അമ്മേ,, അമ്മുച്ചേ.....


അമ്മേ,, അമ്മുച്ചേ.....
ന്നാടി മോളെ
ദേ, കല്യാണത്തിന് മുൻപ് അമ്മ പോയ അമ്പലങ്ങളുടെയും, നേർന്ന നേർച്ചകളുടെയും ആ ലിസ്റ്റ് ഇങ്ങെടുത്തേ......
നീ എന്താടി പെണ്ണെ, രാവിലെ തന്നെ... ആ
അല്ല എനിക്കറിയാനാ...
എന്ത് ?
ന്റെ അച്ചായിയെ കെട്ടിയോനായി കിട്ടിയത്, ഏത് ദേവി അനുഗ്രഹിച്ചിട്ടാണെന്ന്......
ഒന്ന് പോടീ പെണ്ണെ,,
എന്താ രാവിലെ തന്നെ രണ്ടാളും.....
അച്ചായി,,
ഞാൻ ഈ അമ്മയോട് ചോദിക്കുവായിരുന്നു, എങ്ങിനാ അമ്മുസ് ന്റെ അച്ചായിടെ പെണ്ണായത് ന്ന്...
ആഹാ, ന്നിട്ട് അവള് പറഞ്ഞോ ?
ഏയ്‌, കള്ളി അമ്മുസ്.....
അച്ചായി, പറയാലോ !!
ന്നാ പറ പറ കേൾക്കട്ടെ.....
പണ്ട് typewriting ക്ലാസ്സിൽ ഞങ്ങൾ ഒന്നിച്ചായിരുന്നു, തമ്മിൽ അതിന് മുന്നേ അറിയാം.
ഒരുമിച്ചായിരുന്നു വരവും പോക്കും പഠിപ്പും എല്ലാം.....
ഒരു ദിവസം typewriter ന്റെ കീപാഡ് work ചെയ്യാതായപ്പോ, ഇവള് ന്നെ വിളിച്ചിട്ട് അതൊന്ന് നോക്കാൻ പറഞ്ഞു ...
ഞാൻ അതൊക്കെ വിശദമായി പരിശോധിച്ചിട്ട് ,, ഒരു വെള്ളപേപ്പർ വച്ചുകൊണ്ട് കീപാഡിൽ ടൈപ്പ് ചെയ്ത് നോക്കി....
സംഭവം ശരിയായി , വ്യക്തമായി ടൈപ്പ് ചെയ്യാൻ പറ്റുന്നുണ്ട്.
പിന്നീട് ഞാൻ ടൈപ്പ് ചെയ്ത പേപ്പർ അവൾ എടുത്തുനോക്കിയിട്ട് ചോദിച്ചു
ആരാ ഈ കല്യാണി ???
ഞാൻ മറുപടി ഒന്നും പറഞ്ഞില്ല, ചിരിച്ചുകൊണ്ട് ബാഗെടുത്ത് പുറത്തേക്ക് ഇറങ്ങി.......
പുറകെ ഓടിവന്ന്, ഇവള് വീണ്ടും ചോദിച്ചു,,...
ആരാ ഈ കല്യാണി
ഞാൻ പറഞ്ഞു, ന്റെ മോൾക്ക്‌ ഇടാൻ ഞാൻ ഓർത്തുവച്ചിരിക്കുന്ന പേരാണ്....
അത് കേട്ടതിൽ പിന്നെ, ഇവളുടെ ചിരി ഹോ വീട് വരെ,, നിർത്താതെ ചിരി ആയിരുന്നു.
പിന്നീട് രണ്ടോ മൂന്നോ ദിവസം കഴിഞ്ഞ്, ഞാനും ഇവളും കൂടി ഒരുമിച്ച് വീട്ടിലേക്ക് പോവും വഴി, പെട്ടന്ന് ഞാൻ ചോദിച്ചു....
ദേവി, ന്റെ കല്യാണിയുടെ അമ്മയാവോ ന്ന്,,
ഹോ, ന്നെ ഒരു നോട്ടം നോക്കിയിട്ട് വീട്ടിലേക്ക് ഒറ്റ ഓട്ടം........
പിന്നെ രണ്ട് ദിവസത്തേക്ക് ആളെ ക്ലാസ്സിലും കണ്ടില്ല, വീടിന് പുറത്തുപോലും കണ്ടില്ല, ഞാൻ കരുതി തീർന്ന്, നല്ലൊരു ചങ്ങാത്തം പോയിക്കിട്ടി.
അടുത്ത ദിവസം ഞാൻ അല്പം വൈകിയാണ് ക്ലാസ്സിൽ എത്തിയത്, കസേരയിൽ ഇരുന്ന് ടേബിളിലേക്ക് നോക്കിയപ്പോൾ,....
"കല്യാണിയുടെ അമ്മയ്ക്ക് ഒരുകൂട്ടം വാങ്ങി തരോ "
ഇങ്ങനെ എഴുതിയ ഒരു പേപ്പർ....
ആഹാ അമ്മൂച്ചേ,, കൊള്ളാലോ !!
പിന്നെ ന്റെ ദേവി വാക്കുപാലിച്ചു, ന്റെ കല്യാണികുട്ടിയുടെ അമ്മയായി, ദേ ഇരുന്ന് പപ്പടം ചുടുന്നു ഹഹഹ.....
മതി മതി രണ്ടാളും......... ങ്ങാ
ഏട്ടാ, പോയി ready ആവാൻ നോക്ക് നേരം വൈകും ട്ടോ ഓഫീസിൽ പോവാൻ...
അച്ചായി,,,
ഓ, ന്നതാടി മോളെ
ഈ ബൈക്ക് മാറ്റി ഒരു കാർ വാങ്ങണം ട്ടോ
നിക്ക് പേടിയാണ്, അച്ചായി ഈ തിരക്കിലൂടെ ബൈക്ക് ഓടിച്ചുപോകുന്നത്........
നമുക്ക് വാങ്ങാം, ഒരെണ്ണം..
Ok bye,, വൈകിട്ട് കാണാം
!!.............!!
പാതിമെയ് മറഞ്ഞതെന്തേ
സൗഭാഗ്യ താരമേ....
അച്ചായിയുടെ ഫോൺ റിങ് ചെയ്യുകയാണ്, ആൾക്ക് ഏറെ പ്രിയപ്പെട്ട പാട്ടുകളിൽ ഒന്നാണിത്. അപരിചിതമായ നമ്പർ ആയതിനാൽ ഫോൺ എടുത്തില്ല, അല്ലെങ്കിലും എടുത്തിട്ട് എന്തുപറയാൻ.
അമൃതാ ഹോസ്പ്പിറ്റലിന്റെ ICU യൂണിറ്റിന്റെ മുൻപിൽ അച്ചായിയെയും കാത്തിരിക്കുമ്പോഴും, ഫോണിൽ നിന്നും കേട്ട ആ ഗാനം ഓർമകളെ ഒരുപാട് പിന്നിലേക്കു കൊണ്ടുപോയി,,,
ജോൺസൻ മാസ്റ്ററുടെ പാട്ടുകളോട് വല്ലാത്ത ഒരു അടുപ്പം അച്ചായിക്കുണ്ടായിരുന്നു, അച്ചായിയിലൂടെ എനിക്കും
കുഞ്ഞുനാൾ മുതൽ ദാ, ഈ കൗമാരപ്രായത്തിലും എൻെറ ശീലമായിരുന്നു മാസ്റ്ററുടെ പാട്ടുകൾ കേട്ട് അച്ചായിയുടെ മാറിൽ തലചേർത്തു കിടക്കുന്നത്.
അത്രയേറെ ആഴത്തിലുള്ള അടുപ്പം എന്നെ സ്വപ്നം കാണാൻ പഠിപ്പിച്ച, ജീവിതത്തോട് പൊരുതാൻ പഠിപ്പിച്ച എൻെറ അച്ചായിയോട് ഉണ്ട്. എന്റെ വളർച്ചയിൽ ഒരു നിഴലായ് എന്നും അച്ചായി കൂടെ ഉണ്ടായിരുന്നു.
ആരുടെയും നിഴലായ് ഒതുങ്ങി പോകരുത് എന്റെമോള്, "ബിംബം ഇല്ലാതായാൽ മാഞ്ഞു പോകുന്ന ഇരുണ്ട പ്രതിബിംബമാണ് നിഴൽ, ആ നിഴൽ ആയി ഒതുങ്ങി പോകരുത് നീ,, "അച്ചായി ആവർത്തിച്ച് പറയുമായിരുന്നു ഇത്.
കല്പനാചൗളയെയും, അരുന്ധതി റോയിയേയും , പി ടി ഉഷയെയും മാതൃകയാക്കാൻ, പോളിയോ ബാധിച്ച കുട്ടിയിൽ നിന്നും ഒളിമ്പിക് സ്വർണത്തിലേക് ഓടിക്കയറിയ വിൽമ റുഡോൾഫിന്റെ ഇച്ഛാശക്തി പ്രേരണയാക്കാൻ പഠിപ്പിച്ച അച്ചായി ഇപ്പോൾ മരണത്തോട് മല്ലടിച്ചു ICU റൂമിനുള്ളിൽ......
എനിക്കറിയാം അച്ചായി, അത് സംഭവിച്ചാൽ കളപ്പുരക്കൽ വിശ്വനാഥൻ എന്ന ദേഹമേ പോകു എന്നെവിട്ട്, ദേഹി എന്നും കാണും എന്റെ കൂടെ ഒരു നിഴലായ്. ആ നിഴൽ തണൽ മതി അച്ചായിയുടെ മോൾക്ക്, അച്ചായി കണ്ട സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ,, ജീവിതത്തോട് പൊരുതി മുന്നേറാൻ !!!
ശുഭം ! Manu Sachin

***തേപ്പ്കാരന് ഒരു കത്ത് ***

***തേപ്പ്കാരന് ഒരു കത്ത് ***
അവിലാ..
ഇവിടെങ്ങും പേരിനു പോലും ഒരു ഇല്ലെന്റ് കിട്ടാൻ ഇല്ലാത്തത്തത് കൊണ്ടാണ് ഫെയ്സ് ബുക്ക് വഴി നിനക്ക് ഒരു കത്തെഴുതാമെന്ന് വിചാരിച്ചത് ..
കുറെ നാളായി വിചാരിക്കുന്നു നിനക്ക് ഇങ്ങനൊരു കത്ത് എഴുതണമെന്ന് ..ഈ ലോകത്തിന്റെ ഏത് കോണിലായാലും നീയിത് കാണുമെന്ന് എനിക്കറിയാം..
നമ്മൾ ആദ്യമായി കണ്ടത് ഓർമ്മയുണ്ടോ നിനക്ക് ???ഓർമ്മ കാണില്ലെന്നറിയാം.. "ഫ്പ പുല്ലേ "....(യ്യോ ഡയലോഗ് മാറിപ്പോയതാ ... കത്തിലേക്ക് കടക്കാം.) സജിയേട്ടന്റെ കല്യാണതലേന്ന് .. നീയൊരു ചുവപ്പ് ഷർട്ടുമിട്ട് വന്നത്.. ആ ചുവപ്പ് പ്രണയത്തിന്റെ നിറമാണെന്ന് അന്ന് ഞാൻ വിചാരിച്ചെങ്കിലും, അത് ഒരു അപായസൂചന ആയിരുന്നെന്ന് ഇപ്പോഴാണ് എനിക്ക് മനസിലായത്..
പാറിപറന്ന തലമുടിയുമായി വന്ന നിന്നെ അന്ന് ഞാൻ ഫ്രീക്കനെന് കരുതിയെങ്കിലും, കുളിക്കാത്തേം നനയ്ക്കാത്തേം ഒരു അലവലാതിയാണ് നീയെന്ന് ഇപ്പോഴാണ് ഞാൻ ചിന്തിക്കുന്നത് ..
പ്രേമത്തിന് കണ്ണും മൂക്കും ഇല്ലെന്ന് പണ്ട് കാർന്നോമാര് പറഞ്ഞത് എത്ര ശരിയാടാ..അല്ലെങ്കിൽപ്പിന്നെ വെള്ളത്തിക്കിടക്കുന്ന കാരിക്കുഞ്ഞിനെ പോലിരിക്കുന്ന നിന്നെ ഞാൻ കറുത്ത് മുത്ത് എന്ന് വിളിക്കോ? കറുപ്പിന് ഏഴഴകാണെന്ന് അന്ന് ഞാൻ പറയോ? (ഇപ്പഴാ മനസിലായത് ബാക്കി തൊണ്ണൂറ്റി മൂന്നഴകും എനിക്കാരുന്നെന്ന് )
നിന്റെ കോച്ചറക്കണ്ണും, ചപ്പിയ മൂക്കും, കരിമ്പനടിച്ച കവിളും കണ്ടിട്ടാണല്ലോ നിന്നെ ഞാൻ ഷാരുഖാൻ എന്ന് വിളിച്ചത്.. (പിന്നേ വെയിലത്തിട്ടൊണക്കിയ ഷാരൂഖാൻ ) ഷാരൂഖാൻ അന്നിത് അറിഞ്ഞിരുന്നെങ്കിൽ മാനനഷ്ടത്തിന് എന്റെ പേരിൽ കേസു കൊടുക്കയും, എനിക്ക് ക്വൊട്ടേഷൻ തരാൻ ആളെ ഏർപ്പാടാക്കുകയും ചെയ്തേനെ ..
നിന്റെയാ കപ്പടാ മീശ പിരിച്ച് മേലോട്ട് വയ്ക്കുമ്പോൾ നരസിംഹത്തിലെ മോഹൻലാലിനെ പോലെ എന്ന് ഞാൻ പറഞ്ഞതോർത്തിട്ട്....
ഹയ്യോ !!! ഇപ്പോ ഞാൻ എന്നെ തന്നെ വരഞ്ഞ് ഉപ്പും മുളകും പുരട്ടി എണ്ണേലിട്ട് വറുത്ത് കോരിയാലോന്ന് ആലോചിക്കുവാ.. ഇപ്പഴെങ്ങാനുമാണേ .. ഞാൻ നിന്റെയാ നാലുംമ്മൂന്നേഴ് പൂച്ചപ്പൂട ഞാൻ എണ്ണിയെണ്ണി പറിച്ചെടുത്തേനെ ..
നിന്റെയാ മുൻവശത്തെ പലകപ്പല്ലുകൾ ഇപ്പഴും ഉണ്ടോ.. അതോ ആരെങ്കിലും തല്ലി കൊഴിച്ചോ.. ഒരു ഓട്ടോയ്ക്ക് കേറിപ്പോകാൻ ഇടയുള്ള ആ പലകപ്പല്ല് വച്ച് നീ ചിരിക്കുമ്പോ (അല്ല ഇളിക്കുമ്പോ)ഴാണല്ലോ ഞാനതിനെ പാൽ പുഞ്ചിരിയാണെന്ന് പറഞ്ഞിരുന്നത് .. (ഇതിലും നല്ല ഭംഗിയാ നമ്മുടെ വാറുണ്ണിയുടെ ചിരി കാണാൻ )
കാലിലെ ആണിയും വച്ച് നീ "എട്ടേ പത്തേ " "എട്ടേ പത്തേ "എന്നു നടന്നപ്പോഴാണല്ലോ... മമ്മൂട്ടി നടക്കുമ്പോലെ ആണ് നീ നടക്കുന്നതെന്ന് ഞാൻ പറഞ്ഞത് (എന്റെ മമ്മൂട്ടി എന്നോട് ക്ഷമീര്... അന്നൊരു അബദ്ദം പറ്റിയതാ. )
ഹൊ!!! നിന്റെ ചപ്പിയ മാങ്ങാണ്ടി പോലുള്ള തല കണ്ടിട്ടാണല്ലോ ദൈവമേ ഞാൻ റാംബോ സ്റ്റൈൽ എന്ന് എന്റെ കൂട്ടുകാരികളോട് പറഞ്ഞത്.... അവള് മാർക്ക് മാങ്ങാണ്ടിയും റാംബോയും വല്യ വ്യത്യാസമറിയാത്തത് എന്റെ ഭാഗ്യം.. ഇല്ലേ അന്നേ അവളുമാര് എന്നെ തട്ടിയേനെ..
ഒരു ദിവസം നമ്മൾ കടത്തുവള്ളത്തിൽ ഒരുമിച്ച് കയറിപ്പോ, വള്ളം ചരിഞ്ഞ് ഞാൻ വീഴാൻ പോയതും, നീയെന്നെ പിടിച്ചതും ഓർമ്മയുണ്ടോ? സത്യത്തിൽ അന്നെന്നെ വെള്ളത്തിൽ തള്ളിയിട്ട് മുക്കിക്കൊല്ലാൻ നോക്കിയതല്ലേടാ സാമദ്രോഹീ നീ.. ഞാൻ ഉപ്പു വെള്ളവും കുടിച്ച് വയറും വീർത്ത് ചത്ത് മലച്ച് കിടക്കണ കാണാൻ..
ഹെൻറമ്മോ !!!
പിന്നെ നീയാദ്യമായി ബൈക്ക് മേടിച്ചപ്പോൾ,
എന്നോട് ബൈക്കിൽ കേറാൻ പറഞ്ഞപ്പോൾ...
"എനിക്ക് പേടിയാണ് "
എന്നു പറഞ്ഞ എന്നെ....നീ നിർബന്ധിച്ചു ബൈക്കിൽ കയറ്റിയതും .. പിന്നെ സിനിമാ സ്റ്റൈലിൽ നിന്റെ ആ പാട്ടക്കഷണം പറപ്പിച്ച് വിട്ടതും.. നിന്റെ തോളിൽ പിടിക്കാനെന്നെ വ്യാജേന നീ സഡൻ ബ്രേക്കിട്ടതും ഗട്ടറുചാടിച്ചതും.... മനപ്പൂർവ്വമല്ലേടാ കാലമാടാ.. ബൈക്കിൽനിന്ന് എന്നെ തള്ളി താഴെയിട്ട് ഏതെങ്കിലും വണ്ടിക്ക് ഞാൻ അടവെച്ചോട്ടെ എന്ന് വിചാരിച്ചു അല്ലേടാ മരപ്പട്ടീ .. അന്നും ഞാൻ രക്ഷപ്പെട്ടു..
മരംചുറ്റി പ്രേമിച്ച് നടന്ന കാലത്ത് നീ ചോദിച്ച ഉമ്മ ഞാൻ തന്നിരുന്നെങ്കിൽ ?? എന്റെ തമ്പുരാനേ!!! ഓർക്കാൻ വയ്യ.. നീ ഇപ്പോ ജയിലിൽ ചപ്പാത്തി പരത്തി കഴിയേണ്ടി വന്നേന്നെ .. സ്മരണ വേണമെടാ സ്മരണ ... രക്ഷപെട്ടതാ നീ അന്ന് തല നാരിഴയ്ക്ക്..
എടാ കശ്മലാ.. നീയെന്നെ ഏതു നേരോം "വാവേ വാവേ " ന്ന് വിളിച്ചത് ഇതിനാരുന്നോടാ കരിമാക്കാനേ.. കുഞ്ഞുവാവകളെപ്പോളെ കുറേക്കാലം കളിപ്പിച്ചിട്ട് മുങ്ങിക്കളയാനാണെന്ന് അറിഞ്ഞില്ലെടാ മത്തങ്ങാത്തലയാ..
"ചിങ്ങമാസം വന്നു ചേർന്നാൽ നിന്നെ ഞാനെൻ സ്വന്തമാക്കും"
എന്ന് പോത്തമറും പോലെ പാടിയപ്പോ ഉൾപ്പുളകം കൊണ്ട ഞാൻ, കർത്താവാണേ ഓർത്തില്ല എല്ലാ വർഷവും ചിങ്ങമാസം ഉണ്ടെന്ന് (അതിലേത് ചിങ്ങമാസമാണെന്ന് ചോദിക്കാൻ മറന്നത് എന്റെ തെറ്റ് )
എനിക്ക് ചെക്കൻ കാണാൻ വരുന്നൂന്ന് ഞാൻ പറഞ്ഞപ്പോ ....
"വാവേ നിന്നെയെനിക്ക് ഒന്ന് കാണണം നീ കൃഷ്ണന്റെ അമ്പലത്തിൽ വരണം " എന്ന്
നീ പറഞ്ഞപ്പോൾ ..
" എനിക്ക് പെങ്ങളുണ്ട് ചേട്ടനുണ്ട് നീ നിന്റെ വീട്ടുകാരെ അനുസരിക്കണം"
എന്ന് പറഞ്ഞ് എന്നെ ഉപദേശിച്ചപ്പോൾ...
ഒരു ഒന്നൊന്നര തേപ്പിനുള്ള സിമിന്റും മണലും ആ അമ്പലമുറ്റത്ത് ഇറക്കി വച്ചിട്ടാണ് നീ പോയതെന്ന് എനിക്കെന്നല്ല കുഞ്ഞുകൃഷ്ണനു പോലും അന്ന് മനസിലായില്ലെടാ കള്ള തിരുമാലി..
(എന്നാലും എന്റെ കുഞ്ഞുകൃഷ്ണാ... നിനക്കേലും ഒന്നു പറയാരുന്നു... നിന്നെക്കാളും വലിയ കള്ളൻ)
അന്ന് വൈകുന്നേരം നിന്നെ പിരിഞ്ഞ വിഷമത്തിൽ ഞാൻ "ഒതളങ്ങ " തിന്നാൻ തുടങ്ങിയപ്പോ ....അതൊന്ന് മധുരമുണ്ടോന്ന് രുചിച്ച് നോക്കാൻ തോന്നിയത് എന്റെ ഭാഗ്യം.. ഇല്ലേ ഞാനിപ്പോ പൂമാലയുമിട്ട് പടമായി ഭിത്തിയിൽ ചിരിച്ചിരുന്നേനെ .. ( എന്റെ ഒതളങ്ങാ ഭഗവതി നീ കാത്തു )
ഇപ്പോ ഈ ന്യൂജെൻ പിള്ളേര് വന്ന് " തേപ്പ് തേപ്പ് "എന്ന് പറഞ്ഞപ്പഴാണ്, അഞ്ചു വർഷം നിന്നെപ്പോലുള്ള ഒരു കാർക്കോടകനെ പ്രേമിച്ച എന്നെ നീ നൈസായിട്ട് തേച്ചിട്ട് പോയതാണെന്ന് മനസിലായത്.. അന്നു തൊട്ടു വിചാരിക്കുന്നതാ നിനക്ക് ഒരു കത്ത് എഴുതണംന്ന്.
എടാ തേപ്പുകാരാ.. നീയെന്നെ തേച്ചു പോയതു കൊണ്ട് ഒരു സുന്ദരൻ എന്നെ കെട്ടി .. നിനക്കോ.. നീയും പെമ്പ്രന്നോരും പോകുമ്പോ "ദേ അമ്മേം മോനും പോണൂ " എന്നല്ലേടാ നാട്ടാര് പറയണത്. നിനക്കങ്ങനെ തന്നെ വേണം..( എങ്ങനെ പറയാതിരിക്കും. ആരോ പറഞ്ഞ് കേട്ടു .. അവിലാ ഡീസന്റാ.... ആർക്കും ഒരു ശല്യവുമില്ല... അമ്മേടനിയത്തിയേം കെട്ടി സുഖമായി കഴിയുന്നു എന്ന്)
നീയൊരു തേപ്പുകാരനാണെങ്കിൽ നിനക്കുള്ള മക്കളും അങ്ങനാകുമെടാ.. അതൊക്കെ ഉണ്ടാകുമ്പോഴെ തേക്കാനുള്ള കമ്പിയും സിമിന്റുമായിട്ട് വരും.. നീയൊരു മുഴക്കോലും കൊലശേരിയും കരുതിക്കോ... കുറെ നാളു കഴിയുമ്പോ "ദേ തേപ്പുകാരന്റെ അച്ഛൻ പോണൂ ,തേപ്പുകാരന്റെ അച്ഛൻ പോണൂ " ന്ന് നിന്നെ നാട്ട്കാര് പറയുമെടാ.( തള്ളേ കലിപ്പ് തീരണില്ലല്ലാ.. ഒരു ആറ്റം ബോബ് കിട്ടിയാരുന്നേ ഇവന്റെ തലയിൽ വച്ച് പൊട്ടിക്കാരുന്നു)
ശാസ്ത്രജ്ഞൻമാര് പറഞ്ഞാരുന്നു ഭൂമിയിൽ
ഉൽക്ക വീഴുമെന്ന് ..അത് നിന്റെ പെരപ്പുറത്ത് തന്നെ വീഴുമെടാ.. (അല്ലേ വേണ്ട നിന്റെ കെട്ട്യോളുള്ളപ്പോ വേറെ ഉൽക്ക .... ഇത് തിരിച്ചെടുത്തു)
നീവെച്ച വാഴയെല്ലാം അടുത്ത കാറ്റിനും മഴയ്ക്കും മറിഞ്ഞ് വീടുമെടാ.. നിന്റെ തെങ്ങിലെ തേങ്ങയെല്ലാം മണ്ഡരിയാകും.. കറിയ്ക്കരയ്ക്കാൻ നീ തേങ്ങ വാങ്ങി മുടിയും ..
അടുത്ത ജന്മത്തിൽ നീയൊരു പെണ്ണായിട്ട് ജനിക്കട്ടെ.. എന്നിട്ട് പത്ത് പേര് നിന്നെ തേച്ച് വടിയാക്കുമെടാ.. നിന്നെ തേച്ച് പണ്ടാരമടക്കുമെടാ.. അന്നേരം നീയും അറിയുമെടാ തേപ്പ് കിട്ടിയവരുടെ വേദന..
ഹൊ!!! ഇത്രയും എഴുതിയപ്പോ എന്തു സമാധാനം.. നല്ല ചൂടത്ത് ഒരു തണുത്ത സംഭാരം കിട്ടിയ പ്രതീതി.. തേപ്പുകാരാ നിനക്കും സമാധാനമായെന്ന് ഞാൻ കരുതുന്നു..
ഇങ്ങനൊരു കത്ത് നിനക്ക് എഴുതാൻ പറ്റിയ ആത്മ സംതൃപ്തിയോടെ ഞാൻ കത്തു ചുരുക്കുന്നു ...
പണ്ടെങ്ങാണ്ടും നീ തേച്ചിട്ടു പോയ ഇപ്പോ വേറൊരാളുടെ സ്വന്തം
വാവ ..
എന്നെ "തേച്ചിട്ട് പോയേ " എന്നും പറഞ്ഞ് സ്വന്തം വാളിലും വല്ലവന്റേം വാളിലും വിരഹ പോസ്റ്റിട്ട് നടക്കുന്ന സുന്ദരൻമാർക്കും സുന്ദരികൾക്കും .. ഇനി തേപ്പ് കിട്ടാൻ സാധ്യതയുള്ള എല്ലാവർക്കും ഞാൻ ഈ കത്ത് സമർപ്പിക്കുന്നു ..
"സർവ്വലോകതേപ്പ് കിട്ടിയവരെ സംഘടിക്കുവിൻ..ശക്തരാകുവിൻ..പെട്ടന്ന് ഇതുപോലൊരു കത്തെഴുതുവിൻ "
അറിയിപ്പ് : ഇനി ആർക്കെങ്കിലും എന്നെ ഒന്നുകൂടി പ്രണയിക്കണം എന്നു തോന്നുന്നുണ്ടെങ്കിൽ ഞാൻ ഒരവസരം കൂടി നല്കുന്നതാണ് ....
പ്രണയപൂർവ്വം
ചിത്ര ദീപ..

ഭൂമിക്ക് ചോരയുടെ മണമാണ്.!


ഭൂമിക്ക് ചോരയുടെ മണമാണ്.!
--------------------------------------------
രചന : - സലാം.ടി ഒളവട്ടൂര്‍
''സൂര്യന് മനുഷ്യന്റെ മുഖമാണ്..
ക്രൂരമായ മുഖം..!
എന്നാല്‍ സൂര്യനേ ക്രൂരനാക്കിയത് മനുഷ്യനാണ് അപ്പോള്‍ മനുഷ്യന്റെ ക്രൂരതയുടെ അളവെത്ര ? ''
ഇങ്ങനേ എഴുതിയ, കല്ലെറിഞ്ഞ് കീറിയ ഒരു ഫളെക്സ്- ബോര്‍ഡ് തെരുവിലേ അഴുക്ക് ചാലിനടുത്തുള്ള ചപ്പ്ചവറുക്കൂനക്കൂള്ളില്‍ നിന്നും എണീറ്റു നില്‍ക്കുന്നത് ഞാന്‍ കണ്ടു...
പകലിനേ ഭയപ്പെട്ട മനുഷ്യര്‍ രാത്രിയില്‍ ഇറങ്ങി നടന്നു..രാത്രി ഇറങ്ങി നടന്ന മനുഷ്യര്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ പകലില്‍ പത്രങ്ങളില്‍ വരും..നിഴലിനേ ഭയക്കുന്ന കാലഘട്ടത്തില്‍ പുഞ്ചിരിക്ക് വകയുള്ളതൊന്നും വരില്ലല്ലോ..''
നാട്ടിലെ കഥകളെണ്ണി ചോദിച്ച എന്നോട് അബൂക്ക പറഞ്ഞ കഥകളില്‍ ചിലതാണിതൊക്കെ..പിന്നെയും ഒത്തിരി പറഞ്ഞു..ചിലതൊന്നും വിശ്വസിക്കാനായില്ല..അതിനാല്‍ തന്നേ ഞാന്‍ നേരിട്ട് ഇങ്ങ്പോന്നു.
ഹോ...ഇവിടെത്തേ പകലിന് എന്ത് ചൂടാണ്..! പകലില്‍ തെരുവെല്ലാം ശൂന്യമാണ്..ഇരുചക്ര വാഹനങ്ങള്‍ രാത്രിയിലാണ് നിരത്തിലിറക്കാറ്.
ഭീമന്‍ മരങ്ങള്‍ മുറിച്ചിടത്ത് ഭീമന്‍ കെട്ടിടങ്ങള്‍ ഉയര്‍ന്ന് നില്‍ക്കുന്നു..ചീഞ്ഞളിഞ്ഞ മൃഗങ്ങളുടേയും പക്ഷികളുടെ ഗന്ധം..എന്നേ തഴുകി അകലുന്ന ഉഷ്ണകാറ്റിനെല്ലാം മനുഷ്യ രക്തത്തിന്റെ മണം..ഞാന്‍ മൂക്കു പൊത്തി.
അബു പറഞ്ഞ ബോര്‍ഡ് അവിടെ തന്നെയുണ്ട്..ചപ്പുചവര്‍ കൂനക്കിടയില്‍ മെലിഞ്ഞൊട്ടിയ വയറുമായി ഒരു കൂട്ടം പട്ടികള്‍..ഞാനങ്ങോട്ട് നടന്നു- അവറ്റകളെന്നേ കണ്ടതും കുരച്ചുകൊണ്ടെങ്ങോ പോയി..ഇപ്പോള്‍ എനിക്കടുത്ത് ജീവനുള്ളതായിട്ട് ഒന്നുമില്ല.ഞാന്‍ സൂക്ഷിച്ച് നോക്കി ..ചപ്പുചവറുകള്‍ക്കിടയില്‍ ചോരകുഞ്ഞുങ്ങള്‍! ഞാന്‍ തൊട്ട് നോക്കി..ചലനമില്ല..!അവരുടെ ആത്മാക്കള്‍ നേരിന്റെ ലോകത്തിലൂടേ സഞ്ചരിക്കുന്നത് ഞാന്‍കണ്ടു.
ഞാന്‍ നടക്കാന്‍ തുടങ്ങി..നഗരങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്ക്......
നഗരങ്ങള്‍ വിശാലമാണ്...അംബരചുംബികളായ ഫ്ളാറ്റുകള്‍..അതിന് താഴേ നഗരത്തേ ഇരുട്ടില്‍ നിന്നും മുക്തമാക്കാന്‍ നീണ്ട വൈദുതി കമ്പികള്‍, പോസ്റ്റില്‍ നിന്നും നഗരത്തേ ഒപ്പിയെടുക്കുന്ന ട്രാഫിക്ക് ക്യാമറകള്‍..തിക്കിതിരക്കി ഹോണ്‍ മുഴക്കി പോകുന്ന യാന്ത്രിക സ്വാര്‍ത്ഥതകള്‍...മരങ്ങള്‍ തണലൊരുക്കാത്ത നിരത്തിലൂടെ കാല്‍ നടയാത്രക്കാരാരുമില്ല.നഗരമവസാനിക്കുന്നിടത്ത് വേട്ടയാടാത്ത മരങ്ങള്‍ ഉണങ്ങാറായ് നില്‍ക്കുന്നു..ഒരു തുള്ളി വെള്ളത്തിനായ് എങ്ങു നിന്നോ ഒരു കുയില്‍ കേഴുന്നു..
പണ്ട് ഞാന്‍ കണ്ട പോലേയല്ല എന്റെ ഗ്രാമം,ഇപ്പോള്‍. ഒാരോ വീടും മൂന്നും നാലും അട്ടികളായാണ് നിര്‍മിച്ചിരിക്കുന്നത്..നഗരങ്ങളിലേ പോലേ തന്നേ ഗ്രാമങ്ങളിലും ഒാരോ അഞ്ച് മീറ്റര്‍ ഇടവിട്ട് വീടുകളാണ്..വൃത്തിയില്ലാത്ത ചുറ്റുപ്പാടുകളില്‍ എപ്പോഴും മാലിന്യത്തിന്റെ രൂക്ഷ ഗന്ധം.
കടുത്ത ചൂടിനാല്‍ ഭൂമി വിണ്ട് കീറിയിട്ടുണ്ട്..ഋതുക്കള്‍ക്കനുസരിച്ച് പുഷ്പ്പിക്കുകയും പൊഴിയുകയും ചെയ്ത മരങ്ങള്‍ ഉണങ്ങിയിരിക്കുന്നു..ഉണങ്ങിയ മരത്തേ തിന്നാന്‍ ചിതലില്ല,ചിതലിനെ തിന്നാന്‍ മരംകൊത്തിയില്ല..ആവാസ വിവസ്ഥകള്‍ താളം തെറ്റുന്നു..ശരിയാണ് സൂര്യന് ക്രൂരമുഖം തന്നേ..
അപ്പോ മനുഷ്യനോ..?
നേരം സായാഹ്നത്തിലേക്ക് കുതിച്ചു..ഇപ്പോള്‍ എന്നെപോലേ കാല്‍നടയാത്രക്കാരുമുണ്ട്..ചിലയിടത്ത് പല നിറത്തിലുള്ള കൊടിക്കെട്ടിയിട്ടുണ്ട്..അത് കണ്ടപ്പോള്‍ ഞാന്‍ അബു പറഞ്ഞതോര്‍ക്കുന്നു..
''ഞാനിങ്ങോട്ട് വരുന്ന അവസാന നാളുകളില്‍ ആ സമൂഹം വളരേ ക്രൂരമായ ചിന്തകള്‍ കൊണ്ട് നടക്കുന്നവരായിരുന്നു..അവനവന്റെ സ്വപ്നം സഫലമാകാന്‍ അവനവന്‍ പല നിറത്തിലുള്ള കൊടിപിടിച്ചിരുന്നു..പിടിച്ച കൊടിയുടെ നിറത്തിനനുസരിച്ചായിരുന്നു അവര്‍ തമ്മില്‍ പുഞ്ചിരിച്ചിരുന്നത്..അനന്ത സീമകളിലേക്ക് പടര്‍ന്ന് കിടക്കുന്ന ആകാശത്തിനടിയില്‍ മനുഷ്യന്‍ പരസ്പരം അതിരിട്ടു വിളിച്ചു ഹിന്ദുവെന്നും ക്രിസ്ത്യനെന്നും മുസല്‍മാനെന്നും...വര്‍ണ്ണങ്ങള്‍ കാട്ടി തന്ന മഴവില്ലിന്റെ ഏഴ് നിറത്തേയും മനുഷ്യര്‍ എന്റെതെന്നും നിന്റെതെന്നും പറഞ്ഞ് സ്വന്തമാക്കി കൊടിയുണ്ടാക്കി...ഒരുപക്ഷേ എല്ലാ നിറങ്ങളും ഒന്നിച്ചിരുന്നെങ്കില്‍ അത് മഴവില്ലിനേ പോലേ ഭംഗിയുള്ളതാകുമായിരുന്നു..നിര്‍ഭാഗ്യമെന്ന് പറയട്ടേ ഇതായിരുന്നു ഞങ്ങളുടെ നഗരവും ഗ്രാമവും കണ്ടിരുന്ന രാഷ്ട്രീയം....''
ഞാന്‍ ഒാരോ കൊടിയും നോക്കി ..എല്ലാത്തിലും അദൃശ്യമായ രക്തം പുരണ്ട് കിടക്കുന്നു..കൊടിയിലുള്ള നന്മയും ആശയങ്ങളും കൊടിപിടിക്കുന്നവരില്‍ ഉണ്ടാവാന്‍ വഴിയില്ല.ഞാന്‍ കണക്ക് കൂട്ടി.
കുറച്ച് കൂടേ മുന്നോട്ട് പോയപ്പോള്‍ ഒരാള്‍ക്കൂട്ടം..ഞാന്‍ അതിവേഗം അതിലേക്കടുത്തു..ഒരുപാട് പേര്‍ ചേര്‍ന്ന് ഒരുത്തനേ മര്‍ദ്ധിച്ചവശനാക്കുന്നു..അവിടം മാംസം ചിതറി കിടക്കുന്നു.ഭക്ഷിക്കാനുള്ളതാകാം...കൂട്ടത്തിലാരോ അവന്റെ നെഞ്ചില്‍ കഠാരകുത്തിയിറക്കുന്ന നേരം മരണത്തിന്റെ മാലാഖ ആ ആള്‍ക്കൂട്ടത്തിനിടയിലേക്ക് നുഴഞ്ഞ് കയറുന്നുണ്ടായിരുന്നു..ഞാന്‍ ഒരല്‍പ്പം വഴിമാറി കൊടുത്തു..മാലാഖ എന്നെ നോക്കി പുഞ്ചിരിച്ചു..അയാള്‍ അയാളുടെ ദൈവത്തേ വിളിച്ചു കണ്ണീരൊലിപ്പിച്ചു..അവരും അവരെ ദൈവത്തേ വിളിച്ചു..
ഞാന്‍ മാലാഖയോട് ചോദിച്ചു..
''പറയൂ..ഇപ്പോള്‍ ദൈവം കരയുകയോ ചിരിക്കുകയോ ചെയ്തോ...'' ?
''അറിയില്ല.! ''താന്‍ സൃഷ്ടിച്ച സൃഷ്ടിയേ മറ്റൊരു സൃഷ്ടി ഇല്ലാതാക്കുന്നു..ഇതില്‍ പിന്നേ ദൈവത്തിനെന്ത് റോള്‍..?''
ഞാനൊന്നും പറഞ്ഞില്ല..മാലാഖ അപ്രത്യക്ഷമായി..
മനുഷ്യര്‍ പകലിന്റെ അവസാനത്തില്‍ പട്ടികളേ പോലേ മോങ്ങുകയും സിംഹത്തേ പോലേ ഗര്‍ജ്ജിക്കുകയും ചെയ്തു..ചിലര്‍ ആയുധം തോളിലേന്തി പേപ്പട്ടിയേ പോല്‍ ,മഴതുള്ളി വീഴാത്ത മണ്ണിലൂടേ രക്തമിറ്റിക്കാന്‍ ഒാടി നടന്നു..
ചിലയിടത്ത് വര്‍ഗീയ കലാപം നടന്നതിന്റെ ഗന്ധമുണ്ട്..വാഹനങ്ങളുടെ , ടയറിന്റെ കരിഞ്ഞ പുകയ്ക്കൊപ്പം പച്ച രക്തം മണക്കുന്നു..ആരാധനാലയങ്ങള്‍ക്ക് മുമ്പില്‍ ഈശ്വരവിശ്വാസികളുടെ ഗൂഢാലോചനകള്‍...'
'ദൈവം അപകടത്തിലാണ് ...മനുഷ്യരേ കൊന്ന് ദൈവത്തേ രക്ഷപ്പെടുത്തണം' ഇത്തരത്തിലൊരു ബോര്‍ഡ് നല്ല മനുഷ്യര്‍ കാണാത്ത വിധം പിശാച് ഭൂമിക്ക് മുകളിലൂടെ കെട്ടിതൂക്കി..ഞാനതും നോക്കി ചിരിച്ചു. പിശാച് എന്നേ പല്ലിളിച്ച് കാട്ടി...ഞാന്‍ പിന്നെയും ചിരിച്ചു.
ഞാന്‍ മുസ്ലിയാരേയും വൈതികനേയും പൂജാരിയേയും കണ്ടു..ചിലര്‍ നാമം ജപിക്കുന്നു..ചിലര്‍ നാടോടുമ്പോള്‍ നടുവേ ഒാടാന്‍ ബഹളം വെക്കുന്നു..
പകല്‍ പൂര്‍ണ്ണമായും മരിച്ചു..പകലിലായാലും രാത്രിയുടെ അന്ധതയാണിവിടം... ഞാന്‍ മനസ്സിലാക്കി.
രാത്രിയില്‍ നിരത്തിനോരത്തുള്ള കുടിലുകള്‍ ബഹുനില കെട്ടിടങ്ങള്‍ക്ക് വഴിമാറി കൊടുത്തു..LED ബള്‍ബുകള്‍വര്‍ണ്ണങ്ങളാല്‍ തിളങ്ങുന്നുണ്ട്.മുറിക്കകത്തുള്ള നീല വെളിച്ചങ്ങള്‍ അകത്തുള്ളവരുടെ മഹത്വവും പദവിയും വിളിച്ചോതി.കുടിലുകളില്‍ ഞരക്കവും മൂളക്കവും ഇഴഞ്ഞു നീങ്ങി..അരവയറുണ്ണാന്‍ കണ്ണടച്ച് ഇരുട്ടാക്കിയവരുടെ കൂരയില്‍ നിന്നും നഗ്നത കാട്ടി ഒാടുന്നുണ്ട് ചിലര്‍ മണിമാളികയിലേക്ക്..പട്ടിണി തീര്‍ത്ത കൂരക്കുള്ളില്‍ നഗ്നമേനികള്‍ പ്രാവിനെ പോലേ കുറുകുമ്പോള്‍ ബീജത്തില്‍ കലര്‍ന്ന ജീവന്റെ കോശങ്ങള്‍ അബോഷന്‍മരുന്നിന്റെ ഗന്ധം ശ്വസിച്ച് നിലവിളി കൂട്ടുന്നു..
കാര്‍മേഘം കാണാത്ത മാനത്ത്നിന്ന് ചന്ദ്രന്റെ നിലാവെളിച്ചം അങ്ങിങ്ങായുള്ള കേരമരങ്ങള്‍ക്കിടയിലൂടെ വഴി വരച്ചു..മണ്ണിട്ട പാടങ്ങള്‍ മാക്രിക്കൂട്ടങ്ങളുടെ ശ്മശാനമായിട്ടുണ്ട്..അവറ്റെകള്‍ എന്നെ കണ്ട് മിഴിനീരൊലിപ്പിച്ചു..ഞാന്‍ തലകുനിച്ച് രാത്രിയുടെ അന്ത്യം വരേ നടന്നു...
നേരം സൂര്യനുദിക്കുമ്പോള്‍ ഞാന്‍ ആള്‍ക്കൂട്ടത്തിനിടയില്‍ ഒരു പീടിക തിണ്ണയിലായിരുന്നു..ഇവിടെയുമുണ്ട് കൊടി..ഞാന്‍ അബു പറഞ്ഞതോര്‍ത്തു.
'' തെളിച്ചമുള്ള കണ്ണുകള്‍ക്ക് തിമിരം ബാധിച്ചവരെ കണ്ടിട്ടുണ്ടോ...ഇല്ലെങ്കില്‍ കാണണം..അവരാണിപ്പോ നമ്മുടെ ഭൂമിയില്‍ കൂടുതലുള്ളത്..''
വെള്ളം വാങ്ങാനായ് ഒത്തിരി പേര്‍ വരുന്നുണ്ട്..ഇപ്പോ ഇവിടെ ഒരു ലിറ്റര്‍ വെള്ളത്തിന് ഇരുന്നൂറ് രൂപയാണ്.പച്ചകറികളും പഴവര്‍ഗങ്ങളും വിലയില്‍ ഒട്ടും പിന്നിലല്ല..ഞാനവിടെന്നെണീറ്റു.. വീണ്ടും നടക്കാന്‍ തുടങ്ങി..
ആശുപത്രികളില്‍ സന്ദര്‍ശിച്ചപ്പോള്‍ രോഗികളുടെ കൂട്ടം...പേരറിയാത്ത രോഗങ്ങളാല്‍ ജനം വലഞ്ഞു..ചിലര്‍ മരണ വെപ്രാളത്താല്‍ പിടയുന്നു..അവരുടെ ജീവനെടുക്കാന്‍ വന്ന മരണമാലാഖ എന്റെ തോളില്‍ തട്ടി..എന്നോട് പുഞ്ചിരിച്ചു.. രോഗികളുടെ കണ്ണില്‍ ഞാന്‍ ദാരുണമായ നോട്ടം കണ്ടു..ഞാന്‍ ചിരിച്ചു..''നിങ്ങളും രക്ഷപ്പെട്ടു..'' ഞാന്‍ അവരേ നോക്കി മൗനമായി മൊഴിഞ്ഞു.
അരുവികളില്‍ മത്സ്യം പിടഞ്ഞു മരിച്ചു..മാലിന്യ കൂമ്പാരങ്ങളും മഴയേ കാത്ത് നിന്നു..പക്ഷിക്കൂട്ടം ചത്തൊടുങ്ങി..സകലതും ചത്തു-ജീവനുള്ള മനുഷ്യര്‍ ജീവനില്ലാത്തതിന് സമമായപ്പോള്‍...!
ഞാന്‍ നടക്കുമ്പോഴെല്ലാം വായുവില്‍ രക്തത്തിന്റെ ഗന്ധം...!ഞാന്‍ ഗന്ധമുള്ളിടത്തേക്ക് വേഗത്തില്‍ നടന്നു..
ഒരാളേ ഏകാന്തയുടെ തടവറയില്‍ പൂട്ടിയിട്ടിരിക്കുന്നു..ഞാന്‍ ആ മുറിയുടെ വാതിലില്‍ മുട്ടി..അത് പുറത്ത് നിന്നും കുറ്റിയിട്ടിരിക്കുന്നു..എങ്കിലും ഞാന്‍ അകത്ത് കയറി..അയാള്‍ക്ക് മുമ്പില്‍ പ്രത്യക്ഷമായി..അയാള്‍ ഞെട്ടി...
''ആരാണ് നീ..''
''ഞാന്‍ ആരെന്നുള്ള ചോദ്യത്തിന് വലിയപ്രസക്തിയില്ല..കാരണം ഞാന്‍ ഇപ്പോള്‍ മനുഷ്യനല്ല..പിന്നെ എന്തിനറിയണം..''ഞാന്‍ അല്‍പ്പം ഗൗരവ്വം കാണിച്ചു..
അയാള്‍ നന്നായി വിറക്കുന്നു..
''ഞാന്‍ ഡാര്‍വിന്‍...പത്ത് വര്‍ഷം മുമ്പ് ജീവിച്ചിരുന്നു..അത്ര മാത്രം അറിഞ്ഞാല്‍ മതി...ഞാന്‍ നല്ല മറുപടി നല്‍കി..''
''എന്നേ തേടി വന്നതിലുള്ള ഉദ്ദേശം.? ''അയാള്‍ ഇത്തിരി ധൈര്യം സംഭരിച്ചു..
''നിങ്ങളുടെ പേര്...? ഇൗ ഇരുട്ട് മുറിയിലടക്കപ്പെട്ട തിന്റെ കാരണങ്ങള്‍ അറിയാനുള്ള ഒരു മോഹം..അത്രേയുള്ളൂ..''
'' അറിഞ്ഞിട്ടെന്ത്...? എങ്കിലും പറയാം എന്റെ പേര് മനോഹര്‍ലാല്‍...
എന്റെ സ്വന്തം മക്കളുടെ കൊള്ളരുതായ്മകള്‍ കണ്ടു മടുത്തവനാണ് ഞാന്‍ ...പ്രതികരിച്ച് തുടങ്ങും മുമ്പേ എന്നേ അവര്‍ ഇൗ ഇരുട്ട് മുറിയിലടച്ചു..പെണ്ണും കഞ്ചാവും മയക്ക്മരുന്നിന്റേയും താവളമാണ് എന്റെ ഈ വീട്...എന്റെ പത്ത് വയസ്സുള്ള മകളേ ഇവരെന്താ ചെയ്തെതന്ന് പോലുമറിയില്ല..ഏത് നിമിഷവും ഞാന്‍ പോലീസ് സ്റ്റേഷനില്‍ പോയി പരാതികൊടുക്കും എന്ന ഭയം എന്റെ ആറ് മക്കള്‍ക്കും ഉള്ളത് കൊണ്ട് എന്നേ അവര്‍ പൂട്ടിയിട്ടു..ഒരു വട്ടമെങ്കിലും ഇവിടെന്നെനിക്ക് രക്ഷകിട്ടിയാല്‍ ഞാന്‍ ഈ വീട് വേശ്യാലയമാണെന്ന് വിളിച്ച് പറയും..''
ഞാന്‍ എല്ലാം കേട്ട് നിന്നു..വിധി എന്താണോ അത് തന്നെ നടക്കട്ടേ...ഞാന്‍ എന്നോടായ് കല്‍പ്പിച്ചു..
ഇദ്ധേഹം ഇക്കാലത്തും നീതിപീഠത്തേ വിശ്വസിക്കുന്നൂ എങ്കില്‍ ഇദ്ധേഹം എത്ര നല്ലവനായിരിക്കും..ചിലരീ ലോകത്ത് പാവം നിഷ്കളങ്കരാണ്..അബു പറഞ്ഞതെല്ലൊം വ്യക്തം..ഞാന്‍ ഒന്നും പറയാതെ പുറത്തിറങ്ങി...
ഞാന്‍ ഈ ചോരമണമുള്ള തെരുവിലിറങ്ങി എങ്ങോട്ടെന്നില്ലാതെ നടന്നു..
വര്‍ഗീയവാദികള്‍ കൊന്നെടുക്കുന്ന ജീവനുകള്‍,അവരുടെ സ്വപ്നങ്ങള്‍,ബന്ധങ്ങള്‍ എല്ലാം അനാഥമായി അന്തരീക്ഷത്തിലൂടേ, നൂലറ്റുപ്പോയ പട്ടം പോലേ ദൂരേക്ക് മറഞ്ഞൂ...
റോഡിലും വീടുകളിലും കലാപം സൃഷ്ടിച്ചു.. മത്ത് പിടിച്ച ജനം കൂട്ടം കാട്ടാനക്കൂട്ടം പോലേ ഛിന്നം വിളിച്ചോടി..ചില അമ്മമാരുടെ വിലാപങ്ങള്‍ നാടകാഭിനയം പോലേ കണ്ണീരും കൈയടിയും നേടിക്കൊടുത്തു..നീതിയും നിയമവും കളിപ്പാട്ടങ്ങളായി...ഭൂമി ഉരുണ്ടതാണേല്‍ അത് തട്ടികളിക്കത്തക്ക വണ്ണം ശാസ്ത്രം വളര്‍ന്നു..മനുഷ്യത്വവാദികള്‍ മനംനൊന്ത് കീഴടങ്ങി...
ഞാന്‍ തിരിച്ച് പോകാനിരിക്കേ...എനിക്ക് മുമ്പില്‍ ഒരാള്‍ റോഡ് മുറിച്ച് കടക്കുന്നത് ഞാന്‍ കണ്ടു..അത് മനോഹര്‍ലാല്‍,ആണ്...അയാള്‍ ഒാരോ വാഹനത്തേയും ശ്രദ്ധയോടേ നോക്കുന്നുണ്ട്..മരണത്തിന്റെ മാലാഖ അയാള്‍ക്കടുത്ത് വന്നു നിന്നു...
' ദൈവമേ...ഇദ്ധേഹവും.....'
അപ്രതീക്ഷിതമായി അയാളുടെ പിരടിയില്‍ ഒരു ഇരുമ്പ് ദണ്ഡ് വന്ന് പതിച്ചു..അയാള്‍ തലയടിച്ചു വീണു..ചെയ്ത ജോലിയുടെ കൂലി വാങ്ങാന്‍ ഇരുമ്പ്ദണ്ഡവിടെ ഉപേക്ഷിച്ച് ആറുപേര്‍ അയാള്‍ക്കരികില്‍ നിന്നും വാഹനത്തില്‍ അതിവേഗം കയറിപോയി..അയാള്‍ റോഡില്‍ കിടന്നു പിടഞ്ഞു..രക്തം വാര്‍ന്നൊലിക്കുന്നു..റോഡിന്റെ ഇരുവശത്ത് നിന്നും കണ്ടുനിന്നവരില്‍ നിന്നും ക്യാമറ പൊങ്ങി..അയാള്‍ അല്‍പ്പസമയത്തിന് ശേഷം ചലനമറ്റു.മരണത്തിന്റെ മാലാഖ എന്നോട് ചിരിച്ചു,പിന്നേ കൈ മലര്‍ത്തി..ഞാനും ചിരിച്ചു..
മാലാഖയുടെ കല്പ്ന അനുസരിച്ചു അദ്ധേഹത്തിന്റെ ആത്മാവിനേ ഞാന്‍ കൂടേകൂട്ടി..അന്നേരം റോഡില്‍ കിടക്കുന്ന,ശവത്തിലൂടേ വാഹനം കയറിയിറങ്ങി..ആത്മാവെന്റെ കൈകളില്‍ നിന്നൊരിക്കല്‍ കൂടി വേദന കൊണ്ട് പിടഞ്ഞു്.ഞാന്‍ ആശ്വാസിപ്പിച്ചു..
ഞാന്‍ അയാളോട് പറഞ്ഞു...'' ഇനി നമ്മള്‍ മറ്റൊരു ലോകത്തേക്ക്...വാ പോവാം...
ഞങ്ങള്‍ ഭൂമിയില്‍ നിന്നും അപ്രത്യക്ഷമായി.....അപ്പോഴും മനോഹറിന്റെ ജീര്‍ണ്ണിച്ച ശരീരത്തിന്റെ ഗന്ധം ഭൂമിയേ വിഴുങ്ങിയിരുന്നു..തിരക്കിനിടയില്‍ ജനം മൂക്കുപൊത്തി....
ഇത്ര പെട്ടന്നിങ്ങെത്തിയോ...? അബു ചോദിച്ചു.
ഞാന്‍ ചിരിച്ചു.അബുവിന് മനോഹറിനെ പരിചയപ്പെടുത്തി കൊടുത്തു..
ഡാര്‍വിനും അബുവും മനോഹറും ആകാശ ലോകത്ത് ഒരുമിച്ചു നിന്നു..
''ഭൂമിയിലിങ്ങനേ നിന്നാല്‍ മതവര്‍ഗീയവാദികള്‍ക്ക് ഇഷ്ടപ്പെടില്ലത്രേ..''മനോഹര്‍ പറഞ്ഞു....
ഞങ്ങള്‍ കൂട്ടമായി ചിരിച്ചു..
(അവസാനിച്ചു)

Salam

ഹൃദയത്തിനു സൗന്ദര്യമില്ലാത്തവര്‍....!!!

ഹൃദയത്തിനു സൗന്ദര്യമില്ലാത്തവര്‍....!!!
,.,.,..,.,.,.,.,.,.,.,.,.,.,.,.,.,.,.,.,.,.,.,...,.,.,.,.,.,.,.,,.,.,.,.,.,.,.,.,.
പതിവിലും നേരത്തേ, അടുക്കളപണികളൊക്കെ കഴിഞ്ഞ് ഉമ്മറത്ത്‌ വന്നിരുന്നപ്പോള്‍ ശരിക്കും ഒരു അങ്കം ജയിച്ചു വന്ന യോദ്ധാവിന്‍റെ സന്തോഷമായിരുന്നു എനിക്ക്.... ഇനി പതിവുള്ള പത്രപാരായണത്തിന്‍റെ സമയമാണ്. ഓരോ പേജിലെയും പ്രധാനവാര്‍ത്തകളൊക്കെ വായിച്ചു പോവുന്നതിനിടയ്ക്ക് ആ പേജില്‍ എന്‍റെ കണ്ണുകളുടക്കി....
അശ്വതി...പതിമൂന്നാം ചരമവാര്‍ഷികം...!!ചരമകോളത്തിലിരുന്ന് അച്ചുവിന്‍റെ ഫോട്ടോ എന്നെ നോക്കി പുഞ്ചിരിച്ചു. പക്ഷേ, ആദ്യമായി അവളുടെ ഫോട്ടോ ഇവിടെ കണ്ടപ്പോഴുണ്ടായ ഒരു മരവിപ്പ് ഇപ്പോള്‍ എനിക്കുണ്ടായില്ലെന്നത് സത്യം. കാരണം, അവള്‍ ഓരോര്‍മ്മയായി അവശേഷിച്ചിട്ട് ഇന്നേക്ക് പതിമൂന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു...പാവം അച്ചു, വിവാഹക്കമ്പോളത്തില്‍ സൗന്ദര്യത്തിന്‍റെ പേരില്‍ ജീവന്‍ ഹോമിക്കപ്പെട്ടവള്‍....അവള്‍ എന്‍റെ മനസ്സിലേക്ക് ഓര്‍മ്മകളുടെ തീക്കനലുകള്‍ കോരിയിട്ടു....
അന്നും പതിവുപോലെ സ്കൂള്‍ ബസ്സിലെ അന്താക്ഷരിയും സൊറപറച്ചിലും കഴിഞ്ഞ് വീട്ടിലേക്കുള്ള യാത്രയിലായിരുന്നു ഞാന്‍. ഏകദേശം പത്തു മിനിട്ടുണ്ട് വീട്ടിലേക്ക്...എന്നെയും കാത്ത് ബോറടിച്ചിരിക്കുന്ന നാലുമണി പലഹാരങ്ങളെ മനസ്സില്‍ ധ്യാനിച്ചുക്കൊണ്ട് നടക്കുമ്പോഴാണ് ആ പിന്‍വിളി കേട്ടത്. അതേയ്, കുട്ടീ ഒന്ന് നില്‍ക്കൂ.. ഇതാരാണപ്പാ ഇങ്ങനെ വിളിക്കാന്‍ എന്നാലോചിച്ച് ഞാന്‍ തിരിഞ്ഞു നോക്കി. ഒരു ചുരുളന്‍ മുടിക്കാരി എന്നെ നോക്കി ചിരിക്കുന്നു...
" എന്നും വിചാരിക്കും പരിചയപ്പെടണമെന്ന്, എന്താ പേര്?". ഞാന്‍ എന്‍റെ പേര് പറഞ്ഞു. " എന്‍റെ പേര് അശ്വതി ന്നാ, ഏതു ക്ലാസ്സിലാ പഠിക്കുന്നത്?" അവള്‍ വിടാനുള്ള ഭാവമില്ല. "ഒമ്പതില്‍" എന്ന് ഞാന്‍ . "ഞാനും" എന്ന് അവളുടെ മറുപടി. "വീട്ടില്‍ ആരൊക്കെയുണ്ട്?" എന്നായി അടുത്തത്. അങ്ങനെ അവള്‍, സുരേഷ്ഗോപി ചേട്ടനെ പോലെ ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടേയിരുന്നു. അവളോട്‌ "bye" പറഞ്ഞു നടത്തം തുടര്‍ന്നപ്പോള്‍ എന്‍റെ നാലുമണി പലഹാരങ്ങളെ ഞാന്‍ മറന്നിരുന്നു..പകരം അവളെ കുറിച്ചോര്‍ത്തു. നന്നായി സംസാരിക്കുന്ന, ഇരുനിറത്തിലുള്ള , കാണാന്‍ ഒരു ആനച്ചന്തമൊക്കെയുള്ള ആ മിടുക്കിയെ എനിക്ക് ബോധിച്ചു എന്ന് സാരം.
കണക്കില്‍ ഞാന്‍ നല്ല മിടുക്കിയായിരുന്നതുക്കൊണ്ട് സംശയം തീര്‍ക്കാന്‍ ഇടയ്ക്ക് എപ്പോഴോ അവളുടെ വീട്ടില്‍ പോയി. കണക്കൊന്നും തലയില്‍ കയറിയില്ലെങ്കിലും ഒന്ന് മനസ്സിലായി.. കൊച്ചുകൊച്ചു കുസൃതികളിലൂടെ തന്‍റെ അനിയനെ ദേഷ്യം പിടിപ്പിച്ചും, അമ്മയെ കെട്ടിപ്പിടിച്ച് കൊഞ്ചിയും, മറ്റുള്ളവരെ സ്നേഹിച്ചും സന്തോഷിപ്പിച്ചും അവിടമൊക്കെ ഓടിനടക്കുന്ന ആ കൂട്ടുകാരിയെ എനിക്കും നല്ല ഇഷ്ട്ടമായെന്ന്....പിന്നീടുള്ള ദിവങ്ങളില്‍ ചിലപ്പോഴൊക്കെ അവള്‍ എന്നെ കാത്തു നില്‍ക്കുമായിരുന്നു. പ്രത്യേകിച്ച് പരീക്ഷയുള്ള ദിവസങ്ങളില്‍..അത് വേറെ ഒന്നിനുമല്ല കേട്ടോ, രണ്ടാള്‍ക്കും പരീക്ഷ ബുദ്ധിമുട്ടാണെന്ന് അറിഞ്ഞാല്‍ വല്ലാത്തൊരു ആത്മനിര്‍വൃതിയായിരുന്നു..
പിന്നീട്, ദേശാടനപക്ഷികളെ പോലെ ഒരു കൂട്ടില്‍ നിന്ന്, മറ്റൊരു കൂട്ടിലേക്കുള്ള ചേക്കേറലുകള്‍ക്കിടയില്‍ എപ്പോഴോ എനിക്ക് ആ കൂട്ടുകാരിയെ നഷ്ട്ടപ്പെട്ടു..അതിനു ശേഷം കോളേജില്‍ പഠിക്കുന്ന കാലത്ത്, അവളെ അവിചാരിതമായി കണ്ടുമുട്ടി.... കാലം ഒരുപാട് മാറ്റങ്ങള്‍ തരുന്ന കൂട്ടത്തില്‍, അവള്‍ക്കും മാറ്റങ്ങള്‍ വന്നിരുന്നു. പഴയ ആ ഒമ്പതാം ക്ലാസ്സുക്കാരി ,അപ്പോള്‍ അത്യാവശ്യം കാണാന്‍ കൊള്ളാവുന്ന ഒരു മുതിര്‍ന്ന കുട്ടി ആയിട്ടുണ്ടായിരുന്നു.
പിന്നെയും ദിവസങ്ങള്‍ കടന്നു പോയി. കോളേജില്‍ പോവുമ്പോള്‍ പത്രം വായിക്കുന്ന പതിവില്ലായിരുന്നിട്ടും അന്നെന്തോ, വെറുതേ, പത്രം എടുത്തു നോക്കി...അന്നാണ് ഞാന്‍ അച്ചുവിന്‍റെ ഫോട്ടോ ആദ്യമായി ഈ പത്രത്താളില്‍ കണ്ടത്...നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തി, ചിരിച്ചുക്കൊണ്ടു നില്‍ക്കുന്ന അച്ചുവിന്‍റെ ഫോട്ടോ...ഒരുപാട് സ്വപ്നങ്ങളും, മോഹങ്ങളുമായി, പുതുജീവിതത്തിലേക്ക് കാലെടുത്തുവെക്കുമ്പോള്‍ ആരോ പകര്‍ത്തിയ അവളുടെ വിവാഹഫോട്ടോകളില്‍ ഒന്ന്......!!!
ശരിക്കും ഒരു മിന്നല്‍പ്പിണര്‍ എന്നിലൂടെ കടന്നുപോയി....അത് അവളാവരുതെന്ന് സകല ദൈവങ്ങളോടും പ്രാര്‍ത്ഥിച്ചുക്കൊണ്ട് പഴയ അയല്‍വാസികളിലൊരാളെ വിളിച്ചു..ആ ചേച്ചിയുടെ വാക്കുകള്‍ അവ്യക്തമായ സ്വരങ്ങളായി എന്‍റെ കാതുകളില്‍ മുഴങ്ങി..."എന്താ ചെയ്യാ മോളെ, പാവം..കല്ല്യാണം കഴിഞ്ഞിട്ട് നാല് മാസം ആവണേ ഉള്ളൂ.. അതിന്‍റെ ഒരു വിധി...ചെക്കന്‍ ഗള്‍ഫിലായിരുന്നു, വീട്ടുക്കാര്‍ വന്ന് പെണ്ണുക്കണ്ടു. ചെക്കന് ഫോട്ടോ അയച്ചുക്കൊടുത്തു..അയാള്‍ക്കും ഇഷ്ട്ടപ്പെട്ടു. ചെക്കന് ലീവ് കിട്ടാത്തതിനാല്‍ വീട്ടുക്കാര്‍ വിവാഹം ഉറപ്പിച്ചു. പിന്നെ, ചെക്കന്‍ വരുന്നത് കല്യാണത്തിന് ഒരാഴ്ച മുന്‍പ്..
കല്യാണത്തിനു ശേഷം, അവള്‍ക്കു ഭംഗി പോരാന്ന് പറഞ്ഞ് അയാള്‍ എന്നും അവളെ വഴക്കുപറയുകയും ഉപദ്രവിക്കുകയും ചെയ്യുമായിരുന്നത്രേ. , അവളും വീട്ടുക്കാരും ചേര്‍ന്നു അയാളെ പറ്റിച്ചതാണെന്ന്‍ അയാള്‍ കുറ്റപ്പെടുത്തി...അവള്‍ എത്ര കരഞ്ഞപേക്ഷിച്ചിട്ടും അയാള്‍ കനിഞ്ഞില്ല... അവളെ അയാള്‍ക്കിനി വേണ്ടാന്നും അവള്‍ അയാളുടെ ജീവിതത്തില്‍ നിന്ന് ഒഴിഞ്ഞു പോയാലേ താന്‍ ഇനി നാട്ടിലേക്ക് മടങ്ങുവെന്നും അയാള്‍ പറഞ്ഞു..അയാള്‍ ലീവ് ക്യാന്‍സല്‍ ചെയ്ത് ഗള്‍ഫിലേക്ക് തിരിച്ചുപോയി...."
"അവള്‍ മരിക്കുന്ന അന്നും അയാള്‍ കുറേ വഴക്കു പറഞ്ഞുവത്രേ....ദയവുചെയ്ത് എന്‍റെ ജീവിതത്തില്‍ നിന്ന് എങ്ങനെയെങ്കിലും ഒഴിഞ്ഞു തരൂ, വീടിനു മുന്നിലുള്ള റെയില്‍വേ ട്രാക്കില്‍ പോയി തലവച്ചൂടെ..ഇല്ലെങ്കില്‍ ഞാനത് ചെയ്യും, നിന്‍റെ മുഖം കണ്ടുക്കൊണ്ട് ജീവിക്കുന്നതിനേക്കാള്‍ നല്ലത് മരിക്കുന്നതാണ്" എന്നയാള്‍ പറഞ്ഞുവത്രേ..അതും പറഞ്ഞ് ആ കുട്ടി കുറെ കരഞ്ഞു. പിറ്റേന്ന് അവളുടെ അമ്മയും അനുജനും അമ്പലത്തില്‍ പോയി തൊഴുതുവരുമ്പോള്‍ കണ്ടകാഴ്ച ഒരു സാരിത്തുമ്പില്‍ പിടയുന്ന അവളെയാണ്... ജീവന്‍ രക്ഷിക്കാന്‍ പറ്റിയില്ല.. ആര്‍ക്കും ഒരു ശല്ല്യമാവാതെ അവള്‍ പോയി ഈ ലോകത്ത് നിന്നും"
എല്ലാം കേട്ടപ്പോള്‍ എനിക്ക് ഒരുപാട് സങ്കടം വന്നു, അതിലേറെ അയാളോട് അടങ്ങാത്ത ദേഷ്യവും...ഒരാള്‍ക്ക് ഇത്ര ക്രൂരനാവാന്‍ പറ്റുമോ? ആ 'സുന്ദരനെ' എന്നെങ്കിലും നേരില്‍ കണ്ടാല്‍ ചോദിക്കണമെന്നു വിചാരിച്ചു..." എന്തിനാണ് ഒരു ചിത്രശലഭത്തെ പോലെ പാറിനടന്നിരുന്ന അവളുടെ ജീവന്‍റെ ചിറകുകള്‍ അയാള്‍ ചവിട്ടിയരച്ചു എന്ന്, എന്തിന്നാണ് അവളെ കൊന്നതെന്ന്?.."പിന്നെ തോന്നി ഹൃദയത്തിനു സൗന്ദര്യമില്ലാത്ത അയാളെപോലുള്ളവരെ കാണുന്നത് തന്നെ പാപമാണെന്ന്..അവള്‍ മരിച്ച് അധികം വൈകാതെ തന്നെ അയാള്‍ വേറെ കല്ല്യാണം കഴിച്ചു...അവളില്ലാത്ത ആ വീട്ടില്‍ താമസിക്കാനുള്ള മനക്കരുത്ത് ഇല്ലാത്തതിനാല്‍ അവളുടെ വീട്ടുകാര്‍ ആ വീടുപേക്ഷിച്ച് പോയി...
ഇന്നും വല്ലപ്പോഴും എന്‍റെ പഴയനാട്ടിലേക്കുള്ള യാത്രയില്‍ ഞാന്‍ ആ വീട് കാണാറുണ്ട്‌... അവളുടെ ഓര്‍മ്മകളുടെ പ്രതീകമായി, ഇടിഞ്ഞുപൊളിഞ്ഞ മതിലും, പെയിന്‍റിളകി നരബാധിച്ച ചുമരുകളും,കരിയിലകള്‍ വീണ് കാട് പിടിച്ച മുറ്റവും, ആ രണ്ടുനില വീടിനെ ശരിക്കും ഒരു പ്രേതാലയമാക്കി മാറ്റിയിരിക്കുന്നു...ഇന്നും ആ വീടിന്‍റെ മുന്നിലൂടെ രണ്ടടി നടന്നാല്‍ ഒന്ന് തിരിഞ്ഞു നോക്കും, എന്നെ പുറകില്‍ നിന്ന് അച്ചു ഒന്നുകൂടി വിളിച്ചിരുന്നെങ്കില്‍...."അതേയ്, കുട്ടീ ഒന്ന് നില്‍ക്കൂ .....!!!!"

melby

നിന്റെ അച്ഛന്റെ നമ്പര്‍ പറ...


നിന്റെ അച്ഛന്റെ നമ്പര്‍ പറ...
സാറേ...ഉപ്പയെ വിളിച്ച് പറയല്ലെ സാറേ...ഒരു അബദ്ധം പറ്റിയത.ഇനി മോലാല്‍ ഞാന്‍ ചെയ്യൂല...
ഇതാണോടാ കഴിവേറീടെ മോനെ നിന്റെ അബദ്ധം...ആളെ കൊന്നാലും നീ അബദ്ധം പറ്റീതാന്ന് പറയോ.?മര്യാദിക്ക് നിന്റെ അച്ഛന്റെ നമ്പര്‍ പറഞ്ഞോ...?
"ഒമ്പത് ഒമ്പത് ഒമ്പത്" കരഞ്ഞ് കൊണ്ട് ആ പയ്യന്‍ നമ്പര്‍ പറയാന്‍ തുടങ്ങി.എന്തിനാണ് ആ ചെറിയ കുട്ടിയെ അയാള്‍ ഇങ്ങനെ വേദനിപ്പിക്കുന്നത്.അവന്‍ കൈ കൂപ്പി നില്‍ക്കുന്നത് കണ്ടിട്ട് എനിക്ക് തന്നെ മനസ്സ് അലിവ് തോന്നുന്നു.
ഹലോ...!ഇത് ഷാഹുലിന്റെ അച്ഛനല്ലെ.ഞാന്‍ സ്റ്റേഷന്‍ SI ആണ്.ഒന്ന് ഇവിടെ വരെ വരണം.ചെറിയ ഒരു ആവിശ്യമുണ്ട്........ആഹ് അത് വന്നിട്ട് പറയാം.
ആ പോലീസ്കാരന്‍ ആ പയ്യന്റെ തലക്ക് ഒരു തട്ട് തട്ടി...."നിന്റെ അപ്പന്‍ വരട്ടെ കാണിച്ച് തരാന്ന് ഒരു ഡയലോഗും."..
ഈ ചെറിയ പയ്യന്‍ ചെയ്ത തെറ്റെന്താന്നറിയാന്‍ നിങ്ങളെ പോലെ ഞാനും അവിടെ കാത്ത് നിന്നു.സമയത്തിന്റെ ദൈര്‍ഘ്യത നീണ്ടു.ഒടുവില്‍ ഒരു വെള്ള സ്വിഫ്റ്റ് കാറില്‍ ഒരാള്‍ വന്ന് ഇറങ്ങി...
സാറേ...ഞാനാണ് ഷാഹുലിന്റെ ഉപ്പ.ഇവിടെന്ന് എന്നെ വരാന്‍ പറഞ്ഞ് വിളിച്ചിരുന്നു.(അയാള്‍ നല്ലത് പോലെ വിയര്‍ത്തിട്ടുണ്ട്.മുഖത്ത് ഭയം പ്രകടമാണ്)
ഓഹ് താങ്കളാണോ അവന്റെ അച്ഛന്‍.ദേ ഇരിക്കുന്നതല്ലെ നിങ്ങടെ മോന്‍...(മേശയുടെ അരികിലേക്കയാള്‍ ചൂണ്ടി കാണിച്ച് ചോദിച്ചു)
കരഞ്ഞ് കലങ്ങിയ കണ്ണുമായ് ആരോടൊക്കെയോ മാപ്പ് ചോദിച്ച് കൈ കൂപ്പി ഇരിക്കുന്ന തന്റെ മകന്റെ അുത്തേക്ക് അയാള്‍ ഓടിച്ചെന്നു...
സാറേ...എന്തിനാണ് ഇവനെ സ്റ്റേഷനില്‍ കൊണ്ട് വന്നത്...?എന്തിനാണ് ഇവന്‍ കരയുന്നത്...?ഇവനെ ആരാണ് തല്ലിയത്...?
അയാള്‍ ഒരു നൂറ് ചോദ്യത്തിന്‍ കെട്ടഴിച്ച് കൊണ്ടാണ് സംസാരം തുടങ്ങിയത്.അയാളെ കണ്ടതും ആ കുട്ടി നിഷ്കളങ്കതയോടെ ഓടിച്ചെന്ന് ഉപ്പയെ കെട്ടിപ്പിടിച്ചു...
നിങ്ങടെ മകന്‍ ഒരു കടയിലെ സ്ത്രീയുടെ ബാഗില്‍ നിന്നും കുറച്ച് പൈസ മോഷ്ട്ടിക്കാന്‍ ശ്രമിച്ചു.
ഇല്ല...അവന്‍ അത് ചെയ്യില്ല.അവന്‍ വീട്ടില്‍ പോലും അനുവാദമില്ലാതെ ഒരു രൂപ എടുക്കാറില്ല.അവന്‍ കക്കില്ല...
എന്നാല്‍ വീട്ടിലെ സല്‍പുത്രന്‍ നാട്ടിലെ കള്ളനായ് മാറാതെ സൂക്ഷിച്ചോ...!
എന്തിനാണ് സാറേ...അവന്‍ എന്തിന് വേണ്ടിയാണ് മോഷ്ട്ടിക്കുന്നത്.
ആ ചോദ്യത്തിന് തന്നെയാണ് ഞങ്ങള്‍ക്കും ഉത്തരം കിട്ടാത്തത്.അതിനുള്ള ഉത്തരം കിട്ടിയാല്‍ നിങ്ങള്‍ക്ക് മകനുമായ് പോകാം.ഇവന് എന്തിനാണ് പൈസയെന്ന് അറിയണം.പണ്ടത്തെ കാലമല്ല.പണ്ട് പുളി മിഠായ് വാങ്ങുന്നത് പോലെയാണ് ഇപ്പോള്‍ കുട്ടികള്‍ കഞ്ചാവ് വാങ്ങുന്നത്....ഇനി അതിനുവെല്ലോമാണോ എന്ന് ചോദിച്ചറിയ്....
എന്തിനാ മോനെ നീ അത് ചെയ്തത്.ഉപ്പാനോട് പറ ഉപ്പ വാങ്ങി തരാം....
അവന്‍ ദയനീയമായ ഒരു നോട്ടത്തിലൂടെ പോക്കറ്റിലേക്ക് കയ്യിട്ടു...
ഞാനും അവന്റെ ഉപ്പയും പോലീസുകാരെല്ലാം ആകാംശയോടെ അവന്റെ കൈകളിലേക്ക് നോക്കി....
അവന്‍ പോക്കറ്റില്‍ നിന്നും ഒരു മൊബൈല്‍ എടുത്തു.അവന്റെ മുഖം പോലെ ദയനീയമായിരുന്നു ആ ഫോണിന്റെയും അവസ്ഥ...ആകെ മുഴുവന്‍ ഡിസ്പ്ലെയും പൊട്ടിച്ചിതറിയിരിക്കുന്നു....
ഈ ഫോണ്‍ നന്നാക്കാന്‍ പൈസയില്ലാത്തത് കൊണ്ടാണ് ഞാന്‍ അത് ചെയ്തത്.
അതിന് നീ മോഷ്ട്ടാക്കുകയാണോ കഴുതേ വേണ്ടത്.ഉപ്പയോട് പറയാന്‍ പാടില്ലെ...അതോ ഇനി ഇതും എവിടെന്നെങ്കിലും അടിച്ച് മാറ്റിയതാണോ...?ഒരു പോലീസ്കാരന്റെ ചോദ്യം...
അല്ല സാറേ...ഇത് ഞാന്‍ അവന് വാങ്ങി കൊടുത്തതാണ്.പക്ഷെ ഇതിന്റെ ചില്ല് പൊട്ടിയത് അവന്‍ എന്നോട് പറഞ്ഞിരുന്നില്ല..
മോനെ നിനക്ക് ഉപ്പയോട് ചോദിക്കാന്‍ പാടില്ലായാരുന്നോ...?
ഉപ്പാ...ഞാന്‍ ഉപ്പാനോട് ചോദിച്ചില്ലായിരുന്നോ...?അപ്പോള്‍ ഉപ്പ ഉമ്മച്ചിയോട് എന്തോ ദേഷ്യപ്പെട്ട് കൊണ്ട് നിന്നപ്പോള്‍ എന്നോടും ദേഷ്യപ്പെട്ടു.ഞാനോര്‍ത്തു ഫോണ്‍ പൊട്ടിയത് പറഞ്ഞാല്‍ എന്നെ തല്ലുമെന്ന് അതാ പിന്നെ ഉപ്പയോട് പറയാതിരുന്നത്...
അള്ളോഹ്....സോറി സാറെ...ഞാന്‍ ഇന്നലെ വീട്ടുകാരോട് ദേഷ്യപ്പെട്ടപ്പോള്‍ ഇവന്‍ അടുത്ത് വന്ന് എന്തോ ചോദിച്ചു.അപ്പോഴത്തെ ദേഷ്യത്തില്‍ ഞാന്‍ അത് ശ്രദ്ദിച്ചില്ല...
എന്നോട് എന്തിനാണ് സോറി പറയുന്നത്.ഇയാള് ഭാര്യയായ് വഴക്കുണ്ടാക്കി നടന്നോ...!മക്കളുടെ ആവിശ്യങ്ങള്‍ അറിയണ്ട.അവസാനം അവന്‍ വെല്ല കള്ളനായി കഴിഞ്ഞ് കരഞ്ഞിട്ട് കാര്യമില്ല.
ഇല്ലാ സാറേ...ഞാന്‍ ഇവനെ കൊണ്ട് പോകുവാ.ഇനി എന്റെ മോന്‍ ഇത് ചെയ്യില്ല.ഞാന്‍ അവന് വേണ്ടത് ചെയ്തോളാം....
ആ വാപ്പ ആ മകനേയും ചേര്‍ത്ത് പിടിച്ച് കൊണ്ട് പോകുന്നത് കണ്ടപ്പോള്‍ ഞാന്‍ ഒരു നിമിഷം എന്റെ അപ്പുവിനെ ഓര്‍ത്ത് പോയി.അവനെ കാണാന്‍ കൊതി തോന്നി...
എന്റെ കയ്യിലിരുന്ന പേപ്പര്‍ ഞാന്‍ ചുരുട്ടി വേസ്റ്റ് ബക്കറ്റിലേക്കിട്ടു സ്റ്റേഷനില്‍ നിന്നും തിരിഞ്ഞ് നടന്നു.മനസ്സില്‍ നൂറ് വട്ടം ആ ഉപ്പയോടും മകനോടും നന്ദി പറഞ്ഞു.
ഞാന്‍ എന്റെ ഭാര്യയുമായ് പറഞ്ഞ് തീര്‍ക്കാവുന്ന പ്രശ്നത്തിന് പോലും പെറ്റീഷന്‍ കൊടുത്ത് അത് അവസാനം ഡിവോഴിസിലെത്തിയാല്‍....നാളെ ഒരു ദിവസം എന്റെ അപ്പുവും ഇത് പോലെ ഒരു കള്ളനായ് മാറിയേക്കുമോ..!
ഓരോ ഭാര്യ ഭര്‍ത്ത ബന്ധവും മുറിക്കുന്നത് ഒരു ദാമ്പത്യമല്ല.നല്ലൊരു തലമുറയെയാണ്.നാളെയുടെ വാഗ്ധാനങ്ങളെയാണ്....ആ പോലിസുകാരന്റെ വാക്ക് എന്റെ ചെവിയില്‍ അലയടിച്ചു....
ഇയാള് ഭാര്യയായ് വഴക്കുണ്ടാക്കി നടന്നോ...മക്കള്‍ കള്ളനായ് കഴിയുമ്പോള്‍ കരഞ്ഞിട്ട് കാര്യമില്ല...
#Amal_hafiz_Nasimudheen
Muvattupuzha

ഒരു പെൺ നോവ്

ഒരു പെൺ നോവ്
*********************
''ഈ താലിച്ചരടിന്റെ ബലത്തിൽ ഇങ്ങള് കാണിക്കുന്ന കോപ്രായങ്ങളൊന്നും ഇനിയും എനിക്ക് സഹിക്കാൻ വയ്യ... ഞാൻ എന്റെ അച്ഛനെ വിളിച്ചിട്ടുണ്ട്... എന്റെ വീട്ടിലേക്കു പോവാണ്... എന്നെങ്കിലും ഇങ്ങക്ക് എന്നെ വേണമെന്ന് തോന്നുമ്പോൾ എന്റെ വീട്ടിലേക്ക് വരാം... രണ്ട് കെെയും നീട്ടി സ്വീകരിക്കാൻ ഞാൻ വീട്ടിൽ തന്നെയുണ്ടാവും...''
ഇടനെഞ്ച് പൊട്ടുന്ന വേദനയോടെ അത്രേം പറഞ്ഞൊപ്പിച്ചിട്ടും ഒരു ഭാവഭേദവും ആ മുഖത്ത് പ്രസന്നമായില്ല...
ഒരു മനുഷ്യന് ഇത്രത്തോളം കഠിനഹൃദയം ദെെവം കൊടുക്കുമോ...?
സ്നേഹം കൊണ്ട് മാറ്റിയെടുക്കാൻ ശ്രമിച്ചിട്ടും മാറാൻ തയ്യാറാവാത്ത സാഹചര്യത്തിലാണ് ഇങ്ങനൊരു ഭീഷണി സ്വരം ഉയർത്തിയത്...
എന്നിട്ടും...?
എല്ലാം കേട്ട് കൊണ്ട് വരാന്തയിൽ നിറകണ്ണുമായ് നിൽക്കുന്ന അമ്മയുടെ അടുത്തേക്ക് കണ്ണീരടക്കിപ്പിടിച്ച് ഞാൻ ചെന്ന് പറഞ്ഞു...
''അമ്മാ... ഞാൻ പോവാണ്... ഒരു ഭാര്യ എന്ന പദവി ഈ നാല് വർഷത്തിനിടക്ക് ഒരു തവണയെങ്കിലും അലങ്കരിക്കാൻ എനിക്ക് കഴിഞ്ഞില്ല... ഇനിയും ഈ അവസ്ഥയിൽ ഈ വീട്ടിൽ ഞാൻ തുടർന്നാൻ എനിക്ക് ഭ്രാന്താവും... അമ്മയുടെ സ്നേഹത്തിന്റെ മുമ്പിൽ എന്നും തോറ്റു തന്നിട്ടേയുള്ളൂ ഞാൻ... ഇനി എനിക്ക് വയ്യ... ഏട്ടന് ഒരു ഭാര്യയുടെ ആവശ്യമില്ല... ഇനി ഉണ്ടാവുകയും ഇല്ല...
ഓരോ ദിവസവും ഇന്നു ശരിയാവും നാളെ ശരിയാവും എന്ന പ്രതീക്ഷയെല്ലാം അസ്തമിച്ചു...''
''മോളേ.... എനിക്കറിയില്ലായാരുന്നു ഒന്നും... ഒരു സൂചനയെങ്കിലും കിട്ടിയിരുന്നു എങ്കിൽ ഒരിക്കലും ഇങ്ങനൊരു ചതിക്കുഴിൽ ഈ അമ്മ എന്റെ മോളേ വീഴിക്കില്ലായിരുന്നു... എന്റെ മോള് എന്നോട് പൊറുക്കണം...
അമ്മ മുൻ കയ്യെടുത്ത് നടത്തിയ കല്യാണമാണിത്... ഒരിക്കലും അതിന്റെ പേരിൽ എന്റെ മോള് എന്നെ ശപിക്കരുത്...''
എന്തു പറയണമെന്നറിയാതെ നിറ കണ്ണുമായ് നിൽക്കുന്ന അമ്മയുടെ മുന്നിൽ നിന്ന് ഞാൻ റൂമിലേക്ക് പോന്നു...
സ്വന്തം ഭർത്താവിനോട് അറപ്പും വെറുപ്പും തോന്നിയ സമയം....
ഡിഗ്രി പഠനം പോലും ഉപേക്ഷിച്ചാണ് ഈ കല്യാണത്തിന് ഞാൻ സമ്മതിച്ചത്...
നാല് പെൺമക്കളിൽ മൂത്തവളായത് കൊണ്ട് സ്ത്രീധനമൊന്നും വേണ്ട എന്നും പറഞ്ഞ് വന്ന കല്യാണാലോചന ഒരു മുടക്കും പറയാതെ അച്ഛൻ മുന്നോട്ടു കൊണ്ടുപോയപ്പോൾ
പെൺ മക്കളുള്ള ഏതൊരച്ഛന്റേയും മനസ്സിലുള്ള ഉദ്ദേശം മാത്രമേ എന്റെ അച്ഛനും ഉണ്ടായിരുന്നുള്ളൂ....
വളർന്നു വരുന്ന അനിയത്തിമാരുടെ ഭാവിയും നോക്കണ്ടേ...
അച്ഛനും ഇളയച്ഛനും കൂടി നല്ലവണ്ണം അന്വേഷണം നടത്തിയിട്ട് തന്നെയാണ് വലിയ ആർഭാടങ്ങളൊന്നുമില്ലാതെ കല്യാണം നടത്തിയതും...
കല്യാണം കഴിഞ്ഞ ആദ്യ നാളുകളിൽ തന്നെ ഭർത്താവിന്റെ അകൽച്ച എന്നെ വല്ലാതെ തളർത്തിയിരുന്നു....
ഒരു നോട്ടം കൊണ്ട് പോലും ഒരു ഭാര്യ എന്ന നിലയിൽ അയാളെന്നെ കണ്ടില്ല...
ആരെയും ഒന്നും അറിയിക്കാതെ ഉള്ളിൽ കരഞ്ഞു കൊണ്ട് പുറമേ സന്തോഷം പ്രകടിപ്പിച്ച് ഒരു വർഷത്തോളം കഴിച്ചു കൂട്ടി...
വീട്ടുകാരും നാട്ടുകാരും കല്യാണം കഴിഞ്ഞ് ഒരു വർഷായിട്ടും വിശേഷം ഒന്നും ആയില്ലേ എന്നു ചോദിച്ചു തുടങ്ങിയപ്പോഴാണ് എന്റെ നിയന്ത്രണം നഷ്ടപ്പെട്ടു തുടങ്ങിയത്...
ഒരു സ്പർശനം കൊണ്ട് പോലും ഭർത്താവിന്റെ സുഖം അറിയാതെ ഞാനെങ്ങനെ ഗർഭിണിയാവും...?
ചിന്തകൾ കാട് കേറി എന്നെ ഞാനല്ലാതാക്കിയ ആ രാത്രിയിലാണ് ഒരു ഭാര്യ എന്താണെന്ന് ഞാൻ എന്റെ ഭർത്താവിനോട് ചോദിച്ചത്...
''എനിക്കൊരിക്കലും ഒരു ഭാര്യയെന്ന നിലയിൽ നിന്നെ എന്നല്ല ഒരു പെണ്ണിനേയും കാണാൻ കഴിയില്ല...
അമ്മയുടെ നിർബന്ധത്തിന് വഴങ്ങിയാണ് ഞാൻ ഇൗ കല്യാണത്തിന് സമ്മതിച്ചത്...
എനിക്ക് എന്റെ ലിംഗമുള്ളവരോടാണ് താൽപര്യം...
ഒരിക്കലും ഒരു പെണ്ണുമായി എനിക്ക് ചേരാൻ കഴിയില്ല...
ഈ ഒരു കാരണം പറഞ്ഞ് ഇനിയൊരു പ്രശ്നം ഉണ്ടാവരുത്...
നിനക്ക് എപ്പൊ വേണേലും നിന്റെ വഴിയേ പോവാം... ഞാൻ തടയില്ല....''
എന്റെ ചോദ്യത്തിനുള്ള മറുപടി കേട്ടപ്പോൾ കണ്ണുകളിലൂടെ ഇരുട്ട് കയറിയ പോലെ അനുഭവപ്പെട്ടു...
ആ രത്രി ലോകം അവസാനിച്ചെങ്കിലെന്ന് ആഗ്രഹിച്ചു പോയി...
ഒരിക്കലും ഒരു ഭാര്യയും തന്റെ ഭർത്താവിൽ നിന്ന് കേൾക്കാൻ ആഗ്രഹമില്ലാത്തത് കേട്ടപ്പോൾ എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി....
ഒരു വർഷം വേണ്ടി വന്നു എല്ലാം തിരിച്ചറിയാൻ എന്ന് ഓർത്തപ്പോൾ എന്നോട് തന്നെ ലജ്ജ തോന്നി....
ആ രാത്രിയിൽ എടുത്ത എന്റെ തീരുമാനമായിരുന്നു ആരേയും ഒന്നും അറിയിക്കാതെ സ്നേഹം കൊണ്ട് എന്റെ ഭർത്താവിനെ മാറ്റിയെടുക്കാമെന്ന്...
പക്ഷേ കാലം എന്നെ അവിടേയും തോൽപിച്ചു...
എന്റെ ശ്രമങ്ങളെല്ലാം ഒാരോന്നായി പരാജയപ്പെട്ടു...
സ്നേഹത്തോടെ അടുക്കാൻ ശ്രമിക്കുംതോറും പഴി വാക്കുകൾ പറഞ്ഞ് എന്നെ അകറ്റി....
എല്ലാം സഹിക്കാൻ പഠിച്ചിട്ടും ചില സമയങ്ങളിൽ എനിക്ക് എന്നെ തന്നെ നഷ്ടപ്പെട്ടു കൊണ്ടിരുന്നു...
പെണ്ണെന്ന നിലയിൽ ഒരു വൻ പരാജയമായി ജീവിതം തള്ളി നീക്കിയപ്പോൾ ദെെവത്തിനെ പോലും ശപിച്ചു തുടങ്ങിയിരുന്നു...
സ്വവർഗരതിയോട് താൽപര്യമുള്ള ഒരാളുടെ ഭാര്യയാണ് ഞാനെന്ന് ലോകം അറിഞ്ഞാൽ ഏത് കണ്ണിലൂടെ ആയിരിക്കും എന്നെ നോക്കിക്കാണുക എന്നോർത്ത് ആരോടും ഒന്നും പറഞ്ഞില്ല...
അമ്മയോട് പോലും പറയാൻ എന്റെ നാവ് പൊങ്ങിയിട്ടില്ല...
അമ്മ അറിഞ്ഞതും സ്വന്തം മകന്റെ നാവിൽ നിന്ന് തന്നെയാണ്...
അത്യാവശ്യം ഉടുക്കാനുള്ള ഡ്രെസ്സുകൾ മാത്രം ബാഗിലാക്കി റൂം വിട്ടിറങ്ങുമ്പോൾ ഒരു പാട് സ്വപ്നങ്ങളുമായി വലതുകാൽ വെച്ച് കയറിയ എന്റെ മണിയറ എന്നെ നോക്കി ഒരു നെടുവീർപ്പ് ഇട്ടില്ലേ എന്നൊരു സംശയം...
പൂമുഖത്തേക്ക് എന്നെ യാത്ര അയക്കാൻ വന്ന അമ്മയുടെ കണ്ണുകൾ അപ്പോഴും ഈറനണഞ്ഞിരുന്നു...
എല്ലാം ശരിയായി ഇന്നല്ലെങ്കിൽ നാളെ തിരിച്ചു വരാം എന്ന പ്രതീക്ഷയിൽ ആ വലിയ വീടിന്റെ പടിയിറങ്ങുമ്പോൾ എന്റെ സ്വപ്നങ്ങളെല്ലാം അസ്തമിക്കും പോലെയാണ് എനിക്ക് അനുഭവപ്പെട്ടത്...
ഇനിയൊരു പെണ്ണിനും ഇതു പോലൊരു അനുഭവം ഉണ്ടാവരുതേ എന്ന് പ്രാർത്ഥിച്ചു കൊണ്ട് മറ്റുള്ളവരുടെ താൽപര്യങ്ങൾക്ക് വേണ്ടി വിവാഹത്തെ കച്ചവടച്ചരക്കാക്കി മാറ്റരുതെന്ന് നൂറാവർത്തി ഉരുവിട്ടു കൊണ്ട് ഈ രചന നിങ്ങളിലേക്ക് സമർപ്പിക്കുന്നു...

ചൊവ്വാ ദോഷം

ചൊവ്വാ ദോഷം
------------------------
ഫോൺ റിങ് ചെയ്തു കൊണ്ടിരിക്കുകയാണ് ...ഞാൻ മെല്ലെ വണ്ടി സൈഡ് ഒതുക്കി നിർത്തി ..ഫോൺ എടുത്തു
" നിങ്ങൾ എവിടെയാണ് " എടുത്തപ്പോൾ ഭാര്യയുടെ ശബ്ദം കാതിൽ വന്നു തറച്ചു
ചേട്ടാ എന്ന വിളി ...ഒഴിവാക്കി നിങ്ങൾ ആയിട്ടുണ്ട് ..സംസാരം അല്പം കൊടുത്തിട്ടുണ്ട് ..എന്റെ മനസ്സു ഒരു മനഃശാസ്ത്ര വിദഗ്‌ധന്റെ മനസ്സു പോലെ ചിന്തിച്ചു ...എന്തോ ഒരു കുഴപ്പം ഉണ്ട്
"എന്തു പറ്റി മോളെ " എന്റെ വായിൽ നിന്നും തേൻ ഒഴുകി
അവൾ ഒന്ന് തണുത്തൊ ..കുറച്ചു നേരം ഫോണിൽ ശബ്ദം ഒന്നും കേട്ടില്ല ...വിളി ഏറ്റിരിക്കുന്നു
"അതെ ..പിന്നെ ഞാൻ അലമാര തുറന്നപ്പോൾ കുറച്ചു പേപ്പർ കിട്ടി " അവളുടെ സംസാരത്തിൽ അല്പം മയം വന്നിട്ടുണ്ട്
അയ്യോ ..എന്റെ നെഞ്ച് ഒന്ന് പിടഞ്ഞു ...ഇനി എന്റെ എസ് എസ് എൽ സി ബുക്ക് എങ്ങാനും കിട്ടി കാണുമോ കിട്ടിയാൽ തീർന്നു ...അതിലെ മാർക്ക് കണ്ടാൽ അവൾക്കു ഡിവോസ് വരെ എളുപ്പം കിട്ടും ...അത്രയ്ക്ക് സംഭവം ആണ്
"എന്ത് പേപ്പർ ആണ് മോളെ ."
വല്ല ആധാർകാർഡ് അയാൾ മതിയായിരുന്നു ...ഞാൻ ഉള്ളുരുകി പ്രാർത്ഥിച്ചു
"ചേട്ടന്റെ ജാതക കുറിപ്പ് ആണ് ...മുന്ന് കുറിപ്പുണ്ട് മുന്നും മാറ്റങ്ങൾ ഉണ്ട് ...അതെന്താ അങ്ങനെ "
ശരിക്കു പെട്ടു ...എന്റെ കാര്യം തിരുമാനം ആയി .ഞാൻ മനസ്സിൽ ഓർത്തു ,..ഒന്ന് ശുദ്ധജാതകം ഒന്ന് ചൊവ്വാ ദോഷം ഒന്ന് ..ഇതൊന്നും അല്ലാത്തത് ...പെണ്ണ് കണ്ടു ജാതകം നോക്കി മടുത്തപ്പോൾ കൂട്ടുകാരൻ ഉപദേശിച്ചു തന്ന വിദ്യയാണ് ..എല്ലാ ജാതകത്തിനും പറ്റിയ കുറിപ്പ് ഉണ്ടാക്കി വെക്കാൻ ...അങ്ങനെ മൂന്നെണ്ണം ഉണ്ടാക്കി ..അതിൽ ചൊവ്വാ ദോഷം ഉള്ള ജാതകം വെച്ചാണ് ഇവളെ കെട്ടിയത് ..
"എന്താ ചേട്ടാ ഇത് "
കളവ് പറയണോ സത്യം പറയണോ ...ഞാൻ അകെ ചിന്താ കുഴപ്പത്തിൽ ആയി ..
സത്യം പറഞ്ഞാൽ അവൾ വീട്ടിൽ പറയും ...അവളുടെ അച്ഛനും അമ്മയും വലിയ വിശ്വാസക്കാർ ആണ് .ഒരു ചെറിയ വഴക്കിൽ തീർന്നെന്നു വരില്ല ..ഒരു പക്ഷെ ഡിവോസ് വരെ പോകും ..കളവ് പറഞ്ഞാൽ എന്നും നെഞ്ചിൽ ഒരു വേദനായി അത് കിടക്കും ..കുറ്റബോധം കാർന്നു തിന്നുകയും ചെയ്യും ..
"അതോ ഞാൻ വീട്ടിൽ വന്നിട്ട് പറഞ്ഞു തരാം ..ഒരു അരമണിക്കൂർ കൊണ്ട് ഞാൻ വീടെത്തും " ഞാൻ മെല്ലെ ഫോൺ കട്ട് ചെയ്തു
വീട്ടിൽ ചെന്ന് കയറിയപ്പോൾ അവൾ അടുക്കളയിൽ ആണ് ...ഞാൻ ഒന്ന് ചുമച്ചുകൊണ്ടു മുറിയിലേക്ക് കയറി ..
മുറിയിൽ കയറി മെല്ലെ വാതിലിന്റെ അടുത്ത് നിന്ന് അടുക്കളയിലേക്കു നോക്കി ..അവൾ വരുന്നില്ല ..എന്നു ഉറപ്പു വരുത്തി ..ഒരു കള്ളന്റെ പ്രാഗത്ഭ്യത്തോടെ അലമാര തുറന്നു .."ഇല്ല കുറിപ്പ് കാണുന്നില്ല .." അവൾ എടുത്തു മാറ്റി വെച്ചിട്ടുണ്ട് ..
ഞാൻ നിരാശയോടെ അലമാര അടക്കുബോൾ അവൾ ഉണ്ട് ..വാതിലിന്റെ അടുത്ത്‌ നില്കുന്നു ...അപ്പോൾ ഞെട്ടിയ പോലെ ഞാൻ കൺഞ്ചറിങ് സിനിമ കണ്ടപ്പോൾ പോലും ഞെട്ടിയിട്ടില്ല
"എന്താണ് നോക്കുന്നത് "
"ഒന്നുമില്ല എന്റെ ആധാർകാർഡ് വേണ്ടിയിരുന്നു .."
"എന്തിന് "
വീണ്ടും പെട്ടു ...ഭാര്യ ചിലപ്പോൾ പൊലീസുകാരെ പോലെ മിടുക്കുള്ളവർ ആണ്
"അതോ ..സിം കാർഡ് അതുമായി ലിങ്ക് ചെയ്യണം .." ഭർത്താക്കന്മാർ ചിലപ്പോൾ കൊടും കള്ളന്മാരെ പോലെ മിടുക്കരും ആണ്
അവൾ അകത്തു കയറി ...വാതിൽ മെല്ലെ ചാരി ..പിന്നെ ബെഡിന്റെ ഒരു സൈഡ് പൊക്കി കുറിച്ച് കടലാസുകൾ എടുത്ത് എന്റെ നേരെ നീട്ടി
"ഇതെന്താണ് "
സത്യം പറയാം ..അല്ലെങ്കിൽ ഒരു കളവു സ്ഥാപിക്കാൻ ആയിരം കളവു പറയേണ്ടി വരും ..ഞാൻ മനസ്സിൽ ഉറപ്പിച്ചു
അതോ ..."നിന്നെ വന്നു കണ്ടപ്പോൾ എനിക്ക് ഒരു പാട് ഇഷ്ടായി ..നിനക്ക് ജാതകത്തിൽ ദോഷം ഉണ്ടെന്നു മാത്രമേ അറിയുമായിരുന്നുള്ളു ..അതുകൊണ്ടു നിന്നെ നഷ്ടപ്പെട്ട് പോകാതിരിയ്ക്കാൻ .ഉണ്ടാക്കിയ ജാതകങ്ങൾ ആണ് ഇതെല്ലാം "
അവൾ ഒന്നും പറഞ്ഞില്ല ...അവളുടെ കണ്ണുകൾ നിറഞ്ഞു ..പിന്നെ ഒന്നും മിണ്ടാതെ മുറിയിൽ നിന്നും ഇറങ്ങിപ്പോയി
ഞാൻ ബെഡിൽ അമർന്നിരുന്നു , അവളുടെ ശബ്ദം ഒന്നും ഉയർന്നു കേൾക്കാനില്ല ..അപ്പോൾ കുഴപ്പം ഒന്നും ഉണ്ടാവില്ല ഞാൻ മനസ്സിൽ ഓർത്തു
സമയം കടന്നു പോയി ..അവൾ ഒരക്ഷരവും എന്നോട് മിണ്ടിയില്ല ..ചോദിച്ചതിന് വെറുതെ മൂളുക മാത്രം ചെയ്തു
അവൾ എന്തെങ്കിലും രീതിയിൽ പ്രതികരിച്ചെങ്കിൽ എനിക്ക് കുഴപ്പം ഉണ്ടാവുമായിരുന്നില്ല ..അവളുടെ മൗനം എന്നെ വല്ലാതെ ഭ്രാന്തു പിടിപ്പിച്ചു ..എന്നതാണ് സത്യം
രാത്രിയാകാൻ ഞാൻ കാത്തിരുന്നു ...കിടപ്പു മുറിയിൽ തീരാത്ത പ്രശ്നങ്ങൾ ഇല്ലല്ലോ ..അതായിരുന്നു ഒരു ആശ്വാസം ..
പക്ഷെ കണക്കു കൂട്ടലുകൾ എല്ലാം തെറ്റി ...അവൾ അവിടെയും മൗനം തന്നെ ആയിരുന്നു ..ഞാൻ പലതും പറഞ്ഞു നോക്കിയെങ്കിലും അവൾ ഒന്നും കേൾക്കാത്തപോലെ ബെഡിൽ തിരിഞ്ഞു കിടന്നു ..
അവസാനം എന്റെ ക്ഷമ നശിച്ചു ..ഞാൻ അവളെ ബലം പ്രയോഗിച്ചു ..പിടിച്ചു തിരിച്ചു ..നോക്കിയപ്പോൾ അവൾ കരയുകയായിരുന്നു ..
അത് കണ്ടതോടെ എന്റെ സകല ദേഷ്യവും പോയി .."എന്തു പറ്റി ..നീയെന്തിനാ കരയുന്നെ "
അവൾ മറുപടി പറയാതെ എങ്ങി എങ്ങി കരയുക ആയിരുന്നു ..
"നമ്മൾ ജീവിക്കുന്നത് ..2017 ആണ് ..അത് ഓർമ്മ വേണം ..മനുഷ്യൻ ചൊവ്വയിൽ പോയി താമസിക്കാൻ ഉള്ള തയ്യാറെടുപ്പു നടത്തുന്നു ..പിന്നെ ആണ് ചൊവ്വാ ദോഷം ..നീ പഴയ ആൾക്കാരെ പോലെ ചിന്തിക്കല്ലേ ..ഇതിൽ ഒരു സത്യവും ഇല്ല ...വിദേശികൾ അതും പോട്ടെ മുസ്ലിം ക്രിസ്ത്യൻ ആളുകൾ ഇതൊക്കെ നോക്കിയാണോ വിവാഹം കഴിക്കുന്നേ "
ഞാൻ അവളെ എഴുന്നേൽപ്പിച്ചു ഇരുത്തി ..അവളെ നെഞ്ചോടു ചേർത്തു .."എന്നോട് ക്ഷമിക്കൂ .നിന്നോടുള്ള ഇഷ്ടം കൊണ്ടാണ് ഞാൻ അത് ചെയ്തത് "
"എനിക്ക് ഇതിൽ വിശ്വാസം ആണ് .." അവൾ വിതുമ്പി കൊണ്ട് പറഞ്ഞു .
"ശരി ..ആയിക്കോട്ടെ " ഞാൻ അവളെ ആശ്വസിപ്പിച്ചു ..
"എന്നെ ചൊവ്വാദോഷം അല്ലാത്ത ഒരാൾ കെട്ടിയാൽ അയാളുടെ ആയുസ്സിന് ദോഷം ആണ് " അത് പറഞ്ഞത്കൊണ്ട് അവൾ കരയാൻ തുടങ്ങി
എന്റെ മുഖം ശരിക്കുമോന്നു വിളറി ..നെഞ്ചിൽ ഒരു വേദന വന്നോ ..ഉള്ളിലെ നടുക്കം പുറത്ത് കാണിക്കാതെ ഞാൻ പറഞ്ഞു
"എന്റെ ആയുസ്സ് അല്ലെ ..കുഴപ്പം ഇല്ല .."
പിന്നെ ..ഇതൊക്കെ അന്ധവിശ്വാസം ആണെന്ന് ഞാൻ നാളെ തെളിയിച്ചു തരാം...നിനക്ക് വിശ്വാസം ആയില്ലെങ്കിൽ നീ പറയുന്നപോലെ ഞാൻ എന്തും ചെയ്യാം "
അന്ന് രാത്രി അവൾ ഉറങ്ങിയെങ്കിലും എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല ...ഏതൊരു നിരീശ്വര വാദിയുടെ ഉള്ളിലും അല്പം പേടി ഉണ്ടാകുമല്ലോ
അടുത്ത ദിവസം ഞാൻ അവളെയും കൂട്ടി ..പുറത്തിറങ്ങി ...ആദ്യം തന്നെ പോയത് .മേലെക്കര നാരായൺ പണിക്കരുടെ അടുത്തായിരുന്നു ..എന്റെ ജാതകവും വേറെ പണ്ട് പെണ്ണ് കാണാൻ പോയ ഒരു പെൺകുട്ടിയുടെ ജാതകവും കാണിച്ചു പൊരുത്തം നോക്കി ...
അയാൾ പത്തിൽ ഏഴു പൊരുത്തം പറഞ്ഞു ...നൂറു രൂപ കൊടുത്ത് അവിടെ നിന്ന് ഇറങ്ങി പിന്നെ പോയത് രാമകൃഷ്ണൻ പണിക്കരുടെ അടുത്താണ് ..അതെ ജാതകം കാണിച്ചപ്പോൾ പത്തിൽ നാലു പൊരുത്തം മാത്രം
പിന്നെ ഒരു പണിക്കരുടെ അടുത്തുകൂടെ കയറി ..നോക്കിയപ്പോൾ അയാൾ പറഞ്ഞു ജാതകം ചേരില്ലെന്ന് ..ഞാൻ അവിടെ നിന്ന് ഇറങ്ങി .പിന്നെ അവളോട് പറഞ്ഞു
"ഇപ്പോൾ മനസ്സിലായില്ലേ ..കാര്യങ്ങൾ ..ഇതൊക്കെ ശുദ്ധ തട്ടിപ്പാണ് "
"ആര് പറഞ്ഞു രണ്ടു പണിക്കരും പറഞ്ഞത് ചേരും എന്നല്ലേ " ഞാൻ അവളെ ഒന്ന് നോക്കി .ഒന്ന് ചിരിച്ചു ,.ഒറ്റ ചവിട്ടു ഞാൻ ചവിട്ടും എന്നായിരുന്നു എന്റെ മനസ്സിൽ അതിനുള്ള അർത്ഥം
"ശരി .നീ പറഞ്ഞപോലെ തന്നെ ആയിരിക്കാം ..എന്തായാലും വിവാഹം നടന്നില്ലേ അതുകൊണ്ട് എന്തെങ്കിലും പരിഹാരം ഉണ്ടോ എന്ന് നോക്കാം ഇവർ എന്തയാലും വേണ്ടാ നമുക്ക് വേറെ പണിക്കരെ ഒന്ന് പോയി കാണാം"
അവൾ മെല്ലെ തലകുലുക്കി ...അവൾ കാറിൽ കയറി ഇരുന്നപ്പോൾ ..ഞാൻ പറഞ്ഞു "പിന്നെ ഇതൊക്കെ നമ്മൾ മാത്രം അറിഞ്ഞാൽ മതി വേറെ ആരും അറിയണ്ട .."
..പിന്നെ നാട്ടിലെ അറിയപ്പെടുന്ന അനുപ് പണിക്കരുടെ അടുത്തേക്ക് വിട്ടു
ടൗണിലെ കടയുടെ മുകളിലത്തെ രണ്ടാമത്തെ മുറിയിൽ ആണ് ..പണിക്കർ ആള് ചെറുപ്പക്കാരൻ ആണെങ്കിലും നല്ല തിരക്കാണ് .അതോടെ അവളുടെ മുഖം അല്പം തെളിഞ്ഞു ..നല്ല പണിക്കർ ആയതുകൊണ്ടാണല്ലോ ഇത്രയും തിരക്ക് എന്നു കരുതി കാണും
ഞങ്ങളുടെ ഊഴമെത്തി ..ഞങ്ങൾ അകത്തേക്ക് കയറി ..പിന്നെ കാര്യം എല്ലാം അറിയിച്ചു ..
അയാൾ ചിരിച്ചുകൊണ്ട് ഭാര്യയോട് ചോദിച്ചു
"ഇയാൾ ഇതിൽ വിശ്വസിക്കുന്നുണ്ടോ "
"ഉണ്ട് "
"അപ്പോൾ ഇയാളുടെ ജാതകത്തിൽ ഇയാളുടെ ആയുസ്സും എഴുതി കാണുമല്ലൊ ..അതുപോലെ ഭർത്താവിന്റെ ജാതകത്തിലും ഉണ്ടാകും ..ഇനി നിങ്ങൾ വിവാഹം കഴിഞ്ഞു ..നിങ്ങളിൽ ഒരാൾക്കു എന്തെങ്കിലും സംഭവിച്ചാൽ അതിൽ ഏതെങ്കിലും ഒരു ജാതകം തെറ്റില്ലെ .."
"അവൾ ചെറുതായി തലയാട്ടി .പിന്നെ പറഞ്ഞു .."എനിക്ക് അതൊന്നും അറിയില്ല എനിക്ക് പേടിയാണ് "
ചങ്കരൻ പിന്നെയും തെങ്ങിൽ തന്നെ ..ഞാൻ നിസ്സാഹയതയോടെ പണിക്കരെ നോക്കി
"ശരി ..എന്തെങ്കിലും പ്രധിവിധി ഉണ്ടോന്നു നോക്കട്ടെ "
അയാൾ മുന്നിലെ പലകയിൽ കവിടി നിരത്തി ...പിന്നെ എന്തോ കണ്ണടച്ചു ആലോചിച്ചു
"കുട്ടിക്ക് ദൈവാനുഗ്രഹം ഉണ്ട് ...ഇ ജാതകം ചേർക്കുന്നതിൽ തെറ്റില്ല ..എന്നാലും ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പോയി ..ചില പൂജകൾ ചെയ്യണം ..എങ്കിൽ ഒന്നും പേടിക്കാൻ ഇല്ല ..എല്ലാം ശുഭം ആകും "
അവളുടെ കണ്ണുകൾ വിടർന്നു ..അവൾ ശ്വാസം ഒന്ന് വലിച്ചു വിട്ടു .. അവൾ എന്നെ കൈ മുറുക്കി പിടിച്ചു,
അയാൾക്കു നൂറു രൂപ കൊടുത്തു മെല്ലെ ഞാൻ അവിടെനിന്നും ഇറങ്ങി ..
വണ്ടിയിൽ കയറിയപ്പോൾ ആണ് ..ഞാൻ ഫോൺ എടുത്തില്ലെന്നു ഓർത്തത് ..."ഞാൻ ഫോൺ അവിടെ വെച്ചു മറന്നു ..എടുത്തു വരാം ട്ടോ "
ഞാൻ ഓടി പണിക്കരുടെ മുറിയിൽ എത്തി ..
"ഞാൻ പണിക്കരുടെ നേരെ നിന്ന് പറഞ്ഞു .."എന്റെ പൊന്നു മോനെ ..നീ പ്രി ഡിഗ്രി തോറ്റു ഇതിൽ ഡിഗ്രി എടുത്തപ്പോൾ അറിഞില്ല നിന്റെ വില ..എന്റെ ജീവിതം നീ ആണ് രക്ഷപെടുത്തിയത് ..ഒരു മിച്ചു നിന്റെ കൂടെ പഠിക്കാൻ കഴിഞ്ഞില്ലെങ്കിൽ ..ഹോ ..എന്റെ കാര്യം തിരുമാനം ആയേനെ "
അവൻ ചരിച്ചു " ജ്യോതിഷം കൊണ്ട് ഇപ്പോൾ ഗുണം ഉണ്ടെന്നു മനസ്സിലായല്ലോ ..പിന്നെ ഞാൻ ആണ് ആ മുന്ന് കുറിപ്പുകൾ ഉണ്ടാക്കി തന്നതെന്ന് ആരും അറിയണ്ട ട്ടോ "

സ്നേഹപൂർവം സഞ്ജു കാലിക്കറ്റ്

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo