Showing posts with label റോയ്.പാനികുളം. Show all posts
Showing posts with label റോയ്.പാനികുളം. Show all posts

കുമ്പിളപ്പം

Image may contain: 1 person, beard, closeup and indoor

മകനെ സ്കൂളില്‍ നിന്നും എടുത്തുകൊണ്ട് വന്നിട്ട് സോഫയില്‍ ഇരുന്ന് ലാപ്ടോപില്‍ അന്നത്തെ ബ്രിട്ടീഷ്‌ പത്രങ്ങളിലൂടെ ഒന്ന് കണ്ണോടിക്കവേ....ബ്രെക്സിറ്റും, റിമൈന്‍ ഇന്‍ യുകെയും തമ്മില്‍ നടന്ന മല്ലയുദ്ധത്തില്‍ ആരുടെ പക്ഷം ചേരണം എന്നറിയാതെ,ഞാനൊന്നു മയങ്ങിപോയി.
ആ സമയത്തായിരുന്നു,ഇളയ സന്താനം ഉണ്ണിക്കുട്ടന്‍റെ ബഹളം.
"ഡാഡി"......."ഡാ.........ഡീ"......
"ഐ വാനാ ബര്‍ഗര്‍ നൌ”.
കണ്ണു തുറന്നപ്പോള്‍ ഉണ്ണികുട്ടന്‍ സ്കൂള്‍ യുണിഫോമില്‍ തന്നെ നില്‍ക്കുന്നു.
സ്കൂളില്‍ നിന്നും വന്നാല്‍ ഉടനെ തന്നെ യുണിഫോo മാറ്റണമെന്ന് എത്ര തവണ ഇവനോട് പറഞ്ഞിരിക്കുന്നു!.
അതെങ്ങനാ സ്കൂള്‍ വിട്ടു വന്നാല്‍ നേരെ കേറിക്കോളും കമ്പ്യൂട്ടറിന്‍റെ ഉള്ളിലേക്ക്!.
"ഡാഡീ എനിക്ക് ബര്‍ഗര്‍ ബൈ ചെയ്യണം".
മലയാളവും ആംഗലേയവും കൂടിച്ചേര്‍ന്ന ഭാഷയില്‍ ഒരു വിധത്തില്‍ അവന്‍ കാര്യം പറഞ്ഞൊപ്പിച്ചു.
അവന്‍ വാശി പിടിച്ചു കരയാന്‍ തുടങ്ങി.
അവസാനം അവന്‍റെ വാശിക്കു മുന്‍പില്‍ മനസ്സില്ലാ മനസ്സോടെ കീഴടങ്ങി .
അടുത്തുള്ള മക്ഡോണാള്‍ഡ്സില്‍ പോയി രണ്ടു ഹാം ബര്‍ഗറും വാങ്ങി വീട്ടില്‍ വന്ന്‌ ഉണ്ണിക്കുട്ടന് കൊടുത്തുകൊണ്ടിരിക്കുമ്പോള്‍ അടുക്കളയില്‍ നിന്നും ഭാര്യയുടെ അവ്യക്തമായ പിറു പിറുക്കലുകള്‍.....
"ഇങ്ങേരു ഒറ്റ ഒരുത്തനാണ് കുഞ്ഞുങ്ങളെ ഇങ്ങനെ വഷളാക്കുന്നത്".
ബര്‍ഗര്‍ വാങ്ങിച്ചു കൊടുത്തില്ലെങ്കില്‍ ഇവളുമാര് പറയും നമ്മള് പിശുക്കന്മാരാണെന്ന്!.
"കര്‍ത്താവേ ഇതെല്ലാം കേള്‍ക്കാന്‍ ഫര്‍ത്താക്കന്മാരായ ഞങ്ങളുടെ ഈ ജീവിതം ഇനിയും ബാക്കി!".
ബര്‍ഗര്‍ തിന്നുന്നതിനിടയില്‍ ഉണ്ണിക്കുട്ടന്‍ എന്നെ നന്ദിപൂര്‍വ്വം ഇടംകണ്ണിട്ടു നോക്കി ചിരിച്ചുകൊണ്ടിരുന്നു.
പാവം ഇവനെ പറഞ്ഞിട്ടെന്താ!.
ഈ ബ്രിട്ടീഷ്‌ മഹാരാജ്യത്ത് വന്നിട്ട് നമ്മുടെ നാട്ടിലെ കഞ്ഞിയും പയറും കഴിക്കാന്‍ പറഞ്ഞാല്‍ ഇവന്‍ കഴിക്കുമോ?.
അവന്‍ അവന്‍റെ സ്കൂളിലെ ഫ്രണ്ട്സിനെ അല്ലേ കണ്ടു പഠിക്കുന്നത്!.
ബാക്കിയുള്ള ബര്‍ഗറുമായി അവന്‍ നേരെ ടിവിയുടെ മുന്‍പിലേക്ക് നടന്നു.
അതിനിടയില്‍,ഓര്‍മ്മകള്‍ എന്നെ ആ പഴയ ക്ലാസ്സ്‌റൂമിലേക്ക് കൂട്ടികൊണ്ട് പോയി.
ഉച്ച കഴിഞ്ഞു വന്ന കണക്കുസാറിന്‍റെ കൂട്ടലും, കിഴിക്കലും....കൂട്ടികിഴിക്കലും കുറച്ചൊന്നുമല്ല ബോറടിപ്പിച്ചത്.
ടൈം ടേബിള്‍ എടുത്തു നോക്കി അടുത്ത പീരീഡ്‌ കണ്ടു പിടിക്കവേ...
ദാ....വരുന്നു.
അക്ബറിനെയും,അശോക ചക്രവര്‍ത്തിയെയും,മുഹമ്മദ്‌ ഘസ്നിയെയും...മറ്റും തോളിലേറ്റി സാമൂഹ്യ പാഠം സര്‍.
ഒന്നാം പാനിപ്പത്ത് യുദ്ധവും, രണ്ടാം പാനിപ്പത്ത് യുദ്ധവും,യുദ്ധ ചൊരിച്ചിലും,അതിന്‍റെ പ്രത്യാഘാതങ്ങളും....
എല്ലാം കൂടി നടത്തിയ കൂട്ടത്തല്ലില്‍ മയങ്ങിപോയതെപ്പോഴാണന്നറിയില്ല...
അമ്മയുടെ കുമ്പിളപ്പത്തിന്‍റെ മണം നാസാരന്ദ്രത്തിലൂടെ കയറി വന്ന്‌ വായില്‍ വെള്ളപ്പൊക്കമുണ്ടാക്കി കൊണ്ടിരിക്കുമ്പോളാണ്‌,
ഒരു കൂട്ടമണി ശബ്ദം ഞാന്‍ കേള്‍ക്കുന്നത്.
കൂട്ടമണി കേട്ടുണര്‍ന്നു ഞാന്‍ നോക്കുമ്പോള്‍.....
കൂട്ടുകാര്‍ എല്ലാവരും വീട്ടിലേക്കോടുവാന്‍ റെഡി ആയി നില്‍ക്കുന്നു...
അകമ്പടിയായി,പശ്ചാത്തലത്തില്‍ ജനഗണമനയുടെ അവസാന പാദം....
ജയ ഹേ.... ജയ ഹേ ......ജയ ഹേ...ജയ... ജയ... ജയ.. ജയ...ഹേ.
പിന്നെ ഒരു ഓട്ടമായിരുന്നു.
കൂടെയുള്ള കൂട്ടുകാരെ വെട്ടിച്ചു മുന്നേറി പോകുമ്പോള്‍ ലോകം വെട്ടിപ്പിടിച്ച അലക്സാണ്ടര്‍ ചക്രവര്‍ത്തിയായിരുന്നു മനസ് നിറയെ.
തകര്‍ത്തു പെയ്യുന്ന മഴയെ കൂസാതെ ഓടി.ഓടുന്നതിനിടയില്‍ അടുത്തു കണ്ട വാഴത്തോട്ടത്തില്‍ നിന്നും ഒരു വാഴയില കടിച്ചെടുത്ത്,അതും ചൂടികൊണ്ടായിരുന്നു പിന്നത്തെ ഓട്ടം.
വീട്ടില്‍ ചെന്ന് കയറുമ്പോള്‍ അകവും, പുറവും ആകെ നനഞ്ഞൊട്ടി തണുത്ത് വിറച്ചു പോയിരുന്നു.
ഉമ്മറപ്പടിയില്‍ അമ്മ പതിവ് പോലെ എന്നെയും കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.മുണ്ടിന്‍റെ കോന്തലകൊണ്ടു തലയൊക്കെ തുവര്‍ത്തി തന്നിട്ട് അമ്മ അടുക്കളയിലേക്കു നടക്കുമ്പോള്‍.
ഡൈനിങ്ങ്‌ ടേബിളില്‍ കുമ്പിളപ്പം എന്നെ നോക്കി കണ്ണിറുക്കി കാണിച്ച് പ്രലോഭിപ്പിക്കുന്നുണ്ടായിരുന്നു.
അമ്മയുടെ സ്പെഷ്യല്‍ കുമ്പിളപ്പം....
നല്ല ഉണ്ട ശര്‍ക്കരയും, മൂത്ത് പഴുത്ത ചക്കപ്പഴവും,നേര്‍മയായി വറുത്തെടുത്ത അരിപ്പൊടിയും,പാകത്തിന് കുഴച്ച് കുമ്പിളിലയില്‍ ഉണ്ടാക്കുന്ന ഉശിരന്‍ കുമ്പിളപ്പം.
കയ്യും, കാലും, മുഖവും ഒരുവിധത്തില്‍ കഴുകിയെന്നു വരുത്തി, കുമ്പിളപ്പത്തിനിട്ട് ഒരു പിടി പിടിച്ചു.
ആ സമയം അന്ന് കണക്കു സാറ് പഠിപ്പിച്ച തന്ന ലസാഘുവും,ഉസാഘയും, ലഘുതമഗുണിതവും പോയ വഴി കണ്ടില്ല....
അമ്മയുടെ കയ്യൊപ്പ് പതിഞ്ഞ നാലു മണി പലഹാരങ്ങളുടെ കൂട്ടത്തില്‍ ഒന്ന് കൂടിയുണ്ട്.
ആളത്രക്കു മോഡേണ്‍ ഒന്നുമല്ല,തനി നാടന്‍.
എങ്കിലും പറയാം......
സംഗതി നമ്മുടെ പാവം മരച്ചീനി പുഴുങ്ങിയത് തന്നെ....
പക്ഷെ! നമ്മുടെ സ്വന്തം അമ്മയുടെ ആ കൈപ്പുണ്യവും സ്നേഹവും,സ്നേഹത്തലോടലും ഏറ്റ് അവനങ്ങ്‌ ഉഷാറാവും.
നല്ല ചെണ്ടമുറിയന്‍ കപ്പ പുഴുങ്ങിയത്!.
അവന്‍റെ കൂടെ നല്ല പച്ചക്കാന്താരിയും,ചുവന്നുള്ളിയും അമ്മിക്കല്ലില്‍ വച്ച് ചെറുങ്ങനെ ചതച്ചിട്ട് കുറച്ചു ഉപ്പും,നല്ല നാടന്‍ പച്ചവെളിച്ചെണ്ണയും ചേര്‍ത്തു തിരുമ്മിയതും കൂടി ഒരു പിടി പിടിച്ചാല്‍.....
എന്‍റെ പൊന്നു സാറെ.......
പിന്നെ ചുറ്റിലുള്ള ഒന്നും കാണൂല്ല.....
അത്രയ്ക്ക് രുചിയാ!.
ആ ഉള്ളിച്ചമ്മന്തി കൂട്ടി ഒരു കലം പുഴുങ്ങിയ കപ്പ തിന്നാം.
പഴയ ഓര്‍മ്മകളില്‍ ഊയലാടി അങ്ങനെ നടക്കുമ്പോള്‍....
അതാ ആ പഴയ കുമ്പിളപ്പത്തിന്‍റെ മണം വീണ്ടും മൂക്കിലേക്ക് അടിച്ചു കയറുന്നു..
ഒന്ന് കൂടി ശ്വാസം ഉള്ളിലോട്ടു വലിച്ചു കയറ്റി നോക്കി.
തോന്നിയതല്ല സത്യമാണ്.
അമ്മയുണ്ടാക്കി തന്നിരുന്ന കുമ്പിളപ്പത്തിന്‍റെ അതേ മണം.
ആ സുഗന്ധത്തിന്‍റെ പിന്നാലെ ചെന്ന് കയറിയത് സ്വന്തം അടുക്കളയില്‍.....
അതാ അവള്‍ കുമ്പിളപ്പo ആവിയില്‍ പുഴുങ്ങി... പുഴുങ്ങി...എടുക്കുന്നു.
ഇതെവിടന്നു കിട്ടി ഇവള്‍ക്ക് എടന്നയിലയും,പഴുത്ത ചക്കയും?.
എന്‍റെ അതിശയം കണ്ടിട്ടാവണം അവള്‍ കാര്യം പറഞ്ഞു.
“അതേയ് നമ്മുടെ റീന ചേച്ചിയും ഫാമിലിയും നാട്ടില്‍ പോയിട്ട് ഇന്നലെയാണ് തിരിച്ചു വന്നത് അവര്‍ തന്നതാണ് ഈ സാധനങ്ങള്‍”.
“നിങ്ങള്‍ക്ക് ഒരു സര്‍പ്രൈസ് ആകട്ടെ എന്ന് കരുതി മിണ്ടാതിരുന്നതാണ് ”.
“വേഗം ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തു വാ...നമുക്കെല്ലാവര്‍ക്കും കൂടി പള്ളിയില്‍ പോയി ഒന്ന് പ്രാര്‍ത്ഥിക്കണം”.
“ഈ ഫുഡ്‌ അകത്താക്കാന്‍ പള്ളിയില്‍ പോയി പ്രാര്‍ത്ഥിക്കണോ?”.ഞാന്‍ മനസ്സില്‍ പറഞ്ഞു.
അവള്‍ മാറിയ തക്കത്തിനു കയ്യിട്ട് ഒരു കുമ്പിളപ്പത്തിനു കൈ വച്ചതും അവള്‍ കയില്‍ക്കണകൊണ്ട്
അത് തട്ടി പാത്രത്തിലിട്ടതും ഒന്നിച്ചായിരുന്നു .
കണ്ണു മിഴിച്ചു നില്‍ക്കുന്ന എന്നെ നോക്കി അവള്‍ പറഞ്ഞു.
“കുന്തം”.
“നിങ്ങള്‍ക്ക് വല്ല ഓര്‍മ്മയുമുണ്ടോ മനുഷ്യാ!.
ഇന്ന് നിങ്ങളുടെ അമ്മയുടെ ഓര്‍മ്മ ദിവസമാണ്”.
“പള്ളിയില്‍ പോയി വന്നിട്ട് നമുക്കെല്ലാവര്‍ക്കും കൂടി ഇത് കഴിക്കാം അതുവരെ ഒന്ന് ക്ഷമി!”.
ഞാനവളെ ഉറുമ്പടക്കം കെട്ടിപ്പിടിച്ച് ഒരുമ്മ അങ്ങോട്ട്‌ വച്ച് കൊടുത്തു.
ഹല്ല....പിന്നെ.
“നീയണഡീ... യഥാര്‍ത്ഥ ഫാര്യ”.
ചെറു കഥ
റോയ് പാനികുളം

പോത്തിറച്ചി

Image may contain: 1 person, beard, closeup and indoor

ചക്ക........
ചക്ക......ചാമ്പ....
ങേ!....
ഈ മദാമ്മക്കൊച്ച് എന്താ ഈ പറയുന്നത്!!.
ഞാന്‍ ചെവികള്‍ വട്ടം പിടിച്ചു,കാതുകള്‍ കൂര്‍പ്പിച്ചു.
ഇവിടെ ബ്രിട്ടണില്‍ വന്നതില്‍ പിന്നെ ഈ ഞാന്‍ ഇങ്ങനെയാണ്.
“ചക്ക” എന്ന വാക്ക് എവിടെ കേട്ടാലും ഞാനെന്‍റെ ചെവികള്‍ വട്ടം പിടിക്കും കാതുകള്‍ കൂര്‍പ്പിക്കും.
കാര്യം എന്താണന്നല്ലേ?.
പറയാം......
സംഭവം എന്‍റെ ഈ നെടുനെടുങ്കന്‍ പേര് തന്നെ.
ചക്കച്ചാമ്പറമ്പില്‍ കൊച്ചുവറീത് ഇഗ്നേഷ്യസ്.
എങ്ങനുണ്ട്?.
വിളിക്കാന്‍ പറ്റുന്നുണ്ടോ?.
ഇല്ലാ.......അല്ലേ?.
അതാണ് പ്രശ്നം....
നമ്മള്‍ മലയാളികള്‍ക്കു പോലും എന്‍റെ മുഴുവന്‍ പേര് പെട്ടന്ന് വിളിക്കാന്‍ പറ്റുന്നില്ല.
പിന്നെയല്ലേ ഈ മദാമ്മ കൊച്ചുങ്ങള്!.
ആ മദാമ്മ നഴ്സിന്‍റ നാക്ക്‌ പല്ലിന്‍റെ ഇടയില്‍ കുടുങ്ങുന്നതിനു മുന്‍പേ ഞാന്‍ ഓടി ചെന്നു ഹാജര്‍ കൊടുത്തു.
ഈയിടെയായി ചെറിയ ഒരു തലകറക്കം.എന്തായാലും ഡോക്ടറെ ഒന്ന് കണ്ടേക്കാം എന്ന് വിചാരിച്ചു ഹോസ്പിറ്റല്‍ വരെ ഒന്ന് വന്നതാണ്‌.
ഡോക്ടറെ കാണാന്‍ ഇടനാഴിയിലൂടെ നടക്കുമ്പോള്‍ ജന്മം തന്ന അപ്പനോടും അമ്മയോടും വല്ലാത്ത അമര്‍ഷം തോന്നി.
അവരാണല്ലോ! ഈ കടിച്ചാല്‍ പൊട്ടാത്ത നാമധേയം എനിക്ക് കല്‍പ്പിച്ചു തന്നവര്‍.
സ്വന്തം പേരിനു മുന്‍പ് തലേക്കെട്ടായി കടിച്ചാല്‍ പൊട്ടാത്ത വീട്ടുപേരും
അപ്പന്‍റെയോ,അപ്പാപ്പന്‍റെയോ പേരും അതിനു ശേഷം സ്വന്തം പേരും.
എന്താല്ലേ?.
എന്‍റെ പേരിനു മുന്‍പിലുള്ളത് മരിച്ചു പോയ അപ്പാപ്പന്‍റെ പേരാണ്.
തൃശ്ശൂരിലെ പേരു കേട്ട അരിക്കച്ചവടക്കാരന്‍ കൊച്ചു വറീതിന്‍റെ പേര്.
സ്കൂളിലും കോളേജിലും പഠിക്കുമ്പോള്‍ ഈ പേര് എനിക്കൊരു അലങ്കാരമായിരുന്നു.
തൃശ്ശൂരിലെ പേരുകേട്ട തറവാട്ടിലെ,പേരുകേട്ട ബിസിനസ്സുകാരന്‍ അപ്പാപ്പന്‍റെ ഇളമുറക്കാരന്‍.
എവിടെ കയറിചെന്നാലും ഒരു കസേരയും ചായയും ഉറപ്പായിരുന്ന കാലം.
അതൊരു കാലം.
മധുരിക്കുന്ന ഓര്‍മ്മകള്‍ എനിക്കു നല്‍കിയ എന്‍റെ കുട്ടിക്കാലം.
അങ്ങനെയിരിക്കെ....
അപ്പന്‍സിനൊരാഗ്രഹം.
മകനെ ഇംഗ്ലണ്ടില്‍ അയച്ചു പഠിപ്പിക്കണം.
ദങ്ങനെയാണ് ഈ ഞ്യാന്‍ ദിവിടെയെത്തിയത്.
ഇംഗ്ലണ്ടിലെത്തി പഠിപ്പൊക്കെ കഴിഞ്ഞ് ജോലി കിട്ടിക്കഴിഞ്ഞപ്പോള്‍....
ദാണ്ടേ.....എനിക്കൊരാഗ്രഹം.
വളയിട്ട കൈകൊണ്ടു കൊണ്ട് വിളമ്പിയ കുത്തരിചോറും,നല്ല നാടന്‍ കറികളും കൂട്ടി ആഹാരം കഴിക്കണം.
ആഗ്രഹങ്ങള്‍ ചൂണ്ടിയ വഴിയേ ഞാന്‍ മുന്നോട്ടു പോയി.
നാട്ടില്‍ പോയി ആര്‍ഭാടമായി പെണ്ണ് കെട്ടി,പെമ്പ്രന്നോത്തിയേയും കൂട്ടി ഇങ്ങോട്ട് പോന്നു.
മധുവും.വിധുവും,വിധുബാലയും ഒക്കെയായി മധുവിധു കാലം ഞങ്ങള്‍ ലണ്ടനില്‍ അടിച്ചു പൊളിച്ചു.
വര്‍ഷങ്ങള്‍ കടന്നു പോയതറിഞ്ഞില്ല.....
ഉണ്ണികള്‍.......
ഒന്ന്......
രണ്ട്....
മൂന്ന്...
എന്‍റെമ്മോ!!
ദാണ്ടേ...നാല്.
നാലാമത്തെ സന്താനത്തെ പ്രസവിച്ച് ഹോസ്പിറ്റലില്‍ കിടക്കുമ്പോള്‍ ആലീസ് പറഞ്ഞു.
“ഇനിയെങ്ങാനും ഇക്കാര്യം പറഞ്ഞു കൊണ്ട് ഇങ്ങോട്ടെങ്ങാനും വന്നാല്‍.....അറിയാലോ?”.
അവളുടെ തനി സ്വഭാവം അറിയാവുന്ന ഞാന്‍ പൂച്ചയെ പോലെ വാല് ചുരുട്ടി,മിണ്ടാതെ മൃക്കാതെ ഒരു മൂലയ്ക്ക് പോയിരുന്നു.
പെണ്ണ് കാണാന്‍ ചെന്നമ്പോള്‍ എന്തൊരു നാണമായിരുന്നു ഇവള്‍ക്ക്!.
ഇപ്പൊ കണ്ടോ?.
കല്യാണശേഷം ഇവളുമാരുടെ സ്വഭാവം മാറുന്നത്.
ചുമ്മാതല്ല ദൈവം തമ്പുരാന്‍ സ്ത്രീയെ ഇങ്ങനെ സൃഷ്ടിച്ചത്!.
എങ്ങനെ?.
ഒത്തിരി കഷ്ടപ്പെട്ട്.......ബുദ്ധിമുട്ടിയാണ് ദൈവം പെണ്ണിനെ സൃഷ്ടിച്ചത്.
സൃഷ്ടികര്‍മത്തിന് ശേഷം അദ്ദേഹം അല്പം ദൂരെ മാറി നിന്ന് അവളെ ഒന്ന് വീക്ഷിച്ചു.
അവള്‍ അതീവ സുന്ദരിയായിരിക്കുന്നു എന്ന് കണ്ടു.
യാതൊരുവിധ കുറ്റവും അവളില്‍ കണ്ടെത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല.
“പക്ഷേ! സ്ത്രീയെ ഈയവസ്ഥയില്‍ തുടരാന്‍ അനുവദിച്ചു കൂടാ” ഒടേതമ്പുരാന്‍ മനസ്സില്‍ പറഞ്ഞു.
അനുവദിച്ചാല്‍,പുരുഷന്മാരായ മണ്ടശിരോമണികള്‍ അവരുടെ ജീവിത ലക്ഷ്യങ്ങള്‍ എല്ലാം മറന്ന് ഈ സൌന്ദര്യ ധാമങ്ങളെ നോക്കിയിരുന്നു പോകും....
അതനുവദിച്ചുകൂടാ.
ദൈവം തമ്പുരാന്‍ തല പുകഞ്ഞാലോചിച്ചു...
തലങ്ങും.....വിലങ്ങും നടന്നു...
അവസാനം ഒടേതമ്പുരാന്‍ അവളുടെ വായില്‍ ഒരു സാധനം ഫിറ്റു ചെയ്തു.
എന്ത് സാധനം?
നാക്ക്‌.........
ആ നാക്കാണ് എന്‍റെ പെമ്പ്രന്നോത്തി ഇപ്പോള്‍ എടുത്തു പ്രയോഗിച്ചിരിക്കുന്നത്‌.
കുഞ്ഞുങ്ങളും,കുഞ്ഞുകുട്ടി പരാതീനങ്ങളുമായി ജീവിതം അങ്ങനെ കുശാലായി മുന്നേറുകയാണ്.....
അപ്പോള്‍ അതാ...
അപ്പന്‍സിനു വീണ്ടുമൊരാഗ്രഹം...
ദൈവമേ! ഈ അപ്പന്‍മാരുടെ ഓരോരോ ആഗ്രഹങ്ങളേ!
മരിക്കുന്നതിനു മുന്‍പ്,അമ്മച്ചിയോടൊപ്പം ബ്രിട്ടണില്‍ വന്ന്‌ ഞങ്ങളോടൊപ്പം കുറച്ചു നാള്‍ ഉണ്ടുറങ്ങി കുളിച്ചു താമസിക്കണം....
ഞാന്‍ ഒട്ടും മടിച്ചില്ല....
ഉടനെ കൊടുത്തു.വിസിറ്റിംഗ് വിസയും ഫ്ലൈറ്റ് ടിക്കറ്റും.
നല്ല ഒരു ബ്രിട്ടീഷ്‌ സമ്മര്‍ കാലത്ത് നാട്ടിലെ വെയിലും കൊണ്ട് അപ്പച്ചനും അമ്മച്ചിയും ഇവിടെ പറന്നിറങ്ങി.
അപ്പച്ചനും അമ്മച്ചിയ്ക്കും ഒത്തിരി ഒത്തിരി കൌതുകങ്ങള്‍ കരുതി വച്ചിരുന്നു സായിപ്പിന്‍റെ ഈ നാട്.
ഞങ്ങള്‍ ആ കൌതുക കലവറകള്‍ ഒന്നൊന്നായ് അവര്‍ക്കായി തുറന്നു കൊടുത്തു.
ബ്രിട്ടീഷ്‌ സമ്മര്‍ അവര്‍ ശരിക്കും ആസ്വദിച്ചു.
അങ്ങനെയിരിക്കെ......
ഞങ്ങള്‍ രണ്ടു പേരും ജോലിക്ക് പോയി തിരിച്ചു വന്ന ഒരു ദിവസം.
കാറില്‍ നിന്നും ഇറങ്ങി വീട്ടിലേക്കു നടക്കുമ്പോള്‍ വീടിനു ചുറ്റും കറികളുടെ ഒരു സുഗന്ധക്കൂട്ട് പരന്നു നില്‍ക്കുന്നു. .
ഓ!! അത് ഇവിടെ എല്ലാ മലയാളികളുടെയും വീട്ടിലേക്കു കയറുമ്പോള്‍ കിട്ടുന്ന മണമല്ലേ!!
എന്നായിരിക്കും നിങ്ങളുടെ ചിന്ത.
അത് കറക്റ്റ്...
പക്ഷെ! ഇത് നല്ല വറുത്തരച്ച നാടന്‍ പോത്തിറച്ചി വരട്ടിയ മണം.
അവന്‍ ഗുമു...ഗുമാ...മൂക്കിലേക്ക് അടിച്ചു കയറുന്നു.....
നല്ല നാടന്‍ കുരുമുളക് പൊടിയൊക്കെ ചേര്‍ത്തിളക്കി,ഒരു പെരളന്‍ പരുവത്തില്‍ അവന്‍,അങ്ങനെ......ചട്ടിയില്‍ കിടന്നു വിറക്കുകയാണ്.
നല്ല നെയ്യോടു കൂടിയ പോത്തിറച്ചി വരട്ടിയത്.
എന്‍റെ ഇളയ സന്താനം ഉണ്ണിക്കുട്ടന് ഏറ്റവും ഇഷ്ടപെട്ട കറി.
അവനു അതിലെ നെയ്ത്തുണ്ടമാണ് ഏറെ ഇഷ്ടം.
അതറിയാവുന്ന എന്‍റെ പ്രിയതമ വളയിട്ട,അവളുടെ ആ കൈകൊണ്ടു കുറച്ച് ഇറച്ചി കഷണങ്ങളും അതിലേറെ നെയ്‌ തുണ്ടങ്ങളും ഒരു പാത്രത്തിലേക്ക് പകര്‍ന്നു.
അതിനു ശേഷം അവള്‍ ഉണ്ണിക്കുട്ടനെ നീട്ടി വിളിച്ചു.
“ഉണ്ണിക്കുട്ടാ”....
“ഓടി....വാ...”
“ദേ...മമ്മി എന്താ മോന് എടുത്തു വച്ചിരിക്കുന്നത് എന്ന് നോക്കിയേ?”
“നല്ല സ്റ്റോഫായ ബീഫ് കറി”.
നല്ല സോഫ്റ്റ്‌ ആയ നെയ്‌കഷണത്തിനെ അവന്‍ സ്റ്റോഫായ പീസ് എന്നാണ് പറയുന്നത്.
ഉണ്ണിക്കുട്ടന്‍റെ കുഞ്ഞു വായിലേക്ക് ആലീസ് ഒരു സ്റ്റോഫായ പീസ് എടുത്തു വച്ചു കൊടുത്തു അവന്‍ ആര്‍ത്തിയോടെ അത് തിന്നുവാന്‍ തുടങ്ങി....
“ത്പ്പൂ”!!
അവന്‍ പുറത്തേക്ക് ഒറ്റത്തുപ്പ്‌...
“ത്പ്പൂ”!!.......“ത്പ്പൂ”!!.....
ഡൈനിംഗ് ടേബിള്‍ മുഴുവന്‍ അവന്‍ തുപ്പിക്കൂട്ടി വൃത്തികേടാക്കി.
“ഉണ്ണിക്കുട്ടാ”!
ആലീസ് ഉച്ചത്തില്‍ അലറി.
“എന്തായിത്?”
ഉച്ചത്തിലുള്ള അവളുടെ അലര്‍ച്ച കേട്ടു ഞാന്‍ ഓടിച്ചെന്നു.
പാവം ഉണ്ണിക്കുട്ടന്‍ പേടിച്ചു വിറച്ചു നില്‍ക്കുന്നു.
ഞാന്‍ ക്ഷമയോടെ അവനോടു കാര്യങ്ങള്‍ തിരക്കി.
“ഡാഡി”.....
“ഇറ്റ്‌ ഈസ്‌ നോട് സ്റ്റോഫ് പീസ്‌”
ഞാന്‍ പോത്തിറച്ചി വരട്ടിയതിലേക്ക് സൂക്ഷിച്ചു നോക്കി.
“ഡാഡി...ടേക്ക് ദാറ്റ്‌ പീസ്‌”
അവന്‍ പറഞ്ഞ നെയ്‌കഷണം ഞാന്‍ പാത്രത്തില്‍ നിന്നും എടുത്തു രുചിച്ചു നോക്കി.
“ത്പ്പൂ”!!
അവനെപ്പോലെ ഞാനും അത് പുറത്തേക്ക് തുപ്പി.
ഇത് കണ്ട ആലീസിനു ഒന്ന് കൂടി കലിയിളകി.
“നിങ്ങളെന്താ! ഈ കാണിക്കുന്നത്!”.
“ദെഷ്യഗഡികള്‍!!”.
അവള്‍ വലത്തെ കയ്യുടെ തള്ള വിരല്‍ മേലേക്കുയര്‍ത്തി വലത്തോട്ടു രണ്ടു പ്രാവശ്യം വെട്ടിച്ച്,അതേ സമയം തന്നെ തല മേലേക്കുയര്‍ത്തി അങ്ങോട്ടും ഇങ്ങോട്ടും വെട്ടിച്ചിട്ട് പിന്നെയും പറഞ്ഞു.
“ദെഷ്യഗഡികള്‍!!”.
അവള്‍ക്കു ദേഷ്യം വരുമ്പോള്‍ അവള്‍ ഞങ്ങളെ വിളിക്കുന്ന പേരാണ്.
“ദെഷ്യഗഡികള്‍”.
“പോത്തിറച്ചിയില്‍ നെയ്കഷണത്തിനു പകരം കട്ടിയുള്ള സ്പോഞ്ച് കഷണം ആണെടി പോത്തെ!”.
ഞാന്‍ ആക്രോശിച്ചു.
ബഹളം കേട്ട് അപ്പനും അമ്മയും അടുക്കളയിലേക്കു ഓടി വന്നു.
“ഇതെങ്ങനെ പറ്റി?”
ഞാന്‍ അമ്മയോട് ചോദിച്ചു.
അമ്മയാണല്ലോ ഈ കറിയുടെ സൃഷ്ടി കര്‍മം നടത്തിയ മഹതി.
“ഡാ....മോനെ ഇക്ണു”.
“നീ ഇന്നലെ ആസാദിന്‍റെ കടയില്‍ (ASDA SUPER MARKET) നിന്നും വാങ്ങിത്തന്ന പോത്തിറച്ചി പ്ലാസ്റ്റിക്‌ ബോക്സ്‌ തുറന്നു നുറുക്കിയത് അപ്പച്ചനാണ്”.
“അതില്‍ ഇറച്ചിയുടെ അടിയില്‍ മാറ്റി വെച്ചിരുന്ന നെയ്കഷണവും അപ്പച്ചന്‍ ഇതില്‍ നുറുക്കി ഇട്ടിരുന്നു”.
ഞാന്‍ എന്‍റെ രണ്ടു കയ്യും തലയുടെ പുറകില്‍ ചേര്‍ത്തു വച്ചിട്ട് പറഞ്ഞു.
“ഓ!....എന്‍റെ അപ്പച്ചാ!.
“അപ്പച്ചന്‍ അതും നുറുക്കി കറിയില്‍ ഇട്ടോ?”.
അപ്പച്ചനും അമ്മച്ചിയും എന്നെ കണ്ണു മിഴിച്ചു നോക്കി.
അവര്‍ക്ക് ഒരെത്തും പിടിയും കിട്ടുന്നില്ല.
“ഹെന്‍റെ അമ്മച്ചി....അത് ഇറച്ചിയിലെ ചോരയും വെള്ളവും വലിച്ചെടുക്കാന്‍ വച്ചിരിക്കുന്ന സ്പോഞ്ചല്ലേ!”.
ഇത് കേട്ടതും കലി മൂത്ത്,കുലംകുത്തിയായി നിന്ന ആലീസ് പൊട്ടിച്ചിരിച്ചു.
ഞങ്ങളെല്ലാം ആ പൊട്ടിച്ചിരിയില്‍ പങ്കു ചേര്‍ന്നു...അതിനിടയില്‍ അപ്പച്ചന്‍റെ അവ്യക്തമായ സ്വരം.....
“ഓ!...എന്നാലും,ഈ സായിപ്പിന്‍റെ ഓരോ കണ്ടുപിടുത്തങ്ങളേ!”.
ചെറുകഥ
റോയ് പാനികുളം

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo