Showing posts with label ഗിരീഷ് കുഞ്ഞുകുട്ടൻ. Show all posts
Showing posts with label ഗിരീഷ് കുഞ്ഞുകുട്ടൻ. Show all posts

വിഷു - ഒരു അപമാനത്തിൻറെ കഥ

Image may contain: 1 person, selfie and closeup

വിഷു എന്നു കേൾക്കുന്പോൾ സന്തോഷം ആണെങ്കിലും എനിക്ക് പെട്ടെന്ന് ഓർമ്മ വരുന്നത് ഒരു അപമാനത്തിൻറെ കഥയാണ്..
അമ്മ ഞങ്ങൾക്ക് ചെറുപ്പകാലത്ത് പൂത്തിരിയൊന്നും വാങ്ങിത്തന്ന ഓർമ്മയില്ല. ഒരു രൂപ വീതം വിഷുക്കൈന്നീട്ടം കിട്ടിയിരുന്നു. അത് വീട്ടിലുള്ളവരും അടുത്ത കുടുംബക്കാരും അയൽക്കാരുമൊക്കെ തരും. അമ്മ ജോലിയ്ക്കു പോയിരുന്ന മനയിൽ നിന്നും കിട്ടും. ആകെ മൊത്തം പതിനഞ്ചു രൂപയിൽ കൂടില്ല. എന്നാൽ അതൊന്നും ചിലവാക്കില്ല. കുടുക്കയിൽ ഇട്ടു വയ്ക്കും..
അമ്മൂമ്മ പൂത്തിരിയൊന്നും വാങ്ങാത്തതിനു കാരണം പറയുക വീട്ടിലെ പശുക്കളൊക്കെ പടക്കം പൊട്ടിക്കുന്പോൾ പേടിയ്ക്കും എന്നായിരുന്നു. അതുകൊണ്ടു തന്നെ എനിക്കും അനിയത്തിയ്ക്കും വല്യ വിഷമമൊന്നും ഇല്ലായിരുന്നു കേട്ടോ.
രാവിലെ നാലു മണിയ്ക്ക് എണീപ്പിച്ച് അമ്മ കണി കാണിയ്ക്കും. അമ്മൂമ്മ വീട്ടിലെ കൽപവൃക്ഷമായ തെങ്ങിൻ ചുവട്ടിൽ ഒരു തിരി കത്തിച്ചു കണി കാണിയ്ക്കും.
അതിനു ശേഷം അമ്മൂമ്മയും അമ്മയും അമ്മാവനും കൈനീട്ടം തരും. അപ്പോഴേയ്ക്കും അപ്പുറത്തെ വീട്ടിൽ നിന്നും പടക്കം പൊട്ടിത്തുടങ്ങിയിരിയ്ക്കും. പിന്നെ അവിടെയൊക്കെ പോയി അതൊക്കെ കാണുകയാണു പരിപാടി. അപ്പോൾ ചിലർ കൈനീട്ടം തരും. അവിടുത്തെ കൂട്ടുകാർ പാവം തോന്നി ഒരു പൂത്തിരിയോ മത്താപ്പോ തരും. അപ്പോൾ സന്തോഷം. അല്ലാതെ ചോദിച്ചു വാങ്ങുകയൊന്നുമില്ല.
അപ്പോഴേയ്ക്കും വലിയ ചേട്ടൻമാരുടെ കലാപരിപാടികൾ തുടങ്ങും. അന്നൊക്കെ ഓലപ്പടക്കം അവരവർ തന്നെ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. കരിന്പനയുടെ പട്ട വെട്ടി ചീകി വൃത്തിയാക്കി ഉണക്കിയെടുത്ത് അതിൽ ചരട് വെച്ച് ഒരരിക് തൃകോണാകൃതിയിൽ മടക്കി അതിൽ കരി മരുന്നിട്ട് മടക്കി മടക്കിയാണ് ഓലപ്പടക്കം ഉണ്ടാക്കുന്നത്. അങ്ങനെ പടക്കം ഉണ്ടാക്കിയതിൻറെ ബാക്കി കരിമരുന്ന് കാണും. അതുകൊണ്ടാണ് ബാക്കി കലാപരിപാടികൾ ഇവരുടെ. കരിന്പനയുടെ നൊങ്ക് ഇല്ലേ? അതു ഉണങ്ങിയതു പെറുക്കിക്കൊണ്ടു വരാൻ പറയും ഞങ്ങളോട്. ഞങ്ങൾ കൊണ്ടുവന്നാൽ അതിൽ ഒരു ചെറിയ തുളയുണ്ടാക്കി കരിമരുന്നും കടലാസും വൈക്കോലുമൊക്കെ ഇട്ട് നിറയ്ക്കും. ഒരു തിരിയുമുണ്ടാകും. എന്നിട്ട് അത് പൊട്ടിച്ചാൽ വലിയ ഗുണ്ട് പൊട്ടുന്ന അനുഭവം ഉണ്ടാകും.
എന്നേപ്പോലെ കാശില്ലാത്ത ചെക്കന്മാരുടെ പരിപാടി എന്താ? ഇവരൊക്ക ഈ മാലപ്പടക്കം പൊട്ടിയ്ക്കുന്പോൾ കുറച്ചൊക്കെ തെറിച്ചുപോയി പൊട്ടാതെ കിടക്കും. അത് പെറുക്കിയെടുത്ത് അത് നുള്ളിപ്പൊട്ടിച്ച് അതിലെ കരിമരുന്ന് എടൂത്ത് ഒരു പാറപ്പുറത്ത് കൂട്ടിവെയ്ക്കും. എന്നിട്ട് അതിന് മുകളിൽ ഒരു ചെറിയ പരന്ന കരിങ്കൽ ചീള് വയ്ക്കും. എന്നിട്ട് അതിനരുകിലുള്ള ഉയരമുള്ള കല്ലിലോ ഭിത്തിയിലോ ഒരു ഇടത്തരം കല്ലുമായി വലിഞ്ഞ് കയറി ഈ തയ്യാറാക്കി വച്ചിരിയ്ക്കുന്ന സംഭവത്തിൻറെ മുകളിലേയ്ക്കിടും. അപ്പോൾ ബോംബു പൊട്ടുന്ന പോലെ ശബ്ദം ഉണ്ടാകും. അതാണ് മ്മടെ സന്തോഷം
അങ്ങനെ കുറച്ച് മാലപ്പടക്കത്തിൻറെ ബാക്കി കിട്ടി. നോക്കിയപ്പോൾ അതിൻറെ മുകളിൽ വയ്ക്കാൻ നല്ല ചീള് കാണാനില്ല. നോക്കുന്പോൾ കുറച്ചകലെ ഒരു വീട്ടിൽ മതിലുപണി അപ്പോൾ കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളു. ഞാൻ ഓടിപ്പോയി കുറച്ചു ചീളുകൾ പെറുക്കിക്കൊണ്ടു വന്നു. അപ്പോൾ ആ വീട്ടിലെ (മാലപ്പടക്കം പൊട്ടിച്ച വീട്ടിലെ) ചേട്ടൻ എന്നെ അടുത്തു വിളിച്ചു. ഞാൻ അടുത്തു ചെന്നപ്പോൾ എൻറെ ഷർട്ടിൻറെ കോളറിൽ കയറിപ്പിടിച്ച് അയാൾ: '' ഇവിടുന്ന് കട്ടോണ്ടു പോയ കന്പിത്തിരിയൊക്കെ നീയവിടെയാണോ ഒളിപ്പിച്ചത്? ആ മതിലിൻറെ അവിടുന്ന് അതെല്ലാം എടുത്തോണ്ടു വാടാ!''
കൂട്ടുകാരെ എൻറെ കണ്ണു നിറഞ്ഞു പോയി. കാരണം ഞാൻ അതു കട്ടെടുത്തിട്ടുമില്ല..ഒളിപ്പിച്ചിട്ടുമില്ല. പക്ഷേ ആ ചേട്ടൻ ഞാൻ പറയുന്നത് വിശ്വസിയ്ക്കാൻ തയ്യാറായില്ല. ബഹളമായി. അപ്പോഴാണ് ആ ചേട്ടൻറെ അമ്മ അകത്തു നിന്നും വന്നത്. '' ആ കുട്ടി കക്കുകയൊന്നും ചെയ്യില്ല. ബാക്കി രാത്രിയിൽ കത്തിക്കാമെന്ന് വെച്ച് ഞാനാ അതെല്ലാം അകത്ത് വെച്ചത്. എല്ലാം ഇപ്പോ തന്നെ തീർക്കണമെങ്കിൽ തീർത്തോ'' എന്നും പറഞ്ഞ് അവർ അകത്ത് നിന്നും ആ പൂത്തിരിയും മത്താപ്പുമെല്ലാം കൊണ്ടു വന്ന് ഉമ്മറത്തേയ്ക്കിട്ടു.
ആ ചേട്ടനപ്പോൾ വല്ലാതെയായി. എന്നോട് സോറിയെന്നും സാരമില്ല എന്നുമൊക്കെ പറഞ്ഞു. ഞാൻ പതുക്കെ അവിടെ നിന്നും ഇറങ്ങി നടന്നു. എൻറെ മനസ്സിൽ ഒരുപാട് അമിട്ടുകൾ പൊട്ടിത്തകർന്നിരുന്നു അപ്പോൾ...

By: 
ഗിരീഷ് കുഞ്ഞുകുട്ടൻ

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo