Showing posts with label ഷൈൻ ജോസ്. Show all posts
Showing posts with label ഷൈൻ ജോസ്. Show all posts

ബാബുവേട്ടൻ


ജോലിത്തിരക്കുകളൊക്കെയൊഴിഞ്ഞ് ശാന്തമായ കുവൈറ്റിലെ സാൽമിയ എന്ന സ്ഥലത്തെ ഒരു ചെറിയ ജങ്ഷൻ.. മലപ്പുറംകാരനായ ഖാദറിക്കയുടെ ബക്കാലയാണ് ഞങ്ങൾ കുറെ മലയാളികളുടെ വൈകുന്നേരങ്ങളെ ധന്യമാക്കുന്നത്.. പതിവുപോലെ അന്നും ബാബുവേട്ടൻ തന്നെയാണ് താരം. ബാബുവേട്ടൻ കൈവെക്കാത്ത മേഖലകളില്ല.. സംസാരിക്കാത്ത വിഷയങ്ങളില്ല.. ചെയ്യാത്ത ജോലികളില്ല. ബാബുവേട്ടന്റെ പഴയ സാഹസികകഥകളൊക്കെ റിട്ടയർ ചെയ്ത പട്ടാളക്കാരന്റെ തള്ള് കേട്ടിരിക്കുന്ന ലാഘവത്തോടെ ഞങ്ങളൊക്കെ കേട്ടിരിക്കുന്നത് പതിവാണ്.. കേട്ടിരിക്കാനല്ലാതെ തിരിച്ചൊന്നും പറയാൻ ബാബുവേട്ടൻ അനുവദിക്കാറില്ല എന്നതാണ് സത്യം.. കുവൈറ്റ് പോലീസിന്റെ വണ്ടിയുടെ സൈറൺ ബാബുവേട്ടന്റ കത്തിയടിക്ക് തടസമായപ്പോൾ ഞങ്ങളുടെ ശ്രദ്ധ അങ്ങോട്ട് തിരിഞ്ഞു. ബക്കാലയുടെ മുൻപിലായി സൈറൺ കേട്ട പോലീസ് വണ്ടി നിർത്തിയിട്ടിരിക്കുന്നു. യൂണിഫോമിട്ട പോലീസുകാരൻ വണ്ടി തുറക്കാൻ ശ്രമിച്ചിട്ട് സാധിക്കുന്നില്ല. എങ്ങനെയോ ലോക്കായി പോയതാണ്.. പോലീസുകാരൻ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും കാറ് വഴങ്ങുന്ന മട്ടില്ല. ശ്രമം ഉപേക്ഷിച്ച് പോലീസുകാരൻ വശത്തേക്ക് മാറി നിന്ന് വയർലെസിൽ എന്തോ അറബിയിൽ വിളിച്ചു പറഞ്ഞു.. ഖാദറിക്ക ഒരു കസേരയെടുത്ത് പോലീസുകാരന് ഇരിക്കാൻ കൊടുത്തു.. രംഗമെല്ലാം നിരീക്ഷിച്ച ബാബുവേട്ടൻ പോലീസുകാരനോട് അറബിയിൽ കാര്യങ്ങളൊക്കെ തിരക്കിയറിഞ്ഞു.. പിന്നെയെല്ലാം പെട്ടെന്നായിരുന്നു,. പോലീസുകാരന്റെ മൗനാനുവാദത്തോടെ അവിടെ നിലത്തു കിടന്ന ഹാംഗറിന്റെ കമ്പിക്കഷണം കൊണ്ട് ബാബുവേട്ടൻ കാറിന്റെ ഡോർ തുറക്കാനുള്ള ശ്രമം തുടങ്ങി. ഒരു വിദഗ്ദ്ധനെ പോലെ അങ്ങോട്ടുമിങ്ങോട്ടും അഞ്ചാറു തിരി തിരിച്ചപ്പോൾ അതാ കാറിന്റെ ഡോർ തുറന്നു.. വിക്കറ്റു കിട്ടിയ ശ്രീശാന്തിനെ പോലെ ബാബുവേട്ടന്റെ പ്രകടനങ്ങൾ.. ഞങ്ങൾക്കൊക്കെ അദ്ഭുതമായി.. ബാബുവേട്ടനെയോർത്ത് എല്ലാവരും അഭിമാനിച്ച നിമിഷങ്ങൾ... പോലീസുകാരനും സന്തോഷമായി.. കസേരയിൽ നിന്നെണീറ്റ് ബാബുവേട്ടന് കൈയൊക്കെ കൊടുത്തു.. പിന്നെ വയർലെസിൽ വിളിച്ചു അറബിയിൽ എന്തൊക്കെയോ പറഞ്ഞു.. പോലീസുകാരൻ വണ്ടിയിൽ കയറി സ്റ്റാർട്ടു ചെയ്ത ശേഷം ബാബുവേട്ടനെ വിളിച്ച് വണ്ടിയിൽ കയറാൻ പറഞ്ഞു.. ബാബുവേട്ടന് ലഭിക്കാൻ പോകുന്ന അംഗീകാരങ്ങളോർത്ത് ഞങ്ങളും അഭിമാനിച്ചു. സ്വർണകട ഉദ്ഘാടനത്തിന് വന്ന മമ്മൂട്ടി കാറിൽ കയറുന്നതു പോലെ എല്ലാവരെയും കൈ വീശി കാണിച്ച് ബാബുവേട്ടൻ പോലീസു വണ്ടിയിൽ യാത്രയായി. ബാബുവേട്ടനെ അൽപം കൂടി പുകഴ്ത്തിയ ശേഷം അന്നത്തേക്ക് ഞങ്ങൾ പിരിഞ്ഞു..
അടുത്ത രണ്ടു ദിവസങ്ങൾ ബാബുവേട്ടൻ വന്നില്ല. ആളിപ്പോൾ വലിയ പുളളിയായിപ്പോയതു കൊണ്ടാണതെന്ന് എല്ലാവരും അടക്കം പറഞ്ഞു.. അങ്ങനെയിരിക്കുമ്പോഴാണ് ബാബുവേട്ടൻ ഫ്ലാറ്റിലുണ്ടെന്ന് അറിഞ്ഞത്. എന്തായാലും ഒന്നു പോയി കാണാമെന്ന് എല്ലാവരും തീരുമാനിച്ചു,
റൂമിൽ പോയി ബെല്ലടിച്ചപ്പോൾ കൂടെ താമസിക്കുന്ന തമിഴനാണ് വാതിൽ തുറന്നത്.. ട്രോഫി എന്തെങ്കിലും റൂമിലുണ്ടോ എന്ന് ആദ്യം തന്നെ നോക്കി.. പക്ഷെ മൂലയിലുള്ള തടിക്കസേരയിൽ ചോദ്യചിഹ്നം പോലെയിരിക്കുന്ന ബാബുവേട്ടനെ മാത്രമാണ് കണ്ടത് .. വിവരങ്ങളൊക്കെ തമിഴനാണ് പറഞ്ഞത്.. പോലീസുകാരന്റെ കൂടെ സ്റ്റേഷനിൽ ചെന്ന ബാബുവേട്ടനെ തിരിച്ചും മറിച്ചും ചോദ്യം ചെയ്യലായിരുന്നത്രെ.. കുവൈറ്റിലെ സകല വാഹന മോഷണ കേസുമായും ബാബുവേട്ടനെ ബന്ധിപ്പിക്കാൻ നോക്കി തെളിവൊന്നുമില്ലെന്ന് കണ്ടപ്പോൾ ഇന്ന് ഉച്ച കഴിഞ്ഞാണത്രേ വെളിയിൽ വിട്ടത്.. ബാബുവേട്ടനെ ദയനീയമായി ഒന്നു നോക്കി ഞങ്ങൾ പടിയിറങ്ങി...

By: 
Shine Jose

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo