നക്ഷത്രങ്ങൾ ഉദിക്കുന്ന നേരം I കഥ | ഗിരി ബി വാരിയർ

 

"രാജേട്ടാ, ഒരു ലേഡി വിളിച്ചിരുന്നു. പേര് പറഞ്ഞില്ല. ഏട്ടൻ കുട്ടികള്ക്ക് ക്ലാസ്സ്‌ എടുക്കുകയാണെന്ന് പറഞ്ഞപ്പോള് തിരിച്ചു വിളിക്കാമെന്ന് പറഞ്ഞു"
കുട്ടികളെ സംഗീതം പഠിപ്പിക്കാനായി ഒരു ചെറിയ കെട്ടിടം വീടിനോട് ചേര്ന്നു പണിതിട്ടുണ്ട്. സരസ്വതീ മണ്ഡപം എന്നാണ്‌ അതിന് പേരിട്ടിരിക്കുന്നത്. ഞാനും കല്ല്യാണിയും അതില് ക്ലാസ്സ്‌ എടുക്കുന്നുണ്ട്.
കുട്ടികളെ പറഞ്ഞയച്ച് വീട്ടിലേക്ക് കയറിയപ്പോള് ആണ് കല്ല്യാണി ഫോണ് വന്ന കാര്യം പറഞ്ഞത്.
പറഞ്ഞുതീരും മുൻപ് ഫോൺ വീണ്ടും ശബ്ദിച്ചു.
"രാജന്. സിസിലിയാണ് " മറുതലയ്ക്കല് നിന്നും ഒരു സ്ത്രീ ശബ്ദം.
"സിസിലീ ? സിസിലീ റാഫേല് ?" .
"അതെ, ആ സിസിലി തന്നെ."
"ഓ മൈ ഗോഡ്, സിസിലീ, നീയ്യെന്നെ ഇപ്പോഴും ഓര്ക്കുന്നോ? എനിക്ക് വിശ്വസിക്കാന് കഴിയുന്നില്ല, എത്ര കാലായി. എവിട്യാ ഇപ്പോൾ ??"
"മുംബൈയില് ആണ്, അടുത്താഴ്ച നാട്ടിലേക്ക് വരുന്നുണ്ട് "
"എന്തൊക്കെയുണ്ട് വിശേഷങ്ങള്? "
"വിശേഷങ്ങള് ഒക്കെ നേരില് കാണുമ്പോൾ പറയാം. ഈ വരവില് എനിക്ക് രാജനോട് പ്രധാനപ്പെട്ട കുറച്ച് കാര്യങ്ങള് സംസാരിക്കാനുണ്ട്. എപ്പോഴാണ് സമയം കിട്ടുക?
"സമയം നമ്മള് ഉണ്ടാക്കുന്നതല്ലേ പ്രത്യേകിച്ച് കൂട്ടുകാര്ക്ക് വേണ്ടി. എപ്പോള് കാണണമെന്ന് പറയൂ.."
"എന്റെ പുതിയ വീടിന്റെ അഡ്രസ്‌ അയച്ചു തരാം, കൂടെ സെക്രട്ടറിയുടെ ഫോൺ നമ്പറും. അധികം വൈകരുത്, എനിക്ക് മടങ്ങിപ്പോകാന് ഉള്ളതാ"
"തീര്ച്ചയായും, ഞാന് വരും"
ഫോണ് വെച്ച് തിരിഞ്ഞപ്പോള് പിന്നില് കല്ല്യാണി.
"സിസിലിയായിരുന്നു ഫോണിൽ. അവർക്ക് എന്നെ കാണണമെന്ന് പറഞ്ഞു".
ആദ്യം ഏതു സിസിലിയാണെന്നു കല്ല്യാണിക്ക് മനസ്സിലായില്ല. കൂടെപഠിച്ച സിസിലിയാണെന്ന് അറിഞ്ഞപ്പോള് കല്ല്യാണിക്ക് ഇഷ്ടക്കേട് ഉണ്ടാവും എന്നാണു കരുതിയത്, പക്ഷെ അവളുടെ മുഖം വളരെ പ്രസന്നമായിരുന്നു.
"നീ പോരുന്നുണ്ടോ തിരുവനന്തപുരത്തേക്ക് ?"
"വേണ്ട, രാജേട്ടന് പോയാല് മതി. നിങ്ങള് സുഹൃത്തുക്കള്ക്കിടയില് എനിക്കെന്തു കാര്യം"
"എല്ലാം നിനക്കറിയാം എന്നിട്ടും. നിനക്ക് ഭയമില്ലേ എന്നെ ഒറ്റക്ക് വിടാന് ?"
"എന്തിനു ഭയക്കണം, രാജേട്ടനെ ഞാന് കുട്ടിക്കാലം മുതല്ക്കേ കാണുന്നതല്ലേ"
അടുത്ത ഞായറാഴ്ച മൂത്ത മകൻ കണ്ണന് തിരുവനന്തപുരത്ത് ഒരു സ്കോളർഷിപ്പ് പരീക്ഷ ഉണ്ടായിരുന്നു. അന്നുതന്നെ സിസിലിയെ കാണാമെന്ന് സെക്രട്ടറിയെ വിളിച്ചറിയിച്ചു .
കാലത്ത് നേരത്തെതന്നെ ഞാനും കണ്ണനും യാത്ര പുറപ്പെട്ടു.
യാത്രക്കിടയിൽ കണ്ണൻ സിസിലിയെപ്പറ്റി‌ ചോദിച്ചു, അച്ഛൻ എങ്ങിനെ സിസിലിയെ അറിയും, ഇത്ര കാലത്തിനിടയില് ഒരിക്കല് പോലും അവര് വീട്ടില് വരികയോ, ഫോണില് സംസാരിക്കുകയോ ഒന്നും ഉണ്ടായില്ല, അങ്ങിനെ കുറെ ചോദ്യങ്ങള് അവനില് നിന്നുമുയര്ന്നു.
കയ്യിൽ കരുതിയിരുന്ന തിളപ്പിച്ചാറ്റിയ വെള്ളം ഒരു കവിള് ഇറക്കിക്കൊണ്ട് ഓര്മ്മയുടെ ചുരുളഴിക്കാന് തുടങ്ങി. എന്റെ ചുമലിലേക്ക് തലചായ്ച് കിടന്നുകൊണ്ട് കണ്ണൻ കഥ കേൾക്കാൻ തയ്യാറായി.
“വര്ഷങ്ങള്ക്ക് മുൻപ്‌ പാലക്കാട് ഗവണ്മെന്റ് സംഗീത കോളേജില് ബിരുദത്തിന് ചേര്ന്ന സമയം. ആദ്യമായി സിസിലിയെ പരിചയപ്പെടുന്നത് അവിടെവെച്ചാണ്. സിസിലി ഒരു ക്രിസ്ത്യന് കുടുംബത്തില് നിന്നും വന്ന കുട്ടിയാണ്. ചെറുപ്പം മുതലേ പള്ളി കൊയറിലും, നാട്ടിലെ ചെറിയ ഗാനമേളകളിലും മറ്റും തിളങ്ങി, സ്കൂള് തലത്തില് കുറെ സമ്മാനങ്ങള് വാരിക്കൂട്ടി സംഗീതത്തില് ഉന്നത വിദ്യാഭ്യാസം നേടുക എന്ന ലക്ഷ്യത്തോടെ സംഗീത കോളേജില് ചേര്ന്നതാണ്. സംഗീതത്തോടുള്ള അഗാധമായ ആരാധനയാണ് അവളെ ആ കോളേജിൽ എത്തിച്ചതെങ്കിൽ നാല് തലമുറകളായി കൈമാറികിട്ടിയ സംഗീത പാരമ്പര്യം ആണ് എന്നെ അവിടെയെത്തിച്ചത്.
ആദ്യ വര്ഷം ഞങ്ങള് ബദ്ധശത്രുക്കള് ആയിരുന്നു. ഓരോ അവസരത്തിലും എന്നെ പിന്നിലാക്കാന് പരമാവധി ശ്രമിച്ചു പക്ഷെ അവൾക്കതിന് സാധിച്ചില്ല. ആ ശത്രുത ക്രമേണ സൌഹൃദത്തിലേക്ക് വഴിമാറി. അതിനും മുൻകൈ എടുത്തത്‌ സിസിലി തന്നെയായിരുന്നു. ആദ്യവർഷം കഴിയുമ്പോഴേക്കും ഞങ്ങൾ വളരെ നല്ല സുഹൃത്തുക്കള് ആയിട്ടുണ്ടായിരുന്നു.
കോളേജിൽ അവസാന വർഷം പഠിക്കുമ്പോഴാണ് ‌ ലണ്ടനിൽ നിന്നും പര്യടനത്തിനു വന്ന ജോൺ ആന്റോ റിച്ചാർഡിനെ പരിചയപ്പെട്ടത്‌.
ലണ്ടനിൽ അദ്ദേഹം പഠിപ്പിക്കുന്ന കോളേജിൽ നൂറു ശതമാനം സ്കോളർഷിപ്പിൽ ഉപരിപഠനത്തിന് സാധ്യതയുള്ള കാര്യം അദ്ദേഹം പറഞ്ഞു. വീട്ടിൽ സംഗീതമല്ലാതെ മറ്റു സ്വത്തുക്കൾ ഒന്നും ഇല്ലായിരുന്ന എനിക്ക്‌ അതൊരു വരദാനമായിരുന്നു.
അദ്ദേഹം പറഞ്ഞ പ്രകാരം അപേക്ഷ സമർപ്പിച്ചു. ഫലം കാത്തിരുന്ന എനിക്ക് നിരാശ മാത്രം ബാക്കിയായി.
നിസ്സാരമായ എന്തോ ചെറിയ പ്രശ്നത്തിന്റെ പേരില് വഴക്കിട്ട് പിരിഞ്ഞുപോയ സിസിലി എന്റെ ജീവിതത്തില് നിന്നുതന്നെ അകന്നു പോവുകയായിരുന്നു. പരീക്ഷ കഴിഞ്ഞ് പോയ സിസിലിയെ കാണാന് ഞാന് നടത്തിയ ശ്രമങ്ങളെല്ലാം വിഫലമായി.
പിന്നീട് എന്റെ ജീവിതത്തിലേക്ക് നിന്റെ അമ്മ വന്നു.
സംഗീത അധ്യാപകന്റെ ജോലിയില് ജീവിതം പടുത്തുയർത്തി. ഒരു വലിയ ശിഷ്യസമ്പത്ത് ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യം മാത്രമാണ് ഈ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം. പിന്നെ സംഗീതത്തിന്റെ വഴിയില് നീയ്യും രാധയും കൂടി വന്നതോടെ ഞങ്ങളുടെ ജീവിതം സഫലമായി.
സിസിലിയാകട്ടെ ഒരുപാട് ഉയരങ്ങളിലേക്ക് കുതിക്കുകയായിരുന്നു. വിദേശത്ത് ഉപരിപഠനം ചെയ്തു വന്ന അവൾക്ക് ഇന്ത്യയിലും വിദേശത്തും നിരവധി ആരാധകർ, സ്വന്തം ബാൻഡ്, അങ്ങിനെ പ്രശസ്തിയുടെ പടവുകള് കയറി ജൈത്രയാത്ര തുടര്ന്നു”
ഞാൻ പറഞ്ഞവസാനിപ്പിച്ചു..
"സൗഹൃദത്തിന്നപ്പുറം അവർക്ക് അച്ഛനോട് ?” ഒരു വേള നിർത്തിയ ശേഷം കണ്ണൻ പറഞ്ഞു. “ ക്ഷമിക്കണം ഞാൻ കൂടുതൽ സ്വകാര്യതയിലേക്ക് കടക്കുന്നുണ്ടെങ്കിൽ, ...?"
"കണ്ണാ, ഞാൻ അമ്മയിൽ നിന്നും ഒന്നും ഒളിച്ചിട്ടില്ല, ഭാര്യാഭർത്തൃബന്ധത്തിന്റെ അടിത്തറ സുതാര്യതയാണ്. ഈ ചോദ്യം ഞാന് എന്നോട് ആദ്യമായി ചോദിച്ചത് സിസിലിയുമായി പിരിഞ്ഞതിനുശേഷം മാത്രമാണ്. പക്ഷെ അത് തിരിച്ചറിയുന്നതിന് മുന്പ് ഞാന് അറിഞ്ഞ മറ്റു ചില സത്യങ്ങള് സിസിലിയെ വെറുക്കാന് എന്നെ പ്രേരിപ്പിച്ചു."
"എന്തായിരുന്നു അത് ?" കണ്ണന് അതറിയാന് ജിജ്ഞാസയേറി .
"വേണ്ട കണ്ണാ, അതാരും അറിയണ്ട, ഞങ്ങളുടെ നല്ല സൗഹൃദം ഒരു മാതൃകയായിരുന്നു അന്ന് കാലത്ത്, അത് അതുപോലെ തന്നെ തുടരട്ടെ.."
സിസിലിയുമായി വീണ്ടും കണ്ടുമുട്ടുന്നത് ഫേസ്ബുക്കിലൂടെയാണ്. വളരെ അപ്രതീക്ഷിതമായാണ് സിസിലിയുടെ ഫ്രണ്ട് റിക്വസ്റ്റ് വന്നത്. പക്ഷെ ആയിരക്കണക്കിന്‌ വരുന്ന സിസിലിയുടെ മുഖപുസ്തകത്തിലെ ഒരു കൂട്ടുകാരില് ഒരാള് മാത്രമായിരിക്കാം ഞാന് എന്നാണ്‌ ഇതുവരെ കരുതിയിരുന്നത്, കഴിഞ്ഞ ആഴ്ച സിസിലിയുടെ ഫോണ് വരുന്നതുവരെ.
"ഇപ്പോള് എന്തിനാണ് അച്ഛനെ കാണണമെന്ന് പറഞ്ഞത് ?"
"ഇതിനുള്ള ഉത്തരം വൈകീട്ട് തിരിച്ചുപോകുമ്പോള് മാത്രമേ എനിക്ക് പറയാന് കഴിയൂ.."
കണ്ണനെ പരീക്ഷക്ക് കയറ്റി ഞാൻ സിസിലിയുടെ വീട് ലക്ഷ്യമാക്കി യാത്ര തിരിച്ചു.
തിരുവനന്തപുരത്ത് നഗരത്തിന്റെ ഹൃദയഭാഗത്ത് കൊട്ടാരസദൃശ്യമായ ഒരു വീടിനു മുന്പില് ഓട്ടോ നിര്ത്തി. പുറത്ത് ഗേറ്റില് തന്നെ രജിസ്റ്റര് വെച്ചിട്ടുണ്ട്. മുന്കൂട്ടി അനുവാദം വാങ്ങിയവര്ക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ എന്ന് പറഞ്ഞപ്പോള് സിസിലി തന്ന നമ്പറിൽ സെക്രട്ടറി തോമസിനെ ഫോണില് വിളിച്ചു. രണ്ടു മിനുട്ടിനുള്ളില് ഗാര്ഡ് ഓടിവന്നു, അവർ എന്നെ അകത്തേക്ക് കൊണ്ടുപോയി. പോര്ച്ചില് നിന്നിരുന്നയാല് സ്വയം പരിചയപ്പെടുത്തി - തോമസ്‌.
തോമസ്‌ അയാളെ വീട്ടിന്നകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ശീതീകരിച്ച വിശാലമായ സ്വീകരണമുറിയിൽ നിരത്തിയിട്ട വിലപിടിപ്പുള്ള വലിയ സോഫയിലേക്ക് ഇരിക്കാന് എന്നെ ക്ഷണിച്ചു. ഇന്ത്യന് കോഫീ ഹൌസില് കാണുന്ന പോലെ വസ്ത്രധാരണം ചെയ്ത ഒരാള് കയ്യില് ട്രേയില്നിന്നും തണുത്ത ഒരു ഗ്ലാസ്‌ വെള്ളം തന്നു. കുടിക്കാന് എന്തെങ്കിലും എടുക്കട്ടെ എന്ന തോമസിന്റെ ചോദ്യത്തിന് കൈകൂപ്പി നന്ദി അറിയിച്ചു.
"മാഡം ഇപ്പോള് വരും.."
അഞ്ചു നിമിഷം കഴിഞ്ഞപ്പോള് ഒരു വീല് ചെയര് ഉന്തിക്കൊണ്ട് ഒരാള് വന്നു, അതില് ഇരിക്കുന്നയാളെ തിരിച്ചറിയാല് ഒറ്റനോട്ടത്തില് എനിക്ക് കഴിഞ്ഞില്ല. സിസിലി.. തലയില് ഒരു ടവല് കൊണ്ട് കെട്ടി, പുരികത്തിലെ മുടികള് കൊഴിഞ്ഞ്, കണ്ണുകള് കുഴിയില് പോയി, കവിളുകൾ ഒട്ടി ശരീരത്തില് മാംസം ഇല്ലാത്തതിന് തുല്ല്യമായ ഒരു രൂപം, അസ്ഥികൂടം എന്ന് വേണമെങ്കില് പറയാം.
"എന്നെ ഇങ്ങിനെ ഒട്ടും പ്രതീക്ഷിച്ചില്ല അല്ലെ രാജന്?"
" അന്ന് പിരിഞ്ഞതിന് ശേഷം ഇനി ഒരിക്കലും വീണ്ടും കാണില്ല എന്നാണ് കരുതിയത്."
"കാന്സര് , എന്റെ ശരീരം മുഴുവനും അത് കാര്ന്നു തിന്നിരിക്കുന്നു."
"ഫോണിലൂടെയുള്ള നിന്റെ ശബ്ദത്തിൽ നിന്നും എനിക്കിത് മനസ്സിലാക്കാൻ കഴിഞ്ഞില്ല. എന്റെ മനസ്സിൽ നിന്റെ പഴയ രൂപമായിരുന്നു."
"ഇത്രയും കാലം എന്റെ ശബ്ദമെങ്കിലും എന്റെ കൂടെയുണ്ടായിരുന്നു. ഇപ്പോൾ അതും കൂടെ നിൽക്കാതായിത്തുടങ്ങി. എത്ര ദിവസം ഞാനിത് മറച്ച് വെക്കും. ഇനി എനിക്ക് സമയം ഇല്ല, അടുത്തൊരു യാത്രക്ക് ഞാൻ തയ്യാറെടുക്കുകയാണ്. ആ മടക്കയാത്രക്ക് മുൻപ് ഒരിക്കലെങ്കിലും കാണണമെന്ന് തോന്നി. കുമ്പസാരിച്ചില്ലെങ്കിൽ എന്റെ ആത്മാവിന് മരിച്ചാലും നിത്യശാന്തി ലഭിക്കില്ല."
സിസിലി തോമസിനോട് എന്തോ ആംഗ്യം കാണിച്ചു. തോമസ് അകത്തു പോയി കയ്യിൽ ഒരു കവറുമായി വന്നു. സിസിലി അത് വാങ്ങി എന്റെ നേരേ നീട്ടി.
"ഇത് വാങ്ങണം രാജൻ "
"എന്താണിത് ?"
"എന്റെ സ്വത്തുക്കളെല്ലാം ഞാൻ ഒരു ട്രസ്റ്റിന്റെ കീഴിലാക്കി. എന്റെ മരണശേഷം ആ ട്രസ്റ്റ് നീ കൊണ്ടു നടക്കണം. എല്ലാം രാജന്റെ പേരിൽ ആണ് എഴുതിയിരിക്കുന്നത് "
"എന്റെ പേരിലോ, എന്തിന്?"
"ഇതിനെല്ലാം അവകാശപ്പെട്ടത് നീയാണ് രാജൻ, ഒരുപക്ഷെ നിന്നെക്കാളധികം മറ്റാരെയും എനിക്ക് വിശ്വസിക്കാൻ കഴിയില്ല. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ മോഹമായിരുന്നു ഒരു സംഗീത അക്കാദമി, നീയ്യത് സഫലീകരിച്ചു തരണം."
ഒരു ദീർഘനിശ്വാസമിട്ടുകൊണ്ട് സിസിലി തുടർന്നു.
“കാൻസർ എന്റെ ശരീരത്തിനെ കീഴടക്കിയത് ഇപ്പോഴാണ്. പക്ഷേ കഴിഞ്ഞ ഇരുപത്തിയഞ്ച് വര്ഷമായി എന്റെ മനസ്സിനെ കാര്ന്നു തിന്നിരുന്ന ഒരു കാന്സര് ഉണ്ട്, ഞാൻ ചെയ്ത ഒരു തെറ്റ്. എന്റെതായ എല്ലാ വിജയവും ആ ഒരു തെറ്റിന് മുകളിൽ പടുത്തുയർത്തിയതായിരുന്നു രാജൻ." അവൾ ഒരു നിമിഷം പറഞ്ഞു നിർത്തി.
"എനിക്കൊന്നും മനസ്സിലാവുന്നില്ല, തെളിച്ച് പറയൂ."
"പണ്ട് ലണ്ടന് കോളേജില് നിന്റെ അപേക്ഷ അയച്ച സമയം ഞാന് ഒരു തെറ്റ് ചെയ്തിരുന്നു. നിനക്കെന്നല്ല, ആർക്കും പൊറുക്കാനാവത്ത ഒരു വലിയ തെറ്റ്. അന്ന് നിന്റെ തോൽവിയേക്കാൾ എന്റെ വിജയം മാത്രമായിരുന്നു മുൻപിൽ ഉണ്ടായിരുന്നത്."
സിസിലി തുടർന്നു ...
"ഞാന് എന്നും നിന്റെ മുന്പില് തോറ്റിട്ടെ ഉള്ളൂ. പോരാടി നിന്ന് നിന്നോട് ജയിക്കാന് പറ്റില്ല എന്ന് ഉറപ്പായപ്പോള് ആണ് നിന്റെ കൂടെ നില്ക്കാന് തീരുമാനിച്ചത്. നിന്നെ തളര്ത്താന്, നിന്റെ കഴിവിനെ ഇല്ലാതാക്കാനുള്ള എന്റെ ശ്രമങ്ങളുടെ ഒരു ഭാഗം മാത്രമായിരുന്നു നീയ്യുമായുള്ള എന്റെ സൗഹൃദം. നിന്നിലെ കുറവുകളെ എടുത്തുകാട്ടി നിന്നെ ഭീരുവാക്കാന് ഞാന് പരമാവധി ശ്രമിച്ചു, പക്ഷെ എല്ലാം നീ അതിജീവിച്ചു. നിന്റെ മനസ്സിലുള്ള സംഗീതം ദൈവീകമായിരുന്നു.
അപ്പോഴാണ്‌ നിനക്ക് ലണ്ടനില് പഠിക്കാനുള്ള അവസരം കൈവരുന്നത്. അവിടെ പഠിച്ചാല് നീ എന്നെക്കാളും വളരെ ഉയരത്തിലെത്തും എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. അതുകൊണ്ട്തന്നെ ഞാനും അതേ കോളേജില് ഒരു അപേക്ഷ അയച്ചു.
ഒരു ദിവസം പോസ്റ്റ് മാന് വന്നപ്പോള് നമ്മള് രണ്ടുപേര്ക്കും ഓരോ കത്തുണ്ടായിരുന്നു, ലണ്ടന് യുണിവേര്സിറ്റിയില് നിന്നും. എന്റെ അപേക്ഷ നിരാകരിച്ചെന്ന് അറിയിക്കുന്നതായിരുന്നു ആ കത്ത്. അപ്പോഴാണ് ഇന്ത്യയിൽ നിന്നും ഒരൊറ്റ സീറ്റേ ഉള്ളുവെന്ന് റിച്ചാർഡ് പറഞ്ഞത് ഓർമ്മ വന്നത് . അതാണ്‌ നിനക്കുള്ള കത്ത് പൊട്ടിച്ചു വായിക്കാന് എന്നെ പ്രേരിപ്പിച്ചത്. നിന്റെ അപേക്ഷ സ്വീകരിച്ചു എന്നു പറഞ്ഞുള്ള എഴുത്തായിരുന്നു അത്.”
“നിനക്ക് മറ്റൊരു കോളേജില് പ്രവേശനം കിട്ടിയെന്നും അതിനാല് ഈ അപ്ലിക്കേഷന് പിന്വലിക്കുകയാണെന്നും പറഞ്ഞ് നീയ്യറിയാതെ നിന്റെ പേരില് ഞാന് അതിന് മറുപടി ഉണ്ടാക്കി അയച്ചു. അങ്ങിനെ ആ സീറ്റ്‌ എനിക്ക് ലഭിച്ചു. നീ എന്നെപ്പറ്റി ഒന്നും അന്വേഷിക്കരുത് എന്ന് തോന്നിയതിനാലാണ് നിസ്സാര കാര്യങ്ങളുടെ പേരില് ഞാന് നിന്നോട് പിണങ്ങി പോന്നത്.
ജീവിതത്തില് ഞാന് എല്ലാം നേടി, പണവും, പ്രശസ്തിയും പ്രതാപവുമെല്ലാം. എനിക്ക് താമസിക്കാന് സ്വന്തമായി ബംഗ്ലാവുകള് വാങ്ങിയിട്ടും എനിക്കൊരു കുടുംബമുണ്ടാക്കാൻ കഴിഞ്ഞില്ല . എന്നെ ആരാധിക്കാന് അനേകം പേര് ഉണ്ടായിരുന്നിട്ടും എന്നെ സ്നേഹിക്കാന് ആരുമുണ്ടായില്ല. ഞാൻ കൂട്ടുകാരെയുണ്ടാക്കി, എന്റെ ഉയര്ച്ചയിലേക്ക് കയറാനുള്ള ചവിട്ടു പടികള് മാത്രമായിരുന്നു അത്, അതിൽ സൗഹൃദം ഇല്ലായിരുന്നു. അവരില് ചിലര് കാമുകന്മാരായി, ചിലര് ഭാര്ത്താക്കന്മാരായി, ഞാന് അവരെയും അവര് എന്നെയും സ്നേഹിച്ചില്ല. ആര്ക്കും പരിഭവമില്ല. ചിലര്ക്ക് വേണ്ടിയിരുന്നത് എന്റെ ശരീരം ആയിരുന്നു, മറ്റു ചിലര്ക്ക് എന്റെ സ്വത്ത്‌, ചിലർ എന്നിലൂടെ ഉയരങ്ങളിൽ എത്തി. ഇന്ന് അവർക്കാർക്കും എന്നെ വേണ്ടാ, എന്റെ മരണം കാത്തിരിക്കുന്ന കഴുകന്മാരായി അവർ എന്റെ മുകളിൽ പറക്കുന്നത് എനിക്ക് കാണാം. തിരിഞ്ഞുനോക്കിയപ്പോൾ മനസ്സിലായി എനിക്ക് സുഹൃത്തായി നീ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നെ മറ്റൊന്നും ഓർത്തില്ല”
എത്രയൊക്കെ മറക്കാന് ശ്രമിച്ചിട്ടും, ആ സത്യം ഒരു കെടാക്കനലായി എന്റെ ഉള്ളിൽ നീറിക്കൊണ്ടിരുന്നു, ആ കനലില് എന്റെ ജീവിതം മുഴുവൻ എരിഞ്ഞമർന്നു. മരണത്തെ ഞാൻ മനസാ വരിച്ചുകഴിഞ്ഞു പക്ഷെ മരിക്കുമ്പോഴെങ്കിലും എനിക്ക് സമാധാനത്തോടെ മരിക്കണം, അതുകൊണ്ടാണ് ഈ സത്യം ഞാന് ഇന്ന് രാജനോട് പറയുന്നത്. ഇതിനുള്ള ശിക്ഷ എന്തായാലും അനുഭവിക്കാന് ഞാന് തയ്യാറാണ്.
കേട്ടിട്ടല്ലെ പഴമൊഴി, ഈ ലോകത്തെ മുഴുവൻ ഇരുട്ടുവന്നാലും ഒരു മെഴുകുതിരിയുടെ പ്രകാശത്തെ മറക്കാൻ പറ്റില്ല എന്ന് . എന്റെ ഉള്ളിൽ നിറയെ ഇരുട്ടായിരുന്നു, വെളിച്ചം നീയ്യായിരുന്നു രാജൻ.”
പറഞ്ഞുനിർത്തിയപ്പോഴേക്കും സിസിലി കിതക്കാൻ തുടങ്ങിയിരുന്നു
"ഈ ഒരു സത്യം മറച്ചുവെക്കാൻ നീ താറുമാറാക്കിയതു് നിന്റെ ജീവിതമാണ്‌. നീ ചെയ്ത തെറ്റിനുള്ള ശിക്ഷ നിനക്ക് കിട്ടിക്കഴിഞ്ഞു. കുറ്റബോധം നല്കുന്ന വേദനയേക്കാള് മനുഷ്യന് മറ്റെന്ത് ശിക്ഷ വേണം?" .
"ഇത് മുഴുവനും കേട്ടിട്ട് നിനക്ക് എന്നോട് വെറുപ്പ്‌ തോന്നുന്നില്ലേ രാജൻ ?"
"ഇന്നല്ല, കഴിഞ്ഞ ഇരുപത്തിയഞ്ചു കൊല്ലമായി ഞാൻ നിന്നെ വെറുക്കുന്നു."
"എന്ന് വെച്ചാല്?"
"കോളേജ് കഴിഞ്ഞു അടുത്ത വര്ഷം റിച്ചാര്ഡ്‌ ഇന്ത്യയില് വന്നപ്പോള് ഞാന് അദ്ദേഹത്തെപ്പോയി കണ്ടിരുന്നു, എന്നെ വല്ലാതെ ചീത്ത പറഞ്ഞു, അത്രയും നല്ലൊരു അവസരം കളഞ്ഞതിന്. പക്ഷെ എനിക്കൊന്നും അറിയില്ലായിരുന്നു എന്ന സത്യം അറിഞ്ഞപ്പോള് അദ്ദേഹം വളരെ ക്ഷുഭിതനായി. എന്നെ ചതിച്ചാണ് നീ ആ സീറ്റ്‌ കൈക്കലാക്കിയതെന്ന് മനസ്സിലാക്കിയ അദ്ദേഹം നിന്നെ ഉടനെ കോളേജില് നിന്നും പുറത്താക്കാനുള്ള നടപടികള് എടുക്കുമെന്ന് പറയുകയും ചെയ്തു. നിന്റെ സ്വപ്‌നങ്ങള് തകര്ക്കാന് അന്നും എനിക്ക് മനസ്സില്ലായിരുന്നു. വളരെ പാടുപെട്ടാണ് അദ്ദേഹത്തെ ശാന്തനാക്കിയതും, നിന്റെ പേരില് നടപടികള് എടുക്കുന്നതില് നിന്നും അദ്ദേഹത്തെ പിന്തിരിപ്പിച്ചതും.
സിസിലി, ഒരു വാക്ക്‌ നീ എന്നോട് പറഞ്ഞിരുന്നെങ്കിൽ, നിനക്ക് വേണ്ടി വഴിമാറാൻ ഞാൻ തയ്യാറാകുമായിരുന്നു. അതിന് ഒരു സൗഹൃദം പണയം വെക്കേണ്ടിയിരുന്നില്ല. ചതിച്ചും വഞ്ചിച്ചും നേടിയതൊന്നും അല്ല, മന:സമാധാനം മാത്രമാണ് ജീവിതത്തില് വേണ്ടത്."
“നീ വീണ്ടും എന്നെ തോൽപ്പിച്ചിരിക്കുന്നു രാജൻ ” സിസിലിയുടെ വാക്കുകളിൽ പ്രതിധ്വനിക്കുന്നുണ്ടായിരുന്നു.
"സിസിലീ, ജയവും തോൽവിയും സന്തോഷവും സന്താപവുമെല്ലാം പരസ്പരം പങ്കുവെക്കലാണ് യഥാർത്ഥ സൗഹ്യദം. അതില് തോൽവിയും ജയവുമില്ല. പിന്നെ കാൻസർ, അത് മനസ്സിനെ ബാധിക്കാതിരിക്കാൻ ആണ് ശ്രദ്ധിക്കേണ്ടത്, കാരണം. മനോബലം ഒന്ന് മാത്രമാണ് ഇതിനുള്ള പ്രതിവിധി. "
"നിന്നെ വീണ്ടും കണ്ടുമുട്ടാൻ വൈകിപ്പോയി എന്ന് ഇപ്പോൾ എനിക്ക് തോന്നുന്നൂ. ജീവിക്കാനുള്ള ശക്തി തിരിച്ചുവന്നതുപോലെയും."
"പണ്ട് ബീര്ബല് പറഞ്ഞതുപോലെ "ഈ സമയവും കടന്നുപോകും". നീ അസുഖത്തില് നിന്നും കരകയറും, അതിന് നിനക്ക് വേണ്ടത് മനോധൈര്യം ആണ്. ഇത്രയും കാലം നീ നടന്നത് ഇരുട്ടിലേക്കാണ്, ഇനി നീ ഒറ്റക്കല്ല, ഞാനും കല്ല്യാണിയും എല്ലാം നിന്റെ കൂടെയുണ്ട്. ശുദ്ധമായ മനസ്സിൽ നിന്നേ ശുദ്ധമായ സംഗീതം ഉണ്ടാവുകയുള്ളു. നീ കണ്ട ആ സ്വപ്നം നമ്മള് എല്ലാവരും ചേര്ന്ന് സാക്ഷാത്ക്കരിക്കും."
വീണ്ടും കാണാമെന്ന് യാത്ര പറഞ്ഞിറങ്ങുമ്പോൾ, ചെഞ്ചായം വാരിവിതറിയ ചക്രവാളത്തിൽ നിന്നും പതിച്ച അസ്തമയസൂര്യകിരണങ്ങൾ സിസിലിയുടെ നിറമിഴികളിൽ പ്രതിഫലിക്കുന്നുണ്ടായിരുന്നു.
ശുഭം
ഗിരി ബി. വാരിയർ

കുടി I കവിത I Sunilkumar K

കവിത: കുടി
രചന: സുനി
നമ്പർ: 9895869330
.....................................
അതിയായ 
സന്തോഷം 
അവസാനമില്ലാത്ത 
സങ്കടം
അതിനെല്ലാം 
ആശ്രയം 
കരൾ തിന്നും 
പാനീയം.

അവസാനപെഗ്ഗിന് 
അന്ത്യമില്ലാതായി 
മഴപെയ്ത വീട്ടിൽ
അശരണർ മാത്രമായ്.

ന്യായീകരണത്തിൻ്റെ
കുമ്പസാരങ്ങളിൽ 
പുലരുന്ന പകലുകൾ
കുമിളയായ് എരിഞ്ഞു.

അവസാന 
കുപ്പിതൻ
അടിവശം 
ഊറ്റി
അതിലൊന്നും 
ദാഹം
ശമിക്കാതെയവനിന്ന്
നിലയില്ലാകിണറിൻ്റെ 
അടിത്തട്ടിലെത്തി 
മതിയോളം 
കുടിച്ചവൻ
ചീർത്തങ്ങ് പൊന്തി.
.........................................
Sunil Kumar K

നമുക്കും വേണ്ടേ സന്തോഷവും സമാധാനവും I R Muraleedharan Pillai


 സ്വർണ്ണ പാദസരം മിന്നിച്ച് അലിഷാമോൾ വലതുകാൽ വച്ചു കയറുമ്പോൾ നോക്കിനിന്നവർ സ്വയം മന്ത്രിച്ചിട്ടുണ്ടാവും, ഇവൾ മഹാലക്ഷ്മിയോ?! വെണ്മയുള്ള അവളുടെ കാൽപ്പാദങ്ങൾ താമരദളംപോലെ ശോഭിക്കയായിരുന്നില്ലേ. അത്രക്കും മാർദ്ദവമല്ലേ അവളുടെ കാൽപ്പാദങ്ങൾക്ക്? പക്ഷേ, അവൾ വീടിന്റെ കവാടം കടന്ന് അകത്തേക്ക് കയറുമ്പോൾ, ഇഷാന്റെ അമ്മക്ക്, ഒരു നേരിയ ആകാംക്ഷ ഇടനെഞ്ചിൽ സ്പന്ദിച്ചു. മരുമകളായി വന്നവളുടെ അളന്നു കുറിച്ചുള്ള ആ നടത്തം! എന്തോ മനസ്സിൽ കണക്കു കൂട്ടിയുള്ള വരവുപോലെ.
അലീഷമോടെ ചുറ്റും നിന്ന ഉറ്റവർ ആരുംതന്നെ ഇഷാന്റെ അമ്മയുടെ ആകാംക്ഷയിൽ പങ്കുചേരുന്നില്ല...അവർ അലിഷാമോളുടെ അഴക് ആസ്വദിക്കയാണ്. എല്ലാവരും ഒന്നേ ചിന്തിച്ചിട്ടുണ്ടാവുള്ളൂ… ഇത്രയും പകിട്ടുള്ള ഒരു സുന്ദരി ഈ നാട്ടിൽ വേറേ വന്നിട്ടില്ല. സത്യത്തിൽ ഇവൾ ആര്?! മാലാഖയോ അതോ സാക്ഷാൽ ദേവിയോ?
ആദ്യരാത്രി കഴിഞ്ഞ് അലീഷമോളും, ഇഷാനും, സംതൃപ്തിയും സന്തോഷവും തുളുമ്പുന്ന മുഖങ്ങളുമായി അമ്മയുടെ അടുത്തേക്ക് വന്നപ്പോൾ രാത്രിമൊത്തം ആ അമ്മയെ അലട്ടിയ ആകാംക്ഷ പെട്ടന്ന് അവരെ വിട്ടുപോയി.
'മോളു കുളിച്ചിട്ടുവാ, കാപ്പികുടിക്കാൻ സമയമായിവരുന്നു....'
'ഹാ അമ്മ...' അവൾ പുഞ്ചിരിച്ചു അവിടെനിന്നും പോയി.
‘ഇഷ്ടമായോടാ അവളെ?' 'അമ്മ ഇഷാന്റെ കവിളിൽ പിച്ചി...
'ഞാൻ ശരിക്കും സന്തുഷ്ടനാണമ്മാ...അവളുടെ ലാവണ്യംപോലെതന്നെയാ സ്വഭാവവും...മുത്ത്. എന്റെ മുത്ത്!
'ഒന്നു പോടാ...എനിക്ക് അടുക്കളയിൽ പണിയുണ്ട്...'
കുളി കഴിഞ്ഞ് അടുക്കളയിൽ കയറിവന്ന അലീഷമോൾ സിങ്കിലും വക്കിലുമായി കിടന്ന എച്ചിൽ പാത്രങ്ങൾ കഴുകുകയായിരുന്നു.
'ചായ ഉണ്ടാക്കിക്കൊണ്ടിരുന്നു അമ്മ പറഞ്ഞു. 'മോളു കഴുകണ്ട. മോളു കുളിച്ചിട്ടു വന്നതല്ലേ? മോളുടെ ആദ്യ ദിവസമല്ലേ ഇന്ന്ഇവിടെ?. മോളുപോയി വിശ്രമിച്ചുകൊള്ളൂ...'
'പാത്രം കഴുകുന്നത് ഒരു വലിയ ജോലിയാണോ അമ്മേ? പെണ്ണിന് പറഞ്ഞിട്ടുള്ളതല്ലേ ഇതൊക്കെ?'
'എന്നാ മോടെ ഇഷ്ടംപോലെ ആയിക്കോ?'
അവൾ പാത്രങ്ങളെല്ലാം കഴുകി ഗ്രാനൈറ്റ് സ്ലാബിൽ കമഴ്ത്തി വച്ചു.
'ഇവിടെ ഡ്രെയിനർ ഇല്ലേമ്മേ?’
‘എന്താ മോളെ അത്?
'സ്റ്റീലുകൊണ്ട് ഒരു ബാസ്കറ്റ് ആണമ്മേ അത്. പാത്രങ്ങൾ കഴുകി കമത്തി വയ്ക്കാൻ…’
‘എന്നാ നമുക്ക് ഒരെണ്ണം വാങ്ങാം മോളെ.’
'അമ്മ ചായ ഉണ്ടാക്കി ഡൈനിങ്ങ് ടേബിളിനടുത്തേക്കു പോയി. ഒരു വലിയ പ്ലേറ്റിൽ കമഴ്ത്തി വച്ചിരുന്ന കപ്പുകളുമായി അവൾ പുറകെ നടന്നു.
കപ്പുകളെല്ലാം നിരത്തിവച്ച് അമ്മ ചായ ഒഴിച്ചു.
അലിഷാമോൾ ഒരുകപ്പ് ചായ സാസറിൽവച്ച് ചോദിച്ചു...'അച്ഛനെവിടെയാ ഇരിക്കുന്നെ, അമ്മേ...'
'അമ്മ പുഞ്ചിരിച്ചു പറഞ്ഞു പോർട്ടിക്കോയിൽ കാണും... മനസ്സിൽ 'എന്റെ മോളു തലമറന്ന് എണ്ണ തേക്കുന്ന കൂട്ടത്തിലല്ല...’
പത്രം നോക്കിയിരുന്ന ഇഷാന്റെ അച്ഛൻ പാദസരം കിലുങ്ങുന്നിടത്തേക്കു നോക്കി.
'അച്ഛാ ഇതാ ചായ...'
'മോളിങ്ങു തന്നേ...' അച്ഛൻ ചിരിച്ചുംകൊണ്ടു ചായ വാങ്ങി.
അവൾ തിരിയെ ചെന്നപ്പോൾ എല്ലാവരും ചായ കുടിച്ചുകൊണ്ടിരിക്കുന്നു... ഇഷാന്റെ അനുജൻ വിഹാൻ, അനുജത്തി സുബി, മൂത്ത ചേച്ചി നിഷ, അമ്മ, പിന്നെ നിഷാൻ... അവളുടെ ചായ അവിടെത്തന്നെ അടച്ചു വച്ചിട്ടുണ്ട്.
'മോളു ചായ എടുത്തു കുടിക്ക്...'
'ഹാ... അമ്മാ...'
പെട്ടന്നായിരുന്നു ഒരു പൊട്ടിച്ചിരി ഉയർന്നത്. പതിനാറു വയസ്സുകാരി സുബിയാണ് തുടക്കം ഇട്ടത്. ന്യുക്ലീർ ചെയിൻ റീയാക്ഷൻപോലെ എല്ലാവരും കൂട്ട ചിരിയിൽ! എന്തിനാണ് ചിരിക്കുന്നതെന്ന് ആർക്കും അറിഞ്ഞൂടാ... അതങ്ങനെയാണല്ലോ? സുബിയുടെ മൂക്കിൽ ചായകേറി. അവൾ തുമ്മിചീറ്റി ചായയും കുടഞ്ഞൊഴിച്ച് എണീറ്റോടി.
‘അലീഷമോള് വന്നുകയറിയെപ്പിന്നെ വീടിനൊരനക്കം ഉണ്ട്.' എല്ലാവരും അവരുടേതായ ചിന്തകളിൽ രേഖപ്പെടുത്തുന്നുണ്ട്.
കാര്യം സത്യമാണ്. അലീഷമോൾ നടക്കുന്നിടത്തെല്ലാം പ്രകാശമാണ്.
ഉച്ചയൂണ് ശരിയാക്കാൻ അമ്മ അടുക്കളയിൽ പ്രവേശിച്ചപ്പോൾ അലീഷമോൾ അടുക്കിപ്പറക്കു ജോലിയിലാണ്. അവൾ ഗ്ലാസ്സ് അലമാരയും തടിയലമാരയും തൂത്തു തുടച്ച് അതിൽ എല്ലാ ടിന്നുകളിലും പേരെഴുതി ഒട്ടിച്ചിരിക്കുന്നു. ഉഴുന്ന്, ചെറുപയർ, ജീരകം, കടുക് തുടങ്ങി പഞ്ചസാര, തേയില വരെ... പുഴുക്കലരി, പച്ചരി, ബിരിയാണിയരി എല്ലാം തന്നെ, തുടച്ചു വൃത്തിയാക്കിയ കണ്ടൈനറുകളിൽ, വളരെ ഹാൻഡിയായി വേറേ വച്ചിരിക്കുന്നു.
'ഇപ്പൊ എനിക്ക് അടുക്കളയിൽ പകുതിയിൽ താഴേ ജോലിയുളളൂ. എന്റെ സമയം പോയതെല്ലാം ഓരോന്നും തിരക്കിയായിരുന്നു...' ആഹാരം പാചകം ചെയ്ത ശേഷം അമ്മ പറഞ്ഞു.
'നാളെ മുതൽ ഞാനും അമ്മയെ അടുക്കളയിൽ സഹായിക്കും...' അവൾ പറഞ്ഞു.
ദിനങ്ങൾ കടന്നുപോകും തോറും വീട്ടിലെ എല്ലാ സാധനങ്ങളും അതിന്റേതായ സ്ഥലങ്ങളിൽ സ്ഥാനംപിടിച്ചു തുടങ്ങി. ഡൈനിങ്ങ് ടേബിൾ ടോപ്പ് ഗ്ലാസ്സ് മിന്നി. സെന്ററിൽ ഒരു വേസ് നിറയെ പൂക്കൾ. കസേരകളെല്ലാം നീറ്റായി അതാതു സ്ഥലങ്ങളിൽ... അച്ഛൻ വായിച്ച് ഇട്ടിരിക്കുന്ന ദിനപ്പത്രങ്ങൾ അടുക്കി തീയതി അനുസരിച്ചു വച്ചിരിക്കുന്നു. അതാതു ദിവസത്തെ പേപ്പർ കൊച്ചു സ്റ്റാൻഡിൽ ഇടത്തെ അറ്റത്തു വച്ചിരിക്കും. പേന, കുട, കണ്ണടകൾ എല്ലാംതന്നെ അതിന്റേതായ സ്ഥലങ്ങളിൽ അവൾ സൂക്ഷിച്ചു വച്ചു. വെളിയിൽ ഷൂകളും, ചെരുപ്പുകളും പ്രത്യേകം സ്റ്റാൻഡിൽ അടുക്കി വച്ചു. അങ്ങനെ പലതും.
വെളിയിൽ ഒരു കൊച്ചു ഗാർഡൻ, അടുക്കള തോട്ടം അവൾ വികസിപ്പിച്ചു.
ഒരു ദിവസം ഒരിക്കലും ഇല്ലാത്തപോലെ ഇഷാന്റെ അച്ഛനും അമ്മയും, അതെ, രാമചന്ദ്രൻ സാറും, ഭാഗ്യലക്ഷ്മിയും, രാവിലെ മുട്ടിയുരുമ്മി നടക്കാൻ ഇറങ്ങിയപ്പോൾ, അയൽവീട്ടിലെ സുഭദ്ര, ഭർത്താവു ലക്ഷ്മണനെ തോണ്ടി പറഞ്ഞു...'അല്ലേ കണ്ടില്ലേ രാമചന്ദ്രൻസാറും, ഭാഗ്യലക്ഷ്മിചേച്ചിയും ഒരു ജോടിപോലെ നടന്നുപോന്നത്?
രാമചന്ദ്രൻസാർ ഇടക്കിടക്ക് കുട കയ്യിൽവച്ചു കറക്കുന്നുണ്ട്. പിന്നെ ഭാഗ്യലക്ഷ്മിയെ നോക്കി മോണകാട്ടി ചിരിച്ചുകൊണ്ടെന്തോ പറയുന്നു. ആ നടത്തക്കും ഉണ്ട് കൊച്ചുപിള്ളേരുടെ കുതിപ്പ്.
'എവിടാടീ, എവിടാടീ, നോക്കട്ട്' ലക്ഷ്മണൻ സുഭദ്രയുടെ തോളിൽ കൈ അമർത്തി മതിലിനു വെളിയിലേക്കു നോക്കി...'ശരിയാണല്ലോ? കീരിയും പാമ്പുംപോലെ എന്നും കലഹിച്ചു നടന്ന അവരല്ലേ ആ പോന്നത്! എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ലടീ...'
‘ചേട്ടാ ആ അലിഷാമോൾ അവിടെ വന്നു കയറിയ ശേഷം ആ വീടിന് പുരോഗതിയെ ഉണ്ടായിട്ടുള്ളൂ. ആ കൊച്ചിനെ കാണാൻ എന്തഴകാ...ഇപ്പൊ ആ വീട്ടിലുള്ളവർക്കും നല്ലതുവന്നു തുടങ്ങി. അവിടൊണ്ടല്ലോ ഒരു തെറിച്ച കൊച്ച്? സുബി! ചേട്ടൻ കണ്ടോണേ ഒരുനല്ല ജോലിക്കാരൻ അവളെ ഉടനെയൊക്കെ കെട്ടിക്കൊണ്ടു പോകും. എല്ലാം ആ അലിഷാകൊച്ചിന്റെ ജാലവിദ്യയാണ്...’
'എന്നാലും ഒരു പെണ്ണുവിചാരിച്ചാൽ വീടാകെ മാറുമോ? എനിക്കങ്ങോട്ടു പിടികിട്ടുന്നില്ലേ...'
'ചേട്ടാ ഭാഗ്യലക്ഷ്മിചേച്ചി ഒരു പാവമാണ്...ഞാൻ സംസാരിച്ചു മനസ്സിലാക്കിക്കോളാം...'
ഒരു ദിവസം ഒറ്റക്ക് അമ്പലത്തിൽപോയിച്ചുവരുന്ന ഭാഗ്യലക്ഷ്മിയെ സുഭദ്ര കണ്ടു.
'ചേച്ചി ഒറ്റക്ക് അമ്പലത്തിൽപോയിച്ചു വരുവാ?'
'രാവിലെ പോണമെന്നു തോന്നി. ആരേം വിളിച്ചില്ല. കുളിച്ചൊരുങ്ങി അങ്ങ് പോയി...'
'അല്ല ചേച്ചീ, ഇപ്പൊ വീട്ടിൽ വലിയ ശാന്തതയാണല്ലോ? പണ്ടൊക്കെയാണെങ്കിൽ ...?'
'മനസ്സിലായി ഞങ്ങളിപ്പോ വഴക്കടിക്കുന്നില്ല, അല്ലേ? ഹാ, ഇപ്പൊ വഴക്കെന്തിന്? ചേട്ടന് കുട വേണേ നോക്കുന്നിടത്തുണ്ടാകും. അതുപോലെ തന്നെ പേനയും, കണ്ണടയും, പത്രവും. പണ്ടു വഴക്ക് ഇതൊക്കെ തപ്പിനടന്നായിരുന്നു. പിന്നെ, വഴക്ക് വേണ്ടാത്ത തലങ്ങളിലേക്ക് പറന്നെത്തുകയായിരുന്നു. അലീഷമോള് വന്നേപ്പിന്നെ എല്ലാറ്റിനും ഒരു സ്ഥാനം ഉണ്ട്. അതൊക്കെ അവിടെ കാണുകയും ചെയ്യും. അടുക്കും ചിട്ടയും അവൾ ഞങ്ങളെ പഠിപ്പിച്ചു. അടുക്കും ചിട്ടയും ഉള്ളടത്ത് നല്ല ശീലങ്ങൾ പിറക്കും. സന്തോഷവും സമാധാനവും വന്നുചേരും. അതാണിപ്പോ അവിടെ ഉണ്ടായിരിക്കുന്നത്. ഇനി പിന്നീടൊരവസരത്തിൽ സംസാരിക്കാം സുഭദ്രാ... ഞാനങ്ങോട്ടു ചെല്ലട്ട്...’
സുഭദ്ര തിരിയെ വീട്ടിലേക്കു കാലെടുത്തു വച്ചതും ജനാലക്കു വെളിയിലേക്ക് കണ്ണുംനട്ടുനിൽക്കുന്ന ഭർത്താവിനെയാണ് കണ്ടത്.
'ഹൊ, ഇവിടെ ജന്നലിൽ ഒട്ടിനിന്നേതോ?'
'ആടീ സുഭദ്രേ...ഞാൻ എല്ലാം കേട്ടു. അവരുടെ സന്തോഷത്തിന്റെ ചെപ്പടിവിദ്യ എനിക്കു മനസ്സിലായെടീ...'
'ആയല്ലോ...എന്നാപോയി അവിടെങ്ങാണം ഇരിക്ക്...'
ഇരുന്നുമടുത്ത ലക്ഷ്മണൻ നേരെ അടുക്കളയിലേക്കു നടന്നു.
അടുക്കള മാറിക്കഴിഞ്ഞു. എല്ലാം അടുക്കിപ്പെറുക്കി നിരനിരയായി വച്ചിരിക്കുന്നു. അവരുടെ കൊച്ചു ഡൈനിങ്ങ് ടേബിളും കുഷ്യൻ ഇല്ലാത്ത കസേരകളും നിശ്ചിത അകലംപാലിച്ചു നിൽക്കുന്നു.
'നീയും അടുക്കിപ്പറക്ക് തുടങ്ങിയോടീ...'
'നമുക്കും വേണ്ടേ സന്തോഷവും സമാധാനവും....'
'അതെ...അതെ...നമുക്കും വേണം....'

written by
R Muraleedharan Pillai

ഓർമയും മറവിയും I Sabu Narayanan

 

റിങ്ങ് ചെയ്തു കൊണ്ടിരുന്ന ഫോൺ എടുത്തപ്പോൾ അങ്ങേ തലക്കൽ നിന്ന് സാബുവല്ലേ എന്ന് ചോദ്യം. പെട്ടെന്ന് പിടി തരാത്ത ഏതോ പഴയ പരിചിത ശബ്ദം. ഓർമയിലെവിടെയോ മറന്നു വച്ചത്.
എന്നെ മനസിലായോ ... വീണ്ടും ഓർമയിലേക്ക് . ഏതാണ്ട് നാൽപതു വർഷം മുമ്പു കേട്ടു പരിചയമുള്ള ഒരാളുടെ ശബ്ദം പോലെ.
ഉറപ്പൊന്നുമില്ലെങ്കിലും ചോദിച്ചു
ഉബൈദല്ലേ .....
അങ്ങേ തലക്കൽ ശബ്ദം അല്പ നേരം ഇല്ലാതായി.
മനസിലാക്കുമെന്ന് വിചാരിക്കാതിരുന്നതിൻ്റെ നിശബ്ദതയാവാം .... നാല്പതു വർഷങ്ങൾക്ക് മുമ്പ് ഡിപ്ലോമക്ക് ഒരുമിച്ച് പഠിച്ചതാണ് .
വലിയ ഓർമശക്തി കൊണ്ട് അവൻ്റെ ശബ്ദം തിരിച്ചറിഞ്ഞതല്ല. ഓർമകളിൽ അവൻ എന്നും ഉണ്ടായിരുന്നു എന്നതു സത്യം തന്നെ . ഒന്നു കണ്ടു സംസാരിച്ചാൽ ഒരിക്കലും മറക്കാത്ത ഒരു ശബ്ദമാണ് അവൻ്റേത്.
കുറച്ചു നാൾ മുമ്പ് ഭാര്യയുടെ , ചെറുകിട കയർ ഫാക്ടറി ഉടമയായ ഒരു കസിൻ്റെ വീട്ടിൽ പോവേണ്ടതായി വന്നു.ചെല്ലുമ്പോൾ തറിയിൽ ഒരാൾ നിന്ന് നെയ്യുന്നുണ്ടായിരുന്നു. ഞാൻ അയാളുടെ സമീപത്തേക്ക് ചെന്നു. എൻ്റെ കൂടെ പത്താം ക്ലാസിൽ ഉണ്ടായിരുന്ന ബേബിയായിരുന്നു, അത് . അയാൾ എന്നെ കണ്ട് ചിരിച്ചു. ' കുശലമൊക്കെ പറഞ്ഞ് കഴിഞ്ഞപ്പോൾ അയാൾ എൻ്റെ പേര് ചോദിച്ചു. എന്നെ മനസിലായില്ലേ എന്ന ചോദ്യത്തിന് ഇല്ല എന്ന അർത്ഥത്തിൽ അയാൾ തലയിളക്കി .
പട്ടണക്കാട് ഹൈസ്കൂളിൽ 1980 ബാച്ച് പത്താം ക്ലാസ് ബി ഡിവിഷനിലാണ് പഠിച്ചതെന്ന് അയാൾ സമ്മതിക്കുന്നെങ്കിലും എന്നെ തീരെ ഓർമയില്ല. കൂടെയുണ്ടായിരുന്ന അശോകനേയും അപ്പുക്കുട്ടനേയുമൊക്കെ അയാൾക്കറിയാമെങ്കിലും ഒരുപാട് അടുത്തിടപഴകിയിട്ടുള്ള എന്നെ മാത്രം അയാൾ ഒട്ടും ഓർക്കുന്നില്ല.എൻ്റെ മുഖത്തുണ്ടായ ഇളഭ്യത അടുത്തു നിന്ന കസിൻ്റെ മുഖത്തും കണ്ടു.
അന്ന് ഒരു ദിവസത്തേക്ക്‌ മാത്രമല്ല , ഇപ്പോ ഓർക്കുമ്പോഴും ഒരു വിങ്ങൽ മനസിൽ ഓടിയെത്തുന്നു.
പെങ്ങളുടെ അമ്മായി അമ്മയുടെ മരണാനന്തരചടങ്ങ് നടക്കുന്നതിനിടയിൽ ഒരാൾ സമീപത്തേക്ക് വന്നു. സാബു.. നിന്നെ കണ്ടിട്ട്
ഒരുപാടായല്ലോ എന്ന് പറഞ്ഞു കൊണ്ട് തോളിൽ കൈവച്ചു. ഇപ്പോൾ എവിടെയാണ് , എന്താണ് തൊഴിൽ എന്നൊക്കെ അയാൾ ചോദിച്ചു കൊണ്ടിരുന്നു. രാവിലെ തന്നെ ഷേവ് ചെയത് വൃത്തിയാക്കിയ അയാളുടെ മുഖത്ത് നരച്ച മീശ ഒരഭംഗിയായി നിലകൊണ്ടു. എത്ര ആലോചിച്ചിട്ടും അയാൾ ആരെന്ന് പിടികിട്ടിയില്ല. എൻ്റെ മനോവ്യാപാരം മനസ്സിലാക്കിയതിനാലാവും അയാൾ ചോദിച്ചത്,
"എന്നെ .... നിനക്ക് .. മനസിലായില്ലേ .... "
മനസിലായി എന്ന അർത്ഥത്തിൽ തലകുലുക്കി. അവന് അത്രക്ക് വിശ്വാസം വന്നില്ലെന്നു തോന്നുന്നു.
" എങ്കി ... പറയൂ .. എന്താ എൻ്റെ പേര് .. "
വിഷമവൃത്തത്തിലായ വിവരം അവൻ അറിയരുതല്ലോന്ന് കരുതി ചിരി വരുത്തി കൊണ്ട് പറഞ്ഞു.
" പേരൊക്കെ അറിയാമെടേ .... അല്ലെങ്കിലും പേരിൽ എന്തിരിക്കുന്നു..... "
എന്നാൽ അയാൾ വിടാനുള്ള ഭാവമില്ലായിരുന്നു.
" പറയൂ ... എൻ്റെ പേര് എന്താണ് ... "
ഞാൻ ആകെ പ്രശ്നത്തിലായി , ചുറ്റിനും വെറുതേ നോക്കി. എൻ്റെ ഓർമയിലൊന്നും അയാളുടെയോ സാമ്യമുള്ള ആരുടെയെങ്കിലുമോ രൂപം നെയ്തെടുക്കാൻ കഴിഞ്ഞില്ല. പെട്ടതു തന്നെ എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് പരേതയുടെ ദേഹം പട്ടടയിലേക്കെടുക്കുന്നത് .അകന്നു നിന്നവരൊക്കെ അടുത്തേക്ക് വരുന്നതിൻ്റെ തിരക്ക്. ഞങ്ങൾ ഇരുവരും അങ്ങോട്ടേക്ക് നടന്നു.
അങ്ങനെ ആ പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെട്ടു.ചടങ്ങൊക്കെ കഴിഞ്ഞ് എൻ്റെ കൈ പിടിച്ച് കുലുക്കിയാണ് അയാൾ പോയത്.
അയാൾ ആരാണെന്ന് പിന്നീട് ഞാൻ ചോദിച്ചു മനസിലാക്കുകയായിരുന്നു. പറപ്പള്ളിയിലുള്ള ഓട്ടോ ഡ്രൈവർ മോഹനൻ, ഒരുമിച്ച് വോളിബോൾ കളിച്ചിട്ടുള്ളതാണ് . അയാളെ അങ്ങനെ മറക്കാൻ പാടില്ലായിരുന്നു.
നാട്ടിൽ നിന്ന് അകന്നു താമസിക്കുന്നതും കൂടിക്കൊണ്ടിരിക്കുന്ന പ്രായവുമൊക്കെയാവാം ഇതുപോലുള്ള
വിസ്മൃതിക്കു കാരണം.
എങ്കിലും പരിചയം കാണിക്കുന്ന ഒരാളുടെ മുഖത്തു നോക്കി അറിയില്ല എന്ന് പറയാതിരിക്കുകയാണ് , ശരി. പ്രായമായി വരികയല്ലേ മറവി സ്വാഭാവികം . പ്രായം ഓരോരുത്തരുടേയും രൂപത്തിൽ വരുത്തുന്ന മാറ്റങ്ങളും പ്രധാനമാണ്. ഓർത്തെടുക്കാൻ പറ്റിയില്ലെങ്കിലും മനോധർമമനുസരിച്ച് സന്ദർഭത്തിനു ചേരും വിധം പെരുമാറി പോവുന്നതാണ് അഭികാമ്യം . ഘനപ്പെട്ട മുഖഭാവത്തേക്കാളും ഒരു പുഞ്ചിരിയാണ് എല്ലാവർക്കും ഇഷ്ടം . ഒരു പൂ പുഞ്ചിരി എടുത്തണിഞ്ഞ് പെരുമാറാൻ കഴിഞ്ഞാൽ എത്ര ഭംഗിയാവുമെന്നോ.... എല്ലാവർക്കും ഇതുപോലെയുള്ള അവസരങ്ങളിൽ നറുപുഞ്ചിരി വാരി വിതറാൻ കഴിയട്ടെ .
............... ............
എ എൻ സാബു

ഹൃദയത്തിലേക്ക്...I Ammu Santhosh


 ഒരു ആക്‌സിഡന്റ് സംഭവിച്ചു വീൽ ചെയറിൽ ആയ ഒരാളെയാണ് ഞാൻ വിവാഹം കഴിക്കുന്നതറിഞ്ഞു പലരും പലതും പറഞ്ഞു.സഹതാപം ആണെന്നോ പണം നോക്കിയാണെന്നോ അങ്ങനെ പലതും. ഞാൻ അത് ഒന്നും ശ്രദ്ധിച്ചില്ല.വീട്ടുകാർക്ക് സഹായം ആവുന്നതിൽ ഉപരി എനിക്ക് ഒരു രക്ഷപ്പെടൽ ആയിരുന്നു ഇത്
അനൂപ് എന്നെ കാണാൻ വന്നില്ല.
ഒരു വീഡിയോ കാളിൽ ആയിരുന്നു പെണ്ണ് കാണൽ.
ചെറിയ ചോദ്യങ്ങൾ
ചെറിയ ഉത്തരങ്ങൾ.. കഴിഞ്ഞു.. ഉറപ്പിച്ചു.
"തനിക്ക് എന്നെ ഇഷ്ടം ആണോ എന്ന് ഞാൻ ചോദിക്കുന്നില്ല. കാരണം അങ്ങനെ ഇഷ്ടപ്പെടാനൊന്നും പെട്ടെന്ന് ആർക്കും കഴിയില്ലല്ലോ "
അനൂപ് എന്നോട് ചോദിച്ചു
ഞാൻ ഒരു മറുപടി മാത്രമേ പറഞ്ഞുള്ളു
"എനിക്കൊരു പ്രണയമുണ്ടായിരുന്നു.. അത്ര മേൽ എന്നെ സ്നേഹിച്ച ഒരാളുണ്ടായിരുന്നു. ദീപു മരിച്ചു പോയി. അന്ന് തന്നെ ഞാനും മരിച്ചതാണ്.. മനസ്സിൽ. മറ്റൊരാളെ സ്നേഹിക്കാൻ, അയാൾക്കൊപ്പം സ്നേഹം പങ്കിടാൻ, അയാളുടെ കുഞ്ഞുങ്ങളെ പ്രസവിക്കാൻ ഒന്നും ഈ ജന്മം എനിക്ക് കഴിയില്ല.. അനൂപിന് സമ്മതമാണെങ്കിൽ കല്യാണം കഴിച്ചോളൂ.. ഞാൻ ഒരു സുഹൃത്തായിരിക്കാൻ ശ്രമിക്കാം.. അത് മാത്രം "
അനൂപ് ഒന്ന് ചിരിച്ചു..
അനൂപ് എന്റെ കണ്ണിൽ, എന്റെ മനസ്സിൽ പ്രത്യേകിച്ച് ഒരു തിളക്കവും സൃഷ്ടിച്ചില്ല. അനൂപിനൊരു കൂട്ട് വേണമായിരുന്നു. എനിക്ക് എല്ലാത്തിൽ നിന്നും രക്ഷപ്പെടണമായിരുന്നു.
വീട്ടിൽ നിന്നാൽ ഇത് അല്ലെങ്കിൽ അവർ വേറെ ഒരു വിവാഹം എന്നെ കൊണ്ട് ചെയ്യിക്കും..
അതിൽ ഭേദം ഇത് തന്നെ
അനൂപിന്റെ വീട്ടിൽ അച്ഛനും അമ്മയുമുണ്ട്. അനൂപ് ഒറ്റ മകനാണ്.അനൂപിന് ഒരു വലിയ ലൈബ്രറി ഉണ്ട്. അത് എനിക്കാശ്വാസമായിരുന്നു. വായന ഇഷ്ടം ഉള്ള ആളാണല്ലോ സന്തോഷം തോന്നി.ഞാൻ പുസ്തകങ്ങളിൽ ഒന്ന് തൊട്ട് നോക്കി
"ഇഷ്ടം ഉള്ളതെടുത്ത് വായിച്ചോളൂ.."
അനൂപ് പുഞ്ചിരിയോടെ പറഞ്ഞു.. ഞാൻ മെല്ലെ തലയാട്ടി.
അനൂപിനെ നോക്കാൻ രണ്ടു പേര് ഉണ്ട്. ഭക്ഷണം കഴിപ്പിക്കാൻ, കുളിപ്പിക്കാൻ, മെഡിക്കൽ ചെക്കപ്പ് ചെയ്യാൻ എല്ലാത്തിനും ആളുണ്ട്.
അനൂപ് ഒരിക്കൽ പോലും ഒന്നിനും എന്റെ സഹായം ആവശ്യപ്പെട്ടിരുന്നില്ല. ചിലപ്പോൾ ആരും അടുത്തില്ലാത്തപ്പോൾ പോലും..
"കൂട്ട് വേണമെന്ന് തോന്നിയിട്ടല്ലേ വിവാഹം കഴിച്ചത്?"
ഒരിക്കൽ ഒറ്റയ്ക്കായപ്പോൾ ഞാൻ ചോദിച്ചു
"അതേ "
"പിന്നെന്താ എന്നോട് സംസാരിക്കാത്തത്?"
അനൂപിന്റെ കണ്ണുകൾ വിടർന്നു. ആ മുഖത്ത് സൂര്യൻ ഉദിച്ച പോലെ വെളിച്ചം നിറഞ്ഞു
"ബുദ്ധിമുട്ടിക്കണ്ടന്ന് കരുതിയാ "
എനിക്ക് സങ്കടം തോന്നി. ഞാൻ നിലത്ത് ആ കാലുകൾക്കരികിൽ ഇരുന്നു
"അനൂപിനെക്കുറിച്ച് പറയു "
അനൂപ് മൊബൈലിലെ ചിത്രങ്ങൾ കാണിച്ചു തന്നു. സ്റ്റേജിൽ പാട്ട് പാടുന്ന, ടെന്നീസ് കളിക്കുന്ന, ഡ്രൈവ് ചെയ്യുന്ന, ബോക്സിങ് ചെയ്യുന്ന അനൂപ്..
"ഒരു പാട്ട് പാടുമോ? "അത് മാത്രം ആണ് എന്നെ ആകർഷിച്ചത്
"പിന്നെന്താ.പാടാമല്ലോ"
"ജിയ ചലെ.. ജാൻ ചലെ..."
അതിസുന്ദരമായിരുന്നു അത്.
"ഇത്രയും നന്നായി പാടുന്ന ഒരാളെ ആരും പ്രണയിച്ചില്ലേ?"
"ഉണ്ടാകും "
അനൂപ് ചിരിച്ചു
"എന്നിട്ട് അനൂപ് തിരിച്ചു പ്രണയിച്ചോ?"
"അങ്ങനെ നോക്കുകയാണെങ്കിൽ എത്ര പേരെ പ്രണയിക്കും... കുറെ ഉണ്ടായിരുന്നെടോ "
ഞാൻ പൊട്ടിച്ചിരിച്ചു
വർഷങ്ങൾക്കു ശേഷം ഞാൻ ചിരിക്കുകയായിരുന്നു..
"നല്ല ഭംഗിയുണ്ട് മീരയുടെ ചിരി.. നുണക്കുഴി വിരിഞ്ഞ്.. എന്താ ഭംഗി "
എന്റെ മുഖം ചുവന്നു പോയി. ഞാൻ കണ്ണുകൾ താഴ്ത്തി വേഗം അവിടെ നിന്ന് പോയി.
അനൂപിന്റെ മുഖത്ത് നോക്കുമ്പോൾ, ആ ചിരി കാണുമ്പോൾ ഇങ്ങനെ വീൽ ചെയറിലായതൊന്നും കക്ഷിയെ ബാധിച്ചിട്ടേയില്ല എന്ന് തോന്നും. ബിസിനസ് നടത്താനും ഫ്രണ്ട്സിനൊപ്പം ചേരാനും എല്ലാത്തിനും ഇത് തടസ്സം ആയിരുന്നില്ല അനൂപിന്..പക്ഷെ ഏത് തിരക്കിലും ആളിന്റെ ശ്രദ്ധ എന്നിൽ തന്നെ ആവും. ഞാൻ കഴിച്ചോ, ഉറങ്ങിയോ, എല്ലാം ശ്രദ്ധിക്കും.ഒരു പാട് പാട്ടുകൾ അറിയാം അനൂപിന് എനിക്ക് പാട്ട് പാടി തരാറുണ്ട്... ഞാൻ ഏത് പാട്ട് പറഞ്ഞാലും എത്ര തിരക്കുണ്ടെങ്കിലും എനിക്ക് അത് പാടി തന്നിട്ടേ അനൂപ് പോവു..
"മീരയ്ക്ക് പുറത്ത് പോകണമെങ്കിൽ പോവാം ട്ടോ.. ഇങ്ങനെ വീട്ടിൽ തന്നെ ഇരുന്ന മുഷിയും "
"അനൂപും വരൂ "
"വരട്ടെ?"ആ മുഖം സന്തോഷം കൊണ്ട് നിറഞ്ഞു
ഞങ്ങൾ ഒന്നിച്ചു പോയി.. കടല് കണ്ടു.. ഇടയ്ക്ക് കുറച്ചു മഴ പെയ്തു..
"മഴ ഇഷ്ടാണ് എനിക്ക് "ഞാൻ പറഞ്ഞു
"എനിക്കും "
അനൂപ്എന്റെ കണ്ണുകളിലേക്ക് നോക്കി
"മീരയ്ക്ക് ഈ കടലിനെക്കാൾ, മഴയെക്കാൾ ഒക്കെ ഭംഗിയുണ്ട്.."അനൂപ് മെല്ലെ പറഞ്ഞു
എന്റെ നെഞ്ചിൽ ഒരു കടൽ വന്നലച്ചു.. ഉള്ളു പിടയുന്നത് പോലെ..
അന്ന് അനൂപിന് പനി വന്നു
"മഴ നനഞ്ഞോ മോൻ?"
അമ്മ രൂക്ഷമായി ചോദിക്കുന്നത് കേട്ടു
ഞാൻ കുറ്റവാളിയെ പോലെ മുഖം കുനിച്ചു നിന്നു.
രാത്രി അനൂപ് വിറയ്ക്കുന്നത് ഞാൻ കണ്ടു.
അനൂപിനോട് ചേർന്ന് കിടക്കുമ്പോൾ ആ മുഖം ചേർത്ത് പിടിക്കുമ്പോൾ നിഷ്കളങ്കനായ ഒരു കുഞ്ഞിനോട് തോന്നുന്ന വാത്സല്യം ആയിരുന്നു ഉള്ള് മുഴുവൻ..
പുലർച്ചെ പനി മാറി ആൾ ഉഷാറായി..
"ഇന്നും പനി വന്നിരുന്നെങ്കിൽ നന്നായേനെ "എപ്പോഴോ കള്ള ചിരിയോടെ പറഞ്ഞു..
ഞാൻ ആ മുഖത്ത് നോക്കിയില്ല. ഒരു വല്ലായ്മ.
മുത്തശ്ശിയുടെ സപ്തതിയാണ് വന്നേ പറ്റു എന്ന് എല്ലാരും നിർബന്ധിച്ചപ്പോൾ ഞാൻ പോയി. അനൂപ് വന്നില്ല.
വീട്ടിൽ നിൽക്കുമ്പോഴും ഉള്ളിൽ ഒരു സമാധാനം ഇല്ല.. എന്തൊ പോലെ.. അനൂപിനെ കാണണം.. മിണ്ടണം.. അനൂപിനെന്താ ഒന്ന് ഫോൺ ചെയ്താൽ എന്നൊക്കെ ഓർത്തു..അന്ന് തിരിച്ചു പോരാൻ ആരും സമ്മതിച്ചുമില്ല.
പിറ്റേന്നു ചെല്ലുമ്പോൾ അനൂപ് വായനയിലാണ്
"ഞാൻ വന്നുട്ടോ "ഓടി ചെന്നു പറഞ്ഞു.
ഒന്ന് മൂളി അത്ര തന്നെ.
ഞാൻ എന്തൊക്കെയോ ചോദിച്ചെങ്കിലും മിണ്ടിയില്ല..
ഞാൻ എന്റെ മുറിയിലേക്ക് പോരുന്നു.
കഴിക്കാൻ വന്നു വിളിച്ചെങ്കിലും വിശപ്പില്ല എന്ന് പറഞ്ഞൊഴിഞ്ഞു.
"സാർ വിളിക്കുന്നു "നഴ്സ് വന്നു പറഞ്ഞപ്പോൾ മുറിയിൽ ചെന്നു
"എന്താ കഴിക്കാഞ്ഞത്?"
എന്റെ കണ്ണ് നിറഞ്ഞു തുളുമ്പി
"മീരാ... ഇങ്ങ് വാ "
ഞാൻ ഇല്ല എന്ന് തലയാട്ടി
"എനിക്ക് അടുത്തേക്ക് ഓടി വരാൻ കഴിയില്ല മീരാ "
ഞാൻ ഞെട്ടി തലയുയർത്തി
"ഇന്നലെ തന്നെ വന്നു കൂട്ടിക്കൊണ്ട് പോരാൻ തോന്നിയതാ.. ഞാൻ കരുതി മീര വരുമെന്ന്.. പിന്നെ ഓർത്തു എന്നോട് ഇഷ്ടം ഇല്ലല്ലോ... എന്നെ കണ്ടില്ലെങ്കിലും മിസ്സ്‌ ചെയ്യില്ലല്ലോ എന്നൊക്കെ "
ഞാൻ ഓടി അടുത്ത് ചെന്നു
"ഒത്തിരി മിസ്സ്‌ ചെയ്തു എനിക്ക്.."
ഞാൻ സങ്കടത്തോടെ പറഞ്ഞു
"കാണാൻ തോന്നി.. മിണ്ടാൻ തോന്നി.. പാട്ട് കേൾക്കാൻ തോന്നി.. എല്ലാം എല്ലാം മിസ്സ് ചെയ്തു.."
ഞാൻ ആ കാലിന് അടുത്ത് ഇരുന്നു
അനൂപ് എന്റെ മുഖം കൈയിൽ എടുത്തു
"ഇപ്പോൾ ഇഷ്ടാണോ എന്നെ?"
ഞാൻ കരഞ്ഞു കൊണ്ട് തലയാട്ടി
"ഇനി എന്നെ വിട്ടിട്ട് പോവോ?"
ഞാൻ ഇല്ല എന്ന് തല ചലിപ്പിച്ചു
" മീര എന്നെ ആദ്യം കണ്ടത് എപ്പോഴാണ്? "
"അന്ന് വീഡിയോയിൽ "
"ഞാൻ അതിനു മുൻപേ കണ്ടിട്ടുണ്ട്.. എന്റെ കസിന്റെ കല്യാണത്തിന്..ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്നൊക്കെ പറയില്ലേ അത് പോലെ. മീര അന്നൊരു ചുവപ്പ് ദാവണി ഒക്കെ ഉടുത്തു മുല്ലപ്പൂ ഒക്കെ വെച്ചിരുന്നു.കൈ നിറച്ചും കുപ്പിവളകൾ.. നിങ്ങളു പെൺകുട്ടികൾ ഡാൻസ് ഒക്കെ ചെയ്തു അന്ന്.. അപ്പൊ ഞാൻ അമ്മയെ കാണിച്ചു കൊടുത്തു.. ഇതാണ്, ഞാൻ കെട്ടാൻ പോകുന്ന പെണ്ണെന്നൊക്കെ ചുമ്മാ പറഞ്ഞു.. അത് കഴിഞ്ഞു തിരിച്ചു വരും വഴിയായിരുന്നു ആക്‌സിഡന്റ്.. പിന്നെ രണ്ടു വർഷം... അത് കഴിഞ്ഞു ഞാൻ മീരയെ കുറിച്ച് അന്വേഷിച്ചു.. അമ്മയോട് പറഞ്ഞു.. മീരയ്ക്ക് ഇഷ്ടം ആണെങ്കിൽ മാത്രം എനിക്ക് കല്യാണം കഴിക്കണം ന്ന് "
ഞാൻ സ്തംഭിച്ചിരുന്നു
കൂട്ടുകാരി മീനാക്ഷിയുടെ കല്യാണം. എനിക്ക് ഓർമ വന്നു.
"മീര ചോദിച്ചില്ലേ എനിക്ക് പ്രണയം ഉണ്ടായിരുന്നൊന്ന്? ഉണ്ടായിരുന്നു എന്നല്ല ഉണ്ട്. അത് മീരയാണ്.. മീരയെ കല്യാണം കഴിക്കണോ എന്ന് ഞാൻ ഒരു പാട് ആലോചിച്ചു എന്റെ അവസ്ഥ തന്നെ... പക്ഷെ എനിക്ക് പറ്റുന്നില്ലായിരുന്നു.. എനിക്ക് മീര ഇല്ലാതെ ജീവിക്കാൻ പറ്റുന്നില്ല... ഞാൻ.."അനൂപിന്റെ കണ്ണ് നിറഞ്ഞു ഞാൻ ആദ്യം കാണുകയായിരുന്നു..
"വേറൊരു പ്രണയം ഉണ്ടായിരുന്നെന്നും ഒരിക്കലും സ്നേഹിക്കാൻ പറ്റില്ല എന്നും മീര പറഞ്ഞപ്പോ സാരോല്ല കണ്ടു കൊണ്ടിരിക്കാമല്ലോ എന്ന് ഓർത്തു.. എനിക്ക് കണ്ടാൽ മാത്രം മതിയാരുന്നു മീര "
ഞാൻ ആ മുട്ടിൽ മുഖം ചേർത്ത് വെച്ചു
ഞാൻ അറിയാതെ എന്നെ സ്നേഹിച്ച ആൾ..
ഇപ്പോഴും സ്നേഹിക്കുന്ന ആൾ..
ഈ ആളിന് ഉള്ളതാവും ഞാൻ
അതാവും ദൈവനിശ്ചയം..
അല്ലെങ്കിൽ എങ്ങനെയാണ് ഞാൻ ഇത്രമേൽ ഈ ആളിന് അധീനയായത്?
എങ്ങനെയാണ് ഈ ആൾ എന്റെ ജീവനായത്?

Written by Ammu santhosh

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo