നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

തലേലെഴുത്ത്‌


ഒരു സുഹൃത്തിന്റെ നിര്ബ്ന്ധത്തിനു വഴങ്ങിയാണ് രാജീവന്‍ കുറച്ചു ദൂരെയുള്ള ഒരു ആശ്രമത്തില്‍ കൂടെ ചെല്ലാമെന്നു സമ്മതിച്ചത്. അവിടെ ആശ്രമത്തോടൊപ്പം മനോരോഗാശുപത്രി കൂടെ ഉണ്ടത്രേ. സുഹൃത്ത് അശോകന്റെ കുറച്ചകന്ന ബന്ധത്തിലുള്ള ഒരു ചെറുപ്പക്കാരന്‍ അവിടെ ഉണ്ട്. വിവാഹനിശ്ചയത്തിന്‍റെ തലേന്ന് വധുവിന്‍റെ കുടുംബത്തിനു ഒരു ഊമക്കത്ത് കിട്ടി – ഇയാളെ പറ്റി മോശമായ കാര്യങ്ങള്‍ പറഞ്ഞുകൊണ്ട്. അതുകൊണ്ട് അവര്‍ ആ നിശ്ചയത്തില്‍ നിന്നും പിന്മാറി. അതിലുണ്ടായ ഷോക്കും അപമാനചിന്തയും കാരണം മനോനില അല്പം തെറ്റി. അത്കൊണ്ട് അവിടെ കൊണ്ടുപോയി ആക്കിയതാണ്, ഒരു മാസം മുന്‍പ്. ഇപ്പോള്‍ ശരിയായി എന്ന് പറഞ്ഞത് കൊണ്ട് അയാളെ തിരിച്ചു വീട്ടില്‍ കൊണ്ടുവരാന് അശോകനോടാണ് പറഞ്ഞത്. അശോകനാണത്രേ അയാളുടെ ഉറ്റസുഹൃത്ത്. അശോകനും ഒറ്റയ്ക്ക് പോകാന്‍ മടിയുള്ളതുകൊണ്ടാണ് രാജീവനെ കൂടെ കൂട്ടിയത്.
സാധാരണ സിനിമയില്‍ കാണുന്ന പോലെയുള്ള അന്തരീക്ഷം ഒന്നും ആയിരുന്നില്ല അവിടെ. ഒരു ആശ്രമത്തിനു പറ്റിയ സ്ഥലം തന്നെയായിരുന്നു. ശാന്തമായ ഒഴുകുന്ന ഒരു പുഴയുടെ വക്കത്തു, പ്രകൃതിരമണീയമായ ഒരു സ്ഥലം. അവിടെ ചെന്നു അല്പനേരം ഇരുന്നാല്‍ തന്നെ ഒരു ഭാരം ഇറക്കി വെച്ച പ്രതീതി ഉണ്ടാകും.
അശോകന്‍ നേരിട്ട് ഓഫീസിലേക്ക് പോയി സുഹൃത്തിനെ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തി യാക്കാന്‍. രാജീവന്‍ വാച്ച്മാനോട് അനുവാദം വാങ്ങി അവിടെ ഒന്ന് ചുറ്റിനടന്നു. കുറെ ആളുകള്‍ അവിടെ പൂന്തോട്ടത്തിലൂടെ നടക്കുന്നു, ചിലര്‍ ബെഞ്ചുകളില്‍ ഇരുന്നു പാട്ട് പാടുന്നു, ചിലര്‍ കിടന്നുറങ്ങുന്നു, ഒരു ശല്യവുമില്ലാതെ. ഇവരില്‍ ചിലര്‍ അന്തേവാസികളായിരിക്കാം, ചിലര്‍ രോഗികളും.
അങ്ങിനെ നടക്കുമ്പോള്‍ ഒരു ബെഞ്ചില്‍ ഒറ്റയ്ക്ക് താടിക്ക് കൈ കൊടുത്തു ഇരിക്കുന്ന ഒരാളെ രാജീവന്‍ കണ്ടു. അനന്തതയിലേക്ക് കണ്ണും നട്ടിരിക്കുകയാണ് അയാള്‍. ഏതോ ഗഹനമായ ചിന്തയിലാണെന്ന് തോന്നും ആ ഇരിപ്പ് കണ്ടാല്‍. നിമിഷങ്ങള്‍ പോയിട്ടും ആ ഇരിപ്പിനൊരു മാറ്റമോ, മുഖത്ത് ഒരു ഭാവവ്യത്യാസമോ കണ്ടില്ല. രാജീവന്‍ അയാളുടെ അടുത്ത് ചെന്നു എന്തോ ഒരു ആകര്ഷലണം ഉണ്ടായ പോലെ – മുഖത്തേക്ക് നോക്കി, ദൃഷ്ടി മാറ്റുന്നുണ്ടോ എന്നറിയാന്‍. ഒരു വ്യത്യാസവുമില്ല മുഖത്തിന്‌.
രാജീവന്‍ തിരിച്ചു നടന്നു. പെട്ടെന്ന് അയാള്‍ക്ക് ‌ തോന്നി, ഈ മുഖം താനെവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന്, വളരെ അടുത്ത പരിചയമുള്ള ഒരാളുടെതാണെന്ന്. ആകെ ക്ഷീണിതനാനെങ്കിലും മുഖത്തിന് പറയത്തക്ക വ്യത്യാസമൊന്നുമില്ല. അയാള്‍ കുറച്ചു കാലം പിറകിലേക്ക് നടന്നുനോക്കി.ഇയാള്‍ തന്‍റെ സീനിയര്‍ ആയി M A ഇംഗ്ലീഷിനുണ്ടായിരുന്ന രാമനാഥനാണോ? രാജീവന്‍ വീണ്ടും അടുത്ത് ചെന്നു മുഖത്തേക്ക് നോക്കി – അയാളുടെ സംശയം കൂടി വന്നതെയുള്ളു. അങ്ങിനെ ആകാതിരിക്കട്ടെ എന്ന് മനസ്സില്‍ പ്രാര്‍ഥിച്ചു. അവിടെ ഉണ്ടായിരുന്ന വാച്ച്മാനോട് അയാളെ പറ്റി അന്വേഷിച്ചു. അല്പം വിഷമത്തോടെ അയാള്‍ പറഞ്ഞു “അയാളോ? ഒരു പാവം മനുഷ്യന്‍ മുപ്പതോളം വര്‍ഷമായി ഇവിടെ വന്നിട്ട്. ഏതോ കോളേജില്‍ പഠിക്കുമ്പോള്‍ തുടങ്ങിയതാണത്രേ ഈ അസുഖം. തുടക്കത്തില്‍ തന്നെ വീട്ടുകാര്‍ ശ്രദ്ധിച്ചിരുന്നു എങ്കില്‍ ഇങ്ങിനെയൊന്നും വരില്ലായിരുന്നു, മാത്രമല്ല വലിയ നിലയിലും എത്തുമായിരുന്നുവത്രേ. പക്ഷെ വീട്ടുകാര്‍ അതൊന്നും ചെയ്തില്ല. വീട്ടില്‍ ഇപ്പോഴും ആര്‍ക്കെങ്കിലും ഇങ്ങിനെ വരുമെന്നും എന്തോ ശാപമാണെന്നും പറഞ്ഞു കുറെ മന്ത്രവും മറ്റും ചെയ്തു. ഒന്നും ഫലിക്കാതെ വന്നപ്പോള്‍ മുറിയില്‍ പൂട്ടിയിട്ടു. സഹോദരങ്ങളൊക്കെ നല്ല നിലയിലായി, അവരുടെ പാട്ടിന് പോയി. അച്ഛനമ്മമാര്ക്ക് വയ്യാതെ വന്നപ്പോള്‍ ഇവിടെക്കൊണ്ടു വന്നാക്കി. അവരുടെ പഴയ സുഹൃത്താണത്രേ ഇവിടത്തെ മാനേജര്‍. അന്ന് മുതല്‍ ഇവിടെ തന്നെ ആണ്.”
അയാള്‍ തുടര്‍ന്നു “ഇയാളെക്കൊണ്ട് യാതൊരു പ്രശ്നവുമില്ല. വെളിച്ചമായാല്‍ ഇവിടെ വന്നിരിക്കും – ഭക്ഷണസമയത്തു പോയി തീന്മേശയില്‍ പോയിരുന്ന് എന്തെങ്കിലും കഴിച്ചു എന്നു വരുത്തി വീണ്ടും അവിടെ ചെന്നിരിക്കും. വായ തുറന്നു ഒരു വാക്ക് പോലും പറയുന്നത് കണ്ടിട്ടില്ല. പാവം തലയിലെഴുത്ത് എന്നല്ലാതെ എന്ത് പറയാന്‍!”
രാജീവന്‍ അയാളോട് ചോദിച്ചു “അയാളുടെ പേരെന്താണ്?
“അത് പറഞ്ഞില്ല അല്ലെ? രാമനാഥന്‍”. രാജീവന്‍റെ മുഖം ആകെ വിളറി. ഇത് അയാള്‍ ഉദ്ദേശിച്ച ആള്‍ തന്നെ. മുഖത്തെ ഭാവമാറ്റം കണ്ടു വാച്ച്മാന്‍ ചോദിച്ചു “എന്ത് പറ്റി? അറിയുന്ന ആരെങ്കിലും ആണോ? “ഏയ്‌, അല്ല” പെട്ടെന്നുള്ള മറുപടി. “അതിരിക്കട്ടെ അയാള്‍ ആരെയെങ്കിലും തിരിച്ചറിയുകയോ, എന്തെങ്കിലും സംസാരിക്കുകയോ ചെയ്യുമോ?”
“സംസാരം തീരെ ഇല്ല. പക്ഷെ ഇടയ്ക്കിടയ്ക്ക് എന്തൊക്കെയോ വളരെ പതിഞ്ഞ സ്വരത്തില്‍ പിറുപിറുക്കുന്നത് കേള്ക്കാംയ. ഒരു ദിവസം ഒരു ഡോക്ടര്‍ ചെവി അടുത്ത് പിടിച്ച് – അല്പം പേടിയോടെ ആണെങ്കിലും – ശ്രദ്ധിച്ചു നോക്കി. മലയാളം അല്ല, ഇംഗ്ലീഷ് ആണെന്ന് മാത്രം മനസ്സിലായി.
പിന്നെ, ആരെയെങ്കിലും തിരിച്ചറിയുമോ എന്ന്‍ - അതിനു പരിചയമുള്ള ആരെങ്കിലും തിരിഞ്ഞു നോക്കിയാലല്ലേ അറിയൂ? ആദ്യമൊക്കെ അച്ഛനമ്മമാര്‍ മാത്രം വരാറുണ്ടായിരുന്നു. ഇപ്പൊ അതുമില്ല അവരൊക്കെ മാരിച്ചുപോയിക്കാണും”
രാജീവന്റെ മനസ്സില്‍ ഒരു അഗ്നിപര്വ്തം പുകയുന്നതുപോലെ തോന്നി. അതയാളെ നാല്പതു വര്ഷണത്തോളം പുറകിലേക്ക് കൊണ്ടുപോയി.
രാജീവന്‍ MA ഇംഗ്ലീഷിനു ചേര്‍ന്ന സമയം. അന്ന് സീനിയര്‍ ആയി ഈ രാമനാഥനും ഉണ്ടായിരുന്നു. രണ്ടുപേരും ഒരേ നാട്ടുകാരായിരുന്നു. വളരെ സമര്‍ത്ഥനായ ഒരു വിദ്യാര്‍ഥി ആയിരുന്നു അയാള്‍ സഹപാഠികള്‍ വരെ അയാളുടെ അടുത്താണ് സംശയങ്ങള്‍ ചോദിച്ചിരുന്നത്.
ഒരേ നാട്ടുകാരായിരുന്നതുകൊണ്ട് രാമനാഥനും രാജീവനും ഒരേ ബസ്സിലായിരുന്നു യാത്ര. ബസ്സിറങ്ങി പത്തു മിനുട്ടോളം നടക്കേണ്ടതുണ്ടായിരുന്നു. അപ്പോഴൊക്കെ പലതും സംസാരിച്ചുകൊണ്ടിരിക്കും. മിക്കപ്പോഴും രാമാനാഥനാണ് കൂടുതല്‍ സംസാരിച്ചിരുന്നത്. വൈകീട്ട് തിരിച്ചു പോകുമ്പോഴും അങ്ങിനെ തന്നെ. കോളേജ് വിട്ടിറങ്ങിയാല്‍ അടുത്തുള്ള പെട്ടിക്കടയില്‍ നിന്നും ഒരു ഉപ്പു-സോഡാ-നാരങ്ങ വാങ്ങിക്കുടിക്കുക അയാളുടെ പതിവായിരുന്നു. രാജീവനും കൊടുക്കും.
മൂന്നാല് മാസങ്ങള്‍ കഴിഞ്ഞു. ദിവസങ്ങള്‍ പതിവ് പോലെ മുന്‍പോട്ടു പോയി. അതിനിടയില്‍ രാമനാഥന്‍റെ സ്വഭാവത്തില്‍ ചെറിയ മാറ്റങ്ങള്‍ കണ്ടു തുടങ്ങി –ആള് അധികം സംസാരിക്കതെയായി, വൈകീട്ടത്തെ സോഡയും വേണ്ടെന്നായി, രാജീവന്‍ ചോദിച്ചാല്‍ പോലും. സംസാരിക്കാന്‍ വേണ്ടി രാജീവന്‍ എന്തെങ്കിലും ചോദിച്ചാലും അതിനൊക്കെ ഒറ്റ വാക്കിലുള്ള മറുപടി മാത്രം.
കുറച്ചു ദിവസം കൂടി കഴിഞ്ഞപ്പോള്‍ ഭാവമാറ്റം കൂടുതല്‍ പ്രകടമായി. ഭീതിയുളവാക്കുന്ന ഒരു ഗൌരവഭാവം. സഹപാഠികല്‍ക്കും അധ്യാപകര്‍ക്കും അത് മനസ്സിലായിട്ടുണ്ടായിരുന്നു. വിദ്യാര്‍ഥിളെ വളരെ സ്നേഹിച്ചിരുന്ന പ്രൊഫസര്‍ രാമനാഥനെ ഒരു സൈക്കിയാട്രിസ്റ്റിനെ കാണിക്കാന്‍ ഏര്പ്പാടാക്കി അയാളുടെ അച്ഛനെ വിവരം അറിയിച്ചു. പക്ഷെ അദ്ദേഹം അത് നിരസിക്കുകയാണ് ചെയ്തത്. മാത്രമല്ല പോയ ആളെ അപമാനിക്കുകയും കൂടി ചെയ്തു. അതില്പിന്നെ ആരും ഒന്നിനും പുറപ്പെട്ടില്ല.
രാമനാഥന്‍റെ ക്ലാസിലെക്കുള്ള വരവും കുറഞ്ഞുവന്നു.
വന്നാലും ഒന്നും മിണ്ടാതെ ക്ലാസ്സില്‍ ഇരിക്കും – വൈകീട്ട് തിരിച്ചു പോകുകയും ചെയ്യും. ആരോടും ഒരു അടുപ്പവും കാണിച്ചില്ല.
വര്‍ഷാവസാനം സീനിയേര്‍സ്സിനു രാജീവന്റെ ബാച്ച് ഒരു ഫെയര്‍വെല്‍ പാര്‍ട്ടി കൊടുത്തു. രാമനാഥനും അതില്‍ പങ്കെടുത്തു. ആ പരിപാടിയിലെ ഒരു ഐറ്റം അവരോടുള്ള കുസൃതിചോദ്യങ്ങള്‍ ആയിരുന്നു. അയാള്‍ക്ക് ‌ കിട്ടിയ ചോദ്യം “താങ്കല്‍ക്ക് ആദ്യമായി ഒരു കുഞ്ഞു ജനിച്ചു എന്നറിഞ്ഞാല്‍ എന്തായിരിക്കും വികാരം?” എന്നായിരുന്നു. എന്തോ അയാള്‍ അന്ന് മറുപടി പറഞ്ഞു പക്ഷെ അത് എല്ലാവരെയും ഞെട്ടിക്കുന്നതായിരുന്നു: “അതിനെ കഴുത്തു ഞെരിച്ചു കൊല്ലുകയാണ് ചെയ്യുക”
രാമനാഥന്‍ പരീക്ഷ എഴുതിയില്ല. ആരും പ്രതീക്ഷിച്ചിരുന്നതുമില്ല. ആ വര്‍ശം അയാള്‍ മാത്രമാണ് തോറ്റത്. കോഴ്സ് പൂര്‍ത്തിയാക്കി അവരെല്ലാവരും പിരിഞ്ഞു പോയി എങ്കിലും എല്ലാവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു, ഒരാളൊഴികെ.
പഴയ സഹപാഠികളെല്ലാവരും കൂടി ഒരിക്കല്‍ രാമനാഥന്റെ വീട്ടില്‍ ചെന്നുവത്രേ. അവര്‍ അയാളെ കണ്ടു – പൂട്ടിയിട്ട ഒരു മുറിയില്‍ ഒരു ജനലഴികള്ക്കി ടയിലൂടെ അനന്തതയിലേക്ക് കണ്ണും നട്ട് നില്ക്കുന്നത്.
എന്തായിരിക്കാം രാമനാഥന്‍ ആലോചിച്ചു കൊണ്ടിരിക്കുന്നത്? പഴയ നല്ല ഓര്‍മകള്‍ ആയിരിക്കുമോ? രാജീവന്‍ വെറുതെ ചിന്തിച്ചു. ഏതോ ഒരു ഉള്‍പ്രേരണയെന്നപോലെ അയാള്‍ ആ മരച്ചുവട്ടിലേക്ക് ചെന്നു അടുത്ത്നിന്ന്‍ അയാളുടെ മുഖത്തേക്ക് നോക്കി. അയാളെ നോക്കിയെങ്കിലും മുഖത്ത് ഒരു ഭാവവ്യത്യാസവും കണ്ടില്ല. ഒന്ന് കൂടെ അടുത്തുചെന്ന് ആ ചെവിയില്‍ പതുക്കെ ഒരു ഇംഗ്ലീഷ് പദ്യത്തിന്‍റെ ആദ്യവരി ചൊല്ലി “Whan that April with its shoures soote” (ഏപ്രില്‍ മാസം അതിന്‍റെ സുന്ദരമായ മഴയോട് കൂടി)
ഒരു നിമിഷം. രാമനാഥന്റെ മുഖഭാവം ആകെ മാറിമറഞ്ഞു – പലതരം വികാരങ്ങള്‍ അവിടെ അലയടിച്ചു. ഒരു കൂരമായ ഭാവത്തോടെ വര്ഷളങ്ങള്ക്കുി ശേഷം അയാള്‍ അലറി “APRIL IS THE CRUELLEST MONTH”!!

By: Sivadasan Thampuran

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot