Showing posts with label സ്വാമി ചന്ദ്രദീപ്തൻ. Show all posts
Showing posts with label സ്വാമി ചന്ദ്രദീപ്തൻ. Show all posts

മനസിന്റെ വലുപ്പം


കഴിഞ്ഞദിവസം ഒരാൾ ഒരു പ്രശ്നവുമായി എന്റെ മുന്നിലെത്തി. രണ്ട് കൂട്ടുകാർ തമ്മിലുള്ള പ്രശ്നമാണ്. അവർ ഒരുമിച്ച് ജീവിക്കുന്നവർ. ഒന്നാമൻ എന്തോ കാര്യത്തിന് രണ്ടാമനോട് വളരെ രൂക്ഷമായി ദേഷ്യപ്പെട്ടു. രണ്ടാമൻ ഇതിൽ വളരെ മനോവിഷമത്തിലാണ് എന്നതാണ് പ്രശ്നം. ഈ കാര്യം പറയാനാണ് മൂന്നാമതൊരാൾ വന്നത്. അയാൾ സംഭവത്തിന് സാക്ഷിയായിരുന്നു.
കാര്യത്തിന്റെ സത്യാവസ്ഥയറിയാൻ ഞാൻ രണ്ടാമനെ വിളിച്ച് , ' ഇത്രയും വിഷമമുണ്ടായിട്ടും എന്താണ് പറയാതിരുന്നത് ' എന്ന് ചോദിച്ചു. അവൻ മറുപടി പറഞ്ഞതിങ്ങനെയാണ്: '' അവൻ അങ്ങനെയൊക്കെപ്പറഞ്ഞതിൽ എനിക്ക് വിഷമമുണ്ട്. പക്ഷെ ഞാൻ പരാതി പറഞ്ഞാൽ അവനത് വിഷമമാകേണ്ട എന്ന് കരുതിയാണ്. എന്റെ വിഷമം രണ്ട് ദിവസം കഴിയുമ്പോൾ ശരിയാകും''.
ശരിക്കും പറഞ്ഞാൽ എനിക്ക് വാക്കുകളില്ലാതായിപ്പോയി. ''എനിക്ക് വിഷമമുണ്ടാക്കുന്നവർക്കുപോലും ഞാൻ കാരണം ഒരു വിഷമം ഉണ്ടാകാൻ പാടില്ല'' എന്ന ആ മനസിന്റെ വലിപ്പം!
ഇപ്പോഴെനിക്ക് തോന്നുന്നു ഇതാണ് നമ്മുടെയൊക്കെ ഗതികേടെന്ന്. നമ്മുടെ കൂടെ ജീവിക്കുന്നവരുടെ സ്നേഹത്തിന്റെ ആഴമറിയാൻ കഴിയാത്ത നമുക്കെങ്ങനെ മഹാത്മാക്കളുടെ വലിപ്പമറിയാൻ കഴിയുന്നത് ?

by: 
Swami Chandradeepthan 

ഇന്ന് രാവിലെ നടന്ന സംഭവം.


പ്രഭാത പ്രാർത്ഥനക്കായി ആശ്രമത്തിൽ എത്തിയ ഒരു കുടുംബത്തെ പ്രാർത്ഥനയ്ക്കുശേഷം ചായ കുടിക്കാനായി ക്ഷണിച്ചപ്പോൾ , ഗൃഹനാഥൻ ' ഞാൻ ചായ കുടിക്കാറില്ല ' എന്നുപറഞ്ഞു. കാരണമന്വേഷിച്ചപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി എന്നെ അദ്ഭുതപ്പെടുത്തി.അതിങ്ങനെയായിരുന്നു.
''എന്റെ കുട്ടിക്കാലം മുതലേ എന്റെ അച്ഛന് സകല ദുശ്ശീലങ്ങളുമുണ്ടായിരുന്നു. അച്ഛൻ ലഹരിക്ക് അടിമയായിരുന്നു. അതിന്റെ ദൂഷ്യ ഫലങ്ങൾ കുട്ടിക്കാലത്ത് ഞങ്ങൾ ഒരു പാട് അനുഭവിച്ചിട്ടുണ്ട്. അങ്ങനെയൊരു അച്ഛന്റെ മകനായിട്ട് ജനിച്ചുപോയല്ലോ എന്നോർത്ത് വിഷമിച്ചിട്ടുണ്ട്. ഒരിക്കൽ രണ്ടുപേർ തമ്മിൽ സംസാരിക്കുന്നതിനിടയിൽ എന്നെക്കുറിച്ച് പറയുന്നത് അവിചാരിതമായി ഞാൻ കേൾക്കാനിടയായി.'ആ അച്ഛന്റെ മകനല്ലേ, അവനും അങ്ങനെ തന്നെയാവും'എന്ന്.
ഇതുകേട്ട നിമിഷം മുതൽ ഞാനൊരു തീരുമാനമെടുത്തു. ഇനി ഒരിക്കലും ലഹരികളൊന്നും ഉപയോഗിക്കില്ല. അന്നൊരു വാശിക്ക് ചായകുടിയും നിർത്തി. ശീലമായതുകൊണ്ട് ഇപ്പോഴും ചായ കുടിക്കാറില്ല. അതു കൊണ്ട് വലിയ ഗുണമുണ്ടായി. എന്റെ മക്കളൊന്നും ഒരു തരത്തിലുള്ള ലഹരിയും ഉപയോഗിക്കാറില്ല''.
അദ്ദേഹം പറഞ്ഞതുകേട്ടപ്പോഴേ എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി.
എത്ര ധീരമായ തീരുമാനം! നമുക്കും നാം ജനിച്ച കുടുംബത്തിനും മാതാപിതാക്കൾക്കും സുഹൃത്തുക്കൾക്കും സമൂഹത്തിനും കുറവുകളുണ്ടാകും. അത് മനസ്സിലാക്കി, ആ കുറവുകളെ ഞാനെന്റെ ജീവിതം കൊണ്ട് മാറ്റും എന്ന് തീർപ്പെടുക്കുകയും അതിനുവേണ്ടി ശ്രമിക്കുകയും ചെയ്യുമ്പോഴാണ് വരും തലമുറകൾ രക്ഷപ്പെടുന്നത്. അങ്ങനയല്ലാതെ എങ്ങനെയെങ്കിലും ജീവിച്ച് സന്താനങ്ങൾ ചീത്തയായിപ്പോയി എന്ന് വിലപിച്ചിട്ട് എന്ത് കാര്യം?

by: 
Swami Chandradeepthan

മുൻപെപ്പോഴോ കേട്ട ഒരു കഥയാണ്.


ഒരു രാജാവും അയാളുടെ വഴികാട്ടിയും കാട്ടിലൂടെ സഞ്ചരിക്കുകയായിരുന്നു ...
യാത്രക്കിടെ ദാഹം ശമിപ്പിക്കുവാൻ കരിക്ക് ചെത്തുമ്പോൾ രാജാവിന്റെ വിരൽത്തുമ്പ്‌ അറ്റുപോയി. വേദനകൊണ്ട് പുളയുന്ന രാജാവിനോട് വഴികാട്ടി ഇങ്ങനെ പറഞ്ഞു:
"വിഷമിക്കേണ്ട പ്രഭോ എല്ലാം നല്ലതിനായിരിക്കും ....."
ആ ഉപദേശം രാജാവിന് തീരെ ദഹിച്ചിച്ചില്ല.
കോപംകൊണ്ട് രാജാവ് വഴികാട്ടിയെ അടുത്തു കണ്ട ഒരു പൊട്ടക്കിണറിലേക്ക് തള്ളിയിട്ടു. അങ്ങനെ ആ കൊടും വനത്തിൽ തനിയെ നടന്നു വഴി തെറ്റിയ രാജാവിനെ, നരബലിക്കു ആളിനെ തേടിയിറങ്ങിയ കുറെ കാട്ടുമനുഷ്യർ പിടിച്ചുകെട്ടി തങ്ങളുടെ വാസസ്ഥലത്തു കൊണ്ടുപോയി.
താമസിയാതെ കാട്ടുമൂപ്പൻ വന്ന് രാജാവിനെ അടിമുടി പരിശോധിക്കുന്നതിനിടയിൽ രാജാവിന്റെ വിരൽ മുറിഞ്ഞത് മൂപ്പൻ കണ്ടു. വൈകല്യമുള്ള ഒരാളെ നരബലിക്ക് യോജിക്കാത്തത് കൊണ്ട് ആ മനുഷ്യനെ പിടിച്ച സ്ഥലത്തു തന്നെ തിരികെ വിടുവാൻ മൂപ്പൻ കൽപ്പിച്ചു .അപ്പോഴാണ് രാജാവിന് വഴികാട്ടിയുടെ വാക്കുകൾ ഓർമവന്നത്. രാജാവ് വേഗം പൊട്ടക്കിണറിന്റെ അടുത്ത് ചെന്ന് വഴികാട്ടിയെ കരയ്ക്കു കയറ്റി ക്ഷമ ചോദിച്ചു.
പക്ഷെ വഴികാട്ടിയുടെ മറുപടി ഇങ്ങനെ ആയിരുന്നു: ക്ഷമ ചോദിക്കേണ്ട കാര്യമൊന്നുമില്ല പ്രഭോ. ഒരു കണക്കിന് അങ്ങെന്നെ പൊട്ടക്കിണറിൽ തള്ളിയിട്ടത് നന്നായി . ഇല്ലേൽ അവർ നരബലിക്ക് വേണ്ടി എന്നെ തിരഞ്ഞെടുക്കുമായിരുന്നു.
നമ്മുടെ ജീവിതത്തിൽ യാദൃശ്ചികം എന്നു തോന്നുന്ന കാര്യങ്ങൾക്കും ദൈവത്തിനു ഒരു ഉദ്ദേശമുണ്ട്‌. നാം ആ സന്ദർഭത്തിലും ദൈവത്തെ സ്നേഹിക്കുമെങ്കിൽ ദൈവം അവയെ നമ്മുടെ ആത്യന്തികമായ നന്മയ്ക്കായി വ്യാപരിപ്പിക്കും. സംഭവിക്കുന്നതെല്ലാം നല്ലതിനാണെന്ന് വിശ്വസിക്കുക. നല്ലത് സംഭവിക്കാൻ വേണ്ടി പ്രാർത്ഥിക്കുക. അതിനു വേണ്ടി പ്രവർത്തിക്കുക.

by: 
Swami Chandradeepthan

ഒരു കഥ പറയാം


ഇതും പറഞ്ഞുകേട്ടതാണ്.
നാല് ഭടന്മാര്‍ ഭാരമേറിയ ഒരു മരക്കഷണം ഉന്തുവണ്ടിയില്‍ കയറ്റാന്‍ ശ്രമിക്കുകയായിരുന്നു.
എന്നാല്‍ അതിനു വലിയ ഭാരമുണ്ടായിരുന്നതിനാല്‍ അത് ഉയര്‍ത്തി വണ്ടിയില്‍ കയറ്റുമ്പോഴേക്കും വീണ്ടും ഉരുണ്ടു താഴേക്കു വീണു. 
പല പ്രാവശ്യം പരിശ്രമിച്ചെങ്കിലും മരത്തടി വണ്ടിയില്‍ കയറ്റുവാന്‍ കഴിയാതെ ഭടന്മാര്‍ വിഷമിച്ചു. അവരുടെ മേധേവിയായ കോര്‍പ്പറല്‍ ദൂരെ മാറിനിന്നുകൊണ്ട് ഇതെല്ലാം വീക്ഷിക്കുകയാണ്.
''ഇനിയും തടി കയറ്റിക്കഴിഞ്ഞില്ലേ" എന്ന് അയാള്‍ ഭടന്മാരോടു വിളിച്ചു ചോദിക്കുന്നത് അതുവഴി കുതിരപ്പുറത്തു വന്ന ഒരാള്‍ കേട്ടു. വീണ്ടും തടി ഉയര്‍ത്താന്‍
പാടുപെടുന്ന ഭടന്മാരുടെ ദയനീയസ്ഥിതി കണ്ട് കുതിരപ്പുറത്തിരുന്ന മനുഷ്യന്‍ കോര്‍പ്പറലിനോട് ചോദിച്ചു; "നിങ്ങള്‍ക്കൊന്നു സഹായിച്ചു കൂടെ? ഒന്ന് താങ്ങിക്കൊടുത്താല്‍ തടി വണ്ടിയിലേക്കു കയറും."
"ഞാനൊരു കോര്‍പ്പറലാണ്. ഇത്തരം പണികളൊന്നും ഞാന്‍ ചെയ്യേണ്ടതല്ല" ഇതായിരുന്നു കോര്‍പ്പറലിന്റെ മറുപടി.
ഇതുകേട്ട ആഗതന്‍ ഒന്നും മിണ്ടാതെ കുതിരപ്പുറത്തു നിന്നും ഇറങ്ങി ആ ഭടന്മാരുടെ അടുത്തു ചെന്ന് തടി പിടിക്കാന്‍ കൂടി. അങ്ങനെ മരക്കഷണം വണ്ടിക്കുള്ളിലായപ്പോള്‍ ഭടന്മാര്‍ നന്ദി പറഞ്ഞതുപോലും കേള്‍ക്കാന്‍ നില്‍ക്കാതെ തിരക്കിട്ട് കുതിരപ്പുറത്തു കയറി ഓടിച്ചു പോവുകയും ചെയ്തു.
അടുത്ത ദിവസം അമേരിക്കയുടെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ജോര്‍ജ് വാഷിംഗ്ടണ് ഒരു പൗരസ്വീകരണം അവിടെ നടന്നു. ആ ചടങ്ങില്‍ മേല്‍പ്പറഞ്ഞ കോര്‍പ്പറലും പങ്കെടുത്തിരുന്നു. സ്വീകരണം ഏറ്റുവാങ്ങി വേദിയിലിരിക്കുന്ന വാഷിംഗ്ടനെ കണ്ടപ്പോള്‍ കോര്‍പ്പറല്‍ ഞെട്ടി! കാരണം, തലേദിവസം കുതിരപ്പുറത്തു വന്നിറങ്ങി ഭടന്മാരെ തടി കയറ്റാന്‍ സഹായിച്ച അതേ വ്യക്തി തന്നെയായിരുന്നു വേദിയിലിരുന്നത്!
വലിയ മനുഷ്യര്‍ക്കേ ചെറുതാവാന്‍ കഴിയൂ. എന്നാല്‍ ചെറിയ മനുഷ്യരാകട്ടെ, എപ്പോഴും വലിപ്പം കാണിക്കാൻ ശ്രമിച്ചു കൊണ്ടേയിരിക്കും.''
ചെറുതാകാന്‍ തയാറല്ലാത്തവര്‍ക്ക് ക്ഷമിക്കാനും മറക്കാനും പറ്റില്ല. വാശിയുടെയും മത്സരത്തിന്റെയും വൈരാഗ്യത്തിന്റെയും പിന്നിലുള്ളത് ചെറുതാകാനുള്ള വിഷമമാണ്.
നമ്മൾ ചെറുതാകാന്‍ ഒന്ന് മനസ്സുവച്ചാല്‍ കുടുംബത്തിലെയും സൗഹൃദങ്ങളിലെയും സഹപ്രവര്‍ത്തകരിലുമുള്ള കലഹങ്ങള്‍ നീങ്ങിപ്പോകും.
വഴക്കുക്കളും കലഹങ്ങളും എല്ലാം വെറുതെ വലുതാകാന്‍ ശ്രമിക്കുന്ന ചെറിയ മനുഷ്യരുടെ ദൗര്‍ബല്യങ്ങളാണ്.

by: Swamy Chandradeepthan

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo