... വായില്ലാക്കുന്നിലപ്പനും പാങ്ങിലെ മമ്മദും ...

... വായില്ലാക്കുന്നിലപ്പനും പാങ്ങിലെ മമ്മദും ...
................................
പാടവരമ്പിലൂടെ മുനീറ വരുന്നത് കണ്ടപ്പോൾ ഉടുത്തിരുന്ന തോർത്തുമുണ്ട് ശരിക്കുടുത്ത് വീട്ടുകാരിൽ നിന്ന് കുറച്ചു ദൂരേക്ക് മാറി നിന്നു.
മുനീറ അടുത്തെത്തുമ്പോൾ അവളുടെ തട്ടത്തിനുള്ളിലൂടെ ഒരു നോട്ടമുണ്ട് ആ ഒരു നിമിഷം പറഞ്ഞറിയിക്കാനാവാത്ത ഒരു അനുഭൂതിയാണ് പ്രണയത്തിന് .
അവൾ അടുത്തെത്തുമ്പോൾ ഹൃദയത്തിനുള്ളിൽ കുളിർക്കാറ്റു വീശും പ്രണയ സുഗണ്ഡമുള്ള കാറ്റ് .

പെടുന്നനെ
മമ്മദ് വരുന്നുണ്ടേ ..... കൂയ്യ് ... പാങ്ങിലെ മമ്മദ് വരുന്നുണ്ടേ .....
പാടത്ത് കളിച്ചുക്കൊണ്ടിരിക്കുന്ന കുട്ടികളുടെ ആർപ്പുവിളികളായിരുന്നു അത് .
പച്ചക്കറിക്കണ്ടത്തിൽ വീട്ടുകാരോടൊപ്പം വെള്ളം തേവി നനക്കുന്ന എന്റെ കാതുകളിലേക്ക് ഒരു ആഹ്ലാദാരവത്തോടെയാണ് ആ ആർപ്പുവിളികൾ വന്നുകൊണ്ടിരുന്നത് .
പത്താം ക്ലാസ്സിന്റെ അവസാന നാളുകൾ .കൃസൃതിയുടെ അവസാനവും പ്രണയത്തിന്റെ ആരംഭവും തുടങ്ങുന്ന പ്രായം .
വിശാലമായ പാടശേഖരത്തിലെ ആറ് കണ്ടത്തിൽ രണ്ട് കണ്ടത്തിൽ മാത്രം പച്ചക്കറി ഉണ്ടാക്കും ബാക്കി നെല്ലും ,
ആർപ്പുവിളികൾ വീണ്ടും വീണ്ടും വന്നു കൊണ്ടിരുന്നു പാടവരമ്പിലൂടെ കുട്ടികൾ നാല് ദിക്കിൽ നിന്നും പറമ്പിലിക്കോടുകയാണ് .
തോർത്തുമുണ്ട് ഉടുത്ത് പച്ചക്കറി തൈയ്യുകൾ നനച്ചു കൊണ്ടിരിക്കേ കൈയ്യിലുള്ള ബക്കറ്റും വലിച്ചെറിഞ്ഞ് ഞാനും പറമ്പിലേക്കു കുതിച്ചു.
പാങ്ങിലെ മമ്മദ് ....
മാനസികമായി പ്രശ്നമുള്ള മമ്മദ് . പാങ്ങ് വീട്ടുപേരാണ് .ആഴ്ചയിൽ ഒരു ദിവസം അയാൾ വീട്ടിൽ നിന്നിറങ്ങിയോടും കണ്ണിൽക്കണ്ടതെല്ലാം പെറുക്കി ഒരു മുണ്ടിൽ മാറാപ്പുക്കെട്ടി മിക്കവീടുകളിലേക്കും മുണ്ട് പൊക്കിക്കാണിക്കുന്ന മൊട്ടത്തലയൻ അമ്പത് വയസ്സുകാരൻ .
നാട്ടിലെ ചെറിയ കുട്ടികളുടെ പേടി സ്വപ്നവും മുതിർന്നവരുടെ ഹാസ്യ കഥാപാത്രവും ..
പറമ്പിന്റെ വടക്കുഭാഗത്ത് വയലിനോട് ചേർന്നുള്ള വീട്ടുമുറ്റത്തേക്കയാൾ ഓടിക്കയറി .വയലിനോട് ചേർന്നൊഴുകുന്ന തോടും .
തോടിനോട് ചേർന്നുള്ള ആനക്കല്ല് എന്നറിയപ്പെടുന്ന ആനാകൃതിയിലുള്ള പാറക്കല്ലിൽ ഞാനും കയറി നിന്നു . കുട്ടികൾ കൂവിയാർത്ത് മമ്മദിന്റെ പുറകേയാണ് .
മമ്മദ് ഓടി വരുന്നത് ആഹ്ലാദത്തോടെ ആർപ്പുവിളിയോടെ കണ്ട് ഞാനും കൂവിവിളിച്ചു ...
" പാങ്ങിലെ മമ്മദേ.....മൊട്ടത്തലയാ ....

പാടത്തിനക്കരെവരെയുള്ള തോടും തോടിനരിക് ചെങ്കല്ല് കൊണ്ട് കെട്ടിയ അഞ്ചടി വീതിയിലുള്ള നടപ്പാതയും ചെന്നവസാനിക്കുന്നത് അക്കരെ റെയിൽപാളത്തിനടുത്താണ്,
നോക്കെത്താ ദൂരത്തോളം കാണുന്ന മനോഹര പച്ച പരവതാനി വിരിച്ച വയൽ .
വയലിനിരുവശവും തെങ്ങുകളും കവുങ്ങുകളുമായി നിബിഢമനോഹരം .
മമ്മദ് ഓടി വരുന്നത് ഞാൻ നിൽക്കുന്ന പാറക്കല്ലിനടത്തേക്കാണെന്നറിഞ്ഞ നിമിഷം വയറ്റിലെരു ഭയത്തിന്റെ തീ ആളിക്കത്തി .
തോർമുണ്ട് ഒന്ന് മുറുക്കിയുടുത്തു...

മമ്മദിന് പുറകെ കൂടിയ കുട്ടികളും കൗമാരപ്രായമുള്ള ആൺ പെൺ ചെറുസംഘങ്ങളും മുനിറയും എന്നെ നോക്കുകയാണ് .
കുതിച്ചു വരുന്ന മമ്മദ് ... പുറകേ കൂവി വിളിച്ച് വരുന്ന കുട്ടികൾ . ആരോ വിളിച്ചു പറഞ്ഞു ...
മമ്മദ് എറിയും സൂക്ഷിച്ചോ ...!
മമ്മദിന്റെ കയ്യിൽ നിന്നും ഉന്നം തെറ്റാതെയുള്ള ഒരു ഏറ് ഉറപ്പായും കിട്ടും എന്ന പ്രതീക്ഷയിൽ വിറച്ചു നിന്നു. മമ്മദ് അടുത്തെത്തിയപ്പോൾ പേടിയോടെ തലയിലൂടെ രണ്ട് കൈകളും വച്ച് പാറയുടെ മുകളിൽ കുനിഞ്ഞു നിന്നു..
അരയിൽ നിന്നും എന്തോ ഒന്ന് വലിഞ്ഞുമുറുകി അടർന്നു പോയതുപ്പോലെ ....
വയലിൽ നിന്നും വന്ന തണുത്തൊരു കാറ്റ് എന്റെ അരയിൽ വട്ടംചുറ്റിയപ്പോൾ നിവർന്ന് നിന്ന് തലയുയർത്തി മമ്മദിനെ നോക്കി ..
തോട്ടുവരമ്പിലൂടെ ഞാനുടുത്ത തോർത്തുമുണ്ടും തലയിൽ ചുറ്റി മമ്മദ് ഒരു പ്രത്യേക ശബ്ദമുണ്ടാക്കി മണിക്കാള ഓടിപ്പോകുന്നത് പോലെ ഓടിപ്പോകുന്നു ... പുറകെ കുപ്പായമിടാത്ത ഇത്തിരി പീക്കിരി പിള്ളേരും .
ഒരു നിമിഷം ചിന്തകൾ ഒന്നു റിവേഴ്സ് പോയി.
പാറയുടെ മുകളിൽ അബാലവൃദ്ധം ജനങ്ങളുടെ മുമ്പിൽ പ്രതിമ പോലെ അർദ്ധനഗ്നനായ് ഞാൻ . മഞ്ഞയിൽ കറുപ്പ് പുള്ളികളുള്ള എന്റെ ഷഡ്ജത്തിലേക്ക് ഒന്നേ നോക്കിയുള്ളു .പിന്നെ കൂട്ടം കൂടി നിന്ന് ആർപ്പുവിളിക്കുന്നവരെയും .
ചായക്കടക്കാരൻ ഹംസക്കോയ അപ്പോൾ ഇങ്ങനെ പാടി ...
പുള്ളിമാനല്ല മൈലല്ല മധുരക്കരിമ്പല്ല മാരിവില്ലൊത്ത ചേലാണ്...
ആ പാടിനെ ഭേദിച്ചു കൊണ്ട് ,
വായില്ലാക്കുന്നിലപ്പാ ....
എന്നാരോ വിളിച്ചു പറഞ്ഞു.
കറുത്ത പാറയുടെ മുകളിൽ കരിങ്കൽ പ്രതിമ പോലെ ...
മമ്മദ് കൊണ്ടുപോയ എന്റെ മാനത്തെയോർത്തു ഒരു നിമിഷം കരയണോ ചിരിക്കണോ ആ പാറയിൽ തലത്തല്ലി മരിക്കണോ എന്ന ചിന്തയിൽ വിളറി നിന്നു. .
വായില്ലാക്കുന്നിലപ്പാ ...
ചുറ്റിൽ നിന്നും കാതിലേക്ക് ശരം പോലെ വരുന്ന വിളികൾ ..
നാണം മറക്കാനൊരു ശ്രമം തിരിഞ്ഞും മറിഞ്ഞും നിന്നു പാറയുടെ മുകളിൽ . ആർത്തു ചിരിക്കുന്നവരുടെ കൂട്ടത്തിൽ മുനീറയും ... എന്റെ പ്രണയത്തിനു മേൽ കരിനിഴൽ വീണ നിമിഷം .
പാറയുടെ പുറകുവശത്തെ മുട്ടോളം ഉയർന്ന് വളർന്ന നെൽക്കണ്ടത്തിലേക്ക് കണ്ണുകൾ ബുദ്ധിപരമായി നീങ്ങി പിന്നെ മരത്തവള ചാടും പോലെ ചാടി മറിഞ്ഞു കണ്ടത്തിനു നടുവിലേക്ക് ഇഴഞ്ഞു തുഴഞ്ഞു നീങ്ങി .. ചുറ്റും ആർപ്പുവിളികളുമായി ആൾക്കാരും .
സൂക്ഷിച്ചോ കണ്ടത്തിലേക്ക് ചേരപ്പാമ്പിറങ്ങിയെന്നാരോ പറഞ്ഞു .
പ്രാണൻ കൈയ്യിൽപ്പിടിച്ചു കൂടി നിന്നവരോട് ഒരു മുണ്ടിനായ് കേണപേക്ഷിച്ചു. എല്ലാവരും ചിരിക്കുകയായിരുന്നു. .
മുനീറയെ ദയനിയമായി ഒന്നു നോക്കി .
അവൾ ചിരി നിറുത്തി തലയിലെ കറുത്ത തട്ടം എനിക്കു നേരെ എറിഞ്ഞു തന്നിട്ട് നടന്നു പോയി .
വീട്ടിലെത്തിയപ്പോൾ വീട്ടിലുള്ളവരും ചിരിയോട് ചിരി .
നെഞ്ചിൽ ആയിരം മുള്ളുകൾ തറച്ചിറങ്ങുന വേദനയായിരുന്നു.
" നീ ചെറിയ കുട്ടിയല്ലേ എന്തിരിക്കുന്നു ഇത്ര നാണിക്കാൻ .
അമ്മ ചിരിച്ചുക്കൊണ്ടാണത് പറഞ്ഞ് .
പിന്നീട് പുറത്തിറക്കാത്ത നാളുകളായിരുന്നു കുറച്ചു ദിനങ്ങൾ ..ചില വൈകുന്നേരങ്ങളിൽ മുനീറയെ മറഞ്ഞു നിന്നു നോക്കും .പച്ചക്കറിക്കണ്ടത്തിലവൾ എന്നെ തിരയുന്നത് കാണാം .
ഭ്രാന്തൻ മമ്മദിനോട് പകയായിരുന്നു മനസ്സുനിറയെ ആ നശിച്ച നിമിഷത്തേയോർത്ത് ..
വർഷം ഒന്ന് കഴിഞ്ഞു നാടും നാട്ടുകാരും എല്ലാം മറന്നു നാണക്കേടും മാറി .എന്നിട്ടും വായില്ലാക്കുന്നിലപ്പൻ എന്ന് വിളിക്കാൻ ആരും മറന്നില്ല .
ഒരു ദിവസം അമ്മയാണ് ചായക്കുടിച്ചിരിക്കുമ്പോൾ പറഞ്ഞത് .മുനീറയും അവളുടെ വാപ്പയും വന്നിരുന്നു അവളുടെ കല്യാണമാണ് അടുത്താഴ്ച.
ഒന്നു മൂളിക്കൊണ്ട് മുറിയിലേക്ക് നടക്കുമ്പോൾ ഹൃദയത്തിൽ ഒരു പോറലേറ്റ് നീറും പോലെ .പറയാതെ പോയ പ്രണയത്തിന്റെ നീറ്റൽ .
......................
വർണ്ണത്തോരണങ്ങൾ കെട്ടിയ പന്തലുകൾ പാട്ടും ചിരികളും നിറഞ്ഞ രാവ് . കുട്ടികൾ പന്തലിലൂടെ തലങ്ങും വിലങ്ങും ഓടിക്കളിക്കുന്നു മുനീറയുടെ മൈലാഞ്ചി കല്യാണ രാവ് ... അവൾക്ക് മൈലാഞ്ചിയിടാൻ സുന്ദരികളായ പെണ്ണുങ്ങളുടെ തിരക്കുകൾ കേൾക്കാം .പന്തലിന്റെ ഒരു വശത്ത് ഗാനമേളയും . മറുവശത്ത് ബിരിയാണി ചെമ്പുകൾ കൂട്ടിമുട്ടുന്ന ഒച്ചപ്പാടുകളും നാട്ടുവർത്തമാനങ്ങും .
കൂട്ടുകാരിലൊരാൾ നിർബദ്ധിച്ചു വലിച്ചുകൊണ്ടു പോയി ഒരു പാട്ടു പാടാൻ ..
എന്ത് പാടും ??ഏത് പാടും ?ശൂന്യമായ മനസ്സോടെ നിൽക്കുമ്പോൾ ആൾക്കുട്ടത്തിനിടയിൽ അവളെ കണ്ടു ...തട്ടം പാതി മറഞ്ഞ മുഖത്ത് വിടർന്ന കണ്ണുകളുമായ് മുനീറ അവൾ മെല്ലെ ഒന്നു ചിരിച്ചു .
ഈ ഒരു രാവ് പുലരും വരെ മാത്രം അവളെന്റെ പ്രണയിനിയാണ് ...
പാടാതെ ഇറങ്ങി പോന്ന എന്നെ അമ്മ വിളിച്ചു ..
" ഡാ നിന്നെ മുനീറ വിളിക്കുന്നു.
മുല്ലപ്പൂവിന്റെയും പേർഷ്യൻ അത്തറിന്റെയും സുഗന്ധം നിറഞ്ഞ മുറിയിൽ ഒരുപാട് തോഴിമാരികൾക്കിടയിൽ മുനീറ ,
വാതിൽപ്പടിയിൽ എന്റെ തല വെട്ടം കണ്ടപ്പോൾ മാടി വിളിച്ചു. പിന്നെ വലത് കൈവെള്ള എനിക്കു നേരെ നീട്ടി ... ഒന്നും പറയാതെ തല കുനിച്ചുരുന്നു. ചുവന്ന മൈലാഞ്ചി ചിത്രങ്ങൾ നിറഞ്ഞ കൈവെള്ളയിൽ നോക്കി ഞാനല്പനേരമിരുന്നു ...
അവൾ പതിയെ പറഞ്ഞു .
" വായില്ലാക്കുന്നിലപ്പാ ഈ മോതിരവിരലിൽ ഒന്നു മൈലാഞ്ചി ഇട്ടുത്തരാമോ ?
ആ ശബ്ദം ഇടറിയിരുന്നു
പിന്നെ നിശബ്ദമായിരുന്ന അവളുടെ മുൻപിൽ മറുവാക്കിനായി പരതി മൗനമായ് ഞാനുമിരുന്നു.
വിരലിൽ പിടിക്കുമ്പോൾ ഇരുഹൃദയങ്ങളിൽ നിന്നും കിതയ്ക്കുന്ന പ്രണയനിശ്വാസങ്ങൾ .
" ഈ മൈലാഞ്ചി ചോപ്പ് എത്ര നാൾ വരെ മായാതെ നിൽക്കും ?
എന്റെ ചോദ്യത്തിനു മറുപടി പറഞ്ഞത് അവളുടെ സുറുമ എഴുതിയ നിറഞ്ഞ കണ്ണുകളായിരുന്നു.
രാവു പുലർന്നു .ആളും ആരവങ്ങളും ഒഴിയും നേരം കൂടിയവരിൽ അരോ പറയുന്നത് കേട്ടു .
ആ ഭ്രാന്തൻ ...പാങ്ങിലെ മമ്മദ് മയ്യത്തായി ...
...................
പാങ്ങിലെ മമ്മദിന്റെ വീടിന് മുൻപിൽ നിൽക്കുമ്പോൾ അസ്വസ്ഥമായിരുന്നു മനസ്സ് ഓർമ്മകളുടെ പ്രളയം .
മമ്മദിനെ കുളിപ്പിച്ച് മയ്യത്ത് കട്ടിൽ കിടത്തുമ്പോൾ നെഞ്ചത്തടിച്ചു കരയാൻ ആരുമില്ലാതെ ഒരു കോമാളിയുടെ ജഢമായി. വെള്ളപ്പുതച്ച് നിശ്ചലമായി കിടക്കുന്ന ഒരു ജനതയുടെ കോമാളി .
ഭ്രാന്തുള്ളവർ ശരിക്കും കോമാളികളാണ് നമ്മുക്ക് മുന്നിലെ വെറും കോമാളികൾ.
കൺകോണിൽ നിറഞ്ഞ മിഴിനീർത്തുള്ളികൾ തുടച്ചു തിരികേ നടക്കുമ്പോൾ മനസ്സിൽ ഓർമ്മകൾ ആർപ്പുവിളിക്കുകയായിരുന്നു.
പാറമേലിരിക്കുമ്പോൾ അസ്തമയ സൂര്യന്റെ വെയിലേറ്റ് നെൽക്കതിരുകൾക്ക് സ്വർണ്ണ നിറമായിരുന്നു. ദുരെ വയലിനക്കരെ പുക തുപ്പിക്കരഞ്ഞുപ്പായുന്ന തീവണ്ടി .
ഓർമ്മകളുമായ് ഒരു കാറ്റ് എന്നെയും കടന്നു പോയി . മൗനമായി പാറയുടെ മുകളിൽ വായില്ലാക്കുന്നിലപ്പനെ പോലെ ഇരുട്ടുവീഴും വരെ തനിച്ചിരുന്നു...
(അനുഭവമല്ല)
... മുരളിലാസിക...

പഴുതാര

പഴുതാര
..............
കോളേജിലെ ഫോർത് സെമസ്റ്ററിലെ ഇംഗ്ലീഷ് " poetry " എക്സാം നടക്കുന്ന സമയം.
ഞാനും എന്റെ അഞ്ചു ചങ്ക്‌സും അരക്കെട്ടിലെ ബെൽറ്റിലും ജീൻസിന്റെ പോക്കെറ്റിലുമായി കോപ്പി കഷണങ്ങൾ വെടിയുണ്ട കണക്കു നിറച്ചു ഹാളിലേക്ക് വരുകയായിരുന്നു. ഹാളിലേക്കു കയറിയ ഞങ്ങളുടെ കണ്ണുകളിൽ പെട്ടെന്നു ഇരുട്ടു കയറി എന്നു തന്നെ പറയാം. കാരണം വേറെ ഒന്നുമല്ല, ഇന്നലെ വരെ ഇരുന്നു പരീക്ഷ എഴുതിയ സ്ഥാനങ്ങൾ മാറിയിരിക്കുന്നു,
പോരാത്തതിനു എന്റെ സ്ഥാനം മുന്നിലെ ബഞ്ചിൽ തന്നെ കിട്ടിയിരിക്കുന്നു.
ഇന്നത്തെ എക്സാം കട്ട പൊഗ. ******
ഞാനൊഴികെ മറ്റു അഞ്ചു പേരും ഹാളിന്റെ പല വശത്തായി ഇരുപ്പുറപ്പിച്ചു. മുന്നിലെ ബഞ്ചിൽ ഇരുന്നു എക്സാം എഴുതുന്നതിലും ഭേദം അങ്ങു മുങ്ങുക എന്നു തോന്നിയപ്പോൾ ബാക്കിലെ ഡോർ വഴി ഇറങ്ങാൻ നോക്കിയതും.
ഹലോ ഇതെവിടേക്ക് പോകുന്നു'"
ഞാൻ തിരിഞ്ഞൊന്നു നോക്കി,
ഫിസിക്സ്‌ ഡിപ്പാർമെന്റിലെ ജൂനിയർ ലെക്ചർ "കവിത സുബ്രമണ്യം '"
അല്ല പേന എടുക്കാൻ മറന്നു മിസ്സ് '"
തന്റെ പോക്കെറ്റിൽ പിന്നെ എന്താ പേനയല്ലേ "
ഇളിഭ്യനായി ഞാൻ പോക്കെറ്റ് തപ്പിക്കൊണ്ട് സീറ്റിലേക്കു വന്നടുത്തപ്പോൾ എന്റെ ചങ്കുകൾ എല്ലാം വായ പൊത്തി ചിരിക്കുകയായിരുന്നു.
എന്റെ വരവ് കണ്ടു മുന്നിലെ ബഞ്ചിലെ എന്റെ അപ്പുറത്തും ഇപ്പുറത്തും ഇരിക്കുന്ന രണ്ടു പെൺകുട്ടികൾ ഇരുവശത്തേക്കും നീങ്ങി എനിക്കു സ്ഥലം തന്നു.
ഹോ ഇവറ്റകൾക്ക് ഇങ്ങനെ നീങ്ങിയിരിക്കാതെ കുറച്ചു അടുത്തിരുന്നാൽ എന്താ കുഴപ്പം എന്നു ഞാൻ മനസ്സിൽ ഒന്നു പറഞ്ഞു.
ഏതായാലും രണ്ടും സുന്ദരി കോതകൾ തന്നെ,, ബഹുരസം ഉണ്ട് രണ്ടിനെയും കാണാൻ.
ഏതായാലും എക്സാമിന്‌ പൊട്ടും എങ്കിൽ കുറച്ചു നേരം ഇവരുടെ കൂടെ അങ്ങു ഇരുന്നിട്ട് പോകാം.
അങ്ങനെ എക്സാം തുടങ്ങി. എന്റെ പേപ്പറിൽ ഞാൻ ഒന്നും തന്നെ എഴുതിയില്ല.
Question പേപ്പറിൽ ഉള്ളം കയ്യിലെ വിയർപ്പു പറ്റി തുടങ്ങി. ഇടക്കൊന്നു ചങ്കുകളെ തിരിഞ്ഞൊന്നു നോക്കിയപ്പോൾ ഒക്കെ തുണ്ട് പേപ്പർ വച്ചു പെരുക്കുന്നുണ്ട്.
മുന്നിലായതിനെ ഓർത്തു ഒരിക്കൽ കൂടി
ശപിച്ചു കൊണ്ടു ഞാൻ question പേപ്പർ ചുമ്മാ അങ്ങോട്ടും ഇങ്ങോട്ടും മറിച്ചു കൊണ്ടു ഒരിക്കലും കിട്ടാത്ത ഉത്തരത്തെ തല പുകഞ്ഞു ആലോചിക്കുന്ന മട്ടിലിരുന്നു.
എന്റെ ഇരുവശത്തും ഇരിക്കുന്ന സുന്ദരി കോതകൾ പേപ്പറിൽ ഒഴുക്കോടെ എഴുതുന്നത് കണ്ടു. തെല്ലൊരാമർഷം എനിക്കു അവറ്റകളോട് തോന്നി. ഒരുത്തൻ ഇവിടെ ഇരുന്നു ഒന്നും എഴുതാതെ അന്തം വിട്ടു കുന്തം വിഴുങ്ങി ഇരിക്കുമ്പോൾ പെണ്ണുങ്ങളുടെ ഒരെഴുത്. രണ്ടിന്റെയും കയ്യിൽ ഒറ്റ കുത്തങ്ങു വെച്ച് കൊടുക്കണം എന്നുണ്ടാർന്നു.
ഒന്നും എഴുതാതെ ചുമ്മ തലയൊന്നു വെട്ടിച്ചു അവരുടെ ഉത്തര കടലാസുകളിൽ വെറുതെ ഒന്നു പാളി നോക്കി. ഒരു കോതക്ക് ഫിസിക്സും മറ്റേ കോതക്ക് ബോട്ടണിയും ആണെന്ന് പിടി കിട്ടി.
എന്റെ നോട്ടം കണ്ടിട്ട് ആണെന്ന് തോന്നുന്നു ഇടതു വശത്തെ പെണ്ണ് കൈ വച്ചു മറച്ചു പിടിക്കുന്നു. ശേ " മൂന്നു പേർക്കും മൂന്നു വിഷയം ആണ് പിന്നെ എന്തിനാണ് ഈ പെണ്ണിങ്ങനെ ഒരു കൈ വച്ചു മറച്ചു പി ടിക്കുന്നത്. ആ പെണ്ണുങ്ങൾ അല്ലെ ജാതി '"കുശുമ്പ്, കുശുമ്പ് '".അരയിലുള്ള ഒരു കെട്ടു കോപ്പിയെടുത്തു ഇവളുമാരുടെ പേപ്പറിന്റെ അടിയിൽ വച്ചു രണ്ടെണ്ണത്തിനെയും അങ്ങു പിടിപ്പിക്കണം,.മരക്കഴുതകൾ അതും പഠിപ്പിസ്റ്റുകൾ.
സമയം ഒരു മണിക്കൂർ പിന്നിട്ടിരിക്കുന്നു.
എക്സാം തീരുവാൻ ഇനിയും ഒന്നര മണിക്കൂർ കൂടി കഴിയണം.
ഞാനൊന്നുടെ തിരിഞ്ഞൊന്നു നോക്കി അവന്മ്മാര് അഞ്ചും ഒടുക്കത്തെ എഴുത്തു തന്നെ. അവരുടെ എഴുത്തു കണ്ടപ്പോൾ എനിക്കു സഹിക്കാൻ കഴിഞ്ഞില്ല. മുന്നിലിരിക്കുന്ന എനിക്കു കോപ്പി ഒന്നനക്കാൻ പോലും കഴിയുന്നില്ല.
അരക്കെട്ടിലിരുന്നു കോപ്പി തുണ്ടുകൾ പുറം ലോകം കാണാനായി വെമ്പൽ കൊള്ളുന്നുണ്ടായിരുന്നു.
എങ്ങാനും കോപ്പി അടിച്ചു പിടിക്കുകയാണെങ്കിൽ മാനം പോയത്‌ തന്നെ. അതും ഹാളിൽ ഭൂരിഭാഗം പെൺകുട്ടികൾ ആണ്, പോരാത്തതിനു ഏറ്റവും പുറകിൽ ഇരിക്കുന്ന അമ്മു നാട്ടുകാരി കൂടിയാണ് അപ്പൊ മൊത്തം നാറും എന്നതിൽ ഒരു സംശയവും വേണ്ട.
കയ്യിൽ ജയിക്കാനുള്ള ഒരു കെട്ടു കോപ്പിയുണ്ട് പക്ഷെ എന്താ പ്രയോജനം. ഞാവല് പഴുത്തപ്പോൾ കാക്കക്കു വായ് പുണ്ണ് തന്നെ.
"അനീഷേ സമയം ഇനിയും വൈകിയിട്ടില്ല
ഇപ്പോഴും നിനക്കു ജയിക്കാൻ കഴിയും "
ഉള്ളിൽ ഇരുന്നു ആരോ മന്ത്രിക്കുന്നത് പോലെ എനിക്കു തോന്നി.
'"ആരെ നീ ഭയക്കുന്നത് എടുത്തു പെരുക്കു മോനേ ജയം നിന്റെ കൂടെ. '"
വീണ്ടും എന്റെ ഉള്ളിലിരുന്നു അവൻ ശക്തിയായി മന്ത്രിച്ചു.
അതെ ഞാൻ ആരെ ഭയക്കണം.
എനിക്കു ജയിച്ചേ മതിയാകു.
ഹോ ഈ സമയത്തു തന്നെ എനിക്കു നല്ലൊരു മോട്ടിവേഷൻ തന്ന എന്റെ ഉള്ളിലിരിക്കുന്ന എന്നോട് തന്നെ ഞാൻ നന്ദി പറഞ്ഞു.
ചുറ്റും നോക്കി ഹാളിലാകെ വല്ലാത്തൊരു നിശബ്ദത പടർന്നിരിക്കുന്നു. കവിത ടീച്ചർ ഏതോ ഒരു ബുക്കും പിടിച്ചു ജനലരികിൽ നിൽപ്പുണ്ട്.
ആരും ഇതുവരെ കുഴപ്പം ഒന്നും കാണിക്കാത്തത് കൊണ്ടാണ് എന്നു തോന്നുന്നു ടീച്ചറും അധികം ആരെ ശ്രദ്ധിക്കുന്നില്ല.
ഇതു തന്നെ അവസരം, ഞാൻ പിന്നോട്ടൊന്നു ആഞ്ഞു ഒന്നു കുനിഞ്ഞു ഇടതു കയ്യ് ബഞ്ചിൽ കുത്തി,ശേഷം വായുവിലൂടെ നേരെ ഷർട്ട്‌ ഒന്നു പൊന്തിച്ചു ചൂണ്ടാണി വിരൽ കൊണ്ടു ഒരു കെട്ടു കോപ്പി ഉള്ളം കയ്യിലാക്കി സുരക്ഷിതമായി question പേപ്പറിന്റെ അടിയിലെത്തിച്ചു.
എന്റെ ഈ സാഹസം എന്തോ എന്റെ വലതു വശത്തിരുന്നവൾക്കു അത്രേ പിടിച്ചില്ല, അവൾ ചാണകത്തിൽ ചവുട്ടിയ ഒരു ഭാവത്തോടെ എന്നെയൊന്നു നോക്കി. ഞാനും വിട്ടില്ല ഞാനും തിരിച്ചും കനപ്പിച്ചൊന്നു നോക്കി.
അല്ലെ അവളുടെ അപ്പന്റെ കോപ്പി ഒന്നുമല്ലല്ലോ, എന്റെ കോപ്പി എന്റെ എക്സാം, ഞാൻ എഴുതും നല്ല ഭംഗിയായി എഴുതും.
ഞാൻ എടുത്ത കോപ്പിയുടെ കെട്ടിൽ ഒരു ഇരുപത് കഷ്ണങ്ങൾ ഉണ്ട്. ഞാൻ അവയെല്ലാം ഓരോന്നും സൂക്ഷ്മം നോക്കി ഉത്തരക്കടലാസിൽ പകർത്തുമ്പോൾ ആണ്,
ടീച്ചർ അഡിഷണൽ ഷീറ്റ്. '"
എന്റെ അടുത്തിരുന്നവളിൽ ഒരുവൾ വിളിച്ചു കൂവി.
വെടിയുണ്ട കണക്കെ ടീച്ചർ പാഞ്ഞു വരുന്നു.
ഹോ മേലാസകലം ഒരു വിറയൽ ഉണ്ടായിരുന്നെങ്കിലും തെല്ലിട സംശയം കൊടുക്കാതെ ഞാൻ കോപ്പിയോക്കെ ഭദ്രമായി തന്നെ ഇരുത്തി.
അഡിഷണൽ ഷീറ്റ് വാങ്ങിയ ആ പിശാശിനെ ഞാനൊന്നു ഇരുത്തി നോക്കി. അവളെന്നെ നോക്കാതെ വീണ്ടും എഴുത്താരംഭിച്ചു.
ഏതവനാട ഈ അഡിഷണൽ ഷീറ്റ് കണ്ടുപിടിച്ചത് എന്നു മനസിൽ പ്രാകികൊണ്ട് ഞാൻ വീണ്ടും എഴുത്താരംഭിച്ചു.
അങ്ങനെ ജന്മസുകൃതം കൊണ്ടോ കാർന്നോൻമാരുടെ പുണ്യം കൊണ്ടോ ആദ്യത്തെ കോപ്പി ഞാൻ അങ്ങനെ വിജയകരമായി പൂർത്തിയാക്കി.
രണ്ടാമത്തെ കെട്ടു എടുക്കാൻ ഞാൻ വീണ്ടും ഒരു ശ്രമം നടത്തി. ഷർട്ട്‌ നൈസ് ആയിട്ടു പൊക്കി കോപ്പി കൈക്കുള്ളിലാക്കാൻ ഞാൻ നോക്കി. എന്റെ നിർഭാഗ്യം കൊണ്ടോ എന്തോ
ഒന്നിൽ പിടിച്ചു വലിച്ചപ്പോൾ ഒന്നിന്റെ കൂടെ മൂന്നു കെട്ടു എക്സ്ട്രാ പോന്നു. പുറകെ പോന്ന കെട്ടുകൾ മൂന്നും താഴേക്ക്‌ വീണു. കോപ്പി കെട്ടുകൾ വീണതും പെണ്ണുങ്ങൾ രണ്ടും എഴുത്തു നിർത്തി താഴേക്ക്‌ നോക്കി. ഞാൻ ഒന്നു ഇളിച്ചു കൊണ്ടു അവരെ ഇരുവരെയും നോക്കി. മുന്നിലെ ബഞ്ചിൽ എന്തോ പന്തികേട്‌ തോന്നിയ ടീച്ചർ ശരം വിട്ടത് പോലെ പുറകിൽ നിന്നു വരുന്നത് ഞാൻ കണ്ടു. കയ്യിലൊരു കെട്ടും താഴെ വീണ മൂന്നു കെട്ടും പിടിക്കപെടുമെന്നു തോന്നിയപ്പോൾ ഞാൻ വേറെ ഒന്നും നോക്കിയില്ല.
'"ദേ പഴുതാര '!
പഴുതാര എന്നു കേട്ടതും" അയ്യോ '
എന്നു പറഞ്ഞു ബഞ്ചും തട്ടി മറച്ചു സുന്ദരികോതകൾ രണ്ടും കൂടി ഇരുന്നിടത്തു നിന്നും വായുവിൽ കുതിച്ചു പൊങ്ങി.
ഈ സമയം തന്നെ എനിക്കു
അധികം വേണ്ടി വന്നില്ല, ഒരു നിമിഷം കൊണ്ടു താഴെ വീണ കോപ്പി കെട്ടുകളും കയ്യിലുണ്ടായിരുന്നതും കൂടി ഞാൻ ഉൾ ബനിയനിൽ ഇട്ടു അങ്ങോട്‌ എസ്‌കേപ്പ് ആയി.
എന്താ എന്തു പറ്റി '" ടീച്ചർ ഓടി വന്നു ചോദിച്ചു.
ബഞ്ചിൽ ഒരു പഴുതാരയെ കണ്ടു ടീച്ചറെ,
ഞാൻ തട്ടി വിട്ടു.
അതിനാണോ നിങ്ങൾ ഇങ്ങനെ ബഹളം വച്ചത് എന്നു പെണ്ണുങ്ങളോട് ടീച്ചർ ചോദിച്ചു.
ഞങ്ങൾ പേടിച്ചു പോയി മിസ്സ്. അവർ മറുപടി പറഞ്ഞു.
ഉം, അതു പോയിക്കാണും, നിങ്ങളിരുന്നു എഴുതാൻ നോക്കു.
തന്റെ പേപ്പർ ഒന്നു തന്നെ '"
എന്റെ ആൻസർ ഷീറ്റും question പേപ്പറും അടപടലം ടീച്ചർ അങ്ങു പരിശോധിച്ചു.
പെണ്ണുങ്ങൾ രണ്ടുപേരും പരസ്പരം തറയിൽ നോക്കിയിട്ടു എന്റെ മുഖത്തു നോക്കി.
ഞാൻ അവരെയൊന്നു നോക്കി '"ഏനിതൊന്നും അറിഞ്ഞതേയില്ലല്ലോ " എന്ന ഭാവം പൂണ്ടു.
സംശയാസ്പദമായി ഒന്നും കിട്ടാത്തത് കൊണ്ടു ടീച്ചർ എന്റെ ആൻസർ ഷീറ്റും question പേപ്പറും തിരികെ തന്നു.
രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിൽ ഞാൻ ഇരുന്നു.
പഠിപ്പികൾ രണ്ടും പഴുതാര ഉണ്ടെന്ന ഭയത്തോടെ ചുറ്റും വീക്ഷിച്ചു കൊണ്ടു വീണ്ടും എഴുത്തു തുടങ്ങി.
ടീച്ചർ തിരികെ പോയ തക്കം നോക്കി ഞാൻ ജീൻസിന്റെ പോക്കെറ്റിൽ നിന്നും മറ്റൊരു കെട്ടെടുത്തു ആൻസർ ഷീറ്റിനു അടിയിലെത്തിച്ചു.
അങ്ങനെ കുറച്ചു വിഷമം നേരിട്ടെങ്കിലും വളെരയധികം ഭംഗിയായി എക്സാം എഴുതാൻ കഴിഞ്ഞു എന്നു പറയാം.
എക്സാം കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ പെണ്ണുങ്ങൾ രണ്ടും തൊട്ടപ്പുറത്തു മാറി നിന്നു ചുരിദാറിന്റെ ഷാൾ പരിശോധിക്കുന്നു,ചെവിയിൽ നോക്കുന്നു, ഒരുത്തി മറ്റൊരുത്തിയുടെ മുടിയുടെ ഇടയിൽ പരതി നോക്കുന്നു. അങ്ങനെ തകൃതി തന്നെ.
ഇല്ലാത്ത പഴുതാരയെ തപ്പി അവർ രണ്ടും ചികഞ്ഞു നിൽക്കുന്നത് കണ്ടപ്പോൾ ഞാൻ മനസ്സിൽ പറഞ്ഞു.
ഇന്നു 'പഴുതാര '" നാളെ ചിലപ്പോൾ ദിനോസറു വരെ ഉണ്ടാകും.
Aneesh. pt

സൂര്യതേജസ്സുള്ള പെൺകുട്ടി

സൂര്യതേജസ്സുള്ള പെൺകുട്ടി
*****************************
ട്രെയിൻ അല്പം ഒച്ചയോടെ നിരങ്ങി നിന്നപ്പോഴുണ്ടായ അസ്വസ്ഥതയിൽ ഞാൻ കണ്ണു തുറന്നപ്പോൾ ആളുകൾ ധൃതിയിൽ തള്ളിക്കയറുകയും, തങ്ങളുടെ സ്ഥാനം ഉറപ്പിക്കാനും, ബാഗുകളും മറ്റും ഒതുക്കി വക്കാനുമുള്ള തിടുക്കത്തിലായിരുന്നു. അല്പം ഉയരം കുറഞ്ഞു, വട്ടമുഖമുള്ളൊരു ചെറുപ്പക്കാരി സ്ത്രീ, ഒരു ഷോൾഡർ ബാഗും ഒതുക്കി പിടിച്ച് മറ്റൊന്ന് കയ്യിലും തൂക്കി, എന്റെ അഭിമുഖമായി വന്നിരുന്നു.
ഉറക്കം നഷ്ടപ്പെട്ട ഞാൻ, ബാഗിൽ നിന്നും ഫ്ലാസ്കെടുത്തു അല്പം ചുക്കുവെള്ളം കുടിച്ചു. ആകസ്മികമായാണ് ഞങ്ങളുടെ കണ്ണുകൾ കൂട്ടിമുട്ടിയത്.. ഞാൻ എന്തോ ചിന്തിക്കുന്ന കണ്ടിട്ടാവണം പതിഞ്ഞ ശബ്ദത്തിൽ അവൾ പറഞ്ഞു. "അതെ, ഞാൻ അവൾ തന്നെ.. പഴയ സൂര്യ. തീർത്തും വാടിയ മുഖവും പതിഞ്ഞ സ്വരവും...
പതിയെ ഒരു ഞെരുക്കത്തോടെ ചലിക്കാൻ തുടങ്ങിയ ട്രെയിനേക്കാൾ, ഒരുപാട് വേഗതയോടെ എന്റെ ഓർമ്മകൾ ഓടി എത്തിയത് ഞങ്ങളുടെ യു പി സ്കൂളിലെ ആനിവേഴ്സറി ആഘോഷം നടക്കുന്ന സ്റ്റേജിനു പിറകിലെ ഗ്രീൻ റൂമിലേക്കായിരുന്നു.
ഞാനന്ന് ആറാം ക്ലാസ്സിൽ, എല്ലാ ഒരുക്കങ്ങളും തീർന്ന് മേക്കപ്പ് സാധനങ്ങളൊക്കെ ബോക്സിലാക്കി ഞങ്ങൾ സംഘനൃത്തക്കാർ പത്തുപേരും അടുത്ത ചെസ്റ്റ് നമ്പർ കാത്ത് നിൽക്കുന്നു. അപ്പോഴാണ് ആറാം ക്ലാസ്സിലെ വേറെ ഡിവിഷനിലെ ഏതോ ഒരുകുട്ടി എന്റടുത്തോട്ടു ഓടി വന്നിട്ട് "നിങ്ങളുടെ മേക്കപ്പ് കഴിഞ്ഞതല്ലേ,ആ ലിപ്സ്റ്റിക്കും, ഐ ബ്രോ പെൻസിലും ഒന്നു തരോ " എന്ന് ചോദിച്ചു...
"അയ്യോ !! ഞങ്ങൾ എല്ലാം പാക്ക് ചെയ്തു ബോക്സിലാക്കി, ഇപ്പോ ഞങ്ങളെ വിളിക്കും ഇനി അത് എടുക്കാൻ സമയമില്ലല്ലോ... "ഞാൻ കൈമലർത്തി
"ആരുടേലും ഒന്നു വാങ്ങിത്താ, അടുത്തത് ഞങ്ങളുടെയാ ".. വന്നവൾ വെപ്രാളത്തോടെ പറഞ്ഞു..
ഞാൻ ഒന്നു ചുറ്റും നോക്കി, അവിടൊരു കുട്ടി "ഒരു മുറയ്‌ വന്ത് പാർത്തായാ... "കളിക്കാനായി മേക്കപ്പ് ഇട്ടോണ്ടിരിക്കുന്നു..
അവരുടെ മേക്കപ്പ് സഹായിയോട് ഞാൻ ചോദിച്ചു... "ആവശ്യം കഴിഞ്ഞെങ്കിൽ, ആ ലിപ്സ്റ്റിക്കും, ഐ ബ്രോ പെൻസിലും ഒന്നു തരുവോ?"
അത് വാങ്ങി, അങ്ങോട്ട്‌ കൈമാറിയതും ഞങ്ങളുടെ ചെസ്റ്റ് നമ്പർ വിളിച്ചതും ഒരുമിച്ചായിരുന്നു...
സ്റ്റേജിൽ എത്തിയതും, താളത്തിനൊപ്പം ചുവടുവെച്ചു, കളിച്ചു തിമിർത്തു. അത് കഴിഞ്ഞതും ഞങ്ങൾ ടീച്ചറുടെ നിർദേശപ്രകാരം ഓഡിയൻസിന്റെ കൂടെ ഇരുന്നു. അടുത്തഇനം കഴിഞ്ഞു ഒരു ക്ലാസ്സിക്കൽ ഡാൻസും കഴിഞ്ഞു, സമ്മാനദാനത്തിന് വരിയായി നിൽക്കുമ്പോഴാണ് അറിഞ്ഞത്, സ്പോർട്സ് ഡേ യുടെ സമ്മാനവും ഇവിടെ കൊടുക്കുന്നുണ്ടെന്ന്.. എന്തായാലും ഇഷ്ടപ്പെട്ട രണ്ട് കളർ സോപ്പ് പെട്ടിയുമായി ക്ലാസ്സിലേക്കുള്ള നീണ്ട വരാന്തയിലൂടെ തിടുക്കത്തിൽ നടക്കുമ്പോൾ എതിരെ വരുന്നു നമ്മുടെ നാഗവല്ലി. ദോഷം പറയരുതല്ലോ.. നല്ല പ്രകടനമായിരുന്നു അവളുടേത്‌.. "ദാ, ആ ചേച്ചിയല്ലേ " എന്നെ നോക്കിയാണത് പറഞ്ഞതെന്നുറപ്പുവരുത്താൻ ഞാൻ പിന്തിരിഞ്ഞു നോക്കി, പിറകിൽ ആരും ഇല്ല. എന്നെത്തന്നെ !!
"ആ ചിലങ്കകൾ കിലുങ്ങി കിലുങ്ങി, എന്റടുത്തെത്തിയതും, ഒരു ചോദ്യം...
"ചേച്ചി, ഞാൻ സൂര്യ, എന്റെ ലിപ്സ്റ്റിക്കും, ഐബ്രോ പെൻസിലും ചേച്ചി വാങ്ങിയിരുന്നു, അത് തിരിച്ചു താ...
ഓഹ് !! അതാണോ, ഒരൊറ്റ മിനിറ്റ് ഞാനിപ്പോ കൊണ്ടരാം.
ചാരിയിട്ട ഗ്രീൻ റൂമിന്റെ വാതിലിനപ്പുറം, ഡ്രസ്സ്‌ മാറുകയും സാധനങ്ങൾ പാക്ക് ചെയ്യുകയും, സാരി മറകെട്ടി പല പല കൊച്ചു സംഘങ്ങൾ... ഞാൻ തേടിയ മുഖം അവിടൊന്നും കണ്ടതുമില്ല, പേരുപോലും ഞാൻ ചോദിച്ചില്ലല്ലോ എന്ന് അപ്പോഴാണ് ഞാൻ ഓർത്തത്... ക്ലാസ്സിന്റെ പേര് പറഞ്ഞപ്പോൾ," അവരൊക്കെ നേരത്തെ പോയല്ലോ" എന്ന് ആരോ പറഞ്ഞപ്പോൾ വെള്ളിടി വെട്ടിയ പോലെ തരിച്ചു നിൽക്കാനേ എനിക്കായുള്ളു..
തിരികെ വന്നു സൂര്യയോട് കാര്യം ധരിപ്പിച്ചപ്പോഴാണ് ഞാൻ ഗംഗയിൽ നിന്ന് നാഗവല്ലിയിലേക്കുള്ള പകർന്നാട്ടം ശരിക്കും അടുത്ത് കണ്ടത്... അഴിഞ്ഞുലഞ്ഞ മുടിയും, വിയർപ്പിൽ പടർന്നു തുടങ്ങിയ മേക്കപ്പും തീപാറുന്ന കണ്ണുകളും എന്നെ ശരിക്കും തളർത്തിക്കളഞ്ഞു..
"നാളെ കഴിഞ്ഞാൽ പരീക്ഷയല്ലേ .. ഞാൻ അവളുടെ കയ്യിന്നു വാങ്ങിത്തരാം".
എങ്ങനെയോ ഞാൻ വിക്കിവിക്കി പറഞ്ഞൊപ്പിച്ചു... കരച്ചിലിന്റെ വക്കോളമെത്തിയ അവൾ, നിരാശയോടെ തിരിഞ്ഞു നടന്നു..
ഒരാഴ്ചത്തെ സ്റ്റഡിലീവ് തീർന്ന് പരീക്ഷ തുടങ്ങിയ അന്ന്... ആദ്യം പോയത് അവളെ കാണാനായിരുന്നു... ആ പേരറിയാത്ത ആ മുഖം തേടി... എന്നെ കണ്ടതും അവൾക്ക് യാതൊരു പരിചയഭാവവും ഇല്ലാത്തത് എന്നെ അല്പമൊന്നു കുഴക്കി.
"കുട്ടി, അന്ന് പരിപാടിയുടെ അന്ന് ഞാൻ നിങ്ങൾക്കൊരു ലിപ്സ്റ്റിക്കും ഐബ്രോ പെൻസിലും വാങ്ങി തന്നില്ലേ... അതിങ്ങു തരൂ, ആ സൂര്യയുടെയാ അത്. അവൾക്കു കൊടുക്കണം.. "ഞാൻ കാര്യം പറഞ്ഞു.
"എനിക്കറിയില്ല, അത് ഞാൻ എനിക്കുവേണ്ടി വാങ്ങിയതല്ല, ക്ലാസ്സിലെ മറ്റൊരു കുട്ടിക്കാ,അവള് വരട്ടെ ചോദിക്കാം.
പരീക്ഷക്ക്‌ ക്ലാസ്സിൽ കയറാനുള്ള ബെല്ലടിച്ചതും, ഞാൻ എന്റെ ക്ലാസ്സിലേക്കോടി.. ആവർത്തിച്ച് പഠിച്ച ചോദ്യങ്ങൾ പോലും എന്റെ മുൻപിൽ അപരിചിതരായപ്പോൾ എന്റെ പേന എന്തൊക്കെയോ പേപ്പറിൽ എഴുതുന്നത് ഞാൻ അറിയാതെ സംഭവിച്ചതാണോ... അറിയില്ല.. കത്തി ജ്വലിച്ച സൂര്യയുടെ കണ്ണുകൾ എന്നെ പിന്തുടരുന്നതിനാൽ എന്റെ കൈ വിറക്കുന്നപോലെയോ, തൊണ്ട ഇടറുന്നപോലെയോ ഒക്കെ തോന്നിപ്പോയി.
പരീക്ഷ കഴിഞ്ഞു, അവരുടെ ക്ലാസ്സിലെത്തിയതും പരുങ്ങലോടെ അവൾ വന്നു പറഞ്ഞു... "സത്യം പറയാലോ, അത് ഞങ്ങളുടെ കൈയിൽ ഇല്ല, എങ്ങിനെയോ അന്ന് അത് ഞങ്ങളുടെ പക്കൽ നിന്ന് കളഞ്ഞു പോയി "
കാൽ ചുവട്ടിലെ മണ്ണ് മൊത്തം ഒലിച്ചു പോവുന്ന പ്രതിഭാസം അനുഭവപ്പെട്ടെങ്കിലും, സൂര്യ ഉച്ചക്ക് പരീക്ഷക്ക്‌ വരുമ്പോഴേക്കും ഞാൻ എങ്ങനെയോ വീട്ടിലേക്കുള്ള വഴിയിലേക്ക് ഓടികയറി... അങ്ങനെ പരീക്ഷയെല്ലാം കഴിഞ്ഞു സ്കൂളും പൂട്ടി..
എല്ലാം മറന്നൊരു മധ്യവേനലവധി തിമിർപ്പിൽ ആറാടി, ഒരു ജൂൺ മഴയിൽ കുടയും ചൂടി നനഞ്ഞു കുതിർന്നു സ്കൂളിലേക്ക്, കാലെടുത്തു വെച്ച എന്നെ വരവേൽക്കാൻ തീ പാറുന്ന രണ്ട് ഉണ്ടക്കണ്ണുകൾ കാത്തിരിക്കുന്നുണ്ടായിരുന്നു.
"ചേച്ചീ, അവൾ എന്റെ അരികിലേക്ക് ഓടിവന്നു...
ഞാൻ ഞെട്ടലോടെ ചോദിച്ചു...
"എന്താ "?
"അന്ന് തന്ന സാധനങ്ങൾ കൊണ്ടുവന്നിട്ടുണ്ടോ "?
പരീക്ഷക്ക് കാണാൻ പറ്റിയില്ല...
"അത്... അത് പിന്നെ, അവർക്ക് അതേപ്പറ്റി അറില്ലെന്നാ പറയണേ... എങ്ങനെയോ വേറെ ആരുടെയോ കൈയിൽ നിന്ന് പോയെന്ന്... ""
"പോയെന്നോ "?
അവൾ കരച്ചിലിന്റെ വക്കോളമെത്തിയെന്ന് മനസ്സിലായി...
"എന്റെ അരങ്ങേറ്റത്തിന്, അമ്മ പണിക്കുപോന്ന വീട്ടിലെ സാറ് ഗൾഫിന്നു വന്നപ്പോൾ കൊണ്ടുവന്നു തന്ന മേക്കപ്പ് കിറ്റിലെയാ അത് "...ഒറ്റത്തവണ ഉപയോഗിച്ചിട്ടേ ഉള്ളൂ... എനിക്കത് വേണം !!
അവളുടെ കരച്ചിൽ ക്ലാസ്സുകൂടാനുള്ള കൂട്ടമണിയിൽ മുങ്ങിപ്പോയെങ്കിലും എന്റെയുള്ളിൽ അവ പ്രതിധ്വനിച്ചു കൊണ്ടിരുന്നു !!
ഒടുവിൽ ഞാൻ കാര്യം വീട്ടിൽ അവതരിപ്പിച്ചു ..
ഒരാഴ്ചക്ക് ശേഷം, അമ്മയോടൊത്തു ടൗണിൽ പോയപ്പോൾ സ്വര്ണനിറമുള്ള കുത്തുകളുള്ള കവറിലെ നല്ല വിലപിടിപ്പുള്ള ലിപ്സ്റ്റിക്കും, ഭംഗിയുള്ള ഒരു ഐബ്രോ പെൻസിലും വാങ്ങിത്തന്നു.
ഒരുദിവസം അത് കൈയിൽ വെച്ചു ഭംഗിനോക്കിയും താലോലിച്ചും പിറ്റേന്ന് അതവൾക്കു കൈമാറി..
പിന്നീട് ക്ലാസ്സ് വേറെ ഭാഗത്തേക്ക്‌ മാറ്റിയതിനാൽ അധികം അവളെ കാണാറില്ലെങ്കിലും .. ഇടക്കൊക്കെ ക്ലാസ്സ്‌ വരാന്തകളിൽ, വാലിട്ടെഴുതിയ ഉണ്ടക്കണ്ണുകളും ഇരുവശവും പിന്നിയിട്ട ഉള്ളുള്ള നീളൻ മുടി യുമായി അവളെന്നെ കടന്നു പോവുകയും ചെയ്തിരുന്നു...
പിന്നെ ഇന്നാണ് ...
ഓർമകളിൽ നിന്നും തിരിച്ചു വന്ന ഞാൻ, മിഴികൾ ഉയർത്തിയപ്പോൾ അവൾ ചാരിയിരുന്നൊരു മയക്കത്തിലാണ്...
മുഖത്തു പഴയ തിളക്കമില്ല, കൺതടങ്ങൾ ആകെ കരുവാളിച്ചിരിക്കുന്നു.. ക്ഷീണിച്ച മുഖം, തോള് വരെ എത്തിനിൽക്കുന്ന മുടി... ഞാൻ അത്ഭുതത്തോടെ അവളെനോക്കി... അവൾ മെല്ലെ കണ്ണു തുറന്നു... ഒരു വിളറിയ പുഞ്ചിരി സമ്മാനിച്ചു കൊണ്ടെന്നെ നോക്കി...
"എന്താ ഇങ്ങനെ നോക്കുന്നെ ചേച്ചീ... "
ഞാൻ ഓർക്കുവായിരുന്നു... ഓരോന്ന്... നിന്റെ പാട്ടും, നൃത്തവും .. പഴയ കാലവും എല്ലാം...
"നൃത്തം" !!!
അവൾ പുച്ഛത്തോടെ ചിറികോട്ടി...
"എന്ത് പറ്റി നിനക്ക് സൂര്യാ..".
"വല്ലാതെ മാറിപ്പോയി നീ"...
അറിയാതെ ഉതിർന്നുപോയ രണ്ടുതുള്ളി കണ്ണുനീർ വിരൽത്തുമ്പാൽ തുടച്ചു കൊണ്ട് അവൾ തുടർന്നു...
"ചേച്ചിക്കറിയാലോ, അച്ഛൻ ഉപേക്ഷിച്ചു പോയ ഞങ്ങളുടെ വീടിന് ഏക ആശ്രയം അമ്മയായിരുന്നു. ഞാൻ പ്രീഡിഗ്രി ക്കു പഠിക്കുന്ന സമയത്ത് അമ്മക്ക് പെട്ടെന്നൊരു ആക്‌സിഡന്റ് പറ്റി, ഒരുപാട് ചികിത്സക്കു ശേഷം ജീവൻ തിരിച്ചു കിട്ടിയെങ്കിലും അമ്മ ആകെ അവശയായിപ്പോയി, ആ സമയത്താണ് എനിക്കൊരു കല്യാണാലോചന വരുന്നത്... നല്ല പണക്കാരനായ ഒരു ബിസിനസ്‌കാരന്റെ ഇളയ മകൻ.. അവർക്ക് നല്ല കുട്ടിയായാൽ മാത്രം മതി, സ്വത്തും, പണവും ഒന്നും വേണ്ടെന്ന ബ്രോക്കറുടെ വാക്കുകളിൽ അമ്മ എന്റെ ഭാവിജീവിതം ഭദ്രമാക്കി... ഞാനും മൗനസമ്മതം കൊടുത്തു...
അവരുടെ, സുന്ദരനും മനോരോഗിയുമായ മകന് ചികിത്സയുടെ ഭാഗമായി വൈദ്യർ നിർദേശിച്ച അവസാന പരിഹാരമായിരുന്നു ആ വിവാഹം എന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും ഒരു കുഞ്ഞു ജീവൻ എന്നിൽ തുടിച്ചു തുടങ്ങിയിരുന്നു...
ചില ദിവസങ്ങളിൽ, ഭ്രാന്തിന്റെ എല്ലാ സംഹാരഭാവങ്ങളും എന്റെ മേൽ തീർത്തു കഴിയുമ്പോൾ മിക്കവാറും ഞാൻ പാതി ചത്തു കഴിഞ്ഞിരിക്കും. മുടിയിൽ പിടിച്ചു കറക്കി വലിച്ചു രസിക്കുന്നത് പതിവാക്കിയപ്പോൾ.. അവിടത്തെ അമ്മയെന്റെ മുടി വെട്ടികളഞ്ഞു... കണ്ണീരോടെ... ഒടുവിൽ നിറവയറോടെ അവിടന്നിറങ്ങിയ ഞാൻ തിരിച്ചു പോയില്ല...
ഇന്നെനിക്ക് എന്റെ മകനും, സുഖമില്ലാത്ത അമ്മയും മാത്രമേ ഉള്ളൂ.. ജീവനിൽ കൊതിയുള്ളത് കൊണ്ട് അയാളിൽ നിന്നും വിവാഹമോചനം വാങ്ങി, അവർ തന്ന നഷ്ടപരിഹാരത്തുക കൊണ്ട് കടമെല്ലാം തീർത്തു... എന്റെ ജീവന്റെ വില... എന്റെ ജീവിതത്തിന്റെ വില .. "
അവൾ സാരി കൊണ്ട് മുഖം പൊത്തി പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞു...
അന്ന് വിലപിടിപ്പുള്ളൊരു ലിപ്സ്റ്റിക്കിനും, പെൻസിലിനും വേണ്ടി വീറോടെ വാദിച്ചൊരു അഞ്ചാം ക്ലാസ്സുകാരി, സ്വന്തം ജീവിതം മറ്റാരോ ചവിട്ടിയച്ചുകളയും നേരം,നിന്റെ കണ്ണിലെ തീയും, വാക്കുകളിലെ തീക്ഷണതയും ... എവിടെപ്പോയൊളിച്ചു എന്ന ചോദ്യത്തിന് ഉത്തരം തേടുകയായിരുന്നു ഞാനപ്പോൾ....

സ്നേഹസേതു




Name of the Book
സ്നേഹസേതു Sneha Sethu
Name of the Authorഎൻ.കെ.അജിത്  ആനാരി
Place of PublicationPlace of Publication: തിരുവല്ല
State / Country: കേരളം
പുസ്തകം ലഭിക്കാൻ ബന്ധപ്പെടേണ്ട വിലാസംStreet Address: 301/B-Wing
Street Address Line 2: Poddar Park, Malad East
City: Mumbai
State: Maharashtra
Zip Code: 400097
Phone Number to Contact( 91) ( 022) 7738068270
പുസ്തകത്തിനെപ്പറ്റിയുള്ള വിവരങ്ങൾ കൊടുക്കുകവിവിധ ഗ്രൂപ്പുകളിൽ സമ്മാനം നേടിയ എന്റെ അമ്പത്തിയൊന്നു കവിതകളുടെ സമാഹാരം. 2017 ഡിസംബർ 12ന് പ്രശസ്ത കവി അനിൽ പനച്ചൂരാൻ പ്രകാശന കർമ്മം നിർവ്വഹിച്ചു. തികച്ചും അർത്ഥ സംപുഷ്ടവും ഛന്ദസ്സും ഉള്ള രചനകൾ തന്നെയാണ് സ്നേഹസേതു.

നമുക്ക് പാർക്കാൻ

നമുക്ക് പാർക്കാൻ
ഉള്ളം കാലുകളെ തണുപ്പിച്ചു കൊണ്ടുള്ള നീരൊഴുക്കിൽ ഭൂമിയുടെ മിടിപ്പറിഞ്ഞു കൊണ്ട് പ്രകൃതിയെ നോക്കിക്കാണുകയായിരുന്നു ഹിമ. സ്വപ്നത്തിലെന്ന പോലെയായിരുന്നു ആ ഇരുത്തം.
കണ്ണുകൾ തുറന്നിരുന്ന് ഉറങ്ങുന്ന പോലെ.
''സ്വപ്നം കണ്ടത് മതി ഹിമാ..., എന്തെങ്കിലുമൊക്കെ പറയ്"
" ആളും ബഹളവും ഒഴിഞ്ഞ എവിടേക്കെങ്കിലും പോകണം എന്ന് പറഞ്ഞിട്ട്... എന്നെ ഒറ്റക്കാക്കി ഇവിടെയെങ്ങുമില്ലാത്ത പോലെ നീ ഇരിക്കാൻ തുടങ്ങിയിട്ട് മണിക്കൂറെത്രയായി?
അലിയുടെ ഉച്ഛ്വാസം പിൻകഴുത്തിനെ തഴുകിയപ്പോൾ
ഹിമ മുഖം തിരിച്ചു.
" നിന്നിൽ നിറയെ ഞാനുള്ളപ്പോൾ നീയെങ്ങനാ അലീ ഒറ്റക്കാകുന്നേ?
അലിയുടെ ക്ഷീണിച്ചു കുഴിയിലേക്കാണ്ടു പോയ കണ്ണുകളിൽ ദുഃഖത്തിന്റേതായ ദൈന്യത നിറഞ്ഞു.
അലി രണ്ടു കൈകൾ കൊണ്ടും അവളുടെ മുഖം കോരിയെടുത്ത് ചുണ്ടുകൾ അവളുടെ ചുണ്ടുകളിലമർത്തി.
ചുണ്ടുകൾ തമ്മിൽ ചേർത്തടച്ചപ്പോൾ ഹിമയുടെ കവിളുകളിൽ തെളിഞ്ഞ നുണക്കുഴികളിൽ കണ്ണുനീർ ആഹ്ലാദമായി കവിഞ്ഞു.
"സ്നേഹത്തേക്കാൾ മനോഹരമായി ആത്മാവിനെ ജ്വലിപ്പിക്കുന്ന യാതൊന്നുമില്ല അല്ലേ അലി ...''
അവന്റെ നെഞ്ചിലെ ലാത്തിയുടെ മുറിപ്പാടുകളെ തലോടിക്കൊണ്ടവൾ ചോദിച്ചു.
''നിന്നെ അവർ ഒരുപാടുപദ്രവിച്ചോ? "
" ദൈവനാമത്തിൽ പതിച്ചു കിട്ടിയ തടവല്ലേ.
ഒറ്റ ദിവസം കൊണ്ട് തീവ്രവാദിയെന്ന് മുദ്ര കുത്തപ്പെട്ടവൻ."
ശരീരത്തോടൊപ്പം ആത്മാവും തടവിലായിരുന്നു.
ഭാവിയെക്കുറിച്ചുള്ള വിശ്വാസം നഷ്ടപ്പെട്ടപ്പോൾ രക്തത്തിന്റേയും മാംസത്തിന്റേയും സ്വപ്നങ്ങളുടേയും ആകെത്തുകയായ ജീവിതം കുറേ ചോദ്യങ്ങൾ മാത്രമായി.
മരിച്ച മനുഷ്യൻ മറ്റൊരു ലോകത്തു നിന്ന് നോക്കിക്കാണുന്നത് പോലെയായിരുന്നു ഓരോ കാഴ്ച്ചകളും.
അതിനിടയിൽ ശരീരത്തിൽ പതിഞ്ഞ ലാത്തിയുടേയും ബൂട്ട്സിന്റേയും പാടുകൾ വേദന മറന്നു തുടങ്ങി."
''എന്റെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. എന്റേതു മാത്രമെന്ന് ഊറ്റം കൊണ്ടിരുന്ന നാലു ചുവരുകൾ എനിക്കും തടവറയായി മാറുകയായിരുന്നു..
എന്നെ ചങ്ങലക്കിടാൻ തുടങ്ങിയവർക്ക് എന്റെ ചിന്തകളെ ചങ്ങലക്കിടാനായില്ല.
നമ്മളെന്തിനാ അലി മനുഷ്യരായി ജനിച്ചത്. ഒന്ന് പഠിച്ച് മറ്റൊന്ന് ചിന്തിച്ച് വേറോന്ന് പ്രവർത്തിക്കുന്ന മനുഷ്യൻ.
ദൈവമാണ് നമ്മിൽ സ്നേഹം നിറക്കുന്നതെങ്കിൽ അതേ ദൈവം പിന്നെന്തിന് നമുക്കിടയിൽ വേലിക്കെട്ടുകൾ തീർക്കുന്നു.
പ്രപഞ്ചമാകെ തുളുമ്പി നിൽക്കുന്ന ദൈവത്തിനെന്തിനാണ് ഇത്രയും മേൽവിലാസങ്ങൾ?
മനുഷ്യന്റെ ഏറ്റവും വലിയ അനാവശ്യങ്ങളിലൊന്നായ മതം തെറ്റായ മേൽവിലാസങ്ങൾ മാത്രം പറഞ്ഞു പഠിപ്പിക്കുന്നതെന്തിനാണ്?
നാം പ്രണയിക്കുമ്പോൾ നമ്മുടെ ദൈവങ്ങൾ എന്തിന് യുദ്ധം ചെയ്യണം.
മഴയും പൂക്കളും നക്ഷത്രങ്ങളും ചിത്രശലഭങ്ങളും ചേതോഹരമാക്കിയ ഈ ഭൂമിയിൽ,നമുക്ക് നാമായി ജീവിക്കാൻ പറ്റിയ ഏതെങ്കിലും ഒരു വർഗ്ഗത്തിലെ
ഇണകളായിരുന്നു നമ്മളെങ്കിൽ ... "
''ജീവിതം നിയമങ്ങളാൽ ബന്ധിക്കപ്പെട്ടതാണ് ഹിമാ..
ജീവിക്കുന്നവർ നിയമങ്ങളെ അനുസരിക്കേണ്ടവരും.
നിയമങ്ങളില്ലാത്തത് പ്രണയത്തിനും മരണത്തിനും മാത്രമാണ്. "
അലിയുടെ ചിന്താശൂന്യമായ കണ്ണുകളിൽ ചൈതന്യം കെട്ടുതുടങ്ങിയതായി അവൾക്ക് തോന്നി.
"നിനക്ക് മടങ്ങണോ അലി?"
"ഇവിടെ നിന്നോ? അതോ നമ്മിൽ നിന്നോ?
പിന്നിലേക്കൊരു വഴി ബാക്കി വെച്ചിട്ടല്ലല്ലോ ഹിമാ...
നമ്മൾ മുന്നോട്ട് നടന്നത്. ഇനി ഉണ്ടെങ്കിൽ തന്നെ ആ വഴി ഞാനെന്നേ മറന്നു പോയിരിക്കുന്നു ."
" നീ കേൾക്കുന്നുണ്ടോ അലീ? ഈ വെള്ളച്ചാട്ടത്തിന്റെ സംഗീതം. ആ പാട്ടിലലിഞ്ഞ് ഈ പാറക്കെട്ടുകളിറങ്ങി നമുക്കും ഒഴുകുന്ന പുഴയോടൊപ്പം ചേരാം."
യാതൊരു നിയമങ്ങൾക്കും വിധേയപ്പെടാത്ത സ്നേഹമെന്ന സ്വാതന്ത്യത്തിന്റെ അഹംഭാവത്തിൽ അവർ താഴോട്ടിറങ്ങിക്കൊണ്ടിരുന്നു
"ഇതാ എത്തിപ്പോയ് അലീ .... നമ്മളെത്തിപ്പോയി "
ശക്തമായ കിതപ്പിനിടയിൽ അവൾ വിളിച്ചു പറഞ്ഞു .
ശരീരത്തിന്റെ ഇടറൽ മാറാനായി അലി തെല്ലിട നേരം കണ്ണടച്ച് നിന്നു. ക്രമാതീതമായി ഉയരുന്ന നെഞ്ചിടിപ്പ്.
പതിയെ അവൻ ആഴം കുറഞ്ഞ വെള്ളത്തിൽ ആണ്ടു കിടക്കുന്ന ഹിമയുടെ അടുത്തേക്ക് നടന്നു.
തിരകളെത്ര ആവർത്തിച്ചാലും തളരാത്ത കടൽ പോലെയാണവൾ. ജ്വലിക്കുന്ന സ്നേഹത്താൽ ഹൃദയത്തിൽ മഞ്ഞു പെയ്യിക്കുന്ന അവളുടെ കണ്ണുകളിൽ എന്നത്തേയും പോലെയുള്ള ശാന്തതയുണ്ടായിരുന്നില്ല.
''ഈ ഇരുട്ടിനെന്തൊരു ഭംഗിയാണ് അലി. "
''എല്ലാം എടുത്തു കാണിച്ച് ശൂന്യത ശേഷിപ്പിക്കുന്ന വെളിച്ചത്തേക്കാൾ എന്തെങ്കിലും ഒളിപ്പിച്ചു വെച്ചു പ്രതീക്ഷക്ക് വക നൽകുന്ന ഇരുട്ടിന് തന്നെയാണ് ഭംഗി .
ഒഴുകുന്ന ഈ പുഴക്കറ്റം കടലാകും. ആ കടലും ആകാശവും കൂടിചേരുന്നിടത്ത് മനുഷ്യനോ അവന്റെ ദൈവങ്ങൾക്കോ എത്തിപ്പെടാനാകില്ല.
അവിടെ നമുക്ക് സ്വപ്നങ്ങളിലെ സ്വർഗ്ഗരാജ്യം പണിയാം. കടൽക്കാറ്റിന്റെ ഊഞ്ഞാലിലാടി നിലാവോളം ചിരിച്ച് കിനാവ് കണ്ടുറങ്ങാം."
അവളുടെ കണ്ണുകളിൽ നിന്നും പാളിക്കൊണ്ടിരുന്ന നക്ഷത്ര വെളിച്ചത്തിൽ അവിടമാകെ പ്രകാശം പരക്കുകയായിരുന്നു.
സ്വാതന്ത്ര്യം പ്രഖ്യാപിച്ച സ്നേഹം അവരുടെ ശരീരത്തെ
കൃത്രിമ നൂലുകളുടെ തടവറകളിൽ നിന്നും മോചിപ്പിച്ചു.
മുള പൊട്ടി തുടങ്ങിയ ആഹ്ലാദത്തിന്റെ അലകൾ എല്ലാ ഭിന്നങ്ങളിൽ നിന്നും വിടുതൽ നേടി പൂർണ്ണതയിലേക്കണയാൻ വെമ്പി.
എല്ലാ അതിരുകളും ചക്രവാളങ്ങളും മാഞ്ഞില്ലാതാകുന്ന നിശ്ച്ചല നിമിഷം.
കുങ്കുമം ചാർത്തിയ ആകാശത്തിന് കീഴെ,വെള്ളച്ചാട്ടത്തിന്റെ സംഗീതമരുളുന്ന ശാന്തതയിൽ, ഉടലോടുടൽ കെട്ടുപിണഞ്ഞ് രണ്ടുയിരുകൾ സ്നേഹത്തിന്റെതായ ഹർഷ മൂർഛയിൽ അറ്റമില്ലായ്മയുടെ അറ്റത്തേക്കൊഴുകിത്തുടങ്ങി....

Anju Shyam

എന്നാണ് എനിക്ക് കല്യാണ പ്രായമാകുന്നത്..

അമ്മയ്‌ക്കൊരു മരുമകളെ കൊണ്ടുവരട്ടെന്നു ഞാനമ്മയോട് ചോദിച്ചപ്പോ അമ്മപറഞ്ഞു..
നിനക്ക് പ്രായമാകുമ്പോൾ ഞാൻ പറയാമെന്നായിരുന്നു അമ്മയുടെ മറുപടി..
ഇതുകേട്ട് എന്റെ ഹൃദയമൊന്നു തകർന്നു ദൈവമേ എന്നാണ് എനിക്ക് കല്യാണ പ്രായമാകുന്നത്..
ഇനിയും വൈകിയാൽ അമ്മുവിനെ ആരെങ്കിലും കെട്ടികൊണ്ടുപോകും..
അതിനുമുൻപ് അമ്മയോട് എല്ലാം തുറന്നുപറയണം. അമ്മയുടെ പ്രതികരണം എങ്ങനെയാകുമെന്നറിയില്ലാ..
അമ്മയുടെ സ്വപ്നവും പ്രതീക്ഷയുമൊക്കെ ഞാനാണ്.
ആ ഞാൻ ഒരു പെണ്ണിനെ സ്നേഹിക്കുന്നുണ്ടെന്നു പറഞ്ഞാൽ അമ്മ എന്തുവിചാരിക്കും..
പടച്ചോനെ എനിക്കൊരു വഴികാണിച്ചു തരണേ..
ആ സമയത്താണ് ദൈവത്തെപോലെ അളിയന്റെയും പെങ്ങളുടെയും കടന്നുവരവ്..
പടച്ചോൻ എന്റെ വിളിക്കെട്ടെന്നു തോന്നുന്നു. അളിയനെ പിടിച്ചാൽ ചിലപ്പോ കാര്യം നടക്കും..
എന്തായാലും വൈകിട്ട് ഒരു ഫുള്ള് വാങ്ങണം ആ ഫുള്ളിന്റെ കൂടെ ഈ കാര്യവും പറഞ്ഞുനോക്കാം..
വൈകുനേരമായപ്പോ ഞാനൊരു ഫുള്ളും വാങ്ങി അരയിൽ വെച്ചിട്ട് വീട്ടിലേക്കു കയറിച്ചെന്നു..
എന്നെ കണ്ടപാടെ പെങ്ങൾ ചോദിച്ചു..'എന്താടാ രണ്ടാളുടെയും പരിപാടി..'
ഞാനവളോട് പറഞ്ഞു..'ഒരു പരിപാടിയും ഇല്ലെടി..'
'ഇല്ലാതിരുന്ന രണ്ടാൾക്കും കൊള്ളാം.'
പെങ്ങളാണത്രെ പെങ്ങൾ അളിയനെയൊന്നു സ്നേഹിക്കാനും സമ്മതിക്കില്ല..
ഇതൊക്കെ കണ്ടും കേട്ടും അളിയൻ അപ്പുറത്തിരുന്നു കണ്ണിറുക്കി കാണിച്ചു..
അല്ലെങ്കിലും അളിയൻ കണ്ണിറുക്കി കാണിച്ച ഞാനല്ലേ കാണാനുള്ള.
ഭാഗ്യത്തിന് എങ്ങനെയൊക്കെയോ അവളുടെ മുന്നിന്ന് രക്ഷപ്പെട്ടു. ഗ്ലാസും വെള്ളവുമെടുത്തു നേരെ പറമ്പിലേക്കുവിട്ടു..
അവിടെച്ചെന്ന് കുപ്പിയും ഗ്ലാസും താഴെവെച്ചിട്ട് ഓരോന്നു ഒഴിച്ചു അടിത്തുടങ്ങി..
അങ്ങനെ ഒന്നായി രണ്ടായി മൂന്നായി കുപ്പിയാണെങ്കിൽ കാലിയുമായി..
സാഹചര്യം ഒത്തുവന്നപ്പോ ഞാൻ അളിയാനോട് കാര്യം പറഞ്ഞു..
അളിയനെന്നെ ചേർത്തുപിടിച്ചിട്ടു പറഞ്ഞു..'ന്റെ അളിയനുവേണ്ടി ഞാനെന്തും ചെയ്യും..'
ശോ അളിയാനാണോ ഈ പറയുന്നത് അതോ അളിയന്റെ വയറ്റിൽ കിടക്കുന്ന ഈ സാധനമാണോ പറയുന്നത്..
ന്തായാലും ഹാപ്പിയായി ഇനി അളിയൻ നോക്കിക്കോളും അമ്മയോട് പറയുന്നകാര്യം..
അങ്ങനെ കലാപരിപാടികൾ കഴിഞ്ഞ് അളിയനെയും കൂട്ടി നേരെ അടുക്കളയിലേക്കു നടന്നു..
അവിടെ ചെന്നിരുന്നപ്പോ അമ്മയും പെങ്ങളും ചോറും കറിയും കൊണ്ടുവന്നു മുന്നിൽവെച്ചു..
എന്നിട്ടൊരു ചോദ്യവും..'രണ്ടാളും വെള്ളത്തിലായിരുന്നല്ലേ..'
ഒന്നും മിണ്ടിയില്ല മിണ്ടിയാൽ ചിലപ്പോ പണിപാളും..
അതുകൊണ്ടു മിണ്ടാതിരുന്നു ഭക്ഷണം കഴിക്കാൻ തീരുമാനിച്ചു..
അതിനിടയ്ക്ക് അമ്മ അളിയനോട് പറയുന്നതുകേട്ടു അത്യാവശ്യമായി നാളെ ഒരു സ്ഥലംവരെ പോകാനുണ്ടെന്നു...
അളിയൻ വന്നപ്പോഴെ വിചാരിച്ചതാ എന്തോ കാര്യമുണ്ടെന്ന്..
അമ്മ എന്നോടൊന്നും പറഞ്ഞതും ഇല്ല ഞാനൊന്നും കേട്ടതും ഇല്ല..
എന്താണാവോ പ്ലാൻ..
എന്തെങ്കിലും ആയിക്കോട്ടെ..
അളിയൻ എന്റെ കാര്യം അമ്മയോട് പറയുമെന്നു വിചാരിച്ച് ഞാൻ കാത്തിരുന്നു..
പക്ഷെ അളിയൻ എന്നെ പറ്റിച്ചു കളഞ്ഞു. അമ്മയോടൊന്നും പറഞ്ഞില്ല..
അളിയാ വെച്ചിട്ടുണ്ട് പണി ആരും കേൾക്കാതെ ഞാൻ മനസ്സിൽ പറഞ്ഞു.
പിറ്റേ ദിവസം രാവിലെ മൂന്നുപേരും നല്ല ഗ്ലാമറായി എങ്ങോട്ടോ പോകാനുള്ള പരിപാടിയാ..
ഞാൻ ചോദിച്ചിട്ടാണെങ്കിൽ ഒന്നും പറയുന്നുമില്ല. എന്നെയാണെങ്കിൽ വിളിക്കുന്നുമില്ല..
അത്രവലിയ ജാടയാണെങ്കിൽ എന്നോടൊന്നും പറയേണ്ടാ എന്നാ രീതിയിൽ ഞാനാവിടെയിരുന്നു അല്ലപിന്നെ..
മൂന്നുപേരും റെഡിയായി കാറിൽ കയറി വണ്ടി സ്റ്റാർട്ട് ചെയ്ത് പോകാൻ നേരത്ത് അമ്മയെന്നെ വിളിച്ചു..
ഞാൻ അമ്മയുടെ അടുത്തേക്ക് ഓടിച്ചെന്നപ്പോ അമ്മപറഞ്ഞു...
'പുറത്തുപോകുന്നുണ്ടെങ്കിൽ വീട് പൂട്ടിയിട്ടു പോകണം പിന്നെ പട്ടിയ്ക്കു ചോറുകൊടുക്കാൻ മറക്കേണ്ടാ..'
ഇതിനാണോ അമ്മയെന്നെ വിളിച്ചത്..
ഇതുകേട്ട് അളിയനും പെങ്ങളും എന്നെനോക്കി ചിരിക്കുന്നുണ്ടായിരുന്നു.
ചിരിക്കാൻ മാത്രം എന്താ ഉണ്ടായതു കലിപ്പിൽ ഞാനവരെയൊന്നു നോക്കി.
അവർ പോയപ്പോൾ ഞാനകത്തേക്ക് നടന്നു..
ആ സമയത്ത് എന്റെ മനസ്സിലൂടെ എന്തൊക്കെയോ ചോദ്യങ്ങൾ കടന്നുപോയി..
അവർ എങ്ങോട്ടാണ് പോയത്..
എന്താ എന്നെവിളിക്കാതെ പോയത്..
അമ്മയുടെ മുഖത്ത് പതിവില്ലാത്തൊരു ഗൗരവം കണ്ടപ്പോ എന്തോ വല്ലാത്തൊരു വിഷമം തോന്നി..
അങ്ങനെ വിഷമിച്ചിരിക്കുമ്പോഴാണ് എന്റെ ഫോണിലെക്കൊരു കാൾ വന്നത്..
നോക്കിയപ്പോ അമ്മുവാണ്..ഞാൻ ഫോണെടുത്തപ്പോ അവളെന്നോട് പറഞ്ഞു..'ധനു നീ എന്നോട് ക്ഷമിക്കണം..'
ക്ഷമിക്കാനോ എന്തിന്.'
ഇടറിയ ശബ്ദത്തിൽ അവളെന്നോട് പറഞ്ഞു..'എനിക്കൊരു കല്യാണാലോചന വന്നിട്ടുണ്ട് ഞാനതിന് സമ്മതം മൂളി..'
അവളതു പറഞ്ഞതും കൈയിലിരിക്കുന്ന ഫോണെടുതെറിഞ്ഞതും ഒരേ സമയത്തായിരുന്നു.
അത്രയ്ക്ക് വിഷമവും സങ്കടവും വന്നെനിക്ക് ആ സമയത്ത്..
പിന്നെ ഒന്നും നോക്കിയില്ല നേരെ വെച്ചുപിടിപ്പിച്ചു ചന്ദ്രേട്ടന്റെ ഷാപ്പിലേക്ക്..
ബോധം പോകുന്നവരെ ഞാൻ കുടിച്ചു. കൈയിലെ കാശ് തീർന്നപ്പോൾ പതുക്കെ വീട്ടിലേക്കു നടന്നു..
ഉള്ളിലെ വിഷമം മുഴുവൻ പാടിത്തീർത്തുകൊണ്ടാണ് എന്റെ നടത്തം..
"ഊറെ തെറിഞ്ചു കിട്ടെ ഉലകം പുരിഞ്ചു കിട്ടെ കണ്മണി എൻ കൺമണി..'
അങ്ങനെ പാടി പാടി വീടിനുമുന്നിൽ എത്തിയപ്പോഴാണ് അമ്മയും അളിയനും ഉമ്മറ തിണ്ണയിലിരിക്കുന്നത് കണ്ടത്...
ശോ അപ്പോഴാണ് ഓർത്തത് വീട് പൂട്ടി താക്കോൽ എന്റെ കൈയിലാണെന്ന്..
പടച്ചോനെ പണിപാളി ഇനി അമ്മയുടെ വായിന്നു എന്തൊക്കെ കേൾക്കോ എന്തോ..
ഞാൻ പതുക്കെ അവരുടെ അടുത്തേക്ക് നടന്നു കാലുകൾ ഞാൻ പറയുന്നത് അനുസരിക്കുന്നില്ല...
അങ്ങോട്ടും ഇങ്ങോട്ടും തെന്നിപോയിക്കൊണ്ടിരിക്കുന്നു.
അമ്മ എന്നെകണ്ടതുംദേഷ്യത്തോടെ ചോദിച്ചു താക്കോൽ എവിടെ..
ഞാൻ പോക്കറ്റിൽ നിന്നും താക്കോലെടുത്തു അമ്മയുടെ കൈയിൽകൊടുത്തത് മാത്രമേ എനിക്കോർമായുള്ളൂ..
ദേ കിടക്കുന്നു താഴെ.
ബോധം വന്നപ്പോ കണ്ടത് മുന്നിൽ നിൽക്കുന്ന അമ്മയെയാണ്..
കൈയിൽ മുറ്റമടിക്കുന്ന കുറ്റിച്ചൂലുമുണ്ട് ഞാൻ പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചു..
പടക്കോ പടക്കോ ന്ന് നാലെണ്ണം കിട്ടി..
വേദനിച്ചെങ്കിലും ഞാനമ്മയെ നോക്കി ചിരിച്ചു..
ആ ചിരി കണ്ടപ്പോ അടുത്ത് നിൽക്കുന്ന പെങ്ങൾക്കു ദേഷ്യംവന്നു..
അവളുടെ വക വേറെയും അകെ മൊത്തം ഒരു തൃശൂർ പൂരം നടന്നപോലെ..
അങ്ങനെ അടിയും ബഹളവും കഴിഞ്ഞ് ഞാൻ അമ്മയുടെ അടുത്തേക്ക് ചെന്നു..
എന്നിട്ടു അമ്മയെ ചേർത്തുപിടിച്ച് ഒരു സോറി പറഞ്ഞപ്പോൾ അമ്മയെന്നോട് പറഞ്ഞു..
'നിനക്കുവേണ്ടി ഞാനൊരു പെണ്ണുകാണാൻ പോയതായിരുന്നു. ഇനി ആ കുട്ടിയുടെ ജീവിതം ഞാനായിട്ട് നശിപ്പിക്കുന്നില്ല ഞാനതു വേണ്ടെന്നു പറയാൻ പോകുക..
ഇതുകേട്ട് ഞാനമ്മയോട് ചോദിച്ചു..
'പെണ്ണുകാണാനോ..?
അപ്പോഴാണ് അമ്മ പറഞ്ഞത്..
'മേശപ്പുറത്തു ആ കുട്ടിയുടെ ഫോട്ടോയിരിക്കുന്നുണ്ട് നീ പോയി നോക്ക്.
അത്ര നല്ല കുട്ടിയ്ക്ക് നിന്നെപോലൊരു കള്ളുകുടിയനെ കെട്ടിച്ചുതന്നാൽ ശരിയാവില്ല.'
ഞാൻ വേഗം ഹാളിലേക്ക് നടന്ന് മേശപുറത്തിരിക്കുന്ന ഫോട്ടോയെടുത്തു നോക്കിയപ്പോൾ..
ഞാനൊന്നു ഞെട്ടി അത് അമ്മുവിന്റെ ഫോട്ടോയായിരുന്നു..
ഞാൻ വേഗം അമ്മയുടെ അടുത്തേക്കോടി എന്നിട്ടു അമ്മയോട് പറഞ്ഞു..
'അമ്മേ ഞാനിനി കള്ളുകുടിക്കില്ല അമ്മയെന്നോട് ക്ഷമിയ്ക്ക്..'
എന്തൊക്കെ പറഞ്ഞിട്ടും അമ്മയ്‌ക്കൊരു കരുണ തോന്നുന്നില്ലല്ലോ..
ഇനി അമ്മുവിന്റെ വീട്ടിലേക്കു അമ്മ വിളിച്ചു വല്ലതും പറയോ..
പടച്ചോനെ അങ്ങനെയൊന്നും സംഭവിക്കല്ലേ പടച്ചോനെയൊന്നു വിളിച്ചുപോയി..
എന്റെ ഒച്ചയും ബഹളവും കേട്ട് അളിയനും പെങ്ങളും അടുക്കളയിലേക്കു ഓടിവന്നു..
അളിയനെയും പെങ്ങളെയും കണ്ടപ്പോ അമ്മയുടെ മുഖത്തൊരു ചിരി..
അപ്പോഴാണ് മനസ്സിലായത് ഇതൊക്കെ അമ്മയുടെ പ്ലാനിങ്ങായിരുന്നുവെന്ന്..
അതിനു കൂട്ടുനിന്നത് ന്റെ കുരുത്തംകെട്ടാ പെങ്ങളും അളിയനും..
ഫോണിലൂടെ അഭിനയിച്ചത് ന്റെ പ്രിയതമയും..
ഇവരുടെ പണിയിൽ പെട്ടുപോയതും തല്ലുകൊണ്ടതും ഈ പാവം ഞാൻ മാത്രം..
[എഴുതി ടച്ച് വിട്ടുപോയി...തെറ്റുകൾ ക്ഷമിക്കുക എല്ലാവരുടെയും സഹകരണം ഉപദേശവും പ്രതീക്ഷിക്കുന്നു..]
സ്നേഹത്തോടെ ധനു ധനു...

സ്നേഹക്കടൽ ÷÷÷÷÷÷÷÷÷÷÷÷

സ്നേഹക്കടൽ
÷÷÷÷÷÷÷÷÷÷÷÷
ഇനിയൊരിക്കലും ആ വീടിന്റെ പടിചവിട്ടില്ലെന്ന ഉറച്ച തീരുമാനത്തോടെയാണ് ആരോടും ഒന്നും പറയാതെ അന്ന് അരുൺ വീടുവിട്ടിറങ്ങിയത്. ലക്ഷ്യമേതൊന്നോ ആ യാത്രയുടെ അവസാനം എന്താകുമെന്നോ അയാൾക്കുതന്നെ നിശ്ചയമില്ലായിരുന്നു. പക്ഷേ പോയേ തീരൂ എന്ന് അയാളുടെ മനസ്സ് മന്ത്രിച്ചുകൊണ്ടേയിരുന്നു. വീടിന്റെ ഓരോ പടികൾ ഇറങ്ങുമ്പോഴും കഴിഞ്ഞതെല്ലാം ഒരു നിമിഷംകൊണ്ട് അയാളുടെ മനസ്സിൽ ഓടിയെത്തി.
ഇത് തന്റെ വീടല്ല. ഇവിടെ തന്നെ സ്നേഹിക്കുവാനോ മനസ്സിലാക്കുവാനോ ആരുമില്ല. ഇതിനെ ഒരു വീടെന്ന് എങ്ങനെ പറയാനാകും. ഇത് ഒരു കെട്ടിടം മാത്രം. അതിൽ കുറച്ച് അന്തേവാസികളും. ഒരേ മേൽക്കൂരക്കുകീഴെ പരസ്പരം അറിഞ്ഞിട്ടും അപരിചിതരേപ്പോലെ കഴിയുന്നവർ.
ഇവിടേയുമുണ്ടായിരുന്നു അച്ഛനും അമ്മയും മകനും മകളുമെല്ലാം. പക്ഷേ ചില സർക്കാർ ജീവനക്കാരേപ്പോലെയാണെന്നുമാത്രം. പദവിയോട് നീതി പുലർത്താത്തവർ. ആ സ്ഥാനം അല്ലെങ്കിൽ ആ ജോലി ലഭ്യമാകുന്നതുവരെ കാണിച്ച താല്പര്യം ആ ജോലി ലഭ്യമായതിനുശേഷം കാണിക്കാത്ത ചില ഉദ്യോഗസ്ഥർ.
ഭാര്യയെന്നും ഭർത്താവെന്നുമുള്ള പദവി പിന്നീട് അവിടെനിന്നും സ്ഥാനക്കയറ്റം നേടി അമ്മയെന്നും അച്ഛൻ എന്നുമുള്ള ആ വലിയ സ്ഥാനം... അത് പിന്നീടെപ്പോഴോ കുടുംബനാഥനായും കുടുംബനാഥയായും മാറി.
പിന്നീടുള്ള തർക്കം അതിൽ ആരാണ് പ്രധാനി എന്നതായിരുന്നു. സമത്വം വേണമെന്നതായിരുന്നു തുടക്കം. ഭർത്താവിനും ഭാര്യക്കും തുല്യ അവകാശമാണ് എന്ന തർക്കം. സ്ത്രീ പുരുഷനേക്കാൾ ഒട്ടും താഴെയല്ല.. പുരുഷന്റെ അടിമയായി ജീവിച്ചിരുന്ന കാലം കഴിഞ്ഞുവത്രേ..
പാവം അച്ഛൻ! ജീവനായിരുന്നു അയാൾക്ക് തന്റെ മക്കൾ. പക്ഷേ പലപ്പോഴും ബിസിനസ് സംബന്ധമായ യാത്രകളിലായിരുന്നതിനാൽ മക്കളെ അവരുടെ അമ്മയുടെകൂടെ നിർത്തി പോകേണ്ടതായി വന്നു അയാൾക്ക്. വിദ്യാഭ്യാസം ആവശ്യത്തിൽ അധികമായതിനാലാവാം ഒരു വീട്ടമ്മ എന്ന പദവി അമ്മയ്ക്ക് ചേരാതെപോയത്. വീട്ടിൽ എല്ലാവിധ സൗകര്യങ്ങളും അച്ഛൻ ഏർപ്പെടുത്തിയിരുന്നുവെങ്കിലും ഒന്നിലും തൃപ്തയാകുന്ന ഒരു മനസ്സായിരുന്നില്ല അമ്മയുടേത്.
ഭർത്താവും മക്കളും ഒരുതരത്തിലുള്ള ബന്ധനമാണെന്നും ആ ബന്ധം തനിക്ക് ഒരു തടസ്സമാണെന്നും അമ്മയ്ക്ക് തോന്നിക്കാണണം. അതുകൊണ്ടാവാം അച്ഛനോടുപോലും പറയാതെ വിദേശത്ത് ഒരു ജോലി നേടിയെടുത്തതും സ്കൂളിൽ പഠിക്കുന്ന രണ്ടു മക്കളേയും തനിച്ചാക്കി കേവലം ഒരു ഫോൺ കോളിലൂടെമാത്രം അച്ഛനെ വിവരമറിയിച്ച് താനും അനുജത്തി അനഘയും സ്കൂളിലായിരുന്ന സമയത്ത് ഒരു വാക്കുപോലും പറയാതെ ദുബായ് എന്ന അറബിനാട്ടിലേക്ക് പോയതും.
പതിവുപോലെ സ്കൂൾ വിട്ട് വീട്ടിൽ എത്തിയപ്പോൾ അടുക്കളയിൽ ജോലിക്ക് സഹായിക്കുന്ന ദേവകിയമ്മയാണ് കണ്ണീരോടെ തങ്ങളെ ചേർത്തു പിടിച്ച് അക്കാര്യം അറിയിച്ചത്.
സ്നേഹംകൊണ്ട് ഒരമ്മയുടെ സ്ഥാനം മുമ്പും തങ്ങൾക്ക് ലഭിച്ചിരുന്നില്ലെങ്കിലും സ്ഥാനംകൊണ്ട് ഒരമ്മയായിതന്നെ കാണുവാൻ തങ്ങൾ രണ്ടുപേരും ആഗ്രഹിച്ചു. സ്കൂളിലെ ഓരോ സ്പെഷ്യൽ ഡേകളിലും മറ്റു കുട്ടികളുടെ അമ്മമാർ വന്ന് അവരോട് സ്നേഹത്തോടെ പെരുമാറുന്നത് കാണുമ്പോൾ പലപ്പോഴും ആഗ്രഹിച്ചിരുന്നു ഒരു ദിവസമെങ്കിലും അമ്മ അതുപോലെ പെരുമാറുമെന്ന്. പക്ഷേ അത് വെറും സ്വപ്നം മാത്രമായിരുന്നു.
രണ്ടു ദിവസം കൂടി കഴിഞ്ഞാണ് അച്ഛൻ വീട്ടിലെത്തിയത്. ഉള്ളിലെ വിഷമം മറച്ചുപിടിച്ച് അച്ഛൻ ഞങ്ങളെ രണ്ടുപേരേയും ആശ്വസിക്കുവാൻ ശ്രമിച്ചു. ഒപ്പം ദുർബ്ബലമല്ലാത്ത ഒരു മനസ്സ് നേടിയെടുക്കുവാനും. ഓർമ്മവെച്ച നാൾ മുതൽ ദേവകിയമ്മ ആ വീട്ടിലുണ്ടായിരുന്നു. സ്നേഹിക്കുവാൻ മാത്രമറിയാവുന്ന ഒരു പാവം സ്ത്രീ. അമ്മ എത്ര വഴക്കുപറഞ്ഞാലും മറിച്ച് ഒരക്ഷരം പറയാതെ അതെല്ലാം മിണ്ടാതെ കേട്ടുനില്ക്കുന്ന ഒരനാഥ. എന്നിട്ടും ഒരിക്കലും അവർ അമ്മയെപ്പറ്റി കുറ്റം പറഞ്ഞില്ല.
പലപ്പോഴും തോന്നിയിട്ടുള്ളതാണ് ദേവകിയമ്മയായിരുന്നു ഞങ്ങളുടെ അമ്മയെങ്കിൽ എന്ന്. പക്ഷേ ഒരിക്കലും മനസ്സിലായില്ല എന്താണ് അച്ഛനും അമ്മയും തമ്മിലുള്ള യഥാർത്ഥ പ്രശ്നമെന്ന്. അച്ഛനോട് അത് ചോദിച്ചതാണ് ഒരിക്കൽ. പക്ഷേ അന്ന് അച്ഛൻ പറഞ്ഞു ,അത് മക്കൾക്ക് ഇപ്പോൾ പറഞ്ഞാൽ മനസ്സിലാവില്ലെന്ന്. പിന്നീട് അതേക്കുറിച്ച് ചോദിച്ചിട്ടുമില്ല.
അമ്മ പോയതോടെ അച്ഛൻ വല്ലാത്തൊരു അവസ്ഥയിലായിരുന്നു. ഞങ്ങൾ രണ്ടുപേരുമാണ് അതിനുത്തരവാദികളെന്ന് ഞങ്ങൾക്കുതന്നെ അറിയാമായിരുന്നു. അതിനുള്ള പ്രതിവിധി ആദ്യം പറഞ്ഞത് അനഘയായിരുന്നു. തനിക്കും ഇഷ്ടമുള്ള കാര്യമാണ് അവൾ പറഞ്ഞതെങ്കിലും അച്ഛനോട് അതു പറയുവാൻ ഭയമായിരുന്നു. എങ്കിലും ഒരു ദിവസം ഞങ്ങൾ രണ്ടുപേരും കൂടി അച്ഛനോട് ചോദിച്ചു;
'അച്ഛാ ഞങ്ങൾ ദേവകിയമ്മയെ അമ്മേ എന്ന് വിളിച്ചോട്ടേ..?' എന്ന്.
അപ്രതീക്ഷിതമായ ആ ചോദ്യം കേട്ടതിനാലാവണം അച്ഛൻ മറുപടിയൊന്നും പറഞ്ഞില്ല. ഞങ്ങളുടെ കണ്ണുകളിലെ ദയനീയത മനസ്സിലായതിനാലാവണം ഞങ്ങളെ രണ്ടുപേരേയും കെട്ടിപ്പിടിച്ച് മൂർദ്ധാവിൽ ഉമ്മവെച്ചു. ആ സമയത്ത് അച്ഛന്റെ കണ്ണുകളിൽ നിന്നും അടർന്നുവീണ കണ്ണുനീർത്തുള്ളികൾക്ക് ഞങ്ങളെ തണുപ്പിക്കുവാൻ കഴിഞ്ഞു.
പിന്നീട് ഞങ്ങൾ തന്നെയാണ് ഇക്കാര്യം ദേവകിയമ്മയോട് പറഞ്ഞത്. പക്ഷേ ഞങ്ങൾ പ്രതീക്ഷിച്ചതുപോലെ ദേവകിയമ്മ അത് സമ്മതിച്ചില്ല. അവർ പറഞ്ഞു;
'നിങ്ങൾ രണ്ടു പേരും എന്റെ മക്കൾ തന്നെയാണ്. ഞാൻ പ്രസവിക്കാത്ത എന്റെ മക്കൾ. ഞാൻ നിങ്ങളെ അങ്ങനെ മാത്രമേ കണ്ടിട്ടുള്ളൂ. അതെന്നും അങ്ങനെ ആയിരിക്കുകയും ചെയ്യും. അതിന് അമ്മയെന്ന് വിളിക്കുകയൊന്നും വേണ്ട. അമ്മ എന്ന് സ്വന്തം അമ്മയെ മാത്രമേ വിളിക്കാവൂ... മറ്റൊരാളും സ്വന്തം അമ്മയ്ക്ക് പകരമാവില്ല. മക്കൾ ദേവകിയമ്മേ എന്നുതന്നെ വിളിച്ചാൽ മതി '.
അതായിരുന്നു ദേവകിയമ്മ. പ്രതിഫലം ഇച്ഛിക്കാതെ ഒരായുസ്സുമഴുവനും ഞങൾക്കുവേണ്ടി ജീവിച്ചു. അച്ഛനും അവരെ വലിയ വിശ്വാസമായതിനാൽ ഞങ്ങളെ ദേവകിയമ്മയുടെ അടുത്തേല്പിച്ച് അച്ഛൻ ജോലിക്കുപോയിത്തുടങ്ങി.
ഒരിക്കൽ പോലും അമ്മ ഞങ്ങളെ വിളിച്ചില്ല, അച്ഛനേയും. മറ്റൊരു വിവാഹത്തിന് പലരും അച്ഛനെ നിർബന്ധിച്ചുവെങ്കിലും അച്ഛൻ സമ്മതിച്ചില്ല.
വർഷങ്ങൾ പലത് കഴിഞ്ഞു. അനഘയുടെ വിവാഹം കഴിഞ്ഞ് അവൾ കുവൈറ്റിലാണ് ഭർത്താവ് അമലിനോടൊപ്പം. അമൽ അവിടെ എമ്പസിയിലെ ഉദ്യോഗസ്ഥനാണ്. തന്റെ വിവാഹത്തിന് അച്ഛൻ നിർബന്ധിക്കുവാൻ തുടങ്ങിയിട്ട് ഒരു വർഷത്തോളമായി. പക്ഷേ താൻ സമ്മതിച്ചില്ല. ഒരുപക്ഷേ അച്ഛന്റെയും അമ്മയുടേയും ജീവിതത്തിന്റെ കറുത്ത അദ്ധ്യായങ്ങൾ ഇന്നും നിറം മങ്ങാതെ കൺമുന്നിൽ തെളിയുന്നതുകൊണ്ടാവാം. എന്തോ സ്ത്രീ എന്ന് കേൾക്കുമ്പോൾ അമ്മയുടെ ഗൗരവം വിട്ടുമാറാത്ത മുഖം മനസ്സിൽ തെളിഞ്ഞുവരും. അതുകൊണ്ടുതന്നെ ഒരു പെൺകുട്ടിയോടും ഒരു പ്രണയവും തോന്നിയിട്ടില്ല ഇതുവരെ. ഈ ജീവിതം ഇങ്ങനെ മതിയെന്ന് തീരുമാനിച്ചത് താൻ തന്നെയാണ്. അച്ഛൻ ദേവകിയമ്മ അനഘ അമൽ... അതായിരുന്നു തന്റെ ലോകം. ബാങ്കിലെ ജോലി കഴിഞ്ഞാൽ നേരെ വീട്ടിലേക്ക്. അതുകഴിഞ്ഞേയുള്ളൂ സുഹൃത്തുക്കൾ.
അച്ഛനെ സന്തോഷിപ്പിക്കുവാൻ ആവുന്നതും താൻ ശ്രമിച്ചുകൊണ്ടേയിരുന്നു. കാരണം ഓരോ വയസ്സ് കൂടി വരുന്തോറും ആ മനസ്സിലെ വിങ്ങൽ താൻ കൂടുതൽ അറിയുവാൻ തുടങ്ങിയിരുന്നു. ഒരുപക്ഷേ അത് കാലം വരുത്തിയതാവാം. പക്ഷേ എല്ലാം അധികനാൾ നീണ്ടുനിന്നില്ല.
ഒരു ദിവസം അവിചാരിതമായി ഒരു ഫോൺ കോൾ. അച്ഛൻ സിറ്റി ഹോസ്പിറ്റലിൽ ഐസിയുവിലാണെന്നും ഉടനെ അവിടെ എത്തണമെന്നും. എന്തെന്നറിയാതെ വേഗം അവിടെ എത്തിയെങ്കിലും അച്ഛൻ യാത്രപറഞ്ഞു കഴിഞ്ഞിരുന്നു. ഒരിക്കലും തിരിച്ചുവരാത്ത യാത്ര. ഹൃദയസ്തംഭനമായിരുന്നു. മുമ്പും അങ്ങനെ വന്നിട്ടുണ്ടാവാമെന്നാണ് ഡോക്ടർ പറഞ്ഞത് .പക്ഷേ അച്ഛൻ ആരോടും പറഞ്ഞിരുന്നില്ല അറിയിച്ചിരുന്നുമില്ല.
ആരോ വിവരങ്ങളൊക്കെ അവരെ അറിയിച്ചു. അനഘയും അമലും നാട്ടിലെത്തി. അവളെ ആശ്വസിപ്പിക്കുവാൻ വളരെ വിഷമിച്ചു.
അച്ഛന്റെ സംസ്കാരച്ചടങ്ങുകളെല്ലാം കഴിഞ്ഞ് പിറ്റേന്ന് എല്ലാവരും പിരിഞ്ഞതിനുശേഷമാണ് ആരോ പറഞ്ഞത് ഗേറ്റിനുപുറത്ത് അമ്മ വന്നു നില്ക്കുന്നുണ്ടെന്ന്. ഒരു നിമിഷം എന്തുചെയ്യണമെന്നറിയാതെ മിഴിച്ചുനിന്നുവെങ്കിലും അപ്പോഴത്തെ സാഹചര്യത്തിന്റെ പ്രത്യേകതയാലാവാം കഴിഞ്ഞതെല്ലാം ഒരു നിമിഷംകൊണ്ട് മറന്ന് അമ്മയെ അകത്തേക്ക് കൂട്ടിവന്നത്.
ആ മുഖത്ത് അപ്പോൾ പ്രകടമായ ഭാവം സ്നേഹമാണോ നിസ്സഹായതയാണോ അതോ ചെയ്തുപോയ തെറ്റിനെക്കുറിച്ചുള്ള പശ്ചാത്താപമാണോ എന്ന് അന്നും ഇന്നും തനിക്കറിയില്ല. അനഘക്ക് തന്റെ പ്രവൃത്തി ഇഷ്ടപ്പെട്ടില്ലെങ്കിലും താനത് കാര്യമാക്കിയില്ല. അല്ലെങ്കിലും കരുണയുള്ള ഹൃദയമാണല്ലോ പുരുഷന്മാരുടേത്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്ക് അത്രവേഗം എല്ലാം മറക്കുവാനും പൊറുക്കുവാനും കഴിയില്ല.
അമ്മയോട് ആരും കൂടുതലൊന്നും ചോദിച്ചില്ല. എവിടെയായിരുന്നുവെന്നോ ഇതുവരെ എന്തുകൊണ്ട് വന്നില്ല എന്നോ ഒന്നുംതന്നെ ചോദിച്ചില്ല. അമ്മ പറഞ്ഞതുമില്ല. പക്ഷേ പഴയ അമ്മയായിരുന്നില്ല തിരിച്ചുവന്നത്. തികച്ചും ശാന്തമായിരുന്നു അമ്മയുടെ പെരുമാറ്റം. അതുകൊണ്ടുതന്നെ ലീവ് അധികമില്ലാത്തതിനാൽ അനഘ രണ്ടാഴ്ച കഴിഞ്ഞ് തിരിച്ചുപോയി. വീണ്ടും വീട്ടിൽ മൂന്നുപേർ മാത്രമായി. താനും അമ്മയും ദേവകിയമ്മയും.
അച്ഛന്റെ ഓർമ്മകൾ മനസ്സിൽ നിന്നും വിട്ടുമാറിയിട്ടില്ലാത്ത ആ സമയത്താണ് വീണ്ടും ഒരാൾക്കൂടി ആ വീട്ടിലേക്ക് കടന്നുവന്നത്. അയാൾ പറഞ്ഞു അയാൾ അമ്മയുടെ ഭർത്താവാണെന്ന്.
എന്തുപറയണമെന്നറിയാതെ താൻ മിഴിച്ചുനില്ക്കവേ അമ്മവന്ന് അയാളെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. വീണ്ടും ആ വീട്ടിൽ താൻ അന്യനായി എന്ന് തനിക്കപ്പോൾ തോന്നി.
അല്പം കഴിഞ്ഞ് താൻ അകത്തേക്ക് പോയി. അവിടെ അച്ഛന്റെ മുറിയിൽ ഒരേ കട്ടിലിലിരുന്ന് അവർ സംസാരിക്കുന്നതുകണ്ടപ്പോൾ ഒരു നിമിഷം അച്ഛന്റെ ദയനീയമായ മുഖം മനസ്സിൽ തെളിഞ്ഞുവന്നു. തന്നെ കണ്ടതും ഇരിക്കുന്നിടത്തുനിന്ന് എഴുന്നേറ്റ് അമ്മ പറഞ്ഞു;
'അരുൺ ഇത് വിജയ് എന്റെ. ..........'
'മതി....' അതൊരലർച്ചയായിരുന്നു. ബാക്കി കേൾക്കുവാൻ തനിക്ക് കഴിയുമായിരുന്നില്ല. പിന്നെ മറ്റൊന്നും ഓർത്തില്ല. തന്റെ മുറിയിൽ പോയി അത്യാവശ്യത്തിനുള്ള വസ്ത്രങ്ങൾ മാത്രം എടുത്തുകൊണ്ട് ആരോടും ഒന്നും പറയാതെ ഇറങ്ങിയതാണ്.
ഇനി ഈ വീട്ടിൽ താൻ അന്യനാണ്. തന്റെ ആരും ഇവിടെയില്ല. അവിടെ നില്ക്കുന്ന ഓരോ നിമിഷവും അച്ഛന്റെ തേങ്ങൽ തന്റെ കാതുകളിൽ പ്രതിധ്വനിക്കുന്നതുപോലെ.. പോകണം.. എങ്ങോട്ടെങ്കിലും..
വീടിന്റെ പടിവാതിൽ കടന്ന് താഴേക്ക് ഇറങ്ങുമ്പോഴാണ് പിന്നിൽനിന്നും ഒരു വിളി;
'മോനേ....'
അതൊരു തേങ്ങലായിരുന്നു. താൻ ഒരു നിമിഷത്തേക്ക് മറന്നുപോയ തേങ്ങൽ. തിരിഞ്ഞു നോക്കിയപ്പോൾ കൈയിൽ ഒരു ചെറിയ ബാഗുമായി നിറകണ്ണുകളോടെ ദേവകിയമ്മ. ഉള്ളിൽ അടക്കിനിർത്തിയ സങ്കടം ഒരു നിമിഷംകൊണ്ട് അണപൊട്ടിയൊഴുകി.തിരിച്ചുചെന്ന് അവരെ കെട്ടിപ്പിടിച്ചുകൊണ്ട് അരുൺ ചോദിച്ചു;
'അമ്മേ... ഇനി ഞാൻ അമ്മേയെന്ന് വിളിച്ചോട്ടെ...?'
സ്നേഹത്തിന്റെ നിറകുടമായ ആ അമ്മ അരുണിനെ തന്റെ മാറോട് ചേർത്തുപിടിച്ച് ശിരസ്സിൽ മെല്ലെ തലോടി. ഒരു കടലോളം സ്നേഹം മനസ്സിൽ നിറച്ച ആ അമ്മ പറഞ്ഞു;
'മോനേ... കരയാതെ... ആൺകുട്ടികൾ കരയാൻ പാടില്ല. ഈ ദേവകിയമ്മ എന്നും മോന്റെ കൂടെയുണ്ടാകും.'
'അമ്മേ.... എന്റെ അമ്മേ.....!'
ഒരു കൈയിൽ ബാഗും മറുകൈയിൽ ദേവകിയമ്മയുടെ സ്നേഹത്തിന്റെ കരവുമായി അരുൺ നടന്നു...
***മണികണ്ഠൻ അണക്കത്തിൽ***

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo