Showing posts with label മുഹമ്മദ് ജമാൽ. Show all posts
Showing posts with label മുഹമ്മദ് ജമാൽ. Show all posts

സ്വർഗത്തിലേക്ക് പോയ പെങ്ങൾ


വടക്കേ പറമ്പിലെ നാട്ടു മാവിൽ നിന്നും പഴുത്തു വീണ മാങ്ങ പെറുക്കാൻ അന്ന് ആരും പോയില്ല..ഓലച്ചൂട്ടും കത്തിച്ചു സുബഹിക്കു തന്നെ ആയിഷുമ്മ പോകാറുള്ളതായിരുന്നു.അയൽ വീട്ടിലെ കുട്ടികളും വരും,നിലത്ത് വീണു കിടക്കുന്നത് മുഴുവനും പെറുക്കി എടുക്കില്ല ആയിഷുമ്മ, കുട്ടികൾക്ക് വേണ്ടി കുറച്ചെണ്ണംബാക്കി വെക്കും. ഇന്ന് ആരും നാട്ടുമാവിന്റെ ചുവട്ടിലേക്ക് തിരിഞ്ഞുനോക്കിയില്ല.ആയിഷുമ്മയുടെ കരച്ചിലാണ് എല്ലാരേയും അന്ന് ഉണർത്തിയത്.അയൽ വീട്ടുകാരൊക്കെ മുറ്റത്തു നിൽക്കുന്നു.വീട്ടിനുള്ളിൽ നിന്നും കരഞ്ഞു തളർന്ന രോദനങ്ങൾ ഇപ്പോഴും കേൾക്കാം.കുഞ്ഞുമോൾ റാബിയ ഉറങ്ങുന്ന പോലെ കിടക്കുന്നു.വിളറിയ മുഖം,ശരീരം തണുത്തിരിക്കുന്നു.തന്റെ കളിക്കൂട്ടുകാരായ സൈെനബയും ആസിയയും ലീലയും കരഞ്ഞു കൊണ്ട് അരികിൽ നിൽക്കുന്നു.ഇന്നലെയും നാട്ടുമാവിന്റെ ചോട്ടിൽ അപ്പം ചുട്ടും അമ്മയും കുഞ്ഞും ഒക്കെ കളിച്ചതാണ് അവർ എല്ലാവരുമൊരുമിച്ച്..ഓത്തു പള്ളി വിട്ട് വരുമ്പോൾ തന്നെ കളികൾ പറഞ്ഞു വെച്ചിട്ടാണ് വരിക.
"ന്റെ മോളേ.. ഞി കണ്ണു തൊറക്ക് അന്റെ ചങ്ങായിച്ചികൾ വന്നത് കണ്ടില്ലേ......"ആയിഷുമ്മ ഓരോന്ന് പറഞ്ഞു കരഞ്ഞു കൊണ്ടേയിരുന്നു....
ആരോ പോയി അലവി മുസ്ലിയാരെ വിളിച്ച കൊണ്ട് വന്നിട്ടുണ്ട്,നാട്ടിലെ ഉസ്താദും അത്യാവശ്യം ചികത്സ ചെയ്യുന്ന ആളുമാണ്...
"അസ്സലാമലൈക്കും....."സദസ്സിനു സലാം പറഞ്ഞു മുസ്‌ലിയാർ മോളെ കിടത്തിയ മുറിയിലേക്ക് കടന്നു വന്നു...കൺ പോളകൾ ഉയർത്തി നോക്കിയും നാടിപിടിച്ചു നോക്കിയും ശേഷം മുസ്‌ലിയാർ ഉറക്കെ പറഞ്ഞു..."ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ....പടച്ചോൻ തന്നതിനെ ഓൻ വിളിച്ചിക്കണ്...."തലക്കടിയിൽ വെച്ചിരുന്ന കുഞ്ഞു തലയണ അദ്ദേഹം എടുത്ത് മാറ്റി....
"ന്റെ മോളേ....ഞ്ഞി ന്നെ ഇട്ടേച്ചു പോയോ...."ആയിഷുമ്മയുടെ കരച്ചിൽ ഉച്ചത്തിലായി.രണ്ടു ആണ് മക്കൾക്ക് ശേഷം ഉണ്ടായ പുന്നാര മോളാണ്‌...അബുവിനും കരച്ചിൽ പിടിച്ചു നിർത്താൻ കഴിഞ്ഞില്ല....ബാപ്പിച്ചീന്നു വിളിച്ചു ഓടി വന്നു കെട്ടി പിടിച്ചു നിർത്താതെ വർത്താനം പറഞ്ഞിരുന്ന മോൾ....
"സങ്കടപ്പെടണ്ട ങ്ങള്, സ്വർഗ്ഗത്തില് രണ്ടാളെയും കാത്തു ഓള് നിൽക്കുന്നുണ്ടാകും"അബുവിന്റെ തോളിൽ കൈവെച്ചു അലവി മുസ്‌ലിയാർ പറഞ്ഞു......
ഇന്നലെ ഓത്തു പള്ളി കഴിഞ്ഞു വന്നു റാബിയ മോള് പറഞ്ഞു..."ഉമ്മാ രണ്ടീസം ഓത്തിനു പോണ്ട...കൊറേ കളിക്കണം നിക്ക്‌"....
നാട്ട് മാവിന്റെ ചോട്ടിലെ വലിയ പാറക്കു ചുവട്ടിൽ അവർ കച്ചവട പീടിക ഉണ്ടാക്കി..പല ഇലകളും കായികളും പൂക്കളും പറിച്ചു വിൽപ്പന സാധനങ്ങൾ ആക്കി....പൈസ നോട്ടുകൾ ആയി പ്ലാവില ആക്കി...സൈനബയും ആസിയയും ലീലയും പിന്നെ അയൽ വീടുകളിലെ ചില ആണ് കുട്ടികളുമൊക്കെ ഉണ്ട്....പിന്നെ മണ്ണപ്പം ചുട്ടും ചോറും കൂട്ടാനും വെച്ചും മൂവന്തി വരെ കളിച്ചു.....മഗ്‌രിബ് ബാങ്ക് വിളിച്ച നേരത്താണ് വീടണഞ്ഞത് എല്ലാരും....അബു ഇഷാ നിസ്കാരം കഴിഞ്ഞു പള്ളിയിൽ നിന്നും വന്നിട്ടില്ല....മൂത്ത ആണ് കുട്ടികൾക്കും റാബിയ മോൾക്കും ആയിഷുമ്മ ഭക്ഷണം കൊടുത്തു വേഗം...ഇല്ലെങ്കിൽ കഴിക്കാതെ ഉറങ്ങി ക്കളയും....
കഞ്ഞിയും പയർപുഴുക്കും രണ്ടു പാത്രത്തിൽ വിളമ്പി വെച്ച് അബു വരുന്നതും കാത്തു ആയിഷുമ്മ ഇരുന്നു....ഉറങ്ങാൻ കിടന്ന റാബിയ മോൾ എഴുന്നേറ്റ് ഇരുന്നു ചർദ്ധിക്കാൻ തുടങ്ങി...കറുത്ത എന്തൊക്കെയോ....പുറത്തു തടവി കൊടുത്തു ആശ്വസിപ്പിച്ചു പറഞ്ഞു"കൊറേ വെയില് കൊണ്ട് കളിച്ചിട്ടാ....നാളെ മോൾ വീട്ടിലിരുന്നാ മതി"....സ്വൽപ്പം വെള്ളം കുടിച്ചു റാബിയ മോൾ വീണ്ടും ഉറങ്ങാൻ കിടന്നു....പള്ളി കഴിഞ്ഞ വന്ന അബുവും ആയിഷുമ്മയും കഞ്ഞി കുടിക്കാൻ ഇരുന്നു...
"നമ്മളെ മോള് ഛർദ്ധിച്ചു... എന്തോ കറുത്ത സാധനങ്ങൾ ഉണ്ടായിനും അതില്"....
"സാരല്ല...ഇനി ണ്ടാവാണെങ്കി രാവിലെ മുസ്ലിയാരെ അടുത്ത് കൊണ്ട് പോവ്വാ..."അബു പറഞ്ഞു....
കഞ്ഞി കുടിച്ചു കഴിഞ്ഞ പാത്രങ്ങളൊക്കെ എടുത്ത് വെച്ച് ചിമ്മിനി വിളക്കിന്റെ തിരി താഴ്ത്തി വെച്ച് അവരും ഉറങ്ങാൻ കിടന്നു...."ഉമ്മാ നിക്ക് പള്ള വേദനാവുന്നു,നിക്കി കക്കൂസിൽ പോണം"...മോൾ ഉണർന്നു കരഞ്ഞു....പിന്നെയും കുറെ പ്രാവശ്യം മോൾക്ക്‌ വയറിളകുകയും ചർദ്ധിക്കുകയും ചെയ്തു.....രാത്രിയിൽ ഇപ്പോഴോ അബുവും ആയിഷുമ്മയും റാബിയമോളും ഉറക്കത്തിലേക്ക് വഴുതി പ്പോയി.....
പൂവൻ കോഴിയുടെ കൂവൽ കേട്ട് ഉണർന്നപ്പോഴേക്കും നേരം വെളുത്തിരുന്നു....സുബഹി നിസ്ക്കാരം കഴിഞ്ഞു മോളെ വിളിച്ചു കുടിക്കാൻ കാപ്പി കൊടുക്കാമെന്ന് കരുതിയതാ...."റാബിയ മോളെ എണീക്കി നമ്മക്ക് കാപ്പി കുടിച്ചിട്ട് കാണിക്കാൻ മുസ്ലിയാരെ അടുത്ത പോണം".....
"പടച്ചോനെ മോളെ തൊട്ടിട്ടു തണുത്തി രിക്കുന്നല്ലോ...ങ്ങള് ങ്ങോട്ട് ബരീ മോളെ വിളിച്ചിട്ട് എണീക്കുന്നില്ല".........
അലവി മുസ്ലിയാരും മോളെ ഓത്തു പഠിപ്പിക്കുന്ന അബൂബക്കർ മുസ്ലിയാരും കൂടി പറഞ്ഞു..."എന്നാ പിന്നെ കുട്ടിനെ കുളിപ്പിക്കാൻ എടക്കാം,വെള്ളിയാഴ്ച അല്ലെ ജുമുഅക്ക് മുൻപേ കാര്യങ്ങൾ തീർക്കണ്ടേ".കുളിപ്പിച്ചു വെള്ള പുടവയിൽ പൊതിഞ്ഞു കുഞ്ഞു ദേഹം മരപ്പലകയിൽ കിടത്തി.കാണാൻ ഉള്ളവരൊക്കെ കണ്ടു.. "ന്റെ മോളെ" ന്നു വിളിച്ചു ആയിഷുമ്മ ബോധം കേട്ട് വീണു....
"ലാ ഇലാഹ ഇല്ല ല്ലാഹ് ലാ ഇലാഹ ഇല്ല ല്ലാഹ്"....കുട്ടിയെ ചുമന്നു ആൾക്കാർ പള്ളിയിലേക്ക് കൂട്ടം കൂട്ടമായി നീങ്ങി.....മഞ്ചത്തിന്റെ ഒരു വശം അബു പിടിച്ചിട്ടുണ്ടായിരുന്നു.....അബുവിന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി....ന്റെ മോളെ...അന്നെ പടച്ചോന് ഇത്ര വേഗം കൊണ്ട് പോയല്ലോ....

BY
Muhammed Jamal P A.... 

1972 ഇൽ തൻ്റെ 6ആം വയസ്സിൽ മരണപ്പെട്ട ഞങ്ങളുടെ സഹോദരിയുടെ ഓർമയ്ക്ക്...

നുറുങ്ങു ചിന്തകൾ



By 

Muhammed Jamal P A


കർക്കിടകം കഴിഞ്ഞു,ചിങ്ങം 2 ആയി മഴ ചിണുങ്ങി ചിണുങ്ങി പെയ്തു പോവുകയല്ലാതെ തിമിർത്തു പെയ്തതേ ഇല്ല.ഇന്നും രാവിലെ മുതൽക്കേ സൂര്യവെളിച്ചം കുറഞ്ഞു കാർമേഘങ്ങൾ ഇരുണ്ടു പെയ്യാൻ വെമ്പി നിന്നതെ ഉള്ളൂ....നാട്ടിൽ എത്തിയിട്ട് ഒരാഴ്ച ആയി,കുഞ്ഞുമോൾ ഹൈഫയുടെ പുഞ്ചിരി കാണാൻ കൊതിയായിട്ടു വിമാനം കയറി പോന്നതാണ്.മോളുടെ ഉമ്മ ഡ്യൂട്ടിക്ക് പോയതിനാൽ പകൽ മുഴുവനും ഞങ്ങൾ ഒന്നിച്ചാണ്....ഞങ്ങളുടെ വീടിന്റെ പുറകു വശത്തേക്ക് വലിയ മലംപ്രദേശമാണ്..പൊമ്പ്രമല... കുഞ്ഞു നാളിൽ പോലീസും കള്ളനും കളിച്ചു ഞങ്ങളൊക്കെ ഇളക്കി മറിച്ച പ്രദേശങ്ങൾ...മോളുടെ കരച്ചിൽ മാറ്റാനാണ് അവളെയും കൊണ്ട് നടക്കാൻ ഇറങ്ങിയത്...മഴ നനഞ്ഞു പച്ചപ്പ് മൂടികിടക്കുന്നു പറമ്പും വഴികളും...ഇട വഴികൾ ഒക്കെ ആൾക്കാർ ഒഴിവാക്കി തുടങ്ങിയിരിക്കുന്നു..കുത്തനെ ഉള്ള കയറ്റം കയറിയാൽ പലവീടുകൾ ഇപ്പോഴുമുണ്ട്...പലതും പുതുക്കി പണിതിരിക്കുന്നു..മലയുടെ മറുവശത്ത് കൂടെ മുകൾ ഭാഗം വരെ റോടും വന്നിരിക്കുന്നു...പണ്ടൊക്കെ ഞങ്ങളുടെ വീടിനോട് ചേർന്ന ഇടവഴിയിലൂടെ പോയവരൊക്കെ യാത്ര റോഡ് വഴി ആക്കിയതിനാൽ പരസ്പരം കണ്ടിട്ട് കുറെ നാളുകളായി...പണ്ടത്തെ പല വരൾച്ച സമയത്തും ഒരുപാട് വീട്ടുകാർ ഞങ്ങളുടെ വീട്ടിലെ കിണറിനെ ആയിരുന്നു ആശ്രയിച്ചിരുന്നത്..ഒക്കത്തും തലയിലും ഓരോ പാനികളിൽ(കുടങ്ങൾ)വെള്ളം നിറച്ചു അവർ മലകയറി പോകും...മുറ്റത്തു നിന്ന് ഓരോരോ പണികളിൽ മുഴുകിയ ഓരോ വീട്ടുകാരും ഞങ്ങളെ കണ്ടു വിശേഷങ്ങൾ ചോദിച്ചു...മോനെ ഞി എന്നാ വന്നത്..ലീവ് തോനെ(കുറെ)ഉണ്ടോ.മോൾക്ക് എത്ര ആയി...എത്ര കാലായി ഞി ഈലെ(ഇതിലെ)ബന്നിട്ട്......മാഷാടത്തെ (മാഷെ വീട്ടിലെ)മോനല്ലേ... കണ്ണ് തീരെ കാണൂല... ചോരയെ മണത്തു അറിഞ്ഞതാണ് മോനെ..(ചോര ചോരയെ തിരിച്ചറിഞ്ഞതാണെന്നു,പണ്ട് കാലത്ത് ഉണ്ടായിരുന്ന ആത്മബന്ധത്തെ സൂചിപ്പിക്കുന്നു)...മകൻ സുഭാഷിന്റെ മകന്റെ കൈപിടിച്ചു കൂനികൂനി മുറ്റത്തു ഇറങ്ങി വന്നു ഉണിച്ചിരമ്മ പറഞ്ഞു....

പിന്നെ പണ്ടത്തെ ചില കഥകൾ പറഞ്ഞു...കുഞ്ഞു നാളിൽ മരിച്ചു പോയ എന്റെ മൂത്ത സഹോദരിയെ കുറിച്ച് പറഞ്ഞു....ചക്ക പുഴുക്കും പൂള പുഴുക്കും(കപ്പ പുഴുക്ക്)തിന്ന് വറുതിയുടെ നാളുകളിൽ സന്തോഷത്തോടെ ജീവിച്ചത് പറഞ്ഞു....അന്നത്തെ പച്ചയായ ജീവിതത്തെ കുറിച്ച് പറഞ്ഞു....
മൂത്ത ഇക്കാക്കമാർ ചെറുതായപ്പോൾ തൊട്ടിലിൽ ഉറക്കി കിടത്തി ഉമ്മ പുഴയിൽ അലക്കാൻ പോകും..ഉണർന്ന് കരഞ്ഞാൽ ഒന്ന് ആട്ടി ഉറക്കണെന്നു ഉണിച്ചിരമ്മയോടും പെണ്ണുകമ്മയോടും വിലാസിനിയെടത്തിയോടും ഒക്കെപറഞ്ഞു എൽപിച്ചിട്ടായിരുന്നു പോക്ക്.ഞാനും അവരുടെ മകൻ സുഭാഷും വിലാസിനിയേടത്തിയുടെ മകൻ ഷിബുവും ചേക്കു മാഷെ ഫൈസലും ഒക്കെ ഒരേ പ്രായക്കാരും കളിക്കൂട്ടുകാരും ആയിരുന്നു...എല്ലാരും പല വഴിക്കായി...അവധിക്ക് വരുമ്പോൾ കണ്ടെങ്കിലായി...എല്ലാരും വീട്ടിലേക്ക് ചായ കുടിക്കാൻ ക്ഷണിച്ചു..കുട എടുക്കാതെ കുഞ്ഞു മോളെയും കൊണ്ട് വന്നതിനു സ്നേഹത്തോടെ ശാസിച്ചു...
മലയുടെ ഏറ്റവും ഏറ്റവും മുകളിലെ വീട് ആലിക്കാന്റേത് ആണ്..കുറെ കുട്ടികൾ ഉണ്ടായിരുന്നു അന്നൊക്കെ..കുഞ്ഞു വീടും...ഏറ്റവും കൂടുതൽ ദൂരം നടന്നു വെള്ളം കൊണ്ട് പോയിരുന്നവർ ആലിക്കാന്റെ വീടര് മറിയ താത്തയും കുട്ടികളുംആയിരുന്നു....മറിയതാത്തക്കു ഇപ്പൊ വറ്റാത്ത കുഴൽ കിണർ ഉണ്ട്...മുറ്റം വരെ വാഹനം വരും...എല്ലാർക്കും സൗഭാഗ്യങ്ങളും സൗകര്യങ്ങളും വന്നു...ഞങ്ങളുടെ വീടും പണ്ടത്തെത് പൊളിച്ചു മാറ്റി പണിതു...കാൽനട യാത്രകൾ മാറി വാഹന യാത്രകൾ ആയി...കാലവും മനുഷ്യനും പുരോഗമിച്ചു...മനസ്സുകളിൽ അകലം കൂടി....അന്നൊക്കെ ഞങ്ങൾ ജീവിച്ചത് ഒന്ന് പോലെ ആയിരുന്നെന്ന് ഉണിച്ചിരമ്മ നെടുവീർപ്പിട്ടു....പെയ്യാൻ തുടങ്ങിയ മഴയിൽ സലാം ഇക്കന്റെ വീട്ടിൽ നിന്ന് കുട കടം വാങ്ങി ഞാനും ഹൈഫ മോളും തിരിച്ചു നടന്നു....കഥകളറിയാതെ അവൾ എന്നെ നോക്കി പുഞ്ചിരിച്ചു...

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo