നിലാവിനെ പ്രണയിച്ചവൻ I Kavitha I Mohammed Shahul Hamed Ponmala


ചിന്തകൾ കാടുകയറി ,
ഉറക്കത്തെ
പിഴുതെറിഞ്ഞ്,
മാനത്ത്
കണ്ണും നട്ട്
രാത്രിയെ തള്ളി നീക്കുന്നു.

സ്വപ്ന മാലാഖ
പിണങ്ങിപ്പോയ
അവനിൽ
നിലാവ്
കൂട്ടിനെത്തുന്നു .

ഗർഭം ധരിച്ച 
പ്രശ്നങ്ങൾ
കവിതയായ്‌,
കഥയായ്‌
പിറവിയെടുക്കുമ്പോഴും 
നിലാവ് 
അവനിൽ 
പ്രത്യാശ നൽകുന്നു.

ഇരുളിനെ 
വകഞ്ഞുമാറ്റിയ 
നിലാവിൻ ധൂളികൾ 
പ്രശ്നങ്ങളെ 
ആട്ടിയോടിച്ച പോൽ
സ്വപ്ന ചിറകുകൾക്ക് 
കരുത്തുപകരുന്നു.

പ്രശ്നങ്ങളെ
പൊരുതാനുറച്ചവൻ 
നിദ്രയെ പുൽകുന്നു...
    മുഹമ്മദ് ഷാഹുൽ ഹമീദ് പൊന്മള 

ഗ്യാരണ്ടി (ചെറ്യേ കഥ | ഗിരി ബി വാരിയർ)

 

“അച്ഛാ, ഇന്നത്തെ ന്യൂസ് കണ്ടോ? വീണ്ടും സ്ത്രീധനക്കൊല!” വിക്രമൻ നായർ മുറ്റത്തെ റോസാച്ചെടിക്ക് വെള്ളം ഒഴിക്കുമ്പോഴാണ് വിഷ്ണു ചോദിച്ചത്.
‘കണ്ടല്ലോ, അതിലെന്താ പുതുമ?”
“ശ്ശ്യോ ആലോചിക്കുമ്പോ പേടിയാവുന്നു”
“എന്തെ? നീ ആരുടെയെങ്കിലും കയ്യീന്ന് സ്ത്രീധനം വാങ്ങി ഞങ്ങളറിയാതെ കെട്ടിയോ?”
“അതല്ല അച്ഛാ, നമ്മുടെ ശ്രീക്കുട്ടിയുടെ കല്ല്യാണമല്ലേ, അതോർത്തിട്ടാ.”
“അതിന് രവിയും മോനും സ്ത്രീധനം ഒന്നും ചോദിച്ചില്ലല്ലോ?’
“അതൊക്കെ ഇപ്പൊ പറയും, എല്ലാ സ്ത്രീധനക്കേസുകളിലും ഇതൊക്കെത്തന്നെയാണ് കേട്ടിട്ടുള്ളത്, പിന്നീട് ബിസിനസ് ചെയ്യാൻ പണം, കാറ് വാങ്ങാൻ പണം, അതാണല്ലോ ഇപ്പോഴത്തെ ഒരു ട്രെൻഡ്”
“നിനക്കെന്താ പ്രാന്തായോ, ഈ പ്രൊപോസൽ കുത്തിപ്പൊക്കിയത് നീയാണ്, . പിന്നെ രവി എന്റെ കൂടപ്പിറപ്പിന്റെ പോലെയാണ്, ശശിയും ശ്രീക്കുട്ടിയും പരസ്പരം ഇഷ്ടപ്പെടുകയും ചെയ്തു.”
“അതൊക്കെ ശരി തന്നെ. എന്നാലും നമുക്കൊരു ഗ്യാരണ്ടി ഇല്ലാതെ..”
“എടാ, മാര്യേജ് സർട്ടിഫിക്കറ്റ് ഉണ്ടാക്കുന്നത് തന്നെ ഒരു ഉടമ്പടിയല്ലേ”
“അതൊന്നും പോരാ അച്ഛാ, ഒരു ഗ്യാരണ്ടി വേണം.”
“എന്നാൽ നീ തന്നെ പറയ് എന്ത്. ഗ്യാരന്റി ആണ് വേണ്ടതെന്ന്”
“ഞാൻ നോക്കിയിട്ട് ഒരൊറ്റ വഴിയേ കാണുന്നുള്ളൂ. എന്റെ ഒറ്റപ്പെങ്ങൾക്ക് വേണ്ടി ഞാൻ എന്റെ ജീവൻ ത്യാഗം ചെയ്യാൻ തീരുമാനിച്ചു. ഞാൻ ശശിയുടെ അനിയത്തി നീലുവിനെ കല്ല്യാണം കഴിക്കാം. നമ്മുടെ ശ്രീക്കുട്ടിയെ അവരെന്തെങ്കിലും ചെയ്താൽ നമ്മുടെ കയ്യിൽ നീലുവുണ്ടല്ലോ. സ്വന്തം പെങ്ങൾക്ക് വേണ്ടി ഇത്രയും ചെയ്തില്ലെങ്കിൽ പിന്നെ ആങ്ങളയാണെന്ന് പറഞ്ഞിട്ട് എന്ത് കാര്യം.”
വിഷ്ണു അമ്മയേയും അച്ഛനേയും നോക്കിക്കൊണ്ട് പറഞ്ഞു.
“എന്റെ പൊന്നുമോനെ, കാള വാല് പൊക്കുമ്പോൾ തന്നെ മനസ്സിലായിരുന്നു എന്തിനാണെന്ന്. ഇന്നലെ ശശി വിളിച്ചപ്പോൾ പറഞ്ഞിരുന്നു നിന്റെയും നീലുവിന്റെയും ഈ ചുറ്റിക്കളിയെപ്പറ്റി. ആണുങ്ങളായാൽ നേരിട്ട് പറയാനുള്ള ചങ്കൂറ്റം വേണം. അവന്റെയൊരു ഒണക്ക ഗ്യാരണ്ടി. എന്തായാലും നീ ടെൻഷൻ ആകേണ്ട കാര്യമില്ല, രണ്ടുപേരുടെയും കല്ല്യാണം നമുക്ക് ഒരു പന്തലിൽ നടത്താം. “
ചമ്മിയ മുഖവുമായി അകത്തേക്ക് പ്രവേശിക്കുമ്പോൾ ശ്രീക്കുട്ടി വാതിൽക്കൽ നിൽപ്പുണ്ടായിരുന്നു.
“എനിക്കുവേണ്ടി ശശിയേട്ടന്റെ പ്രൊപ്പോസൽ കൊണ്ടുവന്നതും നിങ്ങളുടെ മാസ്റ്റർപ്ലാൻ ആയിരുന്നു അല്ലെ, എന്തായാലും ഇക്കാര്യം ഞാൻ അച്ഛനോട് പറഞ്ഞിട്ടില്ല..” ചിരിച്ചുകൊണ്ട് അടക്കിയ ശബ്ദത്തിൽ അവൾ പറയുമ്പോൾ അവളുടെ ഫോണിൽ വിഡിയോ കാളിൽ ശശിയേയും കാണുന്നുണ്ടായിരുന്നു .
ഗിരി ബി വാരിയർ

രണ്ടാം ഭാവം I ShortStory I Deepa Shajan


 അങ്ങോട്ടു നീങ്ങിക്കിടക്ക് മായെ.. ചൂടെടുത്തിട്ട് വയ്യ.. അതിന്റെ കൂടെ അവളുടെ ഒരു ശരീരത്തിന്റെ ഒടുക്കത്തെ കൊഴുപ്പും അതിന്റെ ചൂടും.. നാശം...'
തണുപ്പത്ത് കെട്ടിയോനെ ഒന്നു കെട്ടിപ്പിടിച്ചു കിടക്കാൻ ചെന്നതായിരുന്നു മായ.. പുറത്തെ ശക്തിയായ കാറ്റിലും മഴയിലും അവളുടെ തേങ്ങൽ ആരും കേട്ടില്ല..
**********
പ്രേമിച്ചു കെട്ടിയതാണ് അവർ.. അവൾ കോളേജിൽ പോകുന്ന വഴിയിൽ കാത്തുനിന്ന സുന്ദരൻ.. അവൻ ഒരു അനാഥനാണെന്ന അറിവാണ് മായയെ അവനിലേക്ക് അടുപ്പിച്ചത്.. അവളുടെ നിർബന്ധത്തിൽ അച്ഛൻ ഒറ്റ മോളുടെ ആഗ്രഹം നടത്തി കൊടുത്തു...സഞ്ജിത്തിന് ഒരു പലചരക്ക് കട ഇട്ടു കൊടുത്തു.. മായ ഗവണ്മെന്റ് സ്കൂളിൽ ടീച്ചറായതിനുശേഷമായിരുന്നു വിവാഹം... രണ്ട് കുട്ടികൾ.. ദിയ.. മിയ.. അവളുടെ സ്കൂളിൽ തന്നെ നാലിലും ആറിലും.. പഠിക്കുന്നു..
രാവിലെ മായയെയും മക്കളെയും സ്കൂളിൽ വിട്ടിട്ട് വീടിനടുത്തുള്ള കട തുറന്നാൽ മതി സഞ്ജിത്തിന്.. മായയുടെ അമിതമായ തടി കാരണം അവളോട് ഈയിടെയായി അകൽച്ചയിലാണ് അവൻ..
മായയ്ക്ക് ഒന്നിനും നേരമില്ല.. രാവിലെ എണീറ്റാൽ തുടങ്ങുന്ന പണി തീരുന്നത് പാതിരാത്രിയിലാണ്.. സഹായത്തിനാരെയും വെക്കുന്നത് സഞ്ജിത്തിനിഷ്ടമല്ല..
ജിമ്മിൽ പോകാൻ നേരമില്ല.. ഭക്ഷണം കുറച്ചാലും തടി കുറയുന്നില്ല.. സഹായത്തിനാളുണ്ടെങ്കിൽ എന്തെങ്കിലും ചെയ്യാമായിരുന്നു..
അതുമല്ല ഒരു പൈസ പോലും സ്വന്തം വീട്ടിൽ കൊടുക്കാൻ അവൻ സമ്മതിക്കാറില്ല.. അവളുടെ ബാങ്കിലുള്ള പണം എന്തെങ്കിലും ആവശ്യത്തിനു അവൻ ചോദിച്ചാൽ എടുക്കും.. അവൾക്ക് എന്തെങ്കിലും വേണമെങ്കിൽ പോലും അവനോട് ചോദിച്ചിട്ടെ പൈസ എടുക്കാൻ പാടുള്ളൂ എന്നാണ് അലിഖിത നിയമം.. ഈയിടെയായി അവൻ ആവശ്യത്തിലധികം പണം ചിലവാക്കുന്നുണ്ടോ എന്ന് അവൾക്ക് സംശയമുണ്ട്..
മെലിഞ്ഞു സുന്ദരികളായ പെണ്കുട്ടികൾ സഞ്ജിത്തിനൊരു ലഹരിയാണ്.. ഒരിക്കൽ അവന്റെ ഫോണിൽ കണ്ട ചാറ്റ് അവളെ അക്ഷരാർഥത്തിൽ ഞെട്ടിച്ചു.. അത് മറ്റൊരു പെണ്ണുമായി അശ്ളീല ചുവയുള്ള ഒരു ചാറ്റ് ആയിരുന്നു.. അതു ചോദിച്ചപ്പോൾ ഒട്ടും കുറ്റബോധമില്ലാതെ നിന്നെ കൊണ്ട് കൊള്ളാഞ്ഞിട്ടല്ലേ എന്നു ചോദിച്ച് അവളുടെ വായടപ്പിച്ചു കളഞ്ഞു..
പിന്നീട് പൈസയുടെ അത്യാവശ്യം വന്നപ്പോളാണ് അവളെ അനുനയിപ്പിച്ചത്.. ഇനി ഒന്നുമുണ്ടാവില്ല എന്ന് അവളുടെ തലയിൽ തൊട്ട് സത്യം ചെയ്തു.. വല്ലപ്പോഴും മാത്രം ലഭിക്കുന്ന പഞ്ചാര വർത്തമാനത്തിലും ലാളനയിലും അവൾ വീണുപോയി.. എന്നും അതാണല്ലോ പതിവ്.. പറയുന്ന പണം അവൾ കൊടുക്കും..
*******
പിറ്റേദിവസം വെളുപ്പിനെ എണീറ്റു സഞ്ജിത്തിനും കുട്ടികൾക്കും അവൾക്കുമുള്ള ടിഫിനും പ്രാതലും തയാറാക്കി.. കുളിയും കഴിഞ്ഞു കുട്ടികളെയും ഒരുക്കി.. ഒന്നിച്ചിരുന്ന് കഴിക്കാൻ തുടങ്ങിയപ്പോ മീൻകാരന്റെ ബെല്ലടി കേട്ടു.. ഓടി ചെന്ന് മീൻ വാങ്ങി ഫ്രിഡ്ജിൽ വച്ചു.. കഴിച്ചു കൊണ്ടിരുന്നപ്പോൾ സഞ്ജിത്തും കുട്ടികളും പോകാൻ ഒരുങ്ങി...
'സഞ്ചുവേട്ടാ നിക്ക് ഞാനും വരുന്നു.. '
'പിന്നെ.... ഇനി നിന്റെ തീറ്റ മഹാമഹം കഴിഞ്ഞിട്ട് വരുമ്പോളേക്കും എന്റെ കട തുറക്കാൻ പറ്റില്ല.. അവിടിരുന്നു വെട്ടി വിഴുങ്ങിയിട്ട് വല്ല ബസ്സിനും പോരെ..'
******
ഉച്ചയൂണ് കഴിഞ്ഞു ഒരു ഫ്രീ പീരിയഡാരുന്നു.. സഞ്ജിത്തിന്റെ പെരുമാറ്റത്തിൽ വിഷമം പൂണ്ടിരിക്കുകയായിരുന്നു മായ.. അപ്പോഴാണ് ഫോൺ ബെല്ലടിച്ചത്.. സഞ്ജിത് ആയിരുന്നു.. ഉച്ചയൂണിന് വല്ല കുറ്റവും കണ്ടു പിടിച്ചു പറയാനാകും എന്നു വിചാരിച്ചു.. എന്തു പറഞ്ഞാലും മിണ്ടാതെയിരുന്നു കേൾക്കുക അതാണല്ലോ ഇപ്പോഴത്തെ ശീലം.. നേരത്തെ എല്ലാത്തിനും എതിർത്തു പറയുമായിരുന്നു.. അതിനു നീക്കുപോക്ക് ന്യായം എന്ന വിശേഷണമാണ് സഞ്ജിത് നൽകിയിരുന്നത്.. ഇപ്പൊ ഒന്നിനോടും ഒരു എതിർപ്പുമില്ല.. കേട്ടുകൊണ്ടിരിക്കുക അത്രേയുള്ളൂ..
എല്ലാം കേൾക്കാൻ മനസ്സുറപ്പിച്ച് അവൾ ഫോണെടുത്തു...
'മുത്തേ... ഏട്ടനോട് പിണക്കമാണോ... അന്നേരത്തെ ദേഷ്യത്തിന് എന്തെങ്കിലും പറഞ്ഞെന്ന് വച്ച് നീ എന്റെ ജീവനല്ലേ.. '
'എത്രയാ ഇടേണ്ടത് പറഞ്ഞോ.. കൂടുതൽ ബുദ്ധിമുട്ടണ്ട'
'നീയെന്നെ അങ്ങനെയാണോ കണ്ടേക്കുന്നത്.. ഞാൻ ആത്മാർഥമായിത്തന്നെയാ നിന്നെ സ്നേഹിക്കുന്നത്... നിന്നോടല്ലാതെ ആരോടാ ഞാൻ ദേഷ്യപെടുന്നത്.. എനിക്ക് വേറെ ആരുണ്ട്.. അച്ഛനും അമ്മയും ഇല്ലാത്ത എനിക്ക് നീയും മക്കളുമല്ലേ എല്ലാം... പോട്ടെ സാരമില്ല.. ഇന്ന് ചോറു പൊതിയിൽ വച്ച മീൻ വറുത്തതില്ലേ.. എന്തു രുചിയാരുന്നു..'
മായയുടെ ചുണ്ടിൽ ഒരു ചെറു ചിരി വിരിഞ്ഞു.. കുറേനേരം സംസാരിച്ചും കളികൾ പറഞ്ഞും സമയം പോയതറിഞ്ഞില്ല അടുത്ത പീരിയഡിനുള്ള ബെല്ലടിച്ചു..
'സഞ്ചുവേട്ടാ.. ക്ലാസ്സുണ്ട്.. പോട്ടെ.. വൈകിട്ടു കാണാം.. '
'നിക്ക് മോളെ... ഇന്ന് ഞാൻ ഒരുപാട് വിഷമിപ്പിച്ചു.. മോൾ എന്നോട് ക്ഷമിക്ക്.. അതിനു പകരമായി ഇന്നാ..
ഉമ്മ
'
കല്യാണം കഴിഞ്ഞു പത്തു പന്ത്രണ്ടു വർഷമായിട്ടും രണ്ടു കുട്ടികൾ ഉണ്ടായിട്ടും അവൾക്ക് എന്തുകൊണ്ടോ നാണം വന്നു..
'പോ.. സഞ്ചുവേട്ടാ.. ഞാൻ വെക്കുവാ.. '
അന്ന് എല്ലാത്തിനും അവൾക്ക് ഉത്സാഹമായിരുന്നു.. ഒരുപാട് നാളുകൾക്ക് ശേഷം എല്ലാം മറന്ന് അവർ ഒന്നായി.. അവന്റെ മാറിൽ മുഖം ചേർത്തു കിടന്നപ്പോളാണ് അവൻ അവളോട് മുഖവുരയിട്ടത്..
'ഞാൻ ഒരു കാര്യം പറഞ്ഞാൽ നീ തെറ്റുധരിക്കുമോ..'
'എന്നോടെന്തെങ്കിലും പറയാൻ ഏട്ടനെന്തിനാ ഇങ്ങനൊക്കെ ചോദിക്കുന്നെ..'
'ആ ഹസ്സനിക്ക പൈസക്ക് വേണ്ടി വന്നിരുന്നു.. കുറച്ചു ചൂടായിട്ടാ സംസാരിച്ചത്.. അടുത്ത കടയിലുള്ളവരൊക്കെ കേട്ട് നാണക്കേടായി..'
'ആ പൈസ നമ്മൾ കഴിഞ്ഞ മാസം കൊടുത്തതല്ലേ..'
അവൾ അത്ഭുതംകൂറി..
'നിനക്കെന്നാ മറവിയാ പെണ്ണേ.. ആ കാശെടുത്തല്ലേ കഴിഞ്ഞ മാസം കടേലെ സാധനം എടുത്തത്.. ഹോ ഇവൾടെയൊരു കാര്യം.. '
അവൻ സ്നേഹത്തോടെ മായയുടെ തലയിൽ തട്ടി.. എന്നിട്ടും അവൾക്ക് ഓർത്തെടുക്കാൻ പറ്റുന്നില്ല.. മറന്നതാവും എന്നു കരുതി അവൾ അവന്റെ നെഞ്ചിൽ പറ്റിച്ചേർന്നു ചോദിച്ചു..
'എത്രയാ ഏട്ടാ ഇനി കൊടുക്കണ്ടേ..'
'അൻപതെങ്കിലും തത്കാലം കൊടുക്കണം.. ബാക്കി പിന്നീടായാലും കുഴപ്പമില്ല.. '
'അയ്യോ .. എന്റെ അക്കൗണ്ടിൽ ഇനി നാൽപ്പതേയുള്ളല്ലോ.. സാരമില്ല.. മഞ്ജു ടീച്ചറോട് പത്ത് ചോദിക്കാം.. രണ്ട് ദിവസത്തിനുള്ളിൽ റെഡി ആക്കാം.. ഏട്ടൻ സമാധാനിക്ക്.. '
അവന്റെ നെഞ്ചിലേക്ക് കുറുകിക്കൂടി അവൾ ഉറങ്ങി.. ഒരു ഗൂഢസ്മിതം അവന്റെ ചുണ്ടിൽ മിന്നിമാഞ്ഞു..
ഒരാഴ്ച്ച വല്യ പ്രശ്നമൊന്നുമില്ലാതെ ഇണപ്രാവുകളെപ്പോലെ അവർ നടന്നു .. വീണ്ടും എല്ലാം പഴയപടി..
നിശ്ചിത ഇടവേളകളിൽ ഈ കലാപരിപാടി നടന്നുകൊണ്ടേയിരുന്നു..
********
അങ്ങനെ ഒരു ദിവസം നാട്ടിൽ അച്ഛന്റെ പിറന്നാളിന് മായയും കുട്ടികളും പോകാൻ ഒരുങ്ങി.. ഓണം അവധിയായതുകൊണ്ട് സ്കൂൾ അടക്കുന്ന അന്ന് തന്നെ പോകാനായിരുന്നു പ്ലാൻ. സ്കൂളിൽ വന്ന് അവരെ കൂട്ടിക്കൊണ്ടുപോകാൻ അവളുടെ അച്ഛൻ വരും.. രണ്ടു ദിവസം കഴിഞ്ഞാണല്ലോ പിറന്നാൾ പിറ്റേ ദിവസം സഞ്ജു എത്തിയാൽ മതി.. അങ്ങനെ തീരുമാനിച്ചു..
പോകുന്നതിനു രണ്ടു ദിവസം മുന്നേ മുതൽ സഞ്ജിത്തിന്റെ സ്നേഹപ്രകടനങ്ങളും അവരെ രണ്ടു ദിവസം കാണാതിരിക്കുന്നതിനുള്ള ചങ്കിടിപ്പും അറിയിച്ചു തുടങ്ങി... ആ സ്നേഹം താങ്ങാനാകാതെ കുട്ടികളെ അച്ഛന്റെ കൂടെ വീട്ടിൽ വിട്ടിട്ട്.. അവൾ സഞ്ജുവിന്റെ ഒപ്പം പോകാൻ തീരുമാനിച്ചു.. അവനെ അറിയിക്കാതെ... ഒരു സർപ്രൈസ് ആയിക്കോട്ടെ..
തിരിച്ചു വന്നപ്പോൾ കട പൂട്ടികിടക്കുന്നു.. സഞ്ജു വിഷമിച്ചു വീട്ടിൽ പോയിക്കാണും എന്നു കരുതി.. വിഷമം വരുമ്പോൾ അവൻ അൽപ്പം മദ്യപിക്കുമെന്ന് അവൾക്കറിയാം... വേറെ ദുശീലം ഒന്നും ഇല്ലാത്തതുകൊണ്ട് അത് അവൾ അറിഞ്ഞോണ്ടുതന്നെ കണ്ണടച്ചു കൊടുക്കും..
വീട്ടിൽ ചെന്നപ്പോൾ മുൻവാതിൽ പൂട്ടി കിടക്കുകയായിരുന്നു.. അടുക്കള വശത്തേക്ക് നടന്നപ്പോളാണ് അവരുടെ മുറിയിൽ അടക്കിപ്പിടിച്ച സംസാരം ശ്രദ്ധിച്ചത്..
'സഞ്ജു.. കഴിഞ്ഞ പ്രാവശ്യം തന്ന സ്വർണ്ണ കൊലുസ്സിനു പൊലിപ്പില്ല കേട്ടോ... '
' എന്റെ മുത്തേ.. ആ പിശാശ്ശിന്റെ കയ്യീന്ന് പൈസ അടിച്ചു മാറ്റാൻ ഞാൻ പെടുന്ന പാട്... നട്ടാൽ കിളുക്കാത്ത നുണ പറയുന്നത് പോട്ടെ.. ആ താടകയെ രാത്രിയിൽ സഹിക്കണം.. '
'എന്നാൽ പിന്നെ അവളെ ഒഴിവാക്കാൻ ഞാൻ എത്ര നാളായി പറയുന്നു.. ഞാൻ അങ്ങേരെ ഉപേക്ഷിച്ചു കാത്തിരിക്കാൻ തുടങ്ങിയിട്ട് എത്ര നാളായി.. '
'എന്റെ മോളെ പൊന്മുട്ട ഇടുന്ന താറാവിനെ ഒറ്റയടിക്ക് കൊല്ലാൻ പറ്റുമോ.. നമുക്കിങ്ങനൊക്കെ പോകാം.. ഇടക്കിടെ അവളെ ഒന്നു പൊക്കി വിട്ടാൽ അവളുടെ പൈസ മുഴുവൻ നിന്റെ അക്കൗണ്ടിൽ എത്തും..'
'നിന്റെയോ... നമ്മുടെ എന്നു പറ സഞ്ജു... വെറുതെ പോലും നമ്മളെ രണ്ടായി പറയുന്നത് എനിക്ക് സഹിക്കില്ല.. നമുക്ക് ഏട്ടന്റെ കട മതിയല്ലോ ജീവിക്കാൻ..'
'അതും അവളുടെ തന്തപ്പടി തന്നതല്ലേ... അതീന്ന് വല്യ വരുമാനം ഒന്നുമില്ല.. പിന്നെ അത് തുറക്കുന്നത് തന്നെ വല്ലപ്പോഴുമല്ലേ.. മുത്തിന്റെ അടുത്തേക്ക് വരാൻ അതു മിക്കപ്പോഴും അടച്ചിടുവാ.. ആ വീപ്പക്കുറ്റിക്ക് നേരമില്ലാത്തതും.. ആ കടയുടെ പരിസരത്തു വന്ന് ആരോടും ഇടപെടാത്തതും നമ്മുടെ ഭാഗ്യം.. ഞാൻ തന്നെയാ അതൊക്കെ വിലക്കിയത്.. അതുകൊണ്ട് രക്ഷപെട്ടു.. '
പാതി തുറന്ന ജനൽ പാളി അവൾ ശബ്ദമുണ്ടാക്കാതെ തുറന്നു... അതിന്റെ കുറ്റി പോയത് പല പ്രാവശ്യം നന്നാക്കാൻ പറഞ്ഞതാണ്... മറന്നുപോയത് എത്ര നന്നായി.. കർട്ടൻ പതിയെ മാറ്റിയപ്പോൾ കണ്ട രംഗം അവളുടെ ഉള്ളുലക്കുന്നതായിരുന്നു.. വീഴാതിരിക്കാൻ അവൾ ജനൽ പാളിയിൽ മുറുകെപ്പിടിച്ചു.. ഒച്ച കേട്ട് സഞ്ജുവും കാമുകിയും നോക്കി.. പെട്ടെന്ന് പുതപ്പുകൊണ്ട് നാണം മറച്ചു രണ്ടുപേരും..
കാറ്റുപോലെ വന്ന് മുൻവാതിലിൽ മായ ശക്തിയായി തട്ടി.. അൽപ സമയത്തിനു ശേഷം കതകു തുറക്കപ്പെട്ടു.. കുനിഞ്ഞ മുഖത്തോടെ സഞ്ജു പ്രത്യക്ഷപ്പെട്ടു.. പെട്ടെന്ന് അവരെ നോക്കാതെ അവന്റെ മെലിഞ്ഞു സുന്ദരിയായ കാമുകി ബാഗ് എടുത്തു പുറത്തേക്ക് പോയി..
വാക്ക് തർക്കങ്ങൾ ഒരുപാട് നടന്നു.. അവസാനം അവളുടെ അച്ഛൻ കൊടുത്ത സ്വന്തം വീട്ടിൽ നിന്ന് സഞ്ജിത്തിനെ മായ നിർദാക്ഷണ്യം ഇറക്കി വിട്ടു.. മുറപോലെ ഡൈവോഴ്സ് നടന്നു.. സഞ്ജിത് അവന്റെ കാമുകിയുടെ കൂടെ പോയി..
******
കുറെ വിഷമിച്ചെങ്കിലും മായ ഇപ്പോൾ സന്തോഷവതിയാണ്.. അച്ഛനും അമ്മയും അവളോടൊപ്പം താമസമാക്കി.. അച്ഛൻ കട തുറന്നു പ്രവർത്തിപ്പിക്കാൻ തുടങ്ങി..
ഇഷ്ടം പോലെ സമയം.. വർക്കൗട്ട് ചെയ്തും.. പല ആഹാര രീതികൾ പരീക്ഷിച്ചും.. മായ കുടുംബത്തിന് വേണ്ടി കളഞ്ഞ അവളുടെ ആരോഗ്യവും സൗന്ദര്യവും തിരികെ നേടി..
ഒരു ദിവസം കോളിങ് ബില്ലിന്റെ ഒച്ച കേട്ടു.. മായയും അമ്മയും അടുക്കളയിലായിരുന്നു.. അച്ഛൻ കതകുതുറന്നു.. പരിചിതമായ ശബ്ദം കേട്ടു.. അതോടൊപ്പം അച്ഛൻ അവളെ വിളിച്ചു..
'സഞ്ചുവേട്ടൻ..'
അവൾ കാലങ്ങളായി ആഗ്രഹിച്ചിരുന്നു ഈ കൂടിക്കാഴ്ച.. അയാൾ മക്കളോട് വിശേഷങ്ങൾ ചോദിക്കുകയും
ഉമ്മ
വെക്കുകയും ചെയ്യുകയായിരുന്നു..
'മായേ'
അയാളിൽ നിന്നും ഒരു തേങ്ങൽ പുറത്തു വന്നു.. അച്ഛനും അമ്മയും കുട്ടികളെക്കൂട്ടി അകത്തേക്ക് പോയി..
'നീയാകെ മാറി.. ഞാൻ ആഗ്രഹിച്ചതുപോലെ മെലിഞ്ഞു സുന്ദരിയായി.. നീ എനിക്ക് വേണ്ടിയാണ് മാറിയതെന്ന് എനിക്കറിയാം.. അവൾ.. ആ മൂധേവി എന്റെ കയ്യിൽ നിന്നും വരുമാനം നിലച്ചപ്പോൾ എന്നെ ചണ്ടി പോലെ വലിച്ചെറിഞ്ഞു.. ഇപ്പൊ വേറൊരുത്തന്റെ കൂടെയാ.. എന്റെ പൊന്ന് എനിക്ക് വേണ്ടി കാത്തിരിക്കുമെന്ന് എനിക്ക് അറിയാമാരുന്നു.. ഈ ഏട്ടന്റെ നെഞ്ചിലെ ചൂടില്ലാതെ നീയെങ്ങനെ ഉറങ്ങും.. അല്ലെ'
മായയുടെ കണ്ണിൽ നിന്നും നീർത്തിളക്കം കവിളിലൂടെ ഭൂമിയിലേക്ക് ഉരുണ്ടു വീണു..
സഞ്ജു അവളുടെ അടുത്തേക്ക് വന്നു... അവളെ നെഞ്ചോട് ചേർത്തു..
പെട്ടെന്ന് സഞ്ജു ഭിത്തിയിൽ ചെന്ന് ഇടിച്ചു നിന്നു.. സർവ ശക്തിയും എടുത്ത് തള്ളുകയായിരുന്നു മായ.. അവളുടെ മുഖവും കണ്ണുകളും ദേഷ്യം കൊണ്ടു ചുവന്നു..
'താൻ വിഷമിക്കണ്ടെടോ.. അവൾ ഒരു പുഴുത്ത പട്ടിയെപ്പോലെ തന്റെ അടുത്തേക്ക് തിരിച്ചു വരും.. താൻ ഇപ്പൊ വന്നതുപോലെ.. അപ്പൊ താൻ എന്തു ചെയ്യണമെന്ന് അറിയാമോ.. ഭഗവാനെ മനസ്സിൽ ധ്യാനിച്ച്.. ധൈര്യം സംഭരിച്ച് ... എല്ലാ ശക്തിയും ഈ വലത്തുകയ്യിൽ ആവാഹിച്ച്... സോറി താൻ ഇടം കയ്യനാണല്ലോ.. താൻ ഇടതു കൈയിൽ ആവാഹിച്ചോ.. എന്നിട്ട് ഒരു നിമിഷം കണ്ണടച്ച്.. സർവശക്തിയും എടുത്ത് കരണക്കുറ്റി നോക്കി ഒറ്റ ഒരടി കൊടുക്കണം ദാ ഇതുപോലെ.. '
സഞ്ജിത്തിന്റെ കണ്ണിൽ നിന്നും പൊന്നും വെള്ളിയും എല്ലാ കളറിലുമുള്ള ഈച്ചകൾ വട്ടമിട്ടു പറന്നു.. കണ്ണു തുറന്നപ്പോൾ മായ മുന്നിലില്ല പകരം അവളുടെ അച്ഛൻ... അവൻ ഉറക്കെ അലറി..
'ഡീ... നീയെന്നെ...'
'മോനെ.. അലറണ്ട.. ഇനി അവളുടെ കയ്യീന്ന് മേടിക്കണ്ട... അവൾക്ക് സ്വന്തം കാലിൽ നിൽക്കാൻ ഒരു ജോലിയുണ്ട്.. സ്വന്തമെന്നു പറയാൻ ഞങ്ങളും മക്കളുമുണ്ട്.. ഇനിയൊരു കൂട്ടു വേണം എന്ന് തോന്നിയാൽ അതു കണ്ടുപിടിക്കാൻ ഉള്ള വകതിരിവും നീ ഉണ്ടാക്കിക്കൊടുത്തിട്ടുണ്ട് .. അതല്ല ജീവിതകാലം മുഴുവൻ ഒരു ജീവിതപങ്കാളിയില്ലാതെ ജീവിക്കാനാണെങ്കിൽ മരണം വരെ ഞങ്ങൾ കൂടെയുണ്ട്.. അതുകൊണ്ട് എക്‌സ് മരുമോൻ ചെല്ല്..'
ആ വാതിൽ അയാൾക്കുമുന്നിൽ എന്നെന്നേക്കുമായി കൊട്ടിയടക്കപ്പെട്ടു.. അടുത്ത മെലിഞ്ഞ സുന്ദരിയെത്തേടി അയാൾ എങ്ങോട്ടെന്നില്ലാതെ നടന്നു..
*********
ദീപാ ഷാജൻ

അവൾ പോയതിന് ശേഷം I ShortStory I Malayalam


 ചടങ്ങുകൾ കഴിഞ്ഞു. മോനും മോളും കരഞ്ഞു തളർന്നകത്തെ മുറികളിലെവിടെയോ ഉണ്ട്. അയാൾ കസേരകളുടെയും ടാർപ്പാളിന്റെയും വാടക എണ്ണിക്കൊടുത്തു.
"മനുവേട്ടാ ആ നൂറിന്റ നോട്ട് ഇത്തിരി കീറിയിട്ടുണ്ട്. അത് മാറ്റി കൊടുക്കണേ "
അവളുടെ ശബ്ദം കേട്ട പോലെ.അയാൾ ഞെട്ടി നോക്കി. തോന്നിയതാണ്.
"സാറെ ഇത് കീറിയിട്ടുണ്ടല്ലോ മാറ്റി തരാമോ? "കസേരയുടമ ചോദിച്ചപ്പോൾ അയാൾ അതിശയത്തോടെ നോട്ട് വാങ്ങി.
"ബാക്കി വന്ന ആഹാരമൊക്കെ ഇവിടെ വേണോ അതോ? "
കാറ്ററിംഗ് സർവീസ് പയ്യനാണ്.
"അതവർക്ക് കൊടുത്തേക്ക് മനുവേട്ടാ.. കുറച്ചേയുള്ളു. "വീണ്ടും അവൾ
"അല്ല കുറച്ചേയുള്ളു ഇവിടെ വേണമെങ്കിൽ
തരാം "അയാളോട് അവൻ പറഞ്ഞു
"വേണ്ട കൊണ്ട് പൊയ്ക്കോ "
അയാൾ പറഞ്ഞു.. പിന്നെ തിണ്ണയിൽ ഇരുന്നു.. ഇനി മുന്നോട്ട് എങ്ങനെയാണ് പോകേണ്ടത്..? ഒരു ശൂന്യത. അവളില്ല..
"എന്നോടെത്ര ഇഷ്ടം ഉണ്ട്? "ചിലപ്പോൾ ഒരു
കൊച്ചുകുട്ടി ചോദിക്കും പോലെയവൾ ചോദിക്കും
"ഈ ആകാശത്തോളം "മറുപടി പറയുമ്പോൾ ഒരു ചിരിയുണ്ട്..
"I am lucky "അവൾ മെല്ലെ മന്ത്രിക്കും..
അവളോടൊപ്പമായിരുന്നു എപ്പോഴും. ആ കണ്ണൊന്നു നിറഞ്ഞാൽ,മുഖം ഒന്ന് വാടിയാൽ തന്റെ ഉള്ളു പിടയും
"എന്താ മാളു വയ്യേ? "താൻ ചോദിച്ചു കൊണ്ടേയിരിക്കും.
"ഈ മനുവേട്ടൻ... ഇത്രയും സ്നേഹിക്കണ്ട കേട്ടോ ദൈവം എന്നെ നേരെത്തെ അങ്ങ് വിളിക്കുമെ"
അത് കേൾക്കുമ്പോൾ തനിക്ക് ദേഷ്യം വരും. പിണങ്ങും. പിന്നെ ഇണക്കാനുള്ള സൂത്രങ്ങളാണ്.. അയാൾ സ്വയം ഒന്ന് ചിരിച്ചു.
മക്കൾക്ക് ജീവനായിരുന്നു അവളെ. ഒരു ഈർക്കിൽ എടുത്തു പോലും തല്ലിയിട്ടില്ല. ഉറക്കെ ശകാരിക്കുക പോലുമില്ല. ഓരോന്നും പറഞ്ഞു കൊടുക്കുന്നത് സ്നേഹം പൊതിഞ്ഞാണ്. അങ്ങനെയല്ലട്ടോ മോളു ദേ ഇങ്ങനെ.. മോനോടും അങ്ങനെ തന്നെ.. അവരെ കുഞ്ഞായിരിക്കുമ്പോൾ തന്നെ എല്ലാം പരിശീലിപ്പിക്കുമായിരുന്നു. നേരെത്തെ പോകുമെന്ന് അറിയാമായിരുന്നോ അവൾക്ക്?
"അച്ഛാ കാപ്പി "
മകൾ കുളിച്ചു വേഷം മാറിയിരിക്കുന്നു..
"മോനെവിടെ? "
"അവനാ മുറികൾ ഒക്കെ ഒന്ന് അടുക്കി വെയ്ക്കുവാ.. പതിനാറു ദിവസവും ആൾക്കാർ ഉണ്ടായിരുന്നതല്ലേ? അമ്മക്ക് ഇഷ്ടമല്ല ഇങ്ങനെ അലങ്കോലമായി കിടക്കുന്നത്.." മോൾ ദൂരെ നോക്കി പറഞ്ഞു.
അത് ശരിയായിരുന്നു. ഒരു കടലാസ് സ്ഥാനം മാറി കിടക്കുന്നത് ഇഷ്ടമല്ല. അടുക്കും ചിട്ടയും വൃത്തിയും വെടിപ്പും.. അതാണ് ശീലം.
ഒഴിവു ദിവസങ്ങളിൽ മക്കളും അവളും കൂടിയാണ് ജോലികൾ ചെയ്യുക.
"അച്ഛനെ കൂടെ കൂട്ടമ്മേ. മടിയൻ ഇരിക്കുന്നത് കണ്ടില്ലേ? "
മോൾ പറയാറുണ്ട്
"അതൊക്കെ ചെയ്തോളും അല്ലെ ഏട്ടാ? "
തന്നെ ബുദ്ധിമുട്ടിക്കില്ല മിക്കപ്പോഴും.
പക്ഷെ ഇനിയെല്ലാം ചെയ്യണം. കുട്ടികൾക്ക് സ്കൂളിൽ പോകണം. അവരുടെ വസ്ത്രങ്ങൾ തിരുമ്മണം. പാചകം ചെയ്യണം. തനിക്ക് ജോലിക്ക് പോകണം. ഇനി ലീവില്ല. അയാൾ എഴുനേറ്റു അകത്തേക്ക് ചെന്നു
"ഇന്ന് കഞ്ഞി കുടിക്കണേ ഏട്ടാ..ഇഷ്ടമല്ല എന്നറിയാം. പ്ലീസ് പ്ലീസ് "വീണ്ടും അവൾ പറയും പോലെ
"അച്ഛാ കഞ്ഞി വിളമ്പി.. ഇന്ന് മാത്രം.. നാളെ മുതൽ പലഹാരം എന്തെങ്കിലും ആക്കാം "
മകൾ പെട്ടെന്ന് മുതിർന്നു .. അയാൾ ആ ശിരസിൽ ഒന്ന് തലോടി.
"അച്ഛൻ ചെയ്തോളാം നാളെ മുതൽ.. ഇന്ന് കൂടി ഇങ്ങനെ പോകട്ടെ "അയാൾ പറഞ്ഞു
"എല്ലാർക്കും കൂടി ചെയ്യാം ഞങ്ങളെ കൂടെ വിളിച്ചാ മതി "
മോൻ അച്ഛനെ കെട്ടിപിടിച്ചു പറഞ്ഞു..
"അമ്മ പറയും.. ആരുമില്ലങ്കിലും തളർന്നു പോകരുത് എന്ന്..അച്ഛൻ വിഷമിക്കണ്ട
ഈ സമയവും കടന്നു പോകും. നമ്മൾ സഹിക്കും.അമ്മയുണ്ടിവിടെ. അമ്മ എവിടെ പോകാനാ നമ്മളെ വിട്ട്? "
മോൾ കഞ്ഞി വിളമ്പി കൊണ്ട് പറഞ്ഞു.. പതിനാറു വയസ്സിൽ മകൾ സ്ത്രീ ആയിരിക്കുന്നു. അവളുടെ അമ്മയെ പോലെ ധൈര്യം ഉള്ള സ്ത്രീ.
രാത്രിയിൽ അയാളുടെ രണ്ടു വശത്തും മക്കൾ കിടന്നു..
"ഇനി മുതൽ ഞങ്ങൾ ഇവിടെ കിടന്നോളാം അച്ഛാ "മക്കൾ പറഞ്ഞപ്പോൾ അയാൾ അവരെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു..
"അച്ഛാ രാവിലെ ട്യൂഷൻ ഉണ്ട്. വെളുപ്പിന് വിളിക്കണേ "
മോൾ പറഞ്ഞു..
അയാൾ ഒന്ന് മൂളി
മോൻ ഉറങ്ങിയിട്ടില്ല എന്ന് തോന്നി. അവൻ ഇടക്ക് ഏങ്ങലടിക്കുന്നത് അറിയാം..അവൻ തന്നെ പോലെയാണ്. ദുർബലനാണ്. കുഞ്ഞല്ലേ? അയാൾ ആ നെറ്റിയിൽ ചുണ്ടമർത്തി..
ഒരു ഉറക്കത്തിൽ യാത്ര പോലും പറയാതെ പോകാൻ മാത്രം എന്ത് തെറ്റാണ് ഞാൻ ചെയ്തത് എന്നയാൾ അവളോട് പിന്നെയും പിന്നെയും നിശബ്ദമായ് ചോദിച്ചു കൊണ്ടിരുന്നു.
എന്നാലും യാത്ര ചെയ്യാനിനിയും ഏറെ ദൂരം ഉണ്ടെന്നോർക്കവേ മക്കളെ ഒന്ന് കൂടി ചേർത്ത് പിടിച്ചയാൾ കണ്ണടച്ച് ഒരു ഉറക്കത്തിനായി പ്രാർത്ഥിച്ചു.

Written by Ammu Santhu

വേവലാതി പിടിച്ചവന്റെ ആത്മഹത്യാക്കുറിപ്പ് I Upendran Madikai

 

നിങ്ങളെ എല്ലാവരെയും ഒന്ന് നേരിട്ട് കാണണമെന്നുണ്ടായിരുന്നു.പക്ഷെ അതിനുള്ള സമയം കഴിഞ്ഞിരിക്കുന്നു. ഒരു പക്ഷിക്കൂട്ടം പോലെ മനസ് ചില്ലകളുള്ള ഒരു മരകൊമ്പ് തേടി ആർത്തി പിടിച്ചോടുകയാണ്.നിങ്ങളുടെ സന്തോഷം നിറഞ്ഞ ജീവിത ഏടുകൾ ഒന്ന് മറിച്ച് നോക്കാൻ പോലും എനിക്കാവുന്നില്ല.
കരകവിഞ്ഞൊഴുകുന്ന നദിയെ പോലെ നിങ്ങൾ പാത വക്കുകൾ ചവിട്ടിയരച്ച് എന്നരികിലേക്കെത്താൻ അല്പം സമയം മാത്രം മതി. പൂത്തക്കാലിലെ മുരളി നട്ട് പടർന്ന് പന്തലിച്ച പൂമരകൊമ്പ് നോക്കി നിങ്ങൾ പൂക്കൾ വാടിയ മരക്കൊമ്പിലേക്കെന്ന പോലെ നോക്കി ഒരു വാക്കുച്ചരിച്ചെന്നിരിക്കും.
"കഷ്ടം"
അപ്പോൾ ഉടുമുണ്ടിന്റെ പകുതി നീളത്തിൽ, ഞാൻ എനിക്കായി തീർത്ത വളയ സൗധത്തിൽ കഴുത്ത് ഞെങ്ങിയമർന്ന് നിങ്ങളെ നോക്കും. ഇതാ.. ഈ ജീവിച്ചിരിക്കുന്ന ഈ സമയത്തും ഞാൻ ലോകത്തെ മുഴുവൻ ഇങ്ങിനെതന്നെ നോക്കിക്കൊണ്ടിരുന്നവനാണ്.
ജീവിച്ചിരിക്കുമ്പോഴും കഴുത്തിലെന്തോ മുറുകുന്നുണ്ടെന്ന പോലെ എനിക്കനുഭവപ്പെടാറുണ്ട്.
അതിന്റെ അനുരണനമായി എന്നും ശ്വാസം മുട്ടലുമായി ഞാൻ ജീവിച്ചു.
കഴുത്തിൽ ഞെക്കിപിടിയുടെ ഒരു അസ്വസ്ഥതയുമായി ജീവിക്കാത്തവരാരുണ്ട്...?
ഇരു കൈകളിലും മൺകുടവുമായി വാഴ തടത്തിൽ വെള്ളമൊഴിക്കുമ്പോൾ ഞാനെന്നും ഓരോ വാഴയേയും പേര് ചൊല്ലി വിളിച്ചിരുന്നു.ഒന്നാം വരിയിലെ ആദ്യ വാഴയ്ക്ക് അമ്മയുടെ പേരായിരുന്നു, മീനാക്ഷി.രണ്ടാം നിരയിൽ ഭാര്യ സുധ... അവൾ കുലച്ച് നിൽക്കുന്നത് കാണാനാണ് എന്നും എനിക്ക് കൊതി. വളരാൻ മടിക്കുന്ന അവസാന വരിയിലെ മൂന്ന് വാഴകളിൽ രണ്ടെണ്ണത്തിന് ഇപ്പോൾ അടുത്തകാലത്താണ് മക്കളുടെ പേര് നൽകിയത് നന്ദുവും, പൊന്നുവും... മൂന്നാമത്തെ പേര് അവളുടെ ഗർഭപാത്രത്തിൽ ഒരു വാഴ കൂമ്പു പോലെ മുളച്ച് വരുന്നത്രേ...
നാളത്തെയോ മറ്റന്നാളിലോ ഏതെങ്കിലും പത്രത്തിൽ നിങ്ങൾ വായിച്ചെന്നിരിക്കും- "വാഴ കർഷകൻ ആത്മഹത്യ ചെയ്തു".
ആധാർ കാർഡിലെ അവ്യക്ത ചിത്രം സ്ക്കാൻ ചെയ്തെടുത്തപ്പോൾ, മങ്ങിപ്പോയ ഫോട്ടോയിലൂടെ ചരമ കോളത്തിൽ നിന്നും ഞാൻ ചിരിക്കും. അന്നേരം നിങ്ങളുണ്ടാക്കുന്ന കുറ്റപ്പെടുത്തലുകൾ ഞാനിപ്പോൾ വ്യക്തമായും കേൾക്കുന്നുണ്ട്.
"ഒന്നുല്ലങ്കിലും.. രണ്ട് മക്കളെ ഓർത്തൂടെ ഒന്..".
ഭാര്യയും മക്കളും നീളം കീറിപ്പോയ ഒരു പായയിൽ കിടക്കുന്നു. മണ്ണെണ്ണ വറ്റി തുടങ്ങിയ വിളക്കുകൾ മക്കളുടെ മുഖം പ്രകാശിപ്പിച്ചില്ല. എന്നും ചുരുണ്ട് മാത്രം കിടക്കുന്ന ഭാര്യ എന്തോ ഒരു ധൈര്യശാലിയെ പോലെ നെഞ്ചും വിരിച്ച് കിടക്കുന്നത് കാണുമ്പോൾ സമാധാനം തോന്നി.
എന്തിനെയും നേരിടാനുള്ള കരുത്ത് ഇവൾക്കുണ്ട്. ഈ കരുത്താണെനിക്കില്ലാതെ പോയത്.
വീട് വിട്ടിറങ്ങുമ്പോൾ പഴയ ഗൗതമ ബുദ്ധന്റെ പാo ഭാഗം ഓർമ്മ വരുന്നു.ബന്ധുക്കളെ വിട്ട കലുന്ന ബുദ്ധന്റെ ചിത്രം ഞാൻ വളർന്നു വലുതാകുന്നതുവരെ മനസിലുണ്ടായിരുന്നു.
ഭാര്യയെ ഒരിക്കൻ കൂടി നോക്കി. ഇല്ല അവളുടെ മുഖമിപ്പോൾ മണ്ണണ്ണ വിളക്കിന്റെ പുകകൊണ്ട് മൂടിയിരിക്കുന്നു. മക്കൾ അവളുടെ വലിയ രണ്ട് കണ്ണുനീർ തുള്ളി പോലെ ഇടതും വലതുമായി ചുരുണ്ട് കിടപ്പാണ്.
ബുദ്ധന്റെ ഭാര്യയുടെ പേര് യശോധര എന്നാണോ എന്ന് എനിക്ക് ശരിക്കും ഓർമ്മയില്ല, എന്നിട്ടും ഇറങ്ങുമ്പോൾ ഞാനവളെ മനസ്സിൽ അങ്ങിനെയാണ് വിളിച്ചത്.
പിറകിൽ വീട് അകന്നു കൊണ്ടിരുന്നു. അപ്പോൾ വീടിന്റെ ഒരു ഗന്ധം എന്നെ പൊതിഞ്ഞിട്ടുണ്ടായിരുന്നു.സ്വന്തം വീടിന് ഒരു മണമുണ്ടാകാറുണ്ട്. അത് ഓരോരുത്തരുടെയും വീടിന് വ്യത്യസ്ഥമായിരിക്കും. നമ്മുടെ കണ്ണിലെ കൃഷ്ണമണി പോലെ, കൈയ്യിലെ തള്ളവിരൽ രേഖകൾ പോലെ അവ വ്യത്യസ്ഥം തന്നെയായിരിക്കും.
എന്റെ വീടിനെന്നും മഴ നനഞ്ഞ അടിന്റെ മണമായിരുന്നു. എന്ത് വൃത്തിയാക്കിയാലും പോകാത്ത മറ്റുള്ളവർക്ക് അസഹനീയവും എന്നാൽ എനിക്കാ സ്വാദ്യവുമായൊരു ഗന്ധമായിരുന്നത്. ആ മണം എന്നിൽ നിന്നും അകന്നു കൊണ്ടിരുന്നു.നടത്തത്തിന്റെ വേഗതയിൽ ഒരു നനഞ്ഞ കാറ്റ് വന്ന് വസ്ത്രമുരിയുമ്പോലെ ആടിൻ ഗന്ധം എന്നിൽ നിന്നും ഊർന്നെടുത്തു.റോക്കറ്റുകൾ ഭൂമിയുമായുള്ള ബന്ധം വിഛേദിക്കുന്ന പോലെ അത് എന്നെ വഴി തിരിയാത്തവനാക്കി.ആ ഗന്ധം നഷ്ടപ്പെട്ടതിന് ശേഷം വീടുമായുള്ള ഓർമ്മ എന്നിലേക്ക് തിരിച്ചെത്തിയതേയില്ല.
കാറ്റ് ചില വലിയ കാടുകളിൽ കുടുങ്ങി ഞരങ്ങുന്ന ശബ്ദം മാത്രം രാത്രിയിൽ എന്നെ വേഗം നടക്കുവാൻ പ്രേരിപ്പിച്ചു.കാട്ട് ചില്ലക്കുരുക്കിൽ ശ്വാസം മുട്ടുന്ന ഇളം കാറ്റ് എന്നോട് പതുക്കെ പറയുന്നുണ്ടായിരുന്നു.
"വേഗം നടക്ക്.."
ഞാൻ എന്റെ വാഴക്കണ്ടത്തിനരികിലെത്തി. കുലക്കാൻ മോഹിച്ച സുധയും ആകാശത്തോളം വളരാൻ കൊതിച്ചിരുന്ന കൂമ്പ് പൊട്ടി മുളയ്ക്കാൻ പോലും സമയം തികയാതിരുന്ന നന്ദുവും പൊന്നുവും വാഴ പോളകളൊടിഞ്ഞ് തലകുത്തി വീണിരിക്കുന്നു. കൊടുങ്കാറ്റിലും തല നിവർത്തി,ചുറ്റിലും വീണ ആയിരമായിരം നേന്ത്രവാഴകൾക്കിടയിൽ മീനാക്ഷി മാത്രം നിലംപതിച്ചില്ല. അതിനരികിൽ ചെന്ന് "അമ്മേ " എന്ന് പതുക്കെ വിളിച്ചു.ചെളിക്കണ്ടത്തിൽ പൂഴ്ന്ന് പോയ സുധയുടെ ഇളം മേനിയിൽ തൊട്ട് ഞാൻ വെറുതെ ഒരു മോഹം പറഞ്ഞു പോയി.
"ചുള്ളിക്കാൽ പാടത്ത്... ഇനിയും മുളയ്ക്കണം.. നീ ".
ചളി പടർന്ന കാലുകൾ നീട്ടി വീണ്ടും നടന്നു, മുരളിയുടെ പൂമരം തേടി. അവൻ സ്ക്കൂളിൽ നിന്നും കൊണ്ട് വന്ന് നട്ട തൈയാണത്.ഇപ്പോൾ ഒരു പത്തിരുപത്തഞ്ച് വർഷമായി. അത് പൂക്കുന്നത് കാണുവാൻ മാത്രം ഏപ്രിൽ-മെയ് മാസങ്ങളിൽ അവൻ ലീവെടുത്ത് നാട്ടിൽ വന്നിട്ടുണ്ട്. കഴിഞ്ഞ വരവിൽ അതിന് കീഴിൽ നിന്ന് രണ്ട് മൂന്ന് സെൽഫി എടുത്തിത്ത് ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു പോലും. അത് കണ്ട് അവനോട് കൂടെ പഠിച്ച ജനകി വിളിച്ച് ചോദിച്ചത്രേ... ഇതാരാ.. ഈ നീളം കുറഞ്ഞ ഒരുത്തനെന്ന്
ജാനകി നീയും അറിയണം ശരീരവളർച്ച എന്നപോലെ ജീവിതം മുരടിച്ച ഒരാൾ നിങ്ങളുടെ മുൻ ബഞ്ചിലിരുന്ന് പഠിച്ചിട്ടുണ്ടെന്ന്.. ഓർത്ത് നോക്കിയാൽ അവന്റെ പേര് എൺപത്തിയെട്ടിലെ ഓട്ടോ ഗ്രാഫിലെങ്കിലും തെളിയും.
പൂമരത്തിന് മുകളിൽ നിലാവ് മൂത്രമൊഴിച്ച പോലെ മഞ്ഞിൻ തുള്ളികൾ ഇറ്റുവീഴുന്നു. ശാഖകൾ കഴുത്ത് നീട്ടി നാലുഭാഗങ്ങളിലും മുരളിയുടെ പൂമരം നിൽക്കുമ്പോൾ അവന്റെ വീട്ടിൽ മാത്രം മണക്കുന്ന ഒരു തരം മിഠായി ഗന്ധം പരന്നു.ഞാൻ നേരത്തെ പറഞ്ഞില്ലേ.. ഓരോ വീടിനും ഓരോ ഗന്ധമാണെന്ന്..
ഞാൻ മരചുവട്ടിലൽപ്പം നിന്നു, പിന്നെ നഗ്നമായ കാലുകൾ മരത്തിലമർത്തി ഉണങ്ങി പോകാത്ത ഒരു ശാഖ നോക്കി വലിഞ്ഞ് കയറുമ്പോൾ പേടിച്ച് കൂട് വിട്ടകലുന്ന പക്ഷികളുടെ ചിറകൊച്ചകൾ കേട്ടു.
എനിക്കൊന്നെ പറയാനുള്ളു നിങ്ങളോട്...കൃഷി നാശം സംഭവിച്ച ഒരു കർഷക ആത്മഹത്യയായി മാത്രം കാണരുതെന്റെ മരണത്തെ... സ്വാഭാവിക മരണത്തിനും കുറച്ച് നിമിഷങ്ങൾക്കോ, ദിവ സങ്ങൾക്കോ, വർഷങ്ങൾക്കോ മുമ്പ് തീരുമാനിച്ചുറപ്പിച്ച ഒരു നിരാശാജന്മത്തിന്റെ അവസാനപ്പെടൽ അത്ര മാത്രം... പിന്നെ മരണാന്തരം നിങ്ങളെ ഭയപ്പെടുത്താവുന്ന ഈ മരത്തെ മുറിച്ച് മാറ്റരുതെന്ന ഓർമ്മപ്പെടുത്തലും.. ഈ മരം ജീവിതത്തെ കുറിച്ച് വേവലാധിപ്പെട്ടവന്റെ ഹൃദയതുടിപ്പായി ചുവന്ന പൂക്കളെ ഛർദ്ദിച്ച് ഈ കുന്നിൻ പുറത്ത് കാറ്റിനാൽ ഭ്രാന്ത് പിടിച്ചിളകിയാടട്ടെ.
ഒന്നു കൂടി പറയട്ടെ..ഓരോ മരണങ്ങൾക്കും... അങ്ങിനെ പ്രത്യേകിച്ചൊരു കാരണമുണ്ടാകില്ല, നിങ്ങളുണ്ടാക്കുന്ന ചില നിഗമനങ്ങൾ മാറ്റി നിർത്തിയാൽ.
[ഉപേന്ദ്രൻ മടിക്കൈ ].

കനൽ വീഴുന്ന പാതയോരങ്ങൾ I ShortStory I Rahman



സൂര്യകിരണങ്ങൾ പുലരിയെ തഴുകി പൂവിതളുകളെ ചുംബിച്ചു കിളികളുടെ കൂജനങ്ങളിൽ ലയിച്ചു ചേർന്നു കാറ്റിന്റെ മർമ്മര ശബ്ദത്തിൽ തരളിതമായി ജാലകത്തിലൂടെ എന്റെ മിഴികളെ തൊട്ടുണർത്തിയപ്പോൾ ഞാൻ പിടഞ്ഞെഴുന്നേറ്റു.

ബെഡിൽ നിന്നും എഴുന്നേറ്റ് ജാലക ചില്ലുകൾ തുറന്നു വെച്ചു ചുറ്റുപാടും നിരീക്ഷിച്ചു. പ്രകൃതിയുടെ സൗന്ദര്യം ഇന്ന് പതിന്മടങ് വർധിച്ചതു പോലെ.  പൂന്തോട്ടത്തിലെ പനിനീർ പുഷ്പം മഞ്ഞു കണങ്ങളുടെ ആലിംഗനത്തിൽ ചുവന്നു  തുടുത്ത മുഖത്താൽ ഞാൻ കണ്ട നാണത്താൽ തല താഴ്ത്തിനിൽക്കുന്നു. കിഴക്ക് നിന്നും കളകളാരവം മുഴക്കി പാറകെട്ടുകളിൽ കൂട്ടിടിയിടിച്ചു ഗ്രാമീണ ഭംഗിയിൽ ഉന്മത്തവാനായി ഒഴുകുന്ന കാട്ടരുവിയെ ആവാഹിച്ചു വരുന്ന മന്ദമാരുതൻ എന്റെ കവിളുകളെ ഇക്കിളിപ്പെടുത്തി ധൃതിയിൽ അടുത്ത ഇടവും തേടി പോയി.

വയലേലകളിൽ സ്വർണ്ണനിറത്തിലുള്ള നെൽകതിരുകൾ വിളവെടുപ്പിനെ അറിയിക്കുന്ന പോലെ വരമ്പത്തേക്ക് ചാഞ്ഞിരിക്കുന്നു.ഇളം വെയിലിൽ മുങ്ങിക്കുളിച്ചു ഈറനണിഞ്ഞിരിക്കുന്ന വയലുകളെ കാണാൻ പ്രത്യേക ഭംഗി തന്നെ. ഓട്ടു പിഞ്ഞാണവും തൂക്കി പിടിച്ചു വരമ്പിലൂടെ  കർഷകൻ ഇടയ്ക്കിടെ തന്റെ പരിലാളനയുടെ സ്നേഹ കരങ്ങൾ നെൽകതിരിൽ പതിപ്പിച്ചു നടന്നു നീങ്ങുന്നു.

കൊച്ചു കൂട്ടികളോടെന്നവണ്ണം ചിരിച്ചും കളിച്ചും നീങ്ങുന്ന കർഷകന്റെ ഹൃദയം മണ്ണിനോട് ബന്ധപ്പെട്ടിരിക്കുന്നതിന്റെ ആഴം വ്യക്തമാക്കി തരുന്നു.ലാളനയുടെ പരിണിതിയായി കർഷകനോട് അവയും കൊഞ്ചി കുഴഞ്ഞു ഹർഷാരവത്തോടെ കൈ കാണിക്കുന്നു.

പാടത്തിന്റെ അറ്റത്തു നിന്നും നെല്ല് കൊയ്യാൻ വന്ന പെണ്ണുങ്ങളുടെ ഒച്ച വെച്ചുള്ള വർത്തമാനം ഇങ്ങേ അറ്റത്തു വന്നു പ്രതിധ്വനിക്കുന്നു. ഗ്രാമത്തിലെ ചൂടുള്ള വാർത്തകൾ മുഴുവനും അവരുടെ സംസാര വിഷയങ്ങളിലുണ്ട്. കാളിയുടെ മകൾ പെറ്റതും അബുവിന്റെ മകളെ പേറ്റിന് കൊണ്ടു പോയതും ഹസൻ ഹാജി ബോംബെയിൽ നിന്ന് വന്നതും വലിയ വീട് വെക്കാൻ സൈതാലിയുടെ വീടിനപ്പുറത്തെ സ്‌ഥലം വാങ്ങിയതും അങ്ങനെ നീണ്ടു പോകുന്ന ചർച്ചകൾ. കൂട്ടത്തിൽ ഏഷണിക്കും പരദൂഷണത്തിനും യാതൊരു കുറവുമില്ല.

അങ്ങകലെ നിന്നും രാവിലത്തെ ആദ്യ ബസ്സിന്റെ വളവ് തിരിയുമ്പോഴുള്ള ബ്രേക്കിടുന്നതിന്റെ കര കര ശബ്ദം കേൾക്കുന്നുണ്ട്. ആ ശബ്ദം കേട്ടാണ് ഗ്രാമത്തിലെ ഏക സർക്കാർ ജീവനക്കാരനായ ജാനുവിന്റെ ഭർത്താവ് വീട്ടിൽ നിന്നും ധൃതി പിടിച്ചു ഇറങ്ങിയോടുക. സമയം വൈകിയതിൽ ജാനുവിനെ പോകുന്ന പോക്കിൽ ശകാരിക്കുന്നുമുണ്ടാവും.ഇതൊരു നിത്യ സംഭവം ആയതു കൊണ്ട് ജാനു ഭർത്താവ് പോകുമ്പോൾ പിന്തിരിഞ്ഞു  അടുക്കളയിലേക്ക് നടന്നു പോകുന്നതും കാണാം. പുലർച്ചെ നാല് മണിക്ക് തുടങ്ങും അവളുടെ ജോലികൾ. പിന്നെ ഭർത്താവ് പോകുവോളം പാത്രങ്ങളോടും കലങ്ങളോടും മല്ലിടൽ തന്നെ പണി. എങ്കിലും കുറ്റം അവൾക്ക് തന്നെ. കഴിഞ്ഞ ദിവസം വേലിയുടെ അപ്പുറത്ത് നിന്നും മുരിങ്ങ ഒടിക്കുന്നതിന്റെ ഇടയിൽ അമ്മയോട് പറയുന്നത് കേട്ടു.

സമയം ഏകദേശം ഏട്ടു മണിയോടടുത്തിരിക്കും.കാഴ്ചകൾക്ക് വിരാമമിട്ട് അമ്മ എടുത്തു വെച്ച ഉമിക്കരിയും പിടിച്ചു കിണർ പടവിലേക്ക് നടന്നു. പിന്നെ എല്ലാം പെട്ടെന്നായിരുന്നു കുളിയും പല്ല് തേക്കലും ഒക്കെ കഴിഞ്ഞു കാലി ചായയും കുടിച്ചു പുഴക്കരയിലേക്ക് വെച്ചു പിടിച്ചു. അക്കരെ പോയി സാധനം കൊണ്ട് വന്നിട്ട് വേണം കട തുറക്കാൻ. തിരിച്ചു വരുമ്പോഴേക്കും സകല ആളുകളും പെണ്ണുങ്ങളും ആണുങ്ങളും കുട്ടികളും കടയുടെ മുന്നിൽ ഉന്തും തള്ളും തുടങ്ങിയിരിക്കും. എല്ലാവർക്കും സാധനം എടുത്തു കൊടുത്തു നടു ഉയർത്തുമ്പോഴേക്കും സൂര്യൻ തലയുടെ മൂർദ്ധാവിൽ എത്തിയിട്ടുണ്ടാവും.ഇനി വൈകുന്നേരമേ തിരക്കുണ്ടാവൂ അത് കരുതി വെറുതെ ഇരിക്കാനാവുമോ. കടം കൊടുത്തവരുടെ കൈയ്യിൽ നിന്നും വാങ്ങാനായി ഊരു തെണ്ടണം. വാങ്ങാൻ ഉഷാറാണ് തിരിച്ചു തരാനല്ലേ പണി. വാങ്ങിയവരൊന്നും പിന്നെ കണ്മുന്നിൽ പൊന്തുകയില്ല. അകലെ നിന്ന് തന്നെ വഴി മാറി നടക്കും. എല്ലാം കഴിഞ്ഞു വരുമ്പോഴേക്കും വെയിൽ മറഞ്ഞിരിക്കും. വീണ്ടും കട തുറന്നു സാധനം കൊടുത്തു തിരക്കൊഴിഞ്ഞു വീട്ടിൽ എത്തുമ്പോഴേക്കും പാതിരയായിരിക്കും.

മക്കൾ ഭക്ഷണം കഴിച്ചു അച്ഛനെ കാണാതെ ഇന്നും ഉറങ്ങിയിരിക്കും. എന്നത്തേയും പോലെ ഭാര്യ പരിഭവം പറഞ്ഞു ചോറും കറിയും എടുത്തു വെച്ചു ഉണ്ണാനിരിക്കും. അതിനിടയിൽ അവൾക്കു പറയാൻ നൂറു കൂട്ടം കാര്യങ്ങളുണ്ടാവും. എല്ലാം കേട്ടിരിക്കും. അമ്മ മുറിയിൽ നിന്നും ചുമക്കുന്നത് കേൾക്കാം. മരുന്ന് കഴിഞ്ഞിട്ട് രണ്ടു ദിവസമായി. ഇന്നും കൊണ്ട് വരാൻ മറന്നു. അല്ലെങ്കിലും. ഈ തിരക്കിനിടയിലെവിടെ ഒഴിവ്. നാളെ തീർച്ചയായും വാങ്ങാം എന്ന് മനസ്സിനോട് ശപഥം ചെയ്തു ഉറങ്ങാൻ കിടന്നു.രാത്രിയും ഉറങ്ങാൻ കിടന്നുവെന്ന് തോന്നുന്നു എവിടെയും നിശബ്ദത നിലാവും എങ്ങോ മറഞ്ഞിരിക്കുന്നു കാറ്റിന്റെ സീൽക്കാരവും കേൾക്കുന്നില്ല...

Rahman

കാലം പോയൊരു പോക്ക്.. ! I ShortStory I ANSILA CP



രാവിലെത്തന്നെ കണ്ണും തിരുമ്മി പുറത്തേക്കിറങ്ങിയപ്പോ വരാന്തയിൽ പത്രം എത്തീട്ടുണ്ട്. ഏതായാലും പ്രത്യേകിച്ച് എന്താ ഉള്ളെന്ന് നോക്കാം. ഇനി ഇന്നും കൊറോണ മാത്രമാണോ..? പേജ് ഒന്ന് മറിച്ചു, രണ്ടാമത്തെ പേജിലെ ആദ്യത്തെ ചുവന്ന തലക്കെട്ട്.... !!!
കണ്ണ് തിരുമ്മി ഒന്നും കൂടി നോക്കി.. മറ്റൊന്നുമല്ല. അത് തന്നെ... "ഓക്സിജൻ ഇനി കുപ്പിവെള്ള രൂപത്തിലും വിപണിയിൽ!"
ഓർമകളെല്ലാം ഒരു എട്ട് ഒമ്പതു വർഷം പിറകോട്ടോടി... എൽ പി സ്കൂളിൽ എത്തിനിന്നു... ടീച്ചർ എന്തോ പറയാണ്, "മക്കളേ.... വെള്ളം ഇപ്പൊ കുപ്പികളിലൊക്കെ വെര്നില്ലേ..കൊറച്ചു കൂടി കഴിഞ്ഞാ ഞമ്മൾ ഫ്രീ ആയി ശ്വസിക്കണ ഓക്സിജനും ഇതേ പോലെ വാങ്ങേണ്ടി വരും... ".അന്തം വിട്ട് കണ്ണും മിഴിച്ചിരിക്കുന്ന ഞങ്ങളെ ഇടയിൽ നിന്ന് ആരോ എണീറ്റ് പറഞ്ഞു, "എന്താ ടീച്ചറെ ങ്ങൾ പറയണേ.. അങ്ങനൊക്കെണ്ടാവോ..? 
ടീച്ചർ ഒരു പുഞ്ചിരി മാത്രം തിരിച്ചു നൽകി. ആ പുഞ്ചിരിയുടെ അർത്ഥം ഇന്ന് പിടികിട്ടി. 
"കാണാൻ പോകുന്നതല്ലേ പറഞ്ഞറിയിക്കേണ്ട.. "എന്നായിരിക്കും. 
റബ്ബേ.. ഇങ്ങനാണേൽ കുറച്ചു കഴിഞ്ഞാൽ ഞാനും വാങ്ങേണ്ടി വരൂലേ..!!എന്തൊക്കെ കാണണം.. !
"അല്ല അൻക് ഇന്ന് ചായൊന്നും വേണ്ടേ.. എന്താ രാവിലെതന്നെ ഇത്ര ചിന്തിക്കാൻ.? 
എന്തൊക്കെ ആലോചിച്ചു കാട് കയറിയ ഞാൻ.."മ്മച്ചിയെ ൻക് കൊറച്ചു ഓക്സിജൻ തരിൻ... "
"ഏഹ് ഓക്സിജനോ....?? !!
ഹേ.. അല്ല.. പെട്ടെന്ന് എന്തോ.. ഇൻക് ചായ തരി.. "
ഉമ്മ ഒന്നും കൂടി ഇരുത്തി നോക്കീട്ട് ഉള്ളിൽ പോയി..കാലത്തിന്റൊരു പോക്ക് ആലോചിച്ച് പുറകെ ഞാനും... 
കാലം പോയൊരു പോക്കേ.... !!
എന്താവോ എന്തോ.. 

ANSILA CP
VMHM WAFIYYA COLLEGE

കാത്തിരിപ്പ് I Kavitha I Safwan Kaivelikkal



കവിളിൽ മുറിവിനാൽ  പാടും
കാലിനു താങ്ങായി  ഒരുവടിയുമേന്തി
കടകനെ  പോലെ
കോരപുഴയുടെരികിലൂടെ
കടന്നുപോവുന്നു... വൃദ്ധൻ
കാലം നരയെണ്ണി തുടങ്ങീട്ടും
കാലന്  തൻ  ജീവിതം
കൊടുക്കാതെ
കണ്ണിൽനിന്നും കാണ്ണീരിലാം
കടലിനോടെന്തൊക്കെയോ
കടുവാക്കിലാം മൊഴിഞ്ഞീടുന്നു....
കല്ലുകളാൽ തൻ  ശിരസ്സിൽ
കുട്ടികൾ വർഷിച്ചിട്ട്
കടപൊട്ടിയൊഴുകുന്ന രക്തത്തിലവിടം കിടപ്പൂ...
കരടിലാം  ദാഹക്കുടൽ
കരിഞ്ഞീടുമീ  നിമിഷം
കരുണയില്ലാതെ
 കാർക്കശ്യത്തോടെ,
കളിയാക്കി ചിരിച്ചീടുന്നു....
കൊണ്ട് പോകുവാനാരില്ലെ ന്നറിഞ്ഞിട്ടും
കടന്ന് വരുമോയെന്നൊരു
കുറിയ ചിന്തയിലവിടം
കാത്തിരിപ്പൂ....
    ✒️സഫ്‌വാൻ കൈവേലിക്കൽ

അരുത് I കവിത I Riyas Pulikkanni

പറക്കമുറ്റാത്ത കുരുവികളാണ്
ചിറകടിക്കാൻ പഠിക്കുമുമ്പേ
കൂരവിട്ട് ഇര തേടാൻ പറയരുത്,
പറന്നുയരണമെങ്കിൽ
ആദ്യം നിവർന്നു നിൽക്കാൻ
പഠിക്കണ്ടേ .

ചിത്ര ശലഭങ്ങളൊത്ത്
ഓടികളിക്കേണ്ട 
ചെറു ബാല്യങ്ങളാണ്
ചുമട് എടുക്കാൻ അയക്കരുത്,
കാലത്തിൻ ചുവടുവെച്ച്
നടക്കണമെങ്കിൽ ആദ്യം
കലാലയത്തിൻ പടികടക്കണ്ടേ .

വളരാൻ കൊതിക്കുന്ന 
തലമുറയാണ്
വളരുന്ന മുമ്പേ 
വേലയെടുക്കാൻ പഠിപ്പിക്കരുത്,
ഉയരങ്ങൾ കീഴടക്കണമെങ്കിൽ
അറിവിൻ ഗോവണി കയറണ്ടേ.

നാടിന് കരുത്ത് പകരേണ്ട
കരങ്ങളാണ് 
ഭിക്ഷയെടുപ്പിച്ച് ബലി കൊടുക്കരുത്
ഈ ചെറുബാല്യങ്ങളെ .

ഒന്ന് ഓർത്തുനോക്കൂ,
ഇലതളിർക്കുന്നപാടെ  
തണൽ മരങ്ങളെ 
ആരെങ്കിലും മുറിക്കാറുണ്ടോ?
കുടയായ് അത് നിവരണമെങ്കിൽ
മരമായി തന്നെ വളരണ്ടേ .

✍️ റിയാസ് പുലിക്കണ്ണി
📱8129568629

സ്കാഫിസം I ShortStory I Jayachandran

 

ആറുവയസ്സുകാരി പെൺകുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി. പ്രതി മൂന്നു വർഷമായി കുട്ടിയെ ഉപദ്രവിക്കുന്നുണ്ടായിരുന്നു. പുതിയ വാർത്തയുടെ നോട്ടിഫിക്കേഷൻ മൊബൈലിലേക്കു വന്നു.
വിനീത, സ്കാഫിസം എന്താണെന്നു ഗൂഗിളിൽ തിരയുകയായിരുന്നു. അതൊരു വധശിക്ഷാ രീതിയായിരുന്നു. ബാംബൂ ടോർച്ചറിഗും അതിനോടൊപ്പം അവൾ കണ്ടു. സ്കാഫിസം എന്ന ക്രൂരമായ വധശിക്ഷാ രീതി, കുറ്റവാളിയെ ബന്ധനസ്ഥനാക്കി തോണി പോലൊരു പെട്ടിക്കുള്ളിൽ കിടത്തും. ശരീരം മുഴുവൻ തേനും പാലും കൂട്ടിചേർത്ത മിശ്രിതം പുരട്ടും, ബലമായി അതു കുടിപ്പിക്കുകയും ചെയ്യും. വയറിളകി നിയന്ത്രണമില്ലാതെ പ്രതിയിൽ നിന്നു വിസർജ്യം പുറത്തു വന്നു കൊണ്ടിരിക്കും. തേനും, പാലും, വെള്ളവും വീണ്ടും കുടിപ്പിച്ചു കൊണ്ടിരിക്കും. പെട്ടിയിൽ നിറയുന്ന സ്വന്തം മലത്തിൽ ശരീരം മുങ്ങും. ഈച്ചകൾ ആ ശരീരത്തിലേക്ക് പറന്നെത്തും, മുട്ടയിട്ടു പെരുകി വാസമുറപ്പിക്കും. പുഴുക്കളും നുര പൊന്തി തുടങ്ങും. ശരീരം അഴുകി തുരന്ന് ഉള്ളിലേക്ക് അവ താമസമാകും. ഈ സമയമെല്ലാം കുറ്റവാളിക്ക് ജീവനുണ്ടാകും. മലത്തിൽ മുങ്ങി ജീവനോടെ ശരീരം അഴുകി നരകയാതന അനുഭവിച്ചു കുറ്റവാളി മരണത്തിൻ്റെ ദയ കാത്തു ദിവസങ്ങളോളം കിടക്കും. മരിക്കാൻ അനുവദിക്കാതെ തുറന്ന വായിലൂടെ വെളളവും, തേൻ മിശ്രിതവും വീണ്ടും കുടിപ്പിച്ചു കൊണ്ടിരിക്കും. ദിവസങ്ങളോളം അഴുകുന്ന ശരീരവുമായി ജീവനോടെ കിടന്ന് പുഴുത്ത് ഒടുവിൽ ചത്തൊടുങ്ങും.'
അതായിരുന്നു സ്കാഫിസം എന്ന ഏറ്റവും ക്രൂരമായൊരു വധശിക്ഷാരീതി.
ഉമയുടെ വീട്ടിൽ ഇൻ്റെർവ്യൂവിന് പോയ ദിവസം, അന്നവിടെ കണ്ട ഒരു പുസ്തകമായിരുന്നു. വിനീതയെ ഇതിനെ കുറിച്ച് ചികയാൻ പ്രേരിപ്പിച്ചത്. വിനീതയും, വേണുവും വൈകുന്നേരമാണ് നെല്ലിക്കുന്നിലെ ഉമയുടെ വീട്ടിൽ എത്തിച്ചേർന്നത്. വേണു താഴെത്തന്നെ നിന്നു. അവൻ ശരിയാക്കി കൊടുത്ത പെൻകാം ഉടുപ്പിൽ കുത്തിവച്ച് അവൾ തയ്യാറായി. ഫീനിക്സ് പക്ഷി എന്നൊരിക്കൽ മാദ്ധ്യമങ്ങൾ വിശേഷിപ്പിച്ച പെൺകുട്ടിയെ തേടിയായിരുന്നു വിനീതയുടെ യാത്ര. ഇടുക്കി, പീരുമേട്ടിൽ മലഞ്ചെരിവിൽ ഒരിടത്ത് ചെറിയൊരു കുന്നിനു മുകളിലെ വീട്ടിൽ വിനീത അവളെ കണ്ടെത്തിയിരുന്നു. ഫീനിക്സ്, തീയിൽ നിന്നു ഉയിർത്തെഴുന്നേറ്റവൾ, ഒടുവിൽ വിധി വീണ്ടും ദഹിപ്പിച്ചവൾ ഇന്നവളുടെ അവസ്ഥ എന്തായിരിക്കും.? വിനീത ചിന്തിച്ചു. ദുരവസ്ഥയും, ദുരന്തവാർത്തയും തന്നെയായിരിക്കണം എന്നെ കാത്തിരിക്കേണ്ടത്. എന്നാലെ എൻ്റെ ലേഖനത്തിനു വായനക്കാർ ഉണ്ടാകുകയുള്ളു. ചീഫ് എഡിറ്റർ നിർദ്ദേശിച്ചിരിക്കുന്നതും അതുതന്നെയാണ്.
ക്യാമറാമാൻ വേണുവിനെയും റിപ്പോർട്ടിനു സഹായിയായി നൽകിയിരുന്നു.
പ്രണയം നിരസിച്ചതിനാൽ ആക്രമിക്കപ്പെട്ട ഉമ എന്ന നെല്ലിക്കുന്നിലെ പെൺകുട്ടി.
ഒരുവൻ പെട്രോൾ ഒഴിച്ചു അവളെ കത്തിച്ചു കൊല്ലാൻ ശ്രമിക്കുകയായിരുന്നു. വയറിനു താഴേക്ക് തീ പടർന്ന അവളുടെ ജനനേന്ദ്രിയങ്ങളടങ്ങിയ മാംസഭാഗങ്ങൾ വെന്തുരുകി ചേർന്നു പോയിരുന്നു.
അവളത് അതിജീവിച്ചു. പുനർജ്ജനിച്ചു.
മാദ്ധ്യമങ്ങൾ അവൾക്ക് ഫീനിക്സ് പക്ഷി എന്നു പേരിട്ട് വാർത്തകളിൽ ആഘോഷിച്ചു.
അവളുടെ അരയ്ക്ക് താഴെ വെന്തുരുകിയ മാംസഭാഗങ്ങൾ ഒട്ടിച്ചേർന്നു പോയിരുന്നു.
സാമൂഹ്യ പ്രവർത്തകർ ഇടപെട്ടു. പ്രമുഖ ഡോക്ട്ടർമാർ വലിയൊരു സർജറിയ്ക്ക് തയ്യാറായി. അതിലൂടെ പ്രാഥമിക കാര്യങ്ങൾ നടക്കാനുള്ള സംവിധാനങ്ങൾ അവളുടെ ശരീരത്തിൽ ക്രമീകരിക്കാൻ കഴിഞ്ഞു. പത്രങ്ങളിൽ അന്ന് ഇതെല്ലാം വാർത്തയായി വന്നു മറഞ്ഞു. വർഷങ്ങൾക്കപ്പുറമായിരുന്നു. അവൾ വീണ്ടും വാർത്തകളിൽ നിറഞ്ഞത്.
'ഫീനിക്സ് പക്ഷി കഴുകനാൽ വീണ്ടും പിച്ചിച്ചീന്തപ്പെട്ടു.'
'നിയമ വ്യവസ്ഥയുടെ പരാജയം.'
'പ്രാഥമിക കാര്യങ്ങൾ പോലും നിർവ്വഹിക്കാൻ കഴിയാത്തവൾ ബലാത്സംഗം ചെയ്യപ്പെട്ടു.'
വാർത്തകളിലെ തലക്കെട്ടുകൾ പലതായിരുന്നു.
പ്രതി ഒന്നു തന്നെയായിരുന്നു.
മാനസിക വിഭ്രാന്തിയുടെ പരിഗണനയിൽ പുറത്തുവന്നവന് അവളെ വീണ്ടും ബലാത്സംഗം ചെയ്യാൻ അറിയാമായിരുന്നു.
മാറ്റപ്പെടേണ്ട നിയമ വ്യവസ്ഥകൾ സായാഹ്ന ചർച്ചകളിൽ വിഷയമായി. ഈ അവസ്ഥയിൽ അവൾ എങ്ങനെ പീഡിപ്പിക്കപ്പെട്ടു? വെന്തുരുകിയ പെണ്ണിനെ അവൻ നശിപ്പിച്ച രീതികൾ വാർത്തകളിൽ പല രീതിയിൽ ആവിഷ്ക്കരിച്ചു. പറയാതെ പറഞ്ഞു വയ്ക്കുന്ന ഭാവനകൾ അവളെ വീണ്ടും നഗ്നയാക്കി. അവൾ വീണ്ടും വീണ്ടും പൊള്ളുകയും, ബലാത്സംഗം ചെയ്യപ്പെടുകയുമുണ്ടായി. പിന്നെ,
ഫീനിക്സ് പെണ്ണ് വാർത്തകളിൽ നിന്നു മറഞ്ഞു. പുതിയ പുതിയ പീഡനങ്ങൾ നിറങ്ങൾ കലർന്നു വന്നു തുടങ്ങിയപ്പോൾ അവൾ വിസ്മൃതിയിൽ അലിഞ്ഞു.
അവളുടെ ഇന്നത്തെ അവസ്ഥ കണ്ടെത്തി അവതരിപ്പിക്കണം. അതാണ് ലക്ഷ്യം.
കുന്നിൻ മുകളിലെ ഉമയുടെ വീട്ടിലേക്ക് മനോഹരമായി ചെത്തിയുണ്ടാക്കിയ പടവുകളായിരുന്നു. വിനീതയ്ക്ക് അതു അതിശയമായി തോന്നി. കുന്നിന് മുകളിലെ ഒറ്റ വീട്. അതിലേക്കു കയറാനായി ചെങ്കല്ല് കൊത്തിയെടുത്ത പടവുകൾ. മുകളിലേക്ക് കയറുമ്പോൾ ഒരു കൗതുകത്തിനായി അവളതു ഓരോന്നായി എണ്ണി. പടവുകൾ കയറുമ്പോൾ ഒരു നായ താഴേക്കിറങ്ങി വന്നു കൊണ്ടിരുന്നു. മധ്യഭാഗത്തൊരു പടവിൽ അവൾ നിന്നു. കിതപ്പിനാശ്വാസമായി ശ്വാസമെടുത്തു. നായയും പടവിൽ നിന്നു മണം പിടിച്ചു. പിന്നെ അവളെ നോക്കി വാൽ ചലിപ്പിച്ചു താഴേക്കിറങ്ങി. ഇടവിട്ടു ചില പടവുകളിൽ ചെറിയ പൈപ്പ് താഴ്ത്തിയിരിക്കുന്നു. മഴവെള്ളം ഉള്ളിലേക്കിറങ്ങാനാകണം. വെള്ളം ഒലിച്ചു അകത്തേക്കിറങ്ങിയ പാടുകളുണ്ടായിരുന്നു. കുന്നിൻ മുകളിലെ വീടിനു മുന്നിലെത്തിയപ്പോൾ അവൾ തളർന്നിരുന്നു. കിതപ്പിനിടയിൽ തൊണ്ണൂറ്റി ഒന്ന് എന്നു ചുണ്ടുകൾ പിറുപിറുത്തു. ഓടിട്ട വീട്, വരാന്തയുടെ മുന്നിൽ വീടിനോളം നീളത്തിലുള്ള തിണ്ണ. തൊണ്ണൂറ്റി മൂന്ന് പടികൾ. ആരോ എണ്ണി കൊത്തിയെടുത്തതാണ്. വീടിനുള്ളിൽ നിന്നും ഒരു വൃദ്ധ ഇറങ്ങി വന്നു.
'ആരാ?' അവർ ചോദിച്ചു.
"ഉമയുടെ വീടല്ലേ?
ഉമയെ കാണാനാണ്."
'കൊച്ചാരാണ്?'
'കൂട്ടുകാരിയാണ്.'
താനൊരു മാദ്ധ്യമ പ്രവർത്തകയാണ് എന്നറിഞ്ഞാൽ തൻ്റെ ഉദ്യമം പരാജയമാകുമോ എന്ന ആശങ്ക അവളെ നുണ പറയിപ്പിച്ചു. എങ്കിലും എന്തു പറയണം എങ്ങനെ തുടങ്ങണം എന്ന ചിന്ത മനസ്സിനെ ധർമ്മസങ്കടത്തിൽ ഭരിച്ചു കൊണ്ടിരുന്നു.
ആ ചെറിയ വീട്ടിലെ വരാന്തയിലെ അലമാരയിൽ ഒരുപാട് പുസ്തകങ്ങൾ ഉണ്ടായിരുന്നു. ചുവന്ന പുറം ചട്ടയുള്ള ഒരു പുസ്തകത്തിലെ വശത്തെ കറുത്ത അക്ഷരങ്ങൾ 'സ്കാഫിസം' വിനീത അതു ഉരുവിട്ടു. ഈയിടെയും വായിച്ചു വച്ചതു കൊണ്ടാകണം അതു പുസ്തകവരികളിൽ അടുക്ക് തെറ്റി പുറത്തേക്കുന്തിയിരുന്നത്. ആ വൃദ്ധ വരാന്തയിലിരുന്ന് വിനീതയെ ഉറ്റുനോക്കി. അവൾ ചിരിച്ചപ്പോൾ അവരും ചിരിച്ചു.
'മോള് പടിയേറി തളർന്നല്ലേ?
ഗംഗൻ്റെ പണിയാണ്. അവനെന്നും ഇത് ചവിട്ടി കയറണം. ഞങ്ങളും കയറും.
അല്ല മോളേതാ?'
അവർ വീണ്ടും ചോദിച്ചു.
'ആരാ ഗംഗൻ?'
'ൻ്റെ മോനാ ദേണ്ടെ വരണുണ്ട്.'
അവർ പറഞ്ഞു. താഴെ നിന്നൊരാൾ പടവുകൾ കയറി വരുന്നുണ്ടായിരുന്നു. നിമിഷനേരങ്ങൾ കൊണ്ടായിരുന്നു പടികൾ ചവിട്ടിമെതിച്ചയാൾ മുന്നിലെത്തിയത്.
അയാളുടെ ശരീരം കണ്ടപ്പോൾ അയാൾക്കത് നിസ്സാരമായിരുന്നു എന്നു വിനീതയ്ക്കു ബോധ്യമായി.
ആറടിയേറെ ഉയരം, കറുത്ത ശരീരം, ഉറച്ച മാംസപേശികൾ, തോളിൽ ഒരു മഴു ഉണ്ടായിരുന്നു.
'കാട്ടിൽ കുറച്ച് മരം വെട്ടുണ്ടായിരുന്നു.
നിങ്ങൾ ആരാണ്?' അയാൾ ചോദിച്ചു.
'ഞാൻ വിനീത, ഉമയെ ഒന്നു കാണാൻ വന്നതാണ്.'
'ഇരിക്കൂ മാദ്ധ്യമ പ്രവർത്തകയാണല്ലേ?
എന്താണറിയേണ്ടത്?'
അയാൾ മുറ്റത്തെ കസേരയിലേക്ക് വിരൽ ചൂണ്ടി. അവളുടെ മുഖം കുറ്റക്കാരിയുടേതു പോലെ കുനിഞ്ഞു.
'ശരി ഞാൻ ഉമയെ കൊണ്ടു വരാം '
അയാൾ വീടിനുള്ളിലേക്ക് പോയി.
വിനീത ആ കാഴ്ച്ചയ്ക്കായി മനസ്സിനെ പാകപ്പെടുത്തി.
നേരം സന്ധ്യയായി തുടങ്ങിയിരുന്നു.
'അവൾ കിടപ്പിലാണെങ്കിൽ ആ അവസ്ഥ കാണാൻ മനസ്സിനു ഒട്ടും ആഗ്രഹമില്ല.
എന്നാലും ഇത് എൻ്റെ ജോലിയുടെ ഭാഗമാണ്. അവൾ അരയ്ക്ക് താഴെ വെന്തുരുകിയ പെണ്ണാണ്. അവൾക്ക് നടക്കാൻ കഴിയില്ലായിരിക്കും. അയാൾ അവളെ ഇരുകൈകളിലും കോരിയെടുത്തു കൊണ്ടുവരും. പൊള്ളിയ മുഖം കണ്ട് മനസ്സ് പതറരുത്. അവൾക്ക് സംസാരിക്കാൻ കഴിയുമായിരിക്കുമോ? ആ കാഴ്ച്ചയിലെ തീവ്രതയിലേക്ക് മനസ്സിനെ കടത്തിവിടണം.
അതിൽ നിന്നുണരുന്ന അക്ഷരങ്ങൾ വേണം വായനയ്ക്കായി പിറവിയെടുക്കാൻ.
ഇയാൾ ഉമയുടെ ആരായിരിക്കും.?'
വീടിനുള്ളിൽ നിന്നും കാൽപ്പെരുമാറ്റം കേൾക്കുന്നുണ്ട്. വിനീത ആ കാഴ്ച്ചയ്ക്കായി മനസ്സിനു ധൈര്യം കൊടുത്തു. കാത്തിരുന്നു.
നേരിയൊരു സ്വർണ്ണ നിറമുള്ള വെളിച്ചം വായുവിലൂടെ വരുകയാണെന്നാണ് ആദ്യം തോന്നിയത്. പിന്നെ മനസ്സിലായി അതൊരു വിളക്കാണെന്നും അതിനു പിന്നിലൊരു രൂപം ഉണ്ടെന്നും.
'ദീപം ദീപം' എന്ന് ആ ചുണ്ടുകൾ മൃദുവായി മന്ത്രിക്കുന്നുണ്ടായിരുന്നു. വിളക്ക് നിലത്തു വയ്ക്കാൻ കുനിഞ്ഞപ്പോൾ സ്വർണ്ണ വെളിച്ചത്തിൽ അവളുടെ മുഖം ഒരു ദേവതയെ പോലെ തോന്നിച്ചു. വട്ട മുഖം, തിരുനെറ്റിയിലും, മുകളിലും ചുവന്ന കുങ്കുമത്തിലെ വട്ടപ്പൊട്ടുകൾ, ഇടതൂർന്ന തലമുടി, കൂട്ടിമുട്ടി വില്ലുപോലെ വളഞ്ഞ പുരികങ്ങളും, നീണ്ട കണ്ണുകളും. ഒറ്റനോട്ടത്തിൽ അവളുടെ മുഖം വിനീതയിൽ പെണ്ണിൻ്റെ അസൂയ ഉണർത്തി.
അവൾ നടക്കുന്നത് പതിയെ ആയിരുന്നു.
കാൽപ്പാദങ്ങൾ വസ്ത്രങ്ങൾക്കുള്ളിൽ ഒളിച്ചിരിക്കുന്നു. സ്വന്തം കണ്ണേറ് അവൾക്ക് തട്ടാതിരിക്കാനായി വിനീതയതു കാണാൻ ശ്രമിച്ചെങ്കിലും വിഫലമായി.
'മാഡം ഇതാണ് ഉമ.'
അവൾ ചിരിച്ചു.
വിനീതയ്ക്കതു വിശ്വസിക്കാൻ കഴിഞ്ഞില്ല.
'മാഡത്തിനു വിശ്വസിക്കാൻ കഴിയുന്നില്ലല്ലേ
നിങ്ങൾ അന്വേഷിച്ചു വന്ന ദുരന്തകഥയിലെ നായിക ഇവൾ തന്നെയാണ്.
ഞാൻ ഇവളെ വിവാഹം കഴിച്ചു.
ഞങ്ങൾ ഇവിടെ താമസിക്കുന്നു.
മാഡത്തിന് ആവശ്യമായ പഴയ കാര്യങ്ങൾ ചോദിക്കാം അവൾ പറയും.'
അയാൾ പറഞ്ഞു. വിനീതയ്ക്കൊന്നും ചോദിക്കാൻ ഉണ്ടായിരുന്നില്ല. അല്ലെങ്കിൽ ഇത്രയും നല്ലൊരു അനുഭവത്തിൽ നിന്ന് മറ്റൊന്നിലേക്ക് പോകാൻ അവൾ ആഗ്രഹിച്ചില്ല. അവളിൽ പഴയ ഓർമ്മകൾ വീണ്ടും കുത്തി നിറയ്ക്കാൻ വിനീതയ്ക്കു കഴിഞ്ഞതുമില്ല.
'ഉമ നിന്നെ ഞാൻ കൊണ്ടു പോകുകയാണ്
അനുവാദം ചോദിച്ചില്ല. അവകാശമെടുത്തു.
അവൾ ഒരു ആവശ്യം ഉന്നയിച്ചു.
ഞാനതും സാധിച്ചു കൊടുത്തു.
കണ്ടില്ലേ?' അയാൾ ഉമ്മറത്തേക്ക് വിരൽ ചൂണ്ടി. വൃദ്ധ അവിടിരുന്ന് ചിരിച്ചു.
'മോള് വരുന്നോ നമുക്ക് പടികേറാം'
അവർ പറഞ്ഞു.
'കാര്യാക്കണ്ട മാഡം ബുദ്ധിയ്ക്ക് സ്ഥിരതയില്ല.' അയാൾ പറഞ്ഞു.
'കേസൊക്കെ എന്തായി?'
'എന്താകാനാണ് പോലീസിന് പിടിക്കാൻ കഴിഞ്ഞില്ലല്ലോ അവനിന്നും ഇവിടെ ഉണ്ട്.'
അയാളുടെ നോട്ടം ചെന്നു നിന്നത്, വീടിനു മുറ്റത്ത് ഇടതുവശത്തു വളർന്നു നിൽക്കുന്ന മുളങ്കൂട്ടങ്ങളിലായിരുന്നു. കൂട്ടം ചേർന്ന് വളർന്നു നിൽക്കുന്ന മുളങ്കൂട്ടങ്ങൾ. അതിനിടയിൽ ഒരാൾ നീളത്തിൽ വളർന്നിരിക്കുന്ന പച്ചമുളകൾക്ക് ഉയരം കുറവായിരുന്നു. അവ ഈ അടുത്തെങ്ങോ മുളച്ചു വന്നതാകണം. കാറ്റിൽ അത് തമ്മിലുരസ്സി ഒച്ചയുണ്ടാക്കുന്നുണ്ട്.
അവിടവിടെയായി കുഞ്ഞുപെട്ടികളിൽ തേനീച്ച കൂടുകൾ. അതിനു ചുറ്റും തേനീച്ചകൾ വട്ടമിട്ടു പറക്കുന്നുണ്ടായിരുന്നു.
വീടും പരിസരവും മനോഹരമായിരുന്നു. കാട് സുരക്ഷിത വലയം സൃഷ്ടിച്ചൊരു കുഞ്ഞ് കൊട്ടാരം.
'നിങ്ങൾക്ക് അയാളോടൊരു ദേഷ്യവും തോന്നുന്നില്ലേ?' വിനീത ചോദിച്ചു.
'എന്തു തോന്നാനാണ് അയാൾ എവിടെയോ പോയി. പോലീസുകാർക്കു പോലും പിടിക്കാൻ കഴിഞ്ഞില്ല. മാത്രമല്ല ഞങ്ങൾ അതൊക്കെ മറക്കാൻ ശ്രമിക്കുകയാണ്. ബുദ്ധിയ്ക്ക് സ്ഥിരതയില്ലാത്ത ഒരു അമ്മയും അരയ്ക്ക് കീഴെ വെന്തുരുകിയ ഒരു പെണ്ണും ഇവർക്ക് രണ്ടു പേർക്കും ഞാൻ മാത്രമേ ഉള്ളു.'
ഗംഗൻ പറഞ്ഞു നിർത്തി.
വിനീത വരാന്തയിലേക്കു നോക്കി. തിണ്ണയിലിരുന്ന സ്ത്രീ അവളെ നോക്കി വീണ്ടും പല്ലുകൾ കാട്ടി ചിരിച്ചു.
'ആ നാറിയെ കിട്ടിയിരുന്നെങ്കിൽ അവൻ്റെ മോന്തക്കിട്ട് രണ്ടു ചവിട്ട് എനിക്കു കൊടുക്കണമായിരുന്നു.'
വിനീത ചുണ്ടിനടിയിലിട്ട് പറയുന്നതു കേട്ടു അയാൾ ചിരിച്ചു നിന്നതേയുള്ളു.
ഇയാൾക്കെങ്ങനെ ഇങ്ങനെ ആകാൻ കഴിയുന്നു.!ഒരു സാത്വികനെ പോലെ!
എൻ്റെ ഉള്ളിലെ ചിന്തകളെയൊക്കെ ഇയാൾ അലിയിച്ചു കളഞ്ഞിരിക്കുന്നു.
'തൊണ്ണൂറ്റി ഒന്ന് പടികളുണ്ടല്ലേ? കയറുമ്പോൾ ഞാൻ എണ്ണിയിരുന്നു.
എന്താ ഇങ്ങനെ കുന്നിൻ മുകളിൽ വീടും പടവുകളും?' അവൾ ചോദിച്ചു.
'മാഡത്തിന് എണ്ണം എവിടെയോ തെറ്റിയിട്ടുണ്ട്. തൊണ്ണൂറ്റി ഒന്നല്ല.
തൊണ്ണൂറ്റി മൂന്നുണ്ട്. എന്നും ചവിട്ടി കയറാനും ഇറങ്ങാനും പടവുകൾ നല്ലതല്ലേ ആരോഗ്യവും നശിക്കില്ല. ഒരു കൗതുകത്തിനായി ഞാൻ തന്നെ കൊത്തി ഉണ്ടാക്കിയതാണ് ' അയാൾ പറഞ്ഞു.
'എൻ്റെ എണ്ണം തെറ്റിയോ?'
പടവുകൾ തിരിച്ചിറങ്ങുമ്പോഴും വിനീത അത് ഓരോന്നായി എണ്ണി. പടവുകൾക്ക് താഴെ ക്യാമറയുമായി വേണു നിൽക്കുന്നത് കാണാമായിരുന്നു. പടവുകളിൽ മധ്യഭാഗത്ത് എത്തിയപ്പോഴായിരുന്നു.
ഗംഗൻ പുറകിൽ നിന്നുറക്കെ വിളിച്ചത്.
'മാഡം പടവുകൾ എണ്ണുന്നുണ്ടോ?'
അവൾ തിരിഞ്ഞു നിന്നു.
'അതെ' എന്നു തലയാട്ടി.
'അടുത്ത പടവിൽ ഇടതു വശം ചേർന്നു രണ്ടു കാലുകളും അമർത്തി ചവിട്ടി ഇറങ്ങിക്കോളു.'
അയാൾ വിളിച്ചു പറഞ്ഞതും അവൾ പടിയിലേക്ക് കാലുവച്ചതും ഒരുമിച്ചായിരുന്നു. ഇടതു വശത്തു തന്നെ. പെട്ടെന്ന് കാലുകളിടറി അവൾ അടുത്ത പടിയിലേക്ക് ഇറങ്ങി നിന്നു. തിരിഞ്ഞു നോക്കി. അയാൾ ചിരിച്ചു കൊണ്ട് നിൽപ്പുണ്ടായിരുന്നു.
"കൃത്യം മുഖത്തു തന്നെയായിരുന്നു മാഡം
അയാൾ വീണ്ടും വിളിച്ചു പറഞ്ഞു. "
പിന്നെയുള്ള പടികൾ വേഗതയിലായിരുന്നു അവൾ ഓടിയിറങ്ങിയത്. എണ്ണം തെറ്റിപ്പോയിരുന്നു. അത് എത്രാമത്തെ പടവായിരുന്നു. ഓർക്കാൻ കഴിയുന്നില്ല. കിതപ്പോടെ അവൾ വേണുവിന് അരികിലെത്തി. ശ്വാസമെടുക്കാനായി കിതച്ചു നിന്നു.
'എന്താ വിനീത എന്തു പറ്റി?'വേണു ചോദിച്ചു.
അവൾ തിരിഞ്ഞു പടവുകളിലേക്കു നോക്കി
ചവിട്ടി കയറിയും ഇറങ്ങിയും കാൽപ്പാദങ്ങൾ പതിഞ്ഞ് മിനുസമായ പടവുകൾ. നിലാവെളിച്ചത്തിൽ അവ ചുവന്ന മാർബിൾ പോലെ തിളങ്ങുന്നു.
'വേണു ആ ചിത്രം ഒന്നു ക്യാമറയിലേക്ക് പകർത്തിയേ ഇതൊരു അപൂർവ്വ കാഴ്ച്ചയും കഥയുമാകുകയാണ്.' അവൾ പറഞ്ഞു.
വേണു പടവുകൾക്ക് മുകളിലേക്ക് ക്യാമറ ഫോക്കസ് ചെയ്തു. ആ ചിത്രം പകർത്തി.
മടക്കയാത്രയിൽ വിനീത മൗനമായിരുന്നു.
രാത്രിയിലാണ് ആ ചിത്രം വേണു വിനീതയ്ക്ക് അയച്ചത്. മൊബൈലിൽ ആ ചിത്രം കറങ്ങി, കറങ്ങി പൂർത്തിയായി തെളിഞ്ഞു വന്നു. വേണുവിൻ്റെ ഒരു വോയിസ്‌ മെസേജ് കൂടെ വന്നിട്ടുണ്ടായിരുന്നു.
'വിനീത അയാളെ എനിക്കറിയാം, ഞാൻ കണ്ടിട്ടുണ്ട്. അയാളുടെ പേര് ഗംഗാധരൻ എന്നാണ്. മാത്രമല്ല. ഭ്രാന്തിയായ ആ സ്ത്രീ അയാളുടെ അമ്മയല്ല. അതു ഉമയെ നശിപ്പിച്ച അവൻ്റെ അമ്മയാണ്. '
വേണുവിൻ്റെ സംഭാഷണം നാലു വരികളിലവസാനിച്ചു.
'മാഡം ഞങ്ങൾ കാട്ടിൽ മരം വെട്ടുമ്പോൾ അതിൽ വസിക്കുന്ന പക്ഷികളോടും, മറ്റും അനുവാദം ചോദിക്കാറുണ്ട്. ആദ്യത്തെ മഴുവിൻ്റെ ഒച്ച തടിയിൽ വീഴുമ്പോൾ അവർ സമ്മതത്തോടെ പറന്നകലും, സ്വയം പറക്കാൻ കഴിയാത്ത ചില വൃദ്ധയായ പക്ഷികൾ കൂട്ടിലുണ്ടാകും, ഞങ്ങൾ അവയെ എടുത്ത് സുരക്ഷിതമായ സ്ഥാനങ്ങളിൽ എത്തിച്ചിട്ടേ മരം മുറിക്കാറുള്ളു.' അയാൾ അന്നു പറഞ്ഞ വാക്കുകൾ അവളോർത്തു.
വിനീത ആ ചിത്രം എടുത്തു നോക്കി.
ആകാശത്തിലേക്ക് കെട്ടിപ്പടുത്തിയ പടവുകൾക്ക് മുകളിൽ അയാളും,
അവളും ഒന്നുചേർന്നു ഒരേ നിഴൽ രൂപമായി നിൽക്കുന്നുണ്ടായിരുന്നു.
അവർക്ക് പുറകിലെ ആകാശത്തിലെ ചന്ദ്രക്കല അവരെ അർദ്ധനാരിയായി തോന്നിപ്പിച്ചു. ഗംഗാധരനും, ഉമയും, ചന്ദ്രക്കലയും അർദ്ധനാരി പോലെ തിളങ്ങുന്ന ചിത്രം.
********
ബാംബൂ ടോർച്ചറിംഗ് കൂടെ വായിച്ചിട്ടാണ് വിനീത ഉറങ്ങാൻ കിടന്നത്. രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാനിൽ യുദ്ധത്തടവുകാരായി പിടിച്ചവരെ നാമ്പു മുളച്ചു തുടങ്ങിയ അനേകം മുള തൈകൾക്കു മുകളിൽ ബന്ധിച്ചു കിടത്തും.
ജീവൻ നഷ്ടപ്പെടാതിരിക്കാൻ വെള്ളവും, ആഹാരവും ബലമായി നൽകി കൊണ്ടിരിക്കും. ദിവസങ്ങൾ കൊണ്ട് മുളനാമ്പുകൾ വളർന്നു ശരീരം തുളച്ചു കയറി പുറത്തെത്തും. ഏറ്റവും വേദനാജനകമായിരിക്കും ആ മരണം.
അന്നു രാത്രി വിനീത ഒരു സ്വപ്‌നം കണ്ടു.
'തേനും പാലും പുരട്ടി ജീവനോടെ പെട്ടിക്കുള്ളിൽ അടച്ചു കുഴിച്ചിടുന്നൊരു ശരീരം. അവൻ്റെ വായ്ക്കുള്ളിൽ അയാൾ ഒരു പൈപ്പ് കഷണം കുത്തിവച്ചു. കുഴി മൂടി. തേൻ മിശ്രിതം കുടിപ്പിച്ചു. മരിക്കാൻ അനുവദിക്കാതെ മഴവെള്ളം പൈപ്പിൻ കുഴലിലൂടെ അവൻ്റെ വായിലേക്കിറങ്ങി കൊണ്ടിരുന്നു. പെട്ടിക്കുള്ളിൽ ജീവനോടെ അഴുകി പുഴുവരിച്ച് അവൻ കിടന്നു.
അവൻ്റെ ശരീരത്തിനുള്ളിലൂടെ, തുളച്ച് കയറി മുളനാമ്പുകൾ വളർന്നുയർന്നു വന്നു. ആ ശരീരത്തിന് തല ഇല്ലായിരുന്നു.
താൻ ചവിട്ടി നിൽക്കുന്നത് അവൻ്റെ മുറിച്ചെടുത്ത തലയിലെ മുഖത്തായിരുന്നു.'
തൊണ്ണൂറ്റി മൂന്ന് പടവുകളിൽ ഏതിലോ ഒന്നിൻ്റെ അടിയിൽ അവൻ ജീവനോടെ മരണം കാത്തു കിടക്കുന്നുണ്ട്. അല്ലെങ്കിൽ മുളങ്കൂട്ടങ്ങൾക്കടിയിൽ അവൻ്റെ ജീർണ്ണിച്ച തലയില്ലാത്ത അസ്ഥികൂടവും. പടവുകളിൽ ഒന്നിൻ്റെ ഇടതുവശത്ത് അവൻ്റെ തലയും ബാക്കിയുണ്ടാകും. ഉമ ആഗ്രഹിച്ചു.അയാൾ അതു സാധിച്ചു കൊടുത്തിട്ടുണ്ടാകും.
09/July /202l

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo