Showing posts with label സിമിൽ മാത്യു. Show all posts
Showing posts with label സിമിൽ മാത്യു. Show all posts

മിനിക്കഥ

Simil Mathew's Profile Photo, Image may contain: 2 people, people sitting and beard

പെണ്ണുകാണാൻ പോയപ്പോൾ താൻ ഒരു ബ്ലോഗറും എഴുത്തുകാരനും ആണെന്ന് അവളെ ബോധ്യപ്പെടുത്താൻ അൽപം ആലങ്കാരികമായ ഭാഷയിൽ അയാൾ അവളോട്‌ പറഞ്ഞു
"എനിക്ക് ചെറുതായി എഴുത്തിന്റെ അസുഖമുണ്ട് "
അതുകേട്ട് അവൾ ചോദിച്ചു
"എത്രനാളായി തുടങ്ങിയിട്ട്...?"
"ഒരു അഞ്ചാറു വർഷമായി "
"ഡോക്ടർമാരെ ഒന്നും കാണിച്ചില്ലേ...?
തന്റെ ഭാവി വധുവും ആലങ്കാരികമായി സംസാരിക്കുന്നത് കേട്ട് അയാൾക്ക് സന്തോഷമായി
"ഡോക്ടറെ കാണിച്ചിട്ട് കാര്യമില്ല. ഇതിനു മരുന്നൊന്നും ഇല്ല"
അടുത്ത ദിവസം രാവിലെ ബ്രോക്കർ വാസു അച്ഛനോട് എന്തോ പറയുന്നത് കേട്ടാണ് എഴുത്തുകാരൻ ഉണർന്നത്
"ചെക്കനു അഞ്ചാറു വർഷമായി ചികിത്സിച്ചു മാറാത്ത എന്തോ ദീനം ഉണ്ടത്രേ. അതുകൊണ്ട് അവർ ഈ ആലോചനയിൽ നിന്ന് പിന്മാറുന്നു എന്ന്."
ഇത് കേട്ട് ഒരു കോട്ടുവാ ഇട്ടുകൊണ്ട് തന്റെ ലാപ്ടോപ് തുറന്നു അടുത്ത പോസ്റ്റിലേക്ക് അയാൾ കടന്നു
ആലങ്കാരികമായി തന്നെ വീണ്ടും എഴുതാൻ...!!

By:Simil Mathew

ശല്യം

Image may contain: 2 people, people sitting and beard

"സർ ഒരാൾ എന്നെ ശല്യം ചെയ്യുന്നു"
ശബ്ദം കേട്ട് ഹെഡ് കോൺസ്റ്റബിൾ പദ്മനാഭൻ നായർ തല ഉയർത്തി നോക്കി
പതിനെട്ടോ ഇരുപതോ പ്രായം വരുന്ന ഒരു സുന്ദരി കുട്ടി. അവളുടെ കണ്ണുകൾ ചുവന്നിരുന്നു പേടികൊണ്ട്
"ആരാ നിന്നെ ശല്യം ചെയ്യുന്നത്...?"
അയാൾ അലക്ഷ്യമായി ചോദിച്ചു. അടുത്ത് നിന്നിരുന്ന ചുരുണ്ട മുടിയും താടിയുമുള്ള ചെറുപ്പക്കാരനു നേർക്ക് അവൾ നോക്കി
ചെറുപ്പക്കാരനോടായി അയാൾ ചോദിച്ചു
"ഇവൾ നിന്റെ ആരാടാ...?"
"എന്റെ ഗേൾ ഫ്രണ്ട് ആണ്" അയാൾ മുരണ്ടു.
"ശരിയാണോ?" അവളോടായി ചോദിച്ചു
കരഞ്ഞു ചുവന്ന കണ്ണുകളുമായി അവൾ പറഞ്ഞു.
"സർ ഞങ്ങൾ ഫ്രണ്ട്‌സ് ആയിരുന്നു. എനിക്ക് ഇവനെ ഇഷ്ടവുമായിരുന്നു. മദ്യപാനവും പുകവലിയും വരെ ഞാൻ സഹിക്കുമായിരുന്നു. എന്നാൽ കഞ്ചാവും മയക്കുമരുന്നും ഉപയോഗിക്കാൻ തുടങ്ങിയപ്പോൾ, അവൻ അത് ഉപേക്ഷിക്കാൻ തയാറാവാതെ വന്നപ്പോഴാണ് ഞാൻ അവനെ ഉപേക്ഷിക്കാൻ തീരുമാനിച്ചത്"
"എന്നിട്ടോ..?"
"അവൻ എന്നെ വെറുതെ വിടുന്നില്ല സർ"
"ഓഹോ അപ്പൊ കാമുകീ കാമുകന്മാർ ആണല്ലേ...?" അയാൾ പുച്ഛത്തോടെ അവരെ നോക്കി.
"നിന്റെയൊക്കെ കുത്തി കഴപ്പിന് സമാധാനം ഉണ്ടാക്കലല്ല പോലീസിന്റെ ജോലി. മര്യാദക്ക് രണ്ടെണ്ണവും എറങ്ങിക്കോ"
"സർ എന്നെ രക്ഷിക്കണം സർ. ഇവൻ എന്നെ കൊല്ലും സാർ." അവൾ കെഞ്ചി.
"ഇറങ്ങി പോടീ..!"
അയാളുടെ ആട്ടലിൽ പേടിച്ച അവൾ കരഞ്ഞു കൊണ്ട് പുറത്തേക്കിറങ്ങി.
"ഇനി നിന്നോട് പ്രത്യേകം പറയണോടാ @#$%&&&@ മോനേ..?
അയാളെ ദേഷ്യത്തോടെ നോക്കിക്കൊണ്ട് അവനും വെളിയിലേക്കിറങ്ങി.
ഉച്ചയൂണിന് ശേഷം വെറ്റിലയിൽ ചുണ്ണാമ്പ് പുരട്ടുമ്പോളാണ് കൺട്രോൾ റൂമിൽ നിന്നും വയർലെസ് സെറ്റിൽ മെസ്സേജ് വരുന്നത്. ആൻസ് പ്ലാസ മോളിനു മുൻപിൽ ഒരു കൊലപാതകം നടന്നിരിക്കുന്നു. ഉടൻ തന്നെ മറ്റു പി സി മാരെ കൂട്ടി അയാൾ അങ്ങോട്ട് തിരിച്ചു.
കാമുകൻ കാമുകിയെ കഴുത്തറുത്ത് കൊന്നതാണെന്ന അടക്കം പറച്ചിൽ കേട്ടുകൊണ്ട് ആൾ കൂട്ടത്തെ വകഞ്ഞു മാറ്റി അയാൾ ഡെഡ് ബോഡിക്കരികിൽ എത്തി. പകുതിയോളം കഴുത്ത് മുറിഞ്ഞു കിടക്കുന്ന അവളുടെ ശരീരം നോക്കി ഒരു പി സി അടക്കം പറഞ്ഞു
"സാർ ഇത് ആ കൊച്ചല്ലേ..?"
യാതൊരു ഭാവഭേദവുമില്ലാതെ മറ്റു നടപടികൾ പൂർത്തിയാക്കാൻ നിർദേശിച്ചു അയാൾ ജീപ്പിൽ കയറി.
മരിച്ചു കഴിഞ്ഞു എങ്കിലും അടയാതിരുന്ന അവളുടെ കണ്ണുകൾ അപ്പോഴും അയാളെ തുറിച്ച് നോക്കുകയായിരുന്നു...!!
by: SimilMathew

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo