കസിജാക്രിമാകോമുഹി

കസിജാക്രിമാകോമുഹി
^^^^^^^^^^^^^^^^^^^^^^^^^^^
മെമ്പറെ ബസ് നിറുത്തിയിട്ട് ഇറങ്ങ്
ജയ്സൻ തിരിഞ്ഞ് രൂക്ഷമായി ഒന്ന് നോക്കി .
ഞാൻ അനങ്ങിയില്ല
ഇന്ന് കമ്പനിപ്പടിക്കൽ എന്തേലും നടക്കും
ഇന്നലെ ഒരു LED ബൾബ് വാങ്ങിയപ്പോൾ തുടങ്ങിയ കലിയാണ്
മെമ്പർക്ക് .
ആള് ഗാന്ധിയനാണേ എല്ലാം നികുതി കൊടുത്തേ വാങ്ങൂ
ഞാൻ പറഞ്ഞതാണ് പഴേ സ്റ്റോക്ക്
എവിടേലും കാണും
കലിച്ച് വരുവാണ്
200രൂപയുടെ ബൾബിന്
56രൂപ ടാക്സ് പണി പാളി
അതിന്റ്റെ പുറകെ ഇന്ന്
ജീവൻ സുരക്ഷാ സമ്പാദ്യത്തിന്
തവണയടച്ച രസീത് വന്നു
3000രൂപയ്ക്ക് 135 ടാക്സ്
ചികിത്സാ സഹായ വാർഷിക പ്രീമിയം അടച്ചതിന്
6000രൂപ ടാക്സ് 1080 രൂപ
കലിയിളകാതിരിക്കുമോ
ഇന്ന് കമ്പനിപ്പടിയിൽ എന്തേലും നടക്കും കലുങ്കിൽ കയറിനിന്ന് പ്രസംഗിക്കുന്ന പാർട്ടിയാ
ഏതായാലും ബസിൽ നിന്ന് ഇറങ്ങിക്കിട്ടി ഭാഗ്യം.
നോക്ക് എന്തോ സംഭവിച്ചു
ലളിതേടത്തി അതാ കമ്പനിയിൽ നിന്നും
കരഞ്ഞുകൊണ്ടാണല്ലോ വരുന്നത്.
മെമ്പർ പ്രസംഗം തുടങ്ങി കേൾക്ക്
പ്രിയപ്പെട്ട തൊഴിലാളികളേ
നമ്മളധ്വാനിച്ച് സമ്പാദിച്ച നൂറ് രൂപയിൽ 28രൂപ കൊള്ളയടിക്കുന്ന
ഒരു സംവിധാനത്തിലാണ് ഇന്ന് നാം ജീവിക്കുന്നത്
ഈ കെട്ട് കണ്ടോ ലളിതേടത്തി കമ്പനിയിൽ കൊടുക്കാൻ കൊണ്ടുവന്ന
മാസ്ക് ആണിത്
പുതിയ നിയമം കാരണം രജിസ്ട്രേഷനില്ലാത്ത സ്ഥാപനത്തിൽ നിന്നും വ്യാപാരി വ്യവസായികൾക്ക്
ഒന്നും വാങ്ങാനാകില്ലന്ന്
നിങ്ങളെല്ലാം മാസ്ക് വാങ്ങി ഇന്നത്തേക്ക് ലളിതേടത്തിയെ സഹായിക്കും എന്നെനിക്കറിയാം
പക്ഷേ നമ്മുടെ രാജ്യത്തെ കുടിൽ വ്യവസായങ്ങളെ ഈ നിയമത്തോടെ
വന്ധ്യംകരിച്ചതായി ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്നു
ഞാൻ പ്രസംഗം അവസാനിപ്പിക്കുന്നു
നമ്മുടെ ഗ്രാമത്തെ നാം തന്നെ കാത്തുരക്ഷിക്കണം നാമെല്ലാം ഓരോ ചേരിയുടെ പക്ഷം പിടിച്ചാൽ
നമ്മുടെ വിളിപ്പേർ
കസിജാക്രിമാകോമുഹി
എന്ന വികൃത നാമമാകും
നമുക്കു മനുഷ്യരായി വളരാം.
ഞാൻ ജയ്സൻ
ഗാന്ധിയൻ ഗുപ്തൻ സാറാണ് എന്റ്റെ ഗുരുനാഥൻ ഞാൻ പ്രതിഷേധിച്ചതിൽ തെറ്റുണ്ടോ ഞാനാ ബഹളം വച്ചതിനാൽ
ലളിതേടത്തി ഇന്ന് അരി വാങ്ങി
ഇപ്പോൾ അതിലേ ചെല്ലുമ്പോൾ
ഒരു കാന്താരിയുണ്ട് ഏടത്തിയുടെ മോൾ
പഠിത്തക്കാരിയുടെ ജാടയുണ്ട്
മുടിഞ്ഞ ബുദ്ധിയാണ്
ഓ..അവിടെ നിൽപ്പുണ്ട് സാധനം
ഞാൻ ഡിഗ്രി എടുത്തതാണന്ന്
ഒരു വിചാരമേയില്ല MA ക്കാരിക്ക്
റിസൽട്ട് ഉടനെവരും
ഇപ്പോൾ പട്ടിണിയാണേലും
ഏതാണ്ട് റാങ്ക് ലിസ്റ്റേലുണ്ടെന്നുള്ള
അഹങ്കാരം
പൂയ്..ഹേയ്..മെമ്പറേ
കവലയിൽ വല്യ പ്രതിഷേധം നടത്തിയേച്ചും വരുവാ അല്ലേ..
നാളെ എല്ലാം ശരിയാകുമായിരിക്കും
അല്ലേ മെമ്പറേ..
നീ പോടീ കാന്താരീ..ഒറ്റ അലർച്ച
സർവ്വ അരിശോം അതിലുണ്ടായിരുന്നു
വീട്ടിൽ ചെന്ന് കയറിയിട്ടും
ആകെ അസ്വസ്ഥത
പഞ്ചായത്തിൽ എത്ര കുടുംബങ്ങളാണെന്നറിയുമോ
നൈറ്റി
മാസ്ക്
അരിപ്പൊടി
തുടങ്ങി
ലേഡീസ് നാക്പിൻ വരെ
ഉണ്ടാക്കി കടകളിൽ കൊടുക്കുന്നത്
വ്യാപാരികൾ ചരക്ക് എടുക്കാതെയായി.
പിറ്റേന്ന്
പഞ്ചായത്ത് ആഫീസ്:
മീറ്റിംഗ് നടക്കുന്നു
ജയസൻ സംസാരിക്കുന്നു
പിയ മെമ്പർമാരേ
ഗ്രാമസ്വരാജ് എന്നുപറഞ്ഞാൽ
വെണ്ടയ്ക്ക നൽകി കയ്പക്ക വാങ്ങുന്ന
ഒരു സംവിധാനമല്ല നമ്മുടെ ഗ്രാമം സാമൂഹികമായോ സാമ്പത്തികമായോ നശിപ്പിക്കാൻ വരുന്നവനോട്
മാ നിഷാദാ...അരുതേ കാട്ടാളാ എന്നു പറയാൻ നമുക്കാകണം .
മറ്റു മെമ്പർമാർ ഒച്ച വച്ചു
ഹും ഒരു പഞ്ചായത്ത് വിചാരിച്ചാൽ
എന്തു ചെയ്യാനാ .
ഞാൻ പറയുന്നത്
നികുതി രജിഷ്ട്രേഷനുള്ള
ഒരു കുടിൽ വ്യവസായ കൂട്ടായ്മ
ഉണ്ടാക്കാം
28 ശതമാനം നികുതിയുള്ള
അവശ്യ സാധനങ്ങൾ
ജനങ്ങൾക്ക് ലാഭമെടുക്കാതെ വാങ്ങി നൽകുകയും ചെയ്യാം
കമ്മറ്റി ഐക്യ കണ്ഠേന പഠനത്തിനായി
ഈ നിർദ്ദേശം സ്വീകരിച്ചു
യുവമെമ്പർ ഭരണ പ്രതിപക്ഷ വത്യാസമില്ലാതെ മുതിർന്നവരുടെ
പ്രശംസ ഏറ്റുവാങ്ങിയാണ്
വീട്ടിലേക്കു പോയത് .
പഞ്ചായത്തിൽ നിന്നു ജയ്സൻ
ഇറങ്ങുന്നതിനു മുമ്പേ വാർത്ത കാട്ടുതീ പോലെ പരന്നു
പ്രാദേശിക ടി.വി.ചാനൽ
വഴിയിൽ തടഞ്ഞു നിർത്തിയാണ്
ജയസന്റ്റെ ബൈറ്റ് എടുത്തത്
വീടടുക്കാറായി ദൈവമേ
കാന്താരീടെ വായിൽ ഇന്നെന്താണോ
ലളിതേടത്തിയോടുള്ള സ്നേഹം മൂലം
മകളോട് കടുപ്പിച്ച് ഒന്നും പറയാനും പറ്റില്ല
മെമ്പറേ നിലത്തൊന്നുമല്ലല്ലോ നടപ്പ്
ഇടയ്ക്ക് ബുദ്ധി തെളിയും അല്ലേ.
നീ പോടീ നിന്നെക്കാൾ
ഏഴോണം കൂടുതലുണ്ടതാണ് ഞാൻ
നീ വല്ല പിള്ളേരോടും ജയിക്കാൻ നോക്ക്
മെമ്പറേ ഇന്നത്തേത് വല്യ ബുദ്ധിതന്നെ
സമ്മതിച്ചു
ഇത് നടന്നാലും നടന്നില്ലേലും
എനിക്കു കിട്ടുന്ന ശമ്പളം മുഴുവൻ
മെമ്പർക്ക് തന്നേക്കാം
നീ ശമ്പളമൊന്നും തരണ്ട
ജോലി കിട്ടിയാ ഒരു ചായ
വേണമെങ്കിൽ തന്നോളു
അത് കുടിക്കാം അത് മതി
മെമ്പറേ ചായ ഉണ്ടാക്കിത്തരാം
എന്റ്റെ ജീവിതകാലം മുഴുവൻ
കുടിക്കാമോ
അവൾ വീട്ടിലേയ്ക്ക് ഒരോട്ടം വച്ചു കൊടുത്തു
ജയ്സൻ തിരിഞ്ഞു നോക്കിയത്
ലളിതേടത്തിയുടെ മുഖത്ത്
മെമ്പറുടെ ചിരിയിൽ
ഒരു നാണത്തിന്റ്റെ കുളിർമ്മ .
VG.വാസ്സൻ

അനാമിക (കഥ)


അനാമിക (കഥ)
ജോബി കൈയൂന്നി.
അസമയത്ത് വരാറുള്ള ഫോൺ കോളുകൾ, മരണ വാർത്തകൾ മാത്രമെത്തിക്കാനുള്ളതാണെന്ന്, എപ്പോഴോ പതിഞ്ഞു പോയ ബോധത്തിന്റെ മീതേ നിന്നു കൊണ്ടാവണം പ്രിയപ്പെട്ടവരുടെ മരണം മാത്രം ഞാനന്ന് സ്വപനം കണ്ടത്. ഞെട്ടിയുണർന്ന് കണ്ണു മിഴിച്ചപ്പോഴും തൊട്ടടുത്തിരുന്ന മൊബൈൽ ഫോൺ അതിന് കഴിയാവുന്നത്ര ഉച്ചത്തിൽ ശബ്ദിച്ചു കൊണ്ടിരുന്നു.
"നിന്നെ എനിക്കൊന്ന് കാണണം, നമുക്കൊരു യാത്ര പോകാനുണ്ട് ''
എന്ന് മാത്രം പറഞ്ഞ്, എനിക്കേറ്റവും പ്രിയപ്പെട്ട ആ ശബ്ദം മറുപടിക്ക് കാത്തു നിൽക്കാതെ മടങ്ങിയതിനു ശേഷം, അവളെന്നെ എത്ര വട്ടം വിളിച്ചുവെന്ന് കോൾ ലോഗിൽ ഒന്നു പരതി നോക്കി. ഒറ്റ പ്രാവിശ്യം മാത്രമുണ്ടായ ആ നീണ്ട റിങ്ങ് ടോണിനിടയിലാണ് സ്വപ്നവും ഞെട്ടിയുണരലുമുണ്ടായത്. നേരത്തിന്, സ്വപ്നത്തിനകത്തും പുറത്തും വെവ്വേറെ അളവ് കോലാകുമെന്നാശ്വസിച്ച് വീണ്ടുമുറങ്ങി.
ഒരു ജന്മം കൊണ്ട്, നാം കണ്ടു തീർക്കുന്ന കാഴ്ച്ചകളിൽ ചിലത്, നാമറിയാതെ തന്നെ നമ്മുടെ കണ്ണുകൾ കടന്ന് മനസ്സിന്റെ ഏതെങ്കിലുമൊരു ഇരുട്ടറയിൽ കയറി ഒളിച്ചിരിക്കും. കാലങ്ങൾക്ക് ശേഷം ചിലപ്പോൾ, ഇരുട്ടിന്റെ നിഗൂഢതയിൽ നിന്ന് പുറത്ത് കടന്ന്, ചില രാത്രികളിൽ നമ്മുടെ ഉറക്കം കെടുത്താൻ പോന്ന കിനാവുകളായി തെളിഞ്ഞു വരും. അത്തരമൊരു വിചിത്ര സ്വപ്നമാണ് ആ പാതിരാത്രിക്ക് ശേഷം റിതു, എന്നെ വിളിക്കാൻ കാരണമായതെന്ന് അവൾ പിറ്റേന്ന് പറഞ്ഞു.
അഞ്ച് വർഷങ്ങൾക്കെങ്കിലും മുൻപത്തെ പഠന കാലത്താണത്രെ, നിർബന്ധിത സാമൂഹ്യ സേവനത്തിന്റെ ഭാഗമായി കുതിരവട്ടത്തെ മാനസികാരോഗ്യ കേന്ദ്രത്തിൽ ഒരു സന്ദർശനത്തിന് അനുമതി തേടി, അവൾക്ക് പോവേണ്ടി വന്നത്. ആവശ്യം
നിരാകരിക്കപ്പെട്ട നിരാശയിൽ, കൂട്ട് വന്ന സുഹൃത്തുക്കൾക്കൊപ്പം തിരിച്ച് പോകാനൊരുങ്ങുമ്പോഴാണ് ആ ആശുപത്രിക്കുള്ളിലെ ഏഴാം വാർഡ് എന്നെഴുതി പ്രദർശിപ്പിച്ചിരുന്ന കവാടത്തിലൂടെ ഇരുപത് വയസ്സിൽ താഴെ പ്രായം തോന്നിക്കുന്ന ഒരു പെൺകുട്ടി ഉറക്കെ കരഞ്ഞു കൊണ്ട് പുറത്തേക്കോടി വന്നത്, അപരിചിതരായ ചിലരെ പുറത്ത് കണ്ട്, തന്നെ രക്ഷിക്കാനെത്തിയവരാകുമെന്ന് കരുതിയാവണം അവൾ അവർക്കരികിലേക്ക് ഓടിയെത്താൻ ശ്രമിച്ചത്. ആശുപത്രി ജീവനക്കാരാൽ വലിച്ചിഴക്കപ്പെട്ട് തിരികെ പോകേണ്ടി വന്നതിനിടയിൽ, അവസാനിക്കാത്ത പ്രതീക്ഷയോടെ അവൾ നോക്കിയത് റിതുവിന്റെ മുഖത്തേക്കായിരുന്നു പോലും.
''പിന്നീട് രണ്ട് ദിവസത്തോളം ഞാനവളെ പറ്റി ആലോചിച്ചു . പിന്നെ മറക്കുകയും ചെയ്തു. പക്ഷേ ഈയിടെയായി ഞാനവളെ സ്വപ്നം കാണുന്നു. ഇന്നലെ രാത്രി മുഴുവൻ അവളെന്നെ പിന്തുടർന്നു കൊണ്ടിരുന്നു. സ്വപ്നങ്ങൾക്കിടയിൽ പലപ്പോഴും ഞാനവളുടെ മുഖം വ്യക്തമായി കണ്ടു. നമുക്ക് അവൾക്ക് വേണ്ടി എന്തോ ചെയ്യാനുണ്ട്. വരാമോ എന്റെ കൂടെ? ''
സ്വീകരിക്കപ്പെടുമെന്ന് അവൾക്കുറപ്പുണ്ടായിരുന്ന ഒരഭ്യർത്ഥനയും നടത്തി റിതു യാത്രയായതിനു ശേഷം, കോഴിക്കോട്ടെ ഒരു സുഹൃത്തിനെ ഫോണിൽ വിളിക്കുകയാണ് ഞാനാദ്യം ചെയ്തത്. രതീഷ്, ഒരു മരുന്ന് കമ്പനിയിൽ ചരക്കു വിൽപ്പനയ്ക്ക് നിയോഗിക്കപ്പെട്ടവനാണ്. കച്ചവട ശാസ്ത്രത്തിന്റെ കോർപ്പറേറ്റ് നയതന്ത്രങ്ങൾക്കിടയിൽപെട്ട് വീർപ്പുമുട്ടുന്ന എന്റെ പ്രിയപ്പെട്ട സഖാവ്. നില തെറ്റിയ മനസ്സുകൾക്ക് ചികിത്സ നിർദ്ദേശിക്കാറുള്ള ഡോക്ടർമാരെ മരുന്നുകൾ പരിചയപ്പെടുത്തലാണ് അവന്റെ ജോലി എന്നതിനാൽ രതീഷിന്റെ സഹായം തേടാനാണ് തീരുമാനിച്ചത്. കുതിരവട്ടത്ത് തനിക്ക് ചിലരെ പരിചയമുണ്ടെന്നും, താൻ കൃത്യസമയത്ത് എത്തിക്കോളാമെന്നും രതീഷ് ഉറപ്പ് നൽകി.
പൊറ്റമ്മലിൽ നിന്നും കുതിരവട്ടത്തേക്കുള്ള ഇടുങ്ങിയ ടാർറോഡിലൂടെ പലവട്ടം സഞ്ചരിച്ചിട്ടുണ്ടെങ്കിലും, ആ ജീർണ്ണിച്ച മതിലിനപ്പുറത്തെ ലോകം, അവിടൊരിക്കൽ പോകണമെന്ന് റിതു ആവശ്യപെടുന്നത് വരെ, എന്റെ ചിന്തകളിൽ ഇടം നേടിയിരുന്നില്ല. അവിടേക്ക് ഞങ്ങൾ ഒരുമിച്ച് നടത്തിയ യാത്രയിൽ ഞാനതവളോട് പറയുകയും ചെയ്തു.
"എന്ത് കൊണ്ടായിരിക്കും റിതു, നീ പറയുന്നത് വരെ ആ ലോകമൊന്ന് സന്ദർശിക്കണമെന്ന് ഞാനിന്ന് വരെ ചിന്തിക്കാതിരുന്നത്?"
പക്ഷേ റിതു, ആ പെൺകുട്ടിയെ പറ്റിയാണ് യാത്രയിലുടനീളം ചിന്തിച്ചതും പറഞ്ഞതും. അവൾ ഇക്കാലത്തിനിടയിൽ എപ്പോഴെങ്കിലും സുമ്പോധത്തിലേക്ക് മടങ്ങി വന്നിട്ടുണ്ടാകുമോയെന്ന്,
വന്നെങ്കിൽ, അവളെ ആ അവസ്ഥയിലേക്ക് നയിച്ച സംഭവങ്ങളെ കുറിച്ച് ചിന്തിച്ചിരിക്കുമോയെന്ന്.
ഞങ്ങൾക്കവളെ കാണാൻ കഴിയുമോയെന്ന്...
രണ്ട് വൻമരങ്ങൾക്കിടയിൽ, ഒരു തടവറയുടേത് എന്ന് തോന്നിക്കുന്ന കൂറ്റൻ കവാടത്തിന് മുൻപിൽ രതീഷ് കാത്തുനിൽപ്പുണ്ടായിരുന്നു. സുന്ദരിയായൊരു പെൺകുട്ടി എന്റെ കൂടെയുണ്ടാകുമെന്ന് മുൻകൂട്ടി അറിഞ്ഞിരുന്നെങ്കിൽ വരുന്ന വഴിക്ക് വോൾഗാ ബാറിൽ കയറിയിറങ്ങുമായിരുന്നില്ലന്ന് റിതുവിനെ പരിചയപ്പെടുത്തിയപ്പോളുള്ള അവന്റെ മുഖഭാവം, എന്നോടുള്ള നീരസത്തോടെ ഉറക്കെ വിളിച്ച് പറഞ്ഞു.
ഒരു വശത്ത് സാധാരണയിൽ കവിഞ്ഞ ഉയരമുള്ളൊരു മതിലും, മറുവശത്ത് ഔട്ട് പേഷ്യന്റ് വിഭാഗവുമായിരുന്നു ഗെയ്റ്റിനപ്പുറം ആദ്യം.
"നിന്നെ ഒന്നവിടെ കാണിച്ചാലോ? പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലങ്കിലും എന്തെങ്കിലും മരുന്ന് എഴുതി തരാതിരിക്കില്ല. നമ്മൾ പറഞ്ഞു കൊടുക്കുന്നതിനപ്പുറം ബുദ്ധിയുടെ താളപിഴകൾ അളന്നു തിട്ടപെടുത്താൻ അവിടിരിക്കുന്ന ഡോക്റ്റർമാർക്ക് യാതൊരു ഉപകരണവും കയ്യിലില്ല."
പറഞ്ഞത് എന്നോടാണെങ്കിലും രതീഷ് റിതുവിന്റെ മുഖത്തേക്കാണ് നോക്കിയത്. അല്ലെങ്കിലും, തമാശകൾക്ക് മുന്നിൽ പൊട്ടിച്ചിരിക്കുന്ന പെൺമുഖം കാണാനാവും പുരുഷൻ ആഗ്രഹിക്കുക. അൽപ്പം മദ്യലഹരിയിലായാൽ പ്രത്യേകിച്ചും.
പക്ഷേ അവളുടെ കണ്ണുകൾ ആ പെൺകുട്ടിയെ കാണാൻ തിടുക്കം കൂട്ടിയത് കൊണ്ടാവും, റിതു മറ്റൊന്നും ശ്രദ്ധിക്കാതെ ഞങ്ങൾക്ക് മുമ്പേ വേഗത്തിൽ നടക്കുകയായിരുന്നു. എഴാം വാർഡിന് മുന്നിൽ, അവൾക്കൊപ്പമെത്തിയതും, അതിന്റെ കവാടത്തിലേക്കാണ് എന്റെ കണ്ണുകൾ പതിഞ്ഞത്.
ആ വലിയ വാതിൽ പക്ഷേ അടഞ്ഞു കിടന്നു. ഒന്ന് തുറന്ന് വിട്ടാൽ ഓടി അകലാൻ വെമ്പി നിൽക്കുന്ന ഒരുപാട് അസാധാരണ മനസ്സിനുടമകൾ അതിനകത്തിരുന്ന് കാലം കഴിക്കുന്നതിന്റെ ഒരു സൂചനയും ആ വാതിലിന് നൽകാനായില്ല.
ഞങ്ങളോടൊപ്പം നടക്കുന്നതിനിടയിൽ മങ്ങി തുടങ്ങിയ നീലഛായം പൂശിയിരുന്ന ഇരുട്ട് നിറഞ്ഞു നിന്നൊരു കൊച്ചു കെട്ടിടം ചൂണ്ടി, രതീഷ് പറഞ്ഞു.
"കാലങ്ങളോളം ഇവിടെ കിടന്ന് രോഗം ഭേതമായവരെ ഇവിടെയാണ് പാർപ്പിക്കുക. പലരേയും അവരുടെ ബന്ധുക്കൾ ഇവിടെ ഉപേക്ഷിക്കുകയാണ് പതിവ്. രോഗം പാടെ മാറിയാലും എവിടേയ്ക്കാണ് പോകേണ്ടതെന്നറിയാതെ അവരിവിടെ തുണി സഞ്ചി തയ്ച്ചും, പുസ്തകം ബൈൻഡ് ചെയ്തും, കുടകൾ നിർമ്മിച്ചും കഴിഞ്ഞു കൂടേണ്ടി വരുന്നു"
ആശുപത്രിയുടെ ഭരണകാര്യാലയത്തിനുള്ളിൽ, ഡോക്റ്റർ അബ്ദുൾ സലാമിനെ റിതുവിന് പരിചയപെടുത്തി രതീഷും ഞാനും പുറത്തിറങ്ങി. ഒരു കൊച്ചു മരത്തിന്റെ തണലിലിരുന്ന്, കണ്ണൂരിലെ റിയാസ് ഹോമിൽ ഒരുമിച്ച് താമസിച്ചിരുന്ന കാലം ഞങ്ങൾ ഓർത്തെടുത്തു.
മോഹനേട്ടനെ,
ഷാജനെ,
സൈനബയേയും.
"അനാമിക എന്നാണ് അവളുടെ പേര്..."
കുതിരവട്ടത്തെ പിന്നിലാക്കി, ഞങ്ങൾ യാത്ര തുടരുന്നതിനിടയിൽ അൽപ്പനേരം തങ്ങി നിന്ന മൗനമവസാനിപ്പിച്ച് റിതു പറഞ്ഞ് തുടങ്ങി.
"അവളിപ്പോൾ അവിടെയില്ല. ചെറൂപ്പ എന്ന സ്ഥലത്താണ്. അയ്യപ്പൻകാവിനടുത്ത് അവുടെ അച്ഛൻപെങ്ങളുടെ വീട്ടിൽ. വിലാസം എന്റെ കയ്യിലുണ്ട്. നമുക്കങ്ങോട്ടാണിപ്പോൾ പോവേണ്ടത്."
എവിടെ നിന്നാണെന്നും, എന്തിനാണെന്നും അറിഞ്ഞിരുന്നില്ലങ്കിലും, അന്വേഷിച്ച് ചെന്നത് അവരുടെ വീട് തന്നെയാണെന്നുറപ്പ് വരുത്തി, ജാനമ്മ ഞങ്ങളെ കയറിയിരിക്കാൻ ക്ഷണിച്ചു. അവർ തന്ന തണുത്ത നാരങ്ങാവെള്ളം ഞങ്ങൾ കുടിച്ചു തീർക്കുന്നത് വരെ കാത്തിരുന്നു. എന്നിട്ട് ചോദ്യരൂപേണ എന്റെ മുഖത്തേക്ക് നോക്കി. റിതു നിംഹാൻസിലെ സൈക്കോളജി വിഭാഗത്തിൽ ഒരു പഠനത്തിലാണെന്നും ഒരു കേസ് സ്റ്റഡിയുടെ ഭാഗമായി അവിടെ നിന്നും നിർദ്ദേശിക്കപെട്ട പേരാണ് അനാമികയുടേതെന്നും ഒരു ഭാവവിത്യാസവും വരുത്താതെ ഞാൻ കള്ളം പറഞ്ഞു.
റിതു അനാമികയെ കണ്ടു!
അവൾക്കൊപ്പം ഒത്തിരി നേരമിരുന്നു. ഞാൻ കാത്തിരുന്നു മടുത്ത് പുറത്തെ സോഫയിലിരുന്നു മയങ്ങി പോയി. റിതു, തട്ടിയുണർത്തി പോകാമെന്ന് പറഞ്ഞയുടൻ ജാനമ്മയോട് യാത്ര പറഞ്ഞ് ഞങ്ങളിറങ്ങി.
************
നിരവിൽപുഴ പിന്നിട്ട ഉടനെ അന്തരീക്ഷമാകെ മഞ്ഞ് മൂടിയിരുന്നു. വാഹനത്തിന്റെ മഞ്ഞ വെളിച്ചം തെളിച്ച പാതയിലൂടെ വളരെ പതുക്കെയാണ് ഞങ്ങൾ നീങ്ങിയത്. പൂർണമായും ചുരമിറങ്ങി കഴിയുന്നതിന് മുൻപാണ് പൂതംപാറ എന്ന ഗ്രാമം. നല്ല മഴയായിരുന്നതിനാലാവാം ആ കൊച്ച് അങ്ങാടിയിലെങ്ങും ആരെയും കണ്ടില്ല. മഴ തോർന്ന് തുടങ്ങിയപ്പോഴാണ് ചുരം കയറി വന്ന ഒരു ജീപ്പിൽ നിന്നും കുറച്ച് പേരിറങ്ങി വന്നത്. അതിലൊരാളോട് വാഹനത്തിന്റെ ഗ്ലാസ് അൽപ്പം താഴ്ത്തി ഗോപിയേട്ടന്റെ വീടന്വേഷിച്ചു. ഏത് ഗോപിയേട്ടൻ എന്നയാളുടെ മറുചോദ്യത്തിന് ഒരു വധശ്രമ കേസ്സിൽ ജയിലുള്ള ആളാണെന്നത് തൃപ്തികരമായ മറുപടിയായി. അവിടിപ്പോൾ ആരുമില്ലല്ലോയെന്ന സംശയം പങ്കുവെച്ച് അയാളൊരു ഇടവഴി കാണിച്ചു തന്നു. ഞങ്ങളെ യാത്രയാക്കി പോകുന്നതിന് മുൻപ് അയാൾ പറഞ്ഞു.
"ഗോപിയിപ്പോൾ എവിടാണെന്ന് ആർക്കുമറിയില്ല. അയ്യാക്കൊരു മോളൊണ്ടാർന്നു. ഇപ്പോൾ ഏതോ ഭ്രാന്താശുപത്രീലോ മറ്റോ ആണ്."
അറിയാമെന്ന് തലകുലുക്കി, അയാൾ ചൂണ്ടി കാണിച്ചു തന്ന വഴിയിലൂടെ ചാറ്റൽ മഴ നനഞ്ഞ് ഞങ്ങൾ കൈ പിടിച്ച് നടന്നു. ആ വഴിക്ക് രണ്ടു വീടുകൾ മാത്രമേയുള്ളുവെന്നും, അതിൽ ആൾതാമസമില്ലാത്തത് ഗോപിയേട്ടന്റെ വീടാണെന്നും അയാൾ പറഞ്ഞു തന്നിരുന്നു.
ഇടവഴി അവസാനിക്കുന്നിടത്തെ ചെറിയൊരു അരുവിയും കടന്ന് ഞങ്ങൾ ആ വീടിനടുത്തെത്തി. തുരുമ്പെടുത്തൊരു താഴിട്ട് പൂട്ടിയിരുന്ന ആ വീടിന്റെ മുറ്റത്ത് നിന്ന് റിതു പറഞ്ഞു.
"അനാമികയുടെ വീട്! അവൾ ജൻമമെടുത്ത, അവൾ വായിച്ചു വളർന്ന, അവളുടെ മനസ്സിന്റെ താളം തെറ്റിച്ച ദുരന്തങ്ങൾ പെയ്തിറങ്ങിയ വീട്."
പഴകി ദ്രവിച്ച് തുറന്ന് കിടന്നിരുന്ന പിന്നിലെ വാതിലും കടന്ന് ഞങ്ങൾ അകത്ത് കയറി. ഒരു കുരിശിന്റെ ആകൃതിയിൽ അരഭിത്തി കെട്ടി നാലായി പകുത്ത ഒരു കൊച്ചു വീടായിരുന്നു അത്. അടുപ്പിനടുത്ത് കൂട്ടിയിട്ടിരുന്ന ചാരം, ചില ഒഴിഞ്ഞ പാത്രങ്ങൾ, ഒരു കട്ടിൽ, ദ്രവിച്ച് തുടങ്ങിയ ഒരു കിടക്ക, പിന്നെ ചിതറി കിടന്ന കുറേ പത്രതാളുകൾ. അത്ര മാത്രമേ ആ വീടിനകത്ത് ഉണ്ടായിരുന്നുള്ളു. ആ വീടിനകത്ത് റിതു എന്തിനോ വേണ്ടി തിരയുന്നുണ്ടായിരുന്നെങ്കിലും ഒന്നും കിട്ടിയതായി കണ്ടില്ല. പുറത്ത് കടന്നതും, തൊട്ടടുത്തൊരു വീട്ടിലേക്ക് ചൂണ്ടി റിതു പറഞ്ഞു.
" നമുക്ക് ആ വീട്ടിലൊന്ന് കയറണം. അത് സതീഷിന്റെ വീടാണ്."
ഏത് സതീഷ് എന്ന് ഞാൻ ചോദിച്ചില്ല. അനാമികയോട് ദീർഘനേരം സംസാരിച്ചത് റിതുവായിരുന്നല്ലൊ.
അൽപ്പം ഉയരം കൂടിയ ഒരു കട്ടിലിൽ കണ്ണടച്ച് കിടക്കുകയായിരുന്നു സതീഷ്. തളർന്നു പോയ ശരീരം, ഒരു കൊച്ച് കുട്ടിയുടേതോളം ചെറുതായി പോയിരുന്നു. ഞങ്ങളുടെ സാന്നിധ്യമറിഞ്ഞതും അയാൾ കണ്ണുകൾ തുറന്നു. അനാമികയെ കണ്ടിട്ട് വരികയാണന്നറിഞ്ഞപ്പോൾ, നിറഞ്ഞ ആകാംഷയോടെ ഞങ്ങളെ നോക്കി പുഞ്ചിരിച്ചു.
" അവൾ സുഖമായിരിക്കുന്നോ?"
മുഖവരയില്ലാതെ, അയാളുടെ മുഖത്ത് പോലും നോക്കാതെ, റിതുവാണ് മറുപടി പറഞ്ഞത്.
"സതീഷ്, അച്ഛന്റെ വെട്ടേറ്റ് ചോരയിൽ കുളിച്ച് കിടക്കുന്ന നിങ്ങളാണ് അവളുടെ അവസാനത്തെ ഓർമ്മ. നിങ്ങൾ ജീവിച്ചിരിക്കുന്നുവോയെന്ന് അവൾക്കറിയില്ല. മരിച്ചു കാണുമെന്ന് വിശ്വസിച്ചിട്ടുമില്ല. അനാമികയുടെ അമ്മയും ഏട്ടനും മരണപെട്ടതിന് ശേഷം, നിങ്ങളായിരുന്നു അവൾക്കെല്ലാമെന്ന് എന്നോട് പലവട്ടം പറഞ്ഞു. സത്യത്തിൽ എന്താണ് സംഭവിച്ചത്?"
ഈ ലോകത്ത് അനാമികയെക്കാൾ താനാരെയും സ്നേഹിച്ചിട്ടില്ല എന്ന ക്ലീഷേ പ്രയോഗത്തിൽ തുടങ്ങിയാണ് സതീഷ് സംസാരിച്ചത്.
"ചിലപ്പോൾ ഒരു പാടവരമ്പത്ത്, മറ്റു ചിലപ്പോൾ ഒരു അരുവിക്കരയിൽ, ഒരു പാറപ്പുറത്ത്, ചിലപ്പോൾ ഒരു മരചുവട്ടിൽ, എല്ലായിടത്തും ഞാനവളെ പ്രണയിച്ചു കൊണ്ടേയിരുന്നു. അക്കാലത്ത്, അവളുടെ മുടിയിഴകളിൽ ഞാൻ തഴുകാത്ത ദിവസങ്ങളുണ്ടായിരുന്നില്ല. അവളുടെ നെറ്റിയിൽ ഞാനൊരിക്കലെങ്കിലും ചുംബിക്കാതെ ഒരു പകലും ഇരുണ്ട് പോയിട്ടില്ല"
തീവൃമായിരുന്ന ഒരു പ്രണയത്തിന്റെ ഓർമ്മകൾ, അയാളെ വാചാലനാക്കി.
"എന്റെ മേൽ സർവ്വ സ്വതന്ത്രയായിരുന്നു അനാമിക. അവളെന്നോട് ദേഷ്യപെടുമായിരുന്നു. സ്നേഹിക്കുകയും വെറുക്കുകയും ചെയ്യുമായിരുന്നു. അവളുടെ എല്ലാ വികാരങ്ങളും എന്റെ മേൽ അടിച്ചേൽപ്പിക്കുമായിരുന്നു. എന്റെ സ്വകാര്യതകളിൽ അത്രമേൽ സ്വതന്ത്രയായിരുന്നു അവൾ. അവളില്ലാത്ത സ്വകാര്യത പോലും എനിക്ക് വെറുപ്പായിരുന്നു"
അയാളുടെ മുഖത്ത് നിരാശയുടെ ഇരുട്ട് തങ്ങി നിന്നു.
"എനിക്കിവിടെ നിന്ന് ഒന്നെണീറ്റോടുവാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോകുന്നു പലപ്പോഴും. അവളുടെ കാൽപാടുകൾ പതിഞ്ഞ വഴികളിലൂടെ എനിക്കൊന്ന് നടക്കണം. അവളുടെ കൈവിരലുകൾ സ്പർശിച്ചിരുന്ന ഇലകളും പൂക്കളും എനിക്കൊന്ന് തലോടണം. അവളുടെ കണ്ണുകൾ കണ്ടു തീർത്ത പ്രകൃതിയിലൂടെ എനിക്കെന്റെ കാഴ്ച്ചകളെത്തിക്കണം. അവളുടെ സ്വരം അലതീർത്തിരുന്ന വായുവിൽ, എനിക്കെന്റെ കാതുകൾ കൂർപ്പിച്ച് നിൽക്കണം. ഇനിയുമൊരിക്കൽ കൂടി, അവളുടെ ചിന്തകളോടൊപ്പം എനിക്കെന്റെ മനസ്സിനെ ഓടിയെത്തിക്കണം. അവളുടെ സ്വപ്നങ്ങളുടെ ഫ്രെയിമിലെവിടെയെങ്കിലും എനിക്കെന്റെ ഇടം തീർക്കണം. അവളുടെ സുഖദു:ഖങ്ങളിൽ പങ്കു പറ്റണം. അവളുടെ ശ്വാസം നിറഞ്ഞ ചുവരുകൾക്കുള്ളിൽ എല്ലാം മറന്നൊന്ന് മയങ്ങണം."
നിറഞ്ഞൊഴുകിയ അയാളുടെ കണ്ണുനീർ തുടച്ച് കളഞ്ഞത് ഞാനാണ്. അൽപ്പനേരം നിറുത്തിയെങ്കിലും അയാൾ തുടർന്നു.
"നിങ്ങൾക്കറിയാമോ? പ്രണയത്തിന്റെ ഒരു മനോഹര ഘട്ടത്തിൽ, പെണ്ണിന്റെ ശ്വാസത്തിന് ഒരു അപൂർവ സുഗന്ധമുണ്ടാകും. നമ്മളെ നാമല്ലാതാക്കി തീർക്കുന്ന ഒരു തീക്ഷ്ണമായ ലഹരിയുണ്ടതിന്. ഒരു പുസ്തകം വായിച്ചുറങ്ങിപ്പോയ അവളുടെ മുഖത്തിനരികിലേക്ക്, അവൾ പുറന്തള്ളിയ ശ്വാസത്തിനരികിലേക്കാണ് ഞാനന്ന് എന്റെ മുഖമമർത്തിയത്. ഒരലർച്ച കേട്ട് തിരിഞ്ഞ് നോക്കിയതേ എനിക്കോർമ്മയുള്ളു."
ആ നിമിഷമാണ്, അയാളുടെ ജീവിതത്തെ ഒരു കട്ടിലിലേക്ക് ചുരുക്കിക്കളഞ്ഞ സംഭവമുണ്ടായത്. അനാമികയെ ഭ്രാന്തിയാക്കിയ, ഗോപിയേട്ടനെ ജയിലിലാക്കിയ,നിർഭാഗ്യ നിമിഷം!
അയാൾ പറഞ്ഞവസാനിപ്പിച്ചപ്പോൾ, ശബ്ദങ്ങളൊന്നുമുയരാതിരുന്ന ആ അൽപ്പനേരത്ത് ഞാൻ റിതുവിനടുത്തേക്ക് ചേർന്നു നിന്നു. എനിക്കറിയാം,എന്നെ മത്തു പിടിപ്പിക്കാൻ പോന്ന ഒരപൂർവ സുഗന്ധമുണ്ട് അവളുടെ ചുടു ശ്വാസത്തിനും.
തലയിണക്കടിയിൽ സൂക്ഷിച്ചിരുന്ന ഒരു പുസ്തകമെടുത്ത് ഞങ്ങൾക്ക് നേരെ നീട്ടിക്കൊണ്ട് അയാൾ പറഞ്ഞു.
"നിങ്ങളിത് അനാമികക്ക് കൊടുക്കണം. അവളന്ന് വായിച്ചുറങ്ങിപ്പോയ പുസ്തകമാണിത്."
വളരെ പെട്ടന്ന് റിതു, ആ പുസ്തകം വാങ്ങി കയ്യിൽ പിടിച്ചു. തിരിച്ചുള്ള യാത്രയ്ക്കിടെ, അവൾ പറഞ്ഞു.
"ഈ പുസ്തകമാണ്, അനാമിക, ഇവിടെ നിന്ന് കൊണ്ട് വരാൻ എന്നോടാവശ്യപ്പെട്ടത്. പുറംചട്ടയിൽ സതീഷിന്റെ രക്തം തെറിച്ചു വീണ ഈ പുസ്തകം. അവൾ ഇതിന് വേണ്ടി കാത്തിരിക്കും."

വിദ്യാധനം സർവ്വധനാൽ വരുമാനം,!!!''

വിദ്യാധനം സർവ്വധനാൽ വരുമാനം,!!!''
========
''അച്ഛാ,!
സ്കൂൾ ബാഗും തൂക്കി മുറ്റത്തേക്കിറങ്ങിയ മകൻ തിരിഞ്ഞ് നിന്ന് അച്ഛനെ വിളിച്ചു,
അച്ഛാ, ബാർട്ടർ സമ്പ്രദായം എന്നു പറഞ്ഞാൽ , പണ്ട് സാധനങ്ങൾ കൊടുത്ത് സാധനങ്ങൾ വാങ്ങുന്ന രീതിക്കല്ലേ അങ്ങനെ പറഞ്ഞിരുന്നത്, !
അതേടാ അതു തന്നെ,
താങ്ക്സ് അച്ഛാ, ഞാൻ പോവുകയാണേ, സംശയമകറ്റിയ സന്തോഷത്തോടെ മകൻ മുറ്റം കടന്ന് റോഡിലോക്കോടി,
അതിന്നും നിലവിലുണ്ടല്ലോ ? ഭാര്യയുടെ ശബ്ദം കേട്ട് അയാൾ തിരിഞ്ഞു നോക്കി,!!
ഏത് ?
ബാർട്ടർ സമ്പ്രദായം, എഫ് ബിയിലാണെന്ന് മാത്രം, പോസ്റ്റുകൾ കൊടുത്ത് ലൈക്കുകൾ വാങ്ങുന്ന സമ്പ്രദായം, !!അതും ഈ നൂറ്റാണ്ടിലെ ഒരു ബാർട്ടറല്ലേ???
ഹൊ, ഭയങ്കരീ കൊളളാമല്ലോടി നിന്റെ നിരീക്ഷണം ,!!
എന്താ രണ്ടാളും കൊച്ചു വർത്തമാനം പറഞ്ഞോണ്ടിരിക്കുകയാണോ, ? റോഡിൽ നിന്ന് വീട്ടിലേക്ക് കയറി വരുന്ന വ്യദ്ധസദനം നടത്തിപ്പുകാരൻ സണ്ണിച്ചായൻ,!
ആരിത് സണ്ണിച്ചായനോ, എന്താ വിശേഷം ?
അയാൾ ചോദിച്ചു,
ഭാര്യ അകത്തേക്ക് പോയി,
സണ്ണിച്ചായൻ ഉമ്മറത്തെ കസേരയിലിരുന്നു,
അതേ, ഒരു പുതിയ ബിസിനസ് തുടങ്ങുവാ സഹകരിക്കണം, !!
അതെന്നാ സണ്ണിച്ചായാ അങ്ങനെ പറയണെ, സണ്ണിച്ചായൻ വ്യദ്ധസദനം തുടങ്ങിയപ്പോൾ ഞാൻ സഹകരിച്ചില്ലേ, വ്യദ്ധസദനത്തിലെ ആദ്യത്തെ അഡ്മിഷൻ എന്റെ കാർന്നോമാരായിരുന്നില്ലേ, ?
അതുകൊണ്ടാണല്ലോ ഞാനിവിടേക്ക് വന്നത്,? ഇതിപ്പോ ഞാനൊരു സ്കൂൾ തുടങ്ങാൻ തീരുമാനിച്ചു, മക്കളേ കൂടി സ്കൂളിന് തരണം, !
ആദ്യം അപ്പനേം അമ്മയേയും വ്യദ്ധ സദനത്തിന് കൊടുത്തു, ആദ്യമായിട്ടൊരാൾ ഒരു പ്രസ്ഥാനം തുടങ്ങുകയല്ലേ വന്ന് ചോദിച്ചപ്പോൾ അപ്പനേയും അമ്മയേയും കൊടുത്തു, , ഇന്ന് മക്കൾ
,നാളെ ഇയാൾ ഭാര്യയേയും തരണമെന്നും പറഞ്ഞ് വല്ല പ്രസ്ഥാനവും തുടങ്ങുമോ ആവോ, ?
''എന്താടോ ആലോചിക്കണെ ? സണ്ണിച്ചായൻ ചോദിച്ചു,
'ഹേയ് ഒന്നുമില്ല,!
''എടോ, ഈ സ്കൂൾ വ്യത്യസ്ഥമായ ഒരു പഠന രീതിയാണ്, അതായത് പുസ്തകങ്ങൾ വേണ്ട,
പിന്നെ,??
എടോ,ഇപ്പോഴത്തെ കുഞ്ഞുങ്ങൾ കോവർ കഴുതകളല്ലേ, എന്തു മാത്രം പുസ്തകങ്ങളാ ചുമക്കുന്നത്, അത് കാണുമ്പോൾ നമ്മളൊക്കൊ പണ്ട് പഠിച്ച ഒരു പദ്യമാണ് ഓർമ്മ വരുന്നത്,!!!
''തോളത്ത് കനം തൂങ്ങും
പുസ്തക സഞ്ചീം പേറി
കാളകൾ മന്ദം മന്ദം
നടന്ന് നീങ്ങീടുന്നു,!!
എടോ,ഈ അവസ്ഥ മാറണം, അതു കൊണ്ടാണ് പറഞ്ഞത് എന്റെ സ്കൂളിൽ പുസ്തകം വേണ്ട, കുട്ടികൾ കാളകളാകരുത്,!!!
പുസ്തകമില്ലാതെ കുട്ടികളെങ്ങനെ പഠിക്കും,?''
അതാണ് പുതിയ ഐഡിയ, എല്ലാ ക്ളാസിലും ഓരോ കുട്ടികൾക്കും ഓരോ കംമ്പ്യൂട്ടറുണ്ട് , വിഷയങ്ങളെല്ലാം സിം കാർഡിലാക്കിയിരിക്കുകയാണ്, ഈ സിം കാർഡ് കംമ്പ്യൂട്ടറിലോ മൊബൈലിലോ, ലാപ്ടോപ്പിലോ ഇട്ട് ഞങ്ങൾ തരുന്ന പാസ് വേഡ് ടൈപ്പ് ചെയ്താൽ ഓരോ വിഷയത്തിന്റേയും പാഠഭാഗങ്ങൾ കിട്ടും,
അത് നോക്കി പഠിക്കാം,!!
അദ്ധ്യാപരില്ലേ,?
ടീച്ചേഴ്സുണ്ട്, പക്ഷേ ,
അഡ്മിഷൻ ഫീസില്ല, ഓരോ സിം കാർഡിനും ആയിരം രൂപ,
ഓരോ സിം കാർഡും മാസം തോറും റീ ചാർജ് ചെയ്യണം, റീ ചാർജ് നൂറ് രൂപ, പത്ത് വിഷയമുണ്ടെങ്കിൽ ആയിരം രൂപയേ ആകത്തുളളു, !വേറെ ഒരു ഫീസും ഈടാക്കില്ല ! രക്ഷിതാവിന്റെ ആധാർ കാർഡും, ബാങ്ക് അക്കൗണ്ടുമായി ഈ സിം കാർഡ് ലിങ്ക് ചെയ്യണം,!
അതെന്തിനാ, ?
നിങ്ങടെ അക്കൗണ്ടിൽ ക്യാഷ് ഉണ്ടെങ്കിൽ മാത്രമേ സിം കാർഡ് റീ ചാർജാകത്തുളളു,
അല്ലെങ്കിൽ ചില കാർന്നേോന്മാര് റീ ചാർജിന്റെ ക്യാഷ് കടം പറയും,അതൊഴിവാക്കാനാ ഈ ലിങ്ക് !
''കൊളളാലോ സണ്ണിച്ചായ ഈ വിദ്യാഭ്യാസ രീതി,!!!
പിന്നെ, വിദ്യാധനം സർവ്വ ധനാൽ വരുമാനം എന്നല്ലേ ഇന്നത്തെ രീതി, !
ഈ സമയം ചായയുമായി ഭാര്യ കടന്നു വന്നു,ചായ കൊടുക്കുന്നതിനിടയിൽ സണ്ണിച്ചായനോട് അവൾ ചോദിച്ചു,!
''പേരൻസ് മീറ്റിംഗ് എങ്ങനെ എല്ലാ മാസത്തിലും ഉണ്ടാകുമോ, ''??
അതിനൊന്നും നിങ്ങളെ ബുദ്ധിമുട്ടിപ്പിക്കില്ല ,കാരണം, ഇന്ന് ആർക്കും സമയമില്ലല്ലോ,
അതുകൊണ്ട് തന്നെ പേരൻസ് മീറ്റിംഗ് ഓൺലൈൻ വഴിയാക്കി, !!''
''ചായ കുടിച്ച് കഴിഞ്ഞ് സണ്ണിച്ചായൻ എഴുന്നേറ്റു,!!
''അപ്പോൾ മക്കളെ തരണം, അഡ്മിഷൻ പ്രതീക്ഷിക്കുന്നു ,പിന്നെ മക്കളെ ചേർത്താൽ മറ്റൊരു മെഗാ ഓഫറുണ്ട്,!!
''അതെന്താ ??
''എന്റെ സ്കൂളിൽ നിന്നും പഠിച്ചിറങ്ങുന്ന സ്റ്റുഡൻസിന്റെ മാതാപിതാക്കൾക്ക ഞാൻ നടത്തുന്ന വ്യദ്ധസദനത്തിൽ അഡ്മിഷൻ ഫ്രീയാണ്, ! ഈ ഓഫർ കളയരുത്,
പ്രായമായി വരുകയാണ് ഓർമ്മ വേണം,
! എന്നാൽ ഞാനിറങ്ങട്ടെ,
സണ്ണിച്ചായൻ പുറത്തേക്കിറങ്ങിയപ്പോൾ
അയാൾ പറഞ്ഞു,
''കേട്ടിടത്തോളം നല്ല സ്കൂളാണെന്ന് തോന്നുന്നു,, മക്കളെ അവിടേക്ക് മാറ്റിയാലോ,?
''
''മാറ്റണം, കാരണം വ്യദ്ധസദനത്തിൽ നമ്മുടെ അപ്പനും അമ്മയും ഉപയോഗിച്ചുക്കൊണ്ടിരുന്ന കട്ടിൽ ഫ്രീയായി കിടക്കുകയല്ലേ,!!
''അയാൾ ഒരു നടുക്കത്തോടെ ഭാര്യയെ നോക്കി,!!!!
==============
ഷൗക്കത്ത് മൈതീൻ ,
കുവൈത്ത് ,!!

വെളുക്കാൻ തേച്ചത്

വെളുക്കാൻ തേച്ചത്
-----------------------------------
വർഷങ്ങൾക്കു മുൻപുള്ള ഒരു വിജയദശമി. ആ ദിവസം രാവിലെ എണീറ്റ്കുളിക്കണം. കുളി കഴിഞ്ഞാൽ നേരെ പൂജാമുറിയിലേക്കു. അപ്പുപ്പൻ അവിടുണ്ടാകും. എല്ലാരും വന്നെത്തിക്കഴിഞ്ഞാൽ പൂജയെടുക്കും. ദുർഗ്ഗാഷ്ടമിക്ക് പൂജ വെച്ചതെല്ലാം ചെറുതായൊന്നു അനക്കും. പാലിൽ പഴവും പഞ്ചസാരയും ചേർത്തഒരു സംഭവമുണ്ട്.. ഒരു സ്പൂണേ കിട്ടൂ, പക്ഷെ അതിന്റെരുചി.. ഹോ..!!
പിന്നെയുമുണ്ട്, കടല പുഴുങ്ങി തേങ്ങാക്കൊത്തിട്ടത്.. അരിപ്പായസം.. പിന്നെ ചന്ദനത്തിരി കുത്തി നിർത്തിയ പഴം.. അതെന്റെ കുത്തകയാണ് ആ പഴത്തിന്റെ രുചി എനിക്കെന്നും ഇഷ്ടമാണ്.
പൂജ വെച്ച അരിയിൽ എല്ലാരും ഹരിശ്രീ എഴുതണം.. ഞങ്ങളുടെ ഈ കലാപരിപാടികളൊക്കെ കണ്ടുകൊണ്ട് അന്ന് ഒരാൾ പൂജാമുറിയിൽ നിൽക്കുന്നുണ്ടായിരുന്നു. കൽക്കണ്ടത്തിലും ഉണക്കമുന്തിരിയിലുമൊക്കെയായിരുന്നു അവന്റെ കണ്ണ്.. അതാണ് എന്റെ ഒരേയൊരു സഹോദരൻ.. വയസ്സ് രണ്ടര കഴിഞ്ഞു. ഇക്കൊല്ലം എഴുത്തിനിരുത്തുമെന്നു 'അമ്മ പറയുന്നുണ്ടായിരുന്നു. വീട്ടിലെ ചടങ്ങെല്ലാം കഴിഞ്ഞു. ഇഡ്ഡലിയും വെള്ളചമ്മന്തിയും കഴിച്ചു..
അലമാരയിൽ നിന്നും പാറ്റാഗുളികയുടെ മണമുള്ള പട്ടുപാവാടയും ഉടുപ്പും അമ്മ എനിക്കെടുത്തുതന്നു. അമ്പലത്തിൽ പോകാനുള്ള യൂണിഫോം ആണത്. ഞാൻ മാത്രമല്ല കുടുംബത്തിലെ പെൺകുട്ടികളെല്ലാം പാവാടയും ഉടുപ്പും ഇട്ടാണ് അമ്പലത്തിൽ പോയിരുന്നത്. എനിക്ക് ഇത്തരത്തിൽ മൂന്നു ഡ്രസ്സ് ഉണ്ടായിരുന്നു. അന്ന് കിട്ടിയത് പൊന്മാൻ നിറത്തിലുള്ള ഒന്നാണ്. തലയിൽ 'അമ്മ പിച്ചിപ്പൂവ് മാല ചൂടിച്ചു. പിന്നെ സഹിക്കാൻ പറ്റാത്ത ഒരു കാര്യമുണ്ട്. അത് അമ്മുമ്മയുടെ വകയാണ്. കണ്മഷി ചൂണ്ടു വിരൽ കൊണ്ട് തോണ്ടിയെടുക്കും എന്നിട്ട് പുരികത്തും കണ്ണിലും വരക്കും.. ബാക്കി ഉള്ളത്കൊണ്ട് കവിളത് ഒരു കുത്തും വെച്ചുതരും. എന്നിട്ടു അതിനുമുകളിൽ കുറെ പൗഡറും.. കണ്ണാടിയിൽ പിന്നെ നോക്കില്ല, കാരണം പിന്നെ എന്നെ കണ്ടാൽ ചന്ദ്രകാന്ത സീരിയലിലെ ക്രൂർസിംഗിനെ പോലിരിക്കും. അന്ന് അനിയനെയും ചുട്ടികുത്തിച്ചു. എല്ലാരും കൂടി അമ്പലത്തിലെത്തി. അവിടാണെങ്കിൽ തിരക്കോടു തിരക്ക്.
അനിയന്റെ ഡ്രസ്സ് മാറ്റി ഒരു നേര്യത് ഉടുപ്പിച്ചു. ഞങ്ങൾ തൊഴുതു വന്നു.. കുറെ നമ്പൂതിരിമാർ കുട്ടികളെ എഴുതിക്കുന്നുണ്ട്. ഉണ്ണിയെ അമ്മുമ്മ ഒരു നമ്പൂതിരിയുടെ അടുത്തുകൊണ്ടുപോയി. അവനാണെങ്കിൽ കാലു നിലത്തു കുത്താതെ നിലവിളിക്കാൻ തുടങ്ങി. ഒരു വിധം അദ്ദേഹം അവനെ മടിയിൽ പിടിച്ചിരുത്തി. അരിയിൽ ആദ്യാക്ഷരം കുറിപ്പിച്ചു.അവൻ കരച്ചിൽ തന്നെ.. അത് കഴിഞ്ഞു ഒരു മോതിരം കൊണ്ട് നമ്പൂതിരി ഉണ്ണിയുടെ നാവിൽ എന്തോ എഴുതി.. അവൻ എണീറ്റുനിന്നു അതൊക്കെ തുപ്പിക്കളഞ്ഞു. ഉടുത്തിരുന്ന നേര്യത് വലിച്ചൂരി ദൂരെയെറിഞ്ഞു.. ഇവനെ മാതൃകയാക്കിയിട്ടാകും അവിടെ കൂടിയിരുന്ന ഒട്ടുമിക്ക കുഞ്ഞുങ്ങളും കരയാൻ തുടങ്ങി. അങ്ങനെ സംഭവ ബഹുലമായ ആ ചടങ്ങു കഴിഞ്ഞു വീട്ടിലെത്തി.
അവനെ എഴുത്തിനിരുത്തിയപ്പോൾത്തന്നെ ചേച്ചിയായ ഞാൻ ഒന്ന് തീരുമാനിച്ചിരുന്നു.. ഇവനെ എനിക്ക് പഠിപ്പിച്ചു വലിയൊരാളാക്കണം. അന്ന് വൈകിട്ട് രണ്ടാം ക്ലാസ്സിലെ മലയാള പാഠാവലി വായിച്ചിരുന്നപ്പോളാണ് പെട്ടന്ന് ആ ആശയം മനസ്സിലേക്ക് വന്നത്.
"ഉണ്ണീ, മോനിങ്ങ് വന്നേ.. ചേച്ചി ഒരു സൂത്രം കാണിക്കാം"..
അവനോടി വന്നു..ഞാൻ എന്റെ സ്ലേറ്റും പെൻസിലുമായി നിലത്തിരുന്നു. അവന്റെ മുഖം അതിശയം കൊണ്ട് നിറഞ്ഞിരുന്നു.. കാരണം ഞാൻ ഒരിക്കലും എന്റെ സ്ളേററ് അവനെക്കൊണ്ട് തൊടീച്ചിട്ടില്ല..പെന്സില് അവൻ വാങ്ങി. അപ്പോളാണ് ശ്രദ്ധിച്ചത് കക്ഷിക്ക്‌പെന്സില് പിടിക്കാൻപോലും അറിയില്ല. അഞ്ചു വിരലും കൂട്ടിപ്പിടിച്ചു അതിനുള്ളിൽ പെന്സില് വെച്ച് എന്റെ സ്ലേറ്റിൽ കുത്തിവരക്കുന്നു. എന്റെ ബാലപാഠങ്ങളൊന്നും വിലപ്പോയില്ല. അവനത് അവന്റെ സ്വന്തമാക്കിക്കഴിഞ്ഞിരുന്നു. എന്തായാലും അവൻ ഉറങ്ങും വരെ കാത്തിരുന്നു. ഉറങ്ങി എന്ന് ബോധ്യമായപ്പോൾ സ്ളേററും പെൻസിലുമെടുത്ത് ബാഗിൽ വെച്ചു.
വീണ്ടും ഒരു ഞായറാഴ്ച. അവനെ സൗകര്യത്തിനു ഒത്തുകിട്ടി.ആദ്യം "അ" തൊട്ടു തുടങ്ങാം. പഠിപ്പിച്ചു. എത്ര ശ്രമിച്ചിട്ടും അവൻ "അ" എഴുതുന്നില്ല. എനിക്കങ്ങു ദേഷ്യം വന്നു. കൈയിൽ കിട്ടിയ വടിയെടുത്ത് രണ്ടെണ്ണം അങ്ങ് കൊടുത്തു. അവനെന്നെ ഒന്ന് തുറിച്ചുനോക്കി കാലിൽ കിടന്ന ചെരിപ്പു ഊരി എന്റെ തലമണ്ട നോക്കി ഒരൊറ്റ ഏറു.. പോരാത്തതിന് കയ്യിലിരുന്ന സ്ളേററ് വലിച്ചൊരേറും.
എന്റെ മുഖം മാറുന്നത് കണ്ടിട്ടാകും അവനെണീറ്റു ഓടി അമ്മയുടെ അടുത്ത് ചെന്നു.. ഞാൻ തല്ലിയ പാട് കാണിച്ചുകൊടുത്തു. 'അമ്മ ഭദ്രകാളിയെപ്പോലെ എണീറ്റ് എന്റെ മുന്നിൽ നിന്നു. കയ്യിലിരുന്ന മുരിങ്ങക്ക കൊണ്ട് തലങ്ങും വിലങ്ങും തല്ലാൻ തുടങ്ങി. മുരിങ്ങക്കായ ചതഞ്ഞു അതിനുള്ളിലെ വിത്തൊക്കെ പുറത്തുചാടി. ഏതായാലുംആ സംഭവത്തിനുശേഷം ഞാൻ അദ്ധ്യാപനം തൽക്കാലം നിർത്തി.
പക്ഷെ പ്രശ്‍നം അവിടംകൊണ്ട് തീർന്നില്ല..
അനിയൻ പരീക്ഷക്ക് വലിയ വലിയ മുട്ടകൾ വാങ്ങിക്കൊണ്ടു വരാൻ തുടങ്ങി.. ഞാൻ എവിടെങ്കിലും പോയി ഒളിച്ചിരിക്കാനും..
കാരണം അമ്മയുടെ അഭിപ്രായത്തിൽ ആ മുട്ടക്കെല്ലാം ഉത്തരവാദി ഞാനാണത്രെ..!! 'അവന്റെ മാർക്ക് കണ്ടാൽ 'അമ്മ ആദ്യം എന്നെ ഒന്ന് നോക്കും.. കുനിഞ്ഞു നിൽക്കുന്ന എന്നെ നോക്കി പറയും.. നീ ഒറ്റൊരാൾ കാരണമാണ് ഈ ചെക്കൻ പുസ്തകം വെറുത്തുപോയതെന്നു..!
അതാ പറയുന്നത് ഇക്കാലത്തു ആർക്കും ഒരുപകാരവും ചെയ്യാൻ പാടില്ലെന്ന്.

Uma Pradeep

നളപാകം !!

നളപാകം !!
അതിരാവിലെ എട്ടു മണിക്ക് മൊബൈൽ ശല്യപ്പെടുത്തിയത് കാരണം ഞാൻ പയ്യെ കണ്ണ് തുറന്നു ...!
"ഹാവൂ ... ആരാണോ ആവോ ഈ സാധനം കണ്ടു പിടിച്ചത് ??"
സ്വന്തം പോക്കറ്റിലെ കാശുമുടക്കി വാങ്ങിയതുകൊണ്ടു മാത്രം ഞാനാ ചീവീടിനെ വലിച്ചെറിഞ്ഞില്ല....പണ്ടേ എനിക്ക് അലാറം അലെർജിയാണ് ... അതിന്റെ തെളിവാണ് അലമാരയുടെ മൂലക്കുകിടന്ന് അന്ത്യശ്വാസം വലിക്കുന്ന മൂന്നാലു കുഞ്ഞൻ ടൈം പീസുകൾ !! രാവിലെ എനിക്ക് ഇവറ്റകളെ കണ്ണിനു നേരെ കണ്ടുകൂടാ ... ഉറക്കം കൊല്ലികൾ !
ഞാൻ കണ്ണുതുറന്നു നോക്കുമ്പോൾ സഞ്ജു റൂമിലില്ല..
"ശ്ശടാ.. എന്ന് വെള്ളിയാഴ്ച്ചയല്ലേ?.. ഇങ്ങേരീ കൊച്ചുവെളുപ്പാങ്കാലത്ത് എഴുനേറ്റ് എവിടെപോയി ??"...
എട്ടുമണി വെളുപ്പാൻകാലമാണോ എന്നൊന്നും ചോദിച്ചേക്കരുത് ... പറഞ്ഞേക്കാം !!
ഞാൻ പയ്യെ ബെഡ്‌റൂമിൽ നിന്നും വെളിയിലിറങ്ങി .... ഹാളിലും ബാത്റൂമിലും ഒക്കെ പോയി നോക്കി .. ഇല്ല !
അപ്പോഴാണ് അടുക്കളയിൽ നിന്നും ചില തട്ടും മുട്ടും മേളവും ഒക്കെ കേട്ടത് ... കൂട്ടത്തിൽ പാട്ടും... ഞാൻ അങ്ങോട്ട് ചെന്നു ... നോക്കുമ്പോൾ സഞ്ജു കൈലിയും മടക്കികുത്തി തലയിൽ ഒരു കെട്ടും കെട്ടി നിൽപ്പുണ്ട് ... ആ നിൽപ്പ് കണ്ടാലറിയാം.. എന്തോ അക്രമത്തിനുള്ള പുറപ്പാടാ !!
"ഓ എഴുനേറ്റോ?? പത്തുമണിയാവാൻ രണ്ടു മണിക്കൂറും കൂടി ഉണ്ടല്ലോ??..
അങ്ങേരെന്നെ ആക്കിയതാണെന്ന് മനസ്സിലായെങ്കിലും രാവിലെ തന്നെ ഒരു വാക്പയറ്റിനുള്ള മൂഡില്ലാഞ്ഞത് കൊണ്ട് ഞാൻ അതത്ര മൈൻഡ് ചെയ്തില്ല . പത്തിരുപത്തഞ്ചു കൊല്ലം എന്റെ മാതാശ്രീ ഇതിനെകാൾ വല്യ എമണ്ടൻ ഡയലോഗുകൾ പറഞ്ഞീട്ട് നമ്മളു നന്നായീട്ടില്ല ... പിന്നെയാ ഈ പീക്കിരി ഡയലോഗ് !! ഹും !!
പല്ലുതേച്ചു വന്ന് ചായക്കുള്ള വെള്ളം വെക്കാൻ തുടങ്ങുമ്പോൾ കൃത്യനിഷ്ഠക്കാരൻ മൊഴിഞ്ഞു
" ചായ ഞാൻ ഇട്ടീട്ടുണ്ട്... ദാ അവിടെ ആ ഗ്ളാസ്സിൽ അടച്ചു വെച്ചീട്ടുണ്ട് " ..
സാധാരണഗതിയിൽ ഏതു ഭാര്യയും ഒന്ന് ചമ്മും... പക്ഷേ നമ്മുടെ സ്കിൻ രജിസ്‌റ്റേഡ് ആണല്ലോ ... അമ്മിക്കല്ലിനു കാറ്റടിച്ച പോലെ പ്രത്യേകിച്ച് ഒരു ഭാവഭേദവും ഇല്ലാതെ ഞാൻ ആ ചായ എടുത്തങ്ങു കുടിച്ചു .. അല്ല പിന്നെ .. എന്നോടാ !!
ഒരു ഗ്ലാസ് ചായയിൽ കുറഞ്ഞത് മൂന്നു സ്പൂൺ പഞ്ചസാര കലക്കിയിട്ടുണ്ട് ... ഭാര്യയോടുള്ള സ്നേഹം കൊണ്ടാവും ... ഞാൻ സമാധാനിച്ചു ..പാലെന്ന് പറയുന്ന സാധനം കട്ടൻചായയുടെ കളറൊന്നു മാറ്റാൻ വേണ്ടി മാത്രം ഉപയോഗിചചീട്ടുണ്ട്.. ഭാര്യക്ക്‌ കൊളസ്‌ട്രോൾ വരരുതല്ലോ.. ഞാൻ അതും സഹിച്ചു ... ഹോ എന്റെയൊരു ക്ഷേമ !!
ഞാൻ ചായപ്പായസം കുടി കഴിഞ്ഞ്‌ ഗ്ലാസ് കഴുകുമ്പോൾ കക്ഷി എന്തൊക്കെയോ സാധനങ്ങൾ ഫ്രിഡ്ജിൽ നിന്നും പെറുക്കിക്കൊണ്ടു വന്ന് അടുക്കളയിൽ മേശപുറത്തു നിരത്തുന്നതു കണ്ടു ... ഞാനിന്നവിടെ ഒരു ഗിനിപ്പന്നിയായി മാറാൻ പോകുന്നതിന്റെ ഒരു ലക്ഷണം!! എന്റെ ശിവനേ !!
ഈ അച്ഛനും അമ്മയ്ക്കും കല്യാണമാലോചിച്ചപ്പോൾ ചെക്കന് കുടിയുണ്ടോ വലിയുണ്ടോ എന്നൊക്കെ അന്വേഷിച്ച കൂട്ടത്തിൽ പാചകത്തിന്റെ അസുഖമുണ്ടോ എന്നുകൂടിയൊന്ന് തിരക്കാമായിരുന്നില്ലേ ?!!
ഇപ്പം ഞാനും പിന്നെ കഴിഞ്ഞ ജന്മത്തിൽ എന്തോ പാപം ചെയ്ത അടുത്ത ഫ്‌ളാറ്റിലെ സുഹൃത്തുക്കളുമാണ് അതിന്റെ ഫലം അനുഭവിക്കുന്നത് !!
വരാൻപോകുന്ന വിപത്തിനെപ്പറ്റി ആലോചിച്ചുകൊണ്ട് ഞാൻ ഉപ്പുമാവുണ്ടാക്കാൻ തുടങ്ങി .....!!
സഞ്ജു പറഞ്ഞു...
"ഡാ ... ഇന്ന് ലഞ്ച് എന്റെ വക ... ഉപ്പുമാവ് കഴിച്ചീട്ട് നീ പോയി ടിവി കണ്ടോ ... ഈ ഭാഗത്തോട്ട് വന്നേക്കല്ലേ .. ഒരു അടിപൊളി പഞ്ചാബി ഐറ്റമാ .. പാവയ്ക്കാ കൊണ്ട് .. എന്റെ ഒരു ഫ്രണ്ട് പറഞ്ഞു തന്നതാ ... പിന്നെ ഒരു പാലക്കാടൻ തക്കാളി രസവും .. ഓക്കേ ? " ...
ഞാൻ ആ സർദാർജി ഫ്രണ്ടിനെ മനസ്സിൽ പ്രാകി ... ഇവനൊക്കെ ഇതിന്റ വല്ല കാര്യവുമുണ്ടോ ..?? ഞാൻ ഇവരോടൊക്കെ എന്തുതെറ്റു ചെയ്തു ?? കഴിഞ്ഞ മാസം തമിഴൻ ഫ്രണ്ട് പറഞ്ഞു കൊടുത്ത റെസിപ്പിയുടെ ഭീകരത ഞാൻ ഇപ്പോഴും മറന്നീട്ടില്ല ... ഇവൻമാരെല്ലാം കൂടി എന്നെ ഒരുവഴിക്കാക്കും !!!
ഇന്ത്യയിൽ ഇനിയും കിടക്കുന്നു വേറെയും സംസ്ഥാനങ്ങൾ.. മിക്കവാറും ഒരു മധ്യപ്രദേശ് വരെയൊക്കെയേ എനിക്ക് പിടിച്ചു നിൽക്കാൻ പറ്റൂ ... പിന്നെയൊന്നും കഴിക്കേണ്ടി വരില്ല .. എന്റെ കാര്യം ഒരു തീരുമാനമാകും !
ഞാൻ എന്തു വന്നാലും നേരിടാൻ തയ്യാറായി ... ഉപ്പുമാവ് കഴിച്ച്‌ ഞാൻ ഹാളിലേക്കും നളൻ അടുക്കളയിലേക്കും കയറി ...
ടിവി കാണുവാണെങ്കിലും എന്റെ കാതും മൂക്കും ഒരു പരിധിവരെ കണ്ണുകളും അടുക്കളയിലോട്ടായിരുന്നു ... ഞാൻ ഒന്ന് എത്തിവലിഞ്ഞു നോക്കി ... അടുക്കളക്കതക് അടച്ചിരിക്കുന്നു .. സഞ്ജുവിന്റെ വിശിഷ്ട വിഭവത്തിന്റെ സീക്രട്ട്‌ ഞാനെങ്ങാനും കണ്ടുപിടിച്ചാലോ?? അതിനുള്ള മുൻകരുതൽ ... ഇവിടെ ചോറും സാമ്പാറും ഉണ്ടാക്കാൻ പെടുന്നപാട് എനിക്കറിയാം ... അപ്പഴാ പഞ്ചാബി പാവക്ക!!
കുറച്ചു കഴിഞ്ഞപ്പോൾ സഞ്ജു കതകൽപ്പം തുറന്ന് തലമാത്രം പുറത്തേക്കിട്ട് ചോദിച്ചു
" ഇവിടെ നൂൽ ഉണ്ടോ ??"
"നൂലോ ??!!" ഞാൻ സംശയത്തോടെ ചോദിച്ചു
"ആ നൂൽ .. നമ്മൾ തയ്ക്കാൻ ഉപയോഗിക്കുന്നത് ... " സഞ്ജു വിശദീകരിച്ചു
" ഉണ്ട് .. പക്ഷെ എന്തിനാ ?? ഇപ്പം നൂലുകൊണ്ട് എന്ത് ചെയ്യാൻ പോകുന്നു.. പാവക്ക ഉണ്ടാക്കി കഴിഞ്ഞോ "
" കഴിഞ്ഞില്ല .. ഇനി നൂല് വേണം .. എങ്കിലേ ബാക്കി ചെയ്യാൻ പറ്റൂ "
ഈശ്വരാ !! നൂലുകൊണ്ട് എന്ത് കറി ... ഞാൻ ഇന്ന് എന്തൊക്കെ അനുഭവിക്കേണ്ടിവരും ... !! എന്റെ കണ്ണ് തള്ളി വെളിയിൽ വന്നു
" നീ മിഴിച്ചിരിക്കാതെ വേഗം നൂലെടുത്ത് താ ... എനിക്കൊന്നു കെട്ടാനാ "
" കെട്ടാനോ ?? ആരെ ?? നിങ്ങളെന്നെ ഒന്ന് കെട്ടിയതല്ലേ ??"
" പെണ്ണെ .. തമാശ പറയാതെ ആ നൂലിങ്ങെടുത്തു താ ..ഈ പാവക്കയെ ചുറ്റി കെട്ടാനാ "
ഇതെന്താ ?? പാവക്ക ഇറങ്ങി ഓടുമോ ?? !!ഇങ്ങേര് കെട്ടിയിടാൻ ?? ഞാൻ ഓർത്തു..
ആ എന്തെങ്കിലും ആവട്ടെ .. വരുന്നിടത്തു വെച്ച് കാണാം .. ഞാൻ നൂലെടുത്തു കൊടുത്തു .. നൂല് വാങ്ങി അങ്ങേര് വീണ്ടും കതകടച്ചു ..
"അടുത്ത ഫ്‌ളാറ്റിൽ ഉള്ളവരോട് ഒന്ന് ഫോൺ ചെയ്തു പറഞ്ഞാലോ ?? എങ്ങോട്ടേക്കെങ്കിലും രക്ഷപ്പെട്ടോട്ടെ പാവങ്ങൾ ... " ഞാൻ മനസ്സിൽ ഓർത്തു
സമയം ഒരുമണിയായി .. സഞ്ജു പാചകമോക്കെ കഴിഞ്ഞ്‌ കുളിച്ചു വന്നു ...
"നമുക്ക് ഊണ് കഴിക്കാം..ഞാൻ കുറച്ച് അപ്പുറത്തു കൊടുത്തീട്ടു വരാം.. താൻ എല്ലാം എടുത്തു വെക്ക് .." സഞ്ജു പറഞ്ഞു
" നമ്മൾ ഊണ് കഴിച്ചീട്ട്‌ കൊണ്ടുപോയി കൊടുക്കാം ... അവര് രാവിലെ അമ്പലത്തിൽ പോകും .. കുറച്ചു വൈകിയേ വരൂ എന്ന് ഇന്നലെ പറഞ്ഞായിരുന്നു .."
ഞാൻ അവരെ രക്ഷിക്കാൻ ഒരു ശ്രമം നടത്തി .. സഞ്ജു സമ്മതിച്ചു ... ഞങ്ങൾ കഴിക്കുമ്പോൾ സംഭവം ഫ്ലോപ്പ് ആണെങ്കിൽ സഞ്ജു തന്നെ അവർക്കിതു കൊടുക്കണ്ട എന്ന് പറയുമല്ലോ ..!
ഞങ്ങൾ കഴിക്കാനിരുന്നു.. ഞാൻ ചോറു വിളമ്പിയപ്പോഴേക്കും സഞ്ജു കറികളൊക്കെ എടുത്തു കൊണ്ട് വന്നു .. ഒരു പ്ളേറ്റിൽ അഞ്ചാറു പാവക്ക മുഴുവനോടെ നൂലുകൊണ്ട് ചുറ്റി എണ്ണയിൽ വറുത്തു വെച്ചിരിക്കുന്നു ... സഞ്ജു പതിയെ ആ നൂലിന്റെ ചുറ്റഴിച്ച് പാവക്ക പൊടിയാതെ എടുത്ത് എന്റെ പ്ളേറ്റിൽ വെച്ചു ..
ഞാൻ ഒരുഗ്ളാസ്‌ നിറയെ വെള്ളം എടുത്തു വെച്ചു ..
പാവക്ക വായിലിട്ടു വെള്ളമൊഴിച്ച്‌ ഗുളിക വിഴുങ്ങും പോലെ വിഴുങ്ങാനായിരുന്നു എന്റെ തീരുമാനം ...!! ( സഞ്ജു ഉണ്ടാക്കി തരുന്നതോന്നും ഞാൻ ഇഷ്ടപ്പെട്ടില്ല എന്ന് പറയാറില്ല ...! സഞ്ജു പാചകം ഇനി ചെയ്യില്ല എന്നെങ്ങാനും പറഞ്ഞാലോ 😃.. നൈറ്റ് ഡ്യൂട്ടിയൊക്കെ ഉള്ളപ്പോൾ എനിക്ക് അടുക്കള ബാലികേറാമലയാണ് 😂)
ഞാൻ പാവക്ക മുറിച്ചെടുത്തു ... എന്തോ ഒരു മസാല പാവക്കക്കുള്ളിൽ ഉണ്ട് .., ആ സ്റ്റഫ്ഫ്‌ ചെയ്തത് പുറത്തു പോകാതിരിക്കാനാണ് നൂൽ കൊണ്ട് ചുറ്റിയിരുന്നത് ... !!
സത്യം പറയാമല്ലോ ... എന്റെ എല്ലാ മുൻധാരണകളെയും ഞാൻ തിരുത്തി എഴുതി ... സംഭവം കിടു !! വെറും കിടു അല്ല .. കിക്കിടു !!!
" കൊള്ളാമോ ?" സഞ്ജു ചോദിച്ചു
"അടിപൊളി "... ഞാൻ പറഞ്ഞു
" ചുമ്മാ പറയുവാണോ ?? എന്നെ കളിയാക്കാൻ" സഞ്ജുവിന് സംശയം
"അല്ല സഞ്ജു ... സത്യമായും നല്ലതാ... കൊള്ളാല്ലോ നളൻ "...ഞാൻ പറഞ്ഞത് കേട്ട് സഞ്ജു ഹാപ്പിയായി
അങ്ങനെ അങ്ങനെ പാചകവും .. പരീക്ഷണങ്ങളും .. ഇണക്കങ്ങളും പിണക്കങ്ങളും ഒക്കെയായി ഞങ്ങൾ ചട്ടിയും കാലവും പോലെ അങ്ങനെ ഇങ്ങനെയൊക്കെ കഴിഞ്ഞു കൂടുന്നു .. സഞ്ജുവിന്റെ പരീക്ഷണങ്ങൾ തുടർന്നുകൊണ്ടേ ഇരിക്കുന്നു ... 😃😃
വന്ദന

ഫേസ്ബുക് പ്രൊഫൈൽ

ഫേസ്ബുക്കിലെ അവളുടെ പ്രൊഫൈലിൽ പേരിനു ഒരു ഫോട്ടൊ പോലും ഉണ്ടാരുന്നില്ല..
പക്ഷേ അവളുടെ വരികൾ വായനക്കാർ സന്തോഷ പൂർവ്വം ഏറ്റെടുത്തു..
കമന്റ് ബോക്സിലെ അവളുടെ സ്മൈലി പോലും പലരുടെയും ഉറക്കം കെടുത്തി..
ആയിരക്കണക്കിന് ആളുകൾ അവൾക്കു റിക്വസ്റ്റ് അയച്ചു കാത്തിരുന്നു.
റിക്വസ്റ്റ് സ്വീകരിക്കപ്പെടില്ലാന്നു കരുതിയാവണം ചിലർ ബുദ്ധി പൂർവ്വം ഫോളോ ഓപ്ഷൻ തിരഞ്ഞെടുത്തത്.
അവൾക്കു മെസ്സേജ് അയച്ചു ദിവസങ്ങളോളം മറുപടിക്കായി കാതോർത്തിരുന്നു പലരും..
തലവേദനയാന്നു പറഞ്ഞു അവളിട്ട പോസ്റ്റിനു കീഴെ എന്തു പറ്റീന്ന് ചോദിച്ചും തലവേദനക്ക് ലോകത്തു കിട്ടാവുന്നതിൽ വെച്ചേറ്റവും നല്ല മരുന്നിന്റെ പേരെന്താന്നു കണ്ടുപിടിച്ചു കമന്റ് ചെയ്യാനും പലരും മത്സരിച്ചു..
അതെസമയം അവളുടെ ജീവിത പുസ്തകത്തിൽ പുതിയൊരു സുഹൃത്തിനെ ചേർക്കാനായി അവളുടെ അപ്പൻ കൊണ്ടുപിടിച്ചു ശ്രമം തുടങ്ങി..
ഒരുപാടു പയ്യൻമാർക്ക് അങ്ങോട്ടു റിക്വസ്റ്റ് അയച്ചു നോക്കി..
പ്രൊഫൈൽ ഫോട്ടൊ ഭംഗി ഉണ്ടായിരുന്നെങ്കിലും ലൈക്ക് ( സ്ത്രീധനം ) കാര്യമായി ഇല്ലാത്തോണ്ട്‌ ആരും മൈൻഡ് ചെയ്തീല്ല..
കാര്യങ്ങൾ ഇങ്ങനെ പോയാൽ ഐഡി ആരെലും ഹാക്ക് ചെയ്താലോന്നു ഭയന്നു അവളുടെ അപ്പൻ മാര്യെജു ബ്യൂറോയിൽ പുതിയൊരു അക്കൌണ്ട് തുടങ്ങി..
പേരും ഫോട്ടോയും ഫോണ്‍ നമ്പരും കൊടുത്തിട്ടും കാര്യമായി വിളിയൊന്നും വന്നീല..
രണ്ടാം നാൾ ഒരാളു വിളിച്ചു..
പെണ്ണിനു എന്തു കൊടുക്കുന്നാരുന്നു ആദ്യത്തെ ചോദ്യം..
നോക്കണേ കലികാലം..
പെണ്ണിനെ കെട്ടിച്ചു കൊടുക്കൊന്നു ചോദിച്ചിരുന്ന സംസ്കാരം പെണ്ണിനെന്തു കൊടുക്കൂന്നു ചോദിക്കുന്ന സ്ഥിതിയിലേക്ക് വഴിമാറിയത്..
എന്തോ ആവട്ടെ അവൾടെ അപ്പൻ കയ്യിലുണ്ടാരുന്നത് വിറ്റും കൊറെ കടം വാങ്ങിയും അവൾടെ പ്രൊഫൈൽ സുരക്ഷിതമാക്കി നെടുവീർപ്പിട്ടു..
വിവാഹം കഴിഞ്ഞു ആദ്യ നാളുകളിലൊക്കെ അയാളവളെ കൃത്യമായി ശ്രദ്ധിച്ചു ലൈക്കും മനോഹരമായ കമന്റുകളും നൽകാറുണ്ടായിരുന്നു..
പിന്നെ പിന്നെ ലൈക്സ് മാത്രായി..
ഇടക്കിടെ അവളുടെ അപ്പനെ വിമർശിച്ചു കമന്റ്സിടുന്നതിലും അയാൾ ഹരം കണ്ടെത്തി..
പറഞ്ഞുറപ്പിച്ച ലൈക്സ് മുഴുവനും തന്നില്ലാന്നും പറഞ്ഞു വഴക്കു തുടങ്ങി..
ഒരിക്കലവൾക്ക് തലവേദന വന്നപ്പോ അയാളൊന്നു തൊട്ടു പോലും നോക്കാൻ മെനക്കെട്ടില്ല..
നല്ല ക്ഷീണമുണ്ടായിട്ടും അതൊന്നും കാര്യമാക്കാതെ അവൾ അടുക്കളയിൽ കയറി അവർക്കു കഴിക്കാനുള്ള പോസ്റ്റുകൾ ഉണ്ടാക്കി..
അപ്പനീ വിവരമറിഞ്ഞാൽ അപ്പന്റെ ഐഡി ബ്ലോക്കായാലോന്നു ഭയന്നു അവളൊന്നും അറിയിച്ചില്ല...
ജോലിയുമായി ബന്ധപ്പെട്ടു അയാൾ ബിസി ആയപ്പൊഴൊക്കെ അവൾ വീട്ടിൽ തനിച്ചായി മാറി..
ഭംഗി വാക്കുകളുടെ ലോകത്തൂന്നു ജീവിതമെന്ന യാതാർത്ഥ്യത്തിലേക്ക് നടന്നടുക്കുമ്പോ സംഭവിക്കുന്നതെന്താന്നു അവൾ തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നു ..
അങ്ങിനെ വീണ്ടും അവൾ ഫേസ്ബുക്കിൽ ആക്റ്റീവായി
തുടങ്ങി...
ഇത്തവണ സ്വന്തം പേരിനു പകരം മറ്റൊരു പേരിലായീന്നു മാത്രം..
അവഗണനയുടെ അടിച്ചമർത്തലിന്റെ വാശിയും പ്രതികാരവും അവളുടെ വരികൾക്ക് ശക്തി നൽകി..
വിവാഹത്തോടെ ഒരു പെണ്ണു കൂടുതൽ ശക്തിയാർജ്ജിക്കുകയാണ് വേണ്ടതെന്നും അതിനു പ്രചോദനമേകേണ്ടത് ഭർത്താവായിരിക്കണം എന്നും പറഞ്ഞു അവൾ ചെയ്ത പോസ്റ്റിനു കീഴെ അവളെ അഭിനന്ദിച്ചു ചെയ്ത കമന്റുകളിൽ ഒരെണ്ണം അവളെ വല്ലാതാകർഷിച്ചു..
അതയാളുടെതാരുന്നു!!
പിന്നീടൊരിക്കൽ നല്ല സുഖമില്ലാന്നു പറഞ്ഞു ചെയ്ത പോസ്റ്റു കണ്ടാവണം അയാളോടി ഇൻബൊക്സിലെക്കു വന്നു..
എന്തു പറ്റി എന്നുളള അയാളുടെ ചോദ്യത്തിനു അവളുടെ മറുപടി ഒരു സ്മൈലിയിൽ മാത്രമൊതുക്കി..
പിന്നെ നേരെ കണ്ണാടിയുടെ മുന്നിലേക്കു ചെന്നു അവളെ തന്നെ നോക്കിയൊന്നു ചിരിച്ചു.

Rayan

#ജീവിതം

'തന്റെ എഴുത്തുകൾക്ക് തീരെ നിലവാരമില്ല. ഇതൊക്കെ പ്രസിദ്ധീകരിയ്ക്കാ൯ തുടങ്ങിയാൽ ഞങ്ങളുടെ ആഴ്ചപ്പതിപ്പ് കൂടി ആളുകൾ വായിക്കാതെയാവും.'
ചീഫ് എഡിറ്ററുടെ കളിയാക്കിയുള്ള സംസാരം കേട്ട് പതിവു പോലെ കവിയുടെ കണ്ണുകളിൽ വെള്ളം നിറഞ്ഞില്ല. 
കഴിഞ്ഞ തവണ ഒരു പത്രാധിപ൪ മേശമേൽ ഉച്ചത്തിൽ തട്ടി ഏതോ ചീത്തവാക്കുച്ചരിച്ചത് അയാളപ്പോൾ ഓ൪ത്തു.
ആ വാക്ക് ഏതാണെന്നു മാത്രം പക്ഷേ അയാൾക്ക് ഓർത്തെടുക്കാനായില്ല.
തിരിഞ്ഞു നടക്കുമ്പോൾ ഒരു വാഹനം തന്റെ നേരെ പാഞ്ഞു വരുന്നത് അയാൾ ശ്രദ്ധിച്ചില്ല. വണ്ടിയോടിച്ചിരുന്ന പതിനേഴുകാര൯ താനിതേത് ലോകത്തു കൂടിയാടോ നടക്കുന്നത് എന്നലറി അയാളെ ശപിച്ച് പ്രതികരണം കാത്തു നില്ക്കാതെ പാഞ്ഞുപോയി. തൊട്ടടുത്ത വളവിൽ ചെക്കിങ്ങിനു നില്ക്കുന്ന പോലീസുകാരുടെ മു൯പിൽ അവ൯ ചെന്നു ചാടുന്നതും ഹെൽമറ്റും ലൈസ൯സുമില്ലാതെ വണ്ടിയോടിച്ചതിന് ഫൈനടയ്ക്കുന്നതും മനക്കണ്ണിൽ കണ്ട് കവി ചിരിച്ചു.
സമയം ഉച്ചയോടടുത്തിരുന്നു. ജോലിയ്ക്ക് പോവാതെ ഈ നേരത്ത് എങ്ങനെ വീട്ടിലേയ്ക്ക് കയറിച്ചെല്ലും എന്നോ൪ത്ത് അയാൾക്ക് പരിഭ്രാന്തി തോന്നി.
'അച്ഛാ നാളെയാ ഫീസ് കൊടുക്കാനുള്ള ലാസ്റ്റ് ഡേറ്റ്!'
മകൾ രാവിലെ സ്കൂളിലേയ്ക്ക് പോകും മു൯പ് വിളിച്ചു പറഞ്ഞത് അയാൾക്കോ൪മ്മ വന്നു.
'ജോലിയ്ക്ക് പോവാതെ കവിതേം എഴുതി തെണ്ടി നടക്ക് നിങ്ങൾ. വെശക്കുമ്പോ കവിതയെടുത്ത് പുഴുങ്ങിത്തിന്നാം!'
ഭാര്യയുടെ ശബ്ദം ഓ൪ക്കാതെയിരിക്കാ൯ അയാൾ വൃഥാ ശ്രമിച്ചു കൊണ്ടിരുന്നു.
സാധാരണക്കാരന്റെ വേദനകളെ, അവന്റെ ഇല്ലായ്മകളെ, സർക്കാർ അവനു നേരെയുയർത്തുന്ന പ്രതിസന്ധികളെ, ഒക്കെ ഒരു വെള്ള പേപ്പറിൽ പക൪ത്തിയെഴുതാ൯ കവി ആഗ്രഹിച്ചു. ജീവിതഗന്ധിയായ തന്റെ കവിതകൾക്ക് വേണ്ടി മാസാവസാനം റേഷ൯ കടയ്ക്ക് മുന്നിലെന്നതുപോലെ ആളുകൾ ക്യൂ നിൽക്കുന്നത് അയാൾ സ്വപ്നം കണ്ടു. ഭാര്യയുടെ ദേഷ്യവും മകളുടെ കൊച്ചുകൊച്ചാവശ്യങ്ങളും അവയ്ക്കിടയിൽ മുങ്ങിപ്പോയി.
'നിങ്ങളിന്ന് ജോലിയ്ക്ക് പോയില്ലേ..'
ഇടുപ്പിൽ കൈ കുത്തി നില്ക്കുന്ന ഭാര്യയെക്കണ്ടതും അയാൾ തന്റെ ആരാധകരെയും അവരുടെ നീണ്ട ക്യൂവും മറന്നു. താനെപ്പോഴാണ് സ്വപ്നത്തിനിടയിലൂടെ നടന്നു നടന്ന് വീട്ടുമുറ്റത്തെത്തിയതെന്നു പോലും അയാൾക്ക് നിശ്ചയമുണ്ടായിരുന്നില്ല.
ഭാര്യ ഇനിയെന്താണ് പറയുന്നതെന്നു നോക്കി നില്ക്കെ അവ൪ ഒന്നും മിണ്ടാതെ തിരിഞ്ഞ് അകത്തേയ്ക്കു നടന്നു പോയി. അവരുടെ കണ്ണുകൾ നിറഞ്ഞിരിയ്ക്കുന്നത് അയാൾ വ്യക്തമായിക്കണ്ടിരുന്നു. വീടിന്റെ ചവിട്ടുപടിയിൽ അയാൾ തള൪ന്നിരുന്നു. ഒരുപാട് സമയത്തിനു ശേഷം പൊടുന്നനെ അയാൾ എഴുന്നേറ്റ് കിടപ്പുമുറിയിലേയ്ക്ക് നടന്നു.
ജനാലയോട് ചേർത്തിട്ട പഴയ മേശമേൽ അടുക്കും ചിട്ടയുമില്ലാതെ കിടന്ന, പൂ൪ത്തിയായതും ആവാത്തതുമായ, വെള്ളപേപ്പറിൽ നീല മഷികൊണ്ടെഴുതിയ അനേകം കവിതകൾ അയാൾ കയ്യിലെടുത്ത് വലിച്ചു കീറിയെറിഞ്ഞു.
ചോറു കഴിയ്ക്കാ൯ നേരായി വരൂ എന്നു പറഞ്ഞ് കവിയെ തിരഞ്ഞു വന്ന ഭാര്യ കിടപ്പുമുറിയിലെ കാഴ്ച കണ്ട് ശ്വാസം മുട്ടലോടെ അയാൾക്കു നേരെ അന്ധാളിച്ചു നോക്കി.
പതിനെട്ടു വ൪ഷത്തെ വിവാഹജീവിതത്തിൽ ഒരിയ്ക്കൽ പോലും തന്റെ നേരെ നോക്കി ചിരിച്ചിട്ടില്ലാത്ത ഭ൪ത്താവിന്റെ മുഖത്ത് ആദ്യമായി ഒരു പുഞ്ചിരി വിടരുന്നത് അവ൪ കണ്ടു. അവരുടെ കണ്ണുകൾ വീണ്ടും തുളുമ്പിത്തുടങ്ങിയിരുന്നു. മുറിയിലാകെ വീണു ചിതറിക്കിടന്നിരുന്ന പേപ്പ൪കഷണങ്ങളിലെ വരികൾക്കിടയിലൂടെ കവി നടന്നു വന്ന് അവരെ ആലിംഗനം ചെയ്തു പുഞ്ചിരിച്ചു.
സ്വപ്നങ്ങൾക്കിടയിൽ നിന്നു യാഥാ൪ത്ഥ്യങ്ങളിലേയ്ക്കിറങ്ങി വന്ന ഒരുവന്റെ മനോഹരമായ പുഞ്ചിരിയായിരുന്നു അത്.

#അമ്മയാണെന്റെ_ശത്രു


"ദേ നോക്കടാ ..ആ പോണത്‌ അവളല്ലേ ...എന്തൊരു തൊലിക്കട്ടിയാടാ ഇവൾക്ക് ..ഇത്രേ ഒക്കെ ആയിട്ടും ഒരു കൂസലും ഇല്ലല്ലോ പെണ്ണിന് ".
രണ്ടു മാസക്കാലത്തെ അവധിക്കു ശേഷം ക്ലാസ്സിൽ കയറാനുള്ള അനുമതിക്കായി പ്രിൻസിപ്പളിനെ കാണാൻ പോകുമ്പോൾ വരാന്തയിൽ വെച്ചായിരുന്നു ഈ കമന്റ് ...കേട്ട ഭാവം നടിക്കാതെ ഞാൻ എന്റെ ലക്ഷ്യ സ്ഥാനത്തേക്ക് നടന്നു ..
നടന്നു പോകുമ്പോൾ പരിചയമുള്ളവരും ഇല്ലാത്തവരും എന്നെ തന്നെ നോക്കുന്നുണ്ട് ..ഞാനറിയാത്തവർ പോലും ഇന്ന് എന്നെ അറിയും ..പിന്നെ അവരെന്നെ ചൂഴ്ന്നു നോക്കുന്നതിനെ കുറ്റം പറയാൻ ഒക്കില്ലല്ലോ ..
ഞാൻ ..ഞാനാരാണെന്ന് ഇതുവരെ നിങ്ങൾക്ക് പരിചയപെടുത്തിയില്ലല്ലോ അല്ലേ ...എന്നെ നിങ്ങളെല്ലാവരും അറിയും ..ഞാൻ സ്‌മൃതി ...
അതെ ..ആ സ്‌മൃതി തന്നെ കഴിഞ്ഞ രണ്ടുമാസക്കാലം ആയി എന്റെ പേര് തന്നെയാണ് നിങ്ങൾ കേൾക്കുന്നത് ...പത്ര വാർത്തകളിലും സോഷ്യൽ മീഡിയകളിലും നിങ്ങൾ കണ്ടു മറന്ന അതെ പെൺകുട്ടി .
എല്ലാവരും എന്റെ വാർത്ത കൊട്ടിഘോഷിച്ചു ..പെറ്റമ്മയെ വൃദ്ധസദനങ്ങളിലാക്കിയവർ പോലും എന്റെ കാര്യത്തിൽ തെറി വിളിക്കാൻ എത്തിയിരുന്നു ...
ഞാൻ അതിനു മാത്രം വലിയ പാപം ചെയ്തോ എന്ന് ചോദിച്ചില്ല ..എന്റെ മനസാക്ഷി ഇല്ല എന്നെ എനിക്കുത്തരം നൽകൂ . ...
കോളേജിൽ വെച്ചു ലൈവ് ആയി നടത്തിയ ആ പ്രോഗ്രാം ആണ് എന്റെ ജീവിതത്തെ മാറ്റി മറിച്ചത് ...ഈ ലോകത്ത് ഏറ്റവും കൂടുതൽ വെറുക്കുന്നത് ആരെ എന്ന ചോദ്യത്തിന് പലരും പല ഉത്തരങ്ങളും പറഞ്ഞു ..
പക്ഷേ എന്റെ കയ്യിൽ അതിനുണ്ടായിരുന്ന ഒരേയൊരു ഉത്തരം "അമ്മ" എന്നായിരുന്നു ..
വളർന്നു വരുന്ന നാൾ തൊട്ട് പെണ്ണാണെന്ന് പറഞ്ഞു എല്ലാത്തിൽ നിന്നും എന്നെ വിലക്കിയത് അമ്മയായിരുന്നു ...
ഒന്നുറക്കെ ശബ്‌ദിക്കുമ്പോൾ , ഒന്നുറക്കെ ചിരിക്കുമ്പോൾ ,
"നീ ഒരു പെണ്ണാണെന്ന് ഓർമ പെടുത്തുന്ന അമ്മയുടെ വാക്കുകളോടെനിക്ക് വെറുപ്പായിരുന്നു ...
ഇഷ്ടങ്ങളിൽ ആദ്യം നിയന്ത്രണം ഏൽപ്പിച്ചതും ,
ആണും പെണ്ണുമായി എന്നെയും സഹോദരങ്ങളെയും മാറ്റി നിർത്തിയതും അമ്മയായിരുന്നു .
വീട്ടിലൊരു ചർച്ച നടക്കുമ്പോൾ സഹോദരനെ പങ്കെടുപ്പിച്ചു എന്നെ മാറ്റി നിർത്താൻ അമ്മ നന്നേ ശ്രമിച്ചിരുന്നു ..
നാളെ അന്യ വീട്ടിലേക്ക് പോകേണ്ടവളാ ,അടങ്ങി ഒതുങ്ങി കഴിഞ്ഞോ എന്നും പറഞ്ഞു ജീവിതകാലം മുഴുവൻ കഴിയേണ്ട ഭർത്താവിന്റെ വീട് അന്യ വീടാക്കി എന്നിൽ രൂപാന്തരപെടുത്തിയത് അമ്മയായിരുന്നു ..
പെണ്ണായ് പിറന്നതിൽ കുറ്റബോധം എന്നിൽ നിറച്ചത് അമ്മയുടെ വാക്കുകളും പ്രവർത്തികളും ആയിരുന്നു . പെണ്ണായതിന്റെ പേരിൽ മൗനം പാലിച്ചപ്പോൾ അനുഭവിച്ച വേദന എത്രത്തോളം ഉണ്ടെന്നറിഞ്ഞപ്പോഴാണ് എന്റെയുള്ളിൽ അമ്മയോടുള്ള വെറുപ്പ് രൂക്ഷമായത് ...
മകളോടുള്ള ഇഷ്ടമായിരിക്കാം ഒരു പക്ഷേ വിലക്കുകൾക്കൊണ്ട് അമ്മമാർ ഉദേശിച്ചത് ..പക്ഷേ പെണ്ണായതിന്റെ ദോഷങ്ങളായിരുന്നു വിളിച്ചോതിയതെന്ന് പലപ്പോഴും അറിഞ്ഞിരുന്നില്ലവർ ...
വരും തലമുറയിലെ പെൺകുട്ടികൾക്ക് തന്നെ പോലെ ഒരു ഗതി വരാതിരിക്കാൻ വേണ്ടിയായിരുന്നു മനസ്സിൽ എരിഞ്ഞുകൊണ്ടിരിക്കുന്ന കനൽ ഒരു വേദി കിട്ടിയപ്പോൾ ഞാൻ തുറന്നടിച്ചത്‌ ..അതിന്റെ പേരിൽ കോലാഹലങ്ങൾ ഉണ്ടായി ..പലരും എന്റെ അഭിപ്രായത്തെ അംഗീകരിച്ചു പലരും പ്രതികൂലിച്ചു..എന്റെയുള്ളിൽ എന്നും അതൊരു ശരി ആയിരുന്നു .... പെണ്ണായതിൽ തോൽക്കാനുള്ളതല്ല ജീവിതം എന്ന് ഞാൻ മനസ്സിലാക്കിയ സത്യം ..അത് തന്നെയാണ് ശരിയും ..
അനൂകൂലിച്ചവർക്കിടയിൽ നിറമിഴികളോടെ എന്റമ്മയും ഉണ്ടായിരുന്നു .അമ്മയിൽ നിന്ന് മാറി ഒരു പെണ്ണായിട്ട് ....
Nb:- പല പെൺകുട്ടികൾക്കും അമ്മയേക്കാൾ അച്ഛനെ ആയിരിക്കും ഇഷ്ടം ..പെണ്ണായിട്ട് പോലും തന്റെ ഇഷ്ടങ്ങൾക്ക് ഒരു പെണ്ണ് തടസ്സമാകുമ്പോൾ പെൺകുട്ടികളിൽ പലരിലും അമ്മയോടുള്ള വെറുപ്പ് പ്രകടമാക്കുന്നു ...ആൺ -പെൺ എന്ന വേർത്തിരിവ് മക്കളിൽ ഇല്ലാതാക്കാൻ ശ്രമിക്കുന്ന അമ്മമാർ ഇന്നും വളരെ കുറവാണ് ..ഭൂരിഭാഗം പേരും പെൺമക്കളെ പെണ്ണാണെന്ന് പറഞ്ഞു ഓർമപ്പെടുത്തുന്നവരാണ് ..ആണായാലും പെണ്ണായാലും അവരുടെ സങ്കല്പങ്ങൾക്കും സ്വപ്നങ്ങൾക്കും കൂട്ടു നിൽക്കാൻ ശ്രമിക്കുക വേർത്തിരിവില്ലാതെ ...
_______________________
ഫർസാന .വി

മനുഷ്യൻ

മനുഷ്യൻ
•••••••••••••••••••••••••••••••••
"വേഗം വേഗം"...
വലിയ ശബ്ദമുണ്ടാക്കിക്കൊണ്ട്‌ ആളുകൾ ഓടുന്നത്‌ കണ്ട്‌ അവരുടെ പിന്നാലെ ഞാനും കൂടി..
ഞാൻ എത്തുമ്പോളേക്കും ആളുകളുടെ നിര വലിയ നീളത്തിലായിരുന്നു..
ആദ്യം കരുതിയത്‌ ആ നിര ബീവറേജിലേക്കുള്ളതാകുമെന്നാണു
എന്നാൽ നിര തെറ്റി നിൽക്കുന്നവരെ രണ്ട്‌ പേർ ചേർന്ന് മുട്ടൻ വടി കൊണ്ട്‌ ഭീഷണി പെടുത്തിയും തല്ലിയും നിര കൃത്യമാക്കുന്നത്‌ കണ്ടപ്പോ ബീവറേജല്ലെന്നും എന്തോ സൗജന്യം നൽകുന്നതിന്റെതാണെന്നും കരുതി,
എന്നാൽ നിരയിൽ നിൽക്കാൻ കൂട്ടാക്കാത്തവരെ കഴുത്തിൽ കയറിട്ട്‌ വലിച്ചിഴച്ച്‌ കൊണ്ട്‌ വരുന്നത്‌ കണ്ടപ്പോൾ ആ പ്രതീക്ഷയും തെറ്റി..
എന്താണെന്ന് മുന്നിൽ നിൽക്കുന്നവർക്കൊന്നും കൃത്യമായി അറിയില്ല... എന്താണെന്നറിയാതെ എന്റെ മനസ്സടങ്ങിയില്ല... കൊമ്പൻ മീശക്കാരനായ ഒരു നിരപാലകനോട്‌ കാര്യമന്വേഷിച്ചു... കനത്തിലൊന്ന് നോക്കിയിട്ട്‌ അയാൾ പറഞ്ഞു..
"ഇത്‌ ആളുകളെ തിരിച്ചറിയാൻ ചുട്ടി കുത്തുകയാണു"
"ചുട്ടിയോ??
സംശയം ബാക്കിയായെങ്കിലും അയാളുടെ കയ്യിലെ മുട്ടൻ വടി എന്റെ സംശയത്തെ തൊണ്ടയിൽ കുരുക്കി...
നിര പിന്നിൽ നീണ്ടു പോകുകയും മുന്നിൽ കുറയാനും തുടങ്ങി..
നിരയുടെ മുന്നിലെത്തിയ ഞാൻ ഒരു വലിയ പ്രവേശന കവാടം കണ്ടു.
അതിന്റെ മുന്നിൽ മൂന്നോളം വലിയ തടിയന്മാർ ആളുകളോട്‌ എന്തൊക്കെയോ ചോദിച്ച്‌ തടിച്ച പുസ്തകങ്ങളിൽ കുറിച്ചെടുത്ത്‌ ഓരോ ആളുകളെയായി ഉള്ളിലേക്ക്‌ കടത്തി വിടുന്നുണ്ടായിരുന്നു.
ഞാനും പ്രവേശന കവാടത്തിനരികിലെത്തി.
അപ്പുറത്തെ വലിയ ഇടനാഴികൾക്ക്‌ അഭിമുഖങ്ങളായി കുറേ മുറികൾ
ഉണ്ടായിരുന്നു.
ഓരോ മുറികളിലേക്കും ആളുകൾ കയറി പോകുന്നുണ്ടായിരുന്നു..
എന്റെ ഊഴമെത്തി..
ആ തടിച്ച പുസ്തകത്തിന്റെ താൾ മറിച്ചു..
അതിൽ ഒരു പേജ്‌ എനിക്കവകാശപ്പെട്ടതായിരുന്നു..
എന്റെ ഉയരവും തൂക്കവും മറ്റും രേഖപ്പെടുത്തി എന്നെ അവർ ഉള്ളിലേക്ക്‌ കൂട്ടി കൊണ്ടു പോയി...
ഒരോ മുറികൾക്ക്‌ മുന്നിലും ഓരോ മേശയും ആളും ഉണ്ടായിരുന്നു..
ആദ്യ മുറിക്ക്‌ മുന്നിൽ എത്തിയപ്പോ എഴുത്തുകാരൻ എന്നോട്‌ ചോദിച്ചു..
"കൃഷ്ണന്റെ ആളാണോ??"
കുചേലന്റെ സതീർത്ഥ്യനായ കൃഷ്ണനാണോ??
ഞാൻ സംശയത്താൽ തിരിച്ച്‌ ചോദിച്ചു??
"ഏത്‌ കുചേലൻ"
അവർ കൈ മലർത്തി
കൂടെ വന്നയാൾ എന്നെ അടുത്ത മുറിക്ക്‌ മുന്നിലേക്ക്‌ നയിച്ചു..
നടത്തത്തിനിടയിൽ ജനലുകൾക്കിടയിലൂടെ കുറേ പേരെ കൃഷ്ണന്റെ വേഷം കെട്ടിക്കുന്നത്‌ കണ്ടു... പക്ഷെ അവരിലൊന്നും ഞാൻ കൃഷ്ണനെ കണ്ടില്ല..
രണ്ടാമത്തെ മുറിക്ക്‌ മുന്നിലെത്തിയപ്പൊ അടുത്ത ചോദ്യം
"രാമന്റെ ആളാണോ?"
"അതെ ഗാന്ധിജിയുടെ രാമന്റെ"
ഞാൻ മറുപടി കൊടുത്തു
"ഏത്‌ ഗാന്ധി" ??
പുച്ഛത്തോടെ അയാൾ അടുത്ത മുറിക്ക്‌ മുന്നിലേക്ക്‌ കൈചൂണ്ടി..
ആ മുറിയുടെ ജനലിൽ കുറേ അമ്പുകളും വില്ലും തൂക്കിയിട്ടിരുന്നു..
മൂന്നാമത്തെ മുറിക്ക്‌ മുന്നിൽ എത്തിയ എന്റെ കൈകൾ അവർ പട്ടിയെ പോലെ മണപ്പിച്ചു .. എന്താണെന്ന് ചോദിച്ചപ്പോൾ
"പശുവിന്റെ രക്തം മണക്കുന്നുണ്ടോ"
എന്ന് പരിശോധിക്കുകയാണെന്ന് മറുപടി കിട്ടി..
ആ ജനൽ പടിയിൽ കൈകളിലൂടെ രക്തം വാർന്ന് കുറേ ആളുകൾ മരണാസന്നരായി നിൽക്കുന്നുണ്ടായിരുന്നു..
അവിടെ നിന്ന് അവർ എന്നെ അടുത്ത മുറിക്ക്‌ മുന്നിലെത്തിച്ചു..
ആ മുറിക്ക്‌ മുന്നിൽ വച്ച്‌ അവർ എന്നോട്‌
ചോദിച്ചു
"എഴുത്തുകാരനാണല്ലേ"?ഞാൻ പറഞ്ഞു "അല്ല"
"പിന്നെ കീശയിലെ പേന??"
"അത്‌ വെറുതെ"
"എങ്കിൽ അത്‌ അവിടെ വച്ചേക്കൂ"
മേശപ്പുറം കൈചൂണ്ടി അയാൾ പറഞ്ഞു.. ഞാൻ മടിച്ചു ...
ആ ജനലഴികളിലൂടെ ഞാൻ കണ്ടു,
തോക്ക്‌ നെറ്റിയിൽ ചൂണ്ടി ചിലരുടെ പേന പിടിച്ച്‌ വാങ്ങിക്കുന്നത്‌, പേന നൽകാൻ കൂട്ടാക്കാത്തവരുടെ നെറ്റിയിൽ ചുവന്ന പൊട്ടുകൾ, കീശയിലെ പേനയും...
ഞാൻഉം ഭയപ്പെട്ടു പേന മേശമേൽ ഊരി വച്ച്‌ ഞാൻ മുന്നോട്ട്‌ നീങ്ങി..
അവിടെ മുറികൾ അവസാനിച്ചു..
ഒരു മുറിയിലും കയറാൻ കൂട്ടാക്കാതിരുന്ന എന്നോട്‌ അവർ കൂട്ടമായി ‌ ഭീഷണി സ്വരത്തിൽ ചോദിച്ചു
"ആരാണു നീ"എന്ന്
ഞാൻ പറഞ്ഞു
"മനുഷ്യൻ"
അവർ എന്നെ കളിയാക്കി പൊട്ടിച്ചിരിച്ചു
"ത്ഫൂ.... മനുഷ്യൻ"...
ശേഷം അവരെന്നെ ഒരു ഇരണ്ട മൂലയിലേക്ക്‌ കൊണ്ടു പോയി അവിടെ നിന്ന് ഒരു വാതിലിലൂടെ അവരെന്നെ പുറത്തേക്ക്‌ തള്ളി...
പുറത്ത്‌ കനത്ത ഇരുട്ടായിരുന്നു.. ദിശയറിയാതെ ഞാൻ മുന്നോട്ട്‌ നീങ്ങി ..
എന്റെ കാലുകളിൽ കുപ്പിച്ചില്ലുകളും കൂർത്ത മുള്ളുകളും തറക്കുന്നുണ്ടായിരുന്നു...
ദൂരെ ഒരു കൊച്ചു വെളിച്ചം കണ്ടു!
ആ വെളിച്ചം ലക്ഷ്യമാക്കി വേദനയിലും ഞാൻ നടന്നു ... മുന്നോട്ട്‌..
പെട്ടെന്ന് എന്നെ ഉണർത്തി കൊണ്ട്‌ അലാറം അഞ്ച്‌ അടിച്ചു..
✍️ഷാജി എരുവട്ടി..

രാമലീല.

രാമലീല.
********
വർത്തമാനകാല രാഷ്ട്രീയത്തിന്റെ അപചയമാണ് രാമലീല എന്ന സിനിമയിലൂടെ കാണുവാൻ കഴിയുന്നത്. വിപ്ളവപ്രസ്ഥാനത്തിന്റെയും ഗാന്ധിയൻ മൂല്യങ്ങളിൽ അധിഷ്ഠിതമായഇന്ത്യയുടെ ദേശീയ പ്രസ്ഥാനത്തിനുംനേരിട്ട മൂല്യച്യുതിയും രാമലീല എന്ന സിനിമ തുറന്നു കാണിക്കുന്നു. നമ്മുടെ വർത്തമാനകാല വിപ്ളവ പ്രസ്ഥാനത്തെ ഈ സിനിമയിലൂടെ കണക്കറ്റ് പ്രഹരിക്കുന്നുണ്ട്.
ആശയത്തിൽ നിന്നും സൈദ്ധാന്തിക വശങ്ങളിൽ നിന്നും വ്യതിചലിക്കുകയും പാർട്ടി സെക്രട്ടറി പദം സ്വന്തം സാമ്രാജ്യ സൃഷ്ടിക്കുവേണ്ടി ഉപയോഗിക്കുന്ന സമ്പ്രദായത്തെയും നിശിതമായ് വിമർശിക്കുന്നു. രക്തസാക്ഷികളെ സൃഷ്ടിക്കുന്നതും രക്തസാക്ഷി കുടുംബങ്ങളെ സമർത്ഥമായ് ഉപയോഗിക്കുന്നതും സിനിമയിലൂടെ കാണുവാൻ കഴിയും.അനീതിക്കു നേരെ വിരൽ ചൂണ്ടുന്നവനെ വർഗവഞ്ചകൻ എന്ന് മുദ്രകുത്തുകയും സമൂഹത്തിൽ നിന്നും ബഹിഷ്കൃതനാക്കുവാൻ ശ്രമിക്കുന്നതിനെയും സിനിമയിലൂടെ കണക്കറ്റ് പ്രഹരിക്കുന്നുണ്ട്.
അഹിംസാ സിദ്ധാന്തത്തിൽ വിശ്വസിക്കുന്ന പ്രസ്ഥാനത്തിലെ നേതാക്കന്മാർക്ക് വ്യക്തി ജീവിതവും പൊതുജീവിതവും ഒരു നാടകമാകുന്നതും പ്രേക്ഷകർക്ക് മനസ്സിലാക്കുവാൻ കഴിയുന്നുണ്ട്.
തിന്മയുടെ പ്രതിരൂപമായ പാർട്ടി ജില്ലാ സെക്രട്ടറിയെ ദിലീപിന്റെ രാമനുണ്ണിയെന്ന കഥാപാത്രം ഉന്മൂലനം ചെയ്തതാണോ? ഇല്ലാത്ത കുറ്റം അദ്ദേഹത്തിന്റെ മേൽ അധികാര കേന്ദ്രങ്ങൾ അടിച്ചേൽപ്പിച്ചതാണോ? പാർട്ടിക്കുവേണ്ടി രക്തസാക്ഷിയായ തന്റെ പിതാവിനെ കൊലപ്പെടുത്തിയത്പാർട്ടി ജില്ലാ സെക്രട്ടറി നടത്തിയ കരുനീക്കങ്ങളുടെ ഭാഗമായിരുന്നുവെന്ന് അദ്ദേഹത്തിൽ നിന്നു തന്നെ നേരിട്ടറിഞ്ഞതാണ് ദിലീപിന്റെ രാമനുണ്ണിയെന്ന കഥാപാത്രത്തിന് പാർട്ടിജില്ലാ സെക്രട്ടറിയെ ഉന്മൂലനം ചെയ്യുവാൻ പ്രേരിപ്പിക്കുന്നത്? ആ കൃത്യം മറ്റാരെങ്കിലും ചെയ്തതാണോ? ഇവയൊക്കെ സിനിമയിലൂടെ തന്നെ ദൃശ്യാനുഭവമാകും. എന്തു തന്നെയായാലും ഉന്മൂലനസിദ്ധാന്തത്തോട് യോജിപ്പില്ല.
നമ്മുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ശുദ്ധീകരണമാണ് സിനിമയിലൂടെ ലക്ഷ്യമിടുന്നത്. വർത്തമാനകാല രാഷ്ടീയത്തിൽ ആശയത്തിന്റെ കുഴപ്പം കൊണ്ടല്ല നമ്മെ നയിക്കുന്ന നേതാക്കന്മാരുടെ ആശയം അടിച്ചേൽപ്പിക്കുന്നതു കൊണ്ടുള്ള അപചയം കൊണ്ടാണ് കേരള രാഷ്ട്രീയം മലീമസമാകുന്നതെന്നാണ് സിനിമയിലൂടെ വ്യക്തമാക്കുന്നത്.
ദിലീപ് രാമനുണ്ണിയെന്ന കഥാപാത്രത്തിലൂടെ സിനിമയിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. അരുൺ ഗോപിയുടെ സംവിധായക മികവും എടുത്തു പറയേണ്ടിയിരിക്കുന്നു. കെട്ടുറപ്പുള്ള തിരക്കഥയും കഥയിലെ അപ്രതീക്ഷിത ക്ലൈമാക്സും സൃഷ്ടിച്ച തിരക്കഥാകൃത്ത് സച്ചിൻ അഭിനന്ദനമർഹിക്കുന്നു. വിപ്ളവ പ്രസ്ഥാനത്തിന്റെ ജില്ലാ സെക്രട്ടറിയായ് അഭിനയിച്ച വിജയരാഘവന്റെയും ദേശീയ പ്രസ്ഥാനത്തിന്റെ ജില്ലാ പ്രസിഡണ്ടായി അഭിനയിച്ച സിദ്ധിഖിന്റെയും അഭിനയമികവ് എടുത്തു പറയേണ്ടിയിരിക്കുന്നു. കലാഭവൻ ഷാജോണിന്റെ ടി സി (തോമസ് ചാക്കോ) എന്ന കഥാപാത്രം പ്രേക്ഷകർക്ക് രസകരമായി ആസ്വദിക്കുവാൻ കഴിഞ്ഞു.
കലാഭവൻ ഷാജോണിന്റെ അസാമാന്യ പ്രകടനമായിരുന്നു സിനിമയിലുടനീളം കാണുവാൻ കഴിഞ്ഞത്. നായക കഥാപാത്രത്തോടൊപ്പം ആദ്യന്തം നിറഞ്ഞു നിൽക്കുന്ന കഥാപാത്രമായിരുന്നു അദ്ദേഹത്തിന്റേത്.മാധ്യമ പ്രവർത്തകയായി അഭിനയിച്ച പ്രയാഗ മാർട്ടിനും സ്വതസിദ്ധമായ രീതിയിലുള്ള അഭിനയം കാഴ്ചവച്ചിട്ടുണ്ട്.ഡി വൈ എസ് പി പോൾസൺ എന്ന കഥാപാത്രത്തിലൂടെ മുകേഷും തന്റെ അഭിനയ മികവ് പ്രേക്ഷകർക്ക് കാണിച്ചു കൊടുക്കുന്നുണ്ട്. ദിലീപിന്റെ അമ്മയായ് അഭിനയിച്ച രാധിക ശരത് കുമാർ ഇരുപത്തിനാലു വർഷങ്ങൾക്കു ശേഷം മലയാള സിനിമയിൽ തിരിച്ചെത്തി പ്രേക്ഷക മനസ്സിൽ ഇടം നേടി. പ്രമുഖ കോളമിസ്റ്റിന്റെ വേഷമിട്ട രൺജി പണിക്കർ, സലിം കുമാർ ഇവരൊക്കെ തങ്ങളുടെ ചെറിയ വേഷങ്ങൾ നല്ല രീതിയിൽ തന്നെ പ്രേക്ഷകർക്ക് അനുഭവഭേദ്യമാക്കി.
മൊത്തത്തിൽ നല്ലൊരു പൊളിറ്റിക്കൽ ത്രില്ലർ സിനിമയാണ് രാമലീല.. ഇതൊരു നായക കഥാപാത്രത്തിന്റെ മാത്രം സിനിമയല്ല. ഒരു പാട് പേരുടെ വിയർപ്പാണീ സിനിമ. നിർമ്മാതാവ് ടോമിച്ചൻ മുളകുപാടത്തിനും അഭിനന്ദനങ്ങൾ. ഈ ദൃശ്യവിരുന്ന് കുടുംബസമേതം കാണുവാൻ പറ്റിയ സിനിമതന്നെയാണ്. വിവാദങ്ങൾ മാറ്റിവെച്ച് നമുക്കെല്ലാവർക്കും രാമലീല കാണാം.
സജി വർഗീസ്
Copyright protected.


ബംഗാളി


ബംഗാളി
തിരുവനന്തപുരത്ത് ഉള്ള ഒരു ഫ്രണ്ടിന്റെ കല്യാണത്തിന് പോവുകയായിരുന്നു ഞാൻ. കല്യാണ വീട്ടിൽ ഷൈൻ ചെയ്യാൻ തലേ ദിവസം ബ്യൂട്ടി പാർലറിൽ ഒക്കെ പോയി സുന്ദരൻ ആയി......
ട്രെയിനിൽ അപ്പുറത്തെ സീറ്റിൽ ഒരു സുന്ദരി കുട്ടിയെ തന്നെ തരണേ എന്ന് പ്രാർത്ഥിച്ചു വീട്ടിൽ നിന്ന് ഇറങ്ങി... ട്രെയിനിൽ കയറി നോക്കിയപ്പോൾ പ്രാർത്ഥന ദൈവം കേട്ടിരിക്കുന്നു. സുന്ദരി എന്ന് പറഞ്ഞാൽ അത് അവൾക് കുറച്ചിൽ ആകും. അതുക്കും മേലെ ആയിരുന്നു അവൾ.
ട്രെയിനിൽ ഞങ്ങൾ രണ്ടു പേരും മാത്രമേ ഉണ്ടായിരുന്നുള്ളൂ. പരിചയപെടാം എന്ന് കരുതി ഞാൻ ഒരു ഹലോ പറഞ്ഞു. അവൾ തിരിച്ചും പറഞ്ഞു. എന്നിട്ട് എന്നോട് " ആപ്പ് കിധർ ജാ രഹേ ഹോ ??? " എന്ന് ചോദിച്ചു. പകച്ചുപോയി എന്റെ ബാല്യം. അവൾ ബംഗാളി കുട്ടി ആയിരുന്നൊ ??? ഞാൻ മനസ്സിൽ ദൈവത്തോട് ചോദിച്ചു " എന്തിനാ ദൈവമേ ഇത്രേം ഭംഗി ഉള്ള പിള്ളേരെ ഒക്കെ കണ്ണി കണ്ട നാട്ടിൽ വളർത്തണേ നിന്റെ സ്വന്തം നാട്ടിൽ ജനിപ്പിച്ചൂടെ ???"
പണ്ട് സ്കൂളിൽ പഠിച്ച ഹിന്ദി വെച്ചു ഒരു കാച്ച് കാച്ചി. അങ്ങനെ കുറേ നേരം ഞങ്ങൾ ഹിന്ദിയിൽ സംസാരിച്ചു. സത്യം പറഞ്ഞാൽ എനിക്ക് ഇത്രേം ഹിന്ദി അറിയാം എന്ന് അന്നാണ് മനസിലായത്. അങ്ങനെ സംസാരിച്ചു കൊണ്ട് ഇരിക്കുമ്പോൾ അവൾക്കു ഫോൺ വന്നു. അവളുടെ അമ്മ ആയിരുന്നു. "ആ പറയൂ അമ്മേ " എന്ന് അവൾ പറയുന്നത് കേട്ട് ഞാൻ ഞെട്ടി. ഞാൻ ഇത്രേം നേരം ഹിന്ദി പറഞ്ഞു കഷ്ടപെട്ടത് ഒരു മലയാളിയോട് ആയിരുന്നു. ഞാൻ അവളോട്‌ അവൾ മലയാളി ആണോ എന്ന് ചോദിച്ചു. മലയാളം അറിയാമോ എന്നവൾ തിരിച്ചും. ഞാൻ ഒരു മലയാളി ആണെന്ന് പറഞ്ഞപ്പോൾ അവൾ പറഞ്ഞു " സോറി ചേട്ടാ. ചേട്ടനെ കണ്ടപ്പോൾ ഒരു ബംഗാളി ലുക്ക്‌ തോന്നി അത് കൊണ്ട് ആണ് ഹിന്ദിയിൽ സംസാരിച്ചത് " എന്ന്....
വെറുതെ മെയ്ക്കപ്പ് ചെയ്തു കാശ് കളഞ്ഞു എന്ന് തോന്നിപ്പോയി...

Jijo

അക്ഷരധ്യാനം

അക്ഷരധ്യാനം
××××××××××××
ഓംകാരമന്ത്രധ്വനിയ്ക്കൊപ്പമാചാര്യനെഴുതി,
സ്വര്‍ണ്ണമോതിരത്താലെന്‍നാവിലാദ്യാക്ഷരം,
വാമൊഴിയായുംവരമൊഴിയായുംവഴങ്ങട്ടെ!
എന്നൊരനുഗ്രഹത്തിനൊപ്പം.
നിലവിളക്കിന്‍പ്രഭയില്‍,
അജ്ഞാനതമസ്സിനെയകറ്റാനെന്നും,
അക്ഷരമേവെളിച്ചമെന്നുമെല്ലെ,
അരിയിലെന്‍വിരലാലെഴുതിയ്ക്കവേ,
അരുമയോടോതിയച്ഛന്‍.
അമ്മിഞ്ഞപ്പാലിനൊത്തമധുരമത്രേ,
അക്ഷരപ്പൂന്തേനിനെന്നലിവോടെ,
ചിരിയുതിര്‍ത്തോതിയമ്മയും.
മണലില്‍,സ്ലേറ്റില്‍,കടലാസില്‍,
ചിത്രങ്ങള്‍പോലെത്രവിടര്‍ന്നൂ
അക്ഷരപ്പൂക്കള്‍!
വാക്കായ് വരികളായൊളിവീശി,
വര്‍ണ്ണപ്പകിട്ടോടെയക്ഷരങ്ങള്‍!
വാക്കുകള്‍കൂട്ടിച്ചൊല്ലിയൊരുകൂട്ടായ്,
കൂട്ടുകാരെയെത്രയേകിയീയക്ഷരങ്ങള്‍!
അന്നമായ്അഭിമാനമായ്അസ്തിത്വമായ്
അക്ഷരമിന്നുമൊപ്പംനടപ്പൂ!
അക്ഷയമാണുവിദ്യയെന്നറിവേകി,
അക്ഷരമിന്നുമുള്ളില്‍തുടിപ്പൂ!
ഒരുവിരല്‍സ്പര്‍ശമേറ്റാല്‍,
സ്ക്രീനിലോടിയെത്തുന്നിന്നവര്‍!
സ്മൃതിയിലേയ്ക്കിവമറയാതിരിയ്ക്കുവാന്‍,
സ്മരിയ്ക്കട്ടെയീവിദ്യാരംഭനാളില്‍!
സ്വരങ്ങളായ് വ്യഞ്ജനങ്ങളായ്
അക്ഷരങ്ങളെയിന്നുദ്ദീപിച്ചിടാം!
അക്ഷരരൂപത്തിലിന്നുധ്യാനിയ്ക്കാം,
അരവിന്ദസ്ഥിതയാംവിദ്യാശക്തിയെ.
രാധാസുകുമാരന്‍

അലങ്കരിച്ചൊളിപ്പിച്ചാൽ

അലങ്കരിച്ചൊളിപ്പിച്ചാൽ
^^^^^^^^^^^^^^^^^^^^^^^^^^^^
പണ്ടേ നാണംകെട്ട് ജീവിക്കുവാണ് ചീറ്റിംഗ്
ലോലന്മാരെല്ലാം ചേർന്ന് അവനെ നന്നായി അണിയിച്ചൊരുക്കി
ച+ഈ+റ്റിംഗ്
ഈച്ചയുടെ ഈ അങ്ങ് മാറ്റി
ആൽ ന്റ്റെ ആ അങ്ങ് വച്ചു
സംഭവം അടിപൊളി
ചാറ്റിംഗ്
പോരേ പൊടി പൂരം
ഇതാ
ലോല ലോലിത ലലന ലാവണ ഹീറ്റിംഗ്

VG Vassan

വേർപ്പിരിയാം.(കവിത)

വേർപ്പിരിയാം.(കവിത)
****************
വേർപ്പിരിയാം നമുക്കിനി സഖീ.
തനിച്ചായ്ഗമിക്കാം ഇരു പാതകളിലൂടെയായ്.
പരാതികളൊന്നും പറയാതെ
പിന്നിട്ട ജീവിതം മെല്ലെ മറക്കാം.
അണച്ചാലിംഗനം ചെയ്ത
കൈകൾ വിടർത്താം.
ചുറ്റി പിണഞ്ഞ ശരീരം അകറ്റാം
നീയാണ് ഞാനെന്നും,
ഞാനാണ് നീയെന്നും
ചൊല്ലി പഠിച്ചു പറഞ്ഞു ജീവിച്ചവർ
കൊല്ലുന്നതെന്തിനാണാത്മാവിനെ
സ്വയം കൊല്ലാതെ കൊല്ലാൻ
പിരിയാം പ്രിയസഖീ.!
പരസ്പരം പഴിചാരണ്ട തെറ്റുകൾ,
കുറ്റങ്ങളൊന്നും വിളിച്ചു പറയണ്ട.
ജീവന്റെ ജീവനായ് മാറിയ കാലത്തിൻ ജീവനുള്ള കാലം
ചിതയിലെറിഞ്ഞിടാം.
ചതിയെ പുണരാം സ്മൃതിയെ വെറുക്കാം.
വാലറ്റ വാഴ് വിന്റെ വേരറുത്തീടാം
നൂലറ്റ പട്ടം കണക്കെ പറക്കാം
കുറ്റബോധത്തിന്റെ വെണ്ണിലാ കിണ്ണത്തിൽ
തെറ്റുകളെല്ലാം പെറുക്കി വെക്കാം
ഉത്തമരി ലുത്തമനല്ല ഞാനെങ്കിലും
പുത്തരിയങ്കം കുറിച്ചതു ഞാനല്ല.!.
ഉത്തമിയായൊരു പെണ്ണായ് കഴിയുവാൻ
പറ്റാതെ പോയതെന്തെ നിനക്ക്.?
വറ്റാത്ത സ്നേഹത്തിൻ മാറിൽ
കഠാരയാൽ കുത്തി നീ ചുടുരക്തം
ഊറ്റിക്കുടിച്ചെന്റെ കരളും കടിച്ചെടുത്തോടിയതെന്തിന്.?
അടിച്ചോടിച്ചീടുവാൻ മാത്രമായ്
മിത്രമായ് നീയെന്റെ ചാരത്തണയണ്ട.
മിത്രമെന്നാൽ ചിത്രമല്ലെന്നറിയുക
ശത്രുവെനെഞ്ചിലടക്കിപ്പിടിക്കുക.
വസ്ത്രം വലിച്ചൂരി കീറിക്കളയുക
ചങ്ങലകൊണ്ട്കൈകാൽ ബന്ധിക്കുക.
ഇത്രയെങ്കിലും ചെയ്ത് ഞാനെന്ന
മിത്രത്തെ ശത്രുവായ് നീ തന്നെ
ചിത്രീകരിച്ചേക്കൂ.!
പരിഭവമില്ല പരാതികളില്ല.
പാണന്റെ പാട്ടിന്റെ അകമ്പടിയില്ല.
പുള്ളോർക്കുടത്തിന്റെ തേങ്ങലുമില്ല.
രണ്ടായ് പിരിയുമീ വഴിയോരപാതയിൽ
വഴിയാത്രക്കാരെ പോലെ പിരിയാം.!
ശിഷ്ടകാലത്തിന്റെ പുസ്തകം നോക്കി നീ
നഷ്ടബോധത്തിൻ കണക്കുതിരയുമ്പോൾ
വാലിട്ടെഴുതിയ കണ്ണിലെകണ്ണുനീർ കൊണ്ടൊരുകാട്ടാറൊഴുക്കിഒരുക്കിനീ
എൻ മുന്നിലൂടെ ഒഴുകാതിരിക്കുക.!!
££££££££££££££££££
അസീസ് അറക്കൽ
ചാവക്കാട്
##############

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo