നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നൂറു സിംഹാസനങ്ങൾ _ ജയമോഹൻ


നൂറു സിംഹാസനങ്ങൾ _ ജയമോഹൻ
***********************
തമിഴിലെ പ്രശസ്തനായ എഴുത്തുകാരനാണ്.ബി.ജയമോഹൻ.മലയാളത്തിലും അദ്ദേഹം എഴുതാറുണ്ട്.കന്യാകുമാരി ജില്ലയിലെ തിരുവരമ്പിലാണ് ജനിച്ചത്.നാലു നോവലുകളും മൂന്ന് ചെറുകഥാ സമാഹാരങ്ങളും മൂന്ന് നിരൂപണസമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഇന്നത്തെ ഗാന്ധി, നെടുമ്പാതയോരം,ഉറവിടങ്ങൾ, ഇന്ത്യൻ തത്വചിന്ത തുടങ്ങിയവ പ്രധാന രചനകളിൽ പെടുന്നു.'ഒഴിമുറി' എന്ന മലയാള സിനിമയുടെ തിരക്കഥ അദ്ദേഹത്തിൻേറതാണ്.
ജീവിച്ചിരിയ്ക്കുന്ന മനുഷ്യരെപ്പറ്റി ജയമോഹൻ എഴുതിയ പന്ത്രണ്ടു കഥകളുടെ സമാഹാരമായ അറം 2009 എന്ന പുസ്തകത്തിലാണ് ഈ കഥ ആദ്യം പ്രസിദ്ധീകരിയ്ക്കപ്പെട്ടത്.പ്രശസ്ത ദളിത് പ്രസിദ്ധീകരണമായ 'എഴുത്ത് ' ഈ കഥയെ ചെറിയ പുസ്തകമാക്കി അച്ചടിച്ച് വിതരണം ചെയ്തു വരുന്നുണ്ട്.ഈ കഥയ്ക്ക് പകർപ്പവകാശമില്ല.ആർക്കും പുസ്തകമായി പ്രസിദ്ധീകരിയ്ക്കാം എന്നത് ഇതിൻെറ പ്രത്യേകതയാണ്. (കടപ്പാട്....ഗൂഗിൾ)
ചില അക്ഷരങ്ങൾക്ക്, വാക്കുകൾക്ക്, വരികൾക്ക് കൂരമ്പിനേക്കാൾ മൂർച്ചയുണ്ടെന്നും അതു ഹൃദയത്തിൽ തറച്ച് കണ്ണുനീരായി പുറത്തേയ്ക്കൊഴുകുമെന്നും മനസ്സിലായത് ഈ പുസ്തകത്തിലൂടെയാണ്.നായാടികുലത്തിൽ ജനിച്ച ഒരു എെ.എസ്.ഓഫീസർ ജയമോഹൻ സാറിനോടു പറഞ്ഞ യഥാർത്ഥ ജീവിതമാണു കഥയായി പുനരാഖ്യാനം ചെയ്യപ്പെട്ടത് എന്നറിഞ്ഞുകൊണ്ടുള്ള വായനയായതുകൊണ്ടാവണം വായനയ്ക്കിടയിൽ പലവട്ടം കണ്ണു നിറഞ്ഞത്.അധികാരസ്ഥാനത്ത് എത്തിയപ്പോൾ പോലും നായാടികുലത്തിൽ ജനിച്ചതിൻെറ പേരിൽ നിർദ്ദയമായ അകറ്റലുകൾ ഏറ്റുവാങ്ങേണ്ടി വന്ന ധർമ്മപാലൻ.അദ്ദേഹത്തിൻെറ അമ്മ മരിയ്ക്കാൻ കിടക്കുന്നതു കുഞ്ഞൻ നായർ വന്നു പറയുന്നിടത്തു നിന്നും കഥ ആരംഭിയ്ക്കുന്നു.എെ.എ.എസ്.ഓഫീസറായിരുന്നിട്ടും സ്വന്തം അമ്മ ആശുപത്രിയിലെ വെറും നിലത്ത് രോഗിയായി കിടക്കുന്നതു കാണേണ്ടി വരുന്ന നിസ്സഹായാവസ്ഥയും കഴുതചന്ത ആശുപത്രിയെ കുറിച്ചുള്ള വിവരണവും വായനക്കാരനിൽ നേരിട്ട് അനുഭവവേദ്യമാകുന്നെതെന്ന തോന്നൽ ജനിപ്പിയ്ക്കുന്നു.
അമ്മയെ കാണുന്നതു മുതൽ പഴയ ഓർമ്മകളിലേയ്ക്ക് ധർമ്മപാലൻ നടത്തുന്ന തിരിച്ചു പോക്കാണു കഥയിൽ ഉടനീളം.ഉയർന്ന പദവിയിലെത്തിയിട്ടും ജാതിയുടെ പേരിൽ താൻ അടിച്ചമർത്തപ്പെടുന്നത് അദ്ദേഹത്തിന് മാനസികസംഘർഷമുണ്ടാക്കുന്നു. 'വെള്ള ഷർട്ടിട്ടു നടക്കാൻ തുടങ്ങിയതു മുതൽ മുതുകത്തു തുറന്ന മൂന്നാം കണ്ണുകൾ 'എന്ന വരിയിൽ നായാടിയായി ജനിച്ചതിലെ അപകർഷതാബോധം നിഴലിച്ചു നിൽക്കുന്നുണ്ട്.നായാടികൾ അലഞ്ഞു തിരിയുന്ന കുറവരാണെന്നും ഉയർന്ന ജാതിക്കാർക്ക് ഇവരെ കണ്ടാൽ അയിത്തമാണെന്നും നേർക്കുനേർ കണ്ടാൽ നായാടികളെ കല്ലെറിഞ്ഞ് കൊല്ലുമെന്നും കഥയിൽ പറയുന്നുണ്ട്.പണ്ടു ജാതിസമ്പ്രദായങ്ങളിൽ നിലനിന്നിരുന്ന ഉച്ചനീചത്വങ്ങളുടെ ഭീകരത എത്രത്തോളം വലുതാണെന്ന് മനസ്സിലാക്കി തരുന്ന ചില വരികൾ.
മാനസികരോഗിയായ അമ്മയ്ക്കൊപ്പം അലഞ്ഞു തിരിഞ്ഞു നടക്കുകയും കൈയ്യിൽ കിട്ടുന്ന എന്തു വസ്തുവും എടുത്ത് ഭക്ഷിയ്ക്കാനാവുമോയെന്ന് വായിൽ വച്ചു നോക്കുകയും ചെയ്യുന്നമായിരുന്ന ഏഴുവയസ്സുകാരൻ കാപ്പൻ.ചോറു കിട്ടുമെന്ന പേരിൽ പ്രജാനനസ്വാമികളുടെ ആശ്രമത്തിലെത്തുന്നതോടെ കാപ്പൻെറ ജീവിതത്തിൽ വഴിത്തിരിവുണ്ടാകുന്നു.സ്വയം മറന്ന് ഉരുളകൾ ഒരുട്ടി വിഴുങ്ങുന്നതിനെ....''ചോറിൻെറ മല,ചോറിൻെറ മണൽപരപ്പ്,ചോറിൻെറ വെള്ളപ്പൊക്കം,ചോറിൻെറ ആന,ചോറിൻെറ കടൽ''എന്നു വിശേഷിപ്പിക്കുന്നിടത്ത് ചോറും കുട്ടിയും താദാദ്മ്യം പ്രാപിക്കുന്നു.വിശപ്പിൻെറ ആഴമറിയിക്കുന്ന ആ വരികൾ വായനക്കാരൻെറ ഉള്ളുലയ്ക്കുമെന്നത് തീർച്ചയാണ്.
പ്രജാനനസ്വാമികളുടെ ദയകൊണ്ട് പഠിച്ച് എെ.എ.എസ് നേടുന്നു കാപ്പൻ എന്ന ധർമ്മപാലൻ.സുധയെന്ന ഉയർന്ന ജാതിക്കാരിയായ പത്രപ്രവർത്തകയെ വിവാഹം കഴിയ്ക്കുന്നു.അവരുടെ ആഗ്രഹങ്ങൾ നേടാനുള്ള ചവിട്ടുപടിയായിരുന്നു താന്നോടുള്ള സ്നേഹമെന്ന് ധർമ്മപാലൻ വിഷമത്തോടെ ഓർക്കുന്നുണ്ട്.
ബാല്യത്തിൽ സ്വാമികളുടെ ആശ്രമത്തിൽ അമ്മ മകനെ കരഞ്ഞുകൊണ്ട് തേടുന്നുണ്ട്.വളർന്നപ്പോൾ മകൻ അമ്മയെ കണ്ടു പിടിയ്ക്കുന്നെങ്കിലും....മകൻെറ പദവിയുടെ വിലയറിയാത്ത അമ്മ തൻെറാപ്പം വരാനാണ് മകനെ നിർബന്ധിക്കുന്നത്.
'' നീ തമ്പ്രാൻ കശേരയിലെ ഇരിപ്പയാടേ ? എഴീടേ,എഴീടേ'' എന്നവർ നിലവിളിയ്ക്കുന്നു.
നായാടികൾ തമ്പ്രാൻമാരുടെ മുന്നിൽ ചെന്നുപെടാനോ നിൽക്കാനോ പാടില്ല എന്നുള്ളത് ആ അമ്മയുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞുപോയ ഒന്നാണ്.അവർ തങ്ങളെ കൊല്ലുമെന്നും ഭയക്കുന്നുണ്ട്.വെളുത്ത നിറത്തെപ്പോലും പേടിയോടെ കാണുന്ന അവർ സുധയെ ചീത്തവിളിയ്ക്കാനും ഉപദ്രവിക്കാനും ശ്രമിയ്ക്കുന്നുണ്ട്. വായനക്കാരെ തെല്ലും അലോസരപ്പെടുത്താതെയാണ് ഇതിൽ തമിഴ് ഭാഷാപ്രയോഗം നടത്തിയിരിക്കുന്നത്.
ഒരിയ്ക്കൽ അമ്മയെ ആട്ടിയകറ്റേണ്ടി വരുന്നുണ്ട് മകന്.ഇതിലെ മകന് അമ്മയോട് നീതി പുലർത്താൻ സാധിച്ചോ എന്നത് ഞാനെന്ന വായനക്കാരിയുടെ സന്ദേഹമായി നിലനിൽക്കുന്നു...ഒടുവിൽ അമ്മ മരിയ്ക്കുന്നിടത്ത് ധർമ്മപാലൻ തിരിച്ചറിയുന്നു............അമ്മയുടെ ഹൃദയം അതിൻെറ എല്ലാ വിശപ്പുകളും ശമിച്ച് ദ്രവിച്ച് മണ്ണായി മാറണമെങ്കിൽ തനിയ്ക്കിനിയും നൂറു സിംഹാസനങ്ങൾ താണ്ടേണ്ടതുണ്ടെന്ന്.
ഇടയ്ക്കിടയ്ക്ക് അമ്മയെ സംബോധന ചെയ്യുന്ന അവൾ,ഇവൾ എന്ന പദപ്രയോഗങ്ങൾ അരോചകമായി തോന്നിയെങ്കിലും അവിസ്മരണീയമായൊരു വായന സമ്മാനിയ്ക്കുന്ന പുസ്തകമാണിതെന്നത് തീർച്ചയാണ്.
സരിത സുനിൽ
****************************

1 comment:

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot