ഉത്തോലകങ്ങൾ (കഥ )

 . 

അച്ഛന്റെ വിവാഹമാണിന്ന് ഏതൊരു രണ്ടാം വിവാഹത്തേക്കാൾ ആർഭാടം ഉണ്ട് അതിന് എന്ന് അമ്മുവിനു തോന്നി. ഏറെ ആഗ്രഹിച്ച ദിവസത്തിന്റെ ഹരത്തിലാണ് അച്ഛനും താരാന്റിയും അവരെക്കാളും എല്ലാരും ശ്രെദ്ധിക്കുന്ന ത് അമ്മുവിനെ ആയിരുന്നു. . "മോൾ ഇപ്പൊ അമ്മയുടെ കൂടെ യാണോ അച്ഛന്റെ കൂടെ ആണോ".മിനി വല്യമ്മ ആണത് ചോദിച്ചത്. , "അവർ രണ്ടു പേരും എന്റെ കൂടെ എപ്പോഴും ഉണ്ട്, വല്യമ്മേ".ഒരു പതിമൂന്ന് കാരി യിൽ നിന്ന് അവർ ഈ മറുപടി പ്രേതീക്ഷിച്ചില്ല. അത് കേട്ട റാണിയാന്റി ഗൂഡ മായി ചിരിച്ചു. ഈ വിവാഹത്തിനു അമ്മു സന്തോഷ ത്തോടെ പങ്കെടുക്കണം എന്നത് അച്ഛൻ ആഗ്രഹിച്ചിരുന്നു. . അതിനായി റാണിയാന്റിയെ കൊണ്ട് കൗൺസിലിംഗ് ചെയ്യ്ച്ചിരുന്നു. "മനുഷ്യന്റെ മനസ്സ് ചെടികളെ പോലെ യാണ്. എവിടെ സൂര്യ പ്രെകാശം അങ്ങോട്ട്‌ ചേർന്ന് അത് വളരും. "റാണി യാന്റി അമ്മുവിന് ക്ലാസ്സ്‌ എടുത്തു. . അപ്പൊ എന്റെ അമ്മ ഇരുട്ട് ആണോ ആന്റി എന്ന ചോദ്യം അമ്മു അങ്ങ് വിഴുങ്ങി. എന്തിനാ റാണിയാന്റി യെ കുഴപ്പിക്കുന്നത്. അച്ഛൻ താരാന്റി യെ സ്നേഹിച്ചോട്ടെ. അവരുടെ ബന്ധം അറിഞ്ഞു ആദ്യം കൂറേ നാൾ അമ്മ അമാവാസി ആയിരുന്നു. പിന്നെ നിറ പൗർണമി ആയി. .. സ്വന്തം വീട്ടിലേക്ക് മടങ്ങിയ അമ്മ ആദ്യം വിവാഹം കഴിഞ്ഞു നിർത്തി വെച്ച നൃത്തപഠനം പുനർആരംഭിച്ച,പി ജി ജോയിൻ ചെയ്തു. ഇപ്പോൾ അമ്മ യുടെ അച്ഛന്റെ ടെക്സ്റ്റ്‌ ടൈൽ ഷോ റൂം അമ്മ യാണ് നടത്തുന്നത്.ജംഗ്ഷൻ വരെ പോലും ഡ്രൈവ് ചെയ്യാൻ അച്ഛന്റെ സമ്മതം കിട്ടാത്ത അമ്മ ഇപ്പോൾ ബാംഗ്ലൂർ വരെ സ്വയം കാർ ഓടിച്ചു പോയി സ്റ്റോക്ക് എടുക്കും. - അമ്മ യല്ല അച്ഛനെ ബാധിച്ച ഇരുട്ട്, അച്ഛൻ ആയിരുന്നു അമ്മയുടെ ഇരുട്ട് എന്ന് അമ്മുവിന് അറിയാം. -- റാണി യാന്റിയുടെ ഉപദേശം അല്ല അമ്മ യായിരുന്നു അമ്മുവിന് ഈ കല്യാണത്തിന് പങ്കെടുക്കാൻ പ്രേരണ . ..അമ്മക്ക് ഈ മാറ്റം വന്നത് അവർ കാരണം അല്ലെ എന്നാണ് അമ്മ ചോദിക്കുന്നത്. -- "നീ പോയി ജോളിയായി കൂട് അമ്മു. എല്ലാവരും അറിയട്ടെ അച്ഛൻ അമ്മയെ വേണ്ടാന്ന് വെച്ചോളൂ അമ്മു ഇപ്പോഴും അച്ഛന്റെ തങ്ക കുട്ടി യാണെന്ന് ". - അച്ഛനെ ശപിച്ചു കൊല്ലുന്ന അമ്മൂമ്മയുടെ നേർ പോര് കോഴിയെ പോലെ ചെല്ലും അമ്മ. "എന്റെ കുഞ്ഞിന്റെ മുന്നിൽ വെച്ച് അവളുടെ അച്ഛനെ കുറ്റം പറയരുത് ".അമ്മുമ്മ പിന്നെ ഒന്നും പറയില്ല.
സ്നേഹം ചിലപ്പോൾ ഫിസിക്സ്‌ ക്ലാസിൽ പഠിച്ച ഉത്തോലക നിയമം പോലെ യാണ്. -- അച്ഛൻ സ്ഥിര ബിന്ദു വും അമ്മ യും അമ്മുവും ഇരു വശം വരുമ്പോൾ ഒരു നിയമം. ....... അച്ഛൻ ഇരുവശം താരാന്റി യും അമ്മയും വരുമ്പോൾ വേറെ നിയമം. - അച്ഛന്റെ ഇരു വശംഅമ്മുവും താരാന്റി യും വരുന്ന പുതിയ ഉത്തോലക നിയമ ത്തി ന്റെ സങ്കീർണ്ണത ഓർത്ത് അമ്മുവിന് കരച്ചിൽ വന്നു. നാഗസ്വരം മുറുകി. അച്ഛൻ താരാന്റി യെ താലി കെട്ടി. അവർ പരസ്പരം പ്രണയർദ്രരായി നോക്കി. --- അമ്മുവിന് ആ നിമിഷം അമ്മയെ കാണണമെന്ന് തോന്നി.ഇന്ന് അമ്മയുടെ കൂടെ നിൽക്കാൻ തോന്നാത്തതി ൽ കുറ്റബോധം തോന്നി. തിരക്കിൽ നിന്നും മാറി അവൾ മൊബൈൽ എടുത്തു. " ദേ അമ്മ ഇങ്ങോട്ട് വിളിക്കുന്നു.......... ! അമ്മു കരയുവാണോ എന്ന് അമ്മ ചോദിച്ചില്ല. അമ്മക്ക് വിഷമം ഉണ്ടോ എന്ന് അമ്മു വും എന്തെന്നാൽ സൂര്യ പ്രെകാശം തേടി പോകേണ്ടി വരുന്ന പൂച്ചെടികൾ മാത്രമല്ല :ഏത് പൊരി വെയിലിലും കൊടുങ്കാറ്റി ലും ഉറച്ചു നിൽക്കാൻ പറ്റിയ തായ് വേരുകൾ ഉള്ള വട വൃക്ഷങ്ങളും കൂടി ഉള്ളതാണല്ലോ ഈ ഭൂമി........... !

Written by Sreeja Vijayan

ദ്വന്ദയുദ്ധം (കഥ)


"സാർ... ഒന്നും പറഞ്ഞില്ല" റാണി ആകുലതയോടെ എന്നെ നോക്കി പറഞ്ഞു.
ഞാൻ അവളുടെ കണ്ണുകളിൽ നിന്നും കണ്ണെടുത്തതേ ഇല്ല. ആ മിഴികളിൽ കുടുങ്ങി പിടയുകയായിരുന്നു എന്റെ ഹൃദയം.
"ഞാൻ ഇറങ്ങട്ടെ?" റാണി വീണ്ടും പറഞ്ഞു. ഒരു നിമിഷത്തെ കാത്തു നിൽപ്പിനു ശേഷവും ഒരു മറുപടി കിട്ടാത്തതു കൊണ്ടാകണം അവൾ ഇറങ്ങി പോയി.
"പാവം കുട്ടി, അതിന്റ ഒരു തലവിധി!! എന്തു ഭംഗിയാലേ അതിനെ കാണാൻ!" അമ്മ എന്റെ അടുത്തു വന്നിരുന്നു പറഞ്ഞു.
"ഞാൻ കണ്ടില്ല", അവളുടെ മിഴികളിൽ കുടുങ്ങിയ എന്റെ ഹൃദയത്തെ പുറത്തെടുക്കാൻ ആയാസപ്പെട്ടു കൊണ്ടു ഞാൻ പറഞ്ഞു. പുറത്തെ ചാറ്റൽ മഴ എന്റെ കഷ്ടപ്പാട് കണ്ടു വായപൊത്തി ചിരിച്ചു.
"നിന്റെ മുന്നിൽ ഇത്രെ നേരം ഇരുന്നിട്ടോ!!!" അമ്മ അതിശയത്തോടെ എന്നെ തുറിച്ചു നോക്കി.
"നീ എന്താ ഉണ്ണി, കണ്ണു പൊട്ടൻ ആണോ? എന്തു ഭംഗിയാ അതിനെ കാണാൻ. ആ മുഖം കണ്ടോ.. അവളുടെ കണ്ണുകൾ കണ്ടോ?" അവളെ മനസ്സിൽ കാണുന്നത് പോലെ അമ്മ കണ്ണുകളടച്ചു.
കണ്ണുകൾ!! അതെ, ആ കണ്ണുകൾ മാത്രമേ ഞാൻ കണ്ടുള്ളൂ.... ആ കണ്ണുകളുടെ മാസ്മരികതയിൽ ആയിരുന്നു ഞാൻ. അതിൽ കുരുങ്ങി പിടയുന്ന എന്റെ ഹൃദയത്തെ രക്ഷിക്കാൻ ഉള്ള ശ്രമത്തിലാണ് ഞാൻ എന്ന് അമ്മയോട് എങ്ങനെ പറയും ഞാൻ!!!
കരിനീല കണ്ണുകൾ... ഉജാല മുക്കിയ ശുഭവസ്ത്രം പോലെ തെളിമയാർന്നതായിരുന്ന അവ കാജൽ എഴുതി ഒന്നുകൂടി മനോഹരമാക്കിയിരുന്നു അവൾ. അതിർത്തി തിരിച്ച നീലാകാശം പോലെ... കണ്ണുകൾ മാത്രം മതി അവൾക്ക് സംവദിക്കാൻ എന്ന് എനിക്ക് തോന്നി. എന്റെ നിറം മങ്ങിയ കണ്ണുകൾ അവൾ ശ്രദ്ധിക്കാതിരിക്കാൻ ഞാൻ കണ്ണട ഒന്നുകൂടി ഉറപ്പിച്ചു വച്ചു. പക്ഷേ കണ്ണുകൾ പോയിട്ട് പരിസരം പോലും അവൾ ശ്രദ്ധിച്ചിരുന്നോ എന്ന് തന്നെ സംശയം!!
കഴിഞ്ഞ ആഴ്ചയാണ് ഞാനാദ്യമായി റാണിയെ കാണുന്നത്. വാർഡ് കൗൺസിലർ രഘുവേട്ടൻ നിർബന്ധിച്ചു ഒരു തർക്കം തീർക്കാൻ മദ്ധ്യസ്ഥം പറയാൻ കൊണ്ടു പോയതായിരുന്നു എന്നെ. ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും നടക്കാതെ വന്നപ്പോൾ നിവൃത്തിയില്ലാതെ ഞാൻ രഘുവേട്ടനോടൊപ്പം പോയി. ചെന്നെത്തിയത് റാണിയുടെ വീട്ടിൽ ആണ്. തൂ വെള്ള ചുരിദാർ ആണ് അന്ന് അവൾ അണിഞ്ഞിരുന്നത്. ഒഴുക്കൻ മുടി അലസമായി ചീവി ക്ലിപ്പ് ഇട്ട് പോണിടെയ്ൽ കെട്ടിയിരുന്നു. കണ്ണിലെ കാജൽ ഒഴിച്ചാൽ മറ്റൊരു മേക്കപ്പും അവൾ ഇട്ടിരുന്നില്ല. എങ്കിലും ഏതു ആൾകൂട്ടത്തിൽ പോയാലും വേറിട്ടു നിർത്തുന്നൊരു ആകർഷണം അവളുടെ മുഖത്തിനും ആ കരിനീല മിഴികൾക്കും ഉണ്ടായിരുന്നു. അന്ന് അവിടെ വച്ചാണ് ആ കരിനീലമിഴികളിൽ എന്റെ ഹൃദയം ആദ്യമായി കുരുങ്ങിയതും. അത് എന്നിൽ വല്ലാത്തൊരു അസ്വസ്ഥത ഉണ്ടാക്കി. അവിടെ നിന്നിറങ്ങി രഘുവേട്ടനോട് യാത്ര പറഞ്ഞ് പുറത്തെ മഴയിൽ കുതിർന്നു വീട് ലക്ഷ്യമാക്കി ഞാൻ നടന്നു. ആ മഴയിൽ കുതിർന്നു എന്റെ ഹൃദയത്തിൽ നിന്നും അവളുടെ മിഴികളെ അലിയിച്ചു കളയാൻ ശ്രെമിച്ചു കൊണ്ട്..
അച്ഛനും അമ്മയും ജ്യേഷ്ഠനും അടങ്ങുന്ന സന്തോഷകരമായ ഒരു കുടുംബം ആയിരുന്നു റാണിയുടേത്. അമ്മ അകാലത്തിൽ മരിക്കുകയും അച്ഛന്റെ മാനസികനില തെറ്റുകയും ജേഷ്ഠൻ ഒരു അന്യമതസ്ഥയെ വിവാഹം കഴിച്ചു കൊണ്ടു വരികയും ചെയ്തതോടെ റാണിയുടെ ജീവിതത്തിന്റെ താളം തെറ്റാൻ തുടങ്ങി. റാണിക്ക് കൂടി അവകാശപ്പെട്ട വീട് അച്ഛന്റെ കയ്യിൽ നിന്നും തന്ത്രത്തിൽ കൈക്കൽ ആക്കിയ ജ്യേഷ്ഠത്തി റാണിയെയും അച്ഛനെയും വീട്ടിൽ നിന്നും ഇറക്കി വിടാൻ ശ്രെമം തുടങ്ങി. പീഡനം സഹിക്കവയ്യാതായപ്പോൾ റാണി രഘുവേട്ടനെ സഹായത്തിനായി സമീപിച്ചു. അങ്ങിനെ ആണ് ഞാൻ റാണിയുടെ മുമ്പിൽ എത്തുന്നത്. റാണിയുടെ ജ്യേഷ്ഠനോട് സംസാരിച്ചു ഒരു താത്കാലിക പരിഹാരം ഉണ്ടാക്കി ഞാൻ. പത്തു ദിവസം കഴിഞ്ഞുള്ള ഒരു ദിവസത്തേക്ക് ഒരിക്കൽ കൂടി മദ്ധ്യസ്ഥം ഇരുകൂട്ടരുടെയും സമ്മതത്തോടെ വച്ചു.
ഏതാനും ദിവസങ്ങൾ കഴിഞ്ഞ് ഒരു ഞായറാഴ്ച. ഞാനും അമ്മയും നാട്ടുവിശേഷം പറഞ്ഞിരിക്കെ പെട്ടെന്ന് വീടിന്റെ മുമ്പിൽ ഒരു ഓട്ടോ വന്നു നിന്നു, ആകെ പേടിച്ചരണ്ട് പോലെ പരവശതയോടെ റാണി ഓട്ടോയിൽ നിന്നിറങ്ങി ഞങ്ങളുടെ അടുത്തേക്ക് വന്നു,
"സാർ, എനിക്കു സംസാരിക്കണം". മുഖവുര ഒന്നും ഇല്ലാതെ അവൾ പറഞ്ഞു.
"ഞാനിപ്പോൾ വരാം", സന്ദർഭോചിതമായി പ്രതികരിച്ചുകൊണ്ട് അമ്മ പറഞ്ഞു.
"ഇരിക്കൂ.." ഞാൻ റാണിയോട് പറഞ്ഞു.
"സാർ സഹായിക്കണം, മറ്റാരുമില്ല വിശ്വസിച്ചു ആശ്രയിക്കാൻ.." റാണി പറഞ്ഞു.
"എന്നെ വിശ്വസിക്കാം എന്നു എന്തേ തോന്നാൻ?" കരിനീലമിഴികളിലെ തിരകളിൽ നീന്തി തുടിച്ചു കൊണ്ടു കുരുത്തംകെട്ട ഹൃദയം കുസൃതിയോടെ എന്നെ കൊണ്ടു ചോദിപ്പിച്ചു.
"അറിയില്ല.. വിശ്വസിക്കാമെന്ന് ഉള്ളിൽ ഇരുന്നു ആരോ പറയുന്നു.." റാണി മിഴികൾ താഴ്ത്തി.
"ഞാൻ എന്ത് സഹായം ആണ് ചെയ്യേണ്ടത്? പറയൂ.."
"അച്ഛന്റെ ഈ അവസ്ഥയിൽ എനിക്കു അച്ഛനെയും കൊണ്ട് എങ്ങും പോകാൻ പറ്റില്ല. എനിക്ക് സ്വത്തും പണവും ഒന്നും വേണ്ട. ഒക്കെ അവർ എടുത്തോട്ടെ. പക്ഷെ അച്ഛന്റെ കാലം കഴിയുന്ന വരെ എനിക്കവിടെ താമസിച്ചേ മതിയാവൂ.." കരിനീല മിഴികൾ പെയ്യാൻ തുടങ്ങി. ആ പെയ്ത്തിൽ എന്റെ ഹൃദയം പൊള്ളി. അസ്വസ്ഥതയോടെ ഞാൻ മുഖം തിരിച്ചു.
"അച്ഛന്റെ കാലശേഷമോ..?" ഞാൻ ചോദിച്ചു.
"അറിയില്ല... എനിക്കറിയില്ല.. പക്ഷെ, പിന്നെ ഞാൻ അവർക്ക് ശല്യമാകില്ല. അതുവരെ അവരെന്നെയും അച്ഛനെയും സഹിച്ചേ തീരു.." കരിനീല മിഴികളിലെ ദൃഢത പെടുന്നനെ മഴക്കോളിനെ മറച്ചു. കൈകൾ കൊണ്ടാ മുഖം കോരിയെടുത്തു ആ മിഴികളിൽ ചുണ്ടുകൾ അമർത്തി ആ മഴക്കോളു മുഴുവൻ എന്നിലേക്കാവാഹിക്കുവാൻ എന്റെ ഹൃദയം തുടിച്ചു. അത് എന്നിൽ പിന്നെയും അസ്വസ്ഥത നിറച്ചു.
"ഞാൻ രഘുവേട്ടനോട് പറയാം റാണിയുടെ ചേട്ടനോട് സംസാരിക്കാൻ.." എന്റെ ഉള്ളിലെ അസ്വസ്ഥത കൂടി വന്നെന്നെ വീർപ്പു മുട്ടിക്കുവാൻ തുടങ്ങി.
"സാർ ഒന്നു സംസാരിക്കാമോ..?" റാണി മടിച്ചു മടിച്ചു ചോദിച്ചു.
ഞാൻ ഒന്നും മിണ്ടിയില്ല. പരിസരം മറന്നാ മിഴികളിൽ കുടുങ്ങിയ ഹൃദയത്തെ പുറത്തെടുക്കാൻ വൃഥാ ശ്രെമിച്ചു കൊണ്ടിരുന്നു. എന്റെ ഉള്ളിലെ സദാചാര പോലീസിന്റെ കുറ്റപ്പെടുത്തലുകൾ എന്റെ അസ്വസ്ഥത കൂട്ടി.
സാർ ഒന്നും പറഞ്ഞില്ല" റാണി ആകുലതയോടെ വീണ്ടും പറഞ്ഞു.
ഞാനെന്തു പറയാൻ.. അവളുടെ മിഴികളിൽ കുരുങ്ങിയ എന്റെ ഹൃദയത്തെ രക്ഷപെടുത്താൻ ഉള്ള ശ്രമത്തിൽ പ്രജ്ഞയറ്റിരിപ്പാണ് ഞാൻ എന്നു എനിക്കവളോട് പറയാൻ പറ്റില്ലാലോ!!
മറുപടി കിട്ടാതെ വന്നപ്പോൾ റാണി ഒരുമാത്ര ശങ്കിച്ചു നിന്നു. പിന്നീട് അമ്മയോട് യാത്ര പറഞ്ഞ് കാത്തു നിന്ന ഓട്ടോയിൽ കയറി പോയി.
"നല്ല കുട്ടീ, നമുക്കാലോചിക്കാമായിരുന്നു..." പുറകിൽ നിന്നും കേട്ട അമ്മയുടെ ശബ്ദം എനിക്കു സ്ഥലകാലബോധം തിരിച്ചു തന്നു.
"അമ്മേ..." ഞാൻ അലോസരത്തോടെ വിളിച്ചു.
"താൻ ശെരിക്കും ടീച്ചർ ആയിരുന്നോ അതോ ദല്ലാളോ.." അമ്മയുടെ മടിയിൽ തല വച്ചു ഞാൻ ചോദിച്ചു. ആ മിഴികൾ എന്റെ ഹൃദയത്തിൽ നിറച്ച സുഖകരമായ അസ്വസ്ഥതയിൽ ഞാൻ എന്റെ മിഴികൾ അടച്ചു.
"പോടാ അവിടന്ന്... മേടിക്കും നീ" എന്റെ മുടിയിഴകളിൽ വിരലോടിച്ചു അമ്മ വാത്സല്യത്തോടെ പറഞ്ഞു.
"എന്റെ കണ്ണടയുന്നതിനു മുമ്പ് നീ ഒന്നു കല്യാണം കഴിച്ചു കാണുവോ.. അതെങ്ങിനെ.. ബ്രഹ്മചര്യം എന്ന ഭൂതം കയറിയിരിക്കുവല്ലേ തലയിൽ. എന്റെ തലവിധി.." അമ്മ പതിവ് എണ്ണിപ്പെറുക്കൽ തുടങ്ങി.
ബ്രഹ്മചര്യം എന്ന എന്റെ ഉറച്ച തീരുമാനം സ്വയം സൃഷ്‌ടിച്ച ഒരു ഈഗോയിൽ പൊതിഞ്ഞു ഞാൻ ഭദ്രമായി സൂക്ഷിച്ചിരിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ ഒരു ജോഡി കരിനീല മിഴികൾ നിസ്സാരമായി അതിനെ മറി കടന്നു എന്റെ ഹൃദയത്തെയും ആത്മാവിനെയും മദിച്ചുകൊണ്ടിരിക്കുന്നു. അവയെ പുറത്താക്കി, മറക്കാൻ മനഃപൂർവമായ ശ്രെമം നടത്തി ഞാൻ. എന്നാൽ കരിനീല മിഴികളിലെ കുരുക്കിൽ നിന്നും പോരാൻ വിസമ്മതിച്ചു എന്റെ ഹൃദയം എന്നോട് ശീത സമരം പ്രഖ്യാപിച്ചു. ഒട്ടും തോറ്റു കൊടുക്കാൻ തയ്യാറാവാതെ ഇത്രെ നാൾ ബ്രഹ്മചര്യം പറഞ്ഞു നടന്നിട്ട് ഇനി നാട്ടുകാരും വീട്ടുകാരും കൂവും എന്നും പറഞ്ഞു ഭീഷണിപ്പെടുത്തി എന്റെ ഈഗോയും എന്നെ തളർത്തി. പ്രണയവും ഈഗൊയും തമ്മിൽ നടന്ന ആ ദ്വന്ദയുദ്ധത്തിൽ ഒരു പരിധിവരെ ഈഗോ തന്നെ ജയിച്ചു. കരിനീല മിഴികളെ ഹൃദയത്തിൽ തന്നെ ഒരു കല്ലറ തീർത്ത്‌ അതിൽ വച്ചു പൂട്ടി എല്ലാം ശുഭം എന്നു ഞാൻ സ്വയം വിശ്വസിക്കാൻ ശ്രെമിച്ചു.
പിന്നീട് പല ദിവസങ്ങളിലും ഞാൻ റാണിയെ കണ്ടു. ഷാൾ കൊണ്ട് പൊതിഞ്ഞു, ആരെയും കാണാതെ, ചുറ്റും നടക്കുന്നതൊന്നും അറിയാതെ ആണ് അവൾ എന്ന് എനിക്ക് തോന്നി. മറ്റേതോ ലോകത്ത് സ്വയം നഷ്ടപ്പെട്ട പോലെ ആയിരുന്നു അവൾ എപ്പോഴും. എന്നെ കാണുമ്പോൾ മാത്രം സജീവമാകുന്ന അവളുടെ മിഴികളുടെ പിടച്ചിൽ ഞാൻ പാടെ അവഗണിക്കാൻ ശ്രമിച്ചു.
പത്തു ദിവസം കഴിഞ്ഞുള്ള മദ്ധ്യസ്ഥ ചർച്ചയിൽ പോകാതെ ഓഫീസിൽ മീറ്റിംഗ് ഉണ്ട് എന്ന് പറഞ്ഞു ഞാൻ ഒഴിഞ്ഞുമാറി. ഇനി ഒരിക്കൽ കൂടി അവളുടെ മിഴികളെ നേരിട്ടാൽ എന്റെ മനസ്സിന്റെ ഉറപ്പ് കൈവിട്ടു പോകുമോ എന്ന് ഞാൻ വല്ലാതെ ഭയന്നിരുന്നു. ഇത്രയും നാൾ ഞാൻ കൊണ്ടുനടന്ന എന്റെ ബ്രഹ്മചര്യം ഒരു ജോഡി കരിനീല മിഴികൾക്കു മുന്നിൽ അടിയറവ് വെക്കാൻ എന്നിലെ ഈഗോ എങ്ങിനെ അനുവദിക്കാൻ!! എങ്കിലും രഘുവേട്ടൻ വഴി റാണിയുടെ ജ്യേഷ്ഠനെ കൊണ്ട് അവളെയും അച്ഛനെയും ഉപദ്രവിക്കില്ല എന്ന ഉറപ്പ്‌ ഞാൻ മേടിച്ചു. അതു പോലും പ്രണയം കൊണ്ടല്ല, അഭയം തേടി വന്ന ഒരുവളെ സഹായിക്കുക എന്ന കടമ കൊണ്ടു മാത്രം ആണെന്ന് എന്നെ തന്നെ വിശ്വസിപ്പിക്കാൻ ഞാൻ എന്റെ ഹൃദയത്തോട് ആണയിട്ടു ആവർത്തിച്ചു.
ദിവസങ്ങളും മാസങ്ങളും കടന്നു പോയി. റാണിയേയും അവളുടെ മിഴികളെയും മറക്കാൻ ഉള്ള എന്റെ ശ്രമങ്ങൾ മാത്രം വിഫലമായി. എങ്കിലും എന്റെ ആ ദൗർബല്യം മറ്റാരും അറിയാതെ മനസ്സിനുള്ളിൽ തന്നെ കുഴിച്ചുമൂടാൻ എനിക്ക് സാധിച്ചല്ലോ എന്ന ആശ്വാസത്തിൽ ആയിരുന്നു ഞാൻ. കരിനീല മിഴികൾ എന്റെ ഹൃദയത്തിന്റെ വെറും ചാപല്യമായി മാത്രം കാണാൻ ഞാൻ ശ്രെമിച്ചു കൊണ്ടേ ഇരുന്നു.
ജോലിസംബന്ധമായി ആയിടെ ഒരാഴ്ച എനിക്ക് വീട് വിട്ടു നിൽക്കേണ്ടി വന്നു. രഘുവേട്ടൻ ഒന്നുരണ്ടുതവണ വിളിച്ചെങ്കിലും മീറ്റിങ്ങുകളുടെ ബഹളത്തിനിടയിൽ ഞാൻ അറ്റൻഡ് ചെയ്തില്ല. അമ്മയോടുള്ള സംസാരം പോലും ഒരു നേരം മാത്രമായിരുന്നു. തിരിച്ചു വീട്ടിലെത്തി, കുളികഴിഞ്ഞ് അത്താഴം കഴിക്കാൻ ഇരിക്കവേ അമ്മ ഒരാഴ്ചത്തെ നാട്ടുവിശേഷങ്ങൾ അപ്ഡേഷൻ തുടങ്ങി.
"ഉണ്ണി നീ റാണിയെ ഓർക്കുന്നോ.. അന്നിവിടെ വന്ന, രഘു നിന്നെ വിളിച്ചു കൊണ്ടു പോയില്ലേ..." അമ്മ നിർത്തി.
ഒരു ജോഡി കരിനീല മിഴികൾ എന്നിൽ അസ്വസ്ഥത ഉണർത്തി കൊണ്ട് ഹൃദയത്തിലെ കല്ലറയുടെ പൂട്ടു പൊട്ടിച്ച് മനസ്സിലേക്ക് പാഞ്ഞെത്തി.
"ഉം.." ഞാൻ മൂളി.
"ആ കുട്ടിയുടെ അച്ഛൻ മരിച്ചു. പാവം... അത് ഒറ്റയ്ക്കായി.. കഷ്ടം. അതിന്റെ ഒരു തലവിധി. ഇനി അത് എന്തു ചെയ്യുമോ ആവോ...രഘു വിവരം പറയാൻ നിന്നെ വിളിക്കാൻ നോക്കി, കിട്ടിയില്യ പറഞ്ഞു" അമ്മ അസ്വസ്ഥതയോടെ പറഞ്ഞു.
"ഏഹ്.." ഉരുട്ടിയ ഉരുള കയ്യിൽ നിന്നും പ്ലേറ്റിൽ വീണു. പറഞ്ഞറിയിക്കാനാവാത്ത ഒരു വേദന എന്റെ നെഞ്ചിനെ കാർന്നു തിന്നാൻ തുടങ്ങി.
"അന്ന് നിന്നെ കാണാൻ വന്നതോർക്കുന്നുവോ? പിന്നെയും ഇടയ്ക്കിടെ അവളിവിടെ വന്നിട്ടുണ്ട്. നിനക്കെന്തൊ അതിനെ ഇഷ്ടം അല്ലാന്നൊരു തോന്നൽ ഉണ്ട് ആ പാവത്തിന്. നിന്നെ കണ്ടാൽ അപ്പോൾ ഒളിച്ചു ഇറങ്ങി പോകുമായിരുന്നു. പാവമാടാ അവൾ.." അമ്മ അർദ്ധോക്തിയിൽ നിർത്തി എന്നെ നോക്കി.
എന്റെ ഹൃദയം വിങ്ങി പൊട്ടി തെറിക്കുമെന്നെനിക്കു തോന്നി.. അലോസരത്തോടെ ഞാൻ നെഞ്ചിൽ കൈ വച്ചു.
"എന്തു ഭംഗിയുള്ള കുട്ട്യാ.., നല്ല പെരുമാറ്റവും.. എന്നിട്ടും.. കഷ്ടം.. ഭഗവാന്റെ ഓരോ ലീലാവിലാസങ്ങൾ.. ചിലപ്പോ ഒരു എത്തും പിടിയും കിട്ടണില്യ.." അമ്മ പിറുപിറുത്തു.
"മതി.." അസഹ്യതയോടെ ഞാൻ പ്ലേറ്റ് നീക്കി.
"ഒന്നും കഴിച്ചില്യാലോ നീ.. എന്തേ പറ്റിയേ..? " അമ്മ വെപ്രാളത്തോടെ ചോദിച്ചു.
"ഒന്നുമില്ലാമ്മേ.. ഒരു തലവേദന" രണ്ടാം മുണ്ടിന്റെ കോന്തലയിൽ കൈ തുടച്ചു കൊണ്ട് ഞാൻ പറഞ്ഞു. അമ്മയുടെ കണ്ണിൽ നോക്കിയാൽ കള്ളത്തരം കണ്ടുപിടിക്കപ്പെടുമെന്ന് ഭയപ്പെടുന്ന കുട്ടിയെപ്പോലെ ഞാൻ ധൃതിയിൽ മുറിയിൽ കയറി കതകടച്ചു.
എന്തോ ഒരു മഹാപരാധം ചെയ്ത പോലെ തോന്നി എനിക്ക്. പ്രാണരക്ഷാർത്ഥം അഭയം പ്രാപിച്ച കരിനീലമിഴികളെ ഞാൻ തന്നെ ഇല്ലാതാക്കിയത് പോലെ. ഉള്ളിൽ ഉയർന്നു കൊണ്ടിരുന്ന അസ്വസ്ഥത അടക്കാനാവാതെ ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു.
ആർത്തലച്ചു പെയ്യുന്ന മഴ വക വയ്ക്കാതെ പിറ്റേന്ന് വെളുപ്പിന് ഞാൻ റാണിയുടെ വീട്ടിൽ എത്തി. എന്നെ അതിനു പ്രേരിപ്പിച്ചതെന്തെന്നു എനിക്കുതന്നെ അറിയില്ലായിരുന്നു. ഇരുന്നും കിടന്നും നേരം വെളുപ്പിച്ച എന്റെ മനസ്സിന്റെ അസ്വസ്ഥത ഇനിയും താങ്ങാൻ എന്നെ കൊണ്ടാവില്ലന്നു മാത്രം എനിക്കറിയാമായിരുന്നു. എന്നെ അതിശയിപ്പിച്ചു കൊണ്ട് ഞാൻ കോളിങ് ബെൽ അടിക്കുന്നതിനു മുമ്പേതന്നെ റാണി വാതിൽ തുറന്നു. എന്നെ പ്രതീക്ഷിച്ചിരുന്ന പോലെ. എന്നെ കണ്ടമാത്രയിൽ കരിനീല മിഴികൾ നിറഞ്ഞു തുളുമ്പി.
"ഞാൻ ഇന്നലെയാണ് അറിഞ്ഞത്.." എങ്ങിനെ തുടങ്ങണം എന്നറിയാതെ ഞാൻ പറഞ്ഞു.
പുറത്തെ മഴയെ തോൽപ്പിച്ചു കൊണ്ടു കരിനീല മിഴികൾ ആർത്തു പെയ്യാൻ തുടങ്ങി.
എന്തു പറയണം എന്നറിയാതെ ഞാൻ നിന്നു. ഞങ്ങളുടെ ഇടയിൽ മൗനം അസ്വസ്ഥതയുടെ കൊടുങ്കാറ്റുകൾ ഉണ്ടാക്കി. ജീവിതത്തിൽ ആദ്യം ആയി വാക്കുകൾ നഷ്ടപ്പെട്ടു ഞാൻ മിഴിച്ചിരുന്നു. എന്തു ചെയ്യണം എന്നു തീരുമാനിക്കാൻ ആവാതെ മനസ്സ് അലഞ്ഞു തിരിയുന്ന പോലെ...
"ഇനി..?" ഞാൻ മെല്ലെ ചോദിച്ചു.
"അറിയില്ല... പോകണം.." റാണിയുടെ ശബ്ദം തൊണ്ടയിൽ കുരുങ്ങിയ പോലെ.
"എങ്ങോട്ട്..?" വീണ്ടും ഞാൻ ചോദിച്ചു.
റാണി മറുപടി പറഞ്ഞില്ല. അവളുടെ മിഴികൾ പ്രാണവായുവിനു വേണ്ടി പിടയുന്നത് പോലെ തോന്നി എനിക്ക്‌. നിനക്ക് ഞാൻ ഉണ്ട് എന്നു പറയാൻ തുടിച്ചു ഹൃദയം. എന്നാൽ അതിർത്തി കാക്കുന്ന പട്ടാളക്കാരനെ പോലെ എന്റെ ശവത്തിൽ ചവിട്ടിയെ നീ ഇവന്റെ ഹൃദയത്തിലേക്ക് കയറൂ എന്നു പറഞ്ഞ് എന്റെ ഈഗോ ആ പ്രണയത്തിനു മുന്നിൽ വീണ്ടും നെഞ്ചും വിരിച്ചു നിൽക്കാൻ തുടങ്ങി.
ഈ ദ്വന്ദയുദ്ധത്തിലും ഈഗോയെ തോൽപ്പിക്കാൻ എനിക്കാവില്ലെന്നെനിക്കു തോന്നി.
"ഞാൻ... ഞാൻ ഇറങ്ങട്ടെ.." അസ്വസ്ഥത ഇനിയും താങ്ങാനാവില്ല എന്ന് തോന്നിയ നിമിഷത്തിൽ ഞാൻ പറഞ്ഞു.
പെടുന്നനെ കരിമിഴികൾ ആശങ്കയോടെ പിടക്കുന്നത് ഞാൻ കണ്ടു. പ്രാണരക്ഷാർത്ഥം ദയനീയമായി അവ എന്നെ നോക്കി.
റാണി മെല്ലെ മുഖം താഴ്ത്തി.
ഒന്നും മിണ്ടാതെ ഞാനെഴുന്നേറ്റു. കാലുകൾ നിലത്തേക്ക് ഒട്ടിച്ചേർന്ന പോലെ.. മനസ്സും ശരീരവും അവളെ വിട്ടകലാൻ കൂട്ടാക്കിയില്ല. എന്നാൽ എന്റെ ബ്രഹ്മചര്യം സൃഷ്‌ടിച്ച ഈഗോ ദ്വന്ദയുദ്ധം ജയിച്ചു എന്നെ വിട്ടു പിരിയാൻ കൂട്ടാക്കാതെ കൂടെ നിന്നു.
അശാന്തമായ മനസ്സോടെ ഞാൻ വാതിലിനടുത്തേക്ക് നീങ്ങി. യാത്ര പറയാൻ നിൽക്കാതെ, പെരുമഴ വകവെക്കാതെ ഗേറ്റ് കടന്ന് ഞാൻ റോഡിലേക്കിറങ്ങി. മുന്നോട്ട് നീങ്ങും തോറും എന്റെ ഹൃദയം ഇരട്ടി സ്പീഡിൽ തിരികെ നടന്നു. ചതിയൻ.. അവളെ ഉപക്ഷേച്ചാൽ നിന്നെ ഞാൻ ജീവിക്കാൻ വിടില്ല എന്നു പറഞ്ഞു എന്റെ ഹൃദയം എന്നോട് യുദ്ധം തുടങ്ങി. പ്രണയത്തിന്റെയും ഈഗോയുടെയും പിടിവലിയിൽ പെട്ട്‌ ഞാൻ മുന്നോട്ട് നീങ്ങി. പക്ഷെ ഏതാനും അടി മുന്നോട്ടു വച്ച് ഞാൻ പെടുന്നനെ തിരിഞ്ഞുനിന്നു. എന്നിലെ പ്രണയം ഈഗോയെ ചവുട്ടി മെതിച്ചു ദ്വന്ദയുദ്ധം ജയിച്ചു. ഒരു ജേതാവെന്ന എന്ന പോലെ മുണ്ടു മടക്കിക്കുത്തി, ശരവേഗത്തിൽ ഞാൻ റാണിയുടെ വീടിന്റെ ഗേറ്റ് കടന്ന് വീണ്ടും മുറ്റത്തെത്തി. അവിടെ അതാ രണ്ടു കൈകൾ കൊണ്ടും മുഖം പൊത്തി കരഞ്ഞു കൊണ്ട് പെരുമഴയിൽ മുട്ടിൽ ഇരിക്കുന്നു അവൾ.
ദ്രുതഗതിയിൽ ഞാൻ അവളുടെ അടുത്തെത്തി. കൈപിടിച്ച് വലിചെഴുന്നേൽപ്പിച്ചു. അവളെ എന്റെ മാറോടു ചേർത്തു പിടിച്ചു. കൈകൾ കൊണ്ടാ മുഖം കോരിയെടുത്തു. കരിനീലമിഴികളിൽ അമർത്തി ചുംബിച്ചു. പിന്നെ ആ കയ്യും പിടിച്ചു ഞാൻ നടന്നു.. എന്റെ വീട് ലക്ഷ്യമാക്കി.
എന്റെ പുറകിൽ രണ്ടു കരിനീലമിഴികൾ ആനന്ദാശ്രു പൊഴിച്ചു കൊണ്ടേ ഇരുന്നു. ആ കണ്ണുനീരിൽ കുതിർന്ന് ദ്വന്ദയുദ്ധം ജയിച്ച എന്റെ ഹൃദയത്തിന്റെ വെമ്പലുകളും അലിഞ്ഞില്ലാതായി..ഞങ്ങൾക്ക് മേൽ മഴ ആഹ്ലാദത്തോടെ മതിമറന്നു പെയ്തിറങ്ങി.

Written by
Meena Ravindranath

ഊർമിള !


കുറച്ചു ദിവസങ്ങളായി ഊർമിള ശ്രദ്ധിക്കുന്നു. താഴത്തെ വീട്ടിലെ പെൺകുട്ടിയെ പുറത്തൊന്നും കാണുന്നതേയില്ല. ലോക്ക്ഡൗൺ തുടങ്ങിയതു മുതൽ ആകെ ഒരു ആശ്വാസം എന്ന് പറയുന്നത്, ബാൽക്കണിയിലിരുന്നു താഴെയുള്ള വീട്ടിലെ കുട്ടികളുടെ കളികൾ കാണലാണ്. ഏഴാം നിലയിലെ ഈ ഫ്ലാറ്റിൽ ഒറ്റക്ക് ഇരുന്ന് പിന്നെ വേറെ എന്ത് ചെയ്യാനാണ്. ഊർമിള വീണ്ടും ആലോചിച്ചു, എന്നാലും, ആ കുട്ടിയെന്താ പുറത്തൊന്നും വരാത്തത്... .
ബാൽക്കണിയിലൂടെ നോക്കിയാൽ കാണുന്നത് കായൽ ആണ്.. അഷ്ടമുടിക്കായലിന്റെ ചെറിയൊരു ഭാഗം.. ഊർമിള ഇവിടെ വന്നിട്ട് ഒരു വർഷം ആകുന്നു... ഭർത്താവ് അനീഷ് ചന്ദ്രൻ, ബാങ്കിലാണ്.
ഓരോ രണ്ടു വർഷം കൂടുമ്പോഴും ട്രാൻസ്ഫർ വരും.. അങ്ങനങ്ങനെ ഓരോരോ സ്ഥലത്ത് ആയിരിക്കും താമസം. കല്യാണം കഴിഞ്ഞ്, 6വർഷത്തിനിടയിൽ ഇത് മൂന്നാമത്തെ സ്ഥലമാണ്. ആദ്യനാളുകളിൽ, ചെന്നൈയിൽ ആയിരുന്നു. അവിടെ ഒരു വീടിന്റെ മുകൾ ഭാഗത്ത് ആയിരുന്നു. താഴെ നിലയിൽ വീടിന്റെ ഉടമസ്ഥയും കോളേജ് പ്രൊഫസറുമായ സുമിത്ര അക്ക, അവരൊറ്റക്കാണ്‌ താമസം. ഏകദേശം നാല്പത്തിയഞ്ചു വയസ് വരും, കല്യാണം കഴിച്ചിട്ടില്ല.. ആകെ അവരുടെ വീട്ടിൽ വരുന്ന ഒരേ ഒരാൾ അവരെ സഹായിക്കാൻ വരുന്ന ഒരു തമിഴ് സ്ത്രീ ആണ്... ഭയങ്കര ഗൗരവക്കാരിയാണ് സുമിത്ര അക്ക. കണ്ടാൽ തന്നെ കോളേജ് പ്രൊഫസ്സറിന്റെ എല്ലാ ലക്ഷണങ്ങളുമുണ്ട്... എങ്കിലും ഊർമിളയോട് വല്യ ഇഷ്ടം ആയിരുന്നു.
ചെന്നൈയിലെ ചൂടായിരുന്നു ഊർമ്മിളയെ അലട്ടിയ പ്രധാന വിഷയം. ബോണക്കാട് ജനിച്ചു വളർന്ന അവൾക്ക് ചൂട് ഒരുപാടു ബുദ്ധിമുട്ട് ഉണ്ടാക്കി. മുടി കൊഴിച്ചിൽ കാരണം, അവൾ സങ്കടപ്പെട്ടു. എന്നാലും, മത്സരിച്ചു മുടിയിഴകൾ കൊഴിഞ്ഞു കൊണ്ടിരുന്നു. എങ്ങനെ എങ്കിലും നാട്ടിലെത്തിയാൽ മതിയെന്നാരുന്നു അന്നൊക്കെ ചിന്ത.
അങ്ങനെ ഇരിക്കുമ്പോൾ ആണ്, അനീഷിന് മഞ്ചേശ്വരത്തേക്ക് ട്രാൻസ്ഫർ വരുന്നത്. ഹോ, വടക്കേയറ്റമായാലും കുഴപ്പം ഇല്ല, സ്വന്തം നാടെന്നും പറഞ്ഞ് ഓടിച്ചാടി മഞ്ചേശ്വരത്ത് എത്തി. അവിടെ കിട്ടിയത് ഒരു ഒറ്റനില വീട് ആയിരുന്നു.. ചുറ്റുമതിലും ഗേറ്റും കാർ പോർച്ചും ഒക്കെയുള്ള, ഒരു നല്ല വീട്.
ആ വീട് ഊർമ്മിളക്ക് ഇഷ്ടം ആയിരുന്നു. അനീഷ് പോയി കഴിഞ്ഞാൽ, അവൾ, സമയം പോക്കിന് വേണ്ടി ചെടികളൊക്കെ വച്ചു പിടിപ്പിച്ചു. ഇംഗ്ലീഷിലെ എൽ ആകൃതിയിലുള്ള സിറ്റ് ഔട്ടിന്റെ രണ്ടു വശത്തും അവൾ ചട്ടികൾ തൂക്കി, അതിൽ ഭംഗിയുള്ള ചെടികൾ നട്ടു പിടിപ്പിച്ചു. മുറ്റത്തൊക്കെ പല നിറങ്ങളിലുള്ള റോസാ ചെടികളും വച്ചു... ഇവിടെന്നു പോകേണ്ടി വരുമ്പോൾ, ഇതൊന്നും കൊണ്ടുപോകാൻ ആവില്ലെന്നും, വേണ്ടാത്ത പണി ഒന്നും ചെയ്യേണ്ടന്ന് അനീഷ് പറഞ്ഞെങ്കിലും, ഊർമ്മിളക്ക് ചെടികൾ പകൽ ഒരാശ്വാസം ആയിരുന്നു.. എത്രയെന്ന് വച്ചിട്ടാണ് ഒറ്റക്ക് ഇരിക്കുക.
അടുത്ത വീട്ടിലുള്ളവരുമായും നല്ല ബന്ധം ആയിരുന്നു അവൾക്ക്... സമയം ഉള്ള വൈകുന്നേരങ്ങളിൽ , കുറച്ചു അപ്പുറത്തുള്ള ദേവീ ക്ഷേത്രത്തിൽ പോകാൻ അടുത്ത വീട്ടിലെ, രാജി അവളെയും കൂട്ടുമായിരുന്നു. രണ്ടു പേരും വർത്താനമൊക്കെ ഒക്കെ പറഞ്ഞു നടന്നങ്ങനെ പോയിട്ടു വരും.
ആ സ്ഥലം ഊർമ്മിളക്ക് ഇഷ്ടം ആയിരുന്നു. അങ്ങനെ ഇഷ്ടപ്പെട്ടു വന്നപ്പോഴേക്കും, ദാ വന്നു, അടുത്ത ട്രാൻസ്ഫർ. കൊല്ലത്തേക്ക്. വീടും, ചെടികളും ക്ഷേത്രവും എല്ലാം വിട്ട്, രാജിയോടും അടുത്തുള്ളവരോടും യാത്ര പറഞ്ഞ്, കൊല്ലത്തേക്ക് തിരിച്ചു. ഇപ്പോ ഒരു വർഷം കഴിയുന്നു ഇവിടെ വന്നിട്ട്... വീട് അന്വേഷിച്ചിട്ട് കിട്ടിയില്ല, ഒടുവിൽ ഫ്ലാറ്റ് ആണ് തരപ്പെട്ടത്. അല്ലെങ്കിലും ഫ്ലാറ്റ് ആണ് നല്ലത് എന്ന അഭിപ്രായം ആയിരുന്നു അനീഷിന്... അത്യാവശ്യം സൗകര്യങ്ങൾ ഒക്കെയുള്ള രണ്ടു മുറികളും, ഹാളും ഒക്കെയുള്ള മനോഹരം ആയൊരു ഫ്ലാറ്റ്. ഊർമ്മിളക്ക് പക്ഷേ, ഫ്ലാറ്റ് അത്ര ഇഷ്ടായില്ല.കൂട്ടു കൂടാൻ ആരുമില്ലല്ലോ എന്നായിരുന്നു അവളുടെ വിഷമം.
അടുത്തുള്ള ഫ്ലാറ്റിൽ താമസിക്കുന്നവരൊക്കെ ജോലി ഉള്ളവരാണ്. രാവിലെ പോയി വൈകുന്നേരമേ വരുകയുള്ളൂ. ആകെ അവളുടെ ഒരു സമാധാനം ബാൽക്കണി ആണ്. കിഴക്കേ വശത്താണ് ബാൽക്കണി.. അതുകൊണ്ട് തന്നെ വൈകുന്നേരം വെയിലടിക്കില്ല..
ജോലിയൊക്കെ തീർത്തിട്ട് ഊർമ്മിള ബാൽക്കണിയിലങ്ങനെ ഇരിക്കും. പുസ്തകവായനയാണ് പതിവ്.. അവിടെ അവൾ, അവൾക്ക് കഴിയുന്ന പോലെ, ചെറിയ രീതിയിൽ കുഞ്ഞു കുഞ്ഞു ചട്ടികളിലായി, കുറേ മണിപ്ലാന്റ് ചെടികൾ വച്ചിട്ടുണ്ട്.. അകത്തു ചിലയിടത്തു ലക്കി ബാംബൂവും വച്ചിട്ടുണ്ട്... ഇത്രേ ഉള്ളൂ ഇളം മഞ്ഞ പെയിന്റ് അടിച്ച ആ ഫ്ളാറ്റിൽ ആകെയുള്ള പച്ചപ്പ്.
അതുകൊണ്ട് തൃപ്തി വരാതാകുമ്പോൾ ആണ് ബാൽക്കണിയിൽ നിന്നു താഴേക്ക് നോക്കി ഊർമിള സംതൃപ്തി അടയുന്നത്... കായലിൽ നോക്കി നിൽക്കാൻ നല്ല രസമാണ്. ഒരു ചെറിയ കോളനി പോലുള്ള സ്ഥലം ആണ് കായലിനപ്പുറത്ത്.. ഫ്ലാറ്റിന്റെ ഭാഗത്ത് കായലിനധികം വീതി ഇല്ലാത്തതു കൊണ്ട് തന്നെ, അപ്പുറത്തെ വീടുകളിൽ നടക്കുന്നതൊക്കെ നല്ലത് പോലെ കാണാം.... അതിൽ റോസ് പെയിന്റ് അടിച്ച ഓടിട്ട ഒരു വീട്ടിൽ രണ്ടു കുട്ടികളുണ്ട്. ഒരാൺകുട്ടിയും ഒരു പെൺകുട്ടിയും... ആ പെൺകുട്ടിയെ ഊർമ്മിളക്ക് വല്യ ഇഷ്ടം ആണ്... അവളെ കാണുമ്പോൾ തന്റെ കുട്ടിക്കാലം ആണ് ഊർമിളക്ക് മനസ്സിൽ എത്തുന്നത്... പുള്ളിപ്പാവാടകളിട്ട അവളിൽ ഒരു കൊച്ചു ഊർമ്മിളയെ കാണാൻ അവളുടെ മനസ്സ് ആഗ്രഹിച്ചു... ഇടയ്ക്കു ആ കുട്ടി താഴെ നിന്നു കൈ വീശി കാണിക്കും.. ഊർമിള തിരിച്ചും....
സ്കൂളിൽ പോകേണ്ടാത്തതു കൊണ്ട് എപ്പോഴും കളി തന്നെയാണവരുടെ പണി... അടുത്തുള്ള ചെറിയ കുറച്ചു കുട്ടികളുമുണ്ട്...
പക്ഷേ, ഇപ്പോൾ മൂന്നു ദിവസം ആയി പുള്ളിപ്പാവാടക്കാരിയെ മാത്രം കാണുന്നില്ല. അവൾ മാത്രം എവിടെപ്പോയി. അവളുടെ അനിയൻ, കൂട്ടുകാരും ഒത്തു കായൽ തീരത്തു ഇരുന്നു കളിക്കുന്നുണ്ട്... അവളിനി വല്ല ബന്ധു വീട്ടിലും വിരുന്നു പോയിക്കാണുമോ... ഊർമിള തല പുകച്ചു. ഇതു പണ്ടേയുള്ള ശീലമാണ്... ഒരാവശ്യവും ഇല്ലാത്ത കാര്യത്തിന് വേണ്ടിയുള്ള ഈ ആവലാതി.....
രാത്രിയിൽ അനീഷ് വരാൻ വൈകി... അതുവരെ ചാനൽ മാറ്റി സമയം നീക്കി അവൾ. കുറച്ചു നേരം സ്വന്തം വീട്ടിലും അനീഷിന്റെ വീട്ടിലും വിളിച്ചു സംസാരിച്ചു... അനീഷ് വന്നതിനു ശേഷം, കുളിച്ചു വന്നു ഭക്ഷണം കഴിക്കുന്നതിനിടെ, ഊർമിള അനീഷിനോട്, ആ പെൺകുട്ടിയെ പറ്റി പറഞ്ഞു... അവളെവിടെ പോയിക്കാണുമെന്നു അനീഷിനോട് അവൾ ചോദിച്ചു... അന്തം വിട്ട് ഊർമ്മിളയെ ഒന്ന് നോക്കിയ ശേഷം,
"തന്റെ വട്ടിന് ഇപ്പോഴും ഒരു കുറവൊന്നുമില്ലല്ലോടോ"
എന്ന് പറഞ്ഞ് അനീഷ് കളിയാക്കി ചിരിച്ചു...
രാത്രിയിൽ അനീഷിന്റെ നെഞ്ചിൽ ചാഞ്ഞു കിടന്നുറങ്ങാൻ ശ്രമിക്കുമ്പോഴും അവൾ, ആ പെൺകുട്ടിയെ പറ്റി ഓർത്തു....
പിറ്റേ ദിവസവും രാവിലെ തന്നെ ഊർമിള ബാൽക്കണിയിൽ നിന്നു നോക്കി.... പാവാടക്കാരിയെ കണ്ടില്ല... രാവിലെയുള്ള പതിവ് ജോലിയൊക്കെ കഴിഞ്ഞ അവൾ ബാൽക്കണിയിൽ ഇരുന്ന് ഓരോരോ ചിന്തകളിൽ മുഴുകി.... കഴിഞ്ഞ തൃക്കാർത്തികയുടെ അന്ന്, താൻ ഈ ബാൽക്കണിയിൽ മെഴുകുതിരി നിറയെ കത്തിച്ചു വച്ചത്, താഴെയുള്ള വീടുകളിൽ കുട്ടികൾ ഓടി നടന്നു വിളക്ക് കത്തിച്ചത്, പാവാടക്കാരി തന്നെ നോക്കി അന്ന് കൈ വീശി കാണിച്ചത് ഒക്കെ അവളോർത്തു.... ഇന്ന് നാലു ദിവസം ആയി... എന്നാലും ആ കുട്ടി ഇതെവിടെ പോയി....
അടുത്ത ദിവസം രാവിലെ അവൾ ബാൽക്കണിയിലേക്ക് പോയില്ല... ജോലികളൊക്കെ തീർത്തു, വെറുതെ ടീവിയും കണ്ടിരുന്നു.... ഒക്കെ പഴയ സിനിമകളാണ്... എല്ലാം കണ്ട സിനിമകളാണ്... ചാനൽ മാറ്റി മാറ്റി ഇരിക്കുമ്പോൾ, പെട്ടന്ന് വിന്ദുജാ മേനോൻ കണ്ണിലുടക്കി.... പവിത്രം സിനിമ.. എട്ടച്ചന്റെ കുഞ്ഞി പെങ്ങൾക്ക് വയസറിയിച്ച സീൻ ആണ്... വയറുവേദന വന്ന അവൾ വയറ്റിലിങ്ങനെ പൊത്തി പിടിക്കുന്നുണ്ട്... പിന്നീട് കാണിക്കുന്നത്, കുളത്തിലാരോ സിന്ദൂരം കലക്കിയതാണ്....
സുധീഷ് വന്നിട്ട്, എന്താ എന്നൊക്കെ ചോദിക്കുന്നുണ്ട്..... ഊർമിള കുട്ടിക്കാലത്തേക്ക് മടങ്ങി പോയി.... തന്റെ കുട്ടിക്കാലവും ഇതുപോലെയായിരുന്നല്ലോ എന്നോർത്ത് ചിരിച്ചു...
അര പാവാടയും ഇട്ട് ചാടി തുള്ളി നടന്ന സമയത്താണ് അപ്രതീക്ഷിതമായി വലിയ കുട്ടിയായത്.... അതിന് ശേഷം നാലഞ്ചു ദിവസം വീട്ടിനകത്തു തന്നെ ഇരുത്തി... പിന്നെ, അര പാവാട മാറ്റി അമ്മ പട്ടുപാവാട ആക്കി... പട്ടിന്റ ബോർഡർ കണങ്കാല് വരെ ഉണ്ടാകും... പല നിറങ്ങളിൽ ഉള്ളത് ഉണ്ടായിരുന്നു... എങ്കിലും തനിക്കിഷ്ടം, മഞ്ഞയിൽ വയലറ്റ് ബോർഡർ ഉള്ള പാട്ടു പാവാടയായിരുന്നു... ഉടുപ്പിന്റെ കയ്യിലൊക്കെ നിറയെ പഫ് വച്ചു തയ്പ്പിച്ചത്.. അത് അച്ഛൻ കോട്ടയത്ത്‌ പോയപ്പോൾ വാങ്ങിക്കൊണ്ടു വന്നതായിരുന്നു...
ഓർമ്മകളിൽ നിന്നുണർന്ന ഊർമിള
പെട്ടെന്ന്, താഴെ വീട്ടിലുള്ള പെൺകുട്ടിയെ ഓർത്തു..... ഇനി അവൾക്ക്, ഇതു പോലെ വല്ലതും...... ടിവി നിർത്താതെ തന്നെ വേഗത്തിൽ ഊർമിള ബാല്കണിയിലേക്ക് നടന്നു... അങ്ങോട്ടു കടക്കാനുള്ള, വശത്തേക്ക് നീക്കുന്ന വാതിൽ തള്ളി നീക്കി... താഴേക്കു നോക്കിയ ഊർമിള, ഞെട്ടിപ്പോയി....
റോസ് പെയിന്റ് അടിച്ച ആ വീടിന്റെ മുന്നിൽ, മുറ്റത്ത് മൂന്ന് വശത്തായി സാരി മറച്ചു ഇട്ടിരിക്കുന്നു.. കുറച്ചു കുട്ടികൾ അവിടെ നിൽക്കുന്നുണ്ട്... കൂട്ടത്തിൽ അവൾ ഇല്ല. അടുത്തുള്ള കുറച്ചു ആൾക്കാർ അവിടെ തിണ്ണയിൽ ഇരിക്കുന്നുണ്ട്... ഈശ്വരാ, ആർക്കെങ്കിലും വല്ല ആപത്തും ഉണ്ടായോ.... ആ കുട്ടിയെ കാണുന്നുമില്ലല്ലോ... ഊർമ്മിളയുടെ ഉള്ള് കാളി...
ആരോടാ ഒന്ന് ചോദിക്കുക, ആരും ഇങ്ങോട്ട് നോക്കുന്നത് പോലുമില്ല.... നോക്കിയാലും എങ്ങനെ ചോദിക്കാനാണ്. അവളാകെ പരിഭ്രമത്തിലായി.. ഇതിപ്പോ ഈ നോട്ടമിങ്ങനെ നോക്കി നില്കാൻ തുടങ്ങീട്ട് നേരം എത്ര ആയി.. ഒരു വിവരവും അറിയുന്നില്ലല്ലോ... അവളുടെ മനസ്സ് സങ്കടപ്പെട്ടു.
നേരം കുറച്ചൂടെ കഴിഞ്ഞു... പെട്ടന്ന്, ആ വീടിനകത്തു നിന്ന് കുറച്ചു പെൺകുട്ടികൾ പുറത്തേക്ക് ഇറങ്ങി.. എല്ലാവരും നല്ല നല്ല ഉടുപ്പുകളൊക്കെ ഇട്ടിരിക്കുന്നു.. പക്ഷേ അതിലൊന്നും പരിചയമുഖങ്ങളൊന്നുമില്ല. ഓരോ മുഖത്തിലും അവളാ പെൺകുട്ടിയെ തിരഞ്ഞു.. പക്ഷേ കാണാൻ കഴിഞ്ഞില്ല.
എല്ലാവരും ഇറങ്ങി, മുറ്റത്തു നിന്നിട്ട് വീടിനകത്തേക്ക് നോക്കി നിന്നു... ഏറ്റവും ഒടുവിലായി അവളുടെ അമ്മ ഒരു കുട്ടിയെ കൈ പിടിച്ചു മുറ്റത്തെക്ക് കൊണ്ട് വന്ന് ഒരു കസേരയിൽ ഇരുത്തി.. ഊർമിള സൂക്ഷിച്ചു നോക്കി, അതേ ഇതവൾ തന്നെ... പക്ഷേ, അവൾക്ക് ആകെയൊരു മാറ്റം...
മുട്ടിനൊപ്പം നിൽക്കുന്ന പുള്ളിപ്പാവാടയല്ല, പകരം കണങ്കാല് വരെയുള്ള ചുവന്ന പാട്ടുപാവാട ആണ് അവൾ ഇട്ടിരിക്കുന്നത്.. മുടി നിറയെ പൂവും വച്ചിരിക്കുന്നു.... നല്ല പോലെ അവളെ ഒരുക്കി സുന്ദരി കുട്ടി ആക്കിയിട്ടുണ്ട്. എല്ലാവരും എന്തൊക്കെയോ പറയുന്നുണ്ട്... പക്ഷേ ഒന്നും കേൾക്കുന്നില്ലല്ലോ, ഊർമ്മിളക്ക് സങ്കടം വന്നെങ്കിലും, അവളെ കാണാൻ പറ്റിയതിൽ സന്തോഷം തോന്നി..
കുറച്ചു നേരം ഊർമിള ഇതൊക്കെ നോക്കി നിന്നു.. പതിയെ അവളുടെ ചുണ്ടിലൊരു പുഞ്ചിരി തെളിഞ്ഞു.... അപ്പൊ അതാണല്ലേ കുറുമ്പി പെണ്ണേ നാലഞ്ചു ദിവസം ആയിട്ട് പുറത്തേക്കു കാണാഞ്ഞത്.... എന്തായാലും നിന്നെ കണ്ടപ്പോൾ എനിക്ക് ആശ്വാസം ആയി... തിരക്ക് ഒക്കെ ഒന്ന് മാറട്ടെ, എന്നിട്ട് അനീഷേട്ടനോട്‌ പറഞ്ഞിട്ട്, അവളെ ഒന്ന് കാണാൻ പോകണം... കുറച്ചു പലഹാരങ്ങളൊക്കെ മേടിക്കണം... ഒരുടുപ്പും വാങ്ങണം... പാട്ടുപാവാടയുടെ തുണി മതി, അളവിന് അവർ തയ്പ്പിച്ചോട്ടെ... നിറം, അത് മഞ്ഞ തന്നെ വേണം, അതും വയലറ്റ് ബോർഡർ ഉള്ളത്......
തന്റെ ഏറ്റവും പ്രിയപ്പെട്ട ഒരാൾക്ക് ഒരു വിശേഷം ഉണ്ടായതുപോലെ, ഏറെ ആഹ്ലാദത്തോടെ, മനസ്സിൽ എല്ലാം തീരുമാനിച്ച ഊർമിള, അനീഷിനെ വിളിക്കാനായി മൊബൈൽ ഫോൺ കയ്യിലെടുത്തു.........!!
Written by
Anjaly JR

നിദ്ര (കഥ)


"ഒന്ന് വേഗം  നടക്കെന്റെ ശ്രീ"..അപ്പു ശബ്ദമുയർത്തി  പറഞ്ഞു."  ഇറങ്ങും  മുന്നേ പറഞ്ഞതല്ലേ .."ഒരുപാട് നടക്കാനുണ്ടെന്നു " .അപ്പു നടത്തം തുടർന്നു..ശ്രീക്കുട്ടി  ആയാസപ്പെട്ട്  പിന്നാലെ  നടന്നുകൊണ്ട്  പറഞ്ഞു ."  ഇത്ര ഭയമായിരുന്നെങ്കിൽ  അപ്പുവേട്ടൻ  വരേണ്ടിയിരുന്നില്ല  .ഞാൻ വേറെ ആരെയെങ്കിലും  കൂടെ കുട്ടിയെനേം  .അപ്പുനടത്തം നിർത്തി അവളോട്   ചൊടിച്ചു.."ഭയമുണ്ടെനിക്  ..പറഞ്ഞിട്ട്  കാര്യമല്ല..   പകലു പോലും മനുഷ്യൻ  പോകാൻ  വിറയ്ക്കുന്ന  പടിഞ്ഞാറേ  മനയിലേക് ഇ രാത്രിയിൽ  ആരെങ്കിലും  പോകുവോ..അതും യൂട്യൂബിലിടാൻ വ്ലോഗ്  ചെയ്യാൻ "...ശ്രീക്കുട്ടി  ചിരിച്ചു  കൊണ്ട് പറഞ്ഞു, " ന്റെ അപ്പുവേട്ടാ  ഇത്‌ 21-)0  നൂറ്റാണ്ടാണ്  .ഈ കാലത്തും  കറങ്ങി  നടക്കുന്ന യക്ഷികൾ  ഉണ്ടെങ്കിൽ  എനിക്കും  എന്റെ ക്യാമറക്കും  അതൊന്നു കാണുക  തന്നെ വേണം.പടിഞ്ഞാറേമനയിലെ സുമിത്രകുട്ടിയെ  യൂട്യൂബിലിട്ട് ഞാൻ ലൈക്സ്   വാങ്ങും   കണ്ടോളൂ "..അവർ നടത്തം തുടർന്നു.
           യൂട്യൂബിൽ  അറിയപ്പെടുന്ന   വ്ലോഗെറായ ശ്രീകുട്ടിടെ  യാത്ര നൂറ്റാണ്ടുകൾക്കു  മുൻപ് മരണമടഞ്ഞ  സുമിത്ര എന്ന ബ്രാഹ്മണ  പെൺകൊടിയേ  തേടിയാണ്  .കോളേജ്  രാഷ്ട്രീയം  അവൾക് പകർന്നു  നൽകിയ  ആദർശ ങ്ങൾക്കു  മുൻപിൽ അപ്പുവിന്റെയോ നാട്ടുകാരുടെയോ   വിശ്വാസം ഒന്നുമായിരുന്നില്ല  .അതുകൊണ്ടാണ്  പ്രേക്ഷകരിൽ  നിന്നും  മനയിൽ  വച്ച് വ്ലോഗ് ചെയ്യാമോന്ന  ചോദ്യം  വന്നപ്പോൾ  ധൈര്യമായി   ഏറ്റെടുത്തതും  .ടോർച്ചിന്റെ സഹായത്താൽ  അവർ നടത്തം തുടർന്നു.നടപ്പാത  രണ്ടായി തിരിയുന്നിടത്തു  പടിഞ്ഞാറെമന  നിലകൊള്ളുന്നു  ."  നാം എത്തി ചേർന്നിരിക്കുന്നു  ". അപ്പുവിന്റെ  വാക്കുകൾക്കിടിയിൽ  ഭയം  ചൂഴ്ന്നിറങ്ങുന്നതായി അവൾക് അനുഭവപ്പെട്ടു  .പഠിപ്പുര തുറന്നവർ  ഉള്ളിൽ കയറി .അപ്പു പേടിയോടെ നാലു ചുറ്റും  ടോർച് അടിച്ചു  നോക്കി.ശ്രീക്കുട്ടീ വ്ലോഗ് തുടങ്ങി കഴിഞ്ഞിരിക്കുന്നു  .ആ നാലുകെട്ടിന്റെ  മുക്കും   മൂലയും അവൾ ക്യാമറയിലാക്കി  ." ഇപ്പോൾ മനസിലായില്ലേ  ഫ്രണ്ട്‌സ് പ്രേതകഥകൾ  വെറും കെട്ടുകഥകൾ  മാത്രമാണെന്ന്  ..അടുത്ത വിഡിയോയിൽ  കാണുംവരെക്കും  ബൈ.."  വ്ലോഗ് അവസാനിക്കിച്ചെന്ന  സമാധാനത്തിൽ  പോകാനിറങ്ങിയ  അപ്പുവിനെ  അവൾ തടഞ്ഞു  .അവിടെഉള്ള കുളം കുടി കണ്ടിട്ടേ  അവൾ പോകുവെന്നു  ..അപ്പു പിറുപിറുത്തുകൊണ്ട്  അവൾക് പിന്നാലെ നടന്നു  .ഇടുങ്ങിയ വഴിയിലൂടെ  നടന്നവർ  പൊട്ടി പൊളിഞ്ഞ  കല്പടവുകളും   ,കുറ്റിക്കാട്  ഉള്ളതുമായ  കുളത്തിനടുത്തെത്തി  ...ചുറ്റുമുള്ള  വള്ളിപ്പടർപ്പുകൾ  നോക്കി നിന്ന ശ്രീക്കുട്ടി അവിചാരിതമായി  വെള്ളത്തിലേക്ക്  വീണു..ഒരു നിലവിളി   അവിടമാകെ   പ്രെധിധ്വനിച്ചു ..
          ബോധം  തെളിയുമ്പോൾ  അവൾ വിശാലമായൊരു  നടുത്തളത്തിൽ  ആയിരുന്നു  .ചുറ്റിലും സ്ത്രികൾ.അപ്പുവിനെ കാണുന്നുമില്ല  ."  ഞാൻ എങ്ങനെയാ  ഇവിടെ എത്തിയത്"  ? അവൾ എഴുന്നേൽക്കാൻ   ശ്രമിച്ചു  .അടുത്തിരുന്ന  പെൺകുട്ടി  അവളെ തടഞ്ഞു കൊണ്ട് പറഞ്ഞു,"  കുറച്ചു നേരം കുടി കിടന്നോളു " .  അവൾ ചുറ്റിലും  നോക്കി..പല പ്രായത്തിലുള്ള  സ്ത്രീകൾ മാത്രമേ  ഉള്ളവിടെ  ."  ഞാൻ ആരാണെന്നു  മനസ്സിലായോ  കുട്ടിക്കു?"  അടുത്തിരുന്ന പെൺകുട്ടി അവളോട് ചോദിച്ചു ."  നിങ്ങൾ   തിരഞ്ഞു വന്ന സുമിത്രയാണ്  ഞാൻ "....ശ്രീക്കുട്ടി ഭയന്ന്  വീണ്ടും എഴുന്നേൽക്കാൻ നോക്കി.അവളെ തടഞ്ഞു കൊണ്ട് സുമിത്ര  പറഞ്ഞു ,"  എന്നെ കാണാനായി  ഇറങ്ങിയിട്ട്  കണ്ടപ്പോൾ  ഭയക്കുന്നത്  എന്തിനാണ്  ?നിന്നെ പോലെ ഞാനും ,നമുക്കു ചുറ്റും നിൽക്കുന്നവരും  സ്ത്രീകളാണ്  .എന്നാൽ ഒരു വ്യത്യാസമുണ്ട്  , നീ സ്ത്രീയായി  ജീവിക്കുന്നവളാണ്  ...ഞങ്ങൾ സ്ത്രീയായതിനാൽ  മരണപ്പെട്ടവരും  ". ശ്രീക്കുട്ടിയുടെ ഭയം തെല്ലൊന്നു  അടങ്ങിയപ്പോൾ  സുമിത്ര തുടർന്നു." ഒറ്റയ്ക്ക് നിൽക്കുന്ന സ്ത്രീയിൽ  പുരുഷൻ  ഒരിക്കലും അമ്മയെയോ  ,പെങ്ങളേയോ  ,മകളെയോ  കാണില്ല..കാണുക പെണ്ണിന്റെ മാംസത്തെ  മാത്രമാണ്‌.നോക്കു നിനക്കു ചുറ്റും  നിൽക്കുന്നവരിൽ  നീ കണ്ടിട്ടുള്ളതോ  കേട്ടിട്ടുള്ളതോ  ആയ സ്ത്രീകൾ ഉണ്ടാകും"..ശ്രീകുട്ടി ചുറ്റിലും നോക്കി..അവളിൽ നിന്നൊരു  ആർത്തനാദം  ഉയർന്നു  ..ദൈവമേ,ട്രെയിനിൽ വച്ച് ഒറ്റക്കയ്യനാൽ  ആക്രമിക്കപ്പെട്ട   പെൺകുട്ടി..സ്വയരക്ഷാർത്ഥം ശരീരത്തിൽ  ക്യാമറയും  വച്ച് നടന്നിട്ടും  ബംഗാളിയാൽ അപമാനിക്കപ്പെട്ട  പെൺകുട്ടി...വലതു  വശത്തു   നിന്ന കുട്ടികളെ  കണ്ടപ്പോൾ  അവളിൽ കൂടുതൽ ഞെട്ടൽ  ഉണ്ടായി  ...കാമവെറിയന്മാരാൽ ജീവിതം ഹോമിക്കപെട്ട    വാളയാറിലെ കുഞ്ഞുങ്ങൾ  ..ശ്രീക്കുട്ടി കൈത്തലം മുഖത്തു  അമർത്തിയിരുന്നു  .സുമിത്ര തുടർന്നു.
        "ഈ നിൽക്കുന്നവർ  എല്ലാം തന്നെ പുരുഷന്റെ കാമാസക്തിക്  മുൻപിൽ ജീവിതം നശിച്ചവരാണ്  .ഞാൻ എങ്ങനെയാ മരിച്ചതെന്നറിയുമോ  കുട്ടിക്?,സ്വന്തം ഇളയച്ഛൻ  ഉപദ്രവിക്കാൻ  ശ്രമിച്ചപ്പോൾ  ചുമരിൽ  തലയിടിച്ച്  വീണാണ്  ഞാൻ.....ഇല്ലാതായത് .മരണം എന്റെ കന്യകാത്വത്തെ  സംരക്ഷിച്ചല്ലോ  എന്ന് ഞാൻ ആശ്വസിച്ചു . പക്ഷെ  കന്യകമാരായ  ഞങ്ങളുടെ സമുദായത്തിലെ   സ്ത്രീകൾ മരിച്ചാൽ  ,കന്യകാത്വം  അവർക്കു  ശാപമാണ്  .പുരുഷസുഖം അനുഭവിച്ചങ്കിൽ  മാത്രമേ മോക്ഷം  ലഭിക്കുവെത്ര  .തണുത്തുറഞ്ഞ എന്റെ ശരീരത്തെ  ചണ്ഡാളന്  നൽകി,എന്റെ ശവത്തെ  പോലും ഭോഗിച്ചു  .. സമുദായാചാരം     ആണ് അത്ര...മരണം എന്റെ സ്ത്രീത്വത്തെ  വീണ്ടും മുറിവേൽപ്പിച്ചു  ."  സുമിത്ര കണ്ണുനീർ  തുടച്ചു  കൊണ്ട് തുടർന്നു."  ഞങ്ങൾ ജീവിക്കാൻ ആഗ്രഹിച്ചവരാണ്  ,ഞങ്ങളുടെ  ജീവിതം ഇല്ലാതാക്കിയത്   കാമവെറിയന്മാരാണ്  .എന്നാൽ നിയമത്തിനു  മുൻപിൽ അവർ മാന്യന്മാരാണ്  .നീതി ദേവത  ഞങ്ങൾക്ക്  മുൻപിൽ മുഖം തിരിഞ്ഞു  നിൽക്കുന്നിടത്തോളം  കാലം ഞങ്ങളുടെ ആത്മാവിനു  മോക്ഷം കിട്ടില്ല. താത്രിക്കുട്ടി മുതൽ  നൂറ്റാണ്ടുകൾക്കു മുന്പത്തേയും  ഇപ്പോളത്തെയും  സ്ത്രീകൾ പുരുഷന്റെ കാമാസക്തി  തിർക്കുവാനുള്ള ഒരു ഉപകരണം  മാത്രമാണ് .സ്ത്രീകളുടെ അവസ്ഥക്ക് മാറ്റം  വന്നിട്ടില്ല  .അതിനാൽ പിറന്നു  വീഴുന്ന  ഓരോ പുത്രനും  അമ്മമാർ  വേണം സ്ത്രീയുടെ  വില മനസിലാക്കി നൽകുവാൻ  .എങ്കിൽ മാത്രമേ ഇനിയുള്ള  പെൺകുട്ടികൾ  എങ്കിലും സുരക്ഷിതരാകു  ."  സുമിത്ര അവളുടെ കൈ പിടിച്ച് വിതുമ്പി  ..............
       
        ശ്രീ.. ..ശ്രീമോളെ..വിളി കേട്ടാണ്  ശ്രീക്കുട്ടി ഉണർന്നത്  അമ്മയാണ് ."എന്തൊരു ഉറക്കമെടി  ഇത്..മനയിൽ അല്ലെ ഇന്നത്തെ നിന്റെ പ്രോഗ്രാം  ..അപ്പു കാത്തു   നിൽപ്പുണ്ട്  ...സൂക്ഷിക്കണോട്ടോ   അമ്മേടെ കുട്ടി..."  ശ്രീക്കുട്ടി മിഴിച്ചിരുന്നു  .താൻ മനയും  സുമിത്രയെയും  ,കൂടെ അഭിമാനസംരക്ഷണാര്ഥം  പോരാടി  കൊണ്ടിരിക്കുന്ന  ഒരുപറ്റം  സ്ത്രീകളെയും  കണ്ടു എന്നുള്ളത്  വസ്തുതയോ , അതോ മിഥ്യയോ  ദൈവമേ.......
      ജിഷ്ണുപ്രിയ കാർത്തികേയൻ
Fb ID: jishnupriya karthikeyan

കീമോ


ദേഹം മുഴുവൻ പുകഞ്ഞു നീറിയിട്ട് വയ്യ മോളെ ഇതിന് വേറൊരു മരുന്നും ഇല്ലേയെന്ന് ഓരോ തവണയും നിറകണ്ണുകളോടെ കീമോതെറാപ്പി തുടങ്ങാനായി ക്യാനുല കുത്തും മുൻപേ ആയമ്മ എന്നോട് ചോദിക്കും..
മറുപടി വേറൊന്നുമില്ലാത്തതിനാൽ സൂചിയുടെ നീലപാടുകൾ നിറഞ്ഞ ആ കയ്യിൽ പതുക്കെ ഉഴിഞ്ഞുകൊടുത്ത് ഞാനാ ബെഡിനോട് ചേർന്നു നിൽക്കും..
അവിടെ വരുന്ന ഓരോരുത്തരോടും സമയം പങ്കുവച്ച് അവരെ കേൾക്കാനായി കാതുകൾ നൽകി വീട്ടിലെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞാണ് എന്റെ ഓരോ ദിവസവും കടന്നുപോകുക..
ശർദ്ധിച്ചു കുഴഞ്ഞുപോയെങ്കിലും എന്റെ കൈകളിൽ പരിചയത്തോടെ കോർത്തുപിടിക്കുന്ന ആ കൈവിരലുകളിൽ സ്നേഹത്തിന്റെ മുറുക്കവും ഇളം ചൂടുമുണ്ടാകും.
ഇതിപ്പോഴൊന്നുമല്ല കാൻസറെന്ന വ്യാധി കേൾക്കുമ്പോഴേക്കും മുക്കാൽ ജീവനും പോയി, ജീവനോടെയിരിക്കുമ്പോഴും മൃതശരീരങ്ങളായി നിമിഷങ്ങൾ തള്ളി നീക്കുന്ന നിസ്സഹായരായ മനുഷ്യരെ കണ്ടുമുട്ടാൻ തുടങ്ങിയപ്പോഴാണ്..ഇന്നിപ്പോൾ കുടുംബത്തിൽ തന്നെ വിരലിലെണ്ണാവുന്നതിൽ കൂടുതൽ രോഗബാധിതരുണ്ട് അതിൽ മരിച്ചവരും ജീവനോടെയുള്ളവരും..
ഓരോ തവണ കീമോ കഴിഞ്ഞു യാത്രയയക്കും നേരവും അടുത്തതിന് വരാൻ സാധിക്കുമായിരിക്കുമല്ലേ സിസ്റ്ററെയെന്നവർ മിഴിയുയർത്തിയൊരു നിശബ്‌ദചോദ്യമുണ്ട്..
ധൈര്യത്തോടെ 'പിന്നല്ല' എന്നൊരു ഉറപ്പ് കൊടുത്ത്‌ ചേർത്തുപിടിക്കുമ്പോൾ തളർന്നതെങ്കിലും ആ ഹൃദയമിടിപ്പെനിക്ക് കേൾക്കാം..
ഇഷ്ടമില്ലെങ്കിലും ജീവിക്കാനുള്ള കൊതികൊണ്ട് ചുട്ടുപൊള്ളുന്ന ലാവ ഞരമ്പിലൂടെ മാസാമാസം ഒഴുക്കാൻ വിധിക്കപ്പെട്ടവർ..
ഓരോ മാസവും കീമോയാൽ ഉടലിനെ പൊള്ളിച്ച് അഗ്നിശുദ്ധി നടത്തി മുടിയിഴകൾ നഷ്ടപ്പെട്ട് പിച്ച വെക്കുന്ന കാല്പാദങ്ങളോടെ കുഞ്ഞുങ്ങളായി പുനർജനി നേടുന്നവർ..
കീമോ തുടങ്ങുമ്പോഴേക്കും എന്തെങ്കിലും സംഭവിക്കുമെന്നല്ല.. ആത്മധൈര്യമില്ലാത്ത വെറും പാവങ്ങളാണ് പലരും.. ശരീരം കാർന്നുതിന്നുന്ന ഞണ്ടുകളെ അവസാനഘട്ടത്തിലാകും മിക്കവരും അറിഞ്ഞിട്ടുണ്ടാകുക..അവർക്കായുള്ള തീയതി അടുക്കുമ്പോൾ ഒന്നും സംഭവിച്ചിരിക്കല്ലേയെന്ന്
ഉള്ളുരുകി പ്രാർത്ഥിച്ചാണ് ഓരോരുത്തരെയും വിളിക്കുന്നത്..
ഒരു രോഗിയുമായും വ്യക്തിബന്ധമരുതെന്നും അവരുടെ സങ്കടങ്ങളും വേദനകളും അവിടെ തന്നെ വിട്ട് ഉന്മേഷത്തോടെ ഡ്യൂട്ടിയിൽ നിന്ന് മടങ്ങിപോകണമെന്ന് കരുതിയാലും ഞാനതിൽ എന്നുമൊരു തോൽവിയാണെന്ന് പലപ്പോഴും തെളിയിച്ചിട്ടുണ്ട്..
മടങ്ങിവരാത്തവരെ ഓർത്ത് നെഞ്ചിലൊരു കനത്തോടെ വറ്റിറങ്ങാൻ പോലും വിശപ്പില്ലാതെ ആ ദിവസങ്ങൾ കടന്നുപോകും..
ഇതൊക്കെ എത്രെയോ കാണുന്നതാണ് ഇവൾക്കിതിനും മാത്രം സങ്കടമെന്തിനാ എന്ന് ചിന്തിക്കുന്നവരോട് ഒറ്റ ഒരു തവണ കണ്ടുമുട്ടി സമയം ചിലവിട്ടവർ ജീവനോടെയില്ല എന്നറിയുമ്പോൾ ഒരു നിമിഷത്തേക്കെങ്കിലും നിങ്ങൾക്ക് തോന്നുന്ന വികാരമെന്താകും.. അതിന്റെ പത്തുമടങ്ങു അവരുടെ കൂടെ പലവട്ടം മണിക്കൂറുകളോളം സമയം ചിലവിട്ട ഞങ്ങൾക്കുമുണ്ടാകും..ആ ജോലിക്ക് അപ്പുറം മജ്ജയും മാംസവും മനസ്സുമുള്ള മനുഷ്യരാണല്ലോ ഞങ്ങളും...
കോഴ്സ് പഠിക്കുന്ന സമയമാണ് ..ക്ലാസ്സ് കഴിഞ്ഞ് വന്നാൽ ഇട്ടിരുന്ന കോളേജ് യൂണിഫോം മാറി നേരെ ക്ലിനിക്കിലെ ഒപിഡിയിലേക്ക് ധൃതിയിലൊരു ഓട്ടമാണ് .രണ്ട് ബസ് മാറി കേറണം കോളേജിലേക്ക്..മടങ്ങാനുള്ള ബസ് വൈകിയ ദിവസമെങ്കിൽ വന്നാലുടനെയുള്ള പതിവുള്ള ചായ പോലും ഒഴിവാക്കി ഡ്യൂട്ടിക്ക്..
പകൽ ഡ്യൂട്ടിയിലുള്ള കുൽക്കർണിയുടെ കയ്യിൽ നിന്നും ഹാൻഡ് ഓവർ വാങ്ങി അയാളെ പറഞ്ഞുവിട്ട് ഒപിയിലേക്ക് വന്ന രോഗികളുടെ ലിസ്റ്റെടുത്ത്‌ നോക്കി ഡോക്ടറെത്തും മുൻപേ വൈറ്റൽ സയൻസും തൂക്കവും എഴുതിവെക്കണം.
മുൻപ് ഞാൻ പറഞ്ഞിരുന്നു നഴ്സിംഗ് പഠിക്കുമ്പോൾ ഫീസീനും ചിലവിനുമായി രാത്രികളിൽ ഞാനൊരു സർജിക്കൽ നഴ്സിംഗ് ഹോമിൽ ജോലി ചെയ്തിരുന്നത്.
പകലിൽ കോളേജിൽ പോയുള്ള പഠിപ്പ് , മടങ്ങിവന്നാലുടൻ നേരെ വൈകുന്നേരത്തെ ഒപിഡി ഡ്യൂട്ടി , അത് കഴിഞ്ഞാൽ അഡ്മിറ്റ് ആയിട്ടുള്ള രോഗികൾക്കുള്ള കാര്യങ്ങളെല്ലാം തീർത്ത്‌ പത്തര പതിനൊന്നോടെ ചാർട്ട് ചെയ്തുവച്ചിട്ടുള്ള ഓപ്പറേഷൻ തീയറ്ററിലെ അസിസ്റ്റന്റ് ഡ്യൂട്ടി...
ഷെഡ്യൂൾ ചെയ്ത് വച്ച സർജറിയെല്ലാം കഴിഞ്ഞ് വീണ്ടും പോസ്റ്റ് ഓപ്പറേറ്റീവ് വാർഡ്.. അതിനിടയിൽ ഇൻസ്ട്രുമെൻറ്റ് കഴുകലും സ്റ്റെറിലൈസഷനും സഹായിയോടൊപ്പം..
പുലർച്ചെ ഡോക്ടറുടെ സഹായിയെ ഡ്യൂട്ടി ഏൽപ്പിച്ച് ഒരുമണിക്കൂർ കഷ്ടി ഉറക്കം കിട്ടിയാൽ കിട്ടി .. രാവിലെ പിന്നെയും കോളേജിലേക്ക് ഇതായിരുന്നു അക്കാലങ്ങളിലെ എന്റെ ദിനചര്യ..
എഴുതാൻ മാത്രം ഇല്ലെന്ന് കരുതുന്ന എന്നാൽ അതൊന്നും ഇല്ലെങ്കിൽ ദിവസങ്ങൾ പൂർണമാകില്ലെന്ന് കരുതുന്ന നൂറായിരം ചെറിയ ജോലികൾ വേറെയുമുണ്ടാകും..
പതിനഞ്ചു ബെഡ് കപ്പാസിറ്റിയിൽ അഡ്മിഷനും തിരക്ക് പിടിച്ച ഒപിയുമുള്ള കാൻസർ സർജന്റെ നഴ്സിംഗ് ഹോം.
ശനിയും ഞായറും ക്ലാസില്ലാത്തതിനാൽ പകൽ സമയത്ത് പഠിക്കാനുള്ളതും അസൈന്മെന്റ്റ് എഴുതാനുള്ളതുമെല്ലാം തീർക്കും..
അതിനിടയിലും കീമോതെറാപ്പിക്ക് വരുന്ന രോഗികളും പോസ്റ്റ് ഓപ്പറേറ്റീവ് രോഗികളും ,ഒപിഡി തൊട്ട് കീമോ വരെ നീളുന്ന ബന്ധമാകുമ്പോൾ രോഗികളുമായി ഒരടുപ്പവും ഉണ്ടാകും അന്വേഷിക്കുമ്പോൾ പോയി കാണാനും മറക്കില്ല.. അവിടെത്തന്നെയുള്ള ഒരു മുറിയിലാണ് ഞാനും താമസം.
ഇതെല്ലാം മുൻപും എഴുതിയിട്ടുള്ളതാണ്.
അന്നത്തെ ഡ്യൂട്ടിക്ക് തിരക്കധികമില്ലായിരുന്നതിനാൽ സമാധാനത്തോടെ ഞാൻ വന്ന് റിസെപ്ഷനിലിരുന്നു..
ലിസ്റ്റിൽ ഏഴുപേരെ ഉള്ളൂ അതിൽ രണ്ട് പേർ പുതിയതാണ്..പഴയവരോട് വിശേഷങ്ങൾ ചോദിച്ചറിഞ്ഞ് പുതിയ ആളിലെ ഒരാളെ ഞാൻ അകത്തേക്ക് വിളിച്ചു.. ഇണപ്രാവുകളുടെ കുറുങ്ങലുമായി ഇന്ന് രാവിലെ കല്യാണം കഴിഞ്ഞകണക്ക് ഒരു ഷബാനാബേഗവും ഭർത്താവുമിരുന്ന് സംസാരിക്കുന്നു ഒരു മൂലയിൽ .
ഷബാനയാണ് രോഗി ..പ്രായം 43 ..കറുത്ത പർദക്കുള്ളിലെങ്കിലും മുഖാവരണത്തിനിടയിലൂടെ കാണുന്ന കണ്ണുകളും നിറവും അവരൊരു സുന്ദരിയാണെന്ന് വിളിച്ചുപറയുന്നുണ്ട്.
ഭർത്താവിന്റെ കയ്യിൽ മുറുകെ പിടിച്ചിരിക്കുന്ന കൈകളിൽ മയിലാഞ്ചിയുടെ കടുംചുവപ്പ്..പർദ്ദയുടെ കൈ മുകളിലേക്ക് നീങ്ങുമ്പോൾ രണ്ടു കൈത്തണ്ടയിലും നിറഞ്ഞുകിടക്കുന്ന സ്വർണാഭരണങ്ങൾ..
ഭർത്താവും സുന്ദരനാണ്.. അയാൾ ഏതോ ഒരു ഹിന്ദി സിനിമാനടനെപോലെയുണ്ടെന്ന എന്റെ സംശയത്തിന് ഡോക്ടറാണ് പിന്നീട് ഷമ്മികപൂറെന്ന ഉത്തരം തന്നത്.
പർദ്ദയഴിക്കാൻ സമ്മതിക്കാതിരുന്ന അവരെയും നോക്കി കൈമലർത്തി കാണിച്ച് പിന്നെങ്ങനെ പരിശോധിക്കുമെന്ന എന്റെ മുറി ഹിന്ദി കേട്ടാകണം ഭർത്താവ് എഴുന്നേറ്റ് വന്നു..പർദ്ദ ഊരാതെ കഴിയില്ലല്ലോ അദ്ദേഹം പറഞ്ഞുമനസിലാക്കിച്ചു മടങ്ങിപ്പോയി..
ഫയലിൽ അവരുടെ റിപോർട്ടുകൾ ചേർത്തുവെക്കാൻ നേരമാണ് ഗർഭാശയത്തിലെ കാൻസറെന്ന ബയോപ്സി റിപ്പോർട്ട് കണ്ടത്..
കണ്ട്‌ കണ്ട് മനസ്സ് മടുത്തിരിക്കുന്ന അവസ്ഥയാണ് ഇതെല്ലാം , എങ്കിലും ബിപിയും മറ്റുമായി ഓരോന്ന് പരിശോധിക്കുമ്പോഴുള്ള അവരുടെ നിഷ്കളങ്കതയുള്ള ചോദ്യങ്ങളും വിശേഷം പറച്ചിലും ആ റിപ്പോർട്ട് എന്നെ പെട്ടെന്ന് സങ്കടത്തിലാഴ്ത്തി..
അസുഖമെന്തെന്ന് അവരെ അറിയിച്ചിട്ടില്ല വയറുവേദനയും നിർത്താതെയുള്ള രക്തസ്രാവവും.. വേറൊരു ലേഡി ഡോക്ടറെ കാണിച്ചപ്പോൾ ടെസ്റ്റ് ചെയ്ത് ഓപ്പറേഷൻ വേണ്ടിവരുമെന്ന് പറഞ്ഞ് ഇങ്ങോട്ടേക്ക് വിട്ടിരിക്കുകയാണ്..വേറൊന്നും അതിനറിയില്ല.
പതിനാറോ പതിനേഴോ വയസുള്ളപ്പോൾ വിവാഹം കഴിഞ്ഞതാണ് നാല് മക്കളുള്ളതിൽ രണ്ട് പെൺകുട്ടികളുടെ വിവാഹം കഴിഞ്ഞ് പേരകുട്ടികളുമായി, എങ്കിലും ഒരു പക്വതയുമില്ലാത്ത പെരുമാറ്റം..
ഇവിടുത്തെ ഡോക്ടർ പുരുഷനാണെന്ന് അറിഞ്ഞപ്പോൾ മുതൽ വരാൻ മടിപിടിച്ചിരുന്ന അവരെ ഭർത്താവ് നിർബന്ധിച്ചു കൂട്ടികൊണ്ടുവന്നതാണെന്നും ഡോക്ടറിന്റെ മുൻപിൽ പർദയില്ലാതെ ഇരിക്കാൻ നാണമാകുന്നെന്നുമൊക്കെ കൗമാരക്കാരിയുടെ ലജ്ജയോടെ അവർ പറയുമ്പോഴും മുഖാവരണം മാറ്റിയ ഷബാനയുടെ സൗന്ദര്യവും നോക്കി ഞാൻ ഈരേഴുപതിനാല് ലോകവും മറന്ന് നിൽക്കുകയാണ്..
പരിശോധനാമുറി മുഴുവനും അവർ പൂശിയ അത്തറിന്റെയും തലയിൽ ചൂടിയ മുല്ലപ്പൂവിന്റെയും സൗരഭ്യം മൂക്ക് തുളച്ച് തലച്ചോറിലേക്കാഞ്ഞടിച്ചു മത്തുപിടിക്കുന്നു.
ഡോക്ടറെത്തിയതും അവർ തലയിലെ ഷാളിട്ട് മുഖം മറച്ചു..പരിശോധനകൾക്കും റിപ്പോർട്ടുകളുടെ വിശദമായ പഠനത്തിനും ശേഷം ചെയ്യാൻ ബാക്കിയുള്ള രക്ത പരിശോധനകളുടെ കുറിപ്പെഴുതി എന്റെ കയ്യിലേക്ക് തന്ന് ഷബാനയെയും കൂട്ടി പുറത്തേക്ക് പോകാൻ ഡോക്ടർ പറഞ്ഞു.
പുറത്തുനിന്ന പതിനഞ്ചു മിനിറ്റിനുള്ളിൽ അവരുടെ സംസാരം മുഴുവനും ഭർത്താവിനെകുറിച്ചായിരുന്നു..തപ്പി തട്ടിയെങ്ങാനും ഒന്നോരണ്ടോ വാചകം മക്കളെക്കുറിച്ചും..
അദ്ദേഹത്തെ പ്രാണനെപ്പോലെ സ്നേഹിക്കുന്ന ഭാര്യ..
അയാൾക്ക് വേണ്ടി മരിക്കാൻപോലും മടിയില്ലാത്തവൾ.
കുഞ്ഞിനെപ്പോലെ ഭാര്യയെ കൊണ്ടുനടക്കുന്ന ഭർത്താവ്..
എപ്പോഴും അവളുടെ ഇഷ്ടത്തിനൊത്ത് അണിയിച്ചൊരുക്കി ഹൂറിയായി കൊണ്ടുനടക്കുന്നവൻ..
യത്തീമായ ഷബാനയെ അദ്ദേഹം കണ്ടിഷ്ടപ്പെട്ടതും ആർക്കും എതിർപ്പൊന്നുമില്ലാതെ വിവാഹം നേരത്തെ നടത്തിയതും അവർ ചുറുചുറുക്കോടെ പറയുന്ന കഥകൾക്ക് കേൾവിക്കാരിയായി ഞാൻ നിന്നു..
വിവാഹം വരെയും ആഭരണങ്ങളോ നല്ല വസ്ത്രങ്ങളോ കാണാതിരുന്ന ഷബാനയെ അണിയിച്ചൊരുക്കി രാജകുമാരിയെ പോലെ കൊണ്ടുനടക്കുന്നത് ഭർത്താവ് തന്നെയാണ്..
ഹിന്ദി അറിയാമെങ്കിലും സൂപ്പർ ഫാസ്റ്റ് ബസിനെ വെല്ലുവിളിച്ചുപോകുന്ന ചില വാചകങ്ങളിൽ സംസാരിച്ചത് മനസിലാകാതെ വരുമ്പോൾ ഞാൻ നെറ്റി ചുളിക്കും അതിനവർ അവർക്കറിയുന്ന കന്നഡ തപ്പിപ്പിടിച്ച് പറയും.
ഭർത്താവ് മംതാജ്‌ ഖാൻ അവിടുത്തെ ബസ്‌സ്റ്റേഷന്റെ പ്രധാന അധികാരിയാണ്..ആ ബസ്സ്റ്റാൻഡിലാണ് മാറിക്കേറാനുള്ള ബസിനായി ഞാൻ ദിവസവും കാത്തുനിൽക്കുന്നതെങ്കിലും ഒരുതവണ പോലും അയാളെ കണ്ടിട്ടില്ല..
പത്തുതലമുറക്ക് കാലും നീട്ടിയിരുന്ന് ഉണ്ണാനുള്ള സ്വത്ത് ഉണ്ടായിരുന്നെങ്കിലും ഗവന്മേന്റ് ജോലി ഒരു അന്തസ്സായി കൊണ്ടുനടക്കുന്നയാളാണ് അദ്ദേഹം.
ആദ്യമായാണ് ഞാനവരെ കാണുന്നത്..
ക്ലിനിക്കിൽ നിന്ന ഒരുമണിക്കൂർ സമയം കൊണ്ട് ഞാനവർക്ക് ആരൊക്കെയോ ആയിമാറിയെന്ന് സന്തോഷത്തോടെ പറഞ്ഞതിന് ഞാൻ തലയാട്ടി..
ഡോക്ടറിനോട് സംസാരിച്ചിറങ്ങിവന്ന ഭർത്താവിന്റെ മുഖം ,കഴുകിത്തുടച്ച വിധം വിളറി വെളുത്തു കണ്ടപ്പോഴേ അകത്തെ ചർച്ചയുടെ സാരാംശം ഞാൻ ഊഹിച്ചു.
പിന്നെയും പരിശോധനകൾക്കും റിപ്പോർട്ട് കാണിക്കാനുമെല്ലാമായി അവർ രണ്ടുപേരും നവമിഥുനങ്ങളെപോലെ രണ്ട് വട്ടം കൂടി വന്നു.
അതിന്റെ പിറ്റേ ആഴ്ച്ച ടോട്ടൽ ഹിസ്ട്രക്റ്റമിക്കായി (ഗർഭാശയം പൂർണമായും എടുത്ത് കളയുന്ന ഓപ്പറേഷൻ )ഷബാനയെ അഡ്മിറ്റാക്കി..
നേരത്തെ അറിയുന്നത്കൊണ്ട് എന്റെ ഡ്യൂട്ടിസമയത്താണ് അവർ വന്ന് അഡ്മിറ്റായത്..
വരുമ്പോൾ കൂട നിറയെ പഴവർഗങ്ങളും ഭക്ഷണസാധനങ്ങളും എനിക്കായി കൂടി അവർ കരുതിയിരുന്നു.
മക്കളും മരുമക്കളും പേരക്കുട്ടികളും ബന്ധുക്കളും കൂടി വിവാഹസത്കാരത്തിനുള്ള ആളുകൾ വരികയും പോകുകയും ചെയ്യുന്നുണ്ട് പക്ഷേ അവർ ഭർത്താവിനെ എങ്ങോട്ടും മാറാൻ സമ്മതിക്കാതെ കട്ടിലിനടുത്തിട്ട കസേരയിൽ പിടിച്ചിരുത്തി തോളിൽ കൈവച്ച് ഇരിക്കുന്നു.
ശനിയാഴ്ച വൈകുന്നേരമാണ് ഓപ്പറേഷൻ.. തലേന്ന് വൈകുന്നേരം വന്ന് കാണുന്നവരെ അനുവദിച്ചാൽ പിന്നെ കൂടെ നിൽക്കുന്ന ഒരാളെ ഒഴികെ ആരെയും മുറിയിലേക്ക് കടത്തില്ല.അതുകൊണ്ട് മറ്റ്‌ രോഗികൾക്ക് ശല്യമുണ്ടാകാതെ വന്ന് പോകുന്ന സന്ദർശകരെ ഞാൻ ശ്രദ്ധിക്കാനും പോയില്ല.
ഇതിനിടയിൽ എന്നെ വിളിച്ച് മക്കളെയും മരുമക്കളെയും പരിചയപ്പെടുത്താനും അവർ മറന്നില്ല..ദാദി ആയിട്ടും മകളേക്കാൾ സുന്ദരി അമ്മയാണല്ലോയെന്ന് ഞാൻ ചോദിച്ചതും കൊച്ചുകുട്ടികളെപോലെ അവർ പൊട്ടിച്ചിരിച്ചു.
വെറുതെ പറഞ്ഞതായിരുന്നില്ല ഞാനത്.. പിന്നെയും പ്രായം തോന്നിക്കുന്നത് മകളെയായിരുന്നു അമ്മ അത്രയും സുന്ദരിയായിരുന്നു..
എന്റെ ഭർത്താവിന്റെ പ്രണയവും കരുതലുമാണ് എന്നെയിങ്ങനെ സുന്ദരിയാക്കി ഇരുത്തുന്നതെന്ന ഉത്തരത്തിന് , മകളെയെന്തേ മരുമകൻ അങ്ങനെ നോക്കുന്നില്ലേ എന്ന് എന്റെ സ്വഭാവത്തിന് തമാശക്കായാലും ചോദിക്കേണ്ടതാണ് പക്ഷെ എന്നോടത് പറഞ്ഞ് പരിസരം മറന്ന് പരസ്പരമവർ കൈമാറുന്ന നോട്ടത്തിലെനിക്ക് മനസിലായി അവർ പറഞ്ഞതാണ് സത്യം.
ഷബാനയുടെ മുറിയിൽ അവരും ഭർത്താവും മാത്രമേയുള്ളു ഇനി ആ മുറിയിലേക്ക് സന്ദർശകരെ വിടുന്നത് ഓപ്പറേഷൻ കഴിഞ്ഞ് ഒരു ദിവസം കഴിഞ്ഞാണ് അതും ഒന്നോ രണ്ടോ പേരെ..
വലിയ വലിയ ഹോസ്പിറ്റലിലെ പോസ്റ്റ് ഓപ്പറേറ്റീവ്
ഐസി യൂ അല്ലെങ്കിൽ പോസ്റ്റ് ഓപ്പറേറ്റീവ് വാർഡ് അങ്ങനെയുള്ള വിശദമായ സൗകര്യങ്ങൾ ഇല്ല. തീയറ്ററിനോട് ചേർന്നുള്ള മുറിയാണ് ഒബ്സെർവഷൻ റൂം ആദ്യത്തെ നാലോ അഞ്ചോ മണിക്കൂർ രോഗി അവിടെ ആയിരിക്കും അനസ്തേഷ്യ തെളിഞ്ഞ ശേഷം സ്വന്തം മുറിയിലേക്കു മാറ്റും..വ്യക്തമാക്കാൻ കാരണം വർഷം കുറെ മുൻപാണ് ..ഒരു നേഴ്സിങ് ഹോമാണ്..
ഷബാനയുടെ കേസ് കുറച്ചധികനേരം നീണ്ടുനിൽക്കുമെന്ന് അറിയാവുന്നതുകൊണ്ട് അൽപനേരം വിശ്രമിച്ചില്ലെങ്കിൽ രാത്രി ഡ്യൂട്ടി കഴിയുമ്പോഴേക്കും ഞാൻ തളർന്നുപോകുമെന്ന് ഉറപ്പാണ്.
അതിനാൽ ഞാൻ കുറച്ചൊന്ന് മയങ്ങാമെന്ന് കരുതിയപ്പോഴാണ് വാതിലിൽ മുട്ട് കേട്ടത് മംതാജ് ബായ് ആണ് വിളിച്ചത്..
ഷബാനക്ക് ഇപ്പോഴും ഒന്നും അറിയില്ലെന്നും പറഞ്ഞാലും കൂടുതൽ മനസിലാക്കാൻ മാത്രം വിദ്യാഭ്യാസമോ മിടുക്കോ ഇല്ലാത്ത ഒരു സാധുവാണെന്നും അതുകൊണ്ട് ചെറിയൊരു ഓപ്പറേഷനാണ് ...ഗർഭപാത്രത്തിലെ ഒരു കുഞ്ഞുമുഴ എടുത്തുകളയണം അത്രയേ പറഞ്ഞിട്ടുള്ളൂ എന്ന് അയാൾ നിറകണ്ണുകളോടെയാണ് പറഞ്ഞത്..
ആർക്കു മുൻപിലും കരയാനോ മനസ്സ് തുറക്കാനോ കഴിയാതെ അയാളനുഭവിക്കുന്ന മാനസിക പിരിമുറുക്കം മുഖത്ത് വ്യക്തമായിരുന്നു.സാരമില്ല എല്ലാം ശരിയാകും ഭയപെടാതെയിരിക്കൂ എന്നല്ലാതെ നിറഞ്ഞൊഴുകുന്ന കണ്ണുകൾ നോക്കി വേറൊന്നും പറയാൻ എനിക്കുമില്ലായിരുന്നു.
ഭാര്യക്ക് വേണ്ടി കരയുന്നൊരു ഭർത്താവിനെ അന്നാദ്യമായി കണ്ട അന്ധാളിപ്പിലാണ് ആണുങ്ങളും കരയുമല്ലേ എന്ന് ഞാനോർത്തത്..അന്ന് എന്റെ അറിവിലെ മുതിർന്ന പുരുഷന്മാർ ഗൗരവമുള്ളവരായിരുന്നു..
വൈകുന്നേരം കൺസെന്റ് ഒപ്പിടിപ്പിച്ച് തീയറ്റർ ഗൗൺ ധരിപ്പിക്കാനായി ചെല്ലുമ്പോൾ ഞാൻ മുൻപേ കൊണ്ടുവച്ച പച്ച ഗൗൺ ധരിച്ച് നീണ്ട ഇടതൂർന്ന മുടി രണ്ട് ഭാഗത്തേക്കും പിന്നിക്കെട്ടി ഒഴിഞ്ഞ കയ്യും കഴുത്തുമായി നിഷ്കളങ്കമായ മുഖത്തോടെ തയ്യാറായി
അവരിരിക്കുന്നുണ്ടായിരുന്നു. അരികെ ചിരിക്കുന്ന മുഖത്തോടെ ഭർത്താവും.
സർജറി കഴിഞ്ഞ് മയക്കം തെളിയുന്നതിനിടയിൽ എത്രെയോ വട്ടം അബോധാവസ്ഥയിൽ അയാളെ വിളിക്കുന്ന അവരും ഒബ്സെർവഷൻ മുറിക്ക് പുറത്ത് ഒന്ന് നടു ചായ്ക്കാൻ പോലും പോകാതെ ഇരിക്കുന്ന അയാളും..
മുറിയിലേക്ക് മാറ്റിയശേഷം കാല് തടവികൊടുത്തും നെറ്റിയിലുമ്മ കൊടുത്തും ചെറുചൂടുള്ള വെള്ളത്തിൽ മുക്കിപ്പിഴിഞ്ഞ ടവൽ കൊണ്ട് മുഖം പതിയെ തുടച്ചുകൊടുത്തും അയാളുണ്ടായിരുന്നു..
പെണ്മക്കൾ ആവശ്യപ്പെട്ടിട്ടും അരികെ നിന്ന് മാറാതെ ആ ദിവസങ്ങളിലെല്ലാം അയാൾ അവരോടൊപ്പം നിന്നു.. എനിക്ക് ആരോഗ്യമുള്ളിടത്തോളം അവളെ നോക്കാൻ ഒരാളെയും ഞാനേൽപിക്കില്ല എന്നാ കണ്ണുകളിൽ..
ദിവസങ്ങൾക്ക് ശേഷം അവർ മടങ്ങിപോകുമ്പോൾ ലോകം ജയിച്ച സന്തോഷത്തോടെയുള്ള മുഖമായിരുന്നു അയാൾക്ക്...ഒരു കുഞ്ഞിനെപ്പോലെ അവരെ പൊക്കിയെടുത്ത് കാറിൽ കയറ്റുന്നതും മുഖത്തേക്ക് വീണ മുടിയിഴകൾ മാടിയൊതുക്കുന്നതും സന്തോഷകണ്ണുനീർ എന്റെ കാഴ്ചകൾ പലപ്പോഴും മറഞ്ഞു..
അവർ പോയതിന് ശേഷം മിക്കദിവസങ്ങളിലും എന്നെ ഫോണിൽ വിളിക്കും വെള്ളിയാഴ്ചകളിൽ സമ്മതം പോലും ചോദിക്കാതെ എനിക്കായി ബിരിയാണിയോ സേമിയ കൊണ്ടുണ്ടാക്കിയ ഖീറോ കൊടുത്തയക്കും...
ആഴ്ചകൾക്ക് ശേഷമുള്ള ഞായറാഴ്ച കീമോ തുടങ്ങാനായി വന്നപ്പോഴേക്കും ഷബാനയുടെ കണ്ണുകളിൽ പഴയ കുസൃതിയും കൗമാരക്കാരിയുടെ ചുറുചുറുക്കും മടങ്ങിവന്നിരുന്നു..ഇപ്പോഴും ശരീരത്തിന്റെ ക്ഷീണം മാറിയില്ല അതുകൊണ്ട് ഗ്ലുകോസ് കയറ്റണമെന്ന് അദ്ദേഹം വാശി പിടിക്കുകയാണെന്ന് എന്നോട് നാണത്തോടെ..
ഓരോ ദിവസത്തെയും കീമോ കഴിയും വരെയും ഡ്യൂട്ടി ഇല്ലാതിരുന്നിട്ടും അവരോടൊപ്പം ഞാനാ മുറിയിൽ ഉണ്ടായിരുന്നു..മക്കളെ പ്രസവിക്കാൻ നേരവും പനി വന്ന് കയറ്റിയപ്പോഴും ഈ ഗ്ലുക്കോസിന് ഇത്രെയും എരിവില്ലായിരുന്നെന്നും ഞരമ്പിലേക്ക് വീഴുന്ന ഓരോ തുള്ളിയും കടന്ന് പോകുന്നത് അറിയാമെന്നും നീറുന്ന കൈകൾ തലോടുന്ന അയാളെ നോക്കി അവർ പറയും.
അവസാനത്തെ കീമോയും കഴിഞ്ഞ് അവരെ യാത്രയാക്കി ഞാൻ മുറിയിലേക്ക് പോകാൻ മുകളിലേക്കുള്ള പടികൾ കയറുമ്പോൾ റിസെപ്ഷനിലെ വിജയലക്ഷ്മി തമാശക്ക് അവരോട് ചോദിക്കുന്നത് കേൾക്കാം ഞങ്ങളും ഇവിടുണ്ട് സിസ്റ്ററെ മാത്രമേ നിങ്ങൾക്ക് വേണ്ടു അല്ലേയെന്ന്..
ഡിസ്ചാർജ് ആയിപോകുന്ന രോഗികൾ മിക്കപ്പോഴും ബില്ലടച്ചു പോകാൻ നേരം അറ്റൻഡർ തുടങ്ങി അവിടുള്ള എല്ലാ സ്റ്റാഫിനും എന്തെങ്കിലും പൈസ പാരിതോഷികമായി നൽകും..എല്ലാവരും വാങ്ങുമെങ്കിലും ഞാൻ ഒഴിവാക്കാറാണ് പതിവ്.. എനിക്കുള്ള ശമ്പളവും ഫീസടക്കേണ്ട സമയത്ത് അതിൽകൂടുതലും സാറെനിക്ക് തരാറുണ്ട് അതുകൊണ്ട് സ്നേഹത്തിന് പകരം പണമല്ലെന്ന് സ്നേഹത്തോടെ തന്നെ നിരസിക്കും.
പകരമായി ഭക്ഷണമോ മധുരമോ പലരും എത്തിക്കുമ്പോൾ വേണ്ടെന്ന് പറയാറുമില്ല..അതാകാം അവളത് ചോദിച്ചതും.
ഓപ്പറേഷൻ കഴിഞ്ഞ് ഭക്ഷണം തുടങ്ങും മുൻപേ ശർദ്ധിയുണ്ടോയെന്ന് വെള്ളം കൊടുത്ത് നോക്കിയ ധൈര്യത്തിൽ ഞാൻ അദ്ദേഹത്തോട് ജ്യൂസ് കൊടുത്തോളാൻ പറഞ്ഞതും ..കൊടുത്ത ജ്യൂസ് കൊഴുത്ത മഞ്ഞനിറമുള്ള ശർദിലായി കിഡ്നി ട്രേ കയ്യിലെത്തും മുൻപേ എന്റെ കൈകുമ്പിളിൽ നിറഞ്ഞിരുന്നതും..
വയറ്റിൽ നിന്നും പോകാതെ കോൺസ്റ്റിപേഷനാൽ ബുദ്ധിമുട്ടിയപ്പോൾ പകൽ ഡ്യൂട്ടിയിലുള്ളവർ രണ്ട് മൂന്ന് തവണ ഡോക്ടറുടെ നിർദ്ദേശപ്രകാരം പ്രൊകാലിസ്‌ എനിമ കൊടുത്ത്‌ കാത്തിരുന്നപ്പോൾ വയറു വീർത്ത് വലിഞ്ഞ സ്റ്റിച്ചിന്റെ വേദന സഹിക്കാൻ കഴിയാതെ കരഞ്ഞ അവരെ, വയറ്റിലെ ഗ്യാസ് ട്യൂബിട്ട് കളഞ്ഞ് ഫീക്കൽ മാറ്റർ (ഉറച്ചുപോയ മലം )അയാൾക്കും അവർക്കും സഹിക്കാൻ പറ്റാത്ത ദുർഗന്ധത്തിലും അറപ്പില്ലാതെ മടികൂടാതെ ഗ്ലൗസിട്ട കൈകളാൽ എടുത്തുകളഞ്ഞതും..
ഡ്യൂട്ടിയില്ലെങ്കിലും എല്ലാ രോഗികളെയും വന്നെത്തിനോക്കി വിശേഷങ്ങൾ ചോദിച്ചുപോകുന്നതുമെല്ലാം മംതാജ്‌ഖാൻ ഇടറുന്ന സ്വരത്തോടെ വിജയലക്ഷ്മിക്ക് ഉത്തരം കൊടുക്കുന്നത് കേട്ടതും ഞാൻ തിരികെയിറങ്ങി ചെന്ന് അതെല്ലാം എന്റെ ഡ്യൂട്ടി മാത്രമായിരുന്നെന്ന് കൈകൾ കൂപ്പി..
കടമയാണ് ചെയ്തതെന്ന് അറിയാം സിസ്റ്ററെ പക്ഷേ ആ കടമയോടൊപ്പം അറപ്പില്ലാതെ സ്വന്തമെന്ന് കരുതി മകളായോ അനിയത്തിയായോ കൂടെനിന്ന് ചെയ്യാനുള്ള മനസ്സും സ്നേഹവും മറ്റൊരാളിൽ നിന്നും എനിക്ക് അനുഭവമില്ല ഇന്നുവരേക്കും.. അതുകൊണ്ട് തന്നെ നിങ്ങളെന്നും ഞങ്ങളുടെ മനസിലുണ്ടാകും..എന്റെ ശിരസ്സിൽ കൈവച്ചാണ് അദ്ദേഹമത് പറഞ്ഞത്.
അവരുടെ കീമോയെല്ലാം കഴിഞ്ഞശേഷം കഴിക്കാനുള്ള മരുന്ന് മാത്രമായതുകൊണ്ട് വല്ലപ്പോഴുമുള്ള പരിശോധനക്ക് അവർ ഡോക്ടർ ജോലിചെയ്യുന്ന മെഡിക്കൽ കോളേജിൽ പോയാണ് പിന്നെ കാണിച്ചിരുന്നത്... അതായിരുന്നു അവർക്ക് സൗകര്യം.
കുറെ മാസങ്ങൾ കഴിഞ്ഞാണ് ഞാൻ പിന്നെ അവരെ കാണുന്നത് ..അതും ബസ് കാർഡിനുള്ള അപേക്ഷ കൊടുക്കാൻ Q വിൽ നിന്ന എന്നെ അദ്ദേഹം എന്താണ് അറിയിക്കാതിരുന്നെന്ന് ചോദിച്ച് ചീത്തവിളിച്ച് അരികിലേക്ക് വിളിപ്പിച്ച് കാർഡ് ശരിയാക്കിത്തന്നപ്പോൾ..
പരിചയമോ അടുപ്പമോ ആരുമായും ഉണ്ടെങ്കിലും അവരെ ദിനവും വിളിക്കാനോ ആവശ്യങ്ങളിൽ പോയി ചോദിക്കാനോ അന്നും ഇന്നും ഞാൻ പുറകിലാണ്... സ്നേഹത്തോടെ ഒരു അകലം ആരുമായും സൂക്ഷിക്കുന്നത് തന്നെയാണ് ബന്ധങ്ങൾക്ക് നല്ലതെന്ന് പലപ്പോഴും എനിക്ക് വ്യക്തമായിട്ടും ഉണ്ട്..
അന്നാണ് ക്ലിനിക്കിൽ അല്ലാതെ ഞാൻ ഷബാനയെ കണ്ട് സംസാരിച്ചതും മനസ്സ് നിറഞ്ഞ സന്തോഷത്തോടെ പിരിഞ്ഞതും..
പ്രായപൂർത്തിയായപ്പോൾ മുതലുള്ള മാസമാസത്തെ വേദനയും രക്തവുമൊന്നും ഇല്ലാത്തതിനാൽ പരമസുഖമാണെന്ന് അവർ നിസ്സാരമായി പറയുമ്പോഴും അത് നഷ്ടപ്പെട്ടതിന്റെ വേദന ആ വാക്കുകളിൽ ഉണ്ടായിരുന്നു.
എങ്കിലും അതെടുത്ത് കളഞ്ഞതുകൊണ്ട് ഇനി സമാധാനമായി ജീവിക്കാമല്ലോ..അദ്ദേഹത്തെയും മക്കളെയും സ്നേഹിച്ചുമതിയായില്ലെന്നും ആശ്വാസമുതിർത്തു.
പിന്നെയും മാസങ്ങൾ കഴിഞ്ഞ് സാറാണ് എന്നോട് പറഞ്ഞത് ഷബാന വീണ്ടും വന്നിരുന്നു..നെഞ്ചിലേക്കവൻ മടങ്ങിയെത്തിയിരിക്കുന്നു..
ഇത്തവണ പഴയതുപോലെയുള്ള ചിരിയൊന്നുമില്ലാതെയാണ് അവരെ ഞാൻ കണ്ടത് നെഞ്ച് പിടയുന്ന നോവോടെയുള്ള അവരുടെ നോട്ടത്തെ എന്തുത്തരം കൊടുക്കുമെന്നോർത്ത് ഞാൻ അവഗണിച്ചു..
കഴിഞ്ഞതവണത്തെപോലെ ഷബാന ഒന്നുമറിയാത്തവളല്ല വേദനകളും മരുന്നുകളും നിറഞ്ഞ ലോകം ഇന്നവർക്ക് പരിചിതമാണ്... ഇടത്തെ മാറിടം മുറിച്ച് മാറ്റേണ്ടി വരുമെന്ന് നിർവികാരയായി കേട്ടിരിക്കുന്ന അവരെ നോക്കാൻ ശക്തിയില്ലാതെ മംതാജ് ഖാൻ താഴേക്ക് നോക്കിയിരുന്നു.
"മുജേ കുച്ച്‌ തക്‌ലീഫ് നഹി മേരി ജാൻ ..പരീശാൻ ഹേ കി വോ അകേല പഡ്‌ജായേഗാ നാ.."( എനിക്ക് പേടിയൊന്നുമില്ല എന്റെ മോളെ പക്ഷേ അദ്ദേഹം ഒറ്റക്കാകുമല്ലോയെന്നാണ് എന്റെ വിഷമം മുഴുവൻ)
പോകാൻ നേരം അവരെന്റെ കൈ രണ്ട് കൈ കൊണ്ടും കൂട്ടിപ്പിടിച്ചു.
ഓപ്പറേഷന്റെ തലേന്ന് എന്തോ ആവശ്യത്തിന് പുറത്ത് പോയ മംതാജ്‌ഖാൻ മടങ്ങി വന്നില്ല.. അന്ന് മൂത്ത മകളായിരുന്നു അവർക്കൊപ്പം ഉണ്ടായിരുന്നത് . രാത്രിയോടെ മരുമക്കൾ വരുന്നതും അവരെ കാണാൻ നേരം വൈകിയിട്ടും ഡോക്ടർ ചെന്നു കാണുന്നതുമെല്ലാം എനിക്ക് കാണാം..
അബ്ബാക്ക് ചെറിയൊരു ആക്‌സിഡന്റ് പറ്റി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയിട്ടുണ്ട് ഉമ്മിയെ അറിയിക്കേണ്ടെന്ന് എന്നോട് മകൾ വന്നു പറഞ്ഞു.
അവൾ പറഞ്ഞതിലും കൂടുതലെന്തോ ഉണ്ടെന്ന് മനസിലിരുന്ന് ആരോ പറയും പോലെ..
ഞാൻ ഡോക്ടറിനെ ചെന്ന് കണ്ടു.
എത്രയോ വർഷത്തെ അനുഭവമുള്ള ആളാണ് എത്രെയോ രോഗികളെ ചികിത്സിച്ച ആൾ എന്നിട്ടും ചിന്തയിൽ മുഴുകി ഒപിയിലെ കസേരയിൽ ചാരി ഇരുപ്പാണ്..
മംതാജ്‌ഖാൻ ഇനിയില്ല..അപകടം നടന്ന സ്ഥലത്തുവച്ചെ അദ്ദേഹം മരണപ്പെട്ടു.. മകളോടും ഭാര്യയോടും പറഞ്ഞിട്ടില്ല.. എല്ലാവർക്കും അറിയാം ഷബാനയും അദ്ദേഹവും തമ്മിൽ എങ്ങനെയാണെന്ന്..
അവരെ അറിയിക്കാൻ ആർക്കും ധൈര്യമില്ല..
എന്റെ ജീവനുള്ള കാലം വരെയും ആർക്കുമൊരു ബാധ്യതയാകാൻ അവളെ ഞാൻ വിട്ടുകൊടുക്കില്ലെന്ന് പറഞ്ഞവൻ പ്രിയപെട്ടവളോട് ഒരു വാക്ക് പോലും പറയാതെ യാത്രയായി..വേദനിപ്പിച്ച് മതിയാകാത്ത വിധിയുടെ വിളയാട്ടങ്ങൾ.
അന്ന് ചെറിയൊരു അപകടമെയുള്ളൂ എന്നറിഞ്ഞ് മക്കളോടൊപ്പം പോകുന്ന ഷബാനയെ എനിക്കോർമ്മയുണ്ട്. രക്തമയമില്ലാതെ വിളറിവെളുത്ത ആ മുഖവും ശരീരവും ചത്ത മീനിന്റെ കണ്ണുകളും
എന്റെ കൺമുൻപിൽ എത്രയോ ദിവസം തെളിഞ്ഞു..
ഓപ്പറേഷൻ വേണ്ടെന്ന് പറഞ്ഞ് ഇനിയുള്ള ചികിത്സയും മരുന്നും ഇവിടെയാണെന്ന് തീരുമാനമെടുത്ത് ആർക്കും മാറ്റാൻ കഴിയാത്ത വാശിയോടെ അവരുടെ മുറിക്കകത്തിരിപ്പാണെന്നാണ് അവസാനമായി അന്നറിഞ്ഞത്..
പിന്നെയും ജീവിതത്തിൽ ഞണ്ടുകൾ കാർന്നുതിന്നുന്ന ശരീരവുമായി പലരും വന്നു.. ദേഹം പൊള്ളിയടർന്ന പോകുന്ന വേദനയോടെ രക്തമുരുകിയൊലിപ്പിക്കുന്ന കീമോ മരുന്നുകൾ ഞരമ്പിലൂടെ ഒഴുക്കാൻ പലരും വന്നു..
പോരാളികളെ പോലെ തങ്ങളെ കാർന്നുതിന്നാൻ വന്ന ഞണ്ടുകളെ യുദ്ധംചെയ്ത് തോൽപിച്ച മിടുക്കരെ കണ്ടതിനൊപ്പം ജീവിക്കാനുള്ള കൊതി നിറഞ്ഞ നോട്ടങ്ങളും വേദന സഹിക്കാൻ വയ്യ മരിച്ചാൽ മതിയെന്ന മടുത്ത നോട്ടങ്ങളുമായി പലരും വന്നുപോയി..
നോവുണർത്തുന്ന ഓർമകളിൽ നിന്നും ഓടിയൊളിക്കാൻ ഷബാനയെ ഞാൻ മനഃപൂർവം മറന്നു
ജോലി മാറിയതിന് ശേഷം വർഷങ്ങൾക്കിപ്പുറവും ഓർമ്മകൾ മടക്കിത്തരാനായി ഇന്നും അറിഞ്ഞു...
വേണ്ടപ്പെട്ട ഒരാളെ കൂടി കാർന്നുതിന്നാനായി അവനെത്തിയിരിക്കുന്നു..
"എനിക്ക് പേടിയൊന്നുമില്ല ലിസമ്മേ... ഇക്കാ തനിച്ചായിപ്പോകുമല്ലോയെന്ന സങ്കടം മാത്രമേയുള്ളു"
ആ ഉമ്മ പറയുമ്പോൾ ഷബാനയുടെ സ്വരമായിരുന്നു എന്റെ കാതിൽ...
വേണ്ടപെട്ടവരെല്ലാം എത്രമേൽ പ്രിയരാണെന്ന് പരസ്പരം തിരിച്ചറിഞ്ഞും ധാരാളിത്തത്തോടെ ചിലവിടാൻ സമയമിനി ബാക്കിയില്ലെന്ന നിസ്സഹായത തിങ്ങിയ നോവിന്റെ സ്വരങ്ങൾ..
ലിസ് ലോന✍️

ചന്ദ്രികസോപ്പ് (ഒരു കുഞ്ഞിക്കഥ )


വിശാലമായ പൂന്തോപ്പ് .....അതിനെ ചുറ്റിയടിച്ച് കാർ പോർച്ചിൽ നിർത്തി .വൈശാഖൻ അതിൽ നിന്നിറങ്ങി: കൂടെ അമ്മയും അച്ഛനും പെങ്ങളും
"വരണം വരണം "
മാലിനിയുടെ അച്ഛനും അമ്മയും അവരെ സ്വീകരിച്ചിരുത്തി..... ഔപചാരികതയുടെ അറുബോറൻ പുഞ്ചിരിയും കുശലാന്വേഷണങ്ങളും കഴിഞ്ഞപ്പോൾ മാലിനിയുടെ അമ്മ ആ പതിവ് ചടങ്ങിലേക്ക് കാലെടുത്ത് വെച്ച് അകത്തേക്ക് നോക്കി നീട്ടി വിളിച്ചു
"മോളെ മാലിനി........"
വൈശാഖൻ്റെയും മാലിനിയുടെയും പെണ്ണ് കാണൽ ചടങ്ങ്... അതിനിടക്ക് കാര്യക്ഷമമായി പ്രവർത്തിക്കുന്ന ചിപ്പുകളാണ് പെണ്ണ് കയ്യിൽ കൊണ്ടുവരുന്ന ചായ നിറച്ച കപ്പും സോസറും.... ഇവിടെയും പതിവ് തെറ്റിയില്ല .... ആ ചിപ്പുകളിലൂടെ അവർ പ്രഥമദൃഷ്ട്യായുള്ള ആശയ വിനിമയം വളരെ ഭംഗിയായി നടത്തി.
" എന്നാൽ പിന്നെ അവർക്ക് വല്ലതും സംസാരിക്കാനുണ്ടെങ്കിൽ ആയിക്കോട്ടെ: ഇപ്പളത്തെ ഒരു രീതി അതാണല്ലൊ "
വർഷങ്ങളായി ഈ രീതി തുടങ്ങിയെങ്കിലും പല കാർന്നോമ്മാരും അതിനെപ്പഴത്തെ ഒരു രീതിയായി മാത്രമെ കാണു .... ആ ഇപ്പളത്തെ രീതിയിലേക്ക് വൈശാഖനും മാലിനിയും പ്രവേശിച്ചു
അമേരിക്കയിലെ ഉന്നത ഉദ്യോഗസ്ഥനും സുമുഖനും സുന്ദരനുമായ വൈശാഖൻ തുടക്കമിട്ടു
"മാലിനിയെ എനിക്കിഷ്ടായി... ഒരു തുറന്ന പ്രകൃതക്കാരനാണ് ഞാൻ....അത് കൊണ്ട് എല്ലാം തുറന്ന് ചോദിക്കുക .... പറയുക എന്നുള്ളതാണ് എൻ്റെ രീതി"
മാലിനി പുഞ്ചിരിച്ചു
"മാലിനി ഞാൻ ഒരു ഫ്ലർട്ട് ടൈപ്പായിരുന്നു.... പഠിക്കുന്ന കാലത്തും മറ്റും ഒരുപാട് ആൺ പെൺ സൗഹൃദങ്ങൾ എനിക്കുണ്ടായിരുന്നു.... റ്റു ബി മോർ ഫ്രാങ്ക് .... ചില പെൺ സൗഹൃദങ്ങളുമായി ...... ചില ------.ചില ശാരീരകബന്ധങ്ങൾ വരെ എനിക്കുണ്ടായിട്ടുണ്ട് ..... പിന്നെ അതൊക്കെ ഒരു ആണിൻ്റെ പ്രിവിലേജ് മാത്രമായി അങ്ങ് കണ്ടാൽ മതി കെട്ടൊ.... ഒരു ഡെറേറാൾ ഒഴിച്ചു കഴുകിയാൽ തീരുന്ന ഒരു കാര്യം: ദാറ്റ് സ് ആൾ.....ബട്ട് വിവാഹശേഷം എൻ്റെ ജീവിതത്തിൽ ഒരു സത്രീ മാത്രമെ കാണു. --- അത് മാലിനിയായിരിക്കും "
മാലിനി പുഞ്ചിരിയോടെ എല്ലാം കേട്ടു ... എന്തോ ആലോചിച്ചു കൊണ്ടിരുന്നു
"മാലിനി ഒന്നും പറഞ്ഞില്ല എൻ്റെയീ തുറന്ന് പറച്ചിൽ ഇഷ്ടപെട്ടു അല്ലെ..... വരാൻ പോകുന്ന എൻ്റെ ഭാര്യ എല്ലാം അറിഞ്ഞിരിക്കണം എന്ന് എനിക്ക് നിർബ്ബന്ധമാണ്''
"ഊം -.. ഷ്ടായി... " മാലിനി തുടർന്നു
" വൈശാഖ് ആ പ്രിവിലെജ് തുറന്ന് പറഞ്ഞപ്പോൾ ഒരു പാടിഷ്ടായി "
"ഞാനും ആസ്വദിച്ചിട്ടുണ്ട് അത്തരം ഒരു പ്രിവിലെജ് :..പഠിക്കുന്ന കാലത്ത് ... എൻ്റെ അടുത്ത സുഹൃത്ത് വരുൺ: ... പിന്നെ എപ്പോഴൊ എൻ്റെ ശരീരവും കൊതിച്ചു ..... ആ ഒരു ചൂടിനായി..... നേരത്തെ പറഞ്ഞ ആ ഒരു പ്രിവിലജിൻ്റെ സുഖം..... ഞാനും ആവോളം ആസ്വദിച്ചു . ഒരു പെണ്ണെന്ന രീതിയിൽ ആ പ്രിവിലെജ്...." മാലിനി ഒന്നു നിർത്തി തുടർന്നു
" വൈശാഖ് പറഞ്ഞ പോലെ തന്നെ ഞാനും ചെയ്തു .... തിരിച്ച് വന്ന് ചന്ദ്രിക സോപ്പ് തേച്ച് നല്ലോണം പതപ്പിച്ചൊരു കുളി.... അതോടെ ഞാൻ ഫ്രഷ് ആയി..... വൈശാഖിനെ എനിക്ക് ഒരു പാടിഷ്ടായി .... എല്ലാം തുറന്ന് പറയാൻ ഒരവസരം തന്നതിന് .... ഇങ്ങിനെയൊരു ഭർത്താവിനെയാണ് ഞാൻ കൊതിച്ചത് "
നിമിഷങ്ങൾ നീണ്ട മൗനത്തിന് ശേഷം തിരിഞ്ഞു നടന്ന വൈശാഖ് അച്ഛനും അമ്മയും പെങ്ങളോടുമൊപ്പം തിരിഞ്ഞു പോലും നോക്കാതെ കാറിൽ കയറി യാത്രയായി
ബെഡ് റൂമിൻ്റെ ജനവാതിലിലൂടെ അത് നോക്കി നിന്ന മാലിനി ഒന്നു ചിരിച്ചു .... പ്രിവിലെജിന് ഒരു പൊളിച്ചെഴുത്തായി.... ക്രമേണ അതൊരു വലിയ കുലുങ്ങിച്ചിരിയായി പതഞ്ഞ് പതഞ്ഞ് പൊന്തി വന്നു.. --- ചന്ദ്രിക സോപ്പിൻ്റെ പത പോലെ.......
(അവസാനിച്ചു)

സുരേഷ് മേനോൻ
26/8/2020

നല്ല ഹൃദയത്തിനുടമ(കുറിപ്പ്)


ഉണരുമ്പോൾ ഞാൻ അയാളുടെ തോളിൽ ആയിരുന്നു.പൂർണ്ണമായും ഉണർന്നെന്നു പറയാൻ പറ്റില്ല .കണ്ണ് തുറക്കാൻ നന്നേ ബുദ്ധിമുട്ട് .വീണ്ടും അർദ്ധമയക്കത്തിലേക്കു പോയ്.പുറത്തു മഴ നന്നായി പെയ്യുന്നുണ്ട് .തുലാവർഷം തിമിർത്തു പെയ്യുന്ന ആ രാത്രി, ഞങ്ങൾ തൃശൂർ ബസ് സ്റ്റാൻഡിൽ നിന്നും കയറുമ്പോൾ വൈറ്റില വരെയുള്ള ബസ് ആണ് കിട്ടിയത് .വൈറ്റിലയിൽ ഒരുപാടു നേരം കാത്ത് നിന്നാണ് കോട്ടയത്തിന് ഒരു സൂപ്പർ ഫാസ്റ്റ് വന്നത് .അപ്പോഴേക്കും സമയം വൈകിയിരുന്നു .തിക്കിത്തിരക്കി കയറിപ്പറ്റി സീറ്റ്‌ ഒപ്പിച്ചെടുത്തു. ഭാഗ്യം ഇത്ര ദൂരം നിൽക്കാതെ, ഇരിപ്പിടം കിട്ടിയല്ലോ.
പുലർച്ചെ യാത്ര ആരംഭിച്ചത് കൊണ്ട് നല്ല ക്ഷീണം ഉണ്ടായിരുന്നു .അതിരാവിലെ ഭക്ഷണം കഴിക്കാതെയുള്ള യാത്ര എന്നെ നന്നായി ബുദ്ധിമുട്ടിച്ചു. യാത്രകൾ എല്ലാം തന്നെ ആശുപത്രിയിലേക്ക് മാത്രമായിട്ട്‌ 9 വർഷങ്ങൾ .വൈകിട്ട് കഴിച്ച മരുന്നിൻറെ സമയം നോക്കി 12 മണിക്കൂർ ശേഷം വേണം രക്ത പരിശോധന .അതുവരെ ഭക്ഷണവും കഴിക്കാതെ നോക്കണം .എൻ്റെ ചികിത്സകളെല്ലാം തൃശൂർ ജൂബിലി യിലെ ഡോക്ടറുടെ ആയതു മുതൽ ഇങ്ങനെ ആണ് പതിവ് .തൃശൂർ പോളി ക്ലിനിക്കിലെ പരിശോധനകൾ കൃത്യമായതിനാൽ അവിടെ തന്നെ പരിശോധിക്കുന്നതാണ് ജെയിംസ് ഡോക്ടറിന് താല്പര്യം .ഇടയ്ക്കു DDRC യിൽ ടെസ്റ്റ് നടത്തി നോക്കിയെങ്കിലും കൃത്യമായി ഫലം കിട്ടാതെ വന്നത് കൊണ്ടാണ് വീണ്ടും പോളി ക്ലിനിക് തന്നെ തിരഞ്ഞെടുത്തത് .DDRC യിൽ പണച്ചെലവു കൂടുതലാണെന്നു മാത്രമല്ല ഫലം വരാൻ രണ്ടു ദിവസം കാത്തിരിപ്പും .ഇവിടെ ആകുമ്പോൾ പുലർച്ചെ യാത്ര വേണം എന്നെയുള്ളൂ രണ്ടു മണിക്ക് ഡോക്ടർ വരുമ്പോഴേക്കും റിസൾട്ട് അവർ തരാറുണ്ട് .രാവിലെ തന്നെ എത്തേണ്ടി വരും എന്നേയുള്ളു.
ബ്ലഡ്‌ ടെസ്റ്റ്‌ കഴിഞ്ഞു രണ്ടു മണി വരെ ചുമ്മാ കറങ്ങണം. അല്ലെങ്കിൽ അവിടെ തന്നെ കാത്തിരുന്നു റിസൾട്ട്‌ വാങ്ങി ഡോക്ടറുടെ വീട്ടിലേക്കു പോകാം. നഗര ഹൃദയത്തിൽ ഉള്ള ആ പഴയ വലിയ വീട്ടിൽ ആണ് അദ്ദേഹം കൺസൾട്ടിങ്ങിനായി ഇരിക്കുന്നത്. നന്നായി ശ്രദ്ധിച്ചാൽ മാത്രമേ ആ ബോർഡ്‌ പോലും കാണൂ. പണത്തിനോട് ഒട്ടും തന്നെ ആർത്തി ഇല്ലാത്ത മനുഷ്യൻ. പൂത്തോൾ റോഡിലുള്ള ആ വീടിന്റെ വിശാലമായ മുറ്റം ജയലക്ഷ്മി സിൽക്‌സ്ന്റെ പാർക്കിംഗ് ഏരിയ ആണ്.
എല്ലാ മാസവും ഞങ്ങൾ പരിശോധനക്കായി അദ്ദേഹത്തിന്റെ വീട്ടിൽ എത്താറുണ്ട്. റിസൾട്ടിനായ് കാത്തിരുന്നു മുഷിയുമ്പോൾ ചിലപ്പോൾ തൃശൂർ മൃഗശാലയിൽ പോകും. പിന്നെ അത് മടുത്തു. 2.30 വരെ സമയം പോകാൻ പലപ്പോഴും തേക്കിൻകാട് മൈതാനത്തിൽ ഏതെങ്കിലും മരച്ചുവട് തിരഞ്ഞെടുത്തു.ചിലപ്പോൾ സിനിമ കാണാനും സമയം കിട്ടിയിട്ടുണ്ട്. ബിരിയാണി അത്രക്ക് ഇഷ്ടം ഇല്ലാത്ത ഞാൻ ഹോട്ടൽ ജയ കഫെ യിലെ ബിരിയാണി ആസ്വദിച്ചു കഴിക്കാറുണ്ട്. ഇടക്ക് പുസ്തക പ്രദർശനം നടക്കുന്ന ഇടങ്ങളിൽ കറങ്ങും. കുറേ പുസ്തകം തിരഞ്ഞെടുക്കും പിന്നെ അതിൽ നിന്ന് ഏറെ പ്രിയപ്പെട്ടത് എടുത്തു തിരിച്ചു പോരുമ്പോഴേക്കും ജെയിംസ് ഡോക്ടർ എത്തും.
ഇത്തവണ ഒരു വല്ലാത്ത യാത്ര ആയി പോയി. രാവിലെ തന്നെ ട്രെയിൻ കിട്ടാറുള്ളതാണ്. ഇന്ന്‌ ലൈനിൽ പണി നടക്കുന്നു. ബസ് തന്നെ ആശ്രയം. കോട്ടയത്തു നിന്ന് പെരുമ്പാവൂർ വഴി തൃശ്ശൂരിലേക്ക്. ഇടക്ക് ഛർദിയും... പലവട്ടം വാളുവെച്ചുള്ള യാത്ര അസഹനീയം. ഇത്തവണ ബ്ലഡ്‌ ടെസ്റ്റ്‌ നടന്നില്ല . സമയം ഒരുപാട് വൈകിയിരുന്നു. കുഞ്ഞും കൂടെയുണ്ട്. Ukg ക്കാരനെ കൂടെ കൂട്ടി. മൂത്തയാൾ അടുത്ത വീട്ടിൽ ഇരുന്നോളും. 11 വയസിനേക്കാൾ പക്വത അവനുണ്ട്. രാത്രിയിൽ എത്താൻ വൈകും അത് കൊണ്ട് അടുത്ത വീട്ടിൽ പറഞ്ഞേൽപ്പിച്ചു.
ബൈപോളാർ മൂഡ് ഡിസോർഡർ, അതിന്റെ
സകല ശക്തിയും എടുത്തു പോരാടുമ്പോൾ ഓടി എത്തുന്നത് തൃശ്ശൂർ ജെയിംസ് ഡോക്ടറുടെ അരികിലേക്കാണ്. അദ്ദേഹത്തിനെ അറിയൂ എന്നെയും എന്റെ മനസ്സിനെയും.ശരീര ഭാരം നന്നായി കുറഞ്ഞിരിക്കും അന്നേരം. ഉറങ്ങാൻ കൊതി തോന്നുന്ന ദിനങ്ങൾ. ചിലപ്പോൾ സംസാരം കുഴഞ്ഞു പോകും. കടുത്ത ക്ഷീണം ശരീര വേദന. എന്തിനെന്നറിയാത്തെ വേദനിക്കുന്ന മനസ്സുമായി വെറുതെ കിടക്കാനേ എനിക്കാകു.
ഈ യാത്രയും ഡോക്ടറെ കണ്ടു ആശ്വാസം തേടുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു. രോഗം അതിന്റെ കുസൃതികൾ കാണിച്ചുകൊണ്ടേയിരിക്കുമ്പോൾ ദൂരം സമയം കാലാവസ്ഥ ഒന്നും നോക്കാതെ യാത്ര ചെയ്യേണ്ടി വരുന്നു.
തിരികെയുള്ള യാത്രയിൽ ഞങ്ങൾക്ക് ഒരുമിച്ചിരിക്കാൻ സീറ്റ്‌ കിട്ടിയില്ല. എതിർ വശത്തു രണ്ടു സീറ്റ്‌ മുന്നിൽ ആയിരുന്നു എനിക്കിരിക്കാൻ ഇടം കിട്ടിയത്. കുഞ്ഞുമായി കുറച്ചു നേരം നിന്ന് യാത്ര തുടരുന്നതിനിടയിൽ അദ്ദേഹത്തിനു ഒരു സീറ്റ്‌ കിട്ടിയതാണ്. ക്ഷീണം കൊണ്ട് ഞാൻ ഉറങ്ങിയിരുന്നു.
അദ്ദേഹം എന്റെ ഉറക്കം മുടക്കാതെ എപ്പോഴും ശ്രദ്ധിക്കാറുണ്ട് . കുഞ്ഞു കൂടെ ഉള്ളപ്പോൾ രണ്ടുപേരെയും കൈകാര്യം ചെയ്യാൻ ഏറെ ബുദ്ധിമുട്ടാറുണ്ട്. തല എങ്ങും തട്ടാതെ മുട്ടാതെ പ്രത്യേകം ശ്രദ്ധിക്കും . മൂഡ് ചേഞ്ച്‌ ആയി കുറേ ദിവസങ്ങൾ ഉറക്കം നഷ്ടപ്പെടുന്ന ഞാൻ, യാത്രയിൽ നന്നായി ഉറങ്ങും.
ഇത്തവണ അടുത്ത് ആളില്ലെന്ന ബോധത്തോടെ ഇരുന്നെങ്കിലും ക്ഷീണം കൊണ്ട് ഉറങ്ങിപ്പോയി. അടുത്ത് ഒരു ചേച്ചി ആയിരുന്നു ഇരുന്നത്. അവർ ഇറങ്ങിയതും വേറെ ആരോ വന്നതും ഞാൻ അറിഞ്ഞിരുന്നില്ല. നല്ല തിരക്കുണ്ടായിരുന്നു ബസിൽ. വൈക്കം കഴിഞ്ഞു ബസ് നിർത്തിയപ്പോൾ കണ്ണ് തുറന്നെങ്കിലും വീണ്ടും ഉറക്കത്തിലേക്കു പോയി.
പിന്നെ ഉണർന്നപ്പോൾ ഇളം നീല ഷർട്ട്‌ ആണ് ഞാൻ കാണുന്നത്. ഈ കളർ ഷർട്ട്‌ അല്ലല്ലോ അദ്ദേഹം ഇട്ടിരുന്നത്, ബോധം വന്നത് പെട്ടെന്നാണ്. അപ്പനും മോനും വേറെ സീറ്റിൽ ആണ് ഇരുന്നതെന്നും ഞാൻ വേറെ ആരുടെയോ തോളിൽ സുഖ നിദ്രയിൽ ആയിരുന്നെന്നും. ഞെട്ടി എഴുന്നേറ്റു ഞാൻ അയാളെ നോക്കി പുറകോട്ട് നീങ്ങാൻ ശ്രമിച്ചു. നന്നായി ഭയന്നിരുന്നു. ദൈവമേ ഒരു അപരിചിതന്റെ തോളിൽ ബോധം ഇല്ലാതെ എത്ര നേരം ഏത് അവസ്ഥയിൽ ആയിരുന്നു എന്നൊക്കെ ചിന്തിച്ചു . എന്റെ വെപ്രാളം കണ്ടിട്ട് ആകും ആ ചെറുപ്പക്കാരൻ ശാന്തമായി പറഞ്ഞു, "സാരമില്ല, നിങ്ങൾ നല്ല ഉറക്കം ആരുന്നു."ആ ഉറക്കത്തിനു തടസ്സം ആകണ്ട എന്നോർത്തു "
പരിഭ്രമവും ജാള്യതയും കൊണ്ട് പെട്ടെന്ന്
ഞാൻ പുറകോട്ട് തിരിഞ്ഞു നോക്കി. ഭർത്താവും കുഞ്ഞും എവിടെ,? അവർ ഉറങ്ങുകയാണോ?.
ഞാൻ ഇവിടെയുണ്ട് എന്ന് എന്നെ അറിയിക്കാൻ അദ്ദേഹം ഒന്ന് തലയാട്ടി. കുഞ്ഞു അദ്ദേഹത്തിന്റെ മാറോടു ചേർന്ന് ഉറങ്ങുന്നുണ്ട്. പരിഭ്രമിച്ചു നോക്കിയ എന്നെ സാരമില്ല എന്ന് കണ്ണടച്ചു സമാധാനിപ്പിച്ചു.
"ചേട്ടനും മോനും ആണോ പുറകിൽ ഇരിക്കുന്നത് ".എന്റെ പുറകോട്ടുള്ള നോട്ടം കണ്ടു അയാളും തിരിഞ്ഞു നോക്കികൊണ്ട്‌ ചോദിച്ചു.
"അതെ, കയറുമ്പോൾ നല്ല തിരക്കായിരുന്നു. ഏറെ വൈകിയാണ് ഈ ബസ് എങ്കിലും കിട്ടിയത് "
തലയോലപ്പറമ്പ് കഴിഞ്ഞു ഉള്ള ഒരു സ്റ്റോപ്പിൽ അയാൾക്ക്‌ ഇറങ്ങണം എന്ന് പറഞ്ഞു. ആ പേര് ഞാൻ മറന്നു.വീടും വീട്ടുകാര്യങ്ങളും ചോദിച്ചു. ഞാൻ തൃശൂർ പോയി വരികയാണെന്നും. വീട് കോട്ടയത്ത്‌ ആണെന്നും മറുപടി പറഞ്ഞു.
അയാൾ ഒരു ടീവി ചാനലിൽ ജോലി ചെയ്യുന്നു . പെട്ടെന്ന് ഉണ്ടായ മീറ്റിംഗ് കൂടെ വന്ന മഴയും, ഓഫീസിൽ നിന്ന് ഇറങ്ങാൻ വൈകി. കിട്ടേണ്ട ബസ് കിട്ടിയില്ല. ബസ് ഇറങ്ങി കുറച്ചു നടക്കാൻ ഉണ്ടെന്നു അയാൾ പറഞ്ഞു.എന്റെ പരിഭ്രമം കുറഞ്ഞു വന്നു. ഞങ്ങൾ സംസാരം തുടർന്നു.അയാളുടെ ജോലിയെക്കുറിച്ചുള്ള കുറച്ചു കാര്യങ്ങൾ ചോദിച്ചു. ഞങ്ങളുടെ കുടുംബ കാര്യങ്ങളും അയാൾ ചോദിച്ചെങ്കിലും തൃശ്ശൂരിലേക്കുള്ള യാത്ര എന്തിനായിരുന്നുവെന്ന് ഞാൻ പറഞ്ഞില്ല. അന്ന് ഇത്രേം ധൈര്യം ഇല്ലാരുന്നു. ഇപ്പൊ പറയാൻ നാണം ഒന്നുമില്ല. ആർക്കു വേണമെങ്കിലും എപ്പോൾ വേണമെങ്കിലും വരാം ഇതൊക്കെ.
എന്തിനെയും നേരിടാൻ മനസ്സ് പാകപ്പെട്ടു. പ്രിയപ്പെട്ടവരുടെ പെട്ടെന്ന് ഉണ്ടാകുന്ന മരണം പ്രകൃതി ദുരന്തങ്ങൾ അതിനെക്കുറിച്ചുള്ള വാർത്തകൾ ഒക്കെ എന്നെ നന്നായി തളർത്തിയിട്ടുണ്ട്. അപ്പോഴൊക്കെ ദൈവത്തിന്റെ അദൃശ്യ കരങ്ങൾ എന്നെ താങ്ങുന്നുണ്ട്. കുറച്ചു ദിവസം എല്ലാം താളം തെറ്റിയാലും ജീവിതത്തിലേക്ക് തിരിച്ചു വരും. അപ്പോഴൊക്കെ മക്കളും ഭർത്താവും ചേർന്ന് വീട്ടുകാര്യങ്ങൾ ശ്രദ്ധിച്ചു കൊണ്ട് എന്റെ വിശ്രമത്തിനു മുൻഗണന നൽകാറുണ്ട്. കാരണം മൂർച്ചയേറിയ ആയുധം ചില്ലു പത്രങ്ങൾ ഒന്നും എനിക്ക് ആ സമയത്തു കൈകാര്യം ചെയ്യാനാകില്ല. കൈകൾ തീരെ ബലമില്ലാതെ.... കുക്കിംഗ്‌ ഗ്യാസ് പൂർണ്ണമായും അവരുടെ നിയന്ത്രണത്തിൽ ആകും. പല അബദ്ധങ്ങളും കാണിച്ചു കൂട്ടിയിട്ടുണ്ട്. ഭക്ഷണം ഉണ്ടാക്കാനും കഴിക്കാനും താല്പര്യം തോന്നാത്ത ദിവസങ്ങൾ... അടുക്കളയിൽ കയറാതിരിക്കുന്നതാണ് ഭേദം.എളുപ്പം ഉണ്ടാക്കാവുന്ന, മുട്ട പൊരിച്ചതും പപ്പടം കാച്ചിയതും മോര് ഒക്കെ ആകും ആ ദിവസങ്ങളിലെ വിഭവങ്ങൾ.
ഇന്നെന്റെ ഒൻപതാം ക്ലാസ്സ്‌ വിദ്യാർത്ഥിയായ മൂത്ത പുത്രൻ അസ്സൽ ഒരു വീട്ടമ്മയുടെ കടമകൾ ഏറ്റെടുക്കും.ലീവ് ഇല്ലെങ്കിൽ . മോനെ കാര്യങ്ങൾ എല്ലാം ഏല്പിച്ചു, അദ്ദേഹം ജോലിക്ക് പോകും. മുൻ കോപി ആയ ചെക്കൻ ആ സമയം എത്ര മൃദുവായാണ് എന്നോടും കുഞ്ഞിനോടും ഇടപെടുന്നത്. അനിയനോട് ഉറഞ്ഞു തുള്ളി സംസാരിക്കാറുള്ള അവൻ മെല്ലെ കവിളിൽ തലോടി ഉണർത്തി കഞ്ഞി കുടിപ്പിക്കുന്നതും, എരിവില്ലാതെ കറികൾ ഉണ്ടാക്കി കൊടുക്കുന്നതും, എന്നെ അമ്പരപ്പിച്ച ഒരു കാഴ്ച്ച ആണ്.
പലപ്പോഴും മഴക്കാല രാത്രികളിൽ ഞാൻ ആ നീല ഷർട്ട്‌ധാരിയായ ചെറുപ്പക്കാരനെ ഓർക്കാറുണ്ട്. പേര് ചോദിച്ചിരുന്നു. പക്ഷെ ഓർമ്മിക്കുന്നില്ല. ഇറങ്ങിയ സ്റ്റോപ്പ് പോലും ഞാൻ ഓർക്കുന്നുന്നില്ല. ഒത്ത ഉയരവും വണ്ണവും ഉള്ള അല്പം കുറ്റിത്താടിയുള്ള ആ മുഖം അവ്യക്തമായി ഓർമയിൽ ഉണ്ടെങ്കിലും ഇനി ഒരിക്കൽ കൂടി കാണാൻ കഴിഞ്ഞാൽ എനിക്ക് തിരിച്ചറിയാൻ കഴിയുമോ? പേര് പോലും ഓർമ ഇല്ലാതെ എങ്ങനെ.... സ്ഥലം ഏതെന്നു കൃത്യമായി ഓർക്കുന്നുമില്ല. Media one ചാനലിൽ ആണെന്ന് തോന്നുന്നു ജോലി ചെയ്തിരുന്നത്. ഒന്നും ശരിക്കു ഓർക്കുന്നില്ല. എന്നും ഓർമ്മയും മറവിയും തമ്മിൽ യുദ്ധത്തിലാണല്ലോ.
ആ തുലാവർഷ രാത്രിയിൽ അയാൾ എന്നോട് യാത്ര പറഞ്ഞു പോയപ്പോൾ ഞാൻ വെറുതെ കൈ വീശി, പെരുമഴയിൽ ഇരുട്ടിലേക്ക് നടന്നകലുന്നത് നോക്കിയിരുന്നു. ഒരു നന്ദി വാക്ക് പോലും പറയാതെ വീണ്ടും സീറ്റിൽ ചാരിയിരുന്നു മയങ്ങി.
ഇന്നും ചിലപ്പോൾ ആ നല്ല ചെറുപ്പക്കാരനെ ഓർക്കാറുണ്ട്. അയാൾക്ക് ജന്മം നൽകിയ മാതാപിതാക്കൾ ആരായിരിക്കും. ഒരുപക്ഷെ അയാൾക്കും ഒരു കുഞ്ഞു പെങ്ങൾ വീട്ടിൽ കാണുമായിരിക്കും.
കഴിഞ്ഞ ദിവസം ഈ കാര്യങ്ങൾ ഒരു സുഹൃത്തുമായി സംസാരിക്കാൻ ഇടയായി. ജീവിതത്തിൽ വലിയ ഒരു നഷ്ടമാണ് ആ നല്ല മനസ്സിനുടമയായ ചെറുപ്പക്കാരനെ കൂടുതൽ പരിചയപ്പെടാൻ ശ്രമിക്കാതെ പോയത്.നല്ലൊരു സൗഹൃദം സമ്മാനിക്കാൻ അയാൾക്ക് കഴിഞ്ഞേനെ. രണ്ടു കുടുംബങ്ങൾ തമ്മിൽ ആഴമായ ബന്ധം ഉടലെടുക്കുമായിരുന്നു ഒന്ന് ശ്രമിച്ചിരുന്നെങ്കിൽ.
തുലാവർഷം തകർത്തു പെയ്ത ആ രാത്രിയിൽ, ഇരുട്ടിൽ എന്റെ തളർന്നുള്ള ഉറക്കം. ആ തോളിൽ സുരക്ഷിതമായി അഭയം നൽകിയ, ഒരു കാവൽ മാലാഖയെപോലെ കരുതലേകിയ ആ വലിയ മനസ്സിന് എങ്ങനെ നന്ദി പറയും എന്നു ഇടക്ക് ഓർക്കാറുണ്ട്.
എന്നെങ്കിലും അയാളെ എനിക്ക് കണ്ടെത്താൻ ഈ ചെറിയ യാത്രാനുഭവക്കുറിപ്പു സഹായമായാൽ....
വേറൊന്നും വേണ്ട, ഇരുട്ടും മഴയും നിറഞ്ഞ ആ രാത്രിയിൽ തോളോട് ചേർന്ന് ഉറങ്ങിയ എനിക്കേകിയ സംരക്ഷണത്തിനു ഒരു നന്ദി വാക്ക് പറയാൻ.കരുണയുടെ ഒരു കുഞ്ഞു തുണ്ട് എനിക്കായി പകുത്തു തന്ന നല്ല ഹൃദയത്തിനുടമയെ ഒന്ന് കൂടെ കാണാൻ കഴിഞ്ഞാൽ അതിൽ പരം സന്തോഷം വേറൊന്നില്ല.
അളവില്ലാത്ത ബഹുമാനവും ഹൃദയം നിറയെ സ്നേഹവും കാത്തുവെച്ചു, എന്നെങ്കിലും അദ്ദേഹത്തെ കാണാനാകുമെന്ന പ്രതീക്ഷയോടെ, ഒപ്പം പ്രാർത്ഥനയോടെ ഞാനും കുടുംബവും അക്ഷരനഗരത്തിൽ കാത്തിരിക്കുന്നു.
ബിന്ദു ജോസഫ്
24/08/2020

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo