Showing posts with label Ottathuruthu. Show all posts
Showing posts with label Ottathuruthu. Show all posts

#ഒറ്റത്തുരുത്ത്(തുടർക്കഥ) ഏഴാം ഭാഗം


#8_അനിവാര്യതയുടെ_തിരുത്ത്
-------------------------------------------
കിഷനെ മുറിയിലേക്കു മാറ്റിയതിന്റെ പിറ്റേന്ന് ഉച്ച തിരിഞ്ഞ് അത്യാവശ്യമുള്ള വസ്ത്രങ്ങളെടുക്കാനായി ജാൻവി വീട്ടിലെത്തി. ഒരായിരം ചോദ്യങ്ങളുമായി നാട് അവളെ ചുറ്റിപ്പറ്റി നിന്നു.
'മാഷ്ക്കെങ്ങനീണ്ട്?'
'കാലു മുറിച്ചൂലെ...കഷ്ടം;നല്ലൊരു ചെറുപ്പക്കാരൻ...പറയാമ്മാത്രം സ്വന്തക്കാരൂല്ലാണ്ട്....എനീപ്പം,അല്ലാ മോള് ഇപ്പം കൂടെത്തന്ന്യാല്ലേ...?'
'രണ്ടാളൂടെ ചാകാൻ പോയതാന്നോ കൊല്ലാൻ തള്ളീട്ടപ്പോ കാലു തെറ്റി വീണതാന്നോ എന്തൊക്ക്യാ കേക്കണ് കുട്ട്യേ...'
അവൾക്ക് അസഹ്യത തോന്നി.
ഒരു മനുഷ്യന്റെ ദുർവിധി എന്തിനിങ്ങനെ ആഘോഷിക്കുന്നു...
നമ്മളെക്കൊണ്ട് ഒന്നും ചെയ്യാനാവില്ലെങ്കിൽ വെറുതേ വിട്ടുകൂടേ...
മൗനം കൊണ്ടെങ്കിലും മര്യാദ കാണിച്ചൂടെ?
അവൾക്കാരോടും ഒന്നും പറയാനുണ്ടായിരുന്നില്ല.
അവളുടെ മുഖത്തെ കല്ലിപ്പു കണ്ടാവണം പതിയെ ഓരോരുത്തരായി പിൻവാങ്ങി.
എന്നിട്ടും ചിലർ അടുക്കളയിലെത്തി കുശുകുശുക്കുന്നത് കേട്ടു.
'കുട്ടിയെ എന്താ ഇങ്ങനെ അഴിച്ചു വിട്ടിരിക്കണെ ഭവാന്യേച്ച്യേ...കാലില്ലാണ്ട് കെടക്കണോനെ നോക്കി ജീവിതം കഴിക്കാനാണോ ഭാവം'.
അമ്മയുടെ തല കുനിഞ്ഞിരുന്നു.വന്നിട്ടിത്ര നേരമായിട്ടും ഒരു വാക്ക് ഉരിയാടുകയുണ്ടായില്ല അമ്മ.
മുഖത്തു നോക്കാതെയാണ് ഭക്ഷണമെടുത്തു തന്നതു പോലും.
സ്വന്തം വീട് പെട്ടെന്നപരിചിതമായിപ്പോയതു പോലെ അവൾക്കു തോന്നി.
ചുമരുകളും ജനലുകളും പോലും നിശ്ശബ്ദമായ ഒരു കുറ്റപ്പെടുത്തലോടെ തന്നെ നോക്കുന്നുണ്ട്.
പക്ഷേ ജാൻവിക്ക് പോകാതെ വയ്യ.കിഷനിൽ നിന്നു ദൂരെയായിരിക്കുന്ന ഓരോ നിമിഷവും അവളുടെ മനസ്സിലെ ഭയാശങ്ക കൂടിക്കൂടി വന്നു.
"ഒന്നു കൊന്നു തര്വോ"
എന്ന ചോദ്യം കാതുകളിൽ ഭീകരമായ മുഴക്കത്തോടെ ആവർത്തിക്കപ്പെട്ടുകൊണ്ടിരുന്നു.
അവളുടെ കണ്ണുകൾക്കു ചുറ്റും കറുത്ത അടരുകളായി ഉറക്കക്കുറവിന്റെ ക്ഷീണം തെളിഞ്ഞു നിന്നു.
തിടുക്കപ്പട്ടു കുളിച്ചു തയ്യാറായി അവൾ അത്യാവശ്യം വേണ്ട വസ്ത്രങ്ങൾ ബാഗിലേക്കടുക്കി.കുഞ്ഞിനെ തനിച്ചാക്കിപ്പോന്ന അമ്മയുടേതെന്ന പോലെ വേപഥു പൂണ്ട ചലനങ്ങളായിരുന്നു അവളുടേത്.
എല്ലാമൊരുക്കി ബാഗ് ചുമലിലേക്കിട്ടു തിരിഞ്ഞപ്പോഴാണ്
വാതിൽക്കൽ തന്റെ ചലനങ്ങൾ നോക്കിനിൽക്കുന്ന അച്ഛനെ അവൾ കണ്ടത്.
ഒരു നിമിഷം ജാൻവിയുടെ കാലുകൾ ഭൂമിയിൽ തറഞ്ഞു.
എന്തു പറയണമെന്നറിയാതെ അവളച്ഛനെ നോക്കി.
കാലങ്ങളായുള്ള മൗനം അവർക്കിടയിൽ ചെറുതല്ലാത്ത അകലം സൃഷ്ടിച്ചിരുന്നു.
എന്നും വിരുദ്ധധ്രുവങ്ങളിലായിരുന്നല്ലോ അവരുടെ ചിന്തകൾ.
അന്തരീക്ഷത്തിൽ കനം പിടിച്ച മൗനത്തിൽ ഒരു കടലിരമ്പത്തിനു കാതോർത്ത് ജാൻവി മുഖം കുനിച്ചു നിന്നു.
മുഖവുരയെന്നോണം അച്ഛനൊന്നു മുരടനക്കി.അവൾ മുഖമുയർത്തി.മുഖത്തിനു നേരെ നീട്ടിയ കൈയിൽ ഒരു ചെറിയ സ്വർണ്ണനൂല്....അതിന്റെ അറ്റത്ത് ഒരു താലി കൊരുത്തിട്ടിരുന്നു.
'പോകരുതെന്നു പറഞ്ഞാലും നീയനുസരിക്കില്ല.ഇത്രയെങ്കിലും
പറയാതിരിക്കാൻ മനസ്സു സമ്മതിക്കുന്നില്ല.അച്ഛനായിപ്പോയില്ലേ...
അച്ഛനുമമ്മയും ജീവനോടെയുണ്ട് എന്നോർമ്മയുണ്ടെങ്കിൽ ഇത്രയെങ്കിലും ചെയ്യുക'
ജാൻവി സ്തബ്ധയായി നിന്നു...കാണെക്കാണെ അവളുടെ മുഖത്ത് എന്തോ തീരുമാനിച്ചുറച്ച പോലൊരു കാഠിന്യം ദൃശ്യമായി.
കൈ നീട്ടി അവളാ താലി വാങ്ങി.
'പാതിവഴിയിലിറങ്ങിപ്പോകേണ്ടി വന്നാലും മറ്റൊരാൾക്ക് ഭംഗിയായി ഏറ്റെടുത്തു നിർവഹിക്കാവുന്ന കടമകളേ ഒരു വ്യക്തിയുടെ മനുഷ്യായുസ്സിൽ നേരിടേണ്ടി വരാറുള്ളു .
ഒരാൾ മറ്റൊരാളുടെ ജീവിതത്തിലെ അനിവാര്യതയായിത്തീരുന്ന സന്ദർഭങ്ങൾ അപൂർവ്വമാണ്.അനുഗ്രഹിച്ചില്ലെങ്കിലും അച്ഛൻ ശപിക്കരുത്.'
വാതിൽ കടന്നപ്പോഴാണ് അച്ഛനു പുറകിലൊതുങ്ങിനിൽക്കുന്ന അമ്മയെ അവൾ കണ്ടത്.അമ്മയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
ഒന്നും മിണ്ടാതെ അവൾക്കു നേരെ ഭക്ഷണപ്പൊതി നീട്ടി അമ്മ.
അതു വാങ്ങി തിരിഞ്ഞു നോക്കാതെയിറങ്ങുമ്പോൾ ജാൻവിയുടെ കണ്ണിലൊരു പെരുമഴക്കാലം പെയ്യാതെ നിന്നിരുന്നു.
ജനലിനോടു ചേർത്തിട്ട കട്ടിലിൽ ആകാശത്തേക്കു കണ്ണു നട്ടിരിക്കുകയായിരുന്നു കിഷൻ.
അവളുടെ സാന്നിധ്യമറിഞ്ഞപ്പോൾ തിരിഞ്ഞു നോക്കി മൃദുവായൊന്നു ചിരിച്ചു.ആദ്യത്തെ ഷോക്കിൽ നിന്ന് ഇതിനകം മുക്തനായിക്കഴിഞ്ഞിരുന്നു അയാൾ.
'വൈകിയപ്പോ ഇനി വരുന്നുണ്ടാവില്ല എന്നു കരുതി.ക്ഷീണം കാണൂലോ തനിക്ക്'
'ആശ്വാസത്തോടെ ചിരിച്ചുകൊണ്ട് അവളയാളുടെ അരികിലേക്കിരുന്നു.പിന്നെ താലിമാല അയാൾക്കു നേരെ നീട്ടി.
കൗതുകത്തോടെ അതു വാങ്ങിയിട്ട് കിഷൻ അവളെ നോക്കി.
'നിന്റെ കൂടെ നിൽക്കാൻ ഉപാധികളോ ഉടമ്പടികളോ എനിക്കാവശ്യമില്ല കിഷൻ.
പക്ഷേ ഈ മാല കഴുത്തിലിടുന്നത് ആർക്കെങ്കിലും ആശ്വാസമാകുമെങ്കിൽ അത് ധരിക്കാൻ എനിക്കു മടിയുമില്ല.ഇതു നീ എന്റെ കഴുത്തിലൊന്നിട്ടു തരണം'
കിഷന്റെ കണ്ണുകളിലെ നടുക്കം പ്രകടമായിരുന്നു.
'ജാൻവി',
എന്തോ പറയാനാഞ്ഞ കിഷനെ അവൾ തടഞ്ഞു.
'ഞാൻ തീരുമാനിച്ചതാണ് കിഷൻ'
പതിയെ മുന്നോട്ടാഞ്ഞ് ആ മാല അവളുടെ കഴുത്തിലിട്ടു അയാൾ.ജാൻവിക്ക് ഒരു തീരുമാനമേ ഉള്ളുവെന്ന് മറ്റാരെക്കാളും നന്നായി അയാൾക്ക് അറിയാമായിരുന്നു.
പുറത്തപ്പോൾ സന്ധ്യയുടെ നെറ്റിയിലൊരു നുള്ളു സിന്ദൂരം വാരിയിട്ട് യാത്ര ചോദിക്കാനൊരുങ്ങുകയായിരുന്നു സൂര്യൻ.
(അവസാനിച്ചു)
ഇതുവരെയും എനിക്കു കൂട്ടുവന്ന ഓരോരുത്തരോടും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുകയാണ്.
ഇടക്കെപ്പോഴോ വല്ലാത്തൊരു മടുപ്പ് കീഴടക്കിയിരുന്നു.എഴുതിത്തീർത്തേ പറ്റൂ എന്നു പറഞ്ഞു കൂടെ നിന്ന കൂട്ടുകാരോട് നിറഞ്ഞ സ്നേഹം അറിയിക്കുന്നു.
ഈ കഥ ഇതിനേക്കാൾ നന്നായി പറയാമായിരുന്നു എന്ന തോന്നൽ എനിക്കു തന്നെയുണ്ട്.ഏതെങ്കിലും ഭാഗം നിരാശപ്പെടുത്തിയെങ്കിൽ ആത്മാർത്ഥമായി ഞാൻ ക്ഷമ ചോദിക്കുന്നു.
ഉറക്കം കെടുത്തും വിധം ഒരു കഥ മനസ്സിലുണർന്നെങ്കിൽ മാത്രമേ ഇനി എഴുതുകയുള്ളൂ...എന്നെ മറന്നുപോകില്ല എന്നു വിശ്വസിച്ചു കൊണ്ട്
സ്നേഹപൂർവ്വം
ദിവിജ

#ഒറ്റത്തുരുത്ത്(തുടർക്കഥ) - Part 7

------------------------------------------
ICU വിന്റെ ഗ്ളാസ് ഡോറിലൂടെ ജാൻവി ഒന്നെത്തിനോക്കി.കിഷൻ അപ്പോഴും ബോധാബോധങ്ങൾക്കിടയിലെങ്ങോ അലഞ്ഞു നടക്കുകയായിരുന്നു.മൂന്ന് മേജർശസ്ത്രക്രിയ വേണ്ടി വന്നു.പേടിക്കേണ്ടതില്ല എന്ന ഡോക്ടറുടെ വാക്ക് ആവർത്തിച്ചുരുവിട്ടു കൊണ്ടിരുന്നു ജാൻവി.
'മോളേ ,വീട്ടിലേക്കൊന്നു പോയാലോ...രണ്ടുദിവസായില്ലേ ആശൂത്രീല് '
കുമാരേട്ടനാണ്.ആദ്യദിവസം വിവരമറിഞ്ഞെത്തിയ നാട്ടുകാർ ചിലരൊക്കെ ഉണ്ടായിരുന്നു ആശുപത്രിയിൽ.ഓരോരുത്തരായി കൊഴിഞ്ഞു പോയി.കുമാരേട്ടനും നാണ്വായരും കൂടിയേ ഇനി പോകാനുള്ളു.
"കുമാരേട്ടൻ പോയ്ക്കോളൂ.ഞാനിവിടെ ഉണ്ടല്ലോ"
'മോളു തനിച്ച്....രാഘവേട്ടൻ....'
അർദ്ധോക്തിയിൽ നിർത്തി കുമാരേട്ടൻ
'സാരമില്ല.അച്ഛനറിയാം.പോയ്ക്കോളു'
ഐ സി യുവിനു മുൻപിലിട്ടിരിക്കുന്ന കസേരകളിലൊന്നിലേക്കിരുന്നു കൊണ്ടാണ് ജാൻവി പറഞ്ഞത്.അവർ നടന്നകലുന്നത് നോക്കിയിരിക്കുമ്പോൾ പെട്ടെന്നു നിസ്സഹായയായി പോയതുപോലെ തോന്നി അവൾക്ക്
.
വല്ലാത്തൊരരക്ഷിതത്വം....
ഒറ്റയ്ക്കായിപ്പോയി എന്നുള്ളിലാരോ മന്ത്രിക്കുന്നു .
അവൾക്ക് തൊണ്ടയിലൊരു കരച്ചിൽ വന്നുമുട്ടി.
വിതുമ്മിക്കരയണമെന്ന ഉത്കടമായ തോന്നലിനെ നിയന്ത്രിക്കാൻ ശ്രമിച്ചുകൊണ്ട് ചുമരിലേക്കു തല ചാരി കണ്ണടച്ചിരുന്നു.
ആയിരുപ്പിൽ അവളൊന്നു മയങ്ങി.
ഞെട്ടിയുണരുമ്പോൾ മുന്നിൽ CI അലക്സ് ഉണ്ടായിരുന്നു.കൂടെ ഒരപരിചിതനും.
ജാൻവി എഴുന്നേറ്റു.
'ഇത് സ്മൃതിയുടെ ഡാഡിയാണ് .എന്റെ സുഹൃത്തും'
അലക്സിന്റെ പരിചയപ്പെടുത്തലിൽ ജാൻവിയുടെ കണ്ണുകൾ പെട്ടെന്നൊന്നു ചെറുതായി.
അയാളുടെ മുഖത്തെ ധാർഷ്ട്യം ശ്രദ്ധിച്ചു കൊണ്ട് അവൾ അലക്സിനോടായി പറഞ്ഞു.
'കിഷൻ ഉണർന്നിട്ടില്ല സർ
അറിയിക്കാമെന്ന് ഞാൻ പറഞ്ഞിരുന്നല്ലോ'
'ബോധം വന്നാലുമില്ലെങ്കിലും അവന്റെ ഈ ആയുസ്സ് തീർന്നു.എന്റെ മകളെ കൊണ്ടുപോയി കൊന്നതിന് അനുഭവിക്കുമവൻ'
പകയോടെ പല്ലിറുമ്മുന്ന ജേക്കബ് തരകനെ തെല്ലും ഭാവവിത്യാസമില്ലാതെ ജാൻവി നോക്കിനിന്നു.
'സ്മൃതി ആത്മഹത്യ ചെയ്തതാണ്.സ്വന്തം കൈപ്പടയിൽ അവളെനിക്കയച്ച കത്ത് ആദ്യദിവസം തന്നെ സാറിനെ ഏൽപ്പിച്ചിരുന്നു'
'എന്നു നിങ്ങൾ തീരുമാനിച്ചാ മതിയോ?എന്റെ കുട്ടി ഒരിക്കലും ആത്മഹത്യ ചെയ്യില്ല.അവനെക്കൊണ്ട് ഉത്തരം പറയിക്കും ഞാൻ.'
ജാൻവിയുടെ മുഖത്ത് അവജ്ഞ കലർന്നൊരു ചിരിയുണ്ടായി.
'കൂടുതൽ അന്വേഷിച്ചാൽ പലതിനും ഉത്തരം പറയേണ്ടി വരിക കിഷനായിരിക്കില്ല Mr.ജേക്കബ് തരകൻ.സ്മൃതിയുടെ യഥാർത്ഥ അച്ഛന്റെ മരണത്തിനുൾപ്പെടെ നിങ്ങളുത്തരം പറയേണ്ടി വരും'
'നീയെന്താ എന്നെ ഭയപ്പെടുത്താൻ നോക്കുന്നോ?'
'ഭയപ്പെടേണ്ടി വരും ചിലപ്പോൾ.ആ കത്തിനോടൊപ്പം അവളുടെ ഡയറിയും എനിക്കയച്ചു തന്നിട്ടുണ്ട് സ്മൃതി'
ജേക്കബ് തരകന്റെ മുഖത്തെ ഭാവവിത്യാസം സൂക്ഷ്മം നിരീക്ഷിച്ചു കൊണ്ടായിരുന്നു ശാന്തമെങ്കിലും ഉറച്ച സ്വരത്തിലുള്ള ജാൻവിയുടെ മറുപടി.
രംഗം വഷളാകുന്നു എന്നു തോന്നിയതോടെ അലക്സ് ഇടപെട്ടു.
'നമുക്കു പോകാം ജേക്കബ്.അയാളുണരാതെ മൊഴിയെടുക്കാനാവില്ലല്ലോ'
ക്രോധത്തോടെ തിരിഞ്ഞു നോക്കിക്കൊണ്ട് ജേക്കബ് തരകൻ നടന്നകന്നു.അയാൾ കണ്ണിൽ നിന്നു മറഞ്ഞതോടെ പിന്നെയും ജാൻവിക്കു തളർച്ച തോന്നി.കാൽമുട്ടുകൾ കൂട്ടിയടിക്കും പോലെ വിറച്ചു കൊണ്ടിരുന്നു.ഒരാശ്രയത്തിനെന്നോണം കസേരക്കൈയിലവൾ മുറുകെ പിടിച്ചു.
..........
വൈകുന്നേരത്തോടെ കിഷനെ മുറിയിലേക്കു മാറ്റി.
ബോധം തെളിഞ്ഞുവെങ്കിലും വേദന സഹിക്കാതെ നിലവിളിച്ചപ്പോൾ വീണ്ടും സെഡേറ്റീവ് കൊടുത്തു.
ഉറങ്ങുന്ന കിഷനരികിൽ ഇരിക്കുമ്പോൾ സങ്കടത്തിന്റെ ഒരു കടൽ ഉള്ളിലടക്കിയതു പോലെ ജാൻവിക്കു ശ്വാസം മുട്ടി.
ഇതിനകം പലവട്ടം വായിച്ചുകഴിഞ്ഞ സ്മൃതിയുടെ ഡയറി വീണ്ടുമവൾ കൈയിലെടുത്തു.
ആദ്യപേജിൽ പെൻസിൽ കൊണ്ടു വരച്ചിട്ട ഒരു മധ്യവയസ്കന്റെ ചിത്രം.താഴെ ചുവന്ന അക്ഷരങ്ങൾ...ഐ ലവ് യൂ പപ്പാ...ആ അക്ഷരങ്ങൾക്ക് ചോരയുണങ്ങിയ മണമായിരുന്നു.ജാൻവിക്ക് മനംപുരട്ടി.
പിന്നത്തെ കുറേ താളുകൾ ശൂന്യമായിരുന്നു.
അടുത്ത ചിത്രത്തിൽ ആദ്യത്തെ ചിത്രത്തിലെ മധ്യവയസ്കന്റെ ചിത്രത്തിനു മുന്നിൽ ആലിംഗനബദ്ധരായി നിൽക്കുന്ന പുരുഷനും സ്ത്രീയും.ജനാലയിലൂടെ അതു നോക്കി നിൽക്കുന്ന പതിനാറുകാരിക്ക് സ്മൃതിയുടെ മുഖമായിരുന്നു.
അടുത്ത പേജിൽ ഒരു കത്തായിരുന്നു
പപ്പാ,
എന്തിനാ ഇങ്ങനെ തോറ്റുകൊടുത്തത്?എന്നെ ഓർക്കാരുന്നില്ലേ...നമ്മളെ വേണ്ടാത്തവരെ നമുക്കും വേണ്ട എന്നു തീരുമാനിക്കുന്നതിനു പകരം സ്വയം ജീവനൊടുക്കിയിട്ട് എന്തു നേടി എന്റെ പപ്പ!
ഇന്നായിരുന്നു അവരുടെ വിവാഹം.ചിതയിലെ കനൽ കെടുവോളം കാത്തിരിക്കാനുള്ള ക്ഷമ പോലും കാണിച്ചില്ല ആ വൃത്തികെട്ട സ്ത്രീ.അവരിനി ശ്രീദേവിയല്ല , കാതറിനാണത്രെ.
എന്റെ പപ്പയുടെ വീട്ടിൽ ഇപ്പോൾ ഭരണം അയാളാണ്.ജേക്കബ് തരകൻ.ഞാനിപ്പോ അവരോടു സംസാരിക്കാറില്ല.മനസിലൊരുക്കിയ ചിതയിൽ ഞാനവരെ ദഹിപ്പിച്ചു.എനിക്കിപ്പോ ആരുമില്ലാതായി പപ്പാ...ആരും...
പപ്പേടെ ചിന്നു
നാലു താളുകൾക്കു ശേഷം അലക്ഷ്യമായി കോറിയിട്ട വരികൾ
" മനസ്സു പൊള്ളുന്നുണ്ടോ...?
ഒരു മെഴുകുതിരിയുരുക്കി കൈപ്പത്തിയിലേക്കൊഴിക്കണം
തുള്ളി തുള്ളിയായിട്ട്....
വേദന ഹൃദയം വരെ ചെല്ലും
എല്ലാമപ്പോൾ ശാന്തമാകും"
പിന്നൊരു പേജിലെ വരികളിങ്ങനെയായിരുന്നു
"ഉറുമ്പുകളെ എനിക്കിഷ്ടമാണ്
ഉറുമ്പുകളുമ്മ വെക്കുമ്പോഴാണത്രെ നമുക്കു വേദനിക്കുന്നത്.
പാവം ഉറുമ്പ്...
വേദനിപ്പിച്ചു സ്നേഹിക്കാൻ മാത്രമേ അറിയൂ...
ഒരായിരം ഉറുമ്പുമ്മകളേറ്റു വാങ്ങി വേണം എന്റെ മരണം
ചോരയുടെ മണം
ഉറുമ്പുകൾക്കിഷ്ടമാണത്രേ"
സംബോധനയില്ലാതെയാണ് അടുത്ത കത്ത്
'കിഷൻ സാറിനെ സ്നേഹിക്കുന്നൂന്നു പറഞ്ഞാ പപ്പ പിണങ്ങ്വോ?
എനിക്കിപ്പോ സന്തോഷാ പപ്പാ....ഒത്തിരി സന്തോഷം'
പിന്നീടുള്ള താളുകളിലെ വാക്കുകളിൽ ഒരു ഭയം നിഴലിച്ചു നിന്നു.
പപ്പാ,
അയാളുടെ കണ്ണുകൾക്ക് കഴുകന്റേതു പോലത്തെ ചുവപ്പു നിറമാണ്,ക്രൂരമായ ചുവപ്പ്.എനിക്കിപ്പോ ഉറങ്ങാൻ പേടിയാണ്.
ആരോ പിന്തുടരുന്ന പോലെ...നിഴലുകൾക്ക് മനുഷ്യരൂപമാണെന്നു തോന്നും ചിലപ്പോ....എത്ര വട്ടം അടച്ചുവെന്നുറപ്പു വരുത്തിയാലും പിന്നെയും സാക്ഷ തപ്പിയുറപ്പു വരുത്തും ഞാൻ.പാതിരാത്രികളിൽ ആരോ വാതിലിൽ തട്ടും പോലെ തോന്നിയാൽ പിന്നെ ഉറങ്ങാറില്ല.
എന്നെക്കൂടെ ഇവിടുന്നു കൊണ്ടോവുവോ പപ്പാ...ചിന്നൂനു പേടിച്ചിട്ടാ..."
പിന്നെ കുറേ താളുകളിൽ എഴുത്തുണ്ടായിരുന്നില്ല.പകരം സൂചിക്കുത്തുകളായിരുന്നു നിറയെ.ആരോടോ ദേഷ്യം തീർത്ത പോലെ...
പിന്നത്തെ കത്ത് കണ്ണിൽ തടഞ്ഞതും ജാൻവിക്ക് കണ്ണു പുകഞ്ഞു.
പപ്പേടെ ചിന്നു തോറ്റുപോയി.പപ്പയോർക്കുന്നുണ്ടോ അന്നു ചുമരിൽ തലയിടിച്ച് ഞാൻ നിലത്തു കിടന്നുറങ്ങിയത്?
വാതിലടയ്ക്കാതെ...
പപ്പ പോയതിൽ പിന്നെ ആദ്യമായാണ് ഞാനതു മറന്നത്.
ചിന്നു ചീത്തയായിപ്പോയി പപ്പാ...ഒന്നും ചെയ്യാൻ പറ്റീല്ല എനിക്ക്.കൈയും കാലും കുഴഞ്ഞു പോയിരുന്നു.കരഞ്ഞുകാലുപിടിച്ചപ്പോൾ അയാൾ ചിരിക്കയാരുന്നു പപ്പാ...തൊട്ടപ്പുറത്തെ മുറീലുണ്ടായിട്ടും മമ്മ വന്നില്ല.അവരു തന്നെയാണോ എന്റെ മമ്മ?
ഇനി ചിന്നു കാത്തുനിൽക്കുന്നില്ല.ഞാൻ വരുവാ പപ്പേടെ കൂടെ.കിഷൻ സാറിനോടു മാത്രേ എനിക്കു യാത്ര പറയാനുള്ളു....പപ്പ എന്നെ കാത്തുനിൽക്കണം.ചിന്നു വരുവാ നാളെ..."
വല്ലാത്തൊരാത്മനൊമ്പരത്തോടെ ജാൻവി ഡയറിയടച്ചു.
മുന്നിലിരിക്കുന്ന കുഞ്ഞുങ്ങളുടെ മനസ്സിനെ പറ്റി ഒന്നുമറിയാതെ ആണല്ലോ താനടക്കം അവരെ പഠിപ്പിക്കുന്നത്.ഇത്രയും ആഴത്തിലൊരു കടൽ ഉള്ളിലൊളിപ്പിച്ചിരുന്നു സ്മൃതിയെന്ന് കിഷനു പോലും മനസ്സിലായില്ല...മനസിലായിരുന്നെങ്കിൽ സ്മൃതി ഇന്നുമുണ്ടായേനെ...അവളിൽ ആഴമുള്ളൊരു നെടുവീർപ്പുണ്ടായി.
അതേ നിമിഷമായിരുന്നു കിഷൻ ഒന്നു ഞരങ്ങിയത്.
ഞെട്ടലോടെ ജാൻവി കിഷനെ നോക്കി.
അയാളുണരുകയായിരുന്നു.
സ്മൃതി ,സ്മൃതി എന്നവ്യക്തമായി പിറുപിറുത്ത കിഷന്റെ നെറ്റിയിൽ കൈ ചേർത്ത് മൃദുവായ് അവളവന്റെ പേരു ചൊല്ലി വിളിച്ചു...
'ജാനി...സ്മൃതി,അവൾ പോയി ജാനി...എന്റെ കൈയീന്നാ...ഞാനാ ജാനി കൊന്നത് '
അവളെ കണ്ടതും ഏങ്ങലടിച്ചു കരയാൻ തുടങ്ങി കിഷൻ.
നിശ്ശബ്ദം ജാനി കാത്തുനിന്നു.
കരച്ചിലൊന്നൊതുങ്ങിയതോടെ കിടക്കയിൽ കൈ കുത്തി എഴുന്നേൽക്കാൻ ശ്രമിച്ചപ്പോഴാണ് നടുക്കത്തോടെ ആ സത്യം കിഷനറിഞ്ഞത്.പകപ്പോടെ തന്നെ നോക്കുന്ന അവനെ നേരിടാതെ പിറുപിറുക്കും പോലെയാണ് ജാനി പറഞ്ഞത്
'വീഴ്ച്ചയുടെ ആഘാതം അത്രയും അഗാധമായിരുന്നു കിഷൻ.മുട്ടിനു താഴെ വെച്ച് കാലുകൾ മുറിച്ചു മാറ്റേണ്ടി വന്നു.'
കിഷന്റെ കണ്ണുനീർ വറ്റി.
അയാൾ കണ്ണുകളിറുക്കിയടച്ചു.
അരികിലിരുന്ന് മുടിയിഴകളിൽ തലോടി ജാൻവി വിളിച്ചു
'കിഷൻ'
കണ്ണു തുറക്കാതെയായിരുന്നു കിഷന്റെ ചോദ്യം
'എന്നെ ഒന്നു കൊന്നുതര്വോ ജാനി'
ജീവിതത്തിലാദ്യമായി ജാൻവി നെഞ്ചു പൊട്ടിക്കരഞ്ഞു.
കിഷന്റെ കണ്ണുകൾ അപ്പോഴും വരണ്ടുണങ്ങിക്കിടന്നു.
(തുടരും)

Divija

#ഒറ്റത്തുരുത്ത്(തുടർക്കഥ) - Part 5

-----------------------
അന്നു കോളേജിൽ നിന്നു മടങ്ങുമ്പോൾ അസ്വസ്ഥയായിരുന്നു ജാൻവി.ശ്രീകുമാറിന്റെ വാക്കുകൾ കാതിലിപ്പോഴും ഒരു ചൂടുകാറ്റു പോലെ...
കിഷൻ സ്മൃതിയോടൊപ്പം പോയതിന്റെ ഫ്രസ്ട്രേഷനാണത്രെ തനിക്ക്.
എങ്ങനെയാണ് മനുഷ്യരിത്രയും അധപതിക്കുന്നത്.
ലൈബ്രറിയിലേക്കു ചെല്ലുമ്പോൾ അയാൾ സ്മൃതിയോട് സംസാരിക്കുകയായിരുന്നു.ആ നിൽപ്പും ഭാവവും ഒട്ടുമിഷ്ടപ്പെട്ടില്ല.പഠിക്കാനാണ് വന്നതെങ്കിൽ അകത്തു പോയിരുന്നു പഠിച്ചൂടെ എന്നവളോട് ചോദിച്ചുപോയി.പഴയ പ്രസരിപ്പൊന്നും കുറച്ചു നാളായി അവൾക്കില്ല.തലയിലെന്തു പറ്റി എന്നു ചോദിച്ചപ്പോഴും എന്തോ പറഞ്ഞൊഴിഞ്ഞു മാറി.
എന്തൊക്കെയോ ദുരൂഹതകൾ ആ കുട്ടിക്കുണ്ടെന്നു ചിലപ്പോൾ തോന്നും.
കിഷൻ ശ്രദ്ധിച്ചിട്ടുണ്ടോ ആവോ....
സ്വസ്ഥമായിരുന്ന് ആരാച്ചാർ ഒരിക്കൽക്കൂടി വായിക്കാനാണ് ലൈബ്രറിയിൽ പോയത്.
അയാൾ വന്ന് അടുത്തിരുന്നതോടെ വായിക്കാനുള്ള മനസ്സുപോയി.എന്തൊരു ദുസ്വാതന്ത്ര്യമാണ് അയാൾക്ക്.വാക്കുകളിൽ ദ്വയാർത്ഥം കലർന്നു തുടങ്ങിയപ്പോഴാണ് പറഞ്ഞു പോയത് എല്ലാ സ്ത്രീകളും കടുത്ത ലൈംഗിക അരാജകത്വം അനുഭവിക്കുന്നുണ്ടെന്ന തോന്നൽ മാനസികരോഗമാണ്...അത്തരക്കാരോട് സഹതാപമേയുള്ളു എന്ന്.
ഞൊടിയിടയിൽ ഭാവം മാറി.തേൻ പുരട്ടിയ വർത്തമാനം കേട്ടാൽ ഇത്രയും വിഷം ഉള്ളിലുണ്ടെന്ന് ആരും കരുതില്ല.
റേഡിയോ പാട്ടു നിർത്തിയപ്പോഴാണ് തിരിഞ്ഞു നോക്കിയത്.അമ്മയാണ്.
'എന്തൊരു നിൽപ്പാ ഇത്,ഒന്നും കഴിക്കണ്ടേ നിനക്ക്?'
'വിശപ്പു തോന്നിയില്ല അമ്മേ'
അമ്മയെ ടെറസ്സിൽ പിടിച്ചിരുത്തി.മടിയിൽ തല വെച്ച് നക്ഷത്രങ്ങളെ നോക്കിക്കിടന്നപ്പോൾ പെട്ടെന്നൊരു സുരക്ഷിതത്വം തോന്നി.
വളർന്നതിൽ പിന്നെ ഇങ്ങനെ മടിയിൽ കിടക്കുന്നത് അപൂർവ്വമാണ്.
താഴെ നളിനിയേച്ചിയുടെ വീട്ടിൽ കലശലായ വഴക്കു നടക്കുന്നുണ്ട്.ഇവിടെ വന്നു നിന്നപ്പോൾ മുതൽ കേൾക്കുന്നതാണ്.സ്ഥിരമായതു കൊണ്ട് പ്രത്യേകിച്ചൊന്നും തോന്നിയില്ല.
കഷ്ടമാണ് നളിനിയേച്ചിയുടെ കാര്യം.
ഫാക്ടറിയിൽ പോയി പണിതു കിട്ടുന്ന തുകയാണ് ആ കുടുംബത്തിന്റെ ആകെ വരുമാനം.രാവിലെ മുതൽ ഉമ്മറത്തെ അരഭിത്തിയിലേക്കു കാൽ കയറ്റിവെച്ചിരുന്ന് കൽപ്പനകൾ പുറപ്പെടുവിക്കുന്നതല്ലാതെ
വേറൊന്നും ചെയ്യാറില്ല ദിവാകരേട്ടൻ.കെട്ടു കഴിഞ്ഞ കാലം മുതൽ അച്ചിവീട്ടിൽ വന്നുകൂടിയതാണ്.അറ്റകുറ്റപ്പണികൾ പോലും നടത്താത്തതു കൊണ്ട് എപ്പൊ വേണേലും താഴെ വീണേക്കാമെന്ന അവസ്ഥയിലാണ് ആ ഓടിട്ട കൊച്ചുവീട്.
'തർക്കുത്തരം പറയുന്നോ ഒരുമ്പെട്ടോളെ,ഒറ്റയടിക്ക് ചിതറും നെന്റെ തലച്ചോറ്.ആണുങ്ങളോടാ നീ വെരലു ചൂണ്ടണേ....അടങ്ങിയൊതുങ്ങി നിന്നോളണം.എന്റെ ചൊൽപ്പടിക്ക്.ഞാനൊരു പോക്കാ പോയാലുണ്ടല്ലോ....നീ അനുഭവിക്കും'
ഒന്നു തലയുയർത്തി നോക്കി.ഒരു മരപ്പലക തലയ്ക്കു നേരെ ഓങ്ങിപ്പിടിച്ചിട്ടുണ്ട്.മിണ്ടാതെ തല കുനിച്ചിരിപ്പാണ് നളിനിയേച്ചി.അവർക്കരികിലിരുന്ന് അമ്മുവിനു ചോറു വാരിക്കൊടുക്കുന്ന രവിക്ക് ഇതൊന്നും കേൾക്കുന്ന ഭാവമേയില്ല.
പലക വലിച്ചെറിഞ്ഞ് ഇറങ്ങിപ്പോകുന്ന ദിവാകരേട്ടനെ കണ്ടപ്പോൾ അമ്മയിലൊരു നെടുവീർപ്പുണ്ടായി.
'പാവം; അവൾടൊരു തലവിധി'
'വേണ്ടെന്നു വെച്ചൂടെ ആ വിധി.അധ്വാനിച്ചല്ലേ അവർ ജീവിക്കണേ,എന്തിനാ അവർക്കിങ്ങനെ ഒരു ഭർത്താവ് '
'പറയാനെളുപ്പാ കുട്ടീ....താലിയാ പെണ്ണിനു ബലം.കൊള്ളരുതാത്തവനാണേലും താലി കെട്ട്യോൻ കൂടെയുണ്ടേൽ വേറാരേം പേടിക്കണ്ടാലോ.'
അമ്മയുടെ സ്വരത്തിൽ ഒരാധി കലർന്നു.
'നെന്നെയോർക്കുമ്പോ തീയാ അച്ഛന്റെ നെഞ്ചില്.ഞങ്ങടെ കാലം കഴിഞ്ഞാ ആരാ നെനക്ക്?'
'അച്ഛൻ ഉറങ്ങിയോ?'
പെട്ടെന്നോർത്ത പോലെ അമ്മ പിടഞ്ഞെണീറ്റു.
'ഇല്ല.കിടക്ക തട്ടിവിരിച്ചില്ല ഞാൻ , നെന്നെ നോക്കി വന്നതല്ലേ.വന്നു വല്ലോം കഴിക്ക്.'
'വേണ്ട,വിശപ്പില്ല.അമ്മ കഴിച്ചിട്ടു കിടന്നോളു'
അതമ്മ കേട്ടോ എന്നറിയില്ല.അത്ര ധൃതി പിടിച്ചാണ് താഴേക്കോടുന്നത്.സ്നേഹമാണോ ഭയമാണോ അമ്മയ്ക്കച്ഛനോട് എന്നിടയ്ക്കു തോന്നും.ഭയം കലർന്ന സ്നേഹമാവണം.അച്ഛനെന്ന കേന്ദ്രത്തിനു ചുറ്റുമൊതുങ്ങുന്നതാണ് അമ്മയുടെ ലോകം.
എത്രയോ നാളുകളായിരിക്കുന്നു അച്ഛൻ എന്തെങ്കിലും സംസാരിച്ചിട്ട്.അവസാനത്തെ കല്ല്യാണാലോചന അച്ഛന്റെ സുഹൃത്തിന്റെ മകന്റേതായിരുന്നു.അതു കൂടി ഒഴിവാക്കിയതോടെയാണ് മൗനം കൊണ്ടു ശിക്ഷിച്ചുതുടങ്ങിയത്.
തന്റെ ഇഷ്ടങ്ങളോ കാഴ്ച്ചപ്പാടുകളോ അംഗീകരിക്കാൻ അച്ഛനു പണ്ടും കഴിഞ്ഞിട്ടില്ല.ശാസനകൾ കൊണ്ടു തിരുത്താവുന്നതിനേക്കാൾ മകൾ വളർന്നു എന്നു തിരിച്ചറിഞ്ഞതോടെ മൗനം കൊണ്ടു മതിൽ കെട്ടിത്തുടങ്ങി അച്ഛൻ.മനസ്സിനു പുറത്തേക്കു കൈ പിടിച്ചിറക്കി നിർത്തും പോലെ.
കൺകോണിലൂറിയ ഒരു തുള്ളിക്കണ്ണീർ കവിളിലേക്കിറങ്ങാതെ തുടച്ചു കൊണ്ട് ജാൻവി എഴുന്നേറ്റു.അരികിൽ കത്തിക്കൊണ്ടിരുന്ന വിളക്ക് കൈയിലെടുത്ത് കുപ്പിയിലൂടെ വെറുതെ വിരലോടിച്ചു.
വിരൽത്തുമ്പിലൂടെ അരിച്ചു കയറുന്ന ചൂട്.ഇളംമഞ്ഞവെളിച്ചത്തിൽ അവളുടെ മുഖത്തിന് ഒരു സന്യാസിനിയുടെ ഛായയായിരുന്നു.
(തുടരും)

Divija

#ഒറ്റത്തുരുത്ത്(തുടർക്കഥ) - Part 6


-------------------------
ചുരം കയറുന്തോറും തണുപ്പ് കൂടിവന്നു.കിഷന് ആകെ ഒരങ്കലാപ്പുണ്ട്.
അരികിൽ പുറത്തേക്കു നോക്കി ഇരിക്കുകയാണ് സ്മൃതി.
ബസ്സ് ഏങ്ങിവലിഞ്ഞ് മല കയറുന്നു.
വേണ്ടായിരുന്നു എന്നു പിന്നെയും പിന്നെയും മനസ്സിലിരുന്നാരോ പറയുന്ന പോലെ.
ജാൻവിയോടു പോലും പറയാത്തൊരു യാത്ര.
സ്മൃതിയുടെ നിർബന്ധം സഹിക്കാതെ പോന്നതാണ്.
അധികം ദൂരമില്ലല്ലോ ,സന്ധ്യയ്ക്കു മുൻപ് തിരിച്ചെത്താം എന്നൊക്കെ പറഞ്ഞത് പാതി കരയും പോലെയാണ്.
എന്തോ പറ്റിയിട്ടുണ്ട് അവൾക്ക്.കുറച്ചു നാളായിട്ട് ഒരു മൗഢ്യമുണ്ട്.അതങ്ങു മാറട്ടെ എന്നു കരുതിയാണ് ഇറങ്ങിയത്.
ഉല്ലാസത്തോടെ മുഖം തിരിച്ചു സ്മൃതി.
'എന്താ ഇത്ര ആലോചന?'
'നിനക്കൊട്ടും പേടി തോന്നുന്നില്ലേ...?'
'പേടിയോ,എന്തിന്,കിച്ചേട്ടന്റെ കൂടെയല്ലേ?'
ചിരിയോടെ പുറത്തേക്കു നോക്കി.താഴ്വാരത്ത് കോടമഞ്ഞു പുതഞ്ഞിരിക്കുന്നു.എന്തു ഭംഗിയുള്ള കാഴ്ച്ച.
അധികമൊന്നും സംസാരിച്ചില്ല സ്മൃതി...തേയിലത്തോട്ടങ്ങൾക്കു നടുവിലൂടെയുള്ള ബസ് യാത്ര ആസ്വദിക്കുകയായിരുന്നു അവൾ.
'എന്തുപറ്റി സ്മൃതി നിനക്ക്?'
ചോദ്യത്തിനായിരുന്നില്ല ഉത്തരം.
'താജ്മഹലിനടുത്തുള്ള നെല്ലിത്തോട്ടത്തിലെ നെല്ലിക്ക കഴിച്ചിട്ടുണ്ടോ കിച്ചേട്ടൻ?'
'ഇല്ല,താജ്മഹൽ കണ്ടിട്ടുണ്ട്'
'എന്തു രുചിയാന്നറിയോ...കൈ നീട്ടി പറിക്കാം.നിലത്തെത്രയാ കൊഴിഞ്ഞുകിടക്കുക .ചവിട്ടാൻ തോന്നില്ല.'
സ്മൃതിയിൽ കുട്ടിത്തം നിറഞ്ഞു നിന്നു.കൗതുകത്തോടെ കിഷനതു കണ്ടുനിന്നു.ഇത്ര അഗാധമായി സ്നേഹിക്കാൻ എങ്ങനെ ഈ കുട്ടിക്കു കഴിയുന്നു എന്നയാളോർത്തു.ഇവൾ കൂടെയുണ്ടാവുമ്പോഴാണ് ആരുമില്ലാത്തവനാണ് എന്നതു മറന്നു പോകുന്നത്.കൊച്ചുകുട്ടിയുടേതു പോലുള്ള വാശിയും കുറുമ്പും പരിഭവങ്ങളും...
പുതിയ അനുഭവമാണ് തനിക്കിതൊക്കെ.ഇത്ര സന്തോഷമുള്ള സ്നേഹം ആദ്യമാണ്.
അമ്മയിലെപ്പോഴും കണ്ണീരിന്റെ നനവായിരുന്നു....ജാനിയും മനസ്സു തുറന്നു പെരുമാറാറില്ല.
സ്മൃതിയോടൊപ്പമായിരിക്കുമ്പോഴാണ് താൻ മനസ്സു തുറന്നു ചിരിക്കാറുള്ളത്.പക്ഷേ അവളത് വിശ്വസിക്കുകയേയില്ല.സ്നേഹമില്ലെന്നാണ് പരാതി.
സീതാർകുണ്ഡിലേക്കു നടക്കുമ്പോൾ കൈ കോർത്തു പിടിച്ചിരുന്നു അവൾ.
വാ തോരാതെയുള്ള വർത്തമാനം പതിയെപ്പതിയെ കിഷനെയും ഉല്ലാസവാനാക്കി.
വ്യൂപോയിന്റിനടുത്തുള്ള പുൽത്തകിടിയിലേക്കിരുന്നിട്ട് അവനെ പിടിച്ചുവലിച്ച് അരികിലിരുത്തി സ്മൃതി.
അകലെ വെള്ളച്ചാട്ടത്തിന്റെ ഇരമ്പൽ.
ഇനിയും മൂന്നു കിലോമീറ്ററോളം നടക്കണം അവിടെയെത്താനെന്നു പറഞ്ഞപ്പോൾ സ്മൃതി തന്നെയാണ് വേണ്ടെന്നു പറഞ്ഞത്.പാവം നടന്നു മടുത്തിരിക്കും.
'എനിക്കെന്തിഷ്ടാന്നറിയോ കിച്ചേട്ടാ ഉയരത്തീന്നു താഴോട്ടു നോക്കാൻ....
വല്ലാത്തൊരാകർഷണം തോന്നും ആഴങ്ങളിലേക്കു നോക്കുമ്പോ'
'അല്ലേലും പൊടിക്കു വട്ടുണ്ടല്ലോ നിനക്ക്.'
അയാളെ നോക്കി കൊഞ്ഞനംകുത്തിക്കൊണ്ട് എഴുന്നേറ്റു വ്യൂപോയിന്റിനു നേരെ നടന്നു സ്മൃതി.
സുരക്ഷാക്രമീകരണങ്ങളൊന്നുമില്ലാത്ത കൊക്കയാണ്.ഒരു കയർ പോലുമില്ല അതിരായിട്ട്.
കിഷനും എഴുന്നേറ്റു.
'അധികം അറ്റത്തേക്കു പോകല്ലേ സ്മൃതി'
'എന്റെ കൈയൊന്നു പിടിക്ക്വോ,താഴേക്കു നോക്കാനൊരു കൊതി'
'വേണ്ട സ്മൃതി,ഉറപ്പില്ലാത്ത മണ്ണാ.കാലു തെറ്റിയാ താഴെ വീഴും'
'കിച്ചേട്ടൻ പിടിച്ചാ ഞാൻ വീഴില്ല'
അയാളുടെ വിരലുകളിൽ ബലമായി പിടിച്ചിട്ട് താഴേക്കെത്തി നോക്കി സ്മൃതി.അഗാധമായ കൊക്ക
'കിച്ചേട്ടാ.........'
താഴ്വരകളിൽ ആ സ്വരം പ്രതിദ്ധ്വനിച്ചു.കിഷനെ നോക്കി കണ്ണിറുക്കി ചിരിച്ചു സ്മൃതി.
അവളുടെ കാലുകൾ അരികിലേക്കു നീങ്ങിക്കൊണ്ടിരുന്നു.
'മതി സ്മൃതി'
കഴിയുന്നത്ര ബലത്തിൽ അവളെ തന്നിലേക്കു വലിക്കാൻ ശ്രമിച്ചു കൊണ്ട് അയാളലറി.
അതേ നിമിഷത്തിൽ കൈവിരലുകൾക്കിടയിൽ ഒരു സൂചിക്കുത്തേറ്റ വേദന കൊണ്ടു കിഷൻ പിടഞ്ഞു.
അയാളുടെ കൈകളിൽ നിന്നു വഴുതി ഒരു പാവക്കുട്ടിയെ പോലെ സ്മൃതി താഴേക്കു വീണു.
അടുത്ത നിമിഷം അവളിലേക്കാഞ്ഞ കിഷന്റെ കാലടി തെറ്റി ഒരുകല്ല് താഴേക്കു പതിച്ചു.നില തെറ്റി മലയടിവാരത്തിലൂടെ അയാളും താഴേക്കുരുണ്ടു.അയാളുടെ കൈവിരലുകൾക്കിടയിൽ തറഞ്ഞ മൊട്ടുസൂചി അപ്പോഴും ചെറുതായി വിറച്ചു .അറ്റത്തു ചുവന്നൊരു മുത്തുള്ള മൊട്ടുസൂചി.
സ്മൃതീ....എന്നൊരു നിലവിളി പിന്നെയും കുറച്ചു നേരം അവിടെ മുഴങ്ങിക്കൊണ്ടിരുന്നു.
....
അന്നു കൊറിയറിൽ വന്ന പൊതി അഴിച്ചു നോക്കുകയായിരുന്നു ജാൻവി. പൂച്ചക്കുട്ടിയുടെ ചിത്രമുള്ള പുറംചട്ടയുള്ള ഒരു ഡയറിയായിരുന്നു അത്.കുറച്ചു പഴയതെങ്കിലും കേടുപാടുകളൊന്നുമില്ലാത്ത ഡയറി.
കൗതുകത്തോടെ അതു തുറന്ന് ആദ്യപേജിൽ വടിവൊത്ത അക്ഷരങ്ങളിലെഴുതിയ പേര് വായിച്ചു ജാൻവി
'സ്മൃതി ജയരാജ് '
(തുടരും)

Divija

#ഒറ്റത്തുരുത്ത് (തുടർക്കഥ) - part4

മുറ്റത്തിന്റെ കോണിലെ ചെമ്പകച്ചോട്ടിലേക്കെടുത്തിട്ട ചാരുകസേരയിൽ അലസമായ് ചായവേ ഒരു നിമിഷം കിഷന്റെ കണ്ണുകൾ ഉമ്മറത്തെ അമ്മയുടെ ചിത്രത്തിൽ തങ്ങി.
തുളസിമാലയുടെ വലയത്തിനുള്ളിൽ നനഞ്ഞൊരു ചിരിയോടെ...
ചിരിക്കാനറിയാത്ത ഒരാളുടേതെന്ന പോലെ കൃത്രിമമായിരുന്നു ആ ചിരി.
കിഷനെടുത്തതാണ് ആ ചിത്രം.ഒരുപാട് നിർബന്ധിച്ചിട്ടാണ് അമ്മയൊന്നു നിന്നുതന്നത്.
കഷ്ടപ്പെട്ടൊന്നു ചിരിച്ചതായ് വരുത്തി. സന്തോഷിച്ചു കണ്ടിട്ടില്ല അമ്മയെ.
അച്ഛൻ അമ്മയുടെ ചിരിയും കൊണ്ടാണ് പോയതെന്ന് ചിലപ്പോഴൊക്കെ തോന്നും.ഓർമ്മ വെക്കും മുൻപ് മരിച്ചു പോയ അച്ഛനോട് ആകെ തോന്നിയിട്ടുള്ള പരിഭവം അതു മാത്രമാണ്.
ശരിക്കും ഒരു പോരാട്ടമായിരുന്നു അമ്മയുടെ ജീവിതം.അച്ഛന്റെ കൂടെ ഇറങ്ങിപ്പോന്നതിന്റെ പേരിൽ പടിയടച്ചു പിണ്ഡം വെച്ചു വീട്ടുകാർ.
അച്ഛൻ മരിച്ചപ്പോൾ തിരിച്ചുപോകാൻ കൂട്ടാക്കിയില്ല അമ്മയും.അന്നുമുതലൊറ്റയ്ക്ക്.
മകനു വേണ്ടി മാത്രമായിരുന്നു ജീവിതം.ആരുടെ മുന്നിലും തല കുനിക്കാതെ ജീവിക്കാൻ മകനെ പ്രാപ്തനാക്കിയപ്പോഴേക്ക് ആ കൈകൾ കുഴഞ്ഞിരുന്നു.
തന്നെ കുറിച്ചു മാത്രമായിരുന്നു അമ്മയുടെ ആവലാതി....രോഗക്കിടക്കയിലും മരണത്തിനു തൊട്ടുമുൻപു പോലും പറഞ്ഞത് 'എന്റെ മോനിനി ആരുമില്ലല്ലോ' എന്നായിരുന്നല്ലോ.
ദൂരെ ആർക്കോ ഉള്ള സന്ദേശം പോലെ ഉറക്കെ ഒരു കൂവൽ മുഴങ്ങി.മറുവിളി കൂടി ഉയർന്നപ്പോഴാണ് കിഷൻ ചിന്തയിൽ നിന്നുണർന്നത്.താൻ കരയുകയായിരുന്നു എന്നയാളറിഞ്ഞു.കവിളുകൾ കണ്ണീരിൽ കുതിർന്നിരുന്നു.
മുഖമൊന്നമർത്തിത്തുടച്ചിട്ട് മൊബൈലെടുത്തു സമയം നോക്കി.ഏഴാവുന്നു.
സ്മൃതിയുടെ മെസ്സേജ് ...കോൾഡ് കോഫിക്ക് മധുരം കൂടുതലുണ്ടായിരുന്നോ....
കിഷൻ ചിരിച്ചുപോയി.എത്ര ബാലിശമാണ് ഈ കുട്ടിയുടെ ചിന്തകൾ
സമ്പന്നതയിലേക്കു പിറന്നുവീണ,മതി വരുവോളം ലാളനയേറ്റു വളർന്ന അവൾക്കൊരിക്കലും നോവിലുടലെടുക്കുന്ന സൗഹൃദത്തിന്റെ ആഴം കാണാനാവില്ല.
അതിരിലെ പൂവ്വത്തിന്റെ ചില്ലകൾക്കിടയിലൂടെ ജാനിയുടെ മുറി കാണാം.ജനാലയ്ക്കൽ കത്തിച്ചു വെച്ച ചിമ്മിനിവിളക്ക് ഒരു വിദൂരനക്ഷത്രം പോലെ തിളങ്ങുന്നു.
അന്യം നിന്നുപോയ വസ്തുക്കളുടെ പട്ടികയിൽ പെടുത്തേണ്ടുന്ന ഒന്നാണ് ഈ ചിമ്മിനിവിളക്ക്.
വൈദ്യുതിയുടെ അഭാവത്തിൽ ഇൻവെർട്ടറിന്റെ പ്രകാശത്തിൽ കുളിച്ചു നിൽക്കും ഈ പ്രദേശത്തുള്ള വീടുകളെല്ലാം.പക്ഷേ ജാനിയുടെ മുറിയിൽ മാത്രം ഇപ്പോഴും തിരി താഴാതെ ആ ചിമ്മിനിവിളക്ക്.
അതിനോട് വല്ലാത്തൊരടുപ്പമുണ്ട് ജാനിക്ക്.
പണ്ടൊരിക്കൽ കുറിഞ്ഞി മേലെ ചാടിയപ്പോൾ അതിന്റെ ചില്ല് താഴെ വീണുടഞ്ഞത് കിഷനോർത്തു .അന്ന് അതിനു പാകമാകുന്ന ചില്ലു തെരഞ്ഞ് നഗരം മുഴുവനലഞ്ഞു ജാനി.
ഒടുവിൽ കൗതുകവസ്തുക്കൾ വിൽക്കുന്നൊരു കടയിൽ നിന്ന് അതിനു പാകമായൊരു ചില്ലു കണ്ടെത്തിയപ്പോഴത്തെ അവളുടെ സന്തോഷം.അന്നത്തെ അത്ര മനസ്സു നിറഞ്ഞൊരു ചിരി ജാനിയിൽ അധികം കണ്ടിട്ടില്ല.
പിശുക്കിയാണവൾ.വികാരപ്രകടനത്തിൽ പ്രത്യേകിച്ചും.ഒരിക്കൽ ചോദിച്ചുപോയിട്ടുണ്ട്...എന്തിനിങ്ങനെ സ്വയം ഒറ്റപ്പെടുന്നു,ഒന്നു മനസ്സു തുറന്നു സംസാരിച്ചാൽ ,ഉള്ളറിഞ്ഞു ചിരിച്ചാൽ ,കരഞ്ഞാൽ എന്താണ് നഷ്ടപ്പെടുന്നത്.ഒരു ചെറുചിരിയായിരുന്നു ജാനിയുടെ മറുപടി.
പക്ഷേ പിന്നീടേതോ ഒരു നിമിഷം യാതൊരു മുഖവുരയുമില്ലാതെ അവളാ വിഷയം എടുത്തിട്ടു.
'കിഷൻ, അമിതമായ വികാരപ്രകടനം മറ്റുള്ളവർക്കു മുന്നിൽ നമ്മെ ബലഹീനരാക്കും.വൈകാരികമായി അടിമപ്പെടുമ്പോഴാണ് മനുഷ്യനേറ്റവും നിസ്സഹായനാവുന്നത് '
'സ്നേഹത്തിനു മുന്നിലുള്ള തോൽവി തെറ്റല്ല ജാനി.മനസ്സു തുറന്നൊരാളെ സ്നേഹിക്കാൻ കഴിയുമ്പോൾ ,നമുക്കായ് മാത്രം കാത്തിരിക്കാനൊരാളുണ്ടാവുമ്പോൾ,പറയാതെ നമ്മളെ മറ്റൊരാൾ വായിച്ചെടുക്കുമ്പോൾ...അപ്പോഴൊക്കെയാണ് ജീവിതത്തിന് അർത്ഥമുണ്ടാവുന്നത്.'
'ശരിയായിരിക്കാം , പക്ഷേ നീ ചുറ്റുമൊന്നു നോക്കൂ കിഷൻ.എത്ര കുടുംബങ്ങളിലുണ്ട് നീയീ പറയുന്ന ആത്മബന്ധം.ഒക്കെയും ഒരു വെച്ചുകെട്ടലാണ് കിഷൻ...അഡ്ജസ്റ്റ്മെന്റ്.
ആർക്കൊക്കെയോ വേണ്ടി സ്വത്വം പണയം വെച്ച് ജീവിക്കുക,ഇഷ്ടങ്ങൾ മറന്ന്,സ്വപ്നങ്ങൾ മറന്ന് മറ്റാർക്കൊക്കെയോ വേണ്ടി ജീവിച്ചു തീർക്കുന്ന ജീവിതങ്ങൾ'
ഒരു നിമിഷം നിർത്തി ജാനി.പിന്നെയെന്തോ പെട്ടെന്നോർത്ത പോലെ എന്നെ നോക്കി.
'നീ ശ്രദ്ധിച്ചിട്ടുണ്ടോ, നാം കൂട്ടമായ് നട്ടു പിടിപ്പിക്കുന്ന മരങ്ങൾക്ക് കരുത്ത് കുറവായിരിക്കും.
നേരെ മറിച്ച് കാട്ടിൽ വളരുന്ന ഒറ്റമരങ്ങൾക്ക് ആഴങ്ങളിലേക്ക് വേരോടും.തായ്ത്തടിക്ക് ഉറപ്പു കൂടും,കാതലുണ്ടാവും,പടർന്നു പന്തലിക്കുമവ...ആന പിടിച്ചാലും അനങ്ങാതെ ,കാറ്റിനെയോ പേമാരിയെയോ ഭയക്കാതെ തലയുയർത്തി നിൽക്കും.
അതെ കിഷൻ ,ഒറ്റമരങ്ങൾക്ക് കരുത്ത് കൂടുതലാണ്.
പറഞ്ഞു തോൽപ്പിക്കാനാവില്ല ജാനിയെ.അളന്നു തൂക്കിയേ വാക്കുകളുപയോഗിക്കാറുള്ളു അവൾ.അതിന് അർത്ഥങ്ങളല്ല നാനാർത്ഥങ്ങളാണുണ്ടാവുക.പാഴ്വാക്കുകൾ ആ നാവിലുണ്ടാവാറില്ല.പറയേണ്ടത് പറയാൻ മടിക്കാറുമില്ല
വൾ...അതാരോടായാലും.
ഓർമ്മ വെച്ച കാലം മുതലുള്ള സൗഹൃദമാണ്.വളർന്നപ്പോൾ അതിന് അതിരു നിശ്ചയിക്കാൻ ആദ്യം ശ്രമിച്ചത് രാഘവേട്ടനായിരുന്നു.ജാൻവിയുടെ അച്ഛൻ.
തന്റെ കൂടി സാന്നിധ്യത്തിലാണ് പറഞ്ഞു തുടങ്ങിയത്.
'കളിച്ചു നടക്കേണ്ട പ്രായം കഴിഞ്ഞു.ആണിനും പെണ്ണിനുമിടയിൽ ഒരകലമുണ്ടാവണം.നാട്ടുകാരെ കൊണ്ട് പറയിക്കുന്ന തരത്തിൽ എന്റെ മകൾ പെരുമാറുന്നത് എനിക്കംഗീകരിക്കാനാവില്ല'
നിശ്ശബ്ദം തല കുനിച്ചു നിന്നു കേട്ടു താൻ.എതിർക്കാൻ ധൈര്യമുണ്ടായിരുന്നില്ല.
തന്നെപ്പോലും അമ്പരപ്പിച്ചുകൊണ്ടായിരുന്നു അവളുടെ മറുപടി.
'സൗഹൃദമുണ്ടാവുന്നത് ആണിനും പെണ്ണിനുമിടയിലല്ലല്ലോ അച്ഛാ ; രണ്ടു വ്യക്തികൾക്കിടയിലാണ് എന്നു ചിന്തിച്ചാൽ പോരെ?'
രാഘവേട്ടന്റെ മുഖം മാറുന്നത് ഭയത്തോടെയാണ് കണ്ടത്.
'പേരു കേൾപ്പിച്ചാൽ കൊന്നുകെട്ടിത്തൂക്കും ഞാൻ.പറയുന്നതനുസരിക്കുക.ഇനി ഇവനോടൊപ്പം നിന്നെ ഞാൻ കാണരുത് '
ഉറച്ചതായിരുന്നു ജാനിയുടെ മറുപടി.
'കിഷൻ എന്റെ നല്ല സുഹൃത്താണ്.എനിക്കു ശരിയായി തോന്നുന്നിടത്തോളം ഞാനീ സൗഹൃദം വേണ്ടെന്നു വെക്കില്ല.'
അൽപ്പസമയം അവളെ തന്നെ തുറിച്ചു നോക്കിനിന്നിട്ട് രാഘവേട്ടൻ തിരിഞ്ഞു നടന്നു.പ്രത്യേകിച്ച് ഒരകലവും കാണിച്ചില്ല ജാനി.പിന്നീടാരും അതിലിടപെട്ടതുമില്ല.
കരുത്തായിരുന്നു തനിക്കവൾ .അമ്മ പോയപ്പോഴത്തെ ഒറ്റപ്പെടൽ...ഭ്രാന്തമായിരുന്നു അത് .ആത്മഹത്യയെ കുറിച്ചു പോലും ചിന്തിച്ചിട്ടുണ്ട്.പിടിച്ചു കയറ്റിയത് അവളാണ്.സങ്കടങ്ങളെ ശക്തിയാക്കി മാറ്റണമെന്നു പറഞ്ഞു തന്നു. ഒറ്റമരങ്ങൾക്കാണ് ആഴത്തിലേക്കു വേരിറങ്ങുക എന്നു ഓർമ്മിപ്പിച്ചു.അത്രയും ആത്മബോധമുള്ള മറ്റൊരു പെണ്ണിനെ കണ്ടിട്ടില്ല ഇന്നു വരെ.
സ്മൃതി ഇതൊക്കെ ഉൾക്കൊള്ളുമോ എന്നൊരു ഭയം കുറച്ചു നാളായി മനസ്സിലുണ്ട്
കുട്ടികളുടെ മനസ്സാണവൾക്ക്.പക്ഷേ ഇതുൾക്കൊണ്ടേ മതിയാകൂ...ഒന്നിനു വേണ്ടിയും അടർത്തിമാറ്റാനാവില്ല ജാൻവിയെ.രക്തത്തിലേക്കലിഞ്ഞു ചേർന്നതാണ് ആ ആത്മ സൗഹൃദം...
കിഷന്റെ കണ്ണുകൾ വീണ്ടുമാ ജനാലയ്ക്കലേക്കു നീണ്ടു.ഇളംമഞ്ഞവെളിച്ചം തൂകി അപ്പോഴുമാ ചിമ്മിനിവിളക്ക് തെളിഞ്ഞു കത്തിക്കൊണ്ടിരുന്നു.
(തുടരും)

Divija

#ഒറ്റത്തുരുത്ത് (തുടർക്കഥ) - part3

-------------------------------------------------------
സ്മൃതി വീട്ടിലെത്തുമ്പോൾ സന്ധ്യ മയങ്ങിയിരുന്നു.
വീട്ടിലേക്കുള്ള ഓരോ ചുവടും അവളുടെ മനസ്സിൽ എന്നും അശാന്തി നിറച്ചു.വീട് എന്നു വിളിക്കപ്പെടാനുള്ള യോഗ്യത ആ കെട്ടിടത്തിനില്ല എന്ന് അവൾ സ്വയം പറഞ്ഞുകൊണ്ടേയിരുന്നു.ആ വീടിന് എന്നും തണുപ്പായിരുന്നു.തണുപ്പ് മരണത്തെ ഓർമ്മിപ്പിക്കുമെന്ന് ഓരോ തവണ വീടിനുള്ളിലേക്ക് കാൽ വെക്കുമ്പോഴും അവൾക്കു തോന്നി.
നിർവികാരമായ മുഖത്തോടെയാണ് അന്നും കാതറിൻ മകൾക്ക് വാതിൽ തുറന്നുകൊടുത്തത്.എന്തേ വൈകിയത് എന്നൊരു ചോദ്യം സ്മൃതി പ്രതീക്ഷിക്കാറില്ല.അത് ഉണ്ടായതുമില്ല.
കനത്തു നിന്ന നിശ്ശബ്ദത ആ വീടിന് ഒരു മരണവീടിന്റെ മുഖച്ഛായയുണ്ടാക്കി.
നിസംഗമായി തിരിഞ്ഞു നടന്ന് ഡൈനിങ്ങ് ടേബിളിലെ ഫ്ളാസ്കിൽ നിന്ന് തനിക്കായ് ചായ പകരുന്ന മമ്മയെ അസഹ്യതയോടെ സ്മൃതി കണ്ടു.
എത്രമാത്രം യാന്ത്രികമാണ് അവരുടെ ചലനങ്ങൾ...ഒന്നിനോടും ഒരു ബാധ്യതയുമില്ലാതെ, ചെയ്യേണ്ടതായതു കൊണ്ടു മാത്രം ചെയ്യുന്നു എന്ന ഭാവത്തോടെ അവർ മുന്നിലേക്കു നീട്ടിയ ചായക്കപ്പിലേക്ക് നോക്കാതിരിക്കാൻ ശ്രമിച്ചു കൊണ്ട് അമർത്തിച്ചവിട്ടി അവൾ പടിക്കെട്ടുകൾ കയറി.
തന്റെ മുറിയിലെത്തുവോളം വല്ലാത്തൊരു ശ്വാസംമുട്ടൽ അവളനുഭവിച്ചു കൊണ്ടിരുന്നു.
സാധാരണ മുറിയിലെത്തിയാൽ ആദ്യം ചെയ്യുക സ്റ്റീരിയോ ഓൺ ചെയ്യലാണ്....കാതടപ്പിക്കുന്ന ഡിജെ മ്യൂസിക്ക് ആ വീടിന്റെ സ്ഥായീഭാവമായ നിശ്ശബ്ദതയെ കീറിമുറിച്ചു.
അസഹ്യമായ നിശ്ചലാവസ്ഥയെ തോൽപ്പിക്കാൻ അവൾ കണ്ടെത്തിയ മാർഗ്ഗമായിരുന്നു അത്.എന്നും ആ പാട്ടുകളുടെ താളത്തിൽ അവളാ മുറിക്കുള്ളിൽ നൃത്തം ചവിട്ടി.മുറിവാതിലും കടന്ന് ആ ശബ്ദകോലാഹലങ്ങൾ വീടിനെ തന്നെ പ്രകമ്പനം കൊള്ളിച്ചു തുടങ്ങുമ്പോൾ പലപ്പോഴും നീരസം ദ്യോതിപ്പിക്കുന്ന മുഖഭാവത്തോടെ കാതറിൻ വാതിൽക്കലെത്താറുണ്ട്.അൽപ്പനേരം മകളെ നോക്കിനിന്നിട്ട് ഒന്നും മിണ്ടാതെയവർ തിരികെ നടക്കുമ്പോൾ തീരാത്ത പകയോടെ സ്മൃതി വാതിൽ വലിച്ചടയ്ക്കും.അതിനു ശേഷം കട്ടിലിലേക്ക് വീണ് എന്നുമവൾ അലറിക്കരഞ്ഞു.എന്തിനെന്നറിയാത്ത ആ കരച്ചിലിന്റെ അവസാനം ഒരു പെരുമഴ പെയ്തുതീർന്ന സമാധാനത്തോടെ സ്മൃതി ഉറങ്ങി.ആ സമാധാനം അവൾക്കിഷ്ടമായിരുന്നു.
ഒരു വാക്കെങ്കിലും അവർ സംസാരിച്ചിരുന്നെങ്കിൽ,വഴക്കു പറയാനെങ്കിലും ഒന്നു പേരു ചൊല്ലി വിളിച്ചിരുന്നെങ്കിൽ ഇത്രത്തോളം താനവരെ വെറുക്കില്ലായിരുന്നല്ലോ എന്ന് അപ്പോഴൊക്കെയും അവൾ തന്നോടു തന്നെ പറഞ്ഞു.
അവൾക്ക് സംസാരിക്കാൻ അവൾ മാത്രമേ ആ വീട്ടിൽ ഉണ്ടായിരുന്നുള്ളു.
പുറംലോകത്തെ അവൾ കൊതിയോടെ സ്നേഹിച്ചു....നിർത്താതെ സംസാരിച്ചു...മതി വരുവോളം പൊട്ടിച്ചിരിച്ചു.അകത്തും പുറത്തും അവൾ രണ്ടു വ്യക്തികളായിരുന്നു.തീർത്തും വ്യത്യസ്തരായ രണ്ടുപേർ.
അന്നു പക്ഷേ അവൾ തീർത്തും നിരാശയായിരുന്നു.
വീടിനേക്കാൾ തണുപ്പ് തന്റെ മനസ്സിലാണെന്ന് അവൾക്ക് തോന്നി.അതവളെ ഇടക്കിടെ കുത്തിനോവിച്ചുകൊണ്ടിരുന്നു.അന്ന് ആ മുറിയിലെ സ്റ്റീരിയോ പാട്ടു മറന്നു.മുകളിലെ നിശ്ശബ്ദത കാതറിനെ അമ്പരപ്പിച്ചു.സ്റ്റെയർകേസിനരികെ നിന്ന് മകളുടെ മുറിക്കു നേരെ കണ്ണയച്ചപ്പോൾ അവർ പോലുമറിയാതെ ഒരു നെടുവീർപ്പ് അവരിലുണ്ടായി.
ചുഴലിക്കാറ്റിൽ പറന്നുനടക്കുന്ന മഹാഗണിവിത്തുകളെ ഓർമ്മിപ്പിക്കുന്ന ഒരു കരച്ചിൽ അവൾക്കുള്ളിൽ വട്ടമിട്ടു പറന്നു.
പക്ഷേ സ്മൃതിക്കു കരയാൻ സാധിച്ചില്ല.അവളുടെ കണ്ണുകൾ പുകഞ്ഞുകൊണ്ടിരുന്നു.എന്താണ് ജാൻവിക്കു മുന്നിൽ തന്നെ അപ്രസക്തയാക്കുന്നതെന്ന് എത്ര ആലോചിച്ചിട്ടും അവൾക്ക് മനസ്സിലായില്ല.കണ്ണുകളിറുക്കിയടച്ച് അവൾ തലയണയിലേക്കു മുഖമമർത്തി.
അടഞ്ഞ കൺപോളകളിൽ അപ്പോഴും ജാൻവി ശാന്തമായി പുഞ്ചിരിച്ചു.
ചാടിയെഴുന്നേറ്റ സ്മൃതി സർവ്വശക്തിയുമെടുത്ത് തല ഭിത്തിയിലേക്കാഞ്ഞിടിച്ചു.തലച്ചോറിൽ വേദന ചൂളംകുത്തി.ചുളിഞ്ഞ മുഖത്തോടെ അവൾ നിലത്തേക്കിരുന്നു.
വേദനയെ അൽപ്പാൽപ്പമായി കടിച്ചിറക്കുമ്പോൾ താഴെ വാതിൽ തുറക്കുന്ന ശബ്ദം അവൾ കേട്ടു.
'സ്മൃതി വന്നില്ലേ?'
'ഉം'
ഹ്രസ്വമായ ചോദ്യവും ഉത്തരവും..
.പിന്നെ നിശ്ശബ്ദത.
സ്മൃതിയുടെ ചുണ്ടുകൾ ഒന്നു വികൃതമായി കോടി.അവ്യക്തമായി എന്തോ പിറുപിറുത്തുകൊണ്ട് അവൾ തണുത്ത തറയിലേക്കു ചുരുണ്ടുകൂടി.
അവളുടെ നെറ്റിയിൽ കിനിഞ്ഞ ഒരു തുള്ളി ചോരയുടെ രുചിനോക്കാൻ വന്ന കുനിയനുറുമ്പ് ഒരു നിമിഷം സംശയിച്ചു നിന്നു.സ്മൃതി ഉറങ്ങിത്തുടങ്ങിയിരുന്നു.

Divija

#ഒറ്റത്തുരുത്ത് (തുടർക്കഥ) - part2

(2)
ഒരിറക്ക് കോൾഡ് കോഫി വായിലേക്കെടുത്തിട്ട് വീണ്ടും പുസ്തകത്തിലേക്ക് ഊളിയിട്ടു ജാൻവി.എന്തോ തിരയുന്നതു പോലെ പേജുകൾ തിരക്കിട്ടു മറിക്കുകയും എന്തൊക്കെയോ ഓടിച്ചു വായിക്കുകയും ചെയ്യുകയാണവൾ.
സ്ട്രോ ചുണ്ടിൽ നിന്നെടുക്കാതെ അവളെ ശ്രദ്ധിച്ചുകൊണ്ട് വെറുതെ ഇരുന്നു കിഷൻ.
അത്തരം ചില നിമിഷങ്ങളിൽ സംഭാഷണങ്ങളെ വെറുക്കുന്നു ജാൻവി എന്ന് അയാൾക്കറിയാമായിരുന്നു.
ചെയ്യുന്നതെന്തിലും പരിപൂർണ്ണശ്രദ്ധ ...തന്നെ മറന്നുള്ള ശ്രദ്ധ...ജാൻവി അങ്ങനെയാണ്.അങ്ങനെയായാലെ അതവളാകുകയുള്ളു.
'നോക്കൂ കിഷൻ ,മരുമക്കത്തായം സ്ത്രീകേന്ദ്രീകൃതമായ സമൂഹത്തിന്റെ ബാക്കിപത്രമായി ഉരുത്തിരിഞ്ഞ ആശയമാണത്രെ...ഒരുപക്ഷേ മാതൃകേന്ദ്രീകൃതമായിരുന്ന ഒരു സമൂഹത്തെ പിതൃകേന്ദ്രീകൃതമാക്കിത്തീർത്ത പരിവർത്തനകാലത്തിന് തുടക്കമിട്ടത് ആ ആശയമാവണം...തനിക്കങ്ങനെ തോന്നുന്നില്ലെ?'
അപ്രതീക്ഷിതമായി പുസ്തകത്തിൽ നിന്നു കണ്ണുയർത്തി മുന്നറിയിപ്പൊന്നുമില്ലാതെ അവളാ ചോദ്യമെയ്തു.അവളുടെ തവിട്ടു നിറമുള്ള കൃഷ്ണമണികൾ പോക്കുവെയിലേറ്റ് തിളങ്ങി.
പതിയെ സ്ട്രോയിൽ നിന്നു ചുണ്ടുകളെ തിരിച്ചെടുത്ത് അയാൾ ആ ചോദ്യത്തെ മനസ്സിലേക്കെടുക്കാൻ ശ്രമിച്ചു.
' ജാനി നീ ഇമാജിൻ ചെയ്തെടുക്കും പോലെ മറ്റേർണൽ ആയിരുന്ന ഒരു സമൂഹം ഉണ്ടായിരുന്നു എന്നു തന്നെ എനിക്ക് ഉൾക്കൊള്ളാനായിട്ടില്ല...കീഴ്വഴക്കങ്ങളെ വെല്ലുവിളിച്ച് മാറ്റങ്ങളുണ്ടാക്കാൻ സ്ത്രീ ശ്രമിച്ചു തുടങ്ങിയിട്ട് വളരെ കുറച്ചു കാലമെ ആയുള്ളു എന്നാണ് എന്റെ അറിവ്.'
'നീ വെറുമൊരു പുരുഷനെ പോലെ സംസാരിക്കുന്നു .ചട്ടക്കൂടിനു പുറത്തേക്കിറങ്ങി ചിന്തിക്കാൻ നിങ്ങൾ പുരുഷൻമാർക്ക് മടിയാണ്.'
അവളുടെ സ്വരം അഗാധമായിരുന്നു...വെറും പുരുഷൻ എന്ന പ്രയോഗം കിഷനിൽ ഒരു ചെറുചിരി ക്ഷണിച്ചുവരുത്തി.
'വഴക്കിടാനാണോ നീ കോഫി ഓഫർ ചെയ്തത്?'
'അല്ല;ആകെ ഒരങ്കലാപ്പിലാണ് ഞാൻ.വായിച്ചിട്ടും വായിച്ചിട്ടും വിഷയത്തിലേക്ക് പിന്നെയും ദൂരമവശേഷിക്കും പോലെ.ഭ്രാന്താകുന്നു .'
'തനിക്കിഷ്ടമാണല്ലോ ചില ഭ്രാന്തുകൾ'
'ഉം....'
അല്പനേരത്തെ ആലോചനാപൂർവ്വമായ മൗനത്തിനു ശേഷമായിരുന്നു മറുപടി.
ഇഷ്ടങ്ങളുണ്ടാവുക എളുപ്പമാണ് കിച്ചു...പക്ഷേ ആ ഇഷ്ടങ്ങൾക്കൊപ്പം നടക്കുക ഒട്ടും എളുപ്പമല്ല.
ഞാനന്വേഷിക്കുന്നത് ചരിത്രത്തിലെഴുതപ്പെട്ട നുണകളല്ല.ചരിത്രമെഴുതപ്പെടുന്നതിനും മുൻപൊരു കാലത്തെ നേരുകളാണ്.മൺമറഞ്ഞുപോയ നേരുകളുടെ ഫോസിൽ അന്വേഷിച്ചലയുക,കണ്ടെത്തുന്നവയെ ഡി എൻ എ ടെസ്റ്റ് നടത്തി വസ്തുതാപരമെന്ന് ഉറപ്പു വരുത്തുക.തെളിവു നിരത്തി സമർത്ഥിച്ച് ഉദ്ദേശിക്കുന്ന ആശയത്തെ സ്പഷ്ടമായി അവതരിപ്പിക്കുക....ഓരോ ചുവടും ആവശ്യപ്പെടുന്ന ശ്രദ്ധ...സമ്മർദ്ധം....'
അവൾ അയാൾക്കു നേരെ മുഖം തിരിച്ചു.
' ആദ്യത്തെ ചുവടിനെ കൊന്നുകളയുന്നത് അവസാനത്തെ നേരിടാനുള്ള ധൈര്യക്കുറവാണ് അല്ലേ? '
'ജാനി നീ വിഷയത്തെ ആവശ്യമില്ലാതെ സങ്കീർണ്ണമാക്കുകയാണ്. ഫെമിനിസം കത്തിക്കൊണ്ടിരിക്കുന്ന തീയാണ്....അതിൽ നിന്നൊരു ചൂട്ടു കത്തിച്ചെടുത്താൽ തന്നെ തന്റെ ഗവേഷണം ഗംഭീരമായി അവസാനിപ്പിക്കാം.അതിനു പകരം ഇല്ലാത്ത ചാരത്തിലെ കനലൂതിത്തെളിക്കുകയാണ് നീ.'
അവളുടെ കണ്ണുകൾ പുറത്തേതോ ഒരു കാഴ്ചയിലുടക്കി നിശ്ചലമായതു പോലെ തോന്നിച്ചു.ചിന്തയിലൂന്നി സംസാരിക്കുമ്പോഴെന്ന പോലെ ഓരോ അക്ഷരവും ശ്രദ്ധാപൂർവം പെറുക്കിയെടുത്തായിരുന്നു മറുപടി.
'എന്റെ കാഴ്ച വിത്യസ്തമായതു കൊണ്ടാവാം കിഷൻ;ഇന്നു നാം കാണുന്ന തീയിൽ ഇന്ധനങ്ങളുടെ ധാരാളിത്തമുണ്ട്.പക്ഷേ സുലഭമായ ഈ ഇന്ധനങ്ങൾക്കപ്രാപ്യമായ എവിടെയോ ആണ് തീയുടെ ഉറവിടം.അതു കണ്ടെത്താനുള്ള ശ്രമത്തിലാണ് ഞാൻ'
എഴുന്നേറ്റ് സ്നേഹത്തോടെ അവളുടെ തോളിൽ കൈ വെച്ചു കിഷൻ.
'നമുക്കിറങ്ങാം...സന്ധ്യയാവുന്നു.'
ആകാശച്ചെരുവിൽ ചുവപ്പു പടർന്നു തുടങ്ങിയിരുന്നു.
അവരുടെ ബുള്ളറ്റ് അകന്നതിനു തൊട്ടുപിറകെ ഒരു സെലെരിയോ ആ കോഫീഷോപ്പിനു മുന്നിലൂടെ ചീറിപ്പാഞ്ഞു.മരണവേഗതയിലോടിയ ആ കാറിന്റെ ഡ്രൈവിങ്ങ് സീറ്റിൽ ഉമിത്തീയിലെന്ന പോലെ സ്വയമെരിഞ്ഞ് സ്മൃതി ഇരുന്നു.
(തുടരും)

Divija

#ഒറ്റത്തുരുത്ത് (തുടർക്കഥ) - part1

(1)
കലാലയം നിശ്ശബ്ദമായിരുന്നു.കുട്ടികൾ ഒട്ടുമുക്കാലും പോയ്ക്കഴിഞ്ഞിരിക്കുന്നു.ഒഴിഞ്ഞൊരു കോണിൽ പൂത്തു നിന്ന മുരിക്കുമരത്തിന്റെ ചുവട്ടിലെ സിമന്റ് ബെഞ്ചിൽ ആരെയോ പ്രതീക്ഷിച്ചെന്ന പോലെ ഇരിക്കുകയാണ് സ്മൃതി.ഇടക്കിടെ അവളുടെ കണ്ണുകൾ മലയാളം ഡിപ്പാർട്ട്മെന്റിലേക്ക് പാളുന്നുണ്ട്.നീണ്ടു ഭംഗിയുള്ള വിരലുകൾക്കിടയിൽ ഒളിപ്പിച്ചെന്ന പോലെ പിടിച്ചിരുന്ന ഒരു മൊട്ടുസൂചി കൊണ്ട്...അറ്റത്തൊരു ചുവന്ന മുത്തു പിടിപ്പിച്ചത്... വിരൽത്തുമ്പുകളിൽ ചെറുതായി കുത്തിനോവിക്കുന്നുണ്ടവൾ.
ഒരു തവണത്തെ കുത്തിന് ആക്കമൽപ്പം കൂടി.മോതിരവിരലിന്റെ തുമ്പിൽ ഒരു തുള്ളി ചോര കിനിഞ്ഞു.
'ഔച്ച്...'
പറഞ്ഞുകൊണ്ട് അവളെഴുന്നേറ്റു....അപ്പോൾ ഡിപ്പാർട്ട്മെന്റ് പൂട്ടി പുറത്തേക്കിറങ്ങുകയായിരുന്നു കിഷൻ.
അത്രയും നേരം മടിയിലേക്കു വീണ മുരിക്കിൻപൂക്കളത്രയും അവളുടെ കാൽക്കീഴിലേക്കു പൊഴിഞ്ഞു.
തനിക്കരികിലേക്കു നടന്നടുക്കുന്ന കിഷനെ നോക്കിക്കൊണ്ട് വിരൽത്തുമ്പ് സ്മൃതി നാവോടു ചേർത്തു
'കഴിഞ്ഞ ക്ളാസിൽ കേറിയില്ലേ?'
'ഇല്ല'
'ഉം?'
'ഒന്നുമില്ല.ഇവിടിരിക്കാൻ തോന്നി.'
'എന്തു പറ്റി ,ഇന്നെന്റെ കിലുക്കാംപെട്ടി മൂഡോഫാണല്ലോ'
'ഒന്നൂല്ല കിച്ചേട്ടാ...ജാൻവിമിസ്സ് ഇറങ്ങാറായോ?'
'ഇല്ല.അവൾ ലൈബ്രറിയിലാ.എന്താടോ?'
'വെറുതെ...മിസ്സ് വന്നാ പിന്നെ കിച്ചേട്ടൻ ഇവിടെ നിൽക്കില്ലല്ലോ.അൽപ്പനേരം സംസാരിച്ചിരിക്കാനാ.'
ആ സ്വരത്തിലെ പരിഭവം കണ്ട് ഒരു ചെറുചിരി അവന്റെ ചുണ്ടിലേക്കോടിയെത്തി.തിരിച്ചൊരു പരിഭവമായിരുന്നു മറുപടി.
'ഓ...ജാൻവി മാത്രം മിസ്സ്...നമ്മളും പഠിപ്പിക്കുന്നുണ്ട് ചിലരെയൊക്കെ'
കിലുകിലാ ചിരിച്ചു സ്മൃതി
'അതിനെന്താ സാറിനേം ഇനി തൊട്ട് സാറേന്നു വിളിച്ചോളാം.പോരെ സാറേ?'
കളിയായി അവളുടെ ചെവിയിൽ പിടിച്ചു കിഷൻ.
'വേണ്ടെന്റെ കാന്താരീ...കിച്ചേട്ടൻ തന്നെ മതി'
അവർക്കിടയിലേക്ക് മുരിക്കിൻപൂവുകൾ നിശ്ശബ്ദം പൊഴിഞ്ഞുവീണുകൊണ്ടിരുന്നു.
സമയം കടന്നു പോകുന്നത് അവരറിഞ്ഞതേയില്ല.
ലൈബ്രറിയുടെ പടികളിറങ്ങി വരുന്ന ജാൻവിയെ കണ്ടപ്പോഴാണ് കിഷൻ വർത്തമാനത്തിലേക്ക് തിരിച്ചെത്തിയത്.
'ജാൻവി വന്നല്ലോ...നീയിന്ന് കാറെടുത്തില്ലേ?'
'എടുത്തു.ഇല്ലെങ്കിലും കിച്ചേട്ടൻ എനിക്ക് ലിഫ്റ്റ് തരാനൊന്നും പോണില്ലല്ലോ'
'പോടി കുശുമ്പീ...'
അവളുടെ തലയിലൊന്നു കിഴുക്കാൻ നീട്ടിയ കൈ കിഷൻ പക്ഷേ പിൻവലിച്ചു.ജാൻവി അടുത്തെത്തിയിരുന്നു.സ്മൃതിയുടെ മുഖം പെട്ടെന്നൊന്നു മങ്ങി.പക്ഷേ അതു സമർത്ഥമായി മറച്ച് അവൾ ജാനിയെ നോക്കി ചിരിച്ചു.
'ഞാനൊരു ശല്യമായോ?'
'ഹേയ് ,ഞാൻ നിന്നെ കാത്തു നിന്നതാ...ഇവളുടെ മണ്ടത്തരത്തിനു ചെവി കൊടുക്കാൻ ആർക്കാ നേരം.താൻ വാടോ.'
പറയുന്നതിനിടെ അവൻ ബുള്ളറ്റ് സ്റ്റാർട്ടാക്കിയിരുന്നു.സാരിയുടെ ഞൊറികളൊതുക്കി മുന്താണി മുൻപിലേക്കെടുത്തു പിടിച്ച് ജാൻവി കയറിയിരുന്നു.സ്മൃതിയെ നോക്കി കൈ വീശി ചിരിച്ചു.
ഗേറ്റ് കടന്നു മറയുന്ന അവരെ സ്മൃതി കണ്ണിമയ്ക്കാതെ നോക്കി നിന്നു.അവളുടെ ചുണ്ടിലെ ചിരിയിൽ അല്പാല്പമായി കയ്പ്പു പടർന്നു തുടങ്ങിയിരുന്നു.എന്തെന്നില്ലാത്ത ഒരു ശൂന്യത അവൾക്കനുഭവപ്പെട്ടു.തനിക്കു ചുറ്റും ഒരു ചുഴി രൂപപ്പെടുന്നുണ്ട്.
അതിലേക്കു വീണുപോയേക്കുമെന്ന തോന്നലിൽ അവൾ മുരിക്കുമരത്തിലേക്കു കൈയമർത്തി....മുള്ളുകളിലേക്കു കൈയമർന്നപ്പോൾ ഒരാശ്വാസം അവൾക്കനുഭവപ്പെട്ടു.അവളുടെ കൈയിലേക്കപ്പോൾ ഒരു പൂവിതൾ അടർന്നു വീണു.മുരിക്കിൻപൂവിന്റെ ഒരിതൾ....
(തുടരും)

Divija

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo