നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

എന്റെ മാമി....

സൗഹൃദങ്ങൾക് ജീവിതത്തിൽ ഒരുപാട് പ്രാധാന്യം നൽകാത്തൊരാളായിരുന്നു ഞാൻ.. അതുകൊണ്ട്തന്നെ സുഹൃത്തുക്കളും നന്നേ കുറവ്. ഉള്ളവരൊക്കെ അന്നും ഇന്നും ഒരു നിഴലുപോലെ ഒപ്പമുണ്ട്, ഒരാളൊഴികെ., എന്റെ മാമി....
മാമി എന്നുപറഞ്ഞാൽ ഒരുപേരല്ല, ശരിക്കും എന്റെ മാമി.. അമ്മയുടെ അനുജന്റെ ഭാര്യ.. എനിക്ക് ഏഴുവയസ്സുള്ളകുപ്പോഴാണ് മാമന്റെ വിവാഹം കഴിഞ്ഞത്.. എന്റെ വല്യമ്മയുടെ മകൾ സൂര്യ., ഞാനും അവളും സമപ്രായക്കാരാണ് പോരാത്തതിന് പഠിക്കുന്നത് ഒരേ ക്ലാസ്സിലും.. ബഞ്ചു മാത്രം മാറ്റം ഞാൻ ഫസ്റ്റ് ബഞ്ചിൽ ഒന്നാമതും അവൾ ലാസ്‌റ് ബഞ്ചിൽ ഒന്നാമതുമെന്നുമുള്ള ചെറിയൊരു വ്യത്യാസം..
ഞങ്ങളുടെ സൗഹൃദത്തിനിടയിലേക്ക് അന്നാണ് രാജിമാമി ആദ്യമായി പടികടന്നെത്തിയത്... മാമന്റെയും മാമിയുടെയും കല്യാണ കാസറ്റിൽ അവർ അമ്പലത്തിനു ചുറ്റും വലം വയ്ക്കുമ്പോൾ, വെള്ളയിൽ ചുവന്നപൂക്കളുള്ള കാല്പാദം മൂടുന്ന ഫ്രോക്ക് മുട്ടോളമുയർത്തി ഞാനും സൂര്യയും അവർക്കുപിന്നിൽ തോഴിമാരെപ്പോലെ നടന്നു.. അതുകാണുമ്പോഴൊക്കെ മാമി പറയും, ദാ കണ്ടോ അന്നുതുടങ്ങിയതാ രണ്ടും എന്റെ പിറകെയുള്ള ഈ നടപ്പ്..
എന്നേക്കാൾ പത്തുപതിനഞ്ചു വയസ്സോളം പ്രായക്കൂടുതൽ ഉണ്ടായിരുന്നിട്ടും ഞാനും മാമിയും ഏറ്റവും അടുത്ത സുഹൃത്തുക്കളായി. മാമിക്കറിയാത്ത, അവരോട് പറയാത്ത ഒരു രഹസ്യവും എനിക്കുണ്ടായിരുന്നില്ല. വല്ലപ്പോഴും 'അമ്മയുടെ തറവാട്ടിൽ പോകാറുണ്ടായിരുന്നു ഞാൻ, ഒരു അവധി കിട്ടിയാൽ അപ്പോഴേ അങ്ങോട്ടേക്ക് പോകുക പതിവായി.. അതിനിടയിൽ മാമി ഒരാൺകുഞ്ഞിനു ജന്മം നൽകി.. വെളുത്തു ചുവന്നൊരു സുന്ദരക്കുട്ടൻ. വലുതാകുമ്പോൾ അവനെ എനിക്കു കെട്ടിച്ചുതരാമെന്നു തമാശ പറയും..
അങ്ങനെ ഞാൻ ഹൈസ്കൂളിന്റെ പടികൾ കയറി. അമ്മയുടെ തറവാടിന് അടുത്തുതന്നെയായിരുന്നു സ്കൂൾ, അതിനാൽ ഉച്ച ഭക്ഷണം അവിടുന്നായി. ചാച്ചന്റെ വകയായി ഒരു സൈക്കിൾ സമ്മാനം കിട്ടിയതുകൊണ്ട് അതിലായിരുന്നു എന്റെ യാത്രകൾ
ഭക്ഷണത്തിന്റെ കൂടെ കല്ലിലരച്ച മാങ്ങാച്ചമ്മന്തിയും മുട്ട പൊരിച്ചതും എല്ലാദിവസവും എനിക്കു നിർബന്ധമായിരുന്നു, അതില്ലായെങ്കിൽ ഞാൻ കഴിക്കാതെ പിണങ്ങിപ്പോകും, അതുകൊണ്ട്തന്നെ, എന്നും നല്ല രുചിയുള്ള തേങ്ങാ ചമ്മന്തിയും മുട്ടയും മാമി എനിക്കായി കരുതിവയ്ക്കും.. ഊണിനൊപ്പം അതുവരെ നടന്ന കാര്യങ്ങളൊക്കെ ഞാൻ വിവരിക്കും.. എന്റെ വീരസാഹിത്യങ്ങൾകേട്ട് മാമി ഉറക്കെച്ചിരിക്കും.. ഒരു പ്രതേകതരം മണികിലുങ്ങും പോലുള്ള ചിരി,ഇതുകേൾക്കുമ്പോഴൊക്കെ വീട്ടിലെ ചിന്നു തത്ത മാമിയെ അനുകരിച്ചു അത്പോലെ ചിരിക്കും.. ഇത്കാണുമ്പോൾ മാമി വീണ്ടും ചിരിക്കും തത്തമ്മയും വിട്ടുകൊടുക്കില്ല മാമി ചിരി നിർത്തുംവരെ അത് ചിരിച്ചുകൊണ്ടിരിക്കും
പ്ലസ്ടു കഴിഞ്ഞു, തുടർ പഠനത്തിനായി കേരളം വിട്ടശേഷം ഫോൺ വിളികൾ കുറവായിരുന്നു.. എങ്കിലും ലീവിന് നാട്ടിലെത്തിയാൽ അവധിയുടെ സിംഹഭാഗവും ഞാൻ മാമിയുടെ കൂടായിരിക്കും.. പഠിത്തമൊക്കെ കഴിഞ്ഞു ഞാൻ പഠിച്ചിടത്തുതന്നെ ജോലിക്കും കയറി.. നാട്ടിലേക്കുള്ള പോക്കുകൾ വിരളമായി, ഒരിക്കൽ അമ്മവിളിച്ചപ്പോൾ പറഞ്ഞു., മാമിക് ക്യാൻസർ ആണെന്ന്.. ആരെയും അറിയിച്ചിരുന്നില്ലെന്നും ഒരു ബ്രെസ്റ്റ് നീക്കം ചെയ്‌തെന്നും, അതെനിക്കു വലിയൊരു ഷോക്കായിരുന്നു..
അന്നു വൈകുന്നേരം ഞാൻ മാമിയെ വിളിച്ചു.. പക്ഷെ പഴയപോലെ മാമി ചിരിച്ചില്ല, ഒന്നും അറിയാത്തവളെപ്പോലെ ഞാൻ മാമിയെ തമാശകൾ പറഞ്ഞു ചിരിപ്പിക്കാൻ ശ്രമിച്ചു.. പക്ഷെ മാമിയപ്പോഴും നിശ്ശബ്ദയായിരുന്നു.. ആ നിശബ്ദത എന്റെ നെഞ്ചിന്റെ കനം കൂട്ടി, ഒരുവിധം ഞാൻ ഫോൺ വച്ചു.
പിന്നീട് നാട്ടിൽ പോയപ്പോൾ അടുത്തദിവസംതന്നെ ഞാൻ മാമിയെ കാണാൻ പോയി.. എന്നെക്കണ്ടതും മാമി വിളറിയൊരു ചിരിചിരിച്ചു.. കാപ്പിയുമായി എന്റടുത്തു വന്നിരുന്നു, വിഷാദം നിഴലിച്ച അവരുടെ മുഖത്തെ വരണ്ടുണങ്ങിയ ചുണ്ടുകൾ ശബ്ദിച്ചു..
"നിന്റെ കല്യാണത്തിന് അഷ്ടമംഗല്യമെടുക്കാൻ മാമിക്ക് ഭാഗ്യമുണ്ടാവുമോടി !, അതുവരെ ഞാനുണ്ടാകുമോ അറിയില്ല "..
അത് പറയുമ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു...
" എന്താ മാമിയിത്, എന്തിനാ ആവശ്യമില്ലാത്തതൊക്കെ ചിന്തിക്കുന്നേ.. ക്യാൻസർ ബാധിച്ച എത്രയോപേർ സുഖപ്പെട്ടിരിക്കുന്നു. മാമിയ്ക്കും സുഖമാകും, എന്റെയെന്നല്ല എന്റെമോളുടെ വരെ അഷ്ടമംഗല്യം ഞാൻ മാമിയെകൊണ്ടെടുപ്പിക്കും"
ഞാൻ മാമിയെ സമാധാനിപ്പിച്ചു
"മാറുമായിരിക്കും അല്ലേ !"..
വിദൂരതയിലേക് കണ്ണുകളൂന്നി അവർ അവരോടുതന്നെ ചോദിക്കും പോലെ തോന്നി...
"നിനക്കൊരു കാര്യം കാണണോ ?..
"ന്താ മാമി ഞാൻ ചോദിച്ചു.. "
അവർ തലമറച്ചിരുന്ന ഷാൾ പതിയെമാറ്റി...
"ആഹാ മുടിവെട്ടി സ്‌ട്രൈറ്റ് ചെയ്തല്ലേ കൊള്ളാല്ലോ "..
ഞാൻ പറഞ്ഞു.. ഒരു ചെറുപുഞ്ചിരിയോടെ മാമി തലയിലെ വിഗ്ഗ് ഊരിമാറ്റിയപ്പോൾ തുറിച്ചുപോയ എന്റെ കണ്ണുകളിൽ പൊടിയുന്നത് ചോരയായിരുന്നോ ?...അറിയില്ല, മരവിച്ചിരുന്നുപോയി ഞാൻ.
മാമിയുടെ ഇടതൂർന്ന ചുരുണ്ട മുടിയിഴകൾ മുഴുവൻ കീമോ കാർന്നു തിന്നിരിയ്ക്കുന്നു... കാര്യങ്ങൾ ഇത്രത്തോളം ദയനീയമായിരുന്നെന്നു ഞാൻ കരുതിയിരുന്നില്ല.. ചിരിച്ചുകൊണ്ടിരുന്ന ഒരാളുടെ ചിരിമാഞ്ഞ ആശനശിച്ചമുഖം കാണാനുള്ള ധൈര്യം ഇല്ലാത്തതിനാൽ പിന്നെഞാനവിടേക് പോകാൻ മടിച്ചു.. മാമിയെ എന്തുപറഞ്ഞു ഞാൻ സമാധാനിപ്പിക്കും, എനിക്ക് ആദ്യമായി വാക്കുകൾക്കു ക്ഷാമം നേരിട്ടു..
കുറച്ചുദിവസങ്ങൾക്കുശേഷം ക്ഷേത്രത്തിൽ നിൽകുമ്പോൾ അമ്മയുടെ ഫോണിലേക്കൊരു കാൾ വന്നു.. മുഖത്തുവിരിയുന്ന പകപ്പിൽനിന്നും കാര്യം അത്ര സുഖകരമല്ലെന്നെനിക് മനസ്സിലായി...
' 'എന്തുപറ്റിയമ്മേ ആരാ വിളിച്ചത് ഞാൻ ചോദിച്ചു '..
"അത്.. അത്... നമ്മുടെ രാജി മരിച്ചൂന്നു..'"
അത്പറയുമ്പോൾ 'അമ്മ വിക്കുന്നുണ്ടായിരുന്നു... തലയിലൊരു ഉൽക്ക പതിച്ചപോലെയാണ് എനിക്ക് തോന്നിയത്,,.. അപ്പോൾത്തന്നെ ഞങ്ങൾ തറവാട്ടിലേക് തിരിച്ചു
ബോഡി ഹോസ്പിറ്റലിലാണ് കൊണ്ടുവരുന്നതേയുള്ളു വഴിയിൽ നിന്നവർ പറഞ്ഞു .. മാമിയുടെ ഒരേയൊരു മകൻ അകത്തെ മുറിയിൽ കരഞ്ഞുതളർന്നു മയങ്ങുന്നുണ്ടായിരുന്നു അവന്റെ അടുത്തായി നിറഞ്ഞ കണ്ണുകളോടെ ഞാനിരുന്നു... ബോഡി കൊണ്ടുവന്നു, അപ്പോഴേക്കും ആ വലിയമുറ്റം മുഴുവൻ ആളുകളെകൊണ്ട് നിറഞ്ഞു.. ഒരുപക്ഷെ ഇത്രത്തോളം ജനങ്ങളെ ഞാനൊരു മരണവീട്ടിലും കണ്ടിട്ടുണ്ടായിരുന്നില്ല... അത്രക് പ്രിയങ്കരിയായിരുന്നു മാമി എല്ലാവർക്കും...
സ്വീകരണമുറിയിലേക്ക് വെള്ളത്തുണിയിൽ പൊതിഞ്ഞ മാമിയുടെ തണുത്തു മരവിച്ച ശരീരം എടുത്തുവച്ചതും ഒരുകൂട്ടനിലവിളി ഉയർന്നു...എന്റെ കണ്ണുകളിൽനിന്നും കണ്ണുനീർ നിർത്താതെ പ്രവഹിച്ചുകൊണ്ടിരുന്നു....
"ആ കൂട്ടനിലവിളികൾക്കിടയിൽ മാമിയുടെ പൊട്ടിച്ചിരി മുഴങ്ങി... എല്ലാവരും ഒരു ഞെട്ടലോടെ നിശബ്ദരായി..."
"കൂട്ടിൽ കിടന്നു ചിന്നു തത്ത അപ്പോഴും ചിരിച്ചുകൊണ്ടിരുന്നു മത്സരിച്ചു ചിരിക്കാൻ ഇനി മാമിയൊരിക്കലും വരില്ലെന്നറിയാതെ........ "
' മുപ്പത്തെട്ടാം വയസ്സിൽ പൊലിഞ്ഞുപോയ എന്റെ മാമിയുടെ ഒരിക്കലും മരിക്കാത്ത ഓർമകൾക്ക് മുന്നിൽ കണ്ണീരോടെ സമർപ്പണം... '
Dhanyajijesh

1 comment:

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot