Showing posts with label നിലീനസ്കറിയ. Show all posts
Showing posts with label നിലീനസ്കറിയ. Show all posts

ജലം.


പ്രതീക്ഷകളോ സ്വപ്നങ്ങളോ ഇല്ലാത്ത ഒരു ജീവിതം.... ജലമാണ് ഞാൻ....
ശാന്തമായ ജലം...
ഒഴുകാനായിരുന്നു കൊതിയും ഇഷ്ടവും...
ഒഴുകിയിരുന്നു ഞാനൊരിക്കൽ....മണ്ണിനടിയിലൂടെ ഒരു നീരൊഴുക്കായി.
ഒഴുകി ഒഴുകിയെത്തിയത് ആഴമുള്ള ഒരു കിണറിലേക്കായിരുന്നു... ആരോ കുഴിച്ച ആഴമുള്ള ഒരു കിണർ....
വർഷക്കാലം വന്നപ്പോൾ നിറഞ്ഞുകവിഞ്ഞു പുറത്തേക്കൊഴുകാൻ വെമ്പി..
ഒരു കൈപ്പാടകലെ വെച്ച് ഞാൻ മനസിലാക്കി വർഷക്കാലം കഴിഞ്ഞു എന്ന്....
വേനലിനായി ഞാൻ നോമ്പുനോറ്റു...
വേനലിന്റെ കടുത്ത ചൂടിൽ നീരാവിയായി നേർത്തുപറന്ന് അലിഞ്ഞില്ലാതാവാനായിരുന്നു എന്റെ കാത്തിരിപ്പ്... പക്ഷെ ഒരിക്കലും വറ്റാത്ത നീരുറവയാണെന്ന തിരിച്ചിവ് അവിടെയും എന്നെ നിരാശയാക്കി....
കിണറിന്റെ രൂപവും ആഴവുമായിരുന്നു എനിക്ക്.. നോക്കുന്നവർക്ക് കൗതുകവും ഭയവും ഒരുപോലെ തോന്നിയിരുന്നത്ര ആഴം.....
യന്ത്രം വെച്ചു ചുഴറ്റിയെടുത്തു എന്നെ വലിയ ഒരു പാത്രത്തിലാക്കി.... അവിടെ ആ പാത്രത്തിന്റെ രൂപവും ഭാവവുമായിരുന്നു എനിക്ക്... ആ പാത്രത്തിലെ എനിക്ക് പല ധർമ്മങ്ങളുണ്ടായിരുന്നെന്ന് ഞാൻ തിരിച്ചറിഞ്ഞു....അലക്കാനും തുടയ്ക്കാനും വൃത്തിയാക്കാനും ഭക്ഷണമൊരുക്കാനും ദാഹം മാറ്റാനും ആയി ഞാൻ അഹോരാത്രം പണിപ്പെട്ടു... പക്ഷെ ആർക്കും തൃപ്തിയായില്ല. എന്നെ ഭംഗിയുള്ള പല പാത്രങ്ങളിൽ നിന്നും അതിലും ഭംഗിയുള്ള പാത്രങ്ങളിലേക്കായി മാറ്റിക്കൊണ്ടേയിരുന്നു....
എല്ലാ പാത്രങ്ങളും അടഞ്ഞിരുന്നു.... അവയുടെ രൂപമായിരുന്നു അപ്പോളെനിക്ക്..ശ്വാസം മുട്ടിക്കുന്ന പോലെ...
അടഞ്ഞിരുന്ന പാത്രത്തിലിരുന്നു ഒഴുകുന്ന ജലത്തിന്റെ സ്വാതന്ത്യത്തെ കുറിച്ചോർത്തു ഞാൻ കരഞ്ഞു.
ഒഴുകുന്ന ജലത്തിനു സ്വപ്നങ്ങളുണ്ട്....
ഏതോ ഒരു തീരം അഥവാ എന്തോ ഒരുു ലക്ഷ്യം, അതിലേക്ക് അതിവേഗമോ അല്ലെങ്കിൽ ശാന്തമായോ എത്താനൊരു വ്യഗ്രതയുണ്ട്.. സ്വാതന്ത്ര്യവുമുണ്ട്.
അടഞ്ഞ പാത്രത്തിലെനിക്ക് ഇരുട്ട് മാത്രമായിരുന്നു കൂട്ട്.
ധർമ്മങ്ങളുടെ ആഴം തിരിച്ചറിയുന്നു ഞാൻ...
തീച്ചൂളയിൽ ഇരിക്കുന്തോറും ഇരിക്കുന്ന പാത്രത്തിന്റെ ചൂടേറുന്നു. പാത്രത്തിനു ചൂടു കൂടുംതോറും എനിക്കതിൽ നിലനിൽപ്പില്ലാതാവുന്നു... നീരാവിയായി ഇല്ലാതാവുന്നു എന്നിലൊരംശം....
തണുത്തുറഞ്ഞ മൗനം എന്നിൽ അരിച്ചിറങ്ങുന്നു... അതിന്റെ കയ്യിലമർന്നു മഞ്ഞുകട്ടയായി ഉറഞ്ഞുകൂടുകയാണിന്ന് ഞാൻ..
അതും ഇരിക്കുന്ന പാത്രത്തിന്റെ രൂപത്തിൽ മാത്രം....
വ്യക്തിത്വം ഇല്ലാത്ത ഞാൻ...
ജലം...
നിലീന സ്കറിയ

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo