Showing posts with label റംഷീദ് ദിൽറുപ. Show all posts
Showing posts with label റംഷീദ് ദിൽറുപ. Show all posts

#സെൻഡോഫ് - Part 2/2


#സെൻഡോഫ്
രചന :റംഷീദ് ദിൽറുപ
തുടർന്ന് വായിക്കുക.
---( അപ്പോ അവന്റെ മുഖം ഭയചികിതനാവുന്നത് ഞാൻ കണ്ടു. പേടിയോടെ ഇടവഴിയുടെ വിദൂരതയിലേക്ക് നോക്കി ഒരു നെടു വീർപ്പോടെ അവൻ പറഞ്ഞ് തുടങ്ങി.--)
‘ബെല്ലടിച്ചപ്പോ എല്ലരും പോയി. ഓരോരുത്തരേം കൂട്ടി കൊണ്ട് പോന്നത് കന്റ് ഞാൻ അബിടിരുന്നു. നവാശ്ക ഇപ്പോ ബരൂന്ന് കര്തി. കൊറേ കാറ്റ് നിന്നു. ബരാതായപ്പോ ഞാൻ എഴുനേറ്റ് കാശ്ശിന്ന് പോർത്തെരങ്ങി നിന്നു. അപ്പോക്കും ന്റ കാശ്ശിലേ എല്ലരും പോയിരുന്നു. ഞാനൊറ്റക്കാരുന്നു . നിക്ക് പേടിയായിറ്റാ ഞാൻ പോർത്തരങ്ങിയേ.”
അപ്പോളുണ്ടായ പേടി അവന്റെ മുഖത്ത് പ്രകടമായിരുന്നു. വിറയാർന്ന കുഞ്ഞി കൈകൾ കൊണ്ട് കണ്ണീര് തുടച്ച് അവൻ തുടർന്നു.
‘ ബെശ്ക്കുന്നത് കൊണ്ട് ഇൻച്ച് നടക്കാനായില്ലാരുന്നു. പോരത്ത് എരങ്ങി നോക്കുമ്പോ ആരുല്ല. എല്ലരും പോയിരുന്നു. ഇക്കാനെയും കന്റില്ല. ൻച്ച് കരച്ചൽ ബന്നു. കാശ്ശിന്ന് ന്തോ പരക്കുന്ന കേറ്റ് ഞാൻ പേച്ച് ബെച്ച് പോയി.’
ഒരു നടുക്കത്തോടെ അവൻ എന്റെ കൈക്ക് മുറുകേ പിടിച്ചു.
‘ഞാൻ പേയിച്ചോണ്ട് നവാശ്കന്റെ കാശ്ശിന് അയ്ത്തെത്തിപ്പോ ആരുല്ലാരുന്നു അയിടെ. ൻച്ച് നല്ലണം കയച്ചൽ ബന്ന്. ഇക്കാക്കന്ന് കൊരേ ബിളിച്ച്.
അന്നേരം ഒര് നായി മയിമ്മന്ന് ഇന്ന നോക്കുന്നേ കന്റെ. പേയിച്ച് ഞ്ഞൊട് അയിയാൻറ് മുല്ലിപ്പോയി.
പിന്നേം കര്ഞെരോ അത് ഇന്നേ നോക്കി അയിന്റ മേലെന്ന് ചായച്ചാടി.
ഞാമ്പേച്ച് കയഞ്ഞോണ്ട് കാശ്ശിലേക്ക് ഓടി കയരി.
ഇൻച് ബെർക്ക്ന്ന്ണ്ടേനു. കൊറേ കയഞ്ഞു.. ആരും കേക്കറ്റോണ്ട് ഞാ അബ്ട ഇര്ന്ന് കയഞ്ഞു. ബെശ്ന്നോണ്ട് ആട ഇക്കാക്കാനാ കാത്ത് ഇര്ന്ന്.’
ഇത്രയും വിക്കി വിക്കി പറഞ്ഞെങ്കിലും ഒറ്റ ശ്വാസത്തിൽ പറഞ്ഞപോലെ തോന്നിയെനിക്ക്. കേട്ട് നിന്ന എന്റെ ഖൽബിൽ ആരോ കല്ല് കൊണ്ട് കുത്തി നോവിക്കുന്ന വേദനയാണ് അപ്പോൾ തോന്നിയത്.
അവന്റെ കണ്ണുകൾ ഇറുകി ചുടു കണ്ണീര് കവിളിലൂടെ ഒഴുകി.ആ പേടി ഇപ്പോളും അവന്റെ മുഖത്തുണ്ട്.
ഇക്കാ വിശക്കുന്നു എന്ന് വിറയാർന്ന ചുണ്ടോടെ വീണ്ടും പറഞ്ഞപ്പോൾ എന്റെ ഖൽബ് പിടച്ച് പോയി.
ഞാൻ അവന്റെ കണ്ണീർ തുടച്ച് അവനേ കോരിയെടുത്ത് കവിളിൽ മുത്തം നൽകി പൊട്ടി കരഞ്ഞോണ്ട് പറഞ്ഞു
“ഡാ മോനേ ഇക്കാനോട് മാപ്പാക്ക്. ഞാൻ നവാസ്ക വരാത്തത് അറീല്ലാര്ന്നല്ലോ..അതോണ്ടല്ലേ ഇക്കാക്ക് ദേഷ്യം വന്നത്.”
‘ശാരേല്ലിക്കാ..ഇൻച് നല്ല ബെശ്പ്പ് ഇള്ളോണ്ടാ പയാൻ ബറ്റാഞ്ഞേ.’
പിന്നേ കൂടുതലൊന്നും ചോദിക്കാതെ രണ്ട് പേരും കണ്ണ് തുടച്ച് വീട് ലക്ഷ്യമാക്കി ഇടവഴിയുടെ അവസാന പടിയും കേറുമ്പോഴാണ് ഉമ്മ ആരോടോ സംസാരിക്കുന്നത്.
“ങ്ങള് സ്കൂളിന്റെ വഴി ആണോ വന്നത്..!?
മക്കള് ഇത് വരേ എത്തീല്ല..”
ഉമ്മാന്റെ കണ്ഠമിടറിയുള്ള സംസാരം എന്നേ വല്ലാതേ നോവിച്ചു.
മറുപുറത്ത് ആരെന്നറിയില്ല. അവർ പതുക്കെയാണ് സംസാരിക്കുന്നത്.
ഇപ്പോൾ ഞങ്ങൾ അവസാന പടി ഏറി.
ഞങ്ങളേ കണ്ട് ഓടി വന്ന ഉമ്മ കയ്യിൽ നിന്നും നജീബിനേ വാങ്ങിയിട്ട് “മോൻ വീണോ.. ?നീയെന്താ ഇവനേ എടുത്തോണ്ട് വരുന്നേ.. ?നിങ്ങളെന്താ വൈകിയേ.. ?എവിടാർന്നു നിങ്ങള്.. ?
ഉമ്മാന്റെ കണ്ഠമിടറിക്കൊണ്ടുള്ള ബേജാറോടെയും വെപ്രാളത്തോടേയുമുള്ള ആ നൂറ് ചോദ്യങ്ങൾക്ക് പെട്ടെന്ന് മറുപടി പറയാൻ കഴിഞ്ഞില്ല.
നജീബിന്റെ കയ്യും കാലുമൊക്കെ തടവിക്കൊണ്ട് ഉമ്മ അവനോട് ചോദിച്ചു.
“മോൻ വീണോ.. ഇക്കയെന്താ എടുത്ത് വന്നേ മോനേ.. ?
രണ്ട് പേരും കരഞ്ഞ പോലുണ്ടല്ലോ..”
ഉമ്മാന്റെ ശബ്ദം പതറിപ്പോകുകയാണ്.
“ന്താ ഉണ്ടെയെന്നൊന്ന് പറ”
എന്നും പറഞ്ഞ് സങ്കടവും ദേഷ്യവും ഒരുമിച്ച് വന്ന ഉമ്മ അവനേ താഴേ വച്ചിട്ട് എനിക്കൊന്ന് പൊട്ടിച്ചു.
ഉമ്മാന്റെ കൈപിടിച്ച് നിന്ന നജീബ്.. “മ്മാ ഇൻച് ചോര് താ.. ബെശക്ക്ന്നു…”
“ഇത് വരേ ഒന്നും കഴിക്കാതെ നിങ്ങളെവിടാര്ന് മുജീബേ എന്നേ തീ തിന്നിക്കാതെ ഒന്ന് പറ.”
ഇനിയും പറഞ്ഞില്ലേൽ നജീബിന് ചോറ് കൊടുക്കാതെ എന്റെ പിന്നാലെയാകുമെന്ന് തോന്നിയ ഞാൻ പേടിയോടെ പറഞ്ഞു.
“ഉ… ഉമ്മാ… അത് സ്കൂളില് ഇന്ന് സെൻഡോഫാരുന്നു..”
‘സെൻഡോഫൊ… ന്ത് സെൻഡോഫ്.. ?’
കാരണമില്ലാ കാരണത്താൽ വൈകി വന്ന ഞങ്ങളോടുള്ള ഉമ്മാന്റെ ദേഷ്യം അപ്പോൾ ആ മുഖത്ത് എനിക്ക് കാണാമാരുന്നു.
‘ഭക്ഷണം പോലും കഴിക്കാതെ ന്ത് സെൻഡോഫാ.. നിനക്ക് അറീല്ലാരുന്നോ ഇവൻ ഒന്നും കഴിക്കാത്തത്‌..’
ഞാൻ ഒന്നും മിണ്ടാതെ നിന്നു.
ഉമ്മാക്ക് ‘സെൻഡോഫ്’ എന്ന് പറഞ്ഞപ്പോൾ ആദ്യം ഒന്നും മനസ്സിലായിട്ടില്ല. അവന് ചോറെടുക്കാൻ പോയി. ഞാൻ വരാന്തയിലിരുന്ന് കരച്ചലടക്കി പിടിച്ച്‌ സ്കൂൾ മുതൽ ഇവിടെ വരേ നജീബിനോട് കാട്ടി കൂട്ടിയത് ഓർത്തെടുക്കാൻ ശ്രമിച്ചു.
കണ്ണിലേന്തോ ഒരു ഇരുട്ട് കയറുംപോലെ തോന്നിയെനിക്ക്.
മനസ്സ് ആരോ പിടിച്ച്‌ വലിച്ച് മുറുകും പോലേ എവിടൊക്കെയോ ഒരു വേതന.
അള്ളോഹ്… ഞാൻ… ഞാനെന്തൊക്കെയാ കാട്ടി കൂട്ടിയത്.. അവന് എന്ത് മാത്രം നൊന്തിട്ടുണ്ടാകും.. സഹിക്കാൻ കഴിയുന്നില്ല.
ഇരുട്ട് കയറിയ കണ്ണിൽ കറുത്തിരുണ്ട് വന്ന കാർമേഘതിനിടയിലൂടെ പെയ്യാൻ വെമ്പി നിൽക്കുന്ന മഴ പോലേ കണ്ണു നീർ കൺപോളകളേ വിഴുങ്ങി തുളുമ്പി നില്കയാണ്.
“ഇന്നാ. വേഗം ചോറും കഴിച്ച് പോകാൻ നോക്ക്. ഇവനേ കൂട്ടണ്ട”എന്ന് ഉമ്മ അകത്ത് നിന്ന് വിളിച്ച് പറയുന്നത് കേട്ടാണ് താളം തെറ്റിയ മനസ്സും കാട് കയറിയ ചിന്തയും സ്ഥിരകാല ബോധത്തിലേക്ക് വന്നത്.
ഞാൻ പതുക്കേ അകത്ത് കയറി.
ടൈൽ ഒട്ടിക്കാത്ത , കാവി തേക്കാത്ത , മണ്ണ് കൊണ്ട് മിനുക്കി വൃത്തിയാക്കിയ അകത്തളത്തിലെ തറയിൽ ചുവരോട് ചേർത്തി വെച്ച പലകയിൽ ഇരുന്ന് നജീബിന് ചോറ് വാരി കൊടുക്കയാണ് ഉമ്മ.
വീട്ടിലെത്തിയ ആശ്വാസ മനസ്സും വിശപ്പ് മാറിയ വയറമായി നജീബ് പുഞ്ചിരിയോടെ എന്നേ നോക്കി.
എന്റെ മനസ്സ് പെട പെടാന്നിടിക്കുന്നത് അകത്തളത്തിലെ മൺചുവരിൽ തട്ടി ഒരു പ്രതിധ്വനിയായി കാതിൽ പതിക്കുന്നുണ്ടായിരുന്നു.
“ഉ..മ്മാ…” വിക്കി വിക്കിയാണ് വിളിച്ചതെങ്കിലും…“ന്താ” ന്നുള്ള ഉമ്മാന്റെ ഘനമാർന്ന ശബ്ദം കേട്ട് തുളുമ്പി നിന്ന കണ്ണീർ കര കവിഞ്ഞ് കവിളിലൂടെ ഒലിച്ചിറങ്ങി.
“ഉമ്മാ എനിക്ക് ചോറ് വേണ്ട..”
‘അതെന്താ…നിന്റെ സെൻഡോഫ് ചോറ് തന്നോ അവിടന്ന്.’
അടി കിട്ടുമെന്ന ഭയത്താണേലും പതുക്കേ “ഹാ..”എന്ന് പറഞ്ഞു.
ഒന്നും മനസ്സിലാകാതേ ഉമ്മ നെറ്റി ചുളിച്ച് എന്നേ നോക്കി
“വേണേൽ വേഗം കഴിച്ചിട്ട് പോകാൻ നോക്ക്യാ..”
“വേണ്ടുമ്മാ.. ഞാൻ അവ്ട്ന്ന്…. ക… കഴിച്ചു….എ… ർ.. ചിം പ്‌.. പൊറോ.. ട്ടേം.”
ഞാൻ പറയുന്നത് ശ്രവിച്ച് നിന്ന ഉമ്മ ഒരു ഞെട്ടലോടെ കണ്ണ് തള്ളി എന്നേം നജീബിനേം നോക്കി.
“എ.. എറച്ചിം പൊറോട്ടയോ…?അപ്പോ… ഇവന്.. ഇവനെവിടയ്നൂ…”
‘ഓൻ ക്ലാസ്സിൽ..’
“ഇവനേ അവിട നിർത്തി നീ വയറ് നിറയേ എറച്ചീം പൊറോട്ടേം കഴിച്ചോ.. ?”
ഒന്നും പറയാൻ വയ്യാതെ കണ്ണീര് ഒഴുക്കി അവിടെ നിൽക്കാനേ എന്നേ കൊണ്ട് കഴിഞ്ഞുള്ളു.
നജീബ് ഹാലിളകിയ ഉമ്മാനേ കണ്ട് ഒന്നും മിണ്ടാതെ എന്നേ നോക്കി ഇരിക്കയാണ്.
മറുത്തൊന്ന് ചിന്തിക്കുന്നതിന് മുൻപ് അടുത്ത് ഉണ്ടായിരുന്ന വിറക് കൊള്ളി കൊണ്ട് അടി വീണിരുന്നു.
അള്ളോഹ്.. ആഹ്.. ഉമ്മാ…. അടിക്കല്ലേ…. ഞാൻ വാവിട്ട് കരഞ്ഞു.
അതൊന്നും ന്റ നജീബ് കരഞ്ഞ കാരച്ചലിന് പകരമാകില്ലാരുന്നു.
അടി കൊള്ളുന്നതിനിടെ ഒരു വിതത്തിൽ കാര്യങ്ങൾ മുഴുവൻ ഞാൻ പറഞ്ഞൊപ്പിച്ചു.
‘നവാസിനോട് ഇവനേ ഇങ്ങോട്ട് കൂട്ടാൻ പറഞ്ഞിരുന്നു. അവൻ കൂട്ടീല്ല. ഞാൻ അറീല്ലരുന്നു ഇവൻ അവിടുള്ളത്………………………..’
ഞാൻ ഒരു വിതത്തിൽ മുറ്റത്തേക്ക് ഓടി.
“പൊയ്ക്കോ ഇവ്ട്ന്ന്… എവിടാ പോയിട്ടാണേലും എറചിം പൊറോട്ടേം വാങ്ങിട്ട് വന്നാ മതി ഇങ്ങോട്ട്.. കൂടപ്പിറപ്പിന് കൊടുക്കാതെ അവൻ കഴിച്ച് പോലു…”
അടി കോണ്ടതിലോ ഉമ്മ പറഞ്ഞതിലോ എനിക്ക് സംഘടല്ല. അതിന്റെ നൂറിരട്ടിയല്ലേ ഞാൻ നജീബിനേ മനസ്സ് കൊണ്ടും ശരീരം കൊണ്ടും വേദനിപ്പിച്ചെ.
ഓടിയ ഞാൻ ഇടവഴിയിലെത്തി അവിടെ നിന്നു. കുറേ നേരം കരഞ്ഞു. ഇടക്കെപ്പോഴോ കരയാനിനി കണ്ണീരില്ല എന്നറിഞ്ഞപ്പോ എഴുനേറ്റ് അങ്ങാടീലേക്ക് പോയി.
ഇറച്ചിം പൊറോട്ടേം ഇല്ലാതെ ഇനി ഉമ്മ വീട്ടിൽ കയറ്റില്ല. അമ്മദ്ക്കാന്റെ ചായ കടയിൽ കയറി. അവിടേ ഒരു കോണിൽ നില്കുന്നത് കണ്ട എന്നോട് ചോദിച്ചു.
“ന്താ വേണ്ടേ… നീയെന്താ പതിവില്ലാതെ ഇവിടെ.. !?”
‘എനക്ക് എറചിം പൊറോട്ടേം വേണം. പാർസൽ.’
ഇരുപത് രൂപ കൊട് എന്നും പറഞ്ഞ് അയാൾ കൈ നീട്ടിയപ്പോൾ ഞാൻ കൈ മലർത്തി.
“ന്തേ.. കാശില്ലേ… കാശില്ലാതെ കിട്ടൂല്ല…”
‘ഞാൻ നാളെ ഉമ്മാന്റട്ത്തന്ന് മേടിച്ച് താന്നോളാം കാശ്’
“നാളത്തത് നാളേ.. ഇപ്പോ കാശുണ്ടേ മേടിച്ചിട്ട് പോ.. ഇല്ലേ ഇടങ്ങേറാക്കാതേ മാറി നില്ല്.. ആളുകൾ വരുന്ന സമയാ..”
ഒന്നും പറയാനാകാതെ നിറ കണ്ണോടെ ഞാൻ അവിടിന്ന് ഇറങ്ങി.
ഇനിയെന്ത് ചെയ്യും… ഒത്തിരി ആലോചിച്ചു.. അവസാനം രാമേട്ടന്റെ കടയിൽ കയറി കാര്യം പറഞ്ഞപ്പോ 4കോലു മിഠായി തന്നു.
അതുമായി വീട്ടിൽ എത്തിയപ്പോളേക്കും നേരം സന്ധ്യ ആയി കഴിഞ്ഞിരുന്നു.
വരാന്തയിൽ ഉമ്മ റാന്തൽ വിലക്ക് കത്തിച്ച് വെച്ചിട്ടുണ്ട്.
ഉമ്മാന്റെ ശബ്ദമൊന്നും കേൾക്കാനില്ല.. ഒന്നൂടെ കാത് കൂർപ്പിച്ചപ്പോ അയലത്തേ വീട്ടിലാണ് ഉമ്മ എന്ന് മനസ്സിലായി.
ഞാൻ പതുക്കേ വിറയാർന്ന കാലുകളോടെ അകത്ത് കയറി.
റാന്തലിന്റെ വെളിച്ചത്തിൽ അകത്തളത്തിൽ പായ വിരിച്ച് അതിൽ ഉറങ്ങുകയാണ് നജീബ്.
അവന്റെ നിഷ്കളങ്കമായ മുഖത്ത് നോക്കിയപ്പോൾ ഖൽബ് പിടഞ്ഞു.. പൊട്ടി കരച്ചൽ വന്നെങ്കിലും ഉമ്മ കേൾക്കാതിരിക്കാൻ വായ് പൊത്തി പിടിച്ച്‌ അവനരികിലിരുന്നു. അവൻ നല്ല ഉറക്കിലാണ്..
ഞാൻ ഒത്തിരി വേദനിപ്പിച്ചതല്ലേ.
തളർച്ച കാരണം പെട്ടെന്ന് ഉറങ്ങി.
ഓർകുംതോറും ഖല്ബിന്റെ ഉള്ളിൽ അതൊരു മുറിവുണ്ടാക്കയാണ് എന്ന് അപ്പോൾ അറിഞ്ഞില്ല.
കുഞ്ഞിളം കയ്യും കാലുമൊക്കെ തടവി കൊടുത്ത്… കോലു മിഠായി കയ്യിൽ വച്ച് കൊടുത്തിട്ട്
നിറയാർന്ന മിഴികളോടെ അവനേ നോക്കി മൗനമായി പറഞ്ഞു.
“ഞാൻ കഴിച്ച ഇറച്ചീം പൊറോട്ടേം മോന് തരാൻ പറ്റിയില്ലല്ലോ മുത്തേ.. ഈ കോലു മുഠായിയേ ഇക്കാക്ക് കിട്ടിയുള്ളൂ.”
**End**
------------------------------------------------
റംഷീദ് ദിൽറുപ

#സെൻഡോഫ് - Part1


#സെൻഡോഫ്
രചന : റംഷീദ് ദിൽറുപ
(ഇതൊരു കഥ അല്ല. ഒരു നേരറിവാണ്. സ്കൂൾ പഠനകാലത്ത് എനിക്കുണ്ടായ ചെറിയ ഒരനുഭവം വലുതായി വിവരിക്കുന്നു എന്നുമാത്രം. നിങ്ങളുടെ വിലപ്പെട്ട സമയം അനുവാദമില്ലാതെ കുറച്ച് നേരത്തേക്ക് ഞാൻ കടമെടുക്കയാണ്.)
ഞാൻ ഏഴാം തരത്തിൽ പഠിക്കുന്ന കാലം. അന്ന് ഏഴാം തരം കഴിഞ്ഞാൽ പിന്നെ അവിടെ പഠിത്തമില്ല. അടുത്ത സ്കൂളിൽ ചേരണം. അത് കൊണ്ട് തന്നേ സ്കൂളിൽ സെൻഡോഫ് എന്നൊരു പരിപാടിയുണ്ട്. അത് വരെ പഠിപ്പിച്ച ടീച്ചർമാർക്ക് നമ്മുടെ ചിലവിൽ ചെറുതായൊരു ഫുഡ്.
ഞങ്ങൾക്കും കിട്ടി അങ്ങനൊരു സെൻഡോഫിന്റെ ഭാഗ വാക്കാകാൻ ഒരവസരം.
അതിന് വേണ്ടി ഹെഡ് മിസ്സിന്റെ പെര്മിഷനോടെ ഒരു ദിവസവും കുറിച്ച് കിട്ടി. ഞങ്ങളെ സംബന്ധിച്ചെട്ത്തോളം ഞങ്ങൾക്ക് കിട്ടിയ ദിവസം സന്തോഷത്തിന്റെ ദിവസമാണ്. കാരണം ആ ദിവസത്തേക്കായിരുന്നു കണക്കിന്റെ ഭാസ്കരൻ സാർ ഒരു പത്ത് പതിനഞ്ചു ഹോം വർക്ക് ചെയ്യാൻ തന്നിട്ടുള്ളത്.
ഞങ്ങൾ അഞ്ച് പേർക്ക് എന്നും കണക്കിൽ വട്ടപൂജ്യമാണ്. എത്ര ശ്രമിച്ചാലും അങ്ങട് തലേൽ കേറില്ലാന്നേ. അതോണ്ട് തന്നേ ഞങ്ങൾ ക്ലാസ്സിലേ ബാക്ക് ബെഞ്ചിൽ ബ്ലാക്ക് ലിസ്റ്റിൽ ഉള്ളവരാണ്. ഭാസ്കരൻ സാറിന്റെ ക്ലാസ്സിൽ ശരീരത്തിൽ എവിടൊക്കെ അടി വാങ്ങാൻ പറ്റുമോ അവിടൊക്കെ അടി വാങ്ങി ക്ലാസ്സിന്ന് പുറത്താക്കും.
ഭാസ്കരൻ മാഷിന്റെ മാസ്സ് എൻട്രിയിൽ പേടിച്ച് മരണ മാസ്സായി ഉടുത്ത ട്രൗസറിൽ മുള്ളിയവർ വരെ ഉണ്ട്.. അത്രക്ക് പഞ്ചുള്ള സാറാണത്.
ഞങ്ങൾ അഞ്ച് പേരാണ് ഇതിന് നേതൃത്വം നൽകുന്നത്. ഈ ദിവസം തന്നേ തിരഞ്ഞെടുത്തതിന്റെ കാരണം മുകളിൽ പറഞ്ഞല്ലോ.. ഹെഡ് മിസ്സ് പലതവണ പറഞ്ഞിരുന്നു ഇന്നത്ത ദിവസം ടീച്ചർമാരിൽ രണ്ട് പേര് ലീവാണെന്ന്. അതൊന്നും ചെവികൊള്ളാതെ പല അടവും പറഞ്ഞാണ് ഒരു വിതത്തിൽ തീയതി ഒപ്പിച്ചെടുത്തത്.
അങ്ങനെ കാലത്ത് തന്നേ സ്കൂളിന്റെ തൊട്ടടുത്ത വീട്ടിലെ ഖദീജ താത്തന്റെ വീട്ടിലേക്കു പോയി. (ഏതൊരു സാധാരണ സ്കൂളായാലും അതിനടുത്തോരു വീടുണ്ടാകും. അത് പല രീതീലും നമ്മളുമായി ഒരടുപ്പമുണ്ടാകും. ) അങ്ങനെ അടുപ്പമുള്ള ഒരു വീട്ടീന്നാണ് ഭക്ഷണം ഉണ്ടാക്കുന്നത്. തലേ ദിവസം പറഞ്ഞുറപ്പിച്ചത് പോലെ അവർ ഉണ്ടാക്കി താരാന്ന് ഏറ്റതാണ്.
കാലത്ത് ഒമ്പത് മണിക്കേക്ക് ഞങ്ങൾ ആ വീട്ടിലെത്തി… ഇത്തയെ വിളിച്ചു .
“ഖദീജാത്താ .. താത്തേ.’’. അഞ്ച് പേര് ഒരുമിച്ച് വിളിച്ചിട്ടും ആളനക്കമില്ല.. ഞങ്ങള നെഞ്ചിലൊരു വെള്ളിടി വെട്ടി.
പടച്ചോനെ പണി പറ്റിച്ചോ.. ?
ഇത് നടന്നില്ലായെങ്കിൽ പണി പാളിയത് തന്നേ.. ഭാസ്കരൻ മാഷെ ക്ലാസ്സിൽ ഇരിക്കണം , ഹോം വർക്ക് ചോദിക്കും ,അടി കിട്ടും…. അവസാന ദിവസമെങ്കിലും നല്ല കുട്ടിയായി ക്ലാസ്സിൽ ഇരിക്കാന്നുള്ള മോഹോം പോകും ..
അഞ്ച് പേരും തലപുകഞ്ഞ് ആലോചിച്ചു.. പെട്ടെന്ന്..
‘ഡാ.. സഫിയ ക്ലാസ്സിലില്ലേ.. അവളെ വിളിച്ച് ചോദിക്കാം.. വാ.’ മൻസൂറാണ് പറഞ്ഞത്.
മനസ്സിലൊരു ലഡ്ഡു പൊട്ടിയ ആവേശത്തോടെ എല്ലാവരുടേം കണ്ണിലൊരു തിളക്കം. ഒട്ടും സമയം പാഴാക്കാതെ ഞങ്ങൾ ക്ലാസ്സിനെ ലക്ഷ്യമാക്കി നടന്നു.
“രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും ഒന്ന് ” എന്ന് പറഞ്ഞപോലെ ദാ മുന്നിൽ നിൽക്കുന്നു സഫിയ.
അവൾ നെറ്റി ചുളിച്ച് ഒരു കള്ളച്ചിരിയോടെ ഞങ്ങളെ എല്ലാവരെയും നോക്കിയിട്ടു പറഞ്ഞു .
‘ബല്ലാത്ത പഹയന്മാർ തന്നേ.. ഭാസ്‌ക്കരൻ മാഷെ ക്ലാസ് കട്ടായി കിട്ടാനല്ലേ നിങ്ങളിന്ന് തന്നേ ഇതിന് തിരഞ്ഞെടുത്തേ .. ?’
അവള് ചിരിക്കുമ്പോ കാണാൻ വല്ലാത്തൊരു ഭംഗിയാ. ചെഞ്ചോര ചുണ്ട് മലർന്ന്… തക്കാളി ചുവപ്പുള്ള കവിളിൽ പയറ് മണി വലിപ്പത്തിലുള്ള നുണക്കുഴിയും കാട്ടി….. ഹോ… അത് വിട്.
“അതേ.. എല്ലാം വാങ്ങി.. ഫുഡ് ഉണ്ടാക്കുകയും ചെയ്തു. ഇനി കഴിക്കണ്ട താമസമേ ഉള്ളൂ..”
ദേഷ്യവും സങ്കടവും ഒരുമിച്ച് വന്ന ഞാൻ ഇച്ചിരി കലിപ്പിൽ തന്നാ അവൾക്ക് മറുപടി കൊടുത്തത്.
ഞാൻ വീണ്ടും ന്തേലും പറയുന്നതിന് മുൻപ് രാഗേഷ് അവളെ അടുത്തോട്ട് നീങ്ങി നിന്ന് ചോദിച്ചു.
‘സഫിയാ… നിന്റ ഉമ്മ അവിടില്ല.. സാധനങ്ങൾ വാങ്ങാൻ ഉമ്മ ലിസ്റ്റ് തന്നിട്ടുമില്ല . ഉമ്മ എവിടെപ്പോയതാണെന്ന് നിനക്കറിയോ.. ?
“നീയൊന്ന് ശ്വാസം വിടന്റെ രാഗേഷേ.. വാ നമുക്ക് നോക്കാം. ലിസ്റ്റ് അവിടെവിടെലും വെച്ചിട്ടുണ്ടാകും.” സഫിയ അതും പറഞ്ഞ് ഞങ്ങളേം കൂട്ടി വീട്ടിലേക്ക് നടന്നു.
എന്ത് ചെയ്യണമെന്നറിയാതെ അഞ്ച് പേരും വരാന്തയിൽ ഇരിക്കയാണ്. പുരാതന തറവാടിന്റെ വാതിൽ തുറക്കുന്ന ക്ർ.. ക്ർ.. എന്ന ശബ്ദത്തോടെ അവൾ വാതിൽ തുറന്നപ്പോൾ അഞ്ച് പേരും ആകാംഷയോടെ അങ്ങോട്ട് നോക്കി.
അവൾ ഒരു പേപ്പറുമായി വരാന്തയിലിറങ്ങി വന്നു.
സമീർ എഴുനേറ്റ് നിന്ന് ചോദിച്ചു..
‘സാധനത്തിന്റെ ലിസ്റ്റാണോ അത്..?’
“അല്ല.. ഇതെനിക്കുള്ളതാ..”
നിനക്കുള്ളതോ.. ഞങ്ങൾ ഒരുമിച്ചാണ് ചോദിച്ചത്.
 ഇനി വല്ല കുറിപ്പോ മറ്റോ ആണോ..ഫുഡ് ഉണ്ടാക്കാൻ പറ്റില്ലാന്ന് പറഞ്ഞ്…
എന്റെ ചിന്തകൾ വെള്ളനാട് മല കേറുന്നതിന് മുൻപ്
ഒരു പുഞ്ചിരിയോടെ അവൾ പറഞ്ഞു..
‘ഉമ്മ സാധനങ്ങളൊക്കെ ഇന്നലെ മേടിച്ച് വച്ചിട്ടുണ്ട്. അതിന്റെ ക്യാഷ് ഇങ്ങ് തന്നാൽ മതി. ബാക്കി പണി എനിക്കുള്ളതാ.. ഉമ്മ ഹോമിയോന്റട്ത്ത് പോയിരിക്കയാ..’
അത് കേട്ടപ്പോളാണ് ഇതുവരെ നെഞ്ചുരുകി നിന്ന എനിക്ക് ഒരാശ്വാസം തോന്നിയത്. ഒരു ദീർഘ ശ്വാസമെടുത്ത് ഞാൻ ചോദിച്ചു..
‘അപ്പോ.. നീയുണ്ടാക്കുമോ.. ? അതോ… അത് കൊളമാക്കി കയ്യിൽ തരുമോ നീ.. ?
ആ പറഞ്ഞത് അവൾക്ക് തീരെ പിടിച്ചില്ല. ചിറിയൊന്ന് കോട്ടിവച്ച് മുഖം കൊണ്ടൊരു ഏറുമെറിഞ്ഞ് അവൾ എനികിട്ടു കൊള്ളുന്ന തരത്തിൽ ‘ഹും…. നിനക്കൊക്കെ തന്നാ സഹായിക്കണ്ടത്…ന്താന്നച്ചാ നിങ്ങള് തന്നങ്ങ് ഉണ്ടാക്കിക്കോ..
അതും പറഞ്ഞവൾ പിന്നാമ്പുറത്തേക്ക് പോയി.
അവൾ ചൂടാകുന്നത് കാണാൻ നല്ല ചേലാണ്.. അത് കാണേണ്ടീട്ടാണ് ഞാനങ്ങനെ ചോദിച്ചതും.
ഇത് കണ്ട മറ്റുള്ളവർക്ക് എന്നോട് ദേഷ്യമായി.. ‘ഡാ.. നീ അവളെ വെറുപ്പിച്ചു വിട്ടാൽ നീയുണ്ടാക്കുമോ ഇത്. ഇപ്പൊ തന്നേ സമയം പതിനൊന്ന് ആയി. ഒരുമണി ആവുമ്പോളേക്ക് സാധനം റെഡിയാക്കണ്ടതാ..’
ഒന്ന് പോടേ..കൊഞ്ചൻ തുള്ളിയാൽ മുട്ടോളം...പിന്നെ ചട്ടീല്.. അവളെവിടെ പോകാൻ.. ഞാനൊന്ന് ദേഷ്യം പിടിപ്പിച്ചെന്നല്ലാതെ..
ഞങ്ങൾ അവിടുന്ന് എഴുനേറ്റ് അവൾ പോയ വഴി പിന്നാമ്പുറത്ത് എത്തിയപ്പോൾ അവൾ അവിടെ നിന്ന് സവോള തൊലി കളയുകയാരുന്നു.
ഒരു പരിഹാസച്ചിരിയോടെ ഞങ്ങളെ കണ്ടപ്പോ അവളുടെ മുഖം ദേഷ്യം കൊണ്ട് കടന്നൽ കുത്ത് കിട്ടിയ പോലെ മുഖം വീർപ്പിച്ചിരിക്കയാണ്..
ആ വീർപ്പോന്ന് വിട്ട് കിട്ടാൻ ഞാനവളോട് ചോദിച്ചു..
‘ഡീ.. ഈ മോന്ത നിനക്ക് തീരെ ചേരില്ല.. കാണാൻ ഒരു രസോല്ല.. അല്ലേടാ..’ ഒരനക്കവുമില്ലവൾക്ക്. ഞാൻ ഒന്നൂടെ അടുത്തു ചെന്ന് ചോദിച്ചു.. “ നീയെന്താ ക്ലാസ്സിൽ കേറീല്ലേ…?
അതോ ഞങ്ങളെപ്പോലെ ഭാസ്കരൻ മാഷുടെ ക്ലാസ്സിന്ന് മുങ്ങിയതോ.. ?”
കനപ്പിച്ച മുഖത്തിന് യാതൊരു വ്യത്യാസോം വരാതെ, ദേഷ്യാഭിനയത്തിന് കോട്ടം പറ്റാതെ അവൾ പറഞ്ഞു. “അതൊന്നുമല്ല… ഉമ്മ ഹെഡ് മിസ്സിനോട് പറഞ്ഞതാ. ഹാജറിന് ശേഷം വിടാൻ. അല്ലാതെ ഹോം വർക്ക് ചെയ്യാഞ്ഞിട്ടൊന്നുമല്ല. ഞാൻ നിന്നെപ്പോലെ പൊട്ടത്തിയല്ല കണക്കൊന്നും ചെയ്യാതെ മുങ്ങിക്കളയാൻ.
അധികം ചമ്മുന്നതിലും നല്ലത് വണ്ടി വിടലാന്ന് തോന്നിയപ്പോ മറ്റുള്ളവരോട്
“ഹമ്… വാടാ.. നമുക്ക് ബാക്കി പണി ചെയ്യണ്ടെന്നും പറഞ്ഞ് അവളുടെ അടുത്ത്ന്ന് മുങ്ങി.
മുൻവശത്തെത്തിയപ്പോൾ സഫിയന്റെ ഉമ്മ ഖദീജാത്ത ദാ വരുന്നു.
ഒരു കളിയാക്കിച്ചിരി പാസ്സാകീറ്റ് താത്ത ചോദിച്ചു.. ‘മക്കള് പേടിച്ച് പോയോ… ?
ഞാൻ പറ്റിച്ചുന്ന് കരുതി അല്ലെ..
ഉമ്മേം മോളും കൂടി നല്ലൊണോന്ന് ബേജാറാക്കി കളഞ്ഞു.
ഞാൻ നിങ്ങളെ പറ്റിക്കുമോ… കൊല്ലങ്ങളായിട്ട് കാണുന്നതല്ലേ ഇതൊക്കെ.. ഞാൻ അത് കൊണ്ട് തന്നേ സാധനങ്ങളെല്ലാം ഇന്നലെ തന്നേ വാങ്ങിച്ചു.. വൈകിട്ടത്തക്ക് പൈസയിങ് കൊണ്ടേരണം..
ഹാ.. പിന്നേ… മമ്മതിന്റെ കടേല് പൊറോട്ടക്ക് പറഞ്ഞിട്ടുണ്ട്. ആരേലൊന്ന് പോയി അതും വാങ്ങിക്കോ… “
‘അല്ല.. ഇത്താത്ത.. അതിന് നിങ്ങൾക്കെങ്ങനെ മനസ്സിലായി.. ഞങ്ങൾ ഇറച്ചിയും പൊറോട്ടയുമാണ് കൊടുക്കുന്നതെന്ന്.”
‘ന്റ ഷബീറേ.. ഞാനെത്ര കാലായി ഇതുണ്ടാക്കുന്നു.. ഞാനിവിടെ വന്ന കാലം തൊട്ട് കുട്യേള് ന്റട്ത്ത്ന്നല്ലേ മാഷമ്മാർക്ക് ഭക്ഷണം ഉണ്ടാക്കി കൊടുക്കല്.. അപ്പോ പിന്നേ ഇതല്ലാതെ വേറെന്ത് കൊടക്കാനാ ഇങ്ങള്..’
ഞാൻ ഊരക്ക് കൈകൊടുത്ത് ഒന്ന് സുഖിപ്പിക്കാന്ന് കരുതി കൊണ്ട് പറഞ്ഞു.. ‘ താത്താ.. ങ്ങളോര് സംഭവം തന്നേ..ഞങ്ങൾ മനസ്സിൽ കണ്ടത് ങ്ങള് മാനത്ത് കണ്ട് കളഞ്ഞല്ലോ… ’
ആ പറഞ്ഞത് ഇത്താനേ ഒന്ന് ആക്കി പറഞ്ഞതാണ് മനസ്സിലായത് കൊണ്ട് വരാന്തേലോട്ട് കേറുന്നതിനിടെ കാശിന്റെ കാര്യം ഒന്നൂടെ ഓർമിപ്പിച്ചു.
‘ഹമ്… മക്കള് ചെല്ല്… ബാക്കി പണി പെട്ടെന്ന് കയിക്ക്. ന്റെ കാശ് വൈകിട്ട് തരാനും മറക്കണ്ട. എനിക്ക് നാളെ പശൂന് പുല്ല് വാങ്ങേണ്ടതാണ്.
“ഓക്കേ… ഇത്താ.. ന്നാ ഞങ്ങള് ഒരു മണിക്കേക് വരാം.. സഫിയ സവോളയുടെ തൊലി പൊളിക്കുന്നേയുള്ളു.. ഒന്ന് പെട്ടെന്ന് നോക്കാൻ പറ അവളോട്..” അതും പറഞ്ഞ് ഞാനും രാഘേഷും ഷമീറും കൂടെ സ്കൂളിലേക്ക് തന്നേ പോയി. അവിടെ ടീച്ചെർമാർക്ക് ഇരിക്കാനുള്ള സൗകര്യം ഒരുക്കനുണ്ട് . മറ്റു രണ്ട് പേര് പൊറോട്ട മേടിക്കാനും പോയി.
സ്റ്റാഫ്‌ റൂമിന്ന് വെള്ളമെടുക്കാനുള്ള ബക്കറ്റുമായി കിണറ്റിനരികിൽ എത്തിയപ്പോളാണ് വെള്ളം കോരാൻ കയറില്ലെന്ന് ഓർത്തത്. ഞാൻ ഒന്നാം ക്ലാസ്സിനോട് ചേർന്നുള്ള കഞ്ഞിപ്പുരയിൽ നിന്ന് കയർ എടുക്കാൻ
ചെന്നപ്പോ ഒന്നാം ക്ലാസ്സിൽ സരള ടീച്ചറാണ് ഉള്ളതെന്ന് മനസ്സിലായി.
പണ്ട് ടീച്ചർ തന്നേ പഠിപ്പിച്ച , ഇന്നും മനസ്സിലുള്ള “കാക്കേ… കാക്കേ.. കൂടെവിടെ….” എന്ന പദ്യമാണ് വിഷയം. ടീച്ചർ അത് ഈണത്തിലും താളത്തിലുമായി പാടി കേൾപ്പിക്കയാണ്.
ആ ഈണം കേട്ടാൽ ആരുമൊന്ന് കാതോർത്തു പോകും. അത്രക്ക് സുന്ദര ശബ്ദമാണ് ടീച്ചറുടേത്.
ഏത് കൊച്ചു കുട്ടിക്കും ടീച്ചറൊന്ന് പാടിക്കൊടുത്താൽ അവരെ കുഞ്ഞു മനസ്സിലത് പതിയും.
അത്രക്ക് മനോഹരമായും ലളിതവുമായിട്ടാണ് ടീച്ചറുടെ പദ്യ പാരായണം.
എന്നേ കണ്ടപ്പോൾ ടീച്ചർ പാട്ട് നിർത്താതെ എന്നേ ഒന്ന് നോക്കി. അപ്പോളാണ് ഞാൻ ഓർത്തത്.
അനുജൻ നജീബ് ആ ക്ലാസ്സിലാണ്. ഞാൻ ടീച്ചറോട് കൈ ചൂണ്ടി അനുജനേ കാണിച്ചപ്പോൾ “ന്തേ “എന്ന അർത്ഥത്തിൽ ടീച്ചർ നെറ്റി ചുളിച്ചു ചോദിച്ചപ്പോൾ..
‘അവനൊന്ന് വിളിച്ചോട്ടേന്ന് ‘ചോദിച്ചു.
കാര്യം മനസ്സിലായ ടീച്ചർ അവന്റടുത്ത് ചെന്ന് പറഞ്ഞു.
ഞാൻ അവനേ ‘ഇങ് വാ’എന്ന് മുഖം കൊണ്ട് കാണിച്ചപ്പോൾ
 അവന്റെ മുഖത്ത് ഒരായിരം പൂത്തിരി കത്തുന്ന സന്തോഷാണ് ഞാൻ കണ്ടത്.
അവൻ മറ്റു കുട്ടികളുടെ മുഖത്തും എന്നേയും നോക്കി കൊണ്ട് ഒരു നാണം കുണുങ്ങി പെണ്ണ് വരുന്ന പോലാണ് വരുന്നത്.
കൂട്ടുകാരെ നോക്കി നിധി കിട്ടിയ പുഞ്ചിരിയോടെയാണ് വരുന്നത്.
വരണ്ട് കരിഞ്ഞുങ്ങിയ പുഞ്ചപ്പാടത്ത് പുതു മഴ പെയ്ത് പുതു മണ്ണിന്റെ ഗന്ധം നാസികളിൽ അനുഭവിച്ചറിഞ്ഞ കർഷകന്റെ സന്തോഷത്തോടെ വന്ന നജീബിനേ എന്റെ കയ്യെത്തും ദൂരത്ത് എത്തിയപ്പോൾ ഞാൻ അവനേ ചുമലിൽ പിടിച്ച്‌ എന്നോടടുപ്പിച്ചു.
അവന്റെ കുഞ്ഞി കണ്ണ് കണ്ടപ്പോൾ കാലിയായി കിടന്ന എന്റെ കൈകളിലേക്കാണ് നോക്കുന്നതെന്ന് മനസ്സിലായി. “ന്തേ...നിന്റെ കണ്ണ് നിറച്ചത്..”
നിറ കണ്ണോടെ എന്റെ കണ്ണിലേക്ക് നോക്കി “ഒന്നുല്ല”എന്ന് തലയാട്ടി.
‘നീ ഇന്ന് ഉച്ചക്ക് നവാസ്‌കന്റെ കൂടെ വീട്ടിലേക്ക് പോകണം. ഞാനുണ്ടാകില്ല. നീ ഇവിടിരുന്നാൽ മതി. അവനിങ്ങോട്ട് വന്ന് നിന്നേ കൂട്ടി പൊയ്ക്കൊള്ളും.’
ഇത് കേട്ടപാടെ അവന്റെ കണ്ണിൽ നിന്നും ഒഴുകാൻ വെമ്പി നിന്ന കണ്ണീർ ചാലിട്ടൊഴുകി. ഞാൻ നെറ്റി ചുളിച്ച് കാര്യം എന്താന്നറിയാതെ ചുടു കണ്ണീർ തുടച്ച് കൊടുക്കുന്നതിനിടെ ഞാൻ ചോദിച്ചു
‘നീയെന്തിനാ അതിന് കരയുന്നത്. ഞാൻ കൂടെ വരുന്നില്ലെന്ന് പറഞ്ഞതിനോ..?’
ടീച്ചർ കേൾക്കുമെന്ന ഭയം ഉള്ളിലൊതുക്കി കീഴ് താടി വിറച്ച് കൊണ്ടവൻ പറഞ്ഞു..
“ അല്ല….. ഇ.. ക്കാ… എനിക്ക്… വിശക്കുന്നു.. വിശപ്പ് സഹിക്കാനാവുന്നില്ല… ഇക്കയിന്ന് നാരങ്ങാ വെള്ളോം മേടിച്ച്‌ തന്നിട്ടില്ലല്ലോ…”പരിഭവത്തോടെ അവൻ പറഞ്ഞപ്പോൾ……
( അവന് എന്നും രണ്ട് പിരിയഡ് കഴിഞ്ഞാലുള്ള ഇന്റർവെല്ലിന്… അടുത്തുള്ള കുഞ്ഞാലിക്കയുടെ പെട്ടി കടയിൽ നിന്ന് നാരങ്ങാ വെള്ളം മേടിച്ച്‌ കൊടുക്കലുണ്ട്. അതിന് പ്രത്യേകമായി ഉമ്മ അഞ്ച് രൂപ തരികേം ചെയ്യും. ഇന്നാ പൈസ ഞാൻ പൊറോട്ട മേടിക്കാൻ എടുത്ത് പോയത് കൊണ്ട് അവന് ഒന്നും വാങ്ങി കൊടുത്തിട്ടില്ലാർന്നു. )
എന്റെ ചങ്ക് പൊട്ടുന്ന വേദനയായിരുന്നു.. കണ്ണ് നിറഞ്ഞെങ്കിലും ആരും കാണാതെ തുടച്ച് നജീബിനെ ഒന്നൂടെ അടുത്ത് പിടിച്ച ഞാൻ പറഞ്ഞു..
‘മോനേ കരയല്ലേ… ഇനി കുറച്ച് സമയം കൂടിയല്ലേ സ്കൂൾ വിടാനുള്ളൂ… നവാസ്‌കന്റെ കൂടെ വീട്ടിൽ പോകാല്ലോ…’
അവൻ ഒന്നും പറയാതെ തിരിച്ച് ബെഞ്ചിലേക്ക് പോയി. അവന്റെ മുഖം വല്ലാതെ വാടി തളർന്ന പോലെ തോന്നിയെനിക്ക്.
വിശന്ന് തളർന്ന കൊച്ചു വയറും, അതിലേറേ ആകാംഷയും ആർത്തിയോടെയും എന്റെ മുമ്പിൽ വന്ന അവന് വിശപ്പകറ്റാൻ ഒന്നും നൽകാതെ നിരാശ മാത്രം നൽകി തിരിച്ചയച്ചപ്പോൾ എന്തോ ഒരു വലിയ പാതകം ചെയ്ത പോലാര്നു എന്റെ മനസ്സ്.
“ഡാ… നീ ഇവിടെ നിൽക്കർന്നോ… വാ പെട്ടെന്ന് അതെല്ലാം റെഡിയാകണ്ടേ.. ബെല്ലടിക്കാൻ ഇനി കുറച്ച് സമയേ ഉള്ളൂ.”
ഷഫീറിന്റെ ആ വിളിയാണ് എന്റെ സെക്കന്റുകളുടേ ചിന്തയിൽ നിന്ന് തിരിച്ച് വിളിച്ചത്.
 ‘ഹാ.. ദാ.. ഞാൻ വരുന്നു.. നീയാ ബെഞ്ചോക്കെ നേരേയാക്ക്. അപ്പോളേക്ക് ഞാൻ വെള്ളവുമെടുത്ത് വരാം.’
ഞാൻ കിണറ്റിനരികിലേക്കും അവൻ ക്ലാസ്സിലേക്കും പോയി.
ബെല്ലടിക്കുന്നതും കാത്ത് ഞങ്ങൾ ഖദീജാത്തന്റെ വീട്ടിൽ എല്ലാം റെഡിയായി നിൽക്കെയാണ്. അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ.. ണിം..ണിം.. ണിം… ണിം… കാലിന് ആണി രോഗമുള്ള പ്യൂൺ..
ഞങ്ങൾ “”പൂണാണി””എന്ന് വിളിക്കുന്ന ലത്തീഫ് സാർ ഏന്തി വലിഞ്ഞ് നിന്ന് ലോങ്ങ് ബെല്ലടിച്ചു.
കുട്ടികൾ നാല് പാടും ചിതറി ഓടുകയാണ്. ആകെ പൊടി മണ്ണാൽ ഒരു പുക പടലം തീർത്തിരിക്കയാണ് സ്കൂൾ പരിസരമാകേ.
പത്ത് പതിനഞ്ച് മിനിറ്റായപ്പോൾ പൊടിയൊക്കെ ഒന്നടങ്ങി. ഞങ്ങൾ നേരത്തേ തയ്യാറാക്കിയ ക്ലാസ് റൂമിലെത്തി. നിരയായി ഇരുന്ന ടീച്ചേഴ്സിന് ഭക്ഷണം വിളമ്പി കൊടുക്കുന്നതിനിടെ ഭാസ്കരൻ മാഷുടെ കണ്ണ് ഞങ്ങളിലുടക്കി.
ഞാനും രാഗേഷും നിന്ന് ഉരുകുകയാണ്.
ഇനിയിപ്പോ പണ്ടാര കാലൻ ഇവിടന്നെങ്ങാൻ ഹോം വർക്ക് കാണിക്കാൻ പറയുമോ..എന്ന പേടി കൊണ്ട് മുട്ടുകാൽ കൂട്ടി ഇടിക്കുന്നുണ്ട്.
അത് പുറത്ത് കാണിക്കാതിരിക്കാൻ അങ്ങോട്ടും ഇങ്ങോട്ടും ചുമ്മാ ഓടി നടക്കയാണ് ഞങ്ങൾ..
എല്ലാവരും ആസ്വദിച്ച് കയിക്കയാണ്. ഓടി നടക്കുന്നതിനിടെ “നജീബേ...എന്ന വിളികേട്ടപ്പോ നെഞ്ചിനകത്ത് ഒരു കതിന വെടി പൊട്ടിയ ഞെട്ടലാര്നു.. ശബ്ദം കേട്ട ഭാഗത്തോട്ട് തിരിഞ്ഞ്….. ർ…. എന്ന് വിളികേട്ടു.
സർ … എന്നാണ് വിളി കേട്ടത് . വിറയൽ കാരണം ‘ സ ’പുറത്ത് വന്നില്ല. വിളിച്ചത് ഭാസ്കരൻ മാഷാണ്.
പെട പെടാന്നിടിക്കുന്ന നെഞ്ചോടേ ഞാൻ വീണ്ടും ‘സാർ’ എന്ന് ചോദിക്കുമ്പോൾ ….
അവൻ നിന്ന് വിറക്കുന്നുണ്ടാർന്നു. മറു തലക്കൽ നിന്ന് പ്രതീക്ഷിച്ച ചോദ്യമോ , ഗൗരവമേറിയതോ അല്ല എന്ന് കണ്ടപ്പോൾ തെല്ലൊരാശ്വാസമായി. പക്ഷേ ഏത് നിമിഷോം അവനുള്ള ഒളിയമ്പ് വരുമെന്നവനറിയാം.
“ഇത് ഖദീജാത്തന്റെ വീട്ടീന്നാണോ ഉണ്ടാക്കിയത്..?”
‘അ.. അതേ സാർ..’
“നീയിന്ന്….”
സാർ വാക്കുകൾ മുഴുവനാക്കുന്നതിന് മുൻപ് ദൈവ ദൂതനെ പോലേ രാജൻ മാഷ് ഇടപെട്ടു.
‘ഹോ.. അപാര കൈപുണ്യമാണ് താത്തക്ക്.. മിനഞ്ഞാന്നത്തേ സുഹൈലിന്റെ കല്യാണത്തിനുള്ള ബിരിയാണി അവരാ വെച്ചത്..ന്റ മാഷേ … ന്താ.. അതിന്റോരു സ്വാദ്… കഴിച്ചിട്ട് മതിവരുന്നില്ലാര്ന്നു.’
ഞാൻ പതുക്കേ സാറിന്റടുത്ത്ന്ന് പിന്നോട്ട് വലിയുമ്പോൾ മറ്റു നാല് പേര് ‘പകച്ച് പോയെന്റെ ബാല്യം’... എന്ന മട്ടിൽ നിൽക്കെയാണ്. എന്റെ പിന്നാലെ അവരും ക്ലാസ്സിന് പുറത്തിറങ്ങി.
“ന്റെ നജീബേ ഞാൻ കരുതി പെട്ടെന്ന്”
‘ഞാൻ പെട്ടെങ്കിൽ നിങ്ങളേയും പെടുത്തും.’
“രാജൻ മാഷിന് നൂറ് പുണ്യം കിട്ടും. തക്ക സമയത്ത് ഇടപെടാൻ തോന്നിയത് ദൈവം നമ്മള കൂടെള്ളോണ്ടാ…”
“ദൈവമേ.. നിനക്ക് സ്തുതി…”
രാഗേഷ് ദൈവത്തെ വിളിച്ചത് അല്പം ഉച്ചത്തിലായിപ്പോയി. ഇത് കേട്ട് കൊണ്ടാണ്
ഞങ്ങൾ “ബ്ലോക്കിലെ കുട്ടൻ” എന്ന് വിളിക്കുന്ന മൂസ്സ മാഷിറങ്ങി വന്നത്.
“ന്താ രാഗേഷേ.. പതിവില്ലാത്തൊരു ദൈവ വിളി.. “
ചമ്മലും പരുങ്ങലും ഒരുമിച്ചായപ്പോൾ അതൊരു കോപ്രായക്കളി ആയിപ്പോയി.
കൈ രണ്ടും ബാക്ക് കോർത്തിട്ട് നെഞ്ച് വിരിച്ച് ഒരു വളിച്ച ചിരി പാസ്സാക്കി രാഗേഷ് പറഞ്ഞു..
‘ഏയ്.. ഒന്നുല്ല സാർ.. വെ…. വെറുതെ.. ചുമ്മാ ഒന്ന് വിളിച്ചതാ…
പെട്ടെന്ന് രൂപ ഭാവം മാറ്റി കണ്ണ് മിഴിച്ച് രാഗേഷ് വീണ്ടും ചോദിച്ചു.. ‘സാറേ ഫുഡ് എങ്ങനുണ്ടാര്നു’
ഹ്മ്മ്… കൊയപ്പെല്ല… എന്ന ഒരാക്കിയ മൂളലും തന്ന് സാർ കൈ കഴുകാൻ പോയി.
കണ്ട് നിന്ന ഞങ്ങൾ വായ് പൊത്തി ചിരിക്കയാർന്നു..
പല്ല് ഞെരിച്ച് പോടാ പട്ടികളെന്ന് പറഞ്ഞ് അവൻ വീണ്ടും തിരിച്ച് ക്ലാസ്സിലേക്ക് കയറിപ്പോയി .
ഇപ്പോൾ എല്ലാവരും കഴിച്ച് കഴിഞ്ഞ് എഴുനെൽക്കയാണ്. എല്ലാവരും
താങ്ക്സ്… നന്നായിട്ടുണ്ട്… നിങ്ങളും ഇവ്ട്ന്ന് തന്നേ കഴിച്ചോളൂ……
എന്നൊക്കെയുള്ള കമെന്റും തന്ന് പുറത്ത് പോയി.
ബാക്കി വന്ന പൊറോട്ടേം ഇറച്ചീം എടുത്ത് ഞങ്ങൾ ഖദീജാത്തന്റെ വീട്ടിലെത്തി..
“ഇതപ്പടി ബാക്കിയാണല്ലോ നജീബേ.. ആരും കഴിച്ചില്ലേ..”
ഖദീജാത്തന്റെ ഗദ്ഗദം കേട്ട് കൂടെ പിടിക്കാൻ മോളും.
“അല്ലുമ്മാ.. ഇവര് വായിൽ നോക്കി നിൽക്കുമ്പോ അവർക്ക് കഴിക്കാൻ പറ്റുമോ.. വായി നോക്കികൾ..
ഞങ്ങളേ ഇടം കണ്ണിട്ട് നോക്കി ഒരു ആക്കിയ സംസാരം കേട്ടപ്പോ എനിക്ക് ദേഷ്യം വന്നു.
“സഫിയാ… നീ വെറുതെ ചൊറിയാൻ നിക്കല്ലേ.. ഭാസ്കരൻ മാഷേ മുമ്പിന്ന് തടി കയ്ചലാകാൻ പെട്ട പാട് ഞങ്ങൾക്കേ അറിയൂ…”
“സഫീ… നീ ഇവർക്ക് കഴിക്കാൻ പ്ലേറ്റിങ്ങെടുത്തോ… നജീബേ എത്ര ബാക്കിയായി..”
ഞങ്ങൾ തമ്മിൽ വാക്ക് തർക്കം വേണ്ടന്ന് കണ്ട് ഖദീജാത്ത സഫിയാനോടായി പറഞ്ഞു.
എണ്ണി നോക്കിയപ്പോൾ പതിമൂന്നെണ്ണം ബാക്കി.
“ഡാ.. നമ്മക്ക് രണ്ടെണ്ണം വീതം പോരേ..?
ഞാൻ കൂട്ടുകാരോട് ചോദിച്ചപ്പോൾ അവർ അത് മതി എന്ന് തലയാട്ടി.
എല്ലാവരും രണ്ട് വീതം എടുത്തു. . ബാക്കി വന്ന മൂന്നെണ്ണം താത്തക്ക് തിരിച്ച് കൊടുത്തപ്പോ..
“നിങ്ങള് കഴിച്ചോളൂ.. ഞങ്ങൾക്കുള്ളത് ഇവിടെ എടുത്ത് വെച്ചിട്ടുണ്ട്..”
‘ഹേയ്… വേണ്ട.. ഞങ്ങൾക്കിത് ധാരാളം. ഇതും കൂടെ വെച്ചോ...ദാ… അവളെ തോള്ളേലോട്ട് ഇട്ടോട്ക്ക്.. കുറേ നേരായി നോക്കി വെള്ളം ഇറക്കുന്ന്.’
സഫിയാക്ക് മറുപടി കൊടുക്കാൻ കിട്ടിയ ചാൻസ് ഞാൻ ഒട്ടും പാഴാകീല്ല. അവൾ മുഖം കൊണ്ട് കൊഞ്ഞനം കുത്തി “പ്പോടാ” ന്നും പറഞ്ഞ് അകത്തേക്ക് പോയി. ഹോ… അവളുടെ അടുത്തന്ന് ഇതിൽ കൂടുതലാണ് ഞാൻ പ്രതീക്ഷിച്ചത്. ഇതിൽ ഒതുക്കിയല്ലോ എന്ന ആശ്വാസത്തിൽ ഞങ്ങൾ ഭക്ഷണം കഴിച്ച് തുടങ്ങി.
നേരത്തേ മാഷ ചോദ്യം കേട്ട് പേടിച്ചപ്പോളുള്ള എന്റെ കോപ്രായ കളിയേ കളിയാക്കിയും മറ്റും സംസാരിച്ച് കഴിച്ചോണ്ടിരിക്കുമ്പോളാണ് അപ്രതീക്ഷിതമായി ഞങ്ങളുടെ പിറകിൽ നിന്നൊരു ശബ്ദം.
“ഹാ… എല്ലാരുണ്ടല്ലോ… ന്താ നജീബേ… ഖദീജാക്ക് വല്ല ലോട്ടറിയും അടിച്ചോ.. ?
ഇങ്ങനേ കോളൊക്കെ തരാൻ…. ?”
ശബ്ദം കേട്ട ഭാഗത്തേക്ക് ഞങ്ങളെല്ലാവരും തിരിഞ്ഞ് നോക്കിയപ്പോൾ ആലീക്കായാണ്.
തലയിലൊരു തോർത്ത് മുണ്ട് ചുറ്റി.. മുഷിഞ്ഞ ഒരു ഷർട്ടും.. കള്ളിമുണ്ടുമിട്ട് തോളിൽ അവിടിവിടെ ചളുങ്ങിയ അലുമിനീയും ബക്കറ്റുമായി നിൽക്കുന്നു.മീൻ വിറ്റ് തിരിച്ചുള്ള വരവാണെന്ന് മനസ്സിലായി.
ഇക്കയുടെ ശബ്ദം കേട്ട് പുറത്ത് വന്ന ഖദീജാത്ത പാതി കഴിച്ചു കഴിഞ്ഞ പാത്രവും കയ്യിൽ പിടിച്ച്‌ ഉമ്മറത്തെ പടിവാതിൽക്കൽ ചാരി നിന്ന് പറഞ്ഞു.
‘ആലി.. അങ്ങനൊരു ലോട്ടറി അടിച്ചാൽ നിന്റെ മീൻ മൊത്തത്തിൽ ഞാൻ വിലക്ക് വാങ്ങില്ലേ… ഇത് ഇവരുടെ വകയാ.. സ്കൂൾ പൂട്ടാറായില്ലേ..’
‘ ആലീക്ക… നിങ്ങള് അതവിടെ വെച്ചിട്ട് വാ.. ഞങ്ങളേ കൂടെ കഴിച്ചിട്ട് പോകാം. ക്ഷീണിച്ച് വരുന്നതല്ലേ..’
“വേണ്ട മോനേ…. മേൽ മൊത്തം മീനാ… പോയൊന്ന് കുളിക്കണം..”
‘ഇങ്ങള് വാന്ന്…കുളിയൊക്കെ പിന്നാവാം.. ഏതായാലും സാധനോം ബാക്കീണ്ട്.’
രാഗേഷ് കുറച്ച് സ്‌ട്രോങിൽ തന്നേ വിളിച്ചു.
ഒരു പാത്രത്തിൽ പൊറോട്ടയും കറിയുമായി ഖദീജാത്ത വീണ്ടും വന്നു.
‘ദാ.. ഇവിടിരുന്നോ.. ?’
“ഹേയ്.. വേണ്ടെന്നേ…അവര് കഴിച്ചോട്ടെ.. !”
‘നീ അവിടിരിന്നങ് കഴിക്ക് ആലി… അവരെന്താ നമ്മള കുട്ടികളല്ലേ..’
“ഹൈ.. ഇരിക്കാലീക്കാ… മീൻ മണം ഞങ്ങൾക്ക് പ്രസ്‌നെല്ല. പിന്നെന്താ..”
കൈ കഴുകി വന്ന് ഇക്കയും നമ്മളോടൊപ്പം കഴിക്കാൻ ഇരുന്നു.
നല്ല സ്വാദുള്ള കറി ആയതോണ്ട് തന്നേ എല്ലാവരും പ്ലേറ്റ് തുടച്ച് കഴിച്ചു. നല്ലൊരു സദ്യ ഉണ്ട ത്രില്ലോടെ നീട്ടി ഒരു ഏമ്പക്കവുമിട്ട് ആദ്യം എണീറ്റത് ഷറഫു ആണ്. പ്ലേറ്റുമായി അവൻ സ്കൂൾ കിണറ്റിൻ കരയിലേക്ക് നടക്കുമ്പോൾ പിന്നാലെ ഞങ്ങളും എഴുനേറ്റ് പോയി.
പാത്രങ്ങൾ കഴുകുന്നതിനിടെ ഷറഫു വെറുതെയൊന്ന് കഞ്ഞിപ്പുരയുടെ ഭാഗത്തേക്ക് തിരിഞ്ഞ് നോക്കിയപ്പോൾ..
കഞ്ഞിപ്പുരയോട് ചേർന്നുള്ള ഒന്നാം ക്ലാസ്സിലെ ബെഞ്ചിൽ തല ചായ്‌ച് ഒരു കുട്ടി കിടക്കുന്നു. ഷറഫു ചുറ്റുമൊന്ന് കണ്ണോടിച്ചു, അവൻ തനിച്ചാണ്. അടുത്തൊന്നും ആരുമില്ല.
“ഡാ.. ആരാടാ അത്… അവിടെ ബെഞ്ചിൽ കിടക്കുന്നത്.” ഷറഫു ചോദിക്കുന്നത് കേട്ട് എല്ലാവരും അങ്ങോട്ട് നോക്കി . ഞങ്ങളുടെ സംസാരം കേട്ടിട്ടാകണം അവൻ തല ഉയർത്തി.
ആ കാഴ്ച്ച കണ്ട ഞാനൊന്ന് ഞെട്ടി. നജീബ്. എന്റെ അനുജൻ. ഇവൻ വീട്ടിൽ പോയില്ലാരുന്നോ.. ?അതോ പോയി വന്നതാണോ.. ?അവന്റരികിലേക്ക് നടന്നടുക്കുമ്പോൾ എന്റെ മനസ്സിൽ ചോദ്യങ്ങളുടെ കൂമ്പാരം കുമിയുകയാരുന്നു .
ഞാൻ ചോദിച്ചു…
“നീ വീട്ടിൽ പോയി ഇത്ര പെട്ടെന്ന് വന്നോ.. ?”
കരഞ്ഞ് കലങ്ങിയ കണ്ണുകളോടെ ദയനീയമായി എന്നേ നോക്കിയതല്ലാതെ അവനൊന്നും മിണ്ടീല്ല..
വീണ്ടും ചോദിച്ചപ്പോൾ അവനവ്ട്ന്ന് പതുക്കേ എണീറ്റ് എന്റെ അരക്കെട്ടിൽ പിടിച്ച്‌ തേങ്ങി തേങ്ങി കരയുകയാണ്. എന്തിനാണ് കരയുന്നതെന്ന് ചോദിച്ചിട്ട് അതിന് ഓരോ തേങ്ങലല്ലാതെ മറുപടി പറയാതായപ്പോൾ എനിക്ക് ദേഷ്യം വന്നു.
ഞാനവന്റെ ഇളം കൈ മസില് പിടിച്ചൊന്ന് ഞെരുക്കി വീണ്ടും ചോദിച്ചു. “നീയെന്താ… പോയില്ലേ..?
നവാസെവിടെ..?”
പിച്ചലിന്റെ വേതന കൊണ്ട് പുളഞ്ഞ അവൻ വാവിട്ട് കരഞ്ഞോണ്ട് ചുറ്റും കൂടി നിന്ന ഞങ്ങളേ നോക്കി.
“ആഹ്…. ഇക്കാ… പിച്ചല്ലേ.. എനിക്ക് എനിക്ക് വേതനാവുന്നൂ…. ഇക്കാ…. നിക്ക് വിശക്കുന്നു …..”
അവന്റെ ആ കരച്ചൽ കൂടി നിന്നവരുടെ ചങ്ക് പിടപ്പിചെങ്കിലും ദേഷ്യത്താൽ ഹാലിളകിയ എന്റെ ചങ്കിൽ കൊള്ളാതേ തെന്നി മാറിപ്പോയത് ഞാൻ അറിഞ്ഞില്ല.
അവനേ ഞാൻ വേദനിപ്പിക്കുന്നത് കണ്ട് നിന്ന ഷറഫു എന്നേ തള്ളി മാറ്റി..
“നീ അവനേ വേദനിപ്പിക്കല്ലേ… നിനക്ക് അറീല്ലാർന്നോ ഇവൻ ഇവിടുള്ളത്.?”
‘ഞാൻ ഇവനോട് നവാസിന്റെ കൂടെ പോകാൻ പറഞ്ഞതാ…ഞാനില്ലാത്തോണ്ട് അവന്റെ കൂടെ പോയിട്ടുണ്ടാകില്ല.’
“എന്നിട്ട് അവനെവിടെ.. ?”
ഷറഫു നജീബിന്റെ അടുത്തിരുന്ന് അവനോട് ചോദിച്ചു.
“മോൻ നവാസ്ക്കന്റെ കൂടെന്താ പോകാഞ്ഞേ..?”
അവൻ കരയുന്നല്ലാതെ ഒന്നും പറയുന്നില്ല.
ഷറഫു അവന്റെ അടുത്തിന്ന് എഴുന്നേറ്റിട്ട് ചോദിച്ചു.
“ഇനിയിപ്പെന്താ കാട്ടുക.. ?
അവന് വിശക്കുന്നുമുണ്ട് ..”
അവൻ ഒന്നും പറയാതെ കരയുന്നത് കണ്ടപ്പോ എനിക്ക് ദേഷ്യം മൂർധാവിൽ എത്തി നിൽക്കയാണ്.
അവന്റെ കരഞ്ഞു തളർന്ന മുഖവും , വിശന്ന് പൊരിയുന്ന കുഞ്ഞി വയറും അപ്പോൾ ദേഷ്യം കൊണ്ട് ഇരുട്ടായ എന്റെ കണ്ണിൽ കണ്ടില്ല.
“ഡാ.. നിങ്ങൾ പോക്കോ. ഞാനിവനെ വീട്ടിലാകീട്ട് വരാം. ഈ പ്ലേറ്റ് ഖദീജാത്താക്ക് കൊടുത്തേക്ക്”
ഞാൻ അതും പറഞ്ഞ് നജീബിന്റെ കൈക്ക് പിടിച്ച്‌ പോകാൻ നേരം രാഗേഷ് പറഞ്ഞു.
“അല്ല മുജീബേ… അപ്പോ….നമ്മള പ്ലാൻ… “
‘ഇല്ലെടാ ഞാൻ ഇവനേ വീട്ടിലാക്കി പെട്ടന്ന് വരും’
“ഛെ… ആലീക്ക വന്നില്ലാരുന്നേൽ… അതെങ്കിലും…”
‘ഹേ.. ഒന്ന് പോടാപ്പാ...ഇവന്റെ പ്രസ്‌നെല്ല. നിങ്ങള് പോയി പാത്രം അവിടകൊടുത്ത് പുല്ലിലോട്ട് വിട്ടോ. ഞാനവിടെ എത്താം’
‘ഡാ ..എന്നാലും… താത്ത ഇന്ന് ചോറും വച്ചിട്ടില്ല.
പാതി കഴുകിയ പ്ലേറ്റും ഇറച്ചീം പൊറോട്ടയും കഴിച്ച് ഉണങ്ങിയ കയ്യുമായി നിന്ന ഷമീറിന്റെ വാക്കുകൾ മുഴുവനാകാൻ നിൽക്കാതേ ഞാൻ നജീബിനേയും കൂട്ടി സ്കൂൾ ഗ്രൗണ്ട് ലക്ഷ്യമാക്കി നടന്നു.
ഒന്ന് തിരിഞ്ഞ് നോക്കിയപ്പോൾ നജീബ് വേച്ചു വേച് പതുക്കേ വരികയാണ്. അവന്റെ വിശപ്പും തളർച്ചയും കുഞ്ഞി കാലുകൾക്ക് നന്നേ ബാധിച്ചത് കാരണം നടക്കാൻ കഴിയുന്നില്ലാർന്നു.
ഗ്രൗണ്ട് കഴിഞ്ഞ് ഇടവഴി എത്തിയപ്പോൾ ഞാൻ നജീബിന്റെ കയ്യിൽ പിടിച്ച്‌ ഒരു വലി വലിച്ചു.
“പെട്ടെന്ന് വാ ദാജ്ജാലേ.. നിന്നോട് ഞാൻ പറഞ്ഞതല്ലാരുന്നോ അവന്റെ കൂടെ പോകണെന്ന്..”
ഒന്നും മിണ്ടാനാവാതെ കണ്ണീരൊഴുക്കി കൊണ്ട് എന്നേ നോക്കയാണവൻ.
അവന്റെ നടത്തത്തിന്റെ വേഗത കുറയുന്നുണ്ടെന്ന് മനസ്സിലായ ഞാൻ അവനേ പിന്നിലാക്കി ഓടാൻ തുടങ്ങി.
ഞാൻ പെട്ടെന്ന് ഓടുന്നത് കണ്ട് ഭയന്ന അവൻ പേടിച്ച് വിറച്ച് കൊണ്ട് ഒരു കയ്യിൽ ഊരിപ്പോകാൻ നോക്കുന്ന ട്രൗസറും മറ്റേ കയ്യിൽ സ്‌ലൈറ്റും പിടിച്ച്‌ വിറയാർന്ന ശരീരത്തോടെ ഓടി വരുമ്പോൾ ഉള്ള ശക്തി ഉപയോഗിച്ച് വിളിച്ച് പറയുന്നുണ്ടാർന്നു..
 “ഇക്കാ… എനിക്ക് പേടിക്കുന്ന്.എന്നേ ഒറ്റക്കാക്കല്ലേ….”.
ഇതൊന്നും എന്റെ കാതുകളിൽ എത്തിയില്ല.
ദേഷ്യം കൊണ്ട് കലി തുള്ളി നിൽക്കുന്ന എന്റെ മനസ്സിലപ്പോൾ അവന്റെ കൊച്ചു വായിലെ വലിയ നിലവിളിക്ക് യാതൊരു ദയാ ദാക്ഷിണ്യവും ഉണ്ടായിരുന്നില്ല.
ഓടിക്കൊണ്ടിരുന്ന ഞാൻ പൊടുന്നനെ നിന്നു. അവൻ അടുത്തെത്തിയപ്പോൾ അവന്റെ വായ് പിടിച്ച്‌ പൊത്തി.അതും ഒരു ഒരുതരത്തിലുള്ള വേദനിപ്പിക്കലാര്നു.
ഇടവഴിയുടെ രണ്ട് സൈഡിലും ഒന്ന് രണ്ട് വീടുകളുണ്ട്. അവർ കേൾക്കാതിരിക്കാനാണ് വായ് വായ്പൊത്തിയത്. പിന്നേ ഒന്ന് രണ്ട് കൊട്ട് തല മണ്ടക്ക് കൊടുത്തു.. ആ വേതന കൊണ്ടവൻ പുളയുമ്പോൾ എനിക്ക് കലി കൂടി വന്നതേയുള്ളു.
ഇത്രയും കലിപ്പ് എനിക്ക് വരാനുണ്ടായ കാരണം.
ഞങ്ങൾ അഞ്ച് പേരും കൂടി ഇന്നത്തെ ദിവസം ഒരു കാര്യം പ്ലാൻ ചെയ്തിരുന്നു.
കഴിഞ്ഞ ഞാറാഴ്ച്ച കവലയിൽ തെരുവ് സർക്കസ് കണ്ട ഞങ്ങൾക്കും ഒരാഗ്രഹം. അവർ കളിച്ചത് പോലുള്ള മലക്കം മറിയൽ… കോലിമ്മേൽ കളി… ചാട്ടം… അങ്ങനേ കുറച്ച് അഭ്യാസങ്ങൾ കളിക്കാൻ.
നല്ലൊരു ഇടം തേടി നടക്കുന്നതിന് ഇടയിലാണ് കേണൽ സാറിന്റെ പച്ച പരവതാനി വിരിച്ച പുൽത്തകിടി സ്കൂളിന് അടുത്ത് തന്നേയുള്ള വലിയ പറമ്പിൽ ഞങ്ങൾ കണ്ടത്.
ഇട വഴി തുടങ്ങുന്നിടത്ത് ഒരാൾ പൊക്കത്തിലുള്ള പറമ്പിലാണ് ഈ പുൽത്തകിടി.
ഒട്ടു മിക്ക ദിവസങ്ങളിലും കേണൽ ആ പറമ്പില്‍ ഉണ്ടാവുന്നത് കാരണം കുട്ടികൾ ആരും തന്നേ അവിടേക്ക് പോകാറില്ല.
പല പ്രാവശ്യം ശ്രമിച്ചപ്പോളൊക്കെ കേണൽ അവിടെ ഉണ്ടായിരുന്നു .
ഇന്റെർവെല്ലിന്റെ സമയത്ത് മാത്രമേ അയാൾ അവിടെ ഉണ്ടാവുന്നുള്ളു എന്ന് മനസ്സിലാക്കിയത് കൊണ്ടാണ് ഇന്ന് അവിടന്ന് കളിക്കാൻ പ്ലാൻ ചെയ്തത്.
ഇന്നാകുമ്പോൾ ഉച്ചക്ക് ശേഷം ക്ലാസ്സിൽ കയറാതേ മൂന്ന് പിരിയഡിന്റെ സമയം മുഴുവൻ കളിച്ച് തിമിർക്കാല്ലോ. അതിന് ശേഷമുള്ള ഇന്റർവെൽ അടിക്കുമ്പോഴേ കേണൽ വരികയുള്ളു.
ഈ സന്തോഷപ്രദമായ പ്ലാനാണ് ഇവൻ കാരണം മുടങ്ങാൻ പോകുന്നത്. ഇങ്ങനൊരു ചാൻസ് ഞങ്ങൾക്ക് ഇനി കിട്ടില്ലെന്ന് അറിയാം.
അത് ഓർക്കുമ്പോൾ കലിപ്പ് കൂടുകയാണ്.
വേദനിപ്പിക്കാൻ പറ്റുന്ന രീതീലോക്കെ വേദനിപ്പിച്ചും ഓടിയും നടന്നും ഒരുവിധം വീട് എത്താറായി.
ഒന്ന് പെട്ടെന്ന് വാ… എന്നും പറഞ്ഞ് ഞാനവന്റെ കോളറിൽ പിടിച്ച്‌ തള്ളി.
അടിയുടെ ശക്തിയും തള്ളും ഒരുമിച്ചായപ്പോൾ കുഞ്ഞി കാല് തെറ്റി അവൻ താഴേ വീണു.
 വീണിടത്ത് നിന്ന് അവൻ എന്റെ കാലിൽ പിടിച്ച്‌
‘ അടിക്കല്ല ഇക്കാ…. ആഹ്….
എനക്ക് നടക്കാൻ വയ്യാഞ്ഞിട്ടാ…ന..നവാസ്ക്ക…..വാരത്തോണ്ടാ…’
വിശപ്പും ദാഹവും തളർച്ചയും കാരണം അവന് ശബ്ദം പുറത്ത് വരുന്നില്ലായിരുന്നു.ഇത്രയും പറയാൻ നന്നേ പാട് പെട്ടു.
കാല് തെറ്റി വീണ അവനേ ഞാൻ ദേഷ്യത്താലേ പല്ല് ഞെരിച്ച് കാലിൽ ഒന്നമർത്തി പിച്ചിയിട്ട്
“ന്ത്...ന്താ പറഞ്ഞേ…”
അവന്റെ കണ്ണിന്ന് കണ്ണീർ വരുന്നില്ല. ശബ്ദം തീരേ ഇല്ല. കവിൾ കറുത്തിരുക്കുന്നു. വിശപ്പും ദാഹവും വേദനിപ്പിക്കലും അവനെ പാടേ വിവശനാക്കി കളഞ്ഞു.
ശബ്ദമില്ലാതെ പറഞ്ഞതിനാൽ എനിക്കൊന്നും മനസ്സിലായില്ല. വീണ്ടും പല്ല് ഞെരിച്ച് കൊണ്ട് ചോദിച്ചപ്പോൾ എന്റെ കണ്ണിലേ തീ ഗോളം കണ്ട് പേടിച്ചാവണം ഒരു ഇറക്ക് ഉമിനീർ ഇറക്കി കൊണ്ടവൻ പറഞ്ഞു.
‘ഇക്കാ… നവാസ്‌ക എന്നേ കൂട്ടാൻ വന്നില്ലാ.അതോണ്ട് ഒറ്റക്ക് വരാൻ പേടിച്ചിട്ടാ ഞാൻ അവിടിരുന്നേ’
ഇത് കേട്ട ഞാൻ…
ആകേ ഷോക്കായത് പോലായി.
“നീ…. നീയെന്താ പറേന്നേ..അ.. അവൻ വന്നില്ലാരുന്നോ.. ?
എ..എന്നിട്ട്….നീ…”
എന്റെ കണ്ഠമിടറി പോയിരുന്നു.
കരയണോ… അട്ടഹസിക്കണോ… എന്നറിയാതെ ഒരു നിമിഷം പകച്ച് പോയി ഞാൻ.
അല്ലാഹ് ഞാനിത് വരേ കാര്യം അറിയാതെ ആണല്ലോ റബ്ബേ ഈ കുരുന്നു ശരീരത്തേ നോവിച്ചത് എന്ന് ഓർത്തപ്പോ…
അത് വരേ ഉണ്ടായിരുന്ന ദേഷ്യം പെട്ടെന്ന് എങ്ങോട്ടോ മാഞ്ഞ് പോയിരുന്നു.
അത്രക്ക് ശക്തിയുണ്ടായിരുന്നു അവന്റാ വാക്കുകൾക്ക്.
ഒരു ഗദ്ഗദത്തോടെ ഞാനവനേ കെട്ടി പിടിച്ച്‌ പൊട്ടി കരഞ്ഞ് പോയി.
പോന്നു മോനേ….. ഞാൻ നിന്നേ…
നിന്ന എന്തൊക്കെയാ ചെയ്തേ….. അള്ളോ… ന്റ റബ്ബേ …
‘ഇല്ല ഇക്കാ… എനിക്ക് വേദനിച്ചിട്ടൊന്നുല്ല… ഇക്കാക് ദേഷ്യം വന്നുണ്ടല്ലേ… !’
ഇത്രത്തോളം ഞാൻ അവനേ വേദനിപ്പിച്ചിട്ട് പോലും എന്റെ കണ്ണീർ കണ്ടപ്പോ അവൻ എന്നേ സമാധാനിപ്പിക്കാനാണ് നോക്കിയത്.
കരഞ്ഞ് കണ്ണീർ വറ്റിയ കണ്ണിലൂടെ അവൻ എന്റെ കണ്ണിലേ അഗ്നി കണ്ടെങ്കിലും വിശന്ന് പേടിയോടെ അവിടെ കയിച്ച് കൂട്ടിയ അവന്റെ കണ്ണിലേ നിസ്സഹായാവസ്ഥ കാണാൻ എനിക്കപ്പോൾ കഴിഞ്ഞിലാർന്നു.
കരച്ചിൽ അടക്കി ഞാൻ അവനോട് ചോദിച്ചു..
“എന്നേയും നവാസ്ക്കനേയും കാണാഞ്ഞിട്ട് നീയെന്താ കാട്ടിയത്?. ഒറ്റക്ക് അത് വരേ അവിടിരുന്നോ..?
അപ്പോ അവന്റെ മുഖം ഭയചികിതനാവുന്നത് ഞാൻ കണ്ടു. പേടിയോടെ ഇടവഴിയുടെ വിദൂരതയിലേക്ക് നോക്കി ഒരു നെടു വീർപ്പോടെ അവൻ പറഞ്ഞ് �

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo