Showing posts with label നീതള്‍അനൂപ്. Show all posts
Showing posts with label നീതള്‍അനൂപ്. Show all posts

ഒരു ഗുഡ് ന്യൂസുണ്ട്



ഓഫീസിലേക്കിറങ്ങുബോഴായിരുന്നു വാട്സപ്പില്‍ ആ മെസേജ് കണ്ടത്..
''ഒരു ഗുഡ് ന്യൂസുണ്ട്'' അതറിയാതിരിക്കുവാന്‍ മനസനുവദിച്ചില്ല...
കാരണം ആ വാക്കുകളില്‍ എന്നും നിരാശയും ജീവിതത്തോടുള്ള മടുപ്പുമായിരുന്നൂ....പലപ്പോഴും പ്രതീക്ഷകള്‍ നഷ്ടപെട്ട് അവനെന്‍ അരികിലേക്ക് ഓടിവരുമായിരുന്നൂ...ഒരു കൊച്ചുകുഞ്ഞിനെ പോലെ ജീവിതത്തിന്റെ അന്ധകാരത്തിലേക്ക് നോക്കി വാക്കുകളാല്‍ അവന്‍ വേദനിക്കുബോള്‍ അതേറ്റുവാങ്ങുവാനല്ലാതെ അവനെ ആശ്വസിപ്പിക്കാന്‍ കഴിയാറില്ലായിരുന്നു എനിക്ക്.....അല്ലെന്‍കിലും ഞാന്‍ എന്തു പറഞ്ഞാണ് അവനെ ആശ്വസിപ്പിക്കേണ്ടത്
''എല്ലാം നിന്റെ വിധിയാണെന്ന് ''പറഞ്ഞോ...
നമ്മുടെ വിധി നമ്മളാല്‍ നിര്‍മ്മിക്കപെടുന്നുവെന്ന വിശ്വാസമുള്ളവളായിരുന്നു ഞാന്‍...പക്ഷേ പലപ്പോഴും വിധി നമ്മളെ മറ്റൊരു ലോകത്തേക്ക് കൈപിടിച്ച് നടത്തും...ജന്മവും ജീവിതവും മിഥ്യയാണെന്ന് ബോധിപ്പിക്കുവാനായിരിക്കാം...
മിഴിപൂട്ടിതുറക്കുന്നതിനു മുന്‍പേ അണഞ്ഞുപോകുന്ന ചെറുതിരിനാളം പോലെയാണ് ജീവിതമെന്ന് ഓര്‍മ്മിപ്പിക്കുവാനായിരിക്കാം......
ജോലിത്തിരക്കിനിടയിലും എന്റെ ചിന്ത മുഴുവനും അവന്റെ 'ഗുഡ് ന്യൂസി'നെ കുറിച്ചായിരുന്നൂ....കാലത്തിന്റെ കുത്തൊഴുക്കിലെപ്പോഴോ ഗതിയറിയാതെ എന്‍ ജീവിതത്തിന്റെ വഴിയരികില്‍ സൗഹൃദത്തിന്റെ പുഷ്പങ്ങളുമായി തുഴഞ്ഞെത്തിയവനായിരുന്നു അവന്‍...വാക്കുകളില്‍ പോലും കണ്ണുനീര്‍ തുള്ളിയെ താലോലിക്കുന്നവന്‍...''മരണമേ നിന്നെയും കാത്ത് ഞാന്‍''വാട്സപ്പിലെ സ്റ്റാറ്റസില്‍ അവന്‍ കുത്തികുറിച്ച വാക്കുകള്‍...ഒരുപാട് ഞാന്‍ ശാസിച്ചു....ജീവിതം മടുത്തുപോയ ആ നിസ്സഹായവസ്ഥ അവന്‍ പലപ്പോഴായി എന്റെ മുന്നില്‍ തുറന്നുവച്ചൂ....
ഒരു നല്ല സുഹൃത്തായി...അതിലുപരി ചേച്ചിയായി ആ മനസിലെ ഓരോ വേദനയും ഞാന്‍ ഏറ്റുവാങ്ങി.....
''എല്ലാവരേയും പോലെ ജീവിക്കുവാനുള്ള ഭാഗ്യമെനിക്കില്ല...''ആ വാക്കിനുള്ളില്‍ അവന്‍ പറയാന്‍ മറച്ചുവച്ച നൊബരങ്ങളെ പൂര്‍ണ്ണമായ് വേര്‍തിരിച്ചറിയാന്‍ ഇന്നും എനിക്ക് കഴിയാതെ പോയ് എന്നതായിരുന്നു സത്യം....ഒരുപക്ഷേ ഒരു പെണ്ണായതു കൊണ്ടാവാം പൂര്‍ണ്ണമായ് അവനെ മനസിലാക്കാന്‍ കഴിയാതെ പോയതും.....
''ഒരു ദാബത്യജീവിതം നയിക്കാന്‍ എനിക്കാവില്ല''വേദനകളെ കടിച്ചമര്‍ത്തി ഒരുനാള്‍ അവനെന്നോടു പറഞ്ഞു...''എനിക്കുമില്ലേ ആഗ്രഹം ഒരാണിനെപോലെ ജീവിക്കണമെന്ന്''ആ ഹ്യദയമിടിപ്പ് ദൂരെയാണെന്‍കിലും എനിക്ക് കേള്‍ക്കാമായിരുന്നൂ....
''വേദനകളെല്ലാം മനുഷ്യസഹജമാണ്..ഈ സുന്ദരമായ ലോകം കാണുവാനും കേള്‍ക്കുവാനുമുള്ള ഭാഗ്യം നമുക്കുണ്ട്..എല്ലാവരേയും പോലെ നടക്കാനും ഓടാനുമുള്ള ഭാഗ്യം....ചിന്തിക്കുവാനുള്ള കഴിവ്....ഇതൊന്നുമില്ലാത്ത എത്രയോ പേര്‍ നമുക്ക് ചുറ്റുമുണ്ട്...കാഴ്ചയില്ലാത്തവര്‍...കൈകാലുകള്‍ നഷ്ടപെട്ട് റോഡിലൂടെ തെണ്ടിനടക്കുന്നവര്‍..അതിനേക്കാള്‍ എത്രയോ ഭാഗ്യവാന്‍ മാരാണ് നമ്മള്‍...ജീവിതം ഒന്നേയുള്ളൂ ..വേദനകള്‍ മറന്ന് ജീവിച്ചു തീര്‍ക്കുക...''ഉപദേശിക്കുവാനുള്ള അര്‍ഹതയില്ലെന്നറിഞ്ഞിട്ടും പറയാതിരിക്കാന്‍ മനസനുവദിച്ചില്ല ....ഓരോ നിമിഷവും ആ ശരീരമവനെ അവന്റെ പരിമിതികള്‍ ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരിക്കുന്നൂവെന്ന് പറഞ്ഞപ്പോള്‍ ആശ്വസിപ്പിക്കുവാന്‍ വാക്കുകള്‍ക്ക് വേണ്ടി ഞാനെന്‍ ജന്മാന്തരങ്ങളിലൂടെ അലഞ്ഞുനടന്നു....''ഉറക്ക ഗുളിക കഴിച്ചിട്ടുണ്ട് ഞാന്‍...മരണമെന്നെ കാര്‍ന്നുതിന്നില്ലയെന്‍കില്‍ നാളെ കാണാം.''ഒരിക്കല്‍ അവനെനിക്ക് അയച്ചൂ...രാവിലെയായിരുന്നു കണ്ടതും...മനസ് വല്ലാതെ പിടച്ചു......അപ്രതീക്ഷിതമായി ഒളിഞ്ഞിരുന്നാക്രമിക്കുന്ന മരണം എന്റെ സൗഹൃദങ്ങളില്‍ വിടര്‍ന്ന പുഷ്പത്തെ അടര്‍ത്തിയെടുത്തോയെന്നൊരാധി...''Good Morning''അവന്റെ മെസേജ് വന്നപ്പൊഴായിരുന്നു ശ്വാസം നേരെ വീണത്...അന്ന് ഞാനവനെ ഒരുപാട് ചീത്ത പറഞ്ഞു...''ജീവിതം മടുത്തു..എന്തിനു വേണ്ടീ...ആര്‍ക്കു വേണ്ടീ...''ആ ചോദ്യങ്ങള്‍ക്കൊന്നും എന്റെ കൈവശം ഉത്തരമില്ലായിരുന്നൂ..ഒടുവിലിതാ ഇന്നത്തെ ഗുഡ് ന്യൂസും....വായിച്ചപ്പോള്‍ ഹ്യദയം നുറുങ്ങിപോയീ...വേദനകളില്‍ നിന്നും ഓര്‍മ്മകളിലേക്കുള്ള യാത്രയിലാണവന്‍...
ക്യാന്‍സര്‍
ശരീരത്തെയും മനസിനെയും ഒരുപോലെ ആക്രമിക്കുന്ന ക്യാന്‍സര്‍....
വൈകപ്പോയീയെന്ന് വൈദ്യശാസ്ത്രം ഉറപ്പിച്ചു പറഞ്ഞിരിക്കുന്നൂ....വരുമെന്നുറപ്പുള്ളയാള്‍ മരണം മാത്രമാണ്....
ഇനി എന്റെ നാളുകള്‍ എണ്ണപെട്ടു കഴിഞ്ഞു....മരണം എന്നിലേക്കെത്താനുള്ള ദൂരം കുറഞ്ഞിരിക്കുന്നൂ...
ആ വാക്കുകള്‍ എന്റെ ഹ്യദയഭിത്തിയില്‍ അലയടിച്ചുകൊണ്ടേയിരിക്കുന്നു....
മരണമേ...നീ ജനിച്ചില്ലായിരുന്നുവെന്‍കില്‍.....
ഒരു നിമിഷം ഞാന്‍ ആഗ്രഹിച്ചുപോയീ....
നീതള്‍ അനൂപ്..

എൻ്റെ മകള്‍

ഒരു രാത്രികൊണ്ട് എന്നിലേക്ക് ഓടിക്കിതച്ചെത്തിയവളായിരുന്നില്ല അവള്‍........
എത്രയോ ദിനരാത്രികള്‍ കണ്ണീരാലും പ്രാര്‍ത്ഥനയാലും ക്യഷ്ണന്‍ എനിക്കായ് നല്‍കിയ വരപ്രസാദമായിരുന്നു അവള്‍........
ജീവിതത്തിന്‍ പാതിവഴിയില്‍ തളര്‍ന്നുവീഴാറായ എന്നിലേക്ക് പുനര്‍ജന്മവുമായ് കടന്നുവന്നവള്‍.......
അവള്‍ ഈ അമ്മയെ അറിഞ്ഞ മകളായിരുന്നൂ......
ഒരു നോട്ടം കൊണ്ടോ വാക്കു കൊണ്ടോ വിലപ്പെട്ട എന്‍ സമയത്തെ അവള്‍ ചോദിച്ചൂ വാങ്ങിയിരുന്നില്ല.........എന്‍ ചിറകിനുള്ളില്‍ ഒതുങ്ങാനോ ചൂടുപറ്റി ഉറങ്ങാനോ അവള്‍ വാശിപിടിച്ചിരുന്നില്ല....
നിദ്രയിലേക്ക് ആഴ്ന്നുപോയ ആ നിഷ്കളന്‍ക മുഖം,പലപ്പോഴും അവള്‍ക്കു ഞാന്‍ നല്‍കാന്‍ മറന്നുപോയ സമയത്തെക്കുറിച്ചും വാല്‍സല്യത്തെക്കുറിച്ചും അവളെന്നെ ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരുന്നൂ.........
''പ്രായത്തിന്റെ കുഴപ്പമാവാം''എന്ന് പലരും പറഞ്ഞപ്പോള്‍ ഞാനും ആ വാക്കുകളെ കൂട്ടുപിടിച്ച് സ്വയം ആശ്വസിച്ചൂ........എന്‍കിലും പലപ്പോഴും എന്നിലൊരമ്മയുണ്ടായിരുന്നു.....ഞാന്‍ പോലും മറന്നുപോയ ഒരമ്മ.....
അന്നവളുടെ ജന്മദിനമായിരുന്നൂ....എന്റെ എല്ലാ വിലപ്പെട്ട സമയങ്ങളും അന്ന് ഞാനവള്‍ക്കായ് മാറ്റിവച്ചു..ആ കൈപിടിച്ച് ചുറ്റുമുള്ള ലോകത്തേക്ക് പറവകളെ പോല്‍ ഞങ്ങള്‍ പാറിനടന്നൂ..ഓരോ പൂവിന്റെ നിറവും മണവും...പക്ഷികളുടെ ശബ്ദവും സൗന്ദര്യവും .....ആകാശത്തിന്റെ വര്‍ണ്ണങ്ങളും ആക്യതിയും....ഞാന്‍ അവളോടൊപ്പം ആസ്വദിച്ചൂ...അവളിലൂടെ ഞാന്‍....ഞാന്‍ തന്നെയായ് മാറുകയായിരുന്നൂ.....ഇന്നലെകളിലെവിടെയോ നഷ്ടപെട്ടു പോയയെന്‍ ബാല്യകാലം മറക്കില്ലയെന്ന വാശിയോടെ എന്നിലേക്ക് ഓടിയെത്തീ....
അമ്മതന്‍ നെഞ്ചിലെ ചൂടേറ്റ് ആ ഹ്യദയസ്പന്ദനമറിഞ്ഞ് ആ ജന്മത്തിന്റെ ഭാഗമായ് മാറിയവള്‍......പിറന്നുവീണ അന്നുമുതല്‍ എന്‍ ജീവനുകാവലിരുന്ന... സ്വപ്നങ്ങളും പ്രതീക്ഷകളും ഹ്യദയത്തിലേന്തി നടന്ന അമ്മ.....ഒടുവില്‍ യൗവനത്തിന്റെ ചുട്ടുപൊള്ളുന്ന അഗ്നിഗോളമായ് പ്രണയം മാറിയപ്പോള്‍.... സ്വന്തം ജന്മത്തെ മാറോടുചേര്‍ത്തുപിടിച്ച് അവന്റെ നിഴലുകള്‍ക്കു പിറകെ വിറയാര്‍ന്ന കാലുകളാല്‍ നടന്നു നീങ്ങിയപ്പോഴും.....ഓര്‍ത്തീല ഞാന്‍.... ഈ കാലം എനിക്കായ് കാത്തിരിക്കുകയായിരുന്നൂ വെന്ന്........ഇന്ന് ഞാന്‍ ഭയപ്പെടുന്നു...നാളെ എന്റെ മകള്‍ ഇന്നെലെകളിലെ ഞാനായ് മാറുമെന്നോര്‍ത്ത്......അന്നവള്‍ക്കായ് നല്‍കാന്‍ ഒന്നുമെന്‍ കൈവശമുണ്ടാവില്ല......വീണുടഞ്ഞയെന്‍ സ്വപ്നങ്ങളും.....മിഴികളില്‍ നിറയുന്ന കണ്ണുനീര്‍ തുള്ളിയുമല്ലാതെ......................
By:

നീതള്‍ അനൂപ്

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo