ഇഷ്ടം I Ammu Santhosh


 "സത്യത്തിൽ ഇപ്പോൾ കല്യാണം വേണ്ട എന്ന് ഞാൻ വീട്ടിൽ പറഞ്ഞിരുന്നതാ. ഞാൻ ഒരു പാട് ആഗ്രഹിച്ചു കിട്ടിയ ഒരു ജോലിയാണ്. സ്വാതന്ത്രത്തോടെ കുറച്ചു നാൾ ഇത് മാത്രമായ് പോകണമെന്നാണ്. പിന്നെ സാധാരണ ഒരു പെൺകുട്ടി ആഗ്രഹിക്കും പോലെ എപ്പോഴും ഒപ്പമിരിക്കാൻ പറ്റാത്ത ജോലിയാണല്ലോ പോലീസ്.. കുറച്ചു റിസ്ക് ഉണ്ട് താനും.. പേരെന്താണെന്നാ പറഞ്ഞത്?"
"അലീന "അവൾ പുഞ്ചിരിച്ചു.
"ങാ അലീന.. അപ്പൊ നിങ്ങൾ പറഞ്ഞോളൂ ഇഷ്ടായില്ലെന്ന് "
"അതിപ്പോ സാറിനും പറയാമല്ലോ. എന്നെ ഇഷ്ടമായില്ലെന്ന്.. എനിക്കും ഇപ്പൊ കല്യാണം വേണ്ടെന്ന് പറഞ്ഞിട്ട് വീട്ടുകാർ കേൾക്കുന്നില്ല. അച്ഛന് കഴിഞ്ഞയാഴ്ച്ച ഒരു അറ്റാക് വന്നപ്പോൾ തൊട്ട് പേടിയാ അതാണ്‌ ഈ പ്രൊപോസൽ.. ഇത് അല്ലെങ്കിൽ മറ്റൊന്നു എന്തായാലും അച്ഛൻ നടത്തും. അശ്വിൻ സാർ എന്നെ ഇഷ്ടായില്ലന്നങ് പറഞ്ഞോളൂ "
അയാൾ ഒന്ന് തലയാട്ടി..
"ഞാൻ അങ്ങനെ പറഞ്ഞാൽ തന്റെ അച്ഛന് വിഷമമാകുമോ?"അയാൾ സംശയത്തോടെ ചോദിച്ചു
"ഹേയ് ഒരാൾ അല്ലെങ്കിൽ മറ്റൊരാൾ. അച്ഛൻ പോലിസ് ആയിരുന്നത് കൊണ്ടാണ് ഈ പ്രൊപോസൽ അച്ഛനത്ര ഇഷ്ടായത്. പക്ഷെ അച്ഛൻ സ്ട്രോങ്ങ്‌ ആണ്
പറഞ്ഞോളൂ. ഇന്ന് തന്നെ രണ്ടു പേര് കൂടി കാണാൻ വരുന്നുണ്ട്. ഒരു ടീച്ചർ, പിന്നെ ഒരു ബാങ്കുദ്യോഗസ്ഥൻ.ആരെയെങ്കിലും ഫിക്സ് ചെയ്യും.. വിഷമിക്കണ്ടന്നെ "
അയാൾ അവളുടെ മുഖത്തേക്ക് ഒന്നു നോക്കി.
നിഷ്കളങ്കമായ മുഖം.
കൗതുകം നിഴലിക്കുന്ന വലിയ കണ്ണുകൾ.
ചെറിപ്പഴത്തിന്റ നിറമുള്ള നേർത്ത ചുണ്ടുകൾ..
അവൾ ധരിച്ചിരുന്ന ഇളം മഞ്ഞ കോട്ടൺ സാരിയുടെ തുമ്പു കാറ്റിൽ പറക്കുന്നത് കാണാൻ പോലും നല്ല ഭംഗി..
ഇത്രയും പാവമായ ഒരു പെൺകുട്ടിക്ക് തന്നേ സഹിക്കാനാവില്ല എന്നയാൾക്ക് തോന്നി.
തന്റെ മുൻകോപം, വാശി, ആരെയും പെട്ടെന്ന് വെറുപ്പിക്കുന്ന സ്വഭാവം. പിന്നെ തന്റെ ജോലി. ഉറപ്പായും ശത്രുക്കൾ കൂടുതലാവും.. അത്ര നല്ല സ്വഭാവമാണല്ലോ.. ഇവൾ കുറച്ചു കൂടി പാവമായ ഒരാളെ കല്യാണം കഴിക്കട്ടെ.
"എന്താ ചെയ്യണേ?അത് ചോദിക്കാൻ മറന്നു "അയാൾ നടക്കാൻ തുടങ്ങവേ പെട്ടെന്ന് ചോദിച്ചു
"പത്രത്തിലാണ്. ജേർണലിസ്റ്റ് "
അവൾ വീണ്ടും ചിരിച്ചു
"ഓ.. ഓക്കേ. ശരി "
"സാറിനെ ഞാൻ കണ്ടിട്ടുണ്ട്... കോഴിക്കോട് ഒരു റയറ്റ് ഉണ്ടായില്ലേ? അന്ന് ഞാനാണ് ആ ന്യൂസ്‌ റിപ്പോർട്ട്‌ ചെയ്യാൻ വന്നത്. സാറന്ന് എന്നെ പ്രൊട്ടക്റ്റ് ചെയ്തിരുന്നു. ഓർക്കാഞ്ഞിട്ടാണ്."
അയാൾ വിടർന്ന കണ്ണുകളോടെ നോക്കി.
"സാറിന്റെ കൈ അന്ന് മുറിഞ്ഞില്ലേ വലതു കൈ. അത് എന്റെ മുഖത്തിന്‌ നേരെത്തെ വന്ന ഒരു ഗ്ലാസ്‌ ബോട്ടിൽ തടഞ്ഞതാണ്."
അയാൾ തന്റെ വലതു കയ്യിലെ മുറിപ്പാടിലേക്ക് നോക്കി.
", ഞാൻ ഓർക്കുന്നില്ല "
"അന്ന് സാറെന്റെ മുഖത്ത് നോക്കിയില്ല. "അവൾ ചിരിച്ചു
"താൻ എന്നെ ഇത്രയും കൃത്യമായി ഓർത്തു വെച്ചല്ലോ താങ്ക്സ് "
"ജോലി അതല്ലേ സാർ..?പിന്നെ സാറിനെ ഞാൻ ഹോസ്പിറ്റലിൽ വന്നു കണ്ടിരുന്നു. ഉറക്കമായിരുന്നു. "
അച്ഛൻ വാതിൽക്കൽ വന്നപ്പോൾ ആ സംഭാഷണം അവിടെ മുറിഞ്ഞു
പോകാനിറങ്ങിയപ്പോൾ അയാൾ ഒന്ന് തിരിഞ്ഞു നോക്കി. രണ്ടാമത്തെ നിലയുടെ ബാൽകണിയിൽ അവൾ. അതേ ചെറിയ ചിരി.
താല്പര്യമില്ല എന്ന് അമ്മാവൻ മുഖേന അറിയിച്ചു
എന്തൊ ഒരു നഷ്ടബോധം തോന്നുണ്ടായിരുന്നു അയാൾക്ക്. ആ വലിയ കണ്ണുകൾ.. കോർത്തു വലിക്കും പോലെ. പിന്നെ ദിവസങ്ങൾ കഴിഞ്ഞപ്പോൾ അയാൾ അത് മറന്നു തുടങ്ങി.
മിനിസ്റ്റർ രാമചന്ദ്രന്റെ കാബിനിലേക്ക് കൊടുങ്കാറ്റ് പോലെ അബ്കാരി ജോസഫ് മാമച്ചൻ കയറി വന്നത് ഒരു ഉച്ചക്കായിരുന്നു
"ആരാണ് ഈ അശ്വിൻ? വെറുമൊരു സർക്കിൾ ഇൻസ്‌പെക്ടർ അല്ലെടോ? അവനെ പോലും നിയന്ത്രിക്കാൻ പറ്റുന്നില്ലെടോ "
മിനിസ്റ്റർ ജാള്യതയോടെ മാമച്ചന്റെ മുഖത്ത് നോക്കി
"മാസമാസം ഇവിടെ കിട്ടുന്നതിന് കുറവ് വല്ലോമുണ്ടോ? പാർട്ടി ഫണ്ട്‌ സ്വന്തം ഫണ്ട്‌.. കൃത്യമായി കിട്ടുന്നുണ്ടല്ലോ അല്ലെ? അപ്പൊ എന്റെ കാര്യങ്ങളും കൃത്യമായി നടക്കണം.."
"ജോസഫ് സാറെ ആ ചെക്കൻ ഒരു ബോംബാണ്.. തൊട്ടാൽ പൊട്ടുന്ന ഒരു ബോംബ്. സൊസൈറ്റി യിൽ നല്ല ഇമേജ് ഉള്ള പോലീസ് ഓഫീസറാ. അയാളെ തൊട്ടാൽ പാർട്ടിക്ക് ക്ഷീണമാ അത്.പിന്നെ അവന്റെ അച്ഛനെ അറിയാമല്ലോ.. തന്നേ ക്കാൾ വലിയ തെമ്മാടിയാ. ചെക്കനെ തൊട്ടാൽ തന്നെ അയാൾ തട്ടും "
"ഓ പിന്നെ ഞൊട്ടും.ഞാൻ അവനെയങ്ങ് തട്ടിയാലോന്നു ആലോചിക്കുവാ .."അയാൾ കുറുക്കന്റെ കൗശലത്തോടെ പറഞ്ഞു
"അതൊക്കെ നിങ്ങളുടെ വകുപ്പാ.."മിനിസ്റ്റർ ഒരു കള്ളച്ചിരി ചിരിച്ചു
"എന്റെ എത്ര ലോഡ് സാധനങ്ങളെന്നോ അവൻ പിടിച്ചിട്ടിരിക്കുന്നത് കോടികളാ എനിക്ക് നഷ്ടം.. അവൻ ഈ ഭൂമിക്ക് വേണ്ടാ.. ഇനി "
അയാൾ വാതിൽ വലിച്ചടച്ചിറങ്ങി പോയി.
"നിന്റെ സാറിന് ഒരു ഭീഷണി ഉണ്ടല്ലോ മോളെ.."
ഒരു ലേഖനം എഴുതുകയായിരുന്നു അലീന.
സഹപ്രവർത്തകയായ ലീന പറഞ്ഞപ്പോൾ അവൾ നടുക്കത്തോടെ മുഖമുയർത്തി.
ലീനയുടെ മൊബൈലിൽ അശ്വിന്റെ ഫോട്ടോ.
കണ്ട കാഴ്ച തൊട്ട് ഭ്രാന്ത് പോലെ ഉള്ളിൽ കയറിയ മുഖം..
കാണാൻ വന്നപ്പോൾ കുറെ സന്തോഷം തോന്നി. പക്ഷെ ആളുടെ മനസ്സറിഞ്ഞപ്പോൾ മെല്ലെ ഒഴിഞ്ഞു മാറാനാണ് തോന്നിയത്. പിന്നെ എത്രയോ ആലോചനകൾ വന്നു
കഴിയുന്നില്ല ഒന്നിനും..
അവൾ ലീനയ്ക്കരികിലേക്ക് ചെന്നു.
"ആരാണ്?എന്താണ്? എപ്പോ കിട്ടി ന്യൂസ്‌?"
"പറയാം "ലീന ചിരിച്ചു
സമരമുഖത്തായിരുന്നു അശ്വിൻ. വളരെയധികം ആൾക്കാർ അതും വളരെ വയലന്റ് ആയ ആൾക്കാരുടെ ഒരു കൂട്ടം.
പൊടുന്നനെയാണ് ഒരു വാൾതലയുടെ തിളക്കം മിന്നൽ പോലെ കണ്ണിലടിച്ചതും അവൻ തിരിഞ്ഞതും. ആ നേരം തന്നെയാണ് അവന്റെ കൈകളിലേക്ക് അവൾ വന്നു വീണതും . ഉദരത്തിലൂടെ ചോര.. കുതിച്ചോഴുകുന്ന ചോര...വാൾ വലിച്ചൂരി അക്രമി ഓടി മാറുന്നത് അവൻ കണ്ടു.. അവൻ സർവം മറന്നു അവളെ നെഞ്ചോട് ചേർത്ത് പിടിച്ചു.
"അലീന..."അവന്റെ ശബ്ദം ഇടറി.
"സാറിനെ അവരു കൊല്ലും..പ്ലീസ് take care..."ബോധം മറയും മുന്നേ അതിന് കാരണമായവന്റെ പേര് പേര് അവന്റെ കാതിൽ വീഴുകയും ചെയ്തു.
ആശുപത്രിയിൽ നിൽക്കുമ്പോൾ ഹൃദയം പിടഞ്ഞടിക്കുന്നത് അവന് കേൾക്കാമായിരുന്നു.
ഇഷ്ടമായിരുന്നു അലീനയെ.ആ ഒരു പെണ്ണിനെയെ കാണാൻ പോയിട്ടുള്ളു. പിന്നീട് അവൾ മാത്രമേ ഉള്ളിലുണ്ടായിരുന്നുള്ളൂ .
പക്ഷെ തനിക് വേണ്ടി മരിക്കാൻ പോലും തയ്യാറുള്ളവളാണെന്നു അറിഞ്ഞില്ല. അത്രേം ഇഷ്ടം ഉള്ളിലുണ്ടായിരുന്നു എന്നും അറിഞ്ഞില്ലായിരുന്നു.
അവന്റെ കണ്ണ് നിറഞ്ഞൊഴുകി കൊണ്ടിരുന്നു..അവനൊരു നീണ്ട അവധി എടുത്തു.
ദിവസങ്ങൾ കഴിഞ്ഞു
അവർ ഒറ്റയ്ക്കായ ഒരു ദിവസം
"ഞാൻ... ഞാൻ കാരണം... സോറി.. എന്തിനാ അങ്ങനെ..എന്തിനാ എന്നെ രക്ഷിക്കാൻ സ്വയം..?"
അവൻ അവളോട് ചോദിച്ചു
അവൾ മെല്ലെ ചിരിച്ചു
"ഇങ്ങനെ ഒക്കെ ആയത് കൊണ്ട് സാറിന്റെ തീരുമാനം മാറ്റണ്ടാട്ടോ.. സഹതാപം കൊണ്ടുള്ള ഇഷ്ടം എനിക്ക് വേണ്ട "
അവൻ ചിരിക്കാൻ ശ്രമിച്ചു
ഉള്ളിൽ എന്നുമുണ്ടായിരുന്നു എന്ന് പറയണമെന്നുണ്ടായിരുന്നു.
നിന്റെ നന്മയെ കരുതി പിന്മാറിയതാണെന്നു പറയണം ന്നുണ്ടായിരുന്നു
എന്നെ പോലൊരു മുരടനെ, തെമ്മാടിയെ നിനക്ക് സഹിക്കാൻ കഴിയില്ലെന്ന് തോന്നിയിട്ട പിന്നെ കാണാഞ്ഞത് എന്നും പറയണമെന്നുണ്ടായിരുന്നു.
"അയാളെ എന്ത് ചെയ്തു?ജോസഫ് മാമച്ചനെ?"അവൾ ചോദിച്ചു
അവൻ അതിനും മെല്ലെ ചിരിച്ചതേയുള്ളു. പിന്നെ ടീവി ഓൺ ചെയ്തു വെച്ചു
വ്യവസായ പ്രമുഖനും അബ്കാരിയുമായ ജോസഫ് മാമച്ചനെ കാറപകടത്തിൽ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അവൾ ഞെട്ടലോടെ നോക്കി
"ജീവിക്കില്ല.. ഇപ്പോൾ തീർന്നിട്ടുണ്ടാകും.ഞാൻ ഡോക്ടറോട്
സംസാരിച്ചു "അവൻ സാധാരണ പോലെ പറഞ്ഞു
"ഇത്രയും ഒക്കെ വേണോ?"അവൾ പേടിയോടെ ചോദിച്ചു
"വേണ്ടി വരും ചിലപ്പോൾ... ഞാൻ ഇങ്ങനെ ആണ്. അത് കൊണ്ടാണ് നിന്നേ മാറ്റി നിർത്തിയതും. അല്ലാതെ.."
"അല്ലാതെ?"
"ഒന്നുല്ല "
"പറ അല്ലാതെ..?"
അവൻ പെട്ടെന്ന് കുനിഞ്ഞു അവളുടെ കവിളിൽ ചുംബിച്ചു..
പിന്നെ നെറ്റിയിൽ. കണ്ണുകൾക്ക് മുകളിൽ..
"എനിക്ക് വലിയ ഇഷ്ടാണ് കൊച്ചേ നിന്നേ.. പോരെ?"
അവൾ നിറഞ്ഞ കണ്ണുകളോടെ അയാളുടെ മുഖം പിടിച്ചു താഴ്ത്തി..
"എത്ര ഇഷ്ടം?"
"ഒത്തിരി "
"എന്ന് വെച്ചാ..""
"എന്റെ ജീവനോളം തന്നെ.."
അവൾ കണ്ണീരിനിടയിലൂടെ ചിരിച്ചു.. പിന്നെ അവന്റെ നെറ്റിയിൽ ചുംബിച്ചു..
"ലവ് യു "
"അങ്ങനെ പറയാനൊന്നും അറിയില്ല...കൂടെ ഉണ്ടാവും എന്നും "
അവൾ ഇമ വെട്ടാതെ അവനെ നോക്കിക്കിടന്നു..

Written by Ammu Santhosh

കാത്തിരിപ്പ് I കഥ I Aarathi


ഒരുപാട്  നാൾ പുറകെ നടന്നു ചോദിച്ചിട്ടാണ് ഒരു ദിവസം മുഴുവൻ കൂടെ നിൽകാം എന്ന് അമ്മ സമ്മതിച്ചത്... ഒരുപക്ഷെ ഇനി കുറെ കാലം കഴിഞ്ഞേ എന്നെ കാണാൻ പറ്റു എന്ന് ഓർത്തിട്ടു ആകണം...  എല്ലാരേം പിരിഞ്ഞു പോകുന്ന വിഷമത്തിന് തത്കാലം ആശ്വാസം കിട്ടിയത് ഈ സമ്മതം അറിഞ്ഞതിൽ പിന്നെയാണ്... രാത്രി കിടന്നിട്ടു ഉറക്കം കിട്ടണില്ല... ഒരു ദിവസം മുഴുവൻ എന്ത് ചെയ്യും എവിടെ കൊണ്ടുപോകും എന്നായി ആലോചന... എന്തായാലും അമ്മ വന്നിട്ട് തീരുമാനിക്കാം എന്നുവെച്ചു.. 
രാവിലെ തന്നെ എഴുനേറ്റു കുളിച്ചു റെഡി ആയി അമ്മയെ കൂട്ടികൊണ്ടുവരാൻ ബസ്സ്റ്റാൻഡിൽ പോയി നിന്നു... അമ്പലത്തിൽ നിന്നാവാം തുടക്കം എന്ന് കരുതി ഞാൻ ഞങ്ങൾ സ്ഥിരം പോകാറുള്ള ക്ഷേത്രത്തിൽ പോകാനായി വണ്ടി തിരിച്ചു... എനിക്ക് ഒന്നും പ്രാർത്ഥിക്കാൻ കിട്ടുന്നില്ല... അടുത്തത് എങ്ങോട്ടു എന്ന ചിന്തയിൽ ആയിരുന്നു ഞാൻ...  എനിക്ക് വിശപ്പ് തട്ടി തുടങ്ങിയിരുന്നു... അമ്പലത്തിൽ നിന്നിറങ്ങി ഞങ്ങൾ അത്യാവശ്യം നല്ല വൃത്തിയുള്ള ഹോട്ടലിൽ കഴിക്കാൻ കേറി... എങ്ങോട്ടെന്ന് ഉറപ്പില്ലാത്തതു കൊണ്ട് ഞാൻ അവിടെ തന്നെ ഒരു മുറിയെടുത്തു ഇരിക്കാൻ തീരുമാനിച്ചു... അമ്മ എതിർപ്പൊന്നും പറഞ്ഞില്ല... അമ്മ അവിടെ കട്ടിലിൽ  ചെന്നിരുന്നു... ഞാനും ഒരു അറ്റത്തു പോയി ഇരുന്നു... ഞാൻ എന്ത് ചെയ്യണം എന്ന് അറിയാതെ അമ്മയെ തന്നെ നോക്കി ഇരുന്നു...... "ഇങ്ങനെ നോക്കി ഇരിക്കാനാണോ കുട്ടി നീ എന്നെ വിളിച്ചു വരുത്തിയത് "...അമ്മയുടെ ഈ ചോദ്യത്തിന് എനിക്ക് ഉത്തരമില്ലായിരുന്നു.... " ഒത്തിരി ആഗ്രഹങ്ങൾ മനസ്സിൽ വച്ചുകൊണ്ടാണ് ഞാൻ അമ്മയെ വിളിച്ചത്  പക്ഷെ, അത് നടപ്പിലാക്കാൻ പറ്റുമോ എന്ന് ഞാൻ  ചിന്തിച്ചില്ല ".... എന്തോ എനിക്ക്  പെട്ടെന്ന് സങ്കടം വന്നു... എന്റെ കണ്ണുകൾ നിറഞ്ഞു വന്നു... അമ്മ കാണാതിരിക്കാനായി ഞാൻ ജനാലയുടെ അടുത്തേക് നടന്നു... "ഞാൻ അമ്മയെ തിരിച്ചു കൊണ്ടാക്കട്ടെ? " എന്റെ ഈ ചോദ്യം അമ്മ പ്രതീക്ഷിച്ചില്ല... ചോദ്യരൂപേണ എന്നെ ഒന്ന് നോക്കി.... ഞാൻ അപ്പോഴും അമ്മയുടെ മുഖത്ത് നോക്കാതെ താഴേക്കു നോക്കി നിൽക്കുകയാണ്.... "നീ ഇങ്ങു വന്നേ ", അമ്മ എന്നെ വിളിച്ചു അടുത്ത് ഇരുത്തി, എന്റെ മുഖം ഉയർത്തി  ചോദിച്ചു നിനക്ക് എന്താ പറ്റിയെ, എന്നോട് എന്തെങ്കിലും പറയാൻ ഉണ്ടോ? " എനിക്ക് അമ്മയെ ഇനിയും പിരിഞ്ഞിരിക്കാൻ വയ്യ, എന്റെ കൂടെ വരരുതോ... ഒരു കുറവും വരുത്തില്ല ഞാൻ, പൊന്നു പോലെ നോക്കിക്കൊള്ളാം... എന്റെ കൂടെ വരുമോ??? "....   അത്രെയും നേരം ഞാൻ ഉള്ളിൽ ഒളിപ്പിച്ചു വച്ചിരുന്ന സങ്കടം എല്ലാം തോരാത്ത കണ്ണീരായി വന്നുകൊണ്ടിരിന്നു.... " ഞാൻ  വന്നാൽ നിന്റെ അനിയത്തിമാരെ, അവരുടെ  അച്ഛനെ ഒക്കെ ആര് നോക്കും "..." മ്മ് അറിയാം......   നമുക്ക് തിരിച്ചു പോകാം, ഞാൻ കൊണ്ടാക്കി തരാം വീട്ടിലേക് "...പോകാൻ എഴുനേറ്റു വന്ന അമ്മയുടെ കാൽ തൊട്ടു അനുഗ്രഹം വാങ്ങി.. പറയാനും ചോദിക്കാനും ഉള്ളതെല്ലാം മനസ്സിൽ തന്നെ കുഴിച്ചുമൂടി  ഞാൻ കാർ എടുക്കാൻ പോയി... അമ്മയെ വീട്ടിൽ ഇറക്കി, അവിടെ എല്ലാരോടും യാത്ര ചോദിച്ചു ഇറങ്ങിയപ്പോൾ എത്തിയിട്ട് വിളിക്കണം എന്നല്ലാതെ എന്നോട് അമ്മ ഒന്നും പറഞ്ഞില്ല...
എയർപോർട്ടിൽ എത്തുന്നത് വരെയും എന്റെ മനസ്സിൽ  അമ്മ യാത്ര അയക്കാൻ  വരും എന്നായിരുന്നു... ചെക്ക്- ഇൻ  ചെയ്തു കയറുമ്പോൾ പോലും ഞാൻ പുറത്തേക്കു നോക്കി... ഇല്ല... ആരും വന്നില്ല... ഇനി മാസങ്ങളിൽ നിന്നും വർഷങ്ങൾളിലെകു കാത്തിരിപ്പ് നീളുന്നു... ഒന്ന് അടുത്ത് കിട്ടാൻ, വിശേഷങ്ങൾ പറയാൻ, എല്ലാം പറഞ്ഞു കഴിഞ്ഞു ആ  തോളിൽ ചാഞ്ഞുകിടക്കാൻ........ 

ആരതി ( New Writer )

ഭാഗം വയ്ക്കൽ I Sreekala Mohan

 ഇന്ന് ഞായറാഴ്ച. രാവിലെ തന്നെ രാഘവൻ മാഷിന്റെ വീട്ടുമുറ്റത്ത് രണ്ട് കാറുകൾ വന്നു നിന്നു. ആരാണെന്നല്ലേ?

രാഘവൻ മാഷിന്റെയും ശാരദ ടീച്ചറിന്റേയും മക്കൾ വന്നിറങ്ങിയതാണ്.
മൂത്തവൻ രവി രണ്ടാമൻ മനു മൂന്നാമത്തെ മഞ്ജു. അങ്ങനെ മൂന്നുമക്കൾ. രവിയും മനുവും വിദേശത്താണ് ഭാര്യയും മക്കളുമായി.
മഞ്ജു നാട്ടിൽ തന്നെയുണ്ട്. വയസ്സായ അച്ഛനും അമ്മയും മാത്രമാണ് തറവാട്ടിൽ താമസം. വല്ലപ്പോഴും വന്ന് ഒരുദിവസം നിൽക്കാൻ പോലും മഞ്ജു മിനക്കെടാറില്ല.
പക്ഷെ ഇന്ന് കൃത്യ സമയത്തു തന്നെ ലീവ് ഇല്ലാതിരുന്നിട്ടും വിദേശത്തുള്ളവർ രണ്ടു പേരും എത്തി. കൂടെ മഞ്ജുവും എത്തി.
എന്താണ് വിശേഷം എന്നല്ലേ. കുറേ നാളായി മക്കൾ മൂന്നാളും കൂടി മാഷിനെ നിരന്തരം വിളിച്ച് ശല്ല്യപ്പെടുത്തുന്ന ഒരു കാര്യത്തിന് ഇന്നാണ് തീർപ്പു കൽപിക്കൽ.
മാഷിന്റെ സ്വത്തുക്കളുടെ ഭാഗം വയ്ക്കൽ ചടങ്ങിനു വേണ്ടിയാണ് എല്ലാവരും എത്തിയത്. അല്ലാതെ വയസ്സായ അച്ഛനേയും അമ്മയേയും കാണാനല്ല.
എല്ലാവർക്കും ഓരോരോ ആവശ്യം. കാശ് വേണം അച്ഛനും അമ്മക്കും വയസ്സായി ഇനി ഈ സ്വത്തും കെട്ടിപ്പിടിച്ചു ഇരുന്നിട്ട് എന്തിനാ. ഞങ്ങൾക്കാണെങ്കിൽ അത് കിട്ടിയാൽ നൂറുകൂട്ടം ആവശ്യങ്ങൾ നടക്കും.
അപ്പോൾ മാഷും വിചാരിച്ചു ഞങ്ങൾക്ക് ഇനി എന്തിനാ ഇതൊക്കെ. എല്ലാം മൂന്നാൾക്കും കൂടെ വീതം വച്ച് കൊടുക്കാം. അതാണ് ആണ്ടിൽ ഒരിക്കൽപോലും അച്ഛനേയും അമ്മയേയും കാണാൻ വരാത്ത രണ്ട് ആൺമക്കൾ ഓടിപ്പാഞ്ഞ് എത്തിയത്. ഇപ്പോൾ അവർക്ക് ലീവൊക്കെ കിട്ടി.
എല്ലാവരും വന്നു അക്ഷമരായി വലിയ ഹോളിൽ കാത്തിരിപ്പുണ്ട്. ജോലിക്കാരി വനജ എല്ലാപേർക്കും കുടിക്കാൻ കൊണ്ടു വന്നു കൊടുത്തു. രണ്ടാളുടേയും ഭാര്യയും മക്കളും വന്നിട്ടില്ല.
അതാ രാഘവൻമാഷും ശായദ ടീച്ചറും ഇറങ്ങി വന്നു. മക്കളെ കണ്ട അവരുടെ കണ്ണുകളിൽ സന്തോഷം. അവർ നാലുപാടും നോക്കി. തങ്ങളുടെ പേരകുട്ടികളെ ഒരു നോക്കു കാണാൻ.
അതു മനസ്സിലാക്കിയ രവി പറഞ്ഞു
മക്കൾക്കും അവൾക്കും ലീവില്ലമ്മേ അതാ വരാതിരുന്നത്.
മനൂ നിനക്കും ഇതായിരിക്കുമല്ലോ പറയാനുള്ളത്. അതുകെട്ട മനു തലകുനിച്ചു.
എന്നാൽ ഇനി കാര്യത്തിലേക്ക് കടക്കാം. എന്താണ് നിങ്ങളുടെ ആവശ്യം. ആദ്യം മൂത്തവനായ രവി തന്നെ പറയൂ മാഷ് ആവശ്യപ്പെട്ടു.
അവൻ മനുവിനേയും മഞ്ജുവിനേയും നോക്കി. അച്ഛാ എനിക്കവിടെ ഒരു വില്ല വാങ്ങാനാണ്. ഇവിടുന്ന് എനിക്കുള്ള ഓഹരി വിറ്റിട്ട് അത് വാങ്ങാനാണ് പരിപാടി. ഞങ്ങൾ ഏതായാലും ഇങ്ങോട്ട് വരാൻ പോകുന്നില്ല. പിന്നെ ഇത് ഇവിടെ ഇട്ടിട്ട് എന്തിനാ. അതാകുമ്പോൾ വാടകക്ക് കൊടുത്താലും ലക്ഷങ്ങൾ കിട്ടും.
നിനക്കോ മനു?
അച്ഛാ ഞാൻ അവിടെ ഒരു ബിസ്നസ്സ് ചെയ്യാനുള്ള പരിപാടിയാ. കുറേ കാശ് അവളുടെ അച്ഛൻ തന്നു സഹായിക്കും. ബാക്കി ഇവിടുന്ന് കിട്ടുന്നത് കൊണ്ട് അഡ്ജസ്റ്റ് ചെയ്യാം എന്നു വിചാരിക്കുന്നു.
മഞ്ജുവോ എന്തു പറയുന്നു.
അച്ഛന് അറിയാമല്ലോ എനിക്ക് രണ്ട് പെൺമക്കളാ. അവരെ കെട്ടിച്ചു വിടണമെങ്കിൽ ഇന്നത്തെ കാലത്ത് എത്രയാ ചിലവ്.
ശരി എല്ലാവർക്കും ഉള്ളത് ഞാൻ തരാം.
മാഷ് പറഞ്ഞു.
എല്ലാവരുടേയും മുഖം തെളിഞ്ഞു.
മൂന്നുപേർക്കും ഉള്ളത് ഏതൊക്കെയെന്ന് മാഷ് പറഞ്ഞു. പക്ഷെ ആ വലിയ വീടും
അതിനോട് ചേർന്നുള്ള ഒരു ഏക്കർ സ്ഥലത്തിന്റെ കാര്യം ഒന്നും പറഞ്ഞു കേട്ടില്ല. മൂന്നുപേരും അതെപറ്റി ചോദിച്ചു.
ഇത് ആർക്ക് കൊടുക്കാനാ അച്ഛാ?
മാഷ് പറഞ്ഞു എന്റെ എല്ലാ സ്വത്തുക്കളും നിങ്ങൾക്ക് ഞാൻ ഭാഗം വച്ച് തരും.
പക്ഷെ നിങ്ങളോട് ഒരു ചോദ്യം?
മൂന്നുപേരും എന്താണെന്നറിയാൻ മാഷിന്റെ മുഖത്തേക്ക് നോക്കി.
അതേ ഞങ്ങളെ ആർക്കും വേണ്ടേ?
അതു ചോദിക്കുമ്പോൾ മാഷിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.
നിങ്ങൾ ഇനി ഞങ്ങളെ വീതംവയ്ക്ക്.
മൂന്നുപേരും അതുകേട്ട് മുഖത്തോടു മുഖം നോക്കി. ആര് നോക്കും അച്ഛനേയും അമ്മയേയും.
ഇവിടെയുള്ളത് മഞ്ജുവല്ലേ അവൾ.നോക്കട്ടേ?
അതെങ്ങനാ ചേട്ടാ ആൺമക്കളുടെ കൂടെയല്ലേ അച്ഛനമ്മമാർ നിൽക്കേണ്ടത്.
മകളെ കെട്ടിച്ചു വിട്ടിടത്താണോ?
അതു ശരിയാവില്ല.
എന്നാൽ മൂത്തത് ചേട്ടനല്ലേ ചേട്ടൻ കൊണ്ട് പോയ്ക്കോ.
അമ്മയെ വേണമെങ്കിൽ ഞാൻ കൊണ്ടു
പോകാം. മനു അച്ഛനെ കൊണ്ടു പോയ്ക്കോ.
അതു കൊള്ളാം അമ്മയെ കൊണ്ട് വീട്ടുജോലി ചെയ്യിക്കാമല്ലോ അല്ലേ?
അച്ഛനെ കൊണ്ട് എന്ത് ചെയ്യിക്കാനാ. അമ്മയെ ഞാൻ കൊണ്ടു പോകാം
നിർത്ത് നിങ്ങളുടെ ലേലം വിളി. നിങ്ങൾക്കുള്ളത് നാളെതന്നെ ഭാഗം വച്ച് തരും. അതും വാങ്ങി പൊയ്ക്കോളണം.
ഞങ്ങൾക്ക് വേണ്ടിയാ ഈ വീടും പറമ്പും.
ഇവിടെ ആരൊരുമില്ലാതെ ഞങ്ങളെ പോലുള്ള കുറച്ചു പേരെ ഞങ്ങൾ ഇവിടെ താമസിപ്പിക്കും. ഇനി മുതൽ അവരാണ് ഞങ്ങൾക്ക് സ്വന്തക്കാർ. ഭാഗം വാങ്ങി എല്ലാവരും നാളെത്തന്നെ സ്ഥംലം വിട്ടോളണം. അകത്തു നിന്നും ഒരു തേങ്ങൽ കേട്ടു. മാഷ് നോക്കുമ്പോൾ ടീച്ചർ. താൻ എന്തിനാ സങ്കടപ്പെടുന്നെ തനിക്ക് ഞാനുണ്ട്. നമ്മളെ ഭാഗം വയ്ക്കാൻ ആരും വരില്ല. അതിന് ആരെയും ഞാൻ അനുവദിക്കില്ല ടീച്ചറെ. മാഷ് ടീച്ചറിനെ തന്റെ ചുമലിലേക്ക് ചേർത്തു ആ നെറ്റിയിൽ തലോടി. അതു കണ്ട മക്കളുടെ തല അറിയാതെ താണുപോയി.
(ശുഭം)
ശ്രീകല മോഹൻ

അമ്മ I Ammu Santhosh


 തനിക്ക് തോന്നിയതാവുമോ?
ഇങ്ങനെ ഒരു ചിന്ത എങ്ങനെ എന്റെ ഉള്ളിൽ വന്നു ഭഗവാനെ...
മീര നീറുന്ന മനസ്സോടെ അടുക്കളയിൽ ജോലികൾ തുടർന്നു. വെളുപ്പിന് അഞ്ചു മണിക്ക് എഴുനേറ്റു സർവവും ചെയ്തു വെച്ചിട്ട് വേണം മഹേഷിനും തനിക്കും പോകാൻ. തന്റെ ട്രെയിൻ എട്ട് മണിക്കാണ്. മഹേഷിന് കുറച്ചു കൂടി വൈകി മക്കളെ സ്കൂളിൽ വിട്ടിട്ട് പോയാൽ മതി. വൈകുന്നേരവും മഹേഷ്‌ ആദ്യമേത്തും. കുട്ടികൾ സ്കൂളിൽ നിന്നു നേരേ ട്യൂഷൻ ക്ലാസ്സിലേക്കാണ് പോവുക. അവിടെ നിന്നു മഹേഷ്‌ കൂട്ടി വരികയാണ് പതിവ്. അത് ഒരു ആശ്വാസം ആയിരുന്നു ഈ അടുത്ത കാലം വരെ.
മഹേഷിൽ ഒരു മാറ്റം തോന്നി തുടങ്ങിയത് എന്നാണ്?
അവൾ ഓർത്തെടുക്കാൻ ശ്രമിച്ചു.
സ്നേഹമോൾ വയസ്സറിയിച്ചു കഴിഞ്ഞു ഒരു ദിവസം
മോളുടെ മുറിയിൽ രാത്രി എന്തൊ ശബ്ദം കേട്ട് ഉണർന്നപ്പോൾ അരികിൽ മഹേഷ്‌ ഇല്ല. വേഗം ഓടി അവിടെ ചെന്നപ്പോൾ മഹേഷ്‌ മോളുടെ മുറിയിൽ ഉണ്ട്. തെല്ലു കുനിഞ്ഞു മോളുടെ ഉടലിലേക്ക് ഒന്ന് ആഞ്ഞതും
എന്താ ഒരു ശബ്ദം കേട്ടത് എന്ന് താൻ ചോദിച്ചതും വിളർച്ചയോടെ മഹേഷ്‌ പെട്ടെന്ന് മോളുടെ ഉടലിലെ മാറി കിടന്ന പുതപ്പ് നേരെയാക്കിയതും പെട്ടന്നായിരുന്നു. അന്ന് താൻ അത് അത്ര കാര്യം ആക്കിയില്ല
പൂച്ച കയറിയ പോൽ തോന്നി എന്ന് മഹേഷ്‌ പറഞ്ഞത് വിശ്വസിച്ചു.
അങ്ങനെ അവിശ്വസിക്കേണ്ട കാര്യവും ഇല്ല. സ്വന്തം മക്കളല്ലേ? എന്നാലും ഉള്ളിൽ എവിടെയോ ഒരു കരട് വീണു. അറിയാതെ മഹേഷിനെ ശ്രദ്ധിച്ചു തുടങ്ങി.
സ്നേഹമോളെയാണ് മഹേഷിന് കൂടുതൽ ഇഷ്ടം എന്ന് പറഞ്ഞു അനു മോൾ എപ്പോഴും വഴക്കിടും
അവളെന്റെ മൂത്ത മോളല്ലേ എന്ന് പറഞ്ഞു മഹേഷ്‌ അവളെ മടിയിലിരുത്തി ഇറുക്കി കെട്ടിപ്പിടിച്ചു
ഉമ്മ
വെയ്ക്കുന്നത് അച്ഛന്റെ വാത്സല്യമായേ ആദ്യമൊക്കെ തോന്നിയിട്ടുള്ളൂ. പിന്നെപ്പോഴോ അതിൽ അസ്വഭാവികത തോന്നി തുടങ്ങി. ഉള്ളിൽ അപ്പൊ ഒരു തേരട്ട ഇഴഞ്ഞു നടക്കും പോലെ.. ഒരു തീ ആളുന്നത് പോലെ.. ഈശ്വര ഇത് ഒരു തോന്നൽ മാത്രം ആയിരിക്കണേ എന്ന് പ്രാർത്ഥിക്കുമ്പോഴും അല്ല അല്ല എന്ന് ഉള്ളിലാരോ വിളിച്ചു പറയും പോലെ. അത് ഒരമ്മയ്ക്ക് മനസിലാവും. ഭർത്താവിന്റെ മാറ്റം എളുപ്പം ഭാര്യക്ക് മനസിലാകും പോലെ തന്റെ കുഞ്ഞിനെ ചുറ്റുന്ന കണ്ണുകളെ അമ്മയ്ക്ക് മനസിലാകും.
അവൾ ശരിക്കും ഉറങ്ങിയിട്ട് ദിവസങ്ങളായി. മോളു കുളിക്കുന്ന ബാത്‌റൂമിന്റെ മുന്നിൽ സംശയാസ്പദമായ നിലയിൽ മഹേഷിനെ കണ്ടപ്പോൾ തുടങ്ങി ആധിയാണ്. അയാളപ്പോൾ മൊബൈലിൽ എന്തൊ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. അവൾ തിരിഞ്ഞു കൂടെ കിടക്കുന്ന മഹേഷിനെ നോക്കി. അയാൾ നല്ല ഉറക്കം. അവൾ മെല്ലെ എഴുനേറ്റ് അയാളുടെ മൊബൈൽ എടുത്തു. ഓപ്പൺ ആവുന്നില്ല. അയാളുടെ തന്നെ ഫിംഗർ പ്രിന്റ് ഉപയോഗിച്ച് ഓപ്പൺ ചെയ്തു. വെറുതെ നോക്കി. ഗാലറിയിൽ എത്തിയപ്പോൾ ഫോട്ടോകൾ ഓരോന്ന് നോക്കിയപ്പോൾ അവൾ വീഴാതെയിരിക്കാൻ ഭിത്തിയിൽ മുറുകെ പിടിച്ചു. സ്നേഹമോളുടെ ചിത്രങ്ങൾ. വസ്ത്രം മാറുന്നതിന്റ, കുളിക്കുന്നതിന്റ, ഉറങ്ങുന്നതിന്റ. ഒക്കെ..വീഡിയോകളും ഉണ്ട്.
എന്റെ ദൈവമേ! അവൾ കരച്ചിൽ അയാൾ കേൾക്കാതിരിക്കാൻ വാ പൊത്തി നിലത്ത് ഇരുന്നു മുട്ടിൽ മുഖം പൂഴ്ത്തി.
ഒരാഴ്ച കഴിഞ്ഞുള്ള ഒരു ഞായറാഴ്ച
"നമുക്കു മഹാബലിപുരത്ത് ഒന്ന് പോകണം "
മീര പ്രണയാർദ്രമായി മഹേഷിനെ ഒന്ന് നോക്കി.
"അതെന്താ പെട്ടെന്ന്?"
"എനിക്കൊരു നേർച്ചയുണ്ട്. അന്ന് മഹേഷിനൊരു വയറു വേദന വന്നില്ലേ?എത്ര മരുന്ന് കഴിച്ചു? മാറിയോ? അവിടെ നേർച്ച നേർന്നിട്ടാ മാറിയത് "
അയാൾ പുഞ്ചിരിച്ചു
"പോകാമല്ലോ മക്കൾക്ക് ക്ലാസ്സ്‌ ഇല്ലാത്ത ദിവസം പോകാം "
"അത് ശരി. അവർക്ക് ഈ യാത്ര ഒന്നും ഇഷ്ടം അല്ലെന്നേ. പ്രത്യേകിച്ച് തമിഴ്നാട് വരെ. അവർ മുത്തശ്ശിയുടെ അടുത്ത് പോകണം ന്ന് പറഞ്ഞിരിക്കുവാ "
"നമുക്ക് സ്നേഹമോളെ കൊണ്ട് പോകാം "അയാൾ പെട്ടെന്ന് പറഞ്ഞു.
അവളുടെ പല്ല് ഞെരിഞ്ഞമ്മർന്നു. അയാളുടെ കണ്ണിലെ കഴുകനെ അപ്പൊ അവൾ വ്യക്തമായി കണ്ടു
"അവൾക്ക് എക്സാം അല്ലെ? പോരെങ്കിൽ ശർദിക്കും. നമുക്ക് നാളെ പോയിട്ട് മറ്റന്നാൾ വരാല്ലോ "അവൾ ചിരി അഭിനയിച്ചു
അയാൾ മനസ്സില്ലമനസ്സോടെ തലയാട്ടി..
ക്ഷേത്രത്തിൽ തൊഴുതു ഇറങ്ങുമ്പോൾ അവൾ ദൂരെയുള്ള കുന്നിലേക്ക് കൈ ചൂണ്ടി
"എന്ത് ഭംഗിയാ അല്ലെ? നമുക്ക് കുറച്ചു നേരം അവിടെ പോയിരുന്നു വർത്താനം പറയാം എത്ര നാളായി നമ്മളൊറ്റയ്ക്ക് കുറച്ചു നേരം..?"
അയാൾ തടസ്സമൊന്നും പറഞ്ഞില്ലെങ്കിലും ഒട്ടും താല്പര്യമില്ല എന്ന് ആ മുഖം വിളിച്ചു പറഞ്ഞു.
കുന്നിന്റെ മുകളിൽ നല്ല കാറ്റ് ഉണ്ടായിരുന്നു. ഉച്ച ആയത് കൊണ്ട് അവിടെ ആരുമുണ്ടായിരുന്നില്ല താനും.
"മഹേഷിന്റെ ഫോൺ ഒന്ന് തന്നെ "അവൾ കൈ നീട്ടി
അയാൾ പെട്ടെന്ന് വിളറി വെളുത്തു
"ഇതെന്താ പേടിക്കുന്നെ?"
"ഹേയ്.."
"എന്റെ ഫോൺ കാറിലായി പോയി. ഒരു ഫോട്ടോ എടുക്കട്ടെ.. നല്ല ഭംഗി മഹേഷിനെ ഇപ്പോൾ കാണാൻ "
അയാൾ ക്യാമറ ഓൺ ആക്കി കൊടുത്തു
"അങ്ങനെ നിൽക്കെ.. ഇച്ചിരി കൂടി ബാക്കിൽ.. ഓക്കേ "
അവൾ ക്യാമെറയിലൂടെ നോക്കി കൊണ്ട് മുന്നോട്ട് ചെന്നു
"സൂപ്പർ.. ചിരിച്ചേ "
അയാൾ മെല്ലെ ചിരിച്ചു. അതേ നിമിഷം തന്നെ അവളുടെ കൈ അയാളുടെ നെഞ്ചിൽ ശക്തിയായി പതിച്ചു
താഴേക്ക്..
താഴേക്ക്..
താഴെ പാറക്കൂട്ടങ്ങൾക്കിടയിൽ തലയടിച്ചു ചിതറുന്നത് വരെ അവൾ നോക്കി നിന്നു.
"ചത്തു പോടാ ശവമേ "അവൾ അമർത്തി പറഞ്ഞു
പിന്നെ മൊബൈലിലെ മകളുടെ സകല ഫോട്ടോയും വീഡിയോയും ഡിലീറ്റ് ചെയ്തു.
പിന്നെ ശാന്തമായി പോലീസിന്റെ നമ്പർ ഡയൽ ചെയ്തു.
"ആരെങ്കിലും വിചാരിച്ചോ ഈശ്വര.. ഇങ്ങനെ സംഭവിക്കും ന്നു.. മഴ പെയ്തു തെന്നിക്കിടക്കുന്ന പാറകളായിരുന്നു അല്ലെ മോളെ?"
കൂടെ ജോലി ചെയ്യുന്ന വനജ ചേച്ചി ചോദിച്ചപ്പോൾ
മീര കുഞ്ഞുങ്ങളെ ചേർത്ത് പിടിച്ചു കരഞ്ഞു കലങ്ങിയ കണ്ണുകളോടെ തലയാട്ടി..
"വിധി "ആരോ പറഞ്ഞു
മീര മാല ചാർത്തിയ അയാളുടെ ഫോട്ടോയിലേക്ക് നോക്കി
വെറുപ്പോടെ
അറപ്പോടെ..
പിന്നെ മക്കളെ ഒന്നുകൂടി നെഞ്ചിൽ ചേർത്ത് പിടിച്ചു..
ഉറപ്പോടെ

By Ammu Santhosh

ഭാവി I AadhiWarrier

 ഭാവിയിൽ ആരാകണമെന്നാണ്
ആഗ്രഹമെന്നാണ് ചോദ്യം ...
കറുത്ത ബോർഡിൽ നല്ല കയ്യക്ഷരത്തോടെ
മാലിനി ടീച്ചർ അതെഴുതിവച്ചു ....
എല്ലാവരും നാളെ മറക്കാതെ ഇതെഴുതികൊണ്ടുവരണം ...
നല്ല കുറിപ്പുകൾക്കു സമ്മാനമുണ്ട് ......
ബെല്ലടിയുടെ ആരംഭത്തിനു മുമ്പേതന്നെ
സഞ്ചിയിലേക്കു ബുക്ക് തിരുകുന്ന
തിരക്കിലായിരുന്നു അപ്പുണ്ണി .....
ഇനിയിപ്പൊ നേരെ പോവേണ്ടത് അമ്മ
വേലയ്ക്കു നിക്കണ വീട്ടിലേക്കാണ്..
അവിടെ എണ്ണയാട്ടുന്ന ഒരു ചക്കുണ്ട് ....
അവിടെനിന്നു എണ്ണയൊക്കെ പാത്രത്തിലാക്കി
കവലയിലെ തോമസ്സുമാഷിന്റെ കടയിൽ
കൊടുക്കണം എന്നിട്ട് വയ്‌ക്കോലെടുത്തു
തിരിച്ചെത്തി പശൂനെ കുളിപ്പിക്കണം ....
അപ്പുണ്ണിയ്ക്ക് പേടിയാണ് പശൂനെ ....
പക്ഷെ അങ്ങനെ ചെയ്തിലെല് നാരായണിത്തള്ള
അനാവശ്യം വിളിച്ചു പറയും ....
അമ്മയെ പണ്ടേതോ പണ്ടിച്ചെക്കൻ
കെട്ടിക്കൊണ്ടു വന്നിട്ട് ഇവിടെ ഉപേക്ഷിച്ചതാണെത്രെ ....
അങ്ങാനാവുമ്പോ അപ്പുണ്ണിടെ
അച്ഛനൊരു തമിഴനാത്രേ .....
അതിലൊന്നും അപ്പുണ്ണിക്ക് സങ്കടമില്ല ...
പക്ഷെങ്കി മൂപ്പരിന്നേവരെ അപ്പുണ്ണിയെ കാണാൻ വന്നിട്ടേയില്ലത്രേ ....അപ്പുണ്ണിയുടെ ചങ്ങായിയുണ്ട്
അവന്റെ അച്ഛനങ് തമിഴ്നാട്ടിലാണ് ...
അവിടെയുള്ളോരൊക്കെ വല്യ ദേഷ്യക്കാരാണത്രെ .....
അങ്ങനെ വരുമ്പൊ അപ്പുണ്ണിടെ അച്ഛനും വല്യ ദേഷ്യക്കാരനാകും ......
ചക്കിലേക്കുള്ള ഓട്ടത്തിൽ
വെള്ളാട്ടുകടവിലെ വല്യ മരത്തിന്റെ
വേരില് തട്ടി അപ്പുണി വീണു ....
കരയാനൊന്നും നേരമില്ല ...
അല്ലേലും അപ്പുണ്ണി കരയാറില്ല ....
അമ്മ പറഞ്ഞേക്കുന്നത് ഒന്നിനും
കരയരുതെന്നാണ് ...
പരിയാരം വീടിനോടു ചേർന്നുള്ള
തോട്ടുവക്കില് തത്തപ്പച്ച നിറത്തിലെ
ചെടി പറിച്ചെടുത്തു വച്ചാല് മുറിവൊക്കെ വേഗം ഉണങ്ങുമെന്നു അപ്പുണ്ണിയ്ക്കറിയാം ....
ഇന്നാളൊരു ദീസം പണിചെയ്യുന്ന
വീട്ടിലെ ഓട്ടുരുളി ആരാണ്ടൊ കട്ടോണ്ടു
പോയപ്പൊ അവിടത്തെ പണിക്കരമ്മാവൻ
അമ്മെടെ പുറത്തു ചൂരലു കൊണ്ടു തല്ലുന്നത്
അപ്പുണ്ണിയും കണ്ടു നിന്നതാണ് .....
തൊണ്ടയിലേക്കു വന്ന നിലവിളി
പുറത്തേക്കു വരാതെ അമ്മയെന്ന്
കണ്ണുകളൊക്കെ ഇറുക്കിയടച്ചു നിന്നതാണ് .....
രാത്രി പെരുമഴ പെയ്യുമ്പോ പൊട്ടിയ
ഓലകീറിലൂടെ വെള്ളമിങ്ങനെ താഴേക്കു വീഴും ...
അവിടെയാ സ്ഥാനത്തു അമ്പാട്ടിലെ
പഴയൊരു ഇഡ്ഡലിപാത്രം വച്ചിട്ട് വെളളം പിടിക്കും ...
മഴയെക്കാൾ അമ്മെടെ കണ്ണീരുണ്ടെന്നു
അപ്പുണ്ണിക്ക്‌ തോന്നി ....
ബ്ലൗസ് മാറ്റി പുറം തിരിഞ്ഞു നിന്നിട്ട് അമ്മ
അപ്പുണ്ണിയോട് ചോയ്ക്കും ...
" ചോയ്പ്പുണ്ടോ ഉണ്ണിയേയ് .....
അപ്പുണ്ണി മൂളികൊണ്ടു തലയാട്ടും ....
തറയിലൂടെ അട്ട പോവുന്നപോലെയാണ്
അമ്മെടെ പുറത്തു പാടുകൾ ....
"ഉണ്ണീ പോയി പരിയാരത്തെ
ഇലയെടുത്തുവാ ...
നനയാതെപോകാൻ അപ്പുണ്ണിക്കു
കഴിയാറില്ല ...നനഞ്ഞ തോർത്തെടുത്തു
തലയിട്ടു ചെമ്മനത്തെ പഴയ വാറുപൊട്ടിയ
ചെരുപ്പ് ഒരണ്ണം കാലിലും മറ്റേതു
വാറുകയറ്റിക്കൊണ്ടും ഇരുട്ടിലേക്കു
അപ്പുണ്ണി ഓടിമറയും ......
തല്ലിയെടുത്ത ഇലച്ചാറിടുത്തു
അമ്മെടെ പുറകിലേക്കൊഴിക്കുമ്പോ
അപ്പുണ്ണി ശബ്ദമിടറിക്കൊണ്ട് ചോയിക്കും ...
"നീറ്റലുണ്ടോ അമ്മെ ....."
വിങ്ങിപ്പൊട്ടിയ ശബ്ദത്തോടെ
ഇറുക്കെ കണ്ണുകളടച്ചു
അമ്മ നുണപറയും ......
അവധിദിവസങ്ങളിൽ പരിയാരത്തെ
തൊടിയിലെ കശുമാവിൻ ചുവട്ടിലാണേൽ
കുട്ട്യോളൊക്കെ കാണാറുണ്ട് ....
എന്നാലവരൊന്നും അപ്പുണ്ണിയെ കളിക്കാൻ കൂട്ടാറില്ല ....എന്നുവച്ചാല് അന്നൊന്നും
കളിച്ചുനടക്കാനൊന്നും അപ്പുണ്ണിക്കു
സമയമില്ല ...
തൊടിയിലെ ഉണങ്ങിയ ഓലയും
വീണുകിടക്കുന്ന തേങ്ങയുമൊക്കെ
പെറുക്കികൂട്ടി അങ്ങേക്കില്ലേ പഴയ
ഓടുകെട്ടിടത്തിൽ കൊണ്ടിടണം ..
ഉച്ചവെയിലത്തു ഊരണതെന്തെലും
കാണുമെന്നു പറഞ്ഞു അപ്പുണ്ണിയുടെ
അമ്മയും കൂടെകാണും ...
അന്നാണ് അപ്പുണ്ണിക്കു പണിക്കത്തു
നിന്നു ചോറും കൂട്ടാനും കിട്ടുന്നത് ....
വക്കുപൊട്ടിയ ഒരു പ്ലാസ്റ്റിക് പാത്രമുണ്ട് ...
നിറയെ പൂക്കളുടെ ചിത്രമുള്ള ഒരു പാത്രം ...
അതിന്റെ നിറമൊക്കെ മങ്ങിത്തുടങ്ങിയിട്ടുണ്ട് എന്നാലും അപ്പുണി പറയണത് അതിനു അവന്റെ വീട്ടിലെ പാത്രങ്ങളേക്കാൾ ഭംഗിയുണ്ടെന്നാണ് .....
പഴകിയ ചോറും കൂട്ടത്തില് ഇന്നലത്തെ
കറികളുമൊക്കെ ഒരുമിച്ചാക്കി
അപ്പുണ്ണിക്കു കൊടുക്കും ....
അവനതു ഒരു പറ്റുപോലും ബാക്കിവയ്ക്കാതെ കഴിക്കും ....ഒന്നിനും പരാതി പറയാൻ അവനാകുമായിരുന്നില്ല ....
പാത്രം കഴുകുന്ന നേരത്തു
അമ്മയവനോടു ചോയ്ക്കും ..
ഉണ്ണീ ...ചോറു മതിയോ ...
ഇല്ലെന്നു പറഞ്ഞാലും ചൊറിനി
കിട്ടില്ലാന്നു അവനു നന്നായറിയാം ...
ചിരിച്ചുകൊണ്ട് അവനും നുണപറയും .....
സന്ധ്യയ്ക്കു മഴപെയ്യുന്നത് നന്നല്ലെന്നു
അവനോടു അമ്മ പറഞ്ഞിട്ടുണ്ട് ...
പക്ഷെ നല്ലതായുള്ള എന്താണു
അപ്പുണ്ണിയ്ക്കുള്ളതെന്നു ചിന്തിക്കാറുണ്ട് .....
കവലയില് എണ്ണ കൊടുക്കാൻ പൊവുന്ന നേരത്തൊക്കെ വാസുവേട്ടന്റെ ചായക്കടയില് തമിഴര് പൊറോട്ട കഴിക്കുന്നത് കണ്ടിട്ടുണ്ട് ...
അപ്പുണ്ണി വെറുതെയെങ്കിലും അവിടെയാ കഴുക്കോലിന്റെ അറ്റത്തു പിടിച്ചോണ്ട് നില്ക്കും ...
"കൊതിക്കാണ്ട് പോടാ ചെറുക്കാ ...."
വാസുവേട്ടന്റെ പണിക്കാരൊക്കെ
ആട്ടും ....
അപ്പുണ്ണിക്കു കൊതിയായിട്ടല്ല ...
അക്കൂട്ടത്തിൽ അപ്പുണ്ണിയുടെ അച്ഛനെങ്ങാനുമുണ്ടാകുമോ
എന്നോർത്താണ്‌ അവനവിടെ നില്ക്കുന്നത് തന്നെ .....
ഇന്നാളൊരു ദീസം അമ്പലത്തിലെ
എംബ്രാന്തിരി അവിടെ പറയണത് കേട്ടുവത്രെ ...
മോൾക്ക് വിശേഷമുണ്ടെന്നും ഇപ്പൊ പലഹാരങ്ങളൊക്കെ ഒത്തിരി വരുന്നുണ്ടെന്നും ....
പഞ്ചറായ കീറിയ ടയറുമുരുട്ടി അപ്പുണ്ണി
അമ്മെടെ അടുത്തേക്കു ഓടിച്ചെന്നു ചോദിച്ചു ....
"അമ്മെ വയറ്റിൽ വിശേഷമുണ്ടച്ചാ എന്തിനാ ഇങ്ങനെ പലഹാരങ്ങൾ കൊടുക്കണേ ....."
"അതോ ...അതവർ സ്നേഹം കൊണ്ടല്ലേ ഉണ്ണിയേയ് ....."
"അപ്പൊ അമ്മയ്ക്കു കിട്ടീട്ണ്ട ....."
മറുപടിയായി അമ്മയൊന്നും പറഞ്ഞില്ല ....
നാളെ മാലിനി ടീച്ചർ പറഞ്ഞ
കുറിപ്പിന് അപ്പുണ്ണി രണ്ടു വാചകമേ
എഴുതിയുള്ളൂ ....
അമ്മെടെ ദീനം മാറ്റണം ....പണിക്കത്തു വീട്ടിലെ ചോറു കൂടുതല് കിട്ടണം ...
തമിഴ്‌നാട്ടിലേക്ക് പോവാൻ അച്ഛനെ കണ്ടുപിടിക്കാൻ അപ്പുണ്ണി ഇനീം വലുതാവണമെന്നാണ് കടവിലെ
ചേട്ടനും പറഞ്ഞത് അതോണ്ട് പെട്ടെന്നു വലുതാവണം ...
പിറ്റേന്നു മാലിനി ടീച്ചർ
അവനെയെഴുന്നേല്പിച്ചു നിർത്തി എന്നിട്ട് അപ്പുണ്ണിയോടു ചോയ്ച്ചു ...
"ഡാ നിനക്കാരാകണമെന്നാണ്
ആഗ്രഹമെന്നല്ലേ ചോദിച്ചത് ...
അല്ലാതെ നിന്റെ മോഹങ്ങളല്ലലോ ...."
തലതാഴ്ത്തി നിന്ന അപ്പുണ്ണി പെട്ടെന്നു
ടീച്ചറോട് പറഞ്ഞു ....
"ടീച്ചറെ അമ്മ പറഞ്ഞത് ഭാവിയില്
ആരായാലും എല്ലാവരോടും സ്നേഹം കാണിക്കണമെന്നാണ് ...."
"എന്നിട്ട് നീയതെന്താ എഴുതാത്തെ ....."
"അത് ...അമ്മ പറഞ്ഞത് ...
അച്ഛനു അമ്മയെ ഒരുപാടു
സ്നേഹമുണ്ടെന്നാണ് ...
എന്നിട്ട് അച്ഛൻ എന്നെയോ
അമ്മയെയോ കാണാൻ ഇന്നുവരെ വന്നില്യ ...അതോണ്ട് എനിക്കാരേം സ്നേഹിക്കണ്ട ......
അങ്ങനെയുള്ള സ്നേഹോം വേണ്ട ......"
അപ്പുണ്ണി കരഞ്ഞുതുടങ്ങി ......
കരയാൻ പാടില്ലായെന്ന
അമ്മയുടെ വാക്കുകൾ അവനപ്പോ ഓർത്തു .....
കണ്ണുനീർ തുടച്ചവൻ കവിളുകളും അമർത്തിതുടച്ചു .....
പരിയാരത്തെ തത്തപ്പച്ചയിലകൾ
അപ്പാടെ മണ്ണിലടിയിലാവുന്ന തരത്തില്
തോട്ടിലെ വെളളം കരയ്ക്കു കയറി ....
മഴ പെയ്തുകൊണ്ടേയിരുന്നു ........
By Aadhi Warrier

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo