പുതുവത്സരം

Image may contain: 1 person, smiling
Use Nallezhuth Android App to Read all Superhit Posts

ഞാന്‍ ഏഴാം ക്ലാസ്സില്‍ പഠിക്കണ സമയം...
ഏട്ടനന്ന് പത്തിലും അനിയന്‍ അഞ്ചിലുമാണ്.
ക്രിസ്തുമസ് പരീക്ഷ കഴിഞ്ഞ് സ്കൂളടച്ചതിന്‍റെ പിറ്റേന്ന് രാവിലെ പുട്ടു കുത്തുന്നതിനിടയില്‍ അമ്മ പറഞ്ഞു ,
''തറവാട്ട് കാവിലെ ഏഴു ദിവസത്തെ ഉത്സവം നാളെ തുടങ്ങാണ് , നമുക്കെല്ലാര്‍ക്കും കൂടി വൈകുന്നേരം പോകണം '' ന്ന്.
മൂന്ന് കഷ്ണം പുട്ടും കൈ മുട്ടിന്‍റെ അത്രയും പോന്ന ഒരു നേന്ത്രപഴവും കൂടി കൂട്ടി കുഴച്ച് വിരലുകള്‍ക്കിടയിലൂടെ പുറത്തേക്ക് തള്ളിച്ചോണ്ടിരുന്ന ഞാനത് കേട്ടപ്പോള്‍ അനിയനെയൊന്ന് നോക്കി.
പുട്ടിന്‍റെ മുകളിലുള്ള തേങ്ങ ചുരണ്ടിയെടുക്കുന്ന തിരക്കിലായിരുന്നപ്പോ ഓന്‍....!
കുഞ്ഞുനാളിലെന്നോ കണ്ട് മറന്ന ഉത്സവ ഓര്‍മ്മകള്‍ പുട്ടിന്‍റെ കൂടെ ഞാനയവിറക്കി.
വര്‍ഷങ്ങളായി മുടങ്ങി കിടന്നിരുന്ന ഉത്സവ ഓര്‍മ്മകളൊന്നും ഓര്‍ത്തെടുക്കാന്‍ ഇല്ലാത്തത് കൊണ്ടാവും അനിയനപ്പോഴും ചുരണ്ടലില്‍ തന്നെയായിരുന്നു .
വൈകുന്നേരം നേരത്തെ തന്നെ അച്ഛന്‍ വന്നു .
അയയിലിട്ട തുണികളെല്ലാം വാരിയെടുത്ത് അമ്മ അകത്തെ കട്ടിലില്‍ കൊണ്ടിട്ട് മടക്കി വച്ചു.
നേരമാവാത്തോണ്ട് കൂട്ടില്‍ കയറാന്‍ മടിച്ച് നിന്ന കോഴികളെ ഇത്തിരി ഗോതമ്പിട്ട് കൊടുത്ത് ഞാന്‍ വശീകരിച്ചു .
എല്ലാത്തിനേയും പിടിച്ച് കൂട്ടിലാക്കി അതിന്‍റെ മുകളില്‍ ഒരു പലക കഷ്ണം ചാരി വച്ചു.
ഏഴു ദിവസവും കോഴീനെ നോക്കണ കാര്യം അയല്‍ വീട്ടിലെ ശാരദേടത്തീനെ അമ്മ പറഞ്ഞേല്‍പ്പിച്ചു.
ചട്ടിയില്‍ പോറ്റണ ഗപ്പിക്ക് ഏഴു ദിവസം കണക്കാക്കി ഞാന്‍ തീറ്റയിട്ടു കൊടുത്തു.
അപ്പോഴേക്കും കളി കഴിഞ്ഞ് ഏട്ടനും വീട്ടിലെത്തി.
വീടൊക്കെ പൂട്ടി പെട്ടിയും സഞ്ചിയുമെടുത്ത് ഞങ്ങള്‍ അഞ്ച് പേരും കൂടി വയല്‍ വരമ്പിലൂടെ തറവാട്ടിലേക്ക് തിരിച്ചു .
ഇടക്ക് വെച്ച് നടത്തം നിര്‍ത്തിയ അമ്മ ഒന്നും പറയാതെ വീട്ടിലേക്ക് തന്നെ തിരിച്ചോടി......!
അത് കണ്ട് ഞങ്ങള്‍ അന്തം വിട്ട് നിന്നു.
തിരിച്ചെത്തിയ അമ്മയോട് ഇതെങ്ങോട്ടേക്കാണ് പോയതെന്ന് ചോദിച്ചപ്പോള്‍ പറഞ്ഞു , അടുക്കള വാതില് ശരിക്കും അടച്ചിട്ടില്ലേന്നൊരു സംശയം , അത് നോക്കാന്‍ പോയതാന്ന്......!
പത്തടി മുന്നോട്ട് നടന്നപ്പോള്‍ അമ്മ വീണ്ടും നിന്നു , എന്നിട്ട് വീട്ടിലേക്ക് തിരിഞ്ഞ് നിന്ന് എന്നോടൊരു ചോദ്യം , കോഴിക്കൂട് നീ ശരിക്കും അടച്ചില്ലായിരുന്നോ ന്ന്.
ആ ചോദ്യം ചോദിച്ച് അമ്മ തിരിഞ്ഞത് അച്ഛന്‍റെ മുഖത്തേക്കായിപ്പോയി.
ദേഷ്യം കൊണ്ട് ചുവന്ന അച്ഛന്‍റെ മുഖം കണ്ടതും അമ്മ പിന്നൊന്നും പറയാതെ ഒരിളിഞ്ഞ ചിരിയാലേ അനിയന്‍റെ കയ്യും പിടിച്ച് മുന്നില്‍ നടന്നു.
അങ്ങാടിയില്‍ വച്ച് ചെത്തുകാരന്‍ പവിത്രേട്ടന്‍ അച്ഛനോടൊരു ചോദ്യം , എങ്ങട്ടാ ചന്ദ്രേട്ടാ എല്ലാരും കൂടെ ന്ന്.
കാര്യം പറഞ്ഞ അച്ഛനോട് മൂപ്പര് പിന്നേം ചോദിച്ചു , എത്രീസത്തെ പരിപാടിയാ അപ്പോന്ന്.
ഏഴ് ദിവസംന്ന് പറയാന്‍ വന്ന അച്ഛന്‍റെ മുന്നില്‍കയറി അമ്മ പറഞ്ഞു , ഇല്ല പവിയേട്ടാ , ഞങ്ങള് നാളെ തന്നെ തിരിച്ച് വരുംന്ന്.....!
എഴു ദിവസം കണക്കു കൂട്ടി ഗപ്പിക്ക് തീറ്റയിട്ട് കൊടുത്ത എനിക്കത് സഹിച്ചില്ല.
ഞാനമ്മയുടെ മുഖത്തേക്കൊന്ന് നോക്കി.
എന്‍റെ കയ്യില്‍ മെല്ലെ ഒന്ന് നുള്ളിയിട്ട് അമ്മ പറഞ്ഞു , കള്ളന്മാരുള്ള കാലമാണ് , ഏഴ് ദിവസമൊക്കെ വീട്ടില്‍ ആളില്ലെന്നറിഞ്ഞാ പിന്നെ അതു മതി കള്ളന്‍മാര്‍ക്ക് , വരുമ്പോ പിന്നൊന്നും കാണൂല്ലാന്ന്.
ബസ്സ് വന്നു . ഞങ്ങള്‍ മൂന്നാളും കൂടി ഒരു സീറ്റിലിരുന്നു . സൈഡ് സീറ്റിന് വേണ്ടി അനിയന്‍ കുറെ ശ്രമിച്ചെങ്കിലും ഏട്ടന്‍ വഴങ്ങിയില്ല.
അച്ഛനും അമ്മയും വേറെ സീറ്റിലിരുന്ന് ഇടക്കിടെ ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു
അങ്ങനെ ഇറങ്ങാനുള്ള സ്റ്റോപ്പെത്തി.
ബസ്സിറങ്ങി ഞങ്ങള്‍ തറവാട്ടിലേക്ക് നടന്നു . എവിടെ നോക്കിയാലും അച്ഛന്‍റെ പരിചയക്കാരായിരുന്നു. ഓരോരുത്തര് വന്ന് കുശലം ചോദിക്കും തോറും അച്ഛന്‍റെ മുഖം ഗമ കൊണ്ട് നിറഞ്ഞു.
ഒടുവില്‍ തറവാടിന്‍റെ ഉമ്മറത്തെത്തിയ ഞങ്ങളെ കണ്ടതും വല്ല്യച്ഛന്‍മാരും ചെറിയച്ചന്മാരും വല്ല്യമ്മമാരും ചെറിയമ്മമാരും അവരുടെ മക്കളും ഓടി വന്നു.
അച്ഛച്ഛനും അച്ഛമ്മയും വന്ന് എന്‍റെയും അനിയന്‍റേയും തലമുടിയിലൊക്കെ തലോടി വിശേഷം ചോദിച്ചു.
പിന്നെ കുടുംബക്കാരും കൂട്ടക്കാരുമായി ആളുകളിങ്ങനെ തറവാട്ടില്‍ വന്നും പോയുമിരുന്നു.
അതിനിടയില്‍ കുപ്പായം മാറ്റി ഞാനും അനിയനും ഉത്സവ പറമ്പില്‍ തെണ്ടാനിറങ്ങി.
ഏട്ടന്‍ വല്ല്യ ആളായെന്ന ഭാവത്തില്‍ പതിവു പോലെ ഞങ്ങളുടെ കൂടെ കൂടാതെ ഒറ്റക്ക് തെണ്ടി.
തിരിച്ച് തറവാട്ടിലേക്ക് പോയപ്പോള്‍ ഇതു വരെ കാണാത്ത ആളുകളൊക്കെ മുറ്റത്തുണ്ടായിരുന്നു.
വന്ന് വല്ലതും കഴിക്ക് മക്കളെ എന്ന് പറഞ്ഞ് അച്ഛമ്മ എല്ലാവരുടേയും പുറകെ നടക്കുന്നുണ്ടായിരുന്നു.
പെട്ടെന്നാണ് അമ്മയുടെ അടുത്ത് നില്‍ക്കണ പട്ടു പാവാടയിട്ട ആ കുട്ടീനെ ഞാന്‍ കണ്ടത്.
അമ്മ ചോദിക്കുന്നതിനൊക്കെ ആ കുട്ടി നാണത്തോടെ മറുപടി പറയുന്നുണ്ടായിരുന്നു .
അതാരെന്നറിയാന്‍ ഞാന്‍ അടുത്തേക്ക് ചെന്ന് നോക്കി.
എന്‍റെ കണ്ണ് തള്ളിപ്പോയി......!
കൃഷ്ണവിലാസം സ്ക്കൂളിലെ സുകന്യയും രമ്യയുമാണ് ഏറ്റവും സുന്ദരികളെന്നുള്ള എന്‍റെ ധാരണ അന്നവിടെ തെറ്റുകയായിരുന്നു.
ആ കുട്ടിയുടെ കൈ വിരലുകള്‍ക്ക് എന്ത് ഭംഗിയായിരുന്നു.........!
അവളുടെ കാലുകള്‍ എന്ത് വെളുത്തിട്ടായിരുന്നു.......!
ആ ആന ചെവി ആ മുഖത്തിനെന്തൊരു ഭംഗിയായിരുന്നു.......!
കുഴി നഖം കുത്തിയ എന്‍റെ വിരലുകള്‍ നോക്കി ഞാനവിടെ കുറച്ച് നേരം നെടുവീര്‍പ്പിട്ട് നിന്നു.
അന്ന് രാത്രി മുഴുവന്‍ അവളുടെ കയ്യും കാലും ചെവിയുമായിരുന്നു എന്‍റെ മനസ്സില്‍.
രാവിലെ എണീറ്റ് ഞാന്‍ അച്ഛമ്മയുടെ മുറിയിലേക്കോടി.
അച്ഛമ്മയോടൊപ്പം അവളുമുണ്ടായിരുന്നു. എന്നെ കണ്ടപ്പോള്‍ അവളൊന്ന് ചിരിച്ചു. ഞാനും ചിരിച്ചു.
പിന്നെ പിന്നെ അവളെന്നോട് സംസാരിക്കാന്‍ തുടങ്ങി , സ്കൂളിലെ വിശേഷങ്ങള്‍ ചോദിക്കാന്‍ തുടങ്ങി , അവളുടെ വിശേഷങ്ങളെന്നോട് പറയാനും തുടങ്ങി.
അതിനിടയിലേക്ക് കയറി വന്ന അനിയനെ എന്‍റെ കയ്യില്‍ ആകെയുണ്ടായിരുന്ന ഒരുര്‍പ്പ്യ കൊടുത്ത് ഞാന്‍ കൊലൈസ് വാങ്ങാന്‍ പറഞ്ഞു വിട്ടു .......!
അവളുടെ കൂടെ ഇരിക്കുന്ന ഓരോ നിമിഷവും ഞാനിടക്കിടെ അവളുടെ കയ്യും കാലും ചെവിയും നോക്കി.
അതിനിടയില്‍ വീണ് കിട്ടണ സമയം ഞാന്‍ ഉത്സവപറമ്പിലേക്കോടി . അവിടെ ഞാന്‍ സകല പെണ്‍കുട്ടികളുടെയും കയ്യും കാലും ചെവിയും നോക്കി.
ചിലയിടത്ത് കാലില്‍ ചെളി , ചിലയിടത്ത് വിണ്ട് കീറിയത് . ചിലയിടത്ത് ചപ്പിയ ചെവിയാണെങ്കില്‍ , ചിലയിടത്ത് വക്രിച്ചത്.
അവളുടെ കയ്യും കാലും ചെവിയും പോലെ ഭംഗിയുള്ളത് ഒരിടത്തും ഞാന്‍ വേറെ കണ്ടില്ല.
പിന്നീടുള്ള ദിവസങ്ങളില്‍ ആ കൈകളില്‍ കിടക്കണ കുപ്പിവളയുടെ വട്ടം ഞാന്‍ മനസ്സ് കൊണ്ടളക്കാന്‍ തുടങ്ങി....!
ആന ചെവിയിലിട്ട കമ്മലിന്‍റെ നീളവും ഞാന്‍ മനസ്സു കൊണ്ടളന്നു.....!
അഞ്ചിന്‍റെ പൈസ കയ്യിലില്ലാഞ്ഞിട്ടും അവള്‍ക്ക് കുപ്പിവളയും കമ്മലും വാങ്ങി കൊടുക്കണമെന്ന് ഞാനുറപ്പിച്ചു.
അതിനായി ഞാന്‍ മുട്ടാത്ത വാതിലുകളില്ല.
ഏട്ടനോട് രണ്ടുര്‍പ്യ കടം ചോദിച്ചപ്പോള്‍ അവന്‍ കണ്ടം വഴി ഓടിച്ച് വിട്ടു.
അനിയന്‍റെ കയ്യില്‍ അമ്മ കൊടുത്ത അഞ്ചുര്‍പ്യ ഉണ്ടായിരുന്നു. അത് കടം ചോദിച്ച എന്നോടവന്‍ പകരം ചോദിച്ചത് , പ്രസവിക്കാനായ നാല് ഗപ്പിയെയാണ്.
ഗപ്പിയെ കച്ചോടം ഉറപ്പിച്ച് ബാക്കി കാശിനായി കുടുംബക്കാരുടെ അടുത്ത് തെണ്ടലാരംഭിച്ചു.
പശൂന് പുല്ലിട്ട് കൊടുത്ത വകയിലും , വല്ല്യച്ഛന്‍റെ കടയിലേക്ക് സാധനം വാങ്ങി കൊടുത്ത വകയിലും കിട്ടിയ കാശ് കൂട്ടി നോക്കിയപ്പോള്‍ പത്തുറുപ്പ്യ തികഞ്ഞു.
മനസ്സിലുള്ള അളവ് വച്ച് നല്ല ഭംഗിയുള്ള ഒരു കമ്മലും തിളങ്ങണ കുപ്പി വളകളും വാങ്ങി.
ചെറിയൊരു പെട്ടിയും ചോദിച്ച് വാങ്ങി രണ്ടും കൂടി അതില്‍ പൊതിഞ്ഞ് വെച്ചു.
തിരിച്ച് തറവാട്ടിലെത്തിയപ്പോള്‍ അനിയന്‍ ചോദിച്ചു , ഇതിലെന്താന്ന് .
മീനിന് കൊടുക്കണ തീറ്റയാന്ന് പറഞ്ഞ് ഞാനാ പെട്ടി മെല്ലെ കട്ടിലിനടിയിലേക്ക് നീക്കി വെച്ചു.
ഇതവള്‍ക്ക് എങ്ങനെ കൊടുക്കുമെന്നായിരുന്നു പിന്നത്തെ ചിന്ത.
ഏഴാം ദിവസം ഉത്സവത്തിന്‍റെ അന്ന് രാവിലെ എല്ലാവരും അമ്പലത്തിലേക്ക് പോയി.
ഇത് തന്നെ പറ്റിയ സമയമെന്ന് മനസ്സിലാക്കിയ ഞാന്‍ തറവാട്ടിലേക്കോടി.
ഇന്ന് ഉത്സവം തീരുമെന്നുള്ള ചിന്ത എന്‍റെ ഓട്ടത്തിന് വേഗത കൂട്ടി.
വേഗം മുറിയില്‍ കയറി കട്ടിലിനടിയിലേക്ക് തലയിട്ടു.
എന്‍റെ വയറ്റിലൊരു കാളലുണ്ടായി.....!
ഞാന്‍ വെച്ച പെട്ടിയവിടെ കാണുന്നില്ല.....!
ഞാനാ മുറി മുഴുവന്‍ പരതി . ഒരു രക്ഷയും ഇല്ല.
അനിയനെ നോക്കി . അവനെയും കാണാനില്ല.
സങ്കടം സഹിക്കാവുന്നതിലപ്പുറമായിരുന്നു . കണ്ണിങ്ങനെ നിറയുന്നുണ്ടായിരുന്നു.
ഞാനവനെ തിരഞ്ഞ് ചെറിയച്ഛന്‍റെ വീട്ടിലേക്കോടി.
മുന്‍ വാതില്‍ അടച്ചിരിക്കുന്നത് ദൂരെ നിന്ന് കാണുന്നുണ്ടായിരുന്നു . എങ്കിലും ഞാന്‍ അവിടേക്കോടി.
മുറ്റത്തെത്തിയപ്പോഴായിരുന്നു ഒരു ശൂ,ശൂ വിളി തലക്ക് മുകളില്‍ നിന്ന് കേട്ടത്.
ഞാന്‍ മുകളിലേക്ക് നോക്കി . അവിടെയതാ അനിയന്‍.......!
പേര മരത്തിന്‍റെ ഒത്ത ഉയരത്തിലതാ അവന്‍ കയറിയിരിക്കുന്നു.
എന്നെ കണ്ടതും അവന്‍ ചുണ്ടില്‍ വിരല്‍ വെച്ച് മിണ്ടല്ലേന്ന് ആംഗ്യം കാണിച്ച് ചുറ്റും ഭീതിയോടെ നോക്കി.
ഇറങ്ങിവാടാ നാ @@@$%%% , നിന്നെ ഞാന്‍ ശരിയാക്കി തരാം എന്ന് മനസ്സില്‍ പറഞ്ഞ് ഞാന്‍ പേരയിലേക്ക് വലിഞ്ഞ് കയറി.
അപ്പോഴാണ് കണ്ടത് , അവന്‍റെ കയ്യില്‍ ഒരുര്‍പ്പ്യയുടെ പാലൈസ്......!
കയ്യില്‍ അഞ്ചിന്‍റെ പൈസയില്ലാത്ത നിനക്കെവിടുന്നാടാ ഇത് വാങ്ങാനുള്ള പൈസ എന്ന് ഞാനവന്‍റെ കൊങ്ങക്ക് പിടിച്ച് ചോദിച്ചു.
അതിന് മറുപടിയായി അവന്‍ ചൂണ്ടി കാണിച്ചത് ജനവാതിലിലേക്കാണ്.
ഞാന്‍ പേരയില്‍ നിന്ന് ചാടിയിറങ്ങി ആ ജനവാതിലിനടുത്തേക്ക് ഓടി.
അവിടെ കണ്ട കാഴ്ച്ച എന്നെ തളര്‍ത്തി കളയുന്നതായിരുന്നു.
ഏട്ടനും ആ ആന ചെവിയുള്ള കുട്ടിയും സംസാരിച്ച് നില്‍ക്കുകയാണവിടെ.
ഞാനവളെ അടിമുടി നോക്കി . ഒരു ചെറുപുഞ്ചിരിയാലെ നില്‍ക്കുന്ന ആ ഭംഗിയുള്ള കയ്യില്‍ വച്ചിരിക്കുന്നത് എന്‍റെ പെട്ടി.....!
എന്‍റെ കണ്ണ് നിറഞ്ഞൊഴുകി.
ദേഷ്യം സഹിക്കാവുന്നതിനുമപ്പുറമാമിരുന്നു.
ഒരുര്‍പ്യന്‍റെ ഐസെന്ന പ്രലോഭനത്തിന് മുന്നില്‍ ഇവര്‍ക്ക് വേണ്ടി കാവല്‍ നില്‍ക്കുന്ന അനിയനെ ഞാന്‍ പല്ല് കടിച്ച് നോക്കി.
സംഗതി പന്തിയല്ലെന്ന് മനസ്സിലാക്കിയ അവനിറങ്ങി ഓടി.
കരഞ്ഞ് കൊണ്ട് ഞാന്‍ തറവാട്ടിലേക്ക് പോയി. കട്ടിലില്‍ മുഖമമര്‍ത്തി കരഞ്ഞു.
സങ്കടം സഹിക്ക വയ്യാതെ ഞാന്‍ പൊട്ടിപ്പൊട്ടി കരഞ്ഞു. പുതപ്പെടുത്ത് ഞാന്‍ ദേഷ്യം തീരും വരെ കയ്യിലിട്ട് ചുരുട്ടി.
ഒടുവില്‍ ഞാനൊരു തിരുമാനമെടുത്തു......!
ഇന്ന് രാത്രി തന്നെ ഈ നശിച്ച നാട് വിടണമെന്ന്.
തറവാട്ടിനടുത്തുള്ള കൊപ്രക്കാരന്‍ മൊയ്തൂക്കാന്‍റെ കോയമ്പത്തൂര്‍ക്ക് പോവുന്ന രാത്രി ലോറിയായിരുന്നു എന്‍റെ ലക്ഷ്യം.
മുഖം കയ്യാല്‍ തുടച്ച് അനിയനെ അടുത്ത് വിളിച്ചു. വീട്ടിലെ ബാക്കിയുള്ള ഗപ്പിയുടേയും തീപ്പെട്ടി പിക്ച്ചറിന്‍റേയും ഉടമസ്ഥതാവകാശം ഞാനവന് അപ്പോ തന്നെ കൈമാറി.....!
സന്തോഷം കൊണ്ടവന്‍ കണ്ണ് തുറിച്ച് നിന്നു.
വീട്ടില്‍ നിന്ന് കൊണ്ട് വന്ന സഞ്ചിയില്‍ നിന്ന് രണ്ട് ഷര്‍ട്ടെടുത്ത് ഞാന്‍ പൊതിഞ്ഞ് വച്ചു.
അപ്പോഴേക്കും ഉത്സവം കഴിഞ്ഞ് എല്ലാവരും തിരിച്ച് വരാന്‍ തുടങ്ങി. പലരും യാത്ര ചോദിച്ച് അവരവരുടെ വീടുകളിലേക്ക് പോവാനുള്ള തയ്യാറെടുപ്പിലായിരുന്നു.
പോവുന്നതിന് മുന്‍പ് എല്ലാവരും പരസ്പരം പുതുവത്സരാശംസകള്‍ നേരുന്നുണ്ടായിരുന്നു.
നാളെ ജനുവരി ഒന്നാം തീയ്യതി ആണെന്നതും , നാളെ സ്ക്കൂള്‍ തുറക്കും എന്നുള്ളതും നാട് വിടേണ്ട ആവശ്യകത എന്നില്‍ തീവ്രമായി വര്‍ദ്ധിപ്പിച്ചു.
അമ്മയും ഏട്ടനും അവിടേക്ക് വന്നു . ഏട്ടന്‍റെ മുഖത്ത് പതിവില്ലാത്തൊരു സന്തോഷം ഞാന്‍ കണ്ടു.
അവളെ ഞാന്‍ കുറെ തിരഞ്ഞു . പക്ഷെ കണ്ടില്ല . പിന്നീട് അച്ഛമ്മ പറഞ്ഞു , അവരൊക്കെ പോയെന്ന്.
സങ്കടം നിയന്ത്രിക്കാനാവാതെ എന്‍റെ കണ്ണുകള്‍ വീണ്ടും നിറഞ്ഞൊഴുകി.
ഞാന്‍ മുറിയില്‍ കയറിയിരുന്നു .
രാത്രി രണ്ട് പിടി ചോറുണ്ട് ഞാന്‍ കൊപ്ര വണ്ടിയുടെ വരവും കാത്ത് ജനവാതിലിനരികിലിരുന്നു.
പെട്ടെന്നാണ് മുഖത്തേക്ക് വെളിച്ചമടിച്ചത് . അത് കൊപ്ര വണ്ടിയാണെന്ന് തിരിച്ചറിഞ്ഞ ഞാന്‍ മെല്ലെ പൊതിയുമെടുത്ത് മുറി വിട്ടിറങ്ങി.
അടുക്കള വാതിലിലൂടെ പമ്മി, പമ്മി പുറത്ത് കടന്നതും കൊലായില്‍ നിന്ന് കേട്ടു , പരിചയമുള്ള ഒരു നിലവിളി.
കരച്ചിലും ബഹളവും ഉച്ചത്തിലായപ്പോള്‍ കാര്യമെന്തെന്നറിയാന്‍ ഞാന്‍ കൊലായിലേക്കോടി.
ഏട്ടനെ അച്ഛനെടുത്തിട്ട് അറഞ്ചം പുറഞ്ചം തല്ലുകയാണ്‌...... !
തല്ല് കിട്ടിയിട്ട് ഏട്ടന്‍ മുറ്റത്ത് തലങ്ങും വിലങ്ങും കരഞ്ഞോണ്ട് ഓടുകയാണ്. പുറകെ അച്ഛനും .
എന്‍റെ കയ്യിലെ പൊതി ഞാന്‍ താഴെ വച്ചു.
കരച്ചില് കേട്ട് ഓടി വന്ന അമ്മയും അച്ഛമ്മയും അച്ഛനെ വട്ടം പിടിച്ചു . അച്ഛന്‍ അവിടെ നിന്നും കുതറി വീണ്ടും ഏട്ടന്‍റെ ചന്തിക്ക് ഒന്നൂടെ പെടച്ചു.
ദേഷ്യം വന്ന അച്ഛമ്മ അച്ഛനോടുറക്കെ ചോദിച്ചു , നിനക്കെന്താടാ ഭ്രാന്തായാ , നീയെന്തിനാടാ ചെക്കനെ ഇങ്ങനെയിട്ട് തല്ലുന്നതേന്ന്.
അത് കേട്ട് അച്ഛന്‍ പല്ല് കടിച്ച് രോഷത്തോടെ പറഞ്ഞു , ഇവനെന്താ ചെയ്തേന്ന് , ഇവനെന്താ ചെയ്തതെന്ന് അമ്മക്കറിയോ ന്ന്.
അതുകേട്ട് എന്താന്നറിയാന്‍ ആകാംഷയോടെ അവര്‍ അച്ഛന്‍റെ മുഖത്തേക്ക് നോക്കി നിന്നു.
'' ഇവനാ ശ്രീധരന്‍റെ മോള്‍ക്ക് വളയും കമ്മലും വാങ്ങി കൊടുത്ത് ഇഷ്ടാണെന്ന് പറഞ്ഞേക്കുന്നു ''
അത് വരെ അടങ്ങി നിന്ന അമ്മയതാ ഭദ്രകാളിയെ പോലെ നിന്ന് കിതക്കുന്നു.
'' സ്വന്തം പെങ്ങളെയാണോടാ പ്രേമിക്കാന്‍ കിട്ടിയത് , കുരുത്തം കെട്ടവനെ എന്നും ചോദിച്ച് കയ്യും പുറവും നോക്കി അമ്മയും കൊടുത്തു നാലഞ്ചെണ്ണം.
അവസാനം അച്ഛമ്മ വന്ന് എട്ടനെ പൊതിഞ്ഞ് നിന്ന് രക്ഷകയായി അവതരിച്ചു.
എല്ലാം കിട്ടി കഴിഞ്ഞപ്പോള്‍ കാറ്റ് പോയ ബലൂണ്‍ പോലെ ഏട്ടനൊരു മൂലക്കായി.
അച്ഛമ്മ അടുത്ത് പോയി മുടിയും കയ്യുമൊക്കെ ഉഴിഞ്ഞ് കൊടുക്കുന്നുണ്ടായിരുന്നു.
എല്ലാം കണ്ടപ്പോള്‍ എന്തെന്നില്ലാത്ത ഒരു സമാധാന സന്തോഷം എനിക്ക് തോന്നി.
ഒളിച്ചോട്ടത്തിന് തല്‍ക്കാലം വിട നല്‍കി ഞാന്‍ തുള്ളിച്ചാടി അകത്തേക്ക് പോയി.
അപ്പോഴതാ ഉറക്കത്തില്‍ നിന്നെണീറ്റ അനിയന്‍ എന്നോടൊരു ചോദ്യം , ഏട്ടാ വീട്ടിലെത്തിയിട്ട് പരന്ന ചട്ടിയിലിട്ട ആ ഗപ്പീനെ ഞാന്‍ വട്ടത്തിലുള്ള ചട്ടിയിലേക്ക് മാറ്റും ട്ടോന്ന്.
'' ഗപ്പീന്‍റെ കാര്യം ഇനി മിണ്ടി പോകരുത് , എന്‍റെ ഗപ്പീന്‍റെ കാര്യം നോക്കാന്‍ എനിക്കറിയാം''
എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ഒന്നും മനസ്സിലാവാതെ അവനന്ധാളിച്ചിരുന്നു.
സന്തോഷം വന്നാല്‍ ഒരു മൂത്ര ശങ്ക എനിക്ക് കുഞ്ഞു നാളിലേ ഉള്ളതാണ് .
മൂത്രമൊഴിക്കാനായി ഞാന്‍ മുറ്റത്തേക്കിറങ്ങി.
പെട്ടെന്നാണ് ഒരു ഏങ്ങലടി ശബ്ദം എന്‍റെ ചെവിയിലേക്ക് ഒഴുകിയെത്തിയത്.
ഒഴിക്കല്‍ നിര്‍ത്തി ഞാന്‍ ചെവിയോര്‍ത്തു .
വിറക് പുരക്കുള്ളിലാണ് ആ ശബ്ദത്തിന്‍റെ ഉറവിടമെന്ന് മനസ്സിലാക്കിയ ഞാന്‍ മെല്ലെ അതിനുള്ളിലേക്ക് തപ്പി പിടിച്ച് കയറി.
അവിടെ നാളികേരം കൂട്ടിയിട്ട മൂലയായിരുന്നു എന്‍റെ ലക്ഷ്യം.
ആ ഇരുട്ടിലും ഞാന്‍ കണ്ടു .
ചുരുണ്ട് കൂടിയിരുന്ന് ഏങ്ങലടിച്ച് കരയുന്ന എന്‍റെ ഏട്ടനെ........!
എന്‍റെ ചങ്കൊന്ന് പിടഞ്ഞു.
രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ എന്നെ ഇടം കാല് വെച്ച് വീഴ്ത്തിയിട്ട നാല് ബിയിലെ രമേശന്‍റെ മൂക്കിടിച്ച് പരത്തിയ വീരശൂര പരാക്രമിയായ എന്‍റെ ഏട്ടന്‍റെ ഇപ്പോഴത്തെ അവസ്ഥ ഓര്‍ത്തപ്പോള്‍ എന്‍റെ മനസ്‌ വേദനച്ചൂടില്‍ കോലൈസ് പോലെ ഒരുകിയൊലിച്ചു.
ഞാന്‍ ഏട്ടന്‍റെ അരികിലേക്ക് മെല്ലെ നടന്നു. എന്‍റെ കാലുകള്‍ കുറ്റബോധത്താല്‍ ഇടറുന്നുണ്ടായിരുന്നു.
കുനിഞ്ഞ് നിന്ന് ഞാന്‍ ഏട്ടന്‍റെ കൈകളില്‍ മൃദുവായി തലോടി സ്വാന്തനമേകി.
ചോറ് തിന്നാന്‍ വിളിക്കാന്‍ വന്ന അച്ഛനോ അമ്മയോ ആണെന്ന് കരുതി ഏട്ടന്‍ പ്രതീക്ഷയോടെ തലയുയര്‍ത്തി നോക്കി.
വിശന്ന് പണ്ഡാറമടങ്ങിയിരിക്കുന്ന ആ കണ്ണുകളിലേക്ക് നോക്കി ഞാന്‍ മെല്ലെ പറഞ്ഞു ,
ഹാപ്പി ന്യൂ ഇയര്‍ ഏട്ടാന്ന്........ !
പിന്നെ അവിടെ കേട്ടത് , ഒരേട്ടനും ഇന്നേ വരെ ഒരനിയനോടും പറയാത്ത വിധത്തിലുള്ള മാരക പദപ്രയോഗങ്ങളായിരുന്നു......!
ഞാന്‍ ജീവനും കൊണ്ട് പുറത്തേക്കോടി.
ഏടാ നാ @#$@#%%%&@@ മോനേ , നിന്‍റെയൊരു വളയും കമ്മലും എന്ന് ഏട്ടന്‍ കരഞ്ഞോണ്ട് പറഞ്ഞതെനിക്കോര്‍മ്മയുണ്ട്
പിന്നെ , ഉണങ്ങിയ നാളികേരമാണോ , വിത്തിന് വെച്ച ചേമ്പാണോന്നെനിക്കറിയില്ല, കൃത്യമായി എന്‍റെ നടുപ്പുറത്ത് തന്നെ വന്ന് പതിച്ചു.
എന്താന്നറിയില്ല , അതിനുശേഷമുള്ള എല്ലാ പുതുവത്സരത്തിന്‍റെ തലേന്നും രാത്രി ഒരു പത്ത് പത്തരയാവുമ്പോ നടുപ്പുറത്തൂന്ന് മിന്നായം പോലൊരു വേദന തലച്ചോറിലേക്ക് പായും..... !
--------------------------------------------
എല്ലാവര്‍ക്കും എന്‍റെ പുതുവത്സരാശംസകള്‍ .

By: Magesh Boji

അമ്മയുടെ അലമാരി

Image may contain: 1 person, smiling, selfie and closeup

കുളി കഴിഞ്ഞ് മുറ്റത്തേക്കിറങ്ങി മുടി കോതിക്കോണ്ടിരിക്കുമ്പോഴാണ് അമ്മയുടെ വിളി വന്നത്, "അനൂ, മാലേം വളേമൊക്കെ മേശപ്പൊറത്തെറിഞ്ഞിട്ടാണോടീ പോകുന്നേ... എല്ലാത്തിനും പുറകെ ആളു നടന്നോണം. നിനക്കിത് അലമാരീലെടുത്തു വച്ചിട്ട് കുളിക്കാൻ പൊയ്ക്കൂടാരുന്നോ?". അമ്മ നിർത്തുന്ന ലക്ഷണമില്ല.
" ഞാനിപ്പ എടുത്തോളാമ്മേ, വരുവാ"
മുടി പിന്നിലേക്കിട്ട് കുളിപ്പിന്നൽ പിന്നി തിണ്ണയിലേക്ക് കയറാൻ തുടങ്ങുമ്പോഴേക്കും അപ്പുറത്തെ ഈയമ്മേടെ വിളി വന്നു.
" ആഹാ... അനുമോളേ ക്രിസ്മസും കൊണ്ടിറങ്ങിയതാണോ... രാത്രി എത്തിയോ... ജോക്കുട്ടൻ എന്തിയേ... ഷിന്റോയ്ക്ക് അവധി കിട്ടിയില്ലേ ഈ വർഷം.... അമ്മായി അമ്മ എന്നാ പറയുന്നു.."
ഒറ്റ ശ്വാസത്തിൽ ഈയമ്മ ചോദിച്ചു കൊണ്ടിരുന്നു.
ഗീത എന്നാണ് പേരെങ്കിലും ഞങ്ങളൊക്കെ ഈയമ്മേന്നാണ് വിളിക്കുന്നത്. ജോക്കുട്ടന് ഒന്നര വയസ്സുള്ളപ്പോൾ ഞാൻ കുവൈറ്റിൽ പോയതാണ്. അമ്മായി അപ്പൻ മരിച്ചതോടെ ആറുമാസം മുമ്പ് നിർത്തി പോന്നു. അന്നൊക്കെ അവനെ പുന്നാരിച്ചു വളർത്തിയത് ഈയമ്മയും സുരയച്ചയുമൊക്കെയാണ്. അയൽപക്കംകാരെ അങ്ങനെ വിളിക്കുന്നത് അപ്പന് ഇഷ്ടമല്ല. നിന്റെ അമ്മയും അമ്മാവനുമാണോടീന്നൊക്കെ എന്നോടു ചോദിക്കാറുണ്ടെങ്കിലും ഞാൻ മൈൻഡ് ചെയ്യാറില്ല. എന്തുകൊണ്ടോ ബന്ധുക്കളേക്കാളും എനിക്ക് സ്നേഹവും കരുതലും നൽകിയത് വെറുതെക്കാരെന്ന് അവർ വിളിക്കുന്നവർ തന്നെയായിരുന്നു.
ജോക്കുട്ടന് ഏഴു വയസ്സായെങ്കിലും ഈയമ്മക്കിപ്പൊഴും അവൻ കുഞ്ഞുവാവ തന്നെ.
"നിന്റെ മുടിയെല്ലാം പോയോ മോളേ " അവർ മുറ്റത്തേക്ക് കേറിവന്നു.
"വല്ലാണ്ട് കൊഴിയുന്നുണ്ട് ഈയമ്മേ, ടെൻഷനടിച്ചിട്ടാവും " ഞാൻ അവരുടെ കവിളിലൊന്നു നുള്ളി.
" പിന്നേ.... വല്യ ടെൻഷൻകാരി. " അവർ ചിറികോട്ടിച്ചിരിച്ചു.
" ഒരാഴ്ച കാണുവോ?"
" യ്യോ ... നാളെ രാവിലെ പോണം, അമ്മ അവിടെ തന്നെയല്ലെ ഒള്ളൂ"
ഞങ്ങൾ രണ്ടു പേരും കൂടി വീടിന്നകത്തേക്കു കയറി. ജോക്കുട്ടനെ ഉറക്കത്തിൽ നിന്നെഴുന്നേല്പിക്കാൻ ശ്രമിച്ചെങ്കിലും നടക്കാത്തതിനാൽ അവനൊരുമ്മ നെറ്റിയിൽ പതിച്ചിട്ട് " മിന്നായം പോലെ വന്നു പൊയ്ക്കോണ " മെന്നു പരിഭവിച്ച് ഈയമ്മ തിരിച്ചുപോയി.
"അനുവേ.... ടീ... ഞാൻ തുണി വിരിക്കാനെറങ്ങുവാ... വളേം മാലേം അലമാരിക്കകത്താ... താക്കോലു ഞാൻ കേറി വന്നിട്ടെടുത്തു തരാം.. ആ കറിയൊന്നിളക്കിയിട്ടേരെ... തീയിച്ചിരി കൊറച്ചേക്ക്." അമ്മ വാഷിങ്ങ് മെഷീനിൽ നിന്നും തുണികളുമായി മുറ്റത്തിറങ്ങി.
തീ കുറച്ചിട്ട് കറിയിളക്കിയടച്ചതിനു ശേഷം ജോക്കുട്ടന്റെ അടുത്തു പോയിരുന്നു. എത്ര തണുപ്പാണെങ്കിലും അവൻ പുതയ്ക്കില്ല. എന്റെ വലത്തു കൈ അവന്റെ വയറിലെടുത്തു വച്ചിട്ട് അട്ട ചുരുളുന്നതു പോലെ ചുരുണ്ട് എന്നോട് ചേർന്നേ കിടക്കൂ. അവന്റെയടുത്തിരിക്കുമ്പോൾ വല്ലാത്ത സന്തോഷവും സമാധാനവുമാണ്. സങ്കടങ്ങളൊക്കെ ഏഴുവയസുകാരന്റെ ചിരിയിൽ കൊഴിഞ്ഞു വീഴും. എന്റെ മുഖം വാടിയാൽ അവനറിയും. കണ്ണീരുരുണ്ടുകൂടുന്നതിനു മുമ്പേ തട്ടിത്തെറിപ്പിക്കും. ഷിന്റോ എപ്പൊഴും അസൂയപ്പെടാറുണ്ട് അവൻ അമ്മക്കുഞ്ഞാണെന്ന് പറഞ്ഞ്. എല്ലാവരും അവരവരുടെ തിരക്കിലാകുമ്പോൾ ,വേണ്ടപ്പെട്ടവരൊക്കെ മറന്നു എന്നറിയുമ്പോൾ ... അവൻ എന്റെ സ്വന്തമാണെന്നത് എത്ര സെക്യൂരിറ്റി ഫീലിങ്ങ് ആണ് തരുന്നത്.
പക്ഷേ... അമ്മയുമങ്ങനെയാകേണ്ടിയതല്ലേ... ഞാനുമമ്മയ്ക്കു പ്രിയപ്പെട്ടവളായിരുന്നല്ലോ.. ഇപ്പോളെന്താ ഇങ്ങനെ..? വല്യ വീട്ടിലേക്ക് കെട്ടിച്ചു വിട്ടാൽ എല്ലാം സഹിക്കണമെന്നാണോ? എല്ലാം സഹിക്കാം... മിണ്ടാണ്ടിരിക്കാം... തനിച്ചായവളുടെ നോവിടങ്ങളിലേക്ക് ഒന്നെത്തി നോക്കിക്കൂടെ? മുതിർന്നാലെല്ലാം തന്നെ സഹിക്കണമെന്നാണോ? കാശുകൊണ്ടു മാത്രം മനസ്സമാധാനമുണ്ടാകില്ലെന്ന് അമ്മയ്ക്കറിഞ്ഞൂടെ. വേറൊന്നും ആഗ്രഹിക്കുന്നില്ലല്ലോ.... പോട്ടെ ടീ ..സാരൂല്ല... എന്നൊരു വാക്ക്. എല്ലാമറിയാമായിട്ടും എത്ര ഭംഗിയായാണ് അമ്മ അകലുന്നത്.
സ്വന്തമെന്നു കരുതി എത്ര സ്നേഹിച്ചാലും അന്യയെന്നാവർത്തിക്കുന്നവരുടെ ഒഴിവാക്കലുകളിൽ നെഞ്ചുകീറിയൊഴുകി വീഴുന്ന മാണിക്യവും കൺകോണിലുറയുന്ന വൈരമണികളും കൂടി അമ്മയുടെ അലമാരിയിലൊന്നെടുത്തു വച്ചിരുന്നെങ്കിൽ... ഇന്നലെ രാത്രി മാലയുടെ കൊളുത്തടുപ്പിച്ചിടാൻ എന്റെ നെഞ്ചിലേക്ക് ചാഞ്ഞതല്ലേ... എന്നിട്ടും ഇടറിപ്പെരുകിമുഴങ്ങുന്നത് കേട്ടില്ലെന്നാണോ? അമ്മേ... അതു നിലയ്ക്കാതിരിക്കാൻ ദയവു ചെയ്ത് ഇതുകൂടി അമ്മയുടെ അലമാരിയിലേയ്ക്ക്....
 കലിക

ബാല്യകാല സ്മരണകൾ



അമ്മേ അവിടെയെന്താ ബഹളം?
ആ ഏട്ടന്മാർ അവിടെ എന്തെടുക്കുവാ..?
നാല് മണിക്ക് സ്ക്കൂൾ വിട്ട് വന്ന മകളുടെ ചോദ്യം കേട്ടാണ് ഞാൻ അങ്ങോട്ട് നോക്കിയത്.അടുക്കളഭാഗത്ത് മുകളിലായി ഒരു മരത്തിന് കീഴെ മൂന്ന്, നാല് സ്ക്കൂൾ കുട്ടികൾ എന്തോ തെരയുന്നു. കൂട്ടത്തിൽ പൊക്കo കൂടിയക്കുട്ടി കല്ലെടുത്ത് മരത്തിന് മുകളിലേക്ക് എറിയാനും ശ്രമിക്കുന്നുണ്ട്. കാര്യമായ എന്തോ അവിടെ ഉണ്ടെന്ന് മനസ്സിലാക്കിയ ഞാൻ ആ കുട്ടികളോടായി ചോദിച്ചു.
എന്തുവാ മക്കളേ അവിടെ?
ആന്റി ഇവിടെ മരത്തിൽ നിറയെ അമ്പഴങ്ങയാ ,പഴുത്തത് വീണീടുണ്ടോ എന്ന് നോക്കുവാ...
കുട്ടികൾ പറഞ്ഞപ്പോഴാണ് ഞാനും ആ മരം ശ്രദ്ധിച്ചത് ,ഇലകൾ കുറവാണെങ്കിലും കുലകുലയായി അമ്പഴങ്ങ പഴം.
ഇത്ര അടുത്തുണ്ടായിട്ടും ഞാനിതൊന്നും കണ്ടില്ലല്ലോ എന്നോർക്കുമ്പോഴാണ് ....
"ഫെയ്സ് ബുക്കിലാണല്ലോ ഇപ്പോ താമസം"
ഏട്ടൻ പകുതി കാര്യമായും, പകുതി തമാശയായും പറയാറുള്ള ആ വാചകം ഓർമ്മയിലെത്തിയത്.
ശരിയാണ്
പണ്ട് എന്തൊക്കെയായിരുന്നു കാട്ടിക്കൂട്ടാറുള്ളത്.വീട്ടിൽ നിന്ന് സ്ക്കൂളിൽ എത്തുന്നതു വരെയുള്ള വഴികളിലുളള മരങ്ങൾ പൂക്കുന്നതും, കായ്ക്കുന്നതും, പഴുക്കുന്നതും ,ആദ്യം ഞാനും കൂട്ടുകാരികളുമാണ് അറിയുക. പിന്നെ എന്നും രണ്ട് നേരവും അതിന് ചുവട്ടിനടിയിലൂടെയായിരുന്നു സഞ്ചാരം. മിക്കവാറും ബെല്ലടിച്ചതിന് ശേഷമായിരിക്കും ക്ലാസ്സിലെത്തുക. ടീച്ചർ തല്ലാതിരിക്കാനായി, ഏതോ സീനിയർ കുട്ടി പറഞ്ഞതനുസരിച്ച് പാറപൂവും കൈയ്യിൽ പിടിച്ചായിരിക്കും മിക്കവാറും ഞങ്ങൾ ക്ലാസ്സിലെത്തുക. ആദ്യമാദ്യം ടീച്ചർ അത് കാര്യമാക്കിയില്ലെങ്കിലും ,പിന്നീട് ഞങ്ങടെ കള്ളത്തരം കണ്ടു പിടിക്കുകയും, അച്ഛന്റെ കാതിലെത്തുകയും പിന്നിടങ്ങോട്ട് ഈ മരങ്ങളോടുള്ള സ്നേഹം ഒരു നേരത്തിലായി ഒതുക്കുകയും ചെയ്യേണ്ടി വന്നു.
സ്ക്കൂളിലെത്തിയാലും ക്ലാസ്സിലിരുന്ന് ഇതൊക്കെ ആയിരിക്കും ചിന്ത, അതു കൊണ്ടാണ് ഉച്ചഭക്ഷണത്തിന് ഒരു മണിക്കൂർ അനുവദിച്ച സമയത്തിൽ നിന്ന് ,ഏകദേശം ഒന്നൊന്നര കിലോമീറ്ററോളം ദൂരെയുള്ള പറമ്പിലേക്ക്, നെല്ലിക്കയും, താണിക്കയും പെറുക്കാൻ ഓടാറുള്ളത് ,അന്ന് ഉച്ചക്കഞ്ഞി കഴിക്കാൻ വെറുo അഞ്ച് മിനിറ്റ് പോലും വേണ്ടി വന്നില്ലല്ലോയെന്ന്, ഇന്ന് മൊബെലും കൈയ്യിൽ പിടിച്ച് ഏകദേശം ഒന്നര മണിക്കൂർ എടുത്ത് കഴിക്കുമ്പോൾ ആലോചിച്ചു കൂട്ടാറുണ്ട്.
ആ പറമ്പിലേക്ക് ഒരുപാട് കുട്ടികൾ കനികൾ പെറുക്കാൻ ഓടി പോകുന്നത് കൊണ്ട് സീനിയേഴ്സിന് ചിലർക്ക് അതത്ര പിടിച്ചിരുന്നില്ല. അതിനായി അവർ കണ്ടു പിടിച്ച ഒരു സൂത്രമായിരിക്കണം" യക്ഷി പന"
ഫലങ്ങൾ ഉള്ള പറമ്പിലേക്ക് പോകുന്ന വഴിയിൽ ഒരു വലിയ തെങ്ങിൻ തോപ്പാണ്, അവിടെയൊരു പനമരവുo ഉണ്ടായിരുന്നു. ആ പനയിൽ യക്ഷിയുണ്ട് എന്നതാണ് സീനിയേഴ്സിന്റെ വാദം.
യക്ഷിയെ കണ്ടിട്ടു തന്നെ കാര്യമെന്നോർത്ത് അന്ന് സ്ക്കൂളിലെ എല്ലാ കുട്ടികളും അവിടെ സന്ദർശിക്കുക പതിവാക്കിയിരുന്നു. പനമരത്തിൽ നിന്ന് അകലെ മാറി നിന്ന് യക്ഷിയെ സസൂക്ഷ്മം വീക്ഷിക്കുമ്പോഴായിരിക്കുo ഒരു കുട്ടി ,
"ദേ യക്ഷി"
എന്ന് പറയുന്നത്.
ഇത് കേൾക്കേണ്ട താമസം എല്ലാവരും ജീവനും കൊണ്ട് ഓടുകയായിരുന്നു. ഈയൊരു സാഹസം എത്രയോ കാലം നീണ്ടു നിന്നിരുന്നു എന്നതാണെന്റ ഓർമ്മ.
സത്യത്തിൽ ആ പനയിൽ യക്ഷി ഉണ്ടായിരുന്നോ?
വെറുതെയാണെങ്കിലും ഞാനിന്നും എപ്പോഴെങ്കിലും ആ വഴിയിലൂടെ കടന്നുപോകുമ്പോൾ സ്വയം അന്വേഷിച്ച് നോക്കാറുണ്ട്.
ഹൈസ്ക്കൂളിൽ കാലഘട്ടം സ്ക്കൂൾ മാറി എന്നതൊഴിച്ചാൽ ഞങ്ങടെ സ്വഭാവത്തിൽ മാറ്റമൊന്നും ഉണ്ടായിരുന്നില്ല. ഇരുപത് മിനിറ്റ് മാത്രം ദൂരമുണ്ടായിരുന്ന സ്ക്കൂളിൽ നിന്ന് വീട്ടിൽ തിരിച്ചെത്താൻ ഏകദേശം ഒന്നര മണിക്കൂറോളം എടുക്കുമായിരുന്നു. കുന്നാറമൊട്ട എന്ന കാട്ടിലെ "കരിങ്ങാലിപ്പ ഴവും", " കാരപ്പഴവും" ആയിരുന്നു ഞങ്ങടെ പ്രിയപെട്ട കനികൾ. ആ സമയത്ത് കൂടെ ചുക്കാൻ പിടിക്കാൻ വല്യച്ഛന്റെ മകനായ ഏട്ടനും കൂടെയുള്ളതായിരുന്നു ഞങ്ങടെ ധൈര്യം.
വീട്ടിലെത്തിയ ഉടനെ നാവു് തുടയ്ക്കുക എന്നതാണ് പ്രധാന ജോലി. കരിങ്ങാലി പഴത്തിന്റെ നീലക്കളർ വീട്ടിലാരും കണ്ടു പിടിക്കാതിരിക്കാൻ വേണ്ടി മായ്ച്ചു കളയാനുള്ളതായിരുന്നു ആ സൂത്രം.
ഇത് മനസ്സിലാക്കിയ അമ്മ,
അന്ന് വിഷം തീണ്ടി മരിച്ച കുട്ടി,
വിഷം തീണ്ടിയ കാരപ്പഴം കഴിച്ചതിനാലാണ് ആ കുട്ടി മരിച്ചതെന്ന് കള്ളക്കഥയുണ്ടാക്കി, അങ്ങനെ ഞങ്ങടെ കരിങ്ങാലിഭ്രമം പാടേ ഉപേക്ഷിപ്പിക്കപ്പെട്ടു.
അങ്ങനെയെത്രയെത്ര മധുരമുള്ള ബാല്യകാല സ്മരണകൾ, ഇതൊന്നും അനുഭവിക്കാൻ ഇപ്പോഴത്തെ മക്കൾക്ക് പറ്റുന്നില്ലല്ലോ, എന്നാലോചിക്കുമ്പോഴാണ്.
ആന്റിക്ക് വേണോ?
അവരിലൊരുവന്റെ ശബ്ദം വീണ്ടും എന്റെ കാതിലെത്തിയത്.
അതിനുത്തരം പറയാതെ മക്കളുടെ മുഖത്തേക്ക് നോക്കിയപ്പോൾ, വേണമെന്നർത്ഥത്തിൽ അവർ തലയാട്ടിയത് കണ്ടു കൊണ്ടായിരിക്കണം അവൻ അതിലൊരെണ്ണം എടുത്ത് മുറ്റത്തേക്കെറിഞ്ഞത്.
അമ്പഴങ്ങ കിട്ടിയ സന്തോഷത്തിൽ എന്നെ നോക്കിയ കുട്ടികളേയും ചേർത്ത് പിടിച്ച് ഞാൻ അകത്തേക്ക് കയറുമ്പോൾ എന്തിനോ വേണ്ടി നിറഞ്ഞു വന്ന കണ്ണുകൾ മക്കൾ കാണാതിരിക്കാനായി ഞാൻ പാടുപെടുകയായിരുന്നു..
by
പത്മിനി നാരായണൻ

ഇനിയൊരു സൂര്യോദയം കാത്ത്....

Image may contain: 1 person, closeup and indoor

"നവാഗതർക്കു സ്വാഗതം "
എന്നെഴുതിയ ഗേറ്റ് കടക്കുമ്പോൾ ഞാൻ ചുറ്റും നോക്കി. കോളേജ് പരിസരം മുഴുവൻ ഭംഗിയായി അലങ്കരിച്ചിരിക്കുന്നു കുട്ടികൾ. എം ടെക് ൻറെ പുതിയ ബാച്ച് വന്നിരിക്കുന്നു കഴിഞ്ഞ ആഴ്ച.
ചില ആരോഗ്യ പ്രശ്നങ്ങളാൽ വൈസ് പ്രിൻസിപ്പലിനെ ചാർജ് ഏല്പിച്ചു ലീവിൽ ആയിരുന്നതു കൊണ്ട് പുതിയ കുട്ടികളെ പരിചയപ്പെടാൻ കഴിഞ്ഞില്ല.
പ്രിൻസിപ്പാൾ എന്നെഴുതിയ റൂമിലേക്ക്‌ കയറുമ്പോൾ വരാന്തയിൽ നിന്നൊരു വിരുതൻ പറയുന്നുണ്ടായിരുന്നു,
" എടാ, പ്രിൻസി വന്നു. ഇന്നിനി ഇങ്ങേരുടെ കത്തി കേൾക്കേണ്ടി വരുമല്ലോ " എന്ന്.
മേശയിൽ കിടന്ന ഫയലുകൾ ഒന്ന് ഓടിച്ചു നോക്കി. തൃശൂർ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും റിട്ടയർ ചെയ്ത് വീട്ടിലിരിക്കുമ്പോൾ,പ്രിയ സുഹൃത്തും ഈ കോളേജിന്റെ ഡയറക്ടറും ആയ ബാലകൃഷ്ണമേനോന്റെ നിർബന്ധം കൊണ്ട് മൂന്നു വർഷം മുമ്പാണ് ഇവിടെ ചാർജ് എടുത്തത്. സേലത്തെ പ്രശസ്തമായ കോളേജ് എന്ന നിലയിലും മലയാളി മാനേജ്മെന്റ് എന്നത് കൊണ്ടും അധ്യാപകരും വിദ്യാർത്ഥികളും ഭൂരിപക്ഷം മലയാളികൾ തന്നെയാണ്. ഓഫീസ് ബോയിയെ വിളിച്ചു 11 മണിക്ക് സ്റ്റുഡന്റസ് ആൻഡ് സ്റ്റാഫ്‌ മീറ്റിംഗ് അറേഞ്ച് ചെയ്യാൻ പറഞ്ഞപ്പോൾ അവന്റെ മുഖത്തും കണ്ടു "പെട്ടല്ലോ " എന്നൊരു ഭാവം.
ഓഡിറ്റോറിയത്തിൽ എല്ലാവരും എത്തി എന്നു വിവരം കിട്ടിയപ്പോൾ ഞാൻ അങ്ങോട്ട്‌ ചെന്നു. ബഹളം വെച്ചു കൊണ്ടിരുന്ന കുട്ടികൾ പെട്ടെന്ന് നിശബ്ദരായി.
കോളേജ് യൂണിയൻ ചെയർമാൻ എല്ലാവരെയും സ്വാഗതം ചെയ്തു. കൃഷ്ണകൃപ കോളേജ് ന്റെ ചരിത്രത്തെ കുറിച്ച് പറഞ്ഞു. പിന്നെ വിദ്യാർത്ഥികളോട് സംസാരിക്കാൻ എന്നെ ക്ഷണിച്ചു.
" ഈ പ്രായത്തിലും നമ്മുടെ കോളേജ് ന്റെ ഓജസ്സും ചുറുചുറുക്കും ആയ പ്രിൻസിപ്പാൾ ജോർജ് ജേക്കബ് സർ നെ ക്ഷണിക്കുന്നു."
സംസാരിക്കാനായി ഞാൻ എഴുന്നേറ്റപ്പോൾ തന്നെ ആൺകുട്ടികളുടെ ഭാഗത്തു ഒരു അനക്കം. ആരോ കമെന്റ് പറഞ്ഞതിന് എല്ലാവരും കൂടെ ചിരിക്കുന്നു. പെൺകുട്ടികൾ നെറ്റിയിൽ കൈ താങ്ങി താഴേക്കു നോക്കി ഇരിക്കുന്നു. പുതിയ ബാച്ച് മാത്രം ശ്രദ്ധയോടെ ഇരിക്കുന്നു. ഞാൻ പതുക്കെ തുടങ്ങി.
" ഞാൻ സംസാരിക്കാൻ വരുമ്പോൾ തന്നെ എന്താണ് പറയുക എന്നു നിങ്ങൾക്ക് കാണാപാഠം ആണെന്ന് നിങ്ങളുടെ മുഖഭാവത്തിൽ നിന്നും അറിയാം. എന്നാലും പറയാതിരിക്കാൻ എനിക്ക് കഴിയില്ല. ഇന്നു പക്ഷെ ഞാൻ നിങ്ങളോട് പറയുന്നത് ഒരു കഥയാണ്. എനിക്ക് നേരിട്ടറിയാവുന്ന ഒരു കുടുംബത്തിന്റെ കഥ.
ഡേവിഡ്, നല്ലൊരു കുടുംബത്തിലെ മിടുക്കനായ കുട്ടിയായിരുന്നു. പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും ഒന്നാമത് എത്തുന്ന, അധ്യാപകരുടെയും സഹപാഠികളുടെയും സ്നേഹഭാജനം. കുടുംബത്തിന്റെ അഭിമാനം.
അവനു എഞ്ചിനീയറിംഗ് നു അഡ്മിഷൻ കിട്ടിയത് ബാംഗ്ലൂരിലെ പ്രശസ്തമായ ഒരു കോളേജിൽ ആയിരുന്നു. അവിടെയും അവൻ നല്ല റിസൾട്ട്‌ നേടി. കോഴ്സ് തീരുന്നതിനു മുൻപ് തന്നെ ക്യാമ്പസ്‌ സെലെക്ഷനിൽ ഇന്ത്യയിലെ തന്നെമികച്ച ഒരു കമ്പനിയിൽ ജോലിയും ആയി. ജോലികിട്ടി രണ്ടു വർഷം കഴിഞ്ഞപ്പോൾ ഡേവിഡിന്റെ വിവാഹം തീരുമാനിച്ചു. അവന്റെ അച്ഛന്റെ പ്രിയ സുഹൃത്തിന്റെ മകൾ, ലണ്ടനിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു. ജീവിതത്തിൽ അവർ ഏറ്റവും സന്തോഷിച്ച നിമിഷങ്ങൾ. അമ്മയില്ലാത്ത ആ പെൺകുട്ടിക്ക് ഡേവിഡിന്റെ അമ്മ അമ്മായിഅമ്മ അല്ലായിരുന്നു.
അവരുടെ സന്തോഷത്തിന്റെ മാറ്റു ഇരട്ടിയാക്കിക്കൊണ്ട് ആ പെൺകുട്ടി ഗർഭിണി ആയി.
അവരുടെ ജീവിതത്തോട് ആർക്കായിരിക്കും ഇത്ര അസൂയ തോന്നിയത്, ദൈവങ്ങൾക്കോ ? ഗർഭം 7 മാസം തികഞ്ഞപ്പോൾ പതിവ് പോലെ എല്ലാ ടെസ്റ്റുകളും നടത്തി. റിസൾട്ട്‌ അവരെ ഞെട്ടിപ്പിക്കുന്നതായിരുന്നു, HIV പോസിറ്റീവ്. തകർന്നു പോയിരുന്നു അവർ.
വിവരം അറിഞ്ഞപ്പോൾ ഏതൊരു മനുഷ്യരെയും പോലെ ആ അച്ഛനും അമ്മയും ആ പെൺകുട്ടിയെ വെറുത്തു. അന്യനാട്ടിൽ അഴിഞ്ഞാടി നടന്നു സ്വന്തം ജീവിതം നശിപ്പിച്ചതോടൊപ്പം അവരുടെ മകന്റെയും അടുത്ത തലമുറയെ കൂടെ മഹാരോഗത്തിനു അടിമയാക്കിയ അവളോട് ക്ഷമിക്കാൻ അവർക്ക് എങ്ങനെ കഴിയും ?
സംഭവം അറിഞ്ഞ പെൺകുട്ടിയുടെ അച്ഛൻ തളർന്നു കിടപ്പിലായി. താൻ ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് കരഞ്ഞു പറഞ്ഞ അവളെ വിശ്വസിക്കാൻ ആരും തയ്യാറായില്ല. എന്തിനു ഡേവിഡ് പോലും.
വീട്ടുകാരുടെ കുത്തുവാക്കുകളും ഭർത്താവിന്റെ അവഗണനയും സ്വന്തം അച്ഛന്റെ അവസ്ഥയും അവളുടെ മാനസിക നിലയെ ബാധിച്ചു തുടങ്ങി. പതുക്കെ പതുക്കെ ബന്ധുക്കളും നാട്ടുകാരും വിവരം അറിഞ്ഞു തുടങ്ങി.
അങ്ങനെയിരിക്കെ,ഒരുദിവസം ഡേവിഡിനോടൊപ്പം ബാംഗ്ലൂരിൽ പഠിച്ച സുഹൃത്ത് അനിൽ ഡേവിഡിനെ വിളിച്ചു. അവനു പറയാനുണ്ടായിരുന്നത് മറ്റൊരു കഥയായിരുന്നു. അവിവാഹിതനായ അവനു എയ്ഡ്‌സ് ആണ്. ബാംഗ്ലൂർ പഠനകാലത്ത് അവനു പറ്റിയ ഒരു അബദ്ധത്തിന്റെ ബാക്കിപത്രം. അവൻ വിളിച്ചത് അവനു ഒന്നു ബാംഗ്ലൂർ വരെ പോകണം, ഈ രോഗം കിട്ടിയത് അവിടെ നിന്ന് തന്നെയാണോ എന്നു ഉറപ്പു വരുത്തണം. അതിനു ആദ്യം അവനോടൊപ്പം പഠനകാലത്ത് സീനിയർസിന്റെ പ്രലോഭനത്തിൽ ഒരു പെണ്ണ് എന്തെന്ന് അറിയാൻ പോയ ഡേവിഡിന്റെ ബ്ലഡ്‌ കൂടെ ടെസ്റ്റ്‌ ചെയ്യണം. അവിടെ തകരുകയായിരുന്നു ഡേവിഡ്. തെറ്റ് ചെയ്തത് തന്റെ ഭാര്യയായിരുന്നില്ല എന്ന തിരിച്ചറിവ് അയാളെ കുറച്ചൊന്നുമല്ല ഉലച്ചത്. ഉടനെ തന്നെ ബാംഗ്ലൂർക്ക് പോകാനും ആ സ്ത്രീയെ അന്വേഷിക്കാനും അവർ തീരുമാനിച്ചു.
ആരോടും മിണ്ടാതെ അവർ ആ യാത്ര പോയി. ആ വേശ്യാലയത്തിൽ ചെന്നു ആ സ്ത്രീയെ അന്വേഷിച്ചു. പലവിധ രോഗങ്ങൾ കാർന്നു തിന്നു മരണത്തോട് മല്ലിടുന്നുണ്ടായിരുന്നു അവർ. തന്നെ ഇങ്ങനെയാക്കിയ ലോകത്തോട് മുഴുവൻ പകയുമായ് ജീവിച്ചിരുന്ന അവർക്കു ഇപ്പോൾ കുറ്റബോധം മാത്രം.
എല്ലാം തിരിച്ചറിഞ്ഞ ഡേവിഡിന് തിരിച്ചു പോകാൻ ആവില്ലായിരുന്നു, തെറ്റു പറ്റിയത് തനിക്കാണെന്നു പറയാൻ ഉള്ള ധൈര്യം പോലും അവനില്ലായിരുന്നു.
ഇതേ സമയം, ഡേവിഡിനെ കാണാതെ വിഷമത്തിലായിരുന്നു വീട്ടുകാർ. തന്നോടുള്ള വെറുപ്പ്‌ മൂലം ഡേവിഡ് എങ്ങോട്ടോ പോയി എന്ന ചിന്തയാൽ ആ കുട്ടിയുടെ രക്തസമ്മര്ദം ഉയർന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ഗര്ഭാവസ്ഥയിലെ രക്താതിസമ്മർദ്ദം എന്ന അപകടാവസ്ഥയിൽ ആയിരുന്ന പെൺകുട്ടിയെ സിസ്സേറിയൻ ചെയ്തു കുഞ്ഞിനെ രക്ഷിച്ചെടുത്തെങ്കിലും പിന്നീട് ഉണ്ടായ ബ്ലീഡിങ്ങിനെ തുടർന്ന് അവൾ മരിച്ചു. മാസം തികയാത്ത ജനനം ആയതു കൊണ്ട് കുഞ്ഞു ഇൻക്യൂബേറ്ററിലും ആയി.
ഡേവിഡ് എല്ലാമറിഞ്ഞപ്പോഴേക്കും ഒരുപാട് വൈകി. തന്റെ ക്ഷമാപണം കേൾക്കാൻ പോലും കാത്തുനിൽക്കാതെ അവൾ പോയിരിക്കുന്നു. പൊട്ടിക്കരഞ്ഞു കൊണ്ട് അച്ഛനോടും അമ്മയോടും എല്ലാം തുറന്നു പറഞ്ഞു.
എല്ലാമറിഞ്ഞെങ്കിലും ഇപ്പോൾ നാട്ടുകാർ സഹതാപത്തോടെ കാണുന്ന മകൻ വെറുക്കപ്പെടാതിരിക്കാൻ, മരിച്ചു പോയ മരുമകളെ തന്നെ തെറ്റുകാരിയാക്കി സ്വാർത്ഥരായ ആ അച്ഛനും അമ്മയും.
പിന്നീട് അവന്റെ ശ്രമം മുഴുവൻ കുഞ്ഞിനെ രക്ഷിക്കാൻ ആയിരുന്നു. പല ഡോക്ടർമാരും ആയി ചർച്ച നടത്തി. എയ്ഡ്‌സ് ബാധിച്ച അമ്മ പ്രസവിക്കുന്ന കുഞ്ഞുങ്ങളിൽ ഏകദേശം മുപ്പത്തി അഞ്ചു ശതമാനം മാത്രമേ പോസിറ്റീവ് ആകൂ എന്നും പ്രതിരോധമായി ചികിത്സ ഉണ്ടെന്നുള്ള അറിവും
അവനു പ്രതീക്ഷ നൽകി. എല്ലാ സൗകര്യങ്ങളും ഉള്ള ഹോസ്പിറ്റലിലേക്ക് കുഞ്ഞിനെ മാറ്റി. ആളുകളുടെ പരിഹാസത്തിലും അവഗണനയിലും പതറാതെ ആ കുടുംബം പ്രാർത്ഥനയോടെ കാത്തിരുന്നു ഒരു വർഷത്തെ ചികിത്സക്കു ശേഷമുള്ള ടെസ്റ്റ്‌ റിസൾട്ടിന് വേണ്ടി. ദൈവാനുഗ്രഹം കൊണ്ടോ എന്തോ കുഞ്ഞിന്റെ റിസൾട്ട്‌ നെഗറ്റീവ് ആയിരുന്നു.
പരീക്ഷണങ്ങൾ അവിടെ കൊണ്ടൊന്നും തീർന്നിരുന്നില്ല. ഒരു ബൈക്കപകടത്തിൽ ഡേവിഡ് മരിച്ചു. മറ്റുള്ളവർക്ക് ഒരു ബാധ്യത ആവാതെ സ്വയം അവസാനിപ്പിച്ചതാണോ എന്നു ഇപ്പോഴും അറിയില്ല. ബന്ധുക്കളുടെയും നാട്ടുകാരുടെയും കുഞ്ഞിനോടുള്ള പെരുമാറ്റം വേദനിപ്പിക്കുന്നതായിരുന്നു. എയ്ഡ്‌സ് ബാധിച്ച മാതാപിതാക്കളുടെ മക്കൾക്കും എയ്ഡ്‌സ് ഉണ്ടാകും എന്ന നാട്ടിൻപുറത്തെ മുൻവിധി മാറ്റാൻ ശാസ്ത്രം ഇത്ര പുരോഗമിച്ചിട്ടും കഴിഞ്ഞിട്ടില്ലല്ലോ. അതു കൊണ്ടു തന്നെ ആ നാടും വീടും ഉപേക്ഷിച്ചു ആരും തിരിച്ചറിയാത്ത ഒരു നാട്ടിലേക്കു ആ മുത്തച്ഛനും മുത്തശ്ശിയും കുഞ്ഞിനേയും കൊണ്ട് പോയി."
ഞാൻ പറഞ്ഞു നിർത്തി. കുട്ടികൾ നിശബ്ദരായിരുന്നു. ഞാൻ തുടർന്നു.
"ഞാൻ എപ്പോഴും പറയാറുണ്ട് നിങ്ങളോട് , മാതാപിതാക്കളിൽ നിന്ന് അകന്നു നിൽക്കുമ്പോൾ എല്ലാ സ്വാതന്ത്ര്യവും കിട്ടി എന്നു തോന്നിയേക്കാം, പല വിധത്തിലുള്ള പ്രലോഭനങ്ങളും ഉണ്ടായേക്കാം, പ്രായത്തിന്റെ ജിജ്ഞാസയും ഉണ്ടാകും. പക്ഷെ, ഓർക്കുക, ഒരു ബുദ്ധിമോശം കൊണ്ട് നിങ്ങൾ നശിപ്പിക്കുന്നത് ഒരുപാട് ജീവിതങ്ങളെ ആണെന്ന്. എല്ലാവരും അങ്ങനെ ആണെന്നല്ല, ഇതിൽ ഒരാൾക്ക് തെറ്റു പറ്റാൻ സാധ്യത ഉണ്ടെങ്കിൽ ആ ഒരാൾക്ക് വേണ്ടി, അയാൾക്ക്‌ വേണ്ടി മാത്രം... "
പറഞ്ഞു പൂർത്തിയാക്കാൻ കഴിയാതെ ഞാൻ നിർത്തി. ഒരു നിമിഷത്തെ പരിപൂർണ്ണ നിശബ്ദതക്കു ശേഷം വന്ന നിലക്കാത്ത കയ്യടി കുട്ടികൾ എന്റെ വാക്കുകൾ ഉൾക്കൊണ്ടു എന്നതിന് തെളിവായി. നിറഞ്ഞു വന്ന കണ്ണുകൾ ആരും കാണാതെ തുടച്ചു ഞാൻ പ്രിൻസിപ്പാളിന്റെ ഗൗരവം നിറഞ്ഞ മുഖം മൂടി എടുത്തണിഞ്ഞു.
വൈകുന്നേരം വീട്ടിൽ ചെന്നു കയറുമ്പോൾ അന്ന കൊച്ചു മുഖവും വീർപ്പിച്ചു ഉമ്മറത്തു ഇരിക്കുന്നുണ്ട്. പ്രിയതമ ഒരു കസേരയിലും.
" എന്നാ പറ്റിയെടി ഡാഡിയുടെ മുത്തിന് ? മമ്മി വഴക്കു പറഞ്ഞോ ?"
ഞാൻ അവളെ വാരിയെടുത്തു കൊണ്ട് ചോദിച്ചു.
നിറഞ്ഞ കണ്ണു ഉയർത്തി അവൾ പതിയെ എന്നെ നോക്കി.
" ഡാഡി, ആ കിരൺ കൃഷ്ണ ഇന്നും എന്നെ കളിയാക്കി. ഡാഡിയെ കണ്ടാൽ അവരുടെ ഒക്കെ ഗ്രാൻഡ്പാ യെ പോലെയാണെന്ന്. "
ഞാൻ പൊട്ടിച്ചിരിച്ചു.
" ഇത്രേ ഉള്ളോ കാര്യം ? അവനോടു പറ വയസ്സായെങ്കിലും അവന്റെ അച്ഛനേക്കാൾ സ്ട്രോങ്ങ്‌ ആണ് എന്റെ ഡാഡി. വേണേൽ ഒരു ദിവസം നോക്കാമെന്നു. "
"ഡാഡി സത്യമായും അവരെ ഇടിച്ചു തോൽപ്പിക്കുമോ ?"
"പിന്നെ ഇല്ലാതെ, സംശയം ഉണ്ടെങ്കിൽ മമ്മിയോട് ചോദിച്ചേ "
ആലിസ് എന്നേ ഒന്ന് നുള്ളി. അതിനിടയിൽ ചിരിച്ചു കൊണ്ട് അന്നകൊച്ചു അകത്തേക്ക് ഓടി .
" ഇച്ചായാ, എന്നെങ്കിലും ഒരിക്കൽ അവൾ എല്ലാം തിരിച്ചറിയില്ലേ, അന്ന് അവൾ നമ്മളെ വെറുക്കുമോ ?"
ആലിസിന്റെ കണ്ണുകൾ നിറഞ്ഞു.
" അറിയും. എല്ലാം മനസ്സിലാകുന്ന ഒരു പ്രായത്തിൽ ഞാൻ തന്നെ അവൾക്കു പറഞ്ഞു കൊടുക്കും, ഒരു നിമിഷത്തെ ചാപല്യം കൊണ്ട് ഒരു കുടുംബം മൊത്തം തകർത്ത അവളുടെ പപ്പയെ കുറിച്ച്, ഒരു തെറ്റും ചെയ്യാതെ തന്നെ മറ്റുള്ളവർക്ക് മുന്നിൽ അപമാനിതയായി ജീവിതം പാതി വഴിയിൽ നഷ്ടപ്പെട്ടു പോയ അവളുടെ അമ്മയെ പറ്റി, പിന്നെ അവൾക്കു വേണ്ടി നാടും വീടും ഉപേക്ഷിച്ച ഈ വല്യപ്പച്ചനെയും വല്യമ്മച്ചിയെയും പറ്റി. "
വിതുമ്പിത്തുടങ്ങിയ ആലീസിനെ ചേർത്തു പിടിച്ചു അകത്തേക്ക് കയറുമ്പോൾ അകത്തെ മുറിയിൽ നിന്നും മോളുടെ പാട്ടു ഉയർന്നു കേൾക്കുന്നുണ്ടായിരുന്നു,
" ആദിയിൽ ദൈവം സൃഷ്ടിച്ചു
ആകാശവും ഭൂമിയും സൃഷ്ടിച്ചു
ദൈവം എനിക്കായി സ്വർഗവും
ഈ മനുഷ്യർക്കായി ഭൂമിയും.........
ജൈനി റ്റിജു

പ്രസവശുശ്രൂഷ:

Image may contain: 1 person

അവളാ ലേബർ റൂമിൽ കയറിയിട്ട് ഏകദേശം 12 മണിക്കൂർ ആവുന്നു... ഒടുവിൽ ഒരു നീണ്ട പരിശ്രമത്തിനൊടുവിൽ ആ കുഞ്ഞു അഥിതി ഒരു കരച്ചിലോടെ പുറത്തേക്കു വന്നു.. ഒരു നോക്കു കാണിച്ചിട്ട്, ഒരു മുത്തം കൊടുക്കാൻ അനുവധിച്ചിട്ടു നേഴ്സ് തന്റെ കുഞ്ഞിനെയും കൊണ്ടു പുറത്തേക്കു പോവുന്നത് സന്തോഷത്താൽ നിറഞ്ഞ കണ്ണുകളോടെ അവൾ നോക്കി കിടന്നു...
****************
പിന്നെയും കുറെ നേരം കഴിഞ്ഞിട്ടാണ് അവളെ നിരീക്ഷണ മുറിയിലേക്ക് കൊണ്ടുവന്നത്. കടിഞ്ഞൂൽ പ്രസവം ആയതിനാലോ, നീണ്ട വേദന സഹിച്ചതിനാലോ അവൾക്കു കടുത്ത പനി പിടിച്ച് ഡ്രിപ് ഇട്ടു. മയക്കം തഴുകുന്ന കൺപോളകളെ വലിച്ചുതുറന്നു അവൾ തന്റെ കുഞ്ഞിനെ നോക്കി കിടന്നു.. അതിനിടയിലാണ് അവളുടെ ഭർത്താവിന്റെ അമ്മ അങ്ങോട്ടു വന്നത്‌.. വന്നതും അവർ സ്വന്തം മകന്റെ കുഞ്ഞിനെ എടുത്ത് എന്തൊക്കെയോ മധുരവാക്കുകൾ പറഞ്ഞു കൊഞ്ചിക്കാൻ തുടങ്ങി. പ്രസവാലസ്യത്താൽ തളർന്നു കിടക്കുന്ന അവളോട്‌ ഒരു വാക്കു പോലും മിണ്ടാതെ കുഞ്ഞിനെയും എടുത്തവർ അപ്പുറത്തെ ബെഡിലേക്കു പോകുന്നത്‌ നിർവികാരതയോടെ അവൾ നോക്കിക്കിടന്നു.
*****************
ഭർത്താവിന്റെ വീട്ടിൽ നിന്നും അച്ഛനും സഹോദരങ്ങളും മറ്റാരൊക്കെയോ വന്നിരുന്നത്രെ, കുഞ്ഞിനെ കാണാൻ...
അവളെ കാണാൻ നിക്കാതെ അവർ തിരിച്ചു പോയി.. പോയിട്ട് അത്യാവശ്യം ഉണ്ടത്രേ.. പിന്നെയും 5 ദിവസം ഉണ്ടായിരുന്നു അവളാ ആശുപത്രിയിൽ... ഒന്നു വന്ന് കുഞ്ഞിനെയും ഒപ്പം അവളെയും കാണാൻ അമ്മായിയച്ഛനു സമയം കിട്ടിയില്ലത്രേ... ഒഴിച്ചുകൂടാനാവാത്ത മറ്റു കാര്യങ്ങൾ പോലും...
*******************
ആശുപത്രിക്കിടക്കയിൽ ഇരുന്നു കുഞ്ഞിനോട് കിന്നാരം ചോദിക്കുന്ന ഭർത്താവിനെ അവൾ നോക്കിക്കിടന്നു... തന്റെ ജീവിതത്തിലെ മനോഹരമായ ഒരു കാഴ്ച്ച തന്നെ.. കണ്ണുംപൂട്ടി കിടക്കുന്ന ആ പൊന്നോമന കുഞ്ഞിനപ്പുറം സ്റ്റിച്ചിട്ട വേദനയാൽ വിങ്ങുന്ന ഒരു മുറിവും തലോടൽ കൊതിക്കുന്ന ഒരു മൂർദ്ധാവും ഉണ്ടെന്ന സത്യം അയാൾ എന്തേ അറിയാതെ പോയി....
*****************
ആശുപത്രിയിൽ കാണാൻ വന്ന ബന്ധുക്കൾക്കും കുഞ്ഞിനപ്പുറം കിടക്കുന്ന അവളുടെ വേദനകളെക്കുറിച്ചറിയാൻ വല്യ താൽപ്പര്യം ഇല്ലായിരുന്നു.. മറിച്ച് അത് ചെയ്യണം ഇത് ചെയ്യണം എന്നൊക്കെ അഭിപ്രായങ്ങൾ പറയുന്നതിൽ ആരുന്നു ശ്രദ്ധ... ഒന്നും രണ്ടും പെറ്റ സ്ത്രീകൾ പോലും എന്തേ അവളുടെ വേദനകൾ കണ്ടില്ല ...
*****************
മറ്റാരും അവളെ അറിഞ്ഞില്ലെങ്കിലും, മറ്റാരും അവളോട്‌ ഒന്നും ചോദിച്ചില്ലെങ്കിലും, അവളുടെ ആവശ്യങ്ങൾ ചോദിക്കാതെയും പറയാതെയും സ്വയമറിഞ്ഞു നിറവേറ്റികൊടുക്കാൻ അവിടെ ചിലർ ഉണ്ടാരുന്നു... അവളുടെ അമ്മ.. രാവും പകലും അവളുടെ കൈയകലത്തിൽ ഉറങ്ങാതെ കാത്തിരുന്ന അമ്മ..
കൂടെ എന്നും അവളെയും പേരാക്കുട്ടിയേയും കാണാൻ ഓടി വരുന്ന അവളുടെ അച്ഛനും...

By: Revathy M Radhakrishnan

അന്നകുട്ടിയുടെ പുതുവർഷം 2018! (കഥ )

Image may contain: 1 person, eyeglasses and indoor

പുതുവര്ഷമായിട്ടു കാലത്തേ പള്ളീല് പോയി വന്നു, മരുമകള് ഉണ്ടാക്കിയവെള്ളേപ്പോം താറാവ് കറീം കഴിച്ചേച്ചു അന്നക്കുട്ടി പതിവ് പോലെ ഉമ്മറത്തെ തിണ്ണേലിരുന്നു .. മുണ്ടു മടക്കി മുട്ടേലോട്ട് കേറ്റി വെച്ചു.
ഒന്ന് നോക്കിയാൽ പള്ളി വീടിനോടടുത്ത് തന്നെ .. എന്നാലും രണ്ടടി വെച്ചാൽ, കൈകാൽ കടച്ചിൽ കൊണ്ട് വല്ലാത്ത വലച്ചില് . കാലേൽ മൊത്തം കൊട്ടൻചുക്കാദി തൈലം പുരട്ടി തിണ്ണേല്, വഴീലോട്ടും നോക്കി ഒറ്റയിരുപ്പാണ് . അല്ലേൽ തന്നെ മരുമകള് വന്നേപ്പിന്നെ അന്നക്കുട്ടി അടുക്കളേല് കേറാറില്ല . വയ്യ, അതന്നെ .. അവള് വെച്ച് തരുന്നതും കഴിച്ചു കൊന്തേം ചൊല്ലി അങ്ങിനിരിക്കും.
ഉസ്കൂളിൽ പോണ പിള്ളേര് മുറ്റത്തു നിക്കണ ചെത്തിയോ ചെമ്പരത്തിയോ പറിക്കാൻ നോക്കിയാ അന്നക്കുട്ടി അലറും –
“ എടാ, കുരുത്തം കെട്ടവന്മാരെ .. നട്ടു നനച്ചുവളത്തുന്നോർക്കറിയാം അതിന്റെ ദെണ്ണം..”
തൈലം പുരട്ടി അങ്ങിനെ ഇരിക്കുമ്പം അന്നകുട്ടിയുടെ തൊണ്ടേലോട്ടു താറാവ് കറി തികട്ടി വന്നു.. അവർ മുറ്റത്തേക്ക് നീട്ടി തുപ്പി.. അല്ലേൽ തന്നെ ആ സൂസി എന്തോന്നാ കറീല് കാട്ടി കൂട്ടിയെ?. മസാലയുടെ കുത്തു കൊണ്ട് തൊണ്ടേന്നു ഇറക്കാൻ മേലായിരുന്നു..
അവളുടെ കെട്ടിയോൻ അടുത്തിരുന്ന് “അടിപൊളി സൂസമ്മേ “എന്ന് പറഞ്ഞു പിന്നേം പിന്നേം കറി എടുത്തിടുന്നതു കണ്ടപ്പം അന്നക്കുട്ടി ചോദിക്കാൻ തുടങ്ങീതാ-..
“ ഇതാണോടാ കറി .. നീ നല്ലതൊന്നും തിന്നിട്ടില്ലേ.. ?”
പിന്നെ വിചാരിച്ചു, എന്നതിനാ നല്ലൊരു ദിവസമായിട്ടു അവളുടെ മോന്ത കാണുന്നത്..
അല്ലേലും ചില പെങ്കോന്തന്മാർ അങ്ങിന .കെട്ട്യോള് വന്നാൽ അവള് വെച്ച് വിളമ്പിയത് മതി. അത്ര നാൾ വെച്ചൂട്ടിയ അമ്മ പൊറത്തു ..
തൂ…… അന്നക്കുട്ടി പിന്നേം നീട്ടി തുപ്പി.
ഒരുകണക്കിന് അവളെ കുറ്റം പറഞ്ഞിട്ട് എന്നാ കാര്യം .. ഇപ്പോഴത്തെ താറാവിനെ കാശിനു കൊള്ളാമോ.. താറാവ് നന്നാവണം.. അല്ലേൽ കറി ആരുവെച്ചാലും ഇങ്ങനൊക്കെ തന്നെ..
പണ്ടൊക്കെ വീട്ടിൽ വളർത്തണ താറാവിനെയല്ലെ കറിവെക്കണത് ? .. പിടിച്ചാൽ പോങ്ങൂല. അത്ര കനം !
വീട്ടിലെ ആണുങ്ങള് അതിനെ കൊന്നു പപ്പും പൂടയും പറിച്ചു കഷ്ണിച്ചു കൈയിലോട്ടു തരും..പിന്നെ ജോലി മുഴുവൻ പെണുങ്ങക്കു.. അതിനെ കഴുകി വൃത്തിയാക്കി ചട്ടീലിട്ടു ,രണ്ടാം പാലിൽ ഇച്ചിരി ഇഞ്ചി , വെളുത്തുള്ളി , പച്ചമുളക് , ഉള്ളി , മസാല ഈ കൂട്ടെല്ലാം കൂടെ ചേർത്ത് വേവിക്കും. ഇപ്പോൾ പരിഷ്കാരികൾ ഇറച്ചിയാണേലും ചോറാണെലും കുക്കറിൽ ഇട്ടടിയല്ലേ .. കണ്ണ് തെറ്റിയാ എല്ലും ഇറച്ചിയും വേറെ വേറെയായി, താറാവ് കൊളമാകും.. ആർക്കും ഒന്നിനും നേരൊല്ലാത്ത കാലം.
താറാവിന്റെ വേവ് നോക്കണതും വീട്ടിലെ ആണുങ്ങളു്.... താറാവ് വേവുന്നവരെ അടുപ്പൂതി ഊതി പൊകയടിച്ചു കണ്ണിന്നും മൂക്കീന്നും വെള്ളം വരും.
” എന്നാ പങ്കപ്പാടാ എന്റെ കർത്താവെ !” ചിലപ്പോൾ അറിയാതെ പറഞ്ഞും പോവും.
വെന്ത താറാവിനെ അടുപ്പെന്നിറക്കി വെച്ച്, വേറൊരു ചട്ടീല് സവോള മൊരിക്കും . അതങ്ങു ചോക്കുമ്പം ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി പച്ചമുളക് എല്ലാമിട്ടുകൊടുക്കും.. മല്ലി പൊടി ,മുളക് പൊടി, കുരുമുളക് പൊടി, പിന്നെ മസാല പൊടി.. എല്ലാം കൂടെ പച്ച മണം മാറണ വരെ വഴറ്റും .
പൊടികളൊക്കെ വീട്ടിതന്നെ പൊടിക്കണത് കൊണ്ട് എന്നാ മണമാ മൂക്കിലോട്ടു അടിച്ചു കേറുന്നത്..വെന്ത താറാവിനെ അതിലോട്ടു കുടഞ്ഞിട്ടു പാകത്തിന് ചാറു വരണ വരെ കുറുക്കും പിന്നെ ഒന്നാം പാലൊഴിച്ചു തിള വരണ മുന്നേ കറി വേപ്പിലയിട്ടു ഇറക്കും.. ഒന്നാം പാലെന്നു പറയുമ്പം നല്ല കുറു കുറെ ..
അത് കഴിഞ്ഞാ ആ പരിസരത്തെങ്ങാനും നിക്കാൻ പറ്റോ?. തേങ്ങാ പാലിന്റേം മസാലേടേം വെളിച്ചണ്ണെടേം മണം മൂക്കിലോട്ടു കേറി ഓരോരുത്തർ അടുപ്പിനടുത്തോട്ടു വരവ് തുടങ്ങും.. താറാവിന്റെ രുചി അറിയാൻ. പിഞ്ഞാണത്തിലിത്തിരി ചാറും കഷണോം ഇട്ടു കൊടുക്കുമ്പം വിരല് നക്കി തൊടച്ചു “ഉം പഷ്ട് “ എന്നവര് പറയുമ്പം, ദേ ..നേരത്തെ പറഞ്ഞ ആ പങ്കപ്പാട് ചങ്കെന്നു മാറി കിട്ടും.
ആങ്… അങ്ങനേം ഒരു കാലം.. അന്നക്കുട്ടി നെടുവീർപ്പിട്ടു.ഇന്നലെ ഒരുത്തി ഇവിടെ താറാവ് കറി വെച്ചിട്ടു മൂക്കുമറിഞ്ഞില്ല.. ഇന്ന് നാക്കുമൊട്ടറിഞ്ഞില്ല.. ഇനി നാളെ വയറ് അറിയുമോ ആവോ.
ഓരോന്നാലോചിച്ചിരുന്നപ്പോഴാ ഗേറ്റ് തുറക്കുന്ന സ്വരം.. മൂക്കേലെ കണ്ണാടി ഇറക്കി വെച്ച് അന്നക്കുട്ടി ഗേറ്റിലോട്ടു നോക്കി.. ഓ !ശൃങ്കാര കോത വരുന്നുണ്ട്.. ഇവള് എന്നതിനാ രാവിലെ തന്നെ കെട്ടി എഴുന്നെള്ളി ഇങ്ങോട്ടു ? അതും നല്ല ഒന്നാം തരം പുതുവര്ഷമായിട്ടു.. ഇക്കൊല്ലം ഇനിയെന്നായൊക്കെ പുകിലാണോ കർത്താവീശോയെ ..
അവളുടെ ഒരു കോന്തൻ മോൻ ദുബായ് പോയതിന്റെ അഹങ്കാരോം ഈയിടെ അവളുടെ മോന്തേല്ണ്ടു .
കേറി വന്നത് അയൽവാസി മറിയ . ഒരു ഹിന്ദുനേ കെട്ടി പോയവളാണ്. അവളോട് അന്നക്കുട്ടി മിണ്ടുന്നതു ചുരുക്കം. അന്നകുട്ടിയെ ഉമ്മറത്ത് കണ്ടതും അവള് ഒരു ചിരി .
“ എന്നാ അമ്മച്ചി കാല് നൊമ്പരത്തിനു കൊറവില്ലേ ?”
അവളുടെ കുശലം.. അന്നക്കുട്ടി പ്ലാവേൽ കിടക്കണ ,മുഴുത്ത ചക്കയുടെ വലിപ്പത്തില് മോന്ത കേറ്റി പിടിച്ചു.. അവലക്ഷണം കെട്ടോളു!
ഉത്തരം കിട്ടാഞ്ഞപ്പം അവളകത്തേക്കു പോയി..
അവളുടെ പോക്ക് നോക്കിയിരുന്ന അന്നക്കുട്ടി ദേഷ്യം കൊണ്ട് തൈല കുപ്പി അപ്പാടെ മുട്ടേല് കമത്തി .....മറിയയോടുള്ള ദേഷ്യം മുഴുവൻ മുട്ടുകാലിൽ തീർത്തപ്പം അന്നക്കുട്ടിക്ക് കൈ കഴച്ചു..
മറിയ യാത്ര പറഞ്ഞു പോവുമ്പം പിന്നേം ചിരിച്ചു. അത് കണ്ടപ്പം അന്നക്കുട്ടി തല വെട്ടിച്ചു നിർത്തിവെച്ച കാല് തിരുമ്മൽ വീണ്ടും തുടർന്നു..
“ എടീസൂസ്യേ ..””അന്നക്കുട്ടി നീട്ടി വിളിച്ചു. താറാവ് കറി വീണ്ടും തൊണ്ടേലോട്ടു തികട്ടി
“ആ പെമ്പറന്നോര് എന്നതിനാടീ ഒന്നാം തീയതി കുടുംബത്തി കേറി വന്നത്.. ഇനി എന്നായൊക്കെ നടക്കുമോ ? അവളുടെ കൂട്ട് വേണ്ടെന്നു നിന്നോട് എത്ര പ്രാവശ്യം പറഞ്ഞതാടി.. നല്ല ദിവസായിട്ട് എന്നെ കൊണ്ട് പറയിക്കണ്ട”
“ അമ്മച്ചിയെ വീട്ടിൽ കേറി വരുന്നവരോട് വേണ്ടാന്ന് എങ്ങിനെ പറയും ? അത് അയലോക്കം .. “ന്യായം പറഞ്ഞു സൂസി അകത്തോട്ടു കേറി..
“ അല്ലെങ്കിൽ തന്നെ വായുന്റെ അസുഖം കൊണ്ട് ഇരിക്കപ്പൊറുതില്ല. ഇനി ഈ കുരുത്തം കെട്ടവൾ കേറി വന്നത് കാരണം ഈ കൊല്ലം എന്നാ പുകിലാണോ കർത്താവെ..”
അന്നക്കുട്ടി നെഞ്ചത്തു കൈ വെച്ച് മോളിലോട്ടു നോക്കി..
അകത്തേക്ക് പോയ സൂസി ഒരു പൊതിയുമായി തിരിച്ചു വന്നു..
“ ഇതു നോക്കിയേ അമ്മച്ചി .മറിയ ചേച്ചി കൊണ്ടുവന്നതാണ്. അവരുടെ മകൻ ദുബൈയിന്നു ആദ്യത്തെ വരവല്ലേ .. അമ്മച്ചിക്കൊരു വെള്ള സാരി.. തയ്യൽക്കാരൻ കുട്ടപ്പന്റെ കൈയിൽ കൊടുത്തു മുറിച്ചരികു തയ്ച്ചൽ മൂന്ന് കവണിക്കു കിട്ടും”
കവണിന്നു കേട്ടതും അന്നക്കുട്ടി അത് തട്ടിപ്പറിച്ചു. ഇപ്പോൾ ഇതൊന്നും കിട്ടാനില്ല.. അല്ല ആരായിപ്പം കവണി ചുറ്റുന്നത്? എല്ലാം പരിഷ്കാരികളല്ലേ?
കൈ രണ്ടും ഉടുമുണ്ടെൽ തൊടച്ചു അന്നക്കുട്ടി പൊതി തുറന്നു .. ദുബൈക്കാരന്റെ സെന്റിന്റെ മണം മൂക്കേലോട്ടു..
“ കർത്താവെ എന്നാ ശേല് .. പിടിച്ചിട്ടു നല്ല സ്പോൺജില് പിടിക്കുന്ന പോലെ. ഒന്ന് തൊട്ടേ സൂസി.. ഓ അല്ലേൽ വേണ്ട, നിന്റെ കൈയേലേ അഴുക്കു അതിലാവണ്ടേ ..വെള്ളയാ”
അന്നക്കുട്ടി പൊതി അവള് തൊടാതിരിക്കാൻ മാറ്റി പിടിച്ചത് കണ്ടു സൂസി ചിരിച്ചു
“ അല്ലേലും.. മറിയ കുരുത്തം ഉള്ളോളാ. ഒരു വീട്ടിൽ ഒന്നാം തീതി വെറും കൈയ്യോടെ ചെല്ലാ പാടില്ലെന്ന് അവക്കറിയാം. എന്നാലും അവള് കേറി പോയപ്പോൾ കൈയ്ലൊന്നും ഞാൻ കണ്ടില്ലല്ലോ. അവളിത് കക്ഷത്തി ഇറുക്കി പിടിച്ചോ.. ആ അവളെ കുറ്റം പറയാൻ പറ്റൂല്ല. കണ്ണും കാതുമൊന്നും നേരെ ചൊവ്വേയല്ല“
ചിരി പൊട്ടി വന്നപ്പോൾ സൂസി വായ് പൊത്തി അകത്തേക്ക് കേറി
അന്നക്കുട്ടി കൈ തൊടച്ചു സാരി വീണ്ടും മൂക്കേലടുപ്പിച്ചു..
“ എന്നാ ദുബൈയ്ക്കാരുടെ സെന്റ് മണം.. ശൊ എന്നാലും നല്ല ദിവസായിട്ട് ഞാനവളോട് ഒന്നും മിണ്ടില്ലല്ലോ...”
“ എടീ സൂസി " അകത്തേക്ക് നോക്കി അന്നക്കുട്ടി നീട്ടി വിളിച്ചു.
" നീ ഇച്ചിരി താറാവ് കറീം അഞ്ചാറ് അപ്പോം ഇങ്ങു പൊതിഞ്ഞെടുത്തേ .. കൂട്ടത്തിൽ നിന്റെ വീട്ടിനു പെരുന്നാളിന് കൊണ്ട് വന്ന പലഹാരോം .. ഞാൻ മറിയേടെ ചെക്കന് കൊടുത്തിട്ടു വരാം . അങ്ങ് ദുബായില് ഇതു വല്ലോം കിട്ടോ ?പുതുവര്ഷമല്ലേ..ഇതൊക്കെയല്ലേ സന്തോഷം ? അടുത്ത കൊല്ലം ആരൊക്കെ ഉണ്ടോ എന്തോ.. ദൈവം തമ്പുരാന് മാത്രമറിയാം..”
അന്നക്കുട്ടി മുണ്ട് താഴ്ത്തി,കൈകുത്തി ഉമ്മറത്തൂന്നു എണ്ണീറ്റു - "കർത്താവീശോമിശിഹായേ, നല്ലൊരു വർഷായീട്ട് എല്ലാരേം കാത്തോണേ.ഈയുള്ളോളേം ." ** Sanee Marie John

പത്മിനി ഓപ്പോൾ ഒരു കണ്ണീരോർമ്മ

Image may contain: 1 person, sitting and indoor

ആരെങ്കിലും പുഴ അതിരിടുന്ന പാടം കണ്ടിട്ടുണ്ടോ?............... വരമ്പുകളിൽ നിന്നും പുഴയിലേക്ക് ചാഞ്ഞ് വളർന്ന്,ഇളനീർ കുലകൾ തിങ്ങുന്ന തെങ്ങും, തെങ്ങിൽ ധ്യാനത്തിലിരിക്കുന്ന പൊന്മാനും, താഴെ വെള്ളത്തിലിളകുന്ന പരൽമീൻ കൂട്ടവും, നിശബ്ദതക്ക് മേൽ കൂകി പറക്കുന്ന കുയിലും ,ഒറ്റക്കാലിൽ തപസ്സിരിക്കുന്ന കൊറ്റികളുമുള്ള പാടം......കാറ്റിൽ, ഞൊറിയിട്ട പച്ചപുടവ പോലെ അലകൾ ഇളക്കുന്ന പാടം...........ചിലപ്പോൾ നിറഞ്ഞ് നിൽക്കുന്ന സ്വർണ്ണ കതിർകുലയാൽ തല കുമ്പിട്ട് നാണം കുണുങ്ങിയും, ചിലപ്പോൾ കൊയ്ത്ത് കഴിഞ്ഞ് വരണ്ടു പിണങ്ങിയും..........പടർന്ന് കിടക്കുന്ന പാടം.
പുഴ തൊട്ടൊഴുകുന്ന മനോഹര ഗ്രാമമായ എന്റെ നാട്ടിൽ അങ്ങനെ ഒരു പാടമുണ്ടായിരുന്നു.എന്റെ ബാല്യ കൗമാരങ്ങൾ പിന്നിട്ടത് ആ പാടത്തിന്റെ അതിർവരമ്പുകളിലൂടെ ഓടിയും കിതച്ചുമൊക്കെ ആയിരുന്നു.
വേനലിൽ കൊയ്ത്ത് കഴിയുമ്പോൾ ഞങ്ങൾക്ക് കളിയിടങ്ങളൊരുക്കിയും ,വർഷത്തിൽ ഈ രിഴ തോർത്താൽ കോരിയെടുക്കാൻ കൈ വഴികളിൽ നിറയെ പരൽ മീനുകളെ നിറച്ചും, പുഴയിൽ കുളിച്ച് തിമിർക്കാൻ നടവരമ്പുകൾ തീർത്തും 'അവളങ്ങനെ ' നാട്ടുകാരായ ഞങ്ങളോരോരുത്തരുടേയും ജീവിതത്തിന്റെ ഭാഗമായി മാറി.
ആറ്, അതിരിട്ട് കണ്ണെത്താ ദൂരം പടർന്ന് നിൽക്കുന്ന ആ പാടത്തെ ഞങ്ങൾ നാട്ടുകാർ 'കണ്ണാറ്റിൻകര 'പാടമെന്ന് വിളിച്ചു.
ഈ കണ്ണാറ്റിൻകര പാടം മുഴുവൻ ഒരു കാലത്ത് 'കിഴക്കേകര 'തറവാട്ട് കാരുടെ വകയിരുന്നു.കുറെയൊക്കെ കൈമോശം വന്നു പോയെങ്കിലും, ഭൂരിഭാഗവും ഇപ്പോഴും അവരുടേത് തന്നെ.
നാലു കെട്ടും, നടുമുറ്റവും, വലിയ പത്തായപ്പുരയും, എരുത്തിലും, എരുത്തിലിൽ നിറയെ പശുക്കളുമൊക്കെയുള്ള ഒരു വലിയ വീടായിരുന്നു കിഴക്കേകര തറവാട് . ആ വീട് സ്ഥിതി ചെയ്തിരുന്നത് കണ്ണാറ്റിൻകര പാടത്തിന്റെ കിഴക്കേ ഓരം ചേർന്നായിരുന്നു.തറവാടിന്റെ ഇപ്പോഴത്തെ അവകാശി രാഘവേട്ടനാണ് .ആ വീട്ടിൽ അയാൾ ഭാര്യ പത്മിനിയോടും ,അമ്മ സരസ്വതിയോടുമൊപ്പം കഴിഞ്ഞ് വന്നു.
വിവാഹം കഴിഞ്ഞ് ഏറെക്കാലമായിട്ടും ഒരു കുഞ്ഞ് ജനിക്കാത്തത് രാഘവൻ പത്മിനി ദമ്പതികൾക്ക് ഒരു തീരാ ദുഖമായിരുന്നു. എങ്കിലും രാഘവന് പത്മിനിയെ തന്റെ ജീവനേക്കാൾ പ്രിയമായിരുന്നു.
കാഴ്ചയിൽ അതീവ സുന്ദരിയും ,കുലീന വ്യക്തിത്വത്തിനുടമയുമായ പത്മിനിയേച്ചിയെ ഞങ്ങൾ കുട്ടികൾ ഓപ്പോളേന്ന് വിളിച്ചു.പാടത്ത് കളിച്ച് തളരുമ്പോൾ ഞങ്ങൾ ഓപ്പോളുടെ അടുക്കൽ നിന്നും ഇഞ്ചിയും, ഉള്ളിയും, വേപ്പിലയും ചതച്ചിട്ട - ഉപ്പുചേർത്ത സംഭാരം, വാങ്ങി മതി വരുവോളം കുടിച്ചു .
കരയുള്ള വെളുത്തമുണ്ടും നേര്യതും, നേര്യതിന്റെ കരക്ക് ചേർന്ന ബ്ലൗസും ധരിച്ച പത്മിനി ഓപ്പോളുടെ കണ്ണുകളിൽ എപ്പോഴും ഒരു വിഷാദ ഭാവം തളം കെട്ടി നിന്നിരുന്നു. വലിയ നെറ്റിയിൽ പതിവ് ചന്ദന കുറിക്ക് മേലെ നീളത്തിൽ ഒരു സിന്ദൂരപ്പൊട്ടും, ഇരു വശത്തേക്ക് വകഞ്ഞ് ചീകിയ നീളൻ മുടിയും, ആ മുടിയിൽ സദാ തങ്ങി നിൽക്കുന്ന തുളസിക്കതിരും ,ആ വിഷാദ ഭാവത്തിന് ഒരു പ്രത്യേക ചന്തം പകർന്നു.
ഓപ്പോൾക്ക് എന്നോട്, മറ്റ് കുട്ടികളോടുള്ള തിനേക്കാൾ അല്പം ഇഷ്ടക്കൂടുതലുണ്ടായിരുന്നു.അമ്മയോടുള്ള അടുപ്പം കൊണ്ടാണോ എന്നറിയില്ല ,അവർ സരസ്വതിഅമ്മ കാണാതെ , നെയ്യപ്പവും ,അവലോസുണ്ടയും നേര്യതിന്റെ കോന്തലിൽ മറച്ച് ,എനിക്ക് കൊണ്ട് വന്ന് തരാറുണ്ടായിരുന്നു. ഞാനത് കഴിച്ച് തീരും വരെ കാത്ത് നിൽക്കുകയും, "ഉണ്ണീട്ടന്റ ഉണ്ണി വയർ നിറഞ്ഞോ "എന്ന് എന്റെ നിറുകിൽ തലോടി കളിയായി ചോദിക്കുകയും ചെയ്തിരുന്നു.
സന്ധ്യക്ക് തറവാട്ടിലെ മൂർത്തികൾക്ക് വിളക്ക് വെക്കാൻ സർപ്പകാവിൽ പോകാനും ,ദേവന് മാല ചാർത്താൻ കൂവള പൂ പറിക്കാനും ഞാനും ഓപ്പോളോടൊപ്പം നടന്നു.
തെളിഞ്ഞും ,കറുത്തും കാലം അങ്ങനെ മുന്നോട്ട് നീങ്ങവെ കിഴക്കേകര തറവാട്ടിൽ ചില അനർത്ഥങ്ങൾ നടന്നു .ഒരിക്കൽ വിളഞ്ഞ് കിടന്ന പാടത്ത് തീ പടർന്ന് കുറെ വിളവ് നശിച്ചു. പിന്നൊരിക്കൽ എരുത്തിലിലെ രണ്ട് ,മൂന്ന് പശുക്കൾ ചത്ത് വീണു.
നടക്കുന്നതെല്ലാം അപശകുനങ്ങളാണെന്നും അതിന് പരിഹാരം കാണാൻ പൂജാവിധികൾ ആവശ്യമാണെന്നുമുള്ള സരസു അമ്മയുടെ നിർബന്ധപ്രകാരം , രാഘവേട്ടൻ ,കാര്യസ്ഥൻ രാമൻ നായരെ കൊണ്ട് അയാളുടെ പരിചയത്തിലുള്ള ഒരു ജോത്സ്യനെ വരുത്തിച്ച് പ്രശ്നം വപ്പിച്ചു.
പ്രശ്നവശാൽ രാഘവേട്ടന് കുട്ടികളില്ലാത്തതും, തറവാട്ടിൽ അനർത്ഥങ്ങൾ നടക്കുന്നതും പത്മിനി ഓപ്പോളിന്റെ ജാതക ദോഷം കൊണ്ടാണെന്ന് ജോത്സ്യൻ പ്രവചിച്ചു. പരിഹാരമായി മറ്റൊരു വിവാഹം കഴിച്ച് തറവാട് "കുറ്റി അറ്റ് പോകാതെ '' കാക്കണമെന്നും അയാൾ കൂട്ടിച്ചേർത്തു.
ഈ സംഭവത്തോട് കൂടി പത്മിനി കടുത്ത വിഷാദത്തിലായി.എന്നാൽ തന്റെ ജീവന്റെ ജീവനായ ഭാര്യയെ വേദനിപ്പിക്കാനോ അവളെ പിരിയാനോ രാഘവൻ ഒരിക്കലും തയ്യാറായിരുന്നില്ല.എങ്കിലും സരസ്വതി അമ്മ മകനെ മറ്റൊരു വിവാഹം കഴിക്കാൻ നിർബന്ധിച്ച് കൊണ്ടേ ഇരുന്നു.
ഒരിക്കൽ സരസ്വതി അമ്മയുടെ 'കുത്ത് വാക്ക് 'സഹിക്കവയ്യാതായപ്പോൾ ,ഓപ്പോൾ എന്റെ അമ്മയോട് ,അവർ രാഘവേട്ടനെ ഉപേക്ഷിച്ച് സ്വന്തം വീട്ടിലേക്ക് മടങ്ങി പോകാൻ ഒരുങ്ങിയ കഥ പറഞ്ഞു. "നീ പോയാൽ ഞാനീ വീട്ടിൽ ജലപാനമില്ലാതെ, മരണം വരെ കിടക്കും "എന്ന രാഘവേട്ടന്റെ ഭീഷണിക്ക് മുൻപിൽ ,അവസാനം ഓപ്പോൾക്ക് തോറ്റ് പിൻവാങ്ങേണ്ടതായ് - വന്ന കാര്യം പറഞ്ഞത് കേട്ട് ,അമ്മയെ പോലെ എന്റെയും കണ്ണുകൾ ഈറനണിഞ്ഞു.
ആയിടക്ക് ഒരു രാത്രി പത്മിനി ഒരു സ്വപ്നം കണ്ടു. സ്വപ്നത്തിൽ മിടുക്കനായ ഒരാൺകുട്ടി തറവാട്ട് മുറ്റത്ത് നിന്നും "അച്ഛാ " എന്ന് വിളിച്ച് കൊണ്ട് രാഘവേട്ടന്റെ അടുക്കലേക്ക് ഓടി വരുന്നു.പക്ഷെ മുന്നോട്ട് വീഴാൻ പോയ ആ പൈതലിനെ വാരിയെടുത്ത അവന്റെ അമ്മക്ക് സ്വപ്നത്തിൽ തന്റെ മുഖമേ ആയിരുന്നില്ലെന്ന് പത്മിനി തിരിച്ചറിഞ്ഞു.
പിറ്റേന്ന് പതിവിലും നേരത്തെ ഉണർന്ന പത്മിനി ഈ കാര്യങ്ങളെല്ലാം ഒരു ഡയറിയിലെഴുതി ,രാഘവേട്ടൻ മറ്റൊരു വിവാഹം കഴിക്കണമെന്ന് കൂടി കൂട്ടി ചേർത്ത്, അയാളെ ഉണർത്താതെ, ആ കാൽ തൊട്ട് വന്ദിച്ച് വീട്ടിൽ നിന്നും പുറത്തിറങ്ങി.
അരണ്ട വെളിച്ചത്തിൽ പുലർ മഞ്ഞ് പൊതിഞ്ഞ പാടവരമ്പത്ത് കൂടി നടന്ന അവൾ കൈതമുള്ളുകൾക്കിടയിലൂടെ പുഴയിലെ 'ആനക്കയത്തിന്റെ ' അടിത്തട്ടിലേക്ക് ഊർന്ന് ഇറങ്ങി.
പത്മിനിയെ കാണാതെ പരിഭ്രാന്തനായ രാഘവൻ അവളെ തിരക്കി ആ നാടൊട്ടുക്കും അലഞ്ഞു. എന്നാൽ എല്ലാവരുടെയും പ്രാർത്ഥനകൾക്ക് മീതെ, മൂന്നാം നാൾ, മരിച്ച് മരവിച്ച എന്റെ ഓപ്പോളുടെ ശരീരം,കയത്തിൽ നിന്നും കുറച്ചകലെ മാറി പൂവാകകൾ നിറഞ്ഞ ഭാഗത്ത് പൊന്തി വന്നു.
നിറകണ്ണുകൾക്കിടയിലൂടെ ഞാൻ ഓപ്പോളെ ഒന്നേ നോക്കിയുള്ളൂ ,വള്ളിപടർപ്പുകളിൽ തങ്ങി നിന്ന ഓപ്പോളുടെ ശരീരത്തിലും ,നീണ്ട മുടിയിഴകളിലും , നിറയെ ഇളം ചുവപ്പ് നിറത്തിലുള്ള വാകപ്പൂക്കൾ പറ്റിപിടിച്ചിരുന്നു.
ഓപ്പോളുടെ മരണം കിഴക്കെകര തറവാടിനെ പോലെ നാട്ടുകാരെയും ബാധിച്ചു .പിന്നീടാരും ഭയന്നിട്ട് ആ കയത്തിന്റെ അടുക്കലേക്ക് പോയില്ല.
പത്മിനി മരിച്ച വിഷമത്തിൽ ഭ്രാന്തനെ പോലെ ആയിതീർന്ന രാഘവൻ മുറിക്ക് പുറത്തിറങ്ങാതെ കഴിച്ച് കൂട്ടി. മകനെ പുതു ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാൻ ശ്രമിച്ച് ,പരാജയപ്പെട്ട
അമ്മ സരസ്വതി ,തന്റെ മകന്റെ ദുരവസ്ഥയിൽ മനം നൊന്ത്, അസുഖ ബാധിതയായി ഏറെ താമസിയാതെ മരണപ്പെട്ടു.
പാടത്തിന് തീപിടിച്ചതും ,പശുക്കൾ ചത്തതും, ജ്യോത്സ്യനെ വരുത്തിയതും സരസ്വതി അമ്മയും, കാര്യസ്ഥൻ രാമൻ നായരും ചേർന്ന് പത്മിനിയെ ഒഴിവാക്കാൻ ഗൂഢാലോചന നടത്തിയതിന്റെ ഫലമായിരുന്നു.
ആ 'പാപഭാരം 'സഹിക്കവയ്യാതായപ്പോൾ രാമൻ നായർ കാശിക്ക് പോയി . പിന്നീടയാൾ ഒരിക്കലും നാട്ടിലേക്ക് തിരിച്ചു വന്നില്ല.
തന്റെ സ്വത്തുവകകളുടെ അവകാശം സഹോദരി പുത്രന്റെ പേർക്കെഴുതിയ രാഘവേട്ടൻ, കണ്ണാറ്റിൻ കര പാടത്ത് വിളയുന്ന നെല്ല് എല്ലാ കൊല്ലവും അനാഥാലയത്തിലെ കുഞ്ഞുങ്ങൾക്ക് നൽകണമെന്ന്കൂടി ഭാഗ പത്രത്തിൽ കൂട്ടി ചേർത്ത് .വിഷം കഴിച്ച് ഒറ്റപ്പെടലിന്റെ ലോകത്ത് നിന്നും എന്നെന്നേക്കുമായി മുക്തി നേടി.
കാലമേറെ കഴിഞ്ഞിട്ടും നാട്ടുകാരെല്ലാവരും ഓപ്പോള് മരിച്ച ആനക്കയത്തിനരികെ പോകാൻ ഭയന്നപ്പോൾ, ഞാൻ പലപ്പോഴും ആരും കാണാതെ ആ പൂവാക ചോട്ടിലെത്തി 'ഉണ്ണീ ട്ടാ 'എന്ന എന്റെ ഓപ്പോളിന്റെ വിളിക്കായി വെറുതെ കാതോർക്കാറുണ്ടായിരുന്നു.............

By Arun V Sajeev

നഷ്ടബാല്യം



അടുക്കളയിലെ പണികളൊക്കെ ഒതുക്കി തീർത്തു ഓടി വന്നു ക്ലോക്കിൽ നോക്കിയപ്പോ മണി 8 കഴിഞ്ഞു. " എന്റീശ്വരാ, ഇന്നു എഡിറ്ററുടെ വായിലിരിക്കുന്ന മുഴുവൻ കേട്ടത് തന്നെ". ഓടിപ്പോയി കുളിമുറിയിൽ കയറി കുളിച്ചെന്നു വരുത്തി, ഒരുങ്ങി ഇറങ്ങുമ്പോൾ 8.20 ആയി. എത്ര ഓടിയാലും ഇന്ന് 'ഗീത' കിട്ടുമെന്ന് തോന്നുന്നില്ല.എന്നാലും ഒന്നു ശ്രമിച്ചേക്കാം.
ബാഗുമെടുത്തു ഇറങ്ങാൻ തുടങ്ങുമ്പോ അച്ചു എണീറ്റു ചിണുങ്ങിക്കൊണ്ട് വരുന്നു. അവനെ വാരിയെടുത്തു രണ്ടുമ്മ കൊടുത്തു, ഒരു വാഗ്ദാനവും നടത്തി." മോനു വൈകിട്ട് ഡയറി മിൽക്ക് കൊണ്ടുത്തരാലോ, പക്ഷെ കരയാതെ അമ്മമ്മയുടെ പൊന്നുമോനായി ഇവിടെ ഇരിക്കണം കേട്ടോ ". ഡയറി മിൽക്ക് എന്ന് കേട്ടപ്പോ തന്നെ അവന്റെ കരച്ചിലു നിന്നു. അമ്മയുടെ കയ്യിൽ അവനെ കൊടുത്ത് ഒരോട്ടമായിരുന്നു. ഇന്നും 'ഗീത' കിട്ടില്ലേൽ ഇന്നത്തെ ശമ്പളം കട്ട് ചെയ്യുമെന്നോർത്തപ്പോൾ പി ടി ഉഷയെ തോല്പിക്കുന്ന ഓട്ടമായിരുന്നു.
എന്റെ തലവെട്ടം കണ്ടതുകൊണ്ട് മണിച്ചേട്ടൻ(കിളി) ബസ് വിടാനുള്ള ബെല്ലടിച്ചില്ല. പുറകിലൂടെ ചാടി കേറുമ്പോളും എന്നുമുള്ള പുഞ്ചിരി കൊടുക്കാൻ ഞാൻ മറന്നില്ല." എന്റെ ലക്ഷ്മീ, നിന്റെ ഈ ഓട്ടം നിർത്താറായില്ലേ.ഒരല്പം നേരത്തെ ഇറങ്ങിക്കൂടെ ?".മണി ചേട്ടന്റെ ചോദ്യം എന്നെ ചൊടിപ്പിച്ചെങ്കിലും മറുപടി പുഞ്ചിരിയിൽ ഒതുക്കി. പറയാനറിയാഞ്ഞിട്ടല്ല. മുഷിപ്പിച്ചാൽ ഇതു പോലെ നിർത്തി തന്നൂന്ന് വരില്ല.സ്കൂൾ കുട്ടികളുടെ തിരക്കായിരുന്നു. സീറ്റു കിട്ടിലാന്ന് കരുതി മുന്പിലേക്ക് നടന്നപ്പോൾ ലേഡീസ് സീറ്റിൽ രണ്ടു കോളേജ് കുമാരന്മാർ ഞെളിഞ്ഞിരിക്കുന്നു. എന്നിലെ ഫെമിനിസ്റ്റ് ഉണർന്നു, അവരെ എണീപ്പിച്ചു അവിടെ ഇരുന്നപ്പോൾ എന്തോ മനസിന് വല്ലാത്ത സുഖം. അല്ല എന്ന് വ്യാഴാഴ്ച്ച അല്ലെ, നാളത്തേക്ക് ഒരു ഫീച്ചർ ചെയ്യണമെന്നു പറഞ്ഞതല്ലേ? ഇതു വരെ ഒരു തീം കിട്ടിയിലാ. എന്തെഴുതും എന്നോർത്തുകൊണ്ട് ഞാൻ അലസമായി പുറത്തേയ്ക്ക് നോക്കി. ഒരു അഞ്ചു വയസു പ്രായം തോന്നിക്കുന്ന ഒരു കുഞ്ഞു അവനെക്കാൾ വലിപ്പമുള്ള ബാഗും ചുമലിലിട്ടു ബസ് കാത്തു നിൽക്കുന്നു.അവന്റെ ഗെറ്റപ്പ് കണ്ടാലറിയാം ഏതോ cbsc സ്കൂളിലാണ് പഠിക്കുന്നതെന്നു.
കാഴ്ച്ചയിൽ നിന്ന് അവൻ മറഞ്ഞിടട്ടും അവന്റെ ദൈന്യ ഭാവം എന്റെ മനസ്സിൽ തങ്ങി നിന്നു. പെട്ടെന്ന് എനിക്കൊരു ബോധോദയം ഉണ്ടായി. 'നഷ്ടബാല്യം', ഇത് വച്ച് ഫീച്ചർ എഴുതാം. നല്ല കാലിക പ്രസക്തി ഉള്ള വിഷയവുമാണ്. ഞാനിതു വച്ച് തകർക്കും. യുറേക്കാ എന്ന് പറഞ്ഞു വിളിച്ചു കൂവണം എന്നുണ്ടായിരുന്നു. പിന്നെ ബസാണെന്ന ബോധം വന്നപ്പോ അതടക്കി വച്ചു. വെറുതെ എന്തിനാ 'വട്ടത്തി' എന്ന വട്ടപ്പേരു ചാർത്തി കിട്ടുന്നത്.
ഞാൻ സീറ്റിൽ ഞെളിഞ്ഞിരുന്ന് ആലോചിച്ചു. ആദ്യം എന്റെ ബാല്യകാലത്തെ കുറിച്ചെഴുതാം.ബാല്യം എന്ന വാക്കോർത്തപ്പോഴേ മനസ്സിൽ മധുര സ്മരണകളുടെ വേലിയേറ്റം ആയിരുന്നു. ഞാനൊക്കെ കുഞ്ഞു നാളിൽ എത്ര തിമിർത്താഘോഷിച്ചിട്ടുണ്ട് . എന്തൊക്കെ കളികളായിരുന്നു. 'അമ്മയും കുട്ടിയും,ഒളിച്ചും പൊത്തും, കുളം കര, കുട്ടിം കോലും '.......ഹോ സ്കൂൾ ബാഗിനെ ഇത്രയധികം ഭാരമില്ലായിരുന്നു. ഓർമ്മകൾ ആർത്തിരമ്പി വന്നപ്പോ അറിയാതെ ഞാൻ എന്റെ സ്കൂൾ മുറ്റത്തേക്ക് പോയി .
"പൂ പറിക്കാൻ പോരുമോ പോരുമോ ആതിരാവിലെ...
ആരെ നിങ്ങാൾക്കാവശ്യം ആവശ്യം ആതിരാവിലെ....
ലച്ചൂനെ ഞങ്ങൾക്കാവശ്യം ആവശ്യം ആതിരാവിലെ ...
ആന ചങ്ങല ഇട്ടു വലിച്ചാലും ഞങ്ങടെ പെണ്ണിനെ കിട്ടൂലാ ...
കുതിര ചങ്ങല ഇട്ടു വച്ചാലും ഞങ്ങടെ പെണ്ണിനെ കിട്ടൂലാ ...
എന്നാലൊന്നു കാണട്ടെ ...
അതും പാടി രണ്ടു ഭാഗത്തുനിന്നും എന്റെ കൈയ്കളിൽ പിടിച്ചു വലിക്കാൻ തുടങ്ങി.നേരത്തെ വരച്ച വര കടന്നാൽ എതിർഭാഗത്തിനൊപ്പം ചേരണം ഇല്ലേൽ എന്റെ കൂട്ടുകാരുടെ കൂടെ എനിക്ക് തുടരാം .എന്തു രസമായിരുന്നു ആ കളികൾ.കുഞ്ഞായിരിക്കുമ്പോൾ വലുതാകാനും വലുതാകുമ്പോൾ കുഞ്ഞായിരിക്കാനും തോന്നും എന്നു പറഞ്ഞത് വെറുതെ അല്ലെന്ന് എനിക്ക് മനസിലായി.
ഇപ്പോഴത്തെ കുട്ടികളെ ഓർത്തു ഞാൻ നെടുവീർപ്പിട്ടു. അവർക്കില്ലല്ലോ ഓർക്കാൻ ഇതുപോലൊരു ബാല്യം, രാവിലെ എണീറ്റ് ട്യൂഷനു പോകണം. അത് കഴിഞ്ഞു സ്കൂളിലേക്ക് ,വൈകിട്ട് വന്നാൽ വീണ്ടും ട്യൂഷൻ.ഇവർക്കെവിടാ കളിക്കാൻ സമയം. ഇവരു കുട്ടികളോ അതോ റോബോട്ടോ. എങ്ങനെ മക്കളെ വളർത്തുന്ന രക്ഷിതാക്കളെ പറഞ്ഞാ മതിയല്ലോ എന്ന് ഞാൻ ഓർത്തു. 2 വയസു കഴിയുമ്പോഴേ തുടങ്ങും പ്ലേയ് സ്കൂൾ , എൽകെജി , യുകെജി,ട്യൂഷൻ. പാവം കുട്ടികൾ. ഇതൊക്കെ വച്ചൊന്നു എഴുതി തകർക്കണം .
ഫോണിന്റെ റിങ് ടോൺ എന്നെ ചിന്തകളിൽ നിന്നും വർത്തമാനകാലത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നു.നന്ദേട്ടൻ ആണല്ലോ.ഫോണെടുത്തു.
"എന്താ നന്ദേട്ടാ ഈ സമയത്ത്, ഇന്നു ഓഫാണോ ?"
"അതെ ലച്ചു, ഓഫാണ് . അപ്പൊ നിന്നെ വിളിക്കാന്ന് വച്ചു. ഓഫിസിലെത്താറായോ ?"
"ഇല്ല എത്താറാകുന്നെ ഉള്ളൂ !"
"അച്ചൂന് നാളേക്ക് മൂന്നു വയസ്സു പൂർത്തിയാകുവല്ലേ? പിറന്നാൾ പരിപാടി വല്ലതും ഉണ്ടോ?"
"അയ്യോ ഏട്ടാ ഞാനതു മറന്നിരിക്കുയായിരുന്നല്ലോ, ഓഫിസിലാകെ പ്രെഷറാണ്. ഏട്ടനില്ലലോ അതോണ്ട് കാര്യമായാ ആഘോഷം ഒന്നും ഇല്ല. അവനു കേക്ക് വാങ്ങിക്കണം. പിന്നെ ഡ്രെസ്സും."
"ഞാനില്ലാന്ന് വച്ച് കുറയ്‌ക്കൊന്നും വേണ്ടാ. നിന്റെ ഇഷ്ടം പോലെ ചെയതോളു. അവനെ എന്നാ അംഗൻവാടി ചേർക്കുന്നെ ?"
ഞാനൊന്നു ഞെട്ടി .
"നന്ദേട്ടനെന്താ ഈ പറയുന്നേ.നല്ല ഏതെങ്കിലും cbsc സ്കൂളിൽ എൽകെജി ലോ പ്ലേ സ്കൂളിലോ ചേർക്കാം. നമ്മുടെ സ്റ്റാറ്റസ് നോക്കണ്ടേ, ഒപ്പം അച്ചൂന്റെ ഭാവിയും. അവൻ വലുതാകുമ്പോ നമ്മളെ കുറ്റം പറയരുതല്ലോ?".
എന്റെ മറുപടി കേട്ടിട്ടാണെന്ന് തോന്നുന്നു. നന്ദേട്ടൻ അൽപനേരം ഒന്നും മിണ്ടീല.പിന്നീട് പറഞ്ഞു. "എനിക്ക് എന്റെ മകനെ റോബോട്ട് ആകണ്ടാ. നല്ല ഒരു മനുഷ്യനാക്കിയാമതി. നീ എൻ്റെ ലച്ചു തന്നാണോ. ജേർണലിസം പഠിക്കുന്നകാലത്തു നീ ഒരുപാട് പ്രസംഗിച്ചോണ്ട് നടന്നതല്ലേ, അതൊക്കെ നീ മറന്നോ. സ്വന്തം മകന്റെ കാര്യം വന്നപ്പോ ഏതൊരു സാധാരണ അമ്മയെ പോലെ നീയും സ്വാർത്ഥയായി. നിന്റെ എത്തിക്സ് ഒക്കെ മരിച്ചു മണ്ണോടുചേർന്നോ?" ഞാൻ കണ്ടതും സ്നേഹിച്ചതുമായ എന്റെ ലച്ചു എവിടെ? നീ തന്നെ ഒന്നിരുത്തി ചിന്തിക്കൂ. നമ്മുടെ മകനു നമ്മൾക്ക് ലഭിച്ച പോലൊരു ബാല്യം വേണം. അല്ലാതെ അറവുമാടിനെ പോലെ അവനെ ഇട്ടുകൊടുക്കാൻ ഞാൻ സമ്മതിക്കില്ലാ."
അതും പറഞ്ഞു ഫോൺ കട്ട് ചെയ്തു.ഞാനാകെ അടികിട്ടിയപോലയായി. അപ്പോഴാ സ്റ്റോപ്പ് എത്തിത് കണ്ടത്, ചാടി എഴുന്നേറ്റു . എടുത്തു പിടിച്ച പൈസ കണ്ടക്‌ടർക്ക് കൊടുത്തു ഞാൻ ഇറങ്ങി.നന്ദേട്ടന്റെ വാക്കുകൾ മനസ്സിൽ ഒരു കൊടുങ്കാറ്റാണ് ഉണ്ടാക്കിയത്. ഞാൻ ഞാനല്ലാതായതെങ്ങനെ? നഷ്ടബാല്യത്തിനെ കുറിച്ചു ഫീച്ചർ എഴുതുന്ന ഞാൻ മകന്റെ ബാല്യം ഇല്ലാതാക്കാൻ നോക്കുന്നു . എന്നോട് തന്നെ എനിക്ക് പുച്ഛം തോന്നി. ഇല്ല ഞാനെന്റെ മകന്റെ ബാല്യം നശിപ്പിക്കില്ല. എല്ലാവർക്കും മാതൃകയായ അമ്മയായ്, നന്ദേട്ടന്റെ പഴയ ലച്ചു ആയി എനിക്ക് മാറണം. മണ്ണോടു ചേർന്ന എന്റെ എത്തിക്സ് തഴച്ചു പൊങ്ങണം. ഞാൻ ഫോണെടുത്തു നന്ദേട്ടനു വാട്സപ്പ് ചെയ്തു. ..നന്ദേട്ടന്റെ ലച്ചു പുനർജനിച്ചു. നമ്മുടെ മകന്റെ ബാല്യം ഞാനൊരിക്കലും ഇല്ലാതാക്കില്ല.
മെസ്സേജ് അയച്ചു ഓഫിസിലേക്ക് നടന്നപ്പോ എന്തോ കൈമോശം വന്നത് തിരിച്ചു കിട്ടിയതുപോലെ. അത് വരെ ഇല്ലാത്ത ഒരാത്മവിശ്വാസത്തോടെ ഞാൻ ഓഫിസിന്റെ പടികൾ കയറി. ....

By: 

മഴനീലി

Image may contain: 2 people, people smiling, outdoor

മരണമെത്തുന്ന നേരത്ത് നീയെന്റെയരികിൽ ഇത്തിരി നേരമിരിക്കണേ.. "
നീലി നീയാ നശിച്ച പാട്ടൊന്ന് നിർത്തുമോ?? എപ്പോ നോക്കിയാലും മരണം മരണം മരണം!!! വേറൊന്നിനെ കുറിച്ചും നിനക്ക് പറയാനില്ലേ? റെയ്ൻ ലാപ്ടോപ്പിൽ നിന്ന് തലയെടുത്തവളെ നോക്കി. അവൾ ജനലഴികളിൽ പിടിച്ച് പുറത്തേക്ക് നോക്കി ചിരിച്ച് നിൽക്കുന്നു.
റെയ്ൻ, കം ഹിയർ. ദാ അവിടെയൊരു നാരകത്തൈ പൂവിടുന്നു. അടുത്തുള്ള ആരുടെയോ പ്രേമമാണ് നാരകത്തിൽ പൂവായി വിരിയുന്നതെന്ന് മുത്തശ്ശി പറഞ്ഞിട്ടുണ്ട്. ആണോ റെയ്ൻ??
ആണെന്ന് തോന്നുന്നു പെണ്ണെ, അവളുടെ തോളിൽ താടിവെച്ച് റെയ്ൻ പറഞ്ഞു.
ആരുടെ പ്രേമമായിരിക്കും റെയ്ൻ ഇപ്പോൾ വിരിയുന്നത്??
നമ്മുടെയാവും, നമ്മളല്ലാതെയാരാ ഇവിടിപ്പോ പ്രേമിക്കാനുള്ളത് നീലിപ്പെണ്ണേ!!
വൈ ഡു യു ലവ് മി?? വാട്ട് മേഡ് യു ലവ് മി, റെയ്ൻ??
നിന്റെ പേര്!! ആദ്യം കേട്ടപ്പോൾ കൗതുകം, പിന്നെ ഓർത്തപ്പോൾ വിസ്മയം, പിന്നെയുമറിഞ്ഞപ്പോൾ അത്ഭുതം.. അതായിരുന്നു നിന്റെ പേര്..
നീലി, ആ പേരിൽ പോയ കാലത്തിന്റെ വസന്തമുണ്ടായിരുന്നു, ചേറിന്റെ വാസനയുണ്ടായിരുന്നു. കൂടുതൽ അറിയണം എന്ന് മനസ് പറഞ്ഞു, നീലി എന്ന പേരിനെ റെയ്ൻ എന്ന നസ്രാണി പയ്യൻ പിന്തുടർന്നു.
ഒടുവിൽ ആ ഇടനാഴിയുടെ കൈവരികൾ അവസാനിക്കുന്നിടത്ത് നീ തിരിഞ്ഞു നിന്ന് കൈനീട്ടി, ഞാൻ നീലി എന്ന് പറഞ്ഞപ്പോൾ നിന്റെ കൺപീലികൾ ഇത് പോലെ വിറക്കുന്നുണ്ടായിരുന്നു.
സംഗീതത്തെ പ്രണയിച്ച നീലി റെയ്ൻ എന്ന എന്ന പ്രണയിക്കാൻ തുടങ്ങുകയായിരുന്നു.
ആ പാട്ടൊന്ന് പാടിക്കെ മോളെ, കേൾക്കട്ടെ,
നീലിയാ നാരകത്തെ നോക്കി " പവിഴം പോൽ പവിഴാധരം പോൽ ".... മൂളിത്തുടങ്ങി.
ഹഹഹ നീലിപ്പെണ്ണേ എനിക്കറിയാമായിരുന്നു നീയിത് തന്നെ മൂളുമെന്ന്, ആരോ നിനക്കീ പാട്ടിൽ കൈവിഷം തന്നെന്ന് തോന്നുന്നു..
അല്ല റെയ്ൻ നിനക്കീ പാട്ട് ഒരുപാടിഷ്ടമല്ലേ സോളമനെയും സോഫിയയെയും നിനക്കൊരുപാടിഷ്ടമല്ലേ, അവരുടെ പ്രണയ കാലത്തും ആ മുന്തിരിത്തോപ്പിൽ ഒരു നാരകം പൂത്തുകാണും അല്ലെ??
പുറത്ത് മഴ ചാറുന്നുണ്ട് റെയ്ൻ, നമുക്ക് ആ മഴയിൽ ഇറങ്ങി പെയ്താലോ? മുറിയിലാകെ പുതുമണ്ണിന്റെ മണം വന്ന് കയറി. എന്ത് രസമല്ലേ റെയ്ൻ ഈ മണം. ഭൂമി പൂക്കുന്ന മണമാണോ ഇത്??
എന്റെ പെണ്ണെ നിന്റെ സംശയങ്ങളും കൗതുകങ്ങളും എന്നവസാനിക്കും..
" മരണമെത്തുന്ന നേരത്ത് നീയെന്റെയരികിൽ ഇത്തിരി നേരമിരിക്കണേ.. " മറുപടിയെന്നോണം അവൾ മൂളി.
നീലി മരണത്തെ നീയെന്തിനിത്ര ഇഷ്ടപ്പെടുന്നു?? നിന്നിലുള്ള ചേറ് മണത്തിന് ഇടക്കൊക്കെ മരണത്തിന്റെ മണവുമുണ്ട്!!
വാ റെയ്ൻ നമുക്ക് മഴ നനയാം, പുതുവെള്ളത്തിൽ ചെരിപ്പിടാതെയോടാം, കം മൈ ലവ്..
ഈ പെണ്ണിന്റെയൊരു കാര്യം, എന്നാ വാ
തുറന്ന് കിടന്ന മുൻവാതിലിലൂടെ കാറ്റ് കയറി വരുന്നുണ്ട്, നേർത്ത വെള്ള കർട്ടനുകളെ തഴുകി അത് അടുക്കള വാതിലിലൂടെ പുറത്തേക്ക് പോയി..
വരാന്തയുടെ അരികിൽ നിന്ന് റെയ്ൻ കൈനീട്ടി ഓടിൽ നിന്ന് ഒലിച്ചിറങ്ങുന്ന വെള്ളത്തിൽ തൊട്ടു, നീലി നല്ല തണുപ്പാണ് വെള്ളത്തിന് പനി ഉറപ്പാണ്.
സാരമില്ല റെയ്ൻ, പനി വന്നാൽ നാളെ നീ ഓഫീസിൽ പോകാതെ ഇവിടിരിക്കുമല്ലോ, നിന്റെ പനിമണത്തിന് പോലും വല്ലാത്തൊരു സുഗന്ധമാണ്.
നീലി മുറ്റത്തേക്കോടി, നീലി.. പതുക്കെ പോ വീഴും, ഞാനും വരാം നിൽക്ക്, റെയ്ൻ ഇറങ്ങി നീലിയുടെ പിന്നാലെ. അവളാ തെക്കേത്തൊടിയിലെ മൂവാണ്ടൻ മാവിന് പിന്നിലൊളിച്ചു. പുറകെ റെയ്ൻ അവിടെ ചെന്നു.
അവിടെയാണ് സ്വപ്‌നങ്ങൾ താമസിക്കുന്നത്, അപ്പുറത്ത് നിന്ന് ശങ്കരി, തേൻവരിക്ക പ്ലാവാണ്, കുഞ്ഞിലേ ഞാനിട്ട പേരാണ് ശങ്കരി, അവളും നോക്കി ചിരിക്കുന്നുണ്ട്. മഴയിൽ കളിക്കുന്ന രണ്ടു പേരെ നീയിത് വരെ കണ്ടിട്ടില്ലെയെൻറെ ശങ്കരി.
തൊഴുത്തിൽ കുഞ്ഞി അമ്മയുടെ അരികിലേക്ക് ചേർന്ന് നിന്നു .. എന്താ കുഞ്ഞി നിനക്ക് മഴ പേടിയാണോ?? നീയും വാ മഴ നനയാൻ.. അവൾ ചെവിയാട്ടി അമ്മയുടെ അകിടിലേക്ക് തിരിഞ്ഞു.
വെള്ള ചാമ്പ നിറയെയുണ്ടായിരുന്ന പൂവുകൾ
കൊഴിഞ്ഞു പോയി എന്ന് നീലി പരിഭവം പറഞ്ഞു, എന്നിട്ടവൾ കൈനീട്ടി വട്ടം കറങ്ങി.
നീലി നിനക്ക് തലകറങ്ങും, താഴെ വീണാൽ
ഞാൻ തിരിഞ്ഞു നോക്കില്ല കേട്ടോ.
ആ പിന്നേ ഞാൻ വീണാൽ റെയ്ൻ അല്ലാതെയാരാ എടുക്കാൻ വരുന്നത്. ഇടിവാളിന്റെ ശബ്ദത്തിൽ അവളുടെ ചിരി മുങ്ങിപ്പോയിരുന്നു.
മോനെ റെയ്ൻ നീയെന്താ ഒറ്റയ്ക്ക് മഴ കൊള്ളുന്നത്? പനി പിടിച്ച് കിടക്കുന്ന ചെറുക്കന് പ്രാന്താണോ ഈ മഴയത്ത് ഇറങ്ങി നിൽക്കാൻ. പെട്ടന്നായിരുന്നു അമ്മയുടെ ചോദ്യം...
അമ്മെ, നീലി... അവളാണ് എന്നെയിങ്ങോട്ട്..
ഒലിച്ചിറങ്ങിയ വെള്ളം റെയ്ൻ മുഖത്ത് നിന്ന് തുടച്ചു. മുഖത്ത് ജാള്യം...
തല തോർത്തുമ്പോൾ അകത്ത് ഫോൺ നിലവിളിച്ചു.. അമ്മയകത്തേക്ക് പോയി ഫോണെടുത്തു
എടാ അവളാ, നിന്റെ നീലി
മോളെ ഈ ചെറുക്കനെ നിലക്ക് നിർത്താൻ നിനക്കെ കഴിയൂ. പനി പിടിച്ചു കിടക്കുന്നവൻ പോയി മഴ നനഞ്ഞിരിക്കുന്നു.. നീ വിളിച്ചിട്ടാ അവൻ മഴ കൊള്ളാൻ പോയതെന്ന് ന്യായവും..
ഫോണെടുക്കാൻ എണീറ്റ റെയ്ൻ അങ്ങകലെ ആ നാരകമാകെ പൂത്തുലഞ്ഞു നിൽക്കുന്നത് കണ്ടു..
നീലി നീ അന്ന് പറഞ്ഞത് പോലെ നാരകമാകെ പൂത്തുലഞ്ഞു നിൽക്കുന്നു. മഴ പെയ്യുമ്പോൾ പൂവുകൾ ചിരിക്കുന്നു നീലിപ്പെണ്ണേ...
ഇവിടിപ്പോ അടുത്താരാ പ്രേമിക്കുന്നത് നീലി??
ഞാനും നീയും റെയ്ൻ... ഞാനും നീയും മാത്രം മൈ ലവ്... നീലിയുടെ കൺപീലികൾ അന്ന് ഇടനാഴിയിൽ വെച്ച് വിറച്ചത് പോലെ വിറക്കുന്നത് മനസ്സിൽ തെളിഞ്ഞു..
തൊടിയിലാകെ ചേറുമണം പരന്നു...
ഫിബിൻ

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo