*****ഓർമയിലെ മനോഹരചിത്രം******

*****ഓർമയിലെ മനോഹരചിത്രം******
രംഗം ...ലേബർറൂമിനു മുന്നില്‍ ഉള്ള വരാന്ത.....
ആദ്യ(പസവത്തിന് എന്നെ അഡ്മിറ്റ് ചെയ്തു മണിക്കൂറുകൾ ആയതേയുള്ളൂ
വെളുപ്പാൻ കാലത്ത് കൊണ്ട് വന്ന എന്നെ നേരം പുലർന്ന് തുടങ്ങിയപ്പോള്‍പുറത്തു വിട്ടു.
"ലൈറ്റായി എന്തേലും കഴിച്ചു വരൂ കുട്ടീ..""
ലേബര്‍ റൂമിലെ തടിച്ച നഴ്സ് മൊഴിഞ്ഞു
എനിക്ക് വേദന തുടങ്ങി വരുന്നുണ്ട് ...എൻ്റെ മട്ടും ഭാവവും കണ്ടിട്ടാവും അവര്‍ എന്നോട് അങ്ങിനെ പറഞ്ഞത് .
ലേബര്‍ റൂമിലെത്തുന്ന ഓരോ ഗർഭിണിക്കും ഒരു വിചാരമുണ്ട്
ഇപ്പം കാര്യം കഴിയുമെന്ന്..
ഒന്നു പെറ്റു കഴിയുമ്പോള്‍ മനസ്സിലാവും ഓരോരോ ഗിയറുകൾ മാറ്റി മാറ്റി പിടിക്കുന്ന പോലാണ് വേദനയുടെ വരവും പോക്കും...
ഫസ്റ്റ് ഗിയറിൽ നിൽക്കുന്ന ഞാനാണ് ലേബർ റൂമിന്റെ വാതിൽ തള്ളി തുറന്ന് വരണത്
പുറത്തു വന്ന ഉടനെ ഞാന്‍ എന്റെ തനിസ്വഭാവം പുറത്തു എടുത്തു .
എന്നെ കാത്ത് ...പുതിയ അവതാരത്തെ കാത്ത് ..ഇരിക്കുന്ന വീട്ടുകാരുടെ മുന്നില്‍ എന്റെ വലിയ വയറും താങ്ങി ..ഞാൻ ചെന്നു .
എൻ്റെ നല്ല പാതിയും എൻ്റെ മാതാപിതാക്കളും ടെന്‍ഷന്‍ അടിച്ചു ..ഉള്ള വായുഗുളിക ഒക്കെ മുണുങ്ങി വരാന്തയുടെ നീളം അളന്നളന്നു നിൽക്കുമ്പോഴാണ്
അരങ്ങത്ത് നിന്നും സുല്ല് പറഞ്ഞുള്ള നുമ്മടെ വരവ്..
"ഇവളെന്താ (പസവിക്കുന്നില്ലേ?"
അവരുടെ മുഖത്ത് അങ്ങനെ ഒരു ചോദ്യം ഉണ്ടായിരുന്നുവോ ആവോ!
അല്ലെങ്കില്‍ തന്നെ പറഞ്ഞതിലും മൂന്നു ദിവസം കഴിഞ്ഞു ..ഇനിയും പ്രസവിക്കാൻ ഒരു ഭാവവുമില്ല.
അഡ്മിറ്റ് ചെയ്തിട്ടും അവിടുന്നും ചാടി പുറത്തു വരുന്നത് കണ്ടാല്‍ സ്വാഭാവികമായും അവര്‍ ചിന്തിച്ചു പോകും
ഇവൾ എന്തിനുള്ള ഭാവമെന്ന്
സംശയം മാറ്റി പെട്ടെന്ന് ഞാന്‍ അവരോട് കാര്യം പറഞ്ഞു ..
"എനിക്ക് വിശക്കുന്നു...." കിലുക്കത്തിലെ രേവതിയുടെ ഭാവപകർച്ച മുഖത്ത്..
കേട്ട പാടെ അവര്‍ ചിരിച്ച് പോയി
"ഇത് പറയാനാണോ ചാടി പുറത്ത് വന്നെ?"
അവർ ആ ചോദ്യം ചോദിച്ചില്ല
"എനിക്ക് ഇപ്പം ദോശ വേണം ..."എൻ്റെ ഡിമാൻഡ് കേട്ടു അവരൊന്ന് ഞെട്ടികാണണം
ദോശയോ ഇപ്പോഴോ ?എന്ന മറുചോദ്യം ഉയർന്നില്ല...
എന്തായാലും ഇനിയിപ്പോള്‍ ദോശ വാങ്ങി കൊടുക്കാഞ്ഞാൽ മോള് (പസവിച്ചില്ലെങ്കിലോ...ആ പേടി കൊണ്ടാവും സംഭവം മുന്നിലെത്തി..
എനിക്ക് വേദന വരുന്നുണ്ട് ....വേദന വരുമ്പോള്‍ ഞാന്‍ എന്റെ (പിയപതിയുടെ നെഞ്ചില് ചാരും..അമ്മ ദോശ വായിൽ കുത്തി നിറച്ച് കൊണ്ടുമിരുന്നു
ലോകത്ത് ആദ്യമായി പ്രസവിക്കാൻ പോകുന്ന പെണ്ണാണോ ഇവൾ എന്ന് ആരും മനസ്സിൽ ചോദിച്ച് കാണും..
അല്ലെങ്കിൽ പിന്നെ പ്രസവിക്കാൻ പോണ നേരത്തും വെട്ടി വിഴുങ്ങാൻ ആണ് ധൃതി
എല്ലാം കണ്ട് കലിപ്പിന്റെ മൊത്ത കച്ചവടക്കാരനായ പ്രിയ ഡാഡി മറുത്തൊന്നും പറയാതെ എന്നെ കണ്ണിമയ്ക്കാതെ നോക്കി നിൽക്കുന്നത് കണ്ടൂ..
മക്കൾ ഒന്ന് ചുമച്ചു പോയാൽ തന്നെ ഉറക്കം പോകുന്ന എന്റെ ഡാഡി..
ഡാഡിയുടെ മുന്നിൽ ഞാനപ്പോൾ പഴയ നാലുവയസ്സുകാരി പെൺകുട്ടിയായിരുന്നിരിക്കും
രണ്ട് ..മൂന്ന്..നാല്....എണ്ണം അകത്താക്കി കഴിഞ്ഞു ...
നിർത്താനുള്ള ഉദ്ദേശം ഇല്ല
പോളിംഗ്തുടരുകയാണ് ...
അടിവയറിൽ നിന്ന് വേദന ഇടക്കിടെ വരുന്നു ...എന്നിട്ടും ......
വേദന വരുമ്പോ ഞാൻ വാ പൊളിക്കും..ദോശക്കു വേണ്ടി ..
അവസാനം അവര്‍ പറഞ്ഞു .."മതിമോളെ...""
"എനിക്കു നിങ്ങള്‍ ഇനീം തരുമോ ഇല്ലയോ...?"
അടിവയറിൽ നിന്ന് അപ്പോള്‍ കയറി വന്ന വേദനയോടെ സങ്കടവും ദേഷ്യവും വേദനയും എല്ലാം കൊണ്ട് ചോദിച്ചു പോയി ....
എന്റെ ചോദ്യവും കരച്ചിലുംകേട്ട് അവർ ചിരിച്ചു പോയി
എന്തായാലും ഒരെണ്ണം കൂടി തന്ന് അവര്‍ എന്നെ അകത്ത് പറഞ്ഞയച്ചു ...
എന്തായാലും ദോശയുടെ പവർ കൊണ്ടോ പ്രിയരുടെ പ്രാർഥന കൊണ്ടോ ആവും പെട്ടെന്ന് കാര്യം കഴിഞ്ഞു .....
ഒരു സ്ത്രീയെ സംബന്ധിച്ച് ഏറ്റവും മനോഹരമായ നിമിഷങ്ങള്‍ ...
മറക്കാനാവാത്ത...ആനിമിഷങ്ങൾക്കൊടുവിൽ ആരോഗ്യമുള്ള ഒരു ആൺകുഞ്ഞ്
.
ഗർഭിണി ആവുമ്പോ കുഞ്ഞിന് വേണ്ടിയും കഴിക്കണം എന്നുള്ള മൂത്തവരുടെ വാക്ക് മനസ്സാവഹിച്ചതിനാലാവാം കുഞ്ഞിന് 3 .300 തൂക്കം..
കുഞ്ഞിനെ ചേർത്ത് പിടിച്ചപ്പോൾ അവരു കുഞ്ഞിനേ വിളിക്കുന്ന കേട്ടു
ഡാ..ദോശ കുട്ടാ..
അവൻ ആ വിളി കേട്ട് കുഞ്ഞ് വായും പൊളിച്ച് നിലവിളിച്ചു..
പിറന്നു വീണു കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ അവന് മുന്നിൽ ദോശ നിരത്തുമ്പോ മുഖം ചുളിയുന്നത് കാണുമ്പോ തോന്നും ..ഇവൻ എന്നോടുള്ള പ്രതിഷേധമല്ലെയീ കാട്ടണത് ...
*****************************
ചില വാശികളിങ്ങനൊക്കെയാണ്..
എന്തിനെന്നോ ഏതിനെന്നോ അറിയാതെ ..
എന്റെ കുഞ്ഞു കുഞ്ഞു വാശികളിലും ശാസിച്ചും സ്നേഹിച്ചും എന്നെ ചേര്‍ത്തു പിടിച്ച കരങ്ങൾ...
ഒരിക്കലും എനിക്കു കണക്ക് തീർക്കാനാവാതെ അവരെനിക്കു തരുന്ന സ്നേഹം ..
വാശി പിടിച്ചപ്പോൾ എനിക്കു ദോശ വാങ്ങി തരാന്‍ ഒാടിപ്പോയ പിതാവ് ....മോന് ഒരു വയസ്സ് തികയും മുന്നേ ഞങ്ങളെ വിട്ടു പോയി
എങ്കിലും ഒാർമയിലിന്നും വാടാതെ നിൽക്കുന്ന മനോഹരമായ ചിത്രം ഉണ്ട് .
നിറവയറോടെ പ്രിയപതിയുടെ നെഞ്ചില് ചാരി...നിൽക്കുമ്പോൾ...വയർ നിറയെ ഭക്ഷണം വാരി തരുന്ന അമ്മ..അതുകണ്ട് സായൂജ്യമടയുന്ന..എൻ്റെ (പിയപ്പെട്ട ഡാഡി..................

Shabna

ഭാഗം 3 : ഒരു മെസ്സെൻജർ പ്രണയം

ഭാഗം 3 : ഒരു മെസ്സെൻജർ പ്രണയം :- മറുപടി എഴുതാനിരുന്നപ്പോൾ അവൾ പലതും ചിന്തിച്ചു: അതു കൊള്ളാം, ആ കക്ഷിക്ക് ചാരുകസേരയിൽ കിടന്ന് അയവിറക്കാൻ ഒരു പ്രണയം! അതാണു താനുമായി ആഗ്രഹിക്കുന്നത്. ആ കക്ഷിയെ ഒന്നു വട്ടം ചുറ്റിച്ചിട്ടു തന്നെ കാര്യം!! അയ്യോ പാവം! താനൊരുക്കുന്ന പ്രണയക്കുരുക്കിൽ വീണ് എന്തൊക്കെയാണാവോ പുള്ളി കാട്ടികൂട്ടാൻ പോകുന്നത്! എന്തുമാകട്ടെ, പക്വത വന്നു എന്നാണല്ലോ അറിയിച്ചിരിക്കുന്നത്. ആ പക്വത എത്രത്തോമുണ്ട് എന്ന് പരീക്ഷിച്ചറിഞ്ഞുകളയാം! എങ്കിലും തൽക്കാലം പ്രണയമൊന്നും പ്രകടിപ്പിക്കാതെ മറുപടി കൊടുക്കാം..!. ഇങ്ങനെ ചിന്തിച്ചിട്ട് അവൾ ഒരു മറുപടി എഴുതാൻ തുടങ്ങി: "പ്രിയ എഴുത്തുകാരാ, എഴുത്തുകാരിയായ എനിക്ക് താങ്കളുടെ പ്രണയാഭ്യർത്ഥന സ്വീകരിക്കണമെന്നു തന്നെയാണ് ആഗ്രഹം! പക്ഷെ താങ്കൾ ഒരു വിവാഹിതനും ഞാൻ അവിവാഹിതയും ആയതിനാൽ പ്രണയത്തിൽ ഒരു പൊരുത്തക്കേടുണ്ട് എന്ന് വിനീതമായി ഓർമപ്പെടുത്തട്ടെ! പരസ്പരം കാണില്ല എന്ന നിബന്ധന നമ്മൾക്കിടയിൽ ഉണ്ടെങ്കിൽ പോലും, ഞാൻ എന്നെങ്കിലും വിവാഹം കഴിച്ചേക്കാവുന്ന ആളെ മനസ്സുകൊണ്ട് വഞ്ചിക്കലായിരിക്കില്ലേ ഈ പ്രേമം എന്ന് ഞാൻ ഭയക്കുന്നു. താങ്കളാണെങ്കിൽ മനസ്സുകൊണ്ടാണെങ്കിലും ഭാര്യയെ വഞ്ചിക്കുകയല്ലേ എന്ന സംശയവും എനിക്കുണ്ട്. ഭാര്യ വച്ചുവിളമ്പി തരുന്ന ഭക്ഷണം കഴിച്ച് , അവൾ കഴുകി ഇസ്തിരിയിട്ട് തന്ന വസ്ത്രവും ധരിച്ച് നടക്കുന്ന താങ്കൾ മറ്റൊരാളോടുള്ള പ്രണയം മനസ്സിൽ കൊണ്ട് നടക്കുന്നത് ശരിയാണോ? ഞാനാണ് ആ ഭാര്യയെങ്കിൽ താങ്കളെ ഒലക്കക്കടിക്കും!. എന്റെ ഭർത്താവാകാൻ പോകുന്ന ആൾ എന്നെയല്ലാതെ മറ്റൊരു പെണ്ണിനെ മനസ്സിൽ പ്രണയിക്കുന്നത് എനിക്ക് സഹിക്കാൻ കഴിയില്ല. അതുകൊണ്ട് പരസ്പരം കാണാതെയാണെങ്കിൽ പോലും നമ്മൾ തമ്മിൽ പ്രണയിക്കുന്നത് ശരിയല്ലാ എന്നാണെന്റെ അഭിപ്രായം. അതുകൊണ്ട് നല്ല സുഹൃത്തായി തുടരാനാണ് എനിക്കിഷ്ടം എന്നറിയിക്കട്ടെ..." ഇത് വായിച്ച അയാൾ അതിന് മറുപടി എഴുതാനിരുന്നു... ചപലമായ ചിന്തകൾ അയാളിലക്ക് ഇരച്ച് കയറി. പ്രണയത്തെ ന്യായീകരിക്കും വിധം ഒരു മറുപടി എഴുതാനായി അയാൾ തല പുകഞ്ഞാലോചിച്ചു. അപ്പോൾ കുറേ ന്യായീകരണങ്ങൾ മനസ്സിൽ തെളിഞ്ഞു വരാൻ തുടങ്ങി.. (തുടരും).

Kadarsha

കിറ്റ്കാറ്റ്

കിറ്റ്കാറ്റ്
---------------
രാവിലെ തന്നെ ഉണർന്നാൽ ആദ്യത്തെ കർമ്മം ഇപ്പോൾ ഫേസ്ബുക്ക് എടുത്ത് പുതിയ രചനകളുടെ കണക്കെടുക്കുക എന്നതാണ്. അത് കഴിഞ്ഞാൽ ഒരു കപ്പ് ചായയുമായി ലാപ്ടോപ്പിന്റെ മുമ്പിൽ വന്നിരിക്കും. പിന്നെ വായനയും ലൈക്കും കമന്റും ഒക്കെയാണ് നേരംപോക്ക്. അല്ല, നേരമ്പോക്കല്ല. ഇപ്പൊ ഇതാണെന്റെ ലോകം. അങ്ങിനെ വന്നിരുന്നപ്പോളാണ് ദിവ്യ എഴുതിയ 'അനോസ്മിയാ നല്ല സുഖമുള്ള അസുഖം' എന്ന രചന വായിച്ചത്. വായിച്ചു തീർന്നതും ഒരു ഇരുപത് വര്ഷം പുറകിലേക്ക് ഒന്ന് സഞ്ചരിച്ചു പോയി.
ഇരുപത് വർഷങ്ങൾക്ക് മുൻപ് കൃത്യമായി പറഞ്ഞാൽ 1997 ജൂലൈ ഇരുപത്തിരണ്ടാം തിയ്യതി. അന്ന് ഞാൻ രണ്ടാം ക്‌ളാസിൽ പഠിക്കുന്ന കാലം. ചെറിയ രീതിയിൽ ശ്വാസം മുട്ട് രോഗിയായിരുന്നത്കൊണ്ട് സ്കൂളിലും വീട്ടിലും കളികളിൽ ഒന്നും ഞാൻ ഏർപെടാറില്ല. ആഗ്രഹമില്ലാഞ്ഞിട്ടല്ലാട്ടോ. അസുഖം എന്നെ ഒന്നിനും സമ്മതിക്കാറില്ല. അതുകൊണ്ട് തന്നെ പഠനമാണ് എനിക്ക് താല്പര്യം. മിടുക്കിയായി പഠിക്കുന്ന എനിക്ക് (അന്നത്തെ കാര്യമാണുട്ടോ. അസുഖം മാറിയതോടെ പഠിപ്പും സ്വാഹാ...) അന്ന് ക്ലാസ്സിൽ ഏതോ ടെസ്റ്റ് പേപ്പറിന് ഫുൾ മാർക്ക് കിട്ടി.
അന്നൊക്കെ ടീവിയിൽ പരസ്യങ്ങളുടെ അതിപ്രസരം ഇന്നത്തെ അത്ര ഇല്ല. കിറ്റ്കാറ്റിന്റെ പരസ്യം കണ്ട ഞാൻ കൊതിമൂത്ത് നടക്കുന്നു. അസുഖക്കാരിയായത്കൊണ്ട് എനിക്കെന്ത് വാങ്ങിത്തരാനും അച്ഛനും അമ്മയ്ക്കും പേടിയാണ്. എന്ത് തിന്നുമ്പോളും തൊണ്ടയിൽ കുടുങ്ങുകയും പിന്നെ ചുമയും ശ്വാസം മുട്ടും വരികയും പതിവാണ്. അതുകൊണ്ട് ഇഷ്ടമുള്ളതൊന്നും തിന്നാൻ പറ്റാറില്ല. പക്ഷെ പരീക്ഷയുടെ വിജയത്തിന്റെ സന്തോഷത്തിൽ എനിക്ക് കിറ്റ്കാറ്റ് തിന്നണം എന്ന് വാശി പിടിച്ചു.
എന്റെ വാശിക്കുമുന്നിൽ എന്നും അച്ഛനും അമ്മയും തോറ്റു തന്നിട്ടേ ഉള്ളു. അതുകൊണ്ട് തന്നെ കിറ്റ്കാറ്റ് വാങ്ങുന്ന കാര്യം തീരുമാനമായി. അന്ന് അതിന് പത്തുരൂപയാണെന്നാണ് എന്റെ ഓർമ്മ. അന്ന് പത്തു രൂപക്ക് മിട്ടായി വാങ്ങുന്നതൊക്കെ സാധാരണക്കാരിൽ താഴെയുള്ള സൗകര്യത്തിൽ ജീവിക്കുന്ന ഞങ്ങൾക്ക് അഹങ്കാരമാണ്. എന്നാലും വാങ്ങി തരാമെന്ന് അമ്മ സമ്മതിച്ചു. അച്ഛന്റെ അനുവാദമില്ലാതെ അങ്ങനൊരു പതിവില്ലാത്തതാണ്. അച്ഛൻ വീട്ടിൽ ഇല്ലായിരുന്നതുകൊണ്ടോ എന്തോ അമ്മ പണം തന്നു.
ഞാനും എന്റെ ചേച്ചിയും കൂടി അത് വാങ്ങിവന്നു. ഒരു ചെറിയ പങ്ക് എനിക്കും ചേച്ചിക്കും തന്ന് ബാക്കിയുള്ളതിൽ നിന്ന് മൂത്ത ചേച്ചിക്കും ചേട്ടനും അച്ഛനും ഒക്കെ എടുത്തു വച്ചു. അമ്മ കഴിച്ചോ എന്ന് എനിക്കിന്നും നിശ്ചയമില്ല.
അച്ഛൻ വരുമ്പോളേക്കും കടയിൽ പോയി വരാമെന്ന് പറഞ്ഞ് അമ്മ പോയി. അല്പം കഴിഞ്ഞപ്പോൾ അച്ഛൻ വന്നു. പിന്നെ ചേട്ടനും ചേച്ചിയും വന്നു. പിന്നെയും വീട്ടിൽ ആരൊക്കെയോ വരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് ഒരു പിടിയും എനിക്ക് കിട്ടിയില്ല. എല്ലാവരുടെയും ഭാവങ്ങൾ മാറുന്നുണ്ട്. പക്ഷെ എന്നോടാരും ഒന്നും പറഞ്ഞില്ല.
ഏറെ നേരം കഴിയും മുൻപ് ബന്ധുക്കളൊക്കെ വന്നു. എന്നെയും ചേച്ചിമാരേയും കസിന്സിനെയും ഒക്കെ ചെറിയച്ഛന്റെ വീട്ടിലേക്ക് കൊണ്ട് പോയി. എനിക്ക് സത്യത്തിൽ അപ്പോൾ സന്തോഷമായിരുന്നു. അപ്രതീക്ഷിതമായി എല്ലാവരെയും കാണാൻ പറ്റിയല്ലോ...
പിറ്റേന്ന് ഞങ്ങളെ എല്ലാവരെയും ആശുപത്രിയിലേക്ക് കൊണ്ട് പോയപ്പോളാണ് സംഗതികൾ എനിക്ക് ഏകദേശം പിടി കിട്ടിയത്. അമ്മക്ക് ആക്‌സിഡന്റ്. തലയിൽ ചുറ്റികെട്ടി വച്ചിരിക്കുന്നു. അമ്മയുടെ ആ രൂപം എന്റെ ഉള്ളിൽ ആദ്യം പേടിയാണുണ്ടാക്കിയത്. സങ്കടം വന്നപ്പോൾ കരയാൻ തോന്നിയെങ്കിലും അന്നും ഇന്നും ഞാൻ മറ്റുള്ളവരുടെ മുമ്പിൽ കരയാതെ പിടിച്ചു നിൽക്കും.
ദിവസങ്ങൾ കഴിഞ്ഞ് അമ്മയെ വീട്ടിൽ കൊണ്ട് വന്നപ്പോളും ആ മുറിവ് കാണുമ്പോൾ എനിക്ക് ഭയം തന്നെ ആയിരുന്നു. തലക്ക് ഏറ്റ ക്ഷതത്തിൽ ഏതോ ഞരമ്പ് മുറിഞ്ഞു പോയെന്നും അമ്മക്ക് ഇനി ഒരിക്കലും ഒരു ഗന്ധവും കിട്ടില്ല എന്നും പിന്നീടാണറിഞ്ഞത്.
ആദ്യമൊക്കെ അതൊരു നല്ല അസുഖമാണെന്നാണ് കരുതിയത്. പക്ഷെ പിന്നീടാണ് അതിന്റെ ഭവിഷ്യത്ത് മനസ്സിലായത്. നാവിന്റെ രുചിക്ക് ആക്കം കൂട്ടുന്ന കൊതി പിടിപ്പിക്കുന്ന ഭക്ഷണ സാധനങ്ങളുടെ ഗന്ധം അമ്മക്കിന്നും അന്യമാണ്. അതിലും കഷ്ടം അടുക്കളയിൽ ഗ്യാസ് സിലിണ്ടർ ലീക്ക് ചെയ്‌താൽ ഒന്നും അമ്മക്ക് മനസ്സിലാവില്ല എന്നതാണ്. അന്നൊക്കെ ആ അവസ്ഥ വല്ലാത്ത പേടി എല്ലാവരിലും ഉണ്ടാക്കിയിരുന്നു. ഇരുപത് വർഷമായി അമ്മ ഈ അസുഖത്തോട് പൊരുത്തപ്പെട്ടു കഴിഞ്ഞിരിക്കുന്നു.
ഇരുപത് വർഷങ്ങൾ കഴിഞ്ഞു. അന്ന് കിറ്റ്കാറ്റ് തിന്നത് കൊണ്ടാണ് അങ്ങനെയൊക്കെ സംഭവിച്ചത് എന്ന മിഥ്യാ ധാരണ ഇന്നും മനസ്സിൽ കിടക്കുന്നു. ജീവിതത്തിൽ ആദ്യമായി കിറ്റ്കാറ്റ് തിന്നപ്പോൾ കിട്ടിയ സന്തോഷം എന്നെന്നേക്കുമായി അവിടെ അവസാനിച്ചു. പിന്നീട് ഇന്ന് വരെ ഞാൻ കിറ്റ്കാറ്റ് കഴിച്ചിട്ടില്ല.
നോട്ട്: ഇതൊരു നുണക്കഥയല്ല. ഒരിറ്റുപോലും വെള്ളം ചേർക്കാത്ത പച്ചയായ സത്യം.

samini

നാലുമണിക്കേ എഴുന്നേല്‍ക്കണമെന്ന


നാലുമണിക്കേ എഴുന്നേല്‍ക്കണമെന്ന അയാളുടെ ആവശ്യത്തോട് അവള്‍ പ്രതികരിച്ചത്
ഇങ്ങനെയാണ് . 'അയ്യോ , അത്ര നേരത്തെയോ , അഞ്ചിന് എണീറ്റാല്‍ തന്നെ ധാരാളം സമയമുണ്ട്. വെറുതെയെന്തിനാ സുഖകരമായ ഒരു മണിക്കൂര്‍ വേസ്റ്റാക്കുന്നത്..'?
എന്നിട്ടും അയാള്‍ നാലരയ്ക്ക് തന്നെ അലാറം വെച്ചു .
അവളും മക്കളും ഒരുങ്ങിപ്പിടിച്ചു ഇറങ്ങുമ്പോള്‍ എന്തായാലും വൈകും .
മൈന ഏതാണ് നാളെ ഇടേണ്ടത് എന്ന് പോലും നിശ്ചയിട്ടുണ്ടാവില്ല . നൈന അവള്‍ക്കിടാനുള്ള തൊക്കെ നേരത്തെ ത്തന്നെ ഒരുക്കി വെക്കുന്നത് കണ്ടു .
'നല്ല കുട്ടികള്‍ ഇങ്ങനെയായിരിക്കു'മെന്നു ഒരു കോംബ്ലിമെന്റ് കൊടുത്തു
അയാള്‍ അവള്‍ക്ക്.
ഭാര്യക്കും മൂത്ത മോള്‍ക്കും തന്നെയാണ് ഒരുങ്ങാന്‍ കൂടുതല്‍ സമയം വേണ്ടിവരിക .
'നീ ജീരകവെള്ളം എടുത്തുവെച്ചിട്ടുണ്ടോ ? അത് മറന്നാല്‍ പിന്നെ ഏതെങ്കിലും കുപ്പിവെള്ളം കുടിക്കേണ്ടിവരും . അത് നമ്മുടെ പോക്കറ്റിനെ മാത്രമല്ല ആരോഗ്യത്തെയും ബാധിക്കും . ഏതെങ്കിലും വൃത്തികെട്ട പുഴ വെള്ളമോ കുളത്തിലെ അഴുക്കുവെള്ളമോ ഒക്കെയാണ് കുപ്പിയിലാക്കി കൊള്ളാവുന്ന ഒരു പേരും വെച്ച് കൊള്ളലാഭത്തിനു വില്‍ക്കുന്നത് ..'
അയാളുടെ അധികപ്രസംഗത്തിന് ചെവികൊടുക്കാതെ അവള്‍ എപ്പോഴോ ഉറങ്ങിക്കഴിഞ്ഞിരുന്നു .
അയാള്‍ മെല്ലെ കണ്ണടച്ച് കിടന്നു . വെളുപ്പിന് ഏഴിന് മുമ്പേ സ്റ്റേഷനില്‍ എത്തണം .
അതെങ്ങാനും മിസ്സായാല്‍ ഇന്നത്തെ യാത്ര തന്നെ അവതാളത്തിലാവും . രാത്രി ഏഴു മണിയാവും തിരുവനന്ത പുരത്തെത്താന്‍.
രണ്ടു പെണ്‍കുട്ടികളും ഭാര്യയും രാത്രിയും റെയില്‍വേ സ്റ്റേഷനും എല്ലാം കൂടി ഓര്‍ത്തപ്പോള്‍ അയാള്‍ക്ക് ആധി പെരുത്തു. ഒറ്റയ്ക്ക് യാത്ര പോകുന്ന പോലെയല്ല പെണ്‍മക്കളുമായുള്ള യാത്ര .
ഈ ആശങ്കകള്‍ അവളുമായി പങ്കുവെച്ചപ്പോള്‍ അവള്‍ അയാളെ കൊച്ചാക്കി പറഞ്ഞു:
'അതിനെന്താ നിങ്ങളില്ലേ കൂടെ ? അങ്ങനെയൊക്കെ പേടിച്ചും സങ്കല്‍പ്പിച്ചും ഇരുന്നാല്‍ വല്ലതും നടക്കുമോ? നിങ്ങള്‍ എങ്ങനെയിങ്ങനെ ഒരു പേടി ത്തൊണ്ടനായി എന്റെ മാഷെ ?
വെറുതെ കട്ടി മീശയും വെച്ച് നടന്നാല്‍ മതിയോ?
നിങ്ങള്‍ പേടിക്കേണ്ട , ഞാനുണ്ട് കൂടെ കൂള്‍ ഡൌണ്‍ .. '
അവളുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് പോവാമെന്നു വെച്ചത് . കാലമേറെയായി അവള്‍ പറയുന്നു. വസന്തചേച്ചിയെ ഒന്ന് കാണണമെന്ന്. ചേച്ചിക്ക് എന്തോ അസുഖം ഉണ്ടെന്നു കേട്ടത് മുതല്‍ അവള്‍ക്ക് തീരെ ഇരിക്കപ്പൊറുതിയില്ല .
ചേച്ചിയെന്നു പറഞ്ഞാല്‍ അവള്‍ക്ക് ജീവനാണ് .
കെട്ടിക്കൊണ്ടു വരുമ്പോള്‍ തന്നോട് ഏറ്റവും കൂടുതല്‍ അവള്‍ സംസാരിച്ചത് വസന്തയെ കുറിച്ചാണ്.
അവളുടെ ടീച്ചര്‍ ആയിരുന്നു വസന്തകുമാരി . വീടിനു തൊട്ടപ്പുറത്തെ വാടക വീട്ടിലെ താമസക്കാരി .
അവളുടെ കല്യാണത്തലേന്നു ബോംബെക്കാരി അമ്മായി രണ്ടുകൈകളിലും കാലുകളിലും മുട്ടോളം മൈലാഞ്ചിയിട്ട് ചുവപ്പിച്ചപ്പോള്‍ അവള്‍ക്ക് ചോറ് വാരിക്കൊടുത്തത് വസന്തേച്ചി യായിരുന്നുവത്രേ. അന്ന് ചേച്ചിയോടൊപ്പം അവരുടെ വാടക വീട്ടില്‍ ആണ് പോലും അവള്‍ കിടന്നത്.
വീട്ടില്‍ കല്യാണ ത്തിന്റെ ഒച്ചയും ബഹളവും ആയിരുന്നു.
ചേച്ചി തന്നെയാണ് അങ്ങനെയൊരു സജഷന്‍ മുന്നോട്ടു വെച്ചത് .
'ഇന്ന് ഏതായാലും നീ ഉറക്കമിളക്കണ്ട '
ചേച്ചി അങ്ങനെയാണ് . ചിലപ്പോള്‍ നല്ല ഒരു കൂട്ടുകാരി .
മറ്റു ചിലപ്പോള്‍ ഉത്തരവാദിത്തമുള്ള ഒരു ജ്യേഷ്ടത്തി .
ചില നേരങ്ങളില്‍ സ്നേഹമുള്ള അമ്മ . ചിലപ്പോള്‍ ഗുണകാംക്ഷിയായ അധ്യാപിക .
അവളുടെ വലിയ വായിലെ വര്‍ണ്ണനകള്‍ കേട്ട് മെല്ലെമെല്ലെ വസന്ത ടീച്ചറെ അയാളും ഇഷ്ടപ്പെട്ടു തുടങ്ങി.
അവളുടെ വീട്ടിലേക്കു പോകുമ്പോള്‍ അവള്‍ ആദ്യം ഓടിച്ചെല്ലുക ടീച്ചറിന്റെ അടുത്തേക്കാണ് . അധികം സംസാരിക്കാനൊന്നും വരില്ല . കുലീനമായ കാണാന്‍ ഭംഗിയുള്ള ഒരു ചിരി തരും എപ്പോഴും.
അവളോടെ ഉള്ളു തുറക്കൂ .
'കല്യാണമൊന്നും വേണ്ടേ ഇങ്ങനെ മൂത്ത് നരക്കാന്‍ തന്നെയാണോ പരിപാടി '? എന്ന് അവള്‍ ഒരിക്കല്‍ ചോദിച്ചു പോലും ..
'നിങ്ങളെ പോലെ മുട്ടയില്‍ നിന്ന് വിരിയും മുമ്പേ യൊന്നും ഞങ്ങളെ കെട്ടിക്കില്ല . ഇനി നിനക്കൊരു കുട്ടിയൊക്കെ ആവട്ടെ . എന്നിട്ടേ ഞാന്‍ കല്യാണം കഴിക്കുന്നുള്ളൂ.. '
ടീച്ചറെ കുറിച്ച് പറയുമ്പോള്‍ നൂറു നാക്കാണ് അവള്‍ക്ക് . അവളെ ചൊടിപ്പിക്കാന്‍ ഇടയ്ക്ക് അയാള്‍ പറയും ..
നിന്റെ ആദ്യത്തെ പുത്യാപ്ല ആയിരുന്നോ വസന്ത ? നീയും നിന്റെ ഒരു കോഴിവസന്തയും ..
അത് കേള്‍ക്കെ അവള്‍ക്ക് കലിയിളകും . കോക്രികാട്ടിയും നല്ല മുഴുത്ത നുള്ള് വെച്ച് കൊടുത്തും അവള്‍ അയാളോട് കലി തീര്‍ക്കും .
പിന്നെയും കുറേക്കാലം കഴിഞ്ഞാണ് വിവരം അറിയുന്നത് . വസന്ത ച്ചേച്ചി സുമംഗലിയാവാന്‍ പോകുന്നു . വരന്‍ ആ സ്കൂളില്‍ തന്നെ യുള്ള മുരളി മാഷ്‌ . അവര്‍ പ്രേമത്തിലായിരുന്നുവത്രേ.
അതറിഞ്ഞപ്പോള്‍ അയാള്‍ അവളെ ശുണ്‍ഠി പിടിപ്പിച്ചു .
'നിന്റെ വസന്ത ആള് കൊള്ളാമല്ലോ , കണ്ടാല്‍ വെറും പാവം .. പുളിങ്കൊമ്പില്‍ കേറിയങ്ങ് പിടിച്ചല്ലോ ..
'അതിനെന്താ പ്രേമിച്ചു കല്യാണം കഴിക്കുന്നത് തെറ്റാണോ ? ചേച്ചി തെറ്റൊന്നും ചെയ്തിട്ടില്ല .'
മുരളി മാഷും അവളുടെ അധ്യാപകനാണ് . കണക്കു മാഷ്‌. കുട്ടികളുടെ പേടി സ്വപ്നം .
പക്ഷെ അവള്‍ക്കു മുരളി മാഷെ അത്ര ഇഷ്ടമല്ല . 'അത്ര നല്ല ടീച്ചര്‍ക്ക് എങ്ങനെ അയാളെ ഇഷ്ടമായി ? എനിക്ക് മാഷെ കാണുന്നതെ പേടിയാണ് ..'
'അയാള്‍ നിന്റെ രക്ഷകനല്ലേ . അയാളെ പറ്റി നീ ഇത് തന്നെ പറയണം .
അയാള്‍ തക്ക സമയത്ത് ഓടി വന്നില്ലായിരുന്നെങ്കില്‍ നീ ആയിരിക്കില്ല ഇന്ന് എന്റെ ഭാര്യ ..'
'അതോണ്ടെന്ത്യെ ങ്ങക്ക് നല്ലൊരു സുന്ദരിക്കുട്ടീനെ കിട്ടീലെ ..'.
'ഓ , ഒരു സുന്ദരിക്കോത ..'
അയാള്‍ എണീറ്റ് ചെന്ന് മണ്കൂജയില്‍ നിന്ന് ഒരു ഗ്ലാസ് വെള്ളമെടുത്തു കുടിച്ചു . സമയം പന്ത്രണ്ട് പത്ത്.
നാലാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ആള്‍മറയില്ലാത്ത കിണറ്റിലേക്ക് ബക്കറ്റിനോടൊപ്പം അവളും വീണത്‌ . രാത്രിയില്‍ വെള്ളം കോരാന്‍ ഇറങ്ങിയതായിരുന്നു അവള്‍ . അന്ന് കിണറ്റില്‍ രണ്ടാള്‍ക്ക്‌ വെള്ളമുണ്ട് . അവള്‍ക്കു നീന്തല്‍ അറിയാമായിരുന്നത് ഭാഗ്യം . അവള്‍ മുങ്ങിപ്പൊങ്ങി കിണറിന്റെ ഒരു 'പാമ്പേരിയില്‍' പിടിച്ചു നിന്നു. ബഹളവും നിലവിളിയും കേട്ട് ആദ്യം ഓടിയെത്തിയത് മുരളി മാഷ് ആയിരുന്നു. കസേരയിരക്കി കിണറ്റിലിറങ്ങി അവളെ രക്ഷിച്ചതും മാഷ്‌ തന്നെ.
അത് കൊണ്ട് തന്നെ രണ്ടു പേരോടും അവള്‍ക്കു വല്ലാത്ത കടപ്പാടും വിധേയത്വവും ഉണ്ട് ..
ഓരോ സ്കൂള്‍ വെക്കേഷന്‍ സമയത്തും അവള്‍ പറയും :
'നമുക്കൊന്ന് പോകാം മാഷെ .. '
ഭാഗ്യത്തിന് വസന്തക്കും മുരളി മാഷ്ക്കും ഒരുമിച്ചാണ് അവരുടെ നാട്ടിലേക്ക് ട്രാന്‍സ്ഫെര്‍
ശരിയായത് . ഇടയ്ക്കു അവള്‍ ചേച്ചിക്ക് വിളിക്കാറുണ്ട് .
വിവരങ്ങളൊക്കെ അവളുടെയടുത്ത് അപ്ടുഡേറ്റ് ആണ്.
അയാള്‍ക്ക്‌ യാത്ര ഇഷ്ടമേയല്ല . അവള്‍ക്കാണെങ്കില്‍ യാത്ര ജീവനാണ് . യാത്രാ വേളകളില്‍ അവള്‍ പതിവിലേറെ പ്രസന്നവതിയായിരിക്കും . സ്റ്റേഷനില്‍ മുരളി മാഷ്‌ വന്നു നില്‍ക്കാം എന്ന് പറഞ്ഞിട്ടുണ്ട് . പറ്റുമെങ്കില്‍ കോവളം , നാഗര്‍ കോവില്‍ , കന്യാകുമാരി ഇവിടെയൊക്കെ ഒന്ന് പോകണം . മക്കള്‍ക്കും ഒരു ചേഞ്ച്‌ ആവും .
സ്കൂളില്‍ നിന്ന് മൂന്നാറിലേക്ക് ടൂര്‍ പോകാന്‍ വാശി പിടിച്ചപ്പോള്‍ നൈന ക്ക് വാക്ക് കൊടുത്തതാണ് കന്യാകുമാരിയിലേക്ക് കൊണ്ട് പോകാം എന്ന് . സത്യത്തില്‍ അയാളുടെ ഉള്‍ഭയം തന്നെയായിരുന്നു അതിനും കാരണം . പെണ്‍കുട്ടികളെ ടൂറിനു പറഞ്ഞയക്കുന്ന രക്ഷിതാക്കള്‍ക്ക് വല്ല മന:സമാധാനവും മുണ്ടാകുമോ അവര്‍ തിരിച്ചെത്തും വരെ ..?
ഇടയ്ക്കെപ്പോഴോ അയാളൊന്നു മയങ്ങി. പിന്നീട് എപ്പോഴോ അയാള്‍ ഞെട്ടിയുണര്‍ന്നു . സമയം നാല് മണിക്ക് പത്തു മിനിറ്റ് ബാക്കി . തന്റെ കുളിയും പ്രാഥമിക കാര്യങ്ങളും നടത്തിയാലോ ? റയില്‍വേ സ്റ്റേഷന്‍ വരെ കൊണ്ട് വിടാന്‍ ഒരു ഓട്ടോ ക്കാരനെ ഏര്‍പ്പാടാക്കിയിട്ടുണ്ട് . ഇനി അവന്‍ എഴുന്നേറ്റു വരാന്‍ വൈകുമോ എന്തോ? അഞ്ചു മണിക്ക് അവനെ ഒന്ന് വിളിക്കാം . ഒരുറപ്പിന്. അവന്‍ ഉറങ്ങിപ്പോയാല്‍ പോക്ക് കുളമാവും.
ട്രെയിനില്‍ വലിയ തിരക്കൊന്നും കണ്ടില്ല . ജനറല്‍ കമ്പാര്‍ട്ട് മെന്റ് മതിയെന്ന് അവളാണ് പറഞ്ഞത്. പകലല്ലേ യാത്രയുള്ളൂ . രാത്രിയാകുമ്പോഴേക്കും അവിടെ എത്തുകയും ചെയ്യും . അയാള്‍ക്ക്‌ സ്ലീപ്പര്‍ ക്ലാസ് ആയിരുന്നു ഇഷ്ടം . ടെന്‍ഷന്‍ കുറയും . അത് പറഞ്ഞു തര്‍ക്കിക്കാനൊന്നും നില്‍ക്കാതെ അയാള്‍ ടിക്കറ്റ് എടുത്തു . നാല് പേര്‍ക്കും ഒന്നിച്ചിരിക്കാന്‍ സീറ്റ് കിട്ടിയത് ഭാഗ്യം . മക്കളും വല്ലാത്ത സന്തോഷത്തിലാണ് .
യാത്രക്കാര്‍ ക്രമേണ വര്‍ധിച്ചു കൊണ്ടിരുന്നു . ഓരോ സ്റ്റോപ്പില്‍ നിന്നും കണ്ടമാനം ആളുകള്‍ കേറിത്തുടങ്ങി .
വട വടെ വട എന്ന കൊതിപ്പിക്കുന്ന വിളിച്ചു പറയലിനോടൊപ്പം അവരുടെ മുമ്പിലെത്തിയ നല്ല ചൂടുള്ള ഉഴുന്ന് വട കണ്ടപ്പോള്‍ അവള്‍ക്കും കുട്ടികള്‍ക്കും വാങ്ങിയെ തീരൂ .
അയാള്‍ പറഞ്ഞു: ട്രയിനിലെ ആഹാര സാധനങ്ങളൊന്നും കഴിക്കാന്‍ കൊള്ളില്ല . വെറുതെ വയറു കേടാക്കണ്ട . നമുക്ക് ദീര്‍ഘ ദൂരം യാത്ര ചെയ്യാനുള്ളതാണ് .'
ഒടുവില്‍ അവള്‍ ഇടപെട്ടു .
'ഒന്നും സംഭവിക്കില്ലന്നേ .. എത്ര ആളുകള്‍ ആണിതൊക്കെ വാങ്ങിക്കഴിക്കുന്നത് . എന്നിട്ട് അവര്‍ക്ക് വല്ല കുഴപ്പവും ഉണ്ടോ ?
അയാള്‍ ആവശ്യപ്പെടും മുമ്പേ അവള്‍ നാല് വടക്ക് ഓര്‍ഡര്‍ കൊടുത്തു .
അയാള്‍ വട വില്പനക്കാരനോട് പറഞ്ഞു : മൂന്നെണ്ണം മതി .
അടുത്ത സ്റ്റോപ്പില്‍ നിന്ന് ഒരു മധ്യ വയ്സ്ക്ക കേറി വന്നു സീറ്റ് കിട്ടാതെ കറങ്ങിത്തിരിഞ്ഞ് ഒടുവില്‍ മൈനയോടു പറഞ്ഞു : 'മോളെ ഒന്ന്
അഡ്ജസ്റ്റ് ചെയ്യാമോ? അവള്‍ അയാളെ ഒന്ന് നോക്കി , അവര്‍ക്ക് ഇരിക്കാന്‍ സൗകര്യം ചെയ്തു കൊടുത്തു .
ഏതു തരക്കാരാണെന്ന് ആര്‍ക്കറിയാം . അയാള്‍ മനസ്സില്‍ പറഞ്ഞു.
അവരുടെ കണ്ണുകള്‍ മക്കളുടെ കഴുത്തില്‍ കിടക്കുന്ന സ്വര്‍ണ്ണ ചെയിനിലെക്കും കമ്മലിലേക്കും നീളുന്നുണ്ടെന്നു അയാള്‍ക്ക്‌ തോന്നി.
ദൂരയാത്രയാണ് ആഭരണമൊന്നും വേണ്ടെന്നു എത്ര പറഞ്ഞതാണ് ..
കേള്‍ക്കണ്ടേ . 'ചേച്ചിയൊക്കെ കാണുമ്പോള്‍ മോശമല്ലേ ? വല്ല ചന്ത ക്കമ്മ ലും ഇട്ടു ചെന്നാല്‍ അവരെന്തു വിചാരിക്കും ? കുറച്ചില്‍ നമുക്ക് തന്നെയല്ലേ ? ഇള്ളക്കുട്ടികള്‍ ഒന്നും അല്ലല്ലോ അവര് . അവരുടെ സാധങ്ങളൊക്കെ സൂക്ഷിക്കാന്‍ അവര്‍ക്ക് അറിയാം .. അവള്‍ ഇടപെട്ടത് അന്നേരം അയാള്‍ ഓര്‍ത്തു .
ഇപ്പോള്‍ നാല് ചെറുപ്പക്കാര്‍ ആണ് അവര്‍ക്ക് അഭിമുഖമായി ഇരിക്കുന്നത് . ഒരറ്റത്ത് ഒരു മധ്യവയസ്ക്കന്‍ . അയാള്‍ തൃശൂരില്‍ നിന്നാണ് കേറിയത്‌ . അയാളുടെ സ്യൂട്ട് കേസ് തന്റേതു പോലെയാണല്ലോ എന്ന ദുഷ്ചിന്ത അയാളിലപ്പോള്‍ ഉടലെടുത്തു .
ത്ന്റെതിനു അടുത്തു തന്നെ കല്പിച്ചു കൂട്ടി അയാള്‍ പെട്ടി വെച്ചത് എന്തിനാവും ? അയാളുടെ മട്ടും ഭാവവും കണ്ടിട്ട് ഒരു കള്ളാ ലക്ഷണം ഉണ്ട് . ഇപ്പോഴത്തെ കാലത്ത് ആരെയാണ് വിശ്വസിക്കുക ? ഏതെല്ലാം വിധത്തിലാണ് തട്ടിപ്പ് നടത്തുകയെന്ന് ഒരു നിശ്ചയവും ഇല്ല .
ആ പെട്ടിയില്‍ എന്താവും ? കുഴല്‍പ്പണമാകുമോ? അതോ മാരകായുധങ്ങ ളോ ? ഇനി വല്ല ബോംബോ മറ്റോ ആവുമോ? ഭീകര വാദികളുടേയും തീവ്രവാദികളുടേയും കാലമാണ് . എന്തെങ്കിലും അപായം മണത്താല്‍ പെട്ടെന്ന് പെട്ടി മാറ്റി അയാളെങ്ങാനും കടന്നു കളഞ്ഞാലോ ? കുടുങ്ങാനും ആഴിയെണ്ണാനും പിന്നെ അതുമതി . തന്റെ പെട്ടിയില്‍ നിന്ന് എന്തോ എടുക്കാനെന്ന ഭാവേന അയാള്‍ പെട്ടി തനിക്കരികിലേക്ക് കൂടുതല്‍ ചേര്‍ത്തു വെച്ചു .
ചെറുപ്പക്കാര്‍ മക്കളെയും ഭാര്യയേയും ശ്രദ്ധി ക്കുന്നുണ്ടെന്ന് അയാള്‍ കണ്ടു പിടിച്ചത് അപ്പോഴാണ്‌ . അവരൊക്കെ തങ്ങളുടെ വിലകൂടിയ മൊബൈലുകളില്‍ വ്യത്യസ്തങ്ങളായ നേരം പോക്കുകളില്‍ മുഴുകിയിരുപ്പാണ് . അവരുടെ കണ്ണുകള്‍ ഇടയ്ക്കിടെ മക്കളെയും ഭാര്യയെയും ഉഴിയുന്നുണ്ട് . മൈനയുടെ തട്ടം തോളിലേക്ക് ഊര്‍ന്നു വീണു കിടക്കുന്നു . ഈ കുട്ടിക്ക് ഒരു ശ്രദ്ധയുമില്ല .
ബ്ലൂട്ടൂത്തിന്റെയും ഒളി കാമറയുടെയും കാലമാണ് . ബാത്ത് റൂം പോലും ഇന്നത്തെ കാലത്ത് സുരക്ഷിതമല്ല . നാളെ തന്റെ മക്കളുടെയും ഭാര്യയുടെയും നഗ്ന ചിത്രങ്ങള്‍ ഇന്റര്‍ നെറ്റിലൂടെ പ്രചരി ക്കില്ലെന്ന് ആര് കണ്ടു ? തന്റെ ഗ്രാമത്തിലെ ഒരു പ്ലസ്‌ ടു ടീച്ചറുടെ അശ്ലീല ചിത്രങ്ങള്‍ ഇയ്യിടെ നെറ്റിലൂടെ ഒഴുകി നടക്കുന്നുണ്ട് എന്ന് ആരോ പറഞ്ഞത് അയാള്‍ അന്നേരം ഓര്‍ത്തു .
അയാള്‍ ഭാര്യയോടു സ്വകാര്യം പറഞ്ഞു :
'ആ ചെക്കന്മാരെ സൂക്ഷിക്കണം . അവരുടെ ഇരിപ്പും ഭാവവും കയ്യിലിരുപ്പും അത്ര ശരിയല്ല .. '
അവള്‍ അല്പം പുച്ഛം കലര്‍ന്ന ഭാഷയില്‍ അയാളോട് പറഞ്ഞു :
'നിങ്ങള്ക്ക് വെറുതെ ഓരോന്ന് തോന്നുന്നതാ , അങ്ങനെ സംശയിക്കാന്‍ തുടങ്ങിയാല്‍ നമുക്ക് ജീവിക്കാന്‍ പറ്റുമോ? എങ്ങോട്ടെങ്കിലും പോകാന്‍ പറ്റുമോ? നിങ്ങള്‍ ഓരോന്ന് ആലോചിച്ചു ഈ യാത്രയുടെ രസം കളയാതിരുന്നാല്‍ മതി ...'
അയാള്‍ അവളുടെ മുമ്പില്‍ വീണ്ടും ചെറുതായി .
മക്കളും ഭാര്യയും യാത്ര നന്നായി ആസ്വദിക്കുകയാണ് .
ഇപ്പോള്‍ ട്രെയിന്‍ കുതിച്ചു പായുന്നത് അയാളുടെ മനസ്സിലൂടെയാണ് . തുരങ്കങ്ങളും പാലങ്ങളും വയലുകളും കുന്നുകളും മേടുകളുമൊക്കെ കടന്ന് , അകം നിറയെ കനലെരിഞ്ഞ് , തീതുപ്പി , കുതിച്ച് ,
വല്ലാതെ കിതച്ച്‌ ..!!
▬▬▬▬▬▬▬
കഥ : പാളങ്ങള്‍
ഉസ്മാൻ ഇരിങ്ങാട്ടിരി

അനോസ്മിയ നല്ല 'സുഖ'മുള്ള അസുഖം ...


അനോസ്മിയ നല്ല 'സുഖ'മുള്ള അസുഖം ...
ഈ ലോകത്ത് വരാവുന്നതിൽ വെച്ച് ഏറ്റവും സുഖമുള്ള അസുഖം ഏതാന്നറിയോ ആ കുഴങ്ങേണ്ട ഞാൻ തന്നെ പറഞ്ഞു തരാം.അത് അനോസ്മിയ ആണ്.പേടിക്കണ്ട ഏതോ ഇംഗ്ലീഷ് നോവലിലെ സിൻഡ്രേല്ലയെ പോലെ സുന്ദരിയായ രാജകുമാരിയുടെ പേരല്ല പറഞ്ഞത് . ഒരു തുറന്നു പറച്ചിലിന് ഒരുമ്പെടുകയാണെങ്കിൽ ഇതൊരു തരം വൈകല്യമാണ് . കഴിഞ്ഞ രണ്ടു വർഷമായി ഈ വൈകല്യത്തിന് റിസർവേഷൻ കിട്ടാൻ വല്ല വകുപ്പും ഉണ്ടോന്ന് തപ്പി നടക്കുവാണ് ഈ ഉള്ളവൾ .ആ മറന്നു ഇത് സുഖമുള്ള അസുഖമാണെന്ന് ഞാൻ പറഞ്ഞപ്പോ പൊടിപ്പും തൊങ്ങലും ചേർത്ത് പറഞ്ഞതാണോന്ന് സംശയം ഉണ്ടല്ലേ.എന്നാ സംശയിക്കണ്ട .ഞാൻ പറഞ്ഞത് സത്യാ .ഒന്ന് ചിന്തിച്ച നോക്കിക്കേ .ഈ ഭൂമിലെ സകലമാന ദുർഗന്ധങ്ങളെയും നമ്മുടെ മൂക്ക് ഫിൽറ്റർ ചെയ്ത കളയണ ഒരവസ്ഥ .ഇത് എന്റെ പോസിറ്റീവ് വേർഷനാട്ടോ .വേറൊരു ചെറിയ കുഴപ്പം കൂടെയുണ്ട് .ഇത് പിടിച്ചാൽ പിന്നെ സുഗന്ധങ്ങളോടും ഗുഡ്‌ ബൈ പറയേണ്ടി വരും.ഡോ ചുരുക്കി പറഞ്ഞാൽ മൂക്കിന്റെ അടപ്പൂരും, ആപ്പീസു പൂട്ടുമെന്നൊക്കെ ശുദ്ധ മലയാളത്തിൽ വ്യാഖ്യാനിക്കാം .എന്തൊക്കെയായാലും ഇത് കാരണം എനിക്ക് താങ്ങാനാവാത്ത ചില വിശേഷണങ്ങൾ കിട്ടുകയുണ്ടായി. കടുത്ത സാമൂഹ്യ പ്രവർത്തക , മാനുഷിക പരിഗണനയുള്ളവൾ ,കറ കളഞ്ഞ മനുഷ്യ സ്‌നേഹി ,ഗാന്ധിയുടെ തറവാട്ടിൽ പിറന്നവൻ.ഇതൊക്കെ അവയിൽ പെടും.ഞാനതങ് വൃത്തിയായി ആസ്വദിക്കുകേം ചെയ്തു.മണം അടിച്ചു പോയത് കൊണ്ട് പരിസര ശുചീകരണം,രോഗി പരിചരണം,എന്തിനു പൊതു ശൗചാലയം പോലും വേണമെങ്കിൽ അറപ്പില്ലാതെ വൃത്തിയാക്കാമെന്നായി. ഇത്രയും കാലം റെയിൽവേ സ്റ്റേഷനുകളിലും പഞ്ചായത്ത് ബസ് സ്റ്റാൻഡിലെ ശ്ശൗചാലയത്തിനത്തിലും എന്തിനു ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ടോയ്‌ലെറ്റിന്റെ പടി വാതിലോളം ചെന്ന് അകലത്തെ വഴിയാകെ മിഴി പാകി തിരിച്ചു പോരുന്ന ഞാൻ അന്ന് മുതൽ കൂളായി എവിടെയും കയറി ചെല്ലാൻ തുടങ്ങി.എന്തൊക്കെയായാലും നാട്ടുകാരും വീട്ടുകാരും ഉൾപ്പെടെയുള്ള പൊതു ജനം എന്റെ ഈ വൈകല്യത്തിനെ മുഖവിലയ്ക്ക് എടുത്തില്ലെന്ന് മാത്രമല്ല എന്നിൽ അന്തർക്ഷോഭമുളവാക്കും വിധം ഒരുതരം നിസ്സംഗത കാട്ടുക കൂടി ചെയ്തപ്പോ ഞാൻ സ്വന്തം മൂക്ക് ഒരു വേള മുറിച്ച കളഞ്ഞാലോ എന്ന് കൂടി ചിന്തിച്ചു പോയി . ഇനി ഇതിന്റെ കരയിപ്പിക്കുന്ന വേർഷൻ കൂടെ പറയട്ടെ.കാലത്തേ ചൂട് കാപ്പിയുടെ നവോന്മേഷം പകരുന്ന മണം മുതൽ തൊടിയിൽ പുഞ്ചിരിച്ചു നിന്ന ജമന്തിപ്പൂവിന് പോലും എന്നെ പ്രലോഭിപ്പിക്കാൻ പറ്റിയില്ല.എന്ത് കൊണ്ട് ജമന്തി..വല്ല പനിനീർപ്പൂവും ആവാമായിരുന്നില്ലേ എന്നാവും .ആവർത്തന വിരസത വേണ്ടാന്ന് ഈ കവി അങ്ങ്ചിന്തിച്ചു..അത്രേ ഉള്ളൂ ..മണ മില്ലാത്ത കൊണ്ട് രുചിയും തുച്ഛമായിരുന്നു.അമ്മയൊക്കെ പണ്ട് ഭക്ഷണം കഴിച്ചിരുന്ന പോലെ ആച്ചുമ്മയുടെ കറിയുടെ മണം പിടിച്ച ചോറുണ്ണാൻ എനിക്ക് കഴിയില്ലെന്ന് പറയണ്ടതില്ലല്ലോ ..മണത്തിന്റെ ആ സംസ്കാരം എനിക്ക് അന്യവൽക്കരിക്കപ്പെട്ടൂന്ന് പോലും ഈ കവി ഭയന്നതിൽ എങ്ങനെ കുറ്റപ്പെടുത്താൻ കഴിയും .അതേടോ മണത്തിനു ഒരു സംസ്കാരമുണ്ട്.വർഷങ്ങളുടെ പാരമ്പര്യമുണ്ട്.നമ്മുടെ നാടിനും വീടിനും അമ്മയുടെ വിയർപ്പിനും 'അമ്മ വിളമ്പിയിരുന്ന റേഷനരിചോറിനും ചെറിയ കന്നി മാങ്ങാ ഉപ്പിലിട്ടതിനും എന്തിനു തൊടിയിലെ പശു ഇട്ട ചാണകത്തിനും അതിന്റെതായ സുഗന്ധമുണ്ട്.അതാണെനിക്ക് നഷ്ടപ്പെട്ടത്.അമ്മയുടെ മണം അത് ഉള്ള ജീവൻ നില നിൽക്കുന്നിടത്തോളം നഷ്ടപ്പെടുന്നത് ചിന്തിക്കാൻ കൂടെ വയ്യ .എന്റെ നാട്ടു നന്മയ്ക്കും കൂട്ടുകാരുടെ കളിക്കുറുമ്പിനും ഓണപ്പൂക്കളത്തിനും എന്റെ മലയാള നാടിനും അതിന്റെതായ ചാരുതയുണ്ട്.മണമുണ്ട്.പണ്ട് വള്ളി ട്രൗസറിട്ട കൂട്ടുകാരന്റെ കൂടെ ഊർന്നു വീഴണ കുട്ടിപ്പാവാടയും മടക്കി കുത്തി ചൂണ്ടയിട്ട് മീൻ പിടിക്കാൻ പോയത്..ഏതോ കവി പറഞ്ഞത് പോലെ ഓര്മകള്ക്കെന്ത് സുഗന്ധം...എൻ ആത്മാവിന് നഷ്ട സുഗന്ധം..മണത്തിനെ കുറിച്ച പ്രതിപാദിക്കുമ്പോൾ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു കഥയാണ് മാധവിക്കുട്ടിയുടെ പക്ഷിയുടെ മണം .പക്വതയെത്താത്ത പ്രായത്തിൽ വായിച്ചു തീർത്ത ആ കഥ ആ കാലം മുതൽക്കേ എനിക്കൊരു സുഗന്ധമുള്ള അനുഭൂതിയാണ് പകർന്നത്.കഥയിലെ നായികയ്ക്കു അനുഭവപ്പെട്ട പോലെ നിർവചിക്കാനാവാത്ത ഒരു അനുഭൂതി.എന്റെ നഷ്ടബോധത്തിനു ആക്കം കൂട്ടാന് ഉപോൽബലകമായ കാര്യങ്ങൾ വേറെയും ഉണ്ട്.അതാണ് സ്വന്തം ആർത്തവ രക്തത്തിന്റെ മണം .എനിക്ക് മാത്രം അവകാശപ്പെട്ട മണം .എന്നിലെ വരും മാതൃത്വത്തിനെ പുളകം കൊള്ളിക്കുന്ന എന്റെ പിഞ്ചോമനയുടെ മുലപ്പാൽ കിനിയുന്ന ഇളം ചുണ്ടിന്റെ മണം .ഗൂഗിളിൽ സെർച് ചെയ്തപ്പോൾ എന്തോ ഭയങ്കരമായ പ്രശ്നമെന്ന് പേടിച്ച ഡോക്ടറിനെ കാണാനോടിയ ഒരു 24 കാരി എല്ലാവര്ക്കും സുപരിചിതയാണ്.പണ്ട് തളത്തിൽ ദിനേശന്മാർ മാസികയിലെ ഡോക്ടർ പറഞ്ഞതനുസരിച് ജീവിച്ചു.ഇന്നത്തെ യുവത്വത്തിനെ ഗൂഗിൾ നയിക്കുന്നു.മൂക്കിൽ സൗന്ദര്യത്തിനു മേമ്പൊടി ചേർക്കാൻ കുത്തിയ ഒറ്റക്കൽ മൂക്കുത്തിയെ എന്റെ മണ കുറവിന് പഴി ചാരിയ എന്റെ അമ്മേ ഭയക്കേണ്ട 'അമ്മ തിരി കൊളുത്തി തന്ന എന്റെ മനസ്സിന്റെ കെടാവിളക്കിലെ എണ്ണയ്ക് അന്നും ഇന്നും നിറം ..ഒരേ മണം ..ഒരേ തെളിച്ചം

Divya

#എന്റെഓപ്പോൾ ഭാഗം - 5

ഭാഗം - 5
"എന്റെ ഓപ്പോൾ" എന്നുരുവിട്ട് കൊണ്ട് ജെറോം ഒന്നും മനസ്സിലാകാതെ മിഥുനെ തുറിച്ച് നോക്കി.
"അതേടാ, എന്റെ എല്ലാമായ ഓപ്പോൾ മരിച്ചതെങ്ങനെയെന്നറിയണം"
മിഥുൻ വികാരഭരിതനായി ഓപ്പോളിന്റെ നഷ്ടബോധം പൂർണ്ണമായും ആ വാക്കുകളിലുൾക്കൊള്ളിച്ച് പറഞ്ഞു.
"മിഥുൻ , വർഷമെത്രയായി എന്ന് വിചാരിച്ചാ നീ പറയുന്നത്?" ഇനിയിപ്പോ പോലീസ് കേസൊക്കെ ഉണ്ടാവുകയെന്ന് വച്ചാൽ, പ്രായോഗികമായി നടക്കുമോ? അത് മാത്രമല്ല, ഒരു പോലീസും ഇതേറ്റെടുക്കുമെന്നെനിക്ക് തോന്നുന്നില്ല. ഒന്നാമത്തെ കാരണം പഴക്കം. രണ്ടാമത്തത് ഒരു ദുരൂഹതയോ മറ്റോ ഒരാളും മന്ത്രിച്ച് പോലുമില്ല" ജെറോം നിർവികാരത പൂണ്ട് പറഞ്ഞു.
ജെറോം, നീ പറയുന്നതെനിക്ക് മനസ്സിലാവും. ഞാനൊരു ഇന്റലിജൻസ് ഓഫീസറാണ്. എന്നാൽ ഈ കേസ് അന്യോഷിക്കുന്നത് പൊലീസല്ല. പ്രശസ്ത കുറ്റാന്യോഷണ എഴുത്തുകാരൻ ജെറോം സെബാസ്റ്യാനാണ്.
വാട്ട് ? വാട്ട് ദ ഹെൽ ആർ യു ടോക്കിങ് എബൌട്ട് ?
അതെ ജെറോം , 'എന്റെ ഓപ്പോൾ; എന്ന കഥ നീയെഴുതുന്നു. നിന്റെ കൂർമ്മ ബുദ്ധിയും , എഴുത്തിലെ അന്യോഷണ വൈഭവവും ചേർത്ത് ആദ്യമായി നീയൊരു പ്രായോഗിക അന്യോഷണത്തിലൂടെ ഒരു നോവലെഴുതുന്നു...
....ആ നോവലിൽ എന്റെ ഓപ്പോളിന്റെ ശരിയായ മരണ കാരണം കണ്ടെത്തി നീ നോവൽ അവസാനിപ്പിക്കുന്നു. ഇവിടെ ഞാനും നീയും മാത്രം. നിന്റെ അടുത്ത നോവലാണെന്നു കരുതി നീ ചെയ്‌താൽ മതി. നിനക്കിതിന് പറ്റും ജെറോം. നിനക്കെ ഇനി പറ്റൂ.
"മിഥുൻ, ഞാൻ എഴുതിയ കഥകളൊക്കെ , എന്റെ യാത്രയിലും എന്റെ ബുദ്ധികൊണ്ടും ഭാവന കൊണ്ടും എഴുതിയതാണ്. ഒരു കഥ പോലും യഥാർത്ഥ കഥയുടെ പിന്നാമ്പുറം തേടി പോയെഴുതിയിട്ടില്ല.
കഥയെഴുതുന്ന പോലല്ല യഥാർത്ഥ കേസന്യോഷണം. ഇതെനിക്ക് ചെയ്യുവാൻ പറ്റുമോ എന്നറിയില്ല മിഥുൻ , എങ്കിലും നിന്റെ ഓപ്പോളിന് വേണ്ടി ഞാനിത് ശ്രമിക്കാം. എന്നാൽ അവസാനം എന്താവുമെന്നെനിക്കറിയില്ല. നീയെന്നെ മനസ്സിലാക്കുമല്ലോ"
മിഥുൻ മെല്ലെ എഴുന്നേറ്റു ജെറോമിന്റെ അടുത്തേക്ക് ചെന്നവന്റെ തോളത്ത് കൈ വെച്ച് പറഞ്ഞു. ജെറോം, സിബിഐ പോലും നിന്റെ എഴുത്തിന്റെ ആധികാരികതയും, കുറ്റാന്യോഷണ വൈഭവവും കണ്ട് അന്ധാളിച്ചിട്ടുണ്ടെന്ന് ഒരു സിബിഐ ഓഫീസർ നിന്നെക്കുറിച്ചെഴുതിയ ഫീച്ചറിൽ കണ്ടിട്ടുണ്ട്. തെളിയാതെ കിടന്ന ഒരു കൊലപാതക അന്യോഷണം തെളിയിക്കാൻ സഹായകരമായതെന്ന് അദ്ദേഹം വിവരിച്ചിട്ടുണ്ട്.
അതായാത് യാദ്യശ്ചികമായി ആ ഓഫീസർ നിന്റെ നോവൽ വായിച്ചില്ലായിരുന്നുവെങ്കിൽ ആ കൊലപാതകം തെളിയാതെ പോകുമായിരുന്നെന്ന്. ആ ഒരു പ്രശംസയും നിന്റെ കഴിവും പോരെടാ നിനക്കൊരു അൺഒഫീഷ്യൽ സിബിഐ ഓഫീസറാകാൻ.
ചെപ്പാറയിൽ അന്നേരം വീശിയ കാറ്റിന് ഓപ്പോളിന്റെ സ്പര്ശനമുണ്ടായിരുന്നോ എന്ന് മിഥുന് തോന്നിപോയി.
അവർ പാറയിൽ നിന്നിറങ്ങി കുണ്ടുകാട് വഴി വടക്കാഞ്ചേരിക്ക് പോയി. വടക്കാഞ്ചേരിയെത്തി മിഥുനെ ഓട്ടുപാറ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ കൊണ്ട് വിട്ട് തിരികെ പോരാൻ നേരം ജെറോം പറഞ്ഞു.
"മിഥുൻ ഞാൻ നാളെ ഇല്ലത്ത് വരുന്നുണ്ട്. എന്റെ യാത്രകളെല്ലാം ഞാൻ റദ്ദാക്കുന്നു. ഇനി 'എന്റെ ഓപ്പോൾ' കഴിഞ്ഞിട്ടേ ബാക്കി എന്തും"
അപ്പൊ നാളെ കാണാം. രണ്ട്‌ പേരും തംപ്സ് അപ്പ് കാട്ടി പിരിഞ്ഞു. ഒരു അന്യോഷണത്തിന്റെ തുടക്കം പോലെ.
ഓട്ടുപാറയിലെ ജനത സ്റ്റോറിൽ നിന്ന് എന്തൊക്കെയോ വാങ്ങി മിഥുൻ ബസ് കയറി തിരുവില്വാമലയിലേക്ക് പോയി.
.................................................
ജെറോം തിരികെ വീട്ടിൽ വന്ന് തന്റെ ആ പഴയ കവിഞ്ചിയിൽ കിടന്ന് ആലോചിക്കാൻ തുടങ്ങി.
"എന്തോന്നാ മനുഷ്യാ കിടന്നാലോചിക്കുന്നത്" ഭാര്യ ആനി മുറിയിലേക്ക് പോകുമ്പോൾ ചോദിച്ചു.
ഒന്നൂമില്ലെടി അന്നാമ്മേ.
"ഒന്നുമില്ലെന്ന് എന്നോടാണോ എന്റ്റിച്ചായാൻ പറയുന്നത് ? എനിക്കറിയാൻ മേലാത്തതല്ലല്ലോ ഇച്ചായന്റെ ഓരോ ഭാവവും"
ഒരു കാര്യമുണ്ടടി അന്നാമ്മേ, ഞാനത് കിടക്കാൻ നേരം പറയാം.
"ഉം"
ആനി മുറിയിലേക്ക് പോയി. അത്താഴമെല്ലാം കഴിഞ്ഞ്, കിടക്കാൻ നേരം ആനി ചോദിച്ചു,
"എന്നതാ പറയാന്നു പറഞ്ഞത്"?
അത്, ഇന്ന് മിഥുൻ വന്നത് ഒരു പരമപ്രധാനമായ കാര്യം പറയാനാണ്. അവന്റെ ഓപ്പോൾ മരിച്ച കാര്യം നിനക്കറിയാലൊ..!
"അത് ഞാൻ കേട്ടിട്ടുണ്ട്, ഗന്ധർവ്വ ബാധയുണ്ടായി കുളത്തിൽ പാതിരായ്ക്ക് വീണു മരിച്ച കുട്ടിയല്ലേ"
ഉം
"അതിപ്പോ കുത്തിപ്പൊക്കാൻ എന്താ ഉണ്ടായത്?"
ജെറോം മിഥുൻ പറഞ്ഞതും തന്റെ ഭാവി എഴുത്തും അന്യോഷണവും അവളോട്‌ വിവരിച്ചു.
"എന്റ്റിച്ചായാ, ഇത് വല്ലോം നടക്കുമോ ?"
നടക്കും, അന്നാമ്മേ , ഇത് നടക്കും. എന്റെ ജീവിതത്തിലെ ആദ്യത്തെ യഥാർത്ഥ കുറ്റാന്യോഷണ കഥ. അതിലുമുപരി മിഥുന്റെ ഓപ്പോളിന്റെ മരണകാരണം. അന്ധവിശ്വാസങ്ങളുടെ പിന്നിലെ കെട്ടുകഥകൾ പൊളിച്ചെഴുതണം.
ജെറോം കിടക്കയിൽ നിന്നെഴുന്നേറ്റു ഒരു പേനയും പേപ്പറും എടുത്ത് ആനിയുടെ മുന്നിൽ വെച്ച് എഴുതി
"എന്റെ ഓപ്പോൾ"
"ഒരു യഥാർത്ഥ കുറ്റാന്യോഷണ കഥ.
ഈ കാര്യം ആരോടും പറയരുതെന്ന സ്നേഹ താക്കിതോടെ ജെറോം പേപ്പർ മടക്കി വെച്ച് തിരികെ വന്ന് ഉറങ്ങി.
പിറ്റേന്ന് ജെറോം തിരുവില്വാമലയിലേക്ക് തന്റെ ബുള്ളറ്റിൽ തിരിച്ചു.
എന്റെ ഓപ്പോളിന്റെ ആമുഖം എഴുതുവാൻ ജെറോമിന്റെ മനസിലൂടെ വാക്കുകൾ മിന്നി മറിഞ്ഞു.
ജെറോം ഇപ്പോഴൊരു എഴുത്തുകാരനെക്കാൾ ഒരു കുറ്റാന്യോഷണ വിദഗ്ദനായി മനസ്സ് കൊണ്ട് മാറിക്കഴിഞ്ഞു.
തുടരും

*ബാംഗ്ലൂർ ഡേയ്സ്*

*ബാംഗ്ലൂർ ഡേയ്സ്*
*******************
ഞങ്ങൾ എഞ്ചിനീയറിങ് പഠിച്ചുകൊണ്ടിരുന്നപ്പോൾ ഐ ടി യുടെ സുവർണ കാലഘട്ടം ആയിരുന്നു. അപ്പോളൊക്കെ ആറാം സെമസ്റ്റർ ആവുമ്പോളേക്കും ജമണ്ടൻ ഐ ടി കമ്പനികൾ ഒക്കെ വന്ന് ക്യാമ്പസ് ഇന്റെർവ്യൂസ് നടത്തി കുട്ടികളെ എടുക്കും. അങ്ങനെ എടുക്കപ്പെട്ടാൽ പിന്നെ ജീവിതം രക്ഷപെട്ടന്നാണ് ഞങ്ങളുടെ ഒക്കെ വിചാരം. (പക്ഷെ ഇലക്ട്രിക്കൽ എൻജിനിയറിങ്ങ് പഠിച്ച ഞങ്ങൾ യാതൊരു ബന്ധവുമില്ലാത്ത ഐ ടി രംഗത്തേക്ക് പോയപ്പോൾ ക്യാമ്പസ് പ്ലേസ് മെന്റ് കിട്ടാത്തവർക്ക് ഇലക്ട്രിക്കൽ ഫീൽഡിൽ നിൽക്കാൻ പറ്റി. )
അതെന്തായാലും എന്നേയും എന്റെ കുറേ കൂട്ടുകാരേയും ഐ ടി ഭീമൻ വിപ്രോ വന്ന് സെലക്ട് ചെയ്തു. ഞങ്ങൾ അഞ്ചാറ് പേരുണ്ടായിരുന്നെങ്കിലും അവസാനം ഓഫർ ലെറ്റർ വന്നപ്പോൾ ഞങ്ങൾ 3 പേർക്ക് മാത്രം ജോയനിങ്ങ് ലൊക്കേഷൻ ബാഗ്ലൂർ ! ബാക്കി ഉള്ളവർക്ക് ചെന്നെയും ഹൈദരബാദും.
എന്തെങ്കിലും ആകട്ടെ രമ്യയും അഞ്ചുവും ഉണ്ടല്ലോ എന്ന സമാധാനത്തിൽ ഞാൻ പോവാൻ റെഡി ആയി. അഞ്ചു അവിടെ പി ജി യൊക്കെ വിളിച്ച് റെഡി ആക്കി. രമ്യ ഒരു ചെക് ലിസ്റ്റ് ഒക്കെ അയച്ചു തന്നു. പാക് ചെയ്യാനുള്ള സാധനങ്ങൾ.(അന്നും ഇന്നും പ്ലാനിംഗിന് രമ്യ ഒരു പുലിയാണ്. എല്ലാം ആലോചിച്ച് ചിന്തിച്ച് ചെയ്യും. എന്നെ പോലയേ അല്ല. )
അങ്ങനെ ഞാനും എന്റെ വക പ്ലാനിംഗിന്റെ ഭാഗമായി 4 പുതിയ ചുരിദാറുകൾ വാങ്ങി തയ്പിച്ചു. പെട്ടി ഒക്കെ പാക് ചെയ്ത് റെഡിമണി ആയി. 4 കൊല്ലം ഹോസ്റ്റലിൽ നിന്ന് തഴമ്പിച്ചതിനാൽ പോകാൻ പ്രത്യേകിച്ച് വിഷമം ഒന്നും തോന്നിയില്ല.
അങ്ങനെ ഞങ്ങൾ 3 പേരും ഞങ്ങളുടെ 3 പേരുടേയും അച്ഛൻമാരും അഞ്ചുവിന്റെ അമ്മയും കൂടി 2007 ഡിസംബർ 14 ന് രാത്രി ബാഗ്ലൂരിലേക്ക് തീവണ്ടി കേറി.
രാവിലെ ബാഗ്ലൂർ എത്താറായപ്പോളേക്കും തണുപ്പ് തുടങ്ങി. സ്വാഭാവികമായും ഞങ്ങളുടെ കയ്യിൽ സ്വെറ്റർ ഇല്ല! പക്ഷെ ഞാനും രമ്യയും ബുദ്ധിപരമായി ഞങ്ങളുടെ ബെഡ് ഷീറ്റെടുത്ത് പുതച്ചു നടന്നു! ഈശ്വരാ ഇപ്പൊ ആലോചിക്കുമ്പോ ആകെ നാണക്കേട് തോന്നും, ബെഡ് ഷീറ്റൊക്കെ പുതച്ച് ബാഗ്ലൂർ തെരുവീഥികളിലൂടെ രണ്ട് തരുണീമണികൾ ! അഞ്ചുവിന് അന്നും ഇന്നും തണുപ്പ് ഇഷ്ടമാ. അതുകൊണ്ട് അവൾ കൂളായി നടന്നു.
ബാഗ്ലൂരിലെ കൊച്ചു കേരളമായ മഡിവാലയിലായിരുന്നു ഞങ്ങളുടെ പി ജി. അതിന്റെടുത്ത് ഒരു ഹോട്ടലിൽ മുറികൾ എടുത്തു. സാധനങ്ങൾ വെച്ചിട്ട് ബ്രേക്ഫാസ്റ്റ് കഴിക്കാനായി തൊട്ടടുത്ത റെസ്ടോറന്റിൽ കേറി.
മെനു നോക്കിയപ്പോൾ സാധാരണ ബ്രേക്ഫാസ്റ്റ് ഐടംസ് ഒന്നും കാണുന്നില്ല. അപ്പോൾ അതാ "Masala Puri". ഓ നമ്മുടെ പൂരി മസാല ! ഗൊച്ചു ഗള്ളൻ! ഒളിച്ചിരുന്നാൽ കണ്ടു പിടിക്കില്ലെന്ന് കരുതിയോ എന്നോർത്ത് ഞങ്ങൾ അത് 4‌ പ്ലേറ്റ് ഓർഡർ ചെയ്തു. അവസാനം ഓർഡർ ചെയ്ത സാധനം വന്നപ്പോൾ എല്ലാരും സ്വാഭാവികമായി ഞെട്ടി.
പൂരി മസാലയും മസാല പുരിയും തമ്മിലുള്ള വ്യത്യാസം അറിയാത്ത നിഷ്കളങ്കരായ ഞങ്ങൾ വെയ്റ്ററോട് "ഭയ്യാ, പൂരി കഹാം ഹേ'' എന്ന് ചോദിച്ചു. പുള്ളി അതിൽ കിടക്കുന്ന നീളമുള്ള അരി പോലത്തെ സാധനം കാണിച്ചിട്ട് അതാണത്രേ പൂരി! ഈ മണ്ടൻ കൊണാപ്പിയെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും എന്നോർത്ത് ഞങ്ങൾ ആകെ വലഞ്ഞു. പിന്നെ ഭാഷ അറിയാത്തത് കൊണ്ട് മാത്രം അവനെ വെറുതെ വിട്ടു. മസാല പുരി തിന്നു വിശപ്പടക്കി.
അങ്ങനെ ബിൽ അടച്ച് പുറത്തിറങ്ങാൻ ഇരിക്കുന്ന ഞങ്ങളുടെ മുന്നിൽ ഒരോ പാത്രങ്ങളിൽ ഒരു മുറി നാരങ്ങ ഇട്ട ചൂടുവെള്ളം കൊണ്ട് വെച്ചു. ഈ കുട്ടിച്ചാത്തൻ ഓർഡർ ചെയ്യാത്ത സാധനങളും കൊണ്ട് വെച്ച് ബിൽ കൂട്ടുവാണല്ലോ എന്ന് ഞങ്ങൾ ഓർത്തു. അങ്ങനിപ്പോ നീയും നിന്റെ മൊതലാളിയും മലയാളികളെ പറ്റിച്ച് കാശുണ്ടാകേണ്ട എന്ന് പറഞ്ഞ് ആ നാരങ്ങ വെള്ളം കൈ കൊണ്ട് തൊടാതേ ഞങ്ങൾ പുറത്തിറങ്ങി. ( ആ നാരങ്ങ പിഴിഞ്ഞ് കൈ വിരലുകൾ മുക്കി വൃത്തിയാക്കാൻ ഉള്ളതാണെന്നറിയാതെ അതെടുത്ത് കുടിച്ച് നാണം കെടാഞ്ഞത് മുൻ ജന്മ സുകൃതം! അൽപം മുമ്പേ ചായ കുടിച്ചില്ലായിരുന്നെങ്കിൽ അതെടുത്ത് പിഴിഞ്ഞ് കുടിച്ചേനേ.)
പിറ്റേന്നായിരുന്നു വിപ്രോയിൽ ജോയിൻ ചേയ്യേണ്ട ദിവസം. ഇലക്ട്രോണിക് സിറ്റിയിലുള്ള ഓഫീസിൽ ആയിരുന്നു ജോയിൻ ചെയ്യേണ്ടത് . ആ വിശാലമായ ക്യാമ്പസ് കണ്ട് ഞങ്ങൾ ധൃതംഗ പുളകിതരായി! അതി മനോഹരമായി പരിപാലിച്ച ഉദ്യാനങ്ങൾ, കൃത്രിമ വെള്ളച്ചാട്ടങ്ങൾ, നല്ല ഭംഗിയുള്ള ബഹുനില കെട്ടിടങ്ങൾ, വിശാലമായ വൃത്തിയുള്ള കഫ്ടീരിയ, അടിപൊളി ചുള്ളൻ ചെക്കൻമാർ !ഞങ്ങൾ മനസ്സിൽ ഓർത്തു "ഇസ് ദുനിയാ മേം അഗർ ജന്നത്ത് ഹേ തോ ബസ് യഹീ ഹേ.. ഹോ ഹൗ...'' ബാക്കി എന്താന്ന് വെച്ചാൽ അങ്ങനെ".
എന്നാൽ ഇതിനേക്കാളൊക്കെ എന്നെ പേഴ്സണലായി ആകർഷിച്ചത് അവിടുത്തെ റെസ്റ്റ് റൂമാണ്. മനോഹരമായ നില കണ്ണാടികൾ, വെട്ടി തിളങ്ങുന്ന വാഷ് ബേസിനുകൾ, ഒരു തുള്ളി വെള്ളം പോലും താഴെ ഇല്ലാത്ത ബാത്ത് റൂമുകൾ . എന്ത് വൃത്തിയാണെന്നറിയോ, കേറിയാൽ പിന്നെ ഇറങ്ങാൻ തോന്നില്ല!
അവിടുത്തെ പാൻട്രി യെ പറ്റിയും പറയാതെ വയ്യ. ചായ, കാപ്പി ,ബദാം മിൽക്, ചോക്കലേറ്റ് മിൽക് ,ലൈം ടീ ഇതിൽ ഏത് വേണേലും ഉണ്ടാക്കി കുടിക്കാം. എല്ലാ പൗഡറുകളും അവിടെ ഇരിപ്പുണ്ടാവും. നമ്മൾ ചൂടു പാലിൽ കലക്കി കുടിച്ചാൽ മതി. (ഞാനെപ്പോളും ബദാം മിൽക്കായിരുന്നു കുടിച്ചിരുന്നേ. ഓസിനു കിട്ടുന്നത് കൊണ്ട് 3 നേരം കുടിക്കുമായിരുന്നു. അവസാനം റിസഷൻ വന്നപ്പോ ചായപ്പൊടിയും കാപ്പിപൊടിയും ഒഴിച്ച് ബാക്കി എല്ലാം മാറ്റി. എങ്ങനെ മാറ്റാണ്ടിരിക്കും അമ്മാതിരി കുടിയല്ലായിരുന്നോ എല്ലാരും !)
ആദ്യ ദിവസം ഫ്രീ ലഞ്ചായിരുന്നു. ഞങ്ങളെ കുഴപ്പിച്ച് കളഞ്ഞത് അവിടുത്തെ വാഷ്ബേസിനുകളാണ് . എല്ലാവരും കൈയ്യൊക്കെ കഴുകുന്നുണ്ട്. പക്ഷെ എന്ത് ചെയ്തിട്ടാണ് വെള്ളം വരുന്നത് എന്ന് മാത്രം മനസിലായില്ല. പൈപ്പ് മാത്രം ഉണ്ട്. തിരിക്കാനോ ഞെക്കാനോ ഒരു സാധനോം കാണുന്നില്ല! എന്ത് ചെയ്യണമെന്നറിയാതെ ഇതികർത്തവ്യാമൂഢരായി നിന്ന ഞങ്ങളോട് ദയ തോന്നി ആരോ പറഞ്ഞ് തന്നു ചുമ്മാ കൈ കാണിച്ചാൽ മതി വെള്ളം പൈപ്പിൽ നിന്നും താനേ വന്നോളും എന്നും കൈ മാറ്റുമ്പോൾ താനേ നിന്നോളും എന്നും. ശാസ്ത്രത്തിന്റെ ഒരോ പുരോഗതികളേ!
ജോയിനിങ്ങ് ഫോർമാലിറ്റീസ് കംപ്ലീറ്റ് ആക്കാൻ ഞങ്ങളെ അവിടുത്തെ ''floating learning center " ൽ കൊണ്ട് പോയി.പേര് സൂചിപ്പിക്കുന്നത് പോലെ വെള്ളത്തിൽ പൊങ്ങി കിടക്കുന്ന പോലെയുള്ള ഒരു മനോഹര കെട്ടിടം ആണത്. അവിടത്തെ ഓട്ടോമാറ്റിക് ഗ്ലാസ് ഡോർ അടഞ്ഞ് പോകുന്നേന് മുമ്പേ ഞങ്ങൾ സാഹസികമായി ഓടി പാഞ്ഞ് ഒരാളുടെ പുറകെ നുഴഞ്ഞു അകത്ത് കയറി. ഹൊ രക്ഷപെട്ടു എന്നാശ്വസിച്ചു. അത് ഓട്ടോമാറ്റിക് ആയി തുറന്നോളും എന്നും പരാക്രമം കാട്ടി ഓടി പായണ്ട എന്നൊന്നും അന്ന് ഞങ്ങൾക്കറിയില്ലായിരുന്നു! പാവങ്ങൾ.
അവിടെ വെച്ച് ഒരു നൂറായിരം ഫോംസ് ഫിൽ ചെയ്യാൻ തന്നു. "Spouse name" എന്നാൽ സഹോദരങ്ങളുടെ പേരാണോ എന്നൊക്കെ ഉള്ള സംശയം എന്നെ അലട്ടി. ഇംഗ്ലീഷ് പുലി അഞ്ചു ഉള്ളത് കൊണ്ട് മാത്രം ഞാൻ Spouse name "ലക്ഷ്മി" എന്നെഴുതിയില്ല!
പിന്നെ സർവീസിലിരുന്ന് തട്ടി പോയാൽ കിട്ടുന്ന 25 ലക്ഷം 33.33% വീതം അച്ഛനും അമ്മക്കും ലക്ഷ്മിക്കും തുല്യമായി വീതിച്ചു. ലക്ഷ്മിക്കതൊരു സർപ്രൈസ് ആയിരിക്കും എന്നോർത്തപ്പോൾ പിന്നേം രോമാഞ്ചം വന്നു.
അങ്ങനെ ഫോം ഒക്കെ ഫിൽ ചെയ്ത് കഴിഞ്ഞ് ഞങ്ങളെ ഏതൊക്കെ ടെക്നോളജിയിലേക്കാ ഇടുന്നേ എന്ന് അനൗൺസ് ചെയ്തു. ഞാൻ SAP, രമ്യ Oracle, അഞ്ചു JDe . അങ്ങനെ മൂന്നു പേരും മൂന്ന് വഴിയായി!
പിന്നെയുള്ള ഏതാനും മാസങ്ങൾ ഞാൻ ശരിക്കും ബാഗ്ലൂർ വെറുത്തിട്ടുണ്ട്. വായിൽ കൊള്ളാത്ത സ്ഥലപേരുകൾ, അറിയാത്ത ഭാഷ ('' കന്നഡ ഗൊത്തില്ല" പറഞ്ഞ് പറഞ്ഞ് മടുത്തു.) പിന്നെ ഇംഗ്ലീഷ് ! ഇംഗ്ലീഷിൽ പറയാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളായിരിക്കില്ല പറഞ്ഞു വരുമ്പോൾ പുറത്തേക്ക് വരുന്നേ. പാവം രമ്യ ഉറക്കത്തിൽ പോലും ഇംഗ്ലീഷ് പറയുമായിരുന്നു.
ആയിടെ ആയിരുന്നു ഏതോ മനേജർ രമ്യയോടും അവളുടെ ബാച്ചിലെ രേഷ്മയോടും '' Are you rookies ( freshers)?" എന്ന് ചോദിച്ചതും ഇവർ '' No we are keralites" എന്ന് അഭിമാന പുരസരം മറുപടി പറഞ്ഞതും. റൂക്കി ഏതോ സ്ഥലപ്പേരാന്ന് ആ പാവങ്ങൾ വിചാരിച്ചു. അവരെ കുറ്റം പറയാൻ പറ്റില്ല . ഈ ഇന്ത്യാ മഹാരാജ്യത്ത് പേരറിയാത്ത എത്രയെത്ര സ്ഥലങ്ങൾ ഉണ്ട്. റൂക്കി അതിലൊന്നായി കൂടെന്നില്ലല്ലോ.
പിന്നെ ബൊമ്മനഹള്ളിയിലെ പൊടി. അതൊക്കെ ശ്വസിച്ച്‌ എപ്പോളും ചുമയും പനിയും ആയിരുന്നു എനിക്ക്. ട്രെയിനിംഗ് ടൈം ലീവ് എടുക്കാൻ പറ്റാത്തോണ്ട് പനി കുറയാൻ ഇൻജക്ഷൻ ഒക്കെ വെച്ചാ ഓഫീസിൽ പോകുന്നേ.
അതിന്റെടക്ക് ഒരു കുന്തവും മനസിലാവാത്ത ട്രെയിനിംഗ്‌! പിന്നെ അതു കഴിഞ്ഞുള്ള ഉണക്ക എക്സാം . അത് 100ൽ 70 കിട്ടി പാസ് ആയില്ലേൽ ജോലി പോകും. ഓഫീസ് വിട്ടു വന്ന് എപ്പോളും കരച്ചിലാണ്. ആ സമയത്തൊക്കെ കല്ലട ബസിൽ തെങ്ങിന്റെ പടം കാണുമ്പോളേക്കും കണ്ണ് നിറയും. നാടും വീടും മിസ് ചെയ്യും."തിരികെ ഞാൻ വരുമെന്ന " പാട്ട് പശ്ചാത്തലത്തിൽ മുഴങ്ങുന്ന പോലെയൊക്കെ തോന്നും.
പതിയെ പതിയെ കാര്യങ്ങൾ മാറി. എനിക്ക് ട്രെയിനിങ്ങിൽ കൂട്ടുകാരെ കിട്ടി. ആശയും കാരോലിനും. കമ്പയിൻ സ്റ്റഡി നടത്തി എക്സാം ഒക്കെ ആദ്യ അറ്റംപ്റ്റ് തന്നെ പാസായി .ഡിങ്ക ഡിങ്ക ! ( 3 അറ്റംപ്റ്റ് മൊത്തം എടുക്കാം.പക്ഷെ ആദ്യം പാസായില്ലെങ്കിൽ ടെൻഷൻ അടിച്ച് മരിക്കും. )
പിന്നെ ഞങ്ങൾ പിജിയിൽ നിന്നും മാറി വീടെടുത്ത് താമസം തുടങ്ങി. അങ്ങനെ പയ്യെ പയ്യെ ഞാനും ബാഗ്ലൂരിനെ സ്നേഹിച്ച് തുടങ്ങി. അവിടുത്തെ ചെറിയ തണുപ്പിനെ, അപ്രതീക്ഷിതമായി വരുന്ന മഴയെ, അവിടുത്തെ സ്വാതന്ത്ര്യത്തെ, ഉത്തരവാദിതത്തെ, കല്ലട ബസിലും ഐരാവതിലും രാജഹംസയിലുമുള്ള നാട്ടിലേക്കുള്ള യാത്രകളെ, അവിടുത്തെ തട്ടുകടകളിൽ നിന്നും കിട്ടുന്ന ഫുഡിനെ . അങ്ങനെ ഞാൻ ആദ്യം വെറുത്ത് കൊണ്ട് പിന്നെ ഹൃദയത്തിൽ ചേർത്ത് വെച്ച നാടാണ് എനിക്ക് ഒറ്റക്ക് യാത്ര ചെയ്യാനും, ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനുമൊക്കെ ആത്മവിശ്വാസം തന്നത്. പ്രിയപ്പെട്ട ബാഗ്ലൂർ മറക്കില്ലൊരിക്കലും!

Deepthi

കൊളോളത്തെ സൽമാൻ ഖാന്റെ ഇൻബോസ്ക്

Image may contain: 1 person, beard and closeup

ഫേസ്ബുക്ക് എഴുത്ത് ഗ്രൂപ്പുകളിൽ സജീവമായിത്തുടങ്ങിയത് രണ്ടുമൂന്ന് വർഷങ്ങൾക്ക് മുൻപാണ്‌.
വായനയും, അഭിപ്രായം പറയലുമല്ലാതെ എഴുത്തിന്റെ അസുഖം അന്ന് തുടങ്ങീട്ടിലായിരുന്നു.
മിക്കവരുടെയും എഴുത്തുകൾക്ക് അരപ്പേജിൽ കുറയാത്ത കമന്റ് നൽകുന്നയാളായതിനാൽ ചില എഴുത്തുകാരുടെയൊക്കെ കണ്ണിലുണ്ണിയാരുന്നു ഈ ഞാൻ എന്നും പറയാം.
പലരും ഇൻബോക്സിൽ വന്ന് ഗ്ലൂക്കോസും ബോൺവീറ്റയും തന്ന് എന്റെ കമന്റ് തൊഴിലിന് ഊർജം പകരാറുമുണ്ട്.
പത്താം ക്ലാസ് മൂന്നാംവട്ടം എഴുതി പാസായ എനിക്ക് സാധാരണ മലയാളം അറിയാം എന്നല്ലാതെ കടുകട്ടി വാക്കുകൾ പറയാനും എഴുതാനും ഇന്നത്തെപ്പോലെ അന്നും അറിയില്ലായിരുന്നു. അതുകൊണ്ട് തന്നെ കവിതകൾക്ക് അഭിപ്രായം പറയൽ വളരേ വിരളം.
അങ്ങനെ ഒരു ദിവസം വൈകുന്നേരം കർമ്മനിരതനായി കമന്റു ബോക്സുകളിൽ വിരാജിക്കുമ്പോഴാണ് ''ക്ണിം'' എന്ന ശബ്ദത്തിൽ ഇൻബോക്സ് വാതിലിൽ ആരോ വന്നു മുട്ടിയത്.
ആളെക്കണ്ട് ഞാനൊന്ന് ഞെട്ടി. ഗ്രൂപ്പുകളിൽ കവിതകൊണ്ട് അമ്മാനമാടുന്ന വ്യക്തിയാണ്. മുടിയും താടിയും നീട്ടി വളർത്തി, ഒരു കിലോമീറ്റർ ദൂരെ നിന്ന് കണ്ടാൽ പോലും മനസിലാവും ആളൊരു കവിയാണെന്ന്.
ഇദ്ദേഹം സ്വന്തം പേരിൽ രണ്ടുമൂന്ന് പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുള്ളത് അറിയാം.
ഇങ്ങേരെന്തിനാ ഈയുള്ളവന്റെ ഇൻബോക്സിലേക്ക് വന്നതെന്ന് ചിന്തിച്ചു മെസ്സേജ് ഓപ്പൺ ചെയ്തു.
- 'ആനന്ദ് സുഖമല്ലേ'
- 'അതേ സാർ. നന്നായിരിക്കുന്നു.'
ഒരുപക്ഷേ അങ്ങേരുടെ കവിതകൾക്ക് ഞാൻ അഭിപ്രായിക്കാത്തതിലുള്ള പരിഭവമാണോ ഈ ആഗമനത്തിന് കാരണമെന്ന് സംശയിച്ചെങ്കിലും, നാട്ടുകാര്യങ്ങളും ഫേസ്ബുക്കിനെപ്പറ്റിയുമുള്ള ചില കാര്യങ്ങളും മാത്രമായി ആ സംസാരം അവസാനിച്ചു.
പിന്നീടുള്ള ദിവസങ്ങളിൽ സ്ഥിരമായി ഇൻബോക്സിൽ വരുന്ന അദ്ദേഹം പതിവ് പരുക്കൻ സ്വഭാവം മാറ്റി അല്പം ലോലനായി.
അങ്ങേരുടെ ചില അളിഞ്ഞ തമാശകൾ കേട്ട് ഞാൻ സ്വയം ഇക്കിളിപ്പെടുത്തി ചിരിക്കാൻ തുടങ്ങി. പിണക്കരുതല്ലോ, പ്രമുഖനല്ലേ..
സുക്കറണ്ണൻ തന്ന സ്മൈലിക്കുട്ടികളിലെ അട്ടഹസിക്കുന്ന വട്ടമുഖങ്ങൾ (😝) അങ്ങേരുടെ മുന്നിൽ ഞാൻ വാരിവിതറി.
ഓവർടൈം ഉള്ള ദിവസമായതിനാൽ അന്ന് രാത്രി വൈകിയാണ് റൂമിലെത്തിയത്. ഒരു വിധത്തിൽ കുളിയും, തീറ്റയും കഴിഞ്ഞ് ഫേസ്ബുക്കും തുറന്ന് ഉറങ്ങാൻ കിടന്നപ്പോൾ അതാ വരുന്നു ആശാന്റെ മെസേജ്.
- 'ഉറങ്ങാറായില്ലേ കള്ളാ, രാത്രി ആരോടാണാണ് ചാറ്റിങ്ങ്..?'
ചോദ്യം കേട്ട് ചൊറിഞ്ഞു വന്നെങ്കിലും, ഒരു പ്രമുഖനെ വെറുപ്പിക്കുന്നത് ബുദ്ധിയല്ലാ എന്നുള്ളത് കൊണ്ട് സുക്കറണ്ണന്റെ ഒറ്റക്കണ്ണടിച്ചു നിൽക്കുന്ന സ്മൈലിക്കുട്ടനെ (😜) അങ്ങേർക്കു പറത്തി വിട്ടു.
- 'ആനന്ദ് കിടന്നിട്ടാണോ ഉള്ളത് ഇപ്പോ'
'അല്ലടോ, നട്ടപ്പാതിരക്കു ഞാൻ തലേം കുത്തി നിക്കുവാ'
എന്ന് മറുപടി പറയാൻ മനസ് വന്നെങ്കിലും ഒരു കവി ശാപം വാങ്ങി തലയിൽ വെക്കണ്ട കരുതി സംയമനം പാലിച്ച് ''കിടന്നു'' എന്ന് മറുപടി പറഞ്ഞു..
- 'ഒരു ഫോട്ടോ അയക്ക് കുട്ടാ, ഒന്നു കാണട്ടെ ഞാൻ..'
ശെടാ, ഇങ്ങേരിതെന്താ ഒരുമാതിരി പെണ്ണുങ്ങളോട് സംസാരിക്കുന്നത് പോലെ.?
എന്ത് പണ്ടാരമെങ്കിലും ആവട്ടെ. ഒരു ഫോട്ടോ കൊടുത്തെന്നു വച്ച് എന്താവാനാ എന്ന് കരുതി കട്ടിലിൽ എഴുന്നേറ്റിരുന്നു ഇല്ലാത്ത നിഷ്കളങ്കത മുഖത്തു വരുത്തി 'ഈഈ' എന്നിളിച്ചു പിടിച്ച് ഒരു സെൽഫി അയച്ചുകൊടുത്തു.
- 'നല്ല സുന്ദരകുട്ടനാണ് കേട്ടോ..'
അതിപ്പോ ഇങ്ങേര് പറഞ്ഞിട്ട് വേണോ അറിയാൻ. നാട്ടുകാർക്കൊക്കെ അറിയണ കാര്യല്ലേ... ല്ലേ..?
- 'ഞാനൊരു ഫോട്ടോ അയക്കാം. നോക്കീട്ട് എങ്ങനുണ്ട് എന്ന് പറയണേ ചക്കരേ'
എന്നു പറഞ്ഞു തീർന്നതും ദാ വരുന്നു അങ്ങേരുടെ അരക്ക് താഴോട്ടുള്ള ഭാഗത്തിന്റെ വിജൃംഭിച്ച ഒരു ഫോട്ടോ..!!
ഫോട്ടോ കണ്ട് ഒരു നിമിഷമൊന്നു പതറിപ്പോയെങ്കിലും, പറശ്ശിനി മുത്തപ്പനെയും, കൊടുങ്ങല്ലൂരമ്മയെയും മനസ്സിൽ ധ്യാനിച്ച്‌ ആ കവി പുങ്കവന്റെ നെഞ്ചത്തേക്ക് എനിക്കറിയാവുന്ന 'സംസ്കൃതം' മുഴുവൻ ചൊരിഞ്ഞു. എന്നിട്ടും കലിപ്പ് മാറാതെ അങ്ങേരുടെ പ്രൊഫൈൽ ഫോട്ടോ സൂം ചെയ്ത്, ഫോണിന്റെ ഡിസ്പ്ലേയിൽ രണ്ടുമൂന്നുവട്ടം കാർക്കിച്ചു തുപ്പുവേം ചെയ്ത്.
അതും കഴിഞ് അപ്പൊത്തന്നെ ഡാറ്റയും ഓഫാക്കി ഞാൻ കിടന്നെങ്കിലും, പിറ്റേന്ന് രാവിലെയാകുമ്പോഴേ ക്കും എന്റെ ഇൻബോക്‌സ്, അങ്ങേരുടെ ഏറ്റുപറച്ചിലും മാപ്പ് പറച്ചിലും കൊണ്ട് നിറഞ്ഞിരുന്നു.
കരച്ചിലും പിഴിച്ചലും കണ്ട്, ആരോടും പറയില്ല എന്ന് ഞാൻ വാക്ക് കൊടുത്തപ്പൊഴാണ് അങ്ങേര് കളം വിട്ടു പോയത്.
ബഹുമാനപ്പെട്ട സ്ത്രീ ജനങ്ങളോട് പറയാനുള്ളത്,
പച്ച ലൈറ്റും കത്തിച്ചിരിക്കുമ്പോ നിങ്ങളെപ്പോലെ തന്നെ നമുക്കും ഇമ്മാതിരി പല ചോദ്യങ്ങളും, കുൽസിത പ്രവൃത്തികളും നേരിടേണ്ടി വരാറുണ്ട്.
സ്ത്രീകൾക്ക് പുരുഷന്മാരിൽ നിന്നു മാത്രമല്ല, പുരുഷന്മാർക്ക് സ്ത്രീകളിൽ നിന്നും, പുരുഷന്മാർക്ക് പുരുഷന്മാരിൽ നിന്നും ഇതുപോലുള്ള തിക്താനുഭവങ്ങൾ ഉണ്ടാവാറുണ്ട്.
ഒരു മാറ്റമെന്താണെന്നു വച്ചാൽ നമ്മൾ ആണുങ്ങൾ അതൊക്കെ നേരിട്ടങ്ങനെ തീർക്കണതല്ലാതെ നിങ്ങളിൽ ചിലരെപ്പോലെ സ്ക്രീൻഷോട്ടുകളാക്കി ഫേസ്ബുക് മാർക്കറ്റിൽ വിറ്റഴിക്കാറില്ല.
ഇനിയിപ്പോ വിൽക്കാൻ വച്ചാൽ തന്നെ അതൊന്നും ആർക്കും വേണ്ട താനും.
അല്ലേലും നമ്മൾ ആണുങ്ങൾക്ക് ചോയ്ക്കാനും പറയാനും ആരൂല്ലല്ലോ..
പിന്നെ ഒരു കാര്യത്തിൽ നിങ്ങളെ സമ്മതിച്ചേ പറ്റൂ..
ഒരിക്കൽ കണ്ടപ്പോളേക്കും ആണായ ഞാൻ തന്നെ വെറുത്തുപോയ പല സീനുകളും,
ചറപറാ വരുമ്പോളും ഇങ്ങള് സഹിക്കുന്നുന്നതിൽ.. 😜😜
- ആനന്ദ് കൊളോളം -

#അവൻ


ഫോൺ തുടർച്ചയായി റിംഗ് ചെയ്തപ്പോഴാണ് അയാൾ ഫയലിൽ നിന്നു തലയുയർത്തി നോക്കിയത്
"യെസ് "
അയാൾ ഫോൺ അറ്റൻഡ് ചെയ്തു
"സാർ ഒരു വിസിറ്ററുണ്ട് "
മറുവശത്ത് നിന്ന് പെൺ സ്വരം മൊഴിഞ്ഞു
"വരാൻ പറയൂ"
അയാൾ ഫോൺ കട്ട് ചെയ്ത് ഒന്നു നിവർന്നിരുന്നു
"അലൻ മാത്യൂ ജേക്കബ് " എന്നെഴുതിയ നെയിം ബോർഡ് നോക്കി ഒരു നിമിഷം നിന്നു
എന്നിട്ട് അവൻ ഡോർ തുറന്ന് അകത്തേക്ക് കയറി
അലൻ അവനെ ഒന്നു നോക്കി കട്ടിയുള്ള കണ്ണട ധരിച്ച വെളുത്തു മെലിഞ്ഞ 22 വയസ് തോന്നുന്ന ഒരു ചെറുപ്പക്കാരൻ അവന്റെ കണ്ണുകൾ നിഗൂഡതകൾ ഒളിപ്പിക്കുന്നതു പോലെയായിരുന്നു
"ഗുഡ് മോർണിങ് ഇരിക്കൂ"
അലൻ പറഞ്ഞു
"ഗുഡ് മോർണിങ് "
അവൻ തിരിച്ചു വിഷ് ചെയ്തു കൊണ്ട് ഇരുന്നു
" തന്റെ ശരിക്കുള്ള പേര് എനിക്കറിയില്ല മോനൂട്ടൻ എന്നല്ലേ വിളിക്കുന്നത് "
അലൻ ചോദിച്ചു
"അതെ താങ്കൾക്കെങ്ങനെ മനസിലായി "
" കഴിഞ്ഞ രണ്ടര വർഷമായി ദിവസവും എന്നെ തേടി വരുന്ന വോയിസ് മെസേജിലെ ശബ്ദത്തിന്റെ ഉടമയെ മനസിലാക്കാൻ ഒരു ഗുഡ് മോർണിംഗ് ധാരാളമാണ് ''
അലൻ പറഞ്ഞതു കേട്ട് അവൻ ചെറുതായി ചിരിച്ചു
"നിന്റെ ശരിക്കുള്ള പേര്?"
അലൽ ചോദിച്ചു
" എബി "
അവൻ പറഞ്ഞു
" ഒരു നിമിഷം "
എന്നു പറഞ്ഞ് അലൻ ഫോണെടുത്തു ഡയൽ ചെയ്തു
''റേബ ഇന്നത്തെ അപ്പോയിൻമെന്റല്ലാം കാൻസൽ ചെയ്യൂ ഞാൻ വീട്ടിലേക്കു പോകുകയാണ് "
അയാൾ ഫോൺ കട്ട് ചെയ്ത ശേഷം അവനെയും കൂട്ടി പുറത്തേക്കിറങ്ങി
" എബി വണ്ടിയിലാണോ വന്നത് "
"അല്ല ബസിലാ ഇങ്ങോട്ട് വരാൻ വേണ്ടി ബൈക്കില് കയറിയപ്പോ നെഞ്ചത്തൊരു പെട പെടപ്പു പോലെ "
എബി പറഞ്ഞു
അലന്റെ കാറിൽ എ.സിയുടെ തണുപ്പിൽ അവൻ ചിന്തകളെ കൂട്ടുപിടിച്ചിരുന്നു
" എബി സൈലൻറാണോ എപ്പോഴും തന്റെ മെസേജിൽ അങ്ങനെ തോന്നിയില്ല"
അലൻ പറഞ്ഞു എബി വെറുതെ ചിരിച്ചു
" താനെന്നെ കാണാൻ വന്നിരുന്നെങ്കിലെന്ന് ഒരു പാട് ആഗ്രഹിച്ചിരുന്നു"
അലൻ പറഞ്ഞു
" ശല്യമാകുമെന്ന് കരുതി അതാണ്...... ഞാൻ സൈലന്റാണോന്ന് ചോദിച്ചില്ലേ. മൂന്നു വർഷം മുൻപ് വരെ കളിയും ചിരിയുമായി ആരെയും കൂസാതെ തോന്നിയപോലെ ജീവിച്ച ഒരു എബിയുണ്ടായിരുന്നു എന്റെ ചേട്ടായി പോയതോടെ പഴയ ഞാൻ ശരിക്കും മാറി. ജീവിച്ചിരുന്നപ്പോൾ ഞാനും ചേട്ടായിയും ഒരു മണിക്കൂർ തികച്ച് സ്നേഹത്തോടെ സംസാരിച്ചിട്ടില്ല അടിയായിരുന്നു എപ്പോഴും പക്ഷേ പുറത്തുന്നൊരാൾ എന്നെ വഴക്ക് പറയാൻ ചേട്ടായി അനുവദിക്കില്ലായിരുന്നു. അവൻ മരിച്ചതിനു ശേഷം ശരിക്കും ഞാൻ മനസിലാക്കുകയായിരുന്നു ഞാനും അവനും തമ്മിൽ എത്രത്തോളം ആഴമുള്ള ബന്ധമായിരുന്നു എന്നു അടി വക്കുന്നതെല്ലാം സ്നേഹക്കൂടുതലായിരുന്നെന്ന് "
എബി സംസാരിക്കുന്നത് കേട്ട് നിശബ്ദമായി ഡ്രൈവ് ചെയ്തു
" ചേട്ടായിയുട്ടെ ബോഡി ഞാൻ കണ്ടില്ല അടക്കം ചെയ്യാൻ കൊണ്ടു പോയപ്പോൾ പോലും ഞാൻ പോയില്ല കാരണം അവന്റെ ചിരിച്ചു നിൽക്കുന്ന ഒരു മുഖം എന്റെ മനസിലുണ്ട് അതു മായുമോ എന്ന് പേടിയായിരുന്നു പിന്നീടുള്ള കുറേ നാളുകൾ ഭ്രാന്തിന്റെ വക്കിലായിരുന്നു ഞാൻ ഒരാറേഴു മാസം. ശരിക്കും പറഞ്ഞാൽ മരിച്ച ചേട്ടായിയെ ഓർത്തു കരഞ്ഞതിനെക്കാൾ ജീവിച്ചിരിക്കുന്ന എനിക്കു വേണ്ടി അമ്മയും പപ്പയും കരയേണ്ടി വന്നിട്ടുണ്ട്. മുഴുവനായും ഭ്രാന്ത് പിടിക്കും എന്ന ഘട്ടത്തിലാണ് അലന്റെ നമ്പർ കണ്ടു പിടിച്ചതും വോയ്സ് മെസേജ് അയക്കാൻ തുടങ്ങിയതും "
അവൻ പറഞ്ഞു കാർ ഒരു വലിയ ഇരുനില വീട്ടിലേക്ക് കയറി അലന്റെ അമ്മ പുറത്തേക്കു വന്നു
"അമ്മേ ഇതാണ് മോനൂട്ടൻ"
അലൻ എബിയെ ചൂണ്ടി പറഞ്ഞു
അവർ ചിര പരിചിതനായ ഒരാളെപ്പോലെ അവനെ അകത്തേക്കു കൂട്ടിക്കൊണ്ടു പോയി
"അമ്മക്കെങ്ങനെ എന്നെയറിയാം"
എബി അലനോടു ചോദിച്ചു
"നിന്റെ മെസേജുകൾ കേൾക്കുന്നത് അമ്മയും കൂടെയായിരുന്നു നിന്റെ വീട്ടിലെ ഓരോ വിശേഷങ്ങളും നിന്റെ വിഷമങ്ങളും സന്തോഷങ്ങളും എന്തിന് വീട്ടിലെ ചലനങ്ങൾ പോലും നീയെന്നോട് പറയാറില്ലേ ഇപ്പോ നീ ഈ കുടുംബത്തിലെ ഒരാളെപ്പോലെയാണ് ഒരു ദിവസം നിന്റെ ശബ്ദം കേൾക്കാൻ വൈകിയാൽ എന്നോടൊപ്പം വേവലാതിപ്പെടുന്നത് അമ്മയും പപ്പയുമാണ് നിന്നെ സ്നേഹിക്കാൻ ഒരു കുടുംബം കൂടി ഉണ്ടെന്ന് കൂട്ടിക്കോ "
അലൻ പറഞ്ഞു
എബിയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു
" ഞാൻ വിളിച്ചിട്ടിന്നു വരെ നീ ഫോണെടുത്തിട്ടില്ല നിന്നെ കണ്ടെത്താൻ ശ്രമിച്ചപ്പോൾ ഒഴിഞ്ഞു മാറി എന്നിട്ടെന്തേ ഇപ്പോ "
അവൻ ചോദിച്ചു
" ഇനി അയക്കരുതെന്ന് പറയാൻ ആകുമെന്ന് പേടിയായിരുന്നു എനിക്ക് ആ മെസേജുകൾ ചേട്ടായിയോടുള്ള ഒരു കമ്യൂണികേഷൻ പോലായിരുന്നു "
"സത്യം പറഞ്ഞാൽ ആദ്യം എനിക്ക് പേടിയായിരുന്നു നിങ്ങളുടെ ശാപം കിട്ടുമോന്ന് ഒന്നുമല്ലെങ്കിൽ ഒരു ജീവനല്ലേ ........ പിന്നെ പിന്നെ നിന്റെ മെസേജ് കണ്ടില്ലെങ്കിൽ ആധിയായിരുന്നു "
" ഇന്ന് ചേട്ടായിയുടെ മൂന്നാം ഓർമ ദിവസമാണ് "
എബി പറഞ്ഞു
"എന്റെ പുനർജന്മത്തിന്റെയും "
അലൻ അതു പറയുമ്പോൾ രണ്ടു പേരുടെയും ഓർമകൾ മൂന്നു വർഷം പിന്നോട്ട് പാഞ്ഞു
ബൈക്ക് ആക്സിഡന്റിൽ തലയിടിച്ചു വീണ് ബ്രയിൻ ഡെത്തായ എമിൽ എന്ന 27കാരന്റെ ഓർമകളിലേക്ക്
ചെറുപ്പം തൊട്ട് പിൻതുടർന്ന് വന്ന അസുഖം മൂലം മറ്റൊരാളുടെ ഹൃദയം കാത്തു ഐസിയു വിൽ കിടന്ന അലനിലേക്ക്
മകൻ മറ്റൊരാളിലൂടെ ജീവിക്കണം എന്ന എമിലിന്റെയും എബിയുടെയും പപ്പയുടെ വാശിയിലേക്ക്
" അന്നു നിങ്ങൾ എമിലിന്റെഹൃദയം ദാനം ചെയ്യാൻ തീരുമാനിച്ചില്ല എങ്കിൽ ഇന്നു ഞാനുണ്ടാകില്ല"
അലൻ ഒരു വലിയ പുസ്തകമെടുത്ത് മേശപ്പുറത്ത് അതിൻ നിറയെ മൂന്നു വർഷങ്ങൾക്കു മുൻപ് നടന്ന അപകടത്തിന്റെയും അവയവദാനത്തിന്റെയും പത്രത്തിൽ വന്ന വാർത്തകളും ചിത്രങ്ങളുമായിരുന്നു
" എബി നീയെനിക്കെന്റെ സഹോദരൻ തന്നെയാണ് എമിലിനെപ്പോലെയല്ലെങ്കിലും "
അലൻ പറഞ്ഞതു കേട്ട് പുസ്തകത്തിൽ നോക്കിക്കൊണ്ടിരുന്ന എബി അവന്റെ കയ്യെടുത്ത് അലന്റെ നെഞ്ചിന്റെ ഇടതു ഭാഗത്ത് വച്ചു
അവന്റെ ഹൃദയം കൂടുതൽ വേഗത്തിൽ മിടിക്കുന്നുണ്ടായിരുന്നു
"ചേട്ടായീ"
എബി നെഞ്ചു പൊട്ടുന്ന പോലെ വിളിച്ചു
"നിങ്ങളെന്റ തൊട്ടടുത്തുള്ള പോലെ തോന്നുകാ. ഞാനിപ്പോ നല്ല കുട്ടിയാണ് ഉഴപ്പൊന്നും ഇല്ലട്ടോ ചേട്ടായി പറഞ്ഞ പോലൊക്കെ ഞാൻ നടക്കുന്നുണ്ട്. പിന്നെ നമ്മുടെ വാവേടെ കല്യാണാണ് പതിനഞ്ചിന് ഞാൻ നേരത്തെ പറയാതിരുന്നതാ ചേട്ടായിക്ക് സർപ്രൈ സ് തരാൻ....... എങ്കിലും അവളെ അനുഗ്രഹിക്കാൻ ചേട്ടായി ഇല്ലാതെ പോയല്ലോ"
അവൻ പൊട്ടിക്കരഞ്ഞു
"ചേട്ടായിയുടെ സ്ഥാനത്ത് അലൻ വരുമോ "
അവൻ അലനെ നോക്കി ചോദിച്ചു അലൻ എബിയെ നെഞ്ചോട് ചേർത്തു നിർത്തി
അവന്റെ ഹൃദയം പറയുന്നുണ്ടായിരുന്നു
" എന്റെ മോനൂട്ടനിനി കരയരുതെന്ന് "
… ആതിര

കഥ: ഭാഗം 1: സാനിയ എന്ന യുവതി

കഥ: ഭാഗം 1: സാനിയ എന്ന യുവതി : ഡിഗ്രി അവസാന വർഷ പരീക്ഷക്ക് തൊട്ട് മുൻപാണ് സാനിയയുടെ വിവാഹം ഉറപ്പിച്ചത്. അവളെ നാട്ടുനടപ്പനുസരിച്ച് വിവാഹം ചെയ്തയക്കാനുള്ള സാമ്പത്തിക ശേഷി അവളുടെ വാപ്പക്കുണ്ടായിരുന്നില്ല. പെണ്ണിനെ കാണുന്നതിന് മുൻപ് തന്നെ പൊന്നിന്റെയും പണത്തിന്റെയും കണക്ക് ചോദിക്കും. അതോടെ ഒട്ടുമിക്കവരും വിവാലോചനയിൽ നിന്ന് പിൻമാറും. അങ്ങനെയിരിക്കുമ്പോഴാണ് കാണാൻ അത്യാവശ്യം സൗന്ദര്യമുള്ള ഒരു ചെറുപ്പക്കാരൻ വന്ന് അവളെ കണ്ടിഷ്ടപ്പെടുന്നത്. അവന്റെ വീട്ടിലും സാമ്പത്തിക സ്ഥിതി മോശം. ചെറുക്കൻ ചുമട്ട് തൊഴിലാളി. അവന്റെ വീട് ഒരു വ്യവസായ മേഖലക്കടുത്തായതിനാൽ ചുമട്ടുതൊഴിലാളിയാണെങ്കിലും നല്ല വരുമാനം. അങ്ങനെ അവളുടെ പിതാവ് ആ വിവാഹം ഉറപ്പിച്ചു. അവൾക്ക് പഠിച്ച് PSC ടെസ്റ്റ് എഴുതാനും ജോലി നേടാനുമൊന്നൊക്കെ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും , നിത്യവൃത്തിക്ക് കഷ്ടപ്പെടുന്ന പിതാവിനെ ഓർത്തപ്പോൾ വിവാഹത്തിന് സമ്മതിച്ചു. പരീക്ഷാക്കാലമായതിനാൽ വരാനിരിക്കുന്ന വിവാഹത്തിന്റെ രസം ആസ്വദിക്കാനൊന്നും അവൾക്കായില്ല. കുന്നോളം പഠിക്കാനുണ്ടായിരുന്നു. സാധാരണ പെൺകുട്ടികൾ ഈ സമയത്ത് ഭാവിവരനുമായി ഫോണിലൂടെ സംസാരിച്ച് സ്വപ്നങ്ങൾ പങ്ക് വച്ച് രസിക്കും. എന്നാലവൾ രാത്രി ഉറങ്ങാതിരിക്കാൻ കാൽപാദങ്ങൾ പാത്രത്തിലെ വെള്ളത്തിൽ മുക്കി വച്ച് പരീക്ഷക്കായി പഠിച്ചു. പരീക്ഷ കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞ് വിവാഹം നടന്നു. വിവാഹരാത്രി അവൾ , താൻ പരീക്ഷ നന്നായി എഴുതിയെന്നും നല്ല നിലയിൽ ജയിക്കാൻ സാധ്യതയുണ്ടെന്നും, ഭാവിയിൽ ജോലിക്ക് ശ്രമിക്കാനും ജോലിക്ക് പോകാനുമൊക്കെ അനുവദിക്കണമെന്നും വരനോട് പറഞ്ഞു. അവൻ സമ്മതിച്ചു. ആദ്യരാത്രിയല്ലേ, അവളുടെ ഏതെങ്കിലും ആഗ്രഹത്തിന് അവൻ എതിരുപറയുമോ? അവൻ അവൾക്ക് എല്ലാ പിന്തുണയും പ്രഖ്യാപിച്ചു. അങ്ങനെ നല്ല രീതിയിൽ മധുവിധു കാലം കഴിഞ്ഞുപോയി. റിസൾട്ട് വന്നപ്പോൾ അവൾക്ക് നല്ല മാർക്കുണ്ടായിരിന്നു. അവൾ ജോലികൾക്കപേക്ഷിച്ചു. ടെസ്റ്റുകൾ എഴുതാനായി കാത്തിരുന്നു. അപ്പോഴേക്കും അവളുടെ വയറ്റിൽ മറ്റൊരു ജീവൻ പിച്ചവെച്ചു. അങ്ങനെ പ്രസവവും കുട്ടിയെ നോക്കലുമെല്ലാമായി രണ്ട് മൂന്ന് വർഷങ്ങൾ കടന്നു പോയി.. ഇതിനിടയിൽ ഭർത്താവിന്റെ തനിനിറം പുറത്തു വന്നു. ജോലിക്ക് ടെസ്റ്റെഴുതാൻ പോലും അനുവദിക്കാതെ അവൻ അവളെ അടിച്ചമർത്തി. വീട്ടുജോലി ചെയ്യാനും കുട്ടികളെ നോക്കാനുമാണത്രെ അവൻ വിവാഹം ചെയ്തത്. SSLC തോറ്റ അവന്റെ അപകർഷതാബോധം മുഴുവൻ പുറത്തുവന്നു. ഭാര്യക്ക് തന്നേക്കാൾ വിദ്യാഭ്യാസം കൂടിയതിൽ അവന് അമർഷം. അവൾ തനിക്ക് താഴെ തന്നെ എന്ന് തന്നെയും മറ്റുള്ളവരെയും ബോധ്യപ്പെടുത്താനുള്ള ത്വര. അതിന് വേണ്ടി അവളെ അവൻ അടിച്ചമർത്തി. ഒരിക്കൽ അവളുടെ പിതാവ് വന്നപ്പോൾ അവൻ അയാളെ ആട്ടിയിറക്കി. പിന്നീടൊരിക്കൽ സന്ദർശിക്കാനെത്തിയ ഭാര്യാപിതാവിനെ വീട്ടിലും റോഡിലുമിട്ട് മർദ്ദിച്ചു!! തന്റെ ഭാര്യയെ ജോലിക്ക് പോകാൻ പ്രേരിപ്പിക്കുന്നത് അയാളാണത്രേ! അവളെ ജോലിക്ക് പോയി അഴിഞ്ഞാടാൻ പ്രേരിപ്പിക്കുന്നത് അമ്മാച്ഛനാണത്രെ! അങ്ങനെ അവൾക്ക് ആശ്വാസമായിരുന്ന പിതാവിന്റെ സന്ദർശനവും നിലച്ചു. ഭർത്താവിന്റെ വീടിന്റെ ചെറിയ കുടുസ്സായ മുറികൾക്കുള്ളിൽ അടുക്കളയിൽ നിന്നുള്ള പുകശ്വസിച്ച് അവൾ കഴിഞ്ഞ് കൂടി. അടുക്കളയിൽ പാചകഗ്യാസ് ഉപയോഗിക്കാൻ പോലും ഭർതൃമാതാവ് അനുവദിച്ചില്ല. അതൊക്കെ അധികച്ചിലവാണത്രേ!. കറുത്തുമെലിഞ്ഞ് വിരൂപയായ ആ അമ്മായിയമ്മ നാട്ടിലുള്ള പറമ്പിലെല്ലാം ചുറ്റിക്കറങ്ങി വിറക് ശേഖരിച്ച് കൊണ്ട് വരും. കറുത്ത കന്നുകാലിയുടെത് പോലുള്ള ചുണ്ടുകളുള്ള ആ അമ്മായിഅമ്മയുടെ കുത്തുവാക്കുകൾ കേട്ട് അവളുടെ ഹൃദയം വെന്ത് നീറി കൊണ്ടിരുന്നു. (തുടരും)

Kadarsha

തീറാധാരം

തീറാധാരം
ഞങ്ങള്‍ വിശ്വാസികളാണ്.
താലികെട്ടിയവന്‍ ഭര്‍ത്താവെന്നും
താലിയണിഞ്ഞവള്‍ ഭാര്യയെന്നും
വേഷ്ടിയും ചന്ദനക്കുറിയും പ്രൗഢസ്ത്രീകളുടെ അടയാളമെന്നും
ചൊവ്വാദോഷമുള്ള പെണ്ണുങ്ങള്‍ കെട്ടുമുടങ്ങി കെട്ടിക്കിടക്കുമെന്നും
ആണ്‍കുട്ടികള്‍ ക്രിക്കറ്റുകളിക്കുമെന്നും
തറവാട്ടുമുറ്റത്തെ മുല്ലത്തറയില്‍ കാരണവന്മാരും
പാലച്ചോട്ടില്‍ നാഗത്തന്മാരും വാഴുന്നുവെന്നും
അമ്പലത്തിലെ ദെെവമല്ല പള്ളിയിലെ ദെെവമെന്നും
തനിക്കു രക്ഷ തന്റെ ദെെവം മാത്രമാണെന്നും ,
പ്രപഞ്ചോത്ഭവത്തിനുമെത്രയോ മുന്‍പ് ഹിമാലയത്തില്‍
മനുഷ്യരുണ്ടായിരുന്നുവെന്നും
ഭാരതത്തിലില്ലാത്തതൊന്നുമില്ലെന്നും
ആദിയില്‍ ഒന്നുമില്ലായിരുന്നുവെന്നും
മരിച്ചവര്‍ ജനിച്ചുമരിച്ച് കാലചക്രം തിരിയിന്നുവെന്നും
കവിതയ്ക്ക് ഛന്ദസ്സും ദേവതയും ഉണ്ടെന്നും
കഥകളി കാണാത്തവര്‍ കഥയില്ലാത്തവരാണെന്നും
നമ്മള്‍ തെരഞ്ഞെടുത്തവരാണ് രാജ്യം ഭരിക്കുന്നതെന്നും
പണം എണ്ണേണ്ടത് ആവശ്യമില്ലാത്ത ഡിജിറ്റല്‍ ലോകത്തില്‍
ദാരിദ്ര്യം ഉണ്ടാവില്ലെന്നും
സാധുക്കളെ അസാധുവാക്കാന്‍ ഒരു പ്രഖ്യാപനം പോരുമെന്നും
മനുഷ്യനു കഴിയാത്തത് സന്യാസിമൗലവിമാര്‍ പരിഹരിക്കുമെന്നും
വിലക്കിഴിവ് ശരിക്കും വിലക്കിഴിവാണെന്നും
ലോകം വലിയൊരു വിപണിയാണെന്നും
സ്റ്റോക്ക് എക്സ്ച്യ്ഞ്ചുകള്‍ അതിന്റെ ഹൃദയത്തുടിപ്പാണെന്നും
ഭക്ഷ്യധാന്യങ്ങള്‍ എലി തിന്നാലും
എലക്ട്രോണിക്ക് എക്സ്ചേയ്ഞ്ചുകള്‍ നിലനില്‍ക്കുമെന്നും
വെളുത്തവരെല്ലാം ഭരിക്കാന്‍ പിറന്നവരെന്നും
കറുത്തവരെല്ലാം കീഴാളരെന്നും
ജന്മത്തില്‍നിന്നാണ് ജാതിയുണ്ടാവുന്നതെന്നും
സംവരണം രാജ്യത്തിനപകടമാണെന്നും
ഈശ്വരന്‍ സംസ്കൃതത്തിലും, ഡോളര്‍ ഇംഗ്ലീഷിലും സംസാരിക്കുന്നവെന്നും
പിച്ചക്കാരെല്ലാം രാത്രിയില്‍ കക്കാനുള്ള
ഇടം അയാളപ്പെടുത്തുന്നവരെന്നും
തെരുവിലുറങ്ങുന്ന പെണ്ണുകളെല്ലാം പുലയാടിച്ചികളാണെന്നും
അന്യസംസ്ഥാനത്തൊഴിലാളികള്‍ ബലാല്‍സംഗക്കാരെന്നും
യുദ്ധത്തിലൂടെയാണ് സമാധാനം സംസ്ഥാപിക്കപ്പെടുന്നതെന്നും
ധര്‍മ്മസംസ്ഥാനത്തിനായി യുദ്ധങ്ങള്‍ അവതരിക്കുമെന്നും
അടുത്ത യുദ്ധത്തിനുള്ള സമാധാനക്കരാറ് ഉടന്‍ ഒപ്പുവെയ്ക്കുമെന്നും
യുദ്ധത്തിന്റെ ഗീത മനഃശാന്തിക്കുത്തമമെന്നും
വിശ്വാസം അതല്ലേ എല്ലാമെന്നും
ഞങ്ങള്‍
വി ശ്വ സി ക്കു ന്നു.
എല്ലാം കണ്ട് മുകളിലിരുന്നു ചിരിക്കുന്ന ബഹുലോകകുത്തകദെെവം
ആയുധങ്ങള്‍ മൂര്‍ച്ചകൂട്ടുന്നു.
ഭീകരര്‍ക്കു ചോറു കൊടുക്കുന്നു.
ഹിമാലയം ഇടിച്ചു നിരപ്പാക്കി,
മഹാസമുദ്രം മണ്ണിട്ടു നികത്തി,
അതിരില്ലാ ഗോളത്തില്‍ വിമാനം പറത്തി കളിക്കുന്നു;
പടിഞ്ഞാറുനിന്ന് കിഴക്കോട്ടും
വടക്കുനിന്നു തെക്കോട്ടും
വിഷവാതക്കുഴലുകള്‍ കുഴിച്ചിടുന്നു.
വിവരസാങ്കേതിക-വിവരാധിഷ്ഠിത ആഗോളത്തില്‍
വിവരത്തില്‍ വിശ്വസിച്ച വിവരദേോഷികള്‍
തങ്ങളുടെ വിരലടയാളം പതിച്ച ആധാരം
തീറെഴുതി പതിച്ചു കൊടുക്കുന്നു.
' വിശ്വസ്തതയോടെ ,'എന്ന് ആണയിടുന്നു.

paduthol

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo