Showing posts with label Kadambari. Show all posts
Showing posts with label Kadambari. Show all posts

"പെൺതത്ത"


"പെൺതത്ത"
*****************
പെണ്ണ് ഒരു പെൺതത്തയല്ലേ..?
പത്ത്മാസം അമ്മയൊരുക്കിയ കൂട്ടിൽ 
പറക്കമുറ്റുംവരെ അച്ഛനൊരുക്കിയ കൂട്ടിൽ
പറക്കമുറ്റിയാൽ
പുതുമയുള്ള പുതിയൊരു കൂട്ടിൽ
അതും
വാങ്ങുന്നവന്
വിലനൽകി വിൽക്കുന്ന തത്ത
വിശപ്പടക്കാൻ
വാങ്ങിയവന്‍റെ പേര്
വായിട്ടലയ്ക്കണം
കൂട് വിട്ട് പുറത്തിറങ്ങിയാൽ
കൂടെ കൂട്ടാൻ
കാട്ടുപൂച്ചകളനവധി
വളർത്താനല്ല
പിന്നെയോ ..?
പനയോല നൽകി
നാവ് വഴക്കാൻ
വഴങ്ങിയ നാവിനാൽ
വാക്കുകൾ പറയിക്കാൻ
വഴങ്ങാത്ത നാവിന്
വീണ്ടും പനയോല
വഴങ്ങും വരെ
വഴങ്ങാത്ത വാക്കിനും
വഴങ്ങേണ്ട തത്ത
വഴങ്ങുവാൻ മാത്രം
വളർത്തുന്ന തത്ത.
കാദംബരി.
**************

വാട്ട്കപ്പയും ഉണക്കമീനും.


വാട്ട്കപ്പയും ഉണക്കമീനും.
************************************
അമ്മയിൽനിന്നും അടർത്തിയെടുത്ത്
തോലുരിഞ്ഞുകൊത്തിനുറുക്കി 
പച്ചവെള്ളത്തിൽ കഴുകി
ചൂടുവെള്ളത്തിൽ പുഴുങ്ങി
സൂര്യതാപത്തിൽ നീറ്റിച്ച്
ശ്വാസവായുവും നിഷേധിച്ച്
ഗണപതിവാഹകനെ പേടിച്ച്
പത്തായപ്പുരയിലുറങ്ങിയത്
ഏതാണ്ടൊരാണ്ട്.
പഞ്ഞക്കർക്കിടകത്തിലെ
ഒരു പകലിന്റെ അന്ത്യത്തിൽ
പട്ടിണിയിലായ ഒരു കുടുംബിനി
കെട്ടഴിച്ചുവാരി ചട്ടിയിലിട്ടു
അതും നിലയില്ലാത്ത വെള്ളത്തിൽ
ഒരു രാത്രിയിലെ ഉറക്കവും കഴിഞ്ഞ്
കാലത്ത് കുളിച്ചീറനായി
തിളച്ച ലാവയുടെ അടിത്തട്ടിലേയ്ക്ക്
ഇടയ്ക്കിടയ്ക്ക് തവിയിലേറി
വെളിയിൽ വന്നൊരു ഞെക്കുകൊള്ളും
വീണ്ടും തിളയിലേയ്ക്ക് തിരിച്ചിറങ്ങും
വെന്ത വൃണത്തിൽ ആദ്യം ഉപ്പുനീര്
വറ്റലും കാന്താരിയും ഒന്നിച്ചു നീറ്റും
കൊതിപൂണ്ട കുടുംബിനി
തുടുപ്പുതിരുകിയിളക്കി
നിനക്കിരിക്കാൻ പാകത്തിന്
എടുത്തുവച്ച ഞാനാണ്
വാട്ട്കപ്പ.
വയറുനിറയെ കുഞ്ഞുങ്ങളുമായി
നടുക്കടലിൽ നായരുമൊത്ത്
നീന്തി നടന്ന എന്നേ
നേര്കെട്ട നെറിയിൽകുടുക്കി
ഐസിലുറക്കി ജീവൻകെടുത്തി
ശവം കരയ്‌ക്കെത്തിച്ച്
പൊതുദർശനത്തിന് വച്ചു
ലേലമേറ്റ് വാങ്ങിയവൻ
കീറിമുറിക്കാൻ അച്ചാരം നൽകി
അച്ചാരം വാങ്ങിയോൻ
വയറുകീറി വാക്കുപാലിച്ചു
ചത്തകുഞ്ഞുങ്ങളും ചമ്പുംകൂട്ടി
തെങ്ങിൻതോപ്പിന് വളമാക്കി
മാതൃമൃതുശരീരം
ഉപ്പുംതേച്ചുണക്കാനിട്ടു
ശവമുണങ്ങാൻ സൂര്യൻ സഹായിച്ചു
അകവുംപുറവും തിരിച്ചിട്ടുണക്കി
അന്തിച്ചന്തയിലെ പലകയിൽ നിരത്തി
പഞ്ഞമാസത്തിലെ പട്ടിണിയിൽ
പച്ചശവത്തിന് പണംകൂടിയതുകൊണ്ട്
ദരിദ്രയായ ഈ കുടുംബിനി
ഇത്തിരികാശുകൊണ്ടെന്നേയും
ഒത്തിരി ആളുള്ള ഈ വീട്ടിലെത്തിച്ചു
മുറിച്ചെടുത്ത് മുളക്പുരട്ടി
മരിച്ചഎന്നേ പൊരിച്ചെടുത്തു
നിനക്ക് കൂട്ടായി വയറ്റിലേയ്ക്ക്
ഒരു യാത്ര പോകാന്‍
അതാണ്‌ ഈ ഞാന്‍
ഉണക്കമീന്‍
ഇനി നമ്മള്‍ ഒന്നാകാന്‍
നിമിഷങ്ങള്‍ മാത്രം.
കാദംബരി
**************

"ഞാൻ ഒരു മനുഷ്യനെ കണ്ടു"


"ഞാൻ ഒരു മനുഷ്യനെ കണ്ടു"
**************************************
ഒരിക്കൽ ഞാനൊരു മനുഷ്യനെ കണ്ടു
കുറച്ചുനേരത്തേയ്ക്ക് മാത്രം 
ഒറ്റയ്ക്ക് വന്നപ്പോൾ ആണ് കണ്ടത്
പൂർണ്ണ നഗ്നനായിരുന്നു
ചുരുട്ടിയ മുഷ്ടിയിൽ എന്തോ ഒളിപ്പിച്ചിരുന്നു
ഉറക്കെ കരയുന്നുണ്ടായിരുന്നു
മതങ്ങളിൽ ചാലിച്ച നിറമില്ലായിരുന്നു നെറ്റിയിൽ
ചോരയുടെ മണവും ചൂരലിന്റെ നിറവുമായിരുന്നു
മതം മണത്തറിയാൻ ഒരു പേരില്ലായിരുന്നു
എവിടേയ്ക്ക് ആണ് വന്നതെന്നറിയല്ലായിരുന്നു
എന്താണ് ലക്ഷ്യം എന്നും അറിയില്ലായിരുന്നു
ഇന്നലെയും നാളെയും അറിയില്ല
ആരും ശത്രുക്കളില്ല
ബന്ധങ്ങൾ എന്തെന്ന് അറിയില്ല
മോഹവും സ്വപ്‌നവും ഇല്ല
സുഖദുഃഖങ്ങൾ അറിയില്ല
ദൈവത്തെ അറിയില്ല
നാണവും മാനവും അറിയില്ല
കുശുമ്പും കുന്നായ്മയും ഇല്ല
പകയും വിധ്വേഷവും ഇല്ല
പകലും രാത്രിയും ഇല്ല
സ്ത്രീപുരുഷ ഭേദമറിയില്ല
ജനനവും മരണവും അറിയില്ല
അറിയുന്നത് ഒന്നുമാത്രം
വിശക്കുമ്പോൾ കരയണം
വയർനിറഞ്ഞാൽ ഉറങ്ങണം
കണ്ണ്റതുക്കുംവരെ ആയിരുന്നു
ആ ജീവിതവും അതിന്റെ ആയുസ്സും
കണ്ണ് തുറന്നു നാല്പാടും നോക്കി
ഒരാൾ പറഞ്ഞു ഞാനാണമ്മ ഞാൻ മാത്രം
മറ്റൊരാൾ ഞാൻ അച്ഛനും
ചുരുട്ടിവച്ചിരുന്ന മുഷ്ടി നിവർത്തി
അതുവരെ കൂടെകരുതിയ തന്റെലോകത്തെ-
നിയമങ്ങളെ സ്വതന്ത്രമാക്കി
ആഹാരംനൽകി സ്നേഹിക്കാൻ പഠിപ്പിച്ചു
ആശയം നൽകി അതിര് പഠിപ്പിച്ചു
കേൾക്കെപറഞ്ഞ് അസഭ്യം പഠിപ്പിച്ചു
ചൂണ്ടിക്കാട്ടി വെറുക്കാൻ പഠിപ്പിച്ചു
മന്ത്രങ്ങൾ നൽകി തന്ത്രങ്ങൾ പഠിപ്പിച്ചു
കൊടുക്കാതെ വാങ്ങാൻ പഠിപ്പിച്ചു
മനസ്സിൽ കയറി മതങ്ങൾ പഠിപ്പിച്ചു
മതമറിയാൻ അടയാളം നൽകി
ആളിനെ അറിയാൻ പേര് നൽകി
കൂടുതലറിയാൻ പേരിന് വാല് നൽകി
കടമകളറിയാൻ കണക്കുകൾ കാട്ടി
പാറക്കമുറ്റുംവരെ പകുത്തുനൽകി
തിരിച്ചുനൽകണം എന്ന കരാറിൽ
പറന്നകന്നപ്പോൾ ആണ് തോന്നിയത്
പറയേണ്ടത് പറയാൻ ബാക്കിയാണല്ലോ എന്ന്
ഇനി പറഞ്ഞിട്ടെന്ത്കാര്യം...?
മനുഷ്യനായി ജനിച്ചവനേ-
മനുഷ്യനായി വളർത്താൻ
മനുഷ്യന് മാത്രമേ കഴിയു
അതിന് നീയും മനുഷ്യനാകണം.

കാദംബരി
**************

"വരുന്നുണ്ട് വറുതി"


"വരുന്നുണ്ട് വറുതി"
***************************
ജലാശയങ്ങൾക്ക് ബലിയിട്ടനാട്ടിലേയ്ക്കെന്നേ
ജനിപ്പിച്ചതെന്തിനെൻ ജനനീ നീയും..?
മലാശയത്തിലൊന്നുമറിയാതെ ഞാൻ
ഉറങ്ങിയകാലമിതിലെത്രയോ ഭേദം.
വറ്റിവറുതിയായ് നിന്റെമാറിലെ
സ്നേഹമൊഴുകുന്ന ക്ഷീരനദികളും.
തൊണ്ടവരണ്ടിട്ട് ഞാൻ വിതുമ്പുന്നു
കൈമലർത്തിട്ട് നീ കണ്ണീരൊഴുക്കുന്നു.
നിങ്ങളുടെ നീരൂറ്റി നിറമുള്ളവിഷമാക്കി
നിങ്ങളുടെ കുഞ്ഞിന്റെ നാവിലേ രുചിയാക്കി
നിങ്ങളേപ്പറ്റിച്ചതാരാണ് നിരന്തരം..?
നിങ്ങളറിയാത്ത നിങ്ങളിൽ ചിലർതന്നെ.
പുകയുന്ന പുഴയിലേ പൂഴിയിലിരുന്നതാ
കരയുന്നതാരെന്ന് കണ്ടുവോ നിങ്ങൾ..?
തലമുറ നീങ്ങുവാൻ നിങ്ങളീനാടിന്
നിങ്ങൾക്ക് പകരമായ് നൽകിയ തകരകൾ.
നാളത്തെ നാടിന്റെ നാരായനാമ്പുകൾ
ദാഹജലത്തിനായ് ദേഹിവെടിയേണ്ടവർ.
നാവ് നനയുവാൻ തങ്ങളിൽതല്ലേണ്ട
യുദ്ധക്കളത്തിലെ യോദ്ധാക്കളാണവർ.
വനമില്ലേലും വൈശാലിമാരുണ്ടിനിയുമനേകം
ഋഷ്യശൃങ്കനില്ലാതൊരുയാഗം നടന്നാലും
യാഗപ്പുരയുതിര്‍ക്കുന്ന പുകകളേ
തടയുവാനില്ലിവിടെ വൃക്ഷങ്ങളിനിയും.
വിളിപ്പാടകലെയീ കേരളംകേൾക്കുന്നു
വിതുമ്പിക്കരച്ചിലിൻ വരണ്ടശബ്ദങ്ങൾ
സായുധവിപ്ലവത്തിനായുധമെടുക്കു
സാമന്തരേവരൂ ജലത്തിനായ് പൊരുതാം.
കാദംബരി
**************

മുറ്റാത്ത മുട്ടകള്‍


തങ്ങളില്‍ തല്ലേണ്ടകാലത്ത് ഞാനൊരു
തന്തത്തമ്പ്രാന്‍റെ നാലാം വേളിയായി.
നഗ്നതകണ്ടപ്പോള്‍ നാണംവരാതെ ഞാന്‍
മൂക്കില്‍ വിരല്‍ചേര്‍ത്ത്പല്ലിളിച്ചു.
മുണ്ടുംനേര്യതും തമ്പ്രാനുരിഞ്ഞപ്പോള്‍
നിനച്ചത് ഞാനോ കുളിപ്പിക്കാനാണെന്ന്.
ചുണ്ടും മീശയും നെഞ്ചോട് ചേര്‍ത്തപ്പോള്‍
കൊതിച്ചത് ഞാനും കൊഞ്ചിക്കാനാണെന്ന്.
ആര്‍ത്തിയോടന്നെന്നേ തിന്ന്തീര്‍ന്നപ്പോള്‍
അതിയാന്‍റെ ചുണ്ടില്‍ഞാന്‍ ചുടുചോരകണ്ടു.
കലിലൂടൊഴുകിയ കറുത്തരക്തം ഞാന്‍
അമ്മയേക്കാണിച്ച് പൊട്ടിക്കരഞ്ഞു.
പോട്ടെന്ന്ചൊല്ലി പുറത്തുതട്ടീ അമ്മ
പെണ്ണായ്പ്പിറന്നതിന്‍ വിധിയാണിതെല്ലാം.
പാറിപ്പറക്കേണ്ട പ്രായത്തിന്‍ ഞാനും
കുരുതിക്കളത്തിലെ തലയറ്റൊരിരയായി.
കൂട്ടായിടാത്തൊരു കൂട്ടാളിതന്നെന്നേ
കുട്ടിത്തംമാറാതെ കെട്ടിച്ചതെന്തിന്...?
വെപ്രാളം കാട്ടിയതെന്തിനാണമ്മേ ഞാന്‍
കൊപ്രാക്കളത്തിലെ കാക്കയായില്ലേ...?
കൂടെക്കിടത്തിയൊരിത്തിരി കഞ്ഞിതന്നെന്നേ
ഒരിത്തിരിനാളൂടെ പോറ്റാഞ്ഞതെന്തമ്മേ...?
അച്ഛനോളംതന്നെ പ്രായമുള്ളോന്‍റെ
അന്തിക്കൂട്ടാക്കിയത് ആരുടെ വാശി...?
മാതാപിതാക്കള്‍ക്ക് കടമകള്‍ തീര്‍ക്കാന്‍
മാത്രമോ പെണ്ണിന്‍റെ മാനാഭിമാനം...?
ഗുഹ്യഭാഗത്തില്‍ രക്തംപൊടിഞ്ഞാല്‍
മനസ്സ് വളര്‍ന്നതിനടയാളമാകുമോ..?
ഉന്തിനില്‍ക്കൊന്നൊരു മാംസഭാഗങ്ങളില്‍
ഉടയാത്തമനസ്സിന്‍റെ ഉറപ്പ് കണ്ടോ...?
പറയുമോ അറിയുന്നതെങ്ങനാണെന്ന്
പെണ്ണിനിണചേരുനുള്ള സമയമായെന്ന്...?
കാദംബരി

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo