നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഭാഗ്യരൂപ... (കഥ)

Image may contain: 1 person

ചന്തൂനെ പോലെ ഞാന്‍ ലോട്ടറി ടിക്കറ്റുകളില്‍ ഭാഗ്യം പരീക്ഷിക്കാതിരുന്നത്, എത്ര വല്യ സമ്മാനം അടിച്ചാലും, അതെന്‍റെ അച്ഛനോ അമ്മയോ ആയിരിക്കില്ല എന്നറിയാവുന്നതുകൊണ്ടാണ്. ഒരു ബമ്പര്‍ സമ്മാനത്തിനും തിരികെ തരാന്‍ കഴിയാത്ത വിധം എനിക്ക് രണ്ട് വയസ്സുള്ളപ്പോള്‍ അവര് രണ്ടുപേരും ഒരു ബോട്ടപകടത്തില്‍ മുങ്ങിപോയിരുന്നു. പിന്നീടൊരിക്കലുമവര്‍ എന്‍റെ അച്ഛന്‍റെയോ അമ്മയുടെയോ രൂപത്തില്‍ വീടിന്‍റെ പടി കേറി വന്നില്ല. പതിനെട്ട് ദിവസം കഴിഞ്ഞപ്പോള്‍- എന്‍റെ കുഞ്ഞമ്മെ ഇപ്പോഴും പേടിപ്പെടുത്തുകേം, ഭ്രാന്തെടുപ്പിക്കുകേം ചെയ്യുന്ന- രണ്ടസ്ഥികൂടങ്ങളായിട്ടാരുന്നു അവര്‍ തിരിച്ചു വന്നത്. പല്ലിളിച്ച് കിടന്ന ആ പൈശാചികതയില്‍ നിന്നും എന്‍റെ അച്ഛനും അമ്മയും അടയാളങ്ങളൊന്നുമില്ലാതെ അടര്‍ന്ന് പോയിരുന്നു.
ചന്തുവിന് ലോട്ടറിടിക്കറ്റുകള്‍ പോലെ തന്നെ പ്രതീക്ഷ നല്‍കുന്നതായിരുന്നു ചില പെണ്‍കുട്ടികളുമായുള്ള ഫോണ്‍ സംസാരങ്ങളും. അവനെപ്പോഴും സ്വന്തം പേര് മാറ്റി എന്‍റെ പേരാണ് അവരോട് പറയാറ്. അവനപ്പോള്‍ അരപ്രേസില്‍ ഭിത്തി ചാരിയിരുന്ന് എന്നെയൊന്ന് തിരിഞ്ഞ് നോക്കും. പേരുമാത്രമല്ല വാക്കുകള്‍ തീരെ പിശുക്കിയും ദുഖത്തിന്‍റെ ഒരംശംപോലുമില്ലാതെയും എന്‍റെ ജീവിതവും ശബ്ദവും വരെ അവന്‍റേതാക്കിപ്പറയും, വാക്കുകളിലൊരു ഇടര്‍ച്ചയോ പതര്‍ച്ചയോ പോലുമില്ലാതെ. അച്ഛനും അമ്മയും എന്നേക്കുമായി വിട്ടുപോയതറിയാതെ വീടിന്‍റെ മുറ്റത്തിരുന്ന് കളിക്കുന്ന രണ്ട് വയസ്സുള്ള ഒരു കുട്ടിയായവന്‍ അവരുടെയൊക്കെ കണ്ണുകളിലും മനസ്സുകളിലും നിറഞ്ഞ് തുളുമ്പും, പിന്നീടവരില്‍ ചില നല്ല കൂട്ടികള്‍ ക്ഷേമാന്വേഷണവുമായി നിരന്തരം വിളിച്ചുകൊണ്ടിരിക്കും. പകലൊക്കെ പാടത്ത് കിളക്കാന്‍ പോയതുകൊണ്ടാണ് കോള്‍ എടുക്കാഞ്ഞതെന്നവന്‍ അവരോട് സമാധാനം പറഞ്ഞു, അതുകൊണ്ടും പരിഭവം മാറാത്തവളോട് ചന്തു എന്ന് പേരുള്ള തരികിടക്കൂട്ടുകാരന്‍റെ വിക്രിയകള്‍ പറഞ്ഞ്, ജീവിതത്തില്‍ ദുഖങ്ങളേതുമില്ലാത്ത അപൂര്‍വ്വം അനാഥരില്‍ ഒരാളായി ചിരിക്കും.
ചന്തുവിന്‍റെ കൃഷ്ണലീലകളെ ക്കുറിച്ച് പറഞ്ഞ് ഫോണ്‍ വെച്ചശേഷമവന്‍ എന്‍റെ നേരെ തിരിഞ്ഞു നിന്ന് പറയും : എന്‍റെ പൊന്ന് ചന്തൂ നാണമില്ലേഡാ നിനക്ക്.. ഇനിയേലും കൊറച്ചൊക്കെ മാന്യവായിട്ട് ജീവിക്ക്... ഛെ...
എനിക്കത് കേള്‍ക്കുമ്പോള്‍ ചിരിവരും സ്വയമൊരു അഭിമാനവും തോന്നും.
കാലത്തെഴുന്നേറ്റ് പല്ല് പോലും തേക്കാതവന്‍ ഒരു കൈയ്യില്‍ അമ്മായി ഉണ്ടാക്കിക്കൊടുത്ത ചായയും മറ്റേ കൈയില്‍ തലേന്നെടുത്ത ലോട്ടറി ടിക്കറ്റും, അന്നത്തെ പത്രവുമായി വീടിന്‍റെ തിണ്ണയിലേക്ക് ചടഞ്ഞിരിക്കും, പത്രത്തിന്‍റെ മുന്‍പേജുകളിലെ സ്ഫോടനവാര്‍ത്തയോ, രാഷ്ട്രീയ കൊലപാതകമോ, പിഞ്ചുബാലിക പീഠിപ്പിക്കപ്പെട്ടതോ, വരള്‍ചാ ദുരിതമോ, സിനിമാ പരസ്യമോ ഒന്ന് നോക്കുകപോലും ചെയ്യാതെ തന്‍റെ മൈക്കാട് ജീവിതം അവസാനിപ്പിക്കാനുള്ള അക്കങ്ങള്‍ വല്ലതും പത്രത്തിലുണ്ടോ എന്നവന്‍ അരിച്ചുപെറുക്കും. പിന്നെ നിരാശയോടെ പത്രം തിണ്ണയുടെ ഒരു മൂലക്കോട്ടും ലോട്ടറി തന്‍റെ ദൗര്‍ഭാഗ്യത്തിന്‍റെ മറ്റൊരു കോണിലേയ്ക്കും വലിച്ചെറിയും. പിന്നെയവന്‍ ദൃധിവച്ച് കുളിച്ചൊരുങ്ങി അമ്മായി ഉണ്ടാക്കിക്കൊടുക്കുന്നതെന്തേലും വാരിവലിച്ച് തിന്നേച്ച് സൈക്കിളും എടുത്തോണ്ട് പണിക്ക് പോകാനിറങ്ങും. എന്നത്തെയും പോലെ തിരിഞ്ഞു നിന്ന് ഉച്ചത്തില്‍ വിളിച്ചു പറയും : അമ്മേ ഞാന്‍ പോവാണേ... അമ്മായി കേട്ടാലും ഇല്ലെങ്കിലും അവന്‍ സൈക്കിളും ഉന്തിക്കൊണ്ട് പോകും.
ലോട്ടറിയില്‍ നിന്നും ഭാഗ്യം തുണക്കാത്ത അവന്‍ വീട്ടില്‍ നിന്നും ഇടവഴിയിലേക്കിറങ്ങുന്നതേ റോഡിന്‍റെ രണ്ട് വശവും കണ്ണുകൊണ്ടാ ഭാഗ്യം പരതാന്‍ തുടങ്ങും. ഞങ്ങള്‍ ഒന്‍പതാം ക്ലാസില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു ദിവസം സ്കൂളിലേക്ക് പോകും വഴി റോഡ് വക്കില്‍ കിടന്നവന് മുന്നൂറ് രൂപ കിട്ടി. ഒരു നൂറ് രൂപനോട്ടും നാല് അമ്പത് രൂപനോട്ടും. കൈയ്യില്‍ ചുരുട്ടിപ്പിടിച്ച പരുവത്തിലാരുന്നു അത് കിടന്നത്. നൂറ് രൂപ അകത്തും അമ്പതിന്‍റെ നോട്ടുകള്‍ പുറത്തും.
ഏതോ ഒരു പാവപ്പെട്ട സ്ത്രീ കൊച്ചിന് മരുന്ന് മേടിക്കാന്‍ പോകുന്ന വഴി ഇടുപ്പെല്ല് വേദനിച്ചപ്പോള്‍ കുഞ്ഞിനെ ഒക്കം മാറ്റിപ്പിടിച്ചനേരം ചോര്‍ന്ന് പോയതാവാം ആ നോട്ടുകളെന്ന് ഈ അടുത്തിടയാണെന്‍റെ ഉള്ളില്‍ തെളിയുന്നത്. ചന്തുവിന് അത് കയ്യില്‍ കിട്ടിയ നാഴിക മുതല്‍ ഇന്ന് വരെ അതോര്‍ക്കുമ്പോള്‍ ഒരു രോമാഞ്ചമാണ്. അന്ന് സ്കൂളില്‍ പോകാതെ അവന്‍ ഞങ്ങടെ രണ്ട് പേരുടെയും ഒരു പകലും രാത്രിയും മധുരത്തില്‍ മുക്കിയെടുത്തിരുന്നു. രാത്രി പന്ത്രണ്ടര കഴിഞ്ഞ നേരത്ത് ചന്തൂന്‍റെ പുതപ്പിനടിയില്‍ നിന്നും എലികരളുന്നതുപോലെ ഒച്ചകേട്ട് അമ്മായി പുതപ്പ് പൊക്കി നോക്കിയപ്പോള്‍, വാനിറച്ച് കടലമുട്ടായിയുമായി അവന്‍ പുതപ്പിനടിയില്‍ കുത്തിയിരിക്കുന്നു. അതിന് ശേഷം ഇന്നോളമവന്‍ ചെറുതും വലുതുമായ ഭാഗ്യങ്ങള്‍ പത്രങ്ങളിലും പാതവക്കിലും തിരഞ്ഞുകൊണ്ടിരുന്നു.
അതിരാവിലെ തന്നെ സൈക്കിളും എടുത്തുകൊണ്ട് ഒറ്റ പോക്കാണ് വേഗത്തിന് വേണ്ടിയല്ല, ഒരു ശീലത്തിനു വേണ്ടിയാണ് അവന് സൈക്കിള്‍ എന്നെനിക്ക് തോന്നീട്ടുണ്ട്. അതിന്‍റെ ഹാന്‍ഡില്‍ കൈയ്യിലുണ്ടെങ്കിലേ വഴിവക്കിലെ ചപ്പിലും കുപ്പയിലും കണ്ണ് പിടിക്കൂ എന്നൊരു തോന്നലാവാം.
പക്ഷെ എന്‍റെ ജീവിതം പറഞ്ഞ് അവന്‍ നേടിയതുപോലെ ഇന്ന് അവന്‍റെ തിരച്ചിലിന്‍റെ ഫലം എനിക്കാണ് കിട്ടിയത്. ടൗണിന്‍റെ തിരക്ക് കുറഞ്ഞ ഭാഗത്തെ റോഡ് വക്കില്‍ കിടന്ന് ഒരു മണി പേഴ്സ്. അവനെ പോലെ വഴിവക്കിലെ ഓരോ ചപ്പും ചവറും പുല്‍നാമ്പും കണ്ണുകൊണ്ടെണ്ണിയായിരുന്നില്ല എന്‍റെ നടത്തം. ഭാഗ്യം എന്‍റെ ചവിട്ടടിയില്‍ പെട്ട് ഒരു പാമ്പിനെപോലെന്നെ പേടിപ്പിക്കുകയായിരുന്നു. ഞാനൊന്ന് കുതറിചാടി. നോക്കുമ്പോഴുണ്ട് കറുപ്പിനു മീതെ പൊടിമണ്ണണിഞ്ഞ് തടിച്ചൊരു മണി പേഴ്സ്. അഞ്ഞൂറിന്‍റെ നോട്ടുകളുടെ മഞ്ഞപ്പ് ഞാന്‍ അതിനുള്ളില്‍ കണ്ടു. ആയിരത്തിന്‍റെ ചുവപ്പും.
ചുറ്റുപാടും ഒന്ന് നോക്കി ആരും കാണുന്നില്ലെന്ന് ഉറപ്പായപ്പോള്‍ എന്‍റെ കൈയ്യില്‍ നിന്നും അപ്പോള്‍ വീണുപോയതുപോലെ ഞാനത് കുനിഞ്ഞെടുത്തു. അതുവരെയും പ്രത്യേകിച്ച് ഉദ്ദേശം ഒന്നുമില്ലാതെ വിഴിയിലൂടെ വെറുതേ ഒഴുകിവന്നുകൊണ്ടിരുന്ന ഞാന്‍ പെട്ടന്ന് ഖരരൂപം പൂണ്ട് ഒരു ബസിലേക്ക് ചാടിക്കയറി.
ബസിനുള്ളില്‍ നല്ല തിരക്കായിരുന്നു. ഇരിക്കാനൊരിടം കിട്ടാതെ ഞാന്‍ കമ്പിയില്‍ ചാരിനിന്ന് മൂന്ന് ടിക്കറ്റെടുത്തു. കൈയ്യില്‍ കാശുള്ളപ്പോഴൊക്കെ ഞാന്‍ അങ്ങനെ ചെയ്യുമായിരുന്നു. ഇല്ലാത്ത അച്ഛനും അമ്മക്കും ഓരോ ടിക്കറ്റ്. പിന്നെ ഞാനാ തിരക്കിനിടയില്‍ വളരെ സൂക്ഷ്മതയോടെ തിരഞ്ഞ് ഏകദേശം അന്‍പതിനടുത്ത് പ്രായമുള്ള നരകയറി തുടങ്ങിയ ഇരു നിറത്തിലൊരച്ഛനെ കണ്ടെത്തും, അമ്മെ കണ്ടെത്താന്‍ കുറച്ച് കൂടുതല്‍ നേരം തിരയും, എന്‍റമ്മ വളരെ സുന്ദരി ആയിരിക്കണം നല്ല വെളുപ്പും, നെറ്റിയില്‍ ചന്ദനക്കുറിയും വേണം ചുണ്ടിലെപ്പോഴും കെടാത്തൊരു പുഞ്ചിരിയും. കുറെയേറെ തിരഞ്ഞൊടുവില്‍ ഞാനെന്‍റെ അമ്മയെയും കണ്ടെത്തും. പിന്നെ ഒരു പക്ഷെ ജീവിതത്തിലൊരിക്കലും തമ്മില്‍ കണ്ടിട്ടില്ലാത്ത ആ അച്ഛനും അമ്മക്കും പിന്നില്‍ അനുസരണയുള്ളോരു മകനായി ഞാന്‍ നില്‍ക്കും നിശബ്ദനായി...
ചിലപ്പോള്‍ ഞാന്‍ രണ്ട് ടിക്കറ്റെ എടുക്കാറുള്ളൂ അപ്പോഴൊക്കെ എന്‍റെ അമ്മയുടെ തന്നെ ഇരുപത് വയസ്സുള്ള ഒരു രൂപം ഞാന്‍ തിരഞ്ഞ് കണ്ടെത്തും. അത് അമ്മെകണ്ട് പിടിക്കുന്നതിനേക്കാള്‍ വിഷമമുള്ള കാര്യമായിരുന്നു. കാരണം രാവിലത്തെ തിരക്കില്‍ അഴിച്ചിട്ട ചുരുള്‍ മുടിയും ചന്ദനക്കുറിയും വിടര്‍ന്ന കണ്ണുകളുമുള്ള പെണ്‍കുട്ടികള്‍ ഏറെപേരുണ്ടാവും അവരില്‍ നിന്നുമൊരാളെ തിരഞ്ഞെടുക്കാന്‍ എനിക്കാകെ കിട്ടുന്നത് പതിനഞ്ചോ ഇരുപതോ മിനിറ്റാണ്. ഏറിയാല്‍ അര മണിക്കൂര്‍ മറ്റു പലര്‍ക്കും എത്ര വലിയ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും ഒറ്റ നോട്ടത്തിലവരെ കണ്ട് പിടിക്കാന്‍ കഴിയുന്നതെങ്ങനെയാണെന്ന് എനിക്ക് അല്‍ഭുതം തോന്നാറുണ്ടായിരുന്നു.
ടൗണിലെത്തിയതേ ഞാനാദ്യം പോയി രാവിലത്തെ ഭക്ഷണം കഴിച്ചു പിന്നൊരു തുണിക്കടയില്‍ കയറി വളരെ നാളായാഗ്രഹിച്ച ഒരു ഷര്‍ട്ട് വാങ്ങി. രണ്ടിനും കൂടി എഴുന്നൂറ് രൂപയായി. പുതുതായി വീണുകിട്ടിയ ഭാഗ്യത്തില്‍ തൊടാതെ ഞാനെന്‍റെ നിറം മങ്ങി പഴകിയ പേഴ്സില്‍ നിന്നും എന്തെങ്കിലും അത്യാവശ്യം വരുമ്പോള്‍ എടുക്കാനായി മാറ്റി വച്ചിരുന്ന പൈസയാണ് എടുത്ത് കൊടുത്തത്.
രണ്ട് മൂന്ന് വട്ടമാ പേഴ്സ് ഞാന്‍ തുറന്ന് നോക്കിയെങ്കിലും, അതിനുള്ളില്‍ എത്രരൂപയുണ്ടെന്ന് ഞാന്‍ എണ്ണിനോക്കിയില്ല. പേഴിസിനുതന്നെ അതിന്‍റുള്ളിലെ മഞ്ഞനോട്ടുകളില്‍ മൂന്നെണ്ണമെങ്കിലും ചിലവാകുമായിരുന്നു. ഏതോ കാശുകാരന്‍റേതാണ്. അതെന്‍റെ കുറ്റബോധമൊന്ന് കുറച്ചു. ടൗണില്‍ നിന്നും തിരികെ പോരുമ്പോള്‍ തിരക്ക് കുറഞ്ഞ ബസിനുള്ളിലിരുന്ന് ഞാന്‍ പേഴ്സിനുള്ളിലുണ്ടായിരുന്ന മറ്റ് കടലാസുകളും ബില്ലുകളും രസീതുകളും പരിശോധിച്ചു. പെട്ടന്ന് അതിന്‍റെ ഉള്ളിലെ അറയില്‍ നിന്നും ഒരു പെണ്‍കുട്ടിയുടെ ഫോട്ടോ എനിക്ക് കിട്ടി. എന്‍റെ ഉള്ളിലൂടൊരു കുഞ്ഞ് കരണ്ട് പായിക്കാനും മാത്രം സുന്ദരിയായിരുന്നു അവള്‍. പിന്നെ വേറൊന്നും തിരയാന്‍ പോകാതെ പേഴ്സിന്‍റെ ഉടമസ്ഥ അവളാണെന്ന് ഞാന്‍ ഉറപ്പിച്ചു. അവള്‍ക്കെന്‍റെ അമ്മയുടെ വിദൂരച്ഛായയോ ചന്ദനക്കുറിയോ, ചുരുള്‍മുടിയോ ഒന്നുമുണ്ടായിരുന്നില്ല. എങ്കിലും ഞാനപ്പോള്‍ ടൗണിലേക്ക് തന്നെ തിരിച്ചുപോയി എന്തെങ്കിലും ചേര്‍ച്ചക്കുറവ് പറഞ്ഞ് ഷര്‍ട്ട് തിരികെ കൊടുത്ത് അതിന് ചിലവായ അറുന്നൂറ് രൂപ തിരികെ മേടിക്കാന്‍ ആലോചിച്ചു. എന്തേലുമൊരു അത്യാവശ്യം വന്നാല്‍ എന്‍റെ കൈയ്യില്‍ വേറെ പൈസയില്ല ചന്തുവിനോടോ അമ്മാവനോടോ കൈനീട്ടണം, അല്ലെങ്കില്‍ അമ്മായിയോട് - പക്ഷെ ഞാനങ്ങനെ ആലോചിച്ചെങ്കിലും അതിന്‍റെ നാണക്കേടും ബുദ്ധിമുട്ടുകളും ഓര്‍ത്തപ്പോള്‍ വേണ്ടന്ന് വെച്ചു.
ടൗണിലേക്ക് ബസ് കയറിയിടത്തുതന്നെ ഞാന്‍ ചെന്നിറങ്ങി, ഞാന്‍ പ്രതീക്ഷിച്ചതുപോലെ കണ്ണുകളില്‍ തിരച്ചിലുമായി ഒരു പെണ്‍കുട്ടി അവിടെയെങ്ങും ഉണ്ടായിരുന്നില്ല. എങ്കിലും എന്‍റെ ഭാഗ്യം ആ പേഴ്സിലുണ്ടായിരുന്ന പണത്തേക്കാള്‍ അധികമായിരിക്കും എന്ന് തന്നെ ഞാന്‍ വിശ്വസിച്ചു. പക്ഷെ പിന്നീട് നിരാശപ്പെടേണ്ടി വരരുതല്ലോന്നോര്‍ത്ത് ഞാനാ തോന്നലധികം വളര്‍ത്തിയില്ല. ചെറുപ്പം മുതല്‍ക്കേ അങ്ങനെ ശീലിച്ചു പോന്നതുകൊണ്ടാണ്, അച്ഛനും അമ്മയും ഒന്നും ഇല്ലാതായിട്ടും ഞാനീ ലോകത്തിനൊപ്പം നിലനിന്ന് പോന്നത്.
അരമണിക്കൂറോളം ഞാനവിടെതന്നെ ചുറ്റിപ്പറ്റിനിന്നു ചുട്ടുപൊള്ളുന്ന വെയിലിന്‍റെയും, വ്യാമോഹങ്ങളുടെയും ചില മായക്കാഴ്ചകളല്ലാതെ അവളുടെ യഥാര്‍ഥ രൂപം അവിടെ പ്രത്യക്ഷമായതേയില്ല. ചൂടും ദാഹവും സഹിക്കാന്‍ മേലാതായപ്പോല്‍ ഒരു നാരങ്ങാവെള്ളം കുടിക്കാനായി ഞാന്‍ അടുത്തപെട്ടിക്കടയിലേക്ക് പോയി. രണ്ടോ മൂന്നോ മിനിറ്റിനുള്ളില്‍ ഒരു നാരങ്ങാവെള്ളം കുടിച്ചിട്ട് ഞാന്‍ തിരിയുമ്പോഴേക്കും ആ അല്‍ഭുതം സംഭവിച്ച് കഴിഞ്ഞിരുന്നു. മണിക്കൂറുകള്‍ നീണ്ട ദീര്‍ഘമായ കാത്തിരിപ്പിനിടയില്‍ ഒരു നൊടി കണ്ണൊന്നടയുകയോ, കാഴ്ചയൊന്ന് മാറുകയോ ചെയ്യുന്ന നേരം കൊണ്ട് കാത്തിരുന്ന കാര്യം കടന്നു പോയതുപോലെ ആയിരുന്നു അത്. പെണ്‍കുട്ടിയല്ല. നരച്ച കുറ്റിത്താടിയും കുറ്റിമുടിയുമായി ഉയരമുള്ള ഒരു മനുഷ്യന്‍, ഞാന്‍ പെണ്‍കുട്ടിയെ പ്രതീക്ഷിച്ചിടത്ത് കണ്ണുകളില്‍ തിരച്ചിലുമായി നില്‍ക്കുന്നു.
വലിഞ്ഞു മുറുകിയ ഒരു മുഖഭാവമായിരുന്നു അയാള്‍ക്ക്. പേഴ്സ് നഷ്ടമാകുന്നതിന് മുന്‍പും, അതിനി തിരികെ കിട്ടിയാലും ആ മുഖഭാവത്തില്‍ വലിയ മാറ്റമൊന്നും ഉണ്ടാകുമെന്ന് തോന്നുന്നില്ല. ഞാനാ പെട്ടിക്കടയുടെ അടുത്ത് തന്നെ ഒതുങ്ങിക്കൂടിനിന്ന് അയാളുടെ തിരച്ചില്‍ ശ്രദ്ധിച്ചു. എനിക്കാ പേഴ്സ് കിട്ടിയിടത്തുനിന്നും, അമ്പതോ നൂറോ മീറ്റര്‍ അകലെ -മുന്‍പിലോ, പിന്നിലോ- എവിടെയെന്ന് കൃത്യമായി തിരിച്ചറിയാനാവാത്ത വഴിവക്കിലെവിടെയോ ആണ് അയാള്‍ക്ക് പേഴ്സ് നഷ്ടമായിരിക്കുന്നത്.
ചന്തുവിനെപ്പോലയാള്‍ വഴിവക്കിലെ ഓരോ കല്ലും കട്ടയും ചപ്പു ചവറുകളും തിരഞ്ഞുകൊണ്ടിരുന്നു. ഫോട്ടോയിലുള്ള പെണ്‍കുട്ടിയുമായി അയാള്‍ക്ക് യാതൊരു ഛായയുമില്ലെന്ന് ഞാന്‍ വീണ്ടും വീണ്ടും നോക്കി ഉറപ്പു വരുത്തി. എന്‍റെ അറിവോ അനുമതിയോ ഇല്ലാതെ എന്‍റെ ചങ്കിടിപ്പ് കൂടുന്നത് ഞാനറിഞ്ഞു.
ഏതാണ്ടൊരു പത്ത് പതിനഞ്ച് മിനിറ്റത്തെ തിരച്ചിലിനൊടുവില്‍ നിരാശയും വെയിലും കൊണ്ട് കൂടുതല്‍ കരുവാളിച്ച മുഖത്തോടെ അയാള്‍ കണ്ണുകളെ റോഡിലൂടെ വലിച്ചിഴച്ചുകൊണ്ട് പോയി തന്‍റെ സ്കൂട്ടറില്‍ കയറി. പിങ്ക് നിറത്തില്‍ സാധാരണ പെണ്‍കുട്ടികള്‍ ഉപയോഗിക്കാറുള്ള ഒരു സ്കൂട്ടറായിരുന്നു അത്. എന്‍റെ പ്രതീക്ഷകള്‍ ആകാശത്തേയ്ക്ക് ചിറകുനീര്‍ത്തിയെങ്കിലും നിരാശയുടെ താക്കീതോര്‍ത്ത് വളരെ പാടുപെട്ടാ ചിറകുകള്‍ ഒതുക്കി. എങ്കിലും ഒരോട്ടോറിക്ഷ കൈകാണിച്ചി നിര്‍ത്തി, ആ സ്കൂട്ടറിന് പുറകേ വിട്ടോളാന്‍ പറഞ്ഞു.
ടൗണില്‍ നിന്നും കഷ്ടിച്ച് ഒന്നര കിലോമീറ്ററേ അയാളുടെ വീട്ടിലേക്കുണ്ടായിരുന്നുള്ളൂ. പ്ലാവും മാവും, ബദാം മരങ്ങളുമൊക്കെ വെയിലിന് പന്തലിട്ടതിന് താഴെ വലിയൊരു ഇരുനില വീടായിരുന്നു അത്. ഒറ്റനോട്ടത്തില്‍ പഴമയും പാരമ്പര്യവും പ്രൗഡിയുമൊക്കെ തോന്നിക്കുന്ന ഒരു വീട്. എന്‍റെ അനാഥത്വം ആ മതില്‍ കെട്ടിനുള്ളില്‍ അവസാനിക്കണേയെന്ന് ഞാന്‍ ഈശ്വരനോട് ഉള്ളുരുകി പ്രാര്‍ത്ഥിച്ചു. എന്‍റെ അനാഥത്വം തന്നെ വലിയൊരു പ്രാര്‍ത്ഥനയായിരുന്നു. എങ്കിലും താന്‍ പാതി ദൈവം പാതി എന്നോര്‍മ്മിച്ചുകൊണ്ട് അപ്പോള്‍ ഞാന്‍ അയാള്‍ക്ക് പിന്നാലെ ആ വീട്ടിലേയ്ക്ക് പോയില്ല. ഇപ്പോള്‍ ഞാന്‍ അവിടേക്ക് കയറി ചെന്ന് തണുത്ത പഴുത്തിലകള്‍ കൊഴിഞ്ഞു കിടക്കുന്ന മുറ്റത്തോ സിറ്റൗട്ടിലോ വെച്ച് അയാള്‍ക്ക് നഷ്ടമായ പേഴ്സും പണവും തിരിച്ചേല്‍പ്പിച്ചാല്‍, അതിന്‍റെ നന്ദിയും സന്തോഷവും കൊണ്ട് അയാളെന്നെ കെട്ടിപ്പിടിച്ചേക്കാം, വീടിനുള്ളിലേക്ക് കൂട്ടിക്കൊണ്ട് പോയി ഒരു നേരത്തെ ആഹാരം തരുമായിരിക്കും, തിരികെ കിട്ടിയ തുകയില്‍ നിന്നും ഏതാനും നോട്ടുകള്‍ എനിക്ക് പ്രതിഭലമായും തന്നേക്കാം പക്ഷെ അപ്പോഴും എന്‍റെ അനാഥത്വം മാത്രം അങ്ങനെ തന്നെ അവശേഷിക്കും, കാരണം പേഴ്സിനുള്ലിലെ ഫോട്ടോയിലുള്ളവളുടെ പൂര്‍ണ്ണരൂപമിപ്പോള്‍ ഏതെങ്കിലുമൊരു കോളേജിന്‍റെ ക്ലാസ് മുറിക്കുള്ളിലാണെങ്കിലോ...
ചന്തുവിനെ പോലെ എനിക്കെന്‍റെ അനാഥത്വം അവളോട് തുറന്ന് പറയണം. അവള്‍ക്കു മുന്നില്‍ അച്ഛനും അമ്മയും പോയതറിയാതെ മുറ്റത്തിരുന്ന് കളിക്കുന്ന രണ്ട് വയസുകാരനാകണം അത് കേട്ട് കണ്ണും,മനസ്സും നിറഞ്ഞ് അവളെന്നെ മാറോട് ചേര്‍ത്ത് പിടിക്കണം എന്‍റെ അമ്മയെപ്പോലെ...
ഞാനവിടെനിന്നും സാവധാനം നടന്ന് ടൗണിലേക്ക് പോയി പിന്നെ എവിടെ പോയി നിന്നാലും എന്‍റെ തലക്ക് ചുറ്റും ചിറകടിച്ചു പറക്കുന്ന പ്രതീക്ഷകളുടെ പക്ഷികളെ ഓടിക്കലായി എന്‍റെ പണി. വെയില്‍ ചാഞ്ഞ് തുടങ്ങിയപ്പോള്‍ വീണ്ടും ഞാനാ വീടിന്‍റെ മുന്നിലെത്തി. അതിന്‍റെ മതില്‍ കെട്ടിനുള്ളില്‍ നേരം കുറച്ചു കൂടി സന്ധ്യയായതുപോലെ തോന്നി. ചരല്‍ വിരിച്ച മുറ്റവും അപരിചിതമായ അന്തരീക്ഷവും. മുറ്റത്ത് നിന്ന് സിറ്റൗട്ടിലേക്ക് കയറി ഞാന്‍ കോളിങ്ങ് ബെല്ലില്‍ വിരലമര്‍ത്തി, ഞാന്‍ പ്രതീക്ഷിച്ചതിന് വിരുദ്ധമായി വെളുത്ത് തടിച്ച ഒരു സ്ത്രീയാണ് വന്ന് വാതില്‍ തുറന്നത് അവളുടെ അമ്മ. എങ്കിലുമവര്‍ക്ക് അതിലേറെ പ്രായം തോന്നുമായിരുന്നു. അവരുടെ കണ്ണുകളില്‍ ആരാണെന്നുള്ള ചോദ്യഭാവം.
ആരാരുന്നൂ..?
പെണ്‍കുട്ടിയുടെ വിദൂരച്ഛായ മാത്രമുള്ള മുഖത്തുനിന്നും സൗമ്യമായ ചോദ്യമുണ്ടായി.
ചേട്ടനില്ലേ..? എന്ന് ഞാന്‍ മറുചോദ്യം ചോദിച്ചു.
'പപ്പാ... ദേ ഇങ്ങോട്ടൊന്ന് വന്നേ'.. എന്നവര്‍ അകത്തേക്ക് നോക്കി വിളിച്ചു. ഏതാനും വിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ മുമ്പ് കണ്ട മനുഷ്യന്‍ "എന്താ?" എന്നുള്ള ചോദ്യത്തോടെ അവിടേക്ക് വന്നു, വെയിലാറിയിട്ടും അയാളുടെ മുഖത്തെ കരിവാളിപ്പും പിരിമുറുക്കവും ഒട്ടും കുറഞ്ഞിട്ടില്ല. ഞാനെന്‍റെ പോക്കറ്റില്‍ നിന്നും കളഞ്ഞുകിട്ടിയ പേഴ്സെടുത്ത് അയാള്‍ക്ക് നീട്ടി. അത് കണ്ടതും അയാളുടെ കണ്ണുകളിലൊരു തിളക്കം ഞാന്‍ കണ്ടു. ഒരൊറ്റ മിന്നല്‍ പോലെ മാത്രം. അതിന് ശേഷമാ മുഖം വീണ്ടും പഴയ പടിയായി, കൂടുതലൊന്നും പറയാതെയും ഉള്ളിലെ ദുഖത്തെ ഉണര്‍ത്താതെയും ഞാനവിടെ നിന്നും പടിയിറങ്ങാന്‍ തുടങ്ങവെ 'അതേ... ഹലോ...' എന്ന് പിന്നില്‍ നിന്നും അയാള്‍ വിളിച്ചു. രൂപം പോലെതന്ന പരുക്കനായിരുന്നു അയാളുടെ ശബ്ദവും, ഞാന്‍ തിരിഞ്ഞു നിന്നപ്പോള്‍ അയാളെന്‍റെ നേരെ അഞ്ഞൂറിന്‍റെ രണ്ട് നോട്ടുകളെടുത്ത് നീട്ടി. 'ദാ ഇത് വച്ചോ...' എന്ന് പറഞ്ഞ്. അത് കൈ നീട്ടി വാങ്ങിയിട്ടും തിരിഞ്ഞ് നടക്കാതെ ഞാനവിടെത്തന്നെ നിന്ന് ആലോചിച്ചു. ആ പേഴ്സില്‍ ഉണ്ടായിരുന്നതിലും എത്രയോ കുറവായിരുന്നു എന്‍റെ ഭാഗ്യമെന്ന്.
ഞാനെന്‍റെ പോക്കറ്റില്‍ നിന്നും പെണ്‍കുട്ടിയുടെ ഫോട്ടോ എടുത്ത് അയാള്‍ക്ക് നീട്ടിക്കൊണ്ട് ചോദിച്ചു : 'ചേട്ടന്‍റെ മോളാണോ ഇത് ?
' ആ അതെ' എന്ന് പരുക്കന്‍ ശബ്ദത്തില്‍ മറുപടി പറഞ്ഞ് ഫോട്ടോ വാങ്ങി അയാള്‍ പോക്കറ്റിലിട്ടു.
മരണം വരെ എന്നെ വിട്ട് പോകില്ലാത്ത അനാഥത്വത്തിന്‍റെ കണ്ണുകള്‍കൊണ്ട് എന്‍റെ കാഴ്ച എത്തുന്നിടത്തൊക്കെ അവളെ ഞാന്‍ തിരഞ്ഞു. ' മോളെവിടാ പടിക്കുവാണോ?' എന്‍റെയുള്ളിലെ കരച്ചില്‍ അങ്ങനൊരു ചോദ്യമായാണ് പുറത്ത് വന്നത്.
അതെ മോനെ ബാംഗ്ലൂര്‍ പഠിക്കുവാ... സ്ത്രീയാണ് മറുപടി പറഞ്ഞത്, മോന്‍റെ വീടെവിടാ ?
ഇവിടടുത്താണെന്ന് പറയുന്നതിന് പകരം കുറെ ദൂരെയാണെന്ന് ഞാനവരോട് പറഞ്ഞു. അവസാനമായി അയാളുടെ മുഖത്തേക്ക് ഞാനൊന്നുകൂടി നോക്കി, ചന്തു ഭാഗ്യം പരതി എന്നും നിരാശനാകുന്ന പത്രക്കടലാസുപോലെയായിരുന്നു അത്.
ഇരുട്ടി തുടങ്ങിയിരുന്നില്ല അതിനിനി വീടെത്തുവോളം നേരമുണ്ട്, ഞാനിറങ്ങി നടന്നു.. എന്‍റെ അനാഥത്വം രണ്ടസ്ഥികൂടങ്ങളായി പല്ലിളിച്ചുകൊണ്ട് കൂടെ പോന്നു, ഒന്നെന്‍റെ മുന്നിലും ഒന്നെന്‍റെ പിന്നിലുമായി..

By: Sunu

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot