Showing posts with label സുധരാജീവൻ. Show all posts
Showing posts with label സുധരാജീവൻ. Show all posts

രായപ്പന്‍


സ്നേഹിതരെ ഞാനിവിടെ എഴുതിയിടുന്നത് പൂര്‍ണ്ണമായും നടന്നവയല്ല.കുറച്ചൊക്കെ എന്റെ ഭാവനയാണ്..അതേ രീതിയിലേ കാണണ്ടതുമുള്ളൂ കേട്ടോ..നിങ്ങളില്‍ ഒരു പുഞ്ചിരിയെങ്കിലും വരുത്താനായാല്‍ അതാണ് എന്റെ സന്തോഷം ..ചിരി ആരോഗ്യത്തിന് ഉത്തമം എന്നല്ലേ മഹത് വചനം.
*************
കഴിഞ്ഞ ആഴ്ച്ച ഞങ്ങള്‍ മസ്ക്കറ്റില്‍ പോയിരുന്നു.പെട്ടെന്ന് തീരുമാനിച്ചതായിരുന്നു,ഉണ്ടിരിക്കുന്ന മൂപ്പര്‍ക്കൊരു വിളി വന്നൂന്ന് പറേന്ന മാതിരി ചൊവ്വാഴ്ച്ച രാത്രി ഉണ്ടിരുന്നപ്പോള്‍ പ്ളാന്‍ ചെയ്തു,വ്യാഴായ്ച്ച രാത്രി പോയി.
ബുധനാഴ്ച്ച ടിക്കറ്റും ഓക്കെ ആക്കി വന്നപ്പോള്‍ രായപ്പന്‍ പറഞ്ഞു,,
''എടീ,പെട്ടെന്ന് ആയതുകൊണ്ട് swiss air ല്‍ ആണ് ടിക്കറ്റ് കിട്ടിയത് ,അതില്‍ കൂടുതലും സായിപ്പന്മാരാവും കൂടെയുണ്ടാവുക,വൃത്തിയായിട്ടൊക്കെ പോണം,നിന്റെ അലക്കിന്റെ ഗുണം കൊണ്ട് എന്റെ ടീ ഷര്‍ട്ട് ഒക്കെ നരച്ചു,അടുത്തുള്ള splash ല്‍ പോയി രണ്ടു ഷര്‍ട്ടു വാങ്ങണം വാ പോകാലോ..''
കേട്ടപാതി ഞാനും ഇറങ്ങി ,സാധാരണ ,ചുരിദാര്‍ ഇട്ടോണ്ട് നടന്നോണ്ടിരുന്ന നോം ,ജഗതി അമ്മേ പാന്‍റ്റ് പാന്‍റ്റ് എന്നു പറഞ്ഞ പോലെ ,,സേട്ടാ പാന്‍റ്റ് ,പാന്‍റ്റ് ...എന്നും പറഞ്ഞോണ്ട്...ഒരു പാന്‍റ്റും,ജീന്‍സും ടോപ്പും വാങ്ങി മദാമ്മമാരുടെ മുന്നില്‍ ഒട്ടും കുറക്കരുതെന്നും കരുതി .
എയര്‍പോട്ടില്‍ പോകാന്‍ നേരം രായപ്പന്‍ പറഞ്ഞു,
ടീ ,,നീ ഇപ്പോ ജീന്‍സിന് ബെല്‍റ്റ് കെട്ടണ്ട ,ചിലപ്പോള്‍ സെക്യൂരിറ്റി ചെക്കിന് രണ്ടിടത്തു വച്ച് ഊരേണ്ടി വരും,ചെക്കിംങ്ങ് എല്ലാം കഴിഞ്ഞ് ,ലാസ്റ്റ്ഗേയ്റ്റിനു അടുത്തുള്ള ടോയിലറ്റില്‍ പോയി കെട്ടിയാല്‍ മതി.''
അതെന്നെ സെക്യൂരിറ്റി ചെക്കിംങ്ങ് സമയം,വാച്ചും മാലയും ഒക്കെ ഊരേണ്ടി വരുന്നത് ശരിക്കും മടുപ്പാണ്,അരഞ്ഞാണം ഇല്ലാത്തോണ്ട് ഭാഗ്യായി അല്ലെങ്കില്‍ അതും അവിടെ വച്ച് ഊരേണ്ടി വന്നേനേ.
അങ്ങിനെ ജീന്‍സും വലിച്ചു കയറ്റി ,ഊരി വരുന്ന ജീന്‍സ് ഇടയ്ക്കിടെ ,
,''കുലുക്കി തക്ക ധിം കുലുക്കി തക്ക തോം,,കുലുക്കി ത്തക്ക ധീം കുലുക്കി ത്തക്ക തോം,,,
എന്ന മട്ടില്‍ ,കലുക്കി,രണ്ടുകൈ കൊണ്ടും വലിച്ചു കയറ്റി,ദുബായി എയര്‍പോട്ടിലൂടെ,ഓടിയും ബസ്സില്‍ കയറിയും മെട്രോയില്‍ കയറിയും,ചെക്കിംങ്ങ് എല്ലാം കഴിഞ്ഞ് ലാസ്റ്റ് ഗെയിറ്റിലെത്തിയപ്പോള്‍,,ബെല്‍റ്റും എടുത്ത് വാഷ്റൂമിലേക്ക് പോയി.ദുബായ് എയര്‍പോട്ടില്‍ ബോട്ട് സര്‍വ്വീസ്സ് കൂടി ഉണ്ടായിരുന്നെങ്കില്‍,മക്കളോടു
,മക്കളെ,,കണ്ടാ..ഇത് ബസ്സ്..
മക്കളെ..ഇത് തീവണ്ടി...
മക്കളെ....ഇത് ബോട്ട്...
മക്കളെ..ഇത് വിമാനം..
എന്നു പറഞ്ഞു ഒറ്റ യാത്രയില്‍ തന്നെ കാണിച്ചു കൊടുക്കാമായിരുന്നു..
അത്രയും ദൂരം ഓടി നടക്കുന്നതിനിടയില്‍ ,ജീന്‍സ് ഊരി പോയി ,പണി കിട്ടി,
അവളുടെ രാവുകളിലെ സീമചേച്ചിയെ പോലെയോ,
ഷക്കീലക്കയേ പോലെയോ ,
,
നില്‍ക്കേണ്ടി വന്നാലോയെന്നു പേടിച്ച് ഉള്ളില്‍ ലെഗ്ഗിന്‍സും കൂടി ഇട്ടിട്ടുണ്ടായിരുന്നു..
അങ്ങിനെ വാഷ്റൂമില്‍ പോയപ്പോള്‍ അവിടെ ഒരു മദാമ്മ മാത്രം ചുണ്ടത്ത് കരകരാന്ന് പേയിന്റ്റടിച്ചോണ്ടിരിക്കുന്നു..
ഞാനും ആ കണ്ണാടിക്കു മുന്നില്‍ നിന്നോണ്ട്,
മദാമ്മയോട് ,,
''If u don't mind ,എനിക്കിതു വലിച്ചു കെട്ടണം''
എന്നും പറഞ്ഞ് ബാഗില്‍ നിന്നും ബെല്‍റ്റെടുത്ത്,കുട്ടിക്കാലത്ത് ,കുപ്പായം പൊക്കി കഴുത്തിനും താടിക്കും ഇടയിലിറുക്കി ഷഡ്ജം ഇട്ടിട്ടില്ലെ, ഏതാണ്ട് ആ പൊസിഷനില്‍ ടോപ്പ് പൊക്കി,ബെല്‍റ്റ് അരയിലൂടെ ചുറ്റിയെടുത്ത്,പൂച്ച വാല്‍ ഭാഗം നക്കിതൊടക്കാന്‍ ബോഡി മൊത്തം വളച്ചെടുക്കുന്ന പോലെ ബുദ്ധിമുട്ടി ബെല്‍റ്റ് ജീന്‍സിന്റെ ഓരോ ബക്കിളിലും ഇട്ട് മുന്നില്‍ കൊണ്ടുവന്നു കൊളുത്താന്‍ നോക്കുമ്പോള്‍ ചുണ്ടത്തു പേയിന്റ്റടിച്ചോണ്ടിരുന്ന മദാമ്മയുണ്ട് പൊട്ടിച്ചിരിക്കുന്നു..സത്യായിട്ടും ഒരു മദാമ്മ പൊട്ടിച്ചിരിക്കുന്നത് ഞാന്‍ ആദ്യമായി കാണുകയായിരുന്നു ,എനിക്കു പേടിയായി,,
ഇനീപ്പോ ആ മറുതയ്ക്ക് വട്ടെങ്ങാനാവുമോ ഡിങ്കണ്ണായെന്ന് ചിന്തിച്ചോണ്ട് പുറത്തേക്ക് ഓടിയാലോയെന്ന് ചിന്തിച്ചോണ്ടിരുന്നപ്പോ,,
ആ മദാമ്മ എന്റെ മുന്നിലോട്ട് തിരിഞ്ഞു നിന്ന് എന്റെ ബെല്‍റ്റ് ചൂണ്ടി കാണിച്ചു ,എന്നിട്ടു ചോദിച്ചു ,
'' what happend baby..whats wrong ur belt?''
അപ്പോഴാണ് ഞാനും എന്റെ ബെല്‍റ്റ് നോക്കുന്നത്,അത് എന്റെ അരയില്‍ ഉറപ്പിച്ചു കെട്ടാന്‍ ''ഹോള്‍സിലായിരുന്നു.'' നോമിന് സ്വന്തമായി ഒരു ബെല്‍റ്റ് ഇല്ലാത്ത കാരണം രായപ്പന്റെ ഒരു പഴയ ബെല്‍റ്റും കൊണ്ടാണ് നോമിറങ്ങിയത്,വീട്ടില്‍ നിന്ന് ട്രയലും നോക്കിയില്ലായിരുന്നു.ആദ്യമായി ബെല്‍റ്റ് കെട്ടുന്ന എന്റെ പരാക്രമം കണ്ട് രസം പിടിച്ച മദാമ്മ ചുണ്ടത്തേ പേയിന്റടിയും കഴിഞ്ഞ് കണ്ണാടിയിലൂടെ അതും നോക്കി നില്‍ക്കുകയായിരുന്നു.
അങ്ങിനെ മദാമ്മയുടെ മുന്നില്‍ ശശിയായി,,,
hubby യുടെ ബെല്‍റ്റ് മാറിയെടുത്തു പോയതാണെന്ന് പറഞ്ഞ് പ്ളിംങ്ങി ചമ്മി ,ബെല്‍റ്റ് ഊരിയെടുത്തു.
ഇച്ചിരി തൊലിക്കട്ടി ഉള്ളതു കൊണ്ട് ആ മദാമ്മയെ ഇനിയൊരിക്കലും കാണുകയില്ലല്ലോയെന്നും കരുതി ഫ്ളൈറ്റില്‍ കയറി സീറ്റും തപ്പി പിടിച്ചിരുന്നപ്പോഴുണ്ട് ,,,
''Hai baby r u ok ? ''എന്നും ചോയിച്ചോണ്ട് ഇളിച്ചു പിടിച്ചോണ്ട് ആ വാഷ്റൂമില്‍ കണ്ട മദാമ്മ നമ്മുക്കടുത്ത സീറ്റിലിരിക്കുന്നു.
പോരാത്തതിന് രായപ്പനെ നോക്കി അവലക്ഷണം പിടിച്ച ആക്കിയ ഒരു ചിരിയും...
കഥയൊന്നും അറിയാത്ത രായപ്പന്‍
''അതേന്തടീ ആ മദാമ്മയ്ക്കു ഒരു ഇളക്കം ''എന്നാരാഞ്ഞെങ്കിലും...
''അങ്ങടു നോക്കണ്ട മനുഷ്യാ അതിനു വട്ടെങ്ങാനാവുമെന്ന്''
പറഞ്ഞോണ്ട് ബ്ളാങ്കറ്റെടുത്തു തലവഴി മൂടി അനങ്ങാതിരുന്നു.

By
Sudha Rajeevan

പൈനാപ്പിള്‍

Image may contain: 2 people, closeup

ഇന്നലെ സൂപ്പര്‍മാര്‍ക്കറ്റില്‍,,പൈനാപ്പിള്‍ തിരഞ്ഞെടുത്തു കൊണ്ടിരിക്കയായിരുന്നു.പെട്ടെന്ന് എന്റെ മൂലാധാരത്തിനിട്ട് എന്തോ വന്നിടിച്ചു,,ഞാന്‍ ഞെട്ടി പിറകോട്ട് നോക്കിയപ്പോള്‍ ഒരു കാലി ട്രോളി,അടുത്തുള്ള ആപ്പിളിന്റെ ബോക്സിനടുത്ത് ഒരു ഭാര്യയും ഭര്‍ത്താവും മാത്രം അതിനടുത്തൊന്നും വേറെ ആരുമില്ല,
''എന്റീശ്വരാ ഈ ട്രോളിക്കു ജീവനുണ്ടോ,''
ജീന്‍സും ഷോര്‍ട്ട്ടോപ്പും ഇടാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും,ദാസേട്ടന്‍ അഭിപ്രായം പറഞ്ഞ് വിവാദത്തില്‍ പെടുന്നതിനു മുമ്പ് തന്നെ ചുരിദാറിലും സാരിയിലും മാത്രം മറച്ചു നടന്നിരുന്ന എന്റെയീ പിന്‍ഭാഗം,
മിക്കവാറും ദിവസം കണ്ടു കണ്ടു ഈ പരട്ട ട്രോളി ഇതിന്റെ കട്ടഫാനായോ ഭഗവാനേയെന്ന് ചിന്തിച്ചോണ്ട് ആരും കാണുന്നില്ലലോയെന്ന വിശ്വാസത്തില്‍ ഇടി കൊണ്ടിടത് ഒന്നു തടവി മുഖം തിരിക്കുമ്പോഴുണ്ട്,,ആ ട്രോളിക്കിടയില്‍ രണ്ടു കുഞ്ഞിക്കാല്.
വേദനിച്ചതിന്റെ ദേഷ്യത്തില്‍ കണ്ണുരുട്ടി കൊണ്ട് നോക്കിയപ്പോള്‍ കുന്തവും പിടിച്ചു നില്‍ക്കുന്ന ലുട്ടാപ്പിയെ പോലെ ട്രോളിയും പിടിച്ചു നില്‍ക്കുന്ന ഒരുകുഞ്ഞന്‍.
ഞാന്‍ അവനെ നോക്കിയപ്പോള്‍ പുള്ളി ഹാപ്പിയായി ഉണ്ണികണ്ണനെ പോലെ ഒാമനത്തമുള്ള ഒരു ചിരിയെനിക്കു സമ്മാനിച്ചു.
ആ മൂന്നുവയസ്സുക്കാരനോട് ദിലീപിന്റെ സ്റ്റൈലില്‍ ,
,''മോനേ dondu dondu ച്യാച്ചിക്കു വേദനിച്ചൂട്ടോന്നും ''
പറഞ്ഞു തിരിയുമ്പോള്‍,, അതിന്റെ അപ്പനുമമ്മയും ഒരാപ്പിളെടുത്ത് പിടിച്ചു അതാര്‍ക്കൊക്കെ പങ്കുവയ്ക്കാമെന്നുള്ള ഒടുക്കത്തെ ചര്‍ച്ച,
അപ്പന്‍ ഇതെന്റെ ''എള്ളാപ്പക്കൂ''ന്ന് പറയുമ്പോള്‍ അമ്മച്ചി അല്ലല്ല അതെന്റെ ''കുഞ്ഞമ്മായിക്കൂ''ന്ന് പറഞ്ഞോണ്ട് കുഞ്ഞിനെ ശ്രദ്ധിക്കുന്നതെയില്ല.
ഒരു പൈനാപ്പിളെടുത്ത് വെറുതെ ഒന്നു തിരിഞ്ഞു നോക്കിയപ്പോളുണ്ട് ആ കുഞ്ഞന്‍ വീണ്ടും സ്പയിനിലെ പോര് കാളയെ പോലെ എന്റെ പിന്‍ഭാഗം നോക്കി ട്രോളി ഉരുട്ടി വിടാന്‍ ഉന്നം പിടിക്കുന്നു.
കൈയ്യില്‍ കിട്ടിയ പൈനാപ്പിളുമായി ഞാനെസ്ക്കയിപ്പായി ദൂരെ ഒളിച്ചുനിന്നു നോക്കിയപ്പോള്‍ ആ കുഞ്ഞന്‍ വേറെ ഏതോ മൂലാധാരം ഇടിച്ചു ചമ്മന്തിയാക്കാന്‍ ട്രോളിയും തള്ളി 'ഉറുമ്പ് പൊരി'യും കൊണ്ട് പോവുന്നത് പോലെ പോവുന്നുണ്ടായിരുന്നു.....
എന്റെ ആള്‍ക്ക് പൈനാപ്പിള്‍ വളരെ ഇഷ്ടമാണ് പക്ഷേ ആ പൈനാപ്പിള്‍ പ്രേമം കൊണ്ട് എന്റെ മൂലാധാരം പഞ്ചര്‍ ആവാന്‍ യോഗമുണ്ടായിരുന്നൂവെന്ന് ഇന്നലെയാണ് ഞാന്‍ തിരിച്ചറിഞ്ഞത്..
**************
ഇനി പൈനാപ്പിളിന്റെ ഗുണങ്ങളെ പറ്റിയൊരു കട ഃ അറിവ്.
നമ്മുടെ ആരോഗ്യപരിപാലനത്തിൽ കൈതച്ചക്കയ്‌ക്കുള്ള പങ്ക് കേട്ടോളൂ. ആഹാരത്തിന് ശേഷം രണ്ടോ മൂന്നോ കഷണം കൈതച്ചക്ക കഴിയ്‌ക്കുന്നത് ദഹനം മെച്ചപ്പെടുത്തും. എല്ലുകളുടെ ശക്‌തി, കണ്ണുകളുടെ ആരോഗ്യം എന്നിവ വർദ്ധിപ്പിക്കുന്ന ഈ ഫലം കാൻസർ പ്രതിരോധത്തിൽ മുഖ്യപങ്കാളിയാണ്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുകയും രക്‌തയോട്ടം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ശരീരത്തിനാവശ്യമായ പോഷകങ്ങൾ, വൈറ്റമിനുകൾ, കോപ്പർ, മാംഗനീസ്, കാൽസ്യം, മഗ്നീഷ്യം, വൈറ്റമിൻ സി, ബീറ്റാകരോട്ടിൻ, നാരുകൾ എന്നിവയാൽ സമ്പന്നമാണ് . ഇതിലടങ്ങിയിരിക്കുന്ന ബ്രൊമലെയ്ൻ എന്ന എൻസൈം ആർത്രൈറ്റിസുമായി ബന്‌ധപ്പെട്ട് സന്‌ധികളിലും മസിലുകളിലും ഉണ്ടാകുന്ന വേദന ശമിപ്പിക്കുന്നു.

By: Sudha Rajeevan

ഒരബദ്ധം

Image may contain: 2 people, closeup and indoor

ഒരബദ്ധം ആര്‍ക്കെങ്കിലും ഒക്കെ പറ്റുംന്ന് പറയുന്നത് അനുഭവത്തില്‍ പഠിച്ചൊരു പാവത്തിനെ കണ്ടാ...ദാ ഇങ്ങടു നോക്കിയാട്ടെ...
കുറച്ചു നാളായി ഞങ്ങള്‍ രണ്ടു ഫാമലി ഒരു വില്ല റെന്റിനെടുത്ത് താഴെയും മുകളിലും ആയാണ് താമസം.താഴെ ഞങ്ങളും മുകളില്‍ മറ്റേ ഫാമലിയും.അടുത്തടുത്ത വീടുകളില്‍ കൂടുതലും ഒമാനി ഫാമലികള്‍ ആണ് താമസം.
ഒരുദിവസം ഗെയ്റ്റ് ബെല്‍ അടിക്കുന്നതു കേട്ട് മുകളില്‍ താമസിക്കുന്നയാള്‍ നോക്കിയപ്പോള്‍ അടുത്ത വീട്ടിലെ ഒരു ഒമാനി ലേഡി ഗേയ്റ്റിനടുത്ത് നില്‍ക്കുന്നതു കണ്ടു ,കുറെനേരം ബെല്ലടിച്ചിട്ടും നമ്മള്‍ പോയി നോക്കിയില്ല.പോയി നോക്കിയാല്‍ തന്നെ കിലുക്കത്തിലെ ജഗതിയെ പോലെയല്ലാതെ വെറെന്തു ചെയ്യാനാ,,ഭാഷ ഭാഷ പ്രശ്നമാണേ..(അടുത്ത വീട്ടിലെ ആണെന്നു മനസ്സിലാക്കിയത് അവിടെക്ക് കയറി പോവുന്നത് കണ്ടിട്ടാണ്)
ആ സ്ത്രീയെ കണ്ട് നമ്മുടെ അടുത്ത പോര്‍ഷനില്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കു ചെയ്യുന്ന പയ്യന്‍ ചെന്ന് എന്തോ സംസാരിക്കുന്നതും കണ്ടിരുന്നു ...അതിനു ശേഷം അവര്‍ എന്തു സംസാരിച്ചെന്നറിയാതെ എനിക്കു നില്‍ക്കാന്‍ വയ്യാണ്ടായി.
,,രാജീവേട്ടന്‍ വന്നപ്പോ ഉന്തിതള്ളി ആ പയ്യന്‍മാരുടെ അടുത്തേക്ക് കാര്യം അന്യേഷിക്കാന്‍ പറഞ്ഞു വിട്ടു...
തിരിച്ചു വന്ന രാജീവേട്ടന്‍ friends സിനിമയില്‍ പെയിന്റില്‍ വീണ ''ജനാര്‍ദ്ദനന്‍ രാജാവിനെ ''കണ്ട ശ്രീനിവാസനെ പോലെ എന്നെ നോക്കി കിടന്നും ഇരുന്നും ചിരിയോടു ചിരി,,,പൊതുവെ അധികം expressions പ്രകടിപ്പിക്കാത്ത ഈ മനുഷ്യന്റെ തലയില്‍ പുറത്തിറങ്ങിയപ്പോള്‍ ഉല്‍ക്കയെങ്ങാനും വീണോ ഭഗവാനെ എന്നായി എന്റെ ചിന്ത...
ഉണ്ടകണ്ണും തള്ളിയുള്ള എന്റെ നില്‍പ്പു കണ്ടപ്പോള്‍ മൂപ്പരു പറഞ്ഞു ,,,
''ഢീ നിനക്കു പണി കിട്ടി ,,നാളെ മുതല്‍ പോയ്ക്കോ''
''പണിയാ എനിക്കാ പോയേ പോയേ ''എന്നു ഞാനും..(തച്ചു കൊന്നാലും ജോലിക്കൊന്നും പോകാന്‍ മൂഡില്ലാത്ത ഞ്യാനാ ഞ്യാന്‍)
അപ്പോ മൂപ്പരു ,,''നീയിന്നു മുറ്റം അടിച്ചു വാരിയോ,,''
''ങ്ഹാ ''എന്നു ഞാന്‍
''വരാന്ത കഴുകിയോ ,,''
''ങ്ഹാ ''എന്നു വീണ്ടും ഞാന്‍.
അപ്പോ വീണ്ടും ''നിന്റെ സ്ഥിരം ഡ്രസ്സ് കോഡില്‍ തന്നെ അല്ലേ ചെയ്തിട്ടുണ്ടാവുക ,''
''ങ്ഹാ ''
അതെന്നു വീണ്ടും ഞാന്‍
അപ്പോ വീണ്ടും മറുപടി ..
''ഇവിടെ ഒരു മെയ്ഡിനെ കണ്ടു,ആ മെയ്ഡിനെ daily കുറച്ചു നേരം അവരുടെ വീട്ടിലെക്കു വിടാന്‍ പറ്റുമോയെന്ന് അറിയാനാണ് ആ സ്ത്രീ വന്നതു പോലും.അപ്പോ നാളെ മുതല്‍ പോവുകയല്ലെ..''
ഞാന്‍ പ്ളിംങ്ങ് പ്ളിംങ്ങോടു പ്ളിംങ്ങ് ..
ആ സ്ത്രീ ചോദിച്ചത് തെറ്റല്ലാന്നെ , എന്റെ കോലം കണ്ടാ ആരും ചോദിച്ചു പോവും.
കീറിയ നൈറ്റിയും ,,''ബോബനും മോളിയിലെ ചേട്ടത്തിയെ പോലെ '',മൂര്‍ത്തിയില്‍ പിടിച്ചു കെട്ടിയ മുടിയുമായി ചീന ഭരണി പോലത്തെ ഒരു രൂപം ചൂലും പിടിച്ചു നടക്കുന്നത് ഒന്നു ഒാര്‍ത്തു നോക്കിയെ ,,
അതിന് എന്റെ ഛായയോ കാപ്പിയോ ഉണ്ടാവും .........

by: SudhaRajeevan

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo