അർജുൻ രാഹുൽ രശ്മി....ഇവർ ഇങ്ങിനെയൊക്കെയാണ്

Image may contain: 1 person, smiling, indoor
(ഒരു കൊച്ചു കഥ )
അപ്രതീക്ഷിതമായ ഹർത്താൽ... ഇനിയെന്ത് ചെയ്യും... രശ്മി വാച്ചിൽ നോക്കി... സമയം സന്ധ്യയോടടുക്കുന്നു..... ആ കൊച്ചു ബസ്‌സ്റ്റോപ്പിന്റെ കീഴിൽ എന്ത് ചെയ്യണമെന്നറിയാതെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു..
രശ്മി ശ്രദ്ധിച്ചു... ബസ് സ്റ്റോപ്പിന്റെ ഒരു മൂലയിൽ ചുമരും ചാരി താടിക്കു കയ്യും കൊടുത്തു ഒരു ചെറുപ്പക്കാരൻ ഇരിക്കുന്നു. താടിയൊക്കെവളർത്തിയ ഒരു കൊച്ചു സുന്ദരൻ....
രശ്മി നോട്ടം പിൻവലിച്ചു.. വീണ്ടും വാച്ചിലേക്ക് നോക്കി
"ദൈവമേ ഇനിഎന്ത് ചെയ്യും "മനസ്സിൽ ആകെ വെപ്രാളം.
മെല്ലെ ആ ചെറുപ്പക്കാരന്റെ അടുത്തേക്ക് ചെന്നു
"excuse me". അയാൾ പുഞ്ചിരിച്ചു കൊണ്ട് തലയുയർത്തി നോക്കി....
" ഇവിടെ നിന്ന് ഇനി വല്ല ബസ്സോ മറ്റൊ "
"" ഹർത്താലല്ലെ സംശയമാണ് "ആ ചെറുപ്പക്കാരൻ പറഞ്ഞു
" നോക്കാം.. ആരും പേടിച്ചു വണ്ടി റോഡിലിറക്കില്ല"
. പതിഞ്ഞ ശബ്ദത്തിൽ അയാൾ പറഞ്ഞു... സമയം മുന്നോട്ടുപോകുന്തോറും മനസ്സിൽ ചെറിയ പേടിയും.... പെട്ടെന്നായിരുന്നു ആ ചെറുപ്പക്കാരന്റെ ചോദ്യം..
"എങ്ങോട്ടാ പോണ്ടേ.... ""
ഇടം പറഞ്ഞു
അത് മാത്രമല്ല ഇവിടം എത്തിപ്പെടാൻ ഉള്ള കാരണവും എല്ലാം ആ ചെറുപ്പക്കാരനോട് പറഞ്ഞു....
"പേര് പറഞ്ഞില്ല "
"ഞാൻ രശ്മി "
"ഞാൻ രാഹുൽ "
പിന്നെ പരസ്പരം രണ്ടുപേരും ബയോ ഡാറ്റകൾ കൈമാറി... ഒരു അപ്രതീക്ഷിത ഹർത്താലിൽ ആ ബസ്‌സ്റ്റോപ്പിന് കീഴെ അങ്ങിനെ രണ്ടു പേരുടെ ഇടയിൽ ഒരു പുതിയ സൗഹൃദം രൂപം കൊള്ളുകയായിരുന്നു.. രാഹുലും രശ്മിയും...
: രാഹുൽ എഴുനേറ്റു... വാച്ചിൽ നോക്കി...
"അതേയ് ഇതുവഴി ഒരു ബസ്സു വരുന്ന കാര്യം സംശയമാണ്... രശ്മി പേടിക്കേണ്ട.. എന്തെങ്കിലും വഴി കാണും ""
രാഹുൽ ഒന്ന് നിർത്തി തുടർന്നു..
"വരൂ നമുക്ക് ഓരോ ചായ കുടിക്കാം. ദേ അവിടെ ഒരു ചെറിയ കടയുണ്ട് "
ആദ്യം രശ്മി ഒന്ന് മടിച്ചു..
പിന്നെ ഇരുവരും നടന്നു... ചൂടുള്ള ചായ നുണയുമ്പോഴും ആദ്യ പരിചയപെടലിന്റെ ഒരു അകൽച്ച അവരെ കൂടുതൽ വാക്കുകളിൽ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു.. എന്നാലും കടുത്ത മൗനം അവരെ അസ്വസ്ഥരാക്കി...
"മോനെ ഇനി ഇവിടുന്നു ബസ്സു കിട്ടാൻ വല്ല വഴിയുമുണ്ടോ "
കുടിച്ച ചായഗ്ലാസ്സ് എടുക്കുന്നതിനിടെ രാഹുൽ ആ പയ്യനോട് ചോദിച്ചു...
" സാറെ അത് സംശയമാണ്.. പ്രൈവറ്റ് ബസ് ഒന്നും വരില്ല.. ആകെ ഒരു ksrtc ബസ് ഉള്ളു.. അത് രണ്ടു ദിവസായിട്ട് കാണാനില്ല... "
അവൻ പോയി. ചായഗ്ലാസ്സ് കഴുകുന്നതിനിടെ അവൻ വിളിച്ചുപറഞ്ഞു..
"സാറെ ഇനി രാവിലെ ആറരക്ക് ഗുരുദേവൻ വരും... ആദ്യത്തെ ബസ്സ് "
"മൈ ഗോഡ് "
രശ്മി പെട്ടെന്ന് തളർന്ന പോലെ... ഇനി എന്തുചെയ്യും.. രാവിലെ ആറരവരെ... രെശ്മിയുടെ ടെൻഷൻ കണ്ട രാഹുൽ രശ്മിയോട് പതുക്കെ പറഞ്ഞു
"ഇങ്ങനെയങ്ങു വറി ചെയ്യണ്ട.. നമുക്ക് നോക്കാം. എന്തെങ്കിലും വഴി കാണും"
""ചായയുടെ കാശു കൊടുത്തു അവർ പുറത്തിറങ്ങി... പുറത്തേക്കിറങ്ങുമ്പോൾ പയ്യൻ വിളിച്ചു പറഞ്ഞു "സാറെ ഇവിടെ നാലു മുറിയുണ്ട്.. രാത്രികാലങ്ങളിൽ ബൈക്കിൽ വരുന്നവർ ഇവിടെ കിടന്നുറങ്ങി രാവിലെ പോകയാണ് പതിവ്.. സാറിനും ഭാര്യക്കും വേണമെങ്കിൽ ഒരു റൂം തരാം "
രാഹുലും രശ്മിയും പരസ്പരം നോക്കി.. എന്ത് പറയണമെന്നറിയാതെ കുഴങ്ങി..
"ഞങ്ങളിപ്പോ വരാം.. "
രാഹുൽ ആ പയ്യനോടായി പറഞ്ഞു... ആ കൊച്ചു ബസ്‌സ്റ്റോപ്പിലെ കൊച്ചു സിമന്റു പടിയിൽ അവർ ഇരുന്നു.. രശ്മി തല കയ്യിൽ വെച്ച് കണ്ണടച്ചു. ഒരു രാത്രി എന്ത് ചെയ്യണമെന്നറിയാതെ.. ആകെ ഒരു വീർപ്പുമുട്ടൽ..
"രശ്മി "രാഹുൽ പതുക്കെ വിളിച്ചു..
"ഇനി എന്ത് ചെയ്യും... ""രശ്മിയുടെ മുഖം വല്ലാതെയായിരുന്നു.. രാഹുൽ ഒന്നും മിണ്ടിയില്ല..
"രശ്മി ഇങ്ങനെ ഭയക്കല്ലേ. നമുക്ക് നോക്കാം ഏതെങ്കിലും പ്രൈവറ്റ് വെഹിക്കിൾ വന്നാൽ നമുക്ക് കൈകാണിച്ചു നോക്കാം "
"ഈ ഹർത്താലിൽ പേടിച്ചിട്ടു ആരും വണ്ടി എടുക്കില്ല "
രശ്മി വീണ്ടും വാച്ചിലേക്ക് നോക്കി പറഞ്ഞു... "ഏതെങ്കിലും ബൈക്ക് വന്നാൽ രാഹുലിന് അങ്ങ് പോകാം "
"ഹും "
രാഹുൽ ഒന്നു മൂളി.. രശ്മി എന്തോ പറയാൻ ഭാവിച്ചപോലെ രാഹുലിനെ നോക്കി.. രാഹുൽ രശ്മിയെയും.. വീണ്ടും ഇരുവരുടെയും ഇടയിൽ വല്ലാത്ത അക്ഷരക്ഷാമം... രാഹുൽ ബാഗ് തുറന്നു ഒരു പാക്കറ്റ് ചിപ്സ് പുറത്തെടുത്തു.. പൊട്ടിച്ചു. കുറച്ചെടുത്തു രെശ്മിക്ക് കൊടുത്തു..
"കഴിക്കു.". രെശ്മി വാങ്ങിച്ചു." പൊട്ടറ്റോ ചിപ്സ് ആണ് എനിക്ക് ഭയങ്കര ഇഷ്ടമാ.. എവിടെ പോകുമ്പോഴും എന്റെ കയ്യിൽ ഇത്എപ്പോഴും കാണും.. "
പൊട്ടറ്റോ ചിപ്സ് ഞെരിഞ്ഞമരുന്ന ശബ്ദം ആ ബസ്റ്റോപ്പിലെ നിശ്ശബ്ദതയെ അലോസരപ്പെടുത്തി..
"രശ്മി ഞാൻ തന്നെ ഇവിടെ ഈ സമയത്ത് ഒറ്റയ്ക്ക് വിട്ടു ഏതെങ്കിലും ബൈക്കിൽ പോകും എന്ന് കരുതുന്നുണ്ടോ.. ഒരിക്കലുമില്ല... "
രശ്മി കണ്ണുകൾ വിടർത്തി രാഹുലിനെ നോക്കി... ഒന്നും മിണ്ടിയില്ല. രാഹുൽ എഴുനേറ്റു.. വെറുതെ നടന്നു... ഇടക്കിടക്ക് വാച്ചു നോക്കി സമയം നോക്കികൊണ്ടിരുന്നു.... എന്തോ തീരുമാനിക്കുന്നതുപോലെ രാഹുലിന്റെ മുഖം പറയുന്നുണ്ടായിരുന്നു... രശ്മി കാല്മുട്ടുകൾക്കുളിൽ തലയും താ ത്തിയിരുന്നു... എന്തുചെയ്യണമെന്നറിയാതെ രാഹുലും രശ്മിയും വല്ലാത്ത ചിന്തകളുമായി സ്വയം പോരടിക്കുകയായിരുന്നു...
"രശ്മി "
രാഹുലിന്റെ വിളി കേട്ട രശ്മി തലയുയർത്തി..
."ഞാൻ പറയുന്നത് രശ്മി ശ്രദ്ധിച്ചു കേൾക്കണം.. സമയം രാത്രിയാകുന്നു...
""ഇനി ഇവിടെ ഇങ്ങനെ ഇരിക്കുക എന്ന് പറഞ്ഞാൽ....... ""
രശ്മി ഒന്നും മനസ്സിലാകാത്തതുപോലെ രാഹുലിനെ നോക്കി.... രാഹുൽ എന്തോ പറയാൻ ബുദ്ധിമുട്ടുന്നപോലെ.. രശ്മിയുടെ നെറ്റിചുളിഞ്ഞു..
"നമുക്ക് ആ പയ്യൻ പറഞ്ഞപോലെ ഒരു റൂം എടുക്കാം "
രശ്മി പെട്ടെന്ന് എഴുനേറ്റു
"രാഹുൽ... ഹേയ് അത് വേണ്ട അതൊന്നും ശരിയാകില്ല "
"രശ്മി രാവിലെ അഞ്ചര മണിക്ക് ശേഷമേ ബസ്സു വരികയുള്ളു.. അതുവരെ ഇവിടെ ഇരിക്കുക എന്നത് ഒട്ടും സേഫ് അല്ല "
"എന്നാലും രാഹുൽ ഏതോ ഒരു നാട്ടിൽ രാത്രി റൂമെടുത്തൊക്കെ താമസിക്കുക എന്ന് വെച്ചാൽ
രശ്മി പകുതി നിർത്തി..
"രശ്മി മടിക്കാതെ
വാ ഞാൻ എല്ലാം മാനേജ് ചെയ്തോളാം '
: രാഹുൽ നടന്നു പിറകെ രശ്മിയും... ആ പയ്യന്റെ അടുത്തെത്തി... കാര്യം പറഞ്ഞു...
"ഞങ്ങൾക്ക് ഒരു റൂം.. രാവിലെ ഉറങ്ങിപ്പോയാൽ ഒന്ന് വിളിച്ചേക്കണേ "
രെജിസ്റ്ററിൽ ഒപ്പിടുവിച്ചു പയ്യൻ റൂമിന്റെ താക്കോൽ കൈമാറി.. "സാറെ അവസാനത്തെ മുറിഎടുത്തോ നല്ല കാറ്റു കിട്ടും...
രാഹുൽ തന്റെ ബാഗെടുത്തു മുന്നിൽ നടന്നു... പിറകെ രശ്മിയും ... രശ്മി അകെ അസ്വസ്ഥയായിരുന്നു..
എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന് ഒന്നും മനസിലാകുന്നില്ല.. മുറിയിൽ എങ്ങിനെ കഴിയും... തനിക്കു പറ്റില്ല... രാഹുലിനോട് പറയണം.. വാതിൽ തുറന്നു രാഹുൽ അകത്തുകയറി... ഒരു സാധാരണ നാടൻ മുറി... രാഹുൽ ജനവാതിൽ തുറന്നു..
"രാഹുൽ..... "രെശ്മിയുടെ വിളികേട്ട രാഹുൽ തിരിഞ്ഞു നോക്കി.. .
രെശ്മിയുടെ മുഖഭാവം രാഹുലിന് മനസ്സിലായി... തലയും കുനിച്ചു ചുമർ ചാരി നിൽക്കുന്ന രെഷ്മിയോട് രാഹുലിന് എന്തെന്നില്ലാത്ത സഹതാപം തോന്നി
"രെശ്മിയുടെ പരിഭ്രമം എനിക്ക് മനസ്സിലാകും..
എങ്ങിനെയെങ്കിലും രാവിലെ ആക്കിയല്ലേ പറ്റു.. പിന്നെ husband and വൈഫ് എന്ന് പറഞ്ഞു രെജിസ്റ്ററിൽ ഒപ്പിട്ടത് മറ്റൊന്നും കൊണ്ടല്ല. അറിയാല്ലോ നമ്മുടെ നാട്ടിന്റെ സ്ഥിതി.. സദാചാര പോലീസുകാർ ചുറ്റും കാണും "
രശ്മി എല്ലാം കേട്ടു.
"വല്ലതും കഴിക്കണോ "
എനിക്കൊന്നും വേണ്ട "രശ്മി പറഞ്ഞു... രാഹുൽ തന്റെ ബാഗ് മേശമേൽ വെച്ചു..
"എങ്കിൽ കിടന്നോളു രാവിലത്തെ ഫസ്റ്റ് ബസിനു പോകാം "
രാഹുൽ ഒരു തലയിണയും ബെഡ്‌സ്‌ഷീറ്റും കയ്യിലെടുത്തു..
"രശ്മി ഞാൻ പുറത്തു വരാന്തയിൽ ഉണ്ടാകും.. വാതിൽ അടച്ചോളു "
രാഹുൽ പുറത്തേക്കു നടന്നു... രെശ്മിക്ക് എന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു.. ഒന്നും പറ്റുന്നില്ല. പുറത്തേക്കു പോയ രാഹുലിനെ നോക്കിയിരുന്നു... പിന്നീട് പതിയെ ചെന്ന് വാതിലടച്ചു
പുറത്തെ വരാന്തയിലെ പടിയിൽ രാഹുൽ ഇരുന്നു ചുറ്റും നോക്കി. ഒരു street ലൈറ്റിന്റെ വെട്ടമല്ലാതെ മറ്റൊന്നും ഇല്ല.. ചുറ്റും നല്ല ഇരുട്ട് ചെറുതായി ബെല്ലടിച്ചുകൊണ്ടു ചില സൈക്കിൾ യാത്രക്കാർ പോകുന്നുണ്ട്.. എങ്കിൽ കിടക്കാം. ബെഡ്ഷീറ്റുവിരിച്ചു തലയിണയിൽ തലവെച്ചു മലർന്നു കിടന്നു.. ഇന്നുണ്ടായ സംഭവങ്ങൾ വെറുതെ ഒന്ന് റീവൈൻഡ് ചെയ്തു നോക്കി. ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങൾ ആണ് ഒരോ ദിവസവും അരങ്ങേറുന്നത്.. രശ്മി.. ആ കുട്ടി വല്ലാതെ ടെൻഷൻൽ ആണ്.. സ്വാഭാവികമാണ്. ഏതൊരു കുട്ടിയായാലും ഇത്തരം ഒരു സിറ്റുവേഷൻ വന്നാൽ പരിഭ്രമിച്ചു പോകും.. എവിടെനിന്നോ വീശിയടിച്ച ഒരു സുന്ദരികാറ്റു അടുക്കിവെച്ച ഓർമ്മകളെ ഒന്ന് ഇളക്കി. നല്ല സുഖമുള്ള കാറ്റു.. കണ്ണുകൾ പതിയെ അടഞ്ഞു
"ഹായ് ഇതെന്താ വരാന്തയിൽ വന്നു കിടക്കുന്നെ.. ഭാര്യയും ഭർത്താവും തമ്മിൽ വല്ല സൗന്ദര്യ പിണക്കവുമാണോ "ശബ്ദം കേട്ട രാഹുൽ കണ്ണ് തുറന്നു.. മനസ്സിലാകാത്തതുപോലെ നോക്കി. ഇളംനീല ഷർട്ടും ഒരു കറുപ്പ് ജീൻസും കയ്യിൽ ഒരു എരിയുന്ന സിഗററ്റുമായി ഒരു ചെറുപ്പക്കാരൻ. രാഹുൽ എഴുന്നേറ്റിരുന്നു..
"എന്നെ മനസ്സിലായികാണില്ല അല്ലെ.. ദേ ആ തൊട്ടപ്പുറത്തെ മുറിയിൽ ഞാനാണ്... "ആ ചെറുപ്പക്കാരൻ സ്വയം പരിചയപ്പെടുത്തി...
"നിങ്ങൾ രണ്ടു പേരും റൂം വേണമെന്ന് പറഞ്ഞു വന്നപ്പോൾ ഞാൻ അവിടെയിരുന്നു ചായ കുടിക്കുന്നുണ്ടായിരുന്നു..
"രാഹുൽ എഴുനേറ്റു സ്വയം പരിചയപ്പെടുത്തി...
"കിടന്നോളു ഉറക്കം വരുന്നുണ്ടെങ്കിൽ ---ഞാൻ ഇവിടെ ഇടയ്ക്കിടയ്ക്ക് വന്നു സ്റ്റേ ചെയ്യാറുണ്ട്.. ബൈക്കിൽ ഇതു വഴിപോകുമ്പോൾ മിക്കവാറും രാത്രിയായാൽ ഇവിടെയങ് കൂടും...
" പിന്നേ.. ഒരു കാര്യം.. ഞാൻ ആരാണെന്നോ എന്താണെന്നോ നോക്കാതെ കയറിയങ്ങു സംസാരിക്കുന്ന കൂട്ടത്തിലാണ് കേട്ടോ.."
"പൊതുവെ ശാന്തനായ രാഹുൽ എല്ലാം പുഞ്ചിരിയോടെ കേട്ടു നിന്നു... ആ ദിവസത്തെ അപ്രതീക്ഷിത സംഭവങ്ങളിൽ ഒന്നായി മാറി.. ആ രണ്ടു ചെറുപ്പക്കാരുടെയും അപ്രതീക്ഷിതയുണ്ടായ പരിചയപ്പെടൽ.. വിശേഷങ്ങൾ പങ്കുവെച്ചും സ്വയം പരിചയപ്പെട്ടും അവർ നേരം ചിലവഴിച്ചു..
"രാഹുൽ കിടന്നോളു..
രാവിലെ പോകേണ്ടതല്ലേ."
. രണ്ടുപേരും കൈകൊടുത്തു പിരിഞ്ഞു.. ക്ഷിണവും നല്ല കാറ്റും.. രാഹുൽ കിടന്നതും മയങ്ങിയതും അറിഞ്ഞില്ല...
--------------------------------------------
മാസങ്ങൾ കഴിഞ്ഞിട്ടും രശ്മി ഇപ്പോഴും ആ ഹർത്താൽ ദിവസത്തെ കുറിച്ചോർക്കും.. ഹൊ എന്തൊരു ടെൻഷൻ ആയിരുന്നു തനിക്കു.. പാവം രാഹുൽ.. എ പെർഫെക്റ്റ് ജന്റിൽമാൻ... വല്ലപ്പോഴും വഹട്സപ്പിലൂടെ ഒരു കുശലം പറച്ചിൽ.. അതിലൂടെ രാഹുലുമായുള്ള ബന്ധം ഒതുങ്ങുന്നു. അതും താൻ മെസ്സേജ് അയച്ചാൽ മാത്രം ഇങ്ങോട്ടു ഒര് മറുപടി.. അത്രയേയുള്ളു..
പലപ്പോഴും സ്വയം ചോദിച്ചിട്ടുണ്ട്.. താൻ രാഹുലിനെ വല്ലാതെയങ്ങു ഇഷ്ടപെടുന്നുണ്ടോ... ഒരു തരം പ്രണയപനി തന്നെ കിഴടക്കുന്നോ. ഉണ്ടെന്നോ ഇല്ലെന്നോ പറയാൻ പറ്റാത്ത അവസ്ഥ.. പക്ഷെ അതൊന്നു പറയാൻ രാഹുൽ പിടി തന്നിട്ട് വേണ്ടേ..
മെസ്സേജ് അയക്കാൻപോലും പിശുക്കു കാണിക്കുന്ന ഒരു മനുഷ്യനോട് എങ്ങിനെ ഇതൊക്കെ പറയും.. പലപ്പോഴും കേറിയങ്ങു പറഞ്ഞാലോ എന്ന് കരുതിയിട്ടുണ്ട്... എനിക്ക് രാഹുലിനെ ഇഷ്ടമാണെന്നു.. പക്ഷെ അതെങ്ങിനെ രാഹുൽ എടുക്കും എന്ന് ചിന്തിക്കാൻ പോലും പറ്റുന്നില്ല.. സമയം നോക്കി..
ഏഴു മണി ഇന്ന് ഞായറാഴ്ച്.. ഓഫീസില്ല. കുറച്ചു കൂടി കിടക്കാം... പെട്ടെന്ന് phone ശബ്ദിച്ചു.. അമ്മയാണ്
് "എന്താമ്മേ രാവിലെ
" മോളെ അമ്മ ഒരു ഫോട്ടോ whatsupil അങ്ങോട്ട് വിടാം കണ്ടുനോക്കു നല്ല പയ്യൻ. പേര് അർജുൻ നല്ല ജോലി
Matrimonial കോളംത്തിൽ നിന്ന് കിട്ടിയതാണ്.. ജാതകം നല്ല ചേർച്ച. മോളൊന്നു നോക്ക്.."
"നീ എഴുന്നേറ്റില്ലേ "
"ഇല്ലമ്മെ -ഞാൻ നോക്കാട്ടോ.. എന്നിട്ടു ഞാൻ വിളിക്കാം "'
അമ്മ ഫോൺ വെച്ചു... 'അമ്മ കുറച്ചു ദിവസായി പ്രായപൂർത്തിയായ തന്റെ പിറകെ നടക്കുന്നു... ഒരു സമ്മതത്തിനായി.. പലപ്പോഴും കരുതിയിട്ടുണ്ട് രാഹുലിനെ കുറിച്ചു പറഞ്ഞാലോ എന്നു.. പക്ഷെ... രാഹുലിന്റെ ഭാഗത്ത് നിന്ന് തന്നെ ഇഷ്ടമാണെന്നുള്ള ഒരു സൂചനപോലും ലഭിച്ചിട്ടില്ല എന്തിനു തന്നോട് കൂടുതൽ സംസാരിക്കാൻ പോലും രാഹുൽ താല്പര്യം കാണിച്ചിട്ടില്ല... പിന്നെ എങ്ങിനെ അമ്മയോട് പറയും. തന്റെ മനസ്സിൽ ഒരിഷ്ടം തോന്നി എന്നുള്ളത് സത്യമാണ്... ആ ഇഷ്ടം മറ്റൊരാൾക്ക് ഇഷ്ടപെടണമെന്നില്ലല്ലോ
എഴുന്നേറ്റിരുന്നു.. തനിക്കായി 'അമ്മ അയച്ചുതന്ന ചെക്കനെ ഒന്ന് കണ്ടു കളയാം... അമ്മയുടെ msg തുറന്നു..
വോ... ഹാൻസം.. സുന്ദരനാണല്ലോ.. ഒരു ചെറിയ പൂച്ചകണ്ണും.. പണ്ടേ തനിക്കു പൂച്ചകണ്ണുള്ളവരെ വലിയ ഇഷ്ടമാണ്... ദേ ഇവനും പൂച്ചകണ്ണ്‌..
"നീ ആണോ എന്നെ കെട്ടാൻ പോകുന്നെ "രശ്മി ആ ഫോട്ടോ നോക്കി ചോദിച്ചു. പിന്നെ വെറുതെ ചിരിച്ചു..
"അതേയ് അർജുന എനിക്കൊരാളെ കുറച്ചിഷ്ടമാ... അയാളോട് എനിക്ക് ഒന്ന് ചോദിക്കണം.. എന്നിട്ടു ഞാൻ പറയാം കേട്ടോ "
രശ്മി അമ്മയെ വിളിച്ചു. "അമ്മെ 'അമ്മ അയച്ചു തന്ന സാക്ഷാൽ അർജുനെ എനിക്കിഷ്ടായി.. പക്ഷെ അതിനുമുമ്പ് എനിക്ക് അമ്മയോട് ഒരു കാര്യം പറയാനുണ്ട്. ഞാനടുത്തമാസം അങ്ങോട്ട് വരുന്നുണ്ട് അപ്പൊ അമ്മയോട് പറയാം "
" മോളെ അച്ഛൻ എന്നോട് വേറൊരു കാര്യം പറഞ്ഞു.. അർജുൻ ആ പട്ടണത്തിൽ തന്നെയല്ലേ ജോലിചെയ്യുന്നത്. ഞാൻ നമ്പർ അയച്ചു തരാം. നിങ്ങൾ തമ്മിൽ ആദ്യം സംസാരിക്കു.. അതിനു ശേഷം മതി മറ്റുള്ള കാര്യങ്ങൾ ""
ശരി അമ്മെ ഞാൻ പറയാം "രശ്മി ഫോൺ താഴെ വെച്ചു.. രാഹുൽ തന്നെ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും താൻ വിവാഹം കഴിക്കാൻ പോകുന്ന ആളോട് തനിക്കെലാം തുറന്നു പറയണം.. എല്ലാം-- ഹർത്താലും ഒരു രാത്രി ഒറ്റയ്ക്ക് ഒരിടത്തു കഴിഞ്ഞതും.. രാഹുലിനെ പരിചയപ്പെട്ടതും എല്ലാം എല്ലാം..
: അന്ന് മുഴുവൻ രശ്മി ആലോചനയിലായിരുന്നു... രാഹുലിന്റെ മന സ്സറിഞ്ഞിട്ടു മതി അർജുനെ കാണണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതുപോലും... രാഹുലിന് തന്നെ ഇഷ്ടമായില്ലെങ്കിലും തനിക്കതു അർജുനോട് പറഞ്ഞെ പറ്റു... എല്ലാം പറയണം...
"എന്താടി വലിയ ആലോചന "റൂമിലേക്ക്‌ കയറിവന്ന ട്രീസ്സ യുടെ ചോദ്യം.. ട്രീസ്സ വന്നത് ഒരാശ്വാസമയത് പോലെ.. അവളെ അടുത്ത് പിടിച്ചിരുത്തി.. കാര്യങ്ങൾ എല്ലാം പറഞ്ഞു... അർജുന്റെ ഫോട്ടോ കാണിച്ചുകൊടുത്തു.. ശ്രദ്ധിച്ചു കേട്ട ട്രീസ പറഞ്ഞു "നീ അനുസരിക്കുമെങ്കിൽ ഞാനൊരു കാര്യം പറയാം.. രാഹുലിന് നിന്നോട് പ്രണയമുണ്ടെന്നു ഞാൻ കരുതുന്നില്ല. അതുകൊണ്ടു അതോർത്ത് നീ ഒലിപ്പിച്ചു നടക്കേണ്ട.. ഉണ്ടായിരുന്നെങ്കിൽ രാഹുൽ ഇതിനുമുന്പേ നിന്നോട് പറഞ്ഞേനെ... നീ പോയി അർജുനെ കാണു.. കാര്യങ്ങൾ എല്ലാം പറ... അച്ഛനും അമ്മയുമായിട്ടു കൊണ്ട് വന്ന പ്രൊപോസൽ അല്ലെ.. സൊ ധൈര്യമായിട്ടു ചെല്ല്
""----------------------------------------=====---------
ബീച്ച് റെസ്റ്റാറന്റ് നു മുൻപിൽ ബസ്സിൽനിന്നിറങ്ങി രശ്മി.. അർജുൻ ഇവിടെ വന്നുകാണും പതിനൊന്നുമണി.... restsurant ന് പുറത്തുള്ള കോഫി ഹട്ടിൽ ഉണ്ടാകും എന്നാ പറഞ്ഞെ... രശ്മി അങ്ങോട്ടുനടന്നു.. ദൂരത്ത് നിന്ന് തന്നെ പുച്ചകണ്ണനെ കണ്ടു.. ഒരു തൂവെള്ളയിൽ കറുത്ത പൊട്ടുള്ള ഷർട്ട്.. ചെറിയ കുറ്റിത്താടി.. ഒരു കുളിങ്ഗ്ലാസ്സ്.. അകെ മൊത്തം റേറ്റിംഗ് കൊള്ളാം.. രശ്മി മനസ്സിൽ കരുതി..
"ഹായ് ഐ ആം രശ്മി.".. സ്വയം പരിചയപ്പെടുത്തി.. അർജുൻ കുളിങ്ഗ്ലാസ്സ് ഊരി..
"രശ്മി ബാലഗോപാൽ "പുഞ്ചിരിയോടെ അർജുൻ അത് പറഞ്ഞപ്പോൾ രശ്മി മനസ്സിലോർത്തു
"ഹോ തന്റെ അച്ഛന്റെ
പേര് വരെ പഠിച്ചു വെച്ചിട്ടുണ്ട്... ആള് സ്വല്പം ഫാസ്റ്റ് ആണെന്ന് തോന്നുന്നു... "
രശ്മി അര്ജുന് അഭിമുഖമായി ഇരുന്നു.. എങ്ങിനെ തുടങ്ങാം..
. "എന്തൊക്കെയോ പറയാനുണ്ട് രെശ്മിക്ക് അല്ലെ.... "
അർജുന്റെ വാക്കുകൾ രശ്മിയെ ചിന്തയിൽ നിന്നുയർത്തി... വെറുതെ ഒന്ന് ചിരിക്കാൻ ശ്രമിച്ചു.
. "അതേയ് "അർജുൻ രശ്മിയോടായി പറഞ്ഞു "ഞാനൊരു ചെറിയ സിഗരറ്റു വലിക്കാരനാണ് കേട്ടോ. പേടിക്കേണ്ട ശ്വാസകോശം സ്പോഞ്ച് പോലെയാകാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചോളാം..
"രശ്മി കുലുങ്ങിചിരിച്ചു...
"ഹാവു ഇപ്പൊ രശ്മി ഒന്ന് ഫ്രീ ആയി.. ഇനി പറയൂ.. എന്നോട് എന്താണ് പറയാനുള്ളത്
വീണ്ടും രശ്മി മൗനം :ഒരു തുടക്കം കിട്ടുന്നില്ല: എങ്ങിനെ തുടങ്ങാം: ഓരോ രീതികൾ മനസ്സിൽ ആലോചിച്ചു:
"രശ്മി ഒരു വല്ലാത്ത സ്റ്റാർട്ടിങ്ങ് ട്രബിളിലാണ് അല്ലെ :പറയു വിഷയം എന്താണെന്ന് പറഞ്ഞാൽ ഞാൻ പിറകിൽ നിന്ന് ഒന്ന് തള്ളിത്തരാം "
"അർജന്റെ വാക്കുകൾ കേട്ട രശ്മി ഒന്നുണർന്നു:
"ഏയ് അങ്ങിനെയൊന്നുമില്ല. എനിക്ക് അർജുനോട് ചില കാര്യങ്ങൾ പറയാറുണ്ട്: " രശ്മി ആ ഹർത്താൽ ദിനം അർജുനനായി വിവരിച്ചു: അന്ന് അപ്രതീക്ഷിതമായി സംഭവിച്ച സാഹചര്യങ്ങൾ: രാഹുൽ എന്ന ചെറുപ്പക്കാരനുമായി കഴിച്ചുകൂട്ടേണ്ടി വന്ന ഒരു രാത്രി ... " അർജുൻ എല്ലാം നിശബ്ദമായി കേട്ടു
: "തുറന്നു പറയാമല്ലോ.. എനിക്കെന്തോ രാഹുലിനോട് ഒരു ഇഷ്ടം തോന്നുന്നു. രാഹുലിന് എന്നോട് അത്തരത്തിൽ എന്തെങ്കിലും ഉണ്ടോ എന്ന് എനിക്കറിഞ്ഞുട.. ഞാൻ ഇതുവരെ അതേക്കുറിച്ചു രാഹുലുമായിj സംസാരിച്ചിട്ടില്ല ".എനിക്ക് രാഹുലുമായി ഒന്ന് സംസാരിച്ചിട്ടേ മറ്റെന്തും പറയാൻ കഴിയു.. "
രശ്മി ഒന്ന് നിർത്തി...
"ഈ ഒരു ഹോണസ്റ്റി എനിക്ക് ഒരു പാടിഷ്ടായി.. "
അർജുൻ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു
."രാഹുലിന്റെ മനസ്സറിയാൻ രെശ്മിക്കു ആഗ്രഹമുണ്ട് അല്ലെ തികച്ചും മാന്യമായ ഒരു ആവിശ്യമാണത്... "
ഒന്ന് നിർത്തി അർജുൻ തുടർന്നു... "ആ കൂടികാഴ്ച്ച ഞാൻ ഇപ്പോൾ ഇവിടെ വെച്ച് തരപ്പെടുത്തി തന്നാൽ രെശ്മിക്ക് വിരോധമില്ലല്ലോ "
ഒന്നും മനസ്സിലാകാതെ രെശ്മിയുടെ കണ്ണുകൾ വിടർന്നു... അർജുൻ എന്താണ് ഉദ്ദേശിക്കുന്നെ...
"ഇഫ് യു ഡോണ്ട് മൈൻഡ്.. "അർജുൻ രെശ്മിയോടായി പറഞ്ഞു തന്റെ മൊബൈൽ എടുത്തു. വിളിതുടങ്ങി
"ഹായ് രാഹുൽ അർജുൻ... ഞാൻ മാത്രമല്ല എന്റെ കൂടെ രശ്മിയും ഉണ്ട്.. രാഹുൽ ഫ്രീ ആണെങ്കിൽ ഇങ്ങോട്ടു ഇറങ്ങു .. ബീച്ച് റെസ്റ്ററന്റ്... ok "
അർജുൻ phone കട്ട് ചെയ്തു...
"രാഹുൽ ഇപ്പൊ വരും.. അവൻ ഇന്ന് ഈ പട്ടണത്തിൽ ഉണ്ട്. ഒരു ബിസിനസ് മീറ്റ്....
"രെശ്മിക്ക് ഒന്നും മനസ്സിലായില്ല..
മനസ്സിൽ കുറെ കണക്കു കൂട്ടലുകൾ നടത്തിനോക്കി.. രെശ്മിക്ക് ഒന്നിനും ഒരുത്തരം കണ്ടെത്താൻ കഴിയുന്നില്ല... ഇവർ തമ്മിൽ നേരത്തെ അറിയുമോ...
"രശ്മി വീണ്ടും കൺഫ്യൂസ്ഡ് ആയെന്നു തോന്നുന്നു "അർജുന്റെ വാക്കുകൾ രശ്മിയെ ചിന്തയിൽ നിന്നുയർത്തി...
ഒന്നും പറഞ്ഞില്ല.
. "നമുക്കൊരോ കൂൾ കോഫീ കുടിക്കാം.. എന്ത് പറയുന്നു.. കൺഫ്യൂഷൻ മാറാൻ കൂൾ കോഫീ ബെസ്റ്റ് ആണ്.. "
രണ്ടുപേരും ഒന്നും പറയാതെ കോഫി നുണഞ്ഞുകൊണ്ടിരുന്നു. രശ്മി അപ്പോഴും ചിന്തയിലായിരുന്നു....
തന്റെ ജീവിതത്തിൽ എന്തൊക്കെയാണ് നടക്കുന്നത് ഇനി എന്തൊക്കെയാണാവോ നടക്കാൻ പോകുന്നത്..... ഒന്നും മനസ്സിലാകുന്നില്ല: മിക്കതും ആ കസ്മികമായാണ് സംഭവിക്കുന്നത്. പെട്ടെന്ന് ഒരു വെളുത്ത മാരുതി സ്വിഫ്റ്റ് വന്നു പാർക്ക് ചെയ്തു.. രശ്മിയുടെ ശ്രദ്ധ അങ്ങോട്ട് തിരിഞ്ഞു... പ്രതിക്ഷിച്ചപോലെതന്നെ രാഹുൽ അതിൽനിന്നറങ്ങി... കയ്യിലൊരു ചെറിയ പാക്കറ്റും.. രെശ്മിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല... രാഹുൽ അടുത്തെത്തി. രണ്ടുപേരുടെയും മുഖത്ത് നോക്കി പുഞ്ചിരിച്ചു...
"ഹലോ രശ്മി. സർപ്രൈസ് ആയോ "
ഉം
രെശ്മിയോന്നു മൂളി...
"ആയൊന്നോ.."അർജുൻ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു
"ഇത് രെശ്മിക്ക് പൊട്ടാറ്റോ ചിപ്സ്.."
"കയ്യിലിരുന്ന ചിപ്സ് രാഹുൽ രെശ്മിക്ക് നൽകി.. രശ്മി അത് മേടിച്ചു...
. "രശ്മിക്കു രാഹുലിനോട് എന്തൊക്കെയോ പറയാനുണ്ട് എന്ന് പറഞ്ഞു അതാ ഞാൻ വിളിച്ചുവരുത്തിയെ"
അർജുൻ പറഞ്ഞുതീരുന്നതിനുമുന്പ് രാഹുൽ ഇടക്കുകയറി പറഞ്ഞു
"സത്യത്തിൽ ഞാൻ നിങ്ങളെ രണ്ടുപേരെയും കാണാൻ ഇരിക്കയായിരുന്നു : നേരിട്ട് രണ്ടു പേരെയും ഒരുമിച്ചു കണ്ടത് നന്നായി... ഞാൻ രശ്മിയെ വിളിച്ചു ഹോസ്റ്റലിൽ വരാനിരുന്നതാണ്... ബൈ ദി ബൈ.. എന്റെ വിവാഹം നിശ്ചയിച്ചു... അടുത്തമാസം മൂന്നിന്... ഗുരുവായൂരിൽ വെച്ച്.. രണ്ടുപേരും മറക്കാതെ വരണം "
തന്റെ കൈയിലിരുന്ന വെഡിങ് കാർഡ് രാഹുൽ അർജുനും രെശ്മിക്കും നൽകി... രശ്മി അത് വാങ്ങി.. രാഹുൽ വെഡ്സ് മാലിനി... ഒരു നിമിഷം കണ്ണുകളടച്ചു.. തന്റെ ജീവിതത്തിൽ എല്ലാം അപ്രതീക്ഷിതമാണെന്നു തോന്നിയത് വെറുതെയല്ല...
"രശ്മി എന്താ ആലോചിക്കണെ "രാഹുൽ ചോദിച്ചു... "ഏയ് ഒന്നുമില്ല... "
"ഞാൻ അറിഞ്ഞു നിങ്ങളുടെ ഇടയിൽ വന്ന പ്രൊപോസൽ നെ കുറിച്ച്... "രശ്മി ഒന്ന് പുഞ്ചിരിച്ചു.
.
"നീ കെട്ടാൻ പോണ പെണ്ണിനെ ഞങ്ങൾ കണ്ടില്ലല്ലോ " രാഹുൽ മൊബൈൽ എടുത്തു മാലിനിയുടെ ഫോട്ടോ കാണിച്ചു...
പടർന്നു നിൽക്കുന്ന ബോഗൻ വില്ല പൂക്കൾക്കിടയിൽ ഒരു കൊച്ചുപെൺകുട്ടി...
"ഇതാണ് മാലിനി. എന്റെ അമ്മാവന്റെ മോളാണ്.. "
രശ്മി ഫോൺ മേടിച്ചു നോക്കി.
"സുന്ദരിയാണല്ലോ രാഹുലിന്റെ മാലിനി ""
"സുന്ദരി മാത്രമല്ല രശ്മി.. ഷി ഇസ് ബ്ലൈൻഡ്.. ചെറുപ്പം മുതലേ അവൾക്കു കാഴ്ചയില്ല.. "
എന്ത് പറയണമെന്നറിയാതെ അർജുനും രശ്മിയും കുഴങ്ങി..
:"എന്റെ മുറപ്പെണ്ണാ ---കുട്ടിയാകുമ്പോഴെ അവൾക്ക് കാഴ്ചയില്ല- ലോകം കണ്ടത് എന്നിലൂടെയാണ് ഇനി ഈ ലോകം കാണാൻ മറ്റൊരു കൈകളിൽ അവളെ ഏൽപ്പിക്കാൻ എനിക്ക് കഴിയില്ല "
കുറച്ചു നേരത്തേക്ക് മൂന്ന് പേരും മൗനം :
"എങ്കിൽ ഞാനിറങ്ങട്ടെ ... രണ്ടു പേരും വരണം "
രാഹുൽ യാത്ര പറഞ്ഞിറങ്ങി: രശ്മി വെഡ്ഢിങ്ങ് കാർഡ് തിരിച്ചും മറിച്ചും നോക്കിക്കൊണ്ടിരുന്നു... അർജുൻ ഒരു സിഗററ്റ് എടുത്ത് ചുണ്ടിൽ വെച്ചു :
"ഹി ഈസ് എ ഗ്രേറ്റ് മാൻ "രാഹുലിനെ നോക്കി അർജുൻ ആരോടെന്നില്ലാതെ പറഞ്ഞു
"അർജുൻ നമുക്ക് പോകാം "
"ഞാൻ രശ്മിയെ വിടാം വരു" രണ്ടു പേരും നടന്നു: കാറിൽ കയറി:
: അർജുൻ കാർ സ്റ്റാർട്ട് ചെയ്തു: Ac ഓൺ ചെയ്തു :: രശ്മി അർജു നെ നോക്കി അർജുൻ തിരിച്ചും കണ്ണുകൾ കൂട്ടിമുട്ടിയപ്പോൾ രശ്മി നോട്ടം പിൻവലിച്ചു
"ര ശ് മി"
എസിയുടെ തണുത്ത കാറ്റിൽ കൈ കൊണ്ട് മുടി ഒതുക്കിക്കൊണ്ട് അർജുൻ തുടർന്നു
" രശ്മിക്ക് എന്നോട് ഒരു പാട് കാര്യങ്ങൾ ചോദിക്കാനുണ്ടെന്ന് എനിക്കറിയാം ഒരു പാട് "
രശ്മി പുഞ്ചിരിയോടെ തല കുലുക്കി:
"രാഹുലിനെ എങ്ങിനെ അറിയാം"
അർജുൻ ഒരു ഐതിഹ്യ കഥ പറയുന്ന പോലെ പറഞ്ഞു തുടങ്ങി "പണ്ട് പണ്ട് ഒരു നാട്ടിൽ സന്ധ്യയോടടുപ്പിച്ച് ഹർത്താൽ പ്രഖ്യാപിച്ചു... ഒരു യുവാവും യുവതിയും ഗത്യന്തരമില്ലാതെ അവിടെ ഒരു ചെറിയ ഹോട്ടലിൽ മുറിയെടുത്തു: അവരുടെ പേര് രാഹുൽ രശ്മി. അന്നേ ദിവസം രാത്രി പൂച്ചക്കണ്ണുള്ള ഒരു ചെറുപ്പക്കാരൻ അവരുടെ തൊട്ടടുത്ത മുറിയിൽ താമസമുണ്ടായിരുന്നു: പേര് അർജുൻ :പുറത്തെ വരാന്തയിൽ കിടന്നുറങ്ങന്ന രാഹുലു മാ യി അ ർജുൻ വലിയ കൂട്ടായി :ആ സുഹൃത് ബന്ധം തുടർന്നു കൊണ്ടിരുന്നു: ആ സുഹൃത് ബന്ധത്തിന്റെ ഏതോ ഒരു ദിവസം രാഹുൽ അന്ന് രാത്രി സംഭവിച്ച കാര്യങ്ങളടെ സ്ത്യാ വസ്ഥ അർജുനോട് പറയുന്നു രാഹുലും രശ്മിയും ഭാര്യാ ഭർത്താക്കന്മാരല്ലെന്നുള്ള സത്യം അർജുൻ മനസ്സിലാക്കുന്നു രശ്മിയുടെ വീട്ടിൽ നിന്ന് പ്രൊപ്പോസൽ വന്നപ്പോൾ ആദ്യം വിളിച്ചു പറഞ്ഞത് രാഹുലിനെയായിരുന്നു: എങ്ങിനെയുണ്ട് ഒരു സിനിമ പോലെ തോന്നുന്നുണ്ടൊ "
'എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല... ഞാനിതൊന്നും അറിഞ്ഞേയില്ല"
രശ്മി പതുക്കെ പറഞ്ഞു :ഇരുവരുടെയും ഇടയിൽ വീണ്ടും കയറി വന്ന മൗനത്തിന് ശേഷം അർജുൻ പറഞ്ഞു
'' ഇപ്പൊ എല്ലാം അറിഞ്ഞില്ലേ ഇനി നമുക്ക് പോകാം "
വണ്ടി നീങ്ങുന്നതിന് മുൻപായി രശ്മി പതുക്കെ ചോദിച്ചു
"അർജുൻ ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യസന്ധമായ മറുപടി തരുമൊ" അർജുൻ മനസ്സിലാകാത്തത് പോലെ രശ്മിയെ നോക്കി ''
"അർജുൻ പറഞ്ഞല്ലൊ പുറത്ത് വരാന്തയിൽ കിടന്ന രാഹുലമായി അർജുൻ പരിചയപ്പെട്ടെന്ന്: അന്ന് രാഹുൽ പുറത്ത് കിടക്കുന്നതിന് പകരം വാതിലടച്ച് അകത്ത് ഞാൻ കിടന്ന മുറിയിലാണ് കിടന്നിരുന്നെങ്കിൽ എന്നെ വിവാഹം ചെയ്യാൻ അർജുന് മാനസികമായി കഴിയുമൊ? "
അർജുൻ രശ്മിയെ നോക്കി...ഒന്നു പുഞ്ചിരിച്ചു അതൊരു കുലുങ്ങിച്ചിരിയായി... പിന്നീട് അതൊരു പൊട്ടിച്ചിരിയായി മാറി .... മറുപടി കൊടുക്കാനായി അർജുൻ തുടങ്ങിയപ്പോൾ രശ്മി പെട്ടെന്ന് അർജുന്റെ വായ പൊത്തി :
"എനിക്ക് കേൾക്കണ്ട ആ മറുപടി "'
ഒന്നു നിർത്തി വീണ്ടും തുടർന്നു
" പിന്നേയ് ഇനി മുതൽ സിഗററ്റ് വലിക്കരുത് എനിക്കിഷടമല്ല "
അർജുൻ അതിന് മറുപടിയെന്നോണം രശ്മിയെ തന്നിലേക്ക് ചേർത്ത് പിടിച്ചു :: കണ്ണുകളടച്ച് രശ്മി ആചുമലിൽ തല ചായ്ച്ചു അവരെയും വഹിച്ചുകൊണ്ട് കാർ മുന്നോട്ട് നീങ്ങി: ആ ബീച്ചിന്റെ രണ്ടു വശത്തുമായി നിലകൊണ്ട കാറ്റാടി മരങ്ങൾ സന്തോഷത്തോടെ തലയാട്ടിക്കൊണ്ട് അവർക്ക് സ്വാഗതം അരുളി :
അർജുനും രാഹുലും രശ്മിയും.. അവരെപ്പോലെ അവർ മാത്രമേ കാണു.. കാരണം ചില മനുഷ്യരുണ്ടു. അവർ ഇങ്ങനെയൊക്കെയാണ്

By: Suresh Menon

നീ

Image may contain: 1 person, sunglasses, closeup and outdoor
ഞാൻ വന്നിരുന്നു വിനു..നീയില്ലാത്ത നിന്റെ വീട്ടിലേക്ക്..
നീയെന്നെ പറഞ്ഞു വിശ്വസിപ്പിച്ച നിന്റെ ഇരൂനില വീടും കുരുമുളകു ചെടികൾപടർന്നുപിടിച്ച അടയ്ക്കാമരങ്ങൾ നിറഞ്ഞപറമ്പുകളും
റെയിൽവേ സ്റ്റേഷൻ മാസ്റ്ററായ നിന്റെ അച്ഛനേയും കോൺട്രാക്ടറായ ചേട്ടനേയും ടീച്ചറായ പെങ്ങളേയും അച്ഛനേക്കാൾ കൂടുതൽ ശമ്പളം ഉള്ള
നിന്റെ അമ്മയേയും ഞാൻ കണ്ടില്ല..
ഞാനും അനിലും നിന്റെ നാട്ടിൽ ബസ്സിറങ്ങുമ്പോൾ നിന്റെ വീടു കണ്ടുപിടിക്കാൻ ബുദ്ധിമുട്ടുണ്ടായില്ല .
രണ്ടു ദിവസം മുൻപ് തീവണ്ടി തട്ടി മരിച്ച
യുവാവിന്റെ ഓലമേഞ്ഞവീട് ആദ്യം ചോദിച്ച വയസ്സുള്ള ഒരാൾ കൂടെവന്നു തീർച്ചപ്പെടുത്തി തന്നു..
നിനക്കു തോന്നുന്നുണ്ടോ ഞാനിപ്പോളും
നിന്റെ പ്രിയകൂട്ടുകാരനാണെന്ന്..
എനിക്കതിനു പറ്റുന്നില്ല എന്നതാണ് സത്യം.
മരണം കൊണ്ട് പ്രിയമാവുന്നവരാണ് എല്ലാവരും ശത്രുവായിരുന്നാൽ പോലും.
എന്നാൽ മരണം കൊണ്ട് നീയെന്നിൽ വെറുക്കപ്പെട്ടവനായിരിക്കുന്നു..
നിനക്കോർമ്മയുണ്ടോ..സെന്റ് തോമസ് കോളേജിലെ നമ്മുടെ ക്ളാസ്മുറി
ഇങ്ങനൊരു കുട്ടികളെ ഇന്നുവരെ പഠിപ്പിച്ചിട്ടില്ലെന്ന് പരിഭവിക്കുന്ന ആന്റണിമാഷിനെ..?
ബോട്ടണിപിള്ളേരെ കൊണ്ടു തോറ്റെന്നു
പറയുന്ന ചെറുപ്പക്കാരനായ ജെറിയച്ഛനെ
കുരുത്തക്കേടിനോട് കൂടെയുള്ള ദിനങ്ങളെ.
പരീക്ഷയ്ക്കു രണ്ടാഴ്ച മുന്നെ മാത്രം
പുസ്കപുഴുക്കളാകുന്ന നമ്മളെ?
ഇല്ല നിനക്കോർക്കാൻ കഴിയില്ല
കാരണം നീ ഞങ്ങളെ പോലെയല്ലായിരുന്നു
നിന്നേക്കാൾ കൂടുതൽ മാർക്കു നേടിയാൽ
നീ രണ്ടാഴ്ചക്കാലം ഞങ്ങളോട് മിണ്ടാറില്ലല്ലൊ നിനക്കെന്നും ഒന്നാമനാവണമായിരുന്നല്ലൊ.?
നീ ഒരിക്കലും തൃപ്തനായിരുന്നില്ല.. രണ്ടോ മൂന്നോ മാർക്കിന് ജോജുവോ അനിലോ മുന്നിലാവുമ്പോൾ നീയെന്നോടു പറയാറില്ലെ വിനു അവരോട് കൂട്ടു വേണ്ടാന്ന്. നിനക്കിഷ്ടമില്ലാത്തവരോട് ഞാൻ സംസാരിക്കുന്നത് പോലും നിനക്കിഷ്ടമുണ്ടായിരുന്നില്ലല്ലോ.
ക്ളാസ് കട്ടുചെയ്ത് നമ്മളൊരുമിച്ച് ഉച്ചഭക്ഷണം കഴിക്കാറുള്ള ടൗൺഹാളിനു പുറകു വശത്തെ കുന്തിരിക്കചെടിയുടെ
തണലുകളെ വാച്ചർ മാധവേട്ടനെ
എല്ലാം നീ മറന്നിരിക്കും അല്ലേ.
അല്ലെങ്കിലും നിനക്കെന്തിനോടെങ്കിലും
എന്തെങ്കിലും കടപ്പാടുകളൊ കരുതലുകളോ ഉണ്ടായിരുന്നൊ എന്നോടു കാണിച്ച സ്നേഹം പോലും കപടമായിരുന്നില്ലെ.
മോന്റെ കൂടെ പഠിച്ചിരുന്ന കുട്ട്യോളാന്ന് വഴി കാട്ടാൻ വന്ന വൃദ്ധൻ പറഞ്ഞപ്പോൾ
ചാണകംതേച്ച ഉമ്മറതിണ്ണയിൽ നിന്നും
എഴുന്നേൽക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു
ഒരു കാലിനുമാത്രം സ്വാധീനമുള്ള ആ മെലിഞ്ഞ രൂപം നിന്റെ അച്ഛനാണുപോലും.
അകമുറിയിൽ നിന്നും തേങ്ങലുകൾ ഞെരുക്കങ്ങൾ ഞങ്ങളങ്ങോട്ട് കയറിയതില്ല വിനു..ഞങ്ങളപ്പോളൊരു തരം മരവിപ്പിലായിരുന്നു.
ചേട്ടനു മാത്രമെ കുറച്ചെങ്കിലും സംസാരിക്കാനുള്ള ത്രാണിയുണ്ടായിരുന്നുള്ളൂ
തളർച്ചയിലും പിടിച്ചു നിൽക്കാൻ പാടുപ്പെടുന്നുണ്ട് കൂലിപണിക്കാരനായ
ആ ചെറുപ്പക്കാരൻ നിന്റെ വീട്ടിലെ
ആകെയുള്ള വരുമാനമാർഗ്ഗം
നീയെന്ന ധനികനായ കൂട്ടുകാരൻ മിക്കവാറും ദിവസങ്ങളിൽ
വാങ്ങിതരാറുള്ള ഹീറോ ഹോട്ടലിലെ
ബിരിയാണിയും കോഫീഹൗസിലെ പൊറോട്ടയും ഇറച്ചിയും..ആമാശയത്തെ
വല്ലാതെ വേദനിപ്പിക്കുന്നുണ്ട്.മനം പുരട്ടലുകളിൽ നിന്റെ ചേട്ടന്റെ വിയർപ്പുകണം വീർപ്പുമുട്ടിക്കുന്നു.
എൻട്രൻസ് റാങ്ക്ലിസ്റ്റിൽ പുറകിലായിരുന്നുവെങ്കിൽ നിനക്കിനിയും ശ്രമിക്കാമായിരുന്നല്ലൊ കൂട്ടുകാരാ..
നിനക്കിഷ്ടമല്ലായിരുന്നെങ്കിൽ നീ എന്തിനാണ് നഴ്സിങ്ങിനു ചേർന്നത്
അതോ അനിലിനു മെഡിസിനു കിട്ടിയതാണൊ നിന്നെ വിഷമിപ്പിച്ചത് .
കോച്ചിംഗിനു ചേരാതെ എൻട്രൻസ് നേടുമെന്ന് വാശിപിടിച്ചത് നീ തന്നെയല്ലെ.
അല്ല തോൽവി നിനക്കു ഒരിക്കലും അംഗീകരിക്കാനുള്ള ക്ഷമയുണ്ടായിരുന്നില്ലല്ലൊ.
നിന്റെ നുണകൾ ഞാൻ അംഗീകരിച്ചേനെ
നീയെന്നെ വീട്ടിലേക്കു വിളിക്കുന്നൊരു ദിവസം. നിന്റെ ആഗ്രഹങ്ങളായിരുന്നു നീയെന്നോടു പറഞ്ഞ കഥകളെന്ന് പറഞ്ഞ്
നീയത് സാധിച്ചിരിക്കുന്നു പറഞ്ഞ് എന്നെ വിഡ്ഢിയാക്കിയിരുന്നെങ്കിൽ സുഹൃത്തേ..
കബളിക്കപ്പെട്ടവന്റെ മുഖമില്ലാതെ ഞാൻ നിന്നെ കെട്ടിപ്പിടിച്ചൊരുമ്മ തന്നേനെ.
നീ ജയിച്ചിരിക്കുന്നു വിനോദ്!
മരണം കൊണ്ട് നീ തോല്പിച്ചിരിക്കുന്നു
കേവലം ഞാനെന്ന മിത്രത്തെ മാത്രമല്ല!
നിന്നേമാത്രം കരുതി നിനക്കായ് മാത്രം
ജീവിച്ച നിന്റെ ആഗ്രഹങ്ങൾ നിറവേറ്റാൻ
നിനക്കു പഠിക്കാൻ അവിടെ നീ മറ്റുള്ള സഹപാഠികൾക്കൊപ്പം എല്ലാവിധ സൗകര്യങ്ങളോടും കൂടെ നടക്കുന്നത്
കാണാൻ സ്വന്തം ജീവിതം മറന്ന നാലു ജന്മങ്ങൾ .
ജീവിച്ചുതീർക്കാൻ അവരിനി കഷ്ടപ്പെടും
നിനക്കറിയാമോ വിനു
ഇരുമ്പരച്ച ഒരു മാംസപിണ്ഠം മാത്രമാണവർക്ക് കിട്ടിയത്..നീയാണതെന്ന്
വിശ്വസിക്കാൻ കൂട്ടാക്കാതെ നിന്റെയേട്ടൻ
നാട്ടുകാർക്കുമുന്നിർ തളർന്നു വീഴുകയായിരുന്നു പോലും.
അവർക്കു പുതച്ചുകിട്ടിയ ആ മാംസപിണ്ഠം
അവരു എവിടേക്കും കൊണ്ടുപോയില്ല
നാലുസെന്റ് പുരയിടത്തിലവർ നിനക്കുറങ്ങാനൊരിടം കണ്ടെത്തി.
കൊള്ളിവെക്കാനാവത്തതു കൊണ്ടാവാം
ചേട്ടൻ അങ്ങിനെ പറഞ്ഞതു
നിനക്കുവേണ്ടിയൊരു കുഴിയെടുക്കാൻ
നിന്റെ മനസ്സൊന്നു പൊള്ളുന്നതു പോലും
അവർക്കു സഹിക്കാൻ പറ്റുമായിരുന്നില്ലല്ലൊ.!
വിടപറയാൻ കഷ്ടപ്പെട്ടു വിനൂ..ഞങ്ങൾ
അത്രയും നേരം മനസ്സുവിങ്ങി പിടിച്ചു നിന്ന നിന്റെയേട്ടൻ ഞങ്ങളെ കെട്ടിപ്പിടിച്ച് ഹൃദയം മുറിഞ്ഞ് ഉറക്കെ കരയുന്നുണ്ടായിരുന്നു..
മരവിപ്പിൽ ഞാനും അനിലും തിരിച്ചു നടക്കവേ..
നിന്നിടവഴികളിൽ കർക്കിടകത്തിലെയേതോ
പേരറിയാ ഞാറ്റുവേല പെയ്തു തിമിർക്കുന്നുണ്ടായിരുന്നു...
മഹേഷ് തിരൂർ
ദുബൈ.

എന്റെ ജീവിതം എന്റേത് മാത്രം

Image may contain: 2 people, people smiling, eyeglasses, selfie, child, outdoor and closeup
''അമ്മേ കൊണ്ടുപോയ്ക്കോ എന്റെ സ്വർണ്ണം. എന്നിട്ട് ലോൺ അടയ്ക്ക് .. എന്റെ കല്യാണത്തിന് എടുത്ത ലോൺ തീർത്താലെങ്കിലും നിങ്ങൾ എന്നേ വീട്ടിലേക്ക് കൊണ്ട് പോവില്ലേ??? "
ഒരു ഭ്രാന്തിയേ പോലെ ഞാൻ അലറി..
അമ്മയും അച്ഛനും കണ്ണ് തുടച്ച് വേഗം ഇറങ്ങി.
എന്നെ കൊണ്ട് പോവാൻ പോലും അവർക്ക് തോന്നിയില്ല.
കൂലി പണിക്ക് പോയി കിട്ടുന്ന തുച്ഛമായ പണം കൊണ്ട് ദിവസങ്ങൾ തളളി നീങ്ങുന്ന പാവങ്ങൾക്ക് ഞാൻ ഒരു ഭാരമായി തോന്നി കാണും.
ഒരു പാട് സ്വപ്നങ്ങൾ മനസ്സിൽ വെച്ച് പഠിച്ചു... പക് ഷേ എന്നേക്കാൾ 12 വയസ്സ് മുത്ത ദാസേട്ടന്റെ മുന്നിൽ താലിക്കായ് തല കുനിച്ച നിമിഷം എന്റെ സ്വപ്നങ്ങളും കൊഴിഞ്ഞു വീണു.
ലോണെടുത്ത് ഒരു കല്യാണം വേണ്ട അമ്മേ യെന്ന് പറഞ്ഞ് ഞാൻ കരഞ്ഞത് കേൾക്കാൻ പോലും ആരുമുണ്ടായില്ല..
ഇതാണ് എന്റെ വിധിയെന്ന് വിചാരിച്ച് ദാസേട്ടന്റെ അമ്മ തന്ന നിലവിളക്കുമായി പുതിയ
ജീവിതത്തിലേക്ക് വലത് കാൽ വെച്ച് കയറി..
പക് ഷേ അന്യന്റെ കക്കൂസ് കഴുകാൻ പോകുന്നവളുടെ മകളെ മരുമകളായി പൂജിക്കാൻ കൊണ്ട് വന്നതല്ലന്ന് പറഞ്ഞ് അമ്മായിയമ്മ ആദ്യരാത്രി കൈയിൽ തന്നത് ചൂലും, കഴുകാനുള്ള പാത്രങ്ങളുമായിരുന്നു.. മനസ്സ് മരവിച്ചതോണ്ടാവും കണ്ണീർ വന്നില്ല..
ഏട്ടത്തിയമ്മയുടെ അടിവസ്ത്രം വരെ അവർ തിരുമ്പാൻ തരാൻ തുടങ്ങി.
ദാസേട്ടാനാണങ്കിൽ ഒന്നും കേൾക്കണ്ട. ഒന്നിനും നേരമില്ല. '
ഒറ്റ മോളായത് കൊണ്ട് സങ്കടം പറയാൻ ഒരു കുട പിറപ്പ് പോലുമില്ല.
അമ്മയോട് പറഞ്ഞാൽ ലോണിന്റെ കാര്യം എടുത്തിടം....
വീട്ടിൽ പോയാൽ
രണ്ട് ദിവസത്തിൽ കൂടുതൽ അമ്മ നിറുത്തില്ല..
ഗർഭിണിയായപ്പോൾ വീണ്ടും സ്വപ്നങ്ങൾ കാണാൻ തുടങ്ങി. പക്ഷേ അതിനും ആയുസ്സുകുറവായിരുന്നു വളർച്ചയിലെന്നു പറഞ്ഞു ഒരു അബോര്ഷനില് എന്റെ ആ സ്വപ്നവും പൊലിഞ്ഞു .
ഏട്ടത്തിയമ്മ അത് കുറ്റപ്പെടുത്താനുള്ള പുതിയ വഴി യാക്കി . ഒടുവിൽ മച്ചി യെന്ന പേരും ചാർത്തി തന്നു . അവരുടെ മകളെ ഞാൻ തൊടുന്നത് ദോഷമാണെന്നു പറഞ്ഞു ചീത്ത വിളിച്ചപ്പോൾ ആദ്യമായി ഞാൻ പ്രതികരിച്ചു .
ഗർഭിണിയായപ്പോൾ കാൽസ്യം , തുടങ്ങിയ മരുന്നുകൾ അവർ എന്നെകൊണ്ട് കഴിപ്പിച്ചില്ല . എന്റെ കുഞ്ഞിനെ എനിക്ക് നഷ്ടമായതിനു കാരണം അതുമാവാമെന്നു ഡോക്ടർ പറഞ്ഞത് എന്റെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു .
അത് ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞു .
അതോടെ അവർ എന്നെ ഭ്രാന്തി യാക്കി . അമ്മയും അച്ഛനും ഭ്രാന്തി മകളെ കാണാൻ വന്നോപ്പോൾ എനിക്ക് ശരിക്കും ഭ്രാന്തു വന്നത് പോലെ തോന്നി .
പണ്ടങ്ങൾ വിറ്റ് ലോൺ അടിച്ചാലെങ്കിലും എനിക്ക് വീട്ടിൽ പോയി നിൽക്കാലോ എന്ന് കരുതി അവരോടു പറഞ്ഞതും എന്റെ ഭ്രാന്തിന്റെ ഭാഗമായി മാത്രമേ അമ്മ കണ്ടുള്ളു .
പക്ഷേ ഇനിയും ആ വീട്ടിൽ നിന്നാൽ ഞാൻ ശരിക്കും ഭ്രാന്തി യാവുമെന്നു ഉറപ്പായിരുന്നു.
പിറ്റേന്നു ആരോടും ഒന്നും പറയാതെ എന്റെ പണ്ടവും മായി ഞാൻ ഇറങ്ങി .
വാങ്ങിയ കടയിൽ തന്നെ എല്ലാം വിറ്റു . കിട്ടിയ കാശ് ബാങ്കിൽ കൊടുത്തു ലോൺ തീർത്തു ..
അമ്മക്കും അച് ഛനും അത് ഉൾകൊള്ളാൻ തീരെ പറ്റിയില്ല .
അയൽക്കാരും , കുടുംബ ക്കാരും എന്ത് പറയും എന്ന വേവലാതി .
അവർക്കു ഒരു ഭാരമായി തുടരാൻ മനസ്സ് അനുവദിച്ചില്ല . കൂട്ടുകാരുടെ സഹായത്തോടെ
ഒരു ചെറിയ ജോലി . താമസിക്കാൻ ഒരു ഹോസ്റ്റലും ശരിയാക്കി . ..
ഞാൻ ഇറങ്ങിയതും ദാസേട്ടന് ഏട്ടത്തിയമ്മ അവരുടെ ഏതോ ബന്ധു നേ ആലോചിക്കുന്ന വിവരം അറിഞ്ഞപ്പോൾ ഒന്ന് മനസ്സ് തുറന്ന് ചിരിക്കാൻ തോന്നി..
ഡിവോഴ്സ് നോട്ടീസ് കിട്ടിയതും ഒരു നിമിഷം പോലും ആലോചിക്കാതെ ഞാൻ ഒപ്പിട്ടു കൊടുത്തു . ഇനി ആ താലിയുടെ ഭാരവുമില്ല .
അമ്മയും അച്ഛനും വന്നപ്പോൾ കൂടെ പോവാതെ യിരിക്കാനായില്ല .പക്ഷേ ഇനി ഒരു താലിക്കു മുന്നിൽ കഴുത്തു നീട്ടാൻ പറയരുതെന്നു ഉറപ്പു വാങ്ങാൻ മറന്നില്ല.. കുടുംബക്കാരുടെ അഭിമാനം കാത്തു സൂക്ഷിക്കാൻ ഇനിയും ബലിയാടാവാൻ വയ്യ . പ്രണയിച്ചു വിവാഹം ചെയ്തതല്ല . വീട്ടുക്കാർ തേടി കൊണ്ട് വന്ന ബന്ധം. പക് ഷേ ആ ബന്ധം കൊണ്ട് എന്റെ കണ്ണുകൾ നിറഞ്ഞപ്പോൾ ഒരു ബന്ധുവിനേയും കണ്ടില്ല...
പെണ്ണിന് ജീവിക്കാം അതിനു യാതൊരു ഉറപ്പുമില്ലാത്ത താലിയുടെ പിൻബലം വേണ്ട.
ഞാൻ മേഘയാണ്. പക് ഷേ ഇനി ഈ മേഘ കണ്ണീർ മഴയാവില്ല.....
അമ്പിളി എം.സി
29-07-2019

ഒരു കറിവേപ്പില ചെടിയുടെ നിശബ്ദ കഥ !

Image may contain: 1 person, closeup and indoor
=================================
ഷാര്‍ജ,കല്‍ബയില്‍ ജോലിയെടുക്കുന്ന കാലം !
ഒരു ഇടിഞ്ഞു പൊളിയാറായ ഗ്രൗണ്ടുഫ്ളോര്‍ കെട്ടിടത്തിലായിരുന്നു ഞാനടക്കം ഏഴുപേര്‍ താമസിച്ചിരുന്നത് !
പിന്നെ കല്‍ബയിലെ എല്ലാ പൂച്ചകളും അവിടെ ഉണ്ടായിരുന്നു എന്നു വേണം പറയാന്‍ അതു
കൊണ്ടു തന്നെ'ബില്ലിഗര്‍'എന്നൊരു നിക്നൈമും അതിനുണ്ടായിരുന്നു !
എവിടെ താമസം എന്ന് ചോദിച്ചാല്‍ ബില്ലിഗര്‍
എന്നു പറഞ്ഞാല്‍ കല്‍ബയിലുള്ളവര്‍ മൊത്തം അറിയും അത്രയും ഫെയ്മസാ....എന്‍റെ റൂം !
തൊട്ടടുത്ത റൂമില്‍ കുറേ ബംഗാളികളും ! ഞാന്‍
ഈ റൂമിലേക്കു താമസം മാറിയിട്ടു കുറച്ചേ ആയൊള്ളു എങ്കിലും പഴയ റൂമിലുള്ളവരേക്കാള്‍
നല്ലവരും സഹകരണമുള്ളവരും ആയിരുന്നു
ഈ റൂമിലുള്ളവര്‍. ആദ്യത്തെ റൂമിലുള്ളവര്‍ ഒരു
അരവ് തട്ടാത്ത തേങ്ങ കൂട്ടമായി കറിയില്‍ പൊങ്ങി കിടക്കും പോലെ അവര്‍ മാത്രം ഒരു
ഗ്യാങ്ങായിരുന്നു.ഞാന്‍ മാത്രം പുറത്തും !
ഒരു ഭൂമിക്കുലക്കമുണ്ടായിട്ടു പോലും,ഉറങ്ങുന്ന
എന്നെ വിളിക്കാതെ തടി സലാമത്താക്കിയവര്‍ !
ആ കഥ പിന്നീട് പറയാം !
പൂച്ച റൂം അങ്ങനെയൊന്നുമായിരുന്നില്ല തികച്ചും
വ്യത്യസ്തം. മനം തുറന്നു കാര്യങ്ങള്‍ പറയാം
എന്‍റെ ജന്മസിദ്ധമായ കോമഡി-ചളി എന്നിവ
അടിക്കാം അതിനൊക്കെ ഈ അന്തേവാസികള്‍
ചെവി തരും അതു മാത്രമല്ല പൊങ്ങച്ചം പറയുക
അല്ല ഞാനുണ്ടാക്കുന്ന ഫുഡ് കേമമായിരുന്നു
അതില്‍ റൂമേറ്റ്സിന് നല്ല മതിപ്പുണ്ടായിരുന്നു
അതിനാല്‍ വളരെ ചുരൂങ്ങിയ ദിനംകൊണ്ടു
ഞാന്‍ സഹമുറിയന്‍സിന്‍റെ ശ്രദ്ധ പിടിച്ചു പറ്റി !
ഓരോ ദിനം ഓരോരുത്തര്‍ ഭക്ഷണമുണ്ടാക്കണം
എന്നതാണ് ഈ റൂമിലെ അലിഖിത നിയമം! അതു
കൊണ്ടു തന്നെ ഞാന്‍ മെസ്സു ഉണ്ടാക്കുന്ന ദിവസം രാവിലെ ആറു മണിക്കു തന്നെ അതിനായി ഒരുങ്ങും എങ്കിലെ എട്ടുമണിക്കു മുമ്പു
ആ പണികള്‍ തീര്‍ത്തു,കുളിച്ചു ഒമ്പതു മണി
ആകുമ്പോഴേക്ക് കടയിലെത്താന്‍ പറ്റൂ !
ചോര്‍,കറി ,മീന്‍ പോരിച്ചത്,പപ്പടം,ഉപ്പേരി,
രാത്രിയില്‍ കൂബൂസിനോടൊപ്പം അടിക്കാന്‍
മറ്റൊരു കറി ഇതു കോഴിയോ ബീഫോ ആകാം രാത്രിക്കു മുമ്പു ഒരു രണ്ടു പായ്ക്കു കുബൂസും
വാങ്ങി വെച്ചാല്‍ മെസ് റെഡി. പിന്നെ അന്നത്തെ ഭക്ഷണവേസ്റ്റുകള്‍ റോഡരികില്‍ സ്ഥാപിച്ച തകരകൊട്ടയിലേക്ക് നിക്ഷേപിച്ചു കഴിഞ്ഞാല്‍
എന്‍റെ ആ ആഴ്ച്ചയിലെ പണി കഴിഞ്ഞു പിന്നെ അടുത്താഴ്ച്ച നോക്കിയാല്‍ മതി !
ഭക്ഷണം വളരെ 'സിംപിളാക്കി ഉണ്ടാക്കുന്ന അതിവെളവന്മാരായ മഹാന്മാരും കൂട്ടത്തില്‍ ഉണ്ടായിരുന്നു എന്ന കാര്യവും വിസ്മരിക്കുന്നില്ല !
അവര്‍ ആറു മണിക്കു തന്നെ ഭക്ഷണം റെഡി
ആക്കുന്ന റിസ്കെടുക്കില്ല പത്തുമണിക്കു വരും
ഒരു ഇളവന്‍ വാങ്ങി ചെത്തി നുറുക്കി വേവിച്ചു 'ലബണ്‍വണി'(ഒരു പാക്കറ്റ് തൈര്)ന്‍റെ മൂന്നാലു പായ്ക്കു വാങ്ങി അതിലൊഴിക്കും കുറച്ചു ഉപ്പുമിടും കറി റെഡി !
ചോറു വെക്കും ഒരു സോസേജ്(നക്കാനക്ക്)
പായ്ക്ക് വാങ്ങി പൊരിച്ചുവെക്കും രണ്ടു കുബൂസ് പായ്ക്കും വാങ്ങിവെക്കും അവരുടെ മെസ്സായി !
പക്ഷെ ഒരു മാസം ഈ പണി തുടര്‍ന്നതു തന്നെ കണക്ക്.മെസ്സില്‍ നിന്നവരു ഭംഗിയായി ഔട്ടായി !
പറഞ്ഞു വന്നത്,ഞാന്‍ കുറച്ചു വൈകിയാണ് ആ റൂമില്‍ താമസത്തിനു വന്നതെന്നു പറഞ്ഞുവല്ലോ
ആ റൂമിന്‍റെ മതിലിനോടു ചാരി നല്ല കരുത്തോടെ
ഒരു കറിവേപ്പില ചെടി നിന്നിരുന്നു
കണ്ണിനു കുളിര്‍മ്മയേകുന്ന നല്ല കടുംപച്ച നിറം
ഉള്ള ഇലകള്‍ തിങ്ങിയ ഒരു കറിവേപ്പില തരുണി ! അതു കാണുമ്പോള്‍ നാടു ഓര്‍മ്മ വരും ചൂടുക്കാറ്റു വീശി അടിക്കുന്ന മരുഭൂമിയിലാണ് ഈ 'തരുണി'ഉള്ളതെന്നു ഓര്‍ക്കണം !
റൂമില്‍ താമസിക്കുന്ന എല്ലാവരും ഈ കറിവേപ്പില ചെടിയെ കാര്യമായി പരിചരിച്ചു ഇതിനെ കുറിച്ചു വര്‍ണ്ണിക്കാത്ത ദിവസമില്ല !
ഇവര്‍ക്കെന്താ ഇതിനെ പറ്റി ഇത്രമാത്രം പറയാന്‍ ഉള്ളത് ? മുമ്പു ഇവരാരും കറിവേപ്പില ചെടി കണ്ടിട്ടില്ലേ ?പുതുക്ക താമസക്കാരനായ ഞാന്‍ സംശയിക്കാതിരുന്നില്ല ! ഇവരുടെ ആ വര്‍ണ്ണന
കേള്‍ക്കുമ്പോള്‍ ഞാന്‍ ചിരിച്ചു....പാവങ്ങള്‍ !
ഞാന്‍ ഭക്ഷണം വെക്കുന്ന ദിവസം ഞാന്‍ ഒന്നോ
രണ്ടോ ഇല്ലി കറിവേപ്പില, ആ ചെടിയിയില്‍ നിന്നും പൊട്ടിക്കും കറികളിലിടും മെസ്സു ഉസാറക്കും !
കറിവേപ്പിലയും ഞാനതു നുള്ളുന്നതില്‍ എതിരു പ്രകടിപ്പിച്ചില്ല നിശബ്ദമായി ആ പാവം ചെടി
എന്നോടു ആത്മാര്‍ത്ഥമായി സഹകരിച്ചു !
എല്ലാവരും ഉണരുന്നതിനു മുമ്പു മെസ്സു പരിപാടി
തീര്‍ക്കുന്ന എന്‍റെ''ഇലനുള്ളല്‍'ആരുമറിഞ്ഞതും
ഇല്ല !
സഹമുറിയന്മാരൊക്കെ അതെടുക്കുന്നുണ്ടാവും
എന്ന ധാരണയിലാണ് ഞാനീ ഇല എടുത്തിരുന്നത് ! അതെടുക്കരുത് എന്നെന്നോട്
ആരും പറഞ്ഞതുമില്ല !
ഒരു ദിവസം റൂമിലെ മെയിന്‍ ആള്‍ പറഞ്ഞു 'നാളെയാണ് നമ്മുടെ കറിവേപ്പില നുള്ളുന്നതിന്‍റെ ഉദ്ഘാടനം എന്നോര്‍മ്മപ്പെടുത്തുന്നു !'
ഞാന്‍ ഞെട്ടിപ്പോയി'ഏത് കറിവേപ്പില?' ഞാന്‍ ചോദിച്ചു
'നാം വെള്ളമൊഴിച്ചു വളര്‍ത്തുന്ന ആ കറി
വേപ്പില തന്നെ !'
'അപ്പോ അതില്‍ നിന്നാരും ഇല നുള്ളാറില്ലേ'
എന്‍റെ ചോദ്യം !
'ഇല്ല..സൈനു...നാളെയാണ് അതിന്മേല്‍ നിന്നുള്ള ആദ്യ 'ഇല നുള്ളല്‍ !'
ന്‍റമ്മോ...!
പിന്നെ എന്‍റെ വായില്‍ വെള്ളമില്ല ! അപ്പോ അതാണ് ആ' വര്‍ണ്ണന'യുടെ കാര്യം !
ന്നാ കേട്ടോളിന്‍ സഹോദരന്മാരെ എന്‍റെ മെസ്സിന്‍റെ ദിവസങ്ങളില്‍ ഞാനാ... ഇല നുള്ളി ഉദ്ഘാടനം ചെയ്യലുണ്ട് ട്ടോ..
പറയാന്‍ മനസുവെമ്പി പക്ഷെ പറഞ്ഞില്ല നാളത്തെ ഉദ്ഘാടനം കഴിഞ്ഞിട്ടു പറയാം
ഇല്ലെങ്കീ....സകല രസവും പോകും !
ഞാന്‍ നിശബ്ദനായി കറിവേപ്പില ചെടിയെ
നോക്കി കറിവേപ്പില ചെടിയും അതു ശരിവെച്ചു നിശബ്ദയായി'ഇല'യാട്ടി എന്നെ നോക്കി കണ്ണിറുക്കി എന്‍റെ ചുണ്ടിന്‍റെ കോണില്‍ ഒരു
ചിരി വിരിഞ്ഞു !
പക്ഷേ റൂമേറ്റുകളായ ഇഖ്ബാലിനു ഹഖിനും എന്നെ സംശയം !
ഞാന്‍'ഏതു കറിവേപ്പില'എന്നു വെപ്രാളത്തോടെ ചോദിച്ചില്ലേ അതവര്‍ അടിവരയിട്ടു കഴിഞ്ഞു !
'സൈനു ആ കറിവേപ്പില മുമ്പു നുള്ളിയിരുന്നു
ല്ലേ ?'
അവര്‍ പിന്നെ കണ്ടപ്പോള്‍ സ്വകാര്യമായി ചോദിച്ചിരുന്നു ഞാന്‍ കണ്ണിറുക്കി കാണിച്ചു അപ്പോളവര്‍ പൊട്ടിച്ചിരിച്ചു കൂട്ടത്തില്‍ ഞാനും !
(സൈന്‍ഷാ പി കെ)

ആൺമക്കൾ

Kite, Boy, Kid, Children, Play, Flying, Child, Fun
ഓ നിനക്ക് രണ്ടും ആൺമക്കൾ ആണല്ലോ കോളടിച്ചല്ലോടി?എന്നെ കണ്ടോ രണ്ടും പെണ്ണ്..ഹാ ഇനി എന്തുമാത്രം സമ്പാദിച്ച പറ്റും എന്നാലും നിന്റെ ഒക്കെ ഒരു യോഗമേ..ആൺകൊച് ഉണ്ടാകാൻ നീ എന്താ ചെയ്തത് പതിവില്ലാത്ത വല്ല വഴിപാടും കഴിച്ചോ?എന്നോടും കൂടി പറയെടി...
ഓരോ ആളുകൾ കാണുമ്പോൾ എന്നോട് പറയുന്ന വാക്കുകൾ ആണിത്..
അതെന്താ അങ്ങനെ പറഞ്ഞത്? എനിക്ക് ആൺമക്കൾക്കു പകരം പെണ്മക്കൾ ആയിരുന്നെങ്കിൽ മിന്നലടിക്കുമായിരുന്നോ?
അതല്ലടി നിനക്ക് കെട്ടിച്ചു വിടാൻ പെങ്കൊച്ചില്ലല്ലോ അത്കൊണ്ട് തന്നെ സ്ത്രീധനം കൊടുക്കണ്ട ഭാവിയിലേക്ക് ഒന്നും സമ്പാദിച്ചു വെക്കേണ്ട ശോ എന്ത് സുഖാല്ലേ?നിനക്കിനി വെറുതെ ഇരിക്കാലോ ഒക്കെ മക്കൾ നോക്കുമല്ലോ ഇനി...
ബലേ ഭേഷ്!!!
ഇത്തരം വർത്താനം എന്നോട് പറയുന്ന മറുതകളെ എനിക്ക് നിങ്ങളോട് പറയാൻ ഉള്ള മറുപടി ഇതാണ്..
ആണ്മക്കളെ പ്രസവിക്കുന്ന അമ്മമാർ ഹായ് എനിക്ക് ആൺകുട്ടിയാണ്, അത്കൊണ്ട് പേടിക്കാൻ ഇല്ല ഇവൻ ഇവിടെ എവിടേലും കിടന്നോട്ടെ എങ്ങനേലും വളർന്നോളും ഞാൻ പോയി വെറുതെ ഇരിക്കട്ടെ എന്ന് ചിന്തിക്കാറില്ല..
അവനെ എടുക്കണം,കുളിപ്പിക്കണം ഉറക്കണം, പാൽ കൊടുക്കണം,വലുതാവുന്ന വരെ നോക്കണം നല്ല വസ്ത്രങ്ങൾ മേടിച്ചു കൊടുക്കണം, നല്ല വിദ്യാഭ്യാസം കൊടുക്കണം ഇതൊക്കെ ചിലവില്ലാതെ ആണോ സുഹൃത്തേ നടക്കുന്നത്?
കടയിൽ സാധനങ്ങൾ മേടിക്കാൻ,അസുഖം വരുമ്പോൾ ആശുപത്രിയിൽ അല്ലെങ്കിൽ സ്കൂളിൽ ചേർക്കാൻ ചെല്ലുമ്പോ ഹോ നിങ്ങക്ക് ആൺകുട്ടി അല്ലെ അത്കൊണ്ട് ഇവിടെ കാശുവേണ്ട ഫ്രീ ആണ് എന്ന് അവിടെ ഇരിക്കുന്നവർ പറയാറില്ല..ആണായാലും പെണ്ണായാലും ഒരുപോലെ കാശു കൊടുക്കണം ശരിയല്ലേ?
പിന്നെ സമ്പാദിക്കുന്ന കാര്യം?
അതെന്താ ആൺകുട്ടി ഉണ്ടായ കെട്ടിക്കണ്ട എന്ന് കരുതി ഒന്നും സമ്പാദിക്കണ്ടേ? അപ്പൊ വലുതാവുമ്പോ അവനു കേറിക്കിടക്കാൻ വീടൊന്നും വേണ്ടേ?അവൻ വലുതാവട്ടെ അപ്പൊ വേണോങ്കി തന്നെ പണിതോളും എന്ന് കരുതി നമ്മൾ നോക്കി ഇരിക്കണോ?മക്കൾ അതാണായാലും പെണ്ണായാലും നമ്മൾ കഷ്ടപ്പെടുന്നത് നമ്മടെ മക്കൾക്ക്‌ വേണ്ടിയാണ് എന്നത് ഈ പറയുന്നവർ ആദ്യം മനസ്സിലാക്കുക..
അയ്യോ എനിക്ക് പെൺകുട്ടി ആയിപ്പോയി എന്ന് പറഞ്ഞു വേവലാതിപ്പെടുന്ന ആളുകളെ ഞാൻ കണ്ടിട്ടുണ്ട്..എന്തിനു വേണ്ടി നിങ്ങൾ ആകുലപ്പെടുന്നു ?നിങ്ങൾ അവരെ നല്ലോണം വളർത്തു നല്ല വിദ്യാഭ്യാസം കൊടുക്കു,ഒരമ്മക്ക് എന്നും സഹായത്തിനു ആദ്യം ഓടി വരുന്നത് ഒരു "മകൾ" ആണെന്ന് നിങ്ങൾ എന്തുകൊണ്ട് മനസ്സിലാക്കുന്നില്ല..ഈ പറയുന്ന എന്റെ
"ആൺ മക്കൾ" എന്നെ വയസ്സ് കാലത്ത് നോക്കും എന്ന് എനിക്ക് യാതൊരു ഉറപ്പും പറയാൻ പറ്റില്ല.. അതൊക്കെ എന്റെ യോഗം പോലെ ഇരിക്കും...
വേറെ ചിലർ ഉണ്ട് പെണ്മക്കൾ ഉള്ള അമ്മമാർ പാപം ചെയ്തവരത്രെ!! പുണ്യം ചെയ്യാത്ത കൊണ്ടാണ് പെണ്മക്കൾ ഉണ്ടാകാത്തത് എന്ന് പറയുന്ന വേറെ കുറെ ടീംസ് ഉണ്ട് അതങ്ങനെ കുറെ പാഴുകൾ..അങ്ങനാണേൽ പെൺകുഞ്ഞിനെ പ്രസവിക്കാത്ത
ഗോവിന്ദച്ചാമിയുടെ അമ്മയൊക്കെ ഒടുക്കത്തെ പുണ്യം ചെയ്തവർ ആകണമല്ലോ അല്ലെ?നല്ല പുണ്യം അല്ലെ ആ അമ്മക്ക് മകനിലൂടെ കിട്ടിയത്..
ഫേസ് ബുക്ക്‌ തുറന്നാൽ കാണാം കുറെ അധികം വാചകങ്ങൾ വളർത്താൻ അർഹത ഉള്ളവർക്കേ പെണ്മക്കൾ ഉണ്ടാകു,അച്ഛന്റെ പുണ്യമാണ് പെണ്മക്കൾ എന്നൊക്കെ അതെന്താ അർഹത ഉള്ളവർക്കും പുണ്യമുള്ളവർക്കും ആൺമക്കൾ ഉണ്ടായാൽ ഉള്ളതൊക്കെ നശിച്ചു പോകുമോ?ആൺമക്കൾ പുണ്യം പെണ്മക്കൾ ഐശ്വര്യം എന്നൊക്കെ പറയുന്ന ഈ രീതി മാറ്റി ആണായാലും പെണ്ണായാലും "മക്കൾ ആണ് അച്ഛനമ്മമാരുടെ പുണ്യം"എന്ന് പറയു...
എനിക്ക് ആണായിപ്പോയി അല്ലെങ്കി പെണ്ണായിപ്പോയി എന്ന് പരാതി പറയുന്നവർ മക്കളില്ലാത്ത അച്ഛനമ്മമാരെ കണ്ടിട്ടുണ്ടോ?ഏതെങ്കിലും ഒരു കുഞ്ഞിനെ മതി എന്ന് പ്രാർഥിക്കുന്ന അവരുടെ കണ്ണിലെ വേദന നിങ്ങൾ കണ്ടിട്ടുണ്ടോ?ഒരിക്കലെങ്കിലും അവരുടെ വേദന മനസ്സിലാക്കുന്നവർ ഞങ്ങൾക്ക് വിചാരിച്ചപോലെ ഒരു കുഞ്ഞുണ്ടായില്ലല്ലോ എന്ന് പറയില്ല..
എനിക്ക് ഒരു മോളെ വേണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു പക്ഷെ ദൈവം നൽകിയത് രണ്ടും ആണ്മക്കളെയാണ് ഞാൻ ആഗ്രഹിച്ച പോലെ ഒരു മകളെ കിട്ടിയില്ല എന്ന് കരുതി അവരെ സ്നേഹിക്കാതിരിക്കാൻ എനിക്ക് കഴിയില്ല കാരണം ഞാൻ ഒരമ്മയല്ലേ?
സ്വന്തം മക്കടെ മുന്നിൽ വെച്ച് ഞാൻ ഉദ്ദേശിച്ച കുഞ്ഞെനിക്കുണ്ടായില്ല എന്ന് നിങ്ങൾ പറയുമ്പോൾ ആ മക്കളുടെ മനസ്സിലെ വേദന എത്രത്തോളമായിരിക്കും എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?
ആണ്മക്കൾ അല്ലെങ്കി പെണ്മക്കൾ അതൊക്കെ നമ്മൾ മനസ്സിൽ ആഗ്രഹിച്ച പോലെ കിട്ടണം എന്നില്ല..ദൈവാനുഗ്രഹം കൊണ്ട് അവനവനു കിട്ടിയ മക്കൾ അതാണവട്ടെ പെണ്ണാവട്ടെ അവരെ വേർതിരിച്ചു കാണാതെ സ്നേഹം കൊടുത്തു വളർത്തുക ഇല്ലെങ്കിൽ ഞാൻ ഇവന്റെ/ഇവളുടെ അച്ഛൻ ആണ്/അമ്മയാണ് എന്ന് പറയാൻ ഉള്ള യോഗ്യത നിങ്ങൾക്കില്ലാതാവും...
NB:ഇനി ഇമ്മാതിരി കൊനിഷ്ടുപിടിച്ച വർത്താനം എന്നോട് പറയുന്നവരെ പടക്കം കത്തിച്ചെറിയും ഞാൻ...
അച്ചു വിപിൻ

പെണ്ണുകാണാൻ വന്ന ഒരാൾ

Image may contain: 1 person, sitting, beard and indoor
"ചെക്കന് കുട്ടിയോട് എന്തെങ്കിലും സംസാരിക്കണമെങ്കിൽ ആവാം ട്ടോ"
പെൺവീട്ടുകാരിൽ ആരോ ഒരാൾ പറയുന്നത് കേൾക്കേണ്ട താമസം അവൻ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു.
അവൻ്റെ ധൃതി ശ്രദ്ധിച്ച്‌ കൂടെ വന്നവർ ഒരു നോട്ടം കൊണ്ടവനെ നിയന്ത്രിച്ചു.
"എന്തിനാടാ ഇത്രയും ധൃതി,ആ കുട്ടിയോട് നിൻ്റെ പഴമ്പുരാണം വല്ലോം പറഞ്ഞ പിന്നെ നീ വീട്ടികേറണ്ടാ"
അമ്മയുടെ വക താക്കീത് വേറെയും
അവൻ പതിയെ വീടിനകത്തേക്ക് കയറി,ഒരു ചെറിയ ഓട് വീടാണ്,അയൽവക്കത്തെ ചേച്ചിമാരാണെന്നു തോന്നുന്നു അടുക്കള ഭാഗത്തു പതുങ്ങി നിൽപ്പുണ്ട്,ഇടനാഴിയിൽ നിന്നും കേറിചെല്ലാവുന്ന ഒരു മുറിയിൽ പെൺകുട്ടി നിൽപ്പുണ്ട്.നേരത്തെ ചായ കൊണ്ടുതന്നപ്പോൾ കണ്ടതാണ്.അവൻ ആ മുറിയിലേക്ക് കടന്നു ചെന്നു.പെൺകുട്ടി ഒന്ന് അനങ്ങി നിന്ന് വിനയം കാണിച്ചു.
അവർ പരസ്പരം നോക്കി
"എന്നോട് എന്തെങ്കിലും പറയാനുണ്ടോ ?"
അവൻ ചോദിച്ചു
അവൾ ഒന്ന് അമ്പരന്നു,ആദ്യമായാണ് പെണ്ണുകാണാൻ വന്ന ഒരാൾ,ആദ്യം തന്നെ തനിക്ക് പറയാനുള്ളത് കേൾക്കാൻ താല്പര്യം കാണിക്കുന്നത്.എല്ലാരും വന്നപടി പേരടക്കം കുറെ ചോദ്യങ്ങൾ തൻ്റെ നേരെ പ്രയോഗിക്കലാണ് പതിവ്.അവൾ ചുറ്റും ഒന്നുനോക്കി.ആ മുറിയിൽ നിന്നും സ്വകാര്യം പറഞ്ഞാൽ പോലും അപ്പുറത്തും ഇപ്പുറത്തും ഉള്ള എല്ലാർക്കും കേൾക്കാം.അതിൻ്റെ ഒരു അതൃപ്‌തി അവളിൽ ഉണ്ട്, അത് അവനും തോന്നി.അവൻ മുറിക്ക് പുറത്തേക്ക് തലയിട്ട് നോക്കി.തങ്ങളുടെ സംസാരം കേൾക്കാനായി ശ്വാസം അടക്കിപ്പിടിച്ചു നിൽക്കുന്നവർ.
" നമുക്കൊന്ന് പുറത്തേക്ക് നിന്നാലോ" അവൻ ചോദിച്ചു
അവൾ സമ്മതിച്ചു തലയാട്ടി
അവൻ മുറിയിൽ നിന്നിറങ്ങി അടുക്കളവഴി പുറത്തേക്ക് നടന്നു പുറകെ അവളും.അടുക്കളയിൽ കൂടിനിൽക്കുന്നവരുടെ ഇടയിൽകൂടി കടന്നു പോവാൻ അവൾ ഒന്ന് മടിച്ചു.
അവൾ പുറത്തേക്ക് ഇറങ്ങി വരുമ്പോൾ കാണുന്നത് എന്തോ കണ്ടു അമ്പരന്നു നിൽക്കുന്ന അവനെ ആണ്.
നോക്കെത്താദൂരത്ത്‌ നീണ്ടുനിവർന്നുകിടക്കുന്ന വയൽ ആണ്,പച്ച പരവതാനി പോലെ,ഇടക്കിടക്ക് വരമ്പുകളിൽ തലയെടുപ്പോടെ നിൽക്കുന്ന തെങ്ങുകൾ
"എന്താ എന്തുപറ്റി" അവളുടെ ചോദ്യം കേട്ട് അവൻ തിരിഞ്ഞു നോക്കി
"എന്നാ ഭംഗിയാടോ ഇത്,ഹോ അടിപൊളി,നമ്മുക്ക് ആ പാടത്തോട്ട് പോയാലോ,ബുദ്ധിമുട്ടാവുമോ "
"ഏയ് ഇല്ല"
എന്ന വാ എന്നുംപറഞ്ഞവൻ നടന്നു തുടങ്ങി
"എൻ്റെ പേര് അറിയാവോ തനിക്ക്" അവൻ ചോദിച്ചു
"മനു എന്നല്ലേ"
"അതെ,തൻ്റെ പേര് എന്താ"
"അനു"
അവൻ തിരിഞ്ഞു അവളെ ഒന്ന് നോക്കി,പേരിലെ കൗതുകം കൊണ്ടാണ്.അവനു വിശ്വാസം വന്നില്ല എന്ന് കണ്ടു അവൾ ഒന്നുറപ്പിച്ചു പറഞ്ഞു
"ആണെന്നേ,എൻ്റെ എല്ലാ സർട്ടിഫിക്കറ്റിലും അനു എന്ന് തന്നെയാ"
അവർ ഒരു പാടവരമ്പത്തെ തെങ്ങിൻ ചോട്ടിൽ നിലയുറപ്പിച്ചു
"ഹാ എന്തൊരു സാമ്യത അല്ലെ മനു ..അനു .."
"അല്ല ഞാൻ ചോദിച്ചതിന് മറുപടി പറഞ്ഞില്ല,തനിക് എന്നോട് എന്തേലും പറയാനുണ്ടോ?"അവൻ വീണ്ടും ഓർമ്മപെടുത്തി
"ഞാൻ എന്ത് പറയാനാ,സാധാരണ വരുന്നവരാണ് സംസാരിക്കാറ്,ഞാൻ മറുപടി പറയും അത്രതന്നെ.ഇതാദ്യാമായാ ഇങ്ങനെ ഒരാൾ ചോദിക്കുന്നെ ഇതറിഞ്ഞേൽ ഞാൻ എന്തേലും ചോദ്യം കരുതിയേനെ "
അവൻ്റെ സംസാരവും പെരുമാറ്റവുമൊക്കെ ഒരു പെണ്ണുകാണൽ ചടങ്ങിൻ്റെ കൃത്രിമ ഔപചാരികത അവളിൽ നിന്നും മാറ്റി.അവൾ ഒരു കൂട്ടുക്കാരിയോടെന്ന പോലെ സംസാരിച്ചുതുടങ്ങി.
"ഞാൻ എത്രാമത്തെ ആളാ"
"ഫിഫ്ത്"
"ഓ അപ്പൊ നാല് ആളുകൾ തന്നെ വീട്ടി കേറി വായ്നോക്കി അല്ലേ ?,എനിക്കിഷ്ടമല്ല ഈ ഏർപ്പാട്,എന്തൊരു ബോർ ആണ്"
"സത്യം എനിക്കും മടുത്തു,ഇതിനേക്കാൾ നല്ലതു ബസ് സ്റ്റോപ്പിൽ നിൽക്കുന്നതാ ഇഷ്ടപെട്ടില്ലേൽ പോടാ എന്നെങ്കിലും വിളിക്കാം " അവൾക്ക് പരിഭവം
"നിങ്ങൾ പെണ്ണുങ്ങൾ നിന്ന് കൊടുത്തിട്ടല്ലേ"
"അല്ലാതെ എന്ത് ചെയ്യാനാ,കല്യാണം നടക്കണ്ടേ അതിനു ഇതൊക്കെ വേണം"
"ങും ...."അവൻ ഒന്ന് ഇരുത്തി മൂളി
"നിങ്ങൾ വലിയ പണക്കാർ ഒന്നുമല്ല പക്ഷെ നിങ്ങൾ മക്കളെ നിങ്ങളുടെ അച്ഛൻ നല്ല പോലെ പഠിപ്പിച്ചിട്ടുണ്ടല്ലേ"
"ങും" അവൾ മൂളി
"അതെ എനിക്കൊരു പ്രേമം ഉണ്ടാരുന്നു,അവൾ തേച്ചിട്ടു പോയി ഞാൻ അതിൻ്റെ ഫീലിൽ ആയിരുന്നു.'അമ്മ തന്നോട് പറയേണ്ട എന്ന് പറഞ്ഞതാ"
"പോയവൾ പോട്ടെ" അവൾ വളരെ നിസാരമായി പറഞ്ഞു
അവരുടെ സംസാരം തുടർന്നുകൊണ്ടേ ഇരുന്നു.
പെട്ടെന്ന് അവന്റെ ഫോൺ റിങ് ചെയ്തു.അമ്മയാണ് ,അവൻ ഫോൺ എടുത്തു
'അമ്മ :"എവിടെയാ നിങ്ങൾ എത്ര നേരമായി വാ നമ്മുക് പോണ്ടേ "
മനു:"നിങ്ങൾ പൊയ്ക്കോ ഞാൻ വന്നേക്കാം"
അവന്റെ മറുപടി കേട്ട് അവൾ പുഞ്ചിരിച്ചു.
കുറെ നേരം കാത്തിരുന്നിട്ടും ചെക്കനേയും പെണ്ണിനേയും കാണാഞ്ഞതിനാൽ വീട്ടുകാർ പുറത്തേക്കിറങ്ങി നോക്കി.അകലെ പാടങ്ങൾക്ക് നടുവിൽ ഒരു പൊട്ട് പോലെ വീട്ടുകാർ അവരെ കണ്ടെത്തി
കൂട്ടത്തിൽ ആരോ പറഞ്ഞു "എന്നാ പിന്നെ രണ്ടിനെയും കെട്ടിക്കുവല്ലേ"......

BY Sumesh Madhav @ Nallezhuth

ഷിജാറിന്റെ നേരമ്പോക്ക്‌

Image may contain: 1 person, playing a musical instrument and indoor
*റാംജി..
-------------------------------------

കോഴികോട്ട്‌ നിന്നും കായംകുളത്തേക്ക്‌ ഷിജാർ താമസമാക്കിയിട്ട്‌ 4 വർഷമേ ആയുള്ളുവെങ്കിലും,
ഭാഷാ പ്രയോഗങ്ങളുമെല്ലാം കോഴിക്കോടൻ രീതിതന്നെ,
പക്ഷെ, എന്തുതന്നെയായാലും
ഇക്കാലയളവിൽ നാട്ടുകാരുടെ ഗാലനിത പുളംഗൻ ആകാൻ
പരോപകാരിയായ അവനുകഴിഞ്ഞിരുന്നു.. .
എന്തിനും ,ഏതിനും മുഖം നോക്കാതെ ഉപകാരം ചെയ്യുന്നവനായതുകൊണ്ട്‌ നാട്ടുകാർ അവനെ സ്നേഹത്തോടെ വിളിക്കുന്ന ചെല്ലപേരാണ് ശുദ്ധൻ..
ഇനി തുടരാം..
അതിരാവിലെതന്നെ അത്യാവശ്യമുള്ള സാധനങ്ങൾ ബാഗിലാക്കി അവൻ പുറത്തേക്ക്‌ വന്നു..
ബൈക്കിൽ കയറിയിരുന്നിട്ടാണ് ഉമ്മയോടു വിളിച്ചുപറയുന്നത്‌..
ഉമ്മി ഞമ്മള് രണ്ടിസം കഴിഞ്ഞേ ബരൂ....
ആരേലും ശോദിക്കുകയോ,അന്വസിക്കുകയോ ശെയ്താൽ ..
ചങ്ങായീനേ കാണാൻ വർക്കലവരെ പോയീന്ന് പറഞ്ഞോളീ..
ഉമ്മ ഇറങ്ങിവന്ന്
ജ്ജ്‌ ബൈക്കിലോണോ സവാരിയെന്ന് ചോദിക്കന്നതിനുമുമ്പേ,
അവന്റെ വണ്ടി ഗേറ്റുകടന്നുപോയി..
ഫുൾടാങ്ക്‌ പെട്രോളടിച്ച്‌ ഹൈവയിൽകൂടി ഇങ്ങനെ മുന്നോട്ടു പോവുകയാണ്,
കൃഷ്ണപുരം കഴിഞ്ഞപ്പോൾ ഒരമ്മാവൻ, ഷിജാറിന്റെ ബൈക്കിനു കൈകാണിച്ചു..
മിന്നൽപിണർപ്പോലെ "ജോക്കിയമ്മാവനെ" കയറ്റിയതും,കഴുത്തിൽ കിടന്ന മാലയുടെ ഭാരം കുറഞ്ഞതും,
മറ്റ്‌ ഭാരിച്ച ചിലവുകളും, ഐ സി യു വുമൊക്കെയാണ് ശീഷ്മണത്തിൽ വന്നത്‌..
ആ സംഭവത്തിനുശേഷം,ആരേയും വണ്ടിയിൽ കയറ്റില്ല എന്ന ഉഗ്രശപഥമെടുത്തിരുന്നകാലമായതുകൊണ്ടും,ശുദ്ധനാണന്നുള്ള പേരുദോഷം മാറ്റിയെടുക്കേണ്ടതുകൊണ്ടും,
വഴിയിൽപോകുന്ന കാൽനടയാത്രകാരെ വണ്ടിയിൽ കയറ്റുകയില്ലാ എന്നുമാത്രമല്ല,തരം കിട്ടിയാൽ അവന്റെമുന്നിൽ വന്നുപെടുന്ന എല്ലാ മനുഷ്യരേയും കളിയാക്കുക എന്നതുമായിമാറി ഷിജാറിന്റെ ഇപ്പോളത്തെ രീതി..
വണ്ടി സ്ലോ ചെയ്ത്‌,
അമ്മാവൻ നിന്നതിനു കുറച്ചു മുൻപിലായി വണ്ടിനിർത്തി..
ഒരു ലിഫ്റ്റ്‌ തരപെട്ട സന്തോഷത്തിൽ ഷിജാറിന്റെ വണ്ടിലക്ഷ്യമാക്കി അമ്മാവൻ ഓടിയടുത്തു..
നാട്ടിൻപുറങ്ങളിൽ സാധാരണ കാണാറുള്ളതുപോലെ, സ്റ്റോപ്പിൽ നിന്ന് കുറച്ചുമുന്നിലോട്ടായി ബസുനിർത്തിയതിനുശേഷം,യാത്രക്കാർ ഓടിയെത്തുമ്പോൾ പാഞ്ഞുപോകുന്ന ഡ്രൈവറേപോലെ അമ്മാവനെ കയറ്റാതെ
ഷിജാറും മുന്നോട്ട്‌ തന്നെപോയി..
രോഷം അധികരിച്ച്‌ സ്പോട്ടിൽ തന്നെ,ആ അമ്മാവൻ..
താളിയോലഗ്രന്ഥങ്ങളിൽ പോലും ഇല്ലാത്ത,വാമൊഴിയായി കൈമാറിവന്ന കടുകട്ടിയായ ചിലമന്ത്രങ്ങൾ..
നടുറോഡിൽ വെച്ചെടുത്ത്‌ ഉരുക്കഴിച്ചു കൊടുത്തു...
വണ്ടിയുടെ ശബ്ദത്തിനേയും കവച്ചുവെച്ച നല്ല ഒന്നാന്തരം,കോളാമ്പി മൈക്കുപോലെ ഹൈവേയിൽ അത്‌ പ്രധിധ്വനിച്ചുകേട്ടു..
കൊട്ടിയത്തെത്തിയപ്പോൾ,ഉദരം തീറ്റിക്കായി കൊതിച്ചു..
അടുത്തുകണ്ട ഒരുഹോട്ടലിൽ കയറി അവന്റെ ഇഷ്ടപെട്ട ബ്രേക്ക്ഫാസ്റ്റായ ഇടിയപ്പവും,കോഴികറിയും വാങ്ങികഴിച്ചു..
വഴിയോരകാഴ്ച്ചകളെല്ലാം കണ്ട്‌ ഉച്ചര-ഉച്ചേമുക്കാലോടുകൂടി ജോണിന്റെ വീട്ടിൽ എത്തിചേർന്നു..
സായാഹ്നത്തിൽ ജോണുമായിനേരേ വർക്കല ബീച്ചിൽപോയി,
ഉത്സവപറമ്പ്‌ പോലെയായിരിക്കുന്നു ബീച്ചും പരിസരവും..
ഇത്ര തിരക്കോ ഇവിടെ,എന്നുചിന്തിച്ചതും മറുപടിയെന്നോണം ജോണുപറഞ്ഞു..
ഹിന്ദു വിശ്വാസപ്രകാരം മരണപെട്ടുപോയവർക്ക്‌ തർപ്പണം നടത്തുന്നത്‌ നാളെയാണ്.
ദൂരെയുള്ളവർ വരെ ഇവിടേക്ക്‌ വരാറുണ്ട്‌..
അങ്ങനെ, ദൂരനിന്നുവന്നവരുടെ തിരക്കാ നീ കാണുന്നത്‌..
ഷിജാറിന്റെമനസിൽ അപ്പോൾ തോട്ടപള്ളിയും,
തൃക്കുന്നപുഴയുമൊക്കെ കടന്നുവന്നു..
ഓർമ്മകളിൽ കൂടി ഊളിയിട്ടുകൊണ്ടിരുന്നപ്പോൾ അവൻ പറഞ്ഞു..
എടാ ജോണേ..ഇപ്പഞമ്മക്ക് പോകാം,
സുബഹിനുമുൻപ്‌ ഈടെബരണം..
ശിലകാര്യങ്ങ ശെയ്യാനെകൊണ്ട്‌..
എന്താണന്ന് ജോൺ ചോദിച്ചെങ്കിലും,കൂടുതലൊന്നും അവൻ പറഞ്ഞില്ല.
രണ്ടാളും അവിടുന്ന് പുറപെട്ടു..
ഇടക്ക്‌ ഷിജാറവനോടുചോദിച്ചു,
ജോണേ..
അന്റെ റേശൻപീടിയ എബിടെയാണീ..
ഞമ്മക്ക്‌ ശില ആബിശങ്ങളൊണ്ട്‌,
അന്റെ ശഹായം ഞമ്മക്കുബേണം..
മുന്നോട്ട്‌ ചെന്നപ്പോൾ ഇടതുസൈഡിലായി ഒരുകടകാണിച്ചിട്ട്‌ ജോൺപറഞ്ഞു
ഇതാണ് ഞങ്ങടെ റേഷൻകട,
എന്താണുകാര്യം,
നിനക്കെന്താവശ്യമാ ഇവിടെ..??
വണ്ടിയൊതുക്കി,
ഒന്നും മിണ്ടാതെ സ്റ്റാൻഡിൽവച്ചു.
കടനിൽക്കുന്ന വസ്തുവിന്റെ മൂലഭാഗത്ത്‌,പാഴായകുറെ സാധനങ്ങൾ കൂട്ടിയിട്ടിരിക്കുന്നു..
ചിലത്‌ കത്തികരിഞ്ഞു കിടക്കുന്നു..
മണ്ണണ്ണയുടേയും,റേഷനരിയുടേയും, പഴയ ചാക്കിന്റെയുമൊക്കെ ശമീരതഗന്ധം ഷിജാറിന്റെ മൂക്കിൽ തുളഞ്ഞുകയറുന്നുണ്ട്‌.
എല്ലാ റേഷൻകടകളുടേയും തനതുമണം നിലനിർത്തികൊണ്ടുപോകാൻ കടമുതലാളി പെടുന്നപാട്‌ ചില്ലറയായിരിക്കില്ല അവനോർത്തു..
ഓ..അവരുടെമിടുക്കല്ലല്ലോ ഇത്‌..
എന്തായാലും അവൻ ഉദ്ദേശിച്ച സാധനം ആ ഇരുട്ടിലും പ്രദീപ്തമായി..
ജോണിനോടുപറഞ്ഞ്‌ പൂജാസാധനങ്ങൾ വിൽക്കുന്ന കടയിൽപോയി.
അവിടനിന്നും അരമീറ്റർ ചുമലപട്ടും,ഒരുതോർത്തും,കളഭകട്ടയും,മറ്റുചില സാധനങ്ങളും വാങ്ങി
ജോണിന്റെ വീട്ടിലെത്തി...
അവിടെമാകെ അത്താഴത്തിന്റെ കൊതിയൂറുന്ന കുൽപീരിതഗന്ധം പടർന്നു..
അമ്മച്ചി വിളമ്പിതന്ന ചോറും,പുളിയിട്ടുവെച്ച മീൻകറിയും,പലതരം ചെമ്മീൻ വിഭവങ്ങളുമൊക്കെ കൂട്ടി അസലായിട്ട്‌ ഒരുപെടപെടച്ചു..
ശേഷം റൂമിൽകയറിയ ഷിജാർ,സാധനങ്ങളെല്ലാമെടുത്ത്‌ മേശമേൽ വെച്ചു..
റേഷൻകടയിൽ നിന്നെടുത്ത ട്വയിൻ(ചാക്ക്‌ തയിച്ചുവച്ചിരിക്കുന്ന നൂൽ) എടുത്തു..
മൂന്നുമടക്കായി ഒരുവിധം ശരിയാക്കി ബ്രാഹ്മണർ ഇടുന്ന പൂണൂൽപോലാക്കി..(ഇത്‌ പഴയകാലത്തെ കോട്ടൺ ട്വയിനാണേ)
സ്വാഭാവിക നിറം കിട്ടുന്നതിലേക്കായി പുറത്തുപോയി,വെള്ളത്തിൽ കുതിർത്ത്‌ മണ്ണിൽ മുക്കിയെടുത്തു,ശേഷം കൈയ്യിൽവെച്ച്‌ തിരുമി മണ്ണെല്ലാം കളഞ്ഞു..
പിന്നെ അവർ ധരിക്കുന്നതുപോലെ കഴുത്തിൽകൂടെ തോളിലിട്ടു..
ജോണിനോട്‌ ഒരു വേഷ്ടി വാങ്ങിവച്ചു..
എന്നിട്ടവനോടുപറഞ്ഞു..
അഞ്ചുമണിയാകുമ്പോൾ ജ്ജ്‌ ഞമ്മടെ കൂടെ ബരണം..
അൽഹം ദുലില്ലാ..
സുബഹിനുകാണം..കിടന്നോളീ..
ഇരുവരും ഉറങ്ങാൻ കിടന്നു..
രാവിലെ സ്ഥാവരജംഗമങ്ങൾ അടങ്ങുന്ന ബാഗുമായി നേരെ ബീച്ചിലേക്ക്‌ ചെന്നു..
ജനസമുദ്രം തന്നെ,ചിലർ ബലികഴിഞ്ഞ്‌ പൊയ്കൊണ്ടിരിക്കുന്നു..
ഒഴിഞ്ഞുകിടക്കുന്ന ഒരു സ്ഥലത്തായി ബാഗ്‌വെച്ചു..
ജോൺ പറഞ്ഞു...
ഇത്‌ അപകടമാണേ ഷിജാറേ....
നമുക്ക്‌ പോകാം..
അവൻ ആവതുനിർബന്ധിക്കുന്നു..
പക്ഷെ,ഷിജാറിന് ത്രില്ലുകൂടിയതുപോലെ..
ഡ്രസ്സെല്ലാം അഴിച്ചുവെച്ച്‌ ..
മുണ്ടെടുത്ത്‌ പാളത്താർച്ചുറ്റി,ചുമലപട്ടെടുത്ത്‌ അരയിൽ വട്ടം ചുറ്റി
ശേഷം,കുങ്കുമം,ഭസ്മം തുടങ്ങീ മോടിപിടിപ്പിക്കുന്നതിനായവയെല്ലാം ദേഹത്തുവാരിപൂശി..
അടുത്തായി ബലിയിടുന്നവരുടെ ചെയ്തികളെല്ലാം നോക്കിനിന്നു..
എല്ലാം തൃക്കുന്നപുഴയിൽ കണ്ടതുപോലെ..,
പുഞ്ചിരിയോടെ അവന്റെ സാധനങ്ങൾ ഇരിക്കുന്നിടത്തേക്ക്‌ തിരികെവന്നു..
എല്ലാം വീക്ഷിച്ച്‌ മൂകനായി ജോൺ ഒരു സൈഡിലായ്‌ നിൽക്കുകയാണ്,
നിമിഷനേരം കൊണ്ടാണ് ഷിജാറിനുമുന്നിൽ ആളുകൾ ബലിയിടാൻ വന്നത്‌..
ഭയമില്ലാതെ എന്തൊക്കെയോ കാട്ടികൂട്ടി മുന്നോട്ട്‌ പോയി..
നേരം നല്ലതുപോലെ വെളുത്തിരിക്കുന്നു..
എല്ലാവരുടേയും മുഖം നന്നായികാണാൻ സാധിക്കുന്നുണ്ട്‌..
അടുത്ത സെറ്റ്‌ ബലിയിടീൽ കർമ്മം കഴിഞ്ഞ്‌ അതിനടുത്തതിനു പടയൊരുക്കം തുടങ്ങിയപ്പോളാണ്,ഷിജാറിന്റെ ഇപ്പോളത്തെ നാട്ടുകാരൻ,
കായംകുളത്തുള്ള നാരാണേട്ടനും കുടുംബവും അവിടെ നിൽക്കുന്നത്‌.
അയാൾ ഷിജാറിനെ ശ്രദ്ധിക്കുന്നുണ്ട്‌..
,കാര്യമാക്കാതെ അവന്റെ പ്രവർത്തികളവൻ തുടർന്നു..
എന്നാൽ,
നാരാണേട്ടൻ ഉച്ചത്തിൽ വിളിച്ചുചോദിച്ചു..നീയാ.. കോഴിക്കോടുനിന്നുവന്ന ഒറ്റകണ്ടത്തിൽ ഹംസകോയാടെമോൻ ഷിജാറല്ലേ..?
അതുശ്രദ്ധിക്കാതെ വെയിറ്റിംഗ്‌ ലിസ്റ്റിൽ പെടുന്നവരെ വിടാനവൻ തിടുക്കം കൂട്ടി..
വീണ്ടും നാരാണേട്ടൻ അടുത്തുവന്നുചോദിച്ചു..
നീ മുസ്ലീമല്ലേ..??നിനക്കെന്താ ഇവിടെകാര്യം..??
ചുറ്റിനും നിന്നവർ ഷിജാറിനെ നോക്കി,
ജോണിന്റെ മുഖം ദുരംഗിയചിന്തകളാൽ വിവർണ്ണമായി..
കാഴ്ചക്കാരുടെ ദീമന്ദശാലങ്ങളേറ്റ്‌ ഷിജാറും ഒന്നുപതറി..
എന്നാലും അതിനെ വകവെക്കാതെ ഷിജാർ പറഞ്ഞു..
അള്ളാ,പടച്ചോനേ.. എന്താണീ ശെയ്‌ത്താൻ തോള്ളതൊറന്ന് പറേണത്‌..
ഞമ്മൾ അശൽ നംബൂരിച്ചനാടോ..
അതുകേട്ടതും നാരായണേട്ടന്റെ കിളി കൂടുവിട്ടുപോയി.
ഷിജാർ തുടർന്നു
ഇന്നാ..
പിടിച്ചോളീ..
" ശുക്ലാം ഭരതരം വിഷ്ണും..
ശശിവർണ്ണം ചതുർഭുജം..
പ്രസന്നവദനം ധ്യായേത്‌..
സർവ്വ"...
ശ്ലോകം മേഷിതമാക്കാതെ അവൻ പറഞ്ഞു..
ഇപ്പ മനശിലായാ..ഹമുക്കേ ഞമ്മൾ കറകളഞ്ഞ നംബൂരിശ്ശനാണന്ന്..
സൂപ്പർമാനിന്റെ വേഗതയിലായിരുന്നു ജോണിന്റെ നീക്കം അല്ലായിരുന്നെങ്കിൽ..
ഷിജാറിന്റെ മയ്യത്തവിടെതന്നെ കുഴിച്ചുമൂടി,നാട്ടുകാർ ബലിയിട്ടേനേ..

BY Ramji 

നോക്കുകുത്തിയും ഗന്ധര്‍വ്വനും. ( കഥ )

Image may contain: 1 person, closeup
രാത്രികള്‍ക്ക് പല ഭാവങ്ങളാണ്.
ചിലപ്പോള്‍ വളരെ ലാഘവത്വം തോന്നും. സമൃദ്ധമായ കാര്‍കൂന്തല്‍ വിടര്‍ത്തിയിട്ട് അലസമായി മയങ്ങുന്ന ഒരു പെണ്ണുടലുപോലെ മനോഹരിയായി ചന്ദനക്കസവണിഞ്ഞു കിടക്കും. കവികള്‍ സുന്ദരികളായ കവിതകളെ പ്രസവിക്കുന്നതും പുരുഷന്‍മാര്‍ക്ക് കാമമുണരുന്നതും അത്തരം രാത്രികളിലാണ്. ഇണയെ തേടുന്ന രാത്രികള്‍ !!
ചില രാത്രികള്‍ ഇരുണ്ടു ഘനീഭവിച്ചു കിടക്കും. അത്തരം രാത്രികളുടെ വിജനതയില്‍ ആരെങ്കിലും ഒറ്റപ്പെട്ടുപോയാൽ എപ്പോള്‍ വേണമെങ്കിലും നിലവിളിച്ചുകൊണ്ട് അഴലു പറിച്ചോടാന്‍ പാകത്തിന് ചിലത് രാത്രി അതിന്‍റെ ഇരുണ്ട അടരുകളില്‍ കൂര്‍ത്ത പല്ലുകളായും ചോരക്കറ പുരണ്ട ഉണ്ടക്കണ്ണുകളായും ഒളിപ്പിച്ചുവെക്കും.
പക്ഷേ ചന്ദ്രന്‍ അതിന്‍റെ പകുതി പ്രഭ മാത്രം പകുത്തുതന്ന ഒരു രാത്രി നരയന്‍കളളി പാടത്തിന്‍റെ പളളവാരത്തുകൂടി അവളെയും തോളത്തെടുത്ത് വെളളരിക്കണ്ടത്തിലേക്ക് നടക്കുകയായിരുന്നു ഞാന്‍. ഇനി ഇവളാണ് കണ്ണേറുകളില്‍ നിന്നും എന്‍റെ വെളളരിപ്പടര്‍പ്പുകളെ കാക്കേണ്ടത്. മങ്ങിയ ചിരി പോലെ നിലാവ് ഇലച്ചാര്‍ത്തുകളില്‍ തട്ടി പളളവാരത്ത് ചിതറിക്കിടക്കുന്നു.
തൊട്ടു മുന്‍പില്‍ നിന്ന് എന്തോ ഒന്ന് പെട്ടെന്ന് കാട്ടുപൊന്തയുടെ വന്യമായ ഇരുട്ടിലേക്കു ചാടി മറഞ്ഞു.
കാലിന്‍റെപെരുവിരലില്‍നിന്ന് ഒരു തരിപ്പ് മിന്നല്‍ പോലെ തലയിലേക്കിരച്ചെത്തി വിറപ്പിച്ചു കളഞ്ഞു. ഭയം എത്ര പെട്ടെന്നാണ് ഉളളില്‍ വന്നു നിറഞ്ഞ് ഒരു വലിയ മരത്തോളം വളര്‍ന്ന് നമ്മെ പേടിപ്പെടുത്തുന്നത്. ഓര്‍ക്കാപ്പുറത്തുണ്ടാകുന്ന ഇത്തരം ശബ്ദങ്ങള്‍ നമ്മില്‍ ഭയം നിറയ്ക്കുന്നതെങ്ങനെയാണ്. ?
പേടിച്ചുപോയോ ?
ഒരു പെണ്‍ശബ്ദം. രാത്രിയുടെ വിജനമായ ഈ പളളവാരത്ത് ആരാണത് ?
എന്നെ താഴെ നിര്‍ത്തൂ...
വീണ്ടും അതേ ശബ്ദം !
നോക്കുകുത്തി സംസാരിക്കുന്നതുപോലെ.
ഞാനവളെ താഴെ നിര്‍ത്തി.
തറയില്‍ സ്പര്‍ശിച്ചതും പെട്ടെന്ന് അവള്‍ ഒരു യുവതിയായി മാറി !!
ഒരു നടുക്കത്തോടെ ഞാന്‍ ഒരു ചുവട്ടടി പുറകിലേക്ക് അറിയാതെ തെന്നിമാറി.
അവള്‍ പൊട്ടിച്ചിരിച്ചു. കുപ്പിവളകള്‍ കിലുങ്ങുന്നതുപോലെ...
അത്ഭുതവും അമ്പരപ്പും ഭയവും ഒരേ സമയം എന്നില്‍ ഒരു തിരമാല പോലെ ഉയര്‍ന്നു പൊങ്ങി.
വൈക്കോലും മരക്കമ്പുകളും ചേര്‍ത്ത് ഞാനുണ്ടാക്കിയ നോക്കുകുത്തി...
ദാ സുന്ദരിയായ ഒരു യുവതിയായി ദാ മുന്നില്‍ നില്‍ക്കുന്നു. എന്തൊരത്ഭുതമാണിത് !!
വിശ്വസിക്കാന്‍ കഴിയുന്നില്ല. ഇങ്ങനെ ഒന്ന് ആരെങ്കിലും പറഞ്ഞിരുന്നെങ്കില്‍ ഞാനൊരിക്കലും വിശ്വസിക്കുമായിരുന്നില്ല. ഇതാ എന്‍റെ കണ്‍മുന്‍പില്‍ ആരും വിശ്വസിക്കാത്ത ഒരത്ഭുതം നടന്നിരിക്കുന്നു. കേവലം ഒരു നോക്കുകുത്തിക്ക് ഇത്രയും സുന്ദരിയായ ഒരു പെണ്ണാകാന്‍ കഴിയുമോ ? ഞാനത്ഭുതപ്പെട്ടു.
സുധയുടെ ചുവന്ന ബ്ലൗസിലും നരച്ച പിങ്ക് കളര്‍ സാരിയിലും അവള്‍ കൂടുതല്‍ സുന്ദരിയായതുപോലെ.
ഭയം വിട്ടുമാറിയിട്ടില്ലാത്ത എന്‍റെ ഒച്ച ഇടറിയിരുന്നു.
നിലാവിലും നിഴലിലും ചവിട്ടി അവള്‍ അങ്ങനെ നില്‍ക്കുന്നു.
ഭയത്തിന്‍റേയും ധൈര്യത്തിന്‍റേയും അതിര്‍വരമ്പില്‍ ബാലന്‍സ് തെറ്റാതെ ഞാന്‍..
അതെ.
വീണ്ടും അവളുടെ ശബ്ദം.
നീ സംസാരിക്കുമോ ?
അവള്‍ മുഖമുയര്‍ത്തി എന്‍റെ കണ്ണുകളിലേക്കു നോക്കി.
ഞാന്‍ മാത്രമല്ല, ഈ മരങ്ങളും ചെടികളും മണ്ണും കല്ലും പാറയും രാത്രിയും പകലും എല്ലാം സംസാരിച്ചിരുന്നു. നിങ്ങള്‍ മനുഷ്യരുടെ സംസാരവും പ്രവൃത്തിയും എന്നു ഞങ്ങള്‍ക്ക് അപരിചിതമായി തോന്നിത്തുടങ്ങിയോ അന്നു ഞങ്ങള്‍ സംസാരം നിര്‍ത്തിയതാണ്. ദാ , കണ്ടില്ലേ നൂറ്റാണ്ടുകളുടെ മൗനം ഘനീഭവിച്ചു കിടക്കുന്നത് !!
ചുറ്റും തല താഴ്ത്തി ഇരുളില്‍ മറഞ്ഞു നിന്ന മരങ്ങളും ചെടികളും വളളിപ്പടര്‍പ്പുകളും അവളെ ശരിവെച്ചുകൊണ്ട് മൗനമായി നിന്നു. രാത്രി സന്ധ്യയോടും പ്രഭാതത്തോടും പകലിനോടും മിണ്ടാതെ നിന്നു. മണ്ണ് അനങ്ങാതെ കിടന്നു. ശബ്ദങ്ങളുടെ ഇടയില്‍ നിശബ്ദത എങ്ങനെ ഉണ്ടായെന്ന് ഞാന്‍ തിരിച്ചറിഞ്ഞു.
അവളുടെ സംസാരത്തിലെ തണുപ്പ് എന്നിലെ ഭയത്തെ അലിയിച്ചു കളഞ്ഞു.
അവള്‍ നടന്നു തുടങ്ങി.
നീ എങ്ങോട്ടാണ് നടക്കുന്നത് ?
അവള്‍ നിന്നു.
നിന്‍റെ വെളളരിക്കു കാവലു വേണ്ടേ ? കണ്ണു തട്ടാതെ അവയെ സംരക്ഷിക്കേണ്ടേ ? കാലങ്ങളായി ഞങ്ങള്‍ ചെയ്യുന്നതല്ലേ അത്?.
പക്ഷേ നീ.. നീ സുന്ദരിയായ ഒരു സ്ത്രീയല്ലേ. ഞങ്ങള്‍ കണ്ണു തട്ടാതിരിക്കാന്‍ കോലങ്ങളാണ് വെക്കുന്നത്.
അവള്‍ കുപ്പിവള കിലുങ്ങുന്നതുപോലെ ചിരിച്ചു.
അപ്പോഴാണ് അവളുടെ ചുവന്ന കല്ലുളള മൂക്കുത്തി ഞാന്‍ കണ്ടത് !
അതും ചിരിക്കുന്നുണ്ടായിരുന്നു.
നല്ല തിളക്കമുളള ചുവന്ന ചിരി !!
പെട്ടെന്ന് അവള്‍ ചിരി നിര്‍ത്തി.
ഞങ്ങള്‍ നോക്കുകുത്തികള്‍ ; വെയിലും മഴയും കാറ്റുമേറ്റ് കാലങ്ങളോളം അങ്ങനെ നിന്നാല്‍ മതിയോ ? ഞങ്ങള്‍ക്കുമുണ്ട് കൊച്ചുകൊച്ച് ആഗ്രഹങ്ങള്‍..
രാത്രിയാകുമ്പോള്‍ ഞങ്ങള്‍ സുന്ദരികളായ സ്ത്രീകളായി മാറും . ഞങ്ങളുടെ സൗന്ദര്യത്തില്‍ മയങ്ങി സ്വര്‍ഗ്ഗത്തില്‍നിന്നും ഗന്ധര്‍വ്വന്‍മാര്‍ ഇറങ്ങിവരും. പിന്നെ പുലരുവോളം ഗന്ധര്‍വ്വന്‍മാരുമൊത്ത് ഞങ്ങള്‍ ആടുകയും പാടുകയും ചെയ്യും .
അപ്പോള്‍ അവളുടെ മാറിടം കൂടുതല്‍ കനം വെച്ചതുപോലെ എനിക്കു തോന്നി.
ഞങ്ങള്‍ നടത്തം തുടര്‍ന്നു.
നിലാവിന്‍റെ നേര്‍ത്ത കമ്പളം പുതച്ചുറങ്ങുന്ന താമരച്ചാല്‍ എരിഞ്ഞിക്കാടുകളുടെ ഇടയിലൂടെ അവ്യക്തമായി കാണാം. കൊയ്തൊഴിഞ്ഞ പാടം മഞ്ഞുമൂടിക്കിടക്കുന്നു.
പെട്ടന്നാണ് ഒരു സംശയം എന്നിലുടലെടുത്തത്.
നീ കുറച്ചു മുമ്പല്ലേ നോക്കുകുത്തിയായത്. പിന്നെങ്ങനെ നിനക്ക് നോക്കുകുത്തികളുടെ ചരിത്രം അറിയാം ?
വീണ്ടും അവള്‍ ചിരിച്ചു .അതേ ചിരി. കുപ്പിവളകള്‍ കിലുങ്ങുന്നതുപോലെ. അതുകണ്ട് അവളുടെ ചുവന്ന കല്ലുളള മൂക്കുത്തിയും ചിരിച്ചു നല്ല തിളക്കമുളള ചുവന്ന ചിരി. പക്ഷേ ഇപ്രാവശ്യം മൂക്കുത്തിയുടെ ചിരിയില്‍ എനിക്കെന്തോ അപാകത തോന്നി. എന്നെ കളിയാക്കിയതുപോലെ.
എനിക്കെല്ലാം അറിയാം. ഭൂതവും ഭാവിയും വര്‍ത്തമാനവും എല്ലാം.
അവള്‍ തെല്ലിട നിര്‍ത്തി. ഞാന്‍ അവളുടെ മുഖത്തേക്കു നോക്കി. എനിക്കുതന്നെ നിര്‍വ്വചിക്കാനാവാത്ത ഒരു ഭാവമായിരുന്നു എന്‍റെ മുഖത്തപ്പോള്‍ ഉണ്ടായിരുന്നത്.
ഒരുക്കിയെടുത്ത പാടത്ത് നീ വിത്തെറിഞ്ഞു ഞാനവിടെ മുള പൊട്ടിയ സമയത്തിനും ഒരുപാടു കാലങ്ങള്‍ക്കു മുന്നേയുളള എന്നെ , ഞാന്‍ വന്ന വഴികളെ എനിക്കറിയാം. നിന്‍റെ പാടത്ത് ഞാന്‍ പൂത്തതും കതിരിട്ടതും. സ്വര്‍ണ്ണനിറമുളള നെന്മണികളുടെ പ്രൗഡിയില്‍ ഞാന്‍ കാറ്റത്തുല്ലസിച്ചാടിയതും അവസാനം നീ എന്നെ കൊയ്തെടുത്ത് എന്‍റെ നെന്മണികളെ സ്വന്തമാക്കിയതും എന്നെ ഒരു നോക്കുകുത്തിയാക്കിയതും എല്ലാം.
അവളുടെ സംസാരത്തില്‍ എന്തെങ്കിലും കുറ്റപ്പെടുത്തലോ നിരാശയോ ഉണ്ടോ..
ഞാന്‍ തെല്ലൊന്ന് അസ്വസ്ഥനായി.
പക്ഷേ ഞങ്ങള്‍ കര്‍മ്മത്തില്‍ വിശ്വസിക്കുന്നു. കര്‍മ്മംചെയ്യുന്നതില്‍ സന്തോഷിക്കുന്നു. ചെളിയില്‍നിന്നും വെളളവും വളവും വേര്‍തിരിച്ചു വലിച്ചെടുത്ത് നെന്മണികളാക്കി അവയിലൂടെ എന്‍റെ അനേകം തലമുറകളെ സൃഷ്ടിച്ച എന്‍റെ ഇപ്പോഴത്തെ നിയോഗം ഒരു നോക്കുകുത്തിയുടേതാണ്. ഒരു നോക്കുകുത്തി എന്തായിരിക്കണം എങ്ങനെയായിരിക്കണം എന്നെല്ലാം ഉരുവാകുന്ന വേളയില്‍ത്തന്നെ ഞാനറിഞ്ഞിരിക്കും.
ശബ്ദങ്ങളുടെ ഇടയില്‍ കടന്നു വരാറുളള നിശബ്ദത ഞങ്ങളുടെ ഇടയില്‍ തെല്ലിട തങ്ങിനിന്നു. പടിഞ്ഞാറു നിന്നും വന്ന തണുത്ത ഒരു കാറ്റ് അതിനെ എരിഞ്ഞിക്കാടുകള്‍ക്കിടയിലൂടെ, താമരച്ചാലിനുമുകളിലൂടെ ശൂന്യാകാശത്തേക്കു കൊണ്ടുപോയി. അവിടെയാണ് നിശബ്ദതയുടെ യഥാര്‍ത്ഥ ലോകം. അവിടെ നിന്നാണ് നിശബ്ദത ചെറിയ കഷണങ്ങളായും വലിയ കഷണങ്ങളായും നമ്മുടെ ഇടയിലേക്കു വീഴുന്നത്. പണ്ട് ഘോരവനങ്ങളില്‍ തപസു ചെയ്തിരുന്ന സന്യാസിമാരുടെ ഉളളിലായിരുന്നു നിശബ്ദത കാലങ്ങളോളം കുടിയിരുന്നത്. വലിയ വലിയ ചിന്തകന്‍മാരും ബുദ്ധിജീവികളും ആണ് നിശബ്ദതയുടെ കൂട്ടുകാര്‍. നിശബ്ദത കൂട്ടിനുളളതുകൊണ്ടാണ് അവര്‍ക്കു ബോറടിക്കാത്തത്.
എനിക്കു മാത്രമല്ല , മരങ്ങള്‍ക്കും ചെടികള്‍ക്കും പകലിനും രാത്രിയ്ക്കും പ്രഭാതത്തിനും സന്ധ്യയ്ക്കും മണ്ണിനും പാറയ്ക്കും മേഘങ്ങള്‍ക്കും കാറ്റിനും എല്ലാം എല്ലാക്കാര്യങ്ങളും അറിയാം. ഭൂതവും ഭാവിയും വര്‍ത്തമാനവും എല്ലാം.മനുഷ്യരുള്‍പ്പെടെ എല്ലാവരും പരസ്പരം എല്ലാം പറഞ്ഞിരുന്നു. പക്ഷേ പിന്നീട് നിങ്ങള്‍ മനുഷ്യര്‍ ഞങ്ങളില്‍നിന്നെല്ലാം വേറിട്ട് ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ആഹാരത്തിനുവേണ്ടിയല്ലാതെ സഹജീവികളെ കൊല്ലാനും തുടങ്ങിയതോടെയാണ് ഞങ്ങളെല്ലാവരും മിണ്ടാതെയായത്. നിങ്ങള്‍ ഞങ്ങളെ , പ്രകൃതിയെ ദ്രോഹിക്കാന്‍ തുടങ്ങിയതോടെ ഞങ്ങള്‍ പൂര്‍ണ്ണമായും നിങ്ങളില്‍ നിന്നകന്നു.
അവള്‍ പറഞ്ഞു നിര്‍ത്തി. എനിക്കൊന്നും പറയാനുണ്ടായിരുന്നില്ല.
നിശബ്ദതയുടെ ഒരു ചെറിയ കഷണം. പിന്നെയും ഞങ്ങളുടെ ഇടയില്‍ വീണു. പക്ഷേ ഇത്തവണ അതിനെ ഞാന്‍തന്നെ ഉടച്ചു കളഞ്ഞു. അവളെ സന്തോഷിപ്പിക്കുന്ന ഒരു ഭംഗിവാക്കുകൊണ്ട് !
ഈ ചുവന്ന ബ്ലൗസിലും പിങ്ക് സാരിയിലും നീ സുന്ദരിരായിരിക്കുന്നു. ഒരു ചുവന്ന വലിയ പൊട്ടുകൂടി ഉണ്ടായിരുന്നെങ്കില്‍ നിന്‍റെ സൗന്ദര്യത്തിന് ഇനിയും മാറ്റു കൂടിയേനേ..
അതു കേട്ട് അവള്‍ ചിരിച്ചു . കുപ്പിവളകള്‍ കിലുങ്ങുന്നതുപോലുളള ചിരി. പക്ഷേ മൂക്കുത്തി മാത്രം ചിരിച്ചില്ല.
ആ ചുവന്ന തിളങ്ങുന്ന ചിരി അവിടെ ഉണ്ടായില്ല.
മൂക്കുത്തി പിണങ്ങിയിരിക്കുന്നു.
ഞാന്‍ മൂക്കുത്തിയേയും സന്തോഷിപ്പിച്ചു.
മൂക്കുത്തി ചിരിച്ചു. ചുവന്ന തിളങ്ങുന്ന ചിരി.
ഈ സാരിയും ബ്ലൗസും സുധയുടേതല്ലേ.
അതേ.
നീ ഈ സാരിയോടും ബ്ലൗസിനോടും ചോദിച്ചു നോക്കൂ..അവര്‍ക്കും ഉണ്ട് ഞാന്‍ പറഞ്ഞതുപോലെയുളള കഥകള്‍.ഇന്നലെവരെ നിന്‍റെ ഭാര്യയെ അലങ്കരിച്ചിരുന്ന ഇവര്‍ ഇന്ന് എന്നെ സുന്ദരിയാക്കാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നു. നാളെ വെയിലും മഴയും കാറ്റുമേറ്റ് നശിച്ചുപോകുമെന്ന് അവയ്ക്കറിയാം.
ഞാന്‍ നിശബ്ദതയുടെ ഒരു കഷണം വിഴുങ്ങി മിണ്ടാതെ നടന്നു. എനിക്കൊന്നും പറയാനില്ലായിരുന്നു.
അവയും കര്‍മ്മത്തില്‍ വിശ്വസിക്കുന്നു. കര്‍മ്മം ചെയ്യുന്നതില്‍ വിശ്വസിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നവരാണ് ഞങ്ങള്‍.
അവള്‍ എന്നെ നോക്കി പുഞ്ചിരിച്ചു.
ഞാനും അവളുടെ ചിരിയോടു പങ്കു ചേര്‍ന്നു.
ഒട്ടല്‍ക്കാടുകള്‍ക്കിടയിലൂടെ ഞാന്‍പാടത്തേക്കു നോക്കി. സുന്ദരിമാരായിത്തീര്‍ന്ന നോക്കുകുത്തികളും ഗന്ധര്‍വ്വന്‍മാരും അവിടെ പാട്ടുപാടുകയും നൃത്തം ചെയ്യുകയും ചെയ്യുന്നുണ്ടോ എന്നറിയാനായിരുന്നു അത്.
പെട്ടെന്ന് ഒരു കുസൃതി തോന്നി.
നിന്നെത്തേടി ഇനി എപ്പോഴാണ് ഗന്ധര്‍വ്വന്‍മാര്‍ വരുന്നത് ?
അവള്‍ എന്നെനോക്കി വശ്യമായി ഒന്നു പുഞ്ചിരിച്ചു.
അവളുടെ ആ ചിരി കൊതിപ്പിക്കുന്നതായിരുന്നു.
അപ്പോള്‍ അവളുടെ മൂക്കുത്തിയും ചിരിച്ചു . പക്ഷേ അത് ഒരു കളളച്ചിരിയായിരുന്നു.
അതുവരെ അവിടെ ഇല്ലാതിരുന്ന ഒരു ഗന്ധം അവളില്‍നിന്നു പരക്കുന്നതുപോലെ എനിക്കു തോന്നി. മദിപ്പിക്കുന്ന ഒരുതരം സുഗന്ധം.
ഏതൊരു പുരുഷനേയും ചഞ്ചലചിത്തനാക്കുന്ന ഗന്ധം. ഇത്രയും നേരം ഈ ഗന്ധം എന്തുകൊണ്ടാണ് തിരിച്ചറിയാതിരുന്നതെന്ന് ഞാനോര്‍ത്തു. അതോ, ഇപ്പോള്‍ ഈ നിമിഷം മുതലാണോ അവളില്‍നിന്നും ഈ മദിപ്പിക്കുന്ന ഗന്ധം പരക്കാന്‍ തുടങ്ങിയത്. ഈ ഗന്ധമാണോ ഗന്ധര്‍വ്വന്‍മാരെ ഇവളിലേക്കാകര്‍ഷിക്കുന്നത്.
ആദ്യം കാണുന്നതുപോലെ ഞാനവളെ നോക്കി.ഇത്രയും നേരം ഞാന്‍ കണ്ടതല്ല ഇവളുടെ യഥാര്‍ത്ഥ സൗന്ദര്യമെന്നും ഇപ്പോഴത്തെ എന്‍റെ കാഴ്ചയിലാണ് അവള്‍ കൂടുതല്‍ സുന്ദരിയായിരിക്കുന്നതെന്നും എനിക്കു തോന്നി. അവളുടെ മുഴുവന്‍ സൗന്ദര്യവും കണ്ണുകളിലേക്കാവാഹിക്കാന്‍ ആത്രയും കുറഞ്ഞ നിലാവെളിച്ചം തന്നെ ധാരാളമായിരുന്നു. അവളുടെ നീണ്ട മുഖവും വശീകരിക്കുന്ന കാന്തശക്തിയുളള കണ്ണുകളും ചുവന്നു തുടുത്ത ചുണ്ടുകളും ഒതുങ്ങിയ നിറഞ്ഞ മിറിടവും പൊക്കിള്‍ച്ചുഴിയും സമൃദ്ധമായ നിതംബവും വിടര്‍ത്തിയിട്ട ചുരുള്‍മുടിയും ആദ്യം കാണുന്നതുപോലെ നോക്കിക്കണ്ടു. ഒരു മാസ്മരിക വലയത്തിലകപ്പെട്ടതുപോലെ ഞാന്‍ അവളോടൊപ്പം നടന്നു. അവളുടെ പുതുസൗന്ദര്യം ആത്രമേല്‍ എന്നെ ഭ്രമിപ്പിച്ചിരുന്നു. കൊതിപ്പിച്ചിരുന്നു.
അന്നേരം ഞങ്ങള്‍ നടക്കുന്നത് നരയന്‍കളളി പാടത്തിന്‍റെ കരയിലുളള പളളവാരത്തു കൂടിയല്ലെന്നും അതിവിശുദ്ധമായ ഏതോ ഭൂമികയിലൂടെയാണെന്നും എനിക്കു തോന്നി.
നീയാണെന്‍റെ ഗന്ധര്‍വ്വന്‍ !!!
നടത്തത്തിനിടയ്ക്ക് ഒരു കൊഞ്ചലോടെ എന്‍റെ കാതിലേക്കു ചുണ്ടമര്‍ത്തി അവള്‍ മന്ത്രിച്ചു !!
അന്നേരം ചെവിയുടെ പുറകില്‍ ഒരിക്കിളി ഉണര്‍ത്തിയ കുളിരില്‍ ഞാന്‍ നനഞ്ഞു.
ഇത് ഏതാണ് സ്ഥലം എന്നറിയിമോ ?
തെല്ലിട നിന്ന് അവള്‍ എന്നോടു ചോദിച്ചു. ഒരു മതിഭ്രമത്തില്‍ പെട്ടുപോയ ഞാന്‍ അപ്പോഴാണ് പരിസരം ശ്രദ്ധിച്ചത്.
ഒരു അമ്പരപ്പോടെ ഞാന്‍ ചുറ്റും നോക്കി. ഏതോ അപരിചിതമായ സ്ഥലത്താണ് ഞാന്‍ നില്‍ക്കുന്നതെന്ന ബോദ്ധ്യം തിരിച്ചറിയാന്‍ രണ്ടു നിമിഷമെടുത്തു.
മരങ്ങളും ചെടികളും വളളികളും പൂവിട്ടു നില്‍ക്കുന്ന മനോഹരമായ ഒരുദ്യാനം. നിറവസന്തം രാത്രിയില്‍ വിരുന്നു വന്നതുപോലെ .....
ഇത് നരയന്‍കളളി പാടത്തിന്‍റെ കരയിലുളള നിലാവു ചിതറിവീണ പളളവാരമല്ല.
ഞാന്‍ നടക്കാറുളള പരിചിതമായ വഴിത്താരകളല്ല.
ഏതോ ഒരു സ്ഥലം... ഏതോ ഒരു കാലം....
ഏതാണീ സ്ഥലം ? ഞാനിതുവരെ ഇവിടെ വന്നിട്ടില്ലല്ലോ.
അവള്‍ ചിരിച്ചു. കുപ്പിവളകള്‍ കിലുങ്ങുന്ന ചിരി..
രാത്രി അങ്ങനെയാണ്. പകല്‍ നമ്മള്‍ കണ്ടിട്ടില്ലാത്ത പലതും രാത്രി നമുക്കു കാണിച്ചു തരും. മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്തതും പോയിട്ടില്ലാത്തതുമായ വഴികളിലൂടെ രാത്രി നമ്മെ കൊണ്ടുപോകും.
പെട്ടെന്നുളള ഒരുള്‍പ്രേരണയില്‍ ഞാന്‍ അവളെ ചേര്‍ത്തു പിടിച്ചുകൊണ്ട് ആ ഉദ്യാനത്തിലിരുന്നു. അവളുടെ മദിപ്പിക്കുന്ന ഗന്ധം എന്‍റെ നാസാദ്വാരങ്ങളിലൂടെ ഹൃദയത്തിലെത്തി , തീയായി എന്‍റെ സിരകളില്‍ ചൂടു പടര്‍ത്തി.
ആകാശത്തുനിന്നും വെളളിമേഘങ്ങളെ പൂട്ടിയ ഒരു രഥം ഞങ്ങള്‍ക്കരികിലേക്കിറങ്ങി വന്നു. ആ രഥത്തിലേറി ഞങ്ങള്‍ അനുഭൂതിയുടെ ഏഴു ലോകങ്ങളും കണ്ടു. അവസാനം നിറയെ താമരകള്‍ മൊട്ടിട്ട ഒരു പൊയ്കയില്‍ തളര്‍ന്നുറങ്ങി...
മയക്കം വിട്ടുണര്‍ന്നപ്പോള്‍ അരികില്‍ അവളില്ല. ഞങ്ങള്‍ ശയിച്ച താമരപ്പൊയ്കയില്ല. പൂങ്കാവനമില്ല. നറു നിലാവില്ല.
എങ്ങും ഇരുട്ടു മാത്രം. ഒരു ഞെട്ടലോടെ ഞാന്‍ ചാടി എഴുന്നേറ്റു. ശരീരത്തിലെവിടെയൊക്കെയോ നീറ്റലെടുക്കുന്നു.
ഇതെവിടെയാണ് ? ഞാനിവിടെ എങ്ങനെ വന്നുപെട്ടു ?
ചുറ്റിനും കാട്ടു വളളികളും മുള്‍പ്പടര്‍പ്പും.
ഇതു കാവാണ് . കുഴിക്കാലക്കാവ്!!
ഇടതൂര്‍ന്നു നില്‍ക്കുന്ന മരങ്ങള്‍ക്കിടയിലൂടെ അരിച്ചിറങ്ങുന്ന നിലാത്തുണ്ടുകളൊഴിച്ചാല്‍ കട്ടപിടിച്ച ഇരുള്‍പ്പൊത്തുകളാണ് കാവിനകം. അതിനു കിഴക്കു വശത്ത് നരയന്‍കളളിപ്പാടം നിലാവിലും മഞ്ഞിലും മൂടിക്കിടക്കുന്നു.
ഈ കാവിനകത്ത് ഞാനെങ്ങനെ എത്തിയെന്ന ഉത്തരം കിട്ടാത്ത ഒരു ചോദ്യം എന്‍റെ ഉളളില്‍ തിളച്ചു.
കാവില്‍ നിന്നും പാടത്തേക്കിറങ്ങാന്‍ തുടങ്ങുമ്പോഴാണ് ഞെട്ടിക്കുന്ന ആ കാഴ്ച കണ്ടത്. കാവിനു കുറച്ചകലെ പാടത്തിന്‍റെ കരയില്‍ ഒരാള്‍ ആരെയോ കൈകള്‍ ബലമായി പുറകിലേക്കു ചേര്‍ത്തുപിടിച്ച് വായ പൊത്തിപ്പിടിച്ചിരിക്കുന്നു. മറ്റൊരാള്‍ അയാളെ ഒരു കത്തികൊണ്ട് തെരുതെരെ കുത്തുന്നു. കുത്തുകൊണ്ടയാള്‍ പുളഞ്ഞുകൊണ്ട് കുതറുന്നു . ഭയം കൊണ്ട് തണുത്തുറഞ്ഞുപോയി . ആലില പോലെ വിറച്ചു പോയ ഞാന്‍ ഒരു മരത്തില്‍ പിടിമുറുക്കി. അടിവയറ്റില്‍ നിന്നും ഉയര്‍ന്നു വന്ന ഒരു നിലവിളി കൈകൊണ്ടു പൊത്തിയമര്‍ത്തി. ആരൊക്കെയാണത് ? കണ്‍മുന്നില്‍ ഒരാളെ ആക്രമിക്കുന്നതുകണ്ട് ഓടിച്ചെന്ന് അയാളെ രക്ഷിക്കാന്‍ കഴിയാതെ ധൈര്യമെല്ലാം ചോര്‍ന്ന് ഒരു ഭീരുവിനെപ്പോലെ നിസ്സഹായനായി കാവിനുളളിലെ ഇരുട്ടിന്‍റെ മറപറ്റി ഞാന്‍ ആ കാഴ്ച കണ്ടു നിന്നു.
കുത്തുകൊണ്ടയാള്‍ കുഴഞ്ഞ് നിലത്തേക്കൂര്‍ന്നു വീണു. മരണം ഉറപ്പാക്കിയ അവര്‍ രക്തം ഇറ്റുവീഴുന്ന കത്തിയും പിടിച്ച് കാവിനുമുന്നിലൂടെ പോകുന്നതുവരെ ഞാന്‍ ഒന്നും ചെയ്യാനാവാതെ അവിടെ പതുങ്ങി നിന്നു.
അവര്‍ പോയെന്നുറപ്പായ ഒരു നിമിഷത്തില്‍ കുത്തേറ്റു ചലനമില്ലാതെ കിടക്കുന്ന ആളിന്‍റെ അടുത്തേക്ക് ഞാനോടിച്ചെന്നു.
ഒന്നേ നോക്കിയുളളൂ..
രാഘവേട്ടന്‍.... സഖാവ് രാഘവേട്ടന്‍..
ദേഹാസകലം കുത്തേറ്റ് രക്തത്തില്‍ കുളിച്ചു മരിച്ചു കിടക്കുന്നു....
ഒരു ആര്‍ത്തനാദം എന്നില്‍നിന്നുയര്‍ന്നു.
ഭയത്തിന്‍റേയും സങ്കടത്തിന്‍റേയും കൊടുമുടിയില്‍ ഞാനുച്ചത്തില്‍ നിലവിളിച്ചു...
എന്‍റെ നിലവിളി കേട്ടു ഉറക്കത്തില്‍നിന്നും ചാടിയെഴുന്നേറ്റ് സുധ ലൈറ്റിട്ടു.
ഞാന്‍ ആകെ വിയര്‍ത്തിരുന്നു. പേടിച്ചരണ്ട കണ്ണുകളോടെ ചുറ്റും നോക്കി.
എന്താ രഘുവേട്ടാ.. എന്തുപറ്റി?
അവള്‍ ആകെ പരിഭ്രമിച്ചു.
ഏയ് ഒന്നുമില്ല....ഒന്നുമില്ല....
ഞാന്‍ കിതച്ചുകൊണ്ട് പരിസരബോധം വീണ്ടെടുത്തു.
വല്ല സ്വപ്നവും കണ്ടു പേടിച്ചോ... അവള്‍ എന്‍റെ മുടിയിഴകളില്‍ തലോടി. ഞാന്‍ അനങ്ങാതെ ശൂന്യമായ മിഴികളോടെ ഇരുന്നു. ജഗ്ഗിലിരുന്ന വെളളം എടുത്തു തന്നത് ഞാന്‍ മുഴുവന്‍ കുടിച്ചു. സുധ എന്‍റെ മുഖത്തേക്കു നോക്കി സങ്കടപ്പെട്ടിരുന്നു. എന്‍റെ കവിളിലൂടെയും നെഞ്ചിലൂടെയും ഒലിച്ചിറങ്ങിയ വെളളം അവള്‍ തുടച്ചു.
സാരമില്ല.
അവള്‍ കയ്യെത്തി ലൈറ്റണച്ച് എന്നെ ചുറ്റിപ്പിടിച്ചു കിടന്നു. ചുറ്റിനും അന്ധകാരം. ഞാന്‍ കണ്ണുകള്‍ തുറിച്ച് ഉറക്കം വരാതെ മച്ചിലേക്കു നോക്കിക്കിടന്നു.
വല്ലാത്ത ഒരു കാഴ്ചയായിരുന്നു അത്.
രാഘവേട്ടന്‍....
രാഘവേട്ടന്‍റെ മുഖം മനസിലേക്കു തെളിഞ്ഞു വന്നു. പഴയകാവില്‍ ആല്‍ത്തറയ്ക്കു സമീപം നിന്ന് ആവേശത്തോടെ പ്രസംഗിക്കുന്ന രാഘവേട്ടന്‍ ...
ഉറക്കെ മുദ്രാവാക്യം വിളിച്ചു ജാഥ നയിക്കുന്ന രാഘവേട്ടന്‍ ...
എപ്പോഴോ നെഞ്ചിലെ ഭാരമൊഴിഞ്ഞ് അറിയാതെ ഉറങ്ങിപ്പോയി.
രാവിലെ സുധയുടെ വിളികേട്ടാണ് ഉണര്‍ന്നത്.
രഘുവേട്ടാ ഗോകുല്‍ വിളിക്കുന്നു. എഴുന്നേല്‍ക്ക്.
കൈലി വാരിയുടുത്തു ചെന്നു നോക്കുമ്പോള്‍ അവന്‍ മുറ്റത്തിന്‍റെ അതിരില്‍ നില്‍ക്കുന്നു.
രഘുവേട്ടാ, കഴിഞ്ഞ രാത്രി നമ്മുടെ രാഘവേട്ടനെ ആരോ കുത്തിക്കൊന്നു. കുഴിക്കാല കാവിന്‍റെ അടുത്തുവെച്ച്...
ഒരു വെളളിടി ഉച്ചിയില്‍ നേരിട്ടു പതിച്ചതുപോലെ ഞാന്‍ തളര്‍ന്ന് നിലത്തേക്കിരുന്നു. എന്‍റെ മനസില്‍ കഴിഞ്ഞ രാത്രി കണ്ട സ്വപ്നം തെളിഞ്ഞു വന്നു.
നെഞ്ചിനുളളില്‍ ഒരു ഭാരം വലിഞ്ഞു മുറുകുന്നതുപോലെ...
ഗോകുലിന്‍റെ ബൈക്കിനു പുറകിലിരുന്ന് അങ്ങോട്ടേക്കു പോകുമ്പോഴും മനസ് പ്രക്ഷുബ്ദമായിരുന്നു. ആ സ്വപ്നവും രാഘവേട്ടന്‍റെ രക്തത്തില്‍ കുളിച്ചുളള കിടപ്പും...
എന്‍റെ ഭാവമാറ്റം കണ്ടതുകൊണ്ടാവണം അങ്ങെത്തുന്നതുവരെ അവന്‍ ഒന്നും മിണ്ടിയില്ല.
സ്വപ്നത്തെക്കുറിച്ച് എനിക്കും ഒന്നും പറയാന്‍ തോന്നിയില്ല. അവന്‍ എന്നെക്കുറിച്ച് തെറ്റായിട്ട് എന്തെങ്കിലും ചിന്തിച്ചാലോ...
ഒരുപാടാളുകള്‍ കാവിനടുത്തും പരിസരത്തും തടിച്ചുകൂടിയിട്ടുണ്ട്. പാര്‍ട്ടിയുടെ ലോക്കല്‍ നേതാക്കള്‍ ആരൊക്കെയോ എത്തിയിട്ടുണ്ട്. ആരൊക്കെയോ നോക്കുകയും അടുത്തേക്കു വരികയും ചെയ്യുന്നുണ്ട്. ആരെയും ശ്രദ്ധിക്കാന്‍ തോന്നിയില്ല. നേരേ രാഘവേട്ടന്‍ കിടക്കുന്നിടത്തേക്കു നടന്നു. രാഘവേട്ടന്‍റെ കിടപ്പുകണ്ട് ഞെട്ടിപ്പോയി. സ്വപ്നത്തില്‍ കണ്ടതുപോലെ തന്നെ. തല ഇടത്തോട്ടു ചരിച്ച് , കണ്ണു രണ്ടും തളളി വലതുകാല്‍ കുറച്ചു മടക്കി തുടയില്‍ നിന്ന് കൈലികുറച്ചു തെന്നിമാറി...
ഇത് കഴിഞ്ഞ രാത്രി കണ്ട സ്വപ്നം തന്നെയാണോ അതോ ശരിക്കും രാഘവേട്ടന്‍ കൊല്ലപ്പെട്ടോ എന്നുറപ്പിക്കാനാവാതെ ഞാന്‍ മനസു കലങ്ങി നിന്നു. ഇതു വെറും സ്വപ്നം തന്നെയാകണേ എന്നു മനസുരുകി.
അന്തരീക്ഷത്തിലെവിടെയോ രാഘവേട്ടന്‍റെ ഉശിരുളള മുദ്രാവാക്യം മുഴങ്ങുന്നതുപോലെ.
പതിയെ രണ്ടു മുഖങ്ങള്‍ മനസിലേക്കു തെളിഞ്ഞു വന്നു. രാഘവേട്ടന്‍റെ കൊലയാളികളുടെ. ആരാണവര്‍ ? എന്തിനാണവര്‍ രാഘവേട്ടനെ കൊലപ്പെടുത്തിയത് ? ഇന്നലെ കണ്ട സ്വപ്നം .ആരോടാണ് ഇതൊന്നു പറയുന്നത്? പറഞ്ഞാല്‍ത്തന്നെ ആരെങ്കിലും വിശ്വസിക്കുമോ ?
ആകെ കുഴഞ്ഞു മറിഞ്ഞ് ഒരായിരം ചോദ്യങ്ങള്‍ മനസില്‍ ഉത്തരമില്ലാതെ സത്യമോ മിഥ്യയോ എന്നു തിരിച്ചറിയാനാവാതെ മനസിടറി ഞാന്‍ നിന്നു. ആളുകള്‍ എന്തൊക്കെയോ അടക്കം പറയുന്നുണ്ട്.
ഗോകുലെവിടെ ? ഇതിനിടയ്ക്ക് അവനെവിടെ പോയി ?..
പെട്ടെന്ന് അവിടെ കൂടിനിന്ന ജനമൊന്നിളകി. പോലീസെത്തിയിരിക്കുന്നു.
പോലീസ് എല്ലാവരേയും ബോഡിയുടെ അടുത്തുനിന്നും അകറ്റി നിര്‍ത്തി. ബോഡിയും പരിസരവും സസൂക്ഷ്മം നിരീക്ഷിച്ചു. ബോഡി ആദ്യം കണ്ടതാരാണെന്നും മറ്റും അവിടെ കൂടി നിന്നവരോട് അന്വേഷിക്കാന്‍ തുടങ്ങി. കൊല്ലപ്പെട്ടത് പാര്‍ട്ടിയുടെ ലോക്കല്‍ നേതാവാണ്.
രാഘവേട്ടന്‍ ...
മനസില്‍ സങ്കടം തികട്ടി വന്നു.
കഴിഞ്ഞ രാത്രി സ്വപ്നത്തില്‍ കണ്ട കാര്യം വിളിച്ചു പറയണമെന്നു തോന്നി.
കൊലയാളികള്‍ രണ്ടു പേരുണ്ടെന്നു വിളിച്ചു പറയണമെന്നു തോന്നി. അവരെ ഇനിയും കണ്ടാല്‍ തിരിച്ചറിയാമെന്നു പറയണമെന്നു തോന്നി.
കൊലയാളികളെ തൂക്കിലേറ്റണമെന്നു പറയാന്‍ തോന്നി.
ഉറക്കെയുറക്കെ ഈങ്ക്വിലാബ് സിന്ദാബാദ് എന്നു മുദ്രാവാക്യം വിളിക്കണമെന്നു തോന്നി.
അപ്പോഴാണ് ആളുകളോടു സംസാരിച്ചുകൊണ്ടു നില്‍ക്കുന്ന എസ് എെ യുടെ പുറകില്‍ നില്‍ക്കുന്ന രണ്ടു പോലീസുകാരെ ഞാന്‍ ശ്രദ്ധിച്ചത്.
അവര്‍ രണ്ടു പേരും നോക്കുന്നത് എന്നെത്തന്നെയല്ലേ..
പെട്ടെന്ന് എന്‍റെ ഉളളിലേക്ക് ഒരു കൊളളിയാന്‍ പാഞ്ഞിറങ്ങി.
ഇത് അവരല്ലേ... സ്വപ്നത്തില്‍ കണ്ട രണ്ടുപേര്‍..
രാഘവേട്ടനെ കൊലപ്പെടുത്തിയവര്‍..
ഇവരല്ലേ എന്‍റെ മുന്നിലൂടെ നടന്നുപോയത് ...
അന്നേരം ഇവരുടെ കയ്യില്‍ കത്തിയുണ്ടായിരുന്നു. രാഘവേട്ടന്‍റെ രക്തം പുരണ്ട കത്തി.
മിന്നല്‍പോലെ മറ്റൊരു ചിന്ത എന്നിലേക്കു പാഞ്ഞിറങ്ങി.
ഇന്നലെ രാത്രി ഇവരെന്നെ കണ്ടു കാണുമോ ?
അല്ലെങ്കില്‍ പിന്നെ ഇവരെന്തിനാണ് എന്നെ സൂക്ഷിച്ചു നോക്കുന്നത് ?
എങ്കില്‍ ഇവര്‍ എന്നെയും കൊല്ലുകതന്നെ ചെയ്യും. രാഘവേട്ടനെ കൊന്നതുപോലെ .. കത്തികൊണ്ട് ആഞ്ഞാഞ്ഞു കുത്തി...
ഒരു നടുക്കത്തോടെ പിന്നിലേക്കു മാറി. അവര്‍ പിന്നെയും എന്നെത്തന്നെ നോക്കുകയാണ് . ചുവന്നു കലങ്ങിയ ഉണ്ടക്കണ്ണുകള്‍ എന്നില്‍ ഭയത്തിന്‍റെ വേലിയേറ്റം സൃഷ്ടിച്ചു. തണുത്ത ആ പ്രഭാതത്തിലും ഞാന്‍ വെട്ടി വിയര്‍ത്തു.
അവര്‍ മുമ്പോട്ടാഞ്ഞു വരുന്നതുപോലെ.
അപ്പോഴാണ് അവരുടെ കയ്യിലേക്കു ശ്രദ്ധിച്ചത്.
ഊരിപ്പിടിച്ച ഒരു കത്തി.
ഇനിയും ചോരയുണങ്ങാത്ത കത്തി..
രാഘവേട്ടനെ കൊല്ലാനുപയോഗിച്ച കത്തി.
രാഘവേട്ടന്‍റെ ചോര.
അവര്‍ എന്നെ കൊല്ലാന്‍ വരികയാണ്.
അഴലു പറിക്കുന്ന പ്രണവേദന ഒരു വലിയ നിലവിളിയായി എന്നിലുയര്‍ന്നു.
ജീവന്‍ കൈയ്യിലെടുത്തുകൊണ്ട് ഞാന്‍ പിന്തിരിഞ്ഞോടി...
പാടവരമ്പിലൂടെ....
വെളളരിപ്പടര്‍പ്പുകള്‍ക്കിടയിലൂടെ....
നോക്കുകുത്തികള്‍ക്കിടയിലൂടെ...
അതിരു കാണാത്ത നരയന്‍കളളി പാടത്തിനു നടുവിലൂടെ....
Written by: Jayakumar Surendran @ Nallezhuth
..........
പളളവാരം - പാടത്തിനു സമാന്തരമായി കരയിലൂടെയുളള ഒറ്റയടിപ്പാത.

പകരക്കാരി

Image may contain: 1 person
സാധാരണ ഉച്ചയൂണിന് ഒരു ഉണക്കമീൻ വറുത്തതെങ്കിലും കാണും
ഇന്ന് ഉച്ചയൂണിനു ചെന്നപ്പോ ഇന്നലെ വെച്ച കറിയും ചോറും മുന്നിലേക്ക് വെച്ച് നിരത്തിയിട്ടമ്മ പറഞ്ഞു ഇന്ന് ഇതേയുള്ളു എന്ന്..
ഞാൻ മനംമടുത്ത് ചോദിച്ചു വറുത്തതൊന്നുമില്ലേ എന്ന്..
വറുത്തത് വല്ലതും വേണെങ്കിൽ മേടിച്ചു കൊണ്ട് വരണം,, അമ്മയുടെ മറുപടി വളരെ ഉച്ചത്തിലുള്ളതായിരുന്നു..
ഇനി ഞാൻ വല്ലതും മിണ്ടിയാ ഇപ്പൊ കിട്ടണതും മുടങ്ങുമെന്നോർത്ത് ഉള്ളത് കഴിച്ച് കൈ കഴുകി..
അമ്മ പറഞ്ഞത് എത്ര നേരാണ് ഉപ്പ് മുതൽ കർപ്പൂരം വരെ ഇപ്പോഴും വാങ്ങണത് അച്ഛൻ തന്നെ..
ഓരോന്നും ആലോചിച്ചിരിക്കുമ്പോഴാണ് പെങ്ങൾ വരാന്തയിൽ ചോദ്യചിഹ്നം പോലിരിക്കണത് കണ്ടത്
കണ്ട പാടെ ഞാൻ ചോദിച്ചു ഉം എന്താ ടി ഈ ഇരിപ്പെന്ന്..
അവൾ നാലു തുള്ളലും രണ്ട് ചാട്ടവും നടത്തി അകത്തേക്ക് കയറി പോവുമ്പോൾ പറഞ്ഞു എന്റെ കാര്യത്തിലിടപെടാത്തവർ അതറിയേണ്ടെന്ന്..
ശരിയാണ് ഞാനവളുടെ കാര്യങ്ങൾ തിരക്കാറില്ല
തിരക്കിയാൽ തന്നെ അവളുടെ കൊഞ്ഞനം കുത്തൽ എനിക്ക് സഹിക്കാനാവില്ല ഒരു അടി പിടിയിലെ പിന്നെ അതവസാനിക്കാറുള്ളു..
വന്നു വന്നവൾക്കും ബഹുമാനം തെല്ലുമില്ലാതെയായി...
ഞാൻ കൊണ്ട് വന്നു കൂട്ടിനകത്താക്കിയ നായ വരെ വീട്ടിലേക്ക് കയറുമ്പോൾ ഒന്നു ഇളിക്കാൻ തുടങ്ങിയിരിക്കണ്..
പച്ച വെള്ളം ആ സാധനത്തിന് ഞാനിപ്പോ കൊടുക്കാറില്ല..
വീട്ടിൽ വിരുന്ന് കാർ ആരേലും വന്നാ എന്റെ കാര്യമാവും അമ്മയുടെ പ്രധാന ചർച്ചാ വിഷയം.. ഓനുള്ളതും ഇല്ലാത്തതും കണക്കാ എന്നൊക്കെ പറഞ്ഞ് അവസാനം പറയും
ആ അവന്റെ സമയം തെളിയാറായിട്ടില്ല എന്ന്..
അതു കേൾക്കുമ്പോൾ എനിക്ക് തോന്നാറുണ്ട് തള്ള എരി തീയ്യിൽ എണ്ണയൊഴിക്കാണെന്ന്..
കാര്യങ്ങൾ ഒരു പന്തികേടിലേക്കാണ് പോണതെന്ന് തോന്നി തുടങ്ങി..
പല ജോലികളിലും കൊണ്ട് പോയി തലയിട്ടു ഒടുക്കം പെയിന്റിംഗ് ജോലിയിൽ ഉറച്ചു നിന്നു അതു കൊണ്ട് കാലം തള്ളി നീക്കി..
വീട്ടിലെ കാര്യങ്ങളെല്ലാം ഒരു വിധമിപ്പോ തെറ്റില്ലാതെ പോണുണ്ട്
വറുത്തതിനും പൊരിച്ചതിനുമിപ്പോ കുറവില്ല
എല്ലാമിപ്പോ വീട്ടിലെന്റെ പേരിലെത്തണുണ്ട്..
അങ്ങനെ കടന്നു പോവുമ്പോഴാണ് പെങ്ങളുടെ കല്യാണമുറപ്പിച്ചത്..
ചെറുക്കൻ പത്തരമാറ്റാണെന്നറിഞ്ഞപ്പോൾ അവൾ നിലത്തൊന്നുമല്ലായിരുന്നു..
മുമ്പവൾക്ക് വന്ന പല ആലോചനകളും ആസ്തി നോക്കി മുടങ്ങിയതായിരുന്നു..
അതു കൊണ്ട് തന്നെയാവും അവൾക്ക് ഇങ്ങനെ ഒരു ബന്ധം കിട്ടിയത് എന്നെനിക്കും തോന്നി..
പക്ഷേ ചെക്കന്റെ വീട്ടുകാർക്ക് ഒരു ഡിമാന്റ് ഉണ്ടായിരുന്നു ഞാൻ ചെക്കന്റെ പെങ്ങളെ കെട്ടണമെന്ന ഡിമാന്റ്..
വിവാഹത്തെ കുറിച്ച് ഞാൻ ആലോചിച്ചതല്ല എങ്കിലും വട്ട മുഖത്തിന് മുടിയൊരഴകുള്ള പെണ്ണ്, എന്നൊക്കെയുള്ള
എന്റെ വിവാഹ സങ്കൽപ്പങ്ങളിൽ ഇടിത്തീ വീണ പോലെയായി കാര്യങ്ങൾ..
അച്ഛൻ രാവിലെ പതിവില്ലാതെ എനിക്ക് മുമ്പിൽ നിന്ന് തല ചൊറിയുന്നത് കണ്ടപ്പോൾ തന്നെ ഞാൻ മനസ്സിലാക്കി അച്ഛനെന്റെ സമ്മതം ചോദിക്കാനുള്ള നിപ്പാണെന്ന്..
അച്ഛൻ ഒരു വിധം കാര്യമെന്നോട് പറഞ്ഞു
ഞാൻ അച്ഛനോട് പറഞ്ഞു "ആ പെണ്‍കുട്ടിയെ ഞാൻ പോയി കണ്ടിട്ടില്ല പക്ഷേ അമ്മയും അച്ഛനും കണ്ടതാണ് നല്ല കുട്ടി ആണെന്നും ഇത്തിരി നിറം കുറവുണ്ടെന്നും പറഞ്ഞു
അവളുടെ കല്യാണം നടക്കാനല്ലെ എനിക്ക് സമ്മതമാണച്ഛാ എന്നും പറഞ്ഞ് ഞാൻ ജോലിക്കിറങ്ങി..
എന്റെ മനസ്സിലെ വിവാഹ സങ്കൽപ്പങ്ങൾ ഞാൻ അവൾക്ക് വേണ്ടി കുഴിച്ചു മൂടി..
എനിക്കവൾക്ക് വേണ്ടി ഇത്രയെങ്കിലും ചെയ്യാനായി എന്ന ചിന്തയായിരുന്നു എന്നിലപ്പോൾ..
എന്തായാലും കല്യാണം അടുത്തെത്തി ഞാൻ സമ്പാദ്യമായി വെച്ച കുറച്ചു പൈസയും പിന്നെ വിളിക്കാതെ വെച്ച കുറികളും അവിടന്നുമിവിടന്നുമെല്ലാം കിട്ടാവുന്നത് മേടിച്ചു കാര്യങ്ങൾ മുന്നോട്ടു നീക്കി..
അതു വരെ എന്നിൽ കാണാത്ത മാറ്റങ്ങളാണ് വീട്ടുകാർ കണ്ടു തുടങ്ങിയത് വീട് ഭംഗി കൂട്ടൽ മുതൽ പെങ്ങൾക്കുള്ള സ്വർണ്ണം വരെ ഞാൻ തന്നെയെടുത്തു..
ഓരോന്നും ചെയ്തു തീർക്കുമ്പോൾ എന്തോ അമ്മയുടെ കണ്ണുകൾ ഇടക്കൊക്കെ നിറയുന്നത് ഞാൻ കണ്ടു..
ഞാൻ അമ്മയോട് ചോദിച്ചു എന്താ കാര്യം എന്ന്..
അമ്മ പറഞ്ഞു നിന്റെ ഇഷ്ടമൊക്കെ മാറ്റി വെച്ച് ഇങ്ങനെ ഓടണത് കാണുമ്പോ അമ്മക്ക് സങ്കടം വരണുണ്ട്..
അതു കേട്ടതും ഞാൻ പറഞ്ഞു ഇത്ര കാലം ഞാൻ ഇവിടെ തന്നെയായിരുന്നു ഇപ്പൊ ആണോ അമ്മ എന്നെ കണ്ടത്..
അമ്മ ചൂലെടുത്തില്ല എന്നേയുള്ളൂ..
ഞാൻ മനപ്പൂര്‍വ്വം അത് പറഞ്ഞൊഴിഞ്ഞതാണ് ഇല്ലേൽ അമ്മ ഈ സീനൊക്കൊ കരഞ്ഞു വഷളാക്കും എന്ന് തോന്നി..
ഒരു പന്തലിൽ രണ്ട് വിവാഹം അരങ്ങേറി ഞാനെന്റെ പെണ്ണിന്റെ കൈ പിടിച്ചു വലം വെച്ച് തിരിയുമ്പോൾ..
കൂടിയവരുടെ കുശു കുശുക്കൽ അവളുടെ നിറത്തെ ചൊല്ലിയാണെന്നെനിക്ക് മനസ്സിലായി...
പെങ്ങൾ ഇടക്കൊക്കെ നോക്കി കണ്ണുകൾ നിറക്കുന്നുണ്ടായിരുന്നു..
അവൾക്ക് മനസ്സിലായി അവളുടെ കല്യാണം നടക്കാനായി ഞാൻ നിന്ന് കൊടുത്തതാണെന്ന്...
ശരിയാണത് പക്ഷെ താലി കെട്ടിയവളുടെ കൈ ചേര്‍ത്ത് പിടിച്ച നിമിഷം ആ ചിന്ത ഞാൻ കരിച്ചു കളഞ്ഞിരുന്നു..
പെങ്ങൾ കതിർ മണ്ഡഭത്തിൽ നിന്നുമിറങ്ങുമ്പോൾ എന്നെ ചേര്‍ത്ത് ഓരോന്നും പറഞ്ഞു പൊട്ടിക്കരഞ്ഞു എന്റെ കണ്ണിലെ കലക്കം അറിയിക്കാതെ അവളെ യാത്രയാക്കി..
എല്ലാ മേളവും കഴിഞ്ഞ ആ രാത്രിയിൽ ചെറിയ വെട്ടമുള്ള മുറിയിൽ കണ്ണുകൾ നിറച്ചിരിക്കുന്നു എന്റെ ഭാര്യയായി കടന്നു വന്നവൾ..
അവൾക്കറിയാം പെങ്ങളുടെ കല്യാണം നടക്കാൻ ഞാൻ അവളെ കെട്ടിയതാണെന്ന്...
ഒരു കണക്കിൽ ശരിയാണത് പക്ഷെ താലി കെട്ടി കഴിഞ്ഞ പിന്നെ അതെല്ലാം ഞാൻ മറക്കണം
അവളെ ഒരു കണക്കിന് പറഞ്ഞു സമാനപ്പെടുത്തി..
അവളെന്റെ കാലുകളിൽ വീണ് അനുഗ്രഹം വാങ്ങുമ്പോൾ അവളുടെ മനസ്സിന്റെ നിറം ഞാൻ അറിഞ്ഞിരുന്നു
അതു മാത്രം മതി ഉള്ള കാലമൊപ്പം കഴിയാൻ എന്നെനിക്കു തോന്നി...
മുറിയിലെ വെട്ടമണയുമ്പോൾ പെങ്ങൾക്ക് പകരമല്ല അവളെ കെട്ടിയതെന്ന് അവളെ ബോധ്യപ്പെടുത്തുന്ന തിരക്കിലേക്ക് ഞാനും കടന്നു..
എ കെ സി അലി

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo