ചെറുപ്പം മുതലേ പുസ്തകങ്ങളായിരുന്നു എനിക്ക് കൂട്ടെങ്കിലും ഒരു നല്ല സുഹൃത്തിനെ ലഭിക്കുന്നത് ഹൈസ്ക്കൂൾ ജീവിതത്തോടെയാണ്. ശരികൾ മാത്രം പറഞ്ഞു തന്നിരുന്ന ഒരു യഥാർത്ഥ സുഹൃത്ത്. അവൻ എനിക്കൊരു പുതിയ വെളിച്ചം തന്നെയായിരുന്നു. തമ്മിൽ പിരിയാൻ പറ്റാത്ത വിധം ഞങ്ങൾ കൂട്ടായി. അവനുമൊത്ത് എവിടെയെല്ലാമാണ് ഞാൻ പോയിട്ടുള്ളത്. പഴയ കൂട്ടുകാരിൽ ചിലർ അസൂയയോടെ എന്നോട് പറഞ്ഞിട്ടുണ്ട് "ഓ...നീയിപ്പോ ഒരുപാടങ്ങ് മാറിയിരിക്കുന്നു..".
അവസാന പരീക്ഷയും കഴിഞ്ഞ് SSLC യോട് വിട പറഞ്ഞിറങ്ങുമ്പോൾ, സ്കൂളിന്റെ മതിൽ കെട്ടുകൾക്ക് വെളിയിൽ ഞങ്ങളേയും പ്രതീക്ഷിച്ച് ആ ദുരന്തം പതിയിരിപ്പുണ്ടെന്ന് ഞാൻ അറിഞ്ഞിരുന്നില്ല. ഒരു നേരിയ ഓർമ്മ മാത്രമേ എനിക്കുള്ളു, ഞങ്ങൾക്കു നേരേ ചീറിപ്പാഞ്ഞു വരുന്ന ഒരു ജീപ്പ്, ഇടിയുടെ ആഘാതത്തിൽ റോഡിന്റെ വശങ്ങളിലേക്ക് ഞങ്ങൾ തെറിച്ചു വീഴുന്നു. ബോധം വരുമ്പോൾ ഞാൻ ആശുപത്രി കിടക്കയിലാണ്, പക്ഷേ അവൻ.... അവൻ എന്നെന്നേക്കുമായ് എന്നെ വിട്ടു പോയിരുന്നു.
എന്റെ കൈക്കും കാലിനുമൊക്കെ പൊട്ടലുണ്ട്, രണ്ടു മൂന്നാഴ്ച ആശുപത്രി കിടക്കയിൽ തന്നെ. ശരിക്കും അസ്തമിച്ചു പോയ നാളുകളായിരുന്നു അത്. ഇതിനിടയിൽ ഒരു പുതിയ സുഹൃത്തിനെ എനിക്ക് കിട്ടി. ഡോക്ടറാണ് അവനെ എനിക്കു പരിചയപ്പെടുത്തിയത്. ഞങ്ങൾ പെട്ടെന്നാണ് അടുത്തത്. അകാലത്തിൽ പൊലിഞ്ഞ എന്റെ പ്രിയ സുഹൃത്തിനെപ്പോലെ ഇവനും എനിക്ക് പ്രിയപ്പെട്ടതായി. പ്രീ-ഡിഗ്രി മുതൽ എന്റെ എൻജിനീയറിംഗ് പഠനം വരെ ഞങ്ങളുടെ സൗഹൃദം തുടർന്നു.
പക്ഷേ എൻജിനീയറിംഗ് കഴിഞ്ഞ് ജോലി തേടി ഞാൻ ബാംഗ്ളൂരിലേക്ക് പോയതോടെ ആ സൗഹൃദം അവസാനിച്ചു. ശരിക്കും അവസാനിച്ചതല്ല ബോധപൂർവ്വം ഞാൻ അവസാനിപ്പിച്ചതാണ്. കുറേ നാളുകളായ് ഞാൻ സഹിക്കുന്നു അവന്റെ പുതിയ ചില നിലപാടുകൾ, എന്തിലും ഏതിലും അവന്റെ കാഴ്ചപ്പാടുകൾ മാത്രമാണ് ശരിയെന്ന് വാദിച്ചാൽ! പിന്നെഞാനെന്തു ചെയ്യും? ഉപേക്ഷിച്ചു ഞാൻ പൂർണ്ണമായും അവനെ ഉപേക്ഷിച്ചു.
അവനില്ലാതെ വളരെ വിഷമത്തോടെയാണ് ഞാൻ ബാംഗ്ളൂരിലേക്ക് വണ്ടി കയറിയതെങ്കിലും യാത്രയിലുടനീളം എന്റെ മനസ്സിലേക്ക് ഓടിയെത്തിയത് തന്റെ ബാല്യകാല സുഹൃത്തിന്റെ ഓർമ്മകളായിരുന്നു. ബാംഗ്ളൂരിൽ ട്രയിനിറങ്ങിയ ഞാൻ പ്ലാറ്റ്ഫോമിലൂടെ മുന്നോട്ടു നടക്കുമ്പോഴും ചിന്തയിൽ മുഴുവനും അവൻ മാത്രമായിരുന്നു. അവൻ എന്നെ വിട്ടുപിരിഞ്ഞ ആ നശിച്ച ദിവസം എന്റെ മനസ്സിലേക്ക് വീണ്ടും വീണ്ടും അലയടിച്ചുകൊണ്ടേയിരുന്നു.
പെട്ടെന്നാണ് പ്ലാറ്റ്ഫോമിന്റെ വലതു വശത്തുള്ള കടയിൽ അവനെ ഞാൻ കണ്ടത്, അതൊരു സംശയമായിരുന്നോ, അല്ല അത് അവൻ തന്നെ, എന്റെയാ പഴയ സുഹൃത്ത്!. ധൃതിയിൽ ഞാൻ ഓടി അവന്റെയടുത്തെത്തി, കുറേ നേരം നോക്കി നിന്നു, അവന് ഒരു മാറ്റവുമില്ല, വിറയാർന്ന കൈകൾ കൊണ്ട് ഞാനവനെ തൊടാൻ തുടങ്ങിയപ്പോഴേക്കും, പെട്ടെന്ന് എന്റെ തോളിലാരോ തട്ടിയിട്ട് പറഞ്ഞു
"അത് Small Size അല്ലേ, സാറിന്റെ കണ്ണുകൾക്ക് കൂടുതൽ match ആവുന്നത് ദേ ഇവനല്ലേ നോക്കിയേ?".
--------------------------------
പ്രശാന്ത്. MS
--------------------------------
പ്രശാന്ത്. MS

