ ഇവിടെ കണ്ടപ്പോൾ അവർക്ക് ആള് തെറ്റിയതല്ല എന്നെനിക്ക് മനസ്സിലായി..പറയ്..എന്താ അവർക്ക് വേണ്ടത്?"ദേവി ചോദിച്ചു.
"രാഖി!"
അലക്സ് പറഞ്ഞ പേര് കേട്ട് അവൾ ഞെട്ടി!
തുടരും.......
Click here to read all published parts -
https://www.nallezhuth.com/search/label/AmbaMills

By: Anjana Ravi USA

പയശി തംപ്രാൻ(നർമ്മ രയന)

Image may contain: 1 person
റാംജി..
പകലത്തെ ലൂട്ടിയെല്ലാംകഴിഞ്ഞ അർക്കൻ ,പാശ്ചാത്ത്യരെ ഉണർത്താനായി പോകാൻ കുപ്പായം ഇസ്തിരിയിട്ടുകൊണ്ടിരിക്കുന്ന നേരം.
അന്ന് പകൽ മുഴുവൻ താൻ ചെയ്തുകൂട്ടിയ നിസ്വാർത്ഥ സേവനങ്ങളുടേയും,തീവ്രതകുറഞ്ഞ കുരുത്തക്കേടുകളേയും കുറിച്ച്‌ ഓർത്തുകൊണ്ട്‌ ഷിജാർ അങ്ങനെ സിറ്റൗട്ടിൽ ഇരിക്കുമ്പോളായിരുന്നു ഗേറ്റിനുമുൻപിൽ ഒരു ബുള്ളറ്റിന്റെ കാതടപ്പിക്കുന്നശബ്ദം കേൾക്കുന്നത്‌.
രാജേഷിന്റെ വണ്ടിയാണല്ലോ ,
ഇവനെന്താ ഈ നേരത്ത്‌..??
ചിന്തകൾ അവസാനിക്കുന്നതിനുമുൻപേ വണ്ടി ഗേറ്റ്‌ കടന്നിരുന്നു,
ശ്രദ്ധിച്ചപ്പോൾ മനോജ്‌ പിന്നിൽ ഇരിക്കുന്നുണ്ട്‌.
ഇത്ര വൈകിയിട്ടും രണ്ടാൾക്കും എന്ത്‌ അത്യാവശ്യമായിരിക്കും എന്ന് ആലോചനകളെ ചാനലിലേക്ക്‌ കൊണ്ടുവന്നപ്പോഴേക്കും വണ്ടി പോർച്ചിലെത്തി..
ഉദ്യോഗത്തോടെ ഷിജാർ തിരക്കി..
എന്താണ്ടാ രണ്ടാളും മൂന്തിക്ക്‌.? എടങ്ങേറെന്തേലുമുണ്ടാ..?
അല്ല ഈ നേരമായകൊണ്ട്‌ ശോദിച്ചന്നേയൊള്ള്‌..
ഇങ്ങള് ബരീ.. ബന്ന് കുത്തിയിരിക്കിൻ...
ഷിജാർ അവരെ ക്ഷണിച്ച്‌ സ്വീകരണ മുറിയിലേക്ക്‌ കൊണ്ടുപോയി.
അതിഥികൾ രണ്ടാളും ഒന്നും മിണ്ടാതെ സോഫായിൽ വന്നിരുന്നു..
രണ്ടുപേരുടേയും നിശബ്ദത ഷിജാറിന്റെ ടെമ്പർ തെറ്റിച്ചു .
"ഇങ്ങള് മനുസേനേ മക്കാറാക്കാതെ കാര്യംപറയിൻ."
ടീപ്പോയിൽ കിടന്ന പത്രം എടുത്തുകൊണ്ട്‌ മനോജ്‌ പറഞ്ഞു, നീ പേടിക്കുന്നപോലൊന്നുമില്ല,..
നീയൊന്ന് വേഗം റെഡിയായേ നമുക്ക്‌ സനൂപിന്റെ വീടുവരെ ഒന്നു പോകണം കാര്യമുണ്ട്‌..
അത്‌ കേട്ടതും,
എടുത്തവായിലെ അവൻപറഞ്ഞു
ഓന്റെ പൊരേലാണേൽ ഞമ്മളില്ല....
ശേഷം മനോജിനോടായി പറഞ്ഞു,
മനോശേ..അനക്ക്‌ ഞമ്മടെ ബണ്ടി ബേണേ എടത്താളാ..
രാജേഷും,മനോജും പരസ്പരം നോക്കി.
വരുന്ന മട്ട്‌ കാണുന്നില്ല.
അവൻ അവിടെതന്നെയിരിക്കുകയാണ്.
അപ്പോൾ അവർ നിർബന്ധം പിടിച്ചുപറഞ്ഞു..
അതൊന്നും പറഞ്ഞാൽ പറ്റുകേല നീയും ഞങ്ങടെ കൂടെ വന്നേ പറ്റു.. ..
അപ്പോഴാണ് ഷിജാർ പറഞ്ഞത്‌,
"ഓനിപ്പം പയങ്കര ബുസിയായിപോയി.....
ഞമ്മളെ കണ്ടാകൂടി ഹമുക്കൊന്നും മുണ്ടൂല..
അയിനേകൊണ്ടാണ് ഞമ്മള് പറഞ്ഞത്‌..
ഇങ്ങള് തന്നെ പോയാമതീന്ന്...
ഷിജാർ ഈ നാട്ടിൽ വന്നകാലംമുതലുള്ള ഉള്ള ചങ്ങാതിമാരായിരുന്നു രാജേഷും,മനോജും,സനൂപും..
ഒടുവിൽ അവരുടെ നിർബന്ധത്തിനുവഴങ്ങി.ഷിജാർ റെഡിയായി..
മൂവരും കൂടി ഒരു ബുളളറ്റിൽ തന്നെ ഇറങ്ങി..
സനൂപിന്റെ വീട്ടിലെത്തിയപ്പോഴാണ് ഓർത്തത്‌,
ഉമ്മയോട്‌ പറയാണ്ടാണെല്ലോ ഞമ്മളെറങ്ങിയത്‌ ,
ഉടൻതന്നെ മൊബെയിലെടുത്ത്‌ വീട്ടിലേക്ക്‌ വിളിച്ചു.
ഷിജാറിന്റെ സ്ഥിരം ശൈലികളിൽ ഒന്നായ സ്പീക്കർ ഫോൺ ഓണാക്കിതന്നെയാണ് വിളിക്കുന്നത്‌. ചുറ്റും നിൽക്കുന്നവർ കേട്ടാലും അവനൊന്നുമില്ല.
മറുസൈഡിൽ ഫോണെടുത്തു..
ഉമ്മിച്ചാ ഞമ്മള് ശനൂപിന്റെ പൊരേലാ.. ഓൻ സബരിമലക്ക്‌ പോവാണ് ..
ഓനെയാത്രയാക്കാൻ വന്നതാ..
ഉമ്മിച്ചാ ശോറുണ്ട്‌ കിടന്നോളീ..ബരാൻ ബൈകും.
അത്രയും നേരം ഇങ്ങോട്ടൊന്നും മിണ്ടാതിരുന്ന ഉമ്മ കലിപ്പോടെ പറഞ്ഞു..
ന്നാ ജ്ജ്‌ സബരിമലേ ശെന്നിട്ട്‌ ബിളിച്ചാ മതിയാരുന്നെല്ലാ..
അനക്ക്‌ ഇച്ചിരിയേലും വെളിവുണ്ടോടാ സിജാറേ..
ആ ബണ്ടിയേലും പോർച്ചി കേറ്റിവെച്ചിട്ട്‌ അനക്ക്‌ മലക്ക്‌പോയാപോരാരുന്നോ..
ഓന്റെ കുടീ ശെന്നിട്ട്‌ ഞമ്മളെ ബിളിച്ചേക്ക്ന്ന്..
കലിപ്പിൽ തന്നെ ഉമ്മാ ഫോൺ കട്ട്‌ ചെയ്തു.
മറുപടി പ്രസംഗത്തിന് അവസരം നൽകാതെ ഫോൺ കട്ട്‌ ചെയ്തതിനാൽ
ചുറ്റിനും കൂടിയ അയ്യപ്പഭക്തരെകണ്ട്‌
ഷിജാറിന്റെ മുഖം വിളറി ചോളപൊരിപോലെ പൊലിച്ചുനിന്നു..
അല്ല ഞമ്മടെഫാഗത്തും കൊയപ്പണ്ട്‌.
ഓര് ബിശാരിച്ചേക്കുന്നത്‌
ഓന്റൊപ്പരം ഞമ്മളും മലക്ക്‌ പോയീന്നാണ്. അവൻമനസിൽ പറഞ്ഞുകൊണ്ട്‌ ഒരുകഷ്ണം തേങ്ങാപ്പൂൾ തൊള്ളേലാക്കി.
സനൂപിനെ യാത്രയാക്കീട്ട്‌ വീട്ടിലേക്ക്‌ ചെന്നപ്പോൾ, അവിടെ വെട്ടോം,വെളിച്ചോം ഒന്നും കാണുന്നില്ല.
കോളിംഗ്‌ ബെല്ലിൽ വിരലമർത്തി..
നിമിഷങ്ങൾക്കുള്ളിൽ
പുറത്തേയും,അകത്തേയും ലൈറ്റ്‌ തെളിഞ്ഞു..
ലെൻസിൽകുടെ ഷിജാറിനെ കണ്ടതും,ഉമ്മിച്ചാ കതക്‌ തുറന്നു..
ഇയ്യ്‌ എന്താണ്ടാ മലക്ക്‌ പോയില്ലേ..
ഓന്റൊപ്പരം പോബാന്ന് ഇയ്യ്‌ പറഞ്ഞതല്ലെ
ന്നിട്ട്‌ ന്തീ മടങ്ങി വന്ന്..
ദേഷ്യം അഭിയയിച്ചുകൊണ്ട്‌ ഷിജാർ പറഞ്ഞു..
ഇങ്ങള് തിന്നാനെടുക്കീ..
ബെസക്കണ്...
ഉടൻ അവർ മറുപടിയും പറഞ്ഞു,
ശോറിൽ ബെള്ളവൊഴിച്ച്‌,വല്ലോം ബേണങ്കീ ഫ്രിഡ്ജീന്നെന്തേലുമെടുത്ത്‌ ശൂടാക്കി കയിക്ക്‌..
ക്ക്‌ ആവതില്ല..
അവരുടെ ഭാവംകണ്ട്‌ ഷിജാർ പറഞ്ഞു
ഞമ്മള് മലക്ക്‌ പോണന്നല്ല ഉമ്മീ പറഞ്ഞത്‌.
ഓൻ പോണേന് ഞമ്മള് യാത്രയാക്കാൻ പോയതാർന്നു..
വിശ്വസിക്കാത്തമട്ടിൽ അവർ
എന്തൊക്കെയോ പിറു പിറുത്തുകൊണ്ട്‌ അടുക്കളയിലേക്ക്‌ പോയി..
ദിവസങ്ങളും ആഴ്ചകളും കടന്നുപോയി.
ഇതുപോലെതന്നെ മറ്റോരു വൈകുന്നേരം.
രാജേഷും മനോജും ഗേറ്റ്‌ കടന്നുവന്നു.
രണ്ടാളേയും നോക്കി ഷിജാർ ചോദിച്ചു..
എന്താണിപ്പ..
അവർപറഞ്ഞു,
നീ റെഡിയാക്‌ നമുക്കൊരു സിനിമക്ക്‌ പോകാം..
പഴശിരാജാ ആണെന്ന് പറഞ്ഞപ്പോൾ,
നിർബന്ധിക്കേണ്ടിവന്നതേയില്ല.
ഇത്രയും നേരം രാജേഷിന്റെ ബുള്ളറ്റിന്റെ പിറകെ ഇരുന്നതല്ലേ ഒരു ചെയിഞ്ചിന്
ഷിജാറിന്റെ യമഹയിൽ ആകാമെന്നുകരുതി മനോജ്‌ അതിലേക്ക്‌ ചാടികയറി..
സിനിമ പകുതികഴിഞ്ഞു.. ഇന്റർവെൽ ആയപ്പോൾ എല്ലാവരും പുറത്തിറങ്ങി.
ഷിജാറിന്റെമുഖത്താണേ, കറയില്ലാതെ സീരിയസ്‌ ഭാവം വാരിവിതറിയിരിക്കുന്നു.
സ്നാക്സ്‌ ഷോപ്പിൽ ചെന്ന ഷിജാർ കൽപിക്കുന്നപോലെ മൂന്ന് പഫ്സും,സ്‌പ്രൈറ്റും ഓഡർ ചെയ്തു.
എന്തോന്നെഡേയെന്ന് കൂട്ടുകാർ ചോദിച്ചപ്പോൾ
അവൻ പറഞ്ഞു..
തലമണ്ട ശെത്തിക്കളയും ബെള്ള പഹയന്മാരെ, മുണ്ടാണ്ട്‌ മുണുങ്ങിക്കോ,
രായ കൽപനയാ.. പഴസിയുടെ ജുദ്ധം ഇങ്ങളും കമ്പനീം കാണാൻകെടക്കുന്നേയൊള്ള്‌...
വേഗത്തിൽ തിയേറ്ററിൽകയറി കൊച്ചുപഴശി സിംഹാസനത്തിൽ ഉപവിഷ്ഠനായി..
ഇടക്കിടക്ക്‌ "ആരാണ്ടാ അബടെ" എന്ന് ചോദിക്കുന്നുമുണ്ട്‌..
സംശയത്തോടെ ഷിജാറിനെ നോക്കിയ മനോജിനോട്‌ രാജേഷ്‌ പറഞ്ഞു..
"ആരവിടെയാണ്"..
സിനിമാ തീർന്നിട്ടും നമ്മുടെ കൊച്ചുപഴശി, ഭാവം മാറാതെ സിംഹാസനത്തിൽ തന്നെ ഇരിക്കുകയാണ്
ഒടുവിൽ ഒരുകണക്കിന് തമ്പുരാനേം കൊണ്ട്‌ അവർ പുറത്തിറങ്ങി.
വണ്ടിവച്ച സ്ഥലത്ത്‌ ഭയങ്കര തിരക്കാണ് എന്നാൽ
അതിലൂടെ ഊളിയിട്ട കൊച്ചുതമ്പുരാൻ ലായത്തിലേക്ക്‌ കുതിരയെ അഴിക്കാൻ പോകുന്നപോലെ ഏന്തിവലിഞ്ഞ്‌ ബൈക്കിനടുത്തെത്തി..ശേഷം എങ്ങനെക്കെയോ ഉന്തി തള്ളി വണ്ടി പുറത്തെത്തിച്ചു.
എന്നാൽ ആ സമയത്ത്‌,രാജേഷിന്റെ ബുള്ളറ്റ്‌ എടുക്കാനായില്ല.
തിരക്കൊഴിഞ്ഞപ്പോൾ രാജേഷും അവരുടെ അടുത്തെത്തി.
ഷിജാറിനോട്‌ വർത്തമാനം പറഞ്ഞുകൊണ്ടുതന്നെ,മനോജ്‌ രാജേഷിന്റെ ബുള്ളറ്റിൽ ഇരിപ്പുറപ്പിച്ചു.
തിയേറ്ററിലേക്ക്‌ ഞമ്മടെ കുതിരേ വന്ന ഭടൻ മറ്റൊരാടെ കുതിരേ കേറിപോകുന്നോ..
തമ്പുരാനത്‌ പിടിച്ചില്ല.
കോപാവേശത്താൽ അവൻ മനോജിനോട്‌ ചോദിച്ചു..
ഇയ്യ്‌ ഞമ്മടെ കുതിരപൊറത്ത്‌ കേറണണ്ടാ..
മറുപടിയെന്നോണം മനോജ്‌ പറഞ്ഞു..
ഇവൻ വീട്ടിൽ വിടാമെന്ന് പറഞ്ഞിട്ടുണ്ട്‌.
അതുകൊണ്ട്‌ ഞാനിതിൽ കയറികൊള്ളാം..
അതുംകുടി ആയപ്പോൾ തമ്പുരാന്റെ ഹാലിളകി.
ആ കലിപ്പിൽ,
മുന്നും പിന്നും ഒന്നും നോക്കാതെ തന്റെ യമഹയുടെ കടിഞ്ഞാൺ മുറുക്കി, നൂറേ നൂറിൽ മുന്നോട്ട്‌ കത്തിച്ചു....
രാജേഷും,മനോജും കടുംവെട്ട്‌ കോവിയായി അവിടെതന്നെ നിന്നുപോയി...
സ്ഥലകാല ബോധം വന്നപ്പോൾ പെട്ടന്നുതന്നെ അവരും കുതിരയുടെ പിന്നാലെ ചീറി പാഞ്ഞു..
കുറേ ദൂരം ചെന്നിട്ടും തമ്പുരാനെ കാണാഞ്ഞതിനാൽ ഇവരും യാത്ര പതുക്കെയാക്കി.
കുറേ ദൂരം താണ്ടികഴിഞ്ഞപ്പോൾ രാജേഷിന്റെ മൊബയിൽ ശബ്ദിച്ചു.
വണ്ടി സൈഡിലൊതുക്കി ഫോൺ എടുത്തപ്പോൾ ഡിസ്പ്ലേയിൽ ഷിജാറിന്റെ നാമം എഴുതിവന്നിരിക്കുന്നു.
അറ്റന്റ്‌ ചെയ്തപ്പോൾ ഷിജാറിന്റെ ശബ്ദം..
ഇങ്ങളെബിടെ പോയി കെടക്കയാണീ..
എത്ര ശമയായീന്ന് അറിയാവാ ഞമ്മൾ ഈ കടയിൽ ഇരിപ്പ്‌ തോടങ്ങീട്ട്‌ .
ബെക്കം വന്നാളാ ആബിസം ഒണ്ട്‌ ..
രാജേഷ്‌ മറുപടിയായി പറഞ്ഞു..
ഓ ,ഞങ്ങളുവരുന്നില്ലടാ..ആ സൂപ്പർമാർക്കറ്റിന്റതിലെ ഷോർട്ട്‌ കട്ട്‌ കേറിതിരിഞ്ഞു..
തിരികെവന്നാൽ പിന്നേം താമസിക്കും അതാ...
പെട്ടന്നുതന്നെ തമ്പുരാന്റെ സ്വരം ദയനീയമായി
അള്ളാ ഇങ്ങള് ശതിക്കല്ലേ..
ഞമ്മടെ കയ്യിലാണേ 10 രൂഫേ ഒള്ള്‌.
ബേറേ കായൊന്നുംമില്ല തിന്നും പോയി..
ഷിജാർ അത്രയും പറഞ്ഞപ്പോൾ
രാജേഷ്‌ ഫോൺ ഓഫ്‌ ചെയ്ത്‌ ചിരിയോട്‌ ചിരിതന്നെ..
കാര്യം മനോജിനോട്‌ പറഞ്ഞിട്ട്‌ വേഗം തന്നെ ഇരുവരും തമ്പുരാൻ തടങ്കലിൽ പെട്ടിരിക്കുന്ന തട്ടുകടയിലേക്ക്‌ ചീറി പാഞ്ഞു.
അവിടെയെത്തിയപ്പോൾ,
ചിക്കനും പൊറോട്ടയുമായുള്ള കായികാഭ്യാസത്തിൽ വിജയിച്ചിരിക്കുന്ന കൊച്ചുപഴശിയെ കാണാൻ കഴിഞ്ഞു..
വിജയശ്രീലാളിതനാണങ്കിലും കൗണ്ടറിൽ കിഴിപണം കാഴ്ചവെക്കാഞ്ഞതിനാൽ,അങ്കത്തിന്റെ തിരുശേഷിപ്പുകൾ വാരിക്കൂട്ടൻ ഭൃത്യമ്മാർ എത്തിയിരുന്നില്ല.
അതിനാൽ ടേബിളിനു ചുറ്റിനും മല്ലയുദ്ധത്തിൽ പരാജയപെട്ട കോഴിയുടെ എല്ലിൻ കഷ്ണങ്ങളും, പൊറോട്ടയുടെ പൊടികളും,
നാലുസൈഡിലേക്കും ഒഴുകി ,രക്തം കട്ടപിടിച്ചതുപോലെ ഗ്രേവി പാത്രവും ഇരിക്കുന്നുണ്ട്‌...
അടുത്തായി യുദ്ധ തടവുകാരനെപോലെ പയശി ഇരിക്കുനുണ്ട്‌.
സംഗതിയുടെ കിടപ്പ്‌ രണ്ടാൾക്കും പിടികിട്ടി.
മുൻശുണ്ഠിയെടുത്ത്‌ പാഞ്ഞ തമ്പുരാൻ,
ഉദരത്തിൽ മല്ലിട്ടുകൊണ്ടിരിക്കുന്ന വിശപ്പിനെ വകവരുത്തുവാൻ ഇടത്താവളത്തിൽ കയറിയതാണ്.
അങ്കത്തിന്റെ ബാല്യവും കൗമാരവും വാർദ്ധക്യവും കഴിഞ്ഞപോളാകും തംപ്രാൻ ശീലതപ്പിയത്‌.
താവളത്തിലുള്ളവർ അടിമകണ്ണാക്കി പാത്രങ്ങളും,പൊറോട്ടാമാവുമായും നിർബന്ധിച്ച്‌ സന്ധിയില്ലാതെ യുദ്ധത്തിൽ ആക്കികൊടുക്കും എന്ന തിരിച്ചറിവിലാണ് നിവർത്തിയില്ലാതെ തമ്പ്രാൻ നമ്മളെ വിളിച്ചത്‌..

താവളത്തിൽ രക്ഷകർ എത്തിയസന്തോഷത്തിൽ തമ്പുരാൻ വീണ്ടും അങ്കത്തിനുള്ള ബാല്യം കാണിക്കാൻ തയ്യാറായവനെ പോലെയായി..
പക്ഷെ രണ്ടുപേരുടേയും നോട്ടത്തിനെ അഭിമുഖീകരിക്കാതെ
തടവുകാരൻ പറഞ്ഞു..
ലാത്തിറി താമശിച്ച്‌ ശെന്നാ..
ശോറു ബെച്ചേക്കില്ലന്ന് ഉമ്മി പറഞ്ഞിരിക്കണ്..
ആടുന്നുതിരിച്ചപ്പോ ഞമ്മക്കാണേ മുടിഞ്ഞ ബെസപ്പ്‌,
അയ്നേകൊണ്ട്‌ ഇസ്പീഡിൽ വന്നതാ..
നിഷ്കളങ്കനായി ഷിജാർ വിവരിച്ചു.
അപ്പോൾ മനോജ്‌ ദേഷ്യത്തിൽ ചോദിച്ചു
അതിന് ഞങ്ങളോട്‌ ദേഷ്യപെട്ടിട്ടാണോ വണ്ടിയോടിച്ച്‌ പോകുന്നത്‌.
ഞങ്ങളും വരില്ലായിരുന്നോ നിന്റെയൊപ്പം.,
അള്ളോ..
ഈ ഹിമാറെന്താ പറയണത്‌..
ഞമ്മൾ ദേസപെട്ടന്നോ..
ഒന്നുപോയേഡാ..
ശബ്ദം കൊണ്ട്‌ പിടിച്ചുനിൽക്കാൻ ഒരു ശ്രമം ഷിജാർ നടത്തിയെങ്കിലും,
മുഖഭാവം കടുംവെട്ട്‌ കോവിയിൽ നിന്ന്
നീലേശ്വരം പുഷ്പാംഗദനായി മാറിയത്‌ സെക്കന്റുകളുടെ വെത്യാസത്തിലായിരുന്നു..

By Ramji

Temporary finger

Close-Up Photography of Girl's Left Hand Wearing Bracelet
മെറിൻ..
അവൾ, ക്ലാരാമ്മയുടെ ചട്ടയും മുണ്ടും ഭംഗിയായി ഒതുക്കിവെയ്ക്കുകയായിരുന്നു.
ഉമ്മറത്തു നിന്നുള്ള നീട്ടിയുള്ള വിളി കേട്ട് അവളങ്ങോട്ടെക്ക് ചെന്നു.
നടുവിന് ഒരു കയ്യും താങ്ങി ക്ലാര വേച്ചുവേച്ച് ചാരുകസേരയിലേക്ക് ഇരുന്നു.
കണ്ണുകൾ അടച്ച് ഒരു ദീർഘനിശ്വാസത്തോടെ ചോദിച്ചു.
" എടിയേ..... നീയാ പട്ടികുഞ്ഞിന് വല്ലതും കൊടുത്തായിരുന്നോ? "
മെറിൻ.. മുറ്റത്തെക്ക്‌ നോക്കി.
പട്ടി കൂടിന് അരികെയുള്ള പിഞ്ഞാണത്തിൽ ആഹാരം ഇപ്പൊഴും ബാക്കിയുണ്ട്.
അമ്മച്ചിക്ക്‌ കണ്ണിന് തെളിമക്കുറവ് തന്നെ !!
അവൾ മെല്ലെ പറഞ്ഞു...
" ഉവ്വ് കൊടുത്തുല്ലോ "
മ്മ്...
കണ്ണടയൂരി, മേൽമുണ്ട് തുമ്പിൽ തുടച്ചുകൊണ്ട് ക്ലാര മൂളി.
പിന്നെ വിരലിൽ നോക്കി.
"വോട്ട് ചെയ്താ അമ്മച്ചിയേ... "
"നല്ല തിരക്കാണോ അവിടെ "?
മെറിന്റെ ചോദ്യം കേട്ട്.... ക്ലാര പാതിമാഞ്ഞുമഞ്ഞളിച്ച കണ്ണുകൾ ഉയർത്തി അവളെ നോക്കി.
"വ്വോ..... എന്നാടി "
"കറിയാച്ചന് ചെയ്യാനിരുന്ന വോട്ടാ...
ഇതിപ്പോ... ജോസിന്റെ പാർട്ടിക്ക്‌ ചെയ്തേച്ചുമം വരുന്നേ "!
മെറിൻ പകപ്പോടെ ക്ലാരയേ നോക്കി.
അവർ ചാരുകസേരയിൽ നിന്ന് പതുക്കെ എഴുന്നേറ്റു.
" എടിയേ.... ഓപ്പൺ വോട്ടായിരുന്നു "!"എനിക്ക് മേലല്ലോ... അതുകൊണ്ട് ജോസ് തന്നെ ചെയ്തു.... അവൻ അവന്റെ നേതാവിന് തന്നെ കുത്തിയത് ഞാൻ കണ്ടതാടി... "
മുഖമൊന്ന് ചുളുക്കി ക്ലാര അകത്തേക്ക് നടന്നു.
പിന്നെ ഉച്ചത്തിൽ പറഞ്ഞു.
" നമ്മുക്ക് ഉപകാരം ഇല്ലെങ്കിലും.. കറിയാച്ചൻ നമ്മുടെ സമുദായക്കാരനായിരുന്നു. "
"ഇനി പറഞ്ഞിട്ടെന്താ... ഒരു വോട്ട് പോയില്ലേ.... "!
"മ്മ്.... ഇനി അവൻ അടുത്ത പ്രാവശ്യം വോട്ട് പിടിക്കാൻ വരണപ്പോ പറയണം.. നേരത്തെ എന്നെയും കൂട്ടി അങ്ങട്ട് പോവ്വാാൻ...."!!!
വളഞ്ഞ നടുവിൽ കുളത്തിവലിച്ച വേദനയേ ഒരു കയ്യിൽ താങ്ങി പിടിച്ച്... അവർ കിടപ്പ്മുറിയിലേക്ക്‌ കയറി.
മെറിൻ,
ക്ലാര പറയുന്നത് കേട്ട് ചിരിച്ചു.
"എനിക്കും വോട്ട് ചെയ്യണം... "! രാവിലെ വോട്ട് ചെയ്യാൻ ഞാൻ കൂടെ വരട്ടെന്ന് ചോദിച്ചതാ... വിദേശത്ത് നിന്ന് മക്കൾ വിളിക്കുമെന്നും അപ്പൊ നീ ഇവിടെ നിന്നാൽ മതി... അമ്മച്ചി വയ്യായ്കയിൽ പുറത്ത് പോയിന്ന് പറയണ്ടന്നും പറഞ്ഞ് പോയതാ. പിന്നെ ഒരു ഓർമ്മപ്പെടുത്തലും. "നീ ഇവിടെ ജോലിക്ക്‌ നിൽക്കുന്നതാ "!

തന്റെ സ്വാതന്ത്ര്യത്തിന്റെ... അവകാശത്തിന്റെ ചൂണ്ടുവിരലിലേക്ക്‌ അവൾ സൂക്ഷിച്ചു നോക്കി.
മുറ്റത്തു നിന്ന് പട്ടികുഞ്ഞു വാലാട്ടി തൊടിയിലേക്കോടി... എങ്ങോട്ടോ നോക്കി കുരച്ചു.. അവൾ പട്ടികുഞ്ഞിനെ തന്നെ നോക്കി. അതിന്റെ വളഞ്ഞ വാലും. !!
പിന്നെ ഒരു ചിരിയോടെ അവൾ അകത്തേക്ക് നടന്നു. 
രചന.... : 
Deepa Palayadan. @ Nallezhuth FB group

കടാക്ഷം (കഥ)

Woman's Face on White Liquid
"സ്വന്തം വീടിന് തീവെച്ചിട്ടുണ്ടോ നല്ല രസമായിരിക്കും കത്തുന്നത് കാണാൻ "......
എല്ലാരും കിടന്നുറങ്ങുന്ന സമയത്ത് തീവെക്കണം... എല്ലാവരും തീയിൽ വെന്തുമരിക്കണം ... പൊട്ടിത്തെറികളും കോലാഹലങ്ങളും ... നിറയും ...അതിനാ ഈ മണ്ണെണ്ണ ..."
ശങ്കര വാര്യരുടെ അട്ടഹാസം വറീതിന്റെ ചായക്കടയെ മുഖരിതമാക്കി. ചായ കുടിക്കുന്നവർ പലരും അന്തം വിട്ട് ആ മുഖത്തേക്ക് നോക്കിയിരുന്നു.
വാര്യർ തന്റെ കൈയിലുള്ള മണ്ണെണ്ണ കന്നാസ് ഉയർത്തി എല്ലാവരേയും കാണിച്ചു കൊണ്ട് ഒന്നുകൂടി അട്ടഹസിച്ചു കൊണ്ട് ഇറങ്ങിപ്പോയി.
"ഇയാൾക്ക് ഇത് എന്തിന്റെ കേടാ... നല്ലൊരു മനുഷ്യനായിരുന്നു അമ്പലത്തിലെ കഴകം കൊണ്ട് മക്കളെ ഒക്കെ ഒരു വിധം നന്നായി നോക്കിയതാ. പക്ഷെ.....!"
അമ്പലത്തിലെ ക്ലാർക്ക് സുധാകരൻ സങ്കടത്തോടെ പറഞ്ഞു....
"നാലു മക്കൾ രണ്ടു പെണ്ണും രണ്ടാണും. മൂത്ത പെൺകുട്ടിയുടെ സ്ത്രീധനത്തുക ബാക്കി കൊടുക്കണമെന്ന് പറഞ്ഞ് അയാള് വന്ന് ബഹളം വെയ്ക്കുന്നു. ആൺ കുട്ടികൾ ദൂരെ എവിടെയോ ആണ്. ഇവിടുത്തെ കാര്യങ്ങളൊന്നും അന്വേഷിക്കാറില്ല. ഇളയ കുട്ടി ഈയടുത്ത് അവിടുത്തെ പണിക്കാരൻ ചെക്കന്റെ കൂടെ പോയി.വാരസ്യാർക്ക് എപ്പോഴും എന്തെങ്കിലും അസുഖവും.... വാര്യർക്ക് സമനില കൈവിട്ട അവസ്ഥയും..."
സമയം രാത്രിയോടടുക്കുന്നു. വാര്യർ തന്റെ കൈയിലുള്ള .......
മധു തന്റെ ഡയറിയിലെ എഴുതി തീരാത്ത ആ കഥ പലവുരു വായിച്ചു.ഇതിന്റെ ബാക്കി എത്ര ആലോചിച്ചിട്ടും കിട്ടുന്നില്ല. മനസ്സ് പ്രക്ഷുബ്ദ്ധ സാഗരത്തിലെ തിരമാല കണക്കെ ആടിയുലയുന്നു .... അന്ന് ഇത് എഴുതിക്കൊണ്ടിരിക്കുമ്പോഴായിരുന്നു പോസ്റ്റ്മാൻ വന്നത്.... അതെ.... കൃത്യം നാല് മാസങ്ങൾക്ക് മുന്നെ ഒരു തിങ്കളാഴ്ച. തന്റെ ജോലിയുടെ നിയമന ഉത്തരവുമായി ....
പിന്നെ അതിന്റെ സന്തോഷത്തിലും ആകാംക്ഷയിലും എഴുത്ത് നടന്നില്ല. ബാക്കി അന്ന് എന്തായിരുന്നു എഴുതുവാൻ ഉദ്ദേശിച്ചത് ....? എത്ര ശ്രമിച്ചിട്ടും ഓർക്കാൻ കഴിയുന്നില്ല. .....
മധു ഡയറി മടക്കി വെച്ചു. ഇനി ഇതിന്റെ ബാക്കി കിട്ടാതെ ഒരു സമാധാനവും കിട്ടില്ല. മറ്റൊന്നും ചെയ്യാനില്ലാത്തതിനാൽ വെറുതേ നടക്കാനിറങ്ങി.....
പാടങ്ങളും തെങ്ങിൻ പറമ്പുകളും കൊണ്ട് സമൃദ്ധമായ ഗ്രാമം ... ഇവിടെ വില്ലേജിൽ ഫീൽഡ് അസിസ്റ്റന്റ് ആണ് മധു .നാല്മാസമായി വന്നിട്ട് .അധികം പരിചയക്കാരായിട്ടില്ല. ആകെയുള്ളത് ഹരിദാസൻ ആണ്. അയാളാണ് താമസം ശരിയാക്കിത്തന്നത് ....നല്ല ഒരു കൃഷിക്കാരനും കർഷക തൊഴിലാളിയുമാണ് ഹരിദാസൻ.സ്ഥിരമായി കാണാറുള്ള പച്ചക്കറി കടയിൽ അന്വേഷിച്ചപ്പോൾ അമ്പലത്തിൽ കാണും എന്ന് പറഞ്ഞു..... നിരീശ്വരവാദവും യുക്തിവാദവും തലയ്ക്ക് പിടിച്ചതിനാൽ മധു ഇതുവരെ അവിടുത്തെ അമ്പലത്തിൽ പോയിട്ടുണ്ടായിരുന്നില്ല. ദിവസവും അതിന്റെ മുന്നിലൂടെയാണ് യാത്രയെങ്കിലും അങ്ങോട്ട് നോക്കാറില്ല. ഹരിദാസനെത്തേടി അമ്പല നടയിൽ നിൽക്കുകയായിരുന്നു മധു.....
"എന്താ ഇവിടെത്തന്നെ നിൽക്കുന്നേ അകത്തേക്ക് പൊയ്ക്കോളൂ.... "
ശബ്ദം കേട്ട ഭാഗത്തേക്ക് തിരിഞ്ഞ മധു അമ്പരന്നു. നല്ല മുഖ പരിചയം എവിടെയോ കണ്ടു മറന്ന മുഖം.... "ഞാൻ ഹരിദാസനെ നോക്കി വന്നതാ..."
ആ മുഖത്തേക്ക് ത്തന്നെ നോക്കി മധു പറഞ്ഞു..... അയാൾ അപ്പോഴേക്കും പോയിരുന്നു..... മധു അയാളെത്തന്നെ നോക്കി നിന്നു. ആരായിരുന്നു. .....?
എവിടെയാണ് കണ്ടത്. ... ഈ നാട്ടിൽ പരിചയമുള്ള ആരും ഇല്ലല്ലോ ...... ചിന്തകൾക്ക് വീണ്ടും തീ പിടിക്കുന്ന അവസ്ഥ.
"എന്താ സാറേ ..... എന്നെ അന്വേഷിച്ചു എന്ന് വാര്യർ പറഞ്ഞു. "
ഹരിദാസന്റെ ശബ്ദം കേട്ട മധു ഒന്നു ഞെട്ടി....
"വാര്യർ ..... എന്താ ആ വാര്യരുടെ പേര് .....?"
"ശങ്കര വാര്യർ .... ഇവിടുത്തെ കഴകക്കാരനാ....."
ഹരിദാസന്റെ ഉത്തരം മധുവിനെ വീണ്ടും കുഴപ്പത്തിലാക്കി.....
"വീട്ടിലെ കറന്റിന് എന്തോ കുഴപ്പമുണ്ട്. ഇടയ്ക്കിടെ പോകുന്നു. സമയം കിട്ടുമ്പോൾ ഒന്നു നോക്കിക്കണേ.... പിന്നെ എനിക്ക് ആ ശങ്കര വാര്യരെ കുറിച്ച് കൂടുതൽ അറിയണമെന്നുണ്ട്. ...."
ഹരിദാസൻ ഷർട്ട് മുഴുവനായും ഇട്ടു കൊണ്ട് മധുവിന്റെ മുഖത്തേക്ക് സംശയത്തോടെ നോക്കി.....
" വാര്യരെക്കുറിച്ചോ ..........?എന്താ ഇപ്പോ ഒരു അന്വേഷണം.... ഇവിടുത്തെ കഴകക്കാരനാ .... പാവം.നാലു മക്കളുണ്ട്. മൂത്ത കുട്ടിയുടെ കല്യാണം കഴിഞ്ഞു. ഇനി ഒരു പെൺകുട്ടി കൂടെയുണ്ട്..... പിന്നെ രണ്ട് ആൺ മക്കളും.... അവർക്ക് ദൂരെയെവിടെയോ ആണ് ജോലി. അധികം വരാറൊന്നുമില്ല..... വാരസ്യാർക്ക് നല്ല സുഖമില്ല.... അത്രയൊക്കയേ എനിക്ക് അറിയാവൂ...... അവിടുത്തെ പണികളൊക്കെ ഞാനാണ് ചെയ്യാറ്.... കൃഷിയൊക്കെ കുറവാണ് സ്ഥലമൊക്കെ വിറ്റു..... കുറച്ച് ബുദ്ധിമുട്ടിലാണ് .....!
മധു തിരിച്ചു നടന്നു. .....
രാത്രി വീണ്ടും തന്റെ ഡയറി തുറന്നു. .... തന്റെ കഥ വെറും കഥയല്ല...... പക്ഷെ എഴുതിയ അത്രയും ഇവിടെ സംഭവിച്ചിട്ടില്ല.. ഇനി അതുപോലെ നടക്കുമോ.....?
പെട്ടെന്ന് കറന്റു പോയി..... സ്ഥിരമായതിനാൽ അയാൾ മെഴുകുതിരി കത്തിച്ചു..... തന്റെ കഥയിലെ പോലെ കാര്യങ്ങൾ നടക്കുമോ ...... വാര്യർ വീടിന് തീ വെക്കേണ്ടി വരുമോ.....? മധു ആകെ വിയർത്തു......
"സാറേ ....." .... ഹരിദാസന്റെ ശബ്ദമാണ് മധു കതക് തുറന്നു......
"കറന്റ് നാളെ ശരിയാക്കാം ഇന്ന് ഞാൻ ഇല ക്ട്രീഷ്യന്റെ അടുത്ത് പോകാനിരുന്നതാ....... അപ്പോഴാണ്.... വാര്യരുടെ കൂടെ ബാങ്കിൽ പോയത് അൽപ്പം വൈകി..... " ......
"എന്താ ബാങ്കിൽ ....".മധുവിന് ആകാംഷയായി.
"മകളുടെ സ്ത്രീധനം കൊടുക്കാൻ ബാക്കി യുണ്ട്..... ലോണിന് വേണ്ടി പോയതാ..... ശരിയായാൽ മതിയായിരുന്നു."
കറന്റ് വന്നു. ഡയറിയിൽ മധു ശങ്കര വാര്യരുടെ മുഖം കണ്ടു. മധു അത് മടക്കി വെച്ചു......
" ഞാൻ ഹരിദാസനോട് ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ......?"
"വാര്യത്തെ ഇളയ കുട്ടിയെ ഹരിദാസൻ സ്നേഹിക്കുന്നില്ലേ .....?"
ഹരിദാസൻ വെട്ടി വിയർക്കുന്നത് മധു കണ്ടു.
"സാർ..... അത് ..... എങ്ങിനെ അറിയാം ..... ഞങ്ങൾ രണ്ടു പേർ മാത്രമറിയുന്ന കാര്യം.....!"
"എങ്കിൽ കേട്ടോളൂ ഹരിദാസാ..... നിങ്ങൾ ഇന്നു പോയ ലോൺ കിട്ടില്ല. ..... സ്ത്രീധന ബാക്കി കിട്ടാത്തതിനാൽ വലിയ പ്രശ്നങ്ങൾ നടക്കും...... ആൺ കുട്ടികൾ വാര്യരെ കൈവിടും നിങ്ങളുടെ പ്രണയം പൂവണിയും ..... വാര്യർ പക്ഷെ.....!"
സാറെന്തൊക്കയാ ഈ പറയുന്നേ .....?... അങ്ങിനെ ഒന്നും ഇല്ല. .... തേവരുടെ കടാക്ഷം വാര്യരെ കൈ വിടില്ല..... സാറ് പറയുന്ന പോലെയുള്ള ബന്ധമൊന്നും എനിക്കില്ല.... ഹരിദാസൻ അൽപ്പം നീരസത്തോടെ ഇറങ്ങിപ്പോയി.....
"ഛെ.... താനെന്തൊക്കയാ ഈ പറഞ്ഞത് ....?.. ഹരിദാസന് വിഷമം ആയി ക്കാണും തന്റെ കഥ അത് .... വെറും കഥയല്ലേ ....?" മധു സ്വയം പറഞ്ഞു. എന്തോ അയാൾക്ക് അന്ന് ഉറങ്ങാനായില്ല.
പിറ്റേന്ന് കരമടയ്ക്കാത്തവരുടെ വീട്ടിൽ പോകേണ്ട ദിവസമായിരുന്നു...... ശങ്കര വാര്യരുടെ പേര് അതിൽ കണ്ടത് മധുവിന് ആശ്വാസമായി.... വാര്യത്ത് പോകാൻ ഒരു കാരണം കിട്ടിയല്ലോ .... അയാൾ ആദ്യം അവിടേയ്ക്ക് തന്നെ പോയി....
വാര്യരുമായി കുറേ നേരം സംസാരിച്ചു..... തന്റെ കഥ സത്യമാവാനുള്ള സാധ്യത മധു തള്ളിക്കളഞ്ഞില്ല.....
"വലിയ വിഷമത്തിലാണ് സാറേ ..... പിന്നെ എല്ലാത്തിനും തേവര് ഒരു വഴികാണിച്ചു തരുമായിരിക്കും.... "
മധു വിന് ഉള്ളിൽ ചിരി വന്നു, ..... തേവര് എന്തു ചെയ്യുമെന്നാ....? ഇവരൊക്കെ എത് കാലത്താ ഇനി നന്നാവുന്നേ...? മധു നോട്ടീസ് കൊടുത്ത് തിരിച്ചു നടന്നു.
ദിവസങ്ങൾ കടന്നു പോയി..... മധു വാര്യരുടെ കഥകൾ അറിയാനാവാതെ വീർപ്പുമുട്ടി..... അന്നൊരു ഞായറാഴ്ച യായിരുന്നു. കവലയിൽ ചായ കുടിച്ചു കൊണ്ടിരിക്കേ വാര്യർ അവിടേക്ക് കയറി വന്നു. മധു വാര്യരെ കണ്ടതും ഒന്നു ഞെട്ടി..
അയാളുടെ കൈയിൽ ഒരു കന്നാസുണ്ടായിരുന്നു......
"ഹരിദാസനെ കണ്ടോ ....?"
"ഇന്ന് വന്നില്ലല്ലോ ''... മറുപടി കേട്ടതോടെ വാര്യർ പോയി. .... മണ്ണെണ്ണയുടെ രൂക്ഷഗന്ധം അവിടെ നിറഞ്ഞു ...
മധു പെട്ടന്ന് ഇറങ്ങി....
അയാളുടെ മനസ്സ് ആകെ കലുഷിതമായിരുന്നു..... അയാൾ നേരെ ഹരിദാസന്റെ വീട്ടിലേക്ക് ഓടി.....
"എന്താ സാറേ .....? എന്താ ധൃതിയിൽ... ഞാൻ കുറച്ച് തിരക്കിലായിരുന്നു. വാര്യത്ത് കല്യാണം .... അതാ കാണാഞ്ഞേ.... "
മധു ഒന്നു നിന്നു. "കല്യാണമോ ആരുടെ ....?"
ഇളയ കുട്ടിയുടെ .... സാറ് അന്ന് പറഞ്ഞത് പകുതി ശരിയായിരുന്നു. ..... എനിക്ക് ചെറിയ ഇഷ്ടമൊക്കെ ഉണ്ടായിരുന്നു. പക്ഷെ .... സാറിന് അറിയുമോ തേവരുടെ കടാക്ഷം നിറഞ്ഞ മനുഷ്യനാ അത് .... അയാളെ ചതിക്കാൻ എനിക്ക് പറ്റില്ല .. തേവര് പൊറുക്കില്ല അത്..... ലോണ് പെട്ടന്ന് തന്നെ ശരിയായി .... സ്ത്രീധന ബാക്കി വേണ്ടെന്ന് മൂത്ത കുട്ടിയുടെ ഭർത്താവ് പറഞ്ഞതോടെ കല്യാണം നടത്താൻ ബുദ്ധിമുട്ടുണ്ടായില്ല. പിന്നെ ആൺകുട്ടികൾ രണ്ടാളും സഹായിച്ചു...... എല്ലാം തേവരുടെ കടാക്ഷം......
ഞാൻ സാറിന്റെ അടുത്ത് വൈകുന്നേരം വരാം.... വാര്യത്തെ കിണറ് ഒന്ന് നന്നാക്കണം മോട്ടോറിനുള്ള മണ്ണെണ്ണ വാങ്ങാൻ വാര്യർ പോയിട്ടുണ്ട്... ഞാൻ ചെല്ലട്ടേ.....
മധു തെല്ലൊരാശ്വസത്തോടെ മടങ്ങി.... അമ്പലനടയിൽ എത്തിയപ്പോൾ അയാൾ ആദ്യമായി അകത്തേക്ക് ഒന്നു നോക്കി....
നിറഞ്ഞ മനസ്സോടെ മധു നടന്നകന്നു.
ശ്രീധർ RN 
.
Image may contain: 1 person, smiling, closeup

നടനം


ഞാനും ഞാനുമായുള്ള
മാനസിക സംഘട്ടനങ്ങളാണ്
മുന്നേ തൊട്ട് മനസ്സിനെ കൂടുതൽ കലുഷിതമാക്കുന്നത്.tiny
"ഞാൻ സത്യസന്ധനാണ്."
ഇതു കേട്ടു ചിരിക്കുന്ന ഞാൻ.
നൂറു ശതമാനവും കളവു പറയാത്തവരാണ് സത്യസന്ധൻ.
അതു പിന്നെ ചെറുതായിട്ടൊക്കെ.
"മതേതരനാണു ഞാൻ."
വീണ്ടും ചിരിച്ചു ഞാൻ.
സ്വന്തം ജാതിയോടും, മതത്തോടും ഒരു പൊടിയ്ക്ക്
സ്നേഹക്കൂടുതൽ ഇല്ലേ
അങ്ങിനെ പറഞ്ഞാൽ....?
എന്നാൽ
"നിഷ്പക്ഷനാണ് ഞാൻ."
അതും വെറുതേ
സ്വന്തം കക്ഷിയുടെ
കഷ്ടതയിൽ
ന്യായീകരണമായെത്തുന്നതും, എതിർകക്ഷി തോൽക്കാൻ
കൊതിക്കുന്നവനെന്തു
നിഷ്പക്ഷത
എങ്കിൽ അതെല്ലാം പോട്ടെ "ഏകപത്നീവ്രതനല്ലേ?"
ഹ ഹ ഹ
സൗന്ദര്യധാമങ്ങളെ
കനവിൽ പോലും കാണാത്തവനാണ്
ഏകപത്നീവ്രതൻ.
"കടുത്ത ദൈവവിശ്വാസിയല്ലേ
ഞാൻ "
കാര്യം കാണാൻ പിശാചിനുപോലും കൈക്കൂലി കൊടുക്കുന്നവനെങ്ങിനെ
കടുത്തവിശ്വാസിയാകും.
"എന്നാൽ യുക്തിവാദിയാകട്ടെ "
ഇടയ്ക്കിടയ്ക്ക് ദൈവത്തെ
വിളിക്കുന്നവനെങ്ങിനെ
യുക്തിവാദിയാകാനാകും.
എന്നാൽ ഞാനൊരു നടനാകട്ടെ.
അതാണ് നല്ലത്
നല്ലവനായ നടനാകാം.
ഇത്തിരിയെങ്കിലും
നന്മകൾ ഉള്ളിൽസൂക്ഷിക്കുന്ന നല്ലനടനാകാം.

By PS Anilkumar

അംബാ മിൽസ് - Part 2

ആ കാഴ്ച്ച കണ്ട് അവൾ വീണ്ടും അലറിവിളിച്ചു!
ടോർച്ചടിച്ച് അവൾ വാതിലിന് നേർക്ക് അലറിവിളിച്ചുകൊണ്ട് ഓടി.
"തുറക്ക് പ്ളീസ് വാതിൽ തുറക്ക്..ആരെങ്കിലും വാതിൽ ഒന്ന് തുറക്കണേ പ്ളീസ്..ഹെൽപ്! രക്ഷിക്കൂ പ്ളീസ്! പ്ളീസ് ഹെൽപ് മി!"അവൾ കരഞ്ഞുകൊണ്ട് വാതിലിൽ തുരുതുരെ മുട്ടി  വിളിച്ചുകൂവി.അവളുടെ ശരീരം ആലിലപോലെ വിറയ്ക്കുന്നുണ്ടായിരുന്നു!
"എന്തിനാ എന്നെയിവിടെ കൊണ്ടിട്ടിരിക്കുന്നത്?നിങ്ങൾക്ക് ആള് മാറിയതാവാം..പ്ളീസ് എന്നെ തുറന്നുവിട് പ്ളീസ്.." അവൾ കരഞ്ഞുപറഞ്ഞിട്ടും ആരും ആ വഴി വന്നില്ല.ഇതിനിടയ്ക്ക് ടോർച്ച് അവളുടെ കൈയിൽ നിന്നും താഴെ വീണ്  ഓഫ് ആയി.മുറിയിൽ ആകെ ഉണ്ടായിരുന്ന വെളിച്ചം അണഞ്ഞു! തിരികെ മുറിക്കകത്തേക്ക്  പോവാൻ അവൾക്ക് ഭയം തോന്നി.താൻ ലോകത്ത് ഏറ്റവും ഭയക്കുന്ന ജീവിയാണ് ആ കണ്ണാടിക്കൂട്ടിൽ കിടക്കുന്നത് ! ഭയം അവളുടെ മനസ്സിനെ കീഴടക്കി.അവൾ വാതിലിനരികിൽ തന്നെ ചുരുണ്ടുകൂടി ഇരുന്നു.കണ്ണുകളടച്ചാൽ ആ സാധനം കണ്ണാടിച്ചില്ലും  പൊട്ടിച്ച് തന്റെ നേർക്ക് ഇഴഞ്ഞുവന്നേക്കുമോ എന്ന ഭയം കൊണ്ട് അവൾ ഒരു പോള  കണ്ണടച്ചില്ല.
തന്നെ ഇവിടേക്ക് കൊണ്ടുവന്നവർ അത്ര ചില്ലറക്കാരല്ല എന്നവൾക്ക് മനസ്സിലായി.കരുതിക്കൂട്ടി ആണ് അവർ എല്ലാം ചെയ്തിരിക്കുന്നത് .പക്ഷെ എന്തിനുവേണ്ടി..? അവൾക്ക് ഉത്തരം കിട്ടിയില്ല..
വെളുപ്പിനെ വരെ അവൾ ഒരുവിധം ഉറങ്ങാതെ പിടിച്ചുനിന്നു.പക്ഷെ ഇടയ്ക്കെപ്പഴോ അവൾ ഒന്ന് മയങ്ങിപ്പോയി..ഒരു പെരുമ്പാമ്പ് തന്റെ നേർക്ക് വായും പൊളിച്ച് വരുന്ന ഭീകര സ്വപ്നം കണ്ടാണ് അവൾ ഞെട്ടി എഴുന്നേറ്റത്..മുറിയിൽ ചെറിയ വെളിച്ചമുണ്ടായിരുന്നു.മുറിയുടെ മുകളിലായി വെന്റിലേഷന്റെ രണ്ടു മൂന്ന് ഹോൾ ഉണ്ട് .അത് വഴി അരിച്ചിറങ്ങുന്ന സൂര്യപ്രകാശമാണ്   മുറിയിൽ. അവൾ ആ മുറി മുഴുവനായൊന്ന് നോക്കി.പെരുമ്പാമ്പിനെ ഇട്ടിരിക്കുന്ന ആ ഗ്ലാസ് ടാങ്കും ഒരു കൂജയും ഗ്ലാസും  ഒഴിച്ചാൽ ആ മുറിയിൽ പ്രത്യേകിച്ചൊന്നുമില്ലായിരുന്നു..

ഗ്ലാസ് ടാങ്ക് ഇരിക്കുന്ന ഭാഗത്തേക്ക് അവൾ നോക്കിയതേ ഇല്ല! ഇന്നലത്തെ വെപ്രാളത്തിനിടയ്ക്ക് താഴെ വീണ ടോർച്ച് കൈയിൽ കിട്ടി.അവൾ അത് ജനലിന്റെ സൈഡിൽ വെച്ച് വേഗം ബാത്റൂമിലേക്ക് നടന്നു.ആ ബാത്റൂമിന്റെ  അവസ്ഥ കണ്ട് അവൾക്ക് ഓക്കാനിക്കാൻ  വന്നു.അത്രയ്ക്കും വൃത്തിഹീനമായിരുന്നു അതിനകം! അവിടെ ഒരു ബക്കറ്റും മഗും ഉണ്ടായിരുന്നു.വേറെ നിവർത്തിയില്ലാത്തത്കൊണ്ട് അവൾ അതിനകത്ത് കയറി തന്റെ പ്രാഥമിക കാര്യങ്ങൾ കഴിച്ചു.തിരികെ മുറിയിലെത്തിയപ്പോൾ അവിടെ നിലത്ത് ഒരു ബ്രഡിന്റെ കവറും രണ്ട് പഴവും ഒരു വാട്ടർ ബോട്ടിലും ഉണ്ടായിരുന്നു.

അത് എങ്ങനെ അവിടെ വന്നുവെന്ന് അവൾക്ക് മനസ്സിലായില്ല. ആരെങ്കിലും വാതിൽ തുറന്ന് വന്നതാകുമോ?അപ്പോഴാണ് മുറിയുടെ വാതിലിൽ തന്നെ ഉള്ള ഒരു ചെറിയ  കിളിവാതിൽ  അവൾ ശ്രദ്ധിച്ചത്. അത് ഇപ്പൊ അടച്ചിട്ടിരിക്കുകയാണ്. അത് പുറത്തുള്ളവർക്ക് തന്നെ നിരീക്ഷിക്കാൻ വേണ്ടിയുള്ളതാണെന്നും വെളിയിൽ  നിന്ന് മാത്രമേ അത് തുറക്കാൻ പറ്റുള്ളുവെന്നും   അവൾക്ക് മനസ്സിലായി.ആഹാരം കഴിക്കണോ വേണ്ടയോ എന്നവൾ സംശയിച്ച് നിന്നു.പക്ഷെ നല്ല വിശപ്പുള്ളതുകൊണ്ടും ഇനി അടുത്ത ആഹാരം എപ്പോൾ കിട്ടുമെന്ന് ഉറപ്പില്ലാത്തത്കൊണ്ടും വെറുതെ വാശിപിടിച്ചിട്ട്  കാര്യമില്ലെന്ന് അറിയാവുന്നത്കൊണ്ടും  അവൾ പെട്ടെന്ന് തന്നെ ബ്രെഡും പഴവും ആർത്തിയോടെ വാരിവലിച്ച് കഴിച്ചു.ഇടയ്ക്ക് വെള്ളവും കുടിച്ചു.വൈകിട്ടത്തേക്ക് കുറച്ച് ബ്രഡ്  മാറ്റിവെച്ചു.
താൻ  കിഡ്നാപ് ചെയ്യപെടുന്നതിനു മുൻപുള്ള ദിവസം അവൾ ഓർത്തെടുക്കാൻ ശ്രമിച്ചു. മെക്സിക്കോയിൽ ഒരു റിസോർട്ടിൽ റിസെപ്ഷനിസ്റ്റ് ആയി ജോലി ചെയ്യുകയായിരുന്നു താൻ . കോട്ടേജിൽ  പുതിയ താമസക്കാർ വന്നിട്ടുണ്ടെന്നും അവർക്ക് തന്നെ പരിചയപ്പെടണമെന്നും പറഞ്ഞതനുസരിച്ച് താൻ അവരുടെ മുറിയിലേക്ക് ചെന്നു.
പക്ഷെ റൂമിൽ ആരെയും കണ്ടില്ല.തിരികെ പോവാൻ തുടങ്ങിയതും ആരോ പിറകിൽ നിന്നും തന്റെ വായ് പൊത്തിപ്പിടിച്ചു! പിന്നീട് കഴുത്തിലേക്ക് എന്തോ കുത്തിയിറക്കി അതോടെ തന്റെ ബോധവും നഷ്ട്ടപ്പെട്ടു..എത്ര സമയം താൻ ബോധമില്ലാതെ മയങ്ങിക്കിടന്നുവെന്ന് അവൾക്ക് അറിയില്ല.ഇവിടെ ഈ മുറിയിൽ എങ്ങനെ എത്തിപ്പെട്ടുവെന്ന് ഒരെത്തും പിടിയും കിട്ടുന്നില്ല.ഇതേതാണ് സ്ഥലമെന്നും മനസ്സിലാവുന്നില്ല.
സമയം പൊയ്ക്കൊണ്ടിരുന്നു.വെയിലിന്റെ ഏറ്റക്കുറച്ചിൽ അനുസരിച്ച് അവൾ സമയം ഊഹിച്ചു.കണ്ണാടിക്കൂട്ടിൽ കിടക്കുന്ന സാധനത്തെ അവൾ  ഇടയ്ക്കിടെ  ഒളികണ്ണിട്ട് നോക്കിക്കൊണ്ടിരുന്നു.അത് അവിടെ അങ്ങനെ തന്നെ കിടപ്പുണ്ട്.
അവൾ വാതിലിന് നേർക്ക് നടന്നു.
"ഞാൻ പറയുന്നത് അവിടെ  ആരെങ്കിലും കേൾക്കുന്നുണ്ടോ?നിങ്ങൾക്ക് ആള് മാറിയതാവാം.എന്നെ എന്തിനാ ഇവിടെ പിടിച്ചുകൊണ്ടിട്ടിരിക്കുന്നത്?ആരെങ്കിലും ഒന്നിവിടേക്ക് വരുമോ?പ്ളീസ് ഹെല്പ് മീ..!പ്ളീസ്..പ്ളീസ്.."അവളുടെ അപേക്ഷ കരച്ചിലിലേക്ക് വഴിമാറി. മുറിയിൽ ഇരുട്ട് വീഴുന്നതിന് മുൻപ് ബാക്കി ഉണ്ടായിരുന്ന ബ്രഡും കഴിച്ചുതീർത്തു. രണ്ടാം ദിവസം  വാതിൽ തുറന്ന് ആരും വന്നില്ല. അന്നവൾ പട്ടിണി  ആയിരുന്നു.തുറക്കില്ലെന്നറിഞ്ഞിട്ടും ജനലിന്റെ കുറ്റി  മാറ്റാൻ അവൾ ശ്രമിച്ചുകൊണ്ടിരുന്നു.വാതിലിനരികിൽ ചെന്ന് രക്ഷിക്കണമേയെന്ന് കരഞ്ഞപേക്ഷിച്ചു.ടോർച്ച് കൈയിൽ പിടിച്ച് അവൾ വാതിലിൽ ചാരി ഇരുന്ന് ഇടയ്ക്ക് മയങ്ങിയും സ്വപ്നം കണ്ട് ഞെട്ടി ഉണർന്നും ശബ്ദമില്ലാതെ കരഞ്ഞും നേരം വെളുപ്പിച്ചു.
മൂന്നാം ദിവസം അവൾ ബാത്‌റൂമിൽ  കയറുന്ന സമയത്ത് ആരോ വാതിൽ  തുറക്കുന്ന ശബ്ദം കേട്ടു.അവൾ അങ്ങോട്ട് നോക്കിയതും ആരോ അകത്തേക്ക് ഒരു ബ്രഡിന്റെ കവറും പഴവും വെള്ളവും എറിയുന്നത് കണ്ടു.അവൾ അങ്ങോട്ടേക്ക് ഓടി ചെന്നു.വെളിയിൽ നിൽക്കുന്ന ആൾ അപ്പോഴേക്കും ആ വാതിൽ   അടച്ചു കഴിഞ്ഞിരുന്നു!
"പോവല്ലേ..പ്ളീസ് എനിക്ക് പറയാനുള്ളതൊന്ന് കേൾക്കു..പൈസയ്ക്ക് വേണ്ടിയാണോ നിങ്ങൾ എന്നെ ഇവിടെ അടച്ചിട്ടിരിക്കുന്നത്?അങ്ങനെ ആണെങ്കിൽ നിങ്ങൾക്ക് തെറ്റി.എന്റെ കൈയിൽ ഒന്നുമില്ല.നിങ്ങൾ ഉദ്ദേശിക്കുന്നത്പോലെ ഞാൻ ഒരു പണക്കാരിയല്ല..എന്റെ കൈയിൽ ചില്ലിക്കാശില്ല.ദയവ് ചെയ്ത് നിങ്ങൾ ആരെങ്കിലും എന്നോടൊന്ന് സംസാരിക്കാൻ വരു.നിങ്ങൾക്കാള് മാറിയതാവാം..ഞാൻ പറയുന്നതാരെങ്കിലും കേൾക്കുന്നുണ്ടോ?" അവൾ അലറിവിളിച്ചു.
മറുപടി ഒന്നും ഇല്ലെന്ന് കണ്ടപ്പോൾ അവൾ വീണ്ടും അവിടെ ഇരുന്ന് പൊട്ടിക്കരഞ്ഞു.
പിറ്റേന്ന് ആ വാതിൽ   വീണ്ടും തുറന്നപ്പോൾ അവൾ മുറിയിൽ  ഭിത്തിയിൽ ചാരി ഇരിപ്പുണ്ടായിരുന്നു.ഇന്നലെ വന്ന അതെ ആൾ തന്നെ ആയിരുന്നു ഇന്നും ആഹാരവുമായി വന്നത്.ഇന്നലെ  കൊണ്ടിട്ട  ബ്രഡും പഴവും വെള്ളവും അതേപോലെ അവിടെ തന്നെ ഇരിക്കുന്നത് അയാൾ കണ്ടു..അവൾ അതൊന്നും തൊട്ടുനോക്കിയിട്ടില്ലെന്ന് അയാൾക്ക് മനസ്സിലായി.അയാൾ പെട്ടെന്ന് വാതിൽ അടച്ചു.അയാൾ പോയിക്കാണുമെന്നാണ് അവൾ വിചാരിച്ചത്.പക്ഷെ കുറച്ച് കഴിഞ്ഞ് അയാൾ ആ കിളിവാതിൽ തുറന്ന് അവളെ നോക്കി.അവൾ ആഹാരമൊന്നും തൊട്ടുനോക്കാതെ ഭിത്തിയിൽ ചാരി അതെ പടി ഇരിക്കുകയായിരുന്നു.അയാൾ ഫോൺ വിളിച്ച് ആരോടോ എന്തോ സംസാരിക്കുന്നത് അവൾ കണ്ടു.എന്താണ് സംസാരിക്കുന്നതെന്നോ ഏത് ഭാഷയാണെന്നോ ഒന്നും അവൾക്ക് കേൾക്കാൻ പറ്റിയില്ല.ആ കിളിവാതിലിൽ  കൂടി അയാളുടെ മുഖം മാത്രമാണ് കാണാൻ കഴിഞ്ഞത്. അയാളുടെ പിറകിൽ ആകാശമല്ലാതെ വേറൊന്നും അവൾക്ക് കാണാൻ കഴിഞ്ഞില്ല.താൻ ഏതോ കെട്ടിടത്തിന്റെ മുകൾ നിലയിലുള്ള ഒരു മുറിയിലാണെന്ന്  അവൾക്ക് മനസ്സിലായി.അയാളുടെ  മുഖം കണ്ടിട്ട് ഒരു മലയാളിയെ  പോലെ ഉണ്ട്.അയാൾ ആ കിളിവാതിലിനടുത്തേക്ക്  വന്ന് അവളെ ഒന്ന് നോക്കി.
ഒന്നും മിണ്ടാതെ കിളിവാതിൽ   അടയ്ക്കാൻ തുടങ്ങിയതും അവൾ എഴുന്നേറ്റ്  ഓടി അയാളുടെ അടുത്തേക്ക് ചെന്നു.പക്ഷെ അപ്പോഴേക്കും അയാൾ അത് അടച്ച് നടന്ന് നീങ്ങിയിരുന്നു!
അവൾ ശക്തിയായി വാതിലിൽ ആഞ്ഞടിച്ചു.കൈ വേദനിച്ചതല്ലാതെ ഒന്നും സംഭവിച്ചില്ല.അവൾ ഒന്നും മിണ്ടാതെ തിരികെ പഴയ സ്ഥാനത്ത്  ചെന്നിരുന്നു.കാലുകൾക്കിടയിൽ മുഖം പൂഴ്ത്തി അവൾ ഏങ്ങലടിച്ച് കരഞ്ഞു.
അഞ്ചാം  ദിവസം അയാൾ കിളിവാതിൽ  തുറന്നപ്പോൾ അവൾ തറയിൽ തളർന്ന് കിടക്കുകയായിരുന്നു.ഇന്നലെയും മിനിങ്ങാനും കൊണ്ടിട്ട ബ്രഡിന്റെ കവറുകളും വെള്ളത്തിന്റെ ബോട്ടിലും അതെ പോലെ തന്നെ അവിടെ കിടപ്പുണ്ട്.അവൾ നിരാഹാര സമരം ആരംഭിച്ചുവെന്ന് അയാൾക്ക് മനസ്സിലായി.അയാൾ ആ കിളിവാതിലിനടുത്തേക്ക്  തന്റെ മുഖം അടുപ്പിച്ചു.
അയാൾ വന്നത് അവൾ അറിഞ്ഞിരുന്നു.
"നിരാഹാര സമരം ആണോ?"അയാൾ ചോദിച്ചതുകേട്ട് അവൾ കിടന്നുകൊണ്ട് തന്നെ മുഖം ഉയർത്തി  അയാളെ നോക്കി.
"ഇതുകൊണ്ടൊന്നും ഒരു കാര്യവുമില്ല.ഭക്ഷണം കഴിക്കുന്നതും കഴിക്കാതിരിക്കുന്നതും നിന്റെ  ഇഷ്ടം.പക്ഷെ ആഹാരം കഴിക്കാതിരുന്നാൽ പട്ടിണി കിടന്ന് ചാകുമെന്നല്ലാതെ ഇവിടുന്ന് രക്ഷപെടാമെന്ന് നീ  മോഹിക്കണ്ട."അയാൾ അവളെ പുച്ഛത്തോടെ നോക്കി.
"ഇതിലും ഭേദം മരണമാണ്..എന്നെ ഒന്ന് കൊന്നുതരാമോ?" അവൾ നിറകണ്ണുകളോടെ അയാളെ നോക്കി.
"നിന്നെ  ഇവിടെ കൊണ്ടുവന്നതിന് പിന്നിൽ ഞങ്ങൾക്ക് ചില ഉദ്ദേശങ്ങൾ ഉണ്ട്.അതെന്താണെന്ന് താമസിയാതെ നിനക്ക്  മനസ്സിലാവും.അത് വരെ കാത്തിരുന്നേ  പറ്റു..പിന്നെ കൂട്ടിന് ഇവനും ഉണ്ടല്ലോ.."അയാൾ മുറിക്കകത്തിരിക്കുന്ന കണ്ണാടിച്ചില്ലിനകത്തേക്ക് നോക്കി അവളെ കളിയാക്കി.അവൾ അയാളെ തന്നെ നോക്കി കിടന്നു..
"എന്റെ മുഖം ഓർത്തുവെയ്ക്കുവാണോ ?പിന്നീട് പോലീസിൽ പിടിച്ചുകൊടുക്കാൻ?എങ്കിൽ എന്റെ പേരും ഞാൻ പറഞ്ഞ് തന്നേക്കാം..എബി "അയാൾ അവളെ പരിഹസിച്ചു.അവൾ പതിയെ എഴുന്നേറ്റു.
"ഇപ്പൊ നിങ്ങൾ പറഞ്ഞല്ലോ..ഞങ്ങൾക്ക് ചില ഉദ്ദേശങ്ങൾ ഉണ്ടെന്ന്.ആരാ ഈ 'ഞങ്ങൾ'?..നിങ്ങളുടെ കൂടെ വേറെ ആരൊക്കെയോ ഉണ്ട്..പറയ്.. ഇതേതാ സ്ഥലം? എന്നെ എന്തിനാ ഇവിടെ പൂട്ടി ഇട്ടിരിക്കുന്നത്?എന്താ നിങ്ങളുടെ ഉദ്ദേശം?കാശാണോ?എന്റെ വീട്ടുകാരെ വിളിച്ച് ഭീഷണിപ്പെടുത്തി കോടികൾ തട്ടി എടുക്കാമെന്ന ആഗ്രഹം വല്ലതുമുണ്ടെങ്കിൽ നിങ്ങൾക്ക് തെറ്റി! ഞാൻ കാൽകാശിന് ഗതിയില്ലാത്ത ഒരു അനാഥ ആണ്.എനിക്ക് സ്വന്തമെന്നോ ബന്ധമെന്നോ പറയാൻ ആരുമില്ല. ഞാൻ ഇവിടെ കിടന്ന് ചത്താലും ആരും അന്വേഷിച്ച് വരില്ല."അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു.
"കിടന്ന് ചിലയ്ക്കാതെ മരിയാദയ്ക്ക് ആഹാരം എടുത്ത് കഴിച്ചോ കൊച്ചെ .ഇല്ലെങ്കിൽ ഇനി ആഹാരം കൊണ്ടുവരുന്നത്  ഞാൻ നിർത്തും.പിന്നെ നീ മുഴുപട്ടിണിയാവും."എബി  ആ കിളിവാതിൽ  അടയ്ക്കാൻ തുടങ്ങി.അവൾ ഓടി അയാളുടെ  അടുത്തേക്ക് ചെന്നു.
"പ്ളീസ് എന്നെ ഒന്ന് തുറന്ന് വിട്..എന്നെ ഇങ്ങനെ ഇട്ട് ദ്രോഹിക്കാൻ ഞാൻ എന്ത് പാപം ചെയ്തു?"അവൾ കണ്ണീരോടെ അയാളെ നോക്കി.
"പാപം ഒന്നും ചെയ്തിട്ടില്ല എന്ന് അത്രയ്ക്ക് ഉറപ്പുണ്ടോ?"എബി  അവളോട് ചോദിച്ചു.അവൾ അയാളുടെ കണ്ണുകളിലേക്ക് സൂക്ഷിച്ച് നോക്കി.
അവൾക്കെന്തെങ്കിലും ചോദിക്കാൻ പറ്റും  മുൻപേ ആ കിളിവാതിൽ  അടച്ച് അയാൾ സ്ഥലം വിട്ടു.അവൾ കണ്ണീരോടെ തിരികെ വന്ന് തറയിൽ കിടന്നു.അവൾ ഏങ്ങലടിക്കുന്ന ശബ്ദം ആ മുറിയിൽ നാലുചുവരുകൾക്കുള്ളിൽ ഒതുങ്ങി.
ആറാം  ദിവസം ആയപ്പോഴേക്ക് ഭക്ഷണവും വെള്ളവും കുടിക്കാതെ അവൾ തീർത്തും അവശ ആയിരുന്നു.പതിവ് സമയത്ത് എബി  ഭക്ഷണവുമായി വന്ന് വാതിൽ   തുറന്നു.അവൾ പട്ടിണിയാണെന്ന് കണ്ടതും അയാൾ തന്റെ ഫോണിൽ നിന്നും ആരെയോ വിളിച്ച് ശബ്ദം താഴ്ത്തി എന്തൊക്കെയോ സംസാരിച്ചു.
എബി  വന്നതും പോയതും എല്ലാം അവൾ അറിയുന്നുണ്ടായിരുന്നു. പ്രതിഷേധം കാണിച്ചിട്ടും കാര്യമില്ലെന്നറിയാമെങ്കിലും ഈ അവസ്ഥയിലും നല്ലത് പട്ടിണികിടന്ന് മരിക്കുന്നതാണെന്ന് അവൾക്ക് തോന്നി.സമയം ഇഴഞ്ഞ് നീങ്ങി.രാത്രി ആയപ്പോൾ ആരോ മുറിയുടെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടു! അവൾ ഭയന്ന് വിറച്ചു!എബി  ഇനി തന്നെ ഉപദ്രവിക്കാനോ മറ്റോ വരുന്നതാവുമോ എന്നവൾ ഭയപ്പെട്ടു.അവളുടെ കൈയിൽ ടോർച്ച് അല്ലാതെ മറ്റ് ആയുധങ്ങൾ ഒന്നുമുണ്ടായിരുന്നില്ല.മുറിയുടെ വാതിൽ തുറന്നതും ഇരുട്ടിൽ എന്തോ ഒന്ന്   തന്റെ  നേർക്ക് തെറിച്ച് വീഴുന്നത് അവൾ അറിഞ്ഞു!

തുടരും.......
Click here to Real all published parts -
https://www.nallezhuth.com/search/label/AmbaMills

By: Anjana Ravi USA

ബൈക്ക്

Photo of Motocross Dirt Bike
കാറ്റിന്റെ വേഗതയിൽ മൂളിപ്പാഞ്ഞ് പോയ ബൈക്കുകളെ നോക്കി രണ്ട് വയസൻമാരും ആകുലതപ്പെട്ടു .
"വാങ്ങിച്ച് കൊടുത്തിലെങ്കിൽ തൂങ്ങിച്ചാകുമെന്നാ ചെക്കൻ പറയണെ "
ഒന്നാമൻ വിഷമിച്ചു .
"വാങ്ങി കൊടുക്കണതാ നല്ലത് ..."
രണ്ടാമൻ പറഞ്ഞു .
"എന്തേയ് .. "
"ഹേയ് ..... ഇൻഷ്വറൻസേലും കിട്ടൂലോ "
ഒന്നാമൻ ഞെട്ടി .
രണ്ടാമന്റെ മനസ്സിൽ മൂന്ന് വർഷം മുൻപ് ഉത്തരത്തിൽ തൂങ്ങിയാടിയ ഏക മകനായിരുന്നു .
അതോടെ മാനസിക രോഗി ആയി മാറിയ ഭാര്യയ്ക്കുള്ള മരുന്ന് വാങ്ങാൻ പോക്കറ്റിലവശേഷിച്ച മുഷിഞ്ഞ നോട്ടുകളെ അയാൾ ചേർത്തു പിടിച്ചു .
Dr. ശാലിനി 
Image may contain: 2 people, closeup

ബാബുമോൻ

Image may contain: 1 person, selfie, closeup and outdoor

ബാബുമോൻ നിഷ്കളങ്കനാണ്.
പരോപകാരം ബാബുമോന്റെ ഒരു വീക്ക്നെസ്സുമാണ്.
ഒരു ശുദ്ധൻ നൂറ് ദുഷ്ടൻമാരുടെ ഫലം ചെയ്യുമെന്ന് പറയുന്ന പോലെ ബാബുമോൻ ഇടയ്ക്ക് ചില പണികളും മേടിച്ച് കൂട്ടാറുണ്ട്.
ഒരു ദിവസം സന്ധ്യയ്ക്ക് ഹൈവെയിൽ നടുക്ക് കൂടെ ഒരു സ്ത്രീ നടന്ന് പോകുന്നു.
കുളത്തൂർ ബൈപ്പാസ് അന്ന് ഓപ്പൺ ആയിട്ടില്ല.
എങ്കിലും ചില വാഹനങ്ങൾ വഴി തെറ്റി അതുവഴി വരാറുണ്ട്.
ബാബുമോൻ നോക്കുമ്പോൾ ആ സ്ത്രീയുടെ വസ്ത്രധാരണം ഒന്നും ശരിയായ രീതിയിലല്ല.
മാനസിക പ്രശ്നം ഉള്ള സ്ത്രീയാണെന്ന് തോന്നുന്നു.
ഇവർ ഇങ്ങനെ നടന്നാൽ ചില കാമ ഭ്രാന്തന്മാർ എങ്ങാനും കണ്ടാലോ.
ബാബുമോന്റെ പരോപകാരി ഉണർന്നു.
ആദ്യം അവൻ പോലീസ് സ്റ്റേഷനിൽ വിളിച്ച് വിവരം പറഞ്ഞു.
അപ്പോഴേക്കും റോഡിലൂടെ ചില വാഹനങ്ങൾ തലങ്ങും വിലങ്ങും പാഞ്ഞു.
ബാബുമോന് നെഞ്ചിടിപ്പേറി.
അവൻ ഓടി ചെന്നു ആ സ്ത്രീയെ പിടിച്ചു മാറ്റാൻ ശ്രമിച്ചു.
"അയ്യോ രക്ഷിക്കണേ...
എന്നെ കൊല്ലുന്നേ...
എന്നെ പീഡിപ്പിക്കുന്നേ..
വിടെടാ.... മൈ... @$^&(&₹|^#&^$++*$$&
നല്ല ശുദ്ധ മലയാളത്തിൽ
അവർ അലറി വിളിച്ച് കരയാൻ തുടങ്ങി.
പരിസരവാസികൾ ഉണർന്നു.
ചില വാഹനങ്ങൾ നിർത്തി.
ആളുകൾ ഓടിക്കൂടി.
അപ്പൊഴേക്കും അവർ ഉടുത്തിരുന്ന തുണിയും ഊരിപ്പോയി.
പോലീസ് ജീപ്പെത്തിയപ്പോൾ ഭ്രാന്തിയുടെ സാരിയും ഊരിപ്പിടിച്ച് ബാബുമോൻ.
"ഭ്രാന്തിയെയും വെറുതെ വിടില്ലെടാ
@$%^&$$$ മോനെ... "
ഇത്രയേ ബാബുമോൻ കേട്ടിട്ടുള്ളു.
പിന്നെ കവിളിൽ ഒരു തരിപ്പും, തലയ്ക്ക് മുകളിൽ കുറെ നക്ഷത്രങ്ങളും.
ഇടയ്ക്കാരോ ഇഞ്ചിമുട്ടായി ഇഞ്ചിമുട്ടായി എന്ന് പറയും പോലെ തോന്നി.
പിന്നെ സത്യം അറിഞ്ഞ് അവർ വിട്ടപ്പോൾ വീട്ടിൽ വന്ന ബാബുമോൻ,
സ്വന്തം മുഖം കണ്ണാടിയിൽ കണ്ട് ആരാടാ നീയെന്ന് ചോദിച്ചു പോയി.
അത്രയ്ക്ക് ഭംഗിയായിരുന്നു.ചുണ്ടും,കവിളും.
അതാണ് ബാബുമോൻ.
ബാബുമോന് ചില കുസൃതികളും ഉണ്ട്.
പണ്ട് സ്ക്കൂളിൽ പഠിക്കാൻ പോകുന്നത് അടുത്ത വീട്ടിലെ സുന്ദരി കൂട്ടുകാരിയുമായിട്ടായിരുന്നു.
അവന് അവളോട് അൽപ്പം പ്രണയം ഒക്കെ ഉണ്ടായിരുന്നു.
അത് തുറന്ന് പറയാൻ പേടിയായ ബാബുമോൻ
രാത്രി ചെന്ന് അവളുടെ വീടിന്റെ മതിലിൽ ബാബുമോന്റെയും അവളുടേയും പേര് എഴുതി വയ്ക്കും.
പിറ്റേന്ന് രാവിലെ അവളുമായി സ്ക്കൂളിലേക്ക് പോകുമ്പോൾ ബാബുമോൻ തന്നെ അവളോട് പറയും.
"കണ്ടോ? ഏതോ വൃത്തികെട്ടവൻമാർ നമ്മുടെ പേര് എഴുതി വച്ചിരിക്കുന്നു.
നീ വിഷമിക്കണ്ട ട്ടാ ഞാൻ മായ്ച്ചു കളഞ്ഞേക്കാം... "
അവളെ സമാധാനിപ്പിച്ച് ഇടവഴിയിലെ പച്ചിലകൾ പറിച്ച് പേര് മായ്ക്കാൻ ശ്രമിക്കും.
ഒരു ദിവസം അവൾ പറഞ്ഞു.
''വേണ്ട ബാബു മായ്ക്കണ്ട. അതവിടെ കിടന്നോട്ടെ.."
നാണത്താൽ മുഖം കുനിച്ച് അന്നത് പറഞ്ഞ അവളെ തന്നെ ബാബുമോൻ വർഷങ്ങൾക്കിപ്പുറം സ്വന്തമാക്കി.
ഇന്ന് ബാബുമോൻ ഗൾഫിലാണ്.
യു എ ഇ യിലെ പുരാതന സൗന്ദര്യങ്ങൾ അതുപോലെ നിലനിൽക്കുന്ന റാസൽഖൈമയിൽ.
ചുറ്റിനും മലനിരകൾ
എവിടെ നോക്കിയാലും അറബിവേഷധാരികൾ.
വെളുത്ത് തുടുത്ത സുന്ദരൻമാരും സുന്ദരികളുമായ അറബികളല്ല.
കറുത്ത നിറത്തിൽ വെള്ള വസ്ത്രത്തിനുള്ളിൽ ഇറങ്ങിയ ഉരുക്ക് പോലത്തെ മനുഷ്യർ.
മീൻ ചുട്ടതും, ഈത്തപ്പഴവും, ഒട്ടകപ്പാലും ഭക്ഷണത്തിൽ നിർബന്ധമാക്കിയവർ.
മലനിരകൾക്കിടയിലൂടെ ഉള്ള റോഡുകൾ
വർഷത്തിൽ രണ്ടു നേരം മഴക്കാലത്ത് ആലിപ്പഴം പെയ്യുന്നതും മലനിരകളാൽ പ്രകൃതി
ഭംഗിയാർന്നതുമായ റാസൽഖൈമ.
ഇപ്പൊ ബാബുമോൻ അവിടൊരു കമ്പനിയിലെ ഡെലിവറി ബോയ് ആണ്.
ഇന്ന് രാവിലെ അവനൊരു ഡെലിവറി പോയി.
റസിഡൻഷ്യൽ ഏരിയയിലെ വലിയൊരു ഫ്ലാറ്റിലായിരുന്നു.
ഫ്ലാറ്റ് അഡ്രസ്സും, നമ്പരും നോക്കാൻ ബിൽ എടുത്ത ബാബുമോൻ ഓർഡർ ചെയ്ത സാധനങ്ങൾ ശ്രദ്ധിച്ചു.
രണ്ട് പാക്കറ്റ് ഡുറെക്സ്.
ഡോട്ടട്ട്, ഗ്രിപ്പട്ട്.
അതും സ്ട്രാബറി ഫ്ലേവർ
പിന്നെ അതിനോടനുബന്ധിച്ച രണ്ട് ടോയ്സുകൾ,
ഒരു ബോട്ടിൽ സ്പ്രേ,
ഒരു പാക്കറ്റ് ടാബ്ലറ്റ്.
ബാബുമോന്റെ കണ്ണു തള്ളി.
അതൊന്നു കാണാനുള്ള ആഗ്രഹത്തിൽ കവറിനുള്ളിലേക്ക് അവനൊന്നു നോക്കി.
എല്ലാം പാക്കിംങ്ങിലാണ്. കാണാൻ വയ്യ.
അപ്പൊഴേക്കും ലിഫ്റ്റ് അവന് ഡെലിവറി ചെയ്യേണ്ട ഫ്ലാറ്റിൽ എത്തിയിരുന്നു.
ഫ്ലാറ്റിന്റെ ബെൽ അടിച്ചു .
കുറച്ച് നിമിഷങ്ങൾ.
അകത്ത് നിന്നും ആരോ നടന്നടുക്കുന്ന ശബ്ദം കേൾക്കാം.
ഡോറിലെ ലോക്ക് എടുക്കുന്ന ശബ്ദം.
ബാബുമോൻ ഒരു കള്ളച്ചിരി മുഖത്തൊട്ടിച്ചു.
കതക് തുറന്നു.
ഒരു സ്ത്രീ..
പെട്ടെന്നെന്തോ റാസൽഖൈമയിലെ മലനിരകൾ ബാബുമോന്റെ മസസ്സിലേക്കോടിയെത്തി.
ഒട്ടകപ്പാലിന്റെ ഗുണം രൂപവും അതുപോലെ ആക്കിയോ ഇവരെ.
കറുത്ത വസ്ത്രവും രൂപവും കണ്ട് പേടിച്ച് അവൻ രണ്ടടി പുറകോട്ട് മാറി.
"എന്താ..?" അവൾ അവളുടെ ഭാഷയിൽ ചോദിച്ചു.
ഒട്ടകം അമറുന്ന ശബ്ദം തന്നെ.
"ഡെലിവറി.ഓർഡറുമായി വന്നതാണ് മാഡം."
ബാബുമോൻ പറഞ്ഞു.
ഈ സ്ത്രീയിലാണോ ഇനിയിതിന്റെ അക്രമം കാണിക്കാൻ പോകുന്നെയെന്ന് അവനോർത്തു.
അവർ കവർ വാങ്ങി നോക്കി.
ബാബുമോന്റെ മുഖത്തും നോക്കി.
"ഇത് ഇവിടത്തേയ്ക്ക് അല്ല.
ഇവിടെ ആരും ഓർഡർ ചെയ്തിട്ടില്ല."
"ങേ അപ്പൊ എനിക്ക് തെറ്റിയോ?"
ബാബുമോൻ ബിൽ തിരികെ വാങ്ങി.
ഫ്ലാറ്റ് നമ്പർ നോക്കി.
" അഡ്രസ്സ് ശരിയാണല്ലോ തെറ്റിയിട്ടില്ലല്ലോ "
ബാബുമോൻ ബിൽ വീണ്ടും അവരെ കാണിച്ചു.
"മാഡം ഫ്ലാറ്റ് നമ്പർ കറക്ട് ആണല്ലോ
മൊബൈൽ നമ്പരും ഉണ്ടല്ലോ "
തിരികെയത് വാങ്ങി ഒന്നൂടെ നോക്കിയ അവർ പറഞ്ഞു.
"മൊബൈൽ നമ്പർ ഹസ്ബന്റിന്റെ തന്നെയാണ്.
ശരി തന്നോളു. "
എന്നു പറഞ്ഞവർ അത് വാങ്ങി.
കള്ളച്ചിരിയോടെ അതും കൊടുത്ത് ബാബുമോൻ ലിഫ്റ്റിറങ്ങി താഴെ വന്നപ്പോൾ ഷോപ്പിൽ നിന്ന് ഫോണും വന്നു.
"ബോബു മോനെ ഡെലിവറി അവിടെ കൊടുക്കരുത്."
ആ ബിൽഡിംങ്ങിൽ തന്നെയുള്ള മറ്റൊരു ഫ്ലാറ്റിൽ ആണ് കൊടുക്കേണ്ടതെന്നും പിന്നെയാ ഫ്ലാറ്റിന്റെ നമ്പരും കൊടുത്തു.
ബാബുമോൻ ഫോൺ കട്ട് ചെയ്തു.
പരിചയമില്ലാത്ത ഒരു നമ്പറിൽ നിന്ന് അപ്പോഴേക്കും കാൾ വന്ന് തുടങ്ങി.
എടുത്തപ്പോൾ അറബിയിൽ ഒരുത്തൻ കിടന്നലറുന്നു.
അവൻ ഫോൺ കട്ട് ചെയ്തിട്ട് എന്നെ ഫോണിൽ വിളിച്ചു.
"മച്ചൂ ഇങ്ങനെ ഒക്കെ സംഭവിച്ചു.
ഞാനിനി എന്ത് ചെയ്യട്ടെ?" എന്നവൻ.
ഞാൻ പറഞ്ഞു.
"നീ ചെന്ന് ആദ്യം ആ പാർസൽ തിരികെ വാങ്ങണം.
എന്നിട്ടവരോട് പറയണം.
ഫ്ലാറ്റ് മാറിപ്പോയി ഓർഡർ ചെയ്ത ആൾ അടുത്ത ഫ്ലാറ്റിൽ ഉണ്ട്.
ഇത് അവിടെ കൊടുത്തേക്കാം.
എന്ന് പറഞ്ഞ് ഫ്ലാറ്റ് നമ്പരും പറയണം.
അപ്പൊ അവർ സ്നേഹത്തോടെ പറയും.
ശരി മോനെ ഞാൻ തന്നെ കൊടുത്തേയ്ക്കാം നിന്നോട് പൊയ്ക്കോളാൻ.
പിന്നെ നീ അവിടെ നിൽക്കണ്ട.
നമ്മുടെ നാട്ടിലെ കണ്ടം മനസ്സിലോർത്ത് അവിടെന്ന് പെട്ടെന്ന് ബണ്ടി വിട്ടോളി.
പിന്നെ എന്തരായോ എന്തോ..?"
ജെ....(
Jayachandran NT)

സ്വർണ ചെമ്പകപ്പൂക്കൾ

Image result for ചെമ്പകപ്പൂക്കൾ

അമ്പലത്തിലെ പാട്ടു കേട്ട ഉടനേ  രാധു എഴുന്നേറ്റു .
അവളുടെ  മുത്തശ്ശി പഠിപ്പിച്ചു കൊടുത്ത  ശീലമാണ്.
വാരസ്യാര് കുട്ട്യോളാകുമ്പോൽ അങ്ങനെയാവാണമെന്നാണ് രാധുവിന്റെ അമ്മയും പറയുക.
രാവിലെ എഴുന്നേറ്റ്  കുളിച്ച്  അമ്പലത്തിൽ പോയി വരണം. അതിനു ശേഷമേ മറ്റെന്തും ചെയ്യാൻ പാടുള്ളൂ .
നാളിതുവരെ അവളത് തെറ്റിച്ചിട്ടില്ല.
 പതിവ്പോലേ  തലേദിവസം അമ്മ കോർത്തുവച്ച പൂക്കളുമെടുത്ത്  രാധു അമ്പലത്തിലേക്ക് നടന്നു.
പൂക്കളോടു വല്ലാത്ത ഭ്രമമാണവൾക്ക്, വിശേഷിച്ചും ചെമ്പകപ്പൂക്കളോട്!
ചെമ്പകപ്പൂക്കളുടെ സുഗന്ധംമാണ്‌ രാധുവിന് ഏറെ പ്രിയം.
അമ്പലത്തിലേക്കുള്ള പൂക്കൾ മണത്തു നോക്കാൻ പാടില്ലെന്ന് മുത്തശ്ശി എപ്പോഴും പറയും. അതുകൊണ്ട് ആ പൂക്കളിൽ തൊടാറില്ല. പക്ഷേ പോകുന്ന  വഴിക്ക്  കാണുന്ന  പൂക്കളിളെല്ലാം ഒന്നു തൊട്ടിട്ടെ രാധു അമ്പലത്തിലെത്താറുള്ളു .

 പത്താം ക്ലാസ്സിലേക്ക് ജയിച്ചിട്ടു സ്കൂൾ തുറക്കുന്ന ദിവസമായിരുന്നു അന്ന്.  അത് കൊണ്ടുതന്നെ കൃഷ്ണനുള്ള മാലയും സമർപ്പിച്ചു വീട്ടിലേക്കു രാധു വേഗം ഓടിയെത്തി.
ഉമ്മറക്കോലായിൽ മുത്തശ്ശി നാമജപവും കഴിഞ്ഞു ഇരിക്കുന്നുണ്ടായിരുന്നു.
പ്രസാദം മുത്തശ്ശിയുടെ കയ്യിൽ കൊടുത്തവൾ അമ്മയുടെ അരികിലേക്ക്  പോയി.
രാധുവിന്റെ അമ്മ നല്ല ചൂട്‌ ദോശയും സാമ്പാറും ഒക്കെ ഉണ്ടാക്കുന്ന  തിരക്കിലായിരുന്നു. എല്ലാം ഇത്തിരി നേരത്തെ ആയില്ലേൽ അമ്മക്ക് ടെൻഷനാണ്‌, വല്ലാത്ത ഒരു വെപ്രാളാണ്.

രാധു റൂമിൽ പോയി സ്കൂൾ യൂണിഫോം ഒക്കെ ഇട്ടു മുടിയൊക്കെ പിന്നിക്കെട്ടി നല്ല സുന്ദരിയായി ഒരുങ്ങി അവളെപ്പോഴും അങ്ങനെയാണ്. ചന്ദനക്കുറിയൊക്കെ തൊട്ട് തനി അമ്പലവാസി പെണ്കുട്ടിയായിട്ടാണ് സ്കൂളിൽ പോവുക. ആ നിഷ്കളങ്കത അവളുടെ പെരുമാറ്റത്തിലെപ്പോളും   ഉണ്ടായിരുന്നു.

രാധു സ്കൂളിലേക്ക് തിരിച്ചു. രണ്ട് മാസത്തെ വെക്കേഷനിൽ  തന്റെ കൂട്ടുകാരെയൊക്കെ കാണാഞ്ഞിട്ട് അവൾക്കു വിഷമമായിരുന്നു.
വഴിയിലുള്ള ചെമ്പകപ്പൂക്കളുടെ മരം കാണുമ്പോൾ അവൾ അവിടെയൊന്നു നിന്നു.
 ചെമ്പകമരം നിറയെ സ്വർണനിറമുള്ള സുഗന്ധം പരത്തുന്ന പൂക്കൾ!!
എന്നും നിലത്തു വീണുകിടക്കുന്ന ഇതളുകൾ കൊഴിഞ്ഞ പൂക്കൾ ചേർത്ത് വച്ച് അവൾ തലയിൽ ചൂടുമായിരുന്നു.
പാതിവാടിയ പൂക്കൾ വാരിയെടുത്തവൾ നടന്നു.
ആദ്യ ദിവസമായതു കൊണ്ട് തന്നെ സ്കൂളിൽ എല്ലാവരും നേരത്തെ എത്തിയിരുന്നു.
വരാന്തയിലാകെ കുട്ടികളുടെ ബഹളം.
അവളുടെ സഹപാഠിയായ രാമു അന്നും അവളെ കാത്ത്  വരാന്തയിൽ നിൽപ്പുണ്ടായിരുന്നു.
രാധുവിനെ കണ്ടനിമിഷം തന്നെ അവൻ അവൾക്കായി കരുതിവച്ച ചെമ്പകപ്പൂക്കൾ  അവളുടെ കൈക്കുമ്പിളിൽ ഇട്ടു കൊടുത്തു.
പൂക്കൾ കണ്ടപ്പോൾ  രാധുവിന്റെ മുഖം ചിരികൊണ്ടു നിറഞ്ഞു.
പിന്നെ ആ പൂക്കളുടെ സുഗന്ധം ആവോളം ആസ്വദിച്ചു. അവളുടെ ഇഷ്ടത്തോടെയുള്ള ഒരു നോട്ടം പ്രതീക്ഷിച്ചാണ് രാമു എന്നും അവൾക്ക് പൂക്കൾ കൊടുക്കാറ്.
പതിവുപോലേ  അവനു നേരെ ഒരു ചെറു പുഞ്ചിരിയും സമ്മാനിച്ച് അവൾ ക്ലാസ്സിലേക്ക് ചെന്നു.

പക്ഷെ അവൻ അറിയുന്നുണ്ടായിരുന്നില്ല; അവൾക്കെന്നും പ്രണയം സ്വർണനിറമാർന്ന ആ ചെമ്പകപ്പൂക്കളോടായിരുന്നുവെന്ന്.

Chithra Rajesh

എരിയുന്ന ബാല്യം

Photograph of a Burning Fire
°°°°°°°°°°°°°°°°°°°
കൂട്ടുകാരിയുടെ രക്തം സ്വന്തം കൈകളെ ചുവപ്പിച്ചിരുന്നു
ബോട്ടിലിൽ കരുതിയിരുന്ന വെള്ളം കൊണ്ട് അവൾ കൈ കഴുകി
റബ്ബർ മരങ്ങളാൽ ചുറ്റപ്പെട്ട ആ ഇടവഴിയിലൂടെ ഒരു കുറ്റകൃത്യം ചെയ്തു എന്ന കുറ്റബോധം പോലുമില്ലാതെ അവൾ നടന്നു നീങ്ങി മാനത്ത് മഴമേഘങ്ങൾ ഇരുണ്ടു മൂടിയിരുന്നു
ഹരിതയുടെ ബാഗ് കുറ്റിക്കാട്ടിൽ കുഴിച്ചു മൂടിയിരുന്നു
അവളുടെ ശരീരം ആൾത്താമസമില്ലാതെ പൂട്ടിക്കിടക്കുന്ന ബംഗ്ലാവിൻ്റെ പിറകിലാണ്
അവിടെ ആരും പെട്ടെന്ന് ചെന്നെത്തില്ല
വീടെത്തുന്നതിനു മുൻപേ കാറ്റും, മഴയും ഇടിമിന്നലിൻ്റെ അകമ്പടിയോടെ എത്തി
പക്ഷേ പ്രതികാരം തീർത്ത പകയെരിയുന്ന മനസ്സുമായി അവൾ പതിയെ നടന്നു
കുട ചൂടിയിട്ടും അവൾ പകുതിയിലേറെ നനഞ്ഞു കുതിർന്നു
ഗേറ്റ് തുറന്നു അകത്തേക്ക് കയറുബോഴേ അമ്മയെ കണ്ടു തിണ്ണയിൽ തൻെറ വരവും കാത്തിരിപ്പാണ്
ഇത്രയും വൈകിയതിൻ്റെ പരിഭ്രമം മുഖത്ത് തെളിഞ്ഞിരുന്നു
"എന്താ ചിഞ്ചു വരാനിത്ര വൈകിയത് അമ്മ പേടിച്ചു "
"അമ്മ മഴയൊന്നും കാണുന്നില്ലെ ഹരിത എന്നെ കൂട്ടാതെ നേരത്തെ പോയി
പിന്നെ ഞാനിങ്ങ് ഒറ്റയ്ക്ക് വന്നു "
അത്രയും പറഞ്ഞവൾ അമ്മയോടൊപ്പം അകത്തു കയറി
മുറിയിൽ ചെന്ന് യൂണിഫോം മാറ്റി ചായ കുടിക്കുബോൾ
ഹേമയാൻ്റി വന്നു ആകെ പരിഭ്രമിച്ച ഭാവത്തിൽ അമ്മയോട് സംസാരിക്കുന്നതവൾ കണ്ടു
അവൾ ഒരു പരിഹാസ ചിരി ചുണ്ടിൽ ഒളിപ്പിച്ചു
പെട്ടെന്ന് ഇന്നലെ പറഞ്ഞ കാര്യം മനസ്സിൽ എത്തി
അമ്മയുടെ കൂട്ടുകാരി ഹേമയുടെ മൂത്ത മകൾ ഹരിത
ഇളയവൻ ഹരിശ്രീ അവരുടെ അച്ഛൻ ദുബായിൽ ആണ്
അവളുടെ കടന്നു വരവോടെ അമ്മ എന്നിൽ നിന്ന് അകലുന്നത് പോലെ തോന്നി
"ഹരിതയെ കണ്ടു പഠിക്ക്,അവളുടെ മാർക്കും നിൻെറ മാർക്കും നോക്ക് അങ്ങനെ
എന്തിനും ഏതിനും അവളുടെ പേരും പറഞ്ഞു എന്നും അമ്മ വഴക്കിടും
"
പക്ഷേ ഇനി അങ്ങനെ കേൾക്കേണ്ടി വരില്ല
ഹരിത തൻെറ ശത്രു അവൾ ഇനിയില്ല
അവളുടെ തിരോധാനം ചൂടു പിടിച്ച വാർത്തയായി പോലീസെത്തി അന്വേഷിക്കാമെന്ന് പറഞ്ഞു പോയി
ഒൻപത് മണി കഴിഞ്ഞു അമ്മയും ,അച്ഛനും ഹരിതയുടെ വീട്ടിൽ നിന്നും തിരിച്ചു വന്നു
"അമ്മേ എനിക്ക് ചോറ് വേണം
വിശക്കുന്നു "
വന്ന പാടെ അങ്ങനെ പറഞ്ഞു ഡൈനിങ് ടേബിളിലിരുന്നു
അമ്മയുടെ കണ്ണുകളും കലങ്ങിയിരുന്നു
അവളതൊന്നും കാര്യമാക്കിയില്ല
ഭക്ഷണം കഴിഞ്ഞു ടീവി ഓൺ ചെയ്തു അവൾ സീരിയൽ വെച്ചു അമ്മ സ്ഥിരമായി കാണാറുള്ള
സീരിയലിലെ വൈഷ്ണവിക്കുട്ടിയെ പോലീസ് പിടിച്ചോ
അതോ
അവൾ കൊന്ന അവളുടെ അച്ഛൻ്റെ ആദ്യ ഭാര്യയിലെ മകൾ ശ്രീലക്ഷ്മിയുടെ മൃതശരീരം
കിട്ടിയോ എന്നറിയാൻ അവൾ വെമ്പൽ കൊണ്ടു
അമ്മ സീരിയൽ കാണുബോൾ പലപ്പോഴും
പാളി നോക്കിയിരുന്നു ഹരിതയുടെ ശല്യം തീർക്കാൻ ഇങ്ങനെ ഒരു അവസരമൊരുക്കിയത് അവളാണ് വൈഷ്ണവി
പെട്ടെന്ന് സ്ക്രീനിൽ തന്നെ ഞെട്ടിച്ചുകൊണ്ട്
പോലീസുകാർക്കിടയിൽ ഒരു ബാലിക തല കുനിച്ചു നിൽക്കുന്നത് അവൾ കണ്ടു
അവൾക്ക് സീരിയൽ ആക്ടർ വൈഷ്ണവിയുടെ മുഖമാണോ ?
കണ്ണാടിയിലെന്ന പോലെ തൻെറ പ്രതിബിംബം അവൾ സ്ക്രീനിൽ കണ്ടു
സീരിയലിൽ വാർത്ത വായിക്കുന്ന പെൺകുട്ടി ആവേശത്തോടെ വായിക്കുകയാണ്
"പതിനാല് വയസ്സുകാരി നടത്തിയ ക്രൂര കൊലപാതകം നാടിനെ നടുക്കി
സഹപാഠിയെ കൊന്നു കുഴിച്ചു മൂടിയ...."
പെട്ടെന്ന് അവൾ ടിവി ഓഫ് ചെയ്തു
തൻെറ മുറിയിലേയ്ക്ക് ഇടറുന്ന പാദങ്ങളോടെ നടന്നു പക്ഷേ അവളുറങ്ങിയില്ല
മനസ്സു പിടഞ്ഞു കരച്ചിൽ കുടുങ്ങി ശബ്ദം പുറത്തു വരാതെ മുറിക്കുള്ളിൽ പേടിച്ചരണ്ട മാൻ പേടയേ പോലെ അവൾ കിടന്നു അപ്പോഴും അവളുടെ ശരീരം വിറച്ചു കൊണ്ടിരുന്നു
മഴ പിന്നെയും പെയ്തു വാശിയോടെ
ഒരു ശരീരം തണുത്തു മരവിച്ചു കിടന്നു മണ്ണിൽ
റബ്ബർ മരങ്ങളാൽ മൂടപ്പെട്ട ആ ആളൊഴിഞ്ഞ വീടിനു പിന്നിൽ ....................
രാജിരാഘവൻ

കോക്ക് ടെയിൽ ...(കഥ)

Image may contain: 1 person, smiling, closeup
തീരെ ചെറുതല്ലാത്ത സന്ദർശകമുറിയിൽ അദ്ദേഹത്തെ കാത്തിരിക്കുമ്പോഴും ചോദിക്കേണ്ട ചോദ്യങ്ങളുടെ ലിസ്റ്റ് അയാൾ ഒന്നുകൂടി മനസ്സിലുറപ്പിച്ചു.. ഒന്നും വിടാൻ പാടില്ല ... അദ്ദേഹത്തിന്റെ മനസ്സ് അപ്പാടെ ഒപ്പിയെടുക്കണം.
ചുമരിലെ ചിത്രങ്ങൾ ഇതിനോടകം അയാളുമായി പലവുരു സംവദിച്ചിട്ടുണ്ടായിരുന്നു ... പക്ഷെ അയാൾ പതിവുപോലെ തന്റെ വാദമുഖങ്ങളിൽ
ഉറച്ചുനിന്നു ...
"ഞാൻ വൈകിയോ ... പ്രാർത്ഥന കഴിയാതെ ദിവസം തുടങ്ങാറില്ല.. ക്ഷമിക്കണം "
അദ്ദേഹത്തിന്റെ ആഗമനം അയാളുടെ ഇരിപ്പിടത്തെ സ്വതന്ത്രമാക്കി .
"ശരി തുടങ്ങാം ...." അനുമതി ലഭിച്ചതോടെ അയാൾ തന്റെ ജോലിയുടെ പ്രാരംഭ പ്രവൃത്തികൾ ചെയ്യാൻ തുടങ്ങി .. ക്യാമറ സെറ്റ് ചെയ്തു ... വെളിച്ചം ക്രമീകരിച്ചു ...
"താങ്കൾക്ക് സഹായി ഇല്ലേ ... "
അദ്ദേഹത്തിന്റെ പുരികക്കൊടികൾ വില്ലുപോലെ വളഞ്ഞു ...
"ഇല്ല സാർ ... മൂന്നാമതൊരാൾ ചിലപ്പോൾ ബുദ്ധിമുട്ടാവും ... "
"ശരി ... താങ്കൾക്ക് എന്താണറിയേണ്ടത് ...?"
"വളരെക്കുറച്ച് സാർ ....." അയാൾ തന്റെ ചോദ്യങ്ങളിലേക്ക് കടന്നു.
"തികഞ്ഞ പുരോഗമനവാദിയായ താങ്കൾ എപ്പോഴാണ് പ്രാർത്ഥനകളിൽ വശംവദനായത് ...? "
"പ്രാർത്ഥനയ്ക്ക് നിങ്ങൾ നൽകുന്ന നിർവ്വചനത്തിന്റെ ന്യൂനതയാവാം ... എനിക്ക് എന്റേതായ മതവും ദൈവവും ഉണ്ട് ."
"ഒരുപാട് വായന അങ്ങയുടെ ചിന്തകളെ സ്വാധീനിച്ചിട്ടുണ്ട് എന്ന് ഞാൻ വായിച്ചിരുന്നു ... മത ഗ്രന്ഥങ്ങളെക്കുറിച്ച് എന്താണ് താങ്കളുടെ അഭിപ്രായം ... "
"ഏതൊരു രചനയും അതിന്റെ യഥാർത്ഥ കാലഘട്ടത്തിൽ നമ്മോട് സംവദിക്കുന്നവയായിരിക്കണം ... ഒരു നോവലിൽ അല്ലെങ്കിൽ കഥയിൽ അത് നടക്കുന്ന കാലഘട്ടവും സാമൂഹികാന്തരീക്ഷവും വ്യക്തമായി പ്രതിപാദിച്ചിരിക്കും .. ആ രീതിയിൽ മതഗ്രന്ഥങ്ങളെ സമീപിച്ചാൽ എല്ലാം ഒന്നിനൊന്ന് മികച്ചതു തന്നെ ..! "
"താങ്കളുടെ വ്യക്തിജീവിതവും ആശയധാരകളും പൂരകമായിരുന്നില്ല എന്ന് പറയുന്നതിൽ എത്രത്തോളം അതിശയോക്തിയുണ്ടാവും ...? "
"ഭാര്യയും രണ്ടു കുട്ടികളുമടങ്ങുന്ന കുടുംബം.. എനിക്ക് എന്റെതായ ചില കാഴ്ചപ്പാടുകളുണ്ടെന്ന് മനസ്സിലാക്കുന്ന അവർ എന്നെ സംബന്ധിച്ച് എനിക്ക് പ്രിയപ്പെട്ടവർ തന്നെ ... "
"പ്രണയ വിവാഹമായിരുന്നു അല്ലെ ...? "
"തീർച്ചയായും .... പ്രണയിക്കാതെയുള്ള വിവാഹം മനുഷ്യനോളം ബുദ്ധിവികാസമുള്ള ജീവികൾക്ക് ചേർന്നതല്ല. ... "
"പക്ഷെ അവരുടെ ചിന്തകളിലും വിശ്വാസത്തിലും താങ്കൾ വെള്ളം ചേർത്തു എന്ന വാദമുണ്ടെല്ലോ ...? "
"ഞാൻ പറഞ്ഞില്ലേ.... എനിക്ക് എന്റെതായ മതവും ദൈവവും ഉണ്ടെന്ന് ..."
"പക്ഷെ അവരെ നിങ്ങൾ നിഷ്ക്കരുണം തള്ളുകയായിരുന്നു എന്നാണെല്ലോ സംസാരം "
"അവരുടെ രീതികൾ പലതും എന്നിൽ നിർബന്ധപൂർവ്വം അടിച്ചേൽപ്പിക്കാൻ തുടങ്ങിയപ്പോൾ ..... എന്റെ ചിന്താധാരയെ മലീമസമാക്കുന്ന പലതും ....
വഴിപിരിയേണ്ടിവന്നു ... " .
"പക്ഷെ കുട്ടികൾ .... അവരെന്തു പിഴച്ചു ..?"
"അവർ .. അമ്മയുടെ വഴിയിൽ അവരുടെ രീതിയിൽ വളരുന്നുണ്ടാവും ... നമുക്ക് മറ്റു വിഷയങ്ങളിലേക്ക് കടക്കാം ... "
അദ്ദേഹത്തിന്റെ മുഖത്ത് അസ്വസ്ഥത പ്രകടമായിരുന്നു .
"ശരി .... താങ്കളുടെ എഴുത്ത് ഒരു വിഭാഗത്തിന്റെ വിശ്വാസങ്ങളെ ആകെ അവഹേളിക്കുന്നു എന്ന് പറഞ്ഞാൽ ...? "
"ഞാൻ പറഞ്ഞില്ലേ .... വിശ്വാസങ്ങൾ അപേക്ഷികമാണ് ... വിശ്വാസികൾ ഒട്ടുമിക്കവരും സ്വാർത്ഥൻമാരും ... "
"താങ്കളുടെ നിശിത വിമർശനം എത്രത്തോളം വേദനയുണ്ടാക്കുന്നതാണ് എന്നറിയാമോ ..?"
അദ്ദേഹം അയാളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി ... അയാളാവട്ടെ തന്റെ തോൾസഞ്ചിയിൽ പിടിമുറുക്കി ...
" തീവ്ര നിലപാടുകാരിൽ ചിലപ്പോൾ ഉണ്ടായേക്കാം ... പട്ടിണിയെന്തെന്നറിയാത്തവർ വിശപ്പിനെക്കുറിച്ച് പറയുന്നത് എത്രത്തോളം അപഹാസ്യമാണ് ... അതുപോലെ..... "
"താങ്കൾക്കെതിരെ അവർ പടപ്പുറപ്പാട് തുടങ്ങിയതായി അറിയാൻ കഴിഞ്ഞു ... എന്താണഭിപ്രായം ...? "
നിലവിൽ വധഭീഷണിയുണ്ട് ... ഞാനത് കാര്യമാക്കുന്നില്ല ... എന്റെ ശബ്ദം ഇനിയുമുയരും... അതിന്റെ പ്രകമ്പനങ്ങളിൽ അവരുടെ കോട്ടകൊത്തളങ്ങൾ തകരുന്നതുവരെ ഞാൻ തുടരും ... "
അദ്ദേഹത്തിന്റെ ഉത്തരം കേട്ട അയാളുടെ കൈവിരലുകൾ വല്ലാതെ വിറച്ചു ... തോൾ സഞ്ചിയിൽ നിന്നും ചെറിയ പിസ്റ്റൾ എടുത്ത് അയാൾ അദ്ദേഹത്തിന്റെ നെറ്റിലേക്ക് ലക്ഷ്യം വെച്ചു ...
അദ്ദേഹത്തിന്റെ മുഖത്ത് പക്ഷെ നിർവ്വികാരതയായിരുന്നു....
"ഇതു ഞാൻ കുറച്ചു നാളായി പ്രതീക്ഷിക്കുന്നു. .... മരിക്കാൻ എനിക്ക് ഭയമില്ല ... നിന്റെ കൈ കൊണ്ട് പ്രത്യേകിച്ചും ... പക്ഷെ നീ ആദ്യം നീയാവണം .... നിന്നെ ഉപകരണമാക്കുന്നവരെ ആദ്യം ഷൂട്ട് ചെയ്യുക ... എന്നിട്ടാവാം ...!"
പറഞ്ഞു തീരുന്നതിനു മുൻപേ ആദ്ദേഹത്തിന്റെ തലയോട്ടി തകർന്ന് രക്തം ചീറ്റിയിരിന്നു... അയാൾ തന്റെ മുഖത്തേക്ക് ചീറ്റിയ രക്തത്തുള്ളികൾ ഇടതു പെരുവിരലിനാൽ വടിച്ചു കളഞ്ഞു ....
തന്നെ ഏൽപ്പിച്ച ദൗത്യം വിജയകരമായി തീർത്തിരിക്കുന്നു ....!
തുടർന്ന് അകത്ത് പ്രവേശിച്ച് അദ്ദേഹത്തിന്റെ പ്രാർത്ഥനാ മുറി ലക്ഷ്യം വെച്ചു ...
പ്രാർത്ഥനാ മുറിയിൽ സന്ദർശക മുറിയിലുള്ള അതേ ചിത്രം ....! കാലപ്പഴക്കം കൊണ്ട് നിറം മങ്ങിയ ഒരമ്മയും രണ്ടു കുട്ടികളും ... അതിലൊരുത്തന് തന്റെ ഛായ തോന്നിയപ്പോൾ അയാളുടെ വിരലുകൾ വീണ്ടും വിറച്ചു ...
അവസാനിച്ചു....
✍️ശ്രീധർ.ആർ.എൻ

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo