നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കൊഴിഞ്ഞ പൂക്കൾ

Image may contain: 1 person, selfie and closeup

സ്കൂളിനടുത്തുള്ള ജംങ്ഷനിൽ ബസ്സിറങ്ങി തെല്ലൊരു പരിഭ്രമത്തോടെ അവൾ ചുറ്റും നോക്കി. അവൻ കാത്തു നിൽപ്പുണ്ട് കാറിനരികിൽ..പ്രണയമാണ് തമ്മില്‍.
സ്കൂൾ ബാഗിൽ ഒരു ജോഡി ഡ്രസ്സ് അമ്മ കാണാതെ ഒളിപ്പിച്ചു വച്ചിട്ടുണ്ട്.
രാവിലെ അമ്മയ്ക്കു ബാഗു ശ്രദ്ധിക്കാനൊക്കെ എവിടെയാണ് സമയം.
കാറിൽ കയറി ഒരു വിധത്തിൽ യൂണിഫോം മാറ്റി മിഡിയും ടോപ്പുമിട്ടു. അവൻ കള്ളച്ചിരിയോടെ നോക്കുന്നുണ്ട്.
എന്തു രസമാണ് അവനോടൊപ്പം ചുറ്റിക്കറങ്ങി നടക്കാൻ. ബീച്ചും, പാർക്കും പിന്നെ സിനിമാ തീയറ്ററും..
എന്തായാലും വൈകുന്നേരം കൃത്യസമയത്ത് വീട്ടിലെത്തണം.
പാർക്കിലെ പ്രണയനിമിഷങ്ങൾ കഴിഞ്ഞു റെസ്റ്റോറന്റിൽ കയറി അവൻ വാങ്ങിക്കൊടുത്ത ഭക്ഷണവും കഴിച്ച് നേരെ സിനിമയ്ക്ക്..
ഇരുളിൽ അവൻ നൽകിയ സ്നേഹസമ്മാനങ്ങൾ. പ്രണയമെന്നാൽ ഇതാവുമല്ലേ..അവളോർത്തു ..
തിരികെ മടങ്ങും വഴി ലഞ്ച് ബോക്സിലെ ഭക്ഷണം കളഞ്ഞിട്ട് പാത്രം കഴുകി വയ്ക്കണം. താൻ ചെന്നാൽ ആദ്യം അമ്മ നോക്കുന്നത് ഭക്ഷണം മുഴുവൻ കഴിച്ചോ എന്നാണ്..
പാത്രത്തിലെ ചോറും, മുട്ട പൊരിച്ചതും, കറികളും കളഞ്ഞിട്ട് രാവിലെ മല്ലിയിട്ട് തിളപ്പിച്ച് അമ്മ തന്നു വിട്ട വെള്ളമെടുത്ത് പാത്രം കഴുകി ഭദ്രമായി ബാഗിൽ വച്ചു.
കളർ ഡ്രസ്സ് മാറ്റി യൂണിഫോം ഇടുമ്പോൾ അവൻ മൊബൈലിൽ തന്റെ ഫോട്ടോകൾ എടുക്കുന്നുണ്ടായിരുന്നു.
പ്രണയത്തിന്റെ ലോകം എത്ര മനോഹരമാണ് അവളോർത്തു..
വീട്ടിലേയ്ക്കുള്ള വഴികൾക്ക് ഇപ്പോള്‍ എന്തൊക്കെയോ മാറ്റങ്ങൾ. നടന്നെത്തുമ്പോൾ കണ്ടു, ദ്രവിച്ചു പഴകിയ വീട്. തന്റെ വീട് ഒരു ദിവസം കൊണ്ട് മാറിയിരിയ്ക്കുന്നു.
അമ്മേ.. ദേ മോളെത്തി.. കൈയിലെ ബാഗ് നീട്ടിക്കൊണ്ടു പറഞ്ഞപ്പോൾ മുൻപിൽ അമ്മയുടെ ചിരിയ്ക്കുന്ന മുഖം..
പക്ഷേ ചിരിയ്ക്കുന്നതല്ലാതെ തന്നെ ചേർത്തു നിർത്തുന്നില്ല. നെറുകയില്‍ ചുംബിയ്ക്കുന്നില്ല. പതിവുകളൊക്കെ അമ്മ മറന്നിരിയ്ക്കുന്നു.. തൊട്ടുവിളിച്ചു നോക്കി.. അമ്മയുടെ പുഞ്ചിരി മായാത്ത ഫോട്ടോയാണത്... അമ്മയുടെ ഫോട്ടോയിൽ മാല ചാർത്തിയതാരാണ് ? അമ്മ അകത്തെവിടെയോ ആണ്.. അടുക്കളയില്‍ ആവും.. അല്ലെങ്കിലും ഒരിക്കലും അടുക്കള വിട്ടൊരു ലോകം അമ്മയ്ക്കില്ലല്ലോ..
അച്ഛാ.. ഉറക്കെ വിളിച്ചു..
അച്ഛൻ വരാൻ രാത്രിയാകുമല്ലോ.. അതു മറന്നു..ജോലി കഴിഞ്ഞ് തനിയ്ക്കുള്ള പലഹാരപ്പൊതിയുമായി വിയർപ്പിൽ കുളിച്ച അച്ഛൻ..
യൂണിഫോം മാറ്റണം. ഭക്ഷണം കഴിക്കണം.. നല്ല വിശപ്പുണ്ട്.. വിളമ്പി തരാൻ അമ്മയില്ലെന്നറിഞ്ഞ് വിശപ്പ് പിണങ്ങാൻ തുടങ്ങുന്നു..
യൂണിഫോം അല്ലല്ലോ താൻ ധരിച്ചിരിയ്ക്കുന്നത്.. നിറം മങ്ങിയ ഒരു ഡ്രസ്സ് .. താൻ മറന്നു പോയെന്നു തോന്നുന്നു കാറിൽ വച്ച് യൂണിഫോം ഇടാൻ.
ചെവിയ്ക്കരുകിലൂടെ ചീവീട് മൂളിപ്പറക്കുന്ന ശബ്ദം. എന്തൊക്കെയോ ഓർമ്മകൾ അവയ്ക്കൊപ്പം മൂളിപ്പറക്കുന്ന പോലെ..
നേർത്തൊരോർമ്മ.. അവനോടൊപ്പം താൻ.. പിന്നീടെപ്പോഴോ അവന്റെ ജീവൻ തന്റെ ഉള്ളിൽ. പതിനഞ്ചുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ.. വാർത്തകൾ .
ചുറ്റും ആൾക്കാർ. മുഖം കുനിച്ചു നിൽക്കുന്ന അമ്മ. നാണക്കേടിനാൽ നാടുവിട്ട അച്ഛൻ..
വീർത്തു വരുന്ന വയറിനുള്ളിലെ ചവിട്ടും തൊഴിയും അറിയുമ്പോൾ പരിഭ്രമമായിരുന്നു. അമ്മയുടെ നിസ്സഹായമായ മുഖം ഇടയ്ക്ക് തന്റെ മുറിയിൽ വന്നെത്തി നോക്കുന്നുണ്ടായിരുന്നു..
പേറ്റുനോവറിഞ്ഞ കൌമാരം.. തന്റെ മുറിയ്ക്കുള്ളിലേയ്ക്ക് നിർത്താതെ കരയുന്ന ഒരു ജീവി.. അതു തന്റെ മാറിടങ്ങളിൽ പരതുമ്പോഴൊക്കെയും ചിന്തകൾ സ്കൂൾമുറ്റത്ത് അലഞ്ഞു നടന്നു..
ഭ്രാന്തമായ ചിന്തകൾക്കൊടുവിൽ ഒരു പൂച്ചക്കുഞ്ഞിനെപ്പോലെ ആ കുഞ്ഞിനെ തൂക്കിയെടുത്ത് നിലത്തേയ്ക്കെറിഞ്ഞു ചിരിച്ചതും അമ്മയുടെ അടക്കിപ്പിടിച്ച തേങ്ങലുകളും കാതിൽ മുഴങ്ങുന്നു..
മുന്നിലെ അലമാരയിൽ തന്റെ മുഖം മാറി മറിയുന്നതവൾ കണ്ടു. കൈയിൽ സ്കൂൾ ബാഗില്ല.. രണ്ടുവശത്തായി പിന്നിക്കെട്ടിയ ഇടതൂർന്ന മുടിയിഴകളില്ല.
നീണ്ട പതിനഞ്ചു വർഷങ്ങൾക്കു ശേഷം വീണ്ടെടുത്ത ഓർമ്മൾ.. വേണ്ടായിരുന്നു ഈ തിരിച്ചു വരവ്.. ഭ്രാന്തിന്റെ ലോകത്തു നിന്നും ഒരു മടങ്ങി വരവ്.. ശ്മശാനത്തിലേയ്ക്ക്..
വീട് മുഴുവൻ പലതരം ഗന്ധങ്ങൾ..
അമ്മയുടെ മാംസം കരിയുന്ന ഗന്ധം. അച്ഛന്റെ വിയർപ്പു തുള്ളികളുടെ ഗന്ധം.. തന്റെ വായിച്ചു തീരാത്ത പുസ്തകങ്ങളുടെ ഗന്ധം..
ആ ഗന്ധങ്ങൾ തന്നെ ശ്വാസം മുട്ടിക്കുന്നതു പോലെ തോന്നിയപ്പോൾ അവൾ ചിരിച്ചു. ഉറക്കെ ഉറക്കെ.. ആൾക്കാർ ചുറ്റും കൂടുന്നത് അവളറിഞ്ഞു...
ഒടുവിൽ അവളുടെ വണ്ടിയെത്തി.
ആരൊക്കെയോ ചേർന്ന് അവളെ വലിച്ചെടുത്തു വണ്ടിയിലേയ്ക്കെറിഞ്ഞു..
ഇനിയൊരു തിരിച്ചു വരവിനില്ലാതെ അവൾ വീണ്ടും തിരികെ ഇരുളിലേയ്ക്ക്....

by: Uma pradeep

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot