വിലക്കപ്പെട്ടകനി


അധമവികാരങ്ങൾക്കു കീഴടങ്ങാതെ തൃഷ്ണ നിയന്ത്രിക്കുക.
അധമ വികാരങ്ങളിൽ ആനന്ദിച്ചാൽ, നീ ശത്രുക്കൾക്കു പരിഹാസപാത്രമായിത്തീരും'.
(പ്രഭാഷകൻ. 18 (30- 31 വാക്യം)
'വീഞ്ഞും സ്ത്രീയും ബുദ്ധിമാൻമാരെ വഴിതെറ്റിക്കുന്നു'. (പ്രഭാഷകൻ 19 (2). അന്തരീക്ഷത്തിൽ മുഴങ്ങി.
ആകാശംഇരുണ്ടു!വെള്ളിടിവാൾ പള്ളിമേടയ്ക്കു മുന്നിൽപതിച്ചു.
സിനിമോൾ, ഫാ. ജാക്സൺ തോപ്പുംചേരിയുടെ കരവലയത്തിലമരുകയായിരുന്നു.
"മകളേ, പരിശുദ്ധാത്മാവ് നിന്നെ ആലിംഗനംചെയ്യുന്നു".
അഴിഞ്ഞുലഞ്ഞമുടിയുമായി സംഭ്രമിച്ച് സാങ്കല്പിക ലോകത്തായിരുന്നു സിനിമോൾ.
********************************
സാത്താൻരാജാവ് പൊട്ടിച്ചിരിക്കുന്നു.... "ഹ ഹ ഹ ഹ..... നാം വിജയിച്ചിരിക്കുന്നു. രണ്ടായിരംവർഷങ്ങളായുള്ള എന്റെ അധ്വാനം വെറുതെയായില്ല... മിസ്റ്റർ തോപ്പുംചേരി താങ്കൾക്ക് നന്ദി".
പെരുമ്പറമുഴങ്ങി.... ജൂനിയർ സാത്താനുവമ്പിച്ചസ്വീകരണം നൽകുന്നു. മുഴുവൻ സാത്താൻമാരും അണിനിരന്നിട്ടുണ്ട്. സാത്താൻ കോട്ടയുടെ മട്ടുപ്പാവിൽ നിന്നുമാണ് സാത്താൻരാജാവ് സാത്താൻഗണങ്ങളെ അഭിസംബോധന ചെയ്യുന്നത്.ജൂനിയർസാത്താൻ നീണാൾവാഴട്ടെ ആർപ്പുവിളികൾ അന്തരീക്ഷത്തിൽ മുഴങ്ങി... പെരുമ്പറയുടെ ഇടിമുഴക്കം... ജൂനിയർ സാത്താനെ 'തലയോട്ടി'മാലയിട്ട് സ്വീകരിച്ചു.
" നീ ഇനി ഭൂമിയിൽപോയി കഷ്ടപ്പെടേണ്ട... നിന്റെ ദൗത്യം പൂർത്തിയായിരിക്കുന്നു".
ജൂനിയർ സാത്താനെ രാജകീയ പീഠത്തിൽ ഇരുത്തി ആദരിച്ചുകൊണ്ട് രാജാവ് പറഞ്ഞു.
"എങ്ങനെയാണ് താങ്കൾ ഈ ദൗത്യം വിജയിച്ചത്.... പ്രജകളെ അറിയിക്കൂ...".
*********************
സിനിമോൾ.. ഗ്രാമത്തിന്റെ വിശുദ്ധിയിൽവളർന്ന പനിനീർ പുഷ്പമായിരുന്നു. പനിനീർ പുഷ്പത്തിലെ മുള്ളുകൾ തന്നെയാണ് അവളുടെ ഇതളുകൾ കീറിയെടുത്ത് ചവച്ചു തുപ്പുവാൻ നൽകിയത്.
പളളിമേടയിലേക്ക് സൂസന്ന അച്ചനായി പ്രത്യേകം തയ്യാറാക്കിയ ചക്കയപ്പവും മറ്റും നൽകാൻ നിയോഗിക്കപ്പെട്ടത് സിനിമോളെയാണ്.
പലഹാരത്തിലും വീഞ്ഞിലുമാണ് സാത്താൻ ആദ്യം കടന്നുകയറിയത്.
"സിനിമോളേ.. ഈ വീഞ്ഞ് നീ അച്ചനു കൊടുത്തേക്കണേ... തോപ്പുംചേരിയച്ചനു വേണ്ടി സ്പെഷ്യൽ ആയി ഉണ്ടാക്കിയതാ''.
"എനിക്കു മടിയാണമ്മേ".
"എന്തിനാടീ ഇത്ര മടി.. പള്ളീലെ കുർബ്ബാന കഴിഞ്ഞ് നിനക്ക് അച്ചനു കൊടുത്താൽപോരേ.. എന്താ ഇതെടുത്താൽ നിന്റെ കൈയൊടിഞ്ഞു പോകത്തില്ലല്ലോ".
"ഹും..ശരി എന്നാലെടുക്ക്".
"തോപ്പുംചേരി അച്ചനോട് ഞാൻ വിളിച്ചു പറഞ്ഞതാ....
ശ്ശോ ഇതാ അച്ചൻ വിളിക്കുന്നുണ്ട്".
"അച്ചാ... വീഞ്ഞു ഞാൻ കൊടുത്തിട്ടുണ്ടേ..".
"ഉം...സൂസന്നയുടെ വീഞ്ഞല്ലേ.. നല്ല വീര്യംഉണ്ടായിരിക്കും".
"ഒന്നുപോ അച്ചാ...".
"നിന്റെ വീഞ്ഞു ഞാൻ കുടിച്ചു നോക്കട്ടെ.... നല്ലതാണെങ്കിൽ നിനക്ക് ഞാനൊരു സർപ്രൈസ്സ് തരും സൂസന്നേ".
"എന്നതാ അച്ചാ.. പറയന്നേ.. പ്ളീസ്... ".
"നിന്നെ ഞാൻ ഇസ്രയാലിൽ കൊണ്ടു പോകും...
അച്ചാ... സന്തോഷമായി..".
സൂസന്ന തുള്ളിച്ചാടി... അവളുടെ പൂച്ചക്കണ്ണുകൾ തിളങ്ങി.....
'ചഷകങ്ങളിൽ വീഞ്ഞു ചെമന്നു
തിളങ്ങികവിഞ്ഞൊഴുകുന്നതു നോക്കിയിരിക്കരുത്.
അവസാനം അതു പാമ്പിനെപ്പോലെ കടിക്കുകയും അണലിയെപ്പോലെ കൊത്തുകയും ചെയ്യും.
അപ്പോൾ നീ വിചിത്ര കാഴ്ചകൾ കാണുകയും വികടത്തം ജൽപിക്കുകയും ചെയ്യും'. (സുഭാഷിതങ്ങൾ 23( 31 മുതൽ 33 വരെയുള്ള വാക്യം ) അന്തരീക്ഷത്തിൽ അവ്യക്തമായി മുഴങ്ങുന്നുണ്ടായിരുന്നു.
എന്നാൽ തന്റെ ചുമന്നു തുടുത്ത മാംസളശരീരത്തിലൂടെ അണലിക്കുഞ്ഞുങ്ങൾ ഓടി നടക്കുന്നത് സൂസന്ന അറിയുന്നില്ല... വീഞ്ഞിന്റെ വീര്യവും തോപ്പുംചേരിയുടെ പുഞ്ചിരിയുമാണവളുടെ മനസ്സിൽ.. അന്തരീക്ഷത്തിലുയർന്ന അശരീരി അവളുടെ കർണ്ണപുടങ്ങൾ കടത്തിവിട്ടില്ല.
"ങ്ഹാ.. ഇതാര് സിനിമോളോ..".
"അച്ചാ,ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ!
"ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ".
"വിശേഷം എന്തുണ്ട്? വന്നകാര്യം പറയൂ".
"അമ്മ തന്നുവിട്ടതാ...".
"അച്ചനെന്തിനാ കുരിശുമാല ഊരിമാറ്റുന്നത്". കുരിശുമാല ഊരി മേശവലിപ്പിലേക്കിടുന്നതിനിടയിൽ സിനിമോൾചോദിച്ചു.
"ഭയങ്കര വിയർപ്പാ അതു കൊണ്ടാ".
വീഞ്ഞുകുപ്പിയിട്ട സഞ്ചിയുടെ ചരടിലും സിനിമോളുടെ ഉള്ളംകൈയ്യിലുമായി തോപ്പും ചേരിയുടെ കരങ്ങൾഅമർന്നു.
വീഞ്ഞിന്റെ വീര്യത്തോടൊപ്പം സാത്താന്റെ വീര്യവും വർദ്ധിച്ചു.
ചുമന്നുതുളുമ്പുന്ന വീഞ്ഞിൻ ചഷകവും നോക്കി സൂസന്ന ചിരിച്ചു.
വീഞ്ഞിന്റെ വീര്യവും സാത്താന്റെ വീര്യവും വർദ്ധിച്ചു കൊണ്ടേ യിരുന്നു.
"മകളേ..നീ ദിവ്യഗർഭം ധരിച്ചിരിക്കുന്നു. നീ സങ്കടപ്പെടരുത്".തോപ്പുംചേരി അച്ചന്റെ മന്ത്രധ്വനികൾ.
നീലാകാശത്തിലെ പൂന്തോട്ടത്തിലൂടെ പതയുന്ന വീഞ്ഞിന്റെ ലഹരിയിൽ സിനിമോൾ ഒഴികിനടന്നു.
'നിനക്കായ് തുറന്നിരിക്കുന്നു. അനന്ദത്തിന്റെ വാതിലുകൾ...'.സാത്താന്റെ വാക്കുകൾ അവളുടെ കാതുകളിൽമുഴങ്ങി.
"മിടുക്കൻ... നീ ഒരു പാട് കഷ്ടപ്പെട്ടല്ലേ...".സാത്താൻ രാജാവ് ജൂനിയർസാത്താനെ ആശ്ലേഷിച്ചു.
"വർഷങ്ങളായുള്ള എന്റെ അദ്ധ്യാനത്തിന്റെ ഫലമാണിത് രാജാവേ".
"അതേ.. എനിക്കറിയാം.. തോപ്പുംചേരിയുടെ ജനനം മുതൽ നീ ഭൂമിയിലായിരുന്നല്ലോ".
"അതെ രാജാവേ.. ദൈവജനത്തിന്റെ കൂടാരത്തിൽക്കയറി താമസിച്ചാണ് ഞാൻ ലക്ഷ്യം നിറവേറ്റിയത്. തോപ്പും ചേരി അഭിഷിക്തനാകുന്നതിൽ ഞാൻ സന്തോഷിച്ചു. അഭിഷിക്തനെ പാപത്തിന്റെ വീഞ്ഞ് കുടിപ്പിച്ചാൽ ദൈവജനത്തെ നമ്മുടെ കൂടാരത്തിലേക്ക് എളുപ്പത്തിൽ നയിക്കാംസാത്താൻഗണമേ..".
ജൂനിയർ സാത്താൻ അഭിമാനത്തോടെ സാത്താൻ കൂട്ടങ്ങളെ നോക്കി ഉച്ചത്തിൽപ്പറഞ്ഞു.
ദൈവാലയത്തിൽ നിന്നും തോപ്പുംചേരി പുറത്ത് വരുന്നതുംകാത്ത് എത്രയോ മണിക്കൂറുകൾ ഞാൻ കാത്തിരുന്നിട്ടുണ്ട്.
"സാത്താൻകൂട്ടങ്ങളേ... ജൂനിയർ സാത്താനാണ് നിങ്ങളുടെ മാതൃക.. ഞാൻ നിങ്ങളെ ഓരോരുത്തരെയും പുതിയ ദൗത്യങ്ങൾ ഏല്പിക്കുന്നു".
" ശരി രാജൻ, സാത്താൻ രാജാവ് നീണാൾ വാഴട്ടെ! ജൂനിയർ സാത്താൻ നമ്മുടെ സാത്താൻ!ആർപ്പുവിളികൾ മുഴങ്ങി.
ആശുപത്രികിടക്കയിൽനിന്നും സിനിമോൾ ഞെട്ടിയെഴുന്നേറ്റു.
"എന്റെമോളെവിടെ എനിക്ക് മോളെ കാണണം..".
അവളുടെപുലമ്പൽ മുറിയുടെ ചുമരിൽതട്ടി പ്രതിധ്വനിച്ചു.
"മിണ്ടാതെ, കിടക്കടീ..".
സൂസന്ന അവളുടെ ചുമലിൽ പിടിച്ചുകുലുക്കി.
"അപ്പാ.. എന്റെ കുഞ്ഞെവിടെ...".
അഗസ്റ്റിൻ ദയനീയമായി മകളെ നോക്കി.
'മകൾ സ്വയമറിയാതെ തന്നെ പിതാവിനെ ജാഗരൂകതയുള്ളവനാകുന്നു:
അവളെക്കുറിച്ചുള്ള വിചാരം അവന്റെ നിദ്ര അപഹരിച്ചു കളയുന്നു.
യൗവനത്തിൽ അവൾ വിവാഹിതയാകുമോ എന്നും വിവാഹത്തിനു ശേഷം അവൾ ഭർത്താവിന് അഹിതയാകുമോ എന്നും ഓർത്ത് ആകുലനാകുന്നു.
കന്യകയായിരിക്കുമ്പോൾ അവൾ കളങ്കിതയും പിതൃഭവനത്തിൽവച്ച് ഗർഭിണിയും ആകുമോ എന്നും ശങ്കിക്കുന്നു'.(പ്രഭാഷകൻ.42 ( 9 മുതൽ 10 വരെയുള്ള വാക്യങ്ങൾ ) മുറിയിൽ അശരീരിയായ് മുഴങ്ങിക്കേട്ടു.
'അഗസ്റ്റിൻ നിനക്കായ് ഞാൻ തേയിലത്തോട്ടവും കൊട്ടാരം പോലൊരു ഭവനവും കണ്ടു വച്ചിട്ടുണ്ട് '.
തോപ്പുംചേരി അച്ചനിൽ നിന്നുയർന്നവാക്കുകൾകൊണ്ട് ബധിരകർണ്ണനായിത്തീർന്ന അഗസ്റ്റിന് അശരീരി കേൾക്കുവാൻ കഴിഞ്ഞില്ല.
*******************
'വികാരംകൊണ്ടു ജ്വലിക്കുന്ന ഹൃദയം
ആളുന്ന തീ പോലെയാണ്;
ജീവിതം പൂർണമായി നശിപ്പിക്കുന്നതുവരെ അത് അടങ്ങുകയില്ല;
ഭോഗാസക്തിക്ക് അടിമപ്പെടുന്നവൻ
അഗ്നി ദഹിപ്പിക്കുന്നതുവരെ
അതിൽനിന്നു സ്വതന്ത്രനാവുകയില്ല.
വ്യഭിചാരിക്ക് എല്ലാ അപ്പവും മധുരിക്കുന്നു:
മരണംവരെ അവൻ പിൻമാറുകയുമില്ല'.(പ്രഭാഷകൻ 23 ( 16 (iii)-17).
ഫാദർ .തോപ്പുംചേരി സബ്ബ് ജയിലിലെ സിമൻറ്തറയിലെ തണുപ്പ് ശരീരത്തിലേക്ക് അരിച്ചിറങ്ങിയപ്പോൾ കണ്ണു തുറന്നു മുകളിലേക്ക് നോക്കി.
"വിലക്കപ്പെട്ടകനി ഭക്ഷിച്ച നീ അശുദ്ധിയുടെ കൂടാരമായിരിക്കുന്നു. ദൈവാലയത്തിൽ നിന്നും ഇറങ്ങി സാത്താന്റെ ആലയത്തിൽ വസിക്കുന്നവനാണ് നീ.ഒരേ സമയം ദൈവാലയത്തിലും സാത്താന്റെ ആലയത്തിലുമായി വസിക്കുവാൻ നിന്നെ ഞാൻ അനുവദിക്കില്ല. അന്ധകാരത്തിന്റെ വഴിയിലൂടെ നടന്ന നിനക്ക് ഞാൻ വിധിക്കുന്നത് കാരാഗൃഹം".
മുടിയുംതാടിയുംനീട്ടി വെള്ള വസ്ത്രംധരിച്ചരൂപം നടന്നു നീങ്ങുന്നത് ഫാ.തോപ്പുംചേരി നടുക്കത്തോടെ കണ്ടു.
'പ്രപഞ്ചസൃഷ്ടിക്കു മുമ്പുതന്നെ
അവിടുന്ന് അത് അറിഞ്ഞിരുന്നു.
സൃഷ്ടിക്കു ശേഷവും അങ്ങനെ തന്നെ.
ഈ മനുഷ്യൻ നഗരവീഥികളിൽ വച്ചു ശിക്ഷിക്കപ്പെടും;
ഒട്ടും പ്രതീക്ഷിക്കാതിരുന്നിടത്തു വച്ചു
പിടിക്കപ്പെടുകയും ചെയ്യും'.(പ്രഭാഷകൻ 16 (2 0 - 21 ) വാക്യം ).
*******************
'വിഷവിത്തായി നിന്നെ വളർത്തില്ല... നിന്നെ ഞാൻ നന്മയുടെ വൃക്ഷമാക്കി വളർത്തും '. ദൈവകരങ്ങളുടെ തഴുകലിൽ കൈകാലിട്ടടിച്ച് ആ പിഞ്ചുകുഞ്ഞ് നുണക്കുഴി കവിളുകൾകാട്ടി ചിരിച്ചു.
പുതിയദൗത്യങ്ങൾ സാത്താൻരാജാവ് അനുനായികൾക്ക് വീതംവച്ചു നൽകുന്നതിരക്കിലാണ്.
********************
ഞായറാഴ്ച പള്ളിയിൽ ദൈവസന്നിധിയിൽ അൾത്താരയ്ക്ക് മുന്നിലേക്ക് അൾത്താര ഗാനത്തിന്റെ അകമ്പടിയോടെ വന്ന വൈദികന്റെമുഖം കണ്ട് എന്റെ ഹൃദയം വേദനിച്ചു. വേദപാഠ ക്ളാസ്സുകളിലെ ഒന്നാം ക്ളാസ്സുകാരായ കുട്ടികൾ മുതൽ മുതിർന്നവരായ ആളുകൾ വരെ പങ്കെടുക്കുന്ന ദിവ്യബലിയിൽ പങ്കെടുക്കുന്ന അൾത്താരയ്ക്ക് മുന്നിൽ നിൽക്കുന്ന വൈദികന്റെ മുഖം കണ്ടപ്പോൾ വ്രണിത ഹൃദയനായ ആ മനസ്സിന്റെവേദന ഞാനറിയുകയായിരുന്നു. കൂടുതൽ തീക്ഷ്ണമായിരുന്നു പ്രാർത്ഥനകൾ. തോപ്പും ചേരിയെപ്പോലുള്ള സാത്താൻ ജന്മത്തിന്റെ പ്രവർത്തികളാൽ മാധ്യമങ്ങളിലൂടെയും പൊതു സമൂഹത്തിലൂടെയും അപമാനിക്കപ്പെട്ട് പരിഹസിക്കപ്പെട്ട് നിൽക്കുന്നതിന്റെ വേദനയായിരുന്നു ആ മുഖത്ത് ദൃശ്യമായത്. തീക്ഷ്ണമായ.. ഹൃദയംനൊന്തവേദനയോടെയു ള്ള പ്രാർത്ഥനാഗീതങ്ങൾ എന്റെ കാതുകളിൽ മുഴങ്ങി. എന്റെ കണ്ണുകൾ നിറഞ്ഞു.
രാത്രി എട്ടുമണിക്കു പള്ളിയുടെ വാതിലുകൾ അടച്ച് പള്ളിമുറിയിലേക്ക് ഏകനായി നടന്നു പോകുന്ന വൈദികനെ ഞാൻനോക്കി നിന്നു.
ആലംബഹീനർക്ക് ആശ്വാസമായി സ്വന്തം ജീവിതം പോലും അജഗണങ്ങൾക്ക് വേണ്ടി സമർപ്പിക്കപ്പെട്ട വൈദികരെയും കന്യസ്ഥരെയും നമുക്ക് വാക്കുകൾകൊണ്ട് അപമാനിക്കാതിരിക്കാം.
'ഏതു കാറ്റത്തും പാറ്റുകയോ എല്ലാ മാർഗത്തിലും ചരിക്കുകയോ അരുത്;
കപടഭാഷണം നടത്തുന്ന പാപി ചെയ്യുന്നത് അതാണ്.
നീ അറിവിൽ സ്ഥൈര്യം പാലിക്കുക;
നിന്റെ വാക്കുകളിൽ പൊരുത്തക്കേടുണ്ടാകരുത്;
കേൾക്കുന്നതിൽ ജാഗരൂകതയും മറുപടി പറയുന്നതിൽ അവധാനതയും കാട്ടുക.
അറിയാമെങ്കിലേ പറയാവൂ;
ഇല്ലെങ്കിൽ വായ് തുറക്കരുത്.
മാനവും അവമാനവും വാക്കിലൂടെ വരുന്നു;
വീഴ്ചയ്ക്കു വഴിതെളിക്കുന്നതും നാവു തന്നെ'.(പ്രഭാഷകൻ - 5 (9-13. വാക്യം ).
(ഈ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികമാണ്. ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ആരുമായും സാദൃശ്യമില്ല.)
Written by Sajivarghese
This script is secured with international copyright act. Do not copy this creation without prior permission.

ഒരു ഏപ്രിൽ ഫൂൾ കഥ


ഇന്ന് മാർച്ച് 31 

 അമ്മയും മകളും കൂടി തലപുകഞ്ഞു ആലോചിക്കുകയാണ് നാളെ അച്ഛനിട്ടൊരു പണികൊടുക്കാൻ.ഏപ്രിൽ 1അല്ലേ അച്ഛനെ ഒന്ന് ഫൂളാക്കണും .പല പല ഐഡിയകളും രണ്ടുപേരും പരസ്പരം കണ്ടുപിടിച്ചു ചർച്ച ചെയ്‌തെകിലും ഒന്നും അങ്ങോട്ട് ശരിയാകുന്നില്ല.അവസാനം അമ്മ ഒരു നല്ല ഐഡിയ കണ്ടെത്തി .അത് നടത്തുവാൻ തീരുമാനിച്ചു .മാർച്ച് 31 രാത്രി കഴിഞ്ഞു .
ദേ.....മനുഷ്യ ഒന്ന് എഴുനെന്റെ മോളെ ഇവിടെയൊന്നും കാണുന്നില്ല ...അമ്മ അച്ഛനെ കുലുക്കി വിളിക്കുകയാണ് .പാവം അച്ഛൻ ഞായറാഴ്ച അല്ലെ നല്ലപോലെ ഉറങ്ങലോന്നു വിചാരിച്ചു കിടക്കുകയായിരുന്നു .ഉറക്കം പോയ വിഷമത്തിൽ പതിയെ എഴുനെറ്റിട്ടു പറഞ്ഞു ...
ഇ വെളുപ്പിനെ അവള് എവിടെപോകാനാ നീ അവിടെയൊക്കെ നോക്കു ....
ഇല്ലന്നെ ഞാൻ എല്ലായിടത്തും നോക്കി അവളെ ഇവിടെയൊന്നും കാണുന്നില്ല ...
എടി ഇന്ന് ഏപ്രിൽ 1ആണല്ലേ നീയെന്നെ ഫൂൾ ആക്കുവാൻ നോക്കുകയാണല്ലേ ....
അതുകേട്ട അമ്മ ഒന്ന് ഞെട്ടിയെങ്കിലും അതുപുറത്തു കാണിക്കാതെ പറഞ്ഞു ....
എനിക്കും അറിയാം ഇന്ന് ഏപ്രിൽ 1 ആണേന്നു ...പക്ഷെ മോള്‌ ഒരിക്കലും നമ്മളെ പറ്റിക്കുവാൻ നോക്കില്ല ...നിങ്ങള് വാ നമുക്കു അവളുടെ മുറിയിൽ പോയിനോകാം .
മോളുടെ മുറിയിൽ നേരെത്തെ തയ്യാറാക്കി വച്ച ഒരു കത്തു ഉണ്ടായിരുന്നു .....അച്ഛന് അമ്മ കണ്ടുപിടിച്ചതുപോലെ ആ കത്ത് എടുത്തു കൊടുത്തു ....അച്ഛൻ അതുവായിക്കുകയാണ് ....
പ്രിയപ്പെട്ട അച്ഛനും അമ്മയ്ക്കും ...ഞാൻപോകുകയാണ് എനിക്കു ഇഷ്ടപെട്ട ഒരാളിന്റെ കൂടെ .നിങ്ങളെ എനിക്കു പിരിയുന്നതിൽ വിഷമം ഉണ്ടെകിലും അയാളെ എനിക്കു മറക്കാൻ കഴിയില്ല അതുകൊണ്ടു ഞാൻപോകുന്നു പിന്നെ ഇന്ന് ഏപ്രിൽ 1ന്നു കരുതി ഞാൻ നിങ്ങളെ ഫൂൾ ആക്കുകയാണെന്നു കരുതണ്ട സത്യമായ കാര്യമാണ് ....എന്ന് സ്വന്തം മകൾ .....
കത്ത് വായിച്ചു കേട്ട് കഴിഞ്ഞതും ...നല്ലൊരു ആക്ടറെ പോലെ അമ്മ നിലവിളിക്കുവാൻ തുടങ്ങി .പാവം അച്ഛന്റെ മനസ്സിൽ ഒരു കടലിരമ്പി .അയാൾ ഫോൺ എടുത്തു മോളുടെ നമ്പറിലേക്കു വിളിച്ചു സ്വിച്ചോഫ് ആണ് ഫോൺ .എന്ത് ചെയ്യണും അച്ഛന് ഒരു പിടുത്തവും കിട്ടുന്നില്ല ആകെ തകർന്നുപോയി ...അമ്മയാകട്ടെ അഭിനയിച്ചു തകർക്കുകയാണ് .അച്ഛൻ ഫോൺ എടുത്തു അളിയനെ വിളിച്ചു ....
എടാ മോളെ കാണുവാനില്ല ...ഒളിച്ചോടുകയാനും പറഞ്ഞു ഒരു കത്ത് എഴുതി വച്ചിരിക്കുന്നു ....
പൊന്നളിയാ ഇത്രേം വയസായില്ലേ രാവിലെ ഫൂൾ ആക്കുവാൻ എന്നെത്തന്നെ വിളിച്ചേക്കുന്നു ...നീ ഫോൺ വച്ചിട്ട് പോകു ....
അച്ഛൻ മാനസികമായി തകർന്നു .എന്തു ചെയ്യണുമെന്നു അറിയാൻ കഴിയാതെ സ്വന്തം ഭാര്യയും മോളും കൂടി തന്നെ ഫൂൾ ആക്കുകയാണന്നു മനസിലാകാതെ പാവം തളർന്നു തറയിലേക്ക് ഇരുന്നു .അപ്പോഴാണ് അടുക്കളയിൽ നിന്നും പൊട്ടിച്ചിരിച്ചു കൊണ്ട് മോളുടെ വരവ് ....മോളുടെ ചിരിയിൽ അമ്മയുംകൂടി പങ്കുചേർന്നപ്പോഴാണ് അച്ഛന് മനസിലായത് തന്നെ രണ്ടുപേരും കൂടി മണ്ടനാകുകയായിരുനെന്നു .അച്ഛന്റെ മനസ്സിൽ ദേഷ്യം ഇരച്ചു കയറി ...തറയിൽ ഇന്ന് എഴുനേറ്റു നീ ഇങ്ങു വന്നേ എന്ന് പറഞ്ഞു അമ്മയെയും വിളിച്ചു അകത്തു റൂമിൽ കയറി കതകടച്ചിട്ടു കൈ വീശി ഒറ്റയടിയായിരുന്നു മുഖമടച്ചു അമ്മയ്ക്കിട്ടു ...ആ അടിയുടെ ശബ്ദം പുറത്തു നിന്ന മോളുടെ ചെവികളിൽ തുളച്ചുകയറി .....ശബ്ദം താഴ്ത്തി അച്ഛൻ പറഞ്ഞു
ഫൂൾ ആക്കാം പക്ഷെ മോളെ പറ്റി ഇങ്ങനെ ഒരു നുണ പാടില്ലായിരുന്നു .കത്ത് വായിച്ച സമയത്തു എനിക്കുണ്ടായ മാനസികാവസ്ഥ മക്കളെ സ്നേഹിക്കുന്ന ഓരോ അച്ചന്മാർക്കും മനസിലാകും ....
നിറഞ്ഞ കണ്ണുകളും ...ഒരു കവിൾ പൊത്തിപിച്ചുകൊണ്ടും അമ്മയും ...സന്തോഷത്തോടെ അച്ഛനും പുറത്തേക്കു വന്നു ...അപ്പോൾ മോളാകട്ടെ അമ്മയെ തല്ലിയ സങ്കടത്തിൽ അച്ഛാ എല്ലാത്തിനും കാരണം ഞാനന്ന് പറഞ്ഞു പൊട്ടിക്കരയുവാൻ തുടങ്ങി ...പെട്ടന്ന് അച്ഛനുറക്കെ ചിരിച്ചു കൊണ്ട് പറഞ്ഞു ....അയ്യേ മോളെ പറ്റിച്ചേ വെറുതെ അടിക്കും പോലെ സൗണ്ടുണ്ടാക്കി പറ്റിച്ചേ ....മോള് അമ്മയെ ഒന്ന് നോക്കി അമ്മ ആണെന്ന് ഉള്ള രീതിയിൽ തലയാട്ടി ...അച്ഛന്റെ ചിരിയിൽ മോളും പങ്കുചേർന്നു .കണ്ണിൽ കൂടി പൊന്നീച്ച പറകുന്നുണ്ടെകിലും വേദന കടിച്ചമർത്തി അമ്മയും ആ ചിരിയിൽ പങ്കു ചേർന്നു .......

നിറങ്ങളുടെ_ലോകം

. നിറങ്ങളുടെ ലോകത്തിൽ
' നോക്കൂ ആദിത്യാ ബാന്ദ്രയിലെ വില്ല കൂടി മാത്രമേ ഇനി വിൽകാനുള്ളൂ അതാണെങ്കിൽ അമ്മയുടെ പേരിലും , ജ്യേഷ്ഠനും കൂടി അവകാശപെട്ടതായതു കൊണ്ട് അത് വിൽക്കാൻ പറ്റുമെന്നു തോനുന്നില്ല '
ബാനർജിയുടെ സംസാരത്തിൽ ഒരുപാട് സഹതാപം നിഴലിച്ചിരുന്നു. വർഷങ്ങളായി ഫിനാൻഷ്യൽ അഡ്വൈസർ എന്നതിലുപരി ദാദയുടെ നല്ലൊരു സുഹൃത്ത്‌ കൂടിയായിരുന്നു ബാനർജി.
" ആദിത്യ ഇതിനേക്കാൾ വലിയ പ്രശ്നങ്ങൾ ബിസിനെസ്സിൽ നിന്റെ ദാദയ്‍ക്കു ഉണ്ടായിട്ടുണ്ട്, അദ്ദേഹത്തെയും നിന്നെയും താരതമ്യം ചെയ്യുകയല്ല , എന്നാലും നിന്റെ ഇപ്പോഴത്തെ അവസ്ഥ കാണുമ്പോൾ വല്ലാത്ത വിഷമം തോനുന്നു കുട്ടീ "
" അങ്കിൾ എന്നെ കൂടെയുള്ളവർ ചതിച്ചതിൽ അല്ല, സ്വന്തം അമ്മയും കൂടപ്പിറപ്പും തള്ളി പറഞ്ഞതിലാണ് എന്റെ ദുഃഖം... "
" നിന്റെ ദാദ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ അദ്ദേഹം നിന്നെ മനസ്സിലാക്കിയേനെ , അദ്ദേഹം ഒരു വലിയ മനുഷ്യനായിരുന്നു എല്ലാവരും അദ്ധേഹത്തെ പോലെയാവണമെന്നില്ലല്ലോ "
" മടുത്തു അങ്കിൾ എല്ലാം നഷ്ടപ്പെട്ടു , ഗോരാനാഥിന്റെ ചെക്കും മടങ്ങിയതാണ് അയാളും കൂടി കേസ് കൊടുത്താൽ എന്തായാലും ഞാൻ അകത്താകും "
" ഹേയ് വിഷമിക്കാതെ ദാദയുടെ പഴയ സുഹൃത്താണ് അയാൾ , അതു കൊണ്ടാണ് അയാള് ഇതുവരെ ഒന്നും പറയാഞ്ഞത്.
താൻ വിഷമിക്കാതെ, നേഹയുടെ വീട്ടുകാർ എന്തെങ്കിലും അറിഞ്ഞോ ..?"
ആശ്വസിപ്പിച്ചു കൊണ്ട് ബാനർജി വിഷയം മാറ്റാൻ ശ്രമിച്ചു.
" അവർക്ക് ഏറെ കുറെ കാര്യങ്ങൾ മനസ്സിലായി , വിവാഹത്തിന് ഇനി അവർ തയ്യാറാവുമെന്നു തോനുന്നില്ല "
ഉള്ളിൽ നീറ്റലുണ്ടിങ്കിലും അത് പുറത്തു കാണിക്കാതെ ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു.
" അത് പോവുകയാണെങ്കിൽ പോട്ടെ ആദിത്യ , അല്ലെങ്കിലും നമ്മുടെ പാരമ്പര്യത്തിന് യോജിച്ച കുടുംബമായിരുന്നില്ല , അന്നേ ഞാൻ അമ്മയോട് സൂചിപ്പിച്ചിരുന്നു " ബാനർജി ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു.
' ഞാനിറങ്ങട്ടെ അങ്കിൾ ഒരാളെ കാണാനുണ്ട് ' കൃത്രിമമായി മന്ദഹസിച്ചു കൊണ്ടു ബാനർജിയുടെ ഓഫീസിനു പുറത്തേക്കിറങ്ങി.
നിരത്തിലെ തിരക്കുകളൊന്നും കണ്ണിൽ പെടുന്നില്ല. ഒരിക്കൽ ഈ അന്ധേരിയിലെ നിരത്തുകളിൽ കൂടി വെറുമൊരു സാധാരണക്കാരൻ തുണിവ്യാപാരിയുടെ മകനായി നടന്നിരുന്ന കാലമുണ്ടായിരുന്നു. പിന്നീടുള്ള വളർച്ച കണ്ണടച്ച് തുറക്കുന്ന വേഗത്തിലായിരുന്നു.
ദാദയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്ഥാനാക്കിയത് അദ്ധേഹത്തിന്റെ കഠിന പ്രയത്നമായിരിക്കാം. സമ്പത്തിന്റെ മടിയിൽ ഇരിക്കുമ്പോഴും ഈ നിരത്തിൽ കൂടി വരുമ്പോഴെല്ലാം ദാദ പറയുമായിരുന്നു,
' ആദിത്യ നമ്മൾ ഓരോ ചുവടും വയ്ക്കുമ്പോഴും വല്ലപ്പോഴും പിറകിലേക്കൊന്നു നോക്കണം ചുവടുകൾ പിഴച്ചിട്ടു നോക്കുന്നതിനേക്കാൾ നല്ലതതായിരിക്കും'
 അന്വര്ഥമായ വാക്കുകൾ. ഇന്ന് വീണ്ടും താൻ ഈ നിരത്തിൽ കാല്നടയാത്രക്കാരനായിരിക്കുന്നു.
മാർവാടികൾ ഇന്നലെ കാറ് കൊണ്ട് പോകുന്നത് വരെയില്ലാത്ത എന്തോ ഒരു ശൂന്യത ഇന്നനുഭവിച്ചു. ആഢ്യത്വം കാണിക്കാൻ കഴിയാത്തതിലല്ല പലരും ദയനീയമായി നോക്കുന്നു. രാംമോഹൻ ചോപ്ടയെ അറിയാത്ത ആൾക്കാർ ആ നിരത്തിൽ കുറവായിരുന്നു.
എവിടെയാണ് പിഴച്ചത് ഒന്നും ഓർക്കാൻ കഴിയുന്നില്ല അല്ലെങ്കിൽ ഓർമകളും മരവിച്ചോ ..?
രാംമോഹൻ എന്ന വലിയ മനുഷ്യന്റെ മകന്റെ പതനം പലരും ആഗ്രഹിച്ചിരിക്കാം..
' ആദിത്യ രണ്ടാമതൊന്നു അലോചിക്കാതെ ആരുടേയും ഒരു ഗ്ലാസ് വെള്ളം പോലും സ്വീകരിക്കരുത് ' - സൗകര്യപൂവ്വം മറന്നതായിരുന്നു ദാദയുടെ ഓരോ വാക്കുകളും. അതിനു താൻ കൊടുകേണ്ടി വന്ന വിലയാണ് ഇന്നീ അനുഭവിക്കുന്നതെല്ലാം.
നേഹയുടെ മെസ്സേജ് ഒരിക്കൽ കൂടി വായിച്ചു.
" ആദിത്യ നമ്മൾ തമ്മിൽ പെരുത്തപ്പെടാൻ കഴിയാത്ത ഒരുപാട് കാര്യങ്ങൾ ഉണ്ട് , കുടുംബത്തിന്റെ പൊരുത്തത്തെക്കാൾ നമ്മുടെ മനസ്സ് തമ്മിലല്ലേ പൊരുത്തപ്പെടേണ്ടത്.
 ഇപ്പോൾ ഒരു വിവാഹത്തെ കുറിച്ച് ഞാൻ ചിന്തിച്ചിട്ട് പോലുമില്ലായിരുന്നു. വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങിയാണ് ഞാനീ ആലോചനയ്ക്കു സമ്മതം മൂളിയത് തന്നെ. നിങ്ങൾക്ക് എന്നേക്കാൾ നല്ലൊരു പെൺകുട്ടിയെ കിട്ടട്ടെ, പ്രാർത്ഥിക്കാം ..."
അവളുടെ അച്ഛനെ പോലെ ബുദ്ധിമതിയാണ് അവളും. തന്റെ ഇപ്പോഴത്തെ അവസ്ഥ അറിഞ്ഞത് മുതലാണ് അവളിലെ മാറ്റങ്ങൾ കണ്ടു തുടങ്ങിയതെന്ന് മനസ്സിലാക്കാനുള്ള സാമാന്യബുദ്ധി തനിക്കുണ്ടെന്ന് അവൾക്കറിയില്ലായിരിക്കാം..
സ്വന്തമെന്നു പറയാനുള്ളതെല്ലാം ഓരോന്നായി നഷ്ടപെട്ടുകഴിഞ്ഞിരിക്കുന്നു. ഇന്നതെല്ലാം നഷ്ടപ്പെട്ടപ്പോൾ ആരുമില്ലെന്ന സത്യം സ്വയം ചെറുതാക്കുന്നതായി തോന്നുന്നു. ഇപ്പോൾ താനുമൊരു പാഴ്വസ്തുവായിരിക്കുന്നു.
നഷ്ടപ്പെടാൻ ഇനിയുള്ളത് കുറെ സ്വപ്‌നങ്ങൾ മാത്രമാണ് , പ്രതീക്ഷയറ്റവന് എന്തു സ്വപ്നം.
ബാധ്യതകൾ ഒരു കൂമ്പാരംപോലെ മുന്നില് ഒരു കിടങ്ങായിരിക്കുന്നു. അതികം വൈകാതെ ഇനി താമസം ഇരുമ്പഴികൾക്കുള്ളിൽ സുരക്ഷിതമാവും.
റാംമോഹൻ ചോപ്ടയുടെ മകൻ എല്ലാം നഷ്ടപ്പെട്ട് മറ്റുള്ളവരുടെ മുന്നിൽ ഒരു വിഡ്ഡിയായിരിക്കുന്നു...
ആശകളറ്റിയിരിക്കുന്നു ഇനിയാർക്കു വേണ്ടി..?
മടുത്തു ഇനിയും ഒരു പരിഹാസ കഥാപാത്രമാവാൻ..
ഇനി വിൽക്കാൻ ബാക്കിയൊന്നുമില്ല.
ഇനിയും ഒരു പരാജിതനായി ആർക്കും മുന്നിൽ നില്ക്കാൻ വയ്യ...
നടത്തത്തിനു ഒരു വല്ലാത്ത വേഗത വന്നത് പോലെ. എങ്ങോട്ടു പോവണമെന്നത് ഒരു നിശ്ചയവും ഇല്ലായിരുന്നു. വെയിൽ മങ്ങിത്തുടങ്ങി നെറ്റിയിൽ വിയർപ്പിന്റെ കണങ്ങൾ പൊടിയാൻ തുടങ്ങി...
ഗോവിന്ദ്നഗറിൽ നിന്നും ഗാർഡൻഡയിലേക്കുള്ള ചെറുറോഡിലേക്കു കയറി. ദൂരെ തിരയടിക്കുന്ന ശബ്ദം കേൾക്കാം , ആകാശത്തു കടൽക്കാക്കകൾ വട്ടമിട്ടു പറക്കാൻ തുടങ്ങിയിരിക്കുന്നു...
ഒരുപാട് വർഷങ്ങൾക്കു മുൻപ് ദാദയുടെ കൂടെ വന്നതായിരുന്നു പാട്ടീൽപാടയിലുള്ള ഈ കടൽ തീരത്തു. ഈ കോട്ടയും പ്രദേശവും എപ്പോഴും വിജനമാണ്. സഞ്ചാരികൾക്കു പ്രിയം ജൂഹുവായത് കൊണ്ടവാം ഇവിടം ശ്രദ്ധിക്കപ്പെടാതെ പോവുന്നത്..
അന്ന് പഴയ കോട്ടയ്ക്കടുത്തു വേലികെട്ടു ഇല്ലായിരുന്നു. വളരെ ഉയരത്തിലുള്ള കോട്ടയുടെ കടലിനോടു ചേർന്നുള്ള പ്രദേശം മണ്ണിടിഞ്ഞു കിടന്നിരുന്നതായാണ് ഓർമ , ഇന്നവിടം കരിങ്കല്ല് കൊണ്ട് കെട്ടി ഉയർത്തിയിരിക്കുന്നു.
ഒരുപാട് താഴ്ചയിൽ കടൽ ഘോരമായ ശബ്ദത്തിൽ ആഞ്ഞടിച്ചു കൊണ്ടിരുന്നു..
തിരമാലകൾ മാടിവിളിക്കുന്നതു പോലെ ഒരു വല്ലാത്ത അഭിവേശത്തോടെ കടലിനോടു പുല്കാൻ ഒരുങ്ങി......
അവസാനമായി അമ്മയുടെ ശബ്ദം കേൾക്കാൻ തോന്നുന്നു. ഒത്തിരി വേദനിപ്പിച്ചിട്ടുണ്ട്. മൂത്തമകൻ എല്ലാം നേടുമ്പോഴും ഇളയമകനു സമ്മാനിക്കാനായത് പരാജിതൻ എന്ന പേരുദോഷം മാത്രമായിരുന്നു.
' നോക്കൂ വിരോധമാവില്ലെങ്കിൽ ഒന്നു ഫോണ്‍ തരാമോ..? ഇവിടെ ഒരു ടാക്സി പോലും കാണുന്നില്ല, സുഹൃത്തുക്കളെ ആരെയെങ്കിലും വിളിക്കാനാണ് "
ഞെട്ടിത്തിരിഞ്ഞു കൊണ്ട് പിറകിലേക്ക് നോക്കി വെളുത്ത ഗൗണിൽ ചെറിയ നീല പൂക്കൾ പിന്നിയിട്ടുള്ള നീളൻ ഗൗൺ അണിഞ്ഞു കൊണ്ട് ഒരു പെണ്കുട്ടി. ശരിക്കും അവൾ ഭയപ്പെടുത്തിക്കളഞ്ഞു . ഈ വിജനമായ സ്ഥലത്ത് അവളെ കണ്ടപ്പോൾ എവിടെയോ ഒരു ഭയം ഉയർന്നു വന്നു. അല്ലെങ്കിലും താനെന്തിനു ഭയക്കണം ഏതാനും നിമിഷങ്ങൾക്കകം മരണത്തെ വേൾക്കാൻ പോവുന്നവന് എന്തിനു അമാനുഷികങ്ങളെ ഭയക്കണം. ഒരുവേള ഒരായിരം ചിന്തകൾ കടന്നു പോയി.
' നിങ്ങളുടെ ഫോണിൽ റേഞ്ചു ഉണ്ടാവും അല്ലേ '
ചെറിയ ഭയത്തോടെ ഫോണ്‍ അവൾക്കു കൊടുത്തു.
അവളതു വാങ്ങി നമ്പർ ഡയൽ ചെയ്യൻ തുടങ്ങി.
' ചെഹ് ഇതിനും റേഞ്ചു ഇല്ല നാശം '
അവൾ സ്വയം ശപിച്ചു കൊണ്ട് ഫോണ്‍ തിരികെത്തന്നു.
' താനെന്താ ഈ വിജനമായ സ്ഥലത്ത് ഒറ്റയ്ക്ക് ' ധൈര്യം അവലംബിച്ചു അവളോട് ചോദിച്ചു.
' ഒന്നുമില്ല വീട്ടിൽ വെറുതെ ഇരുന്നപ്പോൾ കടൽ കാണാൻ ഒരാഗ്രഹം , കുറച്ചു പ്രൈവസി ആയിക്കോട്ടെ എന്ന് കരുതി ഇങ്ങോട്ടു പോന്നു. അല്ല നിങ്ങളും ഒറ്റയ്ക്കാണല്ലോ, എന്താ ആത്യമഹത്യ ആണോ ഉദ്ദേശം ഹ ഹ ..? '
വായാടിപെണ്ണ് സ്വയം ചിരിക്കാൻ തുടങ്ങി
' അതേ ' യാന്ത്രികമായി മറുപടി പറഞ്ഞുപോയി.
അവൾ സ്വല്പ്പം ഭയത്തോടെയും അതിലേറെ ജിജ്ഞാസയോടും കൂടെ നോക്കി
' ആർ യു സീരിയസ്...? നിങ്ങളെന്താ ഈ പറയുന്നത് ..? '
' അതേ ഞാൻ മരിക്കാൻ വേണ്ടി വന്നതാണ്. ഇപ്പോൾ നീയാണതിനു തടസ്സം ഒന്ന് പോകാമോ .?
താഴേക്കിറങ്ങിയാൽ മൈൻറോഡിൽ ടാക്സി കിട്ടും നിങ്ങൾക്ക് '
തെല്ലൊരാരിശത്തോടെ പറഞ്ഞു..
'ശരി ശരി നിങ്ങളു ദേഷ്യപ്പെടേണ്ട ഞാൻ പോയേക്കാം, പക്ഷേ എന്തിനാണ് മരിക്കുന്നതെങ്കിലും പറഞ്ഞൂടെ ..? '
' മനസമാധാനം കളയാതെ ഒന്ന് പോയിതരാമോ ..?
' മരിക്കാൻ പോവുന്ന നിങ്ങൾക്കെന്തിനാ മനസ്സമാധാനം ..? ' അവൾ വിടാനുള്ള ഭാവമില്ലായിരുന്നു.
' എന്തായാലും മരിക്കാൻ തീരുമാനിച്ചു എങ്കിൽ ഇതെങ്കിലും പറഞ്ഞിട്ട് മരിക്കൂ '
' അറിഞ്ഞിട്ടും പ്രത്യേകിച്ച് ഒരു ഗുണമില്ല , എനിക്ക് പറയാനുള്ളത് പരാജങ്ങളുടെ തുടർകഥകളാണ് , തന്റെ സമയം കളയണ്ടാ '
' ആ കഥകൾ കേൾക്കാൻ ഞാൻ തയ്യാറാണെങ്കിലോ ..?'
അറിയാതെ പുഞ്ചിരിച്ചുപോയി. ഇവളാലൊരു മിടുക്കി തന്നെ. വളരെ പെട്ടന്നു മറ്റുള്ളവരുമായി അടുക്കാൻ പ്രത്യേക കഴിവുണ്ടിവൾക്കു.
' ശരി വിരോധമാവില്ലെങ്കിൽ നമുക്കൊന്ന് നടക്കാം, അത് കഴിഞ്ഞു വന്നു നിങ്ങൾ മരിച്ചോളൂ , കടലിവിടെ തന്നെ കാണും ' അവൾ ലാഘവത്തോടെ പറഞ്ഞു കൊണ്ട് ചിരിച്ചു.
ഇവൾ പെട്ടന്നൊന്നും ഒഴിഞ്ഞുപോകുന്ന മട്ടില്ല. എന്തായാലും തൽക്കാലം അനുസരിക്കാം.
കടൽ ശാന്തമായി ചെറുതിരകളോടെ അടിച്ചു കൊണ്ടിരുന്നു. പകലിന്റെ വെളിച്ചം നേരിയചുവപ്പോടെ മങ്ങി തുടങ്ങിയിരിക്കുന്നു. ദൂരെ കടൽക്കാക്കകൾ തീരത്തേക്ക് പറന്നടുത്തു.
അവളുടെ കൂടെ കോട്ടയുടെ നടപ്പാതയിൽകൂടി നടക്കാൻ തുടങ്ങി. വശ്യമായ ഒരു സുഗന്ധം അവളിൽ നിറഞ്ഞുനിന്നിരുന്നു...
' ആരാണ് നിങ്ങൾ , എന്തിനാണ് ഇത്ര മനോഹരമായ ജീവിതം നശിപ്പിക്കുന്നത് ..?'
ചോദിക്കുമ്പോൾ അവളുടെ കണ്ണുകൾ ആകാംഷയോടെ തിളങ്ങുന്നുണ്ടായിരുന്നു.
' ആദിത്യ ചോപ്ട എന്നാണ് എന്റെ പേര് റാംമോഹൻ ഗ്രൂപ്പ്‌ ഓഫ് കമ്പനീസ് ന്റെ എംഡി '
അവൾ നിസംഗതയോടെ മുഖത്തേക്ക് നോക്കി. ഇത്ര വലിയെ ഗ്രൂപ്പിനെ കുറിച്ച് ഇവൾ കേട്ടിട്ടില്ലേ ..?
' ഹ ഹ അത്ഭുതപ്പെടേണ്ട എനിക്ക് വലിയ ലോകപരിചയവും ഒന്നുമില്ല, ഞാനൊരു വിദ്യാർത്ഥിയാണ് '
പ്രായം ഇരുപതോളം തോനിക്കുമെങ്കിലും അവളിൽ അസാമാന്യ പക്വതയുണ്ടായിരുന്നു. താനറിയാതെ ഒരു പ്രത്യേക ബഹുമാനം തോന്നിപ്പോയി അവളോട്.
' അച്ഛന്റെ മരണശേഷം സ്വത്തുക്കൾ ഞങ്ങൾ രണ്ടാണ്മക്കൾക്കു വീതിച്ചു തന്നു , എന്റെ വീതമെല്ലാം നഷ്ടപ്പെട്ടു. കൂടെ നിന്നവർ വഞ്ചിച്ചു... ഇപ്പോൾ വലിയൊരു കടക്കാരൻ ആണു ഞാൻ '
' ഇത്രേയുള്ളോ പ്രശ്നം ...? '
' നിനക്കതു നിസ്സാരമായിരിക്കാം , പക്ഷെ നിനക്ക് സ്വപ്നം കാണാൻ കഴിയാത്ത തുകയുടെ കടക്കാരനാണ് ഞാനിന്നു '
' ശരി നിങ്ങൾ പറയുന്നത് എനിക്ക് മസസ്സിലാകും , ഇഷ്ടമുള്ള പോലെ ചെയ്തോളൂ , നിങ്ങളുടെ തീരുമാനം അതാണെങ്കിൽ ഞാൻ തടയുന്നില്ല... '
' അതാണ്‌ ഞാൻ ആദ്യമേ പറഞ്ഞത് പൊയ്ക്കൊള്ളാൻ , ഇപ്പോൾ മനസ്സിലായോ ..?'
' ശരി എന്തായാലും മരിക്കുന്നതിനു മുൻപ് എനിക്കൊരു സഹായം ചെയ്യാമോ. എന്റെ കൂടെ ഒരു സ്ഥലം വരെ വരാമോ ..?
ശല്യമാണല്ലോ, എന്തായാലും ഇത്രയും ആയ സ്ഥിതിക്ക് കൂടെ പോവാം. ഇനി എന്തൊക്കെയായാലും എടുത്ത തീരുമാനം മാറ്റുന്ന പ്രശ്നമില്ല, അത്രയ്ക്ക് വലിയ ചതികുഴിയിൽ ആണു വീണിരിക്കുന്നത്.
പതുക്കെ കോട്ടയുടെ ഇറക്കം ഇറങ്ങി അവളുടെ കൂടെ നടന്നു. ഗർസാ പാർക്കും കഴിഞ്ഞു കടൽത്തീരത്തുള്ള റോഡരികിൽ കൂടി അവളുടെ കൂടെ നടന്നു. ഇരുട്ട് പടർന്നിരിക്കുന്നു, സ്ട്രീറ്റ് ബൾബുകൾ പ്രകാശിച്ചു തുടങ്ങി. അതിന്റെ വെളിച്ചത്തിൽ അവളുടെ വെള്ള ഗൗൺ സ്വർണനിറമായി തോന്നി. ഇവളൊരു കൊച്ചുസുന്ദരി തന്നെ. അവൾ ചിരിച്ചു കൊണ്ട് മുഖത്തേക്ക് നോക്കി.
' ഇതെങ്ങോട്ടാ ഈ പോകുന്നത് ..?'
' ഇവിടെയടുത്തു ഒരു ഗലി ഉണ്ട്. അവിടെ എനിക്ക് വേണ്ടപ്പെട്ട ചിലരുണ്ട്. ഇന്നവരെ വൈകീട്ട് കാണാനിരുന്നതാ, അപ്പോഴാ നിങ്ങളെ പരിചയപ്പെട്ടത് '
നടത്തം തീരത്തെ റോഡും കഴിഞ്ഞു ഹർബറിന്റെ അടുത്തുള്ള ചെറുറോഡിലേക്കു കയറി. അവിടെ ഇടതു വശത്തായി ഒരു ചെറിയ ഫുട്പാത്തു, അതിലൂടെ പതുക്കെ നടന്നു കയറി. ഏതോ കോളനിയാണെന്നു തോന്നുന്നു. ഓടയിൽ നിന്നും വല്ലാത്ത ദുർഗന്ധം വമിക്കാൻ തുടങ്ങി. കൊതുകുകൾ രൂക്ഷമായി ആക്രമിച്ചു കൊണ്ടിരുന്നു.
നടത്തം കോളനിയിലെ ഒരു കൊച്ചു കുടിലിനു മുന്നിൽ അവസാനിച്ചു. ഒരു റാന്തൽ വിളക്കിന്റെ പ്രകാശം വീടിന്റെ പാതി തുറന്ന വാതിലിൽ കൂടി തെളിഞ്ഞു. ഒരാൾക്ക് കഷ്ടിച്ചു കയറാൻ പാകത്തിലുള്ള വാതിൽ, നിവർന്നു നിന്നാൽ തല മുട്ടുന്നത് കൊണ്ട് വെളിയിൽ നിന്നു.
അവൾ വളരെ പരിചിതമായി അകത്തോട്ടു കയറി. അവളെ കണ്ടതും ഇരുണ്ടവെളിച്ചത്തിൽ എന്തോ പ്ലാസ്റ്റിക്ക് കുപ്പികൾ കൊണ്ട് കളിക്കുകയായിരുന്ന രണ്ടു പിള്ളേർ ഓടിവന്നു അവളുടെ കൈകളിൽ പിടിച്ചു. അവൾ അവരുടെ തലയിൽ തലോടി അമ്മയെ അന്വേഷിച്ചു. പിറകു വാതിലിൽ കൂടി കയ്യിൽ ഒരു കുടം വെള്ളവുമായി ഒരു സ്ത്രീ കയറി വന്നു. അവളെ കണ്ടതും ആ സ്ത്രീ പരിചിത ഭാവത്തിൽ ചിരിച്ചുകൊണ്ട് അവൾക്കു ഇരിക്കാൻ പായ വിരിച്ചു കൊടുത്തു.
' ഇരിക്കാൻ സമയമില്ല ദീദി എന്റെ കൂടെ വേറൊരാളുണ്ട് '
പറഞ്ഞു കൊണ്ട് അവൾ കയ്യിലെ വാലെറ്റിൽ നിന്നും കുറച്ചു പണം എടുത്തു ആ സ്ത്രീക്ക് കൊടുത്തു.
അല്പസമയം അവരോടു സംസാരിച്ചു അവൾ പുറത്തേക്കിറങ്ങി.
ഒന്നും പറയാതെ അവളുടെ കൂടെ നടന്നു.
' ക്ഷമിക്കണം ചോദിക്കാൻ മറന്നു. എന്താ തന്റെ പേര് ..?'
' അൽപ നേരത്തേക്ക് വേണ്ടി എന്റെ പേരറിയുന്നതെന്തിനാ , മരിച്ചു കഴിഞ്ഞു ദൈവത്തോട് എന്നെ കുറിച്ച് പരാതി പറയാനാണോ ..? '
അവൾ പതിവ് കുസൃതിച്ചിരിയോടെ ചോദിച്ചു..
' എന്റെ പേര് അയ്ഷ , അയ്ഷ ഖലീൽ അച്ഛൻ പൂനയിൽ തുണിവ്യാപാരിയാണ്. ഇവിടെ വാശിയിലാണ് അമ്മയുടെ വീട് ഒരു കോഴ്സ് ചെയ്യാനുള്ളത് കൊണ്ട് അമ്മയുടെ വീട്ടിൽ നില്ക്കുന്നു ' അവൾ ഒറ്റശ്വാസത്തിൽ ഏകദേശരൂപം തന്നു.
'ആരാണാ സ്ത്രീ..?'
' കഴിഞ്ഞ ആഴ്ചവരെ എനിക്കപരിചിതയായിരുന്നു അവർ പക്ഷേ ഇന്നവരെന്റെ ദീദിയാണ്.'
'എന്തിനാണവർക്കു പണം കൊടുത്ത് എന്താണ് അവരുടെ പ്രശ്നം '
' അവർ ഒരു ലൈംഗീക തൊഴിലാളി ആയിരുന്നു. കൊൽക്കത്തയിൽ നിന്നും വർഷങ്ങൾക്കു
മുൻപ് കാമുകന്റെ കൂടെ ഒളിച്ചോടി ഈ നഗരത്തിൽ വന്നതാണ്. അയാളിവരെ ചതിച്ചു ഒരു മാർവാടിക്കിവരെ വിറ്റു. ഇന്ന് ആരേതെന്നറിയാത്ത രണ്ടു കുഞ്ഞുങ്ങളുണ്ട്. ഈയടുത്തു അവരുടെ ബ്ലഡ് എച് ഐ വി പോസിറ്റീവാണെന്നു അറിഞ്ഞു, കുഞ്ഞുങ്ങളുടെയും. താൻ കാരണം ഇനിയീരോഗം ആർക്കും പടരരുതെന്നു കരുതി ആ തൊഴിൽ ഉപേക്ഷിച്ചു. കഴിഞ്ഞയാഴ്ച ഞാൻ കാണുന്നത് വരെ ഭിക്ഷയെടുത്തും മറ്റുമായി ജീവിക്കുകയാരുന്നു. എന്റെ ഒരു സുഹൃത്തിന്റെ പരിചയത്തിൽ ഇവിടെ അടുത്തൊരു ക്ലിനിക്കിൽ സ്വീപ്പറുടെ ജോലി തരപ്പെടുത്തി കൊടുത്തു. പണം കൊടുത്തതു ആ കുഞ്ഞുങ്ങളുടെ ചികിത്സയ്ക്ക് വേണ്ടിയാണ്. '
' താൻ പഠിക്കുകയല്ലേ ..? അപ്പോപ്പിന്നെ ...'
' ഹ ഹ പഠിക്കുന്നവർക്കെന്താ പണം ഉണ്ടാക്കിക്കൂടെ , ഞാനൊരു ഓണ്‍ലൈൻ മാഗസിനുവേണ്ടി എഴുതാറുണ്ട് , ചിലവിനുള്ള കാശിനു വീട്ടുകാരെ ബുദ്ധിമുട്ടിക്കേണ്ടല്ലോ '
അവളിലെ നിശ്ചയാദാർഢ്യമായിരിക്കാം സംസാരത്തിലെ ഈ ലാഘവം..
' ഇനി ഞാൻ പൊയ്ക്കോട്ടേ ...? '
' നിൽക്കൂ ഓരീടം വരെ പോകാനുണ്ട് , ഈ രാത്രിയിൽ ഞാൻ തനിച്ചു പോവേണ്ടേ ..?'
അതും ശരിയാണ് ഇരുട്ട് പടർന്നിരിക്കുന്നു. ഇവളെ നഗരത്തിൽ ഈ സമയത്തു തനിച്ചു വിടുന്നത് അപകടമാണ്.
' ശരി , പെട്ടന്നാവണം '
'ഹ ഹ പെട്ടന്നങ്ങോട്ടു പോവാൻ ദൈവത്തിന്റെ മെസ്സേജെങ്ങാനും വന്നോ ...? '
ശരിയാണ് എന്തിനാണിത്ര ധൃതി, എന്തെങ്കിലുമാവട്ടെ അവളുടെ കൂടെ പിന്നെയും നടക്കാൻ തുടങ്ങി.
വീണ്ടും നടന്നു എത്തിയത് അന്ധേരി ഈസ്റ്റിലെ തിരക്കുള്ള ഒരു മാർക്കെറ്റിലേക്കാണ്.
വല്ലാത്ത ബഹളം , ജനനിബിഡമായ ഒരു സ്ഥലം. ആളുകൾ തിരക്കിട്ടു ഓടിനടക്കുന്നു.
റോഡിനിടത്തു വശത്തു സാംബ്രാണി വിൽക്കുന്ന കടകളുടെ അടുത്തുള്ള ഇടവഴിയിൽ കൂടി അവൾ കയറി. ഇടുങ്ങിയ വഴികളിൽ കൂടി മുന്നോട്ടു നടന്നു വലതു വശത്തായി ഒരു ചെറിയ ഗോവണി. അതുകയറി മുകളിൽ ലോഡ്‌ജുപോലെ തോന്നിക്കുന്ന ചെറുമുറികൾ. കുറച്ചു സ്ത്രീകൾ അവിടവിടെയായി നിൽക്കുന്നു. മധ്യവസ്കകളും ചെറുപ്പക്കാരികളും ഉണ്ട്. ചുമരിൽ ദേവദാസികളുടെ നൃത്തചിത്രങ്ങൾ. സ്ഥലത്തിനെ കുറിച്ചുള്ള ഏകദേശ ധാരണ കിട്ടിത്തുടങ്ങി ,
എന്നാലും ഇവൾക്കിവിടെ എന്താണ് കാര്യം ...?
അതിലൊരു മുറിയിലേക്ക് അവൾ കയറി, കൂടെ താനും. ഇരുണ്ട മുറിയിൽ ഒരു അറുപതു വോൾട്ടിന്റെ ബൾബ് കത്തിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു.
അവിടെ ചാരുകട്ടിലിൽ ഒന്നുരണ്ടു പ്രായമായ സ്ത്രീകള് കിടക്കുന്നുണ്ടായിരുന്നു. അവൾ ബാഗില്നിന്നും ഒരു മരുന്നു പൊതിയെടുത്തു അവർക്ക് കൊടുത്തു. അവരുടെ കൈകൾ പിടിച്ചു അൽപനേരം കുശലം പറഞ്ഞു അവൾ അവിടെ നിന്നിറങ്ങി.
താഴെയിറങ്ങി നടന്നു മാർക്കറ്റിനു വെളിയിലെത്തി. നടന്നു ജെ ബി നഗർ റെസിഡൻഷ്യൽ കോളനി റോഡിലെത്തി. നിരത്തിൽ പതിവുപോലെ ആരുമില്ല.
' എന്തിനാണ് ആ സ്ഥലത്ത് പോയത് , ആരാണവരൊക്കെ..?'
' ആദിത്യ നിങ്ങൾ എന്നെക്കാളും ലോകപരിചയവും ഉള്ള വ്യക്തിയാണ് , പക്ഷെ നിങ്ങൾ കാണാത്ത ഒരു മുഖം ഈ നഗരത്തിനുണ്ട്. ഒരുകാലത്തു സ്ട്രീറ്റ് ബൾബുകളുടെ ചുവന്ന വെളിച്ചത്തിനു കീഴിൽ മാംസ്സം വിറ്റു ജീവിച്ചിരുന്ന ചിലരാണവർ. ഇന്നവർ ആർക്കും വേണ്ടാത്ത പാഴ്വസ്തുതാക്കളായിരിക്കുന്നു,
മറ്റുള്ളവർ അവരുടെ പിൻഗാമികളും...'
' അവരുമായി തനിക്കെന്താ ബന്ധം ..? '
' ഞാൻ മാത്രമല്ല അവരുമായി ബന്ധപ്പെട്ടാണ് ഈ നഗരം തന്നെ നീങ്ങുന്നത് , ഇവിടുത്തെ പണം അവരുടെ കൈകളിൽ മാറിമറിഞ്ഞാണ് നിങ്ങളെ പോലെയുള്ള കച്ചവടക്കാരുടെ അക്കൗണ്ട്കളിൽ എത്തുന്നത് , അവരെന്നത്തെയും പോലെ കാഴ്ചക്കാർ മാത്രം ആയിക്കൊണ്ടിരിക്കുന്നു'
' അതൊക്കെ ഓരോരുത്തരുടെ മിടുക്കല്ലേ..? നന്നായി അധ്വാനിച്ചു തന്നെയാണ് ഈ നഗരത്തിലെ പലരും ഈ നിലയിൽ എത്തിയത്.'
' അതെ പലരും , പക്ഷെ അപ്പോഴും നിങ്ങൾ മുഴുവൻപേരും എന്നു പറയുന്നില്ലല്ലോ. അതാണ്‌ വ്യത്യാസം. ഈ പലരും എന്നത് ന്യൂനപക്ഷമാണ്
ഭൂരിപക്ഷവും ഇവരെപോലെയുള്ളവരെയും , താഴെക്കിടയിലുള്ള തൊഴിലാളികളെയും ചൂഷണം ചെയ്തു വളർന്നു വന്നവരെന്നു മാത്രം ..'
അവൾ തെല്ലൊരാരിശത്തോടെ പറഞ്ഞു.
' മ്ഹ്.. ശരിയായിരിക്കാം '
നടത്തത്തിനു വേഗത കുറഞ്ഞു. സ്ട്രീറ്റ്ലൈറ്റുകളുടെ വെളിച്ചത്തിൽ അവൾ തന്റെ മുഖത്തേക്ക് നോക്കി ചെറുതായി പുഞ്ചിരിച്ചു.
' ആദിത്യ നിങ്ങൾ ലോണാർ സരോവരത്തിലെ തടാകം കണ്ടിട്ടുണ്ടോ ...? '
' ഇല്ല കേട്ടിട്ടുണ്ട്...'
' നിങ്ങൾ പഞ്ചഗണി ഹിൽസ്റ്റേഷനിൽ പാരാഗ്ലൈഡിങ് ചെയ്തിട്ടുണ്ടോ ..? '
' ഇല്ല കുട്ടിക്കാലത്തു ഞങ്ങൾക്ക് വിനോദങ്ങളിലെല്ലാം ദാദയുടെ വിലക്കായിരുന്നു. മുതിർന്നപ്പോൾ ബിസിനസ്സിന്റെ തിരക്കും '
' നിങ്ങൾ ആലിബാഗിലെ കടലിനു നടുക്കുള്ള കോട്ടയിൽ പോയിട്ടുണ്ടോ ...? '
' ഇല്ല പോവണം എന്നാഗ്രഹമുണ്ട് '
' എന്നിട്ടാണോ ഇത്രപെട്ടെന്ന് ജീവിതം അവസാനിപ്പിച്ച് ഒളിച്ചോടുന്നത് ..?
ഇതെല്ലം മഹാരാഷ്ട്രയിലെ ചുരുക്കം ചില സ്ഥലങ്ങൾ മാത്രമാണ്, കശ്മീർ മുതൽ കേരളം വരെ ഒരു മനുഷ്യായുസ്സു കൊണ്ട് കണ്ടു തീർക്കാവുന്നതിലും അധികം സ്ഥലങ്ങളുണ്ട് ഇന്ത്യയിൽ മാത്രം...'
' എന്റെ പ്രശ്നങ്ങൾക്ക് ഇതൊന്നുമൊരു പരിഹാരമാവില്ല..'
' അറിയാം , ഒരു കാര്യം ചോദിച്ചോട്ടെ ,
നിങ്ങൾ പാപ്പരായി എന്ന് കോടതിയിൽ തെളിയിച്ചൂടെ ..?
ഇത്രയും ബാധ്യതകൾ ഉള്ള നിങ്ങളെ ചിലപ്പോൾ ജയിലിലാക്കിയേക്കാം..
നിങ്ങൾ ആരെയും കൊന്നിട്ടൊന്നുമില്ലല്ലോ..? അതുകൊണ്ട് കൂടി വന്നാൽ ഒരു മൂന്നോ നാലോ കൊല്ലം അകത്തു കിടക്കണ്ടി വരും.
നിങ്ങളുടെ കുടുംബത്തിന് അഭിമാനം നഷ്ടമായേക്കാം , അത്രയല്ലേയുള്ളൂ.
ഈ സമൂഹത്തിൽ പണം കൊടുത്തു വാങ്ങുന്ന പ്രധാന ഉല്പന്നമാണ് അഭിമാനം.
നിങ്ങൾ പണം കൊടുത്തു വാങ്ങുന്ന ആ അഭിമാനം അരവയറു നിറയ്ക്കാൻ വിൽക്കുന്നവരാണ് നേരത്തെ കണ്ട സ്ത്രീകൾ. അവരെന്നിട്ടും ജീവിക്കുന്നു. നിങ്ങളോ പ്രശ്ങ്ങളിൽ നിന്നും ഭീരുവിനെ പോലെ ഒളിച്ചോടാൻ .. കഷ്ടം '
ഒന്നും പറയാനില്ലായിരുന്നു. അവളുടെ വാക്കുകൾ കൂരമ്പുപോലെ തറച്ചുകൊണ്ടിരുന്നു. ശരിയാണ് ഇവരുടെയൊക്കെ പ്രശ്നങ്ങൾക്ക് മുന്നിൽ തന്റേതു പരിഹരിക്കപ്പെടാവുന്ന പ്രശ്നങ്ങളേയുള്ളൂ.
ചെഹ് ഒരു കൊച്ചുപെണ്ണിന്റെ മുന്നില് ഒരുപാട് ചെറുതായതു പോലെ...
കണ്ണുകൾ അറിയാതെ നിറഞ്ഞു....
' അയ്ഷാ , എനിക്കെന്റെ അമ്മയെ കാണണം. ഒരു നേരത്തെ വിഡ്ഢിത്തത്തിൽ ഞാൻ നഷ്ടപ്പെടുത്താൻ നോക്കിയത്..ഛെഹ്.. '
ലജ്ജയോടെ അവളെ നോക്കി. അവൾ പുഞ്ചിരിച്ചു കൊണ്ട് നോക്കി.
' ആദിത്യ നേരം വൈകുന്നു, എനിക്ക് പോകാൻ സമയമായി...
എനിക്കുറപ്പുണ്ട് എല്ലാ പ്രശ്നങ്ങളും തീർത്തു നിങ്ങൾ എന്നെ കാണാൻ വരും ,
ഇതാണെന്റെ അഡ്രെസ്സ്. ഡിസംബറിൽ എന്റെ കോഴ്സ് തീരും ജനുവരി ആദ്യത്തിൽ നിങ്ങളെന്നെ കാണാൻ വരണം... പോകട്ടെ ...'
അവൾ പുഞ്ചിരിച്ചു കൊണ്ട് നടന്നു പോകുന്നതും നോക്കിയിരുന്നു പോയി. പെട്ടന്ന് അവൾ തിരഞ്ഞു നോക്കി.
 നന്നായി ഒന്ന് പുഞ്ചിരിച്ചു. എന്തോ പറയാൻ ആലോചിച്ചത് പോലെ ,
പിന്നീടു പെട്ടന്ന് മുഖം തിരിച്ചു വേഗത്തിൽ നടന്നു പോയി.
അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നുവോ ...?
ദിവസങ്ങൾ ശരവേഗത്തിൽ കൊഴിഞ്ഞു കൊണ്ടിരുന്നു. തോറ്റവന്റെ ഉയർത്തെഴുന്നേൽപ്പാണോ, അതോ അവൾ തന്ന ഊർജ്ജമാണോ എന്നറിയില്ല പ്രശ്നങ്ങളെല്ലാം പരിഹരിക്കാൻ ഏറെ സമയമെടുത്തില്ല.
പാസ്സാകാത്ത ചിലബില്ലുകൾ പെട്ടന്ന് പാസ്സായതും. ജ്യേഷ്ഠനുമായുള്ള സ്വത്തുകേസ് ഒത്തുതീർപ്പായതും കാര്യങ്ങൾ എളുപ്പമാക്കി. എല്ലാത്തിനും അമ്മയും കൂടെ നിന്നപ്പോൾ മുൻപെങ്ങുമില്ലാത്ത ഒരു ധൈര്യം കൈവന്ന പോലെ. വീണ്ടു നഷ്ടമായതെല്ലാം നേടിത്തുടങ്ങിയിരിക്കുന്നു..
ഡിസംബർ കഴിയാറായിരിക്കുന്നു. ഇനിയും കാത്തിരിക്കാൻ വയ്യ. തന്റെ തിരിച്ചുവരവിൽ ഏറെ സന്തോക്കുന്നതു അവളാകും.
എന്തായിരിക്കും അന്നവൾ പറയാൻ നോക്കിയത് ...?
എന്തിനായിരിക്കും അവളതു പറയാതെ പെട്ടന്ന് നടന്നകന്നതു...?
' മാൻഷൻ വില്ല , സാഗർ വിഹാർ , സെക്ടർ 7 അഡ്രെസ്സ് ഇതു തന്നെ ...'
കാർ സൈഡാക്കി വീടിന്റെ ഗെയിറ്റ് തുറന്നു അകത്തേക്ക് കടന്നു. സാമാന്യം വലിയ വീടായിരുന്നു.
കാളിംഗ് ബെൽ അടിച്ചു ഒരു സ്ത്രീ വാതിൽ തുറന്നു പുറത്തേക്കു വന്നു. നല്ല ഐശ്വര്യമുള്ള മുഖം, അയ്ഷയുടെ അമ്മയാവണം.
' ഞാൻ അയ്ഷയുടെ സുഹൃത്താണ്, പേര് ആദിത്യ '
' ഒഹ്...ഞാൻ അവളുടെ അമ്മയാണ്. അകത്തേക്ക് വരൂ ..'
അവർ അകത്തെ ലിവിങ് റൂമിലേക്ക് സ്വീകരിച്ചു.
' അയ്ഷടെ കോഴ്സോക്കെ കഴിഞ്ഞോ ...? നമ്പർ ഇല്ലാത്തതു കൊണ്ട് വിളിക്കാൻ പറ്റിയില്ല '
അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
' എന്തിനാണ് നിങ്ങൾ കരയുന്നത് ..? എന്താ പ്രശ്നം..? '
അവർ കണ്ണു തുടച്ചുകൊണ്ട് ടീപോയിയുടെ മുകളിലുള്ള ലാമിനേറ്റഡ് ഫോട്ടോയിലേക്കു നോക്കി..
' അവൾ പോയിട്ട് രണ്ടാഴ്ചയാകുന്നു. ട്രീട്മെന്റിന്റെ കോഴ്സ് കഴിയാൻ കാത്തു നിന്നില്ല..'
അവർ വിതുമ്പിപ്പോയി....
' അസുഖത്തെ പറ്റി നിങ്ങളെങ്ങനെ അറിഞ്ഞു..?
അവൾ പൊതുവെ ആരോടും പറയാറില്ല , ബ്ലഡ്കാൻസർ ആണെന്നു പറയാൻ കുറവായിട്ടൊന്നുമല്ല, ആരും സഹതാപത്തോടെ നോക്കുന്നത് അവൾക്കിഷ്ടമല്ലായിരുന്നു...'
ഷോക്കേസിലെ അവളുടെ ചിത്രം തന്നെ നോക്കി അതെ കുസൃതിയോടെ ചിരിക്കുന്നത് പോലെ തോന്നി....
പ്രിയ കൂട്ടുകാരീ ഇതിനായിരുന്നോ അന്ന് നീ തിരിഞ്ഞു നോക്കിയത്.......
പറയാതെ പോവുമ്പോൾ നിന്റെ മനസ്സ് വിങ്ങിയതും നീയെന്നെ കാണിച്ചില്ലല്ലോ... ഇത്രയും നാൾ കാത്തിരുന്നു പറയാൻ കൊതിച്ച എന്തോ ഉള്ളിൽ ഒരു നീറ്റലായി എരിയുന്നത് പോലെ .....

ആണായിപിറന്നവന്‍ ഭാഗം ( 8 )


"അജയാ .....നിന്നെ കോടതിയില്‍ കൊണ്ട്പോകാന്‍ രണ്ടു പോലീസുകാര്‍ വന്നിട്ടുണ്ട് ....... വേഗം വേഷം മാറി വാ...... .."
ജെയില്‍ വാര്‍ഡന്റെ നിര്‍ദ്ദേശം.
വേഷം മാറിയ അജയന്‍ ഗേറ്റിലേക്ക് നടന്നു . തന്നെ കോടതിയില്‍കൊണ്ട് പോകാന്‍ വന്നിട്ടുള്ള പോലീസുകരെ ആശ്ചര്യത്തോടെ അവൻ നോക്കി. ഇന്നലെയും തന്നോടൊപ്പം ഉള്ളവര്‍ തന്നെ.
അജയനേയും വാറണ്ടും കൈപറ്റി പോലീസുകാര്‍ ജയിലിനുപുറത്തേക്ക് ഇറങ്ങി.
ബസ്‌ സ്റ്റോപ്പിലേക്ക് നടന്നു .
"സാര്‍ എങ്ങനെ.......?? "
അജയന്‍ ചോദിച്ചു നിര്‍ത്തി.
"ഞങ്ങള്‍ ചോദിച്ചു വാങ്ങിയതാണ് നിന്നെ കൊണ്ട് പോകാന്‍ ഉള്ള ഈ ഡ്യൂട്ടി ."
അജയന്റെ ആകാംഷ മനസിലാക്കി പോലീസുകാരന്‍ പറഞ്ഞു .
യാത്രയില്‍ ഉടനീളം അജയന്‍ മൂകനായിരുന്നു . പോലീസുകാരുടെ ചോദ്യങ്ങള്‍ക്ക് ഒന്നും അയാള്‍ മറുപടി കൊടുത്തിരുന്നില്ല.
ബസില്‍ നിന്ന് ഇറങ്ങി കോടതിയിലേക്ക് നടക്കുമ്പോള്‍ തന്നെ സുനിതയും അമ്മയും അവിടെ തന്നെ നില്‍ക്കുന്നുണ്ടായിരുന്നു .
അജയനെ കണ്ടതും അവർ കാണാത്ത ഭാവത്തിൽ തിരിഞ്ഞ് നിന്നു.
കോടതി വരാന്തയിലെക്ക് കയറി.കോടതിക്കുള്ളില്‍ മറ്റൊരു കേസിന്‍റെ വിസ്താരം നടക്കുകയാണ്. പോലീസുകാരന്‍ ബെഞ്ച്‌ ക്ലര്‍ക്കിന്‍റെ കയ്യില്‍ വാറണ്ടു കൊടുത്തു . അജയന്‍ തികച്ചും അക്ഷമനായിരുന്നു . കഴിഞ്ഞ ദിവസം ജഡ്ജി നിയമിച്ച അജയന്‍റെ വക്കീല്‍ ബാബുരാജ്‌ അവന്‍റെ അടുക്കലേക്കു വന്നു . അജയ കേസ് ഞാന്‍ പഠിച്ചു അവരുമായി സംസാരിച്ചിട്ടുണ്ട് . എന്‍റെ ചോദ്യങ്ങള്‍ക്ക് ഉള്ള മറുപടി വ്യക്തമായി പറഞ്ഞാല്‍ മതി അജയന്‍ സമ്മത ഭാവത്തില്‍ തലകുലുക്കി .
"അതെ ഞാൻ അവളെ അടിച്ചു...... കൊല്ലണമെന്നു ണ്ടായിരുന്നു. നടന്നില്ല. എനിക്കവളെ വേണ്ട . അവൾ എവിടയോ ആരോടൊപ്പമോ പോയി ജീവിക്കട്ടെ. എനിക്കവളോടൊപ്പം ജീവിക്കാൻ പറ്റില്ല. അവൾക്കെന്നെ സംശയമാണ്. എല്ലാത്തിനും ഞാൻ കുറ്റം സമ്മതിക്കാം ജയിലിൽ കിടക്കാം. എന്നാലും അവളോടൊപ്പം ജീവിക്കാൻ ഇനി എനിക്കു വയ്യ. "
വിസ്താരം നടന്നുകൊണ്ടിരിക്കുന്ന കേസിലെ പ്രതി ബഹളം വച്ചു.
ഈ കേസ് അടുത്ത മാസം പത്തിന് വീണ്ടും പരിഗണിക്കും.
നടന്നു കൊണ്ടിരുന്ന കേസ് വിസ്താരം അവസാനിച്ചു.
അയാൾ പുറത്തേക്കിറങ്ങിപ്പോയി.
കസ്റ്റഡികേസ് .......368/2009..അജയന്‍.....
ബെഞ്ച്‌ ക്ലര്‍ക്ക് അടുത്ത കേസ് ഫയൽ എടുത്ത് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു
ഒരിക്കല്‍ കൂടി അജയന്‍ പ്രതി കൂട്ടിലേക്ക് കയറി നിന്ന് ജഡ്ജിയെ തൊഴുതു വണങ്ങി
അഡ്വക്കേറ്റ് ബാബുരാജ്‌ എഴുനേറ്റു
എ വൺ പ്രസന്റ് യുവര്‍ ഓണര്‍
ജഡ്ജി ക്ലര്‍ക്കിനോട് എന്തോ സംസാരിച്ചു
അജയന്‍റെ കേസ് ഫയലുകളില്‍ നിന്നും ഒരു പേപ്പര്‍ എടുത്ത് ബെഞ്ച്‌ ക്ലര്‍ക്ക് ഉറക്കെ വിളിച്ചു
സി ഡബ്ല്യൂ വൺ സുനിത .......
സുനിത കോടതിയിലേക്ക് കയറി ജഡ്ജിയെ നോക്കി നിന്നു
സാക്ഷിയെ വിസ്തരിക്കാം.
ജഡ്ജിയുടെ വാക്കുകൾ
ക്ലർക്കിന്റെ നിർദ്ദേശ പ്രകാരം സുനിത സാക്ഷി വിസ്താര കൂടിലേക്ക് കയറി നിന്നു .
സുനിതക്കായ് ഹാജരായ വക്കീൽ എഴുന്നേറ്റ് അവരുടെ അടുത്തേക്ക് വന്നു.
ദൈവം സാക്ഷിയായി,
ദൈവം സാക്ഷിയായി..
കോടതി മുമ്പാകെ..
കോടതി മുമ്പാകെ...
സത്യം മാത്രം...
സത്യം മാത്രം...
ബോധിപ്പിച്ചു കൊള്ളാം..
ബോധിപ്പിച്ച് കൊള്ളാം...
അയാൾ ചൊല്ലിക്കൊടുത്ത സത്യവാചകം അവൾ ഏറ്റു പറഞ്ഞു.
"സുനിത അല്ലെ " അയാളുടെ ചോദ്യം
"അതെ.. "
"യുവർ ഓണർ എന്റെ കക്ഷിയുടെ മകളുടെ കഴുത്തിൽ കിടന്ന മാല കുട്ടിയേയും, തടയാൻ ചെന്ന എന്റെ കക്ഷിയേയും ഉപദ്രവിച്ച് കൊണ്ട് , കഴുത്തിൽ നിന്നും വലിച്ച് പൊട്ടിച്ച് കടന്നു കളയുകയാണുണ്ടായത്. തുടർന്ന് മണിക്കൂറുകൾക്ക് ശേഷം തിരികെ വന്ന പ്രതി മദ്യാസക്തിയിൽ സുനിതയെ ദേഹോപദ്രവം ഏൽപ്പിച്ചിട്ടുള്ളതും ആകുന്നു.
ആകയാൽ പ്രതിയിൽ നിന്നും എന്റെ കക്ഷിക്ക് വിവാഹമോചനം നൽകിയും, പ്രതിയെ മാതൃകാപരമായി ശിക്ഷിക്കുകയും വേണമെന്നുമാണ് എന്റെ കക്ഷിയുടെ ആവശ്യം. "
ശരിക്കും അപ്പോഴാണ് സ്റ്റേഷനിൽ കൊടുത്ത പരാതിയിൽ എന്തൊക്കെയാണ് ഉള്ളതെന്ന് അജയന് മനസിലായത്. സ്റ്റേഷനിൽ ഒന്നും പറയാതെ കുറേപേപ്പറിൽ ഒപ്പിടീച്ചു എന്നല്ലാതെ അവന് മറ്റൊന്നും അറിയില്ലായിരുന്നു.
"
സർ ...... കള്ളമാണ്...'. കള്ളമാണ് ......"
"ഇതു വരെ ഞാൻ ഒരു തുള്ളി പോലും മദ്യപിച്ചിട്ടില്ല. അവളെയും, മോളേയും ഞാൻ ഒരു നോട്ടം കൊണ്ട് പോലും നോവിച്ചിട്ടില്ല."
അയാൾ ഉറക്കെ വിളിച്ചു പറഞ്ഞു.
"ചോദിക്കും അപ്പോൾ പറഞ്ഞാൽ മതി. ചോദിക്കാതെ ഇവിടൊന്നും പറയണ്ട."
ജഡ്ജി തന്നെ അജയനോട് പറഞ്ഞു.
ഇന്നലെ വരെ ഇല്ലാതിരുന്ന കൂട്ടുകാരെ കണ്ടിട്ടോ.
അവർ നൽകാമെന്ന് പറഞ്ഞ ജോലി കണ്ടിട്ടോ.
ഞാൻ വയസനും കൂടെ നടക്കാൻ കൊള്ളരുതാത്തവനും എന്നു തോന്നിയിട്ടോ.
എന്തിന് വേണ്ടിയാണവൾ ഇങ്ങനെയൊരു കള്ളക്കഥ ചമച്ചത്. എന്നോട് പലതവണ ഒഴിഞ്ഞു പോ എന്നവൾ പറഞ്ഞിട്ടുണ്ട്. പക്ഷെ ഞാൻ എങ്ങോട്ടുപോകും.
പോലീസ് സ്റ്റേഷൻ മുതൽ ഇതുവരെ താൻ അനുഭവിക്കുന്ന വേദന അവളെ അത്ര മാത്രം സ്നേഹിച്ചു പോയതിന് അവൾ തന്ന സമ്മാനം.
അന്നത്തെ ആ സംഭവത്തിന് ശേഷം അവൾ തന്നോട് മിണ്ടാതെയായി. എന്നോടവൾക്ക് പകയാണെന്ന് പിന്നേടാണ് എനിക്ക് മനസിലാകുന്നത്. അവളുടെ അമ്മയും അതിന് കൂട്ടുനിന്നു.
സ്വന്തം മകൾക്ക് ഭർത്താവിനെ ഉപേക്ഷിക്കാൻ കൂട്ടുനിൽക്കുന്ന അമ്മ. മകളെ തിരുത്തുന്നതിന് പകരം അവളെ വിവാഹമോചനത്തിന് പ്രേരിപ്പിക്കാനായിരുന്നു അവർക്ക് താൽപര്യം. അതെന്തിനാണെന്ന് ഇന്നും എനിക്കറിയില്ല.
കല്യാണം കഴിഞ്ഞ് ഭർത്താവിന്റെ വീട്ടിൽ താമസിക്കുന്ന ഭാര്യമാർക്ക് അവരുടെ അമ്മമാരുടെ ഇടപെടൽ ജീവിതം തകർക്കുന്ന തലത്തിലേക്ക് എത്താറുണ്ട്. തന്റെയും ജീവിതത്തിൽ ഈ അമ്മ അതു തന്നെ ചെയ്യുകയാണോ.
അവരുടെ ഉപദേശമാണോ . എനിക്ക് ഭക്ഷണം തരാതെ അവൾ പട്ടിണിക്കിടാൻ കാരണം.
അവൾ ഉണ്ടാക്കി തരുന്നതല്ലാതെ പുറത്ത് നിന്ന് എന്ത് വാങ്ങി കഴിച്ചാലും എനിക്ക് ഇറങ്ങില്ലായിരുന്നു. ഓരോ രൂപയും ഞാൻ അവർക്ക് വേണ്ടി കരുതി. ആ അവൾ എനിക്ക് ഭക്ഷണം തരാതെ വീട്ടിൽ കഴിഞ്ഞു.
"അച്ഛൻ കഴിക്കാത്തതെന്താന്ന് "മകൾ ചോദിക്കുമ്പോൾ വിശക്കുന്നില്ലെന്ന് കള്ളം പറഞ്ഞു.
വിവാഹ മോചനം അതായിരുന്നു അവളുടെ ആവശ്യം
"അജയൻ ..... അജയൻ കേട്ടില്ലെ "
എതിർ ഭാഗം വക്കീലിന്റെ ചോദ്യം അജയനെ ചിന്തകളിൽ നിന്നുണർത്തി
"നിങ്ങൾ വിവാഹമോചനത്തിന് തയ്യാറാണോ?"
എതിർഭാഗം വക്കീലിന്റ ചോദ്യം അജയന്റ കണ്ണുകളെ ഈറനണിയിച്ചു.
"കേസ് തീർത്തു തരണം."
അതു മാത്രമായിരുന്നു അയാളുടെ മറുപടി.
അജയന്റെ മറുപടി കേട്ട അയാൾ ജഡ്ജിയോടായി പറഞ്ഞു
"ദാറ്റ്സ് ഓൾ യുവറോണർ "
"പ്രതിഭാഗം വക്കീലിന് എന്തെങ്കിലും ചോദിക്കാനുണ്ടോ "?
ജഡ്ജിയുടെ ചോദ്യം
"യുവറോണർ വാദിഭാഗം സുനിതയെ ക്രോസ് വിസ്തരിക്കാൻ എന്നെ അനുവദിക്കണം."
ബാബുരാജിന്റെ ആവശ്യം അംഗീകരിച്ച ജഡ്ജി പറഞ്ഞു
"യെസ് യൂ പ്രൊസീഡ് "
താങ്ക്യൂ യുവറോണർ
തുടരും.....
സ്വന്തം
എസ്.കെ
Sk Tvpm

ആണായി പിറന്നവൻ ഭാഗം ( 7 )



"സിസി 368/ 2009 അജയൻ "
ബഞ്ച് ക്ലർക്ക് ഉച്ചയ്ക്ക് ശേഷമുള്ള ആദ്യത്തെ കേസ് വിളിച്ചു.
അജയൻ പ്രതിക്കൂട്ടിലേക്ക് കയറി. അലുമിനിയം കൊണ്ട് തീർത്ത കൈവരിയിൽ പിടിച്ച് ജഡ്ജിയെ നോക്കി നിന്നു.
"ബഹുമാനപ്പെട്ട കോടതിയോട് സങ്കടം ബോധിപ്പിക്കാനുണ്ട്. "
കോടതിയുടെ നിശബ്ദ്ദതയെ ഹനിച്ച് കൊണ്ട് അജയൻ ഉറക്കെ വിളിച്ചു പറഞ്ഞു.
കേസ് ഫയൽ പരിശോധിക്കുകയായിരുന്ന ജഡ്ജി മുഖമുയർത്തി അയാളെ നോക്കി. തൊഴു കൈയ്യുമായി അജയൻ നിൽക്കുന്നു.
"എന്താണ് പറയു "
ജഡ്ജിയുടെ വാക്കുകൾ
"ഈ കേസ് പെട്ടന്നൊരു തീർപ്പുണ്ടാക്കി തരണം ,കഴിഞ്ഞ ആറുമാസമായി ഞാൻ ആഴ്ചയിൽ ഇവിടെ വന്നു പോകുന്നു."
"വക്കീൽ ഉണ്ടോ "
ജഡ്ജിയുടെ ചോദ്യം വീണ്ടും
"ഇല്ല "
സദസ്സിലേക്ക് നോക്കിയ ജഡ്ജി ,
" അഡ്വക്കേറ്റ് ബാബുരാജ് "
വക്കീലൻമാർക്കിടയിൽ നിന്നും പ്രായം ചെന്നൊരാൾ ചാടി എഴുന്നേറ്റു.
" എസ് യുവറോണർ "
ബാബുരാജ് നിങ്ങൾക്ക് അയാളുടെ കേസ് എടുക്കാൻ പറ്റുമോ.
ജഡ്ജിയുടെ അപ്രതീക്ഷിത ചോദ്യം അയാൾ അജയനെ ഒന്നു നോക്കി. ഒരു നിമിഷം ചിന്തിച്ചിട്ടയാൾ പറഞ്ഞു.
" തയ്യാറാണ് യുവറോണർ"
" എനിക്കീ കേസൊന്നു പഠിക്കണം. "
"കേസ് ഫയൽ ന്റെ കോപ്പി കൊടുക്കണം "
ബഞ്ച് ക്ലർക്കിനോടായി ജഡ്ജിപറഞ്ഞു. എന്നിട്ട്
അജയനെ നോക്കി.
"വക്കീലിനെ വച്ചിട്ടുണ്ട് കേട്ടോ ....."
അജയൻ കൈകൂപ്പി തന്നെ നിന്നു.
ജഡ്ജിയുടെ കയ്യിൽ നിന്നും കേസ് ഫയൽ വാങ്ങിയ ക്ലർക്ക് പറഞ്ഞു.
"കേസ് നാളത്തേക്ക് മാറ്റി വച്ചിരിക്കുന്നു."
പോലീസുകാരും, അജയനും പുറത്തേക്കിറങ്ങി .
പിറകേ ജഡ്ജിനെ വണങ്ങി അഡ്വക്കേറ്റ് ബാബുരാജും
"അജയൻ നിങ്ങൾക്ക് ജാമ്യം കിട്ടുന്ന കേസാണല്ലോ. രണ്ട് ജാമ്യക്കാരെ കൊണ്ട് വന്നിരുന്നെങ്കിൽ ജാമ്യം ലഭിക്കുമായിരുന്നല്ലോ."
വക്കീലിന്റെ ചോദ്യം.
"ആരുമില്ല ജാമ്യത്തിന് "
അജയന്റെ മറുപടി
"എന്തായാലും നാളെ കേസിന് തീർപ്പാക്കാം
ഞാൻ പഠിക്കട്ടെ ഇപ്പോൾ പൊയ്ക്കോളൂ."
അതും പറഞ്ഞ് അയാൾ കോടതിക്കുള്ളിലേക്ക് പോയി.
അകത്ത് അജയൻമാർ വീണ്ടും പ്രതിക്കൂട്ടിൽ നിൽക്കുന്നുണ്ടായിരുന്നു.
"പോകാം "
തിരികെ അയാളെ ജയിലിലെത്തിക്കാൻ പോലീസുകാർ തിടുക്കം കാട്ടി.
"നാളെ ഇങ്ങോട്ട് തന്നെ വരണമല്ലോ. അല്ലേ. ചിലപ്പോൾ ഞങ്ങൾ ആയിരിക്കില്ല കൊണ്ട് വരുന്നത്. നിന്റെ കഥ മുഴുവൻ കേൾക്കാതെ മനസിനൊരു സമാധാനവും ഇല്ല. "
പോലീസുകാരൻ അവനോടായി പറഞ്ഞു.
വാറണ്ടും വാങ്ങി അവർ പുറത്തേക്ക് നടന്നു. ബസ്സ്റ്റോപ്പിൽ കാത്തുനിക്കേണ്ടി വന്നില്ല. അപ്പോഴേക്കും അവർക്ക് പോകാനുള്ള ബസ് വന്നിരുന്നു.
അവർ അതിൽ കയറി. വലതുവശത്തെ മൂന്ന് പേർക്കിരിക്കാവുന്ന സീറ്റിൽ അവർ ഇരുന്നു.
അജയൻ ബസിന്റെ സൈഡ് സീറ്റിൽ ഇരുന്ന് പുറത്തേക്ക് നോക്കി.
ശരിക്കും സ്വാതന്ത്ര്യം എന്താണെന്ന് താൻ ഇപ്പോഴാണ് അറിയുന്നത്. സമയത്ത് ആഹാരവും, അടുക്കും ചിട്ടയും ഉള്ള ജീവിതവും, കൂട്ടുകാരും, എല്ലാം അവിടെ ഉണ്ട്. സ്നേഹിക്കാൻ അറിയാവുന്നവരും, നോവിക്കാൻ അറിയാവുന്നവരും , അറിഞ്ഞും ,അറിയാതെയും തെറ്റ് ചെയ്തവർ . അങ്ങനെ എല്ലാത്തരം ആൾക്കാരും.
ചിലർക്ക് ഗൾഫ് പോലാണ് ജയിൽ
ദിവസവും ജോലി ചെയ്താൽ 120 മുതൽ 200 രൂപ വരെ കിട്ടും. ഒരു വർഷം ജോലി ചെയ്യുന്നവന് ശരാശരി നാൽപ്പതിനായിരം രൂപയോളം വരും . വർഷത്തിൽ 45 ദിവസം പരോൾ ആ കാശും വാങ്ങി 45 ദിവസം വീട്ടിൽ പോയി സുഖമായി നിൽക്കാം.
"ഡാ അജയാ .... .സത്യത്തിൽ നീ ആ മാല മോഷ്ടിച്ചോ . "
പോലീസുകാരൻ അവനോടായുള്ള ചോദ്യം ചിന്തകളിൽ നിന്നും അവൻ തിരികെ വന്നു.
സർ, എന്റെ ഭാര്യ തന്നെയാണ് സ്റ്റേഷനിൽ പരാതി കൊടുത്തത്.
ഒരു പെണ്ണ് പരാതി നൽകിയാൽ പിന്നെ ആണിന് ഒരു വിലയും ഇല്ല . സത്യവും കള്ളവും ഒക്കെ പിന്നെ . "
"എന്നെ പണിസ്ഥലത്ത് നിന്നുമാണ് നിങ്ങളുടെ പോലീസുകാർ വിളിച്ച് കൊണ്ട് പോകുന്നത്.
ഞാനെടുത്തില്ല എന്ന് എത്ര പറഞ്ഞിട്ടും അവർ വിശ്വസിക്കില്ല."
"പിന്നേ നീ വല്യ പുണ്യാളൻ. കണ്ടാലേ അറിയാം കള്ളനാണെന്ന് "
അതാണ് അവർ പറയുന്നത്
''ചുമ്മാ പറയുവാ സാറേ അവൻ എവിടേലും കൊണ്ട് വിറ്റ് വെളളം അടിച്ചു കാണും "എസ്.ഐ യോടായി അവിടെ നിന്നൊരു പോലീസുകാരൻ പറഞ്ഞു.
ഞാനിതുവരെ മദ്യപിച്ചിട്ടില്ല. എന്റെ സുഖങ്ങൾ എന്നൊന്നും എനിക്കില്ലായിരുന്നു. അവരുടെ സുഖവും സന്തോഷവും ആയിരുന്നു എന്റെ സുഖം.
ഞാനെന്ത് പറഞ്ഞിട്ടും കാര്യമില്ലായിരുന്നു.
അവൻ കള്ളൻ കള്ളമേ പറയൂ ജയിലിൽ കിടക്കട്ടെ എന്നാലെ പഠിക്കു. അതായിരുന്നു അവരുടെ ചിന്ത
ഇപ്പോൾ ഞാൻ ജയിലിൽ കിടന്നു പുതിയ പാഠങ്ങൾ പഠിക്കുന്നു ജീവിതപാഠം.
"സാറിനൊരു കാര്യമറിയുമോ."
"എന്താടാ "
"ജയിലിൽ കിടക്കുന്നതിൽ എഴുപത്തി അഞ്ച് ശതമാനം പേരും പെണ്ണ് കാരണം കേസായി കിടക്കുന്ന വരാ.... പെണ്ണിന്റെ പേരിലെ ,പെണ്ണ് കാരണം ഉള്ള കേസുകളാ കൂടുതലും."
"അപരാധിയും ,നിരപരാധിയും ഒക്കെ ആ കൂട്ടത്തിൽ ഉണ്ട്. "
അജയൻ പറഞ്ഞ് നിർത്തി.
അപ്പോഴേക്കും ബസ്സ് അവർക്ക് ഇറങ്ങാനുള്ള സ്റ്റോപ്പ് എത്തിയിരുന്നു.
അവർ ബസിൽ നിന്നും ഇറങ്ങി ജയിലിലേക്ക് നടന്നു.
"അജയാ ബാക്കി കഥ അറിയണം ഞങ്ങൾ തന്നെ നാളെ വരും എന്നുറപ്പില്ല. ഇല്ലെങ്കിൽ നാളെ അതറിയാൻ വേണ്ടി എങ്കിലും ഞങ്ങൾ വരും."
ജയിലിന്റെ വാതിൽ തുറക്കപ്പെട്ടു. അവർ അകത്തേക്ക് പ്രവേശിച്ചു. അവിടെ അജയനേയും കേസ് വാറണ്ടും തിരിച്ചേൽപ്പിച്ച് പോലീസുകാർ മടങ്ങി പോയി.
"എന്നാ അജയാ അടുത്ത കേസ് ജെയിൽ വാർഡന്റെ ചോദ്യം "
"സർ നാളെ "
ആഹാ സമയം ഇത്രയും ആയില്ലേ എന്നാൽ പിന്നെ അവിടെ തന്നെ കിടന്നാൽ പോരായിരുന്നോ നാളെ അതും കഴിഞ്ഞ് വരാമായിരുന്നല്ലോ.
ജയിൽ വാർഡൻ തമാശ രൂപേണ പറഞ്ഞ് ചിരിച്ചു. അവിടെ നിന്നവരും, ഒപ്പം അജയനും ഒന്ന് ചിരിച്ചു.
ചിരിക്കാൻ മറന്നു പോയവന്റെ ഒരു ചിരി ആ മുഖത്ത് പ്രകടമായിരുന്നു.
ദേഹപരിശോധന കഴിഞ്ഞ്
അജയൻ നടന്നു തന്റെ എട്ടാം നമ്പർ ബ്ലോക്കിലേക്ക് .
തുടരും...
സ്വന്തം
എസ്.കെ
Sk Tvpm

മരു"മകൻ"


മരു"മകൻ"
*************
ആരവങ്ങൾ ഒഴിഞ്ഞു ആളുകൾ പിരിഞ്ഞു ആഗ്രഹം സഫലീകരിച്ചു
മകളും മരുമകനും നല്ലവിരുന്നും വന്നു എന്നിട്ടും മുറ്റത്തുയർത്തിയ
പന്തൽ പൊളിക്കാൻ എന്തേ പന്തല് ഗോപി വരാഞ്ഞത് ...?
തന്‍റെ നല്ലപാതി ലേഖ കൊടുത്ത കട്ടൻചായയിലേ ചൂട് ഊതിയകറ്റി
ചുണ്ടോടടുപ്പിക്കുമ്പോൾ പ്രകാശ് ആലോചിച്ചു.ഗോപിക്ക് വേറേ
പന്തലിന്‍റെ പണിയൊന്നും കിട്ടിക്കാണില്ല അതാ ഈ പന്തൽ
അഴിക്കാൻ വരാതിരുന്നത്.ഇനി അവൻ വരുമ്പോൾ എന്തോ
സമാധാനം പറയും ദൈവമേ ..?
ആലോചന പൂർത്തീകരിക്കും മുൻപ് നക്ഷത്രം പോലെ മുറ്റത്തുദിച്ചു
ബ്ലേഡ്നന്ദൻ.ബൈക്ക് സ്റ്റാൻഡിൽ വച്ച് നടന്നടുത്ത നന്ദന്‍റെ
അടുത്തേയ്ക്ക് അതിലും വേഗതയിൽ പ്രകാശും നടന്നു.
അത് അവനോടുള്ള സ്നേഹം കൊണ്ടല്ല മുറ്റത്തുവന്നുനിന്ന്
നാണക്കേട് പറയുമ്പോൾ എല്ലാവരും കേൾക്കില്ലേ അതൊഴിവാക്കാൻ ആയിരുന്നു അവന്‍റെ അടുത്തേയ്ക്ക് നീങ്ങിയത്.
"അണ്ണാ ...എനിക്ക് പോയിട്ട് ഇത്തിരി ധൃതിയുണ്ട് കോശി വീട്ടിൽ
വന്ന് നിൽക്കുന്നു കാലത്തേ അവന് ഒരു രണ്ട് രൂപ ഇന്ന് കൊടുക്കാം
എന്ന് പറഞ്ഞിരുന്നു.അതിഞ്ഞു തന്നിരുന്നെങ്കിൽ അവന് കൊടുത്തു
വിടാമായിരുന്നു.".നന്ദൻ ഒറ്റശ്വാസത്തിൽ പറഞ്ഞു നിർത്തി.
അത്.... നന്ദാ നീ എനിക്ക് ഒരാഴ്ച്ച സമയം കൂടി തരണം.കാശ്
ശെരിയായില്ല.
"ദേ ...പ്രകാശ്അണ്ണാ തമാശ കേൾക്കാനുള്ള മൂഡിൽ അല്ല ഞാനിപ്പോ.
ഇന്നലെ വൈകിട്ട് ബാക്കി തരാം എന്നായിരുന്നു നമ്മൾ തമ്മിൽ
ഉള്ള കരാർ .ഇന്നും ഇല്ലെന്ന് പറഞ്ഞാൽ എങ്ങനെയാ ശെരിയാവുക.?"
അത് ...നന്ദാ ...ഒരാഴ്ച്ചത്തെ പലിശ ചേർത്തു ഞാൻ തരാം പറഞ്ഞുവച്ച കാശ് കിട്ടിയില്ല അതുകൊണ്ടാ ...പ്രകാശ്
താഴ്മയായി പറഞ്ഞു.
"ദേ ...അണ്ണാ ..എന്ന് വിളിച്ച നാവുകൊണ്ട് അക്ഷരം മാറ്റി
വിളിപ്പിക്കരുത് തരാൻ പാങ്ങില്ല എങ്കിൽ പിന്നെന്തിനാടോ വാങ്ങിയത്..?ഇതാ ..ഞാൻ അയലത്ത്കാർക്ക് കാശ് കൊടുക്കാത്തത് .കല്യാണം കഴിയുന്ന അന്നുതന്നെ തരാം എന്ന് പറഞ്ഞല്ലേ താൻ
എന്‍റെ കയ്യിൽ നിന്നും നാല് ലക്ഷം രൂപാ വാങ്ങിയത് ..?
അധികം പലിശയും ഞാൻ പറഞ്ഞില്ല നാല് ദിവസത്തേയ്ക്ക്
നാല് ലക്ഷത്തിന് വെറും ഇരുപതിനായിരം രൂപ .
രണ്ടു ലക്ഷവും പലിശയും താൻ പറഞ്ഞ സമയത്ത് തന്നു .ബാക്കി
ഇന്നലെ തരാം എന്നല്ലേ പറഞ്ഞത്.? ഇപ്പോൾ പറയുന്നു കാശ്
തരമായില്ല എന്ന് .
വീട്ടിൽ വന്ന് നിൽക്കുന്ന കോശിയോട് ഇനി ഞാൻ എന്ത് പറയും .?
ഒരുമാതിരി മാറ്റേടത്തെ പണിയായിപ്പോയില്ലേ ഇത്"
നന്ദാ ...പതുക്കെപറ പിള്ളേർ വന്നിട്ടുണ്ട് അവർ കേട്ടാൽ
നാണക്കേട് ആകും.പ്രകാശ് വീണ്ടും കെഞ്ചി .
"ആർക്ക് ...നാണക്കേട് ..?എനിക്കോ .?എനിക്ക് ഒരു നാണക്കേടും
ഇല്ല തനിക്കല്ലേ നാണക്കേട് അതിന് ഞാൻ എന്തിനാ പറയാതിരിക്കുന്നത്.? കേൾക്കട്ടെ എല്ലാവരും കേൾക്കട്ടെ .
നാളെ വൈകിട്ട് ഞാൻ വരും ബാക്കി പൈസ എനിക്ക് കിട്ടണം
എന്‍റെ സ്വഭാവം അറിയാല്ലോ തനിക്ക് ..?ഞാൻ മഹാ ചെറ്റയാ ...
ഞാൻ വീട്ടിൽ കേറി വല്ല ചെറ്റത്തരവും കാണിച്ചാൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല കെട്ടിക്കാറായ ഒന്നൂട് ഉണ്ടല്ലോ വീട്ടിൽ അത് ഓർമ്മ വേണം." ഇത്രയും പറഞ്ഞുകൊണ്ട് വണ്ടിയും എടുത്ത് ഒറ്റപ്പോക്ക്
ആയിരുന്നു ബ്ലേഡ്നന്ദൻ.
"ദേ....നിങ്ങള്‍ പോയി കുറച്ചു ചിക്കന്‍ വാങ്ങിവരു..കുട്ടികള്‍
വന്നതല്ലേ..."ലേഖയിലെ അമ്മായിയമ്മ ഉണര്‍ന്നു.
"വേഗം പോ ....മണി ഒന്‍പതായി ഇനി താമസിച്ചാല്‍ കിട്ടില്ല.."
അടുക്കളയില്‍ മരുമകന് ഏറ്റവും ഇഷ്ടപ്പെട്ട പുട്ട് ഉണ്ടാക്കുന്ന
തിരക്കില്‍ ആയതിനാലാകാം തിടുക്കത്തില്‍ അകത്തേയ്ക്ക് പോയി.
അഴിഞ്ഞ കാര്‍കൂന്തല്‍ വാരിപ്പിടിച്ച്‌ കെട്ടിക്കൊണ്ട് ആലസ്യം
വിട്ട് മറാത്ത മുഖവുമായി മകള്‍ അഞ്ചു.. മുറിക്ക് പുറത്തേയ്ക്ക്
ഇറങ്ങി ഒരു അമറന്‍ ഡയലോഗ് കാച്ചി...
"അച്ഛാ ...ചിക്കൻ വേണ്ടാ ..പോയിടത്ത് ഒക്കെ ചിക്കാനായിരുന്നു
കപ്പയും കരിമീനും മതി ..ചേട്ടനും അതാ ഇഷ്ടം .."
ദൈവമേ ...കരിമീനോ ..? കരിമീൻ ഞാൻ പടത്തിൽ അല്ലാതെ
ജീവനോട് കണ്ടിട്ടില്ല .കല്യാണം കഴിഞ്ഞ് കളസം കീറി നില്‍ക്കുന്ന
ഞാന്‍ ഇപ്പോള്‍.... വാങ്ങാം കരിമീന്‍ ..
തന്നെയുമല്ല മത്തി വാങ്ങി കറിവയ്ക്കുമ്പോള്‍ നടുക്കഷ്ണം കിട്ടാൻ
ഇളയവളമായി തല്ല് കൂടാറുള്ള ഇവൾ എപ്പോൾ ആണ് കരിമീന്‍റെ
രുചിയറിഞ്ഞത്..?പ്രകാശ് മനസ്സില്‍ ഓര്‍ത്തു .
ഇത്രയും ആയപ്പോള്‍ തന്‍റെ പള്‍സറിന്‍റെ താക്കോല്‍ കയ്യിലിട്ട്
കറക്കിക്കൊണ്ട് മരുമകന്‍ രഞ്ജിത്ത് ഇറങ്ങിവന്നു.
"ഞാനും വരാം അച്ഛാ ..നടന്നുപോയാല്‍ താമസിക്കും"
തന്‍റെ പ്രീയതമനും കൂടെ പോകുന്നു എന്നറിഞ്ഞപ്പോള്‍ അഞ്ചു
ചുവട് ഒന്ന്‍ മാറ്റി ചവിട്ടി .
"ചേട്ടാ ..കരിമീന് രുചിയില്ലാത്ത മാസാമാണ് ഇത് എന്ന്‍
ഞാന്‍ കുക്കറി ഷോയില്‍ ലക്ഷമി നായര്‍ പറയുന്നത് കേട്ടു
ഇപ്പോള്‍ ആണ് അത് ഓർത്തത് .മത്തിയ്ക്ക് നല്ല നെയ്യുള്ള
സമയമാ ..രണ്ടുകിലോ മത്തി വാങ്ങീര് പൊള്ളിച്ചു തരാം ."
വാതിലിൽ നിന്ന ലേഖ മകളേ നോക്കി ഒരു വളിച്ച ചിരി പാസാക്കി
അതിൽ എല്ലാം ഉണ്ടായിരുന്നു.എടീ ...ഭയങ്കരീ നിന്‍റെ
കെട്ടിയോൻ കൂടെപ്പോയാൽ കാശ് അവന്‍റെ പോക്കറ്റിൽ നിന്നാവും
പോകുക എന്ന് കരുതിലല്ലേടീ അഞ്ച്മിനിറ്റ് കൊണ്ട്
കരിമീന്‍റെ രുചി പോയത് ..?നീ ആള് കൊള്ളാമെല്ലോ ..?
"അച്ഛാ ഞാനോ എന്‍റെ വീട്ടുകാരോ സ്ത്രീധനം എന്തെങ്കിലും
ചോദിച്ചിരുന്നോ..?ഇല്ലല്ലോ ...എനിക്ക് പെണ്ണിനേ ഇഷ്ടമായി
തരുമോന്ന് ചോദിച്ചു അതിന് നമ്മൾ തമ്മിൽ ഒരു കരാറും
ഉണ്ടാക്കിയില്ലല്ലോ..ഉവ്വോ ..?"
ഓടുന്ന പൾസറിന്റെ അതിജീവിച്ച് മരുമകൻ രഞ്ജിത്തിന്‍റെ
വാക്കുകൾ പ്രകാശിന്‍റെ ചെവിയിൽ പതിഞ്ഞപ്പോൾ അവൻ
ചോദിച്ചു എന്താ മോനേ ..അങ്ങനെ ചോദിച്ചത് ..?
"പിന്നെ എന്തിനാ ഈ പണം കൊള്ളപ്പലിശയ്ക്ക് വാങ്ങി ഇത്രയും
സ്വർണ്ണം എടുത്തത് ..? അതല്ലേ ഇപ്പോൾ വല്ലവന്‍റെയും
വായിൽ ഇരിക്കുന്ന തെറി എല്ലാം ഒറ്റയ്ക്ക് കേൾക്കേണ്ടി വരുന്നത്.?"
രാവിലെ കട്ടൻചായയുടെ കൂടെ തനിക്ക് കിട്ടിയ കടി മരുമോൻ
കേട്ടു എന്ന് മനസ്സിലാക്കിയ പ്രകാശ് പറഞ്ഞു....
അത് ...മോനേ നീയും വീട്ടുകാരും ഒന്നും ചോദിച്ചില്ല .എങ്കിലും
പെൺമക്കളെ വെറുതേ ഇറക്കിവിടാൻ ഒരച്ഛനും അമ്മയ്ക്കും
മനസ്സുവരില്ല.
ഇത്തിരി പൊന്ന് അവളുടെ കഴുത്തിലും കൈയിലും കിടക്കുന്നത്
കണ്ടാലേ അവരുടെ മനസ്സ് നിറയു .അങ്ങനെ ആയിപ്പോയി
കേരളത്തിലെ എല്ലാ അച്ഛനമ്മമാരുടെയും മനസ്സ്.
എനിക്ക് രണ്ടു പെൺമക്കൾ പിറന്നതിൽ പിന്നെ നാട്ടിലെ ആര് വന്ന്
വിവാഹം ക്ഷണിച്ചാലും ഞാൻ നല്ല ഒരു തുക സംഭാവനയായി
കൊടുക്കുമായിരുന്നു.
ഈ ..നാട്ടിൽ അതൊരു പതിവാണ്. അതൊരു കൂട്ടിവയ്ക്കൽ
പോലെയാണ്.നമ്മുടെ മക്കളുടെ വിവാഹം ആകുമ്പോൾ നമ്മൾ
കൊടുത്തതിൽ കുറച്ചു കൂട്ടി ഒരു തുക അവർ നമുക്ക് തരികയും
ചെയ്യും അത് നൂറ്റാണ്ടുകളായി നടക്കുന്ന ഒരു രീതിയാണ് .
അത് എല്ലാവരും ചെയ്യുന്ന കാര്യമാ.പലതുള്ളി പെരുവെള്ളം
ബാങ്കിൽ പണം നിക്ഷേപിക്കുന്ന പോലെയാണ് നാട്ടിൻ പുറങ്ങളിൽ
ഇങ്ങനെയുള്ള സംഭാവനകൾ കൊടുക്കുന്നത്.
കൊടുക്കുന്നവരും വാങ്ങുന്നവരും സംഭാവനയുടെ കണക്ക് വയ്ക്കും.
അങ്ങനെ ഞാൻ കൊടുത്ത സംഭാവനയുടെ കണക്ക് നോക്കിയാണ്
ഞാൻ കുറച്ച് കാശ് മറിച്ചത്. പക്ഷേ ആ കണക്കുകൂട്ടലുകൾ
എല്ലാം തെറ്റി .പതിനഞ്ച് വർഷം മുന്നേ ഞാൻ 500 രൂപ
കൊടുത്തവർ ഇന്ന് 501 രൂപ തിരികെ തന്നപ്പോൾ എന്‍റെ കണക്ക്
തെറ്റി കണക്കിൽ ശിഷ്ടങ്ങൾ ഇല്ലാതായി
കൂട്ടാൻ ശിഷ്ടങ്ങൾ ഇല്ലാതെ വന്നപ്പോൾ നഷ്ടങ്ങൾ ആയിരുന്നു മോനേ
 ഉത്തരം.പറഞ്ഞു നിർത്തുമ്പോൾ പ്രകാശിന്‍റെ തൊണ്ട ഇടറി.
അത് മനസ്സിലാക്കിയ മരുമകൾ ചോദിച്ചു.
"ഇനി എത്ര കൊടുക്കാൻ ഉണ്ട് രാവിലെ വന്നവന് ...?"
ഇനി രണ്ട് ലക്ഷം .ബാക്കി ഞാൻ കൊടുത്തു പ്രകാശ് പറഞ്ഞു.
ചാളക്കറി കൂട്ടി കപ്പ കഴിച്ചിട്ട് അച്ചിയും നായരും കൂടി ഉച്ചമയക്കത്തിന് മുറിയിൽ കയറി. "അഞ്ചു ...അച്ഛന്‍റെ
അവസ്ഥ വളരെ പരിതാപകരം ആണ് നിന്‍റെ കല്യാണത്തിന്
എടുത്ത കടം വീട്ടാൻ കഴിയാതെ പുള്ളി വളരെ ബുദ്ധിമുട്ടുകയാണ്.
ഞാൻ ഒന്നും ചോദിക്കാതെ പത്തമ്പത് പവന്‍റെ സ്വർണം ആ
മനുഷ്യൻ നിന്‍റെ കഴുത്തിൽ ഉണ്ടാക്കിയിട്ടാ നിന്നേ ഇറക്കി വിട്ടത്
അതങ്ങനെ നമ്മുടെ അലമാരയിൽ വെറുതേ ഇരിക്കുകയല്ലേ..?
അതിൽ ഒരു പത്ത് പവൻ നമുക്ക് അദ്ദേഹത്തിന് കൊടുത്താലോ.?
അത് വിറ്റോ ..പണയം വച്ചോ കടം വീട്ടി ആ മനുഷ്യൻ
മനസ്സമാധാനമായി ജീവിക്കട്ടെ..? നീ ...എന്ത് പറയുന്നു ..?"
"നിങ്ങൾ ....ഇങ്ങനെ ഒരു പോഴൻ ആയിപ്പോയല്ലോ മനുഷ്യാ ...
കൈയ്യിൽ കിട്ടിയ ചോറ് കുടഞ്ഞു കളഞ്ഞിട്ട് വീണ്ടും കൈ നീട്ടാനോ.?
എന്‍റെ സ്വർണ്ണത്തിലെ ഒരു തരി ഞാൻ കൊടുക്കില്ല ഇത് എന്‍റെ
പിള്ളേർക്ക് വേണ്ടി എനിക്ക് കരുതാനാ ഇല്ലെങ്കിൽ നമുക്കും
ഈ ഗതി വരും. നിങ്ങളോട് അച്ഛൻ ചോദിച്ചോ സ്വർണ്ണം ..?
ഇല്ലല്ലോ ..? അപ്പോൾ മിണ്ടാതെ അങ്ങ് ഇരുന്നാൽ മതി.കടം
വീടാൻ അച്ചനെന്തെങ്കിലും വഴി കണ്ടോളും ..."
അവന്‍റെ നെഞ്ചിലൂടെ അവളുടെ കൈകൾ ഇഴയാൻ തുടങ്ങി
അപ്പോളേക്കും രഞ്ജിത്ത് അവന്‍റെ കൂർക്കംവലി ഉറങ്ങാതെതന്നെ
പുറപ്പെടുവിക്കാൻ തുടങ്ങിയിരുന്നു.
എല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്ന ഒരാൾ മുകളിലുണ്ട്
എന്നാണല്ലോ പൊതുവേ ഒരു വയ്പ്പ് ഇവിടെയും ആ ആളുണ്ടായിരുന്നു.കുറച്ചുനാൾ മുന്നേ ഈ ആൾ കണ്ട ഒരു കാര്യം
അയവിറക്കി ചിരിച്ചുകൊണ്ട് .
എടീ ....പെണ്ണേ ...നിശ്ചയം കഴിഞ്ഞപ്പോൾ വിഷമിച്ചിരുന്ന
അച്ഛനോട് അന്ന് നീ പറഞ്ഞതല്ലേ .."എന്തിനാ അച്ഛൻ വിഷമിക്കുന്നത്
അവർ ഒന്നും ചോദിച്ചില്ലല്ലോ നമ്മുടെ കയ്യിൽ ഉള്ളത് അനുസരിച്ച്
എന്തെങ്കിലും വാങ്ങിയാൽ മതി എനിക്കങ്ങനെ സ്വർണ്ണം ഇട്ട്
ഞെളിഞ്ഞു നടക്കാൻ ഒന്നും വലിയ മോഹം ഇല്ല . ഒരു മാലയും
കമ്മലും മാത്രമായാലും എനിക്ക് സന്തോഷം.."
ആ നീയാണോ ഇപ്പോൾ ഈ പറഞ്ഞത് ..?
പിറ്റേന്ന് ഉച്ചയായപ്പോൾ വെറുതേ കിടന്ന തൊഴുത്തിൽ ഒന്ന്
കയറി വാരിക്ക് ചൊരുകി വച്ചിരുന്ന കയർ അവിടെ ഉണ്ടോ എന്ന്
നോക്കി പ്രകാശ്.പത്തുപന്ത്രണ്ട് ലിറ്റർ പാല് കറന്നുകൊണ്ടിരുന്ന
തന്‍റെ പൂവാലിപ്പശുവിനെ കല്യാണ ആവശ്യത്തിനായി അഴിച്ചുവിറ്റപ്പോൾ വാങ്ങിയവർ അവളേ കൊണ്ടുപോകാൻ
പുതിയ കയറുമായി ആണ് വന്നത് .അന്ന് ആ പഴയ കയർ ചുരുട്ടി
വാരിക്ക് വയ്ച്ചതാണ്. ഉണ്ട് അതവിടെ തന്നെയുണ്ട്.
തൊടിയിൽ ഒന്നരയാൾ പൊക്കമുള്ള 65 കിലോ ഭാരം താങ്ങാൻ
ശേഷിയുള്ള മൂവാണ്ടൻ മാവിന്‍റെ ഒരു ശിഖരവും നോക്കി വച്ച്
സന്ധ്യ മയങ്ങാൻ കാത്തിരുന്നു പ്രകാശ്.
ഉമ്മറത്തേ നിറം മങ്ങിയ ചൂരൽ കസേരയിൽ നാല് മണിക്ക് ലേഖ
നൽകിയ കട്ടൻചായയും കുടിച്ചിരിക്കുമ്പോൾ മരുമകന്‍റെ പൾസർ
മുറ്റത്തുവന്ന് ബ്രെയ്ക്കിട്ടു
"അച്ഛാ ഇന്നലെ രാവിലേ വന്ന് തെറി പറഞ്ഞവന്‍റെ വീട് ഏതാ ..?
ഇവിടടുത്താ ...എന്തിനാ മോനേ ..?പ്രകാശ് ആശ്ചര്യത്തോട് ചോദിച്ചു.
"വാ...നമുക്ക് അവിടെ വരെ ഒന്ന് പോകാം ..."
"കനകമ്മേ ...നന്ദൻ ഇവിടില്ലേ ...?പ്രകാശ് ചോദിച്ചു .
"ഉണ്ട് കൊച്ചാട്ടാ ...ഞാൻ വിളിക്കാം...ഡാ ...നിന്നേ ദേ ...പ്രകാശൻ
കൊച്ചാട്ടൻ വിളിക്കുന്നു .."
കനകമ്മ മകനേ ഉറക്കെ വിളിച്ചു ...
മുറ്റത്തേയ്ക്ക് ഇറങ്ങിവന്ന നന്ദനെ റോഡിലേയ്ക്ക് നീക്കി നിർത്തി
രഞ്ജിത്ത്. "തനിക്ക് ഇനി എത്ര കാശ് താരനുണ്ട് അച്ഛൻ..?"
"മുതലായി ഒരു രണ്ട് ഉണ്ട് പലിശ മൂന്ന് ദിവസത്തേതെ ഉള്ളു അതിന്
ഞാൻ കണക്കൊന്നും പറയുന്നില്ല എന്തെങ്കിലും തന്നാൽ മതി.."
"അത്...തരാം ഇപ്പോൾ ഇതാ ഇത് പിടി" രണ്ടുകെട്ട് നോട്ടുകൾ
നന്ദന്‍റെ കയ്യിൽ കൊടുത്തു രഞ്ജിത്ത്.
പണം വാങ്ങി എണ്ണി നോക്കി നന്ദൻ ."ഇത് രണ്ടുണ്ട് .."
"ഉണ്ടല്ലോ ...രണ്ടുണ്ടല്ലോ .?മുതലായല്ലോ ഇനി പലിശ ഇന്നാ......
നല്ല ഒരു തെങ്കാശിപ്പടക്കം പൊട്ടുന്ന ഒരു ശബ്ദം മാത്രമേ പ്രകാശ് കേട്ടൊള്ളു ...
പിന്നെ കരണം പൊത്തി നിൽക്കുന്ന നന്ദനെയും നന്ദൻ
മാത്രം കണ്ട പൊന്നീച്ചയിൽ ഒന്ന് രണ്ടെണ്ണം കണ്ടോ എന്ന ഒരു
സംശയവും.
"മേലിൽ ..ആരോടായാലും പറയേണ്ടത് മാത്രമേ പറയാവു .
തിരിച്ചു കിട്ടില്ല എന്ന് ഉറപ്പുണ്ടെങ്കിൽ മാത്രമേ കൊടുത്ത ആളിനെ
തെറിവിളിക്കാവു.അല്ലെങ്കിൽ ഇടപാട് തീർത്തുകഴിയുമ്പോൾ
വിളിച്ച തെറി തിരിച്ചു വാങ്ങാനുള്ള ഒരു സംവിധാനം കൂടി
ഉണ്ടാക്കണം.ഇല്ലെങ്കിൽ ഇതുപോലെ പലിശ കൂട്ടിക്കിട്ടും."
"ചില ചെറ്റകളുടെ അടുത്ത് ഞാൻ നിന്നേക്കാൾ ചെറ്റയാ കേട്ടോടാ
പൊലയാടി മോനേ ....പലിശ പോരെങ്കിൽ ഇപ്പോൾ പറേണം
ഞാൻ തരാം .അച്ഛനോട് ചോദിക്കരുത് ......"
പ്രകാശിനേയും പേറി രജിത്തിന്‍റെ പൾസർ നീങ്ങുമ്പോൾ പോക്കറ്റിൽ കിടന്ന മൊബൈൽ ചിലച്ചു ....വണ്ടി ഒതുക്കി ഫോൺ
എടുത്ത് നോക്കി ...അഞ്ചു കാളിംഗ് .....
"ഹാലോ ...ചേട്ടാ ..ചേട്ടൻ എവിടെയാ ...?"
മിണ്ടരുതെന്ന് അമ്മായിയപ്പനോട് പറഞ്ഞിട്ട് അവൻ മറുപിടി പറഞ്ഞു ."ഞാൻ കൊല്ലകടവ് ജങ്ങ്ഷനിൽ നിൽക്കുന്നു ..എന്താടീ ..?"
"ചേട്ടൻ ..വേഗം ഇങ്ങോട്ട് ..വാ നമ്മുടെ വീട്ടിൽ കള്ളൻ കയറി .
അലമാര തുറന്നു കിടക്കുന്നു സ്വർണ്ണം കുറച്ചു കാണുന്നില്ല .."
അഞ്ചു...കരച്ചിലിന്‍റെ വക്കത്ത് എത്തിയിരുന്നു ...
ചിരിച്ചുകൊണ്ട് ഫോൺ കട്ട് ചെയ്ത രഞ്ജിത്ത് പ്രകാശിനോട്
പറഞ്ഞു "ന്നാ ....അച്ഛൻ ഇറങ്ങിക്കോ ഞാൻ വീട്ടിലോട്ട് ചെല്ലട്ടെ .."
ഇടവഴിയിലൂടെ വീട്ടിലേയ്ക്ക് നടക്കുമ്പോൾ പ്രകാശ്
ഓർക്കുകയായിരുന്നു ...ദൈവമേ ആൺകുട്ടികൾ ഇല്ലാത്ത ദുഃഖം
എന്നേ ഒരുപാട് അലട്ടിയിരുന്നു ..ആര് പറഞ്ഞു എനിക്ക് മകനില്ലെന്ന്.
ഇവൻ എന്‍റെ മകൻ തന്നെയല്ലേ ..?അതേ ...മരു"മകൻ".....
നൂറനാട് ജയപ്രകാശ്
****************************

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo