Showing posts with label ഫർസാനയൂസഫ്. Show all posts
Showing posts with label ഫർസാനയൂസഫ്. Show all posts

അവിവാഹിത (ചെറുകഥ)


അങ്ങനെ ജീവിതത്തിന്റെ അറുപത്തിമൂന്നാം വർഷത്തിനും വിട..
അർത്ഥമില്ലാത്ത അറുപത്തിമൂന്ന് വർഷങ്ങൾ..
ഓർക്കാൻ ഏറെ ഇഷ്ടപ്പെടുന്ന ബാല്യത്തിന്റെ വർഷങ്ങൾ..
മഴ നനഞ്ഞൊലിച്ചു തൊടിയിൽ ഓടിക്കളിച്ചതും ഒടുവിലാ കുഞ്ഞുകാൽമുട്ടിൽ മുറിവുമായി പതുങ്ങിപ്പതുങ്ങി വീട്ടിൽ കയറിവന്നതും അമ്മയുടെ കയ്യിലെ അടിയുടെ ചൂട് അറിഞ്ഞു തേങ്ങിക്കരഞ്ഞതും... സന്ധ്യക്ക് അപ്പൂപ്പന്റെ കൂടെയുള്ള നാമം ചൊല്ലലും.. തുടർന്ന് അച്ഛന്റെ കയ്യിൽ നിന്നുള്ള ചോറുരുളയും.. നാരങ്ങാമിട്ടായിയുടെ മധുരത്തിലാണ് സ്കൂളിൽ നിന്ന് വീട്ടിലേക്കുള്ള യാത്ര..
മനസ്സിനെ കുളിർപ്പിക്കും ഓർമ്മകൾ മാത്രമേ എന്റെ ബാല്യം എനിക്ക് തന്നിട്ടുള്ളു..
വസന്തം എന്നെ നോക്കി പുഞ്ചിരി തൂകിയ കൗമാരവും.. ശിശിരം എന്നെ നോക്കി അസൂയപ്പെട്ട യൗവനവും.. തീരെ മോശം ഓർമ്മകൾ ഒന്നുംതന്നെ നൽകിയിട്ടില്ല.
പതിനെട്ടാം വയസ്സിലാണ് ഞാൻ പ്രീഡിഗ്രിക്ക് ചേരുന്നത്.. എന്റെ ക്ലാസ്സിൽ ഏറ്റവും പ്രായമേറിയ വിദ്യാർത്ഥിനി ഞാനായിരുന്നു.. അഞ്ചാംക്ലാസ്സിലും ഒൻപതാംക്ലാസ്സിലും ഞാനൊന്ന് പാളിപോയിരുന്നു മുൻപ്..
മറ്റു കുട്ടികളെക്കാളും ചെറിയ പ്രായകൂടുതൽ ഉണ്ടായതു കൊണ്ടാവാം.., കൂടിയിരുന്നു കഥ പറയുമ്പോഴും.. കലാകായികപ്രവർത്തങ്ങളിലും എല്ലാം കൂടുതൽ മികവ് കാണിക്കുന്ന ഒരാളായി ഞാൻ..
ഒറ്റക്കേറെ ദൂരം യാത്ര ചെയ്യാനും.. എന്തിനും ഏതിനും പ്രതികരിക്കാനും.. കാണിക്കുന്ന മിടുക്കു കൊണ്ട് ഒരു പക്വതയാർന്ന എന്നെ തന്നെ ഉണ്ടാക്കിയെടുക്കുവായിരുന്നു ഞാൻ..
മഴയോടുള്ള പ്രണയവും.. ഞാനും എന്റെ അമ്മയുമടക്കമുള്ള സ്ത്രീകളോട് തോന്നിയ അമിതമായ ആദരവും.. നീണ്ടുപരന്നു കിടക്കുന്ന ഈ ലോകത്തോടുള്ള അത്ഭുതവും.. ഓരോ കാഴ്ചകളിലും മനുഷ്യരിലും തോന്നിയ ജിജ്ഞാസയും ഞാനെന്ന വ്യക്തിയിൽ പടർന്നു പിടിച്ച കാലമായിരുന്നു എന്റെ ഇരുപത്തിയൊന്ന് വയസ്സിനു ശേഷം വന്ന ആ നാളുകൾ..
എന്റെ സമപ്രായക്കാരി ആയ അയല്പക്കത്തെ ഫാത്തിമക്ക് കുട്ടികൾ രണ്ടാണ് അന്ന്.. ഒരുമിച്ചു പഠിച്ച സീതക്കും അഞ്ജലിക്കും എല്ലാം കല്യാണമായിട്ടുണ്ട്..
അച്ഛന്റെ മനസ്സിലെ വ്യാകുലത മൂലം അമ്മയുടെ മുഖത്തെ കാർമേഘങ്ങളും വളർന്നു വലുതായിട്ടുണ്ട്..
എന്നിലെ വാശി അതിനേക്കാൾ ഉയരത്തിലും വളർന്നു നിക്കുന്ന ആ നാളുകളിൽ തന്നെയാണ് അപ്പൂപ്പനും ആത്മാവ് ഇവിടെ അഴിച്ചുവെച്ചിട്ടു മറഞ്ഞുപോയത്..
ലോകം ചുറ്റിക്കാണാനും ഒരുപാട് നഗരങ്ങളെ അറിയാനും മാത്രമേ എനിക്ക് മോഹമുണ്ടായുള്ളു.. ജീവിതം മറ്റൊരാളുമായി പങ്ക് വെക്കുമ്പോഴുണ്ടാകുന്ന സ്വാതന്ത്ര്യക്കുറവ് എനിക്ക് ചിന്തിക്കാനേ കഴിയില്ലായിരുന്നു..
അങ്ങനെ മൂന്ന് വർഷക്കാലം എറണാംകുളത്തെ ഒരു മാസികയിൽ ജോലി ചെയ്തു.. കേരളത്തിലെ ഒരുപാട് സ്ഥലങ്ങളൊക്കെ കറങ്ങിത്തിരിഞ്ഞു ഒടുവിൽ ബാംഗ്ലൂരിൽ എത്തി.. ബാംഗ്ലൂരിന്റെ തിക്കും തിരക്കും ആൾക്കൂട്ടവുമൊന്നും എനിക്ക് മടുക്കുന്നേ ഉണ്ടായില്ല..
വ്യത്യസ്തമായ നാടുകൾ.. ഭാഷകൾ.. ആളുകൾ.. സംസ്കാരങ്ങൾ.. ഒരുപാട് കണ്ടു.. തന്റേടിയായ ഒരു പെണ്ണിന്റെ അഹങ്കാരം ഒന്നുമല്ല.. ജിജ്ഞാസയേറിയ ഒരുകുഞ്ഞിന്റെ കുറുമ്പായിട്ടേ എന്റെ അച്ഛനും അമ്മയും ഇതിനെ കണ്ടിട്ടുള്ളു..
കാലമിത്രയൊക്കെയായി.. അച്ഛനും അമ്മയും എല്ലാം എന്നിൽനിന്ന് വേറിട്ട് പോയിരിക്കുന്നു..
പഠിക്കുന്ന സമയത്തും തുടർന്നുള്ള കാലങ്ങളിലും മറ്റുള്ളവരുടെ പ്രണയവും സ്നേഹവും നിരസിച്ച ഞാൻ തന്നെയാണ് ഇന്നതേറെ കൊതിക്കുന്നതും..
കാലം പോലും പ്രണയിക്കാത്ത എന്റെ വാർദ്ധക്യത്തെ.. ചലനമറ്റ ഇടതുകൈവിരലുകളിൽ .. നര ബാധിച്ച മുടിയിഴകളിൽ.. മങ്ങിയ കണ്ണുങ്ങളിൽ.. നോക്കി ഇനി ആരും കൂട്ടിനു വരില്ലെന്നോർത് ഞാൻ തേങ്ങിപ്പോയി..
വല്ലാത്ത ഒരു നഷ്ടബോധം തോന്നിത്തുടങ്ങിയിരുന്നു..
മഴയെയും മഞ്ഞിനേയും കാറ്റിനെയും വയലിനെയുമെല്ലാം പ്രണയിച്ച എന്റെ മനസ്സിലുള്ള ആ പ്രണയം ആർക്കും നല്കാൻ കഴിയാത്തതിൽ..
പൈക്കിടാവിനോടും കുഞ്ഞിക്കിളികളോടും തോന്നുന്ന ആ വാത്സല്യം ഒരു കുഞ്ഞിന് നല്കാൻ കഴിയാത്തതിൽ..

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo