മധുവിധുനാളിലെ ബാലവീർ

Image may contain: 2 people, including Ganesh Gb, people smiling, selfie and closeup

കല്യാണം കഴിഞ്ഞ് കൃത്യം അഞ്ചാം ദിവസം സന്ധ്യയ്ക്ക് പുതുമണവാട്ടിയുടെ പുഴയായൊഴുകിയ പൂങ്കണ്ണീർ കാരംസ് സ്ട്രൈക്കർ തട്ടും മട്ടിൽ ഞൊട്ടിയെറിഞ്ഞ് ഓഫീസിലെത്തിയവനാണ് ഞാൻ.
"വന്നില്ലേല് ഒരു കുഴപ്പവുമില്ല.... പിന്നെ ഇങ്ങോട്ട് വരാതിരുന്നാ മതി" എന്നായിരുന്നു മാനേജരുടെ ചാട്ടുളി പ്രയോഗം. "പോടാ - ജോലി പോയാൽ എനിക്ക് പുല്ലാ" എന്നും പറഞ്ഞ് സ്ളോമോഷനിൽ തിരിഞ്ഞ് നടക്കണമെന്ന് വിചാരിച്ചെങ്കിലും 'മൂന്നു നേരം വല്ലതും അകത്തേക്ക് പോയില്ലെങ്കിൽ' എനിക്കും വീട്ടുകാർക്കും ഗ്യാസ്ട്രബിളിന്റെ അസ്കിതയുണ്ടാകുമെന്നുള്ളതിനാൽ അത് വേണ്ടന്നു വച്ചു. മാത്രമല്ല അന്ന് ഞങ്ങളുടെ ആധാർ കാർഡ് ഗ്യാസുമായി ലിങ്ക് ചെയ്തിട്ടുണ്ടായിരുന്നില്ല.
"വരണം വരണം മി. ഇന്ദുചൂഢൻ" എന്ന വിഖ്യാത ഭീമൻ രഘു ലുക്കിൽ ആ മഹാപാപി എന്നേ നോക്കിയപ്പോൾ "ഇതിലും ഭേദം അങ്ങു കൊല്ലാമായിരുന്നില്ലേ?" എന്ന മറുനോട്ടമെറിഞ്ഞ് ഒന്ന് വിഷ് ചെയ്ത് ഞാൻ സീറ്റിലേക്ക് മാറി.
പണികൾക്കും പരിദേവനങ്ങൾക്കുമിടയിൽ അടുത്ത ലീവിനെക്കുറിച്ചായിരുന്നു എന്റെ ചിന്തകൾ. അവളുടെ നില‘വിളികൾ വരുമ്പൊ ലീവ് ആപ്ലിക്കേഷൻ തീയറിയുടെ ആരും സഞ്ചരിച്ചിട്ടില്ലാത്ത വഴികളിലൂടെ അലഞ്ഞു തിരിയുകയായിരുന്നു ഞാൻ! ഒരു മുഴു ഭ്രാന്തനെപ്പോലെ..!
അങ്ങനെ കഥകളി വേഷക്കാരുടെ ചുവന്ന കണ്ണുകളെ ധ്യാനിച്ച്, അവരുടെ ടെക്നിക്കായ "ചുണ്ടപ്പൂ" ഇടംകണ്ണിൽ പ്രയോഗിച്ച്, പിറ്റേന്ന് ഓഫീസിലെത്തി. ഒറിജിനാലിറ്റിക്ക് പഴത്തിന്റെ തീരെച്ചെറിയ ഒരു ചെറിയ തുണ്ട് കൺകോണിലും വച്ച് 'നിഷ്കു'വായി ഞാൻ ജോലിയിൽ മുഴുകി. ഒരു മണിക്കൂർ കഴിഞ്ഞ് ബാത്ത് റൂമിൽ പോയി വലത്തേ കണ്ണിലും ''ചുണ്ടപ്പൂ" പ്രയോഗിച്ചു. ഇടത്തേ കണ്ണിന് അപ്പോൾ ഏതാണ്ട് അസ്തമയ സൂര്യന്റെ നിറം!
പിന്നെല്ലാം പെട്ടെന്നായിരുന്നു. സെക്ഷനിൽ അങ്ങിങ്ങായി കുശുകുശുപ്പുകൾ - അറ്റൻറർ വരുന്നൂ - മാനേജർ റൂമിലേക്ക് ഞാൻ ആനയിക്കപ്പെടുന്നു - അവിടെ നിന്നിരുന്ന ആരും എന്റെ മുഖത്തേക്ക് നോക്കുന്നു പോലുമില്ല.
''നിങ്ങൾക്ക് ചെങ്കണ്ണാണെന്ന് തോന്നുന്നു... സെക്ഷനിലെ എല്ലാർക്കും പ്രശ്നമുണ്ട്… പ്ലീസ് ക്ലിയർ ഓഫ്!"
"ചെങ്കണ്ണോ? എനിക്കോ? എന്റീശ്വരാ" ഒരു ഞെട്ടൽ എക്സ്പ്രഷനിട്ട് - ഒരുഗ്രൻ നെടുവീർപ്പും കാച്ചി...പെൻഡിംഗ് വർക്കുകളെ ദുഷ്യന്തൻ മോഡലിൽ നോക്കി പോകാനൊരുങ്ങുമ്പൊ 'ചെങ്കണ്ണടിച്ചവനെ ഭാര്യ പോലും അകറ്റി നിർത്തുമെന്ന‘ സന്തോഷത്തിൽ മുഖമുയർത്തി ഒന്നമർത്തി മൂളി ആ അഴുക്ക പയല്.!
അങ്ങനെ ആറാം ആദ്യരാത്രിയ്ക്കായി അവളുടെ വീട്ടിലേക്ക് ഞങ്ങൾ യാത്രയായി. സ്വന്തം വീടെത്തുമ്പോൾ ‘ക്ലീനറിൽ നിന്ന് ഡ്രൈവറായി‘ രൂപപരിണാമം പ്രാപിക്കുന്ന സ്ഥിരം പെൺ സ്വഭാവം ഇവളും പുറത്തെടുത്തു. അവളുടെ ചില നോട്ടവും നടപ്പും ഡയലോഗുകളും മുണ്ടയ്ക്കൽ ശേഖരനെ ഓർമപ്പെടുത്തി.
പരാതിയും പരിഭവവും കണ്ണീരും ദേഷ്യവും കൂടിക്കലർന്ന് പാതിരാത്രിയായപ്പോഴേക്കും പടത്തിന്റെ ഫസ്റ്റ് ഹാഫ് പോയിക്കിട്ടി. സെക്കൻറ് ഹാഫിൽ - മാനേജർ, ചുണ്ടപ്പൂക്കഥ, സെന്റിമെന്റ്സ്, പ്രണയം, ആക്‌ഷൻ ഒക്കെച്ചേർത്ത് ഒരു മസാലയൊക്കെയിട്ട് ‘ആറാം രാത്രിയെ' ബോക്സ് ഓഫീസിൽ ഒരു കണക്കിന് രക്ഷിച്ചെടുത്തു.
ആ സമയം ഇവരെന്തു പറഞ്ഞാലും സാധിച്ചു കൊടുക്കാൻ നമ്മൾ തയ്യാറാവുമല്ലോ! അങ്ങനെ വിജയലഹരിയിൽ സീലിംഗ് ഫാനിനെ സാക്ഷിനിർത്തി കൊടുത്ത വാക്കിൻ പുറത്ത് അവളുടെ മിലിട്ടറി കസിൻ സതീഷ് ചന്ദ്രന്റെ വീട്ടിലേക്ക് പിറ്റേന്ന് രാവിലെ പോകേണ്ടി വന്നു.
പട്ടാള വീട്ടിലെ ഹൃദ്യമായ സ്വീകരണ ചടങ്ങുകൾക്ക് ശേഷം എന്റെ ഈ ഓഞ്ഞ ലുക്ക് കണ്ട് അകത്തേക്ക് പോയ പട്ടാള ഭാര്യ കാവ്യ തിരിച്ചുവന്നത് വലിയ ഒരു ഗ്ലാസ് കോംപ്ലാനുമായാണ്. സുമാർ നാനൂറ് - നാനൂറ്റമ്പത് ഗ്രാം കോംപ്ലാൻ പാട്ടും പാടി ലയിച്ച ആ ബീയർ ഗ്ലാസ് ഏറ്റുവാങ്ങിയപ്പൊ തൊങ്കാശിപ്പട്ടണത്തിൽ കാടി കലക്കിക്കൊണ്ട് നിൽക്കുന്ന ‘കാവ്യ‘ മനസ്സിൽ ഓടിയെത്തി. സ്ഥിരമായി പാലു തട്ടിക്കളയുന്നതിന് ഒറ്റ മോനെ കവളി മടലിന് തല്ലി, തറയിൽ നിന്ന് നക്കിക്കുടിപ്പിക്കുന്ന എന്റെ അമ്മയുടെ സുന്ദരരൂപം ബാക് ഗ്രൗണ്ട് സ്കോറായി തെളിഞ്ഞും വന്നു.
കസിൻ തന്റെ പട്ടാള വിശേഷങ്ങൾ യാതൊരു മയവുമില്ലാതെ എന്നിലേക്ക് വെടിവെച്ചു കയറ്റുമ്പോൾ അകത്ത് ‘കോംപ്ലാൻകാവ്യ‘ക്കൊപ്പം ചളുവടിച്ച് ചിരിച്ചു മറിയുകയായിരുന്നു, എന്റെ മുണ്ടയ്ക്കല്‍ ശേഖരി.
കാശ്മീരിലെ ഓപ്പറേഷന്റെ ഒരു ഷോർട്ട് ബ്രേക്കിൽ, തോക്ക് താഴെ വച്ച് കടിഞ്ഞൂൽ പുത്രനെ ഉണർത്താൻ ഓഫീസർ അകത്തേക്ക് പോയപ്പൊ, ഒന്നരക്കിലോ കോംപ്ലാൻ ഗ്ലാസുമായി ഞാനും സ്കൂട്ടായി. പറമ്പിൽ ഒരു സൈഡിൽ നിന്ന റോസാച്ചുവട്ടിലേക്ക് വെളുത്ത് കൊഴുത്ത ആ ഡിസ്റ്റംബർ കറക്കി ഒഴിച്ചു. കുലകളായി നിന്ന ചുവന്ന റോസാപ്പൂക്കൾ വെളുത്തു തുടുത്തു നാണത്താൽ മുഖം കുനിച്ചു. കുറച്ച് വെള്ളം ഒഴിച്ച് തെളിവു നശിപ്പിക്കാനായി തിരിഞ്ഞപ്പോഴാണ് ഞാനവനെ കണ്ടത്. നാലു വയസ്സും നാൽപ്പത് റാത്തൽ മതിപ്പുമായി നിൽക്കുന്ന നമ്മുടെ കഥാനായകനെ.!
രണ്ടു ലഡ്ഢു വായിലും ഒരു ലഡ്ഢു കൈയ്യിലുമായി നിന്ന ആ കൊച്ചു ഹനുമാൻ, പുഴുപ്പല്ല് കാട്ടിയൊന്നു ചിരിച്ചു. "ഉപദ്രവിക്കരുത് പ്ലീസ്" ഒഴിഞ്ഞ ബിയർ ഗ്ലാസ് കൂട്ടി തൊഴുത് ഞാനും ചിരിച്ചു. അതിഷ്ടപ്പെട്ടിട്ടോ എന്തോ നിക്കർ താഴ്ത്തി അവൻ ആ റോസാപ്പൂക്കളിലെ വൈറ്റ് ഡിസ്റ്റംബറിനെ യൂറിനിൽ മിക്സ് ചെയ്ത് മണ്ണിലിറക്കി. ഇത്ര ചെറിയ പ്രായത്തിൽത്തന്നെ ഒന്നരക്കിലോ കാടിവെള്ളം മണ്ണിൽ ലയിപ്പിക്കാനുള്ള മൂത്രം അവനിൽ സ്റ്റോക്കുണ്ടായത് മെഡിക്കൽ സയൻസിന് ഇന്നും ഒരൽഭുതമായി തുടരുന്നു.
തക്ക സമയത്ത് എന്നെ രക്ഷിച്ചതിന്റെ നന്ദിയായി ആ ‘പട്ടാള ട്രോഫിയെ‘ ഒന്നെടുത്തു പൊക്കാൻ ശ്രമിച്ചെങ്കിലും ഉയിര് ഉച്ചിയിലെത്തിയതിനാൽ ശ്രമം പാതിവഴിയ്ക്കുപേക്ഷിക്കേണ്ടി വന്നു. അതുകൊണ്ട് ടേബിളിൽ നിരത്തി വച്ചിരുന്ന വിഭവങ്ങളിൽ നിന്ന് ഒരു ലഡ്ഢു അവന്റെ നേർക്ക് നീട്ടി. അത് വാങ്ങി ഒരു കടി കടിച്ച് മുകളിലേക്ക് നോക്കി എന്തോ പിറുപിറുത്ത് ലവൻ കൈ ചുരുട്ടി എന്റെ അടിനാഭിക്കിട്ട് ഒറ്റയിടി!
''അയ്യോ! ലഡ്ഢു തിന്നാൽ ഇവൻ ബാലവീർ ആണെന്നാ പറയാറ്... ഇടിക്കാൻ ശക്തി കിട്ടുമത്രേ.." ജവാനും കുടുംബവും ഓടിയെത്തി.
അടിവയറ്റിൽ ആദ്യം ഒരു മരവിപ്പും, തുടർന്ന് ചുഴലിത്തിരകളും, കരിയിലക്കിളികൾ ചേക്കേറുമ്പോൾ കേൾക്കുന്ന പ്രത്യേക ഒച്ചയുമാണ് അനുഭവപ്പെട്ടത്... ബാലവീറിന് രണ്ടിഞ്ച് നീളം കുറവായിരുന്നെങ്കിൽ!... ഒരു മാസത്തെ മെഡിക്കൽ ലീവും - പ്രകാശ് വക്കീലും - കുടുംബക്കോടതിയും - കോമ്പൻസേഷൻ തുകയും - തുള്ളിയായി മാത്രം വരുന്ന മൂത്രവും….ഓർത്തപ്പൊ തലചുറ്റലിലും ഒരാശ്വാസം തോന്നി.
'’ഏയ് ഒന്നുമില്ല! ഇവനാള് മിടുക്കനാണല്ലോ” ഉള്ളിൽ പ്രാകിക്കൊണ്ട് അടുത്തു കണ്ട പതുപതുത്ത സിംഗിൾ സോഫയിൽ ഞാൻ മെല്ലെയിരുന്നു. അപ്പോഴാണ് പ്രശസ്ത സപ്താഹ ആചാര്യനും നമ്മുടെ കോംപ്ലാൻ കാവ്യയുടെ അച്ഛനുമായ പള്ളിക്കൽ മാധവൻ സാർ ഇടിത്തീയായി അമ്പലത്തിൽ നിന്ന് നേരിട്ട് അവതരിച്ചത്. വന്ന പാടെ ഒരു ചിരി സമ്മാനിച്ചു കൊണ്ട് എന്റെ എതിർവശത്തുള്ള സോഫയിലിരുന്നു.
"യാത്രയെങ്ങനെയുണ്ടായിരുന്നു? എന്ന് തുടങ്ങിയ ചോദ്യം ഭാഗവതത്തിലെ വിവിധ യാത്രകളിലൂടെ കടന്ന് - പുഷ്പകവിമാനം വഴി രാമായണത്തിലെത്തി - എന്റെ ദുർബ്ബലമായ എതിർപ്പുകളെ മറികടന്ന് നേരേ വേദങ്ങളിൽ ചാടിയപ്പോൾ നമ്മുടെ ബാലവീർ ഓടി വന്ന് മടിയിലിരുന്നു. ചൂടാക്കിയ ഭാഗവത സപ്താഹം ചെവിയിൽ ഒഴിച്ച്, നാൽപ്പത് കിലോ റോളിംഗ് ട്രോഫിക്കൊപ്പം സ്….സ്….സ്…. എന്ന ശബ്ദത്തിൽ ഞാൻ ആ ലതർ സോഫയുടെ അടിത്തട്ടിലേക്ക് പൊയ്ക്കൊണ്ടിരുന്നു.
മന്വന്തരങ്ങൾ പിന്നിട്ട് മരണവക്കിൽ എത്തിയപ്പോൾ പട്ടാളം ദേവദൂതനായി പ്രത്യക്ഷപ്പെട്ട് ‘'കുറച്ചു സാധനങ്ങൾ വാങ്ങാനുണ്ട്, ഒന്നു ടൗണിൽ പോയി വരാം'' എന്നരുളി. അപ്പോഴേക്കും സോഫയുടെ താഴ്ചയും ലവന്റെ ഭാരവും കൊണ്ട് എന്റെ കാൽമുട്ടുകളും ഷോൾഡറും തമ്മിൽ ഏതാണ്ട് കൂട്ടിമുട്ടാറായിരുന്നു.
ടൗണിലെ ‘ശ്രീ മുരുകാ ബാർബർ ഷോപ്പിൽ‘ ബലവീറിനെ ഇരുത്തി, എന്നെ ഏൽപ്പിച്ച് പട്ടാളം മാർക്കറ്റിലേക്ക് പോയി. പ്രൊപ്രൈറ്റർ മുരുകൻ അണ്ണാച്ചിയുടെ ജീവനു വേണ്ടി പ്രാത്ഥിച്ച് ഞാൻ പത്രത്തിലേക്ക് മിഴി മാറ്റി. ഒരലറിക്കരച്ചിൽ കേട്ട് നോക്കുമ്പോൾ കണ്ടത്, മൂടിപ്പുതച്ചിരുന്ന ബാലവീർ വില്ലുപോലെ ഒന്ന് വളഞ്ഞ് മുരുകന്റെ ചെവിക്കല്ലിനിട്ട് ഒന്ന് പൊട്ടിക്കുന്നതാണ്. ചെറുതായി മുറിഞ്ഞ കുഞ്ഞു ചെവി ചൂണ്ടി ‘'അണ്ണേ! കൊളന്ത റൊമ്പ കില്ലാടി" എന്നു ചുണ്ടു കോട്ടി പറയുമ്പൊ മുരുകന്റെ തല 360 ഡിഗ്രിയിൽ കറങ്ങി അറുമുഖനായി മാറിയിരുന്നു.
തിരികെയെത്തിയപ്പോൾ ഊണിന് മുമ്പായുള്ള സപ്താഹ ബാക്കിയുമായി ആചാര്യന്റെ വിളി വന്നു. "കുളിക്കുവാന്ന് നിൻറപ്പൂപ്പനോട് പറ മോനേ പ്ലീസ്” ഞാൻ ബാലവീറിന് ഒരു ചോക്ളേറ്റ് കൊടുത്തു മുറിയിലേക്ക് കയറി കതകടച്ചു. ഉച്ചയ്ക്ക് ഉണ്ണാനിരുന്നപ്പോൾ ജവാനും കാവ്യയ്ക്കും ഒരു കള്ളച്ചിരി. അമ്മാവന്റെ മുഖത്ത് ഒരു വിശ്വാമിത്ര ഭാവം.!
ഊണു കഴിഞ്ഞ് ഒന്ന് റൊമാന്റിക്കാവാം എന്ന മട്ടിൽ അടുത്തെത്തിയതും വീണ്ടുമവൾ മുണ്ടയ്ക്കൽ ശേഖരനായി മാറി. '’ആരും വിളിക്കണ്ട ആന്റീം അങ്കിളും കുളിക്കുവാ” എന്നാണ് ലവൻ എല്ലാരേം അറിയിച്ചത് എന്നറിഞ്ഞപ്പോൾ എന്റെ സപ്തനാഡിയും തളർന്നു പോയി.
നൂൺഷോയ്ക്ക് ടിക്കറ്റ് കിട്ടാതെ ഹതാശനായി മുറിക്ക് പുറത്തിറങ്ങിയപ്പൊ സിറ്റൗട്ടിൽ ഒരു പന്തും തട്ടി നിൽക്കുന്നു എന്റെ ദാമ്പത്യ വില്ലൻ. അവനിട്ട് ഒരു പണി കൊടുക്കാൻ ഞാനാ പന്ത് തട്ടി മുറ്റത്തിട്ട് ഒരു വാശി പോലെ അവനെ വെട്ടിച്ച് കളിച്ചു കൊണ്ടിരുന്നു. അവനും പ്രതീക്ഷ കൈവിടാതെ എന്റെ പിറകേ ഓടി നടന്നു. പെട്ടെന്ന് അമിതമായി കിതച്ച് നുരയും പതയും ഒഴുക്കി അവൻ കുഴഞ്ഞു വീണു.
‘'ഏട്രിയൽ സെപ്ടൽ ഡിഫക്ട്'' അത് പറയുമ്പൊ ആ മിലിട്ടറി ഓഫീസറിന്റെ കണ്ണ് നിറഞ്ഞിരുന്നു. '’ജനിച്ചപ്പൊഴേ ഹൃദയത്തിൽ ഒരു ദ്വാരം. പതിനഞ്ച് വയസ്സുവരെ വെള്ളത്തിലെ കുമിള പോലെ അവനെ നോക്കണമെന്നാ ഡോക്ടർ പറഞ്ഞിട്ടുള്ളത്... അതാ അവന്റെ വാശിക്ക് അറിയാതെങ്കിലും ഞങ്ങളൊക്കെ കൂട്ടുനിൽക്കുന്നത് ക്ഷമിക്കണേ‘' ഒബ്സർവേഷൻ റൂമിനു മുന്നിൽ വച്ച് എന്റെ കൈകൾ അദ്ദേഹം കൂട്ടിപ്പിടിച്ചപ്പൊ ഞാനുമങ്ങ് വല്ലാതായി.
"നല്ല രസമായിട്ട് കളിക്കുവാരുന്നു നമ്മൾ ല്ലേ അങ്കിളേ " ഹോസ്പിറ്റലിൽ നിന്ന് വീട്ടിലേക്ക് വരും വഴി അവൻ പറഞ്ഞു. ഞാനവനെ മടിയിലെടുത്തിരുത്തി. ഇപ്രാവശ്യം എന്തോ അവനത്ര ഭാരം തോന്നീല്ല. കരഞ്ഞു കാത്തിരുന്ന കാവ്യയ്ക്കും എന്റെ ഭാര്യയ്ക്കും അമ്മാവനും ഓരോ ഉമ്മ കൊടുത്ത് അവൻ പോയിക്കിടന്നു.
പതിമൂന്ന് വർഷങ്ങൾ....! ആ വീടിനും പരിസരത്തിനും വലിയ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ആ വെളുത്ത റോസാച്ചെടി പോലും അവിടെത്തന്നെ നിൽപ്പുള്ളതായി എനിക്ക് തോന്നി. "ചടങ്ങൊക്കെ കഴിഞ്ഞല്ലേ?.. ഞാനിവിടെയില്ലായിരുന്നു. ഇന്നലെയാ എത്തിയത്" ക്യാപ്റ്റൻ സതീഷ് ചന്ദ്രന്റെ കൈയ്യിൽപ്പിച്ച് ഞാൻ മെല്ലെ പറഞ്ഞു...
'’അങ്കിളേ! പ്ലസ് ടുവിന് മൊത്തം എ പ്ലസ് ഉണ്ടെനിക്ക്! ഒന്ന് പൊളിക്കണ്ടേ നമുക്ക്! അപ്പൂപ്പന്റെ ബലി ഇന്നു കൊണ്ട് തീരും അത് കഴിയട്ടേ അല്ലേ അച്ഛാ" കുറ്റിത്താടി വച്ച ആ ഫ്രീക്കൻ ബാലവീർ എന്റെ തോളിൽക്കൈയ്യിട്ട് ഉറക്കെചിരിച്ചു... ഞാനും....
- ഗണേശ് -
31-5-2018

ആ ദിവസം.- ഭാഗം - 6

Image may contain: 1 person, smiling, hat

Please check here for all previous parts :
https://www.nallezhuth.com/search/label/SaminiGirish

കോളിംഗ് ബെല്ലിന്റെ ശബ്ദം കേട്ട് ജയശ്രീ അടുക്കളയിൽ നിന്നും ധൃതിയിൽ ഉമ്മറത്തേക്ക് വന്നു.
"ആരാ...?"
അപരിചിതനായ ആളെ കണ്ട് അവൾ സംശയത്തോടെ ചോദിച്ചു. അയാൾ അവളെ സൂക്ഷിച്ചു നോക്കി. പിന്നെ മെല്ലെ പുഞ്ചിരിച്ചു.
"രാജൻ ഇല്ലേ..?"
"ഇവിടില്ലല്ലോ പുറത്ത് പോയിരിക്കുകയാ..."
"ഞാൻ കാത്തിരിക്കാം. കണ്ടിട്ടേ പോകുന്നുള്ളൂ."
പുഞ്ചിരിച്ചുകൊണ്ട് അയാൾ പറഞ്ഞു. ശേഷം അയാൾ ആ പടിക്കെട്ടിൽ തന്നെ ഇരുന്നു. ജയശ്രീക്ക് ആകെ അസ്വസ്ഥത തോന്നി. അല്പം മുഷിഞ്ഞു ചുളുങ്ങിയ വസ്ത്രത്തോടെയുള്ള അയാളെ അവൾക്ക് ഇഷ്ടപ്പെട്ടില്ല. അല്പം ഭയവും തോന്നാതെ ഇരുന്നില്ല. ദേഷ്യത്തോടെ പ്രതികരിക്കാൻ തുടങ്ങിയ അവൾ പെട്ടെന്നാണ് അയാളുടെ കൈയിലെ കവർ ശ്രദ്ധിച്ചത്. അതിൽ വല്ല മാരക ആയുധങ്ങളും കാണുമോ എന്ന ഭയം തോന്നിയതുകൊണ്ട് അവൾ സൗമ്യമായി തന്നെ ചോദിച്ചു.
"ആരാന്ന് മനസ്സിലായില്ല."
"എന്നെ അറിയില്ല."
മുഖത്തേക്ക് നോക്കാതെ അകലെ എവിടെയോ ദൃഷ്ടിപായിച്ചുകൊണ്ട് അയാൾ മറുപടി പറഞ്ഞു. അവൾക്ക് ഭയം അധികരിച്ചു.
"രാജൻ വരാൻ താമസിക്കുമോ..?"
"അറിയില്ല. ചിലപ്പോൾ..."
"ഹ്മ്..."
അയാൾ മറ്റൊന്നും ചോദിച്ചില്ല. എന്ത് ചെയ്യണമെന്നറിയാതെ അവൾ ആശങ്കയിലായി. അകത്തുപോയി രാജേട്ടനെ ഫോൺ ചെയ്യാൻ അവൾ നിശ്ചയിച്ചു. പക്ഷെ അപ്പോഴേക്കും അദ്ദേഹത്തിന്റെ സ്കൂട്ടർ പടികടന്നു വന്നു.
രാജശേഖരനെ കണ്ട മാത്രയിൽ അയാൾ എഴുന്നേറ്റ് നിന്നു. ഒരു വിജയിയെ പോലെ അയാളുടെ മുഖം പ്രകാശിച്ചു. വണ്ടി ഒതുക്കിയിട്ട് രാജൻ മെല്ലെ ഉമ്മറത്തേക്ക് വന്നു. സംശയത്തോടെ അയാൾ ആഗതനെ നോക്കി.
"രാജാ..."
അടുത്ത നിമിഷം രാജന്റെ മുഖം വല്ലാതെയായി. അല്പം ദേഷ്യത്തോടെ അയാൾ മുഖം തിരിച്ചു. അയാളെ ഗൗനിക്കാതെ അകത്തേക്ക് പോകാൻ തുടങ്ങിയ രാജശേഖരനെ അയാൾ ഒരിക്കൽ കൂടി വിളിച്ചു.
"രാജാ.. ഞാൻ.."
"വേണ്ട... വന്നതെന്തിനാണെന്ന് എനിക്ക് നന്നായറിയാം. തിരിച്ച് പൊയ്ക്കോ. അതാ നല്ലത്."
അയാൾ ദുഃഖത്തോടെ നിന്നു. കാര്യമറിയാതെ ജയശ്രീ രണ്ടുപേരെയും മാറി
മാറി നോക്കി.
"അങ്ങനെ പറയരുത്. ഒരുപാട് അലഞ്ഞിട്ടാണ് ഈ വരവ്. അന്വേഷിച്ച് തളർന്നു തുടങ്ങിയതാണ്. അപ്പോഴാണ് നിന്നെ കണ്ടത്. അമ്പലനടയിൽ വച്ച്. ഓടി വരുമ്പോഴേക്കും നീ പോയിക്കഴിഞ്ഞിരുന്നു. പിന്നെയും കുറെ അന്വേഷിക്കേണ്ടി വന്നു ഈ വീട് കണ്ടുപിടിക്കാൻ."
"എന്തിനാ അന്വേഷിച്ചത്? നിന്നെ ഇനി ഇവിടെ ആർക്കും കാണണ്ട. പൊയ്ക്കോ."
"പോകാം. നിന്നെ ബുദ്ധിമുട്ടിക്കാനല്ല വന്നത്. പക്ഷെ അതിനുമുൻപ് എന്റെ മോളെ..."
"വേണ്ട മോഹനാ... നീ വന്നത് പോലെ പൊയ്ക്കോ. അതാ നല്ലത്. ഒന്നും ഓർക്കാതെ ഓരോന്ന് ചെയ്ത് കൂട്ടിയിട്ട് ഇനി മോളെ അന്വേഷിച്ചിട്ട് കാര്യമില്ല."
"എന്റെ മോളെ ഒന്ന് കാണുകയെങ്കിലും ചെയ്യാതെ ഞാൻ പോകില്ല."
"നിന്റെ മോളെ നീ കാണില്ല. അവൾക്ക് ഇങ്ങനൊരു അച്ഛനുണ്ടെന്ന് ഇന്ന് വരെ അവൾക്കറിയില്ല. ഇനിയത് അറിയുകയും വേണ്ട. അവളുടെയും കൂടി ജീവിതം നശിപ്പിക്കാതെ നീ പോകണം. പോയെ തീരൂ.."
കർക്കശമായി അയാൾ പറഞ്ഞു നിർത്തി. ചങ്കു തകരുന്ന വേദനയോടെ മോഹനൻ കരഞ്ഞു. മറുത്തെന്തെങ്കിലും പറയാൻ അയാൾക്ക് നാവ് പൊന്തിയില്ല. കണ്ണുനീർ കവിളിലെ നനച്ച് താഴോട്ടൊഴുകി.
മുഖം തിരിച്ച് പോകാൻ തുടങ്ങിയ രാജന് അയാളുടെ കണ്ണുനീർ ഒരു വേദനയായി. ജയശ്രീയും ഇതിനോടകം ആളെ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു. അലിവോടെ അവൾ അയാളെ നോക്കി. അയാൾ അപ്പോഴും വിങ്ങിപ്പൊട്ടി കരയുകയായിരുന്നു. ആ കണ്ണുനീർ മനഃസാക്ഷിയുള്ള ആരെയും നോവിക്കുന്നതായിരുന്നു. രാജൻ മെല്ലെ അയാളുടെ അടുത്തെത്തി. പിന്നെ ആ തോളിൽ കൈവച്ചു. ഒരു കൈത്താങ്ങ് കിട്ടിയതുപോലെ അയാൾ രാജനെ കെട്ടിപ്പിടിച്ചു കരഞ്ഞു. രാജനും അയാളോട് ക്ഷമിച്ചു കഴിഞ്ഞിരുന്നു.
പെയ്തൊഴിയും പോലെ മോഹനൻ ഏറെ നേരം കരഞ്ഞുകൊണ്ടേ ഇരുന്നു. ഒരു കരച്ചിലിൽ തീരുന്നതായിരുന്നില്ല ആ സങ്കടങ്ങൾ. വർഷങ്ങളുടെ നോവുകൾ അയാൾക്കുള്ളിൽ കനലുപോലെ എരിഞ്ഞുകൊണ്ടിരുന്നു.
"മോഹനാ... നീ ഇങ്ങനെ കരഞ്ഞിട്ട് എന്താ... എല്ലാം കഴിഞ്ഞില്ലേ...?"
സ്വയം നിയന്ത്രിക്കാൻ ശ്രമിച്ചുകൊണ്ട് അയാൾ തേങ്ങലോടെ പറഞ്ഞു.
"ഉവ്വ്. എല്ലാം എന്റെ കൈവിട്ടു പോയി. ഇനിയൊന്നും എനിക്ക് തിരിച്ച് പിടിക്കാൻ കഴിയില്ല."
"ഹ്മ്..."
"ഇനിയൊരൊറ്റ ചിന്തയെ ഉള്ളു. എന്റെ മോള്... അവളെ ഒന്ന് കാണണം. അത്ര മാത്രം."
"അത്... അതത്ര എളുപ്പമല്ല മോഹനാ... ഞാൻ നേരത്തെ പറഞ്ഞത് വെറുതെയല്ല. പഴയ സംഭവങ്ങളൊന്നും അവൾക്കറിയില്ല. അമ്മ മരിച്ചു പോയെന്നും അച്ഛൻ ഉപേക്ഷിച്ചു പോയെന്നുമാണ് ഞങ്ങൾ അവളെ വിശ്വസിപ്പിച്ചിരിക്കുന്നത്. എല്ലാവർക്കും അത്രയേ അറിയൂ.."
അയാൾ വേദനയോടെ രാജനെ നോക്കി.
"അതല്ലാതെ മറ്റുവഴികളൊന്നും ഞാൻ കണ്ടില്ലടോ... അച്ഛൻ ജയിലിൽ ആണെന്ന് പറയുന്നതിലും ഭേദം അതാണെന്ന് തോന്നി."
തലകുനിച്ചിരിക്കാനല്ലാതെ അയാൾക്ക് ഒന്നും മിണ്ടാനായില്ല.
"നിന്നെ വേദനിപ്പിക്കാൻ പറഞ്ഞതല്ല. അവളുടെ ജീവിതം കൂടി നശിച്ചുപോകാതിരിക്കാൻ അതെ നിവൃത്തിയുണ്ടായുള്ളു. ഇന്ന് വരെ ആ സത്യങ്ങൾ ആർക്കും അറിയില്ല. ഇനിയത് അറിയിച്ചാൽ ഇപ്പോഴുള്ള സ്വസ്ഥത കൂടി തകരും. മോൾടെ ജീവിതം തന്നെ ചിലപ്പോ ഇല്ലാതാകും. അല്ലാതെ തന്നെ വലിയൊരു ദുരന്തമാ അവളുടെ ജീവിതത്തിൽ ഇപ്പോൾ വന്നിരിക്കുന്നത്. പരീക്ഷങ്ങളുടെ നടുക്കാണ് ഇപ്പോളവൾ. ഇനി നീ കൂടി അതിനിടയിൽ..."
ഉള്ളിൽ നിറഞ്ഞ ഭയത്തോടെ, വല്ലാത്ത ആശങ്കയോടെ അയാൾ രാജനെ നോക്കി.
"എന്താ.. ? എന്താ എന്റെ മോൾക്ക്...?"
ഉള്ളിൽ നിറഞ്ഞ ആധിയോടെയായിരുന്നു ആ ചോദ്യം. പിടക്കുന്ന ഹൃദയത്തോടെ അയാൾ രണ്ടുപേരെയും മാറി മാറി നോക്കി. നിരാശയും സഹതാപവും കലർന്ന നോട്ടമാണ് അയാൾക്ക് മറുപടിയായി കിട്ടിയത്. വല്ലാതെ ഭീതിയോടെ അയാൾ അവരെ ഉറ്റുനോക്കിക്കൊണ്ടിരുന്നു.
"എന്റെ മോളെവിടെ രാജാ...?"
"അവൾ അവളുടെ ഭർത്താവിന്റെ വീട്ടിലാ... മാളുവിനെ കോളേജിൽ പഠിപ്പിച്ചിരുന്ന സാർ ആയിരുന്നു അവൻ. പഠിപ്പ് കഴിഞ്ഞപ്പോൾ അവൻ വീട്ടുകാരെയും കൂട്ടി ഇവിടെ വന്നു കല്യാണം ആലോചിച്ചു. നല്ല കുടുംബവും ആൾക്കാരും ഒക്കെ ആയതുകൊണ്ട് ഞാൻ പഴയ കാര്യങ്ങൾ ഒന്നും അവരോട് പറഞ്ഞില്ല. കല്യാണം ഭംഗിയായി നടന്നു. അവൾക്ക് അവിടെ സുഖവുമായിരുന്നു. പക്ഷെ ഇപ്പൊ..."
"എന്താ...? എന്താ പ്രശ്നം...?"
"പ്രശ്നം... അവനു ചെറിയൊരു അസുഖം. ചെറുതല്ല അല്പം വലുത് തന്നെയാണ്. ഇപ്പൊ ആശുപത്രിയിലാണ്. അവളുടെ ജീവിതം എന്താവും എന്ന് ഇപ്പൊ ഒരുറപ്പില്ലാത്ത അവസ്ഥയിലാ... അതിനിടയിൽ നിന്നെ അച്ഛനാണെന്നു പറഞ്ഞ് അവർക്ക് മുൻപിൽ നിർത്തിയാൽ ശരിയാവില്ല മോഹനാ..."
രാജന്റെ വാക്കുകൾ അയാൾക്ക് ഹൃദയത്തിൽ തറക്കുന്ന കൂരമ്പുകൾ പോലെയാണ് തോന്നിയത്. തന്റെ ജീവിതം ഇങ്ങനെയൊക്കെയായതിൽ അയാൾക്ക് വല്ലാത്ത വേദന തോന്നി. ഇപ്പോൾ മകളുടെ ജീവിതവും നാശത്തിലേക്ക് അടുക്കുന്നു. ഹൃദയം നുറുങ്ങുന്ന വേദനയോടെ അയാൾ ഇരുന്നു.
(തുടരും)
-ശാമിനി ഗിരീഷ്-

Check this page after one hour---- Part Seven, final part will be online
https://www.nallezhuth.com/search/label/SaminiGirish

മകളുടെ അച്ഛൻ - കഥോദയം - 1


By.സജി വർഗീസ്
"ചിന്നുക്കുട്ടീ, നീയെവിടെയാ ഒളിച്ചിരിക്കുന്നത്, അച്ഛൻ കളി നിർത്തി മോളേ.."
"ഒളിച്ചും പാത്തും ഒന്നൂടെകളിക്കണച്ഛാ.."
"പെണ്ണ് പോത്തുപോലെ വളർന്നു.."
"നാണമില്ലേ.. നിനക്ക്,
അടുത്ത കൊല്ലം ഏഴാം ക്ളാസിലിരിക്കേണ്ട കുട്ട്യാ.. കൊച്ചു കുട്ടിയേപ്പോലെ.."
അനിത അടുക്കളയിൽ മീൻ മുറിക്കുന്ന തിരക്കിലാണ്.
"ഹോ അച്ഛനും മോൾക്കും എല്ലാം ഞാൻ തന്നെ ഒരുക്കി വയ്ക്കണം..
ഇനി വൈകിയെത്തിയതിന് ആ കാലമാടൻ സൂപ്രണ്ടിന്റെ മരമോന്ത കാണണം ഇന്നും വൈകൂന്നാ തോന്നണേ..."
"ഹോ... കറന്റും പോയി.. ഇനി കറിക്കരയ്ക്കാക്കാനും പറ്റില്ലല്ലോ എന്റീശ്വരാ.."
"നീയൊക്കെയല്ലേ ഇലക്ട്രിസിറ്റി ആഫീസിലുള്ളത് പിന്നെങ്ങനെ കറന്റു വരും"
"ഇതേ ഒരൊറ്റ കുത്തു തന്നാലുണ്ടല്ലോ"
"ആ ,എന്നാൽ വേഗം സ്ഥലം കാലിയാക്കാൻ നോക്ക് "
"ഓ. ശരി.. അഛനും മോളും ചായയൊക്കെ മെല്ലെ കുടിക്ക്'
"വണ്ടിയെടുത്ത് മെല്ലെപ്പോ"
അനിത വളരെ വേഗത്തിൽ വണ്ടിയെടുത്തു പോയി.
"ചന്ദ്രേട്ടാ... മോള് വളർന്നുവരുന്നു,
ഇത്ര വലുതായിട്ടും നമ്മുടെ കൂടെ തന്നെ കിടത്തണോന്ന് വച്ചാൽ
അവൾക്ക് വേറെ മുറി കൊടുക്കണം"
"നമ്മുടെ ഈ ചുറ്റിക്കളിയൊക്കെ പെണ്ണിനു മനസ്സിലാകുന്നുണ്ട്"
"അവളിപ്പളും നമ്മടെ പൊന്നുമോളല്ലേ,
ഇവൾക്ക് വേണ്ടിയല്ലോ ഞാൻ ഗൾഫിലെ ജോലിപോലും വേണ്ടാന്നു വച്ചത്"
"നമ്മുടെയെല്ലാം ഇവളല്ലേ അനിതേ,
നിനക്ക് രണ്ടാമതൊന്നു റിസ്ക്കാണെന്ന് ഡോക്ടർ പറഞ്ഞപ്പോൾ ആകെ തകർന്നു പോയിരുന്നു, മോൾക്കൊരു കൂട്ടില്ലല്ലോയെന്നോർത്ത്,
ഇപ്പം, ഞാൻ തന്നെ അവളുടെ എല്ലാം"
"സാരല്യ ചന്ദ്രേട്ടാ.... നമുക്ക് നല്ലൊരു മരുമോനെ കിട്ടും..."
************************
"എന്താ ചന്ദ്രട്ടാ, ആലോചിച്ചു കിടക്കുന്നേ"
"നിങ്ങളിങ്ങനെ തളർന്നു പോയാൽ ഞാനാകെ തകരും,
നിസ്സാര കാര്യല്ലേ.. അരുൺ വരും"
'എന്താ,ചന്ദ്രനും അനിതയും തമ്മിൽ സീരിയസ് സിസ്കഷൻ".
"എന്താ അച്ഛാ... ".ചിന്നുക്കുട്ടി ചന്ദ്രന്റെ ചെവിയിൽപ്പിടിച്ച് തിരിച്ചു.
"മോളേ... "
"അച്ഛൻ കരയാതെ... "
"അതിനിപ്പം എന്താ ഉണ്ടായേ.. "
"എന്താ ഉണ്ടായേന്നോ ബാംഗ്ളൂരിൽനിന്ന് നീ എൽ ആൻഡ് ടി കമ്പനിയിൽ രാജി കൊടുത്തതെന്താ "
"ഞാൻ ഇതിനാണോ നിന്നെ ഇല്ലാത്ത കാശു മുടക്കി ഇലക്ട്രിക്കൽ എഞ്ചിനീയറാക്കിയത് "
"നീ അരുണിന്റെ മുഖത്തടിച്ചെന്ന് അവൻ അച്ഛനെ വിളിച്ചു പറഞ്ഞല്ലോ..."
"ഓ.. അരുൺ കാരണമൊന്നും പറഞ്ഞില്ലേ.. "
"ഉം.. പറയില്ലല്ലോ."
"മോള് അച്ഛനോട് പറയില്ലേ.. "
"എന്നാൽ ഞാൻ രണ്ടാളോടും പറയാം."
"അമ്മേ കല്യാണം കഴിഞ്ഞിട്ട് ഒരു മാസമല്ലേ ആയത്..,
അച്ഛനും അമ്മയും ദിവസവും രാത്രിയിൽ വിളിക്കും."
"രണ്ടാഴ്ചകൂടുമ്പോൾ അച്ഛനെ കാണണമെന്ന് ഞാൻ പറഞ്ഞു ".
"അച്ഛന് ഞാനില്ലാതെ ഉറക്കംവരില്ല അരുൺ.. അമ്മയ്ക്ക് എന്നെ കണ്ടില്ലെങ്കിൽ... ആകെ ആധിയാ.".
"ഛേ... നാണമില്ലല്ലോ.. ഒരച്ഛനും മോളും "
"വേറെ ലോകത്തിലാരുമില്ല".
"എന്താ അരുൺ എന്റെ അച്ഛന് കുറവ്..."
"എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ടാ... ഇത്രയും വലുതായിട്ടും അച്ഛനും മോൾക്കും ഒരുമിച്ച് കിടന്നില്ലെങ്കിൽ ഉറക്കം വരില്ലത്രെ,
ആർക്കറിയാം..."
"പ്ടേ.... മുഖമടച്ചൊരടിയായിരുന്നു.
"നീയെന്നെ അടിച്ചല്ലേ..."
ചിന്നുവിന്റെ അഞ്ചുവിരലുകളും അരുണിന്റെ കവിളിൽപ്പതിഞ്ഞിരുന്നു.
"അരുൺ, നീ ബന്ധത്തിന്റെ മഹത്വം മനസ്സിലാക്കണം,
അച്ഛനുംമകളും തമ്മിലുള്ളബന്ധം
അത് നിനക്ക്മനസ്സിലാകില്ലല്ലോ"
"മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ നീ പഠിക്കേണ്ടതല്ല.. അത്.."
"ഓ, എങ്ങനെ പഠിക്കാനാ.,കോൺട്രാക്ടർ ശങ്കരന്റെയും മാലതിയുടെയും ഏകമകനെ അത് പഠിപ്പിച്ചില്ലല്ലോ.. "
"ഒരച്ഛനുംമകളും തമ്മിലുള്ള ആത്മബന്ധം എന്ന് നീ മനസ്സിലാക്കുന്നോ, അന്ന് നിന്റെ കൂടെ ഞാൻ വരാം.. "
"അധികകാലം കാത്തിരിക്കുമെന്ന് നീ കരുതേണ്ട... ആറു മാസം.. ഇത് ന്യൂ ജൻ പെണ്ണാ.. "
"എന്റെ അച്ഛനെപ്പറഞ്ഞാ.. എനിക്ക് സഹിക്കോ അച്ഛാ.. "
"മോളേ... ചന്ദ്രൻ ചിന്നുവിനെ കെട്ടിപ്പിടിച്ചു കരഞ്ഞു. "
"എന്റെ മോളാണു ശരി.. "
അനിത കണ്ണുതുടച്ചു കൊണ്ട് പറഞ്ഞു.
"ഇന്നിത്രയും പറഞ്ഞവൻ നാളെ നിന്നെക്കൊണ്ടെന്തെല്ലാം പറയും.. "
"കൂടുതൽ സെന്റിയാകല്ലേ, രണ്ടാളും.
വേഗം ചോറ് വിളമ്പ്.."
"മോളേ, ഫോണടിക്കുന്നുണ്ട്... "
"അരുണാ വിളിക്കുന്നത്..."
"ഞാനെടുക്കില്ലച്ഛാ..."
"എടുക്ക് മോളേ... "
"ചിന്നൂ..
പിണക്കമാണോ..?
"സോറി.. എനിക്ക് സംസാരിക്കാൻ താല്പര്യമില്ല.. "
"എന്നോട്, നീ ക്ഷമിക്കണം. ഞാൻ വെറുതെയൊരു തമാശ പറഞ്ഞപ്പോൾ... ഞാനിത്രയും വിചാരിച്ചില്ല.. "
"സോറി ചിന്നു.. "
"അമ്മ ,എന്നോട് ചോദിച്ചു ചിന്നു എന്താ പോയേന്ന്, നിനക്കറിയാലോ ഞാൻ എല്ലാക്കാര്യവും അമ്മയോട് പറയുമെന്ന്.. ഞാൻ പറഞ്ഞ തമാശ ഞാനമ്മയോട് പറഞ്ഞു. "
' അതവൾ നിന്നോടാണ് പറഞ്ഞതെങ്കിൽ നിനക്ക് സഹിക്കുമോടാ,... '
"മുഖമടച്ച് ഒരടി അമ്മയുടെയും അടുത്ത് നിന്നും കിട്ടി."
"സോറി ചിന്നൂ.. ആറു മാസം പോയിട്ട് ഒരു ദിവസം പോലും നിന്നെ പിരിഞ്ഞിരിക്കാൻ പറ്റില്ല..
ഞാൻ നാളെ രാവിലെ തന്നെ കോഴിക്കോടെത്തും "
"നല്ല കാറ്റുണ്ടല്ലേ ചിന്നു..."
"നീയെന്താ മുഖത്തേക്ക് സൂക്ഷിച്ചു നോക്കുന്നത് "
"ഒന്നുമില്ല അരുൺ:. സാരമില്ല കെട്ടോ "
ചിന്നു അരുണിന്റെ കവിളിൽ തലോടി.
"നന്നായി വേദനിച്ചോ.. "
"ഒന്നൊന്നര അടിയായിപ്പോയി,
എന്നാലും അമ്മയുടെ അടിയാ അടി.. "
അരുൺ ഇടത്തേ കവിൾ തടവിക്കൊണ്ട് പറഞ്ഞു.
"അമ്മയുടെ കൈപ്പത്തി കവിളിലൊന്നു പതിയുന്നതു നല്ലതാ.. കള്ളാ... "
"മുളയിലേ മനസ്സിൽ മുളയ്ക്കുന്ന വിഷവിത്തുകളെ കരിച്ചു കളയണം അരുൺ "
കുളിർമ്മയുള്ള കടൽക്കാറ്റ് അരുണിന്റെ കവിളിൽ തലോടിക്കടന്നു പോയി.
"എന്നാൽ ജീവിതം തുടങ്ങാണല്ലേ "
ചിന്നു അരുണിന്റെ കവിളിലൊരു മുത്തം കൊടുത്തു.
ശക്തിയായ് വന്ന ഒരു തിരമാല അവരുടെ കാലുകളെ നനച്ച് തിരിച്ചുപോയി.പടിഞ്ഞാറൻ ചക്രവാളത്തിൽ സൂര്യൻ എരിഞ്ഞടങ്ങിയിരുന്നു. നാളെയൊരു പുതിയ ഉദയത്തിനായി.അരുൺ ചിന്നുവിനെ ചേർത്തു പിടിച്ചു.
സജി വർഗീസ്
Copyright protected.

ആ ദിവസം - ഭാഗം - 5

Image may contain: 1 person, smiling, hat

For all previous parts :
https://www.nallezhuth.com/search/label/SaminiGirish

മരണത്തിന്റെ പടിവാതിലുകൾ ചവിട്ടിക്കയറാൻ ധൃതിയോടെ അയാൾ നടന്നു. എല്ലാം ഒരു നിമിഷംകൊണ്ട് അവസാനിക്കണം. ഈ നശിച്ച ജീവിതം, ഒന്നും നേടാൻ കഴിയാതെ പോയ ഈ നരക ജീവിതം ഇവിടംകൊണ്ട് അവസാനിക്കണം. തീവണ്ടിയുടെ നീണ്ട അലർച്ചയിൽ തന്റെ നിലവിളി ആരും കേൾക്കാതെ അലിഞ്ഞു പോകണം. നിശ്ചയദാർഢ്യത്തോടെ അയാൾ മുന്നോട്ട് നടന്നു.
റെയിൽവെ പ്ലാറ്റ്ഫോമിൽ അയാൾ പലകുറി അങ്ങോട്ടും ഇങ്ങോട്ടും നടന്നു. തന്റെ മരണത്തിന് പറ്റിയ സ്ഥലം തിരയുകയായിരുന്നു അയാൾ. പക്ഷെ പകൽനേരമായിരുന്നതിൽ ഭേദപ്പെട്ട തിരക്കുണ്ടായിരുന്നു. രാത്രിയാണ് അനുയോജ്യമായ സമയം എന്നയാൾക്ക് തോന്നി. കാത്തിരിക്കാൻ അയാൾ നിർബന്ധിതനായി. പടിഞ്ഞാറേക്ക് സഞ്ചരിക്കുന്ന സൂര്യനെ അയാൾ നോക്കി. തന്റെ സമയം അടുക്കുന്നു. അയാൾ ക്ഷമയോടെ കാത്തിരുന്നു.
വരുന്നതും പോകുന്നതുമായ തീവണ്ടികൾ നോക്കി അയാൾ ഇരുന്നു. ഇടക്കെപ്പോഴോ താനിരിക്കുന്ന ബെഞ്ചിന്റെ അറ്റത്ത് ഒരു പെൺകുട്ടി വന്നിരുന്നു. അയാൾ അവളെ നോക്കി. തന്റെ മകളുടെ പ്രായമുണ്ടായിരിക്കണം. വാത്സല്യത്തോടെ അവളെ അയാൾ നോക്കിക്കൊണ്ടിരുന്നു. ആ നോട്ടത്തിൽ അലോസരം തോന്നിയ പെൺകുട്ടി അവിടെനിന്നും എഴുന്നേറ്റ് മറ്റൊരു ബെഞ്ചിലേക്ക് ഇരുന്നു.
അയാൾക്ക് ചിരി വന്നു. സ്വയം പരിഹസിച്ചുള്ള ചിരി. അത് തന്റെ മകളാണെങ്കിൽ പോലും തിരിച്ചറിയാൻ കഴിയില്ല. അത്രക്കും ഭാഗ്യദോഷിയാണ് താൻ. അയാൾക്കുള്ളിൽ തന്റെ പ്രിയതമയുടെ മുഖം തെളിഞ്ഞു വന്നു. ഓർമ്മകളിൽ പഴയകാലം ഒരു ചലച്ചിത്രം പോലെ മിന്നിമറഞ്ഞു.
******
സാമ്പത്തികമായി അല്പം ഉയർന്ന ഒരു തറവാട്ടിലെ സന്തതിയായിരുന്നു താൻ. എപ്പോഴും കുടുംബ മഹിമയും തറവാടിത്തവും മാത്രം പറയുന്ന അച്ഛൻ. മനുഷ്യത്വം എന്നതിനേക്കാൾ അന്തസ്സും അഭിമാനവും ഒക്കെയായിരുന്നു അദ്ദേഹത്തിന് പ്രാധാന്യം. പക്ഷെ അമ്മ നേരെ തിരിച്ചായിരുന്നു. അമ്മയെപ്പോലെ ആയിരുന്നു താനും. എല്ലാവരോടും സ്നേഹം മാത്രം. പക്ഷെ പെണ്ണായി പിറന്നു പോയതുകൊണ്ട് അച്ഛനെ ഭയന്ന് ജീവിക്കാൻ മാത്രമേ അമ്മ എന്നും ശ്രമിച്ചിട്ടുള്ളു. ആ ചട്ടക്കൂടിൽ നിന്നും പുറത്ത് വരാൻ അമ്മക്ക് കഴിയുമായിരുന്നില്ല.
കോളേജിൽ ഉറ്റചങ്ങാതിയായിരുന്നു രാജശേഖരൻ. എന്തിനും ഏതിനും ഒറ്റക്കെട്ടായിരുന്നു രണ്ടുപേരും. കൂട്ടുകാരൻ എന്നതിലുപരി സഹോദരങ്ങളെപ്പോലെ പരസ്പരം സ്നേഹിച്ചു. ഒരു ഉത്സവത്തിന് രാജന്റെ വീട്ടിൽ വിരുന്നിനു പോയപ്പോഴാണ് രാജിയെ ആദ്യമായി കാണുന്നത്. രജനി എന്ന് പേരുള്ള രാജി. കൂട്ടുകാരന്റെ പെങ്ങളെ മറ്റൊരു കണ്ണോടെയും കാണരുതെന്ന് മനസ്സ് വിലക്കിയെങ്കിലും അവളൊരു സ്വപ്നമായി നെഞ്ചിൽ കൂടുകൂട്ടുകയായിരുന്നു.
പലപ്പോഴായി അവന്റെ വീട്ടിലേക്കുള്ള യാത്രകൾ അവളെ കാണാൻ വേണ്ടി മാത്രമുള്ളതായി. അവളും അടുപ്പത്തോടെ പെരുമാറാൻ തുടങ്ങിയപ്പോൾ പറ്റിയ അവസരത്തിൽ അവളോട് മനസ്സ് തുറന്നു. നിറഞ്ഞ ചിരിയായിരുന്നു മറുപടി. അതിന്നും മനസ്സിനുള്ളിൽ തെളിഞ്ഞ് കാണാം. അവളെ താനൊരുപാട് സ്നേഹിച്ചു. ഒരുപാടൊരുപാട്...
രാജിക്ക് തുടരെ തുടരെ വിവാഹാലോചനകൾ വരാൻ തുടങ്ങിയപ്പോൾ ആധിയായിരുന്നു മനസ്സിൽ. അവളെ പിരിയുക എന്നത് ചിന്തിക്കാൻ കൂടി കഴിയില്ലായിരുന്നു. ഒടുവിൽ രാജനോട് തന്റെ ഇഷ്ടം അവതരിപ്പിച്ചു. അച്ഛനില്ലാത്തതിനാൽ അവനായിരുന്നു കുടുംബത്തിലെ കാരണവർ. ആദ്യമൊക്കെ അവൻ ശക്തമായി എതിർത്തു. പിന്തിരിപ്പിക്കാൻ രണ്ടുപേരെയും ശ്രമിച്ചു. പക്ഷെ അവളും ഞാനും ആത്മാർത്ഥമായി സ്നേഹിക്കുന്നതുകൊണ്ട് പിന്മാറാൻ തയ്യാറായില്ല. ഒടുവിൽ അവൻ മൗനസമ്മതം നൽകി.
വിവാഹക്കാര്യം അമ്മക്ക് എതിർപ്പില്ലാത്ത കാര്യം ആയിരുന്നു. എന്റെ ഇഷ്ടത്തിനപ്പുറം അമ്മക്ക് ഒന്നുമില്ലായിരുന്നു. പക്ഷെ, അച്ഛന് ജാതിയും പണവും തറവാടും ഒക്കെ പ്രശ്നമായി. രാജിയെ അംഗീകരിക്കാൻ അദ്ദേഹം ഒരുവിധത്തിലും തയ്യാറായില്ല. അവളെ മറക്കാൻ കഴിയില്ല എന്നതുകൊണ്ട് ഞാൻ രാജന്റെ സഹായത്തോടെ അവളെ രെജിസ്റ്റർ വിവാഹം കഴിച്ചു.
അമ്മയുടെ നിർബന്ധപ്രകാരമാണ് വീടിനടുത്ത് തന്നെ ഒരു വാടക വീടെടുത്ത് താമസമാക്കിയത്. അമ്മക്ക് അവളെ വലിയ ഇഷ്ടമായിരുന്നു. രണ്ടുമാസങ്ങൾക്കപ്പുറം അവൾ ഗർഭിണിയാണെന്ന സന്തോഷ വാർത്ത അറിയിക്കാൻ വീട്ടിലേക്ക് പോയപ്പോൾ തന്നെ അച്ഛനെന്നെ ആട്ടിയിറക്കി. എങ്കിലും ഞാനും അവളും അച്ഛനില്ലാത്ത നേരങ്ങളിൽ അമ്മയെ കാണുവാൻ പോകാറുണ്ടായിരുന്നു.
മാസങ്ങൾ കടന്നു പോയി. രാജിക്ക് പ്രസവത്തിന്റെ സമയം ഏതാണ്ടടുത്തു. അവളെ പ്രസവത്തിനു വീട്ടിലേക്ക് പറഞ്ഞയക്കാൻ എനിക്ക് തോന്നിയില്ല. എന്നെ തനിച്ചാക്കി പോകാൻ അവൾക്കും. രാജിയുടെ അമ്മ ഞങ്ങളുടെ കൂടെ വന്നു നിന്നു. ആ ആശ്വാസത്തിൽ പ്രസവസമയം അടുത്തിട്ടും ഞാൻ ജോലിക്ക് പോയിരുന്നു.
അങ്ങനെ ഒരു ദിവസത്തിലാണ് ആ ദുരന്തം സംഭവിച്ചത്. എന്റെ ജീവിതത്തിൽ സന്തോഷവും ദുഃഖവും കോപവും ഒക്കെ അതിന്റെ ഉച്ചസ്ഥായിയിൽ എത്തിയ ദിവസം. അമ്മയെ കാണാൻ അച്ഛനില്ലാത്ത തക്കം നോക്കി അവൾ വീട്ടിലേക്ക് പോയി. പക്ഷെ അപ്രതീക്ഷിതമായി അച്ഛൻ തിരികെയെത്തി. വീട്ടിൽ അവളെ കണ്ടതും അയാൾ വല്ലാതെ ക്രുദ്ധനായി. കൈയിൽ കിട്ടിയ വാക്കത്തിയുമായി അയാൾ എന്റെ രാജിയെ...
ആ നിമിഷം അവൾ അനുഭവിച്ച വേദന എന്തായിരിക്കുമെന്ന് എനിക്ക് ചിന്തിക്കാൻ പോലും കഴിയുന്നില്ല. ആരൊക്കെയോ ചേർന്ന് അവളെ ആശുപത്രിയിൽ എത്തിച്ചു. അവളെ രക്ഷിക്കാനായില്ലെങ്കിലും എന്റെ മോളെ രക്ഷിച്ചെടുത്തു.
മോളെ കാണുന്നതിന് മുൻപ് എന്റെ രാജിയുടെ രക്തത്തിന് പകരം ചോദിക്കണം എന്നെനിക്ക് തോന്നി. ഒരു നിമിഷം പോലും വൈകാതെ ഞാൻ അയാളുടെ അടുക്കലേക്ക് ചെന്നു. പോലീസുകാർ കൊണ്ടുപോകുന്നതിന് മുൻപ് അവളനുഭവിച്ച വേദന എന്താണെന്ന് ഞാൻ അയാൾക്ക് മനസ്സിലാക്കി കൊടുത്തു. ശ്വാസത്തിനായി അയാൾ പിടയുന്നത് ഞാൻ ആത്മനിർവൃതിയോടെ കണ്ടു നിന്നു.
രക്ഷപ്പെടാൻ ഞാൻ ശ്രമിച്ചില്ല. മരുമകളെ കൊന്ന കേസിൽ അയാൾ ജയിലിൽ പോകുന്നതിന് പകരം അച്ഛനെ കൊന്ന കുറ്റത്തിന് ഞാൻ ജയിലിൽ പോയി. ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചു. അവസാനമായി രാജിയെ ഒന്നുകാണുവാൻ പോലും ഞാൻ പോയില്ല. ജീവനില്ലാത്ത അവളുടെ മുഖം കാണുവാൻ എനിക്കാവില്ലായിരുന്നു.
എനിക്ക് വേണ്ടി വാദിക്കാൻ ആരും ഉണ്ടായില്ല. ആരും എന്നെ അന്വേഷിച്ച് വന്നില്ല. ഒരു മകൾ ജനിച്ചുവെന്ന് മാത്രം അറിഞ്ഞു. അവളെ ഒന്ന് കാണുവാൻ മനസ്സ് കൊതിച്ചു. പക്ഷെ അതിനും ഭാഗ്യം ഉണ്ടായില്ല. ജീവിതം ആ തടവറക്കുള്ളിൽ അവസാനിക്കും എന്ന് കരുതിയിരിക്കുമ്പോഴാണ് എങ്ങനെയൊക്കെയോ ശിക്ഷയിൽ ഇളവ് ചെയ്ത് കിട്ടുന്നത്. എന്റെ പൊന്നോമനയെ ഒരിക്കലെങ്കിലും ഒന്ന് കാണുക എന്ന ഒറ്റ ഉദ്ദേശ്യമേ മനസ്സിലുണ്ടായിരുന്നുള്ളു. ഇപ്പോൾ ആ പ്രതീക്ഷയും അസ്തമിച്ചിരിക്കുന്നു.
വലിയ ശബ്ദത്തോടെ ഒരു തീവണ്ടി കടന്നു പോയപ്പോൾ അയാൾ ഓർമ്മകളിൽ നിന്നും ഉണർന്നു. ഇരുൾ പരന്നു തുടങ്ങിയിരിക്കുന്നു. തന്റെ സമയം ആയിരിക്കുന്നു. പക്ഷെ എന്തുകൊണ്ടോ അയാൾക്കതിനായില്ല. എന്തോ ചെയ്യാൻ ബാക്കിയുള്ളതുപോലെ അയാൾക്ക് തോന്നി. എന്തോ ഓർത്തിട്ടെന്ന പോലെ അയാൾ തിരിഞ്ഞു നടന്നു.
******
ജനലിനപ്പുറത്ത് മഴ ആർത്തലച്ചു പെയ്യുന്നുണ്ട്. നല്ല തണുപ്പുള്ള അന്തരീക്ഷം. മഴയുടെ ശബ്ദത്തിനപ്പുറം ആളുകൾ വളരെ സ്വകാര്യമായി മാത്രം സംസാരിക്കുന്നതിന്റെ മർമ്മരങ്ങൾ കേൾക്കാം. വിശാലമായ മുറിയായതിനാൽ നേർത്ത മുഴക്കങ്ങൾ മാത്രമേ കേൾക്കുന്നുള്ളു.
അപരിചിതങ്ങളായ ഒരുപാട് മുഖങ്ങൾ. പ്രാർത്ഥനയോടെ ചിലർ കണ്ണടച്ചിരിക്കുന്നു. ചിലർ വ്യസനത്തോടെ വാതിലിനു നേരെ നോക്കിയിരിക്കുന്നു. ചിലർ ഒന്നും ശ്രദ്ധിക്കാനാവാതെ പുറത്തേക്ക് നോക്കിയിരിക്കുന്നു. മറ്റുചിലർ ഇരിപ്പുറപ്പിക്കാനാവാതെ മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു.
പുറത്തെ തണുപ്പ് ആരുടേയും ഉള്ളം കുളിർക്കുന്നുണ്ടെന്ന് തോന്നുന്നില്ല. വല്ലാത്ത ഭീതിയാണ് ഓരോ മുഖങ്ങളിലും. ഓപ്പറേഷൻ തിയറ്ററിനു മുൻപിൽ അത്തരം കാഴ്ചകൾ മാത്രമേ കാണാൻ കഴിയൂ...
വിശാലമായ ആ മുറിയുടെ ഒരു അരികിൽ തളർന്ന മട്ടിൽ ഇരിക്കുകയാണ് മാളവിക. ദിവസങ്ങൾകൊണ്ട് അനുഭവിക്കുന്ന ടെൻഷൻ അവളെ വല്ലാതെ തളർത്തിയിട്ടുണ്ട്. ഇടയ്ക്കിടെ പ്രാർത്ഥിക്കുമ്പോൾ കണ്ണുകൾ അടച്ച് മനസ്സിനെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.
എല്ലാം കണ്ടുകൊണ്ട് രാജശേഖരൻ ചുമരിൽ ചാരി നിൽക്കുന്നുണ്ട്. അയാൾക്ക് സ്വസ്ഥമായി ഒന്നിരിക്കാൻ പോലും കഴിയുന്നില്ല. ഉള്ളിൽ ഒരു അഗ്നിപർവ്വതം പുകയും പോലെ അസ്വസ്ഥനാണ് അയാൾ. ഇടയ്ക്കിടെ ഓപ്പറേഷൻ തിയേറ്ററിന്റെ വാതിലിന് നേരെ നോക്കുന്നുണ്ട്.
"മോഹനന്റെ കൂടെ ഉള്ളതാരാ...?"
ആ ശബ്ദം കേട്ടപാടെ അയാളുടെ ഉള്ളിൽ നെഞ്ചിടിപ്പ് വർദ്ധിച്ചു. ഭീതിയോടെ അയാൾ മാളുവിനെ നോക്കി. അസ്വസ്ഥതയോടെ അവൾ തിരിച്ചും. അവളുടെ നോട്ടത്തെ അവഗണിച്ച് ധൃതിയിൽ അയാൾ വാതിലിന് നേരെ നടന്നു.
(തുടരും)
-ശാമിനി ഗിരീഷ്-

Check this page after one hour---- Part six will be online
https://www.nallezhuth.com/search/label/SaminiGirish

നന്നാവാന്‍ സമ്മതിക്കൂല,(മിനിക്കഥ )

Image may contain: Shoukath Maitheen

''മൂത്രത്തിലെ കല്ല് പോകാന്‍
ധാരാളം
വെളളം കുടിക്കാന്‍ ഡോ
ക്ടര്‍ പറഞ്ഞു,
അങ്ങനെ
വെളളമടിച്ച് ,വെളളമടിച്ച്
ഞാനൊരു വലിയ
''കുടിയനായി,''
കുടി മാറാന്‍ എന്തെങ്കിലും
ഗെയിമിലേര്‍പ്പെടാന്‍
ഡോക്ടര്‍ പറഞ്ഞു,
അങ്ങനെ ,
ഞാനൊരു കളിക്കാരനായി
പക്കാ ''ചീട്ടുകളിക്കാരനായി,
''ചീട്ടുകളി മാറാന്‍ ക്യഷി തൊഴിലാക്കാന്‍
ഡോക്ടര്‍ പറഞ്ഞു,
അതോടെ ഞാന്‍ ജയിലിലുമായി,
അതെങ്ങനെ, ??
''കഞ്ചാവ് ക്യഷി ''ചെയ്താല്‍
പിന്നെ ഫൈവ് സ്റ്റാര്‍
ഹോട്ടലിലേക്ക് കൊണ്ടു
പോകുമോ,???
അല്ല പിന്നെ, !!
=======
ഷൗക്കത്ത് മൈതീന്‍ ,
കുവൈത്ത് ,

സാവിത്രി

Image may contain: 1 person, beard and closeup

കുറെ കൊല്ലം മുൻപുള്ള കഥയാണ് , കൃത്യമായി പറഞ്ഞാൽ ദൂരദര്ശനും ആന്റിനയും ഉള്ള കാലം ..
എന്നും ജോലി കഴിഞ്ഞു സുരേഷ് എത്താറുള്ളത് രാത്രി 9 .30 നുള്ള ലാസ്‌റ് ട്രാൻസ്പോർട്ടിനാണ്..
കുറച്ചു ദൂരെ ഉള്ള വർക്ഷോപ്പിലാണ് പണി..
ബസ് ഇറങ്ങിയാൽ പിന്നെ ഒരു നടത്തമാണ് .. വീട്ടിൽ ചെല്ലണമെങ്കിൽ ഒരു വലിയ റബർ തോട്ടവും , പിന്നെ ഒരു കപ്പത്തോട്ടവും കടക്കണം.
രാത്രിയിലെ പേടി പെടുത്തുന്ന ശബ്ദം കേട്ട് , സകല ദൈവങ്ങളെയും മനസ്സിൽ വിളിച്ചു, ഒരു മൂളി പാട്ടും പാടി, ബാറ്ററി ഇടുന്ന ഒരു കൊച്ചു ടോർച്ച് തെളിച്ചു വീട്ടിലേക്കു ഒറ്റ നടത്തത്തിനു ചെല്ലും ..
മലയോര ഗ്രാമം ആണ് ..റബർതോട്ടം ,നല്ലൊന്നാന്തരം കയറ്റവും, തോട്ടത്തിനു അരികിൽ നല്ലൊരു വെള്ളച്ചാട്ടവും ഉണ്ട് ,
വെള്ളച്ചാട്ടം നോക്കി പകുതി വരെ വരാം പിന്നെ വെള്ളച്ചാട്ടത്തിനു ഗുഡ്ബൈ പറഞ്ഞു തോട്ടത്തിനു നടുവിലൂടെയുള്ള വഴിയിലേക്കു പ്രവേശിക്കണം ഇവിടെ മുതലാണ് ഭയാനകമായ അന്തരീക്ഷം ..
ഒന്ന് അലറി കരഞ്ഞാൽ കൂടി കേൾക്കാനാരുമില്ല ...
ഈ കയറ്റം കയറി ചെല്ലുന്നത് ഒരു കപ്പത്തോട്ടം അത് കഴിഞ്ഞാൽ വീടെത്തി ...
പതിവുപോലെ സുരേഷ് അന്നും പണി കഴിഞ്ഞു വന്നു ബസ്സിറങ്ങി ..
ടോർച്ച് തെളിച്ചു പതിവ് മൂളിപ്പാട്ട് പാടി മലകയറാൻ തുടങ്ങി ...
തോട്ടത്തിനു നടുവിലൂടെ ഉള്ള വഴി പ്രവേശിച്ചു.. കുറച്ചു പോകുമ്പോൾ ഒരു പഴയ ഇടിഞ്ഞു പൊളിഞ്ഞ ഒരു വീടുണ്ട് ആകെ കാടു പിടിച്ചു കിടക്കുന്ന സ്ഥലം, അവിടെ എത്തുമ്പോൾ അറിയാതെ കാലിനു വേഗത കൂടി പോവും ...
ആ ഭാഗത്തേക്ക് നോക്കാതെ വേഗം നടന്നു നീങ്ങുമ്പോൾ ആണ് അറിയാതെ കണ്ണുകൾ അവിടേക്കു പാളി നോക്കി പോയത് ..
എന്തോ കണ്ടത് പോലെ ...
ഒരു വെളുത്ത രൂപം കണ്ടോ...ഇല്ല തോന്നലാവും ..
ടോർച്ച് അങ്ങോട്ട് അടിച്ചു നോക്കണോ.. ,നോക്കാം .. വേണോ ... നോക്കിയേകാം..
ഉള്ളിൽ ചെറിയ ഭയം തോന്നിയെങ്കിലും സുരേഷ് നടന്നു കൊണ്ട് തന്നെ അങ്ങോട്ട് ടോർച്ച് അടിച്ചു എന്തോ അനക്കം അവിടെ .. പെട്ടെന്ന് കാല് എന്തിലോ തട്ടി മുന്നോട് വേച്ചു വീണു ..
മരത്തിന്റെ വേര് ആണ് , കൈയിൽ നിന്നും ടോർച്ച് വീണു പോയി, ടോർച്ച് ഓഫ് ആയിരിക്കുന്നു ..
ഉള്ളിൽ ഭയം ഇരട്ടിച്ചു ..
വീടിന്റെ അനക്കം കേട്ട ഭാഗത്തേക്ക് സുരേഷ് ഒന്ന് നോക്കി , നെഞ്ചിലൂടെ ഒരു തീക്കൊള്ളി പോയത് പോലെ, ഒരു വെളുത്ത രൂപം അവിടെ മറഞ്ഞു നില്കുന്നു ..
തോന്നൽ അല്ല പെട്ടെന്ന് ടോർച്ച് നിലത്തൂന്ന് തപ്പി എടുത്തു .. അവിടേക്കു തെളിച്ചു ...
വെളുത്ത സാരിയുടുത്ത ഒരു രൂപം ഭിത്തി മറവിലേക് മാഞ്ഞു പോയി .. സുരേഷ് ഒന്നേ നോക്കിയുള്ളൂ ..
വിറച്ചു അവിടെ വീഴുന്നതിനു മുൻപ് സകല ധൈര്യവും സംഭരിച്ചു അമ്മേ.. ...ന്നു വിളിച്ചു തിരിഞ്ഞു നോക്കാതെ ഓടി ..
വീട്ടിൽ ചെന്നു വാതിലിൽ തട്ടി വിളിച്ചു .. 'അമ്മ വന്നു വാതിൽ തുറന്നതും ഉള്ളിലേക്കു ചാടി കയറി അടുക്കളയിലേക് ഓടി കുറെ വെള്ളം കലത്തിൽ നിന്നും കോരി കുടിച്ചു ..
അവിടെനിന്നും ഓടി വിളക്കു വെക്കുന്ന ഭാഗത്തേക്കു ..
പോക്കറ്റിൽ കിടന്ന ഒരു രൂപ എടുത്ത് തലക്ക് ഒഴിഞ്ഞു നിലവിളക്കിനു മുന്നിൽ വെച്ചു ...
ഞെട്ടൽ മാറിയിട്ടില്ല . ഓടുമ്പോൾ ആ രൂപം പിന്നാലെ വരുന്നത് പോലെ ആണ് തോന്നിയത് ..
കാലുകൾ ഇല്ല .. എന്നെ അവിടെ തട്ടിയിട്ടതും അത് തന്നെ ...
എന്നും വരുന്നവഴിയിൽ അല്ലാതെ എങ്ങനെ വീഴാൻ ...
വീട്ടുകാർ ഇതെല്ലാം കണ്ടു അന്ധം വിട്ടു നിൽക്കുകയാണ് .. അമ്മ കാര്യം തിരക്കി എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു .. അവരും ഭയന്നിരിക്കുന്നു ..
എന്റെ ദേവീ എന്റെ മോനെ നീ ആപത്തൊന്നും കൂടാതെ ഇങ്ങെത്തിച്ചല്ലോ... അമ്മേ മഹാമായേ .... 'അമ്മ കണ്ണീരോടെ പ്രാർത്ഥിച്ചു ...
അന്ന് സകല ജനലുകളും ഭദ്രമായിട്ടാണ് അടച്ചിരിക്കുന്നത് എന്ന് ഉറപ്പിച്ചിട്ടു നിലത്തു പാ വിരിച്ചാണ് കിടന്നത് ..
നേരം വെളുത്തു...
പനി പിടിച്ചിരിക്കുന്നു തീരെ വയ്യ ..
ആ രൂപം മനസ്സിൽ നിന്നും മായുന്നില്ല ..
തന്നെ നോക്കുന്ന ചോര കണ്ണുകൾ.. രാത്രിയിൽ പലതവണ ഞെട്ടി ഉണർന്നിരുന്നു ..
എന്തായാലും രണ്ടു ദിവസത്തേക്ക് ഇനി പണിക്കു പോകുന്നില്ല ...
സംഭവം എന്തായാലും കാട്ടുതീ പോലെ നാട്ടിൽ പടർന്നു ..
വീടിനു പിന്നിലൂടെ ഉള്ള വഴിയേ കുറച്ചു കയറ്റം കയറിയാൽ ഒരു പഞ്ചായത് റോഡ് ആയി ,അതുവഴി നടന്നു ചെല്ലുന്നത് അമ്പലത്തിലേക് ആണ് ആ വഴിയാണ് വാസു പിള്ള യുടെ ചായക്കട ..
വൈകുന്നേരം ചായ കുടിച്ചു കൊണ്ട് ഇരുന്നപ്പോൾ വാസുപിള്ള ആ കഥ പറഞ്ഞത്.
സാവിത്രിയുടെ കഥ.
പണ്ട് ഈ തോട്ടം ഒരു കാട് ആയിരുന്നു..
അന്നത്തെ നാട്ടിലെ വലിയ കുടുംബക്കാർ ആയ മൂത്തേടത്തു കാരുടെ കൈവശം ഈ ഭൂമി വന്നു പെട്ടു..
നീ ഇന്നലെ കണ്ടില്ലേ ആ ഇടിഞ്ഞ വീട് പണ്ട് അവിടെ താമസിച്ചിരുന്ന ഒരു പാവം അമ്മയും മകളും ആയിരുന്നു ..
ആ കൊച്ചിന്റെ പേരാണ് സാവിത്രി ..
നമ്മുടെ അമ്പലം കൊണ്ട് കഴിയുന്ന ഒരു കുടുംബം ...
അന്ന് മൂത്തേടത്തെ തല തെറിച്ച മൂത്ത സന്താനം നശിപ്പിച്ചതാ ആ കുടുംബത്തിനെ ..
അമ്പലത്തിലെ മാലകെട്ടും , വൃത്തിയാക്കലും ഒക്കെ ആയിരുന്നു അവളുടെ ജോലി ..
അങ്ങനെ ആണ് ആ വൃത്തികെട്ടവൻ അവളെ നോട്ടമിട്ടത് ..
പല പ്രാവശ്യം ശല്യം ചെയ്തു ..
ഒരു രാത്രി .. ആ.. അമ്മയെ കെട്ടിയിട്ടു, ആ പാവം മകളെ നശിപ്പിച്ചു,
എന്നിട്ട് ആ വീട്ടിൽ ഇട്ടു പച്ചക്കു തീകൊളുത്തി കൊന്നു..
ആര് ചോദിക്കാൻ ..ആരും ഉണ്ടായില്ല ..
പക്ഷെ ....
ആ പെണ്ണിന്റെ ആത്മാവ് പ്രതികാര ദാഹിയായി വന്നു ..
ആ പെണ്ണിനെ കൊന്ന് ഒരാഴ്ച തികച്ചില്ല പാമ്പ് കൊത്തി അവൻ കാവിനുള്ളിൽ മരിച്ചു കിടക്കുകയായിരുന്നു ...
പക്ഷെ കാലിൽ പാമ്പ് കൊത്തിയത് കൂടാതെ അവന്റെ കഴുത്തിലും മുറിവ് ഉണ്ടായിരുന്നു ..
ആ കുടുംബം തന്നെ നശിച്ചു പോയില്ലേ ...എല്ലാവരും ദുർമരണ പെട്ടു..
ആ ആത്മാവ് ഇപ്പോളും അവിടെ ഉണ്ട് , ഗതികിട്ടാതെ അലഞ്ഞു ..
അസമയത്തു് ആ ഭാഗത്തു കൂടി പോകരുത്
ആ..വീടും നമ്മുടെ കാവും തമ്മിൽ വരത്ത് പോക്ക് ഉണ്ട്
വരത്ത് പോക്കോ.. ?? ഞാൻ ചോദിച്ചു.
ആ.... വരത്ത് പോക്ക് നിനക്കറിയില്ലേ ... അദൃശ്യ ശക്തികളുടെ സഞ്ചാരം... വാസുപിള്ള തുടർന്നു ..
ഒരു തീഗോളം അവിടെ നിന്നും കാവിലേക്കും ,കാവിൽ നിന്നും അവിടേക്കും രാത്രിയിൽ പോകും ... ചില നാളുകാർക്ക് കാണാം ..
വാസു ചേട്ടൻ കണ്ടിട്ടുണ്ടോ
ഞാൻ ഒന്ന് രണ്ടു തവണ കണ്ടിട്ടുണ്ട് പിന്നീട് ആ.. സമയത്തു മുറ്റത്തു ഇറങ്ങുന്നതൊക്കെ ഒഴിവാക്കി എന്തെങ്കിലും സംഭവിച്ചാലോ ...
ആ... അങ്ങനെ ആ സംഭവത്തിന് കുറച്ചു കാലങ്ങൾക്കു ശേഷം കാടൊക്കെ തെളിച്ചു
ആദ്യം തെങ്ങിൻ തോപ്പ് ആയിരുന്നു, പിന്നെ ഇപ്പൊ റബർ തോട്ടം ആയി ..
പക്ഷെ ഇപ്പോളും ആ വീട് ഇരിക്കുന്ന ഭാഗം ആരും ഒന്ന് എത്തി നോക്കാൻ കൂടി ധൈര്യപെട്ടിട്ടില്ല ..
അവിടമൊഴിച്ചാണ് റബർ വെച്ചേക്കുന്നത് ..
നീ ആരുടെയോ ഭാഗ്യം കൊണ്ടാ സുരേഷേ രക്ഷപെട്ടത് ഇനി ആ വഴി അങ്ങനെ പോകണ്ട കേട്ടോ ..
ഒന്നും പറഞ്ഞില്ല അപ്പൊ തന്നെചായയുടെ കാശ് കൊടുത്തിട്ട് വീട്ടിലേക് പൊന്നു ...
വീട്ടിൽ വന്നപ്പോൾ അയലോക്കത്തെ കുറെ ചേച്ചിമാരൊക്കെ വന്നിട്ടുണ്ട് ..
'അമ്മ എരിവും പുളിയും ചേർത്ത് കാര്യങ്ങൾ വിശദീകരിക്കുന്നു ..
നീ എന്നിട്ട് ശെരിക്കും പ്രേതത്തെ കണ്ടോടാ .. ബിന്ദു ചേച്ചിയുടെ വകയാണ് ചോദ്യം
ഞാൻ എപ്പോളും തുണി അലക്കാൻ ആ വഴി ഒറ്റയ്ക്കാണ് പോകാറ് ഇനി എന്തായാലും തനിച്ചു പോക്ക് നിർത്തി .. എന്തെങ്കിലും പറ്റിയാൽ ഒന്ന് ഓടിവരാൻ കൂടി ആരും ഇല്ല ..
നമ്മുടെ വീടിന്റെ കുറച്ചു താഴെ ആണ് ചേച്ചിയുടെ വീട് അച്ഛനും അമ്മയും കുറച്ചുനാള് മുൻപ് മരിച്ചു ഒരു ആങ്ങള ഉണ്ട് കഞ്ചാവ് അടിച്ചു തോന്നിയപോലെ നടക്കുന്നു .. പാവം ചേച്ചി ..
എന്തായാലും രണ്ടു ദിവസം കഴിഞ്ഞാണ് പിന്നെ ജോലിക് പോയത്, ഒരാഴ്ചത്തേക്ക് പിന്നെ അടുത്ത സ്റ്റോപ്പിൽ ഇറങ്ങി കുറച്ചു കൂടുതൽ നടന്നു ചുറ്റി കറങ്ങി വീട്ടിൽ വന്നു ..
ഒരാഴ്ച കഴിഞ്ഞുള്ള ഒരു ദിവസം ബസ് കയറാൻ സ്റ്റാൻഡിൽ നിൽകുമ്പോൾ വീടിനടുത്തുള്ള ഒരു സുഹൃത്തിനെ കിട്ടി ശിവൻകുട്ടി, പേരിലെ ഉള്ളു ശിവൻ ആള് നല്ലൊരു നിരീശ്വര വാദിയാണ്..
എന്തായാലും അവിടെ ബാറിൽ കേറി ഒന്ന് മിനുങ്ങാൻ ഞങ്ങൾ തീരുമാനിച്ചു ..
ഒരു ഹാഫ് വാങ്ങി അടിച്ചു ഞങ്ങൾ യാത്രതിരിച്ചു
നല്ല ഫിറ്റ് ..
മദ്ധ്യം തലയ്ക്കു പിടിച്ചപ്പോൾ തുടങ്ങിയത് ആണ് ശിവൻ കുട്ടി നിരീശ്വരവാദം പറയാൻ .. ഓരോന്ന് പറഞ്ഞും എടുത്തും ഓർക്കാതെ പഴയ സ്റ്റോപ്പിൽ അറിയാതെ ഞങ്ങൾ ഇറങ്ങി .. കഥ പറഞ്ഞു നടന്നു വരുന്ന വഴിക്കാണ് ശിവൻ കുട്ടി ആ കാര്യം ഓർമിപ്പിച്ചത് ..
ഡാ നിന്നോട് കുറെ ദിവസം ആയി ചോദിക്കണം എന്ന് കരുതി ഇരിക്കുവായിരുന്നു നീ എന്തോ പ്രേതത്തെ കണ്ടെന്നോ ഉമ്മവെച്ചെന്നോ ഒക്കെ കേട്ടല്ലോ ശെരിയാണോ ..
ഞാൻ ഒന്ന് ഞെട്ടി .. ഈശ്വരാ.. സ്റ്റോപ്പ് മാറിയിരിക്കുന്നു ...
ഡാ ശിവ സത്യാ ഡാ .. ഞാൻ കണ്ടതാ നമുക് തിരിച്ചു പോകാം .. ഈ ടൈമിൽ ഈ വഴി ശെരിയല്ല ..
ഡാ നീ പേടിക്കാതെ.. ഈ പ്രേതവും ദൈവവും ഒക്കെ ഒരു മിഥ്യ ആണ് ... ഒക്കെ മനുഷ്യന്റെ
കണ്ടുപിടിത്തം ഞാനില്ലേ കൂടെ നീ വാ ...
ഇനി അഥവാ പ്രേതം വന്നാലും, എന്താ.... അവളുടെ പേര്... ആ.... സാവിത്രി .. അവൾ എത്ര വലിയ സാവിത്രി ആണേലും .. അവളുടെ കാര്യം ഞാൻ നോക്കിക്കൊള്ളാം .. അവൻ കണ്ണൊന്നു ഇറുക്കി ചിരിച്ചു ...
നാക്ക് കുഴഞ്ഞു കൊണ്ട് ആണ് അവൻ പറഞ്ഞതത്രയും ..
അവൻ എന്റെ കൈ പിടിച്ചു നടന്നു .. മുന്നോട് പോകും തോറും ഉള്ളിലെ ഭയം ഏറിവന്നു ..
രണ്ടുപേർക്കും കൂടി എന്റെ ഒരു ടോർച്ച് മാത്രം ..
തോട് കഴിഞ്ഞു ഇനി തോട്ടത്തിനു നടുവിലൂടെ ഉള്ള വഴി ..
കാലുകൾ വിറകുന്നുണ്ട് ഞെഞ്ചിടിപ്പു കൂടുന്നുണ്ട് , നടന്നു നടന്നു ..
ആ വീടിനു അരികിലെത്തി അവിടേക്ക് നോക്കണോ ...
ശിവാ അളിയാ
എന്താടാ
അളിയാ ഞാൻ ഇവിടെ വെച്ചാടാ അതിനെ കണ്ടത് ..
ഏതിനെ
അളിയാ മറ്റേ .. സാധനത്തിനെ .
.
മറ്റേതോ ഏതു മറ്റേതു ..
അളിയാ പ്രേതത്തെ.. സാ..സാവിത്രിയെ.. ഞാൻ വിറച്ചു കൊണ്ട് ആണ് പറഞ്ഞത് ...
പറഞ്ഞു തീർന്നതും ശിവൻ കുട്ടി, എടി.... സാവിത്രി...... എന്ന് വിളിച്ചു കൊണ്ട് വീടിന്റെ ഭാഗത്തേക്ക് ഓടി ചെന്നതും ഒന്നിച്ചായിരുന്നു .
ഞെട്ടലോടെ എല്ലാം കണ്ടുകൊണ്ട് നിക്കാനേ എനിക്ക് കഴിഞ്ഞുള്ളു ..
ആയ്യോ.... എന്നുള്ള ശിവൻകുട്ടിയുടെ അലർച്ചയാണ്‌ ഞാൻ പിന്നീട് കേട്ടത് ..
ഞാൻ ടോർച്ച് അവിടേക്ക് തെളിച്ചു, ഓടണോ .. അപ്പൊ അവൻ .. ഈശ്വരാ .. പതിയെ മുന്നോട്ട് നടന്നു..
ഇപ്പൊ വീടിന്റെ മുൻ ഭാഗം കാണാം.. അതാ ശിവൻ കുട്ടി അവിടെ വീണു കിടക്കുന്നു ടോർച്ച് തെളിച്ചു അവിടെ എന്തോ അനങ്ങുന്നു ..
എന്റെ കണ്ണിൽ ഇരുട്ടു കയറി .. .
ആകെ വിറയൽ എങ്ങനെയും അവനെ രക്ഷിച്ചു ഓടണം ..
പതിയെ ശിവന്റെ അടുത്തേക്ക് കാലുകൾ വെച്ചു ..
ടോർച്ച് വീടിനു ചുറ്റും തെളിച്ചു നോക്കി ഉള്ളിൽ എന്തോ അനക്കം പോലെ ...
തോന്നിയതാണോ ചീവീടുകൾ വല്ലാതെ അലക്കുന്നു ..
പതിയെ ശിവന്റെ അടുത്ത് എത്തി, എന്റെ ഉമ്മി നീർവറ്റി ..
ഇടിഞ്ഞ വീടിന്റെ ഉള്ളിലേക്കു അറിയാതെ ടോർച് തെളിച്ചു ഞെട്ടി തരിച്ചു ഞാൻ പിന്നിലേക്കു വേച്ചു വീണു .
സാവിത്രി ..
വെള്ളസാരി ഉടുത്ത രൂപം അവൾ അവിടെ ഭിത്തിക്ക് പിന്നിലായി മറഞ്ഞു നില്കുന്നു ...
ശിവാ.. ശിവാ .. ശബ്ദം പുറത്തേക് വന്നില്ല ..
ടോർച്ച് കൈയിൽ നിന്ന് വീണിരുന്നു .
ടോർച്ച് മുറിക്കുള്ളിലേക് തെളിഞ്ഞു നിൽക്കുന്ന രീതിയിൽ വീണു കിടക്കുകയാണ് ..
സാവിത്രി ആ രൂപം അവിടെ നിന്നും ഉള്ളിലേക്കു മറഞ്ഞു ..
ഞാൻ ടോർച്ച് എടുത്തു അവിടേക്കു വീണ്ടും തെളിച്ചു ..
വെട്ടം കാണുന്നതിന് അനുസരിച്ചു ആ രൂപം മറഞ്ഞു മറഞ്ഞു പോകുന്നു .
അതുവരെ ഇല്ലാത്ത എന്തോ ഒരു ധൈര്യം എന്നിലേക്കു വന്നപോലെ ..
ഞാൻ വീടിന്റെ ഉള്ളിൽ കയറാതെ പതിയെ വീടിന്റെ വശത്തേക്കു വന്നു ആ രൂപം മറഞ്ഞു നിൽക്കുന്ന ഭാഗത്തേക്കു ടോർച് തെളിച്ചു ..
കാണുന്നില്ല ..
തിരിച്ചു നടക്കാൻ ഭാവിച്ചപ്പോൾ..അവിടെ തറയിൽ എന്തോ കണ്ടത് പോലെ അവിടേക്കു തന്നെ ടോർച്ച് തറയിലേക് തെളിച്ചു ..
സാവിത്രി അവിടെ കുത്തിയിരിക്കുന്നു ..
മുഖം കാലുകൾക്കിടയിലേക് പൂഴ്ത്തി ... എന്നിൽ വിറയൽ ഉണ്ടായിരുന്നെങ്കിലും പതിയെ കാലുകൾ അവള്കരികിലേക് നീങ്ങി ..
ഏകദേശം അടുത്തെത്തി ..
സാവിത്രി തേങ്ങുകയാണ്... ഒരു തേങ്ങലിന്റെ ശബ്ദം മാത്രം കേൾകാം...
തൊണ്ട വരണ്ടു , ഇന്ന് ഒന്നുകിൽ എന്റെ മരണം ..അല്ലെങ്കിൽ ?? അറിയില്ല.. അല്ലെങ്കിലും എന്റെ മരണം തന്നെയാവും ..
ടോർച്ച് അവളുടെ മുഖത്തേക് തന്നെ തെളിച്ചു അവിടെ കിടന്ന ഒരു കമ്പ് പതിയെ ഞാൻ കുനിഞ്ഞു എടുത്തു ..
ഞാൻ രണ്ടും കൽപ്പിച്ചാണ് .. അവൾക്കു നേരെ ആഞ്ഞു വീശി കൊണ്ടില്ല അല്പം കൂടി അടുത്തേക് ചെന്നാലേ കൊള്ളൂ ..
ഒരു കാൽ കൂടി മുന്നോട് വെച്ചു ..
അവൾ അത് കണ്ടിട്ടാവണം പതിയെ മുഖം ഉയർത്തി
ഞാൻ വടിയിൽ പിടി മുറുക്കി..
സുരേഷേ .. നീ എന്നെ ഉപദ്രവിക്കരുത് ..
ങേ ..........
എന്നെ ഇവിടെ കണ്ട കാര്യം ആരോടും പറയരുത് ...
ങേ ...........
സാവിത്രിയുടെ മുഖത്തേക് ഞാൻ സൂക്ഷിച്ചു നോക്കി ...
മുഖത്തെ മുടി മാറ്റി അവൾ എന്നെ നോക്കി ...
എടീ ..... ബിന്ദു .........നീയോ .......
നീ ..... നീ ..എങ്ങനെ ..... ആഹാ .... അപ്പൊ .... നീ ....ആണല്ലേ .....സാവിത്രി ...
കള്ള നായ്%$#@&^ മോളെ
ആഹാ അപ്പൊ ഇതാണല്ലേ പരുപാടി ......
ജീവൻ തിരിച്ചു കിട്ടിയ ആശ്വാസത്തിൽ കരയണോ ചിരിക്കണോ എന്നറിയാതെ നട്ടപ്പാതിരയ്ക്കു വിയർത്തു കുളിച്ചു ഞാൻ നിന്നു...
എന്റെ കാലിലേക് സാവിത്രി അല്ല സോറി ബിന്ദു കെട്ടി പിടിച്ചു കരഞ്ഞു ..
ചതിക്കല്ലേ മോനെ ... പറ്റിപ്പോയി ...
അവൾടെ അമ്മേടെ സാവിത്രി .. ആഹാ .. നിന്നെ ഞാൻ ശെരിയാക്കി തരാമെടി ... ഒരു 2 മിനിറ്റുകൂടി കഴിഞ്ഞിരുന്നേൽ ബാക്കിയുള്ളവൻ ഇവിടെ അറ്റാക്ക് വന്നു ചത്തേനെ... ഇതാണല്ലേ പരുപാടി.. ആഹാ......
ആരാടി ഇവിടെ വരുന്നത് .. സത്യം പറഞ്ഞോ .. ഇല്ലേൽ ഇപ്പൊ ഞാൻ ആളെ കൂട്ടും .. സത്യം പറഞ്ഞോ ...
അത്.... അത് ...
പഭാ...... പറയെടീ......
വാസു പിള്ള ചേട്ടൻ ...
വാ.... വാസു
ആഹാ.. അയാളോ ... ആഹാ ....കൊള്ളാലൊ കള്ള ബഡുവ ... അപ്പൊ അയാളാണ് ഇവിടെ സ്ഥിരമായി വന്നു പോകുന്ന തീഗോളം .. വരത്ത് പോക്ക്... അവന്റെ അമ്മേടെ %$#^@
കൊടുക്കാം അയാൾക്കു പണി കൊടുകാം ..
എണ്ണീക്കെടി പന്നി ...
അവളെഴുനേറ്റു ... ഒരു സാവിത്രി ... മുഖം അടച്ചു ഒരെണ്ണം അങ്ങോട്ട് കൊടുത്തു സകല അരിശവും തീർത്തു ... ബാക്കി അയാൾക്കുള്ളതാ ... ഓഡ്രി ...തിരിഞ്ഞു നോക്കാതെ ഓടെഡീ ...
സാവിത്രി കിട്ടിയ ജീവനും കൊണ്ട് ഓടുന്ന കണ്ടപ്പോൾ ശ്വാസം ഒന്ന് വലിച്ചു വിട്ടു...
ദൈവമേ ..അവളെങ്ങാനും അലറിക്കൊണ്ട് എന്റെ നേരെ വന്നിരുന്നെങ്കിൽ..ഹൊ ... നാളെ എന്റെ ശവമടക്കായിരുന്നേനെ ..
അറിയാതെ മുഖത്തൊരു ചിരിയും വന്നു ..
35 വയസിനു മുകളിൽ പ്രായം ഉണ്ട് , ഇതുവരെ വിവാഹം നടന്നിട്ടില്ല .. പാവം ... അത് മുതലാക്കാൻ ഓരോരുത്തൻമാർ .. അയാളിങ്‌ വരട്ടെ ...
വീടിനു മുന്നിൽ ഒരുത്തൻ വീണു കിടപ്പുണ്ട് അവനെ ഒന്ന് വിളിച്ചെഴുനേൽപ്പിക്കട്ടെ ...
ഡാ.... ശിവാ... ഡാ... എഴുനേൽക്കെടാ , ഡാ.... നിരീശ്വര വാദി എഴുനേൽക്കെടാ ....
അവിടെ കിടന്ന റബർ ചിരട്ടയിലെ വെള്ളം അവന്റെ മുഖത്തു ഒഴിച്ചു..
ഉം .. ശിവൻ ബോധം തെളിഞ്ഞു വന്നു ..
ഭാഗ്യം ചത്തില്ല ...
ഞാൻ കണ്ടു, ഞാനേ .... കണ്ടുള്ളു ... ഞാൻ മാത്രേ കണ്ടുള്ളൂ ..
എന്താടാ കോപ്പേ ..
സാവിത്രി ... അവളെ ഞാൻ കണ്ടു അളിയാ .. വെള്ളസാരി ...സാവിത്രി ...ചോരക്കണ്ണുകൾ ..
ഉം ..ചോരക്കണ്ണു മാങ്ങാത്തൊലി എഴുനെൽക്കെടാ പോകാം ..
അളിയാ ഞാൻ കണ്ടെടാ... ഞാൻ നിരീശ്വര വാദം ഒക്കെ നിർത്തി അളിയാ ... ഞാൻ കണ്ടു,.
നീ.. നിക്ക് നമുക്ക് ഒരാളെ പിടിക്കാനുണ്ട്..
ആരെയാ അളിയാ...
ഒരാളെ ഒരു കള്ള #$%^& മോനെ ...
അവന്റെ അമ്മൂമ്മേടെ തീഗോളം ...
കുറച്ചു നേരം നോക്കി നിന്നിട്ട് ആരെയും കാണാഞ്ഞു അവര് രണ്ടു പേരും വീട്ടിലേക്ക് തിരിച്ചു ..
അതെ സമയം ഈ രംഗങ്ങൾ എല്ലാം മറഞ്ഞിരുന്നു കണ്ട വാസു പിള്ള കയ്യിലെ ചൂട്ടുകറ്റ കുത്തി കെടുത്തി തന്റെ വീട്ടിലേക്ക് അയ്യം വഴി ഓടുകയായിരുന്നു ...
ശുഭം ...
:- ശ്രീജിത്ത് വിജയൻ

അവാർഡ്



ആൾക്കൂട്ടത്തിൽ പലരേയും പരിചയമുള്ള മുഖം
പക്ഷേ ആരും എന്നെ തിരിച്ചറിഞ്ഞില്ല
നല്ലെഴുത്ത് അവാർഡ് നിശയും ,നല്ല എഴുത്തുകാരുടെ പുസ്തകങ്ങൾ പ്രകാശനവും ഇന്നാണ് നടക്കുന്നത്
ഒരുപാട് സന്തോഷത്തോടെ ഹാളിൽ ഏറ്റവും പിറകിൽ ആരും ശ്രദ്ധിക്കാത്ത സീറ്റിൽ ഞാനിരുന്നു
വേദിയിൽ ഷൗക്കത്ത് ഭായ് ,സജ്നത്ത ,ഷംസീത്ത ,ഉണ്ണിയേട്ടൻ ,മായേച്ചി , അംബികാമ്മ സുനിലേട്ടൻ ..... അങ്ങനെ നീണ്ട നിര തന്നെ ഉണ്ട്
ചിലരെയൊക്കെ അവാർഡിനായി പേരു വിളിക്കുമ്പോഴാണ് തിരിച്ചറിയുന്നത്
കാണാൻ നല്ല ഭംഗിയുണ്ട് എല്ലാവരെയും പുത്തൻ വേഷത്തിൽ
തിരക്കുകൾക്കിടയിൽ ആരും എന്നെ മാത്രം തിരിച്ചറിഞ്ഞില്ല
ഏറ്റവും പ്രായം കുറഞ്ഞതും കാണാൻ തരക്കേടില്ലാത്തതും ഞാൻ മാത്രമായിരുന്നു
ബാക്കി എല്ലാവരും
പ്രായം കൂടിയ വ്യക്തികളാണ്
എഫ് ബിയിൽ കണ്ട ഫോട്ടോയിലെ പോലെ അല്ല അതൊക്കെ എഡിറ്റിങ് ആയിരുന്നു ഞാൻ മനസ്സിൽ ചിരിച്ചു ഹ ഹഹ ഹഹ ഹഹ
അങ്ങനെ ഓരോരുത്തരുടെയും പേരുവിളിക്കുബോൾ അവരെയൊക്കെ ഞാൻ അത്ഭുതത്തോടെ നോക്കി
പേരു വിളിക്കുന്ന ഷൗക്കത്ത് ഭായ് അങ്ങനെ ഒടുവിൽ ആ പേരും വിളിച്ചു
രാജിരാഘവൻ..................
എല്ലാവരും ചുറ്റിലും നോക്കി
അവളെവിടെ
ഒന്നു കൂടി ആ പേര് വിളിച്ചു
രാജിരാഘവൻ............
അത്ര നേരവും അവാർഡ് കാണാൻ വന്നു നോക്കു കുത്തി ആയിരുന്ന ഞാൻ ഞെട്ടിപ്പോയി
എനിക്കും അവാർഡോ
എല്ലാവരും ചുറ്റിലും നോക്കി തളരുന്നുണ്ട് ഞാൻ പതിയെ സീറ്റിൽ നിന്ന് എഴുന്നേറ്റു
വേദിയിലേയ്ക്ക് നടന്നു
ഹാളിൽ ഇരുവശത്തുമായി ഇരിക്കുന്നർ എൻ്റെ എൻട്രി കണ്ട് ഞെട്ടിയിരിക്കുന്നു
ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് എന്നിലേയ്ക്കാണ്
ഞാൻ വേദിയിൽ കയറി അംബികാമ്മയിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി
പിന്നെ എല്ലാവരും എൻ്റെ ചുറ്റിലായിരുന്നു
ഈ കുഞ്ഞാണൊ ഈ കഥയൊക്കെ എഴുതുന്നത് വിശ്വാസിക്കാനാവുന്നില്ല കേട്ടോ
അഭിനന്ദനങ്ങൾ കൊണ്ട് വീർപ്പുമുട്ടിച്ചു
രണ്ടു വാക്ക് സംസാരിക്കാൻ മൈക്ക് തന്നു
ഞാൻ തുടങ്ങി
പ്രിയപ്പെട്ട
എൻ്റെ കുടുംബാഗങ്ങളെ ഞാൻ കരുതിയതിലും സുന്ദരിമാരും ,സുന്ദരന്മാരുമാണ് നിങ്ങൾ അതിലുപരി കഴിവുള്ള മികച്ച എഴുത്തുകാരും നിങ്ങൾക്കെൻ്റെ അഭിനന്ദനങ്ങൾ
എൻ്റെ പ്രാർത്ഥന കൂടെയുണ്ട് കൂടുതലൊന്നും പറയാനില്ല നന്ദി
പെട്ടെന്ന് ആരോ എന്നെ എടീന്നു വിളിച്ചു കോപം കത്തി ജ്വലിച്ച കണ്ണുകൾ എവിടെയോ നല്ല പരിചയമുള്ള മുഖം
അയ്യോ അമ്മ , ഞാൻ തനിച്ചല്ലേ ഇവിടെ വന്നത്
എഴുന്നേൽക്കെടി സൂര്യനുദിച്ചിട്ടും ഉറക്കം അതും പറഞ്ഞ് അമ്മ അടുക്കളയിലേയ്ക്ക് പോയി
അവാർഡും പോയി ആൾക്കാരും പോയി .......
രാജിരാഘവൻ

കൊച്ചു വലിയ സന്തോഷങ്ങൾ

Image may contain: 1 person, smiling, selfie and closeup
.................................................
"അമ്മേ, ഞാനൊരു കാര്യം പറഞ്ഞാൽ വഴക്കു പറയുവോ?" ഒമ്പതു വയസ്സുകാരി ചിഞ്ചു അമ്മയോട് ചോദിച്ചു.
" നീ കാര്യം പറ." എന്താണാവോ, അമ്മയുടെ മനസ്സൊന്നു പാളി.
"ഞാനിന്നൊരു കള്ളം പറഞ്ഞു. "
" ആരോട്? റ്റീച്ചറോടൊ?"
"അല്ല, എന്റെ കൂട്ടുകാരിയോട്. "
"എന്ത്?"
"അമ്മ പ്രഗ്നന്റ് ആണെന്ന്."
" ഹ ഹ, എന്തിനാപ്പൊ അങ്ങനെ പറഞ്ഞേ ?"
"എന്റെ എല്ലാ കൂട്ടുകാർക്കും അനിയനും അനിയത്തിയും ഒക്കെയുണ്ട്. ഞാൻ സ്ക്കൂളിൽ നിന്ന് വീട്ടിൽ വന്നാൽ മുഴുവൻ നേരം ടിവിയുടെ മുന്നിലെന്നല്ലേ പരാതി. പിന്നെ ഞാനെന്തു ചെയ്യണം. പുറത്തിറങ്ങിയാൽ പിള്ളേരെ പിടുത്തകാരുണ്ടെന്ന് പറയും. മൊബൈലിലും കളിക്കാൻ പാടില്ല. ഞാൻ അമ്മയെ പോലെ വലുതായാൽ എനിക്ക് കളിക്കാൻ പറ്റുമോ? തോന്നുമോ? എനിക്കൊരു കുഞ്ഞാവ വേണം." ശ്വാസമെടുക്കാതെ അവൾ പറഞ്ഞു നിറുത്തി.
വല്ലാത്ത സങ്കടവും, കുറ്റബോധവും. എന്തു പറയണമെന്നറിയാതെ നീതു നിൽക്കുമ്പോൾ, ചിഞ്ചു വീണ്ടും തുടങ്ങി.
"അമ്മയ്ക്കറിയാമോ ഒരു കുഞ്ഞാവയുണ്ടാവാൻ ഞാനെന്തൊക്കെ ചെയ്തെന്ന് ?അമ്പലത്തിൽ നെയ് വിളക്കു വച്ചു, ആർക്കും കൊടുക്കാതെ കൂട്ടി വച്ച പത്തിന്റെ സ്വർണ്ണ തുട്ടുകൾ കാണിക്കയിട്ടു, നമ:ശിവായ നൂറു തവണ പറഞ്ഞു... എന്നിട്ടും.. ഞാനൊരൂട്ടം കൂടി ചെയ്തിട്ടുണ്ട്. അമ്മ നോക്കിക്കോ, ഇതു നടക്കും."
"അല്ല, മോളെന്നോടെന്താ പറയാഞ്ഞേ.."
"അമ്മൂമ്മ പറഞ്ഞു, അമ്മയ്ക്ക് മുപ്പതു വയസ്സു കഴിഞ്ഞു, ഇനി കുഞ്ഞാവ വരില്ലെന്ന്.. " ആ മുഖത്ത് ആകെ നിരാശ.
" യേയ്, അമ്മൂമ്മ ചുമ്മ പറഞ്ഞതാട്ടോ. നന്നായി പ്രാർത്ഥിച്ചാൽ എന്തു കാര്യവും നടക്കും.." അവളെ സമാധാനിപ്പിച്ചു നീതു
"അപ്പൊ, അമ്മൂമ്മ കള്ളം പറഞ്ഞതാ."
"അല്ല. മുപ്പതു വയസ്സു കഴിഞ്ഞാൽ കുഞ്ഞാവ വരുന്നത് അമ്മയ്ക്ക് ദോഷമാണെന്ന് കരുതിയാ."
" ശരിക്കും ദോഷമുണ്ടോ? "
"എന്റെ മോളില്ലേ, അമ്മയ്ക്ക്. അമ്മയെ നന്നായി നോക്കിയാൽ മതി."
" അമ്മയേയും വാവയേയും ഞാൻ നോക്കി കോളാം." നീതുവിനെ വട്ടം പിടിച്ചവൾ കെഞ്ചി.
വിളക്കു കൊളുത്താൻ പൂജാമുറിയിൽ കയറിയപ്പോഴാണ് നീതു ശ്രീകൃഷ്ണ വിഗ്രഹത്തിന്റെ ചുവട്ടിൽ ചുരുട്ടി വച്ച ഒരു കടലാസ്സു കഷ്ണം കണ്ടത്. നോട്ടുബുക്കിലെ കടലാസ്സിൽ കുഞ്ഞു കൈപ്പടയിൽ പെൻസിൽ കൊണ്ട് ഒരു കുറിപ്പ്..
"ദൈവമേ, എനിക്കൊരു കുഞ്ഞാവയെ തരണേ."
നീതുവിന്റെ കണ്ണു നിറഞ്ഞു. ഒരു കുഞ്ഞു മതിയെന്ന് കരുതി, ഇത്രയും നീണ്ടു പോയി. പക്ഷെ മോൾക്ക് അതിയായ മോഹം. ഞങ്ങളുടെ കാലം കഴിഞ്ഞ് അവൾക്ക് തന്റേതെന്നു പറയാൻ, ഒരു വിഷമം വന്നാൽ പങ്കു വയ്ക്കാൻ ഒരു കൂട്ട്, അത് വേണം. മനുവേട്ടനോടും പറഞ്ഞു, സമ്മതം.
ഒരേ ഒരു കൺഡീഷൻ മനുവേട്ടൻ പറഞ്ഞു: "കൊച്ചപ്പിയിട്ടാൽ നീ വാരണം"
"നൂറു വട്ടം സമ്മതം" ആ കുഞ്ഞു മുഖം റോസാപ്പൂ പോലെ വിടർന്നു.
"കുഞ്ഞു വന്നാൽ, എല്ലാവരും വാവയെ ശ്രദ്ധിക്കും. നിന്റെ പുന്നാരമെല്ലാം തീരും." നീതു ഓർമ്മിപ്പിച്ചു.
" ആരൊക്കെ എന്തു പറഞ്ഞാലും എന്റെ അമ്മ കുട്ടിയ്ക്ക് എന്നോടുള്ള പുന്നാരമൊന്നും മാറില്ല. എനിക്കതു മതി."
ചിഞ്ചുവിന്റെ പ്രാർത്ഥന ദൈവം കേട്ടു. നീ തുവിന്റെ എല്ലാ കാര്യങ്ങളും ചിഞ്ചു കുട്ടി നോക്കി. സമയത്തിന് ഭക്ഷണം നിർബന്ധിച്ചു കഴിപ്പിക്കാനും, മരുന്നു കൊടുക്കാനും, കുഴമ്പു പുരട്ടാനുമെല്ലാം മുന്നിൽ നിന്നു. അമ്മയില്ലാതെ ഒരു പൊട്ടു പോലും കുത്താത്തവൾ, രാവിലെ തന്നെ എണീറ്റു പല്ലുതേച്ച്, കുളിച്ച്, ഒരുങ്ങി, ഭക്ഷണം കഴിച്ചു സ്കൂളിൽ പോകും. ക്ഷീണിച്ചുറങ്ങുന്ന നീതുവിനെ ഉണർത്താതെ ഉമ്മ കൊടുത്തിട്ടേ പോകൂ. യൂണിഫോമും സോക്സും നീതു കഴുകാനെടുത്താൽ ഓടി വന്നു വാങ്ങിക്കും. "അമ്മ കിടന്നോ. ഞാൻ കഴുകിക്കോളാം" എന്ന് പറയും. വയറു വന്നപ്പോൾ കുഞ്ഞി കാന്താരി മുറ്റമടിക്കാൻ കുഞ്ഞു ചൂലുമായി എത്തി. ഏതോ സിനിമയിൽ കണ്ടതാത്രെ. അമ്മയുടെ വയറിൽ കുഞ്ഞു വാവ അനങ്ങുമ്പോൾ കുഞ്ഞു കൈകൾ കൊണ്ടതറിഞ്ഞിട്ട് അവൾ തുള്ളി ചാടി പാടും.
" ഉണ്ട് വാവയുണ്ട്.. വയറിനകത്തുണ്ട്..
ഉണ്ട് വാവയുണ്ട്.. വയറിനകത്തുണ്ട്.. "
അതു കേട്ടു മനുവും നീതുവും ചിരിക്കും.
അങ്ങനെ ഒമ്പതു മാസത്തെ കാത്തിരിപ്പിനു ശേഷം ഇന്ന് നീതുവിന്റെ പ്രസവം. ചിഞ്ചുവിന് ഇന്ന് കൊല്ല പരീക്ഷയാണ്. വേദന വന്ന് ആശുപത്രിയിൽ അതിരാവിലെ തന്നെ നീതുവിനെ കൊണ്ടു പോയി.
"നന്നായി പരീക്ഷ എഴുതണെ." വേദനയ്ക്കിടയിൽ നീതു, തന്നെ നോക്കി വിഷണ്ണയായി നിൽക്കുന്ന ചിഞ്ചുവിന്റെ തലയിൽ തലോടി പറഞ്ഞു.
" ഉം. നല്ല വേദനയുണ്ടോ അമ്മേ... "
" കുഴപ്പമില്ല, നമ്മുടെ വാവയ്ക്കു വേണ്ടിയല്ലേ."
പരീക്ഷയെഴുതുന്നുണ്ടെങ്കിലും ചിഞ്ചുവിന്റെ മനസ്സു നിറയെ വാവയായിരുന്നു. പരീക്ഷ കഴിഞ്ഞ് അപ്പൂപ്പൻ വിളിക്കാൻ വരുന്നതു കാത്തിരുന്നു അവൾ. ദൂരെ നിന്നു അപ്പൂപ്പൻ കൈയെടുത്തു കാണിച്ചപ്പോൾ തന്നെ അവൾക്ക് മനസ്സിലായി തന്റെ വാവ വന്നെന്ന്. അവൾ ഓടി വന്നു.
"മോളെ വാവ വന്നു. അനിയത്തി വാവ ."
അവൾ സന്തോഷം കൊണ്ട് തുള്ളിച്ചാടി.
" അമ്മ പറഞ്ഞു നിന്നെ കണ്ടാലുടെൻ ഫോൺ ചെയ്യണമെന്ന് "
"ഹലോ, മോളൂ വാവ വന്നെടാ. " നീതു പറഞ്ഞു.
"അമ്മേ, അമ്മയ്ക്ക് കുഴപ്പമൊന്നുമില്ലല്ലോ?"
ആ ചോദ്യം കേട്ടപ്പോൾ, നീതുവിന്റെ കണ്ണുകൾ നിറഞ്ഞു പോയീ.
" കുഴപ്പമൊന്നുമില്ലെടാ. " തൊണ്ട ഇടറുന്നു. സന്തോഷം വന്നാലും ഇങ്ങനാണോ?
"വാവയ്ക്ക് നിന്റെ ഛായയാ. വേഗം വാ ചേച്ചീന്ന് വിളിക്കണു. "
ആശുപത്രിയിൽ നീതുവിന്റെ കിടയ്ക്കരികെ കസേരയിൽ പുതിയ ചേച്ചി അനിയത്തി കുട്ടിയെ മടിയിൽ വച്ച് പതുക്കെ പാടി...
" ഉണ്ട് വാവയുണ്ട്.. വയറിനകത്തുണ്ട്..
ഉണ്ട് വാവയുണ്ട്.. വയറിനകത്തുണ്ട്.. "
അത് കേട്ട് വാവ ഉറക്കത്തിൽ പതിയെ ചിരിച്ചു.
"അമ്മേ, നോക്കിയേ വാവ ചിരിക്കണൂ. അവൾക്ക് ഓർമ്മയുണ്ടീ പാട്ട്".
നീതുവും മനുവും ചിഞ്ചവും ഹൃദയ മറിഞ്ഞു ചിരിച്ചു.
.......ഇന്ദു പ്രവീൺ.....

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo