നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അടിമാലിയിലെ രാജാവ്‌. ..


അടിമാലിയിലെ രാജാവ്‌. ..
*** *** *** , *** ***
കുർബാന കഴിഞ്ഞിട്ടും വർക്കിച്ചൻ പള്ളിയിൽ തന്നെ ഇരുന്നു... എല്ലാവരും പോയികഴിഞ്ഞേ അവൻ ഇറങ്ങൂ. .മറ്റുള്ളവരുടെ സഹതാപവും, പരിഹാസവും നിറഞ്ഞ നോട്ടം അവനു സഹിക്കില്ല.. വർക്കിച്ചന് രണ്ടു വയസുള്ളപ്പോൾ പോളിയോ വന്നു ഇടതു കാലിന്റെ ശേഷി നഷ്ട്ടപെട്ടതാണ്..ചികിത്സകൾ നടത്തിയെങ്കിലും ചട്ടി, ചട്ടിയേ നടക്കാൻ കഴിയൂ ..ചട്ടുകാലൻ എന്നുള്ള വിളി കേൾക്കുമ്പോൾ ചിരിച്ചു തള്ളുമെങ്കിലും അവന്റെ ഉള്ളു പിടയും..
ഇന്ന് വർക്കിച്ചന്റെ അപ്പന്റെ ആണ്ടാണ്..അപ്പന്റെ അടുത്തു പോയി കുറച്ചു നേരം ഇരിക്കണം.. വർക്കി ഒത്തിരി സങ്കടം വരുമ്പോൾ അപ്പന്റെ അടുത്തു വന്നു ഉള്ളു തുറക്കും ..ഒരു കുളിർ കാറ്റു പോലെ അപ്പന്റെ ആത്മാവ് അവനെ ആശ്വസിപ്പിക്കാറുണ്ട്..
ഇരുപത്താറു വർഷങ്ങളായി വർക്കിച്ചനെയും പെണ്ണമ്മേയും വിട്ടു കുര്യച്ചൻ പോയിട്ട്..
കാട്ടിൽ നിന്നും ആനയിറങ്ങി കൃഷി നശിപ്പിക്കാറുണ്ട് പലപ്പോഴും .. ഒത്തിരി മഴയുള്ള ഒരു രാത്രിയിൽ കാട്ടിൽ നിന്നു ഇറങ്ങിയ കൊമ്പൻ വാഴയെല്ലാം കുത്തി മറിക്കുന്നത് കണ്ട്‌ പാട്ട കൊട്ടി ഓടിക്കാൻ ചെന്നതായിരുന്നു കുര്യച്ചൻ.. പക്ഷേ രണ്ടു ആനകൾ ഉണ്ടായിരുന്നതിലൊന്നിന്റെ മുന്നിൽ പെട്ട കുര്യച്ചനെ കൊമ്പൻ കുത്തി മലർത്തി..വീണ്ടും പെണ്ണമ്മേയെ കെട്ടിക്കാൻ ആങ്ങളമാർ ശ്രെമിച്ചിട്ടും പെണ്ണമ്മ സമ്മതിച്ചില്ല.. വരുന്നവർക്കൊക്കെ ചട്ടനായ വർക്കി ഒരു തടസ്സമായിരുന്നു.. കുര്യച്ചൻ തന്നെ ഏപ്പിച്ചിട്ടു പോയ വർക്കിച്ചനെ ഒരു കുറവുമില്ലാതെ സ്നേഹിക്കാൻ വരുന്നവൻ സമ്മതിക്കുമെന്നു ഉറപ്പില്ലാത്തതിനാലും, ഇനിയൊരു ജന്മത്തിനും കൂടിയുള്ള ഓർമ്മകൾ കുര്യച്ചനെക്കുറിച്ചുള്ളതിനാലും പെണ്ണമ്മ കല്യാണം എന്നുള്ള അദ്ധ്യായം അടച്ചു .. ?
എല്ലാവരും പോയതിനു ശേഷം വർക്കിച്ചൻ പള്ളിയിൽ നിന്നിറങ്ങി സെമിത്തേരിയിലേക്കു ചെല്ലുമ്പോൾ പെണ്ണമ്മ നിറകണ്ണുകളുമായി പ്രാർത്ഥിക്കുന്നുണ്ട് കുര്യച്ചന്റെ കുഴിമാടത്തിനു മുൻപിൽ.. പെണ്ണമ്മയുടെ പിന്നിലായി വർക്കിച്ചനും സങ്കടകടൽ ഉള്ളിലൊതുക്കി നിന്നു..ചെറിയ വയസ്സിലെ ഓർമ്മകളാണെങ്കിലും വർക്കിച്ചന് ജീവനായിരുന്നു അച്ചായി.. അങ്ങനെയാണ് അവൻ അപ്പനെ വിളിച്ചു കൊണ്ടിരുന്നത്.. വർക്കിച്ചന് പോളിയോ വന്ന് കാലിന്റെ സ്വാധീനം പോയതിൽ പിന്നെ കുര്യച്ചൻ മകനെയും തോളിൽ വെച്ചു എല്ലായിടത്തും കൊണ്ടുപോകുമായിരുന്നു.. വർക്കിച്ചൻ ഒരു രാജാവിനെപ്പോലെ അപ്പന്റെ തോളിൽ നിവർന്നിരിക്കും.. അടിമാലിയിലെ രാജാവാണന്നാ അച്ചായി എപ്പോഴും അവനോടു പറയാറ്.. അപ്പനെകുറിച്ചുള്ള ഓർമ്മകളിൽ ഇതൊക്കെയാണ് അവന്റെ മനസ്സിൽ പച്ച പിടിച്ചു നിൽക്കുന്നത്..
കുര്യച്ചൻ അന്ന് സ്ഥലമൊക്കെ വെട്ടിതെളിച്ചു കൃഷി ചെയ്ത കാരണം പെണ്ണമ്മക്ക് പിന്നെ ജീവിക്കാൻ ആരെയും ആശ്രയിക്കേണ്ടി വന്നിട്ടില്ല..ഇന്ന് ഏക്കറുകണക്കിന് ഏലക്കാടും..., കാപ്പി, കുരുമുളക്, തുടങ്ങി എല്ലാം കൊണ്ടും സമൃദ്ധമാണ് വർക്കിച്ചന്റെ കൃഷിയിടങ്ങൾ..
പത്താം ക്ലാസ്സുകൊണ്ടു വർക്കിച്ചൻ പഠിത്തം മതിയാക്കി. വേറൊന്നും കൊണ്ടല്ല ചട്ടുകാലൻ എന്നുള്ള വിളി കേക്കാൻ പറ്റില്ലാത്തോണ്ടാ..വീടും, കൃഷിയിടവുമായി അവൻ ഒതുങ്ങി കൂടിയതാ.. പറമ്പിലെ മണ്ണും, മരങ്ങളുമൊന്നും അവനെ കളിയാക്കില്ലല്ലോ.. പിന്നെ പണിക്കാര്.. കൂലി കൊടുക്കുന്നവനെ നേരിട്ട് ഏതായാലും അങ്ങനെ വിളിക്കില്ലല്ലോ എന്നൊരാശ്വാസം...
അങ്ങനെ മണ്ണിനോടും, മരങ്ങളോടും സല്ലപിച്ചു കഴിയുമ്പോളാണ് വർക്കിച്ചന്റെ അയല്പക്കത്തു പുതിയ താമസക്കാർ വന്നത്.. ബേബിച്ചേട്ടനും, കുട്ടിയമ്മ ചേച്ചിയും നാലു പെമ്പിള്ളേരും.. ജെസ്സിയും, ബീനയും 30,29 എന്ന ക്രമത്തിൽ പുരനിറഞ്ഞു നിൽക്കുന്നു.. മൂന്നാമത്തെ പെണ്ണ് ആൻസി കോളേജിൽ പഠിക്കുന്നു.. അവസാനത്തെ അനുമോൾ പത്താം ക്ലാസ്സിൽ..
ബേബിച്ചേട്ടൻ അടിമാലി സിറ്റിയിലെ ഒരു ഹോട്ടലിൽ ജോലി ചെയ്യുന്നു..ആറു വയറുകൾക്കു അന്നന്നുള്ള ആഹാരത്തിനുള്ള വക കണ്ടെത്താൻ പാടുപെടുന്ന ആ മനുഷ്യന് പെണ്മക്കൾക്കായി ഒന്നും കരുതി വെക്കാൻ കഴിഞ്ഞില്ലന്നുള്ളതാണ് സത്യം..ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് ആ വീട്ടുകാരുമായി വർക്കിച്ചനും, പെണ്ണമ്മയും നല്ല അടുപ്പത്തിലായി..
ആൻസിയും, അനുമോളും സമയം കിട്ടുമ്പോഴൊക്കെ വർക്കിച്ചനുമായി വർത്തമാനം പറയാൻ വരും..അവരുമായുള്ള ചങ്ങാത്തം വർക്കിച്ചന്റെ മനസ്സിന് ഒത്തിരി ആശ്വാസം പകർന്നു..പറമ്പിൽ കൂടി ചുറ്റിനടക്കാൻ ആൻസിയും പോകുമായിരുന്നു വർക്കിച്ചനോടൊപ്പം പലപ്പോഴും..ഞങ്ങക്ക്‌ ഒരു ആങ്ങളെയേ കിട്ടിയെന്നു മറ്റുള്ള പെണ്ണുങ്ങൾ പറഞ്ഞപ്പോളും ആൻസി ഒരിക്കലും അങ്ങനെ പറയാത്തതും തന്നോടു എന്തോ ഒരടുപ്പകൂടുതൽ കൊണ്ടല്ലേ എന്ന് വർക്കിച്ചന് തോന്നി..
വർക്കിച്ചന്റെ ചെറിയ മൂളിപാട്ടും, കണ്ണാടിയിൽ നോക്കിയുള്ള നിൽപ്പും പെണ്ണമ്മ കാണാതിരുന്നിട്ടല്ല.. ആൻസിയേ മരുമോളായി കിട്ടിയാൽ കുഴപ്പമില്ല എന്ന് പെണ്ണമ്മയും ഓർത്തു..
വർക്കിച്ചനുമായുള്ള സംസാരത്തിൽ ആൻസി പലപ്പോഴും ചേച്ചിമാരെ കെട്ടിച്ചു വിടാൻ കാശില്ലാതെ അച്ഛൻ വിഷമിക്കുന്നതിനേ കുറിച്ച് പറയുമായിരുന്നു..അത് കേട്ടിട്ട് വിഷമം തോന്നിയിട്ടു വർക്കി അമ്മച്ചിയോട്‌ പറഞ്ഞു മൂത്തവരെ കെട്ടിക്കാനുള്ള കാശ് കൊടുത്തു..
പെണ്ണമ്മക്ക് പുറംവേദന ആയതിനാൽ മുറ്റത്ത്‌ കിടന്ന ചപ്പൊക്കെ വർക്കിച്ചൻ തൂത്ത് കളഞ്ഞോണ്ടിരുന്നപ്പോഴാണ് ആൻസി അങ്ങോട്ട്‌ വരുന്നത്..
അമ്മച്ചിയെന്ത്യയേ വർക്കിച്ചാ .. ?
അമ്മച്ചിക്ക് ഒരു പുറംവേദന .. !
ഒരു പെണ്ണ് കെട്ടിയാൽ ഈ പെടാപാട് വല്ലതും ഉണ്ടോ വർക്കിച്ചാ .. ?
അത് ശരിയാ.. പക്ഷെ ഒരു പെണ്ണ് കിട്ടണ്ടേ അൻസി..
അതെന്നാ വർക്കിച്ചന് പെണ്ണ് കിട്ടാൻ ഇത്ര വിഷമം.. ?
ഒരു കാല് ഇങ്ങനെ ആയിപോയില്ലേ ആൻസി..
ഇഷ്ടംപോലെ കാശുള്ളത് കാരണം കാലൊന്നും ഒരു പ്രശ്നമല്ല വർക്കിച്ചോ
അൻസിയാണെ തയ്യാറാകുമോ ... ?എന്നേപ്പോലെ കാല് വയ്യാത്ത ഒരാളെ കെട്ടാൻ..:
ഓ... എനിക്കൊരു കുഴപ്പവുമില്ല... !
എന്നാ അമ്മച്ചിയോടു ഞാൻ പറയട്ടെ ബേബിച്ചേട്ടനോട് സംസാരിക്കാൻ..
ഒരു ചമ്മിയ ചിരിയോടെ ആൻസി തിരിഞ്ഞോടി..
ആ നിമിഷം ആൻസിയുടെ മുഖത്തെ ഭാവം എന്താണന്നു വർക്കിക്ക് മനസ്സിലായില്ല..
ഇതെല്ലാം കേട്ട് കൊണ്ട് വന്ന പെണ്ണമ്മ വർക്കിച്ചനോട് ചോദിച്ചു..
നീ കല്യാണവും ഉറപ്പിച്ചോ....നിനക്ക് ഇഷ്ട്ടമാണോ ആൻസിയേ.... ?
ഇഷ്ടക്കുറവൊന്നും ഇല്ല...
ഒരു ചിരി ചിരിച്ചു വർക്കി മുറ്റം തൂക്കാൻ തുടങ്ങി..
അന്ന് വൈകിട്ട് ബേബി വന്ന സമയം നോക്കി പെണ്ണമ്മ ആൻസിയുടെ വീട്ടിലേക്കു മകന്റെ ആഗ്രഹത്തെ പറ്റി ഒന്ന് സംസാരിക്കാൻ ചെന്നതായിരുന്നു..
മുറ്റത്ത്‌ ചെന്ന പെണ്ണമ്മ അകത്തു നിന്നുള്ള സംസാരം കേട്ട് മുന്നോട്ടു നടക്കണോമെന്നു സംശയിച്ചു നിന്നു..
കുട്ടിയമ്മയുടെ വാക്കുകൾ ആണ് ആദ്യം പെണ്ണമ്മ കേട്ടത്..
ചട്ടുകാലന്റെ പൂതി നോക്കിക്കേ.. കുറേ കാശുണ്ടന്നു പറഞ്ഞിട്ട് എന്തേലും കാര്യമുണ്ടോ.. ?
എടീ.. അവന്റെ കാലിനു ഒരു ചെറിയ ചട്ടുണ്ടന്നല്ലേ ഉള്ളൂ.. ചെറുക്കൻ പാവമല്ലേ.. ജീവിക്കാനുള്ള ചുറ്റുപാടും ഉണ്ട്.. ബേബി തന്റെ അഭിപ്രായം പറഞ്ഞു
ഈ മനുഷ്യന്റെ ഒരു കാര്യം.. കുട്ടിയമ്മ ദേഷ്യത്തിൽ പറഞ്ഞു..
അച്ഛാ.. ചേച്ചിമാരെ കെട്ടിക്കാൻ കാശ് തന്നൂന്നും വെച്ച് എന്നേ ബലിയാടാക്കണ്ട.. എനിക്ക് വയ്യ ചട്ടുകാലന്റെ കൂടെ ഒന്നും ജീവിക്കാൻ.. ആൻസിയുടെ ഈ വാക്കുകളും കൂടെ കേട്ടിട്ട് പെണ്ണമ്മ തിരിച്ചു പോകാൻ തുടങ്ങിയെങ്കിലും ഒരു മറുപടി കൊടുക്കാതെ പോകാൻ മനസ്സനുവദിച്ചില്ല..
വാതിൽക്കലേക്ക്‌ ചെന്നു പെണ്ണമ്മ വിളിച്ചു..
ബേബിയേ...
സംസാരം നിർത്തിയിട്ടു എല്ലാരും കൂടെ ഇറങ്ങി വന്നു.. പെണ്ണമ്മയേ കണ്ട്‌ എല്ലാരുടെയും മുഖം ഒന്നും വിളറിയെങ്കിലും അത് പുറത്തു കാണിക്കാതെ കുട്ടിയമ്മ പറഞ്ഞു..
പെണ്ണമ്മയോ.. വാ കേറി വാ..
പെണ്ണമ്മ അവിടെ നിന്നുകൊണ്ട് തന്നെ പറഞ്ഞു..
കേറുന്നില്ല... കേറിയിരുന്നു സംസാരിക്കാൻ വേണ്ടിയാണു കാര്യം വന്നത്.. പക്ഷേ നിങ്ങൾ പറഞ്ഞത് ഒക്കെ കേട്ടിട്ട് ഇനിയും ഇരുന്നാൽ ശരിയാകില്ല..എന്റെ മകന് ഇവിടുത്തെ പെണ്ണിനോട് ഒരിഷ്ട്ടം തോന്നി എന്നത് ശരിയാ..അത് ആൻസിയോട് അവൻ പറഞ്ഞു..തിരിച്ചു ആൻസി അവനെ ഇഷ്ട്ടപെടണമെന്ന് ഒരു നിർബന്ധവുമില്ല..
ഓരോരുത്തർക്കും മനസ്സിൽ ഓരോ ആഗ്രഹങ്ങൾ കാണും ജീവിതപങ്കാളിയേ കുറിച്ച്..അതിലൊന്നും ഒരു തെറ്റുമില്ല.. പക്ഷേ എന്റെ മകനെ നിങ്ങൾ ചട്ടുകാലൻ എന്ന് വിളിച്ചു കേട്ടപ്പോൾ എനിക്ക് സങ്കടം തോന്നി.. നിങ്ങൾ പരിഹസിച്ച ആ ചട്ടുകാലന് മനസ്സ് തോന്നിയത് കൊണ്ടാണ് ഈ വീട്ടിൽ നിന്നും രണ്ടു പെണ്മക്കൾ അന്തസ്സായി ഇറങ്ങിപോയത്‌..
ആ കാശു ഞങ്ങൾ തിരിച്ചു തരും ഉറപ്പായും..ആൻസി അത് പറഞ്ഞപ്പോൾ
ബേബി അവളെ ശാസിച്ചു..
ഇങ്ങനെയാണോ ആൻസി സംസാരിക്കുന്നത്.. ?
നല്ല കാര്യങ്ങൾക്കു മുടക്കിയ കാശൊന്നും തിരിച്ചു കിട്ടാൻ വേണ്ടി ചെയ്യുന്നതല്ല
മോളെ.. എന്റെ മകന് നിന്നെക്കാളും എന്തുകൊണ്ടും യോഗ്യയായ ഒരു പെണ്ണിനെ കിട്ടും.. കാരണം എന്റെ വർക്കിച്ചന്റെ മനസ്സ് അത്ര നല്ലതാ.. വേറൊന്നും ഞാൻ പറയുന്നില്ല..
ഞാനിറങ്ങട്ടെ ബേബി..
അത്രയും പറഞ്ഞിട്ട് പെണ്ണമ്മ ഇറങ്ങി നടന്നു..
വീട്ടിലേക്കു ചെന്ന പെണ്ണമ്മയുടെ വാടിയ മുഖം കണ്ട്‌ വർക്കിച്ചൻ ചോദിച്ചു..
എന്ത് പറ്റി അമ്മച്ചി... ?
ഒന്നുമില്ല വർക്കിച്ചാ.. നിനക്ക് ഇതിലും നല്ല പെണ്ണിനെ കിട്ടും.. എന്റെ മോനെ കിട്ടാനുള്ള ഭാഗ്യം അവൾക്കില്ല..
പറയുമ്പോൾ പെണ്ണമ്മയുടെ കണ്ണ് നിറഞ്ഞിരുന്നു..
അവർ അമ്മയോട് എന്ത് പറഞ്ഞു... അമ്മ എന്തിനാ വിഷമിക്കുന്നേ... ?ചട്ടുകാലനേ വേണ്ടാന്ന് അവർ പറഞ്ഞല്ലേ..
ഒന്നുമില്ല വർക്കിച്ചാ... നിനക്ക് വിഷമം ഉണ്ടോ.. ?
എനിക്ക് വിഷമം ഒന്നുമില്ല.. അമ്മച്ചി വിഷമിക്കതിരുന്നാ മതി.. ഒരു പെണ്ണ് വേണ്ടാന്ന് പറഞ്ഞാ വർക്കി വിഷമിക്കുവോ അമ്മച്ചി..ഇനി എത്ര പെണ്ണ് വേണ്ടാന്ന്‌ പറയാനിരിക്കുന്നു..
പുറമേ കാണിച്ചില്ലങ്കിലും
ഉള്ളിൽ കരഞ്ഞു കൊണ്ടാണ് വർക്കിച്ചൻ പെണ്ണമ്മയോട് അങ്ങനെ പറഞ്ഞത്..
വർക്കിച്ചൻ ഫോൺ എടുത്തു ഓട്ടോക്കാരൻ വിജയനെ വിളിച്ചു വീട്ടിലോട്ടു വരാൻ പറഞ്ഞു.. അവന് അപ്പന്റെ അടുത്തു പോയി ഒന്ന് കരയണം.. എങ്കിലേ മനസ്സിന്റെ വിങ്ങൽ മാറൂ.. എന്ത് വിഷമം വന്നാലും അവൻ അമ്മച്ചിയുടെ മുൻപിൽ അത് കാണിക്കില്ല.. നേരെ അപ്പന്റെ കല്ലറയിൽ പോയി എല്ലാം പറഞ്ഞിരുന്നു കരയും..അപ്പോഴൊക്കെ അവനു എന്തെന്നില്ലാത്ത ഒരു ആശ്വാസവും, ധൈര്യവും ഒക്കെ കിട്ടുമായിരുന്നു..
ഒരാഴ്ച കഴിഞ്ഞപ്പോൾ ബേബിയും , കുടുംബവും അവിടന്നു താമസം മാറിപ്പോയി.. ഒരു കണക്കിന് അത് നന്നായിയെന്നു വർക്കിക്ക് തോന്നി.. ആൻസിയേ കാണണ്ടല്ലോ...
കുറച്ചു നാളുകൾക്ക് ശേഷം ഒരു ദിവസം മഠത്തിൽനിന്നും മിനി സിസ്റ്റർ വിളിച്ചു പെണ്ണമ്മയോടും, വർക്കിച്ചനോടും അവിടെ വരെ ചെല്ലാൻ പറഞ്ഞു.. കുര്യച്ചന്റെ നാലു പെങ്ങന്മാരിൽ ഒരാളാണ് മിനി..
ഇവൾക്ക് നിങ്ങളെ കാണണമെന്ന് ഒരേ വാശി.. ഇന്നുവരെ ഒരു കാര്യവും ഇവൾ എന്നോട് ആവശ്യപ്പെട്ടിട്ടില്ല.. നിങ്ങളോട് പറഞ്ഞാൽ വരില്ല എന്നെനിക്കറിയാം.. അതാ പറയാതിരുന്നേ..
മിനി സിസ്റ്റർ പറഞ്ഞതുകേട്ട് എന്ത് പറയണമെന്നറിയാതെ ഇരിക്കുവാരുന്നു വർക്കിച്ചനും, പെണ്ണമ്മയും.. പെണ്ണമ്മ മുഖമുയർത്തി അവളെ നോക്കി.. സിസ്റ്ററിന്റെ പിന്നിൽ അവൾ തല കുമ്പിട്ടു നിന്നു..
ഇവൾ ആരാന്നല്ലേ....
ട്രീസ മരിയ..
വർക്കിച്ചന് നാലു വയസുള്ളപ്പോളാണ്..
ഒരു ദിവസം രാത്രിയിൽ പനി കൂടിയിട്ട് വർക്കിച്ചനെയും കൊണ്ട് ആശുപത്രിയിൽ പോകുവാരുന്നു കുര്യച്ചനും, പെണ്ണമ്മയും.. പോകുന്ന വഴിക്ക് കുരിശടിയിൽ നേർച്ച ഇടാൻ കയറിയ കുര്യച്ചൻ കാണുന്നത് ഉറുമ്പു കടിച്ചു നിലവിളിക്കുന്ന കുരുന്നിനെയാണ് .ഏതോ മനസ്സാക്ഷിയില്ലാത്ത സ്ത്രീ ഉപേക്ഷിച്ചുപോയ അവളെ അവിടുന്ന് എടുത്തോണ്ട് ആശുപത്രിയിൽ കൊണ്ടാക്കി..ചികിത്സ കഴിഞ്ഞു അന്ന് ഏപ്പിച്ചതാണ് മിനി സിസ്റ്ററുടെ കയ്യിൽ..കുര്യച്ചൻ മരിച്ചു കഴിഞ്ഞിട്ടും അവളുടെ എല്ലാം കാര്യത്തിനും വേണ്ട കാശ് ഒരു മുടക്കവും കൂടാതെ പെണ്ണമ്മ മിനി സിസ്റ്ററെ ഏൽപ്പിക്കുമായിരുന്നു.. എന്തോ....എല്ലാം ചെയ്യുന്നത് തങ്ങളാണെന്നുള്ള കാര്യം അവളോട്‌ പറയരുതെന്നു പെണ്ണമ്മ വിലക്കിയിരുന്നു.. അവൾ മിടുക്കിയായി പഠിച്ചു.. നാളെ അവൾ ഡോക്ടർ ട്രീസ മരിയയാണ് പ്രാക്റ്റീസ് തുടങ്ങുന്നത്..
മിനി സിസ്റ്റർ തുടർന്നു..
ഇവളുടെ പഠിത്തം കഴിഞ്ഞു.. ഇനി പ്രാക്ടീസിനായിട്ടു പോകുവാ..നിങ്ങളുടെ അനുഗ്രഹത്തോടെ വേണം അവൾക്കു ജോലി തുടങ്ങാൻ എന്നൊരാഗ്രഹം..സാധിച്ചു കൊടുക്ക്‌ എന്റെ പെണ്ണമ്മച്ചിയേ..
പെണ്ണമ്മ അവളെ അടുത്തേക്ക് വിളിച്ചു ചേർത്തുപിടിച്ചുകൊണ്ടു പറഞ്ഞു..
ദൈവം അനുഗ്രഹിക്കട്ടെ എന്റെ കൊച്ചിനെ..
ട്രീസയുടെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞൊഴുകി.. ട്രീസ പെണ്ണമ്മയെ കെട്ടിപിടിച്ചു കവിളിൽ ഒരുമ്മ കൊടുത്തു.. പെണ്ണമ്മയുടെയും കണ്ണുകൾ നിറഞ്ഞൊഴുകി..
ഇതെല്ലാം കണ്ടോണ്ടിരുന്ന വർക്കിച്ചൻ പറഞ്ഞു...
നിങ്ങൾ മൊത്തം സെന്റിമെൻസ് സീനാക്കുവാണല്ലോ.. അമ്മച്ചി കൊച്ചിനെ അനുഗ്രഹിച്ചു പറഞ്ഞു വിട്.. എനിക്കും കരച്ചിൽ വരുന്നു...
ഒന്ന് പോ വർക്കിച്ചാ.. പെണ്ണമ്മ കണ്ണുനീർ തുടച്ചുകൊണ്ട് പറഞ്ഞു.
.
പിന്നെ എപ്പോഴും ട്രീസ പെണ്ണമ്മയേ വിളിക്കും.. സംസാരിക്കും.. അങ്ങനെ അവരൊരു ആത്മബന്ധത്തിലായി..വർക്കിച്ചൻ ട്രീസയോട് ഒത്തിരി സംസാരിക്കില്ല.. വിശേഷങ്ങൾ ഒന്ന് ചോദിക്കും അത്ര തന്നെ.. ട്രീസയും, പെണ്ണമ്മയും കൂടി സംസാരിക്കുമ്പോൾ വർക്കിച്ചൻ പെണ്ണമ്മയോട് പറയും.. വന്നു വന്നു നിങ്ങൾ കാമുകി.. കാമുകൻമാരെപോലെ ആയല്ലോ.. ദിവസം എത്ര പ്രാവശ്യമാ വിളിക്കുന്നേ..
അപ്പൊ പെണ്ണമ്മ പറയും..
എടാ നിനക്ക് എന്നാ അറിയാം..അമ്മമാർക്ക് ഒരു മോളെന്നുവച്ചാൽ കൂട്ടുകാരിയേപോലെയാ..അവൾ എനിക്ക് ഇപ്പൊ സ്വന്തം മോളെപോലെയാ..
എന്നാൽ പിന്നെ കൂടെ കൊണ്ടുവന്നു താമസിപ്പിച്ചോ. .അതാകുമ്പോൾ കൺകുളിർക്കേ കാണുകയും ചെയ്യാം..
ഞാൻ ചോദിയ്ക്കാൻ ഇരിക്കുവാ ഇങ്ങു പോരുന്നോന്നു.. എന്റെ മരുമോളായിട്ട്..
ഫസ്റ്റ്..അമ്മച്ചിയുടെ ആഗ്രഹം കൊള്ളാമല്ലോ.. ചട്ടുകാലന് ഡോക്ടറേ..
വിവരക്കേട് ആ പെങ്കൊച്ചിനോട്‌ വിളമ്പിയേക്കരുത്.. പിന്നെ ഇപ്പൊ ഉള്ള വിളിയും കാണില്ല..അത് കഴിഞ്ഞു ഇവിടെയിരുന്നു എന്റെ പിഴ, എന്റെ പിഴ എന്ന് പറഞ്ഞു തലക്കിട്ടടിച്ചിട്ട് കാര്യമില്ല പറഞ്ഞേക്കാം.. പെണ്ണമ്മ വർക്കിയേ നോക്കി ഒന്ന് കിറി കോട്ടിയിട്ട് അകത്തേക്ക് പോയി..
ദിവസങ്ങൾ കഴിഞ്ഞപ്പോൾ പെണ്ണമ്മയുടെ ആഗ്രഹം കൂടി വന്നതേ ഉള്ളൂ.. പക്ഷേ ട്രീസയോട് ചോദിയ്ക്കാനുള്ള ധൈര്യവും ഇല്ല..ആ വിഷമത്തിൽ ഇരിക്കുമ്പോളാണ്
ട്രീസ വിളിക്കുന്നത്‌.. പെണ്ണമ്മയുടെ സംസാരം കേട്ടിട്ട് ട്രീസ ചോദിച്ചു..
എന്നാ പെണ്ണമ്മച്ചിയേ ഒരു വിഷമം പോലെ..?
ഒന്നുമില്ല എന്റെ കൊച്ചേ.. നിനക്ക് തോന്നിയതായിരിക്കും..
എനിക്ക് തോന്നിയതൊന്നുമല്ല.. അമ്മച്ചിയുടെ സ്വരം കേട്ടാൽ അറിയാമല്ലോ എന്തോ കാര്യമായ വിഷമം ഉണ്ടന്ന്..
കുറേ നിർബന്ധിച്ച കഴിഞ്ഞപ്പോൾ പെണ്ണമ്മ ട്രീസയോട് വർക്കിച്ചന് ഒരു പെങ്കൊച്ചിനെ കിട്ടാത്തതിന്റെ വിഷമം പറഞ്ഞു. എല്ലാം കേട്ട് കഴിഞ്ഞു ട്രീസ പെണ്ണമ്മയോട് പറഞ്ഞു..
അമ്മച്ചി വിഷമിക്കാതെ.. വർക്കിച്ചന് ഒരു നല്ല പെങ്കൊച്ചിനെ കിട്ടിക്കോളും..
ഫോൺ വെച്ച് കഴിഞ്ഞു ട്രീസ മനസ്സിൽ ഓർത്തു.. എനിക്ക് എന്ത് യോഗ്യതയാ ഉള്ളത് വർക്കിച്ചന്റെ പെണ്ണായി ആ വീട്ടിലേക്കു കേറി ചെല്ലാൻ.. എന്നാലും അമ്മച്ചി ഒന്ന് ചോദിച്ചിരുന്നെങ്കിൽ എന്ന് അവൾ ആത്മാർഥമായി ആഗ്രഹിച്ചു..ആരോ ഉപേഷിച്ച് കളഞ്ഞ തന്നെ ഈ നിലയിലാക്കിയ ആ കുടുംബത്തോടൊപ്പം ജീവിക്കാൻ പറ്റിയിരുന്നെങ്കിൽ എന്നവളോർത്ത് വിഷമിച്ചപ്പോൾ അവിടെ പെണ്ണമ്മ ട്രീസയോട് എങ്ങനെ ചോദിക്കും എന്ന ആലോചനയിലായിരുന്നു..
വളരെ ദിവസത്തെ ആലോചനകൾക്ക് ശേഷം പെണ്ണമ്മ മിനി സിസ്റ്ററോട് കാര്യം പറഞ്ഞു..പെണ്ണമ്മയുടെ ആഗ്രഹം കേട്ട് മിനി സിസ്റ്റർ പറഞ്ഞു..
നമ്മൾ പറഞ്ഞാൽ അവൾ അനുസരിക്കും.. അതെനിക്കുറപ്പാ.. പക്ഷേ അത് പാടില്ല പെണ്ണമ്മച്ചിയേ.. അവളുടെ മനസ്സറിയാൻ പറ്റുമോന്നു ഞാനൊന്നു നോക്കട്ടെ..
ഒരാഴ്ച അവധി കിട്ടിയപ്പോൾ ട്രീസ മഠത്തിലേക്ക് വന്നു.. രാവിലെ കാപ്പി കുടിച്ചുകൊണ്ടിരുന്നപ്പോൾ മിനി സിസ്റ്റർ ട്രീസയോട് ചോദിച്ചു..
ട്രീസകൊച്ചേ നമ്മുടെ വർക്കിച്ചന് ഒരു പെങ്കൊച്ചിനെ വേണമല്ലോ..
അവളുടെ ഉള്ളൊന്നു കാളി..
മിനി സിസ്റ്റർ ട്രീസ അറിയാതെ അവളുടെ മുഖഭാവം ശ്രെദ്ധിചു..
മിനി സിസ്റ്റർ തുടർന്നു..
വർക്കിച്ചന്റെ കുറവുകൾ അംഗീകരിച്ചു അവനെ സ്നേഹിക്കാൻ തയ്യാറുള്ള ഒരു കുട്ടിയെ വേണം.. ട്രീസകൊച്ചിന്റെ അറിവിൽ ആരേലും ഉണ്ടോ.. ?
അവൾ ഒന്നും മിണ്ടിയില്ല.. നിനക്ക് പറ്റുമോന്നു ഒന്ന് ചോദിച്ചിരുന്നെങ്കിൽ.. അവൾ അതാണ് മനസ്സിൽ ആഗ്രഹിച്ചത്..
വർക്കിച്ചന് എന്തെങ്കിലും ഡിമാന്റ് ഉണ്ടോ സിസ്റ്ററമ്മേ.. ?ട്രീസ ചോദിച്ചു..
അവർക്ക് ഒരു ഡിമാന്റുമില്ല കൊച്ചേ..സത്യസന്ധമായി സ്നേഹിക്കാൻ പറ്റുന്ന ഒരു കൊച്ചിനെ കിട്ടിയാൽ മതി..
എനിക്കറിയാവുന്ന ഒരാളുണ്ട്.. പക്ഷേ ആ കുടുംബത്തിൽ കേറി ചെല്ലാനുള്ള യോഗ്യതയൊന്നും ഇല്ല..കാശില്ലാത്ത, ബന്ധുക്കളൊന്നും ഇല്ലാത്ത ഒരനാഥയാണ് .. അമ്മച്ചിയോടും, വർക്കിച്ചനോടും ഒന്ന് വന്നു കണ്ട്‌ നോക്കാൻ പറ.. അവർക്കിഷ്ട്ടമാണങ്കിൽ..
ബാക്കി പറയാൻ അവൾക്കു കഴിഞ്ഞില്ല.. ഒരു വിങ്ങിപൊട്ടലോടെ അവൾ സിസ്റ്ററിന്റെ തോളിലേക്ക് ചാഞ്ഞു..
മിനി സിസ്റ്റർ വാക്കുകൾ കിട്ടാതെ അവളെ ചേർത്തു പിടിച്ചു..
നിനക്ക് ഇഷ്ട്ടമാണോ വർക്കിച്ചനേ.. ?
സന്തോഷത്താൽ സിസ്റ്ററുടെയും കണ്ണുകൾ നിറഞ്ഞൊഴുകി..
മിനി സിസ്റ്റർ അവളെ തന്നിൽനിന്നകറ്റിയിട്ട് പറഞ്ഞു..
കൊച്ചേ നിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു തീരുമാനം ആണ് എടുക്കേണ്ടത്.. അവിടെ കടപ്പാടുകൾക്കു സ്ഥാനമില്ല.. വർക്കിച്ചൻ പത്താം ക്ലാസ്സ്‌ വരെയേ പഠിച്ചിട്ടുള്ളൂ.. പിന്നെ അവന്റെ കാലിന്റെ പ്രശ്നം.. ഇതിനേ പറ്റിയെല്ലാം ശരിക്കും ആലോചിച്ചു ട്രീസകൊച്ചു എനിക്കൊരുത്തരം തന്നാൽ മതി..
ഇവിടെ എന്റെ തീരുമാനത്തിന് ഒരു പ്രസക്തിയും ഇല്ല സിസ്റ്ററ്ററമ്മേ ..
അമ്മച്ചിക്കും, വർക്കിച്ചനും എന്നേ ഇഷ്ട്ടപെടുമോന്നു അറിഞ്ഞാൽ മതി.. അല്ലങ്കിൽ തന്നെ എനിക്ക് എന്താണ് മേന്മ പറയാനുള്ളത്.. ഒരു ഡോക്ടർ എന്ന പേര് മാത്രം.. വർക്കിച്ചന്റെയും, പെണ്ണമ്മച്ചിയുടെയും കാരുണ്യമില്ലായിരുന്നെങ്കിൽ ഞാനൊരു ഡോക്ടർ ആകുമായിരുന്നോ സിസ്റ്ററമ്മേ .. ?
വർക്കിച്ചന്റെ കാലങ്ങനെയായിന്നോർത്ത് എനിക്ക് ഒട്ടും സങ്കടമില്ല സിസ്റ്ററമ്മേ .. എല്ലാം തികഞ്ഞ ഒരാളെ ഞാൻ കല്യാണം കഴിച്ചിട്ട് നാളെ അയാൾക്ക് എന്ത് സംഭവിച്ചാലും ഞാൻ സഹിച്ചല്ലേ പറ്റൂ..
നിന്റെ ഈ നല്ല മനസ്സിന് ദൈവം നിന്നെ അനുഗ്രഹിക്കട്ടെ.. ട്രീസയേ ചേർത്തു പിടിച്ചു മിനി സിസ്റ്റർ പറഞ്ഞു..
എല്ലാം അപ്പോൾ തന്നെ മിനി സിസ്റ്റർ പെണ്ണമ്മയേ വിളിച്ചു പറഞ്ഞു.. പെണ്ണമ്മക്ക് ഒത്തിരി സന്തോഷമായി..
വിവരം വർക്കിച്ചനോട് പറഞ്ഞപ്പോൾ അവൻ ദേഷ്യപെട്ട് പറഞ്ഞു..
ആ കൊച്ചു കടപ്പാട് ഓർത്തു സമ്മതിച്ചതാരിക്കും ..പക്ഷേ അമ്മച്ചി അതും കേട്ട് തുള്ളുന്നത് കണ്ടിട്ട് എനിക്ക് ദേഷ്യം വരുന്നു..കടപ്പാടിന്റെ പേരിലുള്ള സ്നേഹം എനിക്ക് വേണ്ടാ അമ്മച്ചി.. ഒരാൾ വേണ്ടാന്ന് പറഞ്ഞത് ഓർമ്മയില്ലേ..
ഉള്ളിലെ സങ്കടം അടക്കികൊണ്ടാണ് അവൻ അത് പറഞ്ഞത്..
വർക്കിച്ചന്റെ എതിർപ്പിന്റെ കാര്യമറിഞ്ഞ ട്രീസ മിനി സിസ്റ്ററേയും കൂട്ടി വർക്കിച്ചന്റെ വീട്ടിലേക്കു വന്നു.. വർക്കിച്ചൻ ട്രീസയേ കണ്ട്‌ ഞെട്ടി പോയി.. മുറ്റത്ത്‌ കുരുമുളക് നിരത്തികൊണ്ടിരുന്ന വർക്കിച്ചൻ രക്ഷപെടാൻ ഒരു പഴുത്‌ തേടി.. ഒരു വളിച്ച ചിരി കൊടുത്തോണ്ടു വർക്കിച്ചൻ ചോദിച്ചു..
 അല്ലാ...ഇത്‌ ആരൊക്കെയാ വന്നേക്കുന്നെ.. , ?
കണ്ടിട്ട് മനസ്സിലായില്ലേ നിനക്ക്..., ? മിനി സിസ്റ്റർ ഗൗരവത്തിൽ ചോദിച്ചു..
സിസ്റ്റർ ട്രീസയേ കണ്ണുകാണിച്ചിട്ടു അകത്തേക്ക് കേറിപോയി ..
വർക്കിച്ചായോ .... ട്രീസയുടെ വിളി കേട്ട് വർക്കി നിന്നു വിയർത്തു..
വർക്കിച്ചായന്‌ എന്നേ ഇഷ്ട്ടമല്ലേ..., ?
അവൻ അവളെ നോക്കാതെ തിരിഞ്ഞ് നിന്നു പറഞ്ഞു..
എനിക്ക് ഒത്തിരി ഇഷ്ട്ടമാണ് ട്രീസകൊച്ചിനേ..അതുകൊണ്ടാ ഞാൻ പറഞ്ഞത് കല്യാണത്തിന് സമ്മതമല്ലന്നു .. ട്രീസകൊച്ചു ഒരു ഡോക്ടർ പയ്യനെ ഒക്കെ കെട്ടി സന്തോഷമായി ജീവിക്കണം .. ചേരേണ്ടതെ ചേരാൻ പാടുള്ളൂ ട്രീസകൊച്ചേ..
ട്രീസ അവന്റെ മുന്നിലേക്ക്‌ ചെല്ലുമ്പോൾ വർക്കിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു..
അവൾ പറഞ്ഞു..
വർക്കിച്ചായോ ... ഞാൻ ഒരു ഡോക്ടർ ആയതുകൊണ്ടാണ് എന്നേ ഇഷ്ടമില്ലാത്തതെങ്കിൽ ഞാനിനി ജോലിക്കു പോകുന്നില്ല.. വർക്കിച്ചൻ കരുതുന്ന പോലെ കടപ്പാട് ഓർത്തു എനിക്ക് ഇഷ്ട്ടം തോന്നിയതല്ല.. പെണ്ണമ്മച്ചിയെയും, വർക്കിച്ചനെയും എനിക്ക് ഒത്തിരി ഇഷ്ട്ടമാണ്.. ഞാൻ വർക്കിച്ചായന്റെ നല്ല മനസ്സ് മാത്രമേ കണ്ടുള്ളൂ... ബാക്കി കുറവുകൾക്ക് അതിന്റെ മുന്നിൽ നിസ്സാരമല്ലേ വർക്കിച്ചായോ. ..

ട്രീസയുടെ ആത്മാർഥമായ സ്നേഹത്തിനു മുൻപിൽ വർക്കിച്ചൻ പത്തി മടക്കി.. ഒരു മാസങ്ങൾക്ക് ശേഷം അടിമാലി സെന്റ്‌ ജോർജ് പള്ളിയിൽ വെച്ച് നടന്ന തിരുക്കർമ്മത്തിൽ ട്രീസ മരിയ .. ട്രീസ മരിയ വർഗീസ് ആയി..
കല്യാണം കഴിഞ്ഞു ട്രീസയുടെ നിർബന്ധത്താൽ വർക്കി പഠനം പുനരാരംഭിച്ചു .. പ്രാക്റ്റീസ് കഴിഞ്ഞ ട്രീസ അടിമാലിയിൽ പുതുതായി പണി കഴിപ്പിച്ച സ്വന്തം ആശുപത്രിയിൽ സേവനം അനുഷ്ട്ടിക്കാൻ തുടങ്ങി... ആശുപത്രിയോട് അനുബന്ധിച്ച് കുര്യച്ചന്റെ ഓർമ്മക്കായി ഒരു ചാരിറ്റിയും പ്രവർത്തനം ആരംഭിച്ചു..
ഇന്ന് ആ ചാരിറ്റിയുടെ ചിലവിൽ അടിമാലി പഞ്ചായത്ത് ഹാളിൽ വെച്ച് ഒരു സത്‌കർമ്മം നടക്കുവാണ്..
ഇരുപത്തിയഞ്ചു നിർധന യുവതികൾ സമൂഹവിവാഹത്തിലൂടെ പുതു ജീവിതത്തിലേക്ക്‌ കടക്കുന്ന സുന്ദര മുഹൂർത്തം..ജാതിമത ഭേതമന്യേ ആളുകളെകൊണ്ട് നിറഞ്ഞിരിക്കുന്നു അടിമാലി പഞ്ചായത്ത് ഹാളും പരിസരവും.. ഓരോ നാട്ടുകാരനും ഇത് തങ്ങളുടെ കുടുംബത്തിലെ ഒരു ചടങ്ങാണെന്ന ഉത്തരവാദിത്യത്തിൽ ഓടി നടക്കുന്നു... ഹാളിൽ പ്രത്യേകം അലങ്കരിച്ച പന്തലിൽ വധൂവരൻമാർ നിരന്നിരിക്കുന്ന ..അവരെ ക്യാമറയിലേക്ക് പകർക്കാൻ മത്സരിക്കുന്ന ഫോട്ടോ ഗ്രാഫർമാർ .. മിഴി ചിമ്മുന്ന ലൈറ്റുകൾ, പാറിപ്പറക്കുന്ന ബലൂണുകളും , വർണ്ണകടലാസുകൾ .. പാട്ടിന്റെ പാലാഴി തീർത്ത് ഓർക്കസ്ട്ര ടീം.. കലവറയിൽനിന്നും ഒഴുകി വരുന്ന രുചിക്കൂട്ടുകളുടെ മാസ്മരിക ഗന്ധം..എല്ലാം കൊണ്ടും ഒരു ഉത്സവപ്രതീതി..
എല്ലാ വധൂവരൻമാർക്കും വിവാഹ സമ്മാനം കൊടുത്തു കൊണ്ട് മുന്നോട്ടു നടന്ന പെണ്ണമ്മ ഒരു മുഖം കണ്ട്‌ തരിച്ചു നിന്നു.. വധുവിന്റെ വേഷത്തിൽ ഉള്ള ആ മുഖം കണ്ട്‌ പെണ്ണമ്മയുടെ ചുണ്ടുകൾ മന്ത്രിച്ചു ..... ആൻസി..
നിറ കണ്ണുകളോടെ അവൾ കൈകൾ കൂപ്പി.. ആ കൈകളിൽ ഒന്ന് അമർത്തി പിടിച്ചിട്ട് പെണ്ണമ്മ മുന്നോട്ടു നടന്നു...
By. .. Bins Thomas...

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot