തെറ്റും ശരിയും

Sad, Girl, Woman, Sabrina, Sabrina Nguyen, Female
°°°°°°°°°°°°°°°°°°°°°°°°
മഴമേഘങ്ങൾ അങ്ങിങ്ങായി പടർന്നു കഴിഞ്ഞു
ഏതാനും നിമിഷങ്ങൾ മതി മണ്ണിനെ തണുപ്പിച്ച് മഴയെത്താൻ
ഒരു ടേബിളിന് ഇരുവശത്തുമായി
റോയ് മാത്യുവും മായ മനോഹറും ഇരിക്കുകയാണ്
തണുത്ത കാറ്റ് അരിച്ചെത്തിയപ്പോൾ മായ
ഷാൾ മൂടിപ്പുതച്ചു
ഒരുപാട് നാളത്തെ ഇടവേളയ്ക്ക് ശേഷം ഒരു യാത്ര
അതും റോയിച്ചൻ്റെ കൂടെ
പലരും ആവശ്യത്തിന് വേണ്ടി ഇരുട്ടിൻ്റെ മറ പറ്റി വന്നിരുന്നു
പക്ഷേ റോയിച്ചൻ
ഇപ്പോഴും വായിച്ചെടുക്കാൻ
കഴിയാത്ത ഒരു പ്രത്യേക സ്വഭാവം
ഒരു വേനൽക്കാലത്ത് ഇടനിലക്കാരൻ ശിവരാജൻ്റെ കൂടെ ആ വലിയ ബംഗ്ളാവിൽ ചെല്ലുമ്പോൾ
ആ കൊട്ടാര സമാനമായ വീട്ടിൽ അത്ഭുതത്തോടെ നാലുപാടും കണ്ണുമിഴിച്ചു നോക്കി നിന്നു
അകത്തെ ശീതീകരിച്ച മുറിയിൽ നിന്ന് ഇറങ്ങി വന്ന
ആരോഗ്യ ദൃഡഗാത്രനായ സുന്ദരനായ
ഒരു യുവാവ്
അടുത്ത് വന്നപ്പോൾ ചെമ്പകം പൂത്ത പോലെ ഒരു സുഗന്ധം
കിളി കൊഞ്ചൽ പോലെയുള്ള മധുരമൊഴികളാൽ കാതു കുളിർപ്പിച്ചിരുന്നു
ആ നെഞ്ചിൽ ചേർന്നുറങ്ങിയതെത്ര രാവുകൾ
സമൂഹം ചാർത്തിയ പേരിൽ നിന്ന് മായയിലേയ്ക്ക് അതിവേഗം ഒരു യാത്ര
അതാണ് റോയിച്ചൻ്റെ കൂടെയുള്ള ഓരോ നിമിഷവും സന്തോഷം പകരുന്നത്
ഇപ്പോൾ നാല് വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരു കൂടിച്ചേരൽ
അവസാനമായി കണ്ടപ്പോൾ പറഞ്ഞിരുന്നു കല്യാണമാണെന്ന്
അന്ന് എന്തുകൊണ്ടോ കരഞ്ഞു പോയി
പക്ഷേ തനിക്ക് പ്രണയിക്കാനോ ,ഭാര്യയാവാനോ യോഗ്യതയില്ലെന്ന തിരിച്ചറിവ് മനസ്സിനെ അന്ധമായ സ്നേഹത്തിൽ നിന്നുണർത്തി
ഇനി കാണരുത് എന്ന് പറഞ്ഞു പടിയിറങ്ങുബോൾ മനസ്സ് പിടഞ്ഞിരുന്നു
"നീയെന്താ ചിന്താവിഷ്ടയായ സീതയോ"
റോയിച്ചൻ്റെ ശബ്ദം ചിന്തകളിൽ നിന്നുണർത്തി
"റോയിച്ചായ എന്തിനാണ് ഇങ്ങനെ ഒരു യാത്ര?
ഞാൻ എത്ര തവണയായി ചോദിക്കുന്നു
ഒരു ഉത്തരം തരു "
എന്ത് കൊണ്ടോ ശബ്ദം അല്പം ദയനീയമായി
അയാൾ പറഞ്ഞു തുടങ്ങി
" കാരക്കാട്ടിൽ ബേബി എന്ന വലിയ കോടീശ്വരൻ്റെ മകൾ ട്രീസ ബേബി അവളായിരുന്നു എൻ്റെ അപ്പച്ചൻ എനിക്ക് വേണ്ടി കണ്ടെത്തിയ എൻ്റെ ഭാര്യ
കെട്ടുകല്ല്യാണം കഴിഞ്ഞു വീട്ടിൽ എത്തിയ അന്നു മുതൽ പണത്തിന്റെ വലുപ്പം കാണിക്കുന്ന അവളുടെ ഓരോ പ്രവർത്തിയും എന്നിൽ വെറുപ്പുളവാക്കി
എന്നെ അവൾ കാണുന്നുണ്ടായിരുന്നില്ല
സഹിക്കുന്നതിൻ്റെ പരമാവധി സഹിച്ചു
എന്നെയോ,വീട്ടുകാരെയോ അവൾ ജീവിതത്തിൽ പരിഗണിച്ചിട്ടില്ല
അവൾക്ക് അവളുടേതായ ഒരു ലോകം
അവിടെ ഞാനും ,വീട്ടുകാരും അധികപ്പറ്റായിരുന്നു
എനിക്ക് കിട്ടാതെ പോയ അമ്മച്ചിയുടെ സ്നേഹവും ,പരിഗണനയും ഭാര്യയിൽ നിന്ന് പ്രതീക്ഷിച്ചു
പക്ഷേ പ്രതീക്ഷയ്ക്ക് വിപരീതമായിരുന്നു
അവൾ
ഞാനും ഒരുപാട് പാപം ചെയ്തിരുന്നു
നിയന്ത്രിക്കാൻ ആരും ഇല്ലായിരുന്നു
അതിന്റെ ഫലമാണ് എനിക്ക് കിട്ടിയ ദുർവിധി
ഇനിയെങ്കിലും എനിക്ക് തെറ്റുകൾ തിരുത്തണം
നീ എൻ്റെ ഭാര്യയാവണം"
അത്രയും പറഞ്ഞവളുടെ കൈകൾ കൂട്ടിപ്പിടിച്ചപ്പോൾ
ആരവത്തോടെ മഴ പെയ്തിറങ്ങിയിരുന്നു
പെട്ടെന്ന് ആ കൈകൾ അവൾ വിടുവിച്ചു
എഴുന്നേറ്റു
"റോയിച്ചാ നമുക്ക് മുറിയിലേക്ക് പോവാം "
അവളുടെ പെട്ടെന്നുള്ള ഭാവ മാറ്റം ശ്രദ്ധിച്ചു കൊണ്ട്
അയാളും എഴുന്നേറ്റു
ബിൽ പെയ്മെൻ്റ് ചെയ്തു ഒരു കുടക്കീഴിൽ അവളോടൊപ്പം
റോഡ് ക്രോസ് ചെയ്തു
ഹോട്ടൽ ബ്ളൂ ഡയമണ്ടിൻ്റെ ലിഫ്റ്റിലൂടെ റൂം നമ്പർ മൂന്നൂറ്റി ആറിലേയ്ക്ക് ഒരുമിച്ചു കയറുബോഴും പരസ്പരം സംസാരിച്ചിരുന്നില്ല
ചില്ലു ജാലകത്തിലൂടെ മഴ കാണുകയായിരുന്നു അവൾ
റോയ് മാത്യു അവളെ മാറി നിന്ന് വീക്ഷിക്കുകയായിരുന്നു
അവളുടെ മനസ്സ് എന്ത് കൊണ്ടോ വായിച്ചെടുക്കാൻ അയാൾക്കായില്ല
"റോയിച്ചാ ഞാനെങ്ങനെ ഇങ്ങനെ ആയെന്നു എന്നോട് ചോദിച്ചിട്ടുണ്ടോ ?
"അത്...ഇല്ല സോറി ഞാനെന്നും എൻ്റെ കാര്യം മാത്രം നിന്നോട് പറഞ്ഞു നിൻ്റെ കാര്യങ്ങൾ ചോദിക്കാൻ എനിക്ക് പറ്റിയില്ല "
മഴയെ തന്നെ നോക്കി വീണ്ടും അവൾ പറഞ്ഞു
"എൻകിൽ എൻ്റെ ജീവിതവും റോയിച്ചൻ അറിയണ്ടേ"
"നീ പറയു മായ ഞാൻ കേൾക്കാം "
"റോയിച്ചൻ്റെ സ്റ്റാലിൻ ബംഗ്ളാവിൽ ഞാൻ ആദ്യമെത്തിയത് നിങ്ങളുടെ അപ്പച്ചൻ മാത്യു വർഗ്ഗീസിൻ്റെ കൈയ്യിലെ കളിപ്പാവയായിട്ടാണ്
എൻ്റെ പച്ചയായ ശരീരത്തിൽ പല്ലും ,നഖവും
കൊണ്ട് മുറിഞ്ഞു നീറിപ്പുകഞ്ഞു
പതിനേഴ്കാരിയുടെ ജീവൻ മാത്രം ബാക്കിയാക്കി ഒരു കെട്ട് നോട്ട് നെഞ്ചിൽ വെച്ചു അയാൾ എൻ്റെ വീട്ടിൽ എന്നെ കൊണ്ട് ചെന്നാക്കി
നിങ്ങളുടെ തോട്ടത്തിൽ പണിയെടുക്കുന്ന എൻ്റെ അച്ഛൻ അയാൾ കെട്ടിച്ചമച്ച കള്ളത്തിൽ വിശ്വസിച്ചു
ആരോ എന്നെ നശിപ്പിച്ചു പുറത്തറിഞ്ഞാൽ മോളുടെ ഭാവി എന്താവും
അങ്ങനെ ആരും അറിയാതെ ആ സംഭവം ഇല്ലാതാക്കി
പക്ഷേ പലപ്പോഴും അയാൾ എന്നെ
വാക്കുകൾ പൂർത്തിയാക്കാനാവാതെ അവൾ പൊട്ടിക്കരഞ്ഞു.
റോയ് മാത്യു കേട്ടത് വിശ്വസിക്കാനാവാതെ ഞെട്ടിത്തരിച്ചു നിന്നു
"നിങ്ങളെ കൊല്ലാനാണ് ആ വീട്ടിൽ ആദ്യമായി ഞാനെത്തിയത് പക്ഷേ നിങ്ങളെന്നെ തോൽപ്പിച്ചു
സ്നേഹം കൊണ്ട്
പക്ഷേ ഞാൻ അതിന് അർഹയല്ല
റോയ് മാത്യു അവൾക്കരികിൽ ചെന്നു
അവളെ ചേർത്ത് പിടിച്ചു
അവളുടെ കണ്ണുനീർ തുടച്ചു
ഇനി കൂടെയുണ്ടെന്ന വാഗ്ദാനം പോലെ
നിൻ്റെ മനസ്സിൻ്റെ നന്മ മതിയെന്ന വാക്കു പോലെ
അപ്പോഴും മഴ ഭ്രാന്ത് പിടിച്ചു പെയ്യുകയായിരുന്നു
മോഹത്തിൻ്റെ,സ്നേഹത്തിന്റെ
വേനൽച്ചൂടിലേയ്ക്ക്
തെറ്റും,ശരിയും,
ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ പോലെയാണ്.........................
രാജിരാഘവൻ

മടുപ്പ്.

Image may contain: 1 person, eyeglasses and closeup
ആകർഷമായതെന്തോ ഒന്ന് നിന്നിൽ നിന്നും പൊഴിഞ്ഞു പോയിരിക്കുന്നു.
മേളപ്പെരുക്കങ്ങൾക്കു താളം പിടിക്കാൻ
ഒത്തൊരുമയോടെ കൈകൾ ഉയരാതായിരിക്കുന്നു.
പരസ്പരമായ സ്നേഹ വിശ്വാസത്താൽ ഈടുറ്റ ബന്ധങ്ങൾക്കു മുറിവേറ്റിരിക്കുന്നു.
നമുക്കിടയിൽ എന്താണു സംഭവിച്ചത്..?
ഒരു പാട് തുരുത്തുകളായി നീ പിരിഞ്ഞകന്നു പോയിരിക്കുന്നു.
തിരക്കുകളെല്ലാമൊതുക്കി നിന്റെ അരികിലെത്തുമ്പോൾ.
ഇഷ്ടക്കാരുടെ ചായ്പ്പുകളിൽ മാത്രം ഒച്ചയനക്കങ്ങൾ.
നിറം മാറാനാകാത്തവർ വൻമരങ്ങളായി തനിച്ചു നിൽപ്പുണ്ട്.
ചിഹ്നം കളഞ്ഞ ചിന്തകരെന്ന് കാലം നിന്നെ അടയാളപ്പെടുത്താതിരിക്കട്ടെ..!

By: 

ചക്കരമുത്തി


°°°°°°°°°°°°°°°°°°°
"മുത്തീ... ചോറു തീർന്നല്ലോ...
ഇനിയിയെന്തു ചെയ്യും...?"
വേലിക്കപ്പുറത്തെ വീടിന്റെ അടുക്കളപ്പുറത്ത് നിന്ന് വിമലേച്ചി ചക്കരമുത്തിയോട് കൈമലർത്തിക്കാണിച്ചു.
പടി കയറി വരുന്നതേയുണ്ടായിരുന്നുള്ളു, മുത്തി.
"സാരമില്ല മോളേ.. ചോറു തന്നെ വേണമെന്നില്ല. എന്താള്ളത് ന്നു വച്ചാൽ അതു മതി... " മുത്തി പല്ലില്ലാത്ത മോണകാട്ടി ചിരിച്ചു.
"ഒന്നും ഇരിക്കുന്നില്ല മുത്തീ... നാളെ വാ, ഞാനെന്തെങ്കിലും എടുത്തു വയ്ക്കാം." വിമലേച്ചി അകത്തേയ്ക്കു കയറിപ്പോയി.
"വിമലേച്ചി വെറുതെ പറയുകയാ.. " ഞാൻ അമ്മയോടു പറഞ്ഞു. അമ്മ കണ്ണുരുട്ടി.
വിമലേച്ചിയുടെ വാസൂട്ടൻ ചോറു വേണ്ടെന്നും പറഞ്ഞു കരയുന്നതും രാവിലത്തെ ദോശ തരട്ടെ എന്നു ചേച്ചി ചോദിക്കുന്നതുമൊക്കെ അൽപം മുമ്പാണ് ഞാൻ കേട്ടത്...
മുത്തി പരിഭവമില്ലാതെ തിരിഞ്ഞു നടന്നു. വാസൂട്ടൻ വിമലേച്ചി കാണാതെ ഉമ്മറവാതിലിലൂടോടി വന്ന് മുത്തിയുടെ കൈയിൽ തൊട്ടു വിളിച്ചു.
മുത്തി വാത്സല്യത്തോടെ അവന്റെ നെറുകയിൽ തലോടി. മടിശ്ശീലയഴിച്ച് അതിനുള്ളിൽ പ്ലാസ്റ്റിക് കവറിലാക്കി സൂക്ഷിച്ച ചക്കര ഒരെണ്ണമെടുത്ത് അവന്റെ കൈയിൽ കൊടുത്തു. വാസൂട്ടൻ സന്തോഷത്തോടെ ചിരിച്ചു കൊണ്ട് ചക്കരയൊന്നു കടിച്ചു.
എനിക്ക് വലിയ ഇഷ്ടമാണ് ചക്കരമുത്തിയെ. മാമൻ ഗൾഫിൽ നിന്നു കൊണ്ടുവരുന്ന ചോക്കളേറ്റ്, പൂരത്തിനു വാങ്ങിയ പലഹാരങ്ങൾ, പിറന്നാൾ കേക്ക്... എല്ലാത്തിൽ നിന്നും മുത്തിക്ക് ഒരോഹരി ഞാൻ കരുതി വയ്ക്കും
മുത്തി എപ്പോൾ വരും എന്നു പറയാൻ പറ്റില്ല. പക്ഷേ എപ്പോൾ വരുമ്പോഴും മുത്തിയുടെ മടിശീലയിലെ ഒരു ചക്കര ഈ പാറുക്കുട്ടിക്കുള്ളതാണ്.
അമ്പലപ്പറമ്പിന്റെ ഒരു മൂലയിൽ, കുത്തിക്കെട്ടിയ ഒറ്റമുറിച്ചായ്പ്പിലാണ് മുത്തിയുടെ താമസം. ഒറ്റയ്ക്കല്ല കേട്ടോ. അഞ്ചാറു പൂച്ചകൾ മുത്തിക്കൊപ്പമുണ്ട്. പിന്നെ അമ്പലപ്പറമ്പിൽ അലഞ്ഞു നടക്കുന്ന പട്ടികളും മുത്തിയുടെ സ്വന്തം ആൾക്കാരാണ്.
അമ്പലക്കുളത്തിനപ്പുറത്തെ പൊന്തക്കാട്ടിലെ കരിയിലക്കിളി മുതൽ ഞങ്ങളുടെ പൂളമരത്തിൽ കൂടു വച്ച കാക്കവരെ നേരം വെളുത്താൽ മുത്തിയുടെ മുറ്റത്തെത്തും. നാടുതെണ്ടിക്കിട്ടുന്ന ഭക്ഷണം മുത്തശ്ശി അവർക്കു പങ്കുവെച്ചു കൊടുക്കും.
അച്ഛൻ വീട്ടിലുണ്ടെങ്കിൽ മുത്തിക്ക് കാശ് കൊടുക്കാറുണ്ട്. ഓണം വിഷു പോലുള്ള ആണ്ടറുതികളിൽ മുത്തിക്ക് വീടുകളിൽ നിന്ന് ഇഷ്ടം പോലെ തുണിയും പണവുമൊക്കെ കിട്ടും.
മുത്തി പടി കടന്നു വരുന്നതു കണ്ടപ്പോൾ അമ്മ ഭീഷണിപ്പെടുത്തും പോലെ പറഞ്ഞു.
"പെണ്ണേ, നിന്റെ ചക്കര തീറ്റ നിർത്തിക്കോ ട്ടോ...
പല ജാതി ജന്തുക്കൾക്കൊപ്പമാണ് മുത്തിയുടെ താമസം എന്നു മറക്കണ്ട. വൃത്തിയും വെടിപ്പുമില്ലാതെ... "
മുത്തി ദിവസവും രണ്ടു നേരം അമ്പലക്കുളത്തിൽ കുളിക്കും. അലക്കി വെളുപ്പിച്ച മുണ്ടേ ഇടുക്കൂ. പല്ലില്ലാത്ത ആ ചിരിയോളം വൃത്തിയും ഭംഗിയുമുള്ള മറ്റൊന്ന് ഞാനിതുവരെ കണ്ടിട്ടില്ല.
"അമ്മയേക്കാളും വൃത്തിയുണ്ട് മുത്തിക്ക്... " ഞാൻ പിറുപിറുത്തു കൊണ്ട് മുത്തിയുടെ അടുത്തേയ്ക്കോടി.
പ്രാതലിനു ബാക്കി വന്ന ഇഡ്ഡലി അമ്മ മുത്തിക്കു കൊടുത്തു. ഉമ്മറപ്പടിയിലിരുന്ന് മുത്തി തുണിപ്പൊക്കണം കെട്ടഴിച്ച് അലുമിനിയത്തിന്റെ ഒരു വലിയ തൂക്കുപാത്രമെടുത്തു. ഇഡ്ഢലി അതിലേയ്ക്ക് പെറുക്കിയിട്ട് പാത്രമടച്ചു വെച്ചു.
എന്നിട്ട് ഒരു ചക്കരയെടുത്ത് എന്റെ കൈയിൽ തന്നു. അമ്മയുടെ കുറുമ്പു നോട്ടം കാണാത്ത മട്ടിൽ മുത്തിയോടൊട്ടിയിരുന്ന് ഞാനത് കഴിച്ചു.
അമ്മ മുത്തിക്കായി കുറച്ച് ചോറും കറിയും പ്ലേറ്റിലാക്കി കൊണ്ടുവന്നു വച്ചപ്പോഴേയ്ക്കും എവിടെ നിന്നാണെന്നറിയില്ല ചക്കിപ്പൂച്ച പറന്നെത്തി.
ആദ്യമുരുട്ടിയ ചോറുരുള മുത്തി ചക്കിക്കു കൊടുത്തു. ബാക്കി ചോറുണ്ട് കൈ കഴുകി വന്ന് പൊക്കണം മുറുക്കുമ്പോൾ ഞാൻ ചോദിച്ചു, "മുത്തിക്കു വയറു നിറഞ്ഞോ...?"
മുത്തി എന്നെ അണച്ചുപിടിച്ചു നെറുകയിൽ മുത്തി.
ഞാൻ അകത്തു പോയി തൊടിയിൽ നിന്നു പെറുക്കിക്കൊണ്ടുവന്നു വെച്ച പഴുത്ത മാങ്ങ മുത്തിക്കു കൊണ്ടു കൊടുത്തു. മുത്തി അതും പൊക്കണത്തിലിട്ടു.
എനിക്കൊരു കഥ പറഞ്ഞു തര്വോ മുത്തീ? ഞാൻ ചോദിച്ചു. മുത്തി വീണ്ടും പടിമേലിരുന്നു .അപ്പോൾ അമ്മയും വന്ന് തിണ്ണയിലിരുന്നു.
എന്റെ തലയിൽ വിരലോടിച്ച് ചക്കരമുത്തി കഥ പറയാൻ തുടങ്ങി.
"പണ്ടു പണ്ട് ഒരു നാട്ടിൽ ഒരു രാജാവും ഒരു റാണിയുമുണ്ടായിരുന്നു. അവർക്കു രണ്ട് ആൺമക്കളും. നല്ല മിടുക്കൻമാരായ രണ്ടു രാജകുമാരൻമാർ.. "
രാജാവിന്റെ കഥ എനിക്കിഷ്ടമാണ്. അച്ഛൻ കൊണ്ടുവന്ന പഞ്ചതന്ത്രം കഥകളിലെ രാജകുമാരന്മാരെ ഞാനോർത്തു. അവർ മണ്ടൻമാരായിരുന്നു...
"രാജാവിനു കൂട്ടുകാർ ഒരുപാടുണ്ടായിരുന്നു. റാണിയേക്കാളും മക്കളേക്കാളുമൊക്കെ ഇഷ്ടം അവരോടായിരുന്നു..." മുത്തി തുടർന്നു.
"ഒരിക്കൽ കൂട്ടുകാർക്കൊപ്പം കാട്ടിൽ നായാട്ടിനു പോയ രാജാവ് തിരിച്ചു വന്നില്ല...."
അതെന്താ മുത്തീ? ഞാൻ ചോദിച്ചു
"നായാട്ടിനിടെ അപകടത്തിൽ രാജാവ് മരിച്ചു പോയി. അതു തന്നെ... " മുത്തി അകലേയ്ക്കു നോക്കി ഒരു നിമിഷമിരുന്നു.
"രാജാവു മരിച്ചപ്പോൾ റാണിയും മക്കളും പട്ടിണിയിലായി. മക്കൾ വിശന്നു കരയാൻ തുടങ്ങിയപ്പോൾ റാണി പണിക്കു പോകാൻ തുടങ്ങി... അപ്പോൾ ആളുകൾ റാണിയെ കളിയാക്കിച്ചിരിച്ചു." മുത്തി ചിരിച്ചു.
"അതെന്തിനാ കളിയാക്കുന്നത്... " ഞാൻ ചോദിച്ചു.
"അവരൊന്നും വിശപ്പറിഞ്ഞിട്ടുണ്ടാവില്ല. അതാവും..." ഇത്തവണ മുത്തി ചിരിച്ചില്ല.
"മക്കളൊക്കെ പഠിച്ചു വലിയ ആൾക്കാരായപ്പോൾ അന്യനാട്ടിലൊക്കെ പോയി... അവിടെ വലിയ കൊട്ടാരങ്ങൾ പണിതു... പിന്നെ, ഓരോ രാജകുമാരിമാരെ കണ്ടെത്തി കല്യാണവും കഴിച്ചു. പഴയ കൊട്ടാരത്തിൽ അമ്മ മഹാറാണി തനിച്ചായി... "
"ഒരു ദിവസം മക്കളൊക്കെ റാണിയെ കാണാനെത്തി. എന്നിട്ട്, അമ്മ റാണി ഇങ്ങനെ തനിച്ചു കഴിഞ്ഞാൽ വലിയ കഷ്ടമാണെന്നു പറഞ്ഞു... " ഞാൻ അമ്മയെ നോക്കി. അമ്മയും കഥയിൽ ലയിച്ചിരിക്കുകയാണ്. ചക്കിപ്പൂച്ച മെല്ലെയെണീറ്റു വന്ന് മുത്തിയുടെ കാലിൽ മുഖമുരുമ്മിക്കിടന്നു.
ചക്കിയെ മെല്ലെ തലോടി മുത്തി തുടർന്നു. "ദൂരെ വലിയൊരു കൊട്ടാരമുണ്ടത്രെ. എല്ലാ സൗകര്യവുമുണ്ട്, എല്ലാ കാര്യങ്ങൾക്കും ജോലിക്കാരുണ്ട്. കൂട്ടിന് വേറെയും കുറേ അമ്മ റാണിമാരും അവിടെയുണ്ടെന്ന്... മഹാറാണി അങ്ങോട്ടു താമസം മാറ്റണമെന്ന് രാജകുമാരൻമാർ നിർബന്ധം പിടിച്ചു... "
എന്നിട്ട് റാണി പോയോ? ഞാൻ ചോദിച്ചു.
"ഇല്ല.... പിറ്റേന്ന് മക്കളുണരും മുമ്പേ റാണി നാടുവിട്ടു....!! അതു തന്നെ കഥ, പാറുക്കുട്ടിയേ... "
മുത്തി കൈകൊട്ടിച്ചിരിച്ചു. കൂടെ ഞാനും ചിരിച്ചു. പക്ഷേ ചിരിക്കിടയിൽ മുത്തിയുടെ കണ്ണുനനഞ്ഞതെന്തിനാണെന്ന് എനിക്ക് മനസ്സിലായില്ല.
ചക്കരമുത്തി നാളെ വര്വോ ...? എഴുന്നേറ്റ് പൊക്കണം മുറുക്കുന്ന മുത്തിയെ നോക്കി ഞാൻ ചോദിച്ചു.
"അറിയില്ല കുട്ടീ... " മുത്തി പറഞ്ഞു., "മുത്തി വന്നില്ലെങ്കിലും എന്റെ പാറുക്കുട്ടി ഈ ചക്കിപ്പൂച്ചയ്ക്ക് ഇത്തിരി ചോറു കൊടുക്കണം ട്ടോ... "
പൊക്കണമെടുത്ത് പടിയിറങ്ങും മുമ്പേ മുത്തി ഒരിക്കൽ കൂടി എന്നെ അണച്ചുപിടിച്ചു. മുത്തിയെ ചുറ്റിപ്പിടിച്ച് തണുത്ത വയറിൽ മുഖമമർത്തിയപ്പോൾ എന്തോ.. എന്റെ കണ്ണും നിറഞ്ഞു.
...... Surya Manu

മിണ്ടാപ്രാണികൾ

Image may contain: Giri B Warrier, closeup and outdoor
വഴിയരികിലെ
ഓടയിൽ നിന്നും
കിട്ടിയതായിരുന്നു,
ശരീരം മുഴുവൻ അഴുക്കും
കണ്ണുരണ്ടും ചീഞ്ഞുപഴുത്ത്
തൊലിയെല്ലാം ഉരിഞ്ഞുപോയി,
ശരീരമാസകലം മുറിവുകളുമായി
ഒരു ചാവാലി പൂച്ചക്കുട്ടി.
ആ പൂച്ചക്കുട്ടിയെ
അവർ ദത്തെടുത്തു,
സ്നേഹിച്ചുവളർത്തി,
വീട്ടിലൊരംഗമായി കണക്കാക്കി
ഭക്ഷണത്തിലൊരു ഭാഗം
പൂച്ചക്കായി മാറ്റിവെച്ചു,
വിലയേറിയ, രുചിയേറിയ
തീറ്റ വാങ്ങി പൂച്ചക്കുവേണ്ടി,
ശീതീകരിച്ച കിടപ്പുമുറിയിലൊരു
മെത്തയും ഉണ്ടാക്കിക്കൊടുത്തു.
ഒരു ദിവസം ആ പൂച്ചക്കുട്ടി ചത്തു,
വീട്ടുകാർ ആകെ ദു:ഖത്തിലായി
ഒരു വർഷം കഴിഞ്ഞപ്പോൾ
പൂച്ചയുടെ ഫോട്ടോ പത്രത്തിലിട്ട്
അവരുടെ ദുഃഖം പങ്കുവെച്ചു.
‌കൊച്ചുമക്കൾ വന്നാൽ
കൊടുക്കണമെന്ന് മോഹിച്ച്‌
ഒരു വർഷം മുൻപ്‌
വാങ്ങി വെച്ചിരുന്ന
ചോക്ക്ലേറ്റ് വ്യദ്ധൻറെ
കൈയിൽനിന്നും വാങ്ങി തിന്നശേഷം
ശരണാലയത്തിലെ പാണ്ടൻ നായ
ആ പത്രപ്പരസ്യം വായിച്ചുകൊണ്ടിരുന്ന
വ്യദ്ധൻറെ കാൽക്കീഴിൽ
വാലാട്ടിക്കൊണ്ട് കിടന്നു,
നന്ദിയോടെ..
****
ഗിരി ബി. വാരിയർ 
28 മെയ് 2019
©copyright protected

കറി അഥവാ കൂട്ടാൻ


ഈ കവിതകളും കഥകളും ഒക്കെ എഴുതുകാന്നു പറഞ്ഞാല്‍ നമ്മള്‍ കറി വെക്കുന്ന പോലെയാണ്. ചില കറി വെച്ചിട്ടു നാം ടേസ്റ്റ് നോക്കുമ്പോള്‍ കൊള്ളാം സൂപ്പര്‍ എന്ന് നമുക്ക് തോന്നും പക്ഷേ ചിലപ്പോ അതാർക്കും ഇഷ്ടമായില്ലാന്നു വരാം ... ചിലത് ഉണ്ടാക്കി കഴിയുമ്പോള്‍ അയ്യോ കുളമായി എന്ന് തോന്നും പക്ഷേ അത് എല്ലാവര്‍ക്കും ഇഷ്ടമായെന്നും വരാം ... ചില കറി കാണാനൊക്കെ നല്ല രസമുണ്ടാകും പക്ഷേ ഒട്ടും രുചി ഉണ്ടാകില്ല ... ചിലത് നേരെ മറിച്ചും ... ചില കറികളിൽ മസാല കൂടും മണത്തു നോക്കുമ്പോള്‍ തന്നെ മസാലയുടെ കുത്ത് അടിക്കുന്നതിനാൽ അധികമാർക്കും ഇഷ്ടമാവില്ല .... വെജ് മുതല്‍ നോൺവെജ് വരെ വെക്കുന്നവരുണ്ട് വെയ്ക്കേണ്ട പോലെ വെച്ചാല്‍ നോൺവെജ് വരെ ടേസ്റ്റിയാകും എന്നാല്‍ കൈപ്പുണ്യമുള്ള ചിലരുണ്ട് അവര്‍ ചുമ്മാ വെള്ളം ചൂടാക്കി തന്നാല്‍ വരെ സൂപ്പര്‍ ടേസ്റ്റ് ആവും..
ഇനി കഴിക്കുന്നവരുടെ കാര്യം പറയുകയാണേൽ ചിലരുണ്ട് എന്തു വെച്ചു കൊടുത്താലും ഉണ്ടാക്കിയ ആളിനു വിഷമമായാലോ എന്ന് ചിന്തിച്ചു കൊള്ളാം സൂപ്പര്‍ എന്ന് പറയുന്നവർ... ചിലര്‍ എത്ര നന്നായാലും പോര ശരിയായില്ല ഒരു ടേസ്റ്റും ഇല്ല എന്ന് പറയും ചിലര്‍ വെച്ച ആളിനെ ഇഷ്ടമല്ലെങ്കിൽ രുചിച്ചു പോലും നോക്കാതെ കൊള്ളില്ലാന്നു പറയും... ഇനി ചിലരോ മിണ്ടാതെ വന്ന് കഴിച്ചിട്ട് നന്നായെന്നോ കൊള്ളില്ലാന്നോ അഭിപ്രായം പറയാതെ എണീറ്റ് പോകും... പിന്നെ പെണ്ണുങ്ങള്‍ ഉണ്ടാക്കിയ കറിയാണെങ്കിലാണ് കൊള്ളാം സൂപ്പര്‍ എന്ന ഡയലോഗ് കൂടുതല്‍ കേൾക്കുക അപ്പോ നമ്മളും പോയി ടേസ്റ്റ് നോക്കും ചിലത് സൂപ്പര്‍ ആകും എന്നാൽ ചിലത് വായിൽ വെക്കാന്‍ കൊള്ളില്ല. അതെങ്ങാനും പറഞ്ഞു പോയാല്‍ നിനക്കതിന് രുചി നോക്കാനറിയുമോ എന്ന ആക്രോശമായിരിക്കും ചുറ്റും.
എന്നെപ്പോലെ ചിലരുണ്ട് വെയ്ക്കുന്ന കറിക്ക് ആണ്ടിനും ചംക്രാന്തിക്കുമെങ്ങാനും വല്ല രുചി കിട്ടിയാലായി... ആരാണ്ടൊക്കെ പാചകക്കാരാ പാചകക്കാരാ എന്ന് വിളിച്ചപ്പോ മുണ്ടും മുറുക്കിയുടുത്തു അടുക്കളയില്‍ കയറിയതാ ഇനിയിവിടുന്നു എന്നാണാവോ ചവിട്ടി പുറത്താക്കുന്നത്.
ഒരർത്ഥത്തിൽ എഴുത്തുകാർ എന്നാൽ പാചകക്കാരെ പോലെയാണ്. വിഭവമുണ്ടാക്കി മറ്റുള്ളവർക്ക് വിളമ്പി അഭിപ്രായം അറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുന്ന പാചകക്കാരെ പോലെ.
വീണ്ടും ഒരു വട്ട് ചിന്തയുമായി ഞാന്‍
ജയ്സൺ
27/05/2019

ചന്ദനംപെറ്റ പെണ്ണ് - Part 5


ഒരുപാടു സമയം താൻ ഇവരുടെകൂടെ ചെലവിട്ടെന്നു തോന്നിയ ലക്ഷ്മിയമ്മ തന്റെ വലതു കൈയ്യിൽ കെട്ടിയിരുന്ന വാച്ചിൽ നോക്കി. ഇത്രയും സമയം കഴിഞ്ഞോ ഒരു സിനിമ കണ്ടതുപോലേയാണ് രാഘവൻ പറഞ്ഞ കഥ കേട്ടപ്പോൾ ലക്ഷ്മിയമ്മക്കു തോന്നിയത് കേട്ടു കഴിഞ്ഞപ്പോൾ രാഘവനെ ഒരു കുറ്റവാളിയായി വിധിക്കാൻ അവർക്കായില്ല പക്ഷേ കുഞ്ഞിനെ ഉപേക്ഷിച്ചവൻ എന്ന നിലയിൽ അയാൾ തെറ്റുകാരനാണെ ചിന്ത അവരുടെ ഉള്ളിൽ നിറഞ്ഞു.മനസ്സിലെ ത്രാസിന്റ ഒരു തട്ടിൽ പെങ്ങളുടെ മകളെ ഉപേക്ഷിച്ച രാഘവനേയും മറു തട്ടിൽ മനസ്സറിഞ്ഞ് ഒരുതെറ്റും ചെയ്യാതെ സാഹചര്യം അങ്ങനെയാക്കിത്തീർത്ത രാജമ്മയെന്ന അമ്മയെയും ഇരുത്തി തൂക്കി നോക്കിയപ്പോൾ രാജമ്മയെന്ന അമ്മയുടെ ഭാഗം കുറച്ച് പൊന്തിയിരുന്നു. ഒരു ദീർഘനിശ്വാസത്തോടെ അവർ തന്റെ അടുത്തിരിക്കുന്ന മുന്നോട്ടുള്ള ജീവിതത്തിന്റെ ഓരോ നിമിഷങ്ങളും മരിച്ചുകൊണ്ടിരിക്കുന്ന ആ മനുഷ്യനെ സഹതാപത്തോടെ നോക്കി ഒന്നും പറയാൻ വാക്കുകളില്ല എന്തു പറഞ്ഞാണ് ഇവരെ ഞാൻ ആശ്വസിപ്പിക്കേണ്ടത് ?അതുകൊണ്ട് എന്താണ് ഫലം.? എങ്കിലും അവർ ഇത്രമാത്രം പറഞ്ഞു.
" ഞാനുറപ്പു പറയുന്നില്ല കാരണം അവൾ എന്റെ മേലുദ്യോഗസ്ഥയാണ് എന്നോട് സ്നേഹത്തോടെ പെരുമാറുന്നുമുണ്ട് പക്ഷേ ഇക്കാര്യങ്ങൾ ഞാൻ എങ്ങനെ അവളോട് പറയും? നിങ്ങൾ നിങ്ങളുടെ കാര്യം നോക്കിയാൽ മതിയെന്ന് പറഞ്ഞാൽ അതോടെ തീരില്ലേ ഞങ്ങൾ തമ്മിലുള്ള സ്നേഹ ബന്ധം "
"സാറു വിചാരിച്ചാലത് നടക്കും സാറിനെയത്രയ്ക്കിഷ്ടാണാ കൊച്ചിന് എനിക്കതറിയാം അതറിഞ്ഞോണ്ടാണ് ഞാൻ സാറിന്റെ പൊറകെ നടക്കുന്നേ മരിക്കാൻ പോകുന്നൊരാളുടെ അന്ത്യാഭിലാഷമാണെന്ന് കരുതിയെങ്കിലും നിങ്ങളെനിക്കിത് നടത്തി തരണം തരില്ലേ..?"
ലക്ഷ്മിയമ്മയുടെ രണ്ടു കൈകളും കൂട്ടിപ്പിടിച്ച് തന്റെ നെറ്റിയിൽ മുട്ടിച്ചുകൊണ്ട് പൊട്ടിക്കരയുന്ന അവരെ എന്തു പറഞ്ഞാണ് ആശ്വസിപ്പിക്കേണ്ടതെന്ന് അറിയാതെ ലക്ഷ്മിയമ്മയുടെ മിഴികളും ഈറനണിഞ്ഞു.
" ഏതായാലും ഞാനവളോടിക്കാര്യമൊന്നു സംസാരിച്ചുനോക്കട്ടെ അവളെങ്ങനെ തിരിച്ചു പ്രതികരിക്കുമെന്ന് എനിക്കറ്യില്ല. പക്ഷേ കൊറച്ച് സമയം വേണം ഇന്നാ പിടിച്ചോന്നു പറ്ഞ്ഞ് സിനിമാക്കഥപോലേ പറ്യാനൊള്ള കാര്യങ്ങളല്ലല്ലോത്.അമ്മയെന്നാെരു സങ്കല്പം ആക്കൊച്ചിന്റെ മനസ്സിലൊണ്ടെങ്കിൽ അത് ലക്ഷ്മിയേടത്തി അല്ലാതെ വേറാരുമല്ല, അവടെ തീട്ടോം മൂത്രോം കോരി സ്നേഹിച്ചും ലാളിച്ചും തലേവെച്ചാ പേനരിക്കും നെലത്തു വെച്ചാ ഉറുമ്പരിക്കൂന്നു കരുതി കണ്ണിലെണ്ണയൊഴിച്ചു കാത്തിരുന്നു അതിനെ വളർത്തി വലുതാക്കിയവരാണ് ആ ലക്ഷ്മിയേടത്തീം നാണുവേട്ടനും. ഇനി പൊന്നുകൊണ്ട് പുളിശ്ശേരിവെച്ചുക്കെടുക്കാന്നു പറഞ്ഞാലും അവരെ മാത്രമേ ആ പെങ്കൊച്ച് അച്ഛനുമമ്മയുമെന്ന് വിളിക്കൂ അങ്ങനെയൊള്ള അവരെ മറന്നു നിങ്ങടെ പെങ്ങളെ അമ്മേന്ന് വിളിക്കുമോന്ന് എനിക്ക് പറയാമ്പറ്റൂല" .
" സാറിനറ്യാല്ലോ എനിക്കിനി അധികമായുസ്സില്ല കൂടിപ്പോയാ രണ്ടോ മൂന്നോ മാസം അതിനുള്ളിലെപ്പോ വേണെങ്കിലും ഞാൻ ചാകും എന്റെ കണ്ണടയുന്നതിനു മുമ്പെയെങ്കിലും അവളുടെ വായീന്നെന്റെ പെങ്ങളെ അമ്മേന്നു വിളിക്കുന്നത് കേക്കണം പറ്റൂങ്കീ ആ ക്കൈയ്യീന്നൊരിറ്റ് വെള്ളം അവടെ വായിലൊഴിപ്പിക്കണം പെറ്റൊടെനെ അവടെ അമ്മേന്റരികീന്ന് വലിച്ചെറിഞ്ഞതിന് അതിന്റെ കാലേ വീണെനിക്ക് മാപ്പു പറയണം അല്ലേലെന്റെ ആത്മാവ് ഗതികിട്ടാതലയും. ഞാനോ രാജമ്മയൊ മരിച്ചുകഴ്ഞ്ഞ് ഞങ്ങടെ മൊകമൊന്നു കാണാൻ അവൾ വന്നില്ലേലും സാരോല്യാ അതിനൊള്ള യോഗോം അവകാശോം ഞങ്ങക്കില്ലല്ലോ? വായ്ക്കരിയിടണമെന്ന് പറയാൻ മാത്രം ഞങ്ങളവക്കാരുമല്ലല്ലോ? പെറ്റവയറിന്റെ നൊമ്പരം നൊന്തുപെറ്റോർക്കേ അറ്യാൻ കഴ്യൂ..സാറേ.. അതോണ്ട ഞങ്ങള് സാറിനെത്തന്നെ അഭയന്തേടീത്"
ഗദ്ഗദം കൊണ്ട് അയാളുടെ ശബ്ദമിടറി ശ്വാസം വലിക്കാൻ ബുദ്ധിമുട്ടിയ രാഘവന്റെ പുറത്ത് ഗോമതി മെല്ലെ തടവിക്കൊടുത്തു. അപ്പോൾ അയാൾ ശ്വാസം ആഞ്ഞുവലിച്ചു നെഞ്ചു തിരുമ്മിക്കൊണ്ട് നിലത്തിരുന്നു.
"സാരമില്ല ഗോമതീ, ഞാനെന്നേക്കൊണ്ടാവുമ്പോലെ ശ്രമിക്കാം നീയും പ്രാർത്ഥിക്ക് നിന്റെ കെട്ട്യോന്റാഗ്രഹം സാധിക്കാൻ തെറ്റുകൾ ക്ഷെമിക്കുന്ന ദൈവം നിന്റെയപേക്ഷ കേക്കാതിരിക്കില്ല അല്ലാതെ ഞാനിപ്പോളെന്തു പറയാനാ മനസമാധാനത്തോടെ പൊയ്ക്കോളൂ കൊറേ നേരമായില്ലേ നമ്മളിവിടെയിരിക്കാൻ തൊടങ്ങീട്ട് ആൾക്കാരൊക്കെ നോക്കുന്നൊണ്ട് രണ്ട് സ്ത്രീകളും ഒരു പുരുഷനും ഇവടെ വന്നിരുന്നു കരയുന്നതെന്തിനാണെന്ന്. അതുമാത്രല്ല വീട്ടിപ്പോകാനുള്ള സമയമായി പിന്നെയൊരു കാര്യം നിങ്ങളിനി എന്നെയൊ അവളെയൊ കാണാനായി ഓഫീസിലേക്ക് വരണ്ട."
" വരാതെയെങ്ങനാ സാറേ ഞങ്ങളു വിവരങ്ങളറിയുന്നേ?"
ഗോമതി തന്റെ മനസ്സിലുള്ള സംശയം ചോദിച്ചു.
" നിന്റെ അഡ്രസ്സും മൊബീൽ നമ്പറും തരൂ ലാൻഡ്ഫോണുണ്ടെങ്കിൽ അതും "
ഗോമതി തന്റെ ബാഗിൽ നിന്നും പേനയെടുത്ത് മരുന്നു പൊതിഞ്ഞിരുന്ന കടലാസിൽ നിന്നും ഒരു തുണ്ട് കീറിയെടുത്ത് അതിൽ തന്റെ വിലാസവും ഫോൺ നമ്പറുകളും എഴുതിക്കൊടുത്തു.
"വേഗം വിളിക്കില്ലേ സാറേ?
"ഞാൻ പറഞ്ഞല്ലോ അതിനിച്ചിരി സമയമെടുക്കൂന്ന് സമയോം സന്ദർഭോം നോക്കി അവളോട് ഒന്ന് സംസാരിക്കട്ടെ അവടെ മനസ്സിലെന്താണെന്നാദ്യമറിയട്ടെ.
ചെലപ്പോ സത്യം അവക്കറിയാമെങ്കിലോ അവൾ വേറൊരമ്മേടെ മകളാണെന്ന്? എങ്കിൽ കൊഴപ്പമില്ല. അല്ലെങ്കിലൊരു പക്ഷേ നാണുവേട്ടനും ഭാര്യയുമല്ല തന്റെ സ്വന്തം അച്ഛനും അമ്മയുമെന്ന ആ വലിയ സത്യം അറിഞ്ഞാത്തന്നെ അതുൾക്കൊള്ളാൻ അവൾക്കാകുമോ? ചെലപ്പോ സത്യത്തോടു പൊരുത്തപ്പെടാൻ ഒരുപാട് സമയംപിടിക്കും അതുമല്ലെങ്കിൽ അവളേപ്പോലൊരു പാവത്തിന് ഭ്രാന്തു പിടിക്കാനും ഈയൊറ്റക്കാര്യം കേട്ടാമതി..."
"അയ്യോ സാറേ, രാജമ്മേനെയവൾ അമ്മാന്നു വിളിച്ചില്ലേലും കൊഴപ്പോല്ലാ പക്ഷേ നിങ്ങളിങ്ങനെയൊന്നും പറയല്ലേ ഭ്രാന്തിന്റെ ഫലമനുഭവിച്ചവർക്കേ ആ അവസ്ഥയറിയൂ ഞാനതൊരുപാടറിഞ്ഞതാ അങ്ങനെയൊരവസ്ഥ ശത്രുക്കൾക്കുപോലും വരരുത് "
അങ്ങനെയൊരു രംഗം നേരിൽ കണ്ടപോലേ രാഘവന്റെ മുഖം പേടിച്ചു വിളറി
" ഛേ ഛേ ഞാമ്പറഞ്ഞത് ഇങ്ങനെയൊക്കെ കേൾക്കുമ്പോ അവളെങ്ങനെയാണ് പ്രതികരിക്കുകയെന്നോർത്താണ്.. ഒന്നും പറയാൻ പറ്റില്ല ഇത്രയുംങ്കാലം ഓർമ്മ വെച്ചപ്പോമുതൽ അച്ഛാന്നും അമ്മേന്നും വിളിച്ചു ദൈവത്തേപ്പോലേ താൻ സ്നേഹിച്ചവർ തന്റെ ആരുമല്ലെന്നും താനൊരു അനാഥയാണെന്നും മറ്റുള്ളവരുടെ ദയയും കാരുണ്യമാണ് തന്റെയീ ജീവിതം എന്നറിയുന്ന ആ നിമിഷം എത്ര ക്രൂരമാണ് നിങ്ങളൊന്ന് നിങ്ങളൊന്നോർത്തു നോക്കിക്കേ? ചില്ലുപാത്രമ്പോലെ അവളുടെ ഹൃദയംതകർന്നു പോകൂലേ അതുവേണോ? നമ്മള് സിനിമേലും സീരിയലിലും ഇങ്ങനെയൊക്കെ കാണുന്നതല്ലേ..? അല്ല ചുമ്മാ ഓർമ്മപ്പെടുത്തീന്നേയൊള്ള് നിങ്ങള് സമാധാനമായിട്ടു പോകൂ ദൈവം എല്ലാത്തിനും ഒരു പരിഹാരം കാണിച്ചു തരും"
“ദൈവം... അങ്ങനെയൊന്നില്ല സാറേ.. ഒണ്ടാരുന്നെങ്കിൽ ഒരു തെറ്റും ചെയ്യാതിരുന്ന എന്റെ രാജമ്മയ്ക്കിങ്ങനെ വര്വോ..? ഇത്രേം അനുഭവിപ്പിച്ചിട്ടും പിന്നേം പിന്നേം ഞങ്ങളെ പരീക്ഷിച്ചോണ്ടിരിക്കയല്ലേ..? മുൻജന്മത്തിൽ ചെയ്ത പാപങ്ങളുടെ ശിക്ഷയാരിക്കും ഞങ്ങൾ ഈ ജന്മത്തിലും അനുഭവിക്കുന്നത്.. സാരമില്ല അനുഭവിച്ചതത്രയും ഇനി അനുഭവിക്കേണ്ടല്ലോ ഞങ്ങളു പോക്വാ സാറേ.ഭാഗ്യോണ്ടെങ്കി വീണ്ടുങ്കാണാം..”
അവർ കോളേജ് ക്യാമ്പസിൽനിന്നും മെയിൻറോഡിലേക്ക് ഇറങ്ങി വണ്ടിരുന്നതും കാത്തുനിന്നു. എവിടെക്കോ ഓട്ടംപോയി തിരിച്ചു വന്ന ഒരു ഓട്ടോ റിക്ഷ ലക്ഷ്മിയമ്മ കൈകാണിച്ചു നിറുത്തി.
"എങ്ങോട്ടാ "
ഡ്രൈവറുടെ ചോദ്യത്തിന് ഉത്തരം പറഞ്ഞത് ഗോമതിയായിരുന്നു..
"ഞങ്ങളെ ഡിപ്പോയില് വിട്ടിട്ട് സാറിനെ സർവ്വീസ് സ്റ്റാൻഡിൽ വിട്ടേര് "
ഗോമതി തന്റെ ബാഗിൽ നിന്നും റിക്ഷാക്കാരനു നല്കാനുള്ള പണം എടുത്തപ്പോൾ ലക്ഷ്മിയമ്മ വിലക്കി
"വേണ്ട വേണ്ട ഞാങ്കൊടുത്തോളാം"
അതു ധിക്കരിക്കാൻ അവർ ഇഷ്ടപ്പെട്ടില്ല.
അവരെ താഴെയങ്ങാടിയിലുള്ള ട്രാൻസ്പോർട്ട് ബസ്സ്റ്റാൻഡിൽ ഇറക്കിയിട്ട് ഓട്ടോ ബത്തേരി ടൗണിലേക്ക് തിരിച്ചു പോയി.
ദിവസങ്ങൾ കടന്നു പൊയ്ക്കൊണ്ടിരുന്നു ശ്രീജയോട് എങ്ങനെ വിഷയം അവതരിപ്പിക്കണമെന്ന് ലക്ഷ്മിയമ്മയ്ക്ക് ഒരു ഊഹവും കിട്ടിയില്ല ഒരു അവസരത്തിനായി അവർ കാത്തിരുന്നു.അധികം താമസിക്കാതെ തന്നെ ആ അവസരം വീണുകിട്ടി ഒരു രണ്ടാം ശനിയാഴ്ച്ച ബത്തേരിക്കടുത്തുള്ള കൊളഗപ്പാറയിലുള്ള അനാഥാശ്രമങ്ങളിലെയും വൃദ്ധസദനങ്ങളിലെയും അന്തോവാസികൾക്കും കൃഷ്ണഗിരി എസ്‌റ്റേറ്റിലെ തൊഴിലാളികൾക്കുമായി വയനാട് ജില്ലാ ഹെല്ത്ത് മിഷന്റെ ആഭിമുഖ്യത്തിൽ ഒരു സൗജന്യ മെഡിക്കൽ ക്യാമ്പും പകർച്ചവ്യാധികൾക്കെതിരെ ഒരു സാമൂഹിക ബോധവത്കരണ ക്ളാസ്സും നടത്തുവാൻ തീരുമാനിച്ചിരുന്നു.ശ്രീജയുടെ ഡിപ്പാർട്ടുമെന്റിലെ സീനിയർ യു ഡി ക്ലാർക്കായിരുന്നു പ്രോഗ്രാം കോർഡിനേറ്റർ അദ്ദേഹത്തിന്റെ സഹായിയായി അവളെയായിരുന്നു നിർദ്ദേശിച്ചിരുന്നത്.രണ്ടാംശനിയാഴ്ച്ച രാവിലെ തന്നെ ലക്ഷ്മിയമ്മയും ശ്രീജയും ഓഫീസിലെത്തിയപ്പോൾ ഡി.എം ഒ യുടെ നേതൃത്വത്തിൽ ജില്ലയിലെ മൂന്നു താലൂക്കുകളിലെ തിരഞ്ഞെടുക്കപ്പെട്ട പ്രൈമറി ഹെൽത്ത് സെന്ററുകളിൽ നിന്നുള്ള ഡോക്ടർമാരെയും നേഴ്സുമാരെയും ഹെല്ത്ത് വോളൻണ്ടിയർമാരെയും രണ്ടു സംഘങ്ങളായി തിരിച്ചു കൊളഗപ്പാറയിലേക്കും കൃഷ്ണഗിരിയിലേക്കും പോകുവാനായി തയ്യാറാക്കി നിറുത്തിയിരുന്നു.പ്രോഗ്രാമിന്റെ ഉത്ഘാടകനായ സ്ഥലം എം എൽ എ യുടെ നേതൃത്വത്തിലുള്ള സേവാദൾ പ്രവർത്തകരും അവർക്കൊപ്പമുണ്ടായിരുന്നു.അന്നാണ് ലക്ഷ്മിയമ്മ ശരിക്കും ശ്രീജയെ മനസ്സിലാക്കിയത്.
കൊളഗപ്പാറയിലെ അനാഥാശ്രമത്തിൽവച്ച് ലക്ഷ്മിയമ്മ ശ്രീജയ്ക്കുള്ളിൽ ഉറങ്ങിക്കിടക്കുന്ന അനാഥത്ത്വം തിരിച്ചറിഞ്ഞു. ക്യാമ്പിനിടയിൽ അവർ അനാഥാശ്രമത്തിന്റെ അകത്തുകടന്നു അവിടെയുള്ള അന്തേവാസികളായ കുട്ടികളെ പരിചയപ്പെട്ടു. രണ്ട് സെക്ഷനുകളാണ് അവിടെ ആശ്രമത്തിൽ ഒന്ന് ആൺകുട്ടികൾക്കും മറ്റൊന്ന് പെൺകുട്ടികൾക്കും.അവൾ അവരെ കാരുണ്യപൂർവം നോക്കി തന്റെ ബാഗിലുള്ള മിഠായി പായ്ക്കറ്റുകൾ അവിടുത്തെ വാർഡന്റെ കൈയ്യിൽ കൊടുത്തു. വരുന്ന സന്ദർശകർക്ക് ഒരു വസ്തുക്കളും കുട്ടികൾക്ക് നേരിട്ട് കൊടുക്കുവാൻ അനുവാദമില്ലായിരുന്നു.
അവൾ തന്റെ അടുത്തു നിന്ന ലക്ഷ്മിയമ്മയോടു പറഞ്ഞു.
"ഏതോ പുരുഷന്മാരും സ്ത്രീകളും തങ്ങൾ അനുഭവിച്ച ശാരീരിക സുഖത്തിന്റെ ലഹരിയിൽ ജന്മം കൊടുത്തശേഷം വലിച്ചെറിഞ്ഞ അനാഥജന്മങ്ങൾ.. അല്ലേ ലക്ഷ്മിയമ്മേ ?"
അവർ അവളുടെ വാക്കുകൾക്ക് ശരിയെന്ന് തലയാട്ടി സമ്മതിച്ചു.
"ലക്ഷ്മിയമ്മയ്ക്കറ്യോ ഈ ലോകത്തിൽ ഏറ്റവും സന്തോഷമൊള്ള കാര്യേന്താന്ന് ?"
അവർ ഒന്നു മിണ്ടാതെ ശ്രീജയുടെ മുഖത്തേക്കു നോക്കി.
" സ്വന്തമല്ലെന്നറിഞ്ഞിട്ടും നമ്മളെ ജീവനുതുല്യം സ്നേഹിക്കുന്നവർക്കിടയിൽ അവരിലൊരാളായി അവർക്കൊപ്പം ജീവിക്കുക അതാണ് ഏറ്റവും സന്തോഷമൊള്ള കാര്യം അങ്ങനെ ചെയ്യുന്നോരെ ജീവിതവസാനം വരെ വേദനിപ്പിക്കാതിരിക്കലാണ് നാം അവർക്കു ചെയ്യേണ്ട ഏറ്റവും വലിയ പ്രത്യുപകാരം ശരിയല്ലേ?"
"കാര്യം സാറു പറഞ്ഞത് അക്ഷരംപ്രതി ശര്യാണെങ്കിലും ഇപ്പോ അങ്ങനെ തോന്നാനൊള്ള കാരണമെന്താ?"
മറുചോദ്യം ചോദിച്ചെങ്കിലും ലക്ഷ്മിയമ്മയുടെ മനസ്സിൽ തന്റെയുള്ളിലെ പഴയ സംശയത്തിന് ബലം വച്ചു. ഇനി ഇവൾക്ക് താനാരാണെന്ന് അറിയാമോ? അതോ ഇപ്പോൾ പറഞ്ഞത് മനസ്സിൽ നിന്നറിയാതെ വന്നു പോയതാണോ?
"ഏയ് അങ്ങനെയൊന്നുമില്ല ലക്ഷ്മിയമ്മേ എന്റെ മനസ്സിന്റെ ഒരു തോന്നൽ പറഞ്ഞെന്നേയുള്ളൂ വാ നമുക്ക് അപ്രത്തൊള്ള വൃദ്ധസദനത്തിലേക്കാെന്നു പോയിട്ടു വരാം"
അവൾ വിഷയം മാറ്റിയതാണെന്ന് അവർക്കു മനസ്സിലായെങ്കിലും അത് അറിഞ്ഞതായി ഭാവിക്കാതെ അവർ അവളെ പിന്തുടർന്നു.കാത്തിരിക്കാം ഒരു പക്ഷേ തനിക്ക് രാഘവനു കൊടുത്ത വാക്ക് പാലിക്കാൻ കഴിഞ്ഞേക്കുമെന്ന ചിന്ത അവരിൽ വളർന്നു.
അവളോടൊപ്പം നടക്കുമ്പോൾ ലക്ഷ്മിയമ്മ ഒരു കാര്യം ശ്രദ്ധിച്ചു അനാഥാലയത്തിൽ എത്തിയപ്പോൾ മുതൽ അവളുടെ മുഖത്ത് പഴയ സന്തോഷമില്ല എപ്പോഴും ചിരിക്കുന്ന മുഖത്തോടെ മാത്രമേ അവളെ കാണാറുള്ളു.
വൃദ്ധസദനത്തിന്റെ പടി കയറുമ്പോൾ അവളുടെ മുഖം മ്ലാനമായിരുന്നു അവിടെയുണ്ടായിരുന്നവർക്ക് ഓരോരോ ജോലിയുണ്ട്. കൊന്ത, വെന്തിങ്ങ,മെഴുകുതിരി ,പ്ലാസ്റ്റിക് കൊണ്ടുള്ള അലങ്കാര വസ്തുക്കൾ, മുത്തുമാല, പേപ്പർ ബാഗ് ,ചിരട്ടത്തവി,ഈർക്കിലിച്ചൂൽ, കവുങ്ങിന്റെ പാളകൾ കൊണ്ടുള്ള പ്ലേറ്റുകൾ തുടങ്ങിയവയുടെ നിർമ്മാണ യൂണിറ്റുകൾ ഉണ്ടായിരുന്നു. നിരവധി കൈത്താെഴിലുകൾ ഓരോരുത്തരുടെ ഇഷ്ടത്തിനനുസരിച്ചുള്ള ഏതെങ്കിലും ഒരു തൊഴിൽ ചെയ്യണം അതിൽ നിന്നു കിട്ടുന്ന തുച്ഛമായ വരുമാനം അവരുടെ നിത്യ ചിലവുകൾ നിർവഹിക്കുന്നതിന് സഹായമാകാറുണ്ട്. അവരുടെ നിർമ്മാണ യൂണിറ്റുകൾ അവർ ചുറ്റിനടന്നു കണ്ടു. അവിടെയുണ്ടായിരുന്ന വൃദ്ധജനങ്ങളെ പരിചയപ്പെട്ടു. വയസ്സായ സ്ത്രീകളും പുരുഷൻമാരും എല്ലാവർക്കും അറുപത്തിയഞ്ചിനു മുകളിൽ പ്രായമുണ്ടായിരുന്നു അവർക്കെല്ലാം. അവിടുന്നു ക്യാമ്പുനടക്കുന്നവിടേയ്ക്കു തിരിച്ചു നടക്കുമ്പോൾ വല്ലാത്തൊരു ദു:ഖത്തോടെയുള്ള ആത്മരോഷത്തോടെ അവൾ പറഞ്ഞു.
"ജീവിതത്തിന്റെ വസന്തകാലത്ത് ആരോഗ്യവും സമ്പത്തും സ്വന്തം കുടുബത്തിനും മക്കൾക്കുമായി പ്രതീക്ഷയോടെ ബലിയർപ്പിച്ചവർ. ജീവിത സായാഹ്നത്തിലെത്തിയപ്പോൾ തന്റെ സ്നേഹത്തിന്റെയും സമ്പത്തിന്റെയും ആരോഗ്യത്തിന്റെയും ഫലമനുഭവിച്ചവരാൽ തെരുവിലേക്ക് വലിച്ചെറിയപ്പെട്ടവർ കണ്ടില്ലേ ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി ഈ വയസ്സാങ്കാലത്തുകെടന്ന് കഷ്ടപ്പെടുന്നേ.? പാവങ്ങൾ ആരെടെയെങ്കിലും കാരുണ്യത്താൽ കിട്ടുന്നതുകൊണ്ട്
അരവയർപോലും നിറയാതെ ദിവസങ്ങൾ തള്ളിനീക്കുന്നവർ എല്ലാവരുമൊണ്ടായിട്ടും അനാഥരായിത്തീർന്നവർ ശരിക്കുമിവർ എന്നേപ്പോലേ തന്നെ... അല്ലേ ലക്ഷ്മിയമ്മേ?"
"ങ്ങേ..സാറിനേപ്പോല്യോ.. മനസിലായില്ല എന്താ പറഞ്ഞതെന്ന്? അപ്പനും അമ്മയുമൊള്ള സാറെങ്ങനെ അനാഥയാകും?"
താൻ തന്റെ ദൗത്യത്തിനടുത്തെയെന്ന ചിന്തയിൽ ഉള്ളിൽ സന്തോഷിച്ചെങ്കിലും അത്ഭുതമഭിനയിച്ച് അവർ അവളോട് ചോദിച്ചു.
അബദ്ധത്തിൽ തന്റെ നാവ് പിഴച്ചതറിഞ്ഞ ശ്രീജ ഒരുമാത്ര നിശബ്ദയായി. 
(തുടരും) 
***അടുത്ത ഭാഗം നാളെ - ഇവിടെ, ഇതേസമയം*** 

വായിക്കാത്ത ഭാഗങ്ങൾ ഇവിടെ തിരയുക-  https://www.nallezhuth.com/search/label/ChandanamPettaPennu
ബെന്നി ടി ജെ  
Image may contain: 1 person, beard and closeup

പ്രായമായവർക്കുള്ള പള്ളിക്കൂടം

Image may contain: one or more people, eyeglasses, beard and closeup
' ഒരുങ്ങിയില്ലേ ഇതുവരെ ..
''ഓ ഞാനില്ല എവിടേയ്ക്കും ..
" ഇത്രെയുംക്കാലം പറഞ്ഞതൊക്കെ .
മറന്നോ .. !
'' എന്നാലും '
ഈ വയസ്സുകാലത്ത് '
" എന്നും ''
'' അതൊന്നും സാരമില്ല ,
ഇവിടെയിങ്ങിനെ ഒറ്റയ്ക്ക് .
അതിലും ഭേദമല്ലേ ..
" അതിനെന്താ ..
വൈകീട്ട് നീയും കെട്ടിയോളും പിള്ളേരും
ഇങ്ങ് എത്തുകയില്ലേ .
'' അതു പറഞ്ഞിട്ടെന്താ പഴയ കാലമല്ല
മോശം കാലമാണ് ...
അവിടെയാവുമ്പോൾ ,
കുറെ പേരില്ലേ'' '
മിണ്ടിയും പറഞ്ഞും സമയം പോവണതറിയില്ല
" എന്നെ പോലെ 'മക്കളുള്ളവരു തന്നെയാണോ ..?!
'' ഉം .'അതെ, പുത്തൻപുരയ്ക്കലെ ഗ്രേയ്സി ചേച്ചിയും ,ആമ്പക്കാട്ടെ ത്രേസ്യമ്മച്ചിയും ഒക്കെ
അവിടെയില്ലേ .. അങ്ങിനെ കുറെപേരില്ലേ പിന്നെന്താ ത്ര പേടിക്കാൻ.''
" ഗ്രേയ്സിയും ഞാനും ഒരുമിച്ചു പഠിച്ചതായിരുന്നു 'അവൾക്ക് പഞ്ഞിമിഠായി
എന്നു വച്ചാ ജീവനായിരുന്നു ''
അവളുടെ പെൺമക്കളെല്ലാം നർസിംഗെല്ലാം പഠിച്ചു ജോലിയായി വിദേശത്ത് നല്ല നിലയിലല്ലേ .!
" ഉം.'' അതെ ' എല്ലാരുടേയും കല്യാണവും കഴിഞ്ഞു 'കുട്ടികളുമൊക്കെയായി
അവിടെ തന്നെയാണ്
" ആണോ '
ഉം , പഴയ പരിചയക്കാരെ കാണുന്നത് വല്ലപ്പോഴുമാണ് .
കാലിനു വയ്യാണ്ടായ ശേഷം പള്ളി പോക്ക് മുടങ്ങിയില്ലേ ..!
ഇത്തവണ കൃസ്തുമസ്സിനു പോലും പോകാൻ പറ്റിയില്ല ' !
" ഓ അതിനെന്താ അവിടെ എന്നും ആരാധനയുള്ള ഒരു ചാപ്പൽ ഉണ്ട് ''
കുർബ്ബാന കാണുകയും സൗകര്യം പോലെ പ്രാർത്ഥിക്കുകയും ചെയ്യാലോ..
" കാലിനു വയ്യാത്ത ഞാനെങ്ങിനെയാ ..
ഇവിടെ തന്നെ മൂത്രമൊഴിക്കാൻ പോണേ
വടിയും കുത്തിപ്പിടിച്ച് വേണം ''
'' അതല്ലേ പറഞ്ഞത് ' അവിടെ വീൽ ചെയറും
നോക്കാൻ ആയയുമുണ്ടെന്ന് ''
ഇനി പെട്ടെന്നു എന്തെങ്കിലും വിഷമം വന്നാൽ ഡോക്ടറും നേഴ്സും ഒക്കെ അടുത്തു തന്നെയുണ്ട് :
" ങ്ങും ,
എന്താണീ പള്ളിക്കൂടത്തിൻ്റെ പേരു പറഞ്ഞത് ..?
"ഹോം ഓഫ് ലവ്വ് ''
" ഉം .' പേരിലുള്ളതുപോലെ ലവ്വ് ഒക്കെ ഉണ്ടായിരിക്കും അല്ലേ. ."
" പിന്നെന്താ ഏറ്റവും നല്ല ഭക്ഷണവും സൗകര്യവുമൊക്കെയാണ് അവിടുള്ളത് ''
" എന്നാലും എന്നും രാവിലെ അങ്ങോട്ടും
വൈകീട്ട് ഇങ്ങോട്ട് തിരിച്ചും കൊണ്ടുവരാൻ
നിനക്കത് ഒരു ബുദ്ധിമുട്ടാവില്ലേ. ..
" അതെന്തിനാ ,അവിടെ വേണേ ..
താമസിക്കാനുള്ള സൗകര്യവും ഉണ്ട് ..
" ഓ ..
അപ്പോൾ റസിഡൻഷ്യൽ സ്കൂളാണു് ല്ലേ ..
അപ്പ " ഞാനെങ്ങിനാ കുട്ടുവിനേയും തങ്കുവിനെയും കാണുന്നത് !
" അതാണോ '?
ഞങ്ങൾ മുടങ്ങാതെ എല്ലാ ഞായറാഴ്ചയും കുർബ്ബാനയും കഴിഞ്ഞ് അങ്ങ് വന്നാ പോരേ..
അവിടെയാവുമ്പോൾ ''
എപ്പഴും കുറെ പേരൊക്കൊ
ചേർന്ന് മിണ്ടിയും പറഞ്ഞും , നേരം പോകുന്നത്
അറിയില്ല ..രസമായിരിക്കും
" ങും '
നീയ്യെൻ്റ മരുന്നും
ഞാൻ പുതക്കണ പഴയ കരിമ്പടവും ബാഗിൽ എടുത്തു വച്ചോ മറക്കണ്ട ,
അതു പുതച്ചാലെ ഇപ്പഴും ഇച്ചിരിയെങ്കിൽ ഇച്ചിരി ഉറക്കം വരുന്നത് '
"എന്താ ഈ തിരയണത് ..?
" ഞാനിവിടെ കുറച്ചു ചോക്കലേറ്റ് സൂക്ഷിച്ചു വച്ചിരുന്നു
തങ്കുവും കുട്ടുവും സ്കൂൾ വിട്ടു വരുമ്പോൾ കൊടുക്കണം !''
" എന്നാ ഇറങ്ങാം, നീയിനി വൈകണ്ട ''
"ഉം ..
" ടാ 'വണ്ടിയൊന്നു നിറുത്തിക്കേ
തൊടിയുടെ അറ്റത്തുള്ള മച്ചി മൂവാണ്ടനല്ലേ
കായ്ച്ചു കിടക്കണത് ... എത്ര വർഷത്തിനു ശേഷമാണെന്ന് ഓർത്തേ ."
:'ശ്ശൊ .' പ്രിൻസേ ''തലയിണക്കു കീഴിലെ അമ്മച്ചീടെ
കൊന്ത എടുക്കാൻ മറന്നല്ലോ ..
ചാച്ചൻ ഇങ്ങോട്ട് കൈ പിടിച്ചു കൂട്ടികൊണ്ടു വരുമ്പോൾ എനിക്ക് ആദ്യമായ് തന്നത് ആ കൊന്തയാണ് '
എന്തു വിഷമം വരുമ്പോഴും
ചൊല്ലിയാൽ മതീന്നും പറഞ്ഞ് ''
" അമ്മച്ചി വിഷമിക്കണ്ട :ഞാനെടുത്തിട്ടുണ്ട് .!
അപ്പോൾ ,പ്രിൻസിൻ്റെ കുപ്പായക്കീശയുടെ ഒരു കോണിൽ നിന്നും ആ 'കൊന്തയിലെ ക്രൂശിത രൂപം മെല്ലെ പിടഞ്ഞു
2019-05-27
( ജോളി ചക്രമാക്കിൽ )

അമ്മ വരുന്നത് വരെ

Image may contain: Anish Francis

പാവല്‍പടര്‍പ്പിലെ ഏറ്റവും വലിയ ഇലയിലാണ് ആ പുല്‍ച്ചാടി ഇരുന്നത്.തവിട്ടുനിറമുള്ള ദേഹത്തു വലിയ ചിറകുള്ള ഒരു പുല്‍ച്ചാടി. പച്ചനിറമുള്ള ചിറകുകള്‍ക്കൊണ്ട് ഇലയുടെ അരികുകളില്‍ അവന്‍ അള്ളിപ്പിടിച്ചു.
“എന്നാണ് ഈ പൂവ് ,കായാവാന്‍ തുടങ്ങുന്നത് ?”പുല്‍ച്ചാടി ഇലകളോട് ചോദിച്ചു.
“അതൊക്കെ പറയാം.അത്താഴം കഴിഞ്ഞു അപ്പൂപ്പന്‍ ഇപ്പോള്‍ പുറത്തു വരും.അടുക്കളവാതില്‍ തുറന്നു ഞങ്ങളുടെ മേല്‍ വെള്ളമൊഴിക്കും.അപ്പോള്‍ നീ പേടിച്ചു പറന്നുപോകരുത്.”ഇലകള്‍ പറഞ്ഞു.
“എനിക്കൊരു പേടിയുമില്ല.ഞാന്‍ പറക്കുകയില്ല.കണ്ടില്ലേ എന്റെ പച്ച ചിറകുകള്‍ കരുത്തുള്ളവയാണ്.”അവന്‍ പറഞ്ഞു.
പാവലിലകള്‍ ആ തമാശ ,തങ്ങളുടെ ഇലകളില്‍ സ്പര്‍ശിച്ചു കടന്നു പോകുന്ന മത്തന്റെ വള്ളിയോടു പറഞ്ഞു.അത് ,തുളസിയോടും ,മുരുക്കിനോടും,കൊന്നയില്‍ പടര്‍ന്നുകയറിയ മുല്ലയോടും പറഞ്ഞു.അടുക്കളവശത്തെ ചെടികള്‍ ഒന്നടങ്കം ആ തമാശ കേട്ട് ചിരിച്ചു.കയ്യാലക്കപ്പുറം ഉയര്‍ന്നുനില്‍ക്കുന്ന കപ്പളവും,കാപ്പിച്ചെടികളും ,മള്‍ബറിയും കാറ്റില്‍ ആ ചിരി കേട്ടു ചെവികൂര്‍പ്പിച്ചു.
രാത്രിയാകാശത്തില്‍ കൊച്ചു നക്ഷത്രങ്ങള്‍ നിരന്നു.ഉണ്ണി ഉറങ്ങാന്‍ നേരമായി.
“തമാശ കളയൂ ,നാളെ ഈ പൂവ് കായാകുമോ “പുല്‍ച്ചാടി ചോദിച്ചു.
“ഇന്ന് അര്‍ദ്ധരാത്രി.”ഒരില പറഞ്ഞു.
“അല്ല ഇന്ന് വെളുപ്പിന് .നക്ഷത്രങ്ങള്‍ മായുമ്പോള്‍.”മറ്റൊരില പറഞ്ഞു.
“ഞങ്ങള്‍ ഇനിയുള്ള പൂവുകള്‍ ഉണ്ണി ഇറങ്ങി വരുമ്പോള്‍ അവനു കാണാന്‍ വേണ്ടി കാത്തു വച്ചതാണ്.പക്ഷേ...ഇനിയും കാക്കാന്‍ വയ്യ..”വേറൊരു ഇല നെടുവീര്‍പ്പോടെ പറഞ്ഞു.
അപ്പോള്‍ അപ്പൂപ്പന്‍ ആശ്രമത്തിന്റെ അടുക്കളവാതില്‍ തുറന്നുവന്നു.നീണ്ട താടി ഉഴിഞ്ഞു അദ്ദേഹം ആകാശത്തേക്ക് ഒരുനിമിഷം നോക്കി.പിന്നെ മൊന്തയിലെ വെള്ളം പാവലിലേക്ക് ഒഴിച്ചു.ഇത്ര പെട്ടെന്ന് അപ്പൂപ്പന്‍ വരുമെന്ന് പുല്‍ച്ചാടി കരുതിയിരുന്നില്ല.ഒരു വെള്ളച്ചാട്ടം തന്റെ ചിറകില്‍ സ്പര്‍ശിച്ചതും അവന്‍ ചിറകുവിടര്‍ത്തി ഇരുട്ടിലേക്ക് പാഞ്ഞു.ആ പോക്ക് കണ്ടു ചെടികള്‍ ചിരിക്കണ്ടതായിരുന്നു.എങ്കിലും അവര്‍ ചിരിച്ചില്ല.കാരണം അപ്പൂപ്പന്റെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നത് അവര്‍ കണ്ടിരുന്നു.
“അപ്പൂപ്പാ ,പാവല്‍ കായ്ച്ചുവോ ?” ഉണ്ണി ചോദിച്ചു.
ആ അഞ്ചു വയസ്സ്കാരന്‍ തടുക്കുമെത്തയില്‍ മുഖം അമര്‍ത്തി കിടക്കുകയായിരുന്നു.
“ഇല്ല. മോനെ..”
“എനിക്ക് തുളസിയിലകള്‍ മണക്കാന്‍ തോന്നുന്നു.”
“അവ വെയിലില്‍ കരിഞ്ഞു വാടിനില്‍ക്കുകയാണ്.”
“മുല്ലപ്പൂവിനു എന്തിന്റെ മണമാണ് അപ്പൂപ്പാ..”
“നിലാവിന്റെ.”
“എനിക്ക് ഒരു മുല്ലപ്പൂ ഇറുക്കാന്‍ കൊതിയായി.”
“നിലാവ് കുറവാണിപ്പോ.”അപ്പൂപ്പന്‍ പറഞ്ഞു.
“അമ്മ എന്ന് വരും അപ്പൂപ്പാ..”അവന്‍ ചോദിച്ചു.അപ്പൂപ്പന്‍ അതിനു മറുപടി പറഞ്ഞില്ല.
അവന്റെ കണ്‍പോളകള്‍ അടഞ്ഞുതൂങ്ങാന്‍ തുടങ്ങുന്നത് വൃദ്ധന്‍ കണ്ടു.ഭക്ഷണത്തിനുശേഷമുള്ള മരുന്ന് പ്രവര്‍ത്തിച്ചു തുടങ്ങിയിരിക്കുന്നു.
“ഉണ്ണി ഉറങ്ങിയോ ?”എല്ലാവരും അടുക്കളജനാലക്കരികില്‍ ഇലകള്‍ പടര്‍ത്തി വളര്‍ന്നുനിന്ന തുളസിയോട് ചോദിച്ചു.നിലാവില്‍ ,കാറ്റില്‍ ആ ചോദ്യം തുളസിയില്‍ നിറഞ്ഞു.തുളസി മറുപടി പറയാതെ അതിന്റെ ഇലക്കണ്ണുകള്‍ വിടര്‍ത്തി ജനാലയഴികളിലൂടെ അകത്തേക്ക് നോക്കി.നക്ഷത്രങ്ങളും ചെടികളും അവളുടെ മറുപടിക്കായി കാത്തു.
“അവന്‍ ഉറങ്ങി .അവന്‍ വളരെ ക്ഷീണിതനാണ്.അപ്പൂപ്പന്‍ തടുക്കുമെത്തയില്‍ ഇപ്പോഴും അവന്റെ യരികില്‍ ഇരുന്നു അവന്റെ മുടി തലോടുന്നത് ഞാന്‍ കാണുന്നു.” നെടുവീര്‍പ്പോടെ തുളസി അറിയിച്ചു.
“അവന്റെ ക്ഷീണം മാറിത്തുടങ്ങി എന്നാണു ഞാന്‍ കരുതിയത്‌.”കാപ്പിച്ചെടി പറഞ്ഞു.
“ഇനിയെന്നാണ് അവന്‍ പുറത്തുവന്നു നമ്മളെ കാണുക.ഈ പഴങ്ങള്‍ അവനു വേണ്ടിയാണ് ഞാന്‍ കാത്തുവച്ചിരിക്കുന്നതു.”കപ്പളം പറഞ്ഞു.
“ഞാനും.”മള്‍ബറി പറഞ്ഞു.
“അവന്‍ ഉടനെ സുഖമാകും.അവന്‍ നമ്മളെ കാണാന്‍ വരും.അത് വരെ എല്ലാവരും കാക്കുക.”പാവല്‍ പറഞ്ഞു.
“എനിക്കുറപ്പില്ല. എന്ത് ചെയ്യണം എന്നും അറിയില്ല.ഇനിയും കാത്താല്‍ ഈ വര്‍ഷം ഞാന്‍ പൂക്കാതെ നശിച്ചു പോകും.കാപ്പിപൂക്കളുടെ ഗന്ധമുള്ള നിലാവ് ഉണ്ണിക്ക് ഒരുപാട് ഇഷ്ടമാകും..”ഒരു കാപ്പിച്ചെടി‍ പറഞ്ഞു.ചെടികള്‍ അങ്ങോട്ടുമിങ്ങോട്ടും കലപില കൂട്ടുന്നതിനിടയില്‍ മള്‍ബറിയിലകള്‍ക്കിടയില്‍ നിന്ന് ഒരു നീലശലഭം പുറത്തു വന്നു.അവള്‍ നിലാവില്‍ തുളസിയിലകള്‍ക്ക് മേല്‍ പറന്നു.
“നിങ്ങളെ എല്ലാവരേയുംകാള്‍ ആകുലത എനിക്കാണ്.കാരണം കൂട് പൊട്ടിച്ചു എന്റെ കുഞ്ഞുശലഭങ്ങള്‍ പുറത്തുവരാന്‍ നേരമാകുന്നു.അത് കൊണ്ട് ഉണ്ണി എന്ന് നമ്മളെ കാണാന്‍ വരുമെന്ന് അറിയണ്ടത് നിങ്ങളെക്കാള്‍ കൂടുതല്‍ എന്റെ ആവശ്യമാണ്.അതുകൊണ്ട് ഇന്നലെ ഞാന്‍ അവന്റെ മുറിയില്‍ കയറി.” ശലഭം ‍ പറഞ്ഞു.
എല്ലാവരും നിശബ്ദരായി.ചെറുമേഘങ്ങള്‍ ഉണ്ണിയുടെ വാര്‍ത്ത കേള്‍ക്കാനായി തങ്ങളുടെ യാത്ര നിര്‍ത്തി കാതുകൂര്‍പ്പിച്ചു.
“ഉണ്ണി ഉറങ്ങിക്കിടക്കുകയായിരുന്നു.ഞാന്‍ ചെന്നപ്പോള്‍ വൈദ്യന്‍ അവനെ പരിശോധിച്ചതിനുശേഷം മുറിയില്‍നിന്ന് ഇറങ്ങാന്‍ തുടങ്ങുകയായിരുന്നു.അപ്പൂപ്പന്‍ വൈദ്യനോട് പറയുന്നത് ഞാന്‍ കേട്ടു.“അവന്‍ അമ്മയെ കാണാന്‍ ഒരുപാട് ആഗ്രഹിക്കുന്നു.”.
"അവര്‍ ഉടനെ വരുമോ?.”വൈദ്യന്‍ ചോദിച്ചു.“
"വരുമോയെന്നറിയില്ല.അറിയിച്ചിട്ടുണ്ട്.”അപ്പൂപ്പന്‍ പറഞ്ഞു.
”അമ്മ വരുന്നത് വരെ.”വൈദ്യന്‍ പഞ്ഞു.
“ഇത്രയുമാണ് ഞാന്‍ കേട്ടത്.അതിനര്‍ത്ഥം അമ്മ വന്നാല്‍ അവനു സുഖമാകുമെന്നും അവന്‍ പുറത്തുവരുമെന്നുമാണ്.എന്റെ നീലശലഭക്കുഞ്ഞുങ്ങള്‍ ഉണ്ണിക്കു വേണ്ടി കാത്തിരിക്കുന്നു. ”ശലഭം അറിയിച്ചു.
“ഉണ്ണി അവന്റെ അമ്മയെ ഇത് വരെ കണ്ടിട്ടില്ല.”ജനാലയരികിലെ തുളസി പറഞ്ഞു.അത് കേട്ട് യാത്ര പുറപെടാന്‍ തുടങ്ങിയ മേഘങ്ങള്‍ വീണ്ടും നിന്നു.
“അത് നിനക്കെങ്ങനെ അറിയാം.? ”ശലഭം ചോദിച്ചു.
“അവന്‍ ജനിച്ചപ്പോള്‍ മുതല്‍ ഞാന്‍ ഈ ആശ്രമത്തില്‍ അവനെ കണ്ടുകൊണ്ട് നില്‍ക്കുന്നു.ഞാനും അവനൊപ്പം വളര്‍ന്നതാണ്.ഞാന്‍ അവന്റെ നിമിഷങ്ങള്‍ക്ക് സാക്ഷിയാണ്.ഇത് വരെ അപ്പൂപ്പനല്ലാതെ വേറെയാരും അവനോട് സംസാരിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല.”തുളസി വെളിപ്പെടുത്തി.കുഞ്ഞുനക്ഷത്രങ്ങളും മേഘങ്ങളും ,മറ്റു ചെടികളും അവളെ ബഹുമാനത്തോടെ നോക്കി.
“കുന്നുകള്‍കയറി ,ഈ കാനനപാതയിലൂടെ കടന്നു അവന്റെ അമ്മ വരുമോ ?” എല്ലാവരും ചിന്തിച്ചു.പക്ഷേ അതാരും ഉറക്കെ പറഞ്ഞില്ല.
“അവന്റെ അമ്മയെ വഴിയിലെങ്ങാന്‍ കണ്ടാല്‍ ,ഞങ്ങള്‍ അറിയിക്കാം.കുന്നുകള്‍ക്കും ,വനങ്ങള്‍ക്കും മുകളിലൂടെ ഉണ്ണിയുടെ അമ്മയെ തിരഞ്ഞു ഞങ്ങള്‍ പോകയായി.”ചെറിയ വെളുത്ത മേഘങ്ങള്‍ ചെടികളോട് പറഞ്ഞു.മെല്ലെ വെള്ളവഞ്ചികള്‍ പോകുന്നത് പോലെ അവര്‍ യാത്രയായി.
പിറ്റേന്ന് കനത്ത വെയിലില്‍ ആശ്രമത്തിന്റെ അടുക്കളവളപ്പിലെ ചെടികള്‍ ക്ഷീണിച്ചു നിന്നു.എങ്കിലും തുളസിയുടെ കണ്ണുകള്‍ അപ്പോഴും ഉണ്ണിയുടെ മുറിയിലായിരുന്നു.
പകല്‍ ഉണ്ണിയുടെ അമ്മ വന്നില്ല.
മേഘങ്ങള്‍ അവരെ എല്ലായിടത്തും തിരഞ്ഞു.ഒടുവിലവര്‍ ഉണ്ണിയുടെ അമ്മയെ കണ്ടെത്തി.കുന്നുകള്‍ കടന്നു വനത്തിലൂടെയുള്ള പാതയില്‍ ,ഒരു വാഹനത്തില്‍ അവര്‍ വരുന്നുണ്ടായിരുന്നു.
“ഉണ്ണിയുടെ അമ്മ വരുന്നുണ്ട്.”മേഘങ്ങള്‍ പരസ്പരം പറഞ്ഞു.വൃക്ഷ ചില്ലകളിലൂടെ ,ചെറു അരുവികളിലൂടെ ആ വാര്‍ത്ത ആശ്രമവളപ്പില്‍ കാറ്റ് അതിവേഗമേത്തിച്ചു.
“അവന്റെ നില അതീവ മോശമാവുകയാണ്.പനിച്ചൂടില്‍ അവന്റെ ദേഹം പൊള്ളുന്നു.എങ്കിലും അവന്‍ നമ്മുടെ കാര്യമാണ് പറയുന്നത്.അമ്മ ,പൂക്കള്‍,നിലാവ് ,ശലഭം ,ചെടികള്‍ എന്നിങ്ങനെ ചിതറിയ വാക്കുകള്‍ മാത്രം ഇപ്പോള്‍ പുറത്തുവരുന്നു.അവനു സംസാരിക്കാന്‍ കഴിയുന്നില്ല.”തുളസി പറഞ്ഞു.
ഉണ്ണിയുടെ അമ്മ ഒന്ന് വേഗം വന്നിരുന്നെകില്‍ .ചെടികള്‍ പ്രാര്‍ത്ഥിച്ചു.ഉണ്ണിയുടെ അമ്മയ്ക്ക് വേണ്ടി മഴ മാറിനിന്നു.മാര്‍ഗതടസം ഉണ്ടാക്കാതിരിക്കാന്‍ വൃക്ഷചില്ലകളില്‍നിന്ന് കാറ്റ് ഓടിയൊളിച്ചു.വനപാത വ്യക്തമാകാന്‍ നിലാവ് തെളിഞ്ഞു.
ഒടുവില്‍ ഉണ്ണിയുടെ അമ്മ വന്നു.
അപ്പോള്‍ ഉണ്ണി ഉറക്കത്തിന്റെ പൂന്തോട്ടത്തിലേക്ക് ഓടികയറുകയായിരുന്നു.നിലാവ് വീണുകിടക്കുന്ന പൂന്തോട്ടത്തില്‍ ആയിരം മിന്നാമിന്നികള്‍ ഉണ്ണിയെ കണ്ടു ചിരിച്ചു.
അമ്മ അവന്റെ നെറ്റിയില്‍ കൈവച്ചു.പിന്നെ പൊള്ളുന്ന നെറ്റിയില്‍ ഉമ്മവച്ചു.അപ്പോള്‍ ഉണ്ണി ഉറക്കത്തില്‍ പുഞ്ചിരിച്ചു.
“അമ്മ.”അവന്‍ മെല്ലെമന്ത്രിച്ചു.
“ഉണ്ണിയുടെ അമ്മ വന്നു.”തുളസിച്ചെടി ആഹ്ലാദത്തോടെ വിളിച്ചു പറഞ്ഞു.
“ഇനി ഉണ്ണി ഉടനെ പുറത്തുവരും.നാം അവനു വേണ്ടി കാത്തുവച്ചിരിക്കുന്ന അത്ഭുതങ്ങള്‍ അവനെ കാണിച്ചു കൊടുക്കണം.”ശലഭം പാടി.
ചെടികള്‍ ആശയോടെ കാത്തിരുന്നു.
ഒരു നീല മിന്നാമിന്നി ഉണ്ണിയുടെ മുറിയില്‍നിന്ന് പുറത്തുവന്നു.അത് തുളസിയിലകള്‍ക്ക് മുകളില്‍ പറന്നുനിന്നു.
“നിനക്കെന്തു സുഗന്ധമാണ്‌..”മിന്നാമിന്നി തുളസിയോട് പറഞ്ഞു.
തുളസി അത്ഭുതത്തോടെ നോക്കി.അത് ഉണ്ണിയുടെ ശബ്ദമായിരുന്നു.
“ഉണ്ണി ..ഉണ്ണി..”തുളസിയിലകള്‍ മന്ത്രിച്ചു.
“അതെ കൂട്ടുകാരെ ,ഞാന്‍ നിങ്ങളുടെ ഉണ്ണിയാണ്.എനിക്ക് വേണ്ടി നിങ്ങള്‍ ഇത്രനാള്‍ അത്ഭുതങ്ങള്‍ കാത്തുവച്ചല്ലോ.ഉറക്കത്തിന്റെ പൂന്തോട്ടത്തിലേക്ക് പോകുംമുന്‍പ് നിങ്ങളുടെ അത്ഭുതങ്ങള്‍ ഞാനാസ്വദിക്കട്ടെ.”മിന്നാമിന്നി പറഞ്ഞു.
‍ആ നിമിഷം ‍‍ ആശ്രമവളപ്പിലെ ചെടികള്‍ പൂത്തുലഞ്ഞു.നിലാവിന് കാപ്പിപ്പൂക്കളുടെയും കാട്ടുമുല്ലയുടെയും ഗന്ധമായിരുന്നു.ഇലകളുടെ കൂട്ടില്‍നിന്ന് നീലശലഭങ്ങള്‍ പുറത്തുവന്നു.പൂക്കളും കായ്കളും പഴങ്ങളും മിന്നാമിന്നിയെ നോക്കി ചിരിച്ചു.
അകത്തു ഉണ്ണി ഉറങ്ങിക്കിടന്നു.
(അവസാനിച്ചു)
By: Anish Francis

ദീപസ്തംഭം (ഒറ്റവരികഥ)

Image may contain: 1 person, smiling
••••••••••••••••••••••••••••••••••
പൂജാരിക്ക്‌ ദക്ഷിണയും നൽകി, പൂജിച്ച തന്റെ ആദ്യപുസ്തകം കൂപ്പുകൈകളോടെ ഏറ്റുവാങ്ങുമ്പോൾ ചന്ദനത്തിന്റെയും തുളസിയിലയുടെയും ഇടയിലൂടെ "അന്ധവിശ്വാസവും മനുഷ്യനും" എന്ന പുസ്തകത്തിന്റെ പുറംചട്ട അവളെ നോക്കി കണ്ണിറുക്കി ചിരിക്കുന്നുണ്ടായിരുന്നു.
By: Shaji Eruvatty

പിരിയാൻ വയ്യാത്തവർ

"നീ പന്ത്രണ്ടാം തീയതി നടന്ന ഇന്റർവ്യൂവിനു പോയോ ?"
ചന്തു ഒന്ന് പകച്ചു അവൻ മെല്ലെ മുഖമുയർത്തി .
"നീ പോയോ ഇല്ലയോ ?"
അവൻ മിണ്ടിയില്ല
"അവൻ പോയന്ന് പറഞ്ഞതാണല്ലോ ..പിന്നെന്താ ഇപ്പൊ ?"
'അമ്മ ഇടക്കുകയറിയപ്പോൾ അച്ഛൻ അമ്മയെ രൂക്ഷമായി ഒന്ന് നോക്കി
"പറയാൻ "അതൊരു അലർച്ചയായിരുന്നു
"ഇല്ല 'ചന്തു മെല്ലെ പറഞ്ഞു
പടക്കം പൊട്ടുന്ന പോലെ ഒരു ശബ്ദം
പ്രതീക്ഷിക്കാത്ത അടിയായതു കൊണ്ട് ചന്തു വേച്ചു പോയി .
"വന്നു വന്നു കള്ളവും പറഞ്ഞു തുടങ്ങി. അല്ലേടാ ?"
"എനിക്ക് പോകാൻ ഇഷ്ടമല്ല എന്ന് ഞാൻ പറഞ്ഞതാണല്ലോ "അവൻ താഴ്ന്ന സ്വരത്തിൽ പറഞ്ഞു
"അതെന്താ ഇഷ്ടമല്ലാത്തത് ? ഓ പോയിക്കഴിഞ്ഞാൽ ജോലി ചെയ്യണമല്ലോ അല്ലെ? ഇവിടിങ്ങനെ മേലനങ്ങാതെ ചുമ്മാ ഇരുന്നു തിന്നാൻ പറ്റുകേലല്ലോ? .കൂട്ടുകാരുടെ ഒപ്പം കളിച്ചു നടക്കാൻ പറ്റില്ലല്ലോ.? ദുബായിൽ ഒരു ജോലി ആരാ സ്വപ്നം കാണാത്തതു ?ഇളയവർ രണ്ടു പേരുണ്ട്. അവരെ പഠിപ്പിക്കണം .ഞാൻ ഇനി എത്ര നാളാണ്?
അച്ഛന്റെ ശബ്ദം ഇടറിയതറിഞ്ഞു ചന്തു ഞെട്ടലോടെ ആ മുഖത്തേക്ക് ഒന്ന് നോക്കി അവന്റ ഉള്ളു ഒന്ന് പിടഞ്ഞു അവൻ വാതിൽ തുറന്നു പുറത്തെക്കിറങ്ങി പോയി .
"എന്തിനാ അവനെ തല്ലിയത് ്?
ഭാര്യ അയാളോട് ചോദിച്ചു
"വലിയ കുട്ടിയാണ് .ഇരുപത്തിരണ്ടു വയസ്സൊക്കെ കഴിഞ്ഞതു മറന്നോ .?മുഖത്തടിച്ചതു ശരിയായില്ല"
അയാൾ ദൂരേയ്ക്ക് മിഴി നട്ടിരുന്നു
അടിക്കണ്ടായിരുന്നു .ഇതിനകം ആയിരം തവണ തോന്നി
ആദ്യമായി "അച്ഛാ "എന്ന് വിളിച്ചവനാണ് .
തന്റെ നെഞ്ചിൽ കിടന്ന് വളർന്നവൻ
അച്ഛനല്ലായിരുന്നു താൻ, കൂട്ടുകാരനായിരുന്നു .
ശിക്ഷിക്കണ്ട അവസരങ്ങളൊന്നുമവൻ ഉണ്ടാക്കിയിട്ടില്ല .അവനറിയാത്തതല്ല ഒന്നും .കുറച്ചു പാടവും കൃഷിയുമേയുള്ളു .സമ്പാദ്യം മക്കളാണ് വേറെ ഒന്നുമില്ല .നല്ല മക്കൾ അതേയുള്ളു. അയാൾ ഒരു ദീർഘനിശ്വാസത്തോടെ പാടത്തേക്ക് ഇറങ്ങി.
രാത്രി
"വന്നു കഴിക്ക് ചന്തു "'അമ്മ അവന്റ മുടിയിൽ തലോടി
"വിശപ്പില്ലമ്മേ "
അവന്റ മുഖത്ത് തിണർത്തു കിടക്കുന്ന വിരൽപ്പാടുകളിൽ അവർ തൊട്ടു
"പോട്ടെ സാരോല്ല മോൻ വാ ..അച്ഛൻ ഈ സമയം വരെയും വെള്ളം പോലും കുടിച്ചിട്ടില്ല ..മോൻ അച്ഛനോട് കള്ളം പറഞ്ഞിട്ടല്ലേ അച്ഛൻ തല്ലിയത്?"
"മനഃപൂർവം അല്ല അമ്മെ കള്ളം പറഞ്ഞത് ?എനിക്കിവിടം വിട്ടു പോകാൻ ഇഷ്ടം അല്ല അത് അച്ചൻ വിചാരിക്കും പോലെ കൂട്ടുകാർ ഉള്ളത് കൊണ്ടൊന്നുമല്ല .എന്റെ അച്ഛൻ ഉള്ളത് കൊണ്ട . അച്ഛനെ കാണാണ്ടിരിക്കാൻ വയ്യാഞ്ഞിട്ട ...സത്യാ ..അച്ഛനെ പിരിഞ്ഞു ഒരു രാത്രി പോലും ഞാൻ നിന്നിട്ടില്ലലോ അമ്മെ "അവൻ വിങ്ങി കരഞ്ഞു പോയി
വെളിയിൽ അത് കേട്ട് നിന്ന അച്ഛന്റെ കണ്ണുകൾ പെയ്തു തുടങ്ങി
"എന്നാലും അച്ഛൻ സങ്കടപ്പെടാതിരിക്കാൻ ഞാൻ പോകാം അമ്മെ 'അമ്മ അച്ഛനോട് പറഞ്ഞേക്കു.."
'അമ്മ കണ്ണീരൊപ്പി അവന്റെ മുഖം മടിയിലേക്കണച്ചു
പിടിച്ചു
പിന്നേ... പിന്നെയും കുറച്ചു നാൾ കഴിഞ്ഞ്
"എടാ കുരങ്ങാ അങ്ങനെ അല്ല ..ഞാറ് ഒറ്റ വരിയിൽ നിന്നും നടണം .ദാ നിന്റെ കൂടെ ഈ ജോലി ചെയ്യുന്നവരെ നോക്കി ചെയ്യ് "
ചന്തു അച്ഛനെ ഒന്ന് നോക്കി. പിന്നെപാടത്തു നിന്നു കരയിലേക്ക് കയറി വന്നു
"എന്താ പറഞ്ഞെ ?"
"പറഞ്ഞത് നീ കേട്ടില്ലേ?"
"അത് കേട്ട് .ആദ്യം എന്നെ എന്തോ വിളിച്ചല്ലോ? "
"അതിനെന്താ .സത്യമല്ലേ ?"
"മിസ്റ്റർ അനന്തൻ നായർ നിങ്ങള് കണ്ണാടി നോക്കാറില്ല ?നിങ്ങളുടെ തനിപ്പകർപ്പാണ് ഞാൻ.ഐ മീൻ ഫോട്ടോസ്റ്റാറ്റ് കുരങ്ങൻ പോലും. ഞാൻ കുരങ്ങൻ ആണെങ്കിൽ അച്ഛൻ ചിമ്പാൻസിയാ ചിമ്പാൻസി. അയ്യടാ തണലത്തു നിന്നു സുഖിക്കുന്നവർക്കു എന്തും പറയാമല്ലോ മര്യാദയ്ക്ക് വന്നോ ..."അവൻ പിടിച്ചു വലിച്ചപ്പോൾ അയാൾ ചിരിയോടെ അവനൊപ്പം നടന്നു. ഇടയ്ക്ക് അയാൾ അവനെ ഒന്ന് നോക്കി.
അവൻ തന്നെക്കാൾ ഉയരം വെച്ചു. തന്റെ മകൻ.. തൻറെ ജീവന്റെ പാതി.
"എനിക്കൊരു ഗവണ്മെന്റ് ജോലി കിട്ടും വരെ ഉള്ളു ഈ സർവീസ് " ചന്തു മീശ ഒന്ന് പിരിച്ചു ...ഒരു മൂന്നു മാസം കഴിഞ്ഞാൽ പോലീസ് ആണ് പോലീസ് "ചന്തു അച്ഛന്റെ തോളിൽകൂടെ കയ്യിട്ടു ഒന്ന് ചേർത്ത് പിടിച്ചു.
"അതിന് ഫിസിക്കൽ ടെസ്റ്റ്‌ കഴിഞ്ഞല്ലേയുള്ളു? "
"ആ റിസൾട്ട്‌ വരുമ്പോളത്തെ കാര്യമാ പറഞ്ഞെ "
"ഓ പ്രതീക്ഷയില്ല ..."അയാൾ പൊട്ടിച്ചിരിച്ചു
"കേട്ടില്ല ?"അവൻ നിന്നു
"ഒന്നുമില്ലേ ""നടക്ക് നടക്ക് "അയാൾ തൊഴുതു
അവരൊന്നിച്ചു നടന്നു പോകുന്നത് കാണെ 'അമ്മ പുഞ്ചിരിച്ചു .അവർക്കു കുടിക്കാനുള്ള കഞ്ഞിവെള്ളം അവിടെ വെച്ച് അവർ അത് നോക്കി നിന്നു
"ഇങ്ങനെ ഒരു അച്ഛനും മോനും "അവർ അവർ തന്നോട് തന്നെ പറഞ്ഞു .

Ammu Santhosh

ചന്ദനംപെറ്റ പെണ്ണ് - Part 4


പുല്പള്ളിയിൽനിന്നും ഇരുളത്തിലേക്കുള്ള ബസ്സിലിരിക്കുമ്പോൾ ലക്ഷ്മിയമ്മയുടെ മനസ്സ് സംഘർഷഭരിതമായിരുന്നു.രാഘവൻ പറഞ്ഞതൊന്നും സത്യമാകല്ലേ എന്നു മനസ്സുരുകി പ്രാർത്ഥിച്ചു. ഒരിക്കലും വേറൊരു സ്ത്രീയുടെ മകളായിരിക്കില്ല ശ്രീജ മാത്രമല്ല അവളുടെ അച്ഛനേയും അമ്മയേയും കുടുംബാംഗങ്ങളെയും അവർക്കറിയാം അവർ തമ്മിലുള്ള സ്നേഹവും. ഒരു രാജകുമാരിയേപ്പോലേയാണ് അവർ അവളെ സ്നേഹിക്കുന്നതെന്നും. തന്റെ മകളല്ലാത്തവളെ ഇത്രകണ്ട് സ്നേഹിക്കാൻ ഒരു മാതാപിതാക്കൾക്കും കഴിയില്ല.തന്റെ രക്തമല്ലാത്ത ഒരു പെണ്ണിനെ സഹോദരിയായി സ്നേഹിക്കാൻ ഒരു സഹോദരനും കഴിയില്ല ഒന്നല്ലല്ലോ അവർ മൂന്നു പേരും സ്വന്തം മകളെപ്പോലേയാണ് അവളെ സ്നേഹിക്കുന്നത് ശ്രീദേവിയും അങ്ങനെ തന്നെ അതിൽ മാറ്റമില്ല.കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ എത്ര പ്രാവശ്യം താനതു നേരിൽ കണ്ടിരിക്കുന്നു. അവരുടെ സ്നേഹത്തിന്റെ ആഴം അങ്ങനെയുള്ള ആ പെങ്കൊച്ച് മറ്റാെരാളുടെ വയറ്റിൽ പിറന്നതാണെന്ന് എങ്ങനെ വിശ്വസിക്കും ഇനി രാഘവനു വല്ല മാനസീക വിഭ്രാന്തിയുമുണ്ടോ? അല്ലാതെ ഇങ്ങനെ പറയാൻ വഴിയില്ല പക്ഷേ അയാൾ പറഞ്ഞതാണ് സത്യമെങ്കിൽ അതെങ്ങനെ സംഭവിച്ചു? എങ്ങനെയാണ് ശ്രീജ ബാർബർ നാണുവിന്റെ മകളായത്? രാഘവൻ തന്റെ പെങ്ങളുടെ മകളെ എവിടെയായിരിക്കും ഉപേക്ഷിച്ചത്? ലക്ഷ്മിയേടത്തിക്ക് എവിടുന്നാണ് ആ കൊച്ചിനെ കിട്ടിയത്? സ്ക്കൂൾ സർട്ടിഫിക്കറ്റിൽ അച്ഛന്റെയും അമ്മയുടെയും പേരിന്റെസ്ഥാനത്ത് കെ.ടി നാണുവെന്നും ലക്ഷ്മിയെന്നുമാണല്ലോ? മനസ്സിൽ ഉത്തരം കിട്ടാത്ത കുറേ ചോദ്യങ്ങളുമായി അവർ ബസ്സിൽലിരുന്ന് തല പുകച്ചു.ഇതിനുള്ള ഉത്തരം രാഘവനു മാത്രമേ പറയാൻ കഴിയൂ അയാൾ അതു പറഞ്ഞേ പറ്റൂ.ശ്ശോ ബാക്കി കഥകൂടി ചോദിക്കാമായിരുന്നു. അയാൾ പറഞ്ഞതു കേട്ടപ്പാേൾ ദേഷ്യം വന്നതുകൊണ്ട് മറ്റൊന്നും ചിന്തിക്കാതെ എഴുന്നേറ്റു പോരുകയായിരുന്നല്ലോ? ഇനിയവരെ കാണാൻ പറ്റിയാൽ ഇതിനുള്ള ഉത്തരങ്ങൾ അവരേക്കൊണ്ട് തന്നെ പറയിപ്പിക്കും ഞാൻ.
വീട്ടിലെത്തിയിട്ടും രാഘവന്റെ വാക്കുകൾ അവരുടെ മനസ്സിനെ ചുട്ടുപൊള്ളിച്ചുകൊണ്ടിരുന്നു
തിങ്കളാഴ്ച്ച പതിവുപോലേ ബസ്സിൽ ഒരുമിച്ചിരിന്നു യാത്ര ചെയ്യുമ്പൊഴും ഓഫീസിൽ ജോലി ചെയ്യുമ്പൊഴും ശ്രീജയെക്കുറിച്ച് താനറിഞ്ഞ കാര്യങ്ങളുടെ സത്യാവസ്ഥ എങ്ങനെയെങ്കിലും അറിയണമെന്നുള്ള ആഗ്രഹമായിരുന്നു ലക്ഷ്മിയമ്മയുടെ മനസ്സുനിറയെ അവളോട് ചോദിച്ചാലോ എന്നു ചിന്തിച്ചു പിന്നീടത് വേണ്ടെന്നു വച്ചു. ഒരു പക്ഷേ സത്യമല്ലാത്ത കാര്യങ്ങളാണെങ്കിൽ തങ്ങൾ തമ്മിലുള്ള ബന്ധത്തെ അതു ബാധിച്ചേക്കാം അവൾ തന്റെ മേലുദ്യോഗസ്ഥയാണ് എന്നാൽ ആ അധികാരത്തോടെ ഒരിക്കൽപോലും തന്നോട് പെരുമാറിയിട്ടില്ല. ഇനി താനായിട്ട് അതിന് വഴിവയ്ക്കണ്ട ആവശ്യമുണ്ടോ?
ഏതായാലും ആ രാഘവൻ വീണ്ടും ഇവിടെ വരാതിരിക്കില്ല അപ്പോൾ എല്ലാം ചോദിച്ച് മനസ്സിലാക്കണം അതുവരെ കാത്തിരിക്കാം അയാളുടെ വരവിനായി പ്യൂൺ ലക്ഷ്മിയമ്മ കാത്തിരുന്നു. രാഘവനെ കണ്ടിട്ട് ഏതാനും മാസങ്ങൾ കടന്നുപോയിരുന്നു. പഴയ കാര്യങ്ങൾ അവർ മറന്നിരുന്നു. അവരേക്കുറിച്ച് ഒരു വിവരവും കിട്ടിയില്ല അവർ തന്നെ കബളിപ്പിതാകാമെന്ന് പ്യൂൺ ലക്ഷ്മിയമ്മ വിശ്വസിച്ചു.
ഏതാനും ദിവസങ്ങൾക്കു ശേഷം ബത്തേരി അസംപ്ഷൻ ആസ്പത്രിയിൽ അഡ്മിറ്റായികിടക്കുന്ന തന്റെയൊരു ബന്ധുവിനെ കാണാൻ വന്നതായിരുന്നു പ്യൂൺ ലക്ഷ്മിയമ്മ സന്ദർശനം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ ഗേറ്റിനു മുന്നിലെ കന്യാമറിയത്തിന്റെ രൂപക്കൂടിന് മുന്നിൽ മുട്ടുകുത്തി പ്രാർത്ഥിക്കുന്ന ഒരു സ്ത്രീയിൽ അവരുടെ നോട്ടംപതിഞ്ഞു. സംശയം തോന്നിയപ്പോൾ താനുദ്ദേശിച്ച ആളാണോ അതെന്നറിയാൻ ലക്ഷ്മിയമ്മ ആ സ്ത്രീയുടെ അടുത്തെത്തി അവരുടെ ഊഹം തെറ്റിയില്ല അത് ഗോമതിയായിരുന്നു. കണ്ണടച്ചു പ്രാർത്ഥിക്കുന്ന അവരുടെ അരികിൽത്തന്നെ നിന്നു. പ്രാർത്ഥനയ്ക്കു ശേഷം നെറ്റിയിൽ കുരിശു വരച്ചുകൊണ്ട് ഗോമതി എഴുന്നേറ്റ് തിരിഞ്ഞു നോക്കിയത് ലക്ഷ്മിയമ്മയുടെ മുഖത്തേക്കാണ്. ഒരു വരണ്ടചിരി ആ മുഖത്തുണ്ടായി.
"ഞങ്ങൾ നിങ്ങളെ കാണാൻ ഒന്നൂടെ വരണമെന്നോർത്തതാണ് ഓരോ തെരക്കുകൾ കാരണം അതിന് കഴിഞ്ഞില്ല ഏതായാലും ഈ മാതാവ് തന്നെയാണ് സാറിനെ ഞങ്ങടെ മുമ്പിലെത്തിച്ചത്. ദൈവമേ നിനക്കു നൂറ് നന്ദി.."
ലക്ഷ്മിയമ്മയോട് പറഞ്ഞുകൊണ്ട് ഗോമതി ആകാശത്തേക്ക് നോക്കി ദൈവത്തിനു നന്ദി പറഞ്ഞു.
"ഞാനും നിങ്ങളെയൊന്ന് കാണാനിരിക്ക്യരുന്നു. ഇന്നു കണ്ടത് നന്നായി എനിക്ക് നിങ്ങളോട് കൊറച്ച് സംസാരിക്കാനൊണ്ട് ചെലതെക്കെ അറിയാനും"
"എനിക്കറിയാം നിങ്ങക്ക് ഞങ്ങളോടെന്താണ് ചോദിക്കാനൊള്ളേന്ന് അത് വേറൊരാളോട് പറയുന്നതിനേക്കാൾ നിങ്ങളോട് പറയുന്നതാ നല്ലെത് നിങ്ങക്കു മാത്രമേ ഞങ്ങളെ സഹായിക്കാമ്പറ്റൂ "
ഗോമതിയുടെ മറുപടിക്ക് ഉത്തരമായി ഒരു മറു ചോദ്യമാണ് അവർ ചോദിച്ചത്.
"നിങ്ങൾ കൃസ്ത്യാനിയാണോ..?"
"അല്ല.... ഹിന്ദുക്കളാണ് സാറ് ചോതിച്ചതെന്തുകാെണ്ടാണെന്നു മനസ്സിലായി എന്റെ സാറേ മുങ്ങിത്താഴുന്നോർക്ക് ഒരു കച്ചിത്തുരുമ്പി പിടുത്തം കിട്ട്യാലും മതീലോ അതിന് ഇരുമ്പിന്റെ വെലമാണന്നല്ലേ പഴമക്കാര് പറേന്നത്.അതുപോലാ ഞാൻ മുങ്ങിത്താന്നോണ്ടിരിക്ക്യാ കച്ചിത്തുരുമ്പ് എവടെ കണ്ടാലും കേറിപ്പിടിച്ചു പോകും"
അവരോടങ്ങനെ ചേദിക്കേണ്ടിയിരുന്നില്ലെന്ന് ഗോമതിയുടെ ഉത്തരം കേട്ടപ്പോൾ അവർക്കു തോന്നി താൻ ഇവരുടെ മുന്നിൽ ചെറുതായതുപോലേയും.വിഷയം മാറ്റിക്കൊണ്ട് ലക്ഷ്മിയമ്മ ചോദിച്ചു.
" ഒറ്റയ്ക്കാണോ വന്നത്? രാഘവൻ വന്നില്ലേ?"
"വന്നു സാറേ... ദാ.. അവടെ ആ ഖുതുബിന്റെ കടേലിരുന്നു ചായ കുടിക്കുന്നുണ്ട് "
താഴെ വഴിവക്കിലേക്ക് വിരൽ ചൂണ്ടി ഗോമതി പറഞ്ഞു.
" ഖുതുബോ.. അതാരാ.. "
അവർ പറഞ്ഞ പേര് കേട്ട് ലക്ഷ്മിയമ്മ അത്ഭുതംകൂറി
"അത് പണ്ടുമൊതല് ബത്തേരില് പലചരക്കു കച്ചോടോം ചായക്കടേം നടത്തിക്കൊണ്ടിരുന്ന മൊഹമ്മദാക്കേടെ മോനാ അപ്പൻ മരിച്ച ശേഷം അവനാ കടയൊക്കെ നോക്കി നടത്തുന്നേ രാവേട്ടന്റെ അച്ഛന്റെ കാലം മൊതല് ഞങ്ങടെ പറമ്പിലൊണ്ടാകുന്ന കപ്പേം വാഴക്കൊലേം ചേമ്പും ചേനേം പച്ചക്കറിയൊക്കെ അവരെടെ കടേലാ കൊണ്ടുവന്നു കൊടുത്തോണ്ടിരുന്നത് എപ്പോ ബത്തേരീലു വന്നാലും അവടെപ്പോയി വർത്താനം പറഞ്ഞു ചായേം കുടിച്ചിട്ടേ തിരിച്ചു പോകാറൊള്ള്.. ഞാമ്പോയി ചേട്ടനെ കൂട്ടിക്കൊണ്ടു വരാം സാറിവിടെനിക്ക് പോകരുത് ഞങ്ങക്ക് കൊറച്ച് സംസാരിക്കാനൊണ്ട് "
ഗോമതി വേഗം പടികളിറങ്ങി താഴേ റോഡിച്ചെന്ന് ചായ കുടിച്ചുകൊണ്ടിരുന്ന രാഘവനെ കൈയ്കാട്ടി വിളിച്ചു. ഉടനെ അയാൾ പകുതിയോളം കുടിച്ച ചായ ഗ്ലാസ് ഒരു മിഠായി ഭരണിയുടെ മുകളിൽ വച്ചു തന്റെ ഷർട്ടിന്റെ കീശയിൽ നിന്നും ഒരു പത്തു രൂപയുടെ നോട്ട് എടുത്ത് കടക്കാരനു നല്കി അഞ്ചു രൂപ തിരിച്ചു നല്കിയ കടക്കാരനോട് നേരത്തെ വാങ്ങിയ മെഴുകുതിരിയുടെ വിലയും കൂടി എടുത്തു കൊള്ളാൻ പറഞ്ഞിട്ട് ഗോമതിക്കരികിലേക്കു നടന്നു.രാഘവൻ വരുന്നതു കണ്ടപ്പോൾ അവർ ലക്ഷ്മിയമ്മയുടെ അടുത്തേക്കു തിരിച്ചു നടന്നു.
ലക്ഷ്മിയമ്മ തന്റെ അടുത്തേയ്ക്കു വരുന്ന അയാളെ ആകമാനമെന്നു നോക്കി കഴിഞ്ഞ തവണ കണ്ടതിനേക്കാൾ ക്ഷീണിച്ചിരിക്കുന്നു ദുർബ്ബലനായതുപോലേ ചെറിയൊരു കാറ്റടിച്ചാൽപോലും അദ്ദേഹം താഴെ വീഴുമെന്നു തോന്നി.ഇട്ടിരിക്കുന്ന ഷർട്ടു നിറയെ കറപിടിച്ചിരിക്കുന്നു. അവർ അയാളേ സംശയത്തോടെ നോക്കി ഷർട്ടിൽ രക്തക്കറയാണോ അതോ അബദ്ധത്തിൽ എന്തെങ്കിലും കറി മറിഞ്ഞു വീണതാണോ? എന്തോ കാര്യമായി സംഭവിച്ചിട്ടുണ്ട് ഗോമതി പറഞ്ഞത് കൂട്ടി വായിച്ചാൽ എന്തോ കാര്യമായതു വല്ലതും സംഭവിച്ചിട്ടുണ്ടാകാം ഈ രാഘവൻ ഒരു പ്രഹേളികയായി തോന്നി അവർക്ക്.
"നമുക്ക് എവടെയെങ്കിലും സ്വസ്ഥമായിട്ടിരുന്നു സംസാരിക്കാം നമ്മക്ക് കോളേജ് കാമ്പസിലേക്കുപോകാം അവിടാകുമ്പോ വെയിലു കൊള്ളണ്ട നല്ല കാറ്റു കിട്ടും "
“അതിനെന്താ സാറേ നമ്മക്കു പോകാം എവിടെയെങ്കിലും ഇരുന്നു സംസാരിക്കുന്നതാണ് നല്ലത് “
രാഘവൻ ലക്ഷ്മിയമ്മയെ പിന്തുണച്ചു. അവർ റോഡിലേക്കിറങ്ങി എതിർവശത്തെ ഓട്ടോ സ്റ്റാൻഡിൽ ഊഴം കാത്തുകിടക്കുന്ന ഒരു ഓട്ടോറിക്ഷാ വിളിച്ചു സെന്റ് മേരീസ് കോളേജ് ഗ്രൗണ്ടിലേക്കു വിടാൻ പറഞ്ഞു. അഞ്ചു മിനിറ്റിനുള്ളിൽ അവർ അവിടെയെത്തി. വയനാട്ടിലെ എറ്റവും വലിയ കോളേജ് ക്യാമ്പസാണ് അത്. ഹെലിപ്പാടുള്ള ഗ്രൗണ്ടാണ് പണ്ട് രാജീവ് ഗാന്ധി ഇന്ത്യൻ പ്രധാനമന്ത്രിയായിരിക്കെ വയനാടു സന്ദർശിച്ചിരുന്നു. അന്ന് അദ്ദേഹത്തിന്റെ ഹെലികോപ്റ്റർ ഇറക്കാൻ വേണ്ടി നിർമ്മിച്ചതാണ് ഈ ഹെലിപ്പാട്. അതും കടന്ന് തൊട്ടടുത്തുള്ള വോളിബോൾ കോർട്ടിനോട് ചേർന്ന് അക്കേഷ്യാമരങ്ങൾ നിറഞ്ഞ ആ ഭാഗത്തു മാത്രം വേലി കെട്ടിയിരുന്നില്ല.അവിടെയൊരു പുളിമരച്ചുവട്ടിൽ അവർ ഇരുന്നു.തൊട്ടടുത്ത വയലിൽ നിന്നുള്ള തണുത്ത കാറ്റ് അവിടേയ്ക്ക് വിശുന്നുണ്ടായിരുന്നു. കുറച്ചു സമയത്തെ നിശബ്ദതയ്ക്കു ശേഷം ലക്ഷ്മിയമ്മതന്നെ സംസാരത്തിനു തുടക്കം കുറിച്ചു.
" രാഘവോ,അന്ന് നിങ്ങളെന്നോട് പറഞ്ഞതിലെന്തെങ്കിലും സത്യമൊണ്ടോ അതോ പിച്ചും പേയും പറഞ്ഞതാണോ? വെറുതെ ഇല്ലാക്കഥ പറഞ്ഞതുകൊണ്ട് നിനക്കെന്താ ലാഭം?"
ലക്ഷ്മിയമ്മ ചോദിച്ചു.
"അല്ല സാറേ... ഞാൻ പറഞ്ഞത് സത്യാ... എന്റെ പെങ്ങടെ വയറ്റിപ്പെറന്ന മോളാത്"
"എങ്കിപ്പിന്നെയെങ്ങനെയാ നിന്റെ പെങ്ങടെ മോളേ അവർക്കു കിട്ടീത്. പെറ്റയൊടനെ വലിച്ചെറിയാൻ അവളെന്താ വല്ല കാട്ടിക്കെടന്നാണോ പെറ്റേ...? അല്ല ഏതേലും ആങ്ങളമാര് സൊന്തം പെങ്ങമ്മാരെടെ കുഞ്ഞുങ്ങളെ പെറ്റൊടെനെ വലിച്ചെറ്യോ?"
ലക്ഷ്മിയമ്മയുടെ ചോദ്യങ്ങൾക്കു മുന്നിൽ അയാൾ പതറിപ്പോയി എന്തു മറുപടി പറയണമെന്നറിയാതെ അകലെക്കാണുന്ന കോ-ഓപറേറ്റിവ് കോളേജിലേക്ക് നോക്കി ഒരു നിമിഷം മിണ്ടാതിരുന്നു. പിന്നീട് പറഞ്ഞു തുടങ്ങി.
" സാറിന്റെ ചോദ്യങ്ങക്കൊന്നും എന്റെ കൈയ്യില് മറുപടിയില്ല എങ്കിലും എല്ലാം ഞാൻ വിശദായി പിന്നെപ്പറയാം "
"അതെക്കെ ശരി .. അല്ല നിങ്ങളെ കണ്ടപ്പോ ചോതിക്കണമെന്നു വിജാരിച്ചതാ മറന്നു പോയി.. നിങ്ങടെ ഷർട്ടേലെങ്ങനാ ഇത്രേം കറ പറ്റീത് നിങ്ങളെവിടെങ്കിലും കള്ളുകുടിച്ചു വീണോ..? അതോ നിങ്ങടെ മേത്ത് ഹോട്ടലീന്നും വല്ല കറിയെങ്ങാനും പറ്റ്യോ..?”
“ഇല്ല.. സാറേ.. എന്റെ രാവേട്ടൻ കള്ളുങ്കുടിക്കില്ല. ബീഡീം വലിക്കില്ല ഇത് ചെലപ്പോൾ മൂക്കീന്ന് ചോരയൊഴുകി വീഴുമ്പോ പറ്റുന്നത... അത് കാര്യാക്കണ്ട..”
ഗോമതിയുടെ വാക്കുകൾ അവരുടെയുള്ളിൽ സംശയത്തിന്റെ വിത്തുപാകി.
"ഗോമൂ.. നമ്മക്കു സാറിന്റെ സമയങ്കളയണ്ട.. പറയാനൊള്ളത് പറയാം..”
രാഘവൻ ഭാര്യയോടു പറഞ്ഞു.
ലക്ഷ്മിയമ്മയ്ക്ക് അറിയാൻ തിടുക്കമായി എന്തു രഹസ്യമാണ് താൻ അറിയണമെന്നാഗ്രഹിച്ചിരുന്നത് അതറിയാൻ പോകുന്നു അവരുടെ ജിജ്ഞാസ ആകാശത്തോളം വളർന്നു.
ഗോമതി തന്റെ കൈവശമുള്ള ലേഡീസ് ബാഗിൽ നിന്നും ചെറിയ ഒരു വെള്ളക്കുപ്പിയെടുത്തു രാഘവനു നല്കി വേറൊരു ചെറിയ കടലാസ് പൊതി തുറന്ന് ഒരു ഗുളികയും. കുപ്പിയിൽ കരിങ്ങാലിവെള്ളത്തിന്റെ നിറത്തിലുള്ള ഒരു ദ്രാവകമായിരുന്നു. അതല്പം കുടിച്ച് ഒരു ഗുളിക വായിലിട്ടു ചവച്ചിറക്കി വീണ്ടും കുറച്ച് വെള്ളം കുടിച്ച ശേഷം ആ കുപ്പി ഗോമതിക്കു തിരിച്ചു കൊടുത്തു. അവർ അതിന്റെ അടപ്പടച്ച ശേഷം ഭദ്രമായി ബാഗിൽ വച്ചു രാഘവന്റ ചുണ്ടിലും മീശയിലും പറ്റിപ്പിടിച്ച മരുന്നിന്റെ അശിഷ്ടം സാരിത്തലപ്പുകൊണ്ട് തുടച്ചു കളഞ്ഞ് തന്റെ ഭർത്താവിന്റെ തോളോട് ചേർന്നിരുന്നു. രാഘവൻ തന്റെ ഭൂതകാലത്തിലേക്ക് ലക്ഷ്മിയമ്മയെ കൂട്ടിക്കൊണ്ടുപോയി.
(തുടരും) 
***അടുത്ത ഭാഗം നാളെ - ഇവിടെ, ഇതേസമയം*** 

വായിക്കാത്ത ഭാഗങ്ങൾ ഇവിടെ തിരയുക-  https://www.nallezhuth.com/search/label/ChandanamPettaPennu
ബെന്നി ടി ജെ  
Image may contain: 1 person, beard and closeup

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo