തത്വമസി

തത്വമസി
******************************************
"നീ ഭയങ്കര റൊമാന്റിക് ആണ് .. "
നെഞ്ചോട് പറ്റിച്ചേർന്നു കിടക്കുന്ന അവളെ ഒന്നൂടെ വലിച്ചടിപ്പിച്ചുകൊണ്ട് അയാൾ പറഞ്ഞു
"അതേ ഒരു കുട്ടിം ആയിട്ടാ ഇങ്ങാക്കിതു തോന്നിയത്..മ്മ് ??"
അവൾ ഒരു കള്ള പുഞ്ചിരിയോടെ അയാളോട് ചോദിച്ചു...
"അല്ല...നിന്റെ സംസാരം എന്നെ വല്ലാതെ ഭ്രാന്താക്കുന്നുണ്ട്... വീണ്ടും വീണ്ടും നിന്നെ പ്രണയിക്കാൻ തോന്നുന്നു.. "
"ഒന്ന് പോയേ മനുഷ്യാ...കൊച്ചുവെളുപ്പാൻ കാലത്ത് കിന്നരിക്കാൻ നിൽക്കാതെ... "
അവൾ അയാൾ വട്ടം ചുറ്റിപ്പിടിച്ചിരുന്ന കൈകൾ തട്ടി മാറ്റി ബെഡിൽ നിന്ന് എഴുന്നേറ്റു...
അടുത്ത് തൊട്ടിലിൽ കിടക്കുന്ന കുഞ്ഞിനേം എടുത്തു ഒരു കള്ളനോട്ടം എയ്തു പോകുന്ന അവളെ കണ്ടപ്പോൾ അയാൾക്ക്‌ തോന്നി ആ കുട്ടിക്കുപ്പായക്കാരി ഒരുപാട് മാറിയെന്ന്...
ആദ്യമായി അവളെ പെണ്ണ് കാണാൻ ചെല്ലുമ്പോൾ അവൾ ഒരു ഷോർട്സും ടീഷർടും ഇട്ട് അവളുടെ ഏട്ടന്റെ കുട്ടിയെ കളിപ്പിക്കുകയായിരുന്നു..
എന്റെ സുഹൃത്തായ അവളുടെ പുന്നാര ആങ്ങള പറഞ്ഞിരുന്നു പെണ്ണുകാണാൻ വരും എന്ന് പറഞ്ഞാൽ ആൾ മുങ്ങുമെന്ന്....
അവൾ എങ്ങനെയോ എന്റെ അമ്മയോടും ഏട്ടത്തിയമ്മയോടും പെട്ടെന്ന് കൂട്ടായി...
"എട്ടും പൊട്ടും തിരിയാത്ത ഒരു പൊട്ടിപെണ്ണാണ് അവൾക്ക് നിന്നെപോലൊരാളെ സഹിക്കാൻ പറ്റുമോടാ "എന്ന അമ്മയുടെ ചോദ്യം ആദ്യം എന്നെ ആദ്യം ഒന്ന് ചിന്തയിൽ ആഴ്ത്തി
പക്ഷേ എന്തോ അവളുടെ ആ നിഷ്കളങ്കത എന്നെ അവളിലേക്ക് അടുപ്പിച്ചു.. പിന്നെ ആദ്യമായി പ്രണയിച്ച കുട്ടിയുടെ അതേ മുഖച്ഛായ ആയിരുന്നു അവൾക്ക്.... കൂടുതൽ ഒന്നും നോക്കാതെ തിരികെ വന്നപ്പോൾ ഞാൻ ഓക്കേ പറഞ്ഞു....
"അതേ മനുഷ്യാ..ദിവാസ്വപ്നം കണ്ടു കിടക്കാതെ കൊച്ചിനെ വന്നൊന്ന് എടുക്കോ.. എനിക്ക് പിടിപ്പത് പണി ഉണ്ട് "
ആലോചനയ്ക്കു ഭംഗം വരുത്തിക്കൊണ്ട് അവൾ വിളിച്ചു പറഞ്ഞു
താഴേക്ക് ഇറങ്ങി നടക്കുമ്പോൾ അവൾ ഒരു കയ്യിൽ കുഞ്ഞിനേയും എടുത്ത് എന്തോ കറിക്കുള്ള കൂട്ട് എടുത്ത് വെയ്ക്കുകയായിരുന്നു...
കുഞ്ഞിനെ എടുക്കുമ്പോൾ സാരിക്ക് ഇടയിലൂടെ കാണുന്ന വെളുത്ത വയറിലൂടെ വിരലുകൾ ഓടിച്ചപ്പോൾ അവൾ കുറുമ്പൻ കണ്ണുരുട്ടി പറഞ്ഞു
"കയ്യിൽ ദേ ചട്ടുകം അഹ് ഇരിക്കണേ.. ഒന്ന് പോണുണ്ടോ!!! .."
അപ്പുറത്ത് നിൽക്കുന്ന ജോലിക്കാരി ചേച്ചിയുടെ കള്ളചിരിയിൽ ഒന്ന് നന്നായി ചമ്മി എങ്കിലും അത് വെളിയിൽ കാട്ടാതെ അവളുടെ കാതിൽ പോയി "നീ മുകളിലോട്ട് വരുമല്ലോ.. വെച്ചിട്ടുണ്ടിട്ടാ "എന്ന്‌ പറഞ്ഞു തിരിഞ്ഞുനടന്നു പോകുമ്പോൾ അവളുടെ കവിളുകൾ ചുവന്നു തുടുത്തിട്ടുണ്ടായിരുന്നു....
"ഏട്ടന്റെ ഫ്രണ്ടും ഭർത്താവും അവളുടെ അനിയത്തിയും ഇന്ന് വരും..!!.പെട്ടെന്ന് പണി തീർത്തിട്ട് അവരെ കൂട്ടാൻ എയർപോർട്ടിൽ പോണം... "
ജാള്യം പുറത്ത് കാട്ടാതെ അവൾ ജോലിക്കാരിയെ നോക്കിപറഞ്ഞു
ജോലിത്തിരക്കെല്ലാം കഴിഞ്ഞു എയർപോർട്ടിൽ പോകാൻ തയാറാകുന്ന ഭർത്താവിനെ കണ്ടപ്പോൾ അവളുടെ മുഖത്തൊരു കുറുമ്പിനോട്ടം വിടർന്നു
"ന്താ.. ആദ്യത്തെ കാമുകി വരണേന്റെ സന്തോഷാ മുഖത്തു !! .."
അയാളുടെ മുഖം പെട്ടെന്ന് വാടിയത് കണ്ട് അവൾ അടുത്ത് പോയി അയാളുടെ മുഖം അവൾക്ക് നേരെ തിരിച്ചുകൊണ്ട് പറഞ്ഞു..
"എനിക്ക് അറിയാം അവൾ നല്ല സുഹൃത്ത്‌ മാത്രം ആണെന്ന്.. നിങ്ങൾ ആലോചിച്ചു ഉറപ്പിച്ചു പിരിഞ്ഞേതാണെന്നും... ഞാൻ തമാശ പറഞ്ഞതാണ്!!‌... "
അയാൾ ഒന്നും പറയാതെ കണ്ണാടിയിലോട്ട് നോക്കി ബാക്കി ജോലികൾ തുടർന്നു... പക്ഷേ നഷ്ടപ്രണയത്തിന്റെ വേദന ആ മുഖത്തു നിഴലിച്ചിരുന്നു .. "
നഷ്ടപ്രണയംഎന്നത് എത്ര കാലം കഴിഞ്ഞാലും ഉള്ള് കലക്കുന്ന ഒരു നൊമ്പരം ആണല്ലോ..
പിന്നിൽ തന്നെ ഉറ്റുനോക്കി നിൽക്കുന്ന ആ ഉണ്ടക്കണ്ണുകൾ നിറഞ്ഞത് കണ്ട് അയാൾ തിരിഞ്ഞു നോക്കി
"അയ്യേ.. തൊട്ടാവാടി.!!.. അവൾ പോയോണ്ടല്ലേ എനിക്ക് ഈ പെണ്ണിനെ കിട്ട്യേ... !!"
"നോക്ക് വാവേ.. വാവേടെ അമ്മ വാവേനേക്കാൾ കുഞ്ഞുകുട്ടിയാണല്ലോ.."
അയാൾ അവളുടെ കയ്യിൽ ഇരുന്ന കുഞ്ഞിനെ നോക്കി അയാൾ പറഞ്ഞു
"അയ്യേ കരയ്യാ.!!. ഇങ് വന്നെ നോക്കട്ടേ !! "
അയാൾ അവര് രണ്ടാളേം നെഞ്ചോട് ചേർത്തപ്പോൾ ഒരച്ഛന്റെ കരുതലും ഒരു ഭർത്താവിന്റെ സ്നേഹവും ആ മുഖത്തു ഉദിച്ചുനിൽപ്പുണ്ടായിരുന്നു....
എയർപോർട്ടിൽ നിന്ന് അവരെ പിക്ക് ചെയ്തു തിരികെ വന്നപ്പോൾ രാത്രിയായി... ഭക്ഷണം കഴിഞ്ഞ് കിടക്കാൻ നേരമായിട്ടും അവൾ റൂമിലേക്ക്‌ വരാതിരുന്നത് കണ്ടപ്പോൾ അയാൾ താഴേക്ക് ഇറങ്ങി ചെന്നു...
അവൾ തന്റെ സുഹൃത്തിനോടും അനിയത്തിയോടും സീരിയസ് സംഭാഷണത്തിൽ ആണെന്ന് അകലെ നിന്ന് മനസ്സിലായി...
അയാൾ പിന്തിരിഞ്ഞു റൂമിലേക്ക്‌ നടന്നു
പിന്നിൽ ശ്രുതിയുടെ ഏങ്ങലുകൾ കേൾക്കാമായിരുന്നു... അവളും ഭർത്താവും തമ്മിൽ അത്ര സ്വരച്ചേർച്ച ഇല്ലത്രേ .. അത് ഒന്ന് മാറിനിന്നാൽ തീരും എന്ന് ശ്രെദ്ധയ്ക്ക് തോന്നിയത് കൊണ്ടാണ് പെട്ടെന്ന് അവളെയും കൊണ്ട് ഇങ്ങനെ ഒരു വിസിറ്റ്. .
താൻ തന്നെ ആണ് അവളോടും ഭർത്താവിനോടും ഇതിനെപ്പറ്റി പറഞ്ഞതും.... അതാവും അവർ സംസാരിക്കുക എന്ന് ചുറ്റുപാട് കണ്ടിട്ട് തോന്നുന്നു .. ഒരു പെണ്ണിനല്ലേ മറ്റൊരു പെണ്ണിനെ മനസ്സിലാവുള്ളു...
അയാൾ ശാന്തമായി ഉറങ്ങുന്ന കുഞ്ഞിന് ഒരു ഉമ്മ കൊടുത്തു കട്ടിലിലേക്ക് ചാഞ്ഞു...
അവൾ റൂമിലേക്ക്‌ എത്തിയപ്പോൾ വളരെ വൈകിയിരുന്നു... ആയാളും കുഞ്ഞും ശാന്തമായി ഉറങ്ങുന്നുണ്ടായിരുന്നു...
അവൾ പതിയെ തന്റെ സാരികൾക്കിടയിൽ ഒളിപ്പിച്ച പഴയ ഒരു ഡയറി എടുത്തു...
ഒരിക്കൽ താനും ഒരാളെ സ്നേഹിച്ചിരുന്നു എന്ന്‌ അവൾ ഓർത്തു..
കോളേജ് ഡേയ്സിലെ ഏറ്റവും നല്ല കാലഘട്ടങ്ങളിൽ അയാൾ ഒപ്പം ഉണ്ടായിരുന്നു...എല്ലാവരോടും കമ്പനി ആയിരുന്ന സീനിയർ ആയ അയാളോട് വൈകാതെ താനും കൂട്ടുകൂടി...
ഫേസ്ബുക്കിൽ നിന്നു വാട്സ്ആപ്പിലേക്കും പിന്നീട് കാൾകളിലേക്കും ആ സൗഹൃദം മാറ്റി വെയ്ക്കപ്പെട്ടു...
പിന്നീട് അച്ഛനും അമ്മയും പിരിഞ്ഞു താമസിച്ച തനിക്ക് അയാൾ അതെന്തെല്ലാമോ ഒക്കെ ആയിതീരുകയായിരുന്നു ...
ഒരു തീൻമേശക്ക് തൊട്ട് മുൻപിൽ ഇരുന്നു അയാൾ തന്റെ പൊട്ടത്തരങ്ങളുടെയും കുട്ടിത്തരങ്ങളുടെയും ലിസ്റ്റ് അഴിച്ചു വെച്ചപ്പോളും ഹൃദയം ഒരൽപ്പം പോലും നൊന്തില്ല...കാരണം അത്രമേൽ ഞാൻ സ്നേഹിച്ചിട്ടുണ്ടാവും
പക്ഷേ ഒരുപാട് പേര് വേദനിപ്പിച്ചു പോയപോലെ "നിന്റെ പേരന്റ്സ് ഇങ്ങനെ ആയതുകൊണ്ടാണ് നീ ഇങ്ങനെ ആയത്" എന്ന്‌ പറഞ്ഞപ്പോൾ അവിടെ താൻ തന്നെ ഇല്ലാതായി പോയി...
വല്ലാതെ ആ വാക്കുകൾ തന്നെ തകർത്തു കളഞ്ഞു .. പിന്നെ പ്രണയം എന്നൊന്ന് വരുമ്പോൾ ആ വാക്കുകൾ ആണ് ആദ്യം ഓർമ വരുക .. അത്രയും സ്നേഹിച്ച അയാൾക്ക്‌ മനസ്സിലായില്ലല്ലോ വേറെ ആർക്ക് ഇനി മനസ്സിലാവും എന്നൊരു തോന്നൽ കാർന്നു തിന്നു ..
അങ്ങനെ പ്രണയം ഒളിപ്പിച്ചു വീണ്ടും ഏട്ടന്റെ അനിയത്തിക്കുട്ടിയായി കറങ്ങി നടക്കുമ്പോളാണ് അദ്ദേഹത്തിന്റെ വിവാഹാലോചന വരുന്നത്.. ഏട്ടനോട് കരഞ്ഞു പറഞ്ഞിട്ടും അവൻ അത് അങ്ങിട്ടു ഉറപ്പിച്ചു...
എല്ലാം കഴിഞ്ഞ് ഇനി ഒന്നും ഇല്ലാ... എല്ലാം തീർന്നു... എന്ന് വിചാരിച്ചിരിക്കുമ്പോൾ ഒരിക്കൽ കൂടി ഞാൻ സ്നേഹിച്ച ആ ആളുടെ കാളുകൾ തന്നെ തേടിയെത്തി...
അന്ന് എന്തിന് ഒഴിവാക്കി എന്നത് ഉത്തരം കിട്ടാത്ത ഒരു ചോദ്യമായിരുന്നു.അതുവരെ . അന്ന് അതിന് വ്യക്തമായ മറുപടിയും തന്നു...
ബാക്കി പ്രണയകഥകളിൽ നിന്നും ആ റീസൺ ഒരൽപ്പം വ്യെത്യസ്തം ആയിരുന്നു...എനിക്ക് ഓർക്കുമ്പോൾ ചിരി പോലും തോന്നി പിന്നീട്.. . എന്തിനായിരുന്നു എന്ന തോന്നൽ വേറെയും..
അയാൾക്കു ബൈബിളിനോട് ഒരുവല്ലാത്ത അഡിക്ഷൻ ഉണ്ടായിരുന്നു.. പക്ഷേ എല്ലാരേയും പോലെ ഒന്ന് എന്ന് മാത്രമേ താൻ അന്ന് ധരിച്ചുള്ളു...
പക്ഷേ അയാൾ എന്നിൽ അയാളെപ്പോലെ ഒരാളെ തേടിന്നുണ്ടായിരുന്നു എന്ന് ഞാൻ അറിയാൻ വളരെ വൈകി...
ബൈബിൾ കൈകൊണ്ടു തൊടാത്ത ഒന്നും അറിയാത്ത താൻ അയാളുടെ രീതിയിൽ ദൈവത്തെ കാണാൻ ശ്രമിച്ചില്ല എന്നത് അയാളുടെ കണ്ണിൽ വലിയ ഒരു കുറവായിരുന്നു...
പക്ഷേ ഞാൻ ദൈവവിശ്വാസി ആയിരുന്നു.. പക്ഷേ എന്റെ ചിന്തകൾ ഒന്നിൽ മാത്രം ചുരുങ്ങിയ ഒന്നല്ലായിരുന്നു
ബോർഡിങ് സ്കൂളിൽ വളർന്ന എനിക്ക് ഒന്നിനോടും ആഭിമുക്യം ഇല്ലാ എന്ന് അയാളെ പറഞ്ഞു മനസ്സിലാക്കാൻ ഒരുപാട് സമയം എടുത്തു... പിന്നീട് അത് മനസ്സിലാക്കിക്കുവാൻ ഉള്ള തീവ്രശ്രമം ആയിരുന്നു
എല്ലാം വിഭലമായത് കൊണ്ടാവാം വീണ്ടും അയാൾ എങ്ങോട്ടോ പോയി മറഞ്ഞത്....
പിന്നീട് തന്റെ വിവാഹം കഴിഞ്ഞു... ആദ്യം ആദ്യം ഭർത്താവ് ഒരു ഭാരമായി ഒക്കെ തോന്നി... പിന്നെ ഒരേ തോണിയിൽ തുഴയുന്നവരാണ് എന്ന് മനസ്സിലാക്കിയപ്പോൾ സൗഹൃദം ആയി... ഏറ്റവും ഒടുവിൽ പ്രണയവും...
എനിക്ക് വേണ്ടിയിരുന്നത് അതുപോലെ ഒരാൾ ആയിരുന്നു... എന്റെ കുറുമ്പുകളെ ആസ്വദിക്കുന്ന എന്റെ ചാപല്യങ്ങളെ അംഗീകരിക്കുന്ന എന്നെ ഞാൻ ആയി വെയ്ക്കുന്ന അതിനെ അതുപോലെ സ്വീകരിക്കുന്ന ഒരാൾ... വൈകി ആണെങ്കിലും അദ്ദേഹം അങ്ങനെ ഒരാൾ ആണെന്ന് ഞാൻ മനസ്സിലാക്കി..
അദ്ദേഹം ദൈവകാര്യങ്ങളിൽ വലിയ അടുപ്പം ഉള്ള ഒരാൾ തന്നെ ആയിരുന്നു.. അതുകൊണ്ട് എപ്പോളും എനിക്ക് ഒരു ഭയം നിഴലിച്ചിരുന്നു...
അത് അദ്ദേഹത്തോട് അടുക്കുവാൻ തോന്നുമ്പോൾ ഒക്കെ എന്നെ പിൻവലിയിപ്പിച്ചു
പക്ഷേ ഒരിക്കൽ ദൈവത്തെ കണ്ടെത്തേണ്ടത് നിന്നിൽ തന്നെയാണ്
"തത്വമസി " എന്ന് ഹിന്ദു പുരാണത്തിൽ പറയുന്നത് അതാണെന്ന് അദ്ദേഹം പറഞ്ഞു.. അതൊരു ആശ്വാസം അയിരുന്നു
ഞങ്ങൾ സ്വഭാവത്തിലും ചിന്തകളിലും ഇഷ്ടങ്ങളിലും ആകാശം ഭൂമിയും പോലെ ഭിന്നമായിരുന്നു.. പക്ഷേ പ്രണയം അതൊന്ന് ഞങ്ങൾക്കിടയിൽ തീവ്രമായി നിലനിന്നു..
മറ്റെന്തിനേക്കാളും വലുത് സ്നേഹം ആണെന്ന് ബൈബിൾ പറയും പോലെ ഒരിക്കൽ കൂടി സ്നേഹം ജയിച്ചു...
വീണ്ടും വർഷങ്ങൾക്കു ശേഷം ഞാൻ എന്റെ പഴയ കാമുകനെ കണ്ടു... ശ്രുതിയുടെ ഭർത്താവിന്റെ രൂപത്തിൽ...ഇന്ന് ശ്രുതിയുടെ ഫോണിൽ അയാളുടെ മുഖം കണ്ടപ്പോൾ നെഞ്ച് ഒന്ന് കലങ്ങി.. അവരുടെ ദാമ്പത്യത്തിലെ പ്രശ്നം ഞാൻ ഒരിക്കൽ അഭിമുഖികരിച്ചത് തന്നെ ആയിരുന്നു എന്ന് ആദ്യമേ അവൾ പറയാതെ തന്നെ ഞാൻ മനസ്സിലാക്കി ..
അവളുടെ ചോദ്യങ്ങൾക്ക് ഉത്തരം എനിക്ക് ഇല്ലായിരുന്നു... ആശ്വസിപ്പിക്കാൻ വാക്കുകളും
മാറ്റങ്ങൾ നല്ലതാണ്.. വേണം.. . പക്ഷേ ഒന്നും ഒരു മനുഷ്യന്റെ അസ്തിത്വത്തെ മാറ്റാൻ ശ്രമിക്കുന്നതാകരുത്...
ഒരു സ്ത്രീ എല്ലാം ഉപേക്ഷിച്ചു വരുന്നത് ഒരു പുരുഷനെ അവനായി സ്വീകരിച്ചു കൊണ്ടാണ്.. അതുകൊണ്ട് തന്നെ അതേ റെസ്‌പെക്ട് അവളും ആഗ്രഹിക്കുന്നുണ്ടാകും....അവൾക്കും ഇഷ്ടങ്ങളും അനിഷ്ടങ്ങളും ഉണ്ടാവും... അതിന് വാല്യൂ ഇല്ലാ എന്ന് തോന്നുമ്പോൾ കൂട്ടിനുള്ളിൽ അടക്കപ്പെട്ട ഒരു കിളി മാത്രം ആവും അവൾ... അവളെ തുറന്ന് വിടാം അവളും ജീവിക്കട്ടെ.. അവളുടെ ജീവിതം.. അവളുടെ രീതിയിൽ
താൻ ഉപേക്ഷിച്ചത് തെറ്റായോ എന്ന് പലപ്പോഴും തന്നെ വേട്ടയാടിയ ചോദ്യമായിരുന്നു...
"ഇല്ലാ ഒരിക്കലും ഇല്ലാ.. " മനസ്സിൽ പലപ്പോഴും ആരോ മന്ത്രിക്കുമായിരുന്നു .
അത് സത്യമാണെന്നു ശാന്തമായി ഉറങ്ങുന്ന കുഞ്ഞിനേയും ഭർത്താവിനെയും കണ്ടപ്പോൾ അവൾക്ക് തോന്നിപ്പോയി ..
അവൾ ലൈറ്റ് അണച്ച് അയാളുടെ അരികിൽ പോയി കിടന്നു... അവളുടെ അരയിലൂടെ കൈകൾ ചുറ്റി ഒന്നൂടെ അവളെ ചേർത്ത് പിടിച്ചപ്പോൾ അവൾ അവന്റേത് മാത്രം ആയിരുന്നു...
"നിന്റെ മണം ഇല്ലാതെ എനിക്കുറങ്ങാൻ പറ്റില്ല എന്നറിയില്ലേ.. "അവൻ അവളുടെ കാതുകളിൽ മന്ത്രിച്ചു
നെഞ്ചിലെ രോമത്തിൽ ഒന്നൂടെ മുഖം ചേർത്ത് വെച്ചു കിടക്കുന്ന അവളെ കണ്ടപ്പോൾ അവന് തോന്നി അവൾ തന്റെ ആ കുട്ടിക്കുപ്പായകാരി തന്നാണെന്ന്...
അയാളുടെ മുഖത്തു ഒരു ഗൂഢമായ പുഞ്ചിരി വിടർന്നു നിന്നു.. അവളുടെ രഹസ്യം അറിഞ്ഞും രഹസ്യമായി സൂക്ഷിക്കുന്ന അഗീകരിക്കുന്ന ഒരു കാമുകന്റെ പുഞ്ചിരി...
പ്രണയത്തിന് ദാമ്പത്യത്തിന് ജാതിയുടെയും വിശ്വാസങ്ങളുടെയും ഒന്നും അളവ് കോലല്ല വേണ്ടതെന്നു തോന്നാറുണ്ട് ചിലപ്പോൾ....അതിന് വേണ്ടത് പ്രണയം മാത്രമാണെന്ന്...
ഒരുതരത്തിൽ അതും ഒരു കണ്ടെത്തൽ തന്നെ ആണെന്ന്...ശരീരംകൊണ്ട് ഭിന്നമാണെകിലും ഓരേ ആത്മാവുകൊണ്ട് ജീവിക്കുന്നവരുടെ കണ്ടെത്തൽ ...."അത് നീ തന്നെയാകുന്നു " എന്ന കണ്ടെത്തൽ....

"ഇതിങ്ങനെ വിട്ടാൽ പറ്റില്ല..

"ഇതിങ്ങനെ വിട്ടാൽ പറ്റില്ല..
നമ്മുടെ കൂട്ടത്തിലെ ഒരുവളെ കൊണ്ടുപോയതിനു അവന്മാരുടെ പത്തെണ്ണത്തിനെ നമുക്കു വലയിലാക്കണം.."
"എടാ അത്രക്കു വേണോ..
അവനവളെ ഇഷ്ടായത് കൊണ്ടാവില്ലേ കൂട്ടിക്കൊണ്ടു പോയതു..
അതിനു മറ്റൊരു പരിവേഷം കൊടുക്കേണ്ടടാ..."
"ഇല്ലെടാ..
അവളെ പൊന്നുപോലെ ഇത്രേം കാലം നോക്കിവളർത്തിയവരുടെ ദെണ്ണം നിനക്കു മനസ്സിലാവാണേൽ നിന്റെ വീട്ടീന്നൊരുവളെ ഇതുപൊലെ ഇറക്കിക്കൊണ്ട് പോവണം.."
"എടാ ഞാനതല്ല പറഞ്ഞതു..
കഴിഞ്ഞത് കഴിഞു..
ഇനി പ്രശ്നം വഷളാക്കണ്ടാന്നു കരുതിയാണ്.."
"നിനക്കു പറ്റില്ലെങ്കിൽ പറയ്‌..
ഞാനിന്നു തന്നെ പ്ലാൻ നടപ്പാക്കാൻ പോവാ.."
"എടാ ഒന്നുടെ ആലോചിച്ചു പോരെ.."
"ഒന്നും ആലോചിക്കാനില്ല..
ഇവിടുന്നടിച്ചു മാറ്റിയ ഒരു കോഴിക്ക് പകരം അവന്മാരുടെ പത്തു കോഴിയെ എങ്കിലും ഇന്നുരാത്രി നമ്മൾ അടിച്ചു മാറ്റിയിരിക്കും..
അല്ലേൽ പിന്നെന്തിനാ ആണാണെന്നും പറഞ്ഞു നടക്കുന്നത്.."
"കോഴിയോ.."?
"അല്ലെടാ താറാവ്..
അതല്ലേ ഇത്രെം നേരം പറഞ്ഞോണ്ടിരുന്നേ..
നീ പിന്നെന്താ കരുതിയത്.."
"ഒന്നുല്ലടാ...
ഹോ വെറുതെ മനുഷ്യനെ പേടിപ്പിച്ചു കളഞ്ഞു.."

rayan

ഭാഗം 2: ഒരു മെസ്സൻജർ പ്രണയം

ഭാഗം 2: ഒരു മെസ്സൻജർ പ്രണയം:- അയാൾ കൊടുത്ത മറുപടി ഇപ്രകാരമായിരുന്നു :- " പ്രിയ സുഹൃത്തേ.., ജീവിതം വിരസമാണ്. ആവർത്തിക്കുന്ന ദിനചര്യകളും ജോലികളും തന്നെ കാരണം. ഇതിനിടയിൽ റിലാക്സ് ചെയ്യാനാണ് നിങ്ങളുമായി ചാറ്റുന്നത്! ഇപ്പോഴത് പ്രേമമായി മാറിയിരിക്കുന്നു. എന്നാൽ ഭാര്യയും കുട്ടികളുമുള്ള എനിക്ക് ഒരു പ്രണയ നാടകത്തിനുള്ള സ്കോപ് ഇല്ല. എങ്കിലും മാംസനിബദ്ധമല്ലാത്ത ഒരു വിശുദ്ധ പ്രണയം ഞാൻ സ്വപ്നം കാണുന്നു. അവിവാഹിതനായിരുന്ന കാലത്ത് ചെയ്തതു പോലെ, നല്ല വസ്ത്രമണിഞ്ഞ് മേക്കപ്പൊക്കെ ചെയ്ത്, ദന്തഡോക്ടറെ കണ്ട് പല്ലിലെ സിഗററ്റ് കറയെല്ലാം നീക്കം ചെയ്ത്, കൂളിംഗ് ഗ്ലാസും വച്ച് കാമുകിയെ കാണാൻ പോകുന്ന ആ കാലം പോയി. ആ കാലത്തെ ചെയ്തികളെല്ലാം ആവർത്തിക്കാൻ, വന്നുചേർന്ന പക്വത അനുവദിക്കുന്നില്ല! പക്വത വളരെ നല്ലതാണ് എന്നാണ് എന്റെ അനുഭവം. പ്രായോഗികമായി ശരീരം കൊണ്ട് പ്രണയിക്കുമ്പോൾ ഉണ്ടാകാനിടയുള്ള മാനക്കേടും നാണക്കേടും ഒഴിവാക്കാൻ ഈ പക്വത ഉപകരിക്കും! ഇപ്പോൾ പ്രായോഗികമായത് വിശുദ്ധ പ്രണയമാണ്. അതായത് മനസ്സിൽ സ്വപ്നങ്ങൾ മെനഞ്ഞ് രസിക്കുന്ന പ്രണയം!. ഈ പ്രണയത്തിന് അണിഞ്ഞൊരുങ്ങി സ്പ്രേയുമടിച്ച് വെയിലും കൊണ്ട് ഇറങ്ങി തിരിക്കേണ്ടതില്ല. എന്റെ വീട്ടിലെ ചാരുകസേരയിൽ നല്ല ശുദ്ധമായ കാറ്റും ആസ്വദിച്ച് കിടന്നു കൊണ്ട് പ്രണയിക്കാം. അതുകൊണ്ടാണ് ഞാൻ ചോദിച്ചത് പരസ്പരം കാണാതെ പ്രണയിച്ച് കൂടേയെന്ന് !. അങ്ങനെ ചോദിക്കാൻ മറ്റൊരു കാരണം കൂടിയുണ്ട്. ചിലരുമായി അടുത്താൽ അവർ നമ്മെ കാണാനായി വന്നുകളയും! fb യിലൂടെ തള്ളുന്ന പൊള്ളയായ സ്നേഹ വചനങ്ങൾ യാഥാർത്ഥ്യമായി കരുതി, നമ്മെ സന്ദർശിക്കുന്ന ആ പാവം നിഷ്കളങ്കരെ ഒരു ഇളിഭ്യച്ചിരിയോടെ സ്വീകരിക്കുന്നതോർക്കുമ്പോൾ... എന്തോ ഒരിത്! അതുകൊണ്ടാണ് ഞാൻ പറഞ്ഞത് പരസ്പരം കാണാതെ പ്രണയിക്കാമെന്ന്!!". ഇത് വായിച്ച് അവൾ മറുപടി എഴുതാനിരുന്നു. (തുടരും)

Kadarsha

അഖി കണ്ട കാക്കത്തൊള്ളായിരം കാഴ്ചകൾ ഭാഗം-6

അഖി കണ്ട കാക്കത്തൊള്ളായിരം കാഴ്ചകൾ
ഭാഗം-6
കിളി പച്ചകൊടി കാട്ടിയിട്ടുംവണ്ടി നിങ്ങുന്നില്ലന്നു കണ്ടു അഖില തലപൊക്കി നോക്കി. ഒരു ലോറിക്കു കടന്നു പോകാൻ നിൽക്കുകയാണന്നു മനസ്സിലായി ദൃഷ്ടി മാറ്റിയപ്പോൾ അൽപ്പം മുൻമ്പിലായി കടയിൽ തൂക്കി ഇട്ടിരിക്കുന്ന പഴകുല കണ്ടപ്പോഴാണ് ചേച്ചി ഇടയ്ക്കു കഴിക്കാൻ ബാഗിൽ തിരുകിയ പഴത്തിന്റെ കാര്യം അഖില
ഓർത്തത്. ബാഗിൽ നിന്നും വെള്ളകുപ്പി വലിച്ചെടുക്കുന്നതിനിടയിൽ ലോറി
കടന്നു പോയി,നിറയെ കന്നുകാലികളുമായി.
പണ്ട് കന്നുകാലിപറ്റത്തെ റോഡിൽ കൂടി അടിച്ചുകൊണ്ട് പോകുന്നത് പതിവ് കാഴ്ച
യായിരുന്നു. തന്റെ ഊഴം എപ്പോഴാണന്നുള്ള അവറ്റയുടെ കണ്ണിൽ പ്രതിഭലിക്കുന്ന ഭയമൊ നിസംഗതയോ ആവുമോ തന്റെ കണ്ണിലും പ്രതിഭലിക്കുന്നതെന്ന ചിന്ത വേദനയോടെ അഖിലയുടെ മനസ്സിലൂടെ കടന്നു പോയി. ബസ് നീങ്ങി തുടങ്ങിയപ്പോൾ മുറിച്ചിട്ടേക്കുന്ന തേക്കുമരങ്ങളിൽ കണ്ണുടക്കി. ആ കാഴ്ച
അഖിലയെ നോവിക്കുന്ന ഓർമ്മകളിലേക്കു തന്നെ കൊണ്ടു പോയി.'കാറ്റേ ഒരു മാമ്പഴം താ'എന്നു കുട്ടികൾ നീട്ടി പാടുമ്പോൾ തങ്ങ
ടെ മനസ്സു പോലെ നാട്ടു മാമ്പഴംപൊഴിച്ചിടുന്ന
പടപ്പൻ മാവും, അരിംകറിം കളിക്കാൻ പാകത്തിന് തന്റെ വേരുകൾക്കിടയിൽ സ്ഥലവും, തണലും തരുന്ന തള്ളപ്ലാവും ഓണത്തിന് ഊഞ്ഞാലിടുന്ന ഭീമൻപുളി
യുമെല്ലാം തായ് വേരറ്റ് തൊലി ഉരിഞ്ഞു കിടന്നപ്പോൾ അമ്മ കാണാതെ ഒഴികിയ കണ്ണുനീർ ഉടുപ്പിൽ തുടച്ചിരുന്ന കാര്യമോർ
ത്തപ്പോൾ അഖിലയുടെ നെഞ്ചകം വിങ്ങി.
ഓർക്കാപുറത്ത് ഉത്തരവാദിത്വങ്ങൾ
ഏറ്റടുക്കേണ്ടി വന്നരണ്ട് വിധവകളുടെ നിസ്ഹായത മനസ്സിലാക്കാനുള്ളപക്വത തനിക്കും ചേച്ചിക്കും വന്നിരുന്നു. അതു കൊണ്ട് തന്നെ തങ്ങളുടെ അത്യാവശ്യങ്ങൾ മാത്രമേ അമ്മയുടെ മുൻമ്പിൽ നിരത്തി
യിരുന്നോളൂ.
കണ്ടക്ടർ വിളിച്ചപ്പോഴാണ്. ഓർമ്മകളെ മുറിച്ചൊന്ന് മയങ്ങിയെന്നു മനസ്സിലായത് എഴുന്നേറ്റപ്പോൾ എന്തിനെന്നറിയാതെ ഉള്ളൊന്നു കാളി. ‘പെങ്ങളൊരു ഓട്ടോ വിളിച്ചോ ഒര് രണ്ട് രണ്ടര കിലോമീറ്റർ കാണം ഇവിടുന്ന് ' എന്ന് ഇറങ്ങിയപ്പോൾ കണ്ടക്ടർ ഓർമ്മിപ്പിച്ചു. നന്ദിസൂചകമായി കണ്ടക്ടറെ നോക്കി അഖിലയൊന്നു പുഞ്ചിരിച്ചുകൊണ്ട് തിരിഞ്ഞപ്പോഴേ നിരയായി ഇട്ടിരിക്കുന്ന ഓട്ടോകൾ കണ്ണിൽ പെട്ടു. പല ഭാവങ്ങളോടെ നീണ്ടുവരുന്ന നോട്ടങ്ങളെ അവഗണിച്ച് ധൃ
തിയിൽ ആദ്യം കിടന്ന ഓട്ടോയിൽ കയറി പോകേണ്ട സ്ഥലം പറഞ്ഞു. അമല സിസ്റ്ററെ കണ്ടിട്ട് വർഷം മൂന്ന് കഴിഞ്ഞുകാണും തന്നെ കാണാൻ വന്നപ്പോൾ കീമോയുടെ മയക്ക
ത്തിലായതു കൊണ്ട് കാണാനും കഴിഞ്ഞില്ല. താൻ കാണാൻ ആഗ്രഹിച്ചപ്പോഴേയ്ക്കും സിസ്റ്റർ വിദേശത്തേയ്ക്ക് പോയിരുന്നു. എപ്പോഴും തമാശ പറഞ്ഞും, പൊട്ടിച്ചിരിച്ചും നടക്കുന്ന അമലസിസ്റ്ററിനോട് കുട്ടികൾ ഒരകലം പാലിച്ചു, കൊണ്ടു നടക്കുന്ന ചൂരൽ അലങ്കാരത്തിനല്ലന്ന് അറിയാവുന്നതു കൊ
ണ്ട്.കുപ്പായത്തിന്റെ പോക്കറ്റിൽ ഒളിപ്പിച്ചു
വച്ച ചൂരലുമായി നിറഞ്ഞ ചിരിയൊടെ ക്ലാസിലെത്തുന്ന സിസ്റ്ററിനെ പക്ഷെ തങ്ങൾ ഇഷ്ടപ്പെട്ടിരുന്നു. അച്ചാച്ചന്റെ പ്രിയപ്പെട്ട വിദ്യാർത്ഥിനിയുടെ പ്രിയ ശിഷ്യയാകാൻ തനിക്കും കഴിഞ്ഞു.
കോൺവെൻഡ് ഗേറ്റിനു മുന്നിൽ ഓട്ടോ നിർത്തിയപ്പോൾ അഖില ഓർമ്മയിൽ നിന്നുണർന്നു. ഓട്ടോക്കാരനും കണ്ടക്ടറെ
പോലെ മര്യാദക്കാരനായിരുന്നു, ലോഹ്യം ചോദിച്ച് ബുദ്ധിമുട്ടിച്ചില്ല. വാച്ച് മാൻ പറഞ്ഞ ദിശയിലേക്കു അഖില നടന്നുഎല്ലാകോൺ
വെൻഡുകൾക്കും ഒരേ മുഖഛായ ആണന്ന് അഖിലയ്ക്കു തോന്നി. കടലു കണ്ട് അന്തം
വിട്ട് നിന്ന പോലെ, ആദ്യമായി ചേച്ചീടെ സ്കൂളിൽ ചേർക്കാൻ കൊണ്ടു വന്നപ്പോൾ നിന്ന ചിത്രം അഖിലയുടെ മനസ്സിലോടിയെ
ത്തി. അമ്മയുടെ സാരി തുമ്പിന്റെ മറവും അച്ചാച്ചന്റെ കൈയ്യുടെ താങ്ങും ഉണ്ടായിട്ടും താനിക്കിവിടെ പഠിക്കണ്ടാന്നു പറഞ്ഞു ചിണുങ്ങി. പുതിയ അന്തരീക്ഷത്തിൽ വലിയ മീനുകളുടെ ഇടയിൽ പെട്ടു പോയ പരൽ മീനിന്റെ നിസ് സഹായതയായിരുന്നു എൻ.പി സ്കൂളിലെ രാജാത്തിയുടെ കണ്ണിലും മനസ്സിലും. എന്തിനെന്നറിയാതെ കണ്ണു നിറഞ്ഞൊഴുകി കൊണ്ടേയിരുന്നു. പതുക്കെ നാലുനിലകെട്ടിടവുംപള്ളിയും,പള്ളിമുറ്റ
ത്തെ മാവും, ആമ്പൽ പൂ നിറഞ്ഞു നിൽക്കുന്ന ടാങ്കും എല്ലാം കൂട്ടുകാരായി.
കോൺവെൻഡുമുറ്റത്തെ റോസാപൂക്കളിൽ കണ്ണുടക്കിയപ്പോഴാണ് അഖിലക്കു സ്ഥലകാലബോധം വന്നത്. സ്വീകരണ മുറിയുടെ വാതിൽ തുറന്നു കിടക്കുകയാ
യിരുന്നു. പരീക്ഷാ ഹാളിലേയ്ക്കു കയറു
മ്പോഴുണ്ടാകുന്നൊരു നെഞ്ചിടിപ്പോടെ അഖില കോളിംഗ് ബെല്ലടിച്ചു കാത്തു നിന്നു. പൂക്കളുടെ മേളത്തിലേയ്ക്കു വീണ്ടും കണ്ണ് പാഞ്ഞപ്പോൾ പെട്ടന്ന് അഖിലയ്ക്ക് ലൂസിയെ ഓർമ്മവന്നു മനസ്സ് വിങ്ങി. ചെടിക്ക് കളപറിക്കുന്ന ലൂസിയോട് ചങ്ങാത്തം കൂടിയത്, കോൺവെൻഡ് മുറ്റത്തെ ചെടിക
ളുടെ കമ്പോ തയ്യൊ ഒപ്പിക്കാം എന്ന മോഹ
ത്തോടെയായിരുന്നു.
ബിന്ദു മുഖംകറുപ്പിച്ചു. അനാഥാലയത്തിലെ കുട്ടികളുടെ കൂട്ട് ശരിയല്ലന്നവൾ തീർത്തു പറഞ്ഞു. ആദ്യമൊന്നും ലൂസി തന്നോടടു
ത്തതേയില്ല. ഒരുവൈകും നേരം ചുടുകട്ട പെറുക്കുന്ന ലൂസി തന്റെയുള്ളിൽ വേദന ഉണ്ടാക്കി, പക്ഷെ താൻ കണ്ടത് അവൾ
ക്കെന്തോ ജാള്യതയായി, പിറ്റേന്നു മുതൽ ലൂസി കൂടുതൽ അകലം കാണിച്ചു. ക്ലാസ് ടെസ്റ്റ് തന്റെ രക്ഷക്കെത്തി. ആവശ്യപ്പെടാതെ ഉത്തരം കാണിച്ചു കൊടുത്ത് ലൂസിയു
മായി അടുത്തു. പക്ഷേ താൻ രഹസ്യമായി ചെയ്തത് ബിന്ദു എത്തിക്കേണ്ടിടത്ത് എത്തിച്ചു. റോസിടീച്ചറിന്റെ അടിയും, ക്ലാസിനുപുറത്ത് നിർത്തിയ മാനക്കേടും താൻ വേഗം മറന്നു. അപ്പോഴേയ്ക്കും പരസ്പരം തോളിൽ കൈയ്യിട്ടു നടന്നു തുടങ്ങിയിരുന്നു താനും ലൂസിയും.
ആരാ എന്ന ചോദ്യം കേട്ട് അഖില തിരിഞ്ഞു, മറുപടിക്കു മുന്നേ അഖിലയല്ലേന്നു ചോദിച്ചു കൊണ്ട്, വന്ന സിസ്റ്റർ ഒരപരിചിതത്വവും കാണിക്കാതെ സ്വീകരിച്ചിരുത്തി.
മദറിനെതിരഞ്ഞ കണ്ണുകൾക്കു മറുപടിയായി "മദർ ഫോൺ ചെയ്യുവാ, അഖില ഇരിക്കൂ ഞാനിപ്പോൾ വരാം" എന്നു പറഞ്ഞവർ പോയി അവിടുത്തെ ശാന്തമായ അന്തരിഷം നൽകിയ ആശ്വാസത്തോടെ അഖില ആ മുറിയിലാകെ ഒന്നു കണ്ണോടിച്ചു. കർത്താവിന്റെയും മാതാവിന്റെയും വലിയ ചിത്രങ്ങൾ മുറിയിൽ തൂക്കിയിരുന്നു. പൂ പാത്രത്തിൽ വെള്ളമൊഴിച്ച് വച്ചിരിക്കുന്ന പൂക്കൾ, ഇളം നീല നിറത്തിൽ വെള്ള നക്ഷത്രങ്ങൾ വിതറിയ കർട്ടനുകൾ, വീട്ടി തടിയിലുള്ള ഫർണിച്ചറുകൾക്ക്മോടി കൂട്ടി ക്രോസ് സ്റ്റിച്ചു ചെയ്ത കുഷനുകളും, വിരികളും, തറയോട് പാകിയ നിലം, പഴമയുടെ പ്രൗഡി ഒന്നു വേറെ തന്നെയാണന്ന് അഖില ഓർത്തു. വല്ലാത്തൊരു നിശബ്ദത എങ്ങും, പക്ഷെ ഇവിടുത്തെ നിശബ്ദത ഭയപ്പെടുത്തുന്നില്ല.
ബഹളങ്ങളെ സ്നേഹിക്കാത്ത ഒറ്റക്കിരിക്കാൻ ഇഷ്ടപ്പെടുന്ന അഖിലയ്ക്കു പെട്ടന്ന് മരണത്തിന്റെ മണമുള്ള, ഭയപ്പെടുത്തിയ നിശബ്ദത ഓർമ്മ വന്നു. ഓർക്കാനിഷ്ടപടാത്തതു കൊണ്ടവൾ പെട്ടന്നു മാതാവിന്റെ ചിത്രത്തിൽ അഭയം പ്രാപിച്ചു. കടലുപോലെ അഴത്തിലും പരപ്പിലും ദുഖം ഒളിപ്പിച്ചു വച്ച കണ്ണുകളാണ് മാതാവിന്റെ ചിത്രങ്ങളിലെല്ലാം. മക്കളെ പറ്റി ആധിയെരിയുന്ന എല്ലാ അമ്മമാരുടേയും പ്രതീകം.
ആദ്യമായി മാതാവിനെ കണ്ടത് പള്ളിക്കകത്തായിരുന്നു. കണ്ണിൽ നിന്നുംചോര തുള്ളികൾ പൊഴിച്ച് നിൽക്കുന്ന മാതാവും, തലയിൽ മുൾക്കിരീടവും പേറി മരക്കുരിശിന്റെ ഭാരത്താൽ മുന്നോട്ടാഞ്ഞുപോയ കർത്താവും കണ്ണു നിറച്ചു. ലൂസി പറഞ്ഞ ബൈബിൾ കഥകൾ, അവളുടെ കഥ കേട്ടപ്പോൾ ഉണ്ടായ വേദനയെക്കാൾ കൂടുതൽ വേദനിപ്പിച്ചു.
കരയുന്ന ദൈവങ്ങൾ പുതിയ അറിവായിരുന്നു. അർമാദിച്ച്നടന്ന കണ്ണന് എന്തൊരു സുഖമായിരുന്നന്ന് ഓർത്തു. അത് നമ്മുടെ ദൈവമല്ല കേറിയാൽ നീ നരകത്തിൽ പോകുമെന്ന് ബിന്ദു ഭീഷണി പെടുത്തിയിട്ടും, കർത്താവിനോടായി ചായ് വ്. അച്ചാച്ചൻ തന്ന ധൈര്യത്തിൽ ലൂസിയുടെ കൈയ്യും പിടിച്ച് എന്നും പള്ളിയിൽ പോയി മുട്ടുകുത്തികുരിശ് വരച്ചു. കർത്താവിനെ കുരിശ്ശിൽ കയറ്റിയ ദുഷ്ടൻമാരെല്ലാം നരകത്തിൽ തിളയ്ക്കുന്ന എണ്ണയിൽ കിടന്ന് പൊരിയുന്നത് സ്വപ്നം കണ്ട് സമാധാനപ്പെട്ടു. പക്ഷെ കർത്താവിനു വിനയായി.
പുതിയ അന്തരീക്ഷത്തിൽ നേരിടേണ്ടി വന്ന പ്രശ്നങ്ങൾക്കെല്ലാം, പള്ളീപത്തു പൈസ ഇട്ടേക്കാമെന്ന് പറഞ്ഞ് താൻ കർത്താവിനെ പൊറുതിമുട്ടിച്ചു കൊണ്ടേയിരുന്നു. കണ്ണന് തുളസിമാലകെട്ടാൻ മറന്നു. കർത്താവിന് കൊടുക്കാത്ത എത്ര പത്തു പൈസ തുട്ടുകൾ
ഉണ്ടന്നറിയില്ല, മന: പൂർവ്വമല്ലായിരുന്നു, എണ്ണം കൂടിയപ്പോൾ കണക്കു തെറ്റി പോയതായിരുന്നു. ടി.സി വാങ്ങി പോകുന്നതിനു മുൻമ്പ് വഞ്ചി പൊട്ടിച്ച് കർത്താവിന്റെ കണക്കു തീർക്കണമെന്ന് വിചാരിച്ചിരുന്നു. പോകുന്ന ഒരുക്കത്തിനിടയിൽ അതും മറന്നു. ഏൽപ്പിച്ച തുട്ടുകൾ ബിന്ദു ഇട്ടോന്നും പിന്നെ ചോദിക്കാൻ തോന്നിയില്ല. കണക്കു സൂക്ഷിക്കാൻ അറിയാത്തവരായിരുന്നു താനും കർത്താവും. ഇന്നും അത് വീട്ടാകടമായി നിൽക്കുന്നുണ്ടാവും.
സ്വീകരിച്ചിരുത്തിയ സിസ്റ്റർ ജ്യൂസും, അണ്ടിപരിപ്പുമായി നിറഞ്ഞ ചിരിയോടെ തന്നെ വീണ്ടും എത്തി. അവർക്കു മാതാവിന്റെ മുഖഛായയാണന്ന് അഖിലയ്ക്കു തോന്നി. ജ്യൂസ് ഗ്ലാസ് എടുത്ത് നീട്ടികൊണ്ട് മദർ ഇപ്പൊ എത്തുമെന്ന് ആശ്വസിപ്പിക്കുംപോലെ പറഞ്ഞു. സൗകര്യം പോലെ ഇവിടെ വരെ വരൂ എന്ന് ഫോൺ ചെയ്തപ്പോൾ പറഞ്ഞു. എന്തിനെന്ന് പറഞ്ഞതുമില്ല, നീ വരൂ എന്നു മാത്രം പറഞ്ഞു. അപ്പോൾ തുടങ്ങിയ,എന്തിനെന്ന
റിയാത്തൊരു ശ്വാസംമുട്ടലിന് ഇപ്പോഴും
അയവു വന്നിട്ടില്ലെന്ന് അഖിലഓർത്തു. യാത്രചെയ്ത് ക്ഷീണിച്ചു വന്നതല്ല, കഴിക്കൂ എന്ന് പറഞ്ഞിട്ട് ആ സിസ്റ്റർകർട്ടനപ്പുറത്തെ ഇരുട്ടിലേക്ക് മറഞ്ഞു.
സ്കൂളിന്റെ നാലാം നിലയിൽ നടുക്കായിട്ട് ഗ്രൗണ്ടിലേയ്ക്കു തള്ളി നിൽക്കുംവിധം, ഉണ്ണിയേശുവിനേയും കൈയ്യിലേന്തി നിൽക്കുന്നൊരു പ്രതിമ ഉണ്ടായിരുന്നു. മൂന്നാലു പേർക്കു കയറി നിൽക്കാമായിരുന്ന അവിടം തന്റെ പ്രിയപ്പെട്ടയിടമായിരുന്നു. ആ മാതാവിനേയും, ഉണ്ണിയേശുവിനേയും ഒറ്റക്കാവുന്ന അവസരത്തിലെല്ലാം തൊട്ട് തലോടാൻ തനിക്കിഷ്ടമായിരുന്നു. അവിടം തകർന്ന് നമ്മൾ മൂന്ന് പേരും താഴേയ്ക്കു വീണാൽ എന്തു ചെയ്യുമെന്ന് രഹസ്യമായി അവരോട് ചോദിക്കുമായിരുന്നു. താഴേക്കു പോകുന്ന തങ്ങളെ ആകാശത്തു നിന്നും ചിറക് വച്ച് പറന്നു വരുന്ന മലാഖമാർ രക്ഷിച്ച് ദൂരെ മേഘകൂട്ടങ്ങളിലേക്കു പോകുന്നത്
സ്വപ്നം കണ്ടപ്പോഴെല്ലാം, ഒരു കുളിര് ശരീരത്തെയാകെ തരിപ്പിച്ചു. അങ്ങനെ സംഭവിക്കണേന്ന് താനാഗ്രഹിച്ചിരുന്നു എന്നതായിരുന്നു സത്യം. എല്ലാവരും പറയുന്നതു പോലെ അഖിയുടെ വട്ട്,
പരിഹാസം ഒട്ടും ഇഷ്ടമല്ലാത്തതു കൊണ്ട്, പിന്നെ പിന്നെ വട്ടുകളെല്ലാം സ്വകാര്യമായി സൂക്ഷിക്കാൻ ശ്രദ്ധിച്ചിരുന്നു.
ഒഴിഞ്ഞ ഗ്ലാസ് ട്രേയിൽ വച്ചിട്ട് അഖില പ്ലേറ്റിൽ നിന്നും നാലഞ്ചു അണ്ടിപരിപ്പെടുത്തു. വെളുത്തു മിനുസമുള്ള പരിപ്പ് വായിൽ വച്ചപ്പോൾ അഖിലയ്ക്കു ചുട്ട് തല്ലിയ അണ്ടിപരിപ്പിന്റെ മണവും രുചിയും ഓർമ്മ വന്നു. റോസ് നിറത്തിലെ മൊരിഞ്ഞതൊലി നീക്കി കരിഞ്ഞ പൊട്ടുകളോടുള്ള പരിപ്പ് വച്ചുനീട്ടുന്ന അച്ചാമയുടെ കൈകൾ, ചവച്ചിറക്കിയത് അഖിയുടെ തൊണ്ടയിൽകുരുങ്ങി വിങ്ങി. മേക്കറുമായി ചേർന്ന് പറമ്പിൽ നിന്നും കിട്ടിയ പറങ്കിയണ്ടി ചുട്ടു കൈപൊള്ളിച്ചതിന് അച്ചാമ്മയുടെ ശകാരം മൊത്തം പാവം മേക്കറിനായിരുന്നു കിട്ടിയത്. ഒരിക്കൽ അച്ചാമ ചുട്ട് തല്ലി ഒരുക്കി വച്ച അണ്ടിപരിപ്പ് ലൂസിക്കും പേപ്പറിൽ പൊതിഞ്ഞ് രഹസ്യമായി കൊണ്ടു കൊടുത്തു. ക്രിസ്മസിന്റെ അവധിക്കുവീട്ടിൽ പോകു
മ്പോൾ അനിയനും അനിയത്തിക്കും കൊണ്ടു കൊടുക്കാമെന്ന്പറഞ്ഞവൾ അത് തുള വീണ ബാഗിൽ സൂക്ഷിച്ചുവച്ചു. അന്നത്തെ വിശേഷങ്ങൾ അച്ചാച്ചനോട് പങ്കുവച്ചത് അമ്മയുടെ ചെവിയിലും എത്തിയെന്നു തോന്നുന്നു. രാവിലെ സ്കൂളിൽ പോകാൻ നേരം അമ്മ ഒരു പൊതി കയ്യിൽ വച്ച് തന്നിട്ടു പറഞ്ഞു ലൂസി കഴിച്ചോളാൻ പറ, അവധിക്കു പോകുമ്പോൾ അനിയനും അനിയത്തിക്കും വേറെ തന്നു വിടാമെന്ന് കൂടി കേട്ടപ്പോൾ തനിക്കു സന്തോഷം വന്നിട്ട് ശ്വാസം മുട്ടിയിരുന്നു. അമ്മ പറഞ്ഞ കാര്യം കേട്ടപ്പോൾ "സത്യം" എന്നു മാത്രം അവളു പറഞ്ഞു. സന്തോഷം കൊണ്ട് ശ്വാസം മുട്ടി അവളുടെ വാക്കുകളും തൊണ്ടയിൽ കുരുങ്ങി കാണും. ലൂസിക്കായുള്ള പൊതി അമ്മ തരുന്ന ദിവസങ്ങളിലെല്ലാം ആരെയും കാത്തു നിൽക്കാതെ താൻ ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞു.
അവസാന പരീക്ഷയുടെ അന്ന് ഒന്നും പഠിച്ചില്ലന്നതായിരുന്നില്ല ലൂസിയുടെ ആധി, താൻ കൊടുത്തപലഹാര പൊതി ആരുംകാണാതെ എങ്ങനെ ഒളിപ്പിക്കുമെന്നതായിരുന്നു. കർത്താവിനു കൊടുക്കാനവൾക്കു പത്തു പൈസാതുട്ടില്ലായിരുന്നു. പകരംപത്ത് പൈസ വഞ്ചിയിൽ താനിട്ടോളമേന്ന് കർത്താവിനോട് ഏറ്റ്, പലഹാരപൊതി ലൂസിയുടെ വീട്ടിലെത്തിക്കുന്ന ഉത്തരവാദിത്വം കർത്താവിനെ ഏൽപ്പിച്ചു. എന്തായാലും കർത്താവ് ഞാനേൽപ്പിച്ച ജോലി കൃത്യമായി ചെയ്തു. ആ ക്രിസ്മസിന് ലൂസിയുടെ വീട്ടിലെല്ലാവരും അമ്മ ഉണ്ടാക്കിയ പലഹാരങ്ങൾ രുചിച്ചു.
ലൂസി കൂട്ടുകാരിയായതിനു ശേഷമാണ് അനാഥാലയം എന്ന വാക്ക് മനസ്സിൽ പൊള്ളിച്ചുകൊണ്ട് പച്ചകുത്തിയത്. ചുറ്റും വർണ്ണകാഴ്ചകളും താലോലിക്കാൻ കൈകളും ഇല്ലാത്ത കുട്ടികളുടെ ലോകം ആദ്യമൊന്നും ഉൾക്കൊള്ളാനേ കഴിഞ്ഞില്ല. ലൂസിയുടെ ഓലപുര വീടും, മീൻ വലയും, കടലി പോകുന്ന വള്ളങ്ങളുമായി ഒരുകാണാകാഴ്ച മനസ്സിൽ കോറിയിട്ടു. ആ ചുറ്റുപാടിലെ അന്തേവാസിയാകാൻ എന്തൊ താനും കൊതിച്ചു. പക്ഷെ മഴ വന്നാൽ ചോർന്നൊലിക്കുന്ന വീടും, പട്ടിണിയും, അപ്പന്റെ കള്ളുകുടിയുമൊക്കെയായി അവള് തന്ന ഭീകര ചിത്രം മനസ്സിൽ അലട്ടികൊണ്ടേയിരുന്നു. ഒരു വൈകുന്നേരം ഹോം വർക്കിൽ
നിന്നും തല ഉയർത്തി അച്ചാച്ചനോടുള്ള തന്റെ അന്വേഷണം കേട്ട് ചേച്ചി ‘പുതിയ എന്തൊ വട്ട് തലക്കു പിടിച്ചിട്ടുണ്ടന്ന് പരിഹസിച്ചു.’ പുതിയ വീടു പണിയാൻ കാക്ക തൊള്ളായിരം കാശു വേണം കൊച്ചെ‘ എന്ന് മേക്കറാണ് മറുപടി പറഞ്ഞത്. തന്റെ മനസ്സ് അച്ചച്ചന് മാത്രമെ വായിക്കാൻ കഴിഞ്ഞോളൂ. എന്തിനെന്നോ, ആർക്കെന്നൊ എന്ന മറുചോദ്യം ഉണ്ടായില്ല. ലൂസിയാണ് തന്നെ അലട്ടുന്ന വിഷയമെന്ന് അച്ചാച്ചനറിയാം.
നീ മിടുക്കിയായി പഠിച്ച് വലിയ ആളായിട്ട് പറ്റുന്നവർക്കൊക്കെ താങ്ങാവൂന്ന് മാത്രം പറഞ്ഞു. ലൂസിക്ക് ചോരാത്ത വീട് ഉണ്ടാക്കി കൊടുക്കണ്ടേ ജോലിയും കർത്താവിനേയും, കണ്ണനേയും ഏൽപ്പിച്ചു. ഉറങ്ങാൻ കിടക്കുമ്പോൾ ലൂസി ചോരാത്തവീട്ടിൽ കിടന്നുറങ്ങുന്നത് സ്വപ്നംകണ്ടു.
ഓർമ്മകളെ മുറിച്ചു കൊണ്ട് നിറഞ്ഞ ചിരിയോടെ കൈയ്യും നീട്ടികൊണ്ട് അമല സിസ്റ്റർ കടന്നുവന്നു. ആ കൈകളിലൊതുങ്ങി എത്ര നേരം നിന്നുവെന്നറിഞ്ഞില്ല അച്ചാച്ചച്ചൻ നേഞ്ചോടു ചേർക്കുമ്പോഴുള്ള സുരക്ഷിതത്വം അഖിലയ്ക്കനുഭവപ്പെട്ടു.അമല സിസ്റ്ററുടെ കുപ്പായത്തിൽ തന്റെ കണ്ണുനീർ ചിത്രം വരച്ചു. 'ഇത്രയും ദൂരം ഒറ്റക്കു ബസിൽ, നിനക്കൊരു ടാക്സി എടുത്തൂടായിരുന്നൊ കുട്ടി’ എന്ന് സ്നേഹത്തോടെ ശാസിച്ചു. ചേച്ചിയും നിർബന്ധിച്ചതായിരുന്നു, ഓരോ പത്തു പൈസാ തുട്ടിനും തങ്ങൾ രണ്ടാൾക്കും വിലയുള്ള അവസ്ഥയാണിപ്പോൾ. "വണ്ടിയിറക്കാൻ വാവച്ചനോട് പറയൂ ലിയൊ, എന്നിട്ടെന്റെ ബാഗും കുടയും കൂടി ഇങ്ങെടുത്തൊ.'' എന്ന് പറഞ്ഞ് തിരിഞ്ഞപ്പോൾ ആ സിസ്റ്ററും കണ്ണു തുടച്ചു കൊണ്ട് അഖിലയെനോക്കി. എന്തുകൊണ്ടൊ താനപ്പോൾ ദൃഷ്ടി മാറ്റി കളഞ്ഞു. സഹാനുഭൂതിയുടെ നോട്ടങ്ങൾ വെറുക്കുന്നതുകൊണ്ടാകും കുറേ കാലമായി
തനിക്കാരുടേയും കണ്ണുകളിൽ അധിക സമയം നോക്കാൻ കഴിയുന്നേയില്ലന്ന കാര്യം അഖിലയ്ക്കു ഓർമ്മ വന്നു. ലിയൊ സിസ്റ്റർ ബാഗുമായി എത്തുമ്പോഴേയ്ക്കും അമല
സിസ്റ്റർ ചേച്ചിയെ വിളിച്ചു തന്നു. പാവം ആധി പിടിച്ചിരിക്കുകയായിരുന്നു, വിവരമൊന്നു മറിയാതെ. പരിസരബോധമില്ലാതെ ഓർമ്മകളിൽ മുങ്ങി താഴുന്ന താൻ എല്ലാം മറക്കുന്നു. പൊങ്ങാൻസ്വയം ശ്രമിക്കുന്നുമില്ല അതാണ് സത്യം.
‘' വരൂ നമുക്കൊരിടം വരെപോണം'’ എന്ന് അമല സിസ്റ്റർ പറഞ്ഞുകൊണ്ട് ബാഗും കുടയും വാങ്ങി. എങ്ങോട്ടെന്നറിയാനുള്ള ആകാംഷ അടക്കി ചോദിക്കാതെ കൂടെ ചെന്നു. സ്നേഹിക്കുന്നവരുടെ കൂടെ എങ്ങോട്ടെന്നു ചോദിക്കാതെ ഒപ്പം ചെല്ലുക എന്നതാണ് കുറേ നാളായി ചെയ്യുന്നത്. ആരേയും ഒപ്പം കൂട്ടാനൊക്കില്ലല്ലൊ, അതല്ലെ തന്റെ അവസ്ഥ
യെന്ന് അഖില ഓർത്തു. വണ്ടി കിടക്കുന്നിടത്തേയ്ക്കു നടക്കുമ്പോൾ ഇരുവശത്തും പൂത്ത് നിൽക്കുന്ന ചെടികൾ മോഹിപ്പിച്ചു. ഉച്ചയ്ക്ക് വേഗം ഉണ്ടിട്ട് ഓടുമായിരുന്നു. കോൺ
വെൻഡു മുറ്റത്തെ വർണ്ണ കാഴ്ചകളുടെ മേളം തന്നെ ചില്ലറയൊന്നുമല്ലായിരുന്നു ഭ്രമിപ്പിച്ചിരുന്നത്. 'എപ്പൊ നോക്കിയാലും വായിനോക്കി നിന്ന് മനുഷ്യനെ നാണം കെടുത്തുമെന്ന് ചേച്ചീടെ പരാതിയൊന്നും താനന്ന് ചെവികൊണ്ടതേയില്ല. ലൂസിക്ക് തന്നെ സഹായിക്കണ
മെന്നുണ്ടായിരുന്നു. പക്ഷെ അവൾ നിസ്സഹായയായിരുന്നു. കളപറിക്കാനുള്ള അവകാശമെ അന്തേവാസികൾക്കുണ്ടായിരുന്നോളൂ. "നിനക്കു ഞാനൊരു വമ്പൻ സർപ്രൈസ് തരാൻ പോവുകയാ" വണ്ടിയിൽ കയറുന്നതിനിടയിൽ അമല സിസ്റ്റർ പറഞ്ഞുതുകേട്ട് അഖിലയുടെ ഹൃദയമിടിച്ചു, എന്തിനെന്നറിയാതെ.
തുടരും...

Rajasree

പ്രവാസി നാട്ടുവാസിയാവുമ്പോൾ

പ്രവാസി നാട്ടുവാസിയാവുമ്പോൾ
പ്രവാസി. ആരുടെയൊക്കെയോ സ്വപ്നങ്ങൾക്ക് നിറം നൽകാൻ, ജീവിതത്തിലെ വർണ്ണങ്ങളെ മാറ്റി നിർത്തിയവൻ. പ്രവാസിയെ ഉപമിക്കേണ്ടത് മെഴുകു തിരിയോടാണ്. സ്വയം ഉരുകി മറ്റുള്ളവർക്ക് വെളിച്ചമേകുന്നവർ.
കുഞ്ഞുനാളിലെ അച്ഛന്റെ പ്രവാസ ജീവിതം,അതു കുറെയൊക്കെ കണ്ടറിഞ്ഞായിരുന്നു വളർച്ച. രണ്ടു വർഷം കഴിഞ്ഞു അച്ഛന്റെ വരവിനായുള്ള ഒരു കാത്തിരിപ്പുണ്ട്. അപ്പോഴേക്കും വളഞ്ഞു പുളഞ്ഞു ഉള്ള കത്തിലെ വരികളിൽ അച്ഛനെ കാണാനുള്ള ആഗ്രഹം വേഗം വാ അച്ഛാ എന്നുള്ള വിളികളിൽ എതിയിട്ടുണ്ടാകും.പിന്നെ ആവശ്യങ്ങളുടെ നീണ്ട ലിസ്റ്റ്.. നാട്ടിൽ എത്തിയാൽ അച്ഛന്റെ നെഞ്ചോരം ചേർന്നുള്ള കിടപ്പായിരുന്നു ഏറെ ഇഷ്ടം.കഥയും പാട്ടും ഒക്കെ ആയി ഉത്സവം പോലെ. അന്നൊക്കെ അമ്മ അച്ഛന്റെ അടുത്തു എല്ലാരും കാണ്കെ ഒന്നും ഇരിക്കില്ല. ഞങ്ങൾ വില്ലന്മാർ മാറി നിൽക്കുകയും ഇല്ല.
4 മാസം ലീവ് കഴിഞ്ഞു അച്ഛൻ പോവുമ്പോൾ അമ്മ കരയും.അന്ന് ആ നോവ് എന്താണ് എന്ന് ഞങ്ങൾക്കറിയില്ലായിരുന്നു.
ജീവിതത്തിലെ ഉയർച്ച താഴ്ചകൾ ഏറെയും ബാധിക്കുക പ്രവാസിയേയും അവന്റെ കുടുംബത്തെയും ആവും.
ആ സമയങ്ങളിൽ ചിരിച്ചവർ പോലും മുഖം തരാതെ നടന്നു പോകും.
രണ്ടു സംഭവങ്ങൾ,രണ്ടു പേരുടെ ജീവിതത്തിൽ നടന്ന കാര്യങ്ങൾ.ഒന്നു അച്ഛന്റെ,ഒന്നു എന്റെ ഭർത്താവിന്റെ.
അച്ഛന് ഒരിക്കൽ ഡിസ്ക് തെറ്റി നടക്കാൻ വയ്യാതായി. ആരുടെയൊക്കെയോ ദയ കൊണ്ടു എയർപോർട്ടിൽ എത്തി.അവിടെ നിന്നും കാറിൽ വീട്ടിലേക്കും. ഒന്നും ഞങ്ങളെ അറിയിച്ചില്ല. ഒരു ഉച്ച നേരത്തു ഒരാൾ വന്നു പറയുകയാണ് അമ്മയോട് സുഖമില്ലാതെ വന്നിട്ടുണ്ട്. എന്നു.'അമ്മ നിലവിളിയും. ഞാൻ ഓടിച്ചെന്നു നോക്കുമ്പോൾ രണ്ടുപേർ ചേർന്നു താങ്ങി നടത്തിച്ചു അച്ഛനെ കൊണ്ടു വരുന്നു.ഓടി ചെന്നു അച്ഛനെ ചേർത്തുപിടിച്ചു ആ കൈ എന്റെ ചുമലിലേക്ക് എടുത്തു വെച്ചു മെല്ലെ നടത്തിച്ചു വന്നു ഞങ്ങൾ. അപ്പോൾ കണ്ണു നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു എന്റെ. അതു കണ്ടു അച്ഛൻ പറയുന്നുണ്ടായിരുന്നു "എനിക്കൊന്നുമില്ല മോളെ.അതു വണ്ടിയിൽ നിന്നും അറബിക്ക് ലോഡ് ഇറക്കി കൊടുത്തപ്പോൾ എന്റെ നടുവൊന്നു ചെറുതായി ഉളുക്കിയത് ആണെന്ന്..
പിന്നീടുള്ള മാസങ്ങൾ അച്ഛന്റെ ചികിത്സയായിരുന്നു. നാട്ടിൽ നിന്നാൽ പ്രവാസിക്ക് സ്വന്തക്കാരുടെയും നാട്ടുകാരുടെയും ഇടയിൽ പുല്ലു വിലയാണ് എന്നു ഞങ്ങൾക്ക് അന്ന് മനസിലായി. അച്ഛൻ നാട്ടിൽ വരുമ്പോൾ ഓടി വന്ന കൂടപിറപ്പുകളും, ചങ്ങാതിമാരും ഒന്നു വന്നു തല കാണിചു പോയി.
കടം ചോദിച്ചാലോ എന്ന ഭയം.കൊടുത്താൽ തിരിച്ചു തരാൻ ഗൾഫിലേക്ക് ഇനി പോവുമോ എന്ന സംശയം.പറഞ്ഞും പറയാതെയും എല്ലാരുടെയും സംശയം ഇതായിരുന്നു. ഞങ്ങൾ ബന്ധുക്കളുടെ വീട്ടിൽ പോവുമ്പോൾ കടം ചോദിക്കാൻ ആണോ എന്ന ഭാവം ആയിരുന്നു ചില മുഖങ്ങളിൽ.
പക്ഷെ.ഈശ്വരൻ എവിടെയും അച്ഛനെ തോല്പിച്ചില്ല. ചികിത്സ കഴിഞ്ഞു 5 മാസം ആവുമ്പോഴേക്കും അച്ഛന് തിരിച്ചു പോവാൻ കഴിഞ്ഞു. ഞങ്ങൾ പോവേണ്ട എന്നു ആയിരം വട്ടം പറഞ്ഞിട്ടും മൂന്ന് പെണ്മക്കൾ എന്ന ചിന്തയിൽ അച്ഛൻ വീണ്ടും പ്രവാസലോകത്തേക്ക്..
വീണ്ടും ഒരിക്കൽ കൂടി ആ വിഷമം ഞാൻ അറിയുന്നത് എന്റെ വിവാഹശേഷം ആണ്.
കല്യാണത്തിന് നാട്ടിൽ വരുമ്പോൾ ചെയ്ത ജോലി ദയ വിചാരിച്ചു തൽക്കാലം ഒരാൾക്ക് നൽകി നാട്ടിലേക്ക് വന്നതായിരുന്നു ചേട്ടൻ.
ലീവ് എടുത്തു പൊയ്ക്കോ ജോലി ആരെയും ഏല്പിക്കേണ്ട എന്നു സൂപ്പർവൈസർ പറഞ്ഞിട്ടും കൂടെയുള്ളവന്റെ കഷ്ടപ്പാട് ഓർത്തു അവന് തൽക്കാലം ആ ജോലി ഏല്പിച്ചു നാട്ടിൽ വന്നു.തിരിച്ചു വന്നാൽ ജോലി കൈമാറും എന്ന വാക്കിൽ വിശ്വസിച്ചു.
നാല് മാസം നാട്ടിൽ നിന്ന് തിരിച്ചു അവിടെ എത്തിയപ്പോൾ അറിഞ്ഞത് ആ ജോലി അയാൾ ആരെയൊക്കെയോ കണ്ടു സ്ഥിരപ്പെടുത്തിയെന്നാണ്. ഒടുവിൽ ഒരു വർഷം അവിടെ നിന്ന് നാട്ടിലേക്ക്.
പിന്നെ ജീവിതത്തിന്റെ തീക്ഷണത അറിഞ്ഞ നാളുകൾ ആയിരുന്നു. പാർട്ടി നടത്താനും അവധികൾ ആഘോഷിക്കാനും വിളിക്കാതെ ഓടി വന്ന കൂട്ടുകാർ പോലും തിരക്കിന്റെ പേരിൽ വരവൊക്കെ ചുരുക്കി. മിണ്ടുമ്പോൾ കഷ്ടപാടിന്റെ കണക്കുകൾ നിരത്തി. ഒരു ചിരികൊണ്ട് എല്ലാം കണ്ടു നിൽക്കുകയായിരുന്നു ഞങ്ങൾ. ഒറ്റപ്പെടുക എന്ന വാക്കിന് കരൾ പറിയുന്ന വേദനയുണ്ടെന്ന് അറിയുന്നത് ഇതുപോലുള്ള അവസ്ഥകളിൽ ആണ്. പരസ്പരം എത്രത്തോളം താങ്ങാവാൻ പറ്റുമെന്നും, ഒരു നല്ല വാക്കിന്റെ ധൈര്യം എത്രയെന്നും ആ നിമിഷങ്ങളിൽ അറിയാൻ ആവും. മനസ്സു മടുത്തു ഒടുവിൽ ഒന്നും വേണ്ട എന്നു വിചാരിച്ച ഭർത്താവിന് തോറ്റു പോവരുത് എന്നു പറഞ്ഞു കൂടെ നിൽക്കുമ്പോൾ അറിഞ്ഞു ഭാര്യ എന്നവളുടെ കടമ എന്നാൽ എന്താണ് എന്ന്.
ഒന്നേ പറയാൻ ഉള്ളൂ എല്ലാ പ്രവാസികൾ ആയ സഹോദരന്മാരോടും സഹോദരിമാരോടും മറ്റുള്ളവർക്ക് വേണ്ടി എരിഞ്ഞു തീരുമ്പോഴും ജീവിക്കാൻ മറക്കാതിരിക്കുക.ഒരു കൊച്ചു സമ്പാദ്യം അവനവനു വേണ്ടിയും കരുതുക. ഒന്നു തളർന്നാൽ താങ്ങാവാൻ അവനവൻ മാത്രമേ ഉണ്ടാകൂ.
 സിനി ശ്രീജിത്ത്

മിന്നു മോളുടെ മമ്മി ....................................

മിന്നു മോളുടെ മമ്മി
....................................
സന്ധ്യയാവുകയാണെന്നു തോന്നുന്നു. എങ്ങും സ്വർണ്ണ മേഘങ്ങൾ. എവിടെ നിന്നോ ഒഴുകി വരുന്ന നേർത്ത സംഗീതം. അമ്മമ്മ ആരോടോ സംസാരിക്കുന്നതു കേൾക്കാം. ഞാൻ താഴേക്കെത്തി നോക്കി. അമ്മമ്മ അടുത്ത വീട്ടിലെ ജെയ്‌നി ആന്റിയുമായി എന്തൊക്കെയോ സംസാരിക്കുന്നു. ഇടയ്ക്കു കണ്ണ് തുടയ്ക്കുന്നും മൂക്കു പിഴിയുന്നുമൊക്കെയുണ്ട്. ജെയ്‌നി ആന്റിയുടെ മുഖത്തുമുണ്ട് നല്ല വിഷമം. ഇവരിതെന്താ ഇത്ര കാര്യമായി സംസാരിക്കുന്നത്‌ ? ഇത്ര വിഷമം വരാൻ എന്താ കാരണം? ഞാൻ കാതോർത്തു. അമ്മമ്മ പറയുകയാണ് . 'ഇനിയെന്തൊക്കെ കാണണം എന്റെ ദൈവമേ. ഇതൊന്നും കാണാനുള്ള ശക്തിയില്ല എനിക്ക്. അന്നേരേ മരുന്ന് വാങ്ങിച്ചാൽ അതങ്ങു മാറിയേനെ. ഇനിയിപ്പോൾ പറഞ്ഞിട്ടെന്താ കാര്യം. സംഭവിക്കാനുള്ളത് സംഭവിച്ചില്ലേ ?എന്നാലും എന്റെ കുഞ്ഞ് .'
എനിക്കും സങ്കടം വന്നു. എന്റെ നാലാം പിറന്നാളിന്റെ അന്നാണ് മമ്മിക്ക് അപ്പിടി വയറു വേദന വന്നതും ആശുപത്രിയിൽ കൊണ്ടുപോയതും. അത് കൊണ്ട് കേക്ക് പോലും മുറിച്ചില്ല. എനിക്കൊരു അനിയത്തി വാവ ഉണ്ടായീന്ന് അറിഞ്ഞപ്പോൾ ഉണ്ടായ സന്തോഷം! ഇനി കൂടെ കളിയ്ക്കാൻ ഒരാളായല്ലോ. ബേബിയെ കാണാൻ ഞാൻ ഡാഡിയുടെ കൂടെ പോയി. എന്ത് ചെറുതാരുന്നെന്നോ. കണ്ണടച്ച് എപ്പോഴും ഉറക്കം. ചിലപ്പോൾ വെറുതെ കരയും. എനിക്കാണെങ്കിൽ ദേഷ്യം കൂടി വന്നു. ഈ ബേബീടെ കൂടെയെങ്ങനെയാ കളിക്കുന്നത്?
ബേബിയേയും കൊണ്ട് മമ്മിയും ഞാനും കൂടി അമ്മമ്മയുടെ വീട്ടിലേക്കാണ് പോയത്. ഡാഡി വന്നില്ല. ഒത്തിരി ജോലി തിരക്കുണ്ടത്രെ . പാവം ഡാഡി. എന്നും ജോലി കഴിഞ്ഞു വരുമ്പോൾ ഒരുപാട് രാത്രിയാകും. ഡാഡി വരുമ്പോഴേയ്ക്കും ഞാൻ ഉറങ്ങിപ്പോകും. മമ്മി , ഡാഡി വന്നിട്ട് ചോറ് കൊടുത്തിട്ടേ ഉറങ്ങാറുള്ളു. എന്നിട്ടു വെളുപ്പിനെ എഴുന്നേൽക്കും . ഡാഡി ലേറ്റ് ആവുന്നത് മമ്മിക്ക് സങ്കടമാണ് . ചിലപ്പോൾ പെണങ്ങിയിരിക്കും . വല്ലപ്പോഴും ഡാഡി നേരത്തെ വരും. എല്ലാരും കൂടി സിനിമയ്ക്കു പോകും. അന്ന് മമ്മിക്കു വലിയ സന്തോഷമാണ് .
കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഞങ്ങൾ തിരിച്ചു പോന്നു. അമ്മമ്മ വന്നില്ല . മുത്തച്ഛനു ഷുഗർ ഉള്ളോണ്ട് ശ്രദ്ധിക്കണമത്രേ. ഇടയ്ക്കു വരാന്നു പറഞ്ഞു . മമ്മിക്ക് എന്തോ അപ്പിടി വിഷമമാരുന്നു . മിക്കപ്പോഴും വെറുതെയിരുന്ന് കരയും, ചിലപ്പോൾ വെറുതെ വഴക്കുണ്ടാക്കും . ഡാഡിയോട് കുറച്ചു ദിവസം ലീവ് എടുക്കാൻ മമ്മി പലതവണ പറഞ്ഞു . അപ്പോൾ ഡാഡി അമ്മമ്മയെ വരുത്തി. മമ്മിയെ ഒരു ഡോക്ടറെ കാണിക്കണമെന്ന് അമ്മമ്മ ഡാഡിയോടു പറയുന്നുണ്ടായിരുന്നു. പക്ഷെ ഡാഡി കേട്ടില്ല. ഡാഡി തിരക്കായിരുന്നു.
ഒരു ദിവസം ഞാൻ സ്കൂളീന്ന് വന്നപ്പോൾ ബേബിക്ക് അപ്പിടി പനി . ഡോക്ടറിന്റെ അടുത്ത് കൊണ്ട് പോയി. കുറെ മരുന്ന് കൊടുത്തു. പക്ഷെ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ബേബിക്ക് ന്യൂമോണിയ ആയി. ട്യൂബ് ഒക്കെയിട്ട് ഐ സി യു വിൽ കിടത്തി . ആരേം കാണാൻ സമ്മതിക്കില്ല. എങ്കിലും മമ്മി മിക്കവാറും ഹോസ്പിറ്റലിൽ തന്നെയായിരുന്നു .ഐ സി യു വിന്റെ വാതിൽക്കൽ , ഉണ്ണാതെയും ഉറങ്ങാതെയും .
അന്ന് മമ്മി കുളിക്കാനും തുണി കഴുകാനുമൊക്കെയായി വന്നു . അമ്മമ്മ ഹോസ്പിറ്റലിൽ പോയി. മമ്മി എനിക്ക് ചോറൊക്കെ തന്നു. ഹോം വർക്സ് ചെയ്യിച്ചു. മമ്മിക്ക് ഒരുപാടു വ്യത്യാസം പോലെ. മാത്‍സ് ശരിയാക്കാഞ്ഞതിനു കുറെ ദേഷ്യപ്പെട്ടു. പിന്നെ കെട്ടിപിടിച്ചു കരഞ്ഞു . എപ്പോഴും ചുറ്റും നോക്കി കൊണ്ടിരിക്കും. ആരാണ്ടൊക്കെ സംസാരിക്കുന്നതു മമ്മിക്ക് കേൾക്കാത്രേ . ഞാനൊന്നും കേൾക്കുന്നില്ല എന്ന് പറഞ്ഞപ്പോൾ നിന്റെ ചെവിയെന്നാ അടഞ്ഞിരിക്കുവാണോ എന്ന് ചോദിച്ചു . അപ്പോഴാണ് ആരോ കോളിങ് ബെൽ അടിച്ചത്. മമ്മിയുടെ ഭാവം മാറി. നിന്നെ ഞാനാർക്കും കൊടുക്കില്ല എന്ന് പറഞ്ഞ് എന്നേം കൊണ്ട് ബെഡ്‌റൂമിലേക്കോടി. ഒരു അലമാരക്കുള്ളിൽ കയറ്റി നിർത്തി വാതിൽ പൂട്ടി. അതിനുള്ളിൽ ആകെ ഇരുട്ടായിരുന്നു. പേടിയാകുന്നെന്നു പറഞ്ഞു ഞാൻ ഒത്തിരി കരഞ്ഞു . മമ്മി തുറന്നില്ല. കുറച്ചു കഴിഞ്ഞപ്പോൾ എനിക്കു ശ്വാസം മുട്ടുന്നത് പോലെ തോന്നി. ശബ്ദം വെളിയിലേക്കു വരുന്നില്ല . ആരോ തൊണ്ടക്കു ഞെക്കി പിടിച്ച പോലെ.
'മമ്മീ ............'
ഞാൻ ഉറക്കെ കരഞ്ഞു . വെള്ളയുടുപ്പിട്ട ആരോ ഓടി വന്ന് എന്നെ കോരിയെടുത്തു. തോളിൽ കിടത്തി താരാട്ടു പാടി ആശ്വസിപ്പിച്ചു. പിന്നെ ഞങ്ങൾ മേഘങ്ങളിലൂടെ ഓടി കളിച്ചു.
ലിൻസി വർക്കി
25/06/2017

മഴ തീരുന്നിടത്ത് , മഴവില്‍ തുടങ്ങുന്നിടത്ത്

Image may contain: one or more people, eyeglasses and closeup

ആരോ വരുന്നു.
അരവിന്ദിന്റെ ഉള്ളില്‍ അങ്ങിനെയൊരു തോന്നല്‍ പെട്ടെന്നാണ് ഉണ്ടായത്.ഒന്‍പതു ബി യിലെ മധ്യനിരയിലെ ജനാലയോട് ചേര്‍ന്ന് കിടന്ന ബഞ്ചില്‍ ഇരുന്നു അവന്‍ വാതില്‍ക്കലേക്ക് നോക്കി.ആദ്യത്തെ പീരിയഡ് കഴിഞ്ഞു മലയാളം ടീച്ചര്‍ പുറത്തേക്ക് പോയി. മിഡ്ടേം പരീക്ഷ കഴിഞ്ഞു സ്കൂള്‍ തുറന്ന ആദ്യത്തെ ദിവസമാണിന്ന്.ഉത്തരപേപ്പര്‍ കിട്ടുന്ന ദിവസം.ആദ്യത്തെ പീരിയഡില്‍ കിട്ടിയ മലയാളത്തിന്റെ ആന്‍സര്‍ഷീറ്റുകള്‍ നോക്കുകയാണ് മറ്റുകുട്ടികള്‍.അടുത്തത് കണക്കാണ്.
തുറന്നു കിടക്കുന്ന ക്ലാസിന്റെ വാതിലിലൂടെ സ്കൂള്‍ വരാന്തയും
പുറത്തു പെയ്യുന്ന മഴയും കാണാം..ശൂന്യമായ നീണ്ട വരാന്തയിലൂടെ കണക്ക് പഠിപ്പിക്കുന്ന തോമസ്‌മാഷ്‌ ഇപ്പോള്‍ വരും.
അവന്‍ ജനാലയിലൂടെ പുറത്തേക്ക് നോക്കി.അവനു ഏറ്റവും ഇഷ്ടമുള്ള സ്ഥലമാണ് ജനാലയോട് ചേര്‍ന്ന ഈ സീറ്റ്. ഇവിടെയിരുന്നാല്‍ പുറത്തെ കാഴ്ചകള്‍ കാണാം.വലിയ സ്കൂള്‍ മൈതാനം.അതിനരികില്‍ ഒറ്റക്ക് നില്‍ക്കുന്ന ഒരു മാവ്.മൈതാനത്തോട് ചേര്‍ന്നൊഴുകുന്ന ഒരു കൈത്തോട്.അതിനുമപ്പുറം റബ്ബര്‍ തോട്ടങ്ങള്‍.തോട്ടങ്ങള്‍ക്കിടയിലേക്ക് മറയുന്ന ഒരു മണ്‍റോഡ്‌.
എല്ലാം മഴയില്‍ മുങ്ങി നില്‍ക്കുന്നു.ജനാലയിലൂടെ തണുത്ത എരിച്ചില്‍ അകത്തുകയറുന്നുണ്ട്. മഴയുടെ ഒരു തണുത്തതുള്ളി പറന്നു നെറ്റിയില്‍ വീണു.ഉള്ളില്‍ വീണ്ടും ഒരു കാരണമില്ലാത്ത പ്രതീക്ഷ.ആരോ വരുന്നത് പോലെ. ഓരോ തോന്നലുകള്‍.അവന്‍ ഉത്തരക്കടലാസ് നനയാതിരിക്കാന്‍ മടക്കി പുസ്തകത്തില്‍ വച്ചു.പെട്ടെന്ന് ക്ലാസിലെ മര്‍മ്മരം നിലക്കുന്നത് അരവിന്ദ് അറിഞ്ഞു.തോമസ്‌ മാഷ് വരുന്നുണ്ട്.എല്ലാവരും എഴുന്നേറ്റു.
തോമസ്‌ മാഷ്‌ ക്ലാസിലേക്ക് കയറി.ഉത്തരക്കടലാസിന്റെ വെളുത്തകെട്ടു മേശപ്പുറത്ത് വച്ചതിനു ശേഷം വാതില്‍ക്കലേക്ക് നോക്കിപ്പറഞ്ഞു.
“ഇങ്ങു കയറിപ്പോരെ..”
അരവിന്ദ് വാതില്‍ക്കലേക്ക് നോക്കി.
മഴപെയ്തു കിടന്ന വരാന്തയില്‍ നിന്ന് ഒരു പെണ്‍കുട്ടി ക്ലാസിലേക്ക് കയറിവന്നു.തോളില്‍കിടന്ന ബാഗില്‍ കൈയമര്‍ത്തി അവള്‍ പരിഭ്രമവും ലജജയും കലര്‍ന്ന മുഖത്തോടെ ക്ലാസ്സിനെ നോക്കി.
“ഇത് മായാ ഗോപിനാഥ്.ഇന്ന് മുതല്‍ മായയും നിങ്ങളോടൊപ്പമുണ്ട്.കുറച്ചു വൈകി നമ്മുടെ സ്കൂളില്‍ ചേര്‍ന്നത്‌ കൊണ്ട് നിങ്ങള്‍ മായയെ ഒന്ന് ഹെല്‍പ്പ് ചെയ്യണം.”
തോമസ്‌ മാഷ്‌ ആ കുട്ടിയെ ക്ലാസിനു പരിചയപ്പെടുത്തി.
അവള്‍ ഒന്നാമത്തെ ബെഞ്ചിന്റെ മൂലയില്‍ പോയിരുന്നു.മഴയത്തു വന്നത് കൊണ്ടാകാം അവളുടെ മുഖം നനഞ്ഞിരിക്കുന്നു.ബാഗില്‍ നിന്ന് തൂവാലയെടുത്ത് അവള്‍ മുഖം തുടച്ചു.പിന്നെ ബാഗ് തുറന്നു ഒരു നോട്ടുബുക്കും ബോക്സും മേശയില്‍ വച്ചു.അപ്പോഴേക്കും തോമസ്‌ മാഷ്‌ ഉത്തരക്കടലാസുകള്‍ വിതരണം ചെയ്യാന്‍ തുടങ്ങിയിരുന്നു.
അവള്‍ തൊട്ടു അടുത്തിരിക്കുന്ന സുനിതയുടെ നോട്ടുബുക്ക് വാങ്ങി നോക്കുന്നത് അരവിന്ദു കണ്ടു.സ്വര്‍ണ്ണനിറമുള്ള കാപ്പ് ഉള്ള കറുത്ത മഷിപ്പേന കൊണ്ടാണ് അവള്‍ എഴുതുന്നത്‌.
അവളുടെ ചലനങ്ങളില്‍ മനോഹരമായ ഒരു താളം ഉണ്ടെന്നു അവനു തോന്നി.
“അരവിന്ദ് നായര്‍ ....” തോമസ്‌ മാഷിന്റെ ശബ്ദം കേട്ട് അവന്‍ ഞെട്ടി എഴുന്നേറ്റു.
അവന്‍ ചാടി എഴുന്നേറ്റു പേപ്പര്‍ വാങ്ങി.അവന്‍ എഴുന്നേറ്റപ്പോള്‍ ഒരുനിമിഷം അവള്‍ തിരിഞ്ഞു നോക്കുന്നതു കണ്ടു.ഒരേ ഒരു നിമിഷം അവരുടെ നോട്ടങ്ങള്‍ ഇടഞ്ഞു.
അന്ന് മുതലാണ് അരവിന്ദ് മായ എന്ന ആ പെണ്‍കുട്ടിയെ ശ്രദ്ധിക്കാന്‍ തുടങ്ങിയത്.വിശദീകരിക്കാന്‍ കഴിയാത്ത ഒരു അടുപ്പം അവനു അവളോട് തോന്നി.പക്ഷെ അവളോട്‌ സംസാരിക്കാനോ അവളുടെ മുഖത്ത് നോക്കാനോ അവനു ഭയമായിരുന്നു.അല്ലെങ്കില്‍ത്തന്നെ അരവിന്ദ് അവന്റെ ക്ലാസിലെ ഏറ്റവും നിശബ്ദനായ കുട്ടികളില്‍ ഒരാളായിരുന്നു.
ക്ലാസ്സില്‍ ഇരിക്കുമ്പോള്‍ അരവിന്ദ് ആര്‍ക്കും സംശയം തോന്നാത്ത രീതിയില്‍ അവളെ ശ്രദ്ധിക്കാന്‍ തുടങ്ങി.വര്‍ഷാവസാന പരീക്ഷക്ക് കുറച്ചു നാളുകളെ ബാക്കിയുണ്ടായിരുന്നത് കൊണ്ട് അവള്‍ ക്ലാസില്‍ വന്നാല്‍ പഴയ നോട്ടുബുക്ക് നോക്കി പകര്‍ത്തലും മറ്റുമായി കൂടുതല്‍ സമയം പഠനത്തിനു ചെലവഴിച്ചു.എങ്കിലും കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ അവള്‍ എല്ലാവരുമായി കൂട്ടായി.പക്ഷെ അരവിന്ദും അവളും തമ്മില്‍ ഒരിക്കലും സംസാരിച്ചില്ല.ഒന്ന് രണ്ടു പ്രാവശ്യം ഇന്റര്‍വെല്‍ സമയത്ത് വെള്ളം കുടിക്കാന്‍ പബ്ലിക്ക് ടാപ്പിന്റെ അരികില്‍ വച്ചു അവര്‍ തമ്മില്‍ ഒറ്റക്ക് കണ്ടുമുട്ടി.പിന്നീട് ഫിസിക്ക്സ് ലാബില്‍ ,അവര്‍ പരസ്പരം നേര്‍ക്ക് നേരെ നിന്ന് എക്സ്പെരിമെന്റ് ചെയ്തു.അവര്‍ പരസ്പരം നോക്കിയെങ്കിലും സംസാരിക്കുകയോ ചിരിക്കുകയോ ചെയ്തില്ല.ആ സമയങ്ങളില്‍ അരവിന്ദിന്റെ നെഞ്ചു വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു.
പക്ഷെ അവള്‍ മറ്റു ആണ്‍കുട്ടികളോട് സംസാരിക്കുന്നത് അവന്‍ കണ്ടിരുന്നു.അരവിന്ദിനെ സംബന്ധിച്ചിടത്തോളം മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ തക്ക പ്രത്യേകതകള്‍ ഒന്നുമില്ലായിരുന്നു.ആവറേജ് മാര്‍ക്ക് വാങ്ങുന്ന ഒരു മിഡില്‍ബെഞ്ച്‌ വിദ്യാര്‍ഥി.അവനു അധികം കൂട്ടുകാരും ഉണ്ടായിരുന്നില്ല.കഴിഞ്ഞവര്‍ഷമാണ്‌ അവന്‍ ഗ്രാമപ്പ്രദേശത്തെ ആ സ്കൂളിലേക്ക് വന്നത്.അതിനു മുന്പ് അവന്‍ അച്ഛന്റെ കൂടെ പട്ടണത്തിലെ ഒരു സ്കൂളിലായിരുന്നു പഠിച്ചത്.അവന്റെ അമ്മ അവന്‍ ജനിച്ചു നാല് വയസ്സായപ്പോഴേക്കും മരിച്ചുപോയിരുന്നു.ഈ ഗ്രാമത്തിലാണ് അവന്റെ അമ്മയുടെ വീട്.ഇപ്പോള്‍ അമ്മൂമ്മ മാത്രമേ ആ വീട്ടില്‍ ഉള്ളു.അരവിന്ദിന്റെ അച്ഛന്‍ ഗള്‍ഫിലേക്ക് പോയത് കൊണ്ടാണ് അവന്‍ അമ്മയുടെ ഗ്രാമത്തിലെ സ്കൂളില്‍ ചേര്‍ന്നത്‌.
അവളോട്‌ തോന്നുന്ന ആ എന്തോ ഒന്ന് പ്രേമമാണോ അല്ലയോ എന്ന് അവനു നിശ്ചയമില്ലായിരുന്നു.അത് എന്താണ് എന്ന് അവന്‍ ചുഴിഞാലോചിക്കുമ്പോഴോക്കെ ഒരു വനത്തിലേക്ക് ഒറ്റക്ക് നടന്നു കയറുന്നതു പോലെ നിശബ്ദത അവന്റെ ഉള്ളില്‍ ഉറഞ്ഞുകൂടി.അജ്ഞാതമായ ആ ആകര്‍ഷണം അവന്റെ ആത്മാവിന്റെ ഉള്ളില്‍ നിന്നെവിടെയോ ആണെന്ന് അവനു തോന്നിയത് ആ ഇംഗ്ലീഷ് ക്ലാസിനു ശേഷമായിരുന്നു.
മഴയെക്കുറിച്ച് ഖലില്‍ ജിബ്രാന്‍ എഴുതിയ song of the rain എന്ന കവിത അവര്‍ക്ക് പഠിക്കാന്‍ ഉണ്ടായിരുന്നു.ആ ക്ലാസില്‍ ടീച്ചര്‍ ആ പാഠത്തില്‍ നിന്ന് ക്ലാസ് ടെസ്റ്റ്‌ നടത്തി.അതിനു ശേഷം ഉത്തരകടലാസുകള്‍ പരസ്പരം വച്ച് മാറി മാര്‍ക്ക് ഇടാന്‍ കുട്ടികളെത്തന്നെ ഏല്‍പ്പിച്ചു.അവനു ലഭിച്ചത് മായാ ഗോപിനാഥിന്റെ ഉത്തരക്കടലാസായിരുന്നു.
നീലമഷിയില്‍ ഭംഗിയുള്ള ആ കൈപ്പട കണ്ടു അവന്റെ ശരിക്കും ഞെട്ടി.അവന്‍ ലോകത്തില്‍ ഏറെ സ്നേഹിക്കുന്ന ഒരു കൈപ്പടയായിരുന്നു അത്.
I am the sigh of the sea;
The laughter of the field;
The tears of heaven.
So with love—
Sighs from the deep sea of affection
Laughter from the colorful field of the spirit
Tears from the endless heaven of memories.
ഓര്‍മ്മകളുടെ അനന്തമായ സ്വര്‍ഗത്തില്‍ നിന്നും പൊഴിഞ്ഞുവീഴുന്ന കണ്ണുനീരാണ് മഴ .ജിബ്രാന്റെ വരികള്‍..
അരവിന്ദ് പുറത്തേക്ക് നോക്കി.എല്ലാം രഹസ്യങ്ങളും അറിയാവുന്നത് പോലെയൊരു മഴ പുറത്തു പെയ്യുന്നു.ശൂന്യമായ വലിയ മൈതാനത്തിനരികില്‍ ഒറ്റക്ക് മഴ നനയുന്ന മാവ്.അതിനുമപ്പുറം മഴയുടെ വെളുപ്പില്‍ മുങ്ങിനില്‍ക്കുന്ന തോട്ടങ്ങള്‍.
അങ്ങിനെ വരുമോ ?രണ്ടു പേര്‍ക്ക് ഒരേ കൈപ്പട ഉണ്ടാകുമോ ? അവന്‍ ചിന്തിച്ചു.ഇല്ല .ഇതൊക്കെ ഒരു പക്ഷെ തന്റെ തോന്നലാകാം.
ഉത്തരക്കടലാസ് തിരികെ നല്‍കിയപ്പോഴും മായ ,അരവിന്ദിനെ നോക്കി.പക്ഷെ അവളുടെ നോട്ടം നേരിടുന്നതിനു മുന്‍പേ അവന്‍ മുഖം കുനിച്ചു.അകാരണമായ ,എന്നാല്‍ മധുരിതമായ ഒരു ആകാംക്ഷ അവന്റെ ഉള്ളില്‍ നിറഞ്ഞു.
അന്ന് വീട്ടില്‍ എത്തിയപ്പോള്‍ അവന്‍ അമ്മയുടെ മുറിയില്‍ കയറി..അമ്മയുടെ മുഖം അവന്റെ ഓര്‍മ്മയിലില്ല.ആ മുറിയില്‍ അവന്‍ വല്ലപ്പോഴുമേ കയറുകയുള്ളൂ.മനസ്സിനു എന്തെകിലും ബുദ്ധിമുട്ട് തോന്നുമ്പോള്‍ അവന്‍ ആ മുറിയില്‍ കയറും.അവിടെ അമ്മയുടെ ഗന്ധമുണ്ട്.ഒരു സാന്ത്വനിപ്പിക്കുന്ന ഗന്ധം. അവനു അമ്മയെക്കുറിച്ച് തീരെ ഓര്‍മ്മയില്ല.ഓര്‍മ്മകള്‍ ഉറയ്ക്കുന്ന തന്റെ കുഞ്ഞുനാളിലെ ഏതോ വൈകുന്നേരം മുറിയിലെ ജനാലയഴികളില്‍ മുഖമര്‍ത്തി ദൂരേക്ക് നോക്കിനില്‍ക്കുന്ന അമ്മയുടെ രൂപം അവന്റെ മനസ്സില്‍ ഇപ്പോഴുമുണ്ട്.അവന്റെ അമ്മക്ക് എന്തോ അസുഖമായിരുന്നു.അവന്റെ പ്രസവിച്ച ശേഷവും അവര്‍ ഏറിയനാളും ആ മുറിയില്‍ തനിച്ചാണ് കഴിഞ്ഞിരുന്നതെന്നാണ് അമ്മൂമ്മ പറഞ്ഞിട്ടുള്ളത്.അമ്മക്ക്...അമ്മക്ക് ഇപ്പോഴും ആര്‍ക്കും എന്താണ് എന്ന് വ്യക്തമായി അറിയില്ലാത്ത ഏതോ അസുഖമായിരുന്നുവത്രേ.
പുറത്തു ഒരു മഴ പെയ്തുതുടങ്ങുന്ന ശബ്ദം.മുറിയില്‍ മഴയുടെ തണുപ്പ്.
അവന്‍ പഴയ അലമാര തുറന്നു.അതില്‍ ഇപ്പോഴും അമ്മയുടെ വസ്ത്രങ്ങള്‍ അമ്മൂമ്മ സൂക്ഷിച്ചിട്ടുണ്ട്.അമ്മയുടെ സാരികള്‍ക്കിടയിലൂടെ അവന്‍ വിരലോടിച്ചു.കൈതപ്പൂക്കളുടെ ഓര്‍മ്മകളില്‍ പൊതിഞ്ഞ സ്നേഹഗന്ധം അവനെത്തൊട്ടു.ഏറ്റവും മുകളിലത്തെ അറയില്‍ അമ്മ പഠിച്ച പുസ്തകങ്ങളും നോട്ടുബുക്കുകളും ഇരിപ്പുണ്ടായിരുന്നു.അമ്മ കവിതയെഴുതുമായിരുന്നു എന്നു അമ്മൂമ്മ പറഞ്ഞു അവന്‍ കേട്ടിട്ടുണ്ട്.അവന്‍ അമ്മയുടെ പഴയ നോട്ടുബുക്കുകളില്‍ ഒന്നെടുത്തു. മിക്ക നോട്ട്‌ബുക്കുകളും അവന്‍ തുറന്നു നോക്കിയിട്ടുണ്ട്.തന്നെക്കുറിച്ച് അമ്മ എവിടെയെങ്കിലും എന്തെങ്കിലും എഴുതിയിട്ടുണ്ടോ എന്നറിയാന്‍.ഒന്നും ഇത്രനാളും അവന്‍ കണ്ടിട്ടില്ല.അവനു കവിതകള്‍ അത്ര താല്പര്യമില്ലായിരുന്നു.അമ്മയുടെ കവിതകളില്‍ അവനു ഏറ്റവും ഇഷ്ടമുള്ളത് പക്ഷെ മഴവില്ലിനെ ക്കുറിച്ച് എഴുതിയ ആ കവിതയാണ്.
Time for me to go now
I won't say goodbye
Look for me in rainbows
Way up in the sky
മരിക്കുന്നതിനു മുന്‍പ് അമ്മെയെഴുതിയ ആ മഴക്കവിതയിലെ കൈപ്പട അവന്‍ പരിശോധിച്ചു .ഒരു വ്യത്യാസവുമില്ല.തന്റെ അമ്മയുടെയും മായയുടെയും കൈപ്പട ഒന്നുതന്നെ.വള്ളിയും അക്ഷരങ്ങളുടെ വലിപ്പവും എല്ലാം ഒരുപോലെ.
കണ്ണാടി ജനാലയില്‍ മഴയുടെ കയ്യക്ഷരങ്ങള്‍ തെളിയുന്നത് അരവിന്ദ് കണ്ടു..നിശബ്ദമായി ആരോ ഒരു താരാട്ട് മൂളുന്നത് പോലെ പുറത്തു മഴപെയ്തു കൊണ്ടിരുന്നു .
കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു അവന്‍ ഗൂഗിളില്‍ പരതി.രണ്ടുപേര്‍ക്ക് ഒരേ കൈയക്ഷരം വരാന്‍ സാധ്യത ഇല്ലയെന്നു അവന്‍ വായിച്ചു.വിരലടായാളം പോലെ വ്യക്തികളെ തിരിച്ചറിയാന്‍ ഉപയോഗിക്കുന്ന ഒരു മാര്‍ഗം കൂടിയാണ് കൈപ്പട.പ്രത്യക്ഷത്തില്‍ ഒരുപോലെ തോന്നുമെങ്കിലും ,നല്ല ഒരു കാലിഗ്രാഫര്‍ക്ക് അവ തമ്മില്‍ ഉള്ള വ്യതാസം തിരിച്ചറിയാമത്രേ.
ഒരു മഴയില്‍ നിന്ന് പൊടുന്നനെ തന്റെ ദിവസങ്ങളിലേക്ക് കയറിവന്ന മായ എന്ന പെണ്‍കുട്ടിക്കും ഏകദേശം പതിമൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചുപോയ തന്റെ അമ്മക്കും ഒരേ കൈപ്പട.ഒരുപക്ഷെ തന്റെ തോന്നലാകാം.കൂടുതല്‍ പരിശോധിക്കണമെങ്കില്‍ മായയുടെ കൈപ്പടയുള്ള ഏതെങ്കിലും നോട്ടോ കടലാസോ കയ്യില്‍വേണം.
അരവിന്ദ് അമ്മുമ്മയുടെ മുറിയിലേക്ക് ചെന്നു.തടിയലമാരകളില്‍ നിറച്ച പുസ്തകങ്ങള്‍ക്കിടയില്‍ വായിച്ചു കൊണ്ടിരുന്ന പുസ്തകം തിരികെ വച്ചതിനു ശേഷം അവര്‍ സ്വര്‍ണ്ണനിറമുള്ള ഫ്രെയിമുള്ള കണ്ണാടി സെറ്റ് സാരിയുടെ കോന്തല കൊണ്ട് തുടച്ച ശേഷം അവനെ സ്നേഹപൂര്‍വ്വം നോക്കി.അമ്മൂമ്മ സര്‍ക്കാര്‍സര്‍വീസില്‍ നിന്ന് റിട്ടയര്‍ ചെയ്തതിനു ശേഷം പെന്‍ഷന്‍തുക കൂടുതലും ചെലവഴിക്കുന്നത് പുസ്തകങ്ങള്‍ വാങ്ങാനാണ്.അമ്മ മരിച്ചു കുറെനാള്‍ കൂടി കഴിഞ്ഞു അപ്പൂപ്പനും മരിച്ചതോടെ പാടത്തിനു നടുവിലിരിക്കുന്ന ഈ വലിയവീട്ടില്‍ അമ്മൂമ്മക്ക് കൂട്ട് പുസ്തകങ്ങളാണ്.
“എന്ത് പറ്റി കുട്ടന്‍ അമ്മയുടെ മുറിയില്‍ പോയിരിക്കുന്നത് കണ്ടല്ലോ...?”അമ്മൂമ്മ അവന്റെ തലയില്‍ തടവി .
.
“നാളെ മുതല്‍ ഞാന്‍ ഉച്ചക്ക് ഇവിടെനിന്ന് കഴിച്ചാലോ
എന്നാലോചിക്കുവാ അമ്മുമ്മേ.സ്കൂളിലെ കാന്റീനിലെ ഊണൊരു സുഖമില്ല.”
രാവിലെ അമ്മൂമ്മയെ കൊണ്ട് ചോറ് കെട്ടിക്കാന്‍ ബുദ്ധിമുട്ടായത് കൊണ്ട് അവന്‍ സ്കൂളിലെ കാന്റീനില്‍നിന്നാണ് കഴിക്കുന്നത്‌.
“ഞാന്‍ നിന്നോട് എത്രപ്രാവശ്യം പറഞ്ഞു ഇവിടെ വന്നു ചോറുണ്ടിട്ടു പോയാല്‍ മതിയെന്ന്.ആ സൈക്കിളില്‍ ഇവിടെ വരെ വന്നാല്‍ മതിയല്ലോ.” അമ്മൂമ്മ പറഞ്ഞു.
പിറ്റേന്ന് കോമ്പോസിഷന്‍ ബുക്ക് എടുക്കാന്‍ ക്ലാസ് ലീഡറിനൊപ്പം സ്റ്റാഫ് റൂമില്‍ച്ചെന്നുപ്പോള്‍ രഹസ്യമായി അവന്‍ അവളുടെ ബുക്ക് പരിശോധിച്ചു.അവളുടെ കൈപ്പടയിലൂടെ അവന്‍ വിരലോടിച്ചു.അത് അവന്റെ അമ്മയുടെ ,അതേ കൈപ്പടതന്നെ ആയിരുന്നു.ആത്മാവിന്റെ ആകാശത്തിലേക്ക് ഒരു വെളുത്തപ്രാവ് വരുന്നത് പോലെ..അതിന്റെ തൂവെള്ളചിറകുകള്‍ തൂവല്‍ കൊഴിക്കുന്നത് പോലെ.
ക്ലാസില്‍ ഇരിക്കെ അവള്‍ എഴുതുന്നത് അവന്‍ ശ്രദ്ധിക്കാന്‍ തുടങി.അവള്‍ ഉപയോഗിക്കുന്ന സ്വര്‍ണ്ണനിറമുള്ള ആ കറുത്ത മഷിപ്പേനക്ക് എന്തോ പ്രത്യേകത ഉള്ളത് പോലെ അവനു തോന്നി.
സ്കൂളില്‍ നിന്ന് അരവിന്ദിന്റെ വീട്ടിലേക്ക് വരുന്ന വഴിയില്‍ത്തന്നെയാണ് മായ താമസിച്ചിരുന്നത്. ഇരുവശത്തും റബ്ബര്‍ത്തോട്ടങ്ങള്‍ നിറഞ്ഞ ഒരു മണ്‍റോഡില്‍ നിന്ന് ഒരല്‍പം മാറി നീലനിറമുള്ള ഒരു വാടക വീടായിരുന്നു അത്.അവളുടെ അമ്മ തൊട്ടു അടുത്ത ഗ്രാമത്തില്‍ ത്തന്നെയുള്ള പബ്ലിക്ക് ഹോമിയോ ഹോസ്പ്പിറ്റലില്‍ ആയിരുന്നു ജോലി ചെയ്തിരുന്നത്.അമ്മയല്ലാതെ മായയുടെ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല.രാവിലെ സ്കൂട്ടറില്‍ ഒരുമിച്ചിറങ്ങുന്ന അമ്മയും മകളും.ഹോസ്പിറ്റല്‍ വിട്ട് വൈകുന്നേരം അമ്മ മായയെ സ്കൂളില്‍ നിന്ന് കൂട്ടിക്കൊണ്ട് വരും.
അന്ന് സ്കൂളില്‍ ആര്‍ട്ട്ഫെസ്റ്റിവല്‍ ആയിരുന്നു. ഉച്ചക്ക് വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ചുവെന്നു വരുത്തിയതിനു ശേഷം അവന്‍ സൈക്കിളില്‍ സ്കൂളിലേക്ക് തിരികെ വരുന്ന വഴി മായയുടെ വീടിനു സമീപം സൈക്കിള്‍ ഒതുക്കി.വിജനമായ റോഡില്‍ നിന്നും ഒരല്‍പം ഉള്ളില്‍ മാറിയിരിക്കുന്ന വീടിന്റെ നീലനിറം അവന്‍ മരങ്ങള്‍ക്കിടയില്‍ കണ്ടു.സൈക്കിള്‍ ആരും ശ്രദ്ധിക്കാത്ത വിധത്തില്‍ റോഡരികില്‍ നിന്നും ഒരല്പം മാറ്റി ഒതുക്കിയ ശേഷം അവന്‍ പരിസരം നിരീക്ഷിച്ചു.ഉച്ചനേരത്ത് ആ ഗ്രാമപാതയിലൂടെ യാത്രക്കാര്‍ വളരെകുറവാണെന്ന് അവനു അറിയാമായിരുന്നു.ആരും ശ്രദ്ധിക്കുന്നില്ലെന്നു ഉറപ്പാക്കിയതിനു ശേഷം അവന്‍ വീടിനരികിലേക്ക് നടന്നു.മുറ്റത്തു എത്തിയതിനു ശേഷം വീടിനു മുന്‍പിലെ ചെടിച്ചട്ടി ഉയര്‍ത്തി നോക്കി.അതിനടിയില്‍ വീടിന്റെ താക്കോലുണ്ടായിരുന്നു.
ചെരിപ്പ് ഒളിച്ചുവച്ചതിനു ശേഷം അവന്‍ മെല്ലെ വാതില്‍തുറന്നു അകത്തു കയറി.ഭീതി കൊണ്ട് അവന്റെ നെഞ്ചു മിടിക്കുന്നുണ്ടായിരുന്നു..കയറിയതിനു ശേഷം അവന്‍ വാതിലടച്ചു കുറ്റിയിട്ടു.
വൃത്തിയും ചിട്ടയുമുള്ള രീതിയില്‍ ഉപകരണങ്ങള്‍ ക്രമീകരിച്ച ഹാളും മൂന്ന് മുറികളും ഉള്ള വീടായിരുന്നു അത്..സ്വീകരണമുറിയില്‍ രണ്ടു സോഫയും ഒരു ദിവാന്കോട്ടും.ഭിത്തികള്‍ക്കും ഇളം നീല നിറമായിരുന്നു.ബെഡ് റൂമുകളിലൊന്നിലെ മേശയില്‍ അവളുടെ ബാഗും പുസ്തകങ്ങളും ഇരിക്കുന്നതു കണ്ടപ്പോള്‍ അത് മായയുടെ ബെഡ് റൂം ആണെന്ന് അവനു മനസ്സിലായി.ഇന്ന് പഠിപ്പില്ലാത്തത് കൊണ്ട് ബാഗ് അവള്‍ കൊണ്ട് പോയിട്ടില്ല.അവന്‍ ആ മുറിയില്‍ കയറി.
റോസ് നിറമുള്ള കര്‍ട്ടനുകള്‍ കൊണ്ട് ജനാല മറഞ്ഞു കിടന്നു.കട്ടിലില്‍ നീലപ്പൂക്കള്‍ പ്രിന്റ്‌ ചെയ്ത ബെഡ് ഷീറ്റ് വിരിച്ചിരിക്കുന്നു അവന്‍ അതില്‍ ഇരുന്നു.ആ മുറിയില്‍ അതിപരിചിതമായ ഒരു ഗന്ധം അവന്‍ തിരിച്ചറിഞ്ഞു.അത് അവളുടെ ഗന്ധമാണ്.മേശയിലെ സി.ഡി പ്ലെയറിനരികില്‍ ചുവന്ന പൂക്കളും വലിയ ഇലകളും നിറച്ച ഒരു പൂപ്പാത്രം.ഭിത്തിയില്‍ ഐശര്യാറായിയുടെ ഒരു വലിയചിത്രം.പുസ്തകങ്ങളും കടലാസുകളും അവള്‍ ഭംഗിയായി അടുക്കിവച്ചിരിക്കുന്നു.അവന്‍ മെല്ലെ അവളുടെ വസ്തുക്കളിലൂടെ വിരലോടിച്ചു.
അവളെ അറിയുന്നത് പോലെ .അവളെ തൊടുന്നത് പോലെ.
അത് വരെ ആരെങ്കിലും പെട്ടെന്ന് വരുമോ എന്നുള്ള ഭയം അവനെ വിട്ടകന്നു.ആ മുറിയുടെ ഏകാന്തതയിലേക്ക് സ്വയമലിഞ്ഞു അവന്‍ കണ്ണടച്ചു.റോസ് നിറമുള്ള കര്‍ട്ടന്‍ കാറ്റില്‍ മെല്ലെ ചലിച്ചു.ഇളംവെയില്‍ വീണുകിടന്ന വിജനമായ തോട്ടങ്ങളില്‍ നിന്നൊരു തണുത്തകാറ്റ് മാത്രം ആ മുറിക്കുള്ളിലേക്ക് ഒളിച്ചുകടന്നു.
സമയം കടന്നു പോകുന്നു.ആരെങ്കിലും ഇപ്പോള്‍ വന്നാല്‍...
അവന്‍ ചാടിയെഴുന്നേറ്റു.അവളുടെ ബാഗ് തുറന്നു.ബോക്സില്‍ ആ പേന മാത്രം ഉണ്ടായിരുന്നില്ല.അവന്‍ അവിടെയെല്ലാം തിരഞ്ഞു.ഇല്ല.ആ പേന മാത്രം കാണുന്നില്ല.
മേശയുടെ അരികില്‍ ഒരു ഫയലില്‍ അന്നത്തെ ഇംഗ്ലിഷു ക്ലാസില്‍ നടത്തിയ പരീക്ഷയുടെ താന്‍ മാര്‍ക്കിട്ട പേപ്പര്‍ അവന്‍ കണ്ടു.താനിട്ടു കൊടുത്ത മാര്‍ക്കിന്റെ ചുറ്റും അവള്‍ നീല മഷി കൊണ്ട് ഒരു വൃത്തം വരച്ചിരിക്കുന്നത് അവന്‍ കണ്ടു.അവന്‍ അത് മടക്കി പോക്കറ്റില്‍ വച്ചു.പിന്നെ അതിവേഗം വീട്ടില്‍ നിന്നിറങ്ങി എല്ലാം പഴയപോലെയാക്കി സ്കൂളിലേക്ക് പോയി.
പച്ചപ്പട്ടു പാവാടയും മഞ്ഞ ബ്ബ്ലൗസും അണിഞ്ഞു മായ ക്ലാസില്‍ നില്‍ക്കുന്നതു അവന്‍ കണ്ടു.ഒരു മഞ്ഞത്തുമ്പി പോലെ അവള്‍ സുന്ദരിയായിരുന്നു. അവളുടെ അരികില്‍ നിന്ന് അവന്‍ മാറിനിന്നു.എങ്കിലും അവളുടെ നോട്ടം തന്നില്‍ പതിയുന്നുത് അവന്‍ അറിയുന്നുണ്ടായിരുന്നു.
നോക്കാതെയാണ്‌ അവള്‍ നോക്കുന്നത്.കാണാതെ അവള്‍ക്ക് കാണാന്‍ കഴിയും.
അന്ന് വൈകുന്നേരമാവാന്‍ അവന്‍ കാത്തിരിക്കുകയായിരുന്നു.വീട്ടില്‍ എത്തിയയുടന്‍ അമ്മയുടെ മുറിയില്‍ കയറി അമ്മയുടെ കവിതകള്‍ എഴുതിയ ആ ബുക്ക് തുറന്നു.പിന്നെ മായയുടെ പരീക്ഷാക്കടലാസുമായി ഒത്തുനോക്കി.അമ്മയുടെ കൈപ്പടയും മായയുടെ കൈപ്പടയും ഒന്ന് തന്നെയാണ്!
Time for me to leave you
I won't say goodbye
Look for me in rainbows
High up in the sky..
അമ്മയുടെ വരികള്‍ അവന്‍ വീണ്ടും വീണ്ടും വായിച്ചു.അതേ കയ്യക്ഷരത്തില്‍ മായയുടെ വരികളും .മഴയെക്കുറിച്ചു ഖലില്‍ ജിബ്രാന്‍ എഴുതിയ വരികള്‍..
I touch gently at the windows with my
Soft fingers, and my announcement is a
Welcome song. All can hear, but only
The sensitive can understand.
രണ്ടും നീലമഷികൊണ്ടാണ് എഴുതിയിരിക്കുന്നത്.മുറിയിലേക്ക് അമ്മുമ്മ വന്നത് ചിന്തയില്‍ മുങ്ങിനിന്നത് കൊണ്ട് അവന്‍ അറിഞ്ഞില്ല.
“നീയെന്താ അമ്മയുടെ കവിതയൊക്കെ വായിക്കാന്‍ തുടങ്ങിയോ??” അമ്മുമ്മ ചോദിച്ചു.അവര്‍ ആ ബുക്ക് വാങ്ങി നോക്കി.
“എന്ത് ഭംഗിയാ അമ്മയുടെ കൈപ്പട അല്ലെ അമ്മുമ്മേ..?നിറവും ആകൃതിയും പോലെ ഈ കൈപ്പടയും എന്ത് കൊണ്ടാണോ പാരമ്പര്യമായി കിട്ടാത്തെ ?”
അവന്റെ ചോദ്യം കേട്ട് അമ്മുമ്മ ചിരിച്ചു.
“അമ്മയുടെ പേന വല്ലതും അമ്മുമ്മ സൂക്ഷിച്ചിട്ടുണ്ടോ ?” അവന്‍ ചോദിച്ചു.
അവര്‍ അവന്റെ തലമുടിയിലൂടെ തഴുകി.
“ഇതൊക്കെ അവള്‍ക്ക് അസുഖം വരുന്നതിനു മുന്പ് എഴുതിയതായിരുന്നു.എന്തോ പെട്ടെന്ന് ഒരുദിവസം അവള്‍ എഴുത്ത് നിര്‍ത്തി.അന്നവള്‍ക്ക് ഒരു മഷിപ്പേന ഉണ്ടായിരുന്നു.അത് കൊണ്ടായിരുന്നു എഴുത്ത് മൊത്തം.എഴുത്ത് നിര്‍ത്തിയതിനു ശേഷം അവള്‍ അത് കോളേജിലെ കൂട്ടുകാരിലാര്‍ക്കോ സമ്മാനിച്ചു.”അമ്മുമ്മ പറഞ്ഞു.
“ചെറുപ്പത്തില്‍ മഴവില്ല് കാണാന്‍ അവള്‍ക്ക് വലിയ ഇഷ്ടമായിരുന്നു.മഴവില്‍ എവിടുന്നാണ് വരുന്നതെന്ന് ചോദിച്ചു കുഞ്ഞിലെ അവള്‍ പുറകെനടക്കുമായിരുന്നു.”
രണ്ടുപേരും കുറെ നേരം ഒന്നും മിണ്ടിയില്ല.അവനും അത് തന്നെയാണ് ആലോചിച്ചത്.
മഴ എവിടെയാണ് തീരുന്നത് ?
മഴവില്‍ എവിടെയാണ് തുടങ്ങുന്നത് ?
ഒരിക്കല്‍കൂടി അവന്‍ മായയുടെ വീട്ടില്‍ കയറി.ആ കടലാസ് തിരികെ വയ്ക്കാന്‍ എന്നാണു അവന്‍ ഉള്ളില്‍ സ്വയം വിശ്വസിപ്പിച്ചത്‌.എങ്കിലും അവളുടെ മുറിയില്‍ ,ഇളംവെയില്‍ തിളങ്ങുന്ന റോസ് നിറമുള്ള ജനാലവിരിയുടെ സമീപത്തിരുന്നപ്പോള്‍ ,മറ്റെന്തോ ആകര്‍ഷണം കൊണ്ടാണ് താന്‍ അവിടെ വന്നതെന്ന് അവനു തോന്നി.അതിപരിചിതമായ ആത്മാവില്‍ തൊടുന്ന ആ മുറിയിലെ ഗന്ധം ശ്വസിച്ചു കൊണ്ട് അവന്‍ ആ ഏകാന്തത ആസ്വദിച്ചു.അവിടെയിരുന്നു .നേര്‍ത്ത മയക്കത്തില്‍ അവന്‍ ഒരു സ്വപ്നം കണ്ടു.
ചില്ല് ജനാലയില്‍ മുഖമര്‍ത്തി നില്‍ക്കുന്ന അമ്മ.അമ്മയുടെ മുഖം അവ്യക്തമാണ്.പുറത്തു പെയ്യുന്ന മഴ.
I touch gently at the windows with my Soft fingers..ആരോ ചെവിയില്‍ മന്ത്രിക്കുന്നു.
പച്ചനിറമുള്ള വിജനമായ കുന്നുകള്‍ക്ക് മുകളില്‍ ഒരു മഴ പെയ്യുന്നു..അത്ദൂരെ എവിടെയോ അവസാനിക്കുന്നു. വിദൂരതകള്‍ക്കപ്പുറത്ത് നിന്ന്, ഒരു മഴവില്‍ വിരിയുന്നു.ചില്ല് ജനാലകള്‍ തുറന്നു അമ്മ മഴവില്ലിലേക്ക് നടന്നു മറയുന്നു.
തിരിഞ്ഞുനോക്കാതെ ..ഒരിക്കല്‍പോലും തിരിഞ്ഞു നോക്കാതെ..അമ്മ ഒന്ന് തിരിഞ്ഞു നോക്കിയെങ്കില്‍ ..ഒന്ന് തന്നെ കണ്ടിരുന്നെങ്കില്‍..
Time for me to leave you
I won't say goodbye
Look for me in rainbows
High up in the sky..ആരോ വീണ്ടും ചെവിയില്‍ പറയുന്നു.
അന്നും അവന്‍ ആ കടലാസ് തിരികെ വച്ചില്ല.ഒരുപക്ഷേ അത് നഷ്ടപ്പെട്ടു പോയെന്നു അവള്‍ കരുതിക്കാണും.അവന്‍ ആശ്വസിച്ചു.
വേനലവധി വന്നു.ഗള്‍ഫില്‍ നിന്ന് അവന്റെ അച്ഛന്‍ വന്നു അരവിന്ദിനെയും അമ്മൂമ്മയെയും കൂട്ടിക്കൊണ്ട് പോയി.സ്കൂള്‍ തുറക്കാറായപ്പോഴാണ് അവര്‍ തിരികെ വന്നത്.
നീലനിറമുള്ള ആ വീട് പൂട്ടിക്കിടന്നു.മായയുടെ അമ്മക്ക് മറ്റെങ്ങോട്ടോ മാറ്റമായി.അവര്‍ ആ സ്ഥലം വിട്ടു പോയിരിക്കുന്നു.
അവന്റെ ഉള്ളില്‍ വല്ലാത്ത ശൂന്യത തോന്നി.ഒരിക്കല്‍ പോലും അവളോട്‌ മിണ്ടാന്‍ താന്‍ ശ്രമിച്ചില്ല.
അന്ന് വീട്ടില്‍ വന്നപ്പോള്‍ പുറത്തു മഴ തകര്‍ത്തു പെയ്യുന്നുണ്ടായിരുന്നു.അത് തന്റെ മനസ്സിലാണ് പെയ്യുന്നതെന്ന് അരവിന്ദിനു തോന്നി.അവന്‍ അമ്മയുടെ മുറിയില്‍ കയറി.അലമാരയില്‍ അമ്മയുടെ ബുക്കില്‍ ഒളിച്ചുവച്ചിരുന്ന മായയുടെ ഉത്തക്കടലാസ് ഒന്ന് കൂടി വായിക്കാന്‍ അവനു തോന്നി.അത് തിരയുന്നിതിനിടയിലാണ് അവന്‍ അത് കണ്ടത്.ആ ബുക്കിനരികില്‍ പഴയ സാധനങ്ങള്‍ക്കിടയില്‍ ഒരു പേന ഇരിക്കുന്നു.
സ്വര്‍ണ്ണക്കാപ്പ് ഉള്ള ഒരു കറുത്ത മഷിപ്പേന ആയിരുന്നു അത്.മായയുടെ കയ്യില്‍ അവന്‍ കണ്ടിരുന്ന അതേ പേന.
അത് നേരത്തെ അവിടെ ഉണ്ടായിരുന്നതാണോ ?അറിയില്ല.
അത് മായയുടെ പേനയാണോ?അതോ തന്റെ അമ്മയുടെ പേനയോ?”
അവന്‍ അത് കയ്യില്‍ എടുത്തു മെല്ലെ തലോടി.ആത്മാവിനുള്ളില്‍ ആയിരം അരിപ്രാവുകള്‍ ചിറകുകുടയുന്നു.അവന്റെ ചുണ്ടില്‍ ഒരു പുഞ്ചിരി തെളിഞ്ഞു.അവന്‍ പുറത്തേക്ക് നോക്കി.
പുറത്തു മഴ അവസാനിക്കുന്നു.
അവന്‍ ആ ചില്ല് ജനാല തുറന്നു പുറത്തേക്ക് നോക്കി.
ദൂരെ കുന്നുകള്‍ക്ക് അപ്പുറത്തു നിന്ന് ഒരു മഴവില്ല് തെളിയുകയാണ്.
(അവസാനിച്ചു )
Notes
1.look for me in rainbows is written and sang by vicki brown.Its afamous pope song of 1960s available in Youtube.

By ANish Francis

ഭർത്താവ്

Image may contain: 2 people, people smiling, people standing and people sitting


ഉത്സവപറമ്പുകളല്ലൊം തെണ്ടി നാട്ടിലും, കോളേജിലും, കണ്ണിൽ കണ്ട സുന്ദരപയ്യന്മാരെയെല്ലാം വായ്നോക്കി നടക്കുന്ന സമയത്താണ് ആയാൾ കല്യാണാലോചനയുമായി വരുന്നത്
എന്റെ സ്വപ്നങ്ങളിൽ ഏഴയലത്ത് പോലും ഇല്ലാതിരുന്ന അയാൾക്ക് ചായകൊടുക്കുമ്പോൾ ഈ സുന്ദരിക്കുട്ടിയെ കെട്ടിയത് തന്നെ എന്ന് മനസ്സിലോർത്തു ഒന്ന് പുച്ഛിച്ചു ചിരിക്കാനേ തോന്നിയുള്ളു.
ജാതകത്തിന്റെ കാര്യത്തിൽ ബന്ധുക്കൾക്കിടയിൽ പല വിവാഹാലോചനകളും മുടങ്ങി പോകുമ്പോൾ, നക്ഷത്രം പോലും അറിവില്ലാതിരുന്ന എന്നെ അയാൾക്ക് കല്യാണം കഴിക്കാൻ താൽപര്യമാണെന്ന് ബ്രോക്കർ വന്ന് അറിയിച്ചപ്പോൾ ഞാനൊഴികെ വീട്ടിലെല്ലാവരുടേയും മുഖത്ത് സന്തോഷo നിറയുന്നത് ,വിഷമത്തോടെ എനിക്ക് നോക്കിനിൽക്കാനേ കഴിഞ്ഞുള്ളു.
അദ്ദേഹത്തിന്റെ സമ്പത്തിന്റെ പെരുമയും,എന്റെ ഇഷ്ടക്കേടും കൊണ്ടാവണം അച്ഛൻ കല്യാണാലോചനയിൽ നിന്ന് പിന്മാറാൻ സ്വർണ്ണത്തിന്റെ കാര്യം പറഞ്ഞത്.
സ്വർണ്ണവും, പണവും ഒന്നും അല്ല ആവശ്യമെന്നും പെൺക്കുട്ടിയെ മാത്രം മതിയെന്നും പറഞ്ഞ് അയാൾ അവിടേയും എന്നെ തോൽപ്പിച്ചു.
കല്യാണദിവസം അച്ഛൻ, എന്റെ കൈ പിടിച്ച് അദ്ദേഹത്തിന്റെ കൈവെള്ളയിൽ ഏൽപ്പിച്ചപ്പോൾ ഒരു സുരക്ഷിതത്വം അനുഭവപെട്ടെങ്കിലും ,ഞാൻ അതൊന്നും കണ്ടതായി ഭാവിച്ചില്ല. ചടങ്ങുകളൊക്കെ കഴിഞ്ഞ് ഭർതൃഗൃഹത്തിലേക്ക് പുറപെടും നേരം അച്ഛനെ കെട്ടിപിടിച്ച് കരയുമ്പോൾ, ഞാനെന്ന മരം കേറി പെണ്ണിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ഭാവമായിരുന്നു ഞാനപ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് കണ്ടത്.
ആദ്യരാത്രിയിൽ ,പാൽകുടിച്ച് വിഹിതം തരുമ്പോൾ അന്യനൊരുത്തന്റെ ഉച്ചിഷ്ടം കുടിക്കാൻ ഞാനാരാ എന്ന ഭാവത്തോടെ അന്യജാതിക്കാരനായ കാമുകന്റെ സ്നേഹത്തെക്കുറിച്ച് പറഞ്ഞ് ,എന്നും രാത്രിയിലെ എന്റെ സ്വപ്നങ്ങൾക്ക് കൂട്ടായ പുൽപായയും, തലയിണയും മിസ്സായതിന്റെ സങ്കടത്തിൽ, പഞ്ഞി പോലുള്ള ബെഡ്ഡിന്റെ ഒരറ്റത്ത് ഒതുങ്ങിക്കിടന്നപ്പോഴും,
കോളേജ് പ്രണയമൊക്കെ സാധാരണയല്ലേ എനിക്കുമുണ്ടായിരുന്നു ഇതുപോലെ ഒരുപാടെണ്ണം എന്ന് പറഞ്ഞു എന്നെ നോക്കി, ഒരു ചിരിയും ചിരിച്ച് രാവിലെ ഉടുത്തൊരുങ്ങിയതല്ലേ, ക്ഷീണം കാണും ഉറങ്ങിക്കോളു എന്ന് പറഞ്ഞ് പുതപ്പെടുത്ത് എന്നെ പുതപ്പിച്ചെപ്പോഴുo ഞാനയാളെ അത്ഭുതത്തോടെ നോക്കിക്കാണുകയായിരുന്നു.
പിന്നീടങ്ങോട്ട് എന്റെ എല്ലാ പൊട്ടത്തരങ്ങൾക്കുo കൂടെനിന്ന് ജീവിതം മുന്നേറുമ്പോൾ അദ്ദേഹം എന്റെ ആരല്ലാമോ ആയിത്തീരുകയായിരുന്നു.
ലീവ് കഴിഞ്ഞ് പ്രവാസത്തിലേക്ക് തിരിച്ചുപോകുമ്പോൾ എത്ര തടഞ്ഞു നിർത്തിയിട്ടും, അനുസരണയില്ലാത്ത കണ്ണുനീർ എന്തിനോ വേണ്ടി പെയ്തു കൊണ്ടേയിരുന്നു.
ആദ്യമായി അമ്മയാകാൻ പോകുന്നുവെന്നറിഞ്ഞപ്പോൾ ആ കണ്ണുകളിൽ തിരിച്ചറിയാൻ പറ്റാത്ത എന്തൊക്കെയോ ഭാവങ്ങൾ ഞാൻ കാണുകയായിരുന്നു. സന്തോഷത്തിന്റെ, സംതൃപ്തിയുടെ, അഭിമാനത്തിന്റെ അങ്ങനെയങ്ങനെ...
ഭ്രൂണാവസ്ഥയിൽ ഉള്ള കുട്ടിയുടെ വളർച്ചയുടെ ഓരോഘട്ടത്തിലും എന്നേക്കാൾ ശ്രദ്ധ ചെലുത്തിയ അദ്ദേഹത്തിൽ നിന്നും അച്ഛനെന്ന പ്രതിഭയെ അതുവരെ മനസ്സിലാക്കിയിരുന്നതിനേക്കാൾ ഒരുപാട് ഞാൻ മനസ്സിലാക്കുകയായിരുന്നു.
പെറ്റമ്മയുടെ ,അച്ഛന്റെ ,കൂടെ പിറപ്പിന്റെ എല്ലാരുടെ സ്നേഹവും ഒരാൾക്ക് നൽകാൻ കഴിയുമെന്ന വലിയ ഒരു പാഠപുസ്തകമായിരുന്നു പീന്നീടങ്ങോട്ടുള്ള ജീവിതത്തിൽ അയാൾക്കുണ്ടായിരുന്ന സ്ഥാനo
മകൾ പിറന്നപ്പോൾ, തെല്ലു കുശുമ്പോടെ
ഇപ്പോ എന്വേണ്ടാതായി എന്നുള്ള പരിഭവത്തിന് മോളൊടൊപ്പം ഒന്ന് ചേർത്തുനിർത്തുവോളം മാത്രമേ ഉണ്ടായിരുന്നുള്ളു ആയുസ്സ്
അങ്ങനെ ഇണങ്ങിയും, പിണങ്ങിയും ജീവിതനൗക തുഴയുന്നതിനിടയിൽ കൃത്യ സമയത്ത് ആ ഫോൺകോൾ വന്നില്ലെങ്കിൽ അസ്വസ്തയാകുന്ന എന്നെ നോക്കി-
കല്യാണത്തിന് മുൻപ് എന്തായിരുന്നു പെണ്ണിന് അവനോടുള്ള ദേഷ്യം. ഇപ്പോ ഒരു ദിവസം വിളിച്ചിലേൽ ഇരിക്ക പൊറുതിയില്ലെന്ന "അമ്മയുടെ അഭിപ്രായം കേട്ടുവെങ്കിലും കേട്ടില്ലെന്ന് നടിക്കാനേ ഞാനും ശ്രമിച്ചുള്ളു.

പത്മിനി നാരായണൻ

***********#ഏട്ടൻ*********

***********#ഏട്ടൻ*********

"നീ ചത്താൽ നിന്റെ ഭാര്യയ്ക്കും മക്കൾക്കും തന്നെ നഷ്ടം അല്ലാതെ എനിക്കും എന്റെ മക്കൾക്കും ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ലെടാ"
എന്റെ മുഖത്ത് നോക്കി അന്ന് നമ്മുടെ അമ്മ ഇത് പറഞ്ഞപ്പോൾ ഞാനും അമ്മയുടെ മക്കളിൽ ഒരാളല്ലേ എന്ന് ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും കൂടപ്പിറപ്പുകളായ എന്റെ അനിയത്തിയും അനിയനും ചിരിച്ച മുഖത്തോടെ അത് കേട്ട് ആസ്വദിച്ചു നിന്നത് കണ്ടപ്പോ ഈ ഏട്ടന്റെ കണ്ണ് നിറഞ്ഞതോടൊപ്പം ശിരസ്സും താഴ്ന്നു പോയിരുന്നു..
"നിനക്കോർമ്മയുണ്ടോ മോളേ അനിയത്തിയും അനിയനും എന്നതിലുപരി അച്ഛന്റെ സ്ഥാനത്ത് നിന്ന് മക്കളെ പോലെയാണ് ഞാൻ നിങ്ങളെ സ്നേഹിച്ചതും സംരക്ഷിച്ചതും.ആ ഞാൻ നിങ്ങൾക്കിന്ന് അന്യനായി മാറി."
ഫസ്റ്റ്ക്ളാസ്സോടെ ഞാൻ പഠിച്ചു നേടിയ നല്ലൊരു ജോലിയുടെ സർട്ടിഫിക്കറ്റുമായി നമ്മുടെ വീട്ടിൽ വന്നു കേറിയ ആ സമയത്താണ് നമ്മുടെ അച്ഛൻ പതിവുപോലെ കള്ള് കുടിച്ചു വന്ന് ബഹളമുണ്ടാക്കിയത്.അന്ന് മരിക്കാനായി നീ വീടിനുള്ളിൽ കയറി കതകടച്ചപ്പോൾ ഓടിക്കൂടിയ അയൽക്കാർ കേൾക്കെ.... കരഞ്ഞു കൊണ്ടു നിന്ന അനിയനേയും എന്നേയും ചേർത്ത് നിർത്തി അമ്മ പറഞ്ഞ വാക്കുകൾ ഇന്നും ഈ ഏട്ടന്റെ ഉള്ളിൽ തന്നെയുണ്ട്....
"ടാ മോനെ ഈ വീട് വിറ്റാൽ പോലും നിന്റെ അനിയത്തിയെ കെട്ടിച്ചയയ്ക്കാൻ നമുക്ക് പറ്റില്ല.നീ വേണം അവളെ നല്ലൊരുത്തന്റെ കൈകളിൽ ഏൽപ്പിക്കാൻ.കേറിക്കിടക്കാനുള്ള ഈ കൂര നഷ്ടപ്പെടാതെ നീയത് ചെയ്യില്ലേ മോനെ ."
കരഞ്ഞുകൊണ്ട് അന്ന് അമ്മയത് പറഞ്ഞപ്പോൾ കൈയ്യിലിരുന്ന ആ സർട്ടിഫിക്കറ്റിനാൽ കിട്ടുന്ന മാന്യതയുള്ള ജോലിയേക്കാൾ പണം ചുമട് ചുമന്നാൽ ആയിരിക്കുമെന്ന് എനിക്ക് തോന്നി.
പതിനേഴാം വയസ്സിൽ എനിക്കൊപ്പം പഠിച്ചവർ തുടർന്ന് പഠിക്കുന്നതും ക്രിക്കറ്റ് കളിച്ചു നടക്കുന്നതും കണ്ടിട്ടും കാണാത്തഭാവത്തിൽ ഞാനെന്റെ അമ്മാവനൊപ്പം തലച്ചുമടേന്തി ഓരോ വീടുകൾ കയറിയിറങ്ങുമ്പോഴും നമ്മുടെ കുടുംബവും നിന്റെ വിവാഹവുമായിരുന്നു എന്റെ മനസ്സ് നിറയെ...
ഞാനെന്റെ ഊണും ഉറക്കവും ഉപേക്ഷിച്ചത് നിങ്ങൾക്കു വേണ്ടിയായിരുന്നു..പൊള്ളുന്ന വെയിലിലും കോരിച്ചൊരിയുന്ന മഴയിലും ചുമടേന്തി നടക്കാൻ എന്റെ മനസ്സിന് ശക്തി നല്കിയത് നമ്മുടെ കുടുംബത്തെ ഓർത്തുള്ള വേവലാതിയായിരുന്നു..
തുണി മേടിച്ച് കാശത്രയും കൂടി നഷ്ടപ്പെടാതിരിക്കാൻ ഞാൻ കണ്ടെത്തിയ മാർഗ്ഗമായിരുന്നു വെള്ള മുണ്ടും വെള്ളയുടുപ്പും.തേഞ്ഞു തീരുന്ന ഹവായ് ചെരുപ്പിൽ നോക്കുമ്പോൾ സന്തോഷമേ തോന്നിയിട്ടുള്ളൂ..എന്റെ അനിയത്തിയും അനിയനും നല്ല ചെരിപ്പിട്ട് നടക്കണുണ്ടല്ലോ അതല്ലേ എന്റെ സന്തോഷമെന്നോർത്ത്..
നിന്നെ ആണൊരുത്തന്റെ കൈകളിൽ പിടിച്ചേല്പ്പിക്കുമ്പോൾ രണ്ട് വയസ്സിന്റെ വ്യത്യാസത്തിൽ നിന്റെ ഏട്ടനായ ഞാൻ അന്ന് ഒരു അച്ഛന്റെ കടമ ചെയ്ത സംതൃപ്തിയിലായിരുന്നു.അന്നും നമ്മുടെ അച്ഛൻ നല്ലൊരു കാഴ്ചക്കാരനായി ഗമയിൽ അച്ഛന്റെ കടമകൾ ചെയ്യാതെ സ്ഥാനം മാത്രം അലങ്കരിക്കുന്നുണ്ടായിരുന്നു.
ഈ ഏട്ടനന്ന് നമ്മുടെ അമ്മയുടെയുള്ളിൽ മകനേക്കാളുപരി വാനോളം സ്ഥാനമായിരുന്നു.ഏട്ടന്റെ വിയർപ്പിൽ ഉരുക്കിയെടുത്ത ആഭരണങ്ങൾ അണിഞ്ഞ് നീ പടിയിറങ്ങിയപ്പോൾ അതിന്റെ ബാധ്യത തീർക്കാൻ എത്രയോ ദിവസങ്ങളിൽ പൈപ്പ് വെള്ളം മാത്രം കുടിച്ചും ദഹിക്കാൻ പ്രയാസമായ രണ്ട് പൊറോട്ടയിൽ ഒരു ദിവസം മുഴുവനും ചുമടേന്തി ഞാൻ നടന്നതും ഞാനല്ലാതെ മറ്റാരുമറിഞ്ഞില്ല..
നിന്റെ വിവാഹം കൊണ്ടും തീർന്നിരുന്നില്ല എന്റെ കടമകൾ..അവിടെ നിന്ന് നീ ആവശ്യപ്പെടുന്ന ഓരോ കാര്യങ്ങൾക്കും അമ്മയെനിക്ക് മേൽ പരാതിയായി പറയുമ്പോൾ അതൊക്കെയും സാധിച്ചു തരാൻ ഈ ഏട്ടൻ നെട്ടോട്ടമോടുകയായിരുന്നു.അലമാരിയായും മിക്സിയായും അങ്ങനെ ഓരോ ആവശ്യങ്ങളായിരുന്നു നിനക്ക് ഇടയ്ക്കിടയ്ക്ക്.
ഇതിനിടയിൽ നമ്മുടെ അനിയനെ നന്നായി പഠിപ്പിക്കണമെന്ന് ഞാനാഗ്രഹിച്ചെങ്കിലും അവന് പഠിക്കാൻ താല്പര്യമില്ലെന്നറിഞ്ഞപ്പോൾ അവന് സ്വന്തം കാലിൽ നിൽക്കാനൊരു ജോലി അതായിരുന്നു എന്റെ ചിന്ത മുഴുവനും.
ഡ്രൈവിംഗ് പഠിപ്പിച്ച് അവനൊരു ജോലിയായപ്പോൾ മനസ്സിനുള്ളിൽ അവനേക്കുറിച്ചോർത്ത് അല്പം ആശ്വാസമായി.
അവനൊരു വരുമാന മാർഗ്ഗമായതോടെ നമ്മുടെ കുടുംബം ഒന്നൂടെ സുരക്ഷിതമായെന്ന തോന്നലുണ്ടായതുകൊണ്ടാ കൂടെയുള്ളവരുടെ നിർബന്ധത്താൽ ഞാൻ എന്റെ വിവാഹത്തെക്കുറിച്ച് ചിന്തിച്ചതു പോലും...
പക്ഷേ ബന്ധങ്ങളുടെ സ്ഥാനം പണത്തിനേക്കാൽ താഴെയാണെന്ന് അന്ന് തൊട്ടെനിക്ക് നിങ്ങൾ ഓരോരുത്തരും മനസ്സിലാക്കി തന്നു..നിനക്കോർമ്മയുണ്ടോ മോളേ..? നിന്റെ അക്കൗണ്ടിൽ ഞാൻ നിനക്ക് സ്ത്രീധനമായി ഇട്ട് തന്ന തുകയിൽ നിന്നും എന്റെ കല്ല്യാണ ആവശ്യത്തിനായി ഞാൻ ഒരു ഇരുപതിനായിരം രൂപ രണ്ട് ദിവസത്തേക്ക് കടമായി ചോദിച്ചപ്പോൾ നിനക്കതെടുത്ത് തരാൻ മടിയാണെന്ന് എന്നോട് പറഞ്ഞത്..പക്ഷേ വെറുതെ വേണ്ട മോളേ ഞാനെന്തേലും കുറച്ചു പൈസ കൂടി അതിന്റെ കൂടെ അധികമിട്ടു തരാമെന്ന് പറഞ്ഞപ്പോൾ നീ സന്തോഷത്തോടെ ആ നിമിഷമെനിക്ക് ചെക്ക് ഒപ്പിട്ട് തന്നു.
എന്നേക്കാളേറെ പണത്തെ നീ സ്നേഹിച്ച ആ നിമിഷമെനിക്ക് മറക്കാനാകില്ല..
എന്റെ വിവാഹം പുറമേയ്ക്ക് നിങ്ങളെല്ലാം സന്തോഷം കാണിച്ചെങ്കിലും ഉള്ളിൽ അടക്കാനാവാത്ത ഇഷ്ടക്കേടായിരുന്നൂന്ന് തിരിച്ചറിയാൻ ഞാൻ വൈകി.കാരണം ഞാനെന്നും നിങ്ങൾക്കുള്ളിൽ ഒരു കറവപ്പശുവിനെപ്പോലായിരുന്നു.നിങ്ങളോരോരുത്തരുടേയും ആഗ്രഹങ്ങളും ആവശ്യങ്ങളും നിറവേറ്റി തരാൻ മാത്രമുള്ളൊരാൾ.
പക്ഷേ രക്തബന്ധത്തെക്കാൾ തുടിപ്പ് ഞാനറിഞ്ഞത് എന്റെ വിവാഹത്തിന്റെ പിറ്റേ ദിവസം . .എന്റെ അനിയത്തിയുടെ കാശ് അക്കൗണ്ടിലിട്ട് കൊടുക്കാനായി എന്റെ ഭാര്യ അവളുടെ വീട്ടിലും എന്റെ വീട്ടിലും ആരും അറിയരുതന്നും പറഞ്ഞു അവളുടെ സ്വർണ്ണം എടുത്ത് എന്റെ കയ്യിൽ തന്നപ്പോഴാണ്..
ഞാനത് വാങ്ങാൻ മടിച്ചപ്പോൾ അവളെന്നോട് പറഞ്ഞു ഈ സ്വർണ്ണത്തേക്കാൽ വിലയുണ്ട് ബന്ധങ്ങൾക്ക്.അത് നഷ്ടപ്പെടുത്തണ്ട .അനിയത്തിയുടെ മുഖം കറുക്കുന്നത് ഏട്ടനൊരിക്കലും സഹിക്കാനാകില്ലല്ലോ. ഈ സ്വർണ്ണം എന്നേപ്പോലെ തന്നെ എന്റെ ഭർത്താവിനും അവകാശപ്പെട്ടതാ.നിങ്ങടെ മുഖത്തെ ചിരിയേക്കാൾ വലിപ്പം ഞാനീ സ്വർണ്ണത്തിൽ കാണുന്നില്ല.പിന്നീടൊരിക്കൽ ഞാനിട്ട താലിമാലയടക്കം വിൽക്കാനായി അവളെന്റെ കൈകളിൽ ഊരിതന്നപ്പോഴും പണത്തിനേക്കാൽ മൂല്ല്യം അവളുടെ സ്നേഹത്തിനാണ് എന്നെനിക്ക് മനസ്സിലായി..
രക്തബന്ധത്തിന് പണത്തിനേക്കാൽ സ്ഥാനമുണ്ടെന്നുള്ള എന്റെ വിശ്വാസം ...
അതെന്റെ വെറും വിശ്വാസം മാത്രമായിരുന്നു.
കാലം നിങ്ങളിലൂടെ തന്നെ അതെനിക്ക് കാട്ടിതന്നു.കുടുംബം ,,കുട്ടികൾ ഇതിലൂടെ ജീവിത ചിലവുകൾ കൂടിയപ്പോൾ നിങ്ങളുടെ പരിധിവിട്ട പല ആവശ്യങ്ങളും സാധിച്ചു തരാൻ എനിക്ക് പറ്റാതായപ്പോൾ അതിനു കാരണക്കാരിയായ എന്റെ ഭാര്യയും മക്കളും നിങ്ങൾക്ക് ശത്രുക്കളായി..
കൈയ്യിൽ കാശുള്ള ബാധ്യതകളില്ലാത്ത എന്റെ അനിയൻ നിനക്കും അമ്മയ്ക്കും ഇഷ്ടമുള്ളവനായി മാറി.പണത്തിന് ബന്ധത്തേക്കാൽ സ്ഥാനമുണ്ടെന്ന് വീണ്ടും അതിലൂടെ ഞാൻ മനസ്സിലാക്കി.
വിവാഹം കഴിഞ്ഞ് ആറ് മാസത്തിന് ശേഷം ഞാൻ വിദേശത്തേക്ക് ആദ്യമായി ജോലി തേടി പോയപ്പോൾ എന്റെ ഭാര്യയെ ഞാൻ നിങ്ങളെയാണ് വിശ്വസിച്ചേൽപ്പിച്ചത്.പക്ഷേ നിങ്ങൾക്കന്നും അവളോട് ഇഷ്ടക്കേടേ പ്രകടിപ്പിക്കാനുള്ളായിരുന്നു.
ശമ്പളം നന്നേ കുറവായിരുന്നതിനാലും ജോലിയിൽ തുടക്കമായതിനാലും ഞാനന്നവിടെ നന്നേ ബുദ്ധിമുട്ടിയിരുന്നു.
വിവാഹവാർഷികത്തിനായി ഞാനെന്റെ ഭാര്യയ്ക്ക് ഒരു സാരി സമ്മാനമായി കൊടുത്തുവിട്ടതിന് നീയും നമ്മുടെ അമ്മയും കൂടി അവളെ ഒരുപാട് കണ്ണീര് കുടിപ്പിച്ചത് നീ മറന്നാലും ഈ ഏട്ടൻ മറക്കില്ല .കാരണം നിനക്കിതൊക്കെ വാങ്ങി തരാനായി ആണൊരുത്തന്റെ കൈകളിൽ നിന്നെ പിടിച്ചേൽപ്പിച്ചത് ഈ ഏട്ടനായിരുന്നു.ഒരു ഭാര്യയായ നീ ഒന്നോർത്താൽ മതിയായിരുന്നു
നിന്നെപ്പോലെ ഒരു പെണ്ണ് തന്നെയാണ് അവളെന്നും.
വിവാഹവാർഷികത്തിന് ഭാര്യയ്ക്കൊപ്പം അമ്മയ്ക്കും വിവാഹം ചെയ്തയച്ച പെങ്ങൾക്കും സാരി എടുത്ത് കൊടുക്കണമെന്ന് ഈ ഏട്ടനറിയില്ലായിരുന്നു.എന്റെ അറിവില്ലായ്മയായി പോലും നീയും അമ്മയും അത് ക്ഷമിച്ചില്ല.പകരം എന്റെ ഭാര്യയെ ശാപവാക്കുകളാൽ മൂടി..
കുടുംബം ഓഹരി വെച്ചപ്പോളും ഈ ഏട്ടനറിഞ്ഞില്ല നിങ്ങടെയൊക്കെ ഉള്ളിൽ പണത്തിനായിരുന്നു മുൻതൂക്കമെന്ന്.അല്ലായിരുന്നെങ്കിൽ എനിക്ക് തന്ന വീതത്തിന്റെ പേരിൽ ശാപങ്ങളുമായി നിങ്ങളോരോരുത്തരും എന്നെയകറ്റില്ലായിരുന്നല്ലോ.നിന്റെ കഴുത്തിൽ കിടക്കുന്ന താലി..എന്റെ അനിയൻ ഇന്ന് കൈനീട്ടി വാങ്ങുന്ന ശമ്പളം അതിന്റെയൊക്കെ പിന്നിൽ ഈ വെറുക്കപ്പെട്ടുപോയ ഏട്ടന് ഒരു സ്ഥാനവുമില്ലാതായല്ലോ മോളേ.
ഇതൊക്കെ കടമയാണെന്ന് നമ്മുടെ അമ്മ പറയുന്ന ഒറ്റവാക്കിൽ ഈ ഏട്ടന്റെ കണ്ണീരിന്റെയും വിയർപ്പിന്റെ അംശമുണ്ടായിരുന്നൂന്ന് ഒരിക്കലെങ്കിലും നിങ്ങളോർക്കണം.അന്നീ ഏട്ടൻ മറുത്തൊന്ന് ചിന്തിച്ചിരുന്നെങ്കിൽ ..നിങ്ങളെപ്പോലെ രക്തബന്ധത്തേക്കാൽ പണത്തിനെ ഞാനും സ്നേഹിച്ചിരുന്നെങ്കിൽ...
വേണ്ട...അങ്ങനൊന്ന് ഓർക്കാൻ കൂടി ഈ ഏട്ടൻ ഇഷ്ടപ്പെടുന്നില്ല.. നിങ്ങളെ സ്നേഹിച്ചതിന്റെ പേരിൽ ഈ ഏട്ടനെ ശപിച്ചോളൂ.പക്ഷേ എന്റെ മക്കളെ വെറുതെ വിടണം ..അവരെ നിങ്ങൾ ശപിക്കരുതേ.
നിങ്ങടെ ഓരോ ശാപവാക്കുകളും ഈ ഏട്ടന്റെ ഹൃദയത്തിൽ തറയ്ക്കാനുള്ള ആണികളായി മാറട്ടേ..കാരണം കുടുംബത്തെ സ്നേഹിച്ചവനെന്നും കുരിശിൽ തറയ്ക്കാൻ വിധിക്കപ്പെട്ടവനാണ്..
ഈ ഏട്ടനെ നിങ്ങൾ വെറുത്താലും എന്റെയുള്ളിലെന്നും എന്റെ കുഞ്ഞുപെങ്ങളായും കുഞ്ഞനിയനായും നിങ്ങളുണ്ടാകും.
By..RemyaRajesh

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo