ജീവിതം ഒരു വരയാണ്


അവളുടെ ഫോൺ ബിസിയാവുമ്പോൾ, എടുക്കാൻ വൈകുമ്പോൾ "എല്ലാം അവന്റെ ഉള്ളിൽ പല പല സംശയങ്ങൾ ജനിച്ചു കഴിഞ്ഞിരുന്നു..
തുണി അലക്കുന്നിടത്ത് നിന്ന് ചിലപ്പോൾ അടുക്കളയിൽ നിന്ന് ഓടി വന്നവൾ കൈ തുടച്ചു ഫോൺ എടുക്കുമ്പോൾ ആദ്യം കേൾക്കുന്ന വാക്ക് എവിടെ പോയി കിടക്കുന്നോടി...മോളെ എന്നാവും ചിലപ്പോൾ അതിനും അപ്പുറമാവും എങ്കിലും
ഫോണെടുക്കാൻ വൈകിയ കാരണം അവൾ നിരത്തുമ്പോൾ അതിനും സംശയത്തിന്റെ മുന വെച്ച് കൊണ്ട് അവൾക്ക് കേട്ടത് ചീത്തയായിരുന്നു..
ദേഷ്യത്തോടെ ഫോൺ കട്ടാക്കി അവൻ പോകുമ്പോൾ അവളുടെ മിഴികൾ നിറഞ്ഞിരുന്നു..
കാണാൻ ആളില്ലാത്ത മിഴികൾ തുടച്ചവൾ അടുക്കളയിൽ കയറുമ്പോൾ പരിഭവത്തിൻ തുള്ളികൾ കണ്ണുകളിൽ നിന്ന് വീണ്ടും ചിതറി വീണിരുന്നു..
പല ദിവസങ്ങളിലും ഇത് തന്നെയായിരുന്നു അവളുടെ അവസ്ഥ സംശയങ്ങളുടെ ഒരായിരം ചോദ്യങ്ങൾ അവൾ ഏറ്റു വാങ്ങി തളർന്നിരുന്നു..
പ്രിയപ്പെട്ടവന് വേണ്ടി ഉഴിഞ്ഞു വെച്ച ദിനങ്ങളെ ഓർത്തവൾക്ക് ജീവിതത്തിൽ താനൊരു മണ്ടിയാണെന്ന് തോന്നി തുടങ്ങി..
ഒടുക്കം അവന്റെ വാട്സ്സപ്പിലേക്ക് അവൾ ഒരു മെസേജ് അയച്ചു..
'' ഒറ്റ റിങ്ങിൽ ഫോണെടുക്കുന്ന മെഷീൻ വല്ലതും കിട്ടുമെങ്കിൽ വാങ്ങി വെക്കുക ഞാൻ പോകുന്നു..
ഫോൺ വലിച്ചെറിഞ്ഞവൾ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ഒരു പിടി നല്ല സ്വപ്നങ്ങൾ കൂട്ടിനു ചേർത്തു പിടിച്ചിരുന്നു അതു കൊണ്ടാവണം അവൾ വിതുമ്പി കരഞ്ഞൊന്നു തിരിഞ്ഞു നോക്കിയത്..
(ജീവിതം ഒരു വരയാണ് ചിലപ്പോൾ കൈ പിടിക്കാൻ കൂടെ ഒരാൾ ഉണ്ടാവും
കൈ നഷ്ടപ്പെടുമ്പോഴും വര അവിടെ തന്നെ ഉണ്ട്..)
എ കെ സി അലി

സമയം . [കവിത)


സമയം . [കവിത)
............................
പ്രണയിക്കാനൊരു സമയമുണ്ട്‌ .
പ്രണയത്തിന്റെ സമയം. !
എനിക്കതറിയില്ലായിരുന്നു.
ഞാൻ പ്രണയിച്ചിട്ടില്ല
"പുണരാനൊരു
പ്രണയിനി ഉണ്ടെങ്കിൽ
പുരുഷ ജന്മം പുണ്യജന്മം"
എന്നെഴുതിയവനോട്
എനിക്കു പുച്ഛമാണ്.
സംപൂജ്യമായ ജീവിതത്തിന്
പ്രണയം ഒരു അവിഭാജ്യ
ഘടകമേയല്ല.
ഞാൻ പ്രണയിച്ചിട്ടില്ല.
പ്രണയത്തോടും
പരിരംഭണത്തോടും
എനിക്കെന്നും പുച്ഛമാണ്.
കളിമണ്ണിൽ നിന്നാണ്
പുരുഷനെ സൃഷ്ടിച്ചത് .
പുരുഷന്റെ വാരിയെല്ലിൽ നിന്ന്
പെണ്ണിനെയും .!
പുരുഷന്റെ ഭാഗമാണവൾ .
പിന്നെ ഞാനെന്തിനവളെ
മാറ്റിനിർത്തണം?
വേർതിരിവോടെ കാണണം?
സൃഷ്ടാവ് പുരുഷന് നല്ലിയ
സമ്മാനമാണ് പെണ്ണ്.
സമ്മാനത്തെ ഇഷ്ടപ്പെടാത്തവർ
ആരാണ്?
പ്രണയത്തിന്റെ നേരുകൾ
എനിക്ക് അപരിചിതമാണ്.
മഞ്ഞിൻ പാളികക്കുള്ളിൽ
സൂര്യനെതിരയലാണത് .
പ്രകാശത്തിന്റെ കുളിർമ്മ
ആസ്വദിക്കുംമ്പോഴും
പിന്നിട് കടന്നു വന്നേക്കാവുന്ന
സൂര്യന്റെ ചൂട് കഠിനമാണ്.
കവികൾ പൂവായ് അവളെ
വർണ്ണിക്കുന്നു.
പുരുഷനെ വണ്ടിനോടും
പൂവ് വാടി കൊഴിഞ്ഞ് വീണാലും
വണ്ടുകൾ പാറി നടക്കും
ഒന്ന് വിടരുമ്പോഴെക്കും
മനോഹാരിത നഷ്ടമാകുന്ന
സൃഷ്ടാവിന്റെ സമ്മാനത്തെ
എനിക്കു വേണ്ട .
അമ്മയെന്ന നിറഞ്ഞ
സത്യത്തിനപ്പുറത്തേക്ക് ,
സൃഷ്ടാവിന്റെ കാരുണ്യത്തിലേക്ക്
നടന്നു ചെല്ലാനാണ്
എനിക്കിഷ്ടം.
അതാണാദ്യമേ ഞാൻ പറഞ്ഞത്
പ്രണയിക്കാനൊരു സമയമുണ്ടെന്ന്.
പ്രണയത്തിന്റെ സമയം !
അതു കണ്ടെത്തുക .
.........................................
[പേർഷ്യൻ കവി അബൂ കാസിമിന്റെ
"വക്തുൽ ഹുബ്ബ് " എന്ന കവിതയുടെ
സ്വതന്ത്ര വിവർത്തനം. - വിവർത്തകൻ അസീസ് അറക്കൽ ]

ഞാൻ മഹാത്മാവ്. സജി വർഗീസ്.


ഞാൻ മഹാത്മാവ്. സജി വർഗീസ്.
********************
ഞാൻ മഹാത്മാവ്,
എവിടെ നിന്നു വരുന്നു?
അങ്ങ് ദൂരെ ദൂരെ വിഹായസ്സിനപ്പുറത്തു നിന്ന്.
മാറിനിൽക്ക് വയസ്സാ,
ഞാനീ ഗെയി മൊന്നു കളിക്കട്ടെ;
കുഞ്ഞേ അച്ഛനെന്നേക്കുറിച്ചു പറഞ്ഞിട്ടില്ലേ;
കണ്ടിട്ടുണ്ട് രണ്ടായിരം നോട്ടിൽ,
വല്യ പണക്കാരനാണെന്നറിയാം.
അഹിംസയെന്തെന്നറിയുമോ മകനേ ,
അതെന്താ സാധനം!
നോട്ടിലുമുഴുവൻ ഉണ്ടായിട്ടും
തുണിയുടുക്കാതെ നടക്കുന്ന കിളവൻ;
മൊബൈലിൽ നിന്ന് കണ്ണെടുക്കാതെ കാർക്കിച്ചു തുപ്പിക്കൊണ്ടൻ പറഞ്ഞു.
ഹായ് ഗോഡ്സേ ഗെയിം,
വെടിയൊച്ച മുഴങ്ങുന്ന ഗെയിമിലേക്കവൻ കണ്ണോടിച്ചു .
വടിയും കുത്തി വേച്ചു വേച്ചു നടന്നാ മനുഷ്യൻ,
തെരുവുകളിൽ യാചിക്കുന്നവർ
പട്ടിണിക്കാർ,
കുഞ്ഞിനെ വിൽക്കുന്നവരെയെല്ലാം കണ്ടാനയനങ്ങൾ നിറഞ്ഞു.
കൊലയാളികൾക്ക് സുഖവാസം
കാഴ്ചകൾ മറയുന്നു,
വടിയും കുത്തി നടന്നു നീങ്ങി.
തെരുവിലെ കുട്ടികളാർത്തുവിളിച്ചു,
ഭ്രാന്തൻപോകുന്നേഭ്രാന്തൻ,തുണിയില്ലാത്ത ഭ്രാന്തൻ‌.
സജി വർഗീസ്
Copyright protected.

നിത്യസത്യം. 【ചെറുകഥ】


നിത്യസത്യം. 【ചെറുകഥ】
★-------------★
തിങ്ങി നിറഞ്ഞിരുന്ന മൗനം ആർത്തലച്ചു പെയ്യുന്ന മഴയിൽ അലിഞ്ഞില്ലാതെയായ്‌. ശ്രുതി തെറ്റിയ മഴയുടെഗാനം അരോചകമായി തോന്നി.
മേൽക്കൂരയിലെ ഓടിന്റെ അറ്റത്തു നിന്നും മഴത്തുള്ളികൾ താഴെമണ്ണിലേക്ക്‌ ശക്തിയായി പതിച്ചു.പതിയെ പലവഴിയിലൂടെ ഒന്നായിചേർന്നുഎവിടെയ്‌ക്കോ തിടുക്കം പൂണ്ട് ഒഴുകിമറഞ്ഞു. മഴനനഞ്ഞ സുന്ദരികളായ മണ്ണിരകൾ എന്തിനെന്നറിയാതെ വേഗത്തിൽ ദിശയറിയതെ ഇഴഞ്ഞു കൊണ്ടിരുന്നു .
മുറ്റത്തെ റോസാപ്പൂക്കൾ കുറച്ചു ഇതളുകൾ മണ്ണിന് അർപ്പിച്ചുകൊണ്ടു മുഖം കുനിച്ചു നിന്നു.വാടമല്ലിയും, മൂസാണ്ടയും മഴയോട് പൊരുതി നിൽക്കുന്നുണ്ടായിരുന്നു..
മഴയുടെ തണുപ്പിൽ ദേഹമാകെ രോമങ്ങൾ എഴുന്നേറ്റു നിന്നു പ്രതിഷേധിച്ചു.
പെട്ടെന്നു ഒരു കാറ്റുവീശി .മഴവെള്ളവും ,കുളിരും കൊണ്ടുവന്നകാറ്റ്
ഭിത്തിയിൽ ഫ്രെയിം ചെയ്തു വച്ചിരുന്ന ഫോട്ടോകളിൽ ഒന്നിനെ താഴെ വീഴ്ത്തി.താഴെ ഇട്ടിരുന്ന റബർചവുട്ടിയിൽ വീണതിനാൽ ചില്ലുടഞ്ഞില്ല.
ആ ഫോട്ടോ കുനിഞ്ഞെടുത്തു.ഉടുത്തിരുന്ന കൈലിമുണ്ടിന്റെ അറ്റം കൊണ്ടു അതിൽ പറ്റിപ്പിടിച്ചിരുന്ന വെള്ളത്തുള്ളികൾ തുടച്ചു.
ഞാനും ,സോനുവും ചേർന്നു നിൽക്കുന്ന ചിത്രമായിരുന്നു .
ഓർമ്മകൾ മഴയായ് പെയ്തിറങ്ങി.
"ബാലു, അവർ ആരുടെയോ കല്യാണത്തിൽ പോയിരിക്കുവാട്ടോ. അമ്മചോറ് വിളമ്പി അകത്തു വച്ചിട്ടുണ്ട് എടുത്തു കഴിക്ക് .ഇന്നാ താക്കോല്.."
സ്കൂൾ വിട്ടു വന്നപ്പോൾ അയൽ വീട്ടിലെ അയിശാഉമ്മാ വീടിന്റെതാക്കോൽ ക്കൂട്ടംഏൽപ്പിച്ചുകൊണ്ടു പറഞ്ഞു.
"അല്ലുമ്മാ.., അപ്പോൾ സോനുവോ..?"
"അവനുംകൂടെ പോയിട്ടുണ്ട്..".
തന്നെയുംകൂട്ടാതെ പോയ അവരോട് ദേക്ഷ്യം തോന്നി.
അല്ലെങ്കിലും ഇപ്പോൾ എവിടെ പോയാലും എന്നെ കൊണ്ട് പോകാറില്ല. സോനുവിനെ മാത്രമേ കൊണ്ടു പോകൂ.ഇങ്ങോട്ടു വരട്ടെ .കാണിച്ചു കൊടുക്കാം .മനസ്സിൽ പലതും ഉറപ്പിച്ചെങ്കിലും .ഓർക്കുന്തോറും സങ്കടംവന്നു പൊതിഞ്ഞു.
കണ്ണുകൾ അറിയാതെ നിറഞ്ഞു.വാശിയിൽ
മേശപ്പുറത്ത് മൂടി വച്ചിരുന്ന ചോറിനെ മനപ്പൂർവം അവഗണിച്ചു കൊണ്ടു ഇറയത്തു വന്നിരുന്നു.
ചാറ്റൽ മഴതൂവുന്നുണ്ട് .
"ബാലൂ ദേ, നോക്കിയേടാ ഐസ്ക്രീം.."
മഴനനയാതെ പൊതിഞ്ഞു പിടിച്ചിരുന്ന കടലാസ് പൊതിയുമായ്‌ സോനു അടുത്ത് വന്നു.
പിന്നാലെ അച്ഛനും, അമ്മയും.
അച്ഛന് മുഖംകൊടുക്കാതെ പരിഭവത്തോടെ തിരിച്ചു.
"ഇന്നാടാ.. തിന്നോ..നല്ല ഐസ്ക്രീം ആണ്. കല്യാണ വീട്ടീന്നു കിട്ടിയതാ."
സോനു പൊതി നീട്ടിക്കൊണ്ട് മുന്നിൽ നിന്നു.അവന്റെ മുള്ളുപോലെ ഉയർന്നു നിന്നിരുന്ന മുടിയിൽ മഴത്തുള്ളികൾ തങ്ങി നിന്നിരുന്നു.
"എനിക്കൊന്നും വേണ്ടാ.. നീ തിന്നോ."പൊതിയിലേക്കു നോക്കാതെ മുഖം കുനിച്ചുകളഞ്ഞു.
"അച്ഛാ.. ഇവന് ഐസ്ക്രീം വേണ്ടെന്ന്.."
സോനു ഉറക്കെ വിളിച്ചു പറഞ്ഞു.ആ പറച്ചിലിൽ
അൽപ്പം കൊതിയും കലർന്നിരുന്നു.
അച്ഛൻ അടുത്തു വന്നത് അറിഞ്ഞു.മുടിയിൽ തഴുകിയ കൈകളെ ശക്തമായ്‌ തട്ടി മാറ്റി.
അച്ഛന്റെ കൈകൾ പിന്നെയും മുടിയെ തഴുകി..
"എന്നാ പറ്റി.. എന്റെ കുട്ടന് .?"അച്ഛന്റെ വാത്സല്യസ്വരം.
മുഖമുയർത്തി അച്ഛനെ നോക്കി.
"വേണ്ട..വേണ്ട ആരും എന്നെ സ്നേഹിക്കേണ്ട.. എനിക്ക് ആരുമില്ല."കണ്ണുനീർ തുടച്ചുകൊണ്ടു പതിയെ പറഞ്ഞു.
"അച്ചോടാ.. !ഞാൻ സ്നേഹിക്കും എന്റെ കുട്ടനെ..ഇനി എവിടെ പോയാലും എന്റെ കുട്ടനെയും കൊണ്ടു പോയിരിക്കും ഉറപ്പ്.."
ഇതും പറഞ്ഞു അച്ഛന്റെ വിരലുകൾ.കക്ഷത്തിൽ ഇക്കിളി ആക്കാൻ തുടങ്ങി.ചിരിക്കാതെ ബലം പിടിച്ചു നിന്നു എങ്കിലും.. അറിയാതെ ചിരിച്ചു പോയ്‌.സോനു വിന്റെ കയ്യിൽ നിന്നും ഐസ്ക്രീം പൊതി വാങ്ങി കയ്യിൽവച്ചു തന്നു .
ഇതു കണ്ടു സോനുവിന്റെ മുഖം മാറുന്നത് കണ്ടഅച്ഛൻ .
"ദേ.. ആ കൊതിയനും കുറച്ചു കൊടുത്തേക്കു .അല്ലെങ്കിൽ നിന്റെ വയറ്റിൽ പിടിക്കില്ല.."അച്ഛൻ പറഞ്ഞു കൊണ്ട് അകത്തേക്ക് നടന്നു.
അതു കേട്ടു സോനുവിന്റെ മുഖം തെളിഞ്ഞു.
അവൻ വേഗം അകത്തേക്ക് ഓടി. തിരിച്ചു വരുമ്പോൾ കയ്യിൽ ചെറിയൊരു കറിപാത്രവും
ഒരു സ്പൂണും ഉണ്ടായിരുന്നു.
മനസ്സില്ലാ മനസ്സോടെ വെള്ളം പോലെ ആയ ഐസ്ക്രീം കുറച്ചു ആ പാത്രത്തിലേക്ക് ഒഴിച്ചു കൊടുത്തു.
"കുറച്ചും കൂടി ഇടെടാ.."
അവൻ പറഞ്ഞു കൊണ്ടിരുന്നു.
"നീ തിന്നതല്ലേ ..ഇതു എന്റെയാ ..അത്രോം മതി"
ഞാനും വിട്ടുകൊടുത്തില്ല.
"ആഹാ..! ഇത്രോം ചുമന്നു കൊണ്ടു വന്നത് ഞാനാ..".
അവനും പിന്നോട്ടില്ല.
"എന്നാ ഇന്നാ ..നീ തന്നെ തിന്നോ.."എല്ലാം കൂടി അവന്റെ കയ്യിൽ തന്നെ വച്ചു കൊടുത്തു മുഖം തിരിച്ചു ഇരുന്നു.
"എന്നാ എനിക്ക്‌ വേണ്ട..!ഇതു നിന്റെ അല്ലെ. ?"
അവന്റെ ശബ്ദം കീഴടങ്ങലിന്റെ ആയിരുന്നു.
അവൻ തിരിച്ചുനീട്ടിയ ഐസ്ക്രീം വാങ്ങി കൃത്യം പകുതിയായി പകുത്തു കറിപാത്രത്തിലേക്ക് ഒഴിച്ചു കൊടുത്തു.
"ഇത്രേം വേണ്ടെടാ.. ഞാൻ തിന്നതാ.നീ തിന്നോ."
അവൻ കുറച്ചു എന്റെ പാത്രത്തിലേക്ക് തിരിച്ചുഒഴിച്ചു.
എന്നെക്കാൾ രണ്ടു വയസ്സ് ഇളയതാണ് സോനു.
പക്ഷെ സംസാരത്തിലും ,പെരുമാറ്റത്തിലും എന്നെക്കാൾ രണ്ടു വയസ്സു മൂത്തത് അവനാണെന്നു തോന്നും.
അവനു എന്തു കിട്ടിയാലുംഅതിന്റെ ഒരു പങ്കു എനിക്കുള്ളതായിരുന്നു. അതു എനിക്ക് തരാതെ,അവന്റെ മുന്നിൽ വച്ച് ഞാൻഅതു കഴിക്കാതെ അവനു സമാധാനമാകില്ല.
ഒരു നാൾ ഏതോ കല്യാണസദ്യയിൽ അവനുവിളമ്പിയ
ശർക്കരവരട്ടിയതും, കുറച്ചു ചിപ്സും കൂടി എനിക്ക് തരാൻ വേണ്ടി നിക്കറിന്റെകീശയിൽ ഇട്ടു. വീട്ടിൽ വന്നപ്പോൾ കീശയിൽ അതൊന്നും ഉണ്ടായിരുന്നില്ല. കയ്യിട്ടുനോക്കിയപ്പോൾആണ് അറിയുന്നത് നിക്കറിന്റെ കീശ കീറിയിരിക്കുന്നത്.
സോനുവിന്റെ മുഖം വാടി. പതിയെ കരയാൻ തുടങ്ങി.
എന്തെല്ലാം പറഞ്ഞിട്ടും അവൻ സങ്കടം സഹിക്കാതെ നിർത്താതെ കരഞ്ഞു. അവസാനം തളർന്നു ഉറങ്ങി പ്പോവുകയായിരുന്നു.
വർഷങ്ങൾക്കിപ്പുറം ആ സ്നേഹത്തിനു
മങ്ങലേറ്റത് എവിടം മുതൽ ആയിരുന്നു.
കൂടെഒരു പെണ്ണ് വന്നതിൽ പിന്നെയായിരുന്നോ?
അച്ഛൻ വീടും ,പറമ്പും ഞങ്ങൾ രണ്ടു പേരുടെയും പേരിൽ ആണ് എഴുതിവച്ചത്.
ഒരിക്കലും പിരിയാതെ ജനിച്ചു വളർന്ന വീട്ടിൽ തന്നെ ഞങ്ങൾ രണ്ടും സ്നേഹത്തോടെ ഒന്നായി കഴിയണം എന്ന് അച്ഛൻ ആഗ്രഹിച്ചു.
ഒട്ടു മിക്ക കുടുംബങ്ങളിലെയും പോലെ വന്നു കയറിയവർ ചേരാതെ വന്നപ്പോൾ മുറുമുറുപ്പുകൾ ഉയർന്നു.ഒളിപ്പോരുകൾ മുറുകിയപ്പോൾ
സോനു അവന്റെ ഭാര്യയുടെ കൈയ്യും പിടിച്ചു ഈ വീടിന്റെ പടികൾ ഇറങ്ങി .പോകുമ്പോൾ അവന്റെ നോട്ടം
താങ്ങുവാൻ ആവാതെ മുഖം കുനിക്കേണ്ടി വന്നു..
അവന്റെ ഭാര്യവീട്ടുകാരുടെ സഹായത്തോടെ.
പതിയെ അവൻ നല്ല നിലയിൽ ആയി.
അതിൽ പിന്നെ ഒരകൽച്ച എങ്ങിനെയോ ഉടലെടുത്തു .നേർക്കുനേർ കാണാവുന്ന അവസരങ്ങൾ മനപ്പൂർവം ഒഴിവാക്കി.അറിയാത്ത എന്തോ കുറ്റബോധം ഉള്ളിൽ നീറി ക്കൊണ്ടിരുന്നു. യാദൃശ്ചികമായി എവിടെ എങ്കിലും വച്ചു നേരിട്ട് കണ്ടാൽ കാണാത്ത ഭാവത്തിൽ നടന്നു കളയും.
അച്ഛന്റെയും ,അമ്മയുടെയും മരണത്തിനു മാത്രം നേരിൽ കണ്ടു.
"എന്തായിയേട്ടാ..വല്ലതും ആയോ..?"
സുജയാണ്..
ഒരു ദീർഘനിശ്വാസം എടുത്തു കൊണ്ട് പറഞ്ഞു.
"ഇതു വരെ ഒന്നും ആയില്ല..ഒരു പാട് പേരോട് ചോദിച്ചു.. പക്ഷെ തരാം എന്ന് പറയുന്നതല്ലാതെ
ആരും ഒരുറപ്പും പറയുന്നില്ല സുജേ.." തിണ്ണ യിലെ മഴവെള്ളത്തിൽ വിരൽകൊണ്ട് കോലങ്ങൾ വരച്ചു..
"എന്റെ പരദൈവങ്ങളെ ..എന്റെ മോടെ വിവാഹം.. !ഒരു വഴി കാട്ടിത്തരണേ.."
അവൾ പ്രാർത്ഥിച്ചു കൊണ്ടു അകത്തേക്ക് നടന്നു.
മഴതോർന്നു.അടുത്തമഴയ്ക്കുള്ള ഒരുക്കംകാർമേഘങ്ങൾ തുടങ്ങി കഴിഞ്ഞു.
കടം വാങ്ങിയും ,വിൽക്കാനുള്ളത് വിറ്റും മോൾക്കുള്ള ആഭരണം വാങ്ങി. പക്ഷെ വരന്റെ മൂന്നാൻ സ്വകാര്യമായി കാതിൽ പറഞ്ഞ ബൈക്കിനും , സദ്യക്കും,
മറ്റാവിശ്യങ്ങൾക്കുള്ളതുമായാ പണം ഇതുവരെകണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ചോദിച്ചവരൊക്കെ കൈ മലർത്തി കാണിച്ചപ്പോൾ നെഞ്ചിടിപ്പ് കൂടി വന്നു.
ഇനി ആറു ദിവസം കൂടിയെ ഉള്ളു.ഏഴിന്റെ അന്ന് വിവാഹം..
ഒരു വഴി കാണിച്ചുതരുവാൻ ദൈവങ്ങളോട് നെഞ്ചുരുകി പ്രാർത്ഥിച്ചു.
പെട്ടെന്ന് ഒരു കാൽപ്പെരുമാറ്റം കേട്ടു തല ഉയർത്തി.. മുന്നിൽ സോനുവിനെക്കണ്ട് തരിച്ചിരുന്നു.
"എന്നാണ്.. വിവാഹം..?
തന്റെ അടുത്ത് ഒരു കസേരയിൽ ഇരുന്നു കാലു ആട്ടി ക്കൊണ്ട് അവൻ ചോദിച്ചു.
"അടുത്താഴ്ച.."മുഖമുയർത്തതെപതിയെ പറഞ്ഞു.
"നിനക്കു എത്ര അപ്പൻമാരുണ്ടെടാ..?"
സോനുവിന്റെ ചോദ്യത്തിൽ എരിയുന്ന ദേക്ഷ്യം തിരിച്ചറിഞ്ഞു. വേറെ ആരും അല്ലല്ലോ സ്വന്തം അനിയൻ അല്ലെ.ക്ഷമയോടെ മറുപടി കൊടുത്തു.
"ഒന്ന്.."
"അതു ശരി ,അപ്പോൾ എത്ര കൂടപിറപ്പുകൾ ഉണ്ട്..?"
സോനുവിന്റെ ചോദ്യം ഉള്ളം പൊള്ളിച്ചു.
"ഒന്നു.."
അപ്പുറത്ത് മൗനം. പെട്ടന്നു തന്റെ കയ്യിൽ ശക്തമായ പ്രഹരം അറിഞ്ഞു.ഒട്ടും വേദന തോന്നിയില്ല.
"എന്നിട്ടാണോടാ നായെ ,നിന്റെ മകളുടെ വിവാഹക്കാര്യം എന്നെ അറിയിക്കാതിരുന്നത്..?"
സോനുവിന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.
ഉടുത്തിരുന്ന കള്ളിമുണ്ടിൽ കണ്ണീര് വീണു നനയുന്നത് അറിഞ്ഞു..
"എടാ.. ബാലു കൂടപിറപ്പായിട്ടു എനിക്ക് നീ മാത്രമേയുള്ളൂ..നിന്റെ മകളുടെ വിവാഹക്കാര്യം മറ്റുള്ളവർ പറഞ്ഞുഅറിയേണ്ടിവന്നു..അതിനും മാത്രം ഞാൻ എന്ത് തെറ്റാടാ നിന്നോട് ചെയ്തത്? ഈ വീട്ടിൽ നിന്നും ഇറങ്ങി പ്പോയതോ..? "
സോനു ഒന്നു നിർത്തിയിട്ടു തുടർന്നു.
"എടാ.. ഈ വീട്ടിൽ നിന്നിരുന്നേൽ നമ്മൾ തമ്മിൽ ചിലപ്പോൾ ആയുധം എടുക്കേണ്ടി വരുമായിരുന്നു.അതുമാത്രമല്ല. ഞാൻ എവിടെ പോയാലും ജീവിക്കാൻ എനിക്കറിയാമായിരുന്നു. പക്ഷെ കൂലി പണിക്കാരനയാ നീ എങ്ങിനെ ജീവിക്കും..?
അത് കൊണ്ടാണ് അന്ന് ഇറങ്ങിയത്...പക്ഷേ നീയോ ..വഴിയിൽ വച്ചു കണ്ടാൽ പോലും മുഖത്തു നോക്കില്ലായിരുന്നു"
സോനുവിന്റെ സ്നേഹത്തിന് ഒരുമങ്ങലും ഏറ്റി ട്ടില്ല. താനാണ് എല്ലാം മറന്നത്.
നീണ്ട മൗനത്തിനൊടുവിൽ
അവൻ എഴുന്നേറ്റു അടുത്തു വരുന്നത് അറിഞ്ഞു.മുഖമുയർത്തതെതന്നെ ഇരുന്നു.
പെട്ടന്നാണ് അവന്റെ വിരലുകൾ കക്ഷത്തിൽ ഇക്കിളിയാക്കിയത്.
മുഖമുയർത്തി നോക്കുമ്പോൾ അവൻ ചിരിക്കുക ആയിരുന്നു. മുള്ളു പോലെയുള്ള മുടിയിൽ അപ്പോഴും മഴത്തുള്ളികൾ ഉണ്ടായിരുന്നു.
"അതെ.., ചെറുക്കന്റെ വീട്ടിൽ ഞാൻ പോയിരുന്നു.. ബൈക്ക് ഒന്നുവാങ്ങി കൊടുത്തു.
ഇന്നാ ,ഈ പൈസ കൂടി വച്ചോളൂ .."
രണ്ടു കെട്ടു നോട്ട് നീട്ടിക്കൊണ്ട് സോനു മുന്നിൽ നിന്നു.
അറിയാതെ വീണ്ടും കണ്ണുനീർ പുറത്തുചാടി.
"രക്തബന്ധം അങ്ങിനെയാണ് ബാലൂ മായ്‌ക്കാൻ നോക്കിയാൽ അതു അത്രവേഗം മായുകില്ല."
വലിയൊരു മഴയുടെവരവറിയിച്ചുകൊണ്ടു ചാറ്റൽമഴതൂവിത്തുടങ്ങിയിരുന്നു..
ശുഭം.
By ,,,✍️
Nizar vh.

മുഖം മൂടികൾ...


മുഖം മൂടികൾ...
☆☆☆☆☆☆☆
സെക്രട്ടേറിയറ്റിൽ ജോലി കിട്ടി,
ആദ്യ ദിവസം ജോലിക്ക് കയറാനായി,
സെക്രട്ടേറിയറ്റ് ഗേയ്റ്റിന് മുമ്പിൽ എത്തിയ റോഷന് മുന്നിൽ,കയ്യിൽ നീട്ടി പിടിച്ച ലോട്ടറി ടിക്കറ്റും തോളിലൊരു ചെറിയ ഹാന്റ് ബാഗുമായി സാരിയുടുത്ത് പ്രായത്തിൽ 30 പിന്നിട്ട,പൊക്കം കുറഞ്ഞ് ഇരു നിറത്തിൽ ഒരു ലോട്ടറി വിൽപ്പനക്കാരി,മഞ്ജിമ...
സാറെ ഒരു ടിക്കറ്റെടുത്ത് സഹായിക്ക്, പ്രായമായ അച്ഛനെയും അമ്മയേയും നോക്കാൻ വേറെ ഒരു മാർഗ്ഗവുമില്ലാഞ്ഞിട്ടാ,അവൾ പ്രതീക്ഷയോടെ റോഷനെ നോക്കി ചുണ്ടിലൊരു ചെറു പുഞ്ചിരിയുമായി മൊഴിഞ്ഞു.....
ഒരു ജോലിയില്ലാത്തതിന്റെ
ബുദ്ധിമുട്ട് നന്നായി അനുഭവിച്ചറിഞ്ഞ റോഷന് അവളുടെയാ വാക്കുകളിൽ സഹതാപം തോന്നിയതിൽ അത്ഭുതമില്ല....
അയാൾ തന്റെ പാന്റ്സിന്റെ പോക്കറ്റിൽ നിന്ന് പേഴ്സെടുത്ത് അതിൽ നിന്ന് ഒരു 50 രൂപ നോട്ട് എടുത്ത് അവൾക്ക് കൊടുത്തിട്ട്, അവൾ നീട്ടിയ ആ ലോട്ടറി ടിക്കറ്റ് വാങ്ങി മടക്കി പേഴ്സിൽ ആ നോട്ടിന്റെ സ്ഥാനത്ത് അതിന് പകരമായി വച്ചു,റോഷൻ....
പിന്നിടങ്ങോട്ടുള്ള ദിവസങ്ങളിൽ അവളുടെ മുഖവും,അന്ന് ആദ്യം കണ്ട നാൾ അവൾ പറഞ്ഞ വാചകങ്ങളും, കണ്ടും കേട്ടും,അയാളുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു കിടന്നു....
ആദ്യമായി കണ്ട ദിവസം അവളോട് തോന്നിയ സഹതാപം റോഷന്റെ ഉള്ളിൽ അതേ പടി തങ്ങി നിന്നിരുന്നത് കൊണ്ട് അയാൾ അവളെ അനൂകമ്പയോടെ നോക്കി ചിരിയ്ക്കുമായിരുന്നു, ലോട്ടറി ടിക്കറ്റുമായി അവളെ ആ സെക്രട്ടേറിയേറ്റ്
പടിയ്ക്കൽ കാണുമ്പോഴൊക്കെ...
റോഷന്റെ നോട്ടത്തിലെയും പുഞ്ചരിയുടേൂയം നിഷ്കളങ്കത തിരിച്ചറിഞ്ഞ,മഞ്ജിമ അന്നൊരു ശമ്പള ദിവസം അയാൾ ജോലി കഴിഞ്ഞ് വരുന്നത് കാത്ത് നിന്ന്, അയാളെ സമീപിച്ചിട്ട്,ലോട്ടറി ടിക്കറ്റ് നീട്ടാതെ താഴ്മയോടും വിഷമത്തോടും പറഞ്ഞു,
സാർ അച്ഛന് തീരെ സുഖമില്ലാതെ ഹോസ്പിറ്റലിൽ അഡ്മിറ്റാണ്,അത്യാവശമായിട്ട് 5000 രുപ വേണം,രണ്ടാഴ്ചയ്ക്കുള്ളിൽ തിരിച്ച് തരാം,ലോട്ടറിയുടെ കമ്മീഷൻ കുറച്ച് കിട്ടാനുണ്ട്....
അവളുടെ അവസ്ഥയിൽ പഴയത് പേൂലെ സഹതാപം പൂണ്ട അയാൾ അവളോട് അച്ഛനെ അഡ്മിറ്റ് ചെയ്തിരുന്ന ആശുപത്രിയും അച്ഛന്റെ പേരും അസുഖത്തിന്റെ വിവരങ്ങളും
പോദിച്ചപ്പോൾ, അവൾ പുഞ്ചിരിച്ച് കൊണ്ട് സന്തോഷപൂർവ്വം ആ വിവരങ്ങളൊക്കെ പറഞ്ഞ് കൊടുത്തു....
അത് കേട്ട ശേഷം റോഷൻ പറഞ്ഞു, ഇന്നെനിയ്ക്ക് കുറച്ച് തിരക്കുണ്ട് പോയിട്ട്,
നാളെ ജോലി കഴിഞ്ഞിട്ട് തീർച്ചയായും അച്ചനെ കാണാൻ,ഞാൻ തന്റെ കൂടെ ആശുപത്രിയിൽ വരുന്നുണ്ട്,താൻ ചേദിച്ച അത്രയും ഇല്ലെങ്കിലും
കുറച്ച് ക്യാഷും നാളെ തരാം,തിരക്ക് പിടിച്ച് തിരിച്ച് തരണമെന്നില്ല,ആവുന്ന പോലെ സാവകാശം തന്ന് തീർത്താൽ മതി...
അയാളത് പറഞ്ഞ് കഴിഞ്ഞപ്പോഴേക്കും അവളുടെ മുഖത്ത് അത് വരെയുണ്ടായിരുന്ന തിളക്കവും,പ്രതീക്ഷയും പെട്ടെന്നെവിടെയോ പോയി മറഞ്ഞു.....
അപ്പോഴേക്കും റോഷൻ അവളുടെ അടുത്ത് നിന്നും പോയി....
അടുത്ത ദിവസം ജോലി കഴിഞ്ഞ് സാധാരണയിൽ നിന്നും കുറച്ച് നേരത്തേ ഇറങ്ങിയ റോഷന്റെ കണ്ണുകൾ അവളെ ആ സെക്രട്ടേറിയറ്റ് പടിയ്ക്കലൊക്കെ തിരഞ്ഞെങ്കിലും അവളെ അവിടെയെങ്ങും കണ്ടില്ല....
നിത്യവും ആ പടിയ്ക്കൽ കാണുന്ന ആളായത് കൊണ്ട് അവളുടെ മൊബൈൽ
നമ്പറും മേടിച്ചില്ല,അല്ലെങ്കിൽ എ
വിടെയാണ് എന്ത് പറ്റി അവൾക്കെന്ന്
വിളിച്ച് ചോദിയ്ക്കാമായിരുന്നു,റോഷൻ
ഒരു നിമിഷം ചിന്തിച്ചു,മഞ്ജിമയെ കാണാതായപ്പോൾ.....
അടുത്ത ദിവസവും അവളെയവിടെ കാണാതായപ്പോൾ,റോഷൻ എന്ത് പറ്റിയെന്നറിയാൻ മഞ്ജിമ പറഞ്ഞ ഹോസ്പിറ്റലിലെത്തി അന്വേഷിച്ചപ്പോൾ
അവൾ പറഞ്ഞ അച്ഛന്റെ പേരിൽ ആരെയും അടുത്ത ദിവസങ്ങളിലൊന്നും
അവിടെ അഡ്മിറ്റ് ചെയ്തതായി അഡ്മിഷൻ രജിസ്റ്ററിൽ കാണാനായില്ല...
തുടർന്നുള്ള ദിവസങ്ങളിൽ അവൾക്കായുള്ള അയാളുടെ നോട്ടം
ആ സെക്രട്ടേറിയറ്റ് പടിയ്ക്കലും പരിസരങ്ങളിലും തുടർന്നെങ്കിലും അവിടെ എവിടേയും അവളെ കണ്ടെത്താൻ റേഷനായില്ല....
:
ജോലിയ്ക്ക് എത്തുമ്പോഴും ജോലി കഴിഞ്ഞ് പോകുമ്പോഴും റോഷന്റെ കണ്ണുകൾ ആ സെക്രട്ടേറിയറ്റ് പടിയ്ക്കലും പുറത്തുമായി ഭാഗ്യം വിൽപ്പനയുടെ ലേബലിൽ തട്ടിപ്പിന്റെ,മുഖം മൂടിയണിഞ്ഞ മഞ്ജിമയുടെ കണ്ണുകളെ. തിരഞ്ഞ് കൊണ്ടിരിയ്ക്കെ,
രണ്ട് മൂന്ന് മാസങ്ങൾക്ക് ശേഷം ഒരു ദിവസം ഓഫിസിൽ ലഞ്ച് ബ്രേയ്ക്കിന്റെ
സമയത്ത് റോഷന്റെ മൊബൈലിലേയ്ക്ക്
ഒരു കോൾ വന്നു,ടൗണിലെ ഗവ.കോളേജിൽ ലക്ചററായ തന്റെ സുഹൃത്ത് സൂരജിന്റെ...
കോളിൽ,റോഷൻവൈകിട്ട് ഫ്രീയാണെങ്കിൽ സിറ്റിയിലെ അടുത്തുള്ള ഹോസ്പിറ്റലിൽ ജോലി കഴിഞ്ഞ് വരുമ്പോൾ ഒരുമിച്ച് പോകാനാണ്,കോളേജ് ജംങ്ങ്ഷനിൽ
ലോട്ടറി വിൽക്കുന്ന ഒരു പരിപയക്കാരിയുടെ അച്ഛൻ സുഖമില്ലാതെ അഡ്മിറ്റാണ്,ഒന്ന് വിസിറ്റ് ചെയ്യാനാണ്,എന്താണവളുടെ പേര്,റോഷൻ ആകാംക്ഷയോടെ തിടുക്കത്തിൽ ചോദിച്ചു,ശ്യാമള സൂരജ് പറഞ്ഞു...
അവൾക്ക് ക്യാഷ് വല്ലതും സൂരജ് പൂർത്തിയാക്കും മുമ്പ് റോഷൻ ചോദിച്ചു ,ഇന്നലെ ശമ്പള ദിവസമായിരുന്നല്ലോ,കോളേജ് കഴിഞ്ഞ് വൈകിട്ട് പോകുമ്പോഴാണ്,ശ്യാമള അച്ഛന്റെ വിവരം പറഞ്ഞ്,അത്യാവശ്യമായി 5000 രൂപ വേണം,രണ്ടാഴ്ചയ്ക്കുള്ളിൽ തരാം,ലോട്ടറിയുടെ കമ്മീഷൻ കിട്ടുമ്പോഴെന്ന് പറഞ്ഞപ്പോൾ
ഞാൻ ക്യാഷ് കൊടുത്തു....
ഇന്ന് അച്ഛനെ കാണാൻ ചെല്ലാൻ പറഞ്ഞു,ഹോസ്പിറ്റലിലേയ്ക്ക്,അവിടെ കാണാമെന്നും പറഞ്ഞു,ശ്യമള,സൂരജ് പറഞ്ഞു...
ഞാൻ വരാം,നമുക്ക് പോകാം റോഷൻ പറഞ്ഞു....
അപ്പോൾ ശ്യാമള മറ്റൊരു സ്ത്രിയുടെ പേരും മുഖം മൂടിയുമണിഞ്ഞ് പുതിയ ഒരു താവളത്തിൽ ലോട്ടറി വിൽപ്പന തുടങ്ങിക്കഴിഞ്ഞിരുന്നു,മറ്റൊരു
ഇരയ്ക്ക് ലോട്ടറി ഭാഗ്യം എത്തിയ്ക്കാനായിട്ട്....
ഹാഷിം...കുന്നുകര, ആലുവ.

അവിചാരിതം.


കോട മഞ്ഞു പുതച്ചു കിടക്കുന്ന , കിഴക്കാം തൂക്കായ മലയിടുക്കുകളിലൂടെ
കാർ കടന്നു പോകുമ്പോൾ, താഴ്ത്തിയ കാറിന്റെ വിന്ഡോ ഗ്ലാസ്സിലൂടെ പുലർ കാല തണുപ്പ് അരിച്ചു കയറി . തെല്ലൊരു അസ്വസ്ഥതയോടെ , പ്രൊഫ.റോസന്ന കാറിന്റെ വിന്ഡോഗ്ലാസ് ഉയർത്തിവച്ചതിനുശേഷം,മുഖത്തെ കണ്ണട ഊരി, സാരിത്തലപ്പ് കൊണ്ടു മെല്ലെതുടച്ച്,
അത് മുഖത്തു വച്ചതിനു ശേഷം പുറത്തേക്കു നോക്കിയപ്പോൾ , അങ്ങിങ്ങായി വെട്ടിയൊതുക്കിയ തേയില
ക്കാടുകൾ കണ്ടു.
അതൊരു നയനാന്ദകരമായ കാഴ്ച ആയിരുന്നെങ്കിലും, റോസന്നയ്ക്ക് അത് ആസ്വദിക്കാൻ തോന്നിയില്ല. റോസന്നയെ സംബന്ധിച്ച്, ഒറ്റ ലക്ഷ്യമേ ഉള്ളൂ, സരസ്വതി. അവളെ ഒന്ന് കാണുക. അതിനായിരുന്നല്ലോ ഈ യാത്രയുടെ ലക്‌ഷ്യം.
ഒരു വർഷം മുമ്പ് ഭർത്താവ് മരിച്ചതിനു ശേഷം , ഏകാന്തതയുടെ തടവിലായിരുന്നു റോസന്ന. ഒരു മകൾ ഉണ്ട് എങ്കിലും , അവൾ വിവാഹിതയായി അവളുടെ ഭർത്താവിനോടും, കുഞ്ഞിനോടും ഒപ്പം കാനഡയിൽ ആണ്. മകളും ഭർത്താവും, കാനഡയിൽ അവരുടെ കൂടെ താമസി ക്കാൻ റോസന്നയെ പല തവണ വിളിച്ചെ ങ്കിലും, അവൾ പോകുവാൻ കൂട്ടാക്കി
യില്ല.
നിന്റെ പപ്പയും ഞാനും താമസിച്ച ഈ വീടും,നാടും വിട്ടു എങ്ങോട്ടും ഞാൻ തല്ക്കാലം വരുന്നില്ല. വീടിന്റെ ഓരോ മൂലയിലും നിന്റെ പപ്പയുടെ ഗന്ധം ഉണ്ട്. നിന്റെ പപ്പാ ഇപ്പോഴും ഈ വീട്ടിൽ ഉള്ളതായിട്ടാണ് എനിക്ക്തോന്നുന്നത്. ആ ഓർമ്മ എനിക്ക് തെല്ലൊരു ആശ്വാസം നൽകുന്നുണ്ട്. എൻ്റെ ആരോഗ്യസ്‌ഥിതി ഓർത്തു നിങ്ങൾ വിഷമിക്കണ്ട. അങ്ങനെ എന്തെങ്കിലും ഒരു
അവസ്ഥ ഉണ്ടായാൽ അന്ന് നമുക്ക് നോക്കാം. ഇപ്പോൾ എൻ്റെ മോൾ അവിടെ സന്തോഷമായിട്ടു ജീവിക്കു. അമ്മച്ചിക്ക്
അത് മതി.
റോസന്നയുടെ പ്രകൃതം അറിയാമായിരു ന്നതിനാൽ പിന്നെ അവർ നിർബന്ധിച്ചില്ല.
അങ്ങനെയിരിക്കെ, താനും ഭർത്താവും ഇത്രയും നാൾ ഉപയോഗിച്ച മുറി ഒന്ന്
വൃത്തിയാക്കാം എന്ന് റോസന്ന തീരുമാനിച്ചത്. അതുവരെ വീട്ടുജോലിക്കാരി ആയിരുന്നു ആ പണി ചെയ്തു കൊണ്ടിരുന്നത്. അങ്ങനെ ആ മുറിയുടെ മുക്കും മൂലയും വൃത്തിയാക്കുന്നതിനിടയിലാണ്‌ , വർഷങ്ങളായി ഉപയോഗിക്കാതിരുന്ന തന്റെ ഒരു തടി പെട്ടി, കട്ടിലിന്റെ അടിയിൽ ചുമരിനോട് ചേർന്ന്, പൊടി
പിടിച്ചിരിക്കുന്നത് , റോസന്ന കണ്ടത്.
വിവാഹം കഴിഞ്ഞു ഭർതൃവീട്ടിൽ പോകുമ്പോൾ, തന്റെ ഓർമ്മകളും , മറ്റും അടങ്ങിയ തേക്കിന്റെ തടികൊണ്ട് ഉണ്ടാക്കിയ
മനോഹരമായ കൊത്തുപണികൾ ഉള്ള ആ ചെറിയ പെട്ടി കൂടെ കൂട്ടിയിരുന്നു.
നാളുകൾ കടന്നു പോകുന്നതനുസരിച്ചു , ഉത്തരവാദിത്വങ്ങൾ കൂടുകയും, ഭർത്താവിന്റെയും,മകളുടെയും കാര്യങ്ങളും, തന്റെ ഔദ്യോഗിക ഉത്തരവാദിത്വങ്ങളും അണുവിട തെറ്റാതെ നടത്തുകയും ചെയ്യുന്ന കൂട്ടത്തിൽ എപ്പോഴോ തടിപെട്ടിയുടെ സ്‌ഥാനം കട്ടിലിനടിയിൽ ചുമരിനോട് ചേർന്ന സ്‌ഥലത്തായി മാറി.
റോസന്ന അടുക്കളയിലെ സറ്റോർ മുറിയിൽ പോയി, കാർഡ് ബോർഡിനു ളളിൽ, ഭദ്രമായി സൂക്ഷിച്ചു വച്ചിരുന്ന പഴയ തുണികളിൽ നിന്ന് ഒരു തുണി എടുത്തിട്ട്, ആ പെട്ടിയിൽ പറ്റിപ്പിടിച്ചി രിക്കുന്ന പൊടിയും, മാറാലയും എല്ലാം തൂത്തു മാറ്റിയതിനുശേഷം , വിറയ്ക്കുന്ന കൈകളോടെ റോസന്ന പെട്ടിയുടെ മൂടി തുറന്നു. അതിനുള്ളിൽ
തന്റെ പഠനകാലത്തെഓട്ടോഗ്രാഫുകളും, മറ്റും കണ്ടപ്പോൾ , അവരുടെ മനസ്സിലെ ഓർമകളുടെ മണിച്ചെപ്പ് ഒപ്പം തുറന്നു.
ഓരോന്നും എടുത്തു പരിശോധിക്കുന്നതിനിടയിൽ പെട്ടിയുടെ മൂലയിൽ ഒരു ഫോട്ടോ കിടക്കുന്നതു കണ്ടു. മങ്ങി തുടങ്ങിയ ആ ഫോട്ടോ എടുത്തു നോക്കിയപ്പോൾ , കോളേജിലെ സെന്റോഫിനു ആദ്യമായി സാരി ഉടുത്തു നിൽക്കുന്ന തൻ്റേയും, സരസ്വതിയുടെയും ഫോട്ടോ ആയിരുന്നു അത്.
കോളേജിൽ , തന്റെ ഉറ്റ സുഹൃത്തായിരുന്നു സരസ്വതി. തങ്ങൾ പങ്കു വയ്ക്കാത്ത രഹസ്യങ്ങളില്ല. തങ്ങളുടെ കൂട്ടുകെട്ടിനെ മറ്റുള്ളവർ അസൂയയോടെ നോക്കുമായിരുന്നു. യൂണിവേഴ്സിറ്റി പരീക്ഷകഴിഞ്ഞ ഉടനെ സരസ്വതിയെ , വീട്ടുകാർ കെട്ടിച്ചു വിട്ടു, ഉറ്റ സുഹൃത്തായ താൻ പോലും അത് അറിഞ്ഞില്ല.
സരസ്വതിയുടെ കല്യാണം കഴിഞ്ഞ
വിവരം അറിഞ്ഞത് തന്നെ, കോഴ്‌സിന്റെ
സർട്ടിഫിക്കറ്റ് വാങ്ങാൻ കോളേജിൽ ചെന്നപ്പോൾ, സരസ്വതിയുടെ നാട്ടുകാരിയും, കോളേജിലെ ലൈബ്രേറിയനും ആയ
രാധചേച്ചി പറഞ്ഞാണ്.
ഇത്രയും വലിയ കൂട്ടായിട്ടും , അവൾ തന്നെ അറിയിച്ചില്ലല്ലോ എന്ന സങ്കടം
എനിക്ക് നന്നായിട്ടുണ്ട് രാധേച്ചീ .. , സംഭാഷണത്തിനിടയിൽ റോസന്ന പറഞ്ഞു.
രാധ, റോസന്നയോടു പറഞ്ഞു,
"എന്റെ കൊച്ചെ, അതിനു കല്യാണം കഴിക്കാൻ തന്നെ ഇഷ്ടമില്ലായിരുന്നു. അതിനു ആവുന്നത്ര പഠിക്കണം, വീട്ടുകാർക്ക് ഭാരമാവാതെ , ജോലി കിട്ടി സ്വന്തം കാലിൽ നില്ക്കണം എന്നൊക്കെ ആഗ്രഹിച്ചിരുന്ന കുട്ടിയായിരുന്നു. പക്ഷെ, എന്തു കാര്യം..? അവളുടെ വീട്ടുകാർക്ക്
കുറെ ബാധ്യതകൾ ഉണ്ടായിരുന്ന തിനാൽ ,അത് തീർക്കാൻവേണ്ടി, പണക്കാരനായ ഒരു രണ്ടാം കെട്ടുകാരനെ കൊണ്ട് അവളെ കെട്ടിച്ചു. അവർ തമ്മിൽ പ്രായത്തിൽ നല്ല വ്യത്യാസമുണ്ട് എന്നാണ് അറിഞ്ഞത്. പോരാത്തതിന്, ആദ്യവിവാഹത്തിൽ രണ്ടു കുട്ടികളും ഉണ്ട്. പിന്നെ,അധികം വൈകാതെ തന്നെ
ഞങ്ങൾ അവിടെ നിന്നും താമസം മാറിയതിനാൽ, അവളെ കുറിച്ചു യാതൊരും വിവരവും അറിയില്ല.
അതായിരുന്നു , റോസന്നയ്ക്കു , സരസ്വതിയെ സംബന്ധിച്ചുള്ള അവസാന വിവരം.
പിന്നീട് , പഠനം പൂർത്തിയാക്കിയ താൻ , ഒരു കോളേജിൽ ലക്‌ചറർ ആയി ജോലിയിൽ പ്രവേശിച്ചു. വൈകാതെ തന്നെ
തന്റെ വിവാഹവും കഴിഞ്ഞു. ഭർത്താവും
മകളുമൊത്തുള്ള സന്തുഷ്ടമായ കുടുംബ ജീവിതത്തിന്റെ തിരക്കിനിടയിൽ സരസ്വതിയുടെ കാര്യം വിസ്മൃതിയിലാണ്ട്‌ പോയി.
കാലങ്ങൾ കടന്നുപോയി. താൻ കോളേജിൽ നിന്നും ഇംഗ്ലീഷ് ഡിപ്പാർട്ടമെന്റ് മേധാവിയായി വിരമിച്ചു. ഏക മകളെ വിവാഹം കഴിപ്പിച്ചു , അധികം വൈകാതെ തന്നെ നേവി ഉദ്യോഗസ്ഥനായി വിരമിച്ച റോയിച്ചായൻ ഹൃദയാഘാതത്തിന്റെ രൂപത്തിൽ,
തന്നെ വിട്ടു പോയതോടുകൂടി , ഈ വലിയ വീട്ടിൽ താൻ തനിച്ചായി, സഹായത്തിനു ജോലിക്കാരി ഉണ്ടെങ്കിലും.
ഒരു നെടുവീർപ്പോടെ, ഒരിക്കൽ കൂടി
ആ ഫോട്ടോയിലേക്കു നോക്കി. സരസ്വതി ഇപ്പോൾ എവിടെയായിരിക്കും? അവളെ എങ്ങനെ കണ്ടുപിടിക്കും? ഇത്രയും കാലം താൻ അവളെക്കുറിച്ചു ഓർത്തില്ലല്ലോ... ഇങ്ങനെ ഓരോന്നും ചിന്തിച്ചുക്കൊണ്ടിരിക്കുമ്പോഴാണ് , റോസന്നയുടെ മനസ്സിൽ ഒരു കാര്യം തെളിഞ്ഞു വന്നത്.തന്റെ ഒരു വിദ്യാർത്ഥി ആയിരുന്ന മിഥുൻ സരസ്വതിയുടെ നാട്ടുകാരനാണെന്ന്.അവനോടു ചോദിച്ചാൽ എന്തെങ്കിലും ഒരു വിവരം കിട്ടാതിരിക്കില്ല .
ഉടൻ തന്നെ താൻ സ്വകാര്യമായി സൂക്ഷിച്ചിരുന്ന ഡയറി എടുത്തു പരിശോധിച്ചപ്പോൾ ഭാഗ്യത്തിന് മിഥുന്റെ രക്ഷിതാക്കളുടെ നമ്പർ ഉണ്ടായിരുന്നു. തന്റെയൊരു ശീലമായിരുന്നു, താൻ പഠിപ്പിക്കുന്ന വിദ്യാർത്ഥികളുടെ പേരെന്റസിന്റെ നമ്പർ ഡയറിയിൽ കുറിച്ചിടുക എന്നുള്ളത്. രക്ഷിതാക്കളും , അദ്ധ്യാപിക എന്ന നിലയിൽ താനുമായുള്ള ഒരു ആത്മബന്ധം വളർത്തിയെടുക്കാൻ ഇത് ഉപകരിച്ചിട്ടുണ്ട്. ഡയറിയിൽ നിന്ന് മിഥുൻ എന്നു പേരെഴുതിയ ഭാഗത്തു കുറിച്ചിട്ടിരിക്കുന്ന ഫോൺ നമ്പർ കണ്ടു.
അവർ ആ നമ്പർ തന്റെ മൊബൈൽ ഫോണെടുത്തിട്ട് ഡയൽ ചെയ്തു. അങ്ങേത്തലയ്ക്കൽ , ഹലോ..എന്ന് കേട്ടപ്പോൾ, അവർ പറഞ്ഞു,
“ഞാൻ പ്രൊഫ.റോസന്ന ആണ്.
മിഥുനെ പഠിപ്പിച്ച അധ്യാപികയാണ് . മിഥുൻ ഉണ്ടോ അവിടെ, ഉണ്ടെങ്കിൽ ഫോൺ കൊടുക്കാമോ..?”
അതിനെന്താ മാഡം..ഇപ്പോൾ മിഥുന് കൊടുക്കാം..എന്ന് പറഞ്ഞു , അവന്റെ കൈയ്യിൽ ഫോൺ കൈമാറുന്ന ശബ്‍ദം
കേട്ടു.
“ ഹലോ മാം .. എന്തൊക്കെയുണ്ട് വിശേഷങ്ങൾ ? സുഖമായിരിക്കുന്നോ..?” മിഥുൻ സന്തോഷത്തോടെ ചോദിച്ചു.
“സുഖം മിഥുൻ. മിഥുന് എന്തൊക്കെയുണ്ട് വിശേഷങ്ങൾ ..?”
“സുഖമായിരിക്കുന്നു മാം. ഞാൻ ഫെഡറൽ ബാങ്കിൽ ആണ് ജോലി ചെയ്യുന്നത് , പ്രൊബേഷനറി ഓഫീസർ ആയിട്ടാണ്.”
" ഇത് കേട്ടതിൽ വളരെയധികം സന്തോഷമുണ്ട് മിഥുൻ. വീടിനടുത്തു തന്നെയായിരിക്കുമല്ലേ പോസ്റ്റിംഗ് കിട്ടിയിരിക്കുന്നത് ...?
അതെ. മിഥുൻ തുടർന്നു, പിന്നെ.., മാം ..കുറേ നാളുകൾക്കു ശേഷമാണല്ലോ വിളിക്കുന്നത് .. എന്തെങ്കിലും വിശേഷമുണ്ടോ ..?
ആ .. ഉണ്ട് മിഥുൻ . എനിക്ക് നിന്നോട്
ഒരു കാര്യം തിരക്കാൻ വേണ്ടിയാണ് വിളിച്ചത്. നിങ്ങളുടെ നാട്ടുകാരിയായ ഒരു
സരസ്വതി എന്ന് പേരുള്ള ആൾ ഉണ്ടായിരുന്നില്ലേ..?
മാം .. ഞാൻ അവരെ കുറിച്ച് കേട്ടിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിയില്ലല്ലോ. എന്താണു കാര്യം മാം.? മിഥുൻ ജിജ്ഞാസയോടെ തിരക്കി.
'വെറുതെ ചോദിച്ചു എന്നേയുള്ളൂ മിഥുൻ. കോളേജ് പഠനകാലം വരെ എന്റെ ഉറ്റ സുഹൃത്തായിരുന്നു സരസ്വതി. യൂണിവേഴ്സിറ്റി പരീക്ഷകൾ കഴിഞ്ഞതിനു ശേഷം, അവളെ ഞാൻ പിന്നെ കണ്ടിട്ടില്ല. അവളുടെ കല്യാണം കഴിഞ്ഞു എന്നാണ് അവസാനമായി കിട്ടിയ വിവരം. ഇപ്പോൾ ഞാൻ തനിച്ചാണ്. വെറുതേയിരുന്നപ്പോൾ അവളെ കാണണം എന്നൊരാഗ്രഹം തോന്നി അത്രേയുള്ളൂ. '
മാം.. നമുക്ക് അന്വേഷിക്കാം. ഞാൻ വീട്ടിലേക്ക് വരാം. അതിനിടയിൽ അവരെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടുമോന്ന് ഇവിടെയൊന്നു തിരക്കട്ടെ.
ശരി മിഥുൻ .. എന്നു പറഞ്ഞു അവർ ഫോൺ വച്ചു.
പിറ്റേന്നു രാവിലെത്തന്നെ മിഥുൻ പ്രൊഫ.റോസന്നയുടെ വീട്ടിലേക്ക് വന്നു.
മിഥുന് ചായ കൊടുത്ത് ഔപചാരിക സംഭാഷണങ്ങൾക്കു ശേഷം , സരസ്വതിയുടെ വിഷയത്തിലേക്ക് അവർ കടന്നു. മിഥുൻ പറഞ്ഞു,
മാം... സരസ്വതി എന്ന വ്യക്തിയെ കല്യാണം കഴിപ്പിച്ചയച്ചിരിക്കുന്നത്. മൂന്നാറിലെവിടെയോ ആണ്. കല്യാണം കഴിപ്പിച്ചെങ്കിലും, സ്വന്തം വീടുമായി യാതൊരു ബന്ധം പുലർത്തിയിട്ടില്ല. സ്വന്തം വീട്ടുകാരും, സരസ്വതിയെ തിരക്കാറുമില്ല. അതുകൊണ്ട് തന്നെ പൂർണ്ണമായ വിവരങ്ങളൊന്നും തന്നെ ലഭിച്ചിട്ടില്ല.
റോസന്ന ഒരു നിമിഷം ആലോചിച്ചു. പിന്നെ മിഥുനോട് പറഞ്ഞു, 'അന്വേഷിക്കണം. എന്തായാലും ഞാൻ ഒരു കാര്യം തീരുമാനിച്ചു. സരസ്വതിയെ കണ്ടെത്തണം എന്ന്.'
മാം.. ഞാനും കൂടാം. എങ്ങനെ വേണമെന്ന് പറഞ്ഞാൽ മതി.
നാളെ വെളുപ്പിന് തന്നെ മൂന്നാറിലോട്ട് പോകണം. അവിടെ എത്തിക്കഴിഞ്ഞാൽ എന്തെങ്കിലും വിവരം കിട്ടാതിരിക്കില്ല'. പ്രൊഫ.റോസന്ന പറഞ്ഞു.
എന്നാൽ ഞാൻ റെഡി. ഇപ്പോൾ ഞാൻ വീട്ടിലേക്ക് പോയിട്ട് വൈകുന്നേരം കാറുമായിട്ട് വരാം.
രാത്രിയായപ്പോൾ മിഥുൻ തന്റെ കാറോടിച്ച് പ്രൊഫ.റോസന്നയുടെ വീട്ടിൽ വന്നു. പിറ്റേന്ന് വെളുപ്പിന് തന്നെ പ്രൊഫ.റോസന്നയും, മിഥുനും പുറപ്പെട്ടു .
................................................................
മാം .. നമ്മൾ മൂന്നാറിലെത്തി. മിഥുന്റെ ശബ്ദം കേട്ട്, പ്രൊഫ. റോസന്ന ചിന്തകളിൽ നിന്നുണർന്നു.
മാം... നമുക്ക് ദാ .. കാണുന്ന ചായക്കടയിൽ നിന്ന് ചായ കുടിച്ചിട്ടാകാം.. ഇനി അന്വേഷണം.
ശരി മിഥുൻ . പ്രൊഫ.റോസന്ന പറഞ്ഞു.
മിഥുൻ , കാർ ആ ചായക്കടയോട് ചേർന്ന് പാർക്കു ചെയ്തു. രണ്ടു പേരും ചായക്കടയിൽ കയറി . ചായ കുടിച്ച് അല്പനേരം അവിടെ ചിലവഴിച്ചതിനു ശേഷം , ഇറങ്ങാൻ നേരത്ത്, പ്രൊഫ.റോസന്ന , ആ കടയുടെ ഉടമസ്ഥനെന്ന് തോന്നിക്കുന്ന , ബിൽ കൗണ്ടറിൽ ഇരിക്കുന്ന ആളുടെ അടുത്ത് ചെന്നിട്ട്, തന്റെ കൈയ്യിലിരുന്ന സരസ്വതിയുടെ ഫോട്ടോ കാണിച്ചിട്ട് ,
' ഇവരെ എവിടെയെങ്കിലും വച്ച് കണ്ടിട്ടുണ്ടോ..? എന്ന് ചോദിച്ചു.
അങ്ങനെയൊരാളെ കണ്ടാതായി ഓർക്കുന്നില്ല, എന്നയാൾ മറുപടി പറഞ്ഞു.
ശരി. നന്ദി എന്നു പറഞ്ഞു കൊണ്ട്, അവർ കാറിൽ കയറി യാത്ര തുടങ്ങി. ആ പകൽ മുഴുവൻ, പലയിടങ്ങളിലും അവർ അന്വേഷിച്ചു. ഒടുവിൽ നിരാശരായി തിരിച്ചു മടങ്ങുമ്പോൾ, ഒരു അമ്പലത്തിന്റെ മതിലിനോട് ചേർന്നുള്ള അരയാൽ മരത്തിന്റെ ചുവട്ടിൽ മുഷിഞ്ഞ സെറ്റുമുണ്ടുടുത്ത , അരികിൽ തുണി സഞ്ചിയുമായി ഇരിക്കുന്ന ഒരു സ്ത്രീയെ കണ്ടു.
'മിഥുൻ, സ്റ്റോപ്പ് . അവിടെയിരിക്കുന്ന സ്ത്രീയെ കണ്ടോ? എന്റെ സരസ്വതിയെ പോലെയിരിക്കുന്നു. '
എന്നാൽ, നമുക്ക് അവരുടെ അടുത്തേക്ക് ചെല്ലാം. മിഥുൻ പറഞ്ഞു.
അവർ രണ്ടു പേരും കാറിൽ നിന്നിറങ്ങി, ആ സത്രീയുടെ അടുത്തേക്ക് ചെന്നു. അടുത്ത് കാല്പ്പെരുമാറ്റം കേട്ട ആ സ്ത്രീ തലയുയർത്തി അവരെ നോക്കി.
പ്രൊഫ.റോസന്നയുടേയും, ആ സ്ത്രീയുടേയും കണ്ണുകൾ തമ്മിലുടക്കി.
റോസന്ന ആ സ്ത്രീയെ വിളിച്ചു,
' സരസ്വതീ...'
ഒട്ടും പ്രതീക്ഷിക്കാതെ അവരെ കണ്ടതിന്റെ ഞെട്ടലിൽ നിന്നും വിമുക്തയാവാതെ. ആ സ്ത്രീയുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ധാരയായി ഒഴുകി.
റോസീ... എന്നവർ വിളിച്ചു. പെട്ടെന്നു പ്രൊഫ.റോസന്ന അവരെ ആലിംഗനം ചെയ്തു കൊണ്ട് ചോദിച്ചു,
സരസൂ... എന്താണിങ്ങനെ ഈ രൂപത്തിൽ? നീ സുഖമായിരിക്കുന്നു എന്നാണ് ഞാൻ വിശ്വസിച്ചത്. എന്താണ് പറ്റിയത് ?
അതൊരു നീണ്ട കഥയാണ് റോസീ.. സരസ്വതി പറഞ്ഞു തുടങ്ങി, പഠനം കഴിഞ്ഞ ഉടനെ, വീട്ടിലെ ദാരിദ്രത്തിന്റെ പേരിൽ രണ്ടാം കെട്ടുകാരന്റെ ഭാര്യയായതും , തന്റെ ഭർത്താവിന് ആദ്യ ബന്ധത്തിൽ രണ്ടു കുട്ടികൾ ഉള്ളതും , പ്രായ വ്യത്യാസമുണ്ടെങ്കിലും, തന്റെ ഭർത്താവ് പൊന്നുപോലെ നോക്കിയതും, ഭർത്താവ് മരിക്കുന്നതിനു മുമ്പ് തനിക്കു ജീവിക്കാൻ വേണ്ടി ഭർത്താവിന്റെ സ്വത്തിൽ ഒരു പങ്ക് തനിക്കെഴുതി തന്നതും, ഭർത്താവിന്റെ മക്കൾ തന്റേയും, മക്കളാണെന്ന് കരുതി അവർക്കു വേണ്ടി ജീവിച്ചതും, ഭർത്താവിന്റെ മരണശേഷം, തനിക്കു തന്ന സ്വത്തും അവർക്കു വേണമെന്ന് പറഞ്ഞ് തന്നെക്കൊണ്ട് അതു എഴുതി മേടിച്ചതും, പിന്നീട് ആ വീട്ടിൽ അധികപ്പറ്റായപ്പോൾ, യാതൊന്നും ഇല്ലാതെ, അവിടെ നിന്നും ഇറങ്ങിപ്പോരേണ്ടി വന്നതും , ഈ അമ്പലത്തിന്റെ മുന്നിൽ വന്നതും എല്ലാം അവർ വളരെ വേദനയോടെ പറഞ്ഞു.
എല്ലാം കേട്ടു കഴിഞ്ഞപ്പോൾ , പ്രൊഫ.റോസന്നയുടെ കണ്ണുകൾ നിറഞ്ഞു. അല്പം കഴിഞ്ഞ് റോസന്ന പറഞ്ഞു തുടങ്ങി.
'സരസ്വതീ... നിന്നെ ഈ അവസ്ഥയിൽ കാണേണ്ടി വരുമെന്ന് ഞാൻ ഒട്ടും കരുതിയില്ല. നമ്മൾ നല്ല കൂട്ടായിരിക്കുന്ന കാലത്ത്, നിന്റെ കല്യാണം കഴിഞ്ഞ വിവരം അറിഞ്ഞപ്പോൾ, എന്നെ നീ ക്ഷണിച്ചില്ലല്ലോ എന്നുള്ള വിഷമം ഉണ്ടായിരുന്നു. അപ്പോഴും, നീ സുഖമായിരിക്കണേ എന്നു ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിച്ചിരുന്നു.'
അല്പം കഴിഞ്ഞ്, റോസന്ന വീണ്ടും തുടർന്നു .. സരസൂ... ഇപ്പോൾ ഞാൻ തനിച്ചാണ്... പോരുന്നോ.. എന്റെ കൂടെ.
അതു കേട്ട് സരസ്വതി കരഞ്ഞു. പ്രൊഫ.റോസന്ന അവരെ പിടിച്ചെഴുന്നേല്പ്പിച്ചു കൊണ്ട്, കാറിനടുത്തേക്ക് ചെന്നു . മിഥുൻ സരസ്വതിയുടെ തുണി സഞ്ചി എടുത്ത്, കാറിൽ അവർക്ക് കയറാൻ പാകത്തിൽ ഡോറു തുറന്നു പിടിച്ചു. അവർ കയറിയതിനു ശേഷം മിഥുൻ തിരികെ അവരുടെ നാട്ടിലേക്ക് കാറോടിച്ചു പോകുമ്പോൾ, ആകാശത്ത് ചന്ദ്രൻ തന്റെ പൂർണ്ണ ശോഭയോടെ തെളിഞ്ഞിരുന്നു.
സുമി ആൽഫസ്

കോമഡി ഉത്സവം

Image may contain: 1 person, beard and closeup
പേര് വായിച്ചപ്പോൾ തന്നെ നിങ്ങളുടെ മനസ്സിൽ ഒരു ചിത്രം തെളിഞ്ഞിരിക്കും.. ശരിയാണ്... അതേ കോമഡി ഉത്സവത്തെക്കുറിച്ചു തന്നെയാണ് ഈ എഴുത്ത്.
പല വിഷയങ്ങളും നമ്മൾ ഇതിനോടകം എഴുത്തിനായി തെരഞ്ഞെടുത്തു. പക്ഷേ ഇതുവരെ ആരും ഫ്ലവേഴ്സ് ചാനലിലെ കോമഡി ഉത്സവം എന്ന പ്രോഗ്രാമിനേക്കുറിച്ച് എഴുതിയിട്ടില്ല എന്ന് കരുതുന്നു.
ഇത് ഞാൻ എന്റെ സ്നേഹം അറിയിക്കുന്നതിനായി എഴുതുന്നതാണ്. അത് ഒരുപക്ഷേ എന്റേതുമാത്രമല്ല നിങ്ങളുടേയും കൂടി ആയിരിക്കാം എന്ന് എനിക്ക് തോന്നുന്നു.
ആദ്യം എടുത്ത് പറയേണ്ടത് അതിന്റെ അമരക്കാരനായ ശ്രീകണ്ഠൻ സാറിനെതന്നെയാണ്..
മറ്റു പല ചാനലുകളിലുമായി വളരെ മുമ്പേ നമുക്ക് പരിചയമുള്ള നല്ല ഒരു വ്യക്തിത്വത്തിനുടമയാണ് അദ്ദേഹം. അർഹതയുള്ളവർക്ക് അംഗീകാരം നൽകുന്നതിന് എന്നും നമ്മൾ മലയാളികൾ ഒരുപടി പുറകിലാണ് എന്ന് പറയാതിരിക്കുവാൻ വയ്യ. അതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളിൽ ഒന്നാണ് അദ്ദേഹം. പക്ഷേ അർഹതയുള്ളവർ എന്നായാലും അംഗീകരിക്കപ്പെടും എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണവും അദ്ദേഹം തന്നെയാണ്. ഇന്ന് ഏതൊരു മലയാളിയും സ്നേഹത്തോടെ ബഹുമാനത്തോടെ അദ്ദേഹത്തെ സ്മരിക്കുന്നു..
ഒരുകാലത്ത് കോമഡിക്കാരുടെ ഒരു മോഡൽ ആയിരുന്നു അദ്ദേഹം. എളുപ്പത്തിൽ ആർക്കും അനുകരിക്കാവുന്ന അദ്ദേഹത്തിന്റെ മാനറിസങ്ങൾ മിമിക്രിക്കാർ കാണികൾക്ക് മുന്നിൽ പ്രസന്റ് ചെയ്തു കയ്യടിവാങ്ങി. പക്ഷേ ആരോടും പരിഭവമില്ലാതെ അദ്ദേഹം അതെല്ലാം ആസ്വദിച്ചു. ഇന്നും പ്രോത്സാഹിപ്പിച്ചു പോരുന്നു.
എടുത്ത് പറയേണ്ട നേട്ടം മലയാളികൾക്ക് താല്പര്യപൂർവ്വം കണ്ടിരിക്കാൻ ഒരു നല്ല ചാനൽ നമുക്ക് സമ്മാനിച്ചു എന്നതാണ്.
സത്യം പറഞ്ഞാൽ ഈയിടെയായി ഞാൻ കാണുന്ന ഒരേയൊരു ടിവി പ്രോഗ്രാം ഈ കോമഡി ഉത്സവം മാത്രണാണ്.
മനസ്സിൽ ടെൻഷൻ തോന്നുന്ന സമയത്ത് ഈ പ്രോഗ്രാം കണ്ടു കഴിഞ്ഞാൽ കുറെ നേരത്തേക്ക് ഒരാശ്വാസമാണ്.. ഒരു പോസിറ്റീവ് എനർജി അതിൽ നിന്ന് നമുക്കും അവിടെ പ്രോഗ്രാം ചെയ്യുന്നവർക്കും ഒരുപോലെ ലഭിക്കുന്നു എന്നതാണ് സത്യം.
അതിന് പ്രധാന കാരണം സംശയലേശമന്യേ പറയാം മിഥുൻ എന്ന അവതാരകൻ മാത്രമാണ്. വാക്കുകൾ കൊണ്ടു പറഞ്ഞാൽ പോരാതെ വരുന്ന പ്രശംസ അർഹിക്കുന്നു അദ്ദേഹം.
പല സിനിമകളിലും ചെറിയ വേഷങ്ങളിൽ നമ്മുടെ മുന്നിൽ വന്നിട്ടുള്ള വ്യക്തിയാണ്. പക്ഷേ ഞാൻ കണ്ടിട്ടുള്ളത് കൂടുതലും ഒരു വില്ലൻ ടൈപ്പ്... അല്ലെങ്കിൽ കാണികൾക്ക് വിരോധം തോന്നുന്ന ഒരു കഥാപാത്രമായി മാത്രം. എന്താണ് യാഥാർത്ഥ്യത്തിൽ ആ യുവനടൻ എന്നത് നമ്മൾ അറിയുന്നത് ഈ പ്രോഗ്രാമിലൂടെയാണ്. അദ്ദേഹത്തിനോടുള്ള സ്നേഹം അറിയിക്കുക എന്നതു മാത്രമാണ് ഈ ഒരു പോസ്റ്റിലൂടെ ഞാൻ ഉദ്ദേശിക്കുന്നത്.
മുമ്പ് മറ്റൊരു പ്രോഗ്രാമിൽ അവതാരകനായി നമ്മൾ മിഥുനെ കണ്ടിരുന്നു. അന്നേ വ്യക്തമായിരുന്നു സിനിമയിൽ കാണുന്നതിൽനിന്നും തികച്ചും വ്യത്യസ്തമാണ് യഥാർത്ഥ ജീവിതത്തിൽ മിഥുൻ എന്നതാണ്. അത് കൂടുതൽ വ്യക്തമായത് കോമഡി ഉത്സവം എന്ന പ്രോഗ്രാമിലൂടെയാണ് എന്ന് മാത്രം.
സത്യം പറയാമല്ലോ.. ഞാൻ മിഥുന്റെ വലിയ ഒരു ഫാനായി മാറിയിരിക്കുകയാണ്. ഞാൻ പൊതുവെ സിനിമാക്കാരുടെ ഫാനാവാറില്ല. ആര് നന്നായി അഭിനയിക്കുന്നുവോ അവരുടെ അഭിനയത്തെ പ്രശംസിക്കാം.. ഇഷ്ടപ്പെടാം എന്നല്ലാതെ ആ കാണിക്കുന്നതാണ് യഥാർത്ഥ ജീവിതത്തിൽ ഓരോ പ്രമുഖ നടന്മാരും നടികളും എന്നൊന്നും വിശ്വസിക്കുന്ന ആളല്ല ഞാൻ. അത്തരം ചിന്തകളൊന്നും എന്നെ സ്വാധീനിച്ചിട്ടില്ല.. മറിച്ച് മലയാളി ഇക്കാര്യത്തിൽ നമ്മൾ പണ്ട് കളിയാക്കിയിരുന്ന തമിഴരേക്കാൾ തീരെ താഴെയായി എന്നുപോലും തോന്നിയിട്ടുണ്ട്. നമ്മുടെ ആരാധന ശരിയാണോ തെറ്റാണോ എന്ന് ഇതിനോടകം ഉദാഹരണ സഹിതം നമ്മൾ തന്നെ അറിഞ്ഞു കഴിഞ്ഞതാണ്. അതിലേക്കൊന്നും കടക്കുവാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. അതൊന്നും പറയാൻ ഞാൻ ആളല്ല...
ഇവിടെ ഒരു യഥാർത്ഥ മനുഷ്യസ്നേഹിയെ കാണുവാനായി. ഒരു അവതാരകൻ എന്നതിനേക്കാൾ ഉപരി ഒരു മനുഷ്യൻ എങ്ങനെയായിരിക്കണം എന്ന് കൂടി മിഥുൻ നമുക്ക് കാണിച്ചു തന്നു.
മിഥുൻ അവിടെ പ്രോഗ്രാം അവതരിപ്പിക്കുന്നവർക്ക് നൽകുന്ന സപ്പോർട്ട് നമ്മൾ നേരിൽ കാണുന്നതാണ്. പലപ്പോഴും ടെൻഷൻ മൂലം തളർന്നു പോകുന്നവർക്ക് ഒരു ഉത്തേജക മരുന്നുതന്നെയാണ് മിഥുൻ എന്ന് നമുക്ക് കാണാം. ഇത്രയും നല്ല ഒരു മനുഷ്യനെ നമുക്ക് പരിചയപ്പെടുത്തി തന്ന ഫ്ലവേഴ്സിന് അഭിനന്ദനങ്ങൾ. സത്യം പറഞ്ഞാൽ ഞാൻ ഈ പ്രോഗ്രാം കാണുന്നതുതന്നെ മിഥുൻ എന്ന അവതാരകൻ ഉള്ളതുകൊണ്ടാണ് എന്ന് പറയാം.
എന്റെ വീട്ടിൽ കേബിൾ കട്ട് ചെയ്തിട്ട് ഒരു വർഷത്തിൽ കൂടുതലായി. മടുത്തു എന്ന് തന്നെ പറയാം. വാർത്തകൾ പോലും ഏത് സത്യം ഏത് അസത്യം എന്നറിയാൻ കഴിയാത്ത അവസ്ഥ. പിന്നെ മറ്റുള്ളതിന്റെ കാര്യം പറയേണ്ടതില്ലല്ലോ.. ഇപ്പോൾ ഈ പ്രോഗ്രാം കാണുന്നത് യൂട്യൂബിൽ നിന്നാണ്. ഞാനും മോളും അത് കാണാനിരിക്കും.. നല്ല റിലീഫാണ്..
എത്രയെത്ര കലാകാരൻമാർ...!
ഈ കൊച്ചു കേരളത്തിൽ ഇത്രയധികം കലാകാരന്മാരുണ്ട്... അഥവാ ഇനിയും നമ്മൾ കാണുവാനുണ്ട് എന്ന് അറിയുന്നത് ഇപ്പോഴാണ്...
ഈ പ്രോഗ്രാമിന്റെ മേലധികാരിയായ മിഥിൽരാജിനേയും പ്രശംസിക്കാതെ വയ്യ. ഒപ്പം മറ്റു നാലു പേരേയും.
കാര്യക്കാരനായ ടിനിടോം, പക്രു, ബിജുക്കുട്ടൻ, പ്രജോദ്... കൂടാതെ ഗ്രൂമേഴ്സായ സതീഷും ഷിബുവും.. ഒപ്പം കൂടെയുള്ള എല്ലാ അണിയറ ശില്പികൾക്കും അഭിനന്ദനങ്ങൾ.
ടിനിടോം എന്ന വലിയ മനുഷ്യനിലെ ചെറിയ മനുഷ്യനെ നമ്മൾ അറിഞ്ഞതും ഇതിലൂടെയാണ് എന്ന് പറയാം. പക്രുവിന്റെ അഭിപ്രായങ്ങൾ വളരെ മികച്ചതാണ്.. പിന്നെ ബിജുക്കുട്ടൻ... ഒന്നും പറയാനില്ല... സിനിമയിൽ വരുന്നതിനുമുമ്പേ ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. . സംസാരിച്ചിട്ടുമുണ്ട്... അന്നേ അറിയാമായിരുന്നു അദ്ദേഹത്തിന്റെ ഇന്നത്തെ വിജയം..
എല്ലാവർക്കും അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് കോമഡി ഉത്സവം ഒരിക്കലും ഒരു ബോറായി ജനങ്ങൾ കാണുവാനിട വരുത്താതെ ഇനിയും ധാരാളം മുന്നോട്ട് പോകട്ടെ എന്ന് ആശംസിച്ചുകൊണ്ട്, ഒരിക്കൽ കൂടി മിഥുനോടുള്ള സ്നേഹം അറിയിച്ചുകൊണ്ട് ഞാനിത് നിർത്തുന്നു... നിങ്ങൾക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും... നന്ദി
***മണികണ്ഠൻ അണക്കത്തിൽ***

സ്വപ്നങ്ങൾക്ക് നിറം നഷ്ടപ്പെട്ടവർ......


സ്വപ്നങ്ങൾക്ക് നിറം നഷ്ടപ്പെട്ടവർ......
" അക്കാ, ഉങ്കളെ ലക്ഷ്മിയമ്മ കൂപ്പിട്ടാര് ".
മല്ലിയാണ്.
" വരുന്നു എന്നു പറ".
പറഞ്ഞു കഴിഞ്ഞാണ് അവൾ കയ്യിലെന്തോ മറച്ചു പിടിച്ചിരിക്കുന്നത് ശ്രദ്ധിച്ചത്.
" എന്നെടി അത് ? കൊട്. പാക്കട്ടും ".
ഞാൻ ആവശ്യപ്പെട്ടപ്പോൾ അവൾ അൽപ്പം നാണത്തോടെ ആ പേപ്പർ നീട്ടി. സുന്ദരിയായ ഒരു പെൺകുട്ടിയുടെ ചിത്രം കളർ പെൻസിൽ കൊണ്ടു വരച്ചത്. കയ്യിൽ ഒരു വീണ. പരിസരം മറന്നു സംഗീതത്തിൽ ലയിച്ചിരിക്കുന്ന ആ പെൺകുട്ടിക്ക് മല്ലിയുടെ അതേ മുഖം.
ഞാൻ അവളെ ഒന്നു നോക്കി. പതിമൂന്നു വയസ്സേ ഉള്ളുവെങ്കിലും ഒരു യുവതിയുടെ അംഗലാവണ്യം. രണ്ടാഴ്ച മുന്പാണ് അവളെ അവളുടെ രണ്ടാനച്ഛൻ ഇവിടെ കൊണ്ടു വന്നത്. അവളുടെ അമ്മകൂടി അറിഞ്ഞിട്ടാണത്രെ. നൊന്തു പ്രസവിച്ച ഒരമ്മക്ക് എങ്ങനെയാണ് സ്വന്തം മകളെ പണത്തിനു വേണ്ടി വേശ്യാലയത്തിൽ വിൽക്കാൻ കഴിയുക ?അറിയില്ല. എന്തായാലും വന്നു ചുരുങ്ങിയ സമയത്തിനുള്ളിൽ ഇവിടെ ഉള്ള എല്ലാവരുടെയും ഹൃദയം കവരാൻ അവൾക്കു കഴിഞ്ഞു.
" നല്ലാരുക്കാ അക്കാ "
അവൾ പതുക്കെ ചോദിച്ചു.
" സൂപ്പറാ ഇരുക്ക് ഉന്നെ മാതിരി. "
ഉത്തരമായവൾ കെട്ടിപ്പിടിച്ചോരുമ്മ തന്നപ്പോൾ ഞാനൊരു നിമിഷം വല്ലാതായി.
ആ പെൺകുട്ടിക്ക് പകരം എന്റെ മനസ്സിൽ അപ്പോൾ ഓർഫനേജിലെ അൾത്താരക്ക് മുന്നിൽ നിന്ന് പാട്ടു പാടുന്ന മറ്റൊരു പതിനാലുകാരിയായിരുന്നു. പിഞ്ഞിതുടങ്ങിയെങ്കിലും വൃത്തിയുള്ള പാവാടയും ബ്ലൗസും അണിഞ്ഞ വെളുത്തു മെലിഞ്ഞ ഒരു മാലാഖക്കുട്ടി. പന്ത്രണ്ടു വർഷങ്ങൾ. ഒരുപാട് മാറ്റം വരുത്തിയിരിക്കുന്നു. നിറവും സൗന്ദര്യവും കൂടിയിട്ടേ ഉള്ളു. ഇല്ലാതായി പോയത് നിഷ്കളങ്കമായ അന്നത്തെ ചിരിയും ഈ ലോകത്തോട് മുഴുവൻ ഉണ്ടായിരുന്ന സ്നേഹവും മാത്രം. അല്ലെങ്കിലും വേശ്യാലയത്തിലെ നാല് ചുവരുകൾക്കിടയിൽ ശരീരം വിറ്റു ജീവിക്കുന്ന ഒരു പെണ്ണിന് ആരെയെങ്കിലും സ്നേഹിക്കാൻ കഴിയുമോ ? അവളുടെ ജീവിതത്തിൽ പുഴകളോ പൂക്കളോ ഇളംകാറ്റോ യാത്രകളോ ഇല്ലല്ലോ. എന്തിന്, നിറമുള്ള സ്വപ്‌നങ്ങൾ പോലും.
ഓർഫനേജിലെ പരിമിതികൾ ജീവിതത്തിൽ വെല്ലുവിളി ഉയർത്തിയിരുന്ന പ്രായത്തിൽ ഏറ്റവും വലിയ ആഗ്രഹം മൂന്നുനേരം വയറു നിറയെ ആഹാരവും ഒരു ജോഡി പുതുവസ്ത്രങ്ങളും ആയിരുന്നു. പ്ലസ് ടു വിനു പഠിക്കുമ്പോഴാണ് ബസിൽ സ്ഥിരം കണ്ടിരുന്ന ഒരു ചേച്ചിയുമായി പരിചയത്തിലാവുന്നത്. ഇടക്കെപ്പോഴോ പങ്കു വെച്ച വിഷമങ്ങൾ അറിഞ്ഞപ്പോൾ മുതൽ നല്ല ഭക്ഷണങ്ങളുടെ പങ്കും ചോക്ലേറ്റുകളും ആയി ചേച്ചി എത്തിതുടങ്ങി. കൂടെ പഠിക്കുന്നവരോടൊന്നും വല്യ കൂട്ടില്ലായിരുന്നു. അവരെ പോലെ കൂട്ടുകാർക്കു ചിലവ് ചെയ്യാനും ഷെയർ ഇട്ടു ഐസ്ക്രീം കഴിക്കാനും ഒന്നും അനാഥക്കുട്ടികൾക്ക് പണമില്ലല്ലോ.
ആയിടക്കാണ് ഹൈദരാബാദിൽ ചേച്ചിയുടെ പരിചയത്തിൽ ഒരു ജോലി ശരിയാക്കിത്തരാം എന്നു ചേച്ചി പറയുന്നത്. നാലക്ക ശമ്പളവും താമസവും ഭക്ഷണവും ഫ്രീ എന്നൊക്കെ കേട്ടപ്പോൾ പുറം ലോകത്തിന്റെ കാപട്യം അറിയാത്ത ഞാൻ വിശ്വസിച്ചു പോയി. ആ സ്നേഹത്തിൽ കലർപ്പുണ്ടെന്നു തിരിച്ചറിയാനുള്ള വിവേകവും അന്നുണ്ടായിരുന്നില്ല. മഠത്തിൽ അറിഞ്ഞാൽ സമ്മതിക്കില്ല എന്നറിയാവുന്നത് കൊണ്ടു പറയാൻ നിന്നില്ല. ഓർമ വെച്ച കാലം തൊട്ടേ ഒരുമിച്ചുണ്ടായിരുന്ന സ്നേഹയും കൂടെ ഇറങ്ങി. ചതി മനസ്സിലായപ്പോഴേക്കും ഒരുപാട് വൈകിപ്പോയിരുന്നു.
" മരിയാ ".
താഴെ നിന്നും ലക്ഷ്മിയക്കന്റെ ശബ്ദം ഉയർന്നു. ഞാൻ ചിന്തയിൽ നിന്നുണർന്നു പെട്ടെന്ന് ഒരുങ്ങി താഴേക്കു ഇറങ്ങി. ഇനിയും വൈകിയാൽ അവരുടെ വായിൽ നിന്നും നല്ലതൊന്നും വരില്ല.
താഴേക്കു പോകുന്ന വഴി അങ്ങേ അറ്റത്തെ മുറിയിൽ നിന്നും സ്നേഹയുടെ നിലവിളി കേൾക്കുന്നുണ്ടായിരുന്നു. ഇപ്പോഴിത് പതിവാണ്. ഒരിക്കൽ അവൾ ചെയ്ത ബുദ്ധിമോശത്തിന്റെ ഫലം. രക്ഷപ്പെടാൻ ശ്രമിച്ചു. സ്ഥിരമായി അവളുടെ അടുത്ത് വന്നിരുന്ന ഒരാളോട് സഹായം ചോദിച്ചു. പോലീസ് സ്റ്റേഷനിലും പത്രക്കാരുടെ അടുത്ത് വാർത്ത എത്തിക്കാനും. അവർ ഇടപെട്ടാൽ രക്ഷപെടാൻ കഴിയും എന്നു അവൾ കരുതിക്കാണും. പക്ഷെ, വിഡ്ഢിയായ ആ കൊച്ചു പെണ്ണു അറിഞ്ഞില്ല, വേശ്യാലയങ്ങൾ ഇല്ലാതാവാൻ ഇവരാരും ആഗ്രഹിക്കുന്നില്ല എന്ന്.
അതിനു അവൾ അനുഭവിക്കേണ്ടി വന്ന ദുരിതങ്ങൾ ഹൃദയഭേദകമായിരുന്നു. പാതി പൊള്ളിയടർന്ന ശരീരവും ഒരിക്കലും ഉണങ്ങാത്ത വൃണങ്ങളുമുള്ള അവളിൽ നിന്ന് ഇടയ്ക്കിടെ ഉയരുന്ന നിലവിളി രക്ഷപ്പെടാൻ ആഗ്രഹിക്കുന്ന ഓരോരുത്തർക്കും ഉള്ള മുന്നറിയിപ്പാണ്.
ഞാൻ പതുക്കെ അവളുടെ റൂമിനകത്തേക്ക് നോക്കി. എന്നെ കണ്ട വഴി അവൾ വിറയാർന്ന ശബ്ദത്തിൽ ചോദിച്ചു,
" നിനക്കെങ്കിലും എന്നെ ഒന്ന് കൊന്നു തന്നുകൂടെ " എന്ന്. സ്ഥിരമായിരിക്കുന്നു ഈ ചോദ്യം. അതു കേട്ടാലും ഇപ്പോൾ എന്റെ കണ്ണു നിറയാറില്ല. അല്ലെങ്കിലും കരയാൻ ഞാൻ എന്നേ മറന്നു പോയിരുന്നുവല്ലോ.
"അക്കാ, ഇന്ത സ്നേഹക്കാവേ നമുക്ക് ഹോസ്പിറ്റലിൽ കൂട്ടീട്ടു പോലാമാ ?".
മല്ലിയാണ്..
" അതുക്കു എല്ലാം നിറയെ കാശ് വേണു ടി. "
പാവം, ഒന്നുമറിയാത്ത ആ പെണ്ണിനോട് ഞാൻ മറ്റെന്തു പറയാൻ.
" കവലപ്പെടാതെ അക്ക. നാൻ നല്ലാ പഠിച്ചു ഡോക്ടർ ആകുമ്പോത് ഇന്ത മാതിരി അപ്പാവികൾക്കെല്ലാം ഫ്രീയാ ട്രീറ്റ്മെന്റ് കൊടുത്തിടും. "
ഞാൻ പതുക്കെ ചിരിച്ചു കൊണ്ടു അവളുടെ കവിളത്തൊന്നു തട്ടി എനിക്ക് വേണ്ടി പണമടച്ചു കാത്തിരിക്കുന്ന കസ്റ്റമറിനെ സന്തോഷിപ്പിക്കാൻ മുന്നോട്ടു നടന്നു.
നിന്നെ ഇവിടെ കൊണ്ടു വന്നത് പഠിപ്പിച്ചു ഡോക്ടർ ആക്കാൻ അല്ലെന്നു നിന്റെ നിഷ്കളങ്ക മുഖത്തു നോക്കി പറയാൻ എനിക്ക് വയ്യ കുട്ടി.
പിറ്റേന്ന് വൈകുന്നേരം മല്ലിയുടെ ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്.
" അക്കാ, എഴുന്തിട്, ടൈം എവളോം ആച്ച്‌ തെരിയുമാ "
നേരം ഇരുട്ടി തുടങ്ങിയിരിക്കുന്നു. മറ്റുള്ള കുട്ടികളൊക്കെ എഴുന്നേറ്റു കുളിച്ചു ഒരുങ്ങിയിരിക്കുന്നു. ഉറങ്ങിപ്പോയി. വല്ലാത്ത ക്ഷീണവും ദേഹത്ത് എവിടെ ഒക്കെയോ വേദനയും. ഇന്നലത്തെ അതിഥിയുടെ സ്നേഹപ്രകടനത്തിന്റെ ആണ്. അല്ലെങ്കിലും സ്വന്തം വീട്ടിൽ നടക്കാത്ത വൈകൃതങ്ങൾക്കു വേണ്ടിയാണല്ലോ പലരും വേശ്യാലയങ്ങളിൽ വരുന്നത്. പണം വാങ്ങി ശരീരം വിൽക്കുന്നവൾക്കു പ്രതികരിക്കാൻ അവകാശം ഇല്ലല്ലോ.
പെട്ടെന്നാണ് ഞാൻ ശ്രദ്ധിച്ചത്. തൂവെള്ള പട്ടു പാവാടയിൽ അവളൊരു കൊച്ചു ദേവതയെ പോലെ തോന്നി. നന്നായി മേക്കപ്പ് ചെയ്തിരിക്കുന്നു അവൾ. എന്റെ നെഞ്ചിലൂടെ ഒരു മിന്നൽ കടന്നു പോയി.
" അക്കാ, ലക്ഷ്മിയമ്മ എനക്ക് പുതു ഡ്രസ്സ്‌ വാങ്കി കൊടുത്താച്ച്‌ . നല്ലാ മേക്കപ്പും പോട്ട് കൊടുത്താച്ച്‌ ".
അവൾ വലിയ സന്തോഷത്തിലാണ്.
" ലക്ഷ്മിയമ്മ എന്നെ പാത്ത് എന്ന സൊല്ലിയാച് തെരിയുമാ ?ഇപ്പൊ നീ നിജമാ മല്ലിപ്പൂ മാതിരി ഇരുക്ക്‌ '".
അവൾ നാണം കൊണ്ടു തിരിഞ്ഞോടി.
അതേ മോളെ, നീ ഇന്നൊരു മുല്ലപ്പൂ തന്നെയാണ്. ആർക്കോ നേദിക്കാൻ ലക്ഷ്‌മിയക്കൻ ഒരുക്കി വെച്ച പൂവ്. ഇന്നയാൾ നിന്റെ ഇതളുകൾ അടർത്തും, കയ്യിലിട്ടു കശക്കും, കാൽക്കീഴിലിട്ടു ചവിട്ടി മെതിക്കും.
നിറങ്ങളെ സ്നേഹിച്ച, സ്വപ്‌നങ്ങൾ കാണാൻ ആഗ്രഹിച്ച മാലാഖകുട്ടീ, ഇന്നു മുതൽ നിന്റെ സ്വപ്ങ്ങളും നഷ്ടപ്പെടുകയാണ്. ഇനി നിന്റെ ജീവിതത്തിനും ഒരേ ഒരു നിറമെ ഉണ്ടാവൂ, വേദനയുടെ, നിസ്സഹായതയുടെ, നഷ്ടപെടലുകളുടെ കറുപ്പു നിറം......
ജെയ്‌നി റ്റിജു

ഇങ്ങനെ ഒരു കാലം.


ഇങ്ങനെ ഒരു കാലം.
ഒരു സിലിണ്ടറെങ്കിലും കൊടുക്കാതെ എങ്ങന്യാ കുട്ടിയെ പറഞ്ഞയക്ക്യ.അതും ഒറ്റ മോളല്ലേ..രാധ നെടുവീർപ്പിട്ടു കൊണ്ടു ഉമ്മറത്തെ തൂണിൽ ചാരി പടിയിലിരുന്നു. അമ്മായമ്മക്ക് സിലിണ്ടറും കുപ്പിയും കൊടുത്തു അനുഗ്രഹം മേടിച്ചാ ഇപ്പോൾ ഭർതൃഗ്രഹത്തിൽ കയറുക. അങ്ങനെ ആളെണ്ണി കൊടുത്തില്ലെങ്കിലും ഒരെണ്ണമെങ്കിലും കൊടുക്കണ്ടേ. രാധ വിഷമം പറച്ചിൽ തുടർന്നു. ശേഖരൻ അവരെ ആശ്വസിപ്പിച്ചു. വിഷമിക്കണ്ട,ന്തെങ്കിലും മാർഗം കാണാം.
വൈകുന്നേരം ശേഖരൻ പഴയ മാസ്ക് മുഖത്തിട്ടു പുറത്തേക്കിറങ്ങി. സിലിണ്ടർ ഷോറൂമിന്റെ പരസ്യം കണ്ടപ്പോൾ ഒരു നിമിഷം അയാൾ ആ വലിയ ഫ്ലെക്സ് നോക്കി നിന്നു.
5% ഡിസ്‌കൗണ്ട് ഉണ്ടത്രേ. എങ്ങനെങ്കിലും കാശു കുറച്ചു ഒപ്പിക്കണം.
ശേഖരൻ വീണ്ടും നടന്നു.വലിയ മതിൽ കേട്ടിനടുത്തെത്തി.റോയൽ വില്ലാ എന്നു കറുത്ത ബോർഡിൽ സ്വർണ്ണ നിറത്തിൽ എഴുതി വച്ചിരിക്കുന്നു. സെക്യൂരിറ്റിക്കാരന് ശേഖരനെ നല്ല പരിചയം ഉണ്ട്. അതുകൊണ്ട് തന്നെ മറ്റു ഫോർമാലിറ്റീസ് ഒന്നും കൂടാതെ അയാൾ ചിരിച്ചു കൊണ്ടു കയ്യിൽ ഇരിക്കുന്ന റിമോട്ട് അമർത്തി,ഗേറ്റ് തുറന്നു.
വാതിൽ തുറന്നു ശേഖരനെ കണ്ടപ്പോൾ ദേവന് സന്തോഷമായി. ലത ചായയും പലഹാരങ്ങളും കൊണ്ടു മേശപ്പുറത്തു വച്ചു. ശ്ശേരേട്ടൻ കഴിക്കു.അവൾ ഒരു വട എടുത്ത് പ്ലേറ്റിൽ ഇട്ടു ഒപ്പം കുറച്ചു ചട്നിയും. എത്ര കാലായി വട കണ്ടിട്ട്. ശേഖരൻ പഴയ കാലം ഓർത്തുകൊണ്ട് വട കഴിക്കാൻ തുടങ്ങി. കല്യാണം ഇങ്ങടുത്തല്ലോ.ഒരുക്കങ്ങൾ ഒക്കെ എവിടെ വരെയായി ? ദേവൻ ചോദിച്ചു. അതു പറയാൻ ആണ് ദേവ ഞാൻ ഇങ്ങോട്ട് വന്നത്. എല്ലാം കൂടി 150പവനും 50ലക്ഷം രൂപയും ഒപ്പിച്ചിട്ടുണ്ട്. പക്ഷെ സിലിണ്ടറും കുപ്പിയും ഇല്ലാതെ എങ്ങന്യാ പറഞ്ഞയക്ക്യ. നമ്മടെ തറവാടിന്റെ പെരുമകേട്ട് അവർ അതു പ്രതീക്ഷിക്കാതിരിക്ക്യോ. എനിക്ക് ആലോചിച്ചിട്ട് ഒരു എത്തും പിടീമില്ല്യ. ശേഖരൻ സങ്കടത്തോടെ പറഞ്ഞു. ശ്ശേരേട്ടൻ വിഷമിക്കണ്ട. മാളു ഞങ്ങടേം മോളല്ലേ. ലച്ചൂന് കരുതി വച്ചതു ലോക്കറിൽ ഇരിപ്പുണ്ട്.അതിന്നു രണ്ടു മൂന്നെണ്ണം എടുക്കാം.അവൾക്കു കല്യാണപ്രായമാവാൻ ഇനീം കുറേ കാലം ഉണ്ടല്ലോ...ദേവൻ പറഞ്ഞത് കേട്ടു ശേഖരന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
കല്യാണത്തിന് ഒരാഴ്ച മുൻപേ ദേവൻ മൂന്നു സിലിണ്ടറും,പത്തു കുപ്പികളും വീട്ടിൽ കൊണ്ടു വന്നു മാളൂന്റെ കയ്യിൽ കൊടുത്തു. എല്ലാവർക്കും സന്തോഷമായി. അവൾ അതെല്ലാം മേലെ മുറിയിൽ കൊണ്ടുപോയി അലമാരയിൽ വച്ചു പൂട്ടി.താക്കോൽ കിടക്കയുടെ അടിയിൽ വച്ചു. വ്യാഴാഴ്ച രാവിലെ തന്നെ ശേഖരൻ ലോക്കറിൽ നിന്നും പൊന്നെല്ലാം കൊണ്ടു വന്നു. അടുത്ത ബന്ധുക്കൾക്ക് പൊന്നും പണ്ടവും ഒക്കെ കാണിക്കുക എന്നത് ഒരു ചടങ്ങാണല്ലോ. മേലെ മുറിയിലെ അലമാരയിൽ തന്നെ പൊന്നും സൂക്ഷിച്ചു വച്ചു. ബന്ധുക്കളെ മുറിയിൽ കൊണ്ടുപോയി മാളുവും രാധയും സന്തോഷത്തോടെ എല്ലാം കാണിച്ചു കൊണ്ടിരുന്നു.
ശനിയാഴ്ച രാവിലെ കല്യാണവീട്ടിലേക്കു പോയ സുശീലയുടെ അലർച്ച കേട്ടാണ് അയൽവാസികൾ എല്ലാവരും ഉണർന്നത്. ആരോ ശേഖരനെയും കുടുംബത്തെയും കൊലചെയ്തു മോഷണം നടത്തിയിരിക്കുന്നു.
പോലീസന്വേഷണത്തിൽ കല്യാണത്തിന് കരുതി വച്ച സിലിണ്ടറും കുപ്പികളും ആണ് മോഷ്ടിക്കപ്പെട്ടുള്ളത്. സ്വർണം അവിടെ തന്നെ ഉണ്ട്.
വിവരമറിഞ്ഞവർക്കെല്ലാം വലിയ വിഷമമായി. എത്ര നല്ല കുടുംബമായിരുന്നു.
പിറ്റേന്ന് പത്രത്തിൽ വന്ന വാർത്ത.
Jan 27 2069,വടക്കാഞ്ചേരി.
ഒരു കുടുംബത്തിലെ മൂന്നുപേരെ ദാരുണമായി കൊലചെയ്തതിന് ശേഷം മോഷണം. 3 ശുദ്ധവായു സിലിണ്ടറുകളും 10 ശുദ്ധജല കുപ്പികളും ആണ് മോഷണം പോയത്.പോലീസ് കേസെടുത്തു. വടക്കാഞ്ചേരി മംഗലത്തു വീട്ടിൽ ശേഖരൻ,ഭാര്യ........................................

Aisha Jaice

.....പ്രഭാകരന്റെ ദു:ഖം....

.
....പ്രഭാകരന്റെ ദു:ഖം....
പ്രഭാകരൻ ദുഃഖിതനായിരുന്നു
സുന്ദരിയായ ഭാര്യ. ആവശ്യത്തിനു ധനം. പൊന്നുവിളയുന്ന കൃഷി പാടങ്ങൾ. ആരോഗ്യമുള്ള ശരീരം ഒക്കെയുണ്ടായിട്ടും പ്രഭാകരൻ ദുഃഖിതനായിരുന്നു.
എന്താ പ്രഭാകരാ ഒരു വല്ലായ്മ.. സ്കൂളിലെ രാഘവൻ മാഷ് ചോദിച്ചു.
നല്ല ഉയരമുള്ള പ്രഭാകരൻ രാഘവൻ മാഷിന്റെ മുന്നിൽ ഒന്നും മിണ്ടാതെ തല കുനിച്ചു നിന്നു.
അയൽപക്കത്തെ സ്ത്രീകൾ പ്രഭാകരന്റെ ഭാര്യ ശാന്തയോടു ചോദിച്ചു. എന്തു പറ്റി നിന്റെ ഭർത്താവിന്? അതിനുത്തരം ശാന്തയ്ക്കും അറിയില്ലായിരുന്നു . അവൾ നിറഞ്ഞ കണ്ണുകൾ ആരും കാണാതെ തുടച്ചു.
മൊട്ടക്കുന്നു ചുറ്റിത്തിരിഞ്ഞു വന്ന നാടോടി കാറ്റ് മരക്കൊമ്പിൽ പതിയിരുന്നു ചൂളം കുത്തി. അതിനും പ്രഭാകരന്റെ വേദന അറിയില്ലായിരുന്നു.
കതിരുകൊത്തി പറന്ന പച്ച തത്തകൾക്കോ , നീറ്റിൽ കളിച്ചു നിന്ന പരൽമീൻ കൂട്ടങ്ങൾക്കോ ആ ദു:ഖം അജ്ഞാതമായിരുന്നു. തൊടിയിൽ മേയാൻ വിട്ട നന്ദിനി പശു ചെവി വട്ടം പിടിച്ചു നിന്നു.ആകാശത്തു മഴ മേഘങ്ങൾ പ്രഭാകരന്റെ ദുഃഖം പേറി കരയാതെ മുഖം വീർപ്പിച്ചു നിന്നു.
ഉറക്കം വരാതെ അയാൾ മറിഞ്ഞും തിരിഞ്ഞും കിടക്കവേ നിറ കണ്ണോടെ ശാന്ത ചോദിച്ചു..
എന്താ നിങ്ങൾക്കിത്ര ദു:ഖം..? എന്നോടു പറയ്.
അയാൾ വിതുമ്പിക്കരഞ്ഞു. ശാന്ത അയാളെ ചേർത്തു പിടിച്ചു.
എന്താ പ്രഭാകരേട്ടാ.
ആ കണ്ണുനീരിൽ ശാന്തയുടെ മാറിടം കുതിർന്നു.. അവൾ ഒരു കുഞ്ഞിനെയെന്നവണ്ണം പ്രഭാകരന്റെ മുതുകിൽ തലോടി..
എന്നെ ആരും "സാർ" എന്നു വിളിക്കുന്നില്ല ശാന്തേ.. എല്ലാവരും എന്നെ... തേങ്ങലിൽ അയാളുടെ വാക്കുകൾ മുറിഞ്ഞു.
പ്രഭാകരന്റെ മുടികളിൽ ശാന്ത പയ്യെ തലോടിക്കൊണ്ടു പറഞ്ഞു .. "ങ്ങള് വിഷമിക്കണ്ട.".
പ്രഭാകരന്റെ ദു:ഖത്തിനോടൊപ്പം കാലം ഒഴുകി നീങ്ങി.. വസന്തവും വർഷവും ഗ്രീഷ്മവും മാറി മാറി വന്നു..
ദു:ഖാർത്തനായ പ്രഭാകരൻ മകനെ സ്കൂളിൽ ചേർക്കാനായി രാഘവൻ മാഷിനടുത്തു ചെന്നു. കുട്ടിയുടെ പേരു കണ്ടു രാഘവൻ മാഷ് ഞെട്ടി..
"സാർ.. "
പ്രഭാകരാ ഇവനു ഈ പേരു വേണോ?
വേണം.. മാഷേ.. ഇവനീ പേരു മതി. ഇവനെ എല്ലാവരും സാർ എന്നു വിളിക്കണം. എന്റെ ആഗ്രഹം അതാണ്.
അന്നു ക്ലാസ് റൂമിൽ വച്ചു രാഘവൻ മാഷ് പ്രഭാകരന്റെ മോനെ "സാർ" എന്നു നീട്ടി വിളിച്ചു.പ്രഭാകരൻ പുറത്തെ വരാന്തയിൽ നിന്നും ആ വിളി കേട്ടു കണ്ണീർ തുടച്ചു.
പയ്യെ പയ്യെ ആ വിളി നാട്ടിൽ പടർന്നു.തയ്യൽക്കാരൻ നാരായണനും, കച്ചവടക്കാരൻ ഗോപിയും, പ്രഭാകരന്റെ മകനെ അവന്റെ പേരു വിളിച്ചു. അമ്പലത്തിലെ പൂജാരി "സാർ" എന്ന പേരിൽ ദേവിയ്ക്ക് പുഷ്പാജ്ഞലി അർപ്പിച്ചു.വയസ്സിൽ മൂത്തവരും, ഇളയവരും ,ഗുരുസ്ഥാനീയരും പ്രഭാകരന്റെ മോനേ സാറേ എന്നു നീട്ടി വിളിച്ചു..പ്രഭാകരൻ സന്തോഷം കൊണ്ടു ഭാര്യയെ കെട്ടിപ്പിടിച്ചു..
ശാന്തേ... നിന്റെ ബുദ്ധി സമ്മതിച്ചു തന്നിരിക്കുന്നു.. ചിരിക്കുന്ന ഭർത്താവിന്റെ മുഖം കണ്ട ഭാര്യ സന്തോ ഷാശ്രു പൊഴിച്ചു.
കാലം ചിറകടിച്ചു പറന്നു. വീണ്ടും വസന്തങ്ങളും, ഗ്രീഷ്മങ്ങളും, വർഷങ്ങളും മാറി മാറി വന്നു. സാർ എന്ന പേര് നാട്ടിൽ കാറ്റായി ഒഴുകി നടന്നു. പഠിപ്പിൽ മിടുക്കനായിരുന്ന സാർ എല്ലാ ക്ലാസുകളിലും ഉയർന്ന മാർക്കു വാങ്ങി വിജയിച്ചു. ഉയർന്ന ബിരുദങ്ങൾ കീഴടക്കി അവസാനം കളക്ടർ ആയി..
നാട്ടിൽ വാർത്ത പരന്നു..
പ്രഭാകരന്റെ മകൻ സാർ കളക്ടർ ആയി.. നാടിനഭിമാനമായി സാർ.
മകന്റെ വളർച്ചയിൽ പ്രഭാകരൻ അഭിമാനം കൊണ്ടു.
ഒരു രാത്രി..
മകന്റെ മുറിയിലെ തേങ്ങൽ കേട്ടു ശാന്ത കണ്ണു തുറന്നു.അവൾ മകന്റെ വാതിലിൽ മുട്ടി വിളിച്ചു..
തേങ്ങുന്ന മകനെ കണ്ടു ആ അമ്മ പരിഭ്രമിച്ചു.. മുടിയിൽ തലോടി പണ്ടു പ്രഭാകരനോടു ചോദിച്ച പഴയ ചോദ്യം ശാന്ത വീണ്ടും ചോദിച്ചു..
എന്താ മോനേ.. നിനക്കിത്ര ദു:ഖം.? എന്നോടു പറയൂ..
അമ്മയുടെ കണ്ണുകളിലേക്കു നോക്കി, വിതുമ്പിക്കൊണ്ടു മകൻ പറഞ്ഞു..
എല്ലാവരും പേരു വിളിക്കുന്നമ്മേ... "ആർക്കും എന്നെ ഒരു...
മകന്റെ വാക്കുകൾ തേങ്ങലിൽ മുറിയവേ...
അകത്തു ഇരുട്ടിനെ നോക്കി കിടന്ന പ്രഭാകരന് ഒന്നുറക്കെ ചിരിക്കാൻ തോന്നി..
ഒന്നു കരയാനും....
പ്രേം

''കണ്ടക്ടറുടെ അനുഭവം ,!(കഥ)


''കണ്ടക്ടറുടെ അനുഭവം ,!(കഥ)
============
കണ്ടക്ടർ പീതാംമ്പരൻ ചെറിയ മയക്കത്തിലായിരുന്നു,
മയക്കത്തെ മറികടന്നുളള മൊബൈൽ ശബ്ദം കേട്ട് അയാൾ തലപ്പൊക്കി നോക്കി,
പരിചയമില്ലാത്ത പത്തക്ക നമ്പർ,
പീതൻ മൊബൈലെടുത്തു,
മൊബൈൽ ചെവിയിൽ വച്ചതും ,നാക്കിൽ നിന്ന് ആ ഡയലോഗ് യാന്ത്രികമായി പുറത്തേക്കിറങ്ങി ,
'ഹലോ, ?
''ങാ, കണ്ടക്ടർ പീതാംമ്പരനല്ലേ, ?
'; ടിക്കറ്റിന്റെ ബാക്കി പൈസ കൊടുക്കാനുളള യാത്രക്കാര് വല്ലവരുമാണോ ദൈവമേ ,? എന്ന ശങ്കയോടെ പീതൻ പറഞ്ഞു,
';അതെ സംശയം വേണ്ട ഞാൻ കണ്ടക്ടർ പീതനാണ്, !
';ഓകെ, ഞാൻ കൊല്ലത്ത് നിന്ന് ചിദംമ്പരനാണ്, ചിതനെന്ന് വിളിക്കും, ഈ ചിതന് പീതനോട് ഒരു കാര്യം പറയാനുണ്ടായിരുന്നു, !
''പറയു ചീതാ, !
';പറയാം പീതാ, ! പക്ഷേ,?
';എന്താ ചീതാ, ?
';ഒന്ന് തിരിച്ച് വിളിക്കാമോ, ബാലൻസില്ല, !!
';ഉളള ബാലൻസിൽ കാര്യം പറയൂ ചീതാ, !ൂ
''തീരത്തില്ല രണ്ടു കൊല്ലം മുമ്പേയുളള രഹസ്യമാ, !!
';ബിഫോർ ടൂ ഇയർ ,?
'അതെയതെ, ''
'ഓകെ ഞാൻ തിരിച്ചു വിളിക്കാം പക്ഷേ , ഈ നമ്പരിൽ അമ്പത് രൂപ ഉടൻ റീചാർജ് ചെയ്യണം, ഇതിലും ബാലൻസ് നഹി ,!!
ഓകെ, കട്ട് ചെയ്തോളൂ ഞാനിപ്പം തന്നെ റീചാർജ് ചെയ്ത് തരാട്ടോ,
ചിദംമ്പരൻ ഫോൺ കട്ട് ചെയ്തിട്ട്,
ഭാര്യയോട്,
'എടീ അവൻ തിരിച്ച് വിളിക്കാന്ന് സമ്മതിച്ചു,
';എന്റെ മനുഷ്യാ, നിങ്ങൾ മണ്ടനാ, അമ്പത് രൂപേടേ ചാർജ് ചെയ്താലല്ലേ അയാൾ തിരികെ വിളിക്കു, !
''അതിനെന്താടി, സംസാരിച്ച് സംസാരിച്ച് അവന്റെ മൊബൈലിലെ പൈസ ഞാൻ മൊത്തം തീർത്ത് കൊടുക്കൂം, എന്നോടാ കളി, !
====
''ഹലോ, കൊല്ലം കാരൻ ചീതാ, ! റീ ചാർജ് ചെയ്തതിന് താങ്ക്സ് ,!!
''വെൽക്കം പീതാ,!
';പറയൂ എന്താണ് സംഭവം, ?
';അതേ രണ്ടു കൊല്ലം മുമ്പ് താങ്കൾ കോട്ടയം ,കൊല്ലം റൂട്ടിൽ കണ്ടക്ടർ ജോലി ചെയ്തിരുന്നോ,?
';ഇപ്പോഴും ഞാൻ ആ റൂട്ട് തന്നാ, ഇന്നവധിയാ, !!
'ഓകെ, അന്ന് കോട്ടയത്ത് നിന്ന് ഞാൻ കൊല്ലത്തേക്ക് യാത്ര ചെയ്തപ്പോൾ, !!
';ചെയ്തപ്പോൾ, ? പറയൂ, !
';എനിക്കർഹതപ്പെടാത്ത ഒരു സാധനം കൈയ്യിൽ കിട്ടി, !
എനിക്കർഹതപ്പെടാത്തതൊന്നും ജീവിതത്തിൽ ഞാൻ യൂസ് ചെയ്യാറില്ല, !!
';എന്നിട്ടെന്തു കൊണ്ട് തിരികെ ഏല്പ്പിച്ചില്ല,
'അന്ന് വീട്ടിലെത്തിയപ്പോൾ രാത്രി ഭാര്യയാണ് കാണിച്ചു തന്നത്, ! പിറ്റേന്ന് ഞാൻ ഗൾഫിലേക്ക് പോന്നു, ഞാനിപ്പോൾ ലീവിനു വന്നപ്പോ തപ്പിയെടുത്തു, അതങ്ങ് തന്നേക്കാമെന്നു വച്ചു, ! കൊല്ലം ഡിപ്പോയിലെ ഒരു കസിനാണ് ഈ നമ്പർ തന്നത്, അവിടെ കൊടുക്കാമെന്നു പറഞ്ഞപ്പോൾ ,അവരാ പറഞ്ഞത് കണ്ടക്ടറെ ഏല്പ്പിക്കാൻ, !!
'''താങ്ക്സ് സർ, താങ്കൾ വലിയവനാണ് ,സത്യസന്ധനാണ്, ,സത്യത്തിൽ എനിക്ക് കുറ്റബോധം തോന്നുന്നു,
''അതെന്തിനാ,,!
''താങ്കളേപ്പോലുളള സത്യസന്ധനായ വ്യക്തിയെ കൊണ്ട് റീ ചാർജ് ചെയ്യിച്ചതിന്,,'റിയലി സോറി സർ,!
''നോ പ്രോബ്ളം, !
''അല്ല , ശരിക്കും സോറി സർ, താങ്കൾ കട്ട് ചെയ്യു, ഞാൻ നൂറ് രൂപ റീ ചാർജ് തിരികെ ചെയ്യാം
!
''അയ്യോ, അതൊന്നും വേണ്ടന്നേ, !
''നോ ,നോ, ശരിയാവില്ല, ഞാൻ കട്ട് ചെയ്യാം, ഇപ്പം തന്നെ റീ ചാർജ് ചെയ്യാം, കേട്ടോ,!
ഫോൺ കട്ട്,
ചിദംമ്പരൻ തിരിഞ്ഞ് ഭാര്യയോട് , ചിരിച്ചുകൊണ്ട് ,
''കണ്ടോടി, അമ്പതു രൂപ കൊടുത്ത് നൂറ് വാങ്ങുന്നത്, അതാണ് ഈ ചീതൻ,!
പെട്ടന്ന് ചീതന്റെ ഫോണിൽ നൂറ് രൂപ റീചാർജിന്റെ മെസ്സേജെത്തി,
പിന്നാലെ കണ്ടക്ടറുടെ കോളും വന്നു,
'ങാ പറയൂ സർ, ബസ്സിലിരുന്ന് എന്താണ് കിട്ടിയത്, !
''പറയാം, അതിനു മുമ്പ് പീതന്റെ അഡ്രസ് പറയൂ, ആ സാധനം കൊറിയറയക്കാം,
ഓകെ എഴുതിക്കോളൂ, പീതൻ വിലാസം പറഞ്ഞു,
ചീതൻ എഴുതിയെടുത്തു,
''പറയൂ സർ, അങ്ങേയ്ക്കെന്താണ് തിരികെ തരാനുളളത്, ?!''
''അത്, അത്, കൊറിയറിലുണ്ട്, !
''പണമാണോ, ആഭരണമാണോ, അതയോ മറ്റെന്തെങ്കിലും, !!
';ധ്യതിവയ്ക്കാതെ പീതാ, ഞാനങ്ങ് അയക്കാം, പക്ഷേ കൊറിയർ ചാർജ് കൊടുത്തേക്കണം, ''
';തീർച്ചയായും , !പറഞ്ഞേ എന്താണത്, ?
''നിർബദ്ധമാണേൽ പറയാം,''
''പറയൂ കേൾക്കട്ടെ
''അത്, ====അന്ന് ഞങ്ങൾ മൂന്നു പേരായിരുന്നു ബസ്സിൽ യാത്ര ചെയ്തിരുനത്, !
';ഉവ്വ്, എന്നിട്ടു,
''ഞങ്ങൾ സ്ത്രീകളുടെ സീറ്റിലാണ് ഇരുന്നത്,!!
''ആഭരണമാകാനാ സാധ്യത, കണ്ടക്ടർ മനസ്സിലോർത്തു,
'ഉവ്വ്, എന്നിട്ട് ,
കൊല്ലത്തേക്കുളള മൂന്ന് ടിക്കറ്റ് ഞാനെടുത്തു,
ഓകെ,
അന്ന് വീട്ടിലെത്തി ഭാര്യ ഷർട്ട് കഴുകാനെടുത്തപ്പോൾ, ഈ ടിക്കറ്റ് കണ്ടു,
അതുശരി, അതിന്,!
''അവളാ കാണിച്ചു തന്നത്, അതിലെഴുതിയത്,!!
''എന്തോന്, ?? കണ്ടക്ടർ ക്ക് നിസ്സംഗത,
'' ടിക്കറ്റ് സൂക്ഷിക്കുക ,ദയവായി തിരികെ തരണമെന്ന്, !!
ക്ഷമിക്കണം പീതാ, രണ്ട് വർഷം ഈ ടിക്കറ്റ് ഞാൻ സൂക്ഷിച്ചു, ഇനി വയ്യ, !അന്നത് തിരികെ തരാൻ പറ്റിയില്ല, മറന്നു പോയത, ഞാനിപ്പോൾ തന്നെ ഈ അഡ്രസിൽ കൊറിയർ അയച്ചേക്കാം താങ്കളത് വാങ്ങണം ,കേട്ടോ, ,!!!
പീതന്റെ ''നല്ല '' മറുപടി ക്ക് ചെവി കൊടുക്കാതെ ചീതൻ വേഗം ഫോൺ വച്ചു,
===========
ഷൗക്കത്ത് മൈതീൻ ,
കുവൈത്ത് ,

മസ്തിഷ്കാഘാതം


കഥ
മസ്തിഷ്കാഘാതം
*********************
മരുന്നുപൊതികളുമായി അയാൾ കയറിവന്നപ്പോൾ അവൾ മച്ചിൽ കണ്ണും നട്ടു കിടക്കുകയായിരുന്നു.
"How do you feel.. ?"അയാൾ ചോദിച്ചു. അവൾ മറുപടിയൊന്നും പറഞ്ഞില്ല. അല്ലെങ്കിലും കുറേനാളുകളായി
അയാളുടെ ചോദ്യങ്ങൾക്കൊന്നും ഉത്തരം
പറയാൻ അവൾക്ക് കഴിഞ്ഞിരുന്നില്ല. ഉത്തരങ്ങളില്ലാത്ത, അവസാനമില്ലാത്ത കുറേ ചോദ്യങ്ങൾക്കു മുന്നിലെ ചോദ്യചിഹ്നം മാത്രമായി അവൾ മാറിയിരുന്നു. അവൾ സാവധാനം അയാളെ നോക്കി.
ചത്തുമലച്ച മീനിന്റേതുപോലെ
നിർജീവമായിരുന്നു അപ്പോൾ അവളുടെ കണ്ണുകൾ.
ഒരു ദിവസം വല്ലാതെ പ്രണയാതുരമായൊരു രാത്രിയിൽ അയാൾ അവളോട്‌
പറഞ്ഞു. "You are precious....
I love you... "
വലിയ വിലയുടെ ടാഗ് കഴുത്തിലണിഞ്ഞ, അതിമനോഹരമായ കണ്ണാടിക്കൂട്ടിലെ കണ്ണടച്ചു തുറക്കുന്ന പാവക്കുട്ടിയായി താൻ മാറുന്നതായി അവൾക്കനുഭവപ്പെട്ടു. വിലകൂടിയ കളിപ്പാട്ടം എങ്ങനെ
യാണ് ഉപയോഗിക്കേണ്ടത് എന്നറിയാത്ത കുട്ടിയാണ് അയാളെന്നും അവൾക്ക് തോന്നി.
"താനെന്താ ആലോചിക്കുന്നേ?"
അയാളുടെ ചോദ്യം അവളെ അലോസരപ്പെടുത്തി. ശബ്ദങ്ങൾ അവൾക്ക് അരോചകമായിത്തുടങ്ങിയിരുന്നു.
"നീയെന്തായിങ്ങനെ... ?"
"അവൾക്കെന്താ കൊമ്പുണ്ടോ?
കുറേചോദ്യങ്ങൾ ഒരു ദിവസം
അലറിവിളിച്ച് അവൾക്കുനേരെ
പാഞ്ഞുവന്നു. ഒരു കല്ലിൽ തട്ടിവീണതുകൊണ്ടാണ് അന്നവൾ രക്ഷപ്പെട്ടത്.
"നിന്നെ കൊള്ളാഞ്ഞിട്ടാണ്.. "
"ആണുങ്ങളായാ പെണ്ണുങ്ങളെ നിലയ്ക്ക് നിർത്താനറിയണം.. "
കുറ്റവാളിയെപ്പോലെ തലകുനിച്ച് അയാൾ നിൽക്കുന്നത് കണ്ടപ്പോൾ അവൾക്ക് വല്ലാത്തൊരു നിസ്സഹായത അനുഭവപ്പെട്ടു.
ഇനി ഓടിരക്ഷപ്പെടുമ്പോൾ
അയാളെയും കൂടെക്കൂട്ടണം
എന്ന് അവൾ തീരുമാനിച്ചു.
പക്ഷേ പിന്നീട് അവൾ രക്ഷപ്പെട്ടോടാൻ ശ്രമിച്ചത് അയാളിൽനിന്നുതന്നെയായിരുന്നു.
അനുമോളെ സ്കൂളിൽ ചേർക്കാൻ തീരുമാനിച്ച ദിവസം. ഒരു കറുത്ത ദിവസമായിരുന്നു അത്. ആകാശം നിറയെ കറുത്ത മേഘങ്ങളായിരുന്നു. അവ പരസ്പരം ആക്രമിക്കുകയും അട്ടഹസിക്കുകയും ചെയ്തുകൊണ്ടിരുന്നു.
"അനുമോളെ നമുക്ക് ICSE സിലബസുള്ള സ്കൂളിൽ ആക്കണം.. " എന്നയാൾ പറഞ്ഞപ്പോഴാണ് അത് സംഭവിച്ചത്. അവളുടെ മസ്തിഷ്‌കം വല്ലാത്ത വേഗത്തിൽ ഉരുണ്ടുകയറാൻ തുടങ്ങി. തലയോട്ടി പിളർന്ന് അത് പുറത്തുവരുമെന്ന് അവൾ ഭയന്നു.
"അനുമോളെ ഏതെങ്കിലും സാധാരണ സ്കൂളിൽ ചേർത്താൽ മതി. പലവ്യഞ്ജനത്തിന്റെയും പച്ചക്കറിയുടെയും ലിസ്റ്റെഴുതാനും വീട്ടുചിലവ് കൂട്ടിക്കിഴിക്കാനും ആ പഠനം തന്നെ ധാരാളം "
"കണ്ണനെ നല്ല സ്കൂളിലായക്കണം...... അവൻ
വലുതാവുമ്പോ നിങ്ങളെപ്പോലെ നല്ല പൊസിഷനിൽ എത്തേണ്ടതല്ലേ "
അയാളിലെ പിതാവ് വല്ലാതെ പിടഞ്ഞത് അവൾ അറിഞ്ഞു.
ശേഷം മൂർച്ചയേറിയ വാക്കുകൾകൊണ്ട് അയാൾ
അവൾക്കൊരു ശരശയ്യ തീർത്തു. ജോലി ഉപേക്ഷിച്ചതിന് ശേഷം അന്നാദ്യമായി അവൾ
വല്ലാത്തൊരു ആത്മഹർഷം അനുഭവിച്ചു.
അപ്പോൾ മേഘങ്ങൾ താണ്ഡവം തുടങ്ങിയിരുന്നു.
അവ തമ്മിൽ മുറിവേൽപ്പിയ്ക്കുകയും
പൊട്ടിക്കരയുകയും ചെയ്തു.
പിന്നെ ആസ്ത്മാരോഗികളെപ്പോലെ
ചുമയ്ക്കുവാനും കുറുകുവാനും തുടങ്ങി. എവിടെയോ ഒരമ്മയുടെ തേങ്ങൽ കേട്ടു.
ഏകമകളെപ്പഠിപ്പിച്ച് മിടുക്കിയാക്കാൻ ഒരു ജീവിതം തന്നെ ഹോമിച്ച ഒരച്ഛന്റെ ദൈന്യതയാർന്ന മുഖം മേഘങ്ങൾക്കിടയിൽ തെളിഞ്ഞുവന്നു. ഒരുനിമിഷം
അവൾക്ക് അച്ഛന്റെ മടിയിലും
പിന്നെ അമ്മയുടെ ഗർഭത്തിലും
അഭയം തേടണമെന്നു തോന്നി.
"ഇങ്ങനെ ആവശ്യമില്ലാത്തതൊക്കെ ചിന്തിച്ചു കൂട്ടുന്നതുകൊണ്ടാ
തനിയ്ക്ക്...... "
"താനില്ലാതെ ഈ ലോകത്ത്
ഞാനും കുഞ്ഞുങ്ങളും എങ്ങനെ ജീവിയ്ക്കും എന്ന്
താൻ ആലോചിച്ചിട്ടുണ്ടോ ?"
അയാളുടെ ചോദ്യത്തിൽ അഗാധമായ ദുഃഖം നിറഞ്ഞിരുന്നു.
പക്ഷേ അവൾ നിസ്സഹായയായിരുന്നു.
യഥാർത്ഥത്തിൽ അവൾ ഒന്നും
ആലോചിയ്ക്കുന്നുണ്ടായിരുന്നില്ല. അതിന് അവൾ അശക്തയായിരുന്നു. അന്ന് സംഭവിച്ചത് ഒരാവർത്തി അയാളോട് പറഞ്ഞതാണ്. പക്ഷേ അയാൾ വിശ്വസിച്ചില്ല.
അന്നൊരു വെള്ളിയാഴ്ചയായിരുന്നു. അന്നാണ് അച്ഛൻ വിളിച്ചത്.
"അമ്മയ്ക്ക് തീരെ വയ്യ മോളെ..
കുഞ്ഞുങ്ങളെക്കണ്ടിട്ടും ഒത്തിരിയായില്ലേ..... ഒരീസം
ലീവെടുക്കാൻ വിനൂനോട് പറയുകുട്ടീ... ന്നിട്ട് അമ്മയെ
വന്നോന്നു കാണൂ... "
അമ്മയ്ക്ക് കാണാൻ എന്നു
പറയുമ്പോഴും കണ്ണിലെ കൃഷ്ണമണി പോലെ വളർത്തിയ മകളെ ഒരു നോക്കുകാണാനുള്ള ഒരച്ഛന്റെ
ആഗ്രഹം അതിൽ നിറഞ്ഞുനിന്നിരുന്നു.
അന്ന് അവൾ ഒത്തിരി കരഞ്ഞു.
പിന്നെ കുട്ടികൾക്ക് ഭക്ഷണം കൊടുത്ത് ഉറക്കാൻ കിടന്നത്
അവളോർക്കുന്നുണ്ട്. ഒന്നു മയങ്ങിക്കാണണം. അപ്പോഴാണ് അത് സംഭവിച്ചത്. അവളുടെ
മസ്തിഷ്കം ഉരുണ്ടുയർന്ന് തലയോട്ടി പിളർന്നുപുറത്തുവന്നു. പുരാണകഥകളിൽ ഒരുതുള്ളി
രക്തത്തിൽനിന്നും ഭീമാകാരന്മാരായ രാക്ഷസന്മാർ ഉയിർത്തെഴുന്നേല്ക്കാറുള്ളതുപോലെ അത് ഒരു ബീഭത്സരൂപമായി വളരുകയും അവളെ വല്ലാതെ ചീത്ത വിളിക്കുകയും ചെയ്തു.
"നിറങ്ങൾ നിറഞ്ഞ എന്റെ ഭാവനകൾ നിന്റെ കണക്കു
പുസ്തകത്തിൽ ചത്തുമലച്ചു.
എന്റെ ഓരോ കോശങ്ങളും
ഉപയോഗശൂന്യമായി തണുത്തുറഞ്ഞിരിയ്ക്കുന്നു.
നിനക്കുവേണ്ടി കൂട്ടിയും കിഴിച്ചും എനിയ്ക്കു മടുത്തിരിയ്ക്കുന്നു. നാമ്പിടാൻ കൊതിച്ച, എന്നിലെ കഥകളും
കവിതകളും പിറക്കാതെ കരിഞ്ഞുണങ്ങിയിരിക്കുന്നു..
I hate you...ഇല്ല ഇനി നിന്നിലേയ്ക്കില്ല..... "ശേഷം അത് ഉയർന്നുപൊങ്ങി മച്ചിൽ
കയറിയിരിപ്പായി. പൊട്ടിയ തലയോട്ടിയിൽ നിന്നും രക്തം
പ്രവഹിച്ചു. കണ്ണുകൾ തുറക്കാൻ അവൾക്കു ഭയം തോന്നി. ആരോ കഴുത്തിൽ പിടുത്തമിടുന്നത് അവൾ അറിഞ്ഞു. കണ്ണുകൾ തുറിച്ചുവന്നു. കയ്യിൽ കിട്ടിയ
കത്തിയെടുത്ത് വെട്ടിമുറിച്ചപ്പോൾ മാത്രമാണ് അത് പിടിത്തം വിട്ടത്.
രക്തത്തിൽ കുളിച്ചുകിടന്ന അവളെ അയാളാണത്രെ ആശുപത്രിയിൽ എത്തിച്ചത്. തന്റെ വലതുകയ്യിൽ ഈ മുറിവ് എങ്ങനെയുണ്ടായാവോ. അയാൾ എപ്പോഴാണ് എത്തിയത്.. ഒന്നും ഓർക്കാനാവുന്നില്ല. എങ്കിലും താൻ പറഞ്ഞതൊന്നും അയാൾ വിശ്വസിയ്ക്കാത്തതെന്തെന്ന് അവൾ അത്ഭുതപ്പെട്ടു.
ഇവിടെയും താൻ സുരക്ഷിതയല്ലെന്ന് അവൾക്കുതോന്നി. അവളെ പേടിപ്പിയ്ക്കുന്ന ഒരായിരം ചോദ്യശരങ്ങൾ ആ മുറിയിൽ ഒളിച്ചിരിക്കുന്നത് അവൾ കണ്ടു. എപ്പോൾ വേണമെങ്കിലും തന്റെ അവയവങ്ങൾ ഓരോന്നായി തന്റെ നേരെ ആക്രോശിക്കുമെന്നും പിന്നെ അവ തന്നെ ആഹരിക്കുമെന്നും അവൾ ഭയപ്പെട്ടു.
രക്ഷപ്പെട്ടേ മതിയാവൂ
അവൾ മെല്ലെ എഴുന്നേറ്റു. അയാൾ മയക്കത്തിലാണ്. ഓടി
ഒളിയ്ക്കണം. ചോദ്യങ്ങളിൽ നിന്ന്.... അയാളുടെ ദുഃഖം നിറഞ്ഞ കണ്ണുകളിൽ നിന്ന്..
വാതിൽ തുറന്ന് ഒറ്റ ഓട്ടമായിരുന്നു. ആരൊക്കെയോ ചേർന്ന്‌ അവളെ മുറിയിലേയ്ക്കു കൊണ്ടു വന്നപ്പോഴും അവളുടെ മസ്തിഷ്കം മച്ചിലിരുന്ന് പൊട്ടിച്ചിരിയ്ക്കുകയായിരുന്നു.
ആ പൊട്ടിച്ചിരി പിന്നെ ഒരു അട്ടഹാസവും കരച്ചിലുമായി മാറിയതും കാലിൽ ചങ്ങല കിലുങ്ങിയതും അവൾ അറിഞ്ഞതേയില്ല...
അപ്പോൾ മേഘങ്ങൾ പെയ്തൊഴിഞ്ഞിരുന്നു... ...
വീശിയകന്നകാറ്റിൽ പറന്നകന്നിരുന്നു അവളുടെ സ്വപ്നങ്ങളും... .....
Satheedevi Radhakrishnan
18/8/2017

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo