Showing posts with label മായാപ്രസാദ്. Show all posts
Showing posts with label മായാപ്രസാദ്. Show all posts

മയിൽ പീലി


ലൈബ്രറിയിൽ നിന്നെടുത്ത പുസ്തകം ആർത്തിയോടെ വായിക്കുന്നതിനിടയിലാണ് ആ മയിൽ പീലി കണ്ടത്. പുതുമ മാഞ്ഞ ആ പീലീ എന്റേതല്ലേ... പണ്ടെന്നോ ഞാൻ കാത്തു സൂക്ഷിച്ചിരുന്ന, ഓരോ വർഷവും പുതിയ പുസ്തക താളുകളിൽ ഞാൻ ആകാശം കാണിക്കാതെ ഒളിപ്പിച്ചു വച്ചിരുന്ന എന്റെ മയിൽ പീലി.......
വേനലവധിക്ക് ചെറിയമ്മയുടെ വീട്ടീൽ വിരുന്നുപാർക്കാൻ പോയപ്പോൾ അവിടെ വച്ചാണ് ഞാനൊരു പെൺകുട്ടിയായത്...തീണ്ടാരി കല്യാണത്തിന്റെ അന്നാണ് ചെറിയമ്മയുടെ മകൾ എനിക്കാ പീലി തന്നത്...
"മാനം കാണിക്കാതെ സൂക്ഷിച്ചോളണേ ചേച്ചീ... എന്നാലെ ഇതു പെറ്റുപെരുകുകയൊള്ളു... "
അവളുടെ ആ കിളി കൊഞ്ചൽ ഇപ്പോഴും കാതുകളിൽ കിലുങ്ങുന്നു.
"നിനക്കിത് എവിടന്നു കിട്ടി?"
എന്റെ ചോദ്യത്തിനു മറുപടിയായി വീടിന്റെ പടിഞ്ഞാറേ ദിക്കിലേക്ക് അവൾ വിരൽ ചൂണ്ടി.രണ്ടാൾ പൊക്കത്തിൽ, കോട്ട പോലെ നിൽക്കുന്ന മതിലാണ്. അതിനപ്പുറത്താണ് മേനോൻ അമ്മാവൻ താമസിക്കന്നത്.ചെറിയച്ഛന്റെ അമ്മയുടെ അമ്മാവൻ... ആ വീട്ടിൽ താൻ ഇതുവരെ പോയിട്ടില്ല.
"ഉണ്ണിയേട്ടൻ തന്നതാ... എച്ചു അമ്മായിടെ മോൻ."
കിളി കൊഞ്ചൽ വീണ്ടും.തിളക്കമുള്ള ആ മയിൽപ്പീലി എനിക്കിഷമായി. വിരുന്നു പാർക്കൽ കഴിഞ്ഞ് വീട്ടിലേക്ക് പോന്നപ്പോൾ മയിൽപ്പീലി കൂടെ കൂട്ടി.
ആ വർഷം കുറച്ചൂടെ ദൂരേയുള്ള സ്കൂളിൽ ഞാൻ ചേർന്നു. ആകെ ഉള്ള ഹൈസ്കൂൾ. ആ വലിയ സ്കൂൾ ആദ്യമെല്ലാം എനിക്ക് ഉൾക്കൊള്ളൻ പ്രയാസമായിരുന്നു. അവിടുത്തെ കൂട്ടുകാരേയും.. അന്നുവരെ ഞാൻ കണ്ടിരുന്ന നിഷ്കളങ്കമായ സൗഹൃദ ബന്ധങ്ങൾ ആയിരുന്നില്ല അവിടെ. ആൺ സുഹൃത്തുക്കളോട് സംസാരിച്ചാൽ സംശയദൃഷ്ടിയോടെ നോക്കുന്ന അദ്ധ്യാപകരും സഹപാഠികളും. ഞാനും അതിനോട് പൊരുത്തപ്പെട്ടു. അതേ സ്കൂളിൽ മറ്റൊരു ഡിവിഷനിൽ കിളികൊഞ്ചലിന്റെ ഉണ്ണിയേട്ടനും ഉണ്ടായിരുന്നു. ഒരിക്കൽ പോലും പരസ്പരം സംസാരിച്ചിട്ടില്ല.. നേർക്കുനേർ നോക്കിയിട്ടു പോലും ഇല്ല.പക്ഷെ ഞാൻ ആ മയിൽപ്പീലിയെ ഇഷ്ടപ്പെട്ടു, സ്നേഹിച്ചു.
ചെറിയമ്മ യുടെ വീട്ടിൽ പോകുമ്പോഴെല്ലാം ഞാൻ ആ വലിയ മതിലും അതിനപ്പുറമുള്ള, എന്റെ സ്വപ്നത്തിലെ കൊട്ടാരവും നോക്കി നിൽക്കാറുണ്ട്.രാജകുമാരനെ കാണുവാനോ സംസാരിക്കുവാനോ ധൈര്യം ഉണ്ടായിട്ടില്ല.മനസ്സിലൊരു കോട്ട കെട്ടി മയിൽപ്പീലിയെ ആരും കാണാതെ ഒളിപ്പിച്ചു.. സ്കൂൾ ജീവിതം കഴിഞ്ഞ് കുറേ വർഷത്തേക്ക് കണ്ടതേയില്ല..
കിളികൊഞ്ചലിന്റെ കല്യാണത്തിന്റെ തിരക്കുകൾക്ക് ഇടയിലാണ് കാണുന്നത്. ഒരു പക്ഷെ ആദ്യമായി സംസാരിക്കുന്നതും അന്നായിരുന്നു. എന്റെ മനസ്സിന്റെ കോട്ടയിൽ ഒളിപ്പിച്ചിരുന്ന പീലി ആകാശം കാണാൻ കൊതിക്കുന്ന പോലെ.കണ്ണുകളിലെ തിളക്കം ആരും കാണല്ലേ എന്നു പ്രാർത്ഥിച്ചു.വീട്ടിൽ വന്ന് പഴയ പുസ്തകങ്ങൾ എല്ലാം തപ്പി.ആ മയിൽപ്പീലി കണ്ടെത്താൻ... ഒന്നിലും കണ്ടില്ല. വളരെ വിഷമം തോന്നി.അതിനെ നഷ്ടപ്പെടുത്തിയതിന്. എന്റെ വെപ്രാളം കണ്ട് അമ്മ ചോദിക്കയും ചെയ്തു.മയിൽപ്പീലി തിരയുകയാണെന്ന് അമ്മയോട് പറഞ്ഞില്ല. പഴയ ഒരു പുസ്തകം എന്നേ പറഞ്ഞുള്ളു. "പഴയതാണോ.. എങ്കിൽ വായനശാലക്ക് അച്ഛൻ കൊടുത്തിട്ടുണ്ടാകും.അല്ലെങ്കിൽ പേപ്പർ വാങ്ങാൻ വരുന്ന ആക്രിക്കാരൻ കൊണ്ടു പോയിട്ടുണ്ടാകും."
വിലപിടിപ്പുള്ള ഒന്നുമല്ല നഷ്ടപ്പെട്ടത് എന്ന ആശ്വാസത്തോടെ അത്രയും പറഞ്ഞ് അമ്മ പോയി. എല്ലാ അർത്ഥത്തിലും ആ മയിൽ പീലി എനിക്ക് നഷ്ടമായി....
ഇരുപത് വർഷങ്ങൾക്ക് ശേഷം ആ മയിൽ പീലി എനിക്ക് തിരിച്ചു കിട്ടിയിരിക്കുന്നു. വായനശാലയിലെ പുസ്തകത്തിൽ നിന്ന്. പീലിയുടെ തിളക്കം കുറഞ്ഞിട്ടുണ്ട്. എന്റെ കണ്ണുകളിലെ തിളക്കമോ. അറിയില്ല .ഒരിക്കലെങ്കിലും മനസ്സിലെ കോട്ടയിൽ നിന്ന് എന്റെ പീലിയെ ആകാശം കാണിക്കാമായിരുന്നു. എങ്കിൽ എനിക്ക് രാജകുമാരനെ നഷ്ടപ്പെടില്ലായിരുന്നു.
പുസ്തകതാളിൽ നിന്നുമെടുത്ത മയിൽ പീലി ഉള്ളം കൈയിൽ വച്ച് ഞാൻ ആകാശത്തേക്ക് ഉയർത്തി. ഇളവെയിലേറ്റ് മയിൽ പീലി തിളങ്ങി. എന്റെ കണ്ണുകളും....
മായ പ്രസാദ്.

ഗന്ധം

Image may contain: 2 people, people smiling, selfie and closeup

കാത്തിരിക്കാനാരുമില്ലീതറവാട്ടിൽ
തലമുറകൾ തീർത്തോരീവീട്ടിൽ...
ഇത്തിരി നേരം ഞാനിരുന്നീടട്ടെ
അച്ഛനുമമ്മയും ഉറങ്ങുന്നോരീ മണ്ണിൽ.
മുട്ടിലിഴഞ്ഞ മുറികളിലും
കൊതിയോടിരുന്ന കോലായിലും
പിച്ച നടന്ന മുറ്റത്തും
ഓടിക്കളിച്ചോരാ ഇടവഴിയിലും
ഇത്തിരി നേരമിരുന്നീടട്ടെ.....
അച്ഛനിരുന്ന ചാരു കസേര
അകത്തളത്തിൽ ഏകനായ് കിടപ്പൂ..
തുളസിത്തറയിൽസന്ധ്യ നേരത്തമ്മ കൊളുത്തിയോരാദീപ നാളത്തിൻ
ഓർമ്മ വെളിച്ചമായ് എന്നിൽ നിറഞ്ഞിടട്ടെ...
പുതുമഴ വന്ന് പുൽകിയമണ്ണിൻ
ഗന്ധം പുതിയൊരു ഉണർവ്വായ് എന്നിൽ നിറയട്ടെ....

by maya Prasad

പൊട്ടൻ…. കൊന്തേമ്പള്ളി പൊട്ടൻ

Image may contain: 2 people, people smiling, selfie and closeup

ചാറ്റൽ മഴ നനയാനുള്ള ഇഷ്ടവും കുട നനഞ്ഞാൽ ക്ലാസ്സിന് വെളിയിൽ ചാരി വയ്ക്കണമല്ലോ എന്ന വിഷമവും കാരണം പുതിയ കുട നെഞ്ചോട് ചേർത്ത് നടന്നു.
സ്ലേറ്റ് മായ്ക്കാനുള്ള മഷിത്തണ്ട് കൊടുക്കാത്തതിന് ഗീത ഇന്നലെ പിണങ്ങി. എന്നെ കാത്തു നിൽക്കാതെ ഇന്നവൾ നേരത്തെ സ്കൂളിലേക്ക് പോയിരിക്കുന്നു.
പുസ്തകസഞ്ചിയിൽ പൊതിഞ്ഞു വച്ചിരിക്കുന്ന കാരപ്പഴം അവളുടെ മുന്നിലിരുന്ന് തിന്നണം.
“കൊതിക്കട്ടെ അവൾ…. ഒരെണ്ണം പോലും കൊടുക്കില്ല.”
"ഒരെണ്ണം താടി ,ഒരെണ്ണം താടി " ന്ന് ചോദിച്ചോണ്ട് അവൾ പിന്നാലെ വരട്ടെ.
“ബെല്ലടിച്ചോ ആരേം കാണുന്നില്ലലോ... ഈശ്വരാ.. കാരപ്പഴം പറച്ചോണ്ട് നിന്ന് സമയം പോയോ".ആനന്ദവല്ലിടീച്ചറിന്റെ അടി കൊള്ളേണ്ടിവരും.മനസ്സിലെ ഭയം കാലുകൾക്ക് വേഗത കൂട്ടി. പെട്ടെന്നാണ് വലിയ പാറമടയുടെ അരികിലുള്ള ഇടവഴിയിലെ കോളാമ്പി ചെടികൾ അനങ്ങുന്നത് കണ്ടത്. മഞ്ഞ കോളാമ്പി പൂക്കൾ പറിച്ചു കൊണ്ട് ഭയപ്പെടുത്തുന്ന ശബ്ദത്തോടെ അയാൾ അടുത്തേക്ക് വന്നു.ആകാശത്തേക്കും തന്റെ തലയിലേക്കും ചൂണ്ടി കൊണ്ട് "ബ്ബബ്ബ.
...ബ്ബബ്ബ...മം ബ്ബ്….. "
പൊട്ടൻ…. കൊന്തേമ്പിള്ളി പൊട്ടൻ.. ഇത് അയാൾ തന്നെ... കൂട്ടുകാർ പറയാറുള്ള, പിള്ളേരെ പിടുത്തക്കാരൻ…. കൊന്തേമ്പള്ളി പൊട്ടൻ. വഴിയിൽ ആരേയും കാണുന്നില്ല .എന്നെ പിടിച്ചോണ്ട് പോവാൻ വരുന്നതായിരിക്കും. സ്കൂളിൽ നിന്നും പ്രാർത്ഥന യുടെ അവസാന വരി കേൾക്കുന്നുണ്ട്. കുന്ന് കയറിയാൽ മതി.സ്കൂളിൽ എത്താം. സർവ്വശക്കിയും എടുത്ത് ഓടി. തൊട്ടുപിന്നാലെ ആ ശബ്ദം വരുന്നതു പോലെ.
ബ്ബ്ബ…. മബ്ബ... ബബ്ബ……
വലിയ വായിൽ കരഞ്ഞുകൊണ്ട് ഞാൻ ക്ലാസ്സിലേക്ക് ഓടിക്കയറി ആനന്ദവല്ലിടീച്ചറെ കെട്ടിപ്പിടിച്ചു. കരച്ചിലിനിടയിലും ഞാൻ പറഞ്ഞു കൊണ്ടിരുന്നു.
“കൊ…. കൊ...കൊന്തേമ്പിള്ളി… കൊന്തേമ്പിളി….. “
കാര്യം മനസ്സിലായ ടീച്ചർ എന്നെ ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ചു.
“ കരയാതെ കുട്ടി...അയാൾ ഒന്നും ചെയ്യില്ല... സംസാരിക്കാൻ കഴിയാത്ത ഒരു പാവല്ലേ... എന്തിനാ പേടിക്കുന്നേ... ഇവിടെ ടീച്ചർമാരൊക്കെയില്ലേ... ഇവിടേക്ക് വരില്ലാ... കരയാതെ... “
അമ്മയെപ്പോലെ ചേർത്ത് പിടിച്ച് ആശ്വസിപ്പിക്കുന്ന ടീച്ചറുടെ വയറിൽ മുഖം ചേർത്ത് ഞാൻ തേങ്ങി കൊണ്ടിരുന്നു..
പിന്നീട് …. നാലാം ക്ലാസ്സ് ജയിച്ച് ആ എൽ .പി സ്കൂളിനോട് വിടപറയുന്നതിനിടയിൽ പലപ്പോഴും വഴിയിൽ കൊന്തേമ്പള്ളി പൊട്ടനെ കാണാറുണ്ടായിരുന്നു. ഒരിക്കൽ പോലും ഞാൻ തനിച്ചായിരുന്നില്ല .ഒരു പറ്റം കൂട്ടുകാരോടൊപ്പം.
പുതിയ സ്കൂൾ പരിസരത്ത് അയാൾ വരാറില്ല. വളരുന്നതിനോടൊപ്പം കൊന്തേ മ്പള്ളി യോടുള്ള ഭയം കുറഞ്ഞു കൊണ്ടിരുന്നു. ഭയം തീരെ ഇല്ലാതായതോണ്ടാകാം ഞാൻ അ യാളേയും അയാളുടെ ആ ശബ്ദവും മറന്നത്.
ഇരുപത്തിമൂന്നാം വയസ്സിൽ സ്കൂളിൽ ടീച്ചറായി ജോലിയിൽ ചേർന്ന ആഴ്ചയിൽ കരഞ്ഞു കൊണ്ട് നിന്ന ദുർഗ്ഗ എന്ന ആ കൊച്ചു സുന്ദരിയുടെ നാവിൽ നിന്നും ഞാനാ പേര് വീണ്ടും കേട്ടു.
"ടീച്ചർ…. കൊന്തേമ്പളി പൊട്ടൻ… ദേ…. അവിടെ നിൽപ്പുണ്ട്.. എനിക്ക് പേടിയാ...“
ഗെയ്റ്റിന് പുറത്ത് അയാൾ…….
രണ്ട് തലമുറയുടെ പേടി സ്വപ്നം......... “കൊന്തേമ്പള്ളി പൊട്ടൻ"….!!
സ്കൂൾ വിട്ട് പോകുന്ന കുട്ടികളെ നോക്കി നിൽക്കുന്നു. മഴ നനയാതെ തലയിൽ ഒരു വെള്ള കവർ ചുറ്റിയിട്ടുണ്ട്.കുടയില്ലാതെ നനഞ്ഞു പോകുന്ന കുട്ടികളെ കുട ചൂടി പോകുന്നവരുടെ കൂടെ നിർബന്ധിച്ചു ചൂടിച്ചു വിടുന്നു.
വളരെ വേഗം പഴയ ആ മൂന്നാം ക്ലാസ്സുകാരിയുടെ ഭയം മനസ്സിനെ കീഴടക്കി. ദുർഗ്ഗയുടെ കൈയിൽ ഞാൻ മുറുകെ പിടിച്ചു. എത്ര പെട്ടെന്നാണ് മനസ്സ് ഭയത്തിന് അടിമപ്പെടുന്നത്.
നാലാം ക്ലാസ്സിലെ പൗലോസ് സാർ അടുത്തേക്ക് വന്നു. ഒരു പക്ഷെ ഞങ്ങളുടെ ഭയന്നുള്ള ആ നിൽപ്പുകണ്ടിട്ടാവാം.
"എന്തു പറ്റി ടീച്ചർ .ഈ കുട്ടിക്ക് കുടയില്ലേ പോകാൻ??
"അതല്ല സർ.. ദേ…. അയാൾ... അവിടെ... നിൽപ്പുണ്ട്... കൊന്തേമ്പളളി പൊട്ടൻ... " റോഡിലേക്ക് ചൂണ്ടി കൊണ്ട് ഞാൻ പറഞ്ഞൊപ്പിച്ചു.
"ഓ... അയാളോ... ടീച്ചർക്കും ഭയമാണോ. വരൂ ..എന്റെ കൂടെ.."
 അതും പറഞ്ഞ് സാർ ദുർഗ്ഗയുടെ കൈയിൽ പിടിച്ചു.രക്ഷകനെ കിട്ടിയതുപോലെ ദുർഗ്ഗ എന്റെ കൈ വിടുവിച്ച് സാറിന്റെ ഒപ്പം മുറ്റത്തേക്ക് ഇറങ്ങി. കുട നിവർത്തി നടന്നു നീങ്ങുന്നതിനടയിൽ അവൾ എന്നെ തിരിഞ്ഞു നോക്കി.
“ടീച്ചർക്കും പേടിയാണല്ലേ…" എന്നവൾ ചോദിക്കുന്ന പോലെ തോന്നി.....
പെട്ടെന്ന് സാർ തിരിഞ്ഞു നിന്നു വിളിച്ചു.
"ടീച്ചറും വരൂ..."
ചമ്മിയ ചിരിയോടെ, ഭയം മാറാത്ത മനസ്സോടെ, ചാറ്റൽ മഴയിൽ ,സാരിയുടെ മുന്താണി തലയിലൂടെ ഇട്ടു കൊണ്ട് ഞാനും ഗൈയ്റ്റിനരികിലേക്ക് ചെന്നു.
കുട്ടികൾക്ക് റോഡ് ക്രോസ് ചെയ്യാൻ വേണ്ടി ,അയാൾ രണ്ട്സൈഡിൽ നിന്നും വരുന്ന വാഹനങ്ങൾ കൈകാണിച്ച് നിർത്തുന്നു. ദുർഗയേയും സാർ അവരോടൊപ്പം വിട്ടു. സാർ നോട് അയാൾ എന്തെല്ലാമോ ആംഗ്യ ഭാഷയിൽ പറയുന്നുണ്ട്. ചിരിച്ചു കൊണ്ട് സാർ തല കുലുക്കുന്നു. ഒരു വിധം കുട്ടികൾ പോയി കഴിഞ്ഞു.ഇനി ഓട്ടോയിൽ പോകാനുള്ളവർ ..വരാന്തയിൽ വണ്ടി നോക്കി നിൽക്കുന്നു.
"ടീച്ചർ, അയാൾ ഒരു പാവമാണ്. ആരേയും ഉപദ്രവിക്കില്ല. കുട്ടികളെ വലിയ ഇഷ്ടമാണ്. വർഷങ്ങളായി അയാൾ ഈ പരിസരത്തുണ്ട്. കുട്ടികളെ റോഡ് മുറിച്ചുകടക്കാനും ,വണ്ടികൾക്ക് വട്ടം ചാടാതിരിക്കാനും, ഒരു സംരക്ഷകനായി... രാവിലേയും വൈകുന്നേരവും അയാൾ ഈ ഗൈയ്റ്റിനു മുന്നിലുണ്ടാവും. ചില രക്ഷകർത്താക്കൾ കുട്ടികൾ വാശി പിടിക്കുമ്പോൾ പറഞ്ഞ് പേടിപ്പിക്കുന്നതാണ് ,കൊന്തേമ്പള്ളി പൊട്ടൻ വരും, കൈയ്യിൽ ചാക്കുണ്ട് അയാൾ പിടിച്ചോണ്ട് പോകും എന്നൊക്കെ.കുട്ടികളുടെ മനസ്സിൽ അയാളെ കുറിച്ചുള്ള പേടിപ്പെടുത്തുന്ന ചിത്രമായിരിക്കും. ഇവിടെ വന്ന് കുറച്ച് ദിവസങ്ങൾ കഴിയുമ്പോൾ ,എന്നും
അയാളെ കാണാൻ തുടങ്ങുമ്പോൾ, അടുത്ത് അറിയുമ്പോൾ , കുട്ടികളുടെ മനസ്സിലെ ഭയം മാറും. ടീച്ചർക്കും അത് മനസ്സിലാകും".
അത്രയും പറഞ്ഞുകൊണ്ട് സാർ സ്റ്റാഫ് റൂമിലേക്ക് പോയി.
കുട്ടികൾക്ക് പോകാനുള്ള ഓട്ടോ ഗൈയ്റ്റിനരികിൽ എത്തി. വരാന്തയിൽ നിന്നും കുട്ടികൾ കലപില ശബ്ദത്തോടെ ബാഗും തൂക്കി ഓട്ടോയുടെ അരികിലേക്ക് ഓടി വന്നു. കൊന്തേമ്പള്ളി കുട്ടികളെ ഓട്ടോയിൽ കയറാൻ സഹായിക്കുന്നു. കുട ചുരുക്കി കൊടുക്കുന്നു. ബാഗ് വാങ്ങി ഓട്ടോയുടെ പുറകിൽ വയ്ക്കുന്നു, വെപ്രാളത്തിൽ കയറുന്ന ഒരു കുട്ടിയുടെ ചെരുപ്പ് താഴേ വീണത് എടുത്തു കൊടുക്കുന്നു. ഒരു ബഹളമയം. അതിനിടയിലും ആ ശബ്ദം കേൾക്കാം.
ബ് ബ….ബ്ബ...മ്ബ്... ബ്ബ…….
"റ്റാ റ്റാ…. റ്റാ റ്റാ “ ...ഓട്ടോയിലെ കുട്ടികൾ അയാൾക്ക് നേരെ കൈവിശിക്കാണിച്ചു. അയാളും തിരിച്ച് കൈ വീശി കൊണ്ട് ഗയ്റ്റിനരികിൽ നിൽക്കുന്നു .
സ്കൂൾ മതിലിനരികിലുള്ള കൈത പൂത്തതിന്റെ സുഗന്ധത്തോടൊപ്പം, ഭയം മാറിയ മനസ്സുമായി ഞൻ അയാളെ നോക്കി നിന്നു..

By: MayaPrasad

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo