നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മരണ വീട് മറ്റൊരു ലോകമാണ്


മരണം കഴിഞ്ഞ വീട്ടിലേക്ക് പോയിട്ടുണ്ടോ നിങ്ങള്‍....?
ഇല്ലെങ്കില്‍ പോകണം.... 
അവിടെ മാത്രം കാണുന്ന ചില കാഴ്ചകളുണ്ട്‌.....!!
പുകഞ്ഞ് നീറിയ കുന്തിരിക്കത്തിന്‍റെ മടുപ്പിക്കുന്ന മണം തങ്ങി നില്‍ക്കുന്ന മുറ്റം....!
വരിഞ്ഞുകെട്ടിയ നീലട്ടാര്‍പ്പയയിലൂടെ ഉമ്മറത്തേക്ക് എത്തിച്ച് നോക്കുന്ന വെയില്...!
മഴച്ചാറല്‍ കൊണ്ട് നനഞ്ഞ് കിടക്കുന്ന വാടകക്ക് കൊണ്ടുവന്ന കസേരകള്‍....!
മയ്യിത്ത് കുളിപ്പിക്കുമ്പോള്‍ അഴുക്ക് നീക്കാന്‍ പൊളിച്ച് മാറ്റിയ റൂമിന്‍റെ കണ്ണീര്....!
കര്‍പ്പൂരം പുകഞ്ഞ റൂമില്‍ തളം കെട്ടിയ മൗനം....!
രണ്ടു ദിവസമായി പുകയാത്ത അടുപ്പിലെ വേവാത്ത പച്ച ച്ചോറിന്‍റെ മണം....!
കരഞ്ഞ് കരഞ്ഞ് ശബ്ദവും കണ്ണീരും വറ്റിയ ഉമ്മാടെ തട്ടം നനഞ്ഞ ചൂര്,......!
പരുക്കനായ ഉപ്പയുടെ ചങ്ക് തകര്‍ക്കുന്ന നിസ്സഹായ നോട്ടം.......!
കരഞ്ഞ് കലങ്ങിയ കുഞ്ഞോളുടെ കണ്ണില്‍ പെയ്ത് മരിച്ച മഴക്കാലത്തിന്‍റെ ബാക്കി....!
ഉമ്മറത്ത് ചാരുകസേരയില്‍ ക്ഷീണിച്ച് ഉറങ്ങുന്ന മരിച്ചയാളുടെ
വേണ്ടപ്പെട്ട വയസ്സായൊരു മനുഷ്യന്‍....!
മയ്യിത്തിന്‍റെ പേരിലുള്ള മഹര്‍മാല കഴുത്തിലണിഞ്ഞവളുടെ
ചോര വറ്റിയ കണ്ണും കണ്ണീര് കുടിച്ച് വീര്‍ത്ത കവിളും,....!
"ഉപ്പ പാപ്പു കൊണ്ടുവരുന്നതും"കാത്ത് ക്ഷീണിച്ച് ഉറങ്ങിപ്പോയ
കുഞ്ഞുങ്ങളുടെ കളങ്കമില്ലാത്ത പരിഭവപ്പറച്ചില്‍,.....!
നിറയേ മൗനം......... തളം കെട്ടിയ മൂകത.... ഇന്നലെ പെയ്ത മഴയിലെ മണ്ണിന്‍റെ മണം.....!
ആളുകളുടെ തിക്കിലും തിരക്കിലും ചളി പറ്റിപ്പിടിച്ച ടൈലിന്‍റെ വൃത്തിയില്ലാത്ത പ്രതലം......!
അവസാനം പൊതിയാന്‍ കൊണ്ടുവന്ന മൂന്ന് കഷ്ണം തുണിയില്‍ നിന്നും
ബാക്കിയായ ചെറിയ കഷ്ണം വെള്ളത്തുണി,...!
അതേ,... ഇതെല്ലാം അവിടെ മാത്രം കാണുന്ന ചില കാഴ്ചകളാണ്.....!!
എല്ലാം കണ്ട് തിരിച്ച് പോരാന്‍ നേരം കണ്ട കാഴ്ചകളെ മൊത്തം
ഉള്ളിലേക്കെടുത്ത് മൂക്കുകൊണ്ടല്ലാതെ,.. മനസ്സുകൊണ്ട് മണത്ത് നോക്കണം.... !!
മരണത്തിന്‍റെ മണം കിട്ടുന്നില്ലേ.... ഉണ്ട്... കിട്ടുന്നുണ്ട്...!!
(ജീവിച്ച് തുടങ്ങുന്നത് മുതല്‍ പ്രതീക്ഷിക്കേണ്ടത് മരണത്തെയാണ്‌...)

5 comments:

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot