Showing posts with label ദാനാചാന്ദ്. Show all posts
Showing posts with label ദാനാചാന്ദ്. Show all posts

ആര്യ

Image may contain: 1 person

രഘുവേട്ടാ, ഇറങ്ങായോ?"
ഞാനൊന്നും മിണ്ടിയില്ല. അല്ലെങ്കിലും അവൾക്കു അറിയില്ലേ ഞാൻ ഈ സമയത്തു ഇറങ്ങും എന്ന്.
"ദേ, ഇതും കൂടെ എടുക്കൂ"
"എന്താ ഇത്?" ഞാൻ ചോദിച്ചു.
"ഉച്ചക്ക് കഴിക്കാൻ ചോറും കറിയും ആണ്, കാലത്തേക്കുള്ള ഇഡലി വേറെ ആക്കിയിട്ടുണ്ട് ട്ടോ"
"ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ ഇങ്ങനെ എല്ലാം കൂടെ കെട്ടി പൊതിഞ്ഞു തരേണ്ട എന്ന്. ഞാൻ പുറത്തുന്നു എന്തേലും കഴിക്കാം."
"അത് വേണ്ട ഏട്ടാ, ആഴ്ചയിൽ നാലഞ്ചു ദിവസം പുറത്തെ ഭക്ഷണം അല്ലെ കഴിക്കണേ "
ഞാൻ പിന്നെ കൂടുതലൊന്നും പറഞ്ഞില്ല. അവൾ തന്ന പൊതിയും ബാഗിൽ വെച്ച്, ഉറങ്ങിക്കിടക്കുന്ന മോൾക്കു ഒരു ഉമ്മ കൊടുത്തു വീട്ടിൽ നിന്ന് ഇറങ്ങി.
വേഗം ഇറങ്ങിയില്ലെങ്കിൽ ട്രെയിൻ അതിന്റെ പാട്ടിനു പോകും. വീട്ടീന്ന് പത്തു മിനുട്ടെ ഉള്ളു റെയിൽവേ സ്റ്റേഷനിലേക്ക് . ഞാൻ പെട്ടന്ന് തന്നെ ബൈക്ക് പാർക്ക് ചെയ്തു പ്ലാറ്റുഫോമിലെത്തി. ട്രെയിൻ പോയിട്ടില്ല, സമയം 4.45 ആവാൻ രണ്ടു മിനിറ്റ് ഉണ്ട്. ഞാൻ ട്രെയിനിൽ ചാടിക്കേറി, എന്റെ സ്ഥിരം സ്ഥലത്തിരുന്നു. ട്രെയിൻ കൃത്യ സമയത്തു എടുത്തു. വര്ഷങ്ങളായി ഇതാണ് എന്റെ ഷെഡ്യൂൾ. തിങ്കളാഴ്ച് കാലത്തു 4.45 -നു ഇവിടെ എന്റെ നാട് കോഴിക്കോടിൽ നിന്ന് മംഗലാപുരത്തേക്ക്. അവിടെ IT കമ്പനിയിൽ ജോലി. 4 ദിവസം അവിടെ താമസം, വീണ്ടും വെള്ളിയാഴ്ച ഉച്ചക്ക് ശേഷം അവിടന്ന് തിരിച്ചു നാട്ടിലേക്ക്. വീട്ടിൽ അച്ഛനും അമ്മയും ഭാര്യയും മൂന്നു വയസുള്ള ഒരു മോളും. ഭാര്യ ശ്രീരഞ്ജിനി അടുത്തുള്ള സ്കൂളിൽ അധ്യാപിക. അവളോട് ആ ജോലി രാജി വെച്ച്, ഇവിടെ മംഗലാപുരത്തു എന്റെ കൂടെ വന്നു താമസിക്കാൻ പറഞ്ഞതാണ്. പക്ഷെ അവൾക്കു ആ ജോലി കളയാൻ പറ്റില്ല എന്ന വാശി. പോരാത്തതിന് അവൾ ഇപ്പോൾ പ്രൈവറ്റ് ആയി PG ചെയ്യുന്നുമുണ്ട്. അതും പോരാഞ്ഞ്, അച്ഛനും അമ്മയും തനിച്ചാവില്ലേ എന്നാണു അവളുടെ ചോദ്യം. എന്റെ അച്ഛനേം അമ്മയേം കുറിച്ച് എനിക്കില്ലാത്ത വേവലാതി ആണ് അവൾക്കു.
ഈ കാര്യത്തിൽ ഒക്കെ എതിർപ്പുള്ളതുകൊണ്ടു ഞാനും അവളും ഇപ്പോൾ അത്ര രസത്തിലല്ല, അവളോട് മിണ്ടുന്നതേ വിരളമാണ്. എനിക്കും ഉണ്ട് കുറച്ചു വാശി എന്ന് അവളെ അറിയിക്കാൻ ഉള്ള ഒരു ശ്രമം. പക്ഷെ അവൾ അതൊന്നും കാര്യമാക്കുന്ന ലക്ഷണം ഇല്ല. വേറെ എന്തെങ്കിലും വഴി കണ്ടു പിടിക്കണം എന്നാലോചിച്ചു ഞാൻ ലാപ്ടോപ്പ് തുറന്നു. ഇന്ന് തൊട്ടു തുടങ്ങുന്ന പുതിയ പ്രോജക്ടിന്റെ ഡീറ്റെയിൽസ് എടുത്തു വായിക്കാൻ തുടങ്ങി . ട്രെയിൻ അപ്പോഴേക്കും അടുത്ത സ്റ്റേഷൻ എത്തിയിരുന്നു. പതിവ് പോലെ എന്റെ ട്രെയിൻ ഫ്രണ്ട് കേറി. കുറച്ചു നാളുകളായി അവളെ ഞാൻ ശ്രദ്ധിക്കാൻ തുടങ്ങിയിട്ട്. മിക്കവാറും എന്നെ പോലെ തന്നെ തിങ്കളാഴ്ച പുലർച്ചെ ഈ ട്രെയിനിൽ മംഗാലാപുരത്തേക്കും, വെള്ളിയാഴ്ച ഉച്ചക്ക് ശേഷം തിരിച്ചും കാണാറുണ്ട്. ഇത് വരെ പരിചയപ്പെട്ടിട്ടില്ല. പഠിക്കുന്ന കുട്ടി ആയിരിക്കും. മിക്കവാറും കയ്യിൽ ഏതെങ്കിലും ഒരു പുസ്തകം ഉണ്ടാവും. തമ്മിൽ കാണുമ്പോൾ ഒരു ചിരി. ആ ഒരു പരിചയം മാത്രം.
അവൾ പതിവ് പോലെ എനിക്ക് എതിർവശത്തായി ഇരുന്നു , എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു, ഒരു പുസ്തകം എടുത്തു വായിക്കാൻ തുടങ്ങി. ഞാൻ പുസ്തകത്തിന്റെ പേര് നോക്കി - എന്റെ സത്യാനേഷ്ണ പരീക്ഷണങ്ങൾ ആണ്. ഇത്തവണ എന്തായാലും അവളോട് സംസാരിക്കാൻ തീരുമാനിച്ചു.
"കുട്ടി മംഗലാപുരത്തു പഠിക്കുകയാണോ?" ഞാൻ ചോദിച്ചു.
അവൾ മുഖമുയർത്തി പറഞ്ഞു. "അല്ല ജോലി ചെയ്യുന്നു, സർ ജോലി ചെയ്യുന്ന കമ്പനിയിൽ തന്നെയാണ്, വേറെ ഓഫീസിൽ ആണെന്ന് മാത്രം."
എനിക്ക് ആശ്ചര്യം തോന്നി കൂടെ ഒരു ചമ്മലും. എന്നെ അറിയുന്ന ഈ കുട്ടിയെ എനിക്ക് അറിയില്ലാലോ , ഛെ ...
"പക്ഷെ എന്നെ പറ്റി എങ്ങനെ അറിയാം?"
"സർ, ഞങ്ങളുടെ ഓഫീസിൽ വന്നിരുന്നില്ലേ കഴിഞ്ഞ ആഴ്ച്ച ഒരു പ്രെസെന്റഷന്, അന്നാണ് മനസ്സിലായത് സാറിനെ പറ്റി. സാറിന്റെ പേര് രഘു എന്നല്ലേ ? " അവൾ പറഞ്ഞു നിർത്തി.
"അതെ, രഘുരാമൻ. എന്താ പേര്?" ഞാൻ ചോദിച്ചു
"ആര്യ നന്ദൻ"
അങ്ങനെ ഞങ്ങൾ പരിചയപെട്ടു.
പിന്നെ അവൾ വായനയിലേക്കും ഞാൻ എന്റെ ലാപ്ടോപ്പിലേക്കും തിരിഞ്ഞു.
പിന്നീട് പലപ്പോഴായി ഞങ്ങൾ തീവണ്ടി യാത്രകളിൽ സംസാരിച്ചു. ഓരോ തവണയും അവളുടെ കെയിൽ ഓരോ പുസ്തകങ്ങൾ കാണാം. ഒരിക്കൽ ഞാൻ ചോദിച്ചു
"ഒരുപാടു വായിക്കുമോ?"
"മുൻപൊക്കെ, ഇപ്പോൾ ഒട്ടും സമയം കിട്ടാറില്ല. ആകെ കിട്ടുന്ന സമയം ഈ യാത്രകളിലാണ്." അവൾ പറഞ്ഞു.
"ശരിയാ, ഞാനും മുൻപൊക്കെ വായിച്ചിരുന്നു. പക്ഷെ ഈ ജോലിയൊക്കെ കിട്ടിയേ പിന്നെ എന്റെ വായന വളരെ കുറഞ്ഞു . പിന്നീട് ഉള്ള വായന ലാപ്ടോപ്പിലും മൊബൈലിലുമായി ചുരുങ്ങി. പക്ഷെ പുസ്തകം നോക്കി വായിക്കുന്ന ആ ഒരു സുഖമൊന്നും ഇതിലൊന്നും കിട്ടുന്നില്ല. അതോടെ വായന ഒക്കെ നിന്നുപോയി." ഞാൻ പറഞ്ഞു
"ആരാ ഇഷ്ടപെട്ട എഴുത്തുകാരൻ?" ഞാൻ ചോദിച്ചു.
"വില്യം ഷേക്‌സ്പിയർ, പിന്നെ വൈക്കം മുഹമ്മദ് ബഷീർ."
"ആഹാ അത് കൊള്ളാലോ, ഒരു ഇംഗ്ലീഷുകാരനും ഒരു മലയാളിയും. അവരുടെ എല്ലാ കൃതികളും വായിച്ചിട്ടുണ്ടോ ?"
"ഏയ് ഇല്ല, അവരുടെ അവതരണ രീതി കൊണ്ടാണ് അവരെ കൂടുതൽ ഇഷ്ടപ്പെടുന്നത്. ഷേക്സ്പിയർ രചനകളിൽ അദ്ദേഹത്തിന്റേതായ ചില വാക്കുകൾ ഉൾക്കൊള്ളിച്ചിട്ടില്ലേ. Shakespearean English - Thou, Thee,Thy തുടങ്ങിയവ അതിനെ പറ്റിയൊക്കെ വായിച്ചപ്പോഴാണ് ആരാധന തോന്നിയത്. അതുപോലെ ബഷീർ കൃതികൾ എത്ര ലളിതമാണ്, അക്ഷരങ്ങൾ എല്ലാം അറിയാഞ്ഞിട്ടും അദ്ദേഹം എത്ര നല്ല കൃതികൾ രചിച്ചിരിക്കുന്നു. ബാല്യകാലസഖിയോക്കെ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട രചനകളിൽ ഒന്നാണ്. " അവൾ ആവേശത്തോടെ പറഞ്ഞു .
അവളുടെ ആ മറുപടി എനിക്ക് ഇഷ്ടപ്പെട്ടു. എഴുത്തകരോടുള്ള ആരാധനയുടെ അടിസ്ഥാനം കേട്ടപ്പോൾ കുറച്ചു അത്ഭുതവും തോന്നി
"ബഷീർ കൃതികൾ എനിക്കും ഇഷ്ട്ടമാണ്". ഞാൻ പറഞ്ഞു .
അടുത്ത തവണ അവളെ കണ്ടപ്പോൾ ഞാൻ ചോദിച്ചു. "നന്ദൻ എന്ത് ചെയുന്നു"?
"അച്ഛൻ കൃഷിക്കാരനാണ്" അവൾ മറുപടി പറഞ്ഞു.
പെട്ടന്നുള്ള ആ മറുപടി എന്നെ ഒന്ന് ഞെട്ടിച്ചു. അവളുടെ നെറ്റിയിൽ കണ്ട സിന്ദൂരവും കഴുത്തിലെ താലിയും പിന്നെ അവളുടെ പേരിലെ വാലായ നന്ദൻ എന്നതും ആണ് എന്നെ ആ ചോദ്യം ചോദിയ്ക്കാൻ പ്രേരിപ്പിച്ചത്. "സോറി.നന്ദൻ ആര്യയുടെ ഭർത്താവാണെന്നു കരുതി." ഞാൻ ആ ഞെട്ടൽ മറച്ചു കൊണ്ട് പറഞ്ഞു.
"ഹെയ്യ് സാരമില്ല. ഹസ്ബന്റിന്റെ പേര് ശരത്. നമ്മുടെ സെയിം ജോബ് സോഫ്റ്റ്‌വെയർ എഞ്ചിനീയർ , ബാംഗ്ലൂരിൽ ആണ്." അവൾ സ്വതവേ ഉള്ള പുഞ്ചിരിയോടെ പറഞ്ഞു.
"പിന്നെ എന്താ ആര്യ ബാംഗ്ലൂരിൽ പോകാത്തത്?"
"അങ്ങോട്ട് ട്രാൻസ്ഫർ അപേക്ഷിച്ചിട്ടു കുറെ നാളായി, ഇനി ഇപ്പോൾ ശരത്തേട്ടൻ നമ്മുടെ കമ്പനിയിൽ ജോലിക്കു ശ്രമിക്കാം എന്നാണ് പറയുന്നത്. നാട്ടിൽ നിന്ന് പോയി വരാൻ കൂടുതൽ സൗകര്യം ഇവിടെ മംഗലാപുരത്തു നിന്നാണ്. "
"നാട്ടിൽ ആരൊക്കെയുണ്ട് ?" ഞാൻ ചോദിച്ചു
"ഞങ്ങൾ രണ്ടു പേരുടെയും അച്ഛനമ്മമാർ. ഞങ്ങൾ ഓരോ മക്കളാണ്. അത് കൊണ്ട് രണ്ടു വീട്ടുകാരെയും വിഷമിപ്പിക്കാൻ പറ്റില്ല, ഓരോ ദിവസം ഓരോ വീട്ടിൽ നിൽക്കും. ശരത്തേട്ടൻ രണ്ടാഴ്‌ച കൂടുമ്പോഴേ വരൂ നാട്ടിലേക്ക് , ഞാൻ എല്ലാ ആഴ്ചയും പോകും." അവൾ പറഞ്ഞു
"അന്ന് പേര് പറഞ്ഞപ്പോൾ ആര്യ നന്ദൻ എന്നല്ലേ പറഞ്ഞത്, അത് കൊണ്ടാണ് ഞാൻ അങ്ങനെ ചോദിച്ചത്. ഞാൻ ഒന്ന് ചോദിച്ചോട്ടെ , ആര്യ നന്ദൻ എന്തെ ആര്യ ശരത് ആവാത്തത് ?"
"അങ്ങനെ വേണമെന്ന് നിർബന്ധം ഉണ്ടോ?" അവൾ പുഞ്ചിരിയോടെ തന്നെ ചോദിച്ചു.
"നിർബന്ധം അല്ല, പക്ഷെ അതല്ലേ കസ്റ്റം."
"ആയിരിക്കാം, പക്ഷെ ഇരുപത്തിനാലു വർഷം വളർത്തി വലുതാക്കിയ അച്ഛന്റെ പേര് എന്റെ പേരിൽ നിന്ന് മുറിച്ചു മാറ്റാൻ തോന്നിയില്ല. പിന്നെ ഞാൻ എന്ന വ്യക്തിയുടെ ഐഡന്റിറ്റി അല്ലെ ഈ പേര്. ആര്യ നന്ദൻ എന്നത് ആര്യ ശരത് ആയാൽ അത് വേറെ ഒരാളാവില്ലേ ? ഇത് എന്റെ മാത്രം കാഴ്ചപ്പാടാണ് ട്ടോ , ഇതാണ് ശരി എന്ന് തർക്കിക്കുന്നില്ല." എന്റെ മുഖഭാവം മാറുന്നത് കണ്ടു അവൾ പറഞ്ഞു നിർത്തി.
ശരിയാണ്, ഒന്ന് തർക്കിക്കാം എന്ന് ചിന്തിച്ചതാണ് , പക്ഷെ അവൾ പറഞ്ഞത് പോലെ അത് കാഴ്ചപ്പാടുകളുടെ വ്യത്യാസം ആവാം. ഞാൻ പിന്നീട് ഒന്നും പറഞ്ഞില്ല.
ഞാൻ എന്റെ ഭാര്യയേ പറ്റി ഓർത്തു. ഞങ്ങളുടെ കല്യാണത്തലേന്നു അവളോട് സംസാരിക്കാൻ ഫോണിൽ വിളിച്ചു. ഫോൺ അറ്റൻഡ് ചെയ്തത് അവൾ ആണെന്ന് അറിഞ്ഞിട്ടും ഞാൻ ചോദിച്ചു Ms. ശ്രീരഞ്ജിനി മാധവനെ ഒന്ന് കിട്ടുമോ ? അവൾ അതിനു ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞത് ശ്രീരഞ്ജിനി മാധവൻ ഇന്നും കൂടെയെ ഉള്ളു , നാളെ മുതൽ ശ്രീരഞ്ജിനി രഘുരാമൻ ആണ് എന്നാണ്. ആര്യ പറഞ്ഞത് പോലെ കാഴ്ചപ്പാടുകളുടെ വ്യത്യാസം.
ആര്യയുടെ കാര്യം എന്തോ കൊണ്ടോ ഞാൻ ഭാര്യയോട് പറഞ്ഞിരുന്നില്ല. സാധാരണ എന്റെ പരിചയക്കാരെക്കുറിച്ചുള്ള ഒരു വിവരണം ഞാൻ അവൾക്കു പറഞ്ഞു കൊടുക്കാറുള്ളതാണ്. അന്ന് വീട്ടിൽ എത്തിയപ്പോൾ ഞാൻ ആര്യയെപ്പറ്റി അവളോട് പറഞ്ഞു. അവളുടെ പുസ്‌തകപ്രേമവും , പേരിനെ കുറിച്ചുള്ള കാഴ്ചപാടുകളും ഒക്കെ പറഞ്ഞു. ശ്രീമതിക്കു അതത്ര രസിക്കാത്തതുകൊണ്ടോ എന്തോ മറുപടി ഒന്നും കിട്ടിയില്ല.
അന്ന് രാത്രി ഞാൻ ആര്യയെപ്പറ്റി ചിന്തിച്ചു. അവളുടെ സംസാരം, ഓരോ വിഷയങ്ങളിൽ ഉള്ള കാഴ്ചപാടുകൾ അഭിപ്രായങ്ങൾ എല്ലാം ആയിരുന്നു എന്റെ മനസ്സിൽ. അവളെ ഓരോ തവണ കാണുമ്പോഴും എന്തോ ഒരു അടുപ്പം തോന്നിപോയിരുന്നോ ? പറയാൻ അറിയാത്ത എന്തോ ഒന്ന്, എന്തെങ്കിലും മുൻജന്മബന്ധമാണോ ? അവൾ എന്റെ ആരോ ആണെന്ന് ഒരു തോന്നൽ.
പിന്നീടുള്ള ഓരോ കണ്ടുമുട്ടലിലും ഞങ്ങൾ പല കാര്യങ്ങളും സംസാരിച്ചു. ഞങ്ങളുടെ ഇഷ്ട വിനോദങ്ങൾ, കലാലയ ജീവിതം, കൂട്ടുകാർ ,വീട്ടിലെ ഓരോ അംഗങ്ങൾ അങ്ങനെ അങ്ങനെ ഓരോ തവണ ഓരോ വിഷയങ്ങൾ ഞങ്ങൾക്ക് സംസാരിക്കാനുണ്ടായിരുന്നു. ആ സംസാരത്തിനിടയിൽ എനിക്കും ആര്യക്കും ഏതെക്കെയോ കാര്യങ്ങളിൽ എന്തൊക്കെയോ സമാനതകൾ ഉണ്ടെന്നു തോന്നിപോയി . സ്വന്തം അച്ഛനമ്മമാരെ കുറിച്ച് പറയുമ്പോൾ എന്നും അവൾ അതീവ സന്തോഷവതിയായിരുന്നു . അച്ഛനും അമ്മക്കും വിവാഹം കഴിഞ്ഞു ഒരുപാടു വൈകി കിട്ടിയ കുഞ്ഞാണ് താനെന്നും അതുകൊണ്ടു അവർക്കു തന്നെ ജീവനാണെന്നും ഒക്കെ അവൾ പറഞ്ഞു.
ഒരിക്കൽ അവൾ ഒരു ചെറിയ ആൽബം എന്നെ കാണിച്ചു , അതിൽ അച്ഛനും അമ്മയുടെയും ഒപ്പം അവളുടെ കുഞ്ഞു നാളിലെ ഫോട്ടോസ് ആയിരുന്നു . ഞാൻ അതിൽ ഒരു ഫോട്ടോ എന്റെ മൊബൈൽ ക്യാമെറയിൽ പകർത്തി. വീട്ടിൽ എത്തി രഞ്ജിനിക്കു കാണിച്ചു കൊടുത്തു. ആര്യയുടെ അമ്മയെ ചൂണ്ടി കാണിച്ചു അവൾ പറഞ്ഞു - ഇവരെ എവിടെയോ കണ്ട പോലെ ഉണ്ടല്ലേ ? അത് ശരിയാണെന്നു എനിക്കും തോന്നി , എന്തോ ഒരു മുഖപരിചയം .
ഒരിക്കൽ ഒരു വെള്ളിയാഴ്ച , ആര്യയെ ട്രെയിനിൽ വെച്ച് കണ്ടപ്പോൾ അവൾ അതീവ സന്തോഷവതിയായിരുന്നു. സാധാരണ ഉള്ള കുശലപ്രശ്നങ്ങളുടെ ഇടയിൽ ഞാൻ ആ സന്തോഷത്തിന്റെ കാരണം ചോദിച്ചു . അവൾ പറഞ്ഞു.
"നാളെ എന്റെ പിറന്നാൾ ആണ്."
"ഓ , അപ്പോൾ January 21 ആണോ ബർത്ഡേയ് "? ഞാൻ ചോദിച്ചു
" അല്ല , January 27 . നാളെ നക്ഷത്രം ആണ് - മകരത്തിലെ ചോതി. ഓര്മ വെച്ച നാൾ മുതൽ എന്റെ വീട്ടിൽ വലിയ ആഘോഷമാണ് ഈ ദിവസം. ഞാൻ പറഞ്ഞിട്ടില്ലേ അച്ഛനും അമ്മക്കും വിവാഹം കഴിഞ്ഞു ഒരുപാടു വൈകി കിട്ടിയ കുഞ്ഞാണ് ഞാൻ എന്ന് . അവരുടെ കല്യാണം കഴിഞ്ഞു 7 വര്ഷങ്ങള്ക്കു ശേഷം 1992 ലാണ് ഞാൻ ജനിച്ചത് .അതുകൊണ്ടു എന്റെ ഓരോ പിറന്നാളും അവർ ഗംഭീരമായാണ് ആഘോഷിക്കാറുള്ളത്. വീട്ടിൽ സദ്യയും അന്നദാനവും ഒക്കെ നടത്തും. ചെറുപ്പത്തിൽ അവർക്കു എന്നെ പറ്റി വലിയ വിഷമം ആയിരുന്നു . എന്റെ അച്ഛന്റെ ജാതക പ്രകാരം കുഞ്ഞുണ്ടായാലും അഞ്ചാം വയസ്സിൽ അകാലമൃത്യു സംഭവിക്കും എന്ന് ഒരു ജ്യോൽസ്യൻ പറഞ്ഞിരുന്നുവത്രെ. . അത് പേടിച്ചു എന്റെ അഞ്ചു വയസ്സ് വരെ അവർ എന്നെ കൂട്ടിലടച്ചപോലെയാണ് വളർത്തിയത്. അഞ്ചു വയസ്സ് കഴിഞ്ഞപ്പോൾ പിന്നെയാണ് ഞാൻ സ്കൂളിൽ ഒക്കെ ചേർന്നത് . എനിക്ക് ഇതിലൊന്നും വലിയ വിശ്വാസമില്ലാട്ടോ , അല്ലെങ്കിൽ പിന്നെ അഞ്ചു എന്ന് പറഞ്ഞത് ഇപ്പൊ ഇരുപത്തഞ്ചായില്ലേ , ഞാൻ ഇപ്പോഴും പയര് പോലെ ഇരിക്കുണ്ടല്ലോ " അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു .
അവൾ പറഞ്ഞ ആ വര്ഷം തിയ്യതി എല്ലാം എന്നിൽ എന്തെക്കൊയോ ഓർമ്മകൾ ഉണർത്തി. ഒരു ഞെട്ടൽ എന്നിൽ ഉടലെടുത്തുവെങ്കിലും അത് പുറത്തു കാണിക്കാതെ ഞാൻ അവൾക്കു പിറന്നാൾ ആശംസകൾ നേർന്നു - "അഡ്വാൻസ് ബര്ത്ഡേ വിഷസ് "
"താങ്ക് യു " അവൾ പറഞ്ഞു
…………………………………………………………………………
വീട്ടിലെ എത്തിയിട്ടും മനസ്സിൽ എന്തോ കിടന്നു മറിയുന്ന ഒരു തോന്നൽ.
ഞാൻ മൊബൈലിൽ ആര്യയുടെ അച്ഛന്റെയും അമ്മയുടെയും ഫോട്ടോ നോക്കി . എന്റെ ചിന്തകൾ കാട് കയറി. എന്താണ് സത്യം ?എന്റെ കണക്കുകൂട്ടലുകൾ ആണോ , അത് എല്ലാവരുടെയും വിശ്വാസങ്ങളോ , അതോ ജ്യോതിഷമോ ? എനിക്ക് ആകെ ഭ്രാന്തു പിടിക്കുന്ന പോലെ തോന്നി .
ഭാര്യ ചായ കൊണ്ട് തന്നപ്പോൾ അവൾ ചോദിച്ചു ." എന്താ രഘുവേട്ടാ , വന്നപ്പോൾ മുതൽ ശ്രദ്ധിക്കുന്നു , എന്താ ഒരു വയ്യായ്ക പോലെ ?"
"ഏയ് ഒന്നൂല്യ, അച്ഛനും അമ്മയും എവിടെ ?"
"അത് കൊള്ളാം, അവർ ഗുരുവായൂർ പോവും എന്ന് പറഞ്ഞിരുന്നില്ലേ കഴിഞ്ഞയാഴ്ച തന്നെ? നാളെ ഇവിടത്തെ രാഖി മോളുടെ ജന്മദിനം അല്ലെ. എല്ലാ വർഷവും മുടങ്ങാതെ അവർ പോകുന്നതല്ലേ? ഇവിടന്നു ഉച്ചക്ക് തന്നെ ഇറങ്ങി. നാളെ വൈകുന്നേരം ആവുമ്പോഴേക്കും തിരിച്ചെത്താം എന്നാണു പറഞ്ഞത്."
ആര്യ ട്രെയ്നിൽ വെച്ച് പറഞ്ഞ കാര്യങ്ങൾ ഞാൻ അവളോട് പറഞ്ഞു. അവൾ ചോദിച്ചു.
"രഘുവേട്ടൻ എന്താ ഈ പറഞ്ഞു വരണേ?"
"എനിക്കറിയില്ല രഞ്ജിനി, പക്ഷെ പണ്ട് രാഖി മോളുടെ ജനന സമയത്തു അമ്മയെ ലേബർ റൂമിൽ കയറ്റുമ്പോൾ കൂടെ ഉണ്ടായിരുന്നു ഗർഭിണിയായ മറ്റൊരു സ്ത്രീയും. ഞാനും അച്ഛനും, അവരുടെ ഭർത്താവും മാത്രമായിരുന്നു പുറത്തെ ആ വരാന്തയിൽ. അന്നത്തെ പത്തു വയസ്സുകാരന്, ഇന്ന് ആ മുഖങ്ങൾ ഒന്നും ഓർത്തെടുക്കാൻ കഴിയുന്നില്ല. പക്ഷെ അന്ന് നേഴ്സ് വന്നു പറഞ്ഞത് രണ്ടു പേർക്കും പെൺകുഞ്ഞുങ്ങൾ ആണെന്നാണ്."
"അതിന്, അതിനിപ്പോ എന്താ ഉണ്ടായേ?" അവൾ പറഞ്ഞു
"അന്ന് നീ പറഞ്ഞില്ലേ ആര്യയുടെ അമ്മയുടെ ഫോട്ടോ കണ്ടപ്പോൾ എന്തോ ഒരു മുഖപരിചയം എന്ന് . ഞാനും അത് ഓർത്തെടുക്കാൻ ശ്രമിക്കുകയാണ്. ഇരുപത്തഞ്ചു വര്ഷങ്ങള്ക്കു മുൻപ് ജനിച്ചു, അഞ്ചാം പിറന്നാളിന്റെ അന്ന് വിഷം തീണ്ടി മരിച്ച എന്റെ ഈ അനിയത്തികുട്ടിയുടെ ഛായ ആണോ ആ അമ്മക്ക് എന്ന് ?" ഭിത്തിയിൽ തൂക്കി ഇട്ടിരിക്കുന്ന രാഖിയുടെ ഫോട്ടോ ചൂണ്ടി നിറകണ്ണുകളോടെ ഞാൻ പറഞ്ഞു.
"രഘുവേട്ടാ കരയരുത്" അവൾ എന്നെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.
"ഒരുപക്ഷെ രഘുവേട്ടന്റെ ചിന്തകൾ എല്ലാം സത്യം ആയിരിക്കാം. പക്ഷെ ഒരിക്കലും അതിന്റെ നിജസ്ഥിതി തേടി പോകരുത് . ഇത് ഇവിടെ വെച്ച് മറക്കു രഘുവേട്ട. ഇത് സത്യമാണെന്നു വന്നാൽ, അത് എല്ലാവരും അറിഞ്ഞാൽ, തകർന്നു പോകുന്നത് ഒരുപാട് ഹൃദയങ്ങളാണ്. ഇന്ന് ഇവിടെ എല്ലാവരും വിധിയുമായി പൊരുത്തപ്പെട്ടു ജീവിക്കുന്നു. അതങ്ങനെ തന്നെ ഇരിക്കട്ടെ. ആര്യ എന്നും രഘുവേട്ടന്റെ കയ്യെത്തും ദൂരത്തു തന്നെയുണ്ട്. കുറച്ചകലെ ഇരുന്നു അവളുടെ ചേട്ടനായി അവളെ സ്നേഹിക്കാം, അവളുടെ സന്തോഷം നിറഞ്ഞ ജീവിതം നോക്കി കാണാം , അവൾക്കു വേണ്ടി പ്രാർത്ഥിക്കാം. അത് മതി രഘുവേട്ടാ. ഇതാണ് ദൈവം തീരുമാനിച്ച വിധി , അങ്ങനെ കരുതിയാൽ മതി ഏട്ടാ"
ഒന്നും പറയാൻ ആവാതെ കണ്ണുകൾ അടച്ചു ഞാൻ ഇരുന്നു, എന്റെ കുഞ്ഞനുജത്തി ദീർഘായുസ്സോടെ സന്തോഷമായിരിക്കട്ടെ എന്ന പ്രാർത്ഥനയോടെ ............
Thanks
Dana

ഓജോബോർഡ്


ഓജോബോർഡ്
ഓജോബോർഡ് എന്ന് കേട്ടിട്ടുണ്ടെങ്കിലും , അത് എങ്ങനെ ചെയ്യും എന്നൊന്നും വല്യ ധാരണയുണ്ടായിരുന്നില്ല; സിനിമയിലും ടിവിയിലും ഒക്കെ കണ്ടിട്ടുണ്ട് , ആ ഒരു പരിചയം മാത്രം. ഒരു തവണ ബന്ധുവീട്ടിൽ വിരുന്നു പോയപ്പോഴാണ് ഞങ്ങളുടെ ഇടയിൽ ഈ വിഷയം കയറി വന്നത്. ഞങ്ങൾ എന്ന് പറഞ്ഞാൽ ഞാൻ, ലേഖ, സ്വരൂപേട്ടൻ, അപ്പു. നാലു പേരും കോളേജിൽ പഠിക്കുന്ന സമയo. ഓജോബോര്ഡിനെ പറ്റി എല്ലാവരും കേട്ടിട്ടുണ്ട്. പക്ഷെ സ്വരൂപേട്ടനൊഴിച്ചു ആരും അത് പരീക്ഷിച്ചിട്ടില്ല. ചേട്ടൻ കോളേജ് ഹോസ്റ്റലിൽ ഇത് വെച്ച് പ്രേതത്തെ വിളിച്ചതും, പ്രേതം ഭാവി ഭൂത വർത്തമാന കാര്യങ്ങൾ എല്ലാം കിറു കൃത്യമായി ഒക്കെ പറഞ്ഞു തന്നെന്നും ഒക്കെ കേട്ടപ്പോൾ ഞങ്ങൾക്കും ആവേശമായി.
അങ്ങനെ ഞങ്ങൾ തീരുമാനിച്ചു ആ രാത്രി തന്നെ പ്രേതത്തെ വിളിക്കാൻ. "എന്തൊക്കെയാ വേണ്ടത് ഓജോബോർഡ് കളിക്കാൻ?" ഞങ്ങൾ സ്വരൂപേട്ടനോട് ചോദിച്ചു.
"ഒരു കാർഡ്ബോർഡ് പേപ്പർ , അതിൽ A to Z , 0 to 9 , YES and NO , അത്രേം എഴുതണം.പിന്നെ ഒരു രൂപ കോയിൻ, ഒരു മെഴുകുതിരി , ഒരു ഗ്ലാസ്സ് . അത്രേം മതി. " സ്വരൂപേട്ടൻ പറഞ്ഞു.
"ആഹ്, എന്നിട്ട് എങ്ങനെയാ പ്രേതത്തെ വിളിക്യാ ?" അപ്പു ആകാംക്ഷയോടെ ചോദിച്ചു.
സ്വരൂപേട്ടന്റെ മറുപടി കിട്ടാൻ ഞങ്ങളെല്ലാവരും നോക്കിയിരുന്നു.
"എല്ലാ ലൈറ്സും ഓഫ് ചെയ്തു, മെഴുകുതിരി കത്തിച്ചു വെച്ച് , YES and NO വിന്റെ അടുത്തായി ഗ്ലാസ് വെക്കുക. അതിനു അടുത്ത് തന്നെ ഒരു രൂപ തുട്ടു വെച്ച് അതിനു മേലെ ചൂണ്ടു വിരൽ വെക്കുക. എന്നിട്ടു ഗുഡ് സ്പിരിറ്റ് പ്ളീസ് കം എന്ന് വിളിക്കുക. ഗുഡ് സ്പിരിറ്റ് എന്നെ വിളിക്കാവു. വല്ല ദുഷ്ട പ്രേതവും വന്നാൽ നമ്മുടെ പണി തീർന്നു കിട്ടും. അത് നമ്മളെ ചിലപ്പോൾ ഉപദ്രവിക്കും, നമ്മുടെ അടുത്തുന്നു പോവില്ല. പ്രേതം വന്നാൽ ഗ്ലാസ് അനങ്ങാൻ തുടങ്ങും. അപ്പൊ നമ്മൾ ചോദിക്കണം , ഗുഡ് സ്പിരിറ്റ് യു ആർ ഹിയർ എന്ന് അപ്പൊ ആ കോയിൻ തനിയെ yes ലേക്ക് പോകും, പിന്നെ നമ്മൾ ചോദിക്കുന്നതിനോക്കെ ആൻസർ കിട്ടും.ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം , ഓജോബോർഡ് കളിക്കണ മുറിയിൽ ദൈവത്തിന്റെ ഫോട്ടോസ് ഒന്നും ഉണ്ടാവാൻ പാടില്ല. ദൈവം ഉള്ളിടത്തു പിശാച് വരില്ലല്ലോ " സ്വരൂപേട്ടൻ പറഞ്ഞു നിർത്തി.
അതെന്താണാവോ പ്രേതത്തിനു മലയാളത്തിൽ ചോദ്യം ചോദിച്ചാൽ ഉത്തരം പറയാൻ അറിയില്ലേ? മലയാളി പ്രേതം ആയിരിക്കല്ല ലെ , അതാവും. പക്ഷെ അന്നത്തെ ടെൻഷനിൽ ഈ ചോദ്യം ഒന്നും ഞങ്ങൾ ചോദിച്ചില്ല.
അത്താഴമൊക്കെ നേരത്തെ കഴിച്ചു , ഞങ്ങൾ തയ്യാറെടുപ്പുകൾ നടത്താൻ തുടങ്ങി.. വേഗം കാർഡ്ബോർഡ് ഒക്കെ തപ്പി പിടിച്ചു.അതിൽ സ്വരൂപേട്ടന്റെ നിർദേശ പ്രകാരം എല്ലാം എഴുതി , ബാക്കി സാധനങ്ങളും എടുത്തു വെച്ച് തയ്യാറായി ഇരുന്നു. അപ്പോഴാണ് സ്വരൂപേട്ടൻ പറഞ്ഞത്. "ഈ റൂമിൽ ഇരുന്നാൽ ചിലപ്പോ പ്രേതം വരില്ല ട്ടോ , ഇത് നമ്മുടെ ദൈവത്തിന്റെ റൂമിനു പാരലൽ ആയിട്ടുള്ള റൂം ആണ്. നമുക്ക് മുകളിലത്തെ മുറിയിൽ പോകാം." അങ്ങനെ ഒരു 11.45 ആയപ്പോഴേക്കും ഞങ്ങൾ എല്ലാ സാധനങ്ങളും എടുത്തു വെച്ച് , ലൈറ്സ് എല്ലാം ഓഫ് ചെയ്തു മെഴുകുതിരി കത്തിച്ചു വെച്ച് , സമയം നോക്കി ഇരുപ്പായി.
ഓരോ നിമിഷങ്ങളും ഇഴങ്ങി നീങ്ങുന്നതായി തോന്നി. സമയം 12 ആവുന്നു. സ്വരൂപേട്ടൻ ഓജോബോര്ഡിന്റെ അടുത്തേക്ക് നീങ്ങി ഇരുന്നു. ചൂണ്ടുവിരൽ ഒരു രൂപ തുട്ടിനു മേലെ വെച്ചു പതുക്കെ പറയാൻ തുടങ്ങി."ഗുഡ് സ്പിരിറ്റ് പ്ളീസ് കം " ഞങ്ങളും കൂടെ പറയാൻ തുടങ്ങി ."ഗുഡ് സ്പിരിറ്റ് പ്ളീസ് കം ,ഗുഡ് സ്പിരിറ്റ് പ്ളീസ് കം" അത് ആവർത്തിച്ചു കൊണ്ടേ ഇരുന്നു. പക്ഷെ ഗ്ലാസിന് ഒരു അനക്കവും കാണാനില്ല. ഞങ്ങളുടെ ക്ഷമ തീരാറായപ്പോൾ സ്വരൂപേട്ടൻ എന്നെ നോക്കി പറഞ്ഞു . "ഒരുപക്ഷെ എന്റെ കയ്യിൽ ചരട് കെട്ടിയിട്ടുള്ളത് കൊണ്ടാണോ എന്തോ സ്പിരിറ്റ് വരാത്തത് ,ഒരു കാര്യം ചെയ്യ് നീ ഒന്ന് വിളിച്ചു നോക്ക്".
ഉള്ളിൽ നല്ല പേടിയുണ്ടെങ്കിലും കോളേജ് കുമാരിയായ ഞാൻ അത് പുറത്തു കാണിക്കാൻ പാടില്ലല്ലോ. അതുകൊണ്ടു ഞാൻ ആ വെല്ലുവിളി ഏറ്റെടുത്തു.
സ്വരൂപേട്ടൻ മാറി തന്നു, ഞാൻ ഓജോബോര്ഡിനു മുന്നിൽ ഇരുന്നു , വിരൽ വെച്ച് ആദ്യം ഒന്നും ദൈവത്തെ മനസ്സിൽ വിചാരിച്ചു പിന്നെ പ്രേതത്തിനെ വിളിച്ചു. "ഗുഡ് സ്പിരിറ്റ് പ്ളീസ് കം ഗുഡ് സ്പിരിറ്റ് പ്ളീസ് കം" ഒരു പത്തു തവണ ഞങ്ങൾ ഒരുമിച്ചു വിളിച്ചിട്ടുണ്ടാവും, ഒരു നിമിഷം ഞങ്ങളെല്ലാം ഞെട്ടി പോയി. ഞങ്ങളുടെ മുന്നിലെ ഗ്ലാസ് ചെറുതായി ഇളകുന്നു . എന്റെ കയ്യും പതിയെ അനങ്ങാൻ തുടങ്ങി. സ്പിരിറ്റ് എത്തിയോ എന്ന് ചോദിയ്ക്കാൻ ശ്രമിച്ചെങ്കിലും എന്റെ നാവു പൊങ്ങിയില്ല. അപ്പുവാണ് അതേറ്റെടുത്തത് .
"ഗുഡ് സ്പിരിറ്റ് ആർ യു ഹിയർ ?"
ശ്ശ്
ഒരു നിമിഷാർദ്ധം കൊണ്ട് എന്റെ വിരൽ നേരെ YES ലേക്ക് പോയി. അതുവരെ ധൈര്യം ഭാവിച്ചിരുന്നെങ്കിലും എന്റേം ലേഖയുടെയും മുഖഭാവം ഒക്കെ അങ്ങ് മാറി. ഞാൻ എന്റെ കയ്യ് എടുത്തു മാറ്റാൻ ശ്രമിച്ചു , പക്ഷെ എന്തോ ഒരു ശക്തി എന്റെ കയ്യിനെ മാത്രം നിയന്ത്രിക്കുന്ന പോലെ ഒരു തോന്നൽ.
സ്വരൂപേട്ടൻ ചോദിച്ചു ."വാട്ട്'സ് യുവർ നെയിം?"
പെട്ടന്ന് എന്റെ കയ്യ് YES ഇൽ നിന്ന് ഇംഗ്ലീഷ് ആല്ഫബെറ്സ് ലേക്ക് നീങ്ങി.
F - A - R - H - A - N
 മിന്നൽ വേഗത്തിൽ ഓരോ അക്ഷരങ്ങളിലേക്കും എന്റെ വിരൽ നീങ്ങിക്കൊണ്ടിരുന്നു.
"ഫർഹാൻ " ഞങ്ങൾ ഒരുമിച്ചു അത് ചേർത്ത് വായിച്ചു.
"വെർ ഈസ് യുവർ നേറ്റീവ് ?"
D -E -L -H -I
ഓ അപ്പൊ ഈ നാട്ടുകാരനൊന്നുമല്ല. ഇനി ഹിന്ദിയിൽ സംസാരിക്കേണ്ടി വരോ ? എനിക്കാണെങ്കിൽ ഹേ ഹൈ ഹും ഒന്നും ശരിയാവാറുമില്ല, ഞാൻ പ്ലസ് ടുവിന് സെക്കന്റ് ലാംഗ്വേജ് സംസ്‌കൃതം ആയിരുന്നല്ലോ. ശോ കഷ്ടായിപ്പോയി. ഇടയിൽ ഞാൻ ഓർത്തു.
ആ സമയം കൊണ്ട് അടുത്ത ചോദ്യം വന്നു.
"ഹൌ ഡിഡ് യു ഡൈ?"
 A -C -C-I -D -E -N -T
എന്റെ കൃഷ്ണാ ആക്‌സിഡന്റൊ ? ആഗ്രഹങ്ങൾ പൂർത്തീകരിക്കാതെ മരിച്ച ആത്മാവാണ് , പെട്ടു ....ഇനീപ്പോ ആഗ്രഹങ്ങൾ നിറവേറ്റാൻ എന്നും പറഞ്ഞു എന്റെ മേലെ കൂടോ ആവോ? എന്റെ ചിന്തകൾ കാടുകേറി.
ഞാൻ അവിടെ ഇരുന്നു വിയർക്കാൻ തുടങ്ങി. സ്വരൂപേട്ടൻ പറഞ്ഞു " നീ മാറ്, ഞാൻ ഇരിക്കാം , സ്പിരിറ്റിനോട് പറ , ഞാൻ ഇപ്പോൾ മാറുന്നു, പിന്നേം വരാം എന്ന് ".
എന്റെ ഈശ്വര ഇനി ഇതിനെ ഇംഗ്ലീഷിൽ ആക്കണ്ടേ . ഞാൻ ഓർത്തു .
"ഐ വിൽ ബി ബാക്ക്" എന്നും പറഞ്ഞു അവിടന്ന് എണീറ്റു. ഭാഗ്യം എന്റെ കയ്യ് എന്റെ കൂടെ വന്നു. ഞാൻ ആശ്വാസത്തോടെ മാറി ഇരുന്നു.
പിന്നത്തെ ചോദ്യങ്ങളൊക്കെ പ്രേതത്തെ പരീക്ഷിക്കാൻ ഉള്ളതായിരുന്നു. ഞങ്ങളുടെ ഒക്കെ പേരിന്റെ ആദ്യാക്ഷരം, ജനന ദിവസം.പ്രേതം എല്ലാം കൃത്യമായി പറഞ്ഞു തന്നു. അതൊക്കെ ആയപ്പോഴേക്കും ഞങ്ങൾക്ക് വിശ്വാസം കൂടി വന്നു. പിന്നെ സ്വരൂപേട്ടൻ സ്വന്തം ഭാവിയെ പറ്റി ചോദിച്ചു കൊണ്ടിരുന്നു.
അതും കഴിഞ്ഞു ലേഖ, അപ്പു, പിന്നെ ഞാൻ അങ്ങനെ ഓരോരുത്തരും ഓജോബോര്ഡില് അവരവരുടെ കാര്യങ്ങൾ പ്രേതത്തിനോട് ചോദിച്ചു.
അടുത്ത പരീക്ഷക്ക് ഫുൾപാസ്സ്‌ ആവുമോ, ജോലി കിട്ടുമോ അങ്ങനെ ഓർമ വന്നതൊക്കെ ചോദിച്ചു. കുറ്റം പറയാൻ പറ്റില്ല . നല്ല പോസിറ്റീവ് പ്രേതം ആണെന്ന് തോന്നുന്നു. ഞങ്ങളെ ആരേം വിഷമിപ്പിച്ചില്ല. എല്ലാ ഉത്തരവും നമ്മുടെ ആഗ്രഹപ്രകാരം പോസിറ്റീവ് ആയിട്ടുതന്നെ പറഞ്ഞു. കല്യാണക്കാര്യം കൂടി ചോദിക്കണം എന്നുണ്ടായിരുന്നു , പിന്നെ വേണ്ടാന്നു വെച്ചു . സമയം ഉണ്ടല്ലോ വേണമെങ്കിൽ ഇനിം വിളിക്കാലോ. അങ്ങനെ പ്രേതത്തിനോട് സംസാരിച്ചു ഞങ്ങളുടെ ഭയം ഒക്കെ ഒന്ന് മാറി തുടങ്ങി.
ഓരോരുത്തരുടേം ഊഴം അനുസരിച്ചു ചോദ്യങ്ങൾ ചോദിച്ചു അവസാനം സ്വരൂപേട്ടനാണ് കളി അവസാനിപ്പിച്ചത് .
അങ്ങനെ ഞങ്ങളൊക്കെ ഹിമാലയം കീഴടക്കിയ സന്തോഷത്തിൽ ഉറങ്ങാൻ പോയി. താഴെ ഹാളിൽ ആണ് എല്ലാര്ക്കും കിടക്ക വിരിച്ചിരിക്കുന്നത്. മുതിർന്നവരുടെ വർത്തമാനം അപ്പോഴും തീർന്നിട്ടില്ല. അമ്മയും അമ്മാവനും വല്യമ്മയും അമ്മായിയും ഒക്കെ ചേർന്ന് എന്തൊക്കെയോ അന്താരാഷ്ട്ര പ്രശ്നങ്ങൾ വിശകലനം ചെയ്യുകയായിരുന്നു ആ സമയം. താഴേക്കു ഇറങ്ങുന്നതിന്റെ ഇടയിലാണ് ചേട്ടൻ ചോദിച്ചത് , നിങ്ങൾ ഓജോബോര്ഡില് നിന്ന് കയ്യ് മാറ്റുന്നതിന് മുൻപ് പ്രേതത്തിനോട് യാത്ര പറഞ്ഞോ ?
ഞങ്ങൾ എല്ലാം കൂടെ ഒരു പൊട്ടിച്ചിരി. പ്രേതം എന്താ നമ്മുടെ കുഞ്ഞമ്മേടെ മോനോ യാത്ര പറഞ്ഞു വിടാൻ. അപ്പോഴാണ് സ്വരൂപേട്ടൻ ആ നടുക്കുന്ന സത്യം പറഞ്ഞത്. ഓജോബോർഡിൽ നിന്ന് കയ്യ് എടുക്കുന്നതിനു മുൻപ് പ്രേതത്തിനോട് പറയണം , ഞാൻ മാറുന്നു , പ്രേതം പൊക്കോ എന്ന്. ഇല്ലെങ്കിൽ അത് നമ്മെ വിട്ടു പോകില്ല. ഞങ്ങളുടെ ഒക്കെ പാതി ജീവൻ അങ്ങ് പോയി.
ഞങ്ങൾ ചർച്ച തുടങ്ങി . "ഇനി ഇപ്പൊ എന്ത് ചെയ്യും ? ഒന്നും കൂടി ഓജോബോർഡ് കളിച്ചു നോക്കിയാലോ , ആ പ്രേതം പോയോ ഇല്ലയോ എന്നറിയാലോ " അപ്പു പറഞ്ഞു.
"എന്നിട്ടു വേണം പുതിയ പ്രേതം വന്നു, അതും കൂടെ ചേർന്ന് നമ്മളെ പേടിപ്പിക്കാൻ" ലേഖയുടെ മറുപടി.
"സംസാരിച്ചതൊക്കെ മതി . സമയം 2 മണിയായി. കിടന്നുറങ്ങു പിള്ളേരെ" 'അമ്മ വഴക്കു പറഞ്ഞു ഞങ്ങളെ ഉറങ്ങാൻ നിർബന്ധിച്ചു.
"അല്ല അമ്മെ, അതെന്താന്നറിയോ ...." എന്നെ കൊണ്ട് മുഴുവൻ പറയിപ്പിക്കാൻ 'അമ്മ സമ്മതിച്ചില്ല, അതിനു മുന്നേ അമ്മയുടെ മറുപടി വന്നു .
"മര്യാദക്ക് വന്നു ഉറങ്ങിക്കോ, ഇല്ലെങ്കിൽ ഇപ്പോ എൻ്റെ കയ്യിന്നു കിട്ടും നിനക്ക് "
അനുസരണ ശീലം കൂടുതൽ ഉള്ളത് കൊണ്ടല്ല, തല്ലു കൊള്ളാനുള്ള മാനസികാവസ്ഥ ഇല്ലാത്തതു കൊണ്ട് ഞാൻ പോയി കിടന്നു. ബാക്കി ഉള്ളവരും എന്നെ അനുഗമിച്ചു.
ഞങ്ങൾക്ക് ആർക്കും ഉറക്കം വരണില്ല . ഞങ്ങളുടെ മനസ് വായിച്ചിട്ടെന്നോണം സ്വരൂപേട്ടൻ പൂജാമുറിയിൽ പോയി, രണ്ടു ദൈവത്തിന്റെ പടങ്ങൾ കൊണ്ട് വന്നു , ഞങ്ങളുടെ കിടക്കയുടെ അടുത്ത് വെച്ച് തന്നു. തല്ക്കാലം പ്രേതം അടുത്ത് വരാതിരിക്കാൻ.അറിയാവുന്ന എല്ലാ ദൈവങ്ങളെയും വിളിച്ചു കണ്ണടച്ച് കിടന്നു.
അങ്ങനെ എങ്ങനെയൊക്കെയോ ഞങ്ങൾ നേരം വെളുപ്പിച്ചു
കാലത്തു എഴുന്നേറ്റു എല്ലാവരും തലേന്നത്തെ കാര്യങ്ങൾ ചർച്ച ചെയ്യാൻ തുടങ്ങി. പ്രേതം പോയോ ഇല്ലയ്യോ എന്നറിയാതെ ആർക്കും സമാധാനമില്ല. വലിയ ചർച്ചകൾക്ക് ഒടുവിൽ ഞങ്ങൾ ഒന്നു തീരുമാനിച്ചു എല്ലാവരും പെട്ടന്ന് ഒന്ന് തയ്യാറായി , ഒന്നും കൂടെ ഓജോബോർഡ് കളിക്കാം. പ്രേതം പോയോ ഇല്ലയോ എന്നറിയാൻ വേണ്ടി മാത്രം. പകൽ പ്രേതം വരുമോ ഇല്ലയോ എന്നുള്ളത് ഒരു സംശയം ആണ്. പക്ഷെ വിരുന്നു വന്നത് കൊണ്ട് ഉച്ചക്ക് ശേഷം ഞാനും ലേഖയും ഞങ്ങളുടെ വീട്ടിൽ പോകും. അത് കൊണ്ട് രാത്രി വരെ കാത്തിരിക്കാൻ പറ്റില്ല.
അങ്ങനെ എല്ലാരും പെട്ടന്ന് ഒരുങ്ങി , പ്രാതൽ ഒക്കെ കഴിഞ്ഞു. മുകളിലെ നിലയിൽ പോയി , തലേന്ന് ചെയ്ത പോലെ എല്ലാം ഒരുക്കി. സ്വരൂപേട്ടനാണ് ബോർഡിൻറെ മുന്നിൽ ഇരുന്നത്. ഇത്തവണ ഗുഡ് സ്പിരിറ്റ് പ്ളീസ് കം ഒന്നും ചോദിച്ചില്ല,പകരം ഇതായിരുന്നു ചോദ്യം. " ഫർഹാൻ ആർ യു ഹിയർ ?"
ഒറ്റ ചോദ്യം മതി ജീവിതം മാറാൻ എന്ന് ഞങ്ങൾക്കു അന്നാണ് മനസ്സിലായത്. ഒരിക്കൽ പോലം ആ ചോദ്യം ആവർത്തിക്കേണ്ടി വന്നില്ല, ശ്ശ് ...... സ്വരൂപേട്ടന്റെ കയ്യ് നേരെ YES ഇൽ പോയി നിന്നു
ഞങ്ങളെല്ലാം ഇരുന്നു വിയർക്കാൻ തുടങ്ങി.ഇനി എന്താ ചെയ്യേണ്ടത് എന്ന് ആർക്കും ഒരു രൂപവുമില്ല. ലേഖ പതിയെ പറഞ്ഞു ." അതിനോട് പോവാൻ പറഞ്ഞു നോക്ക് "
സ്വരൂപേട്ടൻ പറഞ്ഞു . "പ്ളീസ് ലീവ് ഫ്രം ഹിയർ "
അടുത്ത സ്ഫോടനം. NO
അപ്പോൾ തീരുമാനമായി. നമ്മളേം കൊണ്ടേ പോവൂ അല്ലെ.
"എന്തെങ്കിലും തന്നാൽ പോവോ എന്ന് ചോദിച്ചു നോക്ക് സ്വരൂപേട്ട, ചിലപ്പോ ആഗ്രഹിക്കണ കാര്യങ്ങൾ കിട്ടിയാൽ അത് പോവുമായിരിക്കും." ഞാൻ പറഞ്ഞു.
ഇനി വല്ല ആൾക്കോരോടും പ്രതികാരം ചെയ്യാൻ സഹായം തന്നാലേ പോവുള്ളു എന്ന് പറയോ? എന്റെ കൃഷ്‌ണാ പരീക്ഷിക്കല്ലേ ... തത്കാലം ഡൽഹി വരെ പോയി ഒരു പ്രതികാരം ചെയ്യാനുള്ള അവസ്ഥയിൽ അല്ല ഞങ്ങളാരും എന്ന് ഞാൻ മനസ്സിലോർത്തു.
"വാട്ട് യു വാണ്ട്?" സ്വരൂപേട്ടന്റെ ചോദ്യം.
ആ വിരലുകളുടെ അനക്കം ഞങ്ങൾ സസൂക്ഷ്‌മം വീക്ഷിച്ചു കൊണ്ടിരുന്നു. അതാ ആ വിരലുകൾ നീങ്ങുന്നു.
D-R-Y-F-I-S-H
ങേ ....... ഉണക്കമീനാ .......................ഞങ്ങൾ എല്ലാവരും ഞെട്ടലോടെ പറഞ്ഞു. അപ്പോൾ തോന്നിയത് ചിരിയാണോ കരച്ചിലാണോ പുച്ഛമാണോ പരിഹാസമാണോ എന്നൊന്നും അറിയില്ല.
പാവം ആത്മാവ്. ചിലപ്പോൾ ഉണക്കമീൻ കിട്ടാതെ വിഷമിച്ചു മരിച്ചതായിരിക്കുമോ ?
പക്ഷെ ഇനി ഉണക്കമീൻ എവിടന്നു സംഘടിപ്പിക്കും?
 "ഇന്നലത്തെ അയില വറുത്തത് ബാക്കിയുണ്ടോ എന്ന് അമ്മായിയോട് ചോദിച്ചു നോക്കാം?" ലേഖ പറഞ്ഞു.
"പക്ഷെ അത് ഉണക്ക അല്ലല്ലോ പച്ച മീൻ അല്ലെ "
എങ്കിലും ഒന്ന് അപേക്ഷിച്ചു നോക്കാം എന്ന് തീരുമാനിച്ചു ഞങ്ങൾ ആത്മാവിനോട് ചോദിച്ചു അയില മതിയോ എന്ന്? പക്ഷെ ആള് അതിലൊന്നും വഴങ്ങിയില്ല.
ഇനി എന്ത് ചെയ്യും ? ഞങ്ങൾ എല്ലാവരും പരസ്പരം ചോദിച്ചു .
അവസാനം അപ്പു അടുത്ത് വീട്ടിൽ പോയി ഉണക്കമീൻ കടം മേടിച്ചു കൊണ്ട് വന്നു. അത് ഓജോബോര്ഡില് വെച്ച് ആത്മാവിനോട് പോകാൻ അപേക്ഷിച്ചു - "ഗുഡ് സ്പിരിറ്റ് പ്ളീസ് ലീവ് ";അത് തന്നെ ആവർത്തിച്ചു , ഞങ്ങൾ കാത്തിരുന്നു. നിമിഷങ്ങൾ ഇഴഞ്ഞു നീങ്ങുന്നതായി തോന്നി. പെട്ടന്ന് മുന്നിലിരുന്ന ഗ്ലാസ് മറിഞ്ഞു വീണു. ഒരു നിമിഷം ഞങ്ങൾ എല്ലാവരും ഞെട്ടി. ആത്മാവ് പോയി കാണുമോ ? ഞങ്ങൾ വീണ്ടും ചോദിച്ചു.
"ഫർഹാൻ ആർ യു ഹിയർ "? ഇല്ല അനക്കം ഒന്നും ഇല്ല.ഞങ്ങൾ ഒരു ദീർഘനിശ്വാസം എടുത്തു.
അപ്പോഴേക്കും താഴെ നിന്ന് വിളി വന്നു.
"ലേഖേ , രമ്യേ ഈ പിള്ളേര് എന്തെടുക്കാ , താഴേക്ക് വന്നു ഭക്ഷണം കഴിക്ക് , നമുക്ക് പോകണ്ടേ".ആശ്വാസത്തോടെ ഞങ്ങൾ താഴെ ഇറങ്ങി.
എന്തായാലും ഒരു കാര്യം ഞങ്ങൾക്കു മനസ്സിലായി - ആത്മാവിനെ വിളിച്ചു വരുത്തുന്നതിനേക്കാൾ കഷ്ടപ്പാടാണ് തിരിച്ചയക്കാൻ. ആ കഷ്ടപ്പാടോർത്തു പിന്നീട് ഞങ്ങളാരും ആ സാഹസത്തിനു മുതിർന്നിട്ടില്ല.
അങ്ങനെ ഓജോബോർഡ് കളി അന്നത്തോടെ നിർത്തി. അല്ലെങ്കിലും എന്തിനാ ലെ വെറുതെ മരിച്ചു പോയവരെ വീണ്ടും ഭൂമിയിൽ വിളിച്ചു വരുത്തി ബുദ്ധിമുട്ടിക്കുന്നത് :) ?
Thanks
Dana

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo