**അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും


ഒരു വല്യ ഗ്യാപ് ന്നു ശേഷം എഴുതുവാ ട്ടോ........
 **
കല്യാണം കഴിച്ചാലോ എന്ന് മനസ്സിൽ ഏതു നേരത്താണോ തോന്നിയത്.
അടുത്ത കിടന്നു കുഞ്ഞാവ കരയുമ്പോൾ കൂടെ കരയണോ ചിരിക്കണോ എന്നറിയാതെ ഇച്ചായൻ പതറി നില്കുന്നത് കണ്ടപ്പോൾ ഇത്ര നേരം മനസ്സിൽ ഇരച്ചു കയറിയ ദേഷ്യം തണുത്തു.
കല്യാണത്തിന് മുൻപ് എന്റെ ബെഡ്‌റൂം ഒന്നു കണ്ട് നോക്കണം. ടെഡി ബിയർ ഒരു വശത്തു അടുക്കി പെറുക്കി. അപ്പുറത്തായി സ്ഥിരം വായിച്ചിരുന്ന നോവലുകൾ. റോസാപ്പൂവുകൾ. ഫോട്ടോ ഫ്രെയിം എന്ന് വേണ്ട. കണ്ണിനു ഇമ്പം ഉള്ളതെല്ലാം ഉണ്ടായിരുന്നു.
ഇന്ന് ചുറ്റും കണ്ണോടിച്ചാൽ കുഞ്ഞാവേടെ നാപ്പി ബാഗ്, പാൽക്കുപ്പി, കളിപ്പാട്ടം, ഇച്ചായന്റെ പേന, ചെരുപ്പ് എന്ന് വേണ്ട എല്ലാം ഉണ്ട്. എത്ര വൃത്തിആക്കിയായാലും വൃത്തി ആവാത്ത വീട്. രാവിലെ മുതൽ അടുക്കളയിൽ നടത്തുന്ന യുദ്ധം അതിർത്തിയിൽ നടത്തിയിരുന്നെങ്ങിൽ അവിടുത്തെ പ്രശ്നങ്ങൾ അവസാനിച്ചേനെ.
ബികോംമിനു പഠിക്കുമ്പോൾ പരീക്ഷ ദിവസം പതിവുപോലെ ഉറങ്ങി..... സ്വപ്നത്തിൽ ഹൃതിക് റോഷൻ.... ഞങ്ങൾ ഒരു മരുഭൂമിയിൽ പാട്ടൊക്കെ പാടി ആസ്വദിച്ചു വരുവാർന്നു......എന്നും താമസിക്കുന്നത് കൊണ്ട് എട്ടു മണി ആയപ്പോൾ തലയിൽ വെള്ളം കോരി ഒഴിച്ച അമ്മയെ, പിന്നീട് അത് പറഞ്ഞു കൊന്നില്ല എന്നെ ഉള്ളു. അതിന്റെ ഭവിഷ്യത്താനോ അമ്മയുടെ ശാപമാണോ. കുഞ്ഞാവ മൂങ്ങയെ പോലെയാ രാത്രി എണീറ്റിരിക്കും രാവിലെ ഉറങ്ങും.
ഈ ചിന്തകൾ ഒരു മനസ്സിൽ നൃത്തം വച്ചപ്പോൾ.അതെ വീട്ടിൽ മറ്റൊരു മനസ് ശാന്തം ആയിരുന്നു. അത് പിന്നെ അങ്ങനെ ആണല്ലോ. ആണുങ്ങൾ എന്തേലും ഒക്കെ ഒന്നു ആലോചിച്ചു ടെൻഷൻ അടിക്കുന്ന കണ്ടിട്ടുണ്ടോ? ഉണ്ടാവും എപ്പോഴാ? ലാസ്റ്റ് മിനിറ്റ് അത് വരെ ഇവർ എങ്ങനെ ശാന്തമായി ഇരിക്കും. ആർക്കറിയാം.......
കൊച്ചിനെ എണീപ്പിക്കാതെ പമ്മി പമ്മി അടുക്കളയിലോട്ടു ചെന്ന്. അവിടെ ഒരു കുന്നു പാത്രം. ആദ്യ ചരുവം എടുത്തു വെള്ളം പിടിച്ചപോഴെ അകത്തു നിന്നും സൈറൺ മുഴങ്ങി. കുഞ്ഞെഴുനേറ്റു. ഇത് കളഞ്ഞു കൈ കഴുകി കുഞ്ഞിന് പാൽ കൊടുക്കുവാനായി ചെന്ന്.
അപ്പോൾ ഇച്ചായൻ പകുതി ഉറക്കത്തിൽ പറയുവാ കൊച്ചിനെയും കളിപ്പിച്ചിവിടെ ഇരുന്നാൽ പോരെ എന്ത് സുഖം. അല്ലേ എന്ന്.
ഞാൻ ഒന്നും മിണ്ടാൻ നിന്നില്ല മനസ്സിൽ ഉരുണ്ടു കയറിയ ദേഷ്യം ഒതുക്കി. കൊച്ചിന് പാലും കൊടുത്തു. അടുക്കള പണിയിൽ മുഴുകി.
ഈ സംഭവം കഴിഞ്ഞു ഒരു നാല് മാസം കഴിഞ്ഞു. എനിക്ക് ഒരു ചെറിയ അപകടമുണ്ടായി. കാലിൽ ഒരു ഒടിവ്. അങ്ങനെ പ്ലാസ്റ്റർ ഇട്ടു ഞാൻ കിടപ്പായി ഒരു 3 മാസം. എന്റെ സുഖവാസം.
രാവിലെ എട്ടു മണിക്കാണ് ഉറക്കം എണീറ്റിരുന്നത് അപ്പോഴേക്കും പ്രാതൽ റെഡി. ചായ ഒക്കെ ഇട്ടു ഇച്ചായൻ കൊണ്ട് ടേബിൾ മേലെ വയ്ക്കും.
ജോലിയും എന്നെ നോക്കലും പാടാണ് അത് കൊണ്ട് ഒരു മാസം ലീവ് എടുത്തു നിന്നെ പോലെ വീട്ടിലെ ജോലിചെയ്തു സുഖിക്കാൻ പോകുവാ എന്ന് പറഞ്ഞു. ഓഫീസ്സ്സിൽ നിന്നു വന്ന ഇച്ചായന്റെ പാന്റിൽ കുഞ്ഞാവ മുള്ളി...... ഉണ്ണി മൂത്രം പുണ്യാഹം എന്നാണാലോ. ഐശ്വര്യമായി തുടക്കം ആയിരുന്നു അത്.
പിന്നെ ഉള്ള ഒരു മാസത്തിൽ വീടിനു വന്ന മാറ്റം കേട്ടാൽ നിങ്ങൾ ചിരിക്കും. 1.വാഷിംഗ്‌ മെഷീൻ-മുൻപ് ഇത് വാങ്ങാൻ പറഞ്ഞപ്പോൾ കുഞ്ഞിലേ അമ്മ തോട്ടിൽ തുണി അല്ലകിയതും ആ മുണ്ട് ഉടുത്തപ്പോൾ ഫസ്റ്റ് പ്രൈസ് കിട്ടിയെന്നും ഒക്കെ ഉജാല പരസ്യം പോലെ പറഞ്ഞ ഇച്ചായൻ ആണ്. ഇപ്പൊ ചാട പാടാന് അതങ്ങു വാങ്ങി
2.ആഴ്ചയിൽ ഒരിക്കൽ വീട് വൃത്തിയാകാൻ വേലക്കാരി. ഉള്ളു കൊണ്ട് ചിരി വന്നു എങ്കിലും ഒരു ഭാവ മാറ്റവും ഞാൻ കാണിച്ചില്ല.
ഇതിനെയാണ് പഴമക്കാർ പറയുന്നത് "അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും "എന്ന്.
നാളുകൾ കഴിഞ്ഞ് ഒരു ശനിയാഴ്ച ചിക്കൻ ബിരിയാണി ഉണ്ടാക്കുന്നതിന്റെ ഇടയിൽ ഇച്ചായൻ എന്നോട് ചോദിക്കുവാ ഇത്രയും കഷ്ടപെടുന്നുണ്ടാർന്നു അല്ലേ. എന്നിട്ടെന്തേ ഒന്നും പറഞ്ഞില്ല. ഞാൻ ഹൃദ്യമായ സ്നേഹത്തിന്റെ ഒരു ചിരി ചിരിച്ചു.
ബാത്‌റൂമിൽ വീണു കാലൊടിഞ്ഞാൽ എന്താ ഇങ്ങേർക്ക് ബോധോദയം ഉണ്ടായല്ലോ എന്ന് ചിന്തിച്ചു കൊണ്ടുള്ള ചിരി.....
***ജിയ ജോർജ് ***

ഇഷ്ടം



ഞാൻ തോറ്റു പോയ ഒരു ഭർത്താവ് ആയിരുന്നു
ഇഷ്ടം എന്നത് ഒരു തോന്നലാണോ? അറീല. അവളുടെ ഇഷ്ടം നേടിയെടുക്കാൻ ഞാൻ എന്തെല്ലാമോ ചെയ്തു കൂട്ടി. അവളുടെ കണ്ണിൽ, നോക്കിൽ, വിളിയൊച്ചയിൽ ഒന്നിലും എന്നോടുള്ള ഇഷ്ടം ഉണ്ടായിരുന്നില്ല.
ഞാൻ എപ്പോളും തോറ്റു പോയ ഒരു ഭർത്താവ് ആയിരുന്നു
എന്തുകൊണ്ട് അവൾക്കെന്നെ ഇഷ്ടപ്പെടാൻ കഴിയുന്നില്ല എന്നതിന്റെ കാരണം തേടി ഞാൻ കുറെ അലഞ്ഞു
അവൾക്കൊരു പ്രണയം ഉണ്ടായിരുന്നില്ല. നന്നായി പഠിച്ചു ഒരു ജോലി വാങ്ങി മാതാപിതാക്കൾ പറയുന്ന ആളെ, എന്നെ തന്നെ വിവാഹം കഴിച്ച ഒരു പെണ്ണായിരുന്നു അവൾ
ഞാൻ തൊടുമ്പോൾ അവളുടെ കൈവിരലുകൾ തണുത്തിരിക്കും നേര്മയായി ചുംബിക്കുമ്പോൾ അവൾ കണ്ണുകളടയ്ക്കാതെ എന്നെ തന്നെ നോക്കിയിരിക്കും. പതിയെ അവളുടെ മരവിപ്പ് എന്നെയും ബാധിക്കുമോയെന്നു ഞാൻ ഭയന്നു
"നിനക്കെന്നെ ഇഷ്ടമല്ലേ? "
ഞാൻ അവളോട്‌ ചോദിച്ചു
"അതെന്താ അങ്ങനെ ഒരു ചോദ്യം? "എന്ന മറുചോദ്യത്തിൽ ഞാൻ നിശബ്ദനായി
എന്ത് പറഞ്ഞാണ് ഞാൻ അവളുടെ സ്നേഹമില്ലായ്മയെ മനസ്സിലാക്കി കൊടുക്കുക !
സമയാസമയങ്ങളിൽ ഭക്ഷണം ഉണ്ടാക്കി തരാറുണ്ട്. എന്റെ വസ്ത്രങ്ങളെല്ലാം അലക്കി വൃത്തിയായി തേച്ചു മടക്കി വെക്കാറുണ്ട്. മുറികളെല്ലാം തൂത്തു വാരി കിടക്കകൾ നന്നായി വിരിച്ചു ദിനവും പൂപ്പാത്രത്തിൽ പൂക്കൾ മാറ്റി വെക്കാറുണ്ട്.
പക്ഷെ ഞാൻ കാണാനാഗ്രഹിക്കുന്ന ഇഷ്ടത്തിന്റ മിന്നല്പിണരുകൾ ആ കണ്ണിൽ ഞാൻ കണ്ടില്ല.
ഞാൻ അവൾക്കു വസ്ത്രങ്ങൾ വാങ്ങി കൊടുക്കാറുണ്ട്
"നന്നായിട്ടുണ്ടോ? "
തല ഒന്ന് ചലിപ്പിച്ചു അത് അവൾ അലമാരയിൽ വെയ്ക്കും. ഇനി ഞാൻ തിരഞ്ഞെടുത്തത് അവൾക്കിഷ്ടപ്പെട്ടില്ലേ എന്ന് കരുതി അവളെ ഞാൻ കൂടെ കൊണ്ട് പോകാറുണ്ട്
"ധാരാളം ഉണ്ടല്ലോ? എന്തിനാണ്? "
എന്നാ ചോദ്യത്തിൽ എന്റെ മനസ്സിടിയും
"ഇഷ്ടം കൊണ്ടാണ് "
ഞാൻ മെല്ലെ പറയും
അവളെന്നോട് കലഹിച്ചു കാണാൻ ആഗ്രഹിച്ചു ഒരിക്കൽ ഞാൻ വല്ലാതെ മദ്യപിച്ചു വീട്ടിൽ ചെന്നു. പക്ഷെ അവളെന്നെ ചോദ്യം ചെയ്യുകയോ പിണങ്ങുകയോ ചെയ്തില്ല
ഞാൻ താമസിച്ചാൽ ആധിയില്ല
ഞാൻ ഫോൺ ചെയ്തില്ലെങ്കിൽ പരിഭവം ഇല്ല
കൂട്ടുകാർ പറയും
"നിന്റെ ഭാഗ്യം ആണ് ഇങ്ങനെ ഒരു ഭാര്യ. എന്ത് സ്വാതന്ത്ര്യം ആണ് നിനക്ക്?
എനിക്കു ആ സ്വാതന്ത്ര്യം വേണ്ട. അവളെന്നിൽ സ്വാർത്ഥ ആയിരുന്നെങ്കിൽ, !അതെന്നെ സന്തോഷിപ്പിച്ചേനെ.
അവളെന്നോടൊന്നു വഴക്കിട്ടെങ്കിൽ !എന്നോടെന്തെങ്കിലും ആവശ്യപ്പെട്ടെങ്കിൽ ഒക്കെ എനിക്ക് സന്തോഷം ആയേനെ
അവളോടുള്ള ഇഷ്ടം കൊണ്ട് എനിക്ക് ഭ്രാന്ത് പിടിച്ചേക്കുമെന്നു തോന്നിയ നാളുകളിലാണ് ഒരു അനുഗ്രഹം പോലെ സ്ഥലം മാറ്റം ഉണ്ടായത്
പോയിട്ടു ഒരു വാശി പോലെ ഞാൻ അവളെ വിളിച്ചില്ല കഠിനമായി ജോലി ചെയ്തു ഞാൻ അവളുടെ ഓർമയെ മറക്കാൻ ശ്രമിച്ചു.
അവളുടെ ഫോൺ കാൾ എന്നെ തേടി വന്നത് ഒരു സന്ധ്യയിലായിരുന്നു
ഞാൻ എന്ത് പറയണം എന്നറിയാതെ അവളുടെ ഹലോ എന്നാ ശബ്ദത്തിനു "എന്താണ് വിളിച്ചത്? "എന്നാ പരുക്കൻ ചോദ്യവുമായി നിന്നു
"ഇവിടെ മഴ പെയ്യുന്നു. "
അവൾ മെല്ലെ പറഞ്ഞു
മഴയാണ് എനിക്കേറ്റവും ഇഷ്ടം എന്ന് ഞാൻ അവളോട്‌ പലതവണ പറഞ്ഞിട്ടുണ്ട്
"നമ്മുടെ പുഴ നിറഞ്ഞു "അവൾ പറഞ്ഞു
കാറ്റടിച്ചു തൊടിയിലെ വാഴകളൊക്ക പോയി എന്നവൾ വീണ്ടും പറഞ്ഞു
അവൾക്കിങ്ങനെ സംസാരിക്കാൻ അറിയുമായിരുന്നോ?
ദൂരങ്ങൾ മനസ്സുകളെ തമ്മിൽ അടുപ്പിക്കുമോ?
പക്ഷെ അവളെന്താണ് ഇത് വരെ ഇഷ്ടങ്ങളുടെ ഈ പൂക്കൂട എന്റെ മുന്നിൽ നേരെത്തെ തുറക്കാഞ്ഞത്? അവൾക്കെന്നെ പേടിയായിരുന്നു വോ? അവളെ മനസ്സിലാക്കുന്നതിൽ ഞാൻ ആണോ തെറ്റിയത്? ഇഷ്ടം നമ്മൾ കരുതും പോലെ ആവില്ലേ ഒരാളുടെ ഉള്ളില്? അല്ലെങ്കിൽ ഇഷ്ടം എന്നത് എന്റേതും നിങ്ങളുടെതുമൊക്കെ വ്യത്യസ്ത കാഴ്ചകൾ ആവും
വീണ്ടും ഒരു അവധിക്കാലം
ഒറ്റ ഉടലായി ഒറ്റ മനസ്സായി കണ്ണിൽ കൺ ചേർത്തു മഴത്താളം കേട്ട് കിടക്കുന്ന ഒരു വേളയിൽ ഞാൻ അവളോട്‌ വീണ്ടും ചോദിച്ചു
,
"എന്നോട് എത്ര ഇഷ്ടം ഉണ്ട്? "
അവൾ കണ്ണുകൾ വിടർത്തി എന്നെ നോക്കി
"എന്തിനാ ഇപ്പോൾ അങ്ങനെ ഒരു ചോദ്യം?
"പറയു"
ഞാൻ ആ മൂക്കിൻത്തുമ്പിൽ മൃദുവായി കടിച്ചു
"നിങ്ങളുടെ മനസ്സിലുള്ള അളവ് പാത്രം എനിക്ക് അറിയില്ലല്ലോ "
അവൾ മന്ദഹസിച്ചു
"പ്ലീസ് "
ഞാൻ മന്ത്രിച്ചു
അവളെന്റെ കണ്ണുകൾ രണ്ടു വിരലുകൾ കൊണ്ട് ചേർത്തടച്ചു
"കാഴ്ചയുടെ പ്രകാശദൂരത്തോളം, പെയ്തു തോരാത്ത ഒരു മഴപെയ്‌ത്തി നോളം, കടലാഴങ്ങളോളം "
ഞാൻ അവളെ വലിച്ചടുപ്പിച്ചു ഇറുക്കി പുണർന്നു.
"ഇഷ്ടങ്ങൾ പറഞ്ഞറിയുക നല്ല സുഖമാണ് "

By Ammu Santhosh

അരക്കെട്ടിലെ ഇന്ദ്രജാലം.

Image may contain: 1 person, smiling

ചാറ്റല്‍ മഴയുള്ള സന്ധ്യക്ക് അരക്കെട്ടില്‍ ഇന്ദ്രജാലം ഒളിപ്പിച്ച് വച്ച് ആ തവള ചാടി ചാടി വന്നത് എന്‍റെ മുറ്റത്തേക്ക് മാത്രമായിരുന്നില്ല , എന്‍റെ താളം തെറ്റിയ ജീവിതത്തിലേക്കുമായിരുന്നു......!
ഈയാംപാറ്റകളെ നാക്കിട്ട് പിടിക്കാനായി എത്ര അധികാരഭാവത്തോടെയാണവള്‍ എന്‍റെ ഉമ്മറത്തേക്ക് ചാടി കയറിയത്.
തോണ്ടിയെറിയാന്‍ നോക്കി. പോയില്ലവള്‍.
ചെരുപ്പാലെറിഞ്ഞ് നോക്കി. അനങ്ങിയില്ലവള്‍.
ഒടുവില്‍ അറപ്പോടെ എന്‍റെ വലം കൈ വിരലുകളാ അരക്കെട്ട് ലക്ഷ്യമാക്കി നീങ്ങി.
എടുത്ത് ദൂരെ കളയുകയായിരുന്നു ലക്ഷ്യം.
വഴു വഴുത്ത ആ അരക്കെട്ടില്‍ പിടിയമര്‍ത്തും നേരം മനംപുരട്ടി.
കൈക്കുള്ളില്‍ കിടന്നവള്‍ നിലത്ത് നിന്ന് പൊങ്ങി.
കളയാന്‍ ആകെയുള്ളൊരിടം കുളവാഴയുള്ള കുളത്തിന്‍ കരയായിരുന്നു.
കളഞ്ഞിട്ട് തിരിച്ച് പോരും നേരം വിരലുകളിലെന്തോ പശപശപ്പ്.
അത് കഴുകി കളഞ്ഞപ്പോഴും വിരലുകളിലെന്തോ നഷ്ടബോധത്തിന്‍റെ ചെറു ചലനങ്ങള്‍.
ഇരുന്നിട്ട് ഇരുപ്പുറച്ചില്ല.
കുറച്ച് നേരം കൈകളില്‍ ഒരു ജീവനെ ചേര്‍ത്ത് നിര്‍ത്തിയതിന്‍റെ അനുഭൂതി ഞാന്‍ തിരിച്ചറിഞ്ഞു.....!
ചാറ്റല്‍ മഴയുടെ പതിഞ്ഞ താളം പുറത്ത് കേള്‍ക്കുന്നുണ്ടായിരുന്നു.
കുളത്തില്‍ നിന്ന് ആണ്‍ തവളയുടെ ഇണയെ തിരഞ്ഞുള്ള കരച്ചില്‍ ഉച്ചസ്ഥായിയായി.
ആ വലിയ വീട്ടില്‍ തനിച്ചാണെന്ന ബോധ്യം അപ്പോഴേക്കും എന്നെ വേട്ടയാടി തുടങ്ങിയിരുന്നു.
ഒരു ദീര്‍ഘനിശ്വാസത്താല്‍ ചാരിയിരുന്ന നേരം എന്‍റെ വലം കൈ വിരലുകള്‍ എന്തിനോ വേണ്ടി വിറകൊണ്ടു.
ആ വിരലുകളെന്നെ എന്തോ ഓര്‍മ്മപ്പെടുത്തുന്നത് പോലെ....!
കട്ടിലില്‍ നിന്ന് ഞാന്‍ മെല്ലെ എഴുന്നേറ്റു.
കട്ടിലിനടിയില്‍ വച്ച ടോര്‍ച്ചെടുത്ത് തെളിയുന്നുണ്ടോന്ന് നോക്കി.
വാതില്‍ തുറന്ന് പുറത്തിറങ്ങി. ആ കുളമായിരുന്നെന്‍റെ ലക്ഷ്യം.
ടോര്‍ച്ചടിച്ച് ഞാനവിടം പരതി.
വച്ചിടത്ത് തന്നെ ഉണ്ടായിരുന്നവള്‍.
ഇണയെ വിളിക്കുന്ന ആണ്‍ തവളക്കരികിലേക്ക് അവളിതുവരെ പോയിട്ടില്ല.....!
അവളെന്നെ കാത്തിരിക്കുകയായിരുന്നെന്ന് തോന്നിച്ചു.
ടോര്‍ച്ചിന്‍റെ വെട്ടത്തില്‍ ആ കണ്ണുകള്‍ എന്നെ തുറിച്ച് നോക്കി.
എനിക്ക് അറപ്പും വെറുപ്പും തോന്നിയില്ല.
വിരലുകള്‍ ആ അരക്കെട്ടില്‍ ഒരിക്കല്‍ കൂടി പിടിയമര്‍ത്തി.
ഉയര്‍ത്തിയെടുത്ത് ഞാന്‍ തിരിച്ച് നടന്നു.
കൊലായിലെ വെട്ടത്തില്‍ ഞാനവളെ എന്‍റെ നേരെ പിടിച്ചു . ആ കണ്ണുകള്‍ ഒന്നൂടെ തുറിച്ചെന്നെ നോക്കി.
എന്നെ തിരികെ കൊണ്ടു വരാന്‍ മാത്രമുള്ള എന്ത് മായാജാലമാണ് നീ നിന്‍റെ അരക്കെട്ടില്‍ ഒളിപ്പിച്ച് വച്ചിരിക്കുന്നതെന്ന് ചോദിച്ച് ആ കണ്ണുകളിലേക്ക് ഞാന്‍ മാറി മാറി നോക്കി.....!
എനിക്കെന്‍റെ കണ്ണുകളെ വിശ്വസിക്കാനായില്ല.....!
ആ കണ്ണുകളില്‍ ഞാന്‍ കണ്ടത് എന്നെ തന്നെയായിരുന്നു , എന്‍റെ ഭൂതകാലമായിരുന്നു.
കണ്ണെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന വയലുകള്‍ കണ്ടു . കുളവും തൊടിയും കണ്ടു. തലയുയര്‍ത്തി നില്‍ക്കുന്ന പടിപ്പുര കണ്ടു , വീട് കണ്ടു. സ്നേഹം മാത്രം തന്ന് വളര്‍ത്തിയ അച്ഛനേയും അമ്മയേയും കണ്ടു.
വലതുകാല്‍ വച്ച് ഈ വീട്ടിലേക്ക് കയറി വന്ന എന്‍റെ ഭാര്യയെ കണ്ടു.
അവളുടെ കുറ്റവും കുറവും നിരത്തി എന്നും കലഹിക്കുന്ന എന്നിലെ ഭര്‍ത്താവിനെ കണ്ടു.
സഹനത്തിന്‍റെ ആള്‍രൂപമായി എന്‍റെ ആട്ടും തുപ്പും സഹിച്ച അവളുടെ വിറങ്ങലിച്ച് പോയ മനസ്സ് കണ്ടു.
എന്‍റെ തൊണ്ടയിടറി. കൈകളയഞ്ഞു.
കൈക്കുള്ളില്‍ നിന്ന് സ്വതന്ത്രയായപ്പോള്‍ ചാടി ചാടി അവളെങ്ങോ പോയ് മറഞ്ഞു.
മഴ കനത്തു തുടങ്ങി.
കൊലായിലേക്ക് കയറി ഞാന്‍ തറയിലിരുന്നു.
തെങ്ങിന്‍ തലപ്പുകള്‍ കാറ്റില്‍ ഉളകിയാടുന്നുണ്ടായിരുന്നു.
നഷ്ടപ്പെടലിന്‍റെ വിങ്ങല്‍ മനസ്സിനെ മദിക്കാന്‍ തുടങ്ങുന്നുണ്ടായിരുന്നു.
ചുമരില്‍ തൂക്കിയിട്ട അച്ഛന്‍റേയും അമ്മയുടേയും ചിത്രങ്ങള്‍ ഇടി മിന്നലിന്‍റെ ചെറു വെട്ടത്തില്‍ കണ്‍മുന്നിലിങ്ങനെ മിന്നി മാഞ്ഞു.
ഒരു നിമിഷം പോലും ഒറ്റക്കിരിക്കാന്‍ എനിക്കാവുമായിരുന്നില്ല.
ഒറ്റപ്പെടലിന്‍റെ വേദനയെന്നെ കീഴ്പ്പെടുത്താന്‍ തുടങ്ങിയിട്ട് നാളേറെയായി, ചെയ്ത് പോയ തെറ്റുകള്‍ വേട്ടയാടാന്‍ തുടങ്ങിയിട്ടും നാളേറെയായി.
ഇനിയും വൈകിക്കാന്‍ എനിക്കാവുമായിരുന്നില്ല.
മുറ്റത്തേക്കിറങ്ങി കാറിന്‍റെ ഡോര്‍ തുറന്നു.
കാര്‍ മുന്നോട്ടെടുത്തു . ചുവന്ന മണ്ണ് പാകിയ വഴിയിലൂടെ മുന്നോട്ട് നീങ്ങി.
കണ്ണെത്താ ദൂരം പരന്ന് കിടന്ന വയലുകളെല്ലാം ഞാനാണ് മണ്ണിട്ട് തൂര്‍ത്തത് , ഞാനാണവിടെ തേക്കും മാഞ്ചിയവും നട്ടത് , ഞാനാണ് ചിരുതയുടേയും കോരന്‍റേയും കൊയ്ത്തു പാട്ടിന് വിരാമമിട്ടത് , ഞാനാണ് ഈ പ്രകൃതിയെ നശിപ്പിച്ചത് , ഞാനാണ് തവളയ്ക്കും ഒച്ചിനും കിടപ്പാടം ഇല്ലാണ്ടാക്കിയത്.
മരണക്കിടക്കയില്‍ വച്ച് അച്ഛന്‍ പറഞ്ഞിരുന്നു , ആ വയലുകള്‍ വരും തലമുറയ്ക്കായി കരുതി വക്കണമെന്ന് , ആ വയലുകള്‍ മനുഷ്യരുടേത് മാത്രമല്ലെന്ന് , അത് തവളയുടേയും ഒച്ചിന്‍റേതും സര്‍വ്വ ജീവജാലങ്ങളുടേതും കൂടിയാണെന്ന് .
തലതിരിഞ്ഞ ഈ മകനുണ്ടോ അച്ഛന്‍റെ വാക്കിന് വില കല്പിക്കുന്നു.
മരണക്കിടക്കയില്‍ വച്ച് കൊടുത്ത വാക്ക് തെറ്റിക്കാന്‍ മരിച്ചതിന് ഒരാണ്ട് പോലും വേണ്ടി വന്നില്ലെനിക്ക്.
കുത്തഴിഞ്ഞ എന്‍റെ ജീവിതം ശരിയാക്കാന്‍ ഒന്നു കൂടി ചെയ്ത് വച്ചിട്ടാണ് അച്ഛന്‍ പോയത് , കാര്യസ്ഥന്‍ ശങ്കരേട്ടന്‍റെ മോള് നീലാംബരിയെ മോന് വേളി കഴിപ്പിച്ച് കൊടുത്തിട്ടൊരു പരീക്ഷണം.
അച്ഛനത് പറയുമ്പോള്‍ ആനന്ദ കണ്ണീരോടെ കൈ കൂപ്പി നിന്ന ശങ്കരേട്ടന്‍റെ മുഖം ഇന്നും ഓര്‍മ്മയുണ്ട്.
എന്‍റെ മോള്‍ടെ മുജ്ജന്മ സുകൃതം എന്നാണ് ഇടറിയ ശബ്ദത്താല്‍ ശങ്കരേട്ടന്‍ പറഞ്ഞത്.
കെട്ടിയതിന്‍റെ മൂന്നാം നാള്‍ ഉമ്മറത്തിരിക്കുന്നെനിക്ക് മദ്യം ഒഴിച്ച് തരാനായി ഉറക്കെ വിളിച്ചിട്ടും അവളത് കേട്ടില്ല.
നടുമുറ്റത്ത് ഇറ്റിറ്റ് വീഴുന്ന മഴ വെള്ളം നോക്കി ആസ്വദിച്ചിരിക്കുകയായിരുന്നവള്‍.
അന്നായിരുന്നു ആ മുഖത്ത് എന്‍റെ കൈകള്‍ ആദ്യമായി പതിച്ചത്. പിന്നീട് പലയാവര്‍ത്തി.
എന്നിട്ടൊന്നും അവള്‍ കരഞ്ഞില്ല . പക്ഷെ ഒരിക്കല്‍ കരഞ്ഞു , പൊട്ടി പൊട്ടി കരഞ്ഞു , മഴയെ ഒരുപാട് സ്നേഹിച്ച അവളുടെ അടുക്കിവച്ച കവിതകള്‍ ഉന്മാദലഹരിയില്‍ ഞാന്‍ ആ നടുമുറ്റത്ത് പിച്ചി കീറിയിട്ട് കത്തിച്ചപ്പോള്‍.
അവളെന്നെടൊന്നും ആവശ്യപ്പെടാറുണ്ടായിരുന്നില്ല , പക്ഷെ ഒരിക്കലതുണ്ടായി , ഒരു മഴയുള്ള രാത്രിയില്‍ രതിയുടെ അവസാന അപഗ്രഥനത്തിനൊടുവില്‍ ഒരു വേട്ടമൃഗത്തെ പോലെ തളര്‍ന്ന് കിടന്നെന്‍റെ കാതില്‍ ഭയത്തോടെ വന്നവള്‍ ചോദിച്ചു , മുറ്റത്തുള്ള ആ പുളി മരത്തിന്‍റെ ചോട്ടില്‍ കൊണ്ട് പോയി ഈ മഴയത്ത് എന്‍റെ അരക്കെട്ടില്‍ ചേര്‍ത്ത് പിടിച്ച് എന്നെ ഒന്നാ നെഞ്ചില്‍ ചേര്‍ത്ത് നിര്‍ത്തുമോന്ന്‌.
മറുപടിയായി എന്നില്‍ നിന്ന് വച്ച പുച്ഛ രസം കാരണമാകാം അങ്ങേ തലയ്ക്കല്‍ വിതുമ്പി കരയുന്നത് കേള്‍ക്കേണ്ടി വന്നത്.
പിന്നീടെന്തിനാണ് അവളുടെ കയ്യില്‍ ചുറ്റി പിടിച്ച് ഞാന്‍ ശങ്കരേട്ടന്‍റെ വീട്ടിന്‍റെ ഉമ്മറത്തേക്ക് ഉപേക്ഷിച്ചിട്ട് ഉറക്കെ വിളിച്ച് പറഞ്ഞത് , എനിക്ക് നിങ്ങളുടെ മകളെ വേണ്ടെന്നും , ബന്ധം പറഞ്ഞ് ആരെങ്കിലും ആ പടി കയറി വന്നാല്‍ കാല് വെട്ടി കളയുമെന്നും.
അറിയില്ല . അല്ലെങ്കിലും ഞാനായിരുന്നില്ലല്ലോ ഇതൊന്നും ചെയ്തിരുന്നത് . എന്നെ വിഴുങ്ങിയിരുന്ന ലഹരിയായിരുന്നല്ലോ , എന്നെ ഗ്രസിച്ച അഹന്തയായിരുന്നല്ലോ.
ദിക്കൊട്ട് മുഴങ്ങുമാറുള്ളൊരിടിയാണ് ചിന്തയില്‍ നിന്നെന്നെ ഉണര്‍ത്തിയത്.
ഞാനൊരുപാട് ദൂരം സഞ്ചരിച്ചിരിക്കുന്നു. ആ ചെമ്മണ്‍ പാത അവസാനിക്കാറായിരിക്കുന്നു.
ഒരിക്കല്‍ മാത്രം ഞാന്‍ കണ്ട ആ വീടും പറമ്പും എനിക്ക് വേഗം തിരിച്ചറിയാനായി. കാറ് ആ വീട് ലക്ഷ്യമാക്കി നീങ്ങി.
കാറിന്‍റെ വെളിച്ചം മുറ്റത്തെത്തിയപ്പോള്‍ അകത്ത് നിന്നൊരു മെല്ലിച്ച രൂപം പുറത്തേക്ക് വന്നു.
ശങ്കരേട്ടനായിരുന്നത്. ഒരുപാട് മാറിയിരിക്കുന്നു ആ മനുഷ്യന്‍.
കാറില്‍ നിന്നിറങ്ങിയ എന്നെ കണ്ടതും വെപ്രാളപ്പെട്ട് നില്‍ക്കുന്നുണ്ടായിരുന്നു.
കൊലായിലെ മൂലയിലിരിപ്പുള്ള കസേരയിലെ പൊടി തട്ടാനായി തോളത്തെ തോര്‍ത്തു മുണ്ടെടുത്തോടുന്നുണ്ടായിരുന്നു.
ഇരിക്കാനായി ക്ഷണിച്ച് ആശങ്കകളോടെ എന്നെ നോക്കി നിന്നു.
ഉമ്മറത്തെ വാതിലിന് പുറകില്‍ ആരുടെയൊക്കെയോ കാല്‍പെരുമാറ്റം കേള്‍ക്കുന്നുണ്ടായിരുന്നു.
എന്‍റെ മോള്‍ടെ ഭാഗത്ത് എന്തെങ്കിലും തെറ്റുണ്ടായിട്ടുണ്ടെങ്കില്‍ മോനതെല്ലാം പൊറുത്തു തരണം , അവകാശം പറഞ്ഞ് ഒരാളും ആ പടി കയറി വരില്ല എന്നൊക്കെ പറഞ്ഞ് ശങ്കരേട്ടന്‍ കൈ കൂപ്പി വിതുമ്പുന്നുണ്ടായിരുന്നു.
ഇരുന്നിടത്ത് നിന്ന് ഞാനെണീറ്റ് ശങ്കരേട്ടന്‍റെ അരികിലേക്ക് നടന്നു.
ഇടറിയ പാദങ്ങളാല്‍ ഒരടി പുറകിലേക്ക് മാറി നിന്ന ആ കൈകളില്‍ ഞാനെന്‍റെ കൈകളാല്‍ ചേര്‍ത്ത് പിടിച്ചു.
നീലാംബരിയെ കൊണ്ട് പോവാനാണ് ഞാന്‍ വന്നതെന്ന് പറഞ്ഞപ്പോള്‍ ആദ്യം കേട്ട തേങ്ങല്‍ ആ വാതില്‍ പടിക്കകത്ത് നിന്നായിരുന്നു.
കൊലുസണിഞ്ഞ രണ്ടു പാദങ്ങള്‍ വാതിലിന്‍റെ മറവില്‍ നിന്ന് മുന്നോട്ട് വരുന്നത് ഞാന്‍ കണ്ടു . ആ തല കുനിഞ്ഞിട്ടുണ്ടായിരുന്നു , ആ കണ്ണുകള്‍ നിറഞ്ഞിട്ടുണ്ടായിരുന്നു.
വാക്കുകള്‍ക്ക് പ്രസക്തിയില്ലാത്ത ആ നിമിഷങ്ങളില്‍ ഞാന്‍ കണ്ടു , ആവിടെ കൂടി നിന്ന കണ്ണുകളില്‍ നിന്നെല്ലാം ആനന്ദാശ്രു പൊഴിയുന്നത്.
ആ വലം കൈ പിടിച്ച് ഞാനവളെ കാറിലേക്ക് കയറ്റി.
മഴ കോരി ചൊരിയുന്നുണ്ടായിരുന്നു.
അവള്‍ സന്തോഷിക്കുമ്പോള്‍ മഴക്ക് ആര്‍ത്തലച്ച് പെയ്യാതിരിക്കാനാവുമായിരുന്നില്ലല്ലോ.....!
വന്ന വഴിയെ തിരികെ പോരുമ്പോള്‍ ആ കാറിനകം നിശബ്ദമായിരുന്നു.
ഇടയ്ക്ക് വച്ച് ഞാനവളുടെ കണ്ണിലേക്കൊന്നു നോക്കി.
അവിശ്വസനീയത തളം കെട്ടി നില്‍ക്കുന്നുണ്ടായിരുന്നു.
വീടിന്‍റെ മുന്നിലെത്തി. വണ്ടി നിര്‍ത്തി. നിശബ്ദതയില്‍ തീര്‍ത്ത ഒരു നിമിഷം കടന്ന് പോയി.
കാറില്‍ നിന്നിറങ്ങിയ എന്നെ വരവേറ്റത് കുളക്കരയില്‍ നിന്നുള്ള ആണ്‍ തവളയുടെ ഇണയെ തേടിയുള്ള ഉച്ചത്തിലുള്ള കരച്ചിലായിരുന്നു.
കുടക്കീഴില്‍ കാറിറങ്ങിയ അവള്‍ കൊലായിലേക്ക് കയറും നേരം ഞാനാ കൈ ചേര്‍ത്തങ്ങ് പിടിച്ചു.
കൊലായിലേക്ക് വച്ച വലം കാല്‍ പതിയെ അവള്‍ തിരികെയെടുത്ത് വച്ചു.
മുഖത്തോട് മുഖം നോക്കി നിന്ന നിമിഷം.
തണുത്ത കാറ്റ് വന്ന് ദേഹമാസകലം മൂടി.
അവളുടെ കയ്യില്‍ നിന്നും കുട പതിയെ താഴെ വീണു.
ഇടിമിന്നലിന്‍റെ വെട്ടത്തില്‍ ആ നെറ്റിയിലെ സിന്ദൂരം ഒലിച്ചിറങ്ങാന്‍ തുടങ്ങുന്നത് ഞാന്‍ കണ്ടു.
ആ കരം പിടിച്ച് ഞാന്‍ മുന്നോട്ട് നടന്നു. എന്നെ മാത്രം നോക്കി ആശ്ചര്യത്തോടെ അവള്‍ പുറകെയും.
ഞാന്‍ നടത്തം നിര്‍ത്തി.
പുളിമരത്തിന്‍റെ അരികിലെത്തിയിരുന്നു ഞങ്ങള്‍....!
ഞാനവളുടെ അരക്കെട്ടില്‍ ചുറ്റിപ്പിടിച്ച് പുളി മരത്തിലേക്ക് ചാരിയ നേരം അവളൊരു നിമിഷം സ്തംഭിച്ച് നിന്നു.
ഒരു തേങ്ങലോടെ പിന്നെന്‍റെ നെഞ്ചിലേക്ക് വീണവള്‍ പൊട്ടിക്കരയുകയായിരുന്നു.
എത്ര നേരം അങ്ങനെ നിന്നെന്നറിയില്ല . പക്ഷെ ഒന്നറിയാം , ആര്‍ത്തലച്ച് പെയ്യുന്ന മഴയോടൊപ്പം അവളുടെ മനസ്സിലെ വേദനകളെല്ലാം അലിഞ്ഞില്ലാതാവുകയായിരുന്നെന്ന്.
നശിപ്പിക്കുകയും വേര്‍പ്പെടുത്തുകയും ചെയ്തിരുന്ന എന്‍റെ കൈകള്‍ അന്നാദ്യമായി ചേര്‍ത്ത് നിര്‍ത്തലിന്‍റെ സുഖമറിഞ്ഞു , സംരക്ഷിക്കലിന്‍റെ ശക്തിയറിഞ്ഞു.
പെണ്ണെന്ന ഈ പ്രകൃതിയുടെ അരക്കെട്ടില്‍ ചേര്‍ത്ത് പിടിച്ചപ്പോള്‍ അതെന്‍റെ മേല്‍ സ്നേഹ വാത്സല്ല്യമായി ചൊരിഞ്ഞതും ഞാനറിഞ്ഞു.
ഇണ വന്നണഞ്ഞത് കൊണ്ടാവും , കുളത്തില്‍ നിന്നുള്ള ആണ്‍ തവളയുടെ കരച്ചിലപ്പോഴേക്കും നേര്‍ത്ത് നേര്‍ത്ത് ഇല്ലാണ്ടായിരുന്നു.......!

By Magesh Boji

വിരലടയാളം

Image may contain: one or more people, closeup and indoor

എന്നത്തെയും പോലെ അന്നും അടുക്കള ജോലിയൊക്കെ കഴിഞ്ഞ് എല്ലാർക്കും
ഭക്ഷണം കൊടുക്കും മുന്നേ ഒന്നു മേൽ കഴുകിയാലോ എന്നോർത്തു കൊണ്ട് രജനി ഡ്രോയിംഗ് റൂമിലേക്കൊന്നെത്തി നോക്കി. കെട്ടിയോൻ ഫുട്ബോളിൽ
മുഴുകിയിരിക്കുന്നുണ്ട്. അഞ്ചു വയസുകാരി ദിയ അവളുടെ പുസ്തകത്തിൽ
എന്തൊക്കെയോ വരച്ചുകൊണ്ടിരിക്കുന്നു.. പുറത്ത് കോരിപ്പെയ്യുന്ന മഴ.
പെട്ടെന്ന് കുളിച്ചു വരാമെന്നോർത്ത് അവൾ കുളിമുറിയിലേക്ക് പോയി. തണുത്ത വെള്ളത്തിൽ കുളിച്ചു കഴിഞ്ഞപ്പോ പകലത്തെ ക്ഷീണമെല്ലാം മാറി .
പുറത്തിറങ്ങി ടി.വിയിൽ മതി മറന്നിരിക്കുന്ന അനിലിനോടായി വിളിച്ചു ചോദിച്ചു.
"അനിയേട്ടാ ഭക്ഷണം എടുക്കാറായോ ?.. "
"ആയില്ല മോൾക്കു കൊടുത്തിട്ടു മതി"
ആയിക്കോട്ടേന്നും പറഞ്ഞ് മോൾക്കുള്ള ഭക്ഷണം എടുത്ത് ഡൈനിംഗ് ഹാളിലേക്കു നടക്കുമ്പോ രജനി വിളിച്ചു പറഞ്ഞു
" ദിയാ കൈ കഴുകി വരൂ. ഇനി ഭക്ഷണം കഴിച്ചിട്ടാവാം ബാക്കി ഹോം വർക്ക് ചെയ്യുന്നത്. അമ്മക്കു കാണണം .വേഗം വന്നേ".
ഭക്ഷണം മേശപ്പുറത്തു വെച്ച് കസേര നീക്കിയിട്ട് രജനി അതിലിരുന്നു നീട്ടിവിളിച്ചു ,
"ദിയാ വരണുണ്ടോ നീയ് ?.:
പിന്നെയും കുഞ്ഞിനെക്കാണാതിരുന്നപ്പോൾ ഇവളിതെവിടെപ്പോയെന്നും പറഞ്ഞു കൊണ്ടെഴുന്നേറ്റു.. അത്രയുമായപ്പോ അനിൽ ടി വി യിൽ നിന്നു
കണ്ണെടുത്തു കൊണ്ട് രജനിയെ നോക്കി .
അവൾ മുറിയിലൊക്കെ നോക്കി,കാണാഞ്ഞ് വളരെ പരിഭ്രാന്തയായി
അനിലിനോട് ചോദിച്ചു ,
"മോളെവിടെ അനിയേട്ടാ ?.:
അനിൽ ഫുട്ബോളുപേക്ഷിച്ച സോഫയിൽ നിന്നെഴുന്നേറ്റു... രണ്ടു പേരും
ഒന്നു കൂടെ വീടാകമാനം നോക്കി. അകത്തെങ്ങും കാണാഞ്ഞ് പരിഭ്രാന്തരായി
സിറ്റൗട്ടിലേക്കിറങ്ങിച്ചെന്നു.സ്ട്രീറ്റ് ലൈറ്റ് കുറേയായി കത്താത്തതു കൊണ്ട് വഴിയിൽ ഒട്ടും തന്നെ വെളിച്ചമില്ല.. പോരാതെ നല്ല മഴയും .രജനിക്ക് വെപ്രാളം കൊണ്ട് തല കറങ്ങുന്നതു പോലെ തോന്നി.
"അനിയേട്ടാ അവിടെത്തന്നെ ഉണ്ടായിരുന്നില്ലേ?.അവളവിടെയിരുന്ന് വരക്കുന്നത്
കണ്ടാണല്ലോ ഞാൻ പോയത്.'
"ഞാൻ ഇടക്കൊന്ന് ടോയ്ലറ്റിൽ പോയിരുന്നു. ഞാനോർത്തു അവൾ അകത്തെങ്ങാനും കാണുമെന്ന്. "
അവർ ഉറക്കെ വിളിച്ചു കൊണ്ട് കുടയുമെടുത്ത് മഴയിലേക്കിറങ്ങി. കരഞ്ഞുകൊ
ണ്ട് രജനിയും പിന്നാലെ .
അപ്പോഴേക്കും അയൽപക്കക്കാരെല്ലാം പുറത്തിറങ്ങി വന്നു.
ഓരോ വീട്ടിലും പറമ്പിലുമായി അന്വേഷണം തുടർന്നു .മോളെക്കാണാഞ്ഞ്
രജനി വലിയ വായിൽ നിലവിളിക്കാൻ തുടങ്ങി.
എല്ലാവരും കൂടി നിന്ന് ചർച്ച തുടങ്ങി.പോലീസിൽ കൊടുക്കണോ അതോ അന്വേഷിച്ചിട്ടു മതിയോ എന്നൊക്കെ കൂലംകഷമായി ആലോചന തുടങ്ങി.
വല്ല കുളത്തിലോ കിണറ്റിലോ ഒക്കെ നോക്കണോ എന്നൊക്കെ ചിലർ അഭിപ്രായം പറഞ്ഞു. കിണറ്റിലേക്ക് എത്തി നോക്കുക പോലും ചെയ്തു ചിലർ.
അനിലിനു കൈയും കാലും വിറക്കാൻ തുടങ്ങി.പെട്ടെന്ന് എന്തെങ്കിലും ചെയ്തേ
ഒക്കൂ. മഴ ഒന്നു തോർന്നിട്ടുണ്ട്.ചുറ്റുവട്ടം ഒന്നന്വേഷിക്കാം. അയാൾ വേഗം വീട്ടിനകത്തു നിന്നു ബൈക്കിന്റെ താക്കോലെടുത്തു വന്നു. പെട്ടെന്ന് ബൈക്ക് സ്റ്റാർട്ടാക്കി. രജനി ഓടി വന്നു ബൈക്കിനു പിന്നിൽ കയറാനൊരുങ്ങിയപ്പോൾ അനിൽ തടഞ്ഞു.
"നീ വരണ്ട. അപ്രത്തെ വികാസിനെ കൂട്ടാം".
അയാൾ ബൈക്ക് വികാസിന്റെ ഗേറ്റിന്റെ മുന്നിൽ നിർത്തി. വികാസ് ഷർട്ടിന്റെ ബട്ടനിട്ടു കൊണ്ട് തിടുക്കത്തിൽ വന്ന് ബൈക്കിലേക്ക് കയറാനാഞ്ഞതും അയാൾ പൊക്കിയ കാൽ പെട്ടെന്ന് നിലത്തൂന്നി. അനിലിന്റെ പുറത്തടിച്ചു കൊണ്ടു പറഞ്ഞു.
" ഡാ നോക്കിയേ, ആരാ വരുന്നേന്ന്.''
വികാസ് ചൂണ്ടിക്കാട്ടിയ ഭാഗത്തേക്ക് നോക്കിയ അനിലിന്റെ മുഖത്ത് സന്തോഷം
തിളങ്ങി.ഒരു ലോളിപ്പോപ്പ് നുണഞ്ഞു ചിരിച്ചുല്ലസിച്ചു കൊണ്ടു കണ്ണന്റെ സൈക്കിളിൽ വരുന്ന ദിയയെക്കണ്ട് അയാൾക്ക് പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ടായി.
പതിനാലുകാരൻ കണ്ണൻ ,അനിലിന്റെ ചേട്ടന്റെ മോനാണ്.ബൈക്കിൽ നിന്നിറങ്ങി അനിൽ രജനിയെ വിളിച്ചു. അപ്പോഴേക്കും കണ്ണനും ദിയയും സൈക്കിളിലേറി അടുത്തെത്തിയിരുന്നു. റോഡു മുഴുവൻ ആൾക്കാരെക്കണ്ട് അന്തം വിട്ടു പോയിരുന്നു അവൻ.രജനി ഓടിപ്പോയി ദിയയെ സൈക്കിളിൽ നിന്നിറക്കി കെട്ടിപ്പിടിച്ചു രണ്ടു കവിളിലും മുത്തമിട്ടു കൊണ്ട് ചോദിച്ചു ,
"നീയെവിടായിരുന്നു മോളെ ?"
"ഞാൻ കണ്ണ'ൻ ചേട്ടന്റെ കൂടെ "
അനിൽ ചോദിച്ചു ,
"ഡാ കണ്ണാ നിനക്കിവളെ എവിടന്നു കിട്ടിയെടാ ?."
"ഇവിടെന്ന് . എന്തേ?"
"അതല്ലെടാ ഇവളെ നീ.. അല്ല ,ഇവിടെന്ന് എപ്പോ ?. "അനിലിന് ഒന്നും മനസിലായില്ല.
"ഞാൻ നേരത്തെ വന്നില്ലേ എനിട്ട് കൂട്ടിക്കൊണ്ടു പോയതാ.....
"കള്ളപന്നീ, എന്നാപ്പിന്നെ ഒന്നു പറഞ്ഞിട്ടു കൊണ്ടു പോകരുതായിരുന്നില്ലേ ?."
"അതല്ല ചെറിയച്ഛ, ചെറിയച്ഛനും ചെറിയമ്മയും അകത്തായിരുന്നു. ചോദിക്കാൻ
നേരം കിട്ടീല. ഇന്ന് അവസാന ദിവസമല്ലേ? "
"അതെന്താ കിട്ടാഞ്ഞെ ?.നീ നാളെ നാടുവിട്ടു പോകുവോ ?."
"അതല്ല ചെറിയച്ഛ .ചെറിയമ്മക്ക് ഈ മാസം റേഷനരി വേണ്ട നമ്മളോട് വാങ്ങി
ച്ചോളാൻ പറഞ്ഞിട്ട് കാർഡ് തന്നില്ലേ ?. അമ്മ നേരത്തേ പറഞ്ഞതാ വാങ്ങിച്ചോണ്ടു ചെല്ലാൻ. കളി കഴിഞ്ഞപ്പോ ലേറ്റായി. അവിടെ ചെന്നപ്പോഴാ അറിയുന്നത് റേഷൻ കാർഡിലെ അംഗത്തിന്റെ വിരലടയാളം കൊടുത്താലേ റേഷൻ കിട്ടൂന്ന്. അരിയില്ലാതെ ചെന്നാ അമ്മ ചീത്ത പറയും..."
"അതിന്? "
"ചെറിയച്ഛനെ വിളിക്കാന്നു വെച്ചാ ഞാൻ വന്നത്. അപ്പോ രണ്ടാളെയും കണ്ടില്ല. കട അടക്കാറായിരുന്നു.ഇവളുടെ വിരലടയാളം ആയാലും മതീലോ?. പെട്ടെന്ന് കൊണ്ടരാന്നു വെച്ച വിളിച്ചോണ്ടു പോയത്. അപ്പോ മഴ പെയ്തു .പിന്നെ വിരലടയാളം വേണെങ്കി ലോളിപ്പോപ്പ് വാങ്ങിത്തരണം പറഞ്ഞു ഇവൾ."
അവിടുണ്ടായിരുന്നവരൊക്കെ ഉറക്കെ ചിരിച്ചു - അനിലിന് ചിരി വന്നെങ്കിലും കണ്ണനെ പിടിച്ചു രണ്ടു പെട കൊടുത്താലോന്ന് ഓർത്തു. പിന്നെ ഓർത്തു
പാവം ,അവൻ നിസ്സഹായനാണ്. അമ്മയേ പേടിച്ചിട്ടല്ലേ. .റേഷൻ കടയിലെ ഓരോ പരിഷ്കാരങ്ങൾ വരുത്തിയ വിന.
അയാൾ മോളെയും കണ്ണനെയും രജനിയെയും കൂട്ടി വീട്ടിലക്കു തിരിച്ചു.
പേടിച്ചിരുന്ന ഒരു വിപത്തൊഴിഞ്ഞ ആശ്വാസത്തോടെ. അപ്പോഴേക്കും
ആൾക്കൂട്ടം ഒഴിഞ്ഞു തുടങ്ങിയിരുന്നു.
നീതി

ഭാര്യയുടെ പ്രസവം

Image may contain: 1 person, beard

എനിക്ക് എന്റെ ഭാര്യയുടെ പ്രസവം കാണണം ണം ണം ണം ണം ണം ണം
ഇങ്ങനെ ഒറ്റ അലർച്ച ആയിരുന്നു, ഞാൻ അല്ല,നമ്മുടെ പുരുഷ കേസരി ആണ് അങ്ങനെ അലറിയത്. അലർച്ച കേട്ട് ആ ആശുപത്രിയിൽ ഉള്ള ഒരുവിധം ഗർഭിണികൾ ഒക്കെ മാസം തികയാതെ പ്രസവിച്ചു,പലരുടെയും ഗർഭം അലസി,ഇല്ലാത്തവർ തങ്ങൾക്കു ഗർഭം ഇല്ല വെറും ഗ്യാസ് ആണ് എന്ന് പറഞ്ഞു ഇറങ്ങി ഓടിത്തള്ളി
തൊട്ടടുത്ത്‌ നിന്ന് ഈ അലർച്ച കേട്ട ഡോക്ടറിന്റെയും നെഴ്സിന്റെയും ചെവിയിൽ നിന്നും വെളുത്ത പുക വന്നു
ആട്ടെ ആരാണീ പുരുഷ കേസരി ? ഞങ്ങളുടെ ഒരു സുഹൃത്താണ്‌ പുരുഷ കേസരി,വളരെ വ്യത്യസ്തവും പൌരുഷം തുളുമ്പുന്നതുമായ തീരുമാനങ്ങൾ തുടരെ എടുക്കുക വഴി ആണ്, അവനു ഞങ്ങൾ ഈ പട്ടം ചാർത്തിക്കൊടുത്തത്. നീയാണെടാ "പുരുഷകേസരി"
എന്തിനും ഏതിനും പുരുഷ കേസരി വളരെ ബോൾഡ് ആയ തീരുമാനങ്ങൾ ആണ് എടുക്കുക,ഭാര്യ ഗർഭിണി എന്ന് അറിഞ്ഞപ്പോൾ തന്നെ പീ കേസരി നെറ്റിൽ കേറി താമസം തുടങ്ങി,കുഞ്ഞിനെ വെള്ളത്തിൽ പ്രസവിക്കണോ, അതോ കരയിൽ പ്രസവിക്കണോ? കിടന്നു പ്രസവിക്കണോ, തല കുത്തി നിന്ന് പ്രസവിക്കണോ, സുഖ പ്രസവം വേണോ,സിസേറിയൻ വേണോ? ഗർഭസ്ഥ ശിശുവിനെ ഗീതയും ഖുറാനും ബൈബിളും കേൾപ്പിക്കണോ,അതോ ലെനിൻ സൂക്തങ്ങൾ കേൾപ്പിക്കണോ,ഭാര്യ കുങ്കുമപ്പൂ കഴിക്കണോ,അതോ ആ സീരിയൽ കാണണോ, അങ്ങനെ ഗൂഗിളോട് ഗൂഗിൾ
ഭാര്യമാരുടെ പ്രസവം എല്ലാം കഴിഞ്ഞവരും,ഇനി അതിനു സ്കോപ് ഇല്ലാത്തവരും ആയ ഞങ്ങൾ അസൂയയോടു കൂടി അതും നോക്കി ഇരുന്നു, രഹസ്യമായി രാത്രി കാലങ്ങളിൽ അവന്റെ വീട്ടിലേക്ക് കല്ലെടുത്തെറിഞ്ഞു .
ശ്യാമ പറഞ്ഞു , അജോയ് കണ്ടു പഠി ആ പീ കേസരിയെ.
പീ കേസരി ആണെങ്കിൽ ഒരു മാതിരി ഗ്രഹണി പിടിച്ച പിള്ളേർ ചക്ക കൂട്ടാൻ കണ്ട പോലെ ആയിരുന്നു ,ആപ്പിൾ വാങ്ങുന്നു,മുന്തിരി വാങ്ങുന്നു, കല്യാണ സൌഗന്ധികം തേടി നടക്കുന്നു, കൊച്ചിന് തൊട്ടിൽ വാങ്ങുന്നു,പല നിറത്തിൽ ഉടുപ്പ് വാങ്ങുന്നു, ഭാര്യയുടെ വീർത്ത വയറു തടവുന്നു, അവിടെ ചെവി വെച്ച് കേൾക്കുന്നു,
എന്തരച്ഛാ സുഖങ്ങളൊക്കെ തന്നേ ? എന്ന് കൊച്ചു ചോദിക്കുന്നത് കേട്ടു എന്നാണ് കേസരി ഞങ്ങളോട് പറഞ്ഞത്,സ്കാൻ ചെയ്യാൻ നേരത്ത് ഡോക്ടർ കേസരിയോട് ചോദിച്ചു,
കേസരീ, സെക്സ്?
അയ്യേ , എന്താ ഡോക്ടർ ഈ പറയുന്നത്, അതൊക്കെ ഈ സമയത്ത് നിഷിധമല്ലേ? കേസരി നാണത്തോടെ ചോദിച്ചു,
ശെടാ, ഇയാൾടെ കാര്യം, അതല്ലാന്ന് ,കൊച്ചു ആണോ പെണ്ണോ എന്നറിയണോ ,കൊച്ചിന്റെ സെക്സ്, സെക്സ്
ഉടനെ തുടങ്ങിയല്ലോ കേസരി ,ശ്വാസ കോശം സ്പോഞ്ച് പോലെയാണ് എന്ന് പറയുന്ന ശബ്ദത്തിൽ
ജനിക്കാൻ പോകുന്നത് ഒരു മകൻ ആയാലും മകൾ ആയാലും,അത് എനിക്ക് ഒരു പ്രശ്നമല്ല,രാജ്യത്തിന്‌ അഭിമാനമായി ആ കുഞ്ഞിനെ വളർത്തുക എന്നതാണ് ഒരു അച്ഛന്റെ കടമ,പെണ്‍കുട്ടികൾ രാജ്യത്തിന്‌ അഭിമാനം,ഭ്രൂണ ഹത്യ മഹാപാപം,
അപ്പോൾ ഡോക്ടർ പറഞ്ഞു, സ്റ്റോപ്പ്‌,ഭ്രൂണ ഹത്യയോ? ആര് ഇതൊക്കെ പറഞ്ഞു,ഇയാള് വെറുതെ എഴുതാപ്പുറം വായിക്കല്ലേ, തനിക്കു വേണ്ടെങ്കിൽ എഴിച്ചു പോവുവേ അവിടന്ന്...
അങ്ങനെ പത്തു മാസം ഇതാ എന്ന് പറയും പോലെയോ അല്ലാതെയോ കഴിഞ്ഞു പോയി. പ്രസവം ഇന്നോ നാളെയോ എന്ന അവസ്ഥയിൽ ആയപ്പോഴാണ് കേസരി നേരത്തെ പറഞ്ഞ അലർച്ച നടത്തിയത്,
എനിക്ക് എന്റെ ഭാര്യയുടെ പ്രസവം കാണണം ണം ണം ണം ണം ണം ണം , കണ്ടേ പറ്റൂ റ്റൂ റ്റൂ റ്റൂ റ്റൂ റ്റൂ റ്റൂ
പ്രസവ സമയത്ത് അവനും കൂടി നിക്കണം , അതാണ്‌ ഡിമാണ്ട് , പ്രസവിക്കാൻ ഉള്ള കാരണങ്ങൾ ഒപ്പിച്ചു കൊടുക്കും എന്നല്ലാതെ പ്രസവം എന്ന് കേട്ടാൽ ആശുപത്രിയുടെ മതിലും ചാടി ഓടുന്നവരും അങ്ങനെ ഓടിയവരും ആയ ഞങ്ങൾ അന്തം വിട്ടു കുന്തം വിഴുങ്ങി ഇരുന്നു,
വെറും പഴഞ്ചൻ ആയ ഡോക്ടറും വായും തുറന്നിരുന്നു,പണ്ട്രണ്ടു ഈച്ചകൾ ഒരുമിച്ചു അകത്തു കയറി തിരുവാതിര കളിച്ചപ്പോൾ ആണ് ആ വാ ഡോക്ടർ അടച്ചത്
ഹേയ് അതൊന്നും ശെരിയാവില്ല,ഡോക്ടർ പറഞ്ഞു, തനിക്കു പ്രസവം കാണണമെങ്കിൽ ബ്ലെസ്സി അത് സിനിമയിൽ ആക്കിയിട്ടുണ്ട് .അത് കണ്ടാൽ പോരെ?
എന്തോ? ,കേസരി ചാടി എണീറ്റു, കസേര പുറകിലേക്ക് തെറിച്ചു
ഏതു ബ്ലെസ്സി, എനിക്കതൊന്നും കാണണ്ട.ഈ പ്രസവം ആണ് എനിക്ക് കാണേണ്ടത് ,എനിക്ക് അതിനുള്ള അവകാശം ഉണ്ട്,ഞാൻ ആ കൊച്ചിനെ,ദാണ്ടേ,ഈ കയ്യിലോട്ട് വങ്ങും,എന്നിട്ട് ലോകം കാണിച്ചു കൊടുക്കും,എന്റെ കയ്യിലെ ചൂട് വേണം ആ കുഞ്ഞ് ആദ്യം അനുഭവിക്കാൻ, അമേരിക്കയിൽ ഒക്കെ,അല്ല, ലോകത്ത് ഇവിടെ ഒഴികെ എല്ലായിടത്തും ഭർത്താക്കന്മാർ ആണ് വയറ്റാട്ടിയുടെ പണി ചെയ്യുന്നത്,ഇവിടെ മാത്രമേ ഉള്ളു,,,ഇങ്ങനെ...ഹും,,,
കേസരി വികരാധീനൻ ആയി. ഭാര്യ വികാരാധീന ആയി ,ഡോക്ടറും നേഴ്സും കെട്ടിപ്പിടിച്ചു കരഞ്ഞു,ആകെ ബഹളം ,ജന്നൽ വഴി ഈ ദൃശ്യങ്ങൾ കണ്ട ഞങ്ങൾ മാത്രം അസൂയ കൊണ്ട് മരിക്കുകയും സ്വന്തം സഞ്ചയന കാർഡ് അടിച്ചു വിതരണം ചെയ്യുകയും ചെയ്തു ,കാരണം ഇനി ഇങ്ങനെ ഒക്കെ കാണിക്കാൻ ഞങ്ങൾക്ക് അവസരം ഇല്ലല്ലോ.
അങ്ങനെ കാത്തിരുന്ന പ്രസവസമയം ആയി,സിനിമയിലെ പോലെ എന്റമ്മേ, അയ്യോ രക്ഷിക്കണേ, എന്ന് വശങ്ങളിലേക്ക് തലയാട്ടി അലറി വിളിച്ചു കരയുന്ന മിസിസ് കേസരിയെ ട്രോളിയിൽ കിടത്തി നേഴ്സുമാർ ഓടി,പുറകെ ഒന്നുമില്ല കുട്ടാ ,ചക്കരേ എന്നും പറഞ്ഞു കേസരിയും,ഇത് ഏതു സിനിമാ എന്നും ആലോചിച്ചു ഞങ്ങൾ പുറത്തു നിന്നു , ഈ കണ്ട കാര്യങ്ങൾ ഒരിക്കലും സ്വന്തം ഭാര്യമാരെ അറിയിക്കില്ല എന്ന് ദീപം സാക്ഷിയായി ശപഥവും ചെയ്തു,
അകത്തെ കാര്യങ്ങൾ ഞങ്ങൾ കാണാത്തതിനാൽ ഇനി ഉള്ളവ മിസിസ് കേസരി പറഞ്ഞത് വെച്ചാണ്‌ എഴുതുന്നത്‌,
അതി ഭയങ്കര വേദന ആണ് പോലും ഈ പ്രസവ വേദന,വാരിയെല്ലെല്ലാം പടപടാ ഒടിയും,അല്ല, ഒടിയും പോലെ തോന്നും,അങ്ങനെ അലറി വിളിച്ചു കരയുന്നതിനിടയിൽ കണ്ണും തള്ളി നിന്ന കേസരി വന്നു കയ്യിൽ പിടിച്ചതെ ഓർമ്മയുള്ളു,ഒന്നും പേടിക്കണ്ട, ഞാൻ ഇല്ലേ ഇവിടെ എന്നും അവൻ പറഞ്ഞു പോലും,
പിന്നീട് കണ്ണ് തുറക്കുമ്പോൾ വീണ്ടും സിനിമയിലെ സീൻ,ചുവന്ന നിറത്തിൽ ഒരു കുഞ്ഞ്,അടുത്ത്, പാല് കൊടുക്കൂ എന്ന് ഡോക്ടർ,അപ്പോൾ ആണ് ഭാര്യ നോക്കുന്നത്, അവിടെയെങ്ങും കേസരി ഇല്ല,
ഡോക്ടർ ....കേസരി ചേട്ടൻ?
പറയാം, ആദ്യം പാല് കൊടുക്കൂ,അങ്ങനെ പാല് കൊടുത്തു,കുഞ്ഞ് ഉറങ്ങി, എന്നിട്ട് ഭാര്യ വീണ്ടും ചോദിച്ചു,
കേസരി ചേട്ടൻ?
അപ്പൊ ഡോകടർ പറഞ്ഞു,അതൊരു കഥ ആണ്,
ഇനി ഡോക്ടർ പറഞ്ഞ കഥ, പീ കേസരി തീയറ്ററിൽ കേറിയത്‌ മുതൽ അവിടെ കണ്ട എല്ലാ ഉപകരണങ്ങളും സ്റെരിലൈസ് ചെയ്തോ, എല്ലാം വർക്ക്‌ ചെയ്യുന്നുണ്ടോ എന്നെല്ലാം ചോദിച്ചു നടപ്പായിരുന്നു പോലും, അതിനിടക്കാണ്,പ്രസവ വേദന വന്നതും കേസരി വന്നു കയ്യിൽ പിടിച്ചതും,കുറച്ചു കഴിഞ്ഞു ബ്ലീഡിംഗ് തുടങ്ങി ആകെ രക്തവും ബഹളവും എല്ലാം,
അതിനിടയിൽ ഡോക്ടർ തിരിഞ്ഞു നോക്കുമ്പോൾ കാണുന്നത് മുകളിലേക്ക് ഉയർന്നുയർന്നു പോകുന്ന കേസരിയുടെ കാലുകൾ ആണ്,പിന്നെ സ്ലോ മോഷനിൽ തെറിച്ചു പോകുന്ന കേസരിയുടെ കണ്ണാടിയും,,,രക്തം കണ്ട പാടെ തലയും കുത്തി വീണതാണ്, ഡാം ഡൂം ഡിഷ്‌
അയ്യോ..അദ്ദേഹം ,എന്റെ ചോട്ടൻ ഇപ്പോൾ എവിടെ ഡോകടർ,
പേടിക്കണ്ട, ഒരു മൈൽഡ് അറ്റാക്ക്‌ ആണോ എന്ന് സംശയിച്ചു കാർഡിയോ വാർഡിൽ കൊണ്ട് പോയി
എന്റമ്മേ അയ്യോ ചേട്ടാ ...
വേണ്ട കരയണ്ട, അറ്റാക്ക്‌ ഒന്നുമല്ല,ചെറിയ ഒരു ബോധക്ഷയം മാത്രം. രക്തം കണ്ടാൽ ഇത്ര പേടി ആണെന്ന് ആദ്യമേ പറയണ്ടേ, ബ്ലീഡിംഗ് തുടങ്ങിയ പാടെ തലയും അടിച്ച് ഒറ്റ വീഴ്ച ആയിരുന്നു, ഇന്ന് വൈകിട്ട് വിട്ടേക്കാം,
അപ്പോൾ കേട്ടു അതി ഭീകരമായ ഒരു അലർച്ച
എനിക്ക് ഇപ്പൊ എന്റെ കുഞ്ഞിനെ കയ്യിൽ കിട്ടണം ണം ണം ണം ണം ണം
കുറച്ചു കഴിഞ്ഞപ്പോൾ ഒരു നേഴ്സ് ചെവിയിൽ നിന്നും പുകയുമായി കാർഡിയോ വാർഡിൽ നിന്നും അതി വേഗം ഓടി വന്നു,നമ്മുടെ കേസരി ആണ് കാർഡിയോ വാർഡിൽ കിടന്നു കൊണ്ട് അലറിയത്,
കേസരി പറഞ്ഞു പോലും , എന്റെ കുഞ്ഞിനെ ഇപ്പോൾ എന്റെ കയ്യിൽ തരണം, ...ലോകത്ത് എല്ലായിടത്തും കാർഡിയോ വാർഡിൽ കൊച്ചിനെ കൊണ്ട് കാണിക്കാറുണ്ട് ..അത് ഒരച്ഛന്റെ അവകാശം ആണ്.കാരണം കൊച്ച് ഇപ്പഴേ ഇതെല്ലാം അറിയണം ,എന്നാലെ എന്നെ പോലെ റഫ് ആൻഡ്‌ റ്റഫ് ആയി വളരൂ എന്ന്
ശുംഭൻ....സോറി...ശുഭം
അജോയ് കുമാർ

എന്നോടോ ബാലാ


"എനിക്കെന്റെ വീട്ടിലൊന്നു പോകണം "
കുറച്ചു ദിവസമായി ഇവളിതു തുടങ്ങിയിട്ട്.
"എന്താടി അവിടെ ആനമുട്ട പുഴുങ്ങി വെച്ചിട്ടുണ്ടോ? "
പിന്നല്ലാതെ എപ്പോ നോക്കിയാലും വീട്ടിൽ പോണം. ഈ പെണ്ണുങ്ങളെല്ലാം ഇങ്ങനെ ആണോ? അവരുടെ വീട്ടിൽ പോകാനുള്ള ഉത്സാഹം കണ്ടാൽ താജ്മഹൽ കാണാൻ പോകുന്ന പോലാ.
"ഇവിടെ പിന്നെ ആനമുട്ട പോയിട്ടു ഒരു കോഴിമുട്ട എങ്കിലും പുഴുങ്ങി വെച്ചിട്ടുണ്ടോ? ആനമുട്ട പോലും ദേ എനിക്ക് പോണം എന്ന് പറഞ്ഞാൽ പോണം "
"എടീ നീ പത്തിരുപതു കൊല്ലം അവിടെ തന്നെയാരുന്നില്ലേ? വന്നിട്ട് ഒരു വർഷം അല്ലേ ആയുള്ളൂ?? "
"നിങ്ങൾ ഈ ഇരുപത്തിയഞ്ചു കൊല്ലോം അതിനകത്തു തന്നെ ആയിരുന്നില്ലേ? ഇനിം ഉള്ള കാലം മുഴുവനും വരെ ഇവിടെ തന്നെയല്ലേ? എന്റെ വീട്ടിൽ വന്നാൽ ഒരു രാത്രി കിടക്കുമോ മനുഷ്യാ നിങ്ങൾ? അമ്മയെ കാണണം അച്ഛന്റെ മരുന്ന് വാങ്ങണം ന്നു പറഞ്ഞു ഒടുക്കത്തെ കള്ളം പറഞ്ഞു മുങ്ങില്ലേ? "
എന്താ പറയുക !
"അത് നിന്റെ വീട്ടിൽ ഭയങ്കര കൊതുകാ... അതാ. പിന്നെ രാത്രി ആകുമ്പോൾ മാത്രം ഒരു കറുത്ത വണ്ട് വരും അയ്യേ.. ഛീ "
"ഓഹോ നിങ്ങളുടെ വീട്ടിലെ കൊതുക് പിന്നെ സ്വർണം കൊണ്ടുണ്ടാക്കിയതാണോ? ഒരു കാര്യം ഞാൻ പറഞ്ഞേക്കാം ഞാൻ ഉച്ചക്കത്തെ ബസിനു പോകും ശനി ഞായർ രണ്ടു ദിവസം കഴിഞ്ഞു വരാം. ഇനി എന്നെ കാണണം എന്ന് തോന്നിയാൽ അങ്ങോട്ട്‌ പോരെ "
"പിന്നെ എന്റെ പട്ടി വരും.. നീ പോക്കോടി ഞാൻ എന്റെ കൂട്ടുകാരൊത്തു ഒന്നു കൂടും കല്യാണം കഴിച്ചേ പിന്നെ സ്വസ്ഥത ഉണ്ടാരുന്നോ? ഹോ എവിടെ പോയാലും ഫോൺ വിളി... നീ വേഗം പോ.. ഉച്ചക്കാക്കണ്ട രാവിലെ തന്നെ പൊയ്ക്കോ "
അവൾ ചവിട്ടി തുള്ളി അകത്തേക്ക്
"എന്നോടാ ബാല.. എനിക്ക് പുല്ല് ആണ് പുല്ല് "
അവൾ തുണി ഒക്കെ മടക്കി ബാഗിൽ വെയ്ക്കുന്നത് കണ്ടു ഞാൻ നിന്നു
"പോയിട്ടു വിളിക്കാട്ടോ "
അവൾ കെട്ടിപിടിച്ചു എന്റെ കവിളിൽ ഒരു ഉമ്മ.
"ഈശ്വര.. തീർന്നു "
"കണ്ട്രോൾ തരൂ ആഞ്ജനേയാ..കണ്ട്രോൾ തരൂ "
. "പോകണ്ട എന്ന് ഇനി പറഞ്ഞാൽ ബാക്കി ഉള്ള കാലം മുഴുവൻ ഇവൾ എന്നെ കളിയാക്കി കൊല്ലും.
അവൾ പോയപ്പോൾ തുടങ്ങി ഒരു വല്ലായ്മ. ലോകത്തുള്ള എല്ലാ ഭർത്താക്കന്മാർക്കും ഭാര്യ സ്വന്തം വീട്ടിൽ പോകുന്നത് അത്ര ഇഷ്ടം അല്ല. അതെന്താണാവോ?. പിന്നെയൊരു വല്ലായ്മ, ശുണ്ഠി, ആകെയൊരു അല്ഗുല്ത്ത് ആണ്. കൂട്ടുകാരൊപ്പം കൂടുമെന്നു വെറുതെ പറഞ്ഞതാണ്. അത് കേട്ടാൽ അവൾ പോകില്ല എന്ന് വെറുതെ തെറ്റിദ്ധരിച്ചു. ഈ പെണ്ണുങ്ങളുടെ ഹൃദയം കല്ലാണ്. കാരിരുമ്പാണ്. ദുഷ്ട !
വീട്ടിലെത്തിയിട്ടു വിളിച്ചില്ലല്ലോ?
അവരെയൊക്കെ കണ്ടപ്പോൾ എന്നെ മറന്നു കാണും... കൂടെയുള്ളപ്പോൾ എന്താ പഞ്ചാര...
ഒടുക്കം അങ്ങോട്ട്‌ വിളിച്ചു
"എന്താടീ വിളിക്കാഞ്ഞേ? "
"നിങ്ങളല്ലേ പറഞ്ഞേ ഞാൻ വിളിക്കുന്നത്‌ ശല്യം ആണെന്ന് "
"എത്തി "എന്ന് വിളിച്ചു പറയുന്നത് വലിയ ശല്യമല്ല "ഗൗരവത്തിൽ ഞാൻ
അവളുടെ വള കിലുങ്ങും പോലെയുള്ള ചിരി
"വെക്കട്ടെ.. അമ്മാവനും മോനുമൊക്ക വന്നിട്ടുണ്ട്.. പിന്നെ വിളിക്കാം "
ങേ.. അമ്മാവന്റെ മകനോ... ഇവളെ കല്യാണം കഴിക്കാൻ പുറകെ നടന്ന ഇവൾ സിനിമ നടനെ പോലെയാണ് എന്ന് പറയുന്ന ആ കരിംകൊരങ്ങനോ?
സമാധാനം പോയല്ലോ ദൈവമേ... വൈകിട്ടുള്ള ബസ് പോയോ ആവോ?
"എന്താ ഇങ്ങു പൊന്നെ? "
"എവിടെ നിന്റെ ബന്ധുക്കളൊക്കെ? "
"ആര് ? "
"അല്ല അമ്മാവനും മകനും "
അവൾ പൊട്ടിച്ചിരിച്ചു
"നിങ്ങൾ വരുമൊന്നറിയാൻ ഒരു നമ്പർ ഇട്ടതല്ലേ?.... അപ്പോൾ കൊതുകുമില്ല വണ്ടുമില്ല..കൊച്ചുഗള്ളൻ .. "
ഞാൻ ചമ്മി. എന്നാലും സാരമില്ല
എന്നെ പിരിഞ്ഞിരിക്കാൻ അവൾക്കും അവളെ പിരിഞ്ഞിരിക്കാൻ എനിക്കും പറ്റില്ല എന്ന് ഞങ്ങൾ പരസ്പരം സമ്മതിക്കുകയൊന്നുമില്ല പക്ഷെ അതാണ്‌ സത്യം...

By Ammu Santhosh

പുനർവിചിന്തനം - കഥോദയം കഥാമത്സരം - 1

Image may contain: 1 person, smiling, selfie and closeup

നാനൂറ് വർഷമായി ഞാനിവിടേയ്ക്ക് വന്നിട്ട് ..!!!
ഞാനയാളെ അത്ഭുതത്തോടെ നോക്കി.
ഇയാളെന്താ ചിരഞ്ജീവിയോ?
സത്യത്തിൽ അയാളെത്തന്നെ നോക്കി നിൽക്കുമ്പോൾ അയാൾ പറഞ്ഞതിലും വാസ്തവമുണ്ടെന്ന് തോന്നിപ്പോയി. ഒരു ആദിമ മനുഷ്യന്റെ രൂപം. നീണ്ട് കൂർത്ത ചെവി,
സാമാന്യം വലുപ്പമുള്ള മൂക്ക്, ഉന്തിയ പല്ലുകൾ, ബലിഷ്ടമായ കൈകാലുകൾ, എന്തിനേറെ ചുരുണ്ടു കയറിയ തലമുടി.ഇയാളേതോ അന്യഗ്രഹ ജീവിതന്നെ.
എന്റെ കൈയ്യിലെ റെക്കോർഡ് ബുക്ക് ഞാൻ മുറുകെ പിടിച്ചു. ചുറ്റിലും നോക്കി. മനുവിനെ അവിടെയെങ്ങും കാണാനില്ല.
ഇവനിതെവിടെപ്പോയി. മാഡം !!. അയാളുടെ ശബ്ദത്തിന്റെ ഗാഭീര്യം എന്നിലെ ഭയത്തിനെ ഉണർത്താൻ പോന്നതായിരുന്നു.
അയാൾ ഗുഹാചിത്രവിവരണം തുടങ്ങിക്കഴിഞ്ഞു. ഞാനൊരുപാട് മുകളിലാണ്. അവിടേക്ക് കയറിയെത്താൻ ചെങ്കുത്തായ പാറയിൽ ഘടിപ്പിച്ച ഏണികളുണ്ടായിരുന്നു.
ഞാൻ പേഴ്സ് തുറന്ന് കൈയിലെ ഗൈഡിന്റെ പേരെഴുതിയ പാസ്സ് നോക്കി.
"സാമുവൽ ഡിസൂസ "
അയാളുടെ പേര് അറിയാതെ മന്ത്രിച്ചു പോയി.
ഗൈഡ് വേണം എന്ന് പീറ്ററിനോട് പറഞ്ഞിരുന്നു. അവനാ അവിടുത്തെ ബുക്കിങ്ങ് രീതിയെക്കുറിച്ച് പറഞ്ഞത്.
ചുറ്റിലും കെട്ടിയ കമ്പിവേലിയിൽ പിടിച്ച് താഴേക്ക് നോക്കി. ഇത്രയും ദൂരം ഞാനെങ്ങനെ കയറി എത്തി എന്നത് അത്ഭുതമായിരുന്നു.
"where there is a will there is a way"
കവാടത്തിലെ വാചകം ഓർമ്മ വന്നു. സത്യമാണത്. മനസ്സുണ്ടെങ്കിൽ സാധിക്കാത്തതായി ഒന്നും ഇല്ല.
മനു എത്തണം. അയാളുടെ കൂടെ തനിയേ അകത്തേക്ക് കയറാനുള്ള ധൈര്യം ഇല്ല തന്നെ.
താഴേക്ക് നോക്കി മനു കയറി വരുന്നുണ്ട് അവനെ കണ്ടപ്പോൾ സമാധാനമായി. പണ്ട് അച്ഛനോടൊപ്പം മ്യൂസിയം കാണാൻ പോയ കാര്യം ഓർമ്മിച്ചു.മനു കയറി വന്ന ഉടനെ ദേഷ്യത്തോടെ എന്നെ നോക്കി. ഞങ്ങൾ ഗുഹയ്ക്കുള്ളിലേക്ക് കടന്നു .ഗുഹാനിവാസികൾ ഉപയോഗിച്ചിരുന്ന നിത്യോപയോഗ വസ്തുക്കളുടെ ചിത്രം കൊത്തുപണിയാൽ അവർ അവിടെ ആലേഖനം ചെയ്തു വെച്ചിരുന്നു. അയാൾ അതിനെക്കുറിച്ച് വിവരണം തുടങ്ങിയിരുന്നു. പാത്രങ്ങളും ,കലവും ,കൊടിലും എല്ലാം അയാൾ കാണിച്ചു തന്നു.ഓരോ വസ്തുക്കൾക്കും അവയുടേതായ ജീവൻ ഉണ്ടായിരുന്നു.
അറിയാതെ എന്നിലൊരു ഭയം അരിച്ചിറങ്ങാൻ തുടങ്ങി. ഞാനയാളെത്തന്നെ നോക്കി .. ഗുഹയ്ക്കുള്ളിലും പുറത്തും മഞ്ഞുമൂടാൻ തുടങ്ങിയിരിക്കുന്നു.. അയാൾ ഒരു രാക്ഷസനാണന്ന് എനിക്ക് തോന്നി. മുത്തശ്ശി പറഞ്ഞ രാക്ഷസകഥകളിലെ രൂപം ഏതാണ്ടിതു പോലെ തന്നെ. മഞ്ഞുമൂടിയത് കാരണം പുറത്തേക്കുള്ള വഴി വ്യക്തമല്ല. മനുവിനെ കാണാനും പറ്റുന്നില്ല. എങ്കിലും ഏകദേശ രൂപം വെച്ച് ഓടി. അയാളുടെ ശബ്ദം മഞ്ഞിനെ വകഞ്ഞു മാറ്റി കാതിലേക്ക് തുളച്ചു കയറി .പുറത്തെത്തിയെങ്കിലും ഇറങ്ങാനുള്ള വഴി മഞ്ഞുമൂടിയത് കാരണം വ്യക്തമല്ല.
മനുവിനെ വിളിച്ച് ഉറക്കെ കരഞ്ഞു. ശബ്ദം എവിടെയോ തട്ടി പുറത്തേക്ക് വരുന്നില്ല. ആരോ പുറകിൽ നിന്നും തള്ളി. ഭാരമില്ലാതെ പറന്നു നടക്കുകയാണ്.എന്തിലോ പിടുത്തം കിട്ടി. അനായാസേന ഊർന്ന് താഴെ എത്തിയിരിക്കുന്നു. ഊർന്നിറങ്ങിയ ഇടം മുഴുവൻ പൂവിനാൽ അലംങ്കരിച്ചിരുന്നു. മുകളിലേക്ക് ആകാശത്തോളം നീളുന്ന വള്ളി പടർപ്പും. കവാടം ഇരുന്നിടത്തേക്ക് നോക്കി .
മറ്റൊരു സ്ഥലത്തേക്ക് എത്തിപ്പെട്ടതു പോലെ തോന്നി.
അയാൾ മനുവിനെ അപായപ്പെടുത്തിക്കാണുമോ?
കവാടത്തിലെ ബുക്കിങ്ങ് ഏറിയയുടെ അടുത്തേക്കോടി .അവിടെയൊക്കെ വിജനമായിരുന്നു.
ഞാൻ നിൽക്കുന്നത് വലിയൊരു കൊടുമുടിക്ക് കീഴെയാണ് എന്നു തോന്നി. മുന്നേ കണ്ടതൊന്നും അവിടെയില്ല. അപാരമായ അന്ധകാരത്തിലേക്ക് നോക്കി ഞാൻ നിലവിളിച്ചു.
കവാടത്തിലുള്ള ബോർഡും അവിടെയില്ല. എന്റെ റെക്കോർഡ് ബുക്ക് നഷ്ടമായിരിക്കുന്നു. വാസുദേവൻ സാർ .. എന്റെ തീസീസ് ... ഞാനുറക്കെ കരഞ്ഞു. ബോധം നഷ്ടമാവുന്നതു പോലെ തോന്നി. പേശികൾ അയഞ്ഞു തുടങ്ങി. മരണത്തെ മുന്നിൽ കണ്ട പോലെ .ശക്തിയായി ശ്വാസം വലിച്ചു. ബോധം നഷ്ടമായതോ അതോ ഗാഢനിദ്രയിലേക്ക് പോയതോ അറിയില്ല കണ്ണു തുറക്കുമ്പോൾ റെക്കോർഡ് ബുക്കിൽ തല വെച്ച് കിടക്കുകയായിരുന്നു.
ഇപ്പോ കണ്ടത് സ്വപ്നമായിരുന്നോ?? എന്തുകൊണ്ട് ഇത്തരമൊരു സ്വപ്നം.
ഈയിടെ ആയി യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് മനസ്സിലേക്ക് വരുന്നത്.
ഒരാഴ്ച്ചയായി രാത്രിയും പകലും ബോധാവസ്ഥയിലും അബോധാവസ്ഥയിലും എന്നിൽ നിക്ഷിപ്തമായ കർത്തവ്യത്തെക്കുറിച്ചായിരുന്നു ചിന്ത. ഒരുപക്ഷേ അതായിരിക്കാം.
അമ്മ എടുത്തു വെച്ച കോഫി തണുത്തു പോയെങ്കിലും വലിച്ചു കുടിച്ചു.
മേശപ്പുറത്ത് എഴുതിയ പേപ്പർക്കൂട്ടം ചിതറിക്കിടപ്പുണ്ട്. പേജ് നമ്പർ നോക്കി അടുക്കി വെച്ചു. എന്തോ വഴിതിരിച്ചുവിട്ടു കൊണ്ടിരിക്കുകയാണ്.ചുമരിലെ ക്ലോക്കിൽ സമയം നോക്കി രണ്ട് മണി കഴിഞ്ഞിരിക്കുന്നു. മെയിലിനാണ് ചെന്നൈയിലേക്ക് പോവേണ്ടത്. അവിടെ നിന്നും മുബൈയിലേക്ക്.കാലത്ത് റുസാരിയോവെ വിളിക്കണം. തന്റെ വിചിത്രസ്വപ്നത്തെക്കുറിച്ച് പറയണം.
രാവിലെ ഉറക്കമുണർന്ന് കിച്ചണിലോട്ട് ചെന്നു.
അമ്മേ മനുവെവിടെ?
"അവൻ സച്ചിൻ ടെണ്ടുൽക്കർ ആവാൻ പോയതാ വൈഷ്ണവീ
. രാവിലെ ക്രിക്കറ്റ് കളി. അതു കഴിഞ്ഞ് കവലയിലേക്ക്. ഉച്ചക്ക് ഊണിന് നേരാവുമ്പം കയറി വന്നോളും.. "
അമ്മയ്ക്ക് അവനെ ഓർത്ത് ആധികയറാൻ തുടങ്ങിയിരിക്കുന്നു.
എഞ്ചിനീയറിങ്ങ് എന്ന സമസ്യയിൽപ്പെട്ട് നാലുവർഷം പുസ്തകപ്പുഴു ആയതല്ലേ? അവനും ഇത്തിരി വിശ്രമിക്കട്ടെയമ്മേ.. പറഞ്ഞു നോക്കി. അവനൊരു ജോലിയിൽ കയറും വരെ അമ്മയിത് തുടരും .പിന്നെ അവന്റെ കഷ്ടപാടിനെക്കുറിച്ചാവും അടുത്തത്.
സ്വപ്നത്തെക്കുറിച്ച് പറയാൻ പോയില്ല. പുതിയ വ്യാഖ്യാനങ്ങളൊക്കെ നടത്തിക്കളയും. എല്ലാ അമ്മമാരും ഇങ്ങനൊക്കെത്തന്നെയാവും.
നീയവനെ കൂടെ കൊണ്ടു പോവണം. അവന് ബോധം വരണ്ട സമയം കഴിഞ്ഞിരിക്കണ്. അമ്മ നിർത്തുന്ന ലക്ഷണം ഇല്ല.
"എടി മോളേ നിനക്ക് കണ്ണിമാങ്ങാ അച്ചാറും ചമ്മന്തിപ്പൊടിയും ഉണ്ട്. "
വൈഷ്ണവീ നീ കേൾക്കുന്നുണ്ടോ.
"സായിപ്പ് ചെക്കന്റെ കൂടെ അധികം കൂടണ്ട." ആധിയോടെ അമ്മ എന്നെ നോക്കി.
ഇനി അതായിപ്പോ. ഈ അമ്മേടെ ഒരു കാര്യം റൊസാരിയോവെക്കുറിച്ച് പറഞ്ഞ എന്നെ പറഞ്ഞാൽ മതി.
അമ്മേ ഒരാള് ചീത്തയാവണമെങ്കിൽ അയാളും കൂടെ തീരുമാനിക്കണം. റുസാരിയോവ് നല്ലവനാണ് ഒരുമിച്ച് ജീവിക്കാൻ പറ്റുന്ന ആളാണ് എന്ന് തോന്നിയാൽ ചിലപ്പോ കെട്ടീന്ന് വരും.
"എന്റെ കൃഷ്ണാ എന്റെ കുട്ടീനെ കാത്തോളണേ."
അമ്മ നെടുവീർപ്പിട്ടു.
അമ്മയുടെ ഉള്ളിൽ ആശങ്ക പടരുന്നുണ്ടെന്ന് അറിയാൻ കഴിഞ്ഞു.
അച്ഛൻ പോയതിൽ പിന്നെ ഒറ്റയ്ക്ക് കഷ്ടപ്പെടാൻ തുടങ്ങിയതാണ് പാവം. എല്ലാഭാരവും ഏറ്റെടുത്ത് വിശ്രമിക്കാൻ അവസരം കൊടുക്കണം എന്നുണ്ട്.
കഴിഞ്ഞു പോയത്
നിസ്സാരമെന്നും വരാനിരിക്കുന്നത് അതീവനിസ്സാരമെന്നും ചിന്തിക്കുക .ആ തിരിച്ചറിവിൽ വേണം ജീവിക്കാൻ .അമിത പ്രതീക്ഷകളാണ് എല്ലാറ്റിനും വിലങ്ങുതടി. വാസുദേവൻ സാർ പറഞ്ഞത് ഓർത്തു. അങ്ങനെ നോക്കിയാൽ ജീവിതം തന്നെ വ്യർത്ഥമല്ലേ?
അമ്മേ മനുവിനോട് റെയിൽവേ സ്റ്റേഷനിൽ ഡ്രോപ്പ് ചെയ്യാൻ പറയണം .എനിക്ക് ഇനിയും ജോലിയുണ്ട്. ഞാൻ മെല്ലെ മുറിയിലേക്ക് നടന്നു.
.
മനസ്സിലെന്തോ അസ്വസ്ഥത കൂടുകൂട്ടാൻ തുടങ്ങിയിരിക്കുന്നു. രാത്രി കണ്ട സ്വപ്നമാണോ? അറിയില്ല - .അമ്പുവേട്ടന്റെ മില്ലിൽ നിന്ന് മസാലക്കൂട്ടുകളുടെ ഗന്ധം കാറ്റിൽ പറന്ന് വരുന്നുണ്ട്.
പണ്ട് മനുവും ഞാനും മില്ലിന്റെ പരിസരത്തൂടെ ഐഷയുടെ വീട്ടിലേക്കോടും.ഐഷയുടെ വീട്ടുമുറ്റത്ത് ചാമ്പക്കാമരമുണ്ട്. തിരിച്ചു വരുമ്പോ അമ്പുവേട്ടനും കൊടുക്കും. വല്യ സന്തോഷാവും മൂപ്പർക്ക് . ഇന്നലെ പോയായിരുന്നു. വൈശൂട്ടിയേ അമ്പൂട്ടിയെ ഒക്കെ മറന്നോ നീയ്യ്. കൈയ്യിലുള്ള അഞ്ഞൂറിന്റെ നോട്ട് വെച്ചു കൊടുത്തു
വല്യ സന്തോഷായി.
ജാനുവേടത്തിയെക്കുറിച്ച് ചോദിച്ചപ്പോൾ കണ്ണിൽ വെള്ളം നിറഞ്ഞു. കുട്ട്യോളാവാത്തതിന്റെ മരുന്ന് കഴിച്ചതാ അവളെ തളർത്തിയത് എന്ന് പതിവുപോലെ പറഞ്ഞു. അമ്മിണീം പോയി വൈശൂട്ട്യേ. ഈ ചിങ്ങത്തില് ഒരാണ്ടായി. അമ്മിണി പശൂന്റെ പാല് കുറേ കുടിച്ചതാണ്. കഷ്ടപ്പെടാൻ മാത്രം ജനിച്ചവർ. പഠനം നടത്താനാണെങ്കിൽ എന്റെയീ നാട്ടിൽ തന്നെയുണ്ട് ഒരുപാട് പേർ.
IIT യിലെ വാസുദേവൻ സാറിന്റെ കീഴിൽ റിസേർച്ച് ചെയ്യാൻ പറ്റും എന്ന് ജന്മത്തിൽ കരുതിയില്ല. മൂന്നു മാസം ലേസർ ലാബിൽ വർക്ക് ചെയ്തിരുന്നു. അവിടെയുള്ള അരുൺ വഴി ഒത്തുവന്നതാണ്. എൻവയോൺമെന്റൽ സയൻസിൽ പിജി കഴിഞ്ഞതുകൊണ്ട് Phd ക്ക് എൻറോൾ ചെയ്തു.
ഞാനും റഷ്യയിൽ നിന്നുള്ള റൊസാരിയോവും ആണ് ഫുൾ ടൈം റിസേർച്ചിന് ജോയിൻ ചെയ്തത്.
IIT വിദ്യാർത്ഥികളിലെ മാനസിക സംഘർഷം ലഘൂകരിക്കാനുള്ള സെമിനാറിന്റെ ഭാഗമായുള്ള പഠന ക്യാമ്പാണ്.
മുബൈ ധാരാവി സ്ട്രീറ്റിൽ നിന്നുള്ള രവിയെയാണ് ബാക്ക് ഗ്രൗണ്ട് സ്റ്റഡി ക്കായി തെരെഞ്ഞെടുത്തത്. ചുറ്റുപാടുകൾ ഒരാളുടെ വ്യക്തിത്വത്തെ എത്രമാത്രം സ്വാധീനിക്കുന്നു എന്നതായിരുന്നു വിഷയം.
ഞാൻ റൊസാരിയോവെ ഫോണിൽ വിളിച്ചോണ്ടിരിക്കുമ്പോഴാണ് മനു വന്നത്.
അപ്പുറത്ത് ആരാ ചേച്ചീ? -
റൊസാരിയോ - നോക്കീം കണ്ടുമൊക്കെ വേണം അവന്റെ കണ്ണിൽ ചിരിയുടെ നിലാവ് ഉദിച്ചു നിൽക്കണപോലെ തോന്നി. അങ്ങേയറ്റം കൃത്രിമമായിരുന്നെങ്കിലും ഞാൻ ദേഷ്യത്തോടെ അവനെ പുറത്താക്കി.
സ്റ്റേഷനിലെത്തുമ്പോൾ ട്രെയിൻ പ്ലാറ്റ്ഫോമിലേക്ക് വന്നുകൊണ്ടിരിക്കുകയായിരുന്നു മനുവിനോട് യാത്ര പറഞ്ഞു ട്രെയിനിലേക്ക് കയറി. പാലക്കാട് കഴിഞ്ഞാൽ കാഴ്ച്ചകളൊന്നും ഇല്ല. കണ്ണെത്താ ദൂരം നീണ്ടു കിടക്കുന്ന വിജനതയാണ്. അവിടവിടെ ചെറിയ വെളിച്ചം കണ്ടാലായി.
വിരസമായ യാത്രയായി തോന്നി. കംപാർട്ട്മെന്റ് മുഴുവൻ തിങ്ങിനിറഞ്ഞ് ജനക്കൂട്ടം .
ട്രെയിൻ ചെന്നൈ സെൻട്രൽ സ്റ്റേഷനിലെത്തുമ്പോൾ ഏഴ്മണിയായി. മൂന്ന് മണിക്കാണ് ഫ്ലൈറ്റ്.
IIT യിൽ എത്തി റൊസാരിയോവെ വിളിച്ചു. റൊസാരിയോവ് രവിയെ ദാരാവിയിലേക്ക് കൊണ്ടുപോവാനുള്ള ഒരുക്കങ്ങൾ ഒക്കെ നടത്തിയിരുന്നു.
**
എയർപോർട്ടിൽ നിന്നും ഞങ്ങൾ ധാരാവിയിലേക്ക് പുറപ്പെട്ടു.
റെയിൽവേ ബ്രിഡ്ജിന് കീഴെ വൃത്തിഹീനമായ റോഡ്. വിയർപ്പിന്റേയും മദ്യത്തിന്റേയും മൂത്രത്തിന്റേയും മണം പേറിയ കാറ്റ് ഇടക്കിടെ അതിലെ കടന്നു പോവുന്നുണ്ടായിരുന്നു.ഇത്രയും പരിഷ്കൃതമായ നഗരത്തിന്റെ മറ്റൊരു മുഖം.
നരച്ച കെട്ടിടങ്ങൾ ഇരുവശത്തും. മേൽക്കൂരകൾ മിക്കതും പൊട്ടിപ്പൊളിഞ്ഞ ആസ്ബസ്സ്റ്റോസ് ഷീറ്റും, ആകാശം കാണുന്നിടം മറച്ചുകൊണ്ട് സിമന്റ് കട്ടകൾ കൊണ്ട് താങ്ങി നിർത്തിയ ചളി പിടിച്ച ടാർപോളിൻ ഷീറ്റുകളും. നിർത്തിയിട്ട തീവണ്ടി പോലെ നീണ്ടു കിടക്കുന്ന കെട്ടിടങ്ങൾക്കിടയിലൂടെ ഞങ്ങൾ മുന്നോട്ടു നടന്നു. വെയിസ്റ്റുകൂനകളും, പോർട്ടറിയും ,ഇറച്ചി കടകളും പിന്നിട്ട് "ആരോസിൻ റീസൈക്കിൾസ് " എന്ന കടയുടെ മുൻപിലെത്തിയപ്പോൾ അവൻ നടത്തം നിർത്തി.
ഞാൻ റോഡിലേക്ക് നോക്കി ടാറിളകി പൊടിക്കാറ്റ് വരുന്നുണ്ട് ഇടക്കിടെ . റോഡിനിരുവശവും ടെമ്പോ ട്രക്കുകളും കോഴി വണ്ടികളും ലോറിയും നിർത്തിയിട്ടിരിക്കുന്നു.
മേം സാബ് ഖരീദിയേനാ സിർഫ് ദസ് റുപ്പയാ
മേം സാബ് .. ചിത്രകഥ ബുക്കുമായി ഒരു കൊച്ചു കുട്ടിയാണ് .ഭാഷയും വേഷവും മാത്രമേ മാറുന്നുള്ളൂ മുഖത്തെ ദൈന്യതയും ലക്ഷ്യവും ഒക്കെ ഒന്നു തന്നെ. രണ്ടു ബുക്കു വാങ്ങി 20 രൂപാ നോട്ട് അവൾക്ക് നീട്ടി. കാറ്റിന് വീണ്ടും വാടിയ മുല്ലയുടെയും പിച്ചിയുടേയും മദ്യത്തിന്റേയും ഗന്ധം. റു സാരിയോവ് റീസൈക്കിൾ കടയിലേക്ക് കയറി. ഞാനും രവിയും പുറത്ത് കാത്തു നിന്നു.
തെരുവിലെ വലിയ വൈദ്യുതവിളക്കിന്റെ ഇടത് ഭാഗത്ത് മുല്ലപ്പൂവണിഞ്ഞ സ്ത്രീകൾ അവിടവിടെ ഇരുപ്പുറപ്പിച്ചിട്ടുണ്ട്. മുറുക്കിച്ചുവന്ന ചുണ്ടുള്ള വലിയ പൊട്ട് തൊട്ട സ്ത്രീ രാത്രിയിലെ നഗരത്തിന്റെ നേരിലേക്ക് ചിന്തയെ വലിച്ചിഴച്ചു. നിഗൂഢമായ കപടവേഷത്തിനുള്ളിലും രാത്രിയുടെ മറവിലുമാണ് മനുഷ്യന്റെ യഥാർത്ഥ നേരെന്ന് വെറുതെ ചിന്തിച്ചു.
രാത്രിയുടെ മറവിൽ മദ്യവും പുകയും യഥേഷ്ടം ഒഴുകും .പകലന്തിയോളം കഷ്ടപ്പെട്ടതിന്റെ ഓരോഹരി മുല്ലപ്പൂ അണിഞ്ഞ സ്ത്രീകളുടെ വയറ്റിപ്പിഴപ്പിനും സ്വന്തം കാമാർത്തിക്കുമായി മാറ്റിവെക്കും ..
അഞ്ജാതമാക്കപ്പെടുന്ന ജഡങ്ങൾ കുറ്റിക്കാട്ടിലും പുഴയിലും കത്തിക്കരിഞ്ഞ് ഓടയിലും ചേക്കേറും.
രവിയുടെ അമ്മ റീസൈക്കിൾ കടയിലാണ് ജോലി ചെയ്തിരുന്നത്.ചുറ്റുപാടിൽ നിന്ന് മാറ്റി നിർത്തി പഠിപ്പിക്കാൻ അമ്മ ഒരുപാട് കഷ്ടപ്പെട്ട കഥ അവൻ പറഞ്ഞിട്ടുണ്ട്. ഒരു അന്തർമുഖനായാണ് IIT യിൽ രവിയെ കണ്ടത്. ഞാനും റുസാരിയോവും അവനെ ശ്രദ്ധിക്കാൻ തുടങ്ങിയത് അങ്ങനെയാണ്. ചുവന്ന തെരുവിൽ നിന്ന് രക്ഷപ്പെട്ടു വന്നതാണവന്റെ അമ്മ .
ഇത്തരം ചുറ്റുപാടിൽ അതും IITപോലെയുള്ള സാധാരണക്കാർക്ക് സ്വപ്നം കാണാൻ പറ്റാത്തിടത്ത് എത്തിപ്പെട്ട രവി നമുക്കൊരത്ഭുതമായിരുന്നു. അവന്റെ അതിബുദ്ധിയെക്കുറിച്ച് വാസുദേവൻ സാർ പറഞ്ഞിരുന്നു. അവനിൽ അറിയാതെ രൂപം കൊള്ളുന്ന അപകർഷതയും അന്തർമുഖത്വവുമാണ് അവന് കുഴപ്പം ചെയ്യുക. അതിന് അവന്റെ ചുറ്റുപാടുകൾ അറിഞ്ഞിരിക്കണം. സാർ പറഞ്ഞത് ഓർമ്മിച്ചു.
റുസാരിയോ റീസൈക്കിൾ കടയിലെ ചെറുപ്പക്കാരനുമായി സംഭാഷണത്തിലാണ്.വിദേശികൾ പഠനത്തിനായി വരുന്നത് ആദ്യമല്ല എന്ന് അവിടെയുള്ള ചെറുപ്പക്കാരന്റെ സംഭാഷണത്തിൽ നിന്ന് മനസ്സിലായി..
നഗരത്തിലെ വേസ്റ്റുകളിൽ നിന്ന് ശേഖരിക്കുന്ന പേപ്പർക്കൂട്ടം, വെള്ളക്കുപ്പികൾ അങ്ങനെ ഒരുപാട് വസ്തുക്കൾ റീസൈക്കിൾ ചെയ്യാനായി ക്രമീകരിച്ചു വെച്ചിട്ടുണ്ട്. നിറവും ഗുണവും സാമ്യതയും ഒക്കെയാണ് ക്രമീകരണത്തിന് അടിസ്ഥാനമാക്കുന്നത്. രവിയുടെ അമ്മ അവിടെ ക്രമീകരണ ജോലിയിൽ ഏർപ്പെട്ടിരിക്കുന്നുണ്ട്. ആ തെരുവിലെ നിരവധി പേർക്ക് ജോലി നൽകാൻ ആസ്ഥാപനത്തിന് കഴിയുന്നുണ്ടെന്ന് മനസ്സിലായി. തൊട്ടടുത്ത കടയിൽ നിന്ന് ചായ കഴിഞ്ഞ് ഞങ്ങൾ വരുമെന്നും രവിയുടെ അമ്മയെ വിട്ടുതരണമെന്നും അയാളോട് പറഞ്ഞിട്ടാണ് അവിടെ നിന്നിറങ്ങിയത്.
നഗരത്തിന്റെ ശുദ്ധീകരണ ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവരുടെ കൂടെ ഇവരേയും ചേർത്ത് വായിക്കണമെന്ന് റുസാരിയോവ് പറഞ്ഞു. സത്യമായിരുന്നു അത്.
അമ്മയെക്കുറിച്ച് കൂടുതലറിയാൻ ആഗ്രഹമുണ്ടെന്ന് റൊസാരിയോ രവിയോട് പറഞ്ഞു.
രാവിലെ പാണ്ഡെ സാറിന്റെ വീട്ടു വേല കഴിഞ്ഞാണ് അമ്മ റീസൈക്കിൾ കടയിലേക്ക് പോവുന്നത്. അത് കഴിഞ്ഞ് ഞാനും അമ്മയും ദാവീദിന്റെ ഇസ്തിരിക്കടയിലെ തുണികൾ അതാത് വീടുകളിൽ എത്തിക്കും. അവന്റെ കണ്ണ് നിറഞ്ഞിരുന്നു.
തട്ടുകടയിലെ ഉയരം കുറഞ്ഞ ബഞ്ചിനിരുവശവുമായി ഞങ്ങളിരുന്നു. ഒരു കടങ്കഥ പോലെ ഞങ്ങളെ നോക്കിയിരിക്കുന്ന രവിയെ അടുത്തു വിളിച്ചിരുത്തി.
തന്റെ ജീവിതത്തിലുടെ കടന്നുപോയ കാമുകിമാരെക്കുറിച്ച് റൊസാരിയോവ് വാചാലനായി. ഒരു പുരുഷന് ഒരു സ്ത്രീയിൽ മാത്രം ഒതുങ്ങാൻ പറ്റില്ലെന്നും അങ്ങനെ ഒതുങ്ങുന്നവരൊക്കെ ജീവിത നാടകത്തിലെ അഭിനേതാക്കളാണെന്നും അയാൾ പറഞ്ഞു. അത് പാശ്ചാത്യ സംസ്കാരത്തിന്റെ പ്രത്യേകതയാവാം ഞാൻ എന്റെ അഭിപ്രായം പറഞ്ഞു.
പാശ്ചാത്യ സംസ്കാരത്തിലും ഇന്ത്യൻ സംസ്കാരത്തിലും ഉള്ള വ്യത്യാസത്തെക്കുറിച്ചോർത്തു പോയി .
തിടുക്കത്തിൽ ചായ കുടിച്ച് ഞങ്ങൾ റീസൈക്കിൾ കടയിലേക്ക് പുറപ്പെട്ടു. ചെറുപ്പക്കാരൻ രവിയുടെ അമ്മയെ പുറത്തേക്ക് വിളിച്ചു. കഠിനമായി അദ്ധ്വാനിക്കുന്നത് അവരുടെ മുഖത്ത് വ്യക്തമായിരുന്നു .ജീവിതപ്രാരാബ്ധം വരുത്തിവെച്ച ചുളിവുകളും നിറവ്യത്യാസവും കാരണം പെട്ടെന്ന് പ്രായം തോന്നുമെങ്കിലുംകൂടിയാൽ നാല്പതിനും നാല്പത്തഞ്ചിനും ഇടയിലാണ് പ്രായം എന്ന് ഞാൻ ഊഹിച്ചു.
റീസൈക്കിൾ കടയുടെ എതിർവശം, ഇരുവശവും കുടിലുകൾ തിങ്ങിനിറഞ്ഞ് ,കഷ്ടിച്ച് ഒരാൾക്ക് മാത്രം കടക്കാൻ വീതിയുള്ള തെരുവാണ്. കൊച്ചു കുട്ടികളും പ്രായമായവരും ഞങ്ങളെ അത്ഭുതത്തോടെ നോക്കി. എനിക്കും റുസാരിയോവിനും ഹിന്ദി വശമില്ലാത്തതിനാൽ അമ്മ പറയുന്നത് രവി തർജ്ജിമ ചെയ്ത് തരുന്നുണ്ടായിരുന്നു.
രാത്രിയിലെ തെരുവിന്റെ മുഖം അമ്മയുടെ വാക്കുകളിൽ നിന്ന് മനസ്സിലാക്കാൻ പറ്റി. അമ്മയുടെ കഷ്ടപ്പാട് കണ്ട് ചിരിക്കാൻ പോലും മറന്നു പോയ മകനെക്കുറിച്ച് പറയുമ്പോൾ ആ കണ്ണുകളിൽ നിസ്സഹായത നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. കാമുകനാൽ വഞ്ചിക്കപ്പെട്ട് ചുവന്ന തെരുവിലെത്തിയതും ഗർഭിണി ആണെന്ന് കണ്ടപ്പോൾ അവിടെ നിന്ന് രക്ഷപ്പെട്ടതും മനുഷ്യ സ്നേഹിയായ ദാവീദിന്റെ സഹായത്താൽ പാണ്ഡെ സാറിന്റെ വീട്ടിൽ ജോലി തരപ്പെട്ടതും വരെ അവർ പറഞ്ഞു. രവി മിടുക്കനാണെന്ന് കണ്ടെത്തിയത് പാണ്ഡെ സാർ ആണ്. അവർ ഈ ഭൂമിയിൽ ദൈവമായി ആരാധിക്കുന്നതും ആ മനുഷ്യനെത്തന്നെ.രവിക്ക് പഠനത്തിനു വേണ്ട എല്ലാ സഹായവും ചെയ്ത് തന്നത് പാണ്ഡെ സാറാണെന്ന് കൈകൂപ്പി കൊണ്ട് ആ അമ്മ പറഞ്ഞു തന്നു.
മഴ നനയാതെ താമസ സൗകര്യം ഒരുക്കി കൊടുത്ത ദാവീദിനേയും അവർ നന്ദിയോടെ സ്മരിക്കുന്നുണ്ടായിരുന്നു.
രാത്രി ഏങ്ങലടികൾ ഉയരാത്ത വീടുകൾ അവിടെ അപൂർവ്വമാണത്രേ..
കള്ളും കഞ്ചാവും അടിപിടിയും ഒരു വശത്ത്. നിസ്സഹാരായി വിധിയുടെ ബലിയാടായി അവിടെ എത്തിപ്പെട്ടവർ, ബന്ധുക്കളാൽ ഉപേക്ഷിക്കപ്പെട്ടവർ അങ്ങനെ നീളുന്നു അവിടുത്തെ വൈവിധ്യമാർന്ന ജനക്കൂട്ടത്തിന്റെ ജാതകം. എല്ലാ നഗരത്തിനും പറയാനുണ്ടാവും ഇതുപോലെ ഭാരമുള്ള നോവിന്റെ കഥകൾ .ഞങ്ങൾ പാണ്ഡെ സാറെ കാണാൻ തീരുമാനിച്ചിരുന്നു. തിരിച്ചു നടക്കുമ്പോൾ ചുറ്റുപാടുകളെ നിശ്ചയദാർഢ്യം കൊണ്ട് നേരിട്ട അമ്മയും മകനുമായിരുന്നു മനസ്സിൽ.അതോടൊപ്പം അച്ഛനാരെന്ന് അറിയാതെ പിറന്ന് വീണ മകന്റെ ഉള്ളിൽ രൂപം കൊണ്ട നോവിന്റെ കടലും.
നാളെ മടങ്ങിപ്പോവുന്നതിന് മുൻപ് പാണ്ഡെ സാറെക്കൂടി കണ്ട് പേപ്പർ വർക്കുകൾ തുടങ്ങാം എന്ന ധാരണയിൽ ഞാനും റുസാരിയോവും ഞങ്ങൾക്കായി ബുക്ക് ചെയ്ത ഹോട്ടൽ അന്യേഷിക്കാൻ തുടങ്ങി.
സൂര്യൻ മെല്ലെ പിൻവാങ്ങാൻ തുടങ്ങിയിരുന്നു. വൈദ്യുത വിളക്കുകൾ പ്രകാശിച്ചപ്പോൾ രാത്രിക്ക് പകലിന്റെ പ്രതിരൂപം കൈവന്നതു പോലെ തോന്നി.
(കവിതസഫൽ )

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo