മിന്നാമിന്നി പോലൊരു പെണ്ണ്


**********************
നാളെയാണ് വരലക്ഷ്മി മേനോന്‍ വരുന്നത്.നാളെ ഉച്ചക്ക് അവര്‍ ദുബായ് എയര്‍പോര്‍ട്ടില്‍ എത്തും.
ഓര്‍ത്ത്‌കിടന്നിട്ടു പ്രിയയ്ക്ക് ഉറക്കം വരുന്നില്ല.
“അവര്‍ക്ക് എന്റെ കുക്കിംഗ് ഒക്കെ ഇഷ്ടപ്പെടുമോ ?” പ്രിയ ആത്മഗതം നടത്തി.
“എന്റെ പ്രിയേ നീയൊന്നുറങ്ങ് .നിന്റെ ഫുഡ് കഴിക്കാന്‍ അല്ലല്ലോ അവര്‍ ദുബായ്ക്ക് വരുന്നത്.”അടുത്തു കിടന്ന രാജീവ് ചെറുതായി ദേഷ്യപ്പെട്ടു.
“എന്നാലും അവര്‍ അക്കാദമി അവാര്‍ഡ് ഒക്കെ കിട്ടിയ വലിയ എഴുത്തുകാരിയല്ലേ .രാജീവേട്ടാ....” അവള്‍ ദുര്‍ബലമായ ശബ്ദത്തില്‍ ചോദിച്ചു.
“അതിനിപ്പോ എന്താ..ഹോ..അവളുടെയൊരു വരലക്ഷ്മിയുമുണ്ട്...ഒരു സാഹിത്യവുമുണ്ട്.”അയാള്‍ പിറുപിറുത്തുകൊണ്ട് തിരിഞ്ഞു കിടന്നു.
എം.എ മലയാളം വരെ പഠിച്ചതാണ് പ്രിയ.ബി.എയ്ക്ക് വരലക്ഷ്മിയുടെ “ മുല്ലപ്പൂക്കള്‍ സ്വപ്നം കണ്ട പെണ്കുട്ടി” എന്ന നോവല്‍ അവള്‍ക്ക് പഠിക്കാനുണ്ടായിരുന്നു.എം.എയ്ക്ക് “താമര പോലൊരു ഹൃദയം “എന്ന കഥാ സമാഹാരത്തിലെ ചില കഥകളും.
പ്രിയ കഥകള്‍ എഴുതും.പക്ഷേ രാജീവുമായുള്ള വിവാഹം കഴിഞ്ഞതിനുശേഷം എഴുത്തൊക്കെ വളരെ ചുരുങ്ങി.
അവളുടെ മനസ്സില്‍ ദൈവത്തിന്റെ സ്ഥാനമാണ് വരലക്ഷ്മി മേനോന്‍ എന്ന എഴുത്തുകാരിക്ക്.അവളുടെ ജീവിതത്തില്‍ ഒരു റോള്‍ മോഡല്‍ ഉണ്ടെങ്കില്‍ അത് എഴുത്തുകാരിയായ വരലക്ഷ്മി മേനോനാണ്.
ആര്‍ക്കാണ് അവരുടെ നായികമാരെ മറക്കാന്‍ സാധിക്കുക?പ്രിയക്ക് ഒരിക്കലും സാധിക്കില്ല.
ഇലത്താളം എന്ന കഥയില്‍ മായ എന്നൊരു നായികയുണ്ട്.അവള്‍ അനിയത്തിയെ വിവാഹം കഴിപ്പിക്കാന്‍ , അധ്വാനിക്കുകയാണ്.ഒടുവില്‍..താന്‍ രഹസ്യമായി ഇഷ്ടപെടുന്നയാളും അനിയത്തിയും പ്രണയത്തിലാണ് എന്നറിഞ്ഞു തകരുന്ന മായ.പക്ഷേ കണ്ണീര്‍ പുറത്തു കാണിക്കാതെ താന്‍ ചോരനീരാക്കി ഉണ്ടാക്കിയ സ്വര്‍ണ്ണവും പണവും അവള്‍ അനിയത്തിക്ക് നല്‍കുന്നു.മായയെ ഓര്‍ക്കുമ്പോള്‍ത്തന്നെ കണ്ണ് നിറയും.
ഇരുണ്ട അകത്തളങ്ങളില്‍ പിഞ്ഞിത്തുടങ്ങിയ പാവാടയും ,നിറം മങ്ങിയ പൊട്ടുമായി കണ്ണീരണിഞ്ഞു നില്‍ക്കുന്ന പെണ്‍കുട്ടികള്‍ വരലക്ഷമിയുടെ കഥയിലെ സ്ഥിര സാന്നിധ്യങ്ങളാണ്.സല്‍ഗുണസമ്പന്നകളായ ,ലാളിത്യവും ,എളിമയും,ഗുണഗണങ്ങളാക്കിയ യുവതികള്‍ വരലക്ഷ്മിയുടെ കഥകളില്‍ നിറഞ്ഞുനില്‍ക്കുന്നു.സ്ഫടികം പോലെ നന്മയുള്ള നായികമാര്‍.
വരലക്ഷ്മിമേനോന്‍ ദുബായിലെ ചില സാഹിത്യ സമ്മേളനങ്ങള്‍ക്ക് വരികയാണ്.ചില മലയാളി സംഘടനകള്‍ അവരെ ഇങ്ങോട്ട് ക്ഷണിച്ചിരിക്കുന്നു.അതിലൊരു സംഘടനയുടെ ഭാരവാഹികളില്‍ ഒരാളാണ് പ്രിയ. വരലക്ഷ്മിയെ പ്രിയ ഇതിനു മുന്‍പ് കണ്ടിട്ടില്ല.അവരുടെ ചില ടി.വി അഭിമുഖങ്ങള്‍ അല്ലാതെ..അവളുടെ സ്വപ്ന എഴുത്തുകാരിയെ നേരിട്ട് കാണുക.അവര്‍ക്കൊപ്പം ഒരു ദിവസം ചെലവഴിക്കുക. അവരുടെ കയ്യൊപ്പുളള്ള ഏറ്റവും പുതിയ പുസ്തകം സ്വന്തമാക്കുക.പ്രിയക്ക് എങ്ങിനെ ഉറക്കം വരാതിരിക്കും.
പിറ്റേന്ന് എയര്‍പോര്‍ട്ടില്‍ പ്രിയ വരലക്ഷ്മിയെ കാത്തുനിന്നു.അറുപതു വയസ്സ് അടുത്തുള്ള വെളുത്തു നല്ല വണ്ണമുള്ള സ്ത്രീ.നെറ്റിയില്‍ വലിയ ചുവന്ന പൊട്ട്.തിളങ്ങുന്ന പട്ടുസാരി.
“ആര്‍ യൂ പ്രിയ ?” അവരുടെ പേരെഴുതിയ ബോര്‍ഡുമായി നില്‍ക്കുന്നത് കണ്ടപ്പോഴേ വരലക്ഷ്മി ചോദിച്ചു.
“അതെ മേഡം.നമ്മുക്ക് ആദ്യം എന്റെ ഫ്ലാറ്റിലേക്ക് പോകാം.ലഞ്ച് കഴിഞ്ഞു വൈകുന്നേരം മീറ്റിങ്ങിനു പോകാം.” പ്രിയ പറഞ്ഞു.അവര്‍ തലയാട്ടി.പെട്ടികള്‍ കാറിന്റെ ഡിക്കിയില്‍ വച്ചതിനുശേഷം പ്രിയ കാര്‍ ഫ്ലാറ്റിലേക്ക് വിട്ടു.
“ഇത് പ്രിയയുടെ കാറാണോ?” വരലക്ഷ്മി ചോദിച്ചു.
“അതെ മേഡം.”അവള്‍ പറഞ്ഞു.
“ഇപ്പോള്‍ ഇത്തരം ചെറിയ വണ്ടികളില്‍ കയറിയിട്ട് കുറെനാളായി.നാട്ടില്‍ ഞങ്ങള്‍ക്ക് ഒരു ബി.എം വബ്ല്യൂ എക്സ് വണ്‍ ഉണ്ട്.ഇറ്റ്‌ ഈസ് മോര്‍ കംഫര്‍ട്ടബിള്‍.” വരലക്ഷ്മി പറഞ്ഞു.അത് കേട്ടതും പ്രിയയുടെ മനസ്സിടിഞ്ഞു.ഈ ചെറിയ കാര്‍വാങ്ങാന്‍ തന്നെ രാജീവേട്ടന്‍ ഒരുപാട് കഷ്ടപെട്ടു.
“പ്രിയ എഴുതാറുണ്ടോ ?” വീണ്ടും ചോദ്യം.
“ചെറുതായി.പക്ഷേ...”ആ വാചകം മുഴുമ്മിപ്പുക്കുന്നതിനു മുന്‍പ് അടുത്ത ചോദ്യം വന്നു.
“പബ്ലിഷ് ചെയ്തിട്ടുണ്ടോ ?”
“ഇല്ല.കാരണം..”ആ വാചകവും മുഴുമിച്ചില്ല.
“അയ്യേ..പബ്ലിഷ് ചെയ്തിട്ടില്ലേ...പിന്നെങ്ങനാ എഴുത്തുകാരിയാകുന്നെ ?” അവര്‍ ചിരിച്ചു.പ്രിയയുടെ നാവടഞ്ഞു.താന്‍ എഴുത്തുകാരിയല്ല ഒരു പാവം വായനക്കാരി മാത്രമാണ്.
“പ്രിയക്കറിയാമോ ഇന്ന് പ്രകാശനം ചെയ്യുന്ന “മിന്നാമിന്നി പോലൊരു പെണ്ണ് “ എന്ന നോവല്‍ പബ്ലിഷ് ചെയ്യാന്‍ ഒരുപാട് പ്രസാധകര്‍ മത്സരിച്ചു.മലയാളത്തിലെ വേറൊരു വനിതാ എഴുത്തുകാരിക്കും അത്ര ഡിമാന്റില്ല.”
അഭിമാനത്തോടെ വരലക്ഷ്മി അറിയിച്ചു.പ്രിയ പാവയെപ്പോലെ തലയാട്ടി.
വണ്ടി ഫ്ലാറ്റിനു മുന്‍പില്‍ എത്തി.ഫ്ലാറ്റ് തുറന്നു അകത്തു കയറിയതും അവര്‍ ചുറ്റും നോക്കി.അവരുടെ മുഖം ഇരുളുന്നത് കണ്ടു.
“പുവര്‍ ഫര്‍ണിഷിംഗ് പ്രിയ...കുറച്ചു ലക്സ്വറി സോഫയൊക്കെ വാങ്ങി ഇടാന്‍ മേലാരുന്നോ?ഇവിടുത്തെ ഷോപ്പിംഗ് ഫെസ്റ്റിവലിനു ഒക്കെ പോകുന്നില്ലേ..?” അവര്‍ ചോദിച്ചു.
“അത് പിന്നെ..കുറച്ചു ഫിനാന്‍ഷ്യല്‍ പ്രോബ്ലംസ്...”അവള്‍ പറയാന്‍ ശ്രമിച്ചു.
ഭാഗ്യം രാജീവും കുട്ടികളും ഫ്ലാറ്റില്‍ ഇല്ല.രാജീവ് ജോലിക്ക് പോയി.കുട്ടികള്‍ സ്കൂളിലും.
“മേഡം കുളിച്ചു ഡ്രസ് മാറി വരുമ്പോള്‍ ഞാന്‍ ഊണ് എടുത്തു വയ്ക്കാം.” പ്രിയ മുറി തുറന്നു കാണിച്ചുകൊണ്ട് പറഞ്ഞു.
അവള്‍ ഊണ് എടുത്തു വച്ചിട്ടും വരലക്ഷ്മി വന്നില്ല.ഒരു മണിക്കൂര്‍ കഴിഞ്ഞാണ് അവര്‍ പുറത്തു വന്നത്.
“പ്രിയ,വെരി സോറി.എനിക്കൊരുപാട് സമയം വേണം കുളിക്കാന്‍.ഹസ് ഇപ്പോഴും പറയും ഐ ലുക്ക് ലൈക്ക് നര്‍ഗീസ്...ആ ലുക്ക് മെയിന്റെയിന്‍ ചെയ്യണ്ടേ...”അവര്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.
അവള്‍ വരലക്ഷ്മിയുടെ മുഖം ശ്രദ്ധിച്ചു.മുഖത്തെ മാംസം തൂങ്ങിത്തുടങ്ങിയിരിക്കുന്നു.പ്രായത്തിന്റെ കുണ്ടും കുഴികളും നിറഞ്ഞ മുഖം അവര്‍ മേക്കപ്പ് കൊണ്ട് മറയ്ക്കുകയാണ്.
“പ്രിയേ ,ഇതെന്താ നോണ്‍ വെജ് ഒന്നുമില്ലേ..” അവര്‍ ചോദിച്ചു.
“ഞാന്‍ വിചാരിച്ചു മേഡം വെജ് ആയിരിക്കും കൂടുതല്‍ പ്രിഫര്‍ ചെയ്യുകയെന്ന്...ചിക്കന്‍ ഉണ്ട്.ഇതാ...”അവള്‍ പാത്രം നീക്കി വച്ചു.
“അയ്യേ..എനിക്കി വെജ് തീരെ ഇഷ്ടമല്ല. “കോഴിക്കാല്‍ കടിച്ചു കുടഞ്ഞുകൊണ്ട് വരലക്ഷ്മി പറഞ്ഞു.അപ്പോള്‍ പ്രിയ വരലക്ഷ്മിയുടെ “അവളൊരു താരക” എന്ന കഥയിലെ പാവക്കാ തീയലും ,വഴുതനങാ മെഴുക്കുപുരട്ടിയും ഉണ്ടാക്കുന്ന മിനിമോള്‍ എന്ന നായികയെക്കുറിച്ച് ആലോചിച്ചു.
“പ്രിയയുടെ ഹസിനു എന്താണ് ജോലി.?”വരലക്ഷ്മി ചോദിച്ചു
.
“ഇവിടെ ഒരു എക്സ്പോര്‍ട്ടിംഗ് കമ്പനിയില്‍ അക്കൌണ്ടന്റ് ആണ്..”അവള്‍ പറഞ്ഞു.
“ഓ..എന്റെ മോളും മരുമോനും ലാസ്റ്റ് ഇയര്‍ ഇവിടെയായിരുന്നു.രാഹുലിന് സ്വന്തമായി ഒരു കമ്പനിയുണ്ട് ..ഇപ്പോള്‍ അവര്‍ ഗ്രീസിലാണ്.” അവര്‍ പറയുന്നു.
അവള്‍ തലയാട്ടി.
“എനിക്കിപ്പോ ദുബായില്‍ വരാന്‍ ഒന്നും വലിയ താല്പര്യം ഇല്ലാരുന്നു.പക്ഷേ നിങ്ങള്‍ടെ സംഘടനയിലെ പണിക്കര്‍ എന്നെ കുറെ കംപെല്‍ ചെയ്തു.അക്കാദമി അവാര്‍ഡ് ഉള്ള സംസാരിക്കാനറിയാവുന്ന വനിതാ എഴുത്തുകാര്‍ വേറെ ഇല്ലെന്നാ പണിക്കരുടെ അഭിപ്രായം.” ചോറിന്റെ വലിയ ഉരുളുകള്‍ വിഴുങ്ങുന്നതിനിടയില്‍ അവര്‍ പറഞ്ഞു.
ഊണ് കഴിഞ്ഞു പാത്രങ്ങളുമായി പ്രിയ അടുക്കളയിലേക്ക് പോകുന്ന കണ്ടു വരലക്ഷ്മി പറഞ്ഞു.
“വേലക്കാരെ ഒക്കെ വയ്ക്കാന്‍ ഫിനാന്‍സ് പ്രോബ്ലം ആയിരിക്കുമല്ലേ..നാട്ടില്‍ എനിക്ക് നാല് പേരുണ്ട് സര്‍വന്റ്സ്..അടുക്കളയില്‍ കയറിയാല്‍ എനിക്ക് ഓക്കാനം വരും.ഐ കാണ്ട് കുക്ക് ആന്‍ഡ് വാഷ്....”വരലക്ഷ്മി പറഞ്ഞു.
പ്രിയ ഒരു ചിരി മുഖത്ത് തേച്ചിട്ട് അടുക്കളയിലേക്ക് മുങ്ങി.വരലക്ഷ്മിയുടെ ശ്രദ്ധ ടി.വിയിലെ സീരിയലിലേക്കായി.തിളങ്ങുന്ന പട്ടുസാരിയുടുത്ത ,കഴുത്തിലും കാതിലും നിറയെ സ്വര്‍ണ്ണ ആഭരണങ്ങള്‍ അണിഞ്ഞ അമ്മായിയമ്മയും മരുമകളും അടുക്കളയില്‍നിന്ന് കൊണ്ട് നടക്കുന്ന ഒരു വാക്കുതര്‍ക്കമാണ് ടി.വിയില്‍ കാണിക്കുന്നത്.
“ഈ ഫ്ലാറ്റില്‍ ഇങ്ങനെ ജോലിക്ക് ഒക്കെ പോകാതെ ഇരുന്നാല്‍ ബോറടിക്കില്ലേ.?”അടുക്കളയില്‍നിന്ന് വന്ന പ്രിയയോട്‌ ടി.വിയില്‍ നിന്ന് കണ്ണെടുക്കാതെ അവര്‍ അന്വേഷിച്ചു.
“അല്ല മാഡം,ഇവിടെ തന്നെ കുറെ പണികള്‍ ഉണ്ട്...”പ്രിയക്ക് അത് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.അപ്പോഴേക്കും വരലക്ഷ്മി പറഞ്ഞുതുടങ്ങി.
“പ്രിയയുടെ പ്രായത്തില്‍ എനിക്ക് എത്ര കാമുകന്‍മാര്‍ ഉണ്ടായിരുന്നുവെന്നോ ...ഈ വനിതാ എഴുത്തുകാരോട് എല്ലാവര്‍ക്കും പ്രത്യേക ഒരു ആകര്‍ഷണമാ...മാത്രമല്ല ബ്യൂട്ടിയും ഇന്റലിജന്‍സും ടാലന്റും ഒക്കെ കൂടിച്ചേര്‍ന്ന ഒരു റെയര്‍ പഴ്സ്നാലിറ്റിയാണ് ഞാന്‍ എന്നാ ഗോപന്‍ വരെ എന്നെക്കുറിച്ച് പറഞ്ഞോണ്ട് ഇരുന്നത്..ഗോപനെ അറിയില്ലേ..ഫെയിമസ് റൈറ്റര്‍ ..അയാള്‍ക്ക് ഒരു നോട്ടമുണ്ടാരുന്നു.ബട്ട് ഐ അവോയിഡിറ്റ്...പക്ഷേ പല ലിറ്ററച്ചര്‍ സര്‍ക്കിളുകളിലും ഞങ്ങളെക്കുറിച്ച് ഗോസിപ്പ് ഉണ്ടാരുന്നു.”വരലക്ഷ്മി,അവരുടെ തടിച്ച തോളുകള്‍ കുലുക്കി കുണുങ്ങി ചിരിച്ചു.
പ്രിയ വേഗം വസ്ത്രം മാറി ,വരലക്ഷ്മിക്കൊപ്പം മീറ്റിംഗ് സ്ഥലത്തേക്ക് പോയി.വലിയ ഒരു സദസ്സായിരുന്നു അത്.വേദിയില്‍ വരല്ക്ഷ്മിക്കൊപ്പം പ്രിയയും ഇരുന്നു.വരലക്ഷ്മിയുടെ പുതിയ പുസ്തകത്തിന്റെ പ്രകാശനം.പിന്നെ ഏതൊക്കെയോ അവാര്‍ഡ് ദാനം.കള്‍ച്ചറല്‍ പ്രോഗ്രാംസ്...
വരലക്ഷ്മിയുടെ പ്രസംഗം കേട്ടിട്ട് അവള്‍ അന്തിച്ചു പോയി.അത് വരെ അവള്‍ കണ്ട വരലക്ഷ്മിയായിരുന്നില്ല അത്.പ്രൌഡയായ എഴുത്തുകാരിയുടെ ഉജ്ജ്വലമായ വാക്കുകള്‍..അത് കേട്ട് മയങ്ങിയിരിക്കുന്ന സദസ്സ്
പ്രസംഗം കഴിഞ്ഞു വരലക്ഷ്മി അവളുടെ അടുത്തു വന്നിരുന്നു.
“എങ്ങിനെയുണ്ടായിരുന്നു...”വരലക്ഷ്മി ചോദിച്ചു.
“ഗംഭീരമായിരുന്നു മേഡം’
’..
അവരുടെ മുഖം തെളിഞ്ഞു.അവര്‍ പ്രിയയുടെ ചെവിയില്‍ ഒരു രഹസ്യം പറഞ്ഞു.
“മുന്‍പിലിരുന്ന ആണുങ്ങള്‍ മുഴുവന്‍ എന്നെ കൊതിയോടെ നോക്കുകാരുന്നു.പക്ഷേ അവരുടെ ഭാര്യമാര്‍ അത് ശ്രദ്ധിച്ചില്ല..കാരണം അറിയാമോ പ്രിയയ്ക്ക് ?”
അവള്‍ ഇല്ലെന്നു തലയാട്ടി.
“പെണ്ണുങ്ങള്‍ എന്റെ ഈ പുതിയ ഡയമണ്ട് നെക്ലേസ് നോക്കിയിരിക്കുകയായിരുന്നു..അസൂയയോടെ..”
അവരുടെ പുതിയ പുസ്തകം “മിന്നാമിന്നി പോലൊരു പെണ്ണ് “ എന്ന നോവലിന്റെ കോപ്പി പ്രിയക്ക് ഒപ്പിട്ടു നല്‍കുന്നതിനിടയില്‍ ,തന്റെ നെഞ്ചിലേക്ക് വീണുകിടക്കുന്ന വിലപിടിച്ച മാല ചൂണ്ടിക്കാട്ടി കള്ളച്ചിരിയോടെ വരലക്ഷ്മി പറഞ്ഞു.
അന്ന് വൈകുന്നേരം രാജീവ് ഫ്ലാറ്റില്‍ വന്നയുടനെ പ്രിയ അയാളോട് ചോദിച്ചു.
“രാജീവേട്ടന്‍ ,ഓഫീസിലെ ഡസ്ക് ടോപ്പ് സിസ്റ്റത്തിന്റെ മൗസ് പാഡ് പോയെന്നു പറയുന്ന കേട്ടല്ലോ.പുതിയത് വേണോ?”
കണ്ണ് മിഴിച്ചു നില്‍കുന്ന അയാളുടെ കയ്യിലേക്ക് പ്രിയ ,വരലക്ഷ്മിയുടെ പുതിയ നോവല്‍ “മിന്നാമിന്നി പോലൊരു പെണ്ണ് “ എന്ന പുസ്തകം നല്‍കി.
“ഇത് മതി..മൗസ് പാഡിനു ബെസ്റ്റാ..” പ്രിയ നെടുവീര്‍പ്പോടെ പറഞ്ഞു.
(അവസാനിച്ചു)

ANish Francis

സായിപ്പിന്റെ സമ്മാനം

Image may contain: Lincy Varkey, smiling, closeup
രണ്ടാഴ്ച മുൻപ്, വിഷുവിന്റെ പിറ്റേന്നാണ്‌ എനിക്കാ വാട്ട്സ്ആപ്പ് കാൾ വന്നത്. പരിചയമില്ലാത്ത നമ്പർ ആയിരുന്നു. കാൾ എടുത്തതെ 'എടി ലിൻസി, ഇത് സിനി തോമസാ ...നീ എവിടെയാ' എന്നു ചോദിച്ചു സംസാരിച്ചു തുടങ്ങി (പേര് ശരിക്കുള്ളതല്ല). ആൾ ആകെ പരിഭ്രമത്തിലാണ് എന്ന് സ്വരം കേട്ടപ്പോൾ തന്നെ മനസ്സിലായി. സിനി എന്റെ സഹപാഠി ആയിരുന്നു. വർഷങ്ങൾക്കു ശേഷം സ്കൂൾ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ നിന്നും നമ്പർ തപ്പിയെടുത്തു വിളിക്കുകയാണ്.
"യു കെ യിലാ...എന്താടി" ഞാൻ ചോദിച്ചു . സത്യമായിട്ടും കാശു കടം ചോദിക്കാനാണെന്നാണ് ഞാൻ കരുതിയത്. പ്രവാസികളെ സാധാരണ വിളിക്കാത്തവർ വിളിച്ചാൽ അതിനർത്ഥം അവർക്കെന്തോ കാശിന്റെ അത്യാവശ്യം ഉണ്ടെന്നാണ്. നമ്മളിതെത്ര കണ്ടിരിക്കുന്നു. 'പെട്ടല്ലോ ദൈവമേ' എന്ന് മനസ്സിൽ വിചാരിച്ച് ഞാൻ ചോദിച്ചു "എന്താ സിനി പ്രശ്‌നം ?"
അവൾ പണ്ടു പത്താം ക്ലാസ്സിൽ പറഞ്ഞു നിർത്തിയതിന്റെ ബാക്കി പോലെ ഒരകൽച്ചയുമില്ലാതെ എന്നാൽ കരയുന്നതു പോലുള്ള സ്വരത്തിൽ പറഞ്ഞു തുടങ്ങി. അവളുടെ വാക്കുകളിലൂടെ....
"എടീ എനിക്ക് കുറച്ചു നാൾ മുൻപ് എഫ് ബി യിൽ ഒരു ഒരു സായിപ്പിന്റെ ഫ്രണ്ട് റിക്വസ്റ്റ് വന്നു. ഒരു ജാക്ക് ഡൊണാൾഡ്, കാർഡിഫിൽ നിന്ന്. നീ മ്യൂച്ചൽ ഫ്രണ്ട് അല്ലെങ്കിലും നിന്റെ ഫ്രണ്ട്സ് ആരെങ്കിലും ആയിരിക്കുമെന്നോർത്തു ഞാനത് ആക്‌സപ്റ് ചെയ്തു. ഒരു നല്ല മനുഷ്യൻ. വാട്ട്സാപ്പിൽ മിക്കവാറും വിളിക്കുമായിരുന്നു. അയാളുടെ ഫാമിലിയുടെ ഫോട്ടോസ് ഒക്കെ അയച്ചു തന്നു. അയാളുടെ ഭാര്യ കാൻസർ വന്നു മരിച്ചുപോയെന്നാ പറഞ്ഞത്. ഒരു മോളുണ്ട്. ചെറിയ കുട്ടി. ഞാനും പിള്ളേരുടേം എന്റേം ഫോട്ടോസ് ഒക്കെ അയച്ചു കൊടുത്തു.
ഇന്ത്യയിലുള്ള അയാളുടെ ഒരേയൊരു ഫ്രണ്ട് ഞാനാണെന്നും എനിക്കൊരു സമ്മാനം വാങ്ങിത്തരണമെന്നുണ്ടെന്നും ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ് തന്നാൽ സമ്മാനത്തിനുള്ള പണം അയക്കാമെന്നും പറഞ്ഞ് അയാൾ കഴിഞ്ഞ ദിവസം വിളിച്ചു. ഞാൻ പേടിച്ചിട്ട് കൊടുത്തില്ല.
പിന്നെ അയാൾ പറഞ്ഞു അഡ്രെസ്സ് കൊടുത്താൽ മതി, സമ്മാനം അയച്ചുതരാമെന്ന്. ചുമ്മാ കിട്ടുന്ന സമ്മാനമല്ലെന്നോർത്ത് ഞാൻ അഡ്രെസ്സ് കൊടുത്തു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ എനിക്ക് എംബസ്സീന്ന് ഫോൺ വന്നു. സമ്മാനം വന്നു കിടപ്പുണ്ട്. വിലപിടിപ്പുള്ള സമ്മാനമാണ്. കസ്റ്റംസ് ക്ലിയറെൻസിനു വേണ്ടി മുപ്പതിനായിരം രൂപ അടയ്ക്കണം എന്ന് പറഞ്ഞു കൊണ്ട്.
കാശു കൊടുക്കണമെന്നു പറഞ്ഞപ്പോൾ ആ സമ്മാനം വേണ്ട എന്നു ഞാൻ തീരുമാനിച്ചു. അപ്പോൾ വീണ്ടും അതിൽ വിലപിടിപ്പുള്ള ജുവല്ലറി ആണ്. പണമടച്ചില്ലെങ്കിൽ അതു നഷ്ടപ്പെട്ടുപോകും എന്ന് അയാൾ വിളിച്ചു പറഞ്ഞു. എന്റെ കയ്യിൽ അത്രയും പണമില്ല എന്നു പറഞ്ഞ് ഞാൻ കാൾ കട്ട് ചെയ്തു. അപ്പോൾ എംബസ്സിയിൽ നിന്ന് വീണ്ടും വിളിച്ച് പണം എത്രയും പെട്ടെന്ന് അടയ്ക്കണം എന്ന് പറഞ്ഞു. അത് ഒരു പെണ്ണായിരുന്നു. ഹിന്ദിയിലാണ് സംസാരിച്ചത്.
പിറ്റേന്ന് അയാൾ ഇന്ത്യയിലെത്തിയെന്നും പണം അടയ്ക്കാത്തതിനാൽ പോലീസ് അറസ്റ്റ് ചെയ്‌തെന്നും എത്രയും പെട്ടെന്ന് പണം അടയ്ക്കണമെന്നും പറഞ്ഞ് കുറെ ഫോട്ടോസ് അയച്ചു തന്നു. എങ്കിൽ പിന്നെ ആ ജുവല്ലറി വിറ്റ് പണം കൊടുത്തുകൂടെ എന്ന് ഞാൻ ചോദിച്ചപ്പോൾ അയാൾ ഒച്ചവയ്ക്കുകയും കരയുകയും ഒക്കെ ചെയ്തു.
പിറ്റേന്ന് വീണ്ടും എംബസ്സിയിൽ നിന്ന് വിളിച്ചു. പണം അടച്ചില്ലെങ്കിൽ എന്റെ ഡീറ്റെയിൽസ് പൊലീസിന് കൊടുക്കുമെന്നും അറസ്റ്റ് ചെയ്യിപ്പിക്കുമെന്നും പറഞ്ഞു. എനിക്ക് പേടിയാകുന്നെടീ. ഞാൻ ഉറങ്ങിയിട്ട് ദിവസങ്ങളായി. ഹസ്ബന്റ് എങ്ങാനും അറിഞ്ഞാൽ എന്നെ കൊന്നുകളയും. ഞനെന്താ ചെയ്യേണ്ടത്? പണം അടയ്ക്കണോ? അതു നീ അറിയുന്ന ആളാണോ?"
ഇത്രയും ഡീറ്റെയിലിസും കൊടുത്ത്, ഇത് ഇവിടെ വരെ എത്തുന്നതിനു മുൻപ് ഈ ചോദ്യം ചോദിക്കാമായിരുന്നു എന്ന് ഞാൻ മനസ്സിൽ വിചാരിച്ചെങ്കിലും ചോദിച്ചില്ല. അവൾ അയാളുടെ കുറെ ഫോട്ടോസും മൊബൈൽ , ഓഫീസ്സ്, എംബസ്സി നമ്പറുകളും എനിക്കയച്ചു തന്നു. ഫോട്ടോസ് മിക്കതും ഫാമിലി പിക്ചർസ് ആയിരുന്നു. അതുകൊണ്ടു തന്നെ അത് അയാളായിരിക്കില്ല, ആരുടെയെങ്കിലും ഫ് ബി യിൽ നിന്നും അടിച്ചുമാറ്റിയതായിരിക്കും എന്നു ഞാൻ പറഞ്ഞപ്പോൾ അവൾ പറഞ്ഞു
"അല്ലടീ, അത് ശരിക്കും അയാൾ തന്നെയാ, ഞാൻ വീഡിയോ കോളിൽ കണ്ടിട്ടുണ്ട്."
ഫാമിലി ഫോട്ടോസ് കാട്ടി ഭാര്യ മരിച്ചു പോയതാണെന്നു പറഞ്ഞ് സഹതാപം പിടിച്ചു പറ്റി പണം തട്ടാനുള്ള ഗാങ് ആണിതെന്നും തന്നിട്ടുള്ള നമ്പറുകളൊക്കെ മൊബൈൽ നമ്പറുകളാണെന്നും ഞാൻ മനസ്സിലാക്കി. ഏഴെട്ടു വർഷങ്ങൾക്കു മുൻപ് എന്റെ ഹസ്ബന്റിന്റെ ഒരു സുഹൃത്ത് ഇതേ കാര്യം ചോദിക്കാൻ അദ്ദേഹത്തെ വിളിച്ചിരുന്നു. അന്ന് പുള്ളിയെ ട്രാപ് ചെയ്തത് ഒരു മദാമ്മ ആയിരുന്നു.
അവളോട് അയാളെ ഫ് ബി യിലും വാട്ട്സാപ്പിലും ബ്ലോക്ക് ചെയ്യാനും ഇനി വിളിച്ചാൽ പൊലീസിന് ഈ നമ്പറുകൾ കൊടുത്തിട്ടുണ്ട്. അവർ കോണ്ടാക്റ്റ് ചെയ്തോളും എന്നു പറയാനും ഞാൻ പറഞ്ഞു. 'ബ്ലോക്ക് ചെയ്തു, ആരും പിന്നെ വിളിച്ചില്ല, താങ്ക് യു വെരി മച്ച് ' എന്ന് ഇന്നലെ മെസ്സേജ് വന്നു. എല്ലാം ശുഭം.
ഇനി ചേച്ചിമാരോടും അനിയത്തിമാരോടും ഒരു ചോദ്യം. ഭർത്താവറിയാതെ ഒരു പരിചയവുമില്ലാത്ത ഒരാൾക്ക് വാട്ട്സ്ആപ്പ് നമ്പർ കൊടുത്ത്, ദിവസവും വീഡിയോ കാൾ വിളിച്ച്, ഫോട്ടോസും അഡ്രെസ്സും കൊടുത്ത്, സമ്മാനം നോക്കിയിരിക്കുമ്പോൾ നിങ്ങൾക്ക് ഒന്നും തോന്നാറില്ലേ? കല്യാണം കഴിഞ്ഞ് രണ്ടും മൂന്നും മക്കളുള്ള നമ്മളോട് ഒരു മുൻപരിചയവുമില്ലാത്ത ഒരാൾ സ്നേഹം കാണിക്കുമ്പോൾ അത് പെങ്ങളായി കണ്ട് സംരക്ഷിക്കാനോ കല്യാണം കഴിച്ച് കൂടെ താമസിപ്പിക്കാനോ അല്ലെന്നും എന്തെങ്കിലും സ്വാർത്ഥലാഭം പ്രതീക്ഷിച്ചാണെന്നും മനസ്സിലാക്കാനുള്ള ബോധം ഇനി എന്നുണ്ടാകാനാണ്? എന്നും എങ്ങനെയെങ്കിലുമൊക്കെ വഞ്ചിക്കപ്പെടുന്നവരുടെ കഥകളാണ് പത്രത്തിലും സോഷ്യൽ മീഡിയയിലും കാണുന്നത്. എന്നിട്ടും എന്താണ് നമ്മൾ ഇങ്ങനെ?
ഈ ചോദ്യം അവളോട് ചോദിച്ച എനിക്ക് കിട്ടിയ മറുപടി
"സായിപ്പല്ലേ, പറ്റിക്കില്ലെന്നു വിചാരിച്ചു."
ഗുണപാഠം: 'അറിയാത്ത കുഞ്ഞിനു ചൊറിയുമ്പോൾ അറിയും'
ലിൻസി വർക്കി

കമ്പാർട്ട്മെൻറ്സ്


ഒരു കഥ സൊല്ലട്ടുമാ, അതുക്ക് മുന്നേ കഥയ്ക്ക് ഒരു പേര് വേണമാ. കമ്പാർട്ട്മെന്റ് എന്ന പേര് നല്ലായിരുക്ക്. എങ്കിൽ അതു തന്നെ ആകട്ടെ തലക്കെട്ട്.
അപ്പോൾ കഥയ്ക്ക് പേരായി,
ഇനി കഥ വേണം, കഥാപാത്രങ്ങൾ വേണം, അവർക്ക് കഥയും ആയും, തലക്കെട്ടും ആയി എന്തെങ്കിലും ബന്ധം വേണം. ഇവ തമ്മിൽ ബന്ധം ഇല്ലെങ്കിലും കഥയാവില്ലേ. അത് അറിയില്ല.
എന്നാൽ ആദ്യത്തെ കഥാപാത്രത്തെ പറ്റി ചിന്തിയ്ക്കാം. കമ്പാർട്ട്മെന്റ് എന്നു പറയുന്നതു കൊണ്ട് ഇതൊരു ട്രെയിൻ യാത്രയുടെ കഥയാകണം എന്ന് നിർബ്ബന്ധം ഒന്നുമില്ലല്ലോ. എന്നാലും റെയിൽവേ ആയിട്ട് ഒരു ബന്ധത്തിൽ നിന്ന് തുടങ്ങാം. നമ്മൾ ആദ്യം കാണാൻ തുടങ്ങുന്നത് സാമുവൽ എന്ന സ്റ്റേഷൻ മാസ്റ്ററെയാണ്. ഇദ്ദേഹത്തിന് റിട്ടയർ ആകാൻ ഇനി അഞ്ചു വർഷം കൂടി ബാക്കിയുണ്ട്. അതിപ്പോൾ ഇവിടെ പറയേണ്ട ഒരാവശ്യവും ഇല്ല.
എന്നാലും സാമുവലിന്റെ പ്രായത്തെ പറ്റിയുള്ള ധാരണയെ സൂചിപ്പിക്കുവാൻ വേണ്ടിയുള്ള ഒരു നമ്പർ മാത്രം. പക്ഷെ സാമുവലിനെ കണ്ടാൽ പ്രായം തോന്നിക്കുകയില്ല, ഇനിയും നരയ്ക്കാത്ത തിങ്ങിനിറഞ്ഞ മുടി, കട്ടി മീശ പിന്നെയുള്ളത് കണ്ണടയാണ്, അതാണെങ്കിൽ ഉള്ള പൗരുഷം അല്പം കൂടെ കൂട്ടി എന്നു പറയാം. നല്ല വെളുത്ത നിറം, ആരോഗ്യമുള്ള കിളരമുള്ള ശരീരം.
ഇപ്പോൾ സമയം രാത്രി പന്ത്രണ്ടു മണി കഴിഞ്ഞിട്ടുണ്ട്. ഏതായാലും അദ്ദേഹം ഉറങ്ങിയിട്ടില്ല. പുറത്തേയ്ക്ക് നോക്കി നിൽക്കുകയാണ്, ജനലിൽ കൂടെ പുറത്തേയ്ക്ക് നോക്കുമ്പോൾ അന്ധകാരത്തിൽ കുളിച്ചു നിൽക്കുന്ന രാത്രി. നിലാവില്ല, നക്ഷത്രമില്ല. എന്തിന് ഒരില പോലും അറങ്ങുന്നില്ല, ചെറു കാറ്റു പോലും വീശുന്നില്ല. എന്തെല്ലാമോ ചിന്തിച്ച് ആകെ മാനസികമായി അസ്വസ്ഥനായ സാമുവൽ ശബ്ദമുണ്ടാക്കാതെ വാതിൽ തുറന്നു. പുറത്തേയ്ക്ക് ഇറങ്ങുന്നതിന് മുമ്പ് അടുത്ത കട്ടിലിൽ ഉറങ്ങിക്കിടക്കുന്ന വെറോണിക്കയെ സീറോബൾബിൻ്റെ മഞ്ഞ വെളിച്ചത്തിൽ ഒന്ന് പാളി നോക്കി. പാവം ശാന്തമായി ഉറങ്ങുകയാണ്.
വെറോണിക്ക, പത്തു പന്ത്രണ്ടു വർഷങ്ങളായി സുഖമില്ലാതെ തളർന്നു കിടക്കുന്ന ഭാര്യ, . ഒരേ ഒരു മകൻ സെബാൻ പത്തിൽ പഠിച്ചു കൊണ്ടിരുന്ന സമയം, രാവിലെ അവൻ്റെ യൂണിഫോം കഴുകി ഇട്ടിരിക്കുന്നതു എടുക്കാൻ ടെറസിൽ കയറിയിട്ട് താഴോട്ടിറങ്ങിയപ്പോൾ കാലു തെറ്റി താഴോട്ട് വീണതാണ്. അന്ന് തൊട്ട് ഇന്നേവരേ എത്ര ചികിത്സിച്ചിട്ടും പാവം കിടന്നകിടപ്പ് തന്നേയാണ്. ആകെ കൃഷ്ണമണികൾ മാത്രമേ ചലിപ്പിക്കാനാവുകയുള്ളൂ. സാമൂവൽ റെയിൽവേയിൽ സ്റ്റേഷൻ മാസ്റ്റർ ആയി ജോലി നോക്കുന്നതിനാലും, മകൻ
അന്ന് പത്തിൽ പഠിച്ചിരുന്ന സമയം ആയതു കൊണ്ടും
വെറോണിക്കയെ നോക്കാൻ അന്നു മുതൽ ഒരു ഹോം നഴ്സിനെ വച്ചിരുന്നു. അവർ ആയിരുന്നു ശോശാമ്മ, കഴിഞ്ഞ പത്തു വർഷം ആയി ശോശാമ്മയായിരുന്നു വെറോണിക്കയുടെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത്. ഭക്ഷണം ഉണ്ടാക്കിയിരുന്നതും, എല്ലാവരുടേയും വസ്ത്രങ്ങൾ വൃത്തിയാക്കിയിരുന്നതും അവർ തന്നേയായിരുന്നു.
ശോശാമ്മ ആവശ്യത്തിനു മാത്രമേ സംസാരിച്ചിരുന്നുള്ളു. അല്ലെങ്കിൽ തമ്മിൽ തമ്മിലുള്ള സംസാരത്തിൻ്റെ ആവശ്യവും ഈ വീട്ടിൽ കുറവായിരുന്നല്ലോ. മിക്കവാറും ആരും തമ്മിൽ പൊതുവായി സംസാരിക്കാനുള്ള കാര്യങ്ങൾ ഒന്നും ഇവിടെ സാധാരണ ഉണ്ടാകാറില്ല. സാമുവലും, സെബാനും തമ്മിൽ കാണൽ തന്നേ കുറവാണ് പിന്നെന്തു സംസാരം. എങ്കിലും സമയം ഉള്ളപ്പോളെല്ലാം സെബാൻ വെറോണിക്കയുടെ അടുത്തുവന്നിരിക്കുകയും അവർ കണ്ണുകൾ കൊണ്ട് എന്തെല്ലാമോ ആശയവിനിമയങ്ങൾ നടത്താറുമുണ്ട്. സാമുവൽ വരുന്ന നേരമാകുമ്പോൾ സെബാൻ അവൻ്റെ മുറിയിലേക്ക് പോകുകയും ചെയും.
ആദ്യമെല്ലാം സാമുവൽ വെറോണിക്കയും, സെബാനും ആയി സംസാരിക്കുമായിരുന്നു പിന്നെപിന്നെ അതും തീർന്നു. ശോശാമ്മ ഭക്ഷണം എടുത്തു വയ്ക്കട്ടെ എന്നു ചോദിക്കുമ്പോൾ ഉള്ള ഒരു മൂളൽ മാത്രമേ അയാളിൽ നിന്ന് കഴിഞ്ഞ കുറെ നാളുകൾ ഉണ്ടാകാറുള്ളു.
തീരുന്ന വീട്ടു സാധനങ്ങളുടെയും മരുന്നിൻ്റേയും ചീട്ട് ഭക്ഷണമേശയിൽ വച്ചിട്ടുണ്ടാകുന്നതിനനുസരിച്ച് അവ കൃത്യമായി വാങ്ങിക്കൊണ്ടു വരാറുണ്ട്, അതോടെ തീർന്നു വീടുമായുള്ള ഉത്തരവാദിത്വം -
അതാണ് നേരത്തെ പറഞ്ഞത് അവർ എല്ലാം ഓരോ കമ്പാർട്ട്മെൻ്റിലാണ് എന്ന്, ഓ അങ്ങിനെ പറഞ്ഞില്ലല്ലേ. അല്ലെങ്കിൽ തന്നേ പറഞ്ഞിട്ട് എന്തിനാണ്, ഇതെല്ലാം പറയാതറിയുന്നതല്ലേ ഒരു രസം. അവരെയീ സാങ്കല്പിക ട്രെയിൻയാത്രയിൽ തമ്മിൽ പരസ്പരം ബന്ധിപ്പിക്കാൻ ഒരു ടി ടിആർ പോലുമില്ലാത്ത വിരസയാത്ര.
കഴിഞ്ഞദിവസം ശോശാമ്മ തന്നേയാണ് പറഞ്ഞത് അവർക്ക് വയ്യാതായി തുടങ്ങി, അതിനാൽ ഇനി പഴയ പോലെ ജോലിയ്ക്ക് വരാനാവില്ല അതിനാൽ മറ്റാരേ എങ്കിലും ജോലിയ്ക്ക് വച്ചോളാൻ പറഞ്ഞ് അവർ യാത്ര പറഞ്ഞ് പോയി.
അങ്ങിനെയാണ് സുന്ദരിയായ സുമലതയെ പോലുള്ള ക്ലാര എന്ന ഹോം നേഴ്സ് ഇന്ന് രാവിലെ ചാർജെടുത്തത്. എന്തോ ക്ലാര കടന്നു വന്ന നേരം ഒരു ചാറ്റൽ മഴയും ഉണ്ടായിരുന്നു എന്നതും സത്യമാണ്.
ക്ലാരയുടെ സാമീപ്യത്തിന് ചന്ദനഗന്ധമുള്ളൊരു കുളിർക്കാറ്റിൻ്റെ അലയൊലി അയാളിൽ സൃഷ്ടിക്കാൻ കഴിഞ്ഞു. ഉച്ചയ്ക്ക് സ്നേഹത്തോടെ കഴിയ്ക്ക് അച്ചായ എന്നു പറഞ്ഞ് വിളമ്പിക്കൊടുത്ത ആഹാരത്തിൻ്റെ രുചിയും, മണവും അയാളിൽ ഉറങ്ങികിടന്ന വിശപ്പിനെ ഉണർത്തി. കുറെ നാളായി സംസാരിക്കാതിരുന്നപ്പോൾ ഉണ്ടായ വാല്മീകത്തിൻ്റെ കോട്ടകൾ അപ്പോൾ പൊട്ടിത്തകരുകയായിരുന്നു.
പൊട്ടിയ കോട്ടകൾ എല്ലാം അവിടെ കിടക്കട്ടെ നമുക്ക് ഇനി അല്പം സെബാനെ പറ്റിയുള്ള കാര്യങ്ങൾ തിരക്കാം.
എന്നാലും സാമുവൽ മുറി തുറന്ന് പുറത്തേക്ക് ഇറങ്ങി എങ്ങോട്ടാണ് പോയതെന്ന് പറയാതെങ്ങിനെയാണ് മുന്നോട്ടു പോകുന്നത്. അദ്ദേഹം ക്ലാരയുടെ മുറി ലക്ഷ്യമാക്കി മാർജ്ജാര പാദങ്ങളോടെ അടിവച്ചടിവച്ച് മുന്നോട്ട്........
അയ്യോ സെബാൻ്റെ കാര്യങ്ങൾ പറഞ്ഞു തുടങ്ങിയില്ല, ഇപ്പോൾ ഐറ്റി കമ്പനിയിൽ ജോലി ചെയ്യുന്ന സത്സ്വഭാവിയായ ഒരു ചെറുപ്പക്കാരൻ. പണ്ടെ അന്തർമുഖനായിരുന്നു. കഴിഞ്ഞ ഇടയ്ക്കുണ്ടായ ഒരു പ്രേമപരാജയത്തോടെ അവൻ്റെ അന്തർമുഖത്വം കൂടി. ഐറിൻ എന്ന പച്ച പരിഷ്കാരിയായ അവൻ്റെ കാമുകി അവനെ തേച്ചിട്ടു പോയതൊന്നുമല്ല. വിവാഹത്തിൻ്റെ കാര്യം പറഞ്ഞപ്പോൾ അവൾ അവനോട് പറഞ്ഞു സുഖമില്ലാതെ കിടക്കുന്ന അമ്മയുള്ള വീട്ടിൽ നമ്മുടെ വിവാഹനന്തര ജീവിതം തീർത്തും സന്തോഷപ്രദമാകില്ല അതിനാൽ അവരെ ഉപേക്ഷിച്ചിട്ട് നമുക്ക് ജോലി സ്ഥലത്തിനടുത്ത് വീടെടുത്ത് താമസം അങ്ങോട്ട് മാറ്റാം.
അത് കേട്ട ഉടനെ അവൻ ഉപേക്ഷിച്ചു, അമ്മയെ അല്ല കാമുകിയേ. അതോടെ സെബാനും ആരോടും മിണ്ടാതെ അവൻ്റെ മുറിയിലേക്ക് ഒതുങ്ങികൂടി.
പക്ഷെ ഇന്ന് രാവിലെ മുതൽ
സെബാനേ എന്നു വിളിച്ച് അവനെ മോട്ടിവേറ്റ് ചെയ്ത് കൊണ്ടിരുന്ന ക്ലാര സത്യത്തിൽ അവൻ്റെയും ഉറക്കം കെടുത്തി. അവൻ്റെ ഉള്ളിലും ക്ലാരയോട് പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത വിശേഷങ്ങളുടെ ഭണ്ഡാരങ്ങൾ മൂടി തുറന്നു കിടന്നു. സെബാനും പയ്യെ വാതിൽ തുറന്ന് പുറത്തേയ്ക്ക് ഇറങ്ങി. അവൻ്റെ ലക്ഷ്യവും ക്ലാരയുടെ മുറി തന്നേ.
അവർ രണ്ടു പേരും യാത്ര തുടരട്ടെ അതിനിടയിൽ നമുക്ക് ക്ലാരയെ പറ്റി അല്പം പറയാം. അന്നമ്മയുടേയും ചാക്കോയുടേയും ഏക മകൾ, ഏതിരുട്ടിലും പ്രകാശം പരത്തുന്ന ചെത്തിമിനുക്കിയെടുത്ത രത്നം, ആരിലും അരമണിക്കൂറിനകം പോസിറ്റീവ് എനർജി പ്രകാശനം ചെയ്യിപ്പിക്കുന്ന അപൂർവ്വ വ്യക്തിത്വം. ഉയരങ്ങൾ പറന്നുയരാനായി
കർമ്മനിരതയായിരുന്ന അവൾക്ക് എല്ലാവിധ പ്രോത്സാഹനമായി നിന്നിരുന്ന സ്നേഹനിധിയായ പിതാവ്. മോളുടെ നല്ല സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ ഓട്ടോയുമായി ഓടി നടന്ന ചാക്കോയ്ക്ക് ഒരപകടത്തിൽ
സാരമായി പരിക്കേറ്റു. ഡിഗ്രി പഠനത്തിനു ശേഷം മുന്നോട്ടുള്ള പഠനവും വീട്ടു ചെലവുകളും ചോദ്യചിഹ്നമായപ്പോഴാണ് ക്ലാര ഹോംനേഴ്സിൻ്റെ കുപ്പായം അണിഞ്ഞത്.
സാമുവൽ ക്ലാരയുടെ മുറിയുടെ വാതുക്കൽ എത്തി
മുട്ടിവിളിയ്ക്കാനായി കൈയ്യുയർത്തിയ നേരത്തു തന്നെയാണ് സെബാൻ ക്ലാരയുടെ മുറിയുടെ പുറകിലെ ജനലിങ്കൽ എത്തി ക്ലാരയെ വിളിയ്ക്കാൻ തയ്യാറെടുത്തതും.
ഹലോ വിളി കേട്ട് സാമുവലും സെബാനും ചെവിയോർത്തു.
"അന്നമ്മച്ചീ"
ഉറക്കം വരാതെ കിടന്ന അന്നയുടെ ശബ്ദത്തിലെ വേവലാതി തിരിച്ചറിഞ്ഞ ക്ലാരയുടെ മറുപടി.
എനിക്ക് പരമസുഖമാണമ്മച്ചി. ആദ്യമായി നമ്മുടെ വീട്ടിൽ നിന്ന് സ്ഥലം മാറി കിടന്നിട്ട് ഉറക്കം വരാഞ്ഞിട്ട് വിളിച്ചതാണമ്മച്ചി. നമ്മുടെ അപ്പനെപ്പോലെ സ്നേഹനിധിയായ സാമുവൽ അച്ചായൻ, കണ്ണുകളിൽ കരുണ നിറത്തൊരമ്മച്ചി. ഇതുവരേ ലഭിക്കാതിരുന്ന ഒരു സഹോദരൻ്റെ കരുതലോടെ സ്നേഹിക്കാൻ
സെബാൻ, എൻ്റെ ഭാഗ്യമാണമ്മേ ഇതുപോലൊരു വീട്ടിൽ ജോലി കിട്ടിയത്. പറയത്തക്ക കട്ടിപ്പണിയൊന്നുമില്ല, ബാക്കി കിട്ടുന്ന സമയത്ത് എനിക്ക് ഓപ്പൺ യൂണിവേഴ്സിറ്റിയിലൂടെ ഉപരി പഠനവും നടത്താം. ആഴ്ചയിൽ ഒരിയ്ക്കൽ ഒരു ദിവസം അവധി ഉള്ളപ്പോൾ നിങ്ങളെ കാണാനും വരാം.
അപ്പച്ചൻ ഉറങ്ങിയോ?
അപ്പച്ചനെ അന്വേഷിച്ചതായി പറയണം. എന്നാൽ ഉറങ്ങിക്കോ. വേണമെങ്കിൽ പൊന്നുമോർക്ക് ഒരു പൊന്നുമ്മ തന്നേക്ക്.
കേട്ടു നിന്ന സാമുവലിൻ്റേയും, സെബാൻ്റെയും ശിരസ്സുകൾ കുറ്റബോധം കൊണ്ട് തെല്ലിട കുനിഞ്ഞു, കണ്ണുകൾ സജലങ്ങളായി, എങ്ങിനെ തിരിച്ച് റൂമിലെത്തിയതെന്ന് അവർക്കറിയില്ല.
അന്നത്തെ സംഭവം എല്ലാം കഴിഞ്ഞിട്ട് ഏകദേശം ഇപ്പോൾ ഏകദേശം ആറു മാസം ആയി. നമ്മൾ പല കമ്പാർട്ട്മെൻ്റിലായി ചിതറിയിട്ടിരുന്ന കുറെ കഥാപാത്രങ്ങൾക്ക് എന്തു വിശേഷങ്ങൾ എന്നെല്ലാം തിരക്കി യാത്ര അവസാനിപ്പിക്കാം. അതല്ലേ അതിൻ്റെ ഒരു മര്യാദ.
സാമുവൽ വാളണ്ടിയർ റിട്ടയർമെൻ്റ് എടുത്ത് വീട്ടിൽ കൂടി, പഴയ പോലെയല്ലയീ വീടിപ്പോൾ, ഇപ്പോൾ ഇതൊരു സ്നേഹക്കൂടാണ്. കളിയും, ചിരിയും, പാട്ടും, ബഹളവും നിറഞ്ഞ കളി വീട്. സെബാനും, ക്ലാരയും തമ്മിലുള്ള വിവാഹം നടന്നു.
ക്ലാര റെഗുലർ കോളേജിൽ പഠിയ്ക്കാൻ ചേർന്നു. ചാക്കോയുടെ പരിക്കുകൾ ഭേദമായി. ഇപ്പോൾ ഓട്ടോ ഓടിയ്ക്കുന്നുണ്ട്. ആഴ്ചയിൽ ഒരിയ്ക്കൽ ചാക്കോയും അന്നമ്മയും കൂടെ ഇങ്ങോട്ട് വരാറുണ്ട്. എല്ലാവരും ചേർന്ന് ഒച്ചയും ബഹളവും എല്ലാം ആകുന്നോൾ വെറോണിക്കയുടെ കണ്ണുകളിൽ കൂടെയും ഒരു പുതു തിളക്കം കാണാം. തിളക്കം മാത്രമല്ല വെറോണിക്കയുടെ വിരലുകൾ ഇപ്പോൾ ചെറുതായി ചലിക്കുന്നുണ്ട്, വലതുകൈ ഒരു ദിവസം കൈമുട്ടുവരെ ഉയർത്താനും പറ്റി.

By PS Anilkumar

അംബാ മിൽസ് - Part 5



പിന്നീട് അലക്സിനെ കണ്ടപ്പോൾ  രാഖി ഓർഫനേജിന്റെ കാര്യം അന്വേഷിച്ചു.
"എന്താ ശരിക്കും സംഭവിച്ചതെന്ന് അറിഞ്ഞോ?ഗിരിധർ സാർ നടത്തുന്ന ഓർഫനേജിന്  ആരാ തീ വെച്ചത്?"രാഖി അലക്സിനോട് ചോദിച്ചു.
"അറിയില്ല..പുള്ളി വലിയ ആളല്ലേ....ശത്രുക്കൾക്ക് പഞ്ഞം കാണില്ലല്ലോ.."അലക്സ് പറഞ്ഞു.
"എന്നാലും കുറെ പിഞ്ചുകുഞ്ഞുങ്ങളെ ജീവനോടെ ചുട്ടെരിച്ചിട്ട് ഇവന്മാർ എന്ത് നേടാനാ..ദ്രോഹികൾ.."രാഖി വെറുപ്പോടെ പറഞ്ഞു.
"ചോദിക്കാനും പറയാനും ആരും ഇല്ലാത്തവർ അല്ലെ..ആർക്കെന്ത് നഷ്ടം..ഇതിന്റെ പേരിൽ രണ്ടു മൂന്ന് ദിവസം ഭയങ്കര കോലാഹലമായിരിക്കും..അത് കഴിഞ്ഞ് എല്ലാം എല്ലാരും മറക്കും പിന്നെ എല്ലാം പഴയത് പോലെ തന്നെ."അലക്സ് പറഞ്ഞു.
"അലക്സിന്റെ പപ്പ എന്ത് പറഞ്ഞു?പപ്പയുടെ കമ്പനി അല്ലെ ആ ഓർഫനേജ് ഉണ്ടാക്കിയത്.."രാഖി ചോദിച്ചു.
"പപ്പ ഭയങ്കര അപ്സെറ്റാ.."അലക്സ് പറഞ്ഞു.
"അവിടെ ദേവിയും ഇതിന്റെ ഷോക്കിലാ..അവൾക്ക്  ആ പിള്ളേരെ ജീവനായിരുന്നു.ഒഴിവ് സമയം കിട്ടുമ്പോ അവൾ അവിടെ തന്നെ ആയിരുന്നു മദറിന്റേം പിള്ളേരുടേം  കൂടെ.."രാഖി  വിഷമത്തോടെ പറഞ്ഞു.
"ആഹ് ഞാൻ അവളെ കാണാറുണ്ടായിരുന്നു  ഇടയ്ക്ക് അവിടെ വെച്ച്.."അലക്സ് പറഞ്ഞു.
"അതെ അവൾക്കീ വക ലൈൻ സെറ്റ് അപ്പ് എന്തെങ്കിലും ഉണ്ടോ?"അലക്സ് ചോദിച്ചു.
"അറിഞ്ഞിട്ട് എന്തിനാ ? എന്നെ ഉപേക്ഷിച്ച് അങ്ങോട്ടെങ്ങാനും പോവാനാനാണോ?"രാഖി ചിരിച്ചുകൊണ്ട് ചോദിച്ചു.
"എന്റെ പൊന്നെ ഒന്നാന്തരമൊരു കുരിശ് ഇപ്പൊ തന്നെ എന്റെ തലയിലുണ്ട്..ഇനി വേറൊരെണ്ണത്തിനേം കൂടെ ചുമക്കാൻ വയ്യ.ചുമ്മാ ചോദിച്ചതാണെ .."അലക്സ് പറഞ്ഞത് കേട്ട് രാഖി അവനെ ഇടിച്ചു..അപ്പോഴാണ് റോബിൻ അത് വഴി വന്നത്.
"ടാ നാട്ടിലേക്ക് പോവാൻ ബസിന്  ടിക്കറ്റ് ബുക്ക് ചെയ്യണ്ടേ?"റോബിൻ ചോദിച്ചു.
"ആഹ് ടാ വേണം.ഞാൻ ഇപ്പൊ വരാം.നീ അങ്ങോട്ട് വിട്ടോ.."അലക്സ് പറഞ്ഞു.
"നാട്ടിൽ പോവാണോ?എന്ത് പറ്റി?"രാഖി ചോദിച്ചു.
"ഞാൻ പറഞ്ഞില്ലേ പപ്പയുടെ കാര്യം.ഈ ന്യൂസ് കേട്ടതിൽ പിന്നെ പപ്പ നല്ല വിഷമത്തിലാ.. ഞാൻ കുറച്ച് ദിവസം നാട്ടിൽ പോയി നിൽക്കാൻ  പോവാ പപ്പേടെ കൂടെ..ഞാൻ ഉണ്ടെങ്കിൽ പപ്പ ഒന്ന് ഉഷാറാവും.."അലക്സ് പറഞ്ഞു.
"അപ്പൊ എന്നാ തിരികെ?"രാഖി വിഷമത്തോടെ  ചോദിച്ചു.
"ഞാൻ പെട്ടെന്ന് ഇങ്ങ് വരും കൊച്ചെ..നീ വിഷമിക്കാതെ.ഈ പോക്കിൽ  പപ്പയോട് നമ്മടെ കാര്യം കൂടി പറഞ്ഞ് സെറ്റ് ആക്കിയെച്ചും ഞാൻ ഇങ്ങ് വരാം.."അലക്സ് പറഞ്ഞു.
അലക്സ് പറഞ്ഞത് കേട്ട് രാഖി ചിരിച്ചു..
കുറച്ച് ദിവസങ്ങൾ കഴിഞ്ഞ് ദേവി ഹോസ്റ്റൽ മുറിയിൽ വരുമ്പോൾ രാഖി കട്ടിലിൽ കമിഴ്ന്ന് കിടക്കുകയായിരുന്നു.
"വയറ്‌ വേദന മാറിയില്ലെടി?മിനി  മിസ് ചോദിച്ചു നീ എന്താ വരാഞ്ഞേ എന്ന്.."ദേവി രാഖിയുടെ അടുത്ത് കട്ടിലിൽ ഇരുന്നുകൊണ്ട് ചോദിച്ചു.
രാഖി ഒന്നും മിണ്ടിയില്ല.അവൾ ഏങ്ങലടിക്കുകായാണെന്ന് ദേവിക്ക് മനസ്സിലായി..
"നീ ഇങ്ങോട്ടൊന്ന് തിരിഞ്ഞു കിടന്നേ..  നീ കരയുവാണോ?"ദേവി ചോദിച്ചു.രാഖി അനങ്ങിയില്ല.
ദേവി അവളെ ബലമായി പിടിച്ച് തിരിച്ച് കിടത്തി.
രാഖിയുടെ കണ്ണുകൾ കരഞ്ഞ് വീർത്തിരുന്നു!
"എന്താടി?എന്തിനാ നീ  കരയുന്നത്? കാര്യം പറയ് .."ദേവി വെപ്രാളത്തോടെ ചോദിച്ചു.
രാഖി ഒന്നും മിണ്ടിയില്ല.
അവൾ കരഞ്ഞുകൊണ്ടെ  ഇരുന്നു.
"മോളെ നീ കാര്യം പറയ്..എന്താ ഉണ്ടായത്?മേട്രൺ നിന്റെം അലക്‌സിന്റേം കാര്യം അറിഞ്ഞോ?അവര് നിന്നെ വഴക്ക് പറഞ്ഞോ?"ദേവി ചോദിച്ചു.
രാഖി  അല്ലെന്ന് തലയാട്ടി.
"പിന്നെ? വീട്ടിൽ ആരെങ്കിലും അറിഞ്ഞോ?എന്തെങ്കിലും പ്രശ്നം ഉണ്ടായോ?"ദേവി ചോദിച്ചു.
"ഇല്ല.."രാഖി കരച്ചിലിനിടയിൽ പറഞ്ഞു.
"പിന്നെ..നീ..നീ പ്രെഗ്നന്റ് ആണോ?"ദേവി രാഖിയുടെ മുഖം പിടിച്ച് തന്റെ നേരെ തിരിച്ചുകൊണ്ടു ചോദിച്ചു.
"അല്ല.."രാഖി പറഞ്ഞു.അത് കേട്ടപ്പോ ദേവിക്ക് കുറച്ച് സമാധാനമായി..
"പിന്നെ എന്താടി..എന്തിനാ നീ കരയുന്നത്?"ദേവി ശബ്ദമുയർത്തി ചോദിച്ചു.
"എനിക്ക്..എനിക്കൊരബദ്ധം പറ്റിയെടി.."രാഖി  എഴുന്നേറ്റ് കരഞ്ഞുകൊണ്ട് ദേവിയെ കെട്ടിപ്പിടിച്ചു..*********
"എന്താ ആലോചിക്കുന്നത്?"അലക്സിന്റെ ശബ്ദമാണ് ദേവിയെ ഓർമ്മകളിൽ നിന്നും ഉണർത്തിയത്.
"ഒന്നുമില്ല.."ദേവി പറഞ്ഞു.
"ദേവി ജീവനോടെ ഉണ്ടാവുമെന്ന് ഞാൻ കരുതിയില്ല.ഞങ്ങളാരും കരുതിയില്ല..അന്നത്തെ സംഭവത്തിന് ശേഷം ദേവിയെ പിന്നീട് ആരും കണ്ടിരുന്നില്ലല്ലോ..എവിടെയായിരുന്നു ഇത്രയും വർഷം ?എന്തിനായിരുന്നു അങ്ങനെ ഒരു ഒളിച്ചോട്ടം?"അലക്സ് ചോദിച്ചതുകേട്ട് ദേവി ഒന്നും മിണ്ടാതെ മുഖം കുനിച്ചിരുന്നു.
"അലക്സ് എത്ര ദിവസമായി ഇവിടെ വന്നിട്ടെന്ന് നിശ്ചയമുണ്ടോ?"ദേവി ചോദിച്ചു.
"എനിക്കറിയില്ല ദേവി..ഇത് ഏത് മാസമാണെന്നോ ഏത് ദിവസമാണെന്നോ ഇപ്പൊ സമയം എന്തായി എന്നോ എനിക്കൊരു നിശ്ചയവുമില്ല.."അലക്സ് പറഞ്ഞു.
"അലക്സിന്റെ വീട്ടിൽ ആരും അന്വേഷിക്കില്ലേ?"ദേവി ചോദിച്ചു.
"എന്റെ സ്വഭാവം അവർക്ക് നന്നായിട്ടറിയാം..ഒരു യാത്ര തിരിച്ചാൽ പിന്നെ തിരിച്ചെത്തുന്നത് വരെ ഞാൻ അങ്ങനെ ആരെയും വിളിയും പറച്ചിലുമില്ല..അതുകൊണ്ട് ആരും സംശയിക്കില്ല.."അലക്സ് പറഞ്ഞു.
"എന്തായാലും വ്യക്തമായ പ്ലാനിങ്ങോടെയാണ് അവർ എല്ലാം ചെയ്തിരിക്കുന്നത്..മെക്സിക്കോയിൽ നിന്നും ആരും അറിയാതെ എന്നെ ഇവിടെ കടത്തി കൊണ്ടുവരിക..അതെങ്ങനെ ആണെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലാവുന്നില്ല..ഇവിടെ എനിക്ക് ഒരു മെന്റൽ ഷോക്ക് തരാൻ ആയിരിക്കണം   ഞാൻ ഈ ലോകത്ത് ഏറ്റവും ഭയക്കുന്ന ജീവിയുടെ  കൂടെ അവർ എന്നെ ഒരു മുറിക്കുള്ളിൽ ഇട്ടത്.. അതുപോലെ അലക്സിന്റെ യാത്രയുടെ  ഡീറ്റെയിൽസ് മനസ്സിലാക്കി അലക്സിനെ കിഡ്നാപ്പ് ചെയ്യുക..അവർ ആരാ ശരിക്കും.."ദേവി ഒന്നും പിടികിട്ടാതെ ചോദിച്ചു.
"ഒരു പക്ഷെ..രാഖിയുടെ റിലേറ്റീവ്സ് ആരെങ്കിലും ആണോ?"അലക്സ് ചോദിച്ചു.
"അറിയില്ല.."ദേവി പറഞ്ഞു.
"അലക്സിന് വിശക്കുന്നില്ലേ?ഈ ബ്രഡ് തരട്ടെ?"ദേവി ചോദിച്ചു.
"എന്റെ കൈ കെട്ടിയിട്ടിരിക്കുകയല്ലേ.."അലക്സ് പറഞ്ഞു.ദേവി ഒന്നും മിണ്ടാതെ ബ്രഡ് എടുത്ത് അവന്റെ അടുത്ത് ചെന്നിരുന്നു.അവൾ വാരി കൊടുത്ത ബ്രഡ് അവൻ ആർത്തിയോടെ കഴിച്ചു.അവളുടെ ഓർമ്മകൾ പിന്നെയും പിറകോട്ട് പോയി.*******
"മോളെ നീ കാര്യം പറയ്..എന്താ ഉണ്ടായത്?മേട്രൺ നിന്റെം അലക്‌സിന്റേം കാര്യം അറിഞ്ഞോ?അവര് നിന്നെ വഴക്ക് പറഞ്ഞോ?"ദേവി ചോദിച്ചു.
രാഖി  അല്ലെന്ന് തലയാട്ടി.
"പിന്നെ? വീട്ടിൽ ആരെങ്കിലും അറിഞ്ഞോ?എന്തെങ്കിലും പ്രശ്നം ഉണ്ടായോ?"ദേവി ചോദിച്ചു.
"ഇല്ല.."രാഖി കരച്ചിലിനിടയിൽ പറഞ്ഞു.
"പിന്നെ..നീ..നീ പ്രെഗ്നന്റ് ആണോ?"ദേവി രാഖിയുടെ മുഖം പിടിച്ച് തന്റെ നേരെ തിരിച്ചുകൊണ്ടു ചോദിച്ചു.
"അല്ല.."രാഖി പറഞ്ഞു.അത് കേട്ടപ്പോ ദേവിക്ക് കുറച്ച് സമാധാനമായി..
"പിന്നെ എന്താടി..എന്തിനാ നീ കരയുന്നത്?"ദേവി ശബ്ദമുയർത്തി ചോദിച്ചു.
"എനിക്ക്..എനിക്കൊരബദ്ധം പറ്റിയെടി.."രാഖി എഴുന്നേറ്റ്  കരഞ്ഞുകൊണ്ട് ദേവിയെ കെട്ടിപ്പിടിച്ചു.
"എന്തബദ്ധം?"ദേവി രാഖിയെ തന്നിൽ നിന്നും അടർത്തിമാറ്റി.
രാഖി തലയിണക്കടിയിൽ നിന്നും ഒരു കവർ എടുത്ത് ദേവിയുടെ നേരെ നീട്ടി.ദേവി ആ കവർ തുറന്ന് നോക്കിയതും തലയ്ക്കകത്ത് ഒരു സ്ഫോടനം നടന്നു! അവൾ അറിയാതെ   കട്ടിലിൽ നിന്നും എഴുന്നേറ്റു!
'ഇത്..ഇത് എങ്ങനെ..എവിടെവെച്ച്?എന്താ സംഭവിച്ചത്?"ദേവി വിശ്വാസം വരാതെ രാഖിയെ നോക്കി.രാഖി ഒരു കുറ്റവാളിയെ പോലെ മുഖം കുനിച്ചിരുന്നു.
"നീ കാര്യം പറയ്.ഇത് എങ്ങനെ സംഭവിച്ചു.ഇത് ഒറിജിനൽ ആണോ?അതോ പറ്റിക്കാൻ വേണ്ടി ആരെങ്കിലും?"ദേവി വെപ്രാളത്തോടെ ചോദിച്ചു.
"എന്നെ വഴക്ക് പറയല്ലേ മോളെ..നീ  എന്നെ തള്ളിപ്പറഞ്ഞാൽ ഞാൻ തകർന്നുപോവും.."രാഖി കരഞ്ഞുകൊണ്ട് അവളുടെ നേരെ കൈകൂപ്പി..
"മനുഷ്യനെ ഭ്രാന്ത് പിടിപ്പിക്കാതെ നീ കാര്യം പറയെടി.."ദേവിക്ക് ദേഷ്യം വന്നു.
"ഒരു സിനിമയ്ക്ക് വേണ്ടിയുള്ള ഓഡിഷനിലേക്ക്  ഫോട്ടോ അയക്കാൻ നിന്നോട് പറയാതെ കോളേജിനടുത്തുള്ള ആ ഫോട്ടോ ബൂത്തിൽ പോയി.നീ അറിയാതിരിക്കാൻ മാറാനുള്ള സാരിയും ബ്ലൗസും ഒക്കെ എന്റെ ബാഗിലാക്കിയാ  ഞാൻ കൊണ്ടുപോയത്.നീ അറിഞ്ഞാൽ വഴക്ക് പറയുമെന്ന് എനിക്കറിയാമായിരുന്നു.അവിടെ  ചെന്ന് അവിടുത്തെ ചേഞ്ചിങ് റൂമിൽ പോയി ഡ്രസ്സ് മാറുന്നതിനിടയ്ക്കാ ഈ ഫോട്ടോസ് എല്ലാം..അവിടെ ഒളി കാമറ ഉണ്ടെന്ന് എനിക്കറിയില്ലായിരുന്നു മോളെ.."രാഖി പൊട്ടിക്കരഞ്ഞു.
ദേവി ഒരു നിമിഷം ഒന്നും മിണ്ടിയില്ല.പിന്നെ രാഖിയുടെ അടുത്തേക്ക് പാഞ്ഞ് ചെന്ന് കട്ടിലിൽ ഇരിക്കുന്ന അവളെ തലങ്ങും വിലങ്ങും തല്ലി! രാഖി ഒന്നും മിണ്ടാതെ കരഞ്ഞുകൊണ്ട് അതെല്ലാം ഏറ്റു വാങ്ങി.
"നിന്നോട് ഞാൻ ഒരായിരം തവണ പറഞ്ഞിട്ടുണ്ട് വേണ്ടാത്ത പണിക്കൊന്നും പോവരുത് പോവരുത് എന്ന്..എത്ര തവണ നിന്റെ കാലുപിടിച്ച്  പറഞ്ഞിരിക്കുന്നു ഇതെല്ലം ഉപേക്ഷിച്ച് മരിയാദയ്ക്കിരുന്ന് പഠിക്കാൻ?സ്വപ്നലോകത്തുകൂടി നടന്നാൽ ഒരിക്കൽ കാലിടറി വീഴേണ്ടി വരുമെന്ന് പറഞ്ഞതല്ലേ ഞാൻ ..ഇപ്പൊ എന്തായി?മാഗസീനിലെ കവർ പിക് ,അതുവഴി പരസ്യങ്ങളിലെ മോഡൽ,പിന്നെ സിനിമ കുന്തം ..കുറച്ച് നിമിഷത്തെ അശ്രദ്ധ  കൊണ്ട് നിനക്കിപ്പോ നിന്റെ ജീവിതം തന്നെ നഷ്ടമായില്ലേ?അനുഭവിക്ക്..എല്ലാം സ്വയം വരുത്തി വെച്ചതല്ലേ.."ദേവി തലയിൽ കൈ വെച്ച് പറഞ്ഞു.എന്നിട്ട് അവിടെ ചെയറിൽ ചെന്നിരുന്നു..അവളും കരയുകയായിരുന്നു.
കുറച്ച് നേരത്തേക്ക് ആരും ഒന്നും സംസാരിച്ചില്ല.
"ആരാ ഈ ഫോട്ടോസ് അയച്ചത്?എന്താ ഇപ്പൊ അവരുടെ ഡിമാൻഡ്?" കുറച്ച് കഴിഞ്ഞ് ദേവി ചോദിച്ചു.
"ആ കടയുടെ ഓണർ തന്നെയാ അവിടെ ഫോട്ടോ എടുക്കാൻ നിൽക്കുന്നത്.. അയാളുടെ പേര് ഉദയൻ..മലയാളിയാ.അങ്ങേരാ ഇതയച്ചത്..അങ്ങേര് പറയുന്ന സ്ഥലത്തേക്ക് ഞാൻ ചെല്ലണം.. നാളെ തന്നെ അയാളോട് സമ്മതം അറിയിക്കണമെന്ന്..ഇല്ലെങ്കിൽ അയാൾ ആ ഫോട്ടോസ് ഇന്റർനെറ്റിൽ കൊടുക്കും.. അയാളുടെ ഇഷ്ടത്തിന് വഴങ്ങിക്കൊടുത്താൽ അയാൾ ആ ഫോട്ടോസ് തിരികെ നൽകാം എന്ന് പറഞ്ഞു."രാഖി പറഞ്ഞു.നാണക്കേട് കാരണം അവൾ ദേവിയുടെ മുഖത്ത് നോക്കാൻ പാടുപെട്ടു.
"എവിടെ ചെല്ലാനാ പറഞ്ഞത് ?എപ്പോ?"ദേവി ചോദിച്ചു.
" കോളേജിനടുത്തുള്ള  പൂട്ടിക്കിടക്കുന്ന ആ ഫാക്ടറി ഇല്ലേ? അംബാ മിൽസ്.. തിങ്കളാഴ്ച്ച  വൈകിട്ട് അവിടെ ചെല്ലണം .അയാൾ അവിടെ കാത്ത് നിൽക്കും  "രാഖി പറഞ്ഞു.
"തിങ്കളാഴ്ച്ച ഹർത്താൽ അല്ലെ?"ദേവി ചോദിച്ചു.
"അതുകൊണ്ട് തന്നെയാ ആ ദിവസം അയാൾ തിരഞ്ഞെടുത്തത്..അവിടെങ്ങും ആരും കാണില്ലല്ലോ.."രാഖി പറഞ്ഞു.
"അലക്സിനോട് പറഞ്ഞോ?"ദേവി ചോദിച്ചു.
"ഇല്ല..അറിഞ്ഞാൽ എന്നെ കൊന്നുകളയും..നിന്നെപ്പോലെ തന്നെ അലക്‌സും ഇതിന്റെ പേരിൽ എന്നെ ഒരുപാട് വിലക്കിയിട്ടുള്ളതാണ്.."രാഖി കരഞ്ഞുകൊണ്ട് പറഞ്ഞു.
"അറിയട്ടെ..എല്ലാരും അറിയട്ടെ..അഹങ്കാരം കാണിച്ച് ഓരോന്ന് വരുത്തി വെച്ചിട്ട്  ഇപ്പൊ ഇരുന്ന് മോങ്ങിയാൽ  പോരാ..പ്രേമമാണ് തേങ്ങയാണ് എന്നൊക്കെ പറഞ്ഞ് നടക്കുന്നുണ്ടല്ലോ..അവസരങ്ങൾ ഒരുപാടുണ്ടായിട്ടും നീ സമ്മതിക്കുമെന്ന് അറിയാമെങ്കിൽ പോലും അലക്സ് ഇന്നേ വരെ നിന്നെ വേണ്ടാത്ത ഒരു നോട്ടം കൊണ്ടുപോലും കളങ്കപ്പെടുത്തിയിട്ടില്ലെന്ന്  നീ തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്..  അങ്ങനെ ഉള്ള ഒരാളെ കിട്ടണമെങ്കിൽ തപസ്സിരിക്കണം..അതുപോലൊരാളെ   നീ  അർഹിക്കുന്നില്ല രാഖി.."ദേവി ദേഷ്യത്തോടെ പറഞ്ഞു.ദേവിയുടെ മനസ്സിലെ  വേദനയും സങ്കടവുമാണ് ദേഷ്യമായി പുറത്തുവരുന്നതെന്ന് രാഖിക്ക് അറിയാമായിരുന്നു.
രാഖി പതിയെ ദേവിയുടെ അടുത്തേക്ക് ചെന്നു.ദേവി ഇരിക്കുന്ന ചെയറിന്റെ  സൈഡിലായി മുട്ടുകുത്തി അവൾ നിലത്തിരുന്നു.
"നീ പറഞ്ഞത് ശരിയാ മോളെ..ഞാൻ അവനെ അർഹിക്കുന്നില്ല..തന്നിഷ്ട്ടക്കാരിയും  അഹങ്കാരിയുമായ എന്നെപ്പോലൊരുത്തി അല്ല അവന് വേണ്ടത്..നീ.. നിനക്ക് തന്നേക്കട്ടെ ഞാൻ അവനെ..?"രാഖി ചോദിച്ചതുകേട്ട് ദേവി അമ്പരപ്പോടെ അവളെ നോക്കി.
"നീ എന്താ ഈ പറയുന്നത്?"ദേവിക്ക് ദേഷ്യം വന്നു.
"ഒളിക്കാൻ നോക്കണ്ട..എനിക്കറിയാം നിനക്ക് അലക്സിനെ ഒരുപാടിഷ്ടമാണെന്ന്!" രാഖി പറഞ്ഞതുകേട്ട് ദേവി ചെയറിൽ നിന്നെഴുന്നേറ്റ് ജനലിന്റടുത്തേക്ക് മാറിനിന്നു.
"നീ എന്ത് ഭ്രാന്താ  ഈ പറയുന്നത്?"ദേവി അവളുടെ മുഖത്ത് നോക്കാതെ ചോദിച്ചു.
"ഒഴിഞ്ഞു മാറാൻ നോക്കണ്ട..എനിക്കറിയാം..നിന്റെ ഡയറി കള്ളം പറയില്ലല്ലോ.."രാഖി പറഞ്ഞു. കുറ്റം പിടിക്കപ്പെട്ടവളേ പോലെ ദേവി തലതാഴ്ത്തി.രാഖി അവിടുന്ന് എഴുന്നേറ്റ് ദേവിയുടെ അടുത്തേക്ക്  ചെന്നു.
"റാഗിംഗിനിടയിൽ തന്നെ രക്ഷിച്ച ആളോട്  നിനക്ക് തോന്നിയ ആരാധന.പിന്നീടുള്ള ദിവസങ്ങളിൽ അയാളെ നേരിൽ കാണുമ്പോളൊക്കെ മനസ്സിൽ തോന്നിയ പറയാനാവാത്ത വികാരത്തിന്റെ പേര് പ്രണയം ആണെന്ന് മനസ്സിലാക്കിയപ്പോഴേക്കും വൈകിപ്പോയിരുന്നു.അയാൾ നിന്റെ ബെസ്ററ്  ഫ്രണ്ടായ എന്നെ  പ്രണയിക്കുന്നു എന്ന് അറിഞ്ഞപ്പോൾ , ഞാനും അലക്സിനെ തിരിച്ച് സ്‌നേഹിക്കുന്നുണ്ടെന്ന് നീ  മനസ്സിലാക്കിയപ്പോൾ   എനിക്ക് വേണ്ടി നീ നിന്റെ ആഗ്രഹങ്ങളെ കുഴിച്ചുമൂടി. പക്ഷെ  ഞാൻ ഇതൊക്കെ അറിഞ്ഞത്  അടുത്തിടെ ആണെന്ന് മാത്രം.അബദ്ധത്തിൽ നിന്റെ ഡയറി നോക്കിയപ്പോഴാണ് ആരോടും പറയാതെ നീ മനസ്സിൽ കൊണ്ടുനടന്ന ആ ഇഷ്ടം ഞാൻ അറിഞ്ഞത് ..എന്നോടൊരു വാക്ക് പറയാമായിരുന്നില്ലേ?ഞാൻ ഒഴിഞ്ഞ് തരുമായിരുന്നല്ലോ..നിന്നോളം ഒന്നും എനിക്ക് പ്രിയപ്പെട്ടതല്ല എന്ന് നിനക്ക് അറിയാമായിരുന്നില്ലേ?"രാഖി ചോദിച്ചത് കേട്ട് ദേവി കരഞ്ഞുപോയി.
"ഇനിയും വൈകിയിട്ടില്ല..നിങ്ങളുടെ എല്ലാം വാക്ക് ധിക്കരിച്ച് എടുത്തുചാടിയതിന്റെ ശിക്ഷ എനിക്ക് കിട്ടി.നീ ഇത് അലക്സിനോട് പറയണം.
അല്ലെങ്കിൽ വേണ്ട ഞാൻ തന്നെ പറയാം.അതോടൊപ്പം ആരെയുമറിക്കിയതെ  നീ മനസ്സിൽ കുഴിച്ചുമൂടിയ ഇഷ്ടത്തെ പറ്റിയും.നിങ്ങൾ..നിങ്ങളാണ് ഒന്നിക്കേണ്ടിയത്.."രാഖി പറഞ്ഞു.
"കൂടുതൽ സിനിമ ഡയലോഗ് അടിക്കാതെ.."ദേവി കണ്ണുകൾ തുടച്ചുകൊണ്ട് പറഞ്ഞു.
"തൽക്കാലം  നീ ഈ കാര്യം..അതായത് ഈ ഫോട്ടോസിന്റെ കാര്യം അലക്സിനെ അറിയിക്കേണ്ട..നമ്മുക്ക് വഴിയുണ്ടാക്കാം.."ദേവി പറഞ്ഞു.
"എങ്ങനെ?"രാഖി ചോദിച്ചു.
"നീ അയാളോട് പറഞ്ഞേക്ക്.പറഞ്ഞ സമയത്ത് തന്നെ അവിടെ വന്നേക്കാമെന്ന്.."ദേവി പറഞ്ഞു.
"നീ എന്താ ഈ പറയുന്നത്?എന്ത് വിശ്വസിച്ചാ ഞാൻ അങ്ങോട്ട് പോവുന്നത്?നിന്റെ മനസ്സിൽ എന്തെങ്കിലും പ്ലാൻ ഉണ്ടോ?"രാഖി ചോദിച്ചു.
"അതൊന്നും തൽക്കാലം നീ അറിയണ്ട.എനിക്ക് ആലോചിക്കാൻ കുറച്ച് സമയം താ.നാളെ നീ ചെന്ന് പറഞ്ഞേക്ക് അയാൾ പറഞ്ഞ സ്ഥലത്ത് പറഞ്ഞ സമയത്ത് വരാമെന്ന്."ദേവി പറഞ്ഞതുകേട്ട് രാഖി  മനസ്സില്ലാമനസ്സോടെ സമ്മതിച്ചു.
"ഞാൻ പറഞ്ഞ കാര്യം ആലോചിക്കുന്നോ?അലക്സ്?"രാഖി വീണ്ടും ചോദിച്ചു.
"നീ പറഞ്ഞത് ശരിയാ..അലക്സിനെ എനിക്ക് ഇഷ്ടമായിരുന്നു..പക്ഷെ നിന്നെ വിഷമിപ്പിച്ചിട്ട് എനിക്കൊന്നും വേണ്ട മോളെ.നിന്റച്ചായനെ നീ തന്നെ എടുത്തോ.."ദേവി പറഞ്ഞു.
"അടുത്ത ജന്മം നിനക്ക് വിട്ട് തന്നേക്കണം എന്നാണോ?"രാഖി ചോദിച്ചു.
"അയ്യോ ഈ ജന്മം തന്നെ എങ്ങനെയെങ്കിലും ഒന്ന് കഴിഞ്ഞ് കിട്ടിയാൽ മതിയെന്നും പറഞ്ഞാ ഞാൻ ഇരിക്കുന്നത്.ഇനിയൊരു ജന്മം ഈ ഭൂമിയിൽ എനിക്ക് വേണ്ടെന്റെ പൊന്നെ.."ദേവി ചിരിച്ചുകൊണ്ട് പറഞ്ഞു.രാഖിയും അത് കേട്ട് ചിരിച്ചു.പക്ഷെ ദേവിയുടെ മനസ്സ് നീറുകയായിരുന്നു...
പിറ്റേന്ന് രാഖി ദേവി പറഞ്ഞത് പോലെ ഫോട്ടോ സ്റ്റുഡിയോയിൽ കയറി ഉദയനോട്  അയാൾ പറഞ്ഞ സ്ഥലത്ത് പറഞ്ഞ സമയത്ത് വരാമെന്ന് അറിയിച്ചു.
തുടരും.......
Click here to read all published parts -
https://www.nallezhuth.com/search/label/AmbaMills

By: Anjana Ravi USA

ഞാനും അവളും പിന്നെ ബ്രൗണിയും

"എനിക്കൊരു പട്ടിയെ വേണം "അവൾ എന്നെ ഒന്നു തോണ്ടി
"ഞാനുള്ളപ്പോളോ? "
അലസമായി ചോദിച്ചു ഞാൻ വീണ്ടും പത്രത്തിലേക്ക് മുഖം താഴ്ത്തി
"നിങ്ങളെപ്പോലെ ആണോ പട്ടി? "അവൾ ഒറ്റ അലർച്ച
"സിസ്റ്റം വ്യത്യാസം ആണെങ്കിലും ഫങ്ക്ഷൻ ഒക്കെ ഒരു പോലെ അല്ലേടി? നീ എന്ത് പറഞ്ഞാലും ഞാൻ അനുസരിക്കും. പിന്നെ വാലില്ലാത്തതു കൊണ്ട് ആട്ടിക്കാണിക്കുന്നില്ല എന്നേയുള്ളു "
"ദേ മനുഷ്യ ഞാൻ ഇത് എടുത്ത് തലയ്ക്ക് ഒന്നു തരും കേട്ടോ "അവളുടെ കയ്യിൽ പലക കഷ്ണം
തമ്പുരാനെ...
"എടി അതവിടെ വെച്ചേ.. നിനക്ക് എന്തിനാ ഇപ്പോൾ പട്ടി? അത് പറ "
ഞാൻ അവളുടെ കൈയിൽ നിന്നും സൂത്രത്തിൽ പലകക്കഷണം വാങ്ങി മാറ്റി
ബുദ്ധിയില്ലാത്ത ജന്തു. ഒന്നു തന്നാൽ തീർന്നില്ലേ? നമ്മളല്ലേ സൂക്ഷിക്കേണ്ടത്?
"എന്റെ ഫ്രണ്ട് ഷീബയുടെ പട്ടി പ്രസവിച്ചു. നാടൻ പട്ടിക്കുട്ടികളാ.. നമുക്ക് ഒന്നിനെ വാങ്ങിക്കാം ന്നെ "അവൾ കെഞ്ചുന്നു
"പട്ടിയൊന്നും വേണ്ട. വലിയ ശല്യ.. എനിക്കിഷ്ടമല്ല "ഞാൻ പറഞ്ഞു
"ഇഷ്ടം അല്ല എന്നല്ല പേടിയാ എന്ന് പറ. നിങ്ങളെ പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ പട്ടി കടിച്ചത് കൊണ്ടല്ലേ? "
ഞാൻ ചമ്മി. സംഗതി സത്യമാണ് കേട്ടോ. പണ്ടെങ്ങോ പറഞ്ഞത് ആണ്. ഹോ! കൃത്യമായി ഓർത്തു വെച്ചേക്കുവാ. പെണ്ണല്ലേ വർഗം. ഒന്നും മറക്കില്ല. എന്നാലും തോറ്റു കൊടുക്കാൻ പാടില്ലല്ലോ
"ഹും അതൊന്നുമല്ല. ഇപ്പോൾ ഇവിടെ പട്ടിയുടെ ആവശ്യം എന്താ? "
"പകൽ നിങ്ങൾ പോയി കഴിഞ്ഞു ഞാൻ ഒറ്റയ്ക്കല്ലേ? ഒരു കൂട്ടാകുമല്ലോ. ഒരു കുട്ടിയുണ്ടായിരുന്നെങ്കിൽ അതിനെ കളിപ്പിച്ചു ഇരിക്കാമായിരുന്നു. അതെങ്ങനെ? പ്രൊബേഷൻ പീരിയഡ് തീരാതെ കുട്ടി പാടില്ല ത്രെ... ലോകത്തു വേറെ ആരും ജോലിക്ക് പോയിട്ടില്ലല്ലോ? "
അവൾ പറയുമ്പോൾ അതിൽ ന്യായം ഉണ്ട്. പക്ഷെ എനിക്ക് എന്റെ ന്യായങ്ങൾ ഉണ്ട്. പ്രണയ വിവാഹം ആയിരുന്നു. രണ്ടു വീട്ടുകാരും തിരിഞ്ഞു നോക്കാറില്ല. അവൾ ഗർഭിണി ആകുമ്പോൾ ലീവ് എടുക്കേണ്ടി വരും.. അങ്ങനെ ഒരു പാട് പ്രശ്നം ഉണ്ട്. എന്തായാലും അവളുടെ ആഗ്രഹം നടക്കട്ടെ
പട്ടി വന്നു
ബ്രൗൺ നിറത്തിലുള്ള സുന്ദരിക്കുട്ടി
ഞങ്ങൾ അവൾക്കു ബ്രൗണി എന്ന് പേരിട്ടു
"പെൺപട്ടി വേണ്ടാരുന്നു "ഞാൻ പറഞ്ഞു
"പെണ്ണിനെന്താ കുഴപ്പം? "അവൾ പുരികം ചുളിച്ചു
"എടി ഇത് പ്രസവിച്ചു കൂട്ടും "
"അല്ല ഞാൻ അറിയാഞ്ഞിട്ടു ചോദിക്കുവാ നിങ്ങൾക്ക് ഈ പ്രസവത്തോട് ഇത്രയും അലെർജി എന്താ? പ്രസവരക്ഷയൊന്നും കൊടുക്കണ്ടല്ലോ. അത് പ്രസവിച്ചോട്ടെ. നമുക്കോ പറ്റുന്നില്ല "
കുത്ത് നമുക്കിട്ടാണ്. ഞാൻ മിണ്ടിയില്ല.
ബ്രൗണിക്കു അവളെ വലിയ ഇഷ്ടം ആണ്. എനിക്കും പേടി ഒക്കെ പോയി ചെറിയ ഇഷ്ടം ഒക്കെ തോന്നി തുടങ്ങി
ബ്രൗണി വന്നതിന്റെ മൂന്നാമത്തെ മാസം ഞങ്ങളുടെ സകല പ്ലാനുകളും പൊളിഞ്ഞു എന്റെ ഭാര്യ ഗർഭിണി ആയി
അവൾക്കിതിൽ പരം സന്തോഷം ഇല്ല
"കണ്ടോ ബ്രൗണിയുടെ ഐശ്വര്യം. നിങ്ങൾ ഒന്നു ചിരിക്കെന്റെ മനുഷ്യാ. കാണുന്നോർ വിചാരിക്കുമല്ലോ ഇതേതാണ്ട് അവിഹിതഗർഭം ആണെന്ന് "
അത് കേട്ടപ്പോൾ സത്യത്തിൽ ഞാൻ ചിരിച്ചു പോയി
ബ്രൗണിയോടവൾ നിന്റെ അനിയൻ വാവ വരുന്നുണ്ട് ട്ടോ എന്നൊക്കെ പറയുന്നത് കേൾക്കാം
"എടി പട്ടികുഞ്ഞാണോ നമുക്ക് ഉണ്ടാകുന്നെ? "
"അയ്യടാ കുഞ്ഞുങ്ങൾ ഇല്ലാതിരുന്ന സമയത്തു ദൈവം തന്നതാ എനിക്കിവളെ. ഇവളാണ് എന്റെ ആദ്യത്തെ കുഞ്ഞ് അല്ലേടി ചക്കരെ "
അവൾ ബ്രൗണിയെ ചേർത്ത് ഉമ്മ വെയ്ക്കുന്നത് കണ്ടു എനിക്ക് പാവം തോന്നി ഇവൾക്കിത്ര ഇഷ്ടം ആയിരുന്നോ കുഞ്ഞുങ്ങളെ?
പ്രസവം ആയപ്പോൾ സകല പിണക്കവും മറന്ന് വീട്ടുകാരെത്തി
അവൾ പ്രവചിച്ചത് പോലെ ആൺകുഞ്ഞായിരുന്നു
ബോധം വന്നപ്പോൾ അവൾ ആദ്യം ചോദിച്ചത്
"ബ്രൗണി? "
"ആശുപത്രിയിൽ കൊണ്ട് വരാൻ പറ്റില്ലല്ലോ മോളെ "ഞാൻ ആ ശിരസിൽ തടവി
അവളുടെ വീട്ടുകാർ അവളെ വീട്ടിലേക്കു കൊണ്ട് പോകുന്നു എന്ന് പറഞ്ഞപ്പോൾ നെഞ്ചു പൊട്ടുന്ന ഒരു വേദന വന്നു എനിക്ക്
"പ്രസവരക്ഷ ഒക്കെ ഉള്ളത് കൊണ്ടാ. അല്ലെങ്കിൽ ഞാൻ പോവില്ലായിരുന്നു "അവൾ നിറകണ്ണുകളോടെ പറഞ്ഞു.
"സാരോല്ല "എന്റെ ശബ്ദം ഒന്നു അടച്ചു
"ബ്രൗണിക്ക് ഭക്ഷണം കൊടുക്കണേ "
"ഉം "ഞാൻ ഒന്നു മൂളി
ഞാൻ രണ്ടു ദിവസം ഓഫീസിൽ ഒന്നും പോകാതെ വെറുതെ കിടന്നു. എന്റെ കാൽക്കൽ ബ്രൗണിയും. ബ്രൗണിയോട് ഞാൻ എല്ലാം പറഞ്ഞു. അവൾക്കു മനസ്സിലായോ ആവോ. അവളെ ഉള്ളായിരുന്നു അപ്പൊ എനിക്ക്. ഒറ്റക്കാകുമ്പോൾ ഒരു മൃഗത്തിന്റ കൂട്ട് പോലും എത്ര ആശ്വാസം ആണ്!
പടിക്കൽ ഒരു കാർ നിന്ന ശബ്ദം കേട്ട് ആദ്യം ഓടിയത് ബ്രൗണി ആണ്.
"ഇങ്ങനെ നിർത്താതെ കരഞ്ഞാൽ എന്ത് പ്രസവരക്ഷ ചെയ്തിട്ടും കാര്യമില്ല "അവളുടെ അമ്മ കുഞ്ഞിനേയും കൊണ്ട് മുഖം വീർപ്പിച്ചു അകത്തേക്ക് പോയി.
അവൾ എന്നെ കെട്ടിപ്പിടിച്ചു നെഞ്ചിൽ മുഖം അമർത്തി വിങ്ങി കരഞ്ഞു. ഞാനും അറിയാതെ....
അവളുടെ ശാസന ഇല്ലാതെ വിളിയൊച്ചകളില്ലാതെ കലഹങ്ങളില്ലാതെ ഞാൻ എത്ര വേദനിച്ചു എന്ന് പറയണമെന്നുണ്ടായിരുന്നു. കണ്ണീരിൽ കുതിർന്നു പോയി അതൊക്കെ
അവൾ ബ്രൗണിയെ ചേർത്ത് പിടിച്ചു. ആ സാധു മൃഗത്തിന്റെ കണ്ണിൽ നിന്നും കണ്ണീരൊലിക്കുന്നതു കണ്ട് ഞാൻ സ്തബ്ധനായി.
അല്ലെങ്കിലും ഈ സ്നേഹം ഇങ്ങനെയാ
നമ്മളെ അങ്ങ് കരയിച്ചു കളയും. അല്ലെങ്കിലും സ്നേഹത്തിനോളം ശക്തി ഉള്ള മറ്റെന്തുണ്ടി ലോകത്തിൽ?
BY Ammu Santhosh

മനുഷ്യനും മൃഗവും


രാവിലെ തന്നെ തള്ള കോഴിയുടെ ഒരു കൊത്ത് കൊണ്ടു
അതിന്റെ കുഞ്ഞിനെ തൊട്ടാൽ അതെങ്ങനെ നോക്കിയിരിക്കും
അതുപോലെ തന്നെ നായയും പ്രസവിക്കുന്നതിന് മുൻപ് വരെ നമ്മളോട് സ്നേഹത്തോടെ ഇടപെടും
പക്ഷേ പ്രസവിച്ചു കഴിഞ്ഞാൽ പിന്നെ പെട്ടെന്ന് നമ്മളെ അടുപ്പിക്കില്ല
കുഞ്ഞുങ്ങൾ ഒരു വിധം പ്രായം ആവുന്നത് വരെ യജമാനനെ പോലും അടുത്തേക്ക് പോവാൻ അനുവദിക്കില്ല
എല്ലാ മൃഗങ്ങളും അവരുടെ മക്കളെ അത്രയും സ്നേഹത്തോടെ പരിപാലിക്കുന്നുണ്ട്
പക്ഷേ നമ്മുടെ ഇന്നത്തെ സമൂഹത്തിൽ മനുഷ്യക്കുഞ്ഞുങ്ങളെ ശ്വാസം മുട്ടിച്ചും,
നിലത്തെറിഞ്ഞും , കഴുത്തറത്തും കൊല്ലുന്നത് അച്ഛനോ,അമ്മയോ ആയിരിക്കും
അച്ഛൻ്റെയും ,അമ്മയുടെയും കൈയ്യിൽ പോലും മക്കൾ സുരക്ഷിതരല്ല
കാലത്തിന്റെ സഞ്ചാരം നാശത്തിലേയ്ക്കോ
ഓരോ വാർത്തകൾ കാണുബോഴും നെഞ്ചു പിടയുന്നു
പുഞ്ചിരി തൂവുന്ന കുഞ്ഞു മുഖങ്ങൾ മനസ്സിൽ
വേദനയാവുന്നു
പലരും പിഴുതെറിയുന്ന ജീവനുകൾ ആരുടെയൊക്കെയോ വർഷങ്ങളായുള്ള പ്രാർത്ഥനയാണ്
വളർത്താൻ കഴിഞ്ഞില്ല എൻകിൽ
കൊല്ലാതെ ആർക്കെങ്കിലും ദാനം ചെയ്തു കൂടെ
കുട്ടികളെ ഒഴിവാക്കാൻ അവരെ കൊല്ലരുത്
അവരെ അമ്മ തൊട്ടിലുകളിൽ ഏൽപ്പിക്കാൻ ഒരു പരസ്യ പ്രചാരണം ആവശ്യമാണ് ദൈവത്തിന്റെ സ്വന്തം നാട്ടിൽ
അനാഥ മന്ദിരങ്ങളിൽ അവർ വളരട്ടെ
വലിയൊരു മഹാനുണ്ട് കുട്ടികൾ പൂന്തോട്ടത്തിലെ പൂക്കൾ പോലെയെന്നോ അവരെ വേണ്ട വിധം പരിപാലിക്കണമെന്നോ ഒക്കെ പറഞ്ഞ വ്യക്തി
ശിശുദിനമായി ആചരിക്കുന്നു ആ മഹാത്മാവിന്റെ ജന്മ ദിനം
ഒരുമിക്കണം നാളെയുടെ വാഗ്ദാനങ്ങൾ
വിടരും മുൻപേ കൊഴിയാതിരിക്കാൻ
രചനകളിലൂടെ ചെറിയൊരു സന്ദേശം
പകർന്ന്
അറിവു പകർന്ന്
ഒറ്റക്കെട്ടായി നമ്മൾക്ക് കൈകോർക്കാം
ജീവനുകൾക്ക് വേണ്ടി
പിഞ്ചു മുഖങ്ങൾക്ക് വേണ്ടി
അവരുടെ നിഷ്കളങ്കമായ പുഞ്ചിരിക്ക് വേണ്ടി
മനസ്സു മടുത്തു എഴുതി പോയതാണ്
എല്ലാം കണ്ടും കേട്ടും ഈ ലോകത്തെ ചില നികൃഷ്ട ജന്മങ്ങളോട് അറപ്പും , വെറുപ്പു തോന്നുന്നു
കുഞ്ഞു ജീവനുകളെടുക്കുന്ന പാപികൾക്ക്
തക്കതായ ശിക്ഷ ലഭിക്കട്ടെ
(കഥയും, കവിതയും മാത്രമല്ല ,
വരികളിലൂടെ ചിന്തിക്കാനും പ്രവർത്തിക്കാനും മറ്റുള്ളവരിലേയ്ക്ക് സന്ദേശങ്ങൾ പകർന്നു നൽകാനും തൂലിക പടവാളാക്കാം )
രാജിരാഘവൻ

നിഴലുകളെഴുതിയ നൊമ്പരങ്ങൾ*


°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
ഓലയിറമ്പിൽ നിന്നും നേർത്തുനേർത്തിറ്റു വീഴുന്ന മഴനൂലുകളെ വിരലിൽ കോർത്തെടുത്തു കൊണ്ട് ഞാനിരുന്നു.
അടുത്ത മഴയുടെ വരവറിയിച്ചുകൊണ്ട് ഇരുളിന്റെ കരിമ്പടം പുതച്ചെത്തിയ കിഴക്കൻ കാറ്റ് കരിമ്പനയോലകളിൽ പെരുമ്പറ കൊട്ടി.
തറ മെഴുകുവാനുള്ള ചാണകത്തിലേക്ക്‌ അരച്ചു ചേർക്കാനായി ബാറ്ററിക്കരി പൊടിച്ചെടുക്കുന്ന അച്ഛമ്മയുടെ വേവലാതി കലർന്ന നോട്ടം എന്റെ മുഖത്തേയ്ക്ക് ഇടയ്ക്കിടെ പാളി വീഴുന്നത് ഞാനറിയുന്നുണ്ട്. കോരൻ മന്ത്രവാദി ജപിച്ചു കെട്ടിത്തന്ന ഒടുവിലത്തെ ചരടും വെറുതെയായല്ലോ എന്നോർത്താവും.
നേരം ഇരുട്ടിയിട്ടും ഇളയച്ഛൻ പണി മാറ്റിയെത്തിയില്ലല്ലോ എന്നു ഞാൻ ആശങ്കപ്പെട്ടു. ഈയിടെയായി ഇളയച്ഛനിതു പതിവായിരിക്കുന്നു.
അകത്ത് ചിമ്മിനി വിളക്കിന്റെ ചെറുവെളിച്ചത്തിൽ അമ്മ മയക്കത്തിലായിരിക്കും.
ഉള്ളിലെന്തോ കത്തിയമരും പോലൊരു തോന്നലിൽ ഞാൻ വയർ അമർത്തിപ്പിടിച്ച് മുന്നോട്ടാഞ്ഞിരുന്നപ്പോൾ അച്ഛമ്മ തിടുക്കത്തിലെഴുന്നേറ്റ് അകത്തേയ്ക്കു പോയി.
നീണ്ടൊരു തിരി അകത്തിട്ടു കത്തിച്ച മൺകുടവുമായി തിരിച്ചു വന്നു. കുടലാരം വയ്ക്കാനാണ്.കുടം വയറിലേയ്ക്കമർത്തിപ്പിടിച്ചപ്പോൾ സുഖമുള്ളൊരു ചൂട് വയറിനെ ഇറുക്കിപ്പിടിച്ചു.
തെല്ലൊരാശ്വാസത്തിൽ തണുത്ത തിണ്ണയിൽ അമർന്നു കിടക്കുമ്പോഴാണ് ഇളയച്ഛൻ കയറി വന്നത്.
" നിനക്കിത്തിരി നേരത്തെ വന്നൂടേ, രമേശാ ..." അച്ഛമ്മ ചോദിച്ചു. "ഈ അന്തി നേരത്ത് എന്തെങ്കിലൊരാവശ്യത്തിന് പുറത്തിറങ്ങാൻ സുമയ്ക്ക് പറ്റ്വോ... ഈ കുട്ടിക്കാണേൽ എന്നും പനിയും കുളിരും വിറയലും ''
പിന്നീട് സ്വരം പരമാവധി താഴ്ത്തിയാണു പറഞ്ഞതെങ്കിലും ഞാൻ വ്യക്തമായിത്തന്നെ കേട്ടു, "ഇന്നലെ രാത്രീലും ശാരദേടെ മുറ്റത്തൂടി ഒടിയനോടീത്രെ ...!"
മാറി നിന്ന പനിയും കുളിരും തിരിച്ചു വന്ന പോലെ എന്റെ ഉള്ളു കിടുകിടുത്തു.
കുറച്ചു ദിവസങ്ങളായി ഈ പരിസര പ്രദേശങ്ങളിൽ അവന്റെ സാമീപ്യമുണ്ട്... ഒടിയന്റെ ! അമ്മയ്ക്കു കുളി തെറ്റിയെന്നറിഞ്ഞതിൽ പിന്നെയാണ് ഞാനിതു കേൾക്കാൻ തുടങ്ങിയത്.
ഇരുട്ടിന്റെ മറപറ്റി ഗർഭിണികളെ തേടി വരുന്ന ഒടിയൻ. വലിയ കാളയുടെ രൂപത്തിൽ ഒടിമറഞ്ഞെത്തുന്നവൻ..കുളമ്പുകൾ ഉച്ചത്തിൽ തറയിലടിച്ച് ഇടവഴികൾ താണ്ടിയെത്തുന്ന അവന്റെ പാതയിൽ തടസ്സമാകുന്നവർക്ക് അവൻ കാലൻ...
ഓലച്ചുമരിന്റെ പഴുതിലൂടെ പല രാത്രികളിൽ ശാരദേട്ടത്തി അവനെ കണ്ടിട്ടുണ്ടത്രെ. എണ്ണ മിനുപ്പാർന്ന ദേഹവുമായി, നിറനിലാവെളിച്ചത്തിൽ കുളമ്പടിച്ചു കടന്നു പോകുന്ന, വാലില്ലാത്ത, വെളുത്ത കാളക്കൂറ്റൻ...
സുമയെ സൂക്ഷിക്കണേയെന്ന് ശാരദേടത്തി ഇടക്കിടെ ഓർമിപ്പിക്കും. വലിയ വയറും വിളർത്ത മുഖവുമുമായിരിക്കുന്ന അമ്മയെ കാണുമ്പോൾ വിഷമം തോന്നും.
എന്റെ ഓരോ സ്വപ്നങ്ങളിലേയ്ക്കും എന്തിനാണ് ഒടിയൻ കടന്നു വരുന്നതെന്നോർക്കുമ്പോൾ ആധിപുരണ്ടൊരു തേങ്ങൽ തൊണ്ടയിൽ കൂടുകെട്ടി. എത്ര തവണ മന്ത്രവാദിയെക്കണ്ടു ചരടു കെട്ടി. എത്രയിടത്ത് ഉഴിഞ്ഞുവാങ്ങി..എന്നിട്ടും..
"ഈ പെണ്ണിന് കിടക്കാനായില്ലേ..." അച്ഛമ്മ പറയുന്നതിനു ചെവി കൊടുക്കാതെ, എന്നെ നോക്കി കണ്ണുരുട്ടിക്കൊണ്ട് ഇളയച്ഛൻ കയ്യിലിരുന്ന കടലാസ്സിൽ പൊതിഞ്ഞ മിഠായി എനിക്കു നേരെ നീട്ടി.
അൽപം പരുക്കനാണെങ്കിലും ഇളയച്ഛനെ എനിക്കിഷ്ടമാണ്. എന്നും രാത്രിയിൽ എനിക്കു തരുന്ന ഈ മിഠായിയിൽ നിന്നും ഞാൻ നുണഞ്ഞെടുക്കുന്നത് പിന്നിട്ട വഴിയിലെപ്പോഴോ നഷ്ടപ്പെട്ടുപോയ അച്ഛന്റെ വാത്സല്യമാണ്.
മരം മുറിക്കുന്നതിനിടെ വലിയ കൊമ്പൊരെണ്ണം ദേഹത്തേയ്ക്കു വീണ് അച്ഛൻ മരിക്കുമ്പോൾ എനിക്ക് നാലു വയസ്സാകുന്നതേ ഉണ്ടായിരുന്നുള്ളൂ. പണി മാറ്റി വരുമ്പോഴത്തെ വിയർപ്പു ഗന്ധം... എടുത്തുയർത്തി ചിരിപ്പിച്ച് ഉമ്മ വയ്ക്കുമ്പോൾ നെറ്റിയിൽ പതിയുന്ന നനവ് ... അതാണെനിക്കച്ഛൻ..!
അച്ഛന്റെ മരണശേഷം സ്വന്തം വീട്ടിലേയ്ക്കു പോയ അമ്മയെ ഒരു വർഷത്തിനു ശേഷം തിരിച്ചു കൊണ്ടുവന്ന് ഇളയച്ഛനു കൈ പിടിച്ചു കൊടുത്തത് അച്ഛമ്മയാണ്.
വീണ്ടും ഇളയച്ഛന്റെ നീരസം കലർന്ന നോട്ടം എന്റെ നേർക്കു നീളുന്നതു കണ്ടപ്പോൾ എഴുന്നേറ്റ് അകത്തേയ്ക്കു നടന്നു.ഓരോ ദിവസവും ഭീതിയോടെയാണ് ഉറങ്ങാനൊരുങ്ങുന്നത്. ഇടനാഴിയിൽ തഴപ്പായ വിരിച്ച് കിടന്നു. ഉറങ്ങരുതെന്നാഗ്രഹിക്കുമ്പോഴും കണ്ണുകൾ അടഞ്ഞടഞ്ഞു പോവുകയാണ്. പതിയെപ്പതിയെ നിദ്രയുടെ നിലയില്ലാത്താഴങ്ങളിലേയ്ക്ക് വീണു പോവുന്നതറിഞ്ഞു. ചുറ്റും നിറയുന്ന കൂരിരുട്ട്.. ശേഷം ഇരുളിനെ അരിച്ചു നീക്കി മെല്ലെ പടരുന്ന അമ്പിളി വെട്ടം.
ചുറ്റും പതുങ്ങുന്ന നിഴലുകളെ ഭയന്ന് ഓടിക്കിതച്ചു ഞാൻ ചെന്നെത്തുന്ന ഇടവഴികൾ.. ഓരോ ഇലയനക്കങ്ങൾ കൊണ്ടും നിലാവു വരച്ചെടുക്കുന്ന ഭീകരരൂപങ്ങൾ.. ഇടവഴിയറ്റത്ത്, ഉയർന്ന പാറക്കല്ലിൽ തിളങ്ങുന്ന ചന്ദ്രബിംബത്തെ മറച്ചു നിൽക്കുന്ന വാലില്ലാക്കാള...! അവന്റെ തീക്കട്ട പോലെ തിളങ്ങുന്ന കണ്ണുകൾ.. കുടിലതയാർന്ന ചലനങ്ങൾ...
വീണു കിടക്കുന്ന കരിയിലകളിലേയക്ക് കുഴഞ്ഞുവീണ് ചതഞ്ഞമരുമ്പോൾ ദേഹത്തിഴയുന്ന അവന്റെ വഴുവഴുത്ത നാവ്. ശരീരത്തിലെ ഓരോ അണുവിനെയും ചവിട്ടിമെതിച്ച് കടന്നു പോകുന്ന കുളമ്പടികൾ ...
ദേഹം നുറുങ്ങുന്ന വേദനയോടെ സ്വബോധത്തിലേയ്ക്കുണർന്നത്, എന്നത്തേയും പോലെ സൂര്യൻ ജനലഴികളിലൂടെ കടന്നു വന്ന് കണ്ണിനെ കുത്തിനോവിക്കാൻ തുടങ്ങിയപ്പോഴാണ്.
അമ്മയും അച്ഛമ്മയും അടുക്കളയിലുണ്ട്.ഇളയച്ഛൻ പണിക്കു പോകാനിറങ്ങുകയാണ്. വാടിക്കുഴഞ്ഞ് അടുക്കളയിലെത്തിയ എന്റെ നെറ്റിയിൽ അച്ഛമ്മ കൈ വെച്ചു നോക്കി. പനി വിട്ടില്ലല്ലോയെന്ന് ആവലാതിപ്പെട്ട് ചുക്കും മലന്തുളസി വേരുമിട്ടു തിളപ്പിച്ച ചക്കരക്കാപ്പി എനിക്കു നേരെ നീട്ടി.
"നീയാ രാമൻ വൈദ്യരെ കണ്ട് ഈ കുട്ടിക്ക് വല്ല അരിഷ്ടോ കഷായോ വാങ്ങണം." അച്ഛമ്മ ഇളയച്ഛനോട് വിളിച്ചു പറഞ്ഞു. മുറ്റം കടന്ന്, തലേന്നു പെയ്ത മഴയിൽ കുതിർന്നു കിടക്കുന്ന കരിയിലകളെ അമർത്തിച്ചവിട്ടി ഇടവഴിയിറങ്ങിക്കൊണ്ടിരുന്ന ഇളയച്ഛൻ അതു കേട്ടതായി തോന്നിയില്ല.
ഇടവഴിയിൽ മണ്ണിനോടു പതിഞ്ഞൊട്ടിക്കിടക്കുന്ന ഇലകളിൽ കാളക്കുളമ്പിന്റെ അടയാളം കണ്ടേയ്ക്കാമെന്ന തോന്നലിൽ എനിക്കു വീണ്ടും തല ചുറ്റി. നെറ്റിയിൽ അരച്ചിട്ട ചന്ദനവും അതിനു മേൽ നനച്ചിട്ട തുണിയുമായി ഇരുൾ വിങ്ങുന്ന മാനത്തേയ്ക്കു നോക്കി ഞാൻ തിണ്ണയിൽ കിടന്നു. അണപൊട്ടിയൊഴുകാൻ കൊതിച്ചു കൊണ്ട് ഒരു നൊമ്പരം മനസ്സിനെ നീറ്റുന്നുണ്ടായിരുന്നു.
അന്നു പകൽ മുഴുവൻ മാനം മിഴിനീർ വാർത്തുകൊണ്ടേയിരുന്നു. ആർത്തലച്ചും നിലവിളിച്ചും ചിലപ്പോഴെല്ലാം വിങ്ങിപ്പൊട്ടിയും, പതം പറഞ്ഞും മറ്റുചില നേരങ്ങളിൽ അടക്കിപ്പിടിച്ചും മഴ തന്റെ സങ്കടങ്ങൾ എന്റെ മനസ്സിനൊപ്പം കരഞ്ഞു തീർക്കുകയാണെന്നു തോന്നി.
വൃക്ഷത്തലപ്പുകൾക്കിടയിലൂടെ ഇടവഴികളിലേക്കൂർന്നു വീണ അന്തിച്ചുവപ്പ് കൂരിരുട്ടിനു വഴി മാറിയിട്ടും, പിന്നീടവിടേക്ക് നിലാവെത്തി നോക്കിയിട്ടും ഇളയച്ഛൻ വീടണയുകയുണ്ടായില്ല.
മഴ മാറി നിന്നുവെങ്കിലും രാത്രി ഭീതിദമായിരുന്നു. കാവുകളിലെ ഭീമൻ വൃക്ഷങ്ങളിലിരുന്ന് കാലൻ കോഴികൾ നീട്ടിക്കൂവി.. ദൂരെ പാടത്തു നിന്ന് കുറുക്കൻമാർ ഓരിയിട്ടു. വീട്ടിലേയ്ക്കുള്ള ഇടവഴിയിൽ കരിയിലകൾ ഞെരിഞ്ഞമരുന്ന ശബ്ദം കേട്ട് ഞാൻ കാതുകൾ പൊത്തി കണ്ണുകൾ ഇറുക്കിയടച്ചു കിടന്നു.
പിറ്റേന്ന്, തെളിഞ്ഞൊരു പ്രഭാതത്തിലേക്ക് ഉന്മേഷത്തോടെ ഞാൻ കൺമിഴിക്കുമ്പോൾ താഴെ ഇടവഴിയറ്റത്ത് കമിഴ്ന്നു വീണു കിടന്നിരുന്ന ഇളയച്ഛന്റെ ശരീരത്തിലേക്ക് കരിയുറുമ്പുകൾ വരിവെച്ചു തുടങ്ങിയിരുന്നു.
എന്റെ സ്വപ്നങ്ങളിലെ ഇരുൾ വീണ ഇടവഴികളിൽ നിന്ന് കാളക്കുളമ്പടിയൊച്ചകൾ എന്നന്നേയ്ക്കുമായി ഇറങ്ങിപ്പോയതും അതിനു ശേഷമായിരുന്നു.
...... Surya Manu

ഞണ്ടുകളുടെ കൂടെ.

Image may contain: 1 person, beard and closeup
.{Based on a real story}
അലക്സിന്റെ ബെഡിലേക്ക് നോക്കുമ്പോൾ വല്ലാത്തൊരു ശൂന്യതയാണ്.
താനും ഇനി എത്ര നാൾ...!
ഡോക്ടർമാർ പറഞ്ഞതു പ്രകാരം അവന്റെ അസുഖമാണ് തന്നെക്കാൾ തീവ്രത കുറഞ്ഞത്.എന്നിട്ടും തനിക്ക് മുൻപേ അവൻ യാത്രയായി.
സത്യത്തിൽ താനായിരുന്നില്ലേ ആദ്യം പോകേണ്ടവൻ.എല്ലാം ദൈവത്തിന്റെയൊരു വിനോദം.അതിൽ നമ്മൾ വെറുമൊരു കരുക്കൾ മാത്രം...!
ചതിയും വഞ്ചനയും ഏറെ പയറ്റിതെളിഞ്ഞവർ പോലും അവന്റെ കൈകൾക്കുള്ളിലിരുന്ന് ഞെരിഞ്ഞമരും...!
ചില സമയങ്ങളിൽ അവൻ നന്മയേയും കൈകൾക്കുള്ളിലാക്കി ഞെരിക്കുന്നത് കാണാം.എന്തൊരു വിരോധാഭാസമാണല്ലെ...!ആ...നിമിഷത്തിൽ അവനും ഒരു പക്ഷെ കപട പ്രാർത്ഥനകളുടെ മുൻപിൽ മനുഷ്യനായി പരാകായപ്രവേശം ചെയ്യുക ആവാം...!
അല്ലെങ്കിൽ സചേതനമായ ഉടലുകളും,മൃതിയടഞ്ഞ മനസ്സുകളും നിറഞ്ഞ ഒരിടം എന്തിനാണ് ഈ ഭൂമിയിൽ?!
അലക്സിന് മുൻപേ...ആ ബെഡിൽ സ്ഥാനം പിടിച്ചിരുന്ന ഇന്ദിരയുടെ കരച്ചിൽ ഇന്നും കാതിൽ മുഴങ്ങുന്നു.ആ കരച്ചിൽ അന്ന് ഓരോ മാത്രയിൽ കാതിൽ മുഴങ്ങുമ്പോൾ താൻ മനസ്സിൽ പ്രാർത്ഥിക്കുമായിരുന്നു...
ദൈവമേ എന്റെ കർണപുടങ്ങൾ നിശ്ചലമാക്കി നൽകാൻ അങ്ങേക്ക് എന്തു കൈക്കൂലിയാണ്
നൽകേണ്ടത്....!
അത്ര ഭീകരമായിരുന്നില്ലേ അവരുടെ അവസ്ഥ.
പത്തുവർഷം കാത്തിരുന്ന് ജനിച്ച കടിഞ്ഞൂൽ കണ്മണിക്ക് സ്വന്തം മുലയൂട്ടാനുള്ള അവകാശം നിഷേധിക്കപ്പെട്ടവൾ.അവളുടെ സ്തനങ്ങളിലും ഞണ്ടുകൾ കടന്നാക്രമണം നടത്തിയിരുന്നു.
ഒരു പക്ഷെ അവരാണ് യഥാർത്ഥ രക്തസാക്ഷി.തന്റേയുള്ളിൽ നവ ജീവന്റെ തുടിപ്പുകൾ ഉണ്ടെന്ന് മനസിലാക്കിയതിന് ശേഷമുള്ള ഏതാനും ആഴ്ചകൾ കഴിഞ്ഞപ്പോഴേ അവരുടെ ഉള്ളിൽ കടന്നുകൂടിയ ഞണ്ടുകളുടെ ആക്രമണം അവർ തിരിച്ചറിഞ്ഞിരുന്നു.ഈ ഭൂമിയിൽ ജീവിക്കാനുള്ള അവസരം ദൈവമായി നൽകിയിരുന്നു.ആ നാളുകളിൽ നവ മുകുളം മുളയിലേ നുള്ളികളഞ് സ്തനങ്ങൾ അറുത്തുമാറ്റിയിരുന്നുവെങ്കിൽ
അവർക്ക് ഈ ഭൂമിയിൽ കൂടുതൽ കാലം ജീവിച്ചിരിക്കാമായിരുന്നു.
പക്ഷെ അവർ തിരഞ്ഞെടുത്ത് സ്നേഹത്തിന്റെ വഴിയായിരുന്നിരിക്കാം...! അതുമല്ലെങ്കിൽ താനും സ്ത്രീയാണെന്ന് സമൂഹത്തോട് ബോധിപ്പിക്കുവാനുള്ള ശ്രമം ആയിരുന്നിരിക്കാം...!
************************************
കീമോ കഴിഞ്ഞ ക്ഷീണം ഉള്ളതിനാലാവാം അമിതമായ ഉറക്കത്തിൽ നിന്നും ഉണരാൻ ഞാൻ വൈകിയത്...!
അലക്സിന്റെ ബെഡിൽ പുതിയൊരു അഥിതി വന്നിരിക്കുന്നു.ഒറ്റ കാഴ്ചയിൽ തന്നെ മനസ്സിലായി ഒരു അച്ഛനും മകളും ആണെന്ന്.
അറുപതിനോട് അടുത്ത് പ്രായമുള്ളൊരു വൃദ്ധൻ.അവരുടെ കൂടെയുള്ള സ്ത്രീക്ക് ഏറിയാൽ മുപ്പത്തിയഞ്ച് വയസ്സ്കാണും.
കുഴിഞ്ഞ കണ്ണുകൾ,കഴുത്തിലെ എല്ലുകൾ എന്നെ നോക്കി കൊഞ്ഞനം കുത്തുന്നു.അതിന് ഭീകരത കൂട്ടാനായി ഒഴിഞ്ഞ കാതുകളിൽ ഈർക്കിൽ കൊണ്ട് കമ്മൽ തീർത്തിരിക്കുന്നു.ഒറ്റ നോട്ടത്തിൽ അവരെ കണ്ടാലറിയാം ഏതോ വലിയ മുതലാളിമാരുടെ കൊള്ളയുടെ ഇരയായി അവസാനം ഇവിടേക്ക് വലിച്ചെറിയപ്പെട്ടവർ ആണെന്ന്.
ഞാൻ അവരെ നോക്കി കൃത്രിമമായി ഒരു ചിരി വരുത്തികൊണ്ട് ചോദിച്ചു...?
എവിടെയാണ്....?
അവർ അതേ രീതിയിൽ മറുപടി നൽകി "രക്തത്തിൽ,,ഇച്ചിരി കൂടിയ ഇനമാണ് ബ്ലാസിക് ലുക്കീമിയ."
എന്റെയുള്ളിൽ ഒരു വിങ്ങൽ...
അപ്പോൾ എനിക്ക് മുൻപേ ഇവരും പോകുമായിരിക്കും...!
"ഡോക്ടർ എന്തുപറഞ്ഞു ?"
നല്ല ഭക്ഷണം കഴിക്കണം,നല്ല വിശ്രമം വേണം പിന്നെ ദൈവത്തിന്റെ കൈയിൽ ആണല്ലോ എല്ലാം എന്ന്.
കൈയിൽ ഉള്ളതെല്ലാം വിറ്റുപെറുക്കി അവൾക്ക് വേണ്ടിചിലവാക്കി.
ഇനിയൊന്നും ഇല്ല്യാ....
വല്ല കരളോ,കിഡ്‌നിയോ ദാനം ചെയ്തിട്ടായാലും വേണ്ടില്ല്യ എന്റെ മോൾ രക്ഷപെട്ടാൽ മതി എനിക്ക് ഇനി ഇവൾ മാത്രമേ ഉളളൂ.
എന്റെ ഉള്ളോന്ന് പിടഞ്ഞു ഞാൻ അവളോട് ചോദിച്ചു...
അപ്പൊ അസുഖം ഇയാൾക്ക് അല്ലെ...?
അവൾ ജനലിന് നേരെ കൈചൂണ്ടികാണിച്ചുകൊണ്ട് പറഞ്ഞു...
"അല്ല...!എന്റെ മകൾക്ക്...!"
അവർ പറഞ്ഞു തീർന്നതും അവൾ ഓടിവന്ന് മുത്തച്ഛന്റെ മടിയിലേക്ക് കയറിയിരുന്ന് തന്റെ അധികാരം സ്ഥാപിച്ചു.
ഏറിവന്നാൽ പതിമൂന്ന് വയസ്സ് കാണും അവൾക്ക്.രക്തത്തിലെ അണുക്കളുടെ എണ്ണം കൂടിയതിനാലാവാം മുഖമെല്ലാം വിളറിവെളുത്തിരിക്കുന്നു. അങ്ങിങ്ങായ് അല്പം ചോര കുത്തുകൾ മാത്രം.അവൾ മുത്തച്ഛനോട് അധികാര ഭാവത്തിൽ ചോദിച്ചു...
"എന്റെ കടല മിഠായി എവിടെ...?"
അയാൾ തന്റെ മടിയിൽ നിന്നും മിഠായി എടുത്തു ചെറിയൊരു ഭാഗം അവളുടെ കൈവെള്ളയിൽ
വച്ചുകൊടുത്തു.അവൾ അതിലൊരു കഷ്ണം എടുത്ത് എനിക്ക് നേരെ നീട്ടി..
"അങ്കിളിന് വേണോ മിഠായി...?"
ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു
"ആ...ഒരു കുഞ്ഞി കഷ്ണം കിട്ടിയാൽ കൊള്ളാമെന്നുണ്ട്.."
"ഹ..ഹ...ഹ...അയ്യടാ ഒരാൾ ഒരു സാധനം വേണൊന്ന് ചോദിക്കുമ്പോൾ ഉടനടി വേണെന്നാ പറയാ....?
നോർട്ടി ബോയ്...ഷെയ്മം... ഷെയ്മം."
"എന്താ നിന്റെ പേര്....?"
"ന്റെ...പേര് ജ്യോതി...ന്നാ...!"
പിന്നീടുള്ള ദിനങ്ങളിൽ ഞാനും,മുത്തച്ഛനും,ജ്യോതിയും കൂടി ഒരാഴ്ചയോളം അവിടെ കളിച്ചും,ചിരിച്ചും നടന്നു.ഞാൻ,എന്റെ രോഗവസ്ഥാ പൂർണമായും മറന്നു കഴിഞ്ഞിരുന്നു.മനസ്സിനുംശരീരത്തിനും പുതിയൊരു ഉന്മേഷം.
എന്നും വൈകുന്നേരം മുത്തച്ഛൻ കൊണ്ടുവരുന്ന കടല മിഠായി പങ്കുവെച്ചും,കളിച്ചും,ചിരിച്ചും ഓരോദിനങ്ങൾ കടന്നുപോയി.
ഒരു ദിവസം സന്ധ്യക്ക് ഞങ്ങൾ രണ്ടുപേരും പുറത്ത് സർക്കീട്ട് കഴിഞ്ഞു വരുമ്പോഴാണ് 'ജ്യോതി' എനിക്ക് മുൻപിൽ തളർന്ന് വീണത്.ചെവിയിൽ നിന്നും,മൂക്കിൽ നിന്നും വരണ്ട മരുഭൂമിയിലേക്ക് ഒഴുകുന്ന ജല കണങ്ങൾ പോലെ രക്തം ഒലിച്ചിറങ്ങി.
അവളെ വാരിയെടുത്ത് ഡോകടരുടെ മുറി ലക്ഷ്യമാക്കി കാലുകൾ മുന്നോട്ട് വയ്ക്കുമ്പോൾ ഏതോ അദൃശ്യശക്തി
പുറകിലേക്ക് വലിക്കുന്നുണ്ടായിരുന്നു.
"ദൈവമേ....എന്റെ പ്രാണൻ നിനക്ക് ബലി നൽകാം.പകരം ആ കുഞ്ഞിനെ വെറുതെ വിടൂ...!
അവൾ വെറുമൊരു പൂമൊട്ട്.
നല്ല നറുമണമുള്ള പൂവായ് വിരിഞ്ഞ്,കനിയായിമാറി ഇവിടം നല്ല വിത്തുകൾ മുളപ്പിക്കേണ്ടവൾ അവളെ നീ വെറുതെ വിടൂ...!
മൂന്ന് ദിവസം വെന്റിലേറ്ററിൽ ചികിത്സയിൽ കഴിഞ്ഞ അവൾക്ക് വേണ്ടി ഞാൻ,കഴിച്ച വഴിപാടുകളിൽ ഒന്നിൽ ദൈവം പ്രസാദിച്ചിരിക്കുന്നു.
ദൈവം അവളെ വെറുതെ വിട്ടിരിക്കുന്നു.അസുഖം പൂർണമായും ഭേദമായിരിക്കുന്നു.ചില സമയങ്ങളിൽ ദൈവം ക്രൂരനാവും.മറ്റു ചില സമയങ്ങളിൽ ദൈവം അതീവകരുണാമയനായി.
നമ്മെ അത്ഭുതപ്പെടുത്തും...!
ഒരു നാണയത്തിന്റെ ഇരു വശങ്ങൾ പോലെ...!
അസുഖം ഭേദപ്പെടുന്നതിനാൽ അവളെ മറ്റേതോ ബ്ലോക്കിലാണ് തുടർ ചികിത്സ നൽകിയിരുന്നത്.
ഒന്ന് കാണുവാൻ ശ്രമിച്ചിട്ടും നടന്നില്ല. എന്നാലും അവൾ മൃത്യുവിൽ നിന്നും രക്ഷനേടിയതിനാലുള്ള ആശ്വാസം എനിക്കും തോന്നിയിരുന്നു.
രണ്ടാഴ്ച്ചക്കുള്ളിൽ അവളുടെ അമ്മ എന്നെ കാണാൻ വന്നു.
അവരെന്നോട് പറഞ്ഞു;"ഞങ്ങൾ ഇന്ന് ഡിസ്ചാർജ് ചെയ്തുപോവും.
അതിന് മുൻപ് എനിക്ക് നിങ്ങളൊരു ഉപകാരം ചെയ്തു തരണം."
ഞാൻ,അവരുടെ മുഖത്തേക്ക് നോക്കിയപ്പോൾ മകളുടെ അസുഖം മാറിയ സന്തോഷമൊന്നും കാണുന്നില്ല.
ഇപ്പോഴും അവരുടെ നെഞ്ചിൽ എന്തൊക്കൊയോ ദുഃഖം തളം കെട്ടിക്കിടക്കുന്നതുപോലെ.ഞാൻ ഒട്ടും മടിക്കാതെ ആവേശത്തോടെ അവരോട് പറഞ്ഞൂ.
"ന്റെ...ജ്യോതികുട്ടിക്ക് വേണ്ടി എന്ത് കാര്യമാണ് ഞാൻ ചെയ്യേണ്ടത്...?"
"വിരോധമില്ലെങ്കിൽ ജ്യോതിയുടെ ഡോക്ടർ താങ്കളോട് ഒരു കാര്യം പറയും.അത് ജ്യോതിയോട് പറയണം."
ഞാൻ കട്ടിലിൽ നിന്നും ചാടിയിറങ്ങി അവരോടൊപ്പം ജ്യോതിയെ കാണാനുള്ള സന്തോഷത്തിൽ തിടുക്കത്തിൽ മുന്നോട്ട് നടന്നു.ഈ തവണ പുറകിൽ നിന്നും പിടിച്ചുവലിക്കാൻ ഒരു ദൈവവും തുനിഞ്ഞില്ല എന്നതാണ് സത്യം.
ജ്യോതിയുടെ മുറിയിൽ ഞാൻ ചെല്ലുമ്പോൾ ഡോക്ടർ മാത്രമേ ഉണ്ടായിരുന്നുള്ളൂ..
അവർ എന്നെ ഡോക്ടർക്ക് പരിചയപ്പെടുത്തി.
അദ്ദേഹം എന്നോട് പറഞ്ഞു...
"ജ്യോതിയെ കുറച്ചു ടെസ്റ്റുകൾ കൂടി ചെയ്യാനായി കൊണ്ടുപോയിരിക്കുകയാണ്.
അവൾ പൂർണമായും അസുഖത്തിൽ നിന്നും മുക്തി നേടിയിരിക്കുന്നു.
പക്ഷെ അവളെ മറ്റൊരു പ്രധാനപ്പെട്ട കാര്യം അറിയിക്കാൻ ഉണ്ട്.
"താങ്കളുടെ ഈ അവസ്ഥയിൽ ഇങ്ങനെയൊരു കാര്യം ഏൽപ്പിക്കുന്നത് എന്റെ ജോലിക്ക് നിരക്കുന്നത് അല്ല...!
പക്ഷെ ഇതല്ലാതെ എന്റെ മുന്നിൽ മറ്റൊരു മാർഗ്ഗമില്ല...!"
"ജ്യോതിയുടെ മുത്തച്ഛന് അവൾക്ക് അസുഖം കൂടിയത് താങ്ങാനായില്ല.അമിതമായ രക്തസമ്മർദം കൂടി അദ്ദേഹം നമ്മെ വിട്ടുപോയിരിക്കുന്നു.ഈ കാര്യം അവൾ വീട്ടിലെത്തുമ്പോൾ നിശ്ചയമായും അറിയും.
ആ...ഷോക്ക് അവളുടെ ശരീരത്തിനെ ആണോ,അതോ മനസ്സിനെയാണോ
തളർത്തിക്കളയുക എന്ന് എനിക്കിപ്പോൾ പറയാൻ
സാധിക്കില്ല...ഇവിടെ വച്ച് അവൾ ആ സത്യം അറിയുകയാണെങ്കിൽ എന്തെങ്കിലും സംഭവിച്ചാൽ നമ്മൾക്ക് ഒരു ഹോപ്പ് ഉണ്ട്.താങ്കൾ ദയവായി ഞങ്ങളുമായി സഹകരിക്കൂ...."
ഡോക്‌ടർ എന്റെ തോളിൽ തട്ടിക്കൊണ്ട് പറഞ്ഞു...
"ദൈവം ഇത്ര അധികം അവളെ കടാക്ഷിച്ചതല്ലേ അപ്പോൾ ഇതും....!"
എന്റെ മനസ്സിലൂടെ അപ്പോൾ കടന്നുപോയത് ഈ നിമിഷം ഉടലോടെ താഴേക്ക് വീണുപോയെങ്കിൽ എന്നാണ്.അധികം വൈകാതെ ജ്യോതിവന്നു എന്നെ കണ്ടതും അവൾ ഓടിവന്നു കെട്ടിപ്പിടിച്ചു കരഞ്ഞു സന്തോഷം കൊണ്ടായിരിക്കാം.
അവളുടെ ഈ...സന്തോഷം ആണല്ലോ ദൈവമേ ഞാൻ അൽപസമയത്തിനകം തല്ലികെടുത്താൻ പോകുന്നത്...!
എന്തൊരു ക്രൂരമായ പരീക്ഷണമാണ് ഈ കുഞ്ഞിന് നേരിടേണ്ടിവരുന്നത്...!
ഞാൻ അവളെ പിടിച്ച് കസേരയിൽ ഇരുത്തികൊണ്ട് അവളോട് പതിയെ പറഞ്ഞു.
"മോളെ,അങ്കിൾ ഒരു കാര്യം പറയാൻ പോകുന്നു.മോളുടെ മനസ്സിന് വിഷമം ഉണ്ടാക്കുന്ന കാര്യമാണ് പക്ഷെ...!
മോളുടെ മുത്തച്ഛൻ നമ്മേ....വിട്ടുപോയിരിക്കുന്നു."
അവളുടെ മുഖത്തേക്ക് ഞാൻ സൂക്ഷിച്ചുനോക്കി....
നിർവ്വികാരതയോടെ അവൾ ഇരിക്കുന്നു.കണ്ണുകളിൽ തിളക്കം കൂടുന്നുണ്ട് അല്പം പോലും അവളുടെ കണ്ഠത്തിൽ നിന്നും സ്വരം പുറത്ത് വന്നില്ല.കണ്ണിൽ നിന്നും തുള്ളികൾ തിടുക്കത്തിൽ താഴേക്ക് പതിക്കുന്നുണ്ട്.
ഡോക്ടർ എന്നോട് പറഞ്ഞു;"സാരല്യ നമ്മൾ ഉദ്ദേശിച്ച അത്ര വിഷയമില്ല.അവൾ നല്ല കുട്ടിയാണ് പ്രായത്തിൽ കവിഞ്ഞ പക്വത നേടിയിരിക്കുന്നു അവൾ.
അല്പനേരം തനിച്ചിരിക്കുമ്പോൾ എല്ലാം ശരിയാവും.താങ്കൾ പോയ്‌ക്കൊളൂ വളരെ നന്ദി."
ഞാൻ അവിടെനിന്ന് തിരികെ നടക്കുമ്പോൾ എന്റെ കൈയിൽ പിടിച്ചുകൊണ്ട് അവൾ പറഞ്ഞു.
"അങ്കിൾ എനിക്കൊരു കടല മിഠായി വാങ്ങി തരോ....?!"
ഞാൻ കടല മിഠായി വാങ്ങാനായി അവിടെന്നും ഇറങ്ങി ക്യാന്റീൻ ലക്ഷ്യമാക്കി നടന്ന് നീങ്ങുമ്പോൾ മനസ്സിൽ ഇപ്രകാരം പറഞ്ഞൂ...
ദൈവമേ എന്റെ ജീവന് പകരം നീ ആ സാധു വൃദ്ധന്റെ ജീവനാണല്ലോ എടുത്തത്.ഒരുപക്ഷെ എന്നേക്കാൾ വലിയ ഓഫർ അദ്ദേഹം നൽകിയിട്ടുണ്ടാവും അല്ലെ...!
നീയൊരു ക്രൂരനാണ്...!
നിന്നെ വിശ്വസിച്ച ഞാനൊരു വിഢ്ഢി...!
അവസാനിച്ചു.
🔏സിജു പവിത്ര മുപ്ലിയം©
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆
മൂലകഥ പി.വി.ഗംഗാധരൻ സാറിന്റെ അനുഭവ കുറിപ്പിൽ നിന്ന്

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo