വടക്ക് നോക്കി യന്ത്രം


സതീശൻ , പ്രായം മുപ്പത്തിമൂന്ന് , സുമുഖൻ , സത്സ്വഭാവി , പട്ടണത്തിലെ സഹകരണ ബാങ്കിൽ ക്ലർക്ക് . വായനക്കാർ തെറ്റിധരിക്കരുത് ഇതൊരു മാട്രിമോണിയൽ പരസ്യമല്ല . സതീശന് സ്വന്തമായ് ഭാര്യ ഒന്ന് , പെൺമക്കൾ രണ്ട് .
കൂടാതെ സതീശൻ അറിയപ്പെടുന്ന ഒരു നോവലിസ്റ്റുകൂടിയാണ് . " ഉണർന്ന വരയിൽ " തുടർച്ചയായി മാന്ത്രിക നോവൽ എഴുതുന്നയാൾ . അയാളുടെ രക്തയക്ഷിയും , കരിമ്പനയോലയും പ്രമുഖ ഓൺലൈൻ ഗ്രൂപ്പിൽ രണ്ടായിരവും , മൂവായിരവും " ഉയർന്ന പെരുവിരൽ " കിട്ടിയ നോവലുകളാണ് .
ഇതൊക്കെ ആണേലും സതീശൻ ഒന്നാന്തരം ഒരു പേടിത്തൊണ്ടനാണ് . പേടി സതീശന് കൂടപ്പിറപ്പിനെ പോലെയാണ് . കുട്ടിക്കാലത്ത് ഒപ്പം ഉണ്ടായിരുന്ന നാണി മുത്തശ്ശിയും , വീടിനോട് ചേർന്ന ആളൊഴിഞ്ഞു കിടക്കുന്ന മനപ്പറമ്പുമാണ് സതീശന്റെ മനസ്സിൽ പേടി വേരൂന്നാ നുണ്ടായ ആദ്യ കാരണങ്ങൾ . പിന്നീട് അതങ്ങ് പടർന്ന് പന്തലിക്കുകയാണ് ചെയ്തത് . ഈ നാണി മുത്തശ്ശി പറഞ്ഞ യക്ഷിക്കഥകളുടെ പുതു രൂപമാണ് സതീശന്റെ ഓൺലൈൻ കഥകളിൽ അധികവും .
ഈ പേടിയിൽ നിന്നും രക്ഷനേടാൻ സതീശൻ തന്റെ ശരീരം മുഴുവനും വിവധ തരത്തിലുള്ള ഏലസ്സ്കൾ ധരിച്ചാണ് നടപ്പ് . അങ്ങനെ പരസ്യങ്ങളിൽ കാണുന്ന ഒട്ടുമിക്ക യന്ത്രങ്ങളും , ഉറുക്കുകളും ധരിച്ച അയാൾ കാന്തത്തിനടുത്ത് കൂടി പോയാൽ അതിൽ ഒട്ടി ഇരിക്കും എന്ന് വേണമെങ്കിൽ ആലങ്കാരികമായി പറയാവുന്ന അവസ്തയിലാണ് ഇപ്പോൾ .
സമയം രാത്രി പതിനൊന്ന് കഴിഞ്ഞിരിക്കുന്നു . സതീശൻ ഇപ്പോൾ ഒരു രചനയുടെ പണിപ്പുരയിലാണ് . അവന്റെ സ്വപ്ന രചന . കഥയുടെ പേര് " സ്വർണ്ണ കദളി " . ഈ കഥ സതിശന്റെ വീടിനോട് ചേർന്ന ആളില്ലാ മനയുടെ കഥയാണ് . അവന്റെ മുത്തശ്ശിയിൽ നിന്നും പണ്ട് എങ്ങൊ പറഞ്ഞ് കേട്ട ഒരു യക്ഷി കഥ .
കഥയുടെ ആദ്യ ഭാഗം എഴുതി തീർത്ത അവൻ അത് ഒരാവർത്തി വായിച്ച് നോക്കി .
സ്വർണ്ണ കദളി
" കഥ കേൾക്കാനുള്ള കൊതി കുട്ടിക്കാലത്തെ കൂടെ കൂടിയതിനാൽ, എന്റെ ഏറ്റവും വലിയ ഇഷ്ടക്കാരി നാണി മുത്തശ്ശി ആയിരുന്നു . വെളുത്ത നിറവും , വെള്ളി തലമുടിയും , ചുളിവ് വീണ കവിളുകളും , കുട കമ്മലിട്ട് ഞാന്ന് പോയ വലിയ ചെവികളുമുള്ള നാണി മുത്തശ്ശിക്ക് എപ്പോഴും അവർ വായിലിട്ട് ചവക്കുന്ന ' കാലി പുകയിലയുടെ ' ഗന്ധമായിരുന്നു. ഒരിക്കൽ മുത്തശ്ശി കാണാതെ പുകയിലയിൽ തരിമ്പെടുത്ത് വായിലിട്ട ഞാൻ , 'പുകയിലചൊരുക്കി ' വീണതിൽ പിന്നെ ആ ഗന്ധം എന്റെ മനം മടുപ്പിച്ചെങ്കിലും , മുത്തശ്ശീടെ കഥകളുടെ സുഗന്ധം , എന്നും എന്നെ അവരുടെ അരികിൽ ചേർത്ത് നിർത്തി .
അന്നൊരിക്കൽ കഥ കേൾക്കാൻ അടുത്ത് കൂടിയ എന്നോട് മുത്തശ്ശി ഒരു രാജാവിന്റെ കഥ പറഞ്ഞു .
കഥയിൽ ആ രാജാവിന് മക്കൾ നാലായിരുന്നു. ഒന്നാമത്തെ മകൻ 'ക' രണ്ടാമൻ' ഥ 'മൂന്നാമത്തെത് പെൺകുട്ടി 'മ' നാലാമത്തവൾ ' തി ' ഇത്രയും പറഞ്ഞ് നിർത്തിയ മുത്തശ്ശി, എന്നോട് അവരുടെ പേരുകൾ ഒന്ന് കൂട്ടി വായിക്കാൻ പറഞ്ഞു. 'കഥ മതി' ന്ന് ,വായിച്ച എന്നോട് എന്നാൽ കഥ മതിയാക്കാം എന്ന് കളിയായി പറഞ്ഞിട്ട് എനിക്ക് മുത്തശ്ശി ഒരു കഥ പറഞ്ഞു തന്നു............................. ഒരു യക്ഷികഥ !!! .
സമയം നാല് മണി കഴിഞ്ഞതേ ഉള്ളൂ മനപ്പറമ്പിൽ ഇരുട്ട് പരക്കാൻ തുടങ്ങിയിരിക്കുന്നു .തേക്കും , കൂവളവും , കരിവീട്ടിയും തിങ്ങിനിറഞ്ഞ ആ പറമ്പിൽ സൂര്യനെന്നും താമസിച്ച് ഉദിക്കുകയും നേരത്തെ അസ്തമിക്കുകയും ചെയ്തിരുന്നു . കാറ്റിൽ മരങ്ങൾ ഞെരിയുന്ന ശബ്ദം ഒഴിച്ചാൽ ആ പറമ്പിൽ കിളികൾ പോലും ചിലച്ച് ചിറകടിച്ചിരുന്നില്ല . ആൾ പാർപ്പില്ലാതെ ഇടിഞ്ഞ് പൊളിഞ്ഞ ഒരു മനയും , വള്ളിപടർപ്പുകൾ മൂടിയ സർപ്പകാവും , അതിനരികിലായ് ആഴമറിയാത്ത വണ്ണം താഴ്ചയുള്ള ഉപേക്ഷിക്കപ്പെട്ട ആൾമറ ഇല്ലാത്ത ഒരു കിണറുമായിരുന്നു അവിടെ ഉണ്ടായിരുന്നത് .
വളരെ കാലം മുൻപ് ആ മനയിലെ താമസക്കാരനായിരുന്ന മാന്ത്രികൻ ബ്രഹ്മൻ തിരുമനസ്സിനേയും , വേളിയേയും ആരോ അരും കൊല ചെയ്യുകയും . നാലു വയസ്സുകാരി മകളെ ആ കിണറ്റിൽ മുങ്ങി മരിച്ച നിലയിൽ കാണപ്പെടുകയും ചെയ്തതിൽ പിന്നെ ആരും അവിടെ താമസിച്ചില്ല .
മനയിലെ സൂക്ഷിപ്പുകളായ താളിയോലയും , സ്വർണ്ണ കദളി കുലയും അപഹരിക്കാൻ എതിരാളികൾ എത്തിയപ്പോൾ . തന്റെ മകളുടെ പക്കൽ അത് കൊടുത്തിട്ട് രക്ഷപെടാൻ തിരുമേനി അവളോട് ആവശ്യപ്പെട്ടു . സൂക്ഷിപ്പുകൾ കിട്ടാതെ വന്നപ്പോൾ തിരുമേനിയേയും വേളിയേയും അവർ കൊന്നു . ഇരുട്ടിൽ അബദ്ധത്തിൽ ആൾമറയില്ലാത്ത കിണറ്റിൽ വീണ ആ കുഞ്ഞും മരിച്ചു .
ഇത്രയും പറഞ്ഞ് മുത്തശ്ശി അവനോട് ശബ്ദം താഴ്ത്തി ഇങ്ങനെ കൂട്ടിച്ചേർത്തു . "
"ആ കുഞ്ഞിന്റെ ആത്മാവ് ഇപ്പോഴും ആ കിണറ്റിലുള്ള സ്വർണ്ണ കദളി കുലക്കും , നശിക്കാത്ത താളിയോലക്കും കാവലായ് അവിടെ തന്നെയുണ്ട് . "
തുടരും , എന്ന് എഴുതിയിട്ട് സതീശൻ തന്നോട് തന്നെ പറഞ്ഞു .
" അസ്സലായിട്ടുണ്ട് ഇത് പൊളിക്കും "
പെട്ടെന്ന് ഒരു നിഴൽ തന്റെ അടുക്കലേക്ക് വരുന്നത് വെളിയിൽ നിന്നും വരുന്ന ബൾബിന്റെ പ്രകാശത്തിൽ അവൻ എഴുത്ത് മേശക്ക് മുന്നിലെ ചുവരിൽ കണ്ടു .
ഒരു ചെറിയ പെൺകുട്ടിയുടെ നിഴൽ അതാ തന്റെ അടുക്കലേക്ക് വരുന്നു . ആ നിഴലിന്റെ കൈ പിന്നിൽ നിന്നും തന്റെ കഴുത്തിന് നേരെ നീണ്ട് വരുന്നത് കണ്ട് ശ്വാസം നിലച്ച് പോകുന്ന പോലെ അവന് തോന്നി . സതീശൻ ഉച്ചത്തിൽ നിലവിളിച്ചെങ്കിലും അവന്റെ ശബ്ദം തൊണ്ടയിൽ കുരുങ്ങി പുറത്തേക്ക് വന്നില്ല .
" അച്ഛാ ബാത്റൂമിൽ പോകാൻ ഒന്ന് കൂട്ടു വരുമോ ...? "
സതീശന്റെ യു.കെ. ജിക്കാരി മകൾ ഉറക്കച്ചടവോടെ അവന്റെ ചുമലിൽ പിടിച്ച് കുലുക്കിയിട്ട് ചോദിച്ചു .
**************************
കവലയിൽ സതീശൻ ബസ്സിറങ്ങിയപ്പോൾ അന്ന് നേരം നന്നെ വൈകിയിരുന്നു . വീട്ടിലേക്ക് ഒരു കിലോമീറ്ററോളം നടന്ന് വേണം പോകാൻ . വാർഷിക കണക്കെടുപ്പ് ആയത് കാരണം ബാങ്കിൽ നിന്നും ഇറങ്ങാൻ വൈകി . ഗ്രാമത്തിലേക്കുള്ള പതിവ് ബസ്സ് കിട്ടിയതുമില്ല . ഒരിക്കലും ഇത്ര വൈകിയിട്ടില്ല . വല്ലപ്പോഴും വൈകിയാൽ തന്നെ ആ യാത്രയിൽ കൂട്ടായി കവലയിൽ നിന്നും കട പൂട്ടി പോകുന്ന ആരെങ്കിലും ഉണ്ടാവുന്നതാണ് . ഇന്ന് അതും ഇല്ല . ഒറ്റക്ക് മനപ്പറമ്പ് കടന്ന് പോകണം എന്ന ചിന്ത അവന്റെ ഹൃദയത്തെ വല്ലാതെ മിടിപ്പിച്ചു . ബസ് സ്റ്റോപ്പിന് സമീപമുള്ള പെട്ടി കടയിൽ നിന്നും ഒരു മെഴുകുതിരിയും , തീപ്പെട്ടിയും വാങ്ങി ചായക്കടയുടെ പിന്നാമ്പുറത്ത് നിന്ന് കിട്ടിയ ചിരട്ടയുടെ തുറന്ന ഭാഗം ചേർത്ത് അത് കത്തിച്ച് വച്ച് ധൈര്യം സംഭരിച്ച് അവൻ നടക്കാൻ തുടങ്ങി .
രാത്രി കരിമ്പടം പോലെ വിരിഞ്ഞ് നിവർന്നു കിടന്നിരുന്നു . മേഘ കൂട്ടങ്ങൾ നക്ഷത്രങ്ങളെ പോലും മറച്ചിരുന്നു . അരണ്ട മെഴുക് തിരിയുടെ വെട്ടം ഇടവഴിയുടെ കൽക്കെട്ടിനെ ഇടക്കിടെ പ്രകാശിപ്പിച്ചു . വേഗത്തിൽ മുന്നോട്ടായുന്ന കാലടികൾക്ക് കൂട്ട് ആ നിശബ്ദതയിൽ മുഴങ്ങി കേൾക്കുന്ന അവന്റെ കിതപ്പ് മാത്രം . ആ കൽഭിത്തിയിൽ ഒരിടത്ത് ഒരു സർപ്പം ചുറ്റിപ്പിടിച്ചിരിക്കുന്നത് മെഴുകുതിരിയുടെ വെട്ടത്തിൽ കണ്ട അവൻ ചകിതനായി . പെട്ടെന്ന് ഒരു വലിയ എലി പൊന്തയിൽ നിന്നും അവന് മുന്നിലൂടെ ചാടി മറുഭാഗത്തേക്ക് പാഞ്ഞ് പോയി . ഒരു നിമിഷം പകച്ചു പോയെങ്കിലും , മെഴുക് തിരി മറുകൈയ്യിലേക്ക് മാറ്റി പിടിച്ച് കക്ഷത്തിൽ ചുരുട്ടി വെച്ചിരുന്ന ബാഗ് തോളിൽ തൂക്കിയ ശേഷം മുണ്ടിന്റെ തുമ്പ് ഉയർത്തി പിടിച്ച് വേഗത്തിൽ അവൻ നടക്കാൻ തുടങ്ങി . മനപ്പറമ്പിന്റെ അരികിൽ എത്തിയിരിക്കുന്നു കുറച്ച് ദൂരം കുടി നടന്നാൽ വീട്ടിലെത്താം അവൻ ആശ്വാസം കൊണ്ടു .
പെട്ടെന്ന് പാദസ്വരം കിലുങ്ങന്ന പോലൊരു ശബ്ദം അരികിൽ നിന്നും അവൻ കേൾക്കാൻ തുടങ്ങി . " ഛിൽ ഛിൽ ............ " ആകെ പരവശനായ അവൻ നടപ്പിന് വേഗത കൂട്ടി . അതാ ആ ശബ്ദം തന്റെ കൂടെ തന്നെ ഉണ്ട് ഇപ്പോൾ അത് വേഗത്തിലും , ഉച്ചത്തിലുമായിരിക്കുന്നു . നടപ്പിന്റെ വേഗതയിൽ അവന്റെ കൈയ്യിലെ മെഴുകുതിരി നാളം ഉലഞ്ഞ് കത്തി . പെട്ടെന്ന് അവനാ പൊന്തക്കാട്ടിൽ ഒരു വെളുത്ത രൂപം കണ്ടു . ആ കാട് വല്ലാതൊന്ന് ഉലഞ്ഞു . ആ സമയം അവിടെ നിന്നും ഉച്ചത്തിൽ മണി നാദം മുഴങ്ങാൻ തുടങ്ങി . സതീശൻ തന്റെ കൈയ്യിലെ മെഴുക് തിരി വലിച്ചെറിഞ്ഞ് ബാഗ് നെഞ്ചോട് ചേർത്ത് പിടിച്ച് കുതിച്ച് പാഞ്ഞു . വീടിനു മുൻപിലെ വെളിച്ചം കണ്ടപ്പോഴാണ് അവൻ ഓട്ടത്തിന്റെ വേഗത അല്പം കുറച്ചത് .
അപ്പോഴേക്കും പാദസ്വരത്തിന്റെ കിലുക്കവും , മണിയടി ശബ്ദവും നിലച്ചിരുന്നു .
വീട്ടിലെത്തി കിതച്ച് കൊണ്ട് കതകിൽ ആഞ്ഞ് തട്ടിയത് മാത്രമെ സതീശന് ഓർമ്മ ഉണ്ടായിരുന്നുള്ളൂ .
പിറ്റേന്ന് പനി പിടിച്ച് , വിറച്ച് കിടക്കുന്ന അയാളുടെ അടുക്കൽ എത്തിയ മൂത്ത മകൾ സതീശനോട് ഇങ്ങനെ ചോദിച്ചു .
" അച്ഛനിന്നലേം മറന്നു അല്ലെ ? "
"എന്റെ കാശു കുടുക്കേലെ ചില്ലറ നോട്ടാക്കി തരാം എന്ന് പറഞ്ഞ് കൊണ്ടു പോയിട്ട് ദാ അത് അച്ഛന്റെ ബാഗിൽ തന്നെ ഇരിക്കുന്നു . "
" ആ സമയത്ത് " അയൽ വീട്ടിലെ കാർത്ത്യായനി ചേച്ചി രാത്രി തൊഴുത്തിൽ നിന്നും അഴിഞ്ഞ് പോയ തന്റെ പശുവിനെ തേടി പിടിച്ച് ഉച്ചത്തിൽ പ്രാകിക്കൊണ്ട് ആ വഴി കടന്ന് പോയി .
" നാശം പിടിച്ചത് . എം . സി . ആറിന്റെ പുതിയ വെളുത്തമുണ്ടായിരുന്നു അഴയിൽ അലക്കി വിരിച്ചിരുന്നത് . അതും കൊമ്പേ തൂക്കിയേ ഇതിന് പോകാൻ കണ്ടുള്ളു . മനക്കിണറ്റിൽ ചാടി ഈ പണ്ടാരം ചത്തില്ലല്ലോ ഭഗവാനെ . "
ഇത് കേട്ടിട്ടോ എന്തോ നന്ദിനി പശു കഴുത്തിലെ കുടമണി കിലുക്കി പ്രതിഷേധം അറിയിച്ചു . ണിം ണിം ണിം .
***********************************
രണ്ട് ദിവസങ്ങൾക്ക് ശേഷം സതീശന്റെ എഴുത്ത് മുറി . സമയം രാത്രി
പതിനൊന്ന് . സതീശൻ ഒരു പുതിയ രചനയിലാണ് " യക്ഷിക്കഥകളും മിഥ്യാ ധാരണയും " എന്നായിരുന്നു അതിന്റെ പേര് .
പെട്ടെന്ന് അന്തരീക്ഷമാകെ മാറി . കാറ്റ് വീശി അടിക്കാൻ തുടങ്ങി . ഇരുട്ടിനെ ഭേദിച്ച് മിന്നൽ പിണർ പലവട്ടം പാഞ്ഞു . നായ്കൾ ഉച്ചത്തിൽ ഓരിയിട്ടു .
എഴുത്ത് നിർത്തി ലൈറ്റണച്ച സതീശൻ തന്റെ കഴുത്തിലെ ഏലസ്സിൽ മുറുകെ പിടിച്ചു . എന്നിട്ട് ഭാര്യയോട് ചേർന്ന് കിടന്ന് ഇങ്ങനെ ഉരുവിട്ടു അർജുനൻ , ഫൽഗുനൻ , പാർത്ഥൻ , വിജയനും.....................
അരുൺ -

..................... 😀 'മിനി'ക്കഥ 😀.................


എന്റെ ഈ കഥയിലെ നായികയുടെ പേരാണ് മിനി. ഞാൻ ബഹുമാനത്തോടെ മിനിചേച്ചി എന്നു വിളിക്കാം കേട്ടോ. ആകെമൊത്തം ടോട്ടൽ മിനിചേച്ചിയെക്കുറിച്ചു പറഞ്ഞാൽ നമ്മുടെ ശ്രീകൃഷ്ണപുരത്തെ നക്ഷത്രതിളക്കം എന്ന സിനിമയിലെ ബിന്ദുപണിക്കരുടെ അതെ സ്വഭാവം എന്നു പറയാം. വായെടുത്താൽ ഊളത്തരമേ പറയു...
അത്ര ഗതിയുള്ള വീട്ടിലല്ലായിരുന്നു മിനിചേച്ചി ജനിച്ചു വളർന്നു പഠിച്ചതൊക്കെ. പത്താം ക്ലാസ്സിൽ മണ്ടൻ പരീക്ഷയെഴുതി ജയിച്ചതിന്റെ അഹംങ്കാരം ഇച്ചിരിയില്ലാതില്ല. പത്താംതരം കഴിഞ്ഞപ്പോൾ മിനിചേച്ചിയെ മഠത്തിൽ ചേർത്താലോയെന്ന് ലോനപ്പൻചേട്ടൻ ആലോചിച്ചതാണ്. പക്ഷെ ലവളുടെ ശരിക്കുള്ള സ്വഭാവംവച്ചു മഠത്തിന്റെ വലിയമതിലു ചാടുമെന്നു പേടിച്ച് ആ കടുംകൈയ്ക്ക് തുനിഞ്ഞില്ല നുമ്മടെ ലോനപ്പൻചേട്ടൻ. കോളേജിൽ വിട്ടാൽ ആ കാശ് ഗുദാഗവാ ആകുമെന്നോർത്തപ്പോൾ അതിനും മനസ്സുവന്നില്ല. അങ്ങനെയാണ് നമ്മുടെ മിനിചേച്ചിയെ തയ്യലു പഠിക്കാൻ സൂസമ്മ ചേച്ചിയുടെ തയ്യൽക്കടയിൽ കൊണ്ടു ചെന്നാക്കുന്നത്. മിനിചേച്ചി പഠിക്കാൻ എന്നും നടന്നു പോകുന്ന സമയത്താണ് നമ്മുടെ കഥാനായകൻ ബെന്നി ചേട്ടൻ സ്വന്തം ടാക്സിയിൽ ഉച്ചയ്ക്ക് ചോറുണ്ണാൻ വീട്ടിലേയ്ക്കു വന്നിരുന്നത്. അങ്ങനെയെന്നും പരസ്പരം രണ്ടുപേരും കണ്ടും ചിരിച്ചും ഒലിപ്പിച്ചുമൊക്കെ ലവ്വായി...
നുമ്മടെ മിനിചേച്ചി എന്നും ബെന്നിച്ചന്റെ ടാക്സിയിൽ കയറി ലോകം മുഴുവൻ കറങ്ങുന്നതായും, അതേസമയം നുമ്മടെ ചങ്ക്ബ്രോ ബെന്നിച്ചേട്ടൻ മിനിചേച്ചി തുന്നിക്കൊടുത്ത ഷർട്ടുംപാൻറും മാറിമാറിയിട്ട്
"ഒരു രാജമല്ലി വിടരുന്നപോലെ "
എന്ന അനിയത്തിപ്രാവിലെ ഗാനം ചാക്കോച്ചൻ പാടി ശാലിനിയുടെ പുറകേ നടന്നതു പോലെയും സ്വപ്നം കാണാൻ തുടങ്ങി. (ആ പടത്തിൽ ശാലിനിയുടെ പേരും മിനി എന്നായിരുന്നു)...
അങ്ങനെ സന്ധ്യയായി ഉഷസ്സായി നാലാം ദിവസം എന്നു പറയുന്നതുപോലെ ഇവരുടെ പ്രണയം നാട്ടിലെങ്ങും പാട്ടായി( റേഡിയോ മാംഗോ പോലെ). എന്തിനേറെ പറയുന്നു രണ്ടു വീട്ടുകാർക്കും എതിർപ്പൊന്നുമില്ലാതെ മിനിചേച്ചിക്ക് പ്രായപൂത്രി 'ആദ്യമായപ്പോൾ' തന്നെ പിടിച്ചങ്ങു കെട്ടിച്ചു...
ചെന്നുക്കേറിയ വീട്ടിലെ സൗകര്യങ്ങൾ കണ്ട് മിനിചേച്ചി അന്തംവിട്ട് കുന്തിച്ചിരുന്നുപോയി. തന്റെ വീടിനെയും ബെന്നിച്ചായന്റെ വീടിനെയും തമ്മിൽ ആധാറുമായി ബന്ധിപ്പിക്കുന്നതുപോലെ താരതമ്യം ചെയ്തു നോക്കിയപ്പോൾ മിനിചേച്ചിക്ക് സ്വന്തം വീടിനോട് ഒരു ലോഡ് പുച്ഛം തോന്നി. അവരുടെ ആദ്യരാത്രി വളരെയേറെ ശബ്ദമുഖരിതമായിരുന്നു. തെറ്റിദ്ധരിക്കണ്ട രണ്ടു പേരുടെയും മത്സരിച്ചുള്ള കൂർക്കംവലിക്കൊണ്ട് ബെഡ്റൂമിനെ അവരൊരു DTS റൂമാക്കി തീർത്തു. ഇതാണ് പറയുന്നത് ഒരു പാലമിട്ടാൽ അങ്ങാട്ടുമിങ്ങോട്ടും വേണമെന്ന്...
അങ്ങനെ ദിവസങ്ങളും ആഴ്ചകളും കഴിഞ്ഞ് മാസത്തിലേയ്ക്ക് കാലെടുത്തു വച്ചപ്പോൾ മിനിചേച്ചിയുടെ കുളിത്തെറ്റി. അതെ മിനിചേച്ചിക്ക് വിശേഷമുണ്ടായിരിക്കുന്നു. അങ്ങനെ ഉമ്മച്ചൻ പറഞ്ഞതുപോലെ
"അതിവേഗം ബഹുദൂരമെന്ന കണക്കിന് "
നല്ല തങ്കക്കുടംപോലത്തെ ഒരു പെൺകുഞ്ഞിനെ മിനിചേച്ചി ഡെലിവറി ചെയ്തു. അവൾക്ക് മറിയാമ്മ എന്നു പേരുമിട്ടു.
" മറിയാമ്മയ്ക്കറിയാം
കറിവയ്ക്കാനറിയാം
കറിവച്ചിട്ടൊത്തില്ലെങ്കിൽ
തൊഴിക്കൊള്ളാനറിയാം"
എന്ന ഗാനത്തെ അനശ്വരമാക്കുമോ നമ്മുടെ ഈ മറിയാമ്മ എന്നൊന്നും എനിക്കിപ്പോൾ പറയാൻ കഴിയില്ല...
നമ്മുടെ മറിയാച്ചി ശടാപടേന്നും പറഞ്ഞു വളർന്നിപ്പോൾ UKGയിലാണ് പഠിക്കുന്നത്. ഇംഗ്ലീഷിൽ ബിരുദാനന്ത ബിരുദമെടുത്ത മിനിചേച്ചി മറിയാമ്മയെ രാവിലെ പഠിപ്പിക്കുകയാണ്
"ബി എൽ ഡബ്ബിൽ ഒ ഡി(blood) ബ്ലൂഡ് "
ഉച്ചത്തിൽ വായിക്കെടി മിനിചേച്ചി മറിയാമ്മ യ്ക്ക് സ്പെല്ലിംഗ് പറഞ്ഞു കൊടുക്കുവാണ്.
ഇതു കേട്ട മറിയാമ്മക്കൊരു സംശയം ബ്ലൂഡ് എന്നല്ലല്ലോ ടീച്ചർ പറഞ്ഞു തന്നത് ബ്ലഡ് എന്നല്ലേ?
സംശയം അമ്മയോട് നേരിട്ടു തന്നെ ചോദിച്ചു
"അമ്മേ ബ്ലൂഡ് എന്നാണോ ബ്ലഡ് എന്നല്ലേ "
ഇതു കേട്ടതും മിനിചേച്ചിക്കു ചൊറിഞ്ഞു കേറി. സമയമില്ലാത്ത സമയത്ത് പഠിപ്പിക്കുമ്പോളാണ് അവളുടെയൊരു സംശയം.
"എടീ നീ എന്നെ പഠിപ്പിക്കാൻ നോക്കണ്ട കേട്ടോ ഞാൻ പറയുന്നത് നീയങ്ങു പഠിച്ചാൽ മതി"
"കാര്യങ്ങൾ കേട്ടു സന്തോഷമായ്
ഞാനിപ്പോൾ പോയിട്ട് പിന്നെവരാം"
എന്ന മട്ടിൽ പഠിത്തം മതിയാക്കി പുസ്തകം മടക്കി ബാഗിൽവച്ചു മറിയാച്ചി ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ പോയി. ആ സമയത്താണ് അയൽക്കാരിയായ അമ്മിണിയമ്മ മിനിചേച്ചിയുടെ ആങ്ങളയുടെ വിശേഷമറിയാൻ അങ്ങോട്ടു വന്നത്. കാരണം മിനിചേച്ചിയുടെ ആങ്ങള ഹാർട്ടിന് വയ്യാത്തായി ഓപ്പറേഷൻ ചെയ്യാൻ ആശുപത്രിയിൽ അഡ്മിറ്റാക്കിയിരിക്കുവായിരുന്നു.
"മിനിയെ ആങ്ങളയുടെ ഓപ്പറേഷൻ കഴിഞ്ഞോടി "
"അതിന്നലെ ആയിരുന്നു ചേച്ചി, ഓ! ഒരു ചെറിയ 'മേജർ' ഓപ്പറേഷൻ " (പൊളിച്ചു)
മിനിചേച്ചി വലിയ ഗൗരവത്തിൽ പറഞ്ഞു. ഇതു കേട്ടതും അമ്മിണിയമ്മ അന്തംവിട്ട് താടിക്കു കൈയ്യും കൊടുത്തൊറ്റ ഇരിപ്പായിരുന്നു സൂർത്തുക്കളെ. ഇംഗ്ലീഷിൽ ഇവൾക്ക് അപാരജ്ഞാനം തന്നെ. അമ്മിണിയമ്മ മനസ്സിൽ ചിരിച്ചു. കാരണം അമ്മിണിയമ്മ പഴയ പത്താം ക്ലാസ്സും ഗുസ്തിയുമാണ്...
കല്യാണത്തിനു ശേഷം മിനിചേച്ചിക്ക് വിവരം കൂടിയില്ലെങ്കിലും പൊങ്ങച്ചം ടിപ്പർ ലോറിയിലെ ലോഡുപോലെ കൂടി കൂടി വന്നിരുന്നു. ബെന്നിച്ചനും വീട്ടുകാരും സ്വതവെ പാവങ്ങളായിരുന്നു. ഒരു അഡ്ജസ്റ്റുമെന്റിൽ മിനിചേച്ചിയെ അവര് സഹിച്ചു പോന്നു...
മിനിചേച്ചിക്ക് കലശലായ പല്ലുവേദന. പല്ലുവേദന കാണിക്കാൻ മിനിചേച്ചി സിറ്റിയിലുള്ള ദന്തൽക്ലിനിക്കിൽ പോയി. അവിടെ ചെന്നപ്പോൾ മിനിച്ചേച്ചിക്കറിയാവുന്ന ഒരു പെണ്ണാണ് നഴ്സായി ജോലിക്കു നിൽക്കുന്നത്. ടോക്കൺ എടുത്തു വെയിറ്റു ചെയ്യുന്ന സമയത്ത് നഴ്സിനോട് മിനിചേച്ചി വിശേഷങ്ങൾ തിരക്കിക്കൊണ്ടിരുന്നു. വിശേഷങ്ങൾ ചോദിച്ച കൂട്ടത്തിൽ മിനിചേച്ചി ഇതും കൂടി ചോദിച്ചു
"മോളിവിടെ കേറിയിട്ട് എത്ര നാളായി "
"ഒരു വർഷമാകാൻ പോകുന്നു ചേച്ചി''
"ഇവിടെ ടെംപററിയാണോ അതോ പ്രെഗ്നന്റ് ആണോ"
(മിനിചേച്ചി ഉദ്ദേശിച്ചത് ടെംപററിയാണോ അതോ പെർമനന്റ് ആണോ എന്നാണ്. പക്ഷെ ചോദിച്ചപ്പോൾ മാറി പോയതാണ്. എന്താല്ലേ. നമ്മുടെ മിനിചേച്ചിയല്ലേ നമുക്കങ്ങ് ക്ഷമിക്കാം.)
ഇതു കേട്ടതും നഴ്സ് അന്തംവിട്ട് ചാടി മുറിക്കകത്തു കേറി. കല്യാണം കഴിക്കാത്ത ആ നേഴ്സ് ഇതിനൊക്കെയെന്തു മറുപടി കൊടുക്കാനാണ്. ഇതു കണ്ടപ്പോൾ മിനിചേച്ചി മനസ്സിൽ പറഞ്ഞു ഇവളൊക്കെ നഴ്സാണെന്നും പറഞ്ഞു നടക്കുന്നു ഒരു തരി ഇംഗ്ലീഷറിയില്ല. ഞാൻ ചോദിച്ചതവൾക്കു മനസ്സിലായില്ല പുവർ ഗേൾ. എന്തിന് ചില്ലി ചിക്കൻ വെജിറ്റേറിയനാണോ നോൺവെജ് ആണോ എന്നു ചോദിച്ച ആളാണ് നുമ്മടെ മിനിചേച്ചി...
ഒരു ദിവസം കറിവേപ്പില മേടിക്കാൻ വന്ന തൊട്ടപ്പുറത്തെ വീട്ടിലെ സുനിത ചേച്ചിയോട് മിനിചേച്ചി പറയുകയുണ്ടായി
"എന്റെ പൊന്നു ചേച്ചി ഒന്നും പറയണ്ട എന്റെ ബെന്നിച്ചായൻ എന്നെ എവിടെ കൊണ്ടു പോകുന്നതും കാറേലാണ്. പള്ളിയിൽ പോകുന്നത് കാറില്, മുറുക്കാൻ കടയിൽ പോകുന്നത് കാറില് എന്തിനേറെ പറയുന്നു ടൊയ്ലറ്റിൽ പോകുന്നതുപോലും കാറിലാണ്. ലൈൻ ബസിലൊക്കെ കേറിയ കാലം മറന്നു. എനിക്കാണേ ലൈൻബസിൽ കേറാൻ അപ്പടി കൊതിയാണിപ്പോൾ "
ഈ പൊങ്ങച്ചം കേട്ടതും സുനിതേച്ചി മൂക്കത്തറിയാതെ വിരലുവച്ചുപോയി. അടുത്ത പൊങ്ങച്ചം പറച്ചിലു കേൾക്കാൻ ത്രാണിയില്ലാതെ കറിവേപ്പിലയും മേടിച്ചു തോമസുക്കുട്ടി വിട്ടോന്നും പറഞ്ഞു വേഗം വീട്ടിലേയ്ക്കു വച്ചുപിടിപ്പിച്ചു...
പൊങ്ങച്ചം തലയ്ക്കു പിടിച്ച മിനിചേച്ചിക്കുണ്ടായ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഡ്രൈവിംഗ് പഠിക്കണമെന്നത്. ബെന്നിച്ചായന്റെ പുറകെ നടന്ന് ശല്യപ്പെടുത്തി, ശല്യം സഹിക്കവയ്യാതെ അടുത്തുള്ള പിരമിഡ് ഡ്രൈവിംഗ് സ്ക്കൂളിൽ മിനിചേച്ചിയെ പഠിക്കാൻ ചേർത്തു. സുന്ദരിയും, സുശീലയുമായ മിനിചേച്ചിയെ കണ്ടതും ഡ്രൈവിംഗ് മാഷ് പുഷ്പുൾ പുഷ്കരന്റെ മനസ്സിൽ ലഡ്ഡുപ്പൊട്ടി. ഇവളെ ഞാൻ പഠിപ്പിച്ച് പഠിപ്പിച്ച് പിരമിഡിന്റെ മുകളിൽ കേറ്റി വണ്ടി പാർക്കു ചെയ്യിക്കും...
പഠിത്തം തുടങ്ങി രണ്ടു മൂന്നു ദിവസമായിട്ടും മിനിചേച്ചിക്ക് ക്ലച്ച് ഏതാണ് ഗിയർ ഏതാണ് ആക്സിലേറ്റർ ഏതാണെന്ന് ഒരു പിടിയുമില്ല. പുഷ്കരൻ ആന പാപ്പാൻ പറയുന്നതുപോലെ ഇടത്തോട്ടുത്തിരി ആനെ വലത്തോട്ടുത്തിരി ആനെ എന്നതുപോലെ പറഞ്ഞു കൊടുത്തുകൊണ്ട് തട്ടീം മുട്ടീയുമൊക്കെ ഡ്രൈവിംഗ് പഠിത്തം തുടർന്നു. ഇന്ദ്രൻസിനെപോലെ ആകാരഭംഗിയുള്ള പുഷ്കു തിരക്കുള്ള ഒരു നാലും കൂടിയ കവലയിലെത്തിയപ്പോൾ മിനിചേച്ചിയോട് പറഞ്ഞു
" ആക്സിലേറ്ററിൽ നിന്നും കാലെടുത്ത് ക്ലച്ച് ഫുള്ളായി ചവിട്ടി ഗിയർ ഡൗൺ ചെയ്ത് വലത്തോട്ടു ഇൻഡിക്കേറ്റർ ഇട്ട് സ്റ്റിയറിംഗ്‌ വലത്തോട്ട് മാക്സിമം തിരിക്കാൻ "
ഇത്രയും ഒറ്റ ശ്വാസത്തിൽ ആശാൻ പറഞ്ഞതുകേട്ടതും മിനിചേച്ചിക്ക് ഉള്ളംകാലുത്തൊട്ട് ചൊറിഞ്ഞു കേറിവന്ന്, ബ്രേക്കിൽ പരമാവധി ശക്തിയിൽ കാലമർത്തി ടയറുകൾ കരിയുന്ന വിധത്തിൽ വണ്ടി വഴിയുടെ ഒത്ത നടുക്കുതന്നെ നിരക്കി നിർത്തിയിട്ട് ആശാനോട് ദേഷ്യത്തിൽ ഇങ്ങനെ പറഞ്ഞു
" എല്ലാ കൂടിയൊന്നും ഒറ്റയടിയ്ക്ക് ചെയ്യാൻ എന്നെ കൊണ്ടു പറ്റത്തില്ല അതൊക്കെയങ്ങുപോയി പാറേപ്പള്ളിയിൽ പറഞ്ഞാൽ മതി വേണമെങ്കിൽ ഓരോന്നു വച്ചു ഞാൻ ചെയ്യാം"
ഇടിവെട്ടിയതുപോലുള്ള ശബ്ദം കേട്ടതും ആശാൻ പ്ലാറ്റ്. അങ്ങനെ മിണ്ടിയും മിണ്ടാതെയുമൊക്കെ ആശാൻ മിനിചേച്ചിക്ക് ലൈസൻസ് ഒരു തരത്തിൽ ഒപ്പിച്ചു കൊടുത്തു ( ഗ്രൗൺഡിൽ ഒരു ലോഡ് കമ്പിയും ഇറക്കി കൊടുത്തു)...
കുറച്ചു ദിവസങ്ങൾക്കു ശേഷം ഒരു ഉച്ചേമുക്കാൽ നേരത്ത് ബെന്നിച്ചന്റെ വീട്ടിലെ ടെലിഫോണിൽ ഒരു കോൾ വന്നു. എടുത്തത് മിനിചേച്ചി ആയിരുന്നു. മറുതലയ്ക്കൽ നിന്നും കേട്ട വിവരമറിഞ്ഞതും ചേച്ചി ഉച്ചത്തിൽ നിലവിളിച്ചുപോയി. എറണാകുളത്തിന് ഓട്ടം പോയി തിരിച്ചു വരുന്നവഴിയ്ക്ക് ബെന്നിച്ചായന്റെ കാറും എതിരേ വന്ന ലോറിയും നേർക്കുനേരെ കൂട്ടിയിടിച്ച് കാറ് പൂർണ്ണമായും തകരുകയും ബെന്നിച്ചന് സീരിയസ്സായി കോട്ടയം മെഡിക്കൽകോളജിൽ അഡ്മിറ്റാക്കിയെന്നുമാണ് ബെന്നിച്ചന്റെ സുഹൃത്ത് ടോമിച്ചൻ വിളിച്ചു പറഞ്ഞത്...
ആദ്യം കിട്ടിയ ഓട്ടോയിൽ കയറി മിനിചേച്ചിയും അമ്മച്ചിയും ചാച്ചനും മെഡിക്കൽ കോളേജിലെത്തി. അത്യാഹിത വാർഡിലെത്തി വിവരങ്ങൾ തിരക്കിയപ്പോൾ മൂക്കിനാണ് കൂടുതൽ പരിക്ക്. തലയ്ക്കും കാര്യമായ പരിക്കേറ്റിട്ടുണ്ട്. മൂക്കിന്റെ പാലത്തിലെ എല്ലിനു പൊട്ടലുണ്ട് അതുമല്ല മൂക്കിന്റെ ഷേയ്പ്പുപോലും മാറി പോയിരുന്നു. ഇപ്പോൾ ബെന്നിച്ചന്റെ മൂക്കു കണ്ടാൽ ഒരുമാതിരി ചൈനീസ് മൂക്കുപോലെ...
താമസിയാതെ തന്നെ ബെന്നിച്ചനെ വാർഡിലേയ്ക്ക് മാറ്റി. പിന്നെ എന്നും ചോറുമായി ആശുപത്രിയിൽ പോകുന്നതും ബെന്നിച്ചനെ പരിചരിക്കുന്ന ഡ്യൂട്ടിയും മിനിചേച്ചിക്കായിരുന്നു. ബെന്നിച്ചായന്റെ അപകടത്തോടെ മിനിചേച്ചിയുടെ വളരെകാലത്തെ ആഗ്രഹത്തിന് സാഫല്യവും കിട്ടി. എന്താണെന്നന്ന് നിങ്ങൾക്ക് പറയാമോ? മുകളിൽ പോയി ഒന്നൂടെ വായിച്ചു നോക്കിയാൽ ചിലപ്പോൾ കിട്ടും. ഇനി തലപുണ്ണാക്കാക്കണ്ട ഞാൻ തന്നെ പറഞ്ഞു തരാം. പൊങ്ങച്ചം കൊണ്ടു മിനിചേച്ചി സുനിതേച്ചിയോട് പറഞ്ഞതാണ് ലൈൻ ബസ്സിൽ കേറിയകാലം മറന്നുവെന്നും അതിലൊന്ന് കേറി യാത്ര ചെയ്യാനിപ്പോൾ കൊതിയാണെന്നും. അതായത് മിനിചേച്ചി ദിവസവും മെഡിക്കൽ കോളേജിൽ പോകുന്നത് വീടിനു മുന്നിൽക്കൂടി പോകുന്ന ലൈബസിൽ കയറിയാണ്. അങ്ങനെ അറിയാതെ പൊങ്ങച്ചം പറഞ്ഞതാണെങ്കിലും ചിലപ്പോൾ നാക്കിൽ ഗുളികൻ കേറിപ്പറ്റി അള്ളിപ്പിടിച്ചിരിക്കുന്ന സമയത്ത് പറയുന്ന കാര്യങ്ങൾ അറംപറ്റിയതുപോലെ ആയിത്തീരും...
ഇന്നിപ്പോൾ ബെന്നിച്ചൻ ഡിസ്ചാർജായി വീട്ടിൽ റെസ്റ്റിലാണ്. ഹോസ്പിറ്റലിലായിരുന്ന സമയത്ത് ദൈവഭക്തി അധികം കൂടിയ മിനിചേച്ചിയും മകൾ മറിയാച്ചിയും കൂടി തൊടുപുഴയിൽ ധ്യാനം കൂടാൻ പോയിരിക്കുകയാണ്. അവിടുന്ന് വന്നു കഴിയുമ്പോൾ നമുക്കൊരു ഭക്തവത്സലയായ മിനിചേച്ചിയെ കിട്ടുമെന്ന് പ്രതീക്ഷിക്കാം...
ഗുണപാഠം: നമുക്കുള്ളതെല്ലാം ദൈവം നൽകിയിരിക്കുന്ന ദാനമാണ്. അതിൽ നാം അഹങ്കരിക്കരുത്. കാരണം, മനുഷ്യന്മാര് പഴയതായിരിക്കാം പക്ഷെ ദൈവം പഴയ ദൈവമല്ല. ന്യൂജൻ ദൈവമാണ്. പണ്ട് ദൈവം പിന്നെ പിന്നെ എന്നു പറഞ്ഞതിപ്പോൾ മുന്നേ മുന്നേ എന്നാണ് പറയുന്നത്. കൂടുതൽ കാരുണ്യം ദൈവത്തിൽ നിന്നും കിട്ടുമ്പോൾ നമ്മളും കൂടുതൽ എളിമപ്പെടുകയും വിനയാന്വിതനാകുകയും ചെയ്യുക...
എന്നാൽ പിന്നെ ഞാനങ്ങോട്ട്.....
........................... മനു ...............................

കൗസുവും മെസ്സേജും പിന്നെ വേലപ്പൻ ചേട്ടനും !


അന്നൊരു വെള്ളിയാഴ്ച രാത്രിയായിരുന്നു. കൗസു കൊതുകടി കാരണം ഉറക്കത്തിൽനിന്നും എഴുന്നേറ്റ് ഹാളിലേക്ക് പോയി, മേശപ്പുറത്തിരുന്ന ജഗ്ഗിൽ നിന്നും വെള്ളം കുടിച്ചു. എന്നിട്ട് ടീവി കണ്ടുകൊണ്ടിരിക്കുകയായിരുന്ന വേലപ്പൻ ചേട്ടന്റെ അടുത്തു സോഫയിൽ പോയിരുന്നു. നിങ്ങടെ മൊബൈലിൽ അല്ലീടെ മോൾടെ ഫോട്ടോ കാണിച്ചു തന്നെ.. കൗസു ചോദിച്ചത് കേട്ടപ്പോൾ വേലപ്പൻ ചേട്ടൻ തൻ്റെ മൊബൈൽ എടുത്തു പാറ്റേൺ വരച്ചു ഗാലറിയിൽ ഫോട്ടോസ് എടുത്ത് കൗസുവിന്റെ കയ്യിൽ കൊടുത്തു. ഫോട്ടോസ് കാണുന്നതിനടിയിൽ ഒരു വാട്സപ്പ് മെസ്സേജ് വന്നു..സൈലന്റിൽ ആയതു കൊണ്ട് വേലപ്പൻ ചേട്ടൻ മെസ്സേജ് വന്നതൊട്ടു അറിഞ്ഞതുമില്ല. രാത്രി ഒരുമണി നേരത്ത് ആരാ ഇങ്ങേർക്ക് മെസ്സേജ് അയക്കാൻ.ഇതാരാ ഈ MH.കൗസു ചൂണ്ടു വിരൽ കൊണ്ട് നോട്ടിഫിക്കേഷനിൽ ഞെക്കി..
"Sasi no house tomorrow. You come. I wait 😍😍.
കാര്യം ആറിൽ പഠിത്തം നിർത്തിയതാണേലും കൗസൂന് ഇംഗ്ലീഷ് വായിക്കാനൊക്കെ അറിയാം. ഏതോ ഒരുമ്പിട്ടോള് കെട്ട്യോനില്ലാ നാളെ എന്ന് പറഞ്ഞ് ഇതിയാനെ വീട്ടിലേക്ക് ക്ഷണിച്ചിരിക്കുന്നു..പോരാത്തതിന് കണ്ണിൽ ലവ് ഉള്ള സ്മൈലിയും..കൗസൂന്റെ നെഞ്ച് ഇടിത്തീ വീണ് പൊള്ളുന്ന പോലെ നീറാൻ തുടങ്ങി. അവർ ഒന്നും മിണ്ടാതെ മൊബൈൽ സോഫയിൽ വച്ച് മുറിയിൽ പോയി കിടന്നു. ഈയിടെയായി ഏത് നേരവും മൊബൈലിൽ കുത്തിയിരുപ്പാണ് അങ്ങേര്. അല്ലി പറഞ്ഞപ്പോഴാ അറിയുന്നേ, ഫേസ്ബുക്കിലെ ഏതെല്ലാമോ എഴുത്ത് ഗ്രൂപ്പിലേ വലിയ വായനക്കാരനാണത്രെ ഇതിയാൻ. എല്ലാ കഥകൾക്കും കവിതകൾക്കും ലൈക്കും കമന്റും ഒക്കെ കൊടുക്കും. ഒരു ഗ്രൂപ്പിൽ ലൈക്കോമണി അവാർഡ് കിട്ടിയതിനു സമ്മാനമായി പാർസൽ വന്ന 2000 രൂപയുടെ പുസ്തകങ്ങൾ ഇതിയാനൊന്നു തൊട്ടു നോക്കീട്ടു പോലുമില്ല. ഒരു പത്രം പോലും വായിക്കാത്ത ഇങ്ങേർ എങ്ങനെ ഗ്രൂപ്പിൽ ഇത്രേം വലിയ മാഷായത് ആവോ. അന്നൊരു ദിവസം പഞ്ചായത്ത് മെമ്പർ അമ്മിണി കപ്പയും ബീഫും കൊണ്ട് വന്നു. അവർ ഗ്രൂപ്പിലിട്ട " ഗോമാതാവിനു വെറും തൊഴുത്തോ " എന്ന കഥയ്ക്ക് ഇതിയാൻ 5 വരി കമന്റും ഷെയറും പിന്നെ ലവ്വും ഇട്ടൂത്രേ. അതിന്റെ നന്ദി സൂചകമായാണ് "വേലുമാഷിന്‌ " കപ്പയും ബീഫും കൊണ്ട് വന്നത്. അമ്മിണിയടക്കം ഇതിയാന് എത്ര ശിഷ്യമാർ കാണുമോ ആവോ. അല്ലെങ്കിലും പത്തിൽ തോറ്റു അടയ്ക്ക കച്ചോടം നടത്തുന്ന ഇതിയാൻ സ്വന്തം മകൾ പഠിക്കുന്ന കാലത്ത് ഒരു കണക്കു പോയിട്ട് മലയാളം സെക്കന്റ്‌ പോലും പറഞ്ഞ് കൊടുക്കാത്തതാ. ഇപ്പോൾ വേലുമാഷായി ഓൺലൈനിൽ വിലസുന്നത്! യ്യോ ദാരിദ്ര്യം!
രാത്രി കൗസു ഉറങ്ങിയതേ ഇല്ല. ആരായിരിക്കും ഈ mh ! വേലപ്പൻ ചേട്ടന്റെ കൂർക്കം വലി ഹാളിൽ നിന്നും ഉയർന്നു കേൾക്കാമായിരുന്നു.
അടുത്ത ദിവസം രാവിലെ വേലപ്പൻ ചേട്ടൻ ഒരുങ്ങിയിറങ്ങാൻ നിൽക്കുമ്പോൾ സകല കൺട്രോളും പോയി കൗസു അലറിക്കരയാൻ തുടങ്ങി.കാര്യമറിയാതെ വേലപ്പൻ ചേട്ടൻ വണ്ടർ ഇമോട്ടികോൺ പോലെ എക്സ്പ്രഷൻ കൊടുത്തു നിന്നു.
ആരാ മനുഷ്യ ഈ mh? നിങ്ങൾക്ക് നാണമില്ലേ, വയസ്സാൻ കാലത്തു കണ്ട പെണ്ണുങ്ങളുടെ വീട്ടിലേക്കു കെട്ടിയോനില്ലാത്തപ്പോൾ പോകാൻ.ഇവിടെ മൂന്നു നേരം വച്ച് വിളമ്പി തരുന്ന എന്നോട് ഒന്ന് മിണ്ടാൻ പോലും നേരമില്ല.. എങ്ങാണ്ടു കിടക്കുന്നോരുടെ കഥകൾക്ക് കമന്റ്‌ ഇടാൻ നിങ്ങൾക്ക് നേരമുണ്ട്.. ന്നാലും ന്റെ ദൈവമേ.. ഞാൻ ഇതെങ്ങനെ സഹിക്കും..
കൗസു മൂക്ക് പിഴിഞ്ഞ് നൈറ്റിയിൽ തുടച്ചു.
എടിയേ! ഞാൻ എന്റെ കൂട്ടുകാരൻ സുമേഷിന്റെ വീട്ടിലേക്കാണ്.അവന്റെ ഭാര്യ ശശികല ഇന്ന് ഇല്ലാത്തോണ്ട് രണ്ടെണ്ണമടിക്കാൻ അവൻ എന്നെ വിളിച്ചതാ. അവൻ സ്ഥിരം മാൻഷൻ ഹൌസ് എന്ന ബ്രാണ്ടി അടിക്കുന്നോണ്ട് ഞങ്ങൾ കൂട്ടുകാർ അവനിട്ട ഇരട്ട പേരാണ് mh സുമേഷ്. വേലപ്പൻ ചേട്ടൻ പിന്നീട് സുമേഷിനെ വിളിച്ചു സ്പീക്കർ ഫോണേലിട്ടു മിണ്ടിയാണ് കൗസുവിന്റെ സംശയം ശരിക്കും തീർത്തത്.
ഇപ്പോൾ നമ്മുടെ വേലപ്പൻ ചേട്ടൻ സ്വന്തം അപ്പന്റെ പേര് വരെ ഇനീഷ്യല് ചേർത്ത് പങ്കജാക്ഷൻ പിള്ള P.P എന്നാണത്രെ മൊബൈലിൽ സേവ് ചെയ്തിരിക്കുന്നത്!! പിന്നെ വേറൊന്നു കൂടെ ഉണ്ട്. രഹസ്യമാ...ആരോടും പറയല്ലേ...വേലപ്പൻ ചേട്ടൻ, വേലപ്പൻ പിള്ള എന്ന fb id കൂടാതെ വിനോദ് പണ്ഡിറ്റ് എന്ന പുതിയ ഒരു id കൂടി തുടങ്ങിയിട്ടുണ്ടത്രേ..അതിനു ദുൽകർ സൽമാൻ കൂളിംഗ് ഗ്ലാസ്സ് വച്ച് നിൽക്കുന്ന ഫോട്ടോയാ പ്രൊഫൈൽ പിക് !!!!!

Aisha

ആമിനതാത്താന്റെ മോള് ദേവൂട്ടി


ഉമ്മാ ഇങ്ങളെ മോനേ എന്തിനാ ന്റെ തലയിൽ കെട്ടിവെച്ചത് ഇങ്ങളെല്ലാരും
ആ ഇതാപ്പോ നന്നായെ ഇങ്ങള് രണ്ടാളും തന്നെയല്ലേ പ്രേമിച്ചത്.ഒടുക്കം കെട്ടാണെങ്കിൽ ഓനെ തന്നെ കെട്ടോള്ളൂന്ന് പറഞ് ഒറ്റക്കാലിൽ നിന്നതും ഇയ്യല്ലേ സജ്‌നാ
പ്രേമിച്ചുയെന്ന് വെച്ച് ഇങ്ങക്ക് എതിർത്തുടെയ്‌ന,
എല്ലാ ഉമ്മമാരും പ്രേമത്തിന് എതിര്നിക്കാറല്ലേ
പതിവ്.അപ്പോ ഇങ്ങളും നിക്കണേനു
ന്റെ കുട്ടിന്റെ ഒരു ആഗ്രഹത്തിനും എതിര്നിക്കാൻ നിക്ക് പറ്റൂല.അല്ല എന്താപ്പോ അതിന് മാത്രം ഇവടെണ്ടായി ഇജ്ജ് ഇങ്ങനെ ചാടികളിക്കാന്
ഇന്നേ രാവിലെ ന്റെ കൂടീൽ കൊണ്ടാക്കിത്തരാന്ന് കാക്കു പറഞ്ഞതാ എന്നിട്ടിപ്പോ പോത്തുപോലെ കിടക്കാ. ഞാൻ വിളിച്ചിട്ടാണെങ്കിൽ എണീക്ക്ണില്ല്യാ,ഇങ്ങളൊന്ന് വിളിക്കി .ഇങ്ങള് വിളിച്ചാ മൂപ്പര് എണീക്കും .നല്ല ഉമ്മച്ചിയല്ലേ. പ്ലീസ്....
രാവിലെ തന്നെ അടുക്കളയിൽ ഉമ്മാനോട് പരാതി പറയണ സജ്‌നാന്റെ തേന്മൊഴി കേട്ടാണ് അന്ന് ഉണർന്നത്.ശെരിയാ ഇന്ന് ഓളെ അനിയൻ ദുബായിന്ന് വരുന്ന ദിവസമാണ്,രാവിലെ വീട്ടിൽ
കൊണ്ടാക്കിത്തരാന്ന് പറഞ്ഞതാ.അനിയനെ കാണാനുള്ള സന്തോഷത്തിലാ ഓള്,
എണീറ്റ് കോലായീൽ എത്തിയപ്പോയേക്കും ഉമ്മ പതിവ് കട്ടനുമായി അടുത്തേക്ക് വന്നു .പുറകെ സജ്നയും.കല്യാണം കഴിഞ്ഞിട്ട് വർഷം ഒന്ന് കഴിഞ്ഞെങ്കിലും രാവിലത്തെ കട്ടൻ അത് ഉമ്മാന്റെ കയ്യിന്ന് വാങ്ങി കുടിച്ചാലേ ഞമ്മക്ക്
മനസ്സിനൊരു ഉന്മേഷം കിട്ടു.അതിന്റെ ചെറിയൊരു കുശുമ്പ് സജ്നക്കില്ലാതില്ല...
"ഇങ്ങള് എന്ത് പണിയാ കാക്കോ ചെയ്തത്.നേരം നോക്കി 9 മണികഴിഞ്ഞു. ഇനിയെപ്പോ പോകാനാ"
"ഇജ്ജോന്ന് സബൂറാക്ക് സജ്‌നാ ഇപ്പൊ പോകാം ഞാനൊന്ന് കുളിച്ചാട്ടെ"
(ഓൾ മോന്തകൊണ്ട് കോനിഷ്ട്ടം കാണിച്ചു അടുക്കളയിലേക്ക് പോയി )
സത്യം പറഞ്ഞാ ഓളെ വീട്ടിൽ പോകാൻ എനിക്ക് തീരെ താല്പര്യം ഇല്ല,ഓളെ ഇത്താത്താന്റെ കെട്ടിയോന് എന്നെ കാണുമ്പോ ഒരു തരം പുച്ഛമാണ്.കാശുള്ളവർക്ക് കാശില്ലാത്തവരെ കാണുമ്പോഴുള്ള ആ പുച്ഛം
അങ്ങനെ പാവങ്ങളുടെ ഇന്നോവയും കൊണ്ട്
(ഓട്ടോ) ഓളെ വീട്ടിൽ കൊണ്ടാക്കി തിരിച്ചു സ്റ്റാൻഡിൽ വന്നിരുന്നാണ്പത്രം നോക്കിയത്.
ഓണം പ്രമാണിച്ചു പത്രത്തിന്റെ ഫ്രണ്ട് പേജ് പരസ്യക്കാര് കൊണ്ടുപോയിട്ടുണ്ട് .
മറിച്ചുനോക്കിയപ്പോഴാണ് ഒരു അനാഥാലയത്തിലെ കുട്ടികളുടെ ഓണാഘോഷ പരിപാടിയുടെ ഫോട്ടോ ശ്രദ്ധിച്ചത്. നിഷ്കളങ്കമായി ചിരിക്കുന്ന ഒരു പെൺകുട്ടി.
നല്ല പരിചയമുള്ള മുഖമായത് കൊണ്ടാണ്
ആഫോട്ടോയിൽ ഒന്ന് കൂടി സൂക്ഷിച്ചു നോക്കിയത്.തലചുറ്റുന്നത് പോലെയാണ് തോന്നിയത്.അതെ അവൾ തന്നെ , എന്റെ പെങ്ങളുട്ടി...ഉപ്പാക്ക് അന്യമതകാരിയിലുണ്ടായ എന്റെ ചോര....
പേടിപ്പെടുത്തുന്ന ഓർമ്മകൾ മാത്രമാണ് ഉപ്പയെ കുറിച്ചുള്ളത്.സ്ഥിരം കള്ളും കുടിച് വന്ന് എന്നെയും ഉമ്മയെയും ഉപദ്രവിക്കുന്ന ഒരു ആൾരൂപം അതാണ് എന്റെ മനസ്സിൽ ഉപ്പ. ഉപ്പാന്റെ മർദ്ദനത്തിൽനിന്ന് എന്നെ രക്ഷിക്കാൻ രാത്രിയിൽ പലപ്പോഴും എന്നെ അടുത്തുള്ള വീട്ടിൽ കൊണ്ടാകാറാണ് ഉമ്മ ചെയ്തിരുന്നത്.
ഉപ്പാന്റെ ഉപദ്രവം സഹിക്കവയ്യാതെ ആത്മഹത്യാ ചെയ്താലോ എന്ന്പലവട്ടംഉമ്മആലോചിച്ചിട്ടുണ്ട്
അന്നെല്ലാംഉമ്മാനെ അതിൽനിന്ന് പിന്തിരിപ്പിച്ചത് എന്റെ മുഖമാണെന്ന് ഉമ്മ ഇപ്പോഴും പറയാറുണ്ട്.
ആ ഇടക്കാണ് ഉപ്പാക്ക് അന്യമതക്കാരിയുമായി അടുപ്പമുണ്ടാകുന്നതും നാടുവിടുന്നതും.പിന്നീട് കുറേകാലത്തേക്ക് ഉപ്പയെ കുറിച് ഒരു വിവരവും ഇല്ലായിരുന്നു.ആ സ്ത്രീയിൽ ഉപ്പാക്ക് ഒരു മകളുണ്ടായെന്ന് പലരും പറഞ് ഞങ്ങളും അറിഞ്ഞിരുന്നു.അവസാനം അമിത മദ്യപാനം മൂലം രോഗബാധിതനായി തിരിച്ചെത്തിയ ഉപ്പ കൂടുതൽനാൾ ജീവിച്ചില്ല.ഉപ്പാന്റെ മരണ ദിവസമാണ് ഞാൻ ആദ്യമായി ആ സ്ത്രീയെയും അവരുടെ കൂടെ വന്ന 6 വയസ്സുകാരിയെയും കാണുന്നത്...
അന്ന് അവരോടും മകളോടും വളരെ ക്രൂരമായി പെരുമാറുകമാത്രമാണ് ഞാൻ ചെയ്തത്.
ഉമ്മയുടെ കണ്ണിൽ പെടാതിരിക്കാൻ ഞാൻ അവരെ അവിടെനിന്നും പറഞ്ഞു
വിടുകയായിരുന്നു.അവർക്ക് നേരെ കുരച്ചുചാടിയ എന്നെ ഭയത്തോടെയായിരുന്നു ആ കുഞ്ഞുകണ്ണുകൾ നോക്കിയത്.അതിന് ശേഷം രണ്ടു മൂന്ന് തവണ എന്നെക്കാണാൻ അവർ ശ്രമിച്ചിരുന്നെങ്കിലും ഞാൻ മനപൂർവം ഒഴിഞ് മാറുകയായിരുന്നു.പക്ഷേ ഇന്നവൾ അനാഥാലയത്തിൽ....
സുഹൃത്തും പഞ്ചായത്തു പ്രസിഡന്റുമായ മജീദിക്കാനേ വിളിച്ചു അവളെ കാണാനുള്ള സഹായം ആവശ്യപ്പെട്ട് അവളുടെ അടുത്തേക്ക്
പോകുമ്പോഴും അവളെങ്ങനെ എത്തി അനാഥാലയത്തിൽ.? അപ്പോ അവളുടെ അമ്മ എവിടെ? അങ്ങനെ ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങൾ മാത്രമായിരുന്നു എന്റെ മനസ്സിൽ...
അവിടുത്തെ വാർഡൻ മുകേനെയാണ് രണ്ടു
വർഷങ്ങൾക്ക് മുൻപ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിന് തീ പിടിച് അവളുടെ അമ്മയടക്കം നാല് സ്ത്രീകൾ മരണപെട്ടന്നും ചൈൽഡ് ലൈൻ വഴിയാണ് അവളിവിടെ എത്തിയതെന്നും അറിയാൻ കഴിഞ്ഞത്
അവളെ എന്റെ അടുത്തേക്ക് വിളിച്ചപ്പോൾ അന്ന്
ഞാൻ കണ്ട അതെ ഭയം തന്നെയാണ് അവളുടെ കണ്ണുകളിൽ കാണാൻ കഴിഞ്ഞത്.
എന്താ മോളുടെപേര്...ദേവൂട്ടി....മോൾക്ക് എന്നെ മനസ്സിലായോ? മനസ്സിലായി എന്നർത്ഥത്തിൽ അവൾ തലയാട്ടി ..
എന്നാ പറ ആരാ...? എന്റെ ഏട്ടൻ ചിരിച്ചുകൊണ്ടാണവൾ മറുപടി പറഞ്ഞത്...
അവളുടെ ആ മറുപടി കേട്ടപ്പോൾ ഏട്ടനെന്ന വിളിക്ക് എത്രമാത്രം മധുരമുണ്ടെന്ന് ഞാൻ തിരിച്ചറിയുകയായിരുന്നു..
അവളെ ചേർത്ത് പിടിച്ചു... ദേവൂട്ടി വരുന്നോ ഈ ഏട്ടന്റെ കൂടെ ഏട്ടന്റെ വീട്ടിലേക്ക്‌ .....
ഒന്നും മിണ്ടാതെ തറയിലേക്ക് നോക്കി
നിൽക്കുയാണ് അവള് ചെയ്തത്
അവളെ കൂടെ കൂട്ടാൻ വേണ്ടി ആവശ്യമായ അവിടുത്തെ എല്ലാ നിയമാവലികളും ചെയ്തു തന്നിരുന്നത് മജീദിക്കയായിരുന്നു.
അവിടുത്തെ മറ്റുകുട്ടികളോട് ഇതെന്റെ ഏട്ടനാ..
എന്നെ കൊണ്ടുപോകാൻ വന്നതാ എന്നൊക്കെ പറഞ് തുള്ളിച്ചാടുകയായിരുന്നു ദേവൂട്ടി...
യാത്ര പറഞ് ഇറങ്ങുബോൾ ഞാൻ അനാഥയല്ല എനിക്കൊരു ഏട്ടനുണ്ട് എന്നർത്ഥത്തിൽ എന്റെ കൈകൾ മുറുകെ പിടിച്ചിരുന്നവൾ..
വീട്ടിലേക്കുള്ള ദൂരം കുറയുന്തോറും ഉമ്മയും സജ്നയും എങ്ങനെ പ്രതികരിക്കും എന്നറിയാത്തത് കൊണ്ട് ഹൃദയമിടിപ്പിടിന്റെ വേഗത കൂടുകയായിരുന്നു.
ദേവൂട്ടിയെ പുറത്തു വണ്ടിയിൽ ഇരുത്തിയാണ് ഞാൻ അകത്തേക്ക് പോയത്
നീ എവടെആയിര്ന്ന് ഉച്ചക്ക് ചോറിനും കണ്ടില്ല നിന്നെ.വരൂലെങ്കിൽ വിളിച്ചുപറയണ്ടേ.ഞാൻ കുറെകാത്തിരുന്നു.അവസാനം ഞാൻ ബെയ്ച്ചു.ഇജ്ജ് കയ്യ് കഴികിവാ.ഞാൻ ചോർ എടുത്തുവെക്കാം.സജ്നാനെ ഓളെ അനിയൻ ഇവടെകൊടുന്നാക്കി പോയി.അളിയനെ കാണാൻ കുറെ ഇരുന്നു ആ പാവം.എന്നൊക്കെ പറയുകയാരിന്നു ഉമ്മ.
സജ്‌നയെയും ഉമ്മാനേയും അടുത്തിരുത്തി കാര്യങ്ങൾ അവതരിപ്പിച്ചപ്പോൾ ഉമ്മാന്റെ മുഖം മാറുന്നത് ഞാൻ ശ്രദ്ധിച്ചു. ഉമ്മാന്റെ ഭാവം കണ്ടിട്ടാകണം സജ്നയും ഒന്നും മിണ്ടാഞ്ഞത്.
അൽപ്പനേരത്തെ മൗനത്തിന് ശേഷമാണ് എന്നിട്ട് അവളെവിടെയെന്ന് ഉമ്മചോദിച്ചത്...പുറത്തു വണ്ടിയിലുണ്ടെന്ന് പറഞ്ഞപ്പോൾ സജ്‌ന ഇയ്യ്‌ പോയി അവളെ അകത്തേക്ക് കൊണ്ടുവായെന്ന്
ഉമ്മപറഞ്ഞപ്പോഴാണ് ശ്വാസം നേരെവീണത്....
ഉമ്മാ ...അവളെ അവളുടെയമ്മ വളർത്തിയിരുന്നത് അവരുടെ രീതിയിലും വിശ്വാസത്തിലുമാണ് ഇനിയിപ്പോ എങ്ങനെയാ?നാട്ടുകാരുടെ ഇടയിൽ..
അതിനെന്താടാ..ഇതുവരെ റംസാനും പെരുന്നാളും മാത്രമാഘോഷിച്ച നമ്മളിനി ഓണവും വിഷുവുംകൂടി ആഘോഷിക്കണം അത്രേയൊള്ളൂ .പിന്നെ നാട്ടുകാര്..നിന്റെ ഉപ്പ നിന്നെയും എന്നെയും വിട്ട് പോകുമ്പോഴും ഇവൾ അനാഥാലയത്തിലായപ്പോഴും ഒരു നാട്ടുകാരെയും കണ്ടില്ലല്ലോ ഞമ്മള്...കുറച് ദിവസം ചൂടും പുകയുമൊക്കെയുണ്ടാകും പതിയെ അത് മാറിക്കോളും സജ്നയുടെ കയ്യും പിടിച്ചു അകത്തേക്ക് കയറിവരുന്ന അവളെ നോക്കിയാണ് ഉമ്മപറഞ്ഞത്
നാട്ടുകാരുടെയും ബന്ധുക്കാരുടെയും അഭിപ്രായങ്ങൾക്ക് ചെവികൊടുക്കാതെ വീട്ടിൽ നമസ്കാരമുറിക്ക് അടുത്തുതന്നെ പൂജാ മുറിയും വന്നു...
ഇന്നവൾക്ക് ഭക്ഷണം വിളമ്പികൊടുക്കുമ്പോഴും അവളുടെ കൊച്ചുകൊച്ചു കുസൃതികൾക്ക് അവളെ ശാസിക്കുമ്പോഴും കൂടെയിരുത്തി പാഠങ്ങൾ പഠിപ്പിക്കുമ്പോഴും സജ്നയും ഒരു ഉമ്മയായി മാറുകയായിരുന്നു.....
ആമിനതാത്താന്റെ മോള് ദേവൂട്ടിയെന്ന് നാട്ടുകാര് കളിയാക്കി വിളിക്കുമ്പോഴും ആ വിളി ഞങ്ങൾക്ക് ഒരുപാട് സന്തോഷം തന്നിരുന്നു.....
(ശുഭം)
Askar Sha

തബ്ബാക്ക് ( കുക്ക് )


ജൂലൈ മാസത്തിലെ ഒരു വെള്ളിയാഴ്ച ദിവസം ഫിഷ് മാർക്കറ്റിൽ നിന്ന് മീൻ വാങ്ങി മടങ്ങുകയായിരുന്നു ഞാൻ. കടലോരപട്ടണം ആയതിനാൽ ഞാൻ താമസിക്കുന്ന ചെറുപട്ടണത്തിൽ ഏതുതരം മീനുകളും വലിയ വിലയില്ലാതെ കിട്ടും. വെള്ളിയാഴ്ചകളിലെ പ്രഭാതങ്ങളിൽ പൊതുവെ റോഡിൽ അത്ര തിരക്കുണ്ടാവില്ല,കൂടാതെ പുറത്തു നല്ല ചൂടും. ജൂലൈ-ആഗസ്റ്റ് മാസങ്ങളിൽ ഗൾഫിൽ ചൂടിന്‍റെ ആധിക്യമാണ്. റൂമിന് പുറത്തിറങ്ങി ഒരു അഞ്ചുമിനിറ്റ് നിന്നാൽ വിയർത്തൊഴുകാൻ തുടങ്ങും. ക്ലോക്ക് റൌണ്ട് എബൌട്ട് കഴിഞ്ഞു വണ്ടി മുമ്പോട്ടു കുതിക്കുമ്പോഴാണ് ഞാൻ അയാളെ കണ്ടത്. വെയിലത്ത് തലയിൽ ഒരു തൂവാല ചൂടി അയാൾ മുമ്പോട്ടു ആഞ്ഞു നടക്കുന്നുണ്ട്. ഇടയ്ക്കിടയ്ക്കു പ്രതീക്ഷയോടെ റോഡിലെ വാഹനങ്ങളെ നോക്കും. ആരെങ്കിലും കരുണകാട്ടി വാഹനം നിറുത്തിയാലോ എന്നാകും മനസ്സിൽ. നല്ല വെളുത്തു തടിച്ച ശരീരമുള്ള ഒരു മധ്യവയസ്കൻ. ഒരു സൈഡ് ചരിഞ്ഞു കാലുകൾ ഏന്തിയുള്ള നടപ്പ്. നടപ്പുകണ്ടാൽ കാലിൽ ആണിരോഗത്തിന്‍റെ അസ്‌കിത ഉണ്ടെന്നു തോന്നും. ഞങ്ങൾ മരുന്നുകച്ചവടക്കാർ ആരെ കണ്ടാലും അവരുടെ രോഗലക്ഷണങ്ങൾ ആകും ആദ്യം ശ്രദ്ധിക്കുക. അത് ഒരു ശീലമായിപ്പോയി. ഞാൻ സൈഡ് സിഗ്നൽ ഇട്ടു കാർ നിറുത്തി. അയാൾ ഏന്തിവലിഞ്ഞു ഓടിയെത്തി കാറിൽ കയറി.
ഗൾഫിൽ റോഡുസൈഡിൽ കാർ നിറുത്തി അന്യരെ കയറ്റിയാൽ ഫൈൻ കിട്ടാൻ സാധ്യതയുള്ളതു കൊണ്ട് ഞാൻ ചോദ്യങ്ങളൊന്നുമില്ലാതെ കാർ വേഗം മുമ്പോട്ടു എടുത്തു. ഞാൻ മലയാളി ആണെന്നു ഒറ്റനോട്ടത്തിൽ തോന്നിയതുകൊണ്ടാകും അയാൾ ഏതോ ഒരു ബന്ധുവിനെ കണ്ട ലാഘവത്തോടെ മുഖം നിറയെ ചിരിയുമായി കാർസീറ്റിൽ അമർന്നിരിപ്പായി, കൂടെ ഒരു അഭ്യർത്ഥനയും..
'' മോനെ എന്നെ വല്യപള്ളിയുടെ അടുത്തുള്ള തിരിവിൽ വിട്ടാൽ മതീട്ടോ.."
കാറിൽ അസുഖകരമായ ഒരു ഗന്ധം നിറഞ്ഞു. വിയർപ്പിന്‍റെയും പാചകശാലയിലെ എണ്ണയുടെയും കറികളുടെയും മനംമടുപ്പിക്കുന്ന ഗന്ധം. അപ്പോഴാണ് ഞാൻ അയാളെ സൂക്ഷിച്ചു നോക്കുന്നത്. വെളുത്ത പാന്റ്സിലും ഷർട്ടിലും കറികളുടെയും പാചകാവിഷ്ടങ്ങളുടെയും പാടുകൾ തെളിഞ്ഞു കാണാം. കണ്ടിട്ടു ഏതോ ഹോട്ടലിലെ പണിക്കാരൻ ആണെന്നു തോന്നുന്നു. ഒരു മലയാളിയുടെ സ്വതസിദ്ധമായ ജിജ്ഞാസയോടെ ഞാൻ അയാളോട് കാര്യങ്ങൾ തിരക്കി.
" ന്‍റെ പേര് ഖാദർ. മുർഷിദ് റെസ്റ്റോറന്റിലെ തബ്ബാക്കാണ് മോനെ..''
അറബിയിൽ തബ്ബാക്ക് എന്നുവെച്ചാൽ കുക്ക്,ഹോട്ടലിലെ പാചകക്കാരൻ എന്നു സാരം. പേരും ജോലിയും അറിഞ്ഞാൽ ഏതു മലയാളിയും അടുത്തതായി ചോദിക്കുക നാടെവിടെയെന്നാകും, അതു മുൻകണ്ടിട്ടാകും അയാൾ ചോദിക്കാതെ പറഞ്ഞു
'' നാട്ടിലങ്ങു തെക്കാണ്..''
തെക്കന്നു കേട്ടതോടെ ഞാൻ ഉഷാറായി. ഗൾഫിൽ തെക്കന് തെക്കനെ കണ്ടാൽ നാട്ടിൽ നിന്നു പിരിഞ്ഞ ഏതോ ഒരു ബന്ധുവിനെ കണ്ട സന്തോഷമാണ്..ഫയങ്കര സന്തോഷം. മക്കളൊക്കെ പഠിയ്ക്കുന്നു,മൂത്തയാളിന്‍റെ നിക്കാഹ് ഉറപ്പിച്ചിരിക്കുന്നു. പയ്യനു വാട്ടർ അതോറിറ്റിയിൽ ആണ് പണി. അയാൾ നിറുത്താതെ വിശേഷങ്ങൾ പറഞ്ഞുകൊണ്ടിരുന്നു. കൂടെ എനിക്ക് ഹോസ്പിറ്റലിൽ ആണ് ജോലിയെന്നും അറിഞ്ഞതിൽ മൂപ്പർക്ക് പെരുത്ത സന്തോഷം. കാറിൽ നിന്ന് ഇറങ്ങാൻ നേരം കൈ അമർത്തിപ്പിടിച്ചു സലാം ചൊല്ലി അയാളുടെ കടയിൽ വരണമെന്നു ആവർത്തിച്ചു പറഞ്ഞു ഖാദറിക്ക പോയി. ഒരു പെരുമഴ പെയ്തൊഴിഞ്ഞ പ്രതീതി. കാർ മുമ്പോട്ടു നീങ്ങുന്നതിനിടയിൽ കൈവീശി യാത്ര പറഞ്ഞു അയാൾ പോയി.
പൊതുവെ തെക്കരായ ഹോട്ടൽ പണിക്കാർ ഗൾഫിൽ കുറവാണ്. ഇവിടെ മലയാളി ഹോട്ടലുകൾ മിക്കവയും നടത്തുന്നത് നാദാപുരം തലശ്ശേരി ഭാഗക്കാരാണ്. ഖാദറിക്കയുടെ കൈപുണ്യം രുചിച്ചതോടെ ഞാൻ ആ ഹോട്ടലിൽ ഇടയ്ക്കിടെ പോയിതുടങ്ങി. ഒരു ഇടത്തരം ഹോട്ടൽ. ഞാൻ താമസ്സിക്കുന്ന ചെറുപട്ടണത്തിലെ സനയ്യ (ഇൻഡസ്ട്രിയൽ ഏരിയ) ഭാഗത്താണ് ആ ഹോട്ടൽ. വടക്കൻ എമിറേറ്റ്സിൽ ഉള്ള ഈ പട്ടണത്തിലെ ഗവണ്മെന്റ് ഹോസ്പിറ്റലിൽ ആണ് എനിയ്ക്കു പണി. മരുന്നുകളുടെയും മറ്റു അനുബന്ധ സാധനങ്ങളുടെയും സ്റ്റോറിലെ എന്‍റെ ജോലി രാവിലെ 7 മണിയ്ക്ക് തുടങ്ങും. ഏഴുമണിക്ക് കാർഡ് പഞ്ചു ചെയ്തു ജോലിയ്ക്കു കയറിയില്ലെങ്കിൽ പണി പാളും. നേരം വെളുക്കുന്നതിനു മുമ്പ് പ്രഭാതഭക്ഷണമായി എന്തെങ്കിലുമൊന്നു കഴിച്ചെന്നു വരുത്തിയാകും ജോലിയ്‌ക്കെത്തുക. ഒരു 10 മണിയാകുമ്പോഴേക്കും വയറ്റിൽ വിശപ്പിന്‍റെ വിളി തുടങ്ങും. മെയിൻസ്റ്റോറിൽ നിന്നു മരുന്നുകൾ എത്തിക്കുവാനുള്ള ചുമതല ഉള്ളതിനാൽ എനിയ്ക്കു ജോലിയ്ക്കിടെ പുറത്തേക്കു പോകുവാനുള്ള അനുവാദം ഉണ്ട്. ആ പേരും പറഞ്ഞു ഞാൻ ഖാദറിക്കയുടെ ഹോട്ടലിലേക്ക് പ്രഭാതഭക്ഷണത്തിനായി ഒരു മുങ്ങുമുങ്ങും.
എന്നെ കണ്ടാലുടൻ ഖാദറിക്ക ഒരു വലിയ ചിരിയോടെ കിച്ചന്‍റെ വാതിൽ തുറന്ന് പുറത്തേക്കു വരും. നല്ല ചൂടുള്ള പൊറോട്ടയ്ക്കു ഒപ്പം വെജിറ്റബിൾ കുറുമയോ മീൻകറിയോ അയാൾ എനിയ്ക്കായി എടുത്തു കൊണ്ടുവരും. കൂടെ എനിയ്ക്കു മാത്രം സ്പെഷ്യലായി ഒരു ചെറിയ പാത്രം രസികൻ സാമ്പാറും. സാമ്പാറിന് പ്രത്യേക ചാർജ് ഒന്നും ഇല്ല. ഞാൻ കഴിക്കുന്നത് ഭിത്തിയിൽ ചാരിനിന്ന് നോക്കിക്കൊണ്ടു മൂപ്പർ നാട്ടുവിശേഷങ്ങളും മക്കളുടെ പഠിത്തകാര്യങ്ങളും മറ്റും നിറുത്താതെ പറഞ്ഞുകൊണ്ടിരിക്കും. കൂടെ രോഗങ്ങളെക്കുറിച്ചുള്ള സംശയങ്ങളും മരുന്നുസംബന്ധമായ സംശയങ്ങളും ഞാൻ തീർത്തുകൊടുക്കണം.
ഖാദറിക്കയുടെ കൈപ്പുണ്യമറിഞ്ഞയാൾ പിന്നെ ആ രുചി മറക്കുകയില്ല. വെള്ളിയാഴ്ചകളിൽ ഉണ്ടാക്കുന്ന മീൻബിരിയാണിയാണ് മൂപ്പരുടെ മാസ്റ്റർ ഐറ്റം. വട്ടത്തിലുള്ള വലിയ ഒരു ചെമ്പു നിറയെ ബിരിയാണിച്ചോറും പരന്ന തട്ടത്തിൽ ഉള്ള ചെമ്പിൽ മീൻ വറത്തു മസാലക്കൂട്ടോടെ ചേർത്തു വെച്ചിരിക്കും. ചെമ്പിൽ നിന്നു മീനും മസാലയും എടുത്തു മുകളിൽ ബിരിയാണിച്ചോർ ചേർത്തു ഞൊടിയിടയിൽ പ്ലേറ്റുകളിൽ നിറച്ചു മൂപ്പർ കിച്ചൻ ടേബിളിൽ നിരത്തിവെയ്ക്കും. ജുമാ നിസ്കാരം കഴിഞ്ഞു വിശന്നു വെപ്രാളം പിടിച്ചു വരുന്ന ആൾക്കാരുടെ മുമ്പിലേക്ക് ആ പ്ലേറ്റുകൾ എത്തുമ്പോൾ അവർ കാണിക്കുന്ന ആർത്തി കണ്ടാലറിയാം ഖാദറിക്കയുടെ പാചകത്തിന്‍റെ പെരുമ. അറബിയും മലയാളിയും ബംഗാളിയും പാകിസ്ഥാനിയുമെല്ലാം ആ രുചിയുടെ വൈശിഷ്ട്യത്തിൽ മൂക്കുകുത്തും.വെള്ളിയാഴ്ച ദിവസം ഹോട്ടലിൽ നല്ല തിരക്കാണ്. ഗൾഫിലെ കൊടുംഉഷ്ണത്തിൽ പൊരിയുന്ന കിച്ചണിലെ നരകച്ചൂടേറ്റു വിയർത്തൊലിക്കുന്ന ഖാദറിക്ക, നെറ്റിയിൽ കെട്ടിയിരിക്കുന്ന തൂവാല അഴിച്ചു ഇടയ്ക്കിടെ പിഴിഞ്ഞുകളയുന്നത് കാണാം. എണ്ണയിട്ട യന്ത്രം പോലെ മൂപ്പരുടെ കൈ എല്ലായിടവും എത്തണം. മുഖത്തെ വിയർപ്പ് അടുക്കളപ്പടിയിൽ തൂക്കിയിട്ടിരിക്കുന്ന ടവ്വൽ കൊണ്ടു തുടച്ചു അയാളങ്ങനെ കിച്ചണിൽ ഓടിനടക്കും.
ഖാദറിക്ക റൂമിൽ നിന്നു പുലർച്ചെ നാലുമണിയ്ക്ക് എഴുന്നേറ്റു ഹോട്ടലിൽ എത്തി ബാങ്കുവിളിയ്ക്ക് മുമ്പ് ബ്രേക്ക്ഫാസ്റ്റിന്‍റെ പണികൾ തീർക്കും. പെറോട്ട അടിയ്ക്കാനായി ഒരു ബംഗാളിപ്പയ്യൻ ഉണ്ട്. ഉച്ചയ്ക്ക് ശേഷം മൂന്നുമണിയ്ക്ക് അവസാനിക്കുന്ന ആദ്യ ഷിഫ്റ്റ് തീരുമ്പോളാണ് ഒന്നു ശ്വാസം നേരെ വിടുക. ഹോട്ടലിന്‍റെ പുറത്തു വേപ്പുമരത്തിനു താഴെ ഇട്ടിരിക്കുന്ന ബെഞ്ചിൽ കിടന്നു അൽപ്പനേരം വിശ്രമിക്കും. നാലുമണിയ്ക്കു ചായക്കടി ഉണ്ടാക്കാൻ ബംഗാളിയെ സഹായിക്കുന്ന പണി തുടങ്ങിയാൽ പിന്നെ രാത്രി 11 മണിയ്ക്കാവും ഒന്നിരിക്കുവാൻ സമയം ലഭിക്കുക. 1500 ദിറഹം ശമ്പളമാണ് തലശ്ശേരിക്കാരൻ കുഞ്ഞഹമദ് ഹാജി മൂപ്പർക്കു നൽകുക. റൂമിനും ടെലിഫോണിനും മറ്റു വട്ടചിലവുകളും കിഴിച്ചു ആയിരം ബാക്കി കിട്ടും. അത് മാസാദ്യം തന്നെ എക്സ്ചേഞ്ചിൽ പോയി ഭാര്യയുടെ പേരിൽ അയച്ചുകഴിയുമ്പോഴാണ് മൂപ്പരുടെ ബേജാർ ഒന്നു കുറയുക.
ഞാൻ ഓരോ തവണ കാണുമ്പോഴും ഖാദറിക്ക നാട്ടിലെ മക്കളുടെ വിശേഷങ്ങളും അവരുടെ പഠിത്തകാര്യങ്ങളും എന്നോട് വിവരിച്ചു മൂപ്പർക്കുള്ള സംശയങ്ങൾ തീർക്കും. അയാളുടെ കണ്ണിൽ ഞാനൊക്കെ വല്യപഠിത്തം ഉള്ള ആളാണ്. കൂടാതെ മെഡിക്കൽ സംബന്ധമായ ജോലിയുള്ളവർ എല്ലാം ഡോക്റ്ററുമാരാണ് എന്നാണ് മൂപ്പരുടെ ധാരണ. അവരോട് ചോദിച്ചാൽ രോഗസംബന്ധമായ വിവരങ്ങളും മരുന്നും അറിയാം എന്നതുകൊണ്ട് ഹോട്ടലിൽ ചെന്നാൽ അയാളിൽ നിന്നും മറ്റുജോലിക്കാരിൽ നിന്നും വി.ഐ.പി പരിഗണന കിട്ടും. ഇടയ്‌ക്കോക്കെ എനിയ്ക്കും കുടുംബത്തിനും സ്പെഷ്യലായി ബിരിയാണിപൊതികളും പലഹാരങ്ങളും തന്നുവിടാൻ മൂപ്പർ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.
ഖാദറിക്ക ഒരു നിത്യരോഗിയാണ്. എപ്പോഴും കാണും അയാൾക്ക്‌ മുട്ടുവേദനയും തോളെല്ലിനു വേദനയും. വിശ്രമമില്ലാത്ത പണികൊണ്ടാണ് എന്നു പറഞ്ഞാൽ മൂപ്പർ ഒരു ചിരി ചിരിക്കും.. ഉള്ളുരുകുന്ന ഒരു ചിരി. വേദനാസംഹാരിയും പുറത്തുപുരട്ടുവാൻ ക്രീമും ഒക്കെ അയാൾ ഫാർമസിയിൽ നിന്നു വാങ്ങി തരംപോലെ ഉപയോഗിക്കും. സാമ്പിളായി കിട്ടുന്ന മരുന്നുകൾ ഞാനും ഇടയ്ക്ക് കൊടുക്കും. വേദനസംഹാരികൾ അധികം കഴിച്ചാൽ ശരീരത്തിന് ദോഷമാണ് എന്നു ഉപദേശിച്ചാൽ,
" വേറെ എന്താണ് ഒരു നിവർത്തി മോനെ?ഡോക്കിട്ടറെ ഒക്കെ കാണാൻ എനിക്ക് എവിടാ നേരം? ''
എന്നാകും മറുചോദ്യം ഉന്നയിക്കുക. അങ്ങനെയിരിക്കെ ഒരു ദിവസം ഞാൻ കടയിൽ ചെന്നപ്പോൾ ഖാദറിക്ക, രാത്രിയിൽ ഉറങ്ങാൻ കഴിയുന്നില്ല, തലയ്ക്ക് പെരുപ്പും കൈകാലുകൾക്ക് മരവിപ്പും ആണെന്നു എന്നോട് പറഞ്ഞു. ഞാൻ ഡോക്ടറെ കാണാൻ നിർബന്ധിച്ച പ്രകാരം അയാൾ എന്‍റെ ഹോസ്പിറ്റലിൽ ഉള്ള ഒരു മലയാളി ഫിസിഷ്യനെ കണ്ടു. കൂടെ ഞാനും ഉണ്ടായിരുന്നു. ബ്ലഡ് പ്രഷറും ഷുഗറും ഒക്കെ കൂടുതൽ, കൊളസ്‌ട്രോൾ ആകട്ടെ മുന്നൂറിനു മേൽ. മരുന്നും ഭക്ഷണങ്ങളും ഒക്കെ ഡോക്ടർ നിർദേശിച്ചതനുസരിച്ചു കഴിക്കണമെന്നു പറഞ്ഞത് മൂപ്പർ ഒട്ടും ശ്രദ്ധിച്ചതായി തോന്നുന്നില്ല, അല്ലെങ്കിൽ ശ്രദ്ധിക്കുവാൻ അയാളുടെ ജീവിതസാഹചര്യങ്ങൾ സമ്മതിച്ചില്ല എന്നതാകും സത്യം. അതിനിടെ വർഷങ്ങൾ പലതു കഴിഞ്ഞു പലതവണ ഖാദറിക്ക നാട്ടിൽ പോയി. മൂത്ത രണ്ടുമക്കളുടെ കല്യാണം കഴിഞ്ഞു. അതിനുള്ള പണമൊക്കെ ഖാദറിക്ക ഓടിനടന്നു കണ്ടെത്തി. അറിയാവുന്ന പലരും കൈയ്യയച്ചു സഹായിച്ചു. പിന്നെ അവരുടെ വീടുകാണൽ, പ്രസവം, കുഞ്ഞിനു പേരിടൽ,മരുമക്കളെ സഹായിക്കൽ തുടങ്ങി ഖാദറിക്കയ്‌ക്ക്‌ വഹിക്കാൻ കഴിയാത്ത നിലയിൽ ചിലവുകൾ വർദ്ധിച്ചു. ഇളയകുട്ടി പഠിയ്ക്കുവാൻ മിടുക്കിയായതിനാൽ മോളെ എം.എസ്സി വരെ പഠിപ്പിക്കുവാൻ കഴിഞ്ഞു. എന്‍റെ മക്കളാണ് എന്‍റെ ധനമെന്ന് മൂപ്പർ ഇടയ്ക്കിടെ വീമ്പുപറയും. ഇടയ്ക്കു വല്ലപ്പോഴുമൊക്കെ എന്നെ കാണുമ്പോൾ മുന്നൂറും അഞ്ഞൂറും ദിർഹമൊക്കെ കടം വാങ്ങുമെങ്കിലും മാസശമ്പളം കിട്ടുമ്പോൾ കൃത്യമായി തിരികെ തരും. അതിനിടയിൽ ഇളയകുട്ടി പഠിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ ഏതോ ഒരു ഗൾഫുകാരൻ കണ്ടു ഇഷ്ടപ്പെട്ടു അവളുടെ നിക്കാഹ് കഴിഞ്ഞു.
അങ്ങനെയിരിക്കെ ഒരു രാത്രി 8 മണികഴിഞ്ഞപ്പോൾ എനിയ്ക്കു ഖാദറിക്കയുടെ ഫോണിൽ നിന്നു ഒരു കോൾ വന്നു. ടെലിഫോൺ എടുത്തപ്പോൾ ഹോട്ടലിലെ ഒരു ജോലിക്കാരനാണ്. ഖാദറിക്ക ഹോസ്പിറ്റലിൽ ആണ് എന്നും അത്യാവശ്യമായി എന്നെ കാണണമെന്നു മൂപ്പർ പറഞ്ഞതായി വിവരം അറിയിച്ചു.ഹോസ്പിറ്റലിൽ എത്തിയപ്പോൾ ആണ് വിവരം അറിഞ്ഞത്. ബ്ലഡ്പ്രഷർ കൂടി ഖാദറിക്കയുടെ ഒരു വശം തളർന്നുപോയി എന്ന കാര്യം. എന്നെ കണ്ടപ്പോൾ ഖാദറിക്ക ദയനീയമായി ഒരു ചിരി ചിരിച്ചു, മുഖത്തിന്‍റെ ഒരു വശം കോടിയതു കൊണ്ട് വാക്കുകൾക്ക് പതറിച്ച ഉണ്ട്. ഡോക്ടർ എന്‍റെ പരിചയക്കാരനായതിനാൽ വിവരങ്ങളൊക്കെ തിരക്കി അറിയാൻ കഴിഞ്ഞു.ഖാദറിക്കയുടെ ശരീരത്തിന്‍റെ ഒരു ഭാഗം സ്ട്രോക്ക് വന്നുതളർന്നുപോയി,ഭാഗ്യത്തിനു ജീവൻ രക്ഷപെട്ടു. ഇനി പരസഹായം കൂടാതെ ജോലി ചെയ്തു ജീവിക്കുവാൻ സാധ്യമല്ലെന്നുമുള്ള കാര്യം ഡോക്ടർ എന്നോടു പറഞ്ഞു. ഈ കാര്യം സാവകാശം ഖാദറിക്കയെ അറിയിക്കുവാൻ ഡോക്ടർ എന്നെ ചുമതലപ്പെടുത്തി. ഏകദേശം രണ്ടാഴ്ചയ്ക്ക് ശേഷം ഹോസ്പിറ്റലിൽ നിന്നു ഖാദറിക്കയെ ഡിസ്ചാർജ് ചെയ്തു. നല്ലവനായ ഹോട്ടൽ മുതലാളി അതുവരെയുള്ള ആനുകൂല്യങ്ങളും ടിക്കറ്റും കൊടുത്തു ഖാദറിക്കയെ നാട്ടിൽ വിട്ടു. നാട്ടിൽ പോകുന്നതിന് തലേന്നു റൂമിൽ കാണാൻ ചെന്നു ഞാൻ. കൈയ്യിൽ നാട്ടിൽ മൂപ്പരുടെ കുട്ടികൾക്കു കൊടുക്കുവാനായി ചോക്ലേറ്റും ചില സാധനങ്ങളും കരുതിയിരുന്നു. ഏറെ നേരം ഞങ്ങൾ പഴയകാര്യങ്ങൾ ഒക്കെ പറഞ്ഞിരുന്നു. കെട്ടിപ്പിടിച്ചു പിരിയാൻ നേരം ഉള്ളിൽ ഒരു വിങ്ങൽ..നമുക്ക് പ്രിയപ്പെട്ട എന്തോ ഒന്നു നഷ്ടപ്പെടുന്നത് പോലെ ഒരു തോന്നൽ...എന്തുകൊണ്ടോ ഖാദറിക്ക നാട്ടിൽ എത്തിയശേഷമുള്ള വിവരങ്ങൾ പിന്നീട് അറിയാൻ കഴിഞ്ഞില്ല.
ഏകദേശം ഒരു കൊല്ലത്തിനുശേഷം ആണ് ഞാൻ പിന്നീട് നാട്ടിൽ പോയത്. തിരക്കുകൾ ഒക്കെ കഴിഞ്ഞതിന് ശേഷം എന്‍റെ ഒരു പരിചയക്കാരനെ കൂട്ടി ഞാൻ കൊല്ലത്തെ ഖാദറിക്കയുടെ വീട് തേടിപോയി. ടൗൺ വിട്ടു ഒരു ഉൾപ്രദേശത്താണ് ഖാദറിക്കയുടെ വീട്. വീട് കണ്ടുപിടിക്കുവാൻ ഏറെ ബുദ്ധിമുട്ടി. ഇടത്തരം ഒരു ഓടിട്ട പഴയ വീട്. ഞാൻ ചെന്നപ്പോൾ വീടിന്‍റെ ഉമ്മറത്ത് ആരെയും കാണാൻ കഴിഞ്ഞില്ല. ആരും ഇല്ലേ എന്ന ചോദ്യം കേട്ടിട്ടാകും അകത്തു നിന്ന് മധ്യവയസ്‌കയായ ഒരു സ്ത്രീ പുറത്തേക്കു വന്നു. ഖാദറിക്കയുടെ ഭാര്യ ആണെന്നു തോന്നുന്നു. ആരാ എന്ന ചോദ്യത്തിനു ഖാദറിക്കയെ കാണാൻ വന്നതാണെന്നും കൂടെ ഗൾഫിൽ ഉണ്ടായിരുന്ന ആളാണെന്നും ഞാൻ പറഞ്ഞു. എന്തുകൊണ്ടോ ആ സ്ത്രീയുടെ മുഖത്ത് വല്യ ഒരു താൽപര്യവും തെളിച്ചവും ഞാൻ കണ്ടില്ല. ആകെ ഒരു മുഷിപ്പ് പോലെ. അവർ ഖാദറിക്ക ഉൾമുറിയിൽ ഉണ്ടെന്നും ചെന്നു കണ്ടുകൊള്ളാനും പറഞ്ഞു.
കൂടെയുള്ള ആളെ കൂട്ടി അകത്തെ മുറിയിലെത്തിയപ്പോൾ കണ്ട കാഴ്‌ച ഒരിക്കലും ഞാൻ മറക്കില്ല. ഒരു തടിക്കട്ടിലിൽ അനങ്ങാൻ കഴിയാതെ ജീവച്ഛവം പോലെ ഖാദറിക്ക… ആകെ മെലിഞ്ഞുണങ്ങിയിരിക്കുന്നു. മുറിയിൽ മൂത്രത്തിന്‍റെയും ആയുർവേദ മരുന്നിന്‍റെയും മനംമടുപ്പിക്കുന്ന ഗന്ധം. എന്നെ കണ്ടതും അയാൾ ഒരു വിളറിയ ചിരി ചിരിച്ചു.
'' മോനെ നീ വന്നല്ലോ എന്നെ കാണാൻ..പെരുത്ത സന്തോഷം ഉണ്ടു കുട്ട്യേ.."
ഞാൻ തെല്ലുനേരം നിശബ്ദനായി ആ മുഖത്തേക്ക് നോക്കി. അൽപം പതറിച്ച ഉണ്ടെങ്കിലും വർത്തമാനം വ്യക്തം. ഞാൻ പതിയെ ആ കട്ടിലിന്‍റെ ഓരത്തിരുന്നു ഖാദറിക്കയുടെ കൈ എടുത്തു എന്‍റെ കൈകളോടു ചേർത്തുവെച്ചു. മുമ്പ് വെളുത്തുതുടുത്തിരുന്ന കൈകൾ ശോഷിച്ചു ഉണക്കചുള്ളികൾ പോലെയായിരിക്കുന്നു. ഉടുപ്പും മുണ്ടും ഒക്കെ മുഷിഞ്ഞു നാറുന്നു. പാവം ഖാദറിക്ക, ഒരു പുരുഷാർത്ഥം മുഴുവൻ മക്കൾക്കും കുടുംബത്തിനും വേണ്ടി ഓടിയ ആ മനുഷ്യന്‍റെ അവസ്ഥ എന്നെ വല്ലാതെ നൊമ്പരപ്പെടുത്തി. അയാൾ എന്‍റെ മുഖത്തേക്ക് എന്തൊക്കയോ പറയാനെന്നവണ്ണം സൂക്ഷിച്ചുനോക്കി. പക്ഷെ ഒന്നും പറയാതെ തന്നെ എനിക്കു എല്ലാം മനസ്സിലായി.
'' മക്കളൊക്കെ വരാറില്ലേ?.. ''
ഞാൻ ഭംഗിവാക്കിനു ചോദിച്ചു.
" ഓ ആദ്യമൊക്കെ വന്നിരുന്നു. പിന്നീട് മാസങ്ങൾ കഴിഞ്ഞപ്പോൾ അവർ ഈ ഉപ്പാനെ മറന്നു... അവർക്കൊക്കെ വല്യ തിരക്കല്ലേ?.. ''
പിന്നീട് ഞാൻ അധികമൊന്നും ആ കാര്യത്തെക്കുറിച്ചു ചോദിച്ചില്ല, ചോദിച്ചാൽ ആ മനുഷ്യൻ വേദനിച്ചാലോ?..നിരർത്ഥകമായ വാക്കുകൾ കൊണ്ട് എനിക്കു അയാളെ ആശ്വസിപ്പിക്കാനാകില്ല.
എന്‍റെ സംസാരം ചികിത്സയെ കുറിച്ചായി. കഷായം ഒക്കെ കഴിക്കുന്നുണ്ടന്നും ഇപ്പോൾ അൽപം ആശ്വാസമുണ്ടെന്നും ഖാദറിക്ക എന്നോടു ഭംഗിവാക്ക് പറഞ്ഞു. ഇറങ്ങാൻ നേരം യാത്ര ചോദിച്ചു കൈയ്യിൽ ഒരു ചെറിയ പൊതി തിരുകിയപ്പോൾ ഖാദറിക്ക പറഞ്ഞു.
"ഞാൻ ചണ്ടിയല്ലേ മോനെ, ആർക്കും വേണ്ടാത്ത ഗൾഫ് ചണ്ടി.."
ഞാനൊന്നും മറുപടി പറഞ്ഞില്ല. എന്തുപറയാൻ എല്ലാ ഗൾഫുകാരും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ചണ്ടിതന്നയല്ലേ?.. ചായക്കോപ്പയിലെ തേയിലസഞ്ചി പോലെ സത്തു പിഴിഞ്ഞൊഴിച്ചു ഒടുവിൽ പുറത്തേക്ക് വലിച്ചെറിയപ്പെടാൻ മാത്രം വിധിക്കപ്പെട്ടവർ.
തൊണ്ടക്കുഴിയിൽ നിന്നു അറിയാതെ ഉയർന്നുവന്ന ഗദ്ഗദം അടക്കി ഞാൻ ആ മുറിയിൽ നിന്നു പുറത്തിറങ്ങി. എവിടെയാണ് ഖാദറിക്കയ്‌ക്കു പിഴച്ചത്? മക്കളെ മരുഭൂമിയിൽ കിടന്നു കഷ്ടപ്പെട്ടു പോറ്റിയതിലോ? ഭാര്യയേയും കുടുംബത്തെയും നന്നായി നോക്കിയതിലോ?.. അറിയില്ല, ഉത്തരം കിട്ടാത്ത ഒത്തിരി സമസ്യകൾ ഈ ലോകത്തു ഉണ്ടല്ലോ....

Samson M

കഥയിലെ രാജകുമാരി - അദ്ധ്യായം 7


🍂🍁🍂🍁🍂🍁🍂🍁🍂🍁🍂🍁🍂🍁
അദ്ധ്യായം 7
~~~~~~~~~
അത്താഴം കഴിച്ചുകഴിഞ്ഞു സ്വന്തം മുറിയിലേക്ക് പോകവേയാണ് തന്റെ മൊബൈൽ ഫോൺ അമ്മൂമ്മയുടെ മുറിയിൽ വെച്ചിരിക്കുകയാണെന്ന കാര്യം ദിയ ഓർത്തത്. അതെടുക്കാൻ സുമതിയമ്മയുടെ മുറിയിൽ എത്തിയപ്പോൾ അവർ കട്ടിലിൽ കാലുകൾ നീട്ടിയിരുന്നു രാമനാമം ജപിക്കുകയായിരുന്നു. പണ്ടുതൊട്ടേയുള്ള ശീലമാണത്. രാത്രി കിടക്കുന്നതിനു മുൻപ് കാല് കഴുകിത്തുടച്ചു രാമനാമം ചൊല്ലിയിട്ടേ കിടക്കൂ. ഉറക്കത്തിൽ മരിച്ചുപോയാൽ സ്വർഗ്ഗരാജ്യത്തു പ്രവേശനം കിട്ടാൻ ആണെന്നോ മറ്റോ പണ്ട് അമ്മൂമ്മ പറഞ്ഞത് ദിയയുടെ ഓർമ്മയിൽ ഓടിയെത്തി.
ഒരു പുഞ്ചിരിയോടെ അവൾ അമ്മൂമ്മയെ ശല്ല്യപ്പെടുത്താതെ മേശമേൽ കിടക്കുന്ന തന്റെ ഫോൺ എടുത്തു മുറിയിലേക്ക് നടന്നു. ഫോണിന്റെ മുകൾഭാഗത്തു വലതുവശത്തായി കടുകുമണി വലുപ്പത്തിൽ ചുവപ്പും പച്ചയും വെള്ളയും നോട്ടിഫിക്കേഷൻ ലൈറ്റുകൾ മാറിമാറി തെളിയുന്നുണ്ടായിരുന്നു.
മുറിയിൽ എത്തിയതും അവൾ പാസ്സ്‌വേർഡ്‌ ടൈപ്പ്‌ ചെയ്ത് ഫോൺ ഓൺ ചെയ്തു. നോട്ടിഫിക്കേഷൻസ് എല്ലാം ഒന്നിച്ചു കാണുവാനായി അവൾ ഫോണിന്റെ മുകളിൽ നിന്നും താഴേക്ക് ചൂണ്ടുവിരൽകൊണ്ടു വലിക്കുന്നപോൽ ചെയ്തു. അവളുടെ വിരൽത്തുമ്പിനു പിന്നാലെ ഒഴുകിയിറങ്ങിയ കറുത്ത പ്രതലത്തിൽ വെള്ള അക്ഷരങ്ങളിൽ അവളെ പല രീതിയിൽ ബന്ധപ്പെടാൻ ശ്രമിച്ചു പറ്റാതെപോയ ആളുകളുടെ വിവരങ്ങൾ നിറഞ്ഞു നിന്നു. ആകെ പത്ത് മിസ്ഡ്കോളുകൾ...., വാട്സ്ആപ്പിൽ അഞ്ചു പേരിൽ നിന്നുമായി എഴുപതോളം സന്ദേശങ്ങൾ...., രണ്ടു സിമ്മിലേക്കുമായി ആറ് മെസ്സേജുകൾ, പിന്നെ കുറേ ഫേസ്ബുക് നോട്ടിഫിക്കേഷനുകളും.
ആദ്യം അവൾ വാട്‌സ്ആപ്പ് സന്ദേശങ്ങൾ നോക്കി. ആറുപതോളം സന്ദേശങ്ങൾ ഒരു ഗ്രൂപ്പിൽ നിന്നും പിന്നെ കോളേജിലെ മൂന്ന് കൂട്ടുകാരികളിൽ നിന്നുമാണ്. കൂട്ടുകാരികളുടെ വിശേഷങ്ങൾ ചോദിച്ചുള്ള സന്ദേശങ്ങൾക്ക് മറുപടി അയച്ചശേഷം അവൾ കോളേജ് ഗ്രൂപ്പിൽ കയറി ഒന്ന് ഓടിച്ചുനോക്കി. വെറുതെ ഏതോ ഒരു വീഡിയോ സോങ്ങിനെ കുറിച്ചുള്ള ചാറ്റിംഗ് ആയിരുന്നു അത് മുഴുവൻ.
ഒടുവിൽ അവൾ വിവേക് എന്ന പേരിൽ വന്ന പത്ത് സന്ദേശങ്ങൾ തുറന്നു നോക്കി. "ഹലോ.." "എവിടാ..?" "എന്താ ഫോൺ എടുക്കാത്തെ...?" തുടങ്ങിയ ചോദ്യങ്ങൾക്കൊടുവിൽ പാവം കുറേ ചുവന്ന ക്രുദ്ധമുഖങ്ങളും അയച്ചിരുന്നു. ദിയയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. "സോറി ഡിയർ...." എന്നു ടൈപ്പ് ചെയ്തശേഷം കുറേ ചുംബന സ്മൈലികളുമായി അവൾ തിരിച്ചൊരു സന്ദേശം അയച്ചു.
പിന്നീട് അവൾ കോൾ ലിസ്റ്റ് നോക്കാൻ തുടങ്ങി. പത്തിൽ എട്ട് മിസ്ഡ് കോളും വിവേകിന്റെ ആണ്. പല സമയത്തായി ഉള്ളവ. ബാക്കി രണ്ടെണ്ണം അച്ഛന്റെ ആണ്. അവൾ ഇഷ്ട്ടക്കേട് വെളിവാകുംവിധമൊന്നു ചുണ്ട് കോടിയ ശേഷം വിവേകിന്റെ നമ്പറിലേക്ക് തിരിച്ചു വിളിച്ചു. രണ്ടു ബെല്ലടിച്ചതും മറുപുറത്തു കോൾ എടുത്തു. പക്ഷേ ഒന്നും മിണ്ടുന്നില്ല. വിവേക് പിണങ്ങി എന്നവൾക്കു മനസ്സിലായി.
"ഹെല്ലോ......" അവൾ നീട്ടിവിളിച്ചു. മറുപുറത്തുനിന്നും മറുപടിയൊന്നുമില്ല.
"ഹലോ... ഹലോ...." ദിയ കൊഞ്ചിക്കൊണ്ടു വീണ്ടും വിളിച്ചു. വീണ്ടും നിശബ്ദത തന്നെ.
"ഡാ മുഖം കൂർപ്പിച്ചിരിക്കുന്ന മീശ കിളിർക്കാത്ത വിവേകേ...." എന്നു ദിയ മുഴുമിപ്പിച്ചില്ല...., അതിനും മുൻപേ മറുപടി എത്തി.
"മീശ കിളിർക്കാത്തത് അല്ലെടി... ഞാൻ വളർത്താഞ്ഞിട്ടാ...."
"ഓഹ്... അപ്പോൾ സംസാരിക്കാൻ അറിയാം ല്ലേ....?" ദിയ കളിയാക്കി ചോദിച്ചു. അതോടെ മറുപുറത്തു വീണ്ടും നിശബ്ദത ആയി.
"വിവൂ..... സോറി ഡിയർ..... ഇന്ന് ഞാൻ കുറേ കുറേ ബിസി ആയിപ്പോയെടാ..... ഫോൺ ഞാൻ കണ്ടില്ലാരുന്നു..... ഐ വാസ് വിത് മൈ സ്വീറ്റ് അമ്മൂമ്മ....." ദിയ നയത്തിൽ പറഞ്ഞു.
"സോ....? അമ്മൂമ്മയുടെ കൂടെ ഇരുന്നാൽ ഫോൺ എടുക്കാൻ പാടില്ല...? അതും എട്ട് തവണ വിളിച്ചിട്ടും....?" വിവേക് പരിഭവിച്ചു.
"ഞാൻ പറഞ്ഞില്ലേ വിവൂ... അമ്മൂമ്മ വാസ് ടെല്ലിങ് എ സ്റ്റോറി... സോ ഐ പുട് മൈ ഫോൺ ഓൺ സൈലന്റ് മോഡ്... ദാറ്റ്‌സ് വൈ ഐ മിസ്ഡ് യൂർ കോൾസ്...."
"സ്റ്റോറി......! ആർ യൂ എ കിഡ് ദിയ....?" കളിയാക്കലിനുള്ള അവസരം വിവേക് ഏറ്റെടുത്തു.
"ഹേയ്... ഇത് നീ കരുതുന്ന പോലത്തെ സില്ലി സ്റ്റോറി അല്ല. ഇതൊരു നടന്ന സംഭവം ആണ്..." ദിയ വിശദീകരിക്കാൻ തുടങ്ങിയതും വിവേക് ഇടയിൽ കയറി...
"നമ്മുടെ കാര്യം വീട്ടിൽ അറിയിച്ചോ...?"
"അയ്യോ.... ഇല്ല വിവൂ.... അതിനുള്ള സാഹചര്യം ഒത്തുവന്നില്ല..." ദിയയുടെ വാക്കുകളിൽ കുറ്റബോധം നിറഞ്ഞു.
"അതുമല്ല... ഞാൻ വന്നിട്ട് രണ്ടു ദിവസം ആയതല്ലേയൊള്ളൂ... നാളെ പറയാം." ഒരു നിമിഷത്തിനു ശേഷം അവൾ പറഞ്ഞു.
"നീ ഇങ്ങനെ കഥയും കേട്ട് കുട്ടികളെപ്പോലെ നടന്നോളൂ... ഒന്നിലും ഒരു ഉത്തരവാദിത്വവും വേണ്ട.." വിവേകിന്റെ കുറ്റപ്പെടുത്തലിന് മുൻപിൽ ദിയക്ക് മറുപടി ഉണ്ടായില്ല.
"ലുക്ക് ദിയ...., നമ്മൾ ബാംഗ്ലൂരിൽ വെച്ചു തീരുമാനിച്ച കാര്യങ്ങൾ അതുപോലെ തന്നെ നടക്കണം.., കേട്ടല്ലോ... അതിൽ മാറ്റമുണ്ടായാൽ നമ്മൾ ഒരിക്കലും ഒന്നിച്ചെന്നു വരില്ല... ഞാനിവിടെ ഓടിനടന്നു എന്റെ ജോലികൾ ഒതുക്കുവാ... ഉടൻതന്നെ ഞാൻ നാട്ടിൽ വരും..." വിവേക് പറഞ്ഞു നിർത്തി.
"ഉം...." ദിയയുടെ മറുപടി ഒരു മൂളലിൽ ഒതുങ്ങി.
"അപ്പോൾ ശരി.... ഇനി എന്റെ മോള് ഉറങ്ങിക്കോ കേട്ടോ... സ്വീറ്റ് ഡ്രീംസ് പ്രിൻസെസ്സ്..... സീ മി ഇൻ യൂർ ഡ്രീംസ്...." ഒരു മറുപടിക്കെന്നോണം അവൻ കാത്തൂ.
"ഗുഡ് നൈറ്റ്...." ദിയ വേറെന്തോ ആലോചനയിൽ മുഴുകി എന്നപോൽ മറുപടിയായി മന്ത്രിച്ചു.
ഫോൺ വച്ചശേഷം അവൾ ഗ്യാലറി തുറന്ന് ഫോണിൽ രണ്ടു വട്ടം മുകളിൽ നിന്നും താഴേക്ക് ചൂണ്ടുവിരൽകൊണ്ടു അമർത്തി വലിച്ചു. അപ്പോൾ തുറന്നു വന്ന "മൈ ലൗ" എന്നു സേവ് ചെയ്ത രഹസ്യ ഫോൾഡറിൽ നിന്നും അവൾ ഒരു ഫോട്ടോയിൽ വിരലമർത്തി. മീശയും താടിയും നന്നായി ട്രിം ചെയ്ത് ഒതുക്കിയ ഒരു വെളുത്ത സുമുഖനായ ചെറുപ്പക്കാരന്റെ ക്ലോസ് അപ് ഫോട്ടോ ആയിരുന്നു അത്. അവൾ അവന്റെ മുഖത്തേക്ക് കുറേ നേരം നോക്കിയിരുന്നു. ശേഷം അവൾ അവന്റെ കണ്ണുകൾ സൂം ചെയ്തു. അവന്റെ കണ്ണുകൾ വെള്ളാരം കണ്ണുകൾ ആയിരുന്നു. ആ കണ്ണുകളിൽ കുസൃതിക്കും അപ്പുറം എന്തെങ്കിലുമൊരു വികാരം മറഞ്ഞു കിടപ്പുണ്ടോ എന്നവൾ ചൂഴ്ന്നുനോക്കിക്കൊണ്ടേയിരുന്നു. പിന്നീടെപ്പോഴൊ അവൾ ഉറക്കത്തിലേക്ക് വഴുതിവീണു.
★★★★★★★★★★★★
എന്തൊക്കെയോ തട്ടലും മുട്ടും ശബ്‌ദം കേട്ടാണ് ദിയ കണ്ണുതുറന്നത്. അവൾ പടിഞ്ഞാറേ ജനാല തുറന്നു നോക്കി. രണ്ടാം നില ആയതിനാൽ പിന്നിലെ പാടവും അതിനും അങ്ങു ദൂരെ കടും നീല നിറത്തിൽ കായലും കണ്ടു. ആകാശത്തിനും കായലിന്റെ അതേ കടും നീല നിറം ആയിരുന്നു. സൂര്യന്റെ തെളിഞ്ഞ വെളിച്ചവും ചന്ദ്രന്റെ മങ്ങിയ നിലാവും കൂടിക്കലർന്നൊരു പ്രത്യേക പ്രകാശം ഇത് പുലർച്ചെ ആണെന്ന് ദിയയോട് പറയാതെ പറഞ്ഞു.
മുറിയുടെ വാതിൽ തുറന്ന് ഗോവണിപ്പടികളുടെ അടുത്തെത്തിയപ്പോൾ തന്നെ ഹാളിൽ നിന്നുമുള്ള വെട്ടത്തിൽ കയ്യിലൊരു ചെറിയ ട്രോളി ബാഗും പിടിച്ചു മുറിയിൽ നിന്നുമിറങ്ങുന്ന അരവിന്ദനെ കണ്ടു. അടുക്കളയിൽ വീണ്ടുമെന്തോ കലപില കേട്ടത്തിനു പിന്നാലെ കയ്യിലൊരു കപ്പുമായി നിത്യ അരവിന്ദനരുകിലേക്ക് വരുന്നു.
"അച്ഛാ... പാല് വന്നില്ല. അതോണ്ട് കട്ടഞ്ചായയാണ് കേട്ടോ..." നിത്യയുടെ ശബ്ദം.
അപ്പോഴാണ് പടികൾ ഇറങ്ങി വരുന്ന ദിയയെ അരവിന്ദൻ കണ്ടത്. "ദിയമോൾ ഇന്ന് നേരത്തെ ആണല്ലോ..." ഒരു പുഞ്ചിരിയോടെ അയാൾ പറഞ്ഞു.
"എങ്ങോട്ടാ ചിറ്റച്ഛാ ഇത്ര രാവിലെ...?" ദിയ മറുപടിയെന്നോണം ചോദിച്ചു.
"ഒന്ന് ചെന്നൈ വരെ പോവാ മോളേ... നമ്മുടെ തുണിക്കടയിലേക്ക് ഹോൾസെയിൽ എടുക്കാൻ പുതിയ ഒന്നുരണ്ടു പാർട്ടികളുമായി ഒന്നു സംസാരിക്കണം..." അരവിന്ദൻ ചായ മൊത്തിക്കുടിച്ചുകൊണ്ടു പറഞ്ഞു.
"ഇനി എന്നു വരും തിരിച്ച്..?" ദിയ പ്രതീക്ഷയോടെ ചോദിച്ചു.
"റിട്ടേൺ ടിക്കറ്റ് ഞാൻ ബുക് ചെയ്തിട്ടില്ല... അവിടെയൊരു കൂട്ടുകാരന്റെ വീട്ടിലും ഒന്നു പോവാൻ ഉണ്ട്... ഒരാഴ്ച പിടിക്കുമായിരിക്കും..." അരവിന്ദൻ ചായ കുടിച്ചു തീർത്തു.
"ഉം....." ദിയ ഒന്നു മൂളിക്കൊണ്ട് ഒഴിഞ്ഞ കപ്പ് വാങ്ങി. അതോടൊപ്പം വിവേകിന്റെ കാര്യം പറയാൻ ഇനിയും താമസിക്കുമല്ലോ എന്നൊരു വിഷാദവും അവളുടെ മുഖത്തു പടർന്നു.
സുമതിയമ്മയോട് യാത്ര ചോദിച്ചു അരവിന്ദൻ തിരികെ ഹാളിൽ വന്നപ്പോൾ പോവുന്ന വഴി കഴിക്കണം എന്നുംപറഞ്ഞു ശ്രീകല ഒരു പൊതിയുമായി അടുക്കളയിൽ നിന്നുമെത്തി.
"എന്തിനാ കലേ നീ ബുദ്ധിമുട്ടിയത്... പോവുന്ന വഴിയും എയർപോർട്ടിലും ധാരാളം ഹോട്ടലുകൾ ഉണ്ടല്ലോ..." എന്നു പറഞ്ഞെങ്കിലും അയാൾ അത് വാങ്ങി സ്നേഹത്തോടെ ഒരു നോട്ടം ശ്രീകലയ്ക്ക് കൈമാറി.
ചുവന്ന സ്വിഫ്റ്റ് കാർ ഗേറ്റ് കടന്ന് പോവുന്നതും നോക്കി ദിയയും നിത്യയും ശ്രീകലയും ഒരുവേള നിന്നു. ശേഷം ശ്രീകല അടുക്കളയിലേക്ക് തന്നെ പിൻവാങ്ങി. നിത്യ പാലുംകൊണ്ടു വരുന്ന മേരിയമ്മയെ കണ്ടിട്ടെന്നപോലെ ഗേറ്റിനരുകിലേക്ക് നടന്നു. ദിയ മാത്രം മുറ്റത്തെ മാവിൽ നിന്നും പൊഴിഞ്ഞു വീഴുന്ന പഴുത്ത മാവിലകളും നോക്കി എന്ത് ചെയ്യണം എന്നറിയാതെ ഒരേ നിൽപ്പ് നിന്നു.
"നമ്മുടെ കാര്യം പറയാൻ വൈകരുത് ദിയ..." അവളുടെ ഉള്ളിൽ വിവേകിന്റെ വാക്കുകൾ മുഴങ്ങിക്കൊണ്ടേയിരുന്നു.
(തുടരും....)

Revathy

രാധേ രാധേ


************
ഞങ്ങളുടെ സീറ്റിനരികിൽ കുറെ നേരമായി നിൽക്കുകയായിരുന്ന ആ സ്ത്രീ അവരുടെ കൂടെ ഉണ്ടായിരുന്ന പുരുഷൻ വന്നു കയറിയ ഉടനെ അയാളുടെ പിന്നാലെ കയ്യിൽ ഒതുക്കിപ്പിടിച്ച തുണിസഞ്ചിയുമായി ബസ്സിന്‍റെ ഏറ്റവും പുറകിലെ സീറ്റിലേക്ക് നടന്നു...!
ദില്ലിയില്‍ നിന്നും മധുര-വൃന്ദാവന്‍ വഴി ആഗ്രക്ക് പോകുന്ന ഒരു ബസ്സായിരുന്നു അത്.ചേതൻ ട്രാവൽസ്! ബസ്സില്‍ കൂടുതലും ക്ഷേത്രദര്‍ശനങ്ങള്‍ക്കു പോകുന്ന ഭക്തര്‍ ആയിരുന്നു.എന്നെയും സഹോദരനെയും പോലുള്ള സഞ്ചാരികള്‍ ഇല്ലെന്നു തന്നെ പറയാം.ഞങ്ങൾ ആഗ്രയിലെക്കാണ്. താജ്മഹല്‍ കാണണം.നേരിട്ട് പോകുന്ന ബസ്സിനു സീറ്റ് കിട്ടിയില്ല.അങ്ങിനെയാണ് ഈ ബസ്സില്‍ വന്നു പെട്ടതും ഞങ്ങളുടെ യാത്ര അങ്ങിനെ പകുതി തീര്‍ഥയാത്ര ആയി മാറിയതും...!!
ബസ്സിലെ സഹായിയും ഓടിക്കുന്നയാളും വന്നു കയറി...!! സഹായി ബസ്സിൻറെ ഏറ്റവും മുന്നിൽ വന്നു മൈക്ക് കയ്യിലെടുത്തു.ശബ്ദം ശരിയാക്കി ആഞ്ഞൊന്നു വിളിച്ചു
"രാധേ രാധേ..."
"രാധേ രാധേ..."
യാത്രക്കാർ ഏറ്റു വിളിച്ചു. അയാൾ പുറമേ നില്‍ക്കുന്നവര്‍ക്കും അകത്തുള്ളവര്‍ക്കും ബസ്സു പുറപ്പെടാറായി എന്ന് മുന്നറിയിപ്പ് കൊടുത്തു...'രാധേ രാധേ' വിളികളുമായി ചിലര്‍ ഓടിക്കയറി.യാത്ര അയക്കാന്‍ വന്ന ചിലര്‍ ഓടിയിറങ്ങി.കുറെ നേരം കൂടെ ബസ്സ്‌ ഇരമ്പിയും ഇരപ്പിച്ചും നിന്നു.പുലരിയുടെ ചെറു വെട്ടത്തിൽ പുറമെ നിൽക്കുന്ന ആളുകളിലേക്ക്‌ മിഴി നീട്ടവേ ഞാൻ കണ്ടു തൊട്ടടുത്തുള്ള പീപ്പൽ മരച്ചുവട്ടിൽ നിൽക്കുന്ന അയാളെ.ഇതാ സ്ത്രീയുടെ കൂടെ ഉണ്ടായിരുന്ന പുരുഷനാണല്ലോ.അയാൾ കയറുന്നില്ലായിരിക്കുമോ..!! ഞാൻ ചിന്തിച്ചു. തിരിഞ്ഞു അനിയനോട് പറയാൻ നോക്കുമ്പോഴേക്കും അവൻ ഉറക്കം പിടിച്ചു കഴിഞ്ഞിരുന്നു.അപ്പോഴേക്കും ബസ്സ്‌ പതിയെ ഉരുണ്ടു മുന്നോട്ടു നീങ്ങിത്തുടങ്ങി.കണ്ണിൽ നിന്നും അയാൾ മറയുന്നതു വരെ ഞാൻ നോക്കിക്കൊണ്ടേയിരുന്നു.കണ്ടിട്ട് അവരുടെ മകനാണ് എന്ന് തോന്നുന്നു. ഒടുവിൽ എൻറെ ചിന്തകളുടെ ചിതൽകൂട്ടിലേക്ക് പയ്യെ ഉറക്കം നൂണു കയറി.ചില്ലു ജാലകത്തിലേക്ക് ചാഞ്ഞു ഞാനും കണ്ണടച്ചു!
മൈക്കിലൂടെയുള്ള വീണ്ടുമൊരു 'രാധേ രാധേ' വിളി കേട്ടാണ് പിന്നെ കണ്ണ് തുറന്നത്. ഉറക്കപ്പിച്ചിൽ ഞെട്ടിത്തരിച്ചു നോക്കവേ സഹായി അലറുന്നുണ്ട് മൈക്കിലൂടെ...'രാധാ ബല്ലഭ് മന്ദിർ' ആണത്രേ! ബസ്സിൽ നിന്നും ഇറങ്ങുന്നതിനു മുൻപേ സഹായി പാതി ഉറക്കത്തിലായിരുന്ന എന്നെ വിളിച്ചു ചോദിച്ചു,
(അയാൾക്ക്‌ ഞങ്ങളുടെ കാര്യത്തിൽ ഒരു പ്രത്യേക ശ്രദ്ധയുണ്ട്).
"മാഡം ജീ നിങ്ങൾ വരുന്നോ അമ്പലത്തിലേക്ക് ...?
"ഇല്ല...വരുന്നില്ല" ഞാൻ ഒന്ന് അനങ്ങി കുറച്ചു കൂടെ വിസ്തരിച്ചു ഇരുന്നു വീണ്ടും ഒരുറക്കത്തിനു തയ്യാറെടുത്തു...
"ചേച്ചി നമുക്കും പോകാം " ഇതിനിടയിൽ ഉറക്കമുണർന്ന അനിയൻ എന്നെ ഒന്നു തോണ്ടി...
"ഞാൻ വരുന്നില്ല നീ വേണമെങ്കിൽ പൊയ്‌ക്കോളൂ"
അവൻ എഴുന്നേറ്റാൽ കുറച്ചു കൂടെ വിശാലമായി ഇരുന്നുറങ്ങാമല്ലോ എന്ന ദുഷ്ടലാക്കോടെ ഞാൻ പറഞ്ഞു.കുറച്ചു നേരം സംശയിച്ചിരുന്നിട്ടു അവൻ തീർത്ഥാടക സംഘത്തിന്റെ പുറകെ ഓടിയെത്തുന്നതു കണ്ടു കൊണ്ട് ഞാൻ വീണ്ടും ഉറങ്ങാൻ ശ്രമിച്ചു.അനങ്ങിയും തിരിഞ്ഞും ഇരിപ്പു സുഖം കിട്ടാൻ വേണ്ടിയുള്ള പരിശ്രമത്തിനൊടുവിൽ ഉറക്കം പോയി...! ഒടുവിൽ കാത്തിരിപ്പ് വിരസമാകുകയും പോയവർ വരാൻ ഇനിയും ഏറെ നേരമെടുക്കും എന്നും ഓർത്തപ്പോൾ അവരുടെ കൂടെ പോകാമായിരുന്നു എന്നു തോന്നി! ചുറ്റും പുറവും ഒന്നെത്തിച്ചു നോക്കവേ ആദ്യം തോന്നി ബസ്സിൽ ഞാൻ മാത്രമേ ഉള്ളുവെന്ന്.പിന്നെയാണ് കണ്ടത്; മറ്റാരോ കൂടിയുണ്ട് ഏറ്റവും പുറകിലെ സീറ്റിൽ...!! പതിയെ എഴുന്നേറ്റു നിന്നു നോക്കി.ആ സ്ത്രീ ആണ്.അവർ നീണ്ടു നിവർന്നു കിടന്നുറങ്ങുന്നു ആ വലിയ സീറ്റിൽ.അത് കൊള്ളാം! അവർക്കു പുറകിലെ സീറ്റ് കിട്ടിയത് നന്നായി! ഞാനോർത്തു!! കുറെ നേരം കഴിഞ്ഞപ്പോൾ ആരൊക്കെയോ തിരിച്ചെത്തി.അമ്പലത്തിൽ പോയ കൂട്ടം ആയിരുന്നില്ല.വെളിയിൽ എവിടെയോ കറങ്ങി നടന്നു തിരിച്ചെത്തിയ മറ്റൊരു കൂട്ടമായിരുന്നത്.അവരുടെ വർത്തമാനവും ബഹളങ്ങളും കേട്ടാവണം ആ സ്ത്രീ ഉറക്കം ഉണർന്നു.അൽപനേരം കഴിഞ്ഞ് അവർ മുന്നിലേക്ക്‌ വന്നു.എന്നെ നോക്കി ഒന്നു ചിരിച്ചു.വർത്തമാനത്തിന് ഒരു ഇരയെക്കിട്ടിയ സന്തോഷത്തോടെ ആയിരുന്നു എന്റെ മറുചിരി! അവരുടെ വിവരങ്ങൾ ചികഞ്ഞറിയാൻ ഒരുനിമിഷം വേണ്ടി വന്നില്ലെനിക്ക്! പേര് രാധാറാണി!!താജ്മഹൽ കാണാൻ പോകുന്നത്രേ...!!
"ഒറ്റക്കോ!! ദില്ലിയിൽ നിന്നും വണ്ടി പുറപ്പെടുമ്പോൾ മകൻ വെളിയിൽ നിൽക്കുന്നത് കണ്ടല്ലോ...!! കൂടെ ആരുമില്ലേ..?" ചോദിക്കാതിരിക്കാനായില്ല.
"അതിനെന്താ ഞാൻ ഒറ്റയ്ക്ക് പോയാൽ !! "
അവർ എന്നെ മറുചോദ്യം കൊണ്ട് നേരിട്ടു.അതു ശരിയാണല്ലോ.അവർക്കെന്താ ഒറ്റക്ക് പോയാൽ? ഇത്തിരി പ്രായമായെന്നല്ലേ ഉള്ളു.ഞാൻ എന്നോട് തന്നെ ചോദിച്ചു. പിന്നെ മനസ്സിലോർത്തു, ഇവരെക്കാൾ വയ്യാത്ത അവസ്ഥയിലായിരുന്നു ആ മനുഷ്യൻ. ഉറപ്പായും അയാളേക്കാൾ ചുറുചുറുക്കുണ്ട് ഈ സ്ത്രീക്ക്. പിന്നെയും ഞങ്ങൾ വർത്തമാനം പറഞ്ഞിരുന്നു. രണ്ടു പെൺമക്കൾ കൂടിയുണ്ടത്രേ! ഭർത്താവ് മരിച്ചിട്ടു കുറച്ചു വർഷങ്ങളായി.മകൻ റിക്ഷ ഓടിച്ചു കുടുംബം പോറ്റുന്നു! പെണ്മക്കളെ രണ്ടിനെയും ബരേലിക്കടുത്തുള്ള ഏതോ ഗ്രാമത്തിലേക്കാണ് കല്യാണം കഴിച്ചു വിട്ടിരിക്കുന്നത്.ഞങ്ങളുടെ വർത്തമാനത്തിനു വിരാമമമിട്ടു കൊണ്ട് അമ്പലത്തിലേക്ക് പോയവർ തിരിച്ചെത്തി.ആ സ്ത്രീ എന്നോട് യാത്ര പറഞ്ഞു പുറകിലേക്ക് നടന്നു.
വീണ്ടും യാത്ര!! യാത്രയിലുടനീളം ബസ്സിൽ രാധാകൃഷ്ണ ഭജൻ മുഴങ്ങിക്കൊണ്ടിരുന്നു...
"ഗോവിന്ദ് ബോലോ ഹരി ഗോപാല് ബോലോ"
തീർത്ഥാടകരുടെയൊപ്പം ഞങ്ങളും പതിയെ ഏറ്റു പാടാൻ തുടങ്ങി...ഏറെ സമയം കഴിയും മുൻപേ ഞങ്ങൾ ഒരു മൈതാനത്തിലെത്തി. നിർത്തിയിട്ടിരിക്കുന്ന അനേകം വാഹനങ്ങളുടെ ഇടയിലേക്ക് ഞങ്ങളുടെ വാഹനവും കയറി നിന്നു.ഡ്രൈവർ ഇറങ്ങി അടുത്തെങ്ങോട്ടോ പോയി.അപ്പോൾ മുതൽ സഹായി ഞങ്ങളുടെ ഉത്തരാധികാരിയായി.അവിടുന്നങ്ങോട്ട് ഞങ്ങൾ പോകുന്നതെങ്ങോട്ടാണെന്നും പോകുന്ന സ്ഥലങ്ങളുടെയും അമ്പലങ്ങളുടെയും പ്രത്യേകതകളും അയാൾ പറയാൻ തുടങ്ങി!! കഥകളിലൂടെയും കവിതകളിലൂടെയും മാത്രം അറിഞ്ഞിട്ടുള്ള വൃന്ദാവനം കാണാൻ ഞാനും അനിയനും അത്യാവേശത്തിൽ തയ്യാറായി.വണ്ടിയിൽ നിന്നും മൈതാനത്തിലേക്കിറങ്ങിയപ്പോൾ ഞാനോർത്തു; പണ്ടു പണ്ട്...രാധയും കൃഷ്ണനും ഓടി നടന്നിട്ടുള്ള മണ്ണാണിത്!! ഗോപികമാരും കണ്ണനും വിഹരിച്ചിരുന്ന വൃന്ദാവനത്തെക്കുറിച്ചുള്ള ഓർമ്മകൾ എന്നെ കോൾമയിർക്കൊള്ളിച്ചു...!! കണ്ണന്റെ പാട്ടിൽ മതി മറന്ന് നടനമാടുന്ന മയിലുകളെ...സ്വയം മറന്നുല്ലസിക്കുന്ന അതിസുന്ദരികളും സുഭഗകളുമായ ഗോപികമാരെ...സ്വയം മറന്നു മേഞ്ഞു നടക്കുന്ന ഗോക്കളെ എല്ലാം ഒരു തിരശീലയിലെന്ന വണ്ണം ഞാൻ കണ്ടു.അത്ഭുത ലോകത്തെത്തിയ ആലീസിനെപ്പോലെ അവിടെയെല്ലാം ചുറ്റി നടക്കാൻ മനസ്സ് തുടിച്ചു...!
അമ്പലങ്ങളിൽ നിന്നും അമ്പലങ്ങളിലേക്കുള്ള കാൽനടയാത്ര തുടങ്ങുന്നതിന് മുൻപ് ഉത്തരാധികാരി ബസ്സിൻറെ ഏറ്റവും പുറകിലേക്ക് പോകുന്നത് കണ്ടു.ആ സ്ത്രീ ഇപ്പോഴും അവിടെ ഇരിക്കുന്നുണ്ട്. അവർ അമ്പലങ്ങളിലൊന്നും വരുന്നില്ലെന്നു തോന്നുന്നു. രാധാറാണി എന്ന് പേരുള്ള അവർക്കു രാധയുടെയും കൃഷ്ണൻറെയും വൃന്ദാവനം കാണണ്ടേ എന്ന് ഞാൻ അത്ഭുതപ്പെട്ടു.അയാൾ അവരോട് എന്തൊക്കെയോ സംസാരിച്ച് ബസ്സിൽ നിന്നും ഇറങ്ങി ഡ്രൈവറുടെ അടുത്തേക്കോടി അവിടെയും എന്തൊക്കെയോ കുശുകുശുത്ത് അക്ഷമരായി കാത്തു നിൽക്കുന്ന ഞങ്ങളുടെ അടുത്തേക്ക് തിരിച്ചെത്തി. പിന്നെ മരങ്ങൾക്കിടയിലൂടെയും കുറ്റിച്ചെടികൾക്കിടയിലൂടെയും ആടുകളെ മേയിക്കുന്ന ആട്ടിടയൻറെ നയത്തോടെ ഞങ്ങളെ ഗലികളിൽ നിന്നും ഗലികളിലേക്കും അമ്പലങ്ങളിൽ നിന്നും അമ്പലങ്ങളിലേക്കും നയിച്ചു.
വൃത്തിയുടെയും വെടിപ്പിന്റെയും കാര്യത്തിൽ വട്ടപൂജ്യമായ ഗലികളിലൂടെ ഉള്ള ഓരോ യാത്രയും എന്റെ പകൽ സ്വപ്നങ്ങളുടെ...കാല്പനികതയുടെ ലോകത്തെ എന്നിൽ നിന്നും പറിച്ചെറിഞ്ഞു കൊണ്ടിരുന്നു.ഇതല്ല എന്റെ വൃന്ദാവനം...ഇത് ഞാൻ പകൽസ്വപ്നങ്ങളിൽ കണ്ട വൃന്ദാവനതിന്റെ പ്രേതം പോലുമല്ലാ. പക്ഷെ ഓരോ നടത്തത്തിന്റെയും അവസാനം ഞങ്ങൾ മനോഹരങ്ങളായ അമ്പലങ്ങളിലേക്ക് എത്തിച്ചേർന്നു കൊണ്ടിരുന്നു...! കെട്ടിലും മട്ടിലും ഗാംഭീര്യം പരത്തുന്ന അമ്പലങ്ങളിലേക്ക് എത്തിച്ചേരുമ്പോൾ ഇടുങ്ങിയ ഗലികളിലെ വൃത്തിയില്ലായ്മയും തിരക്കും ഞങ്ങൾക്കു മറക്കാനായി.
ഭക്തർ പൂജാദി കർമങ്ങൾ ചെയ്യവേ ഞാനും അനിയനും കാഴ്ചകൾ കണ്ടു നടന്നു.ഞങ്ങൾക്ക് വേണ്ടി കൂടുതൽ വിവരങ്ങൾ പകർന്നു കൊണ്ട് ഉത്തരാധികാരി ഞങ്ങളുടെ അടുത്ത് തന്നെ ചുറ്റിപ്പറ്റി നിന്നു പലപ്പോഴും. അയാളുടെ ബസ്സിലെ യാത്രക്കാരിയായ മദ്രാസീ മാഡംജീക്കും അനിയനും വേണ്ട സഹായങ്ങൾ ചെയ്യാൻ അയാൾ സദാ സന്നദ്ധനായിരുന്നു. ഇതിനിടയിലെപ്പോഴോ ആണ് ഞാൻ ശ്രദ്ധിച്ചത് കൃഷ്ണഭജൻ പാടി കൂട്ടമായി നടന്നു നീങ്ങുന്ന ഒരു കൂട്ടം പെണ്ണുങ്ങളെ! വിധവകൾ ആണെന്ന് ഒറ്റ നോട്ടത്തിൽ തന്നെ അറിയാം. എവിടെത്തിരിഞ്ഞാലും അവിടെല്ലാം ശുഭ്രമോ അല്ലെങ്കിൽ കാവി വസ്ത്രമോ ധരിച്ച സ്ത്രീകൾ.തല മറക്കുന്ന സാരിത്തുമ്പിനടിയിൽ ചിലരുടെയൊക്കെ മുണ്ഡനം ചെയ്യപ്പെട്ടിരിക്കുന്ന ശിരസ്സ് കാണാം.വയോധികർ മുതൽ മധ്യവയസ്കർ വരെ ഉണ്ട് ആ കൂട്ടത്തിൽ !! എങ്ങനെ ഇത്രയേറെപ്പേർ ഇവിടെ എന്ന് അന്തം വിട്ടു ചോദിച്ച എന്നോട് സഹായി പറഞ്ഞു അവരെല്ലാം കൃഷ്ണന്റെ രാധമാരാണത്രേ.. ഇനിയും ചിലർ അവരെ വിളിക്കുന്നത് മീര!! സ്വർഗത്തിലേക്ക് ചെന്ന് ചേരാൻ, പരമ പാദത്തിൽ വിലയം പ്രാപിക്കാൻ വീടും നാടും വിട്ടു പോന്നവർ ആണത്രേ അവർ!! വൃന്ദാവനത്തിൽ മരിച്ചാൽ സ്വർഗത്തിൽ നേരിട്ടെത്തുമത്രേ.അവർക്കെല്ലാം ചെല്ലും ചെലവും കൊടുക്കുന്നത് അവിടെയുള്ള അമ്പലങ്ങളും ആശ്രമങ്ങളും ആണത്രേ...!! പകൽ മുഴുവൻ ഭജനപാടി രാത്രികളിൽ അവർ ആശ്രമങ്ങളിൽ പോയി ഉറങ്ങുമത്രേ...!!ദില്ലിയിൽ കുറേക്കാലം താമസിച്ചുവെങ്കിലും ജീവിക്കുന്ന സ്ഥലവും ചുറ്റുവട്ടവുമല്ലാതെ മറ്റൊന്നും അറിയാത്ത ഞാൻ അമ്പരന്നു നിന്നു, ആ കഥ കേട്ട്.ഒപ്പം തല ചൊറിഞ്ഞു കൊണ്ട് എന്റെ അനിയനും.
പിന്നെയും മുന്നോട്ടു നടക്കവേ കണ്ടു; അമ്മമാരെ പല രൂപത്തിൽ. ചിലർ യാചകരാണ്. ചിലർ തെരുവോരത്തെ കടകളുടെ ഉമ്മറം അടിച്ചു തുടക്കുന്നു, മറ്റു ചിലരെ ഭക്ഷണം കഴിക്കാൻ കയറിയ കടകളുടെ പിന്നാമ്പുറത്തും കണ്ടു.അമ്പലങ്ങളിലും ആശ്രമങ്ങളിലും പിന്നീടുള്ള യാത്രയിൽ നോക്കുന്നിടത്തു മുഴുവൻ ഞാൻ അവരെ കണ്ടു.ഒരു നേരത്തെ അന്നത്തിനു പൊരുതുന്നവർ ആണെന്ന് കണ്ടാലേ അറിയാം. കീറിപ്പറിഞ്ഞതും മുഷിഞ്ഞതുമായ വസ്ത്രങ്ങൾ അവരുടെ ദാരിദ്ര്യത്തെ വിളിച്ചോതി.തോളത്തു ചുമക്കുന്ന മാറാപ്പുകൾ അവരുടെ അനാഥത്വത്തെയും!!!
ഞങ്ങളുടെ മുഖത്തെ അവിശ്വസനീയത കണ്ടിട്ടാവണം ഉത്തരാധികാരി ഇടയ്ക്കിടെ മരണശേഷം അവർക്കു കിട്ടാൻ പോകുന്ന സ്വർഗ്ഗത്തെക്കുറിച്ചു പറഞ്ഞു കൊണ്ടിരുന്നു.ഞാനാകട്ടെ വീണ്ടും വീണ്ടും അവർക്കു കിട്ടിയ ജീവിതത്തെക്കുറിച്ചോർത്തു കൊണ്ടിരുന്നു.എന്തായാലും കവിതകളിലും കഥകളിലും കണ്ട വൃന്ദാവനം എന്റെ ഉള്ളിൽ മരിച്ചു കഴിഞ്ഞിരുന്നു അപ്പോഴേക്കും...!കുറെ മണിക്കൂറുകൾ കൊണ്ട് ഞങ്ങളുടെ വൃന്ദാവൻ യാത്ര കഴിഞ്ഞു.തിരിച്ചു വണ്ടിയിലെത്തിയിട്ടും ഞാനും അനിയനും ആ അമ്മമാരെക്കുറിച്ചു തന്നെ പറഞ്ഞു കൊണ്ടിരുന്നു.ഞങ്ങൾക്ക് ദഹിക്കാത്തത് എന്തോ ഉണ്ടായിരുന്നു ആ കാഴ്ചകളിലും ഉത്തരാധികാരിയുടെ വിവരണങ്ങളിലും!!
"ശ്യാം തേരി ബൻസി പുകാരെ"
വീണ്ടും രാധാകൃഷ്ണ ഭജൻ! ഞങ്ങൾ യാത്ര തുടരുകയാണ്...!!
ഇനി അക്ബറിൻറെ ശവകുടീരത്തിലേക്കാണ് ഞങ്ങളുടെ യാത്ര..അത് കഴിഞ്ഞ് ആഗ്ര ഫോർട്ട്, അവിടെ നിന്നും മുംതാസിന്റെയും ഷാജഹാന്റെയും പ്രണയ കുടീരത്തിലേക്ക് രാധാഭജൻ പാടിമടുത്തതു കൊണ്ടാണോ അതോ തുടർന്നുള്ള യാത്രയുടെ സ്വഭാവരീതി മാറിയതു കൊണ്ടാണോ എന്നറിയില്ല പെട്ടെന്ന് ഭജനു പകരം പാട്ട് പതിയെ ബോളിവുഡിലേക്ക് കൂടുമാറ്റം നടത്തി...
"ഹർ കിസി കോ നഹി മിൽത്താ യഹാൻ പ്യാർ സിന്ദഗി മെയിൻ!!"
പതിയെ വാഹനത്തിനുള്ളിലെ ഭക്തി നിർഭരമായ അന്തരീക്ഷത്തിന് ഒരു ലാഘവം കൈവന്നു. അക്ബറിന്റെ ശവകുടീരം കാണാൻ ഞങ്ങളിറങ്ങി.കാര്യകാരണ വിശദീകരണങ്ങളുമായി മുന്നേ നടന്ന ഉത്തരാധികാരിയുടെ പിൻപേ ഗമിച്ചു. ചാഞ്ഞും ചരിഞ്ഞും പലയിടങ്ങളിൽ നിന്ന് ഫോട്ടോയെടുത്തു.ഞങ്ങളെ ഏറ്റവും ആകർഷിച്ചത് കയ്യിലൊരിത്തിരി നിലക്കടലയുമായി നിന്നാൽ ചുമലിലേക്കോടിക്കയറി ഫോട്ടോക്ക് പോസ് ചെയ്യുന്ന മർക്കടയുവാക്കളായിരുന്നു. കൂട്ടത്തിലെ നേതാവ് അങ്ങ് ദൂരെ 'ഓ ഇതെല്ലാം എന്ത്!! ചുമ്മാ പിള്ളേര് കളി!' എന്ന മട്ടിൽ അലസമായങ്ങിരിക്കവേ കുഞ്ഞു വീരന്മാരും വീരമാരും ഓടി വന്നു കാണികളുടെ ചുമലിലേറി ഫോട്ടോകൾക്ക് പലവിധത്തിൽ പോസു ചെയ്തു കിട്ടുന്ന സമ്മാനങ്ങൾ വാങ്ങിപ്പോയി.അങ്ങിനെ ഫോട്ടോ എടുത്തു നിൽക്കവേയാണ് ഒരു ശബ്ദം കേട്ടത്
"മേരാ ഭി ഏക് ഫോട്ടോ കീച്നാ"
(എന്റെയും കൂടെ ഒരു ഫോട്ടോ എടുക്കു)
നോക്കുമ്പോൾ അവരാണ്. രാധാറാണി! അവരും ചുമരിലേറിയ കുരങ്ങച്ചാരും തയാറാണ്. അതിന് കാമറ എവിടെ? ഞാൻ അവരുടെ കയ്യിലേക്ക് നോക്കി.
"അതിനെന്താ? നിങ്ങളുടെ കാമറയിൽ പറ്റില്ലേ"
എന്നായി അവർ.
"പറ്റും.. പക്ഷെ ഫോട്ടോ എങ്ങിനെ നിങ്ങൾക്കു തരും? നമ്മൾ തമ്മിൽ ഇനി കാണുമോ എന്ന് കൂടെ അറിയില്ലല്ലോ" ഞാൻ
"അതിന് എനിക്കത് വേണ്ട നിങ്ങൾ എടുത്തോളൂ"
അവർ.ആകെ ആശയക്കുഴപ്പത്തിൽ നിന്ന എന്നെ നോക്കി തന്റെ പുരികമൊന്നുയർത്തി ഒരു കുഞ്ഞു ചിരി തന്നു അനിയൻ പറഞ്ഞു
"നമുക്കെടുക്കാം ചേച്ചി"
"എങ്കിൽ ശരി! നമുക്കെടുക്കാം.."
ഞാനും ഉഷാറായി...അങ്ങിനെ ഞങ്ങൾ രാധാറാണിയുടെയും മാർജാര വീരന്റെയും ഫോട്ടോയെടുത്തു.'രാധാറാണി' പിന്നെ ഞങ്ങളുടെ പുറകിൽ നിന്നും മാറിയിട്ടില്ല...! ഞങ്ങൾ എവിടെയൊക്കെ നിന്ന് ഫോട്ടോ എടുത്തോ അവിടൊക്കെ നിന്ന് അവരും ഫോട്ടോ എടുത്തു. ഇനിയഥവാ ഞങ്ങൾ അവരെ മറന്നാൽ അവർ ഓർമിപ്പിച്ചു കൊണ്ടിരുന്നു. 'ഇത് വല്യ പുകിലായല്ലോ' എന്ന് തല പുകച്ചിരുന്ന എന്നെ നോക്കി അനിയച്ചാർ വീണ്ടും ചിരിച്ചു,'നമുക്ക് നോക്കാം' എന്നൊരു ഭാവത്തിൽ!
പിന്നീടുള്ള യാത്രയിൽ ഒപ്പമുണ്ടാവുക മാത്രമല്ല നിങ്ങള്ക്ക് വേണമെങ്കിൽ മതി എന്ന ഭാവത്തിൽ അവർ ഞങ്ങളോടൊപ്പം വന്നിരുന്നു ഭക്ഷണം കഴിച്ചു പൈസ കൊടുക്കാതെ ഇറങ്ങി നടന്നു. അവരെ പിടിച്ചു നിർത്തി ചോദിക്കണമെന്ന് എനിക്ക് തോന്നിയെങ്കിലും ആ മുഷിഞ്ഞ വസ്ത്രങ്ങളും ചെരിപ്പിടാതെ വിണ്ടു കീറിയ കാലുകളും വിളിച്ചു പറഞ്ഞ ദാരിദ്ര്യത്തെ കണ്ടില്ലെന്നു നടിക്കാനായില്ല.പിന്നെ കൂടെയുള്ള ഒരുത്തന്റെ കണ്ണിറുക്കി കാട്ടിയുള്ള ചിരിയും 'സാരമില്ലേച്ചി പോട്ടെ'ന്നുള്ള വാക്കുകളും എന്നെ പിടിച്ചു നിർത്തി.
ആഗ്രയിലെ കോട്ടയിലെ പോലെ തന്നെ ടാജ്മഹലിലും രാധാറാണിയുടെ കണ്ണ് വെട്ടിച്ച് ഓടേണ്ടി വന്നു എന്നതൊഴിച്ചാൽ യാത്ര സുഖപ്രദമായിരുന്നു. ഞങ്ങളുടെ സ്വകാര്യതയിലേക്ക് കടന്നു വന്ന; മലയാളത്തിൽ പറയുന്ന തമാശകളിലേക്ക് തുറിച്ചു നോക്കി നിൽക്കുന്ന ആയമ്മയെ എന്ത് കൊണ്ടോ ഞങ്ങൾക്ക് പോകെപ്പോകെ വലിയ താല്പര്യമില്ലാതെയായി.അവർ പക്ഷേ ഞങ്ങളെ വിടാതെ പിന്തുടർന്നു കൊണ്ടുമിരുന്നു.
ആഗ്ര കോട്ടയിലും ഞങ്ങളുടെ പ്രധാന പരിപാടി ഫോട്ടോകൾ എടുത്തു കൂട്ടുകയെന്നതായിരുന്നു. ഇതിനിടെ ആകെ നൂറോ നൂറ്റമ്പതോ ഫോട്ടോകൾ മാത്രമെടുക്കാൻ പറ്റുന്ന ആ പഴയ ഡിജിറ്റൽ കാമറ ഇനിയും ഇതിൽ സ്ഥലമില്ലെന്ന് മുന്നറിയിപ്പ് തരാൻ തുടങ്ങിയപ്പോൾ ഞങ്ങൾ പതിയെ രാധാറാണിയുടെ ഫോട്ടോകൾ എടുക്കുവാനും പിന്നെ തന്ത്രപൂർവം മായിച്ചു കളയുവാനും തുടങ്ങി.
കോട്ടയുടെ വിശാലമായ കവാടങ്ങളിലും കമനീയമായ അന്തപ്പുരങ്ങളിലും നിൽക്കവേ ചിലപ്പോൾ ഞാൻ സ്വയം ഒരു രാജകുമാരി ആയിരുന്നെങ്കിലെന്നു കൊതിച്ചു.മറ്റു ചിലപ്പോൾ സമയത്തിന്റെ ചക്രം പിന്നോട്ട് കറങ്ങി അക്ബർ ചക്രവർത്തിയും പരിവാരങ്ങളും പുനർജീവിച്ചെങ്കിലെന്നു കൊതിച്ചു. ദർബാർ ഹാളിൽ ആസനസ്ഥനായ അക്ബർ ചക്രവർത്തിയെ ഭയഭക്തി ബഹുമാനങ്ങളോടെ നോക്കി. അടുത്ത നിമിഷം അദ്ദേഹം എന്റെ വളരെ അടുത്ത ആരോ ആണെന്ന വണ്ണം കളി പറഞ്ഞു.എന്നെ എന്റെ ഭ്രാന്തൻ ലോകത്തു മേയാൻ വിട്ടു അനിയൻ എന്റെ ചുറ്റുമുള്ള മറ്റേതൊരാളെയും പോലെ ചേച്ചി പറയുന്നതൊന്നും എനിക്കു മനസ്സിലാകില്ല എന്ന മുടന്തൻ ന്യായത്തിൽ കുരുക്കി അവന് ബസ്സിൽ നിന്നും പുതുതായി കിട്ടിയ കൂട്ടുകാരുടെ കൂടെ നടന്നു. ഒരു തരത്തിൽ പറഞ്ഞാൽ എനിക്കും അതായിരുന്നു ഇഷ്ടം. എന്നെ എന്റെ ലോകത്തു വിട്ടേക്കുക..! പുറമെ നിന്ന് നോക്കുന്നവർക്ക് ഭ്രാന്ത് എന്ന് തോന്നിയാലും പകൽ സ്വപ്നങ്ങളിലൂടെ ഞാൻ സഞ്ചരിക്കുന്ന വഴികൾ എനിക്കല്ലേ അറിയൂ...ഏതൊരു മദ്യത്തെക്കാളും മനസ്സിനെ ഉന്മത്തമാക്കുന്ന കാല്പനികതയുടെ...ദിവാസ്വപ്നങ്ങളുടെ ആ ലോകത്തിലേക്ക് എന്നെ വിട്ടു പോകുന്നവരെ ആയിരുന്നെനിക്കേറ്റം പ്രിയം! പക്ഷെ വെളളത്തിൽ വരക്കപ്പെടുന്ന വരകൾ പോലെ എന്റെ ചിന്തകളെ തൂത്തെറിഞ്ഞു കൊണ്ട് രാധാറാണി ഇടയ്ക്കിടെ എന്റെ ഉന്മാദത്തിന്റെ ആ അവസ്ഥാന്തരങ്ങളിലേക്ക് കയറി വന്നു കൊണ്ടിരുന്നു. അവരെക്കാണാതിരിക്കാൻ ഞാൻ ഓടി ഒളിക്കുവാനും തുടങ്ങി.
അവസാനം വെണ്ണക്കല്ലിൽ തീർത്തൊരാ ശില്പഭംഗി ആസ്വദിക്കുവാനെത്തിയപ്പോഴേക്കും ഉച്ച തിരിഞ്ഞിരുന്നു. വീണ്ടും ഫോട്ടോ എടുപ്പ്.രാധാറാണിയിൽ നിന്നുമുള്ള ഓട്ടം..ഒപ്പം സഞ്ചാരികളുടെ ബാഹുല്യം..!എന്റെ സ്വപ്ന സഞ്ചാരം തുടർച്ചയായി തടസ്സപ്പെട്ടു കൊണ്ടിരുന്നു...അങ്ങനെ ആ വിസ്മയവും തീർന്നു. സന്ധ്യയായി! ഭക്ഷണം കഴിച്ചു. അതെ! ഞങ്ങളും രാധാറാണിയും...!! ഇനി മടക്ക യാത്രയാണ്...വീണ്ടും ബസ്സിലേക്ക്...!! എല്ലാവരും തളർന്നൊരുറക്കത്തിലേക്കു വീണു...തുടക്കം ഏതൊക്കെയോ പാട്ടുകൾ കേട്ടു പിന്നെ ഒന്നും ഓർമയില്ല. ആരോ കയ്യിൽ തട്ടുമ്പോഴാണ് ഉറക്കത്തിൽ നിന്നും ഉണർന്നത്. രാധാറാണിയാണ്!! ഇത് വലിയ ശല്യം തന്നെ!! ഉള്ളിലെ അസ്വാരസ്യം മുഴുവൻ മുഖത്തു കാണിച്ചു കൊണ്ട് ഞാൻ അവരോടു ചോദിച്ചു
"എന്ത് വേണം"
"കുച്ച് പൈസ ദേതോ" (കുറച്ചു പണം തരാമോ)
പൈസ!! ഞാൻ അന്തം വിട്ടു. എന്ത് ധിക്കാരമാണിത്...ഒരു ദിവസം മുഴുവൻ പിറകെ നടന്നു ശല്യം ചെയ്തതും പോരാ ഇപ്പോൾ പൈസ വേണമത്രേ. പക്ഷെ ഞാനെന്തെങ്കിലും പറയും മുന്നേ ബസ്സിലെ സഹായി മുന്നിലെ കാബിനിൽ നിന്നും പിന്നോട്ട് വന്നു.
"എന്ത് വേണം അമ്മാ നിങ്ങള്ക്ക്"
അയാളുടെ പെരുമാറ്റത്തിൽ, അവർ ചോദിച്ചത് എന്താണെന്ന് അറിയാമെന്നൊരു ഭാവം.അയാളെക്കണ്ടതോടെ അവർ ചൂളിച്ചുരുങ്ങി നിന്നു. കയ്യിലെ തുണി സഞ്ചി നെഞ്ചോട് ചേർത്ത് അവർ തലകുനിച്ചു നിന്നു. അപ്പോഴേക്കും ബസ്സ് ആടിക്കുലുങ്ങി എവിടെയോ നിന്നു. സഹായി വാഹനത്തിന്റെ വാതിൽ തുറന്നു പുറത്തേക്കിറങ്ങി. പുറകെ അവരും...ഇറങ്ങിപ്പോകവേ അവർ പതിയെ തല തിരിച്ചൊന്നു നോക്കി എന്നെ!! അമ്പരപ്പോടെ ഞാൻ അവരെയും നോക്കി. ആ മുഖത്തെ ഭാവം വേർതിരിച്ചറിയാനായില്ലെനിക്ക്. രണ്ടു മൂന്നു നിമിഷങ്ങളുടെ ഇടവേളയിൽ സഹായി തിരിച്ചു വന്നു വണ്ടിയിൽ കയറി. വാതിൽ ചേർത്തടിച്ചു.പതിയെ വാഹനം മുന്നോട്ടു നീങ്ങാൻ തുടങ്ങി.
"ആ സ്ത്രീ അവരവിടെ?"
എനിക്ക് വെപ്രാളമായി...
"വോ..രാധാ മാ ഹെയ്‌ൻ മാഡം ജീ.. വൃന്ദാവൻ ഉതർ ഗയി"
തിരിച്ചറിവുകളുടെ ഏടുകളിലേക്കു വെളിച്ചം വീഴാൻ പിന്നെയും സമയമെടുത്തു. അവർ വൃന്ദാവനത്തിലെ മറ്റൊരു രാധയാണത്രെ...! കുടുംബത്തിൽ നിന്നും നിഷ്കാസിത! എന്നാലും ഭിക്ഷയെടുത്തു കിട്ടുന്ന പണം കൊണ്ട് ഇടക്കൊക്കെ വീട്ടിലൊന്നു പോയി വരും. കൂടുതൽ നാൾ നിൽക്കില്ല നില്ക്കാൻ മരുമകൾ സമ്മതിക്കില്ല...അത് കൊണ്ട് മകനും...കഥകൾ ചുരുക്കി പറഞ്ഞ് അയാൾ ഡ്രൈവറുടെ കാബിനിലേക്ക് കയറിപ്പോയി...!! ഞാനപ്പോൾ ക്യാമെറയിൽ അവരുടെ ഒരു ഫോട്ടോ എങ്കിലും ഉണ്ടോ എന്ന് പരതാൻ തുടങ്ങി..!!
ജീന

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo