ഉത്പ്രേക്ഷ (കഥ)

രാത്രിയിൽ എനിക്ക് ഉറക്കമില്ലായിരുന്നു. 

പന്ത്രണ്ട് മണിക്കും ഒരു മണിക്കും ഒക്കെ ഞാനുണർന്ന് നോക്കി. നേരം പുലർന്നുവോ സമയം മൂന്നു മണി ആയോ?
അഞ്ച് മണിക്കാണ് അവൻ വരുന്നത്.
നാല് മണിക്കേ എനിക്ക് എയർപോർട്ടിൽ എത്തണം. എൻ്റെ കൂട്ടുകാരൻ രാജീവൻ പതിനഞ്ച് വർഷം കഴിഞ്ഞ് അവൻ ഫ്രാൻസിൽ നിന്ന് വരുകയാണ്.

"ചേട്ടായിക്കെന്താ? സമയം ഒന്നും ആയിട്ടില്ല.
മൂന്നു മണി ആകാറാകുമ്പോൾ  കുട്ടപ്പൻ കൂവും ഞാനപ്പൊ വിളിച്ചോളാം ചേട്ടൻ കിടന്ന് ഉറങ്ങിക്കോ"
പായയിൽ എഴുന്നേറ്റിരുന്ന് മുടി വാരിച്ചുറ്റി കെട്ടിവച്ചു അവൾ എന്നോട് പറഞ്ഞു.
"എടിയെ കാറിനുള്ളിൽ നമുക്ക് കഴിഞ്ഞാഴ്ച്ച ചീരപ്പെണ്ണ് അലക്കി കൊണ്ടുവന്ന പുതപ്പെടുത്ത് വിരിച്ചാലോ അതിന് നല്ല മണോംണ്ട്.
കാറിൻ്റെ സീറ്റൊക്കെ കീറിപ്പറിഞ്ഞിരിക്കുവല്ലേ? "
ഞാൻ അവളോട് ചോദിച്ചു.
നിലാ വെളിച്ചത്തിൽ പാളികൾ ഇല്ലാത്ത ജനാലയിലൂടെ പുറത്ത് പ്ലാവിൻ്റെ ചുവട്ടിൽ കറുത്ത അംബാസഡർ കിടക്കുന്നത് കാണാമായിരുന്നു.

പപ്പേട്ടൻ കാശി യാത്ര പോയപ്പോൾ എനിക്ക് നൽകിയതായിരുന്നു. ആ അംബാസഡർ കാർ
"നീയിനി ഇതോടിച്ച് ജീവിച്ചോടാ ദാസപ്പാ നിനക്കും ശോഭയ്ക്കും ജീവിക്കാനുള്ളത് കിട്ടും "
കാറിൻ്റെ താക്കോൽ എൻ്റെ കൈയ്യിൽ ഏൽപ്പിച്ച് പപ്പേട്ടൻ പോയിട്ട് വർഷങ്ങളായി. പിന്നെ തിരികെ വന്നിട്ടില്ല.

"എൻ്റെ ചേട്ടായിയെ രാജീവൻ നിങ്ങളെ ചങ്ങായിയല്ലേ
പുതപ്പൊക്കെ പൊലർച്ചെ വിരിയ്ക്കാം നിങ്ങള്  കൊർച്ച് കെടന്നുറങ്ങിക്കേ "
അവൾ പറയുന്നത് കേട്ട് ഞാൻ കിടന്നെങ്കിലും എനിക്കറിയാമായിരുന്നു.
അവൾ ഉറങ്ങാതെ കുട്ടപ്പൻ കൂവുന്നതും
നോക്കി ഉണർന്ന് കിടക്കുമെന്ന്.

"ശോഭുവെ ഒരു പതിനഞ്ച് വർഷം മുൻപ് ഇതുപോലൊരു തണുപ്പുള്ള പൊലർച്ചേണ് ഞാനവനെ തിരുന്തോരം റയിലാപ്പീസിൽ കൊണ്ട് വിട്ടത്." ഞാനത് പറഞ്ഞപ്പോൾ അവളൊന്ന് മൂളി.
"തലേന്ന് വാടകയ്ക്ക് എടുത്ത കാറ്റ് സത്യേട്ടൻ്റെ പീടിയേലെ സൈക്കിളിൽ ആയിരുന്നു.
നമ്മൾ പോയത്. ഞാനായിരുന്നു സൈക്കിൾ ചവിട്ടിയത്. ഓൻ പുറകിലിരുന്നു.
റെയിൽ ആപ്പീസിൻ്റെ മുൻപിൽ ഒരു തട്ടുകട ഉണ്ടായിരുന്നു. അവിടെന്ന് ഓരോ കട്ടൻ കാപ്പിയും കുടിച്ച് ബണ്ണും വാങ്ങി കഴിച്ചു.
മിച്ചമുണ്ടായിരുന്ന അഞ്ച് രൂപ ഞാൻ ഓൻ്റെ കീശയിലും വച്ചു കൊടുത്തു.
ബോംബെ വരെ പോകാനുള്ളതല്ലേ?
അവൻ്റെ അമ്മാവൻ അവിടെ ഉണ്ട്.
എന്നാലും വഴിച്ചിലവിന് എന്തേലും വേണ്ടി വന്നാലോ?" അവൾ പിന്നെയും മൂളി.
"നീ കേക്കണുണ്ടോ? ശോഭൂ"

"എൻ്റെ ചേട്ടായി അന്ന് അഞ്ച് രൂപയിൽ നിന്ന് ഒരു രൂപയെങ്കിലും ബാക്കി വച്ചിരുന്നെങ്കിൽ
നിങ്ങക്ക് പിന്നീട് പഞ്ചറായിപ്പോയ സൈക്കിളും ഉരുട്ടി പത്ത് നാഴിക നടക്കാനും,
പിന്നീട് സൈക്കിളിന് വാടക കൊടുക്കാൻ ഇല്ലാത്തോണ്ട് രണ്ടൂസം കാറ്റ് സത്യൻ്റെ വീട്ടിലെ വിറകും കീറേണ്ടി വരുമായിരുന്നോ?"

"കാറ്റ് സത്യൻ ൻ്റെ അപ്പൂപ്പനല്ലേ അമ്മേ? "
ഉറക്കത്തിൽ നിന്നുണർന്ന നാല് വയസ്സുകാരി കല്ല്യാണി കിടന്ന് കൊണ്ട് ചോദിച്ചു.
ദാസൻ അവളെ നോക്കി ചിരിച്ചു.
"അതുകൊണ്ടല്ലേടി കാറ്റിൻ്റെ മോളെ നിന്നെ ഞാൻ കെട്ടിയത്.?"

"മം എന്നിട്ട് അച്ചായി കഥ പറ."
മോള് കിടക്കയിൽ കിടന്ന് പറഞ്ഞു.

''പെണ്ണേ നിനക്ക് ഉറങ്ങണ്ടേ?
ഈ മനുഷ്യൻ എത്രാമത്തെ വട്ടമാണ് ഈ കഥ പറയുന്നത്.
അല്ല മനുഷ്യാ എനിക്ക് അറിയാൻ വയ്യാഞ്ഞിട്ട് ചോദിക്കുവാണ് ഇങ്ങളാരാ കുചേലനാ?
ഒരു കുചേലക്കഥ പറയാൻ തുടങ്ങിയിട്ട് നാള് കൊറേയായി. നിങ്ങളെ കൃഷ്ണൻ വെളുപ്പിനെ വരും ഇപ്പ കെടന്നുറങ്ങ്.
കഴിഞ്ഞാഴ്ച്ച ഇതുപോലൊരു കഥയും പറഞ്ഞ് ഈ കുചേലൻ ഒരു കൃഷ്ണനെ വിളിക്കാൻ പോയിട്ട് എന്തായി?
എന്നെ കൊണ്ടൊന്നും പറയിപ്പിക്കണ്ട."
ചിമ്മിനിയും ഊതിക്കെടുത്തി അവൾ എന്നെ പിടിച്ച് പായിലേക്ക് വലിച്ചിട്ടു.

"എടിയെ അവൻ പ്രകാശൻ അവനുമൊരു പാവാണടി നമ്മൾ ഒരുമിച്ച് കളിച്ച് വളർന്നതല്ലേ പോട്ടെ സാരല്ല്യ."

കുട്ടപ്പൻ കൃത്യ സമയത്ത് തന്നെ കൂകി.
അവൾ എന്നെ ഉണർത്തി.
മഞ്ഞ് വീണ് നനഞ്ഞ കാറിൻ്റെ ചില്ലുകൾ ഞാനൊന്ന് തുടച്ചു കുട്ടപ്പനാക്കി.
സ്റ്റാർട്ട് ചെയ്തപ്പോൾ അവൾ എനിക്ക് നേരെ ചെറിയൊരു പൊതി നീട്ടി.
"ഇത് ഇങ്ങള് ആ കാറിനകത്ത് വച്ചോളീൻ"
ഞാൻ അവളുടെ കൈയ്യിലേക്ക് നോക്കി
തേനിൻ്റെ നിറത്തിൽ ഒരു സോപ്പിൻ്റെ ചിത്രം
"ഹായ് പേഴസ്. "

"പേഴസ് അല്ല മനുഷ്യാ
പിയേഴ്സ് അപ്പുറത്തെ രമണി ചേച്ചീടേന്ന് കടം മേടിച്ചതാ വന്നിട്ട് തിരിച്ച് കൊടുക്കണം.
ചേച്ചീടെ കെട്ട്യോൻ പേർഷ്യേന്ന് കൊണ്ടു കൊടുത്തതാണ്."
ഞാനതിൻ്റെ കവർ അൽപ്പം തുറന്നു. കാറിനകത്ത് വച്ചു.
കാറിനുള്ളിൽ പിയേഴ്സിൻ്റെ മണം പരന്നു.
കൃത്യം നാലുമണിയ്ക്ക് തന്നെ ഞാൻ എയർ പ്പോർട്ടിലെത്തി. അഞ്ചു മണിക്കാണ് വിമാനം എത്തുന്നത്. ഇനി ഒരു മണിക്കൂർ ഉണ്ട്
കാറിൻ്റെ സീറ്റിലേക്ക് ചാരി ഞാൻ അൽപ്പനേരം കണ്ണുകൾ അടച്ചു.

ഉന്തുവണ്ടിയിൽ കുറച്ച് പെട്ടികളുമായിരുന്നു.
അവൻ നടന്നു വന്നത്.
അവൻ തടിച്ച് ഉയരമായി താടിയൊക്കെ വച്ച് വലിയ ആളായി മാറിയിരിക്കുന്നു.
അവൻ്റെ അരികിലായി മദാമ്മ പോലെ ഒരു പെണ്ണും ഉണ്ടായിരുന്നു.
ആണുങ്ങളെപ്പോലെ തന്നെ കാൽസറായിയും ബനിയനുമായിരുന്നു. അവളുടെയും വേഷം.
കറുത്ത കണ്ണട തലയിൽ ഉയർത്തി വച്ചിരിക്കുന്നു. എന്നെ കണ്ടിട്ടും അവൻ ചിരിച്ചതൊന്നുമില്ല.
മുഖത്ത് വലിയ ഗൗരവഭാവമായിരുന്നു.

"ദാസപ്പാ പെട്ടിയൊക്കെ എടുത്ത് ഡിക്കിയിൽ വയ്ക്ക്."
അവനെ ഒന്ന് കെട്ടിപ്പുണരാൻ കാത്തിരുന്ന എന്നോടവൻ അങ്ങനെയാണ് പറഞ്ഞത്.
വണ്ടി സ്റ്റാർട്ട് ചെയ്യുമ്പോൾ അവൾ ഇംഗ്ലീഷിൽ എന്തോ അവനോട് പറയുന്ന കേട്ടു.

"ദാസപ്പാ ഈ പാട്ട വണ്ടി മാറ്റി നിനക്ക് വേറൊന്ന് വാങ്ങിക്കൂടേ? ഡ്രൈവർ ഈസ് പ്യൂർ ഫെലോ "
എന്നവൻ അവളോട് പറഞ്ഞു.
മുൻവശത്തെ കണ്ണാടിയിലൂടെ നോക്കിയപ്പോൾ പുറകിൽ അവനും അവളും കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കുകയായിരുന്നു.
"ടാ ഡ്രൈവറെ നീ മുമ്പോട്ട് നോക്കി നേരെ വീട്ടിലേക്ക് വിട്ടോട്ടാ "
അവൻ അങ്ങനെ പറയുമ്പോഴേക്കും മുൻവശത്തെ കണ്ണാടി പുറകിലേക്ക് കാണാത്ത വിധം ചരിച്ച് വച്ച് ഞാൻ വണ്ടി എടുത്തിരുന്നു.
അവൻ്റെ വീട്ടിനരികിൽ എത്തി കാർ നിർത്തി. അവൻ്റെ അച്ഛൻ പുറത്തിറങ്ങി നിൽക്കുന്നുണ്ട്.
"ദാസപ്പാ പെട്ടിയൊക്കെ വീട്ടിലേക്ക് എടുത്തു കൊള്ളു" എന്ന് പറഞ്ഞിട്ടവൻ മുൻപെ നടന്നു.
തലയിൽ ഒരു വലിയ പെട്ടിയും ഇരു തോളിലും ഭാരമേറിയ ബാഗുകളുമായി അവൻ്റെയും അവളുടേയും പുറകെ നടക്കുമ്പോൾ
ശോഭു  വീടിൻ്റെ മുറ്റത്ത് നോക്കിക്കൊണ്ട് നിൽക്കുന്നുണ്ടായിരുന്നു.
കൈയ്യിൽ ഇരുന്ന ചൂല് നിലത്തേക്കെറിഞ്ഞിട്ട് അവൾ വീട്ടിലേക്ക് കയറിപ്പോയി.
തലയിലെയും, തോളിലെയും ഭാരം ഇറക്കി വച്ചപ്പോൾ പേർഷ്യൻ മണമുള്ള പേഴ്സ് തുറന്ന് അവൻ കുറച്ച് നോട്ടുകൾ എനിക്ക് നേരെ നീട്ടി.
"ഇതെന്തിനാ ഇത്രയും കാശ് ? ദാസൻ പൊയ്ക്കോ പൈസ ഞാൻ പിന്നെ തരാം" അവൻ്റെ അച്ഛൻ പറഞ്ഞു.

കുട്ടിക്കാലത്ത് അച്ഛൻ്റെ തല്ല് സഹിക്കാൻ വയ്യാതെ നാടുവിട്ടവനായിരുന്നു. അവൻ.
പശുവിനെ അടിയ്ക്കുന്ന ചാട്ട കൊണ്ടായിരുന്നു.
അയാൾ അവനെ തല്ലിയിരുന്നത്.
അഞ്ചു വർഷം മുൻപ് അവനെ വിമാനത്താവളത്തിൽ കൊണ്ട് വിട്ടത് ഞാനായിരുന്നു. പപ്പേട്ടൻ തന്ന കാറിലെ ആദ്യത്തെ എൻ്റെ സവാരി.
അന്നവൻ കണ്ണുകൾ നിറഞ്ഞ് എന്നോട് പറഞ്ഞു.
"ചങ്ങായി നിനക്ക് വാടക തരാനായി എൻ്റെടുക്കൽ പൈസ ഒന്നുമില്ലല്ലോ" എന്ന്.
അന്നു തരാൻ കഴിയാതിരുന്ന കാശ്,
ഇന്ന് എത്ര തുക തന്നാൽ നിനക്കത് നികത്താനാകും എന്ന ചിന്തയോടെ ഞാൻ വീട്ടിലേക്ക് നടന്നു.

"ടാ ദാസാ എന്തൊറക്കമാടായിത്.?"
എൻ്റെ തോളിൽ ആരോ തട്ടി വിളിച്ചപ്പോഴാണ് ഞാൻ ഉണർന്നത്.
നോക്കിയപ്പോൾ എൻ്റെ മുന്നിൽ അവൻ ഉണ്ട് രാജീവൻ. ഞാൻ ഡോർ തുറന്ന് പുറത്തിറങ്ങി.
ചങ്ങായീ.. എന്ന് വിളിച്ചവൻ എന്നെ കെട്ടിപ്പിടിച്ചു.
ഓർമ്മയിലെ അനുഭവത്തിൽ നിന്നുണരാൻ ആദ്യമൊന്ന് മടിച്ച മനസ്സ് വെടിഞ്ഞ്  ഞാനും  അവനെ പുണർന്നു.
എൻ്റെ കണ്ണുകൾ നിറഞ്ഞിരുന്നു.
"വാടാ പോകാം  കയറിക്കോ" അവൻ കാറിൻ്റെ പുറകിലെ വാതിൽ തുറന്ന് എന്നെ അകത്തേക്കിരുത്തി.
അവൻ മുന്നിൽ കയറി കാർ സ്റ്റാർട്ട് ചെയ്തു.
"അന്ന് നീയല്ലേ എന്നെ പുറകിലിരുത്തി സൈക്കിൾ ചവിട്ടിയത്?
ഇന്ന് ഞാനാണ് ഡ്രൈവർ നീ പുറകിൽ ഇരുന്നോ?

"ചങ്ങായീ നിൻ്റെ പെട്ടിയും സാധനങ്ങളുമൊക്കെ?"

"അതൊക്കെ ഞാൻ ഡിക്കിയിൽ വച്ചിട്ടുണ്ട്. "

"നിൻ്റെ ശോഭയും, മോളും ഉണർന്നായിരുന്നോ
ആദ്യം നമുക്ക് അങ്ങോട്ട് പോകാം."

"അല്ല നിൻ്റെ വീട്ടിലേക്ക് പോകണ്ടേ?" ഞാൻ ചോദിച്ചു.

"ആദ്യം നിൻ്റെ മോളേം നീ അടിച്ചോണ്ട് പോയില്ലേ കാറ്റിൻ്റെ മോളേം ഒക്കെ കണ്ടിട്ടങ്ങോട്ട് പോകാം. അവർക്കുള്ള സമ്മാനങ്ങളാണ് എൻ്റെ ഒരു പെട്ടി നിറയെ " കാർ ഇരപ്പിച്ചവൻ മുന്നോട്ടെടുത്തു.
"ആട്ടെ നീയെന്താ രാവിലെ കിനാവ് കണ്ട് ഇരിക്കുകയായിരുന്നോ? അവൻ ചോദിച്ചു.

"മം കഴിഞ്ഞ ആഴ്ച്ച നമ്മളെ കൂടെ പഠിച്ച പ്രകാശൻ പേർഷ്യേന്ന് വന്നിരുന്നു.
കൂടെ ഒരു മദാമ്മപ്പെണ്ണും ഉണ്ടായിരുന്നു. ഞാനാണ് അവനെ വിളിക്കാൻ വന്നത്.
ആ കാര്യം ഓർത്തിരുന്നതാണ്."

"ആഹാ അച്ഛൻ്റെ ചാട്ടയടി ഭയന്ന് നാട് വിട്ടുപോയവൻ തിരികെ എത്തിയോ?
എല്ലാപേരെയും ഒന്ന് കാണണം."

കാർ എൻ്റെ വീട്ടിലേക്കുള്ള വഴിയിലേക്ക് കയറിയിരുന്നു.
"കണ്ടോടീ ശോഭൂ ഈ കുചേലനിതാ  അവൻ്റെ കൃഷ്ണനുമായി വരുന്നുണ്ട്.
വീട്ടിൽ ചെന്ന് ഗമയോടെ പറയാനായി അവൻ തന്ന കറുത്ത കണ്ണട എടുത്ത് മുഖത്തേക്ക് വച്ചു.
കാറിന് പുറകിൽ പത്രാസോടെ ഞാൻ ചാരിയിരുന്നു.
ജെ...( Jayachandran NT)

പുരുഷുമാലാഖ ( അനുഭവക്കുറിപ്പ്) (ലേഖനം)

സംവിധായകൻ ലാൽ ജോസിലൂടെ പുരുഷു എന്ന സൈന്റിഫിക്ക് നാമത്തിലാണ് ഞങ്ങൾ നാട്ടിലറിയപ്പെടുന്നത്. കൂടെ ഒരു സ്ഥിരം കളിയാക്കിയ ചോദ്യവും : " പുരുഷുവിനിപ്പോൾ യുദ്ധമൊന്നുമില്ലേ?"  . . നാട്ടിൽ ഒരു പുരുഷുയെത്തിയാൽ ആദ്യം ഓടിയെത്തുന്നതു കുടിയന്മാരായിരിക്കും. കോട്ടയുമായി എത്തുന്ന പുരുഷുവിനെയും നോക്കിയിരിക്കുന്ന ഒരുപാട് കുടിയന്മാരുണ്ട് നമ്മുടെ നാട്ടിൽ. പുരുഷു പറയുന്നതെല്ലാം തള്ളാണ്ണെന്നു പറഞ്ഞു ചിരിക്കുന്നവരും, പുരുഷുവിന്റെ കോട്ട മുഴുവൻ തീർന്നു കഴിയുമ്പോൾ എന്തു തള്ളാടാ എന്നു പറഞ്ഞു പോകുന്നവരുമുണ്ട് നമ്മുടെ കൂട്ടത്തിൽ. എന്നാൽ മനസ്സിൽ കള്ളമില്ലാത്തവർ അവരുടെ കുട്ടത്തിലുമുണ്ട് . പക്ഷേ നിങ്ങൾ ഈ പറയുന്ന പുരുഷുവുണ്ടല്ലോ അദ്ദേഹത്തിന്റെ അത്രയും ജീവിതാനുഭവങ്ങൾ നിങ്ങളിലാർക്കും ഇല്ല. നീ എത്ര പ്രവാസിയാണേലും എത്ര കഷ്ടപ്പെട്ടുജീവിച്ചവനാണേലും നീ അനുഭവങ്ങളുടെ പറുദീസയായാലും അവൻ കൊണ്ടത്രയും മഞ്ഞ് നീ കൊണ്ടിട്ടില്ല. അവന്റെത്രയും മനസ്സും നിങ്ങൾക്കൊന്നുമില്ല. മരണം മുന്നിൽ കണ്ട് ഒരുപാട് വഴികളിലൂടെ അവൻ നടന്നിട്ടുണ്ട്, മരണത്തിന്റെ മാലാഖകൾ കൂടെയുള്ളവന്റെ റൂഹുമായി പറന്നകലുന്നത് അവൻ കണ്ടു നിന്നിട്ടുണ്ട്. മരണത്തിനരികിലൂടെയാകും ചിലപ്പോൾ അവൻ നാട്ടിലേക്ക് മടങ്ങുന്നതുപോലും. പ്രാർത്ഥനകൾ കൊണ്ട് മാത്രം ജീവിക്കുന്നവരാണവർ. ഒരുപരിഭവവും ഇല്ലാത്തവർ. കിടന്നുറങ്ങാൻ പട്ടുമെത്തയും എയർകണ്ടീഷനും വേണ്ടാത്തവർ. 
എയർപോർട്ടുകളിലും ശ്മശാനങ്ങളിലുമാണ് യഥാർത്ഥ കണ്ണീർ കാണാൻ കഴിയുന്നതെന്ന് എവിടെയോ വായിച്ചിട്ടുണ്ട്. അമ്മയുടെ കൈയിൽനിന്നും ഒരു പൊതിച്ചോറുവാങ്ങി ഒന്നരക്കുള്ള കേരള എക്സ്പ്രെസ്സിൽ പോകാൻ ഒറ്റക്ക് വീട്ടിൽനിന്നിറങ്ങുമ്പോൾ എല്ലാവരും വിചാരിക്കും പട്ടാളക്കാർക്ക് കൊണ്ടുവിടുന്നത് ഇഷ്ടമില്ലായിരിക്കുമെന്ന്. പക്ഷേ അവരോടു യാത്ര പറഞ്ഞു തീവണ്ടി കയറാൻ അവനു കഴിയില്ല. പോയിവരാം എന്ന വാക്കൊരു പാഴ്‍വാക്കാകുമോ എന്നോർത്തുപോകും. ഇറങ്ങാൻ നേരാത്തവൻ മനഃപൂർവം പൊതിച്ചോറ് മറന്നുവെക്കും എന്തിനാണെന്നോ ആ ചോറുമായി അമ്മയൊന്നു അരികിൽ വരാൻ. പോകുന്നത് അവസാന യാത്രയാണെങ്കിലോ? തീവണ്ടി കേറിയയുടൻ ആ പൊതിച്ചോറു തുറന്നു കണ്ണീർതുള്ളികളോടെ അവൻ കഴിച്ചുതുടങ്ങും. 

യാത്രയെ സ്നേഹിച്ചവർ എന്ന ബ്ലോഗുകൾ ഒക്കെ നാം വായിക്കാറുണ്ട് എന്നാൽ ജീവിതയാത്രയിൽ പട്ടാളക്കാർ കയറിയിറങ്ങിയ കൽപടവുകൾ ആസ്വദിച്ച സഞ്ചാരികൾ ഈ ലോകത്തു കാണില്ല. ആർക്കും ചെന്നുപറ്റാൻ കഴിയാത്തത്ര ഉയരങ്ങളിൽ, നക്ഷത്രങ്ങളെ എണ്ണിത്തിട്ടപ്പെടുത്താൻ കഴിയുന്നത്ര അരികിൽ ... അവൻ കാവൽക്കാരനായി.. ഈ നാടിനു വേണ്ടി ... 
അവനെ സ്നേഹിക്കുന്നവർക്കുവേണ്ടി ...
അവൻ സ്നേഹിക്കുന്നവർക്കു വേണ്ടി ... യാത്രകൾ അവനെ സ്നേഹിച്ചുതുടങ്ങി കാലങ്ങൾ അവനെ കൈപിടിച്ചുയർത്തി മാനംതൊട്ടുനിൽക്കുന്ന മഞ്ഞുമലകൾ അവനു കൽപ്പടവുകൾ കാട്ടിക്കൊടുത്തു.. ഒരുവനിറങ്ങുമ്പോൾ മറ്റൊരുവൻ കയറിതുടങ്ങും...

എല്ലാ ക്ലാസിലുമുണ്ടാകും ഒരു പട്ടാളക്കാരൻ....
ഒരു ബാക്ക് ബെഞ്ചുകാരൻ ...
"എ. പി.ജെ. " യുടെ വാക്കുകളിലൂടെ പറഞ്ഞാൽ ..
"ബെസ്റ്റ് ബ്രയിൻസ് ഓഫ് ദി ഇന്ത്യ "
വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ അഡ്മിനും അവനായിരിക്കും ....എല്ലാ ചാറ്റും കഴിഞ്ഞേ ... അവൻ എത്താറുള്ളൂ ...
വാട്സാപ് ഗ്രൂപ്പിലെ ഫോട്ടോ കണ്ടു കണ്ണുനിറയുന്നവൻ, ഓർമകളെ താലോലിച്ചവൻ, ഏകാന്തതയെ പ്രണയിച്ചവൻ. ആരുടേയും കല്യാണം കൂടാൻ പറ്റാത്തവൻ . ആരോടും പരിഭവമില്ലാത്തവൻ. അതുകൊണ്ടുതന്നെ ഒന്നുരണ്ടു കൂടെപഠിച്ചവരല്ലാതെ ആരും അവന്റെ കല്യാണത്തിനും കാണില്ല. സ്വന്തം കല്യാണം വരെ പെങ്ങളെകൊണ്ട് താലികെട്ടിച്ചു കല്യാണം നടത്തിയ പട്ടാളക്കാരുണ്ട്.. അവരുടെ കഥകളും, വേദനകളും പറഞ്ഞു തുടങ്ങിയാൽ .. ഒരുപാടൊരുപാടുണ്ട് ...  
നാട്ടിലേക്ക് അവധിക്ക് പോകണമെങ്കിൽ ഒരു പട്ടാളക്കാൻ നേരിടേണ്ട പരീക്ഷണങ്ങൾ ഒരുപാടുണ്ട്. അതൊരിക്കൽ "ടോവിനോ " നമ്മുക്ക് പറഞ്ഞുതന്നതാണ്. എല്ലാവരും പറയും വർഷത്തിൽ മൂന്നു മാസം ലീവുണ്ടല്ലോ എന്ന് എന്നാൽ ബാക്കി ഒൻപത് മാസം പട്ടാളജീവിതം പ്രവാസജീവിതത്തെക്കാളും .. ഭാരമേറിയതാണ്. അതൊക്കെ സഹിച്ചു കഴിയുന്ന പട്ടാളക്കാരന്റെ മനസ്സ് 
ഒരു വേറെ ലെവലാണ് മാഷേ ...

പട്ടാളത്തിലുമുണ്ട് മാലാഖമാർ ആരും പോകാൻ കൊതിക്കുന്ന മഞ്ഞുമലകൾക്കുമുകളിൽ ജീവൻപോലും ബലിനൽകികൊണ്ട് ഈ രാജ്യംകാക്കുന്ന പട്ടാളക്കാരനെകാക്കുന്ന "പുരുഷുമാലാഖ " ... ശത്രുരാജ്യത്തിനെതിരെ യുദ്ധം നടത്തുകയും... കുടെയുള്ളവരുടെ ജീവൻ നിലനിർത്തുകയും ചെയ്യുന്ന മാലാഖ...ശത്രുരാജ്യത്തിന്റെ വെടിയേറ്റ് ജീവനുവേണ്ടി മല്ലിട്ടുനില്കുമ്പോൾ അവനെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരാൻ ധൈര്യവും ശുശ്രൂഷയും കൊടുക്കുന്ന മാലാഖ അവനാണ് അവരുടെ "ദൈവത്തിന്റെ മാലാഖ "... കൂടെയുള്ളവന്റെ ജീവൻ നിലനിർത്തുവാൻ വേണ്ടി  സ്വന്തം ജീവൻ പണയപ്പെടുത്തി ... സിയാച്ചിനിലെ മഞ്ഞു പാളികൾക്കിടയിൽ അലിഞ്ഞു പോയ പൂവച്ചലിന്റെ പൊന്നോമനയായിരുന്ന "അഖിലിനെ " പോലെയുള്ള എത്രയെത്ര മാലാഖമാർ , രാജ്യസ്നേഹികൾ . തന്റെ കുഞ്ഞിന്റെ ഒന്നാം പിറന്നാൾ ആഘോഷിച്ചു അവനിറങ്ങുമ്പോൾ അവർ അറിഞ്ഞിരുന്നില്ല അവൻ ഇനി തിരികെ വരില്ലെന്ന് ....

നാം തളർന്നുപോകുമ്പോൾ കൂടെ നില്ക്കുന്ന, തണലായി മാറുന്ന, ഓരോരുത്തരും നന്മമരങ്ങളാണ്.
സാവിയോയെ ഒരു നോക്കു കാണാൻ അച്‌ഛൻ വില്യംസിന് സീറ്റ് ഒഴിഞ്ഞു കൊടുത്ത അനിലും.. ഭാര്യക്കൊപ്പം നാട്ടിലേക്ക് മടങ്ങാതെ മറ്റൊരാൾക്ക് ഇടം കൊടുത്ത് മണലാരണ്യത്തിൽ പൊലിഞ്ഞു പോയ നതിനും നന്മയുടെ പ്രതീകങ്ങളാണ്...
ജീവിതത്തിൽ വിഷമങ്ങൾ മാത്രമുള്ള മനുഷ്യരെ ഒന്നു പുഞ്ചരിക്കുവാൻ സഹായിച്ച " മദർ തെരേസ " സ്വർണ്ണചിറകുള്ള മാലാഖയാണ്... സ്വന്തം  ജീവൻ പണയപ്പെടുത്തി രോഗികളെ ശുശ്രൂഷിച്ച പേരാമ്പ്രയുടെ ലിനി സിസ്‌റ്ററിനെ പോലുള്ള മാലാഖമാരാണ് നന്മ നിറഞ്ഞമാലാഖമാർ...
അവരുടെ വേദനയുടെയും ... ത്യാഗത്തിന്റെയും ... ഫലമാണ് നമ്മുടെ ഈ    നിറങ്ങളും പൂക്കളുമുള്ള ജീവിതങ്ങൾ ...
ആദരിച്ചിലെങ്കിലും ...
അവരെ .... കളിയാക്കരുത് ....

ഒരു അനുഭവക്കുറിപ്പ്

അസീസ് അബ്ദുൽ ലത്തീഫ്🖋️
Indian Army...


ഒറ്റത്തുരുത്ത് (കഥ)


ചുറ്റും മതിൽകെട്ടെന്നോളം ഓളങ്ങൾ.. ആ പച്ചപ്പ് നിറഞ്ഞ തുരുത്തിന്റെ മനോഹാരിത വർണ്ണനകൾക്കതീതം.. അവിടെയുള്ള ജീവജാലങ്ങൾക്കും മനുഷ്യർക്കും എന്തൊക്കെയോ പ്രത്യേകതകൾ തോന്നിയിരുന്നു.. വിഷ്ണുവിന് ആ തുരുത്തിലെ ചെറിയ പള്ളിക്കൂടത്തിൽ ജോലി തരപ്പെട്ടു..അകലങ്ങളിൽ നിന്നും തുരുത്തിലേക്ക് പലപ്പോഴും നോക്കി നിന്നിരുന്നു അയാൾ..എന്നെങ്കിലും അവിടെയൊന്ന് ചുറ്റിക്കാണുമെന്ന മോഹവും ആ ചെറുപ്പക്കാരനുണ്ടായിരുന്നു.. പ്രതീക്ഷിക്കാതെ ഇഷ്ടപ്പെട്ട ജോലിതന്നെ ആ സ്ഥലത്ത് തരപ്പെട്ടപ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്തൊരു ആഹ്ലാദമായിരുന്നു  അയാൾക്ക്.. 

പണ്ട് കാലത്ത് കുഷ്ഠരോഗികളെയും ജയിൽപുള്ളികളെയും ആ തുരുത്തിൽ ഉപേക്ഷിച്ചിരുന്നു.. അവരുടെ തലമുറയാണ് ഇന്ന് അവിടെയുള്ള നിവാസികളെന്ന് പറയപ്പെടുന്നു..ചെറിയ വികസനം വന്നെങ്കിലും മെച്ചപ്പെട്ട ഒരു ജീവിതരീതിയായിരുന്നില്ല അവിടെയുള്ളവർക്ക്..എന്നിട്ടും അവർ നല്ല വിദ്യാഭ്യാസം ആഗ്രഹിച്ചു..വിഷ്ണു ജോലിയിൽ പ്രവേശിച്ച് അധികനാളാവുന്നതിനു മുൻപ് തന്നെ അവിടുത്തെ ചുറ്റുപ്പാടുകളേയും  മനുഷ്യരേയും ഏറെകുറേ മനസ്സിലാക്കി.. അയാളുടെ സമീപനം കുട്ടികളും ഇഷ്ടപ്പെട്ട് തുടങ്ങിയിരുന്നു..  
******
ഒരു പെൺകുട്ടി മാത്രം ക്ലാസ്സിലേക്ക് വൈകി വരുന്നതും ഇടയ്ക്ക് മുടങ്ങുന്നതും വിഷ്ണുവിന്റെ ശ്രദ്ധയിൽപ്പെട്ടു..പേര് മീനു.. പക്ഷേ മുടങ്ങുന്നതുകൊണ്ട് പഠിക്കുവാൻ അവൾ പുറകോട്ടായിരുന്നില്ല.. എന്നും മിടുക്കിയായിരുന്നു..മറ്റുള്ള അദ്ധ്യാപകർക്കും കുട്ടികൾക്കും ആ കുട്ടിയെ വളരെ ഇഷ്ടവുമായിരുന്നു.. ഒരു ദിവസം വൈകി വന്ന കുട്ടിയോട് വിഷ്ണു കാര്യം തിരക്കി.. 

"എന്താ മീനു.. എന്നും വൈകി വരുന്നത്? ഇങ്ങനെയായാൽ ശരിയാവില്ലാട്ടോ.. "

അവളുടെ മൗനം മാത്രമായിരുന്നു മറുപടി 

അന്ന് ഉച്ചയ്ക്ക് മീനു വിഷ്ണുവിനെ കാണുകയുണ്ടായി.. 

"മാഷേ.. എനിക്ക് കുറച്ച് കാര്യങ്ങൾ പറയാനുണ്ട്.." അവൾ വിക്കി വിക്കി പറഞ്ഞു.. 

"കുട്ടി പറയൂ "..

"അത് മാഷേ..എന്റെ വീട്ടിൽ കുറച്ച് പ്രശ്നങ്ങളുണ്ട്..ഞാനെന്റെ ചേച്ചീടെ കൂടെയാണ് താമസം..ചേച്ചിയെ കെട്ടിച്ചുവിട്ട വീട്ടിൽ ഒരു അധികപ്പറ്റാണ് ഞാൻ..ഈ ചേച്ചീന്ന് പറയണത് അമ്മയുടെ ആദ്യത്തെ കെട്ടിൽ ഉണ്ടായ മോളാണ്.. ആദ്യ ഭർത്താവ് മരിച്ചപ്പോ അമ്മ രണ്ടാമത് കെട്ടി..അതാണ് എന്റെ അച്ഛൻ..അമ്മയുടെ മരണംവരെ അച്ഛൻ എങ്ങനെയൊക്കെയോ ഞങ്ങളെ പോറ്റി.. അമ്മ മരിച്ചതോടെ അച്ഛൻ ഞങ്ങളെ ഉപേക്ഷിച്ചുപോയി.. പിന്നെയെന്റെ ജീവിതം ചേച്ചീടെ വീട്ടിലെ അടുക്കളപ്പുറത്തായി.. ഞാനവിടെ എത്ര ബുദ്ധിമുട്ടും സഹിച്ച് നിന്നോളം.. പക്ഷേ ചേച്ചീടെ ഭർത്താവ് എന്നെ വേറെ രീതിയിലാണ് കാണുന്നത്.. എനിക്ക് അയാളെ പേടിയാണ്..ഒരൂസം അയാളുടെ കൂട്ടുക്കാരൻ ഞാൻ കിടക്കുന്ന സ്ഥലത്തേക്ക് വന്നു.. എന്നെ തൊടാൻ വന്നപ്പോഴേക്കും ഞാൻ ഓടി മാറി..എനിക്കിനി എന്ത് ചെയ്യണമെന്നറിയില്ല.. രാവിലെ അവിടുത്തെ പണിയൊക്കെ തീർത്ത് ക്ലാസ്സിലെത്തുമ്പോഴേക്കും നേരം വൈകും.. ഞാൻ പരമാവധി നേരത്തെ എത്താൻ ശ്രമിക്കുന്നുണ്ട്.. പക്ഷേ വീട്ടിലെ പണി നേരത്തെ തീർന്നാലും പുതിയ പണികൾ തന്നോണ്ടിരിക്കും ചേച്ചി..ഞാൻ പഠിക്കാൻ പോണത് അവിടെ ആർക്കും ഇഷ്ടല്ല മാഷേ "..
അവൾ വിതുമ്പി..

മീനുവിന്റെ അവസ്ഥ കേട്ട് വിഷ്ണുവിന്റെ ഹൃദയം സഹതാപംകൊണ്ട് നിറഞ്ഞു.. പാവം കുട്ടി.. എന്തൊക്കെ യാതനകൾ സഹിച്ചാണ് പഠിക്കുവാൻ വരുന്നത്.. മീനുവിന് നന്മകളുണ്ടാവട്ടെയെന്ന് ഒരു നിമിഷം പ്രാർത്ഥിച്ചു.. പിന്നീട് പഠിക്കുവാൻവേണ്ടി അവൾക്ക് എല്ലാവിധ സഹായങ്ങളും വിഷ്ണു ചെയ്തുകൊടുത്തു..പോകേ പോകേ  മീനുവിന്റെ മനസ്സിൽ വിഷ്ണുവിനോടുള്ള സ്നേഹവും ആദരവും കൂടി.. പക്ഷേ അവളുടെ  സ്നേഹത്തിന് മറ്റൊരു അർത്ഥമുണ്ടെന്ന് ആ അദ്ധ്യാപകൻ തിരിച്ചറിഞ്ഞില്ല..
*******
ഒരിക്കൽ വിഷ്ണു എല്ലാ കുട്ടികളോടും ഒരദ്ധ്യാപകനെന്ന നിലയിൽ അദ്ദേഹത്തെ കുറിച്ചുള്ള അഭിപ്രായം കടലാസിൽ കുറിക്കുവാൻ പറഞ്ഞു..കുട്ടികളെല്ലാം നല്ലത് മാത്രം കുറിച്ചു.. ആർക്കും ഒരു പരാതിയോ പരിഭവമോയില്ല.. പക്ഷേ അതിലൊരു പേരില്ലാത്ത കടലാസിൽ പ്രണയം പൂത്തുലഞ്ഞിരിക്കുന്നു.. വിഷ്ണുവിന്റെ  നെഞ്ചിൽ ആ വാക്കുകൾ നെരിപ്പോടായി.. അദ്ദേഹം വ്യസനതയോടെ  ഒരുപാട് ചോദ്യങ്ങളാൽ കുഴങ്ങി.. എന്തുകൊണ്ട്?.. എന്തുകൊണ്ടാണ് ആ കുട്ടിക്ക് അങ്ങനെയൊരു ധാരണ?.. താനൊരു നോട്ടംകൊണ്ട് പോലും മറ്റൊരു അർത്ഥത്തിൽ പെരുമാറിയിട്ടില്ല.. എന്നിട്ടും?? എല്ലാ ചോദ്യങ്ങളും ബാക്കിവെച്ച് അയാൾ ആ നിശയിൽ ചിന്താകുലനായി..
******
പരീക്ഷകൾ അവസാനിച്ച ദിവസം,വിഷ്ണു  സ്ക്കൂളിന്റെ പടികൾ കയറുമ്പോൾ ആരോ ഓടി വന്ന് കെട്ടി പിടിച്ചു..അദ്ദേഹം പ്രായാസപ്പെട്ട ആ കുട്ടിയെ മാറ്റി ഒരടിയും കൊടുത്തു.. നോക്കുമ്പോൾ മീനു.. 

"സാർ എന്നെ രക്ഷിക്കണം.. എന്നെ കല്യാണം കഴിക്കണം.. ഇല്ലെങ്കിൽ അയാളെന്നെ ആർക്കെങ്കിലും വിൽക്കും ".. 

"മീനു.. ഞാൻ കുട്ടിയുടെ അദ്ധ്യാപകനാണ്.. ഒരു അദ്ധ്യാപകന്റെ സ്ഥാനം മറക്കരുത്.. കുട്ടിക്ക് നല്ല ഭാവിയുണ്ടാവും.. ഒന്നും സംഭവിക്കില്ല.. വീട്ടിലേക്ക് ചെല്ല് ".. 

അവൾ അദ്ദേഹത്തിന്റെ മുന്നിൽ നിന്നും അനങ്ങിയില്ല..അവളുടെ  കണ്ണുനിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.. വിഷ്ണു  മീനുവിനെ മറികടന്ന് നടന്നു..ആഘാതമായി ഹൃദയതിലെവിടെയോ ഒരു മുറിവ്, ആ വേദന അദ്ദേഹം അറിയുന്നു..ആ കുട്ടിക്ക് നല്ലതേ വരുള്ളൂ.. നല്ലത് മാത്രം..വിഷ്ണു എല്ലാ ഈശ്വരന്മാരെയും വിളിച്ചപേക്ഷിച്ചു.. 
******
ആ സ്ക്കൂളിന്റെ പടിയിറങ്ങിയിട്ടും വിഷ്ണുവിന്റെ നെഞ്ചിലെവിടെയോ ഒരു വ്യഥയാകുന്ന കടൽ തിരയടിച്ചുകൊണ്ടിരുന്നു.. അദ്ദേഹം പഠിപ്പിച്ച മറ്റുകുട്ടികളെയൊക്കെ പലയിടത്തും കണ്ടിരുന്നെങ്കിലും മീനുവിനെ കണ്ടില്ല.. തുരുത്ത് വിട്ട് പോയിട്ടും ആ കുട്ടിയും അവളുടെ വിഷമങ്ങളും വിഷ്ണു ഓർത്തുകൊണ്ടേയിരുന്നു.. ഒരിക്കൽ തുരുത്തിൽ എത്തിയ അദ്ദേഹം അവളെ കുറിച്ചന്വേഷിച്ചെങ്കിലും ഒരു വിവരവും ലഭിച്ചില്ല.. 
*******
കുറച്ച് നാളുകൾക്ക് ശേഷം ജോലിയുടെ ആവിശ്യത്തിനായി കോട്ടയംവരെ പോകേണ്ടി വന്നു വിഷ്ണുവിന് .. 
"മാഷേ ".. 
തിരിഞ്ഞു നോക്കിയ വിഷ്ണുവിന് ആളെ മനസ്സിലായി..നെറ്റിയിൽ സിന്ദൂരം.. അവൾ കുടുംബിനിയായെന്ന സൂചന.. 

"കുട്ടി ഇപ്പോ ഇവിടെയാണോ?.. സുഖല്ലേ? ".. 

"അതേ മാഷേ.. ആരുടെയൊക്കെയോ പ്രാർത്ഥനയോ അനുഗ്രഹമോ.. എന്റെ ജീവിതത്തിൽ ഇന്ന് സന്തോഷവും സമാധാനവുമുണ്ട്.. ചേച്ചിയുടെ ഭർത്താവ് കൂട്ടുകാരന് എന്നെ വിറ്റു.. എന്നേക്കാൾ ഇരട്ടി പ്രായമുള്ള അയാൾ എന്നോട് കരുണ കാണിച്ചു..എന്നെ കല്യാണം കഴിച്ചു.. ഞങ്ങൾക്ക് രണ്ട് കുട്ടികളുമുണ്ട്.. സന്തോഷത്തോടെ കഴിയുന്നു.. "

വിഷ്ണുവിന് വല്ലാത്തൊരു ആശ്വാസം തോന്നു.. ഒരുപാട് കാലം താൻ ഓർത്തോർത്ത് വിഷമിച്ച ഒരു കുട്ടിയെ കുറിച്ച് നല്ലതറിയാൻ കഴിഞ്ഞപ്പോൾ ഉള്ളിലെ തീ കനലിൽ കുളിർമഴ പെയ്തപോലെ.. 

"ഞാനെന്നും കുട്ടിക്ക് വേണ്ടി പ്രാർത്ഥിച്ചിരുന്നു.. എവിടെയും തിരയുന്നൊരു മുഖമായിരുന്നു കുട്ടിയുടേത്..മനഃപൂർവമല്ലാത്തൊരു തെറ്റ് ചെയ്തുവോ എന്ന തോന്നൽ മനസ്സിനെ വല്ലാതെ അലട്ടിയിരുന്നു.. ഇന്ന് ഈ നിമിഷം എല്ലാ ദൈവങ്ങളോടും ഞാൻ കടപ്പെട്ടിരിക്കുകയാണ്.. എന്റെ അനുഗ്രഹം കൂടെയുണ്ടാവും.. "
******
ആ തുരുത്തിന്റെ മറുകരയിൽ നിന്നുകൊണ്ട് അദ്ദേഹം വെറുതെ അവിടേയ്ക്ക് നോക്കിനിൽക്കുമായിരുന്നു.. എത്രയോ മനുഷ്യർ ആ കുഞ്ഞുതുരുത്തിൽ നിന്നും ജീവിതം കരകയറ്റി..അങ്ങനെ രക്ഷപ്പെട്ട ഒരു പെൺക്കുട്ടിയുടെ കഥയിൽ താനുമൊരു ഭാഗമായി.. 

ദേവീകൃഷ്ണ

ഇവിടെ ഈ കഥ അവസാനിയ്ക്കുകയാണ് (കഥ )



"ഇവിടെ ഈ കഥ അവസാനിയ്ക്കുകയാണ്." ഡയറിയുടെ അവസാനതാളും എഴുതി നിറച്ചിട്ട് അവൾ എഴുന്നേറ്റു. തന്റെ മുറിയിലെ അഴിയില്ലാ ജനാലയുടെ വെളുത്ത വിരി നീക്കി കണ്ണാടിച്ചില്ലുകൾക്കപ്പുറമുള്ള കാഴ്ചകളിലേക്ക് കണ്ണുനീട്ടി. മ്യൂസിയത്തിന്റെ യും കനകക്കുന്നിന്റെയും പച്ചക്കാഴ്ചകൾക്ക് ഇത്രയേറെ ഭംഗിയുണ്ടായിരുന്നോ? ആലോചിക്കുന്നതിനിടെ അവളുടെ കൈകൾ സ്വപ്നത്തിലെന്നപോലെ ആ ജനാലയുടെ വാതിലുകൾ മെല്ലെ തുറന്നു. 
അകത്തേക്കടിച്ചു കയറുന്ന കാറ്റിന് നേരിയ തണുപ്പുണ്ട്. മഴ തുടങ്ങിയതിൽപ്പിന്നെ യാണിങ്ങനെ. അതുവരെ ഈ 20 ആം നിലയിലെ ജനാല തുറക്കാനേ കഴിയില്ലായിരുന്നു. അത്ര ചൂടാണ്. തൊലിയൊക്കെ വരണ്ടുണങ്ങി വല്ലാതെ നീറും. ആ ചൂട് സഹിക്കാനാകാതെയാണ് നന്ദേട്ടനും കൂടി ഇവിടെ സ്ഥിരമായി നിൽക്കാൻ തുടങ്ങിയ ശേഷം, AC വാങ്ങിയത്. ഒരുമിച്ച് നിൽക്കാൻ തുടങ്ങിയപ്പോൾ സ്നേഹവും വല്ലാതെ കൂടി. ഒരിക്കലുമവസാനിക്കരുതേ ഈ സ്നേഹമെന്ന് പ്രാർത്ഥിച്ചു കൊണ്ടേയിരുന്നു ഞാൻ. കൈവിട്ടു പോകുമെന്ന് കരുതിയതൊക്കെയും തിരിച്ചു കിട്ടിയതിന്റെ അഭിമാനമായിരുന്നു എനിയ്ക്ക്. ഒന്നുമാകാതെ പോകുന്നെന്ന ചിന്ത ഉള്ളിലുണരും മുമ്പേ ഏട്ടന്റെ ലക്ഷ്യങ്ങളൊക്കെ പൂർത്തിയാക്കാൻ സ്വന്തം പദവിയും അഭിമാനവും ഒന്നും നോക്കാതെ പലരോടും ഞാൻ കെഞ്ചിയിട്ടുണ്ട്. കൂട്ടുകാരുമൊത്തുളള മദ്യപാനത്തെക്കുറിച്ചറിഞ്ഞപ്പോഴൊക്കെ തല വല്ലാതെ കുനിഞ്ഞ് അപമാനിതയാകുകയായിരുന്നു ഞാൻ. അടിസ്ഥാന സ്വഭാവം മാറ്റാനാവുകയില്ലെന്ന് ഓർക്കാത്തതെന്താണ് ഞാൻ?

ഓർമ്മകളിങ്ങനെ വേലിയേറ്റം പോലെ മനസ്സിന്റെ കര കവിയുന്നു. ഞാൻ വൈഗ വിശ്വനാഥ്. തിരുവനന്തപുരത്ത് എത്തിയിട്ട് 30 വർഷത്തോളമായി. കല്യാണത്തിനു മുമ്പേ തന്നെ ഇവിടെയാണ്. ലോ ഡിപ്പാർട്ട്മെന്റിലാണ്. ഭർത്താവ് നന്ദകുമാർ വക്കീലാണ്.
 നന്ദേട്ടൻ മറ്റെന്തിനേക്കാളും ... ആരെക്കാളും ...എനിക്കേറെ പ്രിയപ്പെട്ടതാണ്. ഏട്ടൻ പറയുന്നതൊക്കെയും വാക്കുകളിലൂടെ തന്നെ ഞാൻ വിശ്വസിക്കുമായിരുന്നു. അതായിരുന്നു എന്റെ ഏറ്റവും വലിയ അബദ്ധവും.

1980-ൽ പ്രീഡിഗ്രി ക്ലാസ് മുറിയിൽ വച്ചാണ് ഞങ്ങൾ പരിചയപ്പെടുന്നത്. സീനിയേഴ്സിലെ തീപ്പൊരി പ്രാസംഗികനായ രാഷ്ട്രീയക്കാരനെന്ന ലേബൽ ഉണ്ടായിരുന്നതുകൊണ്ടു തന്നെ ഞങ്ങൾക്ക്, ഞങ്ങൾ കൂട്ടുകാർ 4 പേരുണ്ട്, നന്ദേട്ടനെ ഇഷ്ടമേയല്ലായിരുന്നു. പിന്നീടൊരിയ്ക്കൽ കൂട്ടുകാരനൊപ്പം എന്റെ വീടെന്നറിയാതെ ചോർന്നൊലിച്ചു തകർന്നു കിടക്കുന്ന വീട്ടിലെത്തി. ഔപചാരികതയുടെ ഭംഗിയ്ക്കു വേണ്ടി അകത്തേക്ക് വിളിച്ചു. കുടിയ്ക്കാൻ കട്ടൻ കാപ്പിയും കൊടുത്ത് അമ്മയേയും അനിയത്തിയേയും പരിചയപ്പെടുത്തി.അന്നത്തെ സംഭാഷണം ഞങ്ങളെ ഒരു സൗഹൃദത്തിന്റെ വഴിയിലെത്തിച്ചു. ഡിഗ്രി പഠനം കഴിഞ്ഞെങ്കിലും പാസാവാതെ പുറത്തിറങ്ങിയ നന്ദേട്ടൻ ഇടയ്ക്ക് തന്റെ പ്രിയതമയെ, പ്രിയയെ (അതാണവളുടെ പേര് ) കാണാൻ വരാറുണ്ടായിരുന്നു. അവരുടെ സ്വകാര്യസംഭാഷണങ്ങളൊക്കെ കഴിഞ്ഞ് എന്റെ ക്ലാസിലേക്ക് വരുന്നതും കാത്ത് ഞാനും നീലിമയും വരാന്തയിൽ നിൽക്കും. എത്ര നേരം നിൽക്കേണ്ടിവരുമെന്ന് അറിയാത്തതു കൊണ്ട് ബസിന്റെ സമയമാവുമ്പോ നീലിമ പോകും. പിന്നെ ഞാനൊറ്റയ്ക്ക് ആ വാകച്ചോട്ടിൽ കാത്തു നിൽക്കും. പ്രിയയെ കൊണ്ടുപോയി ബസ് കയറ്റിവിട്ടിട്ട് വരുവോളവും ഞാനവിടെയുണ്ടാകും. പിന്നെ കുറച്ച് ലോകവർത്തമാനങ്ങളും സ്വപ്നങ്ങളും വിഷമങ്ങളുമൊക്കെ പറഞ്ഞു പറഞ്ഞ് കായൽക്കാറ്റേറ്റ് റോഡിലൂടെ നടക്കുമ്പോൾ കൂട്ടുകാരിൽ ചിലർ ചോദിച്ചിട്ടുണ്ട് - നിങ്ങൾ സുഹൃത്തുക്കൾ ആണോ അതോ പ്രണയികൾ ആണോ എന്ന്. ചോദ്യം കേൾക്കുമ്പോൾ ഞങ്ങളും പരസ്പരം നോക്കി ചിരിക്കും. മറുപടി ഏട്ടന്റെയാണ്. "ശരിയായ സൗഹൃദത്തിനും പ്രണയത്തിനും ഇടയിലെ അതിർവരമ്പ് ഒരു നൂൽപ്പാലം പോലെ ചെറുതാണ്.. ഞങ്ങൾ അവിടെയാണ് ". എന്ന്.
   പിന്നൊരു കാലം ഏട്ടനും പ്രിയയും തമ്മിലകന്നു. ഞാനും ചില പ്രശ്നങ്ങളിൽപെട്ട് ഒറ്റയ്ക്കായതുപോലെയായി. അങ്ങനെയൊരു ദിവസമാണ് എന്റെ ഉരുണ്ട കാൽപാദത്തിൽ നീണ്ട വിരലുകൾ കൊണ്ടമർത്തി സ്നേഹച്ചൂടിലെന്നെ ചേർത്ത് നിർത്തി " നീ വിഷമിക്കണ്ട. നിനക്കൊപ്പം ഏതു സാഹചര്യത്തിലും ഞാനുണ്ടാകും" എന്ന് വാഗ്ദാനം ചെയ്തത്. ആ ചെമ്പൻകണ്ണുകളിലപ്പോൾ എന്നോടുള്ള സ്നേഹം നിറഞ്ഞു കവിയുകയായിരുന്നു. പതിയെ ഞങ്ങളിലെ പ്രണയത്തിന്റെ ആഴം കൂടിക്കൊണ്ടിരുന്നു. ഒരുമിച്ചുള്ള ലോ കോളേജ് പഠനകാലം അതിനൊരു ഇന്ധനവുമായിരുന്നു. വിവാഹം സ്വപ്നം മാത്രമായേക്കാവുന്ന വിധം വിപരീതമായിരുന്നു സാഹചര്യങ്ങൾ. എതിർപ്പു കളെയൊക്കെ അനുകൂലമാക്കി 29 വർഷങ്ങൾക്കു മുൻപ് ഞങ്ങൾ വിവാഹിതരായി. അധികം കഴിയും മുമ്പേ ലച്ചു തന്റെ വരവറിയിച്ചു.

 പ്രത്യേകിച്ചൊരു സമയക്രമമനുസരിച്ചുള്ള ജോലിയല്ലല്ലോ വക്കീൽപ്പണി. അതുകൊണ്ടു തന്നെ ഞാൻ നാട്ടിലുണ്ടായാൽ പോലും ഏറെ വൈകിയേ ഏട്ടൻ വീട്ടിലെത്താറുള്ളൂ. എല്ലാവരും കിടന്ന് ഒന്നുരണ്ടുറക്കം കഴിയുമ്പോഴും ഞാനാ ഹാളിൽ കാത്തിരിക്കുന്നുണ്ടാവും, ഉറങ്ങാതെ, ഭക്ഷണം പോലും കഴിക്കാതെ. ഏട്ടൻ വന്നു കഴിഞ്ഞ് കഴിയ്ക്കാനെടുത്തു വെക്കാമെന്ന് പറയുമ്പോഴാവും "ഞാൻ കഴിച്ചിട്ടാ വന്നത് " എന്ന് കേൾക്കുന്നത്. എനിയ്ക്കപ്പോൾ വല്ലാതെ സങ്കടം വരും. ഒന്നു വിളിച്ചു പറയാമായിരുന്നില്ലേ എന്ന എന്റെ ചോദ്യത്തിന് ഉത്തരമേ പ്രതീക്ഷിക്കരുത്. ഒന്ന് കുളിച്ച് മൊബൈലും കൊണ്ട് കട്ടിലിലേക്ക് വീഴുമ്പോഴേക്കും " നീ കഴിച്ചോ?" എന്ന ചോദ്യം തിരികെ പ്രതീക്ഷിക്കണ്ട എന്ന് തിരിച്ചറിയുന്ന ഞാൻ അടുക്കള പൂട്ടി വന്നു കിടക്കും. കണ്ണുനിറഞ്ഞൊഴുകി തലയണ നനഞ്ഞ് പിന്നെപ്പോഴോ ഞാനുറങ്ങിപ്പോകും.
എങ്കിലും എനിയ്ക്ക് ഏട്ടൻ വരാതെ ഉറങ്ങാനാവുകയില്ല. അന്നും ഇന്നും അക്കാര്യത്തിൽ ഒരു മാറ്റവും ഇല്ല. 

ഏറ്റവും പ്രിയപ്പെട്ട 3, 4 പേർ തികച്ചും അപ്രതീക്ഷിതമായിട്ടാണ് അകലേക്കു മറഞ്ഞ്. ഉള്ളിലെ ഭീതി .... അതെന്നെ വല്ലാതെയിന്നും പിന്തുടരുന്നുണ്ട്.

കണ്ണു ചിമ്മും വേഗത്തിൽ വർഷങ്ങൾ കടന്നുപോയി. ഏറെ സ്നേഹമുള്ളിലുണ്ടെന്നറിയാവുന്നതു കൊണ്ട് എത്രയൊക്കെ പ്രതീക്ഷകൾ തെറ്റിയാലും ഞാൻ ഏട്ടന്റെ പിന്നാലെ നടക്കും. 
ലച്ചുക്കുട്ടി പുറത്തെത്തിയിട്ട് 6 മാസം കഴിഞ്ഞു. ഞങ്ങൾ തിരുവനന്തപുരത്തും ഏട്ടൻ എറണാകുളത്തും. ആഴ്ചാവസാനങ്ങളിൽ മിക്കതും ഞങ്ങൾ നാട്ടിലെത്തും. ലഗ്ഗേജും കുഞ്ഞുമൊക്കെയായി വരുന്ന എന്നെ വിളിക്കാൻ ഏട്ടനെത്തുന്നത് അരമണിക്കൂറെങ്കിലും വൈകിയാവും. ട്രെയിനിലെ വെള്ളിയാഴ്ചത്തെ തിക്കും തിരക്കും കഴിഞ്ഞ് രാത്രിയുടെ വല്ലാത്ത ഇരുട്ടും റെയിൽവേ സ്റ്റേഷനിലെ ചില തുറിച്ച നോട്ടങ്ങളുമൊക്കെയായി ആകെ ക്ഷീണിച്ച ഞാൻ കുഞ്ഞിന്റെ കരച്ചിലും വിശപ്പുമടക്കാൻ വല്ലാതെ കഷ്ടപ്പെടുന്നുണ്ടാവും. അച്ഛനെ കാണുമ്പോഴുള്ള ലച്ചുവിന്റെ കൺനിറഞ്ഞ ചിരി ഒന്നു കാണേണ്ടതു തന്നെ.
ചില ആഴ്ചകളിൽ ഏട്ടൻ തിരുവനന്തപുരത്തേക്കെത്താമെന്ന് പറയും. അന്ന് ഞങ്ങൾക്ക് ഉത്സവമാണ്. പറ്റാവുന്നത്ര വിഭവങ്ങളൊരുക്കി അടുത്തൊരു ദിവസം എന്തൊക്കെ ചെയ്യാനുണ്ടെന്ന് പ്ലാനൊക്കെ ചെയ്ത് ഞാനും ലച്ചുവും അക്ഷമരായി കാത്തിരിക്കും. ട്രെയിൻ കയറിയെന്നു കേട്ടുകഴിഞ്ഞാൽ പിന്നെ ട്രെയിൻ ട്രാക്ക് ചെയ്ത് ഇരിയ്ക്കലാണു പണി."എവിടെത്തിയമ്മേ അച്ഛൻ ?" ഇടയ്ക്കിടെ ലച്ചു ചോദിച്ചു കൊണ്ടിരിക്കും. അവളെന്നെപ്പോലെയൊരു അച്ഛൻ കുട്ടി ആണ്. ഇടയ്ക്ക് വല്ലാതെ പനിയ്ക്കും. അച്ഛനെ കാണുന്നതോടെ പനി മാറുകയും ചെയ്യും. അച്ഛനെ കാണാനുള്ള അവളുടെ ഉത്സാഹം കണ്ടിരിക്കുമ്പോഴാകും നന്ദേട്ടന്റെ കാൾ വരുന്നത്. "ആലപ്പുഴയിൽ ഇറങ്ങുകയാണ്. അടുത്തയാഴ്ച വരാം." എന്ന്. കൂട്ടുകാരാരെങ്കിലും വിളിച്ചെന്നോ ക്ലയന്റ് വരുമെന്നോ പരിചയം പോലുമില്ലാത്ത ആരെങ്കിലും മരിച്ചെന്നോ എന്തെങ്കിലും ഒരു കാരണവും കേൾക്കാം. ആളിക്കത്തുന്ന തീയിലേക്ക് വെള്ളം കോരിയൊഴിച്ച പോലെ സന്തോഷം തീർന്ന് കുഞ്ഞിക്കണ്ണുകൾ നീരൊഴുക്കാൻ തുടങ്ങും. ആ കുഞ്ഞു സങ്കടം കണ്ടിരിക്കുന്നതു തന്നെ ഉള്ളുരുക്കുന്ന വേദനയാണ്. കാത്തിരിപ്പിന്റെ വേദനകൾ .... മുഷിച്ചിലുകൾ.... എങ്ങനെപറയണമെന്നെനിയ്ക്കറിയുന്നില്ല സത്യത്തിൽ .

അന്ന് .... ആ ഉത്സവദിവസമാണെന്റെ പ്രതീക്ഷകളിലൊക്കെ ഏറ്റവും വലിയ വിള്ളലുണ്ടായത്. കൂട്ടുകാരന്റെ വീട്ടിലേക്ക് പോയതാണ് ഉച്ചകഴിഞ്ഞ്. മറ്റു ശീലങ്ങളൊന്നും ഇല്ലാത്തതു കൊണ്ട് പ്രത്യേകിച്ചൊരു ടെൻഷൻ ഒന്നും തോന്നിയില്ല. എങ്കിലും നേരിയ പരിഭവമുണ്ടായിരുന്നു. വല്ലപ്പോഴും വരുന്ന ഞങ്ങൾക്കൊപ്പമൊന്നിരിയ്ക്കണമെന്നു പോലും തോന്നുന്നില്ലല്ലോ എന്ന്. അന്നും എന്റെ കാത്തിരിപ്പ് പതിവുപോലെ അർധരാത്രി വരെ നീണ്ടു. എല്ലാവരും ഉറങ്ങിക്കഴിഞ്ഞ് ഏട്ടൻ വീട്ടിലെത്തിയത് മദ്യപിച്ചിട്ടായിരുന്നു. ഒരൊറ്റ നിമിഷം കൊണ്ട് എല്ലാമവസാനിപ്പിക്കാനുള്ള എന്റെ വിചാരത്തെ ലച്ചുവിന്റെ മുഖം പിൻതിരിപ്പിച്ചു. പ്രകടിപ്പിക്കാനാവാത്ത ദേഷ്യവും സങ്കടവും നിറഞ്ഞ ആ അവസ്ഥ സ്റ്റൗ കത്തിച്ച് അതിലേക്ക് കാണിച്ചെന്റെ കൈ പൊള്ളിച്ചെടുക്കുന്ന പ്രവർത്തിയിലേക്കെന്നെയെത്തിച്ചു. ചെയ്യുന്നതിന്റെ ശരിതെറ്റുകൾക്കപ്പുറം അച്ഛൻ പോയ ശേഷം .... കാലങ്ങളെത്രയോ കഴിഞ്ഞെനിക്കറിയാൻ കഴിഞ്ഞ സുരക്ഷിതത്വബോധവും വിശ്വാസവും തകർത്തവനോടുള്ള വല്ലാത്ത പകയും പ്രതികാരവുമായിരുന്നു അത്.
പകയാളുമ്പോൾ ശരീരത്തിന്റെ വേദന എങ്ങനെയറിയാനാണ്? മറ്റൊരാളുടെ ശരീരം വേദനിപ്പിക്കുവാനോ ശിക്ഷിക്കുവാനോ നമുക്കെന്ത് അധികാരം !!!
വിശ്വാസത്തിന് .... സ്നേഹത്തിന് ....കുപ്പി നീട്ടി നിർബന്ധിക്കുന്ന സുഹൃത്തുക്കളോളം വില കൽപ്പിക്കാത്ത ഒരാളെയാണ് ഞാൻ വാശിപിടിച്ചു നേടിയതെന്ന ചിന്ത എന്നെ വല്ലാതെ ഭ്രാന്തെടുപ്പിക്കുന്നുണ്ടായിരുന്നു. രാത്രി മുഴുവൻ കണ്ണു തോരാതെ പെയ്തിറങ്ങി. ആശ്വസിപ്പിക്കുവാനോ ചേർത്തു നിർത്തുവാനോ ആരുമുണ്ടായില്ല. ദുശ്ശീലങ്ങളില്ലാത്തവനാണെന്റെ നന്ദേട്ടനെന്ന എന്റെ വീമ്പു പറച്ചിൽ കേട്ടവരിൽ പലരും ഇന്ന് ഏട്ടനൊപ്പം കുപ്പി പങ്കിട്ടുവെന്ന അറിവ് എന്നെ വല്ലാതെ കുത്തി നോവിക്കുന്നുണ്ടായിരുന്നു. എന്നിട്ടും എന്റെ പെരുമാറ്റം ഏട്ടനെ വേദനിപ്പിച്ചുവെന്ന് തോന്നിയതും ഞാൻ പിന്നാലെ നടന്ന് പിണക്കവും വിഷമവും മാറ്റി. അന്ന് ഏട്ടൻ എനിയ്ക്ക് സത്യം ചെയ്തു തന്നു. ഇനി കുടിക്കില്ലെന്ന്. ആ സത്യമായിരുന്നു.. എന്റെ വിശ്വാസത്തിന്റെ താങ്ങായത്. എന്നെക്കൊണ്ട് എന്തായാലും എന്റേട്ടൻ കള്ളസത്യം ചെയ്യില്ലല്ലോ!!!
ഒരുമിച്ചു നിൽക്കാനാവാത്ത ദുഃഖത്തിനിടയിലും പൊതുവേ സന്തോഷകരമായി , ചെറിയ ചെറിയ പിണക്കങ്ങളും ഇണക്കങ്ങളും നിറഞ്ഞ് ജീവിതം മുന്നോട്ട് പോയി. എന്റെ കാത്തിരിപ്പുകൾക്ക് മാത്രം ഒരു മാറ്റവുമുണ്ടായില്ല.


കൂട്ടുകാർ വല്ലാതൊരു ബലഹീനതയാണ് ആളിന്. അവർ എന്തു പറഞ്ഞാലും നോ എന്ന് പറയാൻ മടിയാണ്. അന്നൊരു കൂട്ടുകാരന്റെ വീട്ടിലെ ആഘോഷത്തിന് ഞാനും മോളും കൂടെയാണ് ഏട്ടനൊപ്പം പോയത്. അന്ന് ഏട്ടനെ കുടിയ്ക്കാൻ അവർ നിർബന്ധിച്ചിട്ടും ആൾ തയ്യാറായില്ല. അതിന്റെ ദേഷ്യമാണെന്ന് തോന്നുന്നു തിരികെ പോരാൻ തുടങ്ങിയപ്പോൾ കൂട്ടുകാരന്റെ വക ശകാരവർഷം എന്റെ നേരേ. ഏട്ടൻ നിശ്ശബ്ദനാണ്. സഹികെട്ട് ഞാനുമെന്തൊക്കെയോ പറഞ്ഞു. "ഞങ്ങളിങ്ങനെ ഇടയ്ക്ക് കൂട്ടുകാർ ഒരുമിച്ച് കൂടാറുണ്ട്. ഇനിയും കൂടും. നീ വിചാരിച്ചെന്ന് കരുതി നിർത്താനൊന്നും പോകുന്നില്ല. ഇനിയും ഞങ്ങളിവനെ വിളിയ്ക്കും. അവൻ വരികയും ചെയ്യും..!" കൂട്ടുകാരൻ വീണ്ടും വീണ്ടും പറയുമ്പോഴും മിണ്ടാതിരിയ്ക്കുകയാണ് ഏട്ടൻ, സ്വന്തം ഭാര്യയെ മറ്റൊരുത്തനെക്കൊണ്ട് ചീത്ത വിളിപ്പിച്ച് ആസ്വദിക്കും പോലെ. ഭൂമി പിളർന്നൊന്ന് താഴേക്ക് പോയെങ്കിലെന്നാശിച്ചു ഞാൻ. വീട്ടിലെത്തിയിട്ടും എന്നോട് ഏട്ടൻ മിണ്ടാതെ നടക്കുന്നത് സഹിക്കാതെ എല്ലാം എന്റെ തെറ്റെന്ന് സോറിയും പറഞ്ഞ് വീണ്ടും പിന്നാലെ നടന്നു ഞാൻ. കണ്ണു കുറുക്കെ കരണക്കുറ്റിക്കൊരടിയും തന്നിട്ട് "മേലിൽ എന്റെ കൂട്ടുകാരോട് തട്ടിക്കയറരുത് " എന്ന് ശാസനയും തന്നു. പിന്നെയും കാലുപിടിച്ചു കരഞ്ഞപ്പോൾ കൂട്ടായി. കവിൾ തടവി തന്നിട്ട് ചേർത്തു നിർത്തി "ഇനിയിങ്ങനെ ചെയ്യരുത് കേട്ടോ... എനിയ്ക്ക് നിന്നെയടിക്കുന്നത് വലിയ വേദനയാണ്" എന്ന് പറഞ്ഞാശ്വസിപ്പിച്ചു. അതു മതിയായിരുന്നു എനിയ്ക്ക് അതുവരെയുള്ളതൊക്കെ മറക്കാൻ.
വല്ലാത്ത കൊതിയാണെനിക്കാ സ്നേഹത്തോട്. പ്രണയിച്ചു മതിയാകുന്നതേയില്ല എന്റെ നന്ദേട്ടനെ ...


വർഷങ്ങളേറെ കഴിഞ്ഞു. മക്കൾ രണ്ടാളും സ്വന്തം ലാവണങ്ങളിലായി. 
ഇന്ന് രാവിലെ വച്ച പുളിങ്കറി ഇഷ്ടപ്പെട്ടില്ലെന്ന് പറഞ്ഞിരുന്നു. അതുകൊണ്ട് വൈകിട്ട് ഓഫീസിൽ നിന്നു വന്നിട്ട് ഏട്ടനിഷ്ടമുള്ള സാമ്പാറും വച്ച് കാത്തിരിക്കുകയാണ് ഞാൻ. എന്റെ ചില ഒഫീഷ്യൽ ഡ്രാഫ്റ്റിംഗ് ബാക്കിയുണ്ട്. അതിലെ ചില സംശയങ്ങൾ ഏട്ടൻ നോക്കിത്തരാമെന്ന് ഏറ്റിരുന്നതാണ്. രണ്ടുപേരും നിയമമേഖലയിലായതിന്റെ ചില പ്രയോജനങ്ങൾ. 6.15 ആയപ്പോൾ ഞാൻ വിളിച്ചു. ഒരു മണിക്കൂറിനുള്ളിൽ ഇറങ്ങുമെന്ന് പറഞ്ഞു. 8.30 കഴിഞ്ഞിട്ടും കാണാഞ്ഞിട്ട് വീണ്ടും വിളിച്ചു. കഴിച്ചിട്ടേ വരു എന്നായി ഇപ്പോൾ. ശബ്ദം കേട്ടിട്ട് മദ്യപിക്കുന്നതു പോലെ. ആ.... നോക്കാം. എന്തായാലും വരട്ടെ. 11 മണി കഴിഞ്ഞപ്പോൾ വന്നു. കുടിച്ചിട്ടുണ്ടെന്ന് മുഖം കണ്ടാലറിയാം. നേരിട്ട് ചോദിച്ചു. ഇല്ലെന്നാണുത്തരം അതും എന്റെ തലയിൽ കൈവച്ച് സത്യം ചെയ്ത്. ഒരുവേള കരഞ്ഞു പോയ എന്റെ പിന്നാലെ വന്നെങ്കിലും ഒന്നും കേൾക്കുവാനെനിയ്ക്ക് മനസു വന്നില്ല. ഓരോ തവണയും നഷ്ടപ്പെടുന്ന വിശ്വാസം....
 ബാൽക്കണിയിലിറങ്ങി ഇരുട്ടത്തിരുന്നു ഏറെനേരം . അന്വേഷിച്ചതേയില്ല നന്ദേട്ടൻ എന്നെ. കുറേ കഴിഞ്ഞ് ഞാനീ മുറിയിലേക്ക് വന്നു. അപ്പുറത്തെ മുറിയിൽ നന്ദേട്ടൻ കൂർക്കം വലിക്കുന്ന ശബ്ദം കേൾക്കാം. 
ചിന്തകൾ വല്ലാതെ പെറ്റുപെരുകുന്നു. എന്റെ ജീനുകളിലെ ഭ്രാന്തിൻകുഞ്ഞുങ്ങളുണർന്ന് നിലവിളിയ്ക്കാൻ തുടങ്ങി. അവർക്ക് പറക്കണമെന്ന് .... 
ദൂരെ ആരോ വിളിയ്ക്കും പോലെ....
ചിറകുകളുണ്ടായിരുന്നെങ്കിൽ....
പിന്നെയവൾ തന്റെ വെളുത്ത ഷാളെടുത്ത് നടുഭാഗം തന്റെ കഴുത്തിൽ കെട്ടി രണ്ടറ്റവും വിരലുകളിൽ കോർത്ത് ചിറകുകളാക്കി. ജനാലയിൽ കയറി കൈ വിടർത്തി ആ തൂവെള്ളച്ചിറകുവിരിച്ച് ഒരരയന്നത്തെ പോലെയവൾ അതിരുകളില്ലാ ലോകത്തേക്ക് പറന്നുയർന്നു. താഴെയപ്പോൾ ചിന്നിച്ചിതറിയ തലയുമായി ഒരു ശരീരം വന്നു വീണു. അവളുടെ നന്ദേട്ടൻ മദ്യം നൽകിയ സുഖത്തിൽ അപ്പോഴും കൂർക്കം വലിച്ചുറങ്ങുകയായിരുന്നു.
ഒന്ന് തിരിഞ്ഞ് പ്രണയം തുളുമ്പുന്ന കണ്ണുകളുമായ് തന്റെ നന്ദേട്ടനെയൊന്ന് നോക്കിയിട്ട് അവൾ വീണ്ടും പറന്നുയർന്നു ...
ആകാശനീലിമയിലേക്ക് ...
സ്നേഹവും സ്നേഹ നിരാസവുമില്ലാത്തിടത്തേക്ക്...
കാത്തിരിപ്പുകളില്ലാത്തിടത്തേക്ക് ....
പറന്ന്.... പറന്ന്.....


താത്രിക്കുട്ടി

രാത്രിയിൽ വിരിയുന്ന മുല്ലപ്പൂക്കൾ (കഥ )

Night blooming Jasmine (കഥ )

വിശാലമായ വീട്ടുപറമ്പിലെ, പുതിയ ഒരംഗത്തെപ്പോലെ അത് വന്നു ചേർന്നു. അമ്മ കുഴിയെടുത്തു ആ ചെറിയ തൈ മണ്ണിലേക്ക് ആഴത്തിൽ ഇറക്കിവയ്ക്കുമ്പോൾ അമ്മയുടെ അരികിൽ ഉത്സാഹത്തോടെ അവൾ ഇരുന്നു ഒരു കപ്പ് വെള്ളവുമായ്. അതിന്റെ ചുവട്ടിലേയ്ക്കായി വെള്ളം ഒഴിച്ചു കൊടുക്കുമ്പോൾ സന്ദേഹത്തോടെ അമ്മയുടെ മുഖത്തേയ്‌ക്കും അവൾ കണ്ണോടിച്ചിരുന്നു, അമ്മയുടെ മതി മോളെയെന്നുള്ള നിർദ്ദേശം അതായിരുന്നു ആ കുഞ്ഞു മുഖം പ്രതീക്ഷിച്ചിരുന്നത്. അവൾക്കറിയില്ലായിരുന്നു അവൾ ഉത്സാഹപൂർവ്വം നനയ്ക്കുന്ന ആ ചെടി എന്തായിരുന്നുവെന്നു. വെള്ളം അതിന്റെ വേരുകളെ നനച്ചുകഴിഞ്ഞപ്പോൾ അവൾ വീണ്ടും അമ്മയുടെ മുഖത്തേയ്ക്കു സംശയത്തോടെ നോക്കി. ഇത്തവണയും അമ്മയുടെ ഊഹം തെറ്റിയിരുന്നില്ല, മകളുടെ സംശയം എന്തായിരുന്നു എന്നു അവളുടെ കണ്ണുകളിലൂടെ തന്നെ ആ അമ്മ തിരിച്ചറിഞ്ഞിരുന്നു. "ഇത് മോൾ ഇതുവരെ കഴിച്ചിട്ടില്ലാത്ത ഒരു പഴത്തിന്റെ ചെടിയാണ് " ആ അമ്മ സ്നേഹത്തോടെ മറുപടി നൽകി. വീണ്ടും അവൾ അമ്മയുടെ കണ്ണുകളിലേക്കു തന്നെ തുറിച്ചു നോക്കി നിന്നു. "ഇതു പ്ലം എന്ന ഫലം തരുന്ന ചെടിയാണ്.അതിനു നല്ല സ്വാദാണ്. ചുവപ്പു നിറത്തിലുള്ള ആ ഫലം മധുരമുള്ളതാണ്, കുറെ വളർന്നു കഴിയുമ്പോൾ ആ വൃക്ഷത്തിൽനിന്നും ധാരാളം പ്ലംസ് നമുക്കു കിട്ടും. അതിനു നല്ല മധുരവും പുളിപ്പും കലർന്ന സ്വാദാണ്, അങ്ങനെ ആ ചെടിയെക്കുറിച്ച് സങ്കൽപ്പങ്ങൾ പകർന്നു നൽകി. ആ കുഞ്ഞു ഹൃദയം ഇതുവരെയും രുചിച്ചിട്ടില്ലാത്ത ഫലത്തെ തന്റെ സങ്കല്പത്തിൽ കൊണ്ടു വന്നു. അതു രുചിക്കുക എന്നതിനേക്കാൾ താൻ ആദ്യമായി നനച്ച ആ ചെടിയിൽ ഫലം വരുന്നതും കാത്തു ദിവസങ്ങൾ തള്ളി നീക്കി. വളർന്നു തുടങ്ങിയ ഓരോ ശിഖരങ്ങളും അവളുടെ ഉള്ളിൽ പുതിയ പ്രതീക്ഷകൾ തന്നു. അതിന്റെ വേരുകളെ നനയ്ക്കാൻ അവൾ എന്നും ആവേശം കാട്ടി. സ്കൂളിലെ തന്റെ ആത്മ മിത്രങ്ങളോട് അവൾ അതേക്കുറിച്ചു വാചാലയായി. തന്റെ പ്ലംസ് അവർക്കും പുതിയ ഒരു അനുഭവമായി. തന്റെ മുറിയുടെ ജനാലകൾ തുറന്നാൽ അവൾക്കതു കാണാമായിരുന്നു. ഇടക്കിടെ അതും നോക്കി ആവേശത്തോടെ നിന്നു. അവളോടൊപ്പം തന്നെ അവളുടെ പ്ലംസ് ചെടിയും വളർന്നു. പൊടുന്നനെ അതിന്റെ ശിഖരങ്ങളുടെ അഗ്രഭാഗത്തായി വെള്ളയും പച്ചയും കലർന്ന ചെറിയ മൊട്ടുകൾ വന്നു. അതു പൂക്കുന്ന കണ്ട അവൾ അമ്മയുടെ അരികിലേക്കായി ഓടി, അവൾ അതു അമ്മയെ അറിയിച്ചു ആവേശത്തോടെ. ആ കുഞ്ഞു മനസു അതിരില്ലാതെ സന്തോഷിച്ചിരിക്കുന്നു. ഫലം തരുന്നതിനു മുന്നോടിയായി അതു പൂത്തിരിക്കുന്നു. അവൾ അങ്ങനെ വിശ്വസിച്ചിരുന്നു. പക്ഷെ അതു കണ്ട മാത്രയിൽ തന്നെ അമ്മയുടെ മുഖം മ്ലാനമായി. ആ നഴ്സറിക്കാർ തങ്ങളെ പറ്റിച്ചിരിക്കുന്നു. ആ അമ്മ അതു മനസിലാക്കി. അവൾ അമ്മയുടെ മുഖത്തേക്ക് തന്നെ ഇമവെട്ടാതെ നോക്കി നിന്നു. തങ്ങളുടെ പ്ലം ചെടി പൂത്തിരിക്കുന്നു. എന്നു മാത്രമാണ് അവൾ കേൾക്കാൻ ആഗ്രഹിച്ചത്. അമ്മ വളരെ നേരം ആ മൊട്ടുകളെ തന്നെ നോക്കി നിന്നു. അമ്മ മകളുടെ സന്തോഷം നിറഞ്ഞ മുഖത്തേക്ക് നോക്കി . ആ കുഞ്ഞു മുഖം കാണവേ, അവളെ വേദനിപ്പിക്കാൻ അമ്മയ്ക്ക് മനസു വന്നില്ല. അമ്മയും സന്തോഷപൂർവം തന്നെ പറഞ്ഞു അതെ മോളെ നമ്മുടെ പ്ലംസ് പൂത്തു തളിർത്തിരിക്കുന്നു. ഉടനെ തന്നെ നമുക്കു പ്ലം ലഭിക്കും. അവളുടെ മുഖത്ത് എന്തെന്നില്ലാത്ത സന്തോഷം കളിയാടി. 


ദിവസങ്ങൾ കഴിഞ്ഞു പോയി..ഒരു രാത്രിയിൽ വീടിനു ചുറ്റും എന്തെന്നില്ലാത്ത ഒരു സുഗന്ധം.. അവൾ പതിയെ ജനാല തുറന്നു നോക്കി. തന്റെ പ്ലം ചെടി മുഴുവൻ പൂക്കൾ കൊണ്ടു നിറഞ്ഞിരിക്കുന്നു.. വാക്കുകൾക്ക് വിവരിക്കാനാവാത്ത സുഗന്ധവും.. അവൾ ഉടനെ അമ്മയെ വിളിച്ചു. അമ്മയും ആ കാഴ്ച്ച വളരെ ആസ്വദിച്ചു കണ്ടു.അവളുടെ കണ്ണുകളിലെ തിളക്കം കണ്ടപ്പോൾ അമ്മ പതിയെ പറഞ്ഞു. "മോളെ അതു നീ കരുതും പോലെ പ്ലം തരുന്ന മരം അല്ല.. ആ നഴ്സറിക്കാർ നമ്മളെ പറ്റിച്ചിരിക്കുന്നു. ഇതു രാത്രിയിൽ വിരിയുന്ന മുല്ലപ്പൂക്കൾ ആണ്. ഇതിൽ ഇനി ഫലം വരില്ല. പക്ഷെ ആ കാഴ്ച, അതിന്റെ സുഗന്ധം, അവളുടെ മനസ്സിൽ അപ്പോൾ അതു പകർന്ന സന്തോഷം മാത്രമേ ഉണ്ടായിരുന്നുള്ളു. അതു മനസിലാക്കിയിട്ടാവണം അമ്മ അവളോട്‌ അപ്പോൾ താൻ മനസ്സിലാക്കിയ സത്യം പറഞ്ഞത്. പക്ഷെ അതു അവളെ അപ്പോൾ അത്രകണ്ട് വേദനിപ്പിച്ചില്ല. അമ്മ അങ്ങനെ തന്നെ ആണ്. മക്കളെ വേദനിപ്പിക്കാതിരിക്കാൻ പല കുഞ്ഞു കള്ളങ്ങളും സത്യമാണെന്നു പറയും, പല കുഞ്ഞു സത്യങ്ങളും കള്ളമാണെന്നും.. തന്റെ കുഞ്ഞിന്റെ മനസു നോവരുതെന്നു മാത്രമേ ചിന്തിക്കൂ... അതുപോലെ തന്നെ ദൈവവും നമ്മൾ ആഗ്രഹുക്കുന്നതു തരാതെ തരുന്നതിൽ അദൃശ്യമായ സൗന്ദര്യം ഒളിപ്പിച്ചു വച്ചിരിക്കും. അതു കാണാൻ കാലങ്ങൾ കഴിയണം, അല്ലെങ്കിൽ അക കണ്ണ് തുറന്നു നോക്കണം. എല്ലാത്തിലും ഒരു സൗന്ദര്യം ഉണ്ട്‌... അവൾ ഇന്നും പ്രണയിക്കുന്നു രാത്രിയിൽ മാത്രം വിരിയുന്ന ആ മുല്ലപൂക്കളെ.. ഒരു പക്ഷെ പ്ലംസിനു പകർന്നു തരാൻ കഴിയാത്ത പ്രണയം.  

Kerstin paul

കരയും, കടലും ( കവിത)


കരപോലെ കടലും ഒരു ലോകമാണ്
മണൽ മാത്രമല്ല മരങ്ങളും, പാറക്കെട്ടുകളും
അഗാധഗർത്തങ്ങളും, കൊടുമുടികളും
കടൽച്ചില്ലകൾ ജലത്തിലിളകിക്കൊണ്ടേയിരിക്കും
കരയിലെ മരക്കൊമ്പിൽ പക്ഷികളെന്നപോലെ

കടലിലുമുണ്ട് വലുപ്പച്ചെറുപ്പങ്ങൾ
വമ്പൻ സ്രാവുകളെ ഭയപ്പെടുക തന്നെ വേണം
ആനയും, കുതിരയും അവിടേയുമുണ്ട്.
ഭൂമിയിലെന്ന പോലെ, ആകാശത്തിലെന്ന പോലെ
കടലിലുമുണ്ട് കടൽപ്പാതകൾ

ഇവിടെ മണിമന്ദിരങ്ങളെന്ന പോലെ
അവിടെ പവിഴപ്പുറ്റിൻ മന്ദിരം
ജലത്തിനടിയിൽ നിന്ന് മുകളിലേക്കു നോക്കിയാൽ
കാണുന്ന നീലനിറമായിരിക്കണം കടലിൻ്റെ ആകാശം
സൂര്യൻ്റെ പ്രതിബിംബം കടലിൻ്റെ സൂര്യനും

ജലത്തിൽ ജീവിക്കുന്നതുകൊണ്ടാവണം
മീൻ കണ്ണുകൾക്കെല്ലാം കടലിൻ്റെ നീലനിറം.

കരയ്ക്ക് തീപ്പിടിച്ച് കടലുകത്തിയെന്ന് ഇതുവരെ
കേട്ടിട്ടില്ല
പക്ഷെ, സൂക്ഷിക്കണം;
കടലിനു തീപ്പിടിച്ചാൽ കത്തുന്നത് കരയായിരിക്കും

..................................

രാജു.കാഞ്ഞിരങ്ങാട്


സങ്കടപ്പുഴയിലൊരു കുളി!


കുടിയേറ്റവും ഗൃഹാതുരത്വവുമാണ് അരുൺ വി സജീവിൻറെ ഇഷ്ടവിഷയങ്ങൾ.

പ്രഥമ കഥാസമാഹാരം ജാലകക്കാഴ്ചകളി'ലൂടെ അയാൾ
'പേന പിടിക്കുന്ന സത്യൻ അന്തിക്കാട്' ആവാൻ ശ്രമം നടത്തുന്നു.

18 ചെറുകഥകളുടെ സമാഹാരം.
കഥയാകുന്ന പതിനെട്ടു പടവുകൾ കടന്ന് സാഹിത്യത്തറവാട്ടിലെത്തിച്ചേരുവാനുള്ള ശ്രമത്തിൽ അതിൻറെ പടിപ്പുരയോളമെത്തുന്നുണ്ട് അയാൾ.

ഒന്നാമത്തെ കഥയായ 'സ്നേഹത്താഴ്വാരം'.
കുറച്ചതിഭാവുകത്വം ഇടിച്ചുപിഴിഞ്ഞു ചേർത്തിട്ടുണ്ടെങ്കിലും നല്ല കഥ തന്നെ ഇത്.അപ്പൻറെ തോളിലെ തഴമ്പിനെ പറ്റി പറയുന്ന ഭാഗമെല്ലാം ഗംഭീരം.

അടുത്ത കഥയായ 'തിളക്കം' വായിക്കുമ്പോളാകട്ടെ ഒരു കണ്ണീർക്കണം അറിയാതുരുണ്ടു കൂടും.

ഉടലിനു ചേരാത്ത കുപ്പായങ്ങൾ
ഇടേണ്ടി വരുന്ന മനുഷ്യരുടെ കഥ പറയുന്നു 'തനിയാവർത്തനം'.
ശലഭമാവാൻ പറ്റാതെ പോയവർക്ക്
ഇതു സമർപ്പിക്കാം!

വിഷ്വലിന്റെ സാധ്യതകൾ ഒളിഞ്ഞിരിക്കുന്ന കഥയാണ് 'കമലമ്മ'. എം പി പോൾ ബാല്യകാലസഖിയെ പറ്റി പറഞ്ഞത്
ഈ കഥയെ പറ്റിയും പറയാം.

നിർഭയയുടെ ദുരന്തം, ലിനിയുടെ ദുർവിധി പിന്നെ കവളപ്പാറയിലെ പ്രളയം എല്ലാം കഥാകൃത്തിനെ ആഴത്തിൽ സ്വാധീനിച്ചിരിക്കുന്നു.
'പരിക്രിയ, മെയ് 12, അതിരുകൾ മായ്ക്കപ്പെട്ടവർ' - ഇക്കഥകൾഎല്ലാം അവരവർക്കുള്ള ദുരന്ത സ്മാരകങ്ങൾ പോലെ വിശുദ്ധമായിരിക്കുന്നു.

പക്ഷേ പരിക്രിയയിൽ എത്തുമ്പോൾ സിനിയെ വെളുത്തു മെലിഞ്ഞവൾ
ആക്കുന്നതിൽ ഒരു ദുരുപദിഷ്ടത- ശരികേട് ഉണ്ടുതാനും.

ആ ഒരു തെറ്റ് 'കറുപ്പും മഞ്ഞയും വരകളി'ലൂടെ കഥാകൃത്ത് മായ്ച്ചു കളയുന്നു. ഇ.സന്തോഷ് കുമാറിന്റെ ആഖ്യാന ശൈലിയുടെ നിഴലുകൾ ഇതിൽ ദർശിക്കാം.

ദുരന്തമുറഞ്ഞു കൂടുന്ന മറ്റു കഥകളിൽ നിന്ന് വേറിട്ടു നിൽക്കുന്നു 'ആരണ്യത്തിന്റെ അവകാശികൾ'. ഊർജ്ജം പകരുന്ന ഒരു കഥ!

'കാവൽ മാലാഖ'യിലൂടെ  അരുൺ വീണ്ടും
വിധിയന്ത്രത്തിരിപ്പിലേക്ക് തിരിച്ചുപോകുന്നു.

സിനിമയ്ക്കു വേണ്ട പൊടിപ്പുകളൊക്കെയുള്ള ഒരു കഥയാണ് 'വേട്ട'. തുടർന്ന് 'മോക്ഷ' ത്തിലൂടെ ഇദം: ന മമ എന്ന് അമ്മയ്ക്ക് അർച്ചനയും ചെയ്തു തൻറെ കഥാസരണി പൂർത്തിയാകുന്നു
അരുൺ സജീവ്.

ഒററയിരിപ്പിനു വായിച്ചു തീർക്കാവുന്ന പുസ്തകം.
കുറച്ചുകൂടി ഗൃഹാതുരത്വമുണർത്തുന്ന
ഒരു പേരിടാൻ ശ്രദ്ധിക്കാമായിരുന്നു.
അരുണിന് എല്ലാവിധ ആശംസകളും. അടുത്ത സമാഹാരത്തിലെ കഥകൾ കുറച്ചുകൂടി ആഴമുള്ളതാക്കുവാൻ അദ്ദേഹത്തിനു കഴിയട്ടെ!

Written by Suresh Narayanan ---

Call : 9447150843 to get your copy

Jalakakkazhchakal

Published by Nallezhuth

രാജമ്മാൾ (കഥ )


●●●●●●●●●●●●●●●●●●●●●●●●●●

ഒരു വൈകുന്നേരം മുറ്റത്തിരുന്ന്, ചെറിയ ചാറ്റൽമഴ ആസ്വദിച്ചിരിയ്ക്കുകയായിരുന്നു ഞാൻ. കൈയ്യിലിരുന്ന ചൂടു ചായ മൊത്തിക്കുടിയ്ക്കുന്നതിനിടയിലാണ് അത് ശ്രദ്ധിച്ചത്.
മതിലിനരികിലെ മന്ദാരക്കൂട്ടങ്ങൾക്കൊരനക്കം.
ചെറിയ രീതിയിലൊന്നുമല്ല. ശക്തിയായി ആരോ മതിലിനപ്പുറം നിന്ന് ചെടി വലിയ്ക്കുന്നുണ്ട്. അടുത്ത് നിന്ന തെച്ചിയിലേയ്ക്കും ചെമ്പരത്തിയിലേയ്ക്കും എത്തി കുലുക്കത്തിൻ്റെ അനുരണനം.

ആഹാ..ഇതാരപ്പാ... അറിയണമല്ലോ?
ഞാനെഴുന്നേറ്റ് മതിലിനപ്പുറത്തേയ്ക്ക് എത്തി നോക്കി.

ഓഹ് രാജമ്മാൾ ആണ്!

ഞങ്ങളുടെ സ്ട്രീറ്റിൻ്റെ സ്വന്തം പപ്പടക്കാരി. പപ്പടം, മുറുക്ക്, അപ്പം ഇതൊക്കെ അവർ ഗംഭീരരുചിയിൽ ഉണ്ടാക്കും.

പൂമോഷണം കൈയ്യോടെ പിടിച്ചപ്പോൾ അമ്മാൾക്ക് മുഖത്ത് ഒരു ചമ്മൽ.
മുഖത്തെ ചമ്മൽ മറയ്ക്കാൻ ചുവന്ന മുക്കുത്തി തിളങ്ങുന്ന മുഖം ഒന്നമർത്തിത്തുടച്ചു. മെലിഞ്ഞ കൈകൾ. മാംസം തീരെയില്ലാത്ത, നീര് വറ്റിത്തുടങ്ങിയ കവിളുകൾ.

ഞാൻ നോക്കി  നിൽക്കെ ഒരു നിമിഷം!
ധൃതിയിൽ തിരിഞ്ഞ് അവർ ഒറ്റ നടത്തം.

ഇതെന്തു മര്യാദ!
സത്യം പറയാമല്ലോ?
ഒരു വാക്ക് പറയാതെയുള്ള ആ പോക്ക് എനിക്കത്ര പിടിച്ചില്ല.

പിന്നീടുള്ള ദിവസങ്ങളിലും പൂ മോഷണം തുടർന്നു. കള്ളിയെ കയ്യോടെ പിടിയ്ക്കാൻതന്നെ തീരുമാനിച്ചു. പക്ഷേ കിട്ടണ്ടേ!

ഭർത്താവാണ് പറഞ്ഞത്.
'പാവം ശിവക്ഷേത്രത്തിൽ കൊടുക്കാനാവും മോഷ്ടിക്കുന്നത്. അതിനെ 'മോഷണം'
എന്ന് താഴ്ത്തിപ്പറയല്ലേ!'

അതിൽപ്പിന്നെ ' ശരി ആയ്ക്കോട്ടെ' എന്ന മട്ടിൽ ഞാനുമിരുന്നു.

അതല്ല രസം!
രാജമ്മാൾ ഈയിടെയായി, എവിടെ എന്നെക്കണ്ടാലും ഒഴിഞ്ഞുനടന്ന് കളയും.
സാമർത്ഥ്യക്കാരിയാണ്!

മുന്നിൽ ,നേരിട്ട്- നേരിട്ട് കണ്ടാലും ചിരിയ്ക്കില്ല! ഞാൻ ചിരിച്ചാലും തിരിച്ചൊരു ചിരിയില്ല! എത്ര തവണയാണ് ചമ്മിപ്പോയത്!

ചിരിയെക്കുറിച്ച് പറഞ്ഞപ്പോൾ ഭർത്താവ് പറഞ്ഞു.

"നീ കരുതും പോലല്ല എല്ലാരും! ജീവിതത്തിൽ കുറേ അനുഭവിച്ച സ്ത്രീയാ അവർ.  മുഴുക്കുടിയനായിരുന്നു അവരുടെ ഭർത്താവ്. ഒരാക്സിഡൻ്റിൽ കാലുകൾ രണ്ടും പോയിട്ടു കിടപ്പിലായി. പറക്കമുറ്റാത്ത മൂന്നു മക്കളെ വളർത്താൻ അവർ വീട്ടുവേലചെയ്തും കുപ്പിയും പാട്ടയും പെറുക്കിയും കഷ്ടപ്പെട്ടു. ഇപ്പൊ മൂത്ത മകൻ്റൊപ്പമാണ്. രണ്ടു പെൺമക്കളെ എങ്ങനെയൊക്കെയോ കെട്ടിച്ചുവിട്ടു. മകനും ആയമ്മയും ചേർന്നാണ് കുടിൽവ്യവസായം തുടങ്ങീട്ടുള്ളത്."

കൂടുതൽ അറിഞ്ഞപ്പോൾ അവരോടൊന്ന് മിണ്ടണമെന്ന് എനിക്ക് തോന്നി.

ഒരിക്കൽ അതിരാവിലെ ശിവക്ഷേത്രത്തിൽ വെച്ചും അമ്മാളെ കണ്ടു. മകൻ്റെ പിറന്നാൾ ദിവസം ഭഗവാനെ തൊഴാനും,വഴിപാട് കഴിയ്ക്കാനുമായി എത്തിയതായിരുന്നു ഞാൻ.

ദാ നേരെ മുന്നിൽ രാജമ്മാൾ! കൈയ്യിൽ എൻ്റെ വീട്ടിൽനിന്നും പൊട്ടിച്ചെടുത്ത മന്ദാരം,ചെമ്പരത്തി,തെച്ചി....

എനിക്കത് കണ്ട് സത്യത്തിൽ സ്വയം നിന്ദ തോന്നി.
ഭഗവാനെ തൊഴാൻ വരുമ്പോൾ ഒരു പൂവ് കൈയ്യിൽക്കരുതാൻ തോന്നീല്ലല്ലോ എനിക്ക്!

എന്നത്തേയും പോലെ അന്നും തൊഴുത് തിരിഞ്ഞ് നോക്കുമ്പോഴേയ്ക്കും അമ്മാൾ അപ്രത്യക്ഷമായി.

ഒരു ദിവസം അമ്മാളുടെ കൈയ്യിൽ നിന്നും കുറച്ച് ഉണ്ണിയപ്പവും പപ്പടവും വാങ്ങിയാണ് ഭർത്താവ് വന്നത്. വന്നതും ഒരു പൊതി ഉണ്ണിയപ്പം എനിക്ക് നീട്ടി ചിരിച്ചുകൊണ്ട് പറഞ്ഞു.

'നിനക്ക് സ്പെഷൽ ഉണ്ണിയപ്പം പൈസവാങ്ങാതെ അമ്മാൾ തന്നുവിട്ടതാ..!"
ഞാനന്തംവിട്ടു.
"എന്തിന്..."

പിറ്റേന്ന് മതിലിനരികിൽ പതിയിരുന്ന് ആ മെലിഞ്ഞകൈകളിൽ ചാടിപിടിച്ചു. ഒട്ടും പതുപതുപ്പില്ലാത്ത കൈകളിൽ പൊട്ടിച്ച തെച്ചിക്കൊണ്ട.

മുഖത്ത് ചമ്മൽ!

പക്ഷേ ഇന്ന് പ്രത്യേകതയുണ്ട് ആ മുഖത്തിന്. ഒരു നേർത്ത പുഞ്ചിരിവിരിയുന്നുണ്ട് ആ മുഖത്ത്.

"എന്തിനാ വെറുതെ ..എനിക്ക് സ്പെഷ്യൽ തന്നത്!ഞാൻ ചോദിച്ചില്ലല്ലോ?"
മുഖത്ത് കൃത്രിമഗൗരവം വരുത്തി ഞാൻ ചോദിച്ചു.

"ഇരിയ്ക്കട്ടെ..ഒന്നും എനിക്കും വെറുതെ വേണ്ട..."

അവർ ചിരിച്ചുകൊണ്ടുതന്നെ പറഞ്ഞുവന്നത് മനസ്സിലാവാൻ എനിക്കിത്തിരി സമയം വേണ്ടിവന്നു.
എനിക്കും ചിരി വന്നു.

"മിടുക്കീ.." ഞാനവരുടെ കവിളിൽ സ്നേഹത്തോടെ തൊട്ടു.

അവരെ മനസ്സിലാക്കാൻ ഇനിയുമേറെയുണ്ടെന്ന് തോന്നി. പിന്നീടുള്ള ദിവസങ്ങളിലും പൂ മോഷണം തുടർന്നു.

ചില ജീവിതങ്ങൾ എപ്പോഴും യുദ്ധക്കളങ്ങളിലാണ്,
അവരുടെ ജീവിതാവസാനം വരെ. പക്ഷേ അവർ കൈവിടാതെ സൂക്ഷിക്കുന്ന ജീവിതമൂല്യങ്ങൾ അവരുടെ രക്ഷയ്ക്കെത്തുമായിരിക്കും.

ജീവിതം..
അത് ഒഴുകട്ടെ!
അതിങ്ങനെയായിരുന്നെങ്കിൽ!എന്ന് ചിന്തിക്കാൻ
തിരുത്താൻ ആർക്കാണാവുക!

ഓരോരുത്തരും പടയാളികളാണ്
.ജീവിതത്തിലെ സങ്കടങ്ങൾ സന്തോഷങ്ങൾ അനുഭവിച്ച്  അനുഭവിച്ച്...
തുഴഞ്ഞ്...തുഴഞ്ഞിങ്ങനെ പോകട്ടെ

°°°°°°°°°°°°°
ശ്രീജ കെ മംഗലത്ത്







മഞ്ഞുതുള്ളി പോലെ ( കഥ )

"മേ ഐ കം ഇൻ സർ...? "യെസ് പ്ളീസ് .."മുഖം ഉയർത്താതെ തന്നെ വിനയ് അനുവാദം കൊടുത്തു . വിറയ്ക്കുന്ന കാലടികളോടെ , മാനേജർ എന്നെഴുതിയ ക്യാബിന്റെ വാതിൽ തുറന്ന് ലക്ഷ്‌മി അകത്തു കടന്നു ..
>
> നെഞ്ചിടിപ്പ് കൂടി , കയ്യൊക്കെ തണുത്ത് ... ആകെ ഒരു പരവേശം...
> ദൈവമേ ഇങ്ങേരെ കാണുമ്പോൾ മാത്രം തനിക്കെന്താ ഇങ്ങനെ ?? .

> ആറു മാസം ആയിട്ടേ ഉള്ളൂ ലക്ഷ്മി അവിടെ എത്തിയിട്ട് ..ആ ബാങ്കിലേ ഏറ്റവും പ്രായം കുറഞ്ഞ എംപ്ലോയ്‌ .. ഫസ്റ് പോസ്റ്റിങ്ങ് ആണ് . ഒത്തിരി ആഗ്രഹിച്ചു തുടങ്ങിയ പി ജി പഠനം ഇടയ്ക്കു വെച്ചു നിർത്തി ജോയിൻ ചെയ്തതാ . അത്രയ്ക്കും അത്യാവശ്യമായിരുന്നു ഈ ജോലി

> "യെസ് ...??". "സ് ... സർ .." "എന്താടോ തനിക്കെന്തെങ്കിലും പറയാനുണ്ടോ ..??" ആളിന് ദേഷ്യം വന്നു തുടങ്ങി . "അത് ...സർ നാളെ സാറ്റർഡേ അല്ലേ ? ഒരു ഹാഫ് ഡേ ലീവ് കിട്ടിയാൽ നന്നായിരുന്നു ..." വാട്ട് ??? മൺഡേ ഓഡിറ്റിങ് ആണെന്ന് തനിക്കറിയില്ലേ ?? " "സർ അത്യാവശ്യമായിരുന്നു .." "തനിക്കെന്താ ഇത്ര അത്യാവശ്യം..?". " അത്യാവശ്യം എനിക്കല്ല സർ, എന്റച്ഛനാ !!! "
> "എന്താ ?". "അല്ലാ ,ഈ പറഞ്ഞ അത്യാവശ്യം എന്റച്ഛനാണെന്നു പറയുവാരുന്നു , എന്നേ കെട്ടിച്ചു വിടാനേ .. അതിന്റെ ഫസ്റ് സ്റ്റെപ്പാ മറ്റന്നാൾ. അതിനാ ഹാഫ് ഡേ എടുത്ത് നാളെ ഉച്ച കഴിഞ്ഞങ്ങ് ചെല്ലാൻ പറഞ്ഞത് !!! " ഒറ്റ ശ്വാസത്തിൽ പറഞ്ഞിട്ട് ചുറ്റും നോക്കി .
> ദൈവമേ കുടിക്കാൻ ഇത്തിരി വെള്ളം കിട്ടിയിരുന്നെങ്കിൽ .. ഇങ്ങേര് വെള്ളത്തിനു പകരം വേറേ വല്ലതുമാണോ മോന്തുന്നത്??

> "ഇതെന്തിന്റെ കുഞ്ഞാണോ എന്തോ?!!!!" ചിരി അടക്കി അവൻ ചോദിച്ചു .
> "എന്താ നോക്കുന്നത് ?? "അത് സർ വെള്ളം യ്യോ അല്ല .. ലീവിന്റെ കാര്യം ??". "അതു ഞാൻ പറഞ്ഞല്ലോ ; നാളത്തെ ഹാഫ് ഡേയും മറ്റന്നാളത്തെ കെട്ടും ഒന്നും തത്കാലം നടക്കില്ല . സമയമാകുമ്പോൾ ഞാൻ പറയാം .. ഓക്കേ ? ഇനി വേറെന്തെങ്കിലും?? "ഇല്ല ...". "എന്നാൽ താൻ ചെല്ല് ..". വിനയ് തന്റെ ജോലി തുടർന്നു .

> തന്റെ സീറ്റിൽ എത്തിയ ലക്ഷ്മി ബാഗിൽ കരുതിയിരുന്ന വേള്ളത്തിന്റെ ബോട്ടിൽ എടുത്ത് നേരേ വായിലേക്ക് കമിഴ്ത്തി . "എന്തു പറ്റി ലക്ഷ്‌മീ പോയ പ്പോഴത്തെ ആവേശമൊന്നും ഇപ്പോൾ കാണാനില്ലലോ .". അരുൺ ചിരിച്ചു . ആള് കാഷ്യർ ആണ് .

> "എന്റെ സാറേ ഒന്നും പറയണ്ടാ .." എന്നും പറഞ്ഞു അകത്തു നടന്നതും പിന്നെ കുറച്ചു കയ്യീന്നും കൂടിട്ട് പറയുന്ന ലക്ഷ്മിയെ സാകൂതം നോക്കി അടുത്ത സീറ്റുകളിൽ ഇരിക്കുന്നവർ . ഇതൊക്കെ സി സി ടീവി യിൽ കണ്ട് മീശ പിരിച്ചു വിനയ് .. കണ്ടില്ലേ ഇതാണ് യഥാർത്ഥ സ്വഭാവം എന്നിട്ട് എന്നേ കാണുമ്പോൾ എന്താ വിനയം ?? വച്ചിട്ടുണ്ട് നിനക്കു ഞാൻ ഉണ്ടക്കണ്ണീ .

> "ഹാലോ ....ങാ അച്ഛാ ... അച്ഛന്റെ മറ്റന്നാളത്തെ പ്ലാൻ മൊത്തം പോളിഞ്ഞൂട്ടോ ഈ കാട്ടുമാക്കാൻ ലീവൊന്നും തന്നില്ല ..". സംഭവിച്ച കാര്യങ്ങളൊക്കെ പറഞ്ഞ് എങ്ങനെങ്കിലും ഈ കുരുക്കിൽ നിന്ന് രക്ഷപെടാമെന്നു കരുതി . എവിടെ ?? അച്ഛൻ വിടുന്ന മട്ടില്ല ..
> "എന്റെ മോളേ , നിന്റെ മാനേജർ സാറിന്റ കാലു പിടിച്ചിട്ടാച്ചാലും വേണ്ടില്ല എങ്ങനെങ്കിലും വരാൻ നോക്ക് . അവര് നല്ല തറവാട്ടുകാരാ . പോരാത്തേന് ചെറുക്കന് നല്ലൊന്നാന്തരം ജോലീം . ...". "അച്ഛാ ഇനിയിപ്പോ എന്നാ ചെയ്യും ഞാൻ നോക്കീട്ട് ഒറ്റ വഴിയേ ഉള്ളൂ ..". "എന്താ മോളേ ??". "അല്ലച്ഛാ , അച്ഛൻ പറഞ്ഞതു വെച്ചു നോക്കുമ്പോൾ വളരെ നല്ല കാര്യമാ . അപ്പൊൾ വിട്ടുകളഞ്ഞാൽ അതിന്റെ നഷ്ടം ആർക്കാ ?? നമുക്കു തന്നെ . അതുകൊണ്ട്‌ അമ്മേടെ കാര്യം നമുക്കൊന്നാലോചിച്ചാലോ ?? അപ്പൊൾ പിന്നെ നഷ്ടമില്ലെന്നു മാത്രമല്ല ഒരു കണക്കിന് പറഞ്ഞാൽ അച്ഛനു ലാഭോമാ !!!!". "ലച്ചൂ ..!!!". അച്ഛന്റെ അലർച്ച തീരും മുൻപ് അവൾ ഫോൺ വച്ചിട്ടോടി .

> ലഞ്ച് ബ്രേക്കിന്റെ സമയത്ത് അടുത്ത മാസമുള്ള ടൂറിനേ പറ്റിയുള്ള ചർച്ച യിലാണ് എല്ലാവരും . ഇതിൽ നിന്നൊക്കെ ഒഴിഞ്ഞ് ഭക്ഷണത്തിൽ മാത്രമാണ് ലക്ഷീടെ ശ്രദ്ധ . "ലച്ചൂ നീ മാത്രേ ഉള്ളൂ വരാത്തെ കെട്ടോ .. നിനക്കറിയോ ,ഞാൻ ഇവിടെ ട്രാൻസ്ഫെറായി വന്നിട്ട് വര്ഷം മൂന്നു കഴിഞ്ഞു . ആദ്യമായിട്ടാ ഇങ്ങനൊരു ടൂർ പ്രോഗ്രാം . . അടിച്ചു പൊളിക്കാൻ കിട്ടുന്ന
> അവസരങ്ങളൊന്നും വീട്ടു കളയരുതെന്ന അഭിപ്രായക്കാരിയാ ഞാൻ . നീ ജാഡ കാണിക്കാതെ വരാൻ നോക്ക് ... അതോ പൈസേടെ കാര്യം ഓർത്താണോ നീ ......? " ജയശ്രീടെ ചോദ്യത്തിൽ ലക്ഷ്മി ഒന്നു പതറി. "അതും ഒരു കാരണമാണെന്ന് കൂട്ടിക്കോ .ഈ പൈസ കൊണ്ട് ഉണ്ണീടെ രണ്ടു് മാസത്തെ മെസ് ഫീ കൊടുക്കാം എനിക്ക് .അതു മാത്രമല്ല , നിങ്ങളെല്ലാം ഫാമിലി ആയിട്ട് വരുമ്പോൾ ഞാൻ മാത്രം ഒറ്റയ്ക്ക് .. വേണ്ട ചേച്ചീ ഞാൻ അവിടെ ഒരു
> അധികപ്പറ്റായിരിക്കും ...". അവൾ മുഖത്തു നോക്കാതെ പറഞ്ഞു . "ഇതിന് ഇനി വിനയ് സാറിനോടെന്തു പറയും ??". "എന്തു പറയാൻ ?? അതിന് അങ്ങേര് വല്ലതും ചോദിച്ചാലല്ലേ ?? അല്ലെൽത്തന്നെ അയാൾക്കെന്നെ കണ്ണീ പിടിക്കുന്നില്ല അപ്പോഴാ!! ..ഞാനില്ലെങ്കിൽ അത്രേം സന്തോഷമെന്നും കരുതും ..." അതു പറഞ്ഞപ്പോൾ അറിയാതെ നെഞ്ചൊന്നു വിങ്ങി .

> ""മാഡത്തിനെ വിനയ് സാറു വിളിക്കുന്നു " പ്യൂൺ കൃഷ്ണേട്ടന്റെ ശബ്ദമാണ് ചിന്തയിൽ നിന്നുണർത്തിയത് "സർ ". അകത്തു കടന്നു അവൾ തന്റെ സാന്നിദ്ധ്യം അറിയിച്ചു . "ങാ ലക്ഷ്മി വരൂ ..". അവൾക്ക് അത്ഭുതമായി . പതിവില്ലാത്ത ഒരു ഭാവം ആ മുഖത്ത് .. "നാളെ സാറ്റർഡേയാ ..ലീവ് വേണ്ടേ ?ഹാഫ് ആക്കണ്ടാ ,ഫുൾ തന്നെ എടുത്തോ. എന്നിട്ട് വീട്ടിലൊക്കെ പോയി എല്ലാവരെയും ഒന്നു കണ്ടിട്ടു വാ . എന്തു പറയുന്നു ?" അതും പറഞ്ഞയാൾ അവളുടെ കണ്ണിലേക്ക് കുസൃതിയിൽ നോക്കി . തന്റെ ഒരു നോട്ടം നേരിടാൻ പോലും ധൈര്യമില്ല . വല്യ ആളാണെന്നാ ഭാവം ... "വേണ്ട സാർ ..". അവൾ മുഖം കുനിച്ചു . "അതെന്താടോ ?? തന്റച്ഛന് അത്യാവശ്യമൊന്നുമില്ലേ ??" ആ മുഖത്ത് വീണ്ടും കുസൃതി .. "അതുകൊണ്ടല്ല , അടുത്ത മാസം രണ്ടവധി ഒന്നിച്ചു വരുന്നുണ്ട് അപ്പൊൾ പോകാമെന്നു കരുതി .." "അതെങ്ങനെ ശരിയാകും അന്നല്ലേ നമ്മുടെ ടൂർ പ്രോഗ്രാം ??" "അതിനു ഞാൻ വരുന്നില്ലല്ലോ .." അവൾ മുഖത്തു നോക്കാതെ പറഞ്ഞു . "എന്നാരു പറഞ്ഞു ??". " അതു ഞാൻ പറഞ്ഞാൽ പോരേ??" അവൾ കണ്ണു മിഴിച്ചു . "പോരല്ലോ !! ഞാൻ പറയണമല്ലോ.. നാളെ സാറ്റർഡേയാ .അപ്പോൾ താനൊരു കാര്യം ചെയ്യ് . ഒരു ലീവ് എടുത്ത് പോയി വീട്ടുകാരെ കണ്ടിട്ടു വാ . അതിനു ശേഷം നമ്മളെല്ലാവരും ഒരുമിച്ചു പോകുന്നു ടൂറിന് ..ഒക്കെയല്ലേ ? എന്തു പറയുന്നു ?? അവൾ മറുപടി പറയാനാകാതെ നിന്നു . "ദേഷ്യമാണോ എന്നോട് ??" മേശപ്പുറത്തു വിശ്രമിച്ച അവളുടെ വലതു കയ്യിൽ മെല്ലെ തൊട്ടു അയാൾ .. അവളുടെ കണ്ണു നിറഞ്ഞു
> "ദേഷ്യമൊക്ക എന്നോടല്ലേ? എനിക്കല്ലല്ലോ .."എന്നു പറയണമെന്നുണ്ടായിരുന്നു . ടൂറിന്റെ ആദ്യ ദിനം പിന്നിട്ട് രാത്രിയിൽ താങ്ങാനുള്ള ഹോട്ടലിലേക്കുള്ള യാത്രയിലാണ് എല്ലാവരും .. ക്ഷീണം കാരണം പലരും ബസിൽ ഇരുന്ന് തന്നെ ഉറക്കം തുടങ്ങീട്ടുണ്ട് . ലക്ഷ്മി മെല്ലെ ഉറക്കത്തിലേക്കു വഴുതി വീണു . ഒരു സുന്ദര സ്വപ്നം അവളേ തഴുകി തലോടി കടന്നു പോയി .. ഉറക്കത്തിൽ ഒരാൾ അവളേ ചേർത്തു പിടിക്കുന്നു ... ആയാസപ്പെട്ടു കണ്ണുകൾ തുറന്നു നോക്കവേ ... പേടിക്കേണ്ട എന്നു പറയും പോലെ വാത്സല്യത്തോടെ പ്രണയത്തോടെ നോക്കുന്ന രണ്ടു് കണ്ണുകൾ ... പിന്നെ ... പിന്നെയും എന്തൊക്കെയോ ... ഞെട്ടി ഉണർന്നപ്പോൾ മനസിലായി എല്ലാവരും ബസിൽ നിന്നിറങ്ങാനുള്ള തത്രപ്പാടിലാണെന്ന് . മെല്ലെ ചുറ്റിനും ഒന്നു കണ്ണോടിച്ചപ്പോൾ കണ്ടു കൂടെയുള്ളവർക്ക് നിർദേശങ്ങൾ കൊടുത്തു കൊണ്ട് നിൽക്കുന്ന ആളിനെ .. സ്വയം തലയ്ക്കൊരു കോട്ടു കൊടുത്തുകൊണ്ട് പൂത്തിറങ്ങി തനിക്കായി പറഞ്ഞ റൂമിലേക്കവൾ നടന്നു . അടുത്ത ദിവസം രാവിലേ നേരത്തെ നിശ്ചയിച്ചതു പോലെ തന്നെ ബോട്ടിങ്ങിനാണ് ആദ്യം പോയത് . "ലച്ചൂ നീയെന്താ മാറി നിക്കുന്നേ വെറുതേ സമയം കളയാതെ വാ .വന്നു കേറിക്കേ .. എന്റെ വിനയ് സാറേ ഒന്നു പറ അവളോട് .. പേടിയാണെന്നും പറഞ്ഞു വരാതിരിക്കാനാ പ്ലാൻ .." ജയശ്രീ ഈർഷ്യയോടെ പറഞ്ഞു ..
> "നിങ്ങളു വിട്ടോ .ഇത് ഞാൻ മാനേജ് ചെയ്‌തോളാം " പറഞ്ഞു കൊണ്ട് വിനയ് ലക്ഷ്മിയെ സൂക്ഷിച്ചു നോക്കി. "നിർബന്ധിച്ചു കൊണ്ടുവന്നതിന്റെ പ്രതിഷേധമാണോ ??" "അയ്യോ അല്ല , സത്യായിട്ടും എനിക്കു പേടിയാ .." അവൾ കരച്ചിലി ന്റെ വക്കിലെത്തി . "അത്രയ്ക്ക് പേടിയാണെങ്കിൽ പോകണ്ടാ .. അതിനെന്തിനാ ഈ കണ്ണു നിറയ്ക്കുന്നത് ?" അയാൾ അലിവോടെ നോക്കി . "സാറു പൊക്കോ .. ഞാൻ ഇവിടെ വെയിറ്റ് ചെയ്‌തോളാം ദേ ഇവിടൊക്കെ ധാരാളം ആളുകളുണ്ട് എനിക്കു പേടിയൊന്നൂല്ല. ". "പക്ഷെ എനിക്കുണ്ടല്ലോ !!! അവളേ ചേർത്തു പിടിച്ചാ കണ്ണിലേക്കു നോക്കി . അവൾക്കു തന്റെ ദേഹം തളരുന്നതു പോലെ തോന്നി .

> എത്ര വേഗത്തിലാ സമയം പോകുന്നത് ?? ഉണ്ണിക്കിത് ലാസ്‌റ് സെമസ്റ്റർ ആണ് . ഇനി വെറും ആറു മാസം !! അതും കണ്ണടച്ചു തുറക്കുന്നതു പോലങ്ങു പോകും . അതിനു ശേഷം എന്തു പറയും അച്ഛനോട് ?? അല്ലെങ്കിൽ തന്നെ എന്തിനാ ഈ കാത്തിരുപ്പ് ?? ആർക്കു വേണ്ടി ?? അവൾക്ക് ഉള്ളിലൊരു നോവു തോന്നി . ഓരോന്നാലോചിച്ചിരുന്ന് ഇറങ്ങാനുള്ള സ്‌ഥലം എത്തിയത് അറിഞ്ഞില്ല . രാവിലെ താമസിച്ചാ ഹോസ്റ്റലിൽ നിന്ന് ഇറങ്ങിയത് . ഈ സാരിയാ പണി തന്നത് കേരളപ്പിറവിക്ക് സാരി ഉടുക്കണമെന്ന് പറയുന്നോർക്കങ്ങ് പറഞ്ഞാൽ മതി . ബാക്കിയുള്ളോന്റെ കഷ്ടപ്പാട് ആരറിയാൻ ?? സാരി പൊക്കിപ്പിടിച്ചൊരു ഓട്ടമായിരുന്നു ബാങ്കിലേക്ക് . എങ്ങനെയോ പഞ്ചു ചെയ്തു . ദൈവമേ സമയം പത്തര . കാണരുതേ എന്നു മനസ്സിൽ കരുതിയ ആളു ദേ നക്ഷത്രം പോലെ മൂന്നിൽ . ഇങ്ങേരുടെ പെടലിക്കെന്നാ പറ്റി വല്ല വെട്ടുവാതോം പിടിച്ചോ ?? ഓ ടൈം !! പിന്നേ ആദ്യമായിട്ടല്ലേ ഒരാളിത്തിരി ലേറ്റ് ആയി വരുന്നത് ? ഒന്നു പോ ചേട്ടാ എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് ഓരം ചേർന്ന് നടന്നു എങ്ങനെയോ അകത്തു കടന്നു ജോലി തുടങ്ങി .

> ഒരു ഹോം ലോണിന്റെ പേപ്പറിൽ സൈൻ ചെയ്യിക്കാൻ മാനേജരുടെ ക്യാബിനിൽ എത്തിയതാണ് ലക്ഷ്മി .
> "അവനവന് അറിയുന്ന പണി ചെയ്താൽ പോരേ ??" പേപ്പറിൽ നോക്കിയാണ് ചോദ്യം .
> ഇനി എന്തെങ്കിലും മിസ്റ്റേക് ?? വരാൻ വഴിയില്ലല്ലോ ?? അരുൺ സർ വേരിഫൈ ചെയ്തതാരുന്നല്ലോ??
> "സർ പ്രോബ്ലം എവിടെയാണെന്നു പറഞ്ഞാൽ കറക്റ്റ് ചെയ്യാരുന്നു." " ദാ അവിടെ നോക്ക് " സൈഡ് ഭിത്തിയിലുള്ള കണ്ണാടിയിലേക്കു വിരൽ ചൂണ്ടി ചിരിയോടെ . "കണ്ടോ ?? എങ്കിൽ മര്യാദയ്ക്ക് പോയി ശരിയാക്ക്!!! . പിന്നേ, ഞാൻ മാത്രം കാണേണ്ടതൊക്കെ ഇങ്ങനെ പ്രദർശനത്തിനു വെക്കുന്ന പരിപാടി അത്ര നന്നല്ല കെട്ടോ !!! " അവൾക്കു മാത്രം കേൾക്കാൻ പാകത്തിന് അയാൾ പറഞ്ഞു . അവൾക്കു കരച്ചില് വന്നു . "ഡീ ലച്ചൂ ആരാടീ നിന്നേ സാരി ഉടുപ്പിച്ചേ ??എന്തു ഭംഗിയാ..." എന്നു പറഞ്ഞവരൊക്കെ എവിടെ പോയി ?? ബോബിട്ടു കൊല്ലും ഞാനെല്ലാത്തിനേം .. രാത്രിയിൽ കിടന്നിട്ട് അവൾക്ക് ഉറക്കം വന്നില്ല . എന്നാലും അങ്ങനൊക്കെ പറയാൻ പാടുണ്ടോ ഒരു പെൺകുട്ടിയോട് ? വല്ലപ്പോഴും മാത്രം ,അതും യു ട്യുബ് നോക്കി സാരി ഉടുക്കുമ്പോൾ ചിലപ്പോൾ വയറൊക്കെ ഇത്തിരി കണ്ടെന്നു വരും . അയ്യേ ഇയാളെന്തൊരു മനുഷ്യനാ ?ഇനി വേറെന്തെങ്കിലും ഉണ്ടാവുമോ ആ മനസ്സിൽ ??ഓ പിന്നെ എന്തുണ്ടാവാൻ ? വെറുതേ കാടു കയറണ്ടാ . അവൾ ചിന്തകൾക്ക് കടിഞ്ഞാണിട്ട്. കണ്ണടച്ചു .

"മോളേ നീ ഒന്നും പറയണ്ടാ നാളെ എന്തായാലും വന്നേ പറ്റൂ .. ഇനി ഇതിങ്ങനെ നീട്ടിയാൽ പറ്റില്ല . ഇതാണെങ്കിൽ അവരെല്ലാം നിന്നേ കണ്ടിട്ടുമുണ്ട് . ഒരു ചടങ്ങ് . അത്രേ ഉള്ളൂ .. ".
അച്ഛനോടു മറുപടി പറയാൻ അവളിത്തിരി വൈകി .
"കുറച്ചു നേരത്തേ പറയണ്ടേ അച്ഛാ ?
ഇന്നിനി അവധി ചോദിക്കാൻ പോലുമുള്ള സമയമില്ലല്ലോ..അച്ഛൻ അവരോട് അടുത്ത ആഴ്ച്ച വരാൻ പറ.."
"അതു നീയാണോ തീരുമാനിക്കുന്നത് ??
"എന്നാൽ പിന്നെ നിങ്ങളുടെ ഒക്കെ ഇഷ്ടത്തിന് എന്താന്നു വച്ചാൽ ചെയ്യ് .."അവൾക്കു ദേഷ്യം വന്നു. "എന്തായാലും ഞാനൊന്നു നോക്കട്ടെ . നീ ഫോൺ വച്ചോ .." അച്ഛനും ദേഷ്യം . ഇതിപ്പോ കുറേ ആയി . അതാകും ..
പോകുന്നവരൊക്കെ പോകട്ടെ . അവൾ ജനലിൽ കൂടി പുറത്തേക്കു നോക്കി. പുറത്തു നല്ല മഴ . പ്രകൃതിക്കു പോലും മനസിലായി തന്നെ . എന്നിട്ടും ... അവൾക്കൊന്നു കരയണമെന്നു തോന്നി .

തിങ്കളാഴ്ച രാവിലെ ബാങ്കിലെത്തിയ ലക്ഷ്മിയെ സ്വീകരിച്ചത് വിനയിന്റെ വിവാഹ വാർത്തയായിരുന്നു . കരഞ്ഞുപോകുമെന്നു തോന്നിയപ്പോൾ വാഷ് റൂമിലേക്കു നടന്നു . അന്നത്തെ ദിവസം വിനയിന്റെ ഭാഗത്തു നിന്ന് ഒരു നോട്ടം പോലും തന്റെ നേരേ ഉണ്ടായില്ലെന്ന് അവൾ വേദനയോടെ ഓർത്തു . വൈകിട്ടു റൂമിലെത്തി കുറേ കരഞ്ഞു , ഹൃദയം പൊട്ടിപ്പോകുന്നതു പോലെ തോന്നി അവൾക്ക് .
" ഇനി കരഞ്ഞിട്ടെന്താ ? ഒന്നും ആരോടും പറയാതെ , ആരേം അറിയിക്കാതെ എല്ലാം കൈ വീട്ടു കളഞ്ഞിട്ട് അവളിരുന്നു കരയുന്നു...കണ്ണൊക്കെ തുടച്ചിട്ട് താഴേക്കു ചെല്ല് . നിന്നേ കാണാൻ ആരോ വന്നെന്ന് വാർഡൻ പറഞ്ഞു . ." കൂടെ റൂമിലുള്ള ഷീന പറഞ്ഞു ..
"ഇതെന്നാ കോലമാ ??ഡീ നീയീ വേഷമൊക്കെ ഒന്നു മാറി. മുടിയൊക്കെ ഒന്നൊതുക്കി വച്ചിട്ട് പോ ..." കിടന്നിടത്തു നിന്ന് എഴുനേറ്റ് അതേപടി ഇറങ്ങിയ ലക്ഷ്മിയേ ഷീന സഹതാപത്തോടെ നോക്കി .

വിസിറ്റിങ് റൂമിൽ ഇരുന്നവരെ ഓടിച്ചൊന്നു നോക്കി . തനിക്കു പരിചയമുള്ളവരൊന്നും ആ കൂട്ടത്തിലില്ലെന്ന് അവൾക്കു മനസിലായി . മാഡത്തിന് ആളു മാറിയതാവും . തേഡ് ഫ്ലോറിലേ ലക്ഷ്മിപ്രിയേ കാണാൻ ആരെങ്കിലും വന്നതാവും ..
"ഡോ ... "തിരിഞ്ഞു നടക്കാൻ തുടങ്ങിയ ലക്ഷ്മി പരിചിതമായ ഒരു ശബ്ദം കേട്ട് ഞെട്ടി .
"വിനയ് സർ !!!! " അത്ഭുതവും സന്തോഷവും കൊണ്ടവളുടെ കണ്ണു വിടർന്നു .
സ് ..സാറെന്താ ..ഇവിടെ ??
ആദ്യമായി കാണുന്നപോലെ അവളേ നോക്കി നിൽക്കുന്ന അയാളോട് ചോദിച്ചു . അവനാ ചോദ്യം ശ്രദ്ധിച്ചില്ലെന്നു തോന്നി . "ഇതെന്തു വേഷമാടോ ??ഒരു കുട്ടി പാവാടേം ഇട്ട് ? ഇത്രേയുള്ളൂ താൻ ??"
"സർ അത് ആരോ വന്നെന്നു പറഞ്ഞപ്പോൾ ആരാന്നറിയാനുള്ള തിടുക്കത്തിൽ ...". അവൾ നിന്നു വിക്കി .
"ഓക്കേ ഒക്കെ . അതു പോട്ടേ . താൻ വന്നേ . നമുക്കു പുറത്തിരിക്കാം . കുറച്ചു ശുദ്ധവായു ഒക്കെ ശ്വസിച്ച്..".. ആൾ നടന്നു കഴിഞ്ഞു . അവൾക്കു പിന്തുടരുകയേ നിവൃത്തി ഉണ്ടായിരുന്നുള്ളു ..
"താനിരിക്ക് "
"വേണ്ട സർ ഞാനിവിടെ നിന്നോളാം"
"ഹാ ഇരിക്കേടോ ഇതു് നമ്മുടെ ഓഫീസൊന്നുമല്ല .." അവൻ ചിരിച്ചു . എന്നിട്ട് മുഖവുരയൊന്നുമില്ലാതെ പറഞ്ഞു തുടങ്ങി .
"എന്റെ വിവാഹമാണ് . ഈ വരുന്ന ഞായറാഴ്ച്ച ചെറിയൊരു ചടങ്ങോടു കൂടി അതങ്ങുറപ്പിക്കും . അധികം വൈകാതെ താലികെട്ടും ഉണ്ടാവും ." അതു പറഞ്ഞവൻ അവളുടെ കണ്ണിലേക്കു നോക്കി . നിറയാൻ വെമ്പിയ ആ കണ്ണുകൾ പാടേ അവഗണിച്ചു് കൊണ്ടു തുടർന്നു .
"തന്നേ മാത്രം പഴ്സണലായിട്ട് വിളിക്കാൻ പറ്റിയില്ല . അതാ വന്നത് . " ഒന്നും പറയാനാവാതെ തേങ്ങൽ ഉള്ളിൽ ഒളിപ്പിച്ചു നിൽക്കുന്ന അവളുടെ മുഖത്തേക്ക് അവൻ മുഖം അടുപ്പിച്ചു .
"ഒന്നും പറയാനില്ലേ കൊച്ചേ നിനക്കെന്നോട് ?? ". കരഞ്ഞു കൊണ്ടാ കണ്ണുകളിലേക്കവൾ നോക്കി ഒന്നുമില്ല എന്ന അർത്ഥത്തിൽ തല ചലിപ്പിച്ചു .
"ഇനി എന്നാടീ നീയെന്റെ കണ്ണിൽ നോക്കി രണ്ടു വാക്കു സംസാരിക്കുന്നത് ?? കെട്ടി മൂന്നാലു പിള്ളേരും ആയിക്കഴിഞ്ഞിട്ടോ ??". അവൾ പകപ്പോടെ നോക്കി .
"എല്ലാം കൂടി ഇങ്ങനെ കൊണ്ടുനടന്നാൽ ഈ കുഞ്ഞു ഹൃദയം പൊട്ടിപ്പോവില്ലേ ??അവളേ തനിക്കു നേരേ തിരിച്ചു നിർത്തി അവൻ . അവൾക്കു ശ്വാസം മുട്ടുന്നതു പോലെ തോന്നി .
"മതി സങ്കടപ്പെട്ടത് .. എന്റെ ഈ കണ്ണുകളിൽ ഉള്ള അടങ്ങാത്ത പ്രണയം തിരിച്ചറിയാൻ ഇതുവരെ കഴിഞ്ഞില്ലേ നിനക്ക് ?? വിട്ടു കളഞ്ഞെന്നു കരുതിയോ ??"
ഒരു ഏങ്ങലോടെ ആ നെഞ്ചിലേക്കവൾ ചാഞ്ഞു . പതിയെ ആ നെറുകയിൽ തലോടി കൊണ്ടവൻ ചിരിച്ചു .
"ഇത് പൊതുസ്ഥലമാ .. "
"അല്ലല്ലോ ഞങ്ങടെ ഹോസ്റ്റൽ അല്ലേ ?? ആ. ചോദ്യത്തിലുണ്ടായിരുന്നു അവളുടെ മുഴുവൻ നിഷ്കളങ്കതയും .
"ചുറ്റിലും ആളുകൾ ഉണ്ടെന്നാ ഞാൻ ഉദ്ദേശിച്ചത് !!!" കള്ളച്ചിരിയോടെ അവൻ ഒന്നുകൂടി അവളേ ചേർത്തു പിടിച്ചു .. കണ്ണുനീരിൽ അവൾ ചിരിച്ചു .. അവൻ കണ്ടിട്ടുള്ളതിൽ വച്ചേറ്റവും മനോഹരമായ ചിരി ..

ചിലരിങ്ങനെയാണ് ... പ്രണയിച്ചു കൊണ്ടേ ഇരിക്കും .. തിരിച്ചു കിട്ടുമെന്ന് ഒരു ഉറപ്പുമില്ലെങ്കിലും .. ..ഹൃദയത്തോടു ചേർത്ത്.. ഒരു നനുത്ത മഞ്ഞു തുള്ളിപോലെ അതങ്ങനെ ഒഴുകി കൊണ്ടേ ഇരിക്കും !!!!

സീമ ബിനു 

അനന്തരം (കഥ)

ടോം ആൻഡ്  ജെറിയിലെപ്പോലെ ഒരു എസ്കലേറ്ററോ മേഘത്തിനു മുകളിൽ കയറിയുള്ള പറക്കലോ ഒക്കെയാണ് ഞാൻ പ്രതീക്ഷിച്ചത്.

ഇതിപ്പോ നടത്തം തന്നെയാണല്ലോ!!! കാലാണെങ്കിൽ നന്നായി കഴയ്ക്കുന്നും ഉണ്ട്താൻ മരിച്ചില്ലേ!!!

ഓപ്പോളും ഏടത്തിയും ഏട്ടന്റെ മോളും  അയ്യോന്ന് വിളിച്ച് തന്റെ കട്ടിലിനടുത്തേക്ക് വരുന്നത് കണ്ടതാണല്ലോ.


വിജനമൊന്നുമല്ലപക്ഷെ കുറെ വിചിത്രജീവികളാണ് ചുറ്റുംസിനിമകളിൽ കണ്ട് മനസ്സിൽ പതിഞ്ഞ "ആത്മാവ്ആണോ ഇവരെല്ലാം??പക്ഷേ  രൂപവുമല്ല ഇവർക്ക്അപ്പോഴാണ് തന്റെ രൂപവും ഏതാണ്ട് അവരെപ്പോലെത്തന്നെയാണ് എന്ന ബോധം വന്നത്സ്വർഗ്ഗ-നരക കവാടം എവിടെയാണെന്ന് ഇവരോട് ചോദിക്കണോ എന്ന സംശയം മനസ്സിൽ തോന്നിയെങ്കിലും ; ഭൂമിയിലുണ്ടായിരുന്നപ്പോൾ ഉള്ള മടി ഇവിടെയും മാറിയിട്ടില്ല എന്ന തെളിയിക്കും വിധം മുന്നോട്ട് നടക്കാനാണ് എനിക്ക് തോന്നിയത് . നടന്നുനടന്ന് കുറേക്കഴിഞ്ഞപ്പോൾ കുറെ വിചിത്രരൂപങ്ങൾ ഒരാൾക്ക് ചുറ്റും ഇരിക്കുന്നുണ്ടായിരുന്നു . അയാൾ എന്തോ സംസാരിക്കുകയാണെന്നുതോന്നി ശബ്ദം നല്ല പരിചയംഞാൻ അടുത്തെത്തിയപ്പോൾ അയാൾ എന്നെ നോക്കിച്ചിരിച്ചു .


അർജുനേ സുഖമാണോ? "


ചിത്രഗുപ്തൻ!! "


ഏഹ് അതാരാ? "


സംസാരിക്കുമ്പോൾ അയാൾ ഇടക്കിടയ്ക്ക് ചീറ്റുന്നുണ്ടായിരുന്നുഞാൻ പെട്ടെന്ന് ചോദിച്ചു.


രവി സാറല്ലേ? "


ഹഹ... നീ കൊള്ളാമല്ലോ വളരെപ്പെട്ടെന്ന് മനസിലാക്കിക്കളഞ്ഞല്ലോ ... ഞാൻ കുറെ നടന്ന് അലഞ്ഞുതിരിഞ്ഞ് വേറെവിടൊക്കെയോ പോയി കുറെക്കാലം കഴിഞ്ഞിട്ടാണ് ഭൂമിയിലുള്ള ഒരാളെ മനസിലാക്കാൻ സാധിച്ചത് .  "


ഇതെന്താ സ്ക്കൂളാണോഇവിടെയും സാറിനു പഠിപ്പിക്കലാണോ? "

ഒരു ചിരിമാത്രമായിരുന്നു മറുപടി.


സ്വർഗത്തിലേക്കുള്ള വഴിയേതാ സാറേ? "

ചിരി നിർത്താതെ സാർ കൈമലർത്തിക്കാണിച്ചു. " എനിക്കറിയില്ല. "


"എന്റെ ഭാര്യയും അച്ഛനും അമ്മയുമൊക്കെയൊ? "

ഇല്ലെന്ന അർത്ഥത്തിൽ തലകുകുലുക്കിയതല്ലാതെ അദ്ദേഹം ഒന്നും പറഞ്ഞില്ല...


ഞാനങ്ങനെ അന്തംവിട്ട് മുകളിലേക്ക് നോക്കിനിന്നപ്പോൾ സാറുവീണ്ടും  വിചിത്രരൂപങ്ങൾക്കിടയിലേക്ക് പോയി.'ഗുരുഭക്തികുറയ്ക്കേണ്ട എന്ന് കരുതി ഞാനും അവർക്കിടയിൽ പോയിരുന്നു.


എന്നാലും മനസ് മുഴുവൻ മരണശേഷം ഉള്ള ലോകത്തെക്കുറിച്ചുള്ള ധാരണകളും സത്യാവസ്ഥയും തമ്മിലുള്ള താരതമ്യം ആയിരുന്നു.കുറച്ചുനേരം അവിടെയിരുന്ന അവൻ ഉറക്കെച്ചിരിച്ചുകൊണ്ടെണീറ്റ് വീണ്ടും മുന്നിലേക്ക് നടന്നു.


വഴിയിൽ അവൻ ഒരു വലിയ മെഷീൻ കണ്ടുകോളേജിൽ പഠിച്ചപ്പോൾ സിവിൽ ലാബിൽ ചെയ്ത 'യൂണിവേഴ്സൽ ടെസ്റ്റിംഗ് മെഷീൻപോലത്തെ ഒരെണ്ണംവെള്ളത്തിന്റെ തുള്ളികൾ ഇറ്റിറ്റുവീഴുന്നപോലെ  ഒരു ശബ്ദം അതിൽനിന്നു വരുന്നുണ്ടായിരുന്നുവശങ്ങളിൽ ഒരു ഡിജിറ്റൽ സ്ക്രീനും അതിൽ കുറെ അക്കങ്ങളുംരവി സാർ എന്റെ പിറകെ തന്നെ ഉണ്ടായിരുന്നുഞാനെന്റെ സംശയഭണ്ടാകാരം വീണ്ടും തുറന്നു.


സാറേ ഇതെന്തുവാ...? "


നീ അതിന്റ ചുറ്റുപാടോന്നു ശ്രദ്ധിച്ചേ... "

മുന്നിൽ കുറച്ചുപേർ കണ്ണടച്ചും തുറന്നുമായി പ്രാര്ഥിക്കുന്നതുപോലിരിക്കുന്നുണ്ടായിരുന്നു .

അയ്യേ ഇതാണോ ദൈവം?! "

സാറ് വീണ്ടും ചിരിച്ചു.


വീണ്ടും നോക്കിയപ്പോൾ കുറേപ്പേർ  മെഷീന്റെ പിറകിലിരുന്ന് വേറൊരു രീതിയിൽ  മെഷീനിലേക്ക് നോക്കുന്നുണ്ടായിരുന്നുതെല്ലൊന്നു ചിന്തിച്ച ശേഷം ഞാൻ സാറിനോട് ചോദിച്ചു.


പുല്ല് ! ഇവിടെയും ജാതീം മതോം ഉണ്ടല്ലേ ! "


നീ പ്രായപൂർത്തിയായിരിക്കുന്നുഇനി എന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല . " - സാറ് പഴയ സ്ഥാനത്തേക്ക് നീങ്ങാൻ തുടങ്ങി.


കുറച്ചുപേർ  മെഷീന് പിന്തിരിഞ്ഞു നിൽക്കുന്നത് കണ്ടപ്പോൾ ഞാൻ വീണ്ടും ചോദിച്ചു.


"  അപ്പൊ ഇവരോ? "


യുക്തിവാദികളാവും " - സാറ് വീണ്ടും എന്റെ അടുക്കലേക്ക് വന്നു . 



ഞാൻ ഭൂമിയിൽ നിന്നും ഇറങ്ങി കുറേ നടന്നപ്പോൾ ആദ്യം ശ്രദ്ധിച്ചത് ഒരു നീണ്ട നിരയാണ്നിരയിൽ നിൽക്കുന്ന അവസാനത്തെ ആളോട് ചോദിച്ചപ്പോൾ പുള്ളി പറഞ്ഞത് സ്വർഗത്തിലേക്കുള്ള ക്യൂ ആണ് എന്നാണ്ഭൂമിയിൽ നിന്ന് കിട്ടിയ അറിവിൽ ഇങ്ങനൊരു ലോകമുണ്ടെന്ന് ഞാനും വിശ്വസിച്ചിരുന്നുഅതുകൊണ്ട് ഞാനും  ക്യൂവിൽ നിന്നുക്യൂവിന് മുൻപിൽ എത്തിയ എല്ലാ ആൾക്കാരും നിരാശയോടുകൂടി ഇറങ്ങിപ്പോകുന്നതുകണ്ട ഞാൻ  ക്യൂവിന് വെളിയിലിറങ്ങി. മുന്നിലെ കവാടം പോലെ കാണപ്പെട്ട സ്ഥലത്ത് പോയി അതിലെഴുതിയിരിക്കുന്നത് വായിച്ചു.


                      "തത്വമസി"

 - എന്നായിരുന്നു അത്.

നീ കുറച്ചുമുന്നേ ചിരിച്ച ചിരി ഞാൻ അന്ന് ചിരിച്ച്കൊണ്ടാണ് അവിടെ നിന്നിറങ്ങിയത്. പിന്നെയും കുറെ അലഞ്ഞു. ഇവിടെ നീ കണ്ടതുപോലുള്ള മെഷീനുകളെയും അന്തംവിട്ട്  നിൽക്കുന്ന നമ്മെപ്പോലുള്ള വികൃതരൂപങ്ങളെയും സ്വർഗാന്വേഷികളെയും  സ്വർഗം കാണിച്ചുതരാമെന്നു പറഞ്ഞുനടക്കുന്ന  ഏജന്റുകളെയും ഇതുതന്നെയാണ് സ്വർഗം എന്ന് പറഞ്ഞ് മറ്റുള്ളവരെ വിശ്വസിപ്പിച്ച് നടക്കുന്നവരെയും ; അതും വിശ്വസിച്ച് നടക്കുന്ന മൂടുതാങ്ങികളെയും എല്ലാം കണ്ടു . അവസാനം ഇവിടെ എത്തിയപ്പോഴാണ് എനിക്കറിയാവുന്ന ഒരാളെ ഞാൻ കണ്ടത്നിനക്കറിയാം ഭൂമിയിൽ അയാളെഎന്റെ അയൽവാസി സോമൻ!


അങ്ങേരാണ് എനിക്ക് ഇവിടത്തെക്കുറിച്ച് പറഞ്ഞുതന്നത്... പക്ഷെ അത് ഞാനീപ്പറഞ്ഞപോലെ അത്രക്ക് പരത്തി ആയിരുന്നില്ല... ദാ ഇത്ര മാത്രം... "


 " രവീ ഇത് ഭൂമിയല്ല ... എന്താണെന്ന് എനിക്കും അറിയില്ല "


പുള്ളീടെ അഭിപ്രായത്തിൽ നീ ഇപ്പൊ കണ്ട  മെഷീന് പുറം തിരിഞ്ഞു നിൽക്കുന്നവരാണ് വിശ്വാസികൾ!!! "

അപ്പൊ നമ്മളിവിടെങ്ങനാ ജീവിക്കുക?? "

എടാ ; ആദ്യമുണ്ടായിരുന്ന കാലുവേദന ഇപ്പോഴുണ്ടോ?? "

ഇല്ല! " 

വിശപ്പോ ദാഹമോ ഉണ്ടോ?? "

ഇല്ല!! "

എനിക്ക് ചിലതെല്ലാം മനസിലായിത്തുടങ്ങിയിരിക്കുന്നു !!!


ഭൂമിയിലാണെങ്കിലും ഞാൻ നിന്റെ ഗുരുവാണല്ലോ ; അതുകൊണ്ടാണ് ഞാൻ ഇപ്പോഴും ചിലതെങ്കിലും നിനക്ക് പറഞ്ഞു തരുന്നത്... ഇവിടെയും അതെന്റെ തന്നെ കർത്തവ്യമാണ് "


ഞാൻ തിരിഞ്ഞുനോക്കിയപ്പോൾ അവിടെ സാറില്ല  !!! കുറച്ചുമാറി ഇരിക്കുന്ന വികൃതരൂപങ്ങൾ കേൾക്കുന്ന ശബ്ദം ഇപ്പോൾ തനിക്ക് പരിചയമില്ല...


എനിക്ക് അപ്പോഴും സംശയങ്ങൾ ബാക്കിയായിരുന്നു ...

 ദൈവം ഉണ്ടോ?

ഇത് പുനർജന്മമാണോ അതോ ജീവിതാനന്തരമോ ??

അവിടെനിന്നിറങ്ങി പരിചയമുള്ള അടുത്ത ആളെത്തപ്പി  അവൻ ഓടി .

--------

By Arjun P G


https://www.facebook.com/arjun.psarma

arjunpsarma@blogspot.com



DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo