വീടുമാറ്റം

വീടുമാറ്റം എപ്പോളും ഒരു തലവേദന പിടിച്ച പണിയാണ്. എല്ലാ സാമാനങ്ങളും പെറുക്കിക്കെട്ടി മറ്റൊരു വീട്ടിലേക്കു ഷിഫ്റ്റ് ചെയ്തു അവിടവുമായി ഒന്ന് ഇണങ്ങി വരുവാൻ അങ്ങനെ. താമസിക്കുന്ന അപ്പാർട്മെന്റിലെ താഴത്തെ നിലയിലേക്കാണ് ഞങ്ങൾക്ക് പെട്ടെന്ന് താമസം മാറ്റേണ്ടി വന്നത്.
ഫ്രിഡ്ജ് ടി വി തുടങ്ങി സാമാനങ്ങൾ ആളിനെ വിളിച്ചു മാറ്റി, ഇനിയുള്ളത് അടുക്കള ഐറ്റംസ് ഒക്കെ ആണ്, അത് ചെയ്യാനുള്ള ഡ്യൂട്ടി ഞാൻ ഏറ്റെടുത്തു, സഹായത്തിനു ഒരാളെ വിടാമെന്ന് ഫ്ലാറ്റിന്റെ ഓണർ അറിയിച്ചു. അങ്ങനെ സാധനങ്ങൾ പതിയെ താഴത്തേക്കു കൊണ്ടുപോകുന്ന ഗ്യാപ്പിലാണ് ഒരു പതിനാറു വയസ്സു പ്രായം തോന്നിക്കുന്ന ഒരു പെൺകുട്ടി കയറിവന്നത്.
"അക്കാ ഉങ്കളുക്ക് ഹെൽപ്ക്ക് ആൾ വേണമെന്ന് സാർ സൊന്നാർ"
അത് ശരി എന്നെ സഹായിക്കാൻ അയച്ചിരിക്കുവാണ്. മെലിഞ്ഞുണങ്ങി അസ്ഥിപഞ്ജരം കണക്കെ ഇരിക്കുന്ന ഈ പെണ്ണ് എന്ത് ഹെല്പ് ചെയ്യാനെന്ന ഭാവത്തിൽ ഞാൻ അവളെ നോക്കി. അകത്തേക്ക് കടന്നു സാധനങ്ങൾ വാരിക്കെട്ടി അവൾ താഴേക്കു കുതിച്ചു. ഞാൻ ഒരുതവണ സ്റ്റെപ് ഇറങ്ങുന്ന സമയത്തു അവൾ നാല് തവണ കയറിയിറങ്ങി കാണും. ഇങ്ങനെ കുതിക്കാൻ ഇവളുടെ കാലിൽ ഇനിയെങ്ങാനും വല്ല യന്ത്രവും???
ദാന്ന് പറയണ സമയം കൊണ്ട് ബാക്കിയുള്ള എല്ലാ സാധനങ്ങളും അവൾ താഴെയെത്തിച്ചു. ഒരു മണിക്കൂർ ജോലി ചെയ്താൽ പിന്നെയൊരു രണ്ടു മണിക്കൂർ റെസ്റ്റെടുക്കുന്ന ഞാൻ അവളുടെ എനർജി കണ്ടു അന്തംവിട്ടു.
"അക്ക എല്ലാമേ ഇങ്ക അറേഞ്ച് പന്നാലാം"
ഈ പെണ്ണ് എന്തോന്നിതു, സ്റ്റെപ് കയറിയ ക്ഷീണം തീർക്കാൻ എത്ര മണിക്കൂർ ഉറങ്ങണം ന്നു ആലോചിച്ചു നിന്ന എന്നോട് ഇനി കൊണ്ടുവന്നതെല്ലാം ഒതുക്കിപ്പെറുക്കി വെക്കാംന്നു. ഒറ്റ സെക്കൻഡിൽ അവൾ അടുക്കളയിലേക്ക് ചാടി, കൊണ്ടുവന്ന ബോക്സിലെ പാത്രങ്ങൾ തരം തിരിച്ചു പുറത്തെടുത്തു വെക്കുന്നു, പാതിമനസ്സോടെ ഞാനും കൂടി.
കുപ്പിയിൽ നിന്നും പുറത്തുചാടിയ ഭൂതം കണക്കെ അവൾ ജോലിയിലാണ്, ഞാൻ ഒറ്റയ്ക്കായിരുന്നെങ്കിൽ രണ്ടു ദിവസം എടുത്താൽ തീർക്കാൻ പറ്റാത്ത പണിയവൾ ഒറ്റദിവസം കൊണ്ട് തീർത്തു തന്നു. എല്ലാം കഴിഞ്ഞപ്പോൾ കാര്യമായ അദ്ധ്വാനം ചെയ്യാത്ത ഞാൻ ഒടിഞ്ഞുതൂങ്ങി വീഴുന്ന അവസ്ഥയിൽ ആയി, അവൾ പക്ഷെ ഇനിം വല്ലോം ഉണ്ടേൽ കൊണ്ടുവാ എന്ന ഭാവത്തിലും. ഇനി നിർത്തിയാ ആ ഫ്ളാറ്റിടിച്ചു നിരപ്പാക്കി പുതിയതൊന്ന് വെക്കാൻ പറയും പെണ്ണ്.
"റേറ്റ് യെവളോ ?" ലോകത്തില്ലാത്ത ചാർജ് വാങ്ങും ന്നു മനസ്സിലുറപ്പിച്ചു ഞാൻ ചോദിച്ചു.
"ഏതാവത് കൊടുങ്കോ അക്കാ " എന്തേലും കൊടുക്കാൻ
നൂറിന്റെ രണ്ടു നോട്ടുകൾ ഞാൻ അവൾക്കു നേരെ നീട്ടി ഒന്നും മിണ്ടാതെ പൈസയും വാങ്ങിയവൾ ഇറങ്ങി നടന്നു. വെറുതെ അവൾ എന്ത് പറയുമെന്നറിയാനാണ് ഇരുന്നൂറു രൂപ കൊടുത്തതു, അവൾ ചെയ്ത അധ്വാനത്തിന് അതൊന്നും പോരാ, നടന്നു നീങ്ങുന്ന അവളെ നോക്കി ചെയ്തത് തെറ്റായിപ്പോയി എന്ന തോന്നലിൽ ഞാൻ നിന്നു.
കുറച്ചു ദിവസം കഴിഞ്ഞു അറഞ്ചം പുറഞ്ചം മഴ പെയ്തുകൊണ്ടിരിക്കുന്ന ഒരു ദിവസം, ഒരിടത്തു പോവാൻ ഒരുങ്ങിക്കെട്ടി പുറത്തിറങ്ങിയപ്പോളാണ് കണ്ടത് റോഡ് തോടായി കിടക്കുവാണ് ഓട്ടോ പിടിക്കുക തന്നെ വഴി. വന്ന ഓട്ടോകളെല്ലാം ഫുൾ ലോഡ് ആണ് കാത്തിരുന്നു ഒടുവിൽ ഒരെണ്ണം നിർത്തി. കയറി ഇരുന്നു ഡ്രൈവിംഗ് സീറ്റിലേക്ക് നോക്കിയ ഞാൻ ഞെട്ടി. അവൾ !! അന്ന് വീട്ടിൽ എന്നെ സഹായിക്കാൻ വന്ന അതെ പെണ്ണ്.
അവൾ എന്നെ നോക്കി ചിരിച്ചു, എന്തായിരിക്കും അവളുടെ മനസ്സിൽ വീട്ടിലിട്ടു പണിയെടുത്തു പഞ്ചറാക്കി മര്യാദക്ക് കാശു പോലും തരാത്ത പെണ്ണുംപിള്ള പിന്നേം വന്നോ എന്നോ മറ്റോ ആയിരിക്കുമോ, ചിരിക്കണോ വേണ്ടായോ എന്ന ഭാവത്തിൽ ഞാൻ ഇരുന്നു.
"അക്ക എപ്പടി ഇരുക്കു സൗഖ്യമാ " അവൾ ചോദിക്കുന്നു, ഫോൺ കയ്യിലെടുത്തു അതിൽ തോണ്ടുന്നതായി ഭാവിച്ചു സംസാരിക്കാൻ വലിയ താല്പര്യം ഇല്ല എന്ന മട്ടിൽ അലസമായി ഞാനെന്തോ മറുപടി കൊടുത്തു. ഇറങ്ങേണ്ട സ്ഥലം ആയപ്പോൾ നൂറിന്റെ നോട്ട് അവൾക്കു കൊടുത്തിട്ട് ഞാനിറങ്ങി നടന്നു. സാധാരണ നാല്പതോ അമ്പതോ മറ്റോ ആണ് കൊടുക്കാറ് . നടന്നു നീങ്ങിയ എന്റെ അരികിലേക്കവൾ എത്തി, കുറച്ചു നോട്ടുകൾ എനിക്ക് നേരെ നീട്ടിയവൾ പറഞ്ഞു,
"അക്ക ബാലൻസ് "
നോട്ടുകൾ കയ്യിലേക്ക് വെച്ചുതന്നവൾ വണ്ടി വിട്ടുപോയി. അങ്ങനെ വീണ്ടും അവൾ എന്നെ ഞെട്ടിച്ചു.
പിന്നെ ഞാനവളെ കാണുന്നത് അപർട്മെന്റ് ബിൽഡിങ്ങിൽ വെച്ചാണ് നാട്ടിൽ പോയി തിരിച്ചു വന്ന ദിവസം . നേരം വെളുത്തുവരുന്നതേ ഉള്ളു അപ്പാർട്മെന്റും പരിസരവും അടിച്ചു വാരുന്ന ജോലിയിലാണവൾ. എന്നെക്കണ്ടതും അവൾ ഒരു ചിരി പാസ്സാക്കി,
"അക്കാ ഊരുക്ക്‌ പോയി തിരുമ്പി വര്ക്കിരയാ "
അതെയെന്ന് ഞാൻ തല കുലുക്കി
"'അമ്മ അപ്പാ എല്ലാം നല്ലാ ഇറുക്കാ ?" ഇവൾക്കിതെന്തൊക്കെ അറിയണം. സുഖമെന്ന് ഞാൻ മറുപടി കൊടുത്തു. ഫ്ലാറ്റിലേക്ക് കയറുന്നതിനിടയിൽ ഞാൻ അവളോട് ചോദിച്ചു,
"ഫ്രീ ആകുംബോത് എന്നോടാ ഫ്ലാറ്റ് വര മുടിയുമാ ?"
"ഇതോ വരേൻ അക്ക"
ഒരു കുളിയും പാസ്സാക്കി കഴിയുന്ന സമയം കാളിങ് ബെൽ അടിക്കുന്ന ശബ്ദം കേട്ടു. ഡോർ തുറന്നതും അവൾ അകത്തേക്ക് കയറി.
"ഏതാവത് വേലയിറുക്കാ അക്കാ?"
ഞാനൊന്നും പറയാതെ അഞ്ഞൂറിന്റെ ഒരു നോട്ട് അവൾക്കു നേരെ നീട്ടി,
"അന്നേയ്ക്കു നീ നിറയെ വേല എല്ലാം പന്നിയാച് അതുക്കു "
"നീങ്ക അന്നേയ്ക്കെ പണം കൊടുത്താർ അക്കാ അത് പോതും"
"അത് പറവായില്ലേ ഇതു വെച്ചുകൊ " ഞാൻ പണം വീണ്ടും അവൾക്കു നേരെ നീട്ടി.
"പണം തേവയില്ലായ് അക്കാ"
അവൾ വാങ്ങില്ല.
"കേരളം ചിപ്സ് ശാപ്പിടുവാ ?" ഞാൻ ചോദിച്ചു
ഒരു പ്ലേറ്റിൽ നിറയെ ചിപ്സുമായി ഞാനും അവളും നിലത്തു ചമ്രം പടിഞ്ഞിരുന്നു. അവൾ അവളുടെ കഥ പറഞ്ഞു.
ദേവി എന്നാണു പേര്, തമിഴ്നാട്ടിലെ ഏതോ കുഗ്രാമത്തിൽ ജനിച്ചു വളർന്നവളാണ്. കൃഷിയും മറ്റുമായി കഴിഞ്ഞു കൂടിയിരുന്ന കുടുംബം അച്ഛനും അവളും അനുജത്തിയും അടങ്ങുന്ന കുടുംബം. കൃഷി നഷ്ടത്തിലായപ്പോൾ ആരോടോ കടം വാങ്ങി, പലിശ പെരുകി നിൽക്കക്കള്ളിയില്ലാതായപ്പോൾ അവളുടെ അച്ഛൻ ഒരു മുഴം കയറിൽ ജീവിതം അവസാനിപ്പിച്ചു.
ബാധ്യതകൾ തീർക്കാൻ പണം പലിശയ്ക്ക് കൊടുത്ത ആളിന്റെ മകനെ ദേവിക്ക് വിവാഹം ചെയ്തു നൽകാൻ നാട്ടുക്കൂട്ടം തീരുമാനിച്ചു(ഇത്തരം ഗ്രാമങ്ങളിൽ ഇപ്പോളും നാട്ടുകൂട്ടം ഒക്കെ കൂടിയാണ് പല പ്രശ്നങ്ങളും പരിഹരിക്കാര് ). പഠനം പാതിവഴിയിൽ നിർത്തി ഇതു വരെ നേരിൽ കാണാത്ത ആർക്കോ താലികെട്ടാൻ ദേവി തല കുനിച്ചു കൊടുത്തു.
പിന്നീടാണ് അറിയുന്നത് ഭർത്താവിന് മാനസികമായി ചില പ്രശ്നങ്ങൾ ഉണ്ടെന്നു. അയാളുടെ പീഡനം സഹിക്ക വയ്യാതെ ആയപ്പോൾ അവൾ വീട്ടിലേക്കു മടങ്ങി. തിരിച്ചു ചെല്ലാൻ ഭർത്താവിന്റെ വീട്ടിൽ നിന്ന് ഭീഷണി ശക്തമായപ്പോൾ ഉള്ളതെല്ലാം വാരിക്കെട്ടി അവർ നാട് വിട്ടു. ചെന്നൈയിൽ വന്നു താമസമാക്കി.
അന്ന് തൊട്ടു തുടങ്ങിയ അധ്വാനമാണ്. അനുജത്തിയെ അടുത്തുള്ള സ്കൂളിൽ ചേർത്ത് അമ്മയെ വീട്ടുഭരണവും ഏൽപ്പിച്ചു അവൾ ജോലിക്കിറങ്ങി വൈകുന്നേരം വരെ വീട്ടുജോലിയെടുക്കും, അത് കഴിഞ്ഞാൽ പിന്നെ ഓട്ടോ ഓടിക്കും. അവൾക്കു പഠിക്കണ്ടേ എന്ന് ഞാൻ അവളോട് ചോദിച്ചു.
"ഞാൻ വേല പണ്ണിയാ താൻ അവൾക്കു പടിക്ക മുടിയും "
മറ്റുള്ളവർക്ക് വേണ്ടി സ്വന്തം ജീവിതം മറന്നു ഇങ്ങനേയും കഷ്ടപ്പെടുന്നവർ. ചിലർ അങ്ങനെയാണ് അടുത്ത് അറിഞ്ഞു കഴിയുമ്പോൾ വല്ലാത്തൊരു ബഹുമാനം തോന്നും. എനിക്ക് അവളോട് ഒരു അനുജത്തിയോടെന്ന പോലെ സ്നേഹം തോന്നി.
"അക്കാ എനിക്ക് ഉന്ഗങ്ങളെ നല്ല പുടിച്ചിരുക്കു "
പോകുവാൻ നേരം അവൾ പറഞ്ഞു. ഇറങ്ങാൻ നേരം വീണ്ടും ഞാൻ അവൾക്കു നേരെ പണം നീട്ടി.
"വെച്ചുകൊ ദേവി"
അവൾ വാങ്ങാൻ കൂട്ടാക്കിയില്ല. ഒടുവിൽ എപ്പോഴെങ്കിലും വന്നു വീടൊക്കെ തൂത്തു താ എന്ന് പറഞ്ഞപ്പോൾ അവൾ ആ പണം വാങ്ങി.
പിറ്റേന്ന് കാലത്തു പണിയൊക്കെ ഒതുക്കി വെറുതെ ഇരിക്കുന്ന സമയത്തു അവൾ പ്രത്യക്ഷപ്പെട്ടു തൂത്തു തുടയ്ക്കാൻ. അങ്ങനെ വീണ്ടും അവൾ എന്നെ തോൽപ്പിച്ചു. ഇന്നിപ്പോ ചെന്നൈ നഗരം വിട്ടു പോവാനുള്ള സമയം ആയപ്പോൾ പിരിയാൻ ഇഷ്ടമില്ലാത്തവരുടെ കൂട്ടത്തിൽ ഇനി അവളുമുണ്ടാകും എന്റെ കുഞ്ഞനുജത്തി.

Anjali Kini

കഥയല്ലിതു ജീവിതം


കഥയല്ലിതു ജീവിതം
********************************
മൂന്നു വർഷങ്ങൾക്കു മുൻപുള്ള ഒരു ഡിസംബർ മാസത്തിലെ പകൽ. സമയം ഉച്ചയോടടുക്കുന്നു. അടുക്കളയിൽ അമ്മ എന്തോ വറുത്തരച്ചു വയ്ക്കുന്നതിൻ്റെ കൊതിയൂറുന്ന മണം എനിക്ക് കിട്ടുന്നുണ്ട്. പപ്പാ എവിടെയോ പോയി വന്നിട്ട് ടി വി കാണുന്നു. ഞാൻ സിറ്റ് ഔട്ടിലിരുന്നു സ്വപ്നം കാണുകയും ഓർമ്മകൾ അയവിറക്കുകയും ചെയ്തു കൊണ്ട് ഒരു പാട് നാളുകൾക്കു ശേഷം സ്വന്തം വീട്ടിലെ കുറച്ചു ദിവസങ്ങളിലെ താമസം വെറുതെയിരുന്ന് ആസ്വദിക്കുന്നു .
ഒരു ആയുർവേദ ട്രീട്മെൻ്റിൻ്റെ ഭാഗമായിരുന്നു ആ വാസം. പപ്പയുടെയും അമ്മയുടെയും കരുതലും സ്നേഹവും ഒക്കെ വീണ്ടും അനുഭവിച്ച കുറെ ദിവസങ്ങൾ. രാവിലെ തോന്നുമ്പോൾ എഴുന്നേൽക്കുക, എടുത്തു കയ്യിൽ കിട്ടുന്ന ചായ കുടിച്ചു കൊണ്ട് പത്രം വായിക്കുക, മൂന്നാലു നേരം കഴിക്കാൻ നേരം കൈ കഴുകി ഇരിക്കുക, ബാക്കി സമയം പുസ്തകം വായിക്കുകയോ ടി വി കാണൽ തുടരുകയോ ചെയ്യുക, ഓർമ്മകളിലലയുക, സ്വപ്നം കാണുക... ഇതൊക്കെയായിരുന്നു ദിനചര്യകൾ. ഓടി നടന്ന വഴികൾ ഇനിയും ഓടി വരൂ എന്ന് മാടി വിളിച്ചപ്പോൾ ഞാൻ പുഞ്ചിരിയോടെ നിരസിച്ചു. ചിലരുടെയെങ്കിലും മുഖത്ത് സഹതാപവും മിക്കവരുടെയും മുഖത്ത് മൂടിവച്ച സന്തോഷവും ഞാൻ കണ്ടു. ഭർത്താവു കൂടെയില്ലാതിരുന്നതിനാൽ ചിലരുടെയൊക്കെ മുഖത്ത് സംശയവും. അധികപ്പറ്റാകുമോ എന്ന് പേടിച്ചിട്ടാവും വിളിക്കേണ്ടവരും അന്വേഷിക്കേണ്ടവരും തിരക്ക് നടിച്ചു. പുരുഷ സുഹൃത്തുക്കൾ മിണ്ടാൻ മടി കാണിച്ചു. ഒരു സ്ത്രീ കൂടുതൽ സ്വതന്ത്രയായിരിക്കുന്നതു ഭർത്താവു കൂടെയുള്ളപ്പോഴാണെന്ന് ഞാനന്ന് പഠിച്ചു .
ഓർമ്മകളിൽ ഒരു കൊച്ചു കുഞ്ഞായി വീണ്ടും ആ മുറ്റത്തു കൂടി പിച്ചവയ്ക്കുമ്പോഴാണ് റോഡിലൂടെ ആ പൊരിവെയിലത്ത് ഒരു അമ്മൂമ്മ നടന്നു പോകുന്നത് ഞാൻ കണ്ടത്. വളരെ മെല്ലെയാണ് നടത്തം. ഇടയ്ക്കു നടുവിന് കൈ കൊടുത്തു കൊണ്ട് കുറച്ചു നേരം നിൽക്കും. പിന്നെ വീണ്ടും നടക്കും. ഈ പൊള്ളുന്ന നട്ടുച്ചയ്ക്ക് ഒരാളെ പോലും റോഡിൽ കാണാറില്ല. പണ്ടൊക്കെ ആളുകൾ നട്ടുച്ചയ്ക്കും റോഡിലൂടെ നടക്കുമായിരുന്നു. കല്യാണം കഴിഞ്ഞ് അധികമാകാത്ത ചേട്ടനും ചേച്ചിയും വർത്തമാനമൊക്കെ പറഞ്ഞു നടന്നു പോകുന്നത് കാണാനായിരുന്നു കൊച്ചായിരുന്നപ്പോൾ എനിക്കേറ്റവും ഇഷ്ടം. ഒരു കുടയൊക്കെ ചൂടി അവർ പോകുന്നത് ഞാനങ്ങനെ നോക്കി നിൽക്കും . കല്യാണം കഴിയുമ്പോൾ ഞാനും അങ്ങനെ പോകുന്നതിനെക്കുറിച്ചു സങ്കൽപ്പിച്ചു കൊണ്ട് ...
ഈ പൊള്ളുന്ന ചൂടിൽ നടന്നു പോകുന്നതരായിരിക്കും എന്ന് അത്ഭുതപ്പെട്ടു നോക്കുമ്പോഴുണ്ട് അമ്മൂമ്മ എന്നെ തിരിഞ്ഞു തിരിഞ്ഞു നോക്കുന്നു..
"എവിടെ പോയതാ ?"
ഞാൻ വിളിച്ചു ചോദിച്ചു. എൻ്റെ വിളി കേൾക്കാൻ നോക്കിയിരുന്നത് പോലെ അമ്മൂമ്മ മുറ്റത്തേയ്ക്ക് കയറി വന്നു.
"കുറച്ചു വെള്ളം താ മോളെ"
ഞങ്ങളുടെ സംസാരം കേട്ട് ഇറങ്ങി വന്ന അമ്മ വെള്ളം കൊണ്ട് വന്നു കൊടുത്തു. അപ്പോൾ പപ്പയും ഇറങ്ങി വന്നു.
"എവിടെ പോയാരുന്നു ഈ നട്ടുച്ചയ്ക്ക് ? "പപ്പാ ചോദിച്ചു.
വെള്ളം ഒറ്റ വലിക്കു കുടിച്ചിട്ട് അമ്മൂമ്മ പറഞ്ഞു തുടങ്ങി.
"ഒന്നും പറയണ്ട മോനെ... സ്വത്തൊക്കെ മകൻ അവൻ്റെ പേരിൽ എഴുതി വേണോന്ന് പറഞ്ഞപ്പോൾ ഞാൻ ഒന്നും ചിന്തിക്കാതെ അതങ്ങെഴുതിക്കൊടുത്തു. എല്ലാം കയ്യിലായപ്പോൾ അവൻ അതൊക്കെ വിറ്റേച്ച് എങ്ങാണ്ടോ പോയി. ഞാൻ പോകാനൊരെടവും ഇല്ലാതെ കടത്തിണ്ണെ കെടക്കുന്നതു കണ്ട നാട്ടുകാര് പിരിവെടുത്ത് മൂന്നു സെന്റ് സ്ഥലവും മേടിച്ച് ഒരു കുഞ്ഞു കൂരയും ഉണ്ടാക്കി തന്നു. പണ്ടാരാണ്ടു പറഞ്ഞ പോലെ കൂനിന്മേൽ കുരു പോലെ അപ്പഴാ ഈ റേഷൻ കാർഡിൻ്റെ പ്രശ്നം വന്നെ...എനിക്ക് കിട്ടിയത് എ പി എല്ലാ... നോക്കാൻ വന്ന സാറമ്മാര് എന്നാ കണ്ടിട്ടാണോ എനിക്ക് അത് തന്നെ ? അതുകൊണ്ടെന്നാ... ഇപ്പം റേഷൻ അരിയും മണ്ണെണ്ണയും ഒന്നും കിട്ടുന്നില്ല. വിശക്കുമ്പോൾ വല്ലടത്തും കേറി ചെല്ലും. പക്ഷെ എത്ര ദിവസോന്നു പറഞ്ഞാ ...അവർക്കും മടുക്കുവേലെ ? ആരാണ്ടു പറഞ്ഞു പഞ്ചായത്തു പ്രസിഡന്റിനെ പോയി കണ്ടാൽ ശരിയാക്കി തരുവെന്ന്...കണ്ടിണ്ട് വരുന്ന വഴിയാ... അവളൊരു നല്ല കൊച്ചാ, ശരിയാക്കി തരാവെന്നാ പറഞ്ഞേക്കുന്നെ."
"അമ്മൂമ്മ എന്തിനാ ഈ വെയിലത്തു നടന്നത്? ബസിനു പോയിക്കൂടാരുന്നോ?" ഞാൻ ചോദിച്ചു .
"ഇപ്പോൾ അവിടേം ഇവിടേം ആയിട്ടു കുറെ പോക്കായി മോളെ ...എനിക്ക് വരുമാനമൊന്നും ഇല്ലല്ലോ. ബസിനു കേറിയാൽ മിനിമം ചാർജ് എങ്കിലും കൊടുക്കണ്ടേ ?"
എൺപതിലധികം വയസ്സ് പ്രായമുള്ള നേരെ നടക്കാൻ ബുദ്ധിമുട്ടുന്ന ആ അമ്മൂമ്മ പറഞ്ഞത് കേട്ട് ഞാൻ വിഷമത്തോടെ മുറ്റത്തു കിടക്കുന്ന കാറിലേയ്ക്കും ബുള്ളറ്റിലേയ്ക്കും പപ്പയുടെ മുഖത്തേക്കും മാറി മാറി നോക്കി. പപ്പയുടെ മുഖം വിവർണ്ണമാകുന്നതും ആ തല കുനിയുന്നതും ഞാൻ കണ്ടു. ക്രിസ്മസിനു വേണ്ടി മുറ്റം മുഴുവൻ തൂക്കിയിരിക്കുന്ന അലങ്കാരങ്ങൾ ഞങ്ങളെ നോക്കി കളിയാക്കി ചിരിച്ചു . അന്നു വൈകിട്ട് വീട്ടിൽ പണിക്കു വരുന്ന ചേച്ചിയോട് ഞാൻ ചോദിച്ചു.
" ചേച്ചീടൊക്കെ കാർഡ് ഏതാ ?"
"ഓ..നമ്മൾക്കൊന്നും പറയാനൊന്നും ആരുമില്ലാത്തോണ്ട് എ പി എല്ലാ കിട്ടിയേ...പിന്നെ ചേട്ടൻ പണീം കളഞ്ഞ് അവരുടെയും ഇവരുടെയും ഒക്കെ പുറകെ കുറെ നടന്ന് ബി പി എൽ ആക്കി". ബി പി ൽ കാർഡ് കിട്ടുക എന്നുള്ളത് ആരുടെയോ ഔദാര്യമാണ് എന്ന മട്ടിൽ ചേച്ചി പറഞ്ഞു.
പിറ്റേന്ന് രാവിലെ ഞാൻ എന്നേറ്റു വന്നപ്പോഴേയ്ക്കും പപ്പാ എവിടെയോ പോകാൻ റെഡി ആയി നിൽക്കുകയായിരുന്നു. എങ്ങോട്ടാ എന്ന ചോദ്യത്തിന് പപ്പാ ഇങ്ങനെയാണ് മറുപടി പറഞ്ഞത് .
"നമ്മൾ അറിയാതെ ചെയ്യുന്ന തെറ്റുകൾ ദൈവം ക്ഷമിക്കും. പക്ഷെ തെറ്റാണെന്നറിഞ്ഞിട്ടും അത് വീണ്ടും തുടർന്നാൽ കിട്ടുന്ന ശിക്ഷ വലുതായിരിക്കും. നിസ്സാര ആനുകൂല്യങ്ങൾക്ക് വേണ്ടി ബി പി ൽ കാർഡ് മേടിച്ചപ്പോൾ എനിക്കറിയത്തില്ലായിരുന്നു അത് കുറേ പട്ടിണി പാവങ്ങളുടെ കണ്ണീരാണെന്ന്... ഞാനൊന്നു കുമ്പസാരിച്ചിട്ടു കൂടിയേ വരാത്തൊളെളന്ന് അമ്മയോട് പറഞ്ഞേരെ." പപ്പാ അങ്ങനെ പറഞ്ഞപ്പോൾ ഞാൻ കണ്ണീരിലൂടെ പുഞ്ചിരിച്ചു.
ഇതൊരു കഥയല്ല ... ജീവിതമാണ് . ഞാനിതിവിടെ എഴുതുന്നത് വെറും ലൈക്കിനും കമെന്റിനും വേണ്ടിയല്ല. ഇത് വായിക്കുന്ന ഒരാളെയെങ്കിലും ചിന്തിപ്പിക്കാനായാൽ, ഒരാൾ എങ്കിലും മാറ്റത്തിനു തയ്യാറായാൽ ഞാൻ കൃതാർത്ഥയായി.
ലിൻസി വർക്കി

''ടാക്സി ഡ്രൈവർ ,(കഥ)!

Image may contain: 1 person

'' ഉച്ചക്ക് ഉണ്ണാൻ വരുമ്പോൾ ,ദാ ഈ സാധനങ്ങൾ കൂടീ വാങ്ങി വരണെ, !
ഭാര്യ നീട്ടിയ കാറിന്റെ താക്കോലും ലിസ്റ്റും വാങ്ങി ഞാൻ ഫ്ളാറ്റിൽ നിന്ന് പുറത്തേക്കിറങ്ങി,
പുറത്ത് നല്ല മഞ്ഞ്,
ഗൾഫിൽ തണുപ്പ് ആരംഭിച്ചിരിക്കുന്നു,
ഫ്ളാറ്റിന്റെ മുന്നിൽ പാർക്ക് ചെയ്തിരിക്കുന്ന എന്റെ ടാക്സി കാറിനരുകിലേക്ക് ഞാൻ ചെന്നു,
നാശം, ! കാറിന്റെ മുന്നിൽ ആ തിരുവല്ലക്കാരൻ പാസ്റ്റർ അയാളുടെ കാറ് വട്ടമിട്ടിരിക്കുന്നു, അയാള് എന്നും അങ്ങനെയാ, രാത്രി ഏതെങ്കിലും വീട്ടിൽ പ്രാർത്ഥനയ്ക്കു ശേഷം ലേറ്റായി വരും, കാണുന്നിടത്ത് വാഹനം പാർക്ക് ചെയ്യും,
എന്നാൽ അയാളുടെ മൊബൈൽ നമ്പറെങ്കിലും കടലാസിലെഴുതി വാഹനത്തിന്റെ ഗ്ളാസിൽ വച്ചൂടെ,
അതും ചെയ്യില്ല,
സാധാരണ എല്ലാ വാഹന ഉടമകളും അങ്ങനെയാ ചെയ്യാറുളളത്, ഈ മനുഷ്യനെന്താ ഇങ്ങനെ, ??
പാസ്റ്റർ മാര് ഇങ്ങനെ തുടങ്ങിയാൽ വിശ്വാസികൾ എങ്ങനെ നന്നാകും, !!
എനിക്ക് ദേഷ്യം വന്നു, !
ഞാൻ ഭാര്യയുടെ മൊബൈലിലേക്ക് വിളിച്ചു,
';എടീ, ആ ഏഴാം ഫ്ളോറിലെ പാസ്റ്ററെ ഒന്ന് വിളിക്ക്, അയാളോട് അങ്ങേരുടെ കാറൊന്ന് മാറ്റിത്തരാൻ പറ, !!!
';വണ്ടിയിൽ അയാളുടെ ഫോൺ നമ്പരില്ലേ,??
';ഓ, ഇതു നല്ല ചോദ്യം, (ദേഷ്യത്തോടെ ) ഒണ്ടെങ്കിൽ ഞാൻ നിന്നോട് പറയ്വോ, !?
''അതിന് എന്നോട് കലിക്കണതെന്തിനാ, ? ഭാര്യ ശുണ്ഠിയോടെ ഏഴാം നിലയിലേക്ക് ലിഫ്റ്റ് കയറി, !!
====
';എന്റെ പാസ്റ്ററേ ഇത് വല്ലാത്ത ഇടങ്ങേറാട്ടോ, ആ സെക്യൂരിറ്റിയോട് പറഞ്ഞ് പാർക്കിംങ്ങിന് സ്ഥിരമായി ഒരു സ്ഥലം തരാൻ പറയ്,!!
';സ്ത്രോം സ്ത്രോം, ക്ഷമിക്കു മകനെ, കർത്താവിന്റെ ഭൂമിയിൽ മനുഷ്യരേക്കാളുമധികം വാഹനങ്ങളാണുളളത്, വീടു വീടാന്തരം രണ്ടും മൂന്നും വണ്ടിയാണുളളത് ഇച്ചിരി പോന്ന ഈ ഭൂമിയിൽ പാർക്കിംങ്ങിനും സ്ഥലമില്ലാതായിരിക്കുന്നു, !! കർത്താവേ ,ഭൂമിയിൽ ലൈസൻസില്ലാത്തവർക്ക് സമാധാനം, !!
സുവിശേഷം പിന്നെ പറയാം, പാസ്റ്ററ് വണ്ടി മാറ്റി താ, !!
======
ഇരുവശങ്ങളിലും ഈന്തപ്പനകൾ വരി വരിയായി നില്ക്കുന്ന മനോഹര പാതയുടെ നടുവിലൂടെ യാത്രക്കാരെ തിരഞ്ഞ് എന്റെ ടാക്സി നീങ്ങി,
ദിവസവും ഇരുപത് ദിനാറെങ്കിലും ഒപ്പിച്ചാലേ ടാക്സി പണി നഷ്ടമില്ലാതെ പോകത്തൊളളു,
പടച്ചവനെ, ഹ്യദയത്തിൽ ദൈവത്തെ സ്മരിച്ച് വാഹനം സിഗ്നലിലേക്ക് കയറി,
സിഗ്നലിലെ ചൊമന്ന വെട്ടത്തെ കൊന്നൊടുക്കി ഞങ്ങളെ ഈ തടങ്കലിൽ നിന്നും രക്ഷിക്കാൻ വരുന്ന പച്ചവെളിച്ചത്തേയും കാത്ത് അക്ഷമയോടെ കിടന്നു,
പെട്ടന്ന്,
ചൊമന്ന വെട്ടം കെട്ടു,
പച്ച രക്ഷിച്ചു
സിഗ്നൽ കഴിഞ്ഞ് ഒരു സൂപ്പർമാർക്കറ്റിനരികിലൂടെ പോകവെ വഴിയരുകിൽ ഒരു ഫാമിലി കൈകാണിച്ചു,
ദൈവത്തിനു സ്തുതി,
ഞാൻ വണ്ടി നിർത്തി, സൈഡ് ഗ്ളാസ് തുറന്നു,
മാന്യമായ വേഷം ധരിച്ച് ടൈ കെട്ടി ചെറിയ സൂട്കേസും തൂക്കി വന്ന സുന്ദരനായ മലയാളി യുവാവ്,,
അയാൾ ചിരിച്ചു, ഗുഡ്മോണിംങ്ങ് പറഞ്ഞു,
ഞാനും ചിരിച്ചു കൊണ്ട് ശുഭദിനം പറഞ്ഞു,
മാന്യൻ പോകേണ്ട സ്ഥലം പറഞ്ഞു,
ഞാൻ ചാർജ് പറഞ്ഞു,
അയാൾ ടാക്സി യിലേക്ക് കയറി,
പുറത്ത് നിന്ന ഭാര്യയും നാല് വയസ് പ്രായമുളള കുഞ്ഞും കാറിനടുത്തേക്ക് വേഗത്തിൽ വന്നു,
ഞാൻ പുറകിലെ ഡോറിന്റെ ലോക്ക് നീക്കിയപ്പോൾ അയാൾ പറഞ്ഞു,
''അവർ വരുന്നില്ലെത്രേ, താങ്കൾ ഒരുപകാരം ചെയ്യാമോ ?
ഉപകാരം പ്രതീക്ഷിച്ച് അയാൾ എന്റെ ഫെയ്സ് ബുക്കിലെ ഒർജിനൽ ഫെയ്സിലേക്ക് നോക്കി,!!
';എന്താണ്, ?
''എനിക്ക് ഒരു 20 ദിനാർ തരണം, ഭാര്യയ്ക്ക് കൊടുക്കാനാ അവൾക്ക് സുഖമില്ല, !!ആസ്പത്രിയിൽ പോകാനാ, !
ഞാനത്ര സുഖകരമല്ലാത്ത രീതിയിൽ അയാളെ നോക്കിയപ്പോൾ അയാൾ ഗുഡ്മോണിംങ്ങിന്റെ ഒപ്പം തന്ന ആ ചിരി ചിരിച്ചോണ്ട് പറയുകയാ,
പേടിക്കേണ്ട, വണ്ടി തൊട്ടടുത്ത എ ടി എം മ്മിലേക്ക് വിട്ടോളൂ, !!''
';അതു കേട്ടപ്പോൾ പേഴ്സെടുത്ത് 20 ദിനാറെടുത്ത് (നാലായിരം രൂപ ) ഞാൻ അയാൾക്ക് നല്കി,
അയാളത് വാങ്ങി പുറത്ത് നില്ക്കുന്ന ഭാര്യയുടെ കൈയ്യിൽ കൊടുത്തു,!
ഓകെ, ! അയാൾ കൈ വീശി,
ഭാര്യ തലയാട്ടി, മോൾ റ്റാറ്റ പറഞ്ഞു,
ഞാൻ കാറെടുത്തു മുന്നോട്ട് !
''നാട്ടിലെവിടാ ? ഞാൻ ചോദിച്ചു,
''ത്യത്താല '' താങ്കൾ ??
അയാൾ ചോദിച്ചു,
'ഞാൻ ആലുവ, !!
''എങ്ങനെ ടാക്സി പണി, ? മെച്ചമാണോ ? അയാൾ വീണ്ടും ചോദിച്ചു,''
'എന്ത് മെച്ചം, ഗൾഫിന്റെ കാര്യം കഴിഞ്ഞു സാറെ, ഏറിയാൽ അഞ്ച് വർഷം,! സാറെ എനിക്കൊരു സംശയം,???
'''എന്താ, ? അയാളുടെ ചുണ്ടിൽ പുഞ്ചിരി നിറഞ്ഞ ആകാംക്ഷ,!!
''പത്താം ക്ളാസ് തോറ്റവരുടെ പാസ്പോർട്ടിന്റെ കളർ ഓറഞ്ച് നിറമാക്കുവല്ലേ, !!
''ഉവ്വ് ആ ന്യൂസ് കേട്ടു ,
''അല്ല സാറെ തോറ്റവരുടെ എസ് എസ് എൽ സി ബുക്ക് ഓറഞ്ച് നിറത്തിലാക്കിയാൽ പോരെ അതല്ലേ കുറച്ചൂടി എളുപ്പം,!!
''ഹഹഹഹ അയാൾ ചിരിച്ചു , !
പിന്നീട് ഞങ്ങളൊന്നും മിണ്ടീല,
അയാൾ പുറത്തേക്കും നോക്കിയിരുന്നു,
കുറച്ചു ദൂരം പിന്നിട്ട് ചെറിയൊരു ടൗൺ ,
''എ ടി എം കണ്ടാൽ നിർത്തിക്കോളൂ, '' അയാൾ നിർദേശം തന്നു,
വീണ്ടും കുറച്ചൂ കൂടി മുന്നോട്ട് പോയപ്പോൾ ഒരു എ ടി എം കണ്ടു,
ഞാൻ സ്പീഡ് കുറച്ചു,
എ ടി എമ്മിനു മുന്നിൽ നിർത്തി,
നാലഞ്ചു പേർ ക്യൂ നില്ക്കുന്നു
,''ഈ സൂട്കെയ്സ് സൂക്ഷിക്കണെ,'' ഡോർ തുറക്കുന്നതിനിടയിൽ അയാൾ ഓർമ്മപ്പെടുത്തി,
''സാറെ, വേഗം വരണെ ഇവിടെ പാർക്കിംങ്ങ് പാടില്ല അറബി പോലീസ് കണ്ടാൽ ===!!''
''ഓകെ എനിക്കറിയാം, ഒരല്പ്പം മാറി വെയ്‌റ്റ് ചെയ്തോളൂ, ഒരഞ്ചു മിനിറ്റ്, !
അയാൾ ഡോറടച്ച് വേഗത്തിൽ നടന്നു പോയി,
ഞാൻ, കാറ് മുന്നോട്ട് നീക്കി നിർത്തി
! ഈ സമയം എന്റെ മൊബൈൽ റിംഗ് ചെയ്തു,
ഭാര്യയാണ്,
';എന്താടീ, ?
''നാട്ടിൽ നിന്ന് ജേഷ്ടന്റെ മിസ്ഡ് കാൾ, ഞാൻ തിരിച്ച് വിളിച്ചു ,!!
''എന്താ വിശേഷം, ?
''ഉപ്പയുടെ ശ്വാസംമുട്ട് കൂടീ, അമ്യതയിലഡ്മി്റ്റാണെന്ന്, കാശുണ്ടെങ്കിൽ പതിനായിരം ഉടൻ അയക്കാൻ, !!''
''ങാ, ഞാൻ വരട്ടെ വൈകിട്ടയക്കാം,നാലായിരം എന്റെ കൈയ്യിലുണ്ട്, !!
';എന്റെ അക്കൗണ്ടിൽ ഏഴായിരമുണ്ട്, എന്റെ എ ടി എം കാർഡ് നിങ്ങടെ കൈയ്യിലല്ലേ ?
''നോക്കട്ടെ ഉണ്ടെന്ന് തോന്നുന്നു, ങാ ,നീ വച്ചോ ഞാൻ ഓട്ടത്തിലാ, !!
എന്നാ ശരി,!!
'==
മൊബൈൽ ഓഫാക്കി, പോക്കറ്റിലിട്ട് , ഞാൻ എ ടി എം മ്മിലേക്ക് നോക്കി,
ഞെട്ടിപ്പോയി,
അവിടം ശൂന്യം,
അയാൾ മുങ്ങി,
ചതിക്കപ്പെട്ടെന്നു എനിക്ക് മനസ്സിലായി ,
ഞാൻ മെല്ലെ വണ്ടിയെടുത്തു,
നേരെ എതിർ വശത്തുളള ഒരു റെസ്റ്റോറന്റിന്റെ സൈഡിലേക്കിട്ടു,
മനസിലൊരു വേദന വന്നു നിറഞ്ഞു,
കൈയ്യിലിരുന്ന പണവും പോയി, ശൊ,
എനിക്കല്പ്പം വെളളം കുടിയ്ക്കാൻ തോന്നി,
ഞാൻ കാറിൽ നിന്നിറങ്ങി ആ റെസ്റ്റോറന്റിലേക്ക് കയറി,
ഒരു ചായക്ക് ഓർഡർ നല്കി , അകത്തെ കസേരയിൽ താടയ്ക്ക് കൈയ്യും കൊടുത്തിരുന്നു,!
സപ്ളയർ ചായ കൊണ്ടു വന്ന് മുന്നിൽ വച്ചു,
====
ചായ കുടിച്ച് പൈസ കൊടുത്ത് പുറത്തേക്കിറങ്ങിയപ്പോൾ പെട്ടന്ന് കാതടപ്പിക്കുന്ന ഭയങ്കര ശബ്ദവും, ഒപ്പം നിലവിളിയും,
ആക്സിഡന്റ്, ൂ
ആരോ വിളിച്ചു പറഞ്ഞു,
ആളുകളോടൊപ്പം ഞാനും അവിടേക്ക് കുതിച്ചു,
എ ടി എം കൗണ്ടറിൽ നിന്ന് ഇറങ്ങി റോഡ് മുറിച്ചു കടക്കാൻ ശ്രമിച്ച ആളെ സ്വദേശി വാഹനം ഇടിച്ചു തെറുപ്പിച്ചതാണ്,
ആരെങ്കിലും അയാളെ ആസ്പത്രിയിലെത്തിക്കു, '' ആരോ വിളിച്ചു പറഞ്ഞു,
ഇതു കേട്ട ഞാൻ ഓടിച്ചെന്ന് ടാക്സിയെടുത്ത് വന്നു,
മറു വശത്ത്
റോഡ് ബ്ളോക്കായി,
എന്റെ ടാക്സിയുടെ ബാക്കിലേക്ക് നാലഞ്ചുപേർ ചേർന്ന് പരിക്കുപറ്റിയ ആളെ കയറ്റി, ഞാൻ ആ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി,
നടുങ്ങി പോയി ഞാൻ, ' '
'
മണിക്കൂറുകൾക്കു മുമ്പ് 'ഗുഡ്മോണിംങ്ങിനൊപ്പം എനിക്കു തന്ന ആ ചിരിച്ച മുഖം, !
====
''''തലയ്ക്കു സാരമായ പരിക്കുണ്ട്, വലതു കൈയ്ക്ക് ഒടിവും, ഭയപ്പെടാനൊന്നുമില്ല,
അയാളുടെ ഭാര്യയോട്,
ഡോക്ടർ അതു പറഞ്ഞത് ഞാൻ പുറത്തിരുന്ന് കേട്ടു, ,
പരിചയക്കാരിയായ ഏതോ ഒരു നഴ്സ് ഫോൺ ചെയ്തതറിഞ്ഞാണ് അയാളുടെ ഭാര്യ ആസ്പത്രിയിലെത്തിയത്,
''നിങ്ങളുടെ ഭർത്താവിനെ ഇവിടെ എത്തിച്ച ആ ടാക്സി ക്കാരൻ പുറത്ത് നില്പ്പുണ്ട്, ഡോക്ടർ അതു പറഞ്ഞതും ഞാൻ അകത്തേക്ക് കയറി ചെന്നതും ഒപ്പമായിരുന്നു,'' എന്നെ കണ്ടതേ,
'ബഡ്ഡിൽ കിടന്ന അയാളുടെ മുഖം അമ്പരക്കുന്നത് ഞാൻ കണ്ടു,
അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി,
അയാളുടെ ബെഡ്ഡിനരുകിലെ സ്റ്റൂളിൽ ഞാ
നിരുന്നു,
''സങ്കടത്തോടെ അയാളുടെ ചുണ്ടുകൾ വിറച്ചു, കുറ്റബോധത്തിന്റെ താലപ്പൊലിയോടെ വാക്കുകൾ നിര നിരയായി പുറത്തേക്ക് വന്നു,
''ക്ഷമിക്കണം ചേട്ടാ , ഞാൻ മനപ്പൂർവ്വം താങ്കളെ ചതിച്ചതാണ്,!
''അപ്പോഴാണ് അയാളുടെ ഭാര്യയ്ക്ക് എന്നെ മനസ്സിലായത്,
പിന്നീട് സംസാരിച്ചത് ആ സ്ത്രീയാണ്,
''പതിനഞ്ചു വർഷമായി സാറെ കുവൈത്തിലെത്തിയിട്ട്,ഒരു സെന്റ് സ്ഥലം പോലും നാട്ടിൽ വാങ്ങിയിട്ടില്ല, മൂന്ന് മാസമായി കമ്പനിയിൽ ശമ്പളമില്ല, സ്വദേശി വത്ക്കരണം,
എല്ലാവരും പിരിച്ചു വിടുകയാണെത്രേ, ''
''അതിന് നാട്ടുകാരെ പറ്റിച്ചാണോ ജീവിക്കേണ്ടത്, ഇവിടെ ശമ്പളമില്ലെങ്കിൽ നാട്ടിൽ പോകണം,!!!അതല്ലേ ശരി,!!
നാട്ടിൽ തലചായ്ക്കാനൊരിടം പോലുംമില്ല,!!
''
ഹും, നമുക്കൊയ്ക്കൊ തിരിച്ചു ചെല്ലാനൊരു ഇടവും സ്വീകരിക്കാൻ ആളുകളെങ്കിലുമുണ്ട്, യുദ്ധവും,തീവ്രവാദവും മൂലം ജനിച്ചമണ്ണും, ഉറ്റവരും, ഉടയവരും നഷ്ടപ്പെട്ട് തിരിച്ചു പോകാനൊരു ഇടമില്ലാതെ ഭൂമിയിൽ വിലാ
സമില്ലാത്ത സിറിയയിലെ പോലുളള ആളുകളുടെ കാര്യമൊന്നു ഓർത്തു നോക്കൂ,
നമ്മളൊക്കൊ ഭാഗ്യമുളളവരാണ് ,! നിങ്ങൾ വിഷമിക്കേണ്ട, നിങ്ങളുടെ പ്രശ്നം '' ഞങ്ങൾ ടാക്സി ക്കാർ ഏറ്റെടുക്കും, മാസത്തിലൊരു ദിവസത്തെ ഓട്ടം ഞങ്ങൾ ''യാത്രാ കുവൈത്ത്, '' കാരുണ്യപ്രവർത്തനത്തിനായി ഞങ്ങൾ ഓടാറുണ്ട്, !
ആ സ്ത്രീ കണ്ണീരോടെ കൈകൾ കൂപ്പി,
''ഞാൻ അയാളുടെ നേരെ തിരിഞ്ഞു,
''ഹേയ് മിസ്റ്റർ, ടൈയും കെട്ടി ഷൂവുമിട്ട് അഭിമാനം ഉളളിലൊതുക്കി പറ്റിച്ചു ജീവിക്കുന്നത് അന്തസല്ല, ചട്ടനെ പൊട്ടൻ ചതിച്ചാൽ ,പൊട്ടനെ ദൈവം ചതിക്കും,
മനസിലായോ,
''അയാളുടെ മുഖം കുനിഞ്ഞു,
പിന്നെ ഒരു കാര്യം, ഞാൻ തുടർന്നു,
''എന്റുപ്പാക്ക് നാട്ടിലേക്ക് അയക്കാൻ വച്ചിരുന്ന പൈസയാണ് അതി വിദഗ്ദമായി താങ്കൾ അടിച്ചു മാറ്റിയത്, ടാക്സിക്കാരുടെ സഹായം കിട്ടിക്കഴിഞ്ഞാൽ ആ കാശ് എനിക്കു തിരിച്ചു തരണം കേട്ടോ,
നടന്ന സംഭവം ആരോടും ഞാൻ പറയില്ല ,ഓകെ,
ഇതെല്ലാം ഞാൻ ചെയ്യുന്നത്
''ദേ ഇവളെ കണ്ടിട്ടാ, അയാളുടെ ബഡ്ഡിനരുകിൽ സങ്കടപ്പെട്ടിരിക്കുന്ന നാലു വയസുകാരിയായ അവരുടെ കുഞ്ഞിന്റെ കവിളിൽ ഒരു നുളള് കൊടുത്ത് ,
എന്റെ മൊബൈൽ നമ്പരും നല്കി ഞാൻ പുറത്തേക്കിറങ്ങി,
നാട്ടിലേക്ക്
ഉപ്പാക്ക് അയക്കാനുളള പൈസ ആരോടു വായ്പ വാങ്ങും എന്ന ചിന്തയോടെ,
============
ഷൗക്കത്ത് മൈതീൻ ,
കുവൈത്ത് ,
25/01/2018.

താഴ്‌വര ഭാഗം - 4 (അവസാന ഭാഗം)

താഴ്‌വര ഭാഗം - 4 (അവസാന ഭാഗം)
-----------------------------------------------------
വളരെ ഉന്മേഷത്തോടെയാണ് ഞാൻ ആ യാത്ര ആരംഭിച്ചത്. പുലർകാലത്തിന്റെ എല്ലാ പ്രസന്നതയും എന്നിൽ ഉണ്ടായിരുന്നു. കാഴ്ചയിൽ ആ കയറ്റം ചെറുതായി തോന്നിയെങ്കിലും നടന്നു തുടങ്ങിയപ്പോഴാണ് അതിന്റെ ഭീകരത അനുഭവപ്പെടാൻ തുടങ്ങിയത്. ഉരുളൻ കല്ലുകൾ നിറഞ്ഞ ആ വഴിയിൽ നടന്നു കയറാൻ നന്നേ പാടുപെട്ടു.
വസു ഇവിടെ വന്നിട്ടുണ്ടെങ്കിൽ എങ്ങനെ ആയിരിക്കും ഇത് കയറിപ്പറ്റിയിരിക്കുക? അല്ലെങ്കിലും അവൾ ഇത്തരം യാത്രകൾ ഏറെ ഇഷ്ടപ്പെട്ടിരുന്നു. അത് തന്നെയാണ് അവളെത്തേടി ഇവിടേക്ക് വരാനുണ്ടായ കാരണവും. എപ്പോഴോ ഒരിക്കൽ അവൾ പറഞ്ഞു കേട്ടതാണ് ഈ പേര്. ആരോടും പറയാതെ അവൾ പോകുന്ന ഇത്തരം യാത്രകൾക്ക് മൗനമായി കുടപിടിച്ച് കൊടുത്തതാണ് തെറ്റായിപ്പോയത്. ഇപ്പോൾ അതൊരു വേദനയായി തോന്നുന്നു.
പ്രയാസപ്പെട്ടെങ്കിലും ഞാൻ മീനാക്ഷി മലക്ക് മുകളിൽ എത്തി. അത്ര നേരത്തെ കഷ്ടപ്പാടിന് ഫലം കണ്ടത് ആ നിമിഷത്തിലായിരുന്നു. അത്രക്ക് മനോഹരമായിരുന്നു ആ കാഴ്ച.
ആകാശവും ഭൂമിയും വേർതിരിക്കാൻ പോലും പ്രയാസം തോന്നി. പുരികക്കൊടിക്കിടയിൽ ഒരു പൊട്ട് പോലെ ചുവന്ന വരകൾക്കിടയിൽ സൂര്യൻ തിളങ്ങി. ആ അരുണിമ നേർത്ത് നേർത്ത് എന്റെ തലക്ക് മുകളിൽ എത്തുമ്പോഴേക്കും നീലാകാശമായി മാറിക്കഴിഞ്ഞിരിക്കുന്നു. അതിൽ വെളുത്ത പഞ്ഞികെട്ടുകൾ പോലെ മേഘത്തുണ്ടുകൾ. അവയുടെ മിനുമിനുപ്പ് ഞാൻ മനസ്സാൽ തൊട്ട് രസിച്ചു.
അങ്ങകലെ ശാന്തമായി ഒഴുകുന്ന ഒരു പുഴ കാണാം. ആരോടും പരിഭവമില്ലാതെ എങ്ങോട്ടെന്നില്ലാതെ ഒഴുകുന്ന പുഴ. അതിനിപ്പുറം പച്ചപ്പല്ലാതെ മറ്റൊന്നുമില്ല. ഇടതൂർന്ന മരങ്ങൾക്കിടയിൽ ഭൂമി കാണാനാവുന്നില്ല. വാക്കുകൾ കൊണ്ട് ആ കാഴ്ചയെ വർണ്ണിക്കുക പ്രയാസമേറിയ കാര്യമാണെന്ന് തോന്നി എനിക്ക്. ഈ നിറങ്ങൾക്ക് മനസ്സിനെ പിടിച്ച് നിർത്താൻ ഒരു പ്രേത്യേക കഴിവുണ്ട്. അല്പനേരത്തേക്കു ഞാൻ എന്റെ ആഗമനോദ്ദേശ്യം പോലും മറന്നു. ഒരു ഛായാചിത്രം നോക്കി നിൽക്കും പോലെ ഞാൻ ആ കാഴ്ചയിൽ മതി മറന്നങ്ങിനെ നിന്ന് പോയി.
നല്ല തണുത്ത കാറ്റ് വീശിക്കൊണ്ടിരുന്നു. അതെന്നെ ആകമാനം കുളിർപ്പിച്ചു.
കാഴ്ചയിലും ശരീരത്തിലും അനുഭവപ്പെട്ട കുളിരിന്റെ സുഖകരമായ ആലസ്യത്തിൽ ഞാൻ മെല്ലെ മുന്നോട്ട് നടന്നു. കാഴ്ചയിൽ മതി മറന്നുള്ള ആ നടത്തം അപകടകരമാം വിധം മുന്നോട്ട് പോയിരിക്കുന്നു എന്ന് കുറച്ച് നിമിഷങ്ങൾ കഴിഞ്ഞാണ് എനിക്ക് മനസ്സിലായത്.
ഒരു മുനമ്പിലാണ് എന്റെ നിൽപ്പ്. ഒരടി കൂടി മുന്നോട്ട് വച്ചിരുന്നുവെങ്കിൽ.... ഞാൻ താഴേക്ക് നോക്കി. പായലിൽ പച്ചയണിഞ്ഞ് നിൽക്കുന്ന കൂർത്ത പാറകൾ എന്നെ നോക്കി വികൃതചിരി ചിരിക്കുന്നു. അത് കണ്ടപ്പോൾ ഭയം എന്നെ അടിമുടി വിഴുങ്ങി. ഒന്ന് അനങ്ങുവാൻ പോലും എനിക്ക് ഭയം തോന്നി. കാൽപാദത്തിന്റെ പകുതി വായുവിലെന്ന പോലെയുള്ള ആ നിൽപ്പ് എത്രമേൽ അപകടകരമാണെന്ന് ഞാൻ ചിന്തിച്ചു.
അടുത്ത നിമിഷം ശക്തമായ കാറ്റിൽ ഞാൻ ഒന്നുലഞ്ഞു. എന്ത് തന്നെ സംഭവിച്ചാലും അത് കാണാതിരിക്കാൻ ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു. ഒരു ഉലച്ചിൽ എന്നിൽ ആകമാനം ഉണ്ടായി. തലച്ചോറിലെ രക്തക്കുഴലുകളിൽ ചോര വാർന്ന പോലെ ഞാൻ തളർന്നു. എന്ത് സംഭവിച്ചു എന്ന് നിശ്ചയമില്ലാത്ത ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു തന്നെയിരുന്നു.
ആരോ വിളിച്ചുണർത്തും പോലെ തോന്നിയാണ് ഞാൻ കണ്ണ് തുറന്നത്. നന്നേ പ്രകാശപൂരിതമായിരുന്നു അന്തരീക്ഷം. ഞാൻ എവിടെയാണെന്ന് മനസ്സിലാകാതെ ചുറ്റും നോക്കി. ആ മുനമ്പിൽ തന്നെയാണ് ഇപ്പോഴും. പക്ഷെ താഴേക്ക് കാലുകൾ നീട്ടി വച്ച് ഇരിക്കുകയാണെന്ന് മാത്രം.
ഒരിക്കൽ കൂടി എന്നെ ആരോ വിളിച്ചു. ഞാൻ മെല്ലെ തിരിഞ്ഞ് നോക്കി. രണ്ടുപേർ എന്നെ തന്നെ നോക്കി നിൽക്കുന്നു. മധ്യവയസ്കരായ രണ്ടു പേർ. ദമ്പതികൾ ആണെന്ന് കണ്ടാൽ തന്നെ അറിയാം. അവരുടെ മുഖത്ത് നിറഞ്ഞ് നിന്ന സന്തോഷം മധുവിധു ആഘോഷിക്കുന്ന പുതുമോടികളെപ്പോലെ ആയിരുന്നു. ഒരു നിമിഷം ഞാൻ ആ ചായക്കടയിലെ വൃദ്ധന്റെ വാക്കുകൾ ഓർത്തു. ഇണകളായല്ലാതെ ആരും ഈ വഴിക്ക് വരാറില്ലെന്നത്. ഞാനും എന്റെ ഇണയെ തേടിയാണ് വന്നിരിക്കുന്നത്.
എന്റെ മനസ്സിലെ ചിന്തകൾ വായിച്ചിട്ടെന്ന പോലെ അയാൾ ചോദിച്ചു.
"തനിച്ചേ ഉള്ളു?"
പ്രതീക്ഷിച്ച ചോദ്യം തന്നെ. ഇവിടെ വന്നത് മുതൽ കേൾക്കുന്ന ചോദ്യം. അത്ഭുതമൊന്നും തോന്നിയില്ല.
"അതെ."
വല്ലാത്തൊരു ആശ്ചര്യം അവരുടെ മുഖത്ത് കണ്ടു. അതിന്റെ അർത്ഥം മനസ്സിലായില്ലെങ്കിലും ഞാൻ ഒന്ന് ചിരിച്ചു.
"ഞാൻ ഇവിടെ ഒരാളെ അന്വേഷിച്ച് വന്നതാ..."
"ആരെ?"
പോക്കറ്റിൽ നിന്നും വസുവിന്റെ ഫോട്ടോ എടുത്ത് അവർക്ക് നേരെ നീട്ടി. അതിലേക്ക് നോക്കിയ അവരുടെ മുഖത്ത് ഒരു പുഞ്ചിരിയാണ് വിരിഞ്ഞത്. അത് കണ്ടപ്പോൾ നേരിയ ഒരാശ്വാസം എനിക്ക് അനുഭവപ്പെട്ടു.
"കണ്ടിട്ടുണ്ടോ?"
"ഉവ്വ്. ഈ കുട്ടിയും തനിച്ചാണിവിടെ..."
ദീർഘമായ ഒരു നിശ്വാസമാണ് എന്നിൽ നിന്നും ഉണ്ടായത്. ഇത്ര നാളത്തെ മാനസിക പിരിമുറുക്കം മുഴുവൻ പുറത്തേക്ക് പോയ ശ്വാസത്തിൽ ഉണ്ടായിരുന്നുവെന്ന് തോന്നി എനിക്ക്. അത് എന്റെ മുഖത്ത് പ്രതിഫലിച്ചിട്ടുമുണ്ടാകണം. അത് കണ്ടിട്ടെന്നപോലെ അവർ എന്നെ നോക്കി പുഞ്ചിരിച്ചു. ഞാനും.
"എവിടെ? എവിടെയാണവൾ..? എന്റെ വസു?"
എന്റെ ചോദ്യത്തിൽ അവളെ കാണുവാനുള്ള എല്ലാ ധൃതിയും ഉണ്ടായിരുന്നു. ചിരിച്ചുകൊണ്ട് അവർ മറുപടി തന്നു.
"ഇതിലെ ചെന്നാൽ കാണാം."
ഞാൻ അവർ ചൂണ്ടിയിടത്തേക്ക് നോക്കി. ഒരു നീണ്ട പാത കാണാം. അത്രനേരം അവിടെ നിന്നപ്പോഴും അങ്ങനെ ഒരു വഴി കണ്ടതായി എനിക്ക് ഓർത്തെടുക്കാനായില്ല. എന്റെ മാനസികാവസ്ഥ അത്തരം ആയിരുന്നു. കാണുന്നതും ചിന്തിക്കുന്നതും സത്യവും എല്ലാം വ്യത്യസ്തമായിരുന്നു. ഞാൻ നന്ദിയോടെ അവരെ നോക്കി. ആശംസിക്കും വിധം ഒന്ന് പുഞ്ചിരിച്ചിട്ട് അവരും അവരുടെ വഴിക്ക് യാത്രയായി.
ഞാൻ ആ പാതയിലൂടെ നടന്നു. മനസ്സ് മുഴുവൻ അവളായിരുന്നു. ഒരു നീണ്ട കാത്തിരിപ്പിന് ശേഷമുള്ള കണ്ടുമുട്ടലിന്റെ എല്ലാ ആവേശവും എനിക്കുണ്ടായിരുന്നു. നടക്കുകയായിരുന്നില്ല, ഓടുകയായിരുന്നു ഞാൻ. അവളെ കാണാനുള്ള എന്റെ ആശ മൂലം പാതക്ക് നീളം വർദ്ധിക്കുന്നതായി തോന്നി. എങ്കിലും ഞാൻ എന്റെ യാത്ര തുടർന്നു.
വഴിയരികിൽ എന്തെല്ലാം കാഴ്ചകൾ ഉണ്ടായിരുന്നെങ്കിലും അതൊന്നും എനിക്ക് കാണാൻ കഴിഞ്ഞില്ല. എന്റെ മുൻപിൽ നീണ്ടു നിവർന്നു കിടക്കുന്ന ആ പാത മാത്രമേ ഉണ്ടായിരുന്നുള്ളു. മനസ്സിൽ അവളുടെ മുഖം മാത്രം. ഏറെ നടന്നും ഓടിയും തളർന്നു തുടങ്ങിയിരുന്നു ഞാൻ. എങ്കിലും നിർത്താതെയുള്ള പരിശ്രമത്തിന് ഒടുവിൽ ലക്ഷ്യം കണ്ടു.
അങ്ങകലെ എന്നെ പ്രതീക്ഷിച്ചിട്ടെന്നപോലെ അവൾ നിൽക്കുന്നു. തന്റെ വസു. ആ രൂപം എത്ര തിരക്കിനിടയിലാണെങ്കിലും ഞാൻ തിരിച്ചറിയും. അത്രക്കും അവളെന്റെ ഹൃദയത്തിൽ പതിഞ്ഞിരുന്നു. എന്റെ ഓട്ടത്തിന് വേഗത കൂടി. നിമിഷങ്ങൾകൊണ്ട് തന്നെ ഞാൻ അവളുടെ അടുത്തേക്ക് എത്തി.
നിറകണ്ണുകളോടെ എന്നെ നോക്കുന്ന എന്റെ പെണ്ണിന്റെ മുഖം ഞാൻ എന്റെ കൈവെള്ളയിൽ കോരിയെടുത്തു. ഒന്നും മിണ്ടാനാകാതെ അവളെ മാറോടണച്ചു. ഏറെ നേരം അങ്ങനെ തന്നെ നിന്നു. രണ്ടുപേരുടെയും കണ്ണുകൾ ആവോളം പെയ്തു തോർന്നപ്പോൾ അവളെ നെഞ്ചിൽ നിന്നും അടർത്തിമാറ്റി ഞാൻ ചോദിച്ചു.
"എവിടെയായിരുന്നു പെണ്ണെ നീ... എത്ര അന്വേഷിച്ചു നിന്നെ. എത്ര തീ തിന്നു എന്നറിയോ നിനക്ക്...?"
എന്റെ നിർത്താതെയുള്ള ചോദ്യങ്ങൾക്കും ആവലാതികൾക്കും അവൾ ഉത്തരം നൽകിയില്ല. ഒന്നും മിണ്ടാതെ നനഞ്ഞ കണ്ണുകളോടെ എന്നെ നോക്കി നിന്നു. ഞാൻ മെല്ലെ കണ്ണുകൾ തുടച്ചു. പിന്നെ പുഞ്ചിരിയോടെ ആ മുഖത്തേക്ക് നോക്കി.
"എന്തെങ്കിലും ഒന്ന് പറയ് പെണ്ണെ..."
"എനിക്കറിയാമായിരുന്നു എന്റെ കിച്ചുവേട്ടൻ എന്നെ തേടി വരും എന്ന്."
"എങ്ങനെ?"
"ഇവിടെ എല്ലാരും പറഞ്ഞു."
ഞാൻ സംശയത്തിൽ അവളെ നോക്കി. അത് ശ്രദ്ധിക്കാത്ത മട്ടിൽ അവൾ തുടർന്നു.
"കിച്ചുവേട്ടൻ ഈ സ്ഥലം കണ്ടില്ലേ... എന്ത് ഭംഗിയാ... ഇത് കണ്ടില്ലെങ്കിൽ നഷ്ടമായി പോയേനെ..."
ഞാൻ അവളെ തന്നെ നോക്കി നിന്നു.
"എന്തൊക്കെയാ പെണ്ണെ ഈ പറയുന്നത്. വാ... നമുക്ക് പോകാം തിരിച്ച്. അമ്മാവനും അമ്മായിയും ഒക്കെ നിന്നെ കാത്തിരിക്കുകയാ... നിന്നെയും കൊണ്ട് ചെല്ലാം എന്ന് ഞാൻ വാക്ക് കൊടുത്തിട്ടാ പോന്നത്."
"കിച്ചുവേട്ടന് ഇനിയും മനസ്സിലായില്ലേ...?"
"എന്ത്..?"
"കിച്ചുവേട്ടൻ അങ്ങോട്ട് നോക്ക്.."
അവൾ വിരൽ ചൂണ്ടിയിടത്തേക്ക് ഞാൻ നോക്കി. അങ്ങകലെ ഏറ്റവും ഉയരത്തിൽ ഞാൻ നിന്നിരുന്ന മുനമ്പ് കണ്ടു. ഒരു ഞെട്ടലാണ് എനിക്കുണ്ടായത്. അത്ര ഉയരത്തിൽ നിന്നും ഞാൻ എങ്ങനെ താഴെ എത്തി എന്ന് ഞാൻ അത്ഭുതപ്പെട്ടു. ഒന്നും വ്യക്തമാക്കാതെ ഞാൻ അവളെ നോക്കി.
"ഞാനും അവിടെ നിന്നാ കാഴ്ചകൾ കണ്ടത്. നല്ല ഭംഗിയുണ്ടായിരുന്നു അവിടെ നിന്നു നോക്കാൻ. പക്ഷെ..."
"പക്ഷെ..?"
"ദാ... ഇത് കണ്ടോ...?"
ഞാൻ നോക്കി. അടുത്ത നിമിഷം ഞെട്ടലോടെ ഞാൻ മുഖം തിരിച്ചു. ആ കാഴ്ച അത്രക്കും ഭീകരമായിരുന്നു. പുഴുവരിച്ച തുടങ്ങിയ ഒരു ശരീരം മാത്രമേ ഞാൻ ആ നോട്ടത്തിൽ കണ്ടുള്ളു. രണ്ടാമതൊന്നു നോക്കാൻ എനിക്ക് കഴിഞ്ഞില്ല. വസുവിന്റെ മുഖത്ത് ഒരു ഭാവഭേദവും ഉണ്ടായില്ല. അവൾ ചിരിച്ചുകൊണ്ട് മറ്റൊരിടത്തേക്ക് ചൂണ്ടി.
ആ കാഴ്ച എന്നെ കൂടുതൽ ഞെട്ടിച്ചു. തലച്ചോറിനകത്തുകൂടി ഒരു മിന്നൽപിണർ പാഞ്ഞു പോയത് പോലെ ഞാൻ പിടഞ്ഞു. പറഞ്ഞറിയിക്കാൻ കഴിയാത്ത തരം വേദന എന്റെ ഉള്ളിൽ അനുഭവപ്പെട്ടു. ഞാൻ ഒരിക്കൽ കൂടി നോക്കി. തകർന്നു കിടക്കുന്ന എന്റെ ശരീരം എനിക്ക് കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കി തന്നു.
"കിച്ചുവേട്ടാ.."
എന്റെ തോളിൽ തൊട്ട് കൊണ്ട് അവൾ വിളിച്ചു. ഒന്നും മിണ്ടാനാകാതെ ഞാൻ അവളെ നോക്കി. പുഞ്ചിരിയോടെ അവൾ എന്നോട് പറഞ്ഞു.
"ഈ മീനാക്ഷി മലയുടെ താഴ്‌വരക്ക് ഒരു പ്രേത്യേകതയുണ്ട്. ഇവിടെ ആരും തനിച്ചല്ല. ഈ ഭൂമിയിൽ നിശ്ചയിക്കപ്പെട്ട ഇണയോടൊപ്പമായിരിക്കും. ഞാൻ ഇവിടെ തനിച്ചാണ് വന്നത്. പക്ഷെ കണ്ടോ... ഇപ്പൊ കിച്ചുവേട്ടനും ഇവിടെ തന്നെ എത്തി."
അവൾ പറഞ്ഞതിന്റെ അർത്ഥം മനസ്സിലാക്കിയ ഞാൻ മെല്ലെ തലകുലുക്കി. പിന്നെ പുഞ്ചിരിച്ചു. അടുത്ത നിമിഷം ഒരു മേഘത്തുണ്ടു പോലെ ഞങ്ങൾ രണ്ടുപേരും ആകാശത്തിലേക്ക് പറന്നുയർന്നു. അവിടെ ഞങ്ങളെപ്പോലെ ഒരുപാട് പേർ ഉണ്ടായിരുന്നു. ഇണകളുടെ താഴ്‌വരയിൽ ഞങ്ങളും പറന്നു നടന്നു.
(അവസാനിച്ചു)
-ശാമിനി ഗിരീഷ്-

ജലരേഖകൾ ഭാഗം ഒന്ന്


ജലരേഖകൾ ഭാഗം ഒന്ന്
ഭിത്തിയിലെ " ക്രൂശിതരൂപത്തിന് "മുകളിലായി ചലിക്കുന്ന 'വലിയ ഘടികാരത്തിലെ ' സൂചികൾ സമയം രാത്രി 'ഒൻപത് മണി' കഴിഞ്ഞു എന്നറിയിച്ചു.
ആശുപത്രിയിലെ തിരക്കിനൽപം ശമനം വന്നിരിക്കുന്നു . 'ഔട്ട് പേഷ്യന്റ് 'വിഭാഗത്തിൽ നിരത്തി ഇട്ടിരിക്കുന്ന 'ചെയറുകളിൽ ' ഇപ്പോൾ രോഗികൾക്ക് പകരമുള്ളത് ,കിടപ്പ് രോഗികളുടെ കൂട്ടിരിപ്പ് കാരാണ്.
ഷിഫ്റ്റ് കഴിഞ്ഞ് മടങ്ങുന്നവരുടേയും, പുതിയ ഷിഫ്റ്റിൽ പ്രവേശിക്കുന്നവരുടേയും സ്വരം,താഴ്ത്തിയുള്ള അഭിവാദ്യകൾ ഒഴിച്ചാൽ, മരുന്നിന്റെ ഗന്ധമുള്ള കാറ്റിൽ,ഇടക്ക് ജാലകവിരികൾ ഇളകുന്ന ശബ്ദം മാത്രമെ അപ്പോൾ അവിടെ കേൾക്കാനുണ്ടായിരുന്നുള്ളൂ.
ആ വലിയ ഹോസ്പിറ്റലിലെ, ശീതീകരിച്ച കാത്തിരിപ്പ് മുറിയിലാണ് നിന്നിരുന്നതെങ്കിലും, നിഷയുടെ നെറ്റിതടത്തിൽ നിന്നും വിയർപ്പ് തുള്ളികൾ കവിളിലേക്ക് ചാലുകൾ തീർത്തു.
ശരീരമാസകലം അനുഭവപ്പെട്ട വിറയലും ,തളർച്ചയും കാലുകൾക്ക് താങ്ങാൻ കഴിയാതെ വന്നപ്പോൾ, അവൾ ഒരു കസേരയിലേക്ക് തളർന്നിരുന്നു.
കുറച്ച് മുൻപ് സംഭവിച്ച കാര്യങ്ങൾ ഒന്നും തന്നെ വിശ്വസിക്കാനോ, ഉൾക്കൊള്ളാനോ അത്രനേരം കഴിഞ്ഞിട്ടും നിഷക്ക് സാധിച്ചിരുന്നില്ല. കൈവശമുള്ള ബാഗിൽ സൂക്ഷിച്ചിരുന്ന കടലാസ് കഷണത്തിലെ അക്ഷരങ്ങൾ പടർത്തിയ 'സംഭ്രമം'മണിക്കൂറുകൾ കഴിഞ്ഞിട്ടും അവളെ വിടാതെ പിന്തുടർന്നു.
........................................................................................................

നിഷയും, ചാരുലതയും, ഉണ്ണിമായയും ഒരേ ഹോസ്റ്റലിലെ താമസക്കാരാണ്. അവർ ഉറ്റ സുഹൃത്തുക്കളും, ഒരേ മുറി പങ്കിടുന്നവരുമാണ് .
നിഷ ,ഹോസ്റ്റലിനടുത്തുള്ള ഒരു ബാങ്കിൽ 'ഫ്രണ്ട് - ഓഫീസ് സ്റ്റാഫായി 'ജോലി നോക്കി വരുന്നു. ചാരുവും, ഉണ്ണിയും അവിടുള്ള കോളേജിലെ മൂന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിനികളാണ്.
മൂന്നു പേരും ഒരേ നാട്ടുകാരായതിനാൽ, ചാരുവും ,ഉണ്ണിയും ആ കോളേജിൽ ചേർന്നപ്പോൾ ഉടലെടുത്ത, മൂവരും ചേർന്ന സൗഹൃദം, ഈ കാലം കൊണ്ട്, മറയേതുമില്ലാത്ത, ഇഴയടുപ്പമുള്ള ഒന്നാക്കി മാറ്റാൻ അവർക്ക് കഴിഞ്ഞു.
പ്രായത്തിൽ മറ്റ് രണ്ട് പേരെക്കാൾ അല്പം മുതിർന്ന നിഷ ആയിരുന്നു അവരുടെ നേതാവ്.
പ്രവൃത്തിയിൽ ചുറുചുറുക്കും, പെരുമാറ്റത്തിൽ ഊർജ്ജസ്വലതയുമുള്ള, സുന്ദരിയായ അവളെ കൂട്ടുകാരികൾ 'ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ' എന്നതിനെ ചുരുക്കി "ബി ആൻഡ് ബി "എന്നാണ് വിശേഷിപ്പിച്ചിരുന്നത്.
ഉണ്ണിമായ,കുട്ടിത്ത മുള്ള ,നിഷ്കളങ്ക സ്വഭാവത്തിനുടമയായ,തനി നാട്ടിൻ പുറത്ത് കാരി ആയിരുന്നു. സദാ 'കലപില ' കൂട്ടി നടന്നിരുന്ന അവൾ, വീട്ടിലെ ഏക സന്തതിയും ,അച്ഛനമ്മമാരുടെ ഓമന മകളു മാണ്.
എന്നാൽ ചാരു എല്ലാം കൊണ്ടും ഇവരിൽ നിന്നും തികച്ചും വ്യത്യസ്തയാണ് .
നിഷയും ,ഉണ്ണിമായയും സിനിമാ ഗോസിപ്പുകളും, കോളേജ് പ്രണയ കഥകളുമായി നേരം കൊല്ലുമ്പോൾ , ചാരു കഥകളുടേയും ,കവിതകളുടേയും വായനാ ലോകത്ത് മുഴുകി കഴിഞ്ഞു.
നന്നെ ചെറുപ്പത്തിലെ ഉണ്ടായ അവളുടെ അമ്മയുടെ മരണം ,ചാരുവിനെ മാനസികമായ ഒറ്റപ്പെടലിലേക്കും, സ്ഥായിയായ ഒരു വിഷാദാവസ്ഥയിലേക്കും നയിച്ചു.
ക്ഷിപ്രകോപിയും, കർക്കശ സ്വഭാവക്കാരനുമായിരുന്നു ചാരുവിന്റെ അച്ഛൻ രവീന്ദ്രൻ. ആദ്യ ഭാര്യയുടെ മരണശേഷം ,അയാൾ മറ്റൊരു വിവാഹം കഴിക്കുകയും ,ആ ബന്ധത്തിൽ അവൾക്ക് ഒരു അനുജൻ ഉണ്ടാവുകയും ചെയ്തെങ്കിലും ,സ്വന്തമായ ഒരു ലോകത്ത് ഒറ്റപ്പെട്ട് ജീവിക്കാൻ തക്ക മാനസികാവസ്ഥയിലേക്ക് അപ്പോഴേക്കും അവൾ മാറിക്കഴിഞ്ഞിരുന്നു.
ചാരുവിന്റെ ഈ സ്വഭാവം, ക്ലാസ് മുറിയിലും അവൾ തുടർന്നു. കോളേജിൽ ഉണ്ണിമായയോട് ഒഴികെ മറ്റാരോടും കാര്യമായി അടുപ്പം അവൾ കാട്ടിയിരുന്നില്ല.
കോളേജ് അവധി ദിവസങ്ങളിൽ, മിക്കവാറും വീട്ടിൽ പോകാൻ ഇഷ്ടപെടാതെ ചാരുലത, ഉണ്ണിമായയുടെ കൂടെ അവളുടെ വീട്ടിലേക്ക് പോകുകയോ അല്ലെങ്കിൽ നിഷയോടൊപ്പം ഹോസ്റ്റലിൽ തന്നെ തങ്ങുകയോ ചെയ്തു വന്നു.
അമ്മയില്ലാതെ വളർന്ന കുട്ടി എന്ന പരിഗണനയിൽ, ഉണ്ണിമായയുടെ അച്ഛനുമമ്മക്കും ചാരുവിനോട് പ്രത്യേക വാത്സ്യല്യവും ,സ്നേഹവും ഉണ്ടായിരുന്നു.
അങ്ങനെ തികച്ചും ഒരു 'അന്തർ മുഖി' ആയിരുന്നു എങ്കിലും, വല്ലപ്പൊഴു- മൊരിക്കൽ സിനിമക്ക് പോകാനും, ബീച്ചിൽ കറങ്ങാനും ,അത്യാവശ്യം ഷോപ്പിംഗിനു മൊക്കെ അവൾ ആ കൂട്ടുകാരൊടൊപ്പം കൂടി .
കളിയും ,ചിരിയുമായി ആ മൂന്ന് കൂട്ടുകാരികളോടൊപ്പം കാലവും കുറെ മുന്നോട്ട് നീങ്ങി.ആ സന്തോഷം പകർന്ന് കിട്ടിയിട്ടെന്ന വണ്ണം ഹോസ്റ്റലിന്റെ പാതയോരത്ത് ഇരു വശങ്ങളിലുമായി വളർന്ന് നിന്നിരുന്ന പൂവാകകകളിൽ 'ആ കാലത്ത് 'ഇലകളിലും അധികം പൂക്കൾ നിറഞ്ഞ് സൗരഭ്യം ചൊരിഞ്ഞ് നിന്നിരുന്നു.
അങ്ങനെ ഇരിക്കെ ഒരു നാൾ, കളി ചിരികളുമായ് കഴിഞ്ഞു വന്ന ആ കൂട്ടുകാരികളുടെ ഇടയിലേക്ക് പുതുതായ് ഒരാൾ കടന്ന് വന്നു.
(തുടരും)

താഴ്‌വര ഭാഗം - 3

താഴ്‌വര ഭാഗം - 3
----------------------------
ഒരു ദീർഘ നിശ്വാസത്തോടെയാണ് ബസ് നിന്നത്. ഒരു വലിയ കയറ്റം കയറിയതിനെ എല്ലാ ക്ഷീണവും ആ പഴഞ്ചൻ ബസിനുണ്ടായിരുന്നു. കിതച്ചും വിമ്മിഷ്ടപ്പെട്ടും ആ തണുപ്പിൽ ഇത്ര ദൂരം എത്തിയത് തന്നെ വലിയ കാര്യമാണെന്ന് എനിക്ക് തോന്നി.
നേരം വെളുക്കാറാവുന്നതേ ഉള്ളു. ബസിൽ നിന്നും ഇറങ്ങും മുൻപ് ഞാൻ ഒരു നിമിഷം ചിന്തിച്ചു. ഇനിയെന്താണ്? എന്തൊക്കെയോ ചില തോന്നലുകളുടെ പേരിൽ ഇറങ്ങി പുറപ്പെട്ടതാണ്. തനിക്ക് വസുവിനെ കണ്ടെത്താൻ കഴിയുമോ?
അടുത്ത നിമിഷം എവിടെ നിന്നോ കിട്ടിയ പ്രചോദനത്തിൽ ബസിൽ നിന്നും ഇറങ്ങി. അപ്പോഴേക്കും ആ ബസിൽ ഉണ്ടായിരുന്ന യാത്രക്കാരത്രയും പലവഴിക്ക് നീങ്ങി കഴിഞ്ഞിരുന്നു. എങ്ങോട്ട് തിരിയണം എന്നറിയാതെ ശങ്കിച്ച് നിൽക്കുന്ന എന്നെ കണ്ട് ആ ബസിലെ ജീവനക്കാർ തുറിച്ച് നോക്കി.
ആ നോട്ടത്തിൽ എനിക്കല്പം പകപ്പ് തോന്നിയെങ്കിലും അത് പുറത്ത് കാട്ടാതെ ഞാൻ അവരുടെ അടുത്തേക്ക് നീങ്ങി. ഞാൻ അടുത്ത് വരുന്നുണ്ടെന്ന് മനസ്സിലാക്കിയ അവർ എന്നെ ശ്രദ്ധിക്കാത്ത മട്ടിൽ മുഖം തിരിച്ച് സ്വന്തം ജോലികളിൽ മുഴുകി.
"ചേട്ടാ..."
ആ ബസ് കണ്ടക്ടർ അനാവശ്യ ഗൗരവത്തിൽ എന്നെ നോക്കി.
"ഈ മീനാക്ഷി മല..?"
എന്നെ ആകമാനം ഒന്നുഴിഞ്ഞ് നോക്കിയിട്ട് അയാൾ പറഞ്ഞു.
"ഇത് തന്നെയാ..."
ഞാൻ ചുറ്റും നോക്കി. ഒന്നും വ്യക്തമായി മനസ്സിലാകാതെ അയാളെ നോക്കി. ആ നോട്ടത്തിന്റെ അർത്ഥം മനസ്സിലായത് പോലെ അയാൾ തുടർന്നു.
"ആ കയറ്റം കയറിയാൽ ഏറ്റവും മുകളിൽ എത്താം. മുനമ്പിൽ. കാഴ്ച കാണാൻ ഇറങ്ങിയതാണോ?"
"മ്മ്..."
ഞാൻ മെല്ലെ മൂളി. വിസ്മയ ഭാവത്തിൽ അയാൾ എന്നെ നോക്കി.
"ഒറ്റക്കോ..?"
അത് ചോദിക്കുമ്പോൾ അയാളുടെ മുഖഭാവം വ്യത്യസ്തമായിരുന്നു. അത്ഭുതവും പരിഹാസവും ഒക്കെ കൂടി കലർന്നത് പോലെ...
"അതെ."
"മ്മ്..."
അയാൾ ഒന്ന് കൂടി എന്നെ നോക്കിയിട്ട് തിരികെ ജോലിയിലേക്ക് തിരിഞ്ഞു. ഞാൻ അയാൾ ചൂണ്ടിയ ഭാഗത്തേക്ക് നോക്കി. നല്ല ഇരുട്ടാണ്. ചീവീടുകളുടെ നിർത്താതെയുള്ള കച്ചേരി മാത്രം കേൾക്കാം. ഞാൻ മെല്ലെ അവിടേക്ക് നടക്കാൻ തുനിഞ്ഞതും പിന്നിൽ നിന്നും ഒരു അശരീരി പോലെ ആ ശബ്ദം വന്നു.
"കുറച്ച് വെളിച്ചം വച്ചിട്ട് പോയാ മതി ആ വഴിക്ക്. അവിടെ വേറെ വെളിച്ചമൊന്നും കാണില്ല."
ഞാൻ തിരിഞ്ഞ് അയാളെ നോക്കി. അയാൾ എന്നെ നോക്കാതെ ജോലികളിൽ മുഴുകിയെന്ന വ്യാജേന നിൽക്കുന്നു. ഞാൻ അവിടെ ഒരു മൂലയിലേക്ക് ഒതുങ്ങി നിന്നു.
ശ്വാസം മുട്ടി കിതച്ചുകൊണ്ട് കയറ്റം കയറി വന്ന ബസ് ഒരു മടിയും കൂടാതെ അവരെയുംകൊണ്ട് വീണ്ടും യാത്രയായി. ഞാൻ ആ ഇരുട്ടിൽ തനിച്ചായി. ഒരു തണുത്ത കാറ്റ് എനിക്ക് ചുറ്റും വലയം ചെയ്തു മുകളിലേക്ക് പറന്നു. ആ കാറ്റിന്റെ കൈയിൽ എന്റെ ആത്മാവും കൂടിയുണ്ടെന്ന് ഒരു നിമിഷം എനിക്ക് തോന്നി. ആ കാറ്റിനൊപ്പം പറന്നു മീനാക്ഷി മലക്ക് ചുറ്റും ഒരു വലം വക്കാൻ വെറുതെ കൊതിച്ചു പോയി.
അടുത്ത നിമിഷം തണുപ്പിന്റെ കൂർത്ത മുനകൾ എന്നെ തുളച്ചു. പല്ലുകൾ കൂട്ടിമുട്ടാതിരിക്കാൻ അവയെ കടിച്ചു പിടിച്ചു നിന്നു. ആ നിൽപ് അധികനേരം വേണ്ടി വന്നില്ല. കുറച്ചകലെ ഒരു നേരിയ പ്രകാശം ആടി വരുന്നുണ്ടായിരുന്നു. മെല്ലെ മെല്ലെ അത് എനിക്കടുത്തേക്ക് നീങ്ങിക്കൊണ്ടിരുന്നു.
ആ വെളിച്ചം ഒരു ടോർച്ചിന്റേതായിരുന്നു. അത് കൈയിൽ പിടിച്ച് നടന്നു വരുന്ന ഒരാളുടെ നടത്തിനിടയിലുള്ള കൈവീശലിൽ ആ പ്രകാശം താളത്തിൽ ഇളകിക്കൊണ്ടിരുന്നു. എന്റെ അടുത്തെത്തിയപ്പോൾ അയാൾ എന്നെ ഒന്ന് സൂക്ഷിച്ചു നോക്കി. ഞാൻ തിരിച്ച് ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു. അതിൽ വിജയിച്ചുവോ എന്നുറപ്പില്ല. തണുപ്പുകൊണ്ട് അത്രക്കും മരവിച്ചു തുടങ്ങിയിരുന്നു.
അയാൾ അല്പം കൂടി നടന്നു ഒരു കടത്തിണ്ണയിലേക്ക് കയറി. പിന്നെ മെല്ലെ വാതിൽ തുറന്ന് അകത്തേക്ക് നീങ്ങി. അതൊരു ചായക്കട ആയിരുന്നു. അത് മനസ്സിലായപ്പോൾ ഞാനും ആ കടത്തിണ്ണയിലേക്ക് കയറി. ഒരു അപരിചിതനെക്കണ്ട എല്ലാ ഭാവങ്ങളോടും അയാൾ എന്നെ നോക്കി. ഇത്തവണ അയാളോട് പുഞ്ചിരിക്കുന്നതിൽ ഞാൻ വിജയിച്ചു.
"നേരം വെളുക്കും വരെ ഇവിടെ ഇരുന്നോട്ടെ? ഭയങ്കര തണുപ്പ്..."
തെല്ലൊന്നാശ്വസിച്ച മട്ടിൽ അയാൾ നിശ്വസിച്ചു.
"ഇരുന്നോളു... സമോവർ ചൂടാവണം. എന്നിട്ടൊരു ചായ തരാം."
ഞാൻ സമ്മതമെന്ന മട്ടിൽ ഒരിക്കൽ കൂടി ചിരിച്ചു. അയാൾ തന്റേതായ എന്തൊക്കെയോ ജോലികളിൽ മുഴുകി. ഞാൻ അയാളെ ആകെയൊന്നു വീക്ഷിച്ചു.
വൃദ്ധനാണയാൾ. എങ്കിലും ആരോഗ്യവാൻ. ഈ പ്രായത്തിലും അയാൾ തനിയെ ജോലികൾ ചെയ്യുന്നു. ഇത്രയും പ്രായം ആകുമ്പോൾ ഞാൻ എങ്ങനെ ആയിരിക്കും? ഇത്രയും ആരോഗ്യം എനിക്കുണ്ടാകുമോ? എന്റെ വസു... അവൾ എങ്ങനെ ആയിരിക്കും. അത് ചിന്തിച്ചപ്പോൾ അറിയാതെ ഒരു പുഞ്ചിരി എന്റെ ചുണ്ടിന്റെ കോണിലെവിടെയോ വിരിഞ്ഞു. അടുത്ത നിമിഷം അത് മാഞ്ഞു പോകുകയും ചെയ്തു.
ഓർമ്മകൾക്കിപ്പോൾ തണുപ്പാണ്. ഐസിനെക്കാൾ തണുപ്പ്. മരവിച്ചു പോകുന്ന തണുപ്പ്. മനസ്സിലെവിടെയും ഇപ്പൊ വികാരങ്ങളില്ല. വസുവിനെ കാണാതെ ഒന്ന് ചിരിക്കുവാനോ കരയുവാനോ പോലും കഴിയില്ലെന്നും എനിക്ക് തോന്നി. വസുവിന്റെ ചിരിക്കുന്ന മുഖം കണ്മുന്നിൽ കാണും പോലെ തെളിഞ്ഞു വന്നു. അവൾ ഒപ്പമുണ്ടായിരുന്ന കഴിഞ്ഞു പോയ ഓരോ നിമിഷങ്ങളും ഒരു ചലച്ചിത്രം പോലെ മനസ്സിൽ തെളിഞ്ഞു വന്നു.
തോളിൽ ഒരു കൈ അമർന്നപ്പോഴാണ് ഞാൻ ഉണർന്നത്. അത്ര നേരം ഉറങ്ങുകയായിരുന്നുവോ? അറിയില്ല. വസുവിന്റെ ഓർമ്മകൾ പലപ്പോഴും എന്റെ സ്ഥലകാലബോധം നഷ്ടപ്പെടുത്തുന്നു. അയാൾ ചൂട് കട്ടൻ ചായ എനിക്ക് നേരെ നീട്ടി.
"പാൽ വരാൻ ഇനിയും സമയമെടുക്കും."
ആ മുഖത്ത് നോക്കി ഒന്ന് പുഞ്ചിരിച്ചിട്ട് ഞാൻ ആ ചായ വാങ്ങി. മെല്ലെ മെല്ലെ ഊതി ഞാൻ ആ ചായ കുടിച്ചുകൊണ്ടിരുന്നു. ഒരുതുള്ളി ഇറക്കുമ്പോഴും സുഖകരമായ ഒരു അനുഭൂതിയുണ്ടായി. അത് അയാളുടെ കൈപുണ്യമാണോ എന്നെനിക്ക് നിശ്ചയമില്ല. ചിലപ്പോൾ ആ തണുപ്പിൽ ചൂടോടു കൂടി ചായ കുടിക്കുന്നതിന്റെ സുഖം ആയിരിക്കും. പക്ഷെ അതെന്റെ ശരീരത്തിനും മനസ്സിനും ഒരു വല്ലാത്ത ഉന്മേഷം നൽകി. ദീർഘമായ യാത്രയുടെ ആലസ്യം എന്നിൽ നിന്നും വിട്ടകന്നു പോയത് പോലെ തോന്നി.
"എന്താ ഇത്ര രാവിലെ ഇവിടെ?"
ചോദ്യം വ്യക്തമായി കേട്ടെങ്കിലും ഒരുത്തരം പറയാൻ ഇല്ലാത്തതുകൊണ്ട് ഞാൻ കേൾക്കാത്ത പോലെ അഭിനയിച്ചു. അയാൾ ചോദ്യം ആവർത്തിച്ചു.
"മീനാക്ഷി മല..."
ഒരു സംശയം പോലെ ഞാൻ പറഞ്ഞു നിർത്തി. വ്യക്തമായി മനസ്സിലാവാതെ അയാൾ എന്നെ സൂക്ഷിച്ചു നോക്കി. ഞാൻ നിന്ന് പരുങ്ങിയതല്ലാതെ ഒന്നും പറഞ്ഞില്ല.
"കാണാൻ വന്നതാണോ?"
"അതെ."
"ഒറ്റക്കോ..?"
ആ ചോദ്യത്തിൽ അല്പം ആശ്ചര്യം കലർന്നിരുന്നുവോ എന്ന് ഞാൻ സംശയിച്ചു.
"അതെ."
അയാൾ ഒന്ന് മൂളി.
"എന്തെ അങ്ങനെ ചോദിച്ചത്?"
"ഈ മല കാണാൻ തനിയെ വരുന്നവർ ചുരുക്കമാണ്. ചുരുക്കമാണെന്നല്ല ഞാൻ കണ്ടിട്ടില്ല അങ്ങനെ ആരെയും."
"അതെന്താ..?"
"അതങ്ങനെയാ... എന്താണെന്ന് ചോദിച്ചാൽ എനിക്കും കൃത്യമായി അറിയില്ല. അതീ മലയുടെ പ്രേത്യേകതയാ.."
എനിക്ക് അത്ഭുതവും ഒപ്പം നിരാശയും തോന്നി. ഇവിടേക്കുള്ള യാത്ര വസുവിനെത്തേടിയാണ്. അവൾ ഇവിടെ വന്നിട്ടുണ്ടെങ്കിൽ തനിച്ചായിരിക്കും വന്നിട്ടുണ്ടാകുക.അവൾ ഇവിടെ വന്നിട്ടുണ്ടാകില്ലേ? ചിന്തകൾ തലച്ചോറിനുള്ളിൽ കൂടുകൂട്ടി. പ്രതീക്ഷയുടെ നേരിയ നാളം മാത്രം അണയാതെ ബാക്കി നിന്നു.
ഇരുൾ പതിയെ വെളിച്ചത്തിലേക്ക് വഴി മാറാൻ തുടങ്ങിയിരുന്നു. എന്റെ ലക്ഷ്യത്തിലേക്കുള്ള യാത്ര തുടരേണ്ട സമയമായിരിക്കുന്നു. ഞാൻ മെല്ലെ എഴുന്നേറ്റു. ആ വൃദ്ധന് പണം നൽകി. അയാൾ അത് വലതു കൈ നീട്ടി വാങ്ങി. പിന്നെ കണ്ണിനോട് ചേർത്ത് പ്രാർത്ഥിക്കും പോലെ നിന്നു. ഞാൻ ചിരിച്ചുകൊണ്ട് ആ പടികൾ ഇറങ്ങി.
മീനാക്ഷി മലയുടെ മുകളിലേക്കുള്ള യാത്രയാണ്. വെളിച്ചവും എനിക്കൊപ്പം സഞ്ചരിക്കാൻ തുടങ്ങിയിരിക്കുന്നു. എനിക്ക് കൂട്ടായി ആ മലക്ക് മുകളിൽ ആദ്യത്തെ കിളി ഉണർന്നു പറന്നു.
(തുടരും)
-ശാമിനി ഗിരീഷ്-

പുരാതന മൗനങ്ങൾ

പുരാതന മൗനങ്ങൾ
തുറന്നു നോക്കാതെ
കമിഴ്ത്തിക്കളഞ്ഞ ചരിത്രത്താളുകൾ
ആകാശം വിടർത്തിയെടുത്ത്
വിതയ്ക്കുന്നു.
വർത്തമാനത്തിന്റെ അലക്കുകല്ലിൽ
സ്വപ്നങ്ങളലക്കി മിന്നിച്ച്
പ്രപഞ്ചവാതായനങ്ങളിൽ
പുത്തനുടുപ്പുകൾ
പൂത്തിരിയുടെ പൂരങ്ങൾ തേടവെ
കൊക്കിലുണരട്ടെ
പഴമ തൻ പരിത്യാഗം
തിരിച്ചു പോക്കിന്റെ പിച്ചവെപ്പുകളിൽ,
എഴുത്തോലത്തുഞ്ചങ്ങളിൽ,
പുരാതന മൗനങ്ങൾ
ഒഴുക്കിവിട്ട ചരിത്ര നിശ്വാസങ്ങൾ.
ആയുസ്സിന്റെ അറുതുകിളിലൂടെ
ആഗസ്റ്റ് 15 നേടിയവർ.
ആഗസ്റ്റിന്റെ പിന്നാമ്പുറത്തു കൂടി
ജനുവരിയിലേക്കെത്താൻ
സ്വപ്നങ്ങളും ശ്വാസവും തീയിട്ട
അത്ഭുതങ്ങൾ.
തളർന്നു വിതുമ്പിയ ചുണ്ടുകളിൽ
മുദ്രാവാക്യങ്ങൾ തിരുകി
ഓരോ ദിനവും പിഴുതു വെച്ച്
സ്വാതന്ത്ര്യത്തിൻ വെള്ളം തേവി
ഭാരതവർഷങ്ങളിൽ അഭിമാനം
നിറച്ച അപരാജിതർ.
ആഗസ്റ്റ് 15 ഉം ജനുവരി 26 ഉം
ചോരയിൽ തിണർത്ത കുമിളകൾ.
സൂര്യനിൽ ജ്വലിപ്പിക്കാനുണരുക,
പൊട്ടാതെ, കാക്കുക നാം.
കൂരമ്പുകളെയ്യാനുണർന്നിരിക്കുന്നു
മതവും മത്സരങ്ങളും.

devamanohar

ഗ്രൂപ്പ് മൊതലാളി

ഗ്രൂപ്പ് മൊതലാളി
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
ദിനേന പോസ്റ്റുന്നവർ ഒരു കഥയുമില്ലാത്തവരെന്ന് ഗ്രൂപ്പ് മൊതലാളിയുടെ ഔദ്യോഗിക കുറിപ്പ്.
പോസ്റ്റുകൾ ചുരുക്കണം.
പുതുമുഖങ്ങളെ കൂടുതലായി പ്രോത്സാഹിപ്പിക്കണം.
അതിന് മുതിർന്നവർ പോസ്റ്റുകളുടെ എണ്ണം വളരെയധികം പരിമിതപ്പെടുത്തണം.
ഗ്രൂപ്പ് മൊതലാളിയുടെ തുടരെ തുടരെയുള്ള ഓർമ്മപ്പെടുത്തൽ.
തലയിൽ കുന്നുകൂടിക്കിടക്കുന്ന ആശയങ്ങളുടെ ഭാരം ഇറക്കിവയ്ക്കാൻ മറ്റു മാർഗങ്ങൾ തേടേണ്ടി വരുമെന്ന് ഞാനും മൊതലാളിയുടെ ഔദ്യോഗിക കുറിപ്പിന് താഴെ തുറന്നടിച്ചു.
രണ്ട് ദിവസം പ്രതിഷേധ സൂചകമായി ഗ്രൂപ്പിനോട് നിസ്സഹകരണം പ്രഖ്യാപിച്ചു മറ്റു ഗ്രൂപ്പുകളിൽ കൂടു കൂട്ടാനുള്ള ശ്രമം ആരംഭിച്ചു.
ഗ്രൂപ്പ് വിട്ടതോടെ ആരാധകരുടെ ശല്യം. തുറന്നു വെച്ച കിളിക്കൂട്ടിലേക്ക് ഒരു പഞ്ചവർണ്ണ പൈങ്കിളിയുടെ ചിറകടിയൊച്ച.
പിന്നെ പഞ്ചാര മധുരമുള്ള വാക്കുകൾ.
" എഴുത്ത് നിർത്തിയോ"?.
" ബിസിയാണ് കുറച്ചൂസം കഴിയട്ടെ".
" എന്നെപ്പോലെയുള്ള ആരാധകരെ നിരാശപ്പെടുത്തരുത്".
ആരാധകരോ? എനിക്കോ? പടച്ചോനെ എന്താണീ കേക്കണെ?
"ഞാൻ ഈ മൊബൈലും തോണ്ടിക്കൊണ്ടിരിക്കുന്നത് നിങ്ങളുടെ കഥകളൊക്കെ വായിക്കാനാ"
" അത്രയ്ക്കിഷ്ടമാണോ"?.
" അതെ".
പടച്ച തമ്പുരാനെ... ഈ ലൊട്ടുലൊടുക്ക് കവിതകളും, മണ്ണാങ്കട്ട കഥകളും മാത്രം എഴുതുന്ന എന്നെയും ഇഷ്ടപ്പെടാൻ ആളുണ്ടെന്നോ? അതും പഞ്ചവർണ്ണക്കിളികൾ !...
ഏതായാലും പഞ്ചവർണ്ണപ്പൈങ്കിളിയുടെ പിന്നാലെ ഒന്ന് പോയി നോക്കാം. ഫെയ്സ് ബുക്കിലും ഒരു ലൈനൊക്കെ ഉണ്ടാകുന്നത് നല്ലതാ..
അതിനായി ഫെയ്സ് ബുക്ക് ലോഗിൻ ചെയ്തു സ്ത്രീ പേരിൽ ഒരു അക്കൗണ്ട് ആ രം ഭി ച്ചു.വിചാരിച്ച പോലെ തന്നെ അവിടെയും വന്നു പഞ്ചവർണ്ണ പൈങ്കിളി...
പക്ഷെ എന്റെ വനിതാ പ്രൊഫൈലിൽ വന്നത് ഗ്രൂപ്പ് മൊതലാളിയായിരുന്നു സൂർത്തുക്കളെ.
ആളെ കിട്ടാൻ, പോകുന്നവരെ പിടിച്ചു നിർത്താൻ മൊതലാളി വേഷം കെട്ടി ഇറങ്ങിയതാ... എന്താല്ലെ?.
ഹുസൈൻ എം കെ

ഭയം

Image may contain: 1 person, beard and closeup

എന്നും ഭയമായിരുന്നു എനിക്ക്. .
ഒൻപത് മാസവും ഒൻപത് ദിവസവും ഒൻപത് നാഴികയും ഒൻപത് വിനാഴികയും അമ്മയുടെ ഉദരത്തിൽ കഴിഞ്ഞ അത്രയും നാളും ഭയത്തോടെയാണ് ഞാൻ കിടന്നത്..
എനിക്ക് എന്തെങ്കിലും അപകടം സംഭവിച്ച് ഈ മനോഹരമായ ഭൂമി കൺനിറയെ കാണുവാൻ കഴിയാതെ പോകുമോ എന്ന ഭയം.....
ഭയമായിരുന്നു എനിക്ക്....
ഈ ഭൂമിയിൽ പിറന്നു വീണതിനുശേഷം ഇതുവരെ അമ്മയുടെ ഉദരത്തിൽ കഴിഞ്ഞ നാളുകളത്രയും ഞാൻ കണ്ടതിൽനിന്നും വ്യത്യസ്തമായ മറ്റൊരു ലോകം ആദ്യമായി ദർശിച്ചപ്പോൾ ഭയത്തോടെയാണ് ഞാൻ ആദ്യമായി കരഞ്ഞത്..
ഭയമായിരുന്നു എനിക്ക്.....
അമ്മയുടെ നെഞ്ചിലെ ചൂടേറ്റ് അമ്മയുടെ മുലപ്പാൽ നുകർന്ന് ആ മടിയിൽ തലചായ്ചുറങ്ങുമ്പോൾ ഞാൻ അമ്മയെ തിരിച്ചറിയുന്ന ആ മുലപ്പാലിന്റെ മണത്തിൽനിന്നും മറ്റാരെങ്കിലും എന്നെ കൈമാറി എടുക്കുമ്പോൾ ഭയമായിരുന്നു എനിക്ക്... എന്റെ അമ്മയിൽ നിന്നും വേർപെട്ടു പോകുമോ എന്ന ഭയം..
ഭയമായിരുന്നു എനിക്ക്.....
കുഞ്ഞു നുണക്കുഴി കാട്ടി അമ്മയുടെ മുഖത്തെ പുഞ്ചിരി കണ്ട് കൈകാലിട്ടടിച്ച് കൊഞ്ചിച്ചിരിക്കവേ അറിയാതെ ചെരിഞ്ഞ് ആദ്യമായി കമിഴ്ന്നു കിടന്നപ്പോളും ഭയമായിരുന്നു എനിക്ക്...വീണ്ടും തിരിഞ്ഞു കിടക്കുവാൻ കഴിയുമോ എന്ന ഭയം. ...
ഭയമായിരുന്നു എനിക്ക്.....
ആദ്യമായി ഞാൻ എന്റെ പിഞ്ചു കാലുകളിൽ ബലം കൊടുത്ത് ഇരിക്കുവാൻ ശ്രമിച്ചപ്പോഴും മെല്ലെ ആ പാദങ്ങളിൽ അണിഞ്ഞ പാദസരത്തിൻ കിലുക്കം ആദ്യമായി കേട്ടപ്പോഴും ആ പാദങ്ങൾ ചലിപ്പിച്ചു മെല്ലെ ഞാൻ ഇഴഞ്ഞു നീങ്ങിയപ്പോഴും പിന്നീട് എപ്പോഴോ ആരോടും പറയാതെ ഒരുനാൾ മെല്ലെ വിറയാർന്ന പാദങ്ങളോടെ ഭിത്തിയിൽ കൈ ഊന്നി അമ്മയെ നോക്കി പല്ലില്ലാത്ത മോണകാട്ടി ചിരിച്ചപ്പോഴും ഉള്ളിൽ ഭയമായിരുന്നു എനിക്ക്.... പാദങ്ങൾ ഇടറി താഴെ വീഴുമോ എന്ന ഭയം.....
ഭയമായിരുന്നു എനിക്ക്. .....
ആദ്യമായി ഞാൻ അമ്മേയെന്ന് വിളിച്ചപ്പോഴും പിന്നീട് മെല്ലെ പദങ്ങൾ പറഞ്ഞു തുടങ്ങിയപ്പോഴും അവ്യക്തമായി പലതും പറഞ്ഞു തുടങ്ങിയപ്പോഴും പാടിയപ്പോഴും തെറ്റിപ്പോവുമോ എന്നോർത്ത് ഭയമായിരുന്നു എനിക്ക്... വ്യക്തമായി വാക്കുകൾ ഉച്ചരിക്കുവാൻ കഴിയുമോ എന്ന ഭയം....
ഭയമായിരുന്നു എനിക്ക്.....
ആദ്യമായി ഞാൻ അമ്മയെ പിരിഞ്ഞു വിദ്യാലയത്തിൽ ബാലപാഠങ്ങൾ പഠിക്കുവാൻ ആരംഭിച്ചപ്പോൾ എന്നെ തനിച്ചാക്കി അമ്മ പോവുമോ എന്ന ഭയം... കൂടെയുള്ള കുട്ടികൾ വഴക്കു കൂടുമോ എന്ന ഭയം... ടീച്ചറുടെ കൈവശമുള്ള ചൂരൽകൊണ്ട് അടിക്കുമോ എന്ന ഭയം...
ഭയമായിരുന്നു എനിക്ക്....
ഓരോ പാഠങ്ങളും പുതുതായി പഠിപ്പിച്ചു തുടങ്ങുമ്പോഴും പരീക്ഷകൾ വരുമ്പോഴും ക്ലാസ്സിൽ ഒന്നാമനാകുവാൻ കഴിയുമോ എന്ന ഭയം...അമ്മ വഴക്കു പറയുമോ എന്ന ഭയം..
ഭയമായിരുന്നു എനിക്ക്. .....
വിദ്യാലയം വിട്ട് കലാലയത്തിലേക്ക് കടന്നപ്പോഴും അതുവരെ കണ്ടതിൽനിന്നും വ്യത്യസ്തമായി പലരും എന്നെ ഉറ്റു നോക്കുന്നതു കണ്ടപ്പോഴും മറ്റുള്ള കുട്ടികളേക്കാൾ സുന്ദരിയാണ് ഞാൻ എന്ന് തോന്നിയപ്പോഴും എന്റെ പുറകെ ഒരു നിഴൽപോലെ പിൻതുടരുന്ന പല കഴുകൻ കണ്ണുകൾ കണ്ടപ്പോഴും ഭയമായിരുന്നു എനിക്ക്.... എന്നിലെ എന്നെ രക്ഷിക്കാൻ കഴിയാതെ വരുമോ എന്ന ഭയം...
ഭയമായിരുന്നു എനിക്ക്.....
ആദ്യമായി മറ്റൊരു പുരുഷന്റെ മുന്നിൽ ഒരു പ്രദർശന വസ്തുവേപ്പോലെ നിന്നപ്പോഴും അത് പലവുരു തുടർന്നപ്പോഴും ഭയമായിരുന്നു എനിക്ക്.... അതുവരെ എന്നെ സംരക്ഷിച്ച എന്റെ അച്ഛനുമമ്മയ്ക്കും ഞാനൊരു ഭാരമായോ എന്ന ഭയം....
ഭയമായിരുന്നു എനിക്ക്.....
ആദ്യമായി ഒരന്യ പുരുഷന്റെ മുന്നിൽ അവൻ ചാർത്തുന്ന താലിച്ചരടിനായ് തല കുനിച്ചു നിൽക്കുമ്പോഴും സ്വന്തബന്ധങ്ങളെ വിട്ടകന്ന് പുതിയൊരു വീട്ടിലേക്ക് വലതുകാൽ വച്ചു കയറുമ്പോഴും ഭയമായിരുന്നു എനിക്ക്. .. ഞാൻ വന്നു കയറിയതോടെ അവിടം നശിച്ചുപോയി എന്ന് പറയുമോ എന്ന ഭയം...
ഭയമായിരുന്നു എനിക്ക്.....
അതുവരെ കാണാത്തതും അറിയാത്തതുമായ പുതിയൊരു ലോകത്തേക്ക് ചിറകുവിരിച്ച് പറന്നപ്പോഴും നേർപാതിയുടെ കരലാളനങ്ങളിൽ ആശ്വാസം നേടുമ്പോഴും ഭയമായിരുന്നു എനിക്ക്.... എന്നെ വിട്ടു പോകുമോ എന്ന ഭയം....
ഭയമായിരുന്നു എനിക്ക്...
ആദ്യമായി ഈ ഭൂമിയിൽ അമ്മയുടെ ഉദരത്തിൽ ഒരു ഭ്രൂണമായി പിറവിയെടുത്തു തുടങ്ങിയതുപോലെ എന്റെ ഉദരത്തിലും അതുപോലെ ഒന്നു തുടിക്കുവാൻ തുടങ്ങിയപ്പോഴും ഭയമായിരുന്നു എനിക്ക്... പണ്ട് ഞാൻ അനുഭവിച്ച അതേ ഭയം അവനുമുണ്ടോ എന്ന ഭയം...
ഭയമായിരുന്നു എനിക്ക്....
പിന്നീടെപ്പോഴും ഭയമായിരുന്നു... കാലചക്രം തിരിയുന്നതുപോലെ എല്ലാം ആവർത്തിക്കുന്നതോർത്ത്... മക്കളെയോർത്ത്... കുടുംബത്തെയോർത്ത്... ഭർത്താവിനെയോർത്ത്....ഈ ലോകത്തെയോർത്ത്... മാറി മാറി വരുന്ന ഋതുക്കളെയോർത്ത്... പേമാരിയെയോർത്ത്... സൂര്യാഘാതത്തെയോർത്ത്.... കൊടുങ്കാറ്റിനെയോർത്ത്.... വരൾച്ചയെയോർത്ത്...കടലിനെയോർത്ത്... നദികളെയോർത്ത്..... അന്തരീക്ഷത്തെയോർത്ത്... ശ്വാസവായുവിനെയോർത്ത്... ഭയമായിരുന്നു എനിക്ക്. ... .
ഭയമായിരുന്നു എനിക്ക്. .....
അവസാനം ഈ ഭൂമിയിലെ ജീവിതം അവസാനിച്ച് മറ്റൊരു സങ്കല്പ ലോകത്തേക്ക് ദേഹം വിട്ട് ദേഹി മാത്രമായി സകലതും ഉപേക്ഷിച്ചു ഇതുവരെ കണ്ടതും കൂടെ ഉണ്ടെന്നു കരുതിയതും ഒന്നും തന്റേതല്ല എന്ന് തിരിച്ചറിഞ്ഞപ്പോഴും എല്ലാം വെറും മായക്കാഴ്ചകൾ മാത്രമായിരുന്നു എന്നറിഞ്ഞപ്പോഴും ഭയമായിരുന്നു എനിക്ക്...... ഇതൊന്നുമറിയാതെ മതമത്സരാദികളിൽപ്പെട്ടുഴലുന്ന ഈ ഭൂമിയിലെ ശേഷിച്ച ജന്മങ്ങളുടെ ജീവിതാന്ത്യമോർത്ത്.......
ഭയമായിരുന്നു എനിക്ക്. ........
***മണികണ്ഠൻ അണക്കത്തിൽ***

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo