#Sandram Part 19



ബ്രൂട്ട്സ്!
അവന് സൂസി മോളെ എത്ര ഇഷ്ടമായിരുന്നെന്ന് എല്ലാവർക്കുമറിയാം. അവൾ അവനെ എത്ര ഒഴിവാക്കാൻ ശ്രമിച്ചിട്ടും ആരുടെയോ പ്രേരണയാലെന്നവണ്ണം ആ നായ് അവളെ സദാ സമയവും പിന്തുടർനു കൊണ്ടേയിരുന്നു.
വെറുതേ ആരെങ്കിലും അവളെ ഒന്നു തമാശക്ക് കയ്യോങ്ങിയാൽ പോലും വയല്ന്റ് ആകുമായിരുന്ന ബ്രൂട്ട്സ്, അവൾക്കരികിൽ തോക്കുമായി അക്രമാസക്തനായ ഒരാളെ കണ്ടാൽ വെറുതേ വിട്ടെങ്കിലേ അത്ഭുതമുള്ളൂ.
നാലു വയസ്സുള്ള ഒരു ജെർമ്മൻ ഷെപ്പേർഡ് നായ വളരെ അപകടകാരിയാണ്! നേരേ കഴുത്തു ലക്ഷ്യമാക്കിയായിരിക്കും ചാടുക. ചെന്നായ് വർഗ്ഗത്തിന്റെ പൊതുവേയുള്ള സ്വഭാവം. ഇരയെ ശ്വാസം മുട്ടിച്ചു കൊല്ലാനുള്ള എളുപ്പവഴി. ഒരിക്കൽ കടി മുറികിയാൽ പിന്നെ ആ നായ തന്നെ വിചാരിക്കണം അതു വിടുവിക്കാൻ.
“ബ്രൂട്ട്സ്!!” അലറി വിളിച്ചത് സൂസി മോളാണ്. ജീവിതത്തിൽ ആദ്യമായി അവൾ അവന്റെ പേരുച്ചരിച്ചു! അതു കേട്ടതും റെജിയുടെ കഴുത്തിലെ പിടി വിട്ട് അവൻ പുറകോട്ടു മാറി അവളോട് ചേർന്നു നിന്നു.
അപ്പോഴാണ് വാതിൽ തള്ളിത്തുറന്നുകൊണ്ടൊരാൾ അകത്തേക്കു കയറി വന്നത്.
“വൈ ഈസ് ഇറ്റ് റൈനിങ്ങ് ദിസ് ടൈം ഓഫ് ഇയർ ? ((ഇക്കൊല്ലമെന്താ ഈ സമയത്തൊക്കെ മഴ പെയ്യുന്നത് ?)” ജർമ്മൻ ചുവയുള്ള ഇംഗ്ലീഷുമായി ഒരു വെള്ളക്കാരിയായിരുന്നു അത്.
കുടയും ചൂടി അകത്തേക്കു കയറിയ പിയാ വെബ്ബർ പെട്ടെന്നാണ് അകത്തു നടക്കുന്ന സംഭവ വികാസങ്ങൾ കണ്ട് അമ്പരന്നത്.
“വാട്ട് ദ ഹെക്ക് ഈസ് ഗോയിങ്ങ് ഓൺ ഹിയർ ?”
കുതിച്ചുയർന്ന റെജി തോക്കിനു നേരേ ചാടി. എന്നാൽ, അവനേക്കാൾ വേഗത്തിൽ ചിന്തിച്ച പിയ, കാലു കൊണ്ടുള്ള ഒരൊറ്റ അടിക്ക് അവനെ താഴെ വീഴ്ത്തി.
വീണ്ടും പിടഞ്ഞെഴുന്നേല്ക്കാൻ തുടങ്ങിയ അവന്റെ മുതുകിൽ ആ സ്ത്രീ തന്റെ വലം കാലിന്റെ പെരുവിരൽ അമർത്തി.
“നിന്റെ സ്ഥാനത്തു ഞാനാണെങ്കിൽ, നല്ല കുട്ടിയായിട്ട് അനങ്ങാതെ കിടക്കും. ഇനീം എന്റെ കയ്യീന്ന് ഒരെണ്ണം കൂടി വാങ്ങിയാൽ നീ പിന്നെ ജീവിതത്തിൽ എണീറ്റു നടക്കൂല്ല.”
ആറര അടി ഉയരവും അതിനൊത്ത ശരീരവുമുള്ളൊരു സ്ത്രീയാണ് ഡോ. പിയ വെബ്ബർ . ജെർമ്മൻ വംശജയായ സോഷ്യൽ വർക്കർ. അവർ ഒരു തികഞ്ഞ കരാട്ടേ വിദഗ്ധ കൂടിയാണെന്ന് സ്നേഹവീട്ടിലുള്ളവർക്കൊരു പുതിയ അറിവായിരുന്നു.
(ഇവരേക്കുറിച്ച് മുൻപൊരദ്ധ്യായത്തിൽ പറഞ്ഞിരുന്നു എന്നാണെന്റെ ഓർമ്മ.)
തുടർന്ന് ജോസച്ചൻ പോലീസിനെ വിളിക്കാനോടി. സ്നേഹ വീട്ടിലെ സഹായികളായി ജോലി ചെയ്യുന്ന മൂന്നു നാലു പേർ റെജിക്കു ചുറ്റും കാവൽ നിന്നു.
പിയ വളരെ സൂക്ഷ്മതയോടെ അവന്റെ തൊണ്ടയിലെ മുറിവു പരിശോധിച്ചു. എന്നാൽ ക്രൂദ്ധനായ റെജി അതു നിരസിക്കുകയാണുണ്ടായത്. “എനിക്കു വേണ്ട നിങ്ങടെ ചാരിറ്റി. എന്നെ തൊടരുത്!” അവൻ അലറി.
“ഞാൻ ഒരു മെഡിക്കൽ ഡോക്റ്റർ ആണ് സഹോദരാ. അറ്റ് അറ്റ് ലീസ്റ്റ് ആ മുറിവെങ്കിലും ഒന്നു കഴുകി കെട്ടാം അല്ലെങ്കിൽ ചോര നില്ക്കാതെ താൻ ഇവിടെ കിടന്നു ചാവും.” പിയ ആവുന്നതു പറഞ്ഞു നോക്കി. ഒടുവിൽ, “അടിച്ചു നിന്റെ ബോധം കളഞ്ഞിട്ടാണെങ്കിലും ഞാൻ നിന്നെ ട്രീറ്റ് ചെയ്യും. അനങ്ങാതെ കിടക്ക് മൃഗമേ! ” എന്ന അന്ത്യ ശാസനക്കു മുൻപിൽ അവൻ വഴങ്ങി.
“പോലീസ് ഉടനെ എത്തും.” ജോസച്ചൻ തിരിച്ചു വന്നു.
“ഒരു ആംബുലൻസു കൂടി പറഞ്ഞോളൂ. ബ്ലഡ് നില്ക്കുന്നില്ല. ഞാൻ നോക്കിയിട്ട് ഒരു രക്ഷയുമില്ല. ഇങ്ങനെ ബ്ലഡ് പോയാൽ അടുത്തു തന്നെ ഇവൻ ഡൗണാകും. അതിരിക്കട്ടെ , ആരാ ഇത് ?” പിയക്ക് ഇതുവരെ ആളെ മനസ്സിലായിട്ടില്ല.
“നീ റെജിയല്ലേ മോനേ ?” അച്ചൻ അവന്റെ അടുത്തു ചെന്നു കുനിഞ്ഞു നിന്നു. “റോബീടെ അനിയനല്ലേ നീ ?”
“അച്ചോ...” അവന്റെ സ്വരം വിറച്ചു. “റോബി ഇവിടെയുണ്ടോ എന്നൊന്നറിയാൻ മാത്രം വന്നതാ ഞാൻ. ആരേം ഉപദ്രവിക്കാൻ എനിക്കുദ്ദേശമില്ലാരുന്നു. ആ കൊച്ച് ബഹളം വെച്ച് ആളെ കൂട്ടിയാലോ എന്നോർത്താ ഞാൻ...ആരോ എന്റെ പേരും പറഞ്ഞ് ഓരോന്നു ചെയ്തു കൂട്ടുകയാണച്ചോ.” അവൻ വിതുംബി. “ഒന്നും ഞാനറിഞ്ഞിട്ടില്ല. എന്റെ സ്വന്തം ചോരയല്ലേ റോബി. ഞാൻ അവനെ കൊല്ലാൻ നോക്കീന്നൊക്കെ പറഞ്ഞാൽ ദൈവം പൊറുക്കില്ലച്ചോ. അവനെ കണ്ട് ഇതിന്റെയൊക്കെ പുറകിൽ ആരാന്നു കണ്ടു പിടിച്ച് എല്ലാത്തിനും ഒരു തീരുമാനമുണ്ടാക്കാനാ ഞാൻ വന്നത്. പക്ഷേ...എന്റെ ഗതികേടാ. ഇന്നു വരെ ഒരു ഉറുമ്പിനെപ്പോലും നോവിക്കാത്ത എന്നെ എല്ലാരും കൂടി...”
ആരുടെയും ഹൃദയം അലിഞ്ഞു പോകുമായിരുന്നു അവന്റെ ആ കരച്ചിലിൽ.
പിയക്ക് അവൻ മലയാളത്തിൽ പറഞ്ഞത് മനസ്സിലായില്ല. അവർ അവന്റെ മുറിവിൽ ഒരു വലിയ കഷണം പഞ്ഞി അമർത്തി തോളിലേക്കു ചേർത്തു മുറുക്കി കെട്ടുകയായിരുന്നു.
“എല്ലാം ശരിയാകും മോനേ. നീ എല്ലാം പോലീസിനോടു തുറന്നു പറയൂ. അവർ തന്നെ ഒരു പരിഹാരമുണ്ടാക്കിത്തരും.” അച്ചൻ അവന്റെ തോളിൽ തഴുകി.
“എങ്ങനാ അച്ചോ. എന്നെ കണ്ടാൽ ആ നിമിഷം വെടിവെച്ചു കൊല്ലാനാ ഓർഡർ. ഷൂട്ട് അറ്റ് സൈറ്റ്. ”
“ഇവിടെ ഞങ്ങളൊക്കെ നില്ക്കുമ്പൊ ഒരാളും നിന്നെ ഉപദ്രവിക്കില്ല. ഉറപ്പ്.” അച്ചന്റെ മനസ്സാകെ അലിഞ്ഞു പോയിരുന്നു. “എന്റെ മോനല്ലേടാ നീ. ഞാനല്ലേ നിന്നെ വളർത്തി വലുതാക്കിയെ. നിന്നെ അങ്ങനെ ചുമ്മാ വെടിവെച്ചു കൊല്ലാൻ ഞാൻ വിട്ടു കൊടുക്കുവോ ?”
എന്നാൽ, അവനാ പറഞ്ഞതൊന്നും വിശ്വസിക്കാതെ ക്രൂദ്ധനായി അവന്റെ കണ്ണുകളിലേക്കു തന്നെ നോക്കി നില്ക്കുന്ന ഒരാളുണ്ടായിരുന്നു ആ മുറിയിൽ അപ്പോൾ. ബ്രൂട്ട്സ്! അതൊരു നായയാണെങ്കിലും, അതിന്റെ മുഖഭാവം ശരിക്കും ഒരു മനുഷ്യനേപ്പോലെ തന്നെയിരുന്നു. റെജിയെ കടിച്ചു കീറി കഷണങ്ങളാക്കാനുള്ള ത്വര ആ മുഖത്തുണ്ട്.
“പിയ എങ്ങനെ കൃത്യ സമയത്ത് ഇവിടെയെത്തി ?” ജോസച്ചന് അതായിരുന്നു അത്ഭുതം.
“ഞാൻ ‘ആകാശപ്പറവകൾ’ എന്നൊരു സ്ഥാപനത്തിലാരുന്നു പകൽ മുഴുവനും. വൈകിട്ടായപ്പോഴാണു മനസിലായത്, അവിടെ രാത്രി തങ്ങാനുള്ള സൗകര്യമില്ല. അപ്പൊ പിന്നെ ഞാൻ തീരുമാനിച്ചു, ഇങ്ങോട്ടു പോരാമെന്ന്. ഒരു ഓട്ടോയിൽ കേറീതാ, ആ ഓട്ടോക്കാരൻ എന്നെ ത്രിശ്ശൂർ ജില്ല മുഴുവൻ ചുറ്റിച്ചു. ഒരു രണ്ടു മണിക്കൂർ. അവസാനം, ഞാൻ ചൂടായപ്പോഴാണ് അയാൾ മര്യാദക്കു വണ്ടിയോടിച്ചു തുടങ്ങിയത്. അങ്ങനെ, ഒടുവിൽ ഇവിടെ കൊണ്ടെ എത്തിച്ചു ചതിയൻ!”
“അയാളെ ദൈവം രക്ഷിക്കട്ടെ. നീയിപ്പൊ വന്നില്ലാരുന്നെങ്കിൽ, ഒന്നുകിൽ ബ്രൂട്ട്സ് അവനെ കൊന്നേനേ. അല്ലെങ്കിൽ, അവൻ ഞങ്ങളെ.” അച്ചൻ ചിരിക്കാൻ ശ്രമിച്ചു.
അപ്പോൾ ഒരു സംഭവം നടന്നു
റെജിയുടെ കയ്യിൽ കെട്ടിയിരുന്ന വാച്ചിൽ നിന്നും ഒരു അലാറം. കാതു തുളക്കും വിധം അതിങ്ങനെ മുഴങ്ങാൻ തുടങ്ങിയതും അവന്റെ മുഖം മാറി.
“അച്ചൻ പറഞ്ഞതു ശരിയാ. എല്ലാം ഓക്കെയാകും. ഇപ്പത്തന്നെ എല്ലാത്തിനും ഒരു പരിഹാരമുണ്ടാകും.” അവന്റെ മുഖത്തൊരു പൈശാചികത വന്നു.
അധികം വൈകിയില്ല, പുറത്തൊരു വാഹനം വന്നു നില്ക്കുന്ന ശബ്ദം കേട്ടു.
നിമിഷങ്ങൾക്കുള്ളിൽ വാതിലിലാരോ മുട്ടി.
“ആരാ ?” രണ്ടു മൂന്നു പേർ ഒരുമിച്ചാണ് ചോദിച്ചത്.
“പോലീസാ. വാതിൽ തുറക്ക്. ”
അച്ചൻ ഓടിച്ചെന്ന് വാതിൽ വലിച്ചു തുറന്നതും,
തിരു നെറ്റിയിൽ തന്നെ ശക്തമായൊരു അടിയേറ്റ് ആ പാവം വൃദ്ധൻ പുറകോട്ടു തെറിച്ചു വീണു.
പിന്നെ എല്ലാം പെട്ടെന്നായിരുന്നു.
ആക്രോശത്തോടെ അകത്തേക്ക് ഇരച്ചു കയറി വന്ന രണ്ടു മൂന്ന് അക്രമികൾ നിമിഷങ്ങൾക്കുള്ളിൽ എല്ലാം അവരുടെ നിയന്ത്രണത്തിലാക്കി. തോക്കും വടിവാളുമൊക്കെയായി എല്ലാവരും തന്നെ സായുധരായിരുന്നു.
ആർക്കും ചിന്തിക്കാൻ പോലും സമയം കൊടുക്കാതെ അവർ റെജിയെ പിടിച്ചു വലിച്ച് പുറത്തേക്കിറക്കി. പിയക്കും മറ്റുള്ളവർക്കും നിസ്സഹായരായി നോക്കിനില്ക്കാനേ കഴിഞ്ഞുള്ളൂ.
റെജി തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു “ പ്ലീസ്... അച്ചനെ നോക്കൂ... ഹീ ഈസ് ബ്ലീഡിങ്ങ്...” അവൻ പിയയോട് അഭ്യർത്ഥിച്ചു.”
ബ്രൂട്ട്സ് ഇതെല്ലാം കണ്ട് ഭീകരമായി ഗർജ്ജിക്കുന്നുണ്ടായിരുന്നു. എന്നാൽ, സൂസി മോൾ അവന്റെ കഴുത്തിൽ ഇറുക്കെ കെട്ടിപ്പിടിച്ചിരുന്ന കൊണ്ട് അവൻ ഇതിലൊന്നും ഇടപെട്ടില്ലെന്നു മാത്രം.
അവർ പുറത്തേക്കിറങ്ങി 5 മിനുട്ടെങ്കിലും കഴിഞ്ഞാണ് പോലീസ് സ്ഥലത്തെത്തിയത്.
“കോൾ വന്നതും ഞങ്ങൾ പുറപ്പെട്ടതാ. പക്ഷേ ഈ സ്ഥലം കണ്ടെത്താൻ ഒരല്പ്പം പാടു പെട്ടു.” കേറി വന്ന ഉദ്യോഗസ്ഥൻ ക്ഷമാപണം നടത്തി.
“കുറ്റം പറയ്വല്ല മോനേ. ” ജോസച്ചൻ എണീറ്റിരിക്കാൻ ഒരു ശ്രമം നടത്തി. അദ്ദേഹത്തിന്റെ നെറ്റിയിൽ നിന്നും അപ്പോഴും രക്തമൊലിക്കുന്നുണ്ടായിരുന്നു. “ഒരല്പ്പം കൂടി ഉത്തരവാദിത്തം കാണിക്കണമായിരുന്നു നിങ്ങൾ. നിസ്സാരക്കാരനല്ലല്ലോ റെജി. എല്ലാർക്കുമറിയാം. ഒരു പോലീസുകാരനെ പേരിനെങ്കിലും ഇവിടെ പാറാവു നിർത്താരുന്നു. റോബി എപ്പൊഴും വരുന്ന സ്ഥലമല്ലേ ഇത്. തീർച്ചയായും അവനെ അന്വേഷിച്ച് റെജി ഇവിടെ വരും എന്ന് ചിന്തിക്കാമായിരുന്നു. എന്റെ കുഞ്ഞു മക്കൾക്കു വല്ലതും പറ്റിയാൽ പിന്നെ എന്തിനാ ഞാൻ ജീവിച്ചിരിക്കുന്നേ ?”
ആ പോലീസു കാരൻ ഒന്നും മിണ്ടാതെ വയർലെസിലൂടെ ആരോടൊ സംസാരിച്ചു കൊണ്ട് പുറത്തേക്കിറങ്ങിപ്പോയി.
“എന്റച്ചോ, ഇതൊക്കെ പകലു പോലെ വ്യക്തമല്ലേ ?” ഒരു സിസ്റ്റർ പറഞ്ഞു. “പോലീസുകാരൊക്കെ അറിഞ്ഞോണ്ടുള്ള കളിയല്ലേ ഇതൊക്കെ. അവന്മാരു റെജിയേം കൊണ്ട് പോകുന്ന വരെ വെയ്റ്റു ചെയ്തിട്ടല്ലേ പോലീസു വന്നേന്നു നോക്ക്യേ. നമ്മടെ നാടൊരിക്കലും നന്നാവൂല്ലച്ചോ.“
”ആ മാത്യൂസ് ഉണ്ടാരുന്നെങ്കിൽ ഇങ്ങനൊന്നും സംഭവിക്കില്ലാരുന്നു. ഇപ്പൊത്തന്നെ റെജീടെ കാര്യത്തിൽ ഒരു തീരുമാനമായേനേ.“ അച്ചൻ പരിതപിച്ചു. “മിടുക്കനാ മാത്യൂസ് . ചെയ്യുന്ന ജോലിയോട് 100% ആത്മാർത്ഥതയുള്ളവൻ...”
***** ***** ***** ***** ***** ***** ***** *****
രണ്ടു ദിവസങ്ങൾക്കു ശേഷം.
കർലാട് - വയനാട് ജില്ല. പോലീസ് സേഫ് ഹൗസ്. 09:00 AM
മാത്യൂസിന് ഇരുന്നിട്ട് ഇരിപ്പുറക്കുന്നില്ല. അയാൾ കരുതിയതു പോലെ എളുപ്പമല്ല ഈ ഒളിച്ചോട്ടം. അത്രയും നാൾ ഓടി നടന്ന് പണിയെടുത്തിട്ട് ഇപ്പൊ ഒരു ഭീരുവിനെപ്പോലെ ഒരു മുറിക്കുള്ളിൽ കയറി കുത്തിയിരിക്കുന്നത് അയാളുടെ മാനസിക നിലയെത്തന്നെ തകരാറിലാക്കി. സദാ സമയവും ദേഷ്യമായിരുന്നു അയാൾക്ക്. ഭാര്യയും കുഞ്ഞുങ്ങളും ഈ ‘വെക്കേഷൻ’ വെറുത്തു പോയി. ഒടുവിൽ രണ്ടും കല്പ്പിച്ച് മാത്യൂസ് വെളിയിലിറങ്ങാൻ തന്നെ തീരുമാനിച്ചു. അത്യാവശ്യ ഘട്ടങ്ങളിൽ വിളിക്കാനായി ഒരു ഫോൺ കൊടുത്തിട്ടുണ്ടായിരുന്നു.
അയാൾ ആദ്യം വിളിച്ചത് എസ് ഐ നിതിനെയാണ്. തന്റെ അഭാവത്തിൽ അവിടുത്തെ കാര്യങ്ങളിലൊക്കെ ഒരു കണ്ണു വേണമെന്ന് പറഞ്ഞ് നിതിനെ ഏല്പ്പിച്ചിട്ടാണ് മാത്യൂസ് നാടു വിട്ടത്.
“ഹെലോ മത്തായി! നിന്നെ ഒന്നു കിട്ടാതെ ഞാനാകെ ശ്വാസം മുട്ടിപ്പോയി! ഇവിടെ എന്തൊക്കെ ഡെവലപ്മെന്റ്സ് ഉണ്ടായെന്നറിയാവോ ?”
“പറയടാ! നിന്റെ ഒച്ച കേക്കുമ്പൊ തന്നെ എന്തു സന്തോഷം! ഈ പ്രൊട്ടക്റ്റീവ് പ്രോഗ്രാം എന്നു പറയുന്നത് ഇത്ര ബോറ് ഏർപ്പാടാണെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല.”
“ഡാ... എനിക്കു കൊറച്ചു കാര്യങ്ങളു പറയാനുണ്ട്. ഗുഡ് ന്യൂസുമുണ്ട് ബാഡ് ന്യൂസുമുണ്ട്. ഏതാ ആദ്യം വേണ്ടേ ?”
“ഗുഡ് ന്യൂസു പറയൂ. കുറച്ചു ദിവസായി ആകെ ടെൻഷനല്ലേ.“
”ഓക്കേ... ഗുഡ് ന്യൂസ്! നമ്മുടെ ശങ്കുവിനെ ട്രാൻസ്ഫർ ചെയ്തു. അവനെ പീച്ചി ഡാമിനടുത്ത് ഒരു റീ ഹാബ് ഫെസിലിറ്റിയിലേക്ക് മാറ്റി. ഫുൾ ഫ്രീഡം. 15 ഏക്കർ കോമ്പൗണ്ട്. അവനവടെ എങ്ങനെ വേണമെങ്കിലും ഇറങ്ങി നടക്കാം. പുറത്തിറങ്ങാൻ പാടില്ല എന്നേയുള്ളൂ. അതിന്റെയുള്ളിൽ പക്ഷേ എല്ലാ വിധ സൗകര്യങ്ങളുമുണ്ട്. ജോലി ചെയ്യണമെങ്കിൽ അതിനും പറ്റും. സാലറി കിട്ടും. ശരിക്കും റിയൽ ലൈഫ് പോലെ.“
”വൗ! മജിസ്ട്രേറ്റ് പ്രശ്നമൊന്നുമുണ്ടാക്കിയില്ല അപ്പോ.“
”പിന്നെ! സാന്ദ്ര കളിച്ചു കാണുമെന്നേ! ഹ ഹ ഹ !“ നിതിൻ പൊട്ടിച്ചിരിച്ചു. ” പിന്നെ, നമ്മുടെ ഡോക്ടർ കുരുവിള എല്ലാത്തിനും മുൻപിലുണ്ടായിരുന്നു കേട്ടൊ. ഏതാണ്ട് 12 ലക്ഷം രൂപയോളം ചിലവാക്കിയെന്നാണ് എന്നോട് പറഞ്ഞത്. “
”ദൈവമെ! അപ്പൊ അയാൾക്കു കിട്ടീത് നിസ്സാര പണിയൊന്നുമായിരുന്നില്ല.“
നിതിൻ വീണ്ടും ചിരിച്ചു.
”എന്താ ബാഡ് ന്യൂസ് ?“ മാത്യൂസ് ചോദിച്ചു.
“നീ എവടേങ്കിലും ഒന്നിരുന്നു കേൾക്കുന്നതായിരിക്കും നല്ലത്.” നിതിൻ തുടക്കമിട്ടു. “സാന്ദ്രയുടെ കുഞ്ഞിനു വേണ്ടിയുള്ള അന്വേഷണമായിരുന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങളായിട്ട്. ഞാൻ അവളുടെ വീടും പരിസരവുമെല്ലാം ചെന്നന്വേഷിച്ചു. എനിക്കു മുൻപിരുന്ന പരമ ദ്രോഹി എസ് ഐ എന്തൊരു ചെറ്റയാണെന്ന് അപ്പൊഴല്ലേ മനസ്സിലായത്. എഫ് ഐ ആർ അല്ലാതെ ഒരു ചെറുവിരൽ അനക്കിയിട്ടില്ല നായിന്റെ മോൻ! ശങ്കുവിനൊരു വയലന്റ് ഹിസ്റ്ററിയുണ്ട്. അപ്പൊ അവൻ തന്നെ കൊലയാളി! അതാണവന്റെ റിപ്പോർട്ട്!”
“ആരാർന്നെടാ എസ് ഐ ?”
“ഏതോ ഒരു പ$%^&* ” നിതിൻ നല്ല ചൂടിലായിരുന്നു. “എന്തോരം വല്യ കേസാന്നറിയുവോ ഇത് ? വമ്പൻ സ്രാവുകളാ ... ചെലപ്പൊ അവന്മാരു കാശു കൊടുത്ത് കേസ് അട്ടി മറിച്ചിരിക്കാനും സാധ്യതയുണ്ട്.”
“നിനക്കെന്തെങ്കിലും ലീഡു കിട്ടിയോ ?”
“ലീഡു കിട്ടി. അതാണു പ്രശ്നം. അതു കൊണ്ടാണു ഞാൻ ആകെ ടെൻഷനിലായിപ്പോയത്. നിന്നോട് ചോദിക്കാതെ മുൻപോട്ടു പോകാൻ പറ്റാത്ത അവസ്ഥ.”
“അതെന്താടാ ? എനിക്കെന്താ ഇതിൽ ഇടപാട് ?”
“ആ സാന്ദ്രയുടെ കഥ നീ പറഞ്ഞപ്പോ, ഒരു റിയൽ എസ്റ്റേറ്റ് കാമുകന്റെ കാര്യം പറഞ്ഞതോർക്കുന്നുണ്ടോ ? ആ കൊച്ചിന്റെ അപ്പൻ ?”
“ഉവ്വ്. അവനെ കിട്ടിയോ ?” മാത്യൂസിന്റെ ഹൃദയ മിടിപ്പു കൂടി.
“അവനെ കിട്ടി. നീയറിയും അവനെ. നിനക്കു നന്നായി അറിയാവുന്ന ഒരുത്തനാ. “
നിതിൻ സംസാരിച്ചു കൊണ്ടിരുന്നപ്പോൾ തന്നെ തന്റെ സുഹൃത് വലയത്തിലു റിയൽ എസ്റ്റേറ്റു കാരൊക്കെ മാത്യൂസിന്റെ മനസ്സിലൂടെ കടന്നു പോകുന്നുണ്ടായിരുന്നു. അയാളുടെ ശ്വാസം നിലക്കുന്ന പോലെ തോന്നി.
“റോബി!??? റോബിയാണോടാ നിതീ ???”
അപ്പുറത്തു നിന്നും ഒരു ദീർഘ നിശ്വാസം കേട്ടു.
കുറേ നേരത്തേക്ക് ഒന്നും സംസാരിച്ചില്ല രണ്ടു പേരും
“മുഴുവൻ പറയടാ...എങ്ങനാ നിനക്കു മനസ്സിലായെ ?”
“ഞാൻ നീയന്നു പറഞ്ഞ പ്രകാരം, അവരുടെ സ്വത്തു വാങ്ങിയ ടീമിനെ ചെന്നു കണ്ടു. അവിടെ ഇപ്പൊ ഒരു ആയുർവേദ റിസോർട്ടാണ്. ഒരു ഫെയ്മസ് ബ്രാൻഡാ. തൊടാൻ പറ്റില്ല. വല്യ പുള്ളികളാ. പക്ഷേ, അന്വേഷിച്ചു പിടിച്ചു വന്നപ്പോ സംഭവമെന്താ, ഇതൊക്കെ നമ്മടെ റോബീടെ ബിനാമികളാ. അവനും അവന്റെ അനിയൻ റെജിയും കൂടി പാർട്നേഴ്സായിട്ട് നടത്തിയ ഇടപാടാ. ഞാൻ അതു കൺഫേം ചെയ്തു. റോബീടെ ഫോട്ടോ കണ്ട് പലരും ഐഡന്റിഫൈ ചെയ്തു കഴിഞ്ഞു. നല്ല സ്ട്രോങ്ങ് കേസാക്കാനുള്ള വകുപ്പുണ്ട്.“
”റോബിയും ഭാര്യയും മിസ്സിങ്ങാരുന്നല്ലോ ?“
”ആ... ആയിരുന്നു. അവരു രണ്ടാളും കൂടി നോർത്ത് ഇൻഡ്യായിലാ. ഞാൻ ഫ്ലൈറ്റ് റെക്കോർഡ്സ് ഒക്കെ ചെക്കു ചെയ്തു. ഇതുവരെ തിരിച്ചെത്തിയിട്ടില്ല. ഇന്നു ഉച്ച തിരിഞ്ഞ് 2 മണിക്കുള്ള ബാംഗ്ലൂർ ഫ്ലൈറ്റിൽ ഒരു റോബിയും നീനയും വരുന്നുണ്ട്. അവരു തന്നെയാകണം. എത്തിക്കഴിഞ്ഞിട്ട് പിന്നെ നീയുമായി സംസാരിച്ച് ഒരു തീരുമാനമെടുക്കാമെന്നു കരുതി ഞാൻ.“
“അതിനിപ്പൊ നിനക്കെന്തിനാ എന്റെ കൺഫർമേഷൻ ? അവൻ ഗില്റ്റിയാണെന്നു നിനക്കു തോന്നുന്നുണ്ടെങ്കിൽ അറസ്റ്റു ചെയ്യുക. കൂടുതൽ ചിന്തിക്കുകയേ വേണ്ട! ജസ്റ്റ് ടെയ്ക്ക് ഹിം ഇൻ. ഞാനായിരുന്നെങ്കിൽ അവനെ വെറുതേ വിടുമെന്നു തോന്നുന്നുണ്ടോ നിനക്ക് ?”
“അതല്ല, നിങ്ങൾ ഇത്ര ക്ലോസ് ഫ്രണ്ട്സ് ആയ സ്ഥിതിക്ക്...”
“നീ പറഞ്ഞ സത്യാണെങ്കി നിതീ, അവനെ ഞാൻ ചവിട്ടി എല്ലൊടിക്കും. ഇത്രേം കൊല്ലം, തോളേ കയ്യിട്ടു നടന്നിട്ട് ...” മാത്യൂസ്സ് പല്ലു ഞെരിച്ചു.
“നീ ആവേശപ്പെടല്ലേ മത്തായി! അന്നത്തെ ഹിപ്നോട്ടിക്ക് സെഷനിൽ സാന്ദ്രയുടെ മൊഴി പ്രകാരം, റോബിയല്ല, അവളെ കൊന്നിരിക്കുന്നത്. അല്ലേ ?”
“അതായ്ക്കോട്ടെ, പക്ഷേ ഇവൻ ഇങ്ങനൊരു പാസ്റ്റ് ഉണ്ടായിട്ടും ഇന്നു വരെ എന്നോടു പറയാതെ ഒളിച്ചു കൊണ്ടു നടന്നെങ്കിൽ, സംതിങ്ങ് ഈസ് റോങ്ങ്. എന്തായാലും നീ അവനെ പൊക്ക്. ഞാൻ ഇവിടുന്നൊന്നു ചാടാൻ പറ്റുവോന്നു നോക്കട്ടെ.”
“പൊക്കിയാലും, മാക്സിമം ഒരു ദിവസമല്ലേ അകത്തിടാനൊക്കൂ. ആത്മാവിന്റെ മൊഴി കാണിച്ച് കേസാക്കാൻ പറ്റില്ലല്ലോ.”
“ഉം... നന്നായിട്ടൊന്നു ചോദ്യം ചെയ്യവനെ. സത്യമാണെങ്കി പഠിച്ച കള്ളനാ അവൻ. പിന്നെ...വേറൊരു കാര്യം കൂടി എനിക്കിപ്പൊ ഓർമ്മ വന്നു...”
“എന്താ ?”
“വിശദമായിട്ട് ഞാൻ പിന്നെ പറയാം... അവനു പണ്ട് ചില സൂപ്പർ നാച്ച്വറൽ അനുഭവങ്ങളുണ്ടായിട്ടുണ്ട്...അവന്റെ വീട്ടിൽ ടീവിക്കു തീപിടിക്കുകയോ മറ്റോ...ഇപ്പൊ എനിക്കിതൊക്കെ കൂട്ടി വായിക്കാനാ തോന്നുന്നത്.”
“ഓക്കേടാ.. നിന്റെയൊരു ഗ്രീൻ സിഗ്നൽ കിട്ടിയാൽ ഉടനേ പ്രൊസീഡ് ചെയ്യാനിരിക്കുവാരുന്നു ഞാൻ. പിന്നെ, നീ ചാടിപ്പെടഞ്ഞ് ഇങ്ങോട്ടു പുറപ്പെടണ്ട, ചുമ്മാ എസ് പീ യെ പിണക്കണ്ട. പോരാത്തേന് റെജി ശരിക്കും ആക്റ്റീവാ. അവൻ രണ്ടു ദിവസം മുൻപ് അവിടെ ഏതോ അനാഥ മന്ദിരത്തിൽ ചെന്നിരുന്നത്രേ. അവിടത്തെ മാനേജരച്ചനെ തലക്കടിച്ചു വീഴ്ത്തിയെന്നാണു പറയുന്നത്.”
“ഉം. ഞാൻ കേട്ടു. പക്ഷേ മോനേ, എനിക്കു മടുത്തു ഈ കോപ്പിലെ പരിപാടി. ഞാൻ ഇറങ്ങാൻ പോകുവാ. ഇതിപ്പൊ നീ ഈ റോബീടെ കാര്യോം കൂടി പറഞ്ഞപ്പൊ ഒള്ള സമാധാനോം കൂടെ പോയി. ഞാനിറങ്ങുവാ. വൈകിട്ടവടെയെത്താം.”
“നീ ഇങ്ങു വന്ന് ആ ദേഷ്യത്തിന് ചെലപ്പോ, റോബിയെ പിടിച്ചു വെല്ലോം ചെയ്യും. എനിക്കതാ പേടി. ഞാൻ അവസാനം വെള്ളം കുടിക്കണ്ടി വരും.”
“അതോർത്തു നീ പേടിക്കണ്ട. ഞാൻ അവനെ തൊടൂല്ല. അവനു പറയാനുള്ളതൊന്നു കേൾക്കണമെനിക്ക്. അവന്റെ വായീന്നു തന്നെ. അത്രേയുള്ളൂ.
മാത്യൂസ് ഫോൺ കട്ടു ചെയ്തു
അപ്പോഴതാ ഭാര്യ എഴുന്നേറ്റ് വാതിൽ അടച്ചു ലോക്ക് ചെയ്തു.
“അച്ചായനെങ്ങോട്ടും പോകുന്നില്ല!”
“എടി പെണ്ണേ നീ കാര്യം വല്ലതും അറിഞ്ഞോ ?”
“അറിഞ്ഞതുകൊണ്ടാണല്ലോ. വെറുതേ എന്തിനാ അച്ചായാ ആ പ്രാന്തന്റെ തോക്കിനു മുൻപിലേക്കേറങ്ങി പോകുന്നേ ? …ഞാനും പിള്ളേരും...”
“നീയൊന്നു മിണ്ടാതിരി ലിൻഡ. ചാവാനാണെങ്കി ഇപ്പൊ റെജി വേണോ ? ദാ ആ കുളി മുറീലൊന്നു തെന്നി വീണാലും പോരേ ? ഞാൻ ഒന്നു ഓടിച്ചെന്ന് കാര്യങ്ങൾ അന്വേഷിച്ചേച്ച് വേഗം വരാം. നീയും പിള്ളേരും വാതിലടച്ചു കെടന്നോ.”
കൂടുതൽ സംസാരിച്ചിട്ടു പ്രയോജനമില്ലെന്ന് ലിൻഡക്കറിയാം.
“മറക്കരുതു കേട്ടോ അച്ചായാ. ഒരു നന്ദീമില്ലാത്ത പണിയാ ഈ പോലീസു പണി. അച്ചായൻ ഈ ഓട്ടം മുഴുവനും ഓടീട്ട് അവസാനം...“
”ചെയ്യുന്ന പണി നല്ല വൃത്തിയായി ചെയ്യുക എന്നേയുള്ളൂ. റിവാർഡൊന്നും നോക്കിയല്ല ഇതൊക്കെ ഞാൻ ചെയ്യുന്നെ. നീ മാറ്.“
അയാൾ പിന്നൊന്നും സംസാരിക്കാൻ നിന്നില്ല. ലിൻഡ കരയാൻ തുടങ്ങിയിരുന്നു. പക്ഷേ, മാത്യൂസിനതൊന്നും ശ്രദ്ധിക്കാനേ തോന്നിയില്ല. അയാളുടെ മനസ്സു നിറയെ റോബി ആയിരുന്നു. അവൻ ഇത്ര വലിയൊരു ചതിയനാണെങ്കിൽ, അവനെ അറസ്റ്റു ചെയ്യുന്നത് താനായിരിക്കണം എന്നൊരു ചിന്ത അയാളുടെ ഉള്ളിൽ കിടന്നു വിങ്ങി.
***** ***** ***** ***** ***** ***** ***** *****
നെടുംബാശ്ശേരി എയർ പോർട്ട് – Same Day 3PM
“ഹെലോ!!” പരിചിതമായൊരു ശബ്ദം കേട്ട് റോബി തിരിഞ്ഞു. വീട്ടിലേക്ക് ഒരു ടാക്സി ബുക്ക് ചെയ്യാൻ നില്ക്കുകയായിരുന്നു അയാൾ.
“ഞാൻ നിതിൻ.” ഭംഗിയുള്ള ഒരു ചിരിയോടെ, അഭിമുഖമായി തിരിഞ്ഞു നില്ക്കുകയാണ് സുമുഖനായൊരു ചെറുപ്പക്കാരൻ.
“എനിക്കറിയാം. ------- എസ് ഐ അല്ലെ ? ഞാൻ മുൻപു കണ്ടിട്ടുണ്ട്. മാത്യൂസിന്റെ വീട്ടിൽ വെച്ച്.” റോബിയും ചിരിച്ചു. “ എന്താ ഇവിടെ ?”
“നീന എവിടെ ?” നിതിൻ അതു ചോദിച്ചു തീർന്നപ്പോഴേക്കും, നീനയും അവിടെ എത്തിച്ചേർന്നു.
“നിങ്ങൾക്ക് സ്പെഷ്യൽ പ്രൊട്ടക്ഷൻ ഏർപ്പാടു ചെയ്തിട്ടുണ്ട്. സദാ സമയവും ഒരു പോലീസ് ഓഫീസർ നിങ്ങടെ വീട്ടിലുണ്ടാകും. ഇവിടുന്നുള്ള യാത്ര പോലീസ് വണ്ടിയിൽ മതി. ബികോസ്... നിങ്ങളറിഞ്ഞിട്ടുണ്ടോ എന്നറിയില്ല. റെജി കേരളത്തിലെത്തിയിട്ടുണ്ട്. ലിസ്റ്റിലുള്ള ഒരാളെ ഓൾറെഡി തീർത്തു അവൻ. മി. ബെന്നിയെ.”
“ഓ മൈ ഗോഡ്!” നീന ഭയന്ന് മുഖം പൊത്തി.
“ഒന്നു കൊണ്ടും പേടിക്കണ്ട. നീന ഒരു ജീപ്പിൽ നേരേ വീട്ടിലേക്കു പൊയ്ക്കോളൂ. അവിടെയെത്തി എല്ലാം സേഫ് ആണെന്നുറപ്പു വരുത്തിയിട്ടേ പോലീസ് പോകൂ. ഞാനും റോബിയും കൂടി എന്റെ വണ്ടിയിൽ എന്റെ സ്റ്റേഷനിലേക്കു പോകും. എനിക്കു മി. റോബിയോട് ചില കാര്യങ്ങൾ ചോദിക്കാനുണ്ട്.”
“അം...അതു വേണ്ട നിതിൻ... ഞാനും നീനയും ഒരുമിച്ച്...”
“തിരിച്ചിങ്ങോട്ടൊന്നും പറയരുത് പ്ലീസ്.” നിതിന്റെ സംസാരത്തിന്റെ ടോൺ മാറിയത് റോബി ശ്രദ്ധിച്ചു. “നീ ഇപ്പൊ എന്റെ കൂടെ വന്നേ മതിയാകൂ. നീന സേഫ് ആയി വീട്ടിലെത്തിക്കോളും.“
”നോ വേ!“ റോബിയുടെ ഭാവം മാറി. ”തനിക്കെന്നോട് എന്തു ചോദിക്കണമെങ്കിലും എന്റെ വീട്ടിൽ വെച്ചു ചോദിച്ചോളൂ. ഐ ഡോണ്ട് കെയർ. പക്ഷേ, നീന എപ്പൊഴും എന്റെ കൂടെ വേണം. അല്ലാതെ വേറൊരു ഓപ്ഷൻ ചിന്തിക്കുകയേ വേണ്ട. എനിക്കു മാത്രമായിട്ടങ്ങനെ ഒരു പ്രത്യേക പ്രൊട്ടക്ഷൻ വേണ്ട.“
പെട്ടെന്നായിരുന്നു നിതിന്റെ മുഖത്തെ ആ സൗഹൃദ ഭാവം അപ്രത്യക്ഷമായത്.
“മിസ്റ്റർ റോബീ തരകൻ! യൂ ആർ അണ്ടർ അറസ്റ്റ്!!! എന്റെ കയ്യിൽ പേപ്പേഴ്സുണ്ട്. വാറണ്ടുണ്ട്. കയ്യിലിട്ടു തരാൻ ദേ ഇതുമുണ്ട്.” അയാൾ പോക്കറ്റിൽ നിന്നും ഒരു വിലങ്ങ് എടുത്തു കാട്ടി. “മൊട കാണിക്കരുത്. മാത്യൂസ് അല്ല ഞാൻ. ഇനിയിപ്പോ മാത്യൂസ്സ് ആണെങ്കി തന്നെ, അവനും ഇതൊക്കെ തന്നെയേ ചെയ്യൂ. ചെലപ്പൊ ഇവിടെ ഇട്ടു നിന്നെ അവൻ തല്ലി തല പൊളിക്കും. സോ, മര്യാദക്ക് വന്നു വണ്ടിയേ കേറിക്കൊ.”
അപ്പോഴേക്കും ആളുകൾ ശ്രദ്ധിച്ചു തുടങ്ങിയതു കണ്ട നിതിൻ പെട്ടെന്നു തന്നെ റോബിയെ തോളിൽ കയ്യിട്ട് അവിടെ നിന്നും മാറ്റിക്കൊണ്ടു പോയി.
“എനിക്കൊന്നും മനസ്സിലാകുന്നില്ല സർ!!” നീന വിങ്ങിപ്പൊട്ടിക്കൊണ്ട് കൂടെ നടന്ന് അവരോടൊപ്പം എയർ പോർട്ടിനു വെളിയിലെത്തി.
“നീന കഷ്ടപ്പെട്ട് പോയി വക്കീലിനെ കാണാനും ജാമ്യമെടുക്കാനുമൊന്നും നിക്കണ്ട. ജസ്റ്റ് വൺ ഡേ. നാളെ ഞാൻ റോബിയെ തിരിച്ചു കൊണ്ടെയാക്കിക്കോളാം. എനിക്കു ചില കാര്യങ്ങൾ അറിയാനുണ്ട്. അത്ര മാത്രം. റോബി സഹകരിച്ചാൽ, ചിലപ്പോ ഇന്നു തന്നെ ഞാൻ അവനെ തിരിച്ചു വീട്ടിലാക്കിക്കോളാം. ഓക്കേ ?” നിതിൻ ഒരു വനിത പോലീസുകാരിയെ കണ്ണു കാണിച്ചു. അവർ വേഗം വന്ന്, നീനയെ പിടിച്ച് പോലീസ് ജീപ്പിലേക്കു കയറ്റി.
പിന്നീട് നിതിൻ റോബിയുമായി തന്റെ ജീപ്പിലേക്കു നടന്നു.
“ഒരു തരത്തിൽ പറഞ്ഞാൽ, ഇതു നന്നായി.” റോബി ആത്മഗതം പോലെ പറഞ്ഞു. “ഞാൻ നിതിനെ അങ്ങോട്ടു വന്നു കാണാനിരിക്കുവാരുന്നു. ഇത്ര ഡ്രമാറ്റിക്ക് ആയിട്ട് എന്നെ അറസ്റ്റു ചെയ്തോണ്ടു പോവണ്ട യാതൊരു കാര്യോമുണ്ടായിരുന്നില്ല.”
“മിണ്ടാതെ വണ്ടിയിൽ കേറൂ റോബി.” നിതിൻ വളരെ പരുക്കനായി മാറിയിരുന്നു.
***** ***** ***** ***** ***** ***** ***** *****
അന്നു വൈകിട്ട് 7:00 PM
നീന ആകെ അസ്വസ്ഥയായിരുന്നു. എന്താണുണ്ടായതെന്ന് അവൾക്കു യാതൊരു രൂപവും കിട്ടിയില്ല. റോബിയെ അറസ്റ്റു ചെയ്യാനും മാത്രം അവൻ എന്തെങ്കിലും ഒരു കുറ്റ കൃത്യം ചെയ്തിരിക്കുമെന്ന് ചിന്തിക്കാൻ പോലുമാകുന്നില്ല.
അപ്പോൾ കോളിങ്ങ് ബെല്ല് അടിച്ചു. പുറത്തു കാവൽ നിന്നിരുന്ന പോലീസു കാരനാണ്.
“മാഡം, ഒന്നും വിചാരിക്കരുത്...ഇതിപ്പോ, ഞാൻ മാത്യൂസ് സാർ പറഞ്ഞതുകൊണ്ടു മാത്രം ഇങ്ങനെ വന്നു നില്ക്കുന്നതാ. മാഡത്തിന് പ്രൊട്ടക്ഷൻ ഒന്നും ഒഫീഷ്യലായിട്ട് ഏർപ്പാടാക്കിയിട്ടില്ല. റോബി സാറിനു മാത്രേ ഉള്ളൂ. അങ്ങേരാണെങ്കി ഇപ്പൊ കസ്റ്റഡീലാണല്ലോ. ഞാനിവിടെ ചുമ്മാ നിന്നിട്ടിപ്പോ...”
“തനിക്കു പോണെങ്കി പൊയ്ക്കോളൂ...”
“താങ്ക് യൂ മാഡം. എന്റെ കൊച്ചിന് നല്ല സുഖമില്ലേ... അതാണ്. ” അയാൾ തല ചൊറിഞ്ഞു. “മാത്യൂസ് സാറ് സ്ഥലത്തില്ല. അങ്ങേരു വരുമ്പോ ഇനി മാഡം ഇത് പുള്ളിയോട് പറയാൻ നില്ക്കരുത്.”
“ആയ്ക്കോട്ടെ. നോ പ്രൊബ്ളം.” അവൾ വാതിലടച്ചു.
അതൊന്നും അവളെ സംബന്ധിച്ച് ഒരു പ്രശ്നമേ ആയിരുന്നില്ല. റോബിയുടെ അറസ്റ്റാണവളെ വേട്ടയാടിക്കൊണ്ടിരിക്കുന്നത്. മാത്യൂസിനെ വിളിച്ചിട്ട് ആ ഫോൺ നംബർ ഡിസ്കണക്റ്റഡ് ആണെന്നാണ് പറയുന്നത്.
അല്പ്പ സമയം കൂടി കഴിഞ്ഞപ്പോൾ അവൾക്കു ചെറിയ ഭയം തോന്നിത്തുടങ്ങി. ആ വലിയ വീട്ടിൽ തനിച്ചാണല്ലോ. വളരെ പെട്ടെന്ന് ഇരുട്ടായ പോലെ തോന്നി. അവൾ നടന്ന് എല്ലാ മുറികളിലേയും, പുറത്തേയും ലൈറ്റുകൾ ഓൺ ചെയ്തു. ദൂര യാത്രക്കു പോയപ്പോൾ പട്ടികളെ ഒരു നായ് സൂക്ഷിപ്പു കാരനെ ഏല്പ്പിച്ചിരുന്നു. അല്ലെങ്കിൽ, ഒരു ചെറിയ അനക്കമുണ്ടായാൽ പോലും അവർ അറിയിച്ചേനേ.
ഒടുവിൽ ഏതാണ്ട് എട്ടരയോടു കൂടി അവൾ ബെഡ് റൂമിലെത്തി. കുളിച്ച് ഡ്രസ്സ് മാറി കിടക്കയിലേക്കു ചാഞ്ഞു.
നിറഞ്ഞ കണ്ണുകളോടെ അവൾ അവിടെ കിടന്നു പ്രാർത്ഥിക്കാൻ തുടങ്ങി. ശബ്ദമില്ലാതെ അവൾ മനമുരുകി പ്രാർത്ഥിച്ചുകൊണ്ടിരുന്നു. അവസാനമില്ലാത്ത പ്രാർത്ഥന.
അല്പ്പം കഴിഞ്ഞപ്പോൾ അവൾ തിരിച്ചറിഞ്ഞു, തനിക്ക് വല്ലാത്തൊരു മന:ശക്തി കിട്ടിയിരിക്കുന്നു. തുടർച്ചയായുണ്ടായ തിക്താനുഭവങ്ങൾ കൊണ്ടായിരിക്കണം, എന്തും നേരിടാനുള്ള ഒരു കഴിവു താൻ ആർജ്ജിച്ചിരിക്കുന്നു.
അപ്പോഴാണവൾ ആ ശബ്ദം കേട്ടത്... ആരോ വിളിക്കുന്ന പോലെ. വളരെ ശബ്ദം താഴ്ത്തി ആരോ അവളെ വിളിക്കുന്നു.
“ചേട്ടത്തീ...”
അവൾ നടുങ്ങി ചാടിയെണീറ്റ് ചുറ്റും നോക്കി. ആരെയും കാണാനില്ല.... ഒടുവിൽ തോന്നലായിരിക്കുമെന്നു കരുതി വീണ്ടും ബെഡിലേക്കു ചാഞ്ഞപ്പോൾ, അവളുടെ കൈ, തൊട്ടടുത്ത് പുതപ്പിനടിയിൽ എന്തിലോ തടഞ്ഞു.
ഞെട്ടി കൈ വലിച്ച അവൾ കണ്ടു.
പുതപ്പിനടിയിൽ...പുഞ്ചിരിച്ചു കൊണ്ട് അവളോടൊപ്പം കിടക്കുകയായിരുന്നു അയാൾ!
“ചേട്ടത്തിയമ്മേ!” പുഞ്ചിരിയോടെയാണയാൾ വിളിക്കുന്നത്.
തൊണ്ടയിലെ മുറിവു കൊണ്ടാണോ എന്നറിയില്ല, അയാളുടെ സ്വരത്തിന് വല്ലാത്ത പതർച്ച ഉണ്ടായിരുന്നു.
(തുടരും...)

Biju n Alex

കഥയിലെ രാജകുമാരി - അദ്ധ്യായം 1

കഥയിലെ രാജകുമാരി - അദ്ധ്യായം 1
🍂🍁🍂🍁🍂🍁🍂🍁🍂🍁🍂🍁🍂🍁
"പേരില്ലാ രാജ്യത്തെ രാജകുമാരി......
അതിരില്ലാ രാജ്യത്തെ രാജകുമാരാ......
ആരോരും കാണാതെന്‍ അരികെ വരാമോ....
അരികില്‍ ഞാന്‍ വന്നാല്‍ ഇന്നെന്തു തരും നീ.....
ലല ലാലലാലലാ ലാല......"
ദിയ മനസ്സിൽ വീണ്ടും വീണ്ടും ആ നാലുവരി തന്നെ പാടിക്കൊണ്ടേയിരുന്നു.
ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും അമ്മയുടെ തറവാട്ടിലേക്ക് എത്തുന്നതിന്റെ സന്തോഷം അവളുടെ മുഖത്ത് തെളിഞ്ഞു നിന്നിരുന്നു. ബാംഗ്ലൂരിൽ നിന്നും ആലപ്പുഴയിലേക്കുള്ള ബസ് യാത്ര അവളെ വല്ലാതെ മടുപ്പിച്ചിരുന്നുവെങ്കിലും അമ്മയുടെ നാടായ കൈനകരിയിലേക്കുള്ള ബോട്ട് യാത്ര അവളിലെ ഊർജ്ജത്തെ തിരികെ കൊണ്ടുവന്നിരുന്നു.
ഇപ്പോൾ കൈനകരിയിലേക്ക് അരമണിക്കൂർ ഇടവിട്ട് ട്രാൻസ്‌പോർട്ട് ബസുകൾ ഉണ്ടെങ്കിലും കായൽ യാത്രയുടെ സുഖം നന്നായി അറിയാവുന്നതുകൊണ്ട് ദിയ കേരള വാട്ടർ ട്രാൻസ്‌പോർട്ടേഷന്റെ ബോട്ട് തന്നെ തിരഞ്ഞെടുത്തു.
ബോട്ട് യാത്രയുടെ ഗുണം എന്നു പറഞ്ഞാൽ തിരക്ക് കുറവായിരിക്കും. സ്ഥിരമായി പോകുന്ന കുറച്ച് ആൾക്കാർ മാത്രമേ ഉണ്ടാവൂ. അവർ ഒരു കുടുംബം പോലെയാണ്. ചിരിയും കളിയും.. വീട്ടുവിശേഷങ്ങൾ പങ്കുവെക്കലും.. ടൗണിൽ നിന്നും വാങ്ങിയ കപ്പലണ്ടിയും കടലയും പങ്കുവെച്ചു കഴിക്കലും... വർഷത്തിൽ ഒന്നേ വരികയുള്ളൂ എങ്കിലും ദിയക്കിതൊക്കെ പരിചിതമാണ്.
പിന്നെ യാത്രക്കാരായി ഉണ്ടാവുക കുറേ ടൂറിസ്റ്റുകളും. കൈനകരി ഇപ്പോൾ ടൂറിസ്റ്റുകളുടെ പ്രിയ കേന്ദ്രമാണ്. പുതിയ ഹൗസ് ബോട്ട് ടെർമിനൽ മഹാ സംഭവം ആണെന്നൊക്കെയാണ് ചിറ്റേടെ മകൾ നിത്യ കഴിഞ്ഞ തവണ ഫോണിൽ പറഞ്ഞത്. അതൊക്കെ കാണാനും കൂടിയാണ് ഈ യാത്ര.
കുറച്ചു മുൻപ് ബോട്ടിൽ നിന്നും ഇറങ്ങിയ കോളേജ് പിള്ളേർ ഉച്ചത്തിൽ പാട്ടൊക്കെ വെച്ചാണ് ഇരുന്നത്. മറ്റുള്ള യാത്രക്കാർ അത് ആസ്വദിക്കുകയും ചെയ്തിരുന്നു. അതിനിടയിൽ എപ്പോഴോ കേട്ട ഒരു പാട്ടിലെ നാല് വരികൾ ദിയയുടെ മനസ്സിൽ പതിഞ്ഞുപോയി. അവർ പോയതിനു ശേഷവും അവളുടെ മനസ്സ് ആ വരികൾ വീണ്ടും വീണ്ടും പാടുകയാണ്. ബാക്കി വരികളൊന്നും ഓർമയിൽ കിട്ടുന്നില്ല.. തുടക്കവും ഒടുക്കവും അറിയാത്ത ഒരു പാട്ടിന്റെ നാല് വരികൾ പാടുന്ന തന്റെ അനുസരണയില്ലാത്ത മനസ്സിനെയോർത്തു അവൾക്ക് ചിരി വന്നു.
ബോട്ട് മീനപ്പള്ളി കായലിലേക്ക് കടന്നപ്പോൾ നാലുവശത്തുനിന്നും കാറ്റ് വീശുവാൻ തുടങ്ങി. പരന്നു കിടക്കുന്ന വട്ടക്കായലാണത്... ചുറ്റിനും കേരവൃക്ഷങ്ങൾ അതിരിടുന്ന ചിറകൾക്കുള്ളിൽ നെൽച്ചെടിയുടെ പച്ചപ്പ്... പണ്ടൊരു മഹാമനുഷ്യൻ ചിറ കെട്ടി കായലിനെ പിടിച്ചൊതുക്കി വെള്ളം തേകി നിലമൊരുക്കി നെൽകൃഷി ചെയ്ത കഥ അമ്മൂമ്മ പറഞ്ഞു തന്നപ്പോൾ കണ്ണുമിഴിച്ചാണ് കേട്ടിരുന്നത്.
നീലപ്പട്ടു അലസമായി നിവർത്തിയിട്ട പോലെ നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന വട്ടക്കായൽ. അതിൽ അവിടിവിടെയായി നിർത്തിയിട്ടിരിക്കുന്ന നിരവധി ഹൗസ് ബോട്ടുകൾ പൊട്ടുകൾപോലെ തോന്നി അവൾക്ക്. നീലക്കായലിന്റെ ഭംഗി തന്റെ കണ്ണുകൾ ആവോളം നുകർന്നുകൊണ്ടിരിക്കെ അമ്മൂമ്മയുടെ വാക്കുകൾ ഓർമ്മ വന്നു...
"കായലിലേക്ക് അധിക സമയം നോക്കി ഇരിക്കരുത് കുട്ടി.... അതിനൊരു വശ്യത ഉണ്ട്. നോക്കി ഇരിക്കെ അത് നമ്മെ മാടി വിളിക്കും. പാതി ബോധത്തിൽ അവളിൽ ചേർന്നലിയാൻ വെമ്പി നമ്മൾ വെള്ളത്തിലേക്ക് ചാടും.... ഒരു ചുഴിപോലെ ആഴങ്ങളിലേക്ക് അവൾ നമ്മെ വരിഞ്ഞു കൊണ്ടുപോകും..പിന്നെ മൂന്നാം പക്കമേ അവൾ നമ്മളെ തിരികെ വിടൂ..."
അതോടൊപ്പം കായലിലൂടെ ഒഴുകി നടക്കുന്നൊരു സ്ത്രീശരീരം അവളുടെ മനസ്സിലേക്ക് ഓടിയെത്തി..
"അമ്മ...."
ആ ഓർമ്മയിൽ അവളുടെ കണ്ണുകളിൽ ഒരു നനവ് പടർന്നു. അവൾ കണ്ണുകൾ അടച്ചിരുന്നു.
ബോട്ട് മുന്നോട്ടു നീങ്ങും തോറും തുറന്ന വശങ്ങളിലൂടെ നീർ മുത്തുകൾ അവളുടെ മുഖത്തേക്ക് തെറിച്ചു. ഒരു നനുത്ത സ്പർശം പോലെ അത് അവളുടെ മുഖത്തെ തഴുകിക്കൊണ്ടിരുന്നു. അവളുടെ മനസ്സപ്പോൾ ശൂന്യമായിരുന്നു. പാടിക്കൊണ്ടിരുന്ന പാട്ടും അവളിൽ നിന്ന് അകന്നു പോയിരുന്നു.
ഒരു ദീർഘനിശ്വാസത്തോടെ കണ്ണു തുറന്നപ്പോൾ ബോട്ട് വട്ടക്കായലിൽ നിന്നും വീതിയുള്ളൊരു ആറ്റുവഴിയെ തിരിഞ്ഞിരുന്നു. ഇരുവശങ്ങളിലും ഇപ്പോൾ വീടുകൾ കാണാം. ആറ്റിൽ കുളിക്കുന്ന കുട്ടികൾ...., തുണി അലക്കുന്ന സ്ത്രീകൾ..., വല വീശുന്ന പുരുഷന്മാർ..... ദിയ വീണ്ടും സന്തോഷവതിയായി.
മൂക്ക്‌ വിടർത്തി ആഞ്ഞു ശ്വാസം എടുത്ത അവൾക്ക് പെട്ടെന്ന് പുക നിറഞ്ഞ ബാംഗ്ലൂർ തെരുവുകൾ ഓർത്തു ശ്വാസം മുട്ടി. എങ്കിലും ആ പുകമറകൾക്കിടയിലൂടെ തന്നെ തേടിയെത്തുന്ന രണ്ടു വെള്ളാരം കണ്ണുകൾ ഓർത്തപ്പോൾ അവളിൽ വീണ്ടും പുഞ്ചിരി പടർന്നു.
ഇത്തവണ നാട്ടിലേക്കുള്ള വരവിന് ഒരു പ്രത്യേകത കൂടി ഉണ്ട്. അച്ഛനും രണ്ടാനമ്മയും, ആ ബന്ധത്തിൽ അവർക്കുണ്ടായ..., തന്നെ എപ്പോഴും "ബ്ലഡി സ്റ്റെപ് സിസ്റ്റർ" എന്നു വിശേഷിപ്പിക്കുന്ന ആറു വയസ്സിനു ഇളയ അനുജൻ ദർഷനും, ജീവനു തുല്യം സ്നേഹിക്കുന്ന കൂട്ടുകാരികളും അറിയാതെ കോളേജ് ജീവിതത്തിലെ അവസാന വർഷം മുഴുവൻ താൻ മനസ്സിൽ ഒളിപ്പിച്ച വെള്ളാരം കണ്ണുകളുടെ രഹസ്യം അമ്മ വീട്ടുകാരുടെ മുൻപിൽ ചുരുൾ നിവർത്തണം.
തന്റെ വെള്ളാരം കണ്ണുകൾ ഉള്ള കാമുകനെ കാട്ടികൊടുക്കുമ്പോൾ നിത്യയുടെ കണ്ണുകളിൽ തെളിയുന്ന അസൂയ...., അമ്മൂമ്മയുടെ കണ്ണുകളിലെ സന്തോഷം....., ചിറ്റയുടെ അത്ഭുതപ്പെട്ടുള്ള നിൽപ്പും..., ചിറ്റപ്പന്റെ മുഖത്തു ആളെ ഇഷ്ട്ടായി എന്ന സൂചകമായി തെളിയുന്ന സംതൃപ്തിയുടെ ചിരിയും ഓർത്തപ്പോൾ ദിയക്ക് വീട്ടിലെത്താൻ ധൃതിയായി.
തന്റെ ഇഷ്ട്ടങ്ങൾക്കൊക്കെ വിലകല്പിക്കുകയും അത് തനിക്കായി നേടിത്തരാനും അമ്മ വീട്ടുകാർ മാത്രമല്ലേ ഉളളൂ എന്ന ചിന്ത അവളിൽ സങ്കടം നിറച്ചില്ല. കാരണം തന്റെ നാലാം വയസ്സിൽ അമ്മ മരിച്ച ശേഷം ഉടൻ തന്നെ നടന്ന അച്ഛന്റെ രണ്ടാം വിവാഹത്തിന്റെ അന്നു തൊട്ടു അവളുടെ ആഗ്രഹങ്ങൾക്കോ ഇഷ്ട്ടങ്ങൾക്കോ അച്ഛൻ വിലകല്പിക്കാതെയായി.
വളർന്നു വരുംതോറും അമ്മയുടെ മുഖച്ഛായ കൂടുതൽ പ്രതിഭലിപ്പിക്കുന്നു എന്ന കാരണത്താൽ അച്ഛനും രണ്ടാനമ്മയും അവളെ കൂടുതൽ വെറുത്തു പോന്നു. ഓർമിക്കാൻ ഇഷ്ട്ടമില്ലാത്ത ഒരു ഭൂതകാലം ഓർമിപ്പിച്ചു തന്റെ ഛായ അവരെ അലോസരപ്പെടുത്തുന്നു എന്നവൾ പണ്ടേ മനസ്സിലാക്കിയിരുന്നു.
ആ ഭൂതകാലത്തിന്റെ കറുത്ത ഓർമ്മകൾ ദിയയിലും മങ്ങാതെ കിടപ്പുണ്ടെന്ന കയ്ക്കുന്ന രഹസ്യത്തിന് ദിയയുടെ ഓർമ്മകളോളം പഴക്കം. പക്ഷേ ദിയ ഇന്നും അത് ഓർക്കുന്നു എന്നുള്ള സത്യം വേറെ ആർക്കും അറിയില്ല. ആ ഭൂതകാലത്തിന്റെ ഓർമ്മ മനസ്സിൽ തടഞ്ഞുവെക്കുന്നതിന്റെ പ്രതിഫലം അവളുടെ ജീവനാണ്.
അവളുടെ മനസ്സപ്പോൾ നിശ്ചലമായ ഒരു പുഴയിലേക്ക് കല്ലു വീണപ്പോൾ ഉണ്ടാകുന്ന ഓളങ്ങൾ പോലെ അശാന്തമായിരുന്നു.
ബോട്ട് പോവുമ്പോൾ ഉണ്ടാകുന്ന കനത്ത ഓളങ്ങളിൽപ്പെട്ടു ഉലയാതെ തന്റെ കൊതുമ്പുവള്ളം തുഴയുടെ വിദഗ്ദ്ധമായ ചലനങ്ങളിലൂടെ നിയന്ത്രിക്കുന്ന വള്ളക്കാരനെ കണ്ടപ്പോൾ ദിയക്ക് തന്നെത്തന്നെ കാണുന്ന പോലെ തോന്നി. ഓർമ്മകളുടെ അശാന്തമായ ഓളങ്ങളിൽ വീണുലയാതെ തന്റെ മനസ്സിനെ നിയന്ത്രിക്കാൻ അവൾ മിടുക്കിയായിരുന്നു.
ദൂരെ ഒരു പള്ളിയുടെ കുരിശടയാളം പച്ചവിരിച്ച വൃക്ഷങ്ങൾക്കും തെങ്ങുകൾക്കും മീതേ കണ്ടുതുടങ്ങിയപ്പോൾ ദിയയുടെ ഹൃദയം സന്തോഷത്തിന്റെ പെരുമ്പറ കൊട്ടാൻ തുടങ്ങി. അവൾ ദേഹത്തിനു കുറുകെ തന്റെ പീച്ച് കളറിലെ സ്ലിങ് ബാഗ് എടുത്തു ഇട്ടു. ഒരു കയ്യുകൊണ്ട് പുറത്തു തൂക്കിയിടുന്ന ബാഗിലും മറു കയ്യുകൊണ്ട് തന്റെ ലഗ്ഗേജ് ബാഗിന്റെ പിടിയിലും അവൾ തെരുപ്പിടിച്ചു.
പ്രിയപ്പെട്ടവരുടെ അടുത്തേക്കുള്ള യാത്ര അവസാനിക്കാൻ ഇനി അല്പ സമയം കൂടി മാത്രം...
"ചാവറ ജെട്ടി ഇറങ്ങാനുള്ളവർ പോന്നേക്കു...." കാക്കിയിട്ട ബോട്ട് മാസ്റ്ററുടെ വിളിച്ചു പറയൽ കേട്ടതും അവൾ ബാഗുകളുമായി വാതിലിനടുത്തേക്ക് നീങ്ങി. ബോട്ടിന് നടുവിലെ എൻജിന്റെ ചുറ്റുമുള്ള തടികൊണ്ടുള്ള മറയിൽ പിടിച്ച് അവൾ എൻജിന്റെ വിറയലിനോടൊപ്പം തരിക്കുന്ന കാലുകൾ നിലത്തൂന്നി ജെട്ടിയിലേക്ക് നോക്കിക്കൊണ്ട് നിന്നു.
അവളുടെ മനസ്സപ്പോൾ മറന്നു പോയ വരികൾ വീണ്ടും പാടിത്തുടങ്ങിയിരുന്നു...
"പേരില്ലാ രാജ്യത്തെ രാജകുമാരി......
അതിരില്ലാ രാജ്യത്തെ രാജകുമാരാ......
ആരോരും കാണാതെന്‍ അരികെ വരാമോ....
അരികില്‍ ഞാന്‍ വന്നാല്‍ ഇന്നെന്തു തരും നീ.....
(തുടരും.....)

Revathy

* ഒന്ന് ...രണ്ട്..മൂന്ന്..പത്ത് ..സാറ്റ്*

* ഒന്ന് ...രണ്ട്..മൂന്ന്..പത്ത് ..സാറ്റ്*
“ഒന്ന്..രണ്ട്..മൂന്ന്...........പത്തേ..! .ചിഞ്ചു...ഒളിച്ചോ ?!” അയാളും മോളും സാറ്റ് കളിക്കുകയാണ്.
വാതിലിന് പിറകിൽ കൂനിക്കൂടി നിൽക്കുന്ന മോളെ കണ്ടില്ലെന്നു ഭാവിച്ചു "എവിടെ...എവിടെ" എന്ന് പറഞ്ഞയാൾ മുറികളിലെല്ലാം തപ്പി നടന്നു. പിന്നെ, തല പുറത്തേക്കിട്ടു നോക്കുന്ന മോളെ പെട്ടെന്ന് വെട്ടിച്ചു നോക്കി " കണ്ടേ....സാറ്റ് ..." എന്നുറക്കെ വിളിച്ചുകൂവി. കുലുങ്ങിക്കുലുങ്ങി ചിരിക്കുന്ന മോളെ എടുത്തുയർത്തി അയാൾ ഉമ്മ വെച്ചു.
"ഇനി അച്ഛൻ ഒളിച്ചേ.. ഒന്നെ ..രണ്ടെ ..മൂന്നെ .... ......."
സാറ്റ് കളിക്കുന്ന അച്ഛനും മകൾക്കും ലോകത്തെവിടെയും ഒരേ ഭാവമായിരിക്കും. അയാൾ ചിന്തിക്കാൻ തുടങ്ങി.
"അച്ഛാ ....നിക്ക് വേഗം വലുതാവണം ..." മോൾ അയാളുടെ കഴുത്തിൽ കൈകൾ ചുറ്റി.
"അതെന്തിനാ കാന്താരി ? "
"അതേ...അനുചേച്ചി പോകുമ്പോലെ ക്കൂളിൽ പോണം..നിക്ക് മഞ്ഞ ബേഗാ വേണ്ടത് ട്ടാ അച്ഛാ .."
അപ്പോൾ ഒരു പത്തു വയസ്സുകാരൻ പാട വരമ്പിലിരുന്നു വെറുതെ ആകാശം നോക്കാൻ തുടങ്ങി. മേഘക്കൂട്ടങ്ങൾ ഒഴുകി നീങ്ങുമ്പോൾ കൂടെ കൂട്ടാൻ കാറ്റിനോട് പറയും...കാറ്റ് കുസൃതി കാട്ടി പിടി തരാതെ അവനെ വട്ടം കറക്കും. അപ്പോൾ അവൻ കാറ്റിനോട് കുറുമ്പ് കാണിച്ചു തോട്ടിലെ വെള്ളത്തിലേക്ക് എടുത്തു ചാടും.. തണുത്ത വെള്ളം മേലാകെ മൂടിക്കഴിയുമ്പോൾ കാറ്റ് വന്നു വീണ്ടും അവനെ ഇക്കിളിപ്പെടുത്തും... കാറ്റിനെ തോൽപ്പിക്കണമെങ്കിൽ വലുതാവണം.വലുതാവാൻ മീശ വേണമെന്ന് കൂട്ടുകാർ അവനോടു പറഞ്ഞിട്ടുണ്ട്. വീട്ടിലെത്തി ആരും കാണാതെ അച്ഛന്റെ മേശയിൽ നിന്ന് ബ്ലേഡ് എടുത്തു ചുണ്ടിനു മീതെ അങ്ങോട്ടും ഇങ്ങോട്ടും ഉരച്ചു..ചോര പൊടിഞ്ഞു…
അയാൾ മോളെ അസൂയയോടെ ഒന്ന് നോക്കി...പിന്നെ വേദനയോടെ .. .അയാൾ തന്നെ വാങ്ങിച്ച തൊങ്ങലുകളുള്ള ഇളം പച്ച ഞൊറിയുടുപ്പ് വലുതാവുന്നതായി അയാൾ കണ്ടു..പിന്നെ അവൾക്കൊരു ചിറക് മുളക്കുകയും ഒരു പുഞ്ചിരി മാത്രം പകരമായി തനിക്ക് തന്നു എങ്ങോ അവൾ പറന്നുപോകുകയും ചെയ്തു..
മോളെയും കൂട്ടി അയാൾ മുറ്റത്തെ തൈമാവിന്റെ ചുവട്ടിൽ നിന്നു.
"അച്ഛൻ അപ്പൂപ്പന്റെ കൂടെ സാറ്റ് കളിച്ചിട്ടുണ്ടോ ?"
പത്തു വയസ്സുള്ളപ്പോൾ അയാൾ നട്ട മാവാണ് അത്...അതിന്റെ ചില്ലകൾ ഇപ്പോൾ സ്വപ്നങ്ങൾ തേടി ആകാശത്തേക്ക് കയറിപ്പോവുകയാണ് - മണ്ണിലുള്ള വേരുകളെ മറന്നുപോയതുപോലെ.
"അപ്പൂപ്പൻ രാവിലെ വയലിലേക്ക് പോയാൽ വൈകുന്നേരമാവും വരാൻ..വന്നു കുളിച്ചു അമ്മുമ്മയുമായി കുറച്ചു നേരം വഴക്കടിക്കും.. പിന്നെ കുറച്ചു സമയം ചിരിക്കും..പിന്നെ ചോറ് തിന്നും. ..കിടക്കും ..വീണ്ടും പിറ്റേന്ന് ഇങ്ങിനെ തന്നെ.. "
അച്ഛൻ കർക്കിടക മഴയുമായി സാറ്റ് കളിക്കുന്നതിന്റെ നേർത്തൊരു നിഴൽ ചിത്രം അയാളുടെ ചുണ്ടിൽ പുഞ്ചിരിയായി പടർന്നു..
"അച്ഛാ...അമ്മ പറഞ്ഞത് എന്താന്നറിയോ?! അഞ്ചു ഉരുള ചോറ് തിന്നാൽ വേഗം വെല്താവുന്നാ...ഞാനേ വെല്തായാൽ അച്ഛന് ചോറും കറിയൂം വെച്ച് തരും ട്ടാ "
അയാൾ മനസ്സിൽ ചിരിച്ചു. തൈമാവിൻറെ ചില്ലകളും ചിരിച്ചു. അനിയത്തി പണ്ട് അച്ഛനോടും ഇത് പറഞ്ഞിരുന്നു..പഠിത്തം കഴിയുന്നത് വരെ അവൾ അടുക്കളയിൽ കയറിയിട്ടില്ല..പഠിത്തം കഴിഞ്ഞു കെട്ടിക്കൂട്ടി കൊണ്ടുപോകുന്നതിന് കുറച്ചു ദിവസം മുൻപ് അടുക്കളയിൽ പരിശീലന മുറകൾ ഏറെ നടന്നു..അച്ഛനന്നത് രുചിക്കാൻ സമയമില്ലായിരുന്നു.
-------------------
അച്ഛൻ മകളെ പ്രാപിച്ച കഥകൾ.... മകൾ അച്ഛനെ കാമിച്ച കഥകൾ - കാറ്റ് എന്നും ചീഞ്ഞ മണമാണ് പെട്ടെന്ന് കൊണ്ടുവന്നു തരിക.
രാവിൻറെ രൗദ്രതയോർത്തു ആരും നിലാവിനെ പ്രണയിക്കാതിരുന്നിട്ടില്ല
തിരകൾ വല്ലപ്പോഴും തകർക്കാൻ വരാറുണ്ടെന്ന് കരുതി കടലിനെ ആരും സ്നേഹിക്കാതിരുന്നിട്ടില്ല
അതുകൊണ്ട് -
തന്റെ വീടിന്റെ ജനൽപ്പാളികൾ തുറക്കുമ്പോൾ എന്നും മകളുടെ മുഖം തെളിയുന്ന ഒരു സ്വപ്നം അയാൾ കരുതിവെക്കട്ടെ.
വേറെ വീട്ടിൽ നിന്ന് 'വലിയ' പെൺകുട്ടിയായി വല്ലപ്പോഴും പിതാവിനെത്തേടി വരുമ്പോൾ അവളെ പൂമുഖത്തു ചെന്ന് കൈ പിടിച്ചു ചേർത്തണച്ചു നിർത്തട്ടെ, നിറുകയിൽ ഉമ്മവെക്കട്ടെ....വീണ്ടും വീണ്ടും ഉമ്മ വെക്കട്ടെ. അയാളുടെ സ്നേഹക്കണ്ണീര് അവളുടെ കവിളിൽ ഒഴുകട്ടെ.. ..മെല്ലെയവൾ നക്ഷത്രക്കണ്ണുള്ള, കുഞ്ഞുടുപ്പിട്ട മകളായി മാറട്ടെ. എന്നിട്ടവൾ അച്ഛനോട് പറയട്ടെ
"ഒന്ന്...രണ്ട്..മൂന്ന്.....പത്തേ...അച്ഛാ ..ഒളിച്ചോ ? "
----------
"..അച്ഛാ...അയ്യേ...ആച്ഛനെന്താ കരയുന്നെ...?!"
കാരണമില്ലാതെ കരയുന്നത് കണ്ടപ്പോൾ മോൾ അയാളുടെ കവിളിൽ വിരലോടിച്ചു, പിടിച്ചു നിർത്തിയിരുന്ന കണ്ണീർ അവളുടെ കവിളിനെ തലോടി. പിന്നെയവിടെ നാലു കണ്ണുകൾ ഒറ്റ പുഴയായി ഒഴുകാൻ തുടങ്ങി..
മക്കൾ ആകാശത്തിന്റെ ചെരുവിലേക്ക് പറക്കാൻ ചിറകുകൾ തുന്നികൊണ്ടിരുന്നപ്പോൾ പിതാക്കൾ അവരുടെ കുസൃതിക്കണ്ണുകളിലേക്ക് തങ്ങളുടെ ലോകത്തെ ചുരുട്ടി വെച്ചു കീഴടങ്ങി. ഒരാളുടെ സ്വപ്‍നം വേറൊരാൾക്ക് സ്വന്തമാക്കാൻ കഴിയില്ല.. മകൾക്ക് മകളുടെ സ്വപ്നമുണ്ട്...അതിന്റെ അവകാശി അവളാണ് പിതാവിന്റെ സ്വപ്നം പിതാവിന്റേത് മാത്രമാണ്.. നഷ്ടമാവുന്നു എന്നത് തോന്നൽ മാത്രമാണ്..സത്യത്തിൽ ഇരുവരും നേടുകയാണ് - സ്നേഹം എന്ന കടൽ
അപ്പോൾ , ദൂരെ ദൂരെ പല ദിക്കുകളിൽ കൊച്ചു പെൺകുട്ടികളും അവരുടെ പിതാക്കളും സാറ്റ് കളിച്ചു കൊണ്ടിരുന്നു - മലഞ്ചെരുവുകളിൽ, പുഴയോരങ്ങളിൽ, വയലേലകളിൽ, മരുപ്പച്ചകളിൽ, പട്ടണ നടുവിൽ, ബോംബുകൾ വർഷിക്കുന്ന പുരാതന നഗരികളിൽ, മലവും മൂത്രവും തളം കെട്ടി നിൽക്കുന്ന ഗല്ലികളിൽ... തീർത്തും ആഹ്ലാദത്തോടെ, നിസ്വാർത്ഥരായി...
അച്ഛന്റെ മകളാണ് -
ഒരു പുരുഷൻ മറ്റൊരു പുരുഷന് വേണ്ടി കണ്ണ് ചിമ്മാതെ കാത്തുസൂക്ഷിക്കുന്ന ഭൂമിയിലെ അമൂല്യമായ ഒരേ ഒരു നിധി.
(ഹാരിസ്)

ഏപ്രിൽ ഫൂൾ..

ഏപ്രിൽ ഫൂൾ......
................................................
ഏപ്രിൽ ഫൂൾ,വിഡ്ഡിദിനം...ആൾക്കാരെ പറ്റിക്കാനും സ്വയം പറ്റിക്കപ്പെടാനുമുള്ള ദിവസം.. തലേന്ന് രാത്രിയിൽ തന്നെ നാളെ ആരെയാണ് പറ്റിക്കേണ്ടത് എന്ന് തീരുമാനിച്ചിട്ടുണ്ടാവും..എന്നാൽ അവർ നമ്മളെക്കാൾ ഒരു പടി മുന്നിലായി നമ്മളെ പറ്റിക്കും..ഏപ്രിൽ ഫൂൾ ആണെന്നറിഞ്ഞ് കൊണ്ടു തന്നെ പറ്റിക്കപ്പെട്ടവർ ധാരാളം.. അങ്ങനെ എനിക്കും പല അബദ്ധങ്ങൾ പറ്റിയിട്ടുണ്ട്...
വീടിനടുത്ത് ഒരു കള്ളുഷാപ്പും റേഷൻകടയുമുണ്ട്...പല വിഡ്ഡിദിനങ്ങളിലും കള്ളുഷാപ്പിൻ്റെ ബോർഡ് റേഷൻ കടയിലും റേഷൻ കടയുടെ ബോർഡ് കള്ളുഷാപ്പിലുമായിരിക്കും ഉണ്ടാകുക..
രാവിലെ പാൽ സൊസൈറ്റിയിലേക്ക് പാൽ കൊണ്ടു പോകുമ്പോഴാണ് ഞാനാ കാഴ്ച കാണുന്നത്..നേരം ശരിക്കും വെളുക്കാത്തതിനാൽ ടോർച്ചിൻ്റെ വെളിച്ചത്തിലാണ് ഞാനാ കാഴ്ച കണ്ടത്..ഒരു പണ പേഴ്സ് റോഡിൻ്റെ ഓരത്ത് വീണു കിടക്കുന്നു.. അന്നത്തെ കാലത്ത് ഒരു രൂപ പോലും ഞങ്ങളെ സംബന്ധിച്ച് വിലപ്പെട്ടതാണ്.. അപ്പോൾ പിന്നെ ഒരു പണ പേഴ്സ് വീണു കിട്ടിയാലുള്ള അവസ്ഥ എന്തായിരിക്കും.. ഞാനത് എടുക്കാനായി കുനിച്ചതും അത് അല്പം നീങ്ങി..ഞാൻ ചുറ്റും നോക്കി ആരെയും കാണുന്നുമില്ല.. എനിക്ക് തോന്നിയതാകുമെന്ന് കരുതി വീണ്ടും അതെടുക്കാൻ ശ്രമിച്ചു.. അപ്പോഴും അത് നീങ്ങുന്നു.. അങ്ങനെ രണ്ടുമൂന്നു തവണ നീങ്ങിയതിന് ശേഷം അത് ഞാൻ കൈകലാക്കി..അപ്പോൾ അതിൻ്റെ തുമ്പത്ത് ചെറിയൊരു നൂല് കെട്ടിയിട്ടുണ്ടായിരുന്നു..അന്നേരവും ഞാൻ പറ്റിക്കപ്പെടുകയാണെന്നും അന്നേ ദിവസം ഏപ്രിൽ ഫൂളാണെന്നും ഞാൻ ഓർത്തില്ല..നൂല് പൊട്ടിച്ചു കളഞ്ഞ് ഞാൻ വേഗം ആ പേഴ്സ് ട്രൗസറിൻ്റെ പോക്കറ്റിൽ തിരുകി..എൻ്റെ മനസ്സിൽ പലവിധ ചിന്തകളും ഉയർന്നു..ആ പണമുപയോഗിച്ച് ബിസിനസ് ചെയ്യുന്നതും വലിയ പണകാരനായി കാറിൽ വന്നിറങ്ങുന്നതും,ഇനി മുതൽ രാവിലെയുള്ള ഈ ഉറക്കം കളഞ്ഞുള്ള സൊസൈറ്റിയിൽ പോകുന്നതും ഒഴിവാക്കണം തുടങ്ങിയ സ്വപ്‌നം കണ്ട് സൊസൈറ്റിയിൽ എത്തിയത് അറിഞ്ഞില്ല...എങ്ങനെയെങ്കിലും വീട്ടിലെത്തിയാൽ മതിയെന്നായി..പൊതുവെ പാലു കൊണ്ടു പോയാൽ കൃത്യമായി അളവ് നോക്കിയിരുന്ന ഞാനന്ന് എങ്ങനെ വേണമെങ്കിലും അളന്നോ എന്ന രീതിയിൽ സൊസൈറ്റിയിലെ ബാലേട്ടനെ നോക്കി..തിരിച്ചു വീട്ടിലേക്ക് നടക്കുമ്പോഴാണ് പേഴ്സ് വീണു കിടക്കുന്ന സ്ഥലത്ത് കുറച്ച് ആൾക്കാർ കൂടി നില്ക്കുന്നത് കണ്ടത്. ആ കാഴ്ച കണ്ടപ്പോഴെ എൻ്റെ ഉള്ളൊന്ന് കിടുങ്ങി..എന്നെ കണ്ടപ്പോഴെ
"ദാ ഓനാ എടുത്തത് ഞാൻ കണ്ടതാ"
എന്നു പറഞ്ഞ് ഒരാളെൻ്റെ നേർക്ക് കൈ ചൂണ്ടി..
"ഡാ..നീയാണല്ലേ..ഈട കിടന്ന പേഴ്സ് എടുത്തത്..കള്ളാ.."
കൂട്ടത്തിലുള്ള മറ്റൊരാളുടെ ശബ്ദമുയർന്നു..
പേടിച്ചു വിറച്ച എനിക്ക് ശബ്ദം പുറത്തു വന്നില്ല..ഞാൻ കരയുമെന്നായി
"ഞാൻ ഒന്നും കട്ടിട്ടില്ല..എനക്ക് ഈട്ന്ന് ബീണ് കിട്ടിയതാണ്" കീശയിൽ നിന്ന് പേഴ്സെടുത്ത് ഞാനായാൾക്ക് കൊടുത്തപ്പോൾ എല്ലാവരും കൂടി പൊട്ടി ചിരിച്ചു..
പേഴ്സ് വാങ്ങിയാൾ അത് തുറന്ന് എന്നെ കാണിച്ചു.. അതിലുണ്ടായിരുന്നത് ഉത്സവ ചന്തകളിൽ നിന്ന് വാങ്ങുന്ന പണത്തിന്റെ ചിത്രങ്ങൾ പ്രിൻ്റ് ചെയ്തിരുന്ന പേപ്പറുകൾ ആയിരുന്നു..
"എടാ..പൊട്ട..ഇന്ന് ഏപ്രിൽ ഫൂളാണ്..പേഴ്സിൻ്റെ അറ്റത്ത് നൂല് കെട്ടിയിട്ടും നിനക്കത് മനസ്സിലായില്ല...പൊട്ടൻ".അങ്ങനെ ഒന്നാന്തരമായി ഞാനൊരു വിഡ്ഡിയായി..അതിനു ശേഷം എല്ലാ ഏപ്രിൽ ഫൂൾ ദിനത്തിലും ആ വഴി പോകുമ്പോൾ ഒരു അല്പം ശ്രദ്ധ കൊടുക്കാറുണ്ട്.
വർഷങ്ങൾക്ക് ശേഷം ഇതു പോലെയുള്ള ഒരു ഏപ്രിൽ ഫൂൾ ദിനം..സ്ഥലം മേൽപ്പറഞ്ഞ പ്രദേശം..രാവിലെ പതിവ് പോലെ സൊസൈറ്റിയിലേക്ക് പോയി..പാലൊക്കെ അളവ് കഴിഞ്ഞ് ഇരിക്കുമ്പോഴുണ്ട് ഒരു തമിഴൻ ലോറി ഡ്രൈവർ ഓടി കിതച്ചു സൊസൈറ്റിയിലേക്ക് വരുന്നത്..മൂപ്പര് നല്ലവണ്ണം കിതയ്ക്കുന്നുണ്ട്..
"അണ്ണേ...അണ്ണേ..അങ്കെ ഒരാൾ മറത്തിക്ക് മേലെ സൂയിസൈഡ് പണ്ണിയാച്ച്"
"എവിടെ?"
"അങ്കെ..കീളെ"
ഇപ്പോൾ അതുവഴിയാണ് വന്നത് എന്നിട്ടും ഞാൻ കണ്ടില്ലല്ലോ എന്ന് ചിന്തിച്ചു..
സൊസൈറ്റിയിലേക്ക് പാല് വാങ്ങാൻ വന്നവരും കൊടുക്കാൻ വന്നവരും സൊസൈറ്റി ജീവനക്കാരും സൊസൈറ്റിയുടെ ഷട്ടർ പോലും താഴ്ത്താതെ തമിഴൻ പറഞ്ഞ സ്ഥലത്തേക്ക് ഓടി...അവിടെയെത്തിയപ്പോൾ ഒരാൾ ഒരു കശുമാവിൻ്റെ ചുവട്ടിലിരുന്ന് ചിരിക്കുന്നു..കൈയ്യിൽ ഒരു ചെറിയ കഷ്ണം കയറുമുണ്ട്...എല്ലാവരെയും വിഡ്ഡികളാക്കി കൊണ്ട് ആ മനുഷ്യൻ(പേര് തല്ക്കാലം പറയുന്നില്ല)ഉറക്കെ വിളിച്ച് പറഞ്ഞു...
'ഏപ്രിൽ ഫൂൾ...'
പത്തുപതിനഞ്ച് പേരെ ഒറ്റയടിക്ക് വിഡ്ഡികളാക്കി കൊണ്ടുള്ള അയാളുടെ ചിരി ചിലരെ ദേഷ്യം പിടിപ്പിച്ചെങ്കിലും പറ്റിപോയ വിഡ്ഡിത്തം ഓർത്ത് ജാള്യത നിറഞ്ഞ മുഖവുമായി ഓരോരുത്തരും പതുക്കെ സ്ഥലം കാലിയാക്കി...പിന്നീട് പലപ്പോഴും ഈ കഥ പറഞ്ഞ് നമ്മൾ കഥാനായകനെയും തിരിച്ചും കളിയാക്കാറുണ്ട്...
ബിജു പെരുംചെല്ലൂർ

രക്തപവിഴം-ഭാഗം 3


“ചാര്‍ളി ഈ മാപില്‍ സൂക്ഷിച്ചുനോക്കൂ “ ചാര്‍ളി പോളിന്റെ കൈയ്യില്‍നിന്നും മാപ് തിരിച്ചുവാങ്ങി അതിലേയ്ക്ക് സൂക്ഷിച്ചുനോക്കി
“ഈ ഡാര്‍ക്ക്‌ ഷെയിഡ് ? “ മാപിലെ ചില ഭാഗത്ത് ഉണ്ടായിരുന്ന ഡാര്‍ക്ക്‌ ഷെയിഡ്സ് കാണിച്ചുകൊണ്ട് ചാര്‍ളി പോളിനോട് ചോദിച്ചു
“യെസ് അത് തന്നെ ചാര്‍ളി ..ആ ഡാര്‍ക്ക്‌ ഷെയിഡിലാണ് നമ്മള്‍ തേടുന്നത് ഒളിഞ്ഞുകിടക്കുന്നത്..അതെന്തെന്നു അറിയാന്‍ നമ്മുക്ക് ഇതിന്‍റെ ഒറിജിനല്‍ മാപ് കിട്ടിയേ പറ്റൂ “
“ഒറിജിനല്‍ മാപ് ? അതെവിടെ നിന്ന് കിട്ടും അമ്മാവാ ? “
“അത് കണ്ടെത്തണം ചാര്‍ളി “ പോള്‍ കാര്‍ സ്റ്റാര്‍ട്ട്‌ ചെയ്തു.
ഗേറ്റിന് മുകളില്‍ ആര്‍ച്ചുപോലെ തീര്‍ത്തിരിക്കുന്ന ബോര്‍ഡിലെഴുതിയിരുന്ന ഇംഗ്ലീഷ് അക്ഷരങ്ങള്‍ ചാര്‍ളി വായിച്ചു
“യൂണിവേഴ്സിറ്റി ഓഫ് കേരള” അത് വായിച്ചുകൊണ്ട് ഒരു സംശയത്തോടെ ചാര്‍ളി പോളിനെ നോക്കി
“ഇവിടെ എന്താണ് കാര്യം അമ്മാവാ ? “ സംശയം മാറാതെ ചാര്‍ളി പോളിനോട് ചോദിച്ചു
“കാര്യമുണ്ട് ചാര്‍ളി ..രക്തപവിഴം കണ്ടത്തെണ്ടേ ? ഒറിജിനല്‍ മാപ് കണ്ടുപിടിക്കേണ്ട ? “
“അതിന് മാപ് ഇവിടെയാണോ ? “
“ഞാന്‍ ഇവിടെ കുറച്ചുകാലം ലൈബ്രേറിയനായി ജോലി ചെയ്തിട്ടുണ്ടായിരുന്നു..ഇവിടെ നമ്മുക്കൊരാളെ കാണാനുണ്ട് ..എന്തെങ്കിലും ഡീറ്റെയില്‍സ് ലഭിക്കാതിരിക്കില്ല..നീ ഇവിടെ വെയിറ്റ് ചെയ്യൂ ഞാന്‍ ഇപ്പോ വരാം “ കാറില്‍ നിന്നിറങ്ങിയ പോള്‍ ചാര്‍ളിയോട് അത്രയും പറഞ്ഞുകൊണ്ട് മുന്നോട്ട് നടന്നു .കുറച്ചുനേരത്തെ ചാര്‍ളിയുടെ കാത്തുനില്‍പ്പിന് ശേഷം പോള്‍ ചാര്‍ളിയുടെ അടുത്തേയ്ക്ക് നടന്നുവന്നു.അയാളുടെ കൂടെ ഒരു പെണ്‍കുട്ടിയും ഉണ്ടായിരുന്നു
“ങേ ആരാ ഈ പെണ്ണ്‍ ? കല്യാണം കഴിക്കാത്ത അമ്മാവന്‍റെ മോളാണോ ? അമ്മാവന്‍ അത്രയ്ക്കും ? ഹേയ് അതാവില്ല എന്തായാലും ..പിന്നെ ആരായിരിക്കും ?“ അവര്‍ ചാര്‍ളിയുടെ അടുത്തേയ്ക്ക് എത്തുന്നതിന് മുന്‍പ് ചാര്‍ളി അത്രയും ചോദ്യങ്ങള്‍ മനസ്സില്‍ ചോദിച്ചിരുന്നു
“ഞാന്‍ നേരത്തെ പറഞ്ഞില്ലേ ഒരാളെ കാണാന്‍ ഉണ്ടെന്ന് ഇതാണ് ഞാന്‍ പറഞ്ഞ കക്ഷി “ പോള്‍ അടുത്ത് നിന്നിരുന്ന പെണ്‍കുട്ടിയെ പരിചയപ്പെടുത്തും പോലെ പറഞ്ഞു
“ഇവിടുത്തെ ആര്‍ക്കിയോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ് വിഭാഗം ഹെഡാണ് “ പോള്‍ തുടര്‍ന്നു .ചാര്‍ളി അവളുടെ കഴുത്തില്‍ തൂങ്ങികിടന്നിരുന്ന ഐഡി കാര്‍ഡിലെ ഇംഗ്ലീഷ് അക്ഷരങ്ങള്‍ പതിയെ വായിച്ചു
“S..A..M ..A..N..Y..A ..SAMANYA ..സാമാന്യ “അക്ഷരങ്ങള്‍ കൂട്ടിവായിച്ചുകൊണ്ട് ചാര്‍ളി അവളുടെ പേര് വായിച്ചു
“സാമാന്യ അല്ല ..സമന്യ എന്നാണ് “ അവള്‍ ചാര്‍ളി വായിച്ചത് ഇഷ്ടപ്പെടാത്തത് പോലെ മറുപടി പറഞ്ഞു
“ഓ സോറി ..സമന്യ..നൈസ് നെയിം ..റിയലി നൈസ് നെയിം “ഒരു ചിരിയോടെയാണ്‌ ചാര്‍ളി അത് പറഞ്ഞത്
“സമന്യ ഇതാണ് ഞാന്‍ പറഞ്ഞ ചാര്‍ളി ..ഞങ്ങള്‍ക്ക് സമന്യയുടെ ഒരു സഹായം വേണമായിരുന്നു “ പോള്‍ കണ്ണുകൊണ്ട് ചാര്‍ളിയെ നോക്കി ആംഗ്യം കാണിച്ച് ബാക്കി പറയാന്‍ ആവശ്യപ്പെട്ടു.ചാര്‍ളി പോക്കറ്റില്‍ നിന്ന് തനിക്ക് ലഭിച്ച മാപ് പുറത്തേയ്ക്ക് എടുത്ത് അവളുടെ കൈയ്യിലേയ്ക്ക് നീട്ടികൊണ്ട് പറഞ്ഞു
“രക്തപവിഴം “ ചാര്‍ളിയുടെ കൈയ്യില്‍നിന്നും മാപ് വാങ്ങികൊണ്ട് അവള്‍ അതിലേയ്ക്ക് നോക്കി
“ഇതിനുവേണ്ടിയാണോ അങ്കിള്‍ എന്നോട് സഹായം ചോദിച്ചത് ? “ പോളിനെ നോക്കികൊണ്ട്‌ അവള്‍ ചോദിച്ചു .പോള്‍ അതിന് മറുപടി പറയാത്തതുകൊണ്ട് അവള്‍ തുടര്‍ന്നു
“രക്തപവിഴം ഞാനും ഒരുപാട് കേട്ടിട്ടുണ്ട് ..കുട്ടികാലത്ത് അമ്മുമ്മ പറഞ്ഞുതന്ന ഇതിന്‍റെ കഥകളോടൊപ്പം ഇതും തേടി പോയ പലരും ജീവിതം തുലച്ച കഥകളും കേട്ടിട്ടുണ്ട്..ചാര്‍ളി ഒരു ബെഡ് ടൈം സ്റ്റോറി എന്നതിനപ്പുറം ഇതിലൊരു വസ്തുതയുമില്ല ..രക്തപവിഴം ഒരു മിത്താണ് പലരും അതിന്‍റെ രഹസ്യം തേടി പോയിട്ടുമുണ്ട് എന്നാല്‍ അതില്‍ പലരും ഇന്ന് ജീവിച്ചിരിപ്പില്ല എന്നുള്ളതും എടുത്ത് പറയേണ്ട ഒന്നാണ്..കാലവും സമയവും ജീവിതവും നഷ്ടപ്പെടുക എന്നതല്ലാതെ ഇതും തേടി പോയവര്‍ക്ക് മറ്റൊന്നും ലഭിച്ചട്ടില്ല ചാര്‍ളി ..സോറി അങ്കിള്‍ എനിക്ക് ഈ കാര്യത്തില്‍ സഹായിക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല “ അവളുടെ നിലപ്പാട് കേട്ട പോള്‍ ചാര്‍ളിയെ നോക്കി
“പക്ഷേ എനിയ്ക്ക് അങ്ങനെ വിട്ടുകളയാന്‍ പറ്റില്ല സമന്യ..എന്‍റെ അനിയന്‍ അവരുടെ കൈയ്യിലാണ് ..അവനെ എനിയ്ക്ക് രക്ഷിച്ചേ പറ്റുള്ളൂ ..ഞാന്‍ മുന്നോട്ട് തന്നെ പോകാന്‍ തീരുമാനിച്ചു സമന്യ..അമ്മാവാ വാ പോകാം “ ചാര്‍ളി കാറിന്‍റെ അടുത്തേയ്ക്ക് നടന്നു.പോളും അവളെ ഒന്ന് നോക്കിയശേഷം കാറിന്‍റെ അടുത്തേയ്ക്ക് നടന്നു
“അങ്കിള്‍ “ അവള്‍ പുറകില്‍നിന്ന് പോളിനെ വിളിച്ചു
“എന്‍റെ എന്ത് സഹായമാണ് നിങ്ങള്‍ക്ക് വേണ്ടത് “ അവള്‍ ചാര്‍ളിയെ നോക്കികൊണ്ട്‌ ചോദിച്ചു .അവളുടെ ആ ചോദ്യത്തിന് ചാര്‍ളിയൊന്ന് പുഞ്ചിരിച്ചുകൊണ്ട് അവളുടെ അടുത്തേയ്ക്ക് നടന്നു.കൈയ്യിലുണ്ടായിരുന്ന മാപ് വീണ്ടും അവളെ കാണിച്ചുകൊണ്ട് അവന്‍ പറഞ്ഞു
“എന്‍റെ അനിയന്‍ എന്നെ ഏല്‍പ്പിച്ചതാണ് ഈ മാപ് ..രക്തപവിഴത്തിലെയ്ക്കുള്ള മാപ് ..പിന്നീട് അവന്‍ തന്നെ പറയുകയുണ്ടായി ഇത് ഒറിജിനല്‍ മാപ് അല്ലെന്ന്.. എന്നാല്‍ അമ്മാവന്‍ പറയുന്നു ഈ ഡാര്‍ക്ക്‌ ഷെയിഡ് കണ്ടോ ? “ മാപിലെ ഡാര്‍ക്ക്‌ ഷെയിഡ് അവള്‍ക്ക് കാണിച്ചുകൊടുത്തു കൊണ്ട് അവന്‍ തുടര്‍ന്നു
“അമ്മാവന്‍ പറയുന്നു ഈ ഡാര്‍ക്ക്‌ ഷെയിഡിലാണ് നമ്മള്‍ അന്വേഷിക്കുന്ന രക്തപവിഴം ഉള്ളതെന്ന് “ അവള്‍ ചാര്‍ളിയുടെ കൈയ്യില്‍നിന്നും മാപ് വാങ്ങി അതിലേയ്ക്ക് നോക്കി
“ഇത് മാപിന്റെ പകര്‍പ്പല്ലേ ? ഇതിന്‍റെ ഒറിജിനല്‍ എവിടെ ? “അവള്‍ ചാര്‍ളിയോട് ചോദിച്ചു
“അതറിയില്ല സമന്യ..അവന്‍റെ കൈയ്യില്‍നിന്നും ലഭിച്ചത് പകര്‍പ്പാണ് ..ഒറിജിനല്‍ കണ്ടെത്തെണം “
“ഞാന്‍ നേരത്തെ പറഞ്ഞില്ലേ ചാര്‍ളി ..ഒരിക്കലും ഇതിന്‍റെ ഒറിജിനല്‍ ലഭിക്കാന്‍ പോകുന്നില്ല ..കാരണം രക്തപവിഴം എന്നൊന്നില്ല ..ഇതൊക്കെ ആളുകളെ പറ്റിക്കാനായി പലരും അടിച്ചുവിടുന്ന അസംബന്ധമാണ്,,ഇതിനുവേണ്ടി സമയം കളഞ്ഞു ജീവിതം നശിപ്പിക്കണോ ചാര്‍ളി ..അനിയനെ നമ്മുക്ക് വേറെ എങ്ങനെയെങ്കിലും അവരുടെ കൈയ്യില്‍നിന്നും രക്ഷിക്കാം ..ഇവിടെ പോലീസ് ഉണ്ടല്ലോ നിയമങ്ങള്‍ ഉണ്ടല്ലോ ..നമ്മുക്ക് ആ വഴിയ്ക്ക് നീങ്ങാം ചാര്‍ളി “
“പോലീസിനും നിയമങ്ങള്‍ക്കും വളരെ മുകളിലാണ് സമന്യ സാലിയേറി..നിനക്ക് അയാളെ പറ്റി അറിയില്ല സമന്യ “ പോളാണ് അത് പറഞ്ഞത്
“സമന്യയ്ക്ക് രക്തപവിഴത്തെ പറ്റി അറിയുന്നതെല്ലാം എന്നോട് പറയൂ ..സമന്യയുടെ അമ്മുമ്മ പറഞ്ഞ ബെഡ് ടൈം സ്റ്റോറിയടക്കം..അത്രയെങ്കിലും ചെയ്യ്ത് തന്നൂടെ ? “ ചാര്‍ളി ഒരു അപേക്ഷ പോലെ അവളോട്‌ ചോദിച്ചു
“ശരി നിങ്ങളുടെ തീരുമാനം അങ്ങനെ ആണെങ്കില്‍ ഇനി ഞാന്‍ എന്ത് പറയാന്‍..വരൂ എനിയ്ക്ക് അറിയുന്ന കാര്യങ്ങള്‍ പറഞ്ഞുതരാം “ അത്രയും പറഞ്ഞു അവള്‍ മുന്നോട്ട് നടന്നു അവളെ അനുഗമിച്ചപോലെ ചാര്‍ളിയും പോളും അവളുടെ പിന്നിലായി നടന്നു.യൂണിവേഴ്സിറ്റി ലൈബ്രറിയിലേയ്ക്കാണ് അവള്‍ പോയത് .ഷെല്‍ഫില്‍ അടക്കിവെച്ചിരിക്കുന്ന പുസ്തങ്ങളുടെ പേരുകളുടെ മുകളിലായി അവള്‍ വിരലോടിച്ചു.എന്താണ് അവള്‍ ഉദേശിക്കുന്നതെന്ന്‍ മനസ്സിലാവാതെ പോളും ചാര്‍ളിയും മുഖത്തോടുമുഖം നോക്കിനിന്നു.കുറച്ചുനിമിഷത്തെ അവളുടെ തിരച്ചിലിനോടുവില്‍ ഒരു പുസ്തകത്തിന്‍റെ മുകളില്‍ അവളുടെ വിരലുകള്‍ നിന്നു .ഷെല്‍ഫില്‍ നിന്നും അവള്‍ ആ പുസ്തകം പുറത്തേയ്ക്ക് എടുത്തു.പുസ്തകത്തിന്‍റെ മുകളിലും വശങ്ങളിലുമായിട്ടുണ്ടായിരുന്ന പൊടി തട്ടികളഞ്ഞ് അതിന്‍റെ പേജുകള്‍ മറച്ചുനോക്കി പുസ്തകം അതുതന്നെയാണെന്ന് ഉറപ്പുവരുത്തി അവള്‍ അവരുടെ അടുത്തേയ്ക്ക് നടന്നു
“എന്താണിത് ? എന്താണ് ഈ പുസ്തകത്തില്‍ ? “ ചാര്‍ളി അവളോട്‌ ചോദിച്ചു
“നമ്മള്‍ തെടികൊണ്ടിരിക്കുന്ന രക്തപവിഴത്തെ പറ്റിയുള്ള വിവരങ്ങള്‍ അടങ്ങിയ പുസ്തകമാണിത്..മഹാവംശം എന്നാണിതിന്റെ പേര് “ പുസ്തകത്തിന്‍റെ ചട്ടയിലെ പേര് കാണിച്ചുകൊണ്ട് അവള്‍ പറഞ്ഞു.
“പക്ഷേ ഇതേത് ഭാഷ ? “ചട്ടയിലെ പുസ്തകത്തിന്‍റെ പേര് വായിക്കാനാവാതെ ചാര്‍ളി അവളോട്‌ ചോദിച്ചു
“പാലി ഭാഷയിലാണ് ഇത് എഴുതിരിക്കുന്നത് ..200 ബി.സിയിലാണ് ഇതെഴുതിയിരിക്കുന്നതെന്ന് കരുതപ്പെടുന്നു ..ഒരു ബുദ്ധഭിക്ഷുവാണ് ഇതെഴുതിയിരിക്കുന്നത് ..ഒരു ചരിത്രരേഖ എന്നതിന് ഉപരിയായി പാലി ഭാഷയിലുള്ള ഒരു ഇതിഹാസ കാവ്യം കൂടിയാണ് മഹാവംശം. ഇതിലെ കഥകളില്‍ ആ കാലഘട്ടങ്ങളിൽ നടന്ന യുദ്ധങ്ങൾ, കടന്നുകയറ്റങ്ങള്‍ തുടങ്ങിയവയെ പറ്റിയൊക്കെ പ്രതിപാദിക്കുന്നണ്ട് ..അതുപോലെ അന്നുകാലത്തെ കൊട്ടാരങ്ങൾ, കോട്ടകൾ, സ്തൂപങ്ങൾ തുടങ്ങിയവയുടെ നിർമ്മാണ ചരിത്രവും ഇവയിലുണ്ട്..രണ്ടായിരത്തി ഒന്നില്‍ ഗുജറാത്തിലെ ഘാംബട്ട് സമുദ്രത്തിന്‍റെ അടിത്തട്ടില്‍ നിന്ന് ശ്രീകൃഷ്ണന്‍ ഭഗവാന്റെ ദ്വാരകയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തുകയുണ്ടായി..അവിടെ നിന്ന് പടിഞ്ഞാറ് ഒമ്പത് കിലോമീറ്റര്‍ പരപ്പില്‍ നാല്പത് മീറ്റര്‍ ആഴത്തില്‍ മറ്റൊരിടത്ത് നിന്ന് കണ്ടെത്തിയതാണ് ഈ പുസ്തകവും ..ഒരു വലിയ പെട്ടിക്കകത്ത് നിന്നാണ് ഇത് ലഭിക്കുന്നത്.. നൂറ്റാണ്ടുകളോളം കടലില്‍ കിടന്നിട്ടും ഇതിന്‍റെ പേജുകള്‍ക്ക് ഒരു കോട്ടവും വന്നട്ടില്ല എന്നുള്ളത് തികച്ചും അത്ഭുതകരമായ വസ്തുതയാണ് “
“ശരി പക്ഷേ നമ്മള്‍ തേടുന്ന രക്തപവിഴവുമായി എന്താണ് ഇതിന് ബന്ധം ? “ സമന്യ എന്താണ് പറഞ്ഞുവരുന്നതെന്ന് മനസ്സിലാവാതെ ചാര്‍ളി അവളോട്‌ ചോദിച്ചു
“രക്തപവിഴം അതിലെയ്ക്കാണ് ഞാന്‍ വരുന്നത്..ഇതാണ് നിങ്ങള്‍ തേടുന്ന രക്തപവിഴം “ ആ പുസ്തകത്തിന്റെ പേജുകള്‍ക്കിടയില്‍ നിന്ന് ഒരു ചിത്രം അവര്‍ക്ക് കാണിച്ചുകൊണ്ട് അവള്‍ പറഞ്ഞു.ചാര്‍ളി അവളുടെ കൈയ്യില്‍നിന്നും ആ പുസ്തകം വാങ്ങി ആ ചിത്രത്തിന് മീതെ വിരലുകള്‍ കൊണ്ട് പതിയെ സ്പര്‍ശിച്ചു
“WOW “
“അഗാധ രാജാവ്‌ രാസാസിങ്കന്‍റെ ഒറ്റമകളായിരുന്നു ഹൈമവതി..വേദങ്ങളും ഉപനിഷത്തുകളും ചെറുപ്പത്തില്‍ തന്നെ പഠിച്ച ഹൈമവതി റാണിയ്ക്ക് താന്ത്രിക കര്‍മ്മങ്ങളിലും അറിവുണ്ടായിരുന്നു ..ഭദ്രകാളി ഭക്തയായിരുന്ന റാണിയുടെ നീണ്ട നൂറ്റിയൊന്ന് ദിവസത്തെ കഠിന വൃതത്തിനോടുവില്‍ റാണിയുടെ പ്രാര്‍ത്ഥനയില്‍ സന്തുഷ്ഠയായ ഭദ്രകാളി റാണിയുടെ മുന്നില്‍ പ്രത്യക്ഷപെട്ടു അവര്‍ക്ക് നല്‍കിയതാണ് രക്തപവിഴം എന്നൊരു കഥയുണ്ട് ഇതില്‍..നമ്മുടെ ചിന്തകളുടെ അപ്പുറമായിരുന്നു രക്തപവിഴത്തിന്റെ ശക്തി..ഒരിക്കല്‍ അഗാധയെ ആക്രമിക്കാന്‍ എത്തിയ മഹാജനം സൈന്യത്തെ രക്തപവിഴം ഉപയോഗിച്ച് പരാജയപ്പെടുത്തിയതായി ഇതില്‍ പറയുന്നുണ്ട്..എണ്ണത്തിലും ശക്തിയിലും വളരെ വലുതായ മഹാജനം സൈന്യത്തിനെ ലക്ഷ്യമാക്കി ആകാശത്തില്‍ നിന്ന് വലിയ തീഗോളങ്ങള്‍ പതിക്കുകയും അവരുടെ പടയെ നിഷ്കരുണം ഇല്ലാതെ ആക്കുകയുമായിരുന്നു യുദ്ധത്തില്‍ അഗാധ വിജയിക്കുകയും ചെയ്തും ..ഈ യുദ്ധത്തെ പറ്റി പല രാജ്യങ്ങളും അറിയുകയും അഗാധയെ ആക്രമിക്കാന്‍ ഭയപ്പെടുകയും ചെയ്തു ..പിന്നീടുള്ള നാളുകളില്‍ രക്തപവിഴം അഗാധക്കാര്‍ക്ക് എന്നുമൊരു കവചമായിരുന്നു..മറ്റൊരു പ്രത്യകതയെന്നുവേച്ചാല്‍ കന്യകമാര്‍ക്ക് മാത്രമേ രക്തപവിഴത്തില്‍ സ്പര്‍ശിക്കാന്‍ കഴിയുള്ളൂ എന്നുള്ളതാണ് അല്ലാത്തവര്‍ അതില്‍ സ്പര്‍ശിച്ചാല്‍ വിഷം തീണ്ടി മരിക്കുമേന്നുള്ളതിനാല്‍ മറ്റൊരും അതില്‍ സ്പര്‍ശിക്കാന്‍ മുതിര്‍ന്നിരുന്നില്ല..ഇതാണ് ഹൈമവതി റാണി “ സമന്യ ചാര്‍ളിയുടെ കൈയ്യില്‍നിന്നും പുസ്തകം വാങ്ങി ഹൈമവതി റാണിയുടെ ചിത്രം കാണിച്ചുകൊണ്ട് പറഞ്ഞു .അവള്‍ തുടര്‍ന്നു
“വര്‍ഷങ്ങളോളം ആരും അഗാധയെ ആരും ആക്രമിച്ചില്ല ..നേരത്തെ പറഞ്ഞല്ലോ മാറ്റ്‌ രാജകന്മാര്‍ക്ക് രക്തപവിഴത്തെ ഭയമായിരുന്നു ..പലരും ഈ കാരണത്താല്‍ അഗാധയെ ആക്രമിച്ചില്ല ..റാണിയ്ക്ക് വയസ്സായി മരണം മുന്നില്‍ കണ്ട അവര്‍ അന്ന് അവരുടെ പടയെ നയിച്ചിരുന്ന ചന്ദ്രസേനനേ രാജാവാക്കി ..റാണിയുടെ ആവശ്യപ്രകാരം രക്തപവിഴം മറ്റാരും ഉപയോഗിക്കാതിരിക്കാന്‍ റാണിയുടെ കല്ലറയില്‍ സൂക്ഷിക്കാന്‍ ആവശ്യപ്പെട്ടു ..ചന്ദ്രസേനന്‍ റാണി പറഞ്ഞത് അക്ഷരംപ്രതി അനുസരിച്ചു..പക്ഷെ രക്തപവിഴം റാണിയുടെ കല്ലറയില്‍ റാണിയോടപ്പം മറവു ചെയ്ത കാര്യം പുറത്തേയ്ക്ക് വിട്ടില്ല കാരണം ശത്രുക്കള്‍ ഇതറിഞ്ഞാല്‍ അവരെ ആക്രമിക്കുമെന്ന് അവര്‍ക്ക് അറിയാമായിരുന്നു..വര്‍ഷങ്ങള്‍ വീണ്ടും കടന്നുപോയി ..രക്തപവിഴത്തെ ഭയന്ന് പലരും ആക്രമിക്കാതിരുന്ന അഗാധയെ ഒരിക്കല്‍ ഒരാള്‍ ആക്രമിച്ചു ..ഭാരതം കണ്ട ഏറ്റവും മഹാനായ, ധൈര്യശാലിയായ ചക്രവര്‍ത്തിയായിരുന്നു അത് “ സമന്യ ഒരു നിമിഷം നിറുത്തി .ചാര്‍ളിയും പോളും അവളുടെ വായയിലേക്ക് ആ ചക്രവര്‍ത്തിയുടെ പേര് കേള്‍ക്കാനായി നോക്കി നിന്നു
“ മൗര്യ സാമ്രാജ്യത്തിന്റെ സ്ഥാപകനായ ചന്ദ്രഗുപ്തന്‍റെ മകന്‍ ബിന്ദുസാരന്‍റെ മകന്‍ “
“അശോക ചക്രവര്‍ത്തി “ ചാര്‍ളിയും പോളും ഒരേ സ്വരത്തില്‍ പറഞ്ഞു
“അതെ അശോക ചക്രവര്‍ത്തി..കലിംഗ യുദ്ധത്തിന് മുന്‍പാണ്‌ അദ്ദേഹം അഗാധയെ ആക്രമിക്കുന്നത് ..പല രാജ്യങ്ങളും ആക്രമിച്ച് തന്‍റെ കീഴില്‍ ആക്കിയിരുന്ന സമയത്താണ് അശോക ചക്രവര്‍ത്തി പലരും ആക്രമിക്കാന്‍ ഭയപ്പെട്ട അഗാധയെ ആക്രമിക്കുന്നത്..യുദ്ധത്തില്‍ അഗാധ സൈന്യം പരാജയപ്പെട്ടു ..അഗാധയുടെ സമ്പത്ത് കൊള്ളയടിക്കപ്പെട്ടു ..അശോക ചക്രവര്‍ത്തി ആദ്യം തിരഞ്ഞത് പണ്ട് അവര്‍ റാണി ഹൈമവതിയുടെ കല്ലറയില്‍ ഒളിപ്പിച്ച രക്തപവിഴമായിരുന്നു..ചക്രവര്‍ത്തിയുടെ വിശ്വസ്തരായ ഒരാളാണ് അത് കണ്ടെത്തിയത് ആകാംഷ കൂടി അയാള്‍ അതില്‍ തൊട്ടതും നിമിഷങ്ങള്‍ക്കുള്ളില്‍ എവിടെ നിന്നോ പ്രത്യക്ഷമായ ഒരു കറുത്ത നാഗം അയാളെ കൊത്തുകയായിരുന്നു..രക്തപവിഴത്തെ ഭയപ്പെട്ട ചക്രവര്‍ത്തി പിന്നെ എങ്ങനെയോ അതിനെപറ്റി മനസ്സിലാക്കിയ ശേഷം ഒരു കന്യകയുടെ സഹായത്താല്‍ അതിനെ ഭദ്രമാക്കി മറ്റാരുടെയും കൈയ്യില്‍ ലഭിക്കാതിരിക്കാന്‍ എവിടെയോ ഒളിപ്പിക്കുകയായിരുന്നു..പിന്നീട് കലിംഗ യുദ്ധത്തിന് ശേഷം യുദ്ധത്തിലെ രക്തച്ചൊരിച്ചിലും ഭീകരതയും കണ്ട ചക്രവര്‍ത്തി ഇനി മേൽ യുദ്ധം ചെയ്യില്ലെന്നും ധർമ്മമാർഗ്ഗത്തിൽ ചരിക്കുമെന്നും തീരുമാനമെടുത്തു ബുദ്ധമതം പ്രചരിപ്പിക്കാനായി ജീവിതം മാറ്റി വെച്ചു ..അദ്ധേഹത്തിന്‍റെ മിത്രങ്ങളില്‍ ഒരാളായ ബുദ്ധ സന്യാസിയാണ് ഈ പുസ്തകം എഴുതിയിരിക്കുന്നതെന്ന് കരുതപ്പെടുന്നു “ സമന്യ അത്രയും പറഞ്ഞുകൊണ്ട് ആ പുസ്തകം അടച്ചു
“അപ്പോ അശോക ചക്രവര്‍ത്തിയ്ക്ക് മാത്രമേ ഇതിപ്പോ എവിടെ ഉള്ളതെന്ന് അറിയൂ അല്ലേ ? “ ചാര്‍ളി ചോദിച്ചു
“അറിയില്ല ചാര്‍ളി ഒരു പക്ഷേ ഇത് ഒരു കഥയാകാം ..അശോക ചക്രവര്‍ത്തി സത്യമാണെങ്കിലും ഇതില്‍ പറഞ്ഞിരിക്കുന്ന രക്തപവിഴം ഉണ്ടോ എന്നുള്ളതില്‍ എനിയ്ക്ക് ഉറപ്പില്ല “
“ആ പുസ്തകം തരൂ “ പെട്ടെന്ന്‍ ചാര്‍ളി അവളോട്‌ ആ പുസ്തകം ആവശ്യപ്പെട്ടു
“ഇതിലുള്ള കാര്യമാണ് ഞാന്‍ പറഞ്ഞത് ..ഇനിയെന്തിനാണ് ഈ പുസ്തകം ? സോറി ഇത് ചരിത്ര രേഖയാണ് നിങ്ങള്‍ക്ക് തരാന്‍ കഴിയില്ല “
“സമന്യ ആ പുസ്തകത്തിന്‍റെ ചട്ടകള്‍ ശ്രദ്ധിച്ചോ ? “പുസ്തകത്തിന്‍റെ ചട്ടയില്‍ ചൂണ്ടിക്കാട്ടി ചാര്‍ളി പറഞ്ഞു
“ശ്രദ്ധിച്ചു നോക്ക് ..മുന്നിലെ ചട്ടയെക്കള്‍ കട്ടി കൂടുതലാണ് പിന്നിലെ ചട്ടയ്ക്ക്..ഇത് അശോക ചക്രവര്‍ത്തിയുടെ മിത്രം എഴുതിയതല്ലേ ? അങ്ങനെയെങ്കില്‍ ? ഒരു പക്ഷേ ? “ ചാര്‍ളി അവളുടെ കൈയ്യില്‍നിന്നും ആ പുസ്തകം തട്ടി പറിച്ചു
“ഹേയ് ചാര്‍ളി എന്താണ് കാണിക്കുന്നത് ? “
“അമ്മാവാ കാറിന്‍റെ കീ തരൂ “ എന്താണ് ചാര്‍ളി ഉദേശിക്കുന്നതെന്ന് മനസ്സിലാകാതെ പോള്‍ കാറിന്‍റെ കീ അവന് കൊടുത്തു.ചാര്‍ളി കീയുടെ അഗ്രം കൊണ്ട് ആ പുസ്തകത്തിന്‍റെ പിന്നിലെ ചട്ടയുടെ നടുവിലൂടെ കുത്തിക്കീറി.ആ ചട്ടയ്ക്കുള്ളില്‍ നിന്നൊരു പേപ്പര്‍ താഴേയ്ക്ക് വീണു.ചാര്‍ളി നിലത്തുവീണ ആ പപ്പേര്‍ കൈയ്യിലെടുത്തു തുറന്നുനോക്കി
“മാപ് “ ആശ്ചര്യം കൊണ്ടും സന്തോഷം കൊണ്ടും ചാര്‍ളി പറഞ്ഞു
(തുടരും )

Lijin

ഈ റോഡിലെ ആ റോഡുകൾ

ഈ റോഡിലെ ആ റോഡുകൾ
===========
''ഹലോ, തീപ്പന്തം പത്രത്തിന്റെ ലേഖകൻ ''വളവിൽ വർക്കിയല്ലേ'', ?
''അതെ, ''
''സാറെ ഒരു വാർത്തയുണ്ട്,'!
''എന്താണ്, പറയൂ,''
''താഴ്ന്ന ജാതിക്കാർക്ക് പ്രവേശനമില്ലാത്ത ക്ഷേത്രമില്ലേ, ,അവിടെ സംഘർഷം, !!
''അതയോ, ? അതേത് റോഡിലാ ആ ക്ഷേത്രം, ?!!
''നമ്മുടെ ''അംമ്പേദ്ക്കർ ''റോഡിൽ, !!
''ഓഹോ, !
''പിന്നെ സാറെ, ?
''എന്താടോ, ?
''ടൗണിലെ ജംഗ്ക്ഷനിൽ ഒരു മധ്യവയസ്ക്കനെ പുഴുവരിച്ച നിലയിൽ കണ്ടെന്ന്, !!
''അതെവിടെ, !?
''നമ്മുടെ 'മദർതെരേസ '' റോഡിൽ,!!
' ങേ ,ഓകെ കാമറ മാനേയും കൂട്ടി ഉടനെ വരാം,!
''ങാ പിന്നേയ്, ?
''എന്താടോ, ?
''മഹാത്മഗാന്ധി' റോഡിലൂടെ വരരുതേ, !
''അതെന്താടോ, ?
''അവിടെ രാഷ്ട്രീയ സംഘർഷമാണ്, ഒരളുടെ നില ഗുരുതരമാണ്,!
''ഓകെ, എന്നാൽ ടൗൺ ജുമാമസ്ജിദ് റോഡിലൂടെ വന്നാൽ സംഭവ സ്ഥലത്ത് എത്താമല്ലോ, അല്ലേ,?
''അയ്യോ, അതിലെ വരരുത്,!
''അതെന്താ, ?
''ആ മസ്ജിദിനോട് ചേർന്നാണല്ലോ, ദേവീക്ഷേത്രവും, തൊട്ടടുത്ത് ക്രിസ്ത്യൻ ചർച്ചും, ! അവിടെ പ്രശ്നമാണ്,!
''അതെന്താ ,അവിടെ പ്രശ്നം, ?
''എന്റെ സാറെ, ഒരു പത്രക്കാരനായിട്ട് സാറ് ഇതൊന്നും അന്വേഷിച്ചില്ലേ, ?
''താൻ കാര്യം പറയെടോ, ?
''അവിടേയും സംഘർഷമുളള ഏരിയയാണ്, !
''അതുശരി, ഈ മൂന്ന് പ്രാർത്ഥന മന്ദിരങ്ങളും, ഏത് റോഡിലാ സ്ഥിതിചെയ്യുന്നത്, ?
''ശ്രീനാരായണ ഗുരു മന്ദിരം റോഡ്, !!
'' കൺഫ്യൂഷനായല്ലോ ,അപ്പോൾ ഞാൻ എതിലെ വരും, ??
''സാറെ, സാറിപ്പോൾ എവിടെയാണ് നില്ക്കുന്നത്,?
';ഈ റോഡിൽ, !
''ഏതു റോഡിൽ, ?
തമിഴ് നാട്ടിലെ ഈ റോഡ്,!
''അവിടെ എവിടെയാണ് ?
'' ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് സ്വാഗതം '' എന്ന ബോർഡിനു കീഴെ, !!
==========
ഷൗക്കത്ത് മൈതീൻ ,
കുവൈത്ത് ,!

ഏട്ടനില്ലായ്മ

ഏട്ടനില്ലായ്മ
*************
അന്നും ഇന്നും എന്നും ലഭിക്കാതെ പോയ ഭാഗ്യം എന്നോർത്തു സങ്കടപെട്ടത് ഒരേ ഒരാളെ ആയിരുന്നു ഒരു ഏട്ടനെ.
അച്ഛമ്മയുടെ പേരക്കുട്ടികൾ ഞാനടക്കം പത്ത് പേർ. അതിൽ ഒരേ ഒരു ആൺകുട്ടി അച്ഛൻപെങ്ങളുടെ മൂത്ത പുത്രനായിരുന്നു. വകയിൽ എന്റെ മുറചെറുക്കൻ. പക്ഷെ എനിക്ക് ഏട്ടൻ തന്നെ. കുട്ടിക്കാലത്തു എന്റെ ഏട്ടൻ എന്നു ഞാൻ പറയുമ്പോൾ ഇത് എന്റെ 'സ്വന്തം' ഏട്ടനാ എന്നും പറഞ്ഞു ഞെളിഞ്ഞിരിക്കുന്ന ആന്റിയുടെ മോള് എന്റെ ആദ്യ ശത്രു ആയി. അപ്പൊ സ്വന്തമായൊരു ഏട്ടനില്ലാത്ത നഷ്ടം അറിഞ്ഞു. അവളെ പിന്നിലിരുത്തി ഏട്ടൻ സൈക്കിൾ കൂടുതൽ ഓടിക്കുമ്പോൾ ഏട്ടനില്ലായ്മ വീണ്ടും അറിഞ്ഞു.
മൂത്തപുത്രിക്ക് പക്വത വേണം, എല്ലാം ഇളയവർക്ക് വിട്ടു കൊടുക്കണം, എന്നു ഉപദേശം വന്നപ്പോൾ വെറുതെ ഒരു ഏട്ടന്റെ കുഞ്ഞനിയത്തി ആവാൻ കൊതിയായി ആ പത്താം ക്‌ളാസ്കാരിക്ക്.
ഏട്ടന്റെ പിന്നിലിരുന്നു ബൈക്കു യാത്ര ചെയ്തതിന്റെ കഥകൾ കേട്ടുക്കൊണ്ടിരുന്നപ്പോൾ വീണ്ടും അറിഞ്ഞു ഏട്ടനില്ലായ്മ്മ.
കുടുംബത്തിലെ ആൺകുട്ടികൾ എല്ലാം സമപ്രായക്കാരായപ്പോൾ ഏട്ടൻ എന്നത് വലിയൊരാഗ്രഹമായി. ഒന്നു പേടിപ്പിക്കാൻ,വഴക്ക് പറയാൻ, പഠിപ്പിക്കാൻ, തെറ്റ് ശരികൾ പറഞ്ഞു തരാൻ ,തല്ലു കൂടാൻ ഒരേട്ടൻ..
ഏട്ടനായി കണ്ട ചിലർക്ക് ഇങ്ങോട്ട് പ്രണയമാണെന്നറിഞ്ഞപ്പോൾ 'നൽകിയ സ്ഥാനത്തിന്റെ വില കളയരുത്' എന്നു പറഞ്ഞു അപരിചതയെ പോലെ അഭിനയിക്കേണ്ടി വന്നപ്പോൾ അന്നും അറിഞ്ഞു സ്വന്തമായൊരു ഏട്ടനില്ലായ്മയെ.
പഠിക്കാൻ മിടുക്കി ആയതു കൊണ്ട് ,Pdc ക്ക് തോറ്റ് വീണ്ടും പരീക്ഷ എഴുതാൻ നോക്കിയപ്പോൾ 14 km ദൂരെ സെന്റര് കിട്ടിയപ്പോൾ കൂടെ വരാൻ ആരും ഇല്ലാതെ പരീക്ഷക്ക് പോവാൻ പറ്റാതെ ആയപ്പോൾ ആദ്യമായി അച്ഛൻ നാട്ടിൽ ഇല്ലാത്തതിനു ദേഷ്യം വന്നു. ഒരു ഏട്ടൻ ഉണ്ടായിരുന്നെങ്കിൽ കൂട്ടി കൊണ്ടു പോകുമായിരുന്നല്ലോ എന്നോർത്തു സങ്കടപെട്ടപ്പോൾ വീണ്ടും അറിയുകയായിരുന്നു ആ ഏട്ടനില്ലായ്മ്മ..
സങ്കടങ്ങളെ മൂത്ത പുത്രിയെന്ന ചട്ടക്കൂടിൽ കെട്ടിയിട്ടപ്പോൾ, ഇളയ അനിയത്തിമാർ ചെറുതായത് കൊണ്ട് അവരോട് എന്ത് പറയാൻ എന്ന ചിന്തയിൽ മൗനമായപ്പോൾ അപ്പോഴും ഓർത്തു ഓടി ചെന്നു പറയാൻ ഒരു ഏട്ടന്റെ തണൽ...
ഇനിയുമൊരു ജന്മം ഉണ്ടെങ്കിൽ ഒരു ഏട്ടന്റെ അനിയത്തിക്കുട്ടിയായി ജനിക്കേണം. അച്ഛന്റെ തണലേകുന്ന ഒരേട്ടന്റെ....
✍️സിനി ശ്രീജിത്ത്

നിഴല്‍ച്ചിത്രങ്ങള്‍

അക്ഷരദീപം മാസികയില്‍ വന്ന എന്‍റെ കഥ..
നിഴല്‍ച്ചിത്രങ്ങള്‍
---------------------------
കറുപ്പു നിറമുള്ള വസ്ത്രം ധരിച്ചാണ് അവള്‍ വന്നത്. സൂര്യനും ഇരുട്ടിന്‍റെ നേര്‍ത്ത കറുപ്പ് കമ്പളം പുതച്ച് ഉറങ്ങാനൊരുങ്ങുകയായിരുന്നു അപ്പോള്‍.
ചേക്കേറാന്‍ വെെകിയ ചില പക്ഷിക്കൂട്ടങ്ങള്‍ ചക്രവാളം ലക്ഷ്യമാക്കി നിര നിരയായി പറന്നു.
നാട്ടിന്‍പുറമായത് കൊണ്ട് റോഡില്‍ ആള്‍ പെരുമാറ്റം കുറവായിരുന്നു.
ജോലി കഴിഞ്ഞ് തിരിച്ച് വീടണയേണ്ടുന്ന ചിലര്‍ മാത്രം ധൃതിയില്‍ നടന്നു പൊയ്ക്കൊണ്ടിരുന്നു. അവരില്‍ ചിലര്‍ കെെയ്യിലെ സഞ്ചിയില്‍ എന്തോ തൂക്കിപ്പിടിച്ചിട്ടുണ്ട് . ചിലപ്പോള്‍ അത്താഴത്തിനുള്ള അരിയായിരിക്കും.
അവരാരും അവളെ ശ്രദ്ധിച്ചതേയില്ല.
'ഇവരൊക്കെ എന്നെ ഇത്ര വേഗം മറന്നോ? കുറച്ച് നാള്‍ മുന്‍പ് വരെ തോളിലേറ്റി നടന്നതായിരുന്നല്ലോ..'
ചിന്തകളുടെ ഭാരവും പേറി അവള്‍ യാത്ര തുടര്‍ന്നു..
റോഡരികിലുള്ള ചില വീടുകളില്‍ വിളക്ക് കൊളുത്തി വെച്ച് കുട്ടികള്‍ ഉച്ചത്തില്‍ നാമം ജപിക്കുന്നുണ്ടായിരുന്നു.
'അന്നും ഇതുപോലെ തന്നെയായിരുന്നു.. ഇതേ സമയത്ത് തന്നെയാണ് ഇവിടെ എത്തിയത്. സമയവും ദിവസവുമൊക്കെ ശരി തന്നെ. പക്ഷേ അവര്‍ അവിടെയുണ്ടാകു മോ എന്നൊരു ശങ്ക.'
'ഉണ്ടാകാതെ എവിടെപ്പോകാന്‍? എല്ലാ വര്‍ഷവും ഈ ദിവസം അവരവിടെ ഒത്തുകൂടുന്നതല്ലേ..'
അടുത്ത നിമിഷം തന്നെ ശങ്കയുടെ മുനയൊടിഞ്ഞ് പകരം ശുഭപ്രതീക്ഷ കയറി വന്നു.
'ഇനി ഏതാനും വാര താണ്ടിക്കഴിഞ്ഞാല്‍ അവിടെയെത്തും.'
അവള്‍ മുന്നോട്ടേക്ക് നടന്നു കൊണ്ടിരുന്നു.
സൂര്യന്‍ നേര്‍ത്ത കമ്പളം മാറ്റി കട്ടിക്കമ്പളം പുതച്ച് സുഖ നിദ്രയിലാണ്ടു കഴിഞ്ഞു.
ആരോ മറന്നു വെച്ച തേങ്ങാപ്പൂളു പോലെ കറുത്ത ആകാശത്ത് ചന്ദ്രന്‍ ഇളം മഞ്ഞ വെളിച്ചം പരത്തി നിന്നു.. നാലഞ്ച് നക്ഷത്രങ്ങള്‍ ഇടയ്ക്കിടെ വന്ന് എത്തിനോക്കുന്നുമുണ്ട്.
അവളുടെ നടത്തം ഒരു ഒറ്റയടിപ്പാതയിലെത്തി നിന്നു. ആള്‍ത്താമസമില്ലാത്ത ഒരു പഴയ കെട്ടിടം അല്പം ദൂരെയായി കാണുന്നുണ്ടായിരുന്നു. നേര്‍ത്ത നിലാവെളിച്ചത്തില്‍ അതൊരു ഭാര്‍ഗ്ഗവീ നിലയത്തെ ഒാര്‍മ്മിപ്പിച്ചു.
ചീവീടുകളുടെ ശബ്ദം അന്തരീക്ഷത്തിലെങ്ങും പ്രതിധ്വനിച്ചു. അകലെയെങ്ങോ കുറുനരികള്‍ നീട്ടി ഓരിയിട്ടു.
അവള്‍ ആ കെട്ടിടത്തിനരികിലേക്ക് ചെന്നു.
'ഇവിടെ വെച്ചാണല്ലോ എനിക്ക് എന്നെ നഷ്ടപ്പെട്ടത്.. എന്‍റെ സ്വപ്നങ്ങള്‍ നഷ്ടപ്പെട്ടത്.'.
അവളുടെ കണ്ണില്‍ ചില നിഴല്‍ച്ചിത്രങ്ങള്‍ തെളിഞ്ഞു.
''വീട്ടുകാരുടെ സമ്മതത്തോടെ നമുക്ക് ഒരിക്കലും ഒന്നാവാന്‍ കഴിയുമെന്ന് തോന്നുന്നില്ല. സന്ധ്യ മയങ്ങിക്കഴിയുമ്പോള്‍ നീ ആ പഴയ കെട്ടിടത്തിനരികിലേക്ക് വരണം. ഞാന്‍ അവിടെയുണ്ടാകും. നമുക്ക് എങ്ങോട്ടെങ്കിലും പോവാം.''
സന്ധ്യ കുങ്കുമച്ചായം എടുത്തണിയുന്നതിനു മുന്‍പേ ആരുമറിയാതെ അവള്‍ വീടു വിട്ടിറങ്ങി. മറ്റാരും കാണാതിരിക്കാന്‍ ഇരുട്ടിന്‍റെ മറ പറ്റി കെട്ടിടത്തിനരികിലെത്തി.
അവിടെ അവളെ കാത്ത് അവന്‍ നില്‍പ്പുണ്ടായിരുന്നു. ഒപ്പം അവന്‍റെ കൂട്ടുകാരും.
അവന്‍റെ വാക്കുകള്‍ വിശ്വസിച്ച് വീടും നാടുമുപേക്ഷിച്ച് ഏഴു നിറങ്ങള്‍ നിറഞ്ഞൊരു ജീവിതം മോഹിച്ചെത്തിയതായിരുന്നു അവള്‍..
അവനും കൂട്ടുകാരും എല്ലാ വര്‍ഷവും അവിടെ വെച്ച് നടത്തുന്ന ഒത്തുചേരല്‍ മാമാങ്കത്തിലേക്ക് ക്ഷണിക്കപ്പെട്ട അതിഥിയായിരുന്നു താനെന്ന് അവളറിഞ്ഞില്ല. അവന്‍റെ കെെപിടിച്ച് കെട്ടിടത്തിനുള്ളിലേക്ക് നടന്നപ്പോള്‍ അവിടെ തളംകെട്ടിയിരുന്ന മദ്യത്തിന്‍റെയും പുകയിലയുടെയും രൂക്ഷഗന്ധം അവളെ ശ്വാസം മുട്ടിച്ചു എങ്കിലും അവന്‍റെ സ്നേഹ പ്രകടനങ്ങള്‍ക്ക് മുന്‍പില്‍ നിശബ്ദയായി കീഴടങ്ങി. പൊടുന്നനെ വിളക്കണഞ്ഞത് അവളുടെ ജീവിതത്തില്‍ നിന്നു തന്നെയാണെന്ന് തിരിച്ചറിയുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. പാതി ബോധത്തില്‍ അവള്‍ കേട്ടു , ഇത്രയും നല്ല വിരുന്നൊരുക്കിയ തന്‍റെ കാമുകനെ അഭിനന്ദിക്കുന്ന അവന്‍റെ കൂട്ടുകാരുടെ സന്തോഷം നിറഞ്ഞ അട്ടഹാസങ്ങള്‍.
എല്ലാത്തിന്‍റെയും അവസാനം നിറങ്ങളെ പ്രണയിച്ചവള്‍ക്ക് അവരെല്ലാവരും ചേര്‍ന്നു ഒരു നിറം സമ്മാനിച്ചു. ചോരയുടെ കടും ചുവപ്പ് നിറം.
പിറ്റേന്ന് കാലത്ത് ആ കെട്ടിടത്തിനു പിന്നിലുള്ള റെയില്‍വേ ട്രാക്കില്‍ ആ കടും ചുവപ്പ് നിറം ചിതറിത്തെറിച്ചു നിന്നിരുന്നു.
കെട്ടിടത്തിനുള്ളില്‍ നിന്ന് ഉച്ചത്തിലുള്ള പൊട്ടിച്ചിരികള്‍ കേട്ടപ്പോള്‍ അവളുടെ ശ്രദ്ധ അങ്ങോട്ട് തിരിഞ്ഞു.
'നാലു പേരും എത്തിയിട്ടുണ്ട്.'
പുറത്തു നിന്ന അവളുടെ കണ്ണുകള്‍ വന്യമായി തിളങ്ങി. ചുണ്ടില്‍ ഒരു പുഞ്ചിരി മിന്നി മാഞ്ഞു.
അവള്‍ സാവധാനം അടികള്‍ വെച്ച് അകത്തേക്ക് കയറി. നാലുപേരും അവിടെയിരുന്ന് മദ്യപിക്കുകയായിരുന്നു. അവര്‍ ഊതി വിടുന്ന പുകച്ചുരുളുകള്‍ അന്തരീക്ഷത്തില്‍ വലയങ്ങള്‍ സൃഷ്ടിച്ചു.
പിന്നില്‍ ഒരു നിഴലനക്കം കണ്ട് അവര്‍ തിരിഞ്ഞു നോക്കി. മങ്ങിയ വെളിച്ചത്തില്‍ ഒരു പെണ്‍രൂപം നില്‍ക്കുന്നത് കണ്ടപ്പോള്‍ ആഹ്ളാദാരവം പുറപ്പെടുവിച്ച് കൊണ്ട് മുന്നോട്ടാഞ്ഞു.
''ഇത്തവണയും പതിവു തെറ്റിക്കാതിരിക്കാനുള്ള അതിഥിയെത്തിയല്ലോ.. ആരായാലും കടന്നു വരൂ സുസ്വാഗതം..'
നാലില്‍ ഏതോ ഒരു കുഴഞ്ഞ നാക്കില്‍ നിന്ന് പുറപ്പെട്ട ശബ്ദം കേട്ടപ്പോള്‍ അവള്‍ വെളിച്ചത്തിലേക്ക് കയറി നിന്നു.
അവളുടെ രൂപം വെട്ടത്ത് കണ്ടപ്പോള്‍ നാലു പേരും നടുങ്ങി വിറച്ചു.. അവരുടെ മനസ്സിലൂടെ ഓര്‍മ്മകളുടെ മിന്നല്‍പ്പിണരുകള്‍ കടന്നു പോയി തലച്ചോറിനുള്ളില്‍ ഭീതിയുടെ വിത്തു വിതച്ചു.
പാതി നിറഞ്ഞ മദ്യ ഗ്ളാസുകള്‍ തറയില്‍ വീണ് ചിന്നിച്ചിതറി.
കറുത്ത വേഷമണിഞ്ഞ് അഴിഞ്ഞുലഞ്ഞ മുടിയും അഗ്നി വര്‍ഷിക്കുന്ന കണ്ണുകളുമായി അവള്‍ മുന്നില്‍ നിറഞ്ഞു നിന്നപ്പോള്‍ അവരുടെയുള്ളില്‍ നുരച്ചു പൊന്തിയിരുന്ന ലഹരി വിയര്‍പ്പായ് മാറി. പെട്ടെന്ന് അവരുടെ തലയ്ക്ക് മുകളിലൂടെ അനേകം കടവാതിലുകള്‍ ചിറകടിച്ചു കൊണ്ട് പറന്നു പോയി. ഭയം കൊണ്ട് വിറച്ച് അവര്‍ നിലവിളിച്ചു. അപ്പോഴേക്കും കാര്‍മേഘങ്ങള്‍ വന്ന് ചന്ദ്രനെ വിഴുങ്ങിക്കഴിഞ്ഞിരുന്നു. പുറത്തെങ്ങും കുറ്റാക്കുറ്റിരുട്ട് വ്യാപിച്ചു. വിജനതയിലെങ്ങോയിരുന്ന് കാലന്‍കോഴികള്‍ നിര്‍ത്താതെ കൂവി.
പ്രാണഭയത്തോടെ അലറിക്കരഞ്ഞുകൊണ്ട് പിന്‍വാതിലിലൂടെ തട്ടിയും തടഞ്ഞും അവര്‍ പുറത്തേക്കോടി.
അവള്‍ ഭാവഭേദമേതുമില്ലാതെ അവരെ പിന്തുടര്‍ന്നു കൊണ്ടിരുന്നു. വീശിയടിച്ച കാറ്റില്‍ കരിയിലകള്‍ ഉയര്‍ന്നു പൊങ്ങി. അവരുടെ ഓട്ടം റെയില്‍വേ ട്രാക്കിലെത്തിയതും അകലെ നിന്ന് ട്രെയിന്‍ പാഞ്ഞു വന്നതും ഒന്നും അവരറിഞ്ഞില്ല.
നിമിഷനേരം കൊണ്ട് റെയില്‍വേ ട്രാക്കിനു ചുറ്റും ചോരയുടെ കടും ചുവപ്പ് നിറം പടര്‍ന്നു.
അവളുടെ സ്വപ്നങ്ങള്‍ക്ക് അന്ന് അവര്‍ ചാര്‍ത്തിക്കൊടുത്ത അതേ കടും ചുവപ്പ് നിറം.
അല്പ സമയത്തിനകം പിന്നിട്ട വഴികളിലൂടെ അവള്‍ മടക്കയാത്ര ആരംഭിച്ചപ്പോള്‍ അവളുടെ കണ്ണുകള്‍ തിരയടങ്ങിയ കടല്‍ പോലെ ശാന്തമായിരുന്നു. പോകുന്നതിനു മുന്‍പ് അവള്‍ കറുപ്പ് വസ്ത്രം മാറ്റി വെള്ള വസ്ത്രം ധരിച്ചിരുന്നു. നിത്യശാന്തിയുടെ തൂവെള്ള വസ്ത്രം..
അജിന സന്തോഷ്

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo