Showing posts with label കരിമ്പിന്‍പുഴമുരളി. Show all posts
Showing posts with label കരിമ്പിന്‍പുഴമുരളി. Show all posts

അപൂര്‍ണ്ണമായ്

കലയുടെ കലയായി മറയുവാന്‍ കഴിയാതെ
വെളിവിന്‍റെ തെളിവുള്ള പൂര്‍ണതയാകാതെ
പരിമിത ജന്‍മത്തിന്‍ നക്ഷത്രനാള്‍ വഴി
വിരസമായ് ഭൂമി വലംവയ്ക്കും ചന്ദ്രന്‍റെ
കുളിര്‍ വഴി വേണ്ടയെനിക്കിനി.
പലവഴിയുണ്ടു പോല്‍ തെളിവ് ചരിത്രമായ്
അല്ലേല്‍ പുതിയ ചരിത്രം കുറിക്കുവാന്‍
പോരുന്നതായ് സംഘശക്തിയായ്; രാവിന്‍റെ
യേകാന്തമാത്രയില്‍ പിടിവിട്ടു പോന്നതായ്‌;
വേണ്ടയെനിക്കവ ശരിയല്ല.
എവിടെയും കൂട്ടമാണെല്ലാ വഴികളും
തടയുന്നതായ് വരി തെറ്റാതെ വഴി തെറ്റി
വട്ടം കറങ്ങി തുടക്കമൊടുക്കവു
മറിയാതെ;പണ്ടുള്ളോര്‍ പോയപോല്‍ മണ്ടനായ്
ഇല്ല ഞാന്‍ , വഴി മാറിടാം.
നിശ്ചലമായ് ദൃശ്യമല്ലാതെയുള്ളിലെ
ശക്തികളെല്ലാമുരുക്കിയൊരുക്കിയ
നിലപാടുശില പൊട്ടിവീണ ഗോപ്യങ്ങളില്‍
നിലതെറ്റി വഴിമുട്ടി വന്‍ കൂട്ടം; പിശകിയ-
തെവിടെന്നു കവിത ചൊല്ലും.
കവിതെ നീ അമ്പെയ്തു വീഴ്തിക്കരയിച്ച
വാക്കുകളൊക്കെയും പിന്‍വലിച്ചെന്നോടു
പറയുകയാദിയിലെന്തായിരുന്നു നീ
പിറവിക്കു വഴിവെട്ടും മുമ്പേ, ചിരികളെ
മറവി മറയ്ക്കും മുമ്പേ.

By: Pillai Muraleedharan

പുനര്‍ജ്ജന്മം

By: കരിമ്പിന്‍പുഴ മുരളി
അരികിലദൃശ്യമായ് പഞ്ചലോഹത്തിന്‍ കൂടൊ-
ന്നഴിവില്ലാതെയുണ്ട്; പേരിടാം പുനര്‍ജ്ജന്മം;
കുത്തി വീഴ്ത്തുവോര്‍ പിന്നെ തൂക്കിലേറുവോര്‍ താഴെ
ചത്തു വീഴുവോരെങ്ങുമുതിര്‍ക്കും വിക്ഷേപത്തില്‍
ഉയിര്‍ക്കൊണ്ടിടും രക്ഷാകവചാവരണമായ്
നിഴലായ് അപൂര്‍ണമാം സ്വപ്നത്തിന്‍ വിരാമമായ്.
ഏതു കാറ്റിലാണന്ത്യമെന്നറിയാതെ പൂത്തു
പുലരിച്ചിരി തൂകും പൂവിന്‍റെ നടുക്കത്തില്‍
വിളി തന്‍ പ്രതിധ്വനി കേള്‍ക്കുവാനില്ലെന്നാലും
ഇരുളും ചക്രവാളം താണ്ടുന്ന പക്ഷങ്ങളില്‍
കുരുക്കിന്നഗ്രത്തിന്‍റെ ശക്തിയും മിനുക്കവും
ഉരുകിയുറപ്പിക്കും ന്ഷ്ഫലപ്രണയത്തില്‍
നഷ്ടമായിടാനൊന്നുമില്ലെന്ന മുദ്രാവാക്യം
സ്പഷ്ടമാക്കിടും ഭഗ്നമോഹത്തിന്നിരമ്പലില്‍
അന്തിമകാലം വൃദ്ധസദനത്തണലിലാ-
ണെങ്കിലും കേമമാക്കും വാര്‍ത്തയില്‍ കര്‍മ്മങ്ങളില്‍
അപ്പുറമങ്ങേപ്പുറമെന്തെന്നുറപ്പില്ലാതെ
ഗോപ്യമായിളകുന്ന സ്വത്വത്തിന്നസ്തിത്വത്തില്‍
അറിഞ്ഞുമറിയാതുമുണ്ടൊരു കൂടു പാര്‍ക്കാന്‍
മതിയാവൊള,മെല്ലാം സമമെന്നാകും വരെ.

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo